We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Jacob Parappally MSFS On 29-May-2021
ക്രിസ്ത്വാനുഭവത്തില്‍നിന്നും ഉരുത്തിരിഞ്ഞ ജീവവചനങ്ങളാണല്ലോ സുവിശേഷങ്ങള്‍. അപ്പസ്തോലന്‍മാര്‍ അനുഭവിച്ചറിഞ്ഞ നിതാന്തസത്യത്തിന്‍റെ നുറുങ്ങുവെട്ടങ്ങള്‍ മാത്രമാണ് അവയെന്ന് പറയാം. അന്നത്തെ ഭാഷയുടേയും സംസ്ക്കാരത്തിന്‍റെയും മാത്രമല്ല, തങ്ങള്‍ ആര്‍ക്കുവേണ്ടി യേശുവെന്ന സത്യത്തെ പ്രഘോഷിച്ചുവോ അവരുടെ ചിന്താസരണികളുടെയും ജീവിതസാഹചര്യങ്ങളുടെയും ഊടും പാവും ഏറ്റുവാങ്ങി വളരെ തന്മയത്വത്തോടെ നെയ്തെടുത്തതാണ് സുവിശേഷങ്ങള്‍. ക്രിസ്തുവെന്ന മഹാരഹസ്യത്തെ ചിന്തയിലും ഭാഷയിലും സംസ്ക്കാരത്തിലും ഒരിക്കലും ഒതുക്കാനാവില്ലെന്നും അവര്‍ പങ്കുവയ്ക്കുന്ന അനുഭവങ്ങള്‍ ദൈവം മാനവരക്ഷയ്ക്കുവേണ്ടി മനുഷ്യനായിത്തീര്‍ന്നുവെന്ന സദ്വാര്‍ത്തയുടെ ഒരു ഭ്രമിക മാത്രമാണെന്നും അവര്‍ക്ക് അറിയാമായിരുന്നു. യഹൂദവിശ്വാസത്തിന്‍റെയും സംസ്ക്കാരത്തിന്‍റെയും ഉള്ളില്‍ നിന്നുകൊണ്ട് മാത്രമേ അപ്പസ്തോലന്‍മാര്‍ക്ക് തങ്ങളുടെ ജീവിതത്തെയും വിശ്വാസത്തെയും തകിടംമറിച്ച ക്രിസ്താനുഭവം വര്‍ണ്ണിക്കാന്‍ സാധിക്കുമായിരുന്നുള്ളു. എന്നാല്‍ സുവിശേഷം ഗ്രീക്കുകാരുടെയും റോമാക്കാരുടെയും ഭാഷയിലൂടെയും സംസ്ക്കാരത്തിലൂടെയും ആവിഷ്ക്കരിക്കേണ്ടി വന്നപ്പോള്‍ അതിന് കൂടുതല്‍ ആഴമേറിയതും വിശാലവുമായ ചിന്താസരണികളും പദസമ്പത്തും വേണ്ടിവന്നു. അതുപോലെതന്നെ, സുവിശേഷങ്ങളിലെ ക്രിസ്തുരഹസ്യത്തിന്‍റെ അര്‍ത്ഥതലങ്ങള്‍ വിശദീകരിക്കേണ്ടിയുമിരുന്നു. കാരണം, അടിസ്ഥാനപരമായ വിശ്വാസരഹസ്യങ്ങളുടെ ആവിഷ്ക്കരണത്തില്‍ ഒട്ടേറെ അവ്യക്തതയുണ്ടായിരുന്നു. യേശു മനുഷ്യന്‍ മാത്രമോ, അതോ ദൈവം മാത്രമോ? അവിടുന്ന് ദൈവവും മനുഷ്യനുമെങ്കില്‍ ഒരേ സമയത്ത് യേശുവിന് എങ്ങനെ ദൈവവും മനുഷ്യനുമായിരിക്കുവാന്‍ കഴിയും? എന്നിങ്ങനെ, ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നു.
ക്രിസ്തുവിന്‍റെ സഭയില്‍ ഗ്രീക്കുകാര്‍ പ്രവേശിച്ചതോടെ ഗ്രീക്കുചിന്തയിലൂടെയും ഭാഷയിലൂടെയും ക്രിസ്തുരഹസ്യത്തിന്‍റെ മര്‍മ്മങ്ങളെ യഹൂദ ചിന്തയ്ക്കതീതമായി മനസ്സിലാക്കുവാനും ദൈവ-മനുഷ്യ കൂട്ടായ്മയുടെ പുതിയ അര്‍ത്ഥതലങ്ങളും ക്രിസ്തുവെന്ന ദൈവപുത്രന്‍റെ വ്യക്തിത്വത്തിന്‍റെ ആഴവും അനുഭവിക്കുവാന്‍ അത് വഴിയൊരുക്കി. സാധാരണക്കാരും പാവപ്പെട്ടവരുമായ യഹൂദരുടെ മതമായിരുന്ന ക്രിസ്തുമാര്‍ഗ്ഗം അഭ്യസ്തവിദ്യരായ ഗ്രീക്കുകാരുമായുള്ള വിശ്വാസസംവാദത്തിന് ഗ്രീക്ക് ചിന്തയിലെ ചില പദങ്ങള്‍ ഉപയോഗിച്ചു. പുതിയനിയമത്തില്‍തന്നെ ഇത് വ്യക്തമാണ്. വി. യോഹന്നാന്‍റെ സുവിശേഷത്തിലെ ലോഗോസും, വി. പൗലോസിന്‍റെ ലേഖനങ്ങള്‍ ഉപയോഗിക്കുന്ന ഗ്രീക്ക് തത്ത്വചിന്താശകലങ്ങളും ഈ സംവാദത്തിന്‍റെ ചില ഉദാഹരണങ്ങളാണ്. ഇതില്‍നിന്നു ഒരു കാര്യം നമുക്ക് മനസ്സിലാക്കാം. ഒരു ഭാഷയ്ക്കും സംസ്ക്കാരത്തിനും ക്രിസ്തുരഹസ്യത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനോ അതിനെ അവതരിപ്പിക്കാനോ സാധിക്കുകയില്ല. സുവിശേഷത്തെ ആധാരമാക്കി ഓരോ സംസ്ക്കാരവും ചിന്തയും ഭാഷയും ക്രിസ്തുരഹസ്യത്തെ മനസ്സിലാക്കുകയും തങ്ങളുടെ തന്നെ അനന്യവും, മൗലികവുമായ വിധത്തില്‍ അതു പ്രഘോഷിക്കുകയും വേണം. ഭാരതത്തില്‍ ക്രിസ്തുവിജ്ഞാനീയത്തിന്‍റെ നാമ്പുകള്‍ മുളയ്ക്കാനും കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളിലൂടെ അതു വളരാനും കാരണമിതാണ്.
വി. തോമാശ്ലീഹാ ഭാരതത്തില്‍ വിശ്വാസത്തിന്‍റെ വിത്ത് പാകി മുളപ്പിച്ചെങ്കിലും 16-ാം നൂറ്റാണ്ടുവരെ അതിനു വളര്‍ച്ചയുണ്ടായിരുന്നില്ലെന്ന് കാണാം. അതിന്‍റെ കാരണങ്ങള്‍ വ്യക്തമാണ്. നമ്മുടെ പൂര്‍വ്വികര്‍ അവര്‍ക്കു ലഭിച്ച വിശ്വാസത്തിന്‍റെ അനന്യതയെ കാത്തുസുക്ഷിക്കാനുള്ള വ്യഗ്രതയില്‍ ഭാരതസംസ്ക്കാരത്തിലും ചിന്തയിലും അനന്തകാരുണികനായ ദൈവം ഉദിപ്പിച്ച സത്യപ്രകാശരേണുക്കളും ആത്മീയോര്‍ജ്ജവും തത്ത്വദര്‍ശനപാരമ്പര്യവും കാണാതെപോയെന്നു വേണം കരുതുവാന്‍. ക്രിസ്തുവിലൂടെ വെളിപ്പെടുത്തിയ മഹാരഹസ്യത്തിന്‍റെ ഉള്‍പ്പൊരുളുകള്‍ അല്പംകൂടി ആഴത്തില്‍ മനസ്സിലാക്കാനും ക്രൈസ്തവരെ അത് ഗ്രഹിപ്പിക്കാനും അവ ഉപകരിക്കുമെന്ന് അവര്‍ ചിന്തിച്ചിരുന്നില്ലായിരിക്കാം. എന്നാല്‍ 16-ാം നൂറ്റാണ്ടു മുതല്‍ ഭാരതത്തിലെത്തിയ പാശ്ചാത്യമിഷനറിമാരില്‍ ചിലരാണ് ഭാരതത്തിന്‍റെ ആത്മീയപാരമ്പര്യത്തിലും ഭാരതീയ ദര്‍ശനത്തിലും ക്രിസ്തുരഹസ്യത്തിന്‍റെ ആഴം മനസ്സിലാക്കാനും ക്രിസ്ത്വനുഭവം പങ്കുവക്കുവാനുമുള്ള ഉപാധികളുണ്ടെന്ന് കണ്ടുപിടിച്ചത്. ഭാരത സംസ്കൃതിയോടും ദര്‍ശനധാരകളോടുമുള്ള അവരുടെ സമീപനങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടവരാണ് ഭാരതത്തില്‍ ക്രിസ്തുവിജ്ഞാനീയത്തിന്‍റെ വളര്‍ച്ചക്കുവേണ്ടി പരിശ്രമിച്ചവരും, പരിശ്രമിക്കുന്നവരും. 17-ാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ഭാരതത്തിലെത്തിയ റോബെര്‍ത്തോ ഡി നോബിലിയാണ് ക്രിസ്ത്വാനുഭവം ഭാരതീയര്‍ക്ക് യഥാര്‍ത്ഥത്തില്‍ പങ്കുവയ്ക്കണമെങ്കില്‍ അവരുടെ ഭാഷയിലൂടെയും ചിന്തയിലൂടെയും മാത്രമേ സാധിക്കുകയുള്ളുവെന്ന് ആദ്യമായി മനസ്സിലാക്കിയതും അതിനുവേണ്ടി പ്രയത്നിച്ചതും. ഒരു ഹൈന്ദവ സന്ന്യാസിയുംടെ ജീവിതശൈലിയും വേഷവും സ്വീകരിച്ച അദ്ദേഹം ക്രൈസ്തവ വിശ്വാസസത്യങ്ങള്‍ തമിഴിലും സംസ്കൃതത്തിലും ആവിഷ്കരിക്കുവാനും ശ്രമിച്ചു.
17-ാം നൂറ്റാണ്ടിനും 19-ാം നൂറ്റാണ്ടിനുമിടയില്‍ ഭാരതത്തില്‍ സുവിശേഷ പ്രഘോഷണം നടത്തിയ പ്രോട്ടസ്റ്റന്‍റ് മിഷനറിമാര്‍ ബൈബിള്‍ പ്രാദേശികഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യുകയും ലഘുലേഖകളിലൂടെ ക്രൈസ്തവവിശ്വാസം പ്രചരിപ്പിക്കുകയും ചെയ്തത് ക്രിസ്തുവിജ്ഞാനീയം ഭാരതത്തില്‍ നാമ്പെടുക്കുവാന്‍ സഹായിച്ചു.
19-ാം നൂറ്റാണ്ടില്‍ ഭാരതീയപശ്ചാതലത്തില്‍ ക്രിസ്തുവെന്ന മഹാരഹസ്യത്തെ ഭാരതീയദര്‍ശനത്തില്‍ വ്യാഖ്യാനിക്കുവാന്‍ ശ്രമിച്ചത് മിഷനറിമാരായിരുന്നില്ല. പിന്നെയോ, ഹിന്ദുനവോത്ഥനത്തിന് നേതൃത്വം നല്കിയ സാമുഹിക പരിഷ്ക്കര്‍ത്താക്കളായിരുന്നുവെന്നത് നമ്മെ അത്ഭുതപ്പെടുത്തിയേക്കാം. ക്രിസ്തുവിനെ സ്വീകരിക്കുകയും ക്രൈസ്തവമതത്തെ തിരസ്ക്കരിക്കുകയും ചെയ്തവരായിരുന്നു അവരില്‍ പലരും. ബ്രഹ്മസമാജത്തിന്‍റെ സ്ഥാപകനും, സാമുഹ്യപരിഷ്കര്‍ത്താവുമായ രാജാറാം മോഹന്‍ റോയിയാണ് യേശുവിന്‍റെ ധാര്‍മ്മികചിന്തകളും ഉപദേശങ്ങളും ഭാരതീയരെ അവരുടെ അന്ധവിശ്വാസങ്ങളില്‍നിന്നും അനാചാരങ്ങളില്‍നിന്നും വിമുക്തമാക്കാന്‍ പ്രാപ്തിയുള്ളവയെന്ന് ആദ്യമായി പ്രഖ്യാപിക്കുകയും യേശുവിനെ ധാര്‍മ്മികഗുരുവായി അംഗീകരിക്കുകയും ചെയ്തത്. കടുത്ത ഏകദൈവവിശ്വാസിയായിരുന്ന അദ്ദേഹത്തിന് ക്രിസ്തു ദൈവമാണെന്ന് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. ക്രിസ്തു ദൈവപുത്രനാണെന്നും, മിശിഹായാണെന്നും പ്രകാശമാണെന്നും സമ്മതിക്കുമ്പോള്‍ തന്നെയും ഈ സംജ്ഞകള്‍കൊണ്ട് ക്രൈസ്തവവിശ്വാസം എന്തുദ്ദേശിക്കുന്നുവോ അത് അംഗീകരിക്കുവാന്‍ റോയ് തയ്യാറായിരുന്നില്ല. അതുപോലെതന്നെ ത്രീയേകദൈവത്തിലുള്ള വിശ്വാസവും കുരിശുമരണത്തിലൂടെയുള്ള രക്ഷയുമെല്ലാം റോയിയുടെ യുക്തിചിന്തയ്ക്ക് അതീതമായിരുന്നു. അതുകൊണ്ടുതന്നെ അതെല്ലാം റോയ് നിരാകരിച്ചു. ഏകദൈവത്തിലുള്ള വിശ്വാസത്തിന് കോട്ടംവരാതിരിക്കാന്‍ ക്രിസ്തുവെന്ന വചനത്തെ സര്‍വ്വസൃഷ്ടികള്‍ക്കുമതീതനായ ഒരു സൃഷ്ടി മാത്രമാണെന്നു വാദിച്ച ആരിയൂസിന്‍റെ അബദ്ധസിദ്ധാന്തത്തില്‍ നിന്നും വളരെയകലെയല്ലായിരുന്നു റോയിയുടെ ക്രിസ്തുദര്‍ശനവും.
1. ക്രിസ്തു സനാതനവേദത്തിന്‍റെ പൊരുള്‍
രാജറാം മോഹന്‍ റോയിയുടെ ശിഷ്യനായിരുന്ന കേശവചന്ദ്ര സെന്‍ (1838-1884) തന്‍റെ ഗുരുവില്‍ നിന്നു വ്യത്യസ്തമായ ഒരു ക്രിസ്തുദര്‍ശനത്തിനു രൂപം കൊടുത്തു. ഒരു സഭയുടെയും അംഗമായിത്തീരാതെതന്നെ ക്രിസ്തുവിനെ അദ്ദേഹം തന്‍റെ രക്ഷകനും നാഥനുമായി സ്വീകരിച്ചു.
ഗ്രീക്ക് തത്ത്വചിന്തയിലൂടെ ക്രിസ്തുരഹസ്യത്തെ ആവിഷ്ക്കരിക്കുവാന്‍ യോഹന്നാനും പൗലോസിനും അതുപോലെ ജെസ്റ്റിന്‍, ഐറേനിയൂസ്, തെര്‍ത്തുല്യന്‍, ഒരിജന്‍, അലക്സാണ്ട്രിയായിലെ ക്ലമന്‍റ് തുടങ്ങിയ സഭാപിതാക്കന്‍മാര്‍ക്കും സാധിച്ചെങ്കില്‍ ക്രിസ്തുരഹസ്യം ഭാരതീയ ചിന്തയിലൂടെയും അവതരിപ്പിക്കാമെന്ന് സെന്‍ ദൃഢമായി വിശ്വസിക്കുകയും അതിനായി അക്ഷീണം പരിശ്രമിക്കുകയും ചെയ്തു.
എഷ്യക്കാരനായി ജനിച്ച ദൈവപുത്രനെ പാശ്ചാത്യവത്ക്കരിച്ച് ഭാരതത്തിന് അന്യനാക്കിമാറ്റിയ ക്രിസ്തുവിജ്ഞാനീയത്തെ കെ. സി. സെന്നിന് ഉള്‍ക്കൊള്ളാനായില്ല. "എല്ലാ ബ്രാഹ്മണനിലും പുണ്യനദിയായ ഗംഗയുടെ തീരത്ത് വിശ്വസ്തതയോടെ വേദങ്ങളെ മനനം ചെയ്യുന്ന ഓരോ വ്യക്തിയിലും ദൈവപുത്രനായ ക്രിസ്തു വസിക്കുന്നുണ്ട്. ആ വിശുദ്ധവചനം, സനാതനമായ ആ വേദം നമ്മില്‍ എല്ലാവരിലുമുണ്ട്. നിങ്ങളുടെ മനസ്സിന്‍റെ ഉള്ളറകളിലേക്ക് ഒന്നു കടന്നു ചെല്ലൂ, അവിടെ നിങ്ങള്‍ക്ക് ആ തിരുവചനത്തിന്‍റെ പാവനസാന്നിദ്ധ്യം കണ്ടെത്താം"[1] എന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു.
ക്രിസ്തുവെന്ന വചനത്തിന് ഒരു ഭാരതീയഭാഷ്യം നല്‍കാനുള്ള അദ്ദേഹത്തിന്‍റെ ഉദ്യമത്തിന്‍റെ ഭാഗമായിട്ടുവേണം പരിശുദ്ധ ത്രിത്വത്തെ 'സത്- ചിത്- ആനന്ദം' എന്ന് ദര്‍ശിക്കുവാനും ദൈവപുത്രന്‍ "ചിത്താ"ണെന്ന് പ്രഖ്യാപിക്കുവാനും അദ്ദേഹത്തെ പ്രേരിപ്പിച്ചത്. കെ. സി. സെന്നിന്‍റെ ത്രിത്വദര്‍ശനത്തില്‍ പഴയനിയമത്തിലൂടെ വെളിപ്പെടുത്തിയ പിതാവായ ദൈവമാണ് ബ്രഹ്മം എന്ന സത്. സൃഷ്ടികര്‍ത്താവായ ആ പിതാവിന്‍റെ ചിത്തമാണ് വചനമായ പുത്രന്‍. എല്ലാം പവിത്രീകരിക്കുന്ന പരിശുദ്ധാത്മാവാണ് ആനന്ദം. പിതാവില്‍ മറഞ്ഞിരിക്കുന്ന ചിത്തം സൃഷ്ടികര്‍മ്മത്തില്‍ വചനമായി വെളിപ്പെടുന്നു. പിതാവ് തന്‍റെ വചനം കൊണ്ടാണല്ലോ എല്ലാം സൃഷ്ടിച്ചത്. യോഹന്നാന്‍റെ സുവിശേഷത്തിലെ ക്രിസ്തുവെന്ന "ലോഗോസാ"ണ് വേദാന്തത്തിലെ "ചിത്ത്".
ക്രിസ്തു പരിണാമത്തിന്‍റെ പൂര്‍ത്തീകരണമാണെന്നും സെന്‍ വാദിച്ചു. തന്‍റെ ശാസ്ത്രീയപഠനങ്ങളിലൂടെയും ക്രിസ്തു-പരിണാമത്തിന്‍റെ പൂര്‍ത്തീകരണമെന്ന് തെയ്യാര്‍ദ് ഷര്‍ദാന്‍ സ്ഥാപിക്കുന്നതിന് അരനൂറ്റാണ്ടു മുന്‍പേതന്നെ കേശവചന്ദ്ര സെന്‍ സമര്‍ത്ഥിച്ചിരുന്നു. എല്ലാറ്റിലും എല്ലാവരിലും മറഞ്ഞിരിക്കുന്ന ദിവ്യസാന്നിദ്ധ്യമാണ് ക്രിസ്തുവെന്നും അവിടുന്ന് തന്നെയാണ് പരിണാമത്തിന്‍റെ പൂര്‍ത്തീകരണമെന്നുമുള്ള സെന്നിന്‍റെ നിഗനമങ്ങള്‍ ഭാരതീയക്രിസ്തുവിജ്ഞാനിയത്തിന്‍റെ വളര്‍ച്ചയെ വളരെയേറെ സഹായിച്ചു. കൂടാതെ യഹൂദ-യവന ചിന്തയുടെ വന്മതില്‍കോട്ടയില്‍നിന്നും ക്രിസ്തുവിജ്ഞാനീയത്തിന് വിമോചനവും സാധ്യമായി.
കേശവചന്ദ്ര സെന്നിന്‍റെ ക്രിസ്തുവിജ്ഞാനീയ ചിന്തകള്‍ ബൈബിളിലൂടെ വെളിപ്പെടുത്തിയ ക്രിസ്തുരഹസ്യത്തിന്‍റെ അന്തഃസത്തയെ ഭാരതീയ തത്ത്വചിന്തയിലും സംസ്കാരത്തിലും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു ക്രിസ്തുദര്‍ശനമാണ്. ഒരു വിധത്തില്‍ "മിസ്റ്റിക്കല്‍" എന്നു വിശേഷിപ്പിക്കാവുന്ന ഒരു ബന്ധം സെന്നിന് ക്രിസ്തുവുമായിട്ടുണ്ടായിരുന്നു. ആഴമേറിയ ആ ആത്മീയ ബന്ധത്തില്‍നിന്നും ഉരിത്തിരിഞ്ഞതായിരുന്നു സെന്നിന്‍റെ ക്രിസ്തുവിജ്ഞാനീയം. സെന്‍ തെളിയിച്ച പാതയിലൂടെ ബഹുദൂരം മുന്നോട്ടു പോയത് സെന്നിന്‍റെ അനുയായിരുന്ന ബ്രഹ്മബന്ധാവ് ഉപാധ്യായയാണ്.
2. ഉപാധ്യായയുടെ ക്രിസ്തുദര്‍ശനം
ഭാരതീയ ക്രൈസ്തവദൈവശാസ്ത്രത്തിന്‍റെ പിതാവെന്നു വിളിക്കപ്പെടുന്ന ബ്രഹ്മബാന്ധവ് ഉപാധ്യായയാണ് (1861-1907) ഭാരതീയ ക്രിസ്തുവിജ്ഞാനീയത്തിന്‍റെ അടിസ്ഥാനതത്ത്വങ്ങളും പുതിയ തലങ്ങളും ആദ്യമായി അവതരിപ്പിച്ചത്. സഭാപിതാക്കന്മാരും തോമസ് അക്വിനാസും മറ്റുള്ളവരും ഗ്രീക്കുചിന്തയെ ക്രിസ്തുരഹസ്യത്തിന്‍റെ പ്രഘോഷണത്തിന് ഉപയോഗിച്ചതുപോലെ, ഭാരതീയതത്ത്വചിന്തയിലൂടെ ഭാരതത്തില്‍ ക്രിസ്തുവിനെ അവതരിപ്പിക്കാന്‍ സാദ്ധ്യമാണെന്ന് ദൃഢമായി വിശ്വസിക്കുകയും തന്‍റെ ക്രിസ്തുവിജ്ഞാനീയപഠനങ്ങളിലൂടെ തെളിയിക്കുകയും ചെയ്ത തികഞ്ഞ ദൈവശാസ്ത്രപണ്ഡിതനും ആദ്ധ്യാത്മിക ഗുരുവര്യനുമായിരുന്നു അദ്ദേഹം. "സമാജധര്‍മ്മം" അനുസരിച്ച് താനൊരു ഹിന്ദുവാണെങ്കിലും "സാധനാധര്‍മ്മ"മനുസരിച്ച് താനൊരു കത്തോലിക്കാസഭാവിശ്വാസിയാണെന്നു അദ്ദേഹം പ്രഖ്യാപിച്ചു.
തന്‍റെ ദൈവശാസ്ത്രപഠനങ്ങളുടെ ആരംഭകാലത്ത് രാമാനുജന്‍റെ വിശിഷ്ടാദ്വൈതചിന്തയാണ് ക്രിസ്ത്വനുഭവത്തെ അവതരിപ്പിക്കാന്‍ സഹായകരമായതെന്ന് അദ്ദേഹം കരുതിയെങ്കിലും പിന്നിട് ശങ്കരാചാര്യരുടെ അദ്വൈതചിന്തയാണ് ക്രിസ്തുരഹസ്യത്തിന്‍റെ പാരമ്യതയ്ക്ക് കോട്ടം തട്ടാതെ ഭാരതീയപശ്ചാത്തലത്തില്‍ അതിനെ ആവിഷ്കരിക്കുവാന്‍ അനുയോജ്യമായതെന്ന നിഗമനത്തില്‍ അദ്ദേഹം എത്തിച്ചേര്‍ന്നു. 'സച്ചിദാനന്ദ'മായ ത്രിയേകദൈവത്തിലെ 'ചിത്താ'ണ് ക്രിസ്തുവെന്ന ദര്‍ശനം ഉപാധ്യായ അദ്വൈതചിന്തയുടെ വീക്ഷണത്തിലൂടെ പുനഃരാവിഷ്കരിക്കുകയും ഭാരതീയക്രിസ്തുവിജ്ഞാനീയത്തിന്‍റെ അടിസ്ഥാനപ്രമാണമായി അതിനെ വികസിപ്പിച്ചെടുക്കുകയും ചെയ്തു. ബ്രഹ്മന്‍, സത്-ചിത്- ആനന്ദമാണെന്നുള്ള ദര്‍ശനം പ്രകൃതിതലത്തില്‍ മനുഷ്യബുദ്ധിയുടെ പാരമ്യമാണെങ്കില്‍ ദൈവം - പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്ന ത്രിയേകമാണെന്നുള്ളത് ദൈവികവെളിപാടിന്‍റെ പാരമ്യമായി അദ്ദേഹം കണ്ടു.
സഭയുടെ ത്രിയേകദൈവത്തിലുള്ള വിശ്വാസവും, ബ്രഹ്മന്‍ 'സച്ചിദാനന്ദ'മാണെന്ന വേദാന്തദര്‍ശനവും സമന്വയിപ്പിച്ചാണ് ഉപാധ്യായ തന്‍റെ ക്രിസ്തുവിജ്ഞാനീയം രൂപപ്പെടുത്തിയത്. നിത്യവചനമായ ക്രിസ്തു പിതാവിന്‍റെ ചിത്തമാണെന്നും അവബോധമാണെന്നും ദിവ്യജ്ഞാനമാണെന്നും അതുപോലെതന്നെ, ബ്രഹ്മപരാത്പര രൂപമാണെന്നും ഉപാധ്യായ സമര്‍ത്ഥിച്ചു. ദൈവസ്വഭാവവും മനുഷ്യസ്വഭാവവുമുള്ള ഒരേ ഒരു ആളാണ് ക്രിസ്തുവെന്നുള്ള കാല്‍സിഡോണ്‍ കൗണ്‍സിലിന്‍റെ വിശ്വാസപ്രഖ്യാപനം ഗ്രീക്കുചിന്തയിലൂടെയാണല്ലോ ആവിഷ്കരിച്ചിരിക്കുന്നത്. ഈ അടിസ്ഥാനവിശ്വാസസത്യം യാതൊരു മാറ്റവുമില്ലാതെ ഏറ്റു പറയാമെങ്കിലും അതിന്‍റെ യഥാര്‍ത്ഥത്തിലുള്ള അര്‍ത്ഥം ഭാരതീയര്‍ക്കു മനസ്സിലാകണമെങ്കില്‍ അത് ഭാരതീയ ദര്‍ശനത്തിന്‍റെ മൂശയിലിട്ട് ഉടച്ചു വാര്‍ക്കണമെന്ന് അദ്ദേഹം വിശ്വസിച്ചു.
2.1 ക്രിസ്തു: നര-ഹരി
യേശുവിന്‍റെ ദൈവത്വവും മനുഷ്യത്വവും വെളിപ്പെടുത്താനുതകുന്ന നര-ഹരിയെന്ന സംജ്ഞയാണ് ഉപാധ്യായ തന്‍റെ ക്രിസ്തുവിജ്ഞാനീയത്തിന് ഉപയോഗിക്കുന്നത്. ദൈവസ്വഭാവവും, മനുഷ്യസ്വഭാവവുമുള്ള ഒരേയോരു ആളാണ് ക്രിസ്തുവെന്നു വ്യക്തമാക്കുവാന്‍ സഭ ഗ്രീക്കു തത്ത്വചിന്തയുടെ സഹായമാണ് തേടുന്നത്. "വേദാന്ത ചിന്തയനുസരിച്ച് മനുഷ്യത്വത്തിന് അല്ലെങ്കില്‍ മനുഷ്യപ്രകൃതിക്ക് അഞ്ചു കോശങ്ങളുണ്ട്. അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാനമയം, ആനന്ദമയം. ഈ അഞ്ചു കോശങ്ങളുടെയും നിയന്താവായിരിക്കുന്നത് സ്വയം അറിയുന്ന 'അഹം പ്രത്യായി' എന്ന വ്യക്തിത്വമാണ്. എല്ലാവരുടെയും ജീവന്‍റെയും പ്രകാശത്തിന്‍റെയും സ്രോതസ്സായി വസിക്കുന്ന അനന്തജ്ഞാനമായ കുടസ്ഥചൈതന്യത്തിന്‍റെ ഒരു കണികയാണ് സ്വയം അറിയുന്ന ജീവചൈതന്യം. കാലത്തിന്‍റെ മണിമുറ്റത്തവതരിച്ച ദിവ്യത്വത്തിന്, ഈ അഞ്ചു കോശങ്ങളുണ്ട്. എന്നാല്‍, ഇവയുടെ നിയന്താവ് സൃഷ്ടിക്കപ്പെട്ട 'അഹം' അല്ല. പിന്നെയോ, വചനമെന്ന ആളത്വമാണ്. നര-ഹരിയില്‍ അഞ്ചു കോശങ്ങളെയും നിയന്ത്രിക്കുന്നത് വചനമായ ദൈവമാണ്, അല്ലാതെ തനതായ ഒരു അഹമല്ല."[2]
യേശു നമ്മെപ്പോലെ വിവേകവും ബുദ്ധിയുമുള്ള അമര്‍ത്യമായ മനോമയനും വിജ്ഞാനമയനും ആനന്ദമയനുമാണ്. അതുപോലെ തന്നെ, മര്‍ത്യമായ അന്നമയവും പ്രാണമയവുമുള്ളവനാണ്. എന്നാല്‍ നമ്മുടെ ഉള്ളിന്‍റെയുള്ളില്‍ ദൈവചൈതന്യത്തിന്‍റെ കിരണങ്ങള്‍ മാത്രം സ്ഥിതിചെയ്ത് നമ്മുടെ ജീവചൈതന്യത്തെ നയിക്കുമ്പോള്‍, യേശുവില്‍ വചനമാകുന്ന ദൈവം തന്നെയാണ് ജീവചൈതന്യം. മനുഷ്യനായിത്തീര്‍ന്ന ദൈവപുത്രന്‍റെ വ്യക്തിത്വമാകുന്ന ക്രിസ്തുരഹസ്യം സമഗ്രവും വ്യക്തവുമായി ഭാരതീയചിന്തയിലൂടെ അവതരിപ്പിച്ചതിലൂടെ ക്രിസ്തുരഹസ്യത്തിന്‍റെ മര്‍മ്മം ഗ്രഹിക്കാന്‍ ഗ്രീക്കുചിന്തയേക്കാളേറെ ഭാരതീയര്‍ക്ക് ഇത് പ്രയോജനപ്പെടുമെന്ന് ഉപാധ്യായ വിശ്വസിച്ചു. മാത്രമല്ല, അതുകൊണ്ടുതന്നെ ക്രിസ്തു ഒരു അവതാരപുത്രനാണെന്ന് അംഗീകരിക്കുവാന്‍ ഉപാധ്യായ തയ്യാറായിരുന്നില്ല.
അവതാരങ്ങള്‍ മായികമായ ലോകത്തില്‍ സംഭവിക്കുന്നതായിട്ടാണ് സങ്കല്പിക്കപ്പെടുന്നത്. ക്രിസ്തു അങ്ങനെയുള്ള ഒരു അവതാരമല്ല. പരബ്രഹ്മമായ ദൈവത്തിന്‍റെ മാനവീകരണമാണ് ക്രിസ്തു. യഥാര്‍ത്ഥ മനുഷ്യനായിത്തീര്‍ന്ന ദൈവത്തിന് മാത്രമേ മനുഷ്യനെ പാപത്തില്‍ നിന്നും രക്ഷിക്കാനാവൂ. വൈഷ്ണവപാരമ്പര്യത്തിലേതു പോലെയുള്ള ഒരു അവതാരത്തിന് ഇത് സാധ്യമല്ല. സഗുണബ്രഹ്മനായ ഈശ്വരനായും ക്രിസ്തുവിനെ സങ്കല്പിക്കാനാവില്ലെന്നാണ് ഉപാധ്യായുടെ നിഗമനം. കാരണം ഈശ്വരന്‍ നിര്‍ഗുണബ്രഹ്മനേക്കാള്‍ അല്പം താഴ്ന്ന നിലയിലാണത്രേ. ക്രിസ്തു ഈശ്വരനാണെങ്കില്‍ ക്രിസ്തീയവിശ്വാസത്തിന്‍റെ അടിസ്ഥാനമായ ക്രിസ്തുവെന്ന ദൈവം അത്യുന്നതനും അപരിമേയനുമായ ദൈവത്തെക്കാള്‍ താഴ്ന്നവനായ ദൈവമാണെന്ന് ഹിന്ദുക്കള്‍ കരുതുമത്രെ. അത് പരിശുദ്ധത്രിത്വത്തിലുള്ള വിശ്വാസത്തിന് ഘടകവിരുദ്ധമാവുകയും ചെയ്യും.
ഭാരതത്തില്‍ ക്രിസ്തുവിജ്ഞാനീയം വളര്‍ത്തിയെടുക്കുന്നതിന് ബ്രഹ്മബന്ധാവ് ഉപാധ്യായ നല്കിയ സേവനങ്ങള്‍ അതുല്യമാണ്. വേദോപനിഷത്തുകളിലും ഭാരതീയദര്‍ശനത്തിലും അദ്ദേഹത്തിനുണ്ടായിരുന്ന അതീവ ജ്ഞാനവും സഭാപിതാക്കന്മാരുടെ ക്രിസ്തുദര്‍ശനത്തിലും സ്കൊളാസ്റ്റിക് തത്ത്വചിന്തയിലും അദ്ദേഹത്തിനുണ്ടായിരുന്ന അഗാധപാണ്ഡിത്യവും, സംസ്കൃതം, ഗ്രീക്ക്, ലത്തീന്‍ എന്നീ വേദഭാഷാജ്ഞാനവും ഭാരതീയ സന്ന്യാസജീവിതവും ഉപാധ്യായയുടെ ക്രിസ്തുദര്‍ശനത്തിന് ഒരു പ്രത്യേകനൂതനത്വവും ആഴവും നല്‍കി. ഭാരതീയചിന്തയിലൂടെ ക്രിസ്തുവിജ്ഞാനീയം കൂടുതല്‍ വികസിപ്പിക്കാമെന്നും അതുവഴി ക്രിസ്തുവെന്ന മഹാരഹസ്യം ഭാരതീയര്‍ക്ക് കൂടുതല്‍ അനുഭവവേദ്യമാക്കാമെന്നും അദ്ദേഹം വിശ്വസിച്ചു.
ബ്രഹ്മബന്ധാവ് ഉപാധ്യായയുടെ ക്രിസ്തുവിജ്ഞാനീയത്തിന്‍റെ പ്രസക്തി ഭാരതീയ ക്രിസ്തുവിജ്ഞാനീയത്തിന്‍റെ വളര്‍ച്ചയുടെ ചരിത്രം പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാവും. ഉപാധ്യായയ്ക്ക് ശേഷം പിയേര്‍ യോഹന്‍സ് (1892-1955), യൂള്‍സ് മോന്‍ഷാനില്‍ (1895-1957), അഭിഷിക്താനന്ദ (ഹെന്‍റി ലെ സോ) (1910-1973), പി. ചെഞ്ചയ്യ (1886-1929), വി. ചക്കറൈ (1880-1958), പി.ഡി. ദേവാനന്ദന്‍ (1910-1962), അമലോര്‍ഭവദാസ് (1932-1991), റെയ്മണ്ട് പണിക്കര്‍ (1918-2011) തുടങ്ങിതവര്‍ ഈ ക്രിസ്തുദര്‍ശനത്തെ കൂടുതല്‍ വികസിപ്പിക്കാനും തങ്ങളുടേതായ പ്രത്യേകപഠനങ്ങളും ശിക്ഷണങ്ങളും സമന്വയിപ്പിക്കാനും ശ്രമിച്ചു. അതുപോലെതന്നെ പ്രോട്ടസ്റ്റന്‍റ് ദൈവശാസ്ത്രജ്ഞന്മാരായ ഏ. ജെ. എ. അപ്പസ്വാമി (1891-1975), എസ്. ജോ. സമര്‍ത്ത (1920-2001) എന്നിവരും ബ്രഹ്മബന്ധാവിനെപ്പോലെ ഭാരതീയസംസ്കാരത്തിലൂടെയും ആത്മീയപാരമ്പര്യത്തിലൂടെയും ക്രിസ്തുരഹസ്യത്തിന്‍റെ ഉള്ളറകള്‍ കണ്ടെത്താന്‍ ശ്രമിക്കുകയും അത് ക്രിസ്തുവിജ്ഞാനീയത്തിന്‍റെ വളര്‍ച്ചക്ക് ഉപയോഗപ്പെടുത്തുകയും ചെയ്തവരാണ്.
3. റെയ്മണ്ട് പണിക്കരുടെ ക്രിസ്തുദര്‍ശനം
കേശവ് ചന്ദ്രസെന്നും ഉപാധ്യായയും വെട്ടിത്തുറന്ന ക്രിസ്തുവിജ്ഞാനീയത്തിന്‍റെ ഭാരതീയപാതയെ കൂടുതല്‍ വിപുലമാക്കിയ ഭാരതീയ ദൈവശാസ്ത്രജ്ഞനും ആത്മീയഗുരുവുമാണ് റെയ്മണ്ട് പണിക്കര്‍ (1918-2011). അദ്വൈതത്തിന്‍റെ ദാര്‍ശനികവീക്ഷണവും പരിശുദ്ധത്രിത്വമെന്ന മഹാരഹസ്യത്തെക്കുറിച്ചുള്ള ആത്മീയമായ ഉള്‍ക്കാഴ്ചയും സമന്വയിപ്പിച്ച് ക്രിസ്തുരഹസ്യത്തിന്‍റെ ആഴം കൂടുതല്‍ അനുഭവവേദ്യമാക്കാമെന്ന് തന്‍റെ ദൈവശാസ്ത്രചിന്തയിലൂടെ അദ്ദേഹം തെളിയിച്ചു.
അദ്വൈതചിന്തയാണ് പണിക്കരുടെ ക്രിസ്തുവിജ്ഞാനീയത്തിന്‍റെ താത്ത്വികമായ അടിസ്ഥാനം. എന്നാല്‍ അദ്വൈതത്തിന് തന്‍റേതായ വ്യാഖ്യാനമാണ് പണിക്കര്‍ നല്കുന്നത്. ചില ഭാരതീയചിന്തകരും പാശ്ചാത്യചിന്തകരും വ്യാഖ്യാനിക്കുന്നതുപോലെ അദ്വൈതമെന്നാല്‍ ഏകത്വവാദം (Monism) അല്ലെന്ന് പണിക്കര്‍ സമര്‍ത്ഥിച്ചു. ദ്വൈതവാദത്തിന്‍റെ പിന്നിലെ താത്ത്വികദര്‍ശനം ദൈവവും ലോകവും രണ്ടാണെന്നാണല്ലോ. പണിക്കരുടെ ദര്‍ശനത്തില്‍ ദൈവവും ലോകവും രണ്ടല്ല; എന്നാല്‍ അവ ഒന്ന് അല്ലതാനും. വ്യത്യസ്തമെങ്കിലും അവ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ആ ബന്ധത്തിന്‍റെ അനന്യത അവര്‍ണ്ണനീയമാണ്. ആ ബന്ധത്തിന്‍റെ അനന്യത പരിശുദ്ധ ത്രിത്വത്തിലെ പിതാവും പുത്രനും പരിശുദ്ധാത്മാവുമായുള്ള ബന്ധംപോലെയോ ക്രിസ്തുവിലെ ദൈവസ്വഭാവവും മനുഷ്യസ്വഭാവവും തമ്മിലുള്ള ബന്ധം പോലെയോ ആണ്. പണിക്കരുടെ 'വിശ്വേശ്വരമാനവത്വം' (Cosmotheandrism) എന്ന ദര്‍ശനത്തിന്‍റെ അടിസ്ഥാനതത്ത്വമിതാണ്. ദൈവമില്ലാത്ത ഒരു മനുഷ്യനും ലോകവുമില്ല; മനുഷ്യനില്ലാത്ത ദൈവവും ലോകവുമില്ല; ലോകമില്ലാത്ത ദൈവവും മനുഷ്യനുമില്ല എന്ന ഉള്‍ക്കാഴ്ചയാണിത്.
3.1 ക്രിസ്തു: വിശ്വേശരമാനവത്വത്തിന്‍റെ പ്രതീകം
ദൈവവും മനുഷ്യനുമായുള്ള അഭേദ്യവും സനാതനവുമായ ബന്ധത്തിന്‍റെ ആവിഷ്ക്കാരമാണ് ക്രിസ്തു. റെയ്മണ്ട് പണിക്കരുടെ ദര്‍ശനത്തില്‍ ക്രിസ്തുവിലൂടെ സംഭവിച്ച ദൈവത്തിന്‍റെ മാനവീകരണം അദ്വൈതീയതയുടെ ചരിത്രത്തിലെ അനന്യമായ ആവിഷ്കാരമാണ്. അതുകൊണ്ടുതന്നെ യേശുവായ ക്രിസ്തുവിന്‍റെ ചാരിത്രിക ജീവിതത്തിന് മഹത്തരമായ പ്രാധാന്യമുണ്ടെങ്കില്‍ത്തന്നെയും അതിനുമാത്രം മുന്‍തൂക്കം നല്‍കുന്ന ക്രിസ്തുവിജ്ഞാനീയം പൂര്‍ണ്ണമല്ല. അതുപോലെതന്നെ സ്ഥലകാലപരിമിതികളുള്ള വ്യവഹാരികജീവിതം പാരമാര്‍ത്ഥികമായതിന്‍റെ ഒരംശം മാത്രമാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഭാരതീയവീക്ഷണത്തില്‍ ക്രിസ്തുവിനെ ഒരു ചരിത്രപുരുഷനായി അവതരിപ്പിക്കുന്ന ക്രിസ്തുവിജ്ഞാനീയം ആ മഹാരഹസ്യത്തിന്‍റെ അനന്തപ്രഭയ്ക്ക് മങ്ങലേല്പിക്കുന്നു. അതുമാത്രമല്ല, ക്രിസ്തു ബുദ്ധനെപ്പോലെയോ അവതാരപുരുഷനെന്നു വിശ്വസിക്കപ്പെടുന്ന കൃഷ്ണനെപ്പോലെയോ, രാമനെപ്പൊലെയോ ഒരു വ്യക്തിയായി മാത്രം കാണാന്‍ ഇടയാക്കുകയും ചെയ്യുന്നു. പാശ്ചാത്യചിന്തയില്‍ പ്രത്യേകിച്ചും ഗ്രീക്ക് ചിന്തയുടെ മൂശയില്‍ വാര്‍ത്തെടുത്ത സാര്‍വ്വത്രികസഭയുടെ ക്രിസ്തുവിജ്ഞാനീയം അത്രമാത്രം സാര്‍വ്വത്രികമല്ലെന്നും അംഗീകരിക്കേണ്ടിവരും.
ദൈവവും മനുഷ്യനും ലോകവും തമ്മിലുള്ള, വ്യത്യസ്തമെങ്കിലും, അഭേദ്യമായ ബന്ധത്തിന്‍റെ ജീവല്‍പ്രതീകമാണ് ക്രിസ്തു. ക്രിസ്തുവില്‍ ദൈവവും മനുഷ്യനും ഒന്നുചേര്‍ന്നിരിക്കുന്നു. അതുകൊണ്ടുതന്നെ വിശ്വേതരമാനവത്വത്തിന്‍റെ പ്രതീകമാണ് അവിടുന്ന്. ഈ ക്രിസ്തുവാണ് ആല്‍ഫയും ഓമേഗയും, ആദിയും അന്തവും വ്യവഹാരികമായും പരമാര്‍ത്ഥികമാതും ചാരിത്രികവും ചരിത്രത്തിനതീതമായതും. ഈ ക്രിസ്തുതന്നെയാണ് കന്യാമറിയത്തില്‍നിന്നും ജന്മമെടുത്തത്. ഈ ക്രിസ്തുതന്നെയാണ് വിശുദ്ധ കുര്‍ബ്ബാനയായി തന്നെത്തന്നെ മനുഷ്യര്‍ക്ക് നല്‍കുന്നത്. ഈ ക്രിസ്തുതന്നെയാണ് വിശക്കുന്നവനും വിശപ്പടക്കാന്‍ സഹായിക്കുന്നവനും. എവിടെയെല്ലാം രണ്ടോ മൂന്നോപേര്‍ അവിടുത്തെ നാമത്തില്‍ ഒരുമിച്ചുകൂടുന്നുവോ അവിടെയെല്ലാം അവിടുത്തെ സാന്നിദ്ധ്യമുണ്ട്. ഈ ക്രിസ്തുവില്‍ എല്ലാം ഒന്നുചേരുന്നു, സമന്വയിക്കുന്നു. ക്രിസ്തുവിലല്ലാതെ ഒന്നുമില്ല. മനുഷ്യനും എല്ലാ ജീവജാലങ്ങളും ഈ വിശ്വമാകെയും ക്രിസ്തുവിനെയാണ് പ്രദര്‍ശിപ്പിക്കുന്നത്. സര്‍വ്വവും ക്രിസ്തുവിനെ പ്രത്യക്ഷീകരിക്കുന്നു. അതുകൊണ്ട് എല്ലാം ഒരു "ക്രിസ്റ്റോഫനി"യാണ്. ക്രിസ്തുവിനെ മറ്റൊരു ചരിത്രപുരുഷനോടോ അവതാരപുരുഷനോടോ താരതമ്യപ്പെടുത്താനാവില്ല. ക്രിസ്തു താരതമ്യങ്ങള്‍ക്കതീതനാണ്. യഥാര്‍ത്ഥത്തില്‍ അവിടുന്ന് അനന്യനാണ്.
റെയ്മണ്ട് പണിക്കരുടെ ക്രിസ്തുദര്‍ശനത്തിന്‍റെ ആഴം മനസ്സിലാക്കണമെങ്കില്‍ യഥാര്‍ത്ഥ ക്രിസ്തുവിജ്ഞാനീയം ഗ്രീക്കുചിന്തയിലൂടെയും പാശ്ചാത്യവീക്ഷണത്തിലൂടെയും രൂപപ്പെടുത്തിയതു മാത്രമാണെന്നുള്ള മിഥ്യാബോധത്തില്‍നിന്നു നാം വിമുക്തരാകേണ്ടിയിരിക്കുന്നു. ക്രിസ്തുവെന്ന മഹാരഹസ്യത്തിന്‍റെ ഉള്ളറകളിലേക്ക് കടക്കാന്‍ ഭാരതീയദര്‍ശനങ്ങളിലെ ദീപനാളങ്ങള്‍ എല്ലാവരേയും സത്യത്തിലേക്കു നയിക്കുന്ന പരിശുദ്ധാത്മാവിന്‍റെ ദിവ്യദാനമാണെന്ന് തിരിച്ചറിയുവാനുള്ള വിവേകവും, അത് ശരിയായ വിധത്തില്‍ ഉപയോഗിക്കുവാനുമുള്ള പക്വതയും കൈവരിക്കണമെന്നുമാത്രം. ഭാരതത്തിലെ ക്രിസ്തുവിജ്ഞാനീയത്തിന്‍റെ വളര്‍ച്ചയ്ക്ക് റെയ്മണ്ട് പണിക്കര്‍ നല്കിയ സംഭാവനകള്‍ വളരെ പ്രശംസനീയമാണ്.
4. വിമോചകനായ യേശു
യേശുവിനെ ഭാരതീയജനതയുടെ നാനാവിധമായ അടിമത്ത്വത്തില്‍ നിന്നും വിമോചിപ്പിക്കുന്ന രക്ഷകനായി അവതരിപ്പിക്കുന്ന ക്രിസ്തുദര്‍ശനമാണ് സെബാസ്റ്റ്യന്‍ കാപ്പന്‍ എസ്. ജെ (1924-1993) യുടെത്. അദ്ദേഹത്തേപ്പോലെതന്നെ എം.എം. തോമസ്, സാമുവല്‍ രായന്‍, ജോര്‍ജ്ജ് സ്വാരെസ് പ്രഭു എന്നിവരും യേശുവിലെ പ്രവാചകന്‍ ഭാരതീയരുടെ സമഗ്രമായ വിമോചനത്തിനു ഉത്തേജനം നല്‍കുമെന്നു വിശ്വസിക്കുന്നവരാണ്. ലാറ്റിന്‍ അമേരിക്കയില്‍ ഉദയം ചെയ്ത വിമോചനദൈവശാസ്ത്രത്തിലൂടെ ക്രിസ്തുവിജ്ഞാനീയത്തിനു പുതിയ സാദ്ധ്യതകള്‍ കണ്ടെത്തിയ ജോണ്‍ സോബ്രിനോയും ലയനാര്‍ദോ ബോഫും രംഗത്തെത്തുന്നതിനു മുമ്പുതന്നെ സെബാസ്റ്റ്യന്‍ കാപ്പന്‍ തന്‍റെ Jesus and Freedom എന്ന ഗ്രന്ഥത്തിലൂടെ ഭാരതീയമായ വിമോചനദൈവശാസ്ത്രത്തിന് തുടക്കംകുറിച്ചു. സാമൂഹികമായും സാംസ്കാരികമായും സാമ്പത്തികമായും അടിമത്വത്തില്‍ കഴിയുന്ന ദരിദ്രരെയും ദളിതരെയും ഗിരിവര്‍ഗ്ഗക്കാരെയും വിമോചിപ്പിക്കുവാന്‍ പാശ്ചാത്യചിന്തയിലൂടെയും ഭാരതീയദര്‍ശനത്തിലൂടെയും കണ്ടെത്തുന്ന യേശുവിന് സാധിക്കുകയില്ലെന്നായിരുന്നു കാപ്പന്‍റെ വാദം. യേശു വിമോചകനായി ഭാരതത്തിലെ നാട്ടുപാതയിലൂടെയും ഊടുവഴികളിലൂടെയും തന്‍റെ പ്രവാചകദൗത്യവുമായി നടന്ന് മര്‍ദ്ദിതരെയും ചൂഷിതരേയും വിമോചിപ്പിക്കണമെങ്കില്‍ യേശുവിനെത്തന്നെ സ്ഥാപനങ്ങളുടെയും ആരാധനക്രമങ്ങളുടെയും വിശ്വാസപ്രമാണങ്ങളുടെയും ചട്ടക്കൂട്ടില്‍ നിന്നു വിമുക്തനാക്കേണ്ടിയിരിക്കുന്നുവെന്ന് കാപ്പന്‍ സമര്‍ത്ഥിച്ചു.
കൂടാതെ ഹൈന്ദവാചാരങ്ങളുടെ കേന്ദ്രബിന്ദുക്കളായ വിഷ്ണുവിനെയും ശിവനെയുംപോലെ യേശുവിനെ ദര്‍ശിച്ച് അവര്‍ ആരാധിക്കുന്നതുപോലെയുള്ള ക്രമങ്ങളും മതാചാരങ്ങളും അനുഷ്ഠിച്ച് യേശുവിനെ അവരെപ്പോലെയുള്ള ഒരു ദൈവമായി കരുതുന്നത് യേശുവിന്‍റെ പ്രവാചക ദൗത്യത്തിന് ഒരു വെല്ലുവിളിയായി കാപ്പന്‍ കണ്ടു. മനുഷ്യനെ യഥാര്‍ത്ഥ മനുഷ്യനാക്കി മാറ്റാനുള്ള മാര്‍ഗ്ഗങ്ങള്‍ അടയ്ക്കുകയും, ന്യൂനപക്ഷത്തിന്‍റെ സ്വാര്‍ത്ഥലാഭത്തിനുവേണ്ടി ഭൂരിപക്ഷത്തെ അടിമത്വത്തിലേക്ക് നയിക്കുകയും ചെയ്യുന്ന മായികപ്രപഞ്ചം സൃഷ്ടിക്കുന്ന മതാചാരങ്ങളെ വെല്ലുവിളിക്കുന്ന യേശുവിന്‍റെ ദൗത്യം ഭാരതത്തില്‍ പ്രാവര്‍ത്തികമാക്കണമെങ്കില്‍ ക്രിസ്തുദര്‍ശനത്തിനുതന്നെ ഒരു മാറ്റം വരേണ്ടിയിരിക്കുന്നുവെന്നാണ് കാപ്പന്‍ വാദിച്ചത്. വിമോചനത്തിന്‍റെയും മാനവികതയുടെയും സുവിശേഷം പ്രഘേഷിച്ച ബുദ്ധനും മദ്ധ്യകാലഘട്ടത്തില്‍ ഭാരതത്തില്‍ അങ്ങോളമിങ്ങോളം പരസ്പരസ്നേഹത്തിന്‍റെ സംഘഗാനം മുഴക്കിയ ഭക്തപ്രസ്ഥാനത്തിന്‍റെ മുന്‍നിരയില്‍ നിന്ന ആത്മീയഗുരുക്കന്മാരും സാമൂഹ്യപരിഷ്കര്‍ത്താക്കളുമാണ് യേശുപാരമ്പര്യത്തോട് അടുത്തു നില്‍ക്കുന്നവരെന്നാണ് കാപ്പന്‍റെ അഭിപ്രായം.
ധാര്‍മ്മികതയിലും നീതിയിലും അധിഷ്ഠിതമായ ആദ്ധ്യാത്മികതയാണ് യേശുവിന്‍റേത്. അതിലേക്ക് മനുഷ്യനെ നയിക്കാന്‍ തന്‍റെ ജീവിതം വഴി വിമോചനത്തിന്‍റെ പാത തുറന്നുകൊടുത്ത പ്രവാചകനും മനുഷ്യത്വത്തിന്‍റെ പരിപൂര്‍ണ്ണതയും അതുകൊണ്ടുതന്നെ ദൈവത്വത്തിന്‍റെ അനന്യതയും, അചിന്തനീയവും അവര്‍ണ്ണനീയവുമായ സാന്നിദ്ധ്യവുമായിരുന്നു യേശു. ദൈവസ്വഭാവവും മനുഷ്യസ്വഭാവവുമുള്ള ഒരേയൊരു വ്യക്തിയാണ് ക്രിസ്തുവെന്ന വിശ്വസപ്രമാണത്തെ വളരെ ലളിതമായി അവതരിപ്പിക്കുകയാണ് കാപ്പന്‍. തന്‍റെ ക്രിസ്തുദര്‍ശനത്തിലൂടെ അതിന്‍റെ ലാളിത്യം അതിനെ തെറ്റിദ്ധരിക്കാനും ക്രിസ്തുവെന്ന പരമരഹസ്യത്തിന്‍റെ മൂല്യതയ്ക്ക് കോട്ടംതട്ടുന്ന വിധത്തില്‍ അതിനെ വ്യാഖ്യാനിക്കാനും ചിലപ്പോള്‍ വഴിതെളിച്ചേക്കാം. എന്നിരുന്നാലും, ഭാരതീയക്രിസ്തുവിജ്ഞാനീയം സാമൂഹികപ്രതിബദ്ധതയില്ലാത്തതും മനുഷ്യരെ അന്ധവിശ്വാസത്തിന്‍റെ അടിമത്വത്തിലേക്കു തള്ളിവിടുന്നതുമായ ഒന്നായിരിക്കരുതെന്നുള്ള മുന്നറിയിപ്പും സെബാസ്റ്റ്യന്‍ കാപ്പന്‍റെ ക്രിസ്തുദര്‍ശനത്തിലുണ്ട്. വിമോചകനല്ലാത്ത ക്രിസ്തു യഥാര്‍ത്ഥത്തില്‍ ക്രിസ്തുവല്ലെന്നുള്ള അടിസ്ഥാനപരമായ വിശ്വാസവും അതില്‍ പ്രകടമാണ്.
ഉപസംഹാരം
ഭാരതത്തിലെ ക്രിസ്തുവിജ്ഞാനീയത്തിന്‍റെ വളര്‍ച്ചയും വികാസവും ക്രിസ്തുവെന്ന മഹാരഹസ്യത്തിന്‍റെ പുതിയതും, ആഴമേറിയതുമായ തലങ്ങള്‍ നമുക്കു തുറന്നുകാട്ടുന്ന സാര്‍വ്വത്രികസഭയുടെ ക്രിസ്ത്വനുഭവത്തിന് വളരയേറെ പ്രയോജനകരമാണെന്ന് പറയേണ്ടതില്ലല്ലോ. ഭാരതീയദര്‍ശനത്തിലൂടെയും വിമോചനദൈവശാസ്ത്രത്തിലൂടെയും യേശുവിനെ ദര്‍ശിക്കാന്‍ കഴിഞ്ഞാല്‍ ക്രിസ്തുവെന്ന മഹാദാനത്തിന്‍റെ മഹത്ത്വം മനസ്സിലാക്കാനും യഥാര്‍ത്ഥ മനുഷ്യരാകുവാനും നമുക്കു സാധിക്കുമെന്നുള്ളതില്‍ സംശയമില്ല.
ഡോ . സെബാസ്റ്റ്യൻ ചാലക്കൽ, ഫെക്‌സിൻ കുത്തൂർ, നോബിൾ തോമസ് പാറക്കൽ എന്നിവർ എഡിറ്റ് ചെയ്ത ക്രിസ്തുദർശനം: സാധ്യതകളും സമസ്യകളും എന്ന പുസ്തകത്തിൽ നിന്നും.
Notes
*The contents of this article are partly published in Mathavum Chinthayum.
1 K.C. Sen, Keshub Chunder Sens Lectures in India, Vol. II, London, 1904, p.33.
2 B. Upadhyay, “Incarnate Logos” in The Writings of Brahmabandhab Upadhyay, Vol. I, J. Lipner and G. Gispert-Sauch (eds.), Banglore: UTC, 1991, p. 190.
Christology in India growth and development of Christology in India Jacob Parappally MSFS Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206