We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Bishop Joseph Pamplany On 22-Aug-2020
ക്രൈസ്തവ വിശ്വാസസത്യങ്ങളില്‍ ഏറ്റവും അടിസ്ഥാനപരമായ സത്യം ഈശോയുടെ മനുഷ്യാവതാര രഹസ്യമാണ്. "അവിടുന്നു പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി കന്യകാമറിയത്തില്‍നിന്നു ശരീരം ധരിച്ച് മനുഷ്യനായി പിറന്നു" എന്നാണ് നിഖ്യാ-കോണ്‍സ്റ്റാന്‍റിനോപ്പിള്‍ വിശ്വാസപ്രമാണത്തില്‍ ഏറ്റുപറയുന്നത്. ഈ വിശ്വാസസത്യത്തിന്‍റെ പ്രാധാന്യം വ്യക്തമാക്കാന്‍ വിശ്വാസപ്രമാണം ചൊല്ലുന്ന വേളയില്‍ ഈ വാക്യമെത്തുമ്പോള്‍ മുട്ടുകുത്തുകയോ ശിരസ്സ് ആദരപൂര്‍വ്വം നമിക്കുകയോ ചെയ്യുന്ന പതിവ് സഭയുടെ പാരമ്പര്യത്തിലുണ്ട്. മനുഷ്യാവതാരം എന്ന മഹാരഹസ്യത്തെക്കുറിച്ച് സാര്‍വ്വത്രിക മതബോധനഗ്രന്ഥത്തിന്‍റെ ആധാരത്തിലുള്ള വിചിന്തനമാണ് ഈ പഠനക്കുറിപ്പ് (CCC. 430534).
1. യേശു എന്ന പേരിന് "ദൈവം രക്ഷിക്കുന്നു" എന്നാണ് അര്‍ത്ഥം. പഴയനിയമജനതയെ ഈജിപ്തിന്‍റെ അടിമത്തത്തില്‍നിന്ന് കാനാന്‍ ദേശത്തെത്തിച്ച ജോഷ്വാ (യഹോഷുവാ) എന്ന പേരിന്‍റെ സംക്ഷിപ്തരൂപമാണ് യേശു (സുറിയാനിയില്‍ ഈശോ). കാനാന്‍ദേശം പ്രതീകവല്‍കരിച്ച പറുദീസായിലേക്കു മനുഷ്യകുലത്തെ നയിക്കുന്ന യഥാര്‍ത്ഥ രക്ഷകന്‍ എന്ന അര്‍ത്ഥത്തിലാണ് ഈ പേര് യേശുവിനു നല്‍കുന്നത് (ലൂക്കാ 1:31). ക്രിസ്തു (സുറിയാനിയില്‍ മിശിഹാ) എന്ന പേരിന് "അഭിഷിക്തന്‍" എന്നാണ് അര്‍ത്ഥം. പറുദീസായില്‍ ദൈവം വാഗ്ദാനം ചെയ്ത (ഉല്‍പ 3:15) രക്ഷകനെ നൂറ്റാണ്ടുകളായി ഇസ്രായേല്‍ജനം വരാനിരിക്കുന്ന മിശിഹായായിട്ടാണ് പ്രതീക്ഷിച്ചിരുന്നത്. യേശുവിനെ മിശിഹാ എന്നു വിളിക്കുന്നതിലൂടെ (ലൂക്കാ 4:16-21) അവിടുന്ന് ദൈവജനം കാത്തിരുന്ന രക്ഷകനും മനുഷ്യകുലത്തിന്‍റെ വിമോചനത്തിനായി ദൈവത്താല്‍ അഭിഷേകം ചെയ്യപ്പെട്ടവനുമാണ് എന്ന വിശ്വാസമാണ് നാം ഏറ്റുപറയുന്നത്.
2. ഈശോ ദൈവത്തിന്‍റെ ഏകപുത്രനും കര്‍ത്താവുമാണെന്ന സത്യം മനുഷ്യാവതാര രഹസ്യത്തിന്‍റെ മര്‍മ്മമാണ്. ശ്ലൈഹികവിശ്വാസത്തിന്‍റെ അടിത്തറയാണിത്. ഈശോയെ ദൈവപുത്രനായി ഏറ്റുപറഞ്ഞ പത്രോസും (മത്താ 16:16-18) ഈശോയെ കര്‍ത്താവും ദൈവവുമായി ഏറ്റുപറഞ്ഞ തോമാശ്ലീഹായും അപ്പസ്തോലിക വിശ്വാസത്തിന്‍റെ അന്തസ്സത്തയാണ് വെളിപ്പെടുത്തുന്നത്."ദൈവപുത്രന്‍" എന്ന അഭിധാനം യേശുക്രിസ്തുവിനു തന്‍റെ പിതാവായ ദൈവത്തോടുള്ള അനന്യവും സനാതനവുമായ ബന്ധത്തെയാണു സൂചിപ്പിക്കുന്നത്: "അവിടുന്നു പിതാവിന്‍റെ ഏക പുത്രനാകുന്നു" (യോഹ 1:14; 18; 3:16-18); അവിടുന്നു ദൈവം തന്നെയാകുന്നു (യോഹ 1:1). ക്രിസ്ത്യാനിയായിരിക്കാന്‍ ഒരുവന്‍ യേശു ദൈവപുത്രനാണെന്നു വിശ്വസിക്കേണ്ടതുണ്ട് (അപ്പ 8:37-1; 1 ഉല്‍പ 2:23).
3. "കര്‍ത്താവ്" എന്ന അഭിധാനം ദൈവികമായ പരമാധികാരത്തെ സൂചിപ്പിക്കുന്നു. യേശുവിനെ കര്‍ത്താവായി ഏറ്റുപറയുകയോ വിളിച്ചപേക്ഷിക്കുകയോ ചെയ്യുന്നത് അവിടുത്തെ ദൈവത്വത്തില്‍ വിശ്വസിക്കുന്നതിന്‍റെ അടയാളമാണ്. "യേശു, കര്‍ത്താവാണെന്നു പറയാന്‍ പരിശുദ്ധാത്മാവു മുഖേനയല്ലാതെ ആര്‍ക്കും സാധിക്കുകയില്ല" (കോറി 12:3).
4. "ഈശോ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി" എന്നതാണ് വിശ്വാസപ്രമാണത്തിലെ അടുത്ത പ്രമേയം. സൃഷ്ടിവിവരണത്തില്‍ രൂപരഹിതവും ശൂന്യവുമായ ആഴങ്ങള്‍ക്കുമീതേ ചലിച്ച് (ഉല്‍പ 1:2) സൃഷ്ടി നടത്തിയത് ദൈവത്തിന്‍റെ ആത്മാവായിരുന്നു. പാപത്തിലാണ്ടുപോയ പ്രസ്തുത സൃഷ്ടപ്രപഞ്ചത്തെ വീണ്ടെടുക്കാനുള്ള പുതിയ സൃഷ്ടിയുടെ തുടക്കം പരിശുദ്ധാത്മാവ് ആരംഭിക്കുന്നത് മറിയത്തിന്‍റെ ഉദരത്തിലാണ്. നിത്യതയില്‍ പിതാവില്‍നിന്നു ജനിച്ച പുത്രന് പിറക്കാന്‍ മറിയത്തിന്‍റെ ഉദരത്തെ പവിത്രീകരിക്കുന്ന ധര്‍മ്മമാണ് പരിശുദ്ധാത്മാവ് നിര്‍വ്വഹിക്കുന്നത്. നിത്യനായ പുത്രന്‍ സൃഷ്ടിക്കപ്പെടേണ്ടവനായിരുന്നില്ല. അതിനാല്‍ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്തെ "മറിയത്തില്‍ നിന്നെടുക്കപ്പെട്ട മനുഷ്യപ്രകൃതിയില്‍ പിതാവിന്‍റെ നിത്യസുതനെ ഗര്‍ഭം ധരിക്കുവാന്‍ മറിയത്തെ സജ്ജമാക്കുന്ന" ദൗത്യമായിട്ടാണ് മനസ്സിലാക്കേണ്ടത്. അമ്മയുടെ ഉദരത്തില്‍ സാധാരണ മനുഷ്യശിശുക്കള്‍ "സൃഷ്ടിക്കപ്പെടുന്നതുപോലെയുള്ള" ഒരു പ്രവര്‍ത്തനമായിരുന്നില്ല മറിയത്തില്‍ പരിശുദ്ധാത്മാവ് നടത്തിയത് എന്ന് ഇതിനാല്‍ വ്യക്തമാണ്.
5. വചനം മാംസമായി (യോഹ 1:14) എന്ന പ്രഖ്യാപനത്തിലൂടെയാണ് യോഹന്നാന്‍ മനുഷ്യാവതാര രഹസ്യം അവതരിപ്പിക്കുന്നത്. മനുഷ്യാവതാര കീര്‍ത്തനങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന രണ്ടു ഗീതങ്ങള്‍ പുതിയ നിയമത്തിലുണ്ട് (ഫിലി 2:5-8; ഹെബ്രാ 10:5-7). ഈശോ ശരീരം സ്വീകരിച്ച് മനുഷ്യനായിപ്പിറന്നു എന്നു പറയുന്ന ഏതൊരാത്മാവും ദൈവത്തില്‍ നിന്നാണ് എന്ന പ്രഖ്യാപനത്തിലൂടെ (1 യോഹ 4:2) മനുഷ്യാവതാരത്തെ ക്രിസ്തീയ വിശ്വാസത്തിന്‍റെ അടിസ്ഥാന മാനദണ്ഡമായി അപ്പസ്തോലന്‍ പ്രഖ്യാപിക്കുകയാണ്. ഈശോയുടെ മനുഷ്യാവതാരത്തിന്‍റെ നാലു ലക്ഷ്യങ്ങള്‍ താഴെപ്പറയുന്നവയാണ്:ദൈവത്തിന്‍റെ സ്നേഹം വെളിപ്പെടുത്താന്‍ (യോഹ 3:16; 1 യോഹ 4:9), പാപത്തില്‍നിന്നു രക്ഷിച്ച് നമ്മെ ദൈവവുമായി അനു രഞ്ജിപ്പിക്കാന്‍ (1 യോഹ 4:10)., മനുഷ്യകുലത്തിന് നന്മയുടെയും വിശുദ്ധിയുടെയും മാതൃക കാണിച്ചുതരാന്‍ (മത്താ 11:29; യോഹ 14:6)., ദൈവപ്രകൃതിയില്‍ പങ്കാളിത്തം തന്ന് നമ്മെ ദൈവമക്കളാക്കാന്‍ (2 പത്രോ 1:4).
Incarnation of Christ meaning of name Jesus Jesus son of God Jesus as the Lord conceived by the holy spirit Jesus the word made flesh മനുഷ്യാവതാരം Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206