x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

ദണ്ഡവിമോചനം

Authored by : Mar Joseph Pamplany On 04-Sep-2020

സഭാചരിത്രത്തില്‍ ഒട്ടേറെ വിവാദങ്ങള്‍ക്കും പിളര്‍പ്പിനും കാരണമായിട്ടുള്ളതാണ് ദണ്ഡവിമോചനത്തെക്കുറിച്ചുള്ള പ്രബോധനങ്ങള്‍. കുമ്പസാരത്തിലൂടെ മോചനം ലഭിച്ചിട്ടുള്ള പാപങ്ങളുടെ താല്‍കാലിക ശിക്ഷയില്‍നിന്നും (temporal punishment) ഒരു വ്യക്തിയ്ക്ക് സഭയില്‍നിന്നും ക്രിസ്തു ഭരമേല്പിച്ച പുണ്യത്തിന്‍റെ ഭണ്ഡാരത്തിന്‍റെ യോഗ്യതയാല്‍ ലഭിക്കുന്ന പൂര്‍ണ്ണമായോ ഭാഗികമായോ ഇളവുകളാണ് ദണ്ഡവിമോചനങ്ങള്‍ (indulgences).

1. ആദിമസഭയില്‍ രോഗാവസ്ഥയിലുള്ളവരുടെയും രക്തസാക്ഷിത്വത്തിനു വിധിക്കപ്പെട്ടവരുടെയും പാപങ്ങള്‍ക്കുള്ള പരിഹാരമനുഷ്ഠിക്കാന്‍ മറ്റുവിശ്വാസികളെ ചുമതലപ്പെടുത്താനുള്ള അധികാരം കുമ്പസാരക്കാര്‍ക്ക് നല്‍കിയിരുന്നു. ഇതാണ് ദണ്ഡവിമോചനങ്ങളുടെ ആദ്യരൂപം. 517-ല്‍ എപാവോന്‍ കൗണ്‍സില്‍ കുമ്പസാരത്തിലെ കഠിനമായ പ്രായ്ശ്ചിത്ത കര്‍മ്മങ്ങള്‍ക്കു പകരമായി ലഘുവായ വഴികള്‍ (പ്രാര്‍ത്ഥനകള്‍, ദാനധര്‍മ്മങ്ങള്‍... തുടങ്ങിയവ) നിര്‍ദ്ദേശിച്ചു. പത്താം നൂറ്റാണ്ടുവരെ കുമ്പസാരത്തില്‍ ലഭിക്കുന്ന പ്രായ്ശ്ചിത്ത പ്രവൃത്തികളുടെ ഗണത്തിലാണ് ദണ്ഡവിമോചനങ്ങളെ മനസ്സിലാക്കിയിരുന്നത്. 1095-ല്‍ ഉര്‍ബന്‍ രണ്ടാമന്‍ മാര്‍പാപ്പ കുരിശു യുദ്ധത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ദണ്ഡവിമോചനം പ്രഖ്യാപിച്ചതോടെയാണ് ദണ്ഡവിമോചനങ്ങള്‍ക്ക് കൂടുതല്‍ അര്‍ത്ഥവ്യാപ്തി കൈവന്നത്. വി. ആല്‍ബര്‍ട്ട്, വി. തോമസ് അക്വീനാസ് തുടങ്ങിയവര്‍ സഭയുടെ പുണ്യഭണ്ഡാരത്തെ (treasury of the church)ദണ്ഡവിമോചനങ്ങളുടെ ആധാരമായി അവതരിപ്പിച്ചു.

2. ഒരു വ്യക്തി പാപം ചെയ്യുമ്പോള്‍ രണ്ടുതരത്തിലുള്ള ഫലങ്ങള്‍ ഉളവാകുന്നുണ്ട്: നിത്യശിക്ഷയും താല്‍കാലികശിക്ഷയും. മാരകപാപം ചെയ്യുന്ന വ്യക്തി ദൈവവുമായുള്ള തന്‍റെ ബന്ധം നഷ്ടമാക്കുകയും വരപ്രസാദം ഇല്ലാതാക്കുകയും ചെയ്യുന്നതിനാല്‍ നരകശിക്ഷക്ക് അര്‍ഹമാകുന്നു. ഇതാണ് നിത്യശിക്ഷ.

എന്നാല്‍ ഓരോപാപവും (മാരകപാപവും ലഘുപാപവും) നിത്യശിക്ഷയോടൊപ്പം താല്‍ക്കാലിക ശിക്ഷക്കും കാരണമാകുന്നുണ്ട്. പാപത്തിലൂടെ ലോകത്തോടും ലോകവസ്തുക്കളോടും തോന്നുന്ന അനാരോഗ്യകരമായ അഭിനിവേശത്തെയാണ് താല്ക്കാലികശിക്ഷ എന്നതിലൂടെ വിവക്ഷിക്കുന്നത്. താല്‍ക്കാലിക ശിക്ഷ എന്ന പദപ്രയോഗം പലപ്പോഴും തെറ്റിദ്ധാരണാജനകമാണ്. താല്‍ക്കാലിക ശിക്ഷ എന്നതിലൂടെ ലൗകികമോഹം എന്നോ കൂടുതല്‍ പാപങ്ങളിലേക്ക് തുടര്‍ന്നും നയിക്കാനിടയുള്ള പാപകരമായ വാസനയെന്നോ (tendency) ആണ് യഥാര്‍ത്ഥത്തില്‍ അര്‍ത്ഥമാക്കുന്നത്. ഇത്തരം പാപാഭിനിവേശത്തില്‍നിന്ന് (temporal punishment) ഈ ലോകത്തില്‍ ആയിരിക്കുമ്പോഴോ മരണാനന്തരം ശുദ്ധീകരണ സ്ഥലത്തുവച്ചോ വിടുതല്‍ നേടേണ്ടതുണ്ട്.

താല്‍കാലികശിക്ഷ നിത്യശിക്ഷയില്‍നിന്ന് വ്യത്യസ്തമാണ്. താല്‍ക്കാലിക ശിക്ഷയുടെ പരിഹാരം നിശ്ചിതകാലംകൊണ്ട് നേടാവുന്നതാണ്. എന്നാല്‍ നിത്യശിക്ഷയില്‍നിന്നുള്ള വിടുതലാകട്ടെ മനുഷ്യന്‍റെ പ്രവൃത്തികള്‍ക്കനുസൃതമായിട്ടല്ല ദൈവത്തിന്‍റെ കരുണയില്‍മാത്രം അധിഷ്ഠിതമാണ്. പാപത്തിന്‍റെ പരിഹാരകര്‍മ്മങ്ങളെല്ലാം താല്‍ക്കാലികശിക്ഷയുടെ വിടുതലിനു മാത്രമേ കാരണമാകുന്നുള്ളൂ എന്നുസാരം. നിത്യശിക്ഷയില്‍നിന്നുള്ള വിടുതല്‍ കുരിശിലെ യേശുവിന്‍റെ ബലിയിലൂടെ ലഭ്യമായ വരപ്രസാദം ഒഴുകുന്ന പാപമോചനകൂദാശയിലൂടെ മാത്രമേ സാധ്യമാകൂ.

താല്‍ക്കാലികശിക്ഷ എന്നതിലൂടെ വിവക്ഷിക്കുന്ന ലൗകികമോഹം എന്ന വസ്തുത സത്യമാണെന്ന് ജീവിതാനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. കുമ്പസാരത്തിനുശേഷവും പാപങ്ങളിലേക്കു തിരികെ വീഴാനുള്ള പ്രവണത തുടര്‍ന്നും നിലനില്ക്കുന്നത് നമുക്ക് അനുഭവവേദ്യമാണല്ലോ.
ദണ്ഡവിമോചനത്തിലൂടെ പാപമോചനം ലഭിക്കുമെന്ന് സഭ ഒരിക്കലും പഠിപ്പിച്ചിട്ടില്ല. ദണ്ഡവിമോചനം കുമ്പസാരത്തിനുപകരമുള്ളതല്ല. കാരണം ദണ്ഡവിമോചനത്തിലൂടെ താല്‍ക്കാലിക ശിക്ഷയില്‍ നിന്നുള്ള (ലൗകിക മോഹങ്ങളില്‍ നിന്നുള്ള) മോചനം മാത്രമേ ലഭിക്കുന്നുള്ളൂ. ദണ്ഡവിമോചനങ്ങളുടെ മാത്രം യോഗ്യതയില്‍ ആര്‍ക്കും സ്വര്‍ഗ്ഗം ലഭിക്കുകയില്ല. സ്വര്‍ഗ്ഗപ്രാപ്തിക്ക് നിത്യശിക്ഷയില്‍നിന്നുള്ള വിടുതല്‍ അനിവാര്യമാണ്.

3. ദണ്ഡവിമോചനത്തെക്കുറിച്ചുള്ള സഭാപ്രബോധനങ്ങള്‍ ചുരുക്കി വിവരിക്കാം.

(i) ക്രിസ്തുസഭയെ ഭരമേല്‍പ്പിച്ചതും വിശുദ്ധര്‍ തങ്ങളുടെ മാതൃകാപരമായ ജീവിതംകൊണ്ടു പരിപോഷിപ്പിച്ചതുമായ പുണ്യത്തിന്‍റെ ഭണ്ഡാരത്തിന്‍റെ യോഗ്യതയാല്‍ വ്യക്തികള്‍ക്ക് താല്‍ക്കാലിക ശിക്ഷയില്‍നിന്ന് വിടുതല്‍ നല്‍കാന്‍ സഭക്ക് അധികാരമുണ്ടെന്ന് ക്ലമന്‍റ് ആറാമന്‍ മാര്‍പാപ്പ 1343-ല്‍ (Unigenitus Dei Filius) പഠിപ്പിച്ചു.

(ii) അനുതപിച്ച് പാപമോചനം തേടിയ വിശ്വാസികള്‍ക്ക് നിശ്ചിതമായ പ്രാര്‍ത്ഥനകളുടെയും പുണ്യപ്രവൃത്തികളുടെയും ഫലമായി ദണ്ഡവിമോചനം പ്രാപിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ പ്രഖ്യാപിക്കാന്‍ സഭയുടെ പുണ്യഭണ്ഡാരത്തിന്‍റെ കാര്യവിചാരിപ്പുകാരന്‍ എന്ന നിലയില്‍ മാര്‍പാപ്പക്ക് അധികാരമുണ്ട് എന്ന് മാര്‍ട്ടിന്‍ അഞ്ചാമന്‍ പാപ്പ 1418-ല്‍ പ്രഖ്യാപിച്ചു (Inter Cunctas). ദണ്ഡവിമോചനം പ്രഖ്യാപിക്കാനുള്ള മാര്‍പ്പാപ്പയുടെ അധികാരത്തെ ചോദ്യംചെയ്ത ലൂഥറിനെ തിരുത്തിക്കൊണ്ട് ലെയോ പത്താമന്‍ മാര്‍പ്പാപ്പാ 1520-ല്‍ വ്യക്തമായ പ്രബോധനം നല്‍കി (Exsurge Domine).

(iii) ത്രെന്തോസ് സൂഹദോസ് (1563) ദണ്ഡവിമോചന നിഷേധികളെ ഖണ്ഡിച്ചു പുറംതള്ളിയെങ്കിലും ദണ്ഡവിമോചനങ്ങളുടെ ദുരുപയോഗങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിച്ച് പരി.പിതാവിന് റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ മെത്രാന്‍ സമിതികളെ ചുമതലപ്പെടുത്തി (Decree on Indulgences)

(iv) രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രബോധനങ്ങളുടെ വെളിച്ചത്തില്‍ 1967-ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ ദണ്ഡവിമോചനങ്ങളെക്കുറിച്ചുള്ള സഭയുടെ ഏറ്റവും ആധികാരികമായ പഠനം (indulgentiarum doctrina) നല്‍കി. പുണ്യവാന്മാരുടെ ഐക്യം (സമര - സഹന - വിജയ സഭകളുടെ ഐക്യം) മൂലം ജീവിച്ചിരിക്കുന്നവരുടെ പരിഹാര പ്രവൃത്തികളിലൂടെ ശുദ്ധീകരാത്മാക്കള്‍ക്ക് ദണ്ഡവിമോചനം നേടിയെടുക്കാനാകുമെന്ന (suffragium) സഭയുടെ പരമ്പരാഗത വിശ്വാസത്തെ ഈ പ്രബോധനരേഖ ഊന്നിപ്പറഞ്ഞു.

4. പൂര്‍ണ്ണവും ഭാഗികവുമായ ദണ്ഡവിമോചനങ്ങളുണ്ടെന്ന് സഭ പഠിപ്പിക്കുന്നുണ്ട്. പാപാവസ്ഥമൂലമുണ്ടായ താല്‍ക്കാലിക ശിക്ഷയെ പൂര്‍ണ്ണമായും എടുത്തുനീക്കുന്ന ദണ്ഡവിമോചനത്തെ പൂര്‍ണ്ണദണ്ഡവിമോചനമായും (plenary indulgence) താല്‍ക്കാലിക ശിക്ഷയെ ഭാഗികമായി പരിഹരിക്കുന്നവയെ ഭാഗികദണ്ഡവിമോചനം (partial indulgence) എന്നും വിശേഷിപ്പിച്ചിരുന്നു.

ഭാഗിക ദണ്ഡവിമോചനങ്ങളെ ദിവസങ്ങളുടെയും മാസങ്ങളുടെയും കണക്കില്‍ അവതരിപ്പിക്കുന്ന പതിവ് (quarantines) സഭയില്‍ നിലവിലുണ്ടായിരുന്നു. അതിനാലാണ് പഴയ പ്രാര്‍ത്ഥനാ പുസ്തകങ്ങളില്‍ ചിലപ്രാര്‍ത്ഥനകള്‍ക്കുശേഷം പൂ. ദ. വി. (പൂര്‍ണ്ണ ദണ്ഡവിമോചനം), 100 ദി. ദ. വി. (100 ദിവസത്തെ ദണ്ഡവിമോചനം) തുടങ്ങിയ സൂചനകള്‍ നല്‍കിയിരുന്നത്. എന്നാല്‍ 1967-ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പാ നല്‍കിയ നിര്‍ദ്ദേശമനുസരിച്ച് ഭാഗിക ദണ്ഡവിമോചനത്തെ ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളുമായി തരംതിരിക്കുന്ന പതിവ് സഭയില്‍ അവസാനിപ്പിച്ചു. ഇപ്പോള്‍ സഭയില്‍ പൂര്‍ണ്ണ ദണ്ഡവിമോചനം, ഭാഗിക ദണ്ഡവിമോചനം എന്നീ വിഭജനം മാത്രമേയുള്ളൂ.
ഭാഗിക ദണ്ഡവിമോചനം ലഭിക്കുന്നതിന് ദൈവവിചാരത്തോടുള്ള ജീവിതവും പരോപകാരപ്രവൃത്തികളും സന്തോഷകരവും സുഖദായകവുമായ ചര്യകളില്‍നിന്ന് മനപൂര്‍വ്വം മാറിനില്‍ക്കുന്നതും വിശ്വാസത്തിന് പരസ്യമായി സാക്ഷ്യം വഹിക്കുന്നതും സഹായകമാണ്.
പൂര്‍ണ്ണ ദണ്ഡവിമോചനങ്ങള്‍ ലഭിക്കുന്ന കര്‍മ്മങ്ങള്‍ താഴെ പറയുന്നവയാണ് (cfr. Enchiridion Indulgentiarum)

1) ഭക്തിപൂര്‍വ്വം, അരമണിക്കൂറില്‍ കുറയാത്ത സമയം വി. ഗ്രന്ഥം വായിക്കുന്നത്.

2) ദിവ്യകാരുണ്യനാഥനെ പരി. കുര്‍ബ്ബാനയില്‍ അരമണിക്കൂറില്‍ കുറയാത്ത സമയം ആരാധിക്കുന്നത്.

3) കുരിശിന്‍റെ വഴി എന്ന ഭക്തകൃത്യം അനുഷ്ഠിക്കുന്നത്.

4) ഭക്തിപൂര്‍വ്വം ജപമാല ചെല്ലുന്നത്

5) സഭയുടെ കാനോന നമസ്ക്കാരങ്ങള്‍ ചൊല്ലുന്നത്

6) മൂന്നുദിവസത്തില്‍ കുറയാത്ത ധ്യാനങ്ങളില്‍ പങ്കെടുക്കുന്നത്

5.  ഇവ വിശ്വാസികളുടെ ഇഷ്ടാനുസരണം ഏതു ദിവസവും നേടാവുന്ന പൂര്‍ണ്ണ ദണ്ഡവിമോചനങ്ങളാണ്. കൂടാതെ, മാര്‍പാപ്പായുടെ ആശീര്‍വാദം (ടി.വി, റേഡിയോ തുടങ്ങിയവയിലൂടെയും) സ്വീകരിക്കുന്നതും, മാര്‍പാപ്പ നിര്‍ദ്ദേശിക്കുന്ന ദിവസങ്ങളും വര്‍ഷങ്ങളും കാര്യക്ഷമമായി ആചരിക്കുന്നതും പൂര്‍ണ്ണ ദണ്ഡവിമോചനം നല്‍കുന്നു. പൂര്‍ണ്ണ ദണ്ഡവിമോചനം ലഭിക്കുന്നതിന് നാല് കാര്യങ്ങള്‍ ആവശ്യമാണ്: കുമ്പസാരിച്ച് പാപമോചനം നേടണം, വി. കുര്‍ബ്ബാന സ്വീകരിച്ച് ദൈവൈക്യത്തില്‍ ആയിരിക്കണം, നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഭക്തകൃത്യം ശ്രദ്ധാപൂര്‍വ്വം അനുഷ്ഠിക്കണം, മാര്‍പ്പാപ്പായുടെ നിയോഗങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം.

ചുരുക്കത്തില്‍, ദണ്ഡവിമോചനങ്ങള്‍ സഭയുടെ വിശ്വാസസത്യത്തിന്‍റെ ഭാഗമാണ്. പാപത്തോടുള്ള മനുഷ്യപ്രകൃതിയുടെ ആസക്തിയെ നിര്‍വീര്യമാക്കാന്‍ സഹായിക്കുന്ന ഭക്തകൃത്യങ്ങളും പരിത്യാഗ പ്രവൃത്തികളും അനുഷ്ഠിക്കാന്‍ വിശ്വാസികളെ പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സഭ ദണ്ഡവിമോചനങ്ങള്‍ നല്‍കുന്നത്. ദണ്ഡവിമോചനത്തിന്‍റെ അടിസ്ഥാനം ക്രിസ്തു സഭയെ ഭരമേല്പ്പിച്ച വരപ്രസാദപൂര്‍ണ്ണതയാണ്. സഭ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ വിശ്വാസികള്‍ക്ക് തന്നെ ഭരമേല്പിച്ചിരിക്കുന്ന പുണ്യഭണ്ഡാഗാരത്തില്‍നിന്ന് നല്‍കുന്ന അനുഗ്രഹമാണ് ദണ്ഡവിമോചനങ്ങള്‍. ശുദ്ധീകരാത്മാക്കള്‍ക്ക് സമരസഭയുടെയും വിജയസഭയുടെയും മാധ്യസ്ഥ്യം വഴിയാണ് ദണ്ഡവിമോചനങ്ങള്‍ ലഭിക്കുന്നത്. എന്നാല്‍, സഭാചരിത്രത്തില്‍ ദണ്ഡവിമോചനങ്ങള്‍ ഏറെ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. തല്‍ഫലമായി സഭാഗാത്രത്തില്‍ വലിയ പിളര്‍പ്പിനു വഴിയൊരുങ്ങുകയും ചെയ്തിട്ടുണ്ട്.

plenary indulgence temporal punishment Mar Joseph Pamplany treasury of the church indulgences: council of Trent indulgentiarum doctrina acts of plenary indulgence Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message