We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Mar Joseph Pamplany On 29-Jan-2021
യേശുവിന്‍റെ അമ്മയായ മറിയത്തിന്‍റെ കുടുംബ പശ്ചാത്തലത്തെപറ്റി വി. ഗ്രന്ഥത്തില്‍ നിന്നുള്ള അറിവ് തൂലോം പരിമിതമാണ്. നസ്രത്തിലെ ഒരു യഹൂദ കുടുംബത്തിലെ ഭക്തരായ മാതാപിതാക്കളില്‍ നിന്നായിരിക്കണം മറിയം ജനിച്ചത്. മറിയത്തിന്‍റെ ജനനത്തെ സംബന്ധിച്ചുള്ള കഥകള്‍ക്കൊന്നും വി. ഗ്രന്ഥത്തില്‍ തെളിവുകളില്ല. യാക്കോബിന്‍റെ സുവിശേഷം മറിയത്തിന്‍റെ മാതാപിതാക്കള്‍ യോവാക്കിമും അന്നയുമാണെന്ന് പറയുന്നു. ചാര്‍ച്ചക്കാരിയായ എലിസബത്ത് അഹറോന്‍ വംശത്തില്‍പ്പെട്ടവളായിരുന്നതിനാല്‍ (ലൂക്കാ 1:5-36) മറിയം ലേവിഗോത്രത്തില്‍പെട്ടവളായിരിക്കണം.
മറിയത്തിനു മംഗളവാര്‍ത്ത ലഭിക്കുമ്പോള്‍ നസ്രത്തുകാരന്‍ ജോസഫുമായി വിവാഹവാഗ്ദാനം ചെയ്തിരിക്കുകയായിരുന്നു (ലൂക്കാ 1:27). ഗബ്രിയേല്‍ മംഗളവാര്‍ത്ത അറിയിക്കുന്നത് ലൂക്കാ സുവിശേഷകന്‍ രേഖപ്പെടുത്തുന്നുണ്ട് (ലൂക്കാ 1:26 -38). ജനത്തെ പാപങ്ങളില്‍ നിന്ന് മോചിപ്പിക്കാന്‍ യേശുവിന്‍റെ മനുഷ്യാവതാരത്തിന് തിരഞ്ഞെടുത്ത (മത്താ 1:21) ദൈവത്തിന്‍റെ ഹിതത്തിന് മറിയം തന്നെ സമ്മതമറിയിച്ചു (ലൂക്കാ1:38), പിന്നീട് എലിസബത്തിനെ ശ്രുശ്രൂഷിക്കാന്‍ മറിയം പോയി (ലൂക്കാ 1:39-45). യഹൂദ നിയമപ്രകാരം വിവാഹവാഗ്ദാനം നടന്നുകഴിഞ്ഞതിനുശേഷം ഭാര്യാഭര്‍ത്താക്കന്മാര്‍ എന്ന നിലയിലുളള എല്ലാ പരിഗണനയും ലഭിച്ചിരുന്നു. അവര്‍ ഒരുമിച്ചുതാമസിക്കുകയില്ലായിരുന്നുവെന്നു മാത്രം. വിവാഹവാഗ്ദാനത്തിനു ശേഷം മറിയവും ജോസഫും സഹവസിക്കുന്നതിനുമുമ്പ് അവള്‍ ഗര്‍ഭിണിയായി കാണപ്പെട്ടു (മത്താ 1:18). ഇപ്രകാരമൊരു തെറ്റിനുള്ള ശിക്ഷ കടുത്തതായിരുന്നു. (കല്ലെറിഞ്ഞുകൊല്ലുക-നിയ 22:21), എന്നാല്‍ മാലാഖവഴി ലഭിച്ച ഉറപ്പിന്മേല്‍ പാരമ്പര്യത്തില്‍ നിന്നും വ്യതിചലിച്ച് യൗസേപ്പ് മറിയത്തെ ഭാര്യയായി സ്വീകരിച്ചു (മത്താ 1:20-25).
തങ്ങളുടെ പേരെഴുതിക്കാനായി നസ്രത്തില്‍നിന്ന് അവര്‍ ബേത്ലെഹെമിലേക്ക് പോയി, അവിടെ ഒരു പുല്‍ത്തൊട്ടിലില്‍ മറിയം ശിശുവിനെ പ്രസവിച്ചു (ലുക്കാ 2:1-7). ഈ കണക്കെടുപ്പിന്‍റെ ചരിത്രപരതയെ ചോദ്യം ചെയ്യുന്നവരുണ്ടെങ്കിലും ഭൂരിപക്ഷം പണ്ഡിതരും ലൂക്കായുടെ വിവരണങ്ങളെ അനുകൂലിക്കുന്നുണ്ട്. ശിശുവിന്‍റെ ജനനത്തിനു ശേഷമുളള സംഭവങ്ങള്‍ മത്തായിയും ലൂക്കായും വിവരിക്കുന്നുണ്ട്. ജ്ഞാനികളുടെ സന്ദര്‍ശനം (മത്താ 2:1-12), ഈജിപ്തിലേക്കുളള പലായനം (2:13-18), നസ്രത്തിലേക്കുളള തിരിച്ചുവരവ് (2 :19-23) എന്നിവ മത്തായിയും, ഇടയന്മാരുടെ സന്ദര്‍ശനം (ലുക്കാ 2:8-20) ശിശുവിന്‍റെ പരിഛേദനവും സമര്‍പ്പണവും (21:21-24) ശിമയോന്‍റെയും അന്നായുടെയും പ്രവചനവും (2:25-40) ബാലനായ യേശുവിനെ കാണാതാകുന്നതും കണ്ടെത്തുന്നതും (2:41-51) ലൂക്കായും വിവരിക്കുന്നുണ്ട്. ശിശുവിവരണങ്ങളുടെ ഭാഗമായ ഇവയിലെല്ലാം ചരിത്രവും ഐതിഹ്യങ്ങളും കൂടിചേര്‍ന്നിരിക്കാന്‍ സാദ്ധ്യതയുണ്ട്. മത്തായിയുടെയും ലൂക്കായുടെയും വിവരണങ്ങളിലുള്ള വ്യത്യാസം വ്യത്യസ്ത പാരമ്പര്യങ്ങളാണ് ഇവയുടെ പുറകിലെന്ന് വ്യക്തമാക്കുന്നു. ലൂക്കാ തന്നെ രണ്ടുപാരമ്പര്യങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്: ലൂക്കാ തന്‍റെ സ്വന്തം അന്വേഷണംവഴി കാര്യങ്ങളുടെ നിജസ്ഥിതി അറിഞ്ഞിട്ട് എഴുതിയതും, ആദിമസഭയുടെ ക്രിസ്തുവിജ്ഞാനിയത്തിന്‍റെ ഭാഗമായി വളര്‍ന്നുവന്ന കഥകളും ചിന്തകളും അടിസ്ഥാനമാക്കി എഴുതിയതും മറിയത്തിന്‍റെ സ്തോത്രഗീതം (ലൂക്കാ 2:46-55) രണ്ടാമത്തേതിന് ഉദാഹരണമാണ്.
യേശുവിന്‍റെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും മറിയം ഹൃദയത്തില്‍ സംഗ്രഹിച്ചിരുന്നു (ലൂക്കാ 2:51). പരസ്യജീവിതത്തിനിടയില്‍ യേശുവിന് തന്‍റെ കുടുംബവുമായുള്ള ബന്ധം പലപ്പോഴും യഹൂദരുടെ ഇടയില്‍ ചര്‍ച്ചയ്ക്ക് കാരണമാകുന്നുണ്ട്. മറിയത്തിന് മറ്റു മക്കളുണ്ടായിരുന്നുവെന്ന് സുവിശേഷം പറയുന്നില്ല. മര്‍ക്കോ 6:3ലും മത്താ 13:55-56 ലും പ്രതിപാദിക്കുന്ന യേശുവിന്‍റെ സഹോദരങ്ങള്‍ യേശുവിന്‍റെ സ്വന്തം സഹോദരങ്ങളല്ല. മറിയത്തിന്‍റെ സഹോദരിയുടെയും മറ്റും മക്കളാണെന്ന് വി. ജെറോം വാദിക്കുന്നുണ്ട്. കുരിശു മരണവേളയില്‍ മറിയത്തെ യോഹന്നാന് ഏല്‍പ്പിച്ചു കൊടുത്തതിന്‍റെ കാരണം മറിയത്തിന് മറ്റു മക്കളില്ലാത്തതായിരിക്കണം. തന്നെ കാണാന്‍ വന്ന മറിയത്തെയും മറ്റും നോക്കി യേശു പറഞ്ഞു: "സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നവരാണ് എന്‍റെ അമ്മയും സഹോദരനും സഹോദരിയും" (മത്താ 12:46-50; മര്‍ക്കോ. 3:31-35; ലൂക്കാ 8:19-21). ഇവിടെ മറിയത്തെ ഇടിച്ചുതാഴ്ത്തുകയല്ല, മറിച്ച്, സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുകയാണ് മറിയം എപ്പോഴും ചെയ്തതെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
യോഹന്നാന്‍റെ സുവിശേഷത്തില്‍, കാനായില്‍ യേശുവിന്‍റെ ആദ്യത്തെ അത്ഭുതം തന്നെ മറിയത്തിന്‍റെ സാന്നിദ്ധ്യത്തിലാണ് (യോഹ 2:1-10). യോഹ 19:25-27 ല്‍ കുരിശിനു ചുവട്ടിലാണ് പിന്നെ മറിയത്തെ കണ്ടുമുട്ടുന്നത്. അവിടെ മറിയത്തെ യോഹന്നാനും, യോഹന്നാനെ മറിയത്തിനും ഏല്‍പിച്ചു കൊടുക്കുന്നു. മറ്റ് സുവിശേഷകന്മാര്‍ കുരിശിന്‍ചുവട്ടിലെ സ്ത്രീകളെപ്പറ്റി പറയുമ്പോള്‍ മറിയത്തെ പരാമര്‍ശിക്കുന്നേയില്ല (മത്താ 27:56; മാര്‍ക്കോ 15:40-41; ലൂക്കാ 23:49). പരിശുദ്ധാത്മാവിനെ കാത്തു കഴിഞ്ഞ ശിഷ്യന്മാരോടൊപ്പം മറിയവും ഉണ്ടായിരുന്നു (അപ്പ 1:14). മറിയത്തിന്‍റെ പിന്നീടുള്ള ജീവിതത്തെപ്പറ്റി വി. ഗ്രന്ഥം യാതൊരു അറിവും തരുന്നില്ല. യോഹന്നാന്‍റെ സുവിശേഷത്തില്‍ യേശു മറിയത്തെ "സ്ത്രീയേ" എന്ന് സംബോധന ചെയ്തിട്ടുണ്ട് (യോഹ 2:4; 19:25). ഈ സംബോധന യഹൂദ-ഗ്രീക്കു സംസ്ക്കാരങ്ങള്‍ക്ക് അന്യമായിരുന്നു. എങ്കിലും പ്രതിഷേധത്തിന്‍റെയോ ശത്രുതയുടെയോ ഒരു സ്വരമല്ല ഇവിടെ എന്നതു തീര്‍ച്ചയാണ്. സാധാരണതലത്തിലുള്ള മാതൃ-പുത്രബന്ധത്തിനുപരിയായാണ് മറിയത്തെ യേശു ഇവിടെ കാണുന്നത്. ലോകത്തിന് മുഴുവന്‍ അമ്മയായി അവളെ ചൂണ്ടിക്കാണിച്ചിരിക്കുകയായിരിക്കണമിവിടെ. "സ്ത്രീ" എന്ന് സംബോധന ചെയ്തതിന്‍റെ പുറകില്‍ ആദിമ സഭയിലെ ക്രിസ്തുവിജ്ഞാനീയമാണെന്ന് കരുതുന്ന പണ്ഡിതന്മാരുമുണ്ട്. യേശു രക്ഷകനും കര്‍ത്താവും എന്ന വിശ്വാസത്തിന് അവര്‍ പരമപ്രാധാന്യം കല്‍പിച്ചിരിക്കണം. പൗലോസും മനുഷ്യാവതാരത്തെപ്പറ്റി "സ്ത്രീ"യില്‍നിന്ന് ജാതനായി എന്നേ പറയുന്നുള്ളു (ഗലാ 4:4). യഹൂദസമൂഹത്തില്‍ വളരെ പരിമിതമായ സ്ഥാനമേ സ്ത്രീകള്‍ക്ക് ഉണ്ടായിരുന്നുള്ളു എന്നത് വാസ്തവമാണ്. ഇത് മറിയത്തെപ്പറ്റി പറയുന്ന കാര്യത്തില്‍ സുവിശേഷകന്മാരെ സ്വാധീനിച്ചിരിക്കാനും ഇടയുണ്ട്. ഉല്‍പ 3:14-15 ലും വെളിപാട് 12 ലും സ്ത്രീയെപ്പറ്റി പറഞ്ഞിട്ടുള്ള ഭാഗങ്ങള്‍ മരിയന്‍വിശ്വാസവും മരിയന്‍ ദൈവശാസ്ത്രവും വളര്‍ത്തുന്നതില്‍ മുഖ്യപങ്കു വഹിച്ചിട്ടുണ്ടെങ്കിലും അവ മറിയത്തെ മാത്രം സൂചിപ്പിക്കുന്ന ബൈബിള്‍ ഭാഗങ്ങളല്ല എന്നാണ് ഭൂരിഭാഗം ബൈബിള്‍ പണ്ഡിതന്മാരുടെയും അഭിപ്രായം.
മനുഷ്യന് രക്ഷപ്രദാനം ചെയ്യാന്‍ ഭൂമിയില്‍ അവതരിച്ച യേശുവിന് ഗര്‍ഭഗൃഹം ഒരുക്കിക്കൊടുത്ത മറിയത്തിന്‍റെ ദൈവമാതൃത്വവും കന്യകാജനനവും ക്രിസ്തുമതത്തിന്‍റെ അടിസ്ഥാന വിശ്വാസങ്ങളാണ്. മറിയത്തിന്‍റെ അമലോത്ഭവത്വവും സ്വര്‍ഗ്ഗാരോപണവും വിശ്വസത്യങ്ങളായി കത്തോലിക്കാ സഭ പ്രഖ്യാപിച്ചിട്ടുണ്ട്.
വി. ഗ്രന്ഥത്തില്‍ മറിയത്തെക്കുറിച്ചുള്ള പ്രതീകങ്ങളും മറിയവുമായി ബന്ധപ്പെട്ട നേരിട്ടുള്ള പരാമര്‍ശങ്ങളും സൂചനകളുമുണ്ട്. ഇതില്‍ പഴയനിയമത്തിലേതു പ്രതീകങ്ങളാണ്. പുതിയനിയമത്തില്‍ നേരിട്ടുള്ള പരാമര്‍ശങ്ങളുമാണ്; ചിലതു സൂചനകള്‍ മാത്രമാണ്.
പഴയനിയമ പ്രതീകങ്ങള്‍
സുഭാഷിതങ്ങള്‍ 8, 22 പ്രഭാഷകന്‍ 24, ജ്ഞാനം 6, 79; ഉത്തമഗീതം 8 എന്നിവയിലും മരിയന്‍ പ്രതീകങ്ങളും പരാമര്‍ശങ്ങളും ഉള്‍ക്കൊള്ളുന്നു എന്നാണു മരിയശാസ്ത്രം.
പുതിയനിയമം
മറിയത്തെക്കുറിച്ചുള്ള വി. ഗ്രന്ഥത്തിലെ പരാമര്‍ശം രക്ഷാകര ചരിത്രവുമായി ബന്ധപ്പെട്ടാണു കാണുന്നത്. ഇതിലെ അന്തരാര്‍ത്ഥം ഒരുമിച്ചു നോക്കിയാല്‍ ആദ്യസുവിശേഷ പ്രവചനവും (ഉല്‍പ 3, 15) മറിയത്തിന്‍റെ മഹത്വവും (വെളി 12, 1) ക്രിസ്തു കേന്ദ്രീകൃതമാകുന്നു. സഭയുടേയും സഭാതനയരുടെയും മഹത്വമാണു സൂചിപ്പിക്കുന്നതെന്നും മനസ്സിലാക്കാവുന്നതാണ്.
മറിയവും പരിശുദ്ധാത്മാവും
ദൈവശാസ്ത്രത്തിന്‍റെ ക്രമാനുഗത വളര്‍ച്ചയില്‍, ക്രിസ്തു ശാസ്ത്രത്തിന്‍റെ സ്വാധീനം മൂലമാകാം, പരിശുദ്ധാത്മശാസ്ത്രം അര്‍ഹമായി വളര്‍ന്നില്ല. അതുകൊണ്ടു തന്നെ മറിയവും പരിശുദ്ധാത്മാവും എന്ന വിഷയം തന്നെ പരിഗണിക്കപ്പെട്ടില്ല. എന്നാല്‍, പൗരസ്ത്യ പിതാവായ മാര്‍ അപ്രേം ഈ വിഷയം, ദിയാത്തസരോണ്‍ വ്യാഖ്യാനത്തില്‍ മംഗളവാര്‍ത്ത വിശദീകരണത്തിലൂടെ പഠിപ്പിച്ചു. തുടര്‍ന്നുള്ള കാലഘട്ടത്തില്‍ പരിശുദ്ധാത്മശാസ്ത്രത്തിലധിഷ്ഠിതമായ ഒരു മരിയശാസ്ത്രം ഉടലെടുക്കുന്നതിനുമുമ്പു, പല സഭാപിതാക്കന്മാരും മറിയവും പരിശുദ്ധാത്മാവും തമ്മിലുള്ള ദൈവികബന്ധം സൂചിപ്പിക്കുന്ന സംജ്ഞകളും പ്രതിരൂപകാത്മകതയും നല്കി മറിയത്തെ വിശേഷിപ്പിച്ചിരുന്നു. "ആത്മാവിന്‍റെ പണിപ്പുര" "ആത്മാവിന്‍റെ ഇരിപ്പിടം" (മാര്‍ അപ്രേം), "ആത്മാവിന്‍റെ ആലയം" (ആംബ്രോസ്), "ആത്മാവിന്‍റെ മദ്ബഹ", "ആത്മാവിന്‍റെ സക്രാരി" (സാവില്ലിലെ ഇസിദോര്‍) എന്നീ വിശേഷണങ്ങള്‍ ഇവയില്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്. "ആത്മാവിന്‍റെ മണവാട്ടി" എന്ന അപരനാമം നല്കി മറിയത്തെ വിശേഷിപ്പിച്ച ആദ്യസഭാപിതാവ് വി. പ്രുഡന്‍സിയൂസ് (Prudentius) ആണ്.
രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുമുമ്പു, സഭാപിതാക്കന്മാരുടെ പരാമര്‍ശങ്ങള്‍ കൂടാതെ, വി. ബേസില്‍ മരിയദ, മോണ്‍ഫോര്‍ട്ട്- തുടങ്ങിയ ചില പുണ്യാത്മാക്കള്‍ മറിയവും പരിശുദ്ധാത്മാവും തമ്മിലുള്ള ബന്ധം സൂചിപ്പിച്ചിരുന്നതായി കാണാം. ഇവരില്‍ ചിലരുടെ കൃതികളില്‍ "പ്രവാചക", "ആത്മാവില്‍ വിശുദ്ധീകരിക്കപ്പെട്ടവള്‍" എന്നീ സംജ്ഞകള്‍ മറിയത്തിനു നല്കി ബഹുമാനിച്ചിരുന്നതായും കാണാം. ലെയോ 13, പീയൂസ് പന്ത്രണ്ട് തുടങ്ങിയ മാര്‍പാപ്പാമാര്‍ മറിയത്തെ "ആത്മാവിന്‍റെ മണവാട്ടി" എന്നു വിശേഷിപ്പിച്ചിരിക്കുന്നതു സ്മര്‍ത്തവ്യമാണ്.
പരിശുദ്ധാത്മാവിനെക്കുറിച്ചും ത്രിത്വത്തെക്കുറിച്ചു തന്നെയുമുള്ള വെളിപ്പെടുത്തലുകള്‍ പഴയനിയമത്തില്‍ അപൂര്‍ണ്ണമാണ്. പുതിയ നിയമത്തിലാണ് ഇതു പൂര്‍ണ്ണതയിലെത്തുന്നത്. മറിയവും പരിശുദ്ധാത്മാവും തമ്മിലുള്ള സവിശേഷ ദൈവിക ബന്ധം വിശദീകരിക്കുവാന്‍ മംഗലവാര്‍ത്തയും (ലൂക്ക 1, 35) പന്തെക്കൊസ്ത അനുഭവ വിശദീകരണവു (നടപടി 1, 2-14)മാണ് അടിസ്ഥാനമായി കണക്കിലെടുക്കുന്നത്.
പഴയനിയമത്തില്‍, സൃഷ്ടിയിലും പ്രവാചകന്മാരിലും പ്രവര്‍ത്തിച്ച ആത്മാവ്, മംഗലവാര്‍ത്തയില്‍ മറിയത്തില്‍ ആവസിച്ചു പ്രവര്‍ത്തിക്കുന്നു. ഇതേ ആത്മാവു തന്നെയാണു ശ്ലീഹന്മാരോടൊപ്പം പെന്തക്കൊസ്താ ദിനത്തില്‍ പ്രാര്‍ത്ഥനനിരതയായിരുന്ന മറിയത്തിലും പ്രവര്‍ത്തിച്ചത്. ഈ രണ്ടു സംഭവങ്ങളും മറിയത്തിലുള്ള പരിശുദ്ധാത്മാവിന്‍റെ വെളിച്ചത്തില്‍ കാണേണ്ടതുണ്ട്. മംഗലവാര്‍ത്ത, പെന്തക്കൊസ്ത അനുഭവത്തില്‍ പൂര്‍ത്തീകരിക്കപ്പെടുന്നു.
മംഗലവാര്‍ത്തയില്‍ (ലൂക്ക 1, 35) ആത്മാവിന്‍റെ പ്രവര്‍ത്തനത്തിലൂടെ രണ്ടു ഫലങ്ങളാണ് ഉളവാക്കുന്നത്.
ആദത്തിന്‍റെ പുത്രി എന്ന നിലയില്‍ മറിയം രക്ഷിക്കപ്പെടേണ്ടവളായിരുന്നതു കൊണ്ടു (തിരുസഭാ 53) പുത്രന്‍റെ വരവില്‍ അവന്‍റെ ആത്മാവില്‍ അവള്‍ വിശുദ്ധീകരിക്കപ്പെട്ടു. അതിലൂടെ മറിയം പുതിയ സൃഷ്ടിയായി. ഈ വിശുദ്ധീകരണത്തിലൂടെ "അവളില്‍ ജനിച്ചതും അവള്‍ വഹിച്ചതും അവളില്‍നിന്നു ജനിച്ചവനും" സഭതന്നെയായിരുന്നു എന്നാണു (മാര്‍ അപ്രേം) പഠിപ്പിക്കുന്നത്. അങ്ങനെ വിശുദ്ധീകരണത്തിലൂടെ വിശ്വാസത്തിലും ഉപവിയിലും സമര്‍പ്പണത്തിലും മിശിഹായോടു സഹകരിച്ചവളെന്ന നിലയില്‍ മറിയം സഭയുടെ പ്രതിരൂപവും മാതൃകയുമാണ്. ഇതിലൂടെ രക്ഷാചരിത്രത്തിനു പുതിയ മാനം കൈവന്നു.
പെന്തക്കൊസ്തയിലാകട്ടെ, പരിശുദ്ധാത്മാവുമായുള്ള ബന്ധത്തില്‍ രൂപാന്തരീകരിക്കപ്പെട്ടു രക്ഷിക്കപ്പെട്ട സഭയുടെ ആരംഭമാണു കാണുന്നത്. അവിടെ സമ്മേളിച്ചിരുന്നവരില്‍ ഒരുവളായി മാത്രം മറിയത്തെ ലൂക്കാ സുവിശേഷകന്‍ രേഖപ്പെടുത്തുന്നു. എങ്കിലും, രക്ഷിക്കപ്പെട്ട സഭയില്‍ മറിയത്തിന്‍റെ മാതൃത്വ സ്ഥാനത്തെയും മാതൃത്വ ഉത്തരവാദിത്വത്തെയുമാണു വ്യക്തമാക്കുന്നത്. ദൈവമനുഷ്യബന്ധത്തിലെ ഏകമധ്യസ്ഥനെന്നനിലയില്‍ മിശിഹായ്ക്കുള്ള സ്ഥാന (1 തിമോ 2, 5)ത്തിനു കുറവുവരാതെതന്നെ സഭയിലെ ആദ്യഫലമെന്ന നിലയില്‍, മിശിഹായുടെ യോഗ്യതയിലൂടെ, മറിയം സഭയില്‍ മദ്ധ്യസ്ഥയായി നിലകൊള്ളുന്നു. അങ്ങനെ, മംഗലവാര്‍ത്തയില്‍ തുടങ്ങിയ വിശുദ്ധീകരണം പെന്തക്കൊസ്താനുഭവത്തിലൂടെ വളര്‍ന്നു. തുടര്‍ന്ന്, ആത്മാവില്‍ പൂര്‍ണ്ണമായി രൂപാന്തരീകരിക്കപ്പെട്ട മറിയം, സര്‍ഗ്ഗാത്മകസഹകരണത്തിലൂടെ സ്വര്‍ഗ്ഗത്തില്‍ മഹത്വീകൃതയായിരിക്കുന്നു. അതിലൂടെ കര്‍ത്താവിന്‍റെ മഹത്വത്തിലുള്ള വരവില്‍ പൂര്‍ത്തിയാകാനിരിക്കുന്ന സഭയുടെ പ്രതിച്ഛായയും ആരംഭവുമായി മറിയം തീര്‍ന്നു. അതിനാല്‍ത്തന്നെ, കര്‍ത്താവിന്‍റെ ദിവസം ഉദയം ചെയ്യുന്നതുവരെ (2 പത്രോ 3, 10) തീര്‍ത്ഥാടകസഭയ്ക്കു പ്രതീക്ഷയുടെയും സമാശ്വാസത്തിന്‍റെയും സുനിശ്ചയത്തിന്‍റെയും അടയാളമായി മറിയം നിലകൊള്ളുന്നു.
രണ്ടാം വത്തിക്കാന്‍ സൂനഹദോസ് ഇത്തരത്തില്‍ സഭാത്മകമായ ഒരു സ്ഥാനമാണു മറിയത്തിനു നല്കിയിരിക്കുന്നത് (തിരുസഭ 52-58). സൂനഹദോസ് സമയത്ത് (Nissiotis, Journal of Ecumenical Studies) പ്രസിദ്ധീകരിച്ച ലേഖനം സൂനഹദോസിന്‍റെ പരിശുദ്ധാത്മശാസ്ത്രപഠനത്തിനും ഇത്തരത്തില്‍ മറിയത്തിനുള്ള സ്ഥാനം സഭാത്മകമായി വിശദീകരിക്കുന്നതിനും കൂടുതല്‍ വെളിച്ചം നല്കി.
ആത്മാവുമായുള്ള മറിയത്തിന്‍റെ പരിപൂര്‍ണ്ണസമര്‍പ്പണത്തിന്‍റെ അടിസ്ഥാനത്തില്‍ "സമര്‍പ്പിതരുടെ മാതൃക", "ആത്മാവില്‍ അഭിഷിക്തരായവരുടെ മാതാവ്" എന്നീ നിലയില്‍ സഭയില്‍ മറിയത്തെ ആദരിക്കുന്നു.
മറിയം എന്ന നാമം
"മറിയം" എന്ന പേരിനു വിവിധ ഭാഷകളില്‍ നിരവധി അര്‍ത്ഥങ്ങളുണ്ട്. മറിയത്തോടുള്ള ബഹുമാനത്തോടെ അവളോടു ഭക്തി പ്രദര്‍ശിപ്പിക്കുന്ന 70 അര്‍ത്ഥങ്ങളാണു പ്രധാനമായും ഈ പേരിനുള്ളതെന്നാണു മരിയ ശാസ്ത്രവാദം. വിവിധ ഭാഷകളില്‍ ഈ നാമം വ്യത്യസ്തമായാണു ഉച്ചരിക്കുന്നത്. Myriam(Heb, Ot), Martam(Aramaic), Mariam(GK OT), Maria(Syric), Mary(English) സുറിയാനിയിലെ മറിയമാണു മലയാളത്തില്‍ ഉപയോഗിക്കുന്നത്.
ഭാഷാശാസ്ത്രമനുസരിച്ച് ഈ നാമം ആദ്യമായി വിശകലനം ചെയ്തു പഠിപ്പിച്ചതു വി. ജെറോം (347-420)ആണ്. ഹീബ്രുവിലെ മറിയാമിന്‍റെ വിശകലനമാണ് ആദ്യത്തേത്. Yam എന്നാല്‍ സമുദ്രം എന്നാണര്‍ത്ഥം. ഇതിന്‍റെ അടിസ്ഥാനത്തില്‍ Still Maris മറിയത്തെ കടലിലെ - "കടലില്‍ നിന്നുള്ളതുള്ളി" എന്ന് അര്‍ത്ഥം നല്കി. എന്നാല്‍ പിന്നീട് Stilla Maris എന്നതു പകര്‍ത്തിയെഴുത്തില്‍ തെറ്റായി എഴുതുകയും അതിനു സമുദ്രതാരമെന്ന് അര്‍ത്ഥമുണ്ടാകുകയും ചെയ്തു.
രണ്ടാമത്തെ വിശദീകരണം അരമായ ഭാഷയിലെ Maryam നിന്നാണ്. ഇതിലെ Mar എന്നതിനു "നാഥന്‍" എന്ന പുല്ലിംഗാര്‍ത്ഥമാണുള്ളത്. എന്നാല്‍ Mar എന്നതിന്‍റെ Marta സ്ത്രീലിംഗരൂപം മനസ്സിലാക്കാതെ "മാര്‍" എന്നതു ശ്രീമതി-നാഥ എന്നര്‍ത്ഥമാക്കി ഉപയോഗിച്ചുതുടങ്ങി. ഇതിനു പരിശുദ്ധമറിയം എന്നര്‍ത്ഥം. ഈ രൂപം പൊതുവെ അംഗീകരിച്ചു മറ്റു ഭാഷകളില്‍ തര്‍ജ്ജമ ചെയ്തു ഉപയോഗിക്കുന്നു. അങ്ങനെ ഇറ്റാലിയന്‍ ഭാഷയില്‍ Madonna (My Lady) എന്നും ഫ്രഞ്ചു ഭാഷയിലും Notre Dame (Our Lady) എന്നും ഉപയോഗിക്കുന്നു. ഈജിപ്തില്‍ ഭാഷയിലെ സൗന്ദര്യം എന്നര്‍ത്ഥം വരുന്ന 'Mara' യില്‍നിന്നു "സൗന്ദര്യവതി" എന്നും സ്നേഹിക്കപ്പെട്ടവള്‍ എന്നര്‍ത്ഥം വരുന്ന 'Mari' എന്ന പദത്തില്‍നിന്ന് "ഏറ്റവും സ്നേഹിക്കപ്പെട്ടവള്‍" എന്നും ആധുനികഭാഷാശാസ്ത്രത്തില്‍ അറിയപ്പെട്ടുവരുന്നുണ്ട്.
1929-ല്‍ സിറിയയിലെ Ugarit (ras Shamra)ല്‍ നടത്തിയ ഭൂഗര്‍ഭപഠനത്തില്‍നിന്നു ശാസ്ത്രജ്ഞര്‍ മറ്റൊരു നിഗമനത്തിലാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്. 'Myrm' എന്നു പൊതുവെ അവിടെ കണ്ടിരുന്ന നാമം 'rwm' എന്നതിന്‍റെ മറ്റൊരു രൂപമാണെന്നാണ് അത്. ഈ ധാതുപദത്തിന്‍റെ അര്‍ത്ഥം ഉന്നത, ഉയര്‍ന്ന, ഉയര്‍ത്തപ്പെട്ടത് എന്നൊക്കെയാണ്. ഈ അര്‍ത്ഥത്തില്‍ മറിയം എന്നതിനു മഹനീയ, മഹത്വീകരിക്കപ്പെട്ടവള്‍, ഉയര്‍ത്തപ്പെട്ടവള്‍ എന്നൊക്കെയാകാമെന്നാണു നിഗമനം. മറിയത്തിന്‍റെ ഉന്നതസ്ഥാനവും അവളോടുള്ള ബഹുമാനവും സ്നേഹവും ഭക്തിയും കണക്കിലെടുത്ത് ഈ അര്‍ത്ഥം ഇന്നു പൊതുവെ അംഗീകരിക്കപ്പട്ടിരിക്കുകയാണ്.
മറിയം - മിറിയാം - ദൈവശാസ്ത്രാര്‍ത്ഥം
ഈശോയുടെ അമ്മയ്ക്കു മാതാപിതാക്കള്‍ നല്‍കിയ അറമായിക് നാമമാണു മിറിയാം. ആ സംജ്ഞ 19 പ്രാവശ്യം സുവിശേഷങ്ങളിലും ശ്ലീഹന്മാരുടെ നടപടിഗ്രന്ഥത്തിലുമായി പ്രത്യക്ഷപ്പെടുന്നുണ്ട് (മത്താ 1, 16-18, 20;2, 11; മര്‍ക്കോ 6, 3; ലൂക്കാ 1, 27, 30, 34, 38, 39, 41, 46, 56, 2, 5, 16, 19, 24; നട 1, 14).
നാമത്തിന്‍റെ അര്‍ത്ഥം
മൂലഭാഷയില്‍ മിറിയാമെന്ന പേരിന്‍റെ അര്‍ത്ഥം ശ്രേഷ്ഠത, വൈശിഷ്ട്യം, ഔത്കൃഷ്ട്യം, ഔന്നത്യം, നായകത്വം എന്നൊക്കെയാണ്. അമൂര്‍ത്തപദങ്ങളാണല്ലോ ഇവ. ശ്രേഷ്ഠ, വൈശിഷ്ട്യമുള്ളവള്‍, ഉത്കൃഷ്ട, ഔന്നത്യമുള്ളവള്‍, നായിക എന്നൊക്കെ പറയുന്നതിനുപകരം ഗുണനാമങ്ങളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. സൃഷ്ടികളെയൊന്നും അമൂര്‍ത്ത സംജ്ഞകളാല്‍ വിശേഷിപ്പിക്കാറില്ല. ദൈവത്തെ മാത്രമേ അപ്രകാരം അഭിസംബോധന ചെയ്യുകയുള്ളു. കാരണം, അവിടുന്നാണു ശ്രേഷ്ഠതയുടെയും വൈശിഷ്ട്യത്തിന്‍റെയും ഔത്കൃഷ്ട്യത്തിന്‍റെയും ഔന്നിത്യത്തിന്‍റെയും നായകത്വത്തിന്‍റെയും ഉറവിടവും നിറകുടവും. ശ്രേഷ്ഠന്‍ വൈശിഷ്ട്യമുള്ളവന്‍, ഉത്കൃഷ്ടന്‍, ഔന്നിത്യമുള്ളവന്‍, നായകന്‍ തുടങ്ങിയ വിശേഷണങ്ങള്‍ പരിമിതസ്വഭാവമുള്ളവയാണ്. ദൈവത്തിന്‍റെ അപരിമേയത്വത്തിന് അതിര്‍ത്തി കല്പിച്ചിരിക്കുകയാണ് അവയിലെല്ലാം. മിറിയാമെന്ന നാമധേയത്തില്‍ ദൈവത്തിനുമാത്രം ആരോപിക്കപ്പെടുന്ന അമൂര്‍ത്ത സംജ്ഞകള്‍ കാണപ്പെടുന്നു. മറിയത്തിന്‍റെ ഔന്നിത്യത്തെക്കുറിക്കുന്നവയാണവ. സൃഷ്ടിയെങ്കിലും സ്രഷ്ടാവിന്‍റെ അമ്മയാണല്ലോ അവള്‍. മനുഷ്യസ്ത്രീയാണെങ്കിലും ദിവ്യതനയന്‍റെ ജനനിയാണെന്ന ശ്രേഷ്ഠത മറിയത്തിനു കൈവന്നിരിക്കുന്നു. തന്മൂലം, ദൈവത്തിനുമാത്രം കല്പിച്ചിരിക്കുന്ന ഗുണനാമങ്ങള്‍ അവള്‍ക്കും ആരോപിക്കപ്പെടുക ഉചിതംതന്നെ. അതുവഴി മാനവരെ ദിവ്യതനയരെന്ന ഔന്നിത്യത്തിലേക്കു സ്രഷ്ടാവ്-ഉയര്‍ത്തുകയാണെന്നു പറയാം. മറിയം അതിന്‍റെ രൂപകവും നിദര്‍ശനവുമാണ്.
നാമത്തിന്‍റെ ദൈവമേഖല
ബൈബിളിലെ നാമങ്ങളെല്ലാം അര്‍ത്ഥ പൂര്‍ണ്ണങ്ങളാണ്. അവയെല്ലാം ഉദാത്തമായ ദൈവശാസ്ത്രസങ്കല്പങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. മനുഷ്യരുടെ പേരുകളോരോന്നും ദൈവവും ഈശോയും സഭയുമായി ബന്ധപ്പെട്ടവയാണ്. മിറിയാമെന്ന നാമവും ദൈവത്തിന്‍റെയും ഈശോയുടെയും സഭയുടെയും പേരുകളാണെന്നു പറയാം. ദൈവമാണല്ലോ ശ്രേഷ്ഠതയുടെയും വൈശിഷ്ട്യത്തിന്‍റെയും ഔത്കൃഷ്ട്യത്തിന്‍റെയും ഔന്നിത്യത്തിന്‍റെയും നായകത്വത്തിന്‍റെയും ആദിരൂപവും ഉദാത്തനിദര്‍ശനവും. അവിടുത്തെ ഔന്നിത്യം അടങ്ങിയിരിക്കുക സൃഷ്ടി, വിമോചനം തുടങ്ങിയ കര്‍മ്മങ്ങളിലാണ്. മനുഷ്യനുമായി ബന്ധപ്പെടുന്ന പ്രക്രിയകളില്‍ ദൈവിക വൈശിഷ്ട്യം അനാവരണം ചെയ്യപ്പെടുന്നു. അവിടുന്നു സൃഷ്ടികള്‍ക്കു സ്വയം ദാനമായേകി. നന്മസ്വരൂപനായ അവിടുത്തെ രൂപങ്ങളാക്കി അവര്‍ക്കു ജീവന്‍ നല്‍കി (ഉല്‍പ. 1, 3, 10, 12, 17, 21, 25, 31). മനുഷ്യനെ സ്വന്തം പ്രതിച്ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ചു (ഉല്‍പ 1, 26-27).
വിമോചനം, ഉടമ്പടി, ദേശം നല്‍കല്‍, ദൈവാലയത്തിലെ സാന്നിദ്ധ്യം തുടങ്ങിയ കര്‍മ്മങ്ങള്‍വഴി ഇസ്രായേല്‍ ജനതക്കു ദൈവം തന്‍റെ ഔന്നിത്യം വെളിവാക്കി. രക്ഷയിലേക്കു നയിക്കുന്ന ശിക്ഷാകര്‍മ്മത്തിലും അവിടുത്തെ ഔത്കൃഷ്ട്യമാണു പ്രതിഫലിക്കുക. ചുരുക്കത്തില്‍, മറ്റുള്ളവരെ ദിവ്യനന്മകള്‍കൊണ്ട് അനുഗ്രഹിക്കുന്ന പ്രക്രിയയിലാണു ദൈവത്തിന്‍റെ ശ്രേഷ്ഠതയും വൈശിഷ്ട്യവും ഔത്കൃഷ്ട്യവും ഔന്നിത്യവും നായകത്വവും പ്രത്യക്ഷപ്പെടുന്നത്.
പിതാവിന്‍റെ തത്സ്വരൂപമായ ഈശോയുടെ ശ്രേഷ്ഠത വെളിവാക്കപ്പെട്ടത് മറ്റുള്ളവര്‍ക്കായി തന്‍റെ ആരോഗ്യവും സമയവും സിദ്ധികളുമെന്നല്ല, ജീവിതം മുഴുവന്‍ നല്‍കിയ പ്രക്രിയയിലാണ്. മനുഷ്യരെ ശ്രേഷ്ഠതയും വൈശിഷ്ട്യവും ഔന്നിത്യവും നായകത്വവും ഉള്ളവരാക്കാന്‍ അവിടുന്നു സ്വയം വ്യയം ചെയ്തു. മാനവപാപമേറ്റെടുത്തുകൊണ്ട് അവര്‍ക്കായി കുരിശുമരണം പുല്‍കിയ മുഹൂര്‍ത്തം ദൈവകുമാരന്‍റെ ഔത്കൃഷ്ട്യം വിളിച്ചോതുകയായിരുന്നു. ജീവന്‍റെ അപ്പമായി സ്വയം നല്‍കിയ പ്രവൃത്തിയില്‍ അവിടുത്തെ വൈശിഷ്ട്യത്തിന്‍റെ ഔന്നത്യം കണ്ടെത്താനാകും.
ദൈവത്തിന്‍റെയും ഈശോയുടെയും മിറിയാനാമങ്ങള്‍ ജീവിക്കുവാനാണു മനുഷ്യരെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നത്. മറിയമെന്ന മിറിയാം ഈ ദൈവവിളി അതിന്‍റെ ഔന്നിത്യത്തില്‍ ജീവിച്ചു. അവളുടെ ജീവന്‍റെ പ്രതീകമാണു സഭ. മണവാളന്‍റെ ശ്രേഷ്ഠതയ്ക്കും ഔന്നിത്യത്തിനും ഔത്കൃഷ്ടത്തിനും സജീവസാക്ഷ്യം വഹിക്കുവാന്‍ മണവാട്ടിയായ സഭ കടപ്പെടുന്നു. ആ ദൗത്യം നിര്‍വഹിക്കുമ്പോള്‍ അവളുടെ ദൈവവിളി വിശ്വാസികളിലൂടെ സാക്ഷാത്ക്കരിക്കപ്പെടുന്നു.
മിറിയാം ഔത്കൃഷ്ട്യത്തിന്‍റെ നിദര്‍ശനം
മിറിയാമെന്ന നാമം സാക്ഷാത്കരിക്കുന്നതായിരുന്നു മറിയത്തിന്‍റെ ജീവിതം മുഴുവനും. അവളുടെ വചനങ്ങളും പ്രവൃത്തികളുമെല്ലാം ദൈവികൗന്നിത്യം വിളിച്ചോതി. അമലോദ്ഭവയായി ജനിച്ചവള്‍ ദ്വൈതഭാവമില്ലാത്തവനും സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും ആനന്ദത്തിന്‍റെയും ആഘോഷത്തിന്‍റെയും പ്രകാശത്തിന്‍റെയും സുതാര്യതയുടെയും മൂര്‍ത്തീരൂപവുമായ ദൈവത്തിന്‍റെ തനിപ്പകര്‍പ്പായിത്തീര്‍ന്നു. അവിടുത്തെ ശ്രേഷ്ഠതയും വൈശിഷ്ട്യവും ഔത്കൃഷ്ട്യവും ഔന്നത്യവും നായകത്വവും വിളംബരം ചെയ്തു. ദൈവദൂതന്‍റെ വചനത്തിന് "ആമ്മേന്‍" (ലൂക്ക 1, 38) പറയുന്ന പ്രക്രിയയോടെ മിര്‍യാമിന്‍റെ ജീവിതം നവ്യ ഉടമ്പടിയുടെ തനയരുടേതായി കൂട്ടിയിണക്കപ്പെട്ടു. അവള്‍ തന്‍റെ നാമം സാര്‍ത്ഥകമാക്കി. മാനവകുലത്തിന്‍റെ രക്ഷ കൈവരുന്നതായിരുന്നല്ലോ മംഗളവാര്‍ത്തക്ക് ആമ്മേന്‍ പറഞ്ഞ കര്‍മ്മം. വ്യക്തിപരമായ ജീവിതം തീര്‍ത്തുപേക്ഷിച്ചുകൊണ്ടു മിറിയാം കുരിശിന്‍റെ വഴി ഉദ്ഘാടനം ചെയ്തു. പരിത്രാണത്തിന്‍റെ പാത വെട്ടിത്തുറന്നു. ദൈവത്തെയും ഈശോയെയുംപോലെ മിറിയാമും ശ്രേഷ്ഠതയുടെ പ്രതിബിംബമായി പകരുകയായിരുന്നു. മാനവര്‍ക്കുവേണ്ടിയുള്ള പീഡാസഹനങ്ങള്‍ ഹൃദയത്തില്‍ സംവഹിച്ച മുഹൂര്‍ത്തത്തില്‍ അവ ഔന്നത്യത്തിന്‍റെ മൂര്‍ദ്ധന്യത്തിലെത്തി. കുരിശിന്‍റെ കിരീടം മിറിയത്തിനു നല്‍കപ്പെട്ടു. ഈശോയുടെ ഉത്ഥാനം അവളുടെയും ഉയിര്‍ത്തെഴുന്നേല്‍ക്കലായിത്തീര്‍ന്നു. സ്വര്‍ഗ്ഗാരോപണ സംഭവം മിറിയാമിനെ ദൈവികമേഖലയുടെ ഔത്കൃഷ്ട്യത്തിലേയ്ക്ക് ഉയര്‍ത്തി. ദിവ്യാത്മാവിന്‍റെ ആഗമനത്തോടെ പരിശുദ്ധാരൂപിയുടെ ലോകത്തിന്‍റെ ഔന്നിത്യങ്ങളില്‍ ആ മണവാട്ടി വ്യാപരിച്ചു. ത്രിത്വത്തിന്‍റെ മഹത്വത്തില്‍ പങ്കുകാരിയാകുവാന്‍ (2 പത്രോ 1, 4) അമ്മയും സ്വര്‍ഗ്ഗാരോപിതയായി. ത്രിലോക രാജ്ഞിയായി അവള്‍ അവരോധിക്കപ്പെട്ടപ്പോള്‍ ആത്മജന്‍റെ രാജത്വപദവി പ്രാപിച്ചു. ഇപ്രകാരം മിറിയാം ശ്രേഷ്ഠതയുടെയും വൈശിഷ്ട്യത്തിന്‍റെയും ഔത്കൃഷ്ട്യത്തിന്‍റെയും ഔന്നിത്യത്തിന്‍റെയും നായകത്വത്തിന്‍റെയും ഉറവിടമായ ദൈവവുമായി ഒന്നായിത്തീര്‍ന്നു. ചുരുക്കത്തില്‍, മിറിയത്തിന്‍റെ കഥ അവളുടെ നാമത്തിന്‍റെ അര്‍ത്ഥം ധ്വനിപ്പിക്കുന്നതുപോലെ അത്യുന്നതന്‍റെ ചരിത്രത്തില്‍ ലയിച്ചു ചേരുകയാണ്.
മിറിയാമും ഈശോയും
ഈശോയുടെ ജീവിതവുമായി ബന്ധിപ്പിച്ചു മാത്രമേ മിറിയാമെന്ന നാമം വിശുദ്ധ ഗ്രന്ഥത്തില്‍ ഉപയോഗിച്ചിട്ടുള്ളു. അവിടുത്തേതില്‍ നിന്നു വിഭിന്നമായ അസ്തിത്വം അവള്‍ക്കില്ല. രക്ഷകന്‍റെ വംശാവലിപട്ടികയിലാണ് ആദ്യമായി അവളുടെ നാമം പ്രത്യക്ഷപ്പെടുന്നത് (മത്താ 1, 16 രണ്ടുപ്രാവശ്യം). അവിടുത്തെ ശ്രേഷ്ഠതയിലും വൈശിഷ്ട്യത്തിലും ഔത്കൃഷ്ട്യത്തിലും ഔന്നിത്യത്തിലും നായകത്വത്തിലും പങ്കുചേരുവാന്‍ അവള്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്നു സാരം. തുടര്‍ന്ന്, മംഗളവാര്‍ത്താ സംഭവത്തില്‍ ആ സംജ്ഞക്ക് പ്രാധാന്യം നല്‍കിയിരിക്കുന്നു (മത്താ 1, 18, 20; ലൂക്കാ 1, 27, 30, 34, 38). അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വവും ഭൂമിയില്‍ ദൈവസംപ്രീതരായവര്‍ക്കു സമാധാനവും ഐശ്വര്യവും നിവര്‍ത്തിതമാക്കുന്നതിന്‍റെ സദ്വാര്‍ത്തയാണല്ലോ അത്. ദൈവത്തിന്‍റെ രക്ഷാപദ്ധതിക്ക് ആമ്മേന്‍ പറഞ്ഞപ്പോള്‍ മിറിയാം സാക്ഷാല്‍ മിറിയാമായിത്തീര്‍ന്നു. തിരുവവതാരമുഹൂര്‍ത്തത്തില്‍ അവളുടെ നാമം ഉദ്ധരിക്കപ്പെടുന്നുണ്ട് (മത്താ 2, 11; ലൂക്കാ 2, 5, 16). പുത്രനു നല്‍കപ്പെട്ട ബഹുമാനാദരവുകളില്‍ മറിയവും ഭാഗഭാക്കാക്കുകയാണ്. മര്‍ക്കോസ് 6, 3ല്‍ അവളുടെ നാമം നസ്രത്തിലെ ജനങ്ങള്‍ ഉദ്ധരിക്കുന്നുണ്ട്. സ്വന്തനാട്ടുകാരുടെ ദൃഷ്ടിയില്‍ പ്രബോധകനായി ആയിരങ്ങളെ അദ്ഭുതപ്പെടുത്തിയ ഈശോ മിറിയാമിന്‍റെ മകന്‍ മാത്രമാണ്. അപഹാസ്യമായിരുന്നു ആ വാക്കുകള്‍. ഇവിടെയും മിറിയാമിന്‍റെ കഥ ഈശോയുടേതുമായി ഒന്നുചേര്‍ന്നിരിക്കുകയാണ്. അവിടുത്തെ മഹത്ത്വത്തിലെന്നപോലെ നിന്ദനത്തിലും അവള്‍ക്ക് സ്ഥാനം നല്‍കിയിരിക്കുന്നു. ആ സഹനത്തിന്‍റെ ഔന്നിത്യതലത്തിലേക്ക് അവളും ഉയര്‍ത്തപ്പെടുന്നു.
ദൈവനന്ദനന്‍റെ മാതാവായി അവരോധിക്കപ്പെട്ട മിറിയം പെട്ടെന്നു മാനവസേവനാര്‍ത്ഥം ത്വരിതഗമനം ചെയ്യുകയാണ് (ലൂക്കാ 1, 39, 56). പരിത്രാണകന്‍റെ പതിപ്പായിത്തീരുകയാണ് അവള്‍. ഈശോയെ ഉദരത്തില്‍ സംവഹിച്ചു കൊണ്ടാണ് ആ യാത്ര. പവിത്രാത്മാവിനെ പകര്‍ന്നു നല്‍കുകയാണു മിറിയാം (ലൂക്കാ 1, 41). ഇപ്രകാരം ദൈവികമായ ഔത്കൃഷ്ട്യത്തിലേയ്ക്ക് ഇതരരെയും ആനയിക്കുകവഴി മിറിയം തന്‍റെ നാമം സാര്‍ത്ഥകമാക്കുന്നു. ഏലീശ്ബായുടെ ഭവനത്തില്‍ അവള്‍ ദൈവത്തിന്‍റെ ഔന്നത്യം കീര്‍ത്തിക്കുന്നുമുണ്ട് (ലൂക്കാ 1, 46). മാനവനന്ദനനായിത്തീര്‍ന്ന തിരുക്കുമാരന്‍റെ രഹസ്യം ഹൃദയത്തില്‍ സംഗ്രഹിച്ച് അതിന്‍റെ ശ്രേഷ്ഠതലങ്ങളെക്കുറിച്ചു പരിചിന്തിക്കുന്നവളാണു മിറിയാം (ലൂക്കാ 2, 19). ദൈവാലയത്തില്‍ ഈശോയെ കാഴ്ചവച്ചപ്പോള്‍ അവിടുത്തെ ക്ലേശനിര്‍ഭരമായ ഭാവി ജീവിതത്തെക്കുറിച്ചു ശിമയോന്‍ പ്രവചിക്കുകയുണ്ടായി (ലൂക്കാ 2, 34). അതില്‍ അവളും പങ്കുചേരുമെന്ന് അദ്ദേഹം ഉദീരണം ചെയ്തു. ഈശോയുടെ സഹനം അവളുടെയും സഹനമായിരിക്കുമെന്നു വ്യക്തമാക്കി. ഈ പ്രക്രിയയിലും മിറിയാം ഈശോയുടെ ശ്രേഷ്ഠതയിലേക്കും വൈശിഷ്ട്യത്തിലേക്കും ഔത്കൃഷ്ട്യത്തിലേക്കും ഔന്നിത്യത്തിലേക്കും നായകത്വത്തിലേക്കും ഉയരുകയാണ്. അവസാനമായി മിറിയത്തിന്‍റെ നാമം നടപടി 1, 14 ലാണ് ഉദ്ധരിക്കപ്പെടുന്നത്. പരിശുദ്ധാത്മാവിന്‍റെ ആഗമനത്തിനായി ഏകമനസ്സോടെ നിരന്തരം പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നവരുടെ നായികയായിരുന്നു, ഈശോയുടെ അമ്മയായ മിറിയം. ആ ധന്യവേളയില്‍ ദിവ്യാരൂപിയുടെ മണവാട്ടിയായി അവള്‍ അഭിഷിക്തയായി, സഭയുടെ മാതാവായി ഉയര്‍ത്തപ്പെട്ടു. ദിവ്യാത്മാവിന്‍റെ ശ്രേഷ്ഠതയുടെ യുഗം മിറിയത്തിന്‍റെ അദ്ധ്യക്ഷതയിലാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്.
ചുരുക്കത്തില്‍ മിറിയാമെന്ന നാമത്തില്‍ ഈശോയുടെ രക്ഷാചരിത്രം അന്തര്‍ലീനമാണ്. അവിടുത്തെ സന്തോഷത്തിന്‍റെയും സന്താപത്തിന്‍റെയും രഹസ്യങ്ങളാണ് അവളുടെ ഔന്നിത്യം; അതു ദൈവത്തിന്‍റെ ഔന്നിത്യമാണ്. ശ്രേഷ്ഠതയും വൈശിഷ്ട്യവും ഔത്കൃഷ്ട്യവും ഈശോയുടേതാണ്, ആ നായകത്വം ദിവ്യാത്മാവിന്‍റേതു തന്നെ.
രക്ഷാകരചരിത്രത്തിലെ അതിപ്രധാനമായ നാമമാണു "മറിയം". വി. ഗ്രന്ഥത്തില്‍ നിരവധി സംഭവങ്ങളിലും സ്ഥലങ്ങളിലും മറിയം എന്ന പേരിലുള്ള പല സ്ത്രീകളെയും കാണാം; മഗ്ദലന മറിയം, ഈശോയുടെ അമ്മയുടെ സഹോദരി, ക്ലെയോഫാസിന്‍റെ ഭാര്യയായ മറിയം (യോഹ 19, 25) തുടങ്ങിയവര്‍ അക്കൂട്ടത്തില്‍പ്പെടുന്നു.
മറിയം എന്നത് ഒരു ഗ്രീക്കു സ്ത്രീലിംഗ പദമാണ് (Marian), അതില്‍ നിന്നു മറിയ (Maria) എന്ന ലത്തീന്‍ പദവും, മേരി (Mary) എന്ന ഇംഗ്ലീഷു പദവുമുണ്ടായി. ഇതിന്‍റെയെല്ലാം മൂലപദം ഹീബ്രുഭാഷയിലെ "മിര്‍യാം" ആണ്. (മറിയം-അരമായ, മിറിയം-അറബി). ഹീബ്രുവില്‍ മിറിയം എന്ന പദത്തിനു കൈപ്പേറിയ (bitterness) എന്നും എതിര്‍പ്പ് (rebelliousness) എന്നും കുട്ടിയ്ക്കുവേണ്ടിയുള്ള ആഗ്രഹം എന്നും, നമ്മുടെ വനിത-മഹിള (Our Lady) എന്നും, സ്നേഹമുള്ള വനിത (beloved Lady) എന്നും അര്‍ത്ഥം നല്‍കി വരുന്നു.
ഈശോനബിയുടെ മാതാവായ മറിയത്തോടുള്ള ബഹുമാനസൂചകമായിട്ടാണു മുസ്ലീംങ്ങള്‍ "മിറയം" എന്ന പേരു നല്കുന്നത്. മോശയുടെ സഹോദരിയായ മിര്‍യാമിനെ ആദരിച്ചുകൊണ്ടാണു യഹൂദര്‍ ഈ നാമം പെണ്‍കുട്ടികള്‍ക്കു നല്കുന്നത്. ആദ്യനൂറ്റാണ്ടില്‍ യഹൂദരുടെ ഇടയിലെ പെണ്‍കുട്ടികള്‍ക്കു നല്കിയിരുന്ന ഒരു സാധാരണനാമമായിരുന്നു ഇത്. ക്രിസ്തീയരുടെ ഇടയില്‍ ദൈവപുത്രന്‍റെ അമ്മയായ മറിയത്തിന്‍റെ നാമം അവളോടുള്ള എല്ലാ ബഹുമാനത്തോടും കൂടിയുമാണ് ഉപയോഗിക്കുന്നത്. മറിയ+യാഹ് എന്നീ പദങ്ങളുടെ സമുചയമാണു മറിയം. "ദൈവത്തിങ്കലേയ്ക്ക് ഉയര്‍ന്നവള്‍", "ദൈവത്തിന്‍റെ പ്രിയപ്പെട്ടവള്‍" എന്നിങ്ങനെ ഇതിന് അര്‍ത്ഥം നല്കി മനസ്സിലാക്കുന്നു. മറിയം-മേരി എന്ന പേരിനു വിവിധഭാഷകളില്‍ 534 വകഭേദങ്ങളാണുള്ളത്.
17-ാം നൂറ്റാണ്ടിലാണു "മറിയം" എന്ന പേരില്‍ സ്പെയിനില്‍ ഒരു തിരുനാള്‍ ആഘോഷിച്ചു തുടങ്ങിയത്. മറിയത്തിന്‍റെ നാമത്തില്‍ തുര്‍ക്കികള്‍ക്കെതിരായി 1683 സെപ്റ്റംബര്‍ 12-നു നടത്തിയ യുദ്ധത്തില്‍ ക്രിസ്ത്യാനികള്‍ വിജയിച്ചു. ഇതിന്‍റെ ഓര്‍മ്മയായി ഈ ദിവസവും തുടര്‍ന്നുള്ള ഞായറാഴ്ചയും "മറിയത്തിന്‍റെ നാമം" എന്ന പേരില്‍ ഒരു തിരുനാള്‍ ആഘോഷിക്കുവാന്‍ ഇന്നസെന്‍റ് 11-ാം മാര്‍പാപ്പ നിര്‍ദ്ദേശിക്കുകയുണ്ടായി. വി. പത്താംപിയൂസ് ഈ തിരുനാള്‍ സെപ്റ്റംബര്‍ 12നുതന്നെ ആചരിക്കണമെന്നു നിഷ്കര്‍ഷിച്ചു. മറിയത്തിന്‍റെ ജനനത്തിരുനാളിന്‍റെ ഇരട്ട തിരുനാളായി ഇതു കരുതിവരുന്നു. മറിയം എന്നതു പ്രതീക്ഷയുടെ അടയാളമായി കരുതിയതുകൊണ്ടു പെണ്‍കുട്ടികള്‍ക്ക് ഏതുപേരു നല്കിയാലും അതിനോടുകൂടി "മറിയം" എന്നു ചേര്‍ത്തു നല്കുന്ന പതിവ് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്നും നിലനില്ക്കുന്നു (നവസന്ന്യാസിനികള്‍ക്കു പേരുനല്കുമ്പോള്‍ "മറിയം", "മേരി" എന്ന നാമവും ചേര്‍ത്തു നല്കിയിരുന്ന ഒരു പതിവ് കേരളത്തിലെ സന്ന്യാസഭവനങ്ങളില്‍ നിലനിന്നിരുന്നു. ചുരുക്കം ചില സന്ന്യാസ സമൂഹങ്ങളില്‍ ഇന്നും ഈ പതിവു തുടര്‍ന്നുപോരുന്നു). സെപ്റ്റംബര്‍ 12-ാം തീയതിയിലെ ലത്തീന്‍കുര്‍ബാനയില്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നു. "രക്ഷകനായ ദൈവമേ, മറിയമെന്ന നാമം പ്രതീക്ഷയുടെ അടയാളമായിത്തീര്‍ന്നു. അവളുടെ മദ്ധ്യസ്ഥതയാല്‍ (അവരുടെ നാമത്തില്‍) എല്ലാവിധ അപകടങ്ങളില്‍നിന്നും ഞങ്ങളെ രക്ഷിച്ചു രക്ഷാകരദൗത്യം പൂര്‍ത്തിയാക്കുവാന്‍ ഞങ്ങളെ സഹായിക്കണമെ".
മറിയത്തിന്‍റെ ഏഴുവചസുകള്‍ ബൈബിളില്‍
കുരിശില്‍ ഈശോ ഉച്ചരിച്ച വചനങ്ങള്‍ പോലെതന്നെ അതിപ്രധാനമായി കരുതി ധ്യാന വിഷയമാക്കുന്നതാണു സുവിശേഷത്തില്‍ മറിയം ഉദീരണം ചെയ്യുന്ന വാക്കുകള്‍. മറിയം പറയുന്നതായി ഏഴു വചസുകളാണു സുവിശേഷങ്ങളില്‍ കാണുന്നത് (മറിയത്തിന്‍റെ സ്തോത്രഗീതം അവള്‍തന്നെ ഉരുവിടുന്നതല്ല എന്നും അതു മറ്റൊരു പാരമ്പര്യത്തിന്‍റെ സ്വാധീനമാണെന്നുമാണു വിശുദ്ധഗ്രന്ഥപണ്ഡിതരുടെ അഭിപ്രായം). ഓരോ സാഹചര്യത്തിലാണു മറിയം ഈ വാക്കുകള്‍ ഉരുവിടുന്നത്. അതുകൊണ്ട് ഓരോ സാഹചര്യത്തിലും അതിനു പ്രത്യേകമായ അര്‍ത്ഥമാണുള്ളത് എന്നാല്‍ ഈ വചനങ്ങളുടെ സമുച്ചയം മറിയത്തിന്‍റെ വ്യക്തിത്വവും സ്വഭാവസവിശേഷതയും അവളുടെ ദൈവമാതൃത്വവും മാദ്ധ്യസ്ഥ്യശക്തിയും സൂചിപ്പിക്കുന്നവയുമാണ്.
ഇവിടെ മറിയത്തിന് ഒരു തിരഞ്ഞെടുപ്പിന് അവസരം ലഭിച്ചിരിക്കുകയാണ്. അതിന്, എന്തിനോടോക്കെ വിട പറഞ്ഞിട്ടു പൂര്‍ണ്ണമായി പുതിയതിനെ ആശ്ലേഷിക്കണം. സ്നേഹത്തില്‍ "എന്തുകൊണ്ട്" എന്ന ചോദ്യത്തിനു പ്രസക്തിയില്ല; പലപ്പോഴും എങ്ങനെ എന്നതാണു ചോദ്യം. മനുഷ്യനു നവീകരണം നല്‍കാനുള്ള പദ്ധതിക്കുള്ള സഹകരണമാണു ദൈവം ഇവിടെ ആവശ്യപ്പെട്ടത്. അതിനാവശ്യമായ കൃപ ദൈവം നല്‍കുകയും ചെയ്യും. പുത്രന്‍ പരിശുദ്ധാത്മാവിനാലത്രേ അവതരിപ്പിക്കപ്പെടുന്നത്.
തെരഞ്ഞെടുപ്പുകഴിഞ്ഞാല്‍ പിന്നീട് ഒന്നിക്കുവാനുള്ള ആഗ്രഹമാണു സ്നേഹത്തിനുള്ളത് അതിനു കാരണീയമായതു പൂര്‍ണ്ണമായി ഏല്പിച്ചു കൊടുക്കുക എന്നുള്ളതാണ്. സ്നേഹത്തിന്‍റെ സുന്ദരമായ അടിമത്തത്തിന് ഏല്പിച്ചുകൊടുക്കുകയാണത്. തെരഞ്ഞെടുത്തതിനെ സ്വന്തമാക്കുകയാണ് അടുത്തപടി.
അപ്പോഴേക്കും ഈശോയുടെ വ്യക്തിത്വത്തിന്‍റെ ദൈവികവും മാനുഷികവുമായ പ്രകൃതി മറിയത്തിന്‍റെ ഉദരത്തില്‍ വസിക്കാനാരംഭിച്ചു. മനുഷ്യനും ദൈവവും തമ്മിലുള്ള ഈ പ്രത്യേകസംഗമം മറിയം ഉദരത്തില്‍ വഹിച്ചു. പ്രപഞ്ചത്തിന് ഉള്‍ക്കൊള്ളാനാവാത്തവനെ അവള്‍ ഉദരത്തില്‍ സംവഹിച്ചു. മനസ്സുകൊണ്ടു ദൈവത്തില്‍ ഒന്നായിരുന്നവള്‍ ഇപ്പോള്‍ ശരീരംകൊണ്ടും ദൈവത്തില്‍ ഒന്നായി.
ദൈവത്തെ സ്വന്തമാക്കിയവള്‍ അതിന്‍റെ നിറവില്‍ മറ്റുള്ളവരുടെ ആവശ്യങ്ങളെപ്പറ്റി ചിന്തിക്കുന്നു. അവള്‍ വൃദ്ധയും ഗര്‍ഭിണിയുമായ എലിസബത്തിനെ സഹായിക്കുവാന്‍ തിടുക്കത്തില്‍ 'ഐംകരിം' എന്ന ദേശത്തേയ്ക്കുപോയി. മാലാഖയോടു "നിന്‍റെ ഇഷ്ടം ഭവിക്കട്ടെ" എന്നു പറയുകയും യൗസേപ്പിനോടു മൗനമായിരിക്കുകയും ചെയ്ത മറിയം വാചാലതയോടെ ദൈവത്തെ സ്തുതിച്ചു. "എന്‍റെ ആത്മാവു കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു".
സന്തോഷത്തിന്‍റെ പൂര്‍ണ്ണതയിലും സംതൃപ്തിയുടെ തികവിലും അതൃപ്തിയും അപര്യാപ്തതയും ദൃശ്യമാണ്. സ്നേഹത്തിനു ചില പരീക്ഷണങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. ആത്മാവിന്‍റെ ഇരുണ്ടരാത്രികള്‍ സ്നേഹിക്കുന്നവര്‍ക്കും ഉണ്ടാകും. ഈശോയെ മൂന്നുദിവസം ദൈവാലയത്തില്‍ കാണാതെ പോയപ്പോള്‍ അതിലുണ്ടായ ദുഃഖം അവാച്യമായിരുന്നു. ദൈവസാന്നിധ്യം നഷ്ടപ്പെട്ട മറിയം ചോദിച്ചു, "മകനേ, നീ എന്തിനു ഞങ്ങളോടിതു ചെയ്തു?" ത്യാഗവും വേദനയുംകൊണ്ടു സ്നേഹത്തിന്‍റെ മാറ്റുകൂട്ടാന്‍ മറിയം ഇവിടെ ശ്രമിക്കുകയാണ്.
ഈശോയുടെ സാമീപ്യവും സാന്നിധ്യവും അനുഭവിച്ച മറിയം മറ്റുള്ളവരോടും സ്നേഹവും കാരുണ്യവും കാണിക്കാന്‍ കഴിവുള്ളവളായി. കാനായിലെ സഹതാപപൂര്‍ണ്ണമായ സാഹചര്യത്തില്‍ അവള്‍ പറഞ്ഞു, "അവര്‍ക്കു വീഞ്ഞില്ല". മറ്റുള്ളവരുടെ ആവശ്യം കണ്ടറിഞ്ഞ മറിയം അതു ദൈവസന്നിധിയില്‍ ഉണര്‍ത്തിക്കാന്‍ മറക്കുന്നില്ല.
കാനായിലെ അദ്ഭുതം മാതൃ-പുത്ര സ്വാഭാവിക ബന്ധത്തിന്‍റെ അന്ത്യമായിരുന്നുവെന്നു പറയാം. എന്നാല്‍, അതിലൂടെ ആ ബന്ധം രക്ഷാകരമായ ഔന്നത്യത്തിലേക്കു കടന്നുകഴിഞ്ഞു. സ്നേഹത്തിന് അനുസരിക്കയല്ലാതെ ഈശോയ്ക്കു മറ്റൊന്നും ചെയ്യാനില്ല. പരിചാരകര്‍ക്കും അങ്ങനെ തന്നെ. കാനായിലെ കല്‍ഭരണികള്‍ പോലെ നമ്മുടെ ഹൃദയങ്ങള്‍ പൊള്ളയാണെന്ന വിചാരവും 'നിറയ്ക്കണമേ' എന്ന ആഗ്രഹവും ഉണ്ടാകണം. മനുഷ്യന്‍ എന്ന നിലയില്‍ നമുക്കു ശൂന്യത അനുഭവപ്പെടുന്നു. ഭരണി നിറയ്ക്കാന്‍ പറഞ്ഞ രക്ഷകനു മാത്രമേ ഹൃദയങ്ങള്‍ നിറവിലെത്തിക്കാന്‍ സാധിക്കൂ. "അവന്‍ പറയുന്നതുപോലെ ചെയ്യുക" എന്നു പറഞ്ഞു മറിയം വിടവാങ്ങുന്നു. അനുഗ്രഹങ്ങളുടെ നിറവാകുവാന്‍ പുത്രനിലെത്തണമെന്ന മാതൃകയാണ് ഇവിടെ മറിയത്തില്‍ കാണുന്നത്.
Mary in Holy Bible Catholic apologetics Catholic Malayalam mary mary in the bible etymology of Mary Mary in the bible mother Mary the name Mary Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



