x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ഇതരമത ദൈവശാസ്ത്രം

മതങ്ങളുടെ ആദിമ രൂപങ്ങള്‍

Authored by : editor On 30-Jan-2021

ആമുഖം

മാനവ ചരിത്രത്തിന്‍റെ ആദ്യ ഘട്ടങ്ങളിലേക്കു കണ്ണോടിക്കുമ്പോള്‍ മതാത്മകത ഇല്ലാതിരുന്ന ഏതെങ്കിലും ജനവിഭാഗത്തെ കണ്ടെത്തുക ദുഷ്കരമാണ്. അവരുടെ മതവിശ്വാസത്തിന് ഇന്നത്തെ വ്യവസ്ഥാപിത മതങ്ങള്‍ക്കുള്ളതുപോലുള്ള നിയതമായ രൂപഭാവങ്ങള്‍ കണ്ടില്ലെന്നിരിക്കും. എങ്കിലും ആദിമ മനുഷ്യരുടെ മതജീവിതത്തിന് അവരുടെ സാംസ്കാരിക ജീവിതത്തോടു ചേര്‍ന്നു പോകുന്ന വിശ്വാസങ്ങളും ആചാരരീതികളും ഉണ്ടായിരുന്നു. ആദിമ മനുഷ്യന്‍റെ അന്തരംഗങ്ങളില്‍ രൂപപ്പെട്ട അതിമാനുഷിക ചിന്തകളുടെ ആവിഷ്കാര രീതികളെപ്പറ്റി പഠിക്കുന്നത് ഇന്നത്തെ വിവിധ മതവിശ്വാസങ്ങളെയും അനുഷ്ഠാനങ്ങളെയും മനസ്സിലാക്കുന്നതിന് സഹായകമാണ്.

മതവിശ്വാസങ്ങളുടെ ഉത്ഭവം

മതങ്ങളുടെ ആവിര്‍ഭാവത്തെ സാധാരണയായി പരിണാമപരവും മനഃശാസ്ത്രപരവും സാമൂഹിക ശാസ്ത്രപരവുമായ കാഴ്ചപ്പാടുകളിലൂടെ കാണാറുണ്ട്, 19-ാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് നരവംശ ശാസ്ത്രജ്ഞനായ എഡ്വേര്‍ഡ് ബി. ടെയ്ലറുടെ അഭിപ്രായത്തില്‍, പ്രകൃതിയിലെ പ്രതിഭാസങ്ങളെയും ചരാചരങ്ങളെയും കുറിച്ചുള്ള അവബോധത്തിന്‍റെ പരിണാമത്തിനനുസരിച്ചാണ് ദൈവവിശ്വാസം മനുഷ്യനില്‍ ഉടലെടുത്തത്. ആദ്യത്തെ മതം എല്ലാ ചരാചരങ്ങളിലും ആത്മാവുണ്ടെന്നുള്ള വിശ്വാസം (സര്‍വ്വ ജീവത്വ  വാദം) ആണെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. സൂര്യന്‍, ചന്ദ്രന്‍, നദി, കൊടുങ്കാറ്റ് തുടങ്ങിയ പ്രാപഞ്ചിക ശക്തികളോടുള്ള ഭയം അവയെ ദൈവമായി ആരാധിക്കുവാന്‍ കാരണമായി. ഇത്തരത്തിലുള്ള ബഹുദൈവ വിശ്വാസത്തില്‍നിന്നും ഏകദൈവ വിശ്വാസത്തിലേക്ക് മനുഷ്യന്‍ നീങ്ങി.

സിഗ്മണ്ട് ഫ്രോയിഡ് മതത്തിന്‍റെ ആവിര്‍ഭാവത്തെ മനഃശാസ്ത്രപരമായ കാഴ്ചപ്പാടിലൂടെ കാണുന്നു. ബാല്യകാലത്തു പിതാവിന്‍റെ കര്‍ക്കശനിയമങ്ങളും അടിച്ചമര്‍ത്തലുകളും മൂലം ഒരുവനില്‍ ഉണ്ടാകുന്ന ഭയത്തില്‍  നിന്നാണ് ദൈവത്തെക്കുറിച്ചുള്ള അവബോധമുണ്ടാകുന്നതെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. എല്ലാക്കാര്യങ്ങളും നിയന്ത്രിക്കുകയും എല്ലാറ്റിനെയും അടിച്ചമര്‍ത്തുകയും ചെയ്യുന്ന ദൈവത്തെ ആരാധിച്ചില്ലെങ്കില്‍ നാശമുണ്ടാകുമെന്ന മിഥ്യാവബോധത്തില്‍ നിന്നാണ് ദൈവവിശ്വാസം ആവിര്‍ഭവിക്കുന്നത്. ഒരു കുടുംബത്തിലെ നിസ്സഹായനായ കുട്ടിയുടെയും അതിശക്തനായ പിതാവിന്‍റെയും പ്രതിരൂപങ്ങളാണ് മനുഷ്യനും ദൈവവും. അങ്ങനെ മനുഷ്യനെ യാഥാര്‍ത്ഥ്യത്തില്‍നിന്ന് അകറ്റുന്ന ഒന്നായി ഫ്രോയിഡ് മതത്തെ കാണുന്നു. എന്നാല്‍ ഫ്രോയിഡിന്‍റെ ഈ അഭിപ്രായത്തെ എതിര്‍ക്കുന്നവരുമുണ്ട്. ഇക്കൂട്ടരെ സംബന്ധിച്ചിടത്തോളം മാതാപിതാക്കള്‍ കുട്ടികള്‍ക്കു നല്കുന്ന സംരക്ഷണയില്‍നിന്നും പരിഗണനയില്‍നിന്നുമാണ് വിശ്വാസത്തെക്കുറിച്ചുള്ള അടിസ്ഥാന സങ്കല്‍പം ഉടലെടുക്കുന്നത്. ബാല്യകാലത്തു കുട്ടികള്‍ക്കു മാതാപിതാക്കളില്‍ ഉണ്ടായിരുന്ന വിശ്വാസം വളര്‍ന്നു വരുമ്പോള്‍ നഷ്ടമാകുന്നു. ആ അവസരത്തില്‍ തിന്മകളെയും തടസ്സങ്ങളെയും അതിജീവിക്കുന്ന ഒരു സര്‍വ്വശക്തനിലുള്ള വിശ്വാസം അവരില്‍ വളരുന്നു എന്നാണ് ഇവരുടെ വാദഗതി.

വ്യക്തിപരമായ ആവശ്യമെന്നതിലുപരി മാനുഷിക ബന്ധങ്ങളില്‍ നിന്നാണ് മതം ഉടലെടുക്കുന്നത് എന്ന് എമില്ലെ ദുര്‍ക്കെയിമിനെപ്പോലുള്ള (Emil Durkkeeim) സാമൂഹിക ശാസ്ത്രജ്ഞന്മാര്‍ കരുതുന്നു. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ മൂന്നു കാര്യങ്ങളാണ് മതത്തിനു വസ്തുനിഷ്ഠത നല്‍കുന്നത്. (1) വ്യക്തികളുടെ ഉള്ളില്‍ എന്നതിനെക്കാള്‍ പുറത്തു നിലകൊള്ളുന്ന യാഥാര്‍ത്ഥ്യമാണ് മതം. വ്യക്തികള്‍ ഭാഷാ പോലെ പരമ്പരാഗതമായി ഇതു സ്വായത്തമാക്കുന്നു. (2) മതം ഒരു സമൂഹത്തിന്‍റെ പൊതുവായ കാര്യമാണ്. വിശ്വാസങ്ങളും ആചാരങ്ങളും ഒരുവന്‍റെ സ്വന്തമല്ല. ഒരു പരിധിവരെ വ്യക്തികള്‍ മതത്തില്‍ അംഗങ്ങളാകാന്‍ നിര്‍ബന്ധിതരായിത്തീരുന്നു. (3) വിശ്വാസം എന്നുപറയുന്നതു വ്യക്തികള്‍ തമ്മിലുള്ള ബന്ധത്തിലെ പ്രധാന ഘടകമാണെന്നു മാത്രമല്ല കൂട്ടായ ജീവിതത്തിന് അത്യാവശ്യവുമാണ്. തങ്ങളുടെ ബുദ്ധിമുട്ടുകളിലും നിര്‍ഭാഗ്യങ്ങളിലും നിരാശരാകാതെ ആത്മധൈര്യത്തോടെ മുന്നേറുന്നതിന് മതങ്ങള്‍ മനുഷ്യരെ സഹായിക്കുന്നു. ഭരണസംവിധാനങ്ങളും ആചാരങ്ങളും നിലനിര്‍ത്തുന്നതിനു മതവിശ്വാസങ്ങള്‍- അവ അന്ധവിശ്വാസങ്ങളായിക്കൊള്ളട്ടെ-വഹിക്കുന്ന പങ്കു നിസ്സീമമാണ്.

മതങ്ങളുടെ ആവിര്‍ഭാവത്തെപ്പറ്റി ആധുനിക ശാസ്ത്രങ്ങളുടെ കാഴ്ചപ്പാടുകള്‍ നാം ഹ്രസ്വമായി കണ്ടു. ഇനി ചരിത്രത്തിലെങ്ങനെയാണ് മതവിശ്വാസങ്ങള്‍ക്കു പ്രായോഗികമായി രൂപം ലഭിച്ചതെന്നു നോക്കാം. പുരാതന മനുഷ്യചരിത്രത്തെ പ്രാചീന ശിലായുഗം (Paleolithic age), മധ്യ ശിലായുഗം (Mesolithic age), നവീന ശിലായുഗം (Neolithic age), വെങ്കലയുഗം (Bronze ade), ലോഹയുഗം (Iron age) എന്നിങ്ങനെ അഞ്ചു ഘട്ടങ്ങളായി വിഭജിക്കാറുണ്ടല്ലോ. മതവിശ്വാസങ്ങളുടെ ആദിമ രൂപങ്ങള്‍ അറിയുന്നതിനുള്ള എളുപ്പവഴി ഈ കാലഘട്ടങ്ങളിലെ പ്രസക്തമായ മതാനുഷ്ഠാനങ്ങളെപ്പറ്റി പഠിക്കുന്നതായിരിക്കും. പ്രാചീന മനുഷ്യന്‍റെ മതവിശ്വാസങ്ങള്‍ അറിയുവാന്‍ ഏറെ സഹായിക്കുന്നത് അവന്‍ നിര്‍മ്മിച്ചിരുന്ന കലാരൂപങ്ങളാണ്. നിര്‍ഭാഗ്യമെന്നു പറയട്ടെ, പ്രാചീന ശിലായുഗത്തിലെ മനുഷ്യരുടെ മതാചാരങ്ങളെക്കുറിച്ചു വ്യക്തമായ അറിവു നല്കുന്ന ശവകുടീരങ്ങളോ, ചിത്രകലകളോ, ശില്പങ്ങളോ വേണ്ടത്ര ലഭ്യമല്ല. എങ്കിലും പീക്കിംഗ് മനുഷ്യനെ സംബന്ധിച്ചു നടന്ന പഠനങ്ങള്‍ പ്രാചീന ശിലായുഗത്തില്‍ ജീവിച്ചിരുന്നവരുടെ മതവിശ്വാസങ്ങളിലേക്കു വെളിച്ചം വീശുന്നവയാണ്.

ചൈനയിലെ Chou Koutien എന്ന ഗ്രാമത്തില്‍നിന്നും നാലു ലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പു ജീവിച്ചിരുന്നു എന്നു കരുതപ്പെടുന്ന മൂന്നു ഡസനോളം മനുഷ്യരുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. Chou Koutien-ന്‍റെ അടുത്തുള്ള ഗുഹയില്‍ നടത്തിയ കണ്ടുപിടുത്തങ്ങള്‍ ഇവര്‍ മനുഷ്യരുടെ തലച്ചോറു ഭക്ഷിച്ചിരുന്നു എന്നു വ്യക്തമാക്കുന്നു. ഇതു ഭക്ഷണത്തിന്‍റെ ഭാഗമായിരിക്കാന്‍ സാധ്യതയില്ലെന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായം. കാരണം, മൃഗങ്ങളെ വേട്ടയാടിയാണ് അവര്‍ ഉപജീവനം നടത്തിയിരുന്നത്. അതിനാല്‍ തലച്ചോറു തിന്നുക എന്നത് ഒരു മതാചാരമായി കരുതപ്പെടുന്നു. പീക്കിംഗ് മനുഷ്യനുശേഷം ആവിര്‍ഭവിച്ച നിയാണ്ടര്‍താന്‍ മനുഷ്യന്‍ (Neander thal man) ശവം മറവു ചെയ്തിരുന്നത് വളരെ ആഘോഷപൂര്‍വ്വമായിരുന്നു. ഇങ്ങനെ ആഘോഷപൂര്‍വ്വമായ ചടങ്ങുകള്‍ അനുഷ്ഠിച്ചിരുന്നത് അവര്‍ക്കു മരണാനന്തര  ജീവിതത്തില്‍ വിശ്വാസമുണ്ടായിരുന്നതുകൊണ്ടാണെന്ന് ഊഹിക്കുന്നു. അവര്‍ക്കു ശേഷമുള്ള ഹോമോ സാപ്പിയന്‍സ് മനുഷ്യരുടെ ശവകുടീരങ്ങളില്‍നിന്ന് അസ്ഥികൂടങ്ങളോടുകൂടി അമ്പ്, വില്ല്, കത്തി എന്നിവ കണ്ടെടുത്തിട്ടുണ്ട്. അനുദിന ജീവിതത്തില്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ ശവശരീരത്തോടൊപ്പം മറവുചെയ്തിരുന്നത് മരണാനന്തര ജീവിതത്തോടു ബന്ധപ്പെട്ട വിശ്വാസങ്ങളുടെ ഭാഗമായിരുന്നുവെന്ന് അനുമാനിക്കുന്നു.

ദൈവത്തിലുള്ള വിശ്വാസവും പൂജിക്കുവാനുള്ള ആസക്തിയും പ്രാചീന യുഗത്തില്‍ത്തന്നെ അനുഭവപ്പെട്ടുതുടങ്ങിയിരുന്നുവെന്നു പഠനങ്ങള്‍ കാണിക്കുന്നു. ഉദാഹരണമായി അന്നു നിലനിന്നിരുന്ന 'ടോട്ടം' സമ്പ്രദായത്തില്‍ ദേവീ സങ്കല്പമുണ്ടായിരുന്നു. വീനസ് വിഗ്രഹങ്ങള്‍ ദേവിയെയാണ് പ്രതിനിധാനം ചെയ്തിരുന്നത്. മൃഗങ്ങളും ഫലമൂലാദികളും പെരുകുവാനാകാം ദേവീപൂജ ആരംഭിച്ചത്. പ്രകൃതി പ്രതിഭാസങ്ങളെ വിശദീകരിച്ചു മനസ്സിലാക്കാനുള്ള ജിജ്ഞാസ ദേവീദേവന്മാരെ കേന്ദ്രമാക്കിയുള്ള മതാനുഷ്ഠാനങ്ങള്‍ക്കു രൂപം നല്കിയിട്ടുണ്ടാകാം.

നവീന ശിലായുഗത്തിലെ മനുഷ്യര്‍ ഭക്ഷ്യസാധനങ്ങള്‍ പ്രകൃതിയില്‍നിന്നും ശേഖരിക്കുക എന്ന സമ്പ്രദായം മാറ്റി സ്വയമുല്‍പ്പാദിപ്പിക്കുക എന്ന സുപ്രധാന കാല്‍വയ്പു നടത്തി. അവര്‍ ഗ്രാമങ്ങളില്‍ വാസമുറപ്പിച്ചു കൃഷി തുടങ്ങിയതോടുകൂടി മനുഷ്യന്‍റെ മതവിശ്വാസത്തിനും മാറ്റം വന്നു. ഭൂമി, സൂര്യന്‍ എന്നിവയില്‍ മുന്‍പില്ലാതിരുന്ന താത്പര്യം ജനിച്ചു. ദേവതാരാധനയും ലിംഗപൂജയും സമൃദ്ധിക്കുവേണ്ടിയുള്ള ഉപാസനോപാധികളായി ഉടലെടുത്തു. ക്ഷേത്രങ്ങളുടെയും പൂജാരികളുടെയും ആവിര്‍ഭാവം ഈ കാലഘട്ടത്തിലാണ്. പൂജാവിധികള്‍ക്കുവേണ്ടി വലിയ കെട്ടിടങ്ങള്‍ ഉണ്ടായിരുന്നു. അവിടെ പൂജയ്ക്കുവേണ്ടിയുള്ള സമഗ്രഹികൾ ബലിപീഠം, പാത്രങ്ങള്‍, മറ്റു വസ്തുക്കള്‍-കരുതിയിരുന്നു. മരിച്ചവരെ വീടുകളിലോ ശ്മശാനങ്ങളിലോ ആണ് സംസ്ക്കരിച്ചിരുന്നത്. ശവ കുടീരങ്ങളില്‍ രുദ്രാക്ഷങ്ങളും ചിപ്പികളും വീട്ടുപകരണങ്ങളും അടക്കം ചെയ്തിരുന്നു. ഇവയെല്ലാം മരണാനന്തര ജീവിതത്തില്‍ സഹായിക്കുമെന്ന് അവര്‍ വിശ്വസിച്ചിരുന്നിരിക്കണം.

മനുഷ്യ പരിണാമത്തിലെ അടുത്ത വഴിത്തിരിവു വന്നതു ലോഹങ്ങള്‍ കണ്ടുപിടിച്ചതോടെയാണ്. ക്രമീകൃതമായ ജലസേചന പദ്ധതികളും കലപ്പ ഉപയോഗിച്ചുള്ള കൃഷിയും നിലവില്‍ വന്നതു ലോഹയുഗത്തിലാണ്. ഈ കാലഘട്ടത്തില്‍ മതപരമായ വിശ്വാസങ്ങളും ആചാരങ്ങളും നാഗരിക ജീവിതത്തിന്‍റെ ഭാഗവുംകൂടിയായി എന്നത് എടുത്തു പറയേണ്ട കാര്യമാണ്. പ്രകൃതി പ്രതിഭാസങ്ങള്‍ക്കു കാരണഭൂതരായി സങ്കല്പിച്ചിരുന്ന ദൈവങ്ങള്‍ക്കുവേണ്ടി വിപുലമായ രീതിയില്‍ ദേവാലയങ്ങള്‍ പണികവിപ്പിച്ചിരുന്നു. അവിടുത്തെ പൂജാരികള്‍ക്കു സമൂഹത്തില്‍ ഉന്നത സ്ഥാനം ഉണ്ടായിരുന്നു. രാജ്യത്തിലെ സ്ഥാവര വസ്തുക്കളെല്ലാം ദൈവത്തിന്‍റേതാണ് എന്നായിരുന്നു സങ്കല്പം.

അവികസിത മതരൂപങ്ങള്‍

മനുഷ്യനും അവനുമായി ബന്ധപ്പെട്ടവയും അതീന്ദ്രിയമായ ഏതോ ചില ശക്തികളാല്‍ നിയന്ത്രിക്കപ്പെടുന്നുവെന്നും അനുദിന ജീവിതത്തിന്‍റെ വിജയത്തിന് ആ ശക്തികളുമായുള്ള ക്രിയാത്മകബന്ധം സഹായിക്കുമെന്നുള്ള ബോധ്യത്തില്‍നിന്നാണു മതവിശ്വാസങ്ങള്‍ ഉടലെടുത്തതെന്നു കാണുകയുണ്ടായി. ഇപ്രകാരം രൂപം കൊണ്ട മതവിശ്വാസങ്ങളില്‍ ചിലതിനെ വികസിതങ്ങളായും മറ്റുചിലതിനെ അവികസിതങ്ങളായും കണക്കാക്കുന്നു. സര്‍വ്വദൈവവാദം, അദ്വൈതം, ബഹുദേവതാവിശ്വാസം, ഏകദൈവവിശ്വാസം തുടങ്ങിയവയാണ് മതങ്ങളുടെ വളര്‍ച്ച പ്രാപിച്ച രൂപങ്ങള്‍. ആനിമിസം, സ്പിരിറ്റിസിസം, ഫെറ്റിഷിസം, ടോട്ടമിസം, പിതൃപൂജ, മാജിക് എന്നിവ മതങ്ങളുടെ അവികസിത ഗണത്തില്‍പ്പെടുന്നു. അവികസിത മതരൂപങ്ങള്‍ മതങ്ങളുടെ ആദ്യരൂപങ്ങളായി കണക്കാക്കപ്പെടുന്നതിനാല്‍ അവയെപ്പറ്റി പ്രതിപാദിക്കാം.

  1. ആത്മവാദം (ആനിമസം)

ആത്മാവ് എന്നര്‍ത്ഥം വരുന്ന ആനിമ (anima) എന്ന ലത്തീന്‍ വാക്കില്‍നിന്നാണ് ആനിമിസം അഥവാ ആത്മവാദം എന്ന പേരുണ്ടായത്. പ്രാകൃത സംസ്കാരം (Primitive Culture) എന്ന ഗ്രന്ഥത്തിലൂടെ ഇ.ബി. ടെയ്ലറാണ് ഈ പുരാതന വിശ്വാസത്തെ ലോകത്തിനു സുപരിചിതമാക്കിയത്. അദ്ദേഹത്തിന്‍റെ ശിഷ്യനായിരുന്ന ജെയിംസ് ഫ്രേസര്‍ ഇതിനു പ്രചാരം നേടിക്കൊടുത്തു. പ്രകൃതിയിലെ സചേതനാ ചേതന വസ്തുക്കള്‍ക്കെല്ലാം അതതിന്‍റേതായ ആത്മാവുണ്ടെന്ന വിശ്വാസം അഥവാ അവയിലെല്ലാം ഒരു ആത്മാവു അധിവാസമുറപ്പിച്ചിരിക്കുന്നു എന്ന വിശ്വാസമാണ് ആത്മവാദം (ആനിമിസം). ഈ വിശ്വാസപ്രകാരം എല്ലാ പ്രകൃത്യതീത ശക്തികളും ആത്മാക്കളില്‍നിന്നാണു പുറപ്പെടുന്നത്; ആത്മാക്കള്‍ ചന്ദ്രന്‍, ആകാശം, മേഘം, മഴ, പര്‍വ്വതങ്ങള്‍, മരങ്ങള്‍, ഗുഹകള്‍, തീ, സമുദ്രം, അപകടകാരികളായ മനുഷ്യര്‍ എന്നിവയിലെല്ലാം ആവസിച്ചിരിക്കുന്നു.

ആനിമിസം രൂപപ്പെടാന്‍ താഴെപ്പറയുന്ന രണ്ടു ഘടകങ്ങള്‍ സഹായിച്ചിരിക്കാമെന്നു കണക്കാക്കപ്പെടുന്നു. ഒന്നാമതായി, പ്രകൃതിയുടെ നിരീക്ഷണം. പ്രകൃതിവസ്തുക്കളുടെ ചലനത്തിനും വളര്‍ച്ചയ്ക്കും നിദാനമായിരിക്കുന്നത് അവയില്‍ കുടികൊള്ളുന്ന ആത്മാവാണെന്ന് അവര്‍ കരുതി. രണ്ടാമതായി, സ്വപ്നം, ദര്‍ശനം, രോഗം, മരണം, ഹര്‍ഷമൂര്‍ച്ഛ എന്നിവ വിശകലനം ചെയ്യാനുള്ള ശ്രമം. സ്വപ്നം കാണാന്‍ മനുഷ്യനു സാദ്ധ്യമാകുന്നത് ഉറങ്ങിക്കഴിയുമ്പോള്‍ ആത്മാവിനു ദേഹത്തെ പിരിഞ്ഞ് ഇഷ്ടംപോലെ യത്രചെയ്യാന്‍ കഴിയുന്നതുകൊണ്ടാണെന്നു പുരാതന മനുഷ്യന്‍ ചിന്തിച്ചു. ആത്മാക്കള്‍ സ്വതന്ത്രവിഹാരം നടത്തി തിരിച്ചുവന്നു ദേഹത്തെ പ്രാപിക്കുമ്പോള്‍ അവന്‍ ഉറക്കത്തില്‍ നിന്നുണരുന്നു. അതുപോലെ രോഗങ്ങള്‍ക്കു കാരണം ദുഷ്ടാത്മാക്കള്‍ ഒരുവന്‍റെ ശരീരത്തില്‍ സ്വാഭീഷ്ടമനുസരിച്ചു പ്രവേശിക്കുന്നതാണ്. ഇങ്ങനെ പ്രകൃതിയിലെ പ്രതിഭാസങ്ങളെ വിശകലനം ചെയ്യാനുള്ള ശ്രമം അവനെ ആത്മവാദത്തിലേക്കു നയിക്കുകയാണു ചെയ്തതെന്ന് അനുമാനിക്കാം.

നാലുതരം ആത്മാക്കളാണ് ഈ വിശ്വാസപ്രകാരമുള്ളത്. (1) മനുഷ്യവ്യക്തികളുമായി ബന്ധപ്പെട്ടവ (2) മനുഷ്യേതര വസ്തുക്കളില്‍ വസിക്കുന്നവ (3) കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, ഇടിമുഴക്കം മുതലായവ പ്രകൃതിശക്തികളില്‍ വസിക്കുന്നവ (4) പിശാചുക്കളുടെയും ദേവതകളുടെയും മാലാഖകളുടെയും ആത്മാക്കള്‍.

ജെയിംസ് ഫ്രേസറുടെ സിദ്ധാന്ത പ്രകാരം മതവിശ്വാസങ്ങളുടെ പ്രാകൃതരൂപം ആത്മവാദമാണ്. പിന്നീടത് ബഹുദേവതാ വിശ്വാസമായി. ഓരോ പ്രത്യേകതരം ജീവിക്കും പൊതുവായ ആത്മാവുണ്ടെന്ന വിശ്വാസം ക്രമേണ വളര്‍ന്നു. അങ്ങനെ മരങ്ങള്‍ക്കു മൊത്തമായി വനദേവതയും കാറ്റുകള്‍ക്കു പൊതുവായി വായുദേവനും നിലവില്‍വന്നു. കാലക്രമേണ ഈ ബഹുദേവതകളെ മുഴുവന്‍ നിയന്ത്രിക്കുന്ന ഒരു പരാശക്തിയിലുള്ള വിശ്വാസം അഥവാ ഏകദൈവവിശ്വാസം ഉടലെടുത്തു.

ആത്മവാദത്തെ ഇതിനോട് ഏറെ സാദൃശ്യമുള്ള 'മനയിസ'ത്തില്‍ നിന്നും വേര്‍തിരിച്ചു കാണേണ്ടതാണ്. 'മനയിസ'ത്തില്‍ ദിവ്യശക്തിയുള്ള ഒരുതരം ദ്രവത്തിന്‍റെ സാന്നിദ്ധ്യമാണ് വസ്തുക്കള്‍ക്കും ജീവികള്‍ക്കും ക്രിയാത്മകത നല്കുന്നത്. ആത്മവാദം മനയിസത്തെക്കാള്‍ ഒരുപടി ഉയര്‍ന്നു നില്ക്കുന്നു.

  1. സ്പിരിറ്റിസിസം

ആത്മവാദത്തിന്‍റെ മറ്റൊരു രൂപമാണ് സ്പിരിറ്റിസിസം. ആത്മവാദത്തിലെപ്പോലെ ഈ വിശ്വാസവും എല്ലാത്തിലും ആത്മാക്കളെ കാണുന്നു. എന്നാല്‍ ആത്മവാദത്തില്‍നിന്നും സ്പിരിറ്റിസിസത്തെ വേര്‍തിരിക്കുന്നത് ആത്മാക്കള്‍ വസ്തുക്കളോടു ബന്ധിതമായ അവസ്ഥയെയല്ല സൂചിപ്പിക്കുന്നത് എന്നാണ്. വസ്തുവിനോടോ സ്ഥലത്തോടോ ബന്ധപ്പെട്ടു നില്ക്കാതെ സ്വതന്ത്രമായി ചലിച്ചുകൊണ്ടിരിക്കുന്ന ആത്മാക്കളെയാണ് ഇവിടെ വിവക്ഷിക്കുന്നത്. മനുഷ്യന്‍റെയും മറ്റുജീവികളുടെയും ജീവിതത്തെ നിയന്ത്രിക്കാന്‍ പോരുന്ന എണ്ണമറ്റ ആത്മാക്കള്‍ ലോകത്തിലുണ്ടെന്നു പുരാതന മനുഷ്യര്‍ വിശ്വസിച്ചു. കോളറ, വസൂരി, കാലിരോഗങ്ങള്‍ എന്നിവയ്ക്കും പ്രകൃതിയിലെ പ്രതിഭാസങ്ങള്‍ക്കും കാരണമാകുന്ന പ്രത്യേക ആത്മാക്കളുണ്ടെന്നു ധരിച്ച മനുഷ്യന്‍ അവയെ ആരാധിക്കാന്‍ പൂജാവിധികള്‍ തുടങ്ങി. ഈ വാദക്കാര്‍ മരണശേഷം ആത്മാക്കള്‍ മൂന്നുതരത്തില്‍ അസ്ഥിത്വം തുടരുന്നു എന്നു കരുതുന്നു. ആദ്യതരം ആത്മാക്കള്‍ ഭൂമിക്കുചുറ്റും വസിക്കുകയും ഇടയ്ക്കിടെ തന്‍റെ പൂര്‍വ്വഗൃഹം സന്ദര്‍ശിക്കുകയും ചെയ്യുന്നു. രണ്ടാമത്തെ തരമാകട്ടെ മനുഷ്യരിലും മൃഗങ്ങളിലും സസ്യങ്ങളിലും പ്രവേശിക്കുന്നു. മൂന്നാമതൊരു തരം അഭൗമികമായ വേറൊരു ലോകത്തു വാസമുറപ്പിക്കുന്നു.

  1. ഫെറ്റിഷിസം

പോര്‍ട്ടുഗീസ് നാവികരും കച്ചവടക്കാരും പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ കണ്ടെത്തിയ ഒരു പ്രത്യേക മതവിശ്വാസത്തിനു നല്കിയ പേരാണ് ഫെറ്റിഷിസം. ഫെയ്ത്തിക്കോ (Feitico) എന്ന പോര്‍ട്ടുഗീസ് വാക്കില്‍ നിന്നാണ് ഫെറ്റിഷ് എന്ന പദം ഉണ്ടാകുന്നത്. പ്രത്യേകമായ മാന്ത്രിക ശക്തിയോ ഗുണങ്ങളോ ഉണ്ടെന്ന വിശ്വാസത്തോടെ ആദരവോടെ സൂക്ഷിച്ചിരുന്ന വസ്തുക്കളാണ് ഫെറ്റിഷ് എന്നറിയപ്പെടുന്നത്. ആ വസ്തുവില്‍ ആവസിച്ചിരിക്കുന്ന അരൂപിയാണ് അതിനു നിഗൂഢശക്തി നല്കുന്നത്. സ്വതവേ മൂല്യമില്ലാത്തവയെങ്കിലും മന്ത്രോച്ചാരണമോ, നിറംപൂശലോ മറ്റുകര്‍മ്മങ്ങളോമൂലം അസാധാരണ ശക്തിവിശേഷം ഇവ ഉള്‍ക്കൊള്ളുന്നതായി പരിഗണിക്കപ്പെടുന്നു. തൂവല്‍, കക്ക, ശംഖ്, പാത്രം, തടി, തുരുമ്പിച്ച ആയുധം, അസ്ഥി, നഖം, തുണി, പാമ്പിന്‍പടം എന്നിങ്ങനെ പ്രകൃതിയില്‍നിന്നു കിട്ടുന്നതോ, കരനിര്‍മ്മിതമോ ആയ എന്തും ഫെറ്റിഷായി ഗണിക്കപ്പെടാം.

ഭൂതപ്രേതാദികളുടെ ശല്യം നിവാരണം ചെയ്യുക, ഇഷ്ടസിദ്ധി നേടിയെടുക്കുക, ശത്രുക്കളോടു പകരംവീട്ടുക തുടങ്ങി പല ലക്ഷ്യങ്ങള്‍ക്കും ഫെറ്റിഷ് ഉപയോഗിക്കുന്നു. ഫെറ്റിഷിസത്തിന് ഓരോ നാട്ടിലും വ്യത്യസ്ത രൂപങ്ങളുണ്ട്. ആഫ്രിക്കയിലെ ചില ഗോത്രവര്‍ഗ്ഗക്കാര്‍ ഗിഗ്രി (gigri) എന്നറിയപ്പെടുന്ന വസ്തു മാന്ത്രിക ശക്തിയുണ്ടെന്ന വിശ്വാസത്തില്‍ ധരിച്ചു നടക്കാറുണ്ട്. അവ ധരിച്ചാല്‍ ജീവിതവിജയവും ആപത്നിവാരണവും സാദ്ധ്യമാണത്രെ. മറ്റു ചിലയടങ്ങളില്‍ ഇതേ ഉദ്ദേശ്യത്തോടുകൂടി മാന്ത്രികവസ്തുക്കള്‍ വീട്ടുപടിയിലും വീടിനകത്തും പരിസരങ്ങളിലുമായി നിക്ഷേപിക്കുന്നു. ഇപ്പോള്‍ നിലനില്‍ക്കുന്ന ഓലേലെഴുത്ത്, തകിടുകള്‍, മെഡലുകള്‍ എന്നിവയ്ക്ക് ഫെറ്റിഷിസത്തിന്‍റെ സ്വാധീനമുണ്ടാകാം.

ഫെറ്റിഷിസത്തിനു വിഗ്രഹാരാധനയോടു സാമ്യം തോന്നാമെങ്കിലും അവ രണ്ടും രണ്ടാണെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. വിഗ്രഹം ദേവനെയോ ദേവിയെയോ പ്രതിനിധാനം ചെയ്യുന്നു. എന്നാല്‍ അത്തരത്തിലുള്ള ഈശ്വരപ്രതീകാത്മകത ഫെറ്റിഷിനില്ല. അതിമാനുഷിക കഴിവു മാത്രമാണ് ഫെറ്റിഷിനെ പൂജ്യമാക്കുന്നത്.

  1. മന്ത്രവാദം (മാജിക്)

'മാന്ത്രികന്' എന്നര്‍ത്ഥം വരുന്ന മഗൂസ് (magus) എന്ന പേര്‍ഷ്യന്‍ പദത്തില്‍നിന്നാണ് മാജിക് എന്ന വാക്കിന്‍റെ  ഉത്ഭവം . ഭാരതത്തില്‍ 'മന്ത്രിക്കുന്നവന്‍' 'ജപിക്കുന്നവന്' എന്നെല്ലാമാണ് ഇതിനര്‍ത്ഥം. നിശ്ചിത ജപങ്ങളും കര്‍മ്മങ്ങളുംവഴി പ്രകൃതി ശക്തികളെയും അദൃശ്യശക്തികളെയും ഇച്ഛാനുസരണം നിയന്ത്രിക്കാമെന്ന വാദമാണ് മന്ത്രവാദം. മനുഷ്യന്‍ തന്‍റെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും നിഗൂഢശക്തികളുടെ സഹായത്താല്‍ സാധിച്ചെടുക്കാന്‍ മന്ത്രവാദത്തിലൂടെ ശ്രമിക്കുന്നു.

മന്ത്രവാദത്തിനു പ്രധാനമായി മൂന്നുഘടകങ്ങള്‍ ആവശ്യമാണ്. ഉപകരണങ്ങള്‍ (തൊപ്പി, വടി, ഭസ്മം), കര്‍മ്മവിധികള്‍, മന്ത്രോച്ചാരണം. മാന്ത്രികശക്തി വാക്കുകളില്‍ അടങ്ങിയിരിക്കുന്നു എന്നാണു വിശ്വാസം. മന്ത്രങ്ങള്‍ പ്രത്യേക ഈണത്തിലും താളത്തിലും ഉറക്കെയും പതുക്കെയുമെല്ലാം ഉരുവിടുന്നതു വഴിയാണ് മാന്ത്രികശക്തി പുറപ്പെടുന്നത്.

മന്ത്രവാദത്തെ പ്രധാനമായി (white magic), ഉപദ്രവകരം (black magic) എന്നിങ്ങനെ രണ്ടായി തിരിക്കാം. തനിക്കോ മറ്റുള്ളവര്‍ക്കോ നന്മവരണമെന്ന ഉദ്ദേശ്യത്തോടെ ചെയ്യുന്ന മന്ത്രവാദമാണ് ഗുണകരമായത്. കൈനോട്ടം, മുഖംനോട്ടം, ഭാവിപ്രവചനം, ഗ്രഹപ്പിഴനിര്‍ണ്ണയം എന്നിവയെല്ലാം ഗുണകരമായവയില്‍പ്പെടുന്നു. എന്നാല്‍ അന്യര്‍ക്ക് ദ്രോഹം വരുത്തണമെന്ന ലക്ഷ്യത്തോടെ ചെയ്യുന്നവയാണ് ഉപദ്രവകരമായ മന്ത്രവാദം അഥവാ ബ്ലാക്ക് മാജിക്. കൂടോത്രം, പിശാചുസേവ, ശത്രുസംഹാരമന്ത്രവാദം മുതലായവയെല്ലാം ഇക്കൂട്ടത്തില്‍പ്പെടുന്നു. മാജിക്കിനെ പ്രയോജനദായകം, സംരക്ഷണദായകം, വിനാശദായകം എന്നിങ്ങനെയും തിരിക്കാവുന്നതാണ്. മഴയ്ക്കും വ്യവസായാഭിവൃദ്ധിക്കും ഫലഭൂയിഷ്ഠതയ്ക്കും വേണ്ടിയുള്ളത് ഒന്നാംവിഭാഗത്തിലും രോഗവിമുക്തിക്കുള്ളത് രണ്ടാം വിഭാഗത്തിലും ശത്രുനാശത്തിനായി ചെയ്യുന്നത് മൂന്നാം വിഭാഗത്തിലും പെടുന്നു.

മാജിക് അഥവാ മന്ത്രവാദം ആധുനിക കാലത്തു നിലനില്ക്കുന്നുണ്ടെങ്കില്‍ അതിനുകാരണം മാജിക്കിന്‍റെ പല ലക്ഷ്യങ്ങളും യാഥാര്‍ത്ഥ്യമാകുന്നുണ്ടെന്നു ബോദ്ധ്യപ്പെടുത്തുവാന്‍ മന്ത്രവാദികള്‍ക്കു കഴിയുന്നതുകൊണ്ടാണ്. മന്ത്രവാദി നല്കുന്ന മരുന്നാണു രോഗിയെ സുഖപ്പെടുത്തുന്നതെങ്കിലും വിശ്വാസം മന്ത്രവാദിയിലായിരിക്കുമെല്ലോ. മന്ത്രവാദത്തിന്‍റെ ഗുണകരമായ ഫലങ്ങള്‍ ദോഷകരമായതിനേക്കാള്‍ കൂടുതലാണ് എന്നതും ജനങ്ങളെ ഇതിലേക്ക് ആകര്‍ഷിക്കുന്നു.

വികസിത മതങ്ങളിലെ ചില അനുഷ്ഠാനങ്ങള്‍ക്കു മാജിക്കിനോടു സാമ്യമുണ്ടെങ്കിലും മാജിക്കും മതവും തമ്മില്‍ വളരെയേറെ അന്തരങ്ങളുമുണ്ട്. മതത്തില്‍ ഉന്നതമായ ഒരു ശക്തിക്കു മനസ്സു വിധേയപ്പെടുമ്പോള്‍ മാജിക്ക് മനസ്സിന്‍റെ അധീശത്വത്തിലാണു വിശ്വാസമര്‍പ്പിക്കുന്നത്. മതത്തിന് സാമൂഹിക മാനമാണുള്ളത്. എന്നാല്‍ മാജിക്ക് വ്യക്തിഗത വിശ്വാസത്തിന്‍റെ അനുഷ്ഠാനമാണ്. ആത്യന്തിക ലക്ഷ്യത്തിന്‍റെ കാര്യത്തിലും അവ തമ്മില്‍ വ്യത്യസ്തത പുലര്‍ത്തുന്നു. മതം ദൈവികശക്തിയുമായുള്ള ഐക്യം ലക്ഷ്യമായി കാണുമ്പോള്‍ മാജിക്ക് ഭൗതിക നേട്ടങ്ങളില്‍ ഉന്നംവയ്ക്കുന്നു. സര്‍വ്വോപരി, മതം മനുഷ്യന്‍റെ അസ്തിത്വത്തില്‍ പ്രകൃത്യാ അലിഞ്ഞു ചേര്‍ന്നിരിക്കുമ്പോള്‍ മാജിക്ക് ആഗ്രഹസാദ്ധ്യത്തിനായി അവന്‍ കണ്ടുപിടിച്ച ഉപാധിമാത്രമാണ്.

  1. കുലദേവതോപാസന (ടോട്ടമിസം)

ഒജീബ്വെ എന്ന റെഡ് ഇന്ത്യന്‍ വംശത്തിന്‍റെ സംസാരഭാഷയില്‍ നിന്നാണ് 'ടോട്ടം' (totem) എന്ന വാക്കു ലഭിക്കുന്നത്. ആ ഭാഷയില്‍ ടോട്ടം എന്ന വാക്കിന് 'സഹോദര - സഹോദരി - ബന്ധു' എന്നാണര്‍ത്ഥം. ആംഗലേയ ഗ്രന്ഥകാരനായ വുള്‍ഫ് കബ്സ് ആണ് നമുക്ക് ഈ പദം പരിചിതമാക്കിയത്.

ഒരു മൃഗത്തെയോ, പക്ഷിയെയോ, വൃക്ഷത്തെയോ തങ്ങളുടെ വര്‍ഗ്ഗത്തിന്‍റെ അല്ലെങ്കില്‍ കുലത്തിന്‍റെ ഔദ്യോഗിത ചിഹ്നമായി സ്വീകരിക്കുക, ആ ജീവിയില്‍ നിന്നാണ് തങ്ങളുടെ വര്‍ഗ്ഗത്തിന്‍റെ ഉത്പത്തി എന്നു വിശ്വസിക്കുക, ആ കുലമൃഗത്തെ അഥവാ പക്ഷിയെ പൂജിക്കുക, അങ്ങനെ പൂജിക്കുക വഴി തങ്ങളുടെ വര്‍ഗ്ഗത്തിലെ എല്ലാ അംഗങ്ങള്‍ക്കും പ്രത്യേക സിദ്ധിയും ശക്തിയും ലഭിക്കുമെന്നു വിശ്വസിച്ച് അനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിക്കുക ഇവയെല്ലാം ചേര്‍ന്നതാണു ടോട്ടമിസം. ചുരുക്കിപ്പറഞ്ഞാല്‍ ഒരു വംശത്തിനോ വര്‍ഗ്ഗത്തനോ കുലത്തിനോ ഒരു മൃഗത്തോടോ, പക്ഷിയോടോ, വൃക്ഷത്തോടോ ഉള്ള ആരാധനാബന്ധിയായ അടുപ്പത്തിനാണ് കുലദേവതോപാസന എന്നുപറയുന്നത്. ഈ വര്‍ഗ്ഗക്കാര്‍ തങ്ങളുടെ ഉത്ഭവം കുലദേവതയായി കരുതുന്ന പൊരുളില്‍നിന്നാണെന്നു വിശ്വസിക്കുന്നു. അതിനാല്‍ അവരെല്ലാം സഹോദരങ്ങളും ബന്ധുക്കളുമാണ്; പരസ്പരം സഹായിച്ചു സംരക്ഷിക്കാന്‍ കടപ്പെട്ടവരുമാണ്.

ചീങ്കണ്ണി, കഴുകന്‍, മീന്‍, സര്‍പ്പം, കരടി, കടുവ, പോത്ത്, പശു, കാള മുതലായവയെല്ലാം കുലദേവതകളായി സ്വീകരിക്കപ്പെടാറുണ്ട്. വര്‍ഗ്ഗ ചിഹ്നങ്ങള്‍ ശരീരത്തില്‍ പതിപ്പിക്കുക എന്നതും ടോട്ടത്തിന്‍റെ പ്രീതിക്കായി നൃത്തം ചെയ്യുക എന്നതും ആചാരങ്ങളാണ്. ഇതു വടക്കന്‍ അമേരിക്ക, ആഫ്രിക്ക, ഓസ്ട്രേലിയ, ഇന്ത്യ, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ ഇന്നും കണ്ടുവരുന്നു.

ടോട്ടമിസത്തെ മൃഗാരാധനയായി കാണുന്നതു ശരിയല്ല. ടോട്ടത്തെ ഒരു കുലവും ആരാധിക്കുന്നില്ലെന്നു മാത്രമല്ല തങ്ങളുടെ കുലത്തെ പ്രതീകാത്മകമായി സൂചിപ്പിക്കാന്‍വേണ്ടിയാണ് അവയെ സ്വീകരിച്ചിരിക്കുന്നത്. സമൂഹമെന്ന അതുല്യശക്തി ആദിമ മനുഷ്യരെ സംരക്ഷിക്കുകയും അറിവു നല്കുകയും ചെയ്യുക വഴി ദൈവതുല്യം ബഹുമാനിക്കപ്പെട്ടിരുന്നു. ഈ സമൂഹത്തെക്കുറിക്കാന്‍ ഉപയോഗിച്ച ടോട്ടം അവരില്‍ ഒരു സമൂഹബോധവും ഐക്യവും സൃഷ്ടിക്കുന്നു. അതോടൊപ്പം ടോട്ടമായി സ്വീകരിക്കുന്ന മൃഗം അല്ലെങ്കില്‍ പക്ഷി കുലത്തെ സഹായിക്കുമെന്നും ഇവര്‍ വിശ്വസിക്കുന്നു. അതിനെ അനാവശ്യമായി കൊല്ലുകയോ അതിന്‍റെ മാംസം ഭക്ഷിക്കുകയോ ഇല്ല.

മനുഷ്യനും മൃഗങ്ങളും ജീവനില്‍ ഒരുപോലെ പങ്കുപറ്റുന്നു എന്ന ചിന്താഗതിയായിരിക്കണം ടോട്ടമിസത്തിനു പിന്നില്‍. മൃതനായ വ്യക്തിയുടെ ആത്മാവ് മൃതശരീരത്തിലേക്കും തിരിച്ചു മനുഷ്യനിലേക്കും പ്രവേശിക്കുന്നു എന്ന വിശ്വാസവും ടോട്ടമിസത്തിനു കാരണമാണ്. അതിനാല്‍ മൃഗങ്ങളോടുള്ള അനുകമ്പയോ, ആത്മാക്കളുടെ കൂടുമാറ്റത്തിലുള്ള വിശ്വാസമോ ആണ് ടോട്ടമിസത്തിനു കാരണമായിരിക്കുക.

ടോട്ടമിസം ഇന്ന് ഒരു സാര്‍വ്വത്രിക പ്രതിഭാസമല്ല. പരദൈവത്തിലുള്ള വിശ്വാസം ശുഷ്കരമായിരിക്കുന്ന ഗോത്രങ്ങളില്‍, ദൈവം തങ്ങളുടെ ജീവിതത്തില്‍ ഇടപെടില്ല എന്നു വിശ്വസിക്കുന്നവരുടെയിടയിലാണ് ടോട്ടമിസം ശക്തിപ്പെട്ടുകാണുന്നത്. പക്ഷിമൃഗാദികളെ ഈശ്വരപ്പതീകങ്ങളായി കാണാനുള്ള മനുഷ്യന്‍റെ നൈസര്‍ഗ്ഗികാഭിവാഞ്ഛയുടെ പ്രകടനങ്ങള്‍ എല്ലാ മതങ്ങളിലും ദൃശ്യമാണ്. ക്രിസ്തുവിനെ സൂചിപ്പിക്കാനായി ആട്ടിന്‍കുട്ടിയെയും പരിശുദ്ധാത്മാവിനെ സൂചിപ്പിക്കാനായി പ്രാവിനെയും ക്രിസ്ത്യാനികള്‍ ഇന്നും ഉപയോഗിക്കുന്നു.

  1. പിതൃപൂജ

പരേതരുടെ ആത്മാക്കളെ യജ്ഞകര്‍മ്മാദികള്‍ കൊണ്ടു പോഷിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുക ഭൂമിയില്‍ ജീവിച്ചിരിക്കുന്ന പിന്‍തലമുറക്കാരുടെ കടമയാണെന്ന ബോദ്ധ്യത്തിന്‍റെയും, ഈ കര്‍ത്തവ്യനിര്‍വ്വഹണം ഇഷ്ടസിദ്ധിക്കും അനിഷ്ട ദുരീകരണത്തിനും കാരണമാകുമെന്ന വിശ്വാസത്തിന്‍റെയും അടിസ്ഥാനത്തില്‍ രൂപപ്പെട്ടിട്ടുള്ള ആചാരാനുഷ്ഠാനങ്ങളാണു പിതൃപൂജ എന്നതുകൊണ്ടര്‍ത്ഥമാക്കുന്നത്.

പിതൃപൂജ രണ്ടു വ്യത്യസ്ത രൂപങ്ങളില്‍ കാണപ്പെടുന്നു. ആദ്യത്തെ രൂപത്തില്‍, പരേതരായ പൂര്‍വ്വികര്‍ക്കു തിരിച്ചുവന്നു ജീവിച്ചിരിക്കുന്നവരെ ശല്യപ്പെടുത്താന്‍ കഴിയുമെന്ന വിശ്വാസത്തോടെ ആത്മാക്കളെ പ്രീതിപ്പെടുത്താന്‍ ചെയ്യുന്ന അനുഷ്ഠാനങ്ങളാണ് ഉള്‍പ്പെടുന്നത്. പരേതാത്മാവിനോടു വേണ്ടത്ര ബഹുമാനം കാണിക്കാതിരുന്നാലോ അദ്ദേഹത്തിന്‍റെ ഓര്‍മ്മ നിലനിര്‍ത്താതിരുന്നാലോ ആത്മാവു പ്രതികാരം ചെയ്യുമെന്നു വിശ്വസിച്ചിരുന്നതിനാല്‍, അത്തരത്തിലുള്ള ശല്യം ഒഴിവാക്കാനായി, തിരിച്ചുവരില്ലെന്നുറപ്പാക്കുന്ന രീതിയില്‍ ശവസംസ്കാരം നടത്താനും ഇനി അഥവാ പഴയ ഭവനത്തിലേക്കു മടങ്ങിവരാന്‍ തുനിഞ്ഞാല്‍ അവിടേക്കുള്ള വഴി തെറ്റിക്കുന്നതിനാവശ്യമായ പൂജകള്‍ നിര്‍വ്വഹിക്കാനും മനുഷ്യര്‍ ശ്രദ്ധ ചെലുത്തിയിരുന്നു.

രണ്ടാമത്തെ രൂപത്തില്‍ ഉള്‍പ്പെടുന്നതു പരേതനോടുള്ള സ്നേഹവും ബഹുമാനവും പ്രദര്‍ശിപ്പിക്കുന്നതിനും പരലോകത്തിലെ സാഹചര്യങ്ങളുമായി ഒത്തിണങ്ങിപ്പോകാന്‍ പരേതനെ സഹായിക്കുന്നതിനുമായി പിന്‍ തലമുറക്കാരും ബന്ധുക്കളും നടത്തുന്ന ആചാരങ്ങളാണ്. ജീവിത കാലത്തു ദിവ്യരായി ജീവിച്ച വ്യക്തികളോട് ഒരു കുലത്തിനോ സമൂഹത്തിനോ ഉള്ള സ്നേഹാദരവുകള്‍ പ്രകടിപ്പിക്കുകയാണതിന്‍റെ ലക്ഷ്യം. വിലാപവസ്ത്രങ്ങള്‍ ധരിക്കുക, കുഴിമാടത്തില്‍ പരേതന്‍റെ നന്മയ്ക്കായി കാഴ്ചകളര്‍പ്പിക്കുക, സദ്യനടത്തുക എന്നിങ്ങനെയുള്ള ആചാരങ്ങള്‍ പരേതനോടുള്ള സ്നേഹവും ബഹുമാനവും പ്രദര്‍ശിപ്പിക്കാനായി അനുഷ്ഠിക്കുന്നു.

മരണമെന്ന യാഥാര്‍ത്ഥ്യം മനുഷ്യാത്മാവിന്‍റെ അസ്തിത്വത്തെ ബാധിക്കുന്നില്ലെന്ന വിശ്വാസമാണ് ഈ ആചാരങ്ങളില്‍നിന്നും വ്യക്തമാകുന്നത്. പിതൃപൂജയില്‍ പൂര്‍വ്വപിതാക്കളെ ദൈവങ്ങളോടും ആത്മാക്കളോടും തുലനം ചെയ്യുകയും, അതിനടുത്ത ആരാധനയും ആചാരങ്ങളും അവര്‍ക്ക് അര്‍പ്പിക്കുകയും ചെയ്യുന്നു.

ചില പണ്ഡിതരുടെ അഭിപ്രായത്തില്‍ എല്ലാ മതങ്ങളുടെയും ആരംഭം പിതൃപൂജയിലാണ്. പുരാതന ഗ്രീസിലെ എവുഹെമറോസി (ബി.സി. 320-260) ന്‍റെ അഭിപ്രായത്തില്‍ ഗ്രീസിലെ രാജാക്കന്മാര്‍ മരിച്ചപ്പോള്‍ ജനങ്ങള്‍ അവര്‍ക്കു ദൈവത്വം നല്കി ആരാധിച്ചിരുന്നു. സേവൂസ് എന്ന നാമത്തില്‍ അറിയപ്പെടുന്ന ദേവന്‍ തെസ്സലിയിലെ ഒളിംപിക് മലമുകളില്‍ ആരാധിക്കപ്പെട്ട ഒരു രാജാവാണത്രെ. ഇങ്ങനെ പൂജ്യരായ രാജാക്കന്മാര്‍ക്ക് അനുഷ്ഠിച്ചിരുന്ന ആരാധന പിന്നീട് ഏകദൈവവിശ്വാസമായി പരിണമിച്ചുവെന്ന് സ്പെന്‍സര്‍ (1820-1903) പറയുന്നു.

ചൈനയില്‍ പിതൃപൂജ വളരെ പ്രധാനപ്പെട്ട ഒരാചാരമാണ്. പിതൃക്കളാണു തങ്ങളുടെ വിധി നിര്‍ണ്ണയിക്കുന്നതെന്നും, ഓരോരുത്തരുടെയും പ്രവൃത്തികള്‍ക്കനുസരിച്ചു പിതൃക്കള്‍ പ്രതിഫലം നല്കുകയോ ശിക്ഷിക്കുകയോ ചെയ്യുമെന്നും, തങ്ങളുടെ പിന്‍തലമുറക്കാരോട് അനുസരണം ആവശ്യപ്പെടുന്നുണ്ടെന്നും പല ചൈനാക്കാരും വിശ്വസിച്ചിരുന്നു. വീടുകളിലും ക്ഷേത്രങ്ങളിലും പിതൃക്കളെ പൂജിച്ചിരുന്നു. വീടിന്‍റെ തെക്കുപടിഞ്ഞാറു മൂലയില്‍ പരേതരുടെ പേരും ജനനത്തീയ്യതിയും അടങ്ങിയ ഫലകങ്ങള്‍ സൂക്ഷിച്ചിരുന്നു. ജപ്പാനിലെ ഷിന്‍റേറായിസക്കാര്‍ സ്വന്തം പിതൃക്കളെയും രാജവംശത്തിലെ പരേതരെയും പൂജിച്ചിരുന്നു. മരണത്തോടെ മനുഷ്യന്‍ 'കാമി'യായിമാറുന്നു എന്നാണവരുടെ സങ്കല്പം. പരേതരുടെ ആത്മാക്കള്‍ക്കു ജീവിക്കുന്നവരെ നിയന്ത്രിക്കുവാന്‍ എത്രമാത്രം സാധിക്കുമെന്നതിനെ ചൊല്ലി അഭിപ്രായ വ്യത്യാസമുണ്ടാകാമെങ്കിലും പിതൃപൂജ പലയിടങ്ങളിലും സമൂഹസൗഹാര്‍ദ്ദം വളര്‍ത്താന്‍ സഹായിക്കുന്നു എന്നതില്‍ രണ്ടുപക്ഷമില്ല.

ഗോത്രമതങ്ങള്‍

മതങ്ങളുടെ അവികസിത രൂപങ്ങള്‍ നാം കണ്ടുകഴിഞ്ഞു. ഇവ ഇന്ന് ഏറ്റവും കൂടുതല്‍ സജീവമായി നിലനില്ക്കുന്നതു ഗോത്രനിവാസികളുടെ അചാരാനുഷ്ഠാനങ്ങളിലാണെന്നു പറയാം. നാഗരിക സംസ്കാരത്തില്‍നിന്നും വ്യവസ്ഥാപിത മതങ്ങളുടെ ജീവിതശൈലിയില്‍നിന്നും അകന്നുകഴിയുന്ന ഗോത്രമത സംസ്കാരങ്ങള്‍ പുരാതന മനുഷ്യന്‍റെ മതാത്മാകശൈലി കുറെയൊക്കെ കാത്തുസൂക്ഷിക്കുന്നുണ്ട്. അതിനാല്‍ മതങ്ങളുടെ ആദിമരൂപങ്ങളെപ്പറ്റിയുള്ള പഠനം പൂര്‍ണ്ണമാകണമെങ്കില്‍ ഗോത്രവര്‍ഗ്ഗക്കാരുടെ മതജീവിതത്തെക്കുറിച്ചും അറിഞ്ഞേ തീരൂ. ആഫ്രിക്ക, അമേരിക്ക, എന്നീ ഭൂഖണ്ഡങ്ങളിലും ഇന്ത്യയിലെ ഗിരിവര്‍ഗ്ഗക്കാരുടെ ഇടയിലും ഗോത്രമതങ്ങള്‍ സജീവമാണ്.

primitive-forms-of-religions religions catholic malayalam theology catholic manathavady diocese editor Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message