x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

മാര്‍പാപ്പയുടെ തെറ്റാവരം

Authored by : മാർ ജോസഫ് പാംപ്ലാനി On 25-Aug-2020

ഒന്നാം വത്തിക്കാന്‍ വിശ്വാസസത്യമായി പ്രഖ്യാപിച്ച മാര്‍പാപ്പായുടെ തെറ്റാവരത്തെ സൂനഹദോസ് നിര്‍വ്വചിച്ചിരിക്കുന്നത് ഇപ്രകാരമാണ്:

1. " വിശ്വാസം, സന്മാര്‍ഗ്ഗം, എന്നീ മേഖലകളില്‍ തന്‍റെ ശ്ലൈഹിക അധികാരമുപയോഗിച്ച് സഭയുടെ പരമാചാര്യന്‍ എന്ന നിലയില്‍ (Ex Cathedra) മാര്‍പാപ്പാ നല്‍കുന്ന പ്രബോധനങ്ങള്‍ക്ക്, വിശുദ്ധ പത്രോസിന് ദൈവം നല്‍കിയ അപ്രമാദിത്വത്തിന്‍റെ അനുഗ്രഹമുള്ളതിനാല്‍, അവ പരിഷ്കരണത്തിനും മാറ്റം വരുത്തലുകള്‍ക്കും അതീതമാണ്‌.(D 1839). ഈ നിര്‍വ്വചനത്തില്‍ അടങ്ങിയിരിക്കുന്ന പ്രമേയങ്ങള്‍ താഴെച്ചേര്‍ക്കും വിധം ഗ്രഹിക്കാവുന്നതാണ്:

(a) പത്രോസിന്‍റെ പിന്‍ഗാമിയായി നിയമാനുസൃതം തെരഞ്ഞെടുക്കപ്പെട്ട മാര്‍പാപ്പായ്ക്കു മാത്രമുള്ള അധികാരമാണ് തെറ്റാവരം. മാര്‍പാപ്പായോടൊത്തു പ്രവര്‍ത്തിക്കുന്ന തിരുസംഘങ്ങളുടെ പ്രബോധനങ്ങള്‍ക്ക് തെറ്റാവരമില്ല.

(b) വിശ്വാസം, സന്മാര്‍ഗ്ഗം, എന്നീ വിഷയങ്ങളെക്കുറിച്ചുള്ള പ്രബോധനങ്ങള്‍ക്കു മാത്രമേ അപ്രമാദിത്വസ്വഭാവമുള്ളൂ.

(c) മാര്‍പാപ്പാ ശ്ലൈഹിക അധികാരത്തോടും  സഭയുടെ പ്രധാനാചാര്യനെന്ന നിലയിലും സഭയിലെ മുഴുവന്‍ വിശ്വാസികളെയും ലക്ഷ്യമാക്കി നടത്തുന്ന പ്രബോധനങ്ങളാണ് അപ്രമാദിത്വസ്വഭാവമുള്ളവയായി പരിഗണിക്കപ്പെടേണ്ടത്. മാര്‍പാപ്പാമാര്‍ നടത്തുന്ന എല്ലാ പ്രസ്താവനകളും പ്രഭാഷണങ്ങളും തെറ്റാവരമുള്ളവയായി സഭ പഠിപ്പിക്കുന്നില്ല എന്നു സാരം.

(d) മാര്‍പാപ്പായുടെ തെറ്റാവരം സ്വന്തം ജ്ഞാനത്തിലൊ അധികാരത്തിലോ അധിഷ്ഠിതമല്ല. മറിച്ച് അതു സഭയുടെ സത്യപ്രബോധകനായ പരിശുദ്ധാത്മാവിന്‍റെ പ്രേരണയിലും പ്രചോദനത്തിലും അധിഷ്ഠിതമാണ്. പരിശുദ്ധാത്മാവിന്‍റെ കൃപയാല്‍ ശ്ലൈഹികാധികാരത്തോടെ സംസാരിക്കുമ്പോഴാണ് മാര്‍പാപ്പായ്ക്കു തെറ്റാവരമുള്ളത്. തെറ്റാവരമുള്ള പരിശുദ്ധാത്മാവ് പരിശുദ്ധപിതാവിലൂടെ സംസാരിക്കുമ്പോള്‍ അതിനു തെറ്റാവരമുണ്ട് എന്നു വിശ്വസിക്കുന്നത് തികച്ചും യുക്തിസഹമാണല്ലോ.

വി. ഗ്രന്ഥാടിസ്ഥാനം

2. ക്രിസ്തു പത്രോസിനെ തന്‍റെ സഭയുടെ അടിസ്ഥാന ശിലയായി സ്ഥാപിച്ചു (മത്താ 16:18). അതിനാല്‍ വിശ്വാസത്തെക്കുറിച്ചുള്ള സഭയുടെ പരമോന്നത പ്രബോധകന്‍ പത്രോസായിരുന്നു. പത്രോസിന് കെട്ടാനും അഴിക്കാനുമുള്ള അധികാരവും ഈശോ നല്‍കി. ദൈവിക നിയമം ശരിയായി വ്യാഖ്യാനിക്കാനും തെറ്റായവ്യാഖ്യാനങ്ങളെ തള്ളിക്കളയാനുമുള്ള അധികാരത്തെയാണ് കെട്ടാനും അഴിക്കാനുമുള്ള അധികാരമായി റബ്ബിമാര്‍ കരുതിയിരുന്നത്. തന്മൂലം പത്രോസിനു ലഭിച്ച അധികാരം ദൈവിക സത്യങ്ങളെ തെറ്റുകൂടാതെ പഠിപ്പിക്കാനുള്ള അധികാരമായിരുന്നു.

തന്‍റെ അജഗണങ്ങളുടെ ഇടയനായും പത്രോസിനെ ക്രിസ്തു നിയമിച്ചു (യോഹ 21:15-17). ദൈവജനത്തിന്‍റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടേണ്ടതും അവ തിരുത്തി അവരെ നേര്‍വഴിക്കു നയിക്കേണ്ടതും ഇടയന്‍റെ ഉത്തരവാദിത്വമാണ്. ദൈവം ഒരുവനെ ഒരു ദൗത്യം ഭരമേല്പിക്കുമ്പോള്‍ അതു നിറവേറ്റാനുള്ള കൃപയും കൂടി ആ വ്യക്തിയ്ക്കു നല്‍കും എന്നതു സത്യമാണ്. തന്മൂലം ദൈവജനത്തിന്‍റെ തെറ്റുകള്‍ തിരുത്താനുള്ള നിയോഗം ലഭിച്ച വലിയ ഇടയനായ പത്രോസിനും പിന്‍ഗാമികള്‍ക്കും ദൈവം തെറ്റാവരം നല്‍കി എന്ന് അനുമാനിക്കാം.

പത്രോസിന്‍റെ വിശ്വാസത്തില്‍ ക്ഷയമുണ്ടാകാതിരിക്കാനും പത്രോസിനു തെറ്റുപറ്റാതിരിക്കാനും വേണ്ടി ഈശോ സവിശേഷമായി പ്രാര്‍ത്ഥിക്കുന്നുണ്ട് (ലൂക്കാ 22:31-32). ക്രിസ്തുവിന്‍റെ പ്രാര്‍ത്ഥനയുടെ ഫലമായുള്ള അനുഗ്രഹമായി പത്രോസിന്‍റെയും പിന്‍ഗാമികളുടെയും തെറ്റാവരത്തെ മനസ്സിലാക്കാം.

സഭാപാരമ്പര്യത്തില്‍

3. തെറ്റാവരം എന്ന പദപ്രയോഗം സഭാപിതാക്കന്മാരുടെ രചനകളിലില്ലെങ്കിലും പ്രസ്തുത ആശയം സഭാപിതാക്കന്മാരുടെ കൃതികളില്‍ ദൃശ്യമാണ്. "പത്രോസിന്‍റെ പിന്‍ഗാമിയുടെ സാന്നിധ്യം മൂലം റോമിലെ സഭ പാഷണ്ഡതകളില്‍ നിന്നും വിമുക്തമാണ് " എന്ന് അന്ത്യോക്യായിലെ വി. ഇഗ്നേഷ്യസ് സാക്ഷ്യപ്പെടുത്തുന്നുണ്ട് (Rom. lnses). "റോമില്‍ പത്രോസിന്‍റെ പിന്‍ഗാമി ഭരിക്കുന്ന സഭയുടെ വിശ്വാസം മറ്റെല്ലായിടങ്ങളിലുമുള്ള സഭയുടെ വിശ്വാസത്തിന് മാതൃകയും മാനദണ്ഡڈവുമാണെന്ന് വി. ഇരനേവൂസ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് (Adv. haer . III.3.2). റോമിലെ സഭയുടെ അവികലവും അപ്രമാദവുമായ വിശ്വാസത്തെ പത്രോസിന്‍റെ പിന്‍ഗാമിയുടെ അപ്രമാദിത്വത്തിനു തെളിവായി കരുതുന്നതില്‍ സാംഗത്യമുണ്ട്.

വി.സിപ്രിയാന്‍ റോമിലെ സഭയെ സാര്‍വ്വത്രിക സഭയെ പഠിപ്പിക്കാനുള്ള പത്രോസിന്‍റെ സിംഹാസനം (Cathedra Petri) എന്നാണു വിശേഷിപ്പിക്കുന്നത്. റോമിലെ സഭയുടെ വിശ്വാസശ്രേഷ്ഠതമൂലം പാഷണ്ഡതകള്‍ക്ക് അതിനെ കീഴടക്കാനാവില്ല എന്നും ഇരനേവൂസ് പ്രസ്താവിക്കുന്നുണ്ട് (Ep. 5914) പൗരസ്ത്യസഭകളുമായുള്ള അഭിപ്രായ വ്യത്യാസം പരിഹരിക്കുന്നതിനായി യഥാര്‍ത്ഥ പ്രബോധനവരം ക്രിസ്തുവിനാല്‍ നല്‍കപ്പെട്ടിരിക്കുന്ന ദമാസൂസ് പാപ്പായോട് വി.ജറോം അഭ്യര്‍ത്ഥിക്കുന്നതും (Ep. 151) സമാനമായ അര്‍ത്ഥത്തിലാണ്. രണ്ടു സൂനഹദോസുകളുടെയും തീരുമാനം പത്രോസിന്‍റെ സിഹാസനത്തിനു മുന്നിലെത്തിക്കുകയും അവയെക്കുറിച്ചുമുള്ള പാപ്പായുടെ തീരുമാനം അറിയിക്കുകയും ചെയ്തതിനാല്‍ പ്രസ്തുത വിഷയം അവസാനിച്ചതായി (Cansa Finitaest) കരുതണമെന്ന് വി.അഗസ്തീനോസു പഠിപ്പിക്കുന്നതും (Sermo 131.10.10) ആദിമസഭയില്‍ പത്രോസിന്‍റെ പിന്‍ഗാമിയുടെ അപ്രമാദിത്വത്തിനുള്ള തെളിവായി കരുതാം. ഏക സ്വഭാവപാഷണ്ഡതയുടെ പ്രചാരകനായ എവുത്തിക്കസിനോട് സത്യവിശ്വാസമറിയാന്‍ ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ടെങ്കില്‍ പത്രോസിന്‍റെ പിന്‍ഗാമിയെ സമീപിക്കാന്‍ വി.പീറ്റര്‍ ക്രിസോലോഗൂസ് അഭിപ്രായപ്പെടുന്നതും (With Leo I Ep. 25.2) ആദിമസഭയുടെ തെറ്റാവര വിശ്വാസത്തെ സാധൂകരിക്കുന്നതാണ്.

ആദിമ നൂറ്റാണ്ടുകള്‍ മുതല്‍ പാഷണ്ഡികളെയും അബദ്ധപ്രബോധകരെയും സഭയില്‍ നിന്നും പുറത്താക്കിയിരുന്നത് മാര്‍പാപ്പാമാരായിരുന്നതിനാല്‍ സത്യവിശ്വാസത്തിന്‍റെ അധികാരിയായി പരിഗണിക്കപ്പെട്ടിരുന്നത് പത്രോസിന്‍റെ പിന്‍ഗാമിമാരായിരുന്നു എന്ന് അനുമാനിക്കാം. AD 519 ല്‍ വി.ഹോര്‍മിസ്ദാസ് പാപ്പായുടെ പ്രഖ്യാപനത്തെ തെറ്റാവരത്തെക്കുറിച്ചുള്ള ആദ്യത്തെ ഔദ്യോഗിക പ്രഖ്യാപനമായി കരുതാം. "പത്രോസിന്‍റെ സിംഹാസനത്തില്‍ ക്രിസ്തീയ വിശ്വാസം കറയില്ലാതെയും കലര്‍പ്പില്ലാതെയും പരിരക്ഷിക്കപ്പെട്ടിട്ടുണ്ട്" (AD 171) എന്നാണ് പാപ്പാ പ്രഖ്യാപിച്ചത്. കോണ്‍സ്റ്റാന്‍റിനോപ്പിള്‍ (AD 870) ലിയോണ്‍സ് (1274), ഫ്ലോറന്‍സ് (1438-1445) എന്നീ സൂനഹദോസുകള്‍ പാപ്പായുടെ തെറ്റാവരത്തെ അംഗീകരിക്കുന്ന പ്രബോധനങ്ങള്‍ നല്‍കിയിട്ടുണ്ട്.

മധ്യകാല ക്രൈസ്തവ ചിന്തകരും പാപ്പായുടെ തെറ്റാവരത്തെ സാധൂകരിക്കുന്നുണ്ട്. വി.തോമസ് അക്വീനാസിന്‍റെ അഭിപ്രായത്തില്‍, "വി. പത്രോസിന്‍റെ പിന്‍ഗാമിയുടേതാണ് സത്യവിശ്വാസത്തെക്കുറിച്ചുള്ള അവസാനവാക്ക് എന്നതിനാല്‍ മാര്‍പാപ്പായുടെ വാക്കുകളെ അനുസരിക്കാന്‍ സകലവിശ്വാസികള്‍ക്കും കടമയുണ്ട്". ലൂക്കാ 12:31; 1കോറി 1:10 എന്നീ വചനഭാഗങ്ങളുടെ വെളിച്ചത്തില്‍ ഈ വിശ്വാസത്തെ വി. അക്വിനാസ് ആധികാരികമായി സമര്‍ത്ഥിക്കുന്നുണ്ട് (ST.2.ii.1.10).

4. പതിനാലാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ മാര്‍പാപ്പായുടെ അപ്രമാദിത്വത്തെ എതിര്‍ക്കുന്ന ചിന്താഗതികള്‍ വര്‍ദ്ധിച്ചുവന്നു. ജോണ്‍ ഇരുപത്തിരണ്ടാം  പാപ്പായുമായുള്ള അഭിപ്രായാന്തരത്തെത്തുടര്‍ന്ന് ഓക്കാമിലെ വില്യം എന്ന ദൈവശാസ്ത്രജ്ഞനാണ് ഈ എതിര്‍പ്പിനു തുടക്കം കുറിച്ചത്. പാദുവായിലെ മാര്‍സില്ലിയൂസും ജ്ഞാന്തൂനിലെ യോഹന്നാനും ചേര്‍ന്ന് സൂനഹദോസ് സിദ്ധാന്തത്തിന് രൂപം നല്‍കി. മാര്‍പാപ്പായ്ക്കല്ല മെത്രാന്‍ സമിതിയായ സൂനഹദോസുകള്‍ക്കാണ് സഭയില്‍ പരമാധികാരം എന്നതായിരുന്നു ഈ സിദ്ധാന്തത്തിന്‍റെ മുഖ്യവാദഗതി. പാശ്ചാത്യ ശീശ്മയുടെ കാലത്ത് (1378-1417) ഈ സിദ്ധാന്തത്തിന് ഒട്ടേറെ പ്രണേതാക്കളുണ്ടായി. കോണ്‍സ്റ്റാന്‍സിലും, ബാസലിലും കൂടിയ പ്രാദേശിക സൂനഹദോസുകള്‍ ഈ വാദത്തെ അംഗീകരിച്ചെങ്കിലും അതിന് മാര്‍പാപ്പായുടെ അംഗീകാരം ലഭിച്ചില്ല. പിന്നീട് ഗാള്ളിക്കനിസം എന്ന പാഷണ്ഡതയായി ഇതു രൂപപ്പെട്ടു.

സഭാപാരമ്പര്യത്തിലും വി.ഗ്രന്ഥത്തിലും അടിസ്ഥാനമുള്ള തൊറ്റാവരവിശ്വാസത്തെ വിശ്വാസസത്യമായി പ്രഖ്യാപിച്ചത് ഒന്നാം വത്തിക്കാന്‍ കൗണ്‍സിലാണ്. മാര്‍പാപ്പാമാരുടെ ചില നിഗമനങ്ങളോ തീരുമാനങ്ങളോ ചരിത്രപരമായ വീക്ഷണത്തില്‍ തെറ്റിപ്പോയതായി ചൂണ്ടിക്കാണ്ടിക്കാനായേക്കാം. എന്നാല്‍, ശ്ലൈഹികാധികാരമുപയോഗിച്ച് പരിശുദ്ധാത്മാവിനാല്‍ പ്രേരിതമായി ശ്രേഷ്ഠാചാര്യസ്ഥാനത്തിന്‍റെ അധികാരത്തോടെ വിശ്വാസത്തെയും സന്മാര്‍ഗ്ഗത്തെയും സംബന്ധിക്കുന്ന പ്രബോധനങ്ങള്‍ ഒരിക്കലും തെറ്റിപ്പോയിട്ടില്ല എന്നതു തന്നെയാണ് തെറ്റാവരത്തിനുള്ള ഏറ്റവും വലിയ തെളിവ്.

infallibility of pope tradition of the church Mar Joseph Pamplany church സഭയുടെ പരമാചാര്യന്‍ Ex Cathedra Grounds of infallibility infallibility in the tradition of the church infallibility in the Sacred Scripture ഗാള്ളിക്കനിസം gallicanism Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message