We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Andrews Mekkattukunnel On 31-Oct-2026
ഡോ. സിറിയക് വലിയകുന്നുംപുറത്ത്
St. Thomas Apostolic Seminary
Vadavathoor P.O, Kottayam 686 010
Mob 8301875008
Email: sajucyriac@gmail.com
ആമുഖം
ഇസ്രായേൽസമൂഹം അനുഭവിച്ച ദൈവകാരുണ്യം അവരെ ദൈവജനമാക്കി ഉയർത്തി. അടിമത്തത്തിൻ്റെ ഭവനമായ ഈജിപ്തിൽനിന്ന് ദൈവം പിതാക്കന്മാർക്കു വാഗ്ദാനം ചെയ്ത കാനാൻ ദേശത്തേക്കുള്ള യാത്രയിൽ ദൈവജത്തിനു ലഭിച്ച ദൈവാനുഭവമാണ് ഈ ലേഖനത്തിലെ പ്രതിപാദ്യവിഷയം.
ദൈവികകരുണയുടെ വിവിധ മാനങ്ങൾ
പഴയനിയമജനത ദൈവികകാരുണ്യത്തെ ദ്യോതിപ്പിക്കുവാൻ 'ഹെസദ്', 'റെഹം' എന്നീ രണ്ടു ഹെബ്രായ പദങ്ങളാണ് ഉപയോഗിച്ചിരുന്നത്. ദൈവവും ഇസ്രായേൽജനതയും തമ്മിലുള്ള ഉടമ്പടിയുടെ നിദർശനമായിട്ടാണ് 'ഹെസദ്' എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. ഈ വാക്കിന് വി.ഗ്രന്ഥത്തിൽ ദൈവത്തിന്റെ കരുണ, വിശ്വസ്തത എന്നിങ്ങനെയുള്ള അർത്ഥതലങ്ങളുണ്ട്. 'റെഹം' എന്ന വാക്ക് അമ്മയുടെ ഉദരത്തെ സൂചിപ്പിക്കുന്നു. ഒരു അമ്മയുടെ ഉദരത്തിൽ ഉരുവാകുന്ന ശിശുവിനോടുള്ള അമ്മയുടെ വാത്സല്യത്തെയാണ് ഈ പദം വിവക്ഷിക്കുന്നത്. ദൈവത്തിന്റെ മാതൃ സ്നേഹവുമായി ഇത് അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു (ജെറ 1:4). വ്യക്തികളുടെ പരസ്പരമുള്ള കടപ്പാടും ദൈവത്തോടുള്ള അവരുടെ ബന്ധവും 'ഹെസദ്' എന്ന വാക്ക് അർത്ഥമാക്കുന്നുണ്ട്. ഈ ബന്ധം മനുഷ്യരുടെ ഇടയിലുള്ള ദൈവികസഹവാസത്തിന്റെ നിദർശനമാണ്. ദൈവ-മനുഷ്യ സ്നേഹബന്ധത്തിൻ്റെ ചരിത്രമാണ് വി. ഗ്രന്ഥം. ദൈവം തിരഞ്ഞെടുത്ത ജനമാണ് ഇസ്രായേൽ. ഈ ജനം ദൈവത്തിൻ്റെ മുന്തിരിത്തോപ്പാണ് (ഏശ 5:1). പ്രത്യേകമാം വിധം അവിടുന്ന് തിരഞ്ഞെടുത്ത് ഫലം കാണുവാൻവേണ്ടി ആകാംക്ഷയോടെ ഒരുക്കിയ ജനം. ഈ ജനത്തെ അടിമത്തത്തിൻ്റെ ഭവനമായ ഈജിപ്തിൽനിന്നും രക്ഷിച്ച് വാഗ്ദത്തനാട്ടിലേക്കു കൊണ്ടുപോയ ദൈവികപദ്ധതിയാണ് അവിടുത്തെ കരുണ. ഇതിലൂടെ “ഞാൻ നിങ്ങളുടെ ദൈവവും നിങ്ങൾ എന്റെ ജനവുമാണ്" എന്ന ഉടമ്പടിയുടെ ബന്ധം ദൈവം സ്ഥാപിക്കുന്നു. അബ്രാഹം, ഇസഹാക്ക്, യാക്കോബ്, എന്നിവരുമായുള്ള വ്യവസ്ഥകളില്ലാത്ത ദൈവത്തിൻ്റെ ഉടമ്പടിയെയാണ് ഇതു സൂചിപ്പിക്കുന്നത്.
ദൈവജനം പാപം ചെയ്തപ്പോൾ, ഭൂമിയിൽ മനുഷ്യനെ സൃഷ്ടിച്ചതിനെ ഓർത്ത് ദുഃഖിക്കുന്ന ദൈവത്തെ നാം കാണുന്നു (ഉല്പ 6:1). ഈ സാഹചര്യത്തിൽ നീതിമാനും വിശ്വസ്തനുമായ നോഹിനെ ഓർക്കുന്ന ദൈവം അവനോടും തുടർന്നു വരുന്ന പുതിയ തലമുറയോടും ഉടമ്പടി ബന്ധത്തിലൂടെ കരുണ കാണിക്കുന്നു. ഇവിടെയെല്ലാം 'ദൈവത്തിൻ്റെ ഓർമ്മ' അവിടുത്തെ കരുണയുമായി ദൃഢമായി ബന്ധപ്പെട്ടിരിക്കുന്നു (2 സാമു 7:15).
ദൈവത്തിന്റെ കരുണയുടെ ബലം പാപികളെ അവിടുത്തെ സന്നിധിയിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകമാണ്. സീനായ് മലയുടെ അടിവാരത്തിൽ നിന്നുള്ള ജനതയുടെ യാത്രയിൽ മോശ ഇസ്രായേലിനുവേണ്ടി പ്രാർത്ഥിക്കുന്നത് ഇപ്രകാരമാണ്: "നിൻ്റെ കരുണയുടെ/വിശ്വസ്തതയുടെ ആഴങ്ങളാൽ ജനത്തിന്റെ പാപങ്ങൾ കഴുകിക്കളയണമേ" (സംഖ്യ 14:17-19). ദൈവത്തിൻ്റെ കരുണയുടെ മുമ്പിലാണ് ദൈവജനം നിലവിളിച്ചപേക്ഷിക്കുന്നത്. തന്നെ വിളിച്ചപേക്ഷിക്കുന്ന ദൈവജനത്തിൻ്റെ നിലവിളിയ്ക്കുള്ള പ്രത്യുത്തരമായിട്ടാണ് ദൈവം പ്രവാചകന്മാരെയും ന്യായാധിപന്മാരെയും ദൈവജനത്തിൻ്റെ ഇടയിലേക്ക് അയയ്ക്കുന്നത്. "ഇസ്രായേൽ മക്കൾ ദൈവതിരുമുമ്പാകെ പാപം ചെയ്തു; അവർ ദൈവത്തെ മറന്ന് ബാൽദേവൻമാർക്ക് ദാസന്മാരായി ശുശ്രൂഷ ചെയ്തു. ദൈവത്തിന്റെ ക്രോധം അവരുടെമേൽ പതിച്ചു; ദൈവം അവരെ മെസപ്പൊട്ടോമിയൻ രാജാവായ കുഷാൻ റിപ്അയ്ത്തിം എന്ന ആൾക്കു വിട്ടുകൊടുത്തു. അവർ ആ രാജാവിനെ എട്ടുവർഷം സേവിച്ചു; ദൈവജനം ദൈവതിരുമുമ്പാകെ നിലവിളിച്ചു. ദൈവം അവർക്കു വേണ്ടി ഒരു രക്ഷകനെ ഉയർത്തി" (ന്യായാ 3:7-9). ഇസ്രായേൽ അനുഭവിച്ച ദൈവകരുണ അതിശക്തമായ വിശ്വാസത്തിന്റെ പ്രതിഫലനമായിരുന്നു. "ഞങ്ങൾ വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ ഞങ്ങൾക്ക് സമീപസ്ഥനായി നില്ക്കുന്ന വേറെ ഏതു ദൈവമാണ് നമുക്കുള്ളത്" എന്ന് അവർ വിശ്വാസപൂർവ്വം ഉദ്ഘോഷിച്ചു. മരുഭൂമിയിലെ അനുഭവത്തിലൂടെ ജനതയെ നയിച്ച ദൈവം ഒരേ സമയം കാരുണ്യവാനും വിശ്വസ്തനുമാണ് എന്ന് ജനം മനസ്സിലാക്കിയിരുന്നു. ചെങ്കടൽ കടന്ന് ഇസ്രായേൽജനം മോശയുടെ സഹോദരിയായ മിറിയാമിനൊടൊപ്പം ആലപിച്ച കീർത്തനം ദൈവത്തിന്റെ വിശ്വസ്തതയും കരുണയും പ്രകീർത്തിക്കുന്നതാണ് (പുറ 15:1-18). ദൈവം യോദ്ധാവായി നിന്നുകൊണ്ട് ജനതകൾക്കു മുമ്പേ യാത്ര ചെയ്യുന്നവനാണ്. കരുണയോടും വിശ്വസ്തതയോടും കൂടിയാണ് ദൈവം തൻ്റെ ഈ സൃഷ്ടികർമ്മം നിർവഹിച്ചത്. ഇത് അന്ധകാരത്തിൽ കഴിഞ്ഞ ജനതയെ പ്രകാശത്തിന്റെ അനുഭവത്തിലൂടെ നയിക്കുന്നതിനാണ്. ശത്രുക്കളെ അവരുടെ സിംഹാസനങ്ങളിൽനിന്നും താഴെ ഇറക്കി ചിതറിപ്പോയ ദൈവജനത്തെ ദൈവാരാധനയിലേക്കു നയിക്കുന്ന വിശ്വസ്തനും കാരുണ്യവാനുമായ ദൈവത്തെ അവർ അനുസ്മരിച്ചു (പുറ 15:6). ഇപ്രകാരം ദൈവകരുണയുടെ ജനത്തിൻ്റെ നിലവിളി അവർക്കു കരുണയുടെ അനുഭവവും ഉടമ്പടിയുടെ ബന്ധവുമായി പരിണമിച്ചു.
2. ദൈവികനിയമങ്ങൾ
ദൈവസാന്നിധ്യത്തിലേക്ക് കയറിപ്പോകുന്ന മോശയോട് കർത്താവ് പറയുന്നു: "ഈജിപ്തുകാരോട് ഞാൻ ചെയ്തത് എന്തെന്നും കഴുകന്മാരുടെ ചിറകുകളിൽ സംവഹിച്ച് ഞാൻ നിങ്ങളെ എങ്ങനെ എന്റെ അടുത്തേക്കു കൊണ്ടുവന്നുവെന്നും നിങ്ങൾ കണ്ടുകഴിഞ്ഞു” (പുറ 19:4). ദൈവിക കരുണയുടെ ഈ സമ്പന്നതയെ നിയമങ്ങൾ നല്കുന്നതിലൂടെ മോശ ഇസ്രായേൽ ജനത്തിനു വെളിപ്പെടുത്തിക്കൊടുക്കുന്നു. അതേസമയം, ജനം നിയമാനുഷ്ഠാനത്തിലൂടെ കരുണ സംവഹിക്കുന്ന പുരോഹിതരാജ്യവും വിശുദ്ധ ജനവുമായി (പുറ 19,6) രൂപാന്തരപ്പെടുന്നു. ഇത് ഇസ്രായേൽജനതയുടെ വാഗ്ദത്തനാട്ടിലേക്കുള്ള പ്രവേശനത്തിന്റെ ആരംഭമാണ് (നിയമ 1,1). അടിമത്തത്തിൽക്കഴിഞ്ഞ ദൈവജനത്തിനു പുതിയ ഹൃദയവും പുതിയ ആത്മാവും വച്ചുപിടിപ്പിക്കുന്നതും അവർക്കു ജീവൻ നല്കുന്നതും ദൈവിക കരുണയുടെ പ്രത്യേകതയാണ് (എസ് 34). ദൈവികനിയമങ്ങളോടുള്ള മറുതലിക്കലിൻ്റെ ഫലമായിരുന്നു അടിമത്തമെങ്കിൽ, അവയോടുള്ള വിശ്വസ്തത ദൈവിക കരുണ സ്വീകരിച്ചു സ്വാതന്ത്യ്രത്തിലേക്കുള്ള പ്രവേശനമാണ്. ഇപ്രകാരം ദൈവത്തോടുള്ള വിശ്വസ്തതയിലൂടെ ദൈവിക നിയമങ്ങളുടെ ഉപാസകനായി ഒരുവൻ മാറുകയും ഇവയിലുള്ള നിത്യസത്യത്തെ, കരുണയുടെ അനുഭവത്തെ പ്രഘോഷിക്കുകയും ചെയ്യുന്നു (നിയമ 17,18-19). ഇപ്രകാരം ദൈവം തൻ്റെ ഉടമ്പടി സ്ഥാപിക്കുകയും വാഗ്ദാനം ചെയ്ത് ഉടമ്പടിയുടെ അടയാളമായ രാജ്യം നല്കുകയും ചെയ്യുന്നു.
പാപം-ശിക്ഷ-ദൈവത്തിൻ്റെ കരുണ എന്നീ ദൈവശാസ്ത്ര ചിന്തകളെ ബന്ധിപ്പിക്കുന്നതാണ് ഇസ്രായേൽ ചരിത്രം. ദൈവജനം പാപം ചെയ്യുമ്പോൾ അനുതപിച്ച് വീണ്ടും ദൈവികനിയമങ്ങളോടുള്ള വിശ്വസ്തതയിൽ ജീവിക്കാനാണ് ദൈവം തന്റെ ജനത്തെ ഒരുക്കുന്നത്. പുറപ്പാട് 32 മുതൽ 34 വരെയുള്ള അദ്ധ്യായങ്ങളുടെ ഇതിവൃത്തം ഇതിന് ഉദാഹരണമാണ്. സീനായ് മലയുടെ മുകളിൽ നിന്നും ഇറങ്ങിവരാൻ മോശ വെകിയപ്പോൾ ജനം അഹറോന്റെ മുമ്പിൽ ഒന്നിച്ചുകൂടി പറഞ്ഞു: “എഴുന്നേല്ക്കുക, ഞങ്ങൾക്കു മുമ്പേ പോകുവാൻ സാധിക്കുന്ന ഒരു ദൈവത്തെ ഞങ്ങൾക്ക് ഉണ്ടാക്കി തരിക. കാരണം ഈജിപ്തിൽനിന്നും ഞങ്ങളെ നയിച്ച മോശ എന്ന മനുഷ്യന് എന്തു സംഭവിച്ചു എന്ന് ഞങ്ങൾക്ക് അറിഞ്ഞു കൂടാ" (പുറ 32-1). അവരുടെ നിർദ്ദേശപ്രകാരം അഹറോൻ കാളക്കുട്ടിയെ ഉണ്ടാക്കി ദൈവികനിയമങ്ങളോടുള്ള അവിശ്വസ്തതയിലേക്ക് അവരെ നയിച്ചു. അവരുടെ അകൃത്യം ദൈവത്തിൻ്റെ ക്രോധത്തിന്, ശിക്ഷയ്ക്കു കാരണമായി (പുറ 32:9-10). എന്നാൽ ജനത്തിനു വേണ്ടി പ്രാർത്ഥിക്കുവാൻ (പുറ 32:11-13, 33:9-13) കൂടാരത്തിലേക്കു പോകുന്ന മോശയെ ജനം ഉറ്റുനോക്കികൊണ്ടിരുന്നു. അവർ തങ്ങളുടെ പാപങ്ങൾ ഓർത്തു പരിതപിച്ചു. ആകയാൽ ദൈവമായ കർത്താവ് രണ്ടാമത്തെ ഫലകം നല്കാൻ മോശയെ സീനായ് മലയിലേക്ക് ക്ഷണിക്കുകയും ചെയ്തുതു. ദൈവത്തിൻ്റെ കരുണയുടെ മുഖം മോശയും ഇസ്രായേൽ ജനവും മേഘത്തിലൂടെ ഇറങ്ങി വരുന്ന ദൈവസാന്നിധ്യമായി അനുഭവിച്ചറിഞ്ഞു. അവർ ഉദ്ഘോഷിച്ചു: "കർത്താവ് കാരുണ്യവാനും കൃപാനിധിയുമായ ദൈവം, കോപിക്കുന്നതിൽ വിമുഖൻ, സ്നേഹത്തിലും വിശ്വസ്തതയിലും അത്യുദാരൻ" (പുറ 34:6).
ദൈവിക കരുണയുടെ അനുഭവമാണ് ഇപ്രകാരമുള്ള ഉടമ്പടിയുടെ നവീകരണത്തിലൂടെ അവർക്കു ദൈവം വാഗ്ദാനം ചെയ്തദേശം അവകാശമാക്കാൻ ഇടയാക്കിയത്. ഉടമ്പടിയുടെ ബന്ധം ദൈവകരുണയുടെ ദർശനമാണ്. ഇത് തലമുറകൾതോറും ജനം അനുഭവിക്കുന്ന ദൈവസ്നേഹം തന്നെയാണ്. ഇസ്രായേൽ ജനത്തെ ദൈവകൃപയിൽ ഒന്നാക്കിയ ദൈവം അവർക്കുവേണ്ടി ന്യായാധിപന്മാരെയും രാജാക്കന്മാരെയും നല്കി. ഇവർ എല്ലാവരും ഉടമ്പടിയുടെ ബന്ധത്തിൽ നിലനില്ക്കണമെന്ന് നിയമനിർമാണത്തിലൂടെ ദൈവം നിർദ്ദേശിക്കുന്നു. രാജാക്കന്മാരുടെ തിരഞ്ഞെടുപ്പും അവരെക്കുറിച്ചുള്ള വി.ഗ്രന്ഥകാരൻ്റെ അഭിപ്രായവും ഉടമ്പടിയുടെ ബന്ധത്തിൻ്റെ അടിസ്ഥാനത്തിലാണ് വിശദീകരിക്കപ്പെടുന്നത്. ദാവീദുരാജാവുമായുള്ള ദൈവത്തിൻ്റെ ഉടമ്പടി (2 സാമു 7:14) യുടെ പശ്ചാത്തലത്തിലാണ് ഇസ്രായേൽ-യൂദാ രാജാക്കന്മാരെക്കുറിച്ചുള്ള വി. ഗ്രന്ഥകാരൻ്റെ വിലയിരുത്തൽ. "അവൻ (ജോസിയ) തന്റെ പിതാവായ ദാവീദിൻ്റെ മാർഗത്തിൽ നടന്നു. അതിൽ (നിയമത്തിൽ) നിന്ന് അല്പംപോലും വ്യതിചലിച്ചില്ല" (2 രാജാ 22:2). എന്നാൽ ഉടമ്പടിയുടെ ബന്ധം വിച്ഛേദിക്കപ്പെടുമ്പോൾ രാജ്യം നഷ്ടമാവുകയും ദൈവസാന്നിധ്യം ഇസ്രായേൽ സമൂഹത്തിൽനിന്നകന്നു പോവുകയും അതുവഴി രാജ്യം വിപ്രവാസകാലത്തേക്കു പോവുകയും ചെയ്യുന്നു എന്നതും ഇസ്രായേൽ സമൂഹത്തിൻ്റെ ചരിത്രമാണ് (2 രാജാ 25:8-10).
ദൈവികനിയമങ്ങളോടുള്ള വിശ്വസ്തത രണ്ടു പ്രത്യേക സാഹചര്യങ്ങളിലാണ് നഷ്ടമാകുന്നത്. ഒന്നാമതായി ഇസ്രായേലിനു നിഷിദ്ധമായ ഈജിപതുമായുള്ള ബന്ധം. ചെങ്കടൽ കടക്കുന്ന അവസരത്തിൽ ദൈവം മോശയോടു പറഞ്ഞു: "നിങ്ങളുടെ പിന്നാലെ വരുന്ന ഈജിപ്ഷ്യൻ സൈന്യത്തെ ഇനി ഒരിക്കലും നിങ്ങൾ കാണുകയില്ല" (പുറ 17,13). ഈജിപ്തുമായുള്ള ഇസ്രായേലിന്റെ ബന്ധം ദൈവജനത്തിൻ്റെ ഉടമ്പടിയുടെ ബന്ധത്തിലുള്ള തകർച്ചയായി മാറി. അതുമൂലം ദൈവം തന്റെ കരുണ ജനത്തിൽനിന്നും പിൻവലിച്ചു. അവർക്കു രാജാവിനെ നഷ്ടമായി. വിപ്രവാസകാലത്ത് രാജാവ് (melech) എന്ന ശീർഷകം വി. ഗ്രന്ഥങ്ങളിൽ നമുക്കു കാണാൻ സാധിക്കില്ല. മറിച്ച് അടിമയായ രാജാവ് (nasi - vasal king)എന്ന നാമത്തിലാണ് അന്നത്തെ ഭരണാധികാരികൾ അറിയപ്പെട്ടിരുന്നത് (എസ്ര 21:30-31; 1:8; 5:14; 7:27; 12:10-12; 19:1; 21:6; 34:24; 37:25). എന്നാൽ, വിപ്രവാസാനന്തരം ദൈവിക നിയമങ്ങളുടെ അനുഷ്ഠാനം വാഗ്ദാനനാട് തിരികെ ലഭിക്കുവാൻ അനിവാര്യമാണെന്നു ജനം മനസ്സിലാക്കി. അപ്പോൾ ദൈവം അവരോടു കരുണ കാണിക്കുകയും അവരെ ദൈവസാന്നിധ്യത്തിൽ ജീവിക്കുവാൻ പ്രാപ്തരാക്കുകയും ചെയ്തു. നഷ്ട്ടപെട്ടുപോയ രാജത്വവും ദൈവാലയവും പൗരോഹിത്യവും ദൈവജനത്തിന് തിരികെ ലഭിച്ചു. അന്നുമുതൽ ഇസ്രായേലിൻ്റെ രാജാവിനെ ദ്യോതിപ്പിക്കുവാൻ രാജാവ് (melech) എന്ന ശീർഷകം വീണ്ടും നല്കി തുടങ്ങി (സഖ 9:9; 14:9). രണ്ടാമതായി, ഏകദൈവവിശ്വാസത്തിൽ നിന്നുള്ള വ്യതിചലനം ദൈവകരുണയുടെ അനുഭവത്തിൽ നിന്നുള്ള അകൽച്ചയാണ്. മനാസ്സെ എന്ന യൂദയാ രാജാവിനെതിരെയുള്ള വി. ഗ്രന്ഥകാരൻ്റെ രൂക്ഷമായ വിമർശനം ഇതായിരുന്നു. “ഏകദൈവത്തിനല്ലാതെ വിജാതിയ ദേവന്മാർക്കുവേണ്ടി ബലിപീഠങ്ങൾ ഉയർത്തി. ദൈവതിരുമുമ്പാകെ തിന്മകൾ പ്രവർത്തിച്ചു" (2 രാജാ 20:3-5). ഹോസിയാ പ്രവാചകൻ ഇസ്രായേൽ ജനത്തിന്റെ തിന്മയെ അവിശ്വസ്തതയുടെ അടയാളമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ദൈവം പ്രവാചകനോട് ഒരു വേശ്യയെ വിവാഹം ചെയ്യണമെന്നും, അവരുടെ മക്കൾക്ക് അവിശ്വസ്തതയുടെ വിവിധ പര്യായങ്ങൾ അടങ്ങിയ നാമങ്ങൾ നല്കണമെന്നും ആഹ്വാനം ചെയ്തത് (ഹോസി 1). ഉടമ്പടിയിലുള്ള അവിശ്വസ്ഥത ദൈവത്തിന്റെ കരുണ നഷ്ടപ്പെടുത്തിയതിനോട് താരതമ്യപ്പെടുത്തിയിരിക്കുന്നു. ഹോസിയായുടെ പുത്രിയ്ക്ക് നല്കപ്പെടുന്ന നാമത്തിൽ ഇതു വ്യക്തമാണ്: "അവളുടെ നാമം കരുണയില്ലാത്തവൾ (lo ruhamah) എന്നായിരിക്കും. കാരണം, ഇസ്രായേൽ ഭവനത്തോട്
ഇനി ഞാൻ കരുണ കാണിക്കില്ല" (ഹോസി 1:6). രണ്ടാമത്തെ പുത്രന്റെ പേര് “അവൻ എൻ്റെ ജനമല്ല" (lo ammi) എന്നായിരിക്കും. കാരണം, "ഞാൻ അവർക്ക്, ഞാൻ അല്ലാതായി മാറും" (ഹോസി 1:9). എന്നാൽ, ദൈവികനിയമങ്ങളോട് അവിശ്വസ്തത കാണിച്ച ഇസ്രായേൽജനത്തിൻ്റെ തിരിച്ചു വരവ് കർത്താവ് ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് പ്രവാചകന്മാരിലൂടെ അവിടുന്ന് ജനത്തിന് സദ്വാർത്ത അറിയിക്കുന്നത്: "എന്നിലേക്കു തിരിച്ചുവരുവിൻ, ഞാൻ നിങ്ങളിലേക്കു വരാം" (സഖ 1:3). "നിങ്ങളുടെ ദൈവം അരുളിചെയ്യുന്നു: ആശ്വസിപ്പിക്കുവിൻ, എൻ്റെ ജനത്തെ സമാശ്വസിപ്പിക്കുവിൻ" (ഏശയ്യാ 40:1). "നിമിഷനേരത്തേക്കു നിന്നെ ഞാൻ ഉപേക്ഷിച്ചു. മഹാകരുണയോടെ നിന്നെ ഞാൻ തിരിച്ചുവിളിക്കും. കോപാധിക്യത്താൽ ക്ഷണനേരത്തേക്കു ഞാൻ എൻ്റെ മുഖം നിന്നിൽനിന്നു മറച്ചുവച്ചു. എന്നാൽ, അനന്തമായ സ്നേഹത്തോടെ നിന്നോടു ഞാൻ കരുണകാണിക്കും" (എശ 54,7-8). ഇങ്ങനെയുള്ള വചനങ്ങൾ ദൈവത്തിൻ്റെ കരുണയുടെ മുഖം നമുക്കു മുമ്പിൽ അവതരിപ്പിക്കുന്നു. ഉടമ്പടിയിലൂടെ, കല്പനകൾ അനുസരിക്കുന്ന ജനത്തിന്, ദൈവം തൻ്റെ സ്നേഹവും കരുണയും പ്രദാനം ചെയ്യുന്നു.
3. കൂടെ വസിക്കുന്ന ദൈവം
ദൈവകരുണയുടെ മറ്റൊരു മുഖമാണ് കൂടെവസിക്കുന്ന ദൈവത്തിന്റേത്. മരുഭൂമിയാത്രയിൽ സമാഗമകൂടാരത്തിലൂടെ തന്റെ സാന്നിധ്യം ഇസ്രായേൽജനത്തിനു നല്കിയ ദൈവത്തിന്റെ സത്തയാണ് അവിടുത്തെ കരുണ (പുറ 35:40). സാക്ഷ്യകൂടാരം നിർമ്മിക്കുന്നതിലൂടെ മോശ ദൈവത്തിൻ്റെ വലിയ ഒരു ആഗ്രഹം നിറവേറ്റി കൊടുക്കുകയായിരുന്നു. ദൈവം തൻ്റെ രാജത്വം ജനത്തിന്റെ കൂടെ കൂടാരമടിച്ച് ആഘോഷിക്കുകയാണ്. "ദൈവം എന്നെന്നും രാജാവായി വാഴും" (പുറ. 15;18) എന്ന പഴയനിയമ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നതാണ് ഈ സമാഗമകൂടാരം. ഈ വാഗ്ദാനപേടകവും വഹിച്ചുകൊണ്ട് ദൈവജനം മരുഭൂമിയിലൂടെ യാത്രചെയ്തു. ഇത് അവർക്കൊരു ചൂണ്ടുപലകയും മുന്നറിയിപ്പുമായിരുന്നു. കൂടാരത്തിൽനിന്നും ഉയർന്ന മേഘം അവരുടെ യാത്രയ്ക്കു ശക്തി പകർന്നു (സംഖ്യ 10,11). അവർ പാളയത്തിൽനിന്നും പുറപ്പെട്ടു യാത്ര ചെയ്തപ്പോഴെല്ലാം കർത്താവിൻ്റെ മേഘം പകൽ സമയം അവർക്കുമീതെ ഉണ്ടായിരുന്നു. പേടകം പുറപ്പെട്ടപ്പോഴെല്ലാം അവർ പ്രാർത്ഥിച്ചു: "കർത്താവേ, ഉണരുക. അങ്ങയുടെ ശത്രുക്കൾ ചിതറിപ്പോകട്ടെ. അങ്ങയെ ദ്വേഷിക്കുന്നവർ പലായനം ചെയ്യട്ടെ. പേടകം നിശ്ചലമായപ്പോൾ അവൻ പ്രാർത്ഥിച്ചു: കർത്താവേ അവിടുന്ന് ഇസ്രായേലിൻ്റെ ദത്തുപുത്രരായ ആയിരങ്ങളിലേക്ക് മടങ്ങിവന്നാലും" (സംഖ്യ 10:33-36). വാഗ്ദാനപേടകത്തിലൂടെ ദൈവം തന്റെ സാന്നിദ്ധ്യമായി ഇസ്രായേൽജനതയെ ജോർദ്ദാൻ കടത്തി വാഗ്ദത്തനാട്ടിലേക്കു കൊണ്ടുപോകുന്നു (ജോഷ്വാ 5). ഇതേ ദൈവംതന്നെ ഫിലിസ്ത്യരുടെ കരങ്ങളിൽനിന്നും ജനത്തെ രക്ഷിച്ച് വാഗ്ദത്തനാട്ടിലേക്കു അവരോടൊപ്പം തിരികെപ്പോകുന്നു (1 സാമു 7). ബാബിലോൺ പ്രവാസത്തിൻ്റെ ആദ്യനാളുകളിൽ, വാഗ്ദത്തപേടകം നശിപ്പിക്കപ്പെട്ടപ്പോൾ, ദൈവം തന്റെ കരുണയുടെ അടയാളമായി ജനത്തിന്റെ കൂടെ ജെറുസലേമിൽനിന്നും യാത്രതിരിക്കുന്നു (എസ് 11:23). ഇങ്ങനെ സമാഗമകൂടാരത്തിലൂടെയും വാഗ്ദത്തപേടകത്തിലൂടെയും ദൈവം തന്റെ ജനത്തെ അനുഗ്രഹിക്കുകയും ശക്തിപ്പെടുത്തി നയിക്കുകയും ചെയ്യുന്നു.
4. ജെറുസലേം ദൈവാലയവും തിരുനാളുകളും
ദൈവത്തിന്റെ കരുണയുടെ മുഖം പ്രകടമാകുന്ന മറ്റൊരു വേദിയാണ് ജറുസലേം ദൈവാലയവും അവിടുത്തെ തിരുനാളുകളും. ഇസ്രായേൽജനതയുടെ ദൈവിക ഉടമ്പടിയുടെ ദൃശ്യമായ അടയാളമായിരുന്നു സോളമൻ രാജാവ് പണി കഴിപ്പിച്ച ജറൂസലേം ദൈവാലയം. ഇത് പുറപ്പാടുസംഭവം മുതൽ വാഗ്ദാനനാട്ടിലുള്ള ദൈവജനത്തിന്റെ് ജീവിതവുമായി ബന്ധപ്പെട്ട ഒരു യാഥാർത്ഥ്യവും (1 രാജാ 8:16-20) ദൈവത്തിന്റെ വിശ്വസ്തതയുടെ അടയാളവുമായിട്ടാണ് നിലകൊണ്ടത്. ദൈവാലയത്തിനു മുൻപിൽനിന്നുകൊണ്ടുള്ള സോളമൻ രാജാവിൻ്റെ പ്രാർത്ഥന ഈ ചിന്ത വ്യക്തമാക്കുന്നു: “ഇസ്രായേലിന്റെ ദൈവമായ കർത്താവേ, പൂർണ്ണഹൃദയത്തോടെ അങ്ങയുടെ സന്നിധിയിൽ വ്യാപരിക്കുന്ന ദാസന്മാരോടുള്ള ഉടമ്പടി പാലിക്കുകയും അനന്തസ്നേഹം അവരുടെമേൽ ചൊരിയുകയും ചെയ്യുന്ന അങ്ങയെപ്പോലെ ആകാശത്തിലും ഭൂമിയിലും വേറെ ഒരു ദൈവവുമില്ല" (1 രാജാ 8:23). ദൈവാലയം സർവ്വജനങ്ങൾക്കും ദൈവത്തിൻ്റെ കരുണ ലഭിക്കുന്ന ഇടമായിട്ടു മാറട്ടെ എന്നും രാജാവു പ്രാർത്ഥിക്കുന്നു. ദൈവാലയത്തിൽനിന്നു പ്രാർത്ഥിക്കുന്ന ഒരു വ്യക്തിക്ക് സ്വർഗ്ഗത്തിൽനിന്നും ദൈവം ആവശ്യമായ ദാനങ്ങൾ നല്കി അനുഗ്രഹിക്കുന്നതിലൂടെ ദൈവകരുണ ഇസ്രായേൽജനം അനുഭവിക്കുകയാണ് (1 രാജാ 8:40). വിജാതീയർക്കുപോലും ദൈവകരുണ ലഭ്യമാകുന്ന ഇടമാണ് ദൈവാലയം എന്ന് പ്രാർത്ഥന വ്യക്തമാക്കുന്നു. "വിദേശി അങ്ങയുടെ മഹനീയനാമത്തെയും അങ്ങയുടെ കരുത്തുള്ള കരങ്ങളുടെ പ്രവർത്തനങ്ങളെയും നീട്ടിയ ഭുജത്തെയുംപറ്റി കേട്ട് അങ്ങയെത്തേടി വന്ന്, ഈ ആലയത്തിനു നേരെനിന്നു പ്രാർത്ഥിച്ചാൽ സ്വർഗ്ഗത്തിൽനിന്ന് അവന്റെ പ്രാർത്ഥന ശ്രവിക്കുകയും യാചനകൾക്ക് ഉത്തരമരുളുകയും ചെയ്യണമെ" (1 രാജാ 8:42-43). ഇപ്രകാരം, ദൈവാലയം ദൈവകരുണയുടെ സ്ഥലമായി ഇസ്രായേൽ അനുഭവിച്ചിരുന്നു. ദൈവാലയത്തിന്റെ നാശം പാപം ചെയ്തു ദൈവകൃപ നഷ്ടപ്പെട്ടതിന്റെ പ്രതീകമാണെങ്കിൽ, ഇതിൻ്റെ പുനരുദ്ധാരണം പാപങ്ങൾ ക്ഷമിച്ച് ഉടമ്പടി നവീകരിക്കുന്ന ദൈവത്തിൻ്റെ കരുണയുടെ അനുഭവമായി തീരുന്നു.
ദൈവാലയകേന്ദ്രീകൃതമായ തിരുനാളുകളും അവയുടെ ആചാരങ്ങളും ദൈവകരുണയുടെ ഓർമ്മപ്പെടുത്തലുകളാണ്. ദൈവം തന്റെ അതിശക്തമായ കരങ്ങളാൽ ഇസ്രായേലിനെ അടിമത്തത്തിന്റെ ഭവനമായ ഈജിപ്തിൽനിന്നു രക്ഷിച്ച് ഒരു ജനമാക്കി രൂപപ്പെടുത്തി വാഗ്ദാനനാട്ടിലേക്കു കൊണ്ടുവന്നതിനെയാണ് പെസഹാതിരുന്നാൾ അനുസ്മരിപ്പിക്കുന്നത്. ഇത് ദൈവത്തിന്റെ രാജത്വത്തിന്റെ ഓർമ്മകൂടിയാണ്. പീഡനങ്ങളുടെ നടുവിൽ ദൈവത്തിന്റെ സാന്നിധ്യം അനുഭവിക്കുകയും ശത്രുവിനെതിരെയുള്ള ആക്രമണങ്ങളിൽ ദൈവികശക്തി മനസ്സിലാക്കുകയും ചെയ്യുന്നതിലൂടെ ജനം യാഹ്വേയാകുന്ന ദൈവത്തെ ഈ തിരുനാളിലൂടെ ആഘോഷിച്ചു. ഈജിപ്തുദേശത്തുവച്ച് ഇസ്രായേലിന്റെ ശത്രുക്കളെ മഹാമാരിയിലൂടെ യുദ്ധം ചെയ്തു തോല്പിക്കുന്ന ദൈവം, പരിപാലിക്കുന്ന ദൈവസ്നേഹത്തിന്റെ സാന്നിധ്യമായി മാറി: "ഇതുവഴിയായി വേറൊരു ദൈവം ഇല്ലെന്ന് നീ മനസ്സിലാക്കും" (പുറ 8:6). ജനത്തിൻ്റെ കൂടെ വസിക്കുന്ന ദൈവസാന്നിധ്യത്തെ അനുസ്മരിക്കുവാനാണ് ഇസ്രായേൽ കൂടാരത്തിരുനാൾ ആചരിച്ചിരുന്നത്. ഇത് ഒരു പുതിയ തലമുറയുടെ ആരംഭം കൂടിയാണ്. കാരണം, ദൈവാലയത്തിൻ്റെ നിർമ്മാണവും (1 രാജ 8:62-66) പുനർനിർമ്മാണവുമായി (നെഹ 8:13-18) ഏറെ ബന്ധപ്പെട്ടാണ് കൂടാരത്തിരുനാൾ ക്രമീകരിച്ചിരുന്നത്. ഈ രണ്ടു സന്ദർഭങ്ങളിലും ഇതിന്റെ പശ്ചാത്തലമായി നിലകൊണ്ടത് ദൈവകരുണ പ്രഘോഷിക്കപ്പെടുന്ന ദൈവികനിയമങ്ങളായിരുന്നു. ഈ നിയമങ്ങളാകട്ടെ ഇസ്രായേലിൽ നിന്നും ദൈവകാരുണ്യത്തിൻ്റെ ഉറവിടങ്ങളിൽ നിന്നും ഉദ്ഭവിക്കുന്നതായാണ് പ്രവാചകന്മാർ പറഞ്ഞിട്ടുള്ളത് (ഏശ 12: 3; മിക്ക 4:1-4). വീണ്ടും, ദൈവകാരുണ്യത്തിൻ്റെ ഉറവിടത്തിൽ നിന്നും ജനത്തിൻ്റെ പാപമോചനത്തിനായി അർപ്പിക്കപ്പെടുന്ന പാപപ്പരിഹാരബലി (ലേവ്യ 16), 'ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോടു ക്ഷമിക്കണമേ' എന്ന പ്രാർത്ഥനയെ സാധുകരിക്കുന്നു. ഭൂമി ദൈവത്തിന്റെ ദാനമാണെന്നും അതിലൂടെ കിട്ടുന്ന ഫലങ്ങൾ അവിടുത്തെ കരുണയുടെ പ്രകാശനങ്ങളാണെന്നും മനസ്സിലാക്കിയ ജനം വിളവെടുപ്പിന്റെ തിരുനാൾ ആഘോഷിച്ചു (നിയമാ 16:10-12). സാബത്തുദിവസം ദൈവത്തിൻ്റെ കരുണയുടെ പ്രവർത്തനങ്ങൾ ചെയ്യാനാണ് യഥാർത്ഥ ഇസ്രായേൽക്കാരനായ ഈശോ നമ്മെ പഠിപ്പിച്ചത്. ഇങ്ങനെ ദൈവാലയവും അവിടുത്തെ തിരുനാളുകളും ദൈവ കരുണയെ വ്യക്തമാക്കിതരികയും ആ കരുണയിൽ ജീവിക്കാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
5. ദൈവികനീതിയും കരുണയും
പഴയനിയമത്തിൽ നീതി എന്ന വാക്കിനുള്ള ഹെബ്രായ പദം 'ഷൊഫേത്ത്' ആണ്. ദൈവത്തിൻ്റെ സത്തയായ അവിടുത്തെ രാജത്വവുമായിട്ടാണ് ഇതു ബന്ധപ്പെട്ടിരിക്കുന്നത്. ദൈവം രാജാവാണ്, ഭൂമിയിലുള്ള അവിടുത്തെ രാജത്വം ദൈവത്തിന്റെ നീതിയാണ് (1 ദിന 16:33; സങ്കീ 96: 13; 98:9). ദൈവത്തിന്റെ രാജത്വത്തിനു രണ്ടു മാനങ്ങളുണ്ട്: ഒന്ന് ചിതറിപ്പോയ ജനത്തെ ഒന്നിച്ചു കൂട്ടുന്നവനാണ് ദൈവം (ഏശ 43:5). ഇത് അവിടുത്തെ കരുണയുടെ സമ്പന്നതയാണ്. യാക്കോബിനെ പേരുചൊല്ലി വിളിച്ചുകൊണ്ട് വിപ്രവാസകാലത്ത് ജനത്തിനു ശക്തിപകരുന്ന ദൈവമാണ് ഇസ്രായേലിന്റെ രാജാവ്: “ഭയപ്പെടേണ്ട, ഞാൻ നിന്നെ രക്ഷിച്ചിരിക്കുന്നു. നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു നീ എൻ്റേതാണ്” (എശ 43: 1). നീതിയോടെ വിധിക്കുന്ന ദൈവം ജനത്തെ സ്വതന്ത്രമാക്കുകയും ജീവന്റെ അനുഭവത്തിലേക്കു നയിക്കുകയും ചെയ്യുന്നു. രണ്ടാമതായി, ദൈവം തന്റെ സാന്നിധ്യമായി ജനത്തിന്റെ കൂടെ വസിക്കുന്നു. ദൈവജനത്തിൻ്റെ മടങ്ങിവരവ് ദൈവസാന്നിധ്യത്തിന്റെ കൃപയിലേക്കാണ് (ഏശ 43,3).
നീതിയോടെ വിധിക്കുന്നവനാണ് ദൈവം. പഴയനിയമ ചരിത്രത്തിൽ ഏറെ കണ്ടുമുട്ടുന്ന ദൈവശാസ്ത്രചിന്തയാണിത്. നീതി നിലനിർത്താൻവേണ്ടി ദൈവം ഇടപെടുന്ന മേഖലയാണ് നീതിയോടെയുള്ള അവിടുത്തെ വിധി. ഇസ്രായേലിന്റെ ശത്രുക്കളെ ഉന്മൂലനം ചെയ്യുന്നതിലൂടെ ദൈവം പിതാക്കന്മാർക്കു വാഗ്ദാനം നല്കിയ ദേശം അവർക്കു ദാനമായി നല്കി. ഇത് ശത്രുക്കളുടെ മേലുള്ള ദൈവത്തിൻ്റെ വിധിയും തൻ്റെ ജനത്തോടുള്ള അവിടുത്തെ നീതിയുമായിരുന്നു. ശത്രുക്കൾക്കെതിരെ യുദ്ധം ചെയ്യുന്നതിലൂടെ ദൈവം അവർക്കു തന്നെത്തന്നെ വെളിപ്പെടുത്തുകയും ("ഞാൻ ദൈവമാണ് എന്ന് അവർ അറിയും": സഖ 2,13; 4,9) ഇസ്രായേൽ ജനത്തിന് പരിപാലിക്കുന്ന ദൈവമായി മാറുകയും ചെയ്യുന്നു. ശത്രുക്കൾക്കെതിരെ മാത്രമല്ല, ഇസ്രായേൽജനത്തിനെതിരെ പോലും പടപൊരുതുന്ന ദൈവത്തിൻ്റെ വിധിയാണ് വിശുദ്ധഗ്രന്ഥം അവതരിപ്പിക്കുന്നത്. മഗോഗ് ദേശത്തെ ഗോഗിനെയും മറ്റു പ്രബല രാജ്യങ്ങളെയും ഇസ്രായേലിനെതിരായി അണിനിരത്തുന്ന ദൈവത്തെ നമ്മൾ കാണുന്നു. “ഭൂമി മറയ്ക്കുന്ന മേഘംപോലെ നീയെന്റെ ജനമായ ഇസ്രായേലിനെതിരെ കടന്നുവരും" (എസ 38,15). പ്രവാചകനായ സഖറിയായുടെ വീക്ഷണത്തിൽ, ജറുസലേമിനെതിരെ അണിനിരക്കുന്ന വിജാതീയർ വിധിയാളനായ ദൈവത്തിന്റെ മുഖം അവതരിപ്പിക്കുന്നു (സഖ 14,1-3). എന്നാൽ, ഈ വിധിയുടെ നടുവിൽ ദൈവം തൻ്റെ കരുണ വർഷിക്കുകയും തന്റെ ജനത്തെ 'പിടക്കോഴി തൻ്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതുപോലെ' പരിപാലിക്കുകയും ചെയ്യുന്നു. ഇത് ജനം ദൈവത്തെ അറിയാനുള്ള മാർഗമായി (എസ 38,16) വിശുദ്ധഗ്രന്ഥകാരൻ നമ്മെ പഠിപ്പിക്കുന്നു. തിരഞ്ഞെടുത്ത ജനതയെ രക്ഷിക്കാൻ അവർക്കു വാഗ്ദാനനാടു സ്വന്തമാക്കി കൊടുക്കാൻ ദൈവം അവരുടെ ശത്രുക്കളെ ഉന്മൂലനം ചെയ്യുന്നതായി വി. ഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നു.
ഇസ്രയേലിനു നേരിട്ട അസ്സീറിയൻ വിപ്രവാസവും (722 ബി. സി.) യൂദായ്ക്കു സംഭവിച്ച ബാബിലോൺ പ്രവാസവും (589 ബി. സി.) ജനത്തിന്മേലുള്ള ദൈവത്തിൻ്റെ ശിക്ഷ എന്നതിലുപരി അവിടുത്തെ രാജത്വം (നീതി) പ്രഖ്യാപിക്കാനുള്ള മാർഗമാണെന്നു വിശുദ്ധഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നു (എസ് 7:3;11:10-11; 1 സാമു 3:13). ദൈവം നീതിമാന്മാരെ സഹായിക്കുകയും നീതിരഹിതരെ നശിപ്പിക്കുകയും ചെയ്യുന്നവനാണ് (സങ്കീ 37:32-33). ബാബിലോൺപ്രവാസം യൂദയാദേശത്തിനുള്ള ഒരു പ്രഹരമായിരുന്നു. അഭിഷിക്തരായ രാജാക്കന്മാരും ദൈവജനവും ഉടമ്പടിയുടെ ലംഘനത്തിലൂടെ ദൈവത്തിന്റെ രാജത്വത്തിനു ഭംഗം വരുത്തി. എങ്കിലും കരുണാമയനായ ദൈവം നീതിയോടെ ജനത്തെ വിധിക്കുകയും അവരോടൊപ്പം ബാബിലോണിലേക്കു യാത്രയാവുകയും ചെയ്തു (എസ് 11:23). ഇത് ദൈവവും ജനവും തമ്മിലുള്ള വ്യവസ്ഥകളില്ലാത്ത സ്നേഹ ഉടമ്പടിയുടെ പ്രകാശനമാണ്. ദൈവം വിപ്രവാസ കാലത്ത് പ്രവാചകരിലൂടെ ജനത്തെ മാനസാന്തരത്തിൻ്റെ അനുഭവത്തിലേക്കു നയിച്ചു. ശിക്ഷ, ശിക്ഷണത്തിനു വേണ്ടിയാണ്, അല്ലാതെ നാശത്തിനു വേണ്ടിയല്ല എന്നു ജനം മനസ്സിലാക്കുന്നത് ദൈവത്തിന്റെ കരുണാപൂർവ്വമായ വിധിയിലൂടെയാണ്.
ഉപസംഹാരം
പഴയനിയമജനതയുടെ അനുഭവത്തിൽ ദൈവത്തിന്റെ കരുണ ഉടമ്പടിയുടെ ബന്ധത്തിൻ്റെ പൂർണ്ണതയാണ്. അബ്രാഹം പരിച്ഛേദനം വഴിയായി ഉടമ്പടിയുടെ അനുഭവത്തിലേക്കു പ്രവേശിച്ചു (ഉല്പ. 17). രാജാക്കന്മാർ ദൈവികനിയമങ്ങളോടുള്ള വിശ്വസ്തത പുലർത്തുന്നതിലൂടെ ഉടമ്പടിയുടെ വക്താക്കളായി. ദൈവജനം ദൈവാലയവുമായി ഉൾച്ചേർന്ന് ദൈവത്തെ രാജാവായി അംഗീകരിച്ചുകൊണ്ട് അവിടുത്തേക്കു ബലികളും കാഴ്ചകളും സമർപ്പിച്ച് ഉടമ്പടിയുടെ ബന്ധത്തിൻ്റെ പൂർണ്ണത ആഘോഷിച്ചു. ഉടമ്പടിയുടെ ലംഘനംമൂലം ജനം ദൈവകൃപ നഷ്ടപ്പെടുത്തിയപ്പോൾ കരുണാസമ്പന്നനായ ദൈവം അവരെ സ്നേഹത്തോടെ വിധിക്കുകയും എന്നും കൂടെ വസിക്കുന്ന ദൈവികസാന്നിധ്യത്തിലേക്കു പ്രവേശിപ്പിക്കുകയും ചെയ്തു. ഈശോ ദൈവത്തിന്റെ കരുണയുടെ മുഖമായി മാറുകയും, ഈശോയാകുന്ന വിരിയിലൂടെ (ഹെബ്രാ 10,2) പിതാവിൻ്റെ കരുണ സ്വന്തമാക്കാൻ ദൈവം നമ്മെ ഒരുക്കുകയും ചെയ്യുന്നു.
Mother of Perpetual Help Church
Palakattumala. Kottayam 686 635
Mob. 9496572635
Email: skuttiani@gmail.com
ഹീബ്രു ഭാഷയിലെ 'ഹെസദ്' എന്ന പദം ഗ്രീക്കുഭാഷയിലേക്ക് പൊതുവേ വിവർത്തനം ചെയ്തിരിക്കുന്നത് 'എലെയോസ്' എന്നാണ്. ഇഗ്ലീഷിൽ mercy എന്നും മലയാളത്തിൽ 'കരുണ' എന്നും വിവർത്തനം ചെയ്യുന്നുവെങ്കിലും 'ഹെസദ്' എന്ന ഹീബ്രുപദത്തിൻ്റെ ധ്വനി പൂർണ്ണമായുൾക്കൊള്ളുന്ന ഒരു ആധുനിക ഭാഷാപദം കണ്ടെത്തുവാൻ ബുദ്ധിമുട്ടാണ്. വിശ്വസ്തത (faithful ness), അചഞ്ചലസ്നേഹം (steadfast love), ദയ (kindness) കരുണാദ്രസ്നേഹം) എന്നിവയെല്ലാം 'ഹെസദ്' എന്ന പദത്തെ വിവർത്തനം ചെയ്യുവാൻ ഉപയോഗിക്കുന്നുണ്ട്. കരുണ, കാരുണ്യാതിരേകം, അചഞ്ചലസ്നേഹം എന്നിങ്ങനെ POC ബൈബിൾ ഈ പദം വിവർത്തനം ചെയ്തിരിക്കുന്നു.
ഹീബ്രുബൈബിളിൽ 'ഹെസദ്' എന്ന വാക്ക് ഏകവചന രൂപത്തിലാണ് പൊതുവേ ഉപയോഗിച്ചിരിക്കുന്നത്. 18 പ്രാവശ്യം മാത്രമാണ് ഇതിന്റെ ബഹുവചനരൂപം കാണുന്നത്. 'ഹെസദ്' എന്ന വാക്ക് മതാത്മകപശ്ചാത്തലത്തിലും, സെക്കുലർ (സാമൂഹിക) പശ്ചാത്തലത്തിലും ഉപയോഗിക്കുന്നുണ്ട്. 124 പ്രാവശ്യം ഈ പദം സർവ്വനാമത്തോട് (possessive pronoun) ചേർത്താണ് ഉപയോഗിച്ചിരിക്കുന്നത്. അതിൽ 110 തവണയിലധികം ദൈവമാണ് കർത്താവ്.
'ഹെസദ്' ബന്ധങ്ങളെ സൂചിപ്പിക്കുവാനാണ് കൂടുതലും ഉപയോഗിച്ചുകാണുന്നത്. അതു മനുഷ്യവ്യക്തികൾ തമ്മിലുള്ള ബന്ധങ്ങളിലെ മനോഭാവങ്ങൾ അവതരിപ്പിക്കുന്നതിനുപയോഗിക്കുന്നുണ്ടെങ്കിലും കൂടുതലായി ഉപയോഗിക്കുന്നത് ദൈവത്തിന് ഇസ്രായേൽ ജനത്തോടുള്ള ബന്ധവും മനോഭാവങ്ങളും വിവരിക്കുന്നതിനാണ്. 'ഹെസദ്' ദൈവത്തിൻ്റെ ഏതെങ്കിലും പ്രവൃത്തിയെ എന്നതിനേക്കാൾ ദൈവവും മനുഷ്യനുമായുള്ള സ്ഥായിയായ ബന്ധത്തെയാണു സൂചിപ്പിക്കുന്നത്. 'ഹെസദ്' എന്ന പദം ദൈവവും മനുഷ്യനും തമ്മിലുള്ള ഉടമ്പടിബന്ധത്തിന്റെ ഭാഗമായാണ് വിശുദ്ധ ഗ്രന്ഥം അവതരിപ്പിക്കുന്നത്.
ഇസ്രായേലിന്റെ രോദനം കേൾക്കുകയും ഉടമ്പടി ഓർക്കുകയും അവരോട് കരുണകാണിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ ചിത്രം നൽകികൊണ്ടാണ് പുറപ്പാട് സംഭവം വിവരണം ആരംഭിക്കുന്നത് (പുറ 2,23-25). ഇസ്രായേലിന് കൽപന കൊടുക്കുമ്പോൾ ആമുഖമായി ഉദ്ബോധിപ്പിക്കുന്നത് ഈ വിമോചനത്തിന്റെ അനുഭവമാണ് (പുറ 20,1), ദൈവിക കരുണയുടെ ഇടപെടലാണ് (പുറ 34,6-7). ദൈവത്തിന് ഇസ്രായേലിനോടുള്ള സ്നേഹബന്ധത്തിന്റെ പ്രതിഫലനമായിരുന്നു അവിടുത്തെ 'ഹെസദ്'. സ്നേഹവും കഷ്ടപ്പാടും കണ്ടുമുട്ടുമ്പോൾ 'ഹെസദ്' ജന്മമെടുക്കുന്നു എന്ന് വിശുദ്ധ ഗ്രന്ഥം സാക്ഷ്യം നൽകുന്നു. ദൈവം സ്നേഹമാണ്. അവിടുത്തെ ഒറ്റപ്പെട്ട പ്രവൃത്തി മാത്രമല്ല, മറിച്ച് അവിടുത്തെ സ്ഥായിയായ ഭാവമാണ് 'ഹെസദ്'. ദൈവികസ്വഭാവത്തെ ഒറ്റ ഹീബ്രുവാക്കിൽ സംഗ്രഹിച്ചാൽ അത് 'ഹെസദ്' ആണ്. മലയാളത്തിൽ 'കരുണ' എന്നതിനേക്കാൾ 'കരുണാർദ്രസ്നേഹം/അചഞ്ചലസ്നേഹം' എന്നു വിവർത്തനം ചെയ്യുന്നതായിരിക്കും കൂടുതൽ ഉത്തമം.
പഴയനിയമത്തിലുള്ള 243 'ഹെസദ്' പ്രയോഗങ്ങളിൽ 127 എണ്ണവും സങ്കീർത്തനപ്പുസ്തകത്തിലാണ്. ദൈവമനുഷ്യബന്ധത്തിന്റെ സ്നേഹഗീതം ആലപിക്കുന്നതിൽ, അവിടുത്തെ കരുണാർദ്ര സ്നേഹം പ്രകീർത്തിക്കുന്നതിൽ, സങ്കീർത്തകനുള്ള തീക്ഷ്ണതയാണ് ഇതു പ്രകടമാക്കുന്നത്. ദൈവത്തിന്റെ കരുണാർദ്രസ്നേഹം അനുഭവിച്ചറിഞ്ഞ സങ്കീർത്തകൻ തന്റെ വിശ്വാസം കീർത്തനങ്ങളിലൂടെ ഏറ്റുപറയുന്നു. സങ്കീർത്തനപുസ്തകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദൈവശാസ്ത്രപ്രമേയങ്ങളിലൊന്ന് ദൈവത്തിന്റെ കരുണാർദ്രസ്നേഹമാണ്. ദൈവത്തിന്റെ കരുണാർദ്രസ്നേഹം എന്താണെന്നും അത് എപ്രകാരം ഇസ്രായേലിന് അനുഭവിക്കുവാൻ സാധിച്ചുവെന്നും സങ്കീർത്തകൻ ആവർത്തിച്ചു പ്രകീർത്തിക്കുന്നു.
1. തകർച്ചയിൽ രക്ഷിക്കുന്ന കരുണാർദ്രസ്നേഹം
ദൈവത്തിൻ്റെ കരുണാർദ്രസ്നേഹം തകർച്ചയിൽനിന്നും അടിമത്തത്തിൽ നിന്നും ശത്രുക്കളിൽനിന്നും ജനത്തെ വിമോചിപ്പിക്കുന്നു. കഷ്ടതയുടെ സമയത്ത് ദൈവത്തിൻ്റെ അചഞ്ചലമായ സ്നേഹം അനുഭവിക്കുന്ന സങ്കീർത്തകൻ അത് പ്രകീർത്തിച്ചു കൊണ്ട് പല പ്രാവശ്യം പ്രാർത്ഥിക്കുന്നുണ്ട് (31,7.21; 32,10; 57,3; 59, 10; 94,18; 143,12). ഇസ്രായേൽജനതയുടെ ജീവിതത്തിൻ്റെ കേന്ദ്ര ബിന്ദുവായ പുറപ്പാടനുഭവം വിമോചനത്തിൻ്റെ സദ്വാർത്ത ആയിരുന്നല്ലോ. രക്ഷ നൽകുന്നത് ദൈവത്തിൻ്റെ കരുണാർദ്രമായ സ്നേഹമാണ്. തകർച്ചയിൽ പ്രതീക്ഷയും അഭയവും നൽകുന്നത് കർത്താവിന്റെ അചഞ്ചലമായ സ്നേഹമാണ് (13,5; 17,7; 20,1-3; 33, 8.22. 36,7,143,8; 147,11). ഈ സങ്കീർത്തനങ്ങൾ എല്ലാം തന്നെ ശത്രുകരങ്ങളിൽനിന്ന് രക്ഷിച്ച് അഭയം നല്കിയ യാഹ്വേക്കുള്ള നന്ദിയുടെ സ്തുതിപ്പുകളാണ്. ദൗർഭാഗ്യത്തിലും പാപഭാരത്തിലും പരാജയത്തിലും ആത്മധൈര്യം നഷ്ടപ്പെടാതെ ദൈവകാരുണ്യം വിളിച്ച പേക്ഷിക്കുന്ന സങ്കീർത്തകനെയാണു നമ്മൾ കാണുന്നത്. ദൈവിക കരുണ അനുഭവിച്ച ദൈവജനത്തിൻ്റെ സ്തുതിയും പുകഴ്ചയും കൃതജ്ഞതയുമാണ് സങ്കീർത്തകനിലൂടെ വെളിച്ചത്തുവരുന്നത്.
2. കരുണാർദ്രസ്നേഹം ജീവൻ നിലനിർത്തുന്നു
പഴയനിയമ ഗ്രന്ഥകാരന്മാരെ അലട്ടിയിരുന്ന ഒന്നായിരുന്നു മരണം എന്ന യാഥാർത്ഥ്യം. മരണം എപ്പോഴും സമീപത്തുള്ളതായി അവർക്കനുഭവപ്പെട്ടിരുന്നു. ജീവിതത്തിൽനിന്ന് ഒരുവനെ അകറ്റുന്ന മരണത്തിനെതിരെ പ്രവർത്തിക്കുന്ന ശക്തിയായാണ് ദൈവത്തിന്റെ കരുണാർദ്രസ്നേഹത്തെ സങ്കീർത്തകൻ അവതരിപ്പിക്കുന്നത് ജീവൻ പരിരക്ഷിച്ച് നിലനിർത്തുന്നത് ദൈവത്തിന്റെ കരുണാർദ്ര സ്നേഹമാണ് (6,4.5: 119,88,149,159).
3. കോപത്തെ ശമിപ്പിക്കുന്നു, പാപം കഴുകിക്കളയുന്നു
ദൈവത്തിന്റെ കോപത്തെ ശമിപ്പിക്കുകയും മനുഷ്യന്റെ തെറ്റുകൾ മായിച്ചുകളയുകയും ചെയ്യുന്നത് കരുണാർദ്രസ്നേഹമാണ്. 51-ാം സങ്കീർത്തനം മുഴുവൻ പ്രകടിപ്പിക്കുന്നത്. പാപങ്ങൾ കഴുകി കളയുന്ന കരുണാർദ്രസ്നേഹത്തിനുമുമ്പിലുള്ള പാപിയുടെ പ്രത്യാശയാണ്. 130-ാം സങ്കീർത്തനവും ദൈവത്തിന്റെ കാരുണ്യത്തിലാശ്രയിച്ചുകൊണ്ട് പാപമോചനം പ്രാർത്ഥിക്കുന്നതാണ് (130,7) ദൈവത്തിന്റെ കരുണ യാചിക്കുന്ന സങ്കീർത്തകനെയും നമ്മൾ കാണുന്നുണ്ട് 36,10.11).
4. കരുണാർദ്രസസ്നേഹം അനന്തമാണ്
വിശുദ്ധഗ്രന്ഥത്തിലുടനീളം കാണുന്ന ഒരു പ്രമേയമാണ് ദൈവത്തിന്റെ കാരുണ്യം അനന്തമാണ് എന്നത് (ഏശ 54,10, ജെറെ 31,3, 6,4). അനന്തമായി നിലനിൽക്കുന്ന ദൈവകാരുണ്യത്തെ സങ്കീർത്തകൻ പലവിധത്തിൽ അവതരിപ്പിക്കുന്നുണ്ട് (89, 2. 28. 33:103,17; 117,2; 138.8; 100,5; 106, 1: 107,1). സങ്കീർത്തനങ്ങൾ 118, 136 എന്നിവ ഈ വിശ്വാസം പ്രകീർത്തിക്കുന്ന പ്രഘോഷിക്കുന്ന വലിയ സ്തുതിപ്പുകളാണ്.
5. സർവ്വവ്യാപിയും ആകാശത്തോളം നിറഞ്ഞുനിൽക്കുന്നതും
ദൈവത്തിന്റെ കരുണാർദ്രസ്നേഹത്തിൻ്റെ സമൃദ്ധിയേക്കുറിച്ച് സങ്കീർത്തനങ്ങളിൽ പലവിധത്തിലുള്ള പ്രസ്താവനകളുണ്ട്. ഭൂമി മുഴുവൻ നിറഞ്ഞു നിൽക്കുന്ന ദൈവകാരുണ്യത്തെ 33,5; 119,64 98,3 സങ്കീർത്തനങ്ങൾ പ്രകീർത്തിക്കുമ്പോൾ, ആകാശങ്ങൾക്കുമപ്പുറം വ്യാപിച്ചിരിക്കുന്ന കാരുണാർദ്രസ്നേഹത്തെ 36.5; 57,10,103,11 108,4 സങ്കീർത്തനങ്ങൾ അവതരിപ്പിക്കുന്നു. കരുണാർദ്രസ്നേഹത്തിന്റെ സമൃദ്ധിയും ശക്തിയും പാടി മഹത്വപ്പെടുത്തുകയാണ് 86,3.15; 106,7.45; 117,2 എന്നീ സങ്കീർത്തനങ്ങൾ. ദൈവത്തിന്റെ നിർവചനമെന്നപോലെ തോറാ അവതരിപ്പിക്കുന്ന, 'കോപിക്കുന്നതിൽ മന്ദഗതിയുള്ളവനും കരുണകാണിക്കുന്നതിൽ അതീവശ്രദ്ധാലുവുമായ' ദൈവത്തെയാണ് ഈ സങ്കീർത്തനങ്ങളിൽ നമ്മൾ കണ്ടുമുട്ടുന്നത്.
6. കരുണാർദ്രസ്നേഹം ദൈവീകരണത്തിൻ്റെ സ്വഭാവവും അവിടുത്തെ രാജ്യത്തിൻ്റെ അടിസ്ഥാനവും
സങ്കീർത്തനം 89,14: നീതിയിലും ന്യായത്തിലും അങ്ങ് സിംഹാസനം ഉറപ്പിച്ചിരിക്കുന്നു. കാരുണ്യവും വിശ്വസ്തതയും അങ്ങേയ്ക്ക് മുമ്പേ നീങ്ങുന്നു രാജവിനോടൊപ്പമുള്ള ദൈവിക അനുഗ്രഹമായാണ് കരുണാർദ്രസ്നേഹം നിലനിൽക്കുന്നത് (21,7; 89,24).
7. കരുണാർദ്രസ്നേഹം ദൈവത്തെ അറിയുന്നവർക്ക്
കരുണാർദ്രസ്നേഹം അവിടുത്തെ അറിയുന്നവർക്കും അവിടുത്തെ വിളിച്ചപേക്ഷിക്കുന്നവർക്കുമാണ് അനുഭവിക്കുവാൻ സാധിക്കുന്നത് എന്ന് സങ്കീർത്തകൻ അനുസ്മരിപ്പിക്കുന്നുണ്ട് (36,10; 103,11, 17; 119,149.159). ദൈവഭക്തർക്ക് അവിടുത്തെ അനന്തമായ കാരുണ്യം അനുഭവവേദ്യമാകും. അതേസമയം, പാതാളം കരുണാർദ്രസ്നേഹം അനുഭവിക്കുന്നതിൽനിന്നും നമ്മെ അകറ്റും എന്നും സങ്കീർത്തകൻ സൂചിപ്പിക്കുന്നുണ്ട് (6,4;88,11).
8. ദൈവത്തിങ്കലേക്കും അവൻ്റെ പഠിപ്പിക്കലിലേക്കും നയിക്കുന്നു
കരുണാർദ്ര സ്നേഹം ഒരുവനെ ദൈവത്തിങ്കലേക്കും അവന്റെ പഠിപ്പിക്കലുകളിലേക്കും നയിക്കുകയും (119,124; 143,8) അവനെ ആനന്ദത്തിലേക്കും കീർത്തനങ്ങളിലേക്കും എത്തിക്കുകയും ചെയ്യുന്നു (59, 17; 89,1;90,14;92,1.4). ആനന്ദവും കീർത്തനങ്ങളും നന്ദിയുടെ ജീവിതം രൂപപ്പെടുത്തുന്നു (107,138,2). ആ ജീവിതം ദൈവ കരുണയെ ധ്യാനിക്കുന്ന, ഓർമ്മിക്കുന്ന ഒന്നായി മാറുന്നു (40, 10; 48,9; 92,1.4; 119,64).
ഉപസംഹാരം
ദൈവത്തിന്റെ കരുണാർദ്രസ്നേഹം അനുഭവിച്ചറിഞ്ഞ ഇസ്രായേൽ തങ്ങളുടെ അനുഭവം കീർത്തനങ്ങളായും നന്ദിയുടെ സ്തുതിപ്പുകളായും ദൈവസന്നിധിയിൽ അർപ്പിച്ചിരുന്നു. ആ കീർത്തനങ്ങളാണ് സങ്കീർത്തനപുസ്തകത്തിൽ ഉൾച്ചേർത്തിരിക്കുന്നത്. ഇസ്രായേലിന്റെ ജീവിതത്തിലുടനീളമുണ്ടായ ദൈവാനുഭവത്തിന്റെ കേന്ദ്രമായിരുന്നു അവിടുത്തെ കരുണാർദ്രസ്നേഹം.
ഇസ്രായേൽജനവുമായി ദൈവം സ്ഥാപിച്ച ഉടമ്പടിയുടെ ഫലമായുള്ള സ്നേഹത്തിൽ നിന്നുളവാകുന്ന കരുണയും ആർദ്രതയുമാണ് ഹെസെദ്. ആകാശവും ഭൂമിയും നിറഞ്ഞുനിൽക്കുന്നതും ദൈവത്തിന്റെ പക്കലേക്ക് സകലരേയും അടുപ്പിക്കുന്നതും രക്ഷ നല്കി വിമോചിപ്പിക്കുന്നതും പാപങ്ങൾക്ക് മോചനം നൽകുന്നതുമായ കരുണാർദ്രസ്നേഹമാണത്. ഈ കരുണാർദ്രസ്നേഹമാണ് പിതാവിൻ്റെ മുഖമായ ഈശോമിശിഹായിൽ നാം ദർശിക്കുന്നത്.
136-ാം സങ്കീർത്തനം ആലപിച്ച് വിശുദ്ധകവാടം തുറന്നും കരുണയുടെ സുവിശേഷം ധ്യാനിച്ചും കരുണയുടെ ജൂബിലിവർഷത്തിലേക്ക് പ്രവേശിക്കാൻ ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്യുമ്പോൾ ഏതെങ്കിലും കാരുണ്യപ്രവൃത്തികളിൽ മുഴുകുന്നതു കൊണ്ടുമാത്രം തൃപ്തിപ്പെടാതെ, ദൈവവുമായുള്ള സ്ഥായിയായ ബന്ധത്തിൽ സംഭവിച്ചിരിക്കുന്ന കുറവുകളെ പരിഹരിച്ച് ജീവിതം നവീകരിക്കുന്നതിനുള്ള അവസരമായിക്കൂടി നമുക്കു മാറ്റാം.
ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ
St. Thomas Apostolic Seminary
Vadavathoor P.O, Kottayam 686 010
Mob. 9447112104
Email: andrewsmek@gmail.com
സ്നേഹംതന്നെയായ പരിശുദ്ധത്രിത്വത്തെ മനുഷ്യൻ ദർശിച്ചത് മനുഷ്യനായവതരിച്ച നസ്രായൻ ഈശോമിശിഹായിലാണ്. മനുഷ്യാവതാരം ആവശ്യമാക്കിയതുതന്നെ മനുഷ്യവർഗത്തിന്റെ അധഃപതിച്ച അവസ്ഥയായിരുന്നു. അതുകൊണ്ട്, മനുഷ്യനായ വതരിച്ച ഈശോയുടെ അടിസ്ഥാനമനോഭാവം കരുണയുടേതായി. നസ്രായൻ ദൈവകാരുണ്യത്തിൻ്റെ മനുഷ്യമുഖമാണ് എന്നു പറയുന്നതിന്റെ അർത്ഥമിതാണ്. അവിടുത്തെ വാക്കുകളിലും പ്രവൃത്തികളിലും നിഴലിച്ചത് പിതാവായ ദൈവത്തിൻ്റെ കാരുണ്യംതന്നെയായിരുന്നു. അവിടുന്നിൽ ദൈവത്തിൻ്റെ കരുണ അതിന്റെ സകല മാനങ്ങളിലും - സ്നേഹമായും അലിവായും അനുകമ്പയായും സഹാനുഭൂതിയായും ക്ഷമയായും പ്രകടവും അനുഭവവേദ്യവുമായി.
കരുണയിൽ സമ്പന്നനായ ദൈവം
സുവിശേഷകന്മാരെല്ലാവരും ഈശോമിശിഹായുടെ കാരുണ്യഭാവത്തിനു പ്രാധാന്യം നല്കിയാണ് അവതരിപ്പിക്കുന്നത്. ഇവരിൽ വിശുദ്ധലൂക്കാ സവിശേഷമാംവിധം അവിടുത്തെ കാരുണ്യ മുഖത്തേക്കു നമ്മുടെ ശ്രദ്ധതിരിക്കുന്നുണ്ട്. 'കാരുണ്യത്തിന്റെ സുവിശേഷം' എന്നുപോലും ഈ മൂന്നാം സുവിശേഷം അറിയപ്പെടാറുണ്ട്. വിശുദ്ധ ലൂക്കാ ദൈവപുത്രൻ്റെ മനുഷ്യാവതാരത്തെ അവതരിപ്പിക്കുന്നതുതന്നെ കാരുണ്യത്തിന്റെ ഭാഷയിലാണ്.
പരിശുദ്ധ കന്യകാമറിയത്തിൻ്റെ സ്തുതിഗീതത്തിൽ (മാഗ്നിഫിക്കാത്ത്) ദൈവം തൻ്റെ ഭക്തരുടെമേൽ ചൊരിയുന്ന കാരുണ്യമായാണ് മനുഷ്യാവതാരം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്: “അവന്റെ കാരുണ്യം അവനെ ഭയപ്പെടുന്നവരുടെമേൽ നൂറ്റാണ്ടുകളും തലമുറകളുംവരെ ഉണ്ടായിരിക്കും... നമ്മുടെ പിതാക്കന്മാരായ അബ്രാഹത്തോടും സന്തതികളോടും എന്നന്നേക്കുമായി അരുളിച്ചെയ്തുപോലെ, തന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് അവൻ തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു" (ലൂക്കാ 1,50-55). ഇവിടെ കാരുണ്യത്തിനുപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം 'എലെയോസ്' (eleos) ആണ്. ദൈവത്തിനു മനുഷ്യനോടുള്ള അചഞ്ചലവും നിസ്തന്ദ്രവും വിശ്വസ്തവുമായ സ്നേഹത്തെ (steadfast love) സൂചിപ്പിക്കാനായി
പഴയനിയമത്തിൽ ഉപയോഗിച്ചിരുന്ന 'ഹെസദ്' - ന്റെ അർത്ഥം തന്നെയാണ് 'എലെയോസ്' -നുമുള്ളത്. ഉടമ്പടി വ്യവസ്ഥകളോടു ജനം കാണിച്ച അവിശ്വസ്തത കണക്കിലെടുക്കാതെ അവരോടു നിരന്തരം ക്ഷമിക്കുന്ന യാഹ്വെയുടെ ഹൃദയ വികാരത്തെയാണ് പഴയനിയമത്തിൽ ഈ പദം വ്യക്തമാക്കുന്നത്. ഈ ഉടമ്പടിവിശ്വസ്തത തന്നയാണു മനുഷ്യാവതാരത്തിലൂടെ ദൈവം തുടരുന്നത്. "നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ" (ലൂക്കാ 6,36) എന്ന ഈശോയുടെ ആഹ്വാനം ഈ പശ്ചാത്തലത്തിൽവേണം മനസ്സിലാക്കാൻ. ദൈവം നമ്മോടു പ്രദർശിപ്പിക്കുന്ന ഉടമ്പടിസ്നേഹവും വിശ്വസ്തതയും നമ്മൾ പരസ്പരവും കാണിക്കണമെന്നാണ് ഈശോ ആഗ്രഹിക്കുന്നത്.
യോഹന്നാൻ മാംദാനയുടെ പിതാവായ സഖറിയായുടെ കീർത്തനത്തിൽ നമ്മൾ ഇപ്രകാരം വായിക്കുന്നു: "ദൈവത്തിന്റെ കാരുണ്യാതിരേകത്താൽ ഉയരത്തിൽനിന്നുള്ള ഉദയം നമ്മെ സന്ദർശിക്കുമ്പോൾ അന്ധകാരത്തിലും മരണത്തിൻ്റെ നിഴലിലും കഴിയുന്നവർക്കു പ്രകാശം ലഭിക്കും; സമാധാനത്തിൻ്റെ മാർഗത്തിലേക്കു നമ്മുടെ പാദങ്ങൾ നയിക്കപ്പെടുകയും ചെയ്യും" (ലൂക്കാ 1,78-79). ഉയരത്തിൽനിന്നുള്ള - സ്വർഗത്തിൽനിന്നുള്ള - ഉദയമായ മിശിഹാ മനുഷ്യവർഗത്തെ രക്ഷിക്കാനായി സന്ദർശിക്കുന്നതാണ് മനുഷ്യാവതാരം. ഇതിനു കാരണമായി ഭവിച്ചത് ദൈവത്തിൻ്റെ കാരുണ്യാതിരേകമാണ്. ഇതു സൂചിപ്പിക്കുവാൻ സുവിശേഷകൻ ഉപയോഗിക്കുന്ന ഗ്രീക്കുപദം (splanchna: സ്പ്ളാൻഖന) അമ്മയുടെ ഉദരം എന്നർത്ഥമുള്ള ഹീബ്രുപദത്തിൻ്റെ (rehem, rehemim: റെഹം റെഹമിം) പരിഭാഷയാണ്. ഒരമ്മയ്ക്കു തൻ്റെ മക്കളോടു തോന്നുന്ന എല്ലാ വികാരങ്ങളുടെയും ആകെത്തുകയായാണ് മനുഷ്യനായവതരിച്ച പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെയാൾ. ദൈവിക കാരുണ്യത്തിന്റെ മനുഷ്യരൂപമാണ് നസ്രായനായ ഈശോമിശിഹാ.
മനസ്സലിയുന്ന ദൈവപുത്രൻ
ഈശോമിശിഹാ ദൈവിക കാരുണ്യത്തിൻ്റെ മനുഷ്യരൂപമായതിനാൽ അവിടുത്തെ അടിസ്ഥാന മനോഭാവം കരുണയുടേതാണ് എന്നതു തികച്ചും സ്വാഭാവികം മാത്രം. അവിടുത്തെ ഓരോ വാക്കിലും പ്രവൃത്തിയിലും നിഴലിച്ചത് ഈ കാരുണ്യം തന്നെയായിരുന്നു. ഉദാഹരണത്തിന്, നായിമിലെ രംഗം തന്നെ. തൻ്റെ ഏക ആശ്രയമായിരുന്ന പുത്രനെ നഷ്ടപ്പെട്ടതിന്റെ ദുഃഖഭാരവും പേറി, വിലാപയാത്രയിൽ നടന്നു നീങ്ങിയ വിധവയെ കണ്ടപ്പോൾ ഈശോയുടെ മനസ്സലിഞ്ഞുപോയി എന്നാണു വിശുദ്ധ ലൂക്കാ സുവിശേഷകൻ രേഖപ്പെടുത്തുന്നത് (ലൂക്കാ 7,13). ഈ മനസ്സലിവ് വികാരത്തിന്റെ തലത്തിൽമാത്രം ഒതുങ്ങിനിന്നില്ല; അതു വാക്കിലും പ്രവൃത്തിയിലുംകൂടി പ്രകാശിതമായി. 'കരയേണ്ട' എന്നു പറഞ്ഞ് അവളെ ആശ്വസിപ്പിച്ച അവിടുന്ന് ശവമഞ്ചത്തിൽ സ്പർശിച്ച് മരിച്ചവനെ ഉയിർപ്പിച്ചു മാതാവിനു തിരികെനല്കി. നമ്മുടെ ചുറ്റുമുള്ള വേദനിക്കുന്നവരോടു നമുക്കു തോന്നുന്ന കരുണ പ്രവൃത്തിപഥത്തിലെത്തുമ്പോൾ മാത്രമേ യഥാർത്ഥമാവൂ.
പരസ്യജീവിതകാലത്തു ഗലീലിയിൽ തന്നെ അനുഗമിച്ചിരുന്ന വലിയ ജനക്കൂട്ടത്തെ കണ്ടപ്പോൾ അവരുടെമേൽ ഈശോയ്ക്ക് അനുകമ്പ തോന്നി (മത്താ 14,13-14). അവരിലെ അനേകം രോഗികളെ സുഖപ്പെടുത്തുന്നതിന് അതു നിമിത്തമായി. വൈകുന്നേരമായപ്പോൾ ഈ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ശിഷ്യന്മാർ നിർദ്ദേശിച്ചപ്പോൾ ഈശോയുടെ മറുപടി ഇപ്രകാരമായിരുന്നു: "അവർ പോകേണ്ടതില്ല. നിങ്ങൾതന്നെ അവർക്കു ഭക്ഷണം കൊടുക്കുവിൻ" (മത്താ 14,16). അവരുടെ കൈവശമുണ്ടായിരുന്ന അഞ്ചപ്പവും രണ്ടു മീനും അവിടുന്നു വർദ്ധിപ്പിച്ചു നല്കിയപ്പോൾ അയ്യായിരത്തോളം പേർ ഭക്ഷിച്ചു തൃപ്തരായി എന്നു മാത്രമല്ല, പന്ത്രണ്ടു കുട്ട നിറയെ മിച്ചം വരികയും ചെയ്തു. ഇതിനു സമാനമായ ഒരു രംഗം വീണ്ടും ഈശോയുടെ ജീവിതത്തിലുണ്ട്. തന്നെ ശ്രവിക്കാനെത്തിയ വലിയ ജനാവലിയെപ്പറ്റി അവിടുന്ന് ശിഷ്യന്മാരോടു പറഞ്ഞു: “ഈ ജനക്കൂട്ടത്തോട് എനിക്ക് അനുകമ്പ തോന്നുന്നു. കാരണം, മൂന്നു ദിവസമായി അവർ എന്നോടുകൂടെ കഴിയുന്നു. അവർക്കു ഭക്ഷിക്കുവാൻ ഒന്നുമില്ല. അവർ വഴിയിൽ തളർന്നു വീഴാൻ ഇടയുള്ളതിനാൽ, അവരെ വെറും കയ്യോടെ പറഞ്ഞയയ്ക്കാൻ എനിക്കു മനസ്സു വരുന്നില്ല" (മത്താ 15,32). ഏഴപ്പംകൊണ്ടു നാലായിരംപേരെ അവിടുന്നു തൃപ്തരാക്കി. ചുറ്റുമുള്ള സമൂഹത്തിൽ വിശപ്പനുഭവിക്കുന്നവർ നമ്മിലും ഇതുപോലെ അനുകമ്പ ഉണർത്തണം. ഈ ഹൃദയ അലിവ് അപ്പമായി അവരുടെ മുമ്പിൽ അവതരിക്കുകയും വേണം. എങ്കിൽ, അന്ത്യവിധിയിൽ അവിടുന്നു നമ്മോടും പറയും: “എന്റെ പിതാവിനാൽ അനുഗൃഹീതരേ, വരുവിൻ. ലോകാരംഭം മുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിൻ. എന്തെന്നാൽ, എനിക്കു വിശന്നു; നിങ്ങൾ എനിക്ക് ആഹാരം തന്നു" (മത്താ 25,35). "കരുണയുള്ളവർ ഭാഗ്യവാന്മാർ, അവർക്കു കരുണ ലഭിക്കും" (മത്താ 5,7) എന്ന് അവിടുന്നുതന്നെ അരുളിച്ചെയ്തിട്ടുണ്ടല്ലോ.
കരുണയിൽ നിന്നുദിക്കുന്ന പ്രേഷിതദൗത്യം
ഗലീലിയിലെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റിസഞ്ചരിച്ചു സംഘങ്ങളിൽ ദൈവരാജ്യസുവിശേഷം പ്രഘോഷിച്ച ഈശോയ്ക്ക് ജനക്കൂട്ടത്തിന്മേൽ അനുകമ്പ തോന്നുന്ന മറ്റൊരു രംഗം വിശുദ്ധ മത്തായി സുവിശേഷകൻ വർണിക്കുന്നുണ്ട് (മത്താ 9,35-37). ഈ അനുകമ്പയിൽനിന്നാണ് സുവിശേഷപ്രഘോഷകരെ അയയ്ക്കാനുള്ള മിശിഹായുടെ തീരുമാനമുണ്ടാകുന്നത്. നമ്മൾ ഇപ്രകാരം വായിക്കുന്നു: "ഈശോ അവരുടെ സിനഗോഗുകളിൽ പഠിപ്പിച്ചും രാജ്യത്തിൻ്റെ സുവിശേഷം പ്രസംഗിച്ചും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സഞ്ചരിച്ചു. ജനക്കൂട്ടത്തെ കണ്ടപ്പോൾ ഈശോയ്ക്ക് അവരുടെമേൽ അനുകമ്പ തോന്നി. അവർ ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരും നിസ്സഹായരുമായിരുന്നു. അവിടുന്നു ശിഷ്യന്മാരോട് പറഞ്ഞു: വിളവധികം; വേലക്കാരോ ചുരുക്കം. അതിനാൽ തന്റെ വിളഭൂമിയിലേക്കു വേലക്കാരെ അയയ്ക്കാൻ വിളവിൻ്റെ നാഥനോടു പ്രാർത്ഥിക്കുവിൻ." തുടർന്ന് പന്ത്രണ്ടു ശ്ലീഹന്മാരെ സുവിശേഷ പ്രഘോഷണത്തിനും രോഗികളെ സുഖപ്പെടുത്താനുമായി അധികാരം നല്കി അയയ്ക്കുന്ന രംഗമാണു നമ്മൾ കാണുന്നത് (മത്താ 10,1-15). ഈശോയുടെ കരുണാർദ്രഹൃദയത്തിൽനിന്നാണ് പ്രേഷിതത്വം ഉദ്ഭവിക്കുന്നത്.
ഈശോ രോഗികളെ സുഖപ്പെടുത്തുകയും പാപികളെ മോചിപ്പിക്കുകയും പിശാചുബാധിതരെ സ്വതന്ത്രരാക്കുകയും ചെയ്തപ്പോൾ ദരിദ്രരോടും പാർശ്വവത്ക്കരിക്കപ്പെട്ടവരോടും പാപികളോടും അവിടുന്നു കരുണ കാണിക്കുകയായിരുന്നു. രോഗശാന്തിയെയും സൗഖ്യത്തെയുംകാൾ മനുഷ്യർക്ക് ആവശ്യമായിരിക്കുന്നത് ദൈവത്തിന്റെ കരുണയാണ്. അതു തിരിച്ചറിയുന്നതാണു വിശ്വാസം. ജറുസലേമിലേക്കുള്ള യാത്രാമദ്ധ്യേ ഈശോയെ കണ്ടു മുട്ടിയ കുഷ്ഠരോഗികൾ ഇപ്രകാരം വിളിച്ചു പറഞ്ഞു: "ഗുരുവായ ഈശോയേ, ഞങ്ങളോടു കരുണയുണ്ടാകണമേ" (ലൂക്കാ 17,13). അവരുടെ യാചനയ്ക്കു ഉടനടി മറുപടിയുണ്ടായി; അവർക്കു സൗഖ്യം ലഭിച്ചു. അവരിൽ ഒരുവൻ മാത്രം, അതും സമരിയാക്കാരൻ, ദൈവത്തെ സ്തുതിച്ചുകൊണ്ടു മടങ്ങിവന്ന് ഈശോയോടു നന്ദിപറഞ്ഞു. ദൈവസ്തുതിയിലും കൃതഞ്ജതാ പ്രകാശനത്തിലും എത്തിനില്ക്കുന്ന വിശ്വാസം മാത്രമേ രക്ഷാകരമായി ഭവിക്കുന്നുള്ളു. അവരുടെ യാചനയിൽ പ്രതിഫലിച്ച ഭാഗിക വിശ്വാസം അവർ പത്തുപേർക്കും ശാരീരികസൗഖ്യം നല്കി. പക്ഷേ, രക്ഷ പ്രാപിച്ചത് ഈശോയുടെ പക്കലെത്തി ദൈവത്തിനു കൃതജ്ഞതയർപ്പിച്ച സമരിയാക്കാരൻ മാത്രമാണ്. നന്ദിപ്രകാശിപ്പിച്ചുകൊണ്ട് തന്റെ കാല്ക്കൽ കമിഴ്ന്നുവീണ അവനോട് ഈശോ അരുളിച്ചെയ്ത വാക്കുകളിൽനിന്ന് അതു വ്യക്തവുമാണ്: "എഴുന്നേറ്റു പൊയ്ക്കൊള്ളുക. നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു" (ലൂക്കാ 17,19).
ജറീക്കോയിലെ അന്ധൻ ഈശോയോട് അപേക്ഷിച്ചത് "കാഴ്ച്ച നല്കണമേ' എന്നായിരുന്നില്ല; മറിച്ച്, "ദാവീദിന്റെ പുത്രനായ ഈശോയേ, എന്നോടു കരുണയുണ്ടാകണമേ" (ലൂക്കാ 18,38) എന്നായിരുന്നു. കർത്താവിൻ്റെ കരുണയുണ്ടായാൽ എല്ലാം ഭദ്രമാണെന്ന് അവനറിയാമായിരുന്നു. കരുണയ്ക്കുവേണ്ടിയുള്ള പ്രാർത്ഥന അവന്റെ വിശ്വാസത്തിൻ്റെ പ്രകാശനമായാണ് ഈശോ സ്വീകരിച്ചത്. “നിൻ്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു" (ലൂക്കാ 18,42) എന്ന അവിടുത്തെ പ്രസ്താവന തന്നെ അതിനു തെളിവാണ്. "കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ" എന്നോ “കർത്താവേ, ഞങ്ങളോടു കൃപയുണ്ടാകണമേ" എന്നല്ല, “കർത്താവേ, ഞങ്ങളോടു കരുണയുണ്ടാകണമേ" എന്നതായിരിക്കണം നമ്മുടെ പ്രാർത്ഥന. നമ്മൾ ചോദിക്കുന്നതിനുമുമ്പേ നമ്മുടെ ആവശ്യങ്ങളറിയുന്ന അവിടുന്നു തൻ്റെ അനന്തകരുണയിൽ നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരമരുളും.
ദൈവകാരുണ്യത്തിൻ്റെ പ്രേഷിതരാകാൻ
ജീവിതത്തിലൂടെയെന്നതുപോലതന്നെ പ്രബോധനങ്ങളിലൂടെയും ഈശോ കാരുണ്യത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. അവിടുന്ന് അരുളിച്ചെയ്ത ഉപമകളിലധികവും കരുണയുമായി ബന്ധപ്പെട്ടവയാണ്. സഹഭ്യത്യനോടു കരുണ കാണിക്കാത്തവന്റെയും ധൂർത്തപുത്രൻ്റെയും നല്ല സമരിയാക്കാരന്റെയും ഉപമകൾ ഉദാഹരണങ്ങളിൽ ചിലതു മാത്രം. "ഞാൻ നിന്നോടു കരുണ കാണിച്ചതുപോലെ നീയും നിൻ്റെ കൂട്ടുകാരനോടു കരുണകാണിക്കേണ്ടതായിരുന്നില്ലേ" (മത്താ 18,33) എന്ന ചോദ്യം "നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ" (ലൂക്കാ 6,36) എന്ന ആഹ്വാനത്തിൽ നിന്നു വ്യത്യസ്തമല്ല.
സ്വർഗീയപിതാവിൻ്റെ കാരുണ്യത്തിൻ്റെ ആഴവും പരപ്പും വ്യക്തമാക്കുന്നതാണ് ധൂർത്തപുത്രൻ്റെ ഉപമ (ലൂക്കാ 15,11-32). വാസ്തവത്തിൽ, കാരുണ്യം ധൂർത്തടിക്കുന്ന പിതാവിന്റെ ഉപമയാണ് ഇത്. ഈശോ ചുങ്കക്കാരെയും പാപികളെയും സ്വീകരിക്കുകയും അവരോടൊത്തു ഭക്ഷിക്കുകയും ചെയ്തതിൽ നീരസം പൂണ്ട ഫരിസേയരോടും നിയമജ്ഞരോടുമായി ഈശോ അരുളിച്ചെയ്ത ഈ ഉപമ അവിടുത്തെ മനോഭാവത്തെയും പ്രവർത്തന രീതിയെയും ന്യായീകരിക്കാനുദ്ദേശിച്ചുള്ളതായിരുന്നു (ലൂക്കാ 15,1-2). പാപികളോടും ചുങ്കക്കാരോടും താൻ പ്രദർശിപ്പിക്കുന്ന അനുകമ്പയും സ്നേഹവുമെല്ലാം പിതാവായ ദൈവത്തിനു മനുഷ്യവർഗത്തോടുള്ള കാരുണ്യത്തിൻ്റെ പ്രതിഫലനമാണ് എന്നു വ്യക്തമാക്കുകയാണ് ഈശോയുടെ ലക്ഷ്യം.
ഈ ഉപമയിലെ ഇളയപുത്രൻ പിതാവിൻ്റെ സ്നേഹസഹവാസത്തിൽനിന്ന് ഓടിയകന്നവനാണ്. പിതാവിന്റെ സാന്നിദ്ധ്യം തന്റെ സ്വതന്ത്രമായ ജീവിതത്തിനു വിഘ്നമാണെന്നു ചിന്തിച്ച അവൻ തനിക്കവകാശപ്പെട്ടതു കണക്കുപറഞ്ഞു കൈക്കലാക്കി ദുരദേശത്തുപോയി ധൂർത്തടിച്ചു ജീവിച്ചു. സമ്പത്തും സ്നേഹിതരുമെല്ലാം നഷ്ടപ്പെട്ടപ്പോൾ, വിശപ്പടക്കാൻപോലും വഴികാണാതെ വിഷമിച്ചപ്പോഴാണു പിതാവിൻ്റെ ഭവനത്തിലെ സമൃദ്ധിയെക്കുറിച്ച് അവൻ ഓർമ്മിച്ചത്. തെറ്റ് ഏറ്റുപറഞ്ഞ് മാപ്പപേക്ഷിക്കാൻ അവൻ തീരുമാനിച്ചുറച്ചു. പിതൃഭവനത്തിലേക്കു തിരിച്ചുനടന്നു തുടങ്ങിയ പുത്രനെ അകലെ വച്ചുതന്നെ തിരിച്ചറിയുന്ന പിതാവ്, മനസ്സലിഞ്ഞ് ഓടിച്ചെന്ന് ആശ്ലേഷിച്ചു സ്വീകരിക്കുന്ന രംഗം ആരുടെയും ഹൃദയത്തെ സ്പർശിക്കും (ലൂക്കാ 15,20). പിതാവിൻ്റെ മനസ്സലിവിനെ സുചിപ്പിക്കാൻ ഇവിടെ ഉപയോഗിച്ചിരിക്കുന്ന ക്രിയാപദം 'സ്പ്ളാൻഖന'യുമായി ബന്ധപ്പെട്ടതാണ്. അനുതപിച്ചു തിരിച്ചുവരുന്ന പാപിയുടെമേൽ അളവില്ലാത്ത കാരുണ്യം നിർല്ലോഭം വർഷിക്കുന്ന സ്വർഗീയപിതാവിൻ്റെ ചിത്രംതന്നെയാണ്, തിരിച്ചുവരുന്ന പുത്രനെ കെട്ടിപ്പിടിച്ച് ഉമ്മവച്ചു സ്വീകരിക്കുന്ന പിതാവിൽ തെളിയുന്നത്. ദൈവത്തിന്റെ കാരുണ്യഹൃദയത്തിൻ്റെ മനുഷ്യാവിഷ്കാരമായ ഈശോയുടെ ജീവിതത്തിലും പ്രവർത്തനങ്ങളിലും വെളിവാക്കപ്പെട്ടത് മനുഷ്യരോടു ദൈവത്തിനുള്ള കരുണാർദ്രസ്നേഹം തന്നെയാണ്. അതുകൊണ്ടാണു തൻ്റെ പക്കലണഞ്ഞ ചുങ്കക്കാരെയും പാപികളെയും ഈശോ സ്വീകരിക്കുകയും അവരോടൊപ്പം ഭക്ഷിക്കുകയും ചെയ്തത്.
കരുണയോടെ വർത്തിച്ചുകൊണ്ടുമാത്രമേ ആർക്കും സ്നേഹിക്കാനാവു എന്ന് നല്ല സമരിയാക്കാരന്റെ ഉപമയിലൂടെ ഈശോ പഠിപ്പിച്ചു. തന്നെപ്പോലെതന്നെ തന്റെ അയല്ക്കാരനെയും സ്നേഹിക്കണം (ലേവ്യർ 19,18) എന്നത് മോശ നല്കിയിരിക്കുന്ന കല്പനയാണ്. 'ആരാണ് അയല്ക്കാരൻ' എന്ന നിയമജ്ഞന്റെ ചോദ്യത്തിനുത്തരമായി ഈശോ അരുളിച്ചെയ്തതാണ് നല്ല സമരിയാക്കാരന്റെ ഉപമ. കള്ളന്മാരുടെ കൈകളിലകപ്പെട്ടു, കൊള്ളയടിക്കപ്പെട്ട് അർദ്ധപ്രാണനായിത്തീർന്ന യഹൂദന് അയല്ക്കാരനായി ഭവിച്ചത് വിജാതീയനായി പുച്ഛിക്കപ്പെട്ടിരുന്ന സമരിയാക്കാരനാണ്. മൃതപ്രായനായ ഈ
യഹൂദനെ കണ്ടപ്പോൾ സമരിയാക്കാരനുണ്ടായ വികാരവും മനസ്സലിവിൻ്റേതായിരുന്നു. ലൂക്കാ 1,78 ലെയും 7,13 ലെയും 15,20 ലെയും പോലെതന്നെ ഇവിടെയും ഉപയോഗിച്ചിരിക്കുന്ന ക്രിയാപദം 'സ്പ്ളാൻഖന' ആണ് (ലൂക്കാ 10,33). ഉന്നതത്തിൽനിന്നു സ്വപുത്രനെ ഭൂമിയിലേക്കയയ്ക്കുന്നതിനു സ്വർഗീയ പിതാവിനെ പ്രേരിപ്പിച്ച മനസ്സലിവിനും, നായിമിലെ വിധവയോട് ഈശോയ്ക്കു തോന്നിയ അനുകമ്പയ്ക്കും, അനുതപിച്ചു തിരിച്ചുവന്ന ധൂർത്തനായ പുത്രനെ കെട്ടിപ്പിടിച്ചു സ്വീകരിച്ച പിതാവിന്റെ ദയയ്ക്കുമെല്ലാം സദൃശമാണ് അർദ്ധപ്രാണനായി കിടന്നിരുന്ന യഹൂദനോടു സമരിയാക്കാരനു തോന്നിയ വികാരം. ഈ നല്ല സമരിയാക്കരൻ ഈശോതന്നെയാണെന്നതിനു സംശയമില്ല. ഉപമയുടെ അവസാനം നിയമജ്ഞനെക്കൊണ്ടുതന്നെ അവിടുന്നു പറയിക്കുന്നുണ്ട്, അയാളോടു കരുണയോടെ വർത്തിച്ചവനാണ് അയാൾക്ക് അയല്ക്കാരനായി ഭവിച്ചത് എന്ന് (ലൂക്കാ 10,37). "നീയും അങ്ങനെ തന്നെ ചെയ്യുക" എന്ന ഈശോയുടെ കല്പന തന്നെ അനുഗമിക്കുന്ന എല്ലാവരോടുമുള്ളതാണ്.
അനുതപിച്ചു തിരിച്ചുവരുന്ന പാപിയെ പ്രതീക്ഷിച്ചു കരുണാർ ദ്രഹൃദയവുമായി കാത്തിരിക്കുന്ന സ്വർഗീയപിതാവ് നമുക്കുണ്ട് എന്നു വ്യക്തമാക്കുവാൻ വേണ്ടിയാണ് പ്രീശന്റെയും ചുങ്കക്കാരന്റെയും ഉപമ ഈശോ അരുളിച്ചെയ്തത്. ദൈവാലയത്തിൽ പ്രവേശിച്ച ചുങ്കക്കാരൻ സ്വർഗത്തിലേക്കു കണ്ണുകളുയർത്താൻ പോലും തുനിയാതെ മാറത്തടിച്ചുകൊണ്ട് ഇങ്ങനെ പ്രാർത്ഥിച്ചു: "ദൈവമേ, പാപിയായ എന്നോടു കരുണ തോന്നണമേ" (ലൂക്കാ 18,13). അവിടുത്തെ പക്കലണഞ്ഞ് തെറ്റ് ഏറ്റുപറയുന്നവരോട് അവിടുന്നു കരുണ കാണിക്കുകതന്നെ ചെയ്യും എന്നതിൻ്റെ സൂചന ഈശോയുടെ വാക്കുകളിലുണ്ട്: "ഈ ആൾ ആ പ്രീശനെക്കാൾ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി" (ലൂക്കാ 18,14). നമ്മുടെ പരിശുദ്ധ കുർബാനയിലും യാമപ്രാർത്ഥനകളിലും ചുങ്കക്കാരന്റെ ഈ പ്രാർത്ഥനയുടെ ചൈതന്യം ധാരാളമായുണ്ട്.
വ്യവസ്ഥയില്ലാത്ത കരുണയ്ക്കൊരു വ്യവസ്ഥ
ദൈവത്തിനു മനുഷ്യനോടുള്ള സ്നേഹത്തിൻ്റെ കാതൽ കരുണയിലാണെന്നു നമ്മൾ കണ്ടു. മനുഷ്യനായവതരിച്ച ഈശോയിലൂടെയാണ് നമുക്കത് അനുഭവവേദ്യമാകുന്നത്. എപ്പോഴെല്ലാം നമ്മൾ അനുതപിച്ച് അവിടുത്തെ പക്കലെത്തുന്നുവോ അപ്പോഴെല്ലാം നമുക്ക് അവിടുത്ത കരുണ സമൃദ്ധമായി അനുഭവിക്കാനാവും. ഒരർത്ഥത്തിൽ ദൈവത്തിൻ്റെ കരുണ വ്യവസ്ഥാരഹിതമാണ്. എന്നാൽ, വേറൊരർത്ഥത്തിൽ അവിടുന്ന് വളരെ നിസ്സാരമായ ഒരു വ്യവസ്ഥ വയ്ക്കുന്നുണ്ട്. ഈശോ തൻ്റെ ശിഷ്യന്മാരെ പഠിപ്പിച്ച പ്രാർത്ഥനയിൽ ഇക്കാര്യം അവിടുന്നു സൂചിപ്പിക്കുന്നുണ്ട് : "ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ പാപങ്ങൾ ഞങ്ങളോടും ക്ഷമിക്കണമേ" (മത്താ 6,12). ഈ കർതൃപ്രാർത്ഥനയ്ക്ക് അനുബന്ധമെന്നോണം ഈശോ കൂട്ടിച്ചേർത്തു: "അന്യരുടെ തെറ്റുകൾ നിങ്ങൾ ക്ഷമിക്കുമെങ്കിൽ നിങ്ങളുടെ സ്വർഗീയപിതാവ് നിങ്ങളോടും ക്ഷമിക്കും. അന്യരുടെ തെറ്റുകൾ നിങ്ങൾ ക്ഷമിക്കുകയില്ലെങ്കിൽ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കുകയില്ല" (മത്താ 6,14-15). മറ്റുള്ളവരെ വിധിക്കുന്ന രീതിയിൽതന്നെ നമ്മളും വിധിക്കപ്പെടും (മത്താ 7,1-2) എന്നു നമുക്കു മുന്നറിയിപ്പു നല്കിയപ്പോൾ അവിടുന്നു നമ്മെ പഠിപ്പിക്കാനാഗ്രഹിച്ച കാര്യവും ഇതുതന്നെയാണ്.
പത്രോസ് ശ്ലീഹായുടെ ചോദ്യത്തിന് ഉത്തരമായി, നമുക്കെതിരെ തെറ്റുചെയ്യുന്നവരോട് എത്ര പ്രാവശ്യം ക്ഷമിക്കണമെന്നും ഈശോ വ്യക്തമാക്കിയിട്ടുണ്ട്. ഏഴു പ്രാവശ്യമോ എന്ന ചോദ്യത്തിനു മറുപടിയായി അവിടുന്ന് അരുളിച്ചെയ്തു: "ഏഴു പ്രാവശ്യമെന്നല്ല, ഏഴേഴ് എഴുപതു പ്രാവശ്യം എന്നു ഞാൻ നിന്നോടു പറയുന്നു" (മത്താ 18,22).
വ്യവസ്ഥയില്ലാത്ത ദൈവത്തിൻ്റെ കാരുണ്യത്തിനു നമ്മൾ പാത്രീഭൂതരാകണമെങ്കിൽ നമ്മുടെ സഹോദരരോടു നമ്മൾ കരുണ കാണിക്കേണ്ടതിന്റെ അവശ്യകത വ്യക്തമാക്കാൻവേണ്ടിയാണ് ഈശോ നിർദ്ദയനായ ഭൃത്യന്റെ ഉപമ അരുളിച്ചെയ്ത് (മത്താ 18,23 -34). കൊടുത്തുവീട്ടാൻ നിർവാഹമില്ലാതിരുന്ന ഭൃത്യന്റെ യാചനയിൽ അനുകമ്പ തോന്നിയ യജമാനൻ പതിനായിരം താലന്ത് വരുന്ന കടം ഇളവു ചെയ്തു. പക്ഷേ, ആ ഭൃത്യൻ തനിക്കു വെറും നൂറു ദനാറ കടപ്പെട്ടിരുന്ന സഹഭൃത്യനോട് സമാനമായ അനുകമ്പ കാണിച്ചില്ല. സംഭവമറിഞ്ഞു കോപിച്ച യജമാനന്റെ വാക്കുകൾ നമ്മൾ ഓരോരുത്തരോടുമുള്ള ഈശോയുടെ വാക്കുകൾ തന്നെയാണ്: “ദുഷ്ടനായ സേവകാ, നീ എന്നോടു കേണപേക്ഷിച്ചതു കൊണ്ടു നിന്റെ കടമെല്ലാം ഞാൻ ഇളച്ചുതന്നു. ഞാൻ നിന്നോടു കരുണ കാണിച്ചതുപോലെ നീയും നിൻ്റെ സഹസേവകനോടു കരുണ കാണിക്കേണ്ടതായിരുന്നില്ലേ?" (മത്താ 18,33). ഉപമയുടെ ഗുണപാഠവും ഈശോതന്നെ വ്യക്തമാക്കി: "നിങ്ങൾ സഹോദരരോടു ഹൃദയപുർവം ക്ഷമിക്കുന്നില്ലെങ്കിൽ എൻ്റെ സ്വർഗസ്ഥനായ പിതാവ് നിങ്ങളോടും ഇതുപോലെതന്നെ പ്രവർത്തിക്കും" (മത്താ 18,34). സ്വർഗീയപിതാവിൻ്റെ യഥാർത്ഥ മക്കളെ തിരിച്ചറിയുന്നതിനുള്ള അടയാളം പരസ്പര കാരുണ്യമാണ്. "നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോല നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ.
നമുക്കു ചുറ്റുമുള്ള ദരിദ്രരോടു നമ്മൾ കാണിക്കുന്ന കാരുണ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്ത്യവിധി എന്നും ഈശോ വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട് (മത്താ 25,31-45). വിശക്കുന്നവനു ഭക്ഷണം നല്കുമ്പോഴും ദാഹിക്കുന്നവനു കുടിക്കാൻ കൊടുക്കുമ്പോഴും പരദേശിയെ സ്വീകരിക്കുമ്പോഴും നഗ്നനെ ഉടുപ്പിക്കുമ്പോഴും രോഗികളെയും കാരാഗൃഹവാസികളെയും സന്ദർശിക്കുമ്പോഴും നമ്മൾ ഈ ഹതഭാഗ്യരോടു കാരുണ്യമാണു പ്രദർശിപ്പിക്കുന്നത്. എളിയവരായ ഈ സഹോദരർക്കു ചെയ്യുന്നതൊക്കെയും ഈശോയ്ക്കുതന്നെയാണു ചെയ്യുന്നത് എന്ന വസ്തുതയാണ് സ്വർഗസൗഭാഗ്യത്തിനു നമ്മെ അർഹരാക്കുന്നത്.
കുരിശിൽ പൂത്തുലഞ്ഞ കാരുണ്യം
ഈശോയുടെ കാരുണ്യം ഏറ്റവുമധികം പ്രകാശിതമായത് അവിടുത്തെ സഹനമരണോത്ഥാനങ്ങളുടെ വേളയിലായിരുന്നു (മത്താ 26-27). അന്ത്യത്താഴസമയത്ത് സ്വന്തശരീരരക്തങ്ങൾ സ്വശിഷ്യർക്കായി പങ്കിട്ടുനല്കിയതാണു ദിവ്യകാരുണ്യത്തിന്റെ അതിശ്രേഷ്ഠരൂപം. ഗത്സേമനിയിൽ താൻ മരണവേദനയനുഭിച്ചു പ്രാർത്ഥിക്കുമ്പോഴും ഉറങ്ങിയ ശിഷ്യന്മാരോടും അവിടുന്നു വലിയ കാരുണ്യത്തോടെയാണു പ്രതികരിച്ചത്. തന്നെ ഒറ്റിക്കൊടുത്ത യൂദാസിനെപ്പോലും "എൻ്റെ സ്നേഹിതാ" എന്നവിടുന്നു സംബോധന ചെയ്തു. തന്നെ ബന്ധിക്കാനെത്തിയവരിൽ ഒരുവന്റെ ചെവി തന്റെ ശിഷ്യൻ ഛേദിച്ചപ്പോൾ ആ ചെവി സുഖപ്പെടുത്തിക്കൊണ്ട് ശത്രുവിനോടുപോലും അവിടുന്നു കാരുണ്യം കാണിച്ചു. മുന്നു പ്രാവശ്യം തന്നെ തള്ളിപ്പറഞ്ഞ പത്രോസിനുപോലും അവിടുത്തെ കരുണ ലഭിച്ചു. കുരിശിൻ്റെ പാതയിൽ തന്നെ അനുഗമിച്ച സ്ത്രീകളെ ആശ്വസിപ്പിച്ചപ്പോഴും അവിടുത്തെ കാരുണ്യമാണു പ്രകടമായത് (ലൂക്കാ 23,28). കുരിശിൽകിടന്നുകൊണ്ട് തന്നെ ക്രൂശിച്ചവർക്കു വേണ്ടി പിതാവിനോട് ഇപ്രകാരം പ്രാർത്ഥിക്കുവാൻ അവിടുത്തേക്കു സാധിച്ചു: “പിതാവേ, തങ്ങൾ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയായ്കയാൽ ഇവരോടു ക്ഷമിക്കണമേ" (ലൂക്കാ 23,34). അവസാന നിമിഷമാണെങ്കിലും അനുതപിച്ച കള്ളനു പാപമോചനവും പറുദീസായും പ്രദാനംചെയ്തുകൊണ്ട്, കുരിശിലെ മരണത്തിലൂടെ എപ്രകാരമാണ് താൻ മനുഷ്യരക്ഷ സാധിക്കുന്നത് എന്ന് ഈശോ വെളിവാക്കി.
സ്വർഗീയപിതാവിനെപ്പോലെ...
പിതാവിന്റെ കരുണയുടെ മുഖം നമുക്കു കാണിച്ചുതന്ന ഈശോ, പ്രായോഗികജീവിതത്തിൽ ഈ കരുണ പ്രതിഫലിപ്പിക്കാനുള്ള മാർഗങ്ങളും നിർദ്ദേശിക്കുന്നുണ്ട്. "നിങ്ങളുടെ പിതാവു കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ" എന്ന ആഹ്വാനത്തിനു തൊട്ടുമുമ്പായാണ് ഈ പ്രായോഗിക നിർദ്ദേശങ്ങൾ നല്കപ്പെട്ടിരിക്കുന്നത് (ലൂക്കാ 6,27-36).
* ശത്രുക്കളെ സ്നേഹിക്കുവിൻ
* വെറുക്കുന്നവർക്കു നന്മ ചെയ്യുവിൻ
* ശപിക്കുന്നവരെ അനുഗ്രഹിക്കുവിൻ
* പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുവിൻ
* ഒരു ചെകിട്ടത്ത് അടിക്കുന്നവനു മറ്റേതുകൂടി കാണിച്ചു കൊടുക്കുവിൻ
* മേലങ്കി എടുത്തുകൊണ്ടുപോകുന്നവനു കുപ്പായംകൂടി നല്കുക
* ചോദിക്കുന്ന എല്ലാവർക്കും കൊടുക്കുക
* വസ്തുക്കൾ എടുത്തുകൊണ്ടുപോകുന്നവരോടു തിരികെ ചോദിക്കരുത്
* മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നുവോ, അപ്രകാരം നിങ്ങൾ അവരോടും പെരുമാറുവിൻ...
*ശത്രുക്കളെ സ്നേഹിക്കുവിൻ
* അവർക്കു നന്മ ചെയ്യുവിൻ
* ആരെയും ഇച്ഛാഭംഗപ്പെടുത്താതെ കടം കൊടുക്കുവിൻ. അപ്പോൾ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും,
അനുദിനജീവിതത്തിൽ സഹോദരരോടു കരുണ കാണിച്ചു കൊണ്ടുവേണം നമ്മൾ സ്വർഗീയ പിതാവിൻ്റെ മക്കളാണെന്നു തെളിയിക്കാൻ.
ഫാ. ജോസഫ് പാറയ്ക്കൽ
Paurastya Vidyapitham
Vadavathoor P.O., Kottayam 686 010
Mob. 949506523
Email: parackalwilson@gmail.com
കരുണയുടെ വർഷം പ്രഖ്യാപിക്കുമ്പോൾ ഫ്രാൻസിസ് മാർപ്പാപ്പയുടെ ഉള്ളിൽ അലയടിച്ച വികാരങ്ങളെന്തായിരുന്നു? എന്തിനാണ് കരുണയുടെ വർഷം പ്രഖ്യാപിച്ചത്? ഇതിനുത്തരം കണ്ടെത്താൻ ഈ ജൂബിലിവർഷം പ്രഖ്യാപിച്ചുകൊണ്ട് പാപ്പാ പുറപ്പെടുവിച്ച 'കാരുണ്യത്തിൻ്റെ മുഖം' എന്ന കൽപ്പനയിലൂടെ കടന്നുപോകേണ്ടതുണ്ട്. പ്രസ്തുത പ്രഖ്യാപനപത്രികയിലൂടെയുള്ള ധ്യാനാത്മകമായ ഒരു തീർത്ഥാടനമാണിത്. ഇത് പദാനുപദ വിവർത്തനമല്ല: ആശയ സംഗ്രഹത്തിനും വ്യാഖ്യാനത്തിനു മിടയിലുള്ള ഒന്നായി കരുതുകയായിരിക്കും ഉചിതം. ഈ രേഖ വായിച്ചെത്തുംതോറും പാപ്പയുടെതന്നെ മുഖമാണ് കൂടുതൽ തെളിഞ്ഞുവരുന്നത്. ആ മുഖത്ത് ദൈവപിതാവിൻ്റെ കരുണ വ്യക്തമായി പ്രതിഫലിക്കുന്നത് നമുക്കു കാണാനാവും.
കരുണയുടെ വർഷം ആത്മാർത്ഥമായി ആചരിക്കപ്പെടണമെന്ന് പാപ്പാ ആഗ്രഹിക്കുന്നുവെന്നതിൽ രണ്ടഭിപ്രായമില്ല. “വരാൻ പോകുന്ന ഈ വർഷം കരുണയിൽ നിമഗ്നമായി കാണാൻ ഞാൻ എത്രയോ ആഗ്രഹിക്കുന്നു! നോക്കു, നമുക്കെല്ലാവരിലേക്കും എത്തിച്ചേരണം! ദൈവത്തിൻ്റെ നൻമയും ആർദ്രതയും പകർന്നു നൽകണം! വിശ്വാസികളിലേക്കും അകന്നുനിൽക്കുന്നവരിലേക്കും കരുണയുടെ തൈലം എത്തണം! ദൈവരാജ്യം നമുക്കിടയിൽ സന്നിഹിതമാണെന്നവർക്കു തോന്നണം!" (നമ്പർ 5) സഭാംഗങ്ങൾ തുറന്ന ഹൃദയത്തോടെ ഈ വർഷത്തെ വരവേൽക്കണമെന്ന് പാപ്പാ ആഗ്രഹിക്കുന്നു.
ജൂബിലിവാതിൽ തുറക്കപ്പെടുമ്പോൾ
2015 ഡിസംബർ 8 ന് വി. പത്രോസിൻ്റെ ബസിലിക്കയിൽ വിശുദ്ധ കവാടം തുറന്നുകൊണ്ട് കരുണയുടെ വർഷത്തിന് ഫ്രാൻസിസ് പാപ്പാ ആരംഭം കുറിക്കും. ഇത് കരുണയുടെ കവാടത്തിന്റെ പ്രതീകമായാണ് കാണേണ്ടത്. കരുണയുടെ വിശുദ്ധ കവാടത്തിലൂടെ കടക്കുന്നവർക്ക് പ്രത്യാശയും ക്ഷമയും ആശ്വാസവും നൽകുന്ന ദൈവത്തിൻ്റെ സ്നേഹം രുചിക്കാനാകും (നമ്പർ 3) തുടർന്നു വരുന്ന ഞായറാഴ്ച (ഡിസാബർ 15) റോമിന്റെ കത്തീഡ്രലായ ലാറ്ററൻ ബസിലിക്കയിൽ വിശുദ്ധ കവാടം തുറക്കപ്പെടും. അന്നേദിവസം ലോകമെങ്ങുമുള്ള കത്തീഡ്രൽ ദൈവാലയങ്ങളിൽ ഈ കർമ്മം അനുഷ്ഠിക്കപ്പെടട്ടെ. തീർത്ഥാടകർ വന്നു കൂടുന്ന കേന്ദ്രങ്ങളിലും വിശുദ്ധകവാടം തുറക്കപ്പെടണം പാപ്പാ നിർദ്ദേശിക്കുന്നു. തുടർന്നു വരുന്ന ആഴ്ചകളിൽ റോമിലെ മറ്റു ബസിലിക്കകളിലും വിശുദ്ധ കവാടങ്ങൾ പ്രതീകാത്മകമായി തുറക്കപ്പെടും.
2016 നവംബർ 20-നു മിശിഹായുടെ രാജത്വത്തിരുന്നാളിൽ ജൂബിലിവർഷം സമാപിക്കും. അന്ന് ജൂബിലിയുടെ കവാടങ്ങൾ മുദ്രവയ്ക്കപ്പെടുമ്പോൾ നാം ദൈവത്തോടുള്ള നന്ദിയും കൃതജ്ഞതയുംകൊണ്ട് നിറഞ്ഞവരാകും. ദൈവകൃപയുടെ അസാധാരണ സമയം അനുവദിച്ചു തന്നിതിനു നാം പരി. ത്രിത്വത്തെ സ്തുതിക്കും. പ്രഭാതത്തിലെ മഞ്ഞുതുള്ളിപോലെ മിശിഹായുടെ കരുണ സഭ മുഴുവനിലും മനുഷ്യവർഗത്തിലാകമാനവും പ്രപഞ്ചത്തിലുട നീളവും വർഷിക്കപ്പെടാൻവേണ്ടി ഇവയെ അവിടുത്തേക്കു നമുക്കു ഭരമേല്പ്പിക്കാം (നമ്പർ 5).
വത്തിക്കാൻ കൗൺസിലിൻ്റ കവാടങ്ങൾ
രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ സമാപനമായ 1965 ഡിസംബർ 8 ന്റെ അമ്പതാം വർഷത്തിലാണ് ഈ ജൂബിലി വർഷം ആരംഭിക്കുന്നത്. കരുണയുടെ വർഷം പ്രഖ്യാപിച്ചതിന്റെ ചരിത്ര കാരണവും പ്രസക്തിയും അതുതന്നെ. രണ്ടാം വത്തിക്കാൻ കൗൺസിൽ വിഭാവനം ചെയ്ത ജീവിതനവീകരണം നാം വേണ്ടത്ര സാക്ഷാത്ക്കരിച്ചില്ലെന്നുണ്ടോ? ഒരിക്കൽക്കൂടി ആ മഹാ സംഭവത്തിലേക്കു നമ്മുടെ ശ്രദ്ധ ക്ഷണിക്കാൻ പാപ്പാ ആഗ്രഹിക്കുന്നുണ്ടോ? ഉണ്ടെന്നു വേണം കരുതാൻ. കൗൺസിൽ കണ്ടെത്തിയ പോഷകങ്ങൾ ഇപ്പോഴും ചില്ലുകൂട്ടിൽത്തന്നെ ഭദ്രമായിരിക്കുന്നു: എത്തേണ്ടവരുടെ കൈകളിൽ എത്തിപ്പെട്ടിട്ടില്ല എന്നു വ്യസനിക്കുന്ന പലരുമുണ്ടല്ലോ. പാപ്പാ എഴുതുന്നു. “ആ മഹാസംഭവം സജീവമായി നിലനിർത്തേണ്ടതിന്റെ വലിയൊരാവശ്യകത സഭയ്ക്കനുഭവപ്പെടുന്നു. കൗൺസിലിനോടുകൂടി സഭ അവളുടെ ചരിത്രത്തിന്റെ പുതിയൊരു ഘട്ടത്തിലേക്കു പ്രവേശിച്ചു" (നമ്പർ 4). ലോകത്തോടു സുവിശേഷം പുതിയൊരു രീതിയിൽ പ്രഘോഷിക്കേണ്ട സമയമായെന്ന് പരിശുദ്ധാത്മാവു മന്ത്രിക്കുന്നതായി കൗൺസിൽ പിതാക്കൻമാർക്കു തോന്നി. ആരംഭം മുതലേ ഉണ്ടായിരുന്ന സുവിശേഷ പ്രഘോഷണത്തിൻ്റെ പുതിയൊരു ഘട്ടമായിരുന്നു അത്. ഈ ലോകത്തിൽ പിതാവിൻ്റെ സ്നേഹത്തിൻ്റെ ജീവിക്കുന്ന അടയാളമായി നിലകൊള്ളാനുള്ള കടമ സഭയ്ക്കനുഭവപ്പെട്ടു.
ഫ്രാൻസിസ് പാപ്പാ തുടർന്ന് കൗൺസിൽ കാലത്തെ രണ്ടു മാർപാപ്പാമാരുടെയും വാക്കുകൾ കടമെടുക്കുന്നു. വി. ജോൺ 23-ാ മൻ കൗൺസിലിനു വഴികാട്ടിക്കൊണ്ടു പറഞ്ഞു: “ഈശോയുടെ മണവാട്ടി കാഠിന്യത്തിൻ്റെ ആയുധത്തേക്കാൾ കരുണയുടെ ഔഷധം പ്രയോഗിക്കാനാഗ്രഹിക്കുന്നു. ഈ കൗൺസിൽവഴി സഭതന്നെത്തന്നെ സകലർക്കും സ്നേഹാർദ്രയായ അമ്മയായി ഉയർത്തിക്കാണിക്കാനാഗ്രഹിക്കുന്നു: തന്നിൽനിന്നും വേർതിരിഞ്ഞു നില്ക്കുന്ന മക്കളോടു ദയയുള്ള, ക്ഷമയുള്ള സർവ്വോപരി നൻമയും അനുകമ്പയും നിറഞ്ഞ ഒരമ്മ." കൗൺസിൽ സമാപനത്തിൽ വാഴ്ത്തപ്പെട്ട പോൾ ആറാമൻ പാപ്പാ ഇതേ സ്വരത്തിൽ സംസാരിച്ചു: “ഈ കൗൺസിലിൻ്റെ സുപ്രധാന സവിശേഷത ഉപവിയായിരുന്നുവെന്നു ചൂണ്ടിക്കാണിക്കാൻ ഞാനാഗ്രഹിക്കുന്നു. കൗൺസിലിന്റെ ആത്മീയമാതൃക നല്ല സമറായനാണ്...". ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, കൗൺസിൽ പ്രബോധനങ്ങളെല്ലാം ഒരൊറ്റ കാര്യത്തിലേക്ക് കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നുവെന്നതാണ്. മനുഷ്യവംശത്തിന് ശുശ്രൂഷ ചെയ്യുക: ഏതൊരവസ്ഥയിലും ഏതു ബലഹീനതയിലും ഏതൊരില്ലായ്മയിലുമുള്ള മനുഷ്യർക്കു ശുശ്രൂഷ ചെയ്യുക.
കൗൺസിൽവഴി ലഭിച്ചവയ്ക്കെല്ലാം നന്ദിയർപ്പിച്ചുകൊണ്ടും കൗൺസിൽ ഭരമേല്പ്പിച്ച ദൗത്യങ്ങൾ ശിരസാവഹിച്ചുകൊണ്ടു മാണ് നാം കരുണയുടെ കവാടം കടക്കേണ്ടത്.
ജൂബിലി വർഷത്തിൻ്റെ ആപ്തവാക്യം
കർത്താവായ ഈശോയുടെ വചനമായിരിക്കണം ഈ വർഷത്തിൽ സഭാംഗങ്ങളെ നയിക്കേണ്ടതെന്ന് ഫ്രാൻസിസ് പാപ്പാ കരുതുന്നു. അതുകൊണ്ട് ഈ വർഷത്തിൻ്റെ ആപ്തവാക്യമായി സ്വീകരിച്ചത് “പിതാവിനെപ്പോലെ കരുണയുള്ളവർ" എന്നതാണ്. ലൂക്കായുടെ സുവിശേഷത്തിൽ ഈശോ പറയുന്നതായി നാം വായിക്കുന്നുണ്ടല്ലോ: “നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ" (ലൂക്ക 6,36). ഈശോയുടെ ഈ വാക്കുകളാണ് ഈ വർഷത്തെ നമ്മുടെ പ്രവർത്തന പരിപാടി (നമ്പർ 13).
പ്രായോഗികമായ ഏതാനും പരിപാടികളും പരി. പിതാവ് നിർദ്ദേശിക്കുന്നുണ്ട്.
പരി. പിതാവ് തുടരുന്നു: “എൻ്റെ ജ്വലിക്കുന്ന ആഗ്രഹം ഈ ജൂബിലിവത്സരത്തിൽ ക്രൈസ്തവർ കാരുണ്യപ്രവൃത്തികളെപ്പറ്റി ധ്യാനിക്കണമെന്നാണ്. ശാരീരികവും ആദ്ധ്യാത്മികവുമായ കാരുണ്യപ്രവൃത്തികളെ കണക്കിലെടുക്കണം. ദരിദ്രരുടെ മുമ്പിൽ മങ്ങിപ്പോയ നമ്മുടെ മനസാക്ഷിയെ തൊട്ടുണർത്താൻ അതുവഴി കഴിയും. സുവിശേഷത്തിൻ്റെ ഹൃദയത്തിലേക്കു കടക്കുവിൻ കാരുണ്യപ്രവൃത്തികളെ കണക്കിലെടുക്കുവിൻ - വിശക്കുന്നവർക്കു ഭക്ഷിക്കാൻ നൽകുക, ദാഹിക്കുന്നവർക്കു കുടിക്കാൻ കൊടുക്കുക, രോഗികളെ സുഖപ്പെടുത്തുക, തടവുകാരെ സന്ദർശിക്കുക, മരിച്ചവരെ അടക്കുക. ആദ്ധ്യാത്മിക കാരുണ്യപ്രവൃത്തികളെയും മറക്കരുത് - സംശയമനസ്കരുടെ സംശയം തീർക്കുന്നത്, അറിവില്ലാത്തവരെ പഠിപ്പിക്കുന്നത്, ദുഃഖിതരെ ആശ്വസിപ്പിക്കുന്നത്. തെറ്റുചെയ്യുന്നവരെ തിരുത്തുന്നത്, ഉപദ്രവങ്ങൾ ക്ഷമിക്കുന്നത്. അന്യരുടെ കുറവുകൾ ക്ഷമയോടെ സഹിക്കുന്നത്, ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും വേണ്ടി പ്രാർത്ഥിക്കുന്നത് (നമ്പർ, 15).
കാരുണ്യപ്രവൃത്തി എന്ന നിലയിൽ മാത്രമല്ല, നമ്മുടെ വിധിയുടെ മാനദണ്ഡം എന്ന നിലയിലും ഇവയെ പരിഗണിക്കണമെന്ന് പാപ്പാ പറയുന്നു (മത്താ 25,31-45). വിശക്കുന്നവർക്കു ഭക്ഷണം നൽകിയോ, രോഗികളോടും തടവുകാരോടുമൊപ്പം സമയം ചെലവിട്ടോ എന്നുതുടങ്ങി, നിരാശയിലേക്കും അതുവഴി ഏകാന്തതയിലേക്കും വലിച്ചിഴക്കുന്ന സംശയത്തിൻ്റെ പിടിയിൽനിന്നു രക്ഷപെടാൻ ആളുകളെ നാം സഹായിച്ചോ എന്നുവരെ നമ്മോടു ചോദിക്കപ്പെടും. ഈ ചെറിയവരിൽ ഓരോരുത്തരിലും മിശിഹാ സന്നിഹിതനാണ്. പീഡിപ്പിക്കപ്പെടുന്നവന്റെയും തകർക്കപ്പെടുന്നവന്റെയും അടിയേറ്റു പുളയുന്നവന്റെയും പലായനം ചെയ്യുന്നവന്റെയും പോഷണം ലഭിക്കാതെ ശോഷിച്ചവൻ്റെയും മാംസത്തിൽ അവന്റെ ശരീരം നമുക്ക് കാണാനാവും. കുരിശിന്റെ വി. യോഹന്നാന്റെ വാക്കുകൾ പാപ്പാ ഓർമ്മിപ്പിക്കുന്നു: “ഈ ലോകജീവിതത്തിന്റെ അന്ത്യത്തിൽ സ്നേഹത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും നാം പരിശോധിക്കപ്പെടുന്നത്" (നമ്പർ 15).
ഇന്നത്തെ സാഹചര്യങ്ങൾ ഫ്രാൻസിസ് പാപ്പായുടെ ഹൃദയത്തെ മഥിക്കുന്നുണ്ട്. ലോകത്ത് എത്രയെത്ര നൊമ്പരപ്പെടുത്തുന്ന സാഹചര്യങ്ങൾ! ഇനിയെന്ത് എന്നു തീർച്ചയില്ലാത്ത അവസ്ഥകൾ! ധനവാൻമാരുടെ നിസ്സംഗതയിൽ മുങ്ങിപ്പോയ പാവപ്പെട്ടവരുടെ നിലവിളികൾ! അവർക്കേറ്റ മുറിവുകളെത്ര! ഇത്തരം മുറിവുകളെ മുമ്പെന്നത്തെക്കാളും സുഖപ്പെടുത്താൻ ജൂബിലിവർഷത്തിൽ സഭക്ഷണിക്കപ്പെടുന്നു.
അക്രമികളോടൊരു യാചന
അത്യന്തം ഹൃദയസ്പർശിയായ, കരളലിയിക്കുന്ന ഒരു യാചന മാർപ്പാപ്പ നടത്തുന്നത് നമ്മുടെ ശ്രദ്ധയിൽപ്പെടാതെ പോകരുത്: “കരുണ സ്വീകരിക്കാനുള്ള ഈ ക്ഷണത്തോട് ആരും നിസ്സംഗരാകാതിരിക്കട്ടെ. പ്രത്യേകമായി, സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു പോരുന്നവരോട്, അവരുടെതന്നെ നന്മയെപ്രതി ഞാൻ യാചിക്കുന്നു: ജീവിതത്തെ മാറ്റുവിൻ. പാപത്തെ നിരാകരിക്കുകയും പാപികളെ സ്വീകരിക്കുകയും ചെയ്യുന്ന ദൈവപുത്രന്റെ നാമത്തിൽ ഞാൻ യാചിക്കുന്നു പണമാണ് സർവ്വവുമെന്ന ചിന്തയുടെ കെണിയിൽ വീണു പോകരുതേ! ആ ചിന്ത വെറും മിഥ്യയാണ്. ഇതിനപ്പുറമുള്ള ജീവിതത്തിലേക്ക് പണം കൊണ്ടു പോകാൻ നമുക്കു കഴിയില്ല! പണം സന്തോഷത്തിൻ്റെ ഉറവിടമല്ല; ഒരിക്കൽ നാം ദൈവത്തിൻ്റെ വിധിക്കു വിധേയരാകേണ്ടിവരും. അതിൽ നിന്നൊഴിഞ്ഞുമാറാൻ ആർക്കും കഴിയില്ല" (നമ്പർ 19).
സമാനരീതിയിലുള്ള അഭ്യർത്ഥന അഴിമതിയിൽ വ്യാപരിക്കുകയോ പങ്കുപറ്റുകയോ ചെയ്യുന്നവരോടും പാപ്പാ നടത്തുന്നുണ്ട്. അന്ധകാരത്തിന്റെ പ്രവൃത്തിയെന്നും നീതിക്കുവേണ്ടി സ്വർഗ്ഗത്തിലേക്കു നിലവിളിക്കുന്ന പാപമെന്നും അഴിമതിയെ പാപ്പാ വിശേഷിപ്പിക്കുന്നു. "ഇതാണ് മാനസാന്തരത്തിനുള്ള സമയം... ദൈവപിതാവ് എപ്പോഴും ശ്രവിക്കാൻ സന്നദ്ധനാണ്, ഞാനുമതെ. എന്റെ സഹോദരരായ മെത്രാൻമാരും സന്നദ്ധരാണ്" (നമ്പർ 19).
നീതിക്കും കരുണയ്ക്കുമിടയിൽ
ശരാശരി മനുഷ്യൻ്റെ ആശയക്കുഴപ്പം നീതിയും കരുണയും തമ്മിൽ എങ്ങനെ പൊരുത്തപ്പെടുമെന്നതാണ്. നീതി നിയമവുമായി ബന്ധപ്പെട്ടതുമാത്രമല്ല, ദൈവപിതാവിൻ്റെ ഇഷ്ത്തിനു നമ്മെത്തന്നെ വിശ്വാസപൂർവ്വം കൈവിടുന്നതുമാണ് എന്നു പാപ്പാ എഴുതുന്നു. അങ്ങനെയെങ്കിൽ കരുണ കാണിക്കുന്നതും നീതിയുടെ ഭാഗമാണ്. ഇതു രണ്ടും സ്നേഹമെന്ന മറ്റൊരു വലിയ യാഥാർത്ഥ്യത്തിന്റെ ഭാഗമാണ് (നമ്പർ 20).
എങ്ങനെയാണ് നീതി കരുണയിലേക്കു കടക്കുന്നതെന്ന് ഹോസിയ പ്രവാചകനെ ഉദ്ധരിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ വ്യക്തമാക്കുന്നു. നാടകീയ സംഭവങ്ങളുടെ കാലത്താണ് ഹോസിയാ ജീവിച്ചത്. രാജ്യം നാശത്തിന്റെ വക്കിൽ. ജനം ഉടമ്പടിയോടു വിശ്വസ്തതത പാലിച്ചില്ല. അവർ ദൈവത്തിൽനിന്നകന്നു പോയി. പൂർവ്വികരുടെ വിശ്വാസം നഷ്ടപ്പെടുത്തി. മാനുഷിക കണക്കുകൂട്ടലിൽ ഇത്രയും അവിശ്വസ്തമായ ജനത്തെ ദൈവം കൈവിട്ടേ തീരൂ. പ്രവാസമല്ലാതെ മറ്റൊന്നും അവർ അർഹിക്കുന്നില്ല. പ്രവാചകൻ അതു പറയുകയും ചെയ്തു. എന്നാൽ ഉടൻ തന്നെ പ്രവാചകൻ്റെ ഹൃദയം മാനുഷികചിന്തയിൽനിന്നു ദൈവിക വികാരത്തിലേക്കുയരുന്നു. "എഫ്രായിം, ഞാൻ നിന്നെ എങ്ങനെ ഉപേക്ഷിക്കും? ഇസ്രായേൽ, ഞാൻ നിന്നെ എങ്ങനെ കൈവിടും... എന്റെ ഹൃദയം എന്നെ വിലക്കുന്നു. എൻ്റെ അനുകമ്പ ഊഷ്മളവും ആർദ്രവുമായിരിക്കുന്നു. ഞാൻ എൻ്റെ ഉഗ്രകോപം നടപ്പാക്കുകയില്ല... ഞാൻ ദൈവമാണ്, മനുഷ്യനല്ല" (ഹോസിയ 11,8-9). ഇങ്ങനെ നീതി വളരുന്നത് കരുണയിലേക്കും അതു പൂർണ്ണതയിലെത്തുന്നത് സ്നേഹത്തിലുമാണ്.
അങ്ങനെയെങ്കിൽ തെറ്റു ചെയ്യുന്നവരെ തിരുത്തുന്നത് കരുണയ്ക്കു വിരുദ്ധമാണോ? അല്ല എന്ന് പാപ്പാ പലയിടത്തായി വിശദമാക്കുന്നുണ്ട്. “ഇതിൻ്റെ അർത്ഥം നീതിയെ വിലകുറച്ചു കാണണമെന്നല്ല. തെറ്റു വരുത്തുന്നവൻ തീർച്ചയായും വിലകൊടുക്കേണ്ടി വരും. ദൈവം നീതിക്കെതിരല്ല; മറിച്ച്, അതിനെ കരുണകൊണ്ട് അവിടുന്നു പൊതിയുന്നു" (നമ്പർ 21). പോൾ ആറാമൻ പാപ്പായുടെ വാക്കുകൾ ഫ്രാൻസിസ്പാപ്പാ ഉദ്ധരിക്കുന്നുണ്ട്. "തെറ്റുകളെ നാം തിരുത്തിയിട്ടുണ്ട്. എന്തെന്നാൽ സത്യം അതാവശ്യപ്പെടുന്നു: സ്നേഹവും അതാവശ്യപ്പെടുന്നു" (നമ്പർ 4). തെറ്റു ചെയ്യുന്നവരെ തിരുത്തുന്നത് ആദ്ധ്യാത്മികമായ കാരുണ്യപ്രവൃത്തികളിൽപ്പെടുന്നു (നമ്പർ 15).
ലോകവും കരുണയും മതങ്ങളും
ഇന്നത്തെ ലോകത്തിൻ്റെ കാരുണ്യരഹിതമായ അവസ്ഥയെക്കുറിച്ച് പാപ്പാ ബോധവാനാണ്. “ലോകത്ത് കരുണ പാലിക്കുന്ന സമ്പ്രദായം വിരളമായി വരികയാണ്. ചില പ്രദേശങ്ങളിൽ ഈ പദത്തിന്റെ പ്രയോഗംപോലും അന്യംനിന്നുപോയിരിക്കുന്നു" (നമ്പർ 10). പാപ്പാ വിരൽചൂണ്ടുന്നത് പശ്ചിമേഷ്യയിലേക്കാണോ എന്ന് വായനക്കാർക്ക് തോന്നുന്നെങ്കിൽ അതിൽ അതിശയത്തിനു വകയില്ല. കരുണകാണിക്കുന്ന ദൈവം ദുർബലനാണെന്ന ചിന്ത ആർക്കെങ്കിലുമുണ്ടെങ്കിൽ അതിനെ തിരുത്താൻ പാപ്പാ ആഗ്രഹിക്കുന്നു: “കരുണ കാണിക്കുന്നതു ദൈവത്തിൻ്റെ സർവ്വശക്തിയുടെ അടയാളമാണ്" (നമ്പർ 6).
യഹൂദമതവും ഇസ്ളാംമതവും ദൈവം കരുണാമയനാണെന്ന് കരുതുന്നുണ്ട്. ഇസ്രായേലാണ് ഈ വെളിപാട് ആദ്യമായി സ്വീകരിച്ചത്. മറ്റുള്ളവർക്ക് ഇത് പകർന്നു നൽകേണ്ടവരും അവർ തന്നെ. കരുണാമയനും ദയാർദ്രനും എന്നതു സ്രഷ്ടാവിന് ഇസ്ളാം ചാർത്തുന്ന വിശേഷണമാണ്. ഒരു യഥാർത്ഥ മുസൽമാന്റെ അധരങ്ങളിൽ ഈ വാക്കുകൾ എപ്പോഴും ഉണ്ടാകും. ദൈവത്തിന്റെ കരുണയ്ക്ക് അതിർത്തി നിശ്ചയിക്കാൻ ആർക്കും കഴിയില്ലെന്ന് അവൻ വിശ്വസിക്കുന്നു. പരസ്പരമുള്ള ആശയ കൈമാറ്റങ്ങൾ ഉണ്ടാകണമെന്നും തുറവിയില്ലായ്മ, ബഹുമാനമില്ലായ്മ, അക്രമം, വിവേചനം എന്നിവ അതുവഴി ഇല്ലാതാകണമെന്നും പാപ്പാ ആഗ്രഹിക്കുന്നു (നമ്പർ 23).
വിശുദ്ധ ഗ്രന്ഥവും വിശുദ്ധ വത്സരവും
ഈ ജൂബിലിവർഷം പ്രഖ്യാപിച്ചിരിക്കുന്നത് വി.ഗ്രന്ഥം നൽകുന്ന ഉൾക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ്. ലൂക്കാ 4,16-22 ന്റെയും ഏശയ്യ 61,1-2 ന്റെയും വെളിച്ചത്തിൽവേണം ജൂബിലി വർഷത്തെ വിലയിരുത്താൻ. ഏശയ്യാപ്രവാചകൻ്റെ വാക്കുകൾ നസ്രത്തിലെ സിനഗോഗിൽവച്ചു വായിച്ചശേഷം ഈശോ പറഞ്ഞത്, ഈ വാക്കുകൾ തന്നിൽ നിറവേറിയിരിക്കുന്നു എന്നാണല്ലോ. ഈശോ വന്നതു കർത്താവിൻ്റെ പ്രസാദത്തിൻ്റെ, അവിടുത്തെ കരുണയുടെ വർഷം പ്രഖ്യാപിക്കാനാണ്: ദരിദ്രരോട് ആശ്വാസത്തിന്റെ വാക്കു പ്രഘോഷിക്കാനും ആശ്വാസത്തിൻ്റെ അടയാളമായിത്തീരാനും, ആധുനിക കാലത്തെ പുതിയതരം അടിമത്തങ്ങളിൽപ്പെട്ടവർക്കു സ്വാതന്ത്യം പ്രഘോഷിക്കുവാനും, തങ്ങളിൽത്തന്നെ കുടുങ്ങിപ്പോയതുകൊണ്ട് മറ്റാരെയും കാണാൻ കഴിയാത്തവർക്കു കാഴ്ചനൽകാനും തങ്ങളുടെ അന്തസ് കവർച്ച ചെയ്യപ്പെട്ടവർക്ക് അതു വീണ്ടെടുത്തു നൽകാനും ഈ വർഷം പ്രത്യേകമായി നാം നിയോഗിക്കപ്പെടുന്നു (നമ്പർ 16).
പഴയനിയമത്തിൽ സങ്കീർത്തനങ്ങൾപോലെ ദൈവകരുണയെപ്പറ്റി പ്രതിപാദിക്കുന്ന മറ്റൊരു പുസ്തകമില്ല. 103, 146,147 എന്നീ സങ്കീർത്തനങ്ങൾ ശ്രദ്ധേയമാണ്. 136-ാം സങ്കീർത്തനം, ചരിത്രത്തിൽ മാത്രമല്ല നിത്യതയിലും മനുഷ്യൻ ദൈവത്തിന്റെ കരുണാപൂർണമായ കടാക്ഷത്തിൻ്റെ കീഴിലായിരിക്കുമെന്ന് കാണിക്കുന്നു. “കർത്താവിൻ്റെ കാരുണ്യത്തെ പ്രകീർത്തിക്കുവിൻ. എന്തെന്നാൽ അവിടുത്തെ കാരുണ്യം അനന്തമാണ്" എന്നാണല്ലോ അവിടെ നാം വായിക്കുന്നത്. പെസഹായിൽ പാടേണ്ട ഗീതമെന്ന നിലയിൽ ഈ കീർത്തനമാലപിച്ചാണ് ഈശോയും ശിഷ്യൻമാരും ഒലിവുമലയിലേക്കു പോയതെന്നു വേണം കരുതാൻ. അപ്രകാരം പരിശുദ്ധ കുർബാനതന്നെയും തൻ്റെ കരുണയുടെ പശ്ചാത്തലത്തിലാണ് ഈശോ സ്ഥാപിച്ചത് (നമ്പർ 6,7).
കരുണ ഉള്ളലിഞ്ഞുണ്ടാവുന്ന സ്നേഹമാണെന്ന് പറഞ്ഞാൽ അധികപ്പറ്റല്ല. അത് ഉള്ളിൽനിന്ന് സ്വാഭാവികമായി പൊട്ടിയൊഴുകുകയാണ്. ദൈവത്തിൻ്റെ ഈ കരുണയാണ് സുവിശേഷങ്ങളുടെ സ്പന്ദിക്കുന്ന ഹൃദയം. നസ്രത്തിലെ ഈശോയിൽ ദൈവപിതാവിന്റെ കരുണ മനുഷ്യരൂപം പ്രാപിച്ചു. ദൈവത്തിൻ്റെ കരുണയ്ക്ക് ഒരു മുഖമുണ്ടായി. ജനങ്ങളുടെമേൽ കരുണ തോന്നിയ ഈശോ പാപ്പായുടെ ശ്രദ്ധാകേന്ദ്രവും ചിന്താവിഷയവും ആകർഷണവുമായിരുന്നു. “ജനക്കൂട്ടത്തെ കണ്ടപ്പോൾ ഈശോയ്ക്ക് അവരുടെ മേൽ അനുകമ്പ തോന്നി" (മത്താ 9,36). അതുകൊണ്ട് അവിടുന്ന് രോഗികളെ സുഖപ്പെടുത്തി. കരുണ തോന്നിയതിനാൽ ഏതാനും അപ്പക്കഷണങ്ങൾകൊണ്ട് ജനസഞ്ചയത്തിന്റെ വിശപ്പടക്കി. നായിനിലെ വിധവയെ, അവളുടെ മകൻ്റെ മൃതസംസ്കാരയാത്രയിൽവച്ച് കണ്ടപ്പോൾ കരളലിഞ്ഞതുകൊണ്ട് ഈശോ അവനെ ഉയിർപ്പിച്ചു.
മത്തായിയെ വിളിക്കുന്ന രംഗം ഇതിനെല്ലാം മകുടം ചാർത്തുന്നതാണ്. ചുങ്കക്കാരൻ മത്തായി ചുങ്കസ്ഥലത്തായിരിക്കവേ ഈശോ അതുവഴി വന്നു; അവനെ ചൂഴ്ന്നു നോക്കി. അവന്റെ പാപങ്ങളെല്ലാം ക്ഷമിക്കുന്ന നോട്ടമായിരുന്നു അത്. കൂടെയുണ്ടായിരുന്നവർ സന്ദേഹിച്ചെങ്കിലും പന്ത്രണ്ടു പേരിലൊരുവനായി അവനെ തെരഞ്ഞെടുത്തു. വി. ബീഡ് ഇതിനെക്കുറിച്ചെഴുതിയത്, “മത്തായിയെ ഈശോ കരുണയോടെ നോക്കിക്കൊണ്ട് തിരഞ്ഞെടുത്തു എന്നാണ്. കരുണതോന്നി തെരഞ്ഞടുത്തു - ഈ പ്രയോഗം അത്രമേൽ എന്നെ വശീകരിച്ചതിനാൽ എൻ്റെ മെത്രാൻ ശുശ്രൂഷയുടെ ആപ്തവാക്യമായി ഞാനതു സ്വീകരിച്ചു" (നമ്പർ 8).
മിശിഹായുടെ മണവാട്ടിയായ സഭ അവിടുത്തെപ്പോലെ എല്ലാവരിലേക്കും ഇറങ്ങിച്ചെല്ലണം. ഇതു സുവിശേഷത്തിൻ്റെ നവീന പ്രഘോഷണത്തിനായി മാറ്റിവയ്ക്കപ്പെട്ടിരിക്കുന്ന കാലമാണല്ലോ. എല്ലാ ഹൃദയങ്ങളെയും സ്പർശിക്കുന്ന വിധത്തിൽ അവളുടെ വാക്കുകളും ചലനങ്ങളും കരുണ ചൊരിയുന്നതാകണം. സഭ സന്നിഹിതമാകുന്നിടത്തെല്ലാം ദൈവപിതാവിൻ്റെ കരുണ തെളിഞ്ഞു നിൽക്കണം. ഇടവകകൾ, കൂട്ടായ്മകൾ, ഭക്തസംഘടനകൾ, ക്രൈസ്തവപ്രസ്ഥാനങ്ങൾ തുടങ്ങി ക്രിസ്ത്യാനി ഉള്ളിടത്തെല്ലാം കരുണയുടെ മരുപ്പച്ച കണ്ടെത്താൻ മറ്റുള്ളവർക്കു കഴിയണം (നമ്പർ 12). ഇതാണ് ഫ്രാൻസിസ് പാപ്പായുടെ ഹൃദയംഗമമായ ആഗ്രഹം.
ഇപ്രകാരം 'കാരുണ്യത്തിൻ്റെ മുഖം' എന്ന പ്രഖ്യാപന പത്രിക പിന്തുടരുമ്പോൾ പാപ്പായുടെ സ്വപ്പ്നങ്ങളെയും നയപരിപാടികളെയും വ്യക്തിത്വത്തെത്തന്നെയുമാണ് വായനക്കാരൻ പിന്തുടരുന്നത്. ഈശോയുടെ വ്യക്തിത്വത്തിലേക്കാണ് അത് നമ്മെ സാവധാനം കൊണ്ടുചെന്നെത്തിക്കുന്നത്. പിതാവിൻ്റെ കാരുണ്യത്തിന്റെ മുഖം എന്നതാണ് അവിടുത്തെ വ്യക്തിത്വത്തിന്റെ സവിശേഷത.
ഡോ. തോമസ് കുഴുപ്പിൽ
St. Thomas Minor Seminary
Kurichy. Thuruthy P.O.. Kottayam 686 535
Mob. 9746512606
Email: frkuzhuppil@gmail.com
ആമുഖം
സഭാപിതാക്കന്മാർ കരുണയെ ഒറ്റപ്പെട്ട ഒരു വിഷയമായി ഒരിടത്തും അവതരിപ്പിക്കുന്നില്ല. വിശ്വാസസംബന്ധമായ മറ്റു ചില വിഷയങ്ങളോട് ബന്ധപ്പെടുത്തിയാണ് അവർ ഇതെക്കുറിച്ച് പ്രതിപാദിക്കുന്നത്. അനുതാപം, പാപമോചനം, ദൈവികവെളിപാട്, കാരുണ്യ പ്രവൃത്തികൾ എന്നിവയോടാണ് ഇത് മുഖ്യമായും ബന്ധപ്പെട്ടിരിക്കുന്നത്.
1. അനുതാപം
അനുതാപത്തിൻ്റെ ആവശ്യകത വ്യക്തമാക്കുന്ന ഒരു ആദ്യ കാലകൃതിയാണ് റോമിലെ 'ഹെർമാസിൻ്റെ ഇടയൻ' (140-150 എ. ഡി.). അപ്പോക്കാലിപ്റ്റിക് സാഹിത്യശൈലിയിലാണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്. മാമ്മോദീസായ്ക്കുശേഷമുള്ള പാപമോചനത്തെക്കുറിച്ചാണ് ഇതിൽ വിവരിക്കുന്നത്. മാമ്മോദീസായ്ക്കുശേഷം പിന്നീടൊരിക്കലും പാപമോചനമില്ലായെന്ന് അക്കാലത്ത് ചിലയാളുകൾ പ്രചരിപ്പിച്ചിരുന്നു. അനുതപിച്ച് ദൈവത്തിൻ്റെ അടുത്തേക്ക് തിരിച്ചുവരാനുള്ള ഒരു ആഹ്വാനമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. ഒരു മാലാഖാ അദ്ദേഹത്തിന് ഇപ്രകാരം വെളിപ്പെടുത്തി കൊടുത്തിരിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു: "ആകയാൽ ദയാനിധിയായ കർത്താവ് തൻ്റെ സൃഷ്ടിയോട് കരുണകാണിക്കുകയും അനുതാപം സ്ഥാപിക്കുകയും ഈ അനുതാപത്തിന്റെമേലുള്ള അധികാരം എനിക്ക് നല്കുകയും ചെയ്തിരിക്കുന്നു" (അദ്ധ്യായം 4,3). വിശുദ്ധരുടെയെല്ലാം അനുതാപത്തിൻ്റെ ദിനങ്ങൾ അവസാനിച്ചെന്നും എന്നാൽ മറ്റുള്ളവർക്ക് അവസാനദിനംവരെ ഇതിനുള്ള അവസരമുണ്ടെന്നും രണ്ടാമധ്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. തുടർന്ന് ഇപ്രകാരം പറയുന്നു: "മുൻപ് അവനെ (പുത്രനെ) നിഷേധിച്ചവരുടെമേൽ അവൻ തൻ്റെ അനന്തദയയാൽ ഇപ്പോൾ കരുണ വർഷിച്ചിരിക്കുന്നു" (അദ്ധ്യായം 2,2). അനുതപിക്കുന്ന പാപിയുടെമേൽ ദൈവം കരുണ ചൊരിയുന്നുവെന്നാണ് ഈ വാക്കുകൾ സൂചിപ്പിക്കുന്നത്.
അനുതപിക്കുന്ന പാപിയുടെമേൽ ദൈവം തൻ്റെ കരുണ ചൊരിയുന്നുവെന്ന് മറ്റ് ചില പ്രാരംഭകാലരേഖകളും വ്യക്തമാക്കിയിട്ടുണ്ട്. ബർണബാസിൻ്റെ കത്തിൽ (130/132 എ.ഡി.) ഇങ്ങനെ എഴുതിയിരിക്കുന്നു: "പാപങ്ങൾ പൊറുത്തുകൊണ്ട് അവൻ നമ്മെ നവീകരിച്ചിരിക്കുന്നു. അവൻ മറ്റൊരു മുദ്ര നമ്മുടെമേൽ പതിച്ചിരിക്കുന്നു. ആയതിനാൽ, മക്കളുടെ ആത്മാക്കളെപ്പോലെ നമ്മുടെ ആത്മാക്കൾ ആയിത്തീരും. അതായത്, അവൻ നമ്മെ പുതിയ സൃഷ്ടികളാക്കിത്തീർക്കുന്നു" (അദ്ധ്യായം 6,11). രണ്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് എഴുതപ്പെട്ട ഡയഗ്നേറ്റസിനുള്ള കത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: "അവൻ തന്റെ കരുണയാൽ നമ്മുടെ പാപങ്ങൾ ഏറ്റെടുക്കുകയും സ്വപുത്രനെ നമുക്ക് മോചനദ്രവ്യമായി നൽകുകയും ചെയ്തു. ദുഷനെ വിശുദ്ധീകരിച്ചു, കുറ്റക്കാരനെ കളങ്കമില്ലാതാക്കി, നീതിരഹിതനെ നീതിമാനാക്കി, നശ്വരമായവനെ അനശ്വരനാക്കി, മർത്യനെ അമർത്ത്യനാക്കി” (അദ്ധ്യായം 9,2).
ദൈവം തന്റെ അനന്തകാരുണ്യം നിരന്തരം വർഷിക്കുന്നുവെന്ന് ലത്തീൻ ദൈവശാസ്ത്രജ്ഞനായ തെർത്തുല്യൻ (d.c.220) പഠിപ്പിക്കുന്നുണ്ട്: "ദൈവം അജ്ഞാനികളുടെയും അവിശ്വാസികളുടെയുംമേൽ കരുണ ചൊരിയുന്നുവെങ്കിൽ, അനുതാപം നിശ്ചയമായും കരുണ ലഭിക്കുന്നതിനുള്ള ഒരു ക്ഷണമാണ് (Modesty 18,18). മാമ്മോദീസായിലൂടെ ചൊരിയപ്പെടുന്ന ദൈവത്തിന്റെ കരുണയെക്കുറിച്ചും അതിലൂടെ സംലഭ്യമാകുന്ന പാപമോചനത്തെക്കുറിച്ചും അലക്സാണ്ട്രിയായിലെ ഒരിജൻ (d. 253/4) വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുശേഷം, കാരുണ്യപ്രവൃത്തികളിലൂടെയും സഹോദരൻ തെറ്റുകൾ ക്ഷമിക്കുന്നതിലൂടെയും പാപിയെ നേരായ വഴിയിലൂടെ നയിക്കുന്നതിലൂടെയും ദൈവസ്നേഹത്താൽ നിറയുന്നതിലൂടെയും പ്രായശ്ചിത്തപ്രവൃത്തികളിലൂടെയും നമ്മുടെ പാപങ്ങൾ ക്ഷമിക്കപ്പെടുന്നുവെന്ന് അദ്ദേഹം പഠിപ്പിക്കുന്നു (Hom. Leviticus 2,4). ദൈവത്തിൻ്റെ കരുണയുടെ നിരവധിയായ ഫലങ്ങളെക്കുറിച്ച് കാർത്തേജിലെ സിപ്രിയാൻ (d. 258) ഉദ്ബോധിപ്പിക്കുന്നുണ്ട്. പിതാവായ ദൈവത്തിന്റെയും മിശിഹായുടെയും അനന്തമായ കാരുണ്യം നമ്മുടെമേൽ വർഷിക്കപ്പെടുകയും ഇന്നും അത് തുടർന്നുകൊണ്ടിരിക്കുകയും ചെയ്യുന്നതായി അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്.
നമ്മെ ദൈവമക്കളായിത്തീർക്കുവാനായി അവൻ മനുഷ്യനായിത്തീരുകയും നമ്മെ ഉയർത്തുന്നതിനുവേണ്ടി വിനീതനായിത്തീരുകയും നമ്മെ സുഖപ്പെടുത്തുന്നതിനായി മുറിവേൽക്കപ്പെടുകയും നമ്മെ സ്വതന്ത്രരാക്കാൻവേണ്ടി ദാസനായിത്തീരുകയും നമ്മെ അമർത്യരാക്കാൻവേണ്ടി മരണം വരിക്കുകയും ചെയ്തു വെന്ന് അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നു (Alms giving 1).
നാലാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ ജീവിച്ചിരുന്ന സുറിയാനി സഭാപിതാവായ അഫ്രാത്ത് സ്നേഹത്തെക്കുറിച്ചുള്ള തന്റെ വിവരണത്തിൽ കരുണയെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. ഈശോ തന്റെ കരുണയാൽ പാപിനിയായ സ്ത്രീയുടെ നിരവധിയായ കടങ്ങൾ പൊറുത്തു (ലൂക്കാ 7,47) എന്ന് അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നു. പാപികളോടുള്ള അവിടുത്തെ കരുണാർദ്രമായ സ്നേഹത്തെയാണ് ഇതിലൂടെ അദ്ദേഹം വിവക്ഷിക്കുന്നത് (Demonstra-tion 2,20). നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ലത്തീൻ സഭാപിതാവായ ഹിലരി (d. 367) പാപികളോടുള്ള ദൈവത്തിന്റെ കരുണയെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ആദം പാപം ചെയ്തതിനുശേഷം ദൈവം അവനെ (മനുഷ്യനെ) തൻ്റെ കരുണയാൽ നിലനിർത്തുകയും എപ്പോഴും അവന് ആവശ്യമായ ദൈവികജ്ഞാനം നൽകിക്കൊണ്ടിരിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട് (Hom. Psalm 14).
പാപികളോടുള്ള ദൈവത്തിൻ്റെ കരുണയെക്കുറിച്ച് ജോൺ ക്രിസോസ്തോം (d. 407) ഉത്പത്തിയെക്കുറിച്ചുള്ള തൻ്റെ പ്രഭാഷണത്തിൽ പറയുന്നുണ്ട്. മനുഷ്യൻ പാപം നിമിത്തം ശിക്ഷയ്ക്കർഹനായിത്തീർന്നുവെങ്കിലും, ദൈവം തൻ്റെ കരുണ അവന്റെമേൽ ചൊരിഞ്ഞുവെന്ന് അദ്ദേഹം എഴുതിയിരിക്കുന്നു (17,3).
സുറിയാനിസഭാപാരമ്പര്യത്തിലെ പ്രമുഖ ആദ്ധ്യത്മിക ചിന്തകനായ നിനിവെയിലെ ഇസഹാക്ക് (ഏഴാം നൂറ്റാണ്ട്) അനുതാപത്തിന് വലിയ പ്രാധാന്യം കൽപിക്കുന്നുണ്ട്. അനുതാപത്തെ രണ്ടാമത്തെ ജനനമെന്നും കരുണയിലേക്കുള്ള കവാടമെന്നും അദ്ദേഹം വിശേഷിപ്പിക്കുന്നു. അനുതാപമാകുന്ന കവാടത്തിലൂടെ നമ്മൾ ദൈവത്തിന്റെ കരുണയിലേക്ക് പ്രവേശിക്കുന്നുവെന്നും ഈ കവാടത്തിലൂടെ പ്രവേശിക്കുന്നില്ലെങ്കിൽ നമുക്ക് കരുണ ലഭിക്കുന്നില്ലെന്നും അദ്ദേഹം പഠിപ്പിക്കുന്നു (Discourse 43).
2. ദൈവത്തിന്റെ കരുണയും അവിടുത്തെ കൃപയും
കൃപയെക്കുറിച്ചുള്ള തൻ്റെ പഠനങ്ങളോട് ബന്ധപ്പെടുത്തിയാണ് ആഗസ്തീനോസ് (d. 430) ദൈവത്തിൻ്റെ കരുണയെക്കുറിച്ചു പ്രതിപാദിക്കുന്നത്. ദൈവം തൻ്റെ ഇഷ്ടപ്രകാരം മനുഷ്യർക്ക് നല്കുന്ന നിരന്തരമായ സഹായമാണ് കൃപ. ഇത് മനുഷ്യന്റെ നേട്ടമല്ലെന്നും കൃപ കൂടാതെ ആർക്കും നന്മചെയ്യുവാൻ കഴിയുകയില്ലെന്നും പെലാജിയൂസിൻ്റെ അബദ്ധപ്രബോധനങ്ങളെ ഖണ്ഡിച്ചു കൊണ്ട് അദ്ദേഹം സമർത്ഥിച്ചു. ദൈവം നമ്മിൽ ചൊരിയുന്ന സ്നേഹമായും പരിശുദ്ധാത്മാവിൻ്റെ നമ്മിലുള്ള പ്രവർത്തനമായും കൃപയെ ആഗസ്തീനോസ് അവതരിപ്പിക്കുന്നുണ്ട്. ഉത്ഭവപാപം ഉള്ളതുകൊണ്ടാണ് മനുഷ്യന് ദൈവത്തിൻ്റെ കൃപ ആവശ്യമായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്നാൽ, നന്മ ചെയ്യുവാൻ മനുഷ്യന് സ്വാഭാവികമായിതന്നെ കഴിവുണ്ടെന്നാണ് പെലാജിയൂസ് വാദിച്ചിരുന്നത്. മിശിഹായെ പെലാജിയൂസ് ഒരു മാതൃക മാത്രമായി കണക്കാക്കുമ്പോൾ, മിശിഹാ ഒരു മാതൃക മാത്രമല്ലെന്നും മനുഷ്യകുലത്തിൻ്റെ മുഴുവൻ രക്ഷകനാണെന്നും, കൃപയെക്കുറിച്ചുള്ള തൻ്റെ പ്രബോധനങ്ങളിലൂടെ ആഗസ്തീനോസ് സമർത്ഥിക്കുന്നു.
വിവിധ വീക്ഷണകോണുകളിലുടെയാണ് കൃപയെ അഗസ്തീനോസ് അവതരിപ്പിക്കുന്നത്. ദൈവത്തിൻ്റെ കൃപയും അവിടുത്തെ കരുണയും തമ്മിലുള്ള ബന്ധമാണ് ഇതിൽ ആദ്യത്തേത്. ദൈവത്തിന്റെ കരുണ നമുക്ക് മുൻപേ കടന്നുവരുന്നുവെന്നും സങ്കീർത്തനം 58,11 നെ അടിസ്ഥാനമാക്കി അദ്ദേഹം പഠിപ്പിക്കുന്നു: “നമ്മൾ ജോലി ചെയ്യുന്നു. എന്നാൽ നമ്മൾ പ്രവർത്തിക്കുമ്പോൾ, പ്രവർത്തിക്കുന്നവനായ ദൈവത്തോട് സഹകരിക്കുന്നു. കാരണം, അവന്റെ കരുണ നമുക്ക് മുമ്പേ കടന്നുവരുന്നു" (Nature and Grace 35) മനുഷ്യന്റെ മേന്മകൊണ്ടല്ല കൃപ നല്കപ്പെടുന്നതെന്ന് ആഗസ്തീനോസ് പഠിപ്പിക്കുന്നു; കാരണം, ദൈവം കാരുണ്യവാനാണ്. എന്നാൽ, ഇത് എല്ലാവർക്കും നല്കപ്പെടുന്നില്ലെന്ന് അദ്ദേഹം പറയുന്നു. കാരണം, ദൈവം നീതിമാനാണ് (Perseverance 8,16). ദൈവം കാരുണ്യവാനായതിനാലാണ് നമുക്ക് കൃപ ലഭിച്ചിരിക്കുന്നതെന്ന് ഈ വാക്കുകൾ വ്യക്തമാക്കുന്നു. മനുഷ്യൻ പാപത്തിൻ്റെ ശിക്ഷയിൽനിന്നും വിമോചിതനായിരിക്കുന്നത് അവൻ്റെ മേന്മ കൊണ്ടല്ലെന്നും, പ്രത്യുത ദൈവത്തിൻ്റെ കരുണയാലാണെന്നും, പെലാജിയൂസിനെതിരെ അദ്ദേഹം സമർത്ഥിക്കുന്നു. അവിടുത്തെ കരുണ നിമിത്തമാണ് പാപത്തിൽനിന്നും മനുഷ്യനെ രക്ഷിക്കുവാനായി ഈശോ മിശിഹായെ അവിടുന്ന് ലോകത്തിലേക്ക് അയച്ചതെന്നും പെലാജിയൂസിനെതിരെ ആഗസ്തീനോസ് ഉദ്ബോധിപ്പിക്കുന്നു (Nature and Grace 5).
3. ദൈവികവെളിപാട്
സഭാപിതാക്കന്മാർ ദൈവികവെളിപാടിനെക്കുറിച്ച് വിവരിക്കുമ്പോൾ ദൈവത്തിൻ്റെ കരുണയുടെ പ്രകാശനമായി അതിനെ അവതരിപ്പിക്കുന്നു. അന്ത്യോക്യൻ സഭാപിതാക്കന്മാരായ ജോൺ ക്രിസോസ്തോമിൻ്റെയും (d. 407) മൊപ്സുവെസ്തിയായിലെ തെയഡോറിന്റെയും (d. 428) ബൈബിൾ വ്യഖ്യാനശൈലിയിൽത്തന്നെ ഈ ആശയം വളരെ പ്രകടമാണ്. വിശുദ്ധഗ്രന്ഥത്തിലെ പ്രതീകങ്ങളും ദൈവദർശനങ്ങളും വ്യാഖ്യാനിക്കുമ്പോൾ, മനുഷ്യന്റെ പക്കലേക്കുള്ള ദൈവത്തിൻ്റെ ഇറങ്ങിവരവുകളായിട്ടാണ് (Divine Condescension) അവയെ അവർ അവതരിപ്പിക്കുന്നത്. ഈ ആശയം ഏറ്റവും മനോഹരമായി അവതരിപ്പിക്കുന്നത് ജോൺ ക്രിസോസ്തോമാണ്. ദൈവം സ്വയം വെളിപ്പെടുത്തുന്നതിനായി മനുഷ്യന്റെ അജ്ഞതയുടെ തലത്തിലേക്ക് ഇറങ്ങിവന്ന് അവന് മനസിലാകുന്ന ഭാഷയിൽ അവനോട് സംസാരിക്കുന്നു. മനുഷ്യൻ്റെ ചിന്തയ്ക്ക് അനുസൃതമായി ക്രമാനുഗതമായി ദൈവം വെളിപ്പെടുത്തുന്നുവെന്നതിന് വിശുദ്ധഗ്രന്ഥത്തിലെ സംഭവങ്ങൾത്തന്നെ തെളിവാണ്. മനുഷ്യൻ്റെ അടുക്കലേക്കുള്ള ദൈവത്തിൻ്റെ ഇറങ്ങി വരവുകളുടെ പൂർത്തീകരണമായിട്ടാണ് മനുഷ്യാവതാരത്തെ ക്രിസോസ്തോം കണക്കാക്കുന്നത്. ഇതിൻ്റെ തുടർച്ചയായിട്ടാണ് വിശുദ്ധ കുർബ്ബാനയെ അദ്ദേഹം അവതരിപ്പിക്കുന്നത്.
പ്രപഞ്ചസൃഷ്ടിതന്നെ ദൈവത്തിൻ്റെ ഒരു വെളിപ്പെടുത്തലാണ്. ദൈവസ്നേഹത്തിൻ്റെ പ്രകാശനമായാണ് സൃഷ്ടി കർമ്മത്തെ സുറിയാനി സഭാപിതാവായ അപ്രേം തന്റെ 'വിശ്വാസ ഗീതങ്ങ'ളിൽ അവതരിപ്പിക്കുന്നത്. സൃഷ്ടികർമ്മത്തിന് പിന്നിലുള്ള പ്രേരകശക്തി ദൈവത്തിൻ്റെ സ്നേഹം മാത്രമാണ് (വിശ്വാസഗീതങ്ങൾ 67,19; 80,3). മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ഉണ്ടായിരുന്ന ലക്ഷ്യവും ഇതുതന്നെയാണ്. ഇതെക്കുറിച്ച് അദ്ദേഹം ഇപ്രകാരം പറയുന്നു: “ആദിയിൽ നിൻ്റെ കരുണയാൽ നീയാണ് പൊടിയെ രൂപപ്പെടുത്തിയത്. നിൻ്റെ സ്നേഹത്തിൻ്റെ ദാനം ഇതിന്മേൽ നിക്ഷേപിച്ചതും നീ തന്നെയാണ്" (നിസ്സീബിയൻ ഗാനങ്ങൾ 69,1). ദൈവത്തിന്റെ കരുണാർദ്രമായ സ്നേഹം സൃഷ്ടപ്രപഞ്ചത്തിന്റെയും മനുഷ്യന്റെയുംമേൽ വർഷിക്കപ്പെടുന്നുവെന്ന് ഈ വാക്കുകൾ സൂചിപ്പിക്കുന്നു.
4. കാരുണ്യപ്രവൃത്തി
കാരുണ്യപ്രവൃത്തികളിലൂടെയാണ് ദൈവത്തിൻ്റെ കരുണാർദ്രമായ സ്നേഹം വിശ്വാസികൾ മറ്റുള്ളവരുടെ മുമ്പിൽ പ്രകാശിതമാക്കുന്നത്. പ്രാർത്ഥന, ഉപവാസം, കാരുണ്യപ്രവർത്തികൾ (ദാനധർമ്മം) എന്നിവയെ മൂന്ന് ക്രൈസ്തവധർമ്മങ്ങളായി ഡിഡാക്കെയിൽ (90/120 എ.ഡി.) അവതരിപ്പിക്കുന്നു. പാവപ്പെട്ടവരെ സഹായിക്കുവാനായി ക്രൈസ്തവർ നടത്തുന്ന നിരന്തരമായ പരിശ്രമത്തെക്കുറിച്ച് റോമിലെ ക്ലമൻ്റ് കൊറിന്തോസുകാർക്കുള്ള കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് (1 ക്ലമന്റ്റ് 55,2). ബലിയർപ്പണത്തിനിടയിൽ വിശ്വാസികളിൽനിന്നും ദാനധർമ്മം സ്വീകരിക്കുന്ന നടപടിയെ വലിയ പ്രാധാന്യത്തോടെയാണ് രക്തസാക്ഷിയായ ജസ്റ്റിൻ (d.c.165) തന്റെ ഒന്നാമത്തെ “അപ്പോളജി'യിൽ അവതരിപ്പിച്ചിരിക്കുന്നത്. എല്ലാറ്റിനെക്കാളും പണം സമ്പാദിക്കാൻ ശ്രമിക്കണമെന്ന് ഒരിക്കൽ ആഗ്രഹിച്ചിരുന്ന ഞങ്ങൾ ഇപ്പോൾ ഞങ്ങൾക്കുള്ളതെല്ലാം മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും യഥാർത്ഥത്തിൽ ആവശ്യമുള്ളവർക്ക് കൊടുക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം തന്നെ തുടർന്ന് വ്യക്തമാക്കിയിട്ടുണ്ട്. ക്രൈസ്തവരുടെ ജീവിതമാതൃകയാണ് തന്നെ ഇതിലേക്ക് ആകർഷിച്ചതെന്നും ജസ്റ്റിൻ പറയുന്നു (2 അപ്പോളജി 12,1). മാനസാന്തരത്തെ പാപത്തിൽനിന്നും പുണ്യജീവിതത്തിലേക്കുള്ള ഒരു വ്യതിയാനമായിട്ടാണ് അദ്ദേഹം അവതരിപ്പിക്കുന്നത് (1 അപ്പോ ളജി 61,1-3). 'അഗാപ്പേ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്നേഹ കൂട്ടായ്മയായിരുന്നു അവരുടെ കാരുണ്യപ്രവർത്തനങ്ങളുടെ വേദി.
പ്രാർത്ഥന, ഉപവാസം, ദാനധർമ്മം (കാരുണ്യപ്രവൃത്തികൾ) എന്നിവയിലൂടെ വിശ്വാസികളുടെ സാധാരണമായ പാപങ്ങൾ ക്ഷമിക്കപ്പെടുന്നു എന്നാണ് മൂന്നാം നൂറ്റാണ്ടിലെ ക്രൈസസ്തവ ചിന്തകരായ തെർത്തുല്യനും ഒരിജനും രേഖപ്പെടുത്തിയിരിക്കുന്നത്. ക്രിസ്ത്യാനികൾ പൊതുവായി തുക സമാഹരിച്ച് ചെയ്യുന്ന കാരുണ്യപ്രവൃത്തികളെക്കുറിച്ച് തെർത്തുല്യൻ തൻ്റെ 'അപ്പോളജി'യിൽ പറയുന്നുണ്ട്. അവർ രോഗികളെയും അനാഥരെയും വിധവകളെയും സംരക്ഷിക്കുകയും യാത്രക്കാരായ ആളുകൾക്ക് ആവശ്യമായ താമസസൗകര്യം നല്കുകയും ചെയ്തിരുന്നു. അടിമകളോട് ക്രൈസ്തവർ എക്കാലത്തും കാരുണ്യം കാണിച്ചിരുന്നു. അവർക്ക് സഭാസമൂഹത്തിൽ തുല്യ പരിഗണന ലഭിച്ചിരുന്നു. റോമിലെ ക്രൈസ്തവരുടെ പരസ്നേഹപ്രവൃത്തികൾ മറ്റു സ്ഥലങ്ങളിൽപോലും അക്കാലത്ത് അറിയപ്പെട്ടിരുന്നുവെന്ന് സഭാചരിത്രകാരനായ എവുസേബിയൂസ് പറഞ്ഞിട്ടുണ്ട്. സഭയുടെ നിരന്തരമായ സഹായ സംരക്ഷണം ലഭിച്ചുകൊണ്ടിരുന്നവരെ 'മട്രിക്കുലാരി' എന്നാണ് വിളിക്കുന്നത്. റോമിൽ ഏകദേശം ആയിരത്തിയഞ്ഞൂ റോളം "മട്രിക്കുലാരി'യുണ്ടെന്ന് കൊർണേലിയൂസ് പാപ്പാ എ.ഡി. 251-ൽ രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്നാം നൂറ്റാണ്ടിൽ കാർത്തേജിലെങ്ങും പ്ലേഗ് രോഗം പടർന്നുപിടിച്ചപ്പോൾ അവിടുത്തെ മെത്രാനായിരുന്ന സിപ്രിയാൻ തൻ്റെ വിശ്വാസികളെ രക്ഷാപ്രവർത്തനങ്ങൾക്കായി അയച്ചു. അവർ വിജാതീയരായ ആളുകൾക്കും തുല്യ പരിഗണന നല്കിപ്പോന്നു.
നാലാം നൂറ്റാണ്ടിലെ സഭ വളരെ സംഘടിതമായ രീതിയിൽ കാരുണ്യപ്രവർത്തനങ്ങൾ നടപ്പാക്കിയിരുന്നു. മഹാനായ ബേസിലാണ് (d. 379) ഇതിൻ്റെ പ്രചാരകൻ. ആദ്ദേഹത്തിന്റെ പ്രബോധനങ്ങളിൽ ഈ ആശയം വളരെ പ്രകടമായി നിഴലിക്കുന്നുണ്ട്. സന്യാസത്തെ പരസ്നേഹപ്രവർത്തികളുമായി ബന്ധപ്പെടുത്തി അതിനെ നവീകരിച്ചത് അദ്ദേഹമാണ്. എന്നാൽ സാമൂഹിക അവബോധം ഏറ്റവുമധികം നിഴലിച്ചുകാണുന്നത് ജോൺ ക്രിസോസ്തോമിന്റെ പ്രഭാഷണങ്ങളിലാണ്. പാവപ്പെട്ടവരുമായി സമ്പത്തു പങ്കുവയ്ക്കുവാൻ അദ്ദേഹം തൻ്റെ വിശ്വാസികളെ ഉദ്ബോധിപ്പിച്ചുകൊണ്ടിരുന്നു. മാത്രമല്ല, സമ്പന്നരുടെ സ്വാർത്ഥതയെ അദ്ദേഹം എപ്പോഴും കുറ്റപ്പെടുത്തിയിരുന്നു. കാരുണ്യപ്രവർത്തികളിലൂടെ സംലഭ്യമാകുന്ന പാപമോചനത്തെക്കുറിച്ച് അഗസ്തീനോസ് പറയുന്നുണ്ട്. ലോകത്തിന്റെ ഗതിവിഗതികളിൽപ്പെട്ട് നമ്മൾ പാപം ചെയ്യുമ്പോൾ വിശ്വസ്തതാപൂർവ്വമായ പ്രാർത്ഥനയും കാരുണ്യപ്രവൃത്തികളും നമുക്ക് പാപമോചനം നേടിത്തരുന്നുവെന്ന് അദ്ദേഹം പഠിപ്പിക്കുന്നു (Against two letters of pelagians 1,14).
5. വിശുദ്ധകുർബ്ബാനയും ദൈവത്തിന്റെ കരുണയും
വി. കുർബ്ബാനയിലൂടെ വർഷിക്കപ്പെടുന്ന ദൈവത്തിന്റെ കരുണയെക്കുറിച്ച് വിവിധങ്ങളായ പ്രതീകങ്ങളിലൂടെ അപ്രേം അവതരിപ്പിക്കുന്നുണ്ട്. അദ്ദേഹം വി. കുർബ്ബാനയെ വിളിക്കുന്നത് 'ജീവന്റെ ഔഷധം' എന്നാണ്. ദൈവത്തിൻ്റെ കരുണയെയാണ് ഇത് സൂചിപ്പിക്കുന്നത്. നർസായി (d.c. 500) വി. കുർബ്ബാനയെ 'കരുണയുടെ ഔഷധം' എന്ന് വിളിക്കുന്നു. ഈ രണ്ട് പദപ്രയോഗങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പ്രാഥമികാർത്ഥത്തിൽ ഈശോമിശിഹാ തന്നെയാണ് 'ജീവൻ്റെ ഔഷധം' (പുളിപ്പില്ലാത്ത അപ്പം 18,15). ഇതിന്റെ തുടർച്ചയായി വി. കുർബ്ബാനയിലുള്ള ഈശോമിശിഹായുടെ സാന്നിദ്ധ്യത്തെ സൂചിപ്പിക്കുവാൻ പ്രസ്തുത പദം തന്നെ അപ്രേം ഉപയോഗിക്കുന്നു. ഇങ്ങനെയൊരു പദം ആദ്യം ഉപയോഗിച്ചത് അന്ത്യോക്യായിലെ ഇഗ്നേഷ്യസ് ആണ് (c. 100 എ. ഡി.). 'അമർത്യതയുടെ ഔഷധം' എന്നാണ് അദ്ദേഹം വിളിക്കുന്നത് (എ ഫേസൂസ് 20,3). അപ്രേം ഇങ്ങനെ എഴുതിയിരിക്കുന്നു: “കരുണയുടെ മുന്തിരിപ്പഴം പിഴിഞ്ഞെടുക്കുകയും ജനങ്ങൾക്ക് ജീവന്റെ ഔഷധം നല്കുകയും ചെയ്തു" (മനുഷ്യാവതാരം 13,2). നിസിബിയൻ ഗാനങ്ങളിൽ നമ്മൾ ഇങ്ങനെ വായിക്കുന്നു: “നമ്മുടെ കർത്താവ് പരിശുദ്ധാത്മാവിനെക്കൊണ്ട് മനുഷ്യകുലത്തിന് മാമ്മോദീസാ നല്കി. അവൻ ജീവൻ്റെ ഔഷധംകൊണ്ട് അവനെ പരിപോഷിപ്പിച്ചു" (46,8).
വി. കുർബാനയിലുള്ള പരിശുദ്ധാത്മാവിന്റെ ഇറങ്ങിവരവിനെ സൂചിപ്പിക്കുവാൻ 'കരുണയുടെ അഗ്നി' എന്ന പദം അപ്രേം തൻ്റെ കൃതികളിൽ ഉപയോഗിക്കുന്നുണ്ട്. വി. കുർബാനയിലൂടെ പരിശുദ്ധാത്മാവാകുന്ന അഗ്നി നമ്മെ വിശുദ്ധീകരിക്കുന്നു. ഇത് ദൈവത്തിൻ്റെ കരുണയുടെ പ്രകാശനമായി അദ്ദേഹം കണക്കാക്കുന്നു: “സഹോദരരേ, നിങ്ങൾ അനുഗൃഹീതരാണ്; കാരണം, 'കരുണയുടെ അഗ്നി' ഇറങ്ങിവന്ന് നിങ്ങളുടെ പാപങ്ങൾ സമ്പൂർണ്ണമായി ഇല്ലായ്മ ചെയ്യുകയും നിങ്ങളുടെ ശരീരങ്ങളെ വെടിപ്പാക്കുകയും വിശുദ്ധീകരിക്കുകയും ചെയ്തു" (എപ്പിഫനി 3.10). ഇതേ ആശയംതന്നെ കൂടുതൽ വ്യക്തമായി മറ്റൊരിടത്ത് അപ്രേം അവതരിപ്പിക്കുന്നുണ്ട്: "അഗ്നി കോപത്തോടെ ഇറങ്ങി പാപികളെ ദഹിപ്പിച്ചു കളഞ്ഞു. ഇപ്പോൾ കരുണയുടെ അഗ്നി ഇറങ്ങിവരികയും അപ്പത്തിൽ വസിക്കുകയും ചെയ്തിരിക്കുന്നു. മനുഷ്യകുലത്തെ ദഹിപ്പിച്ച അഗ്നിയിൽനിന്നും വ്യത്യസ്തമായി ജീവനിലേക്ക് നയിക്കുന്ന അപ്പത്തിൽ വസിക്കുന്ന അഗ്നി നമ്മൾ ഭക്ഷിച്ചു" (വിശ്വാസഗീത 308 10,11-12).
ഉപസംഹാരം
സഭാപിതാക്കന്മാർ കരുണയെ അവതരിപ്പിക്കുന്നത് മുഖ്യമായും പാപമോചനത്തോട് ബന്ധപ്പെടുത്തിയാണ്. അനുതപിക്കുന്ന പാപിയുടെമേൽ ദൈവം തൻ്റെ കരുണ ചൊരിയുന്നുവെന്ന് അവർ പഠിപ്പിക്കുന്നു. അതായത്, കുരിശുമരണത്തിലൂടെ ചൊരിയപ്പെട്ട പാപമോചനം, സഭയിലൂടെ ഇന്നും തുടർന്നുപോരുന്നു. പാപമോചനത്തിന്റെ ഭാഗമായി വി. കുർബാനയെയും ദൈവത്തിന്റെ കരുണയെയും തമ്മിൽ അവർ ബന്ധപ്പെടുത്തുന്നുണ്ട്. കൂടാതെ, ദൈവത്തിൻ്റെ കാരുണ്യത്തിൻ്റെ മാനുഷികപ്രകാശനമായി കാരുണ്യപ്രവൃത്തികളെ സഭാപിതാക്കന്മാർ കണക്കാക്കിയിരുന്നു. കാരുണ്യ പ്രവൃത്തികളെ പാപമോചനത്തിനുള്ള ഒരു മാർഗമായും ആദിമ ക്രൈസ്തവർ മനസിലാക്കി. എല്ലാ നന്മപ്രവൃത്തികളുടെയും ഉറവിടം ദൈവകൃപയാണെങ്കിൽ അതു ദൈവം നമുക്കു നൽകുന്നത് അവിടുന്ന് കരുണയുള്ളവനായതുകൊണ്ടാണെന്ന് അഗസ്തീനോസ് പഠിപ്പിക്കുന്നുണ്ട്. മനുഷ്യനെ ദൈവം രൂപപ്പെടുത്തിയതും ദൈവം അവനു സ്വയം വെളിപ്പെടുത്തി കൊടുത്തതും അവിടുത്തെ കരുണ ഒന്നുകൊണ്ട് മാത്രമാണ്.
ഡോ. പോളി മണിയാട്ട്
St. Thomas Apostolic Seminary
Vadavathoor P.O, Kottayam 686 010
Mob 9447959808
Email: paulymani@gmail.com
ദൈവത്തിന്റെ അനന്തകാരുണ്യത്തിൻ്റെ അവർണ്ണനീയമായ ആവിഷ്കാരമാണ് വിശുദ്ധ കുർബാന. ഈ സത്യത്തെക്കുറിച്ചുള്ള ദൃഢമായ അവബോധമാണ് വിശുദ്ധ കുർബാനയെ ദിവ്യകാരുണ്യം എന്ന് വിളിക്കാൻ നമ്മെ പ്രേരിപ്പിച്ചത്. നമ്മുടെ രക്ഷയ്ക്കുവേണ്ടി സ്വജീവൻതന്നെ ബലിയായി അർപ്പിച്ച അളവില്ലാത്ത കാരുണ്യമാണ് വിശുദ്ധ കുർബാനയുടെ ഊർജ്ജമായി നിലകൊള്ളുന്നത്. “തന്റെ ഏകജാതനെ നല്കാൻ തക്കവിധം ദൈവം ലോകത്തെ അത്ര മാത്രം സ്നേഹിച്ചു" (യോഹ 3,16). ദൈവപിതാവിൻ്റെ ഈ കാരുണ്യാതിരേകത്തിൻ്റെ ആഘോഷമാണ് വിശുദ്ധ കുർബാന. ദൈവിക കാരുണ്യത്തിന്റെ നിറവാണ് വിശുദ്ധ കുർബാനയിലെ പ്രാർത്ഥനകളിലും അനുഷ്ഠാനങ്ങളിലും പ്രകടമാകുന്നത്.
“ഈ ജനക്കൂട്ടത്തോട് എനിക്ക് അനുകമ്പ തോന്നുന്നു" (മർക്കോ 8, 2). ഈശോയുടെതന്നെ ഈ വാക്കുകളിൽ അവിടുന്ന് കാരുണ്യവാനും അനുകമ്പ നിറഞ്ഞവനുമാണെന്ന് വ്യക്തമാകുന്നുണ്ട്. ഈ അനുകമ്പയുടെ സ്പഷ്ടമായ ആവിഷ്കാരമാണ് അപ്പം വർദ്ധിപ്പിക്കലിൽ പ്രകടമായത്. ശാരീരികമായ വിശപ്പിൽ വലഞ്ഞ മനുഷ്യനോടുള്ള കാരുണ്യവും അനുകമ്പയുമാണ് അപ്പം വർദ്ധിപ്പിക്കലിൽ പ്രകാശിതമായതെങ്കിൽ ആത്മീയമായ വിശപ്പിൽ വലയുന്ന മനുഷ്യരോടുള്ള കാരുണ്യമാണ് വിശുദ്ധ കുർബാന സ്ഥാപിക്കാൻ ഹേതുവായത്. ലോകത്തിൻ്റെ ഭക്ഷണം എത്രത്തോളം നല്കിയാലും മനുഷ്യൻ്റെ വിശപ്പിന് ശാശ്വത പരിഹാരം ഇല്ലെന്നറിയുന്ന കർത്താവ് അവന് നിത്യകാലത്തേക്ക് ആശ്വാസവും ആനന്ദവുമേകുന്ന ആത്മീയ ഭോജനമായി തന്നെത്തന്നെ നല്കി. "സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്, ആരെങ്കിലും ഈ അപ്പത്തിൽനിന്നു ഭക്ഷിച്ചാൽ അവൻ എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ നല്കുന്ന അപ്പം എന്റെ ശരീരമാണ്” (യോഹ 6, 51). ലോകത്തിൻ്റെ ജീവനുവേണ്ടി അപ്പമായി തീരുന്നതിലൂടെയാണ് ഈശോ തൻ്റെ അനന്തകാരുണ്യം പ്രകടമാക്കിയത്. സ്വന്തം ജീവരക്തംപോലും കുഞ്ഞുങ്ങളുടെ പ്രാണനു വേണ്ടി ഊറ്റിക്കൊടുക്കുന്ന പെലിക്കൻ പക്ഷിയെപ്പോലെ മനുഷ്യ മക്കൾക്ക് ജീവനുണ്ടാകേണ്ടതിനായി ഈശോ തൻ്റെ ശരീരവും രക്തവും പങ്കുവച്ചു നല്കി.
സൃഷ്ടപ്രപഞ്ചത്തോടും സവിശേഷമായി മനുഷ്യകുലത്തോടും ദൈവത്തിനുള്ള അനന്തകാരുണ്യത്തിൻ്റെ വിവിധ മാനങ്ങളെ വിശുദ്ധ കുർബാന കൗദാശികമായി സാക്ഷാത്കരിക്കുന്നു. ഈ കാരുണ്യത്തിൻ്റെ യഥാർത്ഥ പൊരുളറിയാൻ കാരുണ്യമെന്ന യാഥാർത്ഥ്യത്തെ ഏതെല്ലാം അർത്ഥതലങ്ങളിലൂടെയാണ് കുർബാനക്രമത്തിൽ പ്രതിപാദിച്ചിരിക്കുന്നതെന്ന് കാണണം. ദൈവകാരുണ്യത്തിൻ്റെ മാഹാത്മ്യം സീറോമലബാർ കുർബാനയുടെ മൂലഭാഷയായ സുറിയാനിയിലുള്ള പ്രാർത്ഥനകളിലൂടെ ഹൃദയഹാരിയായ വിധത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്. വിശുദ്ധ കുർബാനയിൽ ദൈവികകാരുണ്യത്തെ എങ്ങനെയാണ് പ്രതിപാദിച്ചിരിക്കുന്ന തെന്ന് വ്യക്തമായി മനസിലാക്കാൻ കുർബാനയുടെ സുറിയാനി പ്രാർത്ഥനകളും പരിശോധിക്കേണ്ടതുണ്ട്.
1. ദൈവികകാരുണ്യത്തെ സൂചിപ്പിക്കുന്ന സുറിയാനി പദങ്ങൾ
സുറിയാനി ഭാഷയിലെ റഹ്മേ, മ്റഹ്മാനൂസ, ഹാന എന്നീ പദങ്ങളാണ് മുഖ്യമായും കരുണയെ സൂചിപ്പിക്കുന്നവയായി പൗരസ്ത്യ സുറിയാനി കുർബാനക്രമത്തിൽ കൊടുത്തിരിക്കുന്നത്. കരുണ, ദയ, കനിവ്, അനുഗ്രഹം എന്നിങ്ങനെയാണ് റഹ്മേ, മറഹ്മാനൂസ, ഹനാന എന്നീ സുറിയാനി പദങ്ങളെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. റ്ഹേം എന്ന സുറിയാനി ക്രിയാധാതുവിൻ്റെ അർത്ഥം 'സ്നേഹിച്ചു' എന്നാണ്. റഹ്മാ എന്ന പദത്തിന് സ്നേഹിതൻ എന്നാണ് അർത്ഥം. റ്ഹേം എന്ന ക്രിയാ ധാതുവിൽനിന്ന് വരുന്ന “റാഹേം" എന്ന ക്രിയാരൂപത്തിന് “കരുണ കാണിച്ചു, ദയ കാണിച്ചു, അനുകമ്പ കാണിച്ചു" എന്നൊക്കെയാണ് അർത്ഥം. “എസ്റാഹം" എന്ന ക്രിയാരൂപത്തിന് "കരുണ കാണിക്കുക" എന്നാണ് അർത്ഥം. ബഹുവചന നാമരൂപമായ “റഹ്മേ” എന്ന പദമാണ് കരുണ, ദയ എന്നീ അർത്ഥങ്ങളിൽ കുർബാനക്രമത്തിൽ കൂടുതലായി ഉപയോഗിച്ചിരിക്കുന്നത്.
“റ്ഹേം” എന്ന ക്രിയാധാതുവിൽനിന്ന് ഉദ്ഭവിക്കുന്ന മറ്റ് രണ്ട് പദങ്ങളാണ് മറഹ്മാനാ (കാരുണ്യവാൻ, ദയാശീലൻ), മറഹ്മാനൂസ (കാരുണ്യം, അനുകമ്പ, സൗഹൃദം) എന്നിവ. റഹ്മേ, മറഹ്മാനൂസ, ഹനാന എന്നീ പദങ്ങളൊക്കെയും പര്യായങ്ങൾ പോലെയാണ് പ്രയോഗിച്ചു കാണുന്നത്. നിഘണ്ടുവിൽ ഇവയ്ക്കെല്ലാം സമാനാർത്ഥങ്ങൾ നല്കിയിട്ടുണ്ട്. എന്നാൽ റഹ്മേ, ഹ്നാന എന്നീ രണ്ടു പദങ്ങളും വ്യത്യസ്ത യാഥാർത്ഥ്യങ്ങളെ സൂചിപ്പിക്കുന്ന പദങ്ങളെന്നപോലെ അടുത്തടുത്തായി മിക്കപ്പോഴും പ്രയോഗിച്ചു കാണുന്നതിനാൽ കുർബാനക്രമം ഈ പദങ്ങൾക്കിടയിൽ വ്യത്യാസം അർത്ഥമാക്കുന്നുവെന്നത് സ്പഷ്ടമാണ്. ഈ പദങ്ങളുടെ ഉദ്ഭവാർത്ഥവും ഉപയോഗിച്ചിരിക്കുന്ന സന്ദർഭങ്ങളും പരിശോധിക്കുമ്പോൾ, ഇവയുടെ സ്പഷ്ടമായ അർത്ഥഭേദം വ്യക്തമാകും. 'സ്നേഹിക്കുക' എന്നർത്ഥമുള്ള 'റ്ഹേം' എന്ന ധാതുവിൽനിന്നു വരുന്ന 'റഹമേ' എന്ന പദത്തിന് സ്നേഹബന്ധത്തിലധിഷ്ഠിതമായ കാരുണ്യമെന്ന അർത്ഥമാണ് കൂടുതൽ പ്രസക്തമായിട്ടുള്ളത്. ഒരു മനുഷ്യവ്യക്തിയുടെയോ ജീവിയുടെയോ ദുർഭഗാവസ്ഥയിൽ ആ വ്യക്തിയോടോ ജീവിയോടോ തോന്നുന്ന സ്വതസിദ്ധമായ കാരുണ്യത്തിന്റെയും അനുകമ്പയുടെയും ഭാവത്തെ സൂചിപ്പിക്കാൻ “ഹ്നാന” എന്ന പദമാണ് കൂടുതൽ യോജിക്കുന്നത്. എന്നാൽ,സ്നേഹബന്ധത്തിലുള്ള ഒരു വ്യക്തിയോടോ ജീവിയോടോ തോന്നുന്ന കാരുണ്യം വ്യത്യസ്തമാണ്. “റഹ്മേ, മ്റഹ്മാനുസ" എന്നീ പദങ്ങളാണ് ഇതിന് കൂടുതൽ യോജിക്കുന്നത്.
ദൈവം സ്രഷ്ടാവും പരിപാലകനും എന്ന നിലയിൽ സർവ്വ സൃഷ്ടിജാലങ്ങളോടും കരുണയുള്ളവനാണ്. ഈ അർത്ഥത്തിൽ ദൈവം “ഹന്നാന" (കാരുണ്യവാൻ, ദയാലു) ആണെന്ന് പറയാം. മനുഷ്യനോടുള്ള ബന്ധത്തിൽ, പ്രത്യേകിച്ച് തിരഞ്ഞെടുക്കപ്പെട്ട ജനത്തോടുള്ള ബന്ധത്തിൽ അവിടുന്ന് "ഹന്നാന" എന്നതിനേക്കാൾ “മറഹ്മാനാ" (കാരുണ്യവാൻ, ദയാലു) ആണെന്ന് പറയുന്നതാണ് കൂടുതൽ അഭികാമ്യം. നമ്മെ കണ്ണിലുണ്ണിയായി സ്നേഹിക്കുന്ന ദൈവത്തിന് നമ്മോടുള്ള കാരുണ്യം സ്നേഹത്തിന്റെ നിറവുള്ളതാണ്. റഹ്മേ എന്നതിന് പകരം മ്റഹമാനൂസ എന്ന് പറയുമ്പോൾ സ്നേഹിതന്റെ കാരുണ്യം എന്ന ഭാവത്തിനാണ് ഊന്നൽ. റഹമേ, ഹ്നാന എന്നീ രണ്ട് പദങ്ങളും കുർബാനക്രമത്തിൽ ഉപയോഗിക്കുന്നുണ്ടെങ്കിലും കൂടുതലായും ഉപയോഗിക്കുന്നത് “റഹ്മേ” എന്ന പദവും അതിനോട് ബന്ധമുള്ള മറ്റു പദങ്ങളുമാണ്. വിശുദ്ധ കുർബാനയിൽ ആവിഷ്കൃതമായിരിക്കുന്ന ദൈവിക കാരുണ്യം സ്നേഹനിധിയായ ദൈവത്തിന് തൻ്റെ പ്രിയപ്പെട്ട മക്കളോടുള്ള കാരുണ്യമാണെന്ന് ഈ പദങ്ങളുടെ ഉപയോഗം വ്യക്തമാക്കുന്നു.
2. ദൈവികകാരുണ്യത്തിൻ്റെ വിവിധ അർത്ഥതലങ്ങൾ കുർബാനയിൽ
സീറോമലബാർ കുർബാനയിലെ പ്രാർത്ഥനകൾ പരിശോധിച്ചാൽ കാരുണ്യത്തെ സൂചിപ്പിക്കുന്ന പദങ്ങളെല്ലാം തന്നെ വ്യത്യസ്തത പശ്ചാത്തലങ്ങളിൽ വ്യത്യസ്ത ഊന്നലുകളോടെയുള്ളവയാണെന്ന് മനസ്സിലാക്കാം. ദൈവത്തിൻ്റെ അനന്തകാരുണ്യത്തിന് ഊന്നൽ കൊടുക്കുന്ന സന്ദർഭങ്ങളുണ്ട്. ദൈവം-ദൈവമായിരിക്കു കയാൽ-സർവ്വ സൃഷ്ടിജാലങ്ങളോടും അനന്തമായ കാരുണ്യമുള്ള വനാണെന്ന സത്യം ഉദ്ഘോഷിക്കുന്ന പ്രാർത്ഥനകളുണ്ട്. ദൈവിക പരിപാലനയുടെ സൂക്ഷ്മാംശങ്ങൾക്ക് ഊന്നൽ കൊടുത്തുകൊണ്ട് ദൈവികപരിപാലനയിൽ വെളിപ്പെടുന്ന കാരുണ്യം സൂചിപ്പിക്കുന്നവയാണ് മറ്റ് ചില പ്രാർത്ഥനകൾ. മനുഷ്യൻ്റെ പാപങ്ങൾ മോചിച്ച് അവനെ രക്ഷിക്കുന്ന ദൈവികകാരുണ്യത്തെ ഊന്നിപ്പറയുന്ന പ്രാർത്ഥനകളും നമുക്ക് വേറിട്ട് മനസിലാക്കാനാവും. ഈ വ്യത്യസ്ത ഊന്നലുകളോടെയുള്ള പ്രാർത്ഥനകൾ ദൈവിക കാരുണ്യമെന്ന മഹാരഹസ്യത്തിൻ്റെ അപരിമേയതയിലേക്ക് വിരൽ ചൂണ്ടുന്നവയാണ്.
2.1. ദൈവികസത്തയുടെ മുഖമുദ്രയായ കാരുണ്യം
ദൈവം അനന്തമായ കാരുണ്യത്തിൻ്റെ നിറവാണെന്ന് കുർബാനയിലെ പ്രാർത്ഥനകൾ പ്രസ്താവിക്കുന്നു. "അങ്ങയുടെ സ്വഭാവത്തിനൊത്തവിധം ഞങ്ങളെ കടാക്ഷിക്കുകയും അനുഗ്രഹിക്കുകയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യണമേ" എന്ന് പഴയനിയമവായനകൾക്കും ലേഖനവായനയ്ക്കും മുമ്പുള്ള പ്രാർത്ഥനകൾ ഊന്നിപ്പറയുന്നു (റാസക്രമം 32,37). സുവിശേഷത്തിനുമുമ്പുള്ള തുർഗാമയിൽ ദൈവത്തിൻ്റെ ശബ്ദംതന്നെ കരുണയും ദയയുമാണെന്ന് ഏറ്റുപറയുന്നു (റാസക്രമം, 47).
ദൈവതിരുമുമ്പിൽനില്ക്കുന്ന മനുഷ്യൻ തൻ്റെ നിസ്സാരതയും ദുർഭഗാവസ്ഥയും ഏറ്റുപറഞ്ഞ് ദൈവത്തിൻ്റെ കരുണയ്ക്കുവേണ്ടി അപേക്ഷിക്കുന്നു. ഈ അടിസ്ഥാനഭാവമാണ് കാറോസൂസായിലെ പ്രാർത്ഥനകൾക്കുള്ള ജനത്തിൻ്റെ പ്രത്യുത്തരത്തിൽ കാണുന്നത്. എല്ലാ ക്രൈസ്തവ ആരാധനാക്രമ പാരമ്പര്യങ്ങളിലും വിശ്വാസികളുടെ പ്രത്യുത്തരം "ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ" എന്നാണ്. ഗ്രീക്ക് പാരമ്പര്യത്തിലുള്ള 'കീരിയെ ഏലയിസോൺ' (കർത്താവേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ) എന്ന പ്രത്യുത്തരം തന്നെയാണ് ലത്തീൻ പാരമ്പര്യവും പാശ്ചാത്യസുറിയാനി പാരമ്പര്യവും സ്വീകരിച്ചത്. പാശ്ചാത്യ സുറിയാനി പാരമ്പര്യത്തിൽ “കുറിയേ ഏലയിസോൺ" എന്ന് പറയുന്നു. പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ ഈ പ്രത്യുത്തരം 'മാറൻ എസ്റാഹം അലൈൻ' (ഞങ്ങളുടെ കർത്താവേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ) എന്നാണ്. ത്രൈശുദ്ധകീർത്തനത്തിലും ഇതേ ശൈലിയിൽത്തന്നെയാണ് പ്രാർത്ഥിക്കുന്നത്. സീറോമലബാർ തക്സയിൽ "മാറൻ എസ്റാഹം അലൈൻ" എന്നതിനെ “കർത്താവേ, ഞങ്ങളുടെമേൽ കൃപയുണ്ടാകണമേ" എന്നാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. കൃപയെന്നതിനുപകരം കരുണയെന്നോ, കനിവെന്നോ, ദയയെന്നോ പറയുന്നതാകും മൂലപദത്തോട് കൂടുതൽ വിശ്വസ്തമായിരിക്കുന്നത്.
ദൈവതിരുമുമ്പിൽ നിലകൊള്ളുന്ന മനുഷ്യൻ അവിടുത്തെ കരുണയ്ക്കായി യാചിച്ചുനില്ക്കുന്നുവെന്നതാണ് കുർബാനയിലെ പ്രാർത്ഥനകളുടെ ഒരു അടിസ്ഥാന മനോഭാവം. കുർബാനയിലുട നീളമുള്ള പ്രാർത്ഥനകളിൽ ദൈവികകരുണയ്ക്കായുള്ള അപേക്ഷകൾ കാണാം. കാറോസൂസയുടെ ഒരു പ്രാർത്ഥനയിൽ “എല്ലാറ്റിനെയും കൃപാപൂർവ്വം ഭരിക്കുന്ന കാരുണ്യവാനായ ദൈവമേ" എന്നാണ് ദൈവത്തെ സംബോധനചെയ്യുന്നത് (റാസ ക്രമം, 52). മറഹ്മാനാ എന്ന സുറിയാനി പദമാണ് ഇവിടെ കൊടുത്തിരിക്കുന്നത്. സ്വഭാവത്താലെതന്നെ കാരുണ്യവാനായ ദൈവം വിശ്വസിച്ച് പ്രാർത്ഥിക്കുന്ന ജനത്തിൻ്റെ പ്രിയ സ്നേഹിതൻതന്നെയാണെന്ന് ഈ സംബോധന വ്യക്തമാക്കുന്നു. കൈവയ്പ് പ്രാർത്ഥനയുടെ രണ്ടാം ഭാഗത്തിൽ ദൈവം കരുണാനിധിയാണെന്ന് പ്രസ്താവിക്കുന്നു (റാസക്രമം, 57). രണ്ടാം ഗ്ഹാന്താ പ്രാർത്ഥനയിൽ ലോകത്തെയും അതിലുള്ള സകലത്തെയും ദൈവം കനിവോടെ (റഹ്മേ) സൃഷ്ടിച്ചുവെന്ന് ഉദ്ഘോഷിക്കുന്നു (റാസക്രമം, 83). ദൈവത്തിന്റെ കാരുണ്യം പ്രത്യാശാപൂർവ്വം കാത്തിരിക്കുന്ന ജനമാണ് ആരാധനാ സമൂഹമെന്ന് നാലാം കൂശാപ്പയും (റാസക്രമം, 91) അനുരഞ്ജന ശുശ്രൂഷയിലെ ധൂപിക്കൽ പ്രാർത്ഥനയും (റാസക്രമം, 99) വ്യക്തമാക്കുന്നു.
ദൈവത്തിന്റെ പ്രകൃതിയിലുള്ള 'കാരുണ്യം' അനുസരിച്ച് മനുഷ്യനോട് വർത്തിക്കണമേയെന്ന് നാലാം കൂശാപ്പയിൽ പ്രാർത്ഥിക്കുന്നു. "അങ്ങയുടെ കാരുണ്യത്തിനും കൃപാധിക്യത്തിനും യോജിച്ചവിധം അങ്ങയുടെ ജനത്തോടും എളിയവനായ എന്നോടും വർത്തിക്കണമേ" (റാസക്രമം, 92). ദൈവത്തിൻ്റെ അനന്തമായ കരുണ ഏറ്റുപറഞ്ഞാണ് 51-ാം സങ്കീർത്തനത്തിലൂടെയും 123-ാം സങ്കീർത്തനത്തിലൂടെയും ആരാധനാസമൂഹം പ്രാർത്ഥിക്കുന്നത്. അയോഗ്യരും പാപികളുമായ മനുഷ്യരെ മിശിഹായുടെ ദിവ്യരഹസ്യങ്ങളുടെ ശുശ്രൂഷയിലേക്ക് അടുപ്പിക്കുന്നത് ദൈവത്തിന്റെ കരുണ ഒന്നുമാത്രമാണെന്ന് വിഭജനശുശ്രൂഷയ്ക്കുമുമ്പായി ദിവ്യ രഹസ്യങ്ങളെ സമീപിക്കുന്ന പ്രാർത്ഥനയിൽ കാർമ്മികൻ പ്രഖ്യാപിക്കുന്നു (റാസക്രമം, 100). അയോഗ്യനായ വ്യക്തിയാണെങ്കിലും ദിവ്യരഹസ്യങ്ങളുടെ ശുശ്രൂഷയിലേക്ക് ദൈവത്തിന്റെ കാരുണ്യത്താൽ നിയോഗിക്കപ്പെട്ടവനാണ് പുരോഹിതനെന്ന് വിഭജനശുശ്രൂഷയിലെ സമാപനപ്രാർത്ഥന വ്യക്തമാക്കുന്നു (റാസക്രമം, 105).
ദൈവത്തിന്റെ അളവറ്റ കാരുണ്യത്തെക്കുറിച്ച് തെയദോറിന്റെ കൂദാശാക്രമത്തിലും (അനാഫൊറ) വ്യക്തമായ പ്രതിപാദനങ്ങളുണ്ട്. നാലാമത്തെ ഗ്ഹാന്ത പ്രാർത്ഥനയിൽ ഇങ്ങനെ പ്രസ്താവിക്കുന്നു; “എന്തുകൊണ്ടെന്നാൽ പാപംമൂലം അയോഗ്യരായിരുന്നിട്ടും അങ്ങയുടെ കാരുണ്യാതിരേകത്താൽ ഞങ്ങളെ അങ്ങയിലേക്കടുപ്പിക്കുകയും...” (തെയദോറിൻ്റെ ക്രമം, 29). "ഈ ബലിയിൽ അങ്ങ് സംപ്രീതനായി കാരുണ്യപൂർവ്വം ഇതു സ്വീകരിക്കണമേ" (തെയദോറിന്റെ ക്രമം, 30). "എല്ലാവരും തിരുസന്നിധിയിൽ കൃപയും ദയയും കണ്ടെത്തുവാൻ യോഗ്യരാക്കണമേ" (തെയദോറിന്റെ ക്രമം, 31). “അങ്ങയുടെ പക്കൽനിന്ന് കരുണയും പാപമോചനവും ആവശ്യമില്ലാത്തവരായി ആരുമില്ല" (തെയദോറിൻ്റെ ക്രമം, 34). നെസ്തോറിയസിൻ്റെ കൂദാശാക്രമത്തിലെ രണ്ടാം കൂശാപ്പയിൽ ദൈവത്തിന്റെ കാരുണ്യത്തെ സ്തുതിക്കുന്നു
(നെസ്തോറിയസിന്റെ ക്രമം, L.R.C. Publications, 56). സൗഹൃദത്തോട് ബന്ധപ്പെട്ട കാരുണ്യം എന്ന അർത്ഥത്തിലുള്ള മ്റഹ്മാനുസ എന്ന വാക്കാണ് സുറിയാനിയിലുള്ളത്. നെസ്തോറിയസിൻ്റെ ക്രമത്തിലെ മൂന്നാം കൂശാപ്പയിൽ വിശുദ്ധ കുർബാന ദൈവത്തിൻ്റെ കരുണയ്ക്ക് കാരണമാകട്ടെയെന്ന് പ്രാർത്ഥിക്കുന്നുണ്ട് (നെസ്തോറിയസിന്റെ ക്രമം, 60). നാലാം കൂശാപ്പയിൽ കാരുണ്യവാനായ ദൈവത്തെ വിശേഷിപ്പിക്കാൻ “കരുണയുള്ള" എന്നർത്ഥം വരുന്ന മൂന്ന് വിശേഷണങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ഹന്നാന, മ്റഹ്മാന, മറഹ്പാന, എന്നീ മൂന്ന് പദങ്ങളെ "ദയാലുവും കാരുണ്യവാനും അനുഗ്രഹപൂർണ്ണനും” എന്നിങ്ങനെയാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത് (നെസ്തോറിയസിൻ്റെ ക്രമം, 65). അതിരുകളില്ലാത്ത ദൈവികകാരുണ്യത്തെ വർണ്ണിക്കാൻ ഭാഷ അശക്തമാണെന്നതിന്റെ സൂചനയായി സമാനാർത്ഥമുള്ള മുന്ന് വിശേഷണങ്ങൾ ആവർത്തിച്ചിരിക്കുന്നതിനെ മനസ്സിലാക്കാം. തൻ്റെ പൗരോഹിത്യം തന്നെ ദൈവത്തിന്റെ കാരുണ്യത്താൽ ദാനമായി ലഭിച്ച ഒന്നാണെന്ന് അഞ്ചാം കൂശാപ്പയിൽ കാർമ്മികൻ ഏറ്റുപറയുന്നു (നെസ്തോറിയസിന്റെ ക്രമം, 71).
ദൈവത്തിന്റെ അനന്തമായ കരുണ ഒന്നുമാത്രമാണ് വിശുദ്ധ കുർബാനയെന്ന മഹാരഹസ്യത്തിൽ പങ്കുചേരാൻ കാർമ്മികനെയും വിശ്വാസികളുടെ സമൂഹത്തെയും പ്രാപ്തമാക്കുന്നതെന്ന് വിശുദ്ധ കുർബാനയിലെ പ്രാർത്ഥനകൾ അസന്ദിഗ്ദ്ധമായി പ്രഘോഷിക്കുന്നു.
2.2. ദൈവപരിപാലനയുടെ കാരുണ്യം
കരുണാവാരിധിയായ ദൈവത്തിൻ്റെ പരിപാലനയെ ഏറ്റുപറഞ്ഞ് വിശുദ്ധ കുർബാനയിൽ അവിടുത്തെ സ്തുതിക്കുകയും അവിടുത്തേക്ക് കൃതജ്ഞതയർപ്പിക്കുകയും ചെയ്യുന്നു. ഈ ജീവിതത്തിൽ തങ്ങളെ കാത്തുപരിപാലിക്കണമെന്ന് കാരുണ്യവാനായ ദൈവത്തോട് യാചിക്കുന്ന പ്രാർത്ഥനകളും വിശുദ്ധ കുർബാനയിൽ ധാരാളമായുണ്ട്. 144-ാം സങ്കീർത്തനം ആലപിച്ചുകൊണ്ട് ദൈവത്തിന്റെ സ്നേഹപരിപാലനയെ ഏറ്റുപറയുകയും അവിടുത്തെ കാരുണ്യത്തെ പ്രകീർത്തിക്കുകയും ചെയ്യുന്നു.
കർത്താവ് ദയാലുവും കരുണാമയനുമാകുന്നു മഹാശാന്തനും നന്മയുടെ നിറകുടവുമാകുന്നു കർത്താവ് നല്ലവനും അനന്തമായ കാരുണ്യം തന്റെ ദാസർക്ക് പ്രദാനം ചെയ്യുന്നവനുമാകുന്നു (റാസക്രമം, 14)
ദൈവവചനം ജീവിതങ്ങളിൽ ഫലമണിയുന്നതിനും അങ്ങനെ നിരന്തരം ദൈവത്തെ സ്തുതിക്കുന്നതിനും ദൈവത്തിന്റെ കാരുണ്യത്താലും അനുഗ്രഹത്താലും സഹായിക്കണമെന്ന് ലേഖനവായനയ്ക്കുമുമ്പുള്ള പ്രാർത്ഥനയിലൂടെ അപേക്ഷിക്കുന്നു (റാസക്രമം, 37). ഈശോമിശിഹായുടെ കാരുണ്യത്തെ പ്രകീർത്തിച്ചുകൊണ്ട് ആരാധനാസമൂഹത്തെ അനുഗ്രഹിക്കണമെന്ന് സാഷ്ടാംഗപ്രണാമത്തിലെ ഗീതത്തിലൂടെ മശംശാന പ്രാർത്ഥിക്കുന്നു;
നിൻ കാരുണ്യമതിൻ വലതുകരം നീട്ടണമേ
നിന്നജഗണമിവരിൽ ആശിസ്സുകളേകിടുവാൻ
നിൻ കാരുണ്യമനന്തം കർത്താവേ, ഞങ്ങളെ നീ
ദുഷ്ടാത്മാവിൻ കൈകളിലൊരുനാളും ഏല്പിക്കരുതേ
കരുണാമയനാം കർത്താവേ
ശിഷ്യഗണത്തിനു നല്കിയതാം
വാഗ്ദാനം നീ കരുണയൊടേ
ഞങ്ങൾക്കും നല്കീടണമേ (റാസക്രമം, 60)
ദൈവത്തിൻ്റെ കരുണയാൽ ആരാധനാസമൂഹത്തിൽ സ്നേഹവും ഐക്യവും ഉളവാക്കണമേയെന്ന് രണ്ടാം കൂശാപ്പയിൽ കാർമ്മികൻ പ്രാർത്ഥിക്കുന്നു (റാസക്രമം, 82). ദൈവത്തിൻ്റെ കാരുണ്യം പ്രത്യാശാപൂർവ്വം കാത്തിരിക്കുന്നവരെന്നാണ് നാലാം കൂശാപ്പയിൽ ദൈവജനത്തെ വിശേഷിപ്പിക്കുന്നത് (റാസക്രമം, 91). കർതൃപ്രാർത്ഥനയെ തുടർന്നുവരുന്ന പ്രാർത്ഥനയിൽ പ്രലോഭനങ്ങളെയും ദുഷ്ടാരൂപിയെയും ജയിക്കാൻവേണ്ടി കർത്താവിൻ്റെ കാരുണ്യം (മറഹ് മാനുസ) അപേക്ഷിക്കുന്നുണ്ട്. (റാസക്രമം, 110). പൊതുക്രമത്തിലുള്ള ഓനീസാ ദ്വേമ്മയിൽ ദൈവത്തിൻ്റെ കൃപയ്ക്കും കാരുണ്യത്തിനുംവേണ്ടി സമൂഹം പ്രാർത്ഥിക്കുന്നു (റാസക്രമം, 111). പ്രാർത്ഥനയുടെ സുറിയാനി മൂലരൂപത്തിൽ "കരുണ" എന്നർത്ഥം വരുന്ന റഹ്മേ, ഹനാന എന്നീ പദങ്ങളാണ് ഉപയോഗിക്കുന്നത്. കാർമ്മികന്റെ കുർബാനസ്വീകരണവേളയിൽ "നിൻ്റെ കൃപാതിരേകത്താൽ ഞങ്ങളുടെ മനസ്സാക്ഷിയെ നിർമ്മലമാക്കുകയും ചെയ്യണമേ" എന്ന് പ്രാർത്ഥിക്കുന്നു. സുറിയാനിയിൽ "ഉസ്റാദ് റഹ്മേ" (കാരുണ്യ തിരേകം) എന്നാണ് കൊടുത്തിരിക്കുന്നത്. വിശുദ്ധ കുർബാന സ്വീകരിക്കാൻ താൻ യോഗ്യനായിരിക്കുന്നത് കർത്താവിന്റെ കാരുണ്യത്താലാണെന്ന് ഈ പ്രാർത്ഥനയിലൂടെ കാർമ്മികൻ ഏറ്റുപറയുന്നു (റാസക്രമം, 112). സാധാരണ ദിവസങ്ങൾക്കു വേണ്ടിയുളള ഹുത്താമ്മ പ്രാർത്ഥനയിൽ ദൈവം സഭയുടെമേൽ കൃപയും അനുഗ്രഹവും വർഷിക്കട്ടെയെന്ന് ആശംസിക്കുന്നു. എന്നാൽ സുറിയാനിയിൽ റഹമേ, ഹ്നാന എന്നീ പദങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. കരുണയുടെ രണ്ട് പര്യായങ്ങൾ പറഞ്ഞുകൊണ്ട് കുർബാനയിലെ പ്രാർത്ഥനകൾ അവസാനിപ്പിക്കുന്നത് ദൈവിക കരുണയ്ക്ക് കുർബാനയിലെ പ്രാർത്ഥനകൾ നല്കുന്ന പ്രാമുഖ്യം സ്പഷ്ടമാക്കുന്നു.
2.3. വിശുദ്ധ കുർബാന: ദൈവത്തിൻ്റെ രക്ഷാകര കാരുണ്യം വർഷിക്കുന്ന മഹാരഹസ്യം
ദൈവികകാരുണ്യം അതിൻ്റെ പരമമായ രൂപത്തിൽ പ്രകടമാകുന്നത് മനുഷ്യരക്ഷയുടെ പദ്ധതിയിലാണ്. സ്വജീവൻ നല്കി തന്നെത്തന്നെ ഈശോ ബലിയായി അർപ്പിച്ചത് മനുഷ്യനെ പാപത്തിന്റെയും മരണത്തിന്റെയും സാത്താൻ്റെയും ബന്ധനങ്ങളിൽ നിന്ന് വിമോചിപ്പിച്ച് അവന് രക്ഷപകർന്ന് കൊടുക്കാൻവേണ്ടിയാണ്. പാപിയായ മനുഷ്യനോട് കാണിക്കുന്ന കാരുണ്യം യഥാർത്ഥത്തിൽ അവൻ്റെ രക്ഷയെപ്രതിയുള്ള കാരുണ്യമാണ്. സക്കേവൂസിന്റെ ഭവനത്തിൽവച്ച് അവൻ്റെ കുടുംബത്തിന് രക്ഷ കൈവന്നിരിക്കുന്നുവെന്ന് പ്രഖ്യാപിക്കുമ്പോൾ സക്കേവൂസിൻ്റെ പാപങ്ങൾ കാരുണ്യപൂർവ്വം ക്ഷമിക്കുന്ന കർത്താവിനെയാണ് നാം കാണുന്നത്. കുരിശിൽ കിടന്ന് നല്ല കള്ളനോട് പൊറുത്തുകൊണ്ട് “നീ ഇന്ന് എന്നോടുകൂടെ പറുദീസായിലായിരിക്കും' എന്ന് പ്രഖ്യാപിക്കുമ്പോൾ അവൻ്റെ പാപങ്ങൾ പൊറുത്ത് അവന് രക്ഷ പകർന്ന് നല്കുകയായിരുന്നു.
“അവർണ്ണനീയമായ ഈ ദാനത്തെക്കുറിച്ച് കർത്താവേ അങ്ങേക്ക് സ്തുതി" (റാസക്രമം, 120) എന്ന് ചൊല്ലി ദൈവത്തെ മഹത്വപ്പെടുത്തുമ്പോൾ രക്ഷ പകർന്നു നല്കുന്ന ദൈവത്തിൻ്റെ അളവറ്റ സ്നേഹത്തെയാണ് നമ്മൾ പുകഴ്ത്തുന്നത്. രക്ഷപകർന്നു തരുന്ന അവർണ്ണനീയ ദാനമായ വിശുദ്ധ കുർബാനയെ പ്രതിയാണ് നമ്മൾ ദൈവത്തിന് നന്ദി പറയുന്നത്. വിശുദ്ധ കുർബാന ദിവ്യകാരുണ്യമായിരിക്കുന്നത് അത് രക്ഷപ്രദനം ചെയ്യുന്ന മഹോന്നതദാനമാകയാലാണ്.
മനുഷ്യവർഗ്ഗത്തിൻ്റെ പാപമോചനത്തിനായുള്ള കുരിശിലെ ബലിയുടെ കൗദാശികാവിഷ്കരണമാണല്ലോ വിശുദ്ധ കുർബാന. അനുതപിക്കുന്ന പാപികളുടെമേൽ അനുതാപാർദ്രമായ ഹൃദയത്തോടെ കരുണ ചൊരിയുന്ന കർത്താവിനെയാണ് സുവിശേഷങ്ങൾ നമുക്ക് കാണിച്ചുതരുന്നത്. മാനുഷിക വീക്ഷണത്തിൽ തളർവാതരോഗിയുടെ രോഗമായിരുന്നു അയാളുടെ ദുർഭഗാവസ്ഥയ്ക്ക് നിദാനം. എന്നാൽ, അയാളുടെ പാപാവസ്ഥയുടെ കഠോരതയാണ് ഈശോയുടെ ഹൃദയത്തെ സ്പർശിച്ചത്. തന്മൂലം കരുണനിറഞ്ഞ മനസ്സോടെ "മകനേ നിൻ്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു" (മർക്കോ 2,5) എന്ന് ഈശോ തളർവാതരോഗിയോട് പറഞ്ഞു. പാപികളോട് കാണിക്കുന്ന വലിയ കാരുണ്യമാണ് കല്ലെറിയാൻ കൊണ്ടുവന്ന പാപിനിയോട് ക്ഷമിച്ചുകൊണ്ട് ഈശോ പ്രകടമാക്കിയത് (യോഹ 8,11). കണ്ണീരുകൊണ്ട് പാദം കഴുകിയ സ്ത്രീയോട് കാരുണ്യത്തിൻ്റെ നിറവോടെ ഈശോ പ്രതികരിക്കുന്നു (യോഹ 12,3-9). ദൈവികകാരുണ്യത്തിൻ്റെ അപരിമേയതയെക്കുറിച്ചാണ് ധൂർത്തപുത്രൻ്റെ ഉപമ പഠിപ്പിക്കുന്നത്. കാരുണ്യക്കടലായ കണ്ണുകളോടെയാണ് ഈശോ തന്നെ തള്ളിപ്പറഞ്ഞ പത്രോസിനെ നോക്കിയത്.
കാരുണ്യത്തിന്റെ മഹാദാനമായ വിശുദ്ധ കുർബാനയിൽ വിശ്വാസികളുടെ ഹൃദയത്തെ ഏറ്റവും സ്വാധീനിക്കാനിടയുള്ള കാരുണ്യസ്പർശം “പാപിയോട് കാണിക്കുന്ന" ക്ഷമയാണ്. തന്മൂലം വിശുദ്ധ കുർബാനയെ "ദിവ്യകാരുണ്യം" എന്ന് വിളിക്കുമ്പോൾ വിശുദ്ധ കുർബാന പ്രദാനംചെയ്യുന്ന പാപമോചനത്തിന് വലിയ ഊന്നൽ നല്കുന്നുണ്ട്.
പാപങ്ങളും കടങ്ങളും ക്ഷമിക്കുന്ന ദൈവികകാരുണ്യത്തെ വിശുദ്ധ കുർബാനയിലെ പ്രാർത്ഥനകൾ പ്രത്യേകം പ്രകീർത്തിക്കുന്നുണ്ട്. പാപികളായിരുന്നിട്ടും ദിവ്യരഹസ്യങ്ങളുടെ ശുശ്രൂഷയ്ക്കായി കാരുണ്യാതിരേകത്താൽ നമ്മെ യോഗ്യരാക്കിയ ദൈവ സ്നേഹത്തെയോർത്ത് മാർ അദ്ദായിയുടെയും മാർ മാറിയുടെയും കൂദാശക്രമത്തിന്റെ ഒന്നാം ഗ്ഹാന്തയിൽ കാർമ്മികൻ നന്ദി പറയുന്നു (റാസക്രമം, 77). മദ്ബഹാപ്രവേശനപ്രാർത്ഥനയിലും ഇതേ ആശയം കാണാം (റാസക്രമം, 75). പാപമാലിന്യത്തിൽ വ്യാപരിക്കുന്ന ജനം ദൈവത്തിൻ്റെ കാരുണ്യം പ്രത്യാശാപൂർവ്വം കാത്തിരിക്കുന്നുവെന്ന് അനുരഞ്ജനശുശ്രൂഷയിലെ ധൂപിക്കലിന്റെ സമയത്ത് കാർമ്മികൻ പ്രസ്താവിക്കുന്നുണ്ട് (റാസക്രമം, 99), വിഭജന ശുശ്രൂഷാസമയത്തെ ഓനീസ ദൈവികകാരുണ്യത്തെ പ്രകീർത്തിക്കുന്നതിങ്ങനെയാണ്: “പാപികളെ തൻ്റെ അടുക്കലേക്കു വിളിക്കുകയും അനുതാപികൾക്കായി വാതിൽ തുറന്നിടുകയും ചെയ്തിരിക്കുന്ന കാരുണ്യവാനായ കർത്താവേ...” (റാസക്രമം, 102). അനുരഞ്ജനശുശ്രൂഷയുടെ സമാപനപ്രാർത്ഥനയിൽ ദാസരുടെ പാപങ്ങളും അപരാധങ്ങളും കാരുണ്യപൂർവ്വം ക്ഷമിക്കണമേയെന്ന് കാർമ്മികൻ പ്രാർത്ഥിക്കുന്നു (റാസക്രമം, 109). “നീ ഞങ്ങളുടെ പാപങ്ങൾ കനിവോടെ (റഹ്മേ) ഉന്മൂലനം ചെയ്തു" എന്ന് ഞായറാഴ്ചകളിലെ തെശ്ബോഹ്ത്തയിൽ സമൂഹം ഉദ്ഘോഷിക്കുന്നു (റാസക്രമം, 118). "കനിവോടെ കടങ്ങൾ പൊറുക്കുന്നവനേ” എന്ന് ഇതേ തെശ്ബോഹ്തയിൽ ആരാധനാസമൂഹം കർത്താവിനെ സംബോധന ചെയ്യുന്നു (റാസക്രമം, 119).
ദൈവം കാരുണ്യപൂർവ്വം (ഹ്നാന) നല്കിയ ദിവ്യരഹസ്യങ്ങളുടെ പരികർമ്മമാണ് വിശുദ്ധ കുർബാനയെന്ന് മർമ്മീസായ്ക്കുമുമ്പുള്ള പ്രാർത്ഥന വ്യക്തമാക്കുന്നു (റാസക്രമം, 6). ദൈവം കനിവോടെ (റഹ്മേ) നല്കിയ രക്ഷയെപ്രതി അവിടുത്തെ സ്തുതിക്കുന്നവയാണ് വിശുദ്ധ കുർബാനയിലെ പ്രധാന പ്രാർത്ഥനകൾ (റാസക്രമം, 7). ഇത്തരം സ്തുതിയുടെ പ്രാർത്ഥനകൾക്കൊപ്പം നമ്മുടെ രക്ഷയ്ക്കുവേണ്ടി ദൈവത്തിൻ്റെ കരുണ യാചിക്കുന്ന പ്രാർത്ഥനകളുമുണ്ട്. സ്ലീവാചുംബനസമയത്തെ ഓനീസാ ദ്കങ്കേയിൽ ദൈവത്തോട് അവിടുത്തെ കരുണയാൽ തിരുസഭയെ വിശുദ്ധീകരിക്കണമേയെന്ന് പ്രാർത്ഥിക്കുന്നു (റാസക്രമം, 24). കൈവയ്പുപ്രാർത്ഥനയിൽ പൗരോഹിത്യശുശ്രൂഷയ്ക്കായി താൻ തിരഞ്ഞെടുക്കപ്പെട്ടതിനെപ്രതി പുരോഹിതൻ ദൈവത്തിന് നന്ദി പറയുമ്പോൾ അവിടുത്തെ കാരുണ്യതിരേകത്താലാണ് പരിശുദ്ധമായ സഭാശരീരത്തിലെ സവിശേഷാംഗമാകുവാൻ തിരഞ്ഞെടുക്കപ്പെട്ടതെന്ന് പുരോഹിതൻ പ്രസ്താവിക്കുന്നു (റാസക്രമം, 56). കർത്താവിന്റെ രക്ഷാപദ്ധതിയുടെ ഭാഗമായി സ്വർഗവാസികളെയും ഭൂവാസികളെയും ആരാധനയിലൊന്നിപ്പിച്ച ദൈവത്തിന്റെ കാരുണ്യത്തെ മൂന്നാമത്തെ കൂശാപ്പ പ്രാർത്ഥനയിൽ കാർമ്മികൻ സ്തുതിക്കുന്നു (റാസക്രമം, 85).
വിശുദ്ധ കുർബാനയിൽ തിരുശരീരരക്തങ്ങളെ വിഭജിച്ച് റൂശ്മ ചെയ്യുന്നത് ദൈവത്തിൻ്റെ അനുഗ്രഹത്താലും കാരുണ്യത്താലും (ഹ്നാന) ആകുന്നുവെന്ന് വിഭജനശുശ്രൂഷയിലെ പ്രാർത്ഥനയിൽ കാർമ്മികൻ ഏറ്റുപറയുന്നു (റാസക്രമം, 103). അന്ധകാരശക്തികളിൽനിന്ന് സഭയെ രക്ഷിച്ച ദയാധിക്യത്തെ അനുരഞ്ജനകാറോസൂസയുടെ സമയത്തുള്ള കൂശാപ്പയിൽ കാർമ്മികൻ പ്രകീർത്തിക്കുന്നുണ്ട് (റാസക്രമം, 108). ഇതേ കൂശാപ്പയിൽത്തന്നെ വിശുദ്ധ കുർബാന സ്വീകരണം കർത്താവിൻ്റെ കാരുണ്യത്തിനും പാപങ്ങളുടെ മോചനത്തിനും മരിച്ചവരുടെ ഉയിർപ്പിനും നിത്യജീവിതത്തിനും കാരണമാകട്ടെയെന്ന് കാർമ്മികൻ പ്രാർത്ഥിക്കുന്നു (റാസ ക്രമം, 108). ദൈവതിരുസന്നിധിയിൽ നില്ക്കുവാനുള്ള മനോവിശ്വാസം ദൈവത്തിന്റെ കരുണയാൽ ലഭിച്ചതാണെന്ന് കർതൃപ്രാർത്ഥനയ്ക്കുമുമ്പുള്ള പ്രാർത്ഥനയിൽ കാർമ്മികൻ പ്രഖ്യാപിക്കുന്നു (റാസക്രമം, 109). വിശുദ്ധ കുർബാനസ്വീകരണത്തിനൊരുക്കമായുള്ള ആശീർവാദത്തിൽ മിശിഹായുടെ കൃപാവരം അവിടുത്തെ കാരുണ്യത്താൽ നമ്മിൽ സമ്പൂർണമാകട്ടെയെന്ന് കാർമ്മികൻ ആശീർവദിക്കുന്നു (റാസക്രമം, 114). വിശുദ്ധ കുർബാനയാകുന്ന രഹസ്യത്തിന്റെ ആഘോഷം കണ്ട കണ്ണുകളെ "നിൻ്റെ അളവറ്റ കാരുണ്യം (ഹ്നാന റമ്പാ) കണ്ട കണ്ണുകൾ" എന്നാണ് കുർബാന സ്വീകരണം കഴിഞ്ഞുള്ള തെശ്ബോഹ്ത്ത വിശേഷിപ്പിക്കുന്നത് (റാസക്രമം, 117). വിശുദ്ധ കുർബാന ഈശോമിശിഹായുടെ രക്ഷാ കർമ്മത്തിന്റെ സാക്ഷാത്കാരമാണെന്ന് വ്യക്തമാക്കിക്കൊണ്ട്, “നീ ഞങ്ങളോട് കാണിച്ച കാരുണ്യം വലുതാകുന്നു" എന്ന് ഞായറാഴ്ചകളിലെ തെശ്ബോഹ്ത്ത ഏറ്റുപറയുന്നു (റാസക്രമം, 119).
ദൈവികമായ കരുണയാലാണ് ദൈവത്തെ സ്തുതിക്കാനും മഹത്ത്വപ്പെടുത്തുവാനും തങ്ങൾ യോഗ്യരായതെന്ന് കാർമ്മികന്റെ കൃതജ്ഞതാസ്തോത്രപ്രാർത്ഥന വ്യക്തമാക്കുന്നു (റാസക്രമം 120). വിശുദ്ധ കുർബാനയിലൂടെ സംജാതമാകുന്ന രക്ഷാകരഫലങ്ങളെല്ലാം ദൈവത്തിന്റെ കാരുണ്യാതിരേകത്താലുള്ളതാണെന്ന് ഞായറാഴ്ചകളിലെ രണ്ടാമത്തെ കൃതജ്ഞതാപ്രാർത്ഥന ഉദ്ഘോഷിക്കുന്നു (റാസക്രമം 121). ജീവദായകവും ദൈവികവുമായ രഹസ്യങ്ങൾ കടങ്ങളുടെ മോചനത്തിനായി ദൈവം കാരുണ്യപൂർവ്വം നല്കിയതാണെന്ന് സാധാരണദിവസങ്ങളിലെ കൃതജ്ഞതാ പ്രാർത്ഥന ഏറ്റുപറയുന്നു (റാസക്രമം, 121).
തെയദോറിന്റെ കുദാശക്രമത്തിലെ മദ്ബഹാപ്രവേശന പ്രാർത്ഥനയിൽ കർത്താവിൻ്റെ കാരുണ്യമാണ് തന്നെ അവിടുത്തേപക്കലേക്ക് ആനയിച്ചതെന്ന് കാർമ്മികൻ ഏറ്റുപറയുന്നു (തെയദോറിന്റെ ക്രമം, 12). കർത്താവിൻ്റെ കരുണയ്ക്കുവേണ്ടിയുള്ള തീക്ഷ്ണമായ പ്രാർത്ഥന തെയദോറിൻ്റെ ക്രമത്തിൽ കാണാം. ഒന്നാം ഗ്ഹാന്തയിൽ ഇങ്ങനെ പ്രാർത്ഥിക്കുന്നു: “അങ്ങയുടെ ദയയാലും കവിഞ്ഞൊഴുകുന്ന കാരുണ്യത്താലും പരിശുദ്ധാത്മാവിന്റെ കൃപകൊണ്ട് ഞങ്ങളെ നിറയ്ക്കണമേ..." (തെയദോറിന്റെ ക്രമം 14). "പാപംമൂലം അയോഗ്യരായിരുന്നിട്ടും അങ്ങയുടെ കാരുണ്യാതിരേകത്താൽ ഞങ്ങളെ അങ്ങയിലേക്ക് അടുപ്പിക്കുകയും പരിശുദ്ധാത്മാവിന്റെ കൃപയാൽ നവീകരിച്ച് വിശുദ്ധീകരിക്കുകയും ചെയ്തു” എന്ന് തെയദോറിൻ്റെ ക്രമത്തിലെ നാലാം ഗ്ഹാന്തയിൽ പ്രാർത്ഥിക്കുന്നു (തെയദോറിൻ്റെ ക്രമം, 29). "അങ്ങയുടെ കാരുണ്യാതിരേകത്താൽ അവിടുത്തെ മുമ്പാകെ നിന്നുകൊണ്ട് ഭീതിജനകവും മഹത്ത്വപൂർണവും വിശിഷ്ടവുമായ ഈ രഹസ്യം പരികർമ്മം ചെയ്യുവാൻ..." എന്നിങ്ങനെയാണ് നെസ്തോറിയസിന്റെ കൂദാശക്രമത്തിലെ അഞ്ചാം ഗ്ഹാന്തയിൽ പ്രാർത്ഥിക്കുന്നത് (നെസ്തോറിയസിന്റെ ക്രമം, 76). വിശുദ്ധ കുർബാനയർപ്പണം അന്ത്യവിധിനാളിൽ ദൈവസന്നിധിയിൽ കരുണയും ദയയും കണ്ടെത്താൻ സഹായകമായി തീരട്ടെയെന്ന് നെസ്തോറിയസിന്റെ കൂദാശക്രമത്തിൻ്റെ സമാപനകാനോനയിൽ പ്രാർത്ഥിക്കുന്നു (നെസ്തോറിയസിന്റെ ക്രമം 78). സ്വർഗീയസൗഭാഗ്യത്തിൽ ഏകജാതന്റെ കൃപയിലും കരുണയിലും സൗഭാഗ്യം അനുഭവിക്കുവാൻ ഇടയാകട്ടെയെന്നും ഈ കാനോനയിൽ കാർമ്മികൻ പ്രാർത്ഥിക്കുന്നു.
മനുഷ്യൻ തൻ്റെ അസ്തിത്വത്തിനും നിലനില്പ്പിനും രക്ഷയ്ക്കുമെല്ലാം ദൈവത്തിൻ്റെ അനന്തകാരുണ്യത്തോട് കടപ്പെട്ടിരിക്കുന്നുവെന്ന വലിയ സത്യമാണ് കുർബാനയിലെ പ്രാർത്ഥനകൾ സ്പഷ്ടമായി ഏറ്റുപറയുന്നത്. മനുഷ്യവംശത്തോടും സൃഷ്ടപ്രപഞ്ചത്തോടുമുള്ള ദൈവത്തിൻ്റെ കാരുണ്യാതിരേകത്തിന്റെ മഹോന്നത പ്രകാശനമായ വിശുദ്ധ കുർബാന എല്ലാവിധത്തിലും ദിവ്യ കാരുണ്യത്തിൻ്റെ ആഘോഷമായി ഭവിക്കുന്നു. തന്മൂലം ദൈവത്തിന്റെ കരുണ എന്നതിന് പര്യായമായി വിശുദ്ധ കുർബാനയെ മനസ്സിലാക്കാം. ഈ സത്യം ഏറ്റുപറയുവാൻ ഭാരതത്തിലെ ക്രെെസ്തവർ കണ്ടെത്തിയ മാർഗ്ഗം വിശുദ്ധ കുർബാനയെ ദിവ്യകാരുണ്യമെന്ന് വിളിക്കുകയായിരുന്നു. കുർബാനവിജ്ഞാനീയത്തിൽ ഭാരതത്തിലെ ക്രൈസ്തവസഭ നല്കിയ തനതായ സംഭാവനയായ ദിവ്യകാരുണ്യം എന്ന നാമധേയം ദൈവത്തിൻ്റെ അനന്തകാരുണ്യം അനുഭവിക്കാനുള്ള അത്യുദാത്ത മാർഗമായി വിശുദ്ധ കുർബാനയെ ഉദ്ഘോഷിക്കുന്നു.
“കർത്താവിന്റെ കാരുണ്യം ഒരു അമൂർത്ത ആശയമല്ല. മറിച്ച്, തൻ്റെ കുഞ്ഞിനോടുള്ള സ്നേഹത്തെ പ്രതി ആഴങ്ങളിലേക്കു നീങ്ങുന്ന ഒരു മാതാവിന്റെയോ പിതാവിൻ്റെയോ സ്നേഹംപോലെയുള്ള തൻ്റെ സ്നേഹം അവിടുന്നു വെളിപ്പെടുത്തുന്ന ഒരു സമൂർത്ത യാഥാർത്ഥ്യമാണ്. ഇതൊരു 'ആന്തരിക' സ്നേഹമാണെന്നു പറയുന്നത് ഒട്ടും അതിശയോക്തിയല്ല. ദയാ വായ്പ്പും അനുകമ്പയും ലാളനയും കാരുണ്യവും നിറഞ്ഞ് ആഴങ്ങളിൽനിന്ന് അതു സ്വാഭാവികമായി കുതിച്ചൊഴുകുന്നു."
ഡോ. ഡൊമിനിക് വെച്ചൂർ
St Thomas Apostolic Seminary
Vadavathoor P.O. Kottayam 686 010
Mob 9447397046
Email: dominievechoor@gmail.com
ദൈവകാരുണ്യം ആഴത്തിൽ അറിയുവാനും അനുഭവിക്കുവാനും ആഘോഷിക്കുവാനും പങ്കുവയ്ക്കുവാനുമുള്ള സവിശേഷ സമയമായിട്ടാണ് ഫ്രാൻസിസ് മാർപ്പാപ്പ ദൈവകരുണയുടെ അസാധാരണജൂബിലിവർഷം നമുക്കു പ്രഖ്യാപിച്ചു നല്കിയിരിക്കുന്നത്. "കാരുണ്യത്തിന്റെ മുഖം" (Misericordiae Vultus = MV) എന്ന തന്റെ തിരുവെഴുത്തിലൂടെ പരിശുദ്ധപിതാവ് നമ്മെ ഓർമ്മിപ്പിക്കുന്നതു പോലെ “കാരുണ്യത്തിൻ്റെ ലേപനൗഷധം വിശ്വാസികളും അകലെയുള്ളവരുമായ സകലരിലും എത്തിച്ചേരുന്ന കൃപയുടെ കാലഘട്ടമാണിത്” (നമ്പർ 5). ഈ 'കൃപാവത്സര'ത്തിലെ വിവിധങ്ങളായ പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ട ഒന്നായി പരി. പിതാവ് എടുത്തു പറയുന്നത് കുമ്പസാരത്തിൻ്റെ കൂദാശയിലേക്കുള്ള മടങ്ങിവരവാണ്. പരി. പിതാവ് എഴുതുന്നു: "... യുവജനങ്ങൾ ഉൾപ്പെടെ നിരവധി ആളുകൾ അനുരഞ്ജനത്തിന്റെ കൂദാശയിലേക്ക് മടങ്ങി വരുന്നുണ്ട്. ഈ അനുഭവത്തിലൂടെ അവർ കർത്താവിലേക്കു മടങ്ങാനുള്ള ഒരു വഴി കണ്ടെത്തുകയും തീക്ഷ്ണമായ പ്രാർത്ഥനയിൽ സമയം ചിലവഴിക്കുകയും ചെയ്യുന്നു. തങ്ങളുടെ സ്വന്തം കരങ്ങൾകൊണ്ട് ദൈവകാരുണ്യത്തിൻ്റെ മഹത്വം സ്പർശിക്കുവാൻ ആളുകൾ പ്രാപ്തരാകത്തക്കവിധം അനുരഞ്ജനത്തിന്റെ കൂദാശയെ ഒരിക്കൽകൂടി കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കാം. അനുതപിക്കുന്ന എല്ലാവർക്കും അത് യഥാർത്ഥ ആന്തരികസമാധാനത്തിന്റെ ഒരു സ്രോതസ്സായിരിക്കും" (MV, 17; ലോകയുവജനദിന സന്ദേശം, 2016, നമ്പർ 2). തിരുസഭയിലെ വിശുദ്ധീകരണോപാധികളിൽ പ്രധാനപ്പെട്ട ഒന്നായ കുമ്പസാരത്തിൻ്റെ കൂദാശയോട് വിശ്വാസികൾക്കിടയിൽ അടുത്തകാലങ്ങളിൽ വളർന്നുവരുന്ന അകൽച്ചയും താത്പര്യക്കുറവും കുറച്ചെങ്കിലും പരിഹരിക്കുവാൻ കാരുണ്യവർഷാചരണം ഇടയാക്കുമെന്ന പ്രതീക്ഷയോടെ, കാരുണ്യത്തിൻ്റെ ഈ കൂദാശയെക്കുറിച്ച് ഏതാനും ചിന്തകൾ കുറിക്കട്ടെ.
നിരന്തരം നമ്മെ വിസ്മയിപ്പിക്കുന്ന ദൈവം
ഫ്രാൻസിസ് മാർപ്പാപ്പയുടെ തനിമയുള്ള അജപാലന ദൈവശാസ്ത്ര ദർശനങ്ങളിൽ ഒന്നാണ് ദൈവത്തിൻ്റെ ശാശ്വതമായ നവീനത. പരിശുദ്ധ പിതാവ് നമ്മെ ഓർമ്മിപ്പിക്കുന്നതുപോലെ, "ദൈവത്തെ നാം എന്തെല്ലാം വിരസരീതികൾക്കുള്ളിൽ അടച്ചു പൊതിഞ്ഞുവെച്ചാലും അവയെല്ലാം തകർത്ത് പുറത്തുവരുവാൻ അവിടുത്തേക്ക് കഴിയും. അവിടുന്ന് തൻ്റെ ദൈവിക സർഗാത്മകതകൊണ്ട് നമ്മെ നിരന്തരം വിസ്മയിപ്പിക്കുന്നു..." (സുവിശേഷത്തിന്റെ സന്തോഷം, 11). ദൈവത്തിൻ്റെ ഈ വിസ്മയനീയത നാം തിരിച്ചറിയുന്നത് പ്രധാനമായും എല്ലാ മാനുഷികകണക്കുകൂട്ടലുകളെയും അതിലംഘിക്കുന്ന അവിടുത്തെ കരുണയിലാണ്. എല്ലാ മനുഷ്യരും രക്ഷയുടെ നവ്യമായ അനുഭവത്തിലേക്ക് വരണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു (1 തിമോ 2,4). എങ്കിലും മനുഷ്യസ്വാതന്ത്ര്യത്തെ അവിടുന്ന് മാനിക്കുന്നു. "ആദിയിൽ കർത്താവ് മനുഷ്യനെ സൃഷ്ടിച്ചു. അവന് സ്വാതന്ത്യവും നല്കി. മനസ്സുവെച്ചാൽ നിനക്ക് കൽപ്പനകൾ പാലിക്കാൻ സാധിക്കും. വിശ്വസ്തതാപൂർവ്വം പ്രവർത്തിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് നീയാണ്. അഗ്നിയും ജലവും അവിടുന്ന് നിൻ്റെ മുമ്പിൽ വച്ചിരിക്കുന്നു. ഇഷ്ടമുള്ളതെടുക്കാം. ജീവനും മരണവും നിൻ്റെ മുമ്പിലുണ്ട്. ഇഷ്ടമുള്ളത് അവനു ലഭിക്കും. കർത്താവിൻ്റെ ജ്ഞാനം മഹോന്നതമാണ്" (പ്രഭാ 15,14-18). മനുഷ്യർക്കു ദൈവം കൊടുത്ത സ്വാതന്ത്ര്യം ദുരുപയോഗിച്ച് പാപം ചെയ്ത് ദൈവത്തിൽനിന്ന് അകന്നുപോകുമ്പോഴും അവരെ തേടിവരുന്ന കരുണാസമ്പന്നനായ ദൈവത്തിന്റെ മനോഹരചിത്രമാണല്ലോ വിശുദ്ധ ഗ്രന്ഥം മുഴുവൻ നമ്മുടെ മുമ്പിൽ വരച്ചുകാട്ടുന്നത്.
കരുണയിൽ സമ്പന്നനായ ദൈവം
മനുഷ്യമക്കൾ ബലഹീനരും പാപികളുമാണെങ്കിലും അവരുടെ പാപങ്ങളേക്കാൾ ഉയർന്നു നിൽക്കുന്ന ദൈവത്തിന്റെ മഹത്തായ കരുണയെക്കുറിച്ചാണ് വി. ഗ്രന്ഥം മുഴുവൻ പ്രഘോഷിക്കുന്നത്. അവിടുത്തെ കാരുണ്യം അനന്തമാണ് (സങ്കീ 136); അത് ആകാശത്തോളം വിശാലമാണ് (സങ്കീ 103). ദൈവകരുണയുടെ സങ്കീർത്തനാലാപനങ്ങളാണല്ലോ വി. ഗ്രന്ഥത്തിലെ ഓരോ പുസ്തകവും. നേരത്തെ സൂചിപ്പിച്ച "കാരുണ്യത്തിൻ്റെ മുഖം" എന്ന തിരുവെഴുത്തിന്റെ ആദ്യഭാഗം (നമ്പർ 1-13) മുഴുവൻ ദൈവകരുണയുടെ വി. ഗ്രന്ഥാടിത്തറയും ദൈവശാസ്ത്രവും നന്നായി വിവരിക്കുന്നുണ്ട്. "ദൈവത്തിൻ്റെ കാരുണ്യം ദൗർബല്യത്തിൻ്റെ അടയാളമെന്നതിനേക്കാൾ അവിടുത്തെ സർവ്വശക്തിയുടെ അടയാളമെന്നാണ് വി. തോമസ് അക്വീനാസിൻ്റെ പഠനങ്ങളെ അധികരിച്ചുകൊണ്ട് ഫ്രാൻസിസ് മാർപ്പാപ്പ സമർത്ഥിക്കുന്നത് (നമ്പർ 6). ക്ഷമിക്കുന്ന കാര്യത്തിൽ ദൈവത്തിന് ഒരിക്കലും ക്ഷീണമില്ല (God is never tired of forgiving) എന്നും മാർപ്പാപ്പ അനുസ്മരിപ്പിക്കുന്നു (സുവിശേഷത്തിന്റെ സന്തോഷം, 3; MV, 19). പരിശുദ്ധപരമത്രിത്വത്തിന്റെ സത്തയെ വെളിപ്പെടുത്തുന്ന രഹസ്യമായിട്ടാണ് പരി. പിതാവ് കരുണയെ അവതരിപ്പിക്കുന്നത് (MV, 2). വി. ഗ്രന്ഥത്തിലും സഭാപിതാക്കന്മാരുടെ പ്രബോധനങ്ങളിലും സഭയുടെ ആരാധനക്രമ പ്രാർത്ഥകളിലും തിരുസഭയുടെ നാളിതുവരെയുള്ള പ്രബോധനങ്ങളിലും വിവിധങ്ങളായ ശുശ്രൂഷകളിലുമെല്ലാം ഉയർന്നു നിൽക്കുന്ന മുഖ്യധാരാചിന്ത കരുണയിൽ സമ്പന്നനായ ദൈവത്തെക്കുറിച്ചാണ്.
ഈശോയിൽ വെളിപ്പെടുത്തപ്പെട്ട ദൈവകരുണ
കരുണയിൽ സമ്പന്നനായ ദൈവം മാനവചരിത്രത്തിൽ വിവിധ ഘട്ടങ്ങളിലും വിവിധരീതികളിലും തന്നെത്തന്നെ ലോകത്തിനു വെളിപ്പെടുത്തി. എന്നാൽ ദൈവത്തിൻ്റെ ഈ വെളിപാട് പൂർണ്ണമാകുന്നത് മനുഷ്യനായി അവതരിച്ച ഈശോമിശിഹായിലാണ് (ഹെബ്ര 1,1-4). പ്രപഞ്ചസൃഷ്ടിയിലും മനുഷ്യസൃഷ്ടിയിലും വെളിവാക്കപ്പെട്ട ദൈവത്തിൻ്റെ കരുണ പൂർവ്വപിതാക്കന്മാരിലൂടെയും ദൈവത്തിൻ്റെ സ്വന്തം ജനമായ ഇസ്രായേലിന്റെ വിവിധ അനുഭവങ്ങളിലൂടെയും കടന്ന് ഈശോ ഈശോയുടെ മനുഷ്യാവതാരത്തിലും പെസഹാരഹസ്യങ്ങളിലും പൂർണ്ണമായും വെളിപ്പെടുത്തപ്പെട്ടു. ഈശോയുടെ വാക്കുകളും പ്രവൃത്തികളും വിശിഷ്യാ അവിടുത്തെ പീഡാസഹനവും കുരിശുമരണവും തിരുവുത്ഥാനവും ദൈവത്തിന്റെ കരുണയും സ്നേഹവും വെളിപ്പെടുത്തുന്നവയായിരുന്നു. പരി. പിതാവ് അനുസ്മരിപ്പിക്കുന്നതുപോലെ, “പിതാവായ ദൈവത്തിന്റെ കരുണയുടെ മുഖമാണ് ഈശോമിശിഹാ" (MV, 1). ദൈവത്തിൻ്റെ കരുണ നാമറിയുന്നതും അനുഭവിക്കുന്നതും ഈശോയിലൂടെയും അവിടുത്തെ സുവിശേഷപ്രബോധനങ്ങളിലൂടെയുമാണ്. ക്രൂശിതനും ഉത്ഥിതനുമായ ഈശോ ദൈവകരുണയുടെ എല്ലാക്കാലത്തേക്കുമുള്ള പൂർണ്ണമായ വെളിപ്പെടുത്തലാണ്. ഈശോയെ നല്കിക്കൊണ്ട് ദൈവപിതാവ് മൂകനായി (God the Father has become dumb by giving Jesus Christ) എന്ന് ആവിലായിലെ വി. യോഹന്നാൻ സാക്ഷ്യപ്പെടുത്തുന്നത് ഏറെ അർത്ഥവത്താണ്. ഈശോമിശിഹായുടെ അനന്യതയും വ്യതിരിക്തതയും നമുക്ക് എന്നും നലം തികഞ്ഞ ബോദ്ധ്യമാകേണ്ടതുണ്ട്. പ്രത്യേകിച്ച് വൈവിധ്യമാർന്ന സംസ്കാരങ്ങളും മതവിശ്വാസങ്ങളും വീക്ഷണങ്ങളുമുള്ള സമകാലികപശ്ചാത്തലത്തിൽ. മതങ്ങളുടെയും സംസ്കാരങ്ങളുടെയും ബഹുസ്വരതയെ അംഗീകരിച്ചാദരിക്കുമ്പോഴും ഈശോയുടെ അനന്യത നമുക്ക് ആഴമായ അനുഭവമായിരിക്കട്ടെ.
ദൈവകരുണ തിരുസഭയിൽ കൂദാശകളിലൂടെ
ഈശോയിൽ വെളിവാക്കപ്പെട്ട ദൈവകരുണ ഇന്ന് നാം പ്രധാനമായും അനുഭവിക്കുന്നത് ഉത്ഥിതനായ ഈശോയുടെ തുടർസാന്നിദ്ധ്യവും അവിടുത്തെ മൗതികശരീരവുമായ തിരുസഭയിലൂടെയാണ്. ഈശോ ശ്ലീഹന്മാരെ ഏല്പിച്ച രക്ഷയുടെയും സൗഖ്യത്തിന്റെയും കരുണയുടെയും ശുശ്രൂഷ സഭയിലൂടെ അനവരതം തുടരുന്നു. രണ്ടാം വത്തിക്കാൻ കൗൺസിൽ സഭയെ വിശേഷിപ്പിക്കുന്നതുതന്നെ "രക്ഷയുടെയും സൗഖ്യത്തിന്റെയും സാർവ്വത്രിക കൂദാശ" എന്നാണ് (തിരുസഭ, 1, 48). സഭയുടെ ജീവിതത്തിന്റെ അടിസ്ഥാനം തന്നെ കാരുണ്യമാണ് (MV, 10). ദൈവകാരുണ്യം പ്രഘോഷിക്കുവാനാണ് സഭ പ്രത്യേകമായി നിയോഗിക്കപ്പെട്ടിരിക്കുന്നത്. സഭ എത്തിച്ചേരേണ്ട ലക്ഷ്യവും ഈ കരുണ തന്നെയാണ് (MV, 12, 14). സഭയാകട്ടെ ഈ ദൗത്യം തുടരുന്നത് പ്രധാനമായും കൂദാശകളിലൂടെയാണ്. സഭാപിതാക്കന്മാരുടെ വീക്ഷണത്തിൽ മുറിവേറ്റ മനുഷ്യന് നല്ല ശമറായൻ എന്നതുപോലെ, പാപത്താൽ മുറിവേല്ക്കപ്പെട്ട മനുഷ്യനെ ഈശോയാകുന്ന നല്ല ശമറായൻ കൂദാശകളുടെ സൗഖ്യദായകമായ എണ്ണയും വീഞ്ഞും ഉപയോഗിച്ച് സുഖപ്പെടുത്തുന്നു. അങ്ങനെ സഭ സൗഖ്യത്തിന്റെ ഒരു വിശുദ്ധമേഖല (divine milieu) യായിത്തീരുന്നു (മോത്തു പ്രോപ്രിയോ, ശാന്തനും കാരുണ്യവാനുമായ ഈശോ, 2015, ആമുഖം). സഭയിൽ, കൂദാശകളിലൂടെ പ്രത്യേകിച്ച് അനുരഞ്ജന കൂദാശയിലൂടെ ദൈവത്തിൻ്റെ കരുണയും സൗഖ്യവും ദൈവമക്കൾക്ക് സവിശേഷമായവിധത്തിൽ അനുഭവിക്കുവാൻ കഴിയുന്നു.
അനുരഞ്ജനകുദാശ
ഉത്ഥിതനായ ഈശോയുടെ ഈസ്റ്റർസമ്മാനം
ദൈവത്തിന്റെ കരുണയും സൗഖ്യവും സഭയിൽ അനുഭവിക്കുവാൻ കഴിയുന്ന കുമ്പസാരത്തിൻ്റെ കൂദാശ ഉത്ഥിതനായ ഈശോയുടെ സമ്മാനമാണ്. ഈ കൂദാശയുടെ വി. ഗ്രന്ഥാടിത്തറ നാം കാണുന്നത് ഉത്ഥിതന്റെ വാക്കുകളിലാണ്: "ഇതു പറഞ്ഞിട്ട് അവരുടെ മേൽ നിശ്വസിച്ചുകൊണ്ട് അവരോട് അരുൾചെയ്തു. നിങ്ങൾ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ. നിങ്ങൾ ആരുടെ പാപങ്ങൾ ക്ഷമിക്കുന്നുവോ അവ അവരോട് ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങൾ ആരുടെ പാപങ്ങൾ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും" (യോഹ 20,22-23). ഇതുകൂടാതെ, മത്താ 16,18-20; 18,18 ലും പാപങ്ങൾ മോചിക്കുവാനുള്ള അധികാരം ഈശോ ശിഷ്യന്മാർക്ക് നല്കുന്നുണ്ട്. ഈശോ ശ്ലീഹന്മാർക്കും ശ്ലൈഹികസംഘത്തിന്റെ തലവനായ വി. പത്രോസിനും നല്കിയ അതേ പാപമോചനാധികാരം തന്നെയാണ് ഇന്നു തിരുസഭയിൽ കുമ്പസാരത്തിന്റെ കൂദാശയുടെ സാധുവായ പരികർമ്മത്തിലൂടെ തുടരുന്നത്. മാമ്മോദീസാനന്തരമുള്ള ഗൗരവപാപങ്ങൾ കുമ്പസാരത്തിലൂടെ മോചിക്കപ്പെടുന്നുവെന്ന് സഭ പൂർണ്ണമായും വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു.
അനുരഞ്ജനകൂദാശ ചരിത്രവഴികളിലൂടെ
ഈശോയുടെ തിരുവചനങ്ങളിലും പ്രബോധനങ്ങളിലും വേരുന്നിയ കുമ്പസാരമെന്ന കൂദാശയ്ക്ക് നിയതമായ രൂപവും ഭാവവും സഭയിൽ കൈവന്നത് കാലഘട്ടങ്ങളിലൂടെയാണ്. ദൈവത്തിനുമാത്രം കഴിയുന്ന പാപമോചനം മനുഷ്യാവതാരം ചെയ്ത ദൈവപുത്രനായ ഈശോയിലൂടെ സാധ്യമായി എന്ന് ആദിമസഭഉറച്ചുവിശ്വസിച്ചിരുന്നു (മർക്കോ 2:1-12). ഈശോയെ കണ്ടുമുട്ടിയവരെല്ലാം ശാരീരികസൗഖ്യം മാത്രമല്ല പാപമോചനവും രക്ഷയും അനുഭവിച്ചിരുന്നു.
പാപങ്ങളുടെ ഏറ്റുപറച്ചിലിൻ്റെ പലതരത്തിലുള്ള രൂപങ്ങൾ ആദിമസഭയിൽ നിലവിലിരുന്നുവെങ്കിലും കുമ്പസാരത്തിന്റെ കൂദാശയുടെ വളർച്ചയിലെ രണ്ടു നിർണ്ണായക വഴിത്തിരിവുകളാണ്, നാലാം നൂറ്റാണ്ടോടുകൂടി ആരംഭിച്ച പരസ്യപ്രായശ്ചിത്ത രീതിയും (public penance) ആറാം നൂറ്റാണ്ടോടുകൂടി തുടങ്ങിയ രഹസ്യകുമ്പസാരവും (private penance). പരസ്യപ്രായശ്ചിത്തരീതിയുടെ കാഠിന്യവും കാലതാമസവുംമൂലം അതു രഹസ്യകുമ്പസാരത്തിന് വഴി മാറി. പൗരസ്ത്യസന്യാസാശ്രമങ്ങളിൽ നിന്നാണ് രഹസ്യകുമ്പസാരത്തിന്റെ രീതിയുടെ തുടക്കം. ഇത് പിന്നീട് ഐറിഷ് മിഷനറിമാരിലൂടെ യൂറോപ്പിലും തുടർന്ന് ലോകത്തിൻ്റെ വിവിധഭാഗങ്ങളിലും പ്രചരിക്കുവാൻ ഇടയായി.
15-ാം നൂറ്റാണ്ടോടുകൂടിയാണ് കുമ്പസാരത്തിൻ്റെ കൗദാശിക സ്വഭാവത്തെക്കുറിച്ചുള്ള വിശദമായ ദൈവശാസ്ത്രപഠനങ്ങൽ ഉണ്ടായത്. ഒടുവിൽ തെന്തോസ് സൂനഹദോസ് (1545-1563) കുമ്പസാരത്തിന്റെ കൗദാശികസ്വഭാവവും ദൈവശാസ്ത്രവും വ്യക്തമായി പഠിപ്പിച്ചു. കുമ്പസാരം ഈശോമിശിഹാ സ്ഥാപിച്ച കൂദാശയാണെന്നും അത് സഭയുടെ ഒരു കണ്ടുപിടിത്തമല്ലെന്നും ഈ കൗൺസിൽ ഊന്നിപ്പറഞ്ഞു. എങ്കിലും കുമ്പസാരമെന്ന കൂദാശയുടെ നൈയാമിക സ്വഭാവത്തിന് ഈ സൂനഹദോസ് കൂടുതൽ പ്രാധാന്യം നൽകി. ഇത് ഈ കൂദാശ സംബന്ധിച്ച പിൽക്കാല ദൈവശാസ്ത്രചിന്തകളെ നിർണ്ണായകമായി സ്വാധീനിക്കുകയും ചെയ്തു. തുടർന്ന് രണ്ടാം വത്തിക്കാൻ കൗൺസിലും (1962-65) കൗൺസിലാനന്തര പ്രബോധനങ്ങളും കുമ്പസാരത്തിൻ്റെ കൂദാശയുടെ സവിശേഷമായ പ്രാധാന്യം നിരന്തരമായി ഉദ്ബോധിപ്പിക്കുന്നുണ്ട്. ഇപ്പോൾ ഫ്രാൻസിസ് മാർപ്പാപ്പായിലൂടെ തിരുസഭാമാതാവ് കുമ്പസാരമെന്ന കൂദാശയിലേക്ക് ഒരു മടക്കയാത്രയ്ക്ക് വിശ്വാസികളെ പ്രത്യേകമായി ക്ഷണിക്കുന്നു.
അനുരഞ്ജനകൂദാശ കരുണയുടെയും സൗഖ്യത്തിന്റെയും കൂദാശ
തിരുസഭയുടെ എല്ലാ സമകാലിക പ്രബോധനങ്ങളും അനുരഞ്ജനകൂദാശയുടെ കരുണയുടെയും സൗഖ്യത്തിന്റെയും മാനങ്ങൾക്കാണു കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്, പ്രത്യേകിച്ച് പൗരസ്ത്യസഭകളിൽ. പൗരസ്ത്യകൗദാശിക ദൈവശാസ്ത്രം അനുരഞ്ജനകൂദാശയുടെ സൗഖ്യദായകമാനത്തിന് ആദിമകാലം മുതൽക്കേ കൂടുതൽ പ്രാധാന്യം നൽകിയിരുന്നു. പാപത്തെ ആത്മാവിന്റെ രോഗമായും അനുതാപത്തെ ഈ രോഗത്തിനുള്ള ആത്മീയ ഔഷധമായും കുമ്പസാരക്കാരനെ ആത്മാവിൻ്റെ ഭിഷഗ്വരനായും കാണുന്ന രീതി പൗരസ്ത്യ ദൈവശാസ്ത്രചിന്തകളിൽ ശക്തമാണ്. സഭാപിതാക്കന്മാരുടെ പ്രബോധനങ്ങളിലും ആരാധനാക്രമപ്രാർത്ഥനകളിലും ശിക്ഷണക്രമങ്ങളിലും ഈ വസ്തുത നിതരാം സ്പഷ്ടമാണ്.
ദൈവത്തിന്റെ കരുണയും ദൈവികമായ നീതിയും തിരിച്ചറിയുന്ന അനുതാപി ഈ കൂദാശയിലൂടെ ദൈവത്തിൽനിന്നു പാപമോചനവും സൗഖ്യവും ഏറ്റുവാങ്ങുന്നു. ഹൃദയപരമാർത്ഥതയോടെ തന്റെ പാപാവസ്ഥ ദൈവകരുണയ്ക്ക് മുമ്പിൽ ഏറ്റുപറയുന്ന അനുതാപിക്ക് കുമ്പസാരമെന്ന കൂദാശയിലൂടെ ആത്മീയവും വൈകാരികവും ശാരീരികവുമായ സൗഖ്യവും ആശ്വാസവും വിടുതലും സന്തോഷവും സമാധാനവും ലഭിക്കുന്നു. കുമ്പസാരത്തെക്കാൾ വലിയ വിടുതൽ ശുശ്രൂഷ സഭയിലില്ലെന്ന് സാധാരണ പറയാറുണ്ട്. കുമ്പസാരമെന്ന കൂദാശ നവമായ ഒരു പെസഹാ അനുഭവമാണ്, പാപങ്ങളുടെയും ബലഹീനതയുടെയും ദുരാശകളുടെയും അടിമത്വത്തിൽനിന്ന് ദൈവമക്കളുടെ സ്വാതന്ത്യ്രത്തിലേയ്ക്കുള്ള ഒരു കടന്നുപോകലാണിത്. മാമ്മോദീസായിൽ ലഭിച്ചതും എന്നാൽ പാപത്തിലൂടെ നഷ്ടമാകുന്നതുമായ കൃപയുടെ വസ്ത്രം ഈശോ വീണ്ടും നമ്മെ അണിയിക്കുന്നു. ദൈവകൃപയിൽ വളരുവാനും ജീവിതാവസ്ഥയുടെ പ്രേഷിതദൗത്യനിർവ്വഹണങ്ങൾ കൃപാപൂരിതമാകുവാനും ഈ കൂദാശ നമ്മെ സഹായിക്കുന്നു. ഈശോയോടുള്ള സൗഹൃദത്തിലും സഹോദരങ്ങളോടും നമ്മോടുതന്നെയും പ്രപഞ്ചത്തോടുമുള്ള ബന്ധത്തിലും വളരുവാൻ കുമ്പസാരം നമ്മെ ശക്തിപ്പെടുത്തുന്നു. ഈശോയുടെ പെസഹാരഹസ്യങ്ങളുടെയും പരി. കന്യകാമറിയത്തിന്റെയും സകലവിശുദ്ധരുടെയും മാലാഖമാരുടെയും പുണ്യയോഗ്യതകളും ഈ കൂദാശവഴി വിശ്വാസികളുടെ സമൂഹത്തിന് നൽകപ്പെടുന്നു. ഒപ്പം വിശ്വാസത്തിലും ആത്മീയ ജീവിതത്തിലും ഈ കൂദാശ നമ്മെ ആഴപ്പെടുത്തുകയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാൽ, കുമ്പസാരത്തിൻ്റെ കൂദാശ വിശ്വാസികൾക്ക് കൃപാവരത്തിന്റെ ഉറവിടവും സിംഹാസനവുമാണ് (പുറ 25,17-19: ഹെബ്ര 4:16). ദൈവകരുണയുടെ വലിയ ഒരു ജലപ്രവാഹമായ (river of mercy) ഈ കൂദാശയിൽനിന്ന് ആവോളം പാനം ചെയ്യാനാണ് തിരുസഭാമാതാവ് കരുണയുടെ ഈ വർഷം എല്ലാ വിശ്വാസികളെയും ആഹ്വാനം ചെയ്യുന്നത്. അതിനുതകുന്ന ശൈലികളും മനോഭാവങ്ങളും അവലംബിക്കുവാൻ ദൈവജനം മുഴുവനും വിശിഷ്യ അജപാലകരും തയ്യാറാകണം.
കുമ്പസാരക്കൂട് കാരുണ്യക്കൂട്
അനുരഞ്ജനകൂദാശ പരികർമ്മം ചെയ്യപ്പെടുന്ന സാധാരണ വേദിയാണല്ലോ കുമ്പസാരക്കൂട്. മധ്യകാലഘട്ടത്തോടുകൂടി പാശ്ചാത്യസഭയിൽ ഉത്ഭവിച്ച് പിന്നീട് പൗരസ്ത്യസഭകളിലും സ്വീകരിക്കപ്പെട്ട ഒരു അജപാലനരീതിയാണ് കുമ്പസാരക്കൂട്. പൗരസ്ത്യസഭകളിൽ ഈശോയുടെ ഐക്കൺചിത്രത്തിനു സമീപമിരുന്ന് കുമ്പസാരം കേൾക്കുന്ന പതിവാണ് ആദ്യമുണ്ടായിരുന്നത്. ഏതായാലും ഇന്ന് കുമ്പസാരക്കൂട് പൗരസ്ത്യ-പാശ്ചാത്യ ഭേദമെന്യേ സാർവ്വത്രി കസഭയുടെ ഒരു പൊതുശിക്ഷണക്രമമാണ്. കുമ്പസാരക്കൂടിനെക്കുറിച്ച് മലയാളഭാഷയിലെ പ്രസിദ്ധ ആത്മീയ എഴുത്തുകാരനായ ബഹു. ബോബി ജോസ് കട്ടിക്കാട് കപ്പൂച്ചിൻ അച്ചൻ്റെ 'ഹൃദയവയൽ' എന്ന ഗ്രന്ഥത്തിലെ ഒരു കുറിപ്പ് ഓർക്കുന്നു: "എല്ലാം ശ്രവിക്കുന്ന... എല്ലാം അറിയുന്ന... എല്ലാം സഹിക്കുന്ന... എല്ലാം പൊറുക്കുന്ന... ഒരു മാത്രപോലും ലജ്ജിക്കുവാനനുവദിക്കാത്ത കരുണ നിറഞ്ഞ എൻ്റെ കുമ്പസാരക്കൂടിന് പ്രണാമം." ഒരു പക്ഷേ, ഈ ഭൂമിയിൽ ഒരു മനുഷ്യൻ പൂർണ്ണമായി അംഗീകരിക്കപ്പെടുന്ന, മനുഷ്യഹൃദയത്തിൻ്റെ ഏതുവിധ പാപങ്ങളും മുറിവുകളും കുറ്റബോധവും അസ്വസ്ഥതകളും ഏകാന്തതയും അപകർഷതകളും ബലഹീനതകളും ചപലതകളും ദുരിതങ്ങളും ആസക്തികളും മറയില്ലാതെ ഏറ്റുപറയുവാൻ കഴിയുന്ന ഏകവേദി, കുമ്പസാരക്കൂടായിരിക്കാം. എല്ലാവരും ആരോടെങ്കിലുമൊക്കെ ആത്മാർത്ഥമായി മനസ്സുതുറക്കുവാൻ ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് ദ്രുതഗതിയിൽ മാറിക്കൊണ്ടിരിക്കുന്ന വളരെ സങ്കീർണ്ണമായ സമകാലികജീവിതപശ്ചത്തലത്തിൽ ശരീരത്തിൻ്റെയും മനസ്സിൻ്റെയും ആത്മാവിന്റെയും ഭാരങ്ങൾ മനുഷ്യനെ വല്ലാതെ വലയ്ക്കുന്നുണ്ട്. അവിടെയാണ് മേലുദ്ധരിച്ച വാക്യങ്ങൾ പ്രസക്തമാകുന്നത്. അക്രൈസ്തവചിന്തകളിൽപോലും ഏറ്റുപറച്ചിലിൻ്റെ പ്രാധാന്യം നിഴലിക്കുന്നുണ്ട്. സാഹിത്യകാരനായ എം. ടി. വാസുദേവൻനായരുടെ 'വാരണസി' എന്ന കൃതിയിലെ ഏതാനും വാക്കുകളും ഓർത്തുപോകുന്നു: "അമ്പലങ്ങളിലും കുമ്പസാരക്കൂട് വച്ചാലെന്താ? വൃദ്ധനും പണ്ഡിതനും ജ്ഞാനിയുമായ ഒരാൾ കേൾക്കുന്നു. ഏതാനും മണിക്കൂറുകൾ പറഞ്ഞാൽ തീരാത്ത പാപങ്ങളൊന്നും നമുക്കില്ല. പക്ഷേ, പറയാനൊരിടം കിട്ടേണ്ട. ഒരിക്കൽ നീ എല്ലാം പറയേണം... പലപ്പോഴായി ഞാനും. നമ്മൾ പരസ്പരം ഏറ്റുപറയും... മാപ്പുകൊടുക്കും." അനുരഞ്ജനകൂദാശയുടെ ക്രൈസ്തവഭാഷ്യമൊന്നുമല്ല ഇതെങ്കിലും മനസ്സുതുറക്കുന്നതിൻ്റെ വലിയ നന്മകൾ ഈ വാക്യങ്ങളിലും പ്രതിഫലിപ്പിക്കുന്നുണ്ട്. അതുകൊണ്ട് കുമ്പസാരക്കൂട് ഒരു അഭയ സങ്കേതമാണ്; കാരുണ്യത്തിൻ്റെ സങ്കേതം. കുമ്പസാരക്കൂട് ഒരു വലിയ പ്രതീകമാണ്; കാരുണ്യത്തിന്റെ പ്രതീകം.
കുമ്പസാരക്കൂട്ടിലെ വൈദികൻ കാത്തിരിക്കുന്ന ദൈവപിതാവിൻ്റെ ഐക്കൺ
ഇടവകദൈവാലയത്തിൻ്റെയോ ആശ്രമദൈവാലയത്തിന്റെയോ മൂലയോടുചേർന്ന് കിടക്കുന്ന കുമ്പസാരക്കൂട്ടിൽ പൗരോഹിത്യ അടയാളമായ ഊറാലയും ധരിച്ച് വിശ്വാസികളെ കാത്തിരിക്കുന്ന വൈദികൻ (ആളൊഴിഞ്ഞ ദൈവാലയത്തിലാണെങ്കിൽപ്പോലും) വീടുവിട്ടുപോയ ഇളയമകനെ കാത്തിരിക്കുന്ന സ്നേഹധനനായ പിതാവിന്റെ - പിതാവായ ദൈവത്തിൻ്റെ - ഹൃദയസ്പർശിയായ പ്രതീകമാണ്.
ഒരു വൈദികനുമാത്രം പറയുവാൻ കഴിയുന്ന ദൈവികവചസ്സുകളാണ്, “നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു. സമാധാനത്തോടെ പോകുക" എന്നത്. ഇന്ത്യൻ പ്രധാനമന്ത്രിക്കോ, അമേരിക്കൻ പ്രസിഡന്റിനോ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലിനോ ഈ ഭൂമിയിലെ മറ്റേതെങ്കിലുമൊരു മനുഷ്യവ്യക്തിക്കോ ഉച്ചരിക്കുവാൻ കഴിയാത്ത വാക്കുകളാണിവ. ദൈവത്താൽ അഭിഷേകം ചെയ്യപ്പെട്ട ഒരു വൈദികനു മാത്രം ഉച്ചരിക്കുവാൻ കഴിയുന്ന കൂദാശാവചനങ്ങളാണിത്. അതുകൊണ്ടുതന്നെ കുമ്പസാരം കേൾക്കുന്ന ഏതൊരു വൈദികന്റെയും ഉത്തരവാദിത്വം പതിന്മടങ്ങായി വർദ്ധിക്കുന്നു. കൃപാവരത്തിന്റെയും ദൈവികാശ്വാസത്തിന്റെയും ഉറവയായ കുമ്പസാരവേദിയിൽ ദൈവിക കരുണയും നന്മയും പ്രതിഫലിച്ചേ മതിയാവൂ. അനുരഞ്ജനകൂദാശയുടെ ശ്രേഷ്ഠതയും അതിൻ്റെ പ്രാധാന്യവും കുമ്പസാരവേദിയുടെ പവിത്രതയും കുമ്പസാരരഹസ്യത്തിൻ്റെ ഔന്നത്യവുമെല്ലാം വൈദികർക്ക് നല്ല ബോധ്യമാകണം. നന്മനിറഞ്ഞ ഒരു വൈദികനു മാത്രമേ കുമ്പസാരക്കൂട്ടിൽ ദൈവജനത്തിന് പാപമോചനം നല്കുവാൻ തന്നെത്തന്നെ സംലഭ്യനാക്കുവാൻ കഴിയുകയുള്ളു.
കാരുണ്യമാകണം കുമ്പസാരകൂദാശയുടെ മുഖമുദ്ര. ഇതാകട്ടെ, തന്റെ മുമ്പിൽ മുട്ടുകുത്തുന്ന പാപികളെ കുമ്പസാരക്കാരൻ ശ്രവിക്കുന്നതിലും മനസ്സിലാക്കുന്നതിലും അവർക്ക് ഉപദേശങ്ങളും പ്രായശ്ചിത്തവും നല്കുന്നതിലുമെല്ലാം പ്രതിഫലിക്കുന്നു. ഫ്രാൻസിസ് മാർപ്പാപ്പ അനുസ്മരിപ്പിക്കുന്നതുപോലെ, “കുമ്പസാരക്കൂട് ഒരു പീഡനമുറിയാകരുത്. നേരെ മറിച്ച് ദൈവത്തിൻ്റെ കരുണ മനുഷ്യന് അനുഭവിക്കുവാൻ കഴിയുന്ന വേദിയായിരിക്കണം" (സുവിശേഷത്തിന്റെ സന്തോഷം, 44). കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥവും നമ്മെ ഓർമ്മിപ്പിക്കുന്നു; "വൈദികർ പാപമോചനത്തിൻ്റെ ഉടമസ്ഥന്മാരല്ല; പിന്നെയോ അതിൻ്റെ ശുശ്രൂഷകർ മാത്രമാണ്" (1466). അതുകൊണ്ട് കുമ്പസാരക്കൂട്ടിലെ വൈദികരുടെ ശുശ്രൂഷയിലും സമീപനങ്ങളിലും കരുണയുടെ മുഖമാണ് പ്രധാനമായും പ്രതിഫലിക്കേണ്ടത്. കാരുണ്യമാണ് അജപാലനശുശ്രൂഷയുടെ കാതൽ.
ദൈവകാരുണ്യത്തിൻ്റെ ഈ വർഷത്തിൽ ഇത് ഏറെ പ്രസക്തമാകുകയാണ്. "പിതാവിനെപ്പോലെ കരുണയുള്ളവരായിരിക്കുവിൻ” (ലൂക്കാ 6, 36) എന്ന ഈശോയുടെ വാക്കുകൾ വൈദികർക്ക് എന്നും പ്രചോദനമായിരിക്കട്ടെ. കാരുണ്യവർഷത്തിൻ്റെ ലോഗോയിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ, നല്ലിടയനായ ഈശോയുടെ കണ്ണുകളിലൂടെ, നഷ്ടപ്പെട്ട മനുഷ്യരെയും വീണ്ടെടുക്കപ്പെട്ട മനുഷ്യരിലൂടെ ഈശോയെയും കാണുവാനും മനസ്സിലാക്കുവാനും അജപാലകർക്ക് കഴിയട്ടെ. ക്രൂരതയുടെയും അസഹിഷ്ണുതയുടെയും മൗലികവാദത്തിന്റെയും മുഖങ്ങൾ ശക്തിപ്രാപിക്കുന്ന ഈ സമകാലികസാഹചര്യത്തിൽ കരുണയുടെ മുഖം കൂടുതൽ കൂടുതൽ പ്രകാശിക്കട്ടെ. പരിശുദ്ധ പിതാവ് പഠിപ്പിക്കുന്നതുപോലെ "സഭനീതിമാന്മാരുടെയും വിശുദ്ധരുടെയും സമൂഹം മാത്രമല്ല. പ്രത്യുത പാപമോചനം തീവ്രമായി ആഗ്രഹിക്കുകയും അത് തേടുകയും ചെയ്യുന്ന പാപികളുടെയും കൂടെ കൂട്ടായ്മയാണ്. തങ്ങൾ പാപികളാണെന്ന തിരിച്ചറിവിലൂടെ അവരും നീതിമാന്മാരും വിശുദ്ധരുമായി മാറുന്നു" (2015 ഒക്ടോബർ സിനഡിന്റെ സമാപനസന്ദേശം). ആടുകളുടെ മണം അറിയുന്ന, ആടുകളുടെ കൂടെ നടക്കുന്ന അജപാലകർക്കേ ഈ കരുണ നന്നായി കാണിക്കുവാൻ കഴിയുകയുള്ളുവെന്നും മാർപ്പാപ്പ ഓർമ്മിപ്പിക്കുന്നു: “യഥാർത്ഥ ഒരുമിച്ചു നടക്കലിലേക്ക് (true journeying together) സഭ മടങ്ങിപ്പോകണം. ഇതു വഴിയായി, സുവിശേഷത്തിൻ്റെ പ്രകാശവും, സഭയുടെ സമാശ്ലേഷവും ദൈവകരുണയുടെ താങ്ങും തണലും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എല്ലാ മനുഷ്യസമൂഹങ്ങളിലേക്കും എല്ലാ ജീവിതസാഹചര്യങ്ങളിലേക്കും കടന്നുവരണം" (2015 ഒക്ടോബർ സിനഡിന്റെ സമാപനസന്ദേശം). കരുണയുടെ സമീപനങ്ങളും ശൈലികളും സഭയിൽ ഉണ്ടാകുവാൻ ശക്തമായ ചാലകശക്തിയായി വർത്തിച്ച “കരുണയുടെ കൗൺസിൽ" എന്നറിയപ്പെടുന്ന രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ ആഹ്വാനവും ഇതുതന്നെയായിരുന്നു. കാർക്കശ്യത്തിന്റേതിനേക്കാൾ കാരുണ്യത്തിൻ്റെ ഭാഷയും ശൈലിയുമാണ് ഈ കൗൺസിൽ ലോകത്തെയും സഭയെയും പഠിപ്പിച്ചത്.
കരുണയും നീതിയും സത്യവും ചേർന്നു പോകുന്നു
അനുരഞ്ജനകൂദാശയുടെ കാരുണ്യത്തിന്റെ മുഖം എടുത്തു പറയുമ്പോഴും കാരുണ്യം നീതിയോടും സത്യത്തോടും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു നാമറിയേണ്ടതുണ്ട്. പാപമോചനകൂദാശയ്ക്ക് അണയുന്ന വ്യക്തികളെയും സാഹചര്യങ്ങളെയും നീതിപൂർവ്വകമായും സത്യസന്ധമായും നാം വിലയിരുത്തേണ്ടതുണ്ട്. കരുണയെ നീതിയിൽനിന്നും സത്യത്തിൽനിന്നും വേർപെടുത്തി കാണാനാവില്ല (MV, 20-21). നീതിയും സത്യവും വിട്ടുകളയാതെ കരുണ കാണിക്കുവാൻ കഴിയട്ടെ, നീതിയില്ലാത്ത കാരുണ്യമല്ല, മറിച്ച് നീതിയെ അതിശയിക്കുന്ന കരുണയാണു വേണ്ടത്. ഇത് പ്രധാനമായും മനോഭാവങ്ങളിലും സമീപനങ്ങളിലും ശൈലികളിലുമുള്ള മാറ്റമാണ്; പ്രബോധനങ്ങളുടെയും നിയമങ്ങളുടെയും അക്ഷരങ്ങൾക്കുമപ്പുറം അവ സൂചിപ്പിക്കുന്ന യഥാർത്ഥ ചൈതന്യത്തിലേക്ക് വിശ്വാസികളുടെ സമൂഹം കടന്നു വരണം. ഇതിന് നന്മയെ തിരിച്ചറിയാനുള്ള കഴിവും (discernment) പരിശുദ്ധാരൂപിയുടെ പ്രവർത്തനങ്ങളോടുള്ള തുറവിയും വേണം.
മാത്രവുമല്ല കാരുണ്യം അമൂർത്തമായ ഒരു ആശയം മാത്രമല്ല. നാം കാരുണ്യം പറയുന്നവർ മാത്രമാകാതെ കാരുണ്യം പ്രവർത്തിക്കുന്നവർ കൂടി ആകേണ്ടതുണ്ട്. ശാരീരികവും ആത്മീയവുമായ കാരുണ്യപ്രവൃത്തികളുടെ പ്രാധാന്യം സഭ എപ്പോഴും ഊന്നിപ്പറയുന്നുമുണ്ട് (MV, 15-16). സാമൂഹികനീതിയുമായും കരുണ ചേർന്നുപോകുന്നു. മനുഷ്യനെ അടിമപ്പെടുത്തുന്ന എല്ലാവിധ തിന്മകളിൽനിന്നും അനീതിയിൽനിന്നും അവൻ വിമോചിതനാകണം. ചുരുക്കി പറഞ്ഞാൽ, കരുണയും നീതിയും സത്യവും വിമോചനവും തമ്മിൽ സർഗാത്മകമായ ഒരു സമഗ്രതയും ഉദ്ഗ്രഥനവും ഉണ്ടാകണം. വിശ്വാസികളുടെ സമൂഹം കരുണയിൽ ജീവിക്കുകയും വിവിധങ്ങളായ സാമൂഹിക പരിസ്ഥിതികളിലേക്ക് ഈ കരുണയും രക്ഷയും വിമോചനവും എത്തിക്കുകയും വേണം.
കുമ്പസാരം: ഈശോയുടെയും സഭയുടെയും സമാശ്ലേഷം
പലപ്പോഴും ആവർത്തിച്ച് കേൾക്കുന്ന ഒരു ചോദ്യമാണ്. ദൈവത്തോട് നേരിട്ട് പാപങ്ങൾ ഏറ്റുപറഞ്ഞാൽ പോരേ, പിന്നെ എന്തിന് വൈദികനോട് പാപങ്ങൾ ഏറ്റുപറയുന്നു? ഓരോ കുമ്പസാരത്തിലും കരുണാസമ്പന്നനായ ദൈവം പാപിയായ ഓരോ വ്യക്തിയെയും പാപങ്ങൾ പൊറുത്ത് വിശുദ്ധീകരിക്കുന്നു. ദൈവവും മനുഷ്യവ്യക്തികളുമായുള്ള വ്യക്തിബന്ധം കൃപാപൂരിതമാകുന്നു, ഒപ്പം വിശ്വാസികളുടെ സമൂഹത്തോടും അയാൾ അനുരഞ്ജിതനാകുന്നു. കുമ്പസാരക്കൂട്ടിലെ വൈദികൻ ദൈവത്തിന്റെയും സഭാസമൂഹത്തിന്റെയും പ്രതിനിധിയാണ്. കുമ്പസാരത്തിലൂടെ ഓരോ വ്യക്തിയും ഈശോയും തമ്മിലുള്ള കണ്ടുമുട്ടൽ നടക്കുന്നു. മാത്രവുമല്ല, പാപമോചനാധികാരം ഈശോ നൽകിയിരിക്കുന്നത് തന്റെ ശ്ലീഹന്മാർക്കും അവരുടെ പിൻഗാമികൾക്കുമാണ്. ഈ ശ്ലൈഹികപിന്തുടർച്ച പ്രധാനമായും പൗരോഹിത്യകൂദാശയിലൂടെയാണ് തുടരുന്നത്. പാപങ്ങളുടെ ബന്ധിക്കലും മോചനവും നടക്കുന്നത് സത്യസന്ധമായും സമഗ്രമായും പാപങ്ങൾ ഏറ്റുപറയുമ്പോഴാണ്. വ്യക്തിപരവും സമഗ്രവുമായ പാപങ്ങളുടെ ഏറ്റുപറച്ചിലാണ് ഗൗരവമായ പാപങ്ങളുടെ മോചനത്തിന് സഭയിലുള്ള സാധാരണ മാർഗം (പൗരസ്ത്യകാനോനനിയമം, 720; പാശ്ചാത്യ കാനോനനിയമം, 960).
കുമ്പസാരത്തിൽ സ്വർഗം സന്തോഷിക്കുന്നു
ഓരോ കുമ്പസാരവും മാനസാന്തരത്തിനുള്ള ശക്തമായ ആഹ്വാനമാണ്. ഓരോ കുമ്പസാരത്തിലും സ്വർഗം സന്തോഷിക്കുന്നു; പിശാച് ഭയപ്പെടുന്നു എന്നു പറയാറുണ്ട്. ഈശോ പഠിപ്പിക്കുന്നു: “അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പത് നീതിമാന്മാരെക്കുറിച്ച് എന്നതിനേക്കാൾ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വർഗത്തിൽ കൂടുതൽ സന്തോഷമുണ്ടാകും എന്ന് ഞാൻ നിങ്ങളോടു പറയുന്നു" (ലൂക്കാ 15,7). യഥാർത്ഥമായ മാനസാന്തരത്തിലേക്കാണ് ഓരോ കുമ്പസാരവും നമ്മെ നയിക്കുന്നത്. അതു കൊണ്ട് കുമ്പസാരം തന്നെയാണ് പാപത്തെയും പാപസാഹചര്യങ്ങളെയും വെറുത്തുപേക്ഷിക്കുവാനുള്ള ഏറ്റവും നല്ല മാർഗം. കുമ്പസാരം വീണ്ടും പാപം ചെയ്യുവാനുള്ള ലൈസൻസല്ല, മറിച്ച് കൃപാവരത്തിന്റെ സ്രോതസ്സാണ്. കാർഡിനൽ ന്യൂമാൻ ഓർമ്മിപ്പിക്കുന്നു: "കത്തോലിക്കാസഭയിൽ ഞാൻ ഒരു അത്ഭുതം കണ്ടു; കുമ്പസാരക്കൂട്ടിലെ അത്ഭുതം." ആകയാൽ കുമ്പസാരം നമുക്കേവർക്കും കേവലം അനുഷ്ഠാനമായി മാറാതെ, കൃപാവരത്തിന്റെ നീർച്ചാലായിത്തീരട്ടെ. കുമ്പസാരത്തിലെ കാരുണ്യത്തിൻ്റെ മുഖം കൂടുതൽ കൂടുതൽ പ്രകാശിക്കുകയും ചെയ്യട്ടെ.
"കാരുണ്യത്തിൻ്റെ സന്ദേശം എല്ലാവരിലും എത്തട്ടെ. കാരുണ്യം അനുഭവിക്കാനുള്ള ആഹ്വാനത്തോട് ആരും അലംഭാവം പുലർത്താതിരിക്കട്ടെ"
കാരുണ്യത്തിന്റെ മുഖം, 19
സി. കൊച്ചുത്രേസ്യാ MTS
Beth Toma Dayara
Kurumpanadam P.O. Palamattam
Kottayam 686536
Mob. 9744142231
Email: bet.toma.plm.sst@gmail.com
ദൈവത്തിന്റെ കരുണയെക്കുറിച്ചുള്ള അറിവ് കേവലം ഒരു മനുഷ്യന്റെയോ, മാനവവംശത്തിൻ്യോ കാഴ്ചപ്പാടുകളുടെയും ചിന്താഗതികളുടെയും ഫലമായി ഉരുവായതല്ല; ദൈവികവെളിപാടിന്റെ ഫലമായി മനുഷ്യനു ലഭിച്ചിട്ടുള്ളതാണ്. ദൈവികവെളിപാടിൻ്റെ സ്വീകർത്താവും സംരക്ഷകയും സംവാഹകയും സഭയാണ്, വിശ്വാസികളുടെ സമൂഹമാണ്. ദൈവാവിഷ്ക്കാരത്തിനുള്ള സഭയുടെ പ്രത്യുത്തരമാണ് അവളുടെ ദൈവാരാധന. ആ ഒറ്റക്കാരണത്താലാണ് സഭയുടെ ഔദ്യോഗിക പ്രാർത്ഥനയായ യാമപ്രാർത്ഥന ദൈവകാരുണ്യത്തിൻ്റെ പ്രകീർത്തനമായി മാറുന്നത്.
സീറോ മലബാർ സഭയുടെ വിശ്വാസപ്രബോധനഗ്രന്ഥത്തിൽ ഇപ്രകാരം കാണുന്നു: "യാമപ്രാർത്ഥനകളിലടങ്ങിയിരിക്കുന്ന അമൂല്യമുത്തുകളെ കണ്ടെത്തണമെങ്കിൽ വിശുദ്ധലിഖിതങ്ങളെപ്പോലെ തന്നെ അവയെയും സൂക്ഷ്മപഠനത്തിനും വിചിന്തനത്തിനും വിധേയമാക്കണം" (സീറോ മലബാർ സഭയുടെ ആരാധനക്രമവിശ്വാസ പരിശീലനം, പേജ് 158). വിശുദ്ധരായ സഭാപിതാക്കന്മാരാൽ വിരചിതമായ സഭയുടെ പ്രാർത്ഥനാസമാഹാരമാണ് യാമപ്രാർത്ഥനകൾ. ശ്ലീഹന്മാരുടെയും ആദിമസഭയുടെയും വിശ്വാസചൈതന്യം പൂർണ്ണമായും ഉൾക്കൊണ്ട് അവരുടെ പ്രാർത്ഥനകൾ സഭയുടെ ഭണ്ഡാഗാരത്തിലെ വിലയേറിയ മുത്തുകളാണ്. വിശുദ്ധഗ്രന്ഥമാകുന്ന ആഴക്കടലിൽനിന്നും സഭയുടെ വിശ്വാസപാരമ്പര്യത്തിൽ നിന്നും വാരിയെടുത്ത ആ മുത്തുകൾ ദൈവത്തിൻ്റെ നിരവധിയായ നന്മകളുടെ വിവരണമാണ്. യാമപ്രാർത്ഥനയിലുടനീളം വിളങ്ങി പ്രകാശിക്കുന്ന അമൂല്യമുത്തുകളിൽ പ്രധാനപ്പെട്ട ഒന്നാണ് ദൈവത്തിന്റെ കരുണ എന്ന പ്രമേയം. പ്രാർത്ഥനയുടെ നിയമം, വിശ്വാസത്തിന്റെ നിയമം എന്ന പരമ്പരാഗത തത്വം കണക്കിലെടുത്ത്, വിശ്വാസത്തിന്റെ പരിശീലനക്കളരിയായ ദൈവാരാധനയിൽനിന്ന് ദൈവകാരുണ്യത്തിൻ്റെ മുത്തുകൾ വാരിയെടുക്കുവാൻ വിശ്വാസികളെ സഹായിക്കാനുള്ള ഒരു എളിയ പരിശ്രമമാണിത്.
കരുണ: വിവിധ നാമങ്ങൾ
പൗരസ്ത്യ സുറിയാനിസഭയുടെ യാമപ്രാർത്ഥനയിൽ ദൈവത്തിന്റെ കരുണയെ സൂചിപ്പിക്കാൻ പ്രധാനമായി മൂന്നു പദങ്ങളാണ് ഉപയോഗിക്കുക. അവ റഹ്മേ, ഹനാനാ, ഗൈബുസാ എന്നിവയാണ്.
റഹ്മേ: റഹ്മേ എന്ന പദം റ്ഹെം എന്ന ക്രിയാപദത്തിൽ നിന്നും രൂപംകൊണ്ടതാണ്. 'സ്നേഹിച്ചു' എന്നതാണ് ആദ്യാർത്ഥം. ഇതിൽനിന്നുത്ഭവിച്ച റഹ്മേ എന്ന ബഹുവചനരൂപത്തിന് കരുണ, ദയ, പ്രിയം, വാത്സല്യം, മാർദ്ദവം, അനുഗ്രഹം എന്നിങ്ങനെ വിവിധങ്ങളായ അർത്ഥങ്ങളുണ്ട്. റഹ്മേ എന്ന പദം ബഹുവചനരൂപത്തിൽ മാത്രമേ ഉപയോഗിക്കാറുള്ളു. റഹ്മാനുസാ, റഹ്മാനാ, റഹമായാ, റഹ്മായീസ്, റഹ്മൂസാ എന്നീ വാക്കുകളും ഈ വാക്കിന്റെതന്നെ വിവിധ രൂപങ്ങളാണ്. ചുരുക്കത്തിൽ, റഹ്മേ എന്ന പദവും അതിൻ്റെ വിവിധ രൂപങ്ങളും കരുണയുടെയും സ്നേഹത്തിന്റെയും വാത്സല്യത്തിൻ്റെയും ദയയുടെയും പ്രീതിയുടെയും മാർദ്ദവത്തിന്റെയുമെല്ലാം സമഞ്ജസമായ സമ്മേളനമാണ്.
യാമപ്രാർത്ഥനകൾ: ദൈവകാരുണ്യത്തിൻ്റെ പ്രകീർത്തനം
ഹ്നാനാ: 'ദയ കാണിച്ചു' എന്നർത്ഥമുള്ള ഹൻ എന്ന ക്രിയാ പദത്തിൽനിന്നുമാണ് ഹ്നാനാ എന്ന പദത്തിൻ്റെ ഉത്ഭവം. ഹാനാ എന്ന സുറിയാനിപദം ദയ, കരുണ, അനുകമ്പ, പ്രീതി, ആനുകൂല്യം, കൃപ, മാപ്പുകൊടുക്കാനുള്ള സന്നദ്ധത എന്നിവയുടെ ആകെത്തുകയാണ്.
ഗൈബുസാ: നന്മ, അനുഗ്രഹം തുടങ്ങിയ അർത്ഥങ്ങളുള്ള ധ്രുവ് എന്ന പദത്തിൽ നിന്നുമുള്ള ഗൈബുസാ എന്ന വാക്കിന് കൃപ, പ്രവർത്തനനിരതമായ നന്മ, ദയ, അനുകമ്പ, പ്രീതി, ആനുകൂല്യം, ഉപകാരം, സഹായം തുടങ്ങിയ അർത്ഥങ്ങളുണ്ട്.
ഈ മൂന്നു പദങ്ങളും മലയാളത്തിലേക്കു വിവർത്തനം ചെയ്യുമ്പോഴുണ്ടാകുന്ന അർത്ഥചോർച്ച ഭാഷയുടെ പരിമിതിയായി മനസ്സിലാക്കണം. ഈ ലേഖനത്തിൽ റഹ്മേ, ഹ്നാനാ, ഗൈബൂസാ എന്നീ സുറിയാനി പദങ്ങൾക്ക് യഥാക്രമം കരുണ, ദയ, കൃപ എന്നീ വാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത് എന്നുവരികിലും അതാതു സുറിയാനി പദത്തിൻ്റെ വ്യാപകമായ അർത്ഥങ്ങൾ ഇവിടെ ഉൾക്കൊള്ളുന്നു എന്ന വസ്തുത ഓർമ്മിക്കേണ്ടതാണ്.
ദൈവത്തിന്റെ കരുണയെയും കൃപയെയും പ്രതി സ്തുതിയും ആരാധനയും
സായാഹ്ന പ്രാർത്ഥനയുടെ പൊതുക്രമത്തിൽ മറിയാ ക്രേസാക് എന്ന 141-ാം സങ്കീർത്തനത്തിനു മുമ്പുള്ള പ്രാർത്ഥന ഇപ്രകാരമാണ്: "ഞങ്ങളുടെ കർത്താവേ, ഞങ്ങളുടെ ദൈവമേ, നിന്റെ കരുണയെയും നിൻ്റെ തിരുവിഷ്ടപ്രകാരം ഞങ്ങളുടെ മേലുള്ള അവൻ്റെ പരിപാലനയെയുംപ്രതി നിന്നെ സ്തുതിക്കുവാനും ആരാധിക്കുവാനും ഞങ്ങൾ കടപ്പെട്ടവരാകുന്നു" (പോൾ ബെഡ്ജാൻ, ഹുദ്റാ, പേജ് 8). ദൈവത്തിൻ്റെ കരുണ നമ്മുടെമേൽ ചൊരിയപ്പെടുന്നതിനുള്ള പ്രതിനന്ദിയാണ് ദൈവാരാധന. ദൈവത്തിന്റെ കരുണയ്ക്കു നന്ദി പ്രകാശിപ്പിക്കുക എന്നത് സൃഷ്ടികളുടെ കടമയാണ്. പ്രത്യേകമായി ഭാഷണചാതുരിയും ബുദ്ധിയും വിവേകവുമുള്ള മനുഷ്യൻ്റെ കടമയാണത്. പ്രപഞ്ചത്തിലുള്ള സർവ സൃഷ്ടിജാലങ്ങളോടുമൊത്ത്, അവയുടെമേലും മനുഷ്യരുടെമേലും ദൈവം ചൊരിയുന്ന കരുണയ്ക്കുവേണ്ടി ദൈവത്തെ സ്തുതിക്കുവാൻ സൃഷ്ടികളുടെയെല്ലാം മകുടമായ മനുഷ്യൻ ബാധ്യസ്ഥനാണ്. ഇപ്രകാരം ദൈവസ്തുതി പാടുന്നതിൻ്റെ ഒരു മനോഹരദൃശ്യമാണ് പ്രഭാതപ്രാർത്ഥനയിലെ ബാറെക് കൊലഹോൻ (സർവചരാചര സൃഷ്ടികളേ, ...) എന്ന കീർത്തനം. ദാനിയേലിന്റെ പുസ്തകം മൂന്നാം അധ്യായത്തിലെ കീർത്തനത്തിൻ്റെ ചുരുക്കരൂപമാണിത്. ദാനിയേലിന്റെ പുസ്തകത്തിൽ കൊടുത്തിരിക്കുന്നതുപോലെ സുറിയാനി ഉറവിടത്തിലെ പ്രാർത്ഥനയിലും, കർത്താവിന്റെ എല്ലാ സൃഷ്ടികളോടുമാണ് കർത്താവിനെ സ്തുതിക്കാൻ ആഹ്വാനം ചെയ്യുന്നത്. ദൈവത്തിൻ്റെ കൃപയുടെയും സ്നേഹത്തിന്റെയും വ്യക്തമായ നിദർശനമായിട്ടാണ് സൃഷ്ടികർമ്മവും പരിപാലനയും നിലകൊള്ളുന്നത്. ദൈവകൃപയും പരിപാലനയും അനുനിമിഷം അനുഭവിക്കുന്ന ഓരോ വിശ്വാസിയും, സഭാമാതാവ് സപ്രാ പ്രാർത്ഥനയിൽ ആഹ്വാനം ചെയ്യുന്നതുപോലെ ഓരോ ശ്വാസോ ഛ്വാസത്തിലും ദൈവത്തെ സ്തുതിക്കുന്നവനായി മാറണം.
സ്തുതിയും ആരാധനയും അർപ്പിക്കൽ, ദൈവത്തിന്റെ കൃപ കൊണ്ടുമാത്രം
ദൈവത്തിന്റെ കരുണ നമ്മുടെമേൽ ചൊരിയപ്പെടുന്നതിനുള്ള പ്രതിനന്ദിയാണ് ദൈവാരാധന എന്നു മനസ്സിലാക്കുമ്പോഴും അതിനുള്ള യോഗ്യത നമുക്കില്ല എന്ന തിരിച്ചറിവ് നമുക്കുണ്ടായിരിക്കണമെന്നാണ് രാതിപ്രാർത്ഥനയിലെ ആദ്യത്തെ സ്ലോസായിലൂടെ സഭ ഉദ്ബോധിപ്പിക്കുന്നത്. അതിപ്രകാരമാണ്: "ഞങ്ങളുടെ കർത്താവേ, ... നിനക്കു സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും നിരന്തരം സമർപ്പിക്കുവാൻ നിൻ്റെ കൃപയുടെ സഹായത്താൽ ഞങ്ങളെ യോഗ്യരാക്കുകയും ചെയ്യണമേ." ദൈവത്തിന്റെ മഹത്വത്തിനു ചേർന്നവിധം സ്തുതിയർപ്പിക്കാൻ സൃഷ്ടിക്കു കഴിവില്ല. നോമ്പുകാലത്തിലെ മധ്യാഹ്നപ്രാർത്ഥനയിലെ(എന്ദാനാ) ആദ്യ കീർത്തനത്തിൽ സഭ പാടുന്നതുപോലെ ദൈവത്തിന്റെ മഹിമകൾ പാടുവാനും ദൈവത്തെ പ്രഘോഷിക്കുവാനും നമ്മുടെ അധരങ്ങൾ തുറക്കുന്നത് മിശിഹായാണ്. രാത്രിപ്രാർത്ഥനയിലെ രണ്ടാമത്തെ സ്ലോസായിൽ, തനിക്ക് ശക്തി ലഭിക്കുന്നത് ദൈവത്തിന്റെ ദയയാലാണെന്ന് ഏറ്റുപറഞ്ഞ് പ്രാർത്ഥിക്കുന്ന വിശ്വാസിയെയാണ് കാണുന്നത്. പ്രാർത്ഥനയ്ക്കായി നാം നമ്മുടെ അധരങ്ങൾ തുറക്കുന്നു എന്ന ധാരണ മാറ്റിവച്ചുകൊണ്ട്, ദൈവത്തെ സ്തുതിക്കുന്നതിനു മാത്രമല്ല; ദൈവത്തോടു യാചിക്കുന്നതിനുപോലും അവിടുത്തെ ദയയുടെ, കരുണയുടെ, കൃപയുടെ വലിയ സഹായം ആവശ്യമാണെന്ന അവബോധം ഉണ്ടാകേണ്ടത് ആവശ്യമാണ്.
ഞങ്ങളുടെ കർത്താവേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ (മാറൻ എസ്രാഹം അലൈൻ)
സുവിശേഷാധിഷ്ഠിതമായ ഒരു പ്രാർത്ഥനയാണ് "ഞങ്ങളുടെ കർത്താവേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ" എന്നത്. ഈശോയെ സമീപിച്ച രണ്ടു കുരുടന്മാരുടെ അർത്ഥനയാണിത് (മത്താ 9,27). അവർ ഈശോയെ
അഭിസംബോധന ചെയ്തത് 'ഞങ്ങളുടെ കർത്താവേ' എന്നതിനു പകരം 'ദാവീദിൻ്റെ പുത്രാ' എന്നാണെന്ന വ്യത്യാസം മാത്രമേ ഇവിടുള്ളു. ആ അന്ധരായ വ്യക്തികൾ കാഴ്ചശക്തിയുടെ പ്രാധാന്യത്തെ ശരിയായി മനസ്സിലാക്കിയവരായിരുന്നു. എന്നിട്ടും അവർ കാഴ്ചശക്തി വേണമെന്ന് കർത്താവിനോടു പറഞ്ഞില്ല. കാരണം അവർ ഉൾക്കാഴ്ചയുള്ളവരായിരുന്നു. ദൈവത്തിൻ്റെ കരുണയാണ് എല്ലാറ്റിലുമുപരിയെന്ന ബോധ്യത്തോടെ അവർ ഈശോയുടെ കരുണയ്ക്കായി യാചിക്കുന്നു. പ്രാർത്ഥനയ്ക്കായി എത്തി നീതീകരിക്കപ്പെട്ടവനായി തിരികെപ്പോയ ചുങ്കക്കാരൻ്റെ പ്രാർത്ഥനയും (ലൂക്കാ 18,13) മറ്റൊന്നല്ല.
സുറിയാനി ഉറവിടങ്ങളിലെ കാറോസൂസാ പ്രാർത്ഥനകളെല്ലാം ഈയൊരു രീതിയാണ് അവലംബിച്ചിരിക്കുന്നത്. കാറോസൂസാ പ്രാർത്ഥനകൾക്ക്, "കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ" എന്ന് ഉത്തരം നല്കുന്നത് സുറിയാനിപ്രാർത്ഥനാ ശൈലിയല്ല. ത്രൈശുദ്ധകീർത്തനത്തിൻ്റെ അന്ത്യത്തിലും സുവിശേഷാധിഷ്ഠിതമായ ഈ പ്രാർത്ഥനയാണ് ചൊല്ലുക. 118-ാം സങ്കീർത്തനം 10-ാം ഭാഗത്തിലെ കാനോനായിൽ സഭാമാതാവ് ഇപ്രകാരം പ്രാർത്ഥിക്കുവാൻ നമ്മെ പഠിപ്പിക്കുന്നു: “കർത്താവേ, ഞങ്ങൾക്കുപകാരപ്രദമായതെന്താണെന്ന് എല്ലാവരേയുംകാൾ അങ്ങേക്കറിയാമല്ലോ. " നമ്മുടെ എല്ലാ ആവശ്യങ്ങളും നമ്മെക്കാളുപരി അറിയുന്നവനായ ദൈവത്തിനുമുമ്പിൽ, ചോദിക്കാതെതന്നെ നമുക്കുപകാരപ്രദമായത് ചെയ്തുതരുന്ന ദൈവത്തിനുമുമ്പിൽ അവിടുത്തെ കരുണ യാചിക്കുന്നതാണ് ഏറ്റവും കരണീയം.
മദ്ധ്യസ്ഥപ്രാർത്ഥനയുടെ വിഷയം: ദൈവത്തിന്റെ കരുണ
ദനഹാക്കാലം റംശായിലെ പ്രാർത്ഥനയിൽ പരിശുദ്ധ കന്യകാമാതാവിനോട് സഭ ഇപ്രകാരം പ്രാർത്ഥിക്കുന്നു: "ഞങ്ങളുടെ രക്ഷകനായ ഈശോയുടെ അമ്മയായ പരിശുദ്ധ കന്യകാമറിയമേ, നിൻ്റെ ഉദരത്തിൽനിന്ന് ഉദയംചെയ്ത പുത്രനോട്, അവൻ്റെ കൃപയാൽ അവൻ ഞങ്ങളിൽനിന്ന് ദുരിതപൂർണ്ണമായ സമയങ്ങളെ നീക്കിക്കളഞ്ഞ് ഞങ്ങളിൽ ശാന്തിയും സമാധാനവും നട്ടുവളർത്തുന്നതിനായി കരുണ യാചിക്കുകയും അപേക്ഷിക്കുകയും ചെയ്യണമേ" (ഹുദ്റാ, പൊതുക്രമം പേജ് 10). മാതാവിനോടുള്ള അർത്ഥനകൾ എപ്രകാരമായിരിക്കണം എന്നുള്ളതിൻ്റെ വ്യക്തമായ ബോധനമാണ് സഭ ഇവിടെ നല്കുന്നത്. അമ്മയോടുള്ള പ്രാർത്ഥന അവളുടെ പുത്രനിലാണ് അന്തിമമായി എത്തിനില്ക്കേണ്ടത് എന്നു മാത്രമല്ല; അവളാകട്ടെ, അവളുടെ പുത്രൻ്റെ കരുണയ്ക്കു മുമ്പിലാണ് നമ്മുടെ അർത്ഥനകൾ സമർപ്പിക്കുന്നത് എന്നുകൂടി സഭ ഇവിടെ പഠിപ്പിക്കുന്നു. ഇപ്രകാരംതന്നെ, “എല്ലാ രാജ്യങ്ങളിലുമുള്ള ദൈവത്തെ പ്രസാദിപ്പിച്ചവരായ പ്രവാചകന്മാരും ശ്ലീഹന്മാരും രക്തസാക്ഷികളും മല്പാന്മാരും, ദൈവം നമ്മുടെ എല്ലാവരുടെയും ആത്മാക്കളിൽ കരുണ ചൊരിയുന്നതിനുവേണ്ടി അപേക്ഷിക്കണമെന്നാണ് ലെലിയായിൽ നാം പ്രാർത്ഥിക്കുന്നത് (ഹുദ്റാ, പൊതുക്രമം, പേജ് 41). ചുരുക്കത്തിൽ, പരിശുദ്ധ അമ്മയും സകല വിശുദ്ധരും നമുക്കുവേണ്ടി ദൈവത്തിൻ്റെ കരുണയാണ് യാചിക്കുകയും അപേക്ഷിക്കുകയും ചെയ്യുന്നത്.
ഏകആശ്രയം: ദൈവകൃപയും കരുണയും ദയയും
തന്റെ കൃപയാലും കരുണയാലും തൻ്റെ മക്കൾക്ക് ആവശ്യമായതെല്ലാം പ്രദാനം ചെയ്യുന്ന ദൈവമാണ് മനുഷ്യവംശത്തിന്റെ ഏകആശ്രയം. അവൻ്റെ കരുണയെക്കുറിച്ചുള്ള പ്രത്യാശയിലാണ് വിശ്വാസികൾ സഭയിൽ ഒരുമിച്ചുകൂടുന്നതും പ്രാർത്ഥിക്കുന്നതും. എന്നുമാത്രമല്ല, വിശ്വാസികളെ ഒരുമിച്ചുകൂട്ടുന്നതും അവന്റെ കരുണയിൽ പ്രത്യാശയർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുവാൻ അവരെ യോഗ്യരാക്കുന്നതും ദൈവമാണ്. ഒരു ഹുത്താമ്മാ പ്രാർത്ഥനയിൽ സഭ ഇക്കാര്യം അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നുണ്ട്: “തന്റെ ഭവനത്തിൽ നമ്മെ ഒരുമിച്ചുകൂട്ടുകയും തൻ്റെ കരുണയിൽ വലിയ പ്രത്യാശയർപ്പിച്ചുകൊണ്ട് മഹനീയമായ തിരുസന്നിധിയിൽ പ്രാർത്ഥിക്കുവാൻ നമ്മെ യോഗ്യരാക്കുകയും ചെയ്ത സകലത്തിന്റെയും നാഥനായ ദൈവം അവൻ്റെ ദയയാൽ നമ്മുടെ പ്രാർത്ഥന കേൾക്കുകയും അവൻ്റെ അലിവിനാൽ നമ്മുടെ യാചന സ്വീകരിക്കുകയും... ചെയ്യട്ടെ. അവന്റെ മാധുര്യത്തിൻ്റെ മഞ്ഞുതുള്ളി നാമെല്ലാവരുടെയുംമേൽ തളിക്കുകയും അവൻ്റെ കൃപയാലും കരുണയാലും അവന്റെ പരിപാലനയുടെ വലതുകരം നമ്മുടെയും സമസ്ത സൃഷ്ടികളുടെയുംമേൽ ആവസിപ്പിക്കുകയും ചെയ്യട്ടെ..." (ഹുദ്റാ, പൊതുക്രമം, പേജ് 17-18).
തന്റെ മക്കൾക്കാവശ്യമായവ ഓരോന്നും എടുത്തുപറഞ്ഞു കൊണ്ട് സഭയായ അമ്മ തിരുനാൾ ദിവസങ്ങളിലെ സപ്രായുടെ ഹുത്താമ്മയിൽ പ്രാർത്ഥിക്കുന്നത് ഇപ്രകാരമാണ്: "ഞങ്ങളുടെ കർത്താവേ, ഞങ്ങളുടെ ദൈവമേ, നിൻ്റെ കൃപയാൽ ഈ പ്രഭാതത്തിൽ, അടിച്ചമർത്തപ്പെട്ടവരെ രക്ഷിക്കുകയും തടവുകാരെ മോചിപ്പിക്കുകയും പീഡിതരെ ഉറപ്പിച്ചുനിർത്തുകയും രോഗികളെ സുഖപ്പെടുത്തുകയും പ്രവാസികളെ തിരികെ കൊണ്ടുവരികയും അടുത്തുള്ളവരെ സംരക്ഷിക്കുകയും ചെയ്യണമേ. പാപികൾക്കു മോചനവും അനുതാപികൾക്കു സ്വീകാര്യതയും നീതിമാന്മാർക്കു പുകഴ്ചയും ദരിദ്രർക്ക് ആവശ്യമായവയും നീ പ്രദാനം ചെയ്യണമേ. നഷ്ടപ്പട്ടവരെ കണ്ടെത്തുന്നതിനും അകന്നുപോയവരെ തിരിച്ചു കൊണ്ടുവരുന്നതിനും വേർപിരിഞ്ഞുപോയവരുടെ നല്ലതും സ്വീകാര്യവുമായ ഓർമ്മ നിലനിർത്തുന്നതിനും ഇടയാക്കുകയും എല്ലാ സൃഷ്ടികൾക്കും നിൻ്റെ കരുണയും ദയയും നല്കുകയും ചെയ്യണമെ. ഞങ്ങളുടെ വംശത്തിൻ്റെ പ്രത്യാശയായ മിശിഹായേ, പാപികളും ബലഹീനരുമായ ഞങ്ങൾക്കും മറ്റെല്ലാ മനുഷ്യർക്കും സഹായകവും നിന്റെ കർതൃത്വത്തിനു പ്രീതികരവുമായവ നിന്റെ കൃപയാലും കരുണയാലും ഞങ്ങൾക്കു പ്രദാനം ചെയ്യണമേ. ഇപ്പോഴും എപ്പോഴും എന്നേക്കും" (ഹുദ്റാ, പൊതുക്രമം, പേജ് 39). മക്കളുടെ എല്ലാ ആവശ്യങ്ങളും സ്വാതന്ത്യത്തോടെ ദൈവത്തോടു പറയുമ്പോഴും ദൈവത്തിന്റെ കരുണയാലും കൃപയാലുമാണ് എല്ലാം ലഭിക്കുന്നത് എന്ന ഉത്തമബോധ്യം അമ്മയായ സഭയ്ക്കുണ്ട്.
നിക്ഷേപാലയത്തിൽ നിന്നുള്ള കരുണയും ദയയും
കൈത്താക്കാലംമുതൽ സ്ലീവായുടെ തിരുനാൾവരെ ചൊല്ലുവാനുള്ള ഒരു പ്രാർത്ഥന ഇപ്രകാരമാണ്: “മിശിഹായേ, നിൻ്റെ ആരാധകർക്ക് ഉത്തരമരുളണമേ. നിൻ്റെ നിക്ഷേപാലയത്തിൽനിന്ന് ദയയും കരുണയും അയച്ചു തരണമേ" (ഹുദ്റാ, പൊതുക്രമം, പേജ് 11). കരുണയും ദയയും ദൈവത്തിന്റെ വ്യക്തിത്വത്തിൻ്റെ തന്നെ ഭാഗമാകയാൽ, ദൈവംതന്നെയാകയാൽ, ചിതലും പുഴുവും നശിപ്പിക്കാത്തതും കള്ളന്മാർ തുരന്നു മോഷ്ടിക്കാത്തതുമായ ഏക നിക്ഷേപാലയമാണ് ദൈവം. എത്രമാത്രം വിതരണം ചെയ്താലും കുറഞ്ഞുപോകുന്നില്ല എന്നതാണ് ആ നിക്ഷേപാലയത്തിലെ സമ്പത്തിന്റെ പ്രത്യേകത. ആ നിക്ഷേപാലയത്തിൻ്റെ മറ്റൊരു പ്രത്യേകതയാണ് അതിൻ്റെ വലിപ്പം. "നിൻ്റെ ദയയുടെ വലിയ നിക്ഷേപാലയത്തിൽനിന്ന് ഞങ്ങളുടെ ആവശ്യങ്ങൾക്കായുള്ള അപേക്ഷകൾക്ക് എല്ലാ കാലങ്ങളിലും സമയങ്ങളിലും നീ ഉത്തരം തരണമേ” (ഹുദ്റാ, പൊതുക്രമം, പേജ് 24) എന്നാണ് ലെലിയായിൽ സഭ പ്രാർത്ഥിക്കുന്നത്. ജാഗരണപ്രാർത്ഥനയിൽ ദയയുടെ നിക്ഷപാലയത്തിനു കൊടുത്തിരിക്കുന്ന വിശേഷണം "കവിഞ്ഞൊഴുകുന്ന” (ഹുദ്റാ, പൊതുക്രമം, പേജ് 25) എന്നതാണ്. കരുണയും ദയയും യാചിക്കുന്നവർക്ക് എല്ലായ്പ്പോഴും നല്കിക്കൊണ്ടിരുന്നാലും തീർന്നുപോകാത്ത, കവിഞ്ഞൊഴുകുന്ന വലിയ നിക്ഷേപമാണ് ദൈവത്തിൻ്റെ ദയയും കരുണയും.
കരുണയുടെ പിതാവ് (ആവാ ദ്റഹ്മേ)
റംശായിലെ കാറോസൂസാ പ്രാർത്ഥനയിലേക്കു കടക്കുമ്പോൾ കരുണ യാചിക്കുവാൻ സമൂഹത്തെ ആഹ്വാനംചെയ്തതിനുശേഷം മശംശാനാ ആദ്യം വിളിച്ചപേക്ഷിക്കുന്നത് "ഞങ്ങളുടെ പാപത്തിനു പരിഹാരമർപ്പിക്കുവാൻ പാപമയമായ മനുഷ്യശരീരത്തിന്റെ സാദൃശ്യത്തിൽ, സ്വപുത്രനെ ഞങ്ങളുടെ പക്കലേക്കയച്ച കരുണയുടെ പിതാവും ആശ്വാസത്തിന്റെ ദൈവവുമായ കർത്താവേ, ..." എന്നാണ് (ഹുദ്റാ, വാല്യം 1, പേജ് 341). ഇതുകൊണ്ടർത്ഥമാക്കുന്നത് ദൈവത്തോടു കരുണ യാചിക്കുന്നതിൻ്റെ അടിസ്ഥാനംതന്നെ പിതാവായ ദൈവം കാരുണ്യവാനാണെന്നതാണ്. ഇവിടെ കരുണയുടെ പിതാവ് എന്നാണ് സുറിയാനിയിൽ നാം കാണുന്നത്. കരുണയുടെ പിതാവ് എന്നു പറയുമ്പോൾ ഇവിടെ 'കരുണ' മിശിഹായെ സൂചിപ്പിക്കുന്നതായും നക്ക് മനസ്സിലാക്കാം. സത്തയിൽ പിതാവിനോടു തുല്യനായ പുത്രവം കരുണയാണെങ്കിൽ പിതാവും കരുണതന്നെ. കാറോസൂസായിൽ വീണ്ടും വിളിക്കുന്നത് "എല്ലാറ്റിനെയും കരുണാപൂർവം നയിക്കുന്ന കാരുണ്യവാനായ ദൈവമേ ..." (ആലാഹാ മറഹ്മാനാ ഹാവ് ദവ്റഹ്മേ മ്ദമ്പർ ല്കോൽ: ഹുദ്റാ, വാല്യം 1 പേജ് 341) എന്നാണ്. വീണ്ടും, “തന്റെ കരുണയിൽ സമ്പന്നനും ദയയാൽ കവിഞ്ഞൊഴുകുന്നവനുമായവനേ..." (ഹുദ്റാ, വാല്യം 1, പേജ് 342) എന്നു വിളിച്ച് സഭ പ്രാർത്ഥിക്കുന്നു. ചുരുക്കത്തിൽ, കാറോസൂസാ തുടക്കംമുതൽ ഒടുക്കംവരെ പിതാവായ ദൈവത്തിന്റെയും മിശിഹായുടെയും കാരുണ്യത്തിന്റെ ഏറ്റുപറച്ചിലും യാചനയുമാണ്.
യാമപ്രാർത്ഥനകൾ: ദൈവകാരുണ്യത്തിന്റെ പ്രകീർത്തനം
മംഗളവാർത്തക്കാലം ഒന്നാം ഞായർ ജാഗരണപ്രാർത്ഥനയിൽ (ഖാലാ ദ്ശഹറാ) മനുഷ്യാവതാരസംഭവത്തോടു ബന്ധപ്പെടുത്തി പിതാവിൻ്റെ കരുണയെ കടലിനോടാണ് താരതമ്യപ്പെടുത്തിയിരിക്കുന്നത്. അവിടെ ഇപ്രകാരം കാണുന്നു: "ദൈവമേ, നിന്റെ കാരുണ്യക്കടലിൻ്റെ (ല്യമ്മാ ദ്റഹ്മാനൂസാക്) ആഴം ഗ്രഹിക്കാൻ കഴിയുന്ന മനസ്സേത്? അനാദികാലംമുതൽ ദൈവത്തിനുണ്ടായിരുന്ന സമ്പത്തിന്റെയും ബുദ്ധിയുടെയും ആഴമേ! തൻ്റെ സ്നേഹത്താൽ തൻ്റെ വചനത്തെ നമുക്കായി അയയ്ക്കുവാൻ അവൻ തിരുമനസ്സായി" (ഹുദ്റാ, വാല്യം 1, പേജ് 59). ലെലിയായിൽ ഓനീസാദ് മൗത്വായ്ക്കു മുമ്പുള്ള സ്ലോസാ ഇപ്രകാരമാണ്: "സകല സഹായങ്ങളുടെയും നിക്ഷേപാലയവും നന്മകളുടെ ഉറവിടവും അനുകമ്പയുടെയും (ഹാനാ) കാരുണ്യത്തിൻ്റെയും (റഹ്മാനൂസാ) കവിഞ്ഞൊഴുകുന്ന സാഗരവും... ആയ കർത്താവേ, നിനക്കു സഹജമായിരിക്കുന്നവിധം ഞങ്ങളിലേക്കു തിരിഞ്ഞ് എപ്പോഴും ഞങ്ങളുടെ മേൽ ദയയും കരുണയുമായിരിക്കണമേ" (ഹുദ്റാ, വാല്യം 1, പേജ് 24-25).
രക്ഷ മിശിഹായുടെ കൃപയുടെ ഫലം
റംശായുടെ കാറോസൂസാ, മ്ശംശാനാ അവസാനിപ്പിക്കുന്നത് ഇപ്രകാരം പ്രാർത്ഥിച്ചുകൊണ്ടാണ്: "ഞങ്ങളുടെ കർത്താവായ മിശിഹായേ, നിൻ്റെ കൃപയാൽ ഞങ്ങളെ എല്ലാവരേയും രക്ഷിക്കണമേ... ഞങ്ങളുടെമേൽ കരുണയായിരിക്കുകയും ചെയ്യണമേ" (ഹുദ്റാ, വാല്യം 1, പേജ് 342). സ്വന്തം ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ച, എല്ലാവിധ സൗഭാഗ്യങ്ങളും നല്കി പറുദീസായിൽ മനുഷ്യനെ പരിപാലിച്ച, അവൻ്റെ സ്നേഹിതനായി കൂടെ നടന്ന ദൈവത്തെ, ആദ്യമനുഷ്യനായ ആദം ധിക്കരിക്കുന്നതിന്റെ ചിത്രമാണ് പഴയനിയമത്തിലെ ആദ്യ അദ്ധ്യായം കാണിച്ചു തരുന്നത്. എന്നാൽ, പുതിയനിയത്തിലെ ആദ്യ അദ്ധ്യായങ്ങൾ പുതിയ ആദമായ മിശിഹായുടെ അനുസരണത്തിന്റെയും അവനിലൂടെ കൈവന്ന മനുഷ്യരക്ഷയുടെയും പ്രത്യാശാപൂരിതമായ ചിത്രമാണ് വരച്ചുകാട്ടുന്നത്.
പഴയനിയമത്തിൽ ആട്ടിൻകുട്ടികളുടെയും കാളക്കിടാങ്ങളുടെയും രക്തം പാപപരിഹാരത്തിനായി സമർപ്പിക്കപ്പെട്ടു. അതിലൂടെ തങ്ങളുടെ പാപങ്ങൾ മോചിക്കപ്പെട്ട് തങ്ങൾ രക്ഷിക്കപ്പെട്ടതായി അവർ മനസ്സിലാക്കി. എന്നാൽ വിശുദ്ധ ലിഖിതങ്ങൾ വളരെ വ്യക്തമായി പഠിപ്പിക്കുന്നതുപോലെ ആരാധകരുടെ മനസ്സാക്ഷിയെ പൂർണ്ണമായി ശുദ്ധീകരിക്കുവാൻ കഴിയാത്ത ആ ബലികൾക്കു പകരം സ്വന്തം രക്തം സമർപ്പിച്ചുകൊണ്ട് പുതിയനിയമത്തിലെ കുഞ്ഞാടായ മിശിഹാ, ലോകത്തിൻ്റ പാപം വഹിക്കുന്ന ദൈവത്തിന്റെ കളങ്കമില്ലാത്ത കുഞ്ഞാട് മനുഷ്യരക്ഷ സാധിച്ചു. അതുകൊണ്ടാണ് ലെലിയായിലെ കാറോസൂസായുടെ അവസാനം സഭ ഇപ്രകാരം പ്രാർത്ഥിക്കുന്നത്: "ഞങ്ങളുടെ കർത്താവായ മിശിഹായേ, നിന്റെ വരവിൽ ഞങ്ങളെ വിജയശ്രീലാളിതരാക്കുകയും നിൻ്റെ തിരുരക്തത്താൽ നീ വീണ്ടെടുത്ത സഭയ്ക്ക് ശാന്തി പ്രദാനം ചെയ്യുകയും ഞങ്ങളുടെമേൽ കരുണയായിരിക്കുകയും ചെയ്യണമേ" (ഹുദ്റാ, വാല്യം 1, പേജ് 345).
മനുഷ്യാവതാരത്തിൽ വെളിപ്പെടുന്ന കരുണ കൃപയും
സഭാമാതാവ് അവളുടെ യാമപ്രാർത്ഥനയിൽ ഇപ്രകാരം ഉദ്ഘോഷിക്കുന്നു: "തൻ്റെ കരുണയാൽ നമ്മുടെ വംശത്തിലേക്ക് താണിറങ്ങി നമ്മുടെ മനുഷ്യത്വം ധരിച്ച സ്രഷ്ടാവിന് മാലാഖാമാരും മനുഷ്യരും സ്തുതിയർപ്പിക്കും" (ഹുദ്റാ, വാല്യം 1, പേജ് 57). “അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി" എന്നുള്ള മാലാഖാമാരുടെ പ്രകീർത്തനത്തിൻ്റെ പശ്ചാത്തലം മനുഷ്യാവതാര സംഭവമാണ്. മംഗളവാർത്തക്കാലത്തെ മാറിവരുന്ന പ്രാർത്ഥനകളിലെ പ്രധാന പ്രതിപാദനവിഷയംതന്നെ ഇതാണ്. മംഗളവാർത്ത ഒന്നാം ഞായർ ഓനീസാ ദ്വാസാലിഖേയിൽ നാം കാണുന്നു: "പിതാവായ ദൈവത്തിൽനിന്നുള്ള വചനമായ ദൈവം ദാസൻ്റെ രൂപം സ്വീകരിച്ചത് മാലാഖാമാരിൽ നിന്നല്ല; പിന്നെയോ അബ്രാഹത്തിന്റെ സന്തതിയിൽ നിന്നാണ്. തൻ്റെ കൃപയാൽ നമ്മുടെ വംശത്തെ തെറ്റിൽനിന്ന് രക്ഷിക്കുവാനായി അവൻ നമ്മുടെ മനുഷ്യവംശത്തിലേക്കു വന്നു" (ഹുദ്റാ, വാല്യം 1, പേജ് 54). പാപത്തിന്റെ ഫലം ഭക്ഷിച്ച ഹാവായുടെ തെറ്റിനു പരിഹാരം ചെയ്യാൻ, രണ്ടാം ഹാവായായ മറിയത്തിൽനിന്ന് മിശിഹാ ശരീരമെടുത്തു മനുഷ്യനായി. മനുഷ്യനെ ദൈവികനാക്കുവാൻ മനുഷ്യസൃഷ്ടി നടത്തിയ ദൈവ ത്തിന്റെ കരുണ, പാപംമൂലം അധഃപതിച്ച മനുഷ്യനെ വീണ്ടും ദൈവികനാക്കുവാൻ മനുഷ്യനാകുന്ന അത്ഭുതസംഭവമാണ് മിശിഹായുടെ മനുഷ്യാവതാരം. തൻ്റെ ജനത്തിൻ്റെ പിതാവാകുവാൻ പഴയനിയമത്തിൽ ദൈവം തെരഞ്ഞെടുത്ത അബ്രാഹത്തോടുള്ള ഉടമ്പടിയുടെ പൂർത്തീകരണമായിരുന്നു അബ്രാഹത്തിന്റെ തലമുറയിലുള്ള അവൻ്റെ ജനനം. ദൈവത്തിൻ്റെ വലിയ കൃപയും വിശ്വസ്തതയുമാണ് അതിൻ്റെ പൂർണ്ണമായ അർത്ഥത്തിൽ ഈശോയുടെ മനുഷ്യാവതാരത്തിൽ നമുക്കു വെളിപ്പെടുന്നത്.
സൃഷ്ടിയും ദൈവത്തിൻ്റെ കൃപയും
ഓനീസാ ദ്വാസറിൽത്തന്നെ നാം കാണുന്നു: "ആദിയിൽ നിന്റെ കൃപയാൽ നീ ഞങ്ങളുടെ വംശത്തെ സൃഷ്ടിച്ചു" (ഹുദ്റാ, പൊതുക്രമം, പേജ് 8). ദൈവത്തിന്റെ കൃപയാണ് ഇവിടുത്തെ പ്രതിപാദനവിഷയം. സപ്രായിൽ ആദ്യത്തെ സങ്കീർത്തനത്തിൽ (സ ങ്കീ 100) നാം ഉദ്ഘോഷിക്കുന്നു: നാമല്ല; അവനാണ് നമ്മെ സൃഷ്ടിച്ചത്. സപ്രായിലെ ആദ്യത്തെ സ്ലോസായിൽ തൻ്റെ കൃപയാൽ പ്രകാശത്തെ സൃഷ്ടിച്ചവൻ (ഹുദ്റാ, പൊതുക്രമം പേജ് 29). എന്നാണ് സഭ ദൈവത്തെ വിശേഷിപ്പിക്കുന്നത്. സപ്രായിലെതന്നെ മറ്റൊരു സ്ലോസായിൽ: ഞങ്ങളുടെ കർത്താവേ.... നീ സൃഷ്ടിച്ച എല്ലാ സൃഷ്ടികളും നിനക്കു സ്തുതിയും കൃതജ്ഞതയും അർപ്പിക്കുന്നു. എന്തുകൊണ്ടെന്നാൽ, അവയുടെ സത്യപ്രകാശവും, തന്റെ കൃപയാലും കരുണയാലും ലോകത്തെയും സൃഷ്ടികളെയും പ്രകാശിപ്പിക്കുന്നവനും നീ മാത്രമാകുന്നു (ഹുദ്റാ, പൊതുക്രമം, പേജ് 30). ലോകത്തിലുള്ള സമസ്തവും ദൈവത്തിൻ്റെ സൃഷ്ടികളാണ് എന്നുമാത്രമല്ല എല്ലാറ്റിനെയും പ്രകാശിപ്പിക്കുന്നത്, ജീവസ്സുറ്റതാക്കി നിലനിർത്തുന്നത് ദൈവമാണെന്ന സത്യമാണ് സഭ ഇവിടെ ഏറ്റുപറയുന്നത്. “കർത്താവിൻ്റെ സൃഷ്ടികളേ, കർത്താവിനെ സ്തുതിക്കുവിൻ" എന്ന് സഭ ബാറെക് കൊലഹോനിൽ ആഹ്വാനം ചെയ്തശേഷം ഓരോന്നിൻ്റെയും പേരെടുത്തു പറഞ്ഞ് സ്തുതിക്കുവാൻ ആവശ്യപ്പെടുന്നത് ഈയൊരു അവബോധത്തിൽ സഭാമക്കളെ ആഴപ്പെടുത്തുന്നതിനുവേണ്ടിയാണ്.
ദയയും കരുണയും ദൈവത്തിനു സഹജം
റംശാ പൊതുക്രമത്തിൽ ഓർമ്മത്തിരുനാൾ ദിവസങ്ങളിലേക്കുള്ള ധൂപാർപ്പണപ്രാർത്ഥനയിൽ ഇപ്രകാരം കാണുന്നു: “നല്ലവനും മാധുര്യവാനും ദയയും കരുണയും നിറഞ്ഞവനും... ആയവനേ, നിന്നെ ഞങ്ങൾ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു" (ഹുദ്റാ, പൊതുക്രമം, പേജ് 4). ഓർമ്മത്തിരുനാൾ ദിവസങ്ങളിലേക്കുള്ള മറ്റൊരു പ്രാർത്ഥന ഇപ്രകാരമാണ്:
"വിശുദ്ധരിൽ വസിക്കുകയും അവരിൽ സംപ്രീതനാവുകയും ചെയ്യുന്ന... ഞങ്ങളുടെ കർത്താവേ,... നിനക്കു സഹജമായിരിക്കുന്നതുപോലെ എപ്പോഴും ഞങ്ങളിലേക്കു തിരിയുകയും ഞങ്ങളോടു ക്ഷമിക്കുകയും ഞങ്ങളുടെമേൽ കരുണയായിരിക്കുകയും ചെയ്യണമേ" (ഹുദ്റാ, പൊതുക്രമം, പേജ് 10). നമ്മുടെ വിശുദ്ധ കുർബാനയിലും ഈ പ്രാർത്ഥനതന്നെ കാണാവുന്നതാണ്. ദയയും കരുണയും ദൈവത്തിനു സഹജമാണ് എന്ന് ആവർത്തിച്ചുപറയുന്ന ശൈലി പൗരസ്ത്യ സുറിയാനി പ്രാർത്ഥനകളുടെ പ്രത്യേകതയാണ്. സഭയുടെ ഔദ്യോഗിക പ്രാർത്ഥനകളിലെല്ലാം ദൈവത്തിൻ്റെ നന്മകളോരോന്നും ഗുണഗണങ്ങളും എടുത്തുപറഞ്ഞ് ദൈവത്തെ മഹത്വപ്പെടുത്തുന്ന രീതിയാണുള്ളത്. മനുഷ്യൻ്റെ പാപാവസ്ഥയും ബലഹീനതയും ഏറ്റുപറഞ്ഞ് ദൈവത്തിൻ്റെ കരുണ യാചിക്കലും സഭയുടെ പ്രാർത്ഥനയുടെ സവിശേഷതയാണ്. ദൈവമഹത്വവും മനുഷ്യവിശുദ്ധീകരണവുമാണ് ദൈവാരാധനയുടെ രണ്ടു ലക്ഷ്യങ്ങളെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുമ്പോൾ സഭാമാതാവ് ഉദ്ദേശിക്കുന്നതും ഇതു തന്നെയാണ്.
പ്രാർത്ഥന ശ്രവിക്കലും യാചന സ്വീകരിക്കലും -ദൈവത്തിന്റെ ദയയാൽ
ഓനീസാ ദ്വാസറിനു മുമ്പുള്ള പ്രാർത്ഥന ഇപ്രകാരമാണ്: "ഞങ്ങളുടെ കർത്താവേ, ഞങ്ങളുടെ ദൈവമേ, നിൻ്റെ ദയയാൽ നിന്റെ ദാസരായ ഞങ്ങളുടെ പ്രാർത്ഥന കേൾക്കുകയും നിന്റെ ദയയാൽ നിന്റെ ആരാധകരുടെ യാചന സ്വീകരിക്കുകയും ചെയ്യണമേ" (ഹുദ്റാ, പൊതുക്രമം, പേജ് 8). ഒരു വിശ്വാസി എങ്ങനെ പ്രാർത്ഥിക്കണം എന്നതാണ് സഭ ഈ പ്രാർത്ഥനയിലൂടെ പഠിപ്പിക്കുന്നത്. സഭയുടെ പ്രാർത്ഥനയാണ്, ദൈവാരാധനയാണ് ഒരുവൻ്റെ പരിശീലനക്കളരി. താൻ എപ്രകാരം ജീവിക്കണമെന്നും പ്രാർത്ഥിക്കണമെന്നുമെല്ലാം വിശ്വാസി പഠിക്കുന്നത് അവന്റെ സഭയുടെ പ്രാർത്ഥനയിൽനിന്നാണ്. ദൈവം തങ്ങളുടെ പ്രാർത്ഥന കേൾക്കണമെന്ന അഭിലാഷം സഭാസമൂഹം ദൈവത്തോടു പറയുന്ന അവസരങ്ങളിലെല്ലാംതന്നെ ദൈവത്തിൻ്റെ കരുണയും, ദയയും, കൃപയും അനുസ്മരിച്ചുകൊണ്ടാണ് പ്രാർത്ഥന യാചിക്കുന്നത്. ദൈവം നമ്മുടെ പ്രാർത്ഥന കേൾക്കണമെന്നുള്ളത് നമുക്ക് നമ്മുടെ യോഗ്യതയുടെ പേരിൽ അവകാശപ്പെടുവാൻ സാധിക്കുന്ന ഒരു കാര്യമല്ല; മറിച്ച് ദൈവത്തിൻ്റെ ദയയുടെയും, കരുണയുടെയും ഫലമായി, ദൈവത്തിന്റെ നല്ല മനസ്സിൻ്റെ ഫലമായി നമുക്ക് ലഭിക്കുന്ന ഒരു വലിയ ഔദാര്യമാണ് എന്ന ഏറ്റുപറച്ചിലാണ് ഇവിടെ നടക്കുന്നത്.
മനുഷ്യവംശത്തിനു നേർക്കുള്ള ഫൈബൂസാ
ഞായർ, തിരുനാൾ ദിവസങ്ങളിലേക്കുള്ള ധൂപാർപ്പണ പ്രാർത്ഥനയിൽ ഇപ്രകാരം കാണുന്നു: "ഞങ്ങളുടെ വംശത്തിനു നേർക്കുള്ള നിൻ്റെ കൃപയ്ക്കായി നിൻ്റെ മഹത്വമേറിയ ത്രിത്വത്തിന്റെ ഉന്നതവും ഭീതിജനകവും പരിശുദ്ധവും സ്തുത്യർഹവുമായ നാമത്തിന് സ്തുതിയും ആരാധനയും പുകഴ്ചയും നിരന്തരം സമർപ്പിക്കുവാൻ ഞങ്ങൾ കടപ്പെട്ടവരാകുന്നു" (ഹുദ്റാ, പൊതുക്രമം, പേജ് 3). ദൈവത്തിൻ്റെ കൃപയും കരുണയും ദയയുമെല്ലാം വ്യക്തിപരമായി അനുഭവിക്കുന്നവനാണ് ഓരോ വിശ്വാസിയും. ദൈവം ഓരോരുത്തരേയും വ്യക്തിപരമായി അറിയുകയും സ്നേഹിക്കുകയും വിളിക്കുകയും തിരഞ്ഞെടുക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്നു എന്നതാണ് അതിനുള്ള കാരണം. എന്നാൽ ഈ വിളിയും തിരഞ്ഞെടുപ്പും വിശുദ്ധീകരണപ്രക്രിയയുമെല്ലാം മനുഷ്യരെ ഒറ്റപ്പെട്ട വ്യക്തികളാക്കി. തുരുത്തുകളാക്കി നിർത്താനുള്ളതല്ല; മറിച്ച്, ദൈവം ഒരേസമയം ഏകവും ത്രിത്വവും ആയിരിക്കുന്നതുപോലെ വ്യക്തികളിലൂടെ ഒരു കൂട്ടായ്മയെ, സഭയെ രൂപപ്പെടുത്താനുള്ളതാണ്. പഴയനിയമത്തിൽ അബ്രാഹത്തിലൂടെ ഒരു ജനതയെ രൂപപ്പെടുത്തിയ, മുശെയിലൂടെ ഒരു സമൂഹത്തെ മുഴുവൻ മെസ്രേനിൽ നിന്നു വിമോചിപ്പിച്ച് തന്റെ സ്വന്തം ജനമാക്കിത്തീർത്ത, പുത്രനായ മിശിഹായുടെ ജനന, മരണോത്ഥാനരഹസ്യത്തിലൂടെ മനുഷ്യവംശത്തിന്റെ മുഴുവൻ പാപം കഴുകിക്കളഞ്ഞ ദൈവമാണ് നമ്മുടെ ദൈവം. ദൈവം തൻ്റെ കൃപയും കരുണയുമെല്ലാം ഒഴുക്കിയിരിക്കുന്നത് മനുഷ്യവംശത്തിലേക്കാണ്. ത്രിയേക ദൈവത്തിൻ്റ ഈ കൃപാദാനം മനുഷ്യരക്ഷക്കായുള്ള പരിപാലനാപദ്ധതിയാണ്. മനുഷ്യ വംശത്തിനു മുഴുവനുമായുള്ള ദാനമാണ്. അതുകൊണ്ടുതന്നെ സഭയുടെ പ്രാർത്ഥന മനുഷ്യവംശം മുഴുവനെയും, ലോകം മുഴുവനെയും ഉൾക്കൊണ്ടുകൊണ്ടുള്ള പ്രാർത്ഥനയാണ്, യാചനയാണ്, നന്ദിപ്രകാശനമാണ്. വിശ്വാസികൾ തങ്ങളുടെ വ്യക്തിപരമായ പ്രാർത്ഥനകളിലും ഈ ചൈതന്യം തന്നെയാണ് നിലനിർത്തേണ്ടത്.
സഭയുടെ നേർക്കുള്ള ദൈവത്തിന്റെ ഗൈബൂസാ
സകലത്തിന്റെയും നാഥാ, എന്ന ഗീതത്തിനു മുമ്പുള്ള സ്ലോസായിൽ സഭ പ്രാർത്ഥിക്കുന്നു: "നീ ഞങ്ങൾക്കു നല്കിയിട്ടുള്ളതും എന്നാൽ കൃതജ്ഞത പ്രകാശിപ്പിക്കുവാൻ കഴിയാത്തതുമായ നിന്റെ എല്ലാ സഹായങ്ങൾക്കും കൃപകൾക്കുമായി സകല സഹായങ്ങളും സൗഭാഗ്യങ്ങളും നിറഞ്ഞ് മുടിചൂടി നില്ക്കുന്ന സഭയിൽ ഞങ്ങൾ നിന്നെ നിരന്തരം ഏറ്റുപറയുകയും മഹത്വപ്പെടുത്തുകയും ചെയ്യട്ടെ" (ഹുദ്റാ, പൊതുക്രമം, പേജ് 4). പഴയനിയമത്തിലെ ഇസ്രായേലിൻ്റെ സ്ഥാനത്തു നില്ക്കുന്ന ദൈവജനമാണ് സഭ. സഭയുടെ രൂപീകരണവും നിലനില്പുമെല്ലാം ദൈവത്തിന്റെ അനന്തമായ കൃപയുടെ ഫലമാണ്. സഭയുടെ നേർക്കുള്ള ദൈവത്തിൻ്റെ ഏറ്റവും വലിയ കൃപയാണ് ഈശോമിശിഹാ. ഈശോയുടെ മനുഷ്യാവതാരവും അവനിലൂടെ നിറവേറപ്പെട്ട രക്ഷാപദ്ധതിയുമെല്ലാം ദൈവത്തിൻ്റെ വലിയ കൃപയുടെ വെളിപ്പെടുത്തലുകളാണ്. അതിന്റെ മൂല്യം വളരെ വിലയേറിയതായതുകൊണ്ടാണ്, "നീ ഞങ്ങൾക്കു നല്കിയിട്ടുള്ളതും എന്നാൽ കൃതജ്ഞത പ്രകാശിപ്പിക്കുവാൻ കഴിയാത്തതുമായ നിൻ്റെ എല്ലാ സഹായങ്ങൾക്കും കൃപകൾക്കുമായി" എന്ന് സഭ ഉദ്ഘോഷിക്കുന്നത്. ദൈവം കാലാകാലങ്ങളിലൂടെ സഭയിലും ലോകത്തിലും ചൊരിഞ്ഞുകൊണ്ടിരിക്കുന്ന കൃപകൾക്കുള്ള പ്രതിനന്ദിയായി ദൈവത്തെ നിരന്തരം ഏറ്റു പറയുവാനും മഹത്വപ്പെടുത്തുവാനുമുള്ള സഭയുടെ അഭിവാഞ്ഛ സഭാംഗങ്ങളായ നമ്മിലൂടെയാണ് പൂർത്തീകരിക്കപ്പെടേണ്ടത്. സഭയുടെ രൂപീകരണത്തിലെന്നപോലെ സഭാസന്താനങ്ങളുടെ സംരക്ഷണത്തിലും ദൈവത്തിൻ്റെ കൃപയാണ് വ്യക്തമാകുന്നതെന്ന് സഭയാമപ്രാർത്ഥനയിലൂടെ പഠിപ്പിക്കുന്നു. സ്ലീവായുടെ തിരുനാളിനു ശേഷമുള്ള ആഴ്ചചകളിലെ ശൂറായായ്ക്കു മുമ്പുള്ള പ്രാർത്ഥന ഇപ്രകാരമാണ്. “നിൻ്റെ സ്ലീവായാൽ നിൻ്റെ സഭയെ ഉയർത്തണമേ. അവളുടെ സന്താനങ്ങളെ നിൻ്റെ കൃപയാൽ കാത്തുകൊള്ളണമേ" (ഹുദ്റാ, പൊതുക്രമം, പേജ് 12). "അജഗണത്തിൻ്റെ രക്തത്തിനായി ദാഹിക്കുന്ന ചെന്നായ്ക്കൾ അവയെ ഉപദ്രവിക്കാതെ ഉറക്കമിളച്ചു കാവൽ നില്ക്കുന്ന സംരക്ഷകനായ കർത്താവേ,...” (ഹുദ്റാ, പൊതുക്രമം, പേജ് 15-16) എന്നാണ് റംശായിലെ ഒരു സഹായാഭ്യർത്ഥനയിൽ സഭ ദൈവത്തെ വിളിക്കുന്നത്.
സഭയുടെ അടിസ്ഥാനമുറപ്പിക്കൽ ദൈവത്തിന്റെ ദയ
പള്ളിക്കൂദാശാക്കാലം റംശാ ശൂറായായ്ക്കു മുമ്പുള്ള സ്ലോസാ ഇപ്രകാരമാണ്: "നിൻ്റെ ദയയാൽ നിൻ്റെ സഭയുടെ അടിസ്ഥാനങ്ങൾ ഉറപ്പിക്കണമേ. നിൻ്റെ കൃപയാൽ അവളുടെ കതകിന്റെ സാക്ഷാകൾ ബലപ്പെടുത്തണമേ" (ഹുദ്റാ, പൊതുക്രമം, പേജ് 12). സഭയുടെ ഉത്ഭവവും അവളുടെ സുരക്ഷിതമായ നിലനില്പും ദൈവത്തിന്റെ ദയയുടെയും കൃപയുടെയും ഫലമാണ് എന്ന അടിസ്ഥാന സത്യമാണ് സഭ ഇവിടെ ഏറ്റുപറയുന്നത്. സഭാസന്താനങ്ങൾ ബലഹീനമായ സ്വഭാവത്തിൻ്റെ ഉടമകളായതിനാൽ അവരെ പാപത്തിൽ വീഴിക്കാൻ ദുഷ്ടശത്രു എപ്പോഴും പരിശ്രമിച്ചുകൊണ്ടിരിക്കും. സഭയുടെ സന്താനങ്ങളെ വിശ്വാസത്തിൽ ദൃഢചിത്തരും വിശുദ്ധരുമായി നിലനിർത്തുന്നത് ദൈവത്തിൻ്റെ ദയയും കരുണയുമാണ്. സഭയാകുന്ന കോട്ടയുടെ വാതിലുകളെ ബലവത്തായി സംരക്ഷിച്ച് ദുഷ്ടന്റെ ആക്രമണത്തിൽനിന്ന് വിശ്വാസികളെ സംരക്ഷിക്കുന്നതും ദൈവത്തിന്റെ പ്രവർത്തനനിരതമായ നന്മയുടെ, കൃപയുടെ അടയാളമാണ്.
ജീവൻ നല്കുന്ന കൃപയും ദയയും
ഓനീസാ ദഖ്ദത്തിൽ സഭ ഇപ്രകാരം പാടുന്നു: "ഞങ്ങളുടെ പിതാവായ ആദത്തിൻ്റെ സ്രഷ്ടാവായ, ഞങ്ങളുടെ മരണത്തിന്റെയും ജീവന്റെയും പ്രത്യാശയായ, ദൈവത്തിലാകുന്നു ഞങ്ങളുടെ ശരണം. ലോകവും അതിൻ്റെ സന്തോഷങ്ങളും ഒന്നുമല്ല. നിന്റെ കൃപയാൽ ഞങ്ങളെ ഉയിർപ്പിച്ച് ഞങ്ങൾക്കു ജീവൻ നല്കണമേ” (ഹുദ്റാ, പൊതുക്രമം, പേജ് 8). ഓനീസാ ദ്വാറിൽ വീണ്ടും കാണുന്നു: "അവസാനമില്ലാത്ത, വാഗ്ദാനം ചെയ്യപ്പെട്ട ജീവൻ അവൻ്റെ ദയയാൽ അവൻ ഞങ്ങൾക്കു നല്കി" (ഹുദ്റാ, പൊതുക്രമം, പേജ് 9). ജനനത്താൽത്തന്നെ അവകാശമായിക്കിട്ടിയ ജീവൻ, ദുഷ്ട്ടപിശാചായ സർപ്പത്തിൻ്റെ പഴത്തിനു പകരമായി പണയംവച്ച് മരണത്തിൻ്റെ വിനാശത്തിലേക്കു കൂപ്പുകുത്തിയ ആദ്യ മനുഷ്യനും അവൻ്റെ സന്തതിപരമ്പരയ്ക്കും മരണത്തെ മറികടക്കാനാവാത്ത അവസ്ഥ വന്നു. എന്നാൽ രണ്ടാമത്തെ ആദമായ ദൈവപുത്രൻ, പിതാവിൻ്റെ ഏകജാതൻ മരണത്തെ മറികടന്ന് ജീവന്റെ ദാതാവായി; മനുഷ്യവർഗ്ഗത്തിന് പ്രത്യാശയുടെയും ജീവന്റെയും വഴിതുറന്നു. അവൻ്റെ പീഡാസഹനവും മരണവും ഉത്ഥാനവും മനുഷ്യവംശത്തിനു ജീവൻ നല്കാനുള്ള ദൈവത്തിൻ്റെ ഏറ്റവും വലിയ കൃപയായിരുന്നു. ഇക്കാര്യം വിശുദ്ധ കുർബാനയിലെ അനുരഞ്ജന കാറോസൂസായിലും സഭ വളരെ കൃത്യമായി വ്യക്തമാക്കുന്നുണ്ട്. ഈശോയുടെ പീഡാനുഭവ, മരണ, ഉത്ഥാന, സ്വർഗ്ഗാരോഹണ രഹസ്യങ്ങളെക്കുറിച്ചു പറഞ്ഞശേഷം മശംശാനാ ഉടനെ പറയുന്നത്, ഈ കൃപ നാം അനുസ്മരിക്കുവാൻവേണ്ടി അവിടുന്നു വിശുദ്ധരഹസ്യങ്ങൾ നമുക്കു നല്കി എന്നാണ്. മനുഷ്യനായിത്തീർന്ന ദൈവത്തിൻ്റെ മരണത്തിൽനിന്നുള്ള ഉയിർപ്പും സ്വർഗാരോഹണവുമാണ് മനുഷ്യവംശത്തിന്റെ നിത്യജീവനും ജീവനിലുള്ള പ്രത്യാശയ്ക്കും അടിസ്ഥാനം.
പാപാവസ്ഥയിൽ അലിവു തോന്നൽ - കൃപയാലും കരുണയാലും
ഓനീസാ ദ്വാസറിനു മുമ്പുള്ള പ്രാർത്ഥനയിൽ നാം ഇപ്രകാരം പ്രാർത്ഥിക്കുന്നു: "നിൻ്റെ കൃപയാലും കരുണയാലും ഞങ്ങളുടെ പാപാവസ്ഥയിൽ അലിവു(ഹൂൻ) തോന്നണമേ” (ഹുദ്റാ, പൊതുക്രമം, പേജ് 8). ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഹുൻ എന്ന പദം ഹാനായുടെ മറ്റൊരു രൂപമാണ്. മനുഷ്യൻ്റെ പാപാവസ്ഥ പ്രാർത്ഥനയിൽ നിരന്തരം കടന്നുവരുന്ന ഒരു വിഷയമാണ്. സ്വന്തം അവസ്ഥയെക്കുറിച്ചുള്ള ശരിയായ അവബോധംമൂലം സ്വർഗത്തിലേക്കു കണ്ണുകളുയർത്താൻപോലും തുനിയാതെ മാറത്തടിച്ച് "ദൈവമേ, പാപിയായ എന്നിൽ കനിയണമേ" എന്നുമാത്രം പ്രാർത്ഥിച്ച ചുങ്കക്കാരൻ അനുഭവിച്ചറിഞ്ഞ ദൈവത്തിന്റെ കരുണയും കൃപയും മനസ്സലിവുമാണ് ഈ പ്രാർത്ഥയിൽ ഓരോ വിശ്വാസിയും യാചിക്കുന്നത്.
പാപം ക്ഷമിക്കൽ- മിശിഹായുടെ കൃപയാൽ
ഓനീസാ ദ്വാസറിൽ നാം കാണുന്നു: "ഞങ്ങളുടെ രക്ഷയ്ക്കായി വന്ന പുത്രനായ മിശിഹായേ, ... നിൻ്റെ കൃപയാൽ നിന്റെ ദാസരോടു ക്ഷമിക്കണമേ" (ഹുദ്റാ, പൊതുക്രമം, പേജ് 8). കടങ്ങളുടെയും പാപങ്ങളുടെയും പൊറുതിയ്ക്കായി യാചിക്കുന്നവർക്ക് അതു നല്കുക എന്നത് കരുണയും കൃപയും നിറഞ്ഞ ദൈവസ്വഭാവത്തിനു സഹജമാണ്. പ്രാർത്ഥനകളിലുടനീളം ഇതു കാണാവുന്നതാണ്. കാറോസൂസായ്ക്കുശേഷമുള്ള സ്ലോസായിൽ സഭ ഇപ്രകാരം പ്രാർത്ഥിക്കുന്നു: "ഞങ്ങളുടെ കർത്താവേ, ... കടങ്ങളുടെയും പാപങ്ങളുടെയും പൊറുതിക്കായി നിന്നോടു ഞങ്ങൾ അപേക്ഷിക്കുന്നു. നിനക്ക് എല്ലാ സമയവും സഹജമായിരിക്കുന്നതുപോലെ നിൻ്റെ കൃപയാലും കരുണയാലും അതു ഞങ്ങൾക്കു പ്രദാനം ചെയ്യണമേ” (ഹുദ്റാ, പൊതുക്രമം, പേജ് 9).
ദൈവം കരുണ നിറഞ്ഞവൻ (മ്ലെ റഹ്മേ)
ദൈവം കരുണ നിറഞ്ഞവൻ എന്നുള്ള ആശയം സഭയുടെ എല്ലാ പ്രാർത്ഥനകളിലും തന്നെ സമൃദ്ധമായി കാണുന്ന ഒന്നാണ്. നോമ്പ്, ഖൈഥാ, ഏലിയാ സ്ലീവാക്കാലങ്ങളിലെ ശൂറായായ്ക്ക മുമ്പുള്ള പ്രാർത്ഥന ഇപ്രകാരമാണ്: "ദയാനിധിയേ, നിന്റെ കൃപയാൽ ഞങ്ങളുടെമേൽ അലിവു തോന്നണമേ. കരുണ നിറഞ്ഞവനേ (മലെ റഹ്മേ) ഞങ്ങളിലേക്കു തിരിയണമേ" (ഹുദ്റാ, പൊതു (ക്രമം, പേജ് 12). സഹായാഭ്യർത്ഥനയിൽ സഭ വീണ്ടും പ്രാർത്ഥിക്കുന്നു: “കരുണയും ദയയും നിറഞ്ഞ (മല്യാ റഹമേ വഹ്നാനാ) നിന്റെ വലതുകരം നിൻ്റെ ആരാധകരുടെ ബലഹീനതയിൽ ആവസിപ്പിക്കുകയും... ചെയ്യണമേ" (ഹുദ്റാ, പൊതുക്രമം, പേജ് 14). മനുഷ്യന്റെ കരുണപോലെ പരിമിതിയും കുറവുമുള്ളതല്ല ദൈവത്തിൻ്റെ കരുണ. ഒട്ടും കുറവില്ലാത്ത, നിറഞ്ഞ, കരുണയും ദയയും ദൈവത്തിന്റെ സ്വഭാവ സവിശേഷതയാണ്.
പരിശുദ്ധ ത്രിത്വം അനന്തമായ കരുണ
റംശാ ശൂറായായ്ക്കു ശേഷമുള്ള സ്ലോസായിൽ സഭ ഇപ്രകാരം പ്രാർത്ഥിക്കുന്നു: "നിൻ്റെ ജനത്തിൻ്റെയും നിന്റെ മേച്ചിൽ സ്ഥലത്തെ ആടുകളുടെയുംമേൽ നിൻ്റെ മഹത്വമേറിയ ത്രിത്വത്തിന്റെ അനന്തമായ കാരുണ്യം (റഹ്മേ മ്സോമായേ) നിരന്തരം ഉണ്ടാകട്ടെ" (ഹുദ്റാ, പൊതുക്രമം, പേജ് 14). പരിശുദ്ധ ത്രിത്വത്തിന്റെ കരുണയെക്കുറിച്ചുള്ള പരാമർശങ്ങളിലെല്ലാം തന്നെ കാണുന്ന വിശേഷണമാണ് 'അനന്തമായ' എന്നത്. പിതാവായ ദൈവത്തിന്റെ സൃഷ്ടികർമ്മത്തിൽ ആരംഭിച്ച, പുത്രനായ മിശിഹായുടെ പരിത്രാണനപദ്ധതിയിലൂടെ തുടരുന്ന, റൂഹാദ്ഖുദ്ശായുടെ പവിത്രീകരണകർമ്മത്തിൽ പൂർത്തിയാകുന്ന, അങ്ങനെ മനുഷ്യരെ ദൈവികരാക്കുന്ന ദൈവത്തിൻ്റെ കരുണ ഇന്നോ നാളെയോ കൊണ്ട് അവസാനിക്കുന്ന ഒന്നല്ല. ഈശോ നമ്മോടു വാഗ്ദാനം ചെയ്തതുപോലെ ലോകാവസാനത്തോളം തുടരുന്ന പരിപാലനയുടെ കരമാണ്, ദൈവികീകരണ പ്രക്രിയയാണ് ദൈവത്തിന്റെ കരുണ.
കരുണയുടെ വാതിൽ
റംശായിലെതന്നെ മറ്റൊരു സ്ലോസായിൽ സഭ പ്രാർത്ഥിക്കുന്നത് ഇപ്രകാരമാണ്: "ഞങ്ങളുടെ കർത്താവേ, ഞങ്ങളുടെ ദൈവമേ, ... നിന്റെ കരുണയുടെ വാതിൽ ഞങ്ങളുടെ പ്രാർത്ഥനയ്ക്കായി തുറക്കണമേ...'' (ഹുദ്റാ, പൊതുക്രമം, പേജ് 14). ദൈവത്തിന്റെ കരുണയെ ഒരു ഭവനത്തോടാണ് ഇവിടെ സാദൃശ്യപ്പെടുത്തിയിരിക്കുന്നത്. ഈ സ്ലോസായിൽത്തന്നെ വീണ്ടും, സമ്പന്നവും, കവിഞ്ഞൊഴുകുന്നതുമായ നിക്ഷേപാലയമായി കരുണയെ വിശേഷിപ്പിച്ചിരിക്കുന്നു: "നിൻ്റെ നിക്ഷേപാലത്തിൽനിന്ന് നിൻ്റെ കരുണയാൽ ഞങ്ങളുടെ അപേക്ഷകൾക്ക് ഉത്തരം നല്കണമേ" (ഹുദ്റാ, പൊതു (ക്രമം, പേജ് 14). ദൈവത്തിൻ്റെ കരുണയുടെ വാതിൽ ആവശ്യക്കാർക്കുവേണ്ടി തുറക്കുവാൻ, കരുണയെ വിതരണം ചെയ്യുവാൻ അവിടുന്ന് കാത്തിരിക്കുകയാണ്. എന്നാൽ ആ കരുണയുടെ വാതിൽക്കൽ നാം മുട്ടിവിളിക്കേണ്ടിയിരിക്കുന്നു. മുട്ടുവിൻ തുറക്കപ്പെടുമെന്ന് ഈശോ വളരെ വ്യക്തമായി അരുൾച്ചെയ്തിട്ടുണ്ടല്ലോ. അനുതാപത്തോടെ തന്നെ മുട്ടിവിളിക്കുന്നവരെ ഒരിക്കലും ഉപേക്ഷിക്കാത്ത ദൈവമാണവിടുന്ന്.
കരുണയും ദാനങ്ങളും തടഞ്ഞുനിർത്താത്തവൻ
“എല്ലാക്കാലത്തും എല്ലാ സമയത്തും തന്നെ വിളിച്ചപേക്ഷിക്കുന്ന ആവശ്യക്കാരും പീഡിതരുമായ തൻ്റെ ദാസരിൽനിന്ന് തന്റെ കരുണയും ദാനങ്ങളും തടഞ്ഞുനിർത്താത്ത നല്ലവനേ, സകലത്തിന്റെയും നാഥാ, ..." (ഹുദ്റാ, പൊതുക്രമം, പേജ് 14) എന്നാണ് ഒരു സ്ലോസായിൽ കർത്താവിനെ അഭിസംബോധന ചെയ്യുന്നത്. ദൈവത്തിന്റെ സമ്പന്നവും, കവിഞ്ഞൊഴുകുന്നതുമായ നിക്ഷേപാലയത്തെയാണ് ഇവിടെ നാം കാണുന്നത്. ഈ നിക്ഷേപാലയത്തിന്റെ വിശേഷണമായി ഒരു ഹൂത്താമ്മാ പ്രാർത്ഥനയിൽ കൊടുത്തിരിക്കുന്നത് 'ഉന്നതമായ, വലിയ' തുടങ്ങിയ അർത്ഥങ്ങളുള്ള 'റമ്പാ' എന്ന പദമാണ് (ഹുദ്റാ, പൊതുക്രമം, പേജ് 18). ദൈവത്തിന്റെ കരുണയുടെ നിക്ഷേപാലയത്തിൽനിന്ന് കവിഞ്ഞൊഴുകുന്നത് അവിടുത്തെ കരുണയും ദയയും തന്നെയാണ് എന്ന് ഈ പ്രാർത്ഥന വ്യക്തമാക്കുന്നു. മറ്റൊരു ഹൂത്താമ്മാ പ്രാർത്ഥനയിൽ ദൈവത്തിന്റെ കരുണയെ കവിഞ്ഞൊഴുകുന്ന കടലായിട്ടാണ് വിശേഷിപ്പിച്ചിരിക്കുന്നത് (ഹുദ്റാ, പൊതുക്രമം, പേജ് 17). തൻ്റെ കരുണാസരിത്തിനെ ഒരിക്കലും തടഞ്ഞുനിർത്താതെ അനിർഗളം പ്രവഹിക്കുവാൻ ദൈവം അനുവദിക്കുന്നു എന്ന വിശ്വാസസത്യമാണ് സഭഇവിടെയെല്ലാം ഏറ്റുപറയുന്നത്.
കരുണയുടെ വലതുകരം
റംശായുടെ അവസാനഭാഗത്തുള്ള ആദ്യത്തെ സഹായാ ഭ്യർത്ഥന ഇപ്രകാരമാണ്: "ഞങ്ങളുടെ കർത്താവേ, ... നിന്റെ കാരു ണ്യത്തിന്റെ സഹായവും, കൃപാവരത്തിൻ്റെ പ്രചോദനവും നിന്റെ മഹത്വമേറിയ ത്രിത്വത്തിൻ്റെ മറഞ്ഞിരിക്കുന്ന മഹോന്നതശക്തിയും കരുണയും ദയയും നിറഞ്ഞ നിൻ്റെ വലതുകരവും ബലഹീനരായ നിൻ്റെ ആരാധകരുടെമേൽ ആവസിപ്പിക്കണമേ" (ഹുദ്റാ, പൊതു (ക്രമം, പേജ് 14). യാമപ്രാർത്ഥനയിൽ ഇടക്കിടെ കടന്നുവരുന്ന ഒന്നാണ് ദൈവത്തിൻ്റെ വലതുകരത്തെക്കുറിച്ചുള്ള പരാമർശം. വലതുകരം നീട്ടുക എന്നതുകൊണ്ട് സഭാമാതാവ് ഉദ്ദേശിക്കുന്നത് സഹായിക്കുക എന്നതുതന്നെയാണ്. "നിൻ്റെ അനുഗ്രഹവും കൃപയും, കരുണയും ദയയും നിറഞ്ഞ വലതുകരവും നിന്നോടു കരഞ്ഞപേക്ഷിക്കുന്ന നിൻ്റെ ആരാധകരുടെമേൽ ആവസിപ്പിക്കുകയും എല്ലാക്കാലങ്ങളിലും എല്ലാസമയങ്ങളിലും അവരോടുകൂടെ ഉണ്ടായിരിക്കുകയും ചെയ്യട്ടെ" (ഹുദ്റാ, പൊതുക്രമം, പേജ് 16) എന്ന് സഭവീണ്ടും വീണ്ടും പ്രാർത്ഥിക്കുന്നത് ത്രിതൈക ദൈവത്തിന്റെ കൃപയും കരുണയും ദയയും ഒന്നുമാത്രമാണ് ബലഹീനരായ നമ്മുടെ തുണ എന്ന സത്യത്തെ അടിവരയിട്ടുറപ്പിക്കുന്നതിനു വേണ്ടിയാണ്. ത്രിതൈക ദൈവത്തിൻ്റെ പരിത്രാണനപ്രവർത്തനമാണല്ലോ നമ്മുടെ നിത്യജീവൻ്റെ അച്ചാരമായി നിലകൊള്ളുന്നത്.
നിരന്തരം ആവശ്യമായ ദൈവത്തിന്റെ ദയ
ദൈവത്തിന്റെ ദയ നിത്യം നിലനില്ക്കുന്നതാണ് എന്നതു പോലെതന്നെ ആ ദയ മനുഷ്യർക്കും സർവസൃഷ്ടജാലങ്ങൾക്കും നിരന്തരം ആവശ്യവുമാണ്. അതുകൊണ്ടാണ് സഭ പ്രാർത്ഥിക്കുന്നത്: "ഞങ്ങളുടെ കർത്താവേ, നിൻ്റെ അനുഗ്രഹം നിന്റെ ജനത്തിന്മേൽ വസിക്കുമാറാകട്ടെ. ബലഹീനരും പാപികളുമായ ഞങ്ങളുടെമേൽ നിൻ്റെ ദയ നിരന്തരം ഉണ്ടായിരിക്കട്ടെ" (ഹുദ്റാ, പൊതു (ക്രമം, പേജ് 15). വീണ്ടും, സഹായാഭ്യർത്ഥനയിൽതന്നെ പരിശുദ്ധ ത്രിത്വത്തിലെ ഓരോ വ്യക്തിയുടെയും പേരെടുത്തു പറഞ്ഞ് പ്രാർത്ഥിച്ചശേഷം സഭ കൂട്ടിച്ചേർക്കുന്നു: "... അവൻ്റെ കരുണയും ദയയും എല്ലാ സമയങ്ങളിലും കാലങ്ങളിലും നമ്മുടെമേൽ ഉണ്ടായിരിക്കട്ടെ” (ഹുദ്റാ, പൊതുക്രമം, പേജ് 15). മറ്റൊരു പ്രാർത്ഥനയിൽ, "സകലത്തെയും ആശീർവദിക്കുന്നവൻ്റെ ആശീർവാദവും എല്ലാറ്റിനെയും ശാന്തിയിൽ സംരക്ഷിക്കുന്നവന്റെ ശാന്തിയും എല്ലാവരുടെയുംമേൽ ദയ ചൊരിയുന്നവൻ്റെ ദയയും... എല്ലാ സമയവും നമ്മെ സംരക്ഷിക്കട്ടെ” (ഹുദ്റാ, പൊതുക്രമം. പേജ് 15) എന്നു പ്രാർത്ഥിക്കുന്നു. ദുഷ്ടന്റെയും ശിഷ്ടന്റെയുംമേൽ ഒരുപോലെ മഴ പെയ്യിക്കുകയും സൂര്യനെ ഉദിപ്പിക്കുകയും എല്ലാവരുടെയുംമേൽ കരുണ ചൊരിയുകയും ചെയ്യുന്നവനായ ദൈവത്തെയാണ് സുവിശേഷവും നമുക്കു വെളിപ്പെടുത്തിത്തരുന്നത്. "ദൈവത്തിന്റെ ദയ ഞങ്ങളുടെമേൽ നിരന്തരം ഉണ്ടാകട്ടെ", "അവൻ്റെ കരുണയും ദയയും എല്ലാ സമയങ്ങളിലും കാലങ്ങളിലും ഞങ്ങളുടെമേൽ ഉണ്ടായിരിക്കട്ടെ", എന്നിങ്ങനെ ആവർത്തിച്ചാവർത്തിച്ച് പ്രാർത്ഥിക്കുന്ന സഭാമാതാവിന്റെ ചിത്രമാണ് യാമപ്രാർത്ഥനയിലുടനീളം തെളിഞ്ഞുനില്ക്കുന്നത്.
അന്ത്യവിധിയും ദൈവത്തിൻ്റെ കൃപയും കരുണയും
സഭയുടെ പ്രാർത്ഥനകളിൽ നിഴലിച്ചുനില്ക്കുന്ന വിഷയമാണ് അന്ത്യവിധിയും തുടർന്നുള്ള നിത്യജീവിതവും. ഇത് ഒരേസമയം തന്നെ പ്രത്യാശയും ആകാംക്ഷയും കലർന്ന അനുഭവത്തിന്റെ പ്രകാശനമാണ്. പാപത്താൽ അയോഗ്യരായിത്തീർന്ന മനുഷ്യരാണ് ദൈവത്തിന്റെ മുമ്പിൽ ന്യായവിധിക്കായി നില്ക്കുന്നത്. അന്ത്യവിധിദിവസത്തിൽ നമ്മുടെ ചെയ്തികൾ, നന്മയും തിന്മയും ഒരേപോലെ വ്യക്തമായി വെളിവാക്കപ്പെടും. ഈലോകജീവിതത്തിൽ നാം പലപ്പോഴും നിസ്സാരമായി കരുതിചെയ്തുവന്ന തിന്മപ്രവൃത്തികൾ, അവ ഗണനയാൽ നഷ്ടപ്പെടുത്തിയ നന്മ ചെയ്യുവാനുള്ള അവസരങ്ങൾ എല്ലാം നമ്മുടെ മുമ്പിൽ വെളിവാകുമ്പോൾ കർത്താവിന്റെ കരുണ ഒന്നുമാത്രമാണ് നമുക്ക് അഭയം എന്ന അവബോധം ഉണ്ടാകും. ഈ സമയം നമുക്ക് നിസ്സഹായരായി നിലകൊള്ളുവാൻ മാത്രമേ കഴിയൂ. ഈ അവസ്ഥ മുന്നിൽ കണ്ടുകൊണ്ടാണ് നാം പ്രാർത്ഥിക്കുന്നത്: “കർത്താവേ, നിൻ്റെ നീതി ഞങ്ങളെ വിധിക്കുമ്പോൾ, നിന്റെ കൃപ ഞങ്ങളിൽ ഉദിക്കട്ടെ. നിൻ്റെ വലിയ വെളിപാടിന്റെ ദിനത്തിൽ നിൻ്റെ കരുണ ഞങ്ങളുടെ സഹായത്തിനെത്തട്ടെ" (ഹുദ്റാ, പൊതു ക്രമം പേജ് 16). അവൻ്റെ രാജ്യത്തിലെ മനോജ്ഞമായ പ്രകാശത്തിനും അവൻ്റെ വിശുദ്ധ മാലാഖാമാരോടൊത്തുള്ള സ്വർഗീയാ നന്ദത്തിനും സ്വർഗീയ ഓറശ്ലേമിൽ അവൻ്റെ വലതുഭാഗത്തുള്ള സ്ഥാനത്തിനും നാം അർഹരാകണമെങ്കിൽ അവൻ്റെ കൃപയും കരുണയും കൂടിയേ തീരൂ എന്നുതന്നെയാണ് സഭ മുദ്രവയ്ക്കൽ പ്രാർത്ഥനയിൽ ഉദ്ഘോഷിക്കുന്നത് (ഹുദ്റാ, പൊതുക്രമം, പേജ് 17). ദൈവത്തിൻ്റെ കരുണയും കൃപയും വരാനിരിക്കുന്ന ലോകത്തിൽ അനുഭവിക്കണമെന്ന് ആഗ്രഹിക്കുന്ന ഓരോ വിശ്വാസിയും ഈ ലോകത്തിൽ തന്നോടുതന്നെയും സഹജരോടും കരുണയോടെ വർത്തിക്കുവാൻ കടപ്പെട്ടിരിക്കുന്നു. ""കരുണയുള്ളവർ ഭാഗ്യവാന്മാർ അവർക്കു കരുണ ലഭിക്കും" എന്നാണല്ലോ ഈശോ നമ്മെ പഠിപ്പിക്കുന്നത്.
ദൈവത്തിന്റെ കരുണ മനുഷ്യൻ്റെ പ്രത്യാശയ്ക്ക് നിദാനം
പരമ പരിശുദ്ധിതന്നെയായ ദൈവത്തിൻ്റെ മുമ്പിൽ, നമ്മുടെ നിരവധിയായ പാപങ്ങളുടെ നേർക്കാഴ്ചയിൽ ലജ്ജിച്ച് തളർന്നു പോകേണ്ടവരല്ല; അനുതാപത്തോടെ അവൻ്റെ പാദാന്തികത്തിലണഞ്ഞ്, കണ്ണീർകൊണ്ട് തൃപ്പാദം കഴുകിയ പാപിനിയായ സ്ത്രീയേപ്പോലെ, കരുണയ്ക്കായി കേണപേക്ഷിക്കേണ്ടവരാണ് നാം. "ബലഹീനരായ ഞങ്ങളെ നിൻ്റെ ദയയാൽ ശക്തരാക്കണമേ" (ഹുദ്റാ, പൊതുക്രമം, പേജ് 20) എന്നുള്ള അർത്ഥന നമ്മുടെ എല്ലാ പ്രാർത്ഥനകളുടെയും പൊതുസ്വഭാവമാണ്. അവൻ്റെ ദയ നമ്മെ ശക്തരാക്കുന്ന ദയയാണ്. നമ്മുടെ കുറവുകളിൽ ആശ്വാസം പകരുന്ന കൃപയാണ്. സമൂഹമധ്യത്തിൽ പരസ്യപാപിനിയായി ജീവിച്ച, മനുഷ്യരാൽ അപമാനിതയായി കഴിഞ്ഞ അവൾക്ക് കർത്താവിന്റെ സന്നിധിയിൽ അഭയം തേടുവാനുള്ള ധൈര്യം ലഭിച്ചത് അവന്റെ ദയയെക്കുറിച്ച് അന്യരിൽനിന്ന് അവൾക്കു ലഭിച്ച അറിവിൽ നിന്നായിരുന്നു. എന്നാൽ ഇതാ! ഇവിടെ നമ്മുടെ അമ്മയായ സഭാമക്കളായ നമ്മോടു പറയുന്നു; ദൈവം കരുണാസാഗരമാണ്, പരിപൂർണ്ണ സ്നേഹമാണ്, കൃപാനിധിയാണ്, ദയയുടെ നിറകുടമാണ്.
ഉപസംഹാരം
പൗരസ്ത്യ സുറിയാനി യാമപ്രാർത്ഥനകളുടെ ഈ ചെറിയ വിശകലനംപോലും സഭയുടെ അനുദിനജീവിതത്തിൽ ദൈവകാരുണ്യാനുഭവത്തിനുള്ള പ്രമുഖസ്ഥാനം പ്രകടമാക്കുന്നു. ദൈവകാരുണ്യം വർണ്ണിക്കുമ്പോൾ അവൾക്ക് ആയിരം നാവുകളാണ്. ഇവിടെ വിശകലനംചെയ്ത ദൈവകാരുണ്യത്തെ സൂചിപ്പിക്കുന്ന മൂന്നു പദങ്ങളും അവയുടെ വിവിധാർത്ഥങ്ങളും ഒന്നിച്ചുചേർത്ത് ധ്യാനിക്കുമ്പോൾ അതൊരു ഉത്തമ ആത്മീയപോഷണമായി മാറുന്നു. വിശുദ്ധ ഗ്രന്ഥത്തിന്റെയോ സഭാപ്രബോധനങ്ങളുടെയോ പശ്ചാത്തലമില്ലാത്തവർക്കുപോലും ദൈവകാരുണ്യത്തെക്കുറിച്ചുള്ള മെശയാനിക വിശ്വാസത്തിന്റെ കാതൽ അതിന്റെ സമഗ്രതയിൽ ഈ പ്രാർത്ഥനകൾ പ്രദാനം ചെയ്യുന്നു എന്നതിനു സംശയമില്ല. സൃഷ്ടിമുതൽ വിധിവരെയുള്ള ദൈവത്തിൻ്റെ എല്ലാ പ്രവൃത്തികളും വെളിപാടുകളും കാരുണ്യസ്പർശത്താൽ മുദ്രിതമാണ്. ദൈവത്തിന്റെ ഒരു സ്വഭാവസവിശേഷത എന്നതിലുപരിത്രിയേകദൈവം തന്നെ റഹ്മേയാണ്. ഹ്നാനായാണ്, ഗൈബുസായാണ്.
ഡോ. ജെയിംസ് തലച്ചെല്ലൂർ
St Thomas Apostolic Seminary
Vadavathoor P.O, Kottayam 686 010
Mob 9495686721
Email: jthalachelloor@gmail.com
അവകാശങ്ങൾ ഉറപ്പുവരുത്താനും നീതി നടപ്പാക്കാനുമുള്ളതാണു നിയമങ്ങൾ എന്ന സാമാന്യ ധാരണ നിലനില്ക്കുമ്പോൾ നിയമത്തിൽ എവിടെയാണ് കരുണയ്ക്കു സ്ഥാനമെന്നു ചിന്തിച്ചു പോവുക സ്വാഭാവികമാണ്. നിയമപാലകരും നിയമാധിപന്മാരും സമൂഹത്തിൽ നീതി നടപ്പാക്കാനാണല്ലോ ശ്രമിക്കുന്നത്. എന്നാൽ കാരുണ്യം അഥവാ അനുകമ്പ വാചികാർത്ഥത്തിൽ ദയാപുരിതമായ ഹൃദയമുണ്ടായിരിക്കുക എന്നതിലാണ് അടിസ്ഥിതം. അതായത്, മറ്റുള്ളവരുടെ കഷ്ടപ്പാടുകളും വിഷമതകളും കണ്ടലിയുന്ന അനുകമ്പാർദ്രമായ ഹൃദയമുണ്ടാകുക എന്നർത്ഥം. വിശുദ്ധ തോമസ് അക്വീനാസ് പഠിപ്പിക്കുന്നത്, മറ്റുള്ളവരുടെ കഷ്ടതകൾ സ്വന്തമായിക്കരുതുന്നതാണ് 'ദയാലുവാകുക' എന്നതുകൊണ്ട് അർത്ഥമാ ക്കുന്നതെന്നത്രേ. അതുകൊണ്ട്, അനുകമ്പ കാട്ടുകയെന്നാൽ മറ്റുള്ളവരുടെ കഷ്ട്ടതകൾ ദുരീകരിക്കുക എന്നാണർത്ഥം. ഒരു പക്ഷേ, കാരുണ്യപ്രവൃത്തികളിൽ ഏറ്റവും ശ്രദ്ധേയമായത് മറ്റുള്ളവരുടെ യാതനകളുടെ 'കടങ്ങൾ' ക്ഷമിക്കുകയെന്നതാവാം.
ക്ഷമിക്കുന്ന പ്രക്രിയയിൽ 'ദാനം' എന്ന ആശയം ഒളിഞ്ഞിരിപ്പുണ്ട് (for-give). കടങ്ങൾ പൊറുക്കുന്നതിൽ ദാനത്തിന്റെ സൗജന്യസ്വഭാവം വ്യക്തമായി കാണാൻ കഴിയും. "ദൈവം കരുണയിൽ സമ്പന്നനാണ്" (എഫേ 2:24). നിരവധിയായ നമ്മുടെ കടങ്ങൾ പൊറുക്കപ്പെടുകയും നാം നീതീകരിക്കപ്പെടുകയും ചെയ്യുന്ന ദൈവത്തിന്റെ രക്ഷാകരപ്രവൃത്തിയിൽ ഇതു നമുക്കു ദൃശ്യമാകും.
വീണ്ടെടുപ്പ് (redemption) നമ്മിൽ ഓരോരുത്തരിലും ഫല പ്രദമാകുവാൻ മിശിഹാ സഭയെ സ്ഥാപിക്കുകയും രക്ഷാകരദൗത്യം ഭരമേല്പ്പിക്കുകയും ചെയ്തു. അങ്ങനെ സഭ ദൈവിക കാരുണ്യത്തിൻ്റെ നിർവാഹകയായി; സഭയിലൂടെ ദൈവത്തിന്റെ കരുണയുടെ രക്ഷാകരഫലങ്ങൾ നമുക്കു ലഭ്യമാകുന്നു. രക്ഷയുടെ മാർഗങ്ങൾ മിശിഹാ വ്യവസ്ഥാപിതമാക്കുകയും അവയുടെ പരികർമ്മം സഭാ ശുശ്രൂഷകരിൽ നിക്ഷിപ്തമാക്കുകയും ചെയ്ത നിമിഷംമുതൽ രക്ഷയുടെ പ്രസ്തുത ഉപാധികൾ നമ്മുടെ അവകാശമായി. കൂദാശകളിൽ ലീനമായിരിക്കുന്ന വിശ്വാസനിക്ഷേപത്തിൻ്റെ രക്ഷാകരശക്തിയായ വരപ്രസാദം ദൈവിക കാരുണ്യത്തിൻ്റെ സൗജന്യസമ്മാനമാണ്. എന്നാലത് മാമ്മോദീസാ സ്വീകരിച്ച ഓരോരുത്തർക്കും സഭാ ശുശ്രൂഷകരിൽനിന്ന് ആവശ്യപ്പെടാവുന്ന അവകാശം കൂടിയാണ്.
സഭാനിയമവും കരുണയും സംബന്ധിച്ചു ചിന്തിക്കുമ്പോൾ അവ തമ്മിൽ പ്രകടമായൊരു വൈരുദ്ധ്യം കാണാൻ കഴിയും. ദൈവിക കാരുണ്യം വിശ്വാസികളുടെ അവകാശമാണെന്നു പറയുമ്പോൾ അതു ദൈവത്തോട് അവകാശം ചോദിക്കുന്നതല്ല (വ്യക്തിപരമായ പ്രാർത്ഥനകളിൽ, ചിലരെങ്കിലും ദൈവം നമുക്കു പലതും ചെയ്തുതരാൻ കടപ്പെട്ടിരിക്കുന്നു എന്ന മട്ടിൽ അപേക്ഷിക്കാറുണ്ടെങ്കിലും), സഭാശുശ്രൂഷകരിൽനിന്നു വിശ്വാസികൾക്കു ലഭിക്കാൻ അവകാശപ്പെട്ടതാണ് എന്നാണു വിവക്ഷിക്കുന്നത്. ദൈവവചനവും കൂദാശകളും സഭാശുശ്രൂഷകരുടെ നേട്ടങ്ങളല്ല, സഭയെ മിശിഹാ ഭരമേല്പ്പിച്ചിരിക്കുന്ന രക്ഷാകര സദ്ഫലങ്ങളാണ് എന്ന തിരിച്ചറിവോടെ ദൈവിക കരുണ നീതിയോടെ പരികർമ്മം ചെയ്യാനുള്ള ഉത്തരവാദിത്വമാണ് അവർക്കുള്ളത്. അതായത്, കടങ്ങൾ സൗജന്യമായി നിർമ്മാർജ്ജനം ചെയ്യുന്ന അനുരഞ്ജനകൂദാശ വൈദികരിൽനിന്നു സ്വീകരിക്കാൻ വിശ്വാസികൾക്ക് അവകാശമുണ്ട് എന്നർത്ഥം.
ഒരു സ്വാഭാവിക വ്യവസ്ഥിതിയായ വിവാഹത്തെ ദൈവിക പ്രസാദവരത്താൽ പൂരിതമാക്കുന്ന പ്രക്രിയയായ വിവാഹമെന്ന കൂദാശ ദൈവിക കാരുണ്യത്തിൻ്റെ പ്രതിഫലനമാണ്. വിവാഹത്തിന്റെ നൈയാമികക്രമം വ്യവസ്ഥാപിതമാക്കുന്നത് കരുണയുടെ പരികർമ്മദൗത്യത്തിൻ്റെ ഒരു പ്രധാനഭാഗം തന്നെയാണ്. ഈ കൂദാശയിലൂടെ വിനിമയം ചെയ്യുന്ന ദൈവവരപ്രസാദത്തിൻ്റെ ലഭ്യതയ്ക്ക് ഉതകുന്ന രീതിയിൽ വിവാഹകർമ്മം നടത്താൻ ആവശ്യമായ നിയമങ്ങൾ വ്യവസ്ഥാപിതമാക്കുന്നതും അതിനു സമാനമാണ്. ഈ കൂദാശ പരികർമ്മം ചെയ്യാനുള്ള വ്യവസ്ഥകൾ, പരികർമ്മ രീതി, അതിന്റെ നൈയാമികത ഉറപ്പുവരുത്തൽ, അതിൽ പങ്കാളികളാകുന്നവരുടെ കടമകളും അവകാശങ്ങളും നിർണയിക്കൽ എന്നിങ്ങനെ നിരവധി ഘടകങ്ങൾ അതിൽ ഉൾക്കൊള്ളുന്നു. എന്നാൽ, വിവാഹമെന്ന കൂദാശയെപ്പറ്റിയുള്ള സഭയുടെ വിശ്വാസം പ്രതിഫലിക്കുന്നതും കുടുംബങ്ങൾക്കായി മിശിഹാ വിഭാവനം ചെയ്യുന്ന രക്ഷാകരപദ്ധതി ഉൾക്കൊള്ളാൻ സാധ്യമാക്കുന്നതുമായ രീതിയിലുള്ളതാകണം ഈ നിയമങ്ങൾ. പ്രസ്തുത നിയമങ്ങളും വിവാഹമെന്ന കൂദാശയോടു ബന്ധപ്പെട്ട അവകാശങ്ങളും കടമകളുമാണ് “വിവാഹ കാനോനിക നിയമസംഹിത" എന്ന സംജ്ഞകൊണ്ടു വിവക്ഷിക്കുന്നത്.
നിയമം, കാരുണ്യം, ഒഴിവുകൾ
കരുണയുടെ, അതായത് പരിത്രാണകർമ്മത്തിൻ്റ സദ്ഫലങ്ങളുടെ, നിർവാഹകത്വം നടത്തുമ്പോൾ, അവകാശങ്ങൾ തിരിച്ചറിയുകയും സംസ്ഥാപിക്കുകയും അവയ്ക്കു പരിധി നിർണയിക്കുകയും അങ്ങനെ നീതിയുടെ ഉത്തരവാദിത്വങ്ങൾ ചിട്ടപ്പെടുത്തുകയുമാണ് സഭാനിയമം ചെയ്യുന്നത്. അങ്ങനെ വരുമ്പോൾ ചില സന്ദർഭങ്ങളിൽ അവയുടെ ചില ക്രമവിധാനങ്ങൾ (dispositions) ഭാരമേറിയതായെന്നു വരാം. പൊതുനിയമം നടപ്പാക്കുന്നത് അപ്രായോഗികമായേക്കാവുന്ന ചുരുക്കം സന്ദർഭങ്ങളിൽ നീതിനിർവ്വഹണത്തിന്റെ ഉത്തരവാദിത്വം ചിലപ്പോൾ ലഘൂകരിക്കാറുണ്ട്. പൊതു നിയമം സാധുവായി തുടരുമെങ്കിലും ആ പ്രത്യേക സാഹചര്യത്തിൽ അതു വ്യക്തമായി അനഭിലഷണീയമോ ഒരുപക്ഷേ നീതിക്കു നിരക്കാത്തതോ ആയെന്നുവരാം. ഈ പ്രതിഭാസത്തെ, അരിസ്റ്റോട്ടിൽ മാനുഷികനിയമത്തിന്റെ് ഉൾക്കൊള്ളലിനെ അടിസ്ഥാനമാക്കി വിശദീകരിക്കുന്നുണ്ട്. അതായത്, യഥാർത്ഥ ചരിത്രലോകത്തിൽ നിന്നോ വ്യക്തികളുടെയോ സ്ഥലങ്ങളുടെയോ കാലത്തിന്റെയോ ഒറ്റപ്പെട്ട സാഹചര്യങ്ങളിൽനിന്നോ ആഗിരണം ചെയ്തെടുത്ത നിയമം പൊതുന്യായമായിരിക്കാം. എങ്കിലും നിയമവ്യവസ്ഥിതി മുൻകൂട്ടി കാണാതെപോയ അഥവാ അവഗണിച്ച പ്രസ്തുത സാഹചര്യങ്ങൾ വ്യക്തമാക്കുന്നത് ചില പ്രത്യേക സന്ദർഭങ്ങളിൽ ഏറ്റവും ഉചിതമായ പരിഹാരം പൊതുവായ കേസുകളിലെ തീരുമാനങ്ങളിൽനിന്നു വിഭിന്നമായിരിക്കാമെന്നാണ്. നിയമപരമായ ഉത്തരവാദിത്വം ഉന്മൂലനം ചെയ്യാതെതന്നെ, പൊതുനിയമങ്ങളിലേതിൽ നിന്നു വ്യത്യസ്തമായ തീരുമാനം സ്വീകരിക്കാൻ ഉപദേശിക്കുന്ന മറ്റു സാഹചര്യങ്ങളുമുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ, പൊതുവേ ബാധകമായ നിയമം നിലനില്ക്കുമ്പോൾത്തന്നെ, ഒറ്റപ്പെട്ട കേസുകളിൽ വ്യക്തമായ കാരണങ്ങളുടെ അടിസ്ഥാനത്തിൽ, സഭാധികാരം നിയമപരമായ ബാധ്യതകളിൽനിന്നും വിമുക്തി നല്കാറുണ്ട്. ഇവയാണ് സഭ അംഗീകരിക്കുന്ന dispensation അഥവാ ഒഴിവുകൾ എന്ന വ്യവസ്ഥിതി. ഇത്തരത്തിലുള്ള ഒഴിവുകൾ അറിയപ്പെടുന്നത് 'കാരുണ്യത്തിൻ്റെ ഒഴിവുകൾ' എന്നാണ്. ഒഴിവുകൾ വളരെ പ്രതീകാത്മകമായ നടപടിയാണെങ്കിലും സഭാധികാരം കാരുണ്യം പ്രകടിപ്പിക്കുന്ന പല സാഹചര്യങ്ങളിൽ ഒന്നു മാത്രമാണത്.
'Dispensatio Misericordiae' (കാരുണ്യത്തിൻ്റെ ഒഴികഴിവുകൾ) എന്ന ലത്തീൻ പ്രയോഗത്തിലടങ്ങിയിരിക്കുന്ന ആശയം പൗരസ്ത്യരുടെ "Oikanomia" യോടു സാമ്യമുള്ളതാണ്. ആധികാരികമോ ഏകാഭിപ്രായപൂർവ്വമായി അംഗീകരിക്കപ്പെട്ടതോ ആയ നിർവചനമൊന്നും 'ഒയനോമിയ' യ്ക്ക് ഇല്ല. എങ്കിലും സഭാധികാരികളുടെ പ്രവർത്തനങ്ങൾക്കു പ്രചോദനമാകുന്ന തത്ത്വമായി ഈ പദത്തെ കണക്കാക്കാവുന്നതാണ്. അപവാദസാഹചര്യങ്ങളിൽ, മനുഷ്യരക്ഷയ്ക്കായുള്ള ദൈവികപദ്ധതിയുടെ പ്രതിധ്വനിയെന്നവിധം, കാനൻനിയമങ്ങളുടെ കർശനമായ നടപ്പാക്കലിൽനിന്നു വ്യത്യസ്തമായി സഭാധികാരികൾ സ്വീകരിക്കുന്ന നടപടികൾ എന്ന് ഇതിനെ വിശദീകരിക്കാം. ഓർത്തഡോക്സ് ഗ്രന്ഥകാരന്മാർ ഇതിന്റെ അപൂർവ്വതാസ്വഭാവം വളരെ കാര്യമായി ഊന്നിപ്പറയാറുണ്ട്. എന്നു വച്ചാൽ, 'ഒയനോമിയ' വഴിയായി എടുക്കുന്ന തീരുമാനങ്ങൾ ഒരിക്കലും കീഴിവഴക്കം ആകാൻ പാടില്ല; തത്തുല്യമായ മറ്റൊരു സാഹചര്യത്തിലായാൽപ്പോലും. ഓരോ കേസും വ്യത്യസ്തമായി വിലയിരുത്തുകതന്നെയാണു വേണ്ടത്.
നിലവിൽ വിവാഹബന്ധത്തിലായിരിക്കുന്നവരുടെ വിവാഹം 'ഒയനോമിയ' പ്രകാരം പുതുതായി ആശീർവദിക്കുന്ന ഓർത്തഡോക്സ് സഭകളുടെ നടപടിമൂലം കത്തോലിക്കാ ലോകത്തിലും 'ഒയനോമിയ' ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ അജപാലകരുടെ മാനദണ്ഡങ്ങൾക്കനുസൃതമായി മൂന്നാമതൊരു ബന്ധംകൂടി ആശീർവദിക്കാമെങ്കിലും നാലാമത് ഒരു വിവാഹം ഒരിക്കലും സ്വീകാര്യമാകുന്നില്ല. ഓർത്തഡോക്സ് സഭയുടെ ഈ പതിവ് (praxis) സഭൈക്യത്തിനു തടസ്സമാകുന്നത് മനസിലാക്കാവുന്ന കാര്യമാണ്. സംയോഗബന്ധിതമായിക്കഴിഞ്ഞ (consumated) നിയമാനുസൃതവിവാഹം വേർപെടുത്താൻ സഭയ്ക്ക് അധികാരമില്ല എന്ന സഭാസിദ്ധാന്തം (doctrine) മുറുകെപ്പിടിക്കണമെന്ന് കത്തോലിക്കാവിശ്വാസം ഉദ്ബോധിപ്പിക്കുമ്പോൾ നിയമാനുസൃതമല്ലെന്നു കരുതപ്പെടുന്ന ബന്ധത്തെ കൗദാശികമായി ആഘോഷിക്കുക എന്നത് ഉൾക്കൊള്ളാൻ എളുപ്പമല്ല.
ഈയൊരു വ്യത്യസ്തത അവഗണിച്ചാൽ 'ഒയ്കനോമിയ'യും 'Misericordiae Dispensatio' യും വളരെ സാമ്യമുള്ളവയാണ്. രണ്ടു തത്ത്വങ്ങളിലും പൊതുനിയമത്തിന് അപവാദമായി ഒറ്റപ്പെട്ട നടപടികൾ സ്വീകരിക്കുന്നതിനുള്ള സാധ്യതയാണ് ആരായുന്നത്. പൊതുനിയമത്തിൽനിന്നു വ്യതിരിക്തമാകുന്നതിലൂടെ വിനിമയം ചെയ്യുന്ന കാരുണ്യം അപവാദത്തെ നിയമാനുസൃതമാക്കുന്ന ശക്തമായ കാരണങ്ങളാൽ പ്രേരിതമാകണമെന്നു മാത്രം. അതു യഥാർത്ഥത്തിൽ അപൂർവവും അതുല്യവുമായ കേസുകളിൽ മാത്രമായിരിക്കണമെന്നു പറയുന്നത്, കാരുണ്യം അപവാദമാണ് എന്ന രീതിയിലല്ല, പ്രത്യുത സത്യത്തിലും നീതിയും നിന്നു വേർതിരിച്ചു നിർത്താനാവാത്ത കാരുണ്യം പൊതുനിയമത്തിൽത്തന്നെ അന്തർലീനമായിരിക്കുന്നു എന്നതിനാലാണ്.
മുൻപറഞ്ഞ ഓർത്തഡോക്സ്, കത്തോലിക്കാ നടപടികൾ തമ്മിലുള്ള വ്യത്യസ്തത വെളിവാക്കുന്നത് ദൈവികനിയമവും മാനുഷികനിയമവും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസമാണ്. മാനുഷികനിയമം കൈകാര്യം ചെയ്യുന്നത് ബാഹ്യമായ യാഥാർത്ഥ്യങ്ങളെയാണ്. നിയമത്തിൽ പരിഗണിച്ചിട്ടില്ലാത്ത ഏതെങ്കിലും സാഹചര്യം ഒരു പ്രത്യേക കേസിൽ ബാധകമാകാൻ സാധ്യതയുള്ളതിനാൽ അപവാദങ്ങൾ അനുവദിക്കുന്നതിനു ന്യായീകരണമുണ്ട്. ദൈവികനിയമം സൃഷ്ടിപരവും വസ്തുനിഷിഠവും കാര്യങ്ങളുടെ അന്തഃസത്തയ്ക്കുള്ളിൽ പ്രവർത്തിക്കുന്നതുമായതിനാൽ അവയ്ക്ക് അപവാദം നല്കുക അസാധ്യമാണ്. കാരണം, യഥാർത്ഥമായത് അങ്ങനെയല്ലെന്നും ആയിക്കൂടെന്നും പറയാൻ വൃഥാ ശ്രമിക്കുന്നതുപോലെയാകും അത്.
കരുണയില്ലാത്ത നീതി ക്രൂരതയാണെന്നു നിരീക്ഷിക്കാറുണ്ട്. എന്നാൽ, നീതിബോധമില്ലാത്ത കരുണ നാശത്തിലേക്കു നയിക്കും. കൃത്യമായി വീക്ഷിച്ചാൽ, ക്രൂരത നീതിരാഹിത്യമാണെന്നും നീതി ബോധമില്ലാത്ത കരുണ കൂടുതൽ തിന്മ ക്ഷണിച്ചുവരുത്തുമെന്നും കാണാവുന്നതാണ്. കരുണയ്ക്കു മുമ്പേ നീതിയുണ്ടാകണം. എന്നുവച്ചാൽ, ഒരാളിൽനിന്നു തിന്മ ഉന്മൂലനം ചെയ്യാൻ ശ്രമിക്കും മുമ്പ് അയാൾക്ക് അവകാശപ്പെട്ടതു കൊടുത്തേ തീരൂ. മറ്റുവാക്കുകളിൽ പറഞ്ഞാൽ, കാരുണ്യം നീതിയോടെയും സത്യത്തിലും പാലിക്കപ്പെടണം. ചുരുക്കത്തിൽ സത്യമാണ് പൗരസ്ത്യർ അംഗീകരിക്കുന്ന 'ഒയ്ക്കുകനോമിയ'യുടെ പരിധി എന്നാണു മനസിലാക്കേണ്ടത്. യഥാർത്ഥത്തിൽ സത്യമൊരു പരിമിതിയല്ലെന്നു പറയേണ്ടിവരും. എന്നാൽ, നീതിയെന്നപോലെ കരുണയും സത്യത്തിലൂന്നിയാണ് നടപ്പാക്കേണ്ടതെന്നും പറഞ്ഞേ മതിയാവൂ.
വസ്തുനിഷ്ഠമായി പറഞ്ഞാൽ, കാരുണ്യം നൈയാമികമായി ആവശ്യപ്പെടാവുന്നതല്ല. എന്നാൽ സഭയ്ക്കു ഭരമേല്പിക്കപ്പെട്ടിരിക്കുന്ന രക്ഷാകരമാർഗങ്ങളിൽ അന്തർലീനമായിരിക്കുന്ന ദൈവിക കാരുണ്യം വിശ്വാസികളുടെ അവകാശമാണെന്നും സഭാശുശ്രൂഷകർ നീതിയിൽ അധിഷ്ഠിതമായ ഉത്തരവാദിത്വത്തിലൂടെ കാരുണ്യം കാട്ടേണ്ടതാണെന്നും ഓർമ്മിക്കേണ്ടതുണ്ട്. അതിൻ്റെ നിർവഹണം നീതിയിലും സത്യത്തിലും അടിയുറച്ചതാകണം. യഥാർത്ഥകാരുണ്യം അനുഭവവേദ്യമാകുന്ന ആധികാരിക സേവനങ്ങൾ ലഭിക്കാൻ വിശ്വാസികൾക്ക് അവകാശമുണ്ട്. ഉദാഹരണത്തിന്, വിശ്വാസികൾക്കു ലഭിക്കേണ്ടത് സഭയുടെ ആധികാരികസിദ്ധാന്തങ്ങളാണ്, മറ്റേതെങ്കിലും തത്ത്വങ്ങളല്ല. കാരുണ്യത്തിൻ്റെ വിനിമയത്തിൽ നീതി കണക്കിലെടുക്കുന്നത് അന്യായമായ വിവേചനം ഒഴിവാക്കാൻ സഹായിക്കും.
വിവാഹത്തിലെ അജപാലനദൗത്യം - കാരുണ്യവും നിയമവും
വിവാഹത്തെയും കുടുംബത്തെയുംപറ്റിയുള്ള ചോദ്യങ്ങളെപ്പറ്റി വസ്തുനിഷ്ഠമായി ചിന്തിച്ചാൽ, പൊതു അഭിപ്രായങ്ങൾ ഒരു വിഷയത്തെപ്പറ്റിയുള്ള സംവാദത്തിലേക്ക് എത്തിച്ചേരുന്നു - വിവാഹമോചനവും പുനർവിവാഹവും എന്ന പ്രശ്നത്തിലേക്ക്. യഥാർത്ഥത്തിൽ, അനുയോജ്യമായ വിവാഹഒരുക്കം, കുട്ടികളുടെ വിദ്യാഭ്യാസത്തിൽ വേണ്ട ശ്രദ്ധ (അതു സാധാരണ കുടുംബങ്ങളിലായാലും പ്രശസാഹചര്യങ്ങൾ ഉള്ളവയിലായാലും), സാധാരണ ചുറ്റുപാടുകളിലും പ്രതിസന്ധിയുള്ള സാഹചര്യങ്ങളിലും മൂലകുടുംബത്തിൽനിന്നു ലഭിക്കേണ്ട പിന്തുണ ഇവയെല്ലാം വിസ്മരിക്കപ്പെടുകയാണ്. വിവാഹമോചിതരായശേഷം സിവിൽ വിവാഹം നടത്തിയവരുടെ വിശുദ്ധ കുർബാനസ്വീകരണം സംബന്ധിച്ച്, ഏറ്റവും പ്രധാനമായ അജപാലനപ്രശ്നം അവരിൽ ഭൂരിഭാഗവും സഭയെ സമീപിക്കാൻ താല്പര്യം കാട്ടുന്നില്ല എന്നതാണ്. സഭ വളർന്നു കൊണ്ടിരിക്കുന്ന വികസ്വരരാജ്യങ്ങളിലേക്കാൾ സമ്പന്നരാജ്യങ്ങളിലാണ് ഈ പ്രശ്നം ഗുരുതരമായിട്ടുള്ളത്.
വിശ്വാസത്താൽ ദീപ്തമായ അജപാലന വിവേകം
അജപാലനശുശ്രൂഷ വിവേകത്താൽ നയിക്കപ്പെടേണ്ടതാണെന്ന കാര്യത്തിൽ സംശയമില്ല. അജപാലന ആവശ്യങ്ങൾ തിരിച്ചറിയുക എന്നതാണ് ആദ്യപടി. ഇക്കാരണത്താലാണ് വിവാഹത്തോടും കുടുംബങ്ങളോടും ബന്ധപ്പെട്ട പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടത് എങ്ങനെയെന്നു പഠിക്കാൻ ഫ്രാൻസിസ് മാർപാപ്പാ പ്രത്യേക സിനഡ് വിളിച്ചുകൂട്ടിയത്.
പൊതുജനാഭിപ്രായരൂപവത്ക്കരണത്തെ ഗണ്യമായി സ്വാധീനിക്കുന്ന ഒരു പുതിയ പ്രവണത അടുത്തകാലത്ത് ഉയർന്നുവരുന്നുണ്ട് - മാധ്യമങ്ങളിലൂടെയുള്ള ചർച്ചകൾ. അജപാലകർ അതീവ ശ്രദ്ധയോടെയും വിവേകത്തോടെയും കൈകാര്യം ചെയ്യേണ്ട രംഗമാണിത്. മാധ്യമങ്ങളുടെ സവിശേഷ സ്വാധീനവും സുവിശേഷവത്ക്കരണത്തിനുള്ള അവയുടെ സാധ്യതകളും കണക്കിലെടുത്ത് പൊതുജന സമ്പർക്ക മാധ്യമങ്ങളുമായി നല്ല ബന്ധം പുലർത്തേണ്ടത് ആവശ്യമാണെങ്കിലും, ശരിയായ തയ്യാറെടുപ്പില്ലാതെ ക്യാമറായുടെ മുന്നിൽച്ചെന്നുപെട്ട്, അർത്ഥമില്ലാത്ത സംവാദങ്ങളുടെ മരണക്കെണിയിൽ കുരുങ്ങിപ്പോകുന്നതു ദോഷമേ ചെയ്യൂ. പൊതുജനങ്ങളുടെയിടയിൽ ആശയക്കുഴപ്പവും സമൂഹത്തിൽ അനാവശ്യ ഭിന്നിപ്പും സൃഷ്ടിക്കാനേ അവ സഹായിക്കൂ. നേരെമറിച്ച്, സുവിശേഷസത്യങ്ങൾ ധീരമായും വിശ്വസ്തതയോടെയും പ്രഘോഷിക്കാൻ ലഭ്യമായ അവസരങ്ങൾ ഉപയോഗിക്കുകയാണ് ഇടയന്മാർ ചെയ്യേണ്ടത്. പൊതുജനാഭിപ്രായത്തിൽ നിന്നുണ്ടാകുന്ന സമ്മർദ്ദങ്ങളെ പ്രതിരോധിക്കാൻ ഒരുപക്ഷേ, “ഇടർച്ചയും മൂഢത്വവു"മെന്നു വിശേഷിപ്പിക്കപ്പെട്ടേക്കാവുന്ന, സുവിശേഷപ്രഘോഷണമാണ് കൂടതൽ ഫലപ്രദം.
പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുന്നതിൽ അജപാലന വിവേകം സ്വാഭാവികമായി, പ്രകടമാക്കേണ്ടതുണ്ട്. പ്രായോഗികമായി പറഞ്ഞാൽ, വിവേകം വിശ്വാസത്താൽ പ്രകാശിതമാകണമെന്നതു പരമപ്രധാനമാണ്. പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ ആശ്രയിച്ച്, പ്രതികൂലചിന്തകൾക്കു കീഴടങ്ങാതെയും അജപാലന രംഗത്ത് പരിശ്രമം കൂടാതെ ക്ഷിപ്രവിജയമുണ്ടാക്കണമെന്ന പ്രലോഭനത്തിനു വഴങ്ങാതെയും വിശ്വാസത്തിൻ്റെ വീക്ഷണത്തിലൂടെ പ്രശ്നം അവതരിപ്പിക്കണമെങ്കിൽ പ്രഥമമായി വേണ്ടത് വിശ്വാസമെന്ന പുണ്യമാണ്. ദൈവകല്പനകൾ മനുഷ്യനന്മയ്ക്കും സന്തോഷത്തിനും ഉതകുന്നതാണെന്ന ബോധ്യമുണ്ടാകണമെങ്കിലും വിശ്വാസം കൂടിയേതീരൂ. വിശ്വാസത്താൽ പ്രേരിതമായ കരുണ ക്രൈസ്വവിശ്വാസം പ്രഘോഷിക്കുന്നതിലേക്കു നയിക്കുന്നു. കാരണം, അതാണ് മനുഷ്യനു യഥാർത്ഥ ആനന്ദം പകരുന്നത്. ഫ്രാൻസിസ് മാർപാപ്പായുടെ അപ്പസ്തോലിക ലേഖനം "സുവിശേഷത്തിന്റെ സന്തോഷം" (Evangelii Gaudium) ഈ യാഥാർത്ഥ്യത്തിന് അടിവരയിടുന്നതാണ്.
രക്ഷ കൈവരുന്നത് നിയമത്തിലൂടെയല്ല, പ്രത്യേകിച്ച് കാനൻ നിയമത്തിലൂടെയല്ല എന്ന് ഏതു ദൈവശാസ്ത്രജ്ഞനും ബൈബിൾ പണ്ഡിതനും സസന്തോഷം സമ്മതിക്കും. കൂദാശകൾ സ്വീകരിക്കാൻ തടസ്സമുള്ളവരുടെ നിയമനിബന്ധനകൾ നീക്കുന്നത് അവരുടെ പുണ്യ-പാപാവസ്ഥയ്ക്കു യാതൊരു മാറ്റവും വരുത്തുന്നില്ല. അവരുടെ യഥാർത്ഥ ആത്മീയസ്ഥിതി തിരിച്ചറിയാൻ സഹായകമാകുന്ന ഒരു ഉപാധിനഷ്ടമാകുമെന്നേയുള്ളൂ.
സഭാനിയമസംബന്ധമായ, പ്രത്യേകിച്ച് ദൈവിക നിയമത്തോടു ബന്ധപ്പെട്ട ആശയങ്ങളെപ്പറ്റിയുള്ള പല തെറ്റിദ്ധാരണകളും ഉരുത്തിരിഞ്ഞിട്ടുള്ളത് നിയമം എന്താണെന്നും എന്തിനാണെന്നുമുള്ള മതേതര ധാരണകളിൽ നിന്നാണ്. സിവിൽ മണ്ഡലത്തിൽ, ഗവൺമെൻ്റോ ജനങ്ങളോ അവർ ആഗ്രഹിക്കുന്ന രീതിയിലുള്ള സമൂഹം പടുത്തുയർത്താനായി ഉപയോഗിക്കുന്ന കേവലം ഉപാധിമാത്രമാണു നിയമം. എല്ലാ സാമൂഹിക നിയമങ്ങളും അതു ബാധകമാകുന്നവരുടെ, അഥവാ ഉപഭോക്ത്താക്കളുടെ തന്നെ സൃഷ്ടിയാണ്. എന്നാൽ, സങ്കീർത്തകൻ അനുസ്മരിപ്പിക്കുന്നതുപോലെ, “ദൈവത്തിൻ്റെ നിയമം സത്യമാണ്". നിയമത്തിന്റെ സത്യം ദൈവത്തിന്റെ കരുണയെ പ്രകാശിപ്പിക്കുന്നു.
വിശ്വസ്തതയോടെ ഈ സത്യം മനസ്സിലാക്കുന്നതും പ്രകടിപ്പിക്കുന്നതും ദൈവത്തിൻ്റെ കാരുണ്യത്തിനു പരിധി വയ്ക്കലാകുന്നില്ല. മറിച്ച്, ആ സത്യത്തെ വിലകുറച്ചു കാണിക്കുന്നതും മയപ്പെടുത്തുന്നതും ദൈവിക കാരുണ്യത്തിൻ്റെ യഥാർത്ഥ വൈപുല്യം തമസ്കരിക്കാനേ കാരണമാകൂ. ദൈവിക കാരുണ്യത്തെ അതിന്റെ പൂർണതയിൽ പ്രകാശിതമാക്കുകയും അതു സർവ്വാത്മനാ സ്വീകരിക്കാൻ വഴിതെളിക്കുകയുമാണ് സഭാനിയമത്തിൻറെ ദൗത്യം.
ചുരുക്കത്തിൽ, യഥാർത്ഥ കാരുണ്യത്തിൻ്റെ സ്വഭാവസവിശേഷത കണ്ടറിയേണ്ടത് വ്യക്തമായ അനിവാര്യതയാണ്. മറ്റുള്ളവരെ താല്പര്യപൂർവ്വം ശ്രവിച്ച്, അവരുടെ സാഹചര്യങ്ങളെ സത്യസന്ധമായും ആദരവോടെയും സമീപിച്ച്, അനുരഞ്ജനത്തിന്റെ പാതയിലേക്ക് അവരെ കൂട്ടികൊണ്ടു പോകുന്നതാണ് അതിന്റെ സ്വഭാവം. അതു വളരെ ശ്രമകരമായ കാര്യമത്രേ. എങ്കിലും, യഥാർത്ഥ കാരുണ്യം അതു സ്വീകരിക്കുന്നവർക്കും അതു പകർന്നു നല്കുന്നവർക്കും ഒരുപോലെ ആനന്ദം പകരുന്നതാണ്
(ഈ ലേഖനം മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയ ബഹു. ജോസ് കല്ലുകളം അച്ചനു നന്ദി).
“കാരുണ്യമാണ് സഭയുടെ ജീവിതത്തിന്റെ അടിസ്ഥാനം. അവളുടെ അജപാലന പ്രവർത്തനമൊക്കെയും വിശ്വാസികൾക്ക് അവൾ സന്നിഹിതമാക്കുന്ന ദയാവായ്പിൽ നെയ്തതായിരിക്കണം."
ഡോ. സൂരജ് പിട്ടാപ്പിള്ളിൽ
St Thomas Apostolic Seminary
Vadavathoor P.O, Kottayam 686 010
Mob 9446430577
Email: soorajpittappillil@gmail.com
ഷേക്സ്പിയറുടെ തൂലികയിൽനിന്നും ജനിച്ച ഏറ്റവും ബീഭൽസ നാടകങ്ങളിലൊന്നായ, ടൈറ്റസ് ആൻഡ്രോനിക്കസിന്റെ ഒന്നാമങ്കം, ഒന്നാം രംഗത്തിൽ കരളലിയിക്കുന്ന ഒരു രംഗമുണ്ട്: യുദ്ധതടവുകാരിയായി പിടിക്കപ്പെട്ട ഗോഥ് രാജ്ഞി തമോറയുടെ സീമന്ത പുത്രൻ അലാർബസിനെ ബലികഴിക്കാനൊരുങ്ങുന്ന ടൈറ്റസിനോട് തമോറ കേണപേക്ഷിക്കുന്നു: ""ടൈറ്റസ് കരുണ കാണിച്ചുകൊണ്ട് നീ ദൈവിക ഭാവം നേടുക. തേൻ കിനിയുന്ന കരുണയല്ലാതെ മറ്റെന്താണ് കുലീനത്വത്തിൻ്റെ കൊടിക്കൂറ?''. ഇവിടെ യുദ്ധത്തിൽ തോറ്റ തമോറയും മക്കളും ഒരുവശത്ത്. സ്വന്തം മക്കളുൾപ്പെടെ നിരവധി യോദ്ധാക്കളുടെ ജീവൻ നഷ്ടപ്പെടുത്തി അന്തിമ വിജയം നേടിയ ടൈറ്റസ് മറുവശത്ത്. യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ട തന്റെ പക്ഷക്കാരുടെ ആത്മശാന്തിക്കായി റോമൻ ആചാരപ്രകാരം തോറ്റവരുടെ പക്ഷത്തെ പ്രമുഖൻ്റെ ജീവൻ ബലികഴിക്കാനൊരുങ്ങുന്ന ടൈറ്റസിൻ്റെ മുമ്പിൽനിന്ന് കെഞ്ചുന്ന തമോറ ആരുടെയും കരളലിയിപ്പിക്കുന്ന ഒരു കഥാപാത്രമാണ്. മോചന ദ്രവ്യം നല്കി മകനെ തിരിച്ചുവാങ്ങാനോ കയ്യൂക്കുകൊണ്ട് അവനെ മോചിപ്പിക്കാനോ സാധ്യമല്ലാത്ത സാഹചര്യത്തിൽ അവർക്കാശയിക്കാവുന്നത് ടൈറ്റസിൻ്റെ സ്വാതന്ത്ര്യത്തെ മാത്രമാണ്. ടൈറ്റസ് അനുവദിച്ചാൽ അലാർബസ് ജീവിക്കും; ഇല്ലെങ്കിൽ ക്രൂരമായി വധിക്കപ്പെടും. നിസ്സഹായതയും ദൈന്യതയുംമാത്രം മൂലധനമുള്ളവൻ തനിക്കൊരുവിധത്തിലും കടപ്പെട്ടിട്ടില്ലാത്തവനിൽനിന്നും അത്യന്തം കമനീയമായ ആദായം നേടുന്ന പ്രക്രിയയാണ്, ചുരുക്കിപ്പറഞ്ഞാൽ, കരുണ എന്നത്; കലഹംകൊണ്ടോ കലാപംകൊണ്ടോ കായബലം കൊണ്ടോ ഇളകാത്ത സ്വതന്ത്രമനസ്സിനെ കദനംകൊണ്ടിളക്കുന്ന മാന്ത്രിക പ്രതിഭാസം.
കരുണ: വ്യത്യസ്ത ദർശനങ്ങൾ
ഇതുവരെ പറഞ്ഞത് കരുണയുടെ വളരെ സാമാന്യമായ ഒരു അർത്ഥമാണ്. കരുണയെ ഒരു നന്മയോ പുണ്യമോ ആയിക്കാണാനാണ് നാമൊക്കെ ആഗ്രഹിക്കുന്നത്. അരിസ്റ്റോട്ടിലിന്റെ നിർവചനത്തിൽ നമുക്കോ നമുക്കു വേണ്ടപ്പെട്ടവർക്കോ വന്നുഭവിച്ചേക്കാ മെന്ന് - പ്രത്യേകിച്ച് ഉടനടി ഭവിച്ചേക്കാമെന്ന് - നമ്മൾ കരുതുന്ന ഒരു തിന്മയ്ക്കോ അനർത്ഥത്തിനോ മറ്റൊരാൾ ഇരയാകുന്നത് കാണുമ്പോൾ നമുക്കുണ്ടാകുന്ന വേദനയാണ് കരുണ'. സർവ്വ സൗഭാഗ്യങ്ങളും ഉള്ളവനെയും സർവ്വതിന്മകൾക്കും ഇരയായവനെയും കരുണയുടെ മണ്ഡലത്തിൽനിന്നും അരിസ്റ്റോട്ടിൽ പുറത്താക്കുന്നത് അതുകൊണ്ടാണ്. അപരൻ്റെ അടിസ്ഥാനപരമായ നന്മയിൽ വിശ്വസിക്കുന്നവനുമാത്രമേ കരുണയുള്ളവനാകാൻ കഴിയൂ, കാരണം, അല്ലാത്ത പക്ഷം അപരൻ അനുഭവിക്കുന്ന തിന്മകളും അനർത്ഥങ്ങളും അവനർഹതപ്പെട്ടതു മാത്രമാണെന്ന് നാം കരുതിപ്പോകും.
ചരിത്രത്തിൽ, പക്ഷേ, കരുണയെ എല്ലാവരും ഒരുപോലെയല്ല കരുതിപ്പോന്നത്. മനുഷ്യൻ്റെ ജീവിതാവസ്ഥകളെ അവനോട് ചേർന്ന് അഭേദ്യമായി ബന്ധിച്ച് അവസ്ഥാന്തരങ്ങൾക്കുവേണ്ടിയുള്ള അവന്റെ ശ്രമങ്ങളെ താത്വികമായി പിഴുതുകളഞ്ഞ സ്റ്റോയിക് ചിന്തയിൽ കരുണ ഒരു തിന്മയായിരുന്നു.' ഉപവിയേക്കാൾ താഴ്ന്നാരു വികാരമായി കരുണയെക്കാണാനാണ് വി. തോമസ് അക്വീനാസും ശ്രമിക്കുന്നത്.
കീഴടക്കാനും ശക്തിയാർജിക്കാനുമുള്ള ത്വരയായി ജൈവ ശക്തിയെ കാണുന്ന നീത്ഷേയുടെ ചിന്ത കരുണ, അനുകമ്പ തുടങ്ങിയവയെ മാനുഷികവ്യാപാരങ്ങളിൽനിന്നും പൂർണമായും നിഷ്കാസനം ചെയ്തു. ശരാശരിക്കാരനായി ജീവിച്ചൊടുങ്ങേണ്ടവൻ്റെ തരംതാണ മൂല്യസംഹിതയിൽ മാത്രമാണ് കരുണയ്ക്കും അനുകമ്പയ്ക്കും സ്ഥാനം. ശക്തിയുടെ നിർദ്ദയമായ കാട്ടുനീതിക്ക് മനുഷ്യനെ നിഷ്കരുണം വിട്ടുകൊടുക്കുന്ന ഈ തത്വശാസ്ത്രം തലയ്ക്കുപിടിച്ച ഹിറ്റ്ലർ ഉൾപ്പെടെയുള്ള ഉന്മാദരോഗികൾ പിന്നീട് മനുഷ്യരാശിക്കേൽപ്പിച്ച ആഘാതം നമുക്കെല്ലാവർക്കും അറിവുള്ളതാണല്ലോ. ദൈവങ്ങൾ മരിച്ച രാത്രിയിൽ പിറന്ന അതിമനുഷ്യന്റെ ജൈത്രയാത്രയ്ക്ക് സർവ്വ മൂല്യസംഹിതകളും തകിടം മറിയേണ്ടത്' ആവശ്യമായിരുന്നു.
വ്യക്ത്യാന്തരബന്ധങ്ങളും കരുണയും: കരുണ ഒരു കടമ
കരുണയെക്കുറിച്ചുള്ള താത്വിക നിലപാടുകൾ ചരിത്രത്തിൽ ഒരുപോലെയല്ല എന്ന് സൂചിപ്പിക്കാനാണ് മുകളിൽ പറഞ്ഞ ചരിത്രം കൊണ്ടുദ്ദേശിച്ചത്. അത് സമഗ്രമോ പൂർണ്ണമോ അല്ല.
കരുണയെ ഒരു സദ്വികാരമായി കാണാനാണ് ഞാനും ആഗ്രഹിക്കുന്നത്. പക്ഷേ അപരൻ്റെ ദൈന്യതയോ അനർത്ഥമോ എന്നിലുണർത്തുന്ന ഒരു സദ്വികാരം എന്ന സങ്കൽപം പരിമിതികളുള്ളതാണ്. അത് കരുണ കാണിക്കുന്നവനെ പ്രഭുവും കരുണയുടെ ഉപഭോക്താവിനെ കടക്കാരനുമാക്കുന്നു. പ്രഭുവിനെ പ്രഭുവാക്കുന്നതും കടക്കാരനെ കടക്കാരനാക്കുന്നതും സാമൂഹ്യ സാഹചര്യങ്ങളാണെന്നിരിക്കെ കരുണയെ ഒരു കടമയായി കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ആവശ്യക്കാരനായ, കുറവുകളുള്ള അപരനെ വിടർന്ന കരങ്ങളോടെ സ്വീകരിക്കാൻ ഒരുവനെ നിർബന്ധിതനാക്കുന്ന ഒരു അസ്തിത്വഘടനയാണ് കരുണ. ഇവിടെ സ്വീകർത്താവിന്റെ അല്ലെങ്കിൽ അപരൻ്റെ കുറവുകളെക്കാൾ വലിയ അടിസ്ഥാനപരമായ ഒരു കുറവ് ദാതാവിലാണുള്ളത്: ഞാൻ അവനല്ല എന്നും എനിക്ക് അവനെപ്പോലെയാകാൻ കഴിയില്ല എന്നുമുള്ള തിരിച്ചറിവ്. എനിക്കെന്നുമപ്രാപ്യനായ, എനിക്കൊരിക്കലും പിടിതരാത്ത അപരൻ എൻ്റെ ഗ്രഹണശക്തിക്ക് പുറത്തായതിനാൽ അവന്റെ വ്യതിരിക്തതയുടെയും വ്യത്യസ്തതയുടെയും പ്രത്യക്ഷ അടയാളമായ ആ മുഖം എന്നോട് ബഹുമാനം ചോദിച്ചു വാങ്ങുന്നു. കരുണയെന്നോ, അനുകമ്പയെന്നോ ഏതു പേര് നൽകി ഞാൻ വിളിച്ചാലും ആ പ്രതിഭാസത്തിൻ്റെ സ്രോതസ്സ് എൻ്റെ സ്വാതന്ത്ര്യ മല്ല. മറിച്ച്, അപരൻ്റെ വ്യതിരിക്തത മാത്രമാണ്. അപരിമേയമായ ദൈവികകാന്തി പ്രകടമാക്കുന്നതിനാൽ മുഖത്തിന്റെ ഈ പ്രാഭവത്തെ മുഖത്തിൻ്റെ ദനഹാ (Epiphany of the face) എന്നു വിളിച്ചാലും തെറ്റില്ല. അപരനോട് എനിക്ക് തോന്നുന്ന ധനാത്മക വികാരങ്ങളുടെയെല്ലാം - കരുണയുൾപ്പെടെ - സ്രോതസ്സ് അപരന്റെ മഹത്വത്തിലും വ്യതിരിക്തതയിലും ആണെന്ന വിപ്ലവകരമായ ഈ വീക്ഷണമാറ്റം നാം മുഖ്യമായും കാണുന്നത് മനുഷ്യാന്തര ബന്ധങ്ങളെക്കുറിച്ച് ചർച്ചചെയ്യുന്ന ചിന്തകരിൽ പ്രമുഖനായ എമ്മാനുവൽ ലെവിനാസിലാണ്.
ഇവിടെ അപരനോടുള്ള കടമ എൻ്റെ വ്യക്തിത്വത്തിൽനിന്നും ഉത്ഭുതമാകുന്നതല്ല. മറിച്ച്, എൻ്റെ വ്യക്തിത്വത്തിന് അർത്ഥവും ദിശാബോധവും നല്കുന്ന ഒന്നാണ്. ചിന്താശൈലിയിലുള്ള ഈ മാറ്റമാണ് കരുണയേക്കുറിച്ചുള്ള നമ്മുടെ ചർച്ചക്ക് അടിസ്ഥാനം.
വ്യതിരിക്തതയും വ്യത്യസ്തതയും: കരുണയുടെ ഉത്തരവാദിത്വങ്ങൾ
അപരൻ ഞാനല്ല എന്ന തിരച്ചറിവ് ബഹുമാനമാണ് എന്നിൽ സൃഷ്ടിക്കുന്നതെങ്കിൽ അപരനിലൂടെ ഞാൻ കണ്ടുമുട്ടുന്നത് എന്നെ അതിശയിക്കുന്ന അപരിമേയതയെയാണ്. അത് സഹോദരനിൽ നിന്ന്, അപരനിൽനിന്ന് ഓടിയൊളിക്കുന്നതിനല്ല, മറിച്ച് അത്ഭുതത്തോടും കൗതുകത്തോടും നിർന്നിമേഷതയോടും കൂടി അവനിൽ നിന്നൊരു ലാവണ്യദൂരം (Aesthetic Distance) പാലിച്ച് നിൽക്കാൻ, അവന്റെ മണ്ഡലത്തിലേക്ക് അതിക്രമിച്ച് കയറാതിരിക്കാൻ എന്നെ നിർബന്ധിക്കുന്നു.
വ്യത്യസ്തതകളെ അംഗീകരിക്കുകയും അവയിൽനിന്ന് ലാവണ്യദൂരം പാലിച്ച് നിൽക്കുകയും ചെയ്യുക എന്നത് ഇന്നത്തെ രാഷ്ട്രീയ, സാമൂഹിക, സഭാത്മക സാഹചര്യങ്ങളിൽ വളരെ പ്രസക്തവും ബഹുസ്വരത പുലരേണ്ടതിന് അത്യന്താപേക്ഷിതവുമാണ്. സപ്തസ്വരങ്ങൾക്കു പകരം ഒരുസ്വരത്തിന് മാത്രം സംഗീതം സൃഷ്ടിക്കാനാവില്ലല്ലോ.
എനിക്ക് അവനെപ്പോലെയാകാൻ കഴിയാത്തതുപോലെ അവനെന്നെപ്പോലെയാകാനും കഴിയില്ല. അതിനുവേണ്ടി ദുശ്ശാഠ്യം പിടിക്കുന്നതു ചരിത്രപരമായ മഠയത്തമാണ്. സർവ്വരെയും ഒരുപോലെയാക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ഗ്രീക്ക് മിത്തോളജിയിലെ പ്രോകസ്റ്റസ് എന്ന ചട്ടമ്പിയുടെ കഥ നാം മറക്കരുത്.' പക്ഷേ അതേ ചരിത്രം പരാജയപ്പെട്ട പരീക്ഷണങ്ങൾ - വീണ്ടും ആവർത്തിക്കുമ്പോൾ, ചരിത്രത്തിൽനിന്നും നാം പഠിക്കുന്ന ഏറ്റവും വലിയ പാഠം ചരിത്രം നമ്മെ ഒന്നും പഠിപ്പിക്കുന്നില്ല എന്നതാണ്, എന്ന ഹേഗലിന്റെ വാക്കുകൾ പ്രസക്തമാകുന്നു.
വ്യത്യസ്തതകളെ മനസ്സിലാക്കാത്തവനും അംഗീകരിക്കാത്തവനും ജീവനെ അംഗീകരിക്കാത്തവനാണ്. ജീവന്റെ മുദ്രയാണ് വ്യതിരിക്തത. ഫാക്ടറികളിൽ നമുക്ക് അത്യന്തം സങ്കീർണ്ണമായ സമാനവസ്തുക്കളെ നിർമ്മിക്കാം മില്യൻ കണക്കിന്. പക്ഷേ അതെല്ലാം ചേർന്നാലും ജീവന്റെ ഏറ്റവും ചെറിയ കണികയുടെ വിലയാകുന്നില്ല. തൻ്റെ The Heart of Man എന്ന ഗ്രന്ഥത്തിൽ ഈ തത്വത്തെ മുൻനിറുത്തിയാണ് പ്രശസ്ത ചിന്തകനായ എറിക് ഫ്രോം, വ്യത്യസ്തതകളെ അംഗീകരിച്ചുകൊണ്ട് ജീവൻ പുലരാൻ അനുവദിക്കുന്നവരെയും എല്ലാം ഒരുപോലെയാക്കിക്കൊണ്ട് ജീവഹത്യ നടത്തുന്നവരെയും തമ്മിൽ തിരിക്കുന്നത്. അവരെ യഥാക്രമം ജീവ കാമികളെന്നും (Biophiles) ജഡകാമികളെന്നും (Necrophiles) അദ്ദേഹം തിരിക്കുന്നു.' വ്യത്യസ്തതകളെ അംഗീകരിക്കാത്ത സംസ്കാരങ്ങൾ മരണത്തിലേക്ക് കൂപ്പുകുത്തും. ഹൃദയത്തിൽ എന്തെങ്കിലും നന്മയുള്ളവൻ്റെ, തലയിൽ യുക്തിയുടെ കണിക എങ്കിലുമുള്ളവരുടെ തലമുറയ്ക്ക് മുമ്പിൽ അതൊരു ഹിമാലയൻ വിഢിത്തമായി അവശേഷിക്കുകയും ചെയ്യും.
പക്വത പ്രാപിക്കാത്തവൻ, ജനാധിപത്യത്തിനുവേണ്ട കുലീനത്വം നേടാത്തവൻ ജനാധിപത്യത്തിലൂടെ അവിചാരിതമായി വന്നു ചേർന്ന സ്വാതന്ത്ര്യമുപയോഗിച്ച് വ്യത്യസ്തതകളെ കഴുത്ത് ഞെരിച്ച് കൊല്ലുന്നതു കാണുമ്പോൾ ഓർമ്മവരുന്നത് “സ്വാതന്ത്ര്യം അമൂല്യമാണ്. അതിന് റേഷനിങ്ങ് ഏർപ്പെടുത്തണമെന്ന” ലെനിന്റെ വാക്കുകളാണ്.
നമ്മെ ദേവതുല്യരാക്കുന്ന കരുണയുടെ ഉറവിടം അപരന്റെ വ്യത്യസ്തതയിലും വ്യതിരിക്തതയിലുമാണെന്ന ബോധ്യം ആ വ്യക്തികളെയും വ്യതിരിക്തതകളെയും പാവനമായി കാണാൻ നമ്മെ പ്രാപ്തരാക്കട്ടെ. വ്യത്യസ്തതകളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ നമുക്കു സാധിക്കട്ടെ.
ഡോ. റ്റോമി തറയിൽ
Danahalaya Institute of Formation
Punnapra, 688 004. Alappuzha
Mob. 8547786796
Email: tomytharayil@gmail.com
മനഃശാസ്ത്രത്തെയും മനഃശാസ്ത്രജ്ഞരെയും മുൻവിധിയോടെ കാണുന്ന നിലപാട് കേരളസമൂഹത്തിന്റെ പ്രത്യേകതയാണ്. സിനിമകളിലെയും മറ്റു മധ്യമങ്ങളിലെയും മനഃശാസ്ത്രജ്ഞരെക്കുറിച്ചുള്ള യാഥാർത്ഥ്യത്തിനു നിരക്കാത്ത ചിത്രീകരണങ്ങൾ കൊണ്ടാകാം ഈ രംഗത്ത് തെറ്റുദ്ധാരണകൾ വർദ്ധിച്ചുവരുന്നത്. യഥാർത്ഥത്തിൽ, മറ്റുള്ളവരെ ഏതെങ്കിലും രോഗത്തിന്റെ പേരു പറഞ്ഞ് 'ലേബൽ' ചെയ്യാനോ ഒരാളുടെ മുഖംനോക്കി ഉള്ളിലുള്ളതൊക്കെ പറഞ്ഞ് അയാളെ ഭയപ്പെടുത്താനോ സർവപ്രശ്നങ്ങളും മാനസികമാണെന്ന രീതിയിൽ വ്യക്തികളെ സമീപിക്കാനോ ഒന്നുമുള്ളതല്ല മനഃശാസ്ത്രം; മറിച്ച്, തന്നോടും മറ്റുള്ളവരോടും കരുണ കാണിക്കാൻ അതു നമ്മെ ശാസ്ത്രീയമായി സഹായിക്കുന്നു. നമ്മെത്തന്നെ അറിയുമ്പോൾ നമ്മോടും, മറ്റുളളവരെ അറിയുമ്പോൾ അവരോടും കരുണ കാണിക്കാൻ കഴിയുമെന്ന താണു വസ്തുത.
കരുണ കാണിക്കാൻ കാരണങ്ങൾ
പലരോടും നമുക്കു ക്ഷമിക്കാൻ സാധിക്കാത്തത് അവരോടു കരുണ കാണിക്കാൻ കാരണങ്ങൾ കണ്ടെത്താൻ കഴിയാത്തതു കൊണ്ടാണ്. എന്തിനു കരുണ കാണിക്കണം എന്നുപോലും ചിന്തിക്കുന്ന അവസരങ്ങളുണ്ടായേക്കാം. പ്രസ്തുത സാഹചര്യങ്ങളിൽ ക്ഷമിക്കാനും കരുണ കാണിക്കാനും വിവിധ മനഃശാസ്ത്ര തത്വങ്ങൾ നമുക്കു വിവിധ കാരണങ്ങൾ തരുന്നു. ഉദാഹരണമായി, നാം ഏറെ സ്നേഹിച്ചൊരാൾ നമ്മെ വഞ്ചിച്ചു എന്നു കരുതുക. അയാളോടെങ്ങനെ കരുണ കാണിക്കാനാവും? മനസ്സിൻ്റെ അബോധമണ്ഡലങ്ങളിലെ വ്യാപാരങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന 'സൈക്കോ അനലിറ്റിക് തിയറി' പ്രകാരം അയാളിലെ അബോധമനസ്സാകാം ആ പ്രവൃത്തി ചെയ്യിപ്പിച്ചത്. ബോധമനസ്സിനെ നിയന്ത്രിക്കുന്ന അബോധഘടകങ്ങൾ ഏറെയുണ്ടല്ലോ. ചിലപ്പോൾ നമ്മുടെ സ്നേഹപ്രകടനങ്ങൾപോലും ഉള്ളിലെ വെറുപ്പിന്റെ പ്രകടനങ്ങളാകാം. ഒരു പ്രത്യേക സാഹചര്യത്തിൽ അയാളിലെ അബോധമായ കോപം പുറത്തുവന്നതാകാം. അതു തിരിച്ചറിയുമ്പോൾ നമുക്ക് ആ വ്യക്തിയോട് കരുണ കാണിക്കാൻ തോന്നും. സർവരെയും ചൂഷണംചെയ്തു നടക്കുന്നവൻ തന്റെ തിരിച്ചറിവില്ലാത്ത പ്രായത്തിൽ ക്രൂരമായ ലൈംഗികചൂഷണത്തി നിരയായതാണെന്നു തിരിച്ചറിയുമ്പോൾ നമുക്ക് ആ വ്യക്തിയോട് കോപത്തെക്കാൾ കരുണയാണു തോന്നുക.
ബിഹേവിയറിസ്റ്റ് (Behaviourist) തത്വങ്ങൾപ്രകാരം ഒരു വ്യക്തി ചെറുപ്പംമുതലേ പഠിച്ചെടുത്ത ചില രീതികളാകാം പ്രായമാകുമ്പോഴും ആവർത്തിക്കുന്നത്. ഉദാഹരണമായി, പിണങ്ങിയിരുന്നാൽ കാര്യം നടക്കും എന്നു ചെറുപ്പംമുതലേ പഠിച്ചറിഞ്ഞ ഒരാൾ എപ്പോഴും മറ്റുള്ളവരോടു പിണങ്ങിയിരിക്കുകയും അവരെ മാനസ്സിക സമ്മർദ്ദത്തിലാഴ്ത്തുകയും ചെയ്യും. ഇതാണയാളുടെ പ്രവൃത്തിയുടെ പിന്നിലെന്നു മനസ്സിലാകുമ്പോൾ നമുക്ക് അയാളോടു ക്ഷമിക്കാൻ കഴിയും.
ഹ്യൂമനിസ്റ്റ് (Humanist) തിയറി പ്രകാരം വളരാൻ പാകമായ സാഹചര്യങ്ങൾ ലഭിക്കാത്തതുകൊണ്ടായിരിക്കാം ഒരാളുടെ പ്രവൃത്തി ഹിതകരമല്ലാത്തതാകുന്നത്. 'എനിക്കു ലഭിച്ചതിന്റെ പകുതി സ്നേഹം അവനു ലഭിച്ചിരുന്നെങ്കിൽ അവന്റെ പെരുമാറ്റം ഏറ്റവും യുക്തമായിരുന്നേനെ' എന്ന തിരിച്ചറിവ് അവനോടു കോപിക്കാൻ എന്നതിനെക്കാൾ കരുണ കാണിക്കാൻ നമ്മെ സഹായിക്കും. ഇങ്ങനെ ചിന്തിക്കുമ്പോൾ ഓരോ മനഃശാസ്ത്ര തത്വവും എന്നോടും മറ്റുള്ളവരോടും കരുണ കാണിക്കാൻ എന്നെ സഹായിക്കുന്നു; കരുണ കാണിക്കാൻ നമുക്കു കൂടുതൽ കാരണങ്ങൾ നല്കുന്നു.
'നിന്നെപ്പോലെ നിൻ്റെ അയല്ക്കാരനെ സ്നേഹിക്കുക' എന്ന കല്പനയിലെ 'നിന്നെ സ്നേഹിക്കുക' എന്ന ഭാഗം മനസ്സിലാക്കാൻ മനഃശാസ്ത്രം നമ്മെ സഹായിക്കും. പലപ്പോഴും നമ്മെത്തന്നെ വെറുക്കുന്നവരാണു നമ്മൾ. നമ്മുടെ ശരീരം, കുടുംബ സാഹചര്യങ്ങൾ, വളർന്നുവന്ന സാഹചര്യങ്ങൾ എന്നിവയെക്കുറിച്ചൊക്കെ അപകർഷത സൂക്ഷിക്കുന്നവരാണു നമ്മൾ. നമ്മുടെ കുറവുകൾ ഏറ്റവും കൂടുതൽ ഓർത്തിരിക്കുന്നതും നമ്മൾ തന്നെ. സ്വയം ക്ഷമിക്കാത്തവന് മറ്റുള്ളവരോട് ക്ഷമിക്കാനാവുമോ? ആരോഗ്യകരമായ മനസ്സുള്ളവൻ സ്വയം ക്ഷമിക്കുന്നവനാണെന്ന തിരിച്ചറിവ് മറ്റുള്ളവരോടും കരുണ കാണിക്കാൻ നമ്മെ തയ്യാറാക്കും.
അറിഞ്ഞിരുന്നെങ്കിൽ... സ്നേഹിച്ചേനെ
വ്യക്തിഗത മാനസിക പ്രശ്നങ്ങളുടെയും കുടുംബപ്രശ്നങ്ങളുടെയും ഒരു കാരണം വ്യക്തികൾക്ക് അവരെയും മറ്റുള്ളവരെയും മനസ്സിലാക്കാൻ കഴിയുന്നില്ലെന്നുള്ളതാണ്. പല വ്യക്തിത്വ ശൈലികളെയും രോഗങ്ങളെയുംകുറിച്ചു മനഃശാസ്ത്രം നമുക്ക് ഉൾക്കാഴ്ചകൾ തരുന്നുണ്ട്. ഉദാഹരണമായി, പരിപൂർണതാദാഹം എന്ന 'പെർഫെക്ഷനിസം' പലരുടെയും സ്വഭാവത്തെ കാർക്കശ്യ പൂർണവും ഇടുങ്ങിയതുമാക്കുന്നു. വൃത്തി ഭ്രാന്ത് ഇവർക്ക് എന്നും എന്തിലും വൃത്തികേടുകൾ കാണിച്ചുകൊടുക്കുകയും അതിനെ പ്രതി അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യും. സ്വയം സംശയിക്കുന്ന ഇക്കൂട്ടർ പൂട്ടിയ വാതിലുകൾ വീണ്ടും വീണ്ടും തുറന്നുനോക്കുകയും കഴുകിയ കൈകൾ ആവർത്തിച്ചു കഴുകുകയും തെറ്റുമോ എന്നു ഭയന്ന് തീരുമാനങ്ങൾ എടുക്കാതിരിക്കുകയും നിസ്സാര കുറവുകളുടെ പേരിൽ മറ്റുള്ളവരെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യും. ഒബ്സെസീവ് കംമ്പൾസീവ് (obsessive-compul-sive) വ്യക്തിത്വം ഉള്ളവരായതുകൊണ്ടാണ് ഇവർ ഇങ്ങനെ പെരുമാറുന്നതെന്നും അപാരമായ ആശങ്ക ഉള്ളിൽ സൂക്ഷിക്കുന്നതാണ് ഈ പെരുമാറ്റത്തിൻ്റെ പിന്നിലെന്നും മനഃശാസ്ത്രം നമുക്കു പറഞ്ഞുതരുമ്പോൾ, അങ്ങനെയുള്ള വ്യക്തികളോടു കരുണ കാണിക്കാൻ നമുക്ക് എളുപ്പമാകും. മേൽവിവരിച്ച രീതിയിലുള്ള അനേകം വ്യക്തിത്വശൈലികളെക്കുറിച്ച് മനഃശാസ്ത്രഗ്രന്ഥങ്ങൾ പ്രതിപാദിക്കുന്നുണ്ട്.
കാരുണ്യശുശ്രൂഷയുടെ വിവിധ മാനങ്ങൾ
രക്തസ്രാവക്കാരി സ്ത്രീയെ സുഖപ്പെടുത്തി ജനക്കൂട്ടത്തിന്റെ മുമ്പിൽ നിറുത്തുന്ന ഈശോ (മർക്കോ 5,25) സൗഖ്യത്തിന്റെ വിവിധ മാനങ്ങളെക്കുറിച്ചു പഠിപ്പിക്കുകയാണ്. വർഷങ്ങളായുള്ള രക്തസ്രാവം സമൂഹത്തിൽനിന്ന് ആ സ്ത്രീയെ അകറ്റി നിർത്തി, 'താൻ അശുദ്ധയാണ്' എന്ന അപകർഷതയുടെ ചിന്തയിൽ ആഴ്ത്തിയെന്നു തിരിച്ചറിഞ്ഞ ഈശോ അവൾക്കു നല്കുന്നതു ശാരീരിക സൗഖ്യം മാത്രമല്ല. വർഷങ്ങളായി ഏതു ജനക്കൂട്ടത്തെ അവൾ ഭയപ്പെട്ടോ ആ ജനക്കൂട്ടത്തിൻ്റെ മുമ്പിൽ സ്വയം സാക്ഷ്യപ്പെടുത്താൻ ഈശോ അവളെ നിർബന്ധിക്കുകയാണ്. അതിലൂടെ സൗഖ്യത്തിൻ്റെ മാനസികതലം അവിടുന്നു വെളിവാക്കുന്നു. ശാരീരികമായ സൗഖ്യത്തോടൊപ്പം മാനസികമായ സൗഖ്യവും വളരെ പ്രധാനപ്പെട്ടതാണ്.
ഒരുപക്ഷേ, നമ്മുടെ സമൂഹത്തിൽ മാനസികവൈകല്യം അനുഭവിക്കുന്നവർക്കുവേണ്ടിയുള്ള ശുശ്രൂഷകൾ ഏറ്റവുമധികം ഏറ്റെടുത്തതു കത്തോലിക്കാസഭ തന്നെയാണ്. മാനസികരോഗം അനുഭവിക്കുന്നവർക്കുവേണ്ടിയുള്ള ചികിത്സാകേന്ദ്രങ്ങളും രോഗം സുഖപ്പെടുന്നവർക്കായുള്ള പുനരധിവാസ കേന്ദ്രങ്ങളും ഇനിയും ഉണ്ടാകേണ്ടതുണ്ട്.
ചില മാനസിക അസ്വസ്ഥതകളുടെ കണക്കെടുത്താൽ രാജ്യത്തിന്റെ മൊത്തം ശരാശരിയെക്കാൾ ഇരട്ടിയാണ് നമ്മുടെ കൊച്ചുകേരളത്തിന്റേത്. 2010 ലെ കണക്കുപ്രകാരം ആത്മഹത്യാ നിരക്കിൽ രാജ്യശരാശരിയുടെ രണ്ടിരട്ടിയാണു കേരളത്തിൽ (24.8%). മദ്യപാനത്തിൻ്റെ വർദ്ധനവ് മാനസികരോഗങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നുമുണ്ട്. 5.8 ശതമാനം മലയാളികൾ സാധാരണ മാനസികരോഗങ്ങൾ അനുഭവിക്കുമ്പോൾ രണ്ടു ശതമാനം പേർ കടുത്ത മാനസികരോഗങ്ങളാൽ വലയുന്നവരുമാണ്. ജൈവപരമായ കാരണങ്ങളെക്കാൾ സാമൂഹിക കാരണങ്ങളാണ് മാനസികരോഗങ്ങളുടെ വർദ്ധനവിനു നിദാനമായി കണ്ടെത്തിയിട്ടുള്ളത്.
മാറ്റേണ്ട മനോഭാവവും മാറേണ്ട സമൂഹവും
മാനസികരോഗങ്ങളെ സാധാരണ രോഗങ്ങൾപോലെ അംഗീകരിക്കാൻ നമ്മുടെ സമൂഹം ഇന്നും തയ്യാറല്ല. അതുകൊണ്ടു തന്നെ ഈ രോഗങ്ങൾ കഴിയുന്നിടത്തോളം മൂടിവയ്ക്കുകയും രോഗം മൂർച്ഛിക്കുമ്പോൾമാത്രം ചികിത്സ തേടുകയും ചെയ്യുന്ന രീതിയാണു കണ്ടുവരുന്നത്. മാനസികരോഗമുള്ളവർ ദൗർഭാഗ്യകരമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവരാണെന്നും അവരുടെ പ്രശ്നങ്ങളെക്കുറിച്ച് വേണ്ടത്ര അവബോധം അവർക്കുതന്നെയില്ലെന്നുമുള്ള തിരിച്ചറിവ് അവരോടു കൂടുതൽ കരുണ കാണിക്കാൻ നമ്മെ പ്രേരിപ്പിക്കും. അനുകമ്പ (empathy) എന്നത് മനസ്സിന്റെ ഭാവമാവുകയും നമുക്കു മനസ്സിലാക്കാൻ പറ്റാത്ത വേദനകളും സാഹചര്യങ്ങളും അപരർക്കുണ്ടെന്ന ബോദ്ധ്യത്തിൽ വളരുകയും ചെയ്താലേ മാനസികാസ്യാസ്ഥ്യമുള്ളവരെ ചേർത്തുപിടിക്കുന്ന മനോഭാവം നമ്മിൽ വളരുകയുള്ളു.
“അവിടുത്തെ മഹത്വം സ്നേഹമല്ലാതെ മറ്റൊന്നുമല്ല; സൗജന്യമായി നൽകപ്പെടുന്ന സ്നേഹം. തന്നെ സമീപിക്കുന്നവരുമായി അവിടുന്നു രൂപപ്പെടുത്തിയ ബന്ധങ്ങൾ തികച്ചും തനതും ആവർത്തനക്ഷമമല്ലാത്ത തുമായ ഒന്നിനെ വെളിപ്പെടുത്തുന്നു".
കാരുണ്യത്തിൻ്റെ മുഖം. 8
ഫാ. ജോർജ് ഓലിയപ്പുറം
Bishop's House, P.B. No. 6
Kothamangalam 686 691
Mob. 9447663274
Email: oliapuramfrg@gmail.com
യേശുക്രിസ്തു പിതാവായ ദൈവത്തിൻ്റെ കാരുണ്യത്തിന്റെ മുഖമാണ്. കാരുണ്യത്തിന്റെ അസാധാരണ ജൂബിലി വർഷം പ്രഖ്യാപിച്ചുകൊണ്ടുള്ള പരിശുദ്ധ പിതാവിന്റെ സന്ദേശം തുടങ്ങുന്നത് ഈ വാക്കുകൾ കൊണ്ടാണ്. നിത്യപുരോഹിതനായ യേശുവിന്റെ പൗരോഹിത്യത്തിൽ പങ്കുചേരുകയും ദൗത്യം തുടരുകയും ചെയ്യുന്ന പുരോഹിതനു വേണ്ടത് കാരുണ്യം തുടിക്കുന്ന ഹൃദയവും കാരുണ്യം പ്രസരിക്കുന്ന മുഖവുമാണ്. ഗുരുവും നാഥനുമായ യേശുവിൻ്റെ മുമ്പിലിരുന്ന് അവിടുത്തെ കാരുണ്യം വർഷിക്കുന്ന കണ്ണുകളിലേക്കു നോക്കി ഓരോ പുരോഹിതനും പ്രാർത്ഥിക്കേണ്ടത് ഇപ്രകാരമാണ്, ഹൃദയശാന്തതയും എളിമയും കാരുണ്യവുമുള്ള ഈശോയുടെ തിരുഹൃദയമേ, എൻ്റെ ഹൃദയം അങ്ങയുടെ ഹൃദയം പോലെയാക്കണമേ.
കരുണയുടെ മുഖം പൗരോഹിത്യത്തെ എത്രമാത്രം ആകർഷകമാക്കുന്നു, പ്രസക്തമാക്കുന്നു, രക്ഷാകരമാക്കുന്നു എന്ന് വലിയ ഇടയശുശ്രൂഷയിലൂടെ ഫ്രാൻസിസ് മാർപാപ്പ നമ്മെ പഠിപ്പിക്കുന്നു. ദരിദ്രനും വിനീതനും ക്രൂശിതനുമായ യേശുവിനെ അനുകരിച്ച് പിതാവായ ദൈവത്തിന്റെ സർവ്വാശ്ലേഷിയായ കരുണാർദ്രസ്നേഹത്തിന്റെ ജീവിക്കുന്ന അടയാളമായ വിശുദ്ധ ഫ്രാൻസിസിന്റെ നാമം സ്വീകരിച്ചത് അലങ്കാരമായിട്ടല്ല, ഇടയശുശ്രൂഷയുടെ ശൈലി നിർണ്ണയിക്കാനായിരുന്നു എന്ന് ഇന്നു നാം തിരിച്ചറിയുന്നു.
വിശുദ്ധ ഫ്രാൻസിസിൻ്റെ നാമം അന്വർത്ഥമാക്കിയ ഫ്രാൻസിസ് പാപ്പയുടെ അജപാലക ശുശ്രൂഷ കാരുണ്യത്തിന്റെ ആസ്വാദ്യകരമായ സങ്കീർത്തനംപോലെ ലോകത്തിന്റെ ഹൃദയം കവർന്ന്, നന്മയുടെ അനുരണനങ്ങൾ സൃഷ്ടിച്ചു. കത്തോലിക്കാ സഭയെയും സഭാസംവിധാനങ്ങളെയും സംശയത്തോടും ശത്രുതയോടുംകൂടെ വീക്ഷിച്ചിരുന്ന അനേകർ പരിശുദ്ധ പിതാവ് തുറന്നുവച്ച കരുണയുടെ കവാടത്തിലൂടെ അകത്തുവരാനും സംവദിക്കാനും സഹകരിക്കാനും സഹയാത്രികരാകാനും തയ്യാറാകുന്ന സ്നേഹത്തിന്റെ അത്ഭുതങ്ങൾ നമ്മെ നിരന്തരം വിസ്മയിപ്പിക്കുകയാണ്. കാരുണ്യം വാരിവിതറിയ രണ്ടു വർഷത്തെ പാപ്പാശുശ്രൂഷയുടെ ആധികാരികമായ പിൻബലവുമായിട്ടാണ് ഫ്രാൻസിസ് പാപ്പ കരുണയുടെ ജൂബിലി വർഷം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജൂബിലി വർഷാചരണം വരണ്ടുപോയ കരുണയുടെ ഉറവകൾ വ്യക്തികളിലും കുടുംബങ്ങളിലും ഇടവകസമൂഹങ്ങളിലും സഭയിലും ലോകത്തിലും തുറക്കാൻ അവസരമാകണം. കാരുണ്യത്തിൻ്റെ പ്രളയം കൊണ്ട് ലോകം മുഴുവൻ നവീകരിക്കപ്പെടണം.
കാരുണ്യത്തിൻ്റെ ശൈലി തേടുന്ന വൈദികർ ദൈവകാരുണ്യത്തിന്റെ അവതാരമായ യേശുവിലേക്ക് വിശ്വാസത്തോടെ, സ്നേഹത്തോടെ, പ്രത്യാശയോടെ തിരിഞ്ഞാൽ മാത്രം മതി. മനുഷ്യാവതാരത്തിന്റെ ഒരോ രഹസ്യത്തിലും അഗാധമായ സ്നേഹവും കരുണയും ഒളിഞ്ഞിരിക്കുന്നതു കാണാം. മനുഷ്യനായി പിറക്കുന്ന ദൈവപുത്രന് ഒരമ്മയെ വേണം. സമ്മതം ചോദിച്ചുകൊണ്ട് ഗ്രാമീണ കന്യകയായ മറിയത്തെ ദൈവദൂതൻ സമീപിക്കുന്നത് ആദരവോടെ 'ദൈവകൃപ നിറഞ്ഞവളെ സ്വസ്തി' എന്ന അഭിവാദനവുമായിട്ടാണ്. രക്ഷകനായി പിറക്കുന്ന ദൈവപുത്രന് അമ്മയാകാൻ സമ്മതമാണോ എന്നാണ് ചോദ്യം. കാര്യം ഗ്രഹിക്കാൻ കഴിയാതെ കുഴങ്ങിയ മറിയത്തിന് സംശയനിവാരണത്തിന് അവസരം കൊടുത്തു. മറിയം പറഞ്ഞു: "ഇതെങ്ങനെ സംഭവിക്കും, ഞാൻ പുരുഷനെ അറിയുന്നില്ലല്ലോ?" ദൂതൻ വിശദീകരിച്ചു: "പരിശുദ്ധാത്മാവ് നിന്റെമേൽ വരും, അത്യുന്നതന്റെ ശക്തി നിന്റെമേൽ ആവസിക്കും... വൃദ്ധയായ എലിസബത്തും ഒരു പുത്രനെ ഗർഭം ധരിച്ചിരിക്കുന്നു. വന്ധ്യയെന്നു പറഞ്ഞിരുന്ന അവൾക്ക് ഇത് ആറാം മാസമാണ്. ദൈവത്തിന് ഒന്നും അസാദ്ധ്യമല്ല." മറിയം പ്രത്യുത്തരിച്ചു: “ഇതാ കർത്താവിൻ്റെ ദാസി, നിൻ്റെ വാക്ക് എന്നിൽ നിറവേറട്ടെ." ദൈവത്തിന്റെ മഹത്തായ രക്ഷാകരപദ്ധതി നടപ്പാക്കാൻ ഒരു ഗ്രാമീണ കന്യകയുടെ സ്വതന്ത്രമായ സമ്മതത്തിനുവേണ്ടി കാത്തുനിൽക്കുന്ന ദൈവകാരുണ്യത്തിൻ്റെ മഹത്വമാണ് ഇവിടെ വെളിവാകുന്നത്. മനുഷ്യ രക്ഷയ്ക്കുവേണ്ടിയുള്ള മഹാപദ്ധതികൾപോലും വ്യക്തി സ്വാതന്ത്ര്യത്തെ ആദരിച്ച് നടപ്പാക്കാനാണ് ദൈവം ആഗ്രഹിക്കുന്നത്. ഒരു വൈദികൻ്റെ ഹൃദയം വലുതായാലാണ് ഇഷ്ടപദ്ധതികൾ നടപ്പിലാക്കുമ്പോൾ ചെറിയവരുടെ ആഗ്രഹങ്ങളും അഭിപ്രായങ്ങളും ആദരിക്കാൻ കഴിയുക.
അടുത്ത രംഗം ബത്ലഹേമിലെ പുൽക്കൂടാണ്. മംഗളവാർത്ത സ്വീകരിച്ച മറിയവും യൗസേപ്പും രക്ഷകന് പിറക്കാൻ ഉയർന്ന നിലവാരമുള്ള ഒരിടം ദൈവം ഒരുക്കും എന്നു പ്രതീക്ഷിച്ചിട്ടുണ്ടാകണം. പക്ഷെ, കണക്കുകൂട്ടലുകളെല്ലാം തെറ്റി. സത്രത്തിൽ അവർക്ക് ഇടം ലഭിച്ചില്ല. അന്വേഷണങ്ങളുടെ അവസാനം കാലിത്തൊഴുത്തിന്റെ ഒഴിഞ്ഞ കോണിൽ ജോസഫ് ഇടം ഒരുക്കി. ബത്ലഹേമിലെ ആരുടെയും ജീവിതത്തിൻ്റെ താളം തെറ്റിക്കാതെ രാവിന്റെ നിശബ്ദതയിൽ രക്ഷകൻ പിറന്നു. എളിയവരായ ആട്ടിടയരായിരുന്നു ആദ്യ സന്ദർശകർ. പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന ശിശുവിനെ കണ്ടപ്പോൾ തങ്ങളെപ്പോലൊരുവനെ കാണുന്ന സുഖമായിരുന്നു ആട്ടിടയർക്ക്. എളിയവരോട് താദാത്മ്യപ്പെടുന്ന, സ്വയം ശൂന്യമാകുന്ന സ്നേഹമാണ് പുൽക്കൂടിന് നക്ഷത്ര ശോഭ നൽകിയത്.
പുൽക്കൂടിന്റെ ലാളിത്യത്തിനും ദാരിദ്ര്യത്തിനും പിന്നിൽ എളിയവരോടു ചേർന്നു നിൽക്കാനും ഒന്നാകാനുമുള്ള ദൈവത്തിന്റെ കരുണാർദ്ര സ്നേഹത്തിൻ്റെ തിളക്കം കാണാം. അതേ സ്നേഹം തന്നെയല്ലെ ഫ്രാൻസിസിനെ ദരിദ്ര ഭിക്ഷുവാക്കി മാറ്റിയത്. അതേ ഹൃദയഭാവമല്ലെ ഫ്രാൻസിസ് പാപ്പയെ തിളങ്ങുന്ന പേപ്പൽ വസ്ത്രങ്ങളുപേക്ഷിച്ച് വെള്ളയുടുപ്പു ധരിച്ച സാധാരണ വൈദികനെപ്പോലെ പ്രത്യക്ഷപ്പെടാനും വത്തിക്കാൻ കൊട്ടാരം ഉപേക്ഷിച്ച് സാൻമാർത്താ ഭവനത്തിലേക്കു മാറാനും ലാളിത്യം വിട്ടുവീഴ്ചയില്ലതെ പാലിക്കാനും നിർബന്ധിച്ചത്. പാർക്കുന്ന വീടും ധരിക്കുന്ന വസ്ത്രവും ഉപയോഗിക്കുന്ന വാഹനവും മറ്റുവസ്തുക്കളും ഹൃദയത്തിൽ നിറയുന്ന കാരുണ്യത്തിൻ്റെയോ കാരുണ്യമില്ലായ്മയുടെയോ വെളിപാടായിരിക്കും.
അടുത്ത രംഗം ഈജിപ്താണ്. ബത്ലഹേമിലെ പരിമിതമായ സൗകര്യത്തിൽ തുടരാനുള്ള ഭാഗ്യംപോലും തിരുക്കുടുംബത്തിന് ഉണ്ടായില്ല. ഹേറോദേസിൻ്റെ ഭീഷണിയിൽനിന്നും രക്ഷപ്പെടാൻ തിരുക്കുടുംബത്തിന് ഈജിപ്തിലേക്കു പലായനം ചെയ്യേണ്ടി വന്നു. ഈജിപ്തിൽ പ്രവാസജീവിതം നയിക്കേണ്ടിവന്ന തിരഞ്ഞെടുക്കപ്പെട്ട ജനത്തിൻ്റെ ഇല്ലായ്മകളിലും വേദനകളിലും ഭീതിയിലും പങ്കുചേരാനുള്ള രക്ഷകൻ്റെ കരുണാർദ്ര സ്നേഹമാണിവിടെ വിരിയുന്നത്. ജനത്തിൻ്റെ ദുഖങ്ങളിൽ അവരോടു സഹതപിക്കാൻ കഴിവുള്ള ഒരു പ്രധാനപുരോഹിതൻ്റെ രൂപീകരണത്തിന്റെ ഭാഗമായിരുന്നു ഈജിപ്തിലെ പ്രവാസജീവിതം.
യേശുവിന്റെ കരുണാർദ്രസ്നേഹമല്ലേ കരുണയുടെ മാലാഖയായ മദർ തെരേസായെ കൊൽക്കത്തയിലെത്തിച്ചതും സുരക്ഷിതമായ കന്യാമഠത്തിൽനിന്നും പാവപ്പെട്ടവരുടെ ചേരിയിലെത്തിച്ചതും ലോകമെമ്പാടുമുള്ള അഗതികളുടെ അമ്മയാക്കിയതും. അതേ സ്നേഹം തന്നയല്ലേ ഫ്രാൻസിസ് പാപ്പയെ തൻ്റെ ആദ്യയാത്രയിൽതന്നെ അഭയാർത്ഥികളുടെ താവളമായ ലാമ്പദുസാ എന്ന ചെറു ദ്വീപിലെത്തിച്ചതും, ഫാദർ ഡാമിയനെ കുഷ്ഠരോഗികളുടെ മൊളോക്കോ ദ്വീപിലെത്തിച്ചതും. പുരോഹിതൻ രക്ഷകനാണോ രക്ഷപെടുന്നവനാണോ എന്നു നിർണയിക്കാൻ യാത്രയുടെ ടിക്കറ്റുകൾ പരിശോധിച്ചാൽ മതി. ലക്ഷ്യം ലാഭവും സുഖവും സൗകര്യങ്ങളുമെങ്കിൽ പുരോഹിതൻ രക്ഷപെടുന്നവരുടെ കൂടെയായിരിക്കും. ഗുരു കൂടെ വരികയില്ല.
അടുത്ത രംഗം നസ്രത്തിലെ സിനഗോഗാണ്. സാബത്തു ദിവസം ഏശയ്യാ പ്രവാചകൻ്റെ പുസ്തകത്തിൽനിന്ന് യേശു വായിക്കുകയാണ്: “കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാൻ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതർക്കു മോചനവും അന്ധർക്കു കാഴ്ചയും അടിച്ചമർത്തപ്പെട്ടവർക്കു സ്വാതന്ത്ര്യവും കർത്താവിനു സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാൻ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു" (ലൂക്കാ 4: 18-19). തന്നെ ശ്രവിച്ചിരുന്നവരോട് അവൻ പറഞ്ഞു: “നിങ്ങൾ കേട്ടിരിക്കെത്തന്നെ ഈ തിരുവെഴുത്തു നിറവേറിയിരിക്കുന്നു" (ലൂക്കാ 4: 21). യേശു പരസ്യജീവിതത്തിന്റെ ആരംഭത്തിൽ നടത്തുന്ന ശ്രദ്ധേയമായ ഈ വായന യേശുവിൻ്റെ നയപ്രഖ്യാപനമായി കണക്കാക്കാവുന്നതാണ്. താൻ വന്നിരിക്കുന്നത് മനുഷ്യന്റെ സമഗ്രമായ വിമോചനത്തിനും രക്ഷക്കും വേണ്ടിയാണെന്ന് തന്നിൽ നിറവേറുന്ന പ്രവാചകവചനം ഉദ്ധരിച്ചുകൊണ്ട് യേശു പ്രഖ്യാപിക്കുകയാണ്. മനുഷ്യൻ്റെ ദാരിദ്ര്യത്തിന്റെയും രോഗത്തിന്റെയും തകർച്ചയുടെയും പാപബന്ധനങ്ങളുടെയും സർവ്വമേഖലകളും തൻ്റെ രക്ഷാകരപദ്ധതിയുടെ ഭാഗമാണെന്ന് യേശു ഇവിടെ പ്രഖ്യപിക്കുന്നു. രോഗശാന്തിയിലൂടെ, പൈശാചികബന്ധനത്തിൽ നിന്നുള്ള മോചനത്തിലൂടെ, കൊടുങ്കാറ്റിനെ ശാന്തമാക്കുന്നതിലൂടെ, മരിച്ചവരെ ഉയിർപ്പിക്കുന്നതിലൂടെയെല്ലാം അവിടുന്ന് തൻ്റെ പ്രഖ്യാപനങ്ങളെ സ്ഥിരീകരിക്കുന്നു.
യേശു നൽകുന്ന സർവ്വതലസ്പർശിയായ മോചനവും രക്ഷയും പങ്കുവയ്ക്കുവാൻ നിയോഗിക്കപ്പെട്ട വൈദികൻ പാപത്തോടും രോഗത്തോടും തിന്മകളോടും അന്ധകാരശക്തികളോടുമുള്ള യുദ്ധത്തിൽ ജനങ്ങളുടെ കൂടെ നിൽക്കേണ്ടവനാണ്. മനുഷ്യദുഃഖങ്ങളുടെ തകർച്ചകളുടെ ദുരന്തങ്ങളുടെ മേഖലയിൽനിന്നു രക്ഷപെടാനുള്ള അവകാശം അജപാലകനില്ല. കർമ്മങ്ങളും അനുഷ്ഠാനവിധികളുംകൊണ്ട് അവസാനിക്കേണ്ടതല്ല പൗരോഹിത്യം.
തന്റെ ചുറ്റും കൂടിയിരിക്കുന്ന സാധാരണക്കാരെ കരുണയോടെ നോക്കി യേശു നടത്തുന്ന മലയിലെ പ്രസംഗം ഭാഗ്യാശം സകൾകൊണ്ടു നിറഞ്ഞതാണ്. ദരിദ്രരേ, നിങ്ങൾ ഭാഗ്യവാൻമാർ; വിലപിക്കുന്നവരേ, നീതിക്കുവേണ്ടി വിശക്കുന്നവരേ, ദാഹിക്കുന്നവരേ, പീഡനം ഏല്ക്കുന്നവരേ, അവഹേളിക്കപ്പെടുന്നവരേ, നിങ്ങൾ ഭാഗ്യവാൻമാർ. ഭാഗ്യം കൈവിട്ട സകലരെയും കാരുണ്യം കവിയുന്ന സ്നേഹംകൊണ്ട് ആശ്ലേഷിക്കുന്ന യേശു ഭാഗ്യം ആശംസിക്കാൻ പുതിയ ശൈലി കാണിച്ചുതരികയായിരുന്നു. ജീവിതത്തിന്റെ ഏതു ദുഃഖവേളയിലും ആശ്വാസവും പ്രത്യാശയും പകരാൻ യേശുവിന്റെ അരൂപിയുള്ള വൈദികന് കഴിയും. പത്രോസിന്റെ ബസിലിക്കായുടെ അങ്കണത്തിൽ സന്ദർശകരുടെയിടയിൽ ശാരീരികവൈരൂപ്യംകൊണ്ട് ശ്രദ്ധേയനായ ഒരു സഹോദരനെ സ്നേഹപൂർവം ആശ്ലേഷിക്കുന്ന ഫ്രാൻസിസ് പാപ്പ ഭാഗ്യാശംസയുടെ പുതിയ വഴികൾ കാണിച്ചുതരികയായിരുന്നു.
ജറുസലേം ദൈവാലയത്തിൽ കിലുകിലാരവത്തോടെ നേർച്ചയിടുന്ന സമ്പന്നരുടെയിടയിൽ കയ്യിൽ ആകെയുണ്ടായിരുന്ന ചില്ലിക്കാശ് സമർപ്പിക്കുന്ന ദരിദ്രവിധവയെ യേശു ശ്രദ്ധിച്ചു. നേർച്ച മത്സരത്തിൽ അവൾക്ക് ഒന്നാം സ്ഥാനം നൽകി. എളിയവരെ ശ്രദ്ധിക്കാനും സ്നേഹിക്കാനും അംഗീകരിക്കാനും കഴിയുമ്പോഴാണ് ശിഷ്യൻ ഗുരുവിനെപ്പോലെയാകുന്നത്.
ചുങ്കക്കാരുടെയും പാപികളുടെയും കൂടെ ഭക്ഷണത്തിനിരിക്കുകയും അവരോടു സ്നേഹിതനെപ്പോലെ പെരുമാറുകയും ചെയ്ത യേശുവിനെ ഫരിസേയർ വിമർശിച്ചപ്പോൾ യേശു നൽകിയ മറുപടി ശിഷ്യൻ ഹൃദയത്തിൽ കുറിച്ചിടണം, "ബലിയല്ല കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നതിൻ്റെ അർത്ഥം നിങ്ങൾ പോയി പഠിക്കുക. ഞാൻ വന്നത് നീതിമാന്മാരെ വിളിക്കാനല്ല, പാപികളെ വിളിക്കാനാണ്” (മത്തായി 9:13). കർമ്മങ്ങളും ഭക്താനുഷ്ഠാനങ്ങളും വർദ്ധിപ്പിച്ചു പൂർണത തേടാൻ ശ്രമിക്കുന്നവർക്ക് ഒരു മുന്നറിയിപ്പാണ് യേശുവിൻ്റെ വാക്കുകൾ. പൗരോഹിത്യം കർമ്മവിധികളിൽ അവസാനിക്കരുത്. ബലിയർപ്പകനും ബലിവസ്തുവും ഒന്നുചേരുന്ന കാൽവരിയിൽ ബലി ദൈവകരുണയുടെ ദീപ്തമായ വെളിപാടായിരുന്നു. "ഞാൻ ഉയർത്തപ്പെടുമ്പോൾ എല്ലാ ഹൃദയങ്ങളെയും എന്നിലേക്കാകർഷിക്കും" എന്ന വാക്കുകൾ കാൽവരിയാഗവേദിയിൽ അന്വർത്ഥമാകുന്നു. വിശ്വസിക്കാൻ കഴിയുന്നവരെ മുഴുവൻ രക്ഷയിലേക്ക് ആനയിക്കാൻ പോരുന്ന സ്നേഹത്തിന്റെ കരുത്താണ് അവിടെ പ്രകടമാകുന്നത്. സ്നേഹിതർക്കുവേണ്ടി ജീവൻ അർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ലെന്നു പഠിപ്പിച്ച യേശു പാപികൾക്കുവേണ്ടി ജീവൻ ബലിയായർപ്പിച്ച് സ്നേഹം എന്തെന്ന്, കരുണ എന്തെന്ന് വെളിവാക്കി.
കാൽവരി ബലിക്കു മുന്നോടി എന്ന നിലയിൽ അന്ത്യത്താഴം ഒരുക്കിയ യേശു ശിഷ്യന്മാരുടെ പാദം കഴുകി സ്നേഹത്തിന്റെയും കരുണയുടെയും മാതൃക നൽകി. തുടർന്ന് അപ്പമെടുത്ത് വാഴ്ത്തി മുറിച്ച് ശിഷ്യർക്കുനൽകിക്കൊണ്ട് അരുളിച്ചെയ്തു: “ഇത് നിങ്ങൾക്കു വേണ്ടി വിഭജിക്കപ്പെടുന്ന എന്റെ ശരീരമാകുന്നു." പാനപാത്രമെടുത്തു വാഴ്ത്തി അരുളിച്ചെയ്തു: "ഇതു നിങ്ങൾക്കുവേണ്ടി ചിന്തപ്പെടുന്ന
എന്റെ രക്തമാകുന്നു. ഇത് എൻ്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ.” ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയിൽ പങ്കുവച്ച അത്താഴവിരുന്നിൽ കാൽവരിബലിയുടെ കാരുണ്യസമൃദ്ധി ലോകാവസാനംവരെ ആസ്വദിക്കാവുന്ന അനശ്വരവിഭവങ്ങളായി മാറി. ബലിജീവിതത്തിന്റെ പിൻബലമില്ലാതാകുമ്പോഴാണ് നമ്മുടെ വിരുന്നു മേശകൾ ശുഷ്കമാകുന്നത്, ഫലരഹിതമാകുന്നത്. ബലിജീവിതത്തിന്റെ ചിറകുകളില്ലാതെ കാരുണ്യത്തിന് പറക്കാനാവില്ല. കനിവിൻ്റെ മാലാഖയായ മദർ തെരേസ നമ്മെ ഓർമ്മിപ്പിക്കുന്നു: 'Love until it hurts': മുറി വേൽക്കുന്നതുവരെ സ്നേഹിക്കുക. ഇതെൻ്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ എന്ന നാഥൻ്റെ വാക്കുകളല്ലേ മദർ തെരേസ ലളിതമായി ആവർത്തിച്ചത്.
ഗുരുവിന്റെ വാക്കുകളുടെ വശ്യതയല്ലേ വൃക്കദാനത്തിലൂടെ നമ്മുടെ നാട്ടിൽ കാരുണ്യവിപ്ലവത്തിന് പ്രചോദനമായ ഡേവീസ് ചിറമേൽ അച്ചന് ശക്തി പകർന്നത്. ഗോപിനാഥൻ എന്ന ചെറുപ്പക്കാരന് വൃക്ക ദാനംചെയ്യുന്നതുവഴി അവയവയദാനത്തിന്റെ തരംഗം സൃഷ്ട്ടിച്ച ചിറമേൽ അച്ചനെപ്പോലെ കാരുണ്യത്തിൻ്റെ പുത്തൻ മാതൃകകൾ നൽകാൻ പോരുന്ന അഭിഷിക്തരെ നാഥൻ കാത്തിരിക്കുന്നു. കുഷ്ഠരോഗികൾക്കു പുതുജീവൻ പകരാൻ കുഷ്ഠരോഗിയായി മാറിയ ഫാദർ ഡാമിയനും സഹതടവുകരനു വേണ്ടി സ്വജീവൻ ഹോമിച്ച ഫാദർ മാക്സിമില്യൻ കോൾബേയും കേരളസഭയിൽ പുനരവതരിക്കണം.
കാരുണ്യത്തിന് ഇത്രയേറെ സാധ്യതകളുള്ള ഒരു കാലം ഒരിക്കലും ഉണ്ടായിട്ടില്ല. സ്നേഹത്തിനും അംഗീകാരത്തിനും വാത്സല്യത്തിനും ആർദ്രതക്കും വേണ്ടിയുള്ള വിശപ്പും ദാഹവും എങ്ങും പ്രകടമാണ്. നീതിയും സ്നേഹവും പരിഗണനയും നിഷേധിക്കപ്പെടുന്നതിന്റെ പരിഭവവും പ്രതിഷേധവും ചുറ്റുപാടും ധാരാളമായിട്ടുണ്ട്. കാണാൻ കണ്ണും കേൾക്കാൻ ചെവിയും ഗ്രഹിക്കാൻ കരുണാർദ്രമായ ഹൃദയവും ഉണ്ടായാൽ മതി. നമുക്ക് യേശുവിലേക്കു തിരിയാം. “ജനക്കൂട്ടത്തെക്കണ്ടപ്പോൾ യേശുവിന് അവരുടെമേൽ അനുകമ്പ തോന്നി. അവർ ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരും നിസ്സഹായരുമായിരുന്നു" (മത്താ 9,36). അവഗണിക്കപ്പെടുന്ന ബാല്യങ്ങൾ, ശ്രദ്ധതേടുന്ന കൗമാരങ്ങൾ, വഴികാട്ടിയെയും സുഹൃത്തിനെയും തേടുന്ന യുവജനങ്ങൾ, സ്നേഹമുള്ള സഹയാത്രികരെ ആവശ്യമുള്ള ദമ്പതികൾ, ശ്രവിക്കാനും കൂടെനിൽക്കാനും ആശ്വസിപ്പിക്കുവാനും ആരുമില്ലാത്ത വയോധികർ, മാനസികരോഗങ്ങൾ, മാറാരോഗങ്ങൾ, മാരകരോഗങ്ങൾ ഇവകൊണ്ട് നിസ്സഹയരായവർ, ഇവരിലെല്ലാം കരുണയുടെ നീർച്ചാലുകൾ ഒഴുകേണ്ടതുണ്ട്. പ്രകൃതി ദുരന്തങ്ങൾ, വംശീയകലാപങ്ങൾ, വർഗീയകലാപങ്ങൾ ഇവിടെയെല്ലാം കരുണയുടെ നദികൾ ഒഴുകേണ്ടതുണ്ട്.
സ്വാർത്ഥതയും ആർത്തിയും അഹന്തയും അവഗണനയും വിദ്വേഷവും സൃഷ്ടിക്കുന്ന വിശാലമരുഭൂമികളെ സമാധാനവും സന്തോഷവും നിറഞ്ഞ വാസയോഗ്യമായ പറുദീസയായി രൂപാന്തരപ്പെടുത്താൻ കരുണാസമുദ്രമായ ദൈവപിതാവിൽനിന്നും യേശുവിലൂടെ ഒഴുകുന്ന കരുണയുടെ മഹാപ്രവാഹം പെരിയാറായി, തോടുകളായി, നീർച്ചാലുകളായി ഗ്രാമങ്ങളിലേക്കും കുടുംബങ്ങളിലേക്കും വ്യക്തിജീവിതങ്ങളിലേക്കും ഒഴുകാൻ പൗരോഹിത്യ ശുശ്രൂഷയിലൂടെ അവസരം ഒരുക്കണം. പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരിക എന്ന പീലിപ്പോസിൻ്റെ ആഗ്രഹം പിതൃവാത്സല്യവും കാരുണ്യവും തേടുന്ന അനേകർ ഇന്ന് ആവർത്തിക്കുന്നു. എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു എന്ന മറുപടി നൽകേണ്ടത്, കാരുണ്യം മുഖമുദ്രയാക്കിയ അജപാലകരാണ്.
“മുറിവുകൾ ഉണക്കുവാനും സമാശ്വാസത്തിന്റെ തൈലംകൊണ്ട് അവയെ സൗഖ്യപ്പെടുത്തുവാനും കരുണകൊണ്ട് അവ വച്ചുകെട്ടുവാനും ഐക്യ ദാർഢ്യം കൊണ്ടും ജാഗരൂകമായ കരുതൽ കൊണ്ടും അവ സുഖപ്പെടുത്തുവാനും മുൻപെന്നത്തെക്കാളും അധികമായി ഈ ജൂബിലി വർഷത്തിൽ സഭ വിളിക്കപ്പെട്ടിരിക്കുന്നു.”
കാരുണ്യത്തിന്റെ മുഖം, 15
ഡോ. സി. മേരി ലിറ്റി
House of Providence
Kunnamthanam P.O.
Pathanamthitta 689 581
Mob. 9605634081
ഈ ലോകത്തിലുള്ള മറ്റാരെയുംകാൾ കർത്താവിന്റെ കരുണയുടെ മുഖം പ്രതിഫലിപ്പിക്കേണ്ടവരാണ് സമർപ്പിതർ. സമർപ്പിതർ കടന്നുചെല്ലാത്ത മേഖലകളില്ല. നാം ഏതെല്ലാം മേഖലകളിൽ പ്രവൃത്തിക്കുന്നുണ്ടോ, അവിടെയെല്ലാം ഈ കരുണാർദ്ര സ്നേഹം നൽകാൻ സാധിക്കണം. ഈശോ ആരിലേക്കെല്ലാം കരുണ ഒഴുക്കിയോ അവരിലേക്കെല്ലാം കരുണ ഒഴുക്കണം. ഈശോയുടെ കരുണ ഏറ്റവും കൂടുതൽ അനുഭവിച്ചത് പാപികളും രോഗികളുമാണ്. ആ കരുണാർദ്രസ്നേഹം നമ്മിലൂടെ ഈ കാലഘട്ടത്തിൽ ജീവിക്കുന്ന പാപികളിലേക്കും, രോഗികളിലേക്കും എത്തണം. വിശുദ്ധഗ്രന്ഥത്തിൽ, പ്രത്യേകിച്ച് പുതിയ നിയമത്തിൽ, കരുണയുടെ ധാരാളം പ്രവൃത്തികൾ കാണാൻ കഴിയും. നല്ല സമരിയാക്കാരന്റെ ഉപമയിലൂടെ കാരുണ്യപ്രവൃത്തികളാണ്, നല്ല അയൽക്കാരന്റെ ലക്ഷണമായി കർത്താവ് പറയുന്നത്. പാപിനിയായ സ്ത്രീയോട് ഈശോ കാണിച്ച കരുണയാണ് അവളെ വിശുദ്ധയാക്കിയത്. സക്കേവൂസിനോട് കർത്താവ് കാണിച്ച കരുണാർദ്രസ്നേഹം അവനെ കാരുണ്യപ്രവൃത്തികളിലേക്കു നയിക്കുന്നു (ലൂക്കാ 10,25-37). ജീവിച്ചിരുന്നപ്പോൾ തന്നെ ജനങ്ങൾ ജീവിക്കുന്ന വിശുദ്ധയെന്ന് മദർ തെരേസായെ വിളിക്കാൻ കാരണം ഈശോയുടെ കാരുണ്യത്തിന്റെ മുഖം ലോകത്തിനു കാണിച്ചുകൊടുത്തു എന്നതാണ്. എല്ലാ സമർപ്പിതരും അവരവരുടെ സന്യസസമൂഹത്തിൻ്റെ സിദ്ധിയും സമൂഹ സ്ഥാപകരുടെ ചൈതന്യവും ശരിക്കു മനസ്സിലാക്കി ജീവിച്ചാൽ കാരുണ്യത്തിന്റെ പ്രവാചകരായിത്തീരും. വി. ഫൗസ്റ്റീനാ പറയുന്നു: "കരുണയെന്നത് സ്നേഹത്തിൻ്റെ പൂവാണ്. സ്നേഹം വെളിവാകുന്നതും പുഷ്പ്പിക്കുന്നതും കരുണയിലൂടെയാണ്. ദൈവത്തിന്റെ സ്നേഹമെന്നത് പുഷ്പമാണെങ്കിൽ കരുണയെന്നത് കനിയാണ്."
ദൈവസ്നേഹത്താൽ നിറഞ്ഞ് കരുണയുടെ കനി പുറപ്പെടുവിക്കേണ്ടവരാണ് സമർപ്പിതർ. "ഈ ചെറിയവനിൽ ഒരുവന് നിങ്ങൾ ചെയ്തപ്പോൾ എനിക്കു തന്നെയാണ് ചെയ്തത്" (മത്തായി 25,40). ജീവകാരുണ്യ പ്രർത്തനത്തിന്, എനിക്കു പ്രചോദനം ലഭിച്ചത് ടൂറിനിലെ വി. ജോസഫ് കോത്തൊലെംഗോയിൽ നിന്നാണ്. "മിശിഹായുടെ സ്നേഹം ഞങ്ങൾക്ക് ഉത്തേജനം നൽകുന്നു (2 കൊറി 5-14). ഈ സ്നേഹമാണ് കാരുണ്യപ്രവൃത്തികൾ ചെയ്യാൻ എന്നെ പ്രേരിപ്പിക്കുന്നത്. അവസാനവിധി കാരുണ്യപ്രവൃത്തികളുടെ അടിസ്ഥാനത്തിലാണെന്ന് വി. മത്തായി 25,31-36 ലൂടെ കർത്താവ് നമ്മെ പഠിപ്പിക്കുന്നു.
ആതുര ശുശ്രൂഷ
സ്വന്തം മാതാപിതാക്കളാലും സഹോദരങ്ങളാലും വെറുക്കപ്പെട്ടവരും ഉപേക്ഷിക്കപ്പെട്ടവരും ദാരിദ്ര്യം, രോഗം എന്നീ കാരണങ്ങളാൽ സംരക്ഷിക്കാൻ ബുദ്ധിമുട്ടുന്നവരുമായ, അറപ്പും വെറുപ്പും ഭയവും തോന്നിപ്പിക്കുന്ന, മാനസിക ശാരീരിക വൈകല്യങ്ങളാൽ കഷ്ടപ്പെടുന്നവരെ ഞങ്ങളുടെ ഭവനങ്ങളിൽ സ്വീകരിച്ച് അവർക്ക് സ്നേഹവും പരിചരണവും നൽകി മരണംവരെ ഞങ്ങൾ സംരക്ഷിക്കുന്നു. അവരുടെ കുടുംബാഗങ്ങളെയും ഇതുവഴി സഹായിക്കാൻ സാധിക്കുന്നു. ഈ ജീവകാരുണ്യപ്രവൃത്തികളിൽ ഈശോയുടെ മുഖം കാണുന്നതുകൊണ്ടാണ് ഇവിടെ കടന്നുവരുന്നവർ, ഇത് കർത്താവിന്റെ പ്രവൃത്തിയാണെന്ന് പറയാനിടയാവുന്നത്.
പല വൈകല്യങ്ങൾ ഉള്ളവരും മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ടവരുമായ, ഏതാനും ദിവസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ ഞങ്ങൾ സംരക്ഷിക്കുന്നു. ലിറ്റിമോൾ, പുണ്യ, അഭിഷേക്, സമർപ്പിത്... തുടങ്ങിയ ധാരാളം കുഞ്ഞുങ്ങൾ ഏറെ വൈകല്യങ്ങൾ ഉള്ളവരെങ്കിലും പഠനത്തിലും കലാമത്സരങ്ങളിലും സമ്മാനങ്ങൾ വാങ്ങി സ്ക്കൂളിനുതന്നെ അഭിമാനമായി മാറുന്നു. ദൈവത്തിന്റെ കണ്ണിലുണ്ണികളായ ഈ പാവങ്ങളെ അകമഴിഞ്ഞു ശുശ്രൂഷിക്കുവാൻ ഞങ്ങൾക്ക് ഭൂസ്വത്തോ, സ്ഥിരമായ വരുമാന മാർഗ്ഗങ്ങളോ, ബാങ്കുനിക്ഷേപമോ ഇല്ല. ദൈവപരിപാലനയിൽ ആശ്രയിച്ചാണു ഞങ്ങൾ ശുശ്രൂഷ ചെയ്യുന്നത്. ദൈവം വിവിധ ഉപകാരികളിലൂടെ ഞങ്ങൾക്ക് ആവശ്യമുള്ളതെല്ലാം കൂട്ടിചേർത്ത് നൽകുന്നു.
ഭിന്നശേഷിയുള്ള കുട്ടികളിൽ ഒളിഞ്ഞു കിടക്കുന്ന കഴിവുകൾ കണ്ടെത്തി അംഗീകാരവും പ്രോത്സാഹനവും കൊടുത്തു കൊണ്ടിരുന്നാൽ മികച്ച താരങ്ങളായി പ്രശോഭിക്കുന്നത് കാണാം. അവർ സ്കൂളിൽപോലും മികച്ച പ്രകടനങ്ങൾ കാഴ്യ്ക്കുന്നത് മറ്റുള്ളവരെ അത്ഭുതപ്പെടുത്തും. ഏതാനും സാക്ഷ്യങ്ങൾ ചുവടെ ചേർക്കുന്നു.
ലിറ്റിമോൾ
ആറുദിവസം പ്രായമുള്ളപ്പോൾ പുഷ്പഗിരി മെഡിക്കൽ കോളേജിൽനിന്ന് മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞാണ് ലിറ്റിമോൾ. വലത്തെ കൈമുട്ടിൽനിന്ന് രണ്ട് കുഞ്ഞു വിരലുകൾ, ഇടത്തെ കൈമുട്ടിൽനിന്ന് ഒരുവിരൽ, കാലുകൾ രണ്ടും വളഞ്ഞ് അകത്തേയ്ക്ക് തിരിഞ്ഞിരിക്കുന്നു. ഇതാണ് ലിറ്റിമോളുടെ ശാരീരികാവസ്ഥ. പരസഹായം കൂടാതെ ഒരു ദിവസംപോലും ജീവിക്കാൻ പറ്റാത്ത അവൾ പലതരത്തിലും മറ്റുള്ളവരെ സഹായിക്കാൻ കഴിവുള്ളവളാണ്. +2 വിന് ഉയർന്ന മാർക്കോടെ പാസ്സായ ശേഷം കംപ്യൂട്ടർ പഠിച്ചു. ഒരു വിരലും ആ കൈമുട്ടും ഉപയോഗിച്ച് ഓർഗൻ വായിച്ച് പാടും, പ്രാർത്ഥനാശുശ്രൂഷകൾ നയിക്കും. ധ്യാനങ്ങളിൽ ഗാനശുശ്രൂഷയിലും സഹായിക്കുന്നു.
ലിറ്റിമോൾ തന്റെ അനുഭവസാക്ഷ്യം പങ്കുവയ്ക്കുമ്പോൾ ഒരു കാര്യം പറയാറുണ്ട്. ഏറെ വൈകല്യങ്ങളോടെ ജനിച്ച എന്നെ എന്റെ മാതാപിതാക്കൾക്ക് അംഗീകരിക്കാനായില്ല. എന്നാൽ ഒരമ്മ നഷ്ടപ്പെട്ടപ്പോൾ അനേകം അമ്മമാരെ നൽകി എൻ്റെ ദൈവം എന്നെ അനുഗ്രഹിച്ചു. അവളുടെ ബോധ്യം എത്രയോ ശരിയാണ്. മറ്റുള്ളവർക്ക് ഞാൻ അമ്മയാകണമെങ്കിൽ കാരുണ്യത്തിന്റെ മുഖം എന്നിൽ പ്രതിഫലിക്കണം. ലിറ്റിമോളുടെ ഈ സാക്ഷ്യം കേൾവിക്കാരിൽ മാനസാന്തരാനുഭവം ഉണ്ടാക്കുന്നു. ഇൻസ്ട്രെമൻ്റൽ മ്യൂസിക്ക് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അവൾ മറ്റു കുഞ്ഞുങ്ങളെ കഥാപ്രസംഗം, പാട്ട്, ഡാൻസ്, എന്നിവ പഠിപ്പിക്കുന്നു. നാം മറ്റുള്ളവർക്കു ചെറിയ സഹായങ്ങൾ ചെയ്തുകൊടുക്കുമ്പോൾ അവർ മികച്ച പ്രതിഭകളാകുന്നു.
അഭിഷേക്
ജന്മനാ കൈകളും കാലുകളുമില്ലാതെ പിറന്ന കുഞ്ഞിനെ, ഞങ്ങളെ ഏൽപ്പിക്കുമ്പോൾ ദിവസങ്ങൾ മാത്രമേ പ്രായമുണ്ടായിരുന്നുള്ളു. ഇപ്പോൾ മൂന്നാം ക്ലാസിൽ പഠിക്കുന്ന അഭിഷേക് ഒരു നല്ല ഗായകനാണ്; കഥാപ്രസംഗം, ഡാൻസ് ഇവയിൽ മുൻപന്തിയിലുമാണ്. ഇംഗ്ലീഷിലും മലയാളത്തിലും ചെറിയ പ്രസംഗങ്ങൾ പറയും. ധാരാളം ദൈവവചനങ്ങൾ അവൻ ഉരുവിടും. കുഞ്ഞു കാലിലെ രണ്ടു വിരലുകൾ ഉപയോഗിച്ചാണ് അഭിഷേക് എഴുതുന്നത്. ഇലക്ട്രോണിക് വീൽചെയറിൽ ഭവനത്തിൻ്റെ ചുറ്റുപാടുകളിൽ അവൻ സഞ്ചരിക്കുന്നു.
ഇലക്ട്രോണിക് വീൽചെയർ കിട്ടിക്കഴിഞ്ഞപ്പോൾ അവൻ എന്നോടു ചോദിച്ചു: "അമ്മേ, ഇതിൽ ഏസി പിടിപ്പിച്ചു തരാമോ?" ഞാൻ ചോദിച്ചു: "ഏസി മാത്രം മതിയോ?" "അല്ലമ്മേ പാട്ടും കൂടി പിടിപ്പിക്കണം!" തിരുവനന്തപുരത്തുവച്ച് നടന്ന ഒരു യുവജന കൺവൻഷനിൽ അഭിഷേകിന് സംസാരിക്കാൻ അവസരം ലഭിച്ചപ്പോൾ അവൻ പറഞ്ഞു: "എനിക്കു കൈകളും കാലുകളും ഇല്ല. എങ്കിലും ഞാൻ ഒരു സുവിശേഷ പ്രഘോഷകനാകും." പരസഹായം കൂടാതെ ജീവിക്കാനാവില്ലെങ്കിലും അവനിൽ ഒളിഞ്ഞുകിടക്കുന്ന താലന്തുകൾ കണ്ടെത്തി വികസിപ്പിച്ചെടുത്താൽ വലിയ സുവിശേഷപ്രഘോഷകനാകണമെന്ന അവൻ്റെ സ്വപ്നം പൂവണിയും എന്നതിൽ സംശയമില്ല.
ക്രിസ്റ്റിമോൾ
പന്ത്രണ്ടു ദിവസം പ്രായമുള്ളപ്പോൾ ഞങ്ങൾക്കു ലഭിച്ച ക്രിസ്റ്റിമോൾ ഇപ്പോൾ ആറാം ക്ലാസിൽ പഠിക്കുന്നു. നെഞ്ച് മുൻപോട്ട് തള്ളി, പുറത്ത് ഒരു വലിയ എല്ല് ഉന്തിനിൽക്കുന്ന ശരീരം. കൈകാലുകൾ വളഞ്ഞു തിരിഞ്ഞിരിക്കുന്നു. മുട്ടിൻമേൽ ഇഴഞ്ഞാണ് അവൾ നടക്കുന്നത്. പാട്ട്, പെയിന്റിംഗ്, ഡാൻസ് ഇവയിൽ സമർത്ഥയാണ്. പ്രവൃത്തിപരിചയമേളയിൽ സമ്മാനാർഹയാവുകയും ചെയ്തു. തീരെ ചെറിയ കുഞ്ഞുങ്ങളെ നടക്കാൻ പരിശീലിപ്പിക്കുകയും, മുടി ചീകി കൊടുക്കുകയും ഭക്ഷണം വാരികൊടുക്കുകയും, ഉറക്കുകയും ചെയ്ത് ഇവൾ സഹായിക്കാറുണ്ട്. മുത്തുകൾ കൊണ്ട് വള, മാല, കമ്മൽ, പാദസ്വരം ഇവയൊക്കെ ഉണ്ടാക്കി മറ്റുള്ള കുഞ്ഞുങ്ങളെ അണിയിക്കുകയും ചെയ്യും. ഇവർക്കെല്ലാം വേണ്ടി ഒരപ്പന്റെയും, അമ്മയുടെയും, സഹേദരങ്ങളുടെയും റോൾ നാം ഏറ്റെടുക്കേണ്ടതായി വരും. നാം കാരുണ്യത്തിന്റെ വക്താക്കളാകുമ്പോൾ അവർ ആ പ്രകാശത്തിൽ വളർന്ന് പ്രശോഭിക്കും.
സമർപ്പിത്
മൂന്നാം ക്ലാസിൽ പഠിക്കുന്ന ഈ മിടുക്കന് ജന്മനാ പൊക്കകുറവ് ആണെങ്കിലും പാട്ട്, പ്രസംഗം, മോണോ ആക്ട്, കഥാപ്രസംഗം, മിമിക്രി ഇവയിലെല്ലാം അതിസമർത്ഥൻ. ജില്ലാതല മത്സരങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടി സ്ക്കൂളിൻ്റെ അഭിമാനമായി മാറി. കുള്ളനായതുകൊണ്ട് നല്ല മെയ്വഴക്കവുമുണ്ട്. തലകുത്തി മറിയുന്നതും, ആരുടെയെങ്കിലും ഒരു വിരലിൽ തൂങ്ങിയാടുന്നതും ഇവൻ്റെ പ്രധാന ഹോബിയാണ്. മാത്രമല്ല, അഭിഷേകിന്റെ വലംകൈ കൂടിയാണവൻ. അഭിഷേകിനെ എഴുന്നേറ്റിരിക്കാൻ സഹായിക്കുന്നതും ക്ലാസിലെ മറ്റുസഹായങ്ങൾ ചെയ്തുകൊടുക്കുന്നതുമെല്ലാം... "അണ്ണാൻ കുഞ്ഞിനും തന്നാലായത്." നന്മചെയ്യാൻ അവന്റെ കുറവുകൾ ഒരു തടസമല്ല.
പുണ്യ
വൈദ്യശാസ്ത്രം കൈവിട്ട് മരണം മാത്രം പ്രതീക്ഷിച്ചിരുന്ന കുഞ്ഞാണ് പുണ്യ. "രണ്ടു മൂന്നു ദിവസത്തിനകം ഇത് മരിച്ചുപോവുകയേ ഉള്ളു" എന്നു ഡോക്ടർ വിധിയെഴുതി. നാലു ദിവസം പ്രായമുള്ളപ്പോൾ കിട്ടിയതാണ് പുണ്യയെ. അമ്മ ഗർഭിണി ആയിരുന്നപ്പോൾ, ചിക്കൻ ഗുനിയായ്ക്ക് പ്രതിരോധകുത്തിയയ്പ് എടുത്ത തിൻ്റെ ഫലമായി കുഞ്ഞിൻ്റെ മുഖം വളരെ വിരൂപമായി. ഒരു കാലിന് നീളക്കുറവ്. എല്ലാ വാക്കുകളും ഉച്ചരിക്കാൻ പ്രയാസമാണങ്കിലും നല്ല വാചാലതയോടെ സംസാരിക്കും. പാട്ടിനും, ഡാൻസിനും മിടുക്കി. പഠനത്തിന് അൽപം പുറകോട്ടാണെങ്കിലും മറ്റെല്ലാ കാര്യങ്ങൾക്കും മുന്നിലാണ്. മറ്റു കുട്ടികൾക്കെല്ലാം ഇലക്ട്രോണിക് വീൽചെയർ ലഭിച്ചപ്പോൾ പുണ്യ പറഞ്ഞു: “ഹൊ, കൈയ്യും കാലും ഇല്ലാതിരുന്നെങ്കിൽ എനിക്കും വീൽചെയർ കിട്ടിയേനെ.'
ഈ ഭവനത്തിൽ പല കുഞ്ഞുങ്ങളും ശരീരം മുഴുവൻ തളർന്നു പോയവരും ഭക്ഷണം കഴിക്കണമെന്നറിഞ്ഞു കൂടാത്തവരും വീട്ടുകാരെ തിരിച്ചറിയാൻ പറ്റാത്തവരുമാണ്. കാഴ്ചശക്തി, കേൾവി ശക്തി, സംസാരശേഷി എന്നിവയില്ലാത്ത പലരും മാനസികമായ പല വൈകല്യങ്ങളും ഉള്ളവരാണ്.
കുടുംബപ്രേഷിതത്വം
സ്വർഗ്ഗത്തിന്റെ ചെറുപതിപ്പാകേണ്ട കുടുംബങ്ങൾ പലതും നരകതുല്യമായ അവസ്ഥയിലാണ്. കാരുണ്യം വറ്റിവരണ്ടിരിക്കുന്നു. പരസ്പര വിദ്വേഷവും പകയും, പ്രതികാരചിന്തയും, അക്രമ വാസനകളും, ധാർമ്മികാധഃപതനവും കുടുംബങ്ങളെ നരകതുല്യമാക്കുന്ന അവസ്ഥകൾ, വൃദ്ധസദനങ്ങൾ വർദ്ധിക്കുന്നതിനു കാരണമാകുന്നു. ദാമ്പത്യവിശ്വസ്തതയില്ലാത്ത, വിശുദ്ധിയില്ലാത്ത ജീവിതം, കുട്ടികളുടെ വഴിതെറ്റിയ ജീവിതം, മദ്യം, മയക്കുമരുന്ന് ഇവയുടെ ഉപയോഗം, അതുവഴിയുള്ള കുടുംബത്തകർച്ച തുടങ്ങിയവ വർദ്ധിക്കുന്ന ഈ കാലഘട്ടത്തിൽ അവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലാനും അവരെ ഉദ്ധരിക്കാനും സമർപ്പിതർക്കു സാധിക്കണം. പാപത്തിൻ്റെ അടിമത്ത്വത്തിൽ കഴിയുന്ന മക്കളെ ദൈവത്തിന്റെ കരുണയെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും പറഞ്ഞു പഠിപ്പിക്കാനും ദൈവം ഞങ്ങളെ അനുഗ്രഹിക്കുന്നു.
വിശ്വാസത്തകർച്ചയുടെ പടിവാതിലിൽ എത്തിനിൽക്കുന്ന അനേകം വ്യക്തികളെയും കുടുംബങ്ങളെയും വിശ്വാസത്തിലേക്ക് കൊണ്ടുവരുവാൻ ഭവനസന്ദർശനംവഴി ദൈവം ഞങ്ങളെ ഉപകരണങ്ങളാക്കുന്നു. നഷ്ടപ്പെട്ട ആടിനെ തേടി പോകുന്ന നല്ല ഇടയനെപ്പോലെ സമർപ്പിതർ പ്രവർത്തിക്കുമ്പോൾ അവരിലൂടെ ദൈവത്തിന്റെ കരുണയുടെ മുഖം കാണാനും തിരിച്ചുവരാനും ദൈവത്തിൽനിന്നും സഭയിൽനിന്നും അകന്നു പോയവർക്കുപോലും ഇടയാകും. ഭവനസന്ദർശനംവഴി തകർന്ന ധാരാളം കുടുംബങ്ങളെ ദൈവത്തിലേക്ക് അടുപ്പിക്കുവാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ആത്മഹത്യയ്ക്കായി ഒരുങ്ങിയവരെ ഭവനസന്ദർശനംവഴി പുതിയ പ്രതീക്ഷയിലേക്ക് കർത്താവ് നയിച്ച അനുഭവങ്ങൾ ധാരാളമുണ്ട്.
വചന പ്രഘോഷണം
"നിങ്ങൾ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ (മർക്കോ 16,17). വചനം പ്രഘോഷിക്കുക എല്ലാ വിശ്വാസികളുടെയും കടമയാണ്. പലവിധ പ്രശ്നങ്ങളിൽപ്പെട്ടു കഴിയുന്ന ജനത്തിന് ഇന്ന് ഉപദേശത്തേക്കാൾ വേണ്ടത് ദൈവവചനമാണ്. തിരുവചനത്തിനു മാത്രമേ വ്യക്തികളെ മാനസാന്തരത്തിലേക്ക് നയിക്കാൻ സാധിക്കുകയുള്ളു. കർത്താവിന്റെ കരുണാർദ്രസ്നേഹം തിരുവചനത്തിലൂടെ വ്യക്തികളിലേക്ക് കടന്നുവരുമ്പോൾ മാനസാന്തരം സംഭവിക്കുന്നു; ജീവിതത്തിലെ തകർച്ചകൾ നന്മയ്ക്കാണെന്ന ബോധ്യം ലഭിക്കുന്നു. പ്രത്യാശയോടെ ജീവിതത്തെ കാണാൻ പഠിക്കുന്നു. തകർച്ചകളെ എങ്ങനെ രക്ഷാകരമാക്കാം, ഉയർച്ചയ്ക്കുള്ള വഴികളാക്കാം എന്നെല്ലാമുള്ള അറിവ് ലഭിക്കുന്നു. ശാരീരിക, മാനസിക, ആത്മീയ ബന്ധനങ്ങളിൽ നിന്നുണ്ടാകുന്ന വചനത്തെക്കുറിച്ചുള്ള അജ്ഞതയാണ് പല തിന്മകളുടെയും കാരണം. ഏശയ്യാ 5,13- ൽ പറയുന്നു: "എന്റെ ജനം അജ്ഞത നിമിത്തം അടിമത്തത്തിലേക്കു പോയി നശിക്കുന്നു."
നാശത്തിൽ ചരിക്കുന്ന, പാപത്തിൽ മുങ്ങിത്താഴുന്ന ഒരാളെ വചനം കൊടുത്ത്, സ്നേഹം കൊടുത്ത് ഈശോയിലേക്ക് കൊണ്ടു വരുന്നത് ഏറ്റവും വലിയ കാരുണ്യ പ്രവൃത്തിയാണ്. വചനം വേണ്ട രീതിയിൽ നൽകിയാൽ അനേകർ ഈശോയെ അറിയും. ധ്യാനത്തിലേക്ക് കടന്നുവന്ന കാർത്ത്യായിനിയമ്മ ഒരു ധ്യാനം കഴിഞ്ഞ് എന്നോടു ചോദിച്ചു: "എന്തുകൊണ്ടാണമ്മേ, ഇത്ര നല്ല ഈശോയെക്കുറിച്ച് നേരത്തെ എനിക്ക് പറഞ്ഞു തരാതിരുന്നത്?" സാധാരണക്കാരായി മനുഷ്യർക്ക് ഇന്നു ജീവിക്കുന്ന ദൈവത്തിന്റെ കരുണയുടെ മുഖം കാണാനുള്ള പ്രധാന മാർഗമാണ് വി. ഗ്രന്ഥം. അതു പ്രഘോഷിയ്ക്കാൻ നാം മടിയ്ക്കരുത്. നാം വചനം ജീവിക്കുകയും പ്രഘോഷിക്കുകയും ചെയ്യുമ്പോൾ ഈശോയുടെ കരുണയുടെ മുഖം നമ്മിലൂടെ പലരും അറിയാനിടയാകും.
ഏതാണ്ട് 25 വർഷത്തോളമായി വചന പ്രഘോഷണത്തിലൂടെ അനേകരെ ഈശോയുടെ കരുണയിലേക്കും സ്നേഹത്തിലേക്കും അടുപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ആന്തരിക സൗഖ്യധ്യാനം, വചനാഭിഷേകധ്യാനം, ക്രിസ്റ്റീൻധ്യാനം, യുവജനധ്യാനം, ലഹരി വിമുക്ത വിശുദ്ധീകരണധ്യാനം എന്നിവ നടത്തുവാൻ ദൈവം കരുണ ചൊരിയുന്നു.
നിത്യാരാധന
ഈശോയുടെ കാരുണ്യത്തിൻ്റെ മുഖം ധ്യാനിക്കുന്നവർക്കു മാത്രമേ കാരുണ്യപ്രവൃത്തികൾ ചെയ്യാൻ സാധക്കൂ. എത്ര പണം തരാമെന്നു പറഞ്ഞാലും കാരുണ്യപ്രവൃത്തികൾ ചെയ്യാൻ സാധിക്കുകയില്ല. അതിന് ദൈവത്തിൻ്റെ കൃപ ആവശ്യമാണ്. അറപ്പും, വെറുപ്പും ഭയവും തോന്നിക്കുന്ന രോഗികളെ നിങ്ങൾക്ക് എങ്ങനെ ശുശ്രൂഷിക്കാൻ സാധിക്കുമെന്ന് പലരും ചോദിക്കാറുണ്ട്. അനുദിനമുള്ള ദിവ്യബലിയും, രാവും പകലും ഇടമുറിയാതെയുള്ള ദിവ്യകാരുണ്യ ആരാധനയുമാണ് പ്രേഷിതപ്രവൃത്തികളിൽ ഞങ്ങൾക്കു ശക്തിയും ഉർജവും നൽകുന്നത്. അപ്പത്തിൻ്റെ രൂപത്തിൽ തന്നെ തന്നെ പങ്കുവയ്ക്കുന്ന ഈശോ, പാവപ്പെട്ടവരോടും, രോഗികളോടും വേദനയനുഭവിക്കുന്നവരോടും സ്നേഹവും കരുണയും കാണിക്കാൻ ഞങ്ങൾക്കു ശക്തി നൽകുന്നു.
അബ്രാഹത്തെപ്പോലെയും, മോശയെപ്പെലെയും ദൈവജനത്തിനുവേണ്ടി കാരുണ്യത്തിനായി കരങ്ങളുയർത്തുവാൻ വിളിക്കപ്പെട്ടവരാണ് സമർപ്പിതർ. 31 വർഷത്തോളമായി രാവും പകലുമുള്ള ദിവ്യകരുണ്യ ആരാധനയിലൂടെ ലോകം മുഴുവനുംവേണ്ടി മാദ്ധ്യസ്ഥ്യം വഹിച്ചു പ്രാർത്ഥിക്കാൻ ദൈവം കൃപ നൽകി.
ജോൺ പോൾ രണ്ടാമൻ പാപ്പാ നമ്മോടു പറഞ്ഞു: "കാരുണ്യത്തെ വിസ്മരിക്കരുത്. കാരണം ദൈവത്തിൻ്റെയും മനുഷ്യരുടെയും കരുണയുടെ ഫലമാണ് നമ്മുടെ ജീവിതം. സഹോദരന്റെ കാവൽക്കാരനും ഉത്തരവാദിയും ഞാനാണ് എന്ന ഏറ്റുപറച്ചിലോടെ അവന്റെ വേദനകൾ നമുക്ക് ഏറ്റെടുക്കാം. ഓരോ ദിവസവും നമ്മാൽ കഴിയുംവിധം നോട്ടം കൊണ്ടോ സ്നേഹപൂർവ്വമുള്ള തലോടൽ കൊണ്ടോ, വാക്കുകൊണ്ടോ, ഒരു സഹായം കൊണ്ടോ, കാരുണ്യത്തിന്റെ ജീവിക്കുന്ന പ്രേഷിതരായി ദൈവത്തിന്റെ കരുണയുടെ മുഖം നമ്മിലൂടെ നമുക്കു പ്രതിഫലിപ്പിക്കാം. നമ്മുടെ കുടുംബങ്ങളും സമൂഹവും കരുണയുടെ വിളനിലങ്ങളായി മാറാൻ നമുക്കു പ്രാർത്ഥിക്കാം.
പി. യു. തോമസ്
Navajeevan Tr
Villoonni P.O., Kottayam 686
Mob. 9447366
Email: navajeevantrustktm@gmail.co
പ്രാർത്ഥിച്ചുകൊണ്ടു പ്രവർത്തിക്കുക, പ്രവർത്തിച്ചു കൊണ്ടു പ്രാർത്ഥിക്കുക; സഹായിച്ചുകൊണ്ടു പ്രാർത്ഥിക്കുക, പ്രാർത്ഥിച്ചുകൊണ്ടു സഹായിക്കുക. പ്രാർത്ഥിക്കുകയും ദൈവം നമ്മോടു കൂടിയുണ്ടെന്നു പൂർണ്ണമായി വിശ്വസിക്കുകയും ചെയ്താൽ നമ്മുടെ പ്രവർത്തനങ്ങളൊക്കെയും ഫലമണിയും.
ഞാനൊരു രോഗിയായിട്ടായിരുന്നു ആദ്യം ആശുപത്രിയിലെത്തിയത്, 1966-ൽ. അന്ന് ആശുപത്രിയിൽ രോഗികൾ അനുഭവിക്കുന്ന പട്ടിണിയും ദുരിതങ്ങളുമൊക്കെ എനിക്ക് നേരിൽ കാണാൻ കഴിഞ്ഞു. അത് എന്നെ വല്ലാതെ വേദനിപ്പിച്ചു. ഞാൻ സുഖം പ്രാപിച്ചപ്പോൾ സാധുക്കളായ രോഗികൾക്ക് സ്വന്തം വീട്ടിൽനിന്ന് ഭക്ഷണവും മറ്റ് അത്യാവശ്യ സഹായങ്ങളുമൊക്കെ ചെയ്തു കൊടുക്കാൻ അതെനിക്കൊരു പ്രേരണയായി. ഏറെ വൈകാതെ ആശുപത്രി അധികൃതരുടെ സഹായത്താൽ മെഡിക്കൽ കോളജിൽ എനിക്ക് ഒരു താത്ക്കാലിക ജോലി ലഭിച്ചു. നിർദ്ധനരായ രോഗികൾക്കുവേണ്ടി സഹായങ്ങളൊക്കെ ചെയ്തുകൊടുക്കാൻ അതെനിക്ക് കൂടുതൽ സൗകര്യമായി. വളരെ യാദൃശ്ചികമായിട്ടായിരുന്നു ആശുപത്രി പരിസരത്ത് വേസ്റ്റ് കുഴിയിലിരുന്ന് എച്ചിൽ വാരിത്തിന്നുന്ന ഒരു സ്ത്രീയെ കാണാനിടയായത്. അവരെ കുഴിയിൽനിന്നും കയറ്റി മെഡിക്കൽ വിദ്യാർത്ഥികളുടെയും ഡോക്ടർമാരുടെ മറ്റ് സഹപ്രവർത്തകരുടെയും സഹായത്തോടെ അവർക്കുവേണ്ട ശുശ്രൂഷകൾ നല്കി പരിചരിക്കുകയും അവർക്ക് ഒരഭയം നല്കുകയും ചെയ്തു. രാജസ്ഥാൻകാരി മനുഭായി എന്ന സ്ത്രീയായിരുന്നു അത്. അവരിന്നും നവജീവനിലെ അന്തേവാസിയാണ്. മനുഭായിയെപ്പോലെ തെരുവിൽ അലയുന്ന ആരോരുമില്ലാത്തവർക്ക് ഒരു ഭവനം വേണമെന്ന തീവ്രമായ ആഗ്രഹത്തിന്റെയും പ്രാർത്ഥനയുടെയും ഫലമാണ് നവജീവൻ.
വർഷങ്ങൾക്കുമുമ്പ് ഒരു വാടകമുറിയിൽ ആരംഭിച്ച നവജീവൻ ദൈവാനുഗ്രഹത്താൽ സുമനസ്സുകളുടെ സഹകരണത്തോടെ വളർന്ന് ഇന്ന് കേരളത്തിലെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന കാരുണ്യപ്രവർത്തനകേന്ദ്രങ്ങളിൽ ഒന്നാണ്. മെഡിക്കൽ കോളജിൽ നിന്നും ഏകദേശം രണ്ടു കിലോമീറ്റർ അകലെ വിശുദ്ധ അൽഫോൻസാമ്മയുടെ ജന്മഗൃഹത്തിനടുത്താണ് ഇന്നു നവജീവൻ പ്രവർത്തിക്കുന്നത്.
നവജീവന്റെ ആദ്യകാലപ്രവർത്തനങ്ങൾക്ക് എല്ലാവിധ പ്രോത്സാഹനങ്ങളും നല്കി അനുഗ്രഹിച്ച രക്ഷാധികാരിയായിരുന്ന മോൺസിഞ്ഞോർ പീറ്റർ ഊരാളിലച്ചനെ ഓർമ്മിക്കാതിരിക്കാനാവില്ല. നവജീവൻ്റെ പ്രവർത്തനങ്ങൾക്ക് ഏറെ ശക്തിയും ചൈതന്യവുമായിരുന്നത് അദ്ദേഹമാണ്.
തെരുവിലലയുന്ന മനോരോഗികളേയും മക്കളുപേക്ഷിച്ച മാതാപിതാക്കളെയുമൊക്കെ പോലീസ് ഉദ്യോഗസ്ഥരാണ് ഇന്ന് നവജീവനിൽ എത്തിക്കുന്നത്. സ്ത്രീകളും പുരുഷന്മാരുമായി 247-ലെറെ അനാഥരായ മനോരോഗികളും മക്കൾക്കുവേണ്ടാത്ത മാതാപിതാക്കളും നവജീവനിലുണ്ട്. ഇവരെ സംരക്ഷിക്കുന്നതോടൊപ്പം അൻപതിലേറെ വർഷങ്ങളായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും കൂടാതെ കുട്ടികളുടെ ആശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലുമായി അഞ്ച് ജില്ലകളിൽ നിന്നുമെത്തുന്ന ഏഴായിരത്തോളം സാധുക്കളായ രോഗികൾക്കും അവരുടെ കൂട്ടിരുപ്പുകാർക്കും സൗജന്യഭക്ഷണം നല്കിവരുന്നു. അതോടൊപ്പം ആശുപത്രിയിൽ എത്തുന്ന സാധുക്കളായ രോഗികൾക്ക് മരുന്ന്, സ്കാനിംഗ്-ലാബ് പരിശോധനകൾ, ആംബുലൻസ്, രക്തം, യാത്രാചിലവുകൾ തുടങ്ങിയയ്ക്കാവശ്യമായ സഹായങ്ങളും ഡിസ്ചാർജാകുന്ന രോഗികൾക്ക് 'കൈത്താങ്ങ്' എന്ന പേരിൽ ഒരു മാസത്തേക്ക് അവർക്കുവേണ്ട അരിയും പലവ്യഞ്ജനങ്ങളടങ്ങിയ കിറ്റുകളും അത്യാവശ്യ ചികിത്സക്കുള്ള സാമ്പത്തിക സഹായങ്ങളു മൊക്കെ നവജീവൻ നല്കിവരുന്നു. കൂടാതെ വർഷങ്ങളായി മെഡിക്കൽ കോളജ് ആശുപത്രിയും പരിസരവും പഴവർഗത്തൈകളും ഔഷധസസ്യങ്ങളും പൂച്ചെടികളും നട്ടു പിടിപ്പിച്ച് മോടിയാക്കുന്നതോടൊപ്പം കുട്ടികളിൽ ജീവകാരുണ്യത്തിൻ്റെ മഹത്തായ സന്ദേശം എത്തിക്കാനും ഇളം തലമുറയിൽ കാരുണ്യവും ത്യാഗമനോഭാവവും വളർത്തിയെടുക്കാനുമായി 'ഒരു കൈ, ഒരു പൊതി' എന്ന പേരിൽ സ്കൂൾ-കോളജ് വിദ്യാർത്ഥികളെ കോർത്തിണക്കി അവരിൽനിന്നും പൊതിച്ചോറുകൾ ശേഖരിച്ച് ആശുപത്രികളിലും മറ്റും വിതരണം ചെയ്യുകയും കൂടാതെ 'മണ്ണിന്റെ മധുരം' എന്ന പദ്ധതിയിലൂടെ വഴിയോരങ്ങളിലും പൊതു സ്ഥാപനങ്ങളിലും പഴവർഗത്തൈകളും പൂച്ചെടികളുമൊക്കെ നട്ടു പിടിപ്പിക്കാനു മൊക്കെ നവജീവൻ ഏറെ ശ്രദ്ധകൊടുക്കുന്നു. വെള്ളപ്പൊക്കംമൂലം ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾക്ക് മാസങ്ങളോളം അരിയും പലവ്യഞ്ജനങ്ങളടങ്ങിയ കിറ്റുകളും മരുന്നുകളും വസ്ത്രങ്ങളും നല്കിവരുന്നു. കിഡ്നിത്തകരാർ, കാൻസർ തുടങ്ങിയ ഗുരുതര രോഗങ്ങൾമൂലം ദുരിതമനുഭവിക്കുന്നവർക്ക് അവരുടെ വീട്ടു ചിലവുകൾക്കും കുട്ടികളുടെ പഠനാവശ്യങ്ങൾക്കുമായുള്ള സഹായവും നിർദ്ധനരായ യുവതികൾക്കുള്ള വിവാഹ സഹായങ്ങളുമൊക്കെ നവജീവൻ്റെ കാരുണ്യപ്രവർത്തനങ്ങളിൽ ചിലതു മാത്രമാണ്.
ഇന്ന് നവജീവന്റെ ദൈനംദിനപ്രവർത്തനങ്ങൾക്ക് ഒരു ലക്ഷത്തിലേറെ രൂപയും നാല്പത്തി ഏഴോളം ആളുകളുടെ സേവനവും ആവശ്യമാണ്. സർക്കാർ ആനുകൂല്യങ്ങളോ വിദേശസഹായങ്ങളോ ഒന്നുമില്ലാതെ സന്മനസ്സുള്ളവരുടെ സഹായംകൊണ്ട് ദൈവകൃപയാൽ നവജീവൻ്റെ പ്രവർത്തനങ്ങൾ മാതൃകാപരമായ രീതിയിൽ ഇന്നു നടന്നു കൊണ്ടിരിക്കുന്നു.
1991-ലാണ് നവജീവൻ ട്രസ്റ്റിൻ്റെ പിറവി. 2016 നവജീവന്റെ ജൂബിലി വർഷമാണ്. ജൂബിലിവർഷത്തോടനുബദ്ധിച്ച് കിടപ്പാടമില്ലാത്തവർക്ക് ഒരു ഭവനം എന്ന നിലയിൽ ഏതാനും കുടുംബങ്ങൾക്ക് ജൂബിലിവർഷത്തിൽ നവജീവൻ്റെ നേതൃത്വത്തിൽ സുമനസുകളുടെ സഹായത്തോടെ ഭവനങ്ങൾ ഒരുക്കുകയാണ്.
കോട്ടയം ജില്ലയിൽ അതിരമ്പുഴ പാക്കത്തുകുന്നേൽ ഉലഹന്നാൻ- അന്നമ്മ ദമ്പതികളുടെ മൂത്ത മകനായി 1949 മെയ് 5 നാണ് എന്റെ ജനനം. അതിരമ്പുഴ സെൻ്റ് അലോഷ്യസ് പ്രൈമറി സ്ക്കൂളിൽ നാലാം ക്ലാസ്സിൽ പഠിക്കുന്ന കാലത്തുതന്നെ ഞാൻ ജീവകാരുണ്യപ്രവർത്തനങ്ങളിൽ ശ്രദ്ധവച്ചിരുന്നു. വീട്ടിൽനിന്നു കൊണ്ടു വരുന്ന ഭക്ഷണം വിശന്നിരിക്കുന്ന കൂട്ടുകാർക്ക് വീതിച്ചു നല്കുക പതിവായിരുന്നു. ഇതുമൂലം ആവശ്യത്തിനു ഭക്ഷണം കഴിക്കാൻ കഴിയാതെ വന്നതിനാൽ പലവിധരോഗങ്ങൾ മാറി മാറി എന്നെ അലട്ടിക്കൊണ്ടിരുന്നു.
ഒരു ദിവസം ശക്തമായ വയറുവേദനയെ തുടർന്ന് ജില്ലാ ആശുപത്രിയിൽ അഡ്മിറ്റായി ചികിത്സതുടങ്ങി. രോഗം അൾസറായിരുന്നു. രോഗത്തിന് ഓപ്പറേഷൻ ആവശ്യമായി വന്നു. രോഗാവസ്ഥയിൽ കിടന്ന അവസരത്തിൽ അടുത്തു കിടന്നിരുന്ന രോഗികൾ ആഹാരത്തിനും മരുന്നിനും ഒരു മാർഗവുമില്ലാതെ കഷ്ടപ്പെടുന്നത് എനിക്ക് കാണാൻ കഴിഞ്ഞു. അവരുടെ വേദനയും കണ്ണീരും എന്നെ വല്ലാതെ ഉലച്ചു. ഓപ്പറേഷൻ കഴിഞ്ഞ് സുഖം പ്രാപിക്കുകയാണെങ്കിൽ ജീവിത കാലം മുഴുവൻ രോഗികളെ ശുശ്രൂഷിച്ചും സഹായിച്ചും പ്രാർത്ഥിച്ചും ജീവിക്കണമെന്ന് ഞാൻ തീവ്രമായി ആഗ്രഹിച്ചു. അതിനായി പ്രാർത്ഥിച്ചു. ഓപ്പറേഷൻ കഴിഞ്ഞ് അസുഖമൊക്കെമാറി ഏതാനും ദിവസം കഴിഞ്ഞപ്പോൾ ഞാൻ വീട്ടിലേക്ക് മടങ്ങി. ഒരു മാസത്തിനുശേഷം ഞാൻ എല്ലാദിവസവും ആശുപത്രിയിലെത്തി രോഗികളെ കാണുവാനും അവരെ സഹായിക്കുവാനും ആശ്വസിപ്പിക്കുവാനും പ്രാർത്ഥിക്കുവാനും തുടങ്ങി. ഭക്ഷണത്തിനായി വിഷമിക്കുന്നവർക്ക് വീട്ടിൽനിന്ന് ഭക്ഷണവും മറ്റ് അത്യാവശ്യസാധനങ്ങളും കൊണ്ടുവന്നു കൊടുത്തു. ഈ കാരുണ്യപ്രവർത്തനം കണ്ട് പലരും എന്നോടു സഹകരിച്ചു. അതെനിക്ക് കൂടുതൽ പ്രോത്സാഹനമായിരുന്നു. ഏറെ വൈകാതെ എനിക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ അറ്റൻഡറായി ജോലി ലഭിച്ചതോടെ ആശുപത്രി പരിസരത്തുള്ള വീടുകളിൽനിന്നും മെഡിക്കൽ വിദ്യാർത്ഥികളുടെ ഹോസ്റ്റലുകളിൽനിന്നും കോൺവെന്റുകളിൽനിന്നും ഭക്ഷണം ശേഖരിച്ച് ആശുപത്രിയിലെ കിടപ്പുരോഗികൾക്ക് കൊടുത്തു തുടങ്ങി.
വർഷങ്ങൾക്ക് മുമ്പ്, കോട്ടയം ടൗണിലൂടെ അലഞ്ഞു തിരിഞ്ഞുനടന്നിരുന്ന മനോരോഗികളെ പലരും പലവിധത്തിലും ഉപദ്രവിക്കുന്നത് കാണുവാനിടയായത് എന്നെ ഏറെ സങ്കടപ്പെടുത്തി. പലരുടെയും സഹായത്തോടെ അവരെ കുട്ടിക്കൊണ്ടുവന്ന് കുളിപ്പിച്ച് വൃത്തിയാക്കി നല്ല വസ്ത്രങ്ങൾ ധരിപ്പിച്ച് മെഡിക്കൽ കോളജിലെ മാനസികരോഗ വിഭാഗത്തിൽ അഡ്മിറ്റുചെയ്തു. അവർക്ക് ചികിത്സയോടൊപ്പം വേണ്ട പരിചരണവും നല്കി. സുഖം പ്രാപിച്ചപ്പോൾ അവരെ വീടുകളിലെത്തിച്ചു.
മനു ഭായിയെ താമസിപ്പിക്കാൻ ഇടമില്ലാതെവന്നപ്പോൾ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം അവരെ തിരുവനന്തപുരം ഊളൻപാറ മനോരോഗാശുപത്രിയിലെത്തിച്ചു. മനോരോഗം മാറിയാലും പലരേയും ബന്ധുക്കൾ ഏറ്റെടുക്കാൻ വിസമ്മതിച്ചു. ഇവരെ താമസിപ്പിക്കുവാൻ മറ്റ് സാഹചര്യമോ സൗകര്യമോ ഇല്ലാത്തതിനാൽ ഇങ്ങനെയുള്ളവർക്കുവേണ്ടി ഒരു ഭവനം തരണമേയെന്ന് ദൈവത്തോട് തീവ്രമായി പ്രാർത്ഥിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്തു.
ഏതാനും നാളുകൾ കഴിഞ്ഞപ്പോൾ ആർപ്പൂക്കരയിൽ മെഡിക്കൽ വിദ്യാർത്ഥികൾ താമസിച്ചിരുന്ന ലോഡ്ജിന്റെ ഒരു മുറി മനോരോഗികൾക്കുവേണ്ടി അവർ ഒഴിവാക്കിത്തന്നു. അവിടെ തെരുവിൽ അലഞ്ഞുനടന്ന മൂന്നു പേരെ താമസിപ്പിച്ച് അവർക്കുവേണ്ട ചികിത്സയും തുടങ്ങി. ആ മുറിക്കിട്ട പേരാണ് 'നവജീവൻ'. ഏറെ താമസിക്കാതെ പതിനാറ് മുറികളുള്ള ആ ലോഡ്ജ് മെഡിക്കൽ വിദ്യാർത്ഥികൾ വിട്ടുതന്നു ആ മുറികളിലെല്ലാം ചികിത്സകഴിഞ്ഞ അനാഥരായ മനോരോഗികളെ താമസിപ്പിക്കുവാൻ തുടങ്ങി. പലയിടത്തുനിന്നും ശേഖരിച്ച് ആശുപത്രിയിൽ വിതരണം ചെയ്തിരുന്ന ഭക്ഷണം നവജീവനിൽ വച്ചു പാകപ്പെടുത്തി എല്ലാദിവസവും ആശുപത്രിയിൽ എത്തിച്ചും തുടങ്ങി. അന്ന് വളരെ കുറച്ചുപേർക്കു മാത്രമാണ് ഇതു കൊടുത്തിരുന്നത്. എന്നാൽ ഇന്നത് മൂന്ന് ആശുപത്രികളിലായി അഞ്ചു ജില്ലകളിൽ നിന്നുമെത്തുന്ന ഏഴായിരത്തോളം രോഗികൾക്കും അവരുടെ കുട്ടിരിപ്പുകാർക്കും കൊടുക്കാൻ ദൈവം തിരുമനസ്സായി. ഏകദേശം 44 മനോരോഗികളുമായി 5 വർഷത്തോളം ആ വാടക കെട്ടിടത്തിൽ കഴിഞ്ഞുകുടിയപ്പോൾ ഇവരെ സംരക്ഷിക്കുന്നതിൻ്റെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും കണ്ടറിഞ്ഞ് നല്ലവരായ നാട്ടുകാർ സഹായിച്ച് മെഡിക്കൽ കോളജിനു സമീപം പനമ്പാലത്ത് ഒന്നര ഏക്കർ സ്ഥലം വാങ്ങി പൊതുജന സഹകരണത്തോടെ അവിടെയൊരു കെട്ടിടം പണിതീർത്തു. ആശുപത്രിക്കു ചോറുകൊണ്ടുപോകുവാൻ സമീപവാസികളും സുമനസ്സുകളായ വ്യക്തികളും ചേർന്ന് ഒരു വാഹനം വാങ്ങിനല്കി. അനാഥമായ രോഗികളെ കൊണ്ടുവരുവാൻ വിവിധ സംഘടനകൾചേർന്ന് ഒരു അംബുലൻസും നല്കി. ഏതാനും വ്യക്തികൾ ചേർന്ന് ഒരു ജീപ്പും... ഇന്ന് നവജീവന് അഞ്ചേക്കർ വിസ്തൃതിയുണ്ട്. ആവശ്യമായ കെട്ടിടവും വാഹനസൗകര്യങ്ങളും,2700-ലെറെ രോഗികളാണ് നവജീവനിലുടെ സാധാരണ ജീവിതത്തിലെയ്ക്ക് മടങ്ങിവന്നത്. ചിലർ സ്വന്തം വീടുകളിലെത്തി. മറ്റു ചിലർ നവജീവനിൽ തന്നെ അഭയംതേടി. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ നിന്നായി ഇന്ന് 247-ലേറെ മനോരോഗികൾ നവജീവനിലുണ്ട്. നവജീവന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾ കണ്ടും കേട്ടും അറിഞ്ഞ് കേരളത്തിനകത്തും പുറത്തും ഒട്ടേറെ ജീവകാരുണ്യപ്രവർത്തന കേന്ദ്രങ്ങളുണ്ടായി. ഇത്തരത്തിലുള്ള ഒരു ജീവകാരുണ്യപ്രവർത്തനത്തിന് കേരളത്തിലാദ്യമായി തുടക്കം കുറിച്ചത് നവജീവനാണ്.
വർഷങ്ങൾക്കുമുമ്പ് എം. ജി. യുണിവേഴ്സിറ്റിക്കുവേണ്ടി വീടും സ്ഥലവും എറ്റെടുത്തപ്പോൾ അതിൽനിന്നും കിട്ടിയ വീതം സാധുക്കളായ രോഗികൾക്ക് മരുന്നിനും ഭക്ഷണത്തിനുമായി ചില വാക്കേണ്ടിവന്നു. അതോടെ ഞാനും എൻ്റെ കുടുംബവും നാലഞ്ചു വീടുകളിലായി പതിനാറുവർഷത്തോളം നാലു പെൺമക്കളും ജന്മനാ തളർന്നുപോയ ഒരു മകനുമായി വാടകയ്ക്ക് താമസിക്കേണ്ടതായിവന്നു. സുമനസ്സുകളുടെ സഹായത്തോടെയാണ് പിന്നീട് എനിക്കൊരു ഭവനമുണ്ടായത്.
മെഡിക്കൽ കോളജ് ആശുപത്രിയിലെ ജോലിയിൽനിന്നു വിരമിച്ചിട്ടും എൻ്റെ പ്രവർത്തനങ്ങളെ മാനിച്ച് സർക്കാർ ഒരു വർഷം കൂടി സർവ്വീസ് നീട്ടിത്തന്നു. ഇന്നും പ്രതിഫലം വാങ്ങാതെ ഞാൻ ആശുപത്രിയിലെത്തി രോഗികളെ കാണാനും ശുശ്രൂഷിക്കുവാനും അവർക്കുവേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കാനും എറെ ശ്രദ്ധിക്കാറുണ്ട്.
ജീവകാരുണ്യ രംഗത്ത് ഞാൻ ചെയ്യുന്ന പ്രവർത്തനങ്ങളെ മാനിച്ച് വിവിധ സംഘടനകളും സ്ഥാപനങ്ങളുമൊക്കെയായി നൂറ്റി അറുപത്തി ഏഴിലേറെ അവാർഡുകളും പ്രശംസാപത്രങ്ങളു മൊക്കെ നല്കിയതും ഈ രംഗത്ത് അൻപതുവർഷം പൂർത്തിയാക്കിയതിനുള്ള അംഗീകാരമായി കോട്ടയം നഗരസഭയുടെ മെഡിക്കൽ കോളജ് റിട്ട. സ്റ്റാഫ് അസ്സോയേഷൻ ആദരിച്ചതും ഈ രംഗത്ത് എന്നെ കൂടുതൽ കർമ്മനിരതനാക്കുന്നു.
അഡ്വ. വി. സി. ഇമ്മാനുവൽ വെട്ടൂർ, ഇടുക്കി ജില്ലാ ആശുപത്രി ചീഫ് സർജൻ ഡോ. തോമസ് ജെ, ക്രിസ്റ്റീൻധ്യാനം നയിക്കുന്ന ബിജു ടി, കാനറാ ബാങ്ക് ഉദ്യോഗസ്ഥനായ പോൾ മാത്യു. കോട്ടയം ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന കുഞ്ഞേട്ടൻ എന്നിവരൊക്കെ എന്നെ സഹായിക്കാൻ ഇന്നു ട്രസ്റ്റ് കമ്മറ്റിയിലൂടെ ആത്മാർത്ഥമായി പ്രവർത്തിക്കുന്നു.
ഇന്ന് വിവിധ സ്ഥലങ്ങളിൽ വളരെ പ്രശസ്തമായ നിലയിൽ പ്രവർത്തിക്കുന്ന പല ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളായിരുന്ന കാലത്ത് നവജീവൻ്റെ വളർച്ചയ്ക്കുവേണ്ടി ചെയ്ത സേവനങ്ങൾ വിലപ്പെട്ടതാണ്. കുറ്റിപ്പുറത്തുള്ള ജീസസ് യൂത്ത് പ്രവർത്തക ഡോ. സുമാ ജിൽസൺ, അമേരിക്കയിലുള്ള ചങ്ങനാശ്ശേരി സ്വദേശി ഡോ. മനോജ് ചക്കുപുരയ്ക്കൽ, കാനഡയിലുള്ള ചങ്ങനാശ്ശേരി സ്വദേശി ഡോ. ജോ, ചെത്തിപ്പുഴ ഹോസ്പിറ്റലിലെ ചീഫ് സർജൻ ഡോ. ജോർജ് മാത്യു തുടങ്ങിയവരും ഇവരുടെ സഹപാഠികളും നവജീവനുവേണ്ടി ആരംഭകാലത്തു ചെയ്ത സേവനങ്ങൾ മറക്കാനാവില്ല. കൂടാതെ നവജീവൻ്റെ സമീപവാസികളായി അനീബ് പഞ്ഞിക്കാരൻ, റെജിമോൻ തുടങ്ങിയ ഒട്ടെറെ വ്യക്തികളും നാട്ടുകാരും അഭ്യൂദയകാംക്ഷികളുമൊക്കെ തുടക്ക കാലത്തു ചെയ്ത്ത സേവനങ്ങൾ വിസ്മരിക്കാനാവില്ല. ഒട്ടെറെ വ്യക്തികളും സ്ഥാപനങ്ങളും ഇനിയുമുണ്ട്. അവരോടുള്ള നന്ദിയും കടപ്പാടും വാക്കുകളിൽ ഒതുങ്ങുന്നതല്ല...!
എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ഇത് ചെയ്തു കൊടുത്തപ്പോൾ എനിക്ക് തന്നെയാണ് ചെയ്തത്... എന്ന തിരുവചനത്തെ അടിസ്ഥാന പ്രമാണമാക്കി വേദനിക്കുന്നവരിലും ദുരിതമനുഭവിക്കുന്നവരിലും ദൈവത്തെ കാണാൻ ശ്രമിക്കുക. അപ്പോൾ നമ്മുടെ ജീവിതവും മറ്റുള്ളവർക്ക് ഒരനുഗ്രഹമായി മാറും.....
ഫാ. തോമസ് ചെങ്ങനാരിപ്പറമ്പിൽ MST
Deepthi Bhavan
Melampara, Bhraranganam
Kottayam 686 594
Mob. 9562586658
Email: frthomaset@gmail.com
ക്രിസ്തുശിഷ്യരുടെ മുഖമുദ്രയായി സുവിശേഷങ്ങളിൽ നാം കാണുന്നത് സ്നേഹമാണ് (യോഹ 13,34-35). മിശിഹായുടെ തുടർച്ചയായ സഭയുടെ പ്രഷിതദൗത്യത്തിൻ്റെ കേന്ദ്രം ദൈവസ്നേഹത്തിന്റെ പങ്കുവയ്ക്കലാണ്. ദൈവസ്നേഹം അനുഭവിച്ചറിയുന്ന മനുഷ്യൻ പരസ്പ്പരം സനേഹിക്കാൻ നിർബന്ധിക്കപ്പെടുകയും സമൂഹത്തിൻ്റെ നന്മയ്ക്കുവേണ്ടിയും ആവശ്യത്തിലായിരിക്കുന്നവരുടെ ക്ഷേമത്തിനുവേണ്ടിയും പ്രവർത്തിക്കാൻ സന്നദ്ധനാവുകയും ചെയ്യുന്നു. യഥാർത്ഥ സ്നേഹത്താൽ പ്രേരിതനായ മനുഷ്യൻ മനുഷ്യജീവൻ്റെ മഹത്വവും വിലയും ആദരിച്ചുകൊണ്ടു നീതിയിൽ അധിഷ്ഠിതമായ സമൂഹത്തിൻ്റെ നിർമാണത്തിനുവേണ്ടി പരിശ്രമിക്കുന്നു.
മറ്റുള്ളവരിൽനിന്നു വ്യത്യസ്തമായി ഏതെങ്കിലും തരത്തിലുള്ള കുറവുകളോ, വൈകൃതങ്ങളോ ഉള്ളവരെയാണല്ലോ ഭിന്നശേഷിയുള്ളവർ എന്നു നാം വിളിക്കുന്നത്. തന്നെ സമീപിച്ച എല്ലാത്തരം കുറവുകളും രോഗങ്ങളുമുള്ളവരെ ഈശോ കാരുണ്യപൂർവം സ്വീകരിച്ച്, അവരെ അനുഗ്രഹിച്ച്, അവരുടെ കുറവുകൾ പരിഹരിച്ചയയ്ക്കുന്നതായി സുവിശേഷങ്ങളിൽ പല ഭാഗത്തും രേഖപ്പെടുത്തിയിട്ടുണ്ട്. ജന്മനാ അന്ധനായ മനുഷ്യനെ സുഖപ്പെടുത്തുന്ന അവസരത്തിൽ ഈശോ തൻ്റെ ശിഷ്യന്മാരെ പഠിപ്പിക്കുന്നുണ്ട്: “ഇവനോ ഇവന്റെ മാതാപിതാക്കന്മാരോ ചെയ്ത പാപത്തിന്റെ ഫലമായിട്ടല്ല, പിന്നെയോ ദൈവത്തിൻ്റെ മഹത്വം ഇവനിലൂടെ പ്രകടമാകേണ്ടതിനാണ് ഇവൻ അന്ധനായി ജനിച്ചത്" (യോഹ 9,3).
ഓരോ മനുഷ്യനും ഈ ലോകത്തിൽ ദൈവത്തിൻ്റെ മഹത്വം പ്രകടമാക്കുന്നു. മനുഷ്യനിലുള്ള ദൈവികസാന്നിധ്യമാണ് അവന് ഈ മഹത്വം പ്രദാനം ചെയ്യുന്നത്. മനുഷ്യൻ ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു (ഉല്പ 1,27) എന്ന യാഥാർത്ഥ്യം മനുഷ്യജീവൻ്റെ മാഹാത്മ്യത്തെയാണ് പ്രകടമാക്കുന്നത്. സഭയുടെ സാമൂഹ്യപ്രബോധനങ്ങളുടെയെല്ലാം അടിസ്ഥാനം മനുഷ്യജീവൻ്റെ മഹത്വത്തെക്കുറിച്ചുള്ള ഈ അവബോധമാണ്. മനുഷ്യജീവൻ്റെ മഹത്വത്തെക്കുറിച്ചുള്ള ഈ ബോധ്യമാണ് മാനവസമൂഹത്തിന് ദിശാബോധവും ധാർമികവീക്ഷണവും നൽകുന്നതും. ദൈവത്തിൻ്റെ രൂപം ധരിച്ചിരിക്കുന്ന മനുഷ്യവ്യക്തിയെ ജീവന്റെ എല്ലാ അവസ്ഥയിലും എല്ലാ ഘട്ടത്തിലും ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നത് മനുഷ്യധർമ്മമാണ്. ഇപ്രകാരം, ഈ ലോകത്തിൽ ജീവിക്കുന്ന ഓരോ മനുഷ്യവ്യക്തിയിലൂടെയും പ്രകടമാകുന്നതു ദൈവമഹത്വവും ദൈവത്തിൻ്റെ കരുണയുമാണ്.
ഭിന്നശേഷിയുള്ളവർക്കുവേണ്ടിയുള്ള സഭയുടെ പ്രവർത്തനത്തിന്റെ അന്തസത്ത മനുഷ്യനിൽ അന്തർലീനമായിരിക്കുന്നതും പ്രവർത്തനനിരതവുമായ ദൈവികസാന്നിധ്യമാണ്. വിവിധങ്ങളായ ശുശ്രൂഷാമേഖലകളിലൂടെ സഭ മിശിഹായുടെ പ്രവർത്തനങ്ങൾ ഇന്നത്തെ സമൂഹത്തിൽ തുടർന്നു കൊണ്ടിരിക്കുകയാണ്. അത് അവിടുത്തെ രക്ഷാകരപ്രവർത്തനങ്ങളുടെ തുടർച്ചയാണ്. “അവശതയനുഭവിക്കുന്നവരെ ശുശ്രൂഷിക്കുമ്പോൾ അവരിൽ മിശിഹായുടെ മുഖമാണ് ഞാൻ ദർശിക്കുന്നത്" എന്ന മദർ തെരേസയുടെ വാക്കുകളിൽ ഈ യാഥാർത്ഥ്യമാണ് പ്രതിഫലിക്കുന്നത്. ഈ ലോകത്തിൽ പ്രകടമായ ഈശോയുടെ കരുണയുടെ മുഖമാണു മദർ തെരേസയിൽ ലോകം ദർശിച്ചത്. സമൂഹത്തിലെ ഭിന്നശേഷിയുള്ളവർക്കായി ചെയ്യുന്ന ഓരോ പ്രവൃത്തിയും ഈശോയുടെ കാരുണ്യത്തെയാണു പ്രകടമാക്കുന്നത്.
ഈ അർത്ഥത്തിൽ ചിന്തിക്കുമ്പോൾ ഭിന്നശേഷിയുള്ളവർക്കായി പ്രവാചകദൗത്യത്തോടെ സഭ ഏറ്റെടുക്കുന്ന ഉത്തരവാദിത്വ പൂർണ്ണമായ പ്രവർത്തനമാണ് അവരുടെ വിദ്യാഭ്യാസ പുനരധിവാസ പ്രവർത്തനങ്ങളിലൂടെ പ്രകടമാകുന്നത്. ഈ പ്രവാചകദൗത്യം പ്രധാനമായും രണ്ടു വിധത്തിൽ നമുക്ക് മനസിലാക്കാൻ സാധിക്കും. ഒന്നമതായി, ജന്മനാ അന്ധനായ മനുഷ്യനെ സുഖപ്പെടുത്തുന്നതിനുമുമ്പ്, ഈശോ പറഞ്ഞതുപോലെ, ഇവരിലുടെ പ്രകടമാകുന്ന ദൈവമഹത്വം ജനങ്ങൾക്ക് മനസിലാക്കികൊടുക്കുക എന്നതാണ്. ഇത്, അവരെ വെറും മാധ്യമങ്ങളായി കാണാതെ ഭിന്നശേഷിയുള്ള വ്യക്തികളും അവരുൾക്കൊള്ളുന്ന കുടുംബവും പ്രത്യേകമായ രീതിയിൽ ഈശോയുടെ രക്ഷാകരപ്രവർത്തനത്തിൽ പങ്കു ചേരുന്നു എന്നുള്ള യാഥാർത്ഥ്യമാണ്. ഈശോയുടെ രക്ഷാകര സഹനത്തിന്റെ ആന്തരാർത്ഥം അവർ തങ്ങളുടെ ജീവിതത്തിൽ ശരിയായി ഉൾക്കൊള്ളുന്നു.
രണ്ടാമതായി, ഭിന്നശേഷിയുള്ളവർക്ക് സമൂഹത്തിൽ മറ്റ് സാധാരണ മനുഷ്യരെപ്പോലെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടുക എന്നതു വളരെ പ്രധാനപ്പെട്ടതാണ്. അർഹതയുടെയും അവകാശങ്ങളുടെയും അതിപ്രസരത്തിൽ ജീവിക്കുന്ന ഇന്നത്തെ സമൂഹത്തിൽ കഴിവുകൾ കുറഞ്ഞവർക്കും തുല്യ അവകാശം സ്ഥാപിച്ചെടുക്കുക എന്നതു ശ്രമകരമാണ്. സഭ എക്കാലത്തും സമൂഹത്തിൽ അവഗണിക്കപ്പെടുന്നവരെ സംരക്ഷിക്കാൻ മുന്നിലാണ്. ഭിന്നശേഷിയുള്ളവർക്കുവേണ്ടിയുള്ള ക്ഷേമപ്രവർത്തനങ്ങൾ ലോകത്തിൽ ആരംഭിക്കുന്നതുതന്നെ സഭയുടെ നേതൃത്വത്തിലാണ്.
ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പായുടെ വാക്കുകളിൽ, ഒരു സമൂഹത്തിന്റെ ജീവിതമൂല്യം (quality of life) അളക്കാൻ സാധിക്കുന്നത് ആ സമൂഹത്തിനുള്ളിലെ അവശതയനുഭവിക്കുന്നവരും അവഗണിക്കപ്പെട്ടവരും കൂടുതൽ ശുശ്രൂഷ അർഹിക്കുന്നവരുമായ അംഗങ്ങളുടെ പരിരക്ഷക്കായി ഏർപ്പെടുത്തുന്ന ക്ഷേമപ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ്. ഭൂമിയും അതിലെ വിഭവങ്ങളും കഴിവും ശക്തിയും ഉള്ളവർക്കുവേണ്ടി മാത്രമുള്ളതല്ല. ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതും, അവരുടെ ശാരീരിക മാനസിക ആത്മീയ കഴിവുകളെ വികസിപ്പിച്ച് സമൂഹജീവിതത്തിൽ അവരെ പങ്കുചേർക്കേണ്ടതും സംസ്കൃത സമൂഹത്തിൻ്റെ കടമയാണ് (2004 ജനുവരി 5 നു റോമിൽ വച്ചു നടന്ന അന്തർദ്ദേശീയ സമ്മേളനത്തിൽ നൽകിയ സന്ദേശത്തിൽ നിന്ന്). മനുഷ്യസമൂഹത്തിൽ കാണുന്ന വൈവിധ്യം പരസ്പരപൂരകങ്ങളാണെന്ന് അംഗീകരിച്ച് പരസ്പരം സഹായിക്കാനും പങ്കുവയ്ക്കാനും തയ്യാറാകുമ്പോഴാണ് മനുഷ്യജീവിതം സമ്പന്നമാകുന്നത്.
ശാരീരിക മാനസിക വൈകല്യങ്ങൾ ദൈവത്തിന്റെ ശിക്ഷയോ പരീക്ഷണമോ അല്ലാ, മറിച്ച് അതൊരു വെല്ലുവിളിയാണ്. സാമാന്യം (normal) എന്ന് നമ്മൾ കരുതുന്നതും പൊതുവെ അംഗീകരിക്കപ്പെട്ടതുമായ ചില ജീവിതയാഥാർത്ഥ്യങ്ങളെ ചോദ്യം ചെയ്തുകൊണ്ട് മനുഷ്യജീവിതത്തിൻ്റെ യഥാർത്ഥമായ അർത്ഥത്തെയും വ്യക്തിജീവിതത്തിൻ്റെ മഹത്വത്തെയുംകുറിച്ചു ചിന്തിക്കാൻ അത് നമ്മെ വെല്ലുവിളിക്കുന്നു. ബുദ്ധിപരമായും ശാസ്ത്രീയമായും വളരെയധികം വികസിച്ച ഇന്നത്തെ കാലഘട്ടത്തിൽ ചില മനുഷ്യരിൽ കണ്ടുവരുന്ന വൈകല്യങ്ങളും വൈകൃതങ്ങളും ചില രോഗങ്ങളുമെല്ലാം വെല്ലുവിളികൾ തന്നെയാണ്.
ഭിന്നശേഷിയുള്ളവർ എന്ന് നമ്മൾ വിളിക്കുന്ന വ്യക്തികളും അവരുടെ കുടുംബങ്ങളും വലിയ പരീക്ഷണഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അവരെ സംബന്ധിച്ചിടത്തോളം ആ വ്യക്തികളുടെ പരിപാലനം, വിദ്യാഭ്യാസം, അവരുടെ ഭാവിസംരക്ഷണം, സമൂഹത്തിന്റെ തെറ്റായ മനോഭാവം, കുടുംബങ്ങളിലും സമൂഹത്തിലുമുള്ള ഒറ്റപ്പെടുത്തൽ, മറ്റുള്ളവരിൽനിന്നുള്ള അവഗണന, സൗകര്യങ്ങളുടെയും അവസരങ്ങളുടെയും അഭാവം, സാമ്പത്തിക ക്ലേശങ്ങൾ തുടങ്ങിയവയെല്ലാം വേദന നിറഞ്ഞ അനുഭവങ്ങളാണ്. ഈ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ അവരെ സഹായിക്കുക എന്നതു സഭയുടെയും സമൂഹത്തിൻ്റെയും ഉത്തരവാദിത്തമാണ്. സഭയുടെ ഈ മേഖലയിലെ പ്രവർത്തനങ്ങൾ ഇവിടെയാണ് അർത്ഥമുള്ളതാകുന്നത്.
കഴിവുകുറവ് ഏത് വിധത്തിലുള്ളതാലും അത് ഒരുവനെ മനുഷ്യനല്ലാതാക്കുന്നില്ല. ദൈവം മനുഷ്യന് വ്യത്യസ്തമായ രീതിയിൽ കഴിവുകൾ നൽകിയിരിക്കുന്നു. ഭിന്നശേഷിയുള്ള വ്യക്തികളിലും ധാരളം പ്രതിഭകളുണ്ട്. ജനിച്ച് 19-ാം മാസത്തിൽ കാഴ്ചശക്തിയും കേൾവിശക്തിയും നഷ്ടപ്പെട്ട ഹെലൻ കെല്ലർ ഉചിതമായ പരിശീലനത്തിലൂടെ വലിയ എഴുത്തുകാരിയും വാഗ്മിയുമായി തീർന്നു. ശരീരത്തിന്റെ ചലനശേഷി നിശ്ശേഷം നഷ്ടപ്പെട്ട സ്റ്റീഫൻ ഹോക്കിംഗ് ലോകപ്രശസ്ത ഭൗതികശാസ്ത്രജ്ഞനായി അറിയപ്പെടുന്നു. കഴ്ചശക്തി നഷ്ട്ടപ്പെട്ടവർക്കായി ബ്രെയിൽ ലിപി കണ്ടുപിടിച്ച ലൂയി ബ്രെയിലും, കേൾവിശക്തി നഷ്ടപ്പെട്ടെങ്കിലും ലോകപ്രശസ്ത സംഗീതജ്ഞനായിത്തീർന്ന ബീഥോവനുമെല്ലാം ഈ ഗണത്തിൽപ്പെടുന്ന മഹദ് വ്യക്തികളിൽ ചിലർ മാത്രമാണ്. ഇതുപോലെ നമ്മുടെ ചുറ്റും ചെറുതും വലുതുമായ അനേകം പ്രതിഭകളെ കണ്ടെത്താൻ സാധിക്കും. ദൈവം സൃഷ്ടിച്ച മനുഷ്യരിൽ, അവരുടെ ശാരീരിക മാനസികസ്ഥിതി എന്തുതന്നെ ആയിരുന്നാലും, ഏതെങ്കിലും തരത്തിലുള്ള കഴിവുകൾ ഇല്ലാത്തവരായി ആരുമില്ല.
ഭിന്നശേഷിയുള്ളവരോട് കരുണ കാണിക്കുക എന്നത് ഈശോയുടെ ഈ ലോകത്തിലെ പ്രവർത്തനങ്ങളുടെ ഒരു പ്രധാന ഭാഗമായിരുന്നു. ദൈവരാജ്യപ്രഘോഷണത്തോടൊപ്പം ഈശോ അനേകം പേരെ അവരുടെ രോഗങ്ങളിൽനിന്നും, വൈകല്യങ്ങളിൽ നിന്നും വിമുക്തരാക്കുന്ന സംഭവങ്ങൾ സുവിശേഷങ്ങളിൽ നാം വായിക്കുന്നുണ്ട്. ഈശോയുടെ കരുണ നിറഞ്ഞ സ്നേഹത്തിന്റെ ബഹിർസ്ഫുരണങ്ങളാണ് ഈ സംഭവങ്ങളൊക്കെ. അവിടുത്തെ തുടർച്ചയായ സഭ വിവിധങ്ങളായ ശുശ്രൂഷകളിലൂടെ ദൈവത്തിന്റെ ഈ കരുണയാണു ജനഹൃദയങ്ങളിലേക്ക് എത്തിക്കുന്നത്.
വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ഭിന്നശേഷിയുള്ള വ്യക്തികളെ ക്രൂശിതനായ മിശിഹായുടെ ജീവിക്കുന്ന ഐക്കണുകൾ (icons) എന്നാണ് വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിൽ നമുക്കുവേണ്ടി സ്വയം ശൂന്യവൽക്കരിച്ചു മരണംവരെ അനുസരണമുള്ളവനായി തീർന്നവൻ്റെ അനുപമമായ സൗന്ദര്യമാണ് അവർ നമ്മുടെ മുമ്പിൽ വെളിപ്പെടുത്തുന്നത്. അവർ മനുഷ്യ സമൂഹത്തിലെ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട സാക്ഷികളാണ്. എല്ലാവരെയും രക്ഷിക്കുന്ന ദൈവത്തിൻ്റെ സ്നേഹത്തെക്കുറിച്ച് അവർ നമ്മെ പഠിപ്പിക്കുന്നു, ആയുധശക്തിയോ ബലമോ കൊണ്ടല്ല,മറിച്ച് സ്നേഹം, സാഹോദര്യം, പരസ്പര ബഹുമാനം എന്നിവ കൊണ്ട് കീഴടക്കുന്ന ഒരു പുതിയ ലോകത്തിന്റെ, മിശിഹായുടെ പ്രകാശംകൊണ്ടു രൂപാന്തരം സംഭവിക്കുന്ന ഒരു പുതിയ ലോകത്തിന്റെ പ്രഘോഷകരാകാൻ അവർക്കു സാധിക്കും (റോമിൽ വച്ച് 2004 ജനുവരി 5 ന് നൽകിയ സന്ദേശത്തിൽ നിന്ന്).
ഭിന്നശേഷിയുള്ളവരോട് കരുണയായിരിക്കുക എന്നു പറയുമ്പോൾ അവരുടെ അംഗപരിമിതിയിൽ സഹതാപം തോന്നി ചെയ്യുന്ന എന്തെങ്കിലും പരോപകാര പ്രവൃത്തിയല്ല ഉദ്ദേശിക്കുന്നത്. അവരിലെ മനുഷ്യത്വവും ദൈവികസാന്നിധ്യവും മനസിലാക്കി, അവരും നമ്മെപ്പോലെതന്നെ തുല്യ അവകാശവും കടമകളും ഉള്ളവരാണെന്ന ബോധ്യത്തോടെ അവരെയും സമൂഹത്തിന്റെ ഭാഗമായി വളരാൻ സഹായിക്കുന്ന ധാർമികതയാണ് അത്. കുഷ്ഠരോഗികൾക്കുവേണ്ടി ജീവിതം സമർപ്പിച്ച ഫാദർ ഡാമിയൻ, അഗതികൾക്കും ആലംബഹീനർക്കും മരണാസന്നർക്കുംവേണ്ടി ജീവിതം സമർപ്പിച്ച മദർ തെരേസ തുടങ്ങിയ മഹദ്വ്യക്തികൾ ഈ സന്ദേശമാണു നമുക്കു നൽകുന്നത്. ഇന്നും ഭിന്നശേഷിയുള്ളവർക്കുവേണ്ടി ജീവിതം സമർപ്പിച്ചിരിക്കുന്ന അനേകം വ്യക്തികൾ നമ്മുടെ സമൂഹത്തിലുണ്ട്.
ഭിന്നശേഷിയുള്ളവർക്കായി ഏതാണ്ട് അഞ്ഞൂറിലധികം സ്ഥാപനങ്ങൾ കത്തോലിക്കാസഭയുടെ നേതൃത്വത്തിൽ ഇന്നു ഭാരതത്തിൽ അങ്ങോളമിങ്ങോളം പ്രവർത്തിക്കുന്നുണ്ട്. ഇവയിലൂടെയെല്ലാം ആയിരക്കണക്കിന് വ്യക്തികളും അവരുടെ കുടുംബങ്ങളും ദൈവത്തിൻ്റെ കരുണ അനുഭവിച്ചുകൊണ്ടിരിക്കുന്നു. മറ്റൊരർത്ഥത്തിൽ, ദൈവത്തിൻ്റെ കരുണ സമൂഹത്തിൽ പ്രകടമാകാനുള്ള മാധ്യമമാണ് ഭിന്നശേഷിയുള്ളവർ എന്നു പറയാം (മത്താ 15,30-31).
എല്ലാ ജനസമൂഹങ്ങളിലും ഭിന്നശേഷിയുള്ളവരുണ്ട്. സാധാരണയായി എല്ലാവിഭാഗം ആളുകളുടെയും പിന്നിലായി കണക്കാക്കപ്പെടുന്ന, ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്ന വിഭാഗമാണ് ഇത്. ലോകരോഗ്യസംഘടനയുടെ പഠനമനുസരിച്ച് ജനസംഖ്യയുടെ ഏതാണ്ട് 10% ഏതെങ്കിലും തരത്തിൽ ഭിന്നശേഷിയുള്ളവരാണ്. അവരുടെ പ്രത്യേകമായ ശാരീരികമാനസികസ്ഥിതികൊണ്ട് ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, സാമ്പത്തികം, സാമൂഹ്യ ജീവിതം എന്നിവയിലെല്ലാം ഏറ്റവും പിന്നേക്കാവസ്ഥയിലുള്ള ഒരു സമൂഹം. അവരിൽ കുറെയേറെപ്പേർ സ്വന്തമായ അടിസ്ഥാന ആവശ്യങ്ങൾക്കും അവകാശങ്ങൾക്കുംവേണ്ടി വാദിക്കാൻപോലും കഴിവില്ലാത്തവരാണ്. കുറെപ്പേർ മറ്റുള്ളവരെ പൂർണ്ണമായി ആശ്രയിക്കാതെ ജീവൻ നിലനിർത്താൻ പോലും സാധിക്കാത്തവരും. എല്ലാത്തരത്തിലും സമൂഹത്തിൻ്റെ അതിരുകളിൽ ജീവിക്കുന്നവരാണിവർ.
വൈവിധ്യങ്ങളുടെ സമാഹാരമാണല്ലോ മനുഷ്യജീവിതം. മനുഷ്യസമൂഹമെന്നത് ഈ വൈവിധ്യങ്ങളുടെ ഒന്നിച്ചു ചേരലാണ്. ഭിന്നശേഷിയുള്ള മനുഷ്യനും വൈകല്യങ്ങളും വൈകൃതങ്ങളുമുള്ള മനുഷ്യനുമെല്ലാം ഈ വൈവിധ്യത്തിൻ്റെ ഭാഗമാണ്. ഈ വൈവിധ്യങ്ങളെ അനുവദിച്ചിരിക്കുന്നത് ദൈവം തന്നെയാകയാൽ അവ ഒരിക്കലും മനുഷ്യവ്യക്തിയുടെ മാഹാത്മ്യത്തെ കുറയ്ക്കുന്നില്ല. വാസ്തവത്തിൽ, ഇതു നമ്മെ കൂടുതൽ ദൈവവിശ്വാസത്തിലേക്കും ദൈവാശ്രയബോധത്തിലേക്കും ക്രീയാത്മകമായ പരസ്പരബന്ധത്തിലേക്കും നയിക്കുന്നു. സമൂഹത്തിന്റെയും സഭയുടെയും കെട്ടുറപ്പിന്റെ ഊടും പാവും നെയ്യുന്നത് ദൈവവുമായും മനുഷ്യൻ തമ്മിൽ തമ്മിലുമുള്ള ഈ പരസ്പരബന്ധമാണ്. ഓരോ മനുഷ്യനും വ്യക്തിയെന്ന നിലയിൽ അംഗീകരിക്കപ്പെടേണ്ടവനാണ്. അവനിലുള്ള വ്യക്തിത്വത്തെ അംഗീകരിക്കുക എന്നത് അവന്റെ വ്യക്തിത്വ പൂർണ്ണതയ്ക്ക് ആവശ്യമാണ്. സഭയുടെ കാരുണ്യപ്രവൃത്തികളുടെയെല്ലാം കേന്ദ്രം മനുഷ്യവ്യക്തിയുടെ മഹത്വത്തിലുള്ള ഈ അടിസ്ഥാന വിശ്വാസമാണ്.
ഭിന്നശേഷിയുള്ളവരെ കാരുണ്യപൂർവം സ്വീകരിക്കേണ്ടതിന്റെ പ്രയോഗികത ഫ്രാൻസിസ് മാർപ്പാപ്പാ തന്റെ ജീവിതത്തിലൂടെ കാണിച്ചുതരുന്നുണ്ട്. സെറബ്രൽ പാൾസി ബാധിച്ച ഡൊമിനിക് എന്ന ബാലനെയും വികൃതമായ മുഖമുള്ള വ്യക്തിയെയും ആലിംഗനംചെയ്തുകൊണ്ട് അവരെല്ലാം നമ്മുടെ ജീവിതത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സുവിശേഷപ്രഘോഷകർ സമൂഹത്തിന്റെ അതിരുകളിലേക്കു പോകണം എന്നദ്ദേഹം പറയുമ്പോൾ സമൂഹത്തിൽ അവഗണിക്കപ്പെടുന്നവരെയും പിന്നാമ്പുറങ്ങളിലുള്ളവരെയും സ്നേഹവും കരുണയും കൊടുത്ത് ദൈവത്തിനായി നേടണം എന്നാണ് അദ്ദേഹം അർത്ഥമാക്കുന്നത്.
ഈശോ പറഞ്ഞു "ഞാൻ വന്നിരിക്കുന്നത് അവർക്കു ജീവനുണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകുവാനുമാണ്" (യോഹ 10,10). ജീവൻ അതിൻ്റെ സമൃദ്ധിയിലും പൂർണ്ണതയിലും ഉണ്ടാകുവാൻ സഹായിക്കുക എന്നതാണ് ഭിന്നശേഷിയുള്ളവർക്കുവേണ്ടിയുള്ള ക്ഷേമപ്രവർത്തനങ്ങളിലൂടെ തിരുസഭ ലക്ഷ്യംവയ്ക്കുന്നത്. ഈശോയുടെ പ്രവർത്തനങ്ങളിൽ അവിടുന്നു ശാരീരികമായ സൗഖ്യം നല്ക്കുന്നതോടൊപ്പം അവരുടെ സാമൂഹ്യസുസ്ഥിതിയും ആദ്ധ്യാത്മികവളർച്ചയും ലക്ഷ്യംവയ്ക്കുന്നതായി കാണാം (മർക്കോ 2,1-12). ഇപ്രകാരം സമൂഹത്തിൽ അവഗണിക്കപ്പെട്ടവരുടെ സമഗ്രവികാസത്തിനുവേണ്ടി ശ്രമിച്ച്, അവരെ സമൂഹത്തിന്റെ ഭാഗമാക്കി അംഗീകരിക്കുമ്പോഴാണ് സഭയുടെ യഥാർത്ഥ മുഖം വെളിവാകുന്നത്.
ഭിന്നശേഷിയുള്ളവർ ഒരിക്കലും സഭയിൽനിന്ന് അകറ്റിനിർത്തപ്പെടേണ്ടവരല്ല. സഭയിലെ എല്ലാ മേഖലകളിലും പൂർണ്ണമായി പങ്കുചേരാനുള്ള അവകാശം അവർക്കുണ്ട്. അതിനനുസരിച്ചുള്ള സൗകര്യങ്ങൾ ഉണ്ടാക്കിക്കൊടുത്ത് അവർക്ക് അനുയോജ്യമായ സംവിധാനങ്ങൾ (ഉദാ: അവർക്ക് അനുയോജ്യമായ മതബോധനം, കൂദാശകളുടെ പരികർമ്മങ്ങൾ തുടങ്ങിയവ) തയ്യാറാക്കുക എന്നതു സഭയുടെ കടമയാണ്.
ഭിന്നശേഷിയുള്ളവർ തങ്ങളുടെ അവകാശങ്ങൾ സംരക്ഷിച്ചു കൊണ്ടും അവരിലെ കഴിവുകൾ വികസിപ്പിച്ചുകൊണ്ടും സമൂഹത്തിൽ ദൈവമക്കളുടെ സ്വാതന്ത്യ്രത്തോടുകൂടി ജീവിക്കാൻ സഭയുടെ എല്ലാ പ്രവർത്തനങ്ങളും സഹായകരമാകുന്നു എന്ന് നമുക്ക് ഉറപ്പുവരുത്താം. എല്ലാവരെയും ഉൾക്കൊള്ളുന്ന, സമൂഹത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്നവരെയും ഒന്നിച്ചു ചേർക്കുന്ന, വ്യത്യാസങ്ങളോ അകൽച്ചകളോ ഇല്ലാത്ത ഒരു സമൂഹമായിരിക്കട്ടെ നമ്മുടെ ലക്ഷ്യം.
സി. റോസ്ലിൻ FCC
Sacred Heart Provincial House Clarapuram, Aluva 683 101
Mob:9048061202
2008: സമർപ്പിതരുടെ ജീവിതത്തിൽ ഒട്ടറെ വെല്ലുവിളികൾ ഉയർത്തിയ വർഷമായിരുന്നു. അതോടൊപ്പം പിടിച്ചുനില്ക്കാക്കാൻ ഒരിടമായി ഭരണങ്ങാനം ചരിത്രത്തിൽ ഇടംനേടിയ വർഷവും. ഒറീസ്സയിലെ കാന്തമാൽജില്ലയിൽ വർഗീയവാദികളുടെ വാഴ്ചയിൽ എല്ലാം നഷ്ടപ്പെട്ട ക്രൈസ്തവർ. സമർപ്പിതരെക്കുറിച്ചു തിരക്കഥകൾ മെനഞ്ഞ് അത് ഉല്ലാസമാക്കി മാറ്റിയ പരിഷ്കൃതകേരളം. ഈ സമയത്താണ് FCC യുടെ മദർ ജനറലായിരുന്ന ബ. സീലിയാമ്മ സമൂഹാംഗങ്ങളെ ഉണർത്തിക്കൊണ്ട് ഒരു കത്തെഴുതിയത്. ആ പ്രത്യേക കാലഘട്ടത്തിൽ വെല്ലുവിളികൾ ഏറ്റെടുത്ത് സുരക്ഷിത മേഖലയിൽനിന്നും പുറത്തിറങ്ങാൻ ഉൾവിളി ലഭിക്കുന്നവർ അറിയിക്കുക എന്നതായിരുന്നു കത്തിലെ മുഖ്യസന്ദേശം. അങ്കമാലിക്കടുത്ത് കിടങ്ങൂർ സെൻ്റ് ജോസഫ് ഹൈസ്ക്കൂളിൽ ആദ്ധ്യാപന ശുശ്രൂഷയിലായിരുന്ന ഞാൻ, നാളുകളേറെയായി ഇങ്ങനെയൊരു ചിന്ത മനസ്സിലിട്ട് അതിനൊരുവഴി കണ്ടെത്താൻ ത്യാഗത്തോടെ പ്രാർത്ഥിക്കുകയായിരുന്നു. അസ്വസ്ഥമായൊരു അന്വേഷണത്തിലായിരുന്നു ഞാൻ. ദൈവം മോശയോടു പറഞ്ഞ വാക്കുകളായിരുന്നു മനസ്സുനിറയെ: “ഇതാ, ഇസ്രായേൽ മക്കളുടെ നിലവിളി എന്റെയടുത്തെത്തിയിരിക്കുന്നു" (പുറ 3,9). കാന്തമാൽ ദുരന്തകഥ വായിച്ചപ്പോഴെല്ലാം, ഏശയ്യാപ്രവാചകൻ പറഞ്ഞതു വാസ്തവമെന്ന് എനിക്കു തോന്നി: “സത്യം ഇല്ലാതായിരിക്കുന്നു; തിന്മയെ വിട്ടകലുന്നവർ വേട്ടയാടപ്പെടുന്നു; അവിടെ നീതിയില്ലെന്നു കർത്താവു കണ്ടു. അത് അവിടുത്തെ അസന്തുഷ്ടനാക്കി. അവിടെ ആരുമില്ലെന്നു അവിടുന്നു കണ്ടു. ഇടപെടാൻ ആരുമില്ലാത്തതിനാൽ അവിടുന്നു ആശ്ചര്യപ്പെട്ടു" (ഏശ 59,15-16). ബലവാന്മാർ ദുർബലരെ തിന്നുകൊഴുക്കുന്ന അവസ്ഥയാണ് നാടുനീളെ തമ്പുരാൻ്റെ ഉൾവിളിക്ക് ഉത്തര മേകിക്കൊണ്ട് അധികാരികളെ വിവരം അറിയിച്ചപ്പോൾ സന്തോഷത്തോടെ അവർ അനുവാദമേകി. അങ്ങനെ, 2009 ഏപ്രിൽ മാസം ലോക വിഡ്ഢിദിനത്തിൽ തമ്പുരാനുവേണ്ടി വിഡികളാകാൻ സി. മെറിൻ സി.എം.സിയും ഞാനും അഭിവന്ദ്യ സെബാസ്റ്റ്യൻ എടയന്ത്രത്ത് പിതാവിൻ്റെ ദീർഘവീക്ഷണത്തിൽ ഇതര സംസ്ഥാന സഹോദരരുടെയിടയിൽ ശുശ്രൂഷ ചെയ്യാൻ പെരുമ്പാവൂരിൽ ഒരു വാടക വീട്ടിൽ താമസമാരംഭിച്ചു. ഏകദേശം 40 ലക്ഷത്തോളം ഇതര സംസ്ഥാനക്കാർ ഇന്നു കേരളത്തിലുണ്ട്. അതിൽ 20 ലക്ഷത്തോളം എറണാകുളം ജില്ലയിലാണെന്നും അതിൽത്തന്നെ കൂടുതലും പെരുമ്പാവൂരിലും പ്രാന്തപ്രദേശങ്ങളിലുമാണെന്നും കണക്കുകൾ സാക്ഷിക്കുന്നു. ദക്ഷിണേഷ്യയിൽ ഏറ്റവും കൂടുതൽ പ്ളൈവുഡ് കമ്പനികളുള്ളത് പെരുമ്പാവൂരാണെന്നതാണ് ഇതിന്റെ കാരണം. ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ, കാലടി, അങ്കമാലി എന്നീ റൂട്ടുകളിലോടുന്ന ബസ്സുകളിൽ ഹിന്ദിയിൽ സ്ഥലപ്പേരുകൾ എഴുതി വച്ചിട്ടുണ്ട്. ഈ ഭാഗങ്ങളിലെ എന്നല്ല, കേരളത്തിലെ പ്രധാന ടൗണുകളിലും നഗരങ്ങളിലുമെല്ലാം രാവിലെ 6 മുതൽ 8 മണിവരെ തങ്ങളുടെ പണിയായുധങ്ങളുമായി തൊഴിൽതേടി നില്ക്കുന്ന തൊഴിലാളികളെ കാണാം. പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ഒറീസ്സ, ആസ്സാം, ജാർഖണ്ട് എന്നിവിടങ്ങളിൽനിന്നുള്ളവരാണ് ഏറെപ്പേരും. തങ്ങളുടെ നാട്ടിൽ ജോലിയില്ലാത്തതും ജോലിയുണ്ടെങ്കിൽത്തന്നെ തുച്ഛമായ ശമ്പളം മാത്രം ലഭിക്കുന്നതുമായ അവസ്ഥയാണ് ദൈവത്തിന്റെ നാട്ടിലേക്ക് ഇവരെ എത്തിക്കുന്നത്. കേരളം ഇവർക്ക് ഗൾഫ് പോലെയാണ്. S.S.L.C. യെങ്കിലും വിദ്യാഭ്യാസമുള്ള മലയാളി ഇന്നു സാധാരണ ജോലി ചെയ്യാൻ മടിക്കുന്നതുകൊണ്ട് എല്ലായിടത്തും ഇവരെ ആശ്രയിക്കേണ്ടിവരുന്നു. എന്നാൽ സംസ്കാരസമ്പന്നരെന്നു പറയുന്ന നമ്മൾ, ഇവരോട് ചെയ്യുന്ന അനീതിയും മനുഷ്യത്വ രഹിതമായ പെരുമാറ്റവും കാണുമ്പോൾ ഏശ 59,15-16 കാതിൽ മുഴങ്ങുന്നു.
ഭൂരിഭാഗം മലയാളികളും ഇവരെ പ്രശ്നക്കാരായും തീവ്രവാദികളായും കാണുന്നു. അതുകൊണ്ടുതന്നെ ഇവരുടെയിടയിൽ ശുശ്രൂഷചെയ്യുമ്പോൾ ഒട്ടേറെ വിമർശനങ്ങൾ നേരിടുന്നുണ്ട്. ഇതരസംസ്ഥാനക്കാർ ഇവിടെയുണ്ടെങ്കിൽ അതിലേറെ മലയാളികൾ മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും ചേക്കേറിയിട്ടുണ്ട് എന്ന വസ്തുത നമ്മൾ വിസ്മരിക്കരുത്.
ആദ്യമായി ഞങ്ങൾ കാന്തമാലിൽനിന്നും വന്ന കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിലാണ് ശ്രദ്ധിച്ചത്. അതിനുശേഷം എങ്ങും ആശ്രയമില്ലാതെപോയ അഭയാർത്ഥികളെ പുനരധിവസിപ്പിക്കുന്നതിൽ പങ്കാളികളാവുകയും അവരോടൊപ്പം താമസിക്കുകയും ചെയ്തു. 2008 ആഗസ്റ്റ് മാസത്തിൽ ഏതൊരു ജനതയുടെ വേദനയിൽ മൈലുകൾക്കിപ്പുറത്തിരുന്നു ഞാൻ വേദനിച്ചുവോ, അവരോടൊപ്പം ആയിരിക്കാൻ 2009 ആഗസ്റ്റിൽ ദൈവം ഇടയാക്കി. അന്ന് അവർക്കായുള്ള ഭവനത്തിൻ്റെ ആശീർവാദം നിർവഹിച്ചുകൊണ്ട് കൂടിനിന്ന ജനത്തോട് ബഹുമാനപ്പെട്ട ജോർജ് കുറ്റിക്കലച്ചൻ ഇങ്ങനെ പറഞ്ഞു: "സഹോദരങ്ങളേ, മിഷനിൽ പോകാൻ ഞങ്ങൾക്ക് സാധിക്കില്ലല്ലോ എന്നോർത്ത് നിങ്ങൾ വിഷമിക്കേണ്ട, ഇതാ വടക്കേ ഇന്ത്യ മുഴുവൻ നിങ്ങളുടെയിടയിലുണ്ട്. ശുശ്രൂഷ ചെയ്യുക."
ഇടപെടാൻ ഇറങ്ങിയപ്പോൾ പല യാഥാർത്ഥ്യങ്ങളും മനസ്സിലായി. മലയാളികൾ ഉപേക്ഷിച്ചു കളയുന്ന പഴയവീടുകളിൽ ഒരു മുറിയിൽ എട്ടിലധികം ആൾക്കാരെ താമസിപ്പിച്ച് ഓരോരുത്തരിൽ നിന്നും മാസം ആയിരം രൂപ വാങ്ങുന്ന മുതലാളി. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത പാർപ്പിടങ്ങൾ, നാലുമാസത്തോളം ജോലിചെയ്തിട്ടും കൂലി ചോദിച്ചപ്പോൾ അടിച്ചിറക്കിയ സംഭവം. അന്വേഷിച്ചു ചെന്നപ്പോൾ... സിസ്റ്റേഴ്സ് കോൺവെൻ്റിലെ കാര്യം നോക്കിയാൽ മതി; ഇവിടെത്തെ കാര്യം ഞങ്ങൾ നോക്കിക്കൊള്ളാം എന്നു പറഞ്ഞ തൊഴിലുടമ. തൻ്റെ സ്ഥാപനത്തിൽ ജോലിക്കിടയിൽ മെഷിനിടയിൽപ്പെട്ട് തകർന്ന കാലുകൾക്ക് ഓപ്പറേഷൻ വേണമെന്നു ഡോക്ടർ പറഞ്ഞപ്പോൾ അവിടെനിന്നു മാറ്റി സർക്കാർ ആശുപത്രിയിൽ കൊണ്ടാക്കിയ മറ്റൊരു തൊഴിലുടമ. തൻ്റെ തുടർപഠനത്തിനു പൈസ നേടാൻ ജോലിതേടി കേരളത്തിലെത്തി ഒരാഴ്ചക്കുള്ളിൽ പനിപിടിപ്പെട്ട് മരണമടഞ്ഞ യുവാവ്. തൊഴിൽതേടി തൻ്റെ കുടുംബത്തോടൊപ്പം ഇവിടെയെത്തിയപ്പോൾ മഞ്ഞപ്പിത്തം പിടിച്ച് മരുന്നു ലഭിക്കാതെ തിരസ്കരിക്കപ്പെട്ടപ്പോൾ നാട്ടിലേക്ക് തിരിച്ചുപോവാൻ റെയിൽവേ സ്റ്റേഷൻ എത്തി ട്രെയിൻ വരുന്നതിനു രണ്ടു മിനിട്ടു മുമ്പ് തൻ്റെ ഭാര്യയുടേയും കുഞ്ഞുങ്ങളുടേയും മുമ്പിൽ കുഴഞ്ഞുവീണു മരിച്ച സഹോദരൻ. അപകടങ്ങളിൽ മരിക്കുന്നവർ, 16 മണിക്കൂറും 20 മണിക്കൂറും ജോലി ചെയ്ത് അവശരാകുമ്പോൾ ഫാക്ടറി കുഴലുകളിൽ വീണും വീഴ്ത്തിയും അവസാനം കമ്പനിയിലെ പുഴുങ്ങിയ നെല്ലിനൊപ്പവും waste water നൊപ്പവും പുറത്തേക്ക് എല്ലുപൊടിയായും juice ആയും വരുന്ന ജീവിതങ്ങൾ.
ഇതര സംസ്ഥാന തൊഴിലാളികൾക്കായി കേരള സർക്കാർ ക്ഷേമനിധി തുടങ്ങിയിട്ടുണ്ട്. യഥാർത്ഥ തിരിച്ചറിയൽ കാർഡ് ഉള്ളവർക്ക് അംഗത്വമെടുക്കാം. എന്നാലും ഭൂരിഭാഗം തൊഴിലുടമകളും അതിനുള്ള അപേക്ഷയിൽ ഒപ്പിട്ടു നൽകാൻ തയ്യാറല്ല. വർഷങ്ങൾ തങ്ങളുടെ തൊഴിൽശാലകളിലും പറമ്പിലും അദ്ധ്വാനിക്കുന്ന ഒരു വ്യക്തിക്ക് ലഭിക്കേണ്ട ആനുകൂല്യത്തിനുവേണ്ടി ഒരു ഒപ്പിടാൻ വിസമ്മതിക്കുന്ന വ്യക്തികൾ ആരായാലും തമ്പുരാനെ സ്നേഹിക്കുന്നു എന്നു പറഞ്ഞാൽ അവർ കള്ളം പറയുന്നവരാണ്.
"ഞാൻ നിന്നോടുകൂടെയുണ്ടായിരിക്കും" എന്നു മോശയോടു പറഞ്ഞ ദൈവം ഞങ്ങൾക്കൊപ്പവും ഉണ്ടായിരുന്നു. നൂറ്റാണ്ടുകൾക്കുമുമ്പ് ഫറവോ കാണിച്ച അതേ ക്രൂരത ഇന്ന് സാംസ്കാരിക, പരിഷ്കൃത കേരളം ഈ പാവപ്പെട്ട, അജ്ഞരായ ജനത്തോട് കാണിക്കുന്നുണ്ട്. പൊതുവേ മോശക്കാരായി ഇവരെ ചിത്രീകരിക്കുമ്പോൾ ചോദിച്ചുപോവുയാണ്: എവിടെയാണ് നന്മയും തിന്മയും ഇല്ലാത്തത്? മലയാളികൾ എല്ലാവരും പരിശുദ്ധരോ? വർഷത്തിൽ രണ്ടു പ്രാവശ്യം മാത്രം വി. കുർബാനയ്ക്ക് അവസരമുണ്ടായിരുന്ന ഗ്രാമത്തിലെ വിശ്വാസികളാണ് കൈക്കുഞ്ഞിനേയും മാറത്തടക്കിപ്പിടിച്ചു ദിനങ്ങൾ കാട്ടിലൊളിച്ചതിനുശേഷം പ്രാണരക്ഷാർത്ഥം ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലേക്കോടിയത്, വിശ്വാസം സംരക്ഷിക്കാൻ. നടന്നു പോകാവുന്ന ദൂരമുള്ളിടത്ത് എല്ലാ ഗ്രാമങ്ങളിലും ദൈവാലയങ്ങളുള്ള നമ്മുടെ വിശ്വാസികളുടെ അവസ്ഥ എന്ത്?
ഏഴു വർഷം പിന്നിടുന്നു. നാലു വർഷം ലീവെടുത്തു, പിന്നീട് ജോലി രാജിവച്ചു. ദൈവഹിതമാണന്നറിഞ്ഞപ്പോൾ ഏറെ ത്യാഗം സഹിച്ചാണ് എൻ്റെ അധികാരികൾ എന്നെ അതിനു അനുവദിച്ചത്. അഞ്ചു വർഷമായിട്ട് ആലുവ പട്ടണത്തിലാണ് താമസം. വലിയ കാര്യങ്ങളൊന്നുംതന്നെ ഞങ്ങൾ ചെയ്തിട്ടില്ല. ഇന്നലെ പരിചയപ്പെട്ട കുടുംബത്തിലെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസകാര്യത്തിനായി പഞ്ചായത്ത്, വില്ലേജ്, മുൻസിപ്പാലിറ്റി ഓഫീസുകളും ബാലഭവനങ്ങളും സ്കൂളുകളും കയറിയിറങ്ങുക. ഇന്നുമാത്രം കണ്ടൊരാൾക്ക് ആശുപത്രിയിൽ ഡോക്ടറെ കാണാൻ കൂടെ പോവുക, ഇതുവരെ കണ്ടിട്ടില്ലാത്ത സഹോദരങ്ങളുടെ മൃതശരീരത്തിനു മോർച്ചറിക്ക് മുമ്പിൽ കാവലിരുന്നു പ്രിയപ്പെട്ടവർക്ക് അവസാനമായി ഒരു നോക്കുകാണാൻ അവരുടെ ശരീരം ഗ്രാമത്തിലെത്തിക്കാൻ ശ്രമം നടത്തുക. അതിനു സാധിക്കാത്ത നിലയിലുള്ളതാണെങ്കിൽ യോഗ്യമായ രീതിയിൽ സംസ്ക്കാരം നടത്താൻ സഹായിക്കുക. ഭൗതിക അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കുന്നതോടൊപ്പം ആത്മീയ ഭക്ഷണത്തെക്കുറിച്ചും ബോദ്ധ്യപ്പെടുത്തുക... ഇതൊക്കെ കൂട്ടായ ചില കൊച്ചുശ്രമങ്ങൾ മാത്രം. നമ്മുടെ നാട്ടിൽ വഴിക്കവലകളിലും റയിൽവേ സ്റ്റേഷനുകളിലും സമനിലതെറ്റി അലഞ്ഞുനടക്കുന്നവർ, വഴിതെറ്റുന്ന യുവത്വങ്ങൾ, തകർന്ന കുടുംബബന്ധങ്ങൾ, ആത്മഹത്യയ്ക്കൊരുങ്ങുന്ന നിരാശിതർ, ജനിച്ചയുടനെ വഴിയോരങ്ങളിൽ ഉപേക്ഷിക്കപ്പെടുന്ന പിഞ്ചുകുഞ്ഞുങ്ങൾ, ഭിക്ഷാടന മാഫിയകളുടെ ഇരകളായ അംഗപരിമിതർ, ഇവരുടെയിടയിലെല്ലാം തക്കസമയത്തു മിശിഹാസാന്നിദ്ധ്യമായി നിലകൊള്ളുമ്പോഴുള്ള സംതൃപ്തി ഒന്നു വേറെ തന്നെയാണ്.
ആദ്യ രണ്ടു വർഷം കഴിഞ്ഞപ്പോൾ സി. മെറിൻ സി.എം.സി കമ്മ്യൂണിറ്റിയിലേക്ക് തിരിച്ചുപോയി. പിന്നീട് പലരും വന്നെങ്കിലും പിടിച്ചുനിന്നില്ല. ഇടയ്ക്ക് 4 മാസം ആരുമില്ലാതെ ഒറ്റക്കുനടന്നപ്പോൾ തമ്പുരാൻ്റെ ശക്തമായ സാന്നിദ്ധ്യം മറ്റു ദിനങ്ങളെക്കാളും അനുഭവമായിരുന്നു. കൂടെ താമസിക്കാൻ രണ്ടാം ക്ലാസ്സുകാരി കുഞ്ഞുതെരേസ മുതൽ 70 വയസുള്ള അമ്മച്ചിവരെ റെഡിയായിരുന്ന നാളുകൾ. വൈകി ബസ്റ്റോപ്പിലെത്തുമ്പോൾ സ്നേഹമുള്ള സഹോദരിമാരും കുഞ്ഞുനജുന്മാരും അപ്പച്ചന്മാരും. ഇപ്പോൾ മൂന്നു വർഷമായിട്ട് സി. ലിറ്റിൽ റോസ് എഫ്.സി.സിയാണ് കൂടെയുള്ളത്. ഇത്രേയുള്ളു.... ഒന്നും ചെയ്തിട്ടില്ല. ഞങ്ങൾ തമ്പുരാന്റെ കയ്യിലെ ഉപകരണങ്ങൾ മാത്രം.....
ഫാ. ഡേവിസ് ചിറമേൽ
Chairman, Kidney Federation of India
Palithamam Shopping Complex
Near Kairali Sree Theatre, Trichur-20
Mob.9846236342S
Email: frdavischiramel@gmail.com
സ്നേഹത്തിന്റെ ഔന്നിത്യമാണ് കാരുണ്യം. സ്നേഹം H2O ആണെങ്കിൽ കാരുണ്യം ആ രാസനാമത്തിൻ്റെ ദൃശ്യരൂപമായ ജലമാണ്. ഈ ലോകത്തിലെ ഏറ്റവും മൃദുവായ വസ്തുജലമാണ്. അതുപോലെ, എല്ലാറ്റിനെയും മൃദുവാക്കുന്ന ഘടകം കാരുണ്യമാണ്. പിതാവായ ദൈവത്തിൻ്റെ സ്നേഹം രൂപം ധരിച്ചതാണ് ദൈവപുത്രനായ ഈശോമിശിഹാ. പാപത്തിൻ്റെ കാഠിന്യം ഉരുകി അലിഞ്ഞ് ഇല്ലാതാകുന്നത് കാരുണ്യപ്രവാഹത്തിലാണ്. "ബലിയല്ല കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത്." നാം വേദോപദേശത്തിൽ പഠിച്ച കാരുണ്യപ്രവൃത്തികൾ സ്നേഹത്തിന്റെ പതിനാലു ദൃശ്യരൂപങ്ങളാണ്. നിങ്ങളുടെ പ്രവൃത്തികൾ കണ്ട് മറ്റുള്ളവർ സ്വർഗസ്ഥനായ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുന്നിൽ പ്രകാശിക്കട്ടെ. പ്രവൃത്തികൾ കുടാതെ സ്നേഹിക്കുക, വിശ്വസിക്കുക എന്നതു സാദ്ധ്യമല്ല; അതു നിർജീവമാണ്. നാം നമുക്കുവേണ്ടി, നമ്മുടെ ജീവിതസൗകര്യങ്ങൾക്കുവേണ്ടി, നമ്മുടെ കുടുംബത്തിനുവേണ്ടി, നമ്മുടെ മക്കൾക്കുവേണ്ടി ചെയ്യുന്ന പ്രവൃത്തികൾ സ്നേഹപ്രവൃത്തികളാണ്. എന്നാൽ, കാരുണ്യപ്രവ്യത്തികൾ അവയിൽനിന്നു വ്യത്യസ്തമാണ്. ഒരുവൻ തൻ്റെ കുടുംബത്തെ പോറ്റാൻ കഷ്ടപ്പെട്ട് അധ്വാനിക്കുന്നതൊന്നും കാരുണ്യ പ്രവൃത്തിയല്ല.
"നിത്യജീവൻ പ്രാപിക്കുവാൻ ഞാൻ എന്തു ചെയ്യണം?" ഈ ചോദ്യത്തിലുള്ള ഉത്തരം ഈശോ നല്കിയത് നല്ല സമരിയാക്കാരന്റെ ഉപമയിലൂടെയാണ്. “നീയും പോയി ഇതുപോലെ ചെയ്യുക." നല്ല സമരിയാക്കാരൻ ചെയ്തതാണു കാരുണ്യപ്രവൃത്തി. നല്ല സമരിയാക്കാരൻ്റെ മുഖമാണ് കാരുണ്യത്തിൻ്റെ മുഖം. ധനവാൻ തന്റെ മക്കൾക്കും ഭാര്യക്കുംവേണ്ടി ചെയ്ത പ്രവൃത്തികൾ നിത്യജീവൻ ലഭിക്കാൻ കാരണമായില്ല. ഇവിടെയാണ്, നിത്യജീവൻ പ്രാപിക്കാൻ നമ്മൾ എന്തെങ്കിലും സമ്പാദിച്ചിട്ടുണ്ടോ എന്നു ചിന്തിക്കേണ്ടത്. ധനവാൻ ചെന്നെത്തിയ സ്ഥലം നമുക്ക് അറിയാമല്ലോ.
ഈശോ നമ്മോട് എന്താണ് പറഞ്ഞത്? "ഞാൻ സ്നേഹിച്ചതു പോലെ സ്നേഹിക്കുവിൻ.” ഈശോയുടെ മുഖമാണ് ക്രൈസ്തവൻ്റെ മുഖം. സ്വന്തം വീട്ടിൽനിന്ന് അതാരംഭിക്കണം. നമ്മുടെ കുടുംബം തോബിത്തിൻ്റെ കുടുംബം പോലെയാകണം. കുരുടനോട്, ബധിരനോട്, വിശക്കുന്നവനോട്, തളർവാതരോഗിയോട്, പിശാചു ബാധിതനോട്, മഹാപാപിനിയോട് അന്യായമായി പണം സമ്പാദിച്ച സക്കേവൂസിനോട്, തന്നെ ഒറ്റിക്കൊടുത്ത യൂദാസിനോട്, തന്നെ പിടിച്ചുകെട്ടിയ പടയാളികളോട്, തന്നെ തള്ളിപ്പറഞ്ഞ പത്രോസിനോട് തൻ്റെ മുഖത്ത് തുപ്പിയവരോട്, കള്ളനായി കുറ്റം ആരോപിച്ചവരോട്, ചങ്കിൽ കുത്തിയവരോട്, വസ്ത്രം ഉരിഞ്ഞവരോട്, തന്നെ ഉപേക്ഷിച്ച് ഓടിയവരോട്, തന്നെ ക്രൂശിച്ച പടയാളികളോട് ഈശോ തൻ്റെ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും, നോട്ടം കൊണ്ടും, സഹനംകൊണ്ടും കരുണ ചൊരിഞ്ഞു. ഈ കരുണയുടെ ജീവിതം തുടരുകയാണ് ഒരോ ക്രൈസ്തവന്റെയും ജീവിത കടമ.
അർഹതയില്ലാത്ത ജീവിതസൗഭാഗ്യങ്ങൾ ലഭിച്ചവരാണ് നമ്മൾ. കണ്ണില്ലാത്തവർ, കേൾവിയില്ലാത്തവർ, സംസാരശക്തിയില്ലാത്തവർ, ബുദ്ധിയില്ലാത്തവർ, തളർന്നു കിടക്കുന്നവർ, അപ്പനില്ലാത്തവർ, അമ്മയില്ലാത്തവർ, മക്കളില്ലാത്തവർ, വീടില്ലാത്തവർ, പഠിപ്പില്ലാത്തവർ, വസ്ത്രമില്ലാത്തവർ, ഭക്ഷണമില്ലാത്തവർ, ജോലിയില്ലാത്തവർ, ഇങ്ങനെയുള്ളവരുടെ സംഖ്യ എത്രയോ ഭീമമാണ്. ബാക്കി വരുന്ന ചെറിയ ഗണത്തിൽ പെട്ടവരാണ് നമ്മൾ. ഇതെക്കുറിച്ചു നമ്മൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
'ഞാൻ എന്തുകൊണ്ട് ഒരു വൈദികനായി' എന്ന് എന്നും ഞാൻ ചിന്തിക്കാറുണ്ട്. ആരുടെ നന്മയാണ്, കാരുണ്യമാണ് എന്നെ ഇങ്ങനെ ഇതെല്ലാം അനുഭവിക്കാൻ കാരണമാക്കിയത്? എനിക്കറിയില്ല! സൗജന്യമായി മാത്രം ലഭിച്ചവയാണ് ഇവയെല്ലാം. പിന്നെ എന്തേ, കരുണ്യം കാണിക്കാൻ എനിക്കു വൈമനസ്യം? കടക്കാരന്റെ സങ്കടംകണ്ട് എല്ലാം കടങ്ങളും ഇളച്ചു നല്കിയ യജമാനന്റെ കരളിലെ കാരുണ്യം ഹൃദയത്തിൽ സ്പർശിക്കാതെപോയ ഭൃത്യൻ ഉണ്ടല്ലോ, ആയാളെപ്പോലെയാവരുത് നമ്മൾ. ഞാൻ എറ്റവും വലിയ പാപിയാണ്, ഒരു സംശയവുമില്ല, പൗലോസ്ശ്ലീഹാ പറയുന്നതു പോലെ. ചെയ്യേണ്ടതിൽ ഒരു ശതമാനംപോലും ഞാൻ ചെയ്തിട്ടില്ല, ചെയ്യരുതാത്ത ആയിരം കാര്യങ്ങൾ ഞാൻ ചെയ്തുപോയിട്ടുണ്ട്. ഈ കടംവീട്ടാനാണ് എൻ്റെ ശേഷിച്ച ജീവിതംകൊണ്ട് ഞാൻ പരിശ്രമിക്കുന്നത്. ജീവിതം തന്നെ മഹാകാരുണ്യമാണ്. ഞാൻ അതിൽ വിജയിക്കാൻ പോകുന്നില്ല എന്ന് എനിക്കറിയാം. പക്ഷേ, എനിക്ക് ഒരുറപ്പുണ്ട്; എൻ്റെ പരിശ്രമങ്ങൾ ഈശോ കണക്കിലെടുക്കും, എനിക്ക് അതുമതി.
ഈശോ വിശുദ്ധ മരിയാ ഫൗസ്റ്റീനയോട് പറഞ്ഞു: “എറ്റവും വലിയ പാപിക്കാണ് എൻ്റെ കരുണയിൽ കൂടുതൽ അവകാശം." അതാണ് എന്റെ ആശ്വാസം. കിഡ്നിരോഗികളുടെ വേദനിക്കുന്ന മുഖമാണ് എപ്പോഴും എൻ്റെ മുമ്പിൽ ആ മുഖത്തിനു ഈശോ മിശിഹായുടെ മുഖഛായയുണ്ട്. ഞാൻ അവരുടെ വേദനയുടെ വഴിയിലൂടെ നടന്നപ്പോൾ ധാരാളംപേർ ആ വഴിലൂടെ സഞ്ചരിച്ചു തുടങ്ങി. ഈ ലോകം കരുണയ്ക്കായി ദാഹിക്കുന്നു. ഈശോ കുരിശിൽകിടന്നു വിലപിച്ചത്, ഇന്നു ലക്ഷങ്ങൾ തെരുവിൽക്കിടന്നു വിലപിക്കുന്നു: "കരുണ തോന്നണേ, ഞങ്ങളിൽ കരുണതോന്നണേ.” ദൈവം നമ്മിൽനിന്ന് ആഗ്രഹിക്കുന്നത് കാരുണ്യ പ്രവൃത്തികളാണ്. “പിതാവേ, നിൻ്റെ തിരുവിഷ്ടം നിറവേറട്ടെ'യെന്ന് പ്രാർത്ഥിക്കുക മാത്രമല്ല, അതിനായി സ്വയം ബലിയായി സഹനങ്ങൾ ഏറ്റെടുത്തുകൊണ്ടാണ് ഈശോ നമ്മോട് പറയുന്നത്, “സഹിക്കണം, കുരിശു വഹിക്കണം." അപരനുവേണ്ടി നമ്മുടെ സുഖങ്ങൾ പങ്കുവയ്ക്കണം; അപരൻ്റെ ദുഃഖങ്ങൾ ഏറ്റെടുക്കണം; അതിൽനിന്നു ലഭിക്കുന്ന സന്തോഷമാണ് സ്വർഗിയ ആനന്ദം. വിശുദ്ധാത്മാക്കളുടെ ആനന്ദം അതായിരുന്നു. വി. ഫ്രാൻസിസ് അസീസി പാടി നടന്നിരുന്ന ആനന്ദം അതായിരുന്നു. മദർ തെരേസയുടെ പുഞ്ചിരിക്കുന്ന മുഖം കണ്ടു മരിച്ച ആയിരങ്ങളുണ്ട്. നമ്മുടെ മുഖം കരുണയുടെ മുഖമാകണം. ഈ ലോകജീവിതം കരുണ ചെയ്യുവാനുള്ള അവസരമാണ്. ഈ ലോകമല്ല നമ്മുടെ ലക്ഷ്യ സ്ഥലം. നിത്യതയിലേക്ക് ധനം സമ്പാദിക്കാനുള്ള അവസരം നഷ്ടമാക്കരുത്. "നിങ്ങളുടെ സ്നേഹം നിഷ്കളകമായിരിക്കട്ടെ." ആ സ്നേഹം കാരുണ്യപ്രവൃത്തികളായി രൂപാന്തരപ്പെടട്ടെ. കരുണ വറ്റിയ ഈ ലോകത്ത് നമുക്കു കരുണയുടെ ദൂതൻമാരാകാം.
“ആദ്യമായി നമ്മളാണ് ദൈവത്തിൽനിന്നു കാരുണ്യം സ്വീകരിച്ചത് എന്നതിനാൽ കാരുണ്യത്തിന്റെ ഉപകരണങ്ങളായിരിക്കുക. അപാരമായ ഔദാര്യത്തോടെ ദൈവം തൻ്റെ നന്മ നമ്മുടെ മേൽ ചൊരിയുന്നു എന്നറിഞ്ഞുകൊണ്ട് മറ്റുള്ളവരോട് ഉദാരരാകുക."
സി. കാതറൈൻ നെടുംപുറം S.H.
S.H. Provincial House
Changanacherry
Mob. 9496159526
Email: jcatsh@gmail.com
സന്ധ്യമയങ്ങിയ സമയം. കോരിച്ചൊരിയുന്ന മഴ. ഞങ്ങളുടെ ബാലികാഭവൻ്റെ കോളിങ്ങ് ബെൽ അടിച്ചു. ചെന്നു നോക്കുമ്പോൾ കാണുന്നത് ആറും എട്ടും പത്തും വയസ്സുള്ള ഗോപിക, ജ്യോതിക, ദേവിക എന്നി മൂന്നു പെൺകുട്ടികളുമായി നനഞ്ഞുകുളിച്ച് നില്ക്കുന്ന കൃശഗാത്രയായ ഒരു മദ്ധ്യവയസ്ക്കയെയാണ്. ഭർത്താവിൻ്റെ മദ്യപാനവും പീഡനവും സഹിക്കാനാവാതെ വീടുവിട്ടിറങ്ങിയതാണ് ലക്ഷ്മി. 'ഞങ്ങളെ ഉപേക്ഷിക്കരുത്. ഈ ഭവനത്തിൽ നിർത്തി എൻ്റെ മൂന്നു മക്കളെയും പഠിപ്പിക്കണം. എനിക്ക് സ്വന്തമായെന്നുമില്ല. ഉണ്ടായിരുന്ന കെട്ടുതാലിവരെ എന്റെ ഭർത്താവ് വിറ്റു കുടിച്ചു തീർത്തു. സമാധാനം എന്തെന്ന് ഞാനോ എൻ്റെ മക്കളോ അറിഞ്ഞിട്ടില്ല.' അവളുടെ ദുഃഖം തോരാത്ത പ്രവാഹമായി ആ പെരുമഴയ്ക്ക് ഒപ്പം ഒലിച്ചിറങ്ങി. ഇങ്ങനെ ഒട്ടേറെ യാതനകൾ അനുഭവിക്കുന്ന ജീവിതങ്ങൾ നമുക്കുചുറ്റുമുണ്ട്. ബാല്യം നഷ്ടപ്പെട്ട ഏറെ കുരുന്നുകൾക്ക് സ്നേഹത്തിന്റെയും വാത്സല്ല്യത്തിന്റെയും ഉരുള നൽകുകയാണ് തിരുഹൃദയസഹോദരികൾ.
ജനിച്ചിട്ട് ഏതാനം ദിവസങ്ങൾ മാത്രമായ, ആരോരുമില്ലാത്ത കൈകുഞ്ഞിനെ അനാഥാലയത്തിൽ സ്വീകരിച്ച സ്ഥാപക ചൈതന്യം ഞങ്ങൾക്ക് മറക്കാനാവില്ല. ആ സംഭവം ഏറെ അപവാദങ്ങൾ സ്ഥാപകനും ആദ്യാഗംങ്ങൾക്കും നൽകിയെങ്കിലും അവർ കുലുങ്ങിയില്ല. അവർ ആശ്രയിച്ച ദൈവം അവരെ കാത്തു.
'അനാഥശാലയവും അനാഥരും ഈ സമൂഹത്തിൻ്റെ വിശേഷ പുണ്യപ്രവൃത്തികളാണ്' എന്ന സ്ഥാപകമൊഴി അനാഥത്വത്തിന്റെ കൈയ്പ്പുനീർ കുടിക്കുന്നവരെ പെലിക്കൻ പക്ഷിയെപ്പോലെ നെഞ്ചിലേറ്റാൻ ഇവരെ സന്നദ്ധരാക്കുന്നു. ഇങ്ങനെ ഈ സഹോദരരിലൂടെ സഭയുടെയും മിശിഹായുടെയും മുഖമാണ് ലോകത്തിൽ പ്രകാശിതമാകുന്നത്. ദൈവരാജ്യത്തെ ഉപമിക്കാൻ ഉപ്പ്, പുളിമാവ്, പ്രകാശം എന്നീ പ്രതീകങ്ങൾ ഈശോ തിരഞ്ഞെടുത്തു. ഇതിന് ആഴമായ ദൈവശാസ്ത്ര അർത്ഥവ്യാപ്തിയുണ്ട്. ഈ പ്രതീകങ്ങളിലൂടെ അവ ആയിരിക്കുന്ന ഇടങ്ങളുടെ ഏതു മുക്കിലും മൂലയിലും കടന്നു ചെല്ലാനുള്ള കഴിവ് സവിശേഷമാണ്. അതുപോലെ, തിരുഹൃദയസഹോദരികളും അവർ ആയിരിക്കുന്നിടത്ത് വേദനിക്കുന്നവരിലേക്ക് കടന്നുചെന്ന് ദൈവത്തിൻ്റെ കൂട്ടുവേലക്കാരും ദൈവരാജ്യശില്പികളുമായി സഭാസൗധത്തെ പടുത്തുയർത്തുന്നു.
കടമാഞ്ചിറയിലുള്ള മനോജിനെ കണ്ടതോർക്കുന്നു. 45 കാരനായ മനോജിൻ്റെ രണ്ടു കാലും മുട്ടിനുമുകളിൽ വച്ച് മുറിച്ചതാണ്. രണ്ടു കണ്ണിനും കാഴ്ച പൂർണമായും നഷ്ടപ്പെട്ടതാണ്. നിയന്ത്രണാതീതമായ ഷുഗറും പ്രഷറും. കിഡ്നിയുടെ തകരാറ് ഡയാലിസിസിൻ്റെ വക്കിൽ എത്തിച്ചിരുന്നു. സംസാരിക്കാൻ തടസ്സമുള്ള ഭാര്യ ഗീതയ്ക്ക് വിട്ടുമാറാത്ത തലവേദന. മക്കൾ നാലിലും ആറിലും പഠിക്കുന്നു. മനോജിൻ്റെ വൃദ്ധയായ അമ്മ കൂടെയുണ്ട്. രോഗവും ദാരിദ്ര്യവും വല്ലാതെ അലട്ടുന്ന ആ കുടുംബാംഗങ്ങൾക്ക് വേദനിക്കുന്നവർക്കൊപ്പം ഞങ്ങളുണ്ട് എന്ന സന്ദേശം വ്യക്തമായി നൽകാൻ കഴിയുന്നു. അധികമാരും കടന്നുചെല്ലാൻ സമയം കണ്ടെത്താത്ത ഇത്തരം ഭവനങ്ങളിൽ എത്തി സഹായവും സാന്ത്വനവും പകരാൻ ദൈവം ഞങ്ങളെ ഉപയോഗിക്കുന്നു.
“എന്നിൽ വിശ്വസിക്കുന്നവൻ്റെ ഹൃദയത്തിൽനിന്ന്, വിശുദ്ധ ലിഖിതം പ്രസ്താവിക്കുതുപോലെ, ജീവജലത്തിന്റെ അരുവികൾ ഒഴുകും" (യോഹ 7,37). ഓരോ തിരുഹ്യദയസഹോദരിയുടെയും ഉള്ളിൽ നിന്നും ഒഴുകിയിറങ്ങുന്ന ഈ കാരുണ്യധാരയാണ് സമൂഹത്തിൽ ജീവകാരുണ്യപ്രവൃത്തികളായി ജന്മമെടുക്കുന്നത്. അനാഥരായ കുട്ടികൾ, വൃദ്ധർ, രോഗമാനസർ, തെരുവുമക്കൾ, ഭിന്നശേഷിയുള്ളവർ, വൈകല്യങ്ങളുള്ളവർ... തുടങ്ങിയ ആതുരർക്ക് സൗഖ്യവും സാന്ത്വനവും പങ്കുവെച്ച് ലോകത്തിൽ ദൈവിക കാരുണ്യത്തിൻ്റെ കൈവഴികൾ തീർക്കുകയാണ് തിരുഹൃദയ സഹോദരികൾ.
“നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവായിരിക്കുവിൻ" (ലൂക്കാ 6,36). ദൈവ കാരുണ്യത്തിൻ്റെ ആൾരൂപമാണല്ലോ ഈശോമിശിഹാ. ഈശോയുടെ കാരുണ്യം ഇന്നു ലോകത്തിൽ അനുഭവവേദ്യമാകുന്നതു സഭയിലൂടെയാണ്. സഭയാകുന്ന അമ്മ തന്റെ മാതൃഭാവം ലോകത്തിനു ദൃശ്യമാക്കുന്നത് ഈശോയുടെ കരുണാർദ്രഹൃദയത്തിൽ വസിച്ച് ആ സ്നേഹം സ്വന്തമാക്കുന്നവരിലൂടെയാണ്. സ്വർഗീയഹംസങ്ങളെപ്പോലെ ഈശോയുടെ തിരുഹൃദയത്തിൽ ആയിരിക്കുന്ന തിരുഹൃദയസഹോദരികൾ 'സ്നേഹായ ദാനായ ച രക്ഷണായ' എന്ന ആപ്തവാക്യത്താൽ മുദ്രിതമായ ജീവകാരുണ്യപ്രവർത്തനങ്ങളിലൂടെ സഭയുടെ ഹൃദയത്തിൽ ഇടംനേടുന്നു.
തിരുഹൃദയ സന്ന്യാസിനിസമൂഹത്തിൻ്റെ പതിനൊന്ന് പ്രൊവിൻസുകളിലും ഒരു റീജനിലുമായി പ്രവർത്തനനിരതരാകുന്ന 3600-ൽ പരം വരുന്ന സഹോദരിമാരുടെ കാരുണ്യശുശ്രൂഷകൾ ആർക്കും വേണ്ടാത്ത എത്രയോ ജീവിതങ്ങൾക്കാണ് പുതുജീവൻ നൽകുന്നത്. വിജയമ്മയുടെ കാര്യം തന്നെ എടുക്കാം തിരുവനന്തപുരം പേരൂർക്കടയിലുള്ള മാനസികരോഗാശുപത്രിയിൽ ചികിത്സകഴിഞ്ഞ് ഡിസ്ചാർജ് ആയിട്ടും ആരും കൊണ്ടു പോകാൻ വന്നില്ല. ഒടുവിൽ ആരോരുമില്ലാത്ത ഇത്തരം രോഗികൾക്കുവേണ്ടി ഊറ്റുകുഴിയിലുള്ള എസ്.എച്ച്. ചാരിറ്റിഹോമിൽ കൊണ്ടുവന്നു. സ്വന്തമായി ഒന്നും ചെയ്യാനാവാത്ത വളരെ ദുർബലമായ അവസ്ഥ. സിസ്റ്റേഴ്സിൻ്റെ സ്നേഹപൂർണ്ണമായ സവിശേഷശ്രദ്ധകൊണ്ട് വിജയമ്മ നല്ല മിടുക്കിയായി. ആരോഗ്യ വതിയായി. എങ്കിലും മരുന്ന് മുടക്കാനാവില്ല. വർഷങ്ങൾ പലത് കടന്നുപോയി. സിസ്റ്റേഴ്സിൻ്റെ പരിശ്രമഫലമായി വിജയമ്മയുടെ ബന്ധുക്കളെ കണ്ടെത്തി. വീട്ടുകാരെത്തി വിജയമ്മയെ കണ്ടു. എല്ലാവർക്കും സന്തോഷമായി. ഒരിക്കൽ സിസ്റ്റേഴ്സ് വിജയമ്മയെയുംകൊണ്ട് അവരുടെ വീട്ടിൽ പോയി. എല്ലാം കണ്ടുകേട്ട് തിരിച്ചെത്തി. വീട്ടിൽ അവരെ പരിപാലിക്കാനുള്ള ചുറ്റുപാടില്ല. എന്നാൽ, എന്നോ എവിടെയോ തങ്ങൾക്ക് നഷ്ടപ്പെട്ടു എന്നു കരുതിയ അമ്മയെ ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞതിലുള്ള സന്തോഷമായിരുന്നു അവർക്ക്. ഉറ്റവരെ കണ്ട സന്തോഷം വിജയമ്മയ്ക്കും. ഇതെല്ലാം കണ്ട് സംത്യപ്തി അടയുന്ന സിസ്റ്റേഴ്സ്. ഇങ്ങനെ ഈ സ്ഥാപനത്തിലുള്ള 30 പേരുടെയും ചരിത്രം പഠിക്കുമ്പോൾ കരയുന്നവരുടെ കണ്ണീരൊപ്പാൻ തിരുഹ്യദയ സഹോദരിമാരെ ദൈവം ഉപകരണങ്ങളാക്കുന്നതിന്റെ ചരിത്രമായി അത് വായിക്കാനാവും.
പാലിയേറ്റീവ് കെയറിനിടയിൽ കണ്ട ആന്റപ്പനെ ഓർക്കുന്നു. 19 വർഷങ്ങൾക്ക് മുമ്പ് ഒരു റോഡ് അപകടത്തിൽ പെട്ടതാണ്. തലച്ചോറിന് കാര്യമായ ക്ഷതമേറ്റു. ശരീരത്തിന്റെ ഒരു വശം തളർന്നു. ആ വശത്തെ കണ്ണിൻ്റെ കാഴ്ച പൂർണ്ണമായും പോയി. ഓർമ്മയുമില്ല. സംസാരിക്കാൻ കഴിയുന്നില്ല. കയറിക്കിടക്കാൻ വീട് എന്ന് പറയാനാവാത്ത ഒരു ഷെഡ്. മാനസികപക്വത എത്താത്ത പ്രായപൂർത്തിയായ രണ്ടു പെൺമക്കൾ. ഭാര്യ സാന്ദ്ര വീടുകളിൽ പണിക്ക് പോകും കുടുംബം പോറ്റാൻ. ഭർത്താവിൻ്റെ കാര്യത്തിലും കുറവൊന്നും വരുത്തുന്നില്ല. നീണ്ടനാളത്തെ ഈ യാതനകൾക്കിടയിൽ ഞങ്ങളുടെ സന്ദർശനങ്ങൾ അവർക്ക് അനൽപ്പമായ ആശ്വാസം പകരുന്നു. 'ഈ കുടിലിലെത്താൻ അമ്മമാർ മനസ്സ് കാണിക്കുന്നല്ലോ. ദൈവം തന്നെ ഞങ്ങളെ സന്ദർശിച്ചപോലെയായി'. ഇറങ്ങുമ്പോൾ പിന്നിൽനിന്നും സാന്ദ്രയുടെ സ്വരം. പാലിയേറ്റീവ് കെയറിനായി വീടുകളിലേക്ക് കടന്നുചെല്ലുമ്പോൾ പത്തും പന്ത്രണ്ടും വർഷമായി തീരെകിടപ്പായ അമ്മച്ചിമാരും അപ്പച്ചന്മാരും. അവരുടെ പ്രിയപ്പെട്ടവരുടെ മാനസിക സാമ്പത്തിക നൊമ്പരങ്ങളുടെ ആഴം. ഇവിടെയെല്ലാം സാന്ത്വനസ്പർശമാകാൻ ദൈവം ഞങ്ങളെ അനുവദിക്കുന്നു.
ആരോഗ്യരംഗത്ത് രോഗങ്ങളെ പ്രതിരോധിക്കാനും രോഗ സൗഖ്യത്തിനായി അദ്ധ്വാനിക്കാനും രോഗത്തിൻ്റെ പാർശ്വഫലങ്ങൾ അനുഭവിക്കുന്നവരെ പുനഃരധിവസിപ്പിക്കാനും ഇവർ പ്രതിജ്ഞാബദ്ധരാണ്. മനുഷ്യജീവന് മാത്യഗർഭം മുതൽ അന്ത്യ നിമിഷംവരെയും സഹാറാനുഭവങ്ങളിലും സന്തോഷാനുഭവങ്ങളിലും ചാരേ നടന്ന് ശീതളഛായ നൽകി ഇവർ സഹയാത്രികരാവുകയാണ്. വി. ജോൺപോൾ രണ്ടാമൻ പാപ്പാ 'സമർപ്പിത ജീവിതം' എന്ന ശ്ലൈഹികാഹ്വാനത്തിൽ ആവശ്യപ്പെടുന്നതു പോലെ, ഓരോ സ്ഥലത്തും ഓരോ സാഹചര്യത്തിലും സമർപ്പിതർ ഈശോ മിശിഹായുടെ അത്യുത്സാഹമുള്ള മുന്നോടികളായിരിക്കണം. ഇന്നു മനുഷ്യഹൃദയത്തിൻ്റെ ഉത്കണ്ഠകളും ആവശ്യങ്ങളും ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് സുവിശേഷത്തിന്റെ ജ്ഞാനം കൊണ്ട് ഉത്തരം പറയാൻ സദ്ധരായിരിക്കണം (VC, 81). ഇത്തരം ഉൾവിളിയും ഉത്സാഹവും സ്വന്തമാക്കിയാണ് കാടിനെയും കാട്ടാനയെയും ഭയപ്പെടാതെ തെക്കൻ മേഖലകളിലേക്കും മലബാറിന്റെ മലയിടുക്കുകളിലേക്കും ഹൈറേഞ്ചിൻ്റെ അസൗകര്യങ്ങളിലേക്കും കരുണാർദ്രസ്നേഹത്തിൻ്റെ കൈത്തിരിയുമായി തിരു ഹൃദയസഹോദരികൾ കടന്നുചെല്ലുന്നത്.
വെളിപ്പെടുത്തപ്പെട്ട വചനത്താലും കാലങ്ങളുടെ അടയാളങ്ങളാലും ഉയർത്തപ്പെടുന്ന വെല്ലുവിളിയോട് നിരന്തരം തുറവിയുള്ള ഒരു ജീവിതശൈലി (VC, 81) സ്ഥാപകപിതാവ് ധന്യൻ കദളിക്കാട്ടിൽ മത്തായിഅച്ചൻതന്നെ പകർന്നു നൽകിയിട്ടുള്ളതാണ്. ഈ ചൈതന്യം ആദ്യാംഗങ്ങളും പിൻതലമുറക്കാരും സർഗാത്മകമായി ഹൃദയത്തിൽ ഏറ്റുവാങ്ങി. 'അഗതികൾക്കുവേണ്ടി ജീവിക്കുന്ന എളിയവർ' എന്ന് സഭാനേത്യത്വവും നാട്ടുകാരും ഇവരെ വിളിച്ചിരുന്നു എന്നത് ഇതിന് തെളിവാണ്. അങ്ങനെ ഈ മണ്ണിൽ മിശിഹായുടെ സൗരഭ്യമായി, സാന്നിദ്ധ്യമായി കടുകുമണിപോലെ ഇവർ വളർന്നുവരുന്നു.
ഈ കാലഘട്ടത്തിൻ്റെ ആവശ്യം മനസ്സിലാക്കി കോളനികളിലേക്ക് ഞങ്ങൾ സേവനം എത്തിക്കുന്നു. ഡോക്ടർമാരും മറ്റ് സങ്കേതികസൗകര്യങ്ങളുമായി അവിടെച്ചെന്ന് പരിശോധനകൾ നടത്തി മരുന്ന് സൗജന്യമായി നൽകിവരുന്നു.
'മലമുകളിൽ പ്രാർത്ഥിക്കുകയും ജനങ്ങങ്ങളോടു ദൈവരാജ്യം പ്രസംഗിക്കുകയും രോഗികളെയും മുറിവേറ്റവരൊയും സുഖപ്പെടുത്തുകയും പാപികളെ നേർവഴിക്കുതിരിക്കുകയും ശിശുക്കളെ അനുഗ്രഹിക്കുകയും എല്ലാവർക്കും നന്മചെയ്യുകയും തന്നെ അയച്ച പിതാവിന്റെ അഭിഷ്ടം നിറവേറ്റുന്നതിൽ സദാ ഉത്സുകനായിരിക്കുകയും ചെയ്ത മിശിഹായെ വിശ്വാസികൾക്കും അവിശ്വാസികൾക്കും ഉത്തരോത്തരം വെളിപ്പെടുത്തുക' (LG,46) എന്ന സന്ന്യാസ സമർപ്പണത്തിന്റെ സാർവ്വത്രിക വിളിക്ക് സുവിശേഷപ്രഘോഷണം, ജീവകാരുണ്യപ്രവർത്തനങ്ങൾ, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ എന്നിവയിലൂടെ തിരുഹൃദയസഹോദരികൾ സുവിശേഷശോഭ ഏകുന്നു.
തങ്ങൾക്ക് എന്തുകിട്ടും എന്ന് ചിന്തിക്കാതെ എന്ത് കൊടുക്കാനാവും എന്ന് ചിന്തിക്കുന്ന ഈ സഹോദരിമാർ, തൻ്റെ കൈയ്യിലുള്ള അഞ്ചപ്പവും രണ്ടു മത്സ്യവും കർത്താവിൻ്റെ കരങ്ങളിൽ കൊടുത്ത് അവിടുത്തെ കരുണയുടെ അത്ഭുതം കണ്ട സുവിശേഷത്തിലെ ബാലനെപ്പോലെ (യോഹ 6,9-13) അന്ധർക്കു കാഴ്ചയും ബധിരർക്കു കേൾവിയും ശബ്ദമില്ലാത്തവർക്കു ശബ്ദവും വിശക്കുവർക്ക് അപ്പവും അജ്ഞർക്ക് ആത്മപ്രകാശവുമായി തിരുഹൃദയോദാരത പ്രകടമാക്കുന്നു. കൂട്ടം തെറ്റിയ കുഞ്ഞാടിനായി കുന്നും കുഴിയും മുള്ളും മുറിവും തൃണവത്ഗണിച്ച നല്ലിടയനെപ്പോലെ ലോകം കൽപ്പിക്കുന്ന ഭ്രഷ്ടുകൾക്കുമപ്പുറമെത്തി ഈശോയുടെ കരുണാർദ്ര സ്നേഹം മദ്യപർക്കും പാപികൾക്കും നിത്യരോഗികൾക്കും പിന്നോക്കവിഭാഗങ്ങൾക്കും പകർന്നു നൽകുന്നു.
കാരുണ്യാഭവനിലെ റോസമ്മയെ പരിചയപ്പെടാം. അപ്പനും അമ്മയും അഞ്ചു മക്കളും അടങ്ങുന്ന ഒരു പാവപ്പെട്ട കുടുംബത്തിലെ മൂത്തമകൾ. റോസമ്മ പഠനത്തിലും മറ്റു കാര്യങ്ങളിലും സമർത്ഥയായിരുന്നു. അപ്പനും അമ്മയും പണിക്കുപോകുമ്പോൾ ഇളയകുട്ടികളുടെ കാര്യവും വീട്ടുജോലികളും റോസമ്മയ്ക്കാണ്. കാലം മുന്നോട്ടുപോയി റോസമ്മ പഠനത്തെക്കാൾ വീട്ടുകാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടി വന്നു. 'താൻ പഠിച്ചില്ലെങ്കിലും എൻ്റെ ഇളയവർക്ക് ഒരു ജീവിതം ഉണ്ടാകണം' അവൾ മനസ്സിൽ കരുതി. ശിശിരവും ഹേമന്തവും മാറിമാറി വന്നു. ഇളയവരൊക്കെ പഠിച്ച് ജോലിയായി വിവാഹിതരായി. എല്ലാവരും സ്വന്തം കാലിൽ നിൽക്കുന്നു. എന്നാൽ റോസമ്മ എങ്ങുമെത്തിയില്ല. മാത്രമോ, വീട്ടുകാർക്ക് അവൾ ഒരു അധികപ്പറ്റായി. റോസമ്മ എന്തു ചെയ്താലും പറഞ്ഞാലും അതെല്ലാം കുറ്റമാണ്. ഒരു നേരത്തെ ഭക്ഷണംപോലും സമാധാനത്തോടെ കഴിക്കാൻ സമ്മതിക്കില്ല. തങ്കക്കുടംപോലെ താൻ ഓമനിച്ചു വളർത്തിയ കുഞ്ഞാങ്ങള നാത്തൂനോട് ചേർന്ന് കടുത്ത ശത്രുതയോടെ അവളോട് പെരുമാറി. ഗത്യന്തരമില്ലാതെ റോസമ്മ വീടുവിട്ടിറങ്ങി. എങ്ങോട്ട് പോകും ഒന്നു തല ചായിക്കാൻ ഒരിടം എവിടെ കിട്ടും. ആരോ പറഞ്ഞതനുസരിച്ച് ഞങ്ങളുടെ ഒരു അഗതി മന്ദിരത്തിൽ അവൾ എത്തിച്ചേർന്നു. ഇപ്പോൾ അവർ സന്തുഷ്ടയാണ്. 'ഒരു ജന്മം മുഴുവൻ താൻ ആർക്കുവേണ്ടി ചെലവഴിച്ചോ അവരെല്ലാം തന്നെ പുറത്താക്കിയാലും ഒരിക്കലും താൻ മുമ്പ് കണ്ടിട്ടില്ലെങ്കിലും കലവറയില്ലാതെ സ്നേഹം നൽകി സ്വന്തമെന്നപോലെ ഈ അമ്മമാർ എന്നെ സംരക്ഷിക്കുന്നു. ഇവിടെനിന്നും ഞാൻ എങ്ങോട്ടും പോകില്ല.' സിസ്റ്റേഴ്സ് മുൻകൈ എടുത്ത് വീട്ടുകാരുമായി അനുരഞ്ജനത്തിന് ശ്രമിച്ചു. റോസമ്മ പറഞ്ഞു: 'ഞാൻ എല്ലാം ക്ഷമിക്കുന്നു. എല്ലാവരോടും ക്ഷമിക്കുന്നു. എന്നാൽ ഇനി എൻ്റെ വീട് ഇതാണ്.' ഇന്നത്തെ തകർന്നടിഞ്ഞ ഒത്തിരി ജീവിതങ്ങൾക്ക് കെത്താങ്ങാവുകയാണ് വ്യദ്ധർക്കും വിധവകൾക്കും ഏകസ്ഥർക്കുമൊക്കെയുള്ള സ്ഥാപനങ്ങൾ.
വീടും പുരയിടവും ചുറ്റുമതിലുകെട്ടി സുരക്ഷിതമാക്കി സ്വന്തം ബന്ധങ്ങൾ മാത്രമായി ലോകം അവസാനിക്കുന്ന ആധുനിക യുഗത്തിൽ, 'ലോകമേ തറവാട്' എന്ന ചിന്തയോടെ രക്തബന്ധങ്ങൾക്കു വിശാല അർത്ഥം കണ്ടെത്തുകയാണ് ഈ സഹോദരികൾ. സ്വന്തം അപ്പനമ്മമാരെ പരിചരിക്കാൻ തയ്യാറാവാത്ത അഭിനവ തലമുറയ്ക്കുമുമ്പിൽ അനേകരുടെ മാതാപിതാക്കളെ സ്വന്തംപോലെ ശുശ്രൂഷിച്ചും, നാടും വീടും വീട്ട് വിദേശങ്ങളിലും മിഷ്യൻ പ്രദേശങ്ങളിലും കാരുണ്യത്തിൻറെ ഇതിഹാസം രചിച്ച് മാനവമനഃസാക്ഷിക്കു മുന്നിൽ ഒരു തിരുത്തൽ ശക്തിയായി മാറുകയാണ്. ശാരീരിക വൈകല്യങ്ങളും മാനസികത്തകർച്ചയും അനുഭവിക്കുന്നവർ ഉപഭോഗസംസ്കാരത്തിൻ്റെ കരാളഹസ്തങ്ങളാൽ സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് വലിച്ചെറിയപ്പെടുമ്പോൾ തിരുഹൃദയ സഹോദരികൾ അവരെ തേടി ഇറങ്ങുകയാണ്. ജയിലറകളും ആശുപത്രികളും വീടുകളും സന്ദർശിച്ചും ജീവിതത്തിന്റെ വഴിയോരങ്ങളിൽ അർദ്ധപ്രാണരായി ശയിക്കുന്നവരുടെ മുറിവുകൾ അലിവിന്റെയും ആർദ്രതയുടെയും എണ്ണയും വീഞ്ഞും പകർന്ന് ഇവർ നല്ല സമറായരായി മാറുന്നു.
ആധുനികതയോടു മത്സരിച്ചല്ല ആത്മീയസമ്പത്തു പങ്കുവെച്ചാണ് ഇവർ ജീവൻ്റെ പ്രേഷിതരാകുന്നത്. അൾത്താരയിലെ അപ്പവും വചനമേശയിലെ പ്രഘോഷണവും മാംസം ധരിക്കുന്നത് വിശക്കുവർക്കും ദാഹിക്കുവർക്കും രോഗികൾക്കും ജയിൽ വാസികൾക്കും അഭയം നൽകുമ്പോഴാണെന്ന സുവിശേഷ ദൂതിന് (മത്താ 25,40) ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ഇവർ വ്യാഖ്യാനമേകുന്നു. കാര്യക്ഷമതയുടെയും, കായികക്ഷമതയുടെയും വിജയത്തിന്റെയും ഉപാസനയെ വാഴ്ത്തിപ്പാടുകയും ദരിദ്രരെ അവഗണിക്കുകയും പരാജിതരെ തള്ളിക്കളയുകയും ചെയ്യുന്ന ഈ സമൂഹത്തിൽ (ആനന്ദത്തിൻ്റെ സാക്ഷികൾ) കരുതലിൻ്റെയും കാരുണ്യത്തിന്റെയും വാതായനങ്ങൾ തുറക്കുകയാണ് ഈ സഹോദരിമാർ.
ശതാബ്ദി പിന്നിട്ട ഈ സമുഹത്തിൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെപ്പറ്റി പ്രതിപാദിക്കുമ്പോൾ വി. ജോൺപോൾ രണ്ടാമൻ മാർപാപ്പ പറഞ്ഞതുപോലെ, ഓർക്കാനും പരിഗണിക്കാനുമുള്ള മഹത്വപൂർണ്ണമായ ഒരു ചരിത്രം മാത്രമല്ല, ഇനിയും എഴുതിത്തീർക്കേണ്ട മഹത്തായ ഒരു ചരിത്രം കുടി ഈ സമൂഹത്തിനുണ്ട് (VC, 110) എന്ന് തിരിച്ചറിഞ്ഞ് പവിത്രാത്മാവിൻ്റെ പ്രവർത്തനങ്ങൾക്കായി ഭാവിയെ അടിയറവു വയ്ക്കുന്നു.
ആകാശംപോലെ വിശാലവും ആഴിപോലെ അഗാധവുമായ ദൈവകാരുണ്യത്തിലും കൃപയിലും ശരണംവച്ചുകൊണ്ട് തിരുഹൃദയസന്യാസിനീ സമൂഹത്തിൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പുത്തൻ ഏടുകൾ ഇനിയും എഴുതിച്ചേർക്കാൻ ഈ കരുണയുടെ വർഷാചരണം കാരണമാകട്ടെ എന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
"കാരുണ്യം കാണിക്കാത്തവൻ്റെമേൽ കാരുണ്യരഹിതമായ വിധിയുണ്ടാകും. എങ്കിലും കാരുണ്യം വിധിയുടെമേൽ വിജയം വരിക്കുന്നു" (യാക്കോ 2,13).
സി. ലിറ്റിൽ തെരേസ് CMC
Carmelite Provincial House
Kovilvattom Road Cochin 35
Mob 9745961818
Email: srlittletherescmc@gmail.com
ആരാലും ശ്രദ്ധിക്കപ്പെടാത്തതും എല്ലാവരാലും അവഗണിക്കപ്പട്ടതും പാർശ്വവത്കരിക്കപ്പെട്ടതും ആയ മനുഷ്യജീവിതങ്ങൾക്ക് ഈശോയുടെ സ്നേഹം പങ്കുവച്ചു കൊടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു ചെറിയ സമൂഹമാണു ഞങ്ങളുടേത്.
'സ്ത്രീകളുടെയും കുട്ടികളുടെയും ക്രിസ്തീയരൂപീകരണം' എന്ന സി.എം.സി. കാരിസമാണ് ഈ മിനിസ്ട്രിയ്ക്കു പിന്നിൽ. കാക്കനാട് വ്യവസായ മേഖലയിൽ ജോലി ചെയ്യുന്ന 20 നും 35 നുമിടയിൽ പ്രായമുള്ള സ്ത്രീകൾ പഴയവീടുകളിലെ ഓരോ മുറികൾ വാടകയ്ക്ക് എടുത്ത് ഓരോ മുറിയിലും 5-6 പേർ ഒരുമിച്ച് താമസിക്കുന്നു. പലവിധ പ്രശ്നങ്ങളിൽ കുടുങ്ങികിടക്കുന്ന ഇവർക്ക് പിന്തുണയും ഗൈഡൻസും കൂടാതെ ആവശ്യമുള്ളവർക്ക് കൗൺസിലിങ്ങും കൊടുക്കുന്നു. വർഷത്തിൽ രണ്ടു പ്രാവശ്യമെങ്കിലും, ഇവരെ ഒരുമിച്ചുകൂട്ടി നല്ല ക്ലാസ്സുകളും പ്രാർത്ഥനയും നടത്തുന്നു. ഈ കുട്ടായ്മയിലൂടെ 37 വയസ്സുള്ള ആൻസി എന്ന മകളെ കൂദാശകൾ കൊടുത്ത് ഒരുക്കി ഒരു കുടംബജീവിതത്തിലേയ്ക്ക് പ്രവേശിപ്പിക്കുവാൻ സാധിച്ചു. 'സമൂഹത്തിൽ വലിയ മതിപ്പില്ലായെന്നു കരുതുന്ന ഓട്ടോറിക്ഷാ ഡ്രൈവേഴ്സിനെയും ചുമട്ടുതൊഴിലാളികളെയും സ്വന്തം സഹോദരങ്ങളായി കണ്ട് ക്രിസ്തുവിന്റെ സ്നേഹം പങ്കുവയ്ക്കുന്നു. വർഷത്തിലൊരിക്കൽ ഇവരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നു. 'എറണാകുളം മാർക്കറ്റിലെ തൊഴിലാളികളെ (ചാക്കു തുന്നുന്ന സ്ത്രീകൾ, മീൻ നന്നാക്കുന്ന സ്ത്രീകൾ, വഴിയോരക്കച്ച വടക്കാർ) തുടർച്ചയായി സന്ദർശിച്ച് അവരുടെ വേദനകൾ പങ്കിടുകയും കഴിവുള്ള സഹായങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്യുന്നു.
'വഴി അരികിൽ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് അലഞ്ഞു തിരിഞ്ഞ് നടക്കുന്നവരെ അനുയോജ്യമായ പുനരധിവാസ കേന്ദ്രത്തിൽ എത്തിക്കുകയും അവർക്ക് വേണ്ടതെല്ലാം നല്കുകയും ചെയ്യുന്നു. “മദ്യപാനികൾ, ജയിൽനിവാസികൾ, എന്നിവരുടെ ഉന്നമനത്തിനായി യത്നിക്കുന്നു. കൗൺസിലിംഗും ബോധവത്കരണ പരിപാടികളും നടത്തുന്നു. കെ.സി.ബി.സി മദ്യവിരുദ്ധസമിതിയോടു ചേർന്ന് പ്രാർത്ഥനായജ്ഞം, ധർണ്ണ, സമരം, റാലി, സർവ്വേ എന്നിവയിൽ പങ്കെടുക്കുന്നു.
വിധവകളുടെ കൂട്ടായ്മ
സ്ത്രീശാക്തീകരണത്തിൻ്റെ ഭാഗമായി മാസത്തിലൊരിക്കൽ പടമുകൾ തൃക്കാക്കര ഇടവകാതിർത്തിയിൽപ്പെട്ട വിധവകളെ ഒരു മിച്ചുകൂട്ടി പ്രാർത്ഥന, ക്ലാസ്സുകൾ, ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കൽ, ചെറിയ കലാപരിപാടികൾ എന്നിവ നടത്തി മനസ്സിനും ആത്മാവിനും ഉണർവ്വ് നൽകുന്നു.
എയ്ഡ്സ് ബാധിതരായ കുട്ടികളുടെ വ്യക്തിത്വവികസനം
എയ്ഡ്സ് ബാധിതരായ കുട്ടികളുടെ വ്യക്തിത്വവികസനം ലക്ഷ്യമാക്കിയുള്ള സി.എം.സി. ഇടുക്കി പ്രോവിൻസിലെ സി. ചൈതന്യയുടെ നേതൃത്വത്തിൽ നടക്കുന്ന മിനിസ്ട്രിയുമായി സജീവമായി സഹകരിക്കുന്നു. 2013-2015 വർഷങ്ങളിൽ 'ചാവറ ഇൻസ്പെയർ' എന്ന പേരിൽ നടത്തിയ എയ്ഡ്സ് ബാധിതരായ കുട്ടികളുടെ ക്യാമ്പിൽ പങ്കെടുക്കുകയും അവരുടെ വ്യക്തിത്വവികസനത്തിനുവേണ്ടി നടത്തിയ ക്ലാസ്സുകൾ, ഉല്ലാസയാത്ര എന്നിവയിൽ സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്തു. എല്ലാവർഷവും മധ്യവേനൽ അവധിക്കാലത്ത് ഈ ക്യാമ്പ് തുടരുന്നു. ചാവറ ഇൻസ്പെയറിൻ്റെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായി സഹകരിക്കുന്നു.
അവധിക്കാല കോഴ്സുകൾ
എറണാകുളം മാർക്കററിലുള്ളവരുടെയും പരിസരവാസികളുടെയും കുട്ടികൾക്കും ഓട്ടോഡ്രൈവേഴ്സ്, ചുമട്ടുതൊഴിലാളികൾ ഇവരുടെ കുട്ടികൾക്കായും മധ്യവേനലവധിക്കാലത്ത് ഒരുമാസത്തെ കമ്പ്യൂട്ടർ, സ്പോക്കൺ ഇംഗ്ലീഷ് കോഴ്സ് എന്നിവ പ്രതിഫലം കൂടാതെ സെന്റ് ജോസഫ് കോളേജിൽവച്ച് നടത്തുന്നു. എറണാകുളം സെന്റ് ജോസഫ് കോളേജിലെ വിദ്യാർത്ഥിനികൾക്കായുള്ള കമ്പ്യൂട്ടർ ലാബാണ് ഇതിനായി ഉപയോഗിക്കുന്നത്. കോഴ്സിന്റെ അവസാനം സർട്ടിഫിക്കറ്റ്, കുട, ബാഗ്, പഠനോപകരണങ്ങൾ തുടങ്ങിയവയും നല്കി വരുന്നു.
ദുരിതാശ്വാസപ്രവർത്തനം
നാട്ടിലും പുറത്തും വെള്ളപ്പൊക്കം, പകർച്ചവ്യാധി തുടങ്ങിയ അത്യാഹിത സാഹചര്യങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നു. അതിൽ പ്രധാനമായ ഒന്നാണ് ഉത്തരാഖാണ്ഡ് വെള്ളപ്പൊക്കക്കെടുതിയിൽ കമ്മില്ലസ് ഫാദേഴ്സിൻ്റെ CTF (Camillous Task Force) ഗ്രൂപ്പിനോടുചേർന്ന് അവിടുത്തെ ഗ്രാമങ്ങളിൽ സാഹസികമായി ദുരിതാശ്വാസപ്രവർത്തനങ്ങൾ നടത്തുവാൻ സാധിച്ചത്.
"പിതാവായ ദൈവത്തിൻ്റെ മുമ്പിൽ പരിശുദ്ധവും നിഷ്കളങ്കവുമായ ഭക്തി ഇതാണ്: അനാഥരുടെയും വിധവകളുടെയും ഞെരുക്കങ്ങളിൽ അവരുടെ സഹായത്തിനെത്തുക; ലോകത്തിൽ കളങ്കമേശാതെ തന്നെത്തന്നെ കാത്തു സൂക്ഷിക്കുക" (യാക്കോബ് 1,27).
സി. ചൈതന്യ CMC
Carmel Sadan
Nedumkandam, Idukki 685553
Mob. 9562688506
Email: srchaithanyacme@gmail.com
യാത്ര... അതെ, മനുഷ്യനെന്നും യാത്രയിലാണ്. ഒരിടത്തു നിന്നും മറ്റൊരിടത്തേക്കുള്ള യാത്ര... ലക്ഷ്യസാക്ഷാത്കാരത്തിനായുള്ള യാത്ര... എത്ര വേഗതയിലാണീ യാത്ര. കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽനിന്നുള്ള എന്റെ യാത്രയും അതിവേഗത്തിലായിരുന്നു. എട്ടു വർഷം പൂർത്തിയാക്കിയശേഷം അദ്ധ്യാപനജോലിയുപേക്ഷിച്ച് സ്കൂളിന്റെ പടികളിറങ്ങിയത് മറ്റൊരുൾവിളിയ്ക്കനുസരണമായിരുന്നു. ആ യാത്ര എറണാകുളത്തെ തെരുവീഥികളിലും നഗരപ്രാന്തങ്ങളിലും അന്തിയുറങ്ങിയിരുന്ന ഭിക്ഷാടകർക്കൊപ്പവും ജനറൽ ആശുപത്രിയിൽ ആരോരുമില്ലാതെ മരണത്തോടു മല്ലടിച്ചു കിടക്കുന്ന അശരണരോടൊപ്പവും ആയപ്പോൾ ഹൃദയത്തിൽ ഉണർന്നത് സന്യാസ സമർപ്പണത്തിന്റെ സംതൃപ്തി മാത്രം.
2009 ലെ ക്രിസ്തുമസ് ആഘോഷം തെരുവിലെ ഭിക്ഷാടകരോടൊപ്പം ആകാം എന്നു തീരുമാനിച്ച് ഞങ്ങൾ എറണാകുളം നഗരപ്രാന്തങ്ങളിലേക്കിറങ്ങി. നഗരത്തിൻ്റെ മുക്കിലും മൂലയിലും വഴിയോരത്തും കടത്തിണ്ണയിലുമായി കിടന്നിരുന്ന ഭിക്ഷാടകരോടു കുശലം ചോദിച്ചപ്പോഴും അവർ വാങ്ങിത്തന്ന ചായയും കടിയും കഴിച്ചപ്പോഴും അവരുടെ കണ്ണുകൾ വിസ്മയം കൊണ്ടു നിറഞ്ഞു. ആദ്യമാദ്യം ഞങ്ങൾക്കു മുമ്പിലും അവർ കരങ്ങൾ നീട്ടി. പിന്നീട് ആ കൈനീട്ടൽ ഹസ്തദാനത്തിനായി... തുടർന്ന് ആശ്ലേഷത്തിനും... അന്ന് മറൈൻഡ്രൈവിൽ നൂറിലധികം ഭിക്ഷാടകരായ മക്കളോടൊപ്പമാകാൻ കഴിഞ്ഞു. അവരെ കുളിപ്പിച്ച്, താടിയും മുടിയും വെട്ടി, പുതിയ വസ്ത്രങ്ങൾ അണിയിച്ച് പുതിയ വ്യക്തികളാക്കി. മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് പിതാവിൻ്റെ നേതൃത്വത്തിൽ വയറുനിറയെ ഭക്ഷണം അവർക്കു വിളമ്പി നൽകിയപ്പോൾ സത്യത്തിൽ എന്റെ മനസ്സു നിറഞ്ഞിരുന്നു."ഈ ചെറിയവരിൽ ഒരുവനു നിങ്ങൾ ചെയ്തപ്പോൾ..." (മത്താ 25,40) എന്ന ഈശോയുടെ ശബ്ദം, ആ മക്കളെ വലിയവരായി കണ്ടപ്പോൾ, ഞങ്ങളുടെ കാതുകളിലും അലയടിച്ചു.
എച്ച്. ഐ. വി./എയ്ഡ്സ് ലോകത്തിൻ്റെ ഉള്ളറകളിലേക്ക്
ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷൻസി വൈറസ് ബാധിച്ചവരെയാണ് എയ്ഡ്സ് രോഗികൾ എന്നു വിളിക്കുന്നത്. സുരക്ഷിതല്ലാത്ത ലൈംഗികബന്ധത്തിലൂടെയും വൈറസ് ബാധിച്ച രക്തം സ്വീകരിക്കുന്നതിലൂടെയുമാണ് മുഖ്യമായും ഈ രോഗം പടരുന്നത്. 1980-കളിലാണ് ലോകത്തിൽ ആദ്യമായി എച്ച്. ഐ. വി./എയ്ഡ്സ് അണുബാധ കണ്ടെത്തുന്നത്. 1986-ൽ ഇന്ത്യയിലും 1987-ൽ കേരളത്തിലും അണുബാധ രേഖപ്പെടുത്തി. ഇരുപത്തിയഞ്ച് വർഷങ്ങൾക്കുള്ളിൽ ഇന്ത്യയിൽ എച്ച്. ഐ. വി./എയ്ഡ്സ് അണു ബാധിതരുടെ എണ്ണം 55,167 ആയി വർദ്ധിച്ചു. 2014-ലെ കണക്കനുസരിച്ച് കേരളത്തിൽ ആകെ 25090 അണുബാധിതരാണുള്ളത്. അതിൽ ജന്മനാ അണുബാധയുള്ള കുട്ടികൾ 887 പേരാണ്.
കഴിഞ്ഞ എട്ടു വർഷമായി (മൂന്നു വർഷം പരോക്ഷമായും അഞ്ചു വർഷം പ്രത്യക്ഷമായും) എച്ച്. ഐ. വി./എയ്ഡ്സ് ബാധിതരോടു പ്രത്യേകിച്ച് സ്ത്രീകളോടും കുട്ടികളോടും അടുത്തിടപഴകി അവരുടെ പച്ചയായ ജീവിതങ്ങൾ കണ്ടപ്പോൾ ലഭിച്ച അറിവുകൾ ഞെട്ടിപ്പിക്കുന്നതായിരുന്നു. അടുത്ത യാത്ര അവരുടെ ജീവിതത്തിന്റെ ഉള്ളറകളിലേക്കായിരുന്നു.
എയ്ഡ്സ് പ്രതിരോധ/ നിർമാർജന സംരംഭങ്ങൾ
ആരോഗ്യമേഖലയിലെ തീവ്രയജ്ഞങ്ങളെ തുടർന്ന് എച്ച്. ഐ. വി./എയ്ഡ്സ് എന്ന രോഗത്തിന്റെ പകർച്ചയിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന ഗവൺമെന്റ്റ് സംരംഭങ്ങളായ NACO (National AIDS Control Organisation), KSACS (Kerala State AIDS Control Society), Vihaan - India HIV/AIDS Alliance, പ്രത്യാശ, പുലരി, ഉഷസ്സ്, ജ്യോതിസ്, സുരക്ഷ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ വഴിയായി എച്ച്.ഐ.വി. രോഗബാധയെക്കുറിച്ച് ആളുകളെ ബോധവത്കരിക്കാനും ജാഗരൂകരാക്കാനും കഴിഞ്ഞിട്ടുണ്ട്. എന്നാൽ, രോഗബാധിതരുടെയും അവരുടെ കുടുംബങ്ങളുടെയും സാമൂഹികജീവിതത്തെക്കുറിച്ച് വിചിന്തനം നടത്താൻ കേരളജനത ഇനിയും തയ്യാറാകേണ്ടതുണ്ട്.
എച്ച്. ഐ. വി./എയ്ഡ്സ് ബാധിതരുടെ രോഗികൾ അല്ലാത്ത കുട്ടികളുടെ ജീവിതാവസ്ഥ
എച്ച്.ഐ.വി. ബാധിതരുടെ കുടുംബത്തിലുള്ള കുട്ടികൾക്ക് രോഗബാധയില്ലെങ്കിൽകൂടിയും സമൂഹജീവിതത്തിൽനിന്നും മാറ്റി നിർത്തപ്പെടുന്നുണ്ട്. ഇന്ന് കേരളത്തിൽ രേഖപ്പെടുത്തപ്പെട്ട എച്ച്. ഐ.വി. പോസിറ്റീവ് കുട്ടികളുടെ പതിന്മടങ്ങ് കുട്ടികൾ ഇത്തരത്തിൽ ഈ രോഗത്തിൻ്റെ പരിണിതഫലം അനുഭവിച്ചു കഴിയുന്നവരാണ്. ഈ കുട്ടികൾക്കു രോഗമില്ല. എന്നാൽ, രോഗികളുടെ മക്കളാണവർ. സമൂഹം രോഗബാധിതരെയും അവരുടെ ആശ്രിതരെയും ഒരുപോലെ ഭീതിയോടെ മാത്രമേ കാണുന്നുള്ളൂ.
എച്ച്. ഐ. വി./എയ്ഡ്സ് ബാധിച്ച കുട്ടികൾ
2014-ലെ സെൻസസ് പ്രകാരം 1000-ൽ താഴെയാണ് ഇത്തരം കുട്ടികളുടെ എണ്ണം. ഇവരിൽ 5 ശതമാനം കുട്ടികൾ സ്കൂളിൽ പോകാൻ പ്രായമാകാത്തവരാണ്. 0.01 ശതമാനം കുട്ടികൾക്ക് ആരോഗ്യപരമായ കാരണങ്ങൾകൊണ്ടു സ്കൂളിൽ പോകാൻ കഴിയില്ല. കണക്കുകൾ രേഖപ്പെടുത്തുന്നതനുസരിച്ച് ഒരു കുഞ്ഞിന് എച്ച്.ഐ. വി. അണുബാധയേൽക്കുന്ന പ്രധാന മാർഗ്ഗമായ mothers to child transmission കഴിഞ്ഞവർഷം പൂജ്യമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളം ഇക്കാര്യത്തിൽ 100 ശതമാനം വിജയം കൈവരിച്ചിരിക്കുന്നുവെന്നതിൽ അഭിമാനിക്കാം. എന്നാൽ കേരളജനതയെ കണ്ണുതുറപ്പിക്കേണ്ട മറ്റൊരു വസ്തയുണ്ട്. 1987 മുതൽ അണുബാധയേറ്റ മാതാപിതാക്കളിൽനിന്നും ജന്മംകൊണ്ട് കുട്ടികൾ ഇന്നെത്തി നിൽക്കുന്നത് കൗമാരത്തിൻ്റെയും യൗവനത്തിന്റെയും വാതിൽപ്പടിക്കലാണ്. കൗമാരത്തിന്റെയും യുവത്വത്തിന്റെയും വെല്ലു വിളികളെ അഭിമുഖീകരിക്കാൻ ഈ കുട്ടികൾക്കു കഴിയുന്നുണ്ടോ എന്നു നാം വിശകലനം ചെയ്യേണ്ടതുണ്ട്. അവരുടെ ജീവിതങ്ങളിലേക്ക് ഒന്നു കണ്ണോടിച്ചാൽ...
ഷെമീർ വയനാട്
പതിനാറു വയസ്സുള്ള ചുണക്കുട്ടൻ. ബാപ്പയും ഉമ്മയും മരിച്ചിട്ട് പത്തും ഏഴും വർഷങ്ങൾ കഴിഞ്ഞു. ഇന്നവൻ ബാപ്പയുടെ തറവാട്ടിൽ താമസിക്കുന്നു. ബാപ്പയുടെ സഹോദരങ്ങൾക്കെല്ലാം അവനെ സംബന്ധിച്ച വിവരങ്ങൾ അറിയാം. തന്റെ ഈ നശിച്ച ജന്മത്തെ ഓരോരുത്തരും ഓരോ നാഴികയിലും ശപിക്കുന്നത് അവൻ കേൾക്കുന്നുണ്ട്. രാത്രിയുടെ യാമങ്ങൾ അവൻ തനിയെയിരുന്നു കരഞ്ഞു തീർക്കും. പുറത്തുള്ള ആർക്കും അവൻ രോഗിയാണെന്ന് അറിയില്ല. പുറത്തിറങ്ങുമ്പോൾ അവനെ പൊന്നു പോലെയാണു വീട്ടുകാർ നോക്കുന്നത്. എന്നാൽ, വീടിനകത്ത് കുത്തുവാക്കുകളുടെ ശരങ്ങൾ. അവൻ്റെ മരണം അവർ കൊതിക്കുന്നു എന്നവനറിയാം. എങ്കിലും കൂട്ടുകാരെപ്പോലെ ജീവിക്കാനും ഒരു എഞ്ചിനീയറായി തീരാനുമുള്ള മോഹം അവൻ കാത്തുസൂക്ഷിക്കുന്നു. അവഗണനകളും കുത്തുവാക്കുകളും തളർത്തുമ്പോൾ മോസ്കിലും പള്ളിയിലും അമ്പലത്തിലും കയറി അവൻ അലയുകയാണ്... ഏതെങ്കിലും ദൈവം തൻ്റെ രോഗം മാറ്റി, തന്നിൽ കൃപ ചൊരിയുന്നതും കാത്ത്.
രാകേഷ് പാലക്കാട്
'എന്തിനാണമ്മേ, ദൈവമെന്നെ കറുത്തവനായി സൃഷ്ടിച്ചത്?' സ്ഥിരമായി എ.ആർ.റ്റി. ഗുളിക കഴിക്കുന്ന മകനോട് അമ്മ പറഞ്ഞിരുന്നത് അവന് കറുപ്പ് കൂടുതലായതിനാൽ അത് കുറയ്ക്കാനാണ് സ്ഥിരം മരുന്നു കഴിക്കുന്നതെന്നാണ്. അതിനാൽ അവൻ എന്നും കരയും, തന്നെ കറുത്തവനാക്കിയ ദൈവം ക്രൂരനാണെന്ന് പറഞ്ഞ്. രാകേഷിന്റെ ചെറുപ്പത്തിൽ തന്നെ അപ്പൻ മരിച്ചു. ഇന്നവനെല്ലാം അറിയാം. തന്റെ അമ്മയെ കൂടാതെ മറ്റൊരു സ്ത്രീയെ സ്വന്തമാക്കിയ അപ്പനിൽനിന്നാണ് അമ്മയ്ക്കും അതുവഴി തനിക്കും ഈ രോഗം വന്നതെന്നറിഞ്ഞ രാകേഷിന് തൻ്റെ അപ്പനോട് - മരിച്ചു പോയെങ്കിൽപ്പോലും - വെറുപ്പായിരുന്നു. അതോടൊപ്പം ലോകം മുഴുവനോടും. അതിൽനിന്നു മാറി സാധാരണ ജീവിതത്തിലേക്ക് രാകേഷ് കടന്നുവന്നിട്ടേയുള്ളു. സ്വന്തം നിരപരാധിത്വത്തിനിടയിലും ജനനംമുതൽ ക്രൂശു ചുമന്നുകൊണ്ടുള്ള ഈ യാത്ര. 'എന്തു തെറ്റാണ് ഞാൻ ചെയ്തത്?' എന്നു ചോദിച്ചുകൊണ്ടു മുന്നിലിരുന്ന് ഏങ്ങലടിക്കുമ്പോൾ ആ കുരുന്നിനോട് പറയാൻ ആശ്വാസവാക്കുകൾ എവിടുന്നാണു ലഭിക്കുക?
വിഷ്ണുപ്രിയ എറണാകുളം
കുച്ചുപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം, ഫോക്ക് ഡാൻസ് എല്ലാറ്റിനും മിടുമിടുക്കിയായ വിഷ്ണുപ്രിയ നാടിന്റെയും സ്കൂളിന്റെയും അഭിമാനപാത്രമാണ്. കറുത്ത നിറത്തിൻ്റെ ഏഴഴകും എല്ലാവരോടും ശാലീനമായി പെരുമാറുന്നതിൻ്റെ വശ്യതയും അവൾക്കു സ്വന്തം. കാലിൽ ചിലങ്ക അണിയുമ്പോഴും അവളുടെ ഉള്ളിൽ ചിലങ്കയുടെ താളം കേൾക്കാറില്ല. കണ്ണിലുണ്ണിയും പൊന്നോമനയുമായി തന്നെ കൊണ്ടുനടക്കുന്ന ആരെങ്കിലും ഈ രോഗത്തിനെക്കുറിച്ചറിയുമോ? തന്നെ സ്കൂളിൽനിന്നും ഇറക്കി വിടുമോ? ഉള്ളിൽ പെരുമ്പറയുടെ മുഴക്കമാണ്.
അപ്പനും അമ്മയും കുഞ്ഞനുജനുമടങ്ങുന്ന അവളുടെ കുടുംബം മുഴുവൻ ഈ വൈറസിൻ്റെ പിടിയിലമർന്നവർ. ഈ പൊന്നോമനയുടെ പിന്നാലെ പ്രേമഗീതമാലപിച്ച് നടക്കുന്നവർ ഏറെയാണ്. ചിലപ്പോഴൊക്കെ അവൾ പൊട്ടിക്കരയും; സ്വാതന്ത്ര്യത്തോടെ സ്നേഹിക്കാൻപോലും എനിക്കവകാശമില്ലല്ലോ തമ്പുരാനേ. പ്രേമാഭ്യർത്ഥനയുമായി എത്തുന്നവരുടെ മുന്നിൽ പതറാതിരിക്കാൻ തനിക്കിനിയും ശക്തി വേണം എന്നവൾ പറയുന്നു. ഒരിക്കൽ പ്രേമാഭ്യർത്ഥന നിരസിച്ച സ്വന്തം സഹപാഠി ആരുമില്ലാത്തനേരം വീട്ടിൽ കടന്നുവന്നു ബലാത്കാരം ചെയ്യാൻ ശ്രമിച്ചപ്പോഴും താനൊരു രോഗിയാണെന്ന് പറയാൻ അവൾക്കു ഭയമായിരുന്നു. ദൈവകരുണയാൽ പെട്ടെന്നു മാതാപിതാക്കൾ വീട്ടിലെത്തിയതുമൂലം ആ അപകടത്തിൽനിന്നു രക്ഷപെട്ടു. അവൾക്കു ഭയമാണിപ്പോൾ, എല്ലാവരെയും; ഈ ലോകത്തെത്തന്നെയും. വിതുമ്പുകയാണവൾ. പതിനാറുകാരിയായ അവൾക്കു വേണ്ടിവരുന്ന കരുത്തു നൽകാൻ ഈ ലോകത്തിൽ ആർക്കാണാവുക?
അക്ഷര തിരുവനന്തപുരം
സ്വന്തം അപ്പൻ എച്ച്. ഐ. വി. എയ്ഡ്സ് അണുബാധമൂലം മരിക്കാനിടയായപ്പോൾ അക്ഷര നാലാംക്ലാസിലും അനുജൻ രണ്ടാം ക്ലാസിലും പഠിക്കുന്നു. അപ്പൻ്റെ മരണം അവരെ സ്കൂളിൽനിന്നും പുറത്താക്കാൻ കാരണമായി. ലോകം മുഴുവൻ തങ്ങളെ വെറുത്തു മാറ്റിനിർത്തിയപ്പോൾ നിരപരാധികളായ ഈ രണ്ടു കുഞ്ഞുങ്ങൾ പകച്ചുപോയി. 15 വയസ്സിൽ താഴെയുളളവർക്കു പ്രാഥമിക വിദ്യാഭ്യാസം ഭരണഘടന വാഗ്ദാനം ചെയ്യുമ്പോഴും ഒരു സ്കൂളും അന്നവരെ സ്വീകരിച്ചില്ല. വിദ്യാസമ്പന്നരെന്നും സാക്ഷരരെന്നും അഭിമാനിക്കുന്ന കേരളത്തിലെ അധ്യാപകരാരും അവർക്കുവേണ്ടി ശബ്ദമുയത്തിയില്ല. എല്ലാ അവഗണനയും പീഡനങ്ങളും സഹിച്ച് ഇന്നവരും മുന്നേറുകയാണ്. സ്വന്തം മനസ്സിൻ്റെ കരുത്തുകൊണ്ട്... ഈ കുഞ്ഞുങ്ങൾക്കു താങ്ങാകാനും തണലേകാനും ഇന്നും കേരളീയർക്ക് ഭയമോ?
അഖില കണ്ണൂർ
കോളേജിൽനിന്നും പത്തു കി. മീ. ദൂരെയാണ് അവളുടെ വീട്. കൂട്ടുകാരിയായി എന്നും ഒപ്പമുണ്ടായിരുന്നത് ആര്യ. നീണ്ട എട്ടു വർഷങ്ങൾ ഒരുമിച്ചു കളിച്ചു ചിരിച്ച് ഓടി നടന്നപ്പോഴും ഉള്ളുതുറന്ന് എല്ലാം പങ്കുവയ്ക്കുന്ന ആ കൂട്ടുകാരികൾക്കിടയിൽ ഒരു മറയുണ്ടായിരുന്നു. ഒരിക്കൽ അഖില ഒന്നു വീണു. കൈമുട്ടു നന്നായി പൊട്ടി. കൂട്ടുകാരിൽ പലരും ഓടി വന്ന് അഖിലയെ എഴുന്നേല്പിക്കാനും മുറിവ് വച്ചു കെട്ടാനും ശ്രമിച്ചു. പക്ഷേ, ആരെയും അവൾ അടുത്തടുപ്പിച്ചില്ല. തനിക്ക് പേടിയാണ് എന്നു പറഞ്ഞ് അവർ കൊണ്ടുവന്ന തുണിവാങ്ങി അവൾ സ്വന്തം കൈയിലെ രക്തം തുടച്ച് തുണി സ്വന്തം ബാഗിൽ തിരുകി. കൂട്ടുകാരൊക്കെ അവളെ കളിയാക്കി. അവളുടെ മുഖം വികൃതമാകുന്നതും വിതുമ്പുന്നതും ആര്യ കണ്ടു. പിറ്റേദിവസം അഖില ആശുപത്രിയിൽ അഡിറ്റായി, നല്ല പനി. ആര്യ ആരുമറിയാതെ ക്ലാസുകൾ മുടക്കി ആശുപത്രിയിലെത്തി. സ്വന്തം കൂട്ടുകാരിയെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു.
ആ കരച്ചിലിന്റെ്റെ അന്ത്യം ഒരു തിരിച്ചറിവായിരുന്നു. രണ്ടാളും ജന്മനാ എച്ച്. ഐ. വി. പോസിറ്റീവായിരുന്നുവെന്ന്. ആ തിരിച്ചറിവിന്റെ ശക്തിയും അവർക്കു വലുതായിരുന്നു. തന്നേപ്പോലെ ഒരാൾ കൂടി ഉണ്ടല്ലോയെന്ന ആശ്വാസം. പക്ഷേ, അതും നീണ്ടുനിന്നില്ല. അപ്പനും അമ്മയും നഷ്ടപ്പെട്ട ആര്യയ്ക്ക് പെട്ടന്നുണ്ടായ അസുഖം മുർച്ഛിച്ചു. ആശുപത്രിയിൽ കൂടെനിൽക്കാൻ ആളില്ലാത്തതിനാൽ ബന്ധുക്കൾ അവളെ വീട്ടിൽ കൊണ്ടുപോയി. മരുന്നു കഴിക്കൽ നിർത്തിയ അവൾക്കു പെട്ടന്നു തലച്ചോറിൽ ഫംഗസ് ബാധിച്ചു. ഒരു മാസത്തെ ഇടവേള. അവൾ ഈ ലോകത്തോടു വിട പറഞ്ഞു. അഖിലയുടെ മുഖം നിർവികാരമാണിപ്പോൾ. പെണ്ണായി ജനിച്ചതും പിഴ. ജന്മനാ ലഭിച്ച രോഗവും പിഴ.
എച്ച്.ഐ.വി. ബാധിച്ച ഒരു കുട്ടിയും കൂടുതൽ വളരരുത് എന്ന് വീട്ടുകാരുടെയും നാട്ടുകാരുടെയും ഈ ലോകത്തിൻന്റെയും നിശബ്ദ പ്രാർത്ഥന. ഈ കുഞ്ഞുങ്ങൾ എന്തു പിഴച്ചു? നമ്മെപ്പോലെ ജീവിക്കാൻ അവർക്കും അവകാശമില്ലേ? അറിയാതെ ലഭിച്ച രോഗം ഒരാരാച്ചാരെപ്പോലെ പിന്നാലെ പായുമ്പോൾ ജീവിക്കാനുള്ള ആശയും സ്വപ്നങ്ങളും പ്രതീക്ഷകളും തകർന്നടിയുന്നുവോ... ഇല്ല പാടില്ല എന്നു പറയാൻ ആരാണുണരുക?
കണ്ടാലറിയാത്ത തൊട്ടാലറിയാത്ത എന്നാൽ ഉള്ളിൽ കരിന്തിരികൾ എരിയുന്ന ഈ കൊച്ചു കുട്ടുകാരുടെ ജീവിതത്തെ വെല്ലു വിളിക്കുന്ന കുറെ നഗ്നസത്യങ്ങൾ ഇവരുമായി അടുത്തിടപഴകുമ്പോൾ നമുക്കു മനസിലാകും. അവരുടെ മുന്നിൽ ഉയർന്നുനില്ക്കുന്ന, എന്നാൽ അവർക്ക് തനിയെ ഒരിക്കലും പരിഹരിക്കാൻ സാധിക്കാത്ത, ചില പ്രശ്നങ്ങൾ അവർ സാക്ഷരകേരളത്തിനു മുന്നിൽ, നമ്മുടെ ഓരോരുത്തരുടെയും മുമ്പിൽ ഉയർത്തുന്നു.
എച്ച്.ഐ.വി രോഗബാധിതർക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ
ബെൻസൺ, ബെൻസി എന്നീ രോഗബാധിതരായ കുട്ടികളെ സ്കൂളിൽ പഠിപ്പിക്കാതെ ഇറക്കി വിട്ടതിൻ്റെ കഥകൾ പത്രമാധ്യമങ്ങളിലൂടെ അറിഞ്ഞത് ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്തായിരുന്നു. അന്നെന്റെറെ മനസ്സ് വേദനിച്ചു. ഒന്നും ചെയ്യാൻ എനിക്കായില്ലല്ലോ എന്ന നൊമ്പരം എന്നെ പിന്തുടർന്നു. ഞാൻ അവർക്കു വേണ്ടി പ്രാർത്ഥിച്ചു. അധഃകൃതരെയും താഴ്ന്ന ജാതിക്കാരെയും മേലേത്തട്ടിലുള്ളവരോടൊപ്പം ഉയർത്താൻ അത്യധ്വാനം ചെയ്ത ഞങ്ങളുടെ സ്ഥാപകപിതാവായ ചാവറയച്ചൻ്റെ ജീവിതം എന്റെ മുന്നിൽ വെളിച്ചമേകി. ഇന്ന് കേരളത്തിലുടനീളം അവരേപ്പോലുള്ള അനേകം മക്കൾ എൻ്റെ സ്വന്തത്തിൽ സ്വന്തമാണ്.
ഇടുക്കിയിലെ മാത്രം കണക്കുകൾ ഇപ്രകാരമാണ്: എച്ച്. ഐ. വി. അണുബാധയുള്ള 190 കുടുംബങ്ങൾ, 30 വിധവകൾ, എച്ച്. ഐ.വി. പോസിറ്റീവായ 30 കുട്ടികൾ. ആരുടെയൊക്കെയോ അനാസ്ഥയ്ക്ക് പിഴയേൽക്കേണ്ടി വരുന്ന കുറ്റവാളികൾ നാട്ടിലും വീട്ടിലും വെറുക്കപ്പെട്ടവരാണ് അവർ. ബലിയാടാകുന്ന സ്ത്രീജനങ്ങൾ, ഒരു തെറ്റും ചെയ്യാത്ത കുരുന്നുകൾ, അണുബാധയേറ്റ കുടുംബത്തിൽ പിറന്നതിന് അപമാനം ഏൽക്കേണ്ടി വന്നവർ... ഇവരല്ലേ രക്തസാക്ഷികൾ. പേരുവിളിക്കപ്പെടാത്ത ഈ രക്തസാക്ഷി സമൂഹം. മാനസിക പിരിമുറുക്കത്തിൽ ആശ്വാസമേകുവാൻ അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കുയർത്താൻ അവരോടൊപ്പം തീർത്ഥയാത്രകൾ, ക്യാമ്പുകൾ, സ്റ്റഡിക്ലാസുകൾ, കൗൺസലിംഗ്, പോഷാകാഹാര വിതരണം, മെഡിക്കൽ ചെക്കപ്പുകൾ തുടങ്ങിയവ നടത്തി വരുന്നു.
ജന്മനാ എച്ച്.ഐ.വി ബാധിതരായവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ
ഇക്കൂട്ടരിൽ നല്ലൊരു ശതമാനം കുട്ടികളും മാതാപിതാക്കൾ രണ്ടുപേരും നഷ്ടപ്പട്ടവരോ, അല്ലെങ്കിൽ അവരിൽ ഒരാൾ മാത്രമുള്ളവരോ ആണ്. മാതാപിതാക്കൾ രണ്ടുപേരുമുള്ള കുടുംബങ്ങളിൽ പലതും കുടുംബവഴക്കുകളാൽ തകർന്നടിഞ്ഞുകൊണ്ടിരിക്കുന്നതാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾമൂലം അത്യാവശ്യമായ പോഷകാഹാരങ്ങളോ നല്ല രീതിയിലുള്ള വിദ്യാഭ്യാസമോ ഇവർക്കു ലഭിക്കുന്നില്ല. ബന്ധുജനങ്ങളുടെകൂടെ ജീവിക്കുന്ന കുട്ടികൾ പലരും കുത്തുവാക്കുകളും ശാപവചനങ്ങളും കേട്ടും ആവഗണനമൂലവും ഒറ്റപ്പെട്ടു കഴിയുന്നു. മറ്റുള്ളവർ തങ്ങളുടെ രോഗവിവരങ്ങൾ അറിയുമോ എന്നും സ്കൂളിൽനിന്നും സമൂഹത്തിൽനിന്നും പുറന്തള്ളപ്പെടുമോ എന്നുമുള്ള നിരന്തര ഭയം ഇക്കൂട്ടരെ അലട്ടുന്നു. ഈ ഭയംമൂലം സ്കൂളിൽ പോകാൻ മടി, ഇടവിടാതെയുള്ള രോഗങ്ങൾ, ആത്മഹത്യാപ്രവണത എന്നിവ ഈ കുട്ടികളിൽ നിലനിൽക്കുന്നു. പ്രശ്നങ്ങൾ മറച്ചുവയ്ക്കുമ്പോൾ ഉള്ള കുറ്റബോധവും ഇവർക്കുണ്ട്. ആരോഗ്യക്കുറവുകൊണ്ടും സാമ്പത്തികദുരവസ്ഥകൊണ്ടും കുട്ടികളുടെ കഴിവും അഭിരുചിയുമനുസരിച്ചു വളരാൻ സാധിക്കാത്ത അവസ്ഥ.
കാമ്പസ് പ്രണയവും സെക്സിനോടുള്ള ആസക്തിയും ഏതൊരു കൗമാരക്കാരെയുംപോലെ ഇവരെയും അലട്ടുന്നു. താൻ രോഗിയാണെന്നറിഞ്ഞാൽ ഒരിക്കലും കിട്ടാത്ത സ്നേഹം അല്പ സമയത്തേക്കെങ്കിലും കിട്ടുമ്പോൾ അത് ആവോളം ആസ്വദിക്കാനുള്ള ആവേശം വർദ്ധിക്കുന്നു. വിവാഹജീവിതത്തോടുള്ള ആശയും സാധിക്കില്ലല്ലോയെന്ന നിരാശയും. പതിനെട്ട് വയസ്സാകുമ്പോഴേക്കും പെൺകുട്ടികളെ എങ്ങിനെയെങ്കിലും വിവാഹം കഴിച്ചയച്ച് ബാധ്യത തീർക്കാനുള്ള മാതാപിതാക്കളുടെയും ബന്ധുജനങ്ങളുടെയും വ്യഗ്രത. ജന്മനാ രോഗബാധിതനായ കുട്ടിയുടെ ഭാവിയെക്കുറിച്ചുള്ള അമിതമായ ഉത്കണ്ഠമൂലം അവർക്ക് രോഗം വരുമ്പോൾ മരിച്ചാലും കുഴപ്പമില്ലായെന്ന മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ചിന്തയും ശരിയായ ചികിത്സ കൊടുക്കാൻ സാധിക്കാത്ത സാഹചര്യങ്ങളും. തങ്ങൾ രോഗികളാണ് അതിനാൽ ഒന്നിനും കൊള്ളാത്തവരാണ് എന്നു ചെറുപ്പംമുതലേ ലഭിച്ച തെറ്റായ കാഴ്ചപ്പാടും പ്രതിബന്ധങ്ങളെ തരണം ചെയ്യാനുള്ള ശേഷിക്കുറവും. കൂടാതെ, അനുദിനജീവിതത്തിൽ സമൂഹത്തിൽ നിന്നു ലഭിക്കുന്ന അവഗണനയും.
എച്ച്.ഐ.വി. ബാധിതരുടെ, രോഗികൾ അല്ലാത്ത കുട്ടികളുടെ പ്രശ്നങ്ങൾ
ഇക്കൂട്ടരെ അലട്ടുന്ന പ്രശ്നങ്ങൾ പലതാണ്: ഇവരിൽ പലർക്കും മാതാപിതാക്കൾ ഇല്ല. കുടുംബത്തിലുള്ളവർക്കു രോഗമാണെന്നതുകൊണ്ടുള്ള നിരാശ. മാതാപിതാക്കളോടു വൈരാഗ്യം. സമൂഹത്തിനു മുമ്പിൽ പ്രത്യക്ഷപ്പെടാനുള്ള ബുദ്ധിമുട്ട്. കുടുംബ ജീവിതം കിട്ടില്ലെന്ന ചിന്ത (വ്യക്തി എച്ച്.ഐ.വി. പോസിറ്റീവ് അല്ലെങ്കിലും എച്ച്.ഐ.വി. കുടുംബത്തിൽനിന്നും വിവാഹം കഴിക്കാൻ ആളുകൾക്ക് ഭയമുണ്ട്). മറ്റുള്ളവരിൽനിന്ന് ഒരു സഹായവും ലഭിക്കാത്ത അവസ്ഥ. സാമ്പത്തിക ബുദ്ധിമുട്ടുകൾ. ആത്മഹത്യാ പ്രവണത...
എച്ച്.ഐ.വി./എയ്ഡ്സ് ബാധിതരായ കുട്ടികളുടെ മാനസിക വൈകാരിക പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം?
ജീവിതത്തെക്കുറിച്ച് ഭാവാത്മക ചിന്തകൾ വളർത്തിയെടുക്കാൻ സഹായിക്കുക, ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ നല്കുക, കൗൺസലിംഗ് സൗകര്യമൊരുക്കു തുടങ്ങിയ മാർഗങ്ങളിലൂടെ ഇക്കൂട്ടരുടെ മുറിവുകൾ ഉണക്കാനാവും. സമൂഹത്തിൽ സ്വീകാര്യതയും അംഗീകാരവും നല്കുക, സ്കൂളുകളിലും കോളേജുകളിലും പഠനാവസരങ്ങൾ ഒരുക്കുക, ഗവൺമെൻ്റു തലത്തിൽ ജോലിക്ക് റിസർവേഷൻ നല്കുക, ഡോക്ടേഴ്സിൻ്റെ മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാൻ സഹായിക്കുക തുടങ്ങിയ കാര്യങ്ങളും ഇവരുടെ പ്രശ്നങ്ങൾക്കു കറെയെങ്കിലും പരിഹാരം കാണാൻ സഹായിക്കും.
പുനർവിചിന്തനം
നീണ്ട 26 വർഷങ്ങൾ ബോധവത്കരണപരിപാടികളും ആരോഗ്യസംരക്ഷണ പരിപാടികളും പോസിറ്റീവ് പ്രഭാഷണങ്ങളും എല്ലാം ലഭിച്ചിട്ടും എന്തുകൊണ്ടാണ് ഇന്നും കേരളത്തിലെ സാക്ഷരരായ പൊതുസമൂഹം എച്ച്.ഐ.വി. പോസിറ്റീവായ വ്യക്തികളെ തങ്ങളോടു ചേർത്തു നിർത്താത്തത്? നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
മുറിവുണക്കൽ പദ്ധതികൾ
കേരളത്തിൽ പുതുതായി ഏറ്റവും കൂടുതൽ എച്ച്. ഐ. വി. / എയ്ഡ്സ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് എം. എസ്. എം ട്രാൻസ്മിഷൻ (M.S.M Men who Have Sex with Men) വഴിയുള്ളവയാണ്. യുവജനങ്ങളിലെ മദ്യം, മയക്കുമരുന്ന്, അശ്ലീല സിനിമകൾ എന്നിവ തെറ്റായ ശീലങ്ങളിലേക്കും വൈകൃതങ്ങളിലേക്കും യുവജനങ്ങളെ നയിക്കുന്നതുവഴി തെറ്റായ ബന്ധങ്ങളിൽ അവർ കുടുങ്ങുന്നു. ഇക്കാരണത്താൽ ഒരൊറ്റ ജില്ലയിൽ 140- ഓളം യുവാക്കൾ (16 നും 25 വയസ്സിനും ഇടയിൽ) എച്ച്. ഐ. വി. പോസിറ്റീവായി രേഖപ്പെടുത്തപ്പെട്ടുകഴിഞ്ഞു. അവരെല്ലാംതന്നെ ഉയർന്ന കുടുംബാന്തരീക്ഷവും ഉന്നതവിദ്യാഭ്യാസവുമുള്ളവരാണ്. യുവജനങ്ങൾക്കു കൂടുതൽ ബോധവത്കരണം നല്കുക എന്നതാണ് ഏക പരിഹാരമാർഗം.
എച്ച്.ഐ.വി ബാധിതരോടും അവരുടെ കുടുംബങ്ങളോടുമുള്ള കേരളസമൂഹത്തിൻ്റെ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ പുതിയ ബോധവത്കരണപദ്ധതികൾ വിഭാവനം ചെയ്യേണ്ടതുണ്ട്. കുട്ടികളുടെ ബോധവത്കരണം ആരംഭിക്കുക, സമൂഹത്തിൽ ഉന്ന തനിലവാരം പുലർത്തുന്ന വ്യക്തികൾ (അധ്യാപകർ, ഡോക്ടേഴ്സ്, വക്കീലന്മാർ, രാഷ്ട്രീയാധികാരികൾ മുതലായവർ) ബോധവത്ക്കരണത്തിനു നേതൃത്വം നല്കുക, കുട്ടികളുടെ വ്യത്യസ്തമായ കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരമൊരുക്കുക, എല്ലാ സ്കൂളുകളിലും കോളേജുകളിലും മുറിവുണക്കൽ പദ്ധതി (സ്റ്റിഗ്മ ഇറാഡിക്കേഷൻ പ്രോഗ്രാം) വഴി ബോധവത്കരണപരിപാടികൾ നടത്തിയെന്നുറപ്പുവരുത്തുക, ഡിസംബർ ഒന്നിന് സ്കൂളുകളിൽ പ്രതിജ്ഞ ചൊല്ലുകയും എച്ച്. ഐ. വി. സൗഹൃദകൂട്ടായ്മകൾ രൂപീകരിക്കുകയും ചെയ്യുക, ഗവൺമെൻ്റ് തലത്തിൽ ആവശ്യമായ അംഗീകാരങ്ങൾ പ്രസ്തുത പ്രവർത്തനങ്ങൾക്കു നല്കുക, എ ച്ച്.ഐ.വി. സൗഹൃദ സംസ്ഥാനത്തോടൊപ്പം എച്ച്.ഐ.വി. സീറോ ട്രാൻസ്മിഷൻ സംസ്ഥാനമായി മാറുവാൻ പൊതുജനത്തെ പ്രതിജ്ഞാബദ്ധമാക്കുക, മാതാപിതാക്കൾക്കും ബന്ധുജനങ്ങൾക്കും ആവശ്യമായ നിർദ്ദേശങ്ങൾ നല്കുക തുടങ്ങിയവ ശരിയായ ബോധവത്ക്കരണത്തിന് ഉപകരിക്കും.
അതിരുകൾ വ്യാപിപ്പിക്കുന്നു
ഇടുക്കിജില്ലയിൽ മാത്രം ഒതുങ്ങുന്നതല്ല ഈ പ്രശ്നം എന്ന് ഗ്രഹിച്ച് പിന്നീടുള്ള യാത്ര മറ്റു സ്ഥലങ്ങളിലുള്ള ഇത്തരക്കാരെ തേടിയായിരുന്നു. കെ.എസ്.എ.സി.എസ്., സി.പി.കെ, പ്രത്യാശ എന്നീ സംഘടനകളുടെ സഹായത്തോടെ കുട്ടികളെ കണ്ടെത്തുകയും സ്റ്റേറ്റ് തലത്തിൽ അവർക്കായി ഒരു ക്യാമ്പ് ആദ്യമായി 2013 ഏപ്രിൽ മാസത്തിൽ എറണാകുളത്ത് ചാവറ കൾച്ചറൽ സെന്ററിൽ വച്ചു നടത്തുകയും ചെയ്തു. "ബി ഇൻസ്പയർഡ് ആൻഡ് റ്റു ബി ദി ഇൻസിപിരേഷൻ" എന്ന ആപ്തവാക്യം സ്വീകരിച്ച് “ഇൻസ്പയർ" എന്ന പേരിൽ നടത്തിയ പരിപാടിയിൽ പന്ത്രണ്ട് ജില്ലകളിൽ നിന്നായി പതിമൂന്നു വയസ്സിനു മുകളിലുള്ള 56 കുട്ടികൾ പങ്കെടുത്തു. കുട്ടികൾ പ്രചോദിതരായി. അവരുടെ ആഗ്രഹപ്രകാരം വീണ്ടുമിത് മുന്നോട്ട് കൊണ്ടുപോകുവാൻ ഞങ്ങൾ തീരുമാനിക്കുകയും ചെയ്തു.
പുതിയ വെളിച്ചം
ചാവറ കൾച്ചറൽ സെൻറർ കൊച്ചി കേന്ദ്രമാക്കി "ചാവറ ഇൻസ്പെയർ" എന്ന പേരിൽ ഒരു ചാരിറ്റബിൾ സൊസൈറ്റിക്ക് ആരംഭം കുറിച്ചു. ഇതിൻ്റെ പ്രസിഡൻ്റ് പ്രൊഫ. എം. കെ. സാനുവാണ്. തിരക്കഥാകൃത്ത് ശ്രീ. ജോൺ പോൾ വൈസ് പ്രസിഡന്റും റവ. ഫാ. റോബി കണ്ണൻചിറ സി. എം. ഐ. സെക്രട്ടറിയും ശ്രീ. ജിജോ പാലത്തിങ്കൽ ഫിനാൻസ് ഓഫീസറുമായി സേവനം ചെയ്യുന്നു. സ്വന്തം കിഡ്നി ദാനംചെയ്ത സി. ലിറ്റിൽ തെരേസ് സി.എം.സി.യും കിഡ്നി ഫെഡറേഷൻ്റെ സ്ഥാപകനും പ്രചോദകനുമായ ഫാ. ഡേവിസ് ചിറമ്മേലും ഇന്ന് ചാവറ ഇൻസ്പെയറിന്റെ ജീവനാഡികളായി വർത്തിക്കുന്നു. ചാവറ ഇൻസ്പെയർ രൂപീകതമായതിനുശേഷം കുട്ടികൾക്കായി നാലു ക്യാമ്പുകളും നടത്തപ്പെട്ടു. നൂറ്റിയമ്പത് കുട്ടികൾക്ക് മാസം 500 രൂപ വീതം ചാവറ സ്കോളർഷിപ്പ് നൽകാനായി. 8 റീജിയണുകളുടെ അടിസ്ഥാനത്തിൽ മീറ്റിംഗുകൾ സംഘടിപ്പിച്ചു. ക്യാമ്പുകളിലെ ജീവിതമാർഗ ദർശന ക്ലാസുകൾ, യോഗപരിശീലനം, സ്വയം തൊഴിൽ പരിശീലനങ്ങൾ എന്നിവവഴി കുട്ടികളെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാൻ സാധിച്ചിട്ടുണ്ട്. പ്ലസ്ടു കഴിഞ്ഞ 10 കുട്ടികളെ ഇപ്പോൾ ഉപരിപഠനത്തിനായി സഹായിക്കുന്നു.
35-ഓളം സ്കൂളുകളിലും കോളേജുകളിലും എച്ച്.ഐ.വി. സ്റ്റിഗ്മ ഇറാഡിക്കേഷൻ പ്രോഗ്രാമുകൾ നടത്തി. ജന്മനാ എയ്ഡ്സ് ബാധിതരായ കുട്ടികളിൽ സ്വയം വെളിപ്പെടുത്താൻ ധൈര്യം കാണിച്ച പലരും ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്നത് സമൂഹത്തിന് ഇവരോടും ഇവർക്ക് സമൂഹത്തോടുമുള്ള അകൽച്ച കുറയ്ക്കാൻ ഒത്തിരിയേറെ സഹായിച്ചിട്ടുണ്ട്. പക്ഷേ, മറ്റുള്ളവരോടൊപ്പം ജീവിതാവസ്ഥ വെളിപ്പെടുത്തി ഒന്നിച്ചിരിക്കാനും പഠിക്കാനും ജോലിചെയ്യാനും ജീവിക്കാനുമുള്ള സാഹചര്യം ഇനിയും ഈ കുഞ്ഞുങ്ങൾക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു. കുടുംബവും സമൂഹവും സഹപാഠികളും ഇവരോട് അല്പംകൂടി മനുഷ്യത്വത്തോടെ വർത്തിക്കാൻ തയ്യാറാകണം. ഒരു തെറ്റും ചെയ്യാതെ തെറ്റുകാരെന്നു മുദ്രകുത്തി മാറ്റി നിർത്തപ്പെടുന്ന എൻ്റെ ഈ മക്കൾ സമൂഹത്തിന്റെ മധ്യത്തിലേക്ക് കടന്നുവരുവോളം എന്റെ യാത്ര ഇവരോടൊപ്പം തുടരുന്നു. ഞാനും അവരും നിങ്ങളും ഒന്നിച്ചൊരു കുടക്കീഴിൽ അണിനിരക്കുവോളം പ്രതീക്ഷയോടെ യാത്ര തുടരട്ടെ... ശുഭയാത്ര ചൊല്ലുമോ...
ഫാ. റോയി വടക്കേൽ
Pastoral Centre, Kanjirapally 686 507
Mob. 9447087271
Email: roychanvadakkel@gmail.com
ശാസ്ത്രവും സാങ്കതികവിദ്യയും ആധുനിക വാർത്താ മാധ്യമങ്ങളും ദ്രുതഗതിയിൽ പുരോഗമിച്ചുകൊണ്ടിക്കുന്ന ഒരു ലോകത്തിലാണ് നാമിന്ന്. കൈവിരൽത്തുമ്പുകൊണ്ടു ലോകത്തെ മുഴുവൻ വായിച്ചെടുക്കുന്ന അത്യാധുനിക സംവിധാനങ്ങൾക്കു നടുവിൽ ജീവിക്കുന്ന മനുഷ്യനിന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഔദാര്യത്തിന്റെയും ഭാവങ്ങൾ നിറഞ്ഞുനിൽക്കുന്ന മനുഷ്യത്വമാണ്; ഈശോയിൽ നിറഞ്ഞുനിന്നിരുന്ന കരുണയുടെ മുഖമാണ്. പരിശുദ്ധപിതാവ് ഫ്രാൻസിസ് മാർപ്പാപ്പാ കരുണയുടെ വർഷം പ്രഖ്യാപിച്ചിരിക്കുന്നത് ഇതുകൊണ്ടു തന്നെയാവണം.
ഈശോയുടെ കരുണയുടെ മുഖം ലോകത്തിനു കാണിച്ചു കൊടുക്കാൻ വിളിക്കപ്പെട്ടിരിക്കുന്നവരാണ് ക്രൈസ്തവരെല്ലാവരും,വിശിഷ്യാ സന്യസ്തരും പുരോഹിതരും. ഈശോയുടെ വചനങ്ങളുടെ അർത്ഥം മനസ്സിലാക്കാത്തതുകൊണ്ടല്ലേ, ഇന്നിന്റെ ലോകത്തിൽ കരുണയുടെ അവതാരങ്ങളായി മാറേണ്ട നാം ലോകത്തിന്റെ മുമ്പിൽ വലിയവയെന്നു ഗണിക്കപ്പെടുന്ന പലതിന്റെയും പിന്നാലെ പരക്കം പായുന്നത്? തിരുസ്സഭയുടെ അടിസ്ഥാനമുഖം കരുണയുടെതാണ്. മഹാത്മജിയുടെ വാക്കുകൾ ഇത്തരുണത്തിൽ സ്മരണീയമാണ്: “പാവപ്പെട്ടവരോട് ആത്മാർത്ഥമായ സ്നേഹം എവിടെയുണ്ടോ അവിടെ ദൈവം ഉണ്ട്." ഈശോയെ നോക്കുന്നതിലല്ല, ഈശോ നോക്കിയതുപോലെ സഹജനെ നോക്കാൻ സാധിക്കുന്നതിലാണ് ജീവിതത്തിന്റെ ധന്യത.
ദരിദ്രന്റെ മിഴികളിലെ നനവറിയുവാനും അനാഥന്റെ തോളിൽ സ്നേഹസ്പർശമാകുവാനും അപരൻ്റെ നോവിൽ ഉള്ളലിയുവാനുമുള്ള ഒരു മനസ്സിൻ്റെ ഭാവമാണ്, കരുണനിറഞ്ഞ ദർശനമാണ് നമുക്കിന്നാവശ്യം, ഇന്നിന്റെ ലോകത്തിനാവശ്യം. ഈ തിരിച്ചറിവും ഇതിലേയ്ക്കുള്ള ചുവടുവയ്പുമാണ് സഭാമക്കൾക്ക് ഉണ്ടാകേണ്ടത്. ഔഷ്വിറ്റ്സ് കോൺസൻട്രേഷൻ ക്യാമ്പിൽ ബലിയായി മാറിയ ഈഡിത്ത് സ്റ്റെയിൻ ഇപ്രകാരം തൻ്റെ ഡയറിയിൽ എഴുതിയിട്ടുണ്ട്. “മിശിഹായുമായി പൂർണ്ണമായും ഐക്യം പ്രാപിക്കാൻ നിങ്ങൾക്ക് ആത്മാർത്ഥമായ ആഗ്രഹവും താല്പര്യവും ഉണ്ടെങ്കിൽ വേദനയുടെ, ദുഃഖദുരന്തങ്ങളുടെ എല്ലാ മേഖലയിലും എല്ലാ സ്ഥലത്തും വേദനിക്കുന്നവർക്ക് ആശ്വാസവും സൗഖ്യവും രക്ഷയും പകർന്നു കൊടുത്തുകൊണ്ട് കുരിശിന്റെ ശക്തിയാൽ കാരുണ്യമായി നിങ്ങൾ സന്നിഹിതരായിരിക്കും."
ഇത്തരം ചിന്തകൾക്കു ജീവിതത്തിലൂടെ ജീവൻ കൊടുത്ത തിന്റെ ഫലമായി രൂപം കൊണ്ടതാണ് മാനസികമായി താളം തെറ്റിയവർക്കായി രൂപം കൊണ്ട് സ്ഥാപനങ്ങളും സമൂഹം ഒറ്റപ്പെടുത്തുകയും തിരസ്ക്കരിക്കുകയും ചെയ്യുന്ന, വിഭിന്നശേഷിയുള്ളവർക്കായി കാഞ്ഞിരപ്പള്ളി രൂപതയിലുള്ള ശുശ്രൂഷാഭവനങ്ങളും സംരക്ഷണകേന്ദ്രങ്ങളുമെല്ലാം. നേരിട്ട് ഈ “we care centre" ന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പലതാണ്:
1. നല്ല സമറായൻ ആശ്രമം, പുളിമാവ് കാഞ്ഞിരപ്പള്ളി
1998 ആഗസ്റ്റ് 15-ന് തുടക്കം കുറിച്ച് അഞ്ഞുറോളം സഹോദരിമാർക്ക് അഭയമേകുകയും 140 സഹോദരിമാർക്ക് ഇപ്പോൾ സംരക്ഷണം നൽകിവരികയും ചെയ്യുന്ന മാനസിക രോഗികളുടെ ശുശ്രൂഷാ ഭവനമാണ് നല്ല സമറായൻ ആശ്രമം. തെരുവിലൂടെ അലഞ്ഞു നടക്കുന്നവരും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരും വീട്ടിൽ സംരക്ഷിക്കാൻ ആരുമില്ലാത്തവരുമാണ് ഈ ഭവനത്തിലെ മക്കൾ. കുടുംബാനുഭവം ഇവർക്കു ലഭിക്കത്തക്കവിധത്തിലാണ് ഈ ഭവനത്തിലെ കാര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പ്രാർത്ഥനയും മരുന്നും പരിചരണവും കൂടാതെ, ഇവരുടെ ശാരീരിക-മാനസിക വളർച്ചയ്ക്ക് ഉതകുന്ന വിവിധ പ്രവർത്തനങ്ങളും ഈ ഭവനത്തിൽ നടത്തപ്പെടുന്നു. പൂന്തോട്ടനിർമ്മാണം, വിവിധയിനം പച്ചക്കറി കൃഷി, ഔഷധസസ്യങ്ങളുടെ സംരക്ഷണം, പശു, ആട്, പന്നി, മുയൽ ഗിനി, കോഴി, തുടങ്ങിയവയുടെ വളർത്തൽ എന്നിവയിൽ ആശ്രമമക്കളെ പങ്കുചേർക്കുന്നതുവഴി മാനസികമായ സന്തോഷവും സംതൃപ്തിയും ഇവർക്കു ലഭ്യമാകുന്നു. കൊന്ത, കരകൗശല വസ്തുക്കൾ, ചവിട്ടി, ഉപയോഗശൂന്യമായ വസ്തുക്കളിൽനിന്നു മനോഹരമായ അലങ്കാരസാധനങ്ങൾ എന്നിവയൊക്കെ ഉണ്ടാക്കുന്നതിന് ഇവരെ പരിശീലിപ്പിക്കുന്നു. എല്ലാ മതസ്ഥരും ഈ ഭവനത്തിലുണ്ട്. ദിവ്യബലിയിലും, ജപമാലയിലും ദിവ്യ കാരുണ്യ ആരാധനയിലും ഇതര പ്രാർത്ഥനകളിലും ഏവരും പങ്കുചേരുന്നു. പ്രാർത്ഥനയാണ് ഈ ഭവനത്തിൻ്റെ പ്രവർത്തനങ്ങൾക്കെല്ലാം പിൻബലമായി നിൽക്കുന്നത്. നാനാജാതിമതസ്ഥരായ സുമനസ്സുകളുടെ ഔദാര്യ പൂർണ്ണമായ സഹായത്താലാണ് നല്ല സമറായൻ ആശ്രമത്തിന്റെ അനുദികാര്യങ്ങൾ മുന്നോട്ടു പോകുന്നത്. ഈ ഭവനത്തിൽ 5 സി.എം.സി. സിസ്റ്റേഴ്സ് ശുശ്രൂഷചെയ്യുന്നു. വേതനം പറ്റുന്ന 13 പേരും രണ്ട് സന്നദ്ധശുശ്രൂഷകരും ഈ ഭവനത്തിന്റെ ശുശ്രൂഷയിൽ പങ്കുചേരുന്നു. നല്ല സമറായൻ ആശ്രമത്തിൽ എല്ലാ ദിവസവും ഉച്ചഭക്ഷണം പൊതിച്ചോറായി ലഭിക്കുന്നു. ഏഴു പ്രദേശങ്ങളിലായി 150 പൊതിച്ചോർവീതം ആഴ്ചയിലെ ഏഴു ദിവസവും നാനാജാതി മതസ്ഥരായ സഹോദരങ്ങൾ ഭവനങ്ങളിൽ ക്രമീകരിച്ചിരിക്കുന്നത് ആശ്രമശുശ്രൂഷകരായ രണ്ടുപേർ ഓട്ടോറിക്ഷയിൽ പോയി ശേഖരിച്ച് ആശ്രമത്തിലെത്തിക്കുന്നു. ദൈവപരിപാലനയുടെ കരങ്ങൾ അനുദിനവും ഈ ഭവനത്തെ താങ്ങിനിർത്തുമ്പോൾ കരുണയുടെ മുഖം പ്രകാശിതമാക്കുന്നതിൽ ഇവരെല്ലാവരും പരോക്ഷമായും പ്രത്യക്ഷമായും പങ്കാളികളായിത്തിരുന്നു.
2. നല്ല സമറായൻ റിസർച്ച് ആൻ്റ് റിഹബിലിറ്റേഷൻ സെന്റർ
നല്ല സമറായൻ ആശ്രമത്തോടനുബന്ധിച്ചു തന്നെയാണ് നല്ല സമറായൻ റിഹാബിലിറ്റേഷൻ സെൻ്റർ പ്രവർത്തിക്കുന്നത്. മാനസിക വൈകല്യമുള്ളവർക്കും പ്രായംകൊണ്ടും രോഗംകൊണ്ടും കൂടുതൽ പരിചരണം ആവശ്യമുള്ളവർക്കുംവേണ്ടി 2011 മെയ് 31-ാം തിയതി പ്രവർത്തനമാരംഭിച്ച ശുശ്രൂഷയാണിത്. ഇവിടെയും രണ്ടു സി.എം.സി സിസ്റ്റേഴ്സാണ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നത്. വേതനം പറ്റുന്ന നാലുപേരും ഒരു സന്നദ്ധശുശ്രൂഷകനും ഇവിടുത്തെ ശുശ്രൂഷകളിൽ പങ്കാളികളാകുന്നു. ഇതിനോടുചേർന്ന് പ്രാർത്ഥനയിലൂടെയും പരിചരണത്തിലൂടെയും സൗഖ്യത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച അയൽവീട്ടിൽ ആഴ്ചയിലൊരിക്കൽ ഡോക്ട്ടർ വരികയും സൗജന്യവൈദ്യപരിശോധനയും കൗൺസിലിംഗും നടത്തുകയും ചെയ്യുന്നു.
നല്ല സമറായൻ റിഹാബിലിറ്റേഷൻ പ്രോഗ്രാം മാനസിക രോഗമുള്ളവരും എന്നാൽ സ്ഥാപനങ്ങളിൽ താമസിക്കാൻ പറ്റാത്തവരും നിലവിൽ ആരും സംരക്ഷിക്കാനില്ലാത്തവരുമായവരെ ശുശ്രൂഷിച്ച് സംരക്ഷിക്കുന്ന പദ്ധതിയാണ്. അവരവരുടെ വീടുകളിലോ, രോഗിക്കു പറ്റുന്ന മറ്റ് ഏതെങ്കിലും സ്ഥലത്തോ അവരെ താമസിപ്പിക്കുകയും മരുന്ന്, ഭക്ഷണം തുടങ്ങി രോഗിയുടെ എല്ലാ ആവശ്യങ്ങളും നടത്തിക്കൊടുക്കുകയും ചെയ്യുന്നു.
3. ബേത്ലഹേം ആശ്രമം, വണ്ടൻപതാൽ
അശരണരും ആശ്രയരഹിതരുമായ അമ്മമാർക്കും കുഞ്ഞുങ്ങൾക്കും അഭയമേകാൻ മുണ്ടക്കയത്തിനടുത്ത് വണ്ടൻപതാൽ എന്ന സ്ഥലത്ത് 1998 ഫെബ്രുവരി 8 ന് തുടക്കംകുറിച്ചതാണ് ഈ ഭവനം. വ്യത്യസ്തത സാഹചര്യങ്ങളിൽ അമ്മമാരാകുകയുംആശ്രയമില്ലാതാവുകയും ചെയ്യുന്നവർക്ക് ദൈവസ്നേഹമനുസരിച്ച് ജീവിക്കുവാനും കുഞ്ഞുങ്ങൾക്കു ജന്മം നൽകുവാനും അവരെ ദൈവമക്കളാക്കിവളർത്തുവാനും വേണ്ട സാഹചര്യങ്ങൾ ഈ ഭവനത്തിൽ നൽകപ്പെടുന്നു. ഒരുമാസം പ്രായമുള്ള കുഞ്ഞുമുതൽ +2 വരെ പഠിക്കുന്ന 59 പെൺകുട്ടികളും ഗർഭാവസ്ഥയിലുള്ളവരും മറ്റ് അമ്മമാരായി 18 പേരും ഈ ഭവനത്തിൽ സാഹോദര്യത്തോടെ കഴിയുന്നു. ഓരോ ജീവനും വിലപ്പെട്ടതാണെന്നും കുഞ്ഞുങ്ങൾ ദൈവദാനമാണെന്നും ദൈവത്തിൻ്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട ദൈവരൂപങ്ങളാണെന്നുമുള്ള തിരിച്ചറിവോടെ തിരുഹൃദയസന്യാസിനീ സമൂഹത്തിലെ മൂന്നു സിസ്റ്റേഴ്സ് ഈ ഭവനത്തിലെ ശുശ്രൂഷയിൽ പങ്കാളികളാകുന്നു. കൂടാതെ വേതനം പറ്റുന്ന നാലുപേരും ഈ ശുശ്രൂഷയിൽ പങ്കുചേരുന്നു. സുമനസ്സുകളുടെ സഹായസഹകരണങ്ങൾ ഈ ഭവനത്തിന്റെ അനുദിനപ്രവർത്തനങ്ങൾക്ക് കൈത്താങ്ങാകുന്നു. ദൈവകരുണയുടെ മുഖം പ്രതിഫലിപ്പിച്ചുകൊണ്ട് കുഞ്ഞുങ്ങളുടെ മാനസികവും ബൗദ്ധികവും ആദ്ധ്യാത്മികവുമായ നന്മയും വളർച്ചയും ലക്ഷ്യമാക്കി ഈ ഭവനത്തിലെ പ്രവർത്തനങ്ങൾ നിർവ്വഹിക്കപ്പെടുന്നു.
4. വി. ജിയന്നാ ആശ്രമം, ചോറ്റുപാറ
വണ്ടൻപതാൽ ബേത്ലഹേം ആശ്രമത്തിൻ്റെ തുടർച്ചയായി അഞ്ചു വയസ്സിനു മുകളിൽ പ്രായമുള്ള ആൺകുട്ടികൾക്കായി 2009 മാർച്ച് 25-ാം തിയതി തുടക്കം കുറിച്ചതാണു രാമക്കൽമേടിനടുത്ത് ചോറ്റുപാറയിലുള്ള വിശുദ്ധ ജിയന്നായുടെ നാമത്തിലുളള ആശ്രമം. വിവിധ ക്ലാസുകളിൽ പഠിക്കുന്ന 15 ആൺകുട്ടികളാണ് ഇപ്പോൾ ഈ ഭവനത്തിലുള്ളത്. കുട്ടികളുടെ കായികവും കലാപരവുമായ കഴിവുകളെ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും ഈ ഭവനം അവസരമൊരുക്കുന്നു. കൂടാതെ ബൗദ്ധികവും ആദ്ധ്യാത്മികവുമായ നന്മലക്ഷ്യമാക്കിയും മൂല്യാധിഷ്ഠിതമായ ജീവിതം നയിക്കുന്നതിനുവേണ്ടിയും പര്യാപ്തമായ അവസരങ്ങൾ ഈ ശുശ്രൂഷാ ഭവനത്തിൽ ലഭ്യമാക്കുന്നു. Little Sisters of Christ സന്യാസിനി സമൂഹത്തിലെ മൂന്നു സിസ്റ്റേഴ്സ് ഈ ഭവനത്തിലെ ശുശ്രൂഷകൾ ചെയ്യുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ കുഞ്ഞുങ്ങൾക്കു ഭക്ഷണവും, വസ്ത്രവും, താമസസൗകര്യങ്ങളും വിദ്യാഭ്യാസവും നൽകികൊണ്ട് ദൈവകരുണയുടെ മുഖം“നീയും പോയി അതുപോലെ തന്നെ ചെയ്യുക"
5. ആശാദീപം സ്പെഷ്യൽ സ്കൂൾ, പുളിമാവ്
2012 അധ്യയന വർഷം മുതൽ we care centre ന്റെ കീഴിൽ കാഞ്ഞിരപ്പള്ളി, പുളിമാവ് പ്രദേശത്ത് പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് ആശാദീപം സ്പെഷ്യൽ സ്കൂൾ. കേൾവി-സംസാര വൈകല്യങ്ങളുള്ള കുഞ്ഞുങ്ങൾക്കായുള്ള ഈ സ്ഥാപന്നത്തിൽ 35 കുട്ടികൾ പതിവായി എത്തുന്നു. സ്പീച്ച് തെറാപ്പിക്കായി 15 കുട്ടികളും വ്യത്യസ്തസമയങ്ങളിൽ ഇവിടെ വരുന്നു. LKG, UKG ക്ലാസ്സുകളും 1-4 വരെ ക്ലാസ്സുകളുമാണ് നിലവിലുള്ളത്. കേൾവി പരിശോധനയും ഇവിടെ നടത്തപ്പെടുന്നു. Vocational training, കമ്പ്യൂട്ടർ വിദ്യാഭ്യാസം, കായികപരിശീലനം, യോഗാ, കലാമത്സരങ്ങൾ, ഡാൻസ്, ഡ്രോയിംഗ്, പെയിൻ്റിംഗ്, വർക്ക് എകസ്പീരിയൻസ് ഫിസിയോതെറാപ്പി എന്നിവയ്ക്കുള്ള സംവിധാനങ്ങളും പരിശീലനങ്ങളും ഈ സ്ഥാപനത്തിൽ ലഭ്യമാണ്. ഓട്ടിസം ബാധിച്ച കുട്ടികൾക്കും ഇവിടെ പരിശീലനം നൽകിവരുന്നു. മാനുഷികരീതിയിൽ ചിന്തിക്കുമ്പോൾ ഏറെ പ്രതിസന്ധികളും വെല്ലുവിളികളും നിറഞ്ഞ കുട്ടികളാണ് ഇവരെങ്കിലും ഇവരിൽ ഈശോയെ ദർശിച്ച് അവിടുത്തെ മുഖം ഇവർക്കുമുമ്പിൽ കാണിച്ചുകൊടുക്കുവാൻ തീവ്രയത്നം ചെയ്യുന്നതു കാരുണ്യമാതാവിൻ്റെ സന്യാസിനീസമൂഹത്തിലെ രണ്ടു സിസ്റ്റേഴ്സും അഞ്ചു വേതനം പറ്റുന്നവരുമാണ്. കുട്ടികളുടെ മാതാപിതാക്കൾക്കു കൗൺസിലിംഗിനുള്ള സൗകര്യവും സംലഭ്യമാക്കുന്നു.
6. ആശാദീപം ബോർഡിംഗ്
ആശാദീപം സ്കൂകൂളിലെ കുട്ടുകൾക്കായി ബോർഡിംഗ് സൗകര്യവും സ്കൂളിനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. 12 കുട്ടികളാണ് നിലവിൽ ബോർഡിംഗിൽ താമസിച്ച് പഠിക്കുന്നത്. ഇവർക്ക് പ്രത്യേക പരിശീലനവും പ്രോത്സാഹനവും നൽകി വരുന്നു. സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് ഇവരെ കൂട്ടിക്കൊണ്ടു വരുന്നതിനുതകുന്ന മാനസിക-ശാരീരിക-ബൗദ്ധികതലങ്ങളിലെ സമഗ്രവളർച്ചയ്ക്കുതകുന്ന സാഹചര്യങ്ങളാണ് ഇവിടെ ഒരുക്കപ്പെട്ടിരിക്കുന്നത്. രണ്ടു സിസ്റ്റേഴ്സും ഒരു വേതനം പറ്റുന്നയാളും ഇവിടെ സേവനമനുഷ്ഠിക്കുന്നു.
7. ആശാനിലയം സ്പെഷ്യൽ സ്കൂൾ, പൊൻകുന്നം
ബുദ്ധിവൈകല്യം ബാധിച്ച, വിഭിന്നശേഷിയുള്ള കുട്ടികൾക്കായുള്ള ഈ സ്ഥാപനത്തിൽ 130 കുട്ടികൾ പഠിക്കുന്നു. തിരുഹൃദയസന്യാസിനീസമൂഹത്തിലെ 8 സിസ്റ്റേഴ്സ് ഇവിടെ സേവനമനുഷ്ഠിക്കുന്നു. കൂടാതെ 13 അദ്ധ്യാപകരും അനദ്ധ്യാപകരും ഈ കുഞ്ഞുങ്ങൾക്കായി ജീവിതം സമർപ്പിക്കുന്നു. കുട്ടികളുടെ കലാ-കായിക കഴിവുകളെ കണ്ടെത്തുന്നതിനും അഭിരുചിക്കൊത്തവിധം അവ വളർത്തിയെടുക്കുന്നതിനും പര്യാപ്തമായ സാഹചര്യങ്ങൾ കുഞ്ഞുങ്ങൾക്കു ലഭ്യമാക്കുന്നു. അതിമനോഹരമായ രീതിയിൽ വിവിധ വേദികളിൽ തങ്ങളുടെ കഴിവുകൾ പ്രകടമാക്കിയ ബാന്റ്സെറ്റും ഇവിടെയുണ്ട്. കരകൗശലവസ്തുക്കളുടെ നിർമ്മാണം, പച്ചക്കറി, പൂന്തോട്ടനിർമ്മാണം, മെഴുകുതിരി നിർമ്മാണം, പെയിന്റിംഗ്, ഡ്രോയിംഗ് ഇവയക്കുള്ള പരിശീലനവും നൽകപ്പെടുന്നു. സ്കൂളിൽ വരാനാവാത്തവിധം ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികളുടെ ഭവനങ്ങളിൽച്ചെന്ന് അവർക്കുവേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കുന്നതിനും ശ്രദ്ധചെലുത്തുന്നു. ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, occupational therapy എന്നിവയും നൽകി വരുന്നു.
8. ആശാം ഹോം, കാഞ്ഞിരപ്പള്ളി
ആശാനിലയം സ്പെഷ്യൽ സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്കായുള്ള താമസസ്ഥലമാണ് ആശാഹോം. കൂടുതൽ സംരക്ഷണവും ശ്രദ്ധയും ആവശ്യമായിരിക്കുന്ന 45 കുട്ടികളാണ് ഇവിടെ താമസിച്ച് പരിശീലനം നേടുന്നത്. ഫിസിയോതെറാപ്പി, യോഗ, തുടങ്ങി മറ്റു പല പരിശീലനപരിപാടികളും ഇവർക്കായി നൽകപ്പെടുന്നു. തനിയെയാതൊന്നും ചെയ്യാൻ സാധിക്കാത്തവർക്ക് സഹായം ചെയ്തുകൊടുക്കുന്നതിന് മുതിർന്ന കുട്ടികളെ പരിശീലിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സാഹോദര്യത്തിൽ വളരുന്നതിനും നന്മ അഭ്യസിക്കുന്നതിനുമുള്ള വേദി ഇവിടെ ഒരുക്കപ്പെടുന്നു.
ഇവകൂടാതെ we care centre ൻ്റെ മേൽനോട്ടത്തിലും നിയന്ത്രണത്തിലും കരുണയുടെ മുഖം പ്രകാശിതമാക്കുന്ന നിരവധി പ്രവർത്തനവേദികളുമുണ്ട്. ബാലഭവനുകളും ബാലികാഭവനുകളും ശാരീരിക വൈകല്യമുള്ളവർക്കായുള്ള ഭവനങ്ങളും ഭവന രഹിതർക്കായുള്ള സ്ഥാപനങ്ങളും വാർദ്ധക്യത്തിലെത്തിയവരെ സംരക്ഷിക്കുന്ന ഭവനങ്ങളും മാനസികരോഗികളായ പുരുഷന്മാർക്കായുള്ള സ്ഥാപനങ്ങളും മദ്യപാനികൾക്കായുള്ള ധ്യാനകേന്ദ്രവും പുനരധിവാസകേന്ദ്രങ്ങളും ഇതിലുൾപ്പെടുന്നു.
ഇവയ്ക്കു പുറമേ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സഹായവും. ബാഗ്, നോട്ടുബുക്ക്, കുട തുടങ്ങിയവയുടെ വിതരണവും നടത്തിപ്പോരുന്നു. 510 കുട്ടികൾ (students training and education programme) ന്റെ ഗുണഭോക്താക്കളായുണ്ട്. ഹൈറേഞ്ച്, ലോറേഞ്ച് മേഖല തിരിച്ച് ഇവർക്കും ഇവരുടെ മാതാപിതാക്കൾക്കും കുറഞ്ഞത് വർഷത്തിൽ രണ്ടു പ്രാവശ്യമെങ്കിലും ക്ലാസ്സുകളും ബോധവത്ക്കരണ പരിപാടികളും ക്രമീകരിച്ചുവരുന്നു.
ചൈൽഡ് ലൈൻ പ്രവർത്തനങ്ങളും സജീവമായ വിധത്തിൽ നിർവ്വഹിക്കപ്പെടുന്നു. കോട്ടയം ചൈൽഡ് ലൈനിന്റെ സപ്പോർട്ട് ഓർഗനൈസേഷനാണ് we care centre, care intervention aware-ness programmes, out reach programme ഇവയൊക്കെയും ചൈൽഡ് ലൈനിൻ്റെ പ്രവർത്തനങ്ങളിലുൾപ്പെടുന്നു.
വീടുകളിൽ കിടപ്പുരോഗികളായി കഴിയുന്നവർക്ക് സാന്ത്വനത്തിന്റെ കരുതലേകാൻ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ വഴി സാധ്യമാകുന്നു. ഹൈറേഞ്ച്, ലോറേഞ്ച് തിരിച്ച് വോളണ്ടിയേഴ്സിന്റെ സഹായത്തോടെ
കത്തീറ്ററൈസേഷൻ, ഷുഗർ ടെസ്റ്റ്. രോഗീപരിചരണം എന്നിവ നിർവഹിക്കപ്പെടുന്നു. ക്യാൻ (can: care and near) പാലിയേറ്റീവ് കെയർ എന്ന പേരിലാണിത് we care centre ന്റെ നേതൃത്വത്തിൽ ഇവ നടത്തപ്പെടുന്നത്.
ചുരുക്കത്തിൽ, മാനസിക-ശാരീരിക-ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന വിവിധ പ്രായപരിധിയിലുള്ള എല്ലാ സഹോദരങ്ങൾക്കും സമൂഹത്തിൽ ജീവിക്കാനും സന്തോഷിക്കാനും സൗഹൃദം പങ്കുവയ്ക്കാനും അവകാശമുണ്ടെന്ന തിരിച്ചറിവുകൊടുക്കാൻ ഈ ശുശ്രൂഷകളിലൂടെ സാധിക്കുന്നു. സഭയുടെ മുഴുവൻ പ്രവർത്തനങ്ങളിലും പ്രതിഫലിക്കേണ്ട ഭാവമായ ഈശോയുടെ കരുണയുടെ മുഖമായി മാറാൻ ഈ കരുണയുടെ വർഷത്തിൽ നമുക്കു പ്രതിജ്ഞാബദ്ധരാകാം.
ഫാ. ജോർജ് കുറ്റിക്കൽ MCBS
Friends and Birds of the Air
A-2/59, Phase-5, Ayanagar Ext,
New Delhi 110047
Mob: 9446505525
E-mail: frgeorgekuttickal@gmail.com
ഇശോ തന്റെ പ്രവാചകവിളി ജീവിച്ചതുപോലെ കാലത്തിന്റെ അടയാളങ്ങളും ദൈവികസമയങ്ങളും പരിശുദ്ധാത്മാവിൽ വിവേചിച്ചറിഞ്ഞ് ജീവിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നതിനുള്ള അതിശ്രേഷ്ഠമായ വിളിയാണ് Friends and Birds of the Air Ecclesial Com-munity (എഫ്. ബി. എ. എക്ലേസ്യൽ കമ്മ്യൂണിറ്റി)ക്കുള്ളത്. അൽമായരും സന്യസ്തരും വൈദികരും ഒരുമിച്ചു പ്രവർത്തിക്കുന്ന ത്രിയേക കൂട്ടായ്മയാണിത്.
ദൈവത്തിന്റെ പ്രിയപ്പെട്ടവരെ നശിപ്പിക്കാൻ സാത്താൻ പുതിയ പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ, തെരുവിൽ അനാഥമാക്കപ്പെടുന്ന ജീവിതങ്ങളെയും ആത്മഹത്യ, ഭ്രൂണഹത്യ, ദയാവധം, അധാർമ്മിക ഭൗതികത, മയക്കുമരുന്ന്, ചുവന്ന തെരുവ്, മുതലായവവഴി പിശാചിൻ്റെ പിടിയിൽപ്പെടുന്ന ആത്മാക്കളെയും രക്ഷിച്ചെടുക്കുന്നതിനായി ജാഗരൂകതയോടും ഊർജ്ജസ്വലതയോടുംകൂടി പ്രതികരിക്കുവാനുള്ള വിളിയാണ് എഫ്. ബി. എ. എക്ലേസ്യൽ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾക്കു നല്കപ്പെടരുന്നത്.
ചരിത്രം ഗതിമാറി ഒഴുകുന്നു
ഭിക്ഷാടകമക്കൾക്കുവേണ്ടി (ആകാശപ്പറവകൾ) 1992-ൽ തൃശൂർ വെട്ടുക്കാട്ടുവച്ച് ദിവ്യകാരുണ്യസ്നേഹ മഹോത്സവത്തിന് തുടക്കം കുറിച്ചത് ചരിത്രത്തിൻ്റെ ഒരു തിരുത്തിക്കുറക്കലായിരുന്നു. അതുവരെയും വചനവേദികളിൽനിന്നു പുറത്താക്കപ്പെട്ടിരുന്ന ഭിക്ഷാടകർക്ക് അന്നു വചനം കേൾക്കുവാനുള്ള വേദിയൊരുങ്ങി. ഇവർക്കുവേണ്ടിയുള്ള ദിവ്യകാരുണ്യസ്നേഹമഹോത്സവ ക്യാമ്പുകൾ എഫ്. ബി. എ. യെ സംബന്ധിച്ചിടത്തോളം വിപ്ലവാത്മകമായ ഒരു മുന്നേറ്റമായിരുന്നു. ദരിദ്രനെ പൊടിയിൽനിന്നും അഗതിയെ കുപ്പക്കുഴിയിൽനിന്നും കയറ്റി പ്രഭുക്കന്മാരോടൊപ്പം ഇരുത്തുന്നു (സാമു. 2,8) എന്ന കർത്താവിൻ്റെ വചനം പൂർത്തീകരിച്ചുകൊണ്ട് ഈ മക്കളുടെ മദ്ധ്യത്തിൽ ദിവ്യകാരുണ്യവിരുന്ന് ആഘോഷിക്കപ്പെടുകയായിരുന്നു.
ആദ്യമായി ഇവർക്കുവേണ്ടിയുള്ള അഞ്ചു ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചപ്പോൾ ധാരാളം പേർ ക്യാമ്പിൽ പങ്കെടുത്തു. ഇവരാരും ക്യാമ്പിലേക്ക് കടന്നുവരികയായിരുന്നില്ല. പകരം, കേട്ട വചനം ജീവിക്കുവാനായി തയ്യാറെടുത്ത കുറെ സഹോദരങ്ങളും ഞാനും ദൈവത്തിൻ്റെ അമൂല്യരും പ്രിയപ്പെട്ടവരുമായ ഈ മക്കളെ ക്യാമ്പിന് ക്ഷണിക്കുന്നതിന് പ്രത്യേകം തയ്യാറാക്കിയ ക്ഷണക്കത്തുമായി, ഇവർ ഒരുമിച്ചുകൂടുന്ന സ്ഥലങ്ങളിലും മറ്റും കടന്നുചെന്ന് അവരെ പ്രത്യേകമായി ക്യാമ്പിലേക്ക് ക്ഷണിച്ചു കൊണ്ടുവരികയായിരുന്നു.
ഹൃദയത്തിൽ വിരിഞ്ഞ കണ്ണീർ മുത്തുകൾ
ഒരു സന്യാസ വൈദികനായ ഞാൻ 1983-ൽ രാജസ്ഥാനിലുള്ള ഭർത്തപൂർ പക്ഷിസങ്കേതം സന്ദർശിക്കുവാൻ ഇടയായി. അവിടെ ദേശാടനപകഷികളെ ഏറ്റവും സ്നേഹത്തോടെ പരിപാലിക്കുകയും ശുശ്രൂഷിക്കുകയും സമയാസമയങ്ങളിൽ മരുന്ന് കൊടുക്കുകയും ചെയ്യുന്ന ഡോ. സലിം അലിയുടെ നേതൃത്വത്തിലുള്ള കുറെ സന്നദ്ധഹൃദയങ്ങളെ കണ്ടുമുട്ടി. അന്ന് ഈശോ എന്റെ ഹൃദയത്തിൽ ഒരു വിത്ത് നിക്ഷേപിച്ചു - ആകാശപ്പറവകളെ ശുശ്രൂഷിക്കാനുള്ള വിളിയുടെ. ഈ കൂട്ടുകാരെ ഒന്നിച്ചു ചേർക്കാൻ അന്നു ഞാൻ തീരുമാനിച്ചു.
തൃക്കുന്നപ്പുഴ സ്നേഹാശ്രമം
കേൾവികേട്ട ആലപ്പുഴ പട്ടണത്തിൻ്റെ വിരിമാറിലൂടെ പുന്നപ്ര വയലാർ രക്തസാക്ഷികളുടെ ഓർമ്മകളുറങ്ങുന്ന മണ്ണിലൂടെ പ്രകൃതിരമണീയമായ തൃക്കുന്നപ്പുഴയ്ക്കൊരു യാത്ര. ഇവിടെയാണ് എഫ്. ബി. എ. പിറന്നു വീണ ബെത്ലഹേം. 1989 ജൂൺ മുതൽ 1990 ജൂൺ വരെയുള്ള ഒരു വർഷം ഈ ശുശ്രൂഷയുടെ ഈറ്റുനോവുമായി ഞാൻ ഒരു ജോടി വസ്ത്രവും ബൈബിളും പ്രാർത്ഥനാ പുസ്തകവുമായി തപസ്സിൻ്റെയും പ്രായശ്ചിത്തത്തിന്റെയും ജീവിതം നയിച്ച പുണ്യഭൂമി. ഭർത്തപുരിയിൽനിന്നു ലഭിച്ച ദൈവിക ഈറ്റു നോവിന്റെ വേദന ഉൾക്കൊണ്ടുകൊണ്ട് തന്റെ ദൗത്യത്തിന്റെ ഉള്ളറ തേടിയുള്ള യാത്രയ്ക്കൊരുക്കമായിരുന്നു തൃക്കുന്നപ്പുഴയിൽ കുടിലിലെ ആ ജീവിതം.
കാലിത്തൊഴുത്തിൻ്റെ ആദ്ധ്യത്മികതയിലേക്ക്
തുടർന്ന്, പരിശുദ്ധ കുർബാനയെക്കുറിച്ചും താപസ സന്യാസത്തെക്കുറിച്ചും കൂടുതൽ പഠിക്കുവാനും ജീവിക്കുവാനും ആഗ്രഹിച്ചു കോട്ടയം വടവാതൂരുള്ള പൗരസ്ത്യ വിദ്യാപീഠത്തിൽ എം.ടി.എച്ച് പഠിക്കുവാൻ ഞാൻ പോയി. തീസ്സിസ്സ് എഴുതുവാനായി എടുത്ത വിഷയം ബലിപീഠത്തിൽ വിടരുന്ന താപസ സന്യാസം എന്നതായിരുന്നു.
എഫ്. ബി. എ. യുടെ ആദ്യത്തെ ആശ്രമം
1993 ജനുവരി 18 ന് ആകാശപ്പറവകൾക്കുവേണ്ടിയുള്ള ആദ്യത്തെ ആശ്രമം കാരുണ്യത്തിൻ്റെ അമ്മയായ മദർതെരേസ ഉദ്ഘാടനം ചെയ്തു. തൃശൂർ പീച്ചിക്കടുത്തുള്ള ചെന്നായ്പ്പാറയിൽ 'ദിവ്യ ഹൃദയാശ്രമം' എന്ന പേരിൽ ആരംഭിച്ച ആശ്രമത്തിൻന്റെ ഉദ്ഘാടനവേളയിൽ തെരുവോരങ്ങളിലെ അശരണരുടേയും അഗതികളുടെയും ശുശ്രൂഷയ്ക്കുവേണ്ടിയുള്ള പ്രകാശിക്കുന്ന തിരി മദർ എനിക്കു കൈമാറി.
ശുശ്രൂഷയുടെ മഹത്വം
അഗതികളുടെയും അനാഥരുടെയും ഹൃദയത്തിൽനിന്നുമുയരുന്ന വേദനയുടെയും നെടുവീർപ്പിൻ്റെയും നിലവിളി തിരിച്ചറിഞ്ഞതാണ് ദിവ്യകാരുണ്യ മഹോത്സവക്യമ്പുകൾക്ക് തുടക്കം കുറിക്കാൻ ഇടയാക്കിയത്. ജീവിതത്തിലെന്നും അവഗണനയുടെയും നിന്ദനത്തിന്റെയും ആട്ടിയിറക്കലിൻ്റെയുംമാത്രം സ്വാദ് രുചിച്ചിരുന്നവരെ, അവർ ദൈവത്തിൻ്റെ ശ്രേഷ്ഠരും അമൂല്യരുമായ മക്കളാണെന്നുള്ള ബോധ്യത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് ഈ ദിവ്യകാരുണ്യ മഹോത്സവക്യാമ്പുകളിലൂടെ ഞങ്ങൾ ചെയ്യുന്നത്. സമൂഹം തെരുവുതെണ്ടികളെന്നു മുദ്രകുത്തി മാറ്റിനിർത്തിയിരുന്ന അവരെ സ്നേഹത്തോടെ ക്യമ്പിലേക്ക് കൂട്ടിക്കൊണ്ടുവന്ന് കുളിപ്പിച്ച് പുതുവസ്ത്രങ്ങൾ അണിയിച്ച് ആദരിക്കുന്നു. സമൂഹത്തിൽ നിലയും വിലയുമുള്ളവർ അവരുടെ ശുശ്രൂഷകരും ദാസരുമായി മാറുന്നു.
നവസുവിശേഷീകരണത്തിൻ്റെ വിളി
നവസുവിശേഷികരണത്തിനുള്ള ഈ വിളി ഒരു ദൈവികദാനമാണ്. തല ചായ്ക്കാനിടമില്ലാതെ തെരുവിൽ അലയുന്ന മുറിവേറ്റവനും തകർക്കപ്പെട്ടവനുമായ ഈശോയെ കാണാനും അവന്റെ ഹൃദയമിടിപ്പുകൾ അനുഭവിച്ചറിയുവാനുമുള്ള വിളിയാണ് ഇത്. ഏശയ്യാ 52,53 അദ്ധ്യായങ്ങളിൽ കാണുന്ന സഹനദാസൻ തെരുവിലെ തകർക്കപ്പെട്ട അവസ്ഥയിൽ ദൃശ്യമാകുന്നു. അവരെക്കുറിച്ചുള്ള ദൈവത്തിൻ്റെ അവർണ്ണനീയമായ സ്നേഹം അനുഭവിച്ചറിഞ്ഞ്, ഇടയനില്ലാത്ത ആടുകളെക്കുറിച്ചുള്ള കർത്താവിന്റെ വേദനയിൽ പങ്കുചേർന്ന്, പ്രാർത്ഥിക്കുവാനും അവരെ വചനംകൊണ്ടും അപ്പംകൊണ്ടും പരിപോഷിപ്പിക്കുവാനുമുള്ള വിളിയാണ് ഇത്.
കൂടിച്ചേരാൻ, കൂട്ടാളിയാകാൻ
ഇന്ത്യയിലുടനീളം 120-ഓളം ആശ്രമങ്ങൾ ഈ രീതിയിൽ നടന്നുപോകുന്നു. വി. കുർബാനയർപ്പണം, ദിവ്യകാരുണ്യ ആരാധന, ധ്യാനം, തപസ് എന്നിവയിലൂടെ ദിവ്യകാരുണ്യപ്രേഷിതർ തങ്ങളുടെ ശുശ്രൂഷയ്ക്കുള്ള ശക്തി സംഭരിക്കുന്നു. അങ്ങനെ നവസുവിശേഷവത്ക്കരണത്തെക്കുറിച്ചുള്ള പരിശുദ്ധ പിതാവ് ജോൺ പോൾ പാപ്പായുടെ ആഹ്വാനത്തിന് എഫ്. ബി. എ. എക്ലേസ്യൽ കമ്മ്യൂണിറ്റി ഒരു പ്രത്യുത്തരമാകുന്നു. നമ്മുടെ കർത്താവിന്റെ വാക്കുകൾതന്നെ ഈ വിശ്വാസത്തിനടിസ്ഥാനം. “എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിക്കാൻ തന്നു. എനിക്ക് ദാഹിച്ചു, നിങ്ങൾ കുടിയ്ക്കാൻ തന്നു. ഞാൻ പരദേശിയായിരുന്നു, നിങ്ങളെന്നെ സ്വീകരിച്ചു. ഞാൻ നഗ്നനായിരുന്നു, നിങ്ങളെന്നെ ഉടുപ്പിച്ചു. ഞാൻ രോഗി യായിരുന്നു, നിങ്ങളെന്നെ സന്ദർശിച്ചു. ഞാൻ കാരാഗൃഹത്തിലായിരുന്നു, നിങ്ങൾ എൻ്റെ അടുത്തു വന്നു... എൻ്റെ ഏറ്റവും എളിയ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ഇത് ചെയ്തുകൊടുത്തപ്പോൾ എനിക്ക് തന്നെയാണ് ചെയ്ത് തന്നത്" (മത്താ, 35,40).
പുനഃനവീകരണ പദ്ധതികൾ
ആകാശപ്പറവകളുടെ സമഗ്രമായ വളർച്ചയ്ക്കുവേണ്ടി ആറുഘട്ട പരിശീലനമാണുള്ളത്. ഇവരുടെ ആത്മീയവും ശാരീരികവും ഭൗതികമായ ഉന്നമനമാണു ലക്ഷ്യം. ഇതുവഴി ഇവർ കുടുംബത്തിലും സമൂഹത്തിലും സ്വീകാര്യരായി പരിണമിക്കുന്നു. ഇവരുടെ സമഗ്രവളർച്ചയെ ലക്ഷ്യംവച്ച് വിവിധ കമ്മ്യൂണിറ്റികൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. സന്യസ്തർക്ക് പ്രവർത്തിക്കുവാൻ ആകാശപ്പറവകളുടെ ദിവ്യകാരുണ്യഉടമ്പടിസമൂഹം, കുടുംബങ്ങൾക്കു പ്രവർത്തിക്കാൻ കുടുംബക്കൂട്ടായ്മ, കുട്ടികളുടെ ഉന്നമനത്തിനായി ഗുരുകുലങ്ങൾ, യുവജനങ്ങൾക്കായി യൂത്ത് കമ്മ്യൂണിറ്റി, അമ്മമാരുടെ ഉദരങ്ങളിലുള്ള കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി പ്രോലൈഫ് കമ്മ്യൂണിറ്റി, മീഡിയയിലൂടെ പ്രവർത്തിക്കുന്നതിന് ആകാശപ്പറവകളുടെ 'കൂട്ടുകാർ' മാസിക, തുടങ്ങി നിരവധി ക്രമീകരണങ്ങൾ.
റിഹബിലിറ്റേഷൻ
ആശ്രമങ്ങളിലെ സ്നേഹ ഇടപെടലുകൾ, പ്രാർത്ഥന, ചികിത്സ തുടങ്ങിയവവഴി സൗഖ്യം പ്രാപിച്ച മക്കളെ അവരവരുടെ വീടുകളിൽ കൊണ്ടെത്തിക്കുമ്പോൾ അവരുടെ നാടും വീടും പുനർജീവൻ പ്രാപിക്കുന്നു. 2010 ജനുവരി 11-ലെ ത്രികാലജപത്തിൽ ബനഡിക്റ്റ് മാർപാപ്പ ഇപ്രകാരം പ്രസ്താവിച്ചു: "കാരുണ്യം ഒട്ടേറെ ആവശ്യമായിരിക്കുന്ന ഇക്കാലത്ത് വിവിധ സാമൂഹിക-പരിസ്ഥിതികളിലേക്ക് കാരുണ്യത്തിൻ്റെ ആത്മാവിനെ സന്നിവേശിപ്പിക്കുവാൻ സഭാതനയർക്ക് കഴിയണം." മുന്നോട്ട് പോവുക; നാം കാരുണ്യത്തിന്റെ യുഗത്തിലാണ് ജീവിക്കുന്നത്. ഇത് കാരുണ്യത്തിന്റെ യുഗമാണ്. ഇന്നു ദൈവം നൽകുന്ന മറുപടിയും ദൈവകാരുണ്യത്തിന്റെ പദ്ധതിയുമാണ് എഫ്. ബി. എ.
ജോസ്മിത SMS
St. Thomas Provincial House
Palakkattumala P.O., Palai
Kottayam 686 635
Ph. 04822 250945
Email: josmithasms@gmail.com
തിരുസഭയിൽ നവീകരണത്തിൻ്റെ കാലഘട്ടമായിരുന്നു രണ്ടാം വത്തിക്കാൻ കൗൺസിലിനുശേഷമുള്ള കാലം, ഒരു നവ യുഗത്തിലേക്കുള്ള വാതായനങ്ങൾ തുറക്കപ്പെട്ട കൗൺസിലിനു ശേഷം സന്ന്യാസപ്രസ്ഥാനങ്ങളുടെ രൂപഭാവങ്ങൾക്ക് പുതിയൊരു മാനം കൈവന്നു. മാറ്റത്തിൻ്റെ കാഹളധ്വനികൾക്ക് കാതോർത്ത്, ദൈവകാരുണ്യത്തിൻ്റെ സ്പർശനം ഹൃദയത്തിൽ നിറഞ്ഞപ്പോൾ പാലാ രൂപതാംഗമായിരുന്ന കൈപ്പൻപ്ലാക്കൽ ബഹു. അബ്രാഹമച്ചന്റെ മനസ്സിലുദിച്ച സ്വപ്നമായിരുന്നു അഗതികൾക്കും അശരണർക്കും മാത്രമായി ജീവിക്കുന്ന ഒരു സന്ന്യാസിനീസമൂഹം. പ്രാർത്ഥനയുടെയും പരിചിന്തനത്തിൻ്റെയും ഒടുവിൽ ദൈവിക പദ്ധതിക്ക് സാക്ഷാത്ക്കാരം നൽകിക്കൊണ്ട്, പാലാ രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാർ സെബാസ്റ്റ്യൻ വയലിൽ തിരുമേനിയുടെ അനുഗ്രഹാശിസ്സുകളോടെ, 1969 മെയ് 24- ന് പാലായ്ക്കടുത്ത് പര മലക്കുന്നിൽ സ്നേഹഗിരി മിഷനറി സന്ന്യാസിനീസമൂഹം ജന്മം കൊണ്ടു. പരമ്പരാഗത സന്ന്യാസശൈലിയിൽനിന്നു വ്യത്യസ്തമായി, പ്രാർത്ഥനയും പ്രവർത്തനവും സമന്വയിപ്പിച്ച്, ആതുരശുശ്രൂഷ എന്ന വെല്ലുവിളി ഏറ്റെടുത്തുകൊണ്ടാണ് സ്നേഹഗിരി എന്ന സന്ന്യാസപ്രസ്ഥാനം മുളയെടുത്തത്.
ആർഷഭാരതത്തിൻ്റെ സംസ്കാരികത്തനിമയിൽ രൂപംകൊണ്ട് സ്നേഹഗിരി സമൂഹം കാലത്തിൻ്റെ വെല്ലുവിളികളെ അതിജീവിച്ച്, ആയിരക്കണക്കിന് അഗതികൾക്ക് അഭയവും ആശ്രയവുമായി മുന്നേറിക്കൊണ്ടിരിക്കുന്നു. ദൈവത്തിൻ്റെ പരമസ്നേഹത്തിന്റെ വെളിപ്പെടുത്തലായി, കാൽവരിയിൽ അർപ്പിക്കപ്പെട്ട പരമയാഗത്തിന്റെ പുനരവതരണമായി അൾത്താരയിൽ അർപ്പിക്കപ്പെടുന്ന വി. കുർബാനയിൽനിന്ന് ശക്തിയും ചൈതന്യവും സ്വീകരിച്ചുകൊണ്ട്, സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സ് അനുദിനം ഈശോയുടെ പാവങ്ങളെ തേടിയിറങ്ങുന്നു. ജാതിമതവർണ്ണവർഗ്ഗ വ്യത്യാസങ്ങൾക്ക് അതീതമായി ചെറ്റക്കുടിലുകളിലും ജീവിതത്തിൻ്റെ പുറമ്പോക്കുകളിലും കഴിയുന്നവരെ തേടിയിറങ്ങി സ്നേഹഗിരിയുടെ സ്നേഹ കൂടാരങ്ങളിൽ അവർക്ക് സ്നേഹവും കരുതലും സാന്ത്വനവും പകർന്നു നൽകുന്ന ജീവിതശൈലിയാണ് സ്നേഹഗിരിയെ വ്യത്യസ്തയാക്കുന്നത്. ഈശോയുടെ കരുണാർദ്രസ്നേഹം എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട മക്കളിലേക്ക് പകരുന്ന കരുണയുടെ വക്താക്കളാണ് സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സ്.
സ്ഥാപകപിതാവിൻ്റെ ജീവിതവഴിത്താരകളിലൂടെ
കൈപ്പൻപ്ലാക്കൽ അവിരാച്ചൻ്റെ വൈദികപട്ടസ്വീകരണ ദിവസം (1939 ഡിസംബർ 21) അമ്മ നൽകിയ ഉപദേശം അദ്ദേഹം തന്റെ ജീവിതത്തിലെന്നും അമൂല്യമായി സൂക്ഷിച്ചു: 'മകനേ, നിന്റെ നോട്ടം ഒരിക്കലും മുകളിലേക്കാകരുത്, താഴെയുള്ളവരിൽ ദൃഷ്ടിയുറപ്പിക്കുക'. അബ്രാഹമച്ചൻ 100-ാം വയസ്സിലും അമ്മയുടെ വാക്കുകളോട് വിശ്വസ്തനായി ജീവിച്ചു. പിന്നിട്ട ജീവിത പാതകളിലെല്ലാം വിളക്കുമരമായി നിന്നതും ഈ ഉപദേശം തന്നെ.
1959-ൽ പാലാ ളാലംപള്ളി വികാരിയായിരുന്നകാലം അച്ചന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായി. പാലാ പട്ടണത്തിലെ തെരുവുകളിൽ വിശപ്പടക്കാൻ കഷ്ടപ്പെടുന്ന അനാഥബാല്യങ്ങളുടെ ദയനീയകാഴ്ചകളിൽ മനംനൊന്ത അച്ചൻ്റെ മനസ്സിലുദിച്ച ഒരാശയമാണ് ആൺകുട്ടികൾക്കായുള്ള ഒരു ബാലഭവനം. 1959 ഏപ്രിൽ 5 ന് പാലായ്ക്ക് സമീപം ഒരു കൊച്ചുകെട്ടിടത്തിൽ 4 കുട്ടികളുമായി ആരംഭിച്ച ബോയ്സ് ടൗൺ. 1959-ലെ ആ കടുകുമണി ഇന്ന് വളർന്ന് വികസിച്ച് ഒരു വടവൃക്ഷമായി മാറിയിരിക്കുന്നു. ഇതിനോടകം ആറായിരത്തിലേറെ കുട്ടികൾ ബോയ്സ്ടൗണിൻ്റെ അകത്തളങ്ങളിൽ പഠിച്ചു വളർന്ന് ജീവിതത്തിൻ്റെ വിവിധ തുറകളിൽ എത്തിച്ചേർന്നിരിക്കുന്നു. പെൺകുട്ടികൾക്കായി 1963 ആഗസ്റ്റ് 15-ന് ആരംഭിച്ച കൊഴുവനാൽ ഗേൾസ്ടൗണിൽനിന്ന് പതിനായിരത്തിലധികം ജീവിതങ്ങൾ പച്ചകെടാതെ ഫലംചൂടി കടന്നുപോയി. 19 ഭവനങ്ങളിലായി ഇന്ന് 2700 കുരുന്നുകൾ പഠന, പാഠ്യേതരവിഷയങ്ങളിൽ പരിശീലനംനേടി സ്നേഹഗിരി സിസ്റ്റേഴ്സിനൊപ്പം വസിക്കുന്നു.
1965 മാർച്ച് 27-ന് ഇടവകഭരണത്തിൽനിന്ന് വിരമിച്ച ആ കർമ്മയോഗി തുടർന്നുള്ള തൻ്റെ ജീവിതമത്രയും പാവങ്ങളുടെ സംരക്ഷണത്തിനായി മാത്രം മാറ്റിവയ്ക്കുകയായിരുന്നു. കാലം നീങ്ങുന്നതനുസരിച്ച് ബോയ്സ് ടൗണിലെ കുട്ടികളുടെ എണ്ണവും വർദ്ധിച്ചുവന്നു. നോക്കുന്നിടത്തെല്ലാം വഴിമുട്ടിയ ജീവിതങ്ങൾ! മനസ്സിൽ നിറയെ അവരെക്കുറിച്ചുള്ള സ്വപ്നങ്ങളും! പകലിന്റെ
അദ്ധ്വാനങ്ങൾക്കൊടുവിൽ രാത്രിയുടെ യാമങ്ങൾ മുട്ടിന്മേൽനിന്ന് പ്രാർത്ഥിച്ച നിമിഷങ്ങളിൽ ദൈവികസ്പർശനം അദ്ദേഹത്തെ പുതിയ വഴിത്തിരിവിലേക്ക് നയിച്ചു. ദൈവികപ്രചോദനത്താൽ ഒരു സന്ന്യാസിനീ സമൂഹത്തിന് ജന്മം നൽകുവാൻ ബഹു. അച്ചൻ തീരുമാനിച്ചു. പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കു നടുവിൽ തളരാത്ത മനസ്സും ഇടറാത്ത പാദങ്ങളുമായി ആ നിഷ്പാദുകൻ കേരള സഭയുടെ ചരിത്രത്തിൽ കരുണയുടെ നവചരിത്രംതന്നെ സൃഷ്ടിച്ചു. അവഗണനകളും അംഗീകാരങ്ങളും സമഭാവനയോടെ സ്വീകരിച്ച ആ കർമ്മയോഗിക്ക് ജീവിതം പാവങ്ങളോടൊത്തുള്ള ആനന്ദത്തിന്റെ അനുഭവങ്ങളായിരുന്നു. മരണക്കിടക്കയോളം അച്ചന്റെ തുടർന്നുളള ജീവിതം താൻ സ്ഥാപിച്ച സ്ഥാപനങ്ങളൊന്നിൽ അനാഥരായ വൃദ്ധജീവിതങ്ങളോടൊത്തായിരുന്നു.
സ്നേഹഗിരിയുടെ നാൾവഴികൾ
'അൾത്താരയിൽ ഒരുക്കപ്പെടുന്ന സ്നേഹത്തിന്റെ വിരുന്നുണ്ടതിനുശേഷം മാത്രമേ പാവങ്ങളിൽ മറഞ്ഞിരിക്കുന്ന തമ്പുരാനെ തേടിയിറങ്ങാവൂ' എന്നാണ് പുണ്യചരിതനായ സ്ഥാപകപിതാവ് സ്നേഹഗിരി മക്കളെ പഠിപ്പിച്ചത്. വി. കുർബാനയും അനുദിനം ദിവ്യകാരുണ്യത്തിൻ്റെ മുമ്പിൽ ചെലവഴിക്കുന്ന ധ്യാനമണിക്കൂറുകളും സ്നേഹഗിരി സന്ന്യാസിനികൾക്ക് ആത്മീയക്കരുത്ത് പകരുന്നു.
"എൻ്റെ ഏറ്റവും എളിയസഹോദരരിൽ ഒരുവനു നിങ്ങൾ ചെയ്തുകൊടുത്തപ്പോൾ എനിക്കുതന്നെയാണ് ചെയ്തത്” (മത്താ. 25,40) എന്ന ഈശോയുടെ തിരുവചനത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് അനാഥരിലും ആലംബഹീനരിലും മറഞ്ഞിരിക്കുന്ന ഈശോയെ കണ്ടുകൊണ്ട് ശുശ്രൂഷ ചെയ്യുക എന്നതാണ് സ്നേഹഗിരി മിഷനറി സന്ന്യാസിനികളുടെ ജീവിതലക്ഷ്യം: 'സ്നേഹദാനേന ദീനസേവാർത്ഥം സമർപ്പിതം'.
ആതുരശുശ്രൂഷാരംഗത്ത്
കരുണാർദ്രനായ ഈശോയുടെ കരുണാമസൃണമായ സ്നേഹത്തിന്റെ സാക്ഷികളാകുന്ന ശുശ്രൂഷാമേഖലകളാണ് സ്നേഹഗിരി മിഷനറി സന്ന്യാസിനീസമൂഹത്തിൻ്റേത്. അനാഥത്വത്തിന്റെ നൊമ്പരം പേറുന്ന ബാല്യങ്ങൾക്ക് ഒരമ്മയുടെ സ്നേഹവും വാത്സല്യവും നൽകുവാനും സഹോദരിയുടെ സാന്നിദ്ധ്യം ഏകുവാനും നൊന്തുപ്രസവിച്ചും കഷ്ടപ്പാടുകൾ സഹിച്ചും വളർത്തിയ മക്കളാലും ബന്ധുമിത്രാദികളാലും തിരസ്ക്കരിക്കപ്പെട്ട്, ജീവിതസായാഹ്നത്തിൽ വാർദ്ധക്യത്തിന്റെയും ഏകാന്തതയുടെയും കയ്പ്പുനീർ നുണയുന്ന മാതാപിതാക്കൾക്ക് പുത്രീസ്നേഹം പകരാനും ശാരീരികമാനസികവൈകല്യം അനുഭവിക്കുന്ന സഹോദരങ്ങൾക്ക് അവി കലമായ ദൈവസ്നേഹവും ബുദ്ധിമാന്ദ്യം സംഭവിച്ച നിസ്സഹായരും നിഷ്കളങ്കരും അവഗണിക്കപ്പെട്ടവരുമായ മക്കൾക്ക് പരിഗണനയും സ്നേഹവും സാന്ത്വനവും നൽകുവാനും സ്നേഹഗിരി സിസ്റ്റേഴ്സ് ശ്രമിക്കുന്നു. മിഷനറിമാർ എന്നനിലയിൽ വഴിയോരങ്ങളിലും വേലിയിറമ്പുകളിലും വനാന്തരങ്ങളിലും കഴിയുന്ന അപരിഷ്കൃതരും അവഗണിക്കപ്പെട്ടവരുമായ മക്കൾക്ക് ഈശോയുടെ അസ്തമിക്കാത്ത സ്നേഹം പകർന്നു നൽകുവാൻ മിഷൻ പ്രദേശങ്ങളിലേക്കും സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സ് കടന്നുചെല്ലുന്നു.
സിസ്റ്റേഴ്സിന്റെ കർമ്മരംഗങ്ങൾ
ബാലികാ-ബാലഭവനങ്ങൾ, പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള വൃദ്ധമന്ദിരങ്ങൾ, ഭിന്നശേഷിയുള്ളവർക്കുള്ള ഭവനങ്ങൾ, സ്പെഷ്യൽ സ്ക്കൂളുകൾ, വികലാംഗഭവനങ്ങൾ, മാനസികവൈകല്യമുള്ളവർക്കായുള്ള ഭവനങ്ങൾ തുടങ്ങിയവയാണ് സ്നേഹഗിരിയുടെ കർമ്മരംഗങ്ങൾ.
കാരുണ്യപ്രവാഹം
മരണത്തിന്റെ വക്കിൽനിന്ന് ജീവൻ്റെ സമൃദ്ധിയിലേക്ക് ഒട്ടനവധിപേരെ കൈപിടിച്ചുനടത്തിയ സ്നേഹതീരമാണ് സ്നേഹഗിരി. സ്നേഹിച്ചും ലാളിച്ചും വളർത്തിയ മക്കൾക്ക് ഭാരമായപ്പോൾ മനസ്സിന്റെ സമനിലതെറ്റി, വീട്ടിൽനിന്നിറങ്ങിയ കുമാരൻ ഒരുനേരത്തെ അന്നത്തിനുവകയില്ലാതെ, കയറിക്കിടക്കാൻ ഒരു വീടില്ലാതെ, ആകാശം മേൽക്കൂരയും കടത്തിണ്ണകൾ കിടപ്പുമുറിയുമാക്കി ജീവിച്ചനാളുകൾ. വൃത്തിയില്ലാത്ത ജീവിതം. ശരീരം മുഴുവൻ പൊട്ടിയൊഴുകുന്ന വൃണങ്ങൾ, ജഡപിടിച്ച തലമുടിയും താടിയും. ആകെ വൃത്തികെട്ട രൂപം. ശരീരത്തിലെ വ്യണങ്ങളിൽ പുഴുവരിക്കാൻ തുടങ്ങി, ദുസ്സഹമായ ദുർഗന്ധം വമിക്കാൻ തുടങ്ങിയപ്പോഴാണ് ഏതോ ഒരു ഓട്ടോഡ്രൈവർക്ക് കരുണ തോന്നി അയാളെ സ്നേഹഗിരിയുടെ വൃദ്ധമന്ദിരങ്ങൾ ഒന്നിൽ എത്തിക്കുന്നത്. വിരൂപമായ ഈ രൂപത്തെ സിസ്റ്റേഴ്സ് ഇരുകയ്യും നീട്ടി സ്വീകരിച്ചു. താടിയും മുടിയുമെല്ലാം വടിച്ച്, കുളിപ്പിച്ച് ഭക്ഷണവും നൽകിക്കഴിഞ്ഞപ്പോൾ കണ്ണിൽനിന്ന് ഒഴുകിയിറങ്ങിയ കണ്ണീർക്കണങ്ങൾ തുടച്ച് ആ വൃദ്ധൻ പറഞ്ഞു: “അമ്മേ ഞാൻ ഇന്ന് ഈശോയെ കണ്ടു. നിങ്ങളാണമ്മേ ഈശോ' പിന്നീട് യേശുദാസ് എന്ന് സ്വയം പേരുനൽകി സ്നേഹഗിരി സിസ്റ്റേഴ്സിന്റെ സ്നേഹശുശ്രൂഷ ഏറ്റുവാങ്ങി ആ വൃദ്ധപിതാവ് ശിഷ്ടകാലം കഴിച്ചു. അപരൻ്റെ ഹൃദയത്തിൽ ഈശോയ്ക്ക് ജന്മംകൊടുക്കുന്ന ഇത്തരം കരുണയുടെ കഥകൾ ആയിരക്കണക്കിന് പറയാനുണ്ട് സ്നേഹഗിരി സിസ്റ്റേഴ്സ് ഓരോരുത്തർക്കും.
സ്നേഹഗിരിയുടെ സ്ഥാപകപിതാവ് ആദ്യാംഗങ്ങൾക്ക് കൊടുത്ത ആദ്യസമ്മാനവും ഇതുതന്നെയായിരുന്നു. ഒരു ദിവസം ജീപ്പിൽവന്നിറങ്ങിയ അച്ചൻ ആദ്യബാച്ചുകാരെ വിളിച്ച് സന്തോഷത്തോടെ പറഞ്ഞു, 'എൻ്റെ മക്കൾക്ക് ഞാൻ ഇന്ന് ഒരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട്. ജീപ്പിനു പുറകിലുണ്ട്. പോയ് എടുത്തുകൊള്ളുവിൻ.' സമ്മാനമെടുക്കാൻ ഓടിച്ചന്നവർ കണ്ടത് പായിൽ പൊതിഞ്ഞ, ഉറുമ്പരിക്കുന്ന ഒരു സ്ത്രീയുടെ ശോഷിച്ച ശരീരമാണ്. ഏന്തയാറുള്ള ശാന്തിനിലയത്തിലേക്ക് പോകുംവഴി പൊൻകുന്നം ബസ്സ്റ്റാൻ്റിൽനിന്ന് അച്ചൻ എടുത്തുകൊണ്ടുവന്നതാണ് ഈ സമ്മാനം. സിസ്റ്റേഴ്സ് എല്ലാവരും ചേർന്ന് കുളിപ്പിച്ചൊരുക്കി, പുഴുവും ഉറുമ്പും അരിക്കുന്ന ആ അസ്ഥികോലത്തെ ഒരു മനുഷ്യ രൂപമാക്കി മാറ്റിയപ്പോൾ ആ സ്ത്രീയും ജീവിതത്തിൽ ആദ്യമായി ദൈവത്തെ നേരിട്ടുകണ്ടു. സ്നേഹാലയത്തിൻ്റെ പടികടന്നെത്തുന്നവരോടൊക്കെ അവർ പറയുമായിരുന്നു. 'സ്വന്തം മക്കൾക്ക് എന്നെ വേണ്ട. പക്ഷേ, ഇവിടെ എനിക്ക് സ്നേഹമുള്ള ഒരുപാട് മക്കളുണ്ട്.'
സ്നേഹഗിരി ചരിത്രത്തിൽ കാരുണ്യത്തിൻ്റെ നിറപ്പകിട്ടുകൾ നിറഞ്ഞ ഓർമ്മയാണ് ബോയ്സ് ടൗണിലെത്തിയ മൂന്നു കുഞ്ഞുങ്ങളും അമ്മയും. തകർന്ന കുടുബബന്ധം. ആരോഗ്യം നശിച്ച ശരീരം. കുഞ്ഞുങ്ങൾക്കു ഭക്ഷണം കൊടുക്കാൻപോലും നിവൃത്തിയില്ലാതിരുന്നതിനാൽ ജീവിതം ഒടുക്കാൻ തീരുമാനിച്ചിറങ്ങിയതാണ് ആ അമ്മ മൂന്നു കുഞ്ഞുങ്ങളെയുംകൊണ്ട്. ആരോ പറഞ്ഞ് ബോയ്സ് ടൗണിനെക്കുറിച്ച് കേട്ടു. വായ്പവാങ്ങിയ വണ്ടിക്കൂലിയുമായി പാലായിലെത്തി. നിരാശ നിറഞ്ഞ ആ കുടുംബത്തിലേക്ക് പ്രത്യാശയുടെ കിരണങ്ങളായി മാറി സ്നേഹഗിരി സമൂഹം. കഷ്ടപ്പാടുകൾക്കും നിരാശയ്ക്കും മുമ്പിൽ തളരാതെ നാളെയെക്കുറിച്ച് പ്രത്യാശയോടെ ചിന്തിക്കാൻ ആ അമ്മയ്ക്കും മക്കൾക്കും ബോയ്സ് ടൗണും ഇവിടുത്ത പ്രവർത്തനങ്ങളും കനത്ത കൂരിരുട്ടിലെ മിന്നലൊളിയായി. ഇന്ന് ഈ മൂന്നുമക്കളും വിദേശത്തും സ്വദേശത്തുമായി നല്ല നിലയിൽ ജോലിചെയ്തു ജീവിക്കുന്നു. അവസരം കിട്ടുമ്പോഴൊക്കെ അവർ ഓടിയെത്തും മരണത്തിൻ്റെ വക്കിൽനിന്ന് പ്രത്യാശയുടെ തീരത്തേക്ക് വഴിനടത്തിയ പ്രിയപ്പെട്ട അമ്മമാരെ കാണാൻ; ഉള്ളതിൽ പങ്ക് തങ്ങളുടെ പിന്നാലെ ബോയ്സ്ടൗൺ എന്ന ഈ സ്നേഹകൂടാരത്തിൽ എത്തുന്ന മക്കൾക്കായി പങ്കുവയ്ക്കാൻ.
ജാതിമതവർണ്ണവർഗങ്ങളുടെ അതിർവരമ്പുകളില്ലാത്തതാണ് സ്നേഹഗിരിയിലെ ലോകം. ശരീരംമുഴുനും തളർന്ന കെട്ടുപിണഞ്ഞ കൈകാലുകളും ശബ്ദമില്ലാത്ത നാവും അടയ്ക്കപ്പെട്ട കാതുകളുമുള്ള ഹസീനയും, തളർന്ന കൈകാലുകളുമായി കട്ടിലിൽ അനങ്ങാൻ വയ്യാതെ പുഞ്ചിരിയോടെ കിടക്കുന്ന അലീനയും സ്നേഹ ഗിരി സിസ്റ്റേഴ്സിൻ്റെ സ്നേഹശുശ്രൂഷയിൽ ജീവിതത്തെ കണ്ടവരാണ്. സ്നേഹഗിരിഭവനങ്ങളിലെത്തുന്നവർക്ക് സ്വന്തം വിശ്വാസത്തിന്റെ പാതകൾ ഒരിക്കലും അടയ്ക്കപ്പെടുന്നില്ല. മറിച്ച്, സിസ്റ്റേഴ്സിന്റെ സ്നേഹശുശ്രൂഷകൾ അവർക്കുമുമ്പിൽ കരുണയുള്ള ദൈവത്തെ കാണിച്ചുകൊടുക്കുക മാത്രമാണ് ചെയ്യുന്നത്.
ബാങ്കുബാലൻസുകളല്ല സ്നേഹഗിരിയിലൂടെ ഇന്ന് ആയിരങ്ങളെ പോറ്റുന്നത്. ദൈവത്തിൻ്റെ അത്ഭുതകരമായ ഇടപെടലുകളും സുമനസ്സുകളായ മനുഷ്യരുടെ സഹായഹസ്തങ്ങളും. പിറ്റേന്ന് രാവിലെ കുട്ടികൾക്ക് ഭക്ഷണം കൊടുക്കാൻ ഒന്നുമില്ലാതെ നിസ്സഹായാവസ്ഥയിൽ എന്തുചെയ്യണമെന്നറിയാതെ സിസ്റ്റേഴ്സ് വിഷമിച്ച ഒരു ദിനം. കുട്ടികളുമൊത്ത് ചാപ്പലിലെത്തി. അപേക്ഷിച്ചവരെ തള്ളിക്കളയാത്ത കരുണാരൂപൻ്റെ മുമ്പിൽ നിറകണ്ണുകളോടെ കരം കൂപ്പി. പ്രാർത്ഥന തീരുംമുമ്പേ സന്ദർശനമുറിയിൽ മണികൊട്ടി. വാതിൽ തുറന്ന സിസ്റ്ററിൻ്റെ കണ്ണുകളിൽനിന്ന് കണ്ണീരുതിർന്നു. പിറ്റേന്ന് കുട്ടികൾക്ക് രാവിലത്തെ ഭക്ഷണത്തിനുള്ള പണവും ഒരു ചാക്ക് അരിയുമായി ഒരു മനുഷ്യൻ. ആരെന്നറിയില്ല. നാടറിയില്ല. ആരോ പറഞ്ഞുകേട്ടു വന്നതാണ്. സ്നേഹഗിരിയുടെ ഓരോ സ്ഥാപനത്തിനും പറയാനുണ്ട് ഇതുപോലെ അനേകരിലൂടെ ദൈവത്തിന്റെ ഇടപെടൽ അനുഭവിച്ചറിഞ്ഞ നിമിഷങ്ങൾ. പണം കൊടുത്തു വാങ്ങിയതായി സ്നേഹഗിരിക്ക് അധികം ഭവനങ്ങളില്ല. ദൈവകരം തൊട്ട ചില മനുഷ്യർ ഔദാര്യത്തോടെ ദാനമായി നൽകിയതാണ് ഒട്ടുമിക്ക സ്ഥാപനങ്ങളും. ഔദാര്യത്തിന്റെ കരം കരുണയോടെ പാവപ്പെട്ടവൻ്റെ നേർക്കു നീട്ടുമ്പോൾ അനുഗ്രഹത്തിന്റെ ദൈവകരം തങ്ങളുടെ ജീവിതത്തിന്മേലും കുടുംബത്തി ന്മേലും ഉയർത്തപ്പെട്ട കഥ പറയാനെത്തുന്നവരും ഏറെയാണ്. ഒന്നുമില്ലാത്തവരെ സ്നേഹഗിരിയിലേക്ക് കൂട്ടിച്ചേർക്കുമ്പോൾ കരുണാർദ്രഹൃദയങ്ങളെ ദൈവം പിന്നാലെ കൊണ്ടുവരും.
കരുണ. അത് ആർദ്രഹൃദയത്തിൽനിന്ന് ഒഴുകിയിറങ്ങുന്ന നീർച്ചോലയാണ്. കാരുണ്യത്തിൻ്റെ നീർച്ചോലയ്ക്കരുകിൽ സ്നേഹത്തിന്റെ പച്ചകെടാതെ ഫലം ചൂടി നിൽക്കുന്ന ഒരു വടവൃക്ഷമാണ് സ്നേഹഗിരി. ദിവ്യകാരുണ്യത്തിൻ്റെ മഹാനദിയിൽനിന്നും ജീവനും ശക്തിയും സ്വീകരിച്ചുനില്ക്കുന്ന വലിയ വടവൃക്ഷത്തിന്റെ തണൽ തേടിയെത്തുന്ന അഗതികളും ഇതിൻ്റെ ചില്ലകളിൽ ചേക്കേറുന്ന ബാല്യങ്ങളും അനുദിനവും വർദ്ധിച്ചുവരികയാണ്. തകർക്കപ്പെടുന്ന കുടുംബബന്ധങ്ങളുടെയും മൂല്യശോഷണം സംഭവിച്ച ഒരു തലമുറയുടെയും ജീവിക്കുന്ന ദൃഷ്ടാന്തങ്ങളാണവർ. കുടുംബബന്ധങ്ങൾ ശിഥിലമായിത്തീരുന്ന സമൂഹത്തിൽ കാരുണ്യത്തിന്റെ പുതിയ പാഠം എഴുതിച്ചേർക്കാൻ സ്നേഹഗിരി സിസ്റ്റേഴ്സ് ശ്രമിക്കുന്നു. കച്ചവടക്കണ്ണുള്ള ചിലർ സമർപ്പിതലോകത്തിന്റെ കരുണാർദ്രശു ശ്രൂഷകളെ മതംമാറ്റമെന്നും തട്ടിപ്പെന്നും പറഞ്ഞ് ആക്ഷേപിക്കാൻ ശ്രമിക്കുമ്പോഴും കരുണയുടെ നിലയ്ക്കാത്ത പ്രവാഹമായി മാറാൻ സ്നേഹഗിരി സിസ്റ്റേഴ്സിന് ശക്തിപകരുന്നത് അന്ത്യവിധിയിലെ കർത്താവിന്റെ വാക്കുകളാണ്: "എൻ്റെ പിതാവിനാൽ അനുഗ്രഹീതരേ വരുവിൻ, നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിൻ... ഈ ചെറിയവരിൽ ഒരുവന് നിങ്ങൾ ചെയ്തപ്പോൾ എനിക്കുതന്നെയാണ് ചെയ്തത്"(മത്താ. 25,40).
"കാരുണ്യത്തിനുവേണ്ടിയുള്ള ആനന്ദകരമായ വിളി ഒരിക്കൽകൂടി ഏറ്റെടുക്കുവാൻ സഭയ്ക്കു സമയമായി. അടിസ്ഥാനങ്ങളിലേക്കു മടങ്ങുവാനും നമ്മുടെ സഹോദരീസഹോദരന്മാരുടെ ദൗർബല്യങ്ങളും പോരാട്ടങ്ങളും വഹിക്കുവാനും സമയമായി. നമ്മെ പുതുജീവനിലേക്കു വിളിച്ചുണർത്തുകയും പ്രത്യാശയോടെ ഭാവിയിലേക്കു നോക്കുവാൻ കരുത്തേകുകയും ചെയ്യുന്ന ശക്തിയാണ് കാരുണ്യം."
ഡോ. ഫ്രാൻസിസ് കൊടിയൻ MCBS
Rector, MCBS Lisieux Seminary
Sreekandamangalam PO
Athirampuzha 686562
Mob. 9447710488
Email: frandiyan@live.in
ആമുഖം
നസ്രായനായ ഈശോ പിതാവിൻ്റെ കാരുണ്യമുഖമാണെങ്കിൽ, ഈശോയുടെ കാരുണ്യമുഖമാണ്, കാരാഗൃഹ സഹോദരീ സഹോദരന്മാരുടെ നവീകരണത്തിനും വിമോചനത്തിനും പുനരധിവാസത്തിനും പ്രവർത്തിക്കുന്ന യേശു സാഹോദര്യം (Jesus Fra-ternity or Prison Ministry, India) എന്ന പ്രാർത്ഥനാസമൂഹം. വടവാതൂർ സെമിനാരിയിൽനിന്ന് നിർഗളിച്ച്, കേരളത്തിലെ കാരാഗ്യങ്ങളിലേക്ക് പ്രവഹിച്ച്, ഇന്ത്യയിലെ ജയിലുകളിലെത്തി, ഏഷ്യയിലെ തടവറകളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു ദിവ്യകാരുണ്യ പ്രവാഹമാണിത്. 'കാരുണ്യത്തിൻ്റെ ജൂബിലിവർഷ' പശ്ചാത്തലത്തിൽ യേശു സാഹോദര്യമാകുന്ന കാരുണ്യത്തിന്റെ നീർച്ചാലിനെക്കുറിച്ചാണ് ഈ ലേഖനം.
യേശുസാഹോദര്യം ഉത്ഭവം
1982-ൽ വടവാതൂർ സെൻ്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലെ വൈദിക വിദ്യാർത്ഥികളുടെ ഒരു പ്രാർത്ഥന സമൂഹത്തിലാണ് യേശുസാഹോദര്യത്തിൻ്റെ ഉത്ഭവം. ബഹുമാനപ്പെട്ട മാത്യു ഇളപ്പാനിക്കലച്ചൻ്റെ നേതൃത്വത്തിൽ അന്നത്തെ മലങ്കരചാപ്പലിൽ ആഴ്ചതോറും ഒരുമിച്ചുകൂടി പ്രാർത്ഥിച്ചിരുന്ന ഒരു പറ്റം വൈദികവിദ്യാർത്ഥികൾ വി. കുർബാനയിൽനിന്നും, ദിവ്യകാരുണ്യാരാധനയിൽനിന്നും, പ്രാർത്ഥനാകൂട്ടായ്മയിൽ നിന്നും ശക്തി സംഭരിച്ച് കോട്ടയത്തും പരിസരപ്രദേശങ്ങളിലെ കഷ്ടപ്പെടുന്ന ജനവിഭാഗങ്ങളിലേക്ക് ഇറങ്ങിചെല്ലാൻ തുടങ്ങി. കഞ്ഞിക്കുഴിചേരിയും ഭിക്ഷാടക കോളനിയായ ശാന്തിഭവനും വൃദ്ധ-അനാഥമന്ദിരങ്ങളും മെഡിക്കൽ കോളജിലെ കാൻസർ വാർഡും ഞങ്ങൾക്ക് ഈശോയുടെ മുഖം ദർശിക്കാവുന്ന തീർത്ഥ കേന്ദ്രങ്ങളായി. പുറംപോക്കിൽ കഴിയുന്ന, കരയുന്ന ദൈവത്തിന്റെ കണ്ണീരൊപ്പാൻ, കാരുണ്യത്തിൻ്റെ കരസ്പർശമേകാൻ ഞങ്ങൾ ഉത്സുകരായി.
സമൂഹത്തിന്റെ അതിരുകളിൽ കഴിയുന്ന ഈശോയെ തേടിയുള്ള ഇങ്ങനെയൊരു യാത്രയിലാണ് യാദൃശ്ചികമായി 'കോട്ടയം സബയിൽ' എന്ന് ബോർഡ് കാണാനിടയായത്. അന്ന് ജയിലിനുള്ളിൽച്ചെന്ന് അവിടെയുള്ള സഹോദരങ്ങളോടു പിതാവായ ദൈവത്തിന്റെ കാരുണ്യത്തെക്കുറിച്ചു സംസാരിക്കാനും ആ കാരുണ്യത്തിന്റെ ഒരംശം പകർന്നു നല്കാനുമുണ്ടായ അദമ്യമായ ആഗ്രഹമാണ് ഇന്ന് Prison Ministry India എന്ന പേരിൽ ഭാരതത്തിലെ 1382 ജയിലുകളിലെ 333000 തടവുകാരിൽ എത്തി നില്കുന്നത്.
അഖില കേരള തടവറ തീർത്ഥാടനം
കോട്ടയം സബ്ജയിൽ സന്ദർശനം വൈദികവിദ്യാർത്ഥികളുടെയിടയിൽ വലിയ ആദ്ധ്യാത്മിക, സാമൂഹിക, ദാർശനിക മുന്നേറ്റങ്ങൾക്കു വഴി തെളിച്ചു . മാനസാന്തരപ്പെട്ട കുപ്രസിദ്ധരായ കുറ്റവാളികളുടെ സാക്ഷ്യങ്ങൾ, തുടർന്നുള്ള അവരുടെ വീരോജിത തടവറപ്രേഷിതശുശ്രൂഷകൾ എല്ലാം സെമിനാരിക്കാരിൽ നൂതനമായൊരു പ്രേഷിതാഭിമുഖ്യത്തിന് വഴിയൊരുക്കി. 1986-ൽ സെമിനാരിയിലെ എല്ലാ ബാച്ചുകളിൽ നിന്നുമുള്ളവരെ ഉൾപ്പെടുത്തി "അഖില കേരള തടവറ തീർത്ഥാടന'ത്തിനായി പുതിയൊരു പ്രാർത്ഥനാ സമൂഹത്തിന് രൂപം നല്കി. ബഹു. തോമസ് വെള്ളിലാംതടത്തിലച്ചനായിരുന്നു ഡയറക്ടർ. സന്ദർശനത്തിന് മാസങ്ങൾക്കുമുമ്പേ ഉപവസിച്ച്, പ്രാർത്ഥിച്ച് ഒരുങ്ങി. കാസർഗോഡു മുതൽ തിരുവന്തപുരം വരെയുള്ള തടവറകളിൽ കഴിയുന്നവർക്ക് കൊടുക്കാനായി ബൈബിളിന്റെ ധാരാളം പ്രതികളും ഇതര ആദ്ധ്യാത്മികഗ്രന്ഥങ്ങളും ശേഖരിച്ചു. കഥാപ്രസംഗവും, ഗാനമേളയും ഹൃദിസ്ഥമാക്കി. പ്രാർത്ഥനകളും ലഘുലേഖകളും അച്ചടിച്ചു. വലിയ ആദ്ധ്യാത്മിക ഒരുക്കത്തോടെ നടത്തിയ ഈ തടവറതീർത്ഥാടനം കാരാഗൃഹ സഹോദരീസഹോദരന്മാരിൽ വലിയ ഹൃദയപരിവർത്തനമുളവാക്കി. അതിനേക്കാളുപരി ഈ ശുശ്രൂഷയിൽ പങ്കെടുത്ത വൈദിക വിദ്യാർത്ഥികൾക്ക് ഇതു ദൈവാനുഭവത്തിൻ്റെയും പരിപാലനയുടെയും, വിശ്വാസാനുഭവത്തിന്റെയും സംഘടിത പ്രവർത്തനത്തിന്റെയും ഊഷ്മളത പകർന്നുനല്കി. ദൈവവിളി ഉപേക്ഷിച്ചു പോകാനിരുന്ന പലരും വിളിയിൽ പൂർവാധികം ശക്തി പ്രാപിച്ചു; ഉറപ്പുള്ളവർ വിളിയുടെ നൂതനമാനങ്ങൾ കണ്ടെത്തി. ഒരു മാസത്തോളം നീണ്ടുനിന്ന ക്ലേശപൂർണമായ ഈ തീർത്ഥാടനം കേരള കത്തോലിക്കാസഭക്ക് നുതനാനുഭവവും വലിയ ആത്മീയ സാക്ഷ്യവുമായി. ജയിലിലേക്കുള്ള ഞങ്ങളുടെ പ്രവേശനം നിഷേധിക്കണമെന്ന് മുൻകുട്ടി നിശ്ചയിച്ചിരുന്ന ചില ജയിൽ സൂപ്രണ്ടുമാർ, ഉടുപ്പിട്ട, ചെറുപ്പക്കാരായ വൈദിക വിദ്യാർത്ഥികൾ പെട്ടിയും വാദ്യോപകരണങ്ങളും പുസ്തകകെട്ടുകളും ചുമന്ന് വിയർത്തുകുളിച്ച് നടന്നുവരുന്നതു കണ്ടപ്പോൾ മനസ്സലിഞ്ഞ് വാതിലുകൾ മലർക്കെ തുറന്നു നല്കിയതും റെക്ടറച്ചന് അഭിനന്ദന സന്ദേശമയച്ചതും ശ്രദ്ധേയമായി. പരമാവധി അസൗകര്യങ്ങളോടു കൂടിയ സുവിശേഷവേല കൂടുതൽ ഫലം പുറപ്പെടുവിക്കുമെന്നു ഞങ്ങൾ മനസ്സിലാക്കി.
കേരള കത്തോലിക്കാ സഭയുടെ അംഗീകാരം
എല്ലാ മദ്ധ്യവേനലവധിക്കാലത്തും അഖില കേരള തടവറ തീർത്ഥാടനം വിജയകരമായി നടത്തിപ്പോരുന്നു. ഈ ശുശ്രൂഷ കാരാഗൃഹ സഹോദരീസഹോദരന്മാരെ മാത്രമല്ല, വൈദികവിദ്യാർത്ഥികളുടെ പരിശീലനത്തെപ്പോലും ഭാവത്മകമായി സ്വാധീനിക്കുന്നു എന്നു തിരിച്ചറിഞ്ഞ കേരള കത്തോലിക്കാ മെത്രാൻസംഘം യേശുസാഹോദര്യത്തെ നീതിക്കും സമാധാനത്തിനും പുരോഗതിക്കും വേണ്ടിയുള്ള കമ്മീഷൻ്റെ കിഴിലാക്കി ആദരിച്ചു, പ്രോത്സാഹിപ്പിച്ചു. KCBC യുടെ ആസ്ഥാന കാര്യാലയമായ POC യിൽ അതിനൊരു കാര്യാലയം ക്രമീകരിക്കുകയും തടവറ പ്രേഷിത ശുശ്രൂഷയുടെ ആരംഭകരിലൊരാളായ എന്നെ അവിടെ നിയമിക്കുകയും ചെയ്തു. അന്ന് വടവാതൂർ സെമിനാരിയിലെ Jesus Fraternity യുടെ ഡയറക്ടർ ആയിരുന്ന ബഹു. ജോസഫ് മക്കോളിലച്ചനാണ് ഈ ക്രമീകരണങ്ങൾക്കു നേതൃത്വം നല്കിയത്.
പുനരധിവാസ കേന്ദ്രങ്ങൾ
1990 ജൂൺ ഒന്നിന് POC യിൽ യേശുസാഹോദര്യത്തിന്റെ കാര്യാലയത്തിൽ എത്തിയ ഞാൻ കാരാഗൃഹസന്ദർശനവേളകളിൽ കേട്ട തടവറമക്കളുടെ വേദനയും രോദനവും ഓർമ്മിച്ചു. അവരിൽ പലരും ഞങ്ങളോട് ആവശ്യപ്പെട്ടിരുന്ന ഒരു കാര്യം പുനരധിവാസ കേന്ദ്രത്തെക്കുറിച്ചായിരുന്നു. 'ജയിൽ വിമോചിതരാകുമ്പോൾ ഞങ്ങളെ വീട്ടുകാരും നാട്ടുകാരും സ്വീകരിക്കില്ല. ഞങ്ങൾക്കായി ഒരിടം ക്രമീകരിക്കാമോ? അല്ലെങ്കിൽ ഞങ്ങൾ ജീവിതകാലം മുഴുവൻ കാരാഗൃഹത്തിൽ കഴിയേണ്ടിവരും.' വിമോചിതരാകുന്ന തടവറമക്കളുടെ ഈ ദുരവസ്ഥക്കു പരിഹാരമായി പുനരധിവാസകേന്ദ്രം ആരംഭിക്കുവാൻ തിരുമാനിച്ചു. അതിനായി തൃശൂരിനടുത്തു വെട്ടുകാട് എന്ന ഗ്രാമത്തിൽ 11 ഏക്കറോളം സ്ഥലം ഭിക്ഷക്കാരിൽനിന്നും പോലും സംഭാവനശേഖരിച്ചു, വാങ്ങിച്ചു. പ്രശസ്ത ആർക്കിടെക്റ്റ് ലാറി ബെക്കർ വിഭാവനചെയ്തതും വി. കൊച്ചുത്രേസ്യായുടെ നാമധേയത്തിലുള്ളതുമായ പുരുഷന്മാർക്കായുള്ള ആദ്യപുനരധിവാസകേന്ദ്രം 1991 ഒക്ടോബർ ഒന്നിന് അഭിവന്ദ്യ ജോസഫ് കുണ്ടുകുളം പിതാവ് വെഞ്ചരിച്ചു. യേശുസാഹോദര്യത്തിന്റെ മുന്നണിപ്പോരാളിയായ ബഹു. വർഗിസ് കരിപ്പേരിയച്ചനെ ഈ സ്നേഹാശ്രമത്തിൻ്റെ ആദ്യ ഡയറക്ടറായും നിയമിച്ചു.
സ്ത്രീകൾക്കായി മറ്റൊരു പുനരധിവാസകേന്ദ്രം ആരംഭിക്കണമെന്നു അന്നുതന്നെ ഞങ്ങൾ നിശ്ചയിച്ചു. അതിനായുള്ള പരിശ്രമങ്ങൾ തിരുവനന്തപുരം കേന്ദ്രീകരിച്ച് ആരംഭിക്കുകയും താമസിയാതെ മൺവിളയിൽ രണ്ടര ഏക്കർ സ്ഥലം വാങ്ങുകയും ചെയ്തു. 1992 ഒക്ടോബർ 11 ന് അന്നത്തെ കേരളാഗവർണ്ണരായിരുന്ന ബി.രാചയ്യ അതിൻ്റെ ഉദ്ഘാടനകർമ്മം നിർവഹിച്ചു. സ്ത്രീകൾക്കായുള്ള ഈ സ്നേഹാശ്രമത്തിൻ്റെ ചുമതല ബഹു. DSS സിസ്റ്റേഴ്സ് അതിമനോഹരമായി നിർവ്വഹിച്ചുവരുന്നു.
തടവറയിലെ കാരുണ്യശുശ്രൂഷ
ഇന്ന് യേശുസാഹോദര്യത്തിന് ഭാരത്തിലെമ്പാടും മുപ്പതിലധികം പുനരധിവാസ കേന്ദ്രങ്ങളുണ്ട്. കുട്ടികൾക്കായും, ചെറുപ്പക്കാർക്കായും, സ്ത്രീകൾക്കായും, പുരുഷന്മാർക്കായും, തടവറ മക്കളുടെ കുട്ടികൾക്കായും വിവിധ രീതികളിലും തരത്തിലുമുള്ള പുനരധിവാസകേന്ദ്രങ്ങൾ വിവിധ സമർപ്പിതസമൂഹങ്ങളുടെ നേതൃത്വത്തിൽ വിജയകരമായി നടത്തിവരുന്നു. വിമോചിതരാകുന്ന തടവറമക്കൾ അവിടെ ഈശോയുടെ കാരുണ്യത്തിൻ്റെ കടാക്ഷം അനുഭവിച്ചറിഞ്ഞു ജീവിതങ്ങൾക്ക് നൂതന നിറഭാവങ്ങൾ നേടുന്നു. PMI ദേശീയ കാര്യാലയത്തോടനുബന്ധിച്ച് തടവറമക്കളുടെ കുട്ടികൾക്കായി ആരംഭിച്ച Kolbe Home 2015 ഡിസംബർ 15ന് തിരുവനന്തപുരം മലങ്കര ആർച്ചുബിഷപ്പ് അഭിവന്ദ്യ ഗ്രഗോറിയോസ്, അഭിവന്ദ്യ സൂസൈപാക്യം തുടങ്ങിയ പിതാക്കന്മാരുടെ സാന്നിദ്ധ്യത്തിൽ, ബാംഗളൂർ ആർച്ചുബിഷപ്പ് അഭിവന്ദ്യ ബെർണാർഡ് മോറസ് വെഞ്ചരിച്ചു.
ഭാരത കത്തോലിക്കാമെത്രാൻ സമിതിയുടെ അംഗീകാരം
കേരളത്തിൽ നൂറുമേനി ഫലങ്ങൾ വിളയിച്ച യേശു സാഹോദര്യത്തിന്റെ തടവറശുശ്രൂഷകൾ ഇതര സംസ്ഥാനങ്ങളിലും ആരംഭിക്കണമെന്ന ആവശ്യം വിവിധ ഭാഗങ്ങളിൽനിന്ന് ഉയർന്നു. ഇതിന്റെ വെളിച്ചത്തിൽ 1994 ആഗസ്റ്റ് 13-15 തിയതികളിൽ ബാംഗളൂരിൽവച്ച് ഒരു ദേശിയ സമ്മേളനം നടന്നു. ആ മീറ്റിംഗിൽ ബഹു. വർഗീസ് കരിപ്പേരിയച്ചനെ National Co-Ordinator ആയി തിരഞ്ഞെടുത്തു. Prison Ministry India (PMI) എന്ന പുതിയ പേര് സ്വീകരിച്ചത് അവിടെ വച്ചാണ്. 1995-ൽ PMI ഒരു ചാരിറ്റബിൾ സൊസൈറ്റിയായി രജിസ്റ്റർ ചെയ്യപ്പെട്ടു. ഇന്ന് ഏഴായിരത്തിലധികം സന്നദ്ധസേനാനികൾ 850 ലധികം കാരാഗൃഹങ്ങളിൽ കാരുണ്യത്തിന്റെ സാന്ത്വന സ്പർശം തടവറമക്കൾക്ക് പകർന്നു നല്കുന്നു. 2000 ആഗസ്റ്റ് 24ന് CBCI, PMI യെ ഔദ്യോഗികമായി അംഗീകരിച്ചു. 2003 ആഗസ്റ്റ് 17 ന് CBCI ആരാധനാക്രമവത്സരത്തിലെ ഒരു ഞായറാഴ്ച തടവറമക്കൾക്കായി മാറ്റിവച്ചുകൊണ്ടുള്ള തീരുമാനം പ്രഖ്യാപിച്ചു. ഭാരതത്തിലെ എല്ലാ ഇടവകകളിലും അതാതു ഭാഷകളിൽ അന്നേദിവസം തടവറപ്രേഷിതശുശ്രൂഷയെക്കുറിച്ചുള്ള ഇടയലേഖനം വായിക്കുവാനുള്ള ക്രമികരണമുണ്ടായി. 2014 ഒക്ടോബർ ഒന്നിന് PMI ക്കായി CBCI യുടെ നീതിക്കും സമാധാനത്തിനും പുരോഗതിക്കും വേണ്ടിയുള്ള കാര്യാലയത്തിനുകീഴിൽ ഒരു പ്രത്യേക ഡസ്ക് രൂപീകരിച്ചു.
കോട്ടാർ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ പീറ്റർ റെമേജിയസു പിതാവിനെ കൺവീനറായും ബ. സെബാസ്റ്റ്യൻ വടക്കുംപാടനച്ചനെ സെക്രട്ടറിയായും നിയമിച്ചു. 2009 ൽ PMI ബാംഗളൂരിൽ കാർമലാരാമിനടത്തു ദേശീയ കാര്യാലയത്തിനായി സ്ഥലം വാങ്ങുകയും കെട്ടിടം പണിയുകയും ചെയ്തു. ബഹു. സെബസ്റ്റ്യൻ വടക്കും പാടനച്ചനാണ് ദേശീയ സാരഥി.
അന്തർദേശീയ തലത്തിലേക്ക്
1995 മുതൽ ക്രൈസ്തവകാരാഗൃഹശുശ്രൂഷകരുടെ അന്തർ ദേശീയ സഘടനകളുമായി യേശുസാഹോദര്യം ബന്ധം പുലർത്തി പോരുന്നു. Prison Fellowship International ൻ്റെയും International Commission of Catholic Prison Pastoral Care (ICCPPC) ൻ്റെയും സമ്മളനങ്ങളിലും PMI പങ്കെടുക്കുകയും ഇവിടെയുള്ള ശുശ്രൂഷാനുഭവങ്ങൾ അവരുമായി പങ്കുവയ്ക്കുകയും ചെയ്യുന്നു. 2011 ആഗസ്റ്റിൽ ICCPPC യുടെ ആഗോള സമ്മേളനത്തിൽ PMI National Co-ordinator പങ്കെടുക്കകയും അവിടെ വച്ച് ബ. സെബസ്റ്റ്യൻ വടക്കുംപാടനച്ചനെ ICCPPC യുടെ Asian Delegate ആയി തിരഞ്ഞെടുക്കുകയും ചെയ്തു. ആഗോളതലത്തിലുള്ള ബന്ധങ്ങൾ വിദേശജയിലുകളിൽ കഴിയുന്ന ഭാരതപൗരന്മാരെ സഹായിക്കുന്നതിനും, ഭാരതത്തിലെ ജയിലുകളിലുള്ള വിദേശപൗരന്മാരെ ശുശ്രൂഷിക്കുന്നതിനും സഹായകമാണ്.
കാരുണ്യത്തിന്റെ ജുബിലിവർഷം
പിതാവായ ദൈവത്തിൻ്റെ അതിരുകളില്ലാത്ത സ്നേഹത്തിന്റെയും കാരുണ്യത്തിൻ്റെയും അനുഭവങ്ങൾ ഏവർക്കും സംലഭ്യമാക്കാനുള്ള ഒരവസരമായിട്ടാണ് കാരുണ്യത്തിന്റെ ജൂബിലി വർഷത്തെ പരി. പിതാവ് കാണുന്നത്. ജൂബിലിയുടെ സവിശേഷതകളിൽ ഏറ്റവും പ്രധാനപ്പെട്ടത് കാരുണ്യകവാടത്തിലൂടെ കടന്ന് ദൈവത്തിന്റെ അനന്തകാരുണ്യം അനുഭവിച്ചറിഞ്ഞ് പൂർണ്ണദണ്ഡ വിമോചനം പ്രാപിക്കുക എന്നതാണ്. റോമിലെ പ്രധാന ബസിലിക്ക കളിൽ മാത്രം ഈ കവാടത്തെ ഒതുക്കിനിർത്തുവാൻ പിതാവ് ആഗ്രഹിക്കുന്നില്ല. ഭൂമിയിലെ സകല ജനപദങ്ങൾക്കും ഈ ജൂബിലി വർഷത്തിൽ കരുണയുടെ അനുഭവം കരഗതമാകാൻ ഓരോ രൂപതയിലെയും കത്തീഡ്രലിലെ പ്രധാന കവാടങ്ങളെ കാരുണ്യകവാടമായി പരി. പിതാവ് പ്രഖ്യാപിച്ചിരിക്കുന്നു. കാരാഗൃഹ സഹോദരങ്ങൾക്ക് ഈ വാതായനങ്ങളിലൂടെ കടന്നുപോകുക അസാദ്ധ്യമായതുകൊണ്ട് ഓരോ ജയിലിലെയും ചാപ്പലുകളിലൂടെ പൂർണ്ണദണ്ഡവിമോചനം പ്രാപിക്കാനാകുമെന്ന് പരി. പിതാവ് പ്രഖ്യാപിച്ചു. കരുണയുടെ ജൂബിലിവർഷത്തിൽ കാരാഗൃഹസഹോദരങ്ങളോട് കൂടുതൽ കരുണയും സ്നേഹവും കാണിക്കണമെന്ന് പരി. പിതാവ് ഉദ്ബോധിപ്പിക്കുന്നു. ഹെബ്രായ ലേഖനം സൂചിപ്പിക്കുന്നതുപോലെ, തടവുകാരോട് നമ്മളും അവരോടൊപ്പം തടവിലായിരുന്നാലെന്നപോലെ പെരുമാറേണ്ടതുണ്ട് (ഹെബ്രാ 13,3).
ഉപസംഹാരം
“ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണ് വൈദ്യനെക്കൊണ്ടാവശ്യം; നീതിമാന്മാരെയല്ല, പാപികളെ വിളിക്കാനാണ് ഞാൻ വന്നത്" (മർക്കോസ് 2,17) എന്ന ഈശോയുടെ വാക്കുകളിൽ അടിസ്ഥാനമിട്ട യേശുസാഹോദര്യം ദൈവത്തിന്റെ അനന്ത കാരുണ്യം മനുഷ്യർക്കു പകർന്നു കൊടുക്കവാനുള്ള ഒരു ദൈവിക സംവിധാനമാണ്. കാരുണ്യവർഷത്തിൽ യേശുസാഹോദര്യത്തിന്റെ സന്നദ്ധസേനാനികൾ തടവറമക്കൾക്കായുള്ള ശുശ്രൂഷകൾ ത്വരിതപ്പെടുത്തേണ്ടതുണ്ട്. കാരുണ്യപ്രവൃത്തികൾ ചെയ്തും, പരിത്യാഗകൃത്യങ്ങൾ അനുഷ്ഠിച്ചും, വി. കുർബാനയർപ്പിച്ചും, യാമ പ്രാർത്ഥനകളിലും ജപമാലയർപ്പണത്തിലും ദിവ്യകാരുണ്യ ആരാധനകളിലും പങ്കെടുത്തും, ഈശോയ്ക്കു നഷ്ടപ്പെട്ടവരോടുള്ള സ്നേഹം നാം സജീവമാക്കണം. നാം ഓരോത്തരും കാരുണ്യത്തിന്റെ, ദിവ്യകാരുണ്യത്തിന്റെ പ്രവാഹമായി മാറണം.
“സഭ തന്നെ കാരുണ്യം ജീവിക്കുകയും അതിനു സാക്ഷ്യം വഹിക്കുകയും ചെയ്യേണ്ടത് സഭയെയും അവളുടെ സന്ദേശത്തിന്റെ വിശ്വാസ്യതെയും സംബന്ധിച്ച് അങ്ങേയറ്റം സുപ്രധാനമാണ്.”
ഡോ. ജോസഫ് ഒറ്റപുരയ്ക്കൽ
St. Ephrem's Theological College Satna,
M.P. P.B. No. 26 485 001
Email: josephottapurackal@gmail.com
Mob. 08959973683
ഈശോമിശിഹായുടെ സ്നേഹവചസ്സാകുന്ന സുവിശേഷം എല്ലാ സൃഷ്ടികളോടും ലോകമെങ്ങും പ്രഘോഷിക്കുവാനും (മർക്കോ 16:15), വേദനിക്കുന്ന ഹൃദയങ്ങളിൽ സ്വാന്തനമേകുവാനുമായി സ്വന്തം നാടിനേയും സ്വന്തക്കാരേയും സ്നേഹിതരേയും ഉപേക്ഷിച്ച് അന്യനാട്ടിലെത്തി അവസാന ശ്വാസംവരെ സുവിശേഷ വേലചെയ്ത് ജീവൻ ബലികഴിച്ച മിഷനറിമാരെ അനുസ്മരിക്കേണ്ടത് ക്രിസ്തുശിഷ്യരുടെ കടമയാണ്. യഥാർത്ഥ ദൈവസ്നേഹം എന്താണെന്നും സുവിശേഷ വചസ്സുകൾ എങ്ങനെ ജീവസ്പന്ദനങ്ങളാകുന്നുമെന്നുമുള്ള പാഠങ്ങളാണ് അക്രമികളോടും കൊലയാളികളോടുംവരെ കരുണകാട്ടിയ ഇവരുടെ ജീവിതം നാമേവരേയും പഠിപ്പിക്കുന്നത്. തങ്ങളോടു ക്രൂരത കാണിച്ചവരോട് അങ്ങേയറ്റം ക്ഷമിക്കുകയും, അവരുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്ന ഹൃദയസ്പർശിയായ മാതൃകകൾ മിഷനറിമാർ പിൽക്കാല തലമുറയ്ക്കായി നല്കിയിരിക്കുന്നു. ഇവ ഏതൊരു ഭാരതീയന്റെയും മനസ്സിൽ ദൈവസ്നേഹത്തിൻ്റെ കുറവില്ലാത്ത പ്രതീകങ്ങളായി നിലനില്ക്കുകയും ചെയ്യുന്നു.
കഴിഞ്ഞ രണ്ടു ദശകങ്ങളിലായി വടക്കേഇന്ത്യയിൽ ഈശോ മിശിഹായുടെ സ്നേഹത്തിനു സാക്ഷ്യം വഹിച്ചിരുന്ന ധാരാളം മിഷനറിമാർക്ക് തങ്ങളുടെ ജീവൻ ബലികഴിക്കേണ്ടി വന്നിട്ടുണ്ട്. സിസ്റ്റർ റാണി മരിയ, സി. വത്സ ജോൺ, ഫാദർ അരുൾ ദാസ്, ഫാ. എ.റ്റി. തോമസ്, ഗ്രഹാം സ്റ്റെയിൻസ്, ഫാ. ആന്റണി മുർമു, ഫാ. മാർട്ടിൻ സെക്, ഫാ. ലോറൻസ് കുജൂർ, ഫാ. ജോസഫ് സുങ്ഡുങ്, ഫാ. അനൂപ് ഇൽദുവാർ, ഫാ. തോമസ് പാണ്ടിപ്പള്ളി, പാസ്റ്റർ ബോട്ട്ലരത്നം തുടങ്ങിയവരുടെ പേരുകൾ നമുക്ക് സുപരിചിതമാണ്. എല്ലാവരെയുംപറ്റി ദീർഘമായി പ്രതിപാദിക്കുവാൻ എളുപ്പമല്ല. ഇവരിൽ ചിലരുടെ ജീവിതവഴിയിലൂടെയുള്ള യാത്ര പാവപ്പെട്ടവർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കുമായി എന്നും കൃപ ചൊരിയുന്ന ക്രൂശിതൻ്റെ കരുണാർദ്രമുഖം നമുക്കു വെളിവാക്കിത്തരും.
സിസ്റ്റർ റാണി മരിയ
എറണാകുളം രൂപതയിലെ പുല്ലുവഴി ഇടവകയിൽ വട്ടാലിൽ കുടുംബത്തിൽ കർഷകരായ പൈലി-ഏലീശ്വ ദമ്പതികളുടെ 7 മക്കളിൽ രണ്ടാമത്തെ സന്താനമായി 1954 ജനുവരി 29ന് റാണി മരിയ ജനിച്ചു. ചെറുപ്പത്തിൽതന്നെ ഈശ്വരചൈതന്യത്തിൽ വളർന്ന റാണി മരിയ ദിവസവും വി. കുർബാനയിലും മറ്റു പ്രാർത്ഥനകളിലും സജീവമായി പങ്കെടുത്തിരുന്നു. തൻ്റെ മുന്തിരിത്തോപ്പിൽ വേലചെയ്യുവാൻ ദൈവം വിളിച്ചപ്പോൾ മാതാപിതാക്കളും സഹോദരരും എതിർത്തെങ്കിലും റാണി മരിയ 1972 ജൂലൈ 3-ാം തിയതി ഫ്രാൻസിസ്കൻ ക്ലാരമഠത്തിൽ ചേർന്നു. പരിശീലനകാലത്ത് സഹായിച്ച സിസ്റ്റർ ഗ്ലാഡിസ് റാണി മരിയയെക്കുറിച്ച് ഇപ്രകാരം പറയുന്നു: “ഏപ്പോഴും പുഞ്ചിരിച്ചുകൊണ്ട്, പൂർണ്ണ സംതൃപ്തിയോടെ, യാതൊരു പരാതിയും കൂടാതെ ശാന്തതയോടെയും വിനയത്തോടെയും ജീവിച്ചിരുന്ന ഒരു മിടുക്കിയായിരുന്നു സിസ്റ്റർ റാണി മരിയ." പരിശീലനകാലഘട്ടത്തിൽ വടക്കേ ഇന്ത്യയിൽ മിഷനറിമാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് റാണി മരിയ കേൾക്കുവാൻ ഇടയായി. ദൈവസ്നേഹം കൂടുതലായി മിഷൻ രംഗങ്ങളിൽ ആവശ്യമുണ്ടെന്നും വിദ്യാഭ്യാസക്കുറവും ദാരിദ്ര്യവുംമൂലം പ്രസ്തുത സ്ഥലങ്ങളിൽ അനേകായിരങ്ങൾ അടിമത്തത്തിനും ചൂഷണത്തിനും ഇരയാണെന്നും മനസ്സിലാക്കിയ സി. റാണി മരിയ അവിടേക്ക് പ്രേഷിതയായി പോകുവാനുള്ള ആഗ്രഹം സഭാധികാരികളെ അറിയിച്ചു. ആവശ്യമായ ഭാഷാപഠനത്തിനുശേഷം 1975 ഡിസംബർ 24-ാം തിയതി സി. റാണി മരിയ മിഷൻ പ്രദേശമായ ബിജ്നോറിൽ എത്തിച്ചേർന്നു. 1978 വരെ അവിടെ സ്കൂൾ അദ്ധ്യാപികയായി ജോലിചെയ്തു. ഇക്കാലഘട്ടത്തിൽ ഉൾഗ്രാമങ്ങൾ കേന്ദ്രീകരിച്ചുള്ള സാമൂഹിക പ്രവർത്തനങ്ങളിലും സിസ്റ്റർ പങ്കുചേർന്നു.
പിന്നീട് സാമൂഹിക ശാസ്ത്രത്തിൽ ഉപരിപഠനവം നടത്തി ഗ്രാമവാസികളുടെ ഉദ്ധാരണത്തിനായി ജീവിതം മാറ്റിവച്ചു. പാവപ്പെട്ട ജനങ്ങൾ പെട്ടെന്നുതന്നെ സിസ്റ്ററിൻ്റെ സുഹൃത്തുക്കളായി മാറി. സന്തോഷവും പുഞ്ചിരിയും നിറഞ്ഞ സിസ്റ്ററിന്റെ ഓരോ സന്ദർശനവും അവർക്ക് പ്രതീക്ഷയും സന്തോഷവും ലക്ഷ്യബോധവും നല്കി. മഴയും തണുപ്പും സ്വന്തം ശാരീരിക ക്ലേശങ്ങളു മൊന്നും ഗൗനിക്കാതെ ഗ്രാമവാസികളുടെ ആവശ്യങ്ങൾക്കായി പ്രവർത്തിച്ചിരുന്ന റാണി മരിയ ഇവർക്കായി മരിക്കാൻപോലും തയ്യാറാണെന്ന് പറഞ്ഞിരുന്നതായി ഫാദർ വർഗീസ് കൊട്ടൂർ അനുസ്മരിക്കുന്നുണ്ട്.
1983 ജൂലൈ 25-ാം തിയതി ബിജ്നോറിൽനിന്നും സത്നാ രൂപതയിലുള്ള ഓഡ്ഗഡി ഗ്രാമത്തിൽ ശുശ്രൂഷചെയ്യുവാൻ സി. റാണി മരിയ എത്തിചേരുകയും സാമൂഹിക പ്രവർത്തനങ്ങളുടെ ചുമതല ഏറ്റെടുത്ത് അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്രം പ്രഖ്യാപിക്കുകയെന്ന മിശിഹാനാഥൻ്റെ ആഹ്വാനവുമായി ഉൾഗ്രാമങ്ങളിലേക്ക് കടന്നുചെന്നു. കുട്ടികളുടെയും ചെറുപ്പക്കാരുടെയും പല ഗ്രൂപ്പുകൾ സംഘടിപ്പിച്ച് അവർക്ക് വിദ്യാഭ്യാസം നല്കുന്നതിനും, സാമൂഹിക ക്ഷേമപദ്ധതികൾ നടപ്പിലാക്കുന്നതിനും മുൻകൈയെടുത്തു പ്രവർത്തിച്ചു. ദരിദ്രർ അനുഭവിക്കുന്ന ചൂഷണങ്ങളെക്കുറിച്ച് അവരെ ബോദ്ധ്യപ്പെടുത്തുകയും ഇന്ത്യൻ പൗരന്റെ അവകാശങ്ങളെക്കുറിച്ച് അവരെ പഠിപ്പിക്കുകയും ചെയ്തു. തന്മൂലം സിസ്റ്ററിൻ്റെ പ്രവർത്തനങ്ങളെ ഉയർന്ന ജാതിക്കാർ എതിർക്കുവാൻ തുടങ്ങി. ഇവയെല്ലാം പാവപ്പെട്ടവരെ ക്രിസ്തുമതത്തിലേയ്ക്ക് പരിവർത്തനം ചെയ്യിക്കുവാനുള്ള തന്ത്രങ്ങളാണെന്ന് അവർ പ്രചരിപ്പിച്ചു. സിസ്റ്ററിന്റെ്റെ പ്രവർത്തനങ്ങളെ ഭയപ്പെട്ടിരുന്നവർ സിസ്റ്ററിനെ മാനസികമായി പീഡിപ്പിക്കുവാൻ തുടങ്ങി. പക്ഷേ, തന്നെ അയച്ച ഈശോമിശിഹായിൽനിന്നും കൂടുതൽ ഊർജ്ജം ആർജിച്ചുകൊണ്ട് പ്രവർത്തനങ്ങൾ ശക്തമാക്കുകയാണ് സിസ്റ്റർ ചെയ്ത്. അങ്ങനെ ഓഡ്ഗഡിയിലെ ഒൻപതു വർഷംകൊണ്ട് വളരെയധികം സാമൂഹി പ്രവർത്തനങ്ങൾ ആദിവാസികൾക്ക് വേണ്ടിയും പരിവർത്തിത ക്രൈസ്തവർക്കുവേണ്ടിയും നടത്തുവാൻ സിസ്റ്ററിന് സാധിച്ചു. ബിഷപ്പ് മാർ അബ്രാഹം മറ്റം സിസ്റ്ററിനെക്കുറിച്ച് ഇപ്രകാരം പറയുന്നു: “ഈ സുവിശേഷപ്രഘോഷക പൂർണ്ണമായും പാവപ്പെട്ടവരുടെ ജീവിതത്തിൽ മിശിഹായുടെ സ്നേഹവും അവിടുത്തെ രക്ഷാകര സന്ദേശവും നല്കിക്കൊണ്ട് അവരുടെ പ്രത്യേക വളർച്ചയ്ക്ക് കാരണക്കാരി ആകേണ്ടവളാണെന്ന പൂർണ്ണബോധ്യം എന്നും നില നിർത്തിയിരുന്നു."
1992 മെയ് 18-ന് സത്നായിൽനിന്ന് ഇൻഡോർ രൂപതയിലെ ഉദയനഗറിൽ സിസ്റ്റർ പ്രവർത്തനമാരംഭിച്ചു. സി. റാണി മരിയയുടെ ആദ്യശ്രമം ആ ഗ്രാമത്തിലെ ജനങ്ങളുടെ പിന്നോക്കാവസ്ഥയെക്കുറിച്ച് ആഴത്തിൽ പഠിക്കുകയെന്നതായിരുന്നു. അവിടുത്തെ അജ്ഞരും പാവപ്പെട്ടവരുമായ ആദിവാസികൾ നഗരത്തിലെ ബനിയാസിന്റെ (കച്ചവടക്കാർ) ചൂഷണത്തിന് വിധേയരായി അവരുടെ വേലക്കാരായി മാത്രം ജീവിക്കുകയാണെന്ന് സിസ്റ്റർ മനസ്സിലാക്കി. ധനികരുടെ കീഴിൽ അടിമകളെപ്പോലെ ജീവിച്ചിരുന്ന ഈ പാവപ്പെട്ട ജനങ്ങൾ സർക്കാരിൽനിന്നു ലഭിക്കുന്ന സാമ്പത്തികസഹായങ്ങളെ ക്കുറിച്ച് പൂർണ്ണരായും അജ്ഞരായിരുന്നു. സിസ്റ്ററിന്റെ ബോധവത്കരണ പരിപാടികളിലൂടെ പാവപ്പെട്ട ഗ്രാമീണർ അവരുടെ അവകാശങ്ങളെക്കുറിച്ചും അവർക്കെതിരെയുള്ള അനീതിയെക്കുറിച്ചും ബോധവാന്മാരായി. പാവപ്പെട്ടവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി സർക്കാർ സ്ഥാപനങ്ങൾ നിരന്തരം കയറിയിറങ്ങിയ സിസ്റ്ററിന് പലപ്പോഴും പരിഹാസവും അവഗണനയുമാണ് നേരിടേണ്ടിവന്നത്. എന്നാൽ ഇതിലെന്നും പതറാതെ തന്റെ ജീവിതം മുഴുവൻ മിശിഹായോടുള്ള സ്നേഹത്തെപ്രതി പാവങ്ങൾക്കായി സമർപ്പിച്ചു.
സിസ്റ്റർ റാണി മരിയയുടെ കാരുണ്യപ്രവർത്തനങ്ങളുടെ യഥാർത്ഥ ശക്തിസ്രോതസ്സ് ഈശോമിശിഹായുമായുള്ള അഗാധ ബന്ധമായിരുന്നു. ദിവസവും 4 മണിക്ക് എഴുന്നേറ്റ് ദിവ്യകാരുണ്യസന്നിധിയിൽനിന്നും സിസ്റ്റർ ശക്തി സംഭരിച്ചിരുന്നു. ഈ ശക്തിയാണ് ഉദയനഗറിലെ കാർഷികരീതിയെ മാറ്റിമറിക്കാൻ സഹായിച്ചത്. അവിടുത്തെ ചതുപ്പുനിലങ്ങൾ കൃഷിഭൂമിയാക്കിമാറ്റി. കൂടാതെ, ചെറുപ്പക്കാർക്ക് സ്വയം തൊഴിൽ കണ്ടെത്തുവാനായി സർക്കാർ സ്ഥാപനങ്ങളിൽനിന്നും ഉദയനഗറിലെയും ഇൻഡോറിലെയും ബാങ്കുകളിൽനിന്നും സഹായങ്ങൾ ലഭ്യമാക്കി. ഇപ്രകാരം ഉദയനഗറിൽ സാമൂഹികവും സാമ്പത്തികവുമായ വളർച്ചയ്ക്ക് സിസ്റ്റർ കാരണക്കാരിയായി. എന്നാൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ വളർച്ച സാമൂഹികചൂഷകരേയും ബ്ലേഡ് മാഫിയകളെയും അസ്വസ്ഥരാക്കി. തന്നെ നശിപ്പിക്കുവാനുള്ള പദ്ധതികൾ അവർ ആവിഷ്കരിക്കുന്നു എന്നറഞ്ഞിപ്പോൾ സിസ്റ്റർ ഇപ്രകാരം പറയുമായിരുന്നു: “അടിച്ചമർത്തപ്പെട്ട പാവങ്ങൾക്കുവേണ്ടി ക്രിസ്തു സ്നേഹത്തെപ്രതി ഒരു രക്തസാക്ഷിയായി മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു."
മുമ്പേമ്പോട്ടുള്ള തൻ്റെ ഓരോ ചുവടിനും ദൈവവചനം മാത്രമായിരുന്നു ആശ്രയം. “ഇതാ, നിന്നെ ഞാൻ എന്റെ ഉള്ളംകൈയ്യിൽ രേഖപ്പെടുത്തിയിരിക്കുന്നു. നിൻ്റെ മതിലുകൾ എപ്പോഴും എന്റെ മുൻപിലുണ്ട്" (ഏശയ്യാ 49:16) എന്ന തിരുവചനമായിരുന്നു സിസ്റ്ററിന്റെ പ്രചോദനം.
1995 ഫെബ്രുവരി 25-ന് പ്രാർത്ഥനയും പ്രാതലും കഴിഞ്ഞ് റാണി മരിയ ഭോപ്പാലിലുള്ള പ്രൊവിൻഷ്യാൾ വസതിയിലേക്ക് പോകുവാൻ ഉദയനഗറിൽനിന്നും ഇൻഡോർ ബസ്സിൽ കയറി. ബസ്സിലുണ്ടായിരുന്ന ജീവൻസിംഗ് എന്നയാൾ സിസ്റ്ററിനെതിരെ പാവപ്പെട്ട ആദിവാസികളുടെ ഇടയിൽ ജോലിചെയ്യുന്നുവെന്ന കാരത്താൽ ആരോപണങ്ങൾ ഉന്നയിക്കുവാൻ തുടങ്ങി. ഏകദേശം 20 കി.മി. ദൂരത്തിൽ ഒരു വനത്തിൽ ബസ്സ് എത്തിയപ്പോൾ സമുന്തർ സിംഗ് എന്നൊരാൾ ഡ്രൈവറോട് വണ്ടി നിറുത്തുവാൻ അവശ്യപ്പെട്ടു. പിന്നീട് അയാൾ ഒരു കത്തിയെടുത്ത് സിസ്റ്ററിന്റെ വയറ്റിൽ പലപ്രാവശ്യം കുത്തി. സിസ്റ്ററിൻ്റെ കരച്ചിലിന് ബസ്സിലുണ്ടായിരുന്ന ആരും ചെവിക്കൊടുത്തില്ല. സമുന്തർസിംഗ് സിസ്റ്ററിനെ ബസ്സിൽ നിന്നും വലിച്ച് പുറത്തിറക്കി ഏകദേശം 40 പ്രാവശ്യം കുത്തി. സിസ്റ്റർ “ജീസസ്, ജീസസ്" എന്നു വിളിച്ചുകൊണ്ട് സ്വർഗ്ഗീയ സമ്മാനത്തിനായി യാത്രയായി. അന്നേ ദിവസം ഉച്ചകഴിഞ്ഞ് മൃതശരീരം ഇൻഡോർ മെത്രാസന മന്ദിരത്തിൽ എത്തിച്ചു. 27-ാം തിയതി ഏഴുമെത്രാന്മാരും നൂറുകണക്കിന് വൈദികരും ചേർന്ന് വി. കുർബാന അർപ്പിച്ചുകൊണ്ട് സിസ്റ്ററിന് അന്ത്യയാത്ര നല്കി. പിന്നീട് 125 വാഹനങ്ങളുടെ അകമ്പടിയോടുകൂടി മൃതശരീരം ഉദയനഗറിൽ കൊണ്ടു പോയി സംസ്കരിച്ചു.
ഇൻഡോർ രൂപതയിലെ മെത്രാൻ്റെ വാക്കുകളിൽ: “സ്ത്രീകളുടെ ഉന്നമനത്തിനും, പാവങ്ങളുടേയും അടിച്ചമർത്തപ്പെട്ടവരുടെയും ചൂഷണം ചെയ്യപ്പെട്ടവരുടേയും പുരോഗതിയ്ക്കായും സി. റാണി മരിയ ധീരതയോടെ രക്തം ചിന്തി മരിച്ചു. ഉദയനഗറിലെ കബറിടം സ്നേഹത്തിൻ്റെയും ബലിയുടേയും സമർപ്പിത സേവനത്തിന്റെയും പ്രതീകമായിമാറും." ഈ വാക്കുകൾ യാഥാർത്ഥ്യമാക്കിക്കൊണ്ട് സിസ്റ്ററിൻ്റെ കബറിടത്തിലേയ്ക്ക് ദിവസവും നിരവധി ആളുകൾ വന്നുകൊണ്ടിരിക്കുന്നു. മനുഷ്യനായവതരിച്ച ഈശോയെക്കുറിച്ചു പാവങ്ങളോടു പ്രഘോഷിക്കുമ്പോഴും, അവർക്കു വേണ്ടി ജീവിക്കുമ്പോഴും നമ്മൾ സ്നേഹത്തിൻ്റെ കണികകൾ ആയിത്തിരുന്നുവെന്ന് സി. റാണി മരിയ തൻ്റെ ജീവിതത്തിലൂടെ നമ്മെ അനുസ്മരിപ്പിക്കുന്നു.
മരണമടഞ്ഞ ജേഷ്ഠസഹോദരിയുടെ ആഗ്രഹം മനസ്സിലാക്കിയ സഹോദരി സി. സെൽമി പോൾ 2002 ആഗസ്റ്റ് 21-ാം തിയതി റാണി മരിയെ കൊലചെയ്ത് സമുന്തർ സിംഗിനെ ഇൻഡോർ ജയിലിലെത്തി സന്ദർശിക്കുകയും അദ്ദേഹത്തെ സഹോദരനായി സ്വീകരിച്ച് അയാളുടെ കൈയിൽ രക്ഷാബന്ധൻ ചരട് കെട്ടുകയും ചെയ്തു. തദവസരത്തിൽ സമുന്തർ സിംഗ് ക്ഷമ യാചിക്കുകയും മാനസാന്തരപ്പെടുകയും ചെയ്തു. കൂടാതെ 2003 ഫെബ്രുവരി 25-ന് റാണി മരിയയുടെ മാതാവ് ഏലീശ്വ ജയിൽ സന്ദർശിക്കുകയും തൻ്റെ മകളുടെ കൊലയാളിയുടെ കൈ ചുംബിക്കുകയും ചെയ്തു.
സിസ്റ്റർ വത്സ ജോൺ
ദൈവം തന്റെ അളവറ്റ സ്നേഹത്തിൻ്റെ നീർച്ചാലുകൾ പ്രവാചകന്മാരിലൂടെ കരുണാർദ്രഹൃദയങ്ങളിൽ എത്തിക്കുമെന്ന സത്യത്തെ വെളിപ്പെടുത്തുന്നതാണ് സി. വത്സ ജോൺ മലമേലിന്റെ ജീവിതം. സി. റാണി മരിയയെപ്പോലെ അവളും സ്വജീവിതം പാവപ്പെട്ടവർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും അനാഥർക്കും സാമൂഹിക അസമത്വങ്ങൾക്ക് അടിമപ്പെട്ടവർക്കുമായി പൂർണമായി സമർപ്പിച്ചു. ദൈവിക കാരുണ്യം എന്താണെന്ന് ദൈവികഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യർക്ക് മനസ്സിലാക്കിക്കൊടുക്കുകയെന്നതായിരുന്നു ഈ പ്രവാചികയുടെ ജീവിത ലക്ഷ്യം.
1958 ഫെബ്രുവരി 9-ന് ഇടപ്പള്ളി ഇടവകയിലെ മലമേൽ കുടുംബത്തിൽ ജോണിൻ്റേയും ഏലിക്കുട്ടിയുടേയും ഏഴാമത്തെ സന്താനമായി ജനിച്ച വത്സ ചെറുപ്പംമുതൽ ദൈവഭക്തിയിൽ വളർന്നുവന്നു. ജീവിതലക്ഷ്യത്തെക്കുറിച്ചു വ്യക്തമായ ബോധ്യമുണ്ടായിരുന്ന അവൾ, വിവാഹാലോചനകൾ സജീവമായപ്പോൾ Sisters of Charity of Jesus and Mary എന്ന സന്യാസ സമൂഹത്തിൽ ചേരുവാൻ തീരുമാനിച്ചു.
പ്രഥമ വ്രതവാഗ്ദാനത്തിനുശേഷം 1987-ൽ ബീഹാറിലെ ദൾത്തോൺഗൻജ് രൂപതയിലെ പാലമാവ് ജില്ലയിൽ നൊ അഭിയാഗ്രാമത്തിൽ എത്തിയ സി. വത്സ സാമൂഹിക പ്രവർത്തനത്തിലും അദ്ധ്യാപനത്തിലും വ്യാപൃതയായി. തുടർന്ന് 1990-ൽ ഒരു വർഷത്തെ പരിശീലന പരിപാടിയിൽ പങ്കെടുത്തുകൊണ്ട് സാമൂഹിക പ്രവർത്തനത്തിൽ പ്രാവീണ്യം നേടി. പിന്നീട് പാവങ്ങളുടെയും ദളിതരുടെയും തിരസ്കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിനായി പ്രയത്നിക്കുവാനായി സിസ്റ്റർ പാറ്റ്ന ജില്ലയിലുള്ള ദാനാപുരിയിൽ എത്തി. അവിടെ ജോലിചെയ്തുകൊണ്ടിരുന്ന സി. സുധ വർഗീസിനൊപ്പം മുസഹർ എന്നറിയപ്പെട്ടിരുന്ന ദളിദരുടെ ഇടയിൽ തന്റെ പ്രവർത്തനം ആരംഭിച്ചു. മുസഹറുകൾ സമൂഹത്തിലെ ഏറ്റവും താഴെതട്ടിലുള്ളവരും ചൂഷണത്തിന് വിധേയരുമായ ഒരു സമൂഹമായിരുന്നു. വേണ്ടത്ര ഭക്ഷണവും വസ്ത്രവും വിദ്യാഭ്യാസവുമില്ലാത്ത മുസഹറുകളുടെ ഗ്രാമത്തിലെത്തിയ സിസ്റ്റർ ഗ്രാമമദ്ധ്യത്തിൽ ഒരു കുടിലിൽ താമസിച്ച് അവരുടെ വേദനകളിൽ പങ്കുചേർന്നു. തിരസ്കരിക്കപ്പെട്ടവരും എലിയെ ഭക്ഷിക്കുന്നവരുമായ ആ ഗ്രാമത്തിലെ എല്ലാവരുടെയും ഉറ്റ സുഹൃത്തായി. ദേവന്മാർക്ക് ബലിയർപ്പിക്കുവാൻ ഈ ഗ്രാമത്തിൽനിന്നും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന കഴുകന്മാരെ നിയമത്തിൻ്റെ മുൻപിൽ കൊണ്ടുവരാൻ ആവതും ശ്രമിച്ചിരുന്നു.
1993-ൽ നിത്യവ്രതവാഗ്ദാനം നടത്തി, അധികാരികളുടെ അനുഗ്രഹത്തോടുകൂടി ഝാർഖണ്ടിലെ സഹിബ്ഗൻജ് ജില്ലയിലുള്ള കോഡ് ഗ്രാമത്തിൽ സിസ്റ്റർ സന്താൾ എന്ന ആദിവാസി സമൂഹത്തിന്റെ ഇടയിൽ സേവനമാരംഭിച്ചു. ഇവരുടെ ഭാഷയും ജീവിതരീതികളും ആചാരാനുഷ്ഠാനങ്ങളും മനസ്സിലാക്കിയ സിസ്റ്റർ സ്ത്രീകളുടെ ഉന്നമനത്തിനും അവരുടെ ശാക്തീകരണത്തിനുമായി ബോധവത്കരണപരിപാടികൾ നടത്തുകയും സംഘടനകൾ രൂപികരിക്കുകയും ചെയ്തു.
1997-ൽ ഫാദർ ക്രിസ്തുദാസിനെ നഗ്നനായി തെരുവിലൂടെ നടത്തിയതിനെതിരെ ഏകദേശം 400 സന്താൾ സ്ത്രീകളെക്കൂട്ടി പ്രതിക്ഷേധറാലി സംഘടിപ്പിക്കുകയും ധർണ നടത്തുകയും ചെയ്തു. സമാധാനത്തിൻ്റെ പാതയിൽ പ്രതികരിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയ സിസ്റ്റർ വത്സയ്ക്ക് ഗാന്ധിയൻ തത്വങ്ങൾ എന്നും പ്രചോദനമായിരുന്നു.
1998-ൽ ഝാർഖണ്ടിലെ പക്കൂർ ജില്ലയിൽപ്പെട്ട ജിയാപാനിയിൽ സുപ്പീരിയറും അദ്ധ്യാപികയുമായി നിയമിക്കപ്പെട്ട സിസ്റ്ററിന് താൻ ജീവനുതുല്യം സ്നേഹിച്ച പാവപ്പെട്ടവരെ ഉപേക്ഷിക്കുക ഏറ്റം വേദനാജനകമായിരുന്നു. സ്കൂൾ അദ്ധ്യാപനത്തിനുശേഷം എല്ലാ ദിവസവും സായാഹ്നത്തിൽ ഗ്രാമങ്ങൾ സന്ദർശിച്ചിരുന്നു. കുട്ടികളെ സ്കൂളിൽ അയയ്ക്കുവാൻ അജ്ഞരായ മാതാപിതാക്കളെ സ്നേഹപൂർവ്വം പ്രേരിപ്പിച്ചു. സർക്കാർ പാവങ്ങൾക്കായി പ്രഖ്യാപിക്കുന്ന സാമ്പത്തിക സഹായങ്ങൾ ഗ്രാമീണരിൽ എത്തുന്നില്ല എന്നു മനസ്സിലാക്കിയ സിസ്റ്റർ പ്രസ്തുത പ്രശ്ന പരിഹാരത്തിനായി അക്ഷീണം പ്രയത്നിക്കുമായിരുന്നു. അങ്ങനെ സിസ്റ്റർ ഗ്രാമീണരുടെ പ്രിയപ്പെട്ട ദീദിയായി മാറി.
ബറോമസിയ ഗ്രാമത്തെ കൽക്കരി കമ്പനികൾ ഏറ്റെടുക്കുന്നുവെന്ന വാർത്ത കേട്ട് സിസ്റ്റർ അതിനെതിരെ പ്രതികരിച്ചു. സന്താളികൾക്ക് അവകാശപ്പെട്ട നാട് ഏതാനം ചില വ്യവസായികൾ സ്വന്തമാക്കുന്നുവെന്ന സത്യം മനസ്സിലാക്കുവാൻ ഗ്രാമവാസികൾ വളരെ വൈകിയിരുന്നു. അതിനാൽ തൻ്റെ സ്കൂൾ ജീവിതവും ജിയാപാനിയിലുള്ള മഠവുമുപേക്ഷിച്ച് ഏഴുകിലോമീറ്റർ ദൂരെയുള്ള പക്കുവാഡ ഗ്രാമത്തിലേയ്ക്ക് സിസ്റ്റർ തൻ്റെ താമസം മാറ്റി. തുടർന്ന് കൽക്കരി ലോബികൾക്കെതിരെ പോരാടുവാൻ സന്താൾ പർഗന എന്ന പ്രദേശത്തെ 32 ഗ്രാമത്തിലെ ജനങ്ങളെ സംഘടിപ്പിച്ചു.
പാനം കമ്പനിയ്ക്ക് കൽക്കരി കുഴിച്ചെടുക്കുവാൻ സർക്കാർ സന്താൾ പർഗന പ്രദേശം നല്കുകയാണെന്ന് മനസ്സിലാക്കിയ സിസ്റ്റർ രാജ്മഹൽ പഹദ് ബചാഓ ആന്തോളൻ എന്ന സംഘടന രൂപികരിച്ചു. കൽക്കരി ലോബികളിൽനിന്നും ഗ്രാമത്തെ രക്ഷിക്കാനായി പല പ്രതിഷേധ പരിപാടികളും ഇവർ ആസൂത്രണം ചെയ്തു നടപ്പിലാക്കി. സർക്കാരിൽനിന്നും അനുകൂലമായ പ്രതികരണങ്ങൾ ലഭിക്കാതെ വന്നപ്പോൾ റോഡ് തടയൽ, നിരാഹാരം മുതലായ കർമ്മപരിപാടികൾ ആരംഭിച്ച സിസ്റ്ററിന് ജയിൽ വാസംപോലും അനുഭവിക്കേണ്ടിവന്നു.
കമ്പനി ലോബികൾ യുവാക്കളെ പണവും ജോലിയും വാഗ്ദാനംചെയ്തത് വശീകരിച്ചതിനാൽ സംഘടന രണ്ടായി പിളർന്നു. കോടതിയെ സമീപിച്ചപ്പോൾ വിധികൾ സർക്കാരിനും കമ്പനിലോബികൾക്കും അനുകൂലമായിരുന്നു. സുപ്രിം കോടതിയാവട്ടെ കമ്പനിയുമായി ചർച്ചചെയ്ത് ഒത്തുതീർപ്പിന് ശുപാർശ ചെയ്യുകയാണുണ്ടായത്. എല്ലാ വഴികളും അടഞ്ഞതിനാൽ കമ്പനിയുമായി ചർച്ചചെയ്ത് 2006-ൽ ഒത്തുതീർപ്പു ഫോർമുല അംഗീകരിച്ചുനിലവിൽ വന്നു. ഇതിൻ്റെ എല്ലാ നിബന്ധനകളും പ്രാബല്യമാക്കുവാനും ആദിവാസികൾക്ക് ലഭിക്കാവുന്ന എല്ലാ സഹായങ്ങളും ലഭ്യമാക്കുവാനും സി. വത്സ ജോൺ അങ്ങേയറ്റം പരിശ്രമിച്ചു. തനിക്കായി ഒരു കോൺക്രീറ്റ് വീട് പണുതുനല്കാമെന്ന കമ്പനിയുടെ ഔദാര്യം നിരാകരിച്ചുകൊണ്ട് ആദിവാസികളുടെ പരമ്പരാഗതമായ കുടിലിൽത്തന്നെ താമസിക്കുവാൻ സി. വത്സ തീരുമാനിച്ചു. എങ്കിലും സിസ്റ്ററിൻ്റെ സാന്നിധ്യം പല പണക്കൊതിയന്മാർക്കും ഭീക്ഷണിയായിരുന്നു. അവർ സിസ്റ്ററിനെതിരെ ഭീക്ഷണി മുഴക്കി. സിസ്റ്ററിൻ്റെ ജീവൻ അപകടത്തിലാണെന്നു മനസ്സിലാക്കിയ സഭാധികാരികൾ മഠത്തിലേയ്ക്ക് തിരിച്ചു വരുവാൻ സിസ്റ്ററിനോട് ആവശ്യപ്പെട്ടു. എന്നാൽ തൻ്റെ ജീവിതം പാവപ്പെട്ട ആദിവാസികൾക്കായി നീക്കിവയ്ക്കപ്പെട്ടതാണെന്നും അവരുടെ ക്ഷേമമാണ് താൻ ആഗ്രഹിക്കുന്നതെന്നും ഏറ്റം വിനയഭാവത്തിൽ സഭാധികാരികളെ അറിയിച്ച് ഗ്രാമത്തിൽതന്നെ തുടർന്നും താമസിക്കുകയാണ് സിസ്റ്റർ ചെയ്തത്.
ബദൽ ഗ്രൂപ്പ് നേതാക്കൾ സിസ്റ്ററിനെ ഇല്ലാതാക്കുവാനുള്ള മാർഗ്ഗങ്ങൾ ആലോചിച്ചു തുടങ്ങി. 2011 ജൂലൈയിൽ കാൻസർ ബാധിതനായ തൻ്റെ സഹോദരൻ അന്തപ്പനെ കാണുവാൻ സി. വത്സ നാട്ടിലേക്ക് പോയപ്പോൾ കമ്പനി നല്കിയ പണവുമായി കേരളത്തിലേക്ക് കടന്നുകളഞ്ഞുവെന്ന് അവർ പറഞ്ഞു പരത്തി. എന്നാൽ സഹചര്യം ഇപ്രകാരം കലുഷിതമായിരുന്നിട്ടുപോലും 2011 നംവബർ 7-ന് സി. വത്സ പക്കുവാഡയിൽ തിരിച്ചെത്തി.
സി. വത്സക്കെതിരെയുള്ള ആരോപണങ്ങൾക്ക് മറ്റൊരു സംഭവംകൂടി മൂർച്ചകൂട്ടി. സിസ്റ്റർ തിരിച്ചെത്തി രണ്ടു ദിവസങ്ങൾക്ക് ശേഷം 2011 നവംബർ 9-ാം തിയതി അലുബേറായിൽ സിസ്റ്ററിന്റെകൂടെ ജോലിചെയ്തിരുന്ന ഒരു പെൺകുട്ടിയെ കുറെ ചെറുപ്പക്കാർചേർന്ന് ബലാത്സംഗം ചെയ്തു. കുട്ടിയുടെ മാതാപിതാക്കൾ ഇതിനെതിരെ പരാതിപ്പെട്ടെങ്കിലും കേസെടുക്കുവാൻ പോലീസ് തയ്യാറായില്ല. തന്മൂലം സി. വത്സയുടെ സഹായത്തോടെ അവർ കലക്ടറെ സമീപിച്ചു. ഇക്കാരണത്താൽ കുറ്റക്കാർ സി. വത്സയെ നശിപ്പിക്കുവാനുള്ള അവസരം കാത്തിരുന്നു. 2011 നവംബർ 15-ന് അമ്പതോളം ചെറുപ്പക്കാർ രാത്രി 10:30 ന് കമ്പി, അരിവാൾ, കുന്തം, വാൾ, കോടാലി മുതലായ ആയുധങ്ങളുമായി പക്കുവാഡ ഗ്രാമത്തെ വളഞ്ഞു. രാത്രി 11:30 ന് കുറച്ചുപേർ സിസ്റ്റർ താമസിച്ചിരുന്ന വീട്ടിൽ കയറി കമ്പളിയിൽ പുതച്ചുകിടന്നിരുന്ന സി. വത്സയെ വലിച്ച് പുറത്തിറക്കി കോടാലിയും കുന്തവും അരിവാളും ഉപയോഗിച്ച് കൊലപ്പെടുത്തി.
സിസ്റ്ററിനെതിരെയുയർന്ന ആരോപണങ്ങളെല്ലാം കെട്ടിവച്ചവയാണെന്ന് മരണശേഷം തെളിയിക്കപ്പെട്ടു. മുറിയിൽ കണ്ട ഇരുമ്പുപെട്ടിയിൽനിന്നും തണുപ്പിനുള്ള വസ്ത്രങ്ങൾ മാത്രമേ ലഭിച്ചുള്ളൂ. കൂടാതെ, ആ മുറിയിൽ ഒരു റേഡിയോ, മണ്ണെണ്ണ വിളക്ക്, പുസ്തകങ്ങൾ, പാത്രങ്ങൾ, കുരിശുരൂപം, ബൈബിൾ, ഇന്ത്യൻ ഭരണഘടനയുടെ കോപ്പി എന്നിവ മാത്രമാണുണ്ടായിരുന്നത്. തന്റെ ജീവൻ നഷ്ടപ്പെട്ടാൽപോലും താൻ സ്നേഹിക്കുന്ന ജനത്തിന് ദൈവസ്നേഹത്തിന്റെയും കരുണയുടെയും വറ്റാത്ത നീരുറവ സാധ്യമാക്കുകയെന്നതായിരുന്നു സി. വത്സ ജോണിന്റെ ജീവിതാഭിലാഷം.
ഫാ. അരുൾദാസ്
ഒഡിഷയിൽ മിഷൻ പ്രവർത്തനം ചെയ്തുപോന്ന തമിഴ്നാട്ടുകാരനായ ഫാ. അരുൾദാസ് അഞ്ചുവർഷമായിട്ട് അനന്തപൂർ ഇടവകയിലെ മിഷൻ പ്രവർത്തനങ്ങളുടെ സാരഥിയായിരുന്നു. ഹൊ ആദിവാസി സമൂഹത്തിൻ്റെ ഇടയിൽ പ്രവർത്തിച്ചിരുന്ന ഇദ്ദേഹം അവരുടെ ഉന്നമനത്തിനായി വിവിധ സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കെടുത്തുകൊണ്ട് എളിയ ജീവിതം നയിച്ചിരുന്നു.
1999 സെപ്റ്റംബർ ഒന്നിന് മയൂർബൻജ് ജില്ലയിൽ ജമബാനി ഗ്രാമത്തിൽ 35 കാരനായ ഫാദർ അരുൾദാസും മറ്റു രണ്ടുപേരും കൂടി പ്രാർത്ഥന നടത്തുകയായിരുന്നു. പ്രാർത്ഥനയ്ക്കും സാംസ്കാരിക പരിപാടികൾക്കുംശേഷം ഏകദേശം പതിനഞ്ച് പേർ ലാത്തിയും കുന്തവും അമ്പുമായി ഇവരെ ആക്രമിക്കുവാൻ തുടങ്ങി. തുടർന്ന് അവർ പള്ളിക്കു തീയിട്ടു. രക്ഷപെടുവാൻ ശ്രമിച്ച ഫാദർ അരുൾദാസിനെ അക്രമികൾ അമ്പെയ്തു കൊലപ്പെടുത്തി. മറ്റുള്ള വർക്കുവേണ്ടി മുറിവേൽക്കുകയും മുറിക്കപ്പെടുകയും ചെയ്ത മിശിഹായുടെ കരുണയും സ്നേഹവും എളിയവർക്ക് നല്കി ജീവൻ സമർപ്പിച്ച ഒരു പ്രേഷിതൻ്റെ ദാരുണാന്ത്യമാണ് നാം അരുൾദാസിൽ കാണുന്നത്. നീതിക്കുവേണ്ടി പടപൊരുതുന്ന അരുൾദാസിലൂടെ ഭാരതസഭയിൽ മിശിഹാ ഇന്നും തൻ്റെ മുഖം വെളിപ്പെടുത്തുന്നു. ആദിമസഭയിലെ രക്തം ചിന്തിയ ക്രിസ്തുശിഷ്യരുടെ മാതൃകയും സവിശേഷതയും ഭാരതസഭയിൽ ഇന്നും നിലനിൽക്കുന്നു.
ഫാ. അരുൾദാസിൻ്റെ സഹപ്രവർത്തകനായ ഫാ. ജോസ് തുണ്ടിയിൽ ഇപ്രകാരം പറയുന്നു: ഫാദർ അരുൾദാസ് ലളിതജീവിതം നയിക്കുകയും ദരിദ്രരോടുകൂടെ ആയിരിക്കുവാൻ അതിയായി ആഗ്രഹിക്കുകയും ചെയ്തിരുന്നു. പാവങ്ങളെ സംഘടിപ്പിക്കുകയും അവർക്ക് അറിവ് പകർന്നു നല്കുകയും ക്ഷേമത്തിനായി അക്ഷീണം പ്രവർത്തിക്കുകയുമായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതലക്ഷ്യം. കർദ്ദിനാൾ ടെലസ്ഫോർ സാക്ഷ്യപ്പെടുത്തുന്നത് ഇപ്രകാരമാണ്: ഫാദർ അരുൾദാസ് ഭാരതസഭയിൽ ഈശോമിശിഹായുടെ പ്രതീകമാണ്. അവിടുത്തെ പടയാളികൾകുന്തംകൊണ്ടു കുത്തിയതുപോലെ അക്രമികൾ ഫാദർ ദാസിനെ അമ്പെയ്തു കൊലപ്പെടുത്തി. ഈ അതിക്രൂരമായ മരണം ഭാരതസഭയുടെ മിഷൻ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം നല്കുന്നു. കൊലയാളികളുടെ നേതാവായിരുന്ന ദാരാസിംഗിനോട് ക്ഷമിച്ചുകൊണ്ട് കർദ്ദിനാൾ പറയുന്നു: ഞാൻ ദാരാസിംഗിനുവേണ്ടി പ്രാർത്ഥിക്കുന്നു. ദൈവം അദ്ദേഹത്തിന്റെ മാനസാന്തരത്തിനായി അന്ധകാരമയമായ ആ ജീവിതത്തിൽ വെളിച്ചം പകരട്ടെ.
ഫാദർ എ. റ്റി തോമസ് എസ്.ജെ.
പാവങ്ങളുടെ നിലവിളികേട്ട് തൻ്റെ ദൗത്യവും വിളിയും തിരിച്ചറിഞ്ഞ അഞ്ചാനിക്കൽ റ്റി. തോമസ് ഈശോസഭയിൽ ചേർന്ന് ദൈവികദൗത്യം ആരംഭിച്ചു. 1981-ൽ വൈദികനായതുമുതൽ അദ്ദേഹം ഝാർഘണ്ഡിലെ ഹസാരിബാഗ് പ്രദേശത്ത് തന്റെ പ്രേഷിതപ്രവർത്തനങ്ങൾക്കു തുടക്കമിട്ടു. ദയയുടെയും കരുണയുടെയും പ്രതീകമായിരുന്ന തോമസച്ചൻ രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനും അവശത അനുഭവിക്കുന്നവർക്ക് സ്വാന്തനം നല്കുന്നതിനും ഏറെ ശ്രദ്ധിച്ചിരുന്നു. പാവങ്ങൾക്കെതിരെയുള്ള ഏതൊരനീതിയേയും അദ്ദേഹം എതിർത്തിരുന്നു. അദ്ദേഹത്തിന്റെ സഭാംഗമായിരുന്ന ഫാ. കെവിൻ ക്രോണൽ പറയുന്നു: ഫാ. എ. റ്റി. തോമസ് മറ്റൊരു ക്രിസ്തുവായി മാറുവാൻ ആഗ്രഹിച്ചുകൊണ്ട് ദരിദ്രരുടെയും അനീതിയ്ക്ക് ഇരയായവരുടെയും തണലായി മാറി. ജനങ്ങളുടെ പീഡനകഥകൾ കേട്ട് അവരോട് അലിവുതോന്നിയ തോമസച്ചൻ അവർക്ക് രക്ഷകനായി മാറുവാൻ തീരുമാനിച്ചുറച്ചിരുന്നു. അതിനാൽ ദരിദ്രരിൽ ദരിദ്രനായി ജീവിച്ച്, ഒരു മിഷനറിയുടെ പൂർണ്ണ ചൈതന്യത്തോടെ എല്ലാവിധ വെല്ലുവിളികളെയും ധീരതയോടെ ചെറുത്തുനിന്നുകൊണ്ട് മിശിഹായുടെ യഥാർത്ഥ ശ്ലീഹായായി സുവിശേഷം പകർന്നു നല്കുന്നതിൽ വ്യാപൃതനായി അദ്ദേഹം ജീവിച്ചു. മനുഷ്യമഹത്വത്തെ വെളിപ്പെടുത്തുന്നതിനുള്ള തീവ്രാഭിലാഷമായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ നയിച്ചിരുന്നത്.
ദളിതർക്ക് വിദ്യാഭ്യാസം നല്കുന്നതിൽ അദ്ദേഹം മുൻകൈയെടുത്തു പ്രവർത്തിച്ചു. ദളിത് കുട്ടികൾ പകൽസമയത്ത് മാതാപിതാക്കളുടെകൂടെ ജോലിചെയ്തിരുന്നതിനാൽ ഗ്രാമങ്ങളിൽ അദ്ദേഹം അവർക്കായി സായാഹ്നക്ലാസുകൾ ആരംഭിച്ചു. പാവപ്പെട്ടവർക്കും ഭൂജന്മികളുടെകീഴിൽ വേലചെയ്യുന്നവർക്കും വിദ്യഭ്യാസം നല്കി അവർക്ക് മാനുഷിക മഹത്വത്തെയും വ്യക്തിത്വ മഹിമയേയുംകുറിച്ച് മനസ്സിലാക്കി കൊടുക്കുകയെന്നതായിരുന്നു ഫാ. തോമസിന്റെ ലക്ഷ്യം. കൂടാതെ, ജനങ്ങളുടെ സാമൂഹികവും ധാർമ്മികവും സാമ്പത്തികവുമായ പ്രശ്നങ്ങൾ ചർച്ചചെയ്യുകയും അതിന് പരിഹാരം കാണുവാൻ പരിശ്രമിക്കുകയും ചെയ്തു. പാവപ്പെട്ടവരുടെ എല്ലാ ജീവിതപ്രശ്നങ്ങളും സ്വന്തം പ്രശ്നങ്ങളായി കരുതി അവയെ ഉന്മൂലനം ചെയ്യുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചു.
ജനങ്ങളുടെ ശോഭനമായ ഭാവി സ്വപ്നം കണ്ടുകൊണ്ട് അവരെ സ്വയം പര്യാപ്തതരാക്കുവാൻ അദ്ദേഹം അങ്ങേയറ്റം പരിശ്രമിച്ചു. പാവപ്പെട്ടവർക്കുവേണ്ടി പ്രവർത്തിച്ചിരുന്ന ഫാ. എ. റ്റി. തോമസിനെതിരെ ചില ഹൈന്ദവതീവ്രവാദികൾ ശബ്ദമുയർത്തി. അടിച്ചമർത്തപ്പെട്ടവരുടെ അവകാശങ്ങളെ ഉയർത്തിപ്പിടിച്ച് ആ വൈദികനെതിരെ അവർ ആരോപണങ്ങൾ ഉന്നയിക്കുവാൻ തുടങ്ങി. ദളിതരായ കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഗവേഷണം നടത്തിയിരുന്ന അദ്ദേഹം തൻ്റെ പഠനത്തിൻ്റെ ഭാഗമായി 1997 ഒക്ടോബർ 25 ന് സിർക്കാ ഗ്രാമത്തിലേക്ക് പോകുകയായിരുന്നു. വഴിയിൽ വച്ച് പതിനഞ്ചോളം പേർ ഒരു ഗ്രാമവാസിയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിക്കുന്നതായി അദ്ദേഹം കണ്ടു. അയാൾക്കുവേണ്ടി ശബ്ദിച്ച തോമസച്ചനെയും ആ മർദ്ദകർ കെട്ടിയിട്ട് ആക്രമിച്ചു. പിന്നീട് വലിച്ച് വനത്തിൽ കൊണ്ടുപോയി അദ്ദേഹത്തെ ഹത്തെ അവർ കത്തിച്ചു. ഹസാരിബാഗിൽനിന്നും 20 കി.മീ. അകലെ വനത്തിൽ രണ്ട് ദിവസം കഴിഞ്ഞാണ് തോമസച്ചൻ്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെടുത്തത്.
ദളിതർക്ക് ആശ്രയമായിരുന്ന ഫാ. എ. റ്റി. തോമസിൻ്റെ ജീവിതം അനേകം പ്രേഷിതർക്കിന്ന് കരുത്ത് പകരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തനം സഭയിലെ മറ്റംഗങ്ങൾക്കു പുതിയ ഉണർവ് നല്കുന്നു.
സുവിശേഷത്തിനായി ബലികഴിച്ച രക്തസാക്ഷികളുടെ കഥ ഇവിടെ കഴിയുന്നില്ല. അനേകം പേരുടെ ജീവിത ചരിത്രം നമ്മുക്ക് പ്രചോദനമാകുകയും നമ്മുടെ വിശ്വാസത്തെ വർദ്ധിപ്പിക്കുവാൻ സാധിക്കുകയും ചെയ്യും. ദൈവസ്നേഹത്തിൻ്റെ കരുണാർദ്രമായ ഭാവങ്ങളാണ് ഈ നിർമ്മല ജീവിതയാത്രയിൽ നാം കണ്ടുമുട്ടുന്നത്. നിഷ്കളങ്കരായ എത്രയോ വിശ്വാസികൾ തങ്ങളുടെ വിശ്വാസത്തെപ്രതി ജീവൻ നല്കേണ്ടിവരുന്നു. ഉദാഹരണമായി, ഹിന്ദു നേതാവായിരുന്ന ലക്ഷ്മണാനന്ദ സരസ്വതിയുടെ മരണത്തിന് കാരണം ക്രിസ്ത്യാനികൾ ആണെന്നുള്ള കള്ളപ്രചരണങ്ങൾ നടത്തിക്കൊണ്ട് ഹിന്ദു തീവ്രവാദികൾ നൂറിലധികം ക്രിസ്ത്യാനികളെ കാണ്ഡമാനിൽ കൊലചെയ്തു. മുന്നൂറോളം ദൈവാലയങ്ങളും 6000 ക്രിസ്ത്യൻ ഭവനങ്ങളും നശിപ്പിച്ചു. ഗ്യാൻ ദാസിൻ്റെ അനീതിയ്ക്ക് കൂട്ടുനിൽക്കാതിരുന്നതിനാൽ അദ്ദേഹം പാറ്റ്നാ അതിരൂപതയിലെ വികാരി ജനറാളായിരുന്ന ഫാ. മാത്യു ഉഴതാളിനെ കുത്തി മാരകമായി മുറിവേൽപ്പിച്ചു. 2005 മെയ് 1 ന് അദ്ദേഹം ഇഹലോകവാസം വെടിയുകയും ചെയ്തു. ഇതുപോലെ സത്യത്തിനുവേണ്ടി നിലകൊണ്ട്, അദിലാബാദ് രൂപതയിൽ ജോലി ചെയ്തിരുന്ന ഫാദർ തോമസ് പാണ്ടിപ്പള്ളി സി.എം.ഐ. 2008 ആഗസ്റ്റ് 16-ാം തീയതി കൊലചെയ്യപ്പെടുകയായിരുന്നു.
കരുണ നിറഞ്ഞ ദൈവസ്നേഹത്തിൻ്റെ പ്രതിബിംബങ്ങളായി അവതരിച്ച ഈ മിഷനറിമാർ ദൈവിക കരുണയെ മനുഷ്യഹൃദയങ്ങളിൽ എത്തിക്കുന്നതിന് തങ്ങളുടെ ജീവൻ തന്നെ ബലി കഴിച്ചു കൊണ്ടും വിങ്ങിപ്പൊട്ടുന്ന മനുഷ്യഹൃദയങ്ങളിൽ പുതുജീവൻ പകർന്നു നല്കി. മിഷൻപ്രദേശങ്ങളിൽ ധാരാളം പ്രത്യാഘാതങ്ങളും എതിർപ്പും ഉണ്ടായിട്ടും മിഷൻ കൂടുതൽ ശക്തിയാർജ്ജിച്ച് തഴച്ചു വളരുന്നതിനുള്ള കാരണം തങ്ങളെ അയച്ച ക്രിസ്തുനാഥന്റെ സ്നേഹവും കരുണയും വിതുമ്പുന്ന ഹൃദയങ്ങളിൽ ഫലമണിയുമെന്നുള്ള ദൃഢവിശ്വാസത്തിൽ അഹോരാത്രം പ്രയത്നിക്കുന്ന മിഷനറിമാരിലൂടെ ദൈവം കർമ്മനിരതനായതിനാലാണ്. ആ ദൈവം മിഷനറിമാർക്ക് ശക്തിയും പ്രചോദനവും നാൾക്കുനാൾ നല്കി അനുഗ്രഹിക്കട്ടെ.
"വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭവനരഹിതരെ വീട്ടിൽ സ്വീകരിക്കുകയും നഗ്നരെ ഉടുപ്പിക്കുകയും സ്വന്തക്കാരിൽനിന്ന് ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതല്ലേ യഥാർത്ഥ ഉപവാസം?"
ഫാ. ജോസഫ് അരിമറ്റത്ത്
Paurastya Vidyapitham
Vadavathoor P.O., Kottayam 686 010
Mob. 9847775738
Email: arimattathil@gmail.com
1948 ഡിസംബർ 21. കൽക്കട്ടായിലെ ചേരികളിൽ ദൈവത്തിന്റെ കാരുണ്യത്തിൻ്റെ മുഖം പ്രത്യക്ഷപ്പെട്ട ദിനം. 18-ാം വയസിൽ ജന്മഗൃഹവും നാടും ഉപേക്ഷിച്ചു ദൈവവിളി സ്വീകരിച്ച മദർ തെരേസയുടെ പാദങ്ങൾ കൽക്കട്ടയുടെ വൃത്തിഹീനമായ തെരുവുകളെ കീഴടക്കി മുന്നോട്ടു നീങ്ങി. വെള്ളസാരിയിൽ നീലക്കരയുള്ള സ്ത്രീയെ ഒരുനിമിഷം എല്ലാവരും അത്ഭുതത്തോടെ നോക്കി. അവളുടെ പ്രവർത്തനങ്ങളിലെ ചടുലതയും മുഖത്തെ പ്രസന്നതയും ദൈവകാരുണ്യത്തിൻ്റെ അടയാളങ്ങളാണെന്നു സാവധാനം അവർ തിരിച്ചറിഞ്ഞു. ചേരികളിലെ നിരന്തര സാന്നിധ്യവും വാത്സല്യം നിറഞ്ഞ പരിചരണവും 'അമ്മ'യിലേക്ക് അവളെ വളർത്തി. ദൈവകാരുണ്യത്തിൻ്റെ സുന്ദരമായ ഈ ആവിഷ്കാരം ഒരുപിടി ഹൃദയങ്ങളെ ആവേശം കൊള്ളിച്ചു. അത് ദൈവവിളികളായും സഹായങ്ങളായും മാനസാന്തരമായും ശുശ്രൂഷകളായും പരിവർത്തനം ചെയ്യപ്പെട്ടു. ഇവിടെ തുടങ്ങുകയാണ് ദൈവത്തിന്റെ കാരുണ്യത്തെ ലളിതമായി അവതരിപ്പിച്ച മദർ തെരേസായുടെ ജീവിതം.
ഓർമ്മവെച്ച നാൾമുതൽ കാരുണ്യത്തിൻ്റെ വിളമ്പുകാരിയായിരുന്നു ആഗ്നസ്. ചെറുപ്പംമുതലേ ഇടവകയിലെ സോളിഡാരിറ്റിയിൽ പ്രവർത്തിച്ച് വിശക്കുന്നവർക്കും വേദനിക്കുന്നവർക്കുംവേണ്ടി പ്രാർത്ഥിച്ച ബാലിക. യുഗോസ്ളാവിയായിൽനിന്നും കൽക്കട്ടയിലെത്തി മിഷൻ പ്രവർത്തനം നടത്തിയിരുന്ന ഈശോസഭാ വൈദികരിലൊരാൾ ജന്മനാട്ടിലേയ്ക്ക് അയച്ച കത്തുകളിലെ ഹൃദയസ്പർശിയായ വിവരങ്ങൾ, വികാരിയച്ചൻ പള്ളിയിൽ വായിച്ചതുകേട്ടതു മുതൽ 12 വയസ്സുകാരി ആഗ്നസിൻ്റെ മനസ്സിൽ പ്രേഷിതവിളി ഉടലെടുത്തു. ലൊറേറ്റോ കോൺവെൻ്റിൽ ചേർന്ന് കർത്താവിന്റെ മണവാട്ടിയായി 1931 ൽ പ്രഥമവ്രതവാഗ്ദാനവും 1937 ൽ നിത്യവ്രതവാഗ്ദാനവും നടത്തി. പക്ഷേ കൽക്കത്തായിലെ നൊമ്പരക്കാഴ്ചകൾ മഠത്തിനുള്ളിൽ ഒതുങ്ങിനില്ക്കാൻ സിസ്റ്റർ തെരാസായെ അനുവദിച്ചില്ല. നാളുകൾ നീണ്ട നിരന്തരമായ സംഘർഷങ്ങൾക്കൊടുവിൽ സഭാധികാരികളുടെ അനുവാദത്തോടെ സിസ്റ്റർതെരേസ തെരുവിലേക്കിറങ്ങി, പാവങ്ങളുടെ അമ്മയായി അഥവാ മദർതെരേസയായി.
അഞ്ചുരൂപാ മൂലധവുമായി തെരുവിലിറങ്ങിയ തെരേസായ്ക്ക് തുടക്കം അത്ര എളുപ്പമായിരുന്നില്ല. സാഹചര്യങ്ങൾ ഒട്ടും അനുകൂലമല്ലായിരുന്നു. അവളെ എതിരേറ്റത്, ദാരിദ്രത്തിന്റെ കാരാഗൃഹത്തിൽ സ്ഥിരംവസിക്കുന്ന പാവങ്ങൾ, വിശപ്പിന്റെ വീർപ്പുമുട്ടലിൽ എച്ചിലിലയ്ക്കായി മത്സരിക്കുന്ന കുട്ടികൾ, തിരിഞ്ഞുനോക്കാനാളില്ലാതെ വഴിയരുകിൽ കിടന്നു ഞരങ്ങുന്ന കുഷ്ഠരോഗികൾ, തെരുവിൽ കിടന്നു തണുത്തുവിറച്ച് മരിക്കുന്നവർ, ചോരഛർദിച്ച് ചുമച്ച് പാതവക്കിൽ കുഴഞ്ഞുവീണു മരിക്കുന്ന ക്ഷയരോഗികൾ... അവരുടെ പട്ടിക നീളുകയാണ്. പേക്കിനാവുകളുടെ നഗരമെന്നു പണ്ഡിറ്റ് ജവഹർലാൽ നെഹ്റു കൽക്കട്ടയെ വിശേഷിപ്പിച്ചത് മറ്റൊന്നും കൊണ്ടാവില്ല.
സ്നേഹം കൊണ്ട് ലോകത്തിലെ മിക്കവാറും പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഉറച്ച് വിശ്വസിച്ച മദർ തെരേസായ്ക്ക് ഇതെല്ലാം പ്രശ്നങ്ങളെക്കാളുമുപരി സാധ്യതകളായിരുന്നു. തെരുവിലെ രോദനങ്ങൾ മദറിനെ ഉണർത്തി. ദിവ്യ കാരുണ്യ സന്നിധിയിൽനിന്നും ആവാഹിച്ചെടുത്ത ശക്തിയുമായി സകലരാലും ഉപേക്ഷിക്കപ്പെട്ട അനാഥരായി കഴിഞ്ഞിരുന്നവരുടെ, സ്നേഹം നിഷേധിക്കപ്പെട്ടവരുടെ, മാതാപിതാക്കൾ നഷ്ടപ്പെട്ടവരുടെ, കുഷ്ഠരോഗികളുടെ അടുത്തേക്ക്, ചീഞ്ഞു നാറുന്ന, അഴുകി ഒലിക്കുന്ന ശവശരീരങ്ങളുടെ നടുവിലേക്ക് മൂക്കുപൊത്താതെ, മുഖം ചുളിക്കാതെ മദർ കടന്നു ചെന്നു. അങ്ങനെ പേക്കിനാവുകളുടെ നഗരത്തിൽ ആനന്ദനഗരം സ്ഥാപിച്ച് ദൈവത്തിന്റെ കാരുണ്യം മദർ ലോകത്തിനു വെളിവാക്കി.
അനുപമമായ ക്രൈസ്തവ കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും ആധുനികാവതാരമായിരുന്നു അമ്മ. ഈശോയുടെ കാരുണ്യം എല്ലാവരോടുമായിരുന്നു. ഈശോ ദൈവത്തിന്റെ കാരുണ്യം ലേകത്തിനു കൊടുത്തത് അതിർവരമ്പുകൾ നിശ്ചയിക്കാതെയായിരുന്നു. ഈശോയുടെ അടുത്ത് എല്ലാവർക്കും സ്ഥാനമുണ്ടായിരുന്നു. എല്ലാവരും സ്വീകാര്യരായിരുന്നു. ഈ ചൈതന്യമാണ് മദർ തെരേസായേയും നയിച്ചിരുന്നത്. ജാതി, മത, വർഗ്ഗ, വർണ്ണ വ്യത്യാസങ്ങൾ പരിഗണിക്കാതെ എല്ലാവരും മനുഷ്യരാണെന്നും അതുകൊണ്ടുതന്നെ ദൈവത്തിൻ്റെ കാരുണ്യത്തിന് അർഹതപ്പെട്ടവരാണെന്നുമുള്ള ഉറച്ചബോധ്യം മദറിനുണ്ടായിരുന്നു. ഇത് എല്ലാവരും തിരിച്ചറിഞ്ഞ സത്യമായിരുന്നു. രോഗിണിയായ ഒരു മുസ്ലീംസ്ത്രീക്ക് മദർ തെരേസ മരുന്നു നല്കിയപ്പോൾ ഏതോ അത്ഭുതം നടന്നതുപോലെ അവർ പറഞ്ഞു: "എത്രയോ വർഷങ്ങൾക്കുശേഷം ഇന്നാണെനിക്കു വേദന തോന്നാത്തത്. അല്ലാഹുവാണ് നിങ്ങളെ എൻ്റെയടുത്തേയ്ക്കയച്ചത്." മദർ തെരേസ എഴുതുന്നു: “മോത്തിഝ്ധില്ലിലെ വൃദ്ധയായൊരു മുസ്ലീംസ്ത്രീ എന്നോടു പറഞ്ഞു: ഒരു കാര്യം ഉറപ്പുതരാമോ? എനിക്ക് രോഗം മൂർച്ഛിച്ച് മരിക്കാറായെന്നറിയുമ്പോൾ ദയവുചെയ്ത് എൻ്റെ അടുത്ത് വരണം. ദൈവത്തിന്റെ സമീപത്തിരുന്ന് മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” മദർ തെരേസയുടെ പ്രവർത്തനങ്ങളിലുടെ ദൈവത്തെ നേരിട്ടു കാണുന്ന പ്രതീതി മദറിൻ്റെ ശുശ്രൂഷ സ്വീകരിക്കുന്ന എല്ലാവർക്കും ഉണ്ടായിരുന്നു.
ഈ കാരുണ്യത്തിൻ്റെ ചൈതന്യം മദർ എന്ന വ്യക്തിയിൽ ഒതുങ്ങിനിൽക്കാതെ ലേകത്തിൻ്റെ നാനാഭാഗങ്ങളിലേക്ക് പടർന്നു. നിരവധി വ്യക്തികൾ സഹായഹസ്തം നീട്ടി. നിരവധി വ്യക്തികൾ അതിൽ പങ്കുകാരായി. വളരെ ഹ്യദയസ്പർശിയായ ഒരനുഭവം മദർതന്നെ രേഖപ്പെടുത്തുന്നുണ്ട്. ഒരുദിവസം ഒരു യാചകൻ മദറിനെ കാണാൻ പുറത്തു വന്നു നിൽക്കുന്നു എന്ന വിവരം സിസ്റ്റർമാർ മദറിനെ അറിയിച്ചു. മദർ അങ്ങോട്ടു ചെല്ലണമെന്ന് അദ്ദേഹം നിർബന്ധിച്ചുകൊണ്ടിരുന്നു. മദർ തെരേസായോട് നേരിട്ട് അയാൾക്ക് എന്തോ പറയാനുണ്ടത്രേ. മദർ താഴേക്ക് ചെന്നു. ആ യാചകൻ ഭിക്ഷയാചിച്ചു വന്നതായിരുന്നില്ല. അന്നത്തെ തന്റെ സമ്പാദ്യം മദറിനു സംഭാവന നല്കാൻ എത്തിയതായിരുന്നു അയാൾ. അയാളുടെ തകരപാത്രത്തിൽ എതാനും നാണയത്തുട്ടുകൾ. മദർ ഒരു നിമിഷം ശങ്കിച്ചു. അതു സ്വീകരിച്ചാൽ അന്നു രാത്രി അയാൾ പട്ടിണി കിടക്കേണ്ടി വരും. നിരസിച്ചാൽ അയാളുടെ മനസ്സ് വേദനിക്കും. സ്വീകരിക്കാൻതന്നെ മദർ തീരുമാനിച്ചു. അയാൾ സന്തോഷപൂർവ്വം മദറിൻ്റെ കരങ്ങൾ ചുംബിച്ചു. കർത്താവിന്റെ കാരുണ്യം മനുഷ്യൻ്റെ കരങ്ങളിലൂടെ തിരിച്ചറിയുന്നവർക്ക് പ്രവർത്തിക്കാതിരിക്കാനാവില്ല. മദർ തെരേസായുടെ ജീവിതം മറ്റനേകം പേരിൽ കരുണ ജനിക്കുന്നതിനു കാരണമായി.
ഈ കാരുണ്യാവതാരത്തിനു മുമ്പിൽ എത്രയേ വലിയ ശക്തികളാണ് മുട്ടു മടക്കിയത്. യാസർ അറാഫത്തും, മിഖായേൽ ഗോർബച്ചേവും അമ്മയ്ക്കുമുമ്പിൽ കൈകൂപ്പിനിന്നു. കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങൾ അവർക്കായി വാതിലുകൾ തുറന്നിട്ടു. ഇന്ത്യൻ എയർലൈൻസും എയർ ഇന്ത്യയുമെന്നെല്ല, ലോകരാഷ്ട്രങ്ങളിലെ ഒട്ടുമിക്കാവാറും വിമാനകമ്പനികളും മദറിനും സഹോദരിമാർക്കും സൗജന്യയാത്ര അനുവദിച്ചു. നൊബേൽ സമ്മാനംമുതൽ ഭാരതരത്നംവരെ ഇരുന്നൂറോളം പുരസ്കാരങ്ങൾ അമ്മയെ തേടിയെത്തി. കൽക്കട്ടയിൽ ബന്ദുനടന്നാലും മിഷനറീസ് ഓഫ് ചാരിറ്റിയുടെ വാഹനങ്ങൾക്ക് ഭയപ്പെടാതെ എവിടെയും സ്വതന്ത്രമായി യാത്ര ചെയ്യാമായിരുന്നു. ബഹുരാഷ്ട്ര കുത്തകകളുടെയും വിമാന കമ്പനികളുടെയുമൊക്കെ പണപ്പെട്ടികൾ പാവപ്പെട്ടവനു വേണ്ടി തുറക്കപ്പെട്ടു. ഇങ്ങനെ എത്രയെത്ര അത്ഭുതങ്ങൾ. യഥാർത്ഥത്തിൽ ഇതെല്ലാം ദൈവത്തിൻ്റെ കാരുണ്യത്തിൽ പങ്കുപറ്റാൻ മദർ തെരേസായിലൂടെ ലേകത്തിനു ലഭിച്ച സുന്ദരമായ അവസരങ്ങളായിരുന്നു. അങ്ങനെ കൽക്കട്ടായിലെ ഒരു ചെറിയ മുറിയിൽ ആരംഭിച്ച കാരുണ്യത്തിൻ്റെ പ്രവൃത്തികൾ ലോകത്തിൽ മുഴുവൻ വ്യാപിച്ചു.
യഥാർത്ഥത്തിൽ മദർ തെരേസ ലോകത്തെ കീഴടക്കിയവളാണ്. വൈരാഗ്യവിദ്വേഷങ്ങൾ മദറിനു മുമ്പിൽ വഴിമാറി. മതമൗലിക വികാരങ്ങൾ മയപ്പെട്ടു. സംശയദൃഷ്ടിയും വിമർശനങ്ങളുമെല്ലാം അപ്രത്യക്ഷമായി. ശരീരത്തിലെയും മനസ്സിലെയും മുറിവുകൾ ഉണക്കി, പുതിയ സംസ്കാരത്തെ രൂപപ്പെടുത്തി, കരയുന്നവരുടെ കണ്ണീരൊപ്പി മാറോടണയ്ക്കാൻ മദറിനു സാധിച്ചു. മുട്ടുകയും എന്നാൽ തുറക്കപ്പെടാതിരിക്കുകയും ചെയ്ത വാതിലുകളുടെ മുമ്പിൽ തലതല്ലിക്കരഞ്ഞ ദുഃഖിതരിൽ ആശ്വാസക്കണികയായി. അങ്ങനെ ദുരന്തങ്ങൾ നിറഞ്ഞ ചേരികളിൽ സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ അലയടികൾ ഉയർന്നു. ചേരികളിലും സന്തോഷിക്കാനുള്ളവക ധാരാളമുണ്ടെന്നും ഇല്ലായ്മകൾക്കിടയിലും അവിടം സമ്പന്നമാണെന്നും മദർ തെരേസ ലോകത്തോടു വിളിച്ചു പറഞ്ഞു. അങ്ങനെ മതത്തിൻ്റെ ജീവൻ - ദൈവത്തിന്റെ കാരുണ്യം മനുഷ്യർക്കിടയിൽ പ്രചരിപ്പിക്കാൻ സമ്പത്തോ സ്ഥപനങ്ങളോ ഒന്നും ആവശ്യമില്ലെന്നും അതിനു ധന്യമായ ഒരാത്മാവ് മതിയെന്നും മദർ നമ്മെ പഠിപ്പിക്കുന്നു.
ഈ സ്നേഹത്തെയാണ്, കാരുണ്യത്തെയാണ് ലോകമെങ്ങുമുള്ള നാനാജാതി മതസ്ഥർ 'അമ്മ' എന്ന് വിളിക്കുന്നത്. ഈ നൂറ്റാണ്ടിൽ ദൈവത്തിൻ്റെ കാരുണ്യം ലോകമാകമാനം വെളിപ്പെടുത്തിയ മദറിന്റെ ചൈതന്യത്തിനു മറഞ്ഞിരിക്കുവാൻ കഴിയുമെന്നു തോന്നുന്നില്ല.
“നിശബ്ദതയുടെ ഫലം പ്രാർത്ഥന പ്രാർത്ഥനയുടെ ഫലം വിശ്വാസം വിശ്വാസത്തിന്റെ ഫലം സ്നേഹം സ്നേഹത്തിന്റെ ഫലം ശുശ്രൂഷ ശുശ്രൂഷയുടെ ഫലം സമാധാനം"
(വാഴ്ത്തപ്പെട്ട മദർ തെരേസ)
ഫാ. മാത്യു ചന്ദ്രൻകുന്നേൽ
Shalom Pastoral Centre
Palai P.O., Kottayam 686 575
Mob. 9495447144
വി. ഗ്രന്ഥത്തിൻ്റെ അന്തർധാരയാണ് കരുണ. രക്ഷാ കരചരിത്രം ദൈവം മനുഷ്യനോടു കാണിച്ച കരുണയുടെ ചരിത്രമാണ്. നീതിയിൽ ചാലിച്ച കരുണയാണ് ദൈവത്തിന്റേത്. പുത്രനായ മിശിഹാ കരുണയുടെ മനുഷ്യരൂപമത്രെ. വാക്കിലും നോക്കിലും കർമ്മത്തിലും കരുണയുണ്ടായിരിക്കണമെന്ന് ഈശോ പഠിപ്പിച്ചു. "കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്കു കരുണലഭിക്കും” (മത്താ 5,7). "ബലിയല്ല കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നതിന്റെ ആർത്ഥം മനസ്സിലായിരുന്നെങ്കിൽ നിങ്ങൾ നിരപരാധരെ കുറ്റം വിധിക്കുമായിരുന്നില്ല" (മത്താ 2,7).
നിയമത്തേക്കാൾ പ്രധാനം കരുണ
നിയമത്തേക്കാൾ പ്രധാനപ്പെട്ട കാര്യം കരുണയാണെന്ന് നല്ല സമരിയാക്കാരൻ്റെ ഉപമയിലൂടെ ഈശോ പഠിപ്പിച്ചു. നിത്യജീവൻ പ്രാപിക്കാൻ എന്തു ചെയ്യണമെന്ന ഒരു നിയമജ്ഞന്റെ ചോദ്യത്തിന് ഉത്തരമായാണ് വിശ്വപ്രസിദ്ധമായ ഒരു ഉപമ അവിടുന്നു പറഞ്ഞത്. നിയമങ്ങളെല്ലാം പാലിച്ചു ജീവിക്കുന്നവനാണെന്ന നിയമജ്ഞൻ നീതീകരണ മനോഭാവത്തെ തിരുത്താനാണ് ജറുസലേമിൽനിന്ന് ജറീക്കോയിലേക്കു യാത്രചെയ്ത ഒരു മനുഷ്യന്റെ കഥ ഈശോ അവതരിപ്പിച്ചത്. യാത്രക്കാരൻ കൊള്ളക്കാരുടെ ആക്രമണത്തിനിരയായി. അയാളെ കണ്ടവർ പലരും കടന്നുപോയി. ഒരു സമരിയാക്കാരൻ അയാളെ പരിചരിച്ചു. അയാളെപ്പോലെ കരുണക്കാണിക്കുന്നവർക്ക് നിത്യജീവൻ അവകാശപ്പെട്ടതാണെന്ന് കഥയിൽ വ്യക്തമാക്കിയിരിക്കുന്നു (ലൂക്കാ 10,15-37).
യഹൂദനിയമം പഠിച്ചവരും പഠിപ്പിച്ചവരും പാലിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചവരുമായിരുന്നു നിയമജ്ഞരും ഫരിസേയരും. സ്വന്തം ജീവിതത്തിൽ അതു പാലിക്കാൻ അവർക്കു സാധിച്ചില്ല. നിയമം നിയമത്തിനുവേണ്ടി എന്നതായിരുന്നു അവരുടെ ചിന്ത. നിയമത്തിന്റെ യഥാർത്ഥ ചൈതന്യത്തിൽ ജീവിക്കാൻ ശ്രമിക്കാത്തതിന്റെ പേരിൽ അവർ പരക്കെ വിമർശിക്കപ്പെട്ടു. ഫരിസേയരെയും നിയമജ്ഞരെയും ഈശോ കപടനാട്യക്കാരുടെ പട്ടികയിൽ പെടുത്തി. "നിയമജ്ഞരും ഫരിസേയരും മോശയുടെ സിംഹാസനത്തിൽ ഇരിക്കുന്നു. അതിനാൽ അവർ നിങ്ങളോടു പറയുന്നതെല്ലാം അനുസരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുവിൻ. എന്നാൽ അവരുടെ പ്രവൃത്തികൾ നിങ്ങൾ അനുകരിക്കരുത്. അവർ പറയുന്നു, പ്രവർത്തിക്കുന്നില്ല. അവർ ഭാരമുള്ള ചുമടുകൾ മനുഷ്യരുടെ ചുമലിൽ വച്ചുകൊടുക്കുന്നു. സഹായിക്കാൻ ചെറുവിരൽ അനക്കാൻപോലും തയ്യാറാകുന്നുമില്ല" (മത്താ 23,2-4). "കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരെ, നിങ്ങൾക്ക് ദുരിതം. നിങ്ങൾ വെള്ളയടിച്ച കുഴിമാടങ്ങൾക്കു സദൃശ്യരാണ്. അവ പുറമെ മനോഹരമായി കാണപ്പെടുന്നെങ്കിലും അവയ്ക്കുള്ളിൽ മരിച്ചവരുടെ അസ്ഥികളും സർവ്വവിധ മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്നു" (മത്താ 23,27).
ജീവിതത്തിന്റെ പങ്കുവയ്ക്കൽ
കരുണ ജീവിതത്തിൻ്റെ പങ്കുവയ്ക്കലാണ്. സഹതാപത്തിൽ നിന്ന് ഉരുത്തിരിയുന്ന പ്രവർത്തനമല്ലത്. അത് സ്നേഹത്തിന്റെ പ്രകാശനമാണ്. പാവപ്പെട്ടവരും നിരാലംബരും നിസ്സഹായവരുമായവരോടുള്ള താദാത്മ്യപ്പെടലാണ് കരുണ. ത്യാഗം സഹിച്ചു നൽകുന്നതാണ് കരുണ. "അവൻ പറഞ്ഞു: ദരിദ്രയായ ഈ വിധവ മറ്റെല്ലാവരേയുംകാൾ കൂടുതൽ നിക്ഷേപിച്ചിരിക്കുന്നു എന്നു സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. എന്തെന്നാൽ അവരെല്ലാവരും തങ്ങളുടെ സമൃദ്ധിയിൽനിന്നു സംഭാവന ചെയ്തു. ഇവളാകട്ടെ തന്റെ ദാരിദ്ര്യത്തിൽ നിന്നു ഉപജീവിതത്തിന് മുഴുവനും നിക്ഷേപിച്ചിരിക്കുന്നു" (ലൂക്കാ 21,34).
വൃദ്ധസദനങ്ങളും ബാലഭവനങ്ങളും മറ്റു അഭയകേന്ദ്രങ്ങളും ആരംഭിച്ച് ശുശ്രൂഷ നിർവ്വഹിക്കുന്ന സമർപ്പിതസമൂഹം സ്വന്തം ജീവിതം കൊണ്ടാണ് കാരുണ്യം പ്രകടിപ്പിക്കുന്നത്. ഭക്ഷണവും വസ്തുവും പാർപ്പിടവും നൽകുന്നത് കാരുണ്യപ്രവർത്തനമാകണമെന്നില്ല. മനസ്സും ഹൃദയവും നൽകുന്നതാണ് കാരുണ്യം. കാരുണ്യത്തിന്റെ അടയാളമായി ലോകമെമ്പാടും ആദരിക്കപ്പെട്ട മദർ തെരേസ അഗതികൾക്കുവേണ്ടി ജീവൻ സമർപ്പിച്ചവളായിരുന്നു. സമർപ്പിതർ കരുണയുടെ ശുശ്രൂഷകരായിരിക്കണമെന്ന് മദർ തെരേസ ലോകത്തെ പഠിപ്പിച്ചു. കരുണ പ്രദർശിപ്പിക്കാനുള്ള മനുഷ്യന്റെ മൗലികമായ അവകാശത്തെ നിഷേധിക്കുന്ന രാഷ്ട്രീയ അന്തരീക്ഷം രാജ്യത്ത് ശക്തിപ്പെട്ടുവരുന്നുവെന്നതിന്റെ സൂചനകൾ വ്യക്തമാണ്. ശിശുക്കളുടെ ദത്തെടുക്കലുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന നിയമത്തിലെ വ്യവസ്ഥകൾ മാറ്റിയും ഇളവു ചെയ്തും മദർ തെരേസയുടെ ശിശുക്ഷേമസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് അടുത്തകാലത്ത് രാഷ്ട്രീയ നീക്കങ്ങൾ നടന്നു. മൂല്യങ്ങൾ ബലികൊടുത്ത് സ്ഥാപനങ്ങൾ നടത്തിക്കൊണ്ടുപോകാൻ തയ്യാറല്ലെന്ന് മദർതെരേസാ സ്ഥാപനങ്ങൾ നിലപാടെടുത്തു. ദത്തുപോകുന്ന കുട്ടികളുടെ സംരക്ഷണവും സുരക്ഷിതത്വവും മൂല്യാധിഷ്ഠിത ശിക്ഷണവും ഉറപ്പാക്കേണ്ടത് ആവശ്യമാണെന്ന ബോധ്യമാണ് സ്ഥാപനങ്ങൾ അടച്ചിടാൻ സന്നദ്ധമാണെന്ന സഭയുടെ പ്രഖ്യാപനത്തിനു പിന്നിൽ.
കാരുണ്യത്തിൻ്റെ കപടമുഖങ്ങൾ
കാരുണ്യത്തിന്റെപേരിലും കാരുണ്യത്തിൻ്റെ മറവിലും മുതലെടുപ്പു നടത്തുന്ന കുടില ശക്തികളുണ്ട്. "അവൻ പാനപാത്രത്തിന്റെയും ഭക്ഷണപാത്രത്തിന്റെയും പുറം വെടിപ്പാക്കുന്നവരെപ്പോലെയാണ്. അവരുടെ ഉള്ള് കവർച്ചയും ആർത്തിയും കൊണ്ട് നിറഞ്ഞിരിക്കുന്നു" (മത്താ 23,25). ആട്ടിൻ തോല് ധരിച്ച ചെന്നായ്ക്കളെപ്പോലെയാണവർ. അവർക്കു നല്ല നിയോഗങ്ങളില്ല; അവരുടെ പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദു അവർ തന്നെയാണ്. അവരുടെ അകവും പുറവും തമ്മിൽ അന്തരമുണ്ട്. മറ്റുള്ളവരുടെ അംഗീകാരത്തിനും പ്രീതിക്കുംവേണ്ടി ചെയ്യുന്ന പ്രവൃത്തികൾ കാരുണ്യത്തിൻ്റെ പട്ടികയിൽപ്പെടുന്നില്ല.
മൃഗസ്നേഹം എന്ന കാപട്യം
മനുഷ്യസ്നേഹം കുറയുകയാണെങ്കിലും കേരളത്തിൽ മൃഗസ്നേഹം കൂടിവരുകയാണ്. പട്ടിപ്രേമം മൂത്ത് ചിലർ സാമൂഹ്യവിരുദ്ധരെപ്പോലെ പെരുമാറുന്നു. നായ്ക്കളുടെ എണ്ണം ക്രമാതീതമായി പെരുകി വരുന്നു. വീട്ടിലെ ഉച്ചിഷ്ടങ്ങളും കേറ്ററിംഗ് അവശിഷ്ടങ്ങളും അറവുശാലകളിലെ മാലിന്യങ്ങളും തെരുവുനായ്ക്കളുടെ എണ്ണം കൂടുന്നതിനു കാരണമാകുന്നു. തെരുവിൽനിന്നു ഭക്ഷണം ലഭിക്കാതെ വരുമ്പോൾ നായ്ക്കൾ അക്രമാസക്തമാകുന്നു. സമീപകാലത്ത് നൂറുകണക്കിന് കുട്ടികളെയും മുതിർന്നവരെയും നായ്ക്കൾ അക്രമിക്കുകയുണ്ടായി. നായ്ക്കളിൽനിന്നു നാട്ടുകാരെ സംരക്ഷിക്കാൻ ആരുമില്ല. എന്നാൽ നായ്ക്കളുടെ പക്ഷം പറയാൻ കേന്ദ്രമന്ത്രിയും ന്യായാധിപന്മാരും മൃഗസ്നേഹികളും മാധ്യമപ്രവർത്തകരുമുണ്ട്. നായ്ക്കൾക്ക് ഇരയായവര ഇരയായവരുടെ പക്ഷം പറയാൻ ആരുമില്ല.
നായ്ക്കൾപോലും ആഗ്രഹിക്കാത്ത വിധമാണ് ചില പട്ടിസ്നേഹികൾ നായ്ക്കൾക്കു വേണ്ടി വക്കാലത്ത് പറയുന്നത്. വീട്ടിൽ പട്ടിയെ വളർത്താത്തവരും പട്ടിയെ സംരക്ഷിക്കുന്നവരെ സഹായിക്കാത്തവരും പട്ടികടിയേൽക്കാത്തവരുമായ മാന്യന്മാരാണ് പട്ടിക്കുവേണ്ടി വാദിക്കുന്നത്. പേപ്പട്ടിവിഷബാധയ്ക്കെതിരെയുളള വാക്സിൻ നിർമ്മാണക്കമ്പനികളുടെ ഏജൻ്റുമാരാണ് പട്ടിസ്നേഹികളെന്ന ആക്ഷേപത്തെ തള്ളിക്കളയാനാവില്ല. കേന്ദ്രമന്ത്രി മേനകാ ഗാന്ധിയെ പ്രതിചേർത്ത് ഹൈക്കോടതിയിൽ കേസുകൊടുക്കാൻ വ്യവസായി ചിറ്റിലപ്പള്ളി തീരുമാനിച്ചതിനെ പൊതു സമൂഹം സ്വാഗതം ചെയ്തതായി കണ്ടു. 'തെരുനായ് വിമുക്തകേരളം' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു അദ്ദേഹം നിരാഹാരം അനുഷ്ഠിക്കുകയുണ്ടായി. 'സ്ട്രേ & ഡോഗ് ഫ്രീ മുവ്മെന്റ്' എന്ന സംഘടനയുടെ സ്ഥാപകനേതാവാണ് സാമൂഹ്യപ്രവർത്തകൻ കൂടിയായ ശ്രീ. ചിറ്റിലപ്പിള്ളി പട്ടിയെ കൊല്ലുന്നതിനാൽ കേരളത്തിലേക്കുള്ള വിനോദ യാത്ര ഉപേക്ഷിക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി മേനകാ ഗാന്ധിയുടെ നേതൃത്വത്തിൽ നീക്കം നടന്നത് വിചിത്രമാണ്. പട്ടി വിമുക്ത കേരളമാണ് വിദേശസഞ്ചാരികൾ ആഗ്രഹിക്കുന്നതെന്ന സത്യം ഗ്രഹിക്കാനുള്ള ശേഷി മേനകാഗാന്ധിക്കില്ലെന്നു വിശ്വസിക്കാൻ പ്രയാസം. പട്ടിയോടുള്ള പ്രേമത്തിൻ്റെ മറവിൽ കേരളത്തിന്റെ വികസനത്തെ തടയാനുള്ള തന്ത്രമാണ് 'ബോയ്കോട്ട് കേരള ടൂറിസം' പദ്ധതിക്കു പിന്നിൽ ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ പാവപ്പെട്ട ജനങ്ങളുടെ ഉപജീവനമാർഗ്ഗമായിരുന്ന ആടുമാടുകളും താറാവുകളും കോഴികളും അജ്ഞാതരോഗം ബാധിച്ച് ചത്തു വീണപ്പോൾ അവയെ കൂട്ടമായി കൊന്നൊടുക്കുകയുണ്ടായി. പതിനായിരക്കണക്കിനു താറാവുകൾ കർഷകർക്കു നഷ്ടപ്പെട്ടു. ആ സമയത്ത് മൃഗസ്നേഹികൾ ആരും രംഗത്തു വന്നില്ല. ഒരു ന്യായാധിപനും മൃഗസ്നേഹവുമായി മാധ്യമങ്ങളെ സമീപിച്ചില്ല. ഇപ്പോൾ മൃഗസ്നേഹത്തിൻ്റെപേരിൽ മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുന്ന അവതാരങ്ങൾ കപട മൃഗസ്നേഹികളും കരുണയുടെ കപടപ്രചാരകരുമാണ്.
ബീഫ് രാഷ്ട്രീയം
ഗോ മാംസം ഭക്ഷിച്ചുവെന്ന് ആരോപിച്ച് ഉത്തരപ്രദേശിലെ ദാദ്രി ഗ്രാമത്തിൽ മുഹമ്മദ് അഖ്ഖിനെ പെട്ടെന്ന് എത്തിയ ഒരു ജനക്കൂട്ടം തല്ലിക്കൊന്നു. ആ കൊലപാതകം ആസൂത്രിതമായിരുന്നുവെന്നു പിന്നീടു തെളിഞ്ഞു. കൊല്ലപ്പെട്ട അഖ്ലഖിന്റെ കുടും ബത്തിന് നഷ്ടപരിഹാരം നൽകിയതിനെ സാക്ഷി മഹാരാജ് എം. പി.ചോദ്യം ചെയ്തു. മാട്ടിറച്ചികഴിക്കുന്നവർ കൊല്ലപ്പെടുന്നത് സ്വഭാവികമാണെന്നായിരുന്നു വി.എച്ച്.പി നേതാവ് സ്വാധി പ്രാചിയുടെ പ്രതികരണം. പശുവിനെ കൊല്ലുന്നവർക്കു വധശിക്ഷ നൽകേണ്ട താണെന്നു പറയാനും സാക്ഷി മഹാരാജ് ധൈര്യപ്പെട്ടു. അഖ്ഖിനെ കൊന്നത് അപകടമായി കരുതിയാൽ മതിയെന്ന് കേന്ദ്ര സാംസ്കാരിക സഹമന്ത്രി മഹേഷ് ശർമ്മ തട്ടിവിട്ടു. ബീഫ് ഉപേക്ഷിച്ചാൽ മുസ്ലീംങ്ങൾക്ക് ഇന്ത്യയിൽ ജീവിക്കാമെന്ന് പറയാൻ ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ മടിച്ചില്ല.
ബീഫ് രാഷ്ട്രീയം രാജ്യത്ത് കത്തിപ്പടർന്നിട്ടും പ്രധാനമന്ത്രി മിണ്ടിയില്ല. മൗനത്തിൻ്റെ കാര്യത്തിൽ മുൻ പ്രധാനമന്ത്രിമാരായ നരസിംഹറാവുവിനെയും മൻമോഹൻസിംഗിനെയും അദ്ദേഹം കടത്തിവെട്ടി. വിദേശത്തുനിന്നു ഇന്ത്യയെ കാണുകയും ഭരിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി മോദി പത്തുദിവസങ്ങൾക്കുശേഷം ഗതി മുട്ടി വിഷയത്തിൽ ഇടപെട്ടു. ധനമന്ത്രി അരുൺ ജെയ്റ്റ്ലിയും കൂടെ കുടി. ബീഫ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ മുഖം വികൃതമാക്കിയ സംഘപരിവാർ നേതാക്കന്മാരെ പാർട്ടി ആസ്ഥാനത്ത് വിളിച്ചു കൂട്ടി പാർട്ടി അദ്ധ്യക്ഷൻ തിരുത്തൽ നൽകി. അത് ജനങ്ങളെയും മാധ്യമങ്ങളെയും സമാധാനിപ്പിക്കാനായിരുന്നുവെന്ന് അനന്തരസംഭവങ്ങൾ തെളിയിച്ചു.
ഗോമാതാവിനെ മറയാക്കി സംഘപരിവാർ ശക്തികൾ രാജ്യത്ത് താണ്ഡവമാടി. പാക് ഗസൽ ഗായകൻ ഗുലാം അലിക്ക് ശിവസേനക്കാർ ബോംബെയിൽ വിലക്കു കൽപ്പിച്ചപ്പോൾ പ്രധാന മന്ത്രി അതിനെ അനുകൂലിച്ചു. ബി.ജെ.പി മുൻ ഉപദേഷ്ടാവും ചിന്തകനുമായ സുധീന്ദ്ര കുൽക്കർണിയുടെ ശിരസിൽ ശിവസേനക്കാർ കരിഓയിൽ ഒഴിച്ചു. പാക് മുൻ വിദേശകാര്യ മന്ത്രി ഖുർഷിദ് മുഹമ്മദ് കസൂരിയുടെ പുസ്തക പ്രകാശനത്തിൽ പ്രതിഷേധിച്ചായിരുന്നു ആക്രമണം. ഗോമാംസ സംസ്കരണം നടത്തിയെന്നാരോപിച്ച് കാഷ്മീർ എം.എൽ.എ ഷേക് അബ്ദുൾ റാഷിദിനുനേരെ ഡൽഹി പ്രസ് ക്ലബിൽ കരിഓയിൽ പ്രയോഗം നടത്തി.
കേരള ഹൗസിൽ ബീഫ് പരിശോധന നടത്തിയ പോലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയർന്നു. കേരളസർക്കാരിന്റെ പരാതിയെത്തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയും ഡൽഹി പോലീസും ദുഃഖം അറിയിച്ച് തടിതപ്പി. ഹിന്ദുത്വ അജണ്ഡ തലക്കുപിടിച്ച ഏതാനും പേരാണ് അതിക്രമങ്ങൾക്കു പിന്നിലെന്നു പറഞ്ഞ് സർക്കാരിന് തലയൂരാനോ രാജ്യസ്നേഹികൾക്ക് ആശ്വസിക്കാനോ ആവുകയില്ല. കാരണം, ഹിന്ദുത്വവാദികളായ സംഘപരിവാർ ശക്തികൾ രാജ്യത്ത് വർഗീയതയുടെ വിഷവിത്തുകൾ വിതയ്ക്കുകയാണ്. ജനാധിപത്യ മതേതര മൂല്യങ്ങളെയാണ് ഇത്തരം ശക്തികൾ വേട്ടയാടുന്നത്. ഷാരൂഖാൻ രാജ്യം വിട്ടു പോകണമെന്നു കല്പിക്കത്തക്കവിധത്തിൽ രാജ്യത്ത് അസഹിഷ്ണുത വ്യാപിച്ചിരിക്കുന്നു.
സംഘപരിവാർ ശക്തികൾ കുടം തുറന്നുവിട്ട അസഹിഷ്ണുതയുടെ ഭൂതത്തെ കണ്ട് രാജ്യം ഭയന്നു വിറങ്ങലിച്ചു നിൽക്കുകയാണ്. ഹിന്ദുത്വ അസഹിഷ്ണുത ആളിക്കത്തിക്കുന്ന ഭരണകൂടനിലപാടിനെതിരെ കല, സിനിമ, സാഹിത്യം, ശാസ്ത്രം, ചരിത്രം എന്നീ മേഖലകളിലെ പ്രതിഭാശാലികൾ രംഗത്തു വന്നത് ആശ്വാസകരമാണ്. കഴിഞ്ഞദിവസം 53 ചരിത്രകാരന്മാർ ഭരണകൂടത്തിനെതിരെ സംയുക്ത പ്രസ്താവനയിറക്കി. മോദി സർക്കാർ അസഹിഷ്ണുതയ്ക്കു മുമ്പിൽ നിഷ്ക്രിയത്വം പാലിക്കുന്നതിനെതിരെ നാനൂറിൽപരം കലാകാരന്മാർ സംയുക്തമയി പ്രതികരിച്ചു. വിഷയത്തിൽ രാഷ്ട്രപതി അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് 130 ശാസ്ത്രജ്ഞന്മാർ നിവേദനം നൽകി.
ബീഫ് രാഷ്ട്രീയത്തിനെതിരെ കേരളത്തിൽ കലാലയങ്ങൾ ഉൾപ്പെടെ പല സ്ഥലങ്ങളിലും ബീഫ് ഫെസ്റ്റ്വെല്ലുകൾ സംഘടിപ്പിച്ചു. രാഷ്ട്രീയപാർട്ടികൾ പൗരന്മാരുടെ സ്വകാര്യ അടുക്കളയിൽ കടന്നു കയറുന്നത് ഫാസിസമാണ്. ഒരുവൻ എന്തു ഭക്ഷിക്കണ മെന്നു നിശ്ചയിക്കാനുള്ള അവകാശം അയാൾക്ക് മൗലികമാണ്. ഗോമാംസം ഭക്ഷിക്കുന്നതിനോട് താൽപര്യമില്ലാത്തവർ അത് വർജ്ജിക്കുക; കഴിക്കുന്നവരെ തടയാൻ അവർക്ക് എന്ത് അവകാശം? പശുവല്ല പ്രശ്നം, രാഷ്ട്രീയ നേട്ടങ്ങളാണ്. പശുവിനെ വിശ്വാസികളുടെ അടയാളമായി പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നവരുടെ കാപട്യമാണ് വെളിച്ചത്തുവന്നിരിക്കുന്നത്.
പരിസ്ഥിതി പ്രവർത്തകരുടെ കാപട്യം
പരിസ്ഥിതി സംരക്ഷിക്കേണ്ടതാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. പരിസ്ഥിതി ചൂഷണം വർദ്ധിപ്പിച്ചിട്ടുണ്ടെന്ന സത്യവും എല്ലാവരും അംഗീകരിക്കും. പരിസ്ഥിതി മനുഷ്യജീവിതത്തിന്റെ ഭാഗമാണ്. പരിസ്ഥിതി മനുഷ്യൻ്റെ ജീവവ്യവസ്ഥയാണ്. പരിസ്ഥിതി ഇല്ലാതെ മനുഷ്യന് നിലനിൽപ്പില്ല. എന്നാൽ മനുഷ്യനെ അവഗണിച്ച് പരിസ്ഥിതി സംരക്ഷണം പറയുന്നവരുടെ താത്പര്യങ്ങളെക്കുറിച്ച് പൊതുസമൂഹത്തിന് സംശയങ്ങളുണ്ട്. ഉപഭോഗസംസ്കാരത്തിൻ്റെ ഉല്പ്പന്നങ്ങളാണ് മാലിന്യങ്ങൾ. വികസിത രാഷ്ട്രങ്ങളാണ് ഏറ്റവും കൂടുതൽ മാലിന്യങ്ങൾ ഉല്പ്പാദിപ്പിക്കുന്നത്. ദരിദ്രരാജ്യങ്ങൾ മാലിന്യങ്ങളുടെ നിക്ഷേപകേന്ദ്രങ്ങളാണ്. പരിസ്ഥിതി സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സമ്പന്ന രാഷ്ട്രങ്ങൾ ദരിദ്രരാജ്യങ്ങളെ ഏൽപ്പിച്ചിരിക്കുകയാണ്.
ഇന്ത്യയിലെ ആറു സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന പശ്ചിമഘട്ടത്തെ സംരക്ഷിച്ച് പരിസ്ഥിതി നേരെയാക്കണമെന്ന അജണ്ടയുടെ ഭാഗമായിട്ടുവേണം കസ്തൂരിരംഗൻ റിപ്പോർട്ടിനെ വിലയിരുത്താൻ. പരിസ്ഥിതിക്കുവേണ്ടി വായ്തോരാതെ സംസാരിക്കാനും മാധ്യമങ്ങളെ സ്വാധീനിക്കാനും തല്പരകക്ഷികൾ വൻതുകകൾ മുടക്കുന്നതായിട്ടാണ് റിപ്പോർട്ട്. അത് കൈപ്പറ്റുന്ന കപടപരി സ്ഥിതിവാദികളുണ്ട്. കുടിയേറ്റക്കാരെ കൈയ്യേറ്റക്കാരായി ചിത്രീകരിച്ച് അവരെ കുടിയിറക്കാനുള്ള ശ്രമമാണ് ഈ നീക്കത്തിനു പിന്നിൽ. പരിസ്ഥിതിപ്രവർത്തകർ പരിസ്ഥിതിലോലപ്രദേശങ്ങൾക്കു സമീപത്തുപോലും പാർക്കുന്നവരല്ല. അവർക്കു നഷ്ടപ്പെടാനൊന്നുമില്ല. അവർ നടത്തുന്ന വ്യാജപ്രചരണത്തിനുവൻ തുക പ്രതിഫലം ലഭിക്കുന്നുമുണ്ട്.
മരം മുറിക്കരുതെന്നു പറയുന്ന പല മാന്യന്മാരും വീട്ടുമുറ്റം മരുഭൂമിയാക്കുന്നവരാണ്. പറയുന്നതു പ്രവർത്തിക്കാത്ത കപടപരിസ്ഥിതിക്കാരെ ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. വനത്തിൽനിന്നു മൃഗങ്ങൾ നാട്ടിലിറങ്ങി കൃഷി നാശം വരുത്തുകയും മനുഷ്യരെയും മൃഗങ്ങളെയും ഉപദ്രവിക്കുകയും ചെയ്യുമ്പോഴും പരിസ്ഥിതിക്കാർ മരത്തിന്റെയും മൃഗങ്ങളുടെയും കൂടെയാണ്. മൃഗങ്ങളെ ബോധപൂർവ്വം ഇറക്കിവിട്ട് പാവപ്പെട്ട കർഷകരെ കുടിയൊഴിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുവെന്ന ആക്ഷേപവുമുണ്ട്.
കരുണയുടെ വ്യവസായവത്കരണം
കരുണയുടെ വ്യവസായവത്കരണം ശ്രദ്ധിക്കപ്പെടാതെ പോകരുത്. പല കോർപ്പറേറ്റ് സ്ഥാപനങ്ങളും ചെറിയ മുതൽമുടക്കിൽ ആതുരാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തി ജനങ്ങളുടെ ഉപകാരിയാണെന്ന സന്ദേശം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഭക്തിയുടെ മറവിലും കരുണയുടെ കപടമുഖങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്. വൻ സാമ്പത്തിക സ്രോതസ്സുള്ള ചില ഭക്തകേന്ദ്രങ്ങളും സിദ്ധന്മാരും ചെറിയ വൃദ്ധസദനങ്ങളും ഭിന്നശേഷി സ്ഥാപനങ്ങളും ആരംഭിച്ച് വൻതുകകൾ സമാഹരിക്കുന്നതായി പരാതിയുണ്ട്. നിസ്വാർത്ഥസേവനം നടത്തുന്ന സമർപ്പിതസമൂഹത്തിന് ഇവർ വെല്ലുവിളി ഉയർത്തുന്നുണ്ട്.
ചുരുക്കത്തിൽ, ചരടുകളില്ലാത്ത സേവനമാണ് കരുണയുടെ പ്രവൃത്തികൾ. ഹൃദയമില്ലാത്ത പ്രവർത്തനത്തിൽ കരുണയില്ല. കരുണയുടെ ആലയങ്ങളും ചൂഷണത്തിൻ്റെ കപടാലയങ്ങളും ജനങ്ങൾ തിരിച്ചറിയും. ഹൃദയമില്ലാത്ത ലോകത്തിൽ കരുണയുള്ള മനസ്സാണ് ആവശ്യം.
ഫാ. സെബാസ്റ്റ്യൻ പുന്നശ്ശേരി
Charity World Trust
Jimmy Padanilam Centre
Cheeramchira P.O.
Changanacherry - 6
Mob. 9447564836
Email: frpunna@gmail.com
2012 ഡിസംബർ 9 രാവിലെ 8 മണി. പരിശുദ്ധ കുർബാന അർപ്പിച്ചിട്ട് മുറിയിലെത്തി, പതിവുപോലെ പത്രവായനയിൽ മുഴുകിയപ്പോൾ ആരോ ഒരാൾ കോളിംഗ് ബെൽ മുഴക്കി. പത്രവായനയ്ക്കിടയിലുള്ള ഏതൊരു തടസ്സവും ശല്യമായി മാത്രമേ എനിക്ക് അനുഭവപ്പെട്ടിരുന്നുള്ളൂ. രണ്ടാമത്തെ കോളിംഗ് ബെല്ലിൽ മനസ്സില്ലാ മനസ്സോടെ മുറിയുടെ കതക് ഞാൻ തുറന്നു. പെട്ടന്ന് പ്രായമായ ഒരപ്പച്ചൻ എന്റെ കാലിൽ കെട്ടിപ്പിടിച്ചു കരയുകയാണ്! “അച്ചാ, ഞാൻ കുട്ടനാട്ടിലെ മാമ്പുഴക്കരിയിൽ നിന്നുമാണ് വരുന്നത്. എന്റെ ഏകമകൻ ബിജു കരൾ രോഗിയായിരിക്കുന്നു. ഓപ്പറേഷന് 25 ലക്ഷം രൂപ വേണം. ഞങ്ങൾ പാവപ്പെട്ടവരാണ്; ഞങ്ങളെ സഹായിക്കണം.” ഞാൻ ഞെട്ടിപ്പോയി, 25 ലക്ഷം രൂപ എന്നു കേട്ടപ്പോൾ. ഞാൻ ആ പിതാവിനെ ഇരുകരങ്ങളിലും പിടിച്ചുയർത്തി. നെറ്റിയിൽ കുറിയുള്ളതുകൊണ്ട് ഒരു ഹൈന്ദവ സഹോദരനാണെന്ന് മനസ്സിലായി. അദ്ദേഹം നിലവിളിച്ചു കരഞ്ഞുകൊണ്ടു പറഞ്ഞു: “അച്ചാ, എന്റെ മകൻ മരണപ്പെട്ടാൽ ആത്മഹത്യ മാത്രമേ ഞങ്ങളുടെ മുമ്പിലുള്ളു." അദ്ദേഹത്തെ നിർബന്ധിച്ച് കസേരയിൽ ഇരുത്തി ആശ്വസിപ്പിച്ചുകൊണ്ടു ഞാൻ പറഞ്ഞു: “കരയാതെ, ഈശ്വരൻ വഴികൾ തുറക്കും. വൈകുന്നേരം നിങ്ങളുടെ വീട്ടിൽ വരാം." ഇതു കേട്ടപ്പോൾ അദ്ദേഹത്തിൻ്റെ മുഖത്ത് എന്തെന്നില്ലാത്ത ഒരു പ്രത്യാശ നിഴലിക്കുന്നതു കാണാമായിരുന്നു. ഈ പ്രത്യാശയാണ് പിന്നീട് ഈ കുട്ടായ്മയ്ക്ക് 'പ്രത്യാശ' എന്ന് പേരിടുവാൻ കാരണ മാക്കിയത്.
അന്നു വൈകുന്നേരം തങ്കപ്പൻ്റെ വീട്ടിലെത്തി. രോഗിയായ ബിജു, മുപ്പതു വയസ്സുള്ള ചെറുപ്പക്കാരൻ കട്ടിലിൽ കിടന്നു കൊച്ചു കുട്ടിയെപ്പോലെ കരയുന്നു. ബിജുവിൻ്റെ അപ്പനും കരയുന്നു. ഒപ്പം അമ്മ ഓമനയും ഭാര്യ സീമയും വിതുമ്പലടക്കുവാൻ പാടുപെടുന്നു. പക്ഷേ, ബിജുവിൻ്റെ സഹോദരി ബിന്ദു കരഞ്ഞുകൊണ്ടു പറഞ്ഞു. “അച്ചാ, എൻ്റെ കരൾ പകുത്ത് എൻ്റെ ആങ്ങളയ്ക്ക് ഞാൻ കൊടുക്കാം. പക്ഷേ, ഞങ്ങൾ പാവപ്പെട്ടവരാണ് ഞങ്ങളെ കൈവി ടരുത്." പെട്ടന്നാണ് ബിജുവിൻ്റെ ഏകമകനായ കൊച്ചുകുഞ്ഞ് എന്നോടു ചോദിച്ചത്: “അച്ചാ, എൻ്റെ അപ്പച്ചനെ എനിക്ക് തിരിച്ചു കിട്ടുമോ?" പെങ്ങളുടെ അപേക്ഷയുടെയും മകന്റെ ചോദ്യത്തിന്റെയും മുമ്പിൽ കരയുവാനേ എനിക്കു സാധിച്ചുള്ളു. വിളക്കു കത്തിച്ച് നാമം ചൊല്ലുവാൻ ഞാൻ അവരോട് ആവശ്യപ്പെട്ടു. ആദ്യമായിട്ടാണ് ഞാനൊരു ഹൈന്ദവകുടുംബത്തിൽ നാമം ചൊല്ലലിൽ പങ്കുചേർന്നത്. പ്രാർത്ഥന ഒരിക്കലും മുടക്കരുതേ, എന്ന ഉപദേശത്തോടെ ആ ഭവനത്തിൽനിന്നു ഞാൻ യാത്രയായി.
പിറ്റേദിവസം രാവിലെ മാമ്പുഴക്കരിയിൽനിന്ന് ബിജു എന്നൊരു ചെറുപ്പക്കാരൻ എന്നെ വിളിച്ചിട്ടു പറഞ്ഞു: “അച്ചാ, എന്റെ പേര് ബിജു. കരൾ രോഗി ബിജുവിൻ്റെ അയൽവാസിയാണ്. അച്ചൻ ഇന്നലെ ആ വീട്ടിൽ വന്നിരുന്നല്ലോ. എന്റെ സമുദായത്തിൽപ്പെട്ട ആളാണ് ബിജു. ഞങ്ങൾ ഇവിടുത്തെ എസ്. എൻ.ഡി. പി. ഹോളിൽ കൂടാം. അച്ചനൊന്നു വരാമോ?" എന്നെ വിളിച്ച ബിജു എന്ന ചെരുപ്പക്കാരൻ പോളിയോ വന്ന് രണ്ടുകാലും തളർന്ന വ്യക്തിയായിരുന്നു എന്നറിഞ്ഞത് പിന്നീടായിരുന്നു. അവരുടെ ആവശ്യപ്രകാരം ഉച്ചകഴിഞ്ഞ് 3 മണിക്ക് ഞാൻ മാമ്പുഴക്കരി എസ്.എൻ.ഡി.പി. ഹാളിൽ ചെന്നു. ഇരുന്നൂറു പേരോളം ആ മീറ്റിംഗിലുണ്ടായിരുന്നു. വിവിധ മതരാഷ്ട്രീയ സമുദായങ്ങളിൽപ്പെട്ടവർ. അവർ എന്നോടു ചോദിച്ചു: "ഞങ്ങൾ എന്തു ചെയ്യണം? അച്ചനറിയാമല്ലോ മാമ്പുഴക്കരിയുടെ സാമ്പത്തികാവസ്ഥ. മത്സ്യത്തൊഴിലാളികളും കർഷകത്തൊഴിലാളികളും മാത്രം താമസിക്കുന്ന സ്ഥലം. 25 ലക്ഷം രൂപ വേണം. അച്ചൻ പറയുക, ഞങ്ങൾ എത്ര പിരിക്കണമെന്ന്. അപ്പോഴാണ് മാമ്പുഴക്കരിക്കാരായ തോമസുകുട്ടി പനക്കിയിലും ജിമ്മി ആൻ്റണിയും അനിയനുംകൂടി ഒരു പുതിയ ആശയം മുമ്പോട്ടു വച്ചത്: ബക്കറ്റ് പിരിവ്. ഞാൻ അവരോടു പറഞ്ഞു: "നിങ്ങൾ 1500 വീടുകളിൽ ബക്കറ്റുമായി തെണ്ടാൻ പോകണം. വെറും തെണ്ടലല്ല, വിശുദ്ധ തെണ്ടൽ. 5 ലക്ഷം രൂപ ശേഖരിക്കാമോ?" "ബാക്കി 20 ലക്ഷമോ?" അവർ ചോദിച്ചു. ഞാൻ പറഞ്ഞു: "ദൈവം തരും, ആ വീട്ടിൽ പ്രാർത്ഥിക്കുന്നുണ്ട്." പാവപ്പെട്ടവർ ഒരു ദിവസത്തെ വേതനമായ 500 രൂപയും, സമ്പന്നർ അതിൽ കൂടുതലും തരണമെന്ന് അപേക്ഷിച്ചു.
ഒരു ഞായറാഴ്ച 600 പേർ അഞ്ചു മണിക്കൂർ കൊണ്ട് 1500 വീടുകൾ കയറി ഇറങ്ങി. തിരിച്ചു വന്നപ്പോൾ കിട്ടിയത് അഞ്ചു ലക്ഷമല്ല 10 ലക്ഷത്തോളം രൂപ. ഇനി 15 ലക്ഷം കൂടി വേണം. ബിജുവിന്റെ പെങ്ങൾ ബിന്ദുവും ഭാര്യ സീമയുമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കാണുവാൻ പുതുപ്പള്ളിക്ക് പോയി. ആദ്യം മുഖ്യ മന്ത്രി 2 ലക്ഷം രൂപ എഴുതി. പക്ഷേ സീമയുടെയും ബിന്ദുവിന്റെയും കണ്ണുനീര് കണ്ടപ്പോൾ 2 ലക്ഷം വെട്ടി 5 ലക്ഷമാക്കി. പ്രാർത്ഥനയുടെ ഒരു ശക്തിയേ! ദൈവം ഇടപെടുന്നത് കണ്ടോ! ഇനി 10 ലക്ഷം രൂപ കൂടി വേണം. ചങ്ങനാശേരിയിലെ സമ്പന്ന വീടുകൾ തെണ്ടാൻ തീരുമാനിച്ചു. മാമ്പുഴക്കരിയിൽനിന്നും 10 കി.മീ. അകലെയുള്ള ചങ്ങനാശേരിക്കാർക്ക് ബിജുവിനെ അറിയില്ലെങ്കിലും, നല്ല കാര്യത്തിനല്ലേ, മനുഷ്യർ സഹായിക്കും എന്ന വിചാരത്തോടെ ഞങ്ങൾ ബക്കറ്റുമായി വീടുകൾ കയറിത്തുടങ്ങി. ആദ്യത്തെ വീട്ടിൽ നിന്നും 5000 രൂപ. രണ്ടാമത്തേതിൽനിന്നും 10,000 രൂപ. മൂന്നാമത്തെ വീട്ടിൽ നിന്നും 50 രൂപ. ഒരു വലിയ സമ്പന്ന വീടായിരുന്നു അത്. ഞങ്ങൾ കാര്യങ്ങൾ പറഞ്ഞപ്പോൾ ആ കുടുംബനാഥൻ 12500 രൂപ ബക്കറ്റിൽ ഇട്ടു. അതൊരു മുസ്ലിം സഹോദരൻ്റെ കുടുംബമായിരുന്നു. അവരെ ഒരിക്കലും മറക്കുവാനാകില്ല. വേറൊരു വീട്ടിൽ ചെന്നപ്പോൾ പട്ടി ഞങ്ങളെ ഓടിച്ചു. പട്ടി കടിച്ചാലും കുഴപ്പമില്ല;
എങ്ങനെയെങ്കിലും ബിജുവിനെ രക്ഷിക്കണമെന്ന ആഗ്രഹത്തോടുകൂടി ആ വീട്ടിൽ ഞങ്ങൾ കയറി. അവിടെനിന്നും 5000 രൂപ കിട്ടി. അടുത്ത വീട്ടിൽനിന്നും കിട്ടിയ തുക കണ്ടപ്പോൾ ഞെട്ടിപ്പോയി - ഒരു ലക്ഷം രൂപ. വീട്ടിലെ ദുരിതങ്ങളാണ് നന്മ ചെയ്യുവാൻ ആ കുടുംബത്തെ പ്രേരിപ്പിച്ചത്. ധാരാളം പണം. പക്ഷേ, മക്കൾ രോഗികൾ. ഏതോ ധ്യാനത്തിന് പോയപ്പോൾ ധ്യാനഗുരു പറഞ്ഞിരുന്നു: “നിങ്ങളുടെ പൂർവ്വികർ പങ്കുവയ്ക്കുന്നവരായിരുന്നു. കൊടുക്കണം പാവങ്ങൾക്ക്." അതുകൊണ്ടാണ് ഒരു ലക്ഷം രൂപ തന്നത്. എല്ലാംകൂടി കൂട്ടിയിട്ട് എണ്ണിയപ്പോൾ 25 ലക്ഷത്തിന് 200 രൂപ മാത്രം കുറവ്. ബിജുവിനെ ഞങ്ങൾ കൊച്ചി അമൃത ആശുപത്രിയിൽ കൊണ്ടുപോയി ശസ്ത്രക്രിയ കഴിഞ്ഞ് തിരിച്ചുകൊണ്ടു വന്നു. രാമങ്കരിയിൽ ഒരു കടയിട്ടു കൊടുത്തു. അങ്ങനെ ആത്മഹത്യ ചെയ്യുവാനിരുന്ന ആ കുടുംബം ജീവിതത്തിലേക്ക്, പ്രത്യാശയിലേക്ക് തിരിച്ചുവന്നു.
മാമ്പുഴക്കരിയിൽ ബിജുവിനെ രക്ഷിച്ച വാർത്ത മാധ്യമങ്ങളിലൂടെ പുറംലോകം അറിഞ്ഞപ്പോൾ പാവപ്പെട്ട രോഗികളെ സഹായിക്കണം എന്ന നിലവിളിയുടെ നിലക്കാത്ത ഫോൺ കോളുകളായിരുന്നു. പുളിങ്കുന്നിൽനിന്നും തൊഴിലുറപ്പിനു പോകുന്ന കമലമ്മ വിളിച്ചു. “അച്ചാ, എൻ്റെ ഏക മകൻ ധനീഷ് വൃക്കരോഗയാണ്. അവന്റെ അപ്പൻ മരിച്ചു പോയി. എൻ്റെ ഏകാശ്രയം 26 വയസ്സുളള ഈ മകനാണ്, സഹായിക്കണം." ഒരു ഞായറാഴ്ച്ച 1500 പേർ പുളിങ്കുന്ന് പഞ്ചായത്തിൽ ബക്കറ്റുമായി 'വിശുദ്ധ തെണ്ടലിനു' പോയി. 10 ലക്ഷം രൂപ വേണമായിരുന്നു. 5 മണിക്കൂർ കൊണ്ടു ലഭിച്ചത് 11.50 ലക്ഷം രൂപ. കാവാലത്ത് ദർശന എന്ന പാവപ്പെട്ട വൃക്കരോഗിയായ വീട്ടമ്മയെ രക്ഷിക്കുവാനിറങ്ങിയത് 2000 പേരാണ്. 10 ലക്ഷം രൂപ വേണമായിരുന്നു; 5 മണിക്കുർ കൊണ്ട് ലഭിച്ചത് 10.30 ലക്ഷം. കൈനകരി കനകമ്മയുടെ മകൻ സുധീഷ് വൃക്ക രോഗിയായി. ഭർത്താവ് സുകുമാരൻ നേരത്തെ മരിച്ചുപോയിരുന്നു. ഈ അമ്മയുടെ കണ്ണുനീർമായിക്കുവാൻ ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങൾ സംഘടിച്ചു. പിരിവിൻ്റെ അന്ന് വെളളപ്പൊക്കമായിരുന്നു. പാവപ്പെട്ട ആ ജനത്തിന്റെ ദാനധർമ്മപ്പാച്ചിലിനെ തടയുവാൻ വെള്ളപ്പൊക്കത്തിനായില്ല. 10 ലക്ഷമായിരുന്നു വേണ്ടിയിരുന്നത്. 1500 പേർ പിരിവിനിറങ്ങി; 10.50 ലക്ഷം സമാഹരിച്ചു.
തകഴിയിൽ ജോൺസൺ വൃക്കരോഗിയായി. തകഴി, ഹൈന്ദവർ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ്. അവിടെ ഒരു ക്രിസ്താനി വൃക്കരോഗിയായിരിക്കുന്നു. ആളുകൾ ചോദിച്ചു: “ഇവിടെ പണം കിട്ടുമോ?" 10 ലക്ഷം രൂപാ വേണമായിരുന്നു. ആദ്യം സഹായിച്ച മൂന്നുപേരും ഹിന്ദുക്കളായിരുന്നു. 5 മണിക്കൂർകൊണ്ട് കിട്ടിയത് 14.50 ലക്ഷം രൂപ. പാവപ്പെട്ട രോഗികളെ സഹായിക്കുന്നതിൽ മനുഷ്യൻ ജാതിയോ, മതമോ, സാമുദായമോ, രാഷ്ട്രീയമോ ഒന്നും നോക്കുകയില്ല.
അഞ്ചു മണിക്കൂറിൻ്റെ അദ്ഭുതം ഇതിനോടകം 45 പഞ്ചായത്തുകളിലും 2 മുനിസിപ്പാലിറ്റികളിലുമായി നടന്നു. പാവപ്പെട്ട 77 വൃക്ക-കരൾ രോഗികളെ രക്ഷിക്കാൻ ദൈവം തന്നത് 10 കോടി 32.50 ലക്ഷം രൂപയാണ്. യാത്രാച്ചിലവുപോലും വാങ്ങാതെയാണ് ചങ്ങനാശ്ശേരി 'പ്രത്യാശ'യുടെ പ്രവർത്തകർ ഈ സേവനം ചെയ്യുന്നത്. സ്വന്തം കൈയ്യിൽനിന്നും പണം മുടക്കി ഈ പഞ്ചായത്തുകളിലൂടെ യാത്ര ചെയ്യുമ്പോൾ പ്രത്യാശയിലുളള 450 പേരെയും പ്രചോദിപ്പിക്കുന്ന ചേദോവികാരം ഒന്നു മാത്രം, പണം ഇല്ലാത്ത തിന്റെപേരിൽ പാവപ്പെട്ട രോഗികൾ മരണപ്പെടരുത്. 'പ്രത്യാശ'യിൽ എല്ലാ മതസ്ഥരും രാഷ്ട്രീയക്കാരും ഒരേ മനസ്സോടെ പ്രവർത്തിക്കുന്നു.
പുന്നപ്ര തെക്ക് പഞ്ചായത്തിലുള്ള ഒരു വീട്ടമ്മ കമ്മൽ പണയം വെച്ച് 500 രൂപാ എൻ്റെ കൈയിൽ ഏൽപിച്ചപ്പോൾ എന്റെ മനസ്സ് പിടഞ്ഞു; 300 രൂപാ തിരിച്ചു കൊടുത്തു. പക്ഷെ ആ വീട്ടമ്മ അതു വാങ്ങിയില്ല. വേറൊരു പഞ്ചായത്തിൽ ബക്കറ്റുമായി വീട്ടിലേയ്ക്ക് ചെന്നപ്പോൾ രണ്ടു മക്കൾ ഡോക്ടർമാരായുള്ള ഒരു പിതാവ് അടുക്കളയുടെ പുറകിലൂടെ ഓടുന്നതും കണ്ടു. പാവപ്പെട്ടവർ വേദനയറിഞ്ഞു കൊടുക്കുന്നതും, ചില സമ്പന്നർ കൊടുക്കാതിരിക്കുന്നതും എന്നിൽ വേദന ഉളവാക്കിയ സംഭവങ്ങളാണ്. ദാനധർമ്മത്തിന് മുമ്പിൽ നിന്ന ചില സ്ഥലങ്ങളെ എടുത്തു പറയാതിരിക്കുക പ്രയാസകരം. പാലായും കാഞ്ഞിരപ്പളളിയും. പാലായിൽ രാമപുരം പഞ്ചായത്തിൽ 'പ്രത്യാശ' ടീം എത്തി. രതീഷിൻ്റെ മൂന്നു കുഞ്ഞുങ്ങൾ കരൾ രോഗികൾ. അമ്മ കരൾ കൊടുക്കുവാൻ തയ്യാർ. വേണ്ടത് 30 ലക്ഷം രൂപാ. ക്രിസ്ത്യാനികൾ പറഞ്ഞു: 30 ലക്ഷം പോയിട്ട് 10 ലക്ഷം കിട്ടുകയില്ല. കാരണം, രാമപുരം പളളിപണി നടക്കുന്നു. കൂടാതെ, റബ്ബറിനു വിലയുമില്ല.
3000 ആളുകൾ പിരിവിനിറങ്ങി. 5 മണിക്കൂറുകൊണ്ട് 30 ലക്ഷത്തിന്റെ സ്ഥാനത്ത് കിട്ടിയത് 60.50 ലക്ഷം രൂപാ. പാറത്തോടും കാഞ്ഞിരപ്പളളിയും ദാനധർമ്മത്തിൽ ഞെട്ടിപ്പിച്ചു. പാറത്തോട് രണ്ടു വൃക്ക രോഗികൾ - ലില്ലിക്കുട്ടിയും റ്റോമിച്ചനും - രണ്ടും ക്രിസ്ത്യാനികൾ. അവിടെ കണ്ടത് മറ്റു മതസ്ഥർ മുമ്പിൽനിന്ന് ഈ ജനകീയ മുന്നേറ്റം നയിക്കുന്നതാണ്. പാറത്തോട് 25 ലക്ഷം രൂപാ വേണമായിരുന്നു. ലഭിച്ചത് 62.50 ലക്ഷം. കാഞ്ഞിരപ്പള്ളിയിൽ രണ്ടു പേരെ രക്ഷിക്കുവാൻ വേണ്ടിയിരുന്നത് 30 ലക്ഷം രൂപ. കാഞ്ഞിപ്പള്ളിക്കാരാണ് 47 പഞ്ചായത്തുകളിൽ ദാനദർമ്മത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. 30 ലക്ഷം വേണമായിരുന്നു. അഞ്ച് മണിക്കൂർകൊണ്ടു ലഭിച്ചത് 80 ലക്ഷം.
47 പഞ്ചായത്തുകളിലായി 10 കോടി 32.50 ലക്ഷം രൂപ സമാഹരിക്കുവാൻ 80,000 ആളുകൾ ബക്കറ്റുമായി 'വിശുദ്ധ തെണ്ടൽ' എന്ന തീർത്ഥാടനത്തിൽ പങ്കുചേർന്നപ്പോൾ പലരുടെയും അസുഖങ്ങൾ ഭേദപ്പെടുകയും ആവശ്യങ്ങൾ നിറവേറപ്പെടുകയും ചെയ്യുന്നതുമായ അനുഭവസാക്ഷ്യങ്ങൾ കേൾക്കുകയുണ്ടായി. മാടപ്പള്ളി പഞ്ചായത്തിലെ ഗീത എന്ന ഒരു യുവതി 8 വർഷമായി ഒരു കുഞ്ഞില്ലാത ദുഃഖിച്ചു കഴിയുകയായിരുന്നു. പക്ഷേ, ഈ പുണ്യപ്രവൃത്തിയിൽ ബക്കറ്റുമായി പങ്കുചേർന്നപ്പോൾ ഒരാൺകുഞ്ഞിനെ ദൈവം കൊടുത്തു. തകഴിയിൽ ഉഷ എന്ന വീട്ടമ്മ നടുവേദനയായി കിടപ്പായിരുന്നു. ഈ 'വിശുദ്ധ തെണ്ട'ലിനുശേഷം നടുവേദന എവിടെപ്പോയി എന്നറിയില്ല. കോന്നിയിൽനിന്നും ഒരു സ്ത്രീ മുട്ടു വേദന പോയകാര്യം ഫോണിലൂടെ വിളിച്ചു പറഞ്ഞു. വാഴപ്പള്ളി, പായിപ്പാട് എന്നിവിടങ്ങളിൽ ചെന്നപ്പോൾ രണ്ടു ചെറുപ്പക്കാർക്ക് ജോലി ലഭിച്ച വിവരം അറിയിക്കുകയുണ്ടായി. പ്രത്യാശയ്ക്കു ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം ചങ്ങനാശേരിക്കാരനായ ഡോ. ജോർജ്ജ് പടനിലം തൻ്റെ ചീരഞ്ചിറയിലുള്ള 12.50 കോടി വിലമതിക്കുന്ന വലിയ വീടും, ഒന്നര ഏക്കർ സ്ഥലവും ദാനമായി തന്നു എന്നതാണ്. ഭിന്നശേഷിയുള്ള കുട്ടികൾക്കായി 2015 ഡിസംബർ 12-ാം തീയതി ഈ ഭവനം തുറന്നു കൊടുക്കും.
ഫാ. ഗ്രിഗറി ഓണംകുളം
St. Mary's Church, Thuruthy 686 535
Mob. 9496213051
Email: fronamkulam@gmail.com
ദരിദ്രരോടും പാർശ്വവത്കരിക്കപ്പെട്ടവരോടും കരുണ കാണിക്കുക എന്നതു ക്രൈസ്തവൻ്റെ ദൗത്യമാണെന്ന് മനസ്സിലാക്കി ചങ്ങനാശ്ശേരി അതിരൂപത നേതൃത്വം നൽകുന്ന പല കാരുണ്യപ്രവൃത്തികളിൽ രണ്ടെണ്ണം സവിശേഷ ശ്രദ്ധയർഹിക്കുന്നവയാണ്.
ജീവകാരുണ്യ നിധി ട്രസ്റ്റ്
ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്ന പൗവ്വത്തിൽ പിതാവിൻ്റെ മെത്രാഭിഷേക സ്മാരകമായി 1972-ൽ പിതാവ് തുടക്കം കുറിച്ച പ്രസ്ഥാനമാണ് ജീവകാരുണ്യ നിധി. ചികിത്സ, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ മേഖലകളിൽ നിരവധി കുടുംബങ്ങളെ സഹായിക്കുക എന്നതായിരുന്ന ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ക്രിസ്തുമസ്സിനോടനുബന്ധിച്ച് ഇടവകകളിൽ നടത്തിയിരുന്ന കവർ പിരിവായിരുന്നു ഇതിൻ്റെ മുഖ്യധനസമാജം. ഒട്ടേറെ കുടുംബങ്ങൾക്ക് ഈ പ്രസ്ഥാനത്തിന്റെ പ്രവർത്തനം ആശ്വാസം പകർന്നിരുന്നു.
1990 നുശേഷം കേരളത്തിലെ പ്രഫഷണൽ വിദ്യാഭ്യാസ രംഗത്ത് വലിയ ഒരു കുതിപ്പുണ്ടായി. ധാരാളം കുട്ടികൾ നഴ്സിംഗ്, എഞ്ചിനിയറിങ്ങ്, വിവരസാങ്കേതികവിദ്യ, ഹോട്ടൽ മാനേജ്മെന്റ് തുടങ്ങിയ തൊഴിലധിഷ്ഠിത പഠനമേഖലകളിലേക്ക് തിരിയാൻ തുടങ്ങി. തമിഴ്നാട്, കർണ്ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മിക്കവരും പഠിച്ചത്. സ്വാശ്രയ വിദ്യാഭ്യാസമായിരുന്നതി നാൽ ഉയർന്ന ഫീസ് നല്കേണ്ട അവസ്ഥയുണ്ടായി. നിർധന കുടുംബങ്ങളിലെ കുട്ടികളെ സഹായിക്കുന്നതിനായി ചങ്ങനാശ്ശേരി അതിരൂപത ജീവകാരുണ്യനിധി ട്രസ്റ്റിന് കീഴിൽ 2004-ൽ തുടക്കം കുറിച്ച സംരംഭമാണ് 'കളർ എ ഡ്രീം' ഉന്നത വിദ്യാഭ്യാസനിധി.
കളർ എ ഡ്രീം ഉന്നത വിദ്യാഭ്യാസനിധി
പേര് സൂചിപ്പിക്കുന്നതുപോലെ 'കളർ എ ഡ്രീം' ഒരുപിടി സ്വപ്നങ്ങൾക്ക് നിറംപകരാൻ സഹായിക്കുന്ന പദ്ധതിയാണ്. പഠനത്തിൽ സമർത്ഥരായ കുട്ടികൾക്ക് പണമില്ലാത്തതിന്റെ പേരിൽ അവരുടെ ഭാവി നഷ്ടമാകരുത് എന്ന അതിരൂപതയുടെ സ്വപ്നത്തിന്റെ സാക്ഷാത്ക്കാരമാണ് ഈ പദ്ധതി. അതിനുപുറമേ മാതാപിതാക്കളുടെയും മക്കളുടെയും സ്വപ്നങ്ങൾക്ക് നിറം പകരുവാനും ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നു. കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നല്കി അവരുടെ ഭാവി ഭാസുരമാക്കണമെന്ന മാതാപിതാക്കളുടെ സ്വപ്നവും നല്ല വിദ്യാഭ്യാസം നേടി കുടുംബത്തിൻ് പിന്നോക്കാവസ്ഥയ്ക്ക് ശാശ്വതമായ പരിഹാരം ഉണ്ടാക്കണമെന്ന കുട്ടികളുടെ സ്വപ്നവും ഈ പദ്ധതിയിലൂടെ സാക്ഷാത്കരിക്കപ്പെടുന്നു.
2004-ൽ ഈ പദ്ധതിയുടെ തുടക്കം കുറിക്കുമ്പോൾ ഞങ്ങളുടെ മുമ്പിലെ പ്രധാന വെല്ലുവിളി, സഹായം നല്കാനുള്ള പണം എവിടെനിന്നും കണ്ടെത്തും എന്നതായിരുന്നു. എൻഡോവ്മെന്റ്റ്കളായി പണം സമാഹരിക്കുക എന്ന ആശയമാണ് അന്ന് മുന്നോട്ട് വന്നത്. മരണംമൂലം വേർപിരിഞ്ഞുപോയ പ്രിയപ്പെട്ടവരുടെ ഓർമ്മ, ഓരോരുത്തരുടെയും ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളുടെ ഓർമ്മ എന്നിവ നിലനിർത്താനായി പതിനായിരം രൂപയിൽ കുറയാതെ എൻഡോവ്മെൻറുകൾ സ്ഥാപിക്കാനുള്ള പ്രേരണ അതിരൂപത മുഴുവൻ നൽകി. ഇങ്ങനെ മുമ്പോട്ടുവന്നവർക്ക് ഏത് സംഭവത്തിന്റെ, ഏത് വ്യക്തിയുടെ ഓർമ്മയ്ക്കാണോ തുക നല്കിയത് ആ വ്യക്തിയുടെ ഫോട്ടോയും വിവരങ്ങളും 'കളർ എ ഡ്രീം' പദ്ധതിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നു. ഇതിനുപുറമേ വർഷത്തിലൊരിക്കൽ ആ കുടുംബത്തിൻ്റെ പ്രത്യേക നിയോഗത്തിനായി വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്യുന്നു.
2004 മെയ് 20-ന് തുടക്കം കുറിച്ച ധനശേഖരണത്തിന് നല്ല പ്രതികരണം ലഭിച്ചു. ഇപ്രകാരം കണ്ടെത്തുന്ന തുകയ്ക്ക് ആനുപാതികമായി കുട്ടികളെ തിരഞ്ഞെടുക്കുന്നതിനുള്ള അവസരവും ഒരുക്കി. ഉദാഹരണമായി, ഒരുലക്ഷം രൂപ ഈ ഫണ്ടിലേയ്ക്ക് കണ്ടെത്തുന്ന ഇടവകകൾക്ക് എല്ലാവർഷവും ഒരു കുട്ടിയെവീതം ഉന്നത പഠനത്തിനായി ശുപാർശ ചെയ്യാം.
പിന്നീട് കണ്ടെത്തുന്ന ഓരോ ലക്ഷത്തിനും ഓരോ കുട്ടിയെവീതം അധികമായി തിരഞ്ഞെടുക്കുന്നതിന് പദ്ധതി വ്യവസ്ഥചെയ്യുന്നു. ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് 5000 രൂപവീതം പഠനസഹായം നല്കി വരുന്നു. തുടക്കത്തിൽ 25000 മാത്രമായിരുന്നു എങ്കിൽ അതിപ്പോൾ 50000 രൂപയായി വർദ്ധിപ്പിച്ചു. താമസിയാതെ അത് ഒരു ലക്ഷമായി ഉയർത്തുവാനുള്ള ആലോചനകളും നടന്നുവരുന്നു.
ഇടവകകൾക്ക് എല്ലാവർഷവും പുതിയ പുതിയ കുട്ടികളെ ശുപാർശ ചെയ്യാം എന്നതാണ് പദ്ധതിയുടെ മുഖ്യ ആകർഷണം. അതായത് ഒരു ലക്ഷം രൂപ നിക്ഷേപിച്ച ഇടവകയ്ക്ക് ഈ വർഷം ഒരു കുട്ടിയെ തിരഞ്ഞെടുക്കാം; അതുപോലെ അടുത്ത വർഷങ്ങളിലും എടുക്കാം. രണ്ടുവർഷമാകുമ്പോൾ അവർ നല്കിയിരിക്കുന്ന തുക ഇടവകകൾക്ക് തിരികെ ലഭിച്ചിട്ടുണ്ടാവും. മൂന്നാം വർഷവും നാലാം വർഷവും കുട്ടികളെ തിരഞ്ഞെടുക്കാൻ ഇടവകകൾക്ക് അവകാശം നല്കിയിരിക്കുന്നതിനാൽ ഇരട്ടിയും ചിലപ്പോൾ രണ്ടിരട്ടിയും ധനസഹായം ലഭിക്കുന്നു. പതിനഞ്ച് ലക്ഷംവരെ അടച്ചിട്ടുള്ള ഇടവകകളുണ്ട്. അവർക്ക് പതിനഞ്ച് കുട്ടികളെവീതം തിരഞ്ഞെടുക്കാൻ അവസരം ലഭിക്കുന്നു.
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ 1600-ൽ അധികം കുട്ടികളുടെ പഠനസ്വപ്നങ്ങൾക്ക് നിറം പകരാൻ 'കളർ എ ഡ്രീം' പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്. പഠനശേഷം കുട്ടികൾ തങ്ങൾ വാങ്ങിയ തുക തിരിച്ചടയ്ക്കണം എന്നാണ് വ്യവസ്ഥ. പഠനകാലത്ത് പലിശയില്ല, പഠനം കഴിഞ്ഞ് ആറുമാസം കഴിയുന്ന മുറയ്ക്ക് തിരിച്ചടവാരംഭിക്കണം. തിരിച്ചടവാരംഭിക്കുന്ന നാൾമുതൽ 6 ശതമാനം പലിശ ഈടാക്കുന്നു. എന്നാൽ പദ്ധതി അവസാനിക്കുന്ന കാലാവധിക്കുള്ളിൽത്തന്നെ തിരിച്ചടവ് പൂർത്തിയാക്കുന്നവർക്ക് 6 ശതമാനമെന്നത് 3 ശതമാനമായി കുറച്ചുകൊടുക്കുന്നു. ഇപ്പോൾ ആയിരത്തോളം കുട്ടികൾ പഠനം പൂർത്തിയാക്കിയിട്ടുണ്ട്. അവരിൽ നല്ല ശതമാനം ആളുകളും തിരിച്ചടവ് ആരംഭിച്ചിട്ടുണ്ട് എന്നത് പദ്ധതിക്ക് പ്രതീക്ഷ നല്കുന്നു.
തിരിച്ചടവ് ഉറപ്പാക്കാൻ കുട്ടികളെ തിരഞ്ഞെടുക്കുന്നത് ഇടവക പ്രതിനിധിയോഗമാണ്. തിരിച്ചടവിന് കൂടുതൽ പ്രേരണ നൽകാനായി ബോണ്ട്, ചെക്ക് എന്നിവ വാങ്ങുന്ന പതിവുമുണ്ട്. എതെങ്കിലും ഇടവകയിൽ കുട്ടികളുടെ തിരിച്ചടവിന് വീഴ്ചയുണ്ടായാൽ ആ ഇടവകയ്ക്ക് പുതിയ കുട്ടികളെ തിരഞ്ഞെടുക്കാനുള്ള അവകാശം നഷ്ടമാകും. തിരിച്ചടവ് പൂർത്തിയാക്കുന്ന മുറയ്ക്ക് മാത്രമേ ആ അവകാശം പുനഃസ്ഥാപിക്കപ്പെടുകയുള്ളു. ഈ കാരണങ്ങളാൽ എല്ലാ ഇടവകകളും കുട്ടികളുടെ തിരിച്ചടവിൽ ഏറെ ശ്രദ്ധിക്കുന്നുണ്ട്. കുടുംബങ്ങളെ ദാരിദ്ര്യാവസ്ഥയിൽനിന്നും കരേറ്റാനുള്ള ഏറ്റവും എളുപ്പമായ മാർഗ്ഗം അങ്ങനെയുള്ള കുടുംബങ്ങളെ പഠിപ്പിക്കുകയാണ് എന്ന കാഴ്ചപ്പാടാണ് 'കളർ എ ഡ്രീം' പദ്ധതിയിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ ഈ പദ്ധതിയുടെ ആപ്തവാക്യം ഇതാണ്: 'ഒരു കുട്ടിയെ പഠിപ്പിക്കുക, ഒരു കുടുംബത്തെ സംരക്ഷിക്കുക'. ഈ ആഹ്വാനം സ്വീകരിച്ച് ഏതാണ്ട് 3500-ൽ അധികം കുടുംബങ്ങൾ ഈ പദ്ധതിയുടെ ബനഫാക്ടേഴ്സായി മാറിയിട്ടുണ്ട്. ഇവരുടെ ചെറുതും വലുതുമായ സംഭാവനകൾ കൂടിച്ചേർന്ന് ഇപ്പോൾ ഏതാണ്ട് 5 കോടി രൂപയുടെ ധനവിനയോഗം ഈ പദ്ധതിയിലൂടെ നടക്കുന്നുണ്ട്.
ധനസഹായം വായ്പയായി നല്കുന്നതുമൂലം ഔദാര്യം വാങ്ങിച്ചു പഠിച്ചു എന്ന ചിന്ത കുട്ടികൾക്ക് പിന്നീടുണ്ടാകുന്നില്ല എന്നത് ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകതയാണ്. ഈ പദ്ധതിയുടെ വാർഷിക വരവുചിലവു കണക്കുകളും സംഭാവന നല്കിയവരുടെ വിവരങ്ങളും ഉൾക്കൊള്ളിച്ച് എല്ലാവർഷവും പ്രവർത്തന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു വരുന്നു. ഈ റിപ്പോർട്ടിൻ്റെ കോപ്പി എല്ലാ ബെനഫാക്ടേഴ്സസിനും അഭ്യുദയകാംഷികൾക്കും അയച്ചു കൊടുക്കുന്നു. ഇത് 'കളർ എ ഡ്രീം' പദ്ധതിയുടെ സുതാര്യതയും വിശ്വസനീയതയും വർദ്ധിപ്പിക്കുന്നു. കഴിഞ്ഞ പത്തു വർഷങ്ങൾക്കിടയിൽ ഒത്തിരിയേറെ നിർധന കുടുംബങ്ങളിലെ കുട്ടികളെ കൈപിടിച്ചുയർത്താനും അങ്ങനെ ആ കുടുംബങ്ങളിലെ ദാരിദ്ര്യാവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാനും 'കളർ എ ഡ്രീം' പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് നിസ്സംശയം പറയാനാകും.
കളർ എ ഹോം ഭവനപദ്ധതി
'കളർ എ ഡ്രീം' പദ്ധതിയുടെ വിജയം സമ്മാനിച്ച ആത്മവിശ്വാസവുമായി ജീവകാരുണ്യനിധി ട്രസ്റ്റ് 2013-ൽ തുടക്കം കുറിച്ച മറ്റൊരു പദ്ധതിയാണ് 'കളർ എ ഹോം' ഭവനപദ്ധതി. ഇടവകകളിൽ ഭവനരഹിതരായവരെ സഹായിക്കാനുള്ള അതിരൂപതയുടെ സംഘാതമായ പ്രവർത്തനമാണ് 'കളർ എ ഹോം' ഭവനപദ്ധതി. അതിരൂപതയെ കുടിൽരഹിതമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം. ഒരു വലിയ ക്യാപിറ്റൽ ഫണ്ട് സ്വീകരിച്ച് പ്രതിവർഷം നൂറ് വീടെങ്കിലും അതിരൂപതയിൽ നിർമ്മിച്ചു കൊടുക്കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ക്രിസ്തുമസ്സിന് ഇടവകകളിൽ നടന്നുവരുന്ന ജീവകാരുണ്യ ധനശേഖരണം ഭവനനിർമ്മാണത്തിനായി മാറ്റിവയ്ക്കാൻ നിശ്ചയിച്ചു. അങ്ങനെ രണ്ടുവർഷം നടത്തിയ ധനശേഖരണത്തിലൂടെ ലഭിച്ച തുക ഒരു ക്യാപ്പിറ്റൽ ഫണ്ടായി ബാങ്കിൽ നിക്ഷേപിച്ചുകൊണ്ട് അതിന്റെ പലിശ എടുത്ത് ഭവന നിർമ്മാണം നടത്തുന്നതിനുള്ള നടപടികൾക്കാണ് ആദ്യം തുടക്കം കുറിച്ചത്.
മൂന്നാം വർഷംമുതൽ എല്ലാ ഇടവകകളിലും ക്രിസ്തുമസ്സ് ധനശേഖരണങ്ങളിലൂടെ ലഭിക്കുന്ന തുകയുടെ 80 ശതമാനം തുക അതത് ഇടവകകളിലെ ഭവനനിർമ്മാണത്തിനായി വിനയോഗിക്കു ന്നതിന് നടപടികൾ ആരംഭിച്ചു. ബാക്കി 20 ശതമാനം തുക പാവ പ്പെട്ട ഇടവകകളിലെ ഭവനനിർമ്മാണത്തിന് അധിക ധനസഹായം നല്കുന്നതിനും ഇതര ജീവകാരുണ്യപ്രവർത്തനങ്ങൾക്കുമായി മാറ്റി വച്ചിരിക്കുന്നു. ഇതിനുപുറമെ, പുതിയ വീടുകൾ നിർമ്മിക്കുന്ന ഇടവകകൾക്ക് ആദ്യം ഉണ്ടാക്കിയ ക്യാപ്പിറ്റൽ ഫണ്ടിന്റെ ഒരു വിഹിതം നല്കിവരുന്നു. പുതിയ വീടുകൾ നിർമ്മിക്കാൻ മുൻകൈ എടുക്കുന്ന ഇടവകകൾക്ക് ഏറെ പ്രോത്സാഹനം നല്കുന്നതിന് ഇത് സഹായമാകുന്നു. ഈ മാർഗ്ഗത്തിലൂടെ പ്രതിവർഷം 100 വീടുകളെങ്കിലും പണിയാൻ സാധിക്കുമെന്ന ശുഭപ്രതീക്ഷയാണുള്ളത്.
ക്രിസ്തുമസ്സ് ധനശേഖരണത്തിൻ്റെ ആപ്തവാക്യം, 'പുൽക്കുട്ടിലെ ഈശോയ്ക്ക് നമ്മുടെ ഇടവകയിൽ ഒരു ഭവനം' എന്നതാണ്. ധനശേഖരണത്തിനായി നല്കുന്ന കവറിനോടൊപ്പം കുടുംബാംഗങ്ങളുടെ പേരുകൾ രേഖപ്പെടുത്തിയ ഒരു ഫോറവും നല്കുന്നു. കുടുംബങ്ങളിൽ വരുമാനമുണ്ടാക്കുന്ന എല്ലാ അംഗങ്ങളും ഒരു ദിവസത്തെ അവരുടെ വരുമാനം നിർദ്ധന കുടുംബങ്ങളുടെ ഭവന നിർമ്മാണത്തിനായി നല്കണം എന്നതാണ് അതിരൂപതയുടെ പുതിയ ആഹ്വാനം. ഈ തുക സംഭാവന നല്കുന്നവരുടെ ഇടവകയിൽതന്നെ വിനയോഗിക്കപ്പെടുന്നതിനാലും തങ്ങൾക്ക് അറിയാവുന്ന കുടുംബങ്ങൾക്കുതന്നെ വീടുവച്ചു നല്കുന്നതിനാലും ഈ കാരുണ്യപ്രവൃത്തിക്ക് ഉദാരമായി സംഭാവന നല്കാൻ വിശ്വാസികൾ തയ്യാറാകുന്നു. ഇങ്ങനെ നല്കുന്ന സംഭാവനാതുകകൾ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തി തയ്യാറാക്കുന്ന ഫോറമാണ് പിന്നീടുള്ള വർഷത്തിൽ ധനശേഖരണത്തിനായി വീടുകളിലേയ്ക്കു നൽകുന്നത്.
ഇടവകകളിലെ കുടുംബക്കൂട്ടായ്മകളാണ് ഈ ധനശേഖരണത്തിന്റെ പ്രധാന വേദി. കുടുംബക്കൂട്ടായ്മകളുടെ നേതൃത്വത്തിൽ കവറും ഫോറവും വിതരണം ചെയ്ത് ധനശേഖരണം നടത്തുന്നതുകൊണ്ട് പരമാവധി കുടുംബങ്ങളുടെ സഹകരണം ഉറപ്പാക്കാൻ സാധിക്കും. വീടുനിർമ്മാണം ആവശ്യമില്ലാത്ത ഇടവകകൾക്ക് തങ്ങൾ ശേഖരിക്കുന്ന തുക മറ്റെതെങ്കിലും നിർധന ഇടവകയിലെ ഭവനനിർമ്മാണത്തിനായി സഹായിക്കാനും കഴിയുന്നു.
"കാരുണ്യത്തിന് പ്രാപ്തരാകുവാൻ നാം ആദ്യം ദൈവവചനത്തോട് ആഭിമുഖ്യമുള്ളവരാകണം. നമ്മിലേക്കുവരുന്ന വചനത്തെക്കുറിച്ചു ധ്യാനിക്കുവാൻ നിശബ്ദതയുടെ മൂല്യം വീണ്ടും കണ്ടെത്തണം.”
അനു കുരിശും മുട്ടിൽ
Apostolic Oblates
Spirituality Centre, Kottayam-686 018
Mob: 9544413690
E-Mail: anukurisumootil@gmail.com
"ഉത്കൃഷ്ടമായ മനുഷ്യവ്യക്തിത്വത്തിന്റെ വിദ്യാലയമാണ് കുടുംബങ്ങൾ" (സഭ ആധുനികലോകത്തിൽ നമ്പർ 49). ദൈവത്തിനു മനുഷ്യനോടുള്ള നിസ്സീമമായ കരുണയുടെ അടയാളമായി ദൈവപുത്രൻ മനുഷ്യനായി പിറന്നത് പരിശുദ്ധ കന്യകാമറിയത്തിന്റെ മാതൃസ്നേഹവും വളർത്തുപിതാവായ യൗസേപ്പിതാവിന്റെ പിതൃവാത്സല്യവും ആവരണം തീർത്ത പിള്ളത്തൊട്ടിലിൽ ആയിരുന്നു. കല്ലുകൊണ്ടു നിർമ്മിതമായ ഭവനത്തേക്കാൾ ജീവസുറ്റ വിശ്വാസവും ദൈവികപദ്ധതികൾക്ക് ഹൃദയം വിട്ടുകൊടുത്ത ആത്മസമർപ്പണവും കൈമുതലാക്കിയ ഈശോയുടെ മാതാപിതാക്കൾ തീർത്ത 'പാറമേൽ പണിത ഭവനമാണ്' ഈശോ ദൈവകരുണ അഭ്യസിച്ച ആദ്യയിടം! മനുഷ്യകുലത്തിൻ്റെ നവീകരണത്തിനും വിശുദ്ധിക്കുംവേണ്ടി ആദ്യം ശ്രദ്ധിക്കേണ്ട തലവും തെരഞ്ഞെടുക്കേണ്ട പ്രേഷിതമേഖലയും കുടുംബമല്ലാതെ മറ്റൊന്നല്ലായെന്നാണ് ഈശോയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്. തിരുസഭ ഈ കാലയളവിൽ സവിശേഷശ്രദ്ധ കുടുംബത്തിന് നൽകുന്നതിന്റെ കാരണവും ഇതുതന്നെ.
ദൈവത്തിന്റെ പരമാവധിസ്നേഹവും നിസ്സീമമായ കരുണയും അറിഞ്ഞ്, ജീവിച്ച്, പ്രഘോഷിച്ച് വിശുദ്ധിയിലേക്കുള്ള സാർവ്വത്രികവിളിയുടെ വക്താക്കളാകാനുള്ള പ്രത്യേക ദൗത്യം സ്വീകരിച്ച അപ്പസ്തോലിക് ഒബ്ലേറ്റ്സ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് പല പ്രേഷിതമേഖലകളിൽ സവിശേഷമായ സ്ഥാനമാണ് കുടുംബപ്രേഷിതത്വത്തിന് നൽകുന്നത്. കുടുംബഭദ്രതയിൽ വിള്ളലുണ്ടാക്കി വിശ്വാസജീവിതത്തെ തകർക്കുന്ന അശുദ്ധിക്കെതിരെ ഓരോ കുടുംബത്തിലേക്കും കടന്നുചെന്ന് കുടുംബങ്ങളെ വിശുദ്ധിയിൽ പടുത്തുയർത്താനായി, അപ്പസ്തോലിക് ഒബ്ലേറ്റ്സ്, ദൈവഹിതത്താൽ നയിക്കപ്പെട്ട്, ക്രമീകരിച്ചിരിക്കുന്ന ഒരു പ്രേഷിതമേഖലയാണ് Pro-Sanctity (വിശുദ്ധിക്കുവേണ്ടി) Home Mission. വിശുദ്ധിക്ക് ഒരു മുഖമേയുള്ളൂ അതു സ്നേഹത്തിൻ്റെ മുഖമാണെന്നും, ഈ സ്നേഹത്തിന്റെ മുഖകാന്തി ദൈവത്തിൻ്റെ കരുണ അനുഭവിക്കുന്നതിലും ജീവിക്കുന്നതിലുമാണെന്നും പ്രഘോഷിച്ച സ്ഥാപകപിതാവ് ദൈവ ദാസൻ വില്യം ജക്വീൻതാ പിതാവിൻ്റെ പ്രബോധനങ്ങളിലും ജീവിതമാതൃകയിലും നിന്ന് ഉയിർക്കൊണ്ടതാണ് ഈ പ്രേഷിതമേഖല.
ഒരു ഇടവകയിലെ ഭവനസന്ദർശനത്തെ പ്രധാനമായും മൂന്നു ഘട്ടങ്ങളായി തിരിക്കാം: (1) ഭവനസന്ദർശനത്തിനായുള്ള ഒരുക്കങ്ങൾ (2) ഭവനസന്ദർശനം (3) ഭവനസന്ദർശനത്തിനുശേഷമുള്ള ആദ്ധ്യാത്മിക നവീകരണത്തിനായുള്ള പദ്ധതികൾ.
ഭവനസന്ദർശനത്തിനായി കടന്നുചെല്ലുന്ന ഇടവകയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനയാണ് ഒരുക്കങ്ങളിൽ ഏറ്റം പ്രാധാന്യമുള്ളത്. ഭവനസന്ദർശനത്തിനായി ഒരു ഇടവക നിശ്ചയിക്കപ്പെടുന്ന സമയം മുതൽ അപ്പസ്തോലിക് ഒബ്ലേറ്റ്സ് സമൂഹം മുഴുവനും ആ ഇടവകയെ സമർപ്പിച്ച് ദൈവത്തിൻ്റെ കരുണാവർഷത്തിനായി പ്രാർത്ഥിക്കുന്നു. ഒപ്പം മിണ്ടാമഠങ്ങൾ, നിത്യാരാധനാ പ്രാർത്ഥനായലങ്ങൾ, വിശുദ്ധിക്കുവേണ്ടിയുള്ള പ്രസ്ഥാനത്തിലെ അംഗങ്ങൾ, തങ്ങളുടെ സഹനങ്ങൾ കുടുംബവിശുദ്ധീകരണത്തിനായി സമർപ്പിക്കുവാൻ സന്നദ്ധരായ അനേകം വിശ്വാസികൾ ഇവരോടും പ്രാർത്ഥന ചോദിക്കുന്നു. ഇടവകയിലെ ഓരോ കുടുംബവും പ്രാർത്ഥിക്കുന്നതിനായി പ്രത്യേക പ്രാർത്ഥന ആ ഇടവകയിലെ ഭാരവാഹികൾവഴി കുടുംബങ്ങളിൽ എത്തിക്കുന്നു. ദൈവകൃപയെ സ്വീകരിക്കുന്നതിന് തടസ്സമാകാവുന്ന പാപബന്ധനങ്ങളെ പൊട്ടിച്ചെറിയാൻ കുടുംബാംഗങ്ങളെല്ലാവരും അനുരഞ്ജനകൂദാശ സ്വീകരിച്ച് പരിശുദ്ധ കുർബാനയിൽ പങ്കുകൊള്ളുവാനുള്ള നിർദ്ദേശം പ്രത്യേക പ്രാധാന്യത്തോടെ ഇടവകാംഗങ്ങൾക്കു നൽകുന്നു. ഭവനസന്ദർശന സമയത്ത് അംഗങ്ങളെല്ലാവരും സന്നിഹിതരാകാൻ സഹായിക്കുന്ന വിധത്തിൽ ഭവനസന്ദർശനദിവസവും സമയക്രമീകരണങ്ങളും മുൻകൂട്ടി തയ്യാറാക്കുകയും കുടംബാംഗങ്ങളെ അറിയിക്കുകയും ചെയ്യുന്നു.
ദൈവാത്മാവിന്റെ്റെ പ്രവർത്തനത്തിനായി തങ്ങളെത്തന്നെ വിട്ടു കൊടുത്തുകൊണ്ട് ആത്മീയവും ബൗദ്ധികവും മാനസികവുമായി ദൈവകൃപയിൽ ശക്തിപ്പെട്ടുകൊണ്ടാണ് അപ്പസ്തോലിക് ഒബ്ലേറ്റ്സ് ദൈവകരുണയുടെ വാഹകരായി ഭവനങ്ങളിലേക്ക് കടന്നുചെല്ലുന്നത്. ഇടവകാംഗങ്ങളോടൊത്ത് വി. കുർബാനയിൽ പങ്കെടുത്ത് 'ഇമ്മാനുവേൽ' അനുഭവത്തിൽ പ്രഭാതംമുതൽ ഭവനസന്ദർശനം തുടങ്ങുന്നു. ലളിതവും സ്വീകാര്യവും ദൈവവചനത്താൽ പരിപുഷ്ടവും വിവേകത്താൽ നയിക്കപ്പെടുന്നതുമായ സംഭാഷണമാണ് ഭവനങ്ങളിൽ ദൈവകരുണയുടെ പ്രഘോഷണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മാധ്യമം. സ്വഭാവത്തിലും പ്രതികരണത്തിലും സ്വീകാര്യതയിലും വളരെ വ്യത്യസ്തത പുലർത്തുന്ന വ്യക്തിത്വങ്ങളെ ചെറിയ ഭൂപരിധിക്കുള്ളിൽ കണ്ടെത്താനാവും. വിശുദ്ധിയും വിശ്വാസവും തിളങ്ങി നിൽക്കുന്ന കുടുംബങ്ങൾ, ഒളിമങ്ങിയവർ, വിശ്വാസം ത്യജിച്ചവർ, വിശ്വാസസംരക്ഷണത്തിനുവേണ്ടി ജീവിക്കുന്ന രക്തസാക്ഷികളാകുന്നവർ ഇങ്ങനെ കുടുംബങ്ങളുടെ നേർക്കാഴ്ചകൾ വ്യത്യസ്തങ്ങളും വേദനിപ്പിക്കുന്നതും വീണ്ടെടുപ്പിന്റെ ആവശ്യകത വിളിച്ചോതുന്നതുമാണ്. കുടുംബബന്ധങ്ങളുടെ പവിത്രതയുടെ അടിസ്ഥാനശിലകളായ മാതാപിതാക്കളാണ് സംഭാഷണത്തിൻ്റെ ശ്രദ്ധാകേന്ദ്രം. വിശ്വാസവെളിച്ചത്തിൽ ദൈവകരം പിടിച്ചുകൊണ്ട് ജീവിതത്തെ നോക്കികാണുന്നില്ല എന്നതാണ് കുടുംബങ്ങളുടെ തകർച്ചയ്ക്ക് അടിസ്ഥാന കാരണം. കുടുംബത്തെ രൂപീകരിക്കുന്ന വിവാഹമെന്ന കൂദാശയിൽ ദൈവം തരുന്ന ജീവിത പങ്കാളിയെ ദൈവികപദ്ധതിയുടെ ഭാഗമായി സ്വീകരിക്കാത്തവർ, തനിക്കു ലഭിക്കാമായിരുന്ന, മെച്ചപ്പെട്ട, ശ്രേഷ്ഠതയുള്ള ഒരു ജീവിത പങ്കാളിയെ ഇപ്പോഴും സ്വപ്പ്നം കാണുന്നവർ, ദാമ്പത്യ വിശ്വസ്ത തയില്ലാത്തവർ ഇങ്ങനെ അടിസ്ഥാനശിലകൾക്കേറ്റ വിള്ളലുകൾ നിരവധിയാണ്. ഓരോ മനുഷ്യവ്യക്തിയുടെയുംനേർക്കുള്ള ദൈവത്തിന്റെ അനന്തമായ കരുണയെയും നന്മയ്ക്കുവേണ്ടിയുള്ള അവിടുത്തെ പദ്ധതിയെയും (ജറെ 29,11-13) കുറിച്ച് അവരെ ബോധ്യപ്പെടുത്തുകയാണ് ആദ്യപടി. പരസ്പര സ്വീകാര്യതയ്ക്കും ആത്മ സമർപ്പണത്തിനും തടസ്സമായി നിൽക്കുന്ന സ്വഭാവദൂഷ്യങ്ങൾ, ലൈംഗികവൈകൃതങ്ങൾ തുടങ്ങിയവയ്ക്കെല്ലാം പരിഹാരം നൽകാൻ കഴിവുള്ള ചികിത്സാകേന്ദ്രങ്ങളിലേക്കും, മാനസികാരോഗ്യതലത്തിൽ വിദഗ്ദ്ധമായ പരിചരണം ആവശ്യമുള്ളവരെ കൗൺസിലിംഗ് സെൻ്ററുകളിലേക്കും തിരിച്ചുവിടുവാനും അതുവഴി ശാരീരികവും ആത്മീയവുമായ സ്വാതന്ത്യത്തിലേക്ക് കുടുംബത്തെ നയിക്കുവാനും സാധിക്കുന്നു.
കുടുംബത്തിൽ ദൈവത്തിനുള്ള സ്ഥാനം വിശ്വാസ സംരക്ഷണത്തിൽ പ്രാധാന്യമർഹിക്കുന്നു. പ്രാർത്ഥനയുടെ പരിമളവും സുവിശേഷത്തിന്റെ വായുവും ഭവനത്തിൽ എത്രമാത്രം നിറഞ്ഞുനിൽക്കുന്നു എന്നതാണ് ഇതറിയാനുള്ള വഴി. ഇടവകദൈവാലയത്തോടും മുറിവേറ്റതിനെ സുഖപ്പെടുത്തുന്ന ബലിപീഠത്തോടും, കുദാശാജീവിതത്തോടും, അഭിഷിക്തരോടും സമർപ്പിതരോടുമുള്ള ബന്ധം എത്രമാത്രം ആത്മാർത്ഥതയുള്ളതാണ്? ദൈവത്തെക്കുറിച്ചുളള 'ദൈവജന'ത്തിൻ്റെ അജ്ഞതയുടെ അന്ധകാരം ഭയപ്പെടുത്താറുണ്ട്.
തങ്ങളുടെ സ്വാർത്ഥതാല്പര്യങ്ങളുടെ സംരക്ഷകനായി ദൈവത്തെ കാണുന്നവർ, ധാർമികച്യുതിയുടെയും ഗൗരവമേറിയ പാപങ്ങളുടെയും മറയായി ജീവകാരുണ്യപ്രവർത്തനത്തെ 'ഉപയോഗിക്കുന്നവർ', ഇടവകയിൽ നിറസാന്നിധ്യമായി നിറഞ്ഞുനില്ക്കുന്ന 'നിരീശ്വരന്മാർ' ഇങ്ങനെ വിശ്വാസവിധ്വംസനത്തിന്റെ വെളിപ്പെടുത്തലുകൾ സഭാമാതാവിൻ്റെ ഹൃദയത്തിനേൽക്കുന്ന മുറിവുകളാണ്. ഇതുമൂലം നഷ്ടമാകുന്ന കുടുംബത്തിലെ യുവജനങ്ങൾ, കുഞ്ഞുങ്ങൾ, ആവശ്യത്തിന് ശ്രദ്ധയും പരിഗണനയും ലഭിക്കാത്ത വൃദ്ധരായ മാതാപിതാക്കൾ ഇവരുടെ ആത്മരക്ഷയ്ക്കും സഭയുടെ നാളയെ അപകടത്തിലാക്കുന്ന അന്ധകാരശക്തികൾക്കെതിരായും ഒരു നവസുവിശേഷവത്ക്കരണം എന്ന നിലയിൽ ഓരോ ദിവസത്തിന്റെയും ഭവനസന്ദർശനത്തിൻ്റെ അവസാനം അന്നു സന്ദർശിച്ച ഭവനങ്ങളെയെല്ലാം ഒരു ഭവനത്തിൽ ഒരുമിച്ചുചേർത്ത് കുടുംബവിശുദ്ധിക്കുവേണ്ടിയുള്ള വചനപ്രഘോഷണവും സായാഹ്ന പ്രാർത്ഥനയും ക്രമീകരിക്കുന്നു. സമരിയാക്കാരി സ്ത്രീയോടുള്ള ഈശോയുടെ സമീപനംപോലെ, നഷ്ടപ്പെട്ട ഒരാടിനോടുള്ള കരുതൽപോലെ, ദൈവത്തിൻ്റെ അതിരറ്റ കാരുണ്യത്തിന്റെ സവിശേഷതകളായ ദീർഘക്ഷമയും, കാത്തിരിപ്പും, തേടിയിറങ്ങലും, പ്രാർത്ഥനയും, ഉപവാസവുമെല്ലാം ഈ അജഗണങ്ങളുടെ വീണ്ടെടുപ്പിനു വിലയായി നൽകുന്നു.
ക്രൈസ്തവകുടുംബങ്ങളിൽ കരിനിഴൽ വീഴ്ത്തുന്ന കൊലപാതകം, ആത്മഹത്യ, ജഡികപാപങ്ങൾ, ധനാസക്തി, വിശ്വാസം ത്യജിക്കൽ, സഹോദരങ്ങളോടുള്ള ശത്രുത. അതിർത്തി തർക്കം, വിഗ്രഹാരാധന, മാതാപിതാക്കളെ തിരസ്ക്കരിക്കൽ ഇവയെല്ലാം ക്രൈസ്തവകുടുംബങ്ങളെ നവസുവിശേഷവത്ക്കരണത്താൽ വീണ്ടും ഉണർത്തേണ്ടതിൻ്റെ ആവശ്യകത നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ഓരോ ഇടവകയിലെയും ഭവനസന്ദർശനം സമാപിക്കുമ്പോൾ ഈ പ്രേഷിതമേഖലയുടെ പ്രസക്തി കൂടുതൽ ബോധ്യമാവുകയും രൂപാതാധ്യക്ഷനെ ഭവനസന്ദർശനത്തിന്റെ വിശദാംശങ്ങൾ അറിയിക്കുകയും ചെയ്യുന്നു.
ആദ്യസൃഷ്ടിയിൽ ദൈവം മനുഷ്യനു നൽകിയ പരിശുദ്ധമായ മനസാക്ഷി വീണ്ടെടുക്കുക, ഈശോയിൽ വെളിവായ മനുഷ്യത്വത്തിലേക്ക് മനുഷ്യമക്കളെ രൂപപ്പെടുത്തുക, ദൈവത്തെ പിതാവായും നമ്മുടെ അടുത്തുകൂടി കടന്നുപോകുന്ന ഓരോ വ്യക്തിയും സ്വന്തം സഹോദരങ്ങളുമാണെന്ന തിരിച്ചറിവിലേക്ക്, സ്നേഹവിപ്ലവത്തിലേക്ക് കുടുംബത്തെ, അയൽപക്കബന്ധങ്ങളെ, ഇടവകസമൂഹത്തെ നയിക്കുക, സഭയെ അമ്മയായി, സംരക്ഷകയായി കണ്ട് സ്നേഹിക്കുവാനും വിധേയപ്പെടുവാനും സഭാമക്കളെ പഠിപ്പിക്കുക, അങ്ങനെ എല്ലാറ്റിനുമുപരി ദൈവകരുണയുടെ മാധുര്യം ആസ്വദിക്കുവാനും ജീവിക്കുവാനും വിശ്വാസികളെ കഴിവുറ്റവരാക്കുക എന്നിവയാണ് വിശുദ്ധിക്കുവേണ്ടിയുള്ള ഭവനസന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ.
ഈ ലക്ഷ്യസാക്ഷാത്ക്കരണത്തിനുള്ള മൂന്നാം ഘട്ടമായി ഭവനസന്ദർശനം നടത്തിയ ഇടവകകളിൽ ആധ്യാത്മിക നവീകരണ തുടർപദ്ധതികൾ രൂപീകരിക്കുന്നു. മാതാപിതാക്കൾ, യുവജനങ്ങൾ, കുഞ്ഞുങ്ങൾ, വിധവകൾ ഇങ്ങനെ പലതലങ്ങളിലായി ധ്യാനം, ക്യാമ്പുകൾ, കൗൺസിലിംഗുകൾ, ചർച്ചകൾ, മാതാപിതാക്കൾക്കും കുഞ്ഞുങ്ങൾക്കും ഒരുമിച്ചുള്ള ദിവ്യകാരുണ്യാരാധന, പരി. കുർബാനയിൽ കേന്ദ്രീകൃതമായ ഗാർഹികസഭയായി കുടുംബത്തെ കെട്ടിപ്പെടുക്കുക എന്നിവയിലൂടെ വിശ്വാസജീവിതത്തെ കൂടുതൽ ഉജ്ജീവിപ്പിക്കുവാൻ കർമ്മപദ്ധതികളുമായി ഈ സമൂഹം മുന്നോട്ടുപോകുന്നു. അപ്പസ്തോലിക് ഒബ്ലേറ്റ്സ് നേതൃത്വം നൽകുന്ന സ്പിരിച്ച്വാലിറ്റി സെന്റർ ഈ കർമ്മപദ്ധതികൾക്കുള്ള വേദിയൊരുക്കുന്നു.
"ആത്മീയമായ കാരുണ്യപ്രവൃത്തികളെ നാം മറന്നുപോകരുതെന്ന്" (കരുണയുടെ മുഖം, നമ്പർ 15) മാർപാപ്പാ ഓർമ്മപ്പെടുത്തുമ്പോൾ കുടുംബങ്ങൾക്കുവേണ്ടി സിനഡ് വിളിച്ചുകൂട്ടപ്പെട്ട ഈ പ്രത്യേക പശ്ചാത്തലത്തിൽ കുടുംബം ദൈവകരുണയുടെ കൂടാരമാക്കാൻ ദൈവസ്നേഹത്തിൽ ക്രൈസ്തവകുടുംബങ്ങൾ, തദ്വാര ലോകംമുഴുവൻ, പുതുസൃഷ്ടിയാക്കാനുള്ള തിരുസഭയുടെ പ്രവർത്തനങ്ങളോട് പൂർണമായും വിധേയപ്പെട്ട് ലോകത്തെ വിശുദ്ധിയുടെ ഒരു കുടുംബമാക്കാനുള്ള അപ്പസ്തോലിക് ഒബ്ലേറ്റ്സിന്റെ ആഗ്രഹങ്ങളെയും പരിശ്രമങ്ങളെയും ദൈവകരുണയ്ക്ക് സമർപ്പിക്കുന്നു.
“പ്രാർത്ഥനയോടെന്നും ചേർക്കുക സത്കൃത്യം ദൈവികസവിധത്തിൽ പ്രീതി വളർത്തിടുവാൻ ആശ്രയഹീനന്മാർക്കരുളും സേവനവും പ്രാർത്ഥനയായ് മാറും ദൈവികസന്നിധിയിൽ"
(യാമപ്രാർത്ഥനകൾ, കൈത്താക്കാലം,
ലെലിയാ, തെശ്ബൊഹത്താ)
കർത്താവിൻ്റെ കാരുണ്യം അനന്തമാണ്
കരുണയുടെ ജൂബിലി വർഷത്തിൽ പാപ്പായുടെ പ്രാർത്ഥന
കർത്താവായ ഈശോമിശിഹായേ, സ്വർഗീയപിതാവു കരുണയുള്ളവനായിരിക്കുന്നതുപോലെ കരുണയുള്ളവരായിരിക്കുവാൻ നീ ഞങ്ങളെ പഠിപ്പിച്ചു. നിന്നെ കാണുന്നവൻ പിതാവിനെ കാണുന്നുവെന്നു നീ അരുളിച്ചെയ്തിട്ടുണ്ടല്ലോ. നിൻ്റെ മുഖം ഞങ്ങൾക്കു കാണിച്ചു തന്നാലും! അതുവഴി ഞങ്ങൾ രക്ഷപ്രാപിക്കുകയും ജീവിക്കുകയും ചെയ്യട്ടെ. നിന്റെ സ്നേഹപൂർവകമായ നോട്ടം, സക്കേവൂസിനെയും മത്തായിയെയും ധനാസക്തിയിൽനിന്നു വിമോചിപ്പിച്ചു; സൃഷ്ടവസ്തുക്കളിൽമാത്രം സന്തോഷം അന്വേഷിക്കുന്നതിൽനിന്ന് വ്യഭിചാരിണിയെയും മഗ്ദലേനയെയും വിമുക്തയാക്കി; നിന്നെ തള്ളിപ്പറഞ്ഞ പത്രോസിനെ കരയിപ്പിച്ചു; അനുതപിച്ച പാപിക്കു പറുദീസ ഉറപ്പാക്കി. സമരിയാക്കാരിയോട് അന്നു നീ പറഞ്ഞ വാക്കുകൾ ഇന്നു ഞങ്ങളോടും അരുളിചെയ്യുന്നതായി ഞങ്ങൾ കേൾക്കുന്നു; 'ദൈവത്തിന്റെ ദാനം എന്തെന്നു നീ അറിഞ്ഞിരുന്നെങ്കിൽ ! അദ്യശ്യനായ പിതാവിൻ്റെ ദൃശ്യമുഖമാണു നീ. കരുണയിലും ക്ഷമയിലും തന്റെ ശക്തി പ്രകടമാക്കുന്ന ദൈവത്തെ വെളിപ്പെടുത്തുന്നവൻ നീയാണ്. തിരുസഭ ഉത്ഥിതനും മഹത്വീകൃതനുമായ അവളുടെ നാഥന്റെ ജീവിക്കുന്ന മുഖമായി ഈ ലോകത്തിൽ വിളങ്ങട്ടെ. അജ്ഞതയിലും തെറ്റിലും പെട്ടുഴലുന്നവരോട് അനുകമ്പ പ്രദർശിപ്പിക്കാൻവേണ്ടി നീ നിൻ്റെ ശുശ്രൂഷകരായി ബലഹീനരെ തിരഞ്ഞെടുത്തു. അവരെ സമീപിക്കുന്നവർക്ക് പിതാവായ ദൈവത്തിൻ്റെ സ്നേഹവും കരുതലും പാപങ്ങൾ ക്ഷമിക്കുന്ന കരുണയും അനുഭവവേദ്യമാകട്ടെ. നിൻ്റെ പരിശുദ്ധറൂഹായെ അയച്ച് ഞങ്ങൾ ഓരോരുത്തരെയും അഭിഷേചിച്ചു വിശുദ്ധീകരിക്കണമേ. അങ്ങനെ കാരുണ്യത്തിൻ്റെ ഈ ജൂബിലിവർഷം ഞങ്ങൾക്കു കർത്താവിൽനിന്നുള്ള കൃപാവരത്തിൻ്റെ വർഷമായിത്തീരട്ടെ. നിന്റെ സഭ നവികൃതമായ തീക്ഷ്ണതയോടെ ദരിദ്രരോടു സുവിശേഷമറിയിക്കട്ടെ. ബന്ധിതർക്കു മോചനവും അന്ധർക്കു കാഴ്ചയും അടിച്ചമർത്തപ്പെട്ടവർക്കു സ്വാതന്ത്ര്യവും പ്രഖ്യാപിക്കട്ടെ. കരുണയുടെ അമ്മയായ പരിശുദ്ധ കന്യകാമറിയം വഴി ഞങ്ങളുടെ പ്രാർത്ഥന ചെവിക്കൊള്ളണമേ. നിത്യം ജീവിക്കുകയും വാഴുകയും ചെയ്യുന്ന പിതാവും പുത്രനും പരിശുദ്ധ റൂഹായുമായ സർവ്വേശ്വരാ ആമ്മേൻ.
God rich in merc ഉടമ്പടിയുടെ ബന്ധം 'ഹെസദ്' കൂടെ വസിക്കുന്ന ദൈവം കരുണാർദ്രസ്നേഹം ജീവൻ നിലനിർത്തുന്നു Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



