x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

ഏകം, പരിശുദ്ധം, ശ്ലൈഹികം, സാര്‍വ്വത്രികം

Authored by : Congregation for Doctrine of Faith On 24-Mar-2022

"ഏകവും പരിശുദ്ധവും ശ്ലൈഹികവും സാര്‍വ്വത്രികവുമായ സഭയില്‍ ഞാന്‍ വിശ്വസിക്കുന്നു" (Credo in unam,sanctam, apostolicam, Catholicam Ecclesiam) എന്ന നിഖ്യാ-കോണ്‍സ്റ്റാന്‍റിനോപ്പിള്‍ വിശ്വാസ പ്രമാണം സഭയുടെ അടിസ്ഥാന ലക്ഷണങ്ങളായി പരമ്പരാഗതമായി കരുതപ്പെടുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ സഭയെ "ദൈവജനം" എന്ന കൂടുതല്‍ അര്‍ത്ഥവത്തും ലളിതവുമായ സംജ്ഞയാല്‍ സംബോധന ചെയ്യുന്നുണ്ടെങ്കിലും സഭയുടെ പരമ്പരാഗത ലക്ഷണങ്ങളെ ഈ സൂനഹദോസും ഊന്നിപ്പറയുന്നുണ്ട്.

സഭ മതവിശ്വാസികളുടെ സമൂഹമാകയാല്‍ വിശ്വാസവുമായി നേരിട്ടുബന്ധമില്ലാത്ത നിര്‍വ്വചനങ്ങളൊന്നും സഭയുടെ യഥാര്‍ത്ഥ സ്വഭാവം ദ്യോതിപ്പിക്കുന്നില്ല എന്നും തന്മൂലം മേല്‍പറഞ്ഞ നാലുലക്ഷണങ്ങളെ മാത്രം ആധാരമാക്കി സഭയെ നിര്‍വ്വചിക്കാനോ വിലയിരുത്താനോ ആവില്ല എന്നും വാദിക്കുന്നവരില്‍ വിഖ്യാത ദൈവശാസ്ത്രജ്ഞനായ ഹാന്‍സ് ക്യുങ് അടക്കമുള്ളവരുണ്ട്. എന്നാല്‍ വിശ്വസിക്കുന്നവരുടെ സമൂഹം, ദൈവജനം തുടങ്ങിയ സംജ്ഞകള്‍ക്കു വിരുദ്ധമായോ അവയില്‍ നിന്നു വ്യതിരിക്തമായോ സഭയുടെ ലക്ഷണങ്ങളെ വ്യാഖ്യാനിക്കുമ്പോഴാണ് ഇത്തരം പ്രതിസന്ധികള്‍ ഉടലെടുക്കുന്നത്. ഏകം, പരിശുദ്ധം, ശ്ലൈഹികം, സാര്‍വ്വത്രികം എന്നീ സഭാലക്ഷണങ്ങള്‍ വി. ഗ്രന്ഥത്തിലും സഭയുടെ പാരമ്പര്യത്തിലും അധിഷ്ഠിതമാണോ എന്നു പരിശോധിക്കുകയാണ് ഈ അധ്യായത്തിന്‍റെ ലക്ഷ്യം. ആനുകാലിക സഭയെ മനസ്സിലാക്കാന്‍ ഈ ലക്ഷണങ്ങള്‍ ഏതര്‍ത്ഥത്തില്‍ സഹായകമാണ് എന്ന അന്വേഷണവും ഈ ലേഖനത്തിന്‍റെ പരിപ്രേക്ഷ്യത്തിലുണ്ട്. സത്യസഭയെ വ്യതിരിക്തമാക്കുന്ന ഈ ചതുര്‍ ലക്ഷണങ്ങള്‍ക്കു വിരുദ്ധമായ നിലപാടുകളെ തിരിച്ചറിയേണ്ടതിന്‍റെ ആവശ്യകതയും ഈ ലേഖനത്തില്‍ ഊന്നല്‍ ലഭിക്കുന്ന വസ്തുതയാണ്.

സഭ ഏകമാണ്

ഏകരക്ഷകനായ യേശുവിനാല്‍ സ്ഥാപിക്കപ്പെട്ട ഏക രക്ഷാ മാര്‍ഗ്ഗം എന്ന അര്‍ത്ഥത്തിലാണ് സഭ ഏകമാണ് എന്ന് പറയുന്നത്. ഈ ഏകത്വം കേവലം സംഖ്യാപരമായ ഏകത്വമോ സഭയിലെ ഐകരൂപ്യമോ അല്ല സഭയുടെ ആന്തരികമായ ഏകത്വവും അവിഭാജ്യതയുമാണ് വ്യക്തമാക്കുന്നത്.

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ സഭയുടെ ഏകത്വത്തെ വിശ്വാസത്തിലെ ഏകത്വം, കൂട്ടായ്മയിലെ ഏകത്വം എന്ന് രണ്ടായി തരം തിരിച്ചിട്ടുണ്ട്. വിശ്വാസത്തിലെ ഏകത്വം എന്നതിലൂടെ വിശ്വാസസത്യങ്ങളായി സഭ പഠിപ്പിച്ചിട്ടുള്ളവയെ സകലവിശ്വാസികളും അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. ദൈവപുത്രനായ ഈശോയുടെ മനുഷ്യാവതാരം, മറിയത്തിന്‍റെ ദൈവമാതൃത്വവും നിത്യകന്യകാത്വവും, നിത്യരക്ഷ, നിത്യനരകം... തുടങ്ങിയ സകലവിശ്വാസസത്യങ്ങളും എല്ലാ സഭാംഗങ്ങളും ഒരുപോലെ വിശ്വസിക്കുന്നു എന്നതാണ് വിശ്വാസപരമായ ഐക്യം. കൂട്ടായ്മയിലെ ഏകത്വം എന്നതിലൂടെ മാര്‍പാപ്പായും മെത്രാന്മാരും വൈദികരും സന്യസ്തരും അല്‍മായരുമടങ്ങുന്ന ദൈവജനത്തിന്‍റെ പാരസ്പര്യമാണ് വിവക്ഷ. റോമാ മാര്‍പാപ്പായുടെ പ്രബോധനത്തെ സകല മെത്രാന്മാരും മെത്രാന്മാരുടെ പ്രബോധനത്തെ സകല വൈദികരും അല്‍മായരും സ്വീകരിച്ച് ആചരിക്കണം. ശ്രേണീപരമായ ഐക്യം (Hierarchical Unity) എന്നാണ് ഇതറിയപ്പെടുന്നത്. ഇപ്രകാരമുള്ള ശ്രേണീപരമായ ഐക്യം വിശ്വാസികളെ വരപ്രസാദത്തിലും ആരാധനാനുഷ്ഠാനങ്ങളിലും സമൂഹജീവിതത്തിലും ഒരുമിപ്പിക്കുന്നു. ഈ ഐക്യത്തെ ആരാധനാക്രമ ഐക്യം എന്നാണ് വിശേഷിപ്പിക്കുന്നത്. സഭ ഏകമാകുന്നത് ഒരു ഇടയനും ഒരു തൊഴുത്തുമായി വിശ്വാസികള്‍ ഒന്നടങ്കം പരമപിതാവിന് ആരാധന അര്‍പ്പിക്കുമ്പോഴാണ്.

സഭയുടെ ഏകത്വം വിശുദ്ധഗ്രന്ഥാധിഷ്ഠിതമാണ്. തന്നിലൂടെ നിറവേറിയ ഏകരക്ഷാകര രഹസ്യത്തിന്‍റെ പ്രഘോഷണത്തിന് ക്രിസ്തു അപ്പസ്തോലന്മാരെ ചുമതലപ്പെടുത്തുന്നതിലൂടെയാണ് സഭ രൂപം കൊള്ളുന്നത് (മത്താ 28:19; മര്‍ക്കോ 16:15). തന്‍റെ പുരോഹിത പ്രാര്‍ത്ഥനയില്‍ സഭയെക്കുറിച്ച് ക്രിസ്തു കണ്ട ഏറ്റവും സുന്ദരമായ സ്വപ്നം സഭയുടെ ഐക്യമാണ് (യോഹ 17: 20). സഭ ക്രിസ്തുവിന്‍റെ ശരീരമാണ് എന്ന പൗലോസ് ശ്ലീഹായുടെ പ്രബോധനം (റോമ 12:15; 1കോറി 12: 12 - 14) വൈവിധ്യങ്ങളുടെ നടുവില്‍ വിരിയുന്ന സഭയുടെ കൂട്ടായ്മയെ മനോഹരമായി ചിത്രീകരിക്കുന്നു. ശരീരത്തിലെ അവയവങ്ങള്‍ തമ്മില്‍ സ്ഥാനത്തിലും പ്രാധാന്യത്തിലും ധര്‍മ്മത്തിലും ആകാരത്തിലും വ്യത്യാസങ്ങളുണ്ടെങ്കിലും അവയെല്ലാം ശരീരത്തിന് അത്യന്താപേക്ഷിതങ്ങളാണെന്നും ഒരു അവയവത്തിനും ശരീരത്തിന്‍റെ കൂട്ടായ്മയിലല്ലാതെ അസ്ഥിത്വമില്ലെന്നും അപ്പസ്തോലന്‍ ഓര്‍മ്മിപ്പിക്കുന്നു.

ശിരസ്സായ ക്രിസ്തുവിനോട് ഐക്യപ്പെടാത്തിടത്തോളം കാലം അവയവങ്ങള്‍ മൃതമാണ് എന്ന് അപ്പസ്തോലന്‍ ഓര്‍മ്മിപ്പിക്കുന്നു (എഫേ 4: 15). സഭയെ ദൈവത്തിന്‍റെ ഭവനമായി ചിത്രീകരിക്കുമ്പോഴും (1 തിമോ 3: 15) സഭയുടെ ഐക്യത്തെയാണ് അപ്പസ്തോലന്‍ അടിവരയിട്ടുസ്ഥാപിക്കുന്നത്. ഈ ഐക്യത്തിന്‍റെ അടിസ്ഥാനശിലകളെ എഫേ 4: 3-6 ല്‍ അപ്പസ്തോലന്‍ സമര്‍ത്ഥിക്കുന്നുണ്ട്: "സമാധാനത്തിന്‍റെ ബന്ധത്തില്‍ ആത്മാവിന്‍റെ ഐക്യം നിലനിറുത്താന്‍ ജാഗരൂകരായിരിക്കുവിന്‍. ഒരേ പ്രത്യാശയില്‍ നിങ്ങള്‍ വിളിക്കപ്പെട്ടതുപോലെ ഒരു ശരീരവും ഒരു ആത്മാവുമാണുള്ളത്. ഒരു കര്‍ത്താവും ഒരു വിശ്വാസവും ഒരു ജ്ഞാനസ്നാനവുമേയുള്ളൂ. സകലതിലും ഉപരിയും സകലതിലൂടെയും സകലതിലും വര്‍ത്തിക്കുന്നവനും നമ്മുടെയെല്ലാം പിതാവുമായ ദൈവം ഒരുവന്‍ മാത്രം."

സഭയുടെ ഐക്യത്തെ ഹനിക്കുന്ന എല്ലാവിധ ഭിന്നതകളില്‍ നിന്നും (ശീശ്മകളില്‍നിന്നും പാഷണ്ഡതകളില്‍ നിന്നും) വിട്ടുനില്‍ക്കാനും പൗലോസ് ആഹ്വാനം ചെയ്യുന്നുണ്ട് (1 കോറി 1:10; തീത്തോ 3:10; ഗലാ 1:8).

സഭയുടെ ഏകത്വത്തിന്‍റെ ഏറ്റവും ആധാരപരമായ ശില പത്രോസിന്‍റെ പ്രഥമതയും പ്രാധാന്യവുമാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നതുപോലെ, സകലവിശ്വാസികളും വിശ്വാസത്തിന്‍റെ ഐക്യത്തിലും കൂട്ടായ്മയിലും നിലനില്‍ക്കുവാനായി (in fidei et communionis unitate) അപ്പസ്തോല ഗണത്തിന്‍റെ തലവനായി പത്രോസിനെ നിയമിക്കുകയും അതുവഴി സഭയുടെ കൂട്ടായ്മയുടെ അടിസ്ഥാന തത്വവും ദൃശ്യ അടയാളവുമായി പത്രോസിനെ മാറ്റുകയും ചെയ്തു." (D 1821). സഭയുടെ ഏകത്വത്തെക്കുറിച്ചുള്ള ഏറ്റവും പ്രാമാണികമായ ചാക്രികലേഖനമായി കരുതപ്പെടുന്ന "സാതിസ് കൊഗ്ഞീത്തും" (satis Cognitum) ലെയോ 13-ാ മന്‍ മാര്‍പാപ്പ നടത്തുന്ന പ്രസ്താവനയും ശ്രദ്ധാര്‍ഹമാണ്. "സഭ വിശ്വാസത്തിലും ഭരണത്തിലും കൂട്ടായ്മയിലും ഒന്നായിരിക്കണം എന്ന് ദിവ്യരക്ഷകന് നിര്‍ബന്ധമുള്ളതിനാല്‍ അവിടുന്ന് പത്രോസിനെയും അവന്‍റെ പിന്‍ഗാമികളെയും കൂട്ടായ്മയുടെ കേന്ദ്രമായി നിയോഗിച്ചു" (D 1960). പത്രോസിന്‍റെ റോമിലെ സിംഹാസനത്തിന്‍റെ പ്രാധാന്യവും പ്രാമുഖ്യവും ചോദ്യം ചെയ്യുന്നതിലൂടെയാണ് സഭയിലെ ആരംഭകാല ശീശ്മകള്‍ രൂപംകൊണ്ടത് എന്ന് നമുക്ക് അറിവുള്ളതാണല്ലോ. AD 589 ല്‍ അന്ത്യോക്യന്‍ സഭയിലെ ശീശ്മകളും പിളര്‍പ്പും 1054 ല്‍ ഗ്രീക്കുസഭയില്‍ നടന്ന വലിയ പിളര്‍പ്പുമൊക്കെ പത്രോസിന്‍റെ റോമിലെ സിംഹാസനത്തെ അംഗീകരിക്കാത്തതിന്‍റെ അനന്തരഫലമായിരുന്നു എന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അതിനാല്‍ സഭയുടെ ഏകത്വത്തില്‍ മാര്‍പാപ്പയുടെ സ്ഥാനം വലുതാണ് എന്ന വസ്തുത ഓര്‍മ്മിക്കപ്പെടേണ്ടതാണ്.

സഭയുടെ ഐക്യത്തിന് സഭാപിതാക്കന്മാര്‍ ഏറെ ഊന്നല്‍ നല്‍കിയിരുന്നു. ഇതര പ്രത്യയശാസ്ത്രങ്ങളില്‍ നിന്നും മതവിശ്വാസസംഹിതകളില്‍ നിന്നും ക്രിസ്തീയ വിശ്വാസം വ്യതിരിക്തമാകുന്നത് അതിന്‍റെ വിശ്വാസപരമായ ഐക്യത്തിലാണെന്ന് സഭാപിതാവായ വി. ഇരണേവൂസ് വ്യക്തമാക്കുന്നു. "ലോകമാസകലമുള്ള മനുഷ്യന്‍ ഒരേ സൂര്യന്‍റെ പ്രകാശം അനുഭവിക്കുന്നതുപോലെ സകല ജനപദങ്ങളിലുമുള്ള മനുഷ്യന്‍ ഒരേ രക്ഷാസന്ദേശം ഗ്രഹിക്കുകയും ഏകസത്യത്തെ ആശ്ലേഷിക്കുകയും ചെയ്യുന്നു" (Adv. Haer. I. 10.2) എന്ന ഇരണേവൂസിന്‍റെ പ്രസ്താവന സഭയുടെ ഏകത്വത്തെ ആവര്‍ത്തിച്ചുറപ്പിക്കുന്നതാണ്. മാമ്മോദീസാവേളയില്‍ ഏറ്റുപറയുന്നതിനായി രചിക്കപ്പെട്ടിരുന്ന ആരംഭകാല വിശ്വാസപ്രഖ്യാപനങ്ങളില്‍ സഭയുടെ ഏകത്വം വിശ്വാസസത്യമായി ഏറ്റുപറഞ്ഞിരുന്നു. ഒരിജന്‍ (De Prin. I. 4), ഇരണേവൂസ് (Adv. Hear. III. 4.2) തെര്‍ത്തുല്യന്‍ (De Praese. 13) തുടങ്ങിയവരുടെ വിശ്വാസസംഹിതകള്‍ ഇതിന് ഉത്തമ ദൃഷ്ടാന്തങ്ങളാണ്. സഭയില്‍നിന്നു ഭിന്നിച്ചു പോകുന്നവര്‍ക്ക് രക്ഷ അസാധ്യമാകുംവിധം സഭയുടെ ഏകത്വം അവികലമാണെന്ന് വി. സിപ്രിയാനും പഠിപ്പിക്കുന്നുണ്ട് (De unit. 4). മധ്യകാലദൈവശാസ്ത്രജ്ഞനായ വി. തോമസ് അക്വീനാസിന്‍റെ അഭിപ്രായത്തില്‍ സഭയുടെ ഏകത്വത്തിന് മൂന്ന് മാനദണ്ഡങ്ങളാണുള്ളത്.

(a) എല്ലാവിശ്വാസികള്‍ക്കും പൊതുവായുള്ള ഏകവിശ്വാസം

(b) നിത്യരക്ഷയെക്കുറിച്ച് എല്ലാവിശ്വാസികള്‍ക്കുമുള്ള ഏക പ്രത്യാശ

(c) ദൈവസ്നേഹവും അതില്‍നിന്നുത്ഭവിക്കുന്ന പരസ്‌പര പരസ്പരസഹായവും. വിശ്വാസം, പ്രത്യാശ, സ്നേഹം എന്നീ ദൈവിക പുണ്യങ്ങളോടു ബന്ധപ്പെടുത്തിയാണ് വി. അക്വീനാസ് സഭയുടെ ഏകത്വത്തെ വിശേഷിപ്പിക്കുന്നത് (Exp. Symb. a. 9). സഭയുടെ ഏകത്വത്തിലുള്ള വിശ്വാസം നിത്യരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്നും അക്വീനാസ് സമര്‍ത്ഥിക്കുന്നുണ്ട്.

സഭയുടെ ഏകത്വം എന്നത് സഭകളുടെ കൂട്ടായ്മ എന്ന അര്‍ത്ഥത്തിലാണ് മനസ്സിലാക്കേണ്ടത്. പാശ്ചാത്യവും പൗരസ്ത്യവുമായ 23 സഭകളുടെ കൂട്ടായ്മയാണ് കത്തോലിക്കാസഭ. വൈവിധ്യപൂര്‍ണ്ണമായ ആരാധനാക്രമവും ആധ്യാത്മികതയും അധികാരഘടനയുമുള്ള ഓരോ സഭകളുടെയും തനിമകളെ ഇതരസഭകള്‍ ആദരവോടെ മനസ്സിലാക്കുന്നു. സഭാചരിത്രത്തില്‍ ശക്തമായ ചില റീത്തുകള്‍ ദുര്‍ബ്ബലരായ റീത്തുകളെ വിഴുങ്ങാന്‍ ശ്രമിക്കുകയോ അവയുടെ ആരാധനാക്രമങ്ങളെ തമസ്കരിച്ച് തങ്ങളുടെ ആരാധനാക്രമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടുണ്ടാവാം (ഉദാ: ഉദയം പേരൂര്‍ സൂനഹദോസ്). എന്നാല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഓരോ വ്യക്തി സഭയോടും സ്വന്തം തനിമ വീണ്ടെടുക്കാനും അന്യൂനമായി പരിരക്ഷിക്കാനും ആവശ്യപ്പെടുകയാണ് ചെയ്തത്. എല്ലാ വ്യക്തിസഭകളെയും ഐക്യരൂപ്യത്തിലെത്തിക്കുന്നതിലൂടെയല്ല മറിച്ച് വിവിധ സഭകളുടെ തനിമകളെ ആദരവോടെ അംഗീകരിക്കുന്നതിലൂടെ ഉളവാക്കുന്ന കൂട്ടായ്മയിലൂടെയാണ് സഭയുടെ ഏകത്വം ദൃശ്യമാകുന്നത്.

ഏകത്വത്തിന്‍റെ പ്രായോഗികമാനം

സഭ ഏകമാണ് എന്ന വിശ്വാസസത്യം പ്രവര്‍ത്തനനിരതമാകണമെങ്കില്‍ താഴെപ്പറയുന്ന മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധപതിയേണ്ടതുണ്ട്. വിസ്താരഭയം മൂലം അവയെ സാംഖികമായി അവതരിപ്പിക്കാനേ സാധിക്കുന്നുള്ളൂ.

- ഒന്നാമതായി, ഓരോ വിശ്വാസിയും സഭ നല്‍കുന്ന പ്രബോധനത്തെ അംഗീകരിച്ച് വിശ്വസ്തതയോടെ ജീവിക്കണം.

- രണ്ടാമതായി, സഭയിലെ വൈവിധ്യങ്ങളെ പരസ്പരബഹുമാനത്തോടെ മനസ്സിലാക്കണം. തെറ്റിദ്ധാരണകള്‍ മൂലം വിവിധ റീത്തുകള്‍ പരസ്പരം ഏല്പിച്ചിട്ടുള്ള മുറിവുകള്‍ ഉണക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തണം.

- മൂന്നാമതായി, വിവിധ കാരണങ്ങളാല്‍ സഭാകൂട്ടായ്മയില്‍ നിന്നു ഭിന്നിച്ചുപോയിട്ടുള്ള സഭകളെയും വ്യക്തികളേയും ക്രിസ്തു സ്ഥാപിച്ച ഏക സഭയിലേക്കു തിരികെ കൊണ്ടുവരാനുള്ള പരിശ്രമങ്ങള്‍ ഔദ്ധത്യം വെടിഞ്ഞ് എളിമയോടെ ആരംഭിക്കണം.

- നാലാമതായി, സഭൈക്യം എന്നത് ആണ്ടുവട്ടത്തിലെ ഒരു ആഴ്ചമാത്രം നീളുന്ന ചിന്തയാകാതെ, സഭയില്‍ സദാ സജീവമാകേണ്ട ചിന്തയായി സകലവിശ്വാസികളിലും വളര്‍ത്തിയെടുക്കണം.

- അഞ്ചാമതായി, വിഘടിത വിഭാഗങ്ങള്‍ രൂപം കൊള്ളുമ്പോള്‍തന്നെ അവയുടെ കാരണം കണ്ടെത്തി പരിഹരിക്കാനും നിക്ഷിപ്ത താല്പര്യങ്ങള്‍ മൂലം സഭയില്‍ ഭിന്നതയുളവാക്കുന്നവര്‍ക്കെതിരേ അനുയോജ്യമായ നടപടികള്‍ അനുയോജ്യമായ സമയത്ത് എടുക്കാനും കഴിയണം.

- ആറാമതായി, സഭാംഗങ്ങള്‍ തമ്മിലുള്ള എല്ലാവിധ ഭിന്നതയും മാത്സര്യബുദ്ധിയും കിടമത്സരങ്ങളും സഭയുടെ ഐക്യത്തിനു ഹാനികരമാണെന്നു തിരിച്ചറിഞ്ഞ് മത്സരബുദ്ധിക്കു പകരം കൂട്ടായ്മയുടെ അരൂപി സഭയില്‍ വളര്‍ത്തുവാനുള്ള ശ്രമമുണ്ടാകണം.

- ഏഴാമതായി, സഭയുടെ ഏക അധികാരിയായ ക്രിസ്തുവിന്‍റെ വികാരിയായ മാര്‍പാപ്പായുടെ പ്രബോധനത്തോടു ചേര്‍ന്നു നില്‍ക്കുന്നതായിരിക്കണം സഭയിലെ എല്ലാ പ്രബോധനങ്ങളും. സഭയുടെ പ്രബോധനങ്ങളില്‍ വിശ്വാസികള്‍ക്ക് യഥാസമയം പരിശീലനം നല്‍കാന്‍ സഭയ്ക്കു കഴിയണം.

സഭ പരിശുദ്ധമാണ്

പരിശുദ്ധി എന്നതിലൂടെ പരമപരിശുദ്ധനായ ദൈവത്തോട് സൃഷ്ടിക്കു തോന്നുന്ന ആഭിമുഖ്യം എന്നാണ് പ്രഥമത വിവക്ഷിക്കുന്നത്. പരിശുദ്ധിയെ വ്യക്തിപരമായും (subjective) വസ്തുതാപരമായും (objective) മനസ്സിലാക്കാനാകും. വ്യക്തിപരമായ പരിശുദ്ധി എന്നതിലൂടെ പാപത്തെ വിട്ടുപേക്ഷിച്ച് വരപ്രസാദത്തിലൂടെ ദൈവത്തോട് ഐക്യപ്പെടാനുള്ള അഭിവാഞ്ഛയാണ്. എന്നാല്‍, വ്യക്തികളിലും പ്രസ്ഥാനങ്ങളിലുമുള്ള വസ്തുതാപരമായ പരിശുദ്ധി എന്നതിലൂടെ ദൈവീക ശുശ്രൂഷയ്ക്കുവേണ്ടിയുള്ള ശാശ്വതമായ സമര്‍പ്പണം, അതിലൂടെയുള്ള മനുഷ്യകുലത്തിന്‍റെ വിശുദ്ധീകരണം എന്നിവയാണ് അര്‍ത്ഥമാക്കുന്നത്.

സഭ അതിന്‍റെ ഉത്ഭവത്തിലും ലക്ഷ്യത്തിലും പ്രവര്‍ത്തന മാര്‍ഗ്ഗത്തിലും പുറപ്പെടുവിക്കുന്ന ഫലത്തിലും പരിശുദ്ധമാണ്. "മിസ്റ്റിചി കോര്‍പോരിസ്" (mystici corporis) എന്ന ചാക്രിക ലേഖനത്തില്‍ പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ ചൂണ്ടിക്കാട്ടുന്നതുപോലെ "സഭ തന്‍റെ പരിശുദ്ധ കൂദാശകളിലൂടെ വിശ്വാസികള്‍ക്കു ജന്മം നല്‍കിയും, തനിക്കു ലഭിച്ച സത്യവിശ്വാസം അന്യൂനവും അവികലവുമായി കാത്തുസൂക്ഷിച്ചും, തന്‍റെ പരിശുദ്ധ നിയമങ്ങളിലൂടെ വിശ്വാസികളെ സുവിശേഷാദര്‍ശങ്ങള്‍ അഭ്യസിപ്പിച്ചും തന്‍റെ സ്വര്‍ഗ്ഗീയ വരങ്ങളാലും അത്ഭുതകരമായ ഉല്പാദനശക്തിയാലും അസംഖ്യം രക്തസാക്ഷികള്‍ക്കും കന്യകമാര്‍ക്കും വേദപാരംഗതന്മാര്‍ക്കും ജന്മം നല്‍കിയും സഭ തന്‍റെ നിര്‍മ്മലതയ്ക്കും പരിശുദ്ധിക്കും സാക്ഷ്യം വഹിക്കുന്നു". സഭ ക്രിസ്തുവിനാല്‍ സ്ഥാപിക്കപ്പെട്ടതും ക്രിസ്തു എന്ന രക്ഷാകരരഹസ്യത്തിന്‍റെ തുടര്‍ച്ചയുമാകയാല്‍ പരിശുദ്ധയാണ്. സഭയെ നിരന്തരം പരിപാലിക്കുന്നത് പരിശുദ്ധാത്മാവാണ് എന്നതും സഭയുടെ പരിശുദ്ധിയുടെ ലക്ഷണമാണ്. ദൈവമഹത്വം, മനുഷ്യരുടെ വിശുദ്ധീകരണം എന്നീ പരിശുദ്ധ ലക്ഷ്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നു എന്നതും സഭയുടെ വിശുദ്ധിക്കുകാരണമാണ്. എല്ലാ യുഗങ്ങളിലുമുള്ള വിശ്വാസികളുടെയിടയില്‍നിന്നും ധീരോചിതമായ വിശുദ്ധജീവിതം നയിക്കുന്ന വിശുദ്ധരും രക്തസാക്ഷികളും രൂപം കൊള്ളുന്നു എന്നതും സഭയുടെ അനസ്യൂതമായ വിശുദ്ധിയുടെ തെളിവാണ്.

സഭയുടെ വിശുദ്ധി വി. ഗ്രന്ഥാധിഷ്ഠിതമാണ്. മുഴുവന്‍ ലോകത്തെയും തന്‍റെ വിശുദ്ധിയാല്‍ നവീകരിക്കുന്ന പുളിമാവായാണ് ക്രിസ്തു സഭയെ വിവക്ഷിക്കുന്നത് (മത്താ 13:33). ഭൂമിയുടെ ഉപ്പ് (മത്താ 5:13), ലോകത്തിന്‍റെ പ്രകാശം (മത്താ 5:14) തുടങ്ങിയ സംജ്ഞകളും സഭയുടെ പരിശുദ്ധിയെയാണ് ദ്യോതിപ്പിക്കുന്നത്. വിശ്വാസികളെ "വിശുദ്ധര്‍"എന്നാണ് പൗലോസ് അപ്പസ്തോലന്‍ വിശേഷിപ്പിക്കുന്നത് (1 കോറി 1:2). കറയോ ചുളിവോ ഇല്ലാത്ത നിര്‍മ്മല വധുവായി സഭയെ മാറ്റുവാനാണ് ക്രിസ്തു കുരിശില്‍ മരിച്ചത് എന്ന് പൗലോസ് സമര്‍ത്ഥിക്കുന്നുണ്ട് (എഫേ 5:25-27; തീത്തോ 2:14). ക്രിസ്തുവിന്‍റെ ശരീരവും പരിശുദ്ധാത്മ ആലയവുമാകയാല്‍ സഭയുടെ പരിശുദ്ധി അവിതര്‍ക്കിതമാണ് (1 കോറി 12:12).

സഭയുടെ പരിശുദ്ധി എന്നതിലൂടെ സഭാംഗങ്ങളുടെ വ്യക്തിപരമായ പരിശുദ്ധി എന്നതിനുപരി സഭയ്ക്കു ക്രിസ്തുവുമായുള്ള അഭേദ്യമായ ബന്ധമാണ് വിവക്ഷിക്കുന്നത് എന്നു വ്യക്തമാണ്. സഭ ക്രിസ്തുവിന്‍റെ തുടര്‍ച്ചയും ശരീരവുമാകയാല്‍ പരിശുദ്ധയാണ്; സഭ ക്രിസ്തുവിന്‍റെ പ്രബോധനം തുടരുന്നതിനാല്‍ സഭയുടെ പ്രബോധനം പരിശുദ്ധമാണ് എന്നീ അര്‍ത്ഥത്തില്‍ സഭാപിതാക്കന്മാര്‍ സഭയുടെ പരിശുദ്ധിയെ വ്യാഖ്യാനിക്കുന്നതില്‍ നിന്നും ഈ വസ്തുത വ്യക്തമാകുന്നു (st. Justin, Apol. I-14-17; Origin, Contra. Cels. III. 29). എന്നാല്‍, വി. തോമസ് അക്വീനാസ് സഭയുടെ വിശുദ്ധി എന്നതിലൂടെ സഭാംഗങ്ങളുടെ വിശുദ്ധിയാണ് പ്രഥമത പ്രാധാന്യമര്‍ഹിക്കുന്നത് എന്നു വാദിക്കുന്നുണ്ട്. "ക്രിസ്തുവിന്‍റെ തിരുരക്തത്താല്‍ കഴുകി ശുദ്ധീകരിക്കപ്പെട്ടവരും പരിശുദ്ധാത്മവരദാനങ്ങളാല്‍ അഭിഷേകം ചെയ്യപ്പെട്ടവരും പരിശുദ്ധ ത്രിത്വത്തിന്‍റെ വാസഗേഹങ്ങളായി തീര്‍ന്നവരും നിരന്തരം വിശുദ്ധീകരിക്കപ്പെടുന്നവരുമായ വിശ്വാസികളുടെ സമൂഹമായതിനാല്‍ സഭ പരിശുദ്ധയാണ് എന്നതാണ് അക്വീനാസിന്‍റെ നിലപാട് (Expo. Symb. a. 9). എന്നാല്‍ ഇവിടെയും അംഗങ്ങളുടെ വ്യക്തിപരമായ വിശുദ്ധീകരണ യത്നങ്ങള്‍ക്കല്ല അവരുടെ വിശുദ്ധീകരണത്തിനായി ദൈവം നടത്തുന്ന ഇടപെടലുകള്‍ക്കാണ് വി. അക്വീനാസും പ്രാധാന്യം നല്‍കുന്നത് എന്നു നമുക്കു മനസ്സിലാക്കാനാവും.

അംഗങ്ങളുടെ വ്യക്തിപരമായ വിശുദ്ധിക്ക് സഭ എക്കാലവും പ്രാധാന്യം നല്‍കുന്നുണ്ട് എന്നു മാത്രമല്ല സഭയുടെ ലക്ഷ്യംതന്നെ മനുഷ്യകുലത്തിന്‍റെ വിശുദ്ധീകരണമാണ്. എന്നാല്‍ വ്യക്തിപരമായ വിശുദ്ധിയില്‍ കുറവോ ഭംഗമോ വന്നവര്‍ പരിശുദ്ധസഭയുടെ അംഗങ്ങളല്ലാതായി തീരുന്നതായി സഭ ഒരിക്കലും പഠിപ്പിച്ചിട്ടില്ല. നോവാസിയനിസം, മൊണ്ടാനിസം തുടങ്ങിയ പാഷണ്ഡതകള്‍ മാരകപാപം ചെയ്യുന്നവര്‍ക്ക് സഭയുടെ അംഗത്വം നഷ്ടമാകുന്നതായി പഠിപ്പിച്ചപ്പോള്‍ സഭ പ്രസ്തുത പഠനങ്ങളെ തള്ളിക്കളയുകയാണുണ്ടായത്. മാരകപാപികള്‍ക്ക് സഭാംഗത്വം നഷ്ടമാകുന്നു എന്നവാദം സഭ രക്ഷയുടെ ദൃശ്യമായ അടയാളമാണ് എന്ന സത്യത്തിന്‍റെ ലംഘനമാണെന്ന് വി. ആഗസ്തീനോസ് പഠിപ്പിക്കുന്നു (loan tr. 6. 12).

മാരകപാപിയില്‍ ക്രിസ്തീയവിശ്വാസം നിലനില്‍ക്കുന്നിടത്തോളം കാലം പ്രസ്തുത വ്യക്തി സഭാംഗം തന്നെയാണ് എന്ന് ആഗസ്തീനോസ് വാദിക്കുന്നു (Enarr in Ps 128.8). പ്രൊട്ടസ്റ്റന്‍റു വിപ്ലവകാലത്ത് മാര്‍ട്ടിന്‍ ലൂഥറും പാപത്തിലൂടെ സഭാംഗത്വം നഷ്ടപ്പെടുന്നതായി വാദിച്ചപ്പോഴും സഭ അതിനെ തള്ളിക്കളഞ്ഞു. ക്ലെമെന്‍റ് പതിനൊന്നാമൻ മാര്‍പാപ്പായും പോള്‍ ആറാമന്‍ മാര്‍പാപ്പായും ഇതേക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട് (D 1422-1428). പോള്‍ ആറാന്‍ പാപ്പായുടെ നിരീക്ഷണം ശ്രദ്ധേയമാണ്. "പാഷണ്ഡത, ശീശ്മ എന്നിവ ഒരുവനെ സഭാഗാത്രത്തില്‍ നിന്നു വേര്‍പെടുത്തുന്നു. എന്നാല്‍, പാപം അത് എത്രമേല്‍ മാരകമാകട്ടെ, ഒരു വ്യക്തിയെ സഭാഗാത്രത്തില്‍ നിന്ന് വേര്‍പിരിക്കുന്നില്ല" (Mysti. Corp. 12). പാപികളെ സഭയില്‍നിന്നും പുറന്തള്ളുകയല്ല പാപികളെ രക്ഷിക്കാന്‍ സഭയ്ക്കു ലഭിച്ചിരിക്കുന്ന വരപ്രസാദത്താല്‍ അവരെ വിശുദ്ധീകരിക്കുകയാണ് വേണ്ടത് എന്നതാണ് സഭയുടെ നിലപാട്.

കളകളുടെ ഉപമയിലും (മത്താ 13:24-30) വലയുടെ ഉപമയിലും (മത്താ 13:47-50) ദുഷ്ടനും ശിഷ്ടനും തോളോടുതോള്‍ ചേര്‍ന്നു വളരുന്ന ദൈവരാജ്യവ്യവസ്ഥിതിയെക്കുറിച്ചാണ് ക്രിസ്തു പഠിപ്പിക്കുന്നത്. മരണംവരെ മാനസാന്തരത്തിന്‍റെ വാതില്‍ സഭയില്‍ തുറന്നു കിടക്കുകയാണെന്നു സാരം. സഭാംഗങ്ങളെ വീണ്ടെടുക്കാന്‍ സാഹോദര്യത്തെപ്രതി ഓരോ വിശ്വാസിയും പരിശ്രമിക്കേണ്ടതിനെക്കുറിച്ച് ഈശോ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നുണ്ട് (മത്താ 18:15-17). ആദിമസഭയും മാരക പാപങ്ങള്‍ക്ക് മഹറോന്‍ ശിക്ഷ നല്‍കിയിരുന്നില്ല (1 കോറി 11:18; 2 കോറി 12:20).

പരിശുദ്ധിയുടെ പ്രായോഗികമാനം

സഭ പരിശുദ്ധമാണ് എന്ന യാഥാര്‍ത്ഥ്യം വിശ്വാസികളുടെ അനുദിന ജീവിതത്തില്‍ പ്രതിഫലിക്കേണ്ട വസ്തുതയാണ്. ഇതിനു സഹായകമായ ചില മേഖലകളെ സംഖ്യാപരമായി മാത്രം താഴെ ചൂണ്ടിക്കാണിക്കുന്നു.

(1) ഓരോ വിശ്വാസിയും തന്‍റെ മഹനീയമായ വിളിക്കുചേര്‍ന്ന വിശുദ്ധിയുടെ ജീവിതം നയിക്കാന്‍ സദാ ജാഗ്രത പാലിക്കണം. സഭാംഗങ്ങളുടെ പാപപങ്കിലമായ ജീവിതം സഭയുടെ പരിശുദ്ധിക്ക് കളങ്കവും വിപരീത സാക്ഷ്യവുമാണ്.

(2) സഭ പരിശുദ്ധമാകയാല്‍ സഭയുടെ സ്ഥാപനങ്ങള്‍ അവയുടെ നടത്തിപ്പില്‍ പരിശുദ്ധി പാലിക്കണം. അഴിമതി, സ്വജന പക്ഷപാതം, നിയമനം, പ്രവേശനം തുടങ്ങിയവയോടനുബന്ധിച്ച് നിര്‍ബന്ധ പിരിവുകള്‍, കോഴകള്‍ തുടങ്ങിയവ സഭാസ്ഥാപനങ്ങളില്‍ സംഭവിക്കരുത്. സഭാ സ്ഥാപനങ്ങള്‍ സാധുക്കളുടെ അത്താണിയായി മാറുമ്പോഴാണ് സഭയുടെ പരിശുദ്ധി പ്രശോഭിതമാകുന്നത്.

(3) സഭയുടെ പരിശുദ്ധി ആന്തരികമാണ്. ആന്തരികത ചോര്‍ന്നുപോകുമ്പോഴാണ് ബാഹ്യമായവയില്‍ അമിത ശ്രദ്ധ കൈവരുന്നത്. സഭയുടെ ശ്രദ്ധ ബാഹ്യമായ ജംഗമങ്ങളിലും ആഘോഷങ്ങളിലും അലങ്കാരങ്ങളിലും ആവരണങ്ങളിലും മാത്രം ഒതുങ്ങിപ്പോവുന്നത് സഭയുടെ പരിശുദ്ധിക്ക് ഭംഗം വരുത്തുന്നു.

(4) സഭ തന്‍റെ വിശുദ്ധീകരണ ദൗത്യം നിറവേറ്റുന്നത് പ്രഥമത കൂദാശകളുടെ പരികര്‍മ്മത്തിലൂടെയാണ്. സഭാംഗങ്ങളുടെ കൗദാശിക ജീവിതത്തിനും അതുവഴിയുള്ള ജീവിത നവീകരണത്തിനും സഭയില്‍ പ്രാധാന്യം ലഭിക്കേണ്ടതുണ്ട്.

(5) സീസറിന്‍റെ ഭാര്യ പരിശുദ്ധയായാല്‍ പോരാ അത് സകലരും അംഗീകരിക്കുകയും വേണം എന്ന തത്വം സഭാനേതൃത്വത്തിനും ബാധകമാണ്. സഭയിലെ വൈദികരുടെയും ഇതര അധികാരികളുടെയും വ്യക്തിജീവിതവും സമൂഹജീവിതവും സുതാര്യവും മാതൃകാപരവുമാകുമ്പോഴാണ് സഭയുടെ പരിശുദ്ധി ആയിരം സൂര്യതേജസ്സോടെ പ്രശോഭിക്കുന്നത്.

സഭ സാര്‍വ്വത്രികമാണ്

കത്തോലിക്കാസഭ എന്ന വാക്കിന്‍റെ അര്‍ത്ഥം തന്നെ സാര്‍വ്വത്രികസഭ എന്നാണ്. ഗ്രീക്കിലെ കാത്ത് (Kath), ഹോളോന്‍ (holon) എന്നീ പദങ്ങളുടെ സംയുക്തരൂപമാണ് "കത്തോലിക്കാ" എന്ന പദം. "ഹോളോന്‍" എന്ന ഗ്രീക്കുപദത്തിന് "എല്ലായിടത്തും" എന്ന അര്‍ത്ഥമാണുള്ളത്. "കാത്തു" എന്നത് "ആയിത്തീരുക" എന്ന അര്‍ത്ഥമുള്ള ക്രിയയുടെ സംക്ഷിപ്ത രൂപമാണ്. എല്ലായിടത്തും ആയിത്തീരേണ്ട സഭ എന്ന അര്‍ത്ഥത്തിലാണ് കത്തോലിക്കാ സഭാ എന്ന പദം ഉപയോഗിക്കുന്നത് എന്ന് മനസ്സിലാക്കാനാണ് പദോല്‍പ്പത്തിയെ വിശകലനം ചെയ്തത്.

ലോകം മുഴുവനും വ്യാപിച്ചിട്ടുള്ള സഭ എന്ന യഥാര്‍ത്ഥ അര്‍ത്ഥത്തിലും (actual meaning) ലോകത്തിലെ സകല മനുഷ്യരുടെയും രക്ഷാമാര്‍ഗ്ഗം എന്ന ഗുണപരമായ അര്‍ത്ഥത്തിലും (Virtual meaning) സാര്‍വ്വത്രികം അഥവാ കാതോലികം എന്ന പദത്തെ മനസ്സിലാക്കാവുന്നതാണ്.

ലോകത്തിന്‍റെ അതിരുകളോളവും അവസാനത്തോളവും രക്ഷാസന്ദേശമെത്തിക്കാന്‍ സ്ഥാപിക്കപ്പെട്ട സഭ തീര്‍ച്ചയായും സാര്‍വ്വത്രികമാകേണ്ടതുണ്ട്. ആരും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കാനാഗ്രഹിക്കുന്ന ദൈവിക പദ്ധതി (യോഹ 3:16) നിറവേറ്റപ്പെടുന്നത് സഭയിലൂടെയാണ്. അതിനാല്‍ സകലരും രക്ഷയുടെ മാര്‍ഗ്ഗത്തിലെത്തുന്നതുവരെ അലസത വെടിഞ്ഞ് കര്‍മ്മോത്സുകയാകാന്‍ സഭയെ നിരന്തരം പ്രേരിപ്പിക്കുന്ന ഗുണമാണ് സാര്‍വ്വത്രികത എന്നത്. പഴയനിയമത്തിലെ തെരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേലിന്‍റെ രക്ഷാ സങ്കല്‍പ്പം ഇസ്രായേല്‍ക്കാരുടെ രക്ഷയില്‍ മാത്രം ഒതുങ്ങുന്നതായിരുന്നെങ്കിലും വരാനിരിക്കുന്ന മിശിഹായുടെ രാജ്യത്തിലെ രക്ഷയില്‍ സകല ജനപദങ്ങള്‍ക്കും പങ്കാളിത്തമുണ്ടാകുമെന്ന് പഴയനിയമ ജനത വിശ്വസിച്ചിരുന്നു (ഉല്‍പ 18:18; 26:4; 28:14; സങ്കീ 2:8; 21:28; ഏശ 2:2; 11 :40; 45:22; എസെ 17:22-24; ദാനി 2:35; മലാ 1:11). സകലജനപദങ്ങളോടും സുവിശേഷം പ്രസംഗിച്ചു കഴിയുമ്പോഴാണ് ലോകാവസാനം സംഭവിക്കുന്നത് എന്ന് ക്രിസ്തു പഠിപ്പിച്ചിട്ടുണ്ട് (മത്തായി 24:14; ലൂക്കാ 24:47). സകലജനപദങ്ങളോടും (മത്താ 28:19; മര്‍ക്കോ 16:15), ലോകത്തിന്‍റെ അതിരുകള്‍ വരെയും (അപ്പ 1:8) സുവിശേഷം പ്രസംഗിക്കാനുള്ള ദിവ്യരക്ഷകന്‍റെ ദൗത്യം തന്നെ സഭ ഉത്ഭവത്തിലേ സാര്‍വ്വത്രികത ലക്ഷ്യമാക്കിയുന്നു എന്നതിനു തെളിവാണ്.

സാര്‍വ്വത്രികതയ്ക്കുള്ള സഭയുടെ പ്രയാണം അപ്പസ്തോലിക കാലംമുതലേ ആരംഭിച്ചിരുന്നു. ജറുസലേം കേന്ദ്രീകരിച്ച് സമരിയായിലും യൂദയായിലും അന്ത്യോക്യാ കേന്ദ്രീകരിച്ച് വിജാതീയരുടെയിടയിലും സുവിശേഷം പ്രസംഗിക്കപ്പെട്ടു. പൗലോസ് അപ്പസ്തോലന്‍റെ പ്രവര്‍ത്തനങ്ങളിലൂടെ വിജാതീയരുടെയിടയില്‍ സഭ അത്ഭുതാവഹമായ വളര്‍ച്ചനേടി. "കത്തോലിക്കാസഭ" എന്ന പദം ആദ്യമായി ഉപയോഗിച്ചത് അന്ത്യോക്യായിലെ വി. ഇഗ്നേഷ്യസാണ് (Symr 8.2). "എവിടെ ക്രിസ്തുവുണ്ടോ അവിടെ കത്തോലിക്കാസഭയുണ്ട്" എന്നതാണ് ഇഗ്നേഷ്യസിന്‍റെ പ്രസ്താവന. സാര്‍വ്വത്രികം എന്നതോടൊപ്പം സത്യസഭ (orthodox church) എന്ന അര്‍ത്ഥത്തിലും ഇഗ്നേഷ്യസ് ഈ പദം ഉപയോഗിക്കുന്നുണ്ട് (Poly. 16.2).

ജറുസലേമിലെ വി. സിറിള്‍ "കാതോലികം" എന്ന പദത്തെ ലോകമാസകലമുള്ള സഭയുടെ വ്യാപ്തി എന്ന അര്‍ത്ഥത്തിലും സഭയുടെ പ്രബോധനങ്ങള്‍ ലോകത്തിനാകമാനം ബാധകമാണെന്ന അര്‍ത്ഥത്തിലും ഉപയോഗിക്കുന്നുണ്ട് (Cat. 18.23). ഭൂമി മുഴുവനും നിറഞ്ഞുനില്‍ക്കുന്ന സഭ എന്ന അര്‍ത്ഥത്തില്‍ കാതോലികം എന്ന പദത്തെ വ്യാഖ്യാനിക്കുന്ന വി. ആഗസ്തീനോസിന്‍റെ അഭിപ്രായത്തില്‍ (Sermo 46, 14) സഭയുടെ ഏറ്റവും അടിസ്ഥാന ഗുണവും ഇതുതന്നെയാണ്.

വി. അക്വീനാസ് സഭയുടെ കാതോലികതയെ മൂന്ന് അര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കുന്നുണ്ട്:

(a) സഭ ലോകമാസകലം വ്യാപിച്ചിരിക്കുന്നതിനാല്‍ കാതോലികമാണ്.

(b) സഭയില്‍ സകല ജനപദങ്ങള്‍ക്കും ഗോത്രങ്ങള്‍ക്കും അംഗത്വമുള്ളതിനാല്‍ സഭ കാതോലികമാണ്.

(c) മനുഷ്യകുലത്തിന്‍റെ ആരംഭം മുതല്‍ - ആദ്യമായി മരണമടഞ്ഞ ആബേലിന്‍റെ കാലംമുതല്‍ - ലോകാവസാനംവരെ സഭയുള്ളതിനാല്‍ സഭ കാതോലികമാണ്.                                                                   

സഭ അതിന്‍റെ വ്യാപ്തിയിലും (Space), കാലത്തിലും (Time) ഉള്ളടക്കത്തിലും (Content) കാതോലികമാണെന്ന് വി. അക്വീനാസ് സമര്‍ത്ഥിക്കുന്നു.

സഭയുടെ സാര്‍വ്വത്രികതയുമായി ബന്ധപ്പെട്ട ഏറ്റവും പ്രസക്തമായ പ്രായോഗിക പ്രശ്നം ഇതരമതങ്ങളുടെ രക്ഷയെക്കുറിച്ചുള്ളതാണ്. "സഭയ്ക്കു പുറമേ രക്ഷയില്ല" എന്ന വി. സിപ്രിയാന്‍റെ പ്രസ്താവനയുടെ നിഷ്കൃഷ്ടതയെ രണ്ടാംവത്തിക്കാന്‍ കൗണ്‍സല്‍ ഊന്നിപ്പറയുന്നില്ലെങ്കിലും രക്ഷാമാര്‍ഗ്ഗത്തില്‍ തിരുസ്സഭയുടെ അദ്വിതീയമായ സ്ഥാനത്തെ സൂനഹദോസ് ഊന്നിപ്പറയുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ഇതരമത വിഭാഗങ്ങളോടുള്ള സഭയുടെ സമീപനം എപ്രകാരമായിരിക്കണം എന്നത് പ്രസക്തമായ പ്രശ്നമാണ്. രക്ഷയും ജ്ഞാനസ്നാനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പരിശുദ്ധ കത്തോലിക്കാ സഭ പഠിപ്പിക്കുന്ന സത്യങ്ങളാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.

രക്ഷയുടെ അടയാളമായ കൂദാശയാണ് മാമ്മോദീസാ. ഈശോ മിശിഹായുടെ കുരിശുമരണത്തിലൂടെ സംജാതമായ വരപ്രസാദത്തില്‍ പങ്കു ചേരുന്ന കൂദാശയാണിത്. ഈ കൂദാശയിലൂടെ ജന്മപാപവും കര്‍മ്മ പാപങ്ങളുണ്ടെങ്കില്‍ അതും നീങ്ങി തിരുസ്സഭയില്‍ അംഗത്വവും ദൈവമക്കളുടെ സ്ഥാനവും നമുക്കു ലഭിക്കുന്നു. ഈ കൗദാശിക വരപ്രസാദം പൂര്‍ണ്ണമായും ദൈവത്തിന്‍റെ ദാനമാണ്. അതിന്‍റെ ഉറവിടമാകട്ടെ ഈശോയുടെ കുരിശിലെ ബലിയും.

കുരിശുമരണത്തിന്‍റെ വരപ്രസാദത്തില്‍ കൗദാശികമായി പങ്കുചേരാനുള്ള വിളി ലഭിച്ചവരാണ് സഭയിലെ അംഗങ്ങള്‍. സഭയില്‍ അംഗങ്ങളല്ലാത്തവരേയും രക്ഷിക്കാന്‍ ദൈവത്തിനു കഴിയും, കാരണം അവിടുത്തേക്ക് യാതൊന്നും അസാധ്യമല്ല. അക്രൈസ്തവരെ സംബന്ധിച്ചിടത്തോളം അവരുടെ രക്ഷയും ഈശോയുടെ കുരിശുമരണത്തിന്‍റെ യോഗ്യതയാലാണ് ലഭിക്കുന്നത്. കുരിശിലെ ബലിയുടെ വരപ്രസാദം കൂദാശകളിലൂടെ സൗജന്യദാനമായി നമുക്ക് നല്‍കുന്ന ദൈവത്തിന്, തനിക്കുമാത്രം അറിയാവുന്ന വഴികളിലൂടെ മറ്റു മനുഷ്യര്‍ക്കും വരപ്രസാദത്തെ സംലഭ്യമാക്കുവാന്‍ കഴിയും. ഇത് പൂര്‍ണ്ണമായും ദൈവത്തിന്‍റെ തീരുമാനവും ദൈവീകനടപടിയുടെ ഭാഗവുമാണ്. തന്മൂലം മാമ്മോദീസാ സ്വീകരിച്ചില്ല എന്ന ഒറ്റക്കാരണത്താല്‍ പ്രസ്തുത ആത്മാക്കളെല്ലാം നരകത്തിലെത്തി എന്നു വാദിക്കുന്നത് സഭാ പഠനങ്ങള്‍ക്കു വിരുദ്ധമാണ്. വത്തിക്കാന്‍ കൗണ്‍സിലിന്‍റെ അന്യമതങ്ങളെക്കുറിച്ചുള്ള പഠനങ്ങളെ ആധാരമാക്കി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ കൈയ്യൊപ്പോടെ 1991 മെയ്മാസം പത്തൊൻപതാം തീയതി സുവിശേഷവത്ക്കരണത്തിനായുള്ള തിരുസംഘം പ്രസിദ്ധീകരിച്ച "സംവാദവും പ്രഘോഷണവും" (Dialogue and Proclamation) എന്ന പ്രമാണ രേഖയുടെ ഇരുപത്തിഒൻപതാം ഖണ്ഡിക ചുവടെ ചേര്‍ക്കുന്നു:

"രക്ഷിക്കപ്പെടുന്ന എല്ലാ മനുഷ്യരും വ്യത്യസ്തമായ വിധത്തിലാണെങ്കിലും പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനം വഴി യേശുവിന്‍റെ രക്ഷാകര രഹസ്യത്തിലാണ് പങ്കുചേരുന്നത്. ക്രിസ്ത്യാനികള്‍ വിശ്വാസം വഴി ഈ സത്യം അറിയുമ്പോള്‍, മറ്റുള്ളവരാകട്ടെ തങ്ങളുടെ രക്ഷയുടെ ഉറവിടം ക്രിസ്തുവാണെന്ന് അറിയാതെ ജീവിക്കുന്നു. രക്ഷയുടെ രഹസ്യം അവരിലെത്തി ചേരുന്നത് ദൈവത്തിനു മാത്രം അറിയാവുന്ന വഴികളിലൂടെ, പരിശുദ്ധാത്മാവിന്‍റെ അദൃശ്യമായ പ്രവര്‍ത്തനത്തിലൂടെയാണ്...... തങ്ങളുടെ രക്ഷകനെ അറിയാത്തപ്പോഴും അംഗീകരിക്കാത്തപ്പോഴും രക്ഷയുടെ ദാനം ദൈവം അവര്‍ക്കും നല്‍കുന്നു (cf. AG 3,9,11).

മാമ്മോദീസാ സ്വീകരിക്കാത്തവരെല്ലാം നരകത്തിലെത്തില്ല എന്നത് ഈ പ്രഖ്യാപനത്തിലൂടെ വ്യക്തമാണല്ലോ. മാമ്മോദീസാ ലഭിക്കാതെ മരിക്കുന്ന കുഞ്ഞുങ്ങളുടെ രക്ഷയെക്കുറിച്ചും ഇതേ രീതിയില്‍ തന്നെ വിശദീകരിക്കാനാവും. മാമ്മോദീസായുടെ കൗദാശിക വരപ്രസാദം ലഭിക്കാന്‍ ഭാഗ്യം ലഭിക്കാത്ത കുഞ്ഞുങ്ങള്‍ക്കും കുരിശിലെ ബലിയുടെ വരപ്രസാദത്തില്‍ "ദൈവത്തിനുമാത്രം അറിയാവുന്ന വഴികളിലൂടെ പരിശുദ്ധാത്മാവിന്‍റെ അദൃശ്യമായ പ്രവര്‍ത്തനത്തിലൂടെ" ദൈവം പങ്കാളിത്തം നല്കുന്നു. അതുകൊണ്ടു തന്നെ അപ്രകാരം മരണമടയുന്ന കുഞ്ഞുങ്ങളെല്ലാം നരകത്തിലെത്തിച്ചേര്‍ന്നു എന്ന് പഠിപ്പിക്കുന്ന സെക്ടുകളുടെ നിലപാട് സത്യവിശ്വാസത്തിനു നിരക്കാത്തതും സഭാവിരുദ്ധവുമാണ്.

ക്രിസ്തുവിന്‍റെ വരവിനുമുമ്പേ മരിച്ചവരുടെ രക്ഷയെക്കുറിച്ചും ഇതേ മാനദണ്ഡമനുസരിച്ച് നമുക്ക് വിശദീകരിക്കാനാവും.കുരിശിലെ ബലിയുടെ വരപ്രസാദം കാലാതിവര്‍ത്തിയാകയാല്‍ അതിന്‍റെ വരപ്രസാദവും കാലത്തിന്‍റെ അതിര്‍വരമ്പുകളില്ലാതെ സകല കാലത്തും ജീവിച്ചിരുന്നവര്‍ക്ക് ലഭ്യമാക്കാന്‍ ദൈവത്തിനു കഴിയും. വി.ആഗസ്തിനോസിന്‍റെ കാഴ്ചപ്പാടിലെ "ആബേലിന്‍റെ കാലം മുതലുള്ള സഭ"(ecclesia ab Abel) എന്ന ആശയം ഇതിനോടു ചേര്‍ത്തുവായിക്കേണ്ടതാണ്.

യേശുവിന്‍റെ സഭ ഭൂമിയിലില്ലാതിരുന്ന കാലം ഉണ്ടായിരുന്നില്ലെന്നും ലോകസൃഷ്ടിക്കുശേഷം ആദ്യമായി മരണമടഞ്ഞ ആബേലിന്‍റെ കാലം മുതല്‍ സഭ ഉണ്ടായിരുന്നുവെന്നും ആഗസ്തിനോസ് പഠിപ്പിച്ചു.

church faith bishops church is one church is holy church is apostolic church is universal church fathers on the dimensions of the church ഇതരമതങ്ങളുടെ രക്ഷ salvation of other religions Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message