We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr Mathew Illathuparambil On 10-Jun-2021
ആരാധനക്രമം മാതൃഭാഷയിലാക്കാൻ പ്രാദേശിക സഭകളെ അനുവദിച്ചത് രണ്ടാം വത്തിക്കാൻ കൗൺസിലിൻറെ സുപ്രധാനമായ സംഭാവനയാണ്. നമ്മുടെ നാട്ടിൽ അതുവരെയും ലത്തീൻ, സുറിയാനിഭാഷകളിലെ ബലിയർപ്പണത്തിന് കാഴ്ച്ചക്കാരായി നിന്നിരുന്ന ജനം മാതൃഭാഷയുടെ സഹായത്തോടെ കാർമ്മികനോടൊപ്പം ബലിയർപ്പണത്തിൽ പങ്കാളികളായി. ഏതാണ്ട് സമാനമായരീതിയിൽ ഭാഷാതടസ്സംകൊണ്ട് കേരളസഭയിൽ നൈസർഗ്ഗികമായ ഓജസ്സ് നഷ്ടപ്പെട്ട ഒരു മേഖലയാണ് ദൈവശാസ്ത്ര പഠനം. കാരണം അന്യഭാഷകളിലാണ് ഇന്നാട്ടിലെ സെമിനരികളിലും ദൈവശാസ്ത്ര പഠനകേന്ദ്രങ്ങളിലും അദ്ധ്യയനം നടന്നിട്ടുള്ളത്. ഒരു കാലത്ത് ലത്തീനായിരുന്നു ഭാഷ; ഇപ്പോൾ ഇംഗ്ലീഷും. രണ്ടാം വത്തിക്കാൻ കൗൺസിലിൻറെ സുവർണ്ണജൂബിലി വർഷത്തിലെങ്കിലും ദൈവശാസ്ത്രത്തിൻറെ ഭാഷാപരമായ വീണ്ടെടുപ്പ് കേരളസഭ അർഹിക്കുന്നുണ്ട്.
ദൈവത്തിൻറെ ഭാഷ
ദൈവം എപ്പോഴും മനുഷ്യരോട് സംവദിക്കാൻ പറ്റുന്നഭാഷ അവലംബിക്കുന്നു. അതിൻറെ പൂർണ്ണരൂപമാണ് ദൈവത്തിൻറെ മനുഷ്യഭാഷയായ ക്രിസ്തു. ഈ രീതിതന്നെയാവണം ദൈവശാസ്ത്രവും സ്വീകരിക്കേണ്ടത്. അങ്ങനെയെങ്കിൽ സാധിക്കുന്നിടത്തെല്ലാം മാതൃഭാഷയിൽത്തന്നെ ദൈവത്തെപ്പറ്റി പഠിക്കുകയും പറയുകയും വേണം. മാതൃഭാഷയാണ് ഒരുവൻറെ ഹൃദയത്തോട് ഏറ്റവും അടുത്തതും വാമൊഴിയുടെ അനായാസവഴക്കം കാണിക്കുന്നതും. വിദേശഭാഷയിൽ ദൈവശാസ്ത്രം പഠിക്കുന്നത് ഫലത്തിൽ ഈ രണ്ടു സാധ്യതകളും ഗണ്യമായി കുറച്ചു കളയുന്നു. അതായത്, നമുക്കന്യമായ ഭാഷയിൽ പഠിച്ചെടുത്ത ദൈവശാസ്ത്രം സഭാശുശ്രൂഷകരുടെയും വിശ്വാസികളുടെയും ഹൃദയഭാഷയാകാതെയും (പ്രാർത്ഥനയുടെയും ആത്മീയതയുടെയും വിഷയമാകാതെയും) അനായാസമായവാമൊഴിയാകാതെയും (ഉള്ളിൽത്തട്ടിയ പ്രസംഗവിഷയമാകാതെയും) പോകുന്നു.
എന്തുകൊണ്ട് ഇംഗ്ലീഷ്?
കേരളത്തിൽ ദൈവശാസ്ത്രത്തിൻറെ പഠനഭാഷ ഇംഗ്ലീഷായി തുടരുന്നതിന് ചരിത്രപരവും പ്രായോഗികവുമായ കാരണങ്ങളുണ്ട്. കൊളോണിയൽ ഭരണത്തിൻറെ ബാക്കിപത്രമായി നമുക്ക് കിട്ടിയ ഇംഗ്ലീഷ് ഒരു ലോകഭാഷയാണെന്നത് ഒരു പ്രധാന കാരണമാണ്. ദൈവശാസ്ത്ര വിഷയങ്ങളും പദാവലികളും വേണ്ടതുപോലെ മലയാളത്തിൽ പറഞ്ഞു ഫലിപ്പിക്കാനാവുകയില്ല എന്ന ധാരണയും നമ്മുടെ ഇടയിലുണ്ട്. വൈദേശികമായ എന്തിനോടും ചിലർക്കെങ്കിലും തോന്നാവുന്ന ആരാധനയും സ്വന്തം ഭാഷയെ ദൈവശാസ്ത്രമാദ്ധ്യമമാക്കാൻ തടസ്സമായിട്ടുണ്ടാകും. ഇക്കാലത്ത് കേരളത്തിൽ ദൈവശാസ്ത്രപഠനം ഇംഗ്ലീഷുമയമായിരിക്കാൻ പ്രായോഗികമായ ഒരു കാരണമേ കാണുന്നുള്ളൂ. അതായത്, ആഗോള വിനിമയഭാഷയെന്ന നിലയിൽ ഇംഗ്ലീഷ് പരിജ്ഞാനം സഭാ ശുശ്രൂഷകർക്കെല്ലാം ആവശ്യമാണ്. ഇപ്പോൾത്തന്നെ അനവധി വിദ്യാർത്ഥികൾക്ക് അത് കുറവാണ്. ഇനി ദൈവശാസ്ത്ര ക്ലാസ്സുകൾകൂടെ മലയാളത്തിലായാൽ ഇംഗ്ലീഷിൻറെ സ്ഥിതി തീരെ പരുങ്ങലിലാവും. അതായത്, ഇംഗ്ലീഷ്ഭാഷാജ്ഞാനം സുഗമമാക്കാൻവേണ്ടി ദൈവശാസ്ത്രപഠനം വിദേശഭാഷയിൽ തുടരുന്നു എന്നർത്ഥം. അങ്ങനെ പ്രാദേശിക ഭാഷയിലുണ്ടാ വേണ്ട ദൈവശാസ്ത്ര സാധ്യതകൾ നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നു. മറ്റ് സഭകളെല്ലാം സ്വന്തം ഭാഷയിലാണ് ദൈവശാസ്ത്രം വികസിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്ന് നാം കാണാതിരുന്നുകൂടാ.
ഭാഷാമാദ്ധ്യമം
വിശ്വാസ വ്യാഖ്യാനം ദൈവശാസ്ത്രമായിത്തീരാൻ അതിന് മനുഷ്യരുടെ ജീവിതപരിസരവുമായി ബന്ധം വേണം. അല്ലാത്തത് വെറും മതദർശനം മാത്രമായി അവശേഷിക്കും. പ്രാദേശികഭാഷയിലൂടെയാണ് സംസ്കാരവുമായി ദൈവശാസ്ത്രം ബന്ധത്തിലാവുന്നത്. അങ്ങനെവരുമ്പോൾ കല, സാഹിത്യം, സിനിമ തുടങ്ങിയവയെ വിശ്വാസവ്യാഖ്യാനത്തിൽ ഉപയോഗിക്കാനും കഴിയും. 'ദൈവശാസ്ത്രത്തിൽ സന്ദേശം മാത്രമല്ല, മാദ്ധ്യമവും പ്രധാനപ്പെട്ടതാണ്.' ഭാഷ ആശയസംവേദനത്തിൻറെ സങ്കേതം മാത്രമല്ല; ജനതയുടെ ആന്തരിക സ്വാതന്ത്ര്യത്തിൻറെ അടയാളം കൂടെയാണ്. അതുകൊണ്ടാണ് ദൈവത്തെക്കുറിച്ചുള്ള അറിവ് ജനകീയമാക്കാൻ മടിച്ചവരൊക്കെ വരേണ്യ ഭാഷകളിൽ ദൈവത്തെപ്പറ്റി പറഞ്ഞത്. സംസ്കൃതം വേദഭാഷയാണ്; അത് ദേവഭാഷയെന്ന് വിളിക്കപ്പെട്ടു. പൗരാണിക ഭാരതത്തിൽ കീഴാളന്മാരെ വേദപഠനത്തിൽനിന്ന് അകറ്റി നിറുത്താൻ ഇതായി രുന്നു എളുപ്പമാർഗ്ഗം. പാശ്ചാത്യ സഭയിൽ ലത്തീൻ വരേണ്യ ഭാഷയായി അനേക നൂറ്റാണ്ടുകൾ നില നിന്നു. ഒരുകാലത്ത് പ്രാദേശിക ഭാഷകളിൽ ബൈബിളും ദൈവശാസ്ത്രവും വിലക്കപ്പെട്ട വിഷയങ്ങളായിരുന്നു. 1175-ൽ Lambert Li Begnes എന്ന ഒരു വൈദികൻ നടപടിപ്പുസ്തകം ഫ്രഞ്ച് ഭാഷയിലേക്ക് തർജ്ജമ ചെയ്തു. അതിനാൽത്തന്നെ അദ്ദേഹം ഒരു പാഷണ്ഡിയായി ഗണിക്കപ്പെട്ടു. പതിമൂന്നാം നൂറ്റാണ്ടായപ്പോഴേക്കും ബൈബിളിൻറെ സംക്ഷിപ്ത ഭാഗങ്ങൾ ഫ്രഞ്ചുഭാഷയിൽ വരാൻ തുടങ്ങി; ഒപ്പം ദൈവശാസ്ത്ര, മിസ്റ്റിക് രചനകളും. പതിനാലാം നൂറ്റാണ്ടിലെ മിസ്റ്റിക് ഗുരുവായിരുന്നു മൈസ്റ്റർ എഖാർട്ട്. അദ്ദേഹം ലത്തീനിലെഴുതിയ കൃതികൾ ഏവർക്കും സ്വീകാര്യമായി; മാതൃഭാഷയായ ജർമ്മനിൽ എഴുതിയത് തർക്കവിധേയമാവുകയും ചെയ്തു. ഇക്കാലത്ത് പ്രാദേശിക സഭകളുടെ ബൗദ്ധികസ്വാതന്ത്ര്യത്തിൻറെയും ആത്മാഭിമാനത്തിൻറെയും വിഷയമാണ് അടിസ്ഥാന ദൈവശാസ്ത്ര പഠനങ്ങൾ മാതൃഭാഷയിൽ നടക്കുക എന്നത്.
മാദ്ധ്യമ ദിശാബോധം
പൊതുവേ പറഞ്ഞാൽ ദൈവശാസ്ത്രത്തിന് മൂന്ന് 'കേൾവി'ക്കാരുണ്ട്: സമൂഹം, സഭ, പണ്ഡിതലോകം. സമൂഹത്തോടും സഭയോടും സംവദിക്കാൻ മാതൃ ഭാഷയാണ് ഉത്തമം. പണ്ഡിതലോകത്തോടാകട്ടെ, ഭാഷ ഏതുമാകാം. വിദ്വൽ സദസ്സിനുവേണ്ടിയെന്നോണം ദൈവശാസ്ത്രപഠനങ്ങൾ അവസാനിക്കുന്നത് സഭക്കും സമൂഹത്തിനും ഗുണകരമാവുകയില്ല. ഇതിനർത്ഥം ദൈവശാസ്ത്രബോധനം അപ്പാടെ ഉടനടി മലയാളത്തിലാക്കണമെന്നല്ല. അതിനുമുമ്പ് മലയാളത്തിൽ ദൈവശാസ്ത്ര വിഷയങ്ങളിൽ പ്രാമാണികമായ എഴുത്തുകൾ നടക്കണം. അല്ലെങ്കിൽ ദൈവശാസ്ത്രം ഭാഷാപരമായ കൃത്യതയും ശുദ്ധിയും കൈവരിക്കാതെ പോകും. ഇത്തരം നീക്കങ്ങൾ മലയാളഭാഷക്ക് സഭ ചെയ്യുന്ന സേവനംകൂടിയായിരിക്കും. ഒരുകാലത്ത് പാശ്ചാത്യ മിഷനറിമാർ പല വിധത്തിലും മലയാള ഭാഷയെ പോഷിപ്പിച്ചു. ഇക്കാലത്ത് മലയാളത്തെ സമ്പുഷ്ടമാക്കാൻ ദൈവശാസ്ത്രച്ചുവയുള്ള പദ സംഭാവനകളെങ്കിലും കേരളസഭ നല്കേണ്ടതുണ്ട്.
ന്യായമായ തടസ്സങ്ങൾ
കേരളത്തിലെ അടിസ്ഥാന ദൈവശാസ്ത്രപഠനം മലയാളത്തിലാവണം എന്ന് പറയുമ്പോൾ പലതടസ്സ വാദങ്ങൾക്കും ഇടമുണ്ട്. സ്കൂൾ-കോളജ് വിദ്യാ ഭ്യാസം ഏതാണ്ട് അപ്പാടെ ഇംഗ്ലീഷിലാവുമ്പോൾ ദൈവശാസ്ത്ര പഠനം മാത്രമെന്തിന് മലയാളത്തിലാകണം? മറ്റു വിഷയങ്ങൾപോലെ തലച്ചോറിൽ സൂക്ഷിക്കാനും വേണ്ടി വന്നാൽമാത്രം പ്രയോഗിക്കാനുമുള്ളതല്ല വേദശാസ്ത്രം. ദൈവശാസ്ത്രത്തെ സഭയും സമൂഹവുമായി ജീവൽ ബന്ധമുള്ള വിഷയമായി നിലനിർത്താൻ മാതൃഭാഷ കൂടിയേ കഴിയൂ. മലയാളത്തിൽ ദൈവശാസ്ത്രപഠനം നടക്കുന്നത് മണ്ണിൻറെ മക്കൾ വാദം സഭയിലേക്ക് ഒളിച്ചുകടത്തുന്നതിന് തുല്യമാവുകയില്ലേ? മറ്റ് ഭാഷകളിലെയും ദേശങ്ങളിലേയും ദൈവശാസ്ത്രചിന്തകളെ അവഗണിച്ചാൽ സമ്പുഷ്ടമായ പഠനം ഇവിടെ നടക്കുകയില്ല. ഉറവിടങ്ങളും പ്രചോദനങ്ങളും മറ്റു ഭാഷകളിൽ നിന്നുംകൂടി സ്വീകരിക്കുകയും പഠനമാദ്ധ്യമം മാതൃഭാഷയാക്കുകയുമാണ് ഉത്തമം. കേരളസഭക്കുവേണ്ടി മാത്രമല്ല വൈദികരും സന്യസ്തരും ഇന്നിവിടെ പരിശീലിപ്പിക്കപ്പെടുന്നത്. കേരളത്തിനു പുറത്ത് സുവിശേഷവേല ചെയ്യ ണമെങ്കിൽ മറ്റുഭാഷകൾ അറിയാതെ തരമില്ല. അപ്പോൾ മലയാളത്തിലേക്ക് തിരിയുന്നത് വിനയാകുകയില്ലേ? ആശങ്കന്യായമാണ്. അതുകൊണ്ട് ഇംഗ്ലീഷ് ഉൾപ്പടെയുള്ള ഭാഷകൾ പഠിച്ചേമതിയാവൂ. അതിന് വഴികൾ തേടണം. ഇംഗ്ലീഷ് പഠിക്കാനുള്ള മാദ്ധ്യമമായി ദൈവശാസ്ത്രവും പ്രാർത്ഥനകളും മാറുമ്പോൾ ഏതിനാണ് പ്രാധാന്യം നഷ്ടപ്പെടുന്നത് എന്ന ചോദ്യം ബാക്കിയാവുന്നു. വേണ്ടത്ര ഇംഗ്ലീഷു ജ്ഞാനമില്ലാത്ത തുമ്പികളെക്കൊണ്ട് ദൈവശാസ്ത്രത്തിലെ കല്ലെടുപ്പിക്കുന്ന സ്ഥിതിയാണ് ഇപ്പോഴത്തെ സംവിധാനത്തിൽ പലപ്പോഴുമുള്ളത്. രണ്ടാം വത്തിക്കാൻ കൗൺസിൽ തുടങ്ങിയ ഉടനെ കൗൺസിൽ പിതാക്കന്മാർക്കെല്ലാം ഉപയോഗിക്കാൻ പറ്റുന്ന (?) ലത്തീൻ ആയിരിക്കും ചർച്ചകളുടെയും ഭാഷയെന്ന് നിർദ്ദേശിക്കപ്പെട്ടു. പക്ഷേ വൈകാതെ തന്നെ ഇതരഭാഷകളിൽ സംസാരിക്കാൻ ചില പിതാക്കന്മാർ സ്വാതന്ത്ര്യമെടുത്തു. ഇങ്ങനെ സംഭവിക്കാൻ രണ്ടു കാരണങ്ങളുണ്ട്. ഒരുഭാഗത്ത്, സഭയിൽ ഭാഷാപരമായ ബഹുസ്വരത ഉറപ്പിക്കാൻവേണ്ടി മറ്റു ലോകഭാഷകളിൽ സംസാരിക്കാൻ ധൈര്യം കാണിച്ച ചില മെത്രാന്മാർ. മറുഭാഗത്ത് താൻ കൊടുത്ത ഒരു പൊതുനിർദ്ദേശത്തെ ചിലർ കയ്യോടെ നിരസിക്കുന്നത് ഹൃദയവിശാലതയോടെ നോക്കിക്കണ്ട ജോൺ ഇരുപത്തി മൂന്നാമൻപാപ്പ. ഇത്തരക്കാർ ഒന്നിക്കുമ്പോഴാണ് ഇതുപോലുള്ള കൗൺസിൽ അനുഭവങ്ങൾ ഉണ്ടാകുന്നത്. നമുക്കിതൊരു പാഠമാണ്.
കാരുണികൻ മാഗസിന്റെ 2012 ഓഗസ്റ്റ് ലക്കത്തിൽനിന്നും കാരുണികൻ മാഗസിന്റെ 2012 ഓഗസ്റ്റ് ലക്കത്തിൽനിന്നും
malayalam theology Dr Mathew Illathuparambil Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



