x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ആത്മീയ ദൈവശാസ്ത്രം

അങ്ങേക്കു സ്തുതി

Authored by : Dr. Andrews Mekkattukunnel On 09-Nov-2026

അദ്ധ്യായം 1

നമ്മുടെ
പൊതു
ഭവനത്തിനു
സംഭവിക്കുന്നത്

17. മനുഷ്യന്റെയും ലോകത്തിൻ്റെയും അവസ്ഥയെക്കുറിച്ചുള്ള ദൈവശാസ്ത്രപരവും തത്ത്വചിന്താപരവുമായ വിചിന്തനങ്ങൾ, മനുഷ്യചരിത്രത്തിൽ ഇതുവരെ സംഭവിച്ചിട്ടുള്ളതിൽ നിന്നു വ്യത്യസ്തമായ വർത്തമാനകാലത്തെക്കുറിച്ചുള്ള ഒരു നവമായ വിശകലനത്തിൽ അധിഷ്‌ഠിതമല്ലെങ്കിൽ, അമൂർത്തവും മടുപ്പു തോന്നിക്കുന്നതുമായേക്കാം. അതിനാൽ, നമ്മൾ ഭാഗമായിരിക്കുന്ന ഈ ലോകത്തിൽ വിശ്വാസത്തിനു നല്കാൻ സാധിക്കുന്ന പ്രചോദനങ്ങളെയും പ്രോത്സാഹനങ്ങളെയുംകുറിച്ചു ചിന്തിക്കുന്നതിനു മുമ്പ്, നമ്മുടെ പൊതുഭവനത്തിന് എന്തു സംഭവിക്കുന്നു എന്നതിലേക്ക് ശ്രദ്ധ തിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

18. മനുഷ്യനെയും ഭൂമിയെയും ബാധിക്കുന്ന ശീഘ്രഗതിയിലുള്ള മാറ്റങ്ങൾ അവൻ്റെ ജോലിയുടെയും ജീവിതത്തിന്റെയും വേഗത വർദ്ധിപ്പിക്കുന്നുണ്ട് (Rapidification). എല്ലാ സങ്കീർണ സംവിധാനങ്ങളുടെയും പ്രവർത്തനത്തിൻ്റെ ഭാഗമാണു മാറ്റമെങ്കിലും, മനുഷ്യൻ്റെ പ്രവർത്തനങ്ങളുടെ വികസനത്തിലുണ്ടായ വേഗത, സാവധാനത്തിലുള്ള ജൈവപരിണാമത്തിൽ നിന്നു വളരെ വ്യത്യസ്‌തമാണ്. അതിലുമുപരി, നിരന്തരവും ദ്രുതഗതിയിലുള്ളതുമായ ഈ മാറ്റങ്ങൾ മനുഷ്യൻ്റെ സുസ്ഥിരവും സമഗ്രവുമായ വികസനമോ പൊതുനന്മയോ ലക്ഷ്യംവച്ചുള്ളവയല്ല താനും. മാറ്റം അഭികാമ്യമാണ്; എന്നാൽ അതു ലോകത്തിനോ ഒരു വലിയ വിഭാഗം ജനങ്ങളുടെ ജീവിതനിലവാരത്തിനോ ഉപദ്രവകരമാകുമ്പോൾ അത് ഉത്കണ്ഠ ജനിപ്പിക്കുന്നു.

19. മനുഷ്യന്റെ പുരോഗതിയിലും അവന്റെ വൈഭവങ്ങളിലും കണ്ണടച്ചു വിശ്വസിച്ചിരുന്ന കാലത്തിനുശേഷം, ഇന്നു സമൂഹം അവയെ വിമർശനബുദ്ധിയോടെ വീക്ഷിക്കാൻ തുടങ്ങിയിട്ടുണ്ട്. പരിസ്ഥിതിയെക്കുറിച്ചു വർദ്ധിച്ച അവബോധവും പ്രകൃതിയെ സംരക്ഷിക്കുന്നതിൽ വലിയ താല്‌പര്യവും ഇന്നു പ്രകടമാണ്. നമ്മുടെ ഗ്രഹത്തിനു സംഭവിക്കുന്നവയെക്കുറിച്ച് ആത്മാർത്ഥതയുള്ളതെങ്കിലും നിരാശാഭരിതമായ ആശങ്ക വളരുന്നുണ്ട്. നമ്മെ നിരന്തരം ശല്യപ്പെടുത്തുന്നതും എന്നാൽ ദീർഘകാലത്തേക്കു നമുക്ക് ഒളിച്ചുവയ്ക്കാനാവാത്തതുമായ പ്രശ‌നങ്ങൾ ചുരുക്കമായൊന്നു വിശകലനം ചെയ്യാം. ജിജ്ഞാസയെ തൃപ്തിപ്പെടുത്താനോ വിവരങ്ങൾ ശേഖരിക്കാനോ വേണ്ടിയല്ല ഇത്, മറിച്ച്, നമ്മുടെ ഈ ലോകത്തിനു സംഭവിക്കുന്നവയെക്കുറിച്ചുള്ള നീറുന്ന അവബോധം നമ്മുടെതന്നെ സഹനത്തിൻ്റെ ഭാഗമാക്കാനും അതുവഴി ഇക്കാര്യത്തിൽ നമുക്കോരോരുത്തർക്കും എന്തുചെയ്യാൻ കഴിയുമെന്നു കണ്ടെത്താനുമാണ്.

I. മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും

മലിനീകരണം, മാലിന്യം, വലിച്ചെറിയൽ സംസ്ക്കാരം

20. പല മലിനീകരണങ്ങളും മനുഷ്യന്റെ അനുദിന ജീവിതാനുഭവത്തിന്റെതന്നെ ഭാഗമാണ്. മലിനീകൃതമായ സാഹചര്യങ്ങളിൽ ജീവിക്കുന്നവർക്ക്, പ്രത്യേകിച്ച് പാവപ്പെട്ട മനുഷ്യർക്ക്, അതു നിരവധി ആരോഗ്യപ്രശ്‌ങ്ങൾക്കും, അനേകായിരങ്ങളുടെ അകാലമൃത്യുവിനും കാരണമാവുകയും ചെയ്യുന്നു. പാചകം ചെയ്യാനും തണുപ്പകറ്റുന്നതിനു കെട്ടിടങ്ങൾ ചൂടാക്കാനുമായി ഇന്ധനം ഉപയോഗിക്കുന്നതുമൂലം ഉത്പാദിപ്പിക്കപ്പെടുന്ന പുക മനുഷ്യരെ രോഗികളാക്കുന്നു. അതുപോലെതന്നെ, വാഹനങ്ങളിൽനിന്നും വ്യവസായകേന്ദ്രങ്ങളിൽനിന്നും പുറത്തുവരുന്ന പുകയും, വളങ്ങൾ, കീടനാശിനികൾ, കളനാശിനികൾ എന്നിവയുടെ ഉപയോഗംമൂലമുണ്ടാകുന്ന മലിനീകരണവും എല്ലാവരേയും ബാധിക്കുന്നുണ്ട്. സാങ്കേതികവിദ്യയാണ്(technology) ഈ പ്രശ്നങ്ങൾക്കുള്ള ഏക പരിഹാരമായി കണക്കാക്കപ്പെടുന്നത്. എന്നാൽ അതു കച്ചവടതാല്‌പര്യങ്ങളോടു ബന്ധപ്പെട്ടിരിക്കുന്നതിനാൽ, പ്രകൃതിയിലെ വ്യത്യസ്‌ത ജൈവവ്യവസ്ഥകൾ തമ്മിലുള്ള രഹസ്യാത്മകമായ ബന്ധം കണ്ടെത്തുന്നതിൽ പരാജയപ്പെടുന്നു. തന്മൂലം, ഒരു പ്രശ്നനത്തിനുള്ള പരിഹാരം മറ്റു പല പ്രശ്‌നങ്ങൾക്കു കാരണമാകുന്നു.

21. വിവിധ സ്ഥലങ്ങളിൽ നിക്ഷേപിക്കപ്പെടുന്ന മാലിന്യാവശിഷ്ടങ്ങളിൽ നിന്നുണ്ടാകുന്ന മലിനീകരണവും കണക്കിലെടുക്കേണ്ടതുണ്ട്. വീടുകൾ, കച്ചവടസ്ഥലങ്ങൾ, നിർമാണ-പുനരുദ്ധാരണമേഖലകൾ, ആശുപത്രികൾ, ഇലക്ട്രോണിക് വ്യാവസായകേന്ദ്രങ്ങൾ തുടങ്ങി നിരവധിയിടങ്ങളിൽനിന്നു വർഷംതോറും നൂറുകണക്കിനു മില്യൺ ടൺ മാലിന്യങ്ങൾ വിസർജിക്കപ്പെടുന്നുണ്ട്. അവ രൂക്ഷ വിഷാംശമുള്ളവയും ജൈവികമായി വിഘടിപ്പിക്കാൻ സാധ്യമല്ലാത്തവയുമാണ്. നമ്മുടെ പൊതുഭവനമായ ഈ ഭൂമി ഇന്ന് ഒരു ചവറ്റുകൂനയായി മാറിയിരിക്കുന്നു. ഒരിക്കൽ മനോഹരങ്ങളായിരുന്ന ഭൂപ്രദേശങ്ങൾ ഇന്നു മാലിന്യക്കൂമ്പാരങ്ങളായി മാറിപ്പോയെന്നു പലയിടങ്ങളിലും പ്രായമായവർ വിലപിക്കുന്നു. നഗരങ്ങളിലും കൃഷിയിടങ്ങളിലും ഉപയോഗിക്കപ്പെടുന്ന രാസവസ്‌തുക്കളും വ്യവസായിക മാലിന്യങ്ങളും അവിടങ്ങളിലെ ജീവജാലങ്ങളിൽ അടിഞ്ഞുകൂടുന്നതിനു കാരണമാകുന്നു. മനുഷ്യൻ്റെ ആരോഗ്യം വീണ്ടെടുക്കാനാവാത്ത വിധം അപകടപ്പെട്ടുകഴിയുമ്പോൾ മാത്രമാണ് എന്തെങ്കിലും നടപടികളുണ്ടാകുന്നത്.

22. ഈ പ്രശ്നങ്ങൾ വലിച്ചെറിയൽ സംസ്ക്കാരവുമായി അഭേദ്യമായി ബന്ധപ്പെട്ടാണിരിക്കുന്നത്. വസ്‌തുക്കളെ വളരെ വേഗത്തിൽ മാലിന്യങ്ങളാക്കി തരംതാഴ്ത്തുന്ന ഈ മനോഭാവം സമൂഹത്തിൽ പാർശ്വവത്ക്കരിക്കപ്പെട്ടിരിക്കുന്നവരെയാണു കൂടുതൽ ബാധിക്കുന്നത്. ഉദാഹരണത്തിന്, നമ്മൾ ഉത്പ്പാദിപ്പിക്കുന്ന കടലാസിൽ സിംഹഭാഗവും പുനരുപയോഗിക്കാതെ വലിച്ചെറിയപ്പെടുകയാണ്. സ്വാഭാവിക ആവാസവ്യവസ്ഥയുടെ പ്രവർത്തനശൈലി മാതൃകാപരമാണ് എന്നംഗീകരിക്കാൻ നമുക്കിപ്പോഴും ബുദ്ധിമുട്ടാണ്. സസ്യങ്ങൾ മൂലകങ്ങളെ സംയോജിപ്പിച്ച് സസ്യഭുക്കുകളെ പോറ്റുന്നു. അവയാകട്ടെ. മാംസഭുക്കുകൾക്ക് ആഹാരമായിത്തീരുകയും ചെയ്യുന്നു. മാംസഭുക്കുകൾ സാരമായ അളവിൽ ജൈവമാലിന്യങ്ങൾ ഉല്പ്പാദിപ്പിക്കുകയും സസ്യതലമുറകളുടെ വളർച്ചയ്ക്കു സഹായകമാവുകയും ചെയ്യുന്നു. എന്നാൽ, നമ്മുടെ വ്യവസായശൃംഖലയിൽ ഉത്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും ചക്രം പൂർത്തിയാകുമ്പോഴും മാലിന്യങ്ങളും ഉപോത്പ്പന്നങ്ങളും പുനരുപയോഗിക്കാനോ ആഗിരണം ചെയ്യാനോ കഴിവുള്ള മാർഗങ്ങൾ വികസിപ്പിച്ചെടുക്കാനായിട്ടില്ല. ഉത്പാദനത്തിന്റെ ഒരു പൂർണശൃംഖല രൂപീകരിക്കാനോ, ഇപ്പോഴത്തെയും ഭാവിയിലെയും തലമുറകൾക്കുവേണ്ടി വിഭവങ്ങൾ സംരക്ഷിക്കാനോ നമുക്കിതുവരെ കഴിഞ്ഞിട്ടില്ല. പുനഃചംക്രമണ ക്ഷമമല്ലാത്ത വിഭവങ്ങളുടെ ഉപയോഗം നിയന്ത്രിക്കുക, ഉപയോഗിക്കുന്നവ തന്നെയും പുനരുപയോഗിക്കുക തുടങ്ങിയ കാര്യങ്ങൾ നടപ്പിൽ വരുത്തേണ്ടതാണ്. ഈ രീതിയിലുള്ള ഒരു നീക്കം മാത്രമാണ് ഇന്നു ലോകത്തെ മുഴുവൻ ബാധിച്ചിരിക്കുന്ന വലിച്ചെറിയൽ സംസ്ക്കാരത്തിന് ഒരു മറുമരുന്ന്. ഇക്കാര്യത്തിൽ വളരെ നിസ്സാരമായ പുരോഗതിയേ നമ്മൾ ഇതുവരെ കൈവരിച്ചിട്ടുള്ളു.

കാലാവസ്ഥ - നമ്മുടെ പൊതുമുതൽ

23. കാലാവസ്ഥ എല്ലാവർക്കും വേണ്ടിയുള്ളതും എല്ലാവരെയും ബാധിക്കുന്നതുമാണ്. ആഗോളതലത്തിൽ, മനുഷ്യജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങളുമായി ഇഴചേർന്നിരിക്കുന്ന ഒരു സങ്കീർണ വ്യവസ്ഥിതിയാണിത്. ആധികാരികമായ ശാസ്ത്രീയപഠനങ്ങൾ സൂചിപ്പിക്കുന്നതനുസരിച്ചു നാമിപ്പോൾ കാലാവസ്ഥയുടെ അപകടകരമായ താപനത്തിനു സാക്ഷ്യം വഹിക്കുകയാണ്. അതിൻ്റെ ഫലമായി ഈ നാളുകളിൽത്തന്നെ കടലിലെ ജലനിരപ്പ് തുടർച്ചയായി ഉയർന്നുകൊണ്ടിരിക്കുന്നു. അന്തരീക്ഷത്തിന്റെ ഈ താപനം വളരെ ഗൗരവമായ കാലാവസ്ഥാ വ്യതിയാനങ്ങളും പ്രതിസന്ധികളും സൃഷ്ട‌ിക്കുന്നുണ്ട്. ഓരോ പ്രത്യേക സന്ദർഭത്തിന്റെയും പിന്നിലുള്ള കാരണം ശാസ്ത്രീയമായി ചൂണ്ടിക്കാണിക്കാനാവില്ലെങ്കിലും. ഈ ആഗോളതാപനത്തെ നേരിടുന്നതിനായി ജീവിതശൈലിയിലും ഉത്പാദനത്തിലും ഉപഭോഗത്തിലും മാറ്റം വരുത്താൻ മനുഷ്യൻ ശ്രദ്ധിക്കണം. ആഗോള താപനത്തിനു മറ്റുപല കാരണങ്ങൾ (അഗ്നിപർവത സ്ഫോടനം, ഭൂമിക്കുണ്ടാകുന്ന മാറ്റങ്ങൾ) ഉണ്ടെങ്കിലും ശാസ്ത്രീയപഠനങ്ങളനുസരിച്ചു മനുഷ്യന്റെ പ്രവർത്തന ഫലമായുണ്ടാകുന്ന ഹരിതഗൃഹവാതകങ്ങളുടെ (green house gases: കാർബൺഡൈ ഓക്സൈഡ്, മീഥേൻ, നൈട്രജൻ ഓക്സൈഡ്) സാന്ദ്രീകരണം മൂലമാണ് ആഗോളതാപനം ഇത്രയും ഉയരുന്നത്. ഭൂമിയുടെ അന്തരീക്ഷത്തിൽ വ്യാപിച്ചിരിക്കുന്ന ഈ വാതകങ്ങൾ, സൂര്യകിരണങ്ങൾ ഭൂമിയിൽ വ്യാപിക്കുന്നതിനെ തടയുന്നു. ലോകവ്യാപക ഊർജ്ജവ്യവസ്ഥയുടെ കേന്ദ്രമായ ശിലാദ്രവ്യത്തിൻ്റെ (Fossil fuel) വർദ്ധിച്ച തോതിലുള്ള ഉപയോഗത്തിലധിഷ്‌ഠിതമായ വികസന മാതൃക ഈ അവസ്ഥ കൂടുതൽ ഗുരുതരമാക്കുന്നു. കൃഷിയാവശ്യങ്ങൾക്കായുള്ള വനനശീകരണവും മണ്ണിൻ്റെ മാറിയ രീതിയിലുള്ള ഉപയോഗങ്ങളും നിർണായക ഘടകങ്ങളാണ്.

24. കാർബൺ ആവൃത്തി (carbon cycle) യെയും ഈ താപനം ബാധിക്കുന്നുണ്ട്. ഇതൊരു വിഷമവൃത്തം സൃഷ്‌ടിച്ച് ഇന്നത്തെ അവസ്ഥയെ കൂടുതൽ വഷളാക്കുന്നു. ചൂടുള്ള പ്രദേശങ്ങളിലെ കുടിവെള്ളത്തിന്റെ ലഭ്യതയെയും കൃഷി ഉത്പാദനത്തെയും ഇതു ബാധിക്കുകയും ഭൂമിയുടെ ജൈവവൈവിധ്യത്തിന്റെ (biodiversity) വിനാശത്തിനു കാരണമാകുകയും ചെയ്യുന്നു. ധ്രുവപ്രദേശങ്ങളിലെയും ഉയർന്ന മേഖലകളിലെയും ഹിമപാളിയുരുകൽ മീഥേൻ വാതകത്തിന്റെ പ്രസരണത്തിനു കാരണമാകുന്നു. ഉറഞ്ഞ കാർബൺ മിശ്രിത വസ്‌തുക്കളുടെ ദ്രവിക്കൽ കാർബൺഡൈ ഓക്സൈഡിന്റെ ഉദ്വമനത്തിനു കളമൊരുക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തെ ലഘൂകരിക്കേണ്ട ഉഷ്‌ണമേഖലാവനങ്ങളുടെ നാശവും പ്രശ്നത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. കാർബൺഡൈ ഓക്സൈഡു മൂലമുണ്ടാകുന്ന മലിനീകരണം സമുദ്രത്തിന്റെ അമ്ലീകരണം വർദ്ധിപ്പിക്കുകയും സമുദ്രത്തിലുള്ള ഭക്ഷ്യശൃംഖലയ്ക്ക് ആഘാതമേല്‌പിക്കുകയും ചെയ്യുന്നു.

ഇപ്പോഴത്തെ അവസ്ഥ തുടർന്നാൽ അസാധാരണമായ കാലാവസ്ഥാവ്യതിയാനത്തിനും പരിസ്ഥിതി സംവിധാനത്തിന്റെ അനന്യസാധാരണമായ നശീകരണത്തിനും തത്‌ഫലമായുണ്ടാകുന്ന പ്രത്യാഘാതങ്ങൾക്കും ഈ നൂറ്റാണ്ടിൽ തന്നെ നമ്മൾ സാക്ഷ്യം വഹിക്കേണ്ടി വരും. കടലിലെ ജലമുയർന്നാൽ അത് അതീവ ഗുരുതരമായ സാഹചര്യങ്ങളിലേക്ക് നമ്മെ എത്തിക്കും. കാരണം, ലോകജനതയുടെ 1/4 ഭാഗവും ജീവിക്കുന്നതു തീരപ്രദേശങ്ങളിലാണ്. നമ്മുടെ വലിയ പട്ടണങ്ങളിൽ മിക്കവയും നദീതീരങ്ങളിലുമാണ്.

25. കാലാവസ്ഥാവ്യതിയാനം ഒരു ആഗോള പ്രശ്‌നമാണ്. പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക, രാഷ്ട്രിയ മേഖലകളേയും സാധനങ്ങളുടെ വിതരണത്തേയും ഇതു ഗൗരവമായി ബാധിക്കും. ഇന്നു മനുഷ്യൻ അഭിമുഖികരിക്കുന്ന വലിയൊരു വെല്ലുവിളിയെ ഇതു പ്രതിനിധാനം ചെയ്യുന്നു. വരും ദശകങ്ങളിൽ ഇതിന്റെ ആഘാതം ഏറ്റവും കൂടുതൽ ഏല്ക്കുന്നതു വികസ്വര രാജ്യങ്ങളാണ്. ആഗോളതാപനവുമായി ബന്ധപ്പെട്ട പ്രതിഭാസങ്ങൾ നിലനില്ക്കുന്ന സ്ഥലങ്ങളിലാണു ദരിദ്രർ കൂടുതലും ജീവിക്കുന്നത്. പരിസ്ഥിതി-പ്രകൃതി വിഭവങ്ങളുമായി ബന്ധപ്പെട്ടുള്ള കൃഷി, മീൻപിടുത്തം, വനവിഭവശേഖരണം തുടങ്ങിയവയെ ആശ്രയിച്ചാണ് ഇക്കൂട്ടരുടെ ഉപജീവനംതന്നെ. കാലാവസ്ഥാ വ്യതിയാനത്തോടു പൊരുത്തപ്പെടാനും പ്രകൃതി ദുരന്തങ്ങളെ നേരിടാനും അവർക്കു വേറെ സാമ്പത്തിക മാർഗ്ഗങ്ങളോ വിഭവങ്ങളോ ഇല്ല. സാമൂഹ്യസുരക്ഷാ സംവിധാനങ്ങളും ഇവരുടെ സഹായത്തിനെത്താറില്ല. ഉദാഹരണമായി, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളെ അതിജീവിക്കാനാവാത്ത മൃഗങ്ങളും സസ്യങ്ങളും കൂട്ടത്തോടെ കുടിയിറങ്ങും. ഇതുമൂലം തങ്ങളുടെ ഉപജീവനമാർഗ്ഗം അപകടത്തിലാകുന്ന പാവപ്പെട്ടവർ തങ്ങൾക്കുള്ളതെല്ലാം വിട്ടു പേക്ഷിച്ചു പോകേണ്ടിവരുന്നതുകൊണ്ട് അവരുടെയും കുട്ടികളുടെയും ഭാവി അനിശ്ചിതത്വത്തിലാകുന്നു. പ്രകൃതിശോഷണം (en-vironmental degradation) മൂലമുണ്ടാകുന്ന ദാരിദ്ര്യത്തിൽനിന്നു രക്ഷപെടാനായി പലായനം ചെയ്യേണ്ടിവരുന്നവരുടെ എണ്ണം സംഖ്യാതീതമായി വർദ്ധിക്കുകയാണ്. അന്താരാഷ്ട്രപരമായി അവർ അഭയാർത്ഥികളായി അംഗീകരിക്കപ്പെടുന്നില്ല. അവർക്കുണ്ടായിരുന്ന ജീവിതസാഹചര്യങ്ങൾ നഷ്ട്ടപ്പെട്ടു എന്നു മാത്രമല്ല, അവർക്കു നിയമപരമായ സുരക്ഷിതത്വം ലഭിക്കുന്നുമില്ല. ഇന്നും വർദ്ധിച്ചുവരുന്ന ഇപ്രകാരമുള്ളവരുടെ ദുരിതങ്ങളോടു നമുക്കു പൊതുവേ ഉദാസീന മനോഭാവമാണുള്ളത് എന്ന വസ്‌തുത ഏറെ ദുഃഖകരമാണ്.

26. കൂടുതൽ വിഭവങ്ങൾ കൈവശമുള്ളവരുടെയും സാമ്പത്തിക-രാഷ്ട്രീയ അധികാരങ്ങൾ കയ്യാളുന്നവരുടെയും ശ്രദ്ധമുഴുവൻ ഈ പ്രശ്‌നങ്ങളെ മറച്ചുവയ്ക്കാനോ ഇതിന്റെ ലക്ഷണങ്ങളെ ഒളിച്ചുവയ്ക്കാനോ ആണ്. കാലാവസ്ഥാമാറ്റത്തിന്റെ പരിണിതഫലങ്ങളെ ലഘൂകരിച്ചു കാണിക്കാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നത്. എന്നിരുന്നാലും ഇതിൻ്റെ ലക്ഷണങ്ങളെല്ലാംതന്നെ വിരൽ ചൂണ്ടുന്നത്, ഈ രീതിയിലുള്ള ഉത്പാദനവും ഉപഭോഗവും തുടർന്നാൽ, സ്ഥിതി കൂടുതൽ മോശമാകും എന്നാണ്. വരുന്ന കുറേ വർഷത്തേക്ക് കാർബൺഡൈ ഓക്സൈഡും അതു പോലുള്ള മറ്റു മലിനീകരണ കാരണമായ ആസിഡുകളും പുറം തള്ളപ്പെടുന്നതിൻ്റെ അളവുകുറയ്ക്കാനായി പദ്ധതികൾ രൂപീകരിക്കേണ്ടത് ഏറ്റവും ഗൗരവമായ ആവശ്യമാണ്. ഉദാഹരണമായി, ശിലാദ്രവ്യത്തിനു പകരം പുനരുപയോഗ സാധ്യതയുള്ള ഊർജ ഉറവിടങ്ങൾ കണ്ടെത്തണം. ആഗോളതലത്തിൽ ശുദ്ധവും പുനരുപയോഗപ്രദവുമായ ഊർജം വളരെ തുച്ഛമാണ്. മെച്ചപ്പെട്ട സംഭരണത്തിനുള്ള സാങ്കേതിക വിദ്യകൾ കണ്ടെത്തേണ്ടിയിരിക്കുന്നു. ചില രാജ്യങ്ങൾ, ചെറിയ അളവിലെങ്കിലും പരിഗണനാർഹമായ പുരോഗതി ഈ രംഗത്തു കൈവരിച്ചിട്ടുണ്ട്. വളരെക്കുറച്ചുമാത്രം ഊർജവും അസംസ്കൃതവസ്‌തുക്കളും ഉപയോഗിക്കുന്ന ഉത്പാദനരീതികളിലും ഉത്പന്നങ്ങളുടെ വിതരണത്തിലും ഊർജശേഷി മെച്ചപ്പെടുത്തുന്ന നിർമ്മാണപ്രവർത്തനങ്ങളിലും കെട്ടിടങ്ങളുടെ പുനരുദ്ധാരണ പ്രക്രിയകളിലും മുതൽ മുടക്കുണ്ടാകുന്നുണ്ട്. പക്ഷേ, ഈ നല്ല ശൈലികളൊന്നും ഇപ്പോഴും സാധാരണമായിട്ടില്ല.

II. ജലപ്രശ്ന‌ം

27. ഇന്നത്തെ സാഹചര്യത്തിൻ്റെ മറ്റു സൂചനകൾ പ്രകൃത് വിഭവങ്ങളുടെ നശീകരണവുമായി ബന്ധപ്പെട്ടവയാണ്. മുമ്പൊരിക്കലുമില്ലാത്ത രീതിയിലുള്ള പാഴാക്കൽ ശീലവും വലിച്ചെറിയൽ സംസ്ക്കാരവും മുഖമുദ്രയാക്കിയിരിക്കുന്ന വികസിത രാഷ്ട്രങ്ങളിലെയും സമ്പന്ന സമൂഹങ്ങളിലെയും ഇന്നത്തെ രീതിയിലുള്ള ഉപഭോഗം തുടർന്നുകൊണ്ടുപോകാൻ സാധിക്കുകയില്ലെന്നു നമുക്കറിയാം. ഭൂമിയിലെ പ്രകൃത് വിഭവങ്ങളുടെ വിനിയോഗം അനുവദനീയമായുള്ള എല്ലാ അതിർത്തികളെയും ലംഘിച്ചിരിക്കുന്നെങ്കിലും ദാരിദ്ര്യം എന്ന പ്രശ്നം പരിഹരിക്കാൻ നമുക്കിതുവരെ സാധിച്ചിട്ടില്ല.

28. ശുദ്ധമായ കുടിവെള്ളം വലിയ പ്രാധാന്യമർഹിക്കുന്ന വിഷയമാണ്. കാരണം, ഭൂമിയിലും ജലത്തിലുമുള്ള ജൈവവ്യവസ്ഥിതിയുടെ സംരക്ഷണത്തിനും മനുഷ്യജീവിതത്തിനും അത് ഒഴിച്ചുകൂടാനാവാത്തതാണ്. ശരിയായ ആരോഗ്യത്തിനും കൃഷിക്കും വ്യവസായത്തിനും ശുദ്ധജല സ്രോതസ്സുകൾ ആവശ്യമാണ്. സ്ഥായിയായ ജലസ്രോതസ്സുകൾ നമുക്കുണ്ടായിരുന്നു. എന്നാൽ ഇന്ന്, പല സ്ഥലങ്ങളിലും ലഭ്യമായതിനേക്കാൾ കൂടുതൽ ജലം ആവശ്യമായി വരുന്നു. ഗുരുതരവും ദൂരവ്യാപകവുമായ അനന്തരഫലങ്ങൾ ഇതിനുണ്ട്. ശുദ്ധജലവിതരണത്തെ ആശ്രയിച്ചു കഴിയുന്ന ചില വലിയ പട്ടണങ്ങളിൽ ദൗർലഭ്യം അനുഭവപ്പെട്ട സന്ദർഭങ്ങളിൽ നോട്ടക്കുറവുനിമിത്തം നിഷ്‌പക്ഷരീതിയിലുള്ള ജലവിതരണം സാധ്യമാകാതെ വന്നിട്ടുണ്ട്. ജലദാരിദ്ര്യം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് ആഫ്രിക്കയിലാണ്. അവിടെ വലിയൊരു വിഭാഗം ജനങ്ങൾക്കും കുടിക്കാൻ ശുദ്ധജലം ലഭ്യമല്ല; വരൾച്ച കൃഷിവിഭങ്ങളുടെ ഉത്പാദനത്തെ ബാധിക്കുന്നുമുണ്ട്. ചില രാജ്യങ്ങളിൽ ചില പ്രദേശങ്ങളിൽ ജലം സമൃദ്ധമായുണ്ടെങ്കിലും മറ്റു ചില സ്ഥലങ്ങളിൽ ജലദൗർലഭ്യം അനുഭവപ്പെടുന്നുണ്ട്.

29. പാവപ്പെട്ടവനു ലഭിക്കുന്ന ജലത്തിന്റെ ഗുണനിലവാരമാണു മറ്റൊരു പ്രധാന പ്രശ്‌നം. സൂക്ഷ്‌മാണുജീവികളും വിഷലിപ്തമായ രാസവസ്‌തുക്കളും കലർന്ന, ശുദ്ധമല്ലാത്ത ജലത്തിൻ്റെ ഉപയോഗംവഴി ദിനംപ്രതി എത്രയോ പേരാണു മരണപ്പെടുന്നതും ജലസംബന്ധമായ രോഗങ്ങൾക്ക് ഇരയാകുന്നതും. അപര്യാപ്തമായ ശുചിത്വപരിപാലനവും ജലവിതരണവും മുലമുണ്ടാകുന്ന വയറുകടി, കോളറ തുടങ്ങിയ രോഗങ്ങൾ എത്രയോ കുട്ടികളുടെ സഹനത്തിനും മരണത്തിനും കാരണമാകുന്നു. വേണ്ടത്ര നിയമങ്ങളും നിയന്ത്രണങ്ങളുമില്ലാതെ ചില രാജ്യങ്ങളിൽ നടത്തുന്ന ഖനനം, കൃഷി, വ്യാവസായികപ്രവർത്തനം തുടങ്ങിയവ ഭൂഗർഭജലസ്രോതസ്സുകളെ മലിനപ്പെടുത്തുന്നുണ്ട്. ഇതു വ്യാവസായിക മാലിന്യത്തിൻ്റെ പ്രശ്‌നം മാത്രമല്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുപയോഗിക്കുന്ന രാസവസ്‌തുക്കളും വസ്ത്രങ്ങളിലും മറ്റുമുള്ള മാലിന്യനിർമാർജനത്തിനുള്ള വസ്തുക്കളും നമ്മുടെ നദികളിലേക്കും തടാകങ്ങളിലേക്കും കടലിലേക്കുമാണ് ഒഴുകിയെത്തുന്നത്.

30. ലഭ്യമായ ജലത്തിന്റെ ഗുണനിലവാരം സ്ഥിരമായിതാണു കൊണ്ടിരിക്കുമ്പോഴും, ലോകത്തിൻ്റെ ചിലഭാഗങ്ങളിൽ ജല ദൗർലഭ്യം അനുഭവപ്പെടുമ്പോഴും, ഉള്ള ജലത്തെ കമ്പോള നിയമങ്ങൾക്കു വിധേയമാക്കി സ്വകാര്യവത്ക്കരിക്കാനുള്ള പ്രവണത വർദ്ധിച്ചുവരുന്നുണ്ട്. എന്നാൽ, മനുഷ്യന്റെ നിലനില്പിനും മറ്റു മനുഷ്യാവകാശങ്ങളുടെ നിർവഹണത്തിനുമുള്ള അവശ്യവ്യവസ്ഥ എന്ന നിലയിൽ ശുദ്ധജലലഭ്യത അടിസ്ഥാനപരവും സാർവത്രികവുമായ ഒരു മനുഷ്യാവകാശമാണ്. കുടിവെള്ളം ലഭിക്കാത്ത പാവപ്പെട്ടവനോടു നമുക്കു ഗൗരവമായൊരു സാമൂഹിക കടപ്പാടുണ്ട്. കാരണം, അന്യാധീനപ്പെടുത്താനാവാത്ത മഹത്ത്വത്തിനു യോജിച്ച ഒരു ജീവിതത്തിനുള്ള അവകാശമാണവർക്കു നിഷേധിക്കപ്പെടുന്നത്. ശുദ്ധജലവിതരണത്തിനും ശുചീകരണ പ്രക്രിയകൾക്കുമായി ഫണ്ടു സ്വരൂപിക്കുന്നതുവഴി ഭാഗികമായി ഈ സാമൂഹിക കടം വീട്ടാൻ നമുക്കു സാധിച്ചേക്കും. വികസിത രാജ്യങ്ങളിൽ മാത്രമല്ല, ജലം സുലഭമായുള്ള വികസ്വര രാജ്യങ്ങളിലും ജലം പാഴാക്കപ്പെടുന്നുണ്ട്. വലിയ അസമത്വം നിലനില്ക്കുന്ന പശ്ചാത്തലത്തിലും ഇത്തരം പെരുമാറ്റത്തിനെ ഗൗരവത്തെക്കുറിച്ചുള്ള അവബോധമില്ലായ്‌മ ഈ ശുദ്ധജല പ്രതിസന്ധി ഭാഗികമായി വിദ്യാഭ്യാസപരവും സംസ്‌കാരികവുമായ ഒരു വിഷയമാണെന്നു വെളിവാക്കുന്നു.

31. ജലത്തിന്റെ വലിയതോതിലുള്ള ദൗർലഭ്യം ഭക്ഷണ സാധനങ്ങളുടെയും മറ്റുപല ഉത്പന്നങ്ങളുടെയും ഉത്പാദനച്ചെലവ് ഉയർത്തും. അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വളരെ ഗൗരവമായ ജലദൗർലഭ്യം ഉടനെ നേരിടേണ്ടിവരുമെന്നു പഠനങ്ങളും മുന്നറിയിപ്പു നല്‌കുന്നുണ്ട്. പാരിസ്ഥിതികാഘാത ശതകോടി ജനങ്ങളെ ബാധിക്കും. ജലനിയന്ത്രണം രാജ്യാന്ത കച്ചവടക്കാരുടെ കൈയിലായാൽ ഈ കാലഘട്ടത്തിലെ മഹാ സംഘർഷങ്ങൾക്കുതന്നെ അതൊരു പ്രധാന കാരണമായിത്തരുകയും ചെയ്യും. 

III. ജൈവവൈവിധ്യങ്ങളുടെ നാശം

32. സാമ്പത്തിക വ്യാവസായിക - ഉത്പ്പാദനമേഖകളിലുള്ള ദീർഘവീക്ഷണമില്ലാത്ത സമീപനരീതികൾമൂലം ഭൂമിയുടെ വിഭവങ്ങൾ വൻതോതിൽ കൊള്ളചെയ്യപ്പെടുന്നുണ്ട്. വനനശീകരണത്തിലൂടെയും മരങ്ങൾ മുറിച്ചുനീക്കുന്നതിലൂടെയും സംഭവിക്കുന്ന വംശനാശംമൂലം ഭാവിയിൽ മനുഷ്യരുടെ ആഹാരത്തിനു മാത്രമല്ല, രോഗങ്ങൾ സുഖമാക്കുന്നതിനും മറ്റുപയോഗങ്ങൾക്കും വേണ്ടിവരുന്ന സുപ്രധാന വിഭവങ്ങളാണു നഷ്ടമാകുന്നത്. വരുംനാളുകളിൽ മനുഷ്യൻ്റെ ആവശ്യങ്ങൾക്കും പരിസ്ഥിതിപ്രശ്‌നങ്ങളെ നിയന്ത്രിക്കുന്നതിനും ആവശ്യമായ വിഭവങ്ങൾ വ്യത്യസ്‌തങ്ങളായ സസ്യ-ജീവജാലങ്ങളുടെ ജനിതകഘടകങ്ങളിൽ അടങ്ങിയിട്ടുണ്ട്.

33. വ്യത്യസ്ത ജീവജാലങ്ങളെ ഭാവിയിൽ ഉപയോഗ സാധ്യതയുള്ള "വിഭവങ്ങൾ" മാത്രമായി കണ്ടാൽ പോരാ: അവയ്ക്ക് അവയിൽത്തന്നെ ഒരു മൂല്യം ഉണ്ടെന്നകാര്യം മറക്കരുത് ഓരോ വർഷവും ആയിരക്കണക്കിനു ചെടികളും ജീവജാലങ്ങളും ഈ ലോകത്തുനിന്നും അപ്രത്യക്ഷമാകുന്നുണ്ട്. അവ എന്നെന്നേയ്ക്കുമായി നഷ്‌ടപ്പെടുന്നതുകൊണ്ട് അവയെക്കുറിച്ചറിയാൻ നമുക്കാവുകയില്ല; അവയെ കാണാനുള്ള ഭാഗ്യം നമ്മുടെ കുഞ്ഞുങ്ങൾക്കുണ്ടാവുകയുമില്ല. ഇവയിൽ ഭൂരിഭാഗവും അന്യംനിന്നുപോകുന്നത് മനുഷ്യൻ്റെ പ്രവർത്തനങ്ങൾ കാരണമാണ്. നമ്മൾമൂലം ആയിരക്കണക്കിനു ജീവജാലങ്ങൾക്ക് അവയുടെ അസ്ത‌ിത്വംകൊണ്ട് ദൈവത്തെ മഹത്ത്വപ്പെടുത്താനോ അവയുടെ സന്ദേശം നമുക്കു നല്‌കാനോ സാധിക്കാതെ പോകുന്നു; നമുക്ക് അതിനുള്ള അവകാശമില്ല.

34. പൊതുവേ എല്ലായിടത്തും കാണപ്പെട്ടിരുന്ന പക്ഷികളുടെയും ഉരഗങ്ങളുടെയും വംശനാശത്തേക്കുറിച്ചുള്ള അറിവുതന്നെ നമ്മെ ഏറെ അസ്വസ്ഥതപ്പെടുത്തിയേക്കാം. പരിസ്ഥിതിവ്യവസ്ഥയുടെ സുഗമമായ പ്രവർത്തനത്തിനു കൂൺ (fungi), കടൽസസ്യങ്ങൾ (Algae), പുഴുക്കൾ, കീടങ്ങൾ, ഇഴജന്തുക്കൾ തുടങ്ങിയ അസംഖ്യം ചെറുജീവികളുടെ സാന്നിധ്യം ആവശ്യമാണ്. ഓരോ സ്ഥലത്തിൻ്റെയും സന്തുലിതാവസ്ഥ നിലനിർത്തുന്നതിനു ചെറുഗണം ജീവികളുടെ പങ്ക്, അവ അത്രയ്ക്കു കാണപ്പെടുന്നവയല്ലെങ്കിലും, വളരെ നിർണായകമാണ്. ഭൗമവ്യവസ്ഥ (geosystem) അപകടകരമായ സന്ധിയിലെത്തുമ്പോൾ മനുഷ്യൻ ഇടപെടുകതന്നെ വേണം. പക്ഷേ, ഈ കാലഘട്ടങ്ങളിൽ പ്രകൃതിയിലുള്ള മനുഷ്യൻ്റെ ഇടപെടലുകൾ തുടരെത്തുടരെയാകുന്നുണ്ട്. അതിന്റെ പരിണിതഫലമായി വലിയ പ്രശ്‌നങ്ങൾ ഉടലെടുക്കുന്നു. ഈ പ്രശ്നങ്ങൾ വീണ്ടും കൂടുതൽ ഇടപെടലുകൾ ആവശ്യമാക്കിത്തീർക്കുന്നു. മാനുഷിക ഇടപെടലുകൾ ഇപ്രകാരം അപകട സാധ്യത വർദ്ധിപ്പിക്കുന്നു. പ്രശ്‌നപരിഹാരാർത്ഥമുള്ള മനുഷ്യൻ്റെ ഈ ഇടപെടലുകൾ ഒരു വിഷമവൃത്തം തീർക്കുകയും പലപ്പോഴും സാഹചര്യത്തെ വഷളാക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, കീടനാശിനികളുടെ വർദ്ധിച്ച ഉപയോഗം കൃഷിയെ സഹായിക്കുന്നെങ്കിലും നിരവധി പക്ഷികളുടെയും കീടങ്ങളുടെയും നാശത്തിനു കാരണമാകുന്നു. ഇവയുടെ തിരോധാനം പരിഹരിക്കുന്നതിനുള്ള സാങ്കേതികപദ്ധതികൾ മറ്റു പ്രശ്‌നങ്ങളിലേക്കു നയിക്കുന്നു. മനുഷ്യനിർമ്മിത പ്രശ്‌നങ്ങൾക്കു പരിഹാരം കാണുന്നതിനായി ശാസ്ത്രജ്ഞരും എൻജിനീയർമാരും നടത്തുന്ന നിതാന്ത പരിശ്രമങ്ങളെ നമുക്കു ശ്ലാഘിക്കാം.

35. ഏതെങ്കിലും പദ്ധതിമൂലമുണ്ടാകുന്ന പരിസ്ഥിതി ആഘാതത്തെ വിലയിരുത്തുമ്പോൾ, സാധാരണയായി അത് മണ്ണ്, ജലം, വായു എന്നിവയിൽ ചെലുത്തുന്ന സ്വധീനത്തെക്കുറിച്ചാണ് ഏറിയ പങ്ക് ആൾക്കാരും ആകുലരാകുന്നത്. ജൈവവൈവിധ്യത്തിന്മേൽ അവയ്ക്കുള്ള സ്വാധീനത്തെക്കുറിച്ചു ഗൗരവമായ പഠനങ്ങൾ നടക്കാറില്ല. സസ്യങ്ങളുടെയും ജന്തുക്കളുടെയും ചില വംശങ്ങളുടെ തന്നെയും നാശം ശ്രദ്ധിക്കപ്പെടേണ്ട ഒരു കാര്യമല്ലെന്നുണ്ടോ? വൻപാതകൾ, തടയണകൾ, പുതിയ തോട്ടങ്ങൾ എന്നിവയുടെ നിർമ്മാണം, ചില പ്രദേശങ്ങൾ വേലികെട്ടി വേർതിരിക്കൽ, സമാന വികസന പ്രവർത്തനങ്ങൾ എന്നിവമൂലം പാരിസ്ഥിതിക ആവാസവ്യവസ്ഥകൾ ജനവാസകേന്ദ്രങ്ങളായിത്തീരാറുണ്ട് ചിലപ്പോഴൊക്കെ മൃഗങ്ങളുടെ സ്വൈര്യസഞ്ചാരമോ ദേശാടനമോ സാധിക്കാത്ത വിധത്തിൽ അവ തടസമാവാറുമുണ്ട്. തത്ഫലമായ ചില ജീവജാലങ്ങൾ വംശനാശഭീഷണി നേരിടുന്നു. ഈ പദ്ധതിയുടെ ആഘാതങ്ങൾ കുറയ്ക്കുന്ന വന്യജീവി ഇടനാഴിപോലുള്ള ബദൽ മാർഗങ്ങൾ ഉണ്ട്. എന്നാൽ അത്തരത്തിലുള്ള ദീർഘവീക്ഷണവും പരിഗണനയും മിക്ക രാജ്യങ്ങൾക്കുമില്ല. ചില ജന്തുവർഗങ്ങളെ വാണിജ്യമേഖലയിൽ പരമാവധി ഉപയോഗപ്പെടുത്തുമ്പോഴും അവയുടെ പ്രത്യുത്പാദന ക്രമത്തെക്കുറിച്ച പഠനം നടത്താറില്ല. അതു ചെയ്‌തിരുന്നെങ്കിൽ അവയുടെ എണ്ണം കുറയലും പരിസ്ഥിതിയുടെ അസന്തുലിതാവസ്ഥയും തടയാമായരുന്നു.

36. പരിസ്ഥിതി സംരക്ഷണത്തിനു ദീർഘവീക്ഷണം ആവശ്യമാണ്. എളുപ്പത്തിലും കഴിയുന്നത് പെട്ടെന്നും ലാഭമുണ്ടാക്കാനാഗ്രഹിക്കുന്നവർക്കു പരിസ്ഥിതി സംരക്ഷണത്തിൽ യാഥാർത്ഥ താത്പര്യമുണ്ടാവില്ല. അത്തരം സ്വാർത്ഥ നിലപാടുകൾ മൂലമുണ്ടാകുന്ന നഷ്‌ടത്തിൻ്റെ വില അവയിൽ നിന്നുള്ള ധനലാഭത്തേക്കാൾ വലുതാണ്. ചില വംശങ്ങൾ നശിക്കുകയോ സാരമായി ദ്രോഹിക്കപ്പെടുകയോ ചെയ്യുന്നിടത്തുണ്ടാകുന്ന നഷ്ടങ്ങൾ തിട്ടപ്പെടുത്താനാവാത്തവയാണ്. പരിസ്ഥ‌ിതി വിനാശത്തിന്റെ വൻവില ഇപ്പോഴത്തെയും ഭാവിതലമുറയിലെയും മറ്റു മനുഷ്യരെക്കൊണ്ടു കൊടുപ്പിച്ച് സാരമായ ലാഭം കൊയ്യാം എന്നു ചിന്തിക്കുന്നവർക്കു മാത്രമേ ഇത്തരം അനീതികൾക്കെതിരേ നിശബ്ദരായിരിക്കാൻ കഴിയൂ. 

37 ചില രാഷ്ട്രങ്ങൾ ജൈവസങ്കേതങ്ങൾ കരയിലും കടലിലും തീർത്ത് അവയുടെ സ്വാഭാവിക തനിമ തകർക്കുന്ന മാനുഷിക ഇടപെടലുകൾക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ഈ രംഗത്ത് അർത്ഥവത്തായ ഒരു പുരോഗതിയായി കണക്കാക്കാം. ജൈവവൈവിധ്യ സംരക്ഷണത്തെപ്പറ്റിയുള്ള വിദഗ്‌ധരുടെ അഭിപ്രായപ്രകാരം സവിശേഷ ശ്രദ്ധ നല്‌കേണ്ടത് ജീവിവർഗങ്ങൾ കൂടുതലുള്ളിടത്താണ്. ഒപ്പം, ചിലയിടങ്ങളിൽ മാത്രം കാണപ്പെടുന്നവയ്ക്കും അപൂർവവും അരക്ഷിതവുമായവയ്ക്കും പ്രത്യേക കരുതൽ നൽകണം. ആഗോള ആവാസവ്യവസ്ഥയ്ക്കു മർമ്മപ്രധാനമായതിനാൽ സംരക്ഷിക്കപ്പെടേണ്ട പ്രത്യേക പ്രദേശങ്ങളും തണ്ണീർത്തടങ്ങളുടെ സാന്നിദ്ധ്യത്താൽ അതിപ്രധാനമായി ഗണിക്കപ്പെടേണ്ട പ്രദേശങ്ങളുമുണ്ടാകാം. കാരണം, ഇവ ഇതര ജീവന്റെ നിലനില്പ്‌പിന് അനിവാര്യമാണ്. 

38. ചില ഉദാഹരങ്ങൾ ചൂണ്ടിക്കാട്ടിയാൽ, ജൈവ വൈവിധ്യങ്ങളാൽ സമ്പന്നമായ ഭൂമിയുടെ ശ്വാസകോശങ്ങളായ ആമസോൺ, കോംഗോ നദീതടങ്ങളും മഞ്ഞുപാളികളും ഭൂഗർഭജലനിധികളുമുണ്ട്. ഇവയെല്ലാം ഭൂമിയ്ക്കാകമാനവും ഭാവി മനുഷ്യർക്കും എത്ര പ്രധാനപ്പെട്ടതാണെന്നു നമുക്കറിയാം. ഉഷ്ണ മേഖലാ മഴക്കാടുകളിൽ അതിസങ്കീർണവും ഇന്നും പൂർണമായി മനസ്സിലാക്കാനാവാത്തതുമായ ജൈവ വൈവിധ്യങ്ങളുണ്ട്. ഈ വനങ്ങൾ എരിഞ്ഞു തീരുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുമ്പോൾ ഏതാനും വർഷങ്ങൾക്കുള്ളിൽ അനേകം ജീവിവർഗങ്ങൾ ഇല്ലാതാവുകയും അവിടം ഊഷരഭൂമിയായിത്തീരുകയും ചെയ്യും. ഇക്കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ അതിസൂക്ഷ്‌മമായ സന്തുലനം പാലിക്കേണ്ടതുണ്ട്. എന്തെന്നാൽ ഇത്തരം പ്രദേശങ്ങൾ സംരക്ഷിക്കാനെന്ന വ്യാജേന ആഗോള സാമ്പത്തിക ഭീമന്മാർക്ക് ഇവ സ്ഥിതിചെയ്യുന്ന രാഷ്ട്രങ്ങളുടെ പരമാധികാരത്തെ അട്ടിമറിക്കാനാവുമെന്ന വസ്‌തുത കണ്ടില്ലെന്നു നടിക്കാനാവില്ല. യഥാർത്ഥത്തിൽ “ആമസോണിനെ അന്താരാഷ്ട്രസ്വത്തായി പ്രഖ്യാപിക്കാനുള്ള നിർദേശം ഉയർന്നിട്ടുണ്ട്. ഇത് അന്താരാഷ്ട്ര കമ്പനികളുടെ സാമ്പത്തിക താത്പര്യത്തെ സംരക്ഷിക്കാൻ മാത്രമുള്ളതാണ്. " അതേസമയം പല അന്താരാഷ്ട്ര ഏജൻസികളുടെയും സാമൂഹ്യ സംഘടനകളുടെയും അർപ്പണബോധത്തെ പ്രകീർത്തിക്കാതിരിക്കാനാവില്ല. അവ പൊതുജനശ്രദ്ധയെ ഇത്തരം വിഷയങ്ങളിലേക്ക് ആകർഷിക്കുകയും ക്രിയാത്മക സഹകരണം നല്‌കുകയും ചെയ്യുന്നു. ഒരോ സർക്കാരും അതാതു രാജ്യത്തെ പരിസ്ഥിതി വിഭവങ്ങൾ സംരക്ഷിക്കുന്ന ദൗത്യം സ്വയമേ നിർവഹിക്കുന്നു വെന്നു ശരിയായ മാർഗത്തിലൂടെ ഉറപ്പുവരുത്തുകയത്രേ അവർ ചെയ്യുന്നത്. ഇക്കാര്യത്തിൽ അവർക്കു പ്രദേശികമോ അന്തർദ്ദേശീയമോ ആയ കപടതാത്പര്യങ്ങളില്ല.

39. കന്യാവനങ്ങളുടെ സ്ഥാനത്ത് ഒരേതരം വൃക്ഷങ്ങളുള്ള തോട്ടങ്ങൾ വച്ചുപിടിപ്പിക്കുന്ന രീതിയുടെ ആഘാതങ്ങളെക്കുറിച്ചും വേണ്ടത്ര ഗവേഷണങ്ങൾ നടന്നിട്ടില്ല. പുതിയ തരം ജീവിവർഗങ്ങൾ ചേക്കേറുന്നതിന് ഇത്തരം തോട്ടങ്ങൾ അനുയോജ്യമല്ല. ചതുപ്പുനിലങ്ങൾ കരഭൂമിയായി മാറ്റപ്പെടുമ്പോൾ ആദ്യമുണ്ടായിരുന്ന മഹാ ജൈവവൈവിധ്യങ്ങൾ അപ്രത്യക്ഷമാകുന്നു. ചില തീരപ്രദേശങ്ങളിൽ കണ്ടൽക്കാടുകളിലെ ആവാസ വ്യവസ്ഥ നശിച്ചനിലയിലായത് ഉത്ക്കണ്ഠയുളവാക്കുന്നുണ്ട്.

40. സമുദ്രം ജലസഞ്ചയമാണെന്നു മാത്രമല്ല, അവയിൽ നമുക്കറിയാത്ത അനേകശതം ജീവവർഗങ്ങളുണ്ടെന്നു നമുക്ക് മറക്കാതിരിക്കാം. നദികൾ, തടാകങ്ങൾ, കടൽ തുടങ്ങിയവ ജനസംഖ്യയുടെ വലിയൊരു ശതമാനത്തെ പോറ്റുന്നു. അവയും അനിയന്ത്രിതമായ മത്സ്യബന്ധനത്തിൻ്റെ ഇരകളാവുകയും അതുവഴി ചില വർഗങ്ങളുടെ നിലനിൽപ്പു സാരമായി ബാധിക്കപ്പെടുകയും ചെയ്യുന്നു. ചിലതരം മത്സ്യങ്ങളെ തെരഞ്ഞു വേട്ടയാടുമ്പോൾ ഒപ്പം പാഴാക്കിയെറിയുന്ന അന്യജീവികളെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയർന്നുതന്നെ നില്ക്കുന്നു. ഭീഷണി നേരിടുന്ന ചില ജലജീവജാലങ്ങൾക്കുനേരെ നാമെന്നും കണ്ണടച്ചിട്ടേയുള്ളു. ജലസസ്യങ്ങളും പായലുകളും ഉദാഹരണങ്ങളാണ്. സമുദ്രത്തിലെ ആഹാരശ്യംഘലയിൽ അവ പ്രധാനപ്പെട്ടതാണെന്നു മാത്രമല്ല, നമ്മൾ ഭക്ഷണത്തിനു പയോഗപ്പെടുത്തുന്ന പലതും നിലനില്പ്പിന് ആത്യന്തികമായി അവയെ ആശ്രയിക്കുകയും ചെയ്യുന്നുണ്ട്. 

41 ഉഷ്ണമേഖലാസമുദ്രങ്ങളിലും അവയോടു ചേർന്നുകിടക്കുന്ന സമുദ്രങ്ങളിലും കാണപ്പെടുന്ന പവിഴപ്പുറ്റുകളെ കരയിൽ കാണപ്പെടുന്ന മഹാവനങ്ങളോടു തുലനം ചെയ്യാവുന്നതാണ്. കാരണം, അവ ദശലക്ഷക്കണക്കിനു ജീവിവർഗങ്ങൾക്കു പാർപ്പിടമാണ്. മത്സ്യങ്ങൾ, ഞണ്ടുകൾ, ചിപ്പിവർഗങ്ങൾ, മറ്റു സൂക്ഷ്‌മജീവികൾ എന്നിവ ഇതിൽപ്പെടുന്നു. ഭൂമിയിലെ പല പവിഴപ്പുറ്റുകളും ഊഷരതയിലോ ക്ഷയാവസ്ഥയിലോ ആണ്. “കടലിലെ അത്ഭുതലോകത്തെ നിറമോ ജീവനോ ഇല്ലാത്ത ശവപ്പറമ്പുകളാക്കിയതാരാണ്? ഈ പ്രതിഭാസത്തിനു പ്രധാന കാരണം വനനശീകരണം, ഏകവിളകൃഷിരീതി, വ്യവസായ മാലിന്യങ്ങൾ, സയനൈഡും ഡൈനാമിറ്റും ഉപയോഗിച്ചുള്ള നശീകരണ മീൻപിടുത്തസമ്പ്രദായങ്ങൾ എന്നിവയാലുള്ള മലിനീകരണം കടലിലെത്തിച്ചേർന്നതാണ്. കടലിന്റെ താപനില ഉയരുന്നത് ഈ പ്രശ്‌നത്തെ വഷളാക്കുന്നു. ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നതു മനുഷ്യൻ പ്രകൃതിയിൽ നടത്തുന്ന ഏതൊരിടപെടലും, ഉടൻ പ്രത്യക്ഷമല്ലെങ്കിൽത്തന്നെയും, പ്രത്യാഘാതങ്ങൾ സൃഷ്‌ടിച്ചേക്കാമെന്നാണ്. വിഭവങ്ങളുടെ ചിലതരം ചൂഷണങ്ങൾക്കു കനത്ത വില നല്കേണ്ടിവരും. ഒരുപക്ഷേ, കടലിൻ്റെ അടിത്തട്ടോളമെത്തുന്ന അധ:പതനം തന്നെയാകാമത്.

42. ആവാസ വ്യവസ്ഥകളെ കൂടുതൽ നന്നായി മനസിലാക്കുന്നതിനും പരിസ്ഥിതിയിലെ മാറ്റങ്ങൾക്കിടയാക്കുന്ന ഘടകങ്ങളെക്കുറിച്ചു പര്യാപ്‌തമാംവിധം വിശകലനം ചെയ്യുന്നതിനും സഹായകമാവുന്ന ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കത്തക്ക വിധത്തിൽ കൂടുതൽ മൂലധനം ചെലവഴിക്കപ്പെടണം. എല്ലാ സൃഷ്ടികളും പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഓരോന്നും സ്നേഹാദരവുകളോടെ പരിപാലിക്കപ്പെടണം. എന്തെന്നാൽ, നാമും സൃഷ്ടികളായതിനാൽ പരസ്‌പരം ആശ്രയിച്ചാണു നിലനില്ക്കുന്നത്. ഓരോ മേഖലയും ഈ കുടുംബത്തിന്റെ ചുമതലയിൽപ്പെട്ടതാണ്. ഓരോ സ്ഥലത്തെയും ജീവവർഗങ്ങളുടെ കൃത്യതയാർന്ന പട്ടിക തയ്യാറാക്കുന്നതിനും വംശനാശഭീഷണി നേരിടുന്ന വർഗങ്ങളുടെ സംരക്ഷണത്തിനും പരിചരണത്തിനും ആവശ്യമായ പദ്ധതികൾ രൂപകല്‌പന ചെയ്യുന്നതിനുമുള്ള സംരംഭങ്ങൾ നമ്മൾ ഏറ്റെടുക്കേണ്ടിയിരിക്കുന്നു.

IV. മനുഷ്യജീവിതത്തിൻ്റെ നിലവാരത്തളർച്ചയും സമൂഹത്തിന്റെ തകർച്ചയും

43. മനുഷ്യനും പ്രപഞ്ചത്തിലെ സൃഷ്‌ടികളുടെ ഭാഗമാണ്. അവനു ജീവിക്കാനും ആനന്ദിക്കാനുമുള്ള അവകാശവും സവിശേഷ മഹത്വവുമുണ്ട്. അതിനാൽ പരിസ്ഥിതിനാശം, ആധുനിക വികസനമാതൃകകൾ, വലിച്ചെറിയൽ സംസ്ക്കാരം എന്നിവ ജനപദങ്ങളുടെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനങ്ങളെ അവഗണിച്ചുകൂടാ. 

44. ഉദാഹരണത്തിന്, ഇന്നു പല നഗരങ്ങളുടെയും വളർച്ച ആരോഗ്യകരമായ ജീവിതത്തിനുപകരിക്കാത്ത രീതിയിൽ അനുപാതരഹിതവും താളം തെറ്റിയതുമാണെന്നു നമുക്കറിയാം. വിഷവാതകങ്ങളാലുള്ള മലിനീകരണം മാത്രമല്ല, നഗര കോലഹലങ്ങൾ, യാത്രാസൗകര്യങ്ങളുടെ അപര്യാപ്തത. നേത്രമലിനീകരണം, ശബ്ദമലിനീകരണം എന്നിവയും ഇതിനു കാരണങ്ങളാണ്. പല നഗരങ്ങളും ഊർജ്ജവും വെള്ളവും പാഴാക്കുന്ന, കാര്യക്ഷമതയില്ലാത്ത ഭീമൻ കെട്ടിടങ്ങൾ മാത്രമാണ്. ഇവയോടു ചേർത്തു പുതുതായി നിർമ്മിക്കുന്ന വസതികൾപോലും ഇടുങ്ങിയതും അലങ്കോലപ്പെട്ടതും പച്ചപ്പുള്ള ഒരു തുണ്ടു ഭൂമി പോലുമില്ലാത്തതുമാണ്. പ്രകൃതിയുമായി നേരിട്ടുള്ള സകല സമ്പർക്കങ്ങളും നിഷേധിക്കപ്പെട്ടു സിമൻ്റിൻ്റെയും ടാറിൻ്റെയും ചില്ലിന്റെയും ലോഹത്തിൻ്റെയും പ്രളയത്തിൽ മുങ്ങിത്താഴാനുള്ളതല്ല മനുഷ്യജീവീതം.

45. ചിലയിടങ്ങളിൽ, ഗ്രാമങ്ങളിലോ നഗരങ്ങളിലോ ആകട്ടെ പ്രകൃതിരമണീയമായ സ്ഥലങ്ങൾ പലരും സ്വകാര്യ സ്വത്തായ കയ്യടക്കിവച്ചിരിക്കുന്നതിനാൽ മറ്റുള്ളവർക്ക് അവിടേക്കു പ്രവേശനം നിഷേധിക്കപ്പെടുന്നു. മറ്റിടങ്ങളിൽ കൃത്രി ശാന്തതയ്ക്കുവേണ്ടി “ഹരിത ചുറ്റുപാടുകൾ തീർത്ത് അന്യർക്കു പ്രവേശനം നിഷേധിക്കുന്നു. പലപ്പോഴും നഗരങ്ങളുടെ "സുരക്ഷിത ഭാഗങ്ങളിൽ" സുന്ദരമായ പച്ചതുരുത്തുകൾ പരിപാലിക്കപ്പെടുന്നത കാണാം. എന്നാൽ, അതേ നഗരത്തിൻ്റെ ഇരുണ്ട പ്രാന്തപ്രദേശങ്ങൾക്കും അവിടെ വസിക്കുന്ന പുറന്തള്ളപ്പെട്ടവർക്കും ഇവ അന്യമാണ്.

46. ആഗോളമാറ്റത്തിൻ്റെ സാമൂഹ്യവശങ്ങൾ നിരവധിയാണ് തൊഴിൽ മേഖലയിലെ യന്ത്രവത്ക്കരണം, ഒറ്റപ്പെടൽ, ഊർജത്തന്റെയും മറ്റു സേവനങ്ങളുടെയും അസന്തുലിതമായ വിതരണവും ഉപഭോഗവും, സമൂഹത്തിലെ തകർച്ചകൾ, വർദ്ധിച്ചുവരുന്ന അക്രമങ്ങൾ, പുതിയതരം സാമൂഹിക കയ്യേറ്റങ്ങൾ, കടന്നുകയറ്റങ്ങൾ. യുവജനങ്ങളുടെ വർദ്ധിച്ച മയക്കുമരുന്നുപയോഗം തുടങ്ങി സ്വത്വനഷ്ടംവരെ ഇതിലുൾപ്പെടുന്നു. കഴിഞ്ഞ രണ്ടു നൂറ്റാണ്ട്-കളിലെ വളർച്ച സമഗ്ര വികസനത്തിലേക്കോ ജീവിതമേന്മ വർദ്ധിപ്പിക്കുന്നതിലേക്കോ എത്തിച്ചേർന്നില്ലെന്നതിൻ്റെ സൂചനകളാണിവ. സാമൂഹ്യ പൊരുത്തത്തിൻ്റെയും ഉദ്ഗ്രഥനത്തിന്റെയും നിശബദ്‌മായി പൊട്ടിത്തകരുന്ന യഥാർത്ഥ സാമൂഹികാധഃപതനത്തിൻ്റെ ലക്ഷണങ്ങളും ഇവയിൽ ചിലതു സൂചിപ്പിക്കുന്നു.

47. അതിലുപരി മാധ്യമങ്ങളും ഡിജിറ്റൽ ലോകവും മുക്കിലും മൂലയിലുംവരെ സർവ്വത്ര സാന്നിദ്ധ്യമറിയിക്കുമ്പോൾ അവയുടെ സ്വാധീനം, വിവേകപൂർവ്വം ജീവിക്കുന്നതിൽനിന്നും ആഴത്തിൽ ചിന്തിക്കുന്നതിൽനിന്നും ഉദാരമായി സ്നേഹിക്കുന്നതിൽനിന്നും മനുഷ്യനെ തടഞ്ഞേക്കാം. വിവരലഭ്യതയുടെ കനത്തഭാരത്തിൽ അതിന്റെ ഒച്ചപ്പാടിൻ്റെയും സ്വൈരക്കേടിൻ്റെയും മധ്യത്തിൽ, കഴിഞ്ഞ കാലത്തെ മഹാജ്ഞാനികളുടെ ശബ്ദം കേൾക്കപ്പെടാതെ പോകാനുള്ള അപകടസാധ്യതയും വലുതാണ്. മാധ്യമങ്ങൾ നമ്മുടെ ആന്തരികനിക്ഷേപങ്ങൾക്കു ഭീഷണിയാകാതെ, അവയെ സാംസ്ക്കാരിക വളർച്ചയുടെ ഉറവിടമാക്കി മാറ്റാൻ യത്നങ്ങൾ ആവശ്യമാണ്. ക്രമേണ ഭാരമേറിയ ചുമടും ആശയക്കുഴപ്പവുമായിത്തീർന്ന് ഒരുതരം ചിത്തമലിനീകരണത്തിനിടയാക്കുന്ന വെറും വിവരസമാഹരണത്തിൻ്റെ ഫലമല്ല യാഥാർത്ഥ ജ്ഞാനം. മറിച്ച്, ആത്മപരിശോധനയുടെയും ഇതര വ്യക്തികളുമായുള്ള ഉദാരമായ കണ്ടുമുട്ടലിന്റെയും സംവാദത്തിന്റെയും ഫലമാണത്. മറ്റുള്ളവരുമായുള്ള യഥാർത്ഥബന്ധങ്ങൾ, അവയുൾക്കൊള്ളുന്ന സകല വെല്ലുവിളികളോടുംകൂടെ, ഇന്ന് ഇൻ്റർനെറ്റു ബന്ധങ്ങൾക്കു വഴിമാറിയിരിക്കുന്നു. അതിൽ നമ്മുടെ ഇഷ്ട്‌ടാനിഷ്ടങ്ങൾക്കനുസരിച്ചുള്ള വ്യക്തികളെമാത്രം തെരഞ്ഞെടുക്കുകയും അല്ലാത്തവരെ ഒഴിവാക്കുകയും ചെയ്യുന്നതുകൊണ്ട് ഒരുതരം കൃത്രിമ വികാരമാണു പോഷിപ്പിക്കപ്പെടുന്നത്. മനുഷ്യരോടും പ്രകൃതിയോടുള്ള ബന്ധത്തെക്കാൾ ഉപകരണങ്ങളോടും അവയുടെ പ്രകടനപരതയോടുള്ള അഭിനിവേശം മാത്രമാണവിടെ പ്രധാനം. അറിവും സ്നേഹവും പങ്കുവയ്ക്കാൻ മാധ്യമങ്ങൾ സഹായിക്കാറുണ്ടെന്നതു വാസ്‌തവമാണ്. എങ്കിലും, മിക്കപ്പോഴും അവ നമ്മെ അപരന്റെ വേദനകളോടും ഉത്കണ്ഠകളോടും സന്തോഷങ്ങളോടും വൈവിധ്യമാർന്ന അവരുടെ ജീവിതാനുഭവങ്ങളോടും നേരിട്ടു ബന്ധപ്പെടാനനുവദിക്കാത്ത മറയായി വർത്തിക്കുന്നു. ഇക്കാരണത്താൽ, മാധ്യമങ്ങളുടെ വിസ്‌മയമാർന്ന സാധ്യതകളെക്കുറിച്ച് അവബോധമുള്ളവരാകുന്നത്തിനൊപ്പം വ്യക്തിബന്ധങ്ങൾക്കുമേൽ അവ വീഴ്ത്തുന്ന വിഷാദാത്മകമായ കടുത്ത അസംതൃപ്‌തിയേയും ഹാനികരമായ ഏകാന്തതയേയും കുറിച്ചുകൂടി നമ്മൾ ജാഗരൂകരാകണം. 

V ആഗോളതല അസമത്വങ്ങൾ 

48. മനുഷ്യന്റെ പരിസ്ഥിതിയും പ്രകൃതിയുടെ പരിസ്ഥിതിയും ഒരുമിച്ചാണ് അധഃപതിക്കുന്നത്. മാനുഷികവും സാമൂഹ്യവുമായ അധഃപതനത്തിൻ്റെ കാരണങ്ങൾ പഠിക്കാതെ പരിസ്ഥിതിനാശത്തിനെതിരെ പൊരുതാൻ നമുക്കാവില്ല. യഥാർത്ഥത്തിൽ പ്രകൃതിയുടെ ജീർണതയും സമൂഹത്തിൻ്റെ ജീർണതയും ഈ ഗ്രഹത്തിലെ ഏറ്റവും മുറിവേല്പ്പിക്കപ്പെടാവുന്ന ആളുകളെയാണു സർവഥാ ബാധിക്കുന്നത്: "അനുദിന ജീവിതത്തിലെ അനുഭവങ്ങളും ശാസ്ത്രീയഗവേഷണങ്ങളും ഒരുപോലെ വിരൽചൂണ്ടുന്നത് പരിസ്ഥിതിയുടെമേലുള്ള ഏതു കടന്നുകയറ്റത്തിന്റെയും ഏറ്റവും ഭീകരമായ ദൂഷ്യങ്ങൾ ബാധിക്കുന്നത് അങ്ങേയറ്റം ദരിദ്രരായവരെയാണ്" എന്നാണ്. ഉദാഹരണത്തിന്, അനിയന്ത്രിതമായ വൻകിട മത്സ്യബന്ധനം ഹാനികരമാകുന്നത്, നഷ്ടപ്പെടുന്ന വിഭവങ്ങൾക്കു പകരം കണ്ടെത്താനാവാത്ത ചെറുകിട മത്സ്യത്തൊഴിലാളികൾക്കാണ്. ജലമലിനീകരണം സവിശേഷമായി ബാധിക്കുന്നത് കുപ്പിവെള്ളം വാങ്ങാൻ കഴിയാത്ത ദരിദ്രരെയാണ്; കടൽ നിരപ്പുയരുന്ന പ്രതിഭാസം ബാധിക്കുന്നത് പോകാൻ മറ്റൊരിടമില്ലാത്ത തീരദേശവാസികളെയാണ്. പല പാവപ്പെട്ടവരുടെയും ജീവൻ അകാലത്തിൽ പൊലിയുന്നതിൻ്റെ പിന്നിലും ഭക്ഷ്യക്ഷാമമുള്ളിടത്തെ സംഘർങ്ങൾക്കു പിന്നിലും മറ്റനേകം പ്രശ്‌നങ്ങൾക്കു പിന്നിലും ഈ അസന്തുലിതാവസ്ഥയുടെ സ്വാധീനം കാണാം. ഇത്തരം പ്രശ്നനങ്ങൾ ആഗോളചർച്ചകൾക്കു വേണ്ടത വിഷയീഭവിച്ചിട്ടില്ല."

49. പൊതുവായി പറഞ്ഞാൽ, പാർശ്വവത്കരിക്കപ്പെട്ടവരെ പ്രത്യേകം ബാധിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള അവബോധത്തിനു തടസമായി നില്ക്കുന്ന യാതൊന്നും തന്നെയില്ല. എന്നിട്ടും ലോകജനസംഖ്യയിലെ ബഹുഭൂരിപക്ഷവും കോടിക്കണക്കിനു വരുന്ന ഇക്കൂട്ടരാണ്. അന്താരാഷ്ട്ര സാമ്പത്തിക രാഷ്ട്രീയ ചർച്ചകളിൽ ഈയിടെയായി അവർ പരാമർശിക്കപ്പെടാറുണ്ട്. എന്നാലും, അവരുടെ പ്രശ്‌നങ്ങൾ ഒരിക്കലും മുഖ്യഅജണ്ടയുടെ ഭാഗമാകാറില്ല; അവ കൈകാര്യം ചെയ്യപ്പെടുന്നത് ഒരു വീണ്ടുവിചാരമെന്ന നിലയിലോ, കടമ നിറവേറ്റാനെന്ന മട്ടിലോ പ്രധാന്യം കുറഞ്ഞതെന്നു ധ്വനിപ്പിക്കുന്ന തരത്തിലോ ആണ്. ചർച്ചകളെല്ലാം അവസാനിക്കുമ്പോഴും ദരിദ്രരുടെ സ്ഥിതി പഴയരീതിയിൽത്തന്നെ തുടരും. വിദഗ്ദ്ധർ, അഭിപ്രായരൂപീകരണക്കാർ, വാർത്താമാധ്യമങ്ങൾ, അധികാരകേന്ദ്രങ്ങൾ എന്നിവർ ദരിദ്രരുടെ പ്രശ്‌നങ്ങളുമായി നേരിട്ടുള്ള സമ്പർക്കത്തിൽനിന്നകന്നു വിദൂരതയിൽ, നഗരത്തിൻ്റെ സുഭിക്ഷതയിൽ കഴിയുന്നതു കൊണ്ടാണ് ഇപ്രകാരം സംഭവിക്കുന്നത്. അവർ ജീവിക്കുന്നതും ചിന്തിക്കുന്നതും ലോകജനതയിൽ ബഹുഭൂരിപക്ഷത്തിനും എത്തിപ്പിടിക്കാനാവാത്തത്ര തരത്തിൽ, വികസനത്തിന്റെയും ജീവിതനിലവാരത്തിൻ്റെയും ഉയർന്ന നിലയിലും സുഖപ്രദമായ സ്ഥാനങ്ങളിലും നിന്നുകൊണ്ടാണ്. ചലിപ്പോഴെങ്കിലും നമ്മുടെ നഗരങ്ങൾ ദരിദ്രരെ വേർതിരിക്കുന്നതുമൂലം അവരുമായി നേരിട്ടുള്ള സമ്പർക്കമോ കണ്ടുമുട്ടലോ ഇല്ലാതാകുന്നതിനാൽ, മനഃസാക്ഷി മരവിക്കുന്നതിനും ചില യാഥാർത്ഥ്യങ്ങളെ വിസ്‌മരിച്ചുകൊണ്ടുള്ള നിഷ്‌പക്ഷമല്ലാത്ത വിശകലനത്തിനും ഇടയാകുന്നു. "ഹരിത”പ്രഭാഷണങ്ങളുടെ ഓരംചേർന്നും ഇത്തരം മനോഭാവങ്ങൾ കാണാം. ഒരു കാര്യം നമ്മൾ മനസിലാക്കണം: സത്യസന്ധമായ പരിസ്ഥിതിശാസ്ത്രസമീപനം എന്നുമെപ്പോഴും ഒരു സാമൂഹിക സമീപനമാകണം; ഭൂമിയുടെ നിലവിളിയോടൊപ്പം ദരിദ്രരുടെ നിലവിളിയും കേൾക്കാനിടയാകുംവിധം അതു പരിസ്ഥിതി സംവാദങ്ങളിൽ നീതിയുടെ വിഷയങ്ങൾ ഉൾച്ചേർക്കണം.

50. ദരിദ്രരുടെ പ്രശ്‌നങ്ങൾ എങ്ങനെ പരിഹരിക്കാമെന്നും ലോകത്തെ എങ്ങനെ മെച്ചപ്പെടുത്താമെന്നും ചിന്തിക്കുന്നതിനു പകരം, ചിലർക്ക് ജനനനിരക്കു കുറയ്ക്കുന്നതിനുള്ള നിർദ്ദേശം വയ്ക്കാനേയുള്ളു. ചില വികസ്വരരാജ്യങ്ങൾ സാമ്പത്തികസഹായം ലഭിക്കാൻ ജനന നിയന്ത്രണ നയങ്ങൾ (policies of reproductive health) രൂപീകരിക്കണമെന്ന വ്യവസ്ഥപോലുള്ള അന്താരാഷ്ട്രസമ്മർദം അനുഭവിക്കുന്നുണ്ട്. “ജനസാന്ദ്രതയും വിഭവലഭ്യതയും തമ്മിലുള്ള പൊരുത്തക്കേട് വികസനത്തേയും പ്രകൃതിയുടെ നിലനില്ക്കുന്ന ഉപയോഗത്തെയും സ്വാധീനിച്ചേക്കാമെങ്കിലും ജനസംഖ്യാ വർദ്ധനവ് സമഗ്രവും പങ്കാളിത്താധിഷ്‌ഠിതവുമായ വികസനത്തോടു പൂർണമായും ഒത്തുപോകുന്നതാണെന്ന വസ്തുത അംഗീകരിച്ചേ പറ്റൂ." " ചിലരുടെ പരിധിവിട്ട ഉപഭോഗതൃഷണയെ മറച്ചുവച്ച് ജനസംഖ്യാവർദ്ധനവിനെ കുറ്റപ്പെടുത്തുന്നതു യഥാർത്ഥ പ്രശ്നത്തെ അഭിമുഖീകരിക്കാനുള്ള വിമുഖതയെയാണു കാണിക്കുന്നത്. തങ്ങളുടെ ഉപഭോഗശൈലിയുടെ മാലിന്യങ്ങൾപോലും താങ്ങാൻ ഈ ഗ്രഹത്തിനു സാധിക്കാത്തതുകൊണ്ട് ഉപഭോഗാവകാശം ആഗോളവത്ക്കരിക്കാനാവില്ലെന്നു വാദിക്കുന്ന ഒരു ന്യൂനപക്ഷം ഇപ്പോഴത്തെ വിതരണസമ്പ്രദായങ്ങൾക്കു നിയമ സാധുത്വം നല്കാൻ ശ്രമിക്കുന്നു. കൂടാതെ, ഉല്‌പാദിപ്പിക്കപ്പെട്ട ഭക്ഷണപദാർത്ഥങ്ങളുടെ മൂന്നിലൊന്നു പാഴാക്കപ്പെടുകയാണെന്നു നമുക്കറിയാം. "ഭക്ഷണം പാഴാക്കി വലിച്ചെറിയുന്നതു ദരിദ്രന്റെ മേശയിൽനിന്നു മോഷ്‌ടിക്കുന്നതിനു തുല്യമാണ്.” എന്നാലും, ദേശീയതലത്തിലും ആഗോളതലത്തിലും ജനസാന്ദ്രതയിലുള്ള അസന്തുലിതാവസ്ഥ ഗൗരവത്തിലെടുക്കണം. കാരണം, വർദ്ധിച്ച ഉപഭോഗംമൂലമുണ്ടാകുന്ന പരിസ്ഥിതിമലിനീകരണം, വർദ്ധിച്ച ഗതാഗതം, മാലിന്യഉത്പാദനം, വിഭവനഷ്ടം, ജീവിതനിലവാര ച്യുതി എന്നീ പ്രശ്‌നങ്ങൾ പ്രാദേശികമായ സങ്കീർണ സാഹചര്യങ്ങളിലേക്കു നയിക്കുന്നു. 

51. അസമത്വം വ്യക്തികളെ മാത്രമല്ല, രാഷ്ട്രങ്ങൾ മുഴുവനെയും ബാധിക്കുന്നു. അതിനാൽ, അന്താരാഷ്ട്രബന്ധങ്ങളുടെ ഒരു നീതിശാസ്ത്രം (ethics) രൂപീകരിക്കാൻ നമ്മൾ നിർബന്ധിതരാകുന്നു. ആഗോളതലത്തിൽ, തെക്കും വടക്കും തമ്മിൽ ഒരു യഥാർത്ഥ “പാരിസ്ഥിതിക കടം" (ecological debt) നിലനില്പ്പുണ്ട്. ചില രാഷ്ട്രങ്ങൾ ദീർഘകാലമായി പ്രകൃതിവിഭവങ്ങൾ അനുപാതരഹിതമായി ഉപയോഗിക്കുന്നതിൻ്റെ ഫലമായി രാഷ്ട്രങ്ങൾക്കിടയിൽ നിലനില്ക്കുന്നതും പരിസ്ഥിതിയെ ബാധിക്കുന്നതുമായ വാണിജ്യ അസന്തുലിതാവസ്ഥയുമായി ബന്ധപ്പെട്ടതാണ് ഈ കടം. വടക്കുള്ള വ്യാവസായിക രാജ്യങ്ങളിലെ വിപണിയെ തൃപ്തിപ്പെടുത്താൻവേണ്ടി അസംസ്കൃതവസ്‌തുക്കൾ കയറ്റുമതി ചെയ്യുന്നതു പ്രാദേശികമായ ദ്രോഹം വരുത്തിയിട്ടുണ്ട്. സ്വർണ ഘനനത്തിലുണ്ടാകുന്ന മെർക്കുറിമൂലമുള്ള മലിനീകരണവും ചെമ്പുഘനനത്തിൽ സംഭവിക്കുന്ന സൾഫർ ഡൈഓക്സൈഡു മൂലമുള്ള മലിനീകരണവും ഇതിനുദാഹരണങ്ങളാണ്. കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളായി വാതകാവശിഷ്ട്‌ടങ്ങൾ നിക്ഷേപിക്കുന്നതിനുവേണ്ടി ലോകമെങ്ങും ഉപയോഗപ്പെടുത്തേണ്ടിവന്ന പാരിസ്ഥിതിക സ്ഥലങ്ങളുടെ കണക്കെടുക്കേണ്ടത് അടിയന്തിരാവശ്യമാണ്. കാരണം, എല്ലാ ലോകരാഷ്ട്രങ്ങളെയും ഇന്നു ബാധിക്കുന്ന ഒരു പ്രശ്നമാണിത്. ചില സമ്പന്ന രാഷ്ട്രങ്ങളിലെവൻ ഉപഭോഗത്തിന്റെ ഫലമായി ഉണ്ടായ താപനം ലോകത്തിലെ ഏറ്റവും ദരിദ്ര പ്രദേശങ്ങളിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ആഫ്രിക്കയിൽ കൃഷിനാശത്തിനിടയാക്കിയ ഉയർന്ന താപനിലയ്ക്കും വരൾച്ചയ്ക്കും കാരണം മറ്റൊരിടത്തും അന്വേഷിക്കേണ്ടതില്ല. വികസ്വര രാജ്യങ്ങളിലേക്കുള്ള ഖരമാലിന്യങ്ങളുടെയും വിഷ ദ്രാവകങ്ങളുടെയും കയറ്റുമതി വിതച്ചുകൊണ്ടിരിക്കുന്ന നാശവും കുറച്ചൊന്നുമല്ല. അവികസിത രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ചില കമ്പനികൾ ഉണ്ടാക്കുന്ന മലിനീകരണം അവർ ഒരിക്കലും സ്വന്തം രാജ്യത്ത് ചെയ്യാനിഷ്‌ടപ്പെടാത്തവയാണ്. "ഇത്തരത്തിൽ പ്രവർത്തിക്കുന്നത് മിക്കവാറും അന്താരാഷ്ട്ര കമ്പനികളാണെന്നു നമുക്കറിയാം. വികസിത രാഷ്ട്രങ്ങളെന്നോ ഒന്നാം ലോകരാഷ്ട്രങ്ങളെന്നോ കരുതപ്പെടുന്നിടത്ത് അവർ ഒരിക്കലും ചെയ്യുകയില്ലാത്ത കാര്യങ്ങളാണ് ഇവിടെ ചെയ്യുന്നത്. പ്രവർത്തനം അവസാനിപ്പിച്ച് പിൻവാങ്ങുമ്പോൾ ഈ രാജ്യങ്ങളിൽ അവർ അവശേഷിപ്പിക്കുന്നത് കടുത്ത മാനുഷിക പാരിസ്ഥിതിക ബാധ്യതകളാണ്. അതായത് തൊഴിലില്ലായ്മ‌, പരിത്യക്ത നഗരങ്ങൾ, പ്രകൃതിവിഭവങ്ങളുടെ ശോഷണം, വനനശീകരണം, കൃഷിയുടെയും നാടൻ ഇനങ്ങളുടെയും ശോഷണം, തുറന്നുകിടക്കുന്ന ഗർത്തങ്ങൾ, നിരത്തപ്പെട്ട മലനിരകൾ, മലിനമാക്കപ്പെട്ട നദികൾ. ഒപ്പം നിലനില്ക്കാത്ത ഏതാനും സാമൂഹ്യപ്രവർത്തനങ്ങളും."

52. ദരിദ്രരാഷ്ട്രങ്ങളുടെ വിദേശകടങ്ങൾ, അവരെ നിയന്ത്രിക്കാനുള്ള മാർഗമായി പലപ്പോഴും ഉപയോഗിക്കാറുണ്ട്. എന്നാൽ, പാരിസ്ഥിതിക കടങ്ങളെ സംബന്ധിച്ചിടത്തോളം ഇങ്ങനെ ഒരു നിലപാട് സ്വീകരിച്ചുകാണുന്നില്ല. ജീവമണ്‌ഡലത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സങ്കേതങ്ങളുള്ള വികസ്വര രാഷ്ട്രങ്ങൾ തങ്ങളുടെ തന്നെ വർത്തമാനകാലത്തെയും ഭാവികാലത്തേയും നഷ്ടപ്പെടുത്തിക്കൊണ്ട് സമ്പന്ന രാഷ്ട്രങ്ങളുടെ വികസനത്തിന് പല തരത്തിൽ ഇന്ധനമായി തീരുന്നുണ്ട്. തെക്കുഭാഗത്തുള്ള ദരിദ്രരുടെ പ്രദേശങ്ങൾ വിഭവസമൃദ്ധവും മലിനീകരണം ഏറ്റവും കുറഞ്ഞവയുമാണ്. എന്നാൽ, അടിസ്ഥാനാവശ്യങ്ങൾക്കുള്ള വിഭവങ്ങളുടെപോലും ഉടമസ്ഥാവകാശം അവർക്കു നിഷേധിക്കപ്പെട്ടിരിക്കുന്നു. ഇതിനു കാരണം ഘടനാപരമായി തല തിരിഞ്ഞ ഒരു പറ്റം വാണിജ്യബന്ധങ്ങളും ഉടമസ്ഥതകളുമാണ്. വികസിതരാഷ്ട്രങ്ങൾ പുനരുപയോഗ യോഗ്യമല്ലാത്ത ഊർജത്തിന്റെ ഉപഭോഗം പരമാവധി കുറച്ചുകൊണ്ടും ദരിദ്രരാഷ്ട്രങ്ങളിലെ സുസ്ഥിര വികസന പദ്ധതികളെയും നയങ്ങളെയും സഹായിച്ചുകൊണ്ടും ഈ പാരിസ്ഥിതിക കടം വീട്ടേണ്ടതാണ്. ഏറ്റവും ദരിദ്രമായ പ്രദേശങ്ങളും രാഷ്ട്രങ്ങളും പരിസ്ഥിതി ആഘാതം കുറയ്ക്കുന്ന പുതിയ മാർഗങ്ങൾ സ്വീകരിക്കുവാൻ കെല്‌പുള്ളവരല്ല. കാരണം, ഇതിനാവശ്യമായ വിഭവങ്ങളോ ഇതു നടപ്പിലാക്കാനുള്ള സാമ്പത്തിക ശേഷിയോ അവർക്കില്ല. കാലാവസ്ഥാവ്യതിയാനത്തെ സംബന്ധിച്ചിടത്തോളം വ്യതിരിക്തമായ ചുമതലകൾ നമുക്കുണ്ടെന്നു നമ്മൾ മനസ്സിലാക്കണം. അമേരിക്കൻ ഐക്യനാടുകളിലെ മെത്രാന്മാർ പറഞ്ഞതുപോലെ, "ബലവാന്മാരുടെ താല്‌പര്യങ്ങൾക്ക് അടിമപ്പെട്ടുപോകുന്ന ദരിദ്രരുടെയും ദുർബലരുടെയും നിസ്സഹായരുടെയും ആവശ്യങ്ങൾക്കു നേരെ"" വലിയ ശ്രദ്ധ തിരിക്കേണ്ടതാണ്. നമ്മൾ ഒരൊറ്റ മനുഷ്യകുടുംബമാണെന്ന ബോധ്യം ശക്തിപ്പെടുത്തേണ്ടതുണ്ട്. പിന്നിലൊളിച്ചിരിക്കാൻ സഹായിക്കുന്ന സാമൂഹ്യരാഷ്ട്രീയ അതിർത്തികളോ മതിൽക്കെട്ടുകളോ നമുക്കില്ല; ആഗോള നിസംഗതയ്ക്ക് ഇടവുമില്ല.

IV ദുർബലമായ പ്രതികരണങ്ങൾ

53. ഈ സാഹചര്യങ്ങൾമൂലം നമ്മുടെ സഹോദരിയായ ഭൂമി, ലോകത്തിലെ പരിത്യക്തരോടൊപ്പം, വ്യത്യസ്തമായൊരു പാത സ്വീകരിക്കണമെന്നു നമ്മോടു നിലവിളിച്ചപേക്ഷിക്കുന്നു. കഴിഞ്ഞ ഇരുന്നൂറു വർഷങ്ങൾക്കിടയിൽ ചെയ്‌തതുപോലെ നമ്മുടെ പൊതുഭവനത്തെ നാം ഇത്രമാത്രം മുറിപ്പെടുത്തുകയും ദുരുപയോഗിക്കുകയും ചെയ്ത മറ്റൊരു കാലമുണ്ടായിട്ടില്ല. എന്നിട്ടും നമ്മുടെ പിതാവായ ദൈവം താനാഗ്രഹിച്ച വിധത്തിൽ ഈ ഗ്രഹത്തെ ആക്കിത്തീർക്കാനുള്ള ഉപകരണങ്ങളായി നമ്മെ തെരഞ്ഞെടുത്തിരിക്കുന്നു. അവിടുത്തെ സമാധാന പദ്ധതിക്കും സൗന്ദര്യത്തിനും സമ്പൂർണതയ്ക്കും യോജിച്ചവിധത്തിൽ അവിടുന്നതു ചെയ്തു. ഈ പ്രതിസന്ധിയെ നേരിടാൻ ആവശ്യമായ ഒരു സംസ്കാരം നമുക്കില്ല എന്നതാണു പ്രശ്‌നം. ഇന്നിൻ്റെ ആവശ്യങ്ങൾ നിറവേറ്റാനായി പുതിയ പാതകൾ തെളിക്കാനും, ഭാവിതലമുറകളോടു മുൻവിധിയില്ലാതെ, എല്ലാവരെയും പരിഗണിക്കാനും കഴിവുളള ഒരു നേതൃത്വത്തിന്റെ അഭാവം നമുക്കുണ്ട്. വ്യക്തമായ അതിർവരമ്പുകൾ തീർക്കാനും ആവാസവ്യവസ്ഥകളുടെ സംരക്ഷണം ഉറപ്പുവരുത്താനും കഴിവുള്ള ഒരു നീതിന്യായവ്യവസ്ഥയെ സ്ഥാപിക്കുക എന്നത് അനിവാര്യമാണ്. അല്ലെങ്കിൽ സാങ്കേതിക സാമ്പത്തിക സിദ്ധാന്തങ്ങളിൽ സ്ഥാപിക്കപ്പെട്ട പുതിയ അധികാര കേന്ദ്രങ്ങൾ നമ്മുടെ പൊതുഭവനത്തിനു സംഭവിക്കുന്നത് നമ്മുടെ രാഷ്ട്രീയത്തേയും സ്വാതന്ത്ര്യത്തേയും നീതിന്യായത്തേയുംപോലും പരാജയപ്പെടുത്തിയേക്കാം.

54. ആഗോള രാഷ്ട്രീയ പ്രതികരണങ്ങൾ എത്ര ദുർബലമാണെന്നതു ശ്രദ്ധേയമാണ്. പരിസ്ഥിതിയെക്കുറിച്ചുള്ള ആഗോള ഉച്ച കോടികളുടെ പരാജയം വ്യക്തമാക്കുന്നത് നമ്മുടെ രാഷ്ട്രീയം, സമ്പത്തിനും സാങ്കേതിക വിദ്യകൾക്കും നമ്മൾ അടിയറവു വച്ചു പോയി എന്നാണ്. നിക്ഷിപ്‌ത താത്പര്യങ്ങൾ നിരവധിയാണ്. സാമ്പത്തികതാത്പര്യങ്ങൾ പൊതുനന്മയുടെ പേരിൽ, സ്വന്തം താത്പര്യങ്ങളെ ബാധിക്കാത്ത തരത്തിൽ, വിവരങ്ങളെ ദുരുപയോഗിക്കുന്നു. അപ്പാരെച്ചിത രേഖ (Aparecida document) ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു. "ജീവൻ്റെ ഉറവിടങ്ങളെ വിവേചനബുദ്ധിയില്ലാതെ തകർത്തുകളയുന്ന സാമ്പത്തിക ചേരികളുടെ താത്പര്യങ്ങൾ പ്രകൃതി വിഭവങ്ങളുടെമേൽ ആധിപത്യം പുലർത്താൻ അനുവദിക്കരുത്." സമ്പദ്വ്യവസ്ഥയും സാങ്കേതികവിദ്യയും തമ്മിലുള്ള ദുഷിച്ച സഖ്യം അതിൻ്റെ പ്രത്യക്ഷതാത്പര്യങ്ങൾക്കു നിരക്കാത്ത എല്ലാറ്റിനെയും പാർശ്വവത്കരിക്കുന്നതിൽ അവസാനിക്കുന്നു. തത്ഫലമായി നമുക്കങ്ങേയറ്റം പ്രതീക്ഷിക്കാവുന്നത് ഉപരിപ്ലവമായ വാചക കസർത്തുകളും മനുഷ്യസ്നേഹത്തിൻ്റെ അങ്ങുമിങ്ങുമുള്ള ചില പ്രവൃത്തികളും പരിസ്ഥിതിസ്നേഹത്തിൻ്റെ യാന്ത്രികമായ പ്രകടനങ്ങളും മാത്രമാണ്. അതേസമയം, മാറ്റം കൊണ്ടുവരാനുള്ള സമൂഹത്തിനുള്ളിലെ ഏതെങ്കിലും പ്രസ്ഥാനങ്ങളുടെ ആത്മാർത്ഥമായ പരിശ്രമങ്ങൾ ഒരു ശല്യമായും ഒഴിവാക്കപ്പെടേണ്ട കാല്പ‌നിക വ്യാമോഹമായും ചിത്രീകരിക്കപ്പെടുന്നു.

55. ചില രാഷ്ട്രങ്ങൾ അഴിമതിയോടു പൊരുതാൻ ഫലവത്തായ മാർഗ്ഗങ്ങൾ ആവിഷ്കരിക്കുന്നതിൽ അർത്ഥപൂർണമായ പുരോഗതി ക്രമേണ കൈവരിക്കുന്നുണ്ട്. ഇത്തരം രാജ്യങ്ങളിൽ ആളുകൾക്കു വർദ്ധിച്ച തോതിലുള്ള പാരിസ്ഥിതിക അവബോധമുണ്ട്. എന്നാൽ തങ്ങളുടെ ഉപഭോഗത്തിൻ്റെ വിനാശകരമായ ശൈലികളെ മാറ്റുന്നതിൽ അവർ വിജയിച്ചിട്ടില്ല. അവ കുറയുന്നതിനുപകരം വർദ്ധിച്ചുവരുന്നതായി കാണപ്പെടുന്നു. എയർകണ്ടീഷനിങ്ങിന്റെ ഉപയോഗത്തിലും ശേഷിയിലും വന്ന വർദ്ധനവാണ് ലളിതമായൊരു ഉദാഹരണം. വ്യാപാരത്തിൽനിന്ന് ഉടനടി ലാഭം കൊയ്യുന്ന വിപണികൾ വർദ്ധിച്ച ഡിമാൻ്റ് സൃഷ്‌ടിച്ചെടുക്കുന്നു. പുറമെനിന്നു നമ്മുടെ ലോകത്തെ നിരീക്ഷിക്കുന്ന ഒരാൾ ആത്മ വിനാശകരമായി തീരുന്ന നമ്മുടെ ഈ പെരുമാറ്റശൈലിയിൽ വിസ്‌മയിച്ചുപോകാനിടയുണ്ട്.

56. അതേസമയം സാമ്പത്തികശക്തികൾ ഇപ്പോഴത്തെ ആഗോള സംവിധാനത്തെ ന്യായീകരിച്ചുകൊണ്ടേയിരിക്കും. ഈ സംവിധാനത്തിൽ ധനനേട്ടവും ഊഹക്കച്ചവടവും ആണു പ്രഥമ സ്ഥാനത്തു നില്ക്കുന്നത്. പ്രകൃതിയിലും മനുഷ്യാന്തസ്സിലും ഇവ ചെലുത്തുന്ന സ്വാധീനങ്ങളുടെ പശ്ചാത്തലം കണക്കിലെടുക്കപ്പെടുന്നേയില്ല. ഇവിടെയാണു പരിസ്ഥിതിയുടെ അധഃപതനവും മനുഷ്യന്റെ ധാർമ്മിക മൂല്യച്യുതിയും തമ്മിൽ എത്ര അഗാധമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നു നമ്മൾ കാണുന്നത്. ശ്രദ്ധാവ്യത ചലനം നമ്മുടെ നീതിബോധത്തെ തുടർച്ചയായി മന്ദിപ്പിക്കുന്നത കൊണ്ട്, യഥാർത്ഥത്തിൽ നാം വസിക്കുന്ന ഈ ലോകം എത്ര പരിമിതവും നൈമഷികവുമാണെന്നു കാണാൻകഴിയാത്തതിനാൽ തങ്ങൾ ചെയ്യുന്നതു തെറ്റാണെന്ന് അവർക്കു തോന്നുന്നേയില്ല. തത്ഫലമായി, “പരിസ്ഥിതിയും അതുപോലെ ദുർബലമായതെന്തും ദേവത്വം കല്പ്പിക്കപ്പെട്ടിരിക്കുന്ന വിപണിയുടെ താത്പര്യങ്ങൾക്ക മുമ്പിൽ നിസ്സഹായമാകുന്നു. വിപണിയുടെ താത്പര്യം മാത്രമാണ്. ഇവിടെ നിയമം.

57. ചില വിഭവങ്ങൾ ഇല്ലാതായിക്കഴിഞ്ഞാൽ പുതിയ യുദ്ധങ്ങൾക്ക് കളമൊരുങ്ങുമെന്നു നമുക്കു മുൻകുട്ടി കാണാൻ കഴിയും.. മാന്യമെന്നു തോന്നിപ്പിക്കുന്ന അവകാശവാദങ്ങളുടെ മറവിലായ്രിക്കും യുദ്ധം എന്നു മാത്രം. യുദ്ധം എല്ലായ്പ്‌പോഴും പരിസ്ഥിതിക്കും ജനങ്ങളുടെ സാസ്‌കാരികസമ്പത്തിനും ഗൗരവമായ ദ്രോഹം വരുത്തിവയ്ക്കുന്നു. ജൈവായുധങ്ങളും അണ്വായുധങ്ങളും ഉപയോഗിക്കപ്പെടുന്നിടത്തു പ്രതിസന്ധി അതിരുക്ഷമായിരിക്കും. “അന്താരാഷ്ട്രനിയമപ്രകാരം രാസായുധങ്ങളോ ജൈവായുങ്ങളോ ബാക്ടീരിയയോ ഉപയോഗിച്ചുള്ള യുദ്ധം നിരോധിക്കപ്പെട്ടിരിക്കുകയാണെങ്കിലും ഗവേഷണശാലയിൽ പ്രകൃതിയുടെ സമ്മതുലനം തെറ്റിക്കാൻ കഴിയുന്നതരം ആയുധങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനുള്ള നീക്കങ്ങൾ ഇപ്പോഴും നടക്കുന്നുവെന്നതാണ യാഥാർത്ഥ്യം."" പുതിയ സംഘർഷങ്ങൾ ഉടലെടുക്കാനുള്ള സാധ്യതകളെ മുൻക്കൂട്ടികാണാനും അവയുടെ കാരണങ്ങൾക്കു പരിഹാരം കണ്ടെത്താനും രാഷ്ട്രീയം കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു. എന്നാൽ ഈ യത്നത്തിന് ഏറ്റവും കൂടുതൽ തടസ്സം നില്ക്കുന്നത് അതിശക്തമായ സാമ്പത്തിക താല്‌പര്യങ്ങളാണ്. രാഷ്ട്രീയപദ്ധതികൾക്കു വിശാലമായ കാഴ്‌ചപ്പാടു നഷ്‌ടപ്പെടുന്നതായി കാണുന്നു. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ സന്ദർഭോചിതമായ തീരുമാനമെടുക്കാനുള്ള കഴിവില്ലായ്‌മയുടെ പേരിൽമാത്രം ഓർമ്മിക്കപ്പെടാൻവേണ്ടി എന്തിന് ഒരാൾ അധികാരത്തിൽ കടിച്ചു തൂങ്ങണം?

58. പരിസ്ഥിതി സംരക്ഷണത്തിൻ്റെ നല്ല ഉദാഹരണങ്ങൾ ചില രാജ്യങ്ങളിൽ കാണാറുണ്ട്. ദശാബ്ദ‌ങ്ങളായി മലിനപ്പെട്ടിരുന്ന നദികൾ ശുചിയാക്കപ്പെടുന്നു, സ്വാഭാവിക വനങ്ങൾ പുനഃസ്ഥാപിക്കപ്പെടുന്നു, പരിസ്ഥിതി പുനരുജ്ജീവന പ്രവർത്തനങ്ങളുടെ ഫലമായി ഭൂപ്രകൃതി മനോഹരമാക്കപ്പെടുന്നു, മനോഹരമായ കെട്ടിടങ്ങൾ നിർമ്മിക്കപ്പെടുന്നു, മാലിന്യവിമുക്ത ഊർജ്ജോത്പാദനത്തിൽ ബഹുദൂരം മുന്നിട്ടുകഴിഞ്ഞു. കൂടാതെ, അവിടങ്ങളിൽ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തിയിട്ടുമുണ്ട്. ഈ നേട്ടങ്ങൾ ആഗോള പ്രശ്‌നങ്ങൾക്കു പരിഹാരമല്ല. എന്നിരുന്നാലും തക്കസമയത്ത് വേണ്ടതുപോലെ ഇടപെടാൻ മനുഷ്യനു കഴിയുമെന്ന് ഇവ വ്യക്തമാക്കുന്നു. നമ്മുടെ എല്ലാ പരിമിതികൾക്കുള്ളിലും ഉദാരതയുടെയും ഐക്യത്തിൻ്റെയും കരുതലിന്റെയും പ്രകാശനങ്ങൾ രൂപം കൊള്ളുന്നു. എന്തെന്നാൽ, നാം സ്നേഹത്തിനായി സൃഷ്ട‌ിക്കപ്പെട്ടിരിക്കുന്നു.

59. അതേ സമയംതന്നെ കപടവും ഉപരിപ്ലവവുമായ പരിസ്ഥിതി ശാസ്ത്രം ഉയർന്നുവരുന്നതു നമുക്കു കാണാൻ കഴിയും. ഇതു സ്വയം സംതൃപ്‌തിയിലും അലംഭാവത്തിലും അധിഷ്ഠിതമായ ഒരു മനോഭാവമാണ്. ധീരമായ തീരുമാനം ആവശ്യമുള്ള വലിയ പ്രതിസന്ധികളുടെ അവസരങ്ങളിൽ സാധാരണ സംഭവിക്കാറുള്ളതുപോലെ കാര്യങ്ങൾ വ്യക്തമല്ല എന്നൊരു ന്യായത്തിനു നമ്മൾ വശംവദരാകുന്നു. മലിനീകരണത്തിൻ്റെയും ജീർണ്ണതയുടെയും ചില അടയാളങ്ങൾ കാണാനുണ്ടെന്നല്ലാതെ കാര്യങ്ങൾ അത്രമേൽ ഗൗരവതരമല്ലെന്നും

ഈ ഗ്രഹം ഇനിയും വളരെക്കാലം നിലനില്ക്കുമെന്നും ഇത്തരക്കാർ ന്യായവാദം നടത്തുന്നു. ഇത്തരത്തിലുള്ള ഒഴിഞ്ഞുമാറൽ നമ്മുടെ ഇപ്പോഴത്തെ ജീവിതശൈലിയും ഉത്പാദന ഉപഭോഗരീതികളും നിർബാധം തുടരുന്നതിനുള്ള ന്യായമായി കണക്കാക്കുന്നു. മലിനീകരണത്തിൻ്റെ അടയാളങ്ങൾ കാണാൻ മനസുവയ്ക്കാതെ, അവയെ അംഗീകരിക്കാൻ തയ്യാറാവാതെ, നിർണായക തീരുമാനങ്ങൾ വൈകിപ്പിക്കുകയും ഒന്നും സംഭവിക്കുകയില്ലെന്നു നടിക്കുകയും ചെയ്തു‌കൊണ്ട് മനുഷ്യൻ സ്വയവിനാശത്തിനുള്ള തിന്മകളെ രൂപപ്പെടുത്തുന്നു. 

VII. വ്യത്യസ്‌താഭിപ്രായങ്ങൾ

60. ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ചും സാധ്യമായ പരിഹാരങ്ങളെക്കുറിച്ചും വിവിധ സമീപനങ്ങളും ചിന്താധാരങ്ങളും ഉരുത്തിരിഞ്ഞിട്ടുണ്ടെന്നു സമ്മതിക്കാതെ വയ്യ. ഒരറ്റത്ത്, പുരോഗതിയുടെ കെട്ടുകഥയെ കടുംപിടുത്തത്തോടെ ഉയർത്തിക്കാണിച്ചുകൊണ്ട്, പുതിയ സാങ്കേതികവിദ്യയുടെ പ്രയോഗത്താൽ തന്നെ, ധാർമ്മിക പരിഗണനയുടെയോ ആഴത്തിലുള്ള മാറ്റത്തിന്റെയോ സഹായമില്ലാതെ, പരിസ്ഥിതി പ്രശ്‌നങ്ങൾ സ്വാഭാവികമായി പരിഹരിക്കപ്പെടുമെന്നു പ്രചരിപ്പിക്കുന്ന ഒരു കൂട്ടർ. മറുവശത്ത്, മനുഷ്യനെയും അവൻ്റെ എല്ലാ പ്രവർത്തനങ്ങളെയും ആഗോള ആവാസവ്യവസ്ഥയ്ക്കുമേലുള്ള ഭീഷണിയായി വിലയിരുത്തുന്നവർ. തത്ഫലമായി ഈ ഗ്രഹത്തിൽ മനുഷ്യസാന്നിധ്യം കഴിയുന്നത കുറച്ചു കൊണ്ടുവരണമെന്നും എല്ലാത്തരം കണ്ടുപിടുത്തങ്ങളെയും നിരോധിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. ഈ രണ്ടു വിരുദ്ധ ധ്രുവങ്ങൾക്കിടയിലാണു ഭാവിയിലെ സാധ്യതകൾ രൂപപ്പെടേണ്ടത്; കാരണം, ഏതു പരിഹാരത്തിനും ഒരു വഴിയല്ലല്ലോ ഉള്ളത്. അതിനാൽ, സംവാദത്തിലൂടെ സമഗ്രമായ പരിഹാരത്തിലെത്താൻ സഹായിക്കുന്ന വിവിധ നിർദ്ദേശങ്ങൾ സാധ്യമാണ്.

61. മൂർത്തമായ ചില പ്രശ്‌നങ്ങളിൽ കൃത്യമായ തീർപ്പുകല്പിക്കാൻ സഭയ്ക്കാവില്ല. വിദഗ്‌ധർക്കിടയിലെ സത്യസന്ധമായ സംവാദം, വ്യത്യസ്‌ത വീക്ഷണങ്ങൾ മാനിച്ചു കൊണ്ടുതന്നെ, പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്ന് അവൾക്കറിയാം. എന്നാൽ, നമ്മുടെ ഈ പൊതുഭവനം ഗൗരവമായ ജീർണാവസ്ഥയിലേക്കു കൂപ്പുകുത്തുകയാണെന്നു കാണാൻ തുറന്ന മനസ്സോടെയുള്ള നോട്ടം മതി. ഏതിനും ഒരു പരിഹാരമാർഗമുണ്ടെന്നും നമ്മുടെ കാലടികളെ ദിശതിരിച്ചുവിടാനാകുമെന്നും പ്രശ്നപരിഹാരത്തിനായി എപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്യാൻ സാധിക്കുമെന്നും പ്രത്യാശ നമുക്കു മനസ്സിലാക്കിത്തരുന്നു. ദ്രുതഗതിയുലുള്ള മാറ്റവും അധഃപതനവും നിമിത്തം കാര്യങ്ങൾ തകർച്ചയുടെ വക്കിലെത്തിയിരിക്കുന്നു. വൻതോതിലുള്ള പ്രകൃതിദുരന്തങ്ങളിലും സാമൂഹിക സാമ്പത്തിക പ്രതിസന്ധികളിലും ഈ അടയാളങ്ങൾ ദർശിക്കാനാവും. കാരണം, ലോകത്തിന്റെ പ്രശ്‌നങ്ങൾ ഒറ്റതിരിച്ചു വിശദീകരിക്കാനോ വിശകലനം ചെയ്യാനോ സാധ്യമല്ല. ചില പ്രദേശങ്ങൾ വലിയ അപകടസന്ധിയിലാണ്. എല്ലാ മുന്നറിയിപ്പുകളും തള്ളിക്കളഞ്ഞാലും, മനുഷ്യൻ്റെ പ്രവൃത്തിയുടെ ലക്ഷ്യങ്ങളെക്കുറിച്ചു നാം ചിന്തിക്കാതായിരിക്കുന്നതിനാൽ, ഇപ്പോഴത്തെ ലോകസംവിധാനം സുസ്ഥിരമല്ലെന്നു വിവിധ വീക്ഷണങ്ങളിൽനിന്നു വ്യക്തമാണ്. “നമ്മുടെ ഗ്രഹത്തിന്റെ വിവിധഭാഗങ്ങൾ പരിശോധനാവിധേയമാക്കിയാൽ മനുഷ്യവംശം ദൈവത്തിൻ്റെ പ്രതീക്ഷകളെ നിരാശപ്പെടുത്തിയിരിക്കുന്നതായി നിതരാം വെളിപ്പെടും.  

അദ്ധ്യായം 2 

സൃഷ്ട‌ിയുടെ സുവിശേഷം 

62. സന്മനസുള്ള എല്ലാവരെയും അഭിസംബോധന ചെയ്യുന്ന ഈ രേഖയിൽ വിശ്വാസികളുടെ ബോധ്യങ്ങളെക്കുറിച്ചുള്ള ഈ അദ്ധ്യായം എന്തിനാണ്? സ്രഷ്‌ടാവ് എന്ന ആശയത്തെ തള്ളിക്കളയുന്നവരും അപ്രസക്തമെന്നു വാദിക്കുന്നവരും രാഷ്ട്രീയരംഗത്തും തത്വചിന്തകരുടെയിടയിലും ഏറെയുണ്ടെന്ന് എനിക്കറിയാം. മനുഷ്യവംശത്തിൻ്റെ സമ്പൂർണവികസനത്തിനും സമഗ്രപരിസ്ഥിതിക്കും മതങ്ങൾ നൽകുന്ന അമുല്യമായ സംഭാവനകളെ ഇവർ യുക്തിഹീനമെന്നു വിശേഷിപ്പിച്ചു നിരാകരിക്കുന്നുമുണ്ട്. ചിലർ മതങ്ങളെ ഗത്യന്തരമില്ലാതെ ഉപസംസ്‌കാരമായി കരുതുന്നു. സത്യാന്വേഷണത്തിനുള്ള അവയുടെ സമീപനരീതികൾ എത്ര തന്നെ വ്യത്യസ്തങ്ങളായിരുന്നാലും മതത്തിനും ശാസ്ത്രത്തിനും തമ്മിൽ ആഴമേറിയ സംവാദം സാധ്യമാണ്. അത് ഇരുകൂട്ടർക്കും ഫലപ്രദമാണുതാനും.

I. വിശ്വാസം നൽകുന്ന വെളിച്ചം 

63. പരിസ്ഥിതിപ്രശ്‌നങ്ങളിലെ സങ്കീർണ്ണതകളും അവയുടെ വിവിധ കാരണങ്ങളും നാം കണ്ടുകഴിഞ്ഞു. ഇപ്പോൾ ഒരു കാര്യം വ്യക്തമാണ്. യാഥാർത്ഥ്യങ്ങളെ ഒരു രീതിയിൽമാത്രം വ്യാഖ്യാനിക്കുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നതിൽനിന്നു പരിഹാരമാർഗ്ഗങ്ങളുണ്ടാവില്ല എന്നു നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. വിവിധ ജനപദങ്ങളുടെയിടയിൽ നിലനില്ക്കുന്ന സമ്പന്നമായ സംസ്ക്കാരിക വൈവിധ്യങ്ങളെയും അവരുടെ കലാ-കവിതാരൂപങ്ങളെയും അവരുടെ ആന്തരിക ജീവിതത്തെയും ആധ്യാത്മികതയെയും സമാദരിച്ചേ മതിയാവൂ. നാം വരുത്തിവച്ച വിനകളെ പരിഹരിക്കുന്നതിനു ശേഷിയുള്ള ഒരു പരിസ്ഥിതിശാസ്ത്രമാണ് നമ്മൾ ആത്മാർത്ഥമായി രൂപപ്പെടുത്താനാഗ്രഹിക്കുന്നതെങ്കിൽ ശാസ്ത്രത്തിന്റെ യാതൊരു ശാഖയേയും വിജ്ഞാനത്തിന്റെ യാതൊരു രൂപത്തെയും - മതവും അതിൻ്റെ സവിശേഷ ഭാഷയും ഉൾപ്പെടെ - വിട്ടുകളയാനാവില്ല. കത്തോലിക്കാസഭ വിവിധ ചിന്താധാരകളോടു സംവദിക്കാൻ തുറവിയുള്ളതാകയാൽ വിശ്വാസത്തെയും യുക്തിയെയും ഒരുമിപ്പിക്കുന്ന നിരവധി കാഴ്ച‌പ്പാടുകൾക്കു രൂപം കൊടുക്കാൻ അവൾക്കു കഴിഞ്ഞിട്ടുണ്ട്. സാമൂഹ്യ പ്രശ്നങ്ങളെക്കുറിച്ചു ഇത്തരത്തിൽ സഭ സംവദിച്ചതിന്റെ സമന്വയമാണു അവളുടെ സാമൂഹികപ്രബോധനത്തിന്റെ വികാസം പ്രതിനിധാനം ചെയ്യുന്നത്. പുതിയ വെല്ലുവിളികൾ ഏറ്റെടുത്തു കൊണ്ട് ഈ പ്രബോധനത്തെ സമ്പന്നമാക്കേണ്ടതുണ്ട്. 

64. ഈ ചാക്രികലേഖനം മോചനത്തിനുള്ള വഴികൾ ഒരുമിച്ചുതേടാൻ സകലരുമൊത്തുള്ള സംവാദത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നിരിക്കിലും ആദിമുതലേ ഞാനാഗ്രഹിക്കുന്നത്, ക്രൈസ്‌തവർക്കും മറ്റു വിശ്വാസികൾക്കും പ്രകൃതിയോടും തങ്ങളുടെ ദുർബലരായ കുടപ്പിറപ്പുകളോടുമുള്ള കരുതലോടെ ജീവിക്കുന്നതിന് വേണ്ടത്ര പ്രചോദനം നൽകാൻ വിശ്വാസബോധ്യങ്ങൾക്കു എപ്രകാരം കഴിയുമെന്നു ചൂണ്ടിക്കാട്ടാനാണ്. മനുഷ്യനാണ് എന്നതിൻ്റെ പേരിൽ മാത്രം ചിലയാളുകൾ തങ്ങൾ ഭാഗമായിരിക്കുന്ന പരിസ്ഥിതിയെ സംരക്ഷിക്കുമ്പോൾ, “ക്രിസ്ത്യാനികൾ സൃഷ്ടികൾക്കിടയിലെ തങ്ങളുടെ ഉത്തരവാദിത്വവും പ്രകൃതിയോടും അതിൻ്റെ നാഥനോടുമുള്ള തങ്ങളുടെ കടമയും തങ്ങളുടെ വിശ്വാസത്തിൻ്റെ അവിഭാജ്യഘടകമായി കാണുന്നു.'' വിശ്വാസികളായ നമ്മൾ നമ്മുടെ ബോധ്യത്തിൽ നിന്നുരുവാകുന്ന പ്രതിബദ്ധതയോടെ പരിസ്ഥിതി സംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതു മനുഷ്യവംശത്തിനും ലോകം മുഴുവനുതന്നെയും ഉപകാരപ്രദമാണ്.

II. ബൈബിൾവിവരണങ്ങളിലെ ജ്ഞാനം 

65. സൃഷ്‌ടിയുടെ ദൈവശാസ്ത്രം മുഴുവനും ആവർത്തിക്കാതെ തന്നെ, മനുഷ്യനു പ്രപഞ്ചവുമായുള്ള ബന്ധത്തെ സംബന്ധിച്ച് ബൈബിൾവിവരണങ്ങൾ എന്തു പറയുന്നുവെന്നു നമുക്കു പരിശോധിക്കാം. ഉല്പ്പത്തിപ്പുസ്‌തകത്തിൽ നൽകിയിരിക്കുന്ന സൃഷ്ടിയെക്കുറിച്ചുള്ള ഒന്നാം വിവരണത്തിൽ കാണുന്നതുപോലെ, മനുഷ്യനെ സൃഷ്‌ടിക്കുക എന്നത് ദൈവികപദ്ധതിയുടെ അവിഭാജ്യഘടകമാണ്. പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ച ശേഷം “താൻ സൃഷ്‌ടിച്ചവയെല്ലാം വളരെ നന്നായിരിക്കുന്നുവെന്നു ദൈവം കണ്ടു” (ഉല്‌പ 1, 31). ഓരോ പുരുഷനും സ്ത്രീയും സ്നേഹത്താൽ സൃഷ്ടിക്കപ്പെട്ടുവെന്നും ദൈവത്തിൻ്റെ ഛായയിലും സാദ്യശ്യത്തിലും സൃഷ്‌ടിക്കപ്പെട്ടുവെന്നും ബൈബിൾ പഠിപ്പിക്കുന്നു (ഉല്പ 1, 26). ഇത് ഓരോ വ്യക്തിയുടെയും വലിയ മഹത്വത്തെ സൂചിപ്പിക്കുന്നു; "മനുഷ്യൻ ഒരു വസ്‌തുവല്ല, ഒരു വ്യക്തിയാണ്. അവൻ ആത്മജ്ഞാനത്തിനും ആത്മനിഷ്‌ഠയ്ക്കും സ്വയം നല്കിക്കൊണ്ട് അപരനോട് കൂട്ടായ്‌മയിലേക്കു പ്രവേശിക്കുന്നതിനും പ്രാപ്തിയുള്ളവനുമാണ്." വി. ജോൺ പോൾ രണ്ടാമൻ പ്രസ്താവിച്ചു: സ്രഷ്‌ടാവിന് ഓരോ മനുഷ്യനോടുമുള്ള സവിശേഷസ്നേഹം "അവനിൽ/അവളിൽ അനന്തമായ മഹത്വം ചൊരിയുന്നു." മനുഷ്യൻ്റെ മഹത്വം സംരക്ഷിക്കുന്നതിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചിരിക്കുന്നവർക്ക് ഈ പ്രതിബദ്ധതയ്ക്കുള്ള ന്യായം ക്രിസ്തീയ വിശ്വാസത്തിൽ കണ്ടെത്താനാവും. ഓരോ മനുഷ്യവ്യക്തിയും പ്രതീക്ഷയ്ക്കു വകയില്ലാത്തതും കുഴഞ്ഞു മറിഞ്ഞതുമായ ഒരവസ്ഥയിൽ അങ്ങുമിങ്ങും അലയുന്നവനല്ല എന്ന ഉറപ്പുതന്നെ എത്ര ചേതോഹരമാണ് ; മനുഷ്യൻ വെറും യാദൃശ്ചികതയാൽ ഭരിക്കപ്പെടുന്ന ലോകത്തിലോ കാലചക്രത്തിന്റെയോ ജന്മചക്രത്തിൻ്റെയോ ആവർത്തനങ്ങളിലോ വീണുഴലുന്നവനുമല്ല. "അമ്മയുടെ ഉദരത്തിൽ ഞാൻ നിന്നെ ഉരുവാക്കുന്നതിനുമുമ്പേ നിന്നെ ഞാനറിഞ്ഞു" (ജറെ 1,5). ദൈവത്തിന്റെ ഹൃദയത്തിലാണ് നാം ഉരുവാക്കപ്പെട്ടത് എന്നതിനാൽ “നാമോരോരുത്തരും ദൈവത്തിൻ്റെ ഒരു ചിന്തയുടെ ഫലമാണ്. നമ്മൾ ആഗ്രഹിക്കപ്പെട്ടവരാണ്; നാമോരോരുത്തരും സ്നേഹിക്കപ്പെട്ടവരാണ്. നാമോരോരുത്തരും അനിവാര്യരുമാണ്."

66. ഉല്പ്പത്തിപ്പുസ്തകത്തിലെ സൃഷ്‌ടിവിവരണങ്ങൾ പ്രതീകങ്ങൾ നിറഞ്ഞ കഥാഭാഷയിൽ മനുഷ്യാസ്‌തിത്വത്തെക്കുറിച്ചും അതിന്റെ ചരിത്രപരതയെക്കുറിച്ചും ആഴമേറിയ പ്രബോധനങ്ങൾ ഉൾക്കൊള്ളുന്നു. വേർപിരിക്കാനാവാത്തവിധം ഇഴചേർത്തെടുത്ത മൂന്ന് അടിസ്ഥാനബന്ധങ്ങളിലാണ് മനുഷ്യജീവിതം അടിത്തറയിട്ടിരിക്കുന്നതെന്ന് അവ പഠിപ്പിക്കുന്നു: ദൈവവുമായുള്ള ബന്ധം, സഹോദരരുമായുള്ള ബന്ധം, ഭൂമിയോടുമുള്ള ബന്ധം. വിശുദ്ധ ഗ്രന്ഥപ്രകാരം, ഈ മൂന്നു മർമപ്രധാനമായ ബന്ധങ്ങളും നമുക്കുള്ളിലും പുറമേയും തകർന്നുപോയിരിക്കുന്നു ഈ തകർച്ചയാണു പാപം. മനുഷ്യൻ, സൃഷ്‌ടി എന്ന നിലയിലുള്ള പരിമിതികൾ അംഗീകരിക്കാൻ തയ്യാറാകാതെ വരികയും ദൈവത്തിന്റെ സ്ഥാനം കൈയടക്കാൻ ശ്രമിക്കുകയും ചെയ്യുന്നതോടെ, സ്രഷ്ട‌ാവ്, മനുഷ്യവംശം, മറ്റു സൃഷ്ട‌ടികൾ എന്നിവ തമ്മിലുള്ള ഈ സ്വരചേർച്ചയ്ക്കു ഭംഗം വന്നു. തത്‌ഫലമായി ഭൂമിമേൽ "അധിപരായിരിക്കാനും" (ഉല്പ 1,28) അതു "കൃഷിചെയ്‌തു സംരക്ഷിക്കാനും" (ഉല്പ 2,15) നമുക്കു നല്കപ്പെട്ട കല്പന വികലമാക്കപ്പെട്ടു. ആദിമുതലേ മനുഷ്യനും പ്രകൃതിയും തമ്മിൽ നിലനിന്ന സ്വരുമയുടെ ബന്ധം സംഘർഷത്തിനു വഴിമാറി (ഉല്പ‌ 3,17-19). വി. ഫ്രാൻസിസ് അസ്സീസ്സി സർവ്വജീവജാലങ്ങളോടും ഐക്യത്തിൽ ജീവിച്ചത് ഈ തകർച്ചയുടെ സൗഖ്യപ്പെടുത്തലായി കാണുന്നത് എത്ര സാരവത്താണ്! വി. ബൊനവെഞ്ചറിന്റെ അഭിപ്രായത്തിൽ: സർവ്വസൃഷ്ടികളോടുമുള്ള സാർവത്രിക രഞ്ജിപ്പിലൂടെ വി. ഫ്രാൻസിസ് മനുഷ്യന്റെ ആദിമനൈർമ്മല്യത്തിലേക്ക് തിരികെയെത്തുകയായിരുന്നു. യുദ്ധം, അക്രമം, ദുരുപയോഗം, ഏറ്റവും ദുർബലരായവരെ അവഗണിക്കൽ, പ്രകൃതിയുടെമേലുള്ള അതിക്രമം എന്നിവയിൽ വെളിപ്പെടുന്ന പാപത്തിൻ്റെ സർവഭീകരതയിലും വിനാശശക്തിയിലുംനിന്നു തുലോം വ്യത്യസ്‌തമായ ഒരവസ്ഥയാണത്.

67. നമ്മൾ ദൈവമല്ല. ഈ ഭൂമി നമുക്കുമുമ്പേ ഇവിടെയുണ്ടായിരുന്നു; നമുക്കതു നല്‌കപ്പെട്ടതാണ്. ഈ വസ്തുത ഭൂമിയെ “കീഴടക്കുക” (ഉല്‌പ 1,28) എന്ന പ്രയോഗംവഴി അനിയന്ത്രിതമായ പ്രകൃതിചൂഷണത്തിനു യഹൂദ-ക്രൈസ്‌തവചിന്തകൾ മനുഷ്യനെ പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണത്തോടു പ്രതികരിക്കാൻ നമ്മെ പ്രാപ്തരാക്കുന്നു. തിരുസഭ മനസ്സിലാക്കിയിട്ടുള്ള വ്യാഖ്യാനത്തിനു കടകവിരുദ്ധമാണു മുകളിൽകണ്ട ആരോപണ വിഷയം. ചിലപ്പോഴൊക്കെ നമ്മൾ, ക്രിസ്‌ത്യാനികൾ, വി. ഗ്രന്ഥത്തെ തെറ്റായി വ്യാഖ്യാനിച്ചിട്ടുണ്ടാകാമെങ്കിലും, പ്രസ്തു‌തഭാഗം മനുഷ്യൻ ദൈവഛായയിൽ സൃഷ്‌ടിക്കപ്പെട്ടതിനാൽ സമസൃഷ്ടികളുടെമേൽ പുലർത്തുന്ന സർവ്വാധിപത്യം ന്യായീകരിക്കാനായി ഉപയോഗിക്കുന്നതിനെ ശക്തമായി എതിർക്കേണ്ടതാണ്. പ്രസ്‌തുത ബൈബിൾ ഭാഗം അതിന്റെ സന്ദർഭത്തിൽത്തന്നെ അനുയോജ്യമായ വ്യാഖ്യാനശൈലികളുടെ സഹായത്താൽ വായിക്കപ്പെടുമ്പോൾ മനുഷ്യനോട് ലോകമാകുന്ന പൂന്തോട്ടത്തെ "ഉഴുതു സൂക്ഷിക്കുക" (till and keep: ഉല്‌പ 2,15) എന്നു മാത്രമാണ് ആവശ്യപ്പെടുന്നതെന്ന വസ്‌തുത വ്യക്തമാകും. ഈ ഭൂമിയെ “ഉഴുതു സുക്ഷിക്കുക” എന്ന പ്രയോഗത്തിൽ "ഉഴുകുക” (till)എന്നതു കൃഷി

ചെയ്യുന്നതിനെയും വേലയെടുക്കുന്നതിനെയുമാണ് അർത്ഥമാക്കുന്നത്. അതേസമയം, "സൂക്ഷിക്കുക" (keep) എന്നതു കരുതൽ, സംരക്ഷണം, പരിപാലനം, മേൽനോട്ടം എന്നിവ ഭൂമിയുടെമേൽ ഉണ്ടായിരിക്കണമെന്ന് അർത്ഥമാക്കുന്നു. പ്രകൃതിയും മനുഷ്യനും തമ്മിൽ പരസ്പര ഉത്തരവാദിത്വത്തിൻ്റെ ബന്ധമാണുള്ളതെന്നു ചുരുക്കം. ഏതു ജനപദത്തിനും ഭൂമിയാകുന്ന ഈ മഹാദാനത്തിൽ നിന്നു നിലനിൽപ്പിനാവശ്യമുള്ളവ എടുക്കാം; എന്നാൽ, ഈ ഭൂമിയെ സംരക്ഷിക്കാനും വരുംതലമുറകൾക്കായി അതിൻ്റെ ഫലപുഷ്ടിയെ ഉറപ്പുവരുത്താനുമുള്ള കടമയുമുണ്ട്. "ഭൂമി കർത്താവിന്റേതാണ്" (സങ്കീ 24:1); ഭൂമിയും അതിലുള്ളവയും കർത്താവിന്റേതാണ് (നിയ 10,14). മനുഷ്യനു ഭൂമിമേൽ അപരിമിതമായ ഉടമസ്ഥാവകാശമില്ലെന്നു ദൈവം വ്യക്തമാക്കുന്നു. "ഭൂമി എന്നേയ്ക്കുമായി വിൽക്കാൻ പാടില്ല; എന്തെന്നാൽ, ഭൂമി എൻ്റേതാണ്. നിങ്ങൾ പരദേശികളും കുടികിടപ്പുകാരുമാണ്" (ലേവ്യ 25,23). ദൈവത്തിന്റെ ഭൂമിയോടു മനുഷ്യനുള്ള ഉത്തരവാദിത്വത്തിന്റെ അർത്ഥം, ബുദ്ധിയും ചിന്താശക്തിയുമുള്ളവനെന്ന നിലയിൽ അവൻ പ്രകൃതിനിയമങ്ങളെ ആദരിക്കാനും ജീവജാലങ്ങൾക്കിടയിലുള്ള ലോലമായ സമതുലിതാവസ്ഥയെ മാനിക്കാനും കടപ്പെട്ടിരിക്കുന്നു എന്നതാണ്. എന്തെന്നാൽ, "അവിടുന്നു കല്പ്പിച്ചു. അവ സൃഷ്ടിക്കപ്പെട്ടു. അവയെ അവിടുന്ന് എന്നേക്കും സുസ്ഥിരമാക്കി. അവയ്ക്ക് അതിർത്തി നിശ്ചയിച്ച് അലംഘനീയമായ നിയമവും നൽകി" (സങ്കീ 148,5-6). വി. ഗ്രന്ഥത്തിലെ നിയമങ്ങൾ മനുഷ്യർക്കു തമ്മിൽതമ്മിലുള്ളതു മാത്രമല്ല, അവർക്കു മറ്റു ജീവജാലങ്ങളോടുമുള്ള ബന്ധത്തെക്കുറിച്ചു സവിസ്തരം പ്രതിപാദിക്കുന്നു. "നിൻ്റെ സഹോദരൻ്റെ കഴുതയോ കാളയോ വഴിയിൽ വീണു കിടക്കുന്നതുകണ്ടാൽ നീ മാറിപ്പോകുകയോ സഹായം നിരസിക്കയോ ചെയ്യരുത്... കുഞ്ഞുങ്ങളുടെയോ മുട്ടകളുടെയോമേൽ തള്ളപ്പക്ഷി അടയിരിക്കുന്ന ഒരു പക്ഷിക്കൂട് വഴിയരികിലുള്ള ഏതെങ്കിലും വൃക്ഷത്തിലോ നിലത്തോ നീ കാണാനിടയായാൽ, കുഞ്ഞുങ്ങളോടുകൂടെ തള്ളയെ എടുക്കരുത്" (നിയ 22,4-6). ഇതേ രീതിയിൽ, ഏഴാം ദിവസത്തെ വിശ്രമം മനുഷ്യരെ മാത്രം ഉദ്ദേശിച്ചുള്ളതല്ല; മറിച്ച്, “നിൻ്റെ കാളയും കഴുതയും വിശ്രമിക്കട്ടെ” (പുറ 23,12). മറ്റുജീവജാലങ്ങളുടെമേൽ അടിച്ചേൽപ്പിക്കപ്പെടുന്ന മനുഷ്യമേല്ക്കോയ്മയ്ക്ക് ബൈബിളിൽ ഇടമില്ലെന്നു വ്യക്തമാണ്.

69. പ്രകൃതിവിഭവങ്ങൾ ചുമതലാബോധത്തോടെ ഉപയോഗിക്കുന്നതോടൊപ്പംതന്നെ സർവ്വജീവജാലങ്ങൾക്കും ദൈവദൃഷ്ടിയിൽ മൂല്യമുണ്ടെന്നു അംഗീകരിക്കകയും ചെയ്യാൻ നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നു. "അവയുടെ സാന്നിദ്ധ്യത്താൽത്തന്നെ അവ ദൈവത്തെ വാഴ്ത്തുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു."തീർച്ചയായും “കർത്താവ് തൻ്റെ സൃഷ്‌ടികളിൽ ആനന്ദം കൊള്ളുന്നു" (സങ്കീ 104,31). സൃഷ്‌ടിജാലത്തെയും പ്രകൃതിനിയമങ്ങളെയും ആദരിക്കാൻ മനുഷ്യൻ തൻ്റെ പദവിയാലും വിശേഷബുദ്ധിയാലും വിളിക്കപ്പെട്ടിരിക്കുന്നു. കാരണം, "കർത്താവ് തന്റെ ജ്ഞാനത്താൽ ഭൂമിയെ സ്ഥാപിച്ചു" (സുഭാ 3,19). മറ്റു സൃഷ്‌ടികൾ മനുഷ്യനു സമ്പൂർണ്ണമായി കീഴ്പെട്ടിരിക്കുന്നുവെന്നോ അവയ്ക്ക് അവയിൽത്തന്നെ മൂല്യമില്ലെന്നോ അവയെ യഥേഷ്‌ടം കൈകാര്യം ചെയ്യാമെന്നോ സഭ പ്രബോധിപ്പിക്കുന്നില്ല. ജർമൻ മെത്രാൻമാർ ഒരിക്കൽ ഇപ്രകാരം വ്യക്തമാക്കി: മറ്റു സൃഷ്‌ടികളെക്കുറിച്ചു ചിന്തിക്കുമ്പോൾ, “പ്രയോജനത്തെക്കാൾ മുൻഗണന അവയുടെ ഉണ്മയ്ക്കാണ്"? ക്രമം തെറ്റിയ മനുഷ്യകേന്ദ്രവാദത്തെ കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം നിശിതമായി വിമർശിക്കുന്നുണ്ട്. “ഓരോ സൃഷ്‌ടിക്കും അതിൻ്റേതായ നന്മയും പൂർണ്ണതയുമുണ്ട്.... ഓരോ സൃഷ്ടിയും ദൈവത്താൽ ആഗ്രഹിക്കപ്പെട്ടതെന്ന നിലയിൽ അവിടുത്തെ അനന്ത നന്മയെയും ജ്ഞാനത്തെയും അതിന്റേതായ രീതിയിൽ പ്രതിഫലിപ്പിക്കുന്നു. അതിനാൽത്തന്നെ ഓരോ സൃഷ്ടിയുടെയും സവിശേഷനന്മയേയും മൂല്യത്തേയും മനുഷ്യൻ ആദരിക്കണം; ക്രമരഹിതമായ ഉപഭോഗത്തെ ഒഴിവാക്കുകയും വേണം.

70. കായേന്റെയും ആബേലിൻ്റെയും സംഭവത്തിൽ അസൂയയുടെ പിടിയിലകപ്പെട്ട കായേൻ തന്റെ സഹോദരനോടു അങ്ങേയറ്റം അനീതി ചെയ്യുന്നതു നമ്മൾ കാണുന്നു. ഇതേത്തുടർന്നു കായേനും ദൈവവുമായുള്ള ബന്ധവും കായേനും ഭൂമിയുമായുള്ള ബന്ധവും തകരുകയും അവൻ ദേശത്തുനിന്നു നിഷ്‌കാസിതനാവുകയും ചെയ്‌തു. ദൈവവും കായേനുമായുള്ള സംഭാഷണത്തിൽ ഇതു വ്യക്തമാണ്. അവിടുന്നു ചോദിക്കുന്നു: “നിന്റെ സഹോദരൻ ആബേൽ എവിടെ?” “എനിക്കറിഞ്ഞുകൂടാ” എന്നാണ് കായേന്റെ മറുപടി. ദൈവം തുടരുന്നു: “നീ എന്താണ് ചെയ്തത്? നിൻ്റെ സഹോദരൻ്റെ രക്തം ഭൂമിയിൽ നിന്ന് എന്റെ നേർക്ക് നിലവിളിക്കുന്നു. ഭൂമിയിൽ നീ ശപിക്കപ്പെട്ടവനായിരിക്കുന്നു" (ഉല്പ 4,9-11). എന്റെ സൂക്ഷത്തിനേല്പ്പിക്കപ്പെട്ടിരിക്കുന്ന അയല്ക്കാരനുമായി ശരിയായ ബന്ധം പുലർത്തുന്നതിലും വളർത്തുന്നതിലുമുള്ള കടമയിൽ കാണിക്കുന്ന അവഗണന എന്നോടുതന്നെയും അപരനോടും ദൈവത്തോടും പ്രപഞ്ചത്തോടുമുള്ള എന്റെ ബന്ധത്തെ നശിപ്പിക്കുന്നു. ഈ ബന്ധങ്ങൾ അവഗണിക്കപ്പെടുകയാണെങ്കിൽ, ദേശത്തു നീതി വസിക്കുന്നില്ലെങ്കിൽ, ജീവൻ തന്നെയും അപകടത്തിലാണെന്നു ബൈബിൾ നമ്മെ അനുസ്മരിപ്പിക്കുന്നു. നോഹയെക്കുറിച്ചുള്ള വിവരണത്തിൽ നമ്മൾ ഇതു കാണുന്നു. നീതിയും സമാധാനവും പുലർത്തുന്നതിൽ നിരന്തരം പരാജയപ്പെടുന്നെങ്കിൽ മനുഷ്യനെ ഭൂമുഖത്തുനിന്നു തുടച്ചുനീക്കുമെന്നു ദൈവം മുന്നറിയിപ്പു നൽകുന്നുണ്ട്. "ജീവജാലങ്ങളെയെല്ലാം നശിപ്പിക്കാൻ ഞാൻ നിശ്ചയിച്ചിരിക്കുന്നു. അവർമൂലം ലോകം അധർമ്മം കൊണ്ടു നിറഞ്ഞിരിക്കുന്നു" (ഉല്‌പ 6,13). പ്രതീക സമ്പന്നമായ ഈ പുരാതന വിവരണങ്ങൾ, സർവ്വം പരസ്പരബന്ധിതമായിരിക്കുന്നുവെന്നും ജീവിതത്തോടുള്ള കരുതൽ, പ്രകൃതിയുമായുള്ള ബന്ധം എന്നിവ നീതി, സാഹോദര്യം, മറ്റുള്ളവരോടുള്ള വിശ്വസ്തതത എന്നിവയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്നുമുള്ള ബോധ്യത്തിനു സാക്ഷ്യം വഹിക്കുന്നു. “ഭൂമിയിൽ മനുഷ്യൻ്റെ ദുഷ്‌ടത വർദ്ധിച്ചിരിക്കുന്നു" (ഉല്പ 6,5) എന്നും "ഭൂമുഖത്തു മനുഷ്യനെ സൃഷ്‌ടിച്ചതിൽ കർത്താവ് പരിതപിച്ചു” (ഉല്പ 6,6) എന്നും.

71. എഴുതപ്പെട്ടിരിക്കുന്നുവെങ്കിലും, നീതിമാനും നിഷ്‌കളങ്കനുമായ നോഹ എന്നയാളിലൂടെ ദൈവം രക്ഷയ്ക്കുള്ള വഴി തുറക്കുന്നു. മനുഷ്യവംശത്തിനു പുതിയൊരു തുടക്കത്തിനു ദൈവം അവസരം നൽകി. പ്രത്യാശ പുനഃസ്ഥാപിക്കാൻ ഒരു നല്ല മനുഷ്യൻ മതി! സ്രഷ്‌ടാവ് പ്രകൃതിയിൽ കുറിച്ച താളങ്ങൾ വീണ്ടെടുക്കുന്നതിലും അവയെ മാനിക്കുന്നതിലുമാണ് ഈ നവീകരണം അടങ്ങിയിരിക്കുന്നതെന്നു ബൈബിൾ പാരമ്പര്യം വ്യക്തമാക്കുന്നു. ഉദാഹരണത്തന്, സാബത്തുനിയമം. ഏഴാം ദിവസം ദൈവം എല്ലാ ജോലികളിൽനിന്നും വിരമിച്ചു. ഓരോ ഏഴാംദിനവും വിശ്രമത്തിനായി, സാബത്തായി, മാറ്റിവെയ്ക്കാൻ അവിടുന്ന് ഇസ്രായേലിനോടു കല്‌പിച്ചു (ഉല്‌പ 2,2-3; പുറ 16,23; 20,10). അതുപോലെ ഏഴാം വർഷം ഇസ്രായേലിനു സാബത്തു വർഷമായിരിക്കണം. ദേശം മുഴുവനുമുള്ള വിശ്രമവർഷം (ലേവ്യ 25,1-4). ആ വർഷം വിതയ്ക്കാൻ പാടില്ലെന്നു മാത്രമല്ല, സ്വന്തം വീട്ടുകാരെ പോറ്റാനുള്ളതുമാത്രമേ കൊയ്തെടുക്കാവു എന്നുമുണ്ടായിരുന്നു (ലേവ്യ 25,4-6). അതിലുപരി ഏഴു സാബത്തുവർഷങ്ങൾക്കു ശേഷമുള്ള ജൂബിലിവർഷം പൊതു ഇളവിന്റെതായി ആചരിച്ചിരുന്നു. "അതു ദേശം മുഴുവനും, എല്ലാ ദേശവാസികൾക്കും സ്വാതന്ത്ര്യത്തിന്റെ വർഷമായിരിക്കണം" (ലേവ്യ 25,10). ഈ നിയമം നിലവിൽവന്നത് തമ്മിൽത്തമ്മിലുള്ള ബന്ധങ്ങളിലും, വേലയെടുക്കുകയും ജീവിക്കുകയും ചെയ്യുന്ന ഭൂമിയുമായുള്ള ബന്ധത്തിലും വന്ന പാളിച്ചകൾ പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ്. അതോടൊപ്പംതന്നെ ഭൂമിയും അതിൻ്റെ ഫലപുഷ്ടിയും എല്ലാവർക്കുമുള്ള ദാനമാണെന്ന അംഗീകരിക്കലായിരുന്നു. ഭൂമി കൃഷിചെയ്തു കാത്തു പാലിച്ചുപോന്നവർ അതിന്റെ ഫലങ്ങൾ മറ്റുള്ളവരുമായി, പ്രത്യേകിച്ചു തങ്ങളുടെ മധ്യേയുള്ള ദരിദ്രർ, വിധവകൾ, അനാഥർ, പരദേശികൾ എന്നിവരുമായി പങ്കുവെയ്ക്കാൻ കടപ്പെട്ടിരുന്നു. "നിങ്ങൾ ധാന്യം കൊയ്യുമ്പോൾ വയലിന്റെ അതിർത്തി തീർത്തു കൊയ്തെടുക്കരുത്. കൊയ്ത്തിനുശേഷം കാലാപെറുക്കുകയുമരുത്. മുന്തിരിത്തോട്ടത്തിലെ ഫലങ്ങളും തീർത്തു പറിക്കരുത്. വീണുകിടക്കുന്ന പഴം പെറുക്കിയെടുക്കുകയുമരുത്. പാവങ്ങൾക്കും പരദേശികൾക്കുമായി അതു നീക്കിവയ്ക്കുക" (ലേവ്യ 19,9-10).

72. സ്രഷ്ടാവായ ദൈവത്തെ സ്‌തുതിക്കുവാൻ സങ്കീർത്തനങ്ങൾ നമ്മെ തുടർച്ചയായി ഉദ്ബോധിപ്പിക്കുന്നു. "അവിടുന്നു സമുദ്രത്തിനുമേൽ ഭൂമിയെ വിരിച്ചു. എന്തെന്നാൽ അവിടുത്തെ കാരുണ്യം അനന്തമാണ്” (സങ്കീ 136,6). ഈ സ്‌തുതിപ്പിൽ പങ്കുചേരാൻ സർവ്വസൃഷ്‌ടികളെയും അവ ക്ഷണിക്കുന്നു. “സൂര്യചന്ദ്രന്മാരേ, അവിടുത്തെ സ്‌തുതിക്കുവിൻ. ഉന്നതവാനിടമേ, കർത്താവിനെ സ്‌തുതിക്കുവിൻ. ആകാശത്തിനുമേലുള്ള ജലസഞ്ചയം കർത്താവിന്റെ നാമത്തെ സ്‌തുതിക്കട്ടെ. എന്തെന്നാൽ, അവിടുന്നു കല്പിച്ചു. അവ സൃഷ്‌ടിക്കപ്പെട്ടു" (സങ്കീ 148,3-5). നമ്മൾ ദൈവശക്തിയാൽ സൃഷ്ടിക്കപ്പെട്ടുവെന്നതുകൊണ്ടു മാത്രമല്ല, അവിടുത്തോടൊത്തു ജീവിക്കുകയും അവിടുത്തെ പക്കൽ വസിക്കുകയും ചെയ്യുന്നതുകൊണ്ടുമാണു നമ്മൾ അവിടുത്തെ ആരാധിക്കുന്നത്.

73. പരീക്ഷണകാലങ്ങളിൽ പ്രപഞ്ചസ്രഷ്ടാവും സർവശക്തനുമായ ദൈവത്തെ ധ്യാനിച്ചു പുതുശക്തി സംഭരിക്കുവാൻ പ്രവാചകഗ്രന്ഥങ്ങൾ നമ്മെ ക്ഷണിക്കുന്നു. ദൈവത്തിന്റെ അനന്തമായ ശക്തി, അവിടുത്തെ പൈതൃകമായ ആർദ്രതയെ മറച്ചുകളയുന്നതല്ല. എന്തെന്നാൽ അവിടുന്നിൽ ശക്തിയും സ്നേഹവും യോജിച്ചിരിക്കുന്നു. ദൈവത്തിന്റെ അനന്ത ശക്തിമൂലം അവനിലുള്ള വിശ്വാസത്താൽ, ആരോഗ്യകരമായ ആത്മീയത ദൈവസ്നേഹത്തെയും ആരാധനയെയും സ്വാഗതം ചെയ്യുന്നു. ബൈബിളിൽ പ്രപഞ്ചസ്രഷ്ടാവായ ദൈവം തന്നെയാണു മോചകനും രക്ഷകനുമായി വരുന്നത്. ദൈവത്തിൻ്റെ ഈ രണ്ടു പ്രവർത്തനങ്ങളും (സൃഷ്ടി, രക്ഷ) വേർപെടുത്താനാവാത്തവിധം അത്രമേൽ ഒന്നായി ലയിച്ചിരിക്കുന്നു. "ദൈവമായ കർത്താവേ, അങ്ങാണു ശക്തമായ കരംനീട്ടി ആകാശവും ഭൂമിയും സൃഷ്ടിച്ചത്. ഒന്നും അങ്ങേക്ക് അസാദ്ധ്യമല്ല.... അങ്ങയുടെ ജനമായ ഇസ്രായേലിനെ അടയാളങ്ങളാലും അത്ഭുതങ്ങളാലും അങ്ങ് ഈജിപ്‌തിൽനിന്നു കൊണ്ടുവന്നു" (ജെറ 32,17,21). “കർത്താവ് നിത്യനായ ദൈവവും ഭൂമി മുഴുവന്റെയും സ്രഷ്ടാവുമാണ്. അവിടുന്ന് ക്ഷീണിക്കുകയോ തളരുകയോ ഇല്ല. അവിടുത്തെ മനസ്സ് അഗ്രാഹ്യമാണ്. തളർന്നവന് അവിടുന്നു ബലം നൽകുന്നു. ദുർബലനു ശക്തി പകരുകയും ചെയ്യുന്നു" (ഏശ 40,28-29).

74. ബാബിലോൺ പ്രവാസത്തെത്തുടർന്ന് ഉടലെടുത്ത ആത്മീയ പ്രതിസന്ധി ദൈവത്തിലുള്ള ആഴമേറിയ വിശ്വാസത്തിലേക്കു നയിച്ചു. തങ്ങളുടെ തകർന്ന അവസ്ഥയിൽ ജനത്തിനു പ്രത്യാശ പകരുവാൻ സർവ്വശക്തനായ ദൈവത്തിന്റെ സൃഷ്ട‌ി വൈഭവത്തെ അവർ പ്രഥമസ്ഥാനത്തു പ്രതിഷ്‌ഠിച്ചു. നൂറ്റാണ്ടുകൾക്കിപ്പുറം പീഡനത്തിന്റെയും ക്ലേശങ്ങളുടെയും മറ്റൊരു യുഗത്തിൽ, അതായത് റോമാസാമ്രാജ്യം സർവ്വാധിപത്യം അടിച്ചേല്പിക്കാൻ ശ്രമിച്ചപ്പോൾ, വിശ്വാസികൾ ആശ്വാസവും പ്രത്യാശയും കണ്ടെത്തിയതും സർവ്വശക്തനായ ദൈവത്തിലാണ്. “സർവ്വശക്തനായ കർത്താവേ, അങ്ങയുടെ പ്രവൃത്തികൾ വിസ്‌മയാവഹമാണ്"(വെളി 15,3). ഇല്ലായ്‌മയിൽനിന്ന് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച ദൈവത്തിന് ഈ ലോകത്തിൽ ഇടപെടാനും എല്ലാത്തരം തിന്മകളെയും മറികടക്കാനും കഴിയും. അനീതി അപരാജിതമല്ല.

75. സർവ്വശക്തനും സ്രഷ്‌ടാവുമായ ദൈവത്തെ മറക്കുന്ന ഒരാത്മീയത സ്വീകാര്യമല്ല. അങ്ങനെയാണു ഭൗമശക്തികളെ ആരാധിക്കുന്നതിലും, ദൈവത്തിൻ്റെ സൃഷ്ട‌ിയെ ചവിട്ടിയരയ്ക്കാനുള്ള സമ്പൂർണ്ണാവകാശമുണ്ടെന്നു ധരിക്കുന്നതിലും ദൈവത്തിന്റെ സ്ഥാനം നമ്മൾ തട്ടിയെടുക്കുന്നതിലും ചെന്നവസാനിക്കുന്നത്. മനുഷ്യൻ നില്ക്കേണ്ടിടത്തു നില്ക്കണമെങ്കിൽ, ഭൂമിയുടെമേലുള്ള സർവ്വാധിപത്യവാദത്തെ ഉപേക്ഷിക്കണമെങ്കിൽ, സ്രഷ്ടാവും ഉടയവനുമായ പിതാവിനെക്കുറിച്ചു വീണ്ടും നമ്മൾ സംസാരിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ മനുഷ്യൻ തൻ്റെ തന്നെ ഇഷ്ടങ്ങളും ചട്ടങ്ങളും യാഥാർത്ഥ്യത്തിനുമേൽ അടിച്ചേല്പിച്ചുകൊണ്ടിരിക്കും. 

 III. പ്രപഞ്ചമെന്ന രഹസ്യം 

76. യഹൂദ-ക്രൈസ്‌തവ പാരമ്പര്യത്തിൽ "സൃഷ്‌ടി" എന്ന പദത്തിനു “പ്രകൃതി" എന്നതിനേക്കാൾ വിശാലമായ അർത്ഥമുണ്ട്. ഓരോന്നിനും അതിൻ്റേതായ അർത്ഥവും മൂല്യവുമുള്ള ദൈവത്തിന്റെ സ്നേഹപദ്ധതിയുമായി ബന്ധപ്പെട്ടതാണു "സൃഷ്ടി". മനുഷ്യനു ബുദ്ധികൊണ്ടു മനസിലാക്കാവുന്നതും പഠനവിധേയമാക്കാവുന്നതും നിയന്ത്രിക്കാവുന്നതുമായ ഒരു സംവിധാനമാണു “പ്രകൃതി” എങ്കിൽ, എല്ലാറ്റിൻ്റെയും പിതാവായവന്റെ കരങ്ങളിൽനിന്നു കിട്ടിയതും, സ്നേഹത്താൽ പ്രകാശിതമായ ഒരു യാഥാർത്ഥ്യമെന്ന നിലയിൽ നാമെല്ലാവരെയും ആഗോള ഐക്യത്തിലേക്കും കൂട്ടായ്‌മയിലേക്കും ക്ഷണിക്കുന്നതുമായ ദാനമാണു "സൃഷ്ടി". 

77. “കർത്താവിൻ്റെ വചനത്താൽ ആകാശം സൃഷ്‌ടിക്കപ്പെട്ടു" (സങ്കീ 33,6). ലോകം സുനിശ്ചിതമായ ഒരു (ദൈവിക) തീരുമാനത്തിൽനിന്ന് ഉടലെടുത്തതാണെന്നും യാദൃച്ഛികതയുടെ ഫലമല്ലെന്നും ഇവിടെ വ്യക്തമാകുന്നു. ഇതുതന്നെയാണു പ്രപഞ്ച ത്തിൻ്റെ മഹത്വത്തിനു നിദാനം. സൃഷ്ട്‌ടിക്കുന്ന വചനം എന്ന പ്രയോഗം സ്വതന്ത്രമായ തീരുമാനത്തെ പ്രകാശിപ്പിക്കുന്നു. ദൈവത്തിന്റെ സർവാധികാരത്തെ സൂചിപ്പിക്കാനോ ശക്തി തെളിയിക്കാനോ സ്വയം ഉയർത്തിക്കാട്ടാനോ ഉള്ള ഒരു ശ്രമത്തിന്റെ ഫലമായല്ല പ്രപഞ്ചം ആവിർഭവിച്ചത്. മറിച്ച്, സ്നേഹത്തിന്റെ ക്രമത്തിലുള്ളതാണു സൃഷ്‌ടി. സർവസൃഷ്‌ടവസ്തുക്കളിലെയും അടിസ്ഥാന ചാലകശക്തി ദൈവത്തിൻ്റെ സ്നേഹമാണ്. “എല്ലാറ്റിനെയും അങ്ങു സ്നേഹിക്കുന്നു. അങ്ങു സൃഷ്‌ടിച്ച ഒന്നിനെയും അങ്ങു ദ്വേഷിക്കുന്നില്ല. ദ്വേഷിച്ചെങ്കിൽ സൃഷ്‌ടിക്കുമായിരുന്നില്ല" (ജ്ഞാനം 11,24). ഒരോ സൃഷ്‌ടിയും പിതാവിൻ്റെ ആർദ്രതയ്ക്കു വിഷയമാണ്. അവിടുന്ന് അവയ്ക്കെല്ലാം ലോകത്തിൽ അനുയോജ്യമായ ഇടം നൽകുന്നു. പ്രപഞ്ചത്തിലെ ഏറ്റവും നിസാരമായ ഒന്നിന്റെ ക്ഷണികജീവിതംപോലും അവിടുത്തെ സ്നേഹത്തിനു വിഷയമാണ്. അതിൻ്റെ നൈമിഷിക ജിവിതത്തിനിടയിലും ദൈവം അതിനെ തന്റെ സ്നേഹം കൊണ്ടു പൊതിയുന്നു. മഹാനായ വി. ബേസിൽ, സ്രഷ്ട്ടാവിനെ "അളവറ്റ നന്മ"" എന്നു വിശേഷിപ്പിച്ചു. ഡാൻ അലിഗിറി "സൂര്യനെയും നക്ഷത്രങ്ങളെയും ചലിപ്പിക്കുന്ന സ്നേഹം" എന്നു സ്രഷ്‌ടാവിനെ വിളിച്ചു. ഇതിൻപ്രകാരം, മനുഷ്യനു സൃഷ്ട‌ിക്കപ്പെട്ടവയിൽനിന്നു "ദൈവത്തിൻ്റെ മഹത്വത്തിലേക്കും അവിടുത്തെ സ്നേഹാർദ്രമായ കരുണയിലേക്കും ഉയരാൻ കഴിയും.

78. അതേസമയം, യഹൂദ-ക്രൈസ്‌തവചിന്ത പ്രകൃതിസങ്കല്പത്തെ ദിവ്യപരിവേഷത്തിൽനിന്നു വിമുക്തമാക്കി. പ്രകൃതിയുടെ പ്രാഭവത്തെയും വലിപ്പത്തെയും ആദരിക്കുന്നെങ്കിലും അതിനെ ദൈവതുല്യമായി കണക്കാക്കിയില്ല. ഈ കാഴ്‌ചപ്പാട് പ്രകൃതിയോടുള്ള നമ്മുടെ ഉത്തരവാദിത്വം കുറയ്ക്കുകയല്ല, കൂട്ടുകയാണു ചെയ്യുന്നത്. ഇതു മനുഷ്യൻ്റെ സ്വാതന്ത്ര്യവും ഉത്തരവാദിത്വവും എടുത്തുകളയുകയല്ല; മറിച്ച്, പ്രപഞ്ചത്തിൻ്റെ ഭാഗമെന്നനിലയിൽ തങ്ങളുടെ കഴിവുകളെ വർദ്ധിപ്പിക്കാനും അങ്ങനെ പ്രപഞ്ചത്തിന്റെ ശക്തിയെ വികസിപ്പിക്കാനും മനുഷ്യനുള്ള കടമ ഉറപ്പിക്കുകയാണ്. പ്രകൃതിയുടെ മൂല്യവും അതിൻ്റെ ദൗർബല്യവും അതോടൊപ്പം ദൈവം നമുക്കു നല്‌കിയിട്ടുള്ള കഴിവുകളും അംഗീകരിക്കുകയാണെങ്കിൽ അനിയന്ത്രിതമായ ഭൗതികപുരോഗതിയെന്ന പുതിയ മിത്തിനെ നമുക്ക് എന്നേക്കുമായി ഉപേക്ഷിക്കാനാവും. ദൈവം മനുഷ്യസൂക്ഷത്തിനേല്പ്‌പിച്ചിരിക്കുന്നത് ഉടഞ്ഞുപോകാവുന്ന ഒരു ലോകമാണെന്ന തിരിച്ചറിവ് നമ്മുടെ അധികാരശക്തികളെ ബോധപൂർവ്വം നിയന്ത്രിക്കാനും ഒതുക്കിനിറുത്താനും വേണ്ടതുപോലെ വികസിപ്പിക്കാനുമുള്ള വെല്ലുവിളി ഉയർത്തുന്നു.

79. സർവ്വവും ദൈവത്തിൻ്റെ സർവാതിശയത്വത്തിലേക്കു തുറന്നിരിക്കുന്നതും, പരസ്‌പര സമ്പർക്കത്തിലിരിക്കുന്നതുമായ സംവിധാനങ്ങളാൽ രൂപംപ്രാപിച്ച ഈ പ്രപഞ്ചത്തിൽ അനവധി ബന്ധങ്ങളും പങ്കാളിത്തങ്ങളും ദൃശ്യമാണ്. പ്രപഞ്ചത്തിൽ ചുരുളഴിയുന്നതിൻ്റെ അർത്ഥവും രഹസ്യാത്മകസൗന്ദര്യവും വിശദീകരിക്കാൻ വിശ്വാസം നമ്മെ സഹായിക്കുന്നു. ഒരുവശത്ത് നല്ല കാര്യങ്ങളെയും മറുവശത്ത് പുതിയ രോഗങ്ങളും സഹനങ്ങളും പരാജയങ്ങളും കടന്നുവരുമ്പോൾ അവയെയും ബുദ്ധിപൂർവ്വം വിലയിരുത്താനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. മനുഷ്യചരിത്രത്തിൽ നാടകീയതയും വികാരവിക്ഷോഭവും മുറ്റി നില്ക്കുന്ന സന്ദർഭങ്ങൾ സൃഷ്ടിക്കുന്നത് ഈ കഴിവാണ്. ഒന്നുകിൽ സ്വാതന്ത്ര്യം, വളർച്ച, രക്ഷ, സ്നേഹം എന്നിവ പൂവിടുന്ന സന്ദർഭങ്ങൾ അല്ലെങ്കിൽ ജീർണതയുടെയും പരസ്പരവിനാശത്തിന്റെയും രംഗങ്ങൾ. സഭയുടെ പ്രവൃത്തി പ്രകൃതി സംരക്ഷണത്തിൻ്റെ കടമകളെ ഓർമ്മപ്പെടുത്തുക മാത്രമല്ല, "മനുഷ്യവംശത്തെ സ്വയം നശിക്കുന്ന തിൽനിന്നു സംരക്ഷിക്കുകയും വേണം.

80. നമ്മോടൊപ്പം പ്രവർത്തിക്കുന്ന ദൈവം, നമ്മുടെ സഹകരണത്തെ മുഖവിലയ്ക്കെ‌ടുക്കുന്ന ദൈവം, നമ്മൾ ചെയ്‌തുപോയ തിന്മയിൽ നിന്നും നന്മ പുറപ്പെടുവിക്കാൻ കഴിയുന്നവനാണ്. “ദൈവികമനസിനനുയോജ്യമായ അനന്തമായ സൃഷ്ടിപരത പരിശുദ്ധാരൂപിക്കുണ്ടെന്നു പറയാം. മനുഷ്യൻ്റെ ചെയ്‌തികൾ കൊണ്ടുണ്ടാകുന്ന കുരുക്കുകൾ അവ എത്ര സങ്കീർണ്ണമായിരുന്നാലും സൂക്ഷ്‌മമായിരുന്നാലും അഴിക്കാൻ അവിടുത്തേയ്ക്കറിയാം."" പൂർണതയിലെത്തിയ ഒരു ലോകത്തെയല്ല ദൈവം സൃഷ്ടിച്ചത്; വികസനം ആവശ്യമുള്ള ഒന്നിനെയാണ്. ഇന്നു നമ്മൾ തിന്മയെന്നോ അപായമെന്നോ സഹനമെന്നോ പേരു വിളിക്കുന്ന പലതും യഥാർത്ഥത്തിൽ ദൈവം സ്വയം പരിമിതിപ്പെടുത്തിക്കൊണ്ടു തന്റെ സൃഷ്‌ടികർമ്മത്തിൽ മനുഷ്യൻ്റെ സഹകരണം തേടുന്നതിന്റെ ഭാഗമാണ്; ജന്മം നല്‌കുന്നതിലെ വേദനയുടെ ഭാഗമാണ്. ഒരു സൃഷ്ട‌ിയുടെയും സ്വാതന്ത്ര്യത്തെ ഹനിക്കാതെ ഓരോ സൃഷ്ടിയിലും നേരിട്ടു സന്നിഹിതനാകുന്ന ദൈവം, ഭൗമികകാര്യങ്ങളിലുള്ള ന്യായമായ സ്വയംനിയന്ത്രണാവകാശത്തിന് അടിസ്ഥാനമിടുന്നു. അവിടുത്തെ സാന്നിധ്യം ഓരോ സൃഷ്ടിയുടെയും നിലനില്പ്‌പും വളർച്ചയും ഉറപ്പുവരുത്തിക്കൊണ്ടു “സൃഷ്ടിയുടെ പ്രവൃത്തി തുടരുകയാണ്. ദൈവാരൂപി പ്രപഞ്ചത്തെ സാധ്യതകൾകൊണ്ടു നിറച്ചിരിക്കുന്നതിനാൽ, പ്രപഞ്ചവസ്തുക്കളുടെ ഉള്ളിൽനിന്നു നവീനതകൾ ജന്മമെടുക്കാനുള്ള സാധ്യതകളുണ്ട്. “പ്രകൃതി ദൈവത്തിൻ്റെ ഒരു കലാസൃഷ്‌ടിയല്ലാതെ മറ്റൊന്നുമല്ല. ഓരോന്നിലും അവിടുത്തെ കലാവിരുതിൻ്റെ മുദ്ര പതിഞ്ഞിരിക്കുന്നു. ഓരോന്നും നിയതമായ ലക്ഷ്യത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. സ്വയം ചലിച്ച് ഒരു കപ്പലായിത്തീരാനുള്ള വൈഭവം തടിക്കുള്ളിൽ കപ്പൽപ്പണിക്കാരൻ സന്നിവേശിപ്പിച്ചാലെന്നപോലെയാണിത്.

81. പരിണാമപ്രക്രിയ അംഗീകരിച്ചാൽപ്പോലും, മറ്റു വ്യവസ്ഥകളിലെ പരിണാമ മാതൃകകളിൽ തൃപ്‌തികരമായി വിശദീകരിക്കാനാവാത്ത ഒരു തനിമ മനുഷ്യനുണ്ട്. തന്നോടുതന്നെയും മറ്റു മനുഷ്യരോടും ദൈവത്തോടും സംഭാഷണത്തിലേർപ്പെടാൻ ഓരോ മനുഷ്യനും തനതായ വ്യക്തിത്വവും കഴിവുമുണ്ട്. ഭൗതിക ശാസ്ത്രത്തിന്റെയും ജീവശാസ്ത്രത്തിന്റെയും വിശദീകരണങ്ങൾക്കപ്പുറമാണു മനുഷ്യനുള്ള ചിന്താശക്തി, വാദഗതികൾ അവതരിപ്പിക്കാനുള്ള കഴിവ്, നൂതനകണ്ടുപിടിത്തങ്ങൾക്കുള്ള പ്രതിഭ, സംഭവങ്ങളെ വിശകലനം ചെയ്യാനുള്ള ശേഷി, കലാവൈഭവം, ഇനിയും കണ്ടെത്താനുള്ള നിരവധി കഴിവുകൾ തുടങ്ങിയവ. ഇവ മനുഷ്യന്റെ തനിമയെ കൂടുതൽ വ്യക്തമാക്കുന്നു. പദാർത്ഥപരമായ പ്രപഞ്ചത്തിൽ വ്യക്തിത്വമുള്ള ഒരു ജീവി എന്നതിലെ പുതുമ മാത്രംമതി ഈ പ്രപഞ്ചത്തിൽ ദൈവത്തിൻ്റെ ഇടപെടൽ വ്യക്തമാക്കാൻ. “ഞാൻ” എന്നും “നീ” എന്നുമുള്ള വ്യതിരിക്തത പുലർത്തി തമ്മിൽ ബന്ധങ്ങൾ രൂപീകരിക്കാനുള്ള സവിശേഷജീവിതവിളിയാണ് ദൈവം മനുഷ്യനു നൽകിയിട്ടുള്ളത്. ബൈബിളിലെ സൃഷ്ടിയുടെ വിവരണങ്ങൾ നമ്മോടാവശ്യപ്പെടുന്നത്, മനുഷ്യനെ ഒരു വ്യക്തിയായി കാണാനാണ്; മനുഷ്യനെ ഒരിക്കലും വസ്‌തുവായി തരം താഴ്ത്താനാവില്ല.

82. ഇതിനർത്ഥം, മറ്റെല്ലാ ജീവികളും മനുഷ്യൻ്റെ സ്വേച്ഛാധിപത്യത്തിന് അടിപ്പെട്ടുകിടക്കേണ്ട വസ്‌തുക്കളാണെന്നല്ല. പ്രകൃതിയെ ലാഭനേട്ടങ്ങൾക്കുള്ള ഉപാധിയായി മാത്രം കണ്ടാൽ സമൂഹത്തിൽ ഗൗരവമായ പ്രത്യാഘാതങ്ങളുണ്ടാകും. “കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ" (might is right) എന്ന കാഴ്‌ചപ്പാട് വലിയൊരു വിഭാഗം ജനങ്ങളെയും വൻതോതിലുള്ള അസമത്വങ്ങൾക്കും അനീതികൾക്കും അതിക്രമങ്ങൾക്കും ഇരയാക്കിത്തീർത്തിട്ടുണ്ട്. കാരണം, ഇവിടെ വിഭവങ്ങൾ ആദ്യം വരുന്നവന്റെയോ അതിബലവാന്റെയോ കൈകളിൽമാത്രം ചെന്നുചേരുന്നു; ജേതാവു സർവം കൈവശപ്പെടുത്തുന്നു. ഈ രീതിക്കുനേർവിപരീതമാണ് ഈശോ വിഭാവനം ചെയ്യുന്ന സമാധാനം, സ്വരുമ, നീതി, സാഹോദര്യം എന്നിവ. “വിജാതീയരുടെ ഭരണകർത്താക്കൾ അവരുടെമേൽ യജമാനത്വം പുലർത്തുന്നവെന്നും അവരുടെ പ്രമാണികൾ അവരുടെ മേൽ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങൾക്കറിയാമല്ലോ. എന്നാൽ നിങ്ങളുടെയിടയിൽ അങ്ങനെയാകരുത്. നിങ്ങളിൽ വലിയവൻ നിങ്ങളുടെ ദാസനായിരിക്കണം" (മത്താ 20,25-26).

83. ഈ പ്രപഞ്ചത്തിൻ്റെ അവസാന ഭാഗധേയം ഉത്ഥിതനായ മിശിഹാ കൈവരിച്ച ദൈവികസമ്പൂർണതയിലാണ്. അവിടുന്നാണ് എല്ലാറ്റിന്റെയും സമ്പൂർണതയുടെ അളവുകോൽ.  മനുഷ്യൻ മറ്റു ജീവിജാലങ്ങളുടെമേൽ പുലർത്തുന്ന നിരുത്തരവാദപരമായ സ്വേച്ഛാധിപത്യം നിരസിക്കാൻ ഒരു ന്യായം കൂടിയുണ്ട്. മറ്റു സൃഷ്ടികളുടെ അന്തിമലക്ഷ്യം നമ്മിലല്ല. അവ നമ്മോടൊപ്പവും നമ്മിലൂടെയും അവസാന സംഗമസ്ഥാനമായ ദൈവത്തിലേക്ക് പ്രയാണം ചെയ്യുന്നുവെന്നേയുള്ളു. ആ അതിഭൗതിക സമ്പൂർണതയിലാണ് ഉത്ഥിതനായ മിശിഹാ എല്ലാറ്റിനെയും ആശ്ലേഷിക്കുന്നതും പ്രകാശിപ്പിക്കുന്നതും. ബുദ്ധിയും സ്നേഹവും നല്‌കപ്പെട്ട മനുഷ്യൻ മിശിഹായുടെ പൂർണതയിലേക്ക് ആനയിക്കപ്പെട്ട മനുഷ്യൻ മറ്റെല്ലാ ജീവിജാലങ്ങളെയും സ്രഷ്‌ടാവിങ്കലേക്കു കൈപിടിച്ചു നടത്താൻ കടപ്പെട്ടവനാണ്.

IV. സൃഷ്ട‌ിയുടെ ഏകസ്വരതയിൽ ഓരോ സൃഷ്‌ടിയുടെയും

സന്ദേശം

84. മനുഷ്യൻമാത്രം ദൈവത്തിൻ്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന വാദഗതിമൂലം മറ്റു സൃഷ്‌ടികളുടെ ജീവിതലക്ഷ്യത്തെ കാണാതെ പോകരുത്. പ്രയോജനരഹിതമായി ഒന്നുമില്ല. പദാർത്ഥപ്രപഞ്ചമാകമാനം ദൈവത്തിൻ്റെ അനന്തമായ സ്നേഹത്തെയും വാത്സല്യത്തെയുംകുറിച്ചാണു നമ്മോടു സംസാരിക്കുന്നത്. മണ്ണ്, വെള്ളം, മലകൾ - എല്ലാം ദൈവത്തിൻ്റെ ലാളന നിറഞ്ഞ തലോടലുകളാണ്. ദൈവവുമായുള്ള നമ്മുടെ സൗഹൃദത്തിൻ്റെ ചരിത്രം നമുക്കോരോരുത്തർക്കും വ്യക്തിപരമായി ഇഷ്ടപ്പെട്ട ചില പ്രത്യേക സ്ഥലങ്ങളുമായി ബന്ധപ്പെട്ടതാണ്. നമുക്കു മറക്കാനാവാത്ത പല പ്രദേശങ്ങളുമുണ്ട്. അവയെക്കുറിച്ചുള്ള ഓർമ്മതന്നെ നമുക്കേറെ നന്മ കൊണ്ടുവരുന്നു. മലനിരകൾക്കരികിൽ ജനിച്ചുവളർന്ന ഒരാൾ, അല്ലെങ്കിൽ നീർച്ചാലുകൾക്കരുകിലിരുന്ന് അതിൽനിന്നും ദാഹമകറ്റിയിട്ടുള്ള ഒരാൾ, അതുമല്ലെങ്കിൽ പരിസരത്തുള്ള മൈതാനങ്ങളിൽ കളിച്ചുനടന്നിട്ടുള്ള ഒരാൾ ഇവർക്കൊക്കെ ആ സ്ഥലങ്ങളിലേക്കുള്ള ഒരു മടക്കയാത്ര, നഷ്ടപ്പെട്ടുപോയ ആന്തരാംശം വീണ്ടെടുക്കാനുള്ള അവസരമാണ്.

85. പ്രപഞ്ചത്തിലെ അനേകശതം സൃഷ്‌ടികളാകുന്ന അക്ഷരങ്ങളുപയോഗിച്ചു ദൈവം അമൂല്യമായ ഒരു ഗ്രന്ഥം രചിച്ചിരിക്കുന്നു."" ദൈവത്തെ വെളിപ്പെടുത്തുന്നതിൽനിന്ന് ഒരു സൃഷ്ടിയും മാറിനിൽക്കുന്നില്ലെന്നു കാനഡയിലെ മെത്രാന്മാർ ചൂണ്ടിക്കാട്ടിയത് എത്ര ശരിയാണ്! “മനോഹരമായ പ്രകൃതിദൃശ്യങ്ങൾ മുതൽ ഏറ്റവും നിസാരമായ ജീവിവരെ, പ്രകൃതിയിലുള്ള എല്ലാം നിലയ്ക്കാത്ത അത്ഭുതാദരങ്ങളുടെ ഉറവിടമാണ്. അതു ദൈവികവെളിപാടിന്റെ തുടർച്ചതന്നെയത്രെ."" ജപ്പാൻ മെത്രാന്മാരാകട്ടെ, ചിന്തോദ്ദീപകമായ ഈ നിരീക്ഷണം നടത്തി: "അസ്ത‌ിത്വത്തിന്റെ ഗീതത്തിൽ പങ്കുചേർന്നു പാടുന്ന ഓരോ ജീവിയേയും സംവേദിച്ചറിയുകയെന്നാൽ ദൈവത്തിൻ്റെ സ്നേഹത്തിലും പ്രത്യാശയിലും ആനന്ദിച്ചു ജീവിക്കുക" എന്നാണർത്ഥം." സൃഷ്‌ടികളെക്കുറിച്ചുള്ള ഈ ധ്യാനം ഓരോന്നിലൂടെയും ദൈവം നൽകുന്ന സന്ദേശം കണ്ടെത്താൻ നമ്മെ സഹായിക്കുന്നു. "വിശ്വാസിയായ ഒരുവനു സൃഷ്ടിയെക്കുറിച്ചുള്ള ധ്യാനം ഒരു സന്ദേശം കേൾക്കുന്നതുപോലെയാണ്; വൈരുദ്ധ്യാത്മകവും നിശബ്‌ദവുമായ ശബ്ദം കേൾക്കുന്നതുപോലെ."" "വി.ഗ്രന്ഥത്തിലടങ്ങിയിരിക്കുന്ന വെളിപാടുകൾക്കൊപ്പം സൂര്യോദയത്തിലും സൂര്യാസ്‌തമയത്തിലും ദൈവിക വെളിപാടുകളുണ്ടെന്നു" നമുക്കു പറയാൻ സാധിക്കും. ഈ വെളിപാടുകളെ നിരീക്ഷിച്ചാൽ മറ്റു സൃഷ്ടികളുമായി നാം ബന്ധപ്പെട്ടു നില്ക്കുന്നുവെന്നു കാണാൻ നാം പരിശീലിക്കും. "ലോകത്തെ അവതരിപ്പിക്കുന്നതിലൂടെ ഞാൻ എന്നെത്തന്നെ അവതരിപ്പിക്കുന്നു. ലോകത്തിന്റെ പരിശുദ്ധിയെ കണ്ടെത്താൻ ശ്രമിക്കുന്നതിലൂടെ ഞാൻ എന്റെ തന്നെ വിശുദ്ധി തേടുന്നു.

86. പ്രപഞ്ചം മുഴുവനും അതിലെ പരസ്‌പരബന്ധങ്ങളിലൂടെ ദൈവത്തിൻ്റെ അക്ഷയമായ സമ്പത്ത് വെളിപ്പെടുത്തുന്നു. വി. തോമസ് അക്വീനാസ് എഴുതി: വ്യത്യസ്‌തതയും വൈവിധ്യവും “ആദികാരണമായവൻ്റെ തീരുമാനത്തിൽ നിന്നുവരുന്നു;" എന്തെന്നാൽ, “ഒരു ദൈവികസൃഷ്‌ടിയിലുള്ള കുറവ് മറ്റൊന്നിനാൽ നികത്തപ്പെടണമെന്ന് അവിടുന്ന് ആഗ്രഹിച്ചു. ഒരൊറ്റ സൃഷ്ടിക്കു തനിച്ചു ദൈവത്തിൻ്റെ സമ്പൂർണ നന്മയെ ഉചിതാംവിധം പ്രതിഫലിപ്പിക്കുക സാധ്യമല്ല." അതിനാൽ, വിവിധ ബന്ധങ്ങളുടെ പശ്ചാത്തലത്തിൽവേണം നാം വൈവിധ്യത്തെ വിലയിരുത്തേണ്ടത്. ദൈവപദ്ധതിയുടെ സാകല്യത്തിൽ നമ്മൾ ഓരോ സൃഷ്ടിയെക്കുറിച്ചും ധ്യാനിക്കുന്നത് അവയുടെ പ്രാധാന്യം കൂടുതൽ മനസിലാക്കാൻ നമ്മെ സഹായിക്കും." മതബോധനഗ്രന്ഥം പഠിപ്പിക്കുന്നു: "ദൈവം സൃഷ്ടികളുടെ പരസ്‌പരാശ്രയത്വം ആഗ്രഹിക്കുന്നു. സൂര്യനും ചന്ദ്രനും കേദാരവൃക്ഷവും ചെറുകുസുമവും കഴുകനും ചെറുകുരുവിയും: എണ്ണമറ്റ ഇവയുടെ വൈവിധ്യത്തിന്റെയും അസമത്വങ്ങളുടെയും ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്, ഒരു സൃഷ്ടിയും സ്വയം പര്യാപ്‌തമല്ലെന്നാണ്; പരസ്‌പരാശ്രയത്വമില്ലാതെ സൃഷ്‌ടികൾക്കു നിലനില്പ്പില്ല. പരസ്‌പരമുള്ള സഹായത്തിലൂടെ അവ പൂർണതയിലെത്തുന്നു.

87. അസ്ത‌ിത്വമുള്ള എല്ലാറ്റിലും ദൈവം പ്രതിഫലിക്കപ്പെടുന്നെന്നു കാണുമ്പോൾ അവയെപ്രതി നമ്മുടെ അന്തരംഗം ദൈവത്തെ മഹത്വപ്പെടുത്തുകയും അവയോടുചേർന്നു ദൈവത്തെ ആരാധിക്കാൻ തയ്യാറെടുക്കുകയും ചെയ്യും. വി. ഫ്രാൻസിസ് അസ്സീസ്സിയുടെ ഗീതത്തിൽ ഈ ചേതോവികാരം മനോഹരമായി രൂപം കൊണ്ടിരിക്കുന്നു: 

എന്റെ കർത്താവേ,
നിന്റെ സർവ്വസൃഷ്ടികളാൽ
വിശിഷ്യാ, സോദരൻ സൂര്യനാൽ
നീ സ്‌തുതിക്കപ്പെടട്ടെ!
പകലായ അവനിലൂടെ
ഞങ്ങൾക്കു നീ വെളിച്ചമേകുന്നു
അവൻ സുന്ദരനും
ഉജ്ജ്വല കാന്തിയാൽ കതിരുകൾ വീശുവോനും
മഹോന്നതനായ നിൻ്റെ സാദൃശ്യം പേറുവോനുമാകുന്നു. 
സോദരി ചന്ദ്രനാലും താരങ്ങളാലും 
എൻ്റെ കർത്താവേ, നീ സ്‌തുതിക്കപ്പെടട്ടെ! 
ഉജ്ജ്വലവും അനർഘവും രമണീയവുമായി 
സ്വർഗത്തിൽ നീയവയെ മെനഞ്ഞു. 
സോദരൻ കാറ്റിനാൽ 
എന്റെ കർത്താവേ, നീ സ്‌തുതിക്കപ്പെടട്ടെ! 
മേഘാവൃതവും പ്രശാന്തവുമായ വായുവിലൂടെയും 
നിന്റെ സൃഷ്ട‌ികളെ നീ നിലനിർത്തുന്ന 
കാലഭേദങ്ങളിലൂടെയും നീ സ്‌തുതിക്കപ്പെടട്ടെ! 
ഉപയോഗ്യയും വിനീതയും 
അമൂല്യയും പരിശുദ്ധയുമായ 
സോദരി ജലത്താൽ 
എന്റെ കർത്താവേ, നീ സ്‌തുതിക്കപ്പെടട്ടെ! 
ഇരവിനെ നീ പ്രഭാമയമാക്കുന്ന 
സോദരൻ അഗ്നിയാൽ 
എന്റെ കർത്താവേ, നീ സ്‌തുതിക്കപ്പെടട്ടെ! 
അവൻ അഴകുറ്റവനും ഉല്ലാസവാനും 
കരുത്തനും ശക്തനുമല്ലോ."

88. ബ്രസീലിലെ മെത്രാന്മാർ ചൂണ്ടിക്കാട്ടിയതുപോലെ, പ്രകൃതി മുഴുവനും ദൈവത്തെ വെളിപ്പെടുത്തുന്നുവെന്നു മാത്രമല്ല, അത് അവിടുത്തെ സാന്നിദ്ധ്യത്തിൻ്റെ ഇടവുമാണ്. ജീവിപ്പിക്കുന്ന റൂഹാ ഓരോ ജീവിയിലും സന്നിഹിതനായിക്കൊണ്ട് അവിടുത്തോടു ബന്ധം പുലർത്താൻ നമ്മെ ക്ഷണിക്കുന്നു.ഈ സാന്നിധ്യാവബോധം “പാരിസ്ഥിതിക പുണ്യങ്ങൾ പരിശീലിക്കാൻ നമ്മെ സഹായിക്കുന്നു. ദൈവവും ഈ ഭൗതികവസ്‌തുക്കളും തമ്മിൽ അതിബൃഹത്തായ അന്തരമുണ്ടെന്നും ദൈവത്തിലുള്ള പൂർണത സൃഷ്ടവസ്‌തുക്കൾക്കില്ലെന്നും മറക്കാൻ പാടില്ല. മറിച്ചുള്ള കാഴ്‌ചപ്പാട് സൃഷ്‌ടികൾക്ക് ഉപകാരപ്രദമായിരിക്കില്ല; കാരണം, അപ്പോൾ അവയുടെ തനതുസ്ഥാനവും അവകാശങ്ങളും നാം നിഷേധിക്കുകയാവും. ഈ ചെറുവസ്‌തുക്കളിൽ നിന്ന്, അവയ്ക്കൊരിക്കലും നൽകാനാവാത്ത വൻകാര്യങ്ങൾ ആവശ്യപ്പെട്ടു കൊണ്ടേയിരിക്കും നമ്മൾ. 

 V. ആഗോള ഐക്യം

89. സൃഷ്ടവസ്തുക്കൾക്ക് ഉടമയില്ലാതില്ല. എന്തെന്നാൽ, "ജീവനുള്ളവയെ സ്നേഹിക്കുന്ന കർത്താവേ, അവയെല്ലാം അങ്ങയുടേതാകുന്നു” (ജ്ഞാനം 11,26). ഇതാണ്, പ്രപഞ്ചത്തിന്റെ ഭാഗമെന്ന നിലയിൽ, ഒരേ ഒരു പിതാവിനാൽ അസ്തിത്വത്തിലേക്കു കൊണ്ടുവരപ്പെട്ടനാമെല്ലാം അദൃശ്യമായ ബന്ധങ്ങളാൽ ആഗോള കുടുംബമായി രൂപം കൊണ്ടിരിക്കുന്നുവെന്നു പറയുന്നതിന്റെ കാരണം. നാമെല്ലാവരെയും പരിശുദ്ധവും വാത്സല്യപൂർണവും വിനയാന്വിതവുമായ ആദരവാൽ നിറയ്ക്കുന്ന ഐക്യബോധമാണിത്. ഞാനാവർത്തിക്കട്ടെ: "ദൈവം നമ്മെ ചുറ്റുമുള്ള ഈ ലോകത്തോട് അഭേദ്യമായി യോജിപ്പിച്ചിരിക്കുന്നതിനാൽ മണ്ണ് മരുഭൂമിയായി മാറുന്നത് രോഗബാധപോലെയും വംശനാശം, നൊന്തുനീറുന്ന അംഗഭംഗം പോലെയും നമുക്കനുഭപ്പെടുന്നു.

90. എല്ലാ ജീവികളെയും ഒരേ തലത്തിൽ പ്രതിഷ്ഠിക്കാനോ മനുഷ്യന്റെ സവിശേഷമൂല്യവും അതിൽനിന്നുളവാകുന്ന ബൃഹത്തായ ഉത്തരവാദിത്വവും അപഹരിക്കാനോ ഉദ്ദേശ്യമില്ല. ഭൂമിയിൽ വേലയെടുക്കുന്നതും അതിനെ ദുർബലതയിൽ സംരക്ഷിക്കുന്നതും അസാധ്യമാക്കുന്ന വിധത്തിൽ ഭൂമിയ്ക്കു ദൈവികത കല്പ്പിക്കാനും ഇതുകൊണ്ടുദ്ദേശിക്കുന്നില്ല. ഇത്തരം ആശയങ്ങൾ നമ്മെ വെല്ലുവിളിക്കുന്ന യാഥാർത്ഥങ്ങളിൽനിന്നു നമ്മെ വ്യതിചലിപ്പിക്കുകയും പുതിയ അസന്തുലിതാവസ്ഥകൾ സൃഷ്‌ടിക്കുകയും ചെയ്യും. ചിലപ്പോഴെങ്കിലും മനുഷ്യവ്യക്തിയുടെ സർവാദരണീയത നിഷേധിക്കുന്ന ദുഃശ്ശാഠ്യങ്ങൾ ഉണ്ടാകാറുണ്ട്. എല്ലാ മനുഷ്യരും ഒരുപോലെ പങ്കിടുന്ന മഹത്വത്തെ സംരക്ഷിക്കുന്നതിനേക്കാൾ മറ്റു ജീവജാലങ്ങളെ പരിപാലിക്കുന്നതിൽ അതിതീക്ഷ്‌ണത കാട്ടുന്നവരുമുണ്ട്. നിശ്ചയമായും. മറ്റു ജീവജാലങ്ങൾ നിരുത്തരവാദിത്വപരമായി കൈകാര്യം ചെയ്യപ്പെടാതിരിക്കാനായി നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. പക്ഷേ, നമ്മെ കൂടുതൽ ധാർമികരോഷം കൊള്ളിക്കേണ്ടത്, ഏതാനും പേർ മറ്റുള്ളവരേക്കാൾ കേമന്മാരായിച്ചമയുന്നതു മൂലമുണ്ടാകുന്ന, വമ്പൻ അസമത്വങ്ങളാണ്. ഒരുവശത്ത് വളരെപ്പേർ മനുഷ്യമഹത്വത്തിനു ചേരാത്ത കടുത്ത ദാരിദ്ര്യത്തിലാണ്ട്. പുറത്തുകടക്കാൻ വഴിയില്ലാതെ വീണുകിടക്കുമ്പോൾ, മറുവശത്ത് തങ്ങളുടെ സമ്പത്ത് എന്തുചെയ്യണമെന്നറിയാതെ പൊങ്ങച്ചത്തിലും ധൂർത്തിലും ജീവിക്കുന്ന അനേകരുണ്ടെന്നു കാണാൻ നമുക്കു കഴിയണം. ധൂർത്തിൽ ജീവിക്കുന്നവരുടെ സാങ്കല്‌പിക അധീശത്വം പ്രദർശിപ്പിക്കുന്നതിന്റെ ഭാഗമായി അവർ പാഴ്വസ്‌തുക്കൾ വലിച്ചെറിയുന്നതുപോലെ എല്ലാവരും ചെയ്യാൻ തുടങ്ങിയാൽ നമ്മുടെ ഗ്രഹംതന്നെ നശിച്ചേനേ. പ്രയോഗത്തിൽ, മറ്റുള്ളവരേക്കാൾ കൂടുതൽ അവകാശങ്ങളോടെയാണുടെയാണു പിറന്നതെന്ന മട്ടിൽ മേന്മ ഭാവിക്കുന്നവരോടു നമ്മൾ ഇപ്പോഴും സഹിഷ്‌ണുത പുലർത്തുകയാണ്.

91. നമ്മുടെ സഹോദരരോട് ആർദ്രതയും സഹാനുഭൂതിയും പരിഗണനയും ഇല്ലെങ്കിൽ പ്രകൃതിയോടു നമുക്കുണ്ടെന്നു ഭാവിക്കുന്ന ആഴമേറിയ കൂട്ടായ്‌മ വാസ്ത‌വമായിരിക്കില്ല. അപരനെ ഒഴിവാക്കേണ്ടവനായി കാണുന്നതും ദരിദ്രരെ അവഗണിക്കുന്നതുമായ മനുഷ്യക്കടത്തിനോടുള്ള നിസംഗതയും വംശനാശഭീഷണി നേരിടുന്ന ജീവികളെ കടത്തിക്കൊണ്ടു പോകുന്നതിനെതിരെയുള്ള മുറവിളിയും ഒരുമിച്ചുപോവുകയില്ല. ഈ മനോഭാവം പരിസ്ഥിതി സംരക്ഷണയത്നങ്ങളിലുള്ള വിട്ടുവീഴ്‌ച തന്നെയാണ്. വി. ഫ്രാൻസിസിന്റെ ഗീതത്തിൽ മറ്റു സൃഷ്ട‌ികളെപ്രതി ദൈവത്തെ വാഴ്ത്തുന്നതിനോടൊപ്പം ഇങ്ങനെയും കാണുന്നതു യാദൃശ്ചികമല്ല: "അങ്ങയുടെ സ്നേഹത്തെപ്രതി മാപ്പുനല്കുന്ന വരിലൂടെ അങ്ങു വാഴ്ത്തപ്പെടട്ടെ. എല്ലാം പരസ്‌പരബദ്ധമാണ്. ഇങ്ങനെ, പരിസ്ഥിതിപ്രേമം സഹമനുഷ്യരോടുള്ള ആത്മാർത്ഥ സ്നേഹത്തോടും സമൂഹത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള അചഞ്ചലമായ പ്രതിബദ്ധതയോടും കലരണം. 

92. കൂടാതെ, ആഗോള കൂട്ടായ്‌മയോടു നമ്മുടെ അന്തരംഗം യഥാർത്ഥത്തിൽ തുറവിയുള്ളതാണെങ്കിൽ, ഈ സാഹോദര്യബോധം ആരെയും ഒന്നിനെയും ഒഴിവാക്കുകയില്ല. സഹസ്യഷ്ടികളോട് ഇന്നു നമ്മൾ പുലർത്തുന്ന നിസംഗതയും ക്രൂരതയും നാളെ സഹമനുഷ്യരോടുള്ള പെരുമാറ്റത്തെയും ബാധിക്കും. നമുക്കൊരു ഹൃദയമേയുള്ളു. അതിനാൽ, ഇന്ന് ഒരു മൃഗത്തോടു കാണിക്കുന്ന ദുഷ്ടത അധികം വൈകാതെ മറ്റു മനുഷ്യരോടുമുള്ള ബന്ധത്തിലും പ്രകടമാകാം. ഏതു ജീവിയോടുമുള്ള ക്രൂരത “മനുഷ്യമഹത്വത്തിനു കടകവിരുദ്ധമാണ്. യാഥാർത്ഥ്യത്തിൻ്റെ ഏതെങ്കിലും ഒരു വശം അവഗണിച്ചാൽ നമുക്കു പൂർണമായി സ്നേഹിക്കാനാവില്ല. “സമാധാനം, നീതി, സൃഷ്ടികളുടെ സംരക്ഷണം ഇവ മൂന്നും ഒന്നു മറ്റൊന്നിൽനിന്നു വേർപെടുത്താനാവാത്തവിധം പരസ്പ‌രം ബന്ധപ്പെട്ടിരിക്കുന്നു. വേർപെടുത്തിയാൽ ലളിത വത്ക്കരണത്തിലേക്കുള്ള (reductionism) വീഴ്‌ചയായിരിക്കും ഫലം. എല്ലാം പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു. മനോഹരമായ ഒരു " തീർത്ഥാടനത്തിൽ, ദൈവത്തിന് ഓരോ സൃഷ്‌ടിയോടുമുള്ളതും, മാതാവായ ഭൂമിയോടും സഹോദരീസഹോദരന്മാരായ സൂര്യൻ, ചന്ദ്രൻ, പുഴകൾ തുടങ്ങിയവയോടു നമുക്കുള്ളതുമായ വാത്സല്യ പൂർവമായ സ്നേഹത്തിൽ ഇഴചേർക്കപ്പെട്ടിരിക്കുന്നവരാണു നമ്മൾ.

VI. വസ്തുക്കളുടെ പൊതുലക്ഷ്യം

93. വിശ്വാസികളാണെങ്കിലും അല്ലെങ്കിലും, ഭൂമി അത്യന്താപേക്ഷിതമായ ഒരു പൊതുപൈതൃകമാണെന്നതിനും അതിൻ്റെ ഫലങ്ങൾ എല്ലാവർക്കും വേണ്ടിയുള്ളതാണെന്നതിനും രണ്ടു പക്ഷമില്ല. വിശ്വാസികളെ സംബന്ധിച്ച് ഇത് സ്രഷ്‌ടാവിനോടുള്ള വിശ്വസ്‌തതയുടെ കാര്യം കൂടിയാണ്. കാരണം, ദൈവം ലോകത്തെ എല്ലാവർക്കുമായാണു സൃഷ്‌ടിച്ചത്. അതിനാൽ പരിസ്ഥിതിശാസ്ത്രപരമായ ഏത് സമീപനവും ദരിദ്രരുടെയും ഹതഭാഗ്യരുടെയും മൗലികാവകാശങ്ങളെ കണക്കിലെടുക്കുന്ന സാമൂഹിക കാഴ്ചപ്പാട് നിർബന്ധമായും ഉൾക്കൊള്ളണം. സ്വകാര്യസ്വത്തിനെ അതിന്റെ പൊതുലക്ഷ്യത്തിനു വിധേയമാക്കി, എല്ലാവർക്കും അതുപയോഗിക്കാനുള്ള അവകാശത്തിനു വിട്ടുകൊടുക്കുന്ന തത്വം സാമൂഹ്യ പെരുമാറ്റച്ചട്ടത്തിൻ്റെ സുവർണനിയമവും "എല്ലാ സാമൂഹ്യ-ധാർമിക ക്രമത്തിൻ്റെയും ആദിതത്വവുമാണ്.' " ക്രൈസ്തവപാരമ്പര്യം സ്വകാര്യസ്വത്തവകാശത്തെ കേവലമോ അലംഘനീയമോ ആയി ഒരിക്കലും കണക്കാക്കിയിട്ടില്ല; മറിച്ച് സ്വകാര്യസ്വത്തിന്റെ സാമൂഹ്യലക്ഷ്യത്തെപ്പറ്റി എന്നും ഊന്നിപ്പറഞ്ഞിട്ടുണ്ട്. വി. ജോൺപോൾ രണ്ടാമൻ ഈ പ്രബോധനത്തെ ശക്തമായി ആവർത്തിച്ച് അവതരിപ്പിക്കുന്നു. "ദൈവം ഈ ഭൂമിയെ മനുഷ്യ വംശത്തിന്റെ മുഴുവൻ, അതിലെ എല്ലാ അംഗങ്ങളുടെയും നില നില്പ്പിനുവേണ്ടിയാണ് നല്കിയിരിക്കുന്നത്; ആരെയും ഒഴിവാക്കാതെയും ആരോടും പ്രത്യേക മമതയില്ലാതെയും നല്കി."" ശക്തമായ വാക്കുകളാണിവ. അദ്ദേഹം തുടർന്നു: “മനുഷ്യാവകാശങ്ങളെ -വ്യക്തിപരമോ സാമൂഹികമോ, സാമ്പത്തികമോ രാഷ്ട്രീയപരമോ, രാഷ്ട്രങ്ങളുടെയോ ജനതകളുടെയോ ആകട്ടെ-മാനിക്കുകയോ വളർത്തുകയോ ചെയ്യാത്ത വികസനം മനുഷ്യോചിതമല്ല." അദ്ദേഹം വ്യക്തമാക്കി: “സഭ തീർച്ചയായും ന്യായമായ സ്വകാര്യ സ്വത്തവകാശത്തെ സംരക്ഷിക്കുന്നു. അതേ വ്യക്തതയോടെതന്നെ, എല്ലാ സ്വകാര്യസ്വത്തിന്മേലും, ഏതു പൊതുലക്ഷ്യത്തിനായി ദൈവം അവ നമുക്കു നല്‌കിയിരിക്കുന്നുവോ അത് നിറവേറ്റത്തക്ക വിധം ഉപയോഗിക്കുന്നതിനായി, സമൂഹത്തിന് അവകാശാധികാരം ഉണ്ടെന്നു സഭ ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു."" തത്ഫലമായി “ഏതാനും പേർക്ക് മാത്രം അനുകൂലമായി ദൈവത്തിന്റെ ദാനങ്ങൾ ഉപയോഗിക്കപ്പെടുന്നത് അവിടുത്തെ പദ്ധതിയ്ക്കു ചേർന്നതല്ല."" ഒരു വിഭാഗം മനുഷ്യരുടെ അനീതിനിറഞ്ഞ ശൈലികൾ ഗൗരവമായി ചോദ്യം ചെയ്യപ്പെടുകയാണിവിടെ.

94. ധനികർക്കും ദരിദ്രർക്കും ഒരേ മഹിയാണുള്ളത്. എന്തെന്നാൽ “ദൈവമാണ് അവരുടെയെല്ലാം സ്രഷ്‌ടാവ്" (സുഭാ 22,2). "ചെറിയവരെയും വലിയവരെയും അവിടുന്ന് തന്നെയാണു സൃഷ്ടിച്ചത്" (ജ്ഞാനം 6,7). "അവിടുന്നു ദുഷ്‌ടൻ്റെയും ശിഷ്ടന്റെയുംമേൽ സൂര്യനെ ഉദിപ്പിക്കുന്നു" (മത്താ 5,45). പരാഗ്വേയിലെ മെത്രാന്മാർ ചൂണ്ടിക്കാട്ടിയതുപോലെ, ഇതിനു പ്രായോഗിക അനന്തരഫലങ്ങളുണ്ട്. അവർ പറഞ്ഞു: "ഓരോ കൃഷീവലനും തനിക്കൊരു വീടുവയ്ക്കാനും തൻ്റെ കുടുംബത്തെ ജോലിചെയ്‌തു പോറ്റാനും സുരക്ഷിതജീവിതം നയിക്കാനും ആവശ്യമായത്ര ഭൂമി ലഭിക്കാൻ സ്വാഭാവികാവകാശമുണ്ട്. ഈ അവകാശം തത്ത്വത്തിൽ മാത്രം പോരാ പ്രയോഗത്തിൽ വരുന്നെന്നും ഉറപ്പുവരുത്തണം. ഗ്രാമീണ ജനതയ്ക്കു സ്വത്തവകാശം വേണമെന്നു മാത്രമല്ല, സാങ്കേതിക വിദ്യാഭ്യാസം. വായ്പകൾ, ഇൻഷ്വറൻസ്, വിപണിസൗകര്യം എന്നിവയും ലഭ്യമാക്കണമെന്നാണ് ഇതിൻ്റെ അർത്ഥം.

95. പ്രകൃതിയും സാഭാവികപരിസ്ഥിതിയും പൊതുമുതലാണ്. എല്ലാ മനുഷ്യരുടെയും പൈതൃകസ്വത്തും എല്ലാവരുടെയും ഉത്തരവാദിത്വവുമാണ്. നമ്മൾ എന്തെങ്കിലും സ്വന്തമാക്കുന്നത് മറ്റെല്ലാവരുടെയും നന്മയ്ക്കുവേണ്ടി ഉപയോഗിക്കാനാണ്. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ, മറ്റുള്ളവരുടെ അസ്‌തിത്വത്തെ നിഷേധിക്കുന്നതുവഴി നാം നമ്മുടെ മനഃസാക്ഷിയെ ഭാരപ്പെടുത്തുന്നു. അതുകൊണ്ടാണ്, “ലോകജനതയുടെ വെറും ഇരുപതു ശതമാനം മാത്രം വരുന്ന ആളുകൾ ചേർന്നു ദരിദ്രരാഷ്ട്രങ്ങൾക്കും ഭാവിതലമുറകൾക്കും ജീവൻ പിടിച്ചു നിർത്താനാവശ്യമായവയെ കൊള്ളയടിക്കുന്ന രീതിയിൽ ഉപഭോഗം നടത്തുമ്പോൾ നീ കൊല്ലരുത് എന്ന പ്രമാണത്തിന്റെ അർത്ഥമെന്താണെന്നു" ന്യൂസിലാൻ്റിലെ മെത്രാന്മാർ ചോദിച്ചത്." 

VII. ഈശോയുടെ കടാക്ഷം 

96. ദൈവം പിതാവാണ് (മത്താ 11,25) എന്ന അടിസ്ഥാന സത്യത്തെ ഊന്നിപ്പറഞ്ഞുകൊണ്ട് ഈശോ വിശുദ്ധഗ്രന്ഥത്തിലെ സ്രഷ്ടാവായ ദൈവത്തിലുള്ള വിശ്വാസത്തെ ഉയർത്തിക്കാട്ടി. ദൈവത്തിന് സകല സൃഷ്ട‌ികളോടുമുള്ള പൈതൃകബന്ധം അംഗീകിച്ചേറ്റുപറയാൻ, ശിഷ്യന്മാരുമൊത്തുള്ള സംഭാഷണമധ്യേ, ഈശോ അവരെ ക്ഷണിച്ചു. ഓരോരുത്തരും ദൈവദ്യഷ്ടിയിൽ വിലപ്പെട്ടവരാണെന്ന് അവിടുന്ന് അലിവാർന്ന മനസ്സോടെ അവരെ ഓർമ്മപ്പെടുത്തി. "രണ്ടു നാണയങ്ങൾക്ക് അഞ്ചു കുരുവികൾ വിൽക്കപ്പെടുന്നില്ലേ? അവയിലൊന്നുപോലും ദൈവസന്നിധിയിൽ വിസ്മരിക്കപ്പെടുന്നില്ല" (ലൂക്ക 12,6). “ആകാശത്തിലെ പക്ഷികളെ നോക്കുവിൻ, അവ വിതയ്ക്കുന്നില്ല കൊയ്യുന്നില്ല, കളപ്പുരയിൽ ശേഖരിക്കുന്നുമില്ല, എങ്കിലും നിങ്ങളുടെ സ്വർഗ്ഗീയ പിതാവ് അവയെ തീറ്റിപ്പോറ്റുന്നു" (മത്താ 6,26).

97. കർത്താവ് പ്രകൃതിയോടു വിസ്‌മയവും വാത്സല്യവും നിറഞ്ഞ ശ്രദ്ധയോടെ നിരന്തരം അടുത്തിടപഴകിയിരുന്നു. അതു കൊണ്ടാണ് ഭൂമിയുടെ സൗന്ദര്യത്തിലേക്ക് മറ്റുള്ളവരുടെ ശ്രദ്ധയെ അവിടുന്നാകർഷിച്ചത്. പലസ്‌തീനയിലൂടെയുള്ള നിരന്തര സഞ്ചാരത്തിനിടയിൽ, മിക്കപ്പോഴും ഈശോ തൻ്റെ പിതാവ് വിതച്ച സൗന്ദര്യത്തെ കണ്ട് ധ്യാനിക്കുകയും അവയിൽനിന്നും ദൈവിക സന്ദേശം ഗ്രഹിക്കാൻ ശിഷ്യന്മാരെ ഉദ്‌ബോധിപ്പിക്കുകയും ചെയ്തിരുന്നു. “നിങ്ങളുടെ കണ്ണുകളുയർത്തി നോക്കുവിൻ: വയലുകൾ വിളഞ്ഞ് കൊയ്ത്തിനു പാകമായിരിക്കുന്നു" (യോഹ 4,35). "സ്വർഗ്ഗരാജ്യം ഒരുവൻ തൻ്റെ വയലിൽ പാകിയ കടുകുമണിക്ക് സദൃശ്യമാണ്. അത് എല്ലാ വിത്തുകളേക്കാൾ ചെറുതാണ്. എന്നാൽ വളർന്നു കഴിയുമ്പോൾ അത് എല്ലാ ചെടികളേക്കാൾ വലുതാണ്” (മത്താ 13,31-32). 

98. ഈശോ സൃഷ്‌ടിജാലവുമായി എപ്പോഴും സ്വരുമയിൽ കഴിയുന്നതുകണ്ട് മറ്റുള്ളവർ വിസ്‌മയിച്ചു: "ഇവൻ ആര്? കാറ്റും കടലുംപോലും ഇവനെ അനുസരിക്കുന്നല്ലോ!" (മത്താ 8,27). ലോകത്തിൽ നിന്നു വിട്ടുനിൽക്കുന്ന ഒരു യോഗിയുടെയോ ജീവിതത്തിലെ ആനന്ദദായകമായ നന്മകളോടു ശത്രുത പുലർത്തുന്ന ഒരാളുടെയോ മനോഭാവമായിരുന്നില്ല അവിടുത്തേത്. തന്നെക്കുറിച്ചുതന്നെ അവിടുന്ന് പറഞ്ഞു: "മനുഷ്യപുത്രൻ ഭക്ഷിക്കുന്നവനും പാനം ചെയ്യുന്നവനുമായി വന്നു. അപ്പോൾ അവർ പറയുന്നു, ഇതാ, മദ്യപനും ഭോജനപ്രിയനും!" (മത്താ 11,19). ശരീരത്തെയും പദാർത്ഥത്തെയും ലോകവസ്‌തുക്കളെയും നിന്ദിക്കുന്ന തത്വശാസ്ത്രങ്ങളിൽനിന്ന് അവിടുന്ന് വിട്ടുനിന്നു. എന്നിട്ടും പില്ക്കാലചരിത്രത്തിൽ, അനാരോഗ്യകരമായ ദ്വന്ദചിന്തകളുടെ സ്വാധീനത്തിൽപ്പെട്ട് ഏതാനും ചില ക്രൈസ്‌തവചിന്തകർ സുവിശേഷത്തെ വിരൂപമാക്കി. ദൈവം തന്റെ ശില്‌പവൈദഗ്‌ധ്യത്താൽ സൃഷ്‌ടിച്ച പദാർത്ഥവുമായി നിരന്തരം സമ്പർക്കം പുലർത്തിക്കൊണ്ട് ഈശോ സ്വന്തം കൈകൾകൊണ്ടദ്ധ്വാനിച്ചു ജീവിച്ചു. അവിടുത്തെ ജീവിതത്തിന്റെ സിംഹഭാഗവും ഈ ജോലിക്കായി മാറ്റിവച്ചുകൊണ്ട് അവിടുന്ന് ലളിതജീവിതം നയിച്ചുവെന്നതു ശ്രദ്ധേയമാണ്. പക്ഷേ, ഇതാരിലും ആദരവുണർത്തിയില്ല. “ഇവൻ മറിയത്തിൻ്റെ മകനായ തച്ചനല്ലേ?" (മർക്കോ 6,3). ഇതുവഴി അവിടുന്ന് മനുഷ്യാധ്വാനത്തെ പവിത്രമാക്കുകയും മാനവവികസനത്തിൽ അവയ്ക്ക് പ്രാമുഖ്യം കല്പ്പിക്കുകയും ചെയ്തു. വി.ജോൺപോൾ രണ്ടാമൻ പഠിപ്പിച്ചതുപോലെ, “നമുക്കുവേണ്ടി ക്രൂശിക്കപ്പെട്ട മിശിഹായുമായുള്ള ഐക്യത്തിൽ തൊഴിലിന്റെ ക്ലേശങ്ങൾ ഏറ്റെടുക്കുമ്പോൾ, നാം ഒരു വിധത്തിൽ മനുഷ്യരക്ഷയ്ക്കുവേണ്ടി ദൈവപുത്രനോട് സഹകരിക്കുകയാണ്."?

99. ലോകത്തെക്കുറിച്ചുള്ള ക്രൈസ്‌തവദർശനത്തിൽ എല്ലാ സൃഷ്ടികളുടെയും ഭാഗധേയം, ആരംഭം മുതലേ സന്നിഹിതമായിരിക്കുന്ന മിശിഹാരഹസ്യവുമായി ബന്ധപ്പെട്ടതാണ്. "എല്ലാം അവനിലൂടെയും അവനുവേണ്ടിയും സൃഷ്‌ടിക്കപ്പെട്ടു" (കൊളോ 1,16).. യോഹന്നാന്റെ സുവിശേഷത്തിൻ്റെ ആമുഖം(യോഹ 1,1-18) ദൈവ വചനമെന്ന നിലയിൽ മിശിഹായുടെ സൃഷ്ട്‌ടിപരമായ പ്രവർത്തനം വിവരിക്കുന്നു. എന്നാൽ, ആമുഖം തുടരുന്നു; ഇതേ വചനം തന്നെ “മാംസമായി" (യോഹ 1,14). പരിശുദ്ധത്രിത്വത്തിലെ ഒരാൾ സൃഷ്ട പ്രപഞ്ചത്തിലേക്കു പ്രവേശിച്ച് കുരിശോളം തൻ്റെ ഭാഗധേയം അതിനോടുൾച്ചേർത്തു. ലോകാരംഭം മുത‌ല്ക്കേ സവിശേഷമാംവിധം മനുഷ്യാവതാരത്തിലൂടെ സൃഷ്ട‌പ്രപഞ്ചത്തിൻ്റെ സ്വാതന്ത്ര്യത്തെ ഹനിക്കാതെതന്നെ അതിൽ മറഞ്ഞിരുന്ന് മിശിഹാരഹസ്യം പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്നു. 

100. മനുഷ്യാവതാരം ചെയ്‌ത ഈശോ ഭൂമിയുമായി പുലർത്തിയ ഇന്ദ്രിയഗോചരമായ സ്നേഹബന്ധങ്ങൾ മാത്രമല്ല പുതിയനിയമത്തിലുള്ളത്. മഹത്വപൂർണ്ണനായി ഉയിർത്തശേഷവും അവിടുന്ന് തന്റെ സാർവ്വത്രിക കർതൃത്വംവഴി സൃഷ്ടിമുഴുവനിലും സന്നിഹിതനാണ്. എന്തെന്നാൽ "അവനിൽ സർവ്വസമ്പൂർണ്ണതയും നിവസിക്കാൻ അവിടുന്നു തിരുമനസായി. സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാറ്റിനെയും അവൻ വഴി അവിടുന്നു തന്നോടു രമ്യപ്പെടുത്തുകയും അവൻ കുരിശിൽ ചിന്തിയ രക്തം വഴി സമാധാനം സ്ഥാപിക്കുകയും ചെയ്‌തു" (കൊളോ 1,19-20). പുത്രൻ സർവ്വവും പിതാവിനു കയ്യാളിക്കുന്ന സമയത്തിൻ്റെ സമാപ്‌തിയിലേക്കു ദൃഷ്ടികളുയർത്താൻ ഇതു നമ്മെ പ്രേരിപ്പിക്കുന്നു. അങ്ങനെ "ദൈവം എല്ലാവർക്കും എല്ലാമാകും" (1 കോറി 15,28). ഉത്ഥിതനായ മിശിഹാ തൻ്റെ രഹസ്യാത്മകതയിൽ ലോകത്തിലെ സൃഷ്ടികളെയെല്ലാം തന്നോടു ചേർത്തുപിടിക്കുകയും യുഗാന്ത സമ്പൂർണ്ണതയിലേക്കു നയിക്കുകയും ചെയ്യുന്നതിനാൽ, അവ പ്രകൃത്യായുള്ള വേഷത്തിൽ മാത്രമല്ല നമ്മുടെ മുമ്പിൽ നിലകൊള്ളുന്നത്. ഈശോ തൻ്റെ ഭൗമികജീവിതകാലത്തു കണ്ടു ധ്യാനിച്ചു വിസ്മയിച്ച വയൽപ്പൂക്കളും പക്ഷികളുമെല്ലാം ഇപ്പോൾ അവിടുത്തെ പ്രശോഭിത സാന്നിദ്ധ്യത്താൽ നിറഞ്ഞിരിക്കുന്നു. 

 

അദ്ധ്യായം 3 

പാരിസ്ഥിതിക
പ്രതിസന്ധിയ്ക്കുള്ള
മാനുഷിക
കാരണങ്ങൾ 

 

 

101. പരിസ്ഥിതി പ്രതിസന്ധികളുടെ മാനുഷിക ഉറവിടങ്ങളെ അംഗീകരിക്കാതെ അതിന്റെ ലക്ഷണങ്ങളെ വിവരിക്കുന്നതിലർത്ഥമില്ല. നമുക്കു ചുറ്റുമുള്ള ലോകത്തിനു പ്രതികൂലമാകുംവിധം മനുഷ്യജീവനെക്കുറിച്ചും അവന്റെ പ്രവൃത്തികളെക്കുറിച്ചുമുള്ള ധാരണ വക്രമായിപ്പോയിരിക്കുന്നു. ശ്രദ്ധാപൂർവ്വം നമ്മൾ ഇതിനെക്കുറിച്ച് പരിചിന്തനം നടത്തണം. ഇത്തരുണത്തിൽ ഇന്നു പ്രബലമായ സാങ്കേതിക വൈദഗ്‌ധ്യത്തിൻ്റെ മാതൃകയെക്കുറിച്ചും ലോകത്തിൽ മനുഷ്യവ്യക്തികളുടെയും അവൻ്റെ പ്രവൃത്തികളുടെ സ്ഥാനത്തെക്കുറിച്ചും വിചിന്തനം ചെയ്യാൻ ഞാനാഗ്രഹിക്കുന്നു.

I. സാങ്കേതികവിദ്യ - സർഗശക്തിയും കരുത്തും

102 സാങ്കേതിക വൈദഗ്‌ധ്യം നമ്മെ ആധുനിക ലോകത്തിന്റെ നാല്ക്കവലകളിലെത്തിച്ചിരിക്കുന്ന ഒരു യുഗമാണിത്. കഴിഞ്ഞ രണ്ടു നൂറ്റാണ്ടിലെ മാറ്റത്തിൻ്റെ വലിയ അലയടിയുടെ പ്രയോജന മെടുത്തവരാണു നമ്മൾ. ആവിയന്ത്രങ്ങൾ, റെയിൽവേ, ടെലഗ്രാം, വൈദ്യുതി, വാഹനങ്ങൾ, വിമാനങ്ങൾ, രാസവ്യവസായങ്ങൾ, ആധുനിക വൈദ്യശാസ്ത്രം, വിവരസാങ്കേതികവിദ്യ, ഡിജിറ്റൽ വിപ്ലവം, റോബോട്ടുകൾ, ബയോടെക്നോളജി, നാനോ ടെക്നോളജി തുടങ്ങിയവ ഇവയിൽപ്പെടുന്നു. "ദൈവദാനമായ മാനുഷിക സർഗ ശക്തിയുടെ ഉല്പന്നങ്ങളായ ശാസ്ത്രവും സാങ്കേതികവിദ്യയും വഴിയുണ്ടാകുന്ന ഈ വളർച്ചയെ ആസ്വദിക്കുന്നതും അവ തുറന്നു തരുന്ന അനന്തസാധ്യതകൾക്കുമുമ്പിൽ അത്ഭുതംകൂറിനിൽക്കുന്നതും ശരിതന്നെ. ഉപകാരപ്രദമായ ലക്ഷ്യങ്ങൾക്കായി പ്രകൃതിയെ പരിവർത്തിതമാക്കുക എന്നതു മാനവ കുടുംബത്തിൻ്റെ സവിശേഷതയാണ്. സാങ്കേതികവിദ്യതന്നെ "വ്യക്തമാക്കുന്നത് ഭൗതിക പരിമിതികളെ മറികടക്കാൻ മനുഷ്യനു പ്രചോദനം പകരുന്ന ഒരു ആന്തരിക സംഘർഷത്തെയാണ് മനുഷ്യരെ ദോഷകരമായി ബാധിച്ചതും പരിമിതപ്പെടുത്തിയതുമായ എണ്ണമറ്റ തിന്മകളെ പ്രതിരോധിക്കാൻ സാങ്കേതികവിദ്യ സഹായിച്ചിട്ടുണ്ട്. വൈദ്യരംഗത്തും യന്ത്രസാങ്കേതികവിദ്യ മേഖലയിലും ആശയവിനിമയ രംഗത്തും സവിശേഷമായി ഉണ്ടായ ഈ പുരോഗതിയെ എങ്ങനെ കൃതാർത്ഥതയോടെ വിലമതിക്കാതിരിക്കാനാവും? സുസ്ഥിര വളർച്ചയ്ക്കാവശ്യമായ മാർഗ്ഗങ്ങൾ സൗകര്യപ്പെടുത്തിയ അനേകം ശാസ്ത്രജ്ഞരുടെയും എൻജിനീയർമാരുടെയും പരിശ്രമങ്ങളെ എങ്ങനെ വിസ്മരിക്കാനാവും?

103, സാങ്കേതികശാസ്ത്രം ശരിയായ ദിശയിൽ മുന്നേറിയാൽ ഗാർഹികാവശ്യങ്ങൾ മുതൽ ബൃഹത്തായ ഗതാഗത സംവിധാനങ്ങൾ, പാലങ്ങൾ, കെട്ടിടങ്ങൾ, പൊതുസ്ഥാപനങ്ങൾ എന്നിങ്ങനെ മനുഷ്യജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള ഒട്ടനവധി മാർഗങ്ങളെ നല്‌കാൻ കഴിയും. കലയ്ക്കു രൂപംകൊടുത്ത് മനുഷ്യനെ പദാർത്ഥലോകത്തുനിന്നും സൗന്ദര്യത്തിൻ്റെ ലോകത്തെത്തിയ്ക്കാനും ഇതിനു സാധിക്കും. വിമാനത്തിൻ്റെയോ അംബര ചുംബിയായ സൗധത്തിൻ്റെയോ മനോഹാരിതയെ ആർക്കു നിഷേധിക്കാൻ കഴിയും? ആധുനിക സാങ്കേതികവിദ്യകളെ ഉപകാരപ്പെടുത്തുന്ന കലയുടെയും സംഗീതത്തിൻ്റെയും വിലയേറിയ ആവിഷ്ക്കരിക്കലുകളും ഇപ്രകാരം ആവിഷ്ക്കരിക്കപ്പെട്ട സൗന്ദര്യത്തെക്കുറിച്ചുള്ള ധ്യാനവും മനുഷ്യനു മാത്രം സാധിക്കുന്ന നിർണായക കുതിപ്പ് കൈവരിച്ചിരിക്കുന്നു.

104. അണുശക്തി, ബയോടെക്നോളജി, വിവരസാങ്കേതിക വിദ്യ, ജനിതകശാസ്ത്രം തുടങ്ങി നമ്മൾ സ്വായത്തമാക്കിയ പല കഴിവുകളും നമുക്കു ബൃഹത്തായ ഒരു ശക്തിയെ പകർന്നുതന്നിട്ടുണ്ടെന്നു നാമറിയണം. കൂടുതൽ വ്യക്തമായി പറഞ്ഞാൽ ഈ അറിവും അതുപയോഗിക്കാനുള്ള സാമ്പത്തിക ഉറവിടങ്ങളും ലഭിച്ചവർക്ക് മനുഷ്യവംശത്തിനും ലോകം മുഴുവനുംമേൽ ഒരു ആധിപത്യം തരുന്നു. ഇന്നേവരെ മാനവവംശത്തിന് അതിൻ്റെമേൽ ഇത്ര മാത്രം ആധിപത്യം ഉണ്ടായിട്ടില്ല. എങ്കിലും, ഇന്നിത് ഉപയോഗിക്കപ്പെടുന്ന രീതിവച്ചുനോക്കുമ്പോൾ, വിവേകത്തോടെ ഇതുപയോഗിക്കപ്പെടുമെന്നു യാതൊരുറപ്പും ഇല്ല. ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ വർഷിക്കപ്പെട്ട അണുബോംബുകൾ, അല്ലെങ്കിൽ നാസിസം, കമ്മ്യൂണിസം, മറ്റ് ഏകാധിപത്യ ഭരണകൂടങ്ങൾ ദശലക്ഷക്കണക്കിന് ആളുകളെ കൊല്ലാനുപയോഗിച്ച സാങ്കേതികവിദ്യകൾ, അതിലുപരി ആധുനിക യുദ്ധമുഖങ്ങൾക്കു ലഭ്യമാകുന്ന മാരകായുധശേഖരങ്ങൾ എന്നിവയെപ്പറ്റി ചിന്തിക്കാതിരിക്കാനാവില്ല. ആരുടെ കരങ്ങളിലാണ് ഈ ശക്തി മുഴുവൻ സ്ഥിതിചെയ്യുന്നത്? ഇതിനൊരു അവസാനം ഉണ്ടാകുമോ? ഈ നശീകരണ ശക്തി മനുഷ്യകുലത്തിലെ ഒരു ചെറിയ വിഭാഗത്തിന്റെ കൈവശമുണ്ടായിരിക്കുക എന്നത് അങ്ങേയറ്റം അപകടകരമായ കാര്യമാണ്.

105. “ശക്തിയുടെ വർദ്ധനവ് എന്നതു പുരോഗതിയുടെ തന്നെ വർദ്ധനവാണെന്നും സുരക്ഷയിലും ഉപകാരക്ഷമതയിലും സുസ്ഥിതിയിലും പ്രഭാവത്തിലുമുള്ള ആഴപ്പെടലാണെന്നും സംസ്കാരത്തിന്റെ മുഖ്യധാരയിലേയ്ക്കുള്ള പുത്തൻ മൂല്യങ്ങളുടെ സ്വാംശീകരിക്കലാണെന്നും" വിശ്വസിക്കുന്ന ഒരു പ്രവണത കണ്ടുവരുന്നുണ്ട്. നന്മയും സത്യവും സാങ്കേതിക സാമ്പത്തിക ശക്തികളിൽ നിന്നു സ്വാഭാവികമായി പെയ്തിറങ്ങുമെന്നതു യാഥാർത്ഥ്യമായി കരുതുന്നവരുമുണ്ട്. “ആധുനിക മനുഷ്യൻ ഊർജ്ജത്തെ ശരിയായി വിനിയോഗിക്കാൻ പരിശീലിപ്പിക്കപ്പെട്ടിട്ടില്ല"" എന്നതാണു യാഥാർത്ഥ്യം. കാരണം ബൃഹത്തായ സാങ്കേതിക വളർച്ചയ്ക്കൊപ്പം മാനുഷിക ഉത്തരവാദിത്വങ്ങളുടെയോ മൂല്യങ്ങളുടെയോ മനസാക്ഷിയുടെയോ തലത്തിൽ ഒരു വളർച്ച ഉണ്ടായിട്ടില്ല. എല്ലാ കാലഘട്ടങ്ങൾക്കും അതിൻ്റെ പരിമിതികളെക്കുറിച്ച് അല്‌പമായ അവബോധമേ ഉണ്ടായിരുന്നുള്ളൂ. ഇന്നു നമുക്കു മുമ്പിലുള്ള വെല്ലുവിളികളുടെ തീവ്രത ഗ്രഹിക്കാൻ കഴിയാതെ വന്നേക്കാം. മനുഷ്യൻ പൂർണമായി സ്വയം പര്യാപ്‌തനല്ല. നമ്മുടെ സ്വാതന്ത്യത്തെ സ്വാർത്ഥതാത്പര്യം, അക്രമം, തൽക്ഷണാവശ്യങ്ങൾ, സുബോധമില്ലായ്‌മ എന്നീ അന്ധകാരശക്തികൾക്ക് അടിയറ വയ്ക്കുമ്പോൾ അതിനു മങ്ങൽ സംഭവിക്കുന്നു. ഈയർത്ഥത്തിൽ സദാ വർധിച്ചുകൊണ്ടിരിക്കുന്ന ഈ ശക്തിക്കുമുമ്പിൽ അതിനെ എങ്ങനെ നിയന്ത്രിക്കണമെന്നറിയാത്ത നാം അപകടരമാംവിധം വിവസ്ത്രരായി നിൽക്കുകയാണ്. നമുക്ക് ഉപരിപ്ലവമായ ചില യാന്ത്രിക പ്രവർത്തനങ്ങളുണ്ട്. എന്നാൽ മനുഷ്യന് അതിർവരമ്പുകളെ തീർക്കാനും ശുദ്ധമനസാക്ഷിയിൽ ആത്മനിയന്ത്രണം പഠിപ്പിക്കാനും കഴിയുന്ന ഒരു ആദ്ധ്യാത്മികതയോ സംസ്‌കാരമോ നീതിശാസ്ത്രമോ ഉണ്ടെന്ന് അവകാശപ്പെടാനാവില്ല. 

II. സാങ്കേതികപ്രവർത്തന മാതൃകയുടെ ആഗോളവ്യാപനം

മാനവികത സാങ്കേതികവിദ്യയെയും അതിൻ്റെ വളർച്ചയെയും വിവേചനമില്ലാതെയും ഏകമാനമാതൃകയുമായി മാത്രം പരിഗണിക്കുന്നിടത്താണ് അടിസ്ഥാന പ്രശ്‌നം. ഈ മാതൃകയാകട്ടെ, തന്റെ യുക്തിസഹമായ ന്യായാന്യായനടപടികൾ ഉപയോഗപ്പെടുത്തി പുറമെയുള്ള ഒരു വസ്‌തുവിനെ ക്രമേണ സമീപിച്ച് അതിന്മേൽ നിയന്ത്രണം നേടുന്ന കർത്താവ് (subject) എന്ന സങ്കല്പ്പത്തിനു പ്രാമുഖ്യം നല്‌കുന്നു. കൈവശപ്പെടുത്തലിന്റെയും യജമാനത്വത്തിന്റെയും രൂപാന്തരീകരണത്തിൻ്റയും ഉപാധിയായി മാറിക്കഴിഞ്ഞ ശാസ്ത്രപരീക്ഷണ മാർഗങ്ങളെല്ലാം സ്ഥാപിച്ചെടുക്കാനായി ഈ കർത്താവ് എന്തും ചെയ്യും. രൂപരഹിതവും എന്നാൽ ഇഷ്ടാനുസൃതം രൂപപ്പെടുത്താവുന്നതുമായ ഒന്നിന്റെ മുമ്പിൽ നില്ക്കുന്ന പ്രതീതിയാണ് ഈ കർത്താവ് നല്‌കുന്നത്. ദീർഘനാളുകളായി പ്രകൃതിതന്നെ ഒരുക്കിത്തന്നിരിക്കുന്ന സാധ്യതകൾക്കനു സൃതമായി മനുഷ്യൻ അതിൽ നിരന്തരമായി ഇടപെട്ടുകൊണ്ടിരിക്കുന്നു. കുറെക്കാലം മുമ്പുവരെ, ഇതു പ്രകൃതിതന്നെ തൻ്റെ കരങ്ങളിലൂടെ അനുവദിച്ചുതന്നിരിക്കുന്നതായി കണ്ട് മനുഷ്യൻ സ്വീകരിച്ചിരുന്നു. എന്നാലിന്ന്, ഇതിനു വിരുദ്ധമായി യാഥാർത്ഥ്യങ്ങളെ അവഗണിച്ചുകൊണ്ട് നമുക്കു മുൻപിലുള്ളവയിൽ നിന്നു പരമാവധി കവർന്നെടുക്കാൻ നമ്മൾ അവയുടെമേൽ കരങ്ങൾ വയ്ക്കുന്നു. പ്രപഞ്ചവസ്‌തുക്കളും മനുഷ്യരും തമ്മിൽ സൗഹൃദബന്ധമല്ല ഇന്നുള്ളത്. മറിച്ചൊരു ഏറ്റുമുട്ടലിന്റെ തലത്തിലേക്കിതു മാറിയിരിക്കുന്നു. അനന്തവും അനിയന്ത്രിതവുമായ വളർച്ച കൈവരിക്കാൻ ഇതു സഹായകമായതിനാൽ, സാമ്പത്തികവിദഗ്‌ധർക്കും സമ്പന്നർക്കും സാങ്കേതിക വൈജ്ഞാനികർക്കും ഇതു പ്രിയങ്കരമായി മാറുന്നു. ഭൗമഗൃഹത്തെ എല്ലാ പരിധികൾക്കുമപ്പുറം ഞെക്കിപ്പിഴിഞ്ഞ് അതിലെ എല്ലാ വിഭവങ്ങളെയും സ്വന്തമാക്കാൻ തക്കവിധം ഭൂമിയിൽ അത്രമാത്രം അനന്തമായ അളവിൽ ഈ വിഭവങ്ങൾ ഉണ്ടെന്നുള്ള ധാരണയിലാണ് ഇതു സംഭവിക്കുന്നത്. “അനന്തമായ അളവിൽ പ്രകൃതിവിഭവങ്ങളും ഊർജ്ജവും ഭൂമിയിൽ ഉണ്ടെന്നും അവയെ വളരെവേഗം പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്നും, സ്വാഭാവിക ക്രമത്തെ ചൂഷണംചെയ്യുന്നതിന്റെ ആഘാതങ്ങൾ വേഗത്തിൽ തുടച്ചുനീക്കാമെന്നുമുള്ള" ധാരണ തെറ്റാണ്. 

ശാസ്ത്രത്തിൻ്റെയും സാങ്കേതികവിദ്യകളുടെയും ശൈലികളും ലക്ഷ്യങ്ങളും, വ്യക്തികളുടെ ജീവിതത്തെയും സാമൂഹത്തിന്റെ പ്രവൃത്തികളെയും രൂപപ്പെടുത്തുന്ന ഒരു വിജ്ഞാന ശാസ്ത്രപരമായ മാതൃകയാക്കാനുള്ള - ചിലപ്പോൾ ബോധപൂർവമല്ലാത്ത-ശ്രമത്തിൽനിന്നാണ് ഇന്നത്തെ ലോകത്തിന്റെ പല പ്രതിസന്ധികളും ഉരുത്തിരിയുന്നതെന്നു പറയാൻ സാധിക്കും. സർവ മാനുഷിക-സാമൂഹിക യാഥാർത്ഥ്യങ്ങൾക്കുമേലുമുള്ള അടിച്ചേല്പ്പിക്കലിൻ്റെ ഫലങ്ങൾ പരിസ്ഥിതിയുടെ ശോഷണത്തിലൂടെയാണു പ്രകടമാകുന്നത്. മനുഷ്യൻ്റെ സാമുഹിക ജീവിതത്തിൻ്റെ സമസ്‌ത മേഖലകളെയും ബാധിക്കുന്ന ന്യൂനീകരണത്തിന്റെ (reductionism) ഒരടയാളം മാത്രമാണിത്. സാങ്കേതികവിദ്യയുടെ ഈ ഉത്പ്പന്നങ്ങൾ നിഷ്‌പക്ഷമല്ലെന്നു നമ്മൾ അറിഞ്ഞിരിക്കണം. മറിച്ച്, ചില അധികാരം കയ്യാളുന്ന ചിലരുടെ വ്യവസ്ഥാപിത താത്പര്യപ്രകാരം, ജീവിതക്രമങ്ങളെ നിർണയിക്കുന്നതും സാമൂഹ്യസാധ്യതകളെ രൂപപ്പെടുത്തുന്നതുമായ ചട്ടക്കൂടുകളെ സൃഷ്ടിക്കാൻ ഈ ഉല്പ്പന്നങ്ങൾക്കു കഴിയും. വെറും പ്രേരകം (instrumental) എന്ന നിലയിൽ മാത്രം കാണപ്പെടുന്ന ചില തീരുമാനങ്ങൾ. യഥാർത്ഥത്തിൽ നമ്മൾ പടുത്തുയർത്താൻ ആഗ്രഹിക്കുന്നത് ഏതു തരത്തിലുള്ള സമൂഹമാണെന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ തന്നെയാണ്.

വെറുമൊരു ഉപകരണം എന്ന നിലയിൽ, വ്യത്യസ്തമായ ഒരു സാംസ്‌കാരിക മാതൃക പ്രോത്സാഹിപ്പിക്കാനോ മറ്റൊരു സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താനോഉള്ള ആശയം ഇന്ന് അചിന്തനീയമാണ്. സാങ്കേതികവിദ്യയുടെ വിഭവങ്ങൾ ഉപയോഗിക്കാതെ ജീവിക്കാൻ സാധ്യമല്ലാത്തവിധത്തിലും, ഉപയോഗിച്ചാൽ, അവയുടെ ആധിപത്യം നമ്മുടെമേൽ പ്രബലമാകും വിധത്തിലും സാങ്കേതികവിദ്യയുടെ മാതൃക അത്രകണ്ടു മേല്ക്കോയ്മ കൈവരിച്ചിരിക്കുന്നു. ആഗോളവത്ക്കരിക്കാൻ ശേഷിയുള്ള സാങ്കേതികവിദ്യയെ ഭാഗികമായിപ്പോലും ആശ്രയിക്കാതെയുള്ള ഒരു ജീവിതശൈലി രൂപപ്പെടുത്തുന്നത് സംസ്ക്കാരത്തിനു വിരുദ്ധമായി കരുതപ്പെടുന്ന തരത്തിൽ അവയുടെ സ്വാധീനം അത്രമാത്രം വർദ്ധിച്ചിരിക്കുന്നു. എല്ലാറ്റിനെയും തന്റെ ഇരുമ്പു കവചമുള്ള യുക്തിയിലേക്ക് വലിച്ചടുപ്പിക്കാനുള്ള പ്രവണത സാങ്കേതിക വിദ്യയ്ക്കുണ്ട്. "അന്തിമവിശകലനത്തിൽ, മനുഷ്യരാശിയുടെ നന്മയ്‌ക്കോ ക്ഷേമത്തിനോ വേണ്ടിയല്ല സാങ്കേതിക വിദ്യനിങ്ങുന്നത്, മറിച്ച് ഏറ്റവും മൗലികാർത്ഥത്തിൽ എല്ലാറ്റിന്റെയുംമേൽ അധികാരത്തിനുവേണ്ടിയാണ് എന്ന് ഇതിനാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നവർക്കറിയാം. തത്ഫലമായി, "മനുഷ്യൻ പ്രകൃതിയുടെയും തന്റെതന്നെ പ്രകൃതിയുടെയും അനാവ്യതമായ അംശങ്ങൾ കൈവശപ്പെടുത്തുന്നു". തിരുമാനങ്ങളെടുക്കാനുള്ള നമ്മുടെ കഴിവ്, യഥാർത്ഥ സ്വാതന്ത്യം, ഓരോരുത്തരുടെയും വ്യതിരിക്തമായ സൃഷ്ടിപരതയ്ക്കുള്ള സ്ഥാനം എന്നിവ ചുരുങ്ങുന്നു. 

സാങ്കേതികവിദ്യാമാതൃക സാമ്പത്തിക-രാഷ്ട്രീയ രംഗങ്ങളിലും ആധിപത്യം പുലർത്താനുള്ള പ്രവണത കാണിക്കുന്നു. സമ്പദ് വ്യവസ്ഥ, സാങ്കേതികവിദ്യയുടെ ഏതൊരു പുരോഗതിയെയും, മനുഷ്യനിൽ അതു വരുത്തിയേക്കാവുന്ന ദുഷിച്ച സ്വാധീനത്തിന്റെ ശക്തിയെക്കുറിച്ച് ഒട്ടുംതന്നെ ശ്രദ്ധിക്കാതെ, ലാഭലക്ഷ്യത്തോടെ സ്വീകരിക്കുന്നു. സമ്പദ്വ്യവസ്ഥയെ പണക്കൊഴുപ്പു കീഴടക്കുന്നു. ആഗോളസാമ്പത്തികപ്രതിസന്ധി നല്കിയ പാഠങ്ങൾ നമ്മൾ ഇതുവരെ ഉൾക്കൊണ്ടിട്ടില്ല. അതിലും സാവധാനത്തിലാണു നമ്മൾ പരിസ്ഥിതിശോഷണത്തിൻ്റെ പാഠങ്ങൾ പഠിക്കുന്നത്. ഇപ്പോഴത്തെ സാമ്പത്തികശാസ്ത്രവും സാങ്കേതികവിദ്യയും എല്ലാ പരിസ്ഥിതിപ്രശ്നങ്ങളെയും പരിഹരിക്കുമെന്നു കരുതുകയും ആഗോളവിശപ്പിന്റെയും ദാരിദ്ര്യത്തിന്റെയും പ്രശ്‌നങ്ങൾ വിപണിയുടെ വളർച്ചയാൽ പരിഹരിക്കപ്പെടുമെന്നു സാധാരണ ഭാഷയിൽ വാദമുന്നയിക്കുകയും ചെയ്യുന്നവരുണ്ട്. ആരും പിന്തുണയ്ക്കാൻ മുതിരാത്തതും സമ്പദ് വ്യവസ്ഥയുടെ പ്രവർത്തനത്തിൽ കടന്നുവരാനിഷ്ടപ്പെടാത്തതുമായ ചില സാമ്പത്തിക സിദ്ധാന്തങ്ങളെപ്പറ്റി ഇത്തരക്കാർ അലംഭാവം പുലർത്തുന്നു. അത്തരം സിദ്ധാന്തങ്ങളെ അവർ വാക്കുകൊണ്ടു സ്വാഗതം ചെയ്യുന്നുണ്ടാവില്ല; എന്നാൽ, പ്രവൃത്തികളാൽ പിന്തുണയ്ക്കുന്നു. എന്തെന്നാൽ. സന്തുലിതമായ ഉല്പാദനം, സമ്പത്തിൻ്റെ മെച്ചപ്പെട്ട വിതരണം, പ്രകൃതിയോടും ഭാവിതലമുറയുടെ അവകാശങ്ങളോടുമുള്ള പരിഗണന എന്നിവയിൽ താല്പര്യം കാണിക്കാതിരിക്കുമ്പോൾ അവർ മുൻപറഞ്ഞ സാമ്പത്തിക സിദ്ധാന്തങ്ങളെ പിന്തുണയ്ക്കുകയാണ്. അവരുടെ പെരുമാറ്റം കണ്ടാൽ, അവർക്കു പരമാവധി ലാഭമുണ്ടാക്കിയാൽ മാത്രം മതിയെന്നു തോന്നുമെങ്കിലും, മനുഷ്യൻ്റെ സമഗ്രവികസനവും സാമൂഹ്യപങ്കാളിത്തവും ഉറപ്പുവരുത്താൻ വിപണിയ്ക്കാവില്ല." ദരിദ്രർക്ക് അടിസ്ഥാനവിഭവങ്ങളിലേക്കു പ്രവേശനം നല്‌കാൻ കഴിയുന്ന തരത്തിലുള്ള സാമ്പത്തിക സ്ഥാപനങ്ങളും സാമൂഹ്യസംരംഭങ്ങളും വികസിപ്പിച്ചെടുക്കുന്ന തിൽ നമ്മൾ വളരെ സാവധാനം നീങ്ങുമ്പോഴും, "മാനുഷികതയെ മറക്കുന്ന വിധത്തിൽ തുടർന്നുകൊണ്ടിരിക്കുന്ന അവകാശ നിഷേധങ്ങളോട് നമുക്കു യോജിക്കാൻ പറ്റാത്ത വൈപരിത്യം സൃഷ്ടിക്കുന്ന പാഴാക്കലിന്റെയും ഉപഭോഗത്തിന്റെയും രീതിയിലുള്ള ഒരുതരം 'അതിവികസന'മുണ്ട്.'' നമ്മുടെ വർത്തമാന കാലത്തിന്റെ പരാജയങ്ങളുടെ അടിസ്ഥാനവേരുകൾ കണ്ടെത്തുന്നതിൽ നമ്മൾ പരാജയപ്പെടുന്നു. സാങ്കേതിക വിദ്യയുടെയും സാമ്പത്തിക വളർച്ചയുടെയും ഗതിയും ലക്ഷ്യവും അർത്ഥവും സാമൂഹികപ്രസക്തിയും മനസിലാക്കി അതു കണ്ടെത്താൻ നമുക്കു കഴിയണം.

110. സാങ്കേതികവിദ്യയിലെ ഓരോ മേഖലയിലെയും പ്രത്യേക വൈദഗ്‌ധ്യം ആർജിക്കാനുള്ള ശ്രമം യാഥാർത്ഥ്യങ്ങളെ പൂർണമായി മനസിലാക്കുന്നതു ദുഷ്ക്കരമാക്കുന്നു. വിജ്ഞാന മേഖലയെ വ്യത്യസ്‌ത തുണ്ടുതുണ്ടുകളായി തരംതിരിക്കുന്ന ശൈലി പ്രായോഗിക ഉപയോഗത്തിനു സഹായകമാണ്. എന്നാൽ മുഴുവൻ യാഥാർത്ഥ്യത്തെയും വസ്‌തുക്കൾ തമ്മിലുള്ള ബന്ധത്തെയും വിശാലമായ ചക്രവാളത്തെയും വിലമതിക്കുന്നതിൽ അതു കോട്ടം വരുത്തുകയും അങ്ങനെ അവയെ അപ്രസക്ത മാക്കുകയും ചെയ്യുന്നു. ഈ യാഥാർത്ഥ്യം ആധുനിക ലോകത്തിലെ അതിസങ്കീർണമായ പ്രശ്‌നങ്ങൾ, പ്രത്യേകിച്ചു പരിസ്ഥിതിയെയും ദരിദ്രരെയും സംബന്ധിക്കുന്നവ, പരിഹരിക്കാൻ പര്യാപ്തമായ മാർഗങ്ങൾ കണ്ടെത്തുന്നതു ദുഷ്കരമാക്കുന്നു. ഇത്തരം പ്രശ്നങ്ങൾ ഒരേയൊരു കാഴ്‌ചപ്പാടിലോ ഒരുപറ്റം താല്‌പര്യങ്ങളിലോ മാത്രം നിന്നുകൊണ്ടു കൈകാര്യം ചെയ്യാനാവില്ല. വൻ പ്രശ്നങ്ങൾക്കു പരിഹാരം നിർദ്ദേശിക്കുന്ന ശാസ്ത്രം മറ്റു വിജ്ഞാന മേഖലകൾ, പ്രത്യേകിച്ചു തത്വശാസ്ത്രവും സാമൂഹികനീതി ശാസ്ത്രവും, പ്രദാനംചെയ്യുന്ന വിവരങ്ങളെയും തീർച്ചയായും കണക്കിലെടുക്കണം; എന്നാൽ, ഇന്ന് ഇതു നേടിയെടുക്കാൻ അത്ര എളുപ്പമുള്ള ശീലമല്ല. മാത്രമല്ല, ഇക്കാര്യത്തിൽ ഒരുവന് ആശ്രയിക്കാവുന്ന ശരിയായ നീതിശാസ്ത്രമേഖലകളും ഇന്നില്ല. കൂടാതെ, സാങ്കേതികവിദ്യയെ അസ്‌തിത്വത്തിന്റെ അർത്ഥം മനസിലാക്കാനുള്ള മുഖ്യ താക്കോലായി കണക്കാക്കിക്കൊണ്ട് ജീവിതത്തെ ക്രമേണ അതിൻ്റെ സാഹചര്യങ്ങൾക്ക് അടിയറ വയ്ക്കുകയും ചെയ്യുന്നു. തെറ്റെന്താണെന്നു ചൂണ്ടിക്കാണിക്കുന്ന പരിസ്ഥിതിശോഷണം. ഉത്ക്കണ്ഠ, ജീവിതത്തിന്റെയും കൂട്ടായ്മയിൽ കഴിയുന്നതിന്റെയും ലക്ഷ്യബോധത്തിന്റെ അഭാവം തുടങ്ങിയ ലക്ഷണങ്ങൾ നമ്മൾ അഭിമുഖീകരിക്കുന്ന പ്രായോഗിക സാഹചര്യത്തിലുണ്ട്. “ആശയങ്ങളെക്കാൾ പ്രധാനപ്പെട്ടതു യാഥാർത്ഥ്യങ്ങളാണെന്നു" നമ്മൾ ഒരിക്കൽകൂടി കാണുന്നു.

111. സത്വരപ്രശ്‌നങ്ങളായ മലിനീകരണം, പരിസ്ഥിതി ജീർണത, പ്രകൃതിവിഭവങ്ങളുടെ ശോഷണം എന്നിവയോടുള്ള ഭാഗികവും അടിയന്തിരവുമായ പ്രതികരണങ്ങളുടെ ഒരു പരമ്പര മാത്രമായി പരിസ്ഥിതി സംസ്ക്കാരത്തെ ചുരുക്കാനാവില്ല. സാങ്കേതികവികസനമാതൃകയുടെ ആക്രമണത്തെ പ്രതിരോധിക്കാൻ സഹായിക്കുന്ന തരത്തിലുള്ള, വസ്‌തുതകളെക്കുറിച്ചുള്ള ഒരു നവവീക്ഷണം, ചിന്താശൈലി, നയങ്ങൾ, വിദ്യാഭ്യാസപദ്ധതി, ജീവിതശൈലി, ആത്മീയത എന്നിവ ആവശ്യമാണ്. മറിച്ചായാൽ, ഉത്തമമായ പരിസ്ഥിതി സംരംഭങ്ങൾപോലും ആഗോളവത്ക്കരണത്തിന്റെ യുക്തിയിൽ കുടുങ്ങിപ്പോകാനിടയുണ്ട്. ഉയർന്നുവരുന്ന ഓരോ പരിസ്ഥിതി പ്രശ്‌നത്തിനും സാങ്കേതികപരിഹാരം മാത്രം തേടുന്നത്. യഥാർത്ഥത്തിൽ പരസ്‌പരബന്ധിതമായവയെ വേർപെടുത്തുന്നതിനും ആഗോളസംവിധാനത്തിന്റെ ഏറ്റവും ആഴമേറിയതും യഥാർത്ഥവുമായ പ്രശ്‌നങ്ങളെ തമസ്ക്കരിക്കുന്നതിനും തുല്യമാണ്.

112. എന്നിരുന്നാലും നമുക്ക് നമ്മുടെ ചക്രവാളങ്ങളെ വിശാലമാക്കാൻ കഴിയും. സാങ്കേതികശാസ്ത്രത്തെ നിയന്ത്രിക്കാനും പരിമിതപ്പെടുത്താനും ആവശ്യമായ സ്വാതന്ത്ര്യം നമുക്കുണ്ട്; കൂടുതൽ ആരോഗ്യകരവും മാനുഷികവും സാമൂഹികവും സമഗ്രവുമായ മറ്റൊരുതരം പുരോഗതിയുടെ സേവനത്തിലേക്ക് അതിനെ നിയോഗിക്കാൻ കഴിയും. സാങ്കേതികവിദ്യാമാതൃകയുടെ ആധിപത്യത്തിൽനിന്നുള്ള വിമോചനം ചിലപ്പോൾ സംഭവിക്കാറുണ്ട്. ചെറുകിട ഉല്പാദകസംഘങ്ങൾ മലിനീകരണം കുറഞ്ഞ ഉല്പാദനരീതികൾ സ്വീകരിക്കുന്നതും ഉപഭോഗത്തിനടിപ്പെടാത്ത ജീവിതശൈലിയും വിനോദങ്ങളും സമൂഹം തിരഞ്ഞെടുക്കുന്നതും ഉദാഹരണങ്ങളാണ്. മനുഷ്യൻ്റെ മൂർത്തമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലേക്കു സാങ്കേതികവിദ്യ മുഖ്യമായും നയിക്ക പ്പെടുമ്പോൾ, കൂടുതൽ മഹത്വത്തിലും കുറഞ്ഞ സഹനത്തിലും ജീവിക്കാൻ അവരെ സത്യമായും സഹായിക്കുന്നു. അല്ലെങ്കിൽ, സൗന്ദര്യം സൃഷ്ട‌ിക്കാനും ആസ്വദിക്കാനുമുള്ള ആഗ്രഹം. സൗന്ദര്യത്തിലും അതിനെ ദർശിക്കുന്നവരിലുമുണ്ടാകുന്ന ഒരുതരം രക്ഷവഴി ന്യൂനീകരണത്തെ തരണംചെയ്യാൻ സാധിക്കുന്നതു കൊണ്ട് സാങ്കേതികവിദ്യയുടെ ആധിപത്യത്തിൽനിന്നു മോചനം നേടാനാവും. സാങ്കേതികവിദ്യയാൽ ഭരിക്കപ്പെടുന്ന ഇന്നത്തെ സംസ്കാരമദ്ധ്യത്തിൽ, അടയ്ക്കപ്പെട്ട വാതിലിനു പിന്നിൽ മൂടൽ മഞ്ഞ് ക്രമേണ വ്യാപിക്കുന്നതുപോലെ, തീരെ ശ്രദ്ധിക്കപ്പെടാത്ത തരത്തിൽ, പുതിയ ഉദ്ഗ്രഥനത്തിനാഹ്വാനം ചെയ്യുന്ന ശരിയായ മാനവികത പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതൊക്കെയാണെങ്കിലും, വഴങ്ങാത്ത പ്രതിരോധത്തിനു മധ്യേ ഉയരുന്ന യഥാർത്ഥമായ ഈ വാഗ്ദാനങ്ങൾ നിലനില്ക്കുമോ?

113. ജനങ്ങൾ ആനന്ദനിർഭരമായ ഒരു ഭാവിയിൽ വിശ്വസിക്കുന്നതായി കാണപ്പെടുന്നില്ലെന്ന യാഥാർത്ഥ്യവുമുണ്ട്. ഇപ്പോഴത്തെ ലോകസാഹചര്യങ്ങളെയും നമ്മുടെ സാങ്കേതിക വൈഭവത്തെയും അടിസ്ഥാനമാക്കുന്ന മെച്ചപ്പെട്ട ഭാവിയിൽ അവർക്ക് അന്ധമായ വിശ്വാസമില്ല. ശാസ്ത്രീയ-സാങ്കേതിക പുരോഗതിയെ മാനവികതയുടെയും ചരിത്രത്തിന്റെയും പുരോഗതിയായി പരിഗണിക്കാനാവില്ലെന്ന അവബോധം വർധിച്ചുവരുന്നുണ്ട്. മെച്ചപ്പെട്ട ഭാവിയ്ക്കുള്ള മാർഗം മറ്റെവിടെയോ ആണെന്ന അവബോധവും വർധിച്ചുവരുന്നുണ്ട്. സാങ്കേതികവിദ്യ നമുക്കു വച്ചുനീട്ടുന്ന സാധ്യതകളെ നിരസിക്കാനല്ല ഇത്. മനുഷ്യവംശം ആഴമേറിയ പരിവർത്തനത്തിനു വിധേയമായിരിക്കുന്നു. ഇടമുറിയാത്ത പുതുമകളുടെ കുന്നുകൂടൽ, നമ്മെ ഒരു ദിശയിലേക്കു വലിച്ചിഴയ്ക്കുന്ന ഒരുതരം കൃത്രിമത്വത്തെ മഹത്വവത്ക്കരിക്കുന്നു. ജീവിതത്തിൽ ഒരുനിമിഷംനിന്ന് ആഴങ്ങൾ വീണ്ടെടുക്കുക എന്നതു ദുഷ്ക്കരമായിരിക്കുന്നു. വാസ്തുവിദ്യ ഒരു കാലഘട്ടത്തിന്റെ ചൈതന്യത്തിൻ്റെ പ്രതിഫലനമാണെങ്കിൽ ഇന്നത്തെ നമ്മുടെ വൻസൗധങ്ങളും വിരസമായ കെട്ടിടനിരകളും പുതുപുത്തൻ ഉത്പ്പന്നങ്ങളുടെ നിരന്തര പ്രളയവും മുടുപ്പിക്കുന്ന വിരസതയുമുള്ള ആഗോളവത്ക്കരിക്കപ്പെട്ട സാങ്കേതികവിദ്യയുടെ പ്രകടനങ്ങളാണ്. ഇതിനു കീഴടങ്ങാതെ എല്ലാറ്റിന്റെയും അർത്ഥ ലക്ഷ്യങ്ങളെക്കുറിച്ചു നമുക്കു വിസ്‌മയിച്ചു കൊണ്ടേയിരിക്കാം. അല്ലെങ്കിൽ നമ്മൾ ഇപ്പോഴത്തെ സാഹചര്യങ്ങളെ ന്യായീകരിക്കുകയും നമ്മുടെ ശൂന്യതയെ മറികടക്കാനും യാഥാർത്ഥ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറാനുമുള്ള പുതിയ വഴികൾ തേടുകയും ചെയ്യും.

114. ഒരു ശക്തമായ സാംസ്‌കാരിക വിപ്ലവത്തിൻ്റെ അനിവാര്യതയാണ് ഇവ വ്യക്തമാക്കുന്നത്. ശാസ്ത്രവും സാങ്കേതിക മികവും നിഷ്പക്ഷമല്ല; ഏതൊരു പ്രക്രിയയുടെയും ആദ്യന്തം വ്യത്യസ്‌തങ്ങളായ ലക്ഷ്യങ്ങളും സാധ്യതകളും ഉണ്ടാവുകയും അവയ്ക്കു വ്യത്യസ്‌ത രൂപങ്ങൾ സ്വീകരിക്കുകയും ചെയ്യാം. ശിലായുഗത്തിലേക്കു

മടങ്ങണമെന്നല്ല പറയുന്നത്. പക്ഷേ, നമ്മൾ സാവധാനം നിന്ന് വ്യത്യസ്തമായ രീതിയിൽ യാഥാർത്ഥ്യത്തെ നോക്കികാണേണ്ടതുണ്ട്. ഇതുവരെ ഉണ്ടായിട്ടുള്ള ക്രിയാത്മകവും സുസ്ഥിരവുമായ പുരോഗതിയെ വിലമതിക്കാൻ മാത്രമല്ല, ആഡംബരത്തെക്കുറിച്ചുള്ള അനിയന്ത്രിതമായ നമ്മുടെ മിഥ്യകളാൽ തൂത്തെറിയപ്പെട്ട മൂല്യങ്ങളും മഹത്തായ ലക്ഷ്യങ്ങളും വീണ്ടെടുക്കാനുമാണിത്. 

III. ആധുനിക മനുഷ്യകേന്ദ്രവാദത്തിൻ്റെ വെല്ലുവിളികളും ഫലങ്ങളും

115. ആധുനിക മനുഷ്യകേന്ദ്രവാദം യാഥാർത്ഥ്യങ്ങൾക്കപ്പുറം സാങ്കേതികചിന്തകൾക്കു വിലകൽപ്പിച്ചുകൊണ്ട് വൈരുദ്ധ്യാത്മക മായിത്തീരുകയാണ് ചെയ്‌തത്. കാരണം, "സാങ്കേതികശാസ്ത്രത്തിൻ്റെ ചിന്താധാരയിൽ പ്രകൃതി സംവേദനക്ഷമമല്ലാത്ത ക്രമമോ, വസ്തു‌തകളുടെ തണുത്തുറഞ്ഞ രൂപമോ, ഉപഭോഗത്തിനു മാത്രമായി 'നല്‌കപ്പെട്ട' ഒരു വസ്‌തുവോ, ഉപകാരപ്രദമായ രൂപഭാവങ്ങൾ നൽകുന്നതിനായുള്ള അസംസ്കൃതവസ്‌തുവോ ആയി മാത്രമാണ് കരുതപ്പെടുന്നത്. ഈ കാഴ്ച്ചപ്പാടിൽ പ്രപഞ്ചം എന്നതു തികഞ്ഞ അനാസ്ഥയോടെ വസ്‌തുക്കളെ വലിച്ചെറിയാനുള്ള വെറുമൊരു 'ഇടം' മാത്രമാണ്." അങ്ങനെ ഈ ലോകത്തിന്റെ ആന്തരിക മഹത്വം അവഗണിക്കപ്പെട്ടിരിക്കുന്നു. ഈ ലോകത്തിൽ മനുഷ്യവ്യക്തികൾ തങ്ങളുടെ യഥാർത്ഥസ്ഥാനം കണ്ടെത്താൻ പരാജയപ്പെടുമ്പോൾ അവർ തങ്ങളെത്തന്നെ തെറ്റിദ്ധരിക്കുകയും തങ്ങൾക്കെതിരായ പ്രവൃത്തികളിൽ ചെന്നുനില്ക്കുകയും ചെയ്യുന്നു. "ദൈവത്തിൻ്റെ നന്മനിറഞ്ഞ ആദിമലക്ഷ്യത്തെ ആദരിച്ചു കൊണ്ടുപയോഗിക്കാൻ മനുഷ്യനു ഭൂമിയെ നല്‌കിയെന്നു മാത്രമല്ല, മനുഷ്യൻതന്നെയും അപരർക്കുള്ള ദൈവദാനമാണ്. അതുകൊണ്ട് തന്നെ ആവരണംചെയ്തിരിക്കുന്ന തൻ്റെ സഹജമായതും ധാർമികവുമായ ഘടനകളെ അവൻ ആദരിക്കണം.

116. ആധുനികത ഇന്ന് അതിരുകവിഞ്ഞ മനുഷ്യകേന്ദ്ര വാദത്താൽ ശ്രദ്ധേയമാണ്. സാമൂഹ്യബന്ധങ്ങളെ ശക്തിപ്പെടുത്താനുള്ള യത്നങ്ങളുടെയും പങ്കാളിത്ത ധാരണകളുടെയും വഴിമുടക്കി മറ്റൊരു വേഷത്തിൽ അതു നിലകൊള്ളുന്നു. യാഥാർത്ഥ്യങ്ങളെയും അവയുൾക്കൊള്ളുന്ന പരിമിതികളെയും നവീനവീക്ഷണത്തിൽ കാണേണ്ട സമയമായിരിക്കുന്നു. ഇതു വ്യക്തികളുടെയും സമൂഹത്തിന്റെയും ആരോഗ്യകരവും ഫലപ്രദവുമായ വികസനത്തിനു ആവശ്യമാണ്. ക്രിസ്തീയ നരവംശശാസ്ത്രത്തിന്റെ അപര്യാപ്തമായ അവതരണം മനുഷ്യവ്യക്തികളും പ്രപഞ്ചവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തെറ്റായ ചില ധാരണകൾ രൂപപ്പെടുത്തുവാൻ കാരണമായിത്തീർന്നിട്ടുണ്ട്. പ്രപഞ്ചത്തിൻ്റെമേൽ യജമാനത്വം സ്ഥാപിക്കണമെന്നും പ്രകൃതിസംരക്ഷണമെന്നത് ദുഃർബലഹൃദയരുടെ മാത്രം സംരംഭമാണെന്നും ധരിക്കുന്ന ഒരു പ്രൊമിത്തിയൂസ് വീക്ഷണം പസ്തീയ നരവംശശാസ്ത്രത്തിൻ്റെ അപര്യാപ്തമായ അവതരണം മനുഷ്യവ്യക്തികളും പ്രപഞ്ചവും തമ്മിലുലരെയും ഗ്രസിച്ചിരിക്കുന്നു. പകരം, നമുക്കു പ്രപഞ്ചത്തിന്മേലുള്ള "ആധിപത്യം" എന്നത് ഉത്തരവാദിത്വ പൂർണമായ കാര്യസ്ഥതയാണെന്ന യാഥാർത്ഥ്യം തിരിച്ചറിയണം."

117. പ്രകൃതിയ്ക്കുനേരെ നമ്മൾ നടത്തുന്ന ദ്രോഹങ്ങളെയും നമ്മുടെ തീരുമാനങ്ങൾക്കു പരിസ്ഥിതിക്കുമേലുള്ള ആഘാതങ്ങളെയും നിയന്ത്രിക്കുന്ന കാര്യത്തിൽ അലംഭാവം കാണിക്കുന്നതു തന്നെയാണ് പ്രകൃതിയുടെ ഘടനയിലുള്ള സന്ദേശത്തെ നമ്മൾ ഉൾക്കൊള്ളുന്നില്ല എന്നതിൻ്റെ പരമപ്രധാനമായ അടയാളം. ദരിദ്രവ്യക്തിയുടെയും മനുഷ്യഭ്രൂണത്തിന്റെയും ഭിന്നശേഷിയുള്ള വ്യക്തിയുടെയും മൂല്യത്തെ യാഥാർത്ഥ്യത്തിന്റെ ഭാഗമായി അംഗീകരിക്കാൻ കഴിയാതെ വരുമ്പോൾ പ്രകൃതിയുടെ നിലവിളിയും കേൾക്കാൻ നമുക്കു കഴിയില്ല. കാരണം, എല്ലാം പരസ്പര ബദ്ധമാണ്. ഒരു വ്യക്തി യാഥാർത്ഥ്യങ്ങളിൽനിന്നു സ്വയം മോചനം പ്രഖ്യാപിക്കുകയും സമ്പൂർണ ആധിപത്യത്തോടെ പെരുമാറുകയും ചെയ്യുമ്പോൾ നമ്മുടെ ജീവിതത്തിൻ്റെ അടിസ്ഥാനങ്ങൾ തകർന്നടിയുന്നു. കാരണം, "ദൈവത്തിൻ്റെ സൃഷ്‌ടികർമത്തോടു സഹകാരിയാവുക എന്ന ദൗത്യത്തിനു പകരം ദൈവത്തിന്റെ സ്ഥാനത്ത് സ്വയം പ്രതിഷ്‌ഠിക്കുന്നതുവഴി പ്രകൃതിയുടെ ഭാഗത്തു നിന്നുതന്നെ എതിർപ്പിനിടയാക്കുന്നു. 

118. ഒരു വശത്ത് ചെറുജീവികളിൽ യാതൊരുവിധ ആന്തരിക മൂല്യങ്ങളും കാണാതിരിക്കുകയും മറുവശത്ത് മനുഷ്യജീവനിൽ സവിശേഷമൂല്യങ്ങളൊന്നും കാണാതിരിക്കുകയും ചെയ്യുന്ന സാങ്കേതിക അധീശത്വം ഒരു വിഘടിതമാനസികാവസ്ഥയിലേക്കു നിരന്തരം നയിക്കുന്നു. എന്നാൽ ഒരുവനു മാനവവംശത്തിൽനിന്ന് അത്തരത്തിൽ വേർപെട്ടുനില്ക്കാൻ സാധ്യമല്ല. മനുഷ്യബന്ധങ്ങളുടെ നവീകരണമില്ലാതെ പ്രകൃതിയുമായുള്ള നമ്മുടെ ബന്ധത്തെ പുനരുദ്ധരിക്കാനാവില്ല. പര്യാപ്‌തമായ നരവംശശാസ്ത്രം കൂടാതെ പരിസ്ഥിതിശാസ്ത്രത്തിനു പ്രസക്തിയില്ല. മനുഷ്യവ്യക്തിത്വം പലതിലൊന്നു മാത്രമായോ, വെറും യാദൃഛികതയുടെയോ വിധിയുടെയോ ഉത്പന്നം മാത്രമായോ കണ്ടുവരുന്നിടത്ത്, "ഉത്തരവാദിത്വബോധം ക്ഷയിക്കും"" വഴിതെറ്റിക്കപ്പെട്ട മനുഷ്യകേന്ദ്ര വാദം 'ജൈവകേന്ദ്രവാദ'ത്തിലെത്തണമെന്നു നിർബന്ധമില്ല. കാരണം, നിലവിലുള്ള പ്രശ്‌നങ്ങളെ പരിഹരിക്കാൻ കഴിയാതെ പുതിയവയെ സൃഷ്ട്‌ടിക്കുന്ന ഒരസന്തുലിതാവസ്ഥ സംജാതമായേക്കാം. മനുഷ്യൻ്റെ അറിവിൻ്റെയും മനഃസാക്ഷിയുടെയും സ്വാതന്ത്യ്രത്തിൻ്റെയും ഉത്തരവാദിത്വത്തിൻ്റെയും സവിശേഷ കഴിവുകളെ അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്യാത്തിടത്ത് അവന് ഈ പ്രപഞ്ചത്തോട് ഉത്തരവാദിത്വം ഉണ്ടാകണമെന്നില്ല.

119. വഴി തെറ്റിക്കപ്പെട്ട മനുഷ്യകേന്ദ്രവാദത്തിന്റെ നിരൂപണങ്ങൾ വ്യക്തിപരമായ ബന്ധങ്ങളുടെ പ്രാധാന്യത്തെ ഇകഴ്ത്തിക്കാട്ടാൻ പാടില്ല. ഇന്നത്തെ പാരിസ്ഥിതിക പ്രതിസന്ധി ഒരു ആധുനിക ധാർമ്മിക, സാംസ്‌കാരിക, ആത്മീയ പ്രതിസന്ധിയുടെ ചെറിയ അടയാളമാണെങ്കിൽ അടിസ്ഥാനപരമായി വ്യക്തിബന്ധങ്ങളിലെ മുറിവുണക്കാതെ പ്രകൃതിയും പരിസ്ഥിതിയുമായുള്ള നമ്മുടെ ബന്ധങ്ങളിലെ പ്രശ്‌നങ്ങൾക്കു പരിഹാരം കണ്ടെത്താൻ കഴിയില്ല. മനുഷ്യർക്ക് മറ്റു സൃഷ്‌ടികളിൽനിന്നു സവിശേഷമായ മഹത്വം ഉണ്ടെന്നതാണു ക്രിസ്‌തീയചിന്ത. ഇത് ഓരോ വ്യക്തിയോടുമുള്ള മതിപ്പും മറ്റുള്ളവരോടുള്ള ബഹുമാനവും ഊട്ടിയുറപ്പിക്കുന്നു. അറിയാനും സ്നേഹിക്കാനും സംഭാഷണത്തിലേർപ്പെടാനും കഴിയുന്നവനായ അപരനിലേക്കുള്ള തുറവിയാണു മനുഷ്യവ്യക്തിയുടെ സ്വഭാവമാഹാത്മ്യത്തിനു നിദാനം. അതിന്ദ്രീയതലത്തിലെ അപരനായ ദൈവത്തോടുള്ള തുറവിയെയും മറ്റുള്ളവരിലേക്കുള്ള തുറവിയുടെ സാമൂഹികമാനത്തെയും അവഗണിക്കരുതെന്നു സൃഷ്ട പ്രപഞ്ചവുമായുള്ള ശരിയായ ബന്ധം നമ്മോട് ആവശ്യപ്പെടുന്നു. പരിസ്ഥിതിയുമായുള്ള നമ്മുടെ ബന്ധത്തെ ഒരിക്കലും മറ്റുള്ളവരുമായോ ദൈവവുമായോ ഉള്ള ബന്ധത്തിൽനിന്നും വേർപെടുത്തി കാണാനാവില്ല. അല്ലെങ്കിൽ ഇത് ഒരു തരം ശ്വാസംമുട്ടിക്കുന്ന അന്തർലീനതയിൽ നമ്മെ ബന്ധിക്കുന്ന, പാരിസ്ഥിതിക ബന്ധത്തിന്റെ മറവിൽ സംഭവിക്കുന്ന വെറും കാല്‌പനിക വ്യക്തിമാഹാത്മ്യവാദമായി മാറും.

120. എല്ലാം പരസ്പ‌രബദ്ധമായതുകൊണ്ട് പ്രകൃതിസംരക്ഷണ വാദഗതികൾ ഭ്രൂണഹത്യയുടെ ന്യായീകരണങ്ങളോട് അല്പംപോലും പൊരുത്തപ്പെടുന്നില്ല. ഒരു മനുഷ്യഭ്രൂണത്തെ അതെത്രമാത്രം അസൗകര്യങ്ങളും ബുദ്ധിമുട്ടുകളും ജനിപ്പിക്കുന്നതായാലും സംരക്ഷിക്കാൻ മെനക്കെടാതെ, പ്രശ്‌നബാധിതവും അസ്വസ്ഥവും മുറിവേല്ക്കപ്പെടാവുന്നതുമായ മറ്റു ജീവികളെ സംരക്ഷിക്കണമെന്നു നമുക്കെങ്ങനെ ആത്മാർത്ഥമായി വാദിക്കാനാവും? "പുതുജീവനെ സ്വീകരിക്കാനുള്ള സമൂഹത്തിൻ്റെയോ വ്യക്തിയുടെയോ സംവേദനശക്തി നഷ്‌ടപ്പെടുമ്പോൾ, സമൂഹത്തിനു വിലയേറിയതായി തോന്നിയേക്കാവുന്ന സ്വീകാര്യതയുടെ മറ്റു പല രൂപങ്ങളും നശിക്കും."

121. സമീപ നൂറ്റാണ്ടുകളിലെ തെറ്റായ വാദങ്ങളെ മറികടക്കാൻ ഉതകുന്ന ഒരു സംശ്ലേഷണം നമ്മൾ രൂപപ്പെടുത്തണം. ഈശോമിശിഹായിൽനിന്നു സ്വീകരിച്ച സത്യത്തിന്റെ സമ്പന്ന ഉറവിടങ്ങളോടും തങ്ങളുടെതന്നെ തനിമയോടും വിശ്വസ്‌തത കാണിച്ചുകൊണ്ടും മാറിമാറിവരുന്ന ചരിത്രസാഹചര്യങ്ങളോടു ഫലപ്രദമായി സംവദിച്ചുകൊണ്ടും ക്രിസ്‌തീയത ഈ പ്രശ്‌നങ്ങളെക്കുറിച്ചുള്ള വിചിന്തനം തുടരുന്നു. അതുവഴിയായി ക്രൈസ്‌തവ സമൂഹം അതിന്റെ നിത്യനവീനത്വത്തെ വെളിപ്പെടുത്തുന്നു. 

പ്രായോഗിക ആപേക്ഷികതാവാദം 

122. ദിശ തെറ്റിയ മനുഷ്യകേന്ദ്രവാദം വഴിതെറ്റിയ ജീവിതശൈലിയിലേക്കു നയിക്കുന്നു. സുവിശേഷത്തിന്റെ ആനന്ദം എന്ന ശ്ലൈഹികപ്രബോധനത്തിൽ ഞാൻ പരാമർശിച്ചതുപോലെ, “താത്വിക ആപേക്ഷികതാവാദത്തെക്കാൾ വളരെ അപകടകരമാണ്”? ഇക്കാലത്തിൻ്റെ മുഖമുദ്രയായിരിക്കുന്ന പ്രായോഗിക ആപേക്ഷികതാവാദം. മനുഷ്യൻ തന്നെത്തന്നെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കുമ്പോൾ സത്വരസൗകര്യത്തിനു കേവല പ്രാമുഖ്യം നല്‌കുകയും മറ്റെല്ലാം ആപേക്ഷികമായി പിന്തള്ളുകയും ചെയ്യുന്നു. സർവവ്യാപിയായ സാങ്കേതിക അധീശത്വം, അനിയന്ത്രിതമായ മനുഷ്യശക്തിയുടെ വീരാരാധന എന്നിവയോടൊപ്പം ഒരുവന്റെ സത്വര താല്പര്യങ്ങൾക്ക് ഉപകരിക്കാത്തതിനെയെല്ലാം അപ്രസക്തമായി കാണുന്ന ഒരു ആപേക്ഷികതാവാദം ഉയർന്നു വരുന്നതിൽ നമ്മൾ വിസ്‌മയിക്കേണ്ടതില്ല. ഇവിടെ വ്യത്യസ്ത മനോഭാവങ്ങൾ പരസ്‌പരം പോഷിപ്പിക്കുന്നു എന്ന ന്യായമുണ്ട്. ഇതു പരിസ്ഥിതി ശോഷണത്തിലേക്കും സാമൂഹ്യജീർണതയിലേക്കും നയിക്കുന്നു.

123. ഒരു വ്യക്തി മറ്റൊരുവനെ ചുഷണം ചെയ്യുന്നതും അവരെ വെറും വസ്‌തുക്കളായി കരുതി അവരുടെമേൽ ജോലി അടിച്ചേല്പിക്കുന്നതും കടംവീട്ടുന്നതുവരെ അടിമപ്പെടുത്തി വയ്ക്കുന്നതുമെല്ലാം ആപേക്ഷികതാസംസ്ക്കാരത്തിലെ ക്രമരാഹിത്യത്തിൻ്റെ പരിണിതഫലങ്ങൾ തന്നെയാണ്. ഇതേ ആപേക്ഷികതാവാദമാണ്, കുട്ടികളുടെ ലൈംഗികചൂഷണത്തിലേക്കും തങ്ങളുടെ താല്‌പര്യങ്ങൾക്ക് ഇനിയൊരിക്കലും ഉപകരിക്കാത്ത വയോജനങ്ങളെ ഉപേക്ഷിക്കുന്നതിലേക്കും നയിക്കുന്നത്. വിപണിയിലെ അദൃശ്യശക്തികൾ സമ്പദ്വ്യവസ്ഥയെ നിയന്ത്രിക്കട്ടെ; സമൂഹത്തിലും പ്രകൃതിയിലുമേല്ക്കുന്ന ആഘാതം അതിൻ്റെ പാർശ്വഫലം മാത്രമാണ് എന്നുപറയുന്നവരുടെ മാനസികഘടനയും ഈ തത്ത്വത്തിനു വിധേയപ്പെട്ടിരിക്കുന്നു. നമ്മുടെ തന്നെ സത്വര ആവശ്യങ്ങളുടെയും ആഗ്രഹങ്ങളുടെയും പൂർത്തീകരണമല്ലാതെ, മറ്റ് ആരോഗ്യകരമായ തത്ത്വങ്ങളോ വസ്തുനിഷ്‌ഠമായ സത്യംതന്നെയോ ഇല്ലാത്ത അവസ്ഥയിൽ മനുഷ്യക്കടത്ത്, സംഘടിതകുറ്റകൃത്യം, മയക്കുമരുന്നു വ്യാപാരം, വംശനാശഭീഷണി നേരിടുന്ന ജീവികളുടെ വ്യാപാരം തുടങ്ങിയവയ്ക്ക് ഏതു പരിധി നിശ്ചയിക്കും? ഇതേ ആപേക്ഷിക താവാദത്തിന്റെ അടിസ്ഥാനത്തിലാണു ദരിദ്രരുടെ അവയവങ്ങൾ പുനർവില്പ‌നയ്ക്കായോ പരീക്ഷണങ്ങൾക്കായോ വാങ്ങുന്നതിനെയും തങ്ങൾ ആഗ്രഹിക്കാത്ത കുട്ടികളെ മാതാപിതാക്കൾ വിറ്റൊഴിവാക്കുന്നതിനെയും ന്യായീകരിക്കുന്നത്. ആവശ്യശേഷം വലിച്ചെറിയുക എന്ന ഇതേ യുക്തിയാണ് വേണ്ടതിലധികം ഉപയോഗിക്കാനുള്ള ക്രമരഹിതമായ ആഗ്രഹത്തിലൂടെ ഇത്രയധികം മാലിന്യങ്ങൾ ഉല്‌പാദിപ്പിക്കുന്നത്. പരിസ്ഥിതിയെ ബാധിക്കുന്ന പ്രശ്‌നങ്ങൾക്കുള്ള മതിയായ പരിഹാരം രാഷ്ട്രീയപരമോ നിയമപരമോ മാത്രമാണെന്നു കരുതിക്കൂടാ. കാരണം, സംസ്ക്കാരംതന്നെ ക്ഷയിക്കുകയും വസ്‌തുനിഷ്‌ഠമായ സത്യങ്ങളോ സാർവത്രിക തത്വങ്ങളോ ഉയർത്തിപ്പിടിക്കാതിരിക്കുകയും ചെയ്യുമ്പോൾ, നിയമം അടിച്ചേല്പ്പിക്കപ്പെടുന്നതും ഒഴിവാക്കപ്പെടേണ്ടതുമായ തടസ്സമായി കാണപ്പെട്ടേക്കാം. 

തൊഴിലിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത

124. വിശുദ്ധ ജോൺ പോൾ രണ്ടാമൻ തൻ്റെ തൊഴിലിന്റെ മാഹാത്മ്യം (Laborem Exercens) എന്ന ചാക്രികലേഖനത്തിലൂടെ വിവേകപൂർവം ചൂണ്ടികാട്ടിയതുപോലെ, പരിസ്ഥിതിയോടുള്ള ഏതൊരു സമഗ്രസമീപനവും പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ, മനുഷ്യനെ ഒഴിവാക്കാത്തതും തൊഴിലിന്റെ മൂല്യത്തെ കണക്കിലെടുക്കുന്നതും ആയിരിക്കണം. സൃഷ്‌ടിയെക്കുറിച്ചുള്ള ബൈബിൾ വിവരണപ്രകാരം ദൈവം മനുഷ്യനെ താൻ സൃഷ്‌ടിച്ച തോട്ടത്തിലാക്കിയത് (ഉല്പ‌ 2,15), അതിനെ സംരക്ഷിക്കാൻ (keep) മാത്രമല്ല, ഫലപുഷ്ടമാക്കാനുമാണ് (till). ഇപ്രകാരം തൊഴിലാളികളും വിദഗ്‌ധജോലിക്കാരും "ലോകത്തിൻ്റെ ഘടന നിലനിർത്തുന്നു" (പ്രഭാ 38,34). സൃഷ്ടപ്രപഞ്ചത്തെ വിവേകപൂർവം വികസിപ്പിക്കുന്നതാണ് അതിനോടു കരുതൽ പുലർത്താനുള്ള ഏറ്റവും നല്ല മാർഗം. അപ്പോൾ അവയിൽ ദൈവംതന്നെ നിവേശിപ്പിച്ചിരിക്കുന്ന കഴിവുകളെ പുറത്തുകൊണ്ടുവരാൻ അവിടുത്തെ കരങ്ങളിലെ ഉപകരണങ്ങളായി നമ്മൾ മാറുന്നു. “കർത്താവ് ഭൂമിയിൽനിന്ന് ഔഷധങ്ങൾ സൃഷ്‌ടിച്ചു; ബുദ്ധിയുള്ളവൻ അവയെ അവഗണിക്കുകയില്ല" (പ്രഭാ 38,4).

125.തനിക്കു ചുറ്റുമുള്ള ലോകത്തോടു മനുഷ്യനുള്ള ശരിയായ ബന്ധത്തെക്കുറിച്ച് നമ്മൾ വിചിന്തനം നടത്തുമ്പോൾ, തൊഴിലിനെക്കുറിച്ചുള്ള ശരിയായ ധാരണയുടെ ആവശ്യമുണ്ടെന്നു നമ്മൾ കാണുന്നു; മനുഷ്യനും വസ്‌തുക്കളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു സംസാരിക്കുമ്പോൾ, മാനുഷിക പ്രവർത്തനങ്ങളുടെ അർത്ഥലക്ഷ്യങ്ങളെക്കുറിച്ചുള്ള ചോദ്യമുയരുന്നു. കൈവേലയുമായോ കാർഷികവേലയുമായോ മാത്രമല്ല ഇതു ബന്ധപ്പെട്ടിരിക്കുന്നത്; പ്രത്യുത, നിലവിലുള്ള യാഥാർത്ഥ്യത്തെ മെച്ചപ്പെടുത്തുന്ന ഏതൊരു പ്രവൃത്തിയോടും - അതായത്, ഒരു സാമൂഹിക റിപ്പോർട്ട് തയ്യാറാക്കുന്നതുമുതൽ ഏതെങ്കിലുമൊരു പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നതുവരെയുള്ള ഏതൊരു പ്രവൃത്തിയോടും - ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ തൊഴിൽരൂപങ്ങൾക്കും പിന്നിൽ നമുക്കു ഉണ്ടാകാവുന്നതും ഉണ്ടാകേണ്ടതുമായ ബന്ധത്തെക്കുറിച്ചുള്ള കാഴ്‌ചപ്പാടുണ്ട്. വിശുദ്ധ ഫ്രാൻസിസ് അസീസിയിൽ കാണപ്പെടുന്ന, സൃഷ്‌ടിയെക്കുറിച്ചുള്ള വിസ്മയ പൂർണമായ ധ്യാനത്തോടൊപ്പംതന്നെ, ക്രൈസ്തവ ആത്മീയ പാരമ്പര്യത്തിലും തൊഴിലിൻ്റെ അർത്ഥത്തെക്കുറിച്ചുള്ള സമ്പന്നവും സമതുലിതവുമായ ഒരു വികസിത ധാരണ നമുക്കു കണ്ടെത്താം. ഉദാഹരണത്തിന്, വാഴ്ത്തപ്പെട്ട ചാൾസ് ദെ ഫുക്കോയുടെയും ശിഷ്യന്മാരുടെയും ജീവിതത്തിലിതു കാണാം.

126. സന്ന്യാസത്തിൻ്റെ മഹത്തായ പാരമ്പര്യത്തിലും ഇതു കാണാവുന്നതാണ്. ആരംഭത്തിൽ, അതു ലോകത്തിൽനിന്നുള്ള ഒരു പലായനമായിരുന്നു; നഗരങ്ങളുടെ ജീർണതയിൽനിന്നുള്ള ഒരു രക്ഷപെടലായിരുന്നു. ദൈവത്തെ കണ്ടുമുട്ടാനുള്ള ഉത്തമ സ്ഥലം മരുഭൂമിയാണെന്ന ബോദ്ധ്യത്തിൽ സന്ന്യാസികൾ അവിടേക്കു പോയി. നോർസിയായിലെ വിശുദ്ധ ബനഡിക്ട് തന്റെ സന്ന്യാസികളോടു പ്രാർത്ഥനയും ആത്മീയവായനയും കൈവേലയോടു യോജിപ്പിച്ചുകൊണ്ട് സമൂഹജീവിതം നയിക്കാൻ ആവശ്യപ്പെട്ടു (ora et labora). അദ്ധ്വാനം ആത്മീയാർത്ഥമുള്ള താണെന്ന കാഴ്ച്ചപാട് വിപ്ലവാത്മകമായിരുന്നു. ജോലിയും ധ്യാനവും തമ്മിലുള്ള പരസ്‌പര പ്രവർത്തനത്തിലാണു വ്യക്തിപരമായ വളർച്ചയും വിശുദ്ധീകരണവും തേടേണ്ടിയിരുന്നത്. ഇത്തരത്തിലുള്ള തൊഴിലനുഭവം നമ്മെ പ്രകൃതിയോടു കൂടുതൽ ആദരവും കരുതലുമുള്ളവരാക്കുന്നു; ഇത് ലോകത്തോടുള്ള നമ്മുടെ ബന്ധത്തെ പ്രശാന്തതയാൽ നിറയ്ക്കുന്നു.

127. എല്ലാവിധ സാമ്പത്തിക സാമൂഹികജീവതത്തിന്റെയും ഉറവിടവും കേന്ദ്രവും ലക്ഷ്യവും മനുഷ്യനാണ്" എന്നു നമുക്കറിയാം 10%. എന്നിരുന്നാലും, ധ്യാനിക്കാനും ആദരിക്കാനുമുള്ള മനുഷ്യന്റെ കഴിവിനു ഒരിക്കൽ കോട്ടംതട്ടിയാൽ, തൊഴിലിന്റെ അർത്ഥം തെറ്റിദ്ധരിക്കപ്പെടാൻ വളരെ എളുപ്പമാണ്.  മനുഷ്യർക്ക് "അവരുടെ ഭാഗധേയം മെച്ചപ്പെടുത്താനും ധാർമികവളർച്ചയെ ത്വരിതപ്പെടുത്താനും ആത്മീയസിദ്ധികളെ വികസിപ്പിക്കാനുമുള്ള കഴിവ്" ഉണ്ടെന്നു നാമോർക്കണം സൃഷ്‌ടിപരത, ഭാവിപദ്ധതി തയ്യാറാക്കൽ,

കഴിവുകളെ വികസിപ്പിക്കൽ, മൂല്യങ്ങൾജീവിക്കൽ, മറ്റുള്ളവരോടു ബന്ധപ്പെടൽ, ദൈവത്തെ മഹത്വപ്പെടുത്തൽ തുടങ്ങി ജീവിതത്തിൻ്റെ വിവിധ മാനങ്ങൾ തമ്മിൽ സമ്പർക്കത്തിൽ വരുന്ന തൊഴിലായിരിക്കണം വ്യക്തിവികാസത്തിന്റെ ശരിയായ പശ്ചാത്തലം. ഇന്നത്തെ ആഗോളസമൂഹത്തിന്റെ യാഥാർത്ഥ്യത്തിൽ, വിപണിയുടെയും സന്ദിഗ്ദ്ധമായ സാമ്പത്തിക ചിന്തയുടെയും താല്‌പര്യങ്ങൾ എത്ര ചുരുങ്ങിയതായിരുന്നാലും, "ഓരോരുത്തർക്കും സ്ഥിരതയുള്ള തൊഴിൽ എന്ന ലക്ഷ്യത്തിനു നിരന്തരം പ്രാമുഖ്യം നല്‌കേണ്ടതാണ്" എന്ന് ഇതു വ്യക്തമാക്കുന്നു. 

128. തൊഴിലിനുള്ള ഒരു വിളിയോടുകൂടിയാണു നമ്മൾ സൃഷ്ടിക്കപ്പെട്ടതുതന്നെ. മനുഷ്യജോലിയ്ക്കു പകരമായി കൂടുതൽ സാങ്കേതിക പുരോഗതിയെ കൊണ്ടുവരുന്നതു മനുഷ്യവംശത്തെ പ്രതികൂലമായി ബാധിക്കും. തൊഴിൽ അനിവാര്യതയാണ്; ഈ ഭൂമിയിലെ ജീവിതത്തിൻ്റെ അർത്ഥത്തിൻ്റെ ഭാഗമാണ്; വളർച്ചയിലേക്കും മനുഷ്യവികസനത്തിലേക്കും വ്യക്തിപരമായ സമ്പൂർണതയിലേക്കുമുള്ള പാതയാണ്. ദരിദ്രരെ അവരുടെ ഞെരുക്കത്തിൽ സാമ്പത്തികമായി സഹായിക്കുന്നത് തൽക്കാലിക പരിഹാരമായിരിക്കണം. വിശാലമായ ലക്ഷ്യം, തൊഴിലിലൂടെ അന്തസാർന്ന ജീവിതത്തിന് അവരെ പ്രാപ്‌തരാക്കുക എന്നതായിരിക്കണം. എന്നിരുന്നാലും, മനുഷ്യനു ജോലി നഷ്ടപ്പെടുന്ന വിധത്തിലുള്ള യന്ത്രവത്ക്കരണത്തിലൂടെ ഉല്‌പാദനച്ചെലവു കുറയ്ക്കുന്നതരം സാങ്കേതികപുരോഗതിയെയാണു സാമ്പത്തിക വ്യവസ്ഥ അനുകൂലിക്കുന്നത്. നമ്മൾ നമുക്കെതിരായിത്തന്നെ നിലകൊള്ളുന്നതിൻ്റെ മറ്റൊരുദാഹരണമാണിത്. തൊഴിൽനഷ്ടം, സാമൂഹിക മൂലധനത്തിൻ്റെ വർദ്ധിച്ച ശോഷണംവഴി സമ്പദ് വ്യവസ്ഥയിൽ ദൂഷ്യഫലങ്ങൾ ഉളവാക്കുന്നു. ഏതൊരു സാമൂഹ്യ ജീവിതത്തിനും അത്യന്താപേക്ഷിതമായ പരസ്‌പരവിശ്വാസ ബന്ധങ്ങൾ, ആശ്രയത്വം, നിയമത്തോടുള്ള ആദരവ് തുടങ്ങിയവയെ അതു ബാധിക്കുകയും ചെയ്യുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, "മനുഷ്യൻ്റെ ദുരന്തങ്ങൾ സാമ്പത്തികമേഖലയുടെ ദുരന്തങ്ങളാണ്; സാമ്പത്തികമേഖലയുടെ ദുരന്തങ്ങൾ മനുഷ്യന്റെതും.  ഹ്രസ്വകാല സാമ്പത്തികനേട്ടങ്ങൾ ലക്ഷ്യംവച്ചു മനുഷ്യമേഖലയിൽ നിക്ഷേപം നടത്താതിരിക്കുന്നതു  സമൂഹത്തിനു നന്നല്ല.

129. തൊഴിൽ ലഭ്യത ഉറപ്പുവരുത്താൻ ഉല്പാദന വൈവിധ്യത്തെയും ക്രിയാത്മകവ്യാപാരത്തെയും അനുകൂലിക്കുന്ന ഒരു സമ്പദ്വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കണം. ഉദാഹരണത്തിന്, ചെറിയ തുണ്ടു ഭൂമികൾ, പഴത്തോട്ടങ്ങൾ, പൂന്തോട്ടങ്ങൾ എന്നി വിടങ്ങളിലോ നായാട്ട്, വനവിഭവങ്ങളുടെ ശേഖരണം, പ്രാദേശിക മത്സ്യബന്ധനം എന്നീ മേഖലകളിലോ ആകട്ടെ, മിതമായി മാത്രം ഭൂമി ഉപയോഗിച്ചും ഏറ്റവും കുറച്ചു മാലിന്യംമാത്രം ഉൽപാദിപ്പിച്ചുമാണു ചെറുകിട ഭക്ഷ്യോത്പാദന സംവിധാനങ്ങൾ ലോകത്തിലെ ഒരു വലിയ പങ്കു ജനസമൂഹങ്ങളെ തീറ്റിപ്പോറ്റുന്നത്. വൻകിട സമ്പദ് വ്യവസ്ഥകൾ, പ്രത്യേകിച്ചു കാർഷികമേഖലയിലുള്ളവ, ചെറുകിട കർഷകരുടെ ഭൂമി വില്ക്കുന്നതിനോ, അവരുടെ പരമ്പരാഗത വിളകൾ ഉപേക്ഷിക്കുന്നതിനോ ഇടയാക്കുന്നു. പ്രാദേശികവും ആഗോളവുമായ വിപണിയോടു ബന്ധപ്പെടുന്നതു ദുഷ്കരമായതിനാൽ, മറ്റൊരു ഉല്പാദനമാർഗം കണ്ടെത്താനുള്ള അവരുടെ പരിശ്രമം നിഷ്‌ഫലമാകുന്നു. വില്‌പനയുടെയും ഗതാഗതത്തിൻ്റെയും അടിസ്ഥാന സൗകര്യങ്ങൾ വൻകിട വ്യാപാരത്താൽ നിയന്ത്രിക്കപ്പെടുന്നതുകൊണ്ടും ഇതു സംഭവിക്കാം. ചെറുകിട ഉല്‌പാദകരെയും വ്യത്യസ്‌തമായ ഉല്പ്‌പാദന രീതികളെയും പിന്തുണയ്ക്കാൻ ശക്തവും വ്യക്തവുമായ നടപടികൾ സ്വീകരിക്കാനുള്ള കടമയും അവകാശവും ഭരണാധികാരികൾക്കുണ്ട്. എല്ലാവർക്കും ഫലപ്രദമായ വിധത്തിൽ പ്രയോജനമെടുക്കാൻ കഴിയുന്ന സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിന്, വൻ സാമ്പത്തിക ശക്തികൾക്കും കൂടുതൽ വിഭവങ്ങൾ കൈവശ മുള്ളവർക്കുംമേൽ ഇടയ്ക്കിടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നേക്കാം. ഒരു വശത്ത്, യഥാർത്ഥ സാഹചര്യങ്ങൾ ഒരു വലിയ വിഭാഗം ആൾക്കാരുടെയും സാമ്പത്തികസ്വാതന്ത്യത്തിലേക്കുള്ള പ്രവേശനം തടയുമ്പോൾ, തൊഴിൽ സാധ്യതകൾ ചുരുങ്ങിക്കൊണ്ടിരിക്കുമ്പോൾ, സാമ്പത്തിക സ്വാതന്ത്യ്രത്തിനുവേണ്ടി മുറവിളി കൂട്ടുന്നതു രാഷ്ട്രീയത്തിൻ്റെ വിലകെടുത്തുന്ന കപട ഭാഷണമാണ്. വ്യാപാരം സാമ്പത്തികോല്‌പാദനത്തിലേക്കും നമ്മുടെ ലോകത്തിൻ്റെ മെച്ചപ്പെടലിലേക്കും നയിക്കുന്ന മാഹാത്മ്യമുള്ള ഒരു വിളിയാണ്. തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതു പൊതുനന്മയ്ക്കു ചെയ്യുന്ന സേവനത്തിൻ്റെ അവശ്യഘടകമായി കണക്കാക്കി പ്രവർത്തിക്കുമ്പോൾ, ആ മേഖലകളിൽ വ്യാപാരം സമൃദ്ധിയുടെ ഫലപ്രദമായ ഉറവിടമാകാം.

ആധുനിക ജൈവസാങ്കേതിക വിദ്യകൾ

130. യുക്തിയുടെയും അറിവിന്റെയും സിദ്ധികളുള്ള മനുഷ്യൻ പ്രകൃതിയിൽനിന്ന് അന്യനായി മാറ്റിനിറുത്തപ്പെടേണ്ടവനല്ലെന്നു മനുഷ്യനെക്കുറിച്ചും സൃഷ്‌ടിയെക്കുറിച്ചും ഞാനവതരിപ്പിച്ച തത്ത്വചിന്താദൈവശാസ്ത്രദർശനങ്ങളിൽനിന്നു വ്യക്തമാണ്. മനുഷ്യജീവിതത്തിനു അത്യന്താപേക്ഷിതമായ സാഹചര്യങ്ങളിൽ സസ്യജന്തുജാലങ്ങളിൽ ഇടപെടുക മനുഷ്യന് അനുവദനീയമാണെങ്കിൽ കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം പഠിപ്പിക്കുന്നതനുസരിച്ച്, മൃഗങ്ങളിന്മേലുള്ള പരീക്ഷണം ധാർമികമായി സ്വീകാര്യമാകുന്നത് "അവ യുക്തിയ്ക്കുചേർന്ന പരിധികൾ സൂക്ഷിക്കുകയും മനുഷ്യജീവിതങ്ങളെ പരിപാലിക്കാനോ രക്ഷിക്കാനോ സംഭാവന നല്‌കുകയും ചെയ്യുന്നുവെങ്കിൽ മാത്രമാണ്." മതബോധനഗ്രന്ഥം മനുഷ്യാധികാരത്തിനു പരിധികളുണ്ടെന്നു തറപ്പിച്ചു പറയുന്നു. "മൃഗങ്ങൾക്ക് അനാവശ്യമായി സഹനമോ മരണമോ ഉണ്ടാക്കുന്നതു മനുഷ്യമാഹാത്മ്യത്തിനു വിരുദ്ധമായ പ്രവൃത്തിയാണ്.  അപ്രകാരമുള്ള എല്ലാ ഉപയോഗവും പരീക്ഷണവും സൃഷ്ട‌ിയുടെ സമഗ്രതയോട് മതാത്മകമായ ആദരവ് ആവശ്യപ്പെടുന്നു.

131. ഇത്തരുണത്തിൽ വി. ജോൺ പോൾ രണ്ടാമൻ സന്തുലിതമായ നിലപാടിനെ ഓർമ്മിക്കുകയാണ്. "ദൈവത്തിന്റെ സൃഷ്ട‌ി കർമ്മത്തിൽ ഉത്തരവാദിത്വത്തോടെ പങ്കുചേരാനുള്ള മനുഷ്യൻ്റെ വിളിയുടെ മഹാത്മ്യത്തിൻ്റെ തെളിവാണ് ശാസ്ത്ര-സാങ്കേതിക പുരോഗതിയുടെ പ്രയോജനങ്ങൾ" എന്നുറപ്പിച്ചു പറഞ്ഞപ്പോൾ തന്നെ "ആവാസവ്യവസ്ഥയുടെ ഒരിടത്തെ മാനുഷിക പ്രവർത്തനങ്ങളുടെ പരിണിത ഫലങ്ങൾ മറ്റിടങ്ങളിൽ എപ്രകാരം ബാധിക്കുന്നുവെന്നു ശ്രദ്ധിക്കാതെ ഇടപെടൽ നടത്തിക്കൂടാ " എന്നും അദ്ദേഹം പറയുന്നുണ്ട്. "തന്മാത്രാജീവശാസ്ത്രത്തിന്റെ തത്ത്വങ്ങളിലും പ്രയോഗങ്ങളിലും നിന്നുളവാകുന്ന പ്രയോജനങ്ങളെ തിരുസഭ വിലമതിക്കുന്നു" എന്നദ്ദേഹം ചുണ്ടിക്കാട്ടി. “അനുബന്ധശാസ്ത്രശാഖയായ ജനിതകശാസ്ത്രത്തെയും കൃഷിയിലും വ്യവസായത്തിലും" അതിൻ്റെ പ്രയോഗത്തിൽനിന്നുണ്ടായ സത്ഫലങ്ങളെയും വിലമതിക്കുമ്പോൾതന്നെ, അതു “ദുഷ്യഫലങ്ങൾ അവഗണിച്ചുകൊണ്ടുള്ള വിവേചനാരഹിതമായ ജനിതക കൈകടത്തലുകളിലേക്കു നയിക്കരുത്." മനുഷ്യന്റെ സൃഷ്‌ടി പരതയെ അടിച്ചമർത്താനാവില്ല. ഒരു കലാകാരൻ്റെ/കലാകാരിയുടെ സൃഷ്ടിപരത ഉപയോഗിക്കുന്നതിൽനിന്ന് ആ വ്യക്തിയെ തടയാനാവാത്തതുപോലെ, ശാസ്ത്രസാങ്കേതിക പുരോഗതിക്കു ഉപകരിക്കുന്ന പ്രത്യേക സിദ്ധികളുള്ളവരെ ആ സിദ്ധികളുടെ മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി ദൈവം നല്കിയ - ഉപയോഗത്തിൽ നിന്നു തടയാനാവില്ല. ശക്തിയും അപകടസാധ്യതയുമുള്ള ഈ മാനുഷികപ്രവൃത്തിയുടെ ലക്ഷ്യങ്ങൾ, പരിണിതഫലങ്ങൾ, സമ്പൂർണപശ്ചാത്തലം, ധാർമികപരിധി എന്നിവയെക്കുറിച്ചു നമ്മൾ തുടർച്ചായി പുനർവിചാരം ചെയ്യണം.

132. പദാർത്ഥത്തിൽ സന്നിഹിതമായിരിക്കുന്ന സാധ്യതകളെ ചൂഷണംചെയ്യുന്നതിന് ജൈവസാങ്കേതികവിദ്യയുപയോഗിച്ച് ജനിതകമാറ്റം വരുത്തുന്ന, സസ്യജന്തുജാലങ്ങളിലുള്ള മനുഷ്യന്റെ ഇടപെടലിനെ സംബന്ധിച്ചിടത്തോളം, പരിചിന്തനത്തിനുള്ള ശരിയായ ചട്ടക്കൂട് ഇതാണ്. വിശ്വാസം യുക്തിയ്ക്കു നല്കുന്ന ആദരവ്, സാമ്പത്തികതാല്‌പര്യങ്ങളാൽ സ്വാധീനിക്കപ്പെടാത്ത ഗവേഷണത്താൽ, ജൈവഘടന, അതിൻ്റെ സാധ്യതകൾ, വ്യതിയാനങ്ങൾ എന്നിവയെക്കുറിച്ചു ജീവശാസ്ത്രം നമ്മെ എന്തു പഠിപ്പിക്കുന്നെന്നു ശ്രദ്ധാപൂർവം വീക്ഷിക്കാൻ നമ്മെ ക്ഷണിക്കുന്നു. “പ്രകൃതിയെ ദൈവത്തിൻ്റെ സൃഷ്‌ടി എന്ന നിലയിൽക്കണ്ട് അതിന്റെ തനതു പാതയിലുള്ള വികസനത്തിന് അനുകൂലമായതു ചെയ്യുന്നതു മാത്രമാണു ന്യായമായ ഇടപെടൽ. 

133. ജനിതകമാറ്റത്തെക്കുറിച്ച് (സസ്യ- ജന്തുമേഖലയിലായാലും വൈദ്യശാസ്ത്ര- കാർഷിക മേഖലയിലായാലും) ഒരു പൊതു വിലയിരുത്തൽ നടത്തുക ദുഷ്‌ക്കരമാണ്. കാരണം, അവ തമ്മിൽ ബൃഹത്തായ വ്യത്യാസങ്ങളുള്ളതുകൊണ്ട് പ്രത്യേകം പ്രത്യേകമായി പരാമർശവിഷയമാകേണ്ടതാണ്. എല്ലായ്പ്പോഴും ഈ മേഖലയിലെ അപകടസാധ്യതകൾ ഉപയോഗിക്കപ്പെടുന്ന സങ്കേതം മൂലമല്ല, മറിച്ച് അവയുടെ അനുചിതവും അമിതവുമായ പ്രയോഗംമൂലമാണ്. വാസ്‌തവത്തിൽ ജനിതകമാറ്റം പ്രകൃതിയിൽ തന്നെ സംഭവിച്ചിട്ടുണ്ട്, തുടരുന്നുമുണ്ട്. മാനുഷിക ഇടപെടലുകളിലൂടെയുള്ള ജനിതകമാറ്റങ്ങൾ ഒരു ആധുനിക പ്രതിഭാസവുമല്ല. ആഗോളതലത്തിൽ പരമ്പരാഗതമായി അംഗീകരിക്കപ്പെട്ടതായ മൃഗങ്ങളെ മെരുക്കിയെടുക്കൽ, സങ്കരവർഗങ്ങളുടെ ഉൽപാദനം തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഭക്ഷ്യധാന്യങ്ങളുടെ ജനിതകമാറ്റത്തിനായുള്ള ശാസ്ത്രീയ വികസനം ആരംഭിക്കുന്നത്, ചെടിയുടെ ജനിതകഘടനയിൽ സ്വാഭാവികമായി മാറ്റം വരുത്തുന്ന ബാക്ടീരിയകളെ കണ്ടെത്തിയതോടെയാണെന്നു നാം ഓർക്കണം. അനേക നൂറ്റാണ്ടുകളിലൂടെയുള്ള ശാസ്ത്രീയവളർച്ചയിൽനിന്നു രൂപം കൊണ്ട്, ആധുനിക സാങ്കേതികപുരോഗതി വരുത്തിത്തീർത്ത ദ്രുതഗതിയിലുള്ള ഇന്നത്തെ ജനിതകമാറ്റവുമായി താരതമ്യപ്പെടുത്തുമ്പോൾ, പ്രകൃതിയിലെ ജനിതകമാറ്റം വളരെ സാവധാനമാണു സംഭവിക്കുന്നത്.

134. ജനിതകമാറ്റം വരുത്തിയ ഭക്ഷ്യധാന്യങ്ങളുടെ ഉപയോഗം മനുഷ്യശരീരത്തിനു ഹാനികരമാണെന്നതിനു വ്യക്തമായ തെളിവുകൾ ഇല്ല. ഇവയുടെ ഉപയോഗം ചില പ്രദേശങ്ങളിൽ സാമ്പത്തികവളർച്ചകൊണ്ടുവരുവാനും ഇതുവഴി പ്രശ്‌നങ്ങളെ പരിഹരിക്കാനും സാധിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഈ മേഖലയിൽ നിലനില്ക്കുന്ന പ്രധാനപ്പെട്ട ചില പ്രശ്‌നങ്ങളെ അവഗണിക്കാനാവില്ല. പല സ്ഥലങ്ങളിലും ഇത്തരം വിളകൾ പ്രചാരത്തിലായതോടെ വിളഭൂമി ഏതാനും ഉടമകളുടെ കൈയിൽ കേന്ദ്രീകരിക്കാനിടയായി. കാരണം, ചെറുകിട കർഷകരുടെ ക്രമേണയുള്ള പിൻമാറ്റത്തെ തുടർന്ന് ഉത്പാദനഭൂമി ചില സമ്പന്ന ഉടമകളുടെ കയ്യിൽ കേന്ദ്രീകരിക്കപ്പെട്ടു. ഇത്തരക്കാരാൽ "ചൂഷണം ചെയ്യപ്പെട്ട കൃഷിയിടങ്ങളുടെ നഷ്‌ടപ്പെടൽമൂലമാണു ചെറുകിടകർഷകർക്കു നേരിട്ടുള്ള ഉത്പാദനത്തിൽനിന്നു പിന്മാറേണ്ടിവന്നത്.. ഇവരിൽ കൊടിയ കഷ്ടതയെ നേരിട്ടവർ താത്കാലിക തൊഴിലാളികളാവുകയും നിരവധി ഗ്രാമീണജോലിക്കാർ ജോലി മതിയാക്കി ദാരിദ്ര്യം കൊടികുത്തി വാണിരുന്ന നഗരപ്രദേശങ്ങളിലേക്കു കുടിയേറുകയും ചെയ്തു. ഇത്തരം വിളകളുടെ വ്യാപനം, ഇപ്പോൾ അല്ലെങ്കിൽ ഭാവിയിൽ, പ്രകൃതിയുടെ ബഹുവർണത്തെ നശിപ്പിക്കുകയും ഉത്പാദനത്തിന്റെ വ്യത്യസ്‌തതകളെ കുറയ്ക്കുകയും പ്രാദേശിക സമ്പദ്ഘടനയെ ബാധിക്കുകയും ചെയ്യും. വിവിധ രാജ്യങ്ങളിൽ ഭക്ഷ്യ ധാന്യങ്ങളുടെ ഉത്പാദനവും അവയുടെ കൃഷിക്കാവശ്യമായ വസ്തു‌ക്കളുടെ നിർമിതിയും ചുരുക്കം ചിലർ നിയന്ത്രിക്കുന്ന അവസ്ഥ വളരുന്നുണ്ട്. പ്രത്യുല്‌പാദനശേഷിയില്ലാത്ത വിത്തുകൾ ഉത്പാദിപ്പിക്കപ്പെടുന്നയിടങ്ങളിൽ ആശ്രയത്വം വളരെ ഉയർന്ന തലത്തിലേക്കെത്തും. അതിൻ്റെ ഫലമായി ഇത്തരം വിത്തുകൾക്കായി ചെറുകിട ഉത്പാദകർ വൻകിടക്കാരെ ആശ്രയിക്കേണ്ടതായും വരുന്നു. 

135. തീർച്ചയായും ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ചു നിരന്തര ജാഗ്രതയും അവയുടെ ധാർമികതലങ്ങളെപ്പറ്റി ശ്രദ്ധയുമുണ്ടായിരിക്കണം. ലഭ്യമായ എല്ലാ അറിവും സംഭരിക്കാനും വിഷയങ്ങളെ പേരെടുത്തു പരാമർശിക്കാനും ശേഷിയുള്ള വിശാലവും ഉത്തര വാദിത്വപൂർണവും ശാസ്ത്രീയവും സാമൂഹികവുമായ ഒരു സംവാദം നടക്കേണ്ടതുണ്ട്. ചിലയവസരങ്ങളിലെങ്കിലും സമ്പൂർണമായ വിവരങ്ങൾ ചർച്ചയ്ക്കു വരാറില്ല. രാഷ്ട്രീയപരമോ സാമ്പത്തികപരമോ ആശയപരമോ ആയ പ്രത്യേക താത്പര്യത്തിന്റെ പേരിൽ ചിലത് ഒഴിവാക്കപ്പെടുന്നു. ഇക്കാരണത്താൽ വിവിധ പ്രശ്ന‌ങ്ങളെക്കുറിച്ച്, പ്രസക്തമായ വസ്‌തുതകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള, സന്തുലിതവും വിവേകപൂർവവുമായ വിലയിരുത്തൽ ദുഷ്ക്കരമാകുന്നു. നേരിട്ടോ അല്ലാതെയോ പ്രശ്‌നം ബാധിച്ചവരുമായി (കർഷകർ, ഉപഭോക്താക്കൾ, രാഷ്ട്രീയാധികാരികൾ, ശാസ്ത്രജ്ഞർ, വിത്തുത്പാദകർ, മലിനപ്പെട്ട കൃഷിയിടങ്ങൾക്കടുത്ത് താമസിക്കുന്നവർ തുടങ്ങിയവർ) ചർച്ചകൾ നടത്തേണ്ടത് അനിവാര്യമാണ്. അതുവഴി അവരുടെ പ്രശ്‌നങ്ങളും ആകുലതകളും അറിയാനും ഇപ്പോഴത്തെയും ഭാവിയിലെയും പൊതുനന്മയ്ക്ക് ആവശ്യമായ തീരുമാനങ്ങൾ എടുക്കുന്നതിനു പര്യാപ്തവും വിശ്വസനീയവുമായ വിവരം സമാഹരിക്കാനും കഴിയുന്നു. ഇതൊരു സങ്കീർണമായ പരിസ്ഥിതി പ്രശ്നമാണ്. ഇതെക്കുറിച്ച് പുതുവെളിച്ചം പകരുന്നതിന സഹായകമാകുന്ന ഗവേഷണങ്ങൾക്ക് ആവശ്യകമായ സാമ്പത്തി പിന്തുണ നല്കാനെങ്കിലും കഴിയുന്ന ഒരു സമഗ്രസമീപനം ആവശ്യമാണ്. 

136. ശാസ്ത്രീയഗവേഷണങ്ങൾക്ക് ചില പരിധികൾ നിശ്ചയിക്കണമെന്നു വാദിക്കുന്ന ചില പരിസ്ഥിതിസംഘടനകൾ പ്രകൃതിയുടെ സമഗ്രത സംരക്ഷിക്കുമ്പോൾ, ഇതേ തത്ത്വങ്ങൾ മനുഷ്യജീവിതത്തിനു ബാധകമാക്കാൻ പരാജയപ്പെടുന്നു. എല്ലാ പരിധികളെയും ലംഘിക്കുന്ന പരീക്ഷണങ്ങൾ ജീവനുള്ള മനുഷ്യഭ്രൂണങ്ങളിൽ നടത്തുന്നതിനെ ന്യായീകരിക്കാനുള്ള ഒരു പ്രവണത കാണുന്നുണ്ട്. ഒരു മനുഷ്യവ്യക്തിയുടെ അന്യാധീനപ്പെടുത്താനാവാത്ത മൂല്യം അതിൻ്റെ വളർച്ചയുടെ വിവിധ അവസ്ഥകളെ അതിശയിക്കുന്നതാണെന്നു നമ്മൾ മറക്കാൻ പാടില്ല. അതേ രീതിയിൽ സാങ്കേതികവിദ്യ പ്രധാനപ്പെട്ട ധാർമിക തത്ത്വങ്ങളെ അവഗണിക്കുമ്പോൾ എല്ലാം നിയമാനുസൃതമായി ഗണിക്കുന്നു. ഈ അദ്ധ്യായത്തിൽ കണ്ടതുപോലെ, ധാർമികതയിൽനിന്നു വേർപെടുത്തപ്പെട്ട സാങ്കേതികവിദ്യ അതിൻ്റെ തന്നെ അധികാരത്തിനു പരിധി നിർണയിക്കാൻ കഴിവില്ലാത്തതായിത്തീരും. 

 

അദ്ധ്യായം 4 

സമഗ്രപരിസ്ഥിതിശാസ്ത്രം

 

137. സകലതും പരസ്‌പരം ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നതിനാലും ആഗോളപ്രതിസന്ധിയുടെ ഒരോ വശവും കണക്കിലെടുക്കാൻ പ്രാപ്തമായ ഒരു ദർശനത്തിലേക്ക് ഇന്നിന്റെ പ്രശ്നങ്ങൾ നമ്മെ ക്ഷണിക്കുന്നതിനാലും, മാനുഷിക സാമൂഹിക മാനങ്ങളെ വ്യക്തമായി ആദരിക്കുന്ന ഒരു സമഗ്രപരിസ്ഥിതിശാസ്ത്രത്തിൻ്റെ ചില ഘടകങ്ങൾ നാമിപ്പോൾ പരിഗണിക്കണമെന്നു ഞാൻ നിർദ്ദേശിക്കുന്നു.

I. സാമ്പത്തിക സാമൂഹിക പരിസ്ഥിതി ശാസ്ത്രം 

138. ജീവജാലങ്ങളും അവ വികാസം പ്രാപിക്കുന്ന പരിസ്ഥിതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണു പരിസ്ഥിതിശാസ്ത്രം പഠനം നടത്തുന്നത്. ജീവന്റെയും സമൂഹത്തിന്റെയും നിലനില്പിന് ആവശ്യമായ സാഹചര്യങ്ങളെയും ചില വികസന-ഉത്പാദന-ഉപഭോഗ മാതൃകകളെ ചോദ്യം ചെയ്യാൻ ആവശ്യമായ സത്യസന്ധതയെയും കുറിച്ചുള്ള വിചിന്തനവും സംവാദവും ഇത് അനിവാര്യമാക്കുന്നു. എപ്രകാരമാണ് സകലതും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നത് വേണ്ടത്ര എടുത്തുകാട്ടുക അസാധ്യമാണ്. സ്ഥലകാലങ്ങൾ ഒന്നു മറ്റേതിൽനിന്നും സ്വതന്ത്രമല്ല. ആറ്റങ്ങളോ ഉപ-ആറ്റോമിക ഘടകങ്ങളോപോലും ഒറ്റതിരിച്ചു പരിഗണിക്കുക വയ്യ. ഭൂഗോളത്തിൻ്റെ ജൈവരാസ-ഭൗതികതലങ്ങൾ തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നതുപോലെ, ജൈവവർഗങ്ങളെല്ലാം ഒരിക്കലും പൂർണ്ണമായി പര്യവേഷണം നടത്താനോ മനസിലാക്കിയെടുക്കാനോ കഴിയാത്ത ഒരു ശൃഖലയുടെ ഭാഗമാണ്. നമ്മുടെ ജനിതകസംഖ്യയുടെ ഒരു നല്ല ഭാഗം പല ജീവികളും പങ്കുവയ്ക്കുന്നുണ്ട്. വിജ്ഞാനത്തിന്റെ തരംതിരിവുകളും നുറുങ്ങറിവുകളുടെ വേർതിരിക്കലുകളും അവ യാഥാർത്ഥ്യത്തിന്റെ വിശാല ദർശനത്തിലേക്ക് സമന്വയിപ്പിക്കുന്നില്ലെങ്കിൽ യഥാർത്ഥത്തിൽ അജ്ഞതയുടെ ഒരു രൂപമായിത്തീരാനിടയുണ്ട്.

139. പരിസ്ഥിതിയെക്കുറിച്ചു സംസാരിക്കുമ്പോൾ നാം ശരിക്കും അർത്ഥമാക്കുന്നതു പ്രകൃതിയും അതിൽ വസിക്കുന്ന സമൂഹവും തമ്മിലുള്ള ബന്ധത്തെയാണ്. നമ്മിൽനിന്നും വിഭിന്നമായ ഒന്നായോ നാം ജീവിക്കുന്ന വെറുമൊരു സ്ഥലമായോ പ്രകൃതിയെ കാണാൻ പാടില്ല. നാം പ്രകൃതിയുടെ ഭാഗമാണ്, നാമതിൽ ഉൾചേർന്നിരിക്കുന്നു. അതിനാൽ പ്രകൃതിയുമായി സ്ഥിരസമ്പർക്കത്തിലാണു നമ്മൾ. ഒരു പ്രദേശം എന്തുകൊണ്ടു മലിനമായി എന്നതിന്റെ കാരണങ്ങൾ തിരിച്ചറിയാൻ ആ സമൂഹത്തിന്റെ പ്രവർത്തനങ്ങൾ, അതിൻ്റെ സാമ്പത്തികസ്ഥിതി, പെരുമാറ്റരീതികൾ, അതു യാഥാർത്ഥ്യത്തെ മനസ്സിലാക്കുന്ന രീതികൾ എന്നിവയെക്കുറിച്ചുള്ള പഠനം ആവശ്യമാണ്. വൻതോതിലുള്ള മാറ്റം സംഭവിക്കുന്നതിനാൽ പ്രശ്‌നത്തിൻ്റെ ഒരോ ഭാഗത്തിന്റെയും കൃത്യവും വകതിരിച്ചുള്ളതുമായ ഉത്തരം നൽകുക സാധ്യമല്ല. പ്രകൃതിസംവിധാനങ്ങൾ തമ്മിലും സാമൂഹിക സംവിധാനങ്ങൾ തമ്മിലുമുള്ള സമ്പർക്കങ്ങൾ പരിഗണിച്ചുള്ള വ്യാപകമായ പരിഹാരങ്ങൾ അന്വേഷിക്കുകയാണ് സർവ്വപ്രധാനം. പാരിസ്ഥിതികമെന്നും സാമൂഹികമെന്നും രണ്ടു വ്യത്യസ്‌ത പ്രതിസന്ധികളല്ല നമ്മൾ അഭിമുഖീകരിക്കുന്നത്; പിന്നെയോ സാമൂഹികവും പാരിസ്ഥിതികവുമായ ഒരേയൊരു സങ്കീർണ്ണ പ്രതിസന്ധിയാണ്. പ്രശ്‌നപരിഹാരത്തിനു വേണ്ടിയുള്ള മാർഗങ്ങൾ, ദാരിദ്ര്യത്തെ എതിരിടാനും പുറം തള്ളപ്പെട്ടവരുടെ മഹത്വം പുനഃസ്ഥാപിക്കാനും അതേസമയം പരിസ്ഥിതിയെ സംരക്ഷിക്കാനുംവേണ്ടിയുള്ള ഒരു സമഗ്രമായ സമീപനം ആവശ്യപ്പെടന്നു.

140. ഒരു പ്രത്യേക പദ്ധതിയുടെ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ നിർണയിക്കുമ്പോൾ അതിലെ ഘടകങ്ങളുടെ എണ്ണവും വൈവിധ്യവും കണക്കിലെടുക്കേണ്ടതിനാൽ, ഗവേഷകർക്ക് അവരുടെ പരസ്‌പരവ്യവഹാരം വളർത്താനും അവർക്കു വിശാലമായ അക്കാദമിക സ്വാതന്ത്യം ഉറപ്പുവരുത്താനുമായി, അവരർഹിക്കുന്ന പ്രാധാന്യം അവർക്കു നല്കേണ്ടത് അത്യന്താപേക്ഷിതമാണ്. ആവാസവ്യവസ്ഥ (ecosystem) എന്നറിയപ്പെടുന്ന കൂടുതൽ വലിയ ഘടകങ്ങളുടെ നിർമ്മിതിയ്ക്ക് വിവിധ സൃഷ്ട‌ികൾ എങ്ങനെ പരസ്‌പരം ബന്ധപ്പെടുന്നു എന്നതിനെക്കുറിച്ചു പൂർവാധികം മെച്ചപ്പെട്ട ഒരു ധാരണ തുടർ ഗവേഷണങ്ങൾവഴി നമുക്കു ലഭിക്കണം. നമ്മൾ ഈ ആവാസവ്യവസ്ഥകളെ കണക്കിലെടുക്കുന്നത് അവ എത്ര ഉപയോഗപ്രദമാണ് എന്ന് നിർണയിക്കാൻവേണ്ടി മാത്രമല്ല. മറിച്ച്, അവയുടെ ഉപയോഗത്തിൽനിന്നു സ്വതന്ത്രമായ ഒരു ആന്തരികമൂല്യം അവയ്ക്ക് ഉള്ളതുകൊണ്ടാണ്. ഒരോ ജീവിയും ദൈവത്തിന്റെ സൃഷ്‌ടി എന്ന നിലയിൽ നല്ലതും അതിൽത്തന്നെ പ്രശംസാർഹവുമാണ്; ഒരു നിർദ്ദിഷ്ട സ്ഥലത്തു നിലനില്ക്കുകയും ഒരു ആവാസവ്യവസ്ഥയായി പ്രവർത്തിക്കുകയും ചെയ്യുന്ന ജീവികളുടെ യോജിപ്പിൻ്റെ കാര്യത്തിലും ഇതു ശരിയാണ്. നമ്മൾ പലപ്പോഴും ഇതിനെക്കുറിച്ചു ബോധവാന്മാരല്ലെങ്കിലും നമ്മുടെ നിലനില്പ്‌പിനുവേണ്ടി ഈ വലിയ സംവിധാനങ്ങളെ നമ്മൾ ആശ്രയിക്കുന്നു. കാർബൺ ഡൈ ഓക്സൈഡിനെ വിഘടിപ്പിക്കുന്നതിലും വെള്ളം ശുദ്ധീകരിക്കുന്നതിലും സാംക്രമികരോഗങ്ങളും വ്യാധികളും നിയന്ത്രിക്കുന്നതിലും മണ്ണു രൂപപ്പെടുത്തുന്നതിലും മാലിന്യം ഇല്ലാതാക്കുന്നതിലും നമ്മൾ അറിയാതിരിക്കുന്നതോ കണ്ടില്ലെന്നു നടിക്കുന്നതോ ആയ മറ്റു പല വഴികളിലും ആവാസവ്യവസ്ഥകൾ എങ്ങനെയാണു പരസ്‌പരം പ്രവർത്തിക്കുന്നതെന്നു നമ്മൾ ഓർത്തെടുക്കേണ്ട ആവശ്യമേയുള്ളു. ഒരിക്കൽ ഇതേക്കുറിച്ച് അവബോധമുണ്ടാകുമ്പോൾ, നമ്മൾ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് നമ്മുടെ നിലനില്പ്പിനും സിദ്ധികൾക്കും മുമ്പുള്ളതും നമുക്കു മുൻകൂറായി നൽകപ്പെട്ടതുമായ ഒരു യാഥാർത്ഥ്യത്തിന്റെ അടിസ്ഥാനത്തിലാണ് എന്നു തിരിച്ചറിയുന്നു. അതുകൊണ്ടു സുസ്ഥിരമായ ഉപയോഗത്തെക്കുറിച്ചു സംസാരിക്കുമ്പോൾ, ഒരോ ആവാസവ്യവസ്ഥയുടെയും പുനരുജ്ജീവനത്തിനുള്ള ശേഷിയ്ക്ക്, അതിൻ്റെ പ്രദേശമനുസരിച്ചും സവിശേഷതയനുസരിച്ചമുള്ള പരിഗണന നല്കണം.

141. പ്രവചനവിധേയമായ പ്രതികരണങ്ങൾ ഉളവാക്കാനും നടപടിക്രമങ്ങൾ ലഘുകരിക്കുക, വില കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെ ചില തോതുകൾ ഏർപ്പെടുത്തുവാനും സാമ്പത്തിക വളർച്ച പ്രവണത കാണിക്കുന്നു. ഇതു യാഥാർത്ഥ്യത്തിന്റെ വിശാല വീക്ഷണത്തിലേക്ക് ആകർഷിക്കാൻ പ്രാപ്‌തമായ ഒരു "സാമ്പത്തിക പരിസ്ഥിതിശാസ്ത്രം" ആവശ്യപ്പെടുന്നു. വസ്തുതാപരമായി പരിസ്ഥിതിസംരക്ഷണം "വികസനപ്രക്രിയയുടെ അവിഭാജ്യഘടകവും അതിൽനിന്നും വേർപ്പെടുത്തി ചിന്തിക്കുവാൻ കഴിയാത്തതുമാണ്. കൂടുതൽ സമഗ്രവും ഉദ്ഗ്രഥനപരവുമായ ഒരു ദർശനത്തിനു സാമ്പത്തികശാസ്ത്രം ഉൾപ്പെടെയുള്ള വ്യത്യസ്തത വിജ്ഞാന മണ്ഡലങ്ങളെ ഒന്നിച്ചുകൊണ്ടുവരുവാൻ പര്യാപ്ത‌മായ ഒരു മാനവികത (humanism) നമുക്ക് അടിയന്തരമായി ആവശ്യമുണ്ട്. 

ഇന്നു പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ വിശകലനം മാനുഷികവും കുടുംബപരവും തൊഴിൽപരവും നാഗരികപശ്ചാത്തലവുമായി ബന്ധപ്പെട്ടതുമായ വിശകലനത്തിൽനിന്നും വേർതിരിക്കാനാവില്ല. വ്യക്തികൾക്കു മറ്റുള്ളവരോടും പരിസ്ഥിതിയോടുമുള്ള ബന്ധം എങ്ങനെ ആയിരിക്കണമെന്നു നിശ്ചയിക്കുന്ന, അവർക്ക് അവരോടു തന്നെയുള്ള ബന്ധവും ഈ വിശകലനത്തിൽ നിന്ന് ഒഴിവാക്കാനാവില്ല. ആവാസവ്യവസ്ഥകളും സാമൂഹിക സമ്പർക്കത്തിന്റെ വിവിധ മേഖലകളും തമ്മിലുള്ള പരസ്‌പരബന്ധം "സമസ്തം അംശത്തേക്കാൾ വലുതാണ്" (the whole is greater than the part) എന്ന് വീണ്ടും ചൂണ്ടികാണിക്കുന്നു.

142. സകലതും പരസ്‌പര ബന്ധിതമെങ്കിൽ, സാമൂഹിക സ്ഥാപനങ്ങൾ പരിസ്ഥിതിയിലും മനുഷ്യജീവൻ്റെ ഗുണമേന്മയിലും പരിണിത ഫലങ്ങളുളവാക്കും. ഐക്യദാർഢ്യത്തിന്റെയും പൗര സൗഹൃദത്തിന്റെയും ഏതൊരു ലംഘനവും പരിസ്ഥിതിയെ മുറിപ്പെടുത്തുന്നു. ഈ അർത്ഥത്തിൽ, സാമൂഹികപരിസ്ഥിതി അവശ്യം സ്ഥാപനപരമാണ്. ഇതു ക്രമേണ സമൂഹം മുഴുവനിലേക്കും വ്യാപിക്കുന്നു; അതായത്, സമൂഹത്തിൻ്റെ അടിസ്ഥാന ഘടകമായ കുടുംബത്തിൽനിന്നും കൂടുതൽ വിശാലമായ പ്രാദേശിക, ദേശീയ, അന്തർദേശീയ സമൂഹങ്ങളിലേക്ക് വ്യാപിക്കുന്നു. ഓരോ സമൂഹപാളിക്കുള്ളിലും അവ തമ്മിലും, മനുഷ്യബന്ധങ്ങളെ നിയന്ത്രിക്കാൻ സ്ഥാപനങ്ങൾ വികാസം പ്രാപിക്കുന്നു. ആ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്നത് എന്തുതന്നെയായാലും അനീതി, അക്രമം സ്വാതന്ത്യനഷ്ട‌ം തുടങ്ങിയ നിഷേധാത്മക പ്രത്യാഘാതങ്ങൾ ഉളവാക്കുന്നു. പല രാജ്യങ്ങളുടെയും സ്ഥാപനപരമായ പര്യാപ്‌തത ആപേക്ഷികമായി താഴ്ന്ന നിലയിലുള്ളതാണ്. ഈ സാഹചര്യത്തിൽനിന്നും ലാഭമെടുക്കുന്നവർക്ക് ഇതു പ്രയോജനകരമായിരിക്കുമ്പോഴും അവിടെയുള്ള ജനങ്ങൾക്ക് ഇത് വലിയ പ്രശ്ന‌ങ്ങൾക്കു കാരണമാകുന്നു. രാജ്യഭരണത്തിലായാലും പൗരസമൂഹത്തിൻ്റെ വിവിധ നിലകളിലായാലും വ്യക്തികൾ തമ്മിലുള്ള ബന്ധങ്ങളിലായാലും നിയമത്തോടുള്ള അനാദരവ് സർവ്വസാധാരണമായിക്കൊണ്ടിരിക്കുന്നു. നിയമങ്ങൾ നന്നായി രൂപകല്‌പന ചെയ്യപ്പെട്ടാലും ജീവനറ്റ അക്ഷരമായി അവശേഷിക്കുന്നു. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ പരിസ്ഥിതിയെ സംബന്ധിച്ച നിയമനിർമാണവും ചട്ടങ്ങളും ഫലപ്രദമാകുമെന്നു നമ്മൾ പ്രതീക്ഷിക്കേണ്ടതുണ്ടോ? ഉദാഹരണത്തിന്, വനസംരക്ഷണത്തെക്കുറിച്ചു വ്യക്തമായ നിയമനിർമ്മാണം നടത്തിയിട്ടുള്ള രാജ്യങ്ങളിൽ നിയമങ്ങൾ ആവർത്തിച്ചു ലംഘിക്കപ്പെടുന്നതു നിശ്ബദമായി നോക്കി നിൽക്കുന്നതു നമുക്ക് അറിവുള്ളതാണ്. സർവ്വോപരി, ഏതെങ്കിലുമൊരു സ്ഥലത്തു സംഭവിക്കുന്നതിനു മറ്റെവിടയെങ്കിലും സംഭവിക്കുന്നവയെ നേരിട്ടോ അല്ലാതെയോ സ്വാധീനിക്കാൻ കഴിയും. ഉദാഹരണത്തിന്, സമ്പന്നസമൂഹങ്ങളിലെ വർദ്ധിച്ച ഉപഭോഗം ദരിദ്രമേഖലകളിൽനിന്നുള്ള വിഭവങ്ങളുടെ വർദ്ധിച്ച ആവശ്യകതയെ സൃഷ്ടിക്കുന്നു. അവിടെയാകട്ടെ, തകർന്ന ജീവിതങ്ങളും മലിനപ്പെട്ട സ്വഭാവങ്ങളും നശിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതിയുമാണുള്ളത്. 

II.സാംസ്കാരിക പരിസ്ഥിതിശാസ്ത്രം

143. പ്രകൃതിയാകുന്ന പൈതൃകത്തോടൊപ്പം ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ചരിത്രപരവും കലാപരവും സാസ്ക്കാരികവുമായ മറ്റൊരു പൈതൃകവുമുണ്ട്. ഈ പൈതൃകം ഒരോ സ്ഥലത്തിന്റെയും പങ്കുവെയ്ക്കപ്പെട്ട അനന്യതയുടെ ഭാഗവും വാസയോഗ്യമായ നഗരം പണിയാനുള്ള അടിത്തറയുമാണ്. ഇതു കേവലം നഗരങ്ങൾ പൊളിച്ചുമാറ്റുകയും, പുറമേ പരിസ്ഥിതിയോട് ആദരവുണ്ടെന്നു തോന്നിപ്പിക്കുന്നതും എന്നാൽ ഒട്ടുംതന്നെ വാസയോഗ്യ മല്ലാത്തതുമായ പുതിയ നഗരങ്ങൾ നിർമ്മിക്കുകയും ചെയ്യുന്നതല്ല. മറിച്ച്, ഓരോ പ്രദേശത്തിൻ്റെയും യഥാർത്ഥ അനന്യത കാത്തുസൂക്ഷിക്കാൻ അവിടുത്തെ ചരിത്രം, സംസ്ക്കാരം, വാസ്തുവിദ്യ ഇവ സംയോജിപ്പിക്കേണ്ടത് ആവശ്യമാണ്. അതുകൊണ്ട് ഏറ്റവും വിശാലമായ അർത്ഥത്തിൽ, മനുഷ്യകുലത്തിൻ്റെ സാംസ്‌കാരികനിക്ഷേപങ്ങൾ സംരക്ഷിക്കുക എന്നതും പരിസ്ഥിതി വിജ്ഞാനീയത്തിൽ ഉൾപ്പെടുന്നു. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ, പാരിസ്ഥിതിക പ്രശ്‌നങ്ങൾ പഠിക്കുമ്പോൾ, ശാസ്ത്രസാങ്കേതികഭാഷയും ജനങ്ങളുടെ ഭാഷയും തമ്മിലുള്ള സംവാദത്തെ അനുകൂലിക്കുകയും പ്രാദേശിക സംസ്ക്കാരങ്ങൾക്കു വലിയ പ്രാധാന്യം നല്‌കുകയും ചെയ്യണം. സാംസ്ക്കാരമെന്നതു ഭൂതകാലത്തുനിന്നു നമുക്ക് അവകാശമായി ലഭിച്ചവ മാത്രമല്ല, മറിച്ച്, എല്ലാറ്റിലുമുപരിയായി, സജീവവും ഊർജസ്വലവും പങ്കാളിത്തപരവുമായ വർത്തമാനകാല യാഥാർത്ഥ്യമാണ്. മനുഷ്യകുലവും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പുനർവിചാരം നടത്തുമ്പോൾ ഈ യാഥാർത്ഥ്യത്തെ ഒഴിവാക്കി നിർത്താനുമാവില്ല. 

144. ഇന്നത്തെ ആഗോളവത്കൃതസമ്പദ് വ്യവസ്ഥയാൽ പ്രോത്സാഹിപ്പിക്കപ്പെടുന്ന മനുഷ്യവംശത്തെക്കുറിച്ചുള്ള ഉപഭോഗപരമായ ഒരു കാഴ്‌ചപ്പാട്, മാനവകുലത്തിൻ്റെ പൈതൃകസ്വത്തായ സംസ്ക്കാരങ്ങളെ അതിൻ്റെ ബൃഹത്തായ വ്യതിരക്തതയെ ഇല്ലാതാക്കുന്ന തരത്തിൽ ഒരേ നിലയിലാക്കിതിർക്കുന്നു. എല്ലാ പ്രശ്‌നങ്ങളും ഐക്യരൂപമുള്ള ചട്ടങ്ങളിലൂടെയോ സാങ്കേതിക ഇടപാടുകളിലൂടെയോ പരിഹരിക്കാനുള്ള പരിശ്രമങ്ങൾ, പരിഹാരത്തിന് സമൂഹത്തിലെ എല്ലാ വ്യക്തികളുടെയും സജീവഭാഗഭാഗിത്വം ആവശ്യമുള്ള പ്രാദേശിക പ്രശ്‌നങ്ങളുടെ സങ്കീർണതകളെ കണ്ടില്ലെന്നു നടിക്കുന്നതിലേക്ക് നയിക്കാം. പുതിയ പ്രക്രിയകൾ പുറത്തുനിന്നും ഇറക്കുമതി ചെയ്ത‌ത ചട്ടകൂടുകൾക്ക് എല്ലായ്‌പ്പോഴും പാകമാകില്ല; അവ പ്രാദേശിക സംസ്കാരത്തിൽ തന്നെ ഉറപ്പിക്കപ്പെടേണ്ടത് ആവശ്യമാണ്. ജീവിതവും ലോകവും ചലനാത്മക യാഥാർത്ഥ്യങ്ങളായിരിക്കുന്നതുപോലെ, ലോകത്തിനു വേണ്ടിയുള്ള നമ്മുടെ കരുതൽ വഴക്കമുള്ളതും ചലനാത്മകവും ആയിരിക്കണം. കേവലം സാങ്കേതികമായ പരിഹാരങ്ങൾ, ലക്ഷണങ്ങളെ മാത്രം അഭിമുഖീകരിക്കുകയും കൂടുതൽ ഗൗരവമായ അടിസ്ഥാന പ്രശ്‌നങ്ങളെ അവഗണിക്കുകയും ചെയ്യുകയെന്ന അപകടം പേറുന്നു. ജനതകളുടെയും സംസ്ക്കാരങ്ങളുടെയും അവകാശങ്ങളെ മാനിക്കേണ്ടതാണ്. ഒരു സാമൂഹികസംഘത്തിൻ്റെ വികാസത്തിനുള്ള മൂന്നുപാധി ഇതാണ്: അതു രൂപംകൊള്ളുന്നത് അതാതു പ്രാദേശിക ജനതയുടെ തനതു സംസ്കാരത്തിനുള്ളിൽ നിന്നുകൊണ്ടുള്ള നിരന്തരമായ സജീവ സമ്പർക്കംവഴിയാണ്. ഈ വസ്‌തുത അംഗീകരിക്കപ്പെടേണ്ടതുമാണ്. ജീവിത ഗുണമേന്മ എന്ന ആശയം പുറമെനിന്ന് അടിച്ചേൽപ്പിക്കാൻ കഴിയില്ല. കാരണം, ജീവിതമേന്മ മനസ്സിലാക്കപ്പെടേണ്ടത്, അതാതു സമൂഹത്തിൻ്റെ തനതായ പ്രതീകങ്ങളുടെയും ആചാരങ്ങളുടെയും ലോകത്തുനിന്നും വേണം.

145. പരിസ്ഥിതിയുടെ ചൂഷണത്തിന്റെയും തരംതാഴ്ത്തലിന്റെയും തീവ്രമായ വിവിധ രൂപങ്ങൾ പ്രാദേശിക സമൂഹങ്ങൾക്കു ജീവസന്ധാരണത്തിനുള്ള വക നല്‌കുന്ന വിഭവങ്ങളെ ഉപയോഗിച്ചുതീർക്കുക മാത്രമല്ല സാംസ്‌കാരിക തനിമയെയും ജീവിതത്തിന്റെയും സമൂഹത്തിൻ്റെയും അർത്ഥത്തെക്കുറിച്ചുള്ള അവബോധത്തെ ദീർഘകാലമായി രൂപപ്പെടുത്തിയ സാമൂഹിക സംവിധാനങ്ങളെയും ഇല്ലാതാക്കുകയും ചെയ്യുന്നു. ഒരു സംസ്‌കാരത്തിന്റെ തിരോധാനം ഒരു സസ്യവർഗത്തിന്റെയോ, ഒരു ജന്തുവർഗ്ഗത്തിന്റെയോ തിരോധാനത്തോളമോ ഒരു പക്ഷേ അതിലേറെയോ ഗൗരവതരമാണ്. ഒരൊറ്റ ഉത്പാദനരൂപവുമായി ബന്ധപ്പെട്ടുനില്ക്കുന്ന ആധിപത്യ ജീവിതരീതിയെ അടിച്ചേൽപ്പിക്കുന്നത് ആവാസ വ്യവസ്ഥയെ തകിടം മറിക്കുന്നതുപോലെതന്നെ ഉപദ്രവകയാണ്. 

146. ഈ അർത്ഥത്തിൽ, തദ്ദേശീയ സമൂഹങ്ങളോടും അവയുടെ സാംസ്കാരിക പാരമ്പര്യങ്ങളോടും സവിശേഷമായ ശ്രദ്ധ കാണിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. തങ്ങളുടെ ഭൂമിയെ ബാധിക്കുന്ന തരത്തിലുള്ള നിർദ്ദേശങ്ങൾ മുമ്പോട്ടു വയ്ക്കപ്പെടുമ്പോൾ, അവർ കേവലം മറ്റുള്ളവർക്കിടയിലെ ഒരു ന്യൂനപക്ഷമല്ല, പിന്നെയോ സംവാദങ്ങളിലെ മുഖ്യ പങ്കുകാരാണ്. അവരെ സംബന്ധിച്ചു ഭൂമി വെറും ഒരു വസ്‌തുവല്ല. മറിച്ച് ദൈവത്തിൽ നിന്നും അവിടെ വിശ്രമം കൊള്ളുന്ന അവരുടെ പൂർവ്വികരിൽ നിന്നും അവർക്കു ലഭിച്ച ഒരു ദാനമാണ്. കൂടാതെ, തങ്ങളുടെ തനിമയും മുല്യങ്ങളും നിലനിർത്താൻ അവർ സമ്പർക്കം പുലർത്തേണ്ട വിശുദ്ധ സ്ഥലവുമാണത്. തങ്ങളുടെ മണ്ണിലായിരിക്കുമ്പോൾ അതിന് അവർ പരമാവധി കരുതൽ നല്കുന്നു. എന്നിരുന്നാലും, ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രകൃതിയുടെയും സംസ്ക‌ാരത്തിന്റെയും തരംതാഴ്ത്തൽ കണക്കിലെടുക്കാതെ നടത്തപ്പെടുന്ന കാർഷിക, ഖനന സംരംഭങ്ങൾക്ക് വേദിയൊരുക്കാൻ തങ്ങളുടെ സ്വന്തം ഭൂമി കൈവിടാൻ അവരുടെമേൽ സമ്മർദം ചെലുത്തപ്പെടുന്നു. 

III. അനുദിന ജീവിതത്തിലെ പരിസ്ഥിതിശാസ്ത്രം 

147. യഥാർത്ഥ വികസനം അടങ്ങിയിരിക്കുന്നതു മനുഷ്യ ജീവിതത്തിന്റെ ഗുണമേന്മയിൽ ഉളവാകുന്ന സമഗ്രപുരോഗതിയിലാണ്. ഇത് ജനങ്ങളുടെ ജീവിതപശ്ചാത്തലം പരിഗണിക്കേണ്ടത് അനിവാര്യമാക്കിത്തീർക്കുന്നു. നമ്മുടെ വിചാരവികാര പ്രവർത്തന വഴികളെ ഈ പശ്ചാത്തലങ്ങൾ സ്വാധീനിക്കുന്നു. നമ്മുടെ മുറികളിലും വീടുകളിലും ജോലിസ്ഥലങ്ങളിലും അയൽപക്കങ്ങളിലും നമ്മുടെ തനിമയെ പ്രകടിപ്പിക്കുന്നതിനുള്ള ഒരു മാർഗമായി പരിസ്ഥിതിയെ നമ്മൾ ഉപയോഗിക്കുന്നു. പരിസ്ഥിതിയോടു നമ്മെ പൊരുത്തപ്പെടുത്താനുള്ള എല്ലാ പ്രയത്നങ്ങളും നമ്മൾ നടത്തുന്നു. എന്നാൽ, ഈ പരിസ്ഥിതി ക്രമരഹിതമോ താറുമാറോ ശബ്ദ വൈരൂപ്യങ്ങളാൽ നിറഞ്ഞതോ ആകുമ്പോൾ, ഇത്തരം അമിതോദ്ദീപനത്തിൽ നമുക്ക് സമഗ്രതയും സന്തോഷവും ഉള്ളവരായിരിക്കുക എളുപ്പമല്ല.

148. ചുറ്റുപാടുകളുടെ പ്രതികൂലഫലങ്ങൾ ലഘുകരിച്ചും ക്രമ രാഹിത്യത്തിന്റെയും അനിശ്ചിതത്വത്തിന്റെയും മധ്യത്തിൽ തങ്ങളുടെ ജീവിതത്തെ ക്രമീകരിക്കാൻ പഠിച്ചും പരിസ്ഥിതിയുടെ പരിമിതികളോട് പ്രതികരിക്കുന്ന വ്യക്തികളും സംഘങ്ങളും പ്രശംസാർഹമായ സർഗാത്മകതയും ഔദാര്യവും പ്രദർശിപ്പിക്കുന്നു. ഉദാഹരണമായി, ചിലസ്ഥലങ്ങളിൽ കെട്ടിടങ്ങൾ പുറമെ ജീർണാവസ്ഥയിലാണെങ്കിലും, അവിടുത്തെ ആളുകൾ ഭവനങ്ങളുടെ ഉൾവശത്തിനു വലിയ ശ്രദ്ധ കൊടുക്കുന്നു; അല്ലെങ്കിൽ മറ്റുള്ളവരുടെ ദയാവായ്‌പിലും സൗഹൃദത്തിലും സംതൃപ്‌തി കണ്ടെത്തുന്നു. പുറമേ അനഭിലഷണീയമായി കാണപ്പെടുന്ന പരിസ്ഥിതിയെ പ്രകാശമാനമാക്കാൻ ആരോഗ്യകരമായ സാമൂഹിക ജീവിതത്തിനു കഴിയും, പലപ്പോഴും അനേകം ക്ലേശങ്ങൾക്കു നടുവിലും ശ്ലാഘനീയമായ വിധത്തിൽ പരിസ്ഥിതിശാസ്ത്രം പ്രായോഗികമാക്കുന്നതു പാവപ്പെട്ടവരാണ്. ഐക്യദാർഢ്യത്തിൻ്റെയും കുട്ടായ്മയുടെയും ശ്യംഖലയിൽ ബന്ധിക്കപ്പെട്ടുവെന്ന് കരുതുന്ന വ്യക്തിയുടെയും ആന്തരികതയ്ക്കുവേണ്ടി, പരിസ്ഥിതിയുടെ പരിമിതികൾ പരിഹരിക്കപ്പെടുന്നെങ്കിൽ, പുതിയ സമൂഹങ്ങൾ സൃഷ്‌ടിക്കപ്പെടുന്നെങ്കിൽ, ഗാഢവും ഊഷ്‌മളവുമായ ബന്ധങ്ങൾ ഉണ്ടാകുന്നെങ്കിൽ, ആളുകൾ തിങ്ങിപ്പാർക്കുന്നതുമൂലമുണ്ടാകുന്ന വീർപ്പുമുട്ടലിനെ മറികടക്കാൻ കഴിയും. ഇത്തരത്തിൽ ഏതൊരു സ്ഥലത്തിനും ഭൂമിയിലെ നരകമായിരിക്കുന്ന അവസ്ഥയിൽനിന്നു മഹത്വമുള്ള ജീവിതത്തിൻ്റെ ഇടമായിത്തീരാൻ കഴിയും.

149. ഐക്യമില്ലാത്തതും തുറന്ന സ്ഥലങ്ങളില്ലാത്തതും ഉദ്ഗ്രഥനത്തിനു സാധ്യതയില്ലാത്തതുമായ ഇടങ്ങളിൽ അനുഭപ്പെടുന്ന കൊടിയ ദാരിദ്ര്യം, കുറ്റവാളി സംഘടനകളുടെ ക്രൂരപ്രവർത്തനങ്ങൾക്കും ചൂഷണത്തിനും വഴിതെളിക്കും. വൻനഗരങ്ങളിലെ അസ്ഥിരമായ അയൽപക്കങ്ങളിൽ അമിതമായ ജനത്തിരക്കിന്റെയും പരസ്പ‌ര പരിചയമില്ലായ്‌മയുടെയും അനുദിന അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ, ഉണ്ടാകുന്ന അന്യതാബോധം സാമൂഹിക വിരുദ്ധതയ്ക്കും അക്രമത്തിനും ജന്മം നൽകും. എന്നിരുന്നാലും, എല്ലായ്പ്‌പോഴും സ്നേഹംതന്നയാണ് കൂടുതൽ കരുത്തുറ്റത് എന്നുറപ്പിച്ചു പറയാൻ ഞാനാഗ്രഹിക്കുന്നു. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ജനത്തിരക്കിനെ, അഹംഭാവത്തിൻ്റെ മതിൽകെട്ടുകൾ തകർക്കുകയും സ്വാർത്ഥതയുടെ വേലിക്കെട്ടുകൾ മറികടക്കുകയും ചെയ്യുന്ന സമൂഹ അനുഭവത്തിലേക്ക് രൂപാന്തരപ്പെടുത്തുന്ന കൂട്ടായയുടെയും ഒരുമയുടെയും ബന്ധങ്ങൾ നെയ്യാൻ പലരും കെല്പ്പുള്ളവരാണ്. സംഘാത്മകരക്ഷയുടെ ഈ അനുഭവം പലപ്പോഴും ഒരു സൗധത്തിന്റെയോ അയൽപക്കബന്ധത്തിന്റെയോ മെച്ചപ്പെടുത്തലിന് ആവശ്യമായ സൃഷ്‌ടിപരമായ ആശയങ്ങൾക്കു ജന്മം നൽകുന്നു.

150. മനുഷ്യൻ ജീവിക്കുന്ന ഇടവും മനുഷ്യസ്വഭാവവും തമ്മിൽ പരസ്പരബന്ധമുണ്ടെന്നതു വസ്‌തുതയാണ്. അതുകൊണ്ട് കെട്ടിടങ്ങൾ, ചുറ്റുപാടുകൾ, പൊതുസ്ഥലങ്ങൾ, നഗരങ്ങൾ തുടങ്ങിയവ രൂപകല്പന ചെയ്യുന്നവർ, ആളുകളുടെ ചിന്താപ്രക്രിയകളെയും പ്രതീകഭാഷയെയും പ്രവർത്തനരീതിയെയും മനസിലാക്കാൻ സഹായിക്കുന്ന അറിവിൻ്റെ വിവിധ ശാഖകൾ ഉപയോഗപ്പെടുത്തണം. രൂപകല്‌പനയുടെ സൗന്ദര്യം ആരാഞ്ഞാൽ മാത്രംപോരാ; മറിച്ച്, ആളുകളുടെ ജീവിതഗുണനിലവാരം, പരിസ്ഥിതിയോടുള്ള അവരുടെ പൊരുത്തപ്പെടൽ, കണ്ടുമുട്ടലുകൾ, പരസ്‌പരസഹായം എന്നിങ്ങനെ മറ്റു തരത്തിലുള്ള സൗന്ദര്യത്തിനു ചെയ്‌തുകൊടുക്കുന്ന സേവനങ്ങൾ കൂടുതൽ വിലപ്പെട്ടവയാണ്. നഗരപ്രദേശങ്ങളിൽ വസിക്കാൻ പോകുന്നവരുടെ കാഴ്‌ചപ്പാടുകളെ എപ്പോഴും പരിഗണിച്ചുകൊണ്ടുള്ള നഗരരൂപകല്‌പന എത്രമാത്രം പ്രധാനപ്പെട്ട താണെന്ന് ഇവിടെയും നമ്മൾ ദർശിക്കുന്നു.

151. നമ്മൾ ഭാഗമായിരിക്കുന്നതും നമ്മെ ഒരുമിപ്പിക്കുന്നതുമായ നഗരത്തിനുള്ളിൽ, "സ്വന്തം വീട്ടിൽ എന്ന തോന്നൽ" നല്‌കുന്നതും നമ്മുടെ വേരുകളെക്കുറിച്ചും ഇഴപിരിക്കാനാവാത്ത അടുപ്പത്തെക്കുറിച്ചുമുള്ള അവബോധം വർദ്ധമാനമാക്കുന്നതുമായ പച്ചപ്പുള്ള നാഗരികഭൂഭാഗങ്ങളും പൊതുസ്ഥലങ്ങളും സവിശേഷ ശ്രദ്ധയാകർഷിക്കുന്ന സ്‌മാരകങ്ങളും സംരക്ഷിക്കപ്പെടേണ്ടത് ആവശ്യമാണ്. ഒരു നഗരത്തിൻ്റെ വിവിധ ഭാഗങ്ങൾ നന്നായി സംയോജിക്കപ്പെടേണ്ടതാണ്. അതുപോലെതന്നെ പ്രധാനപ്പെട്ടതാണ്, ഒന്നോ രണ്ടോ അയൽപക്കങ്ങളിലേക്കു മാത്രം ഒതുങ്ങിക്കൂടാതെ, നഗരം മുഴുവനെയും മറ്റാളുകളുമായി പങ്കുവയ്ക്കുന്ന ഒരിടമായി കാണത്തക്ക വിധത്തിൽ അവിടെ വസിക്കുന്നവർക്ക് ഒരു സമസ്‌ത അവബോധം ഉണ്ടായിരിക്കുക എന്നത്. നാഗരിക ഗ്രാമീണ ഭൂഘടനകളെ ബാധിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ, വിവിധഘടകങ്ങൾചേർന്ന് ഒരു സമ്പൂർണത എങ്ങനെ രൂപപ്പെടുന്നുവെന്നതും, അതിലെ നിവാസികൾ തങ്ങളുടെ ജീവിതങ്ങൾക്കാവശ്യമായ സമഗ്രവും അർത്ഥപൂർണവുമായ ഒരു ചട്ടക്കൂടായി എങ്ങനെ അതിനെ കാണുന്നുവെന്നതും കണക്കിലെടുക്കേണ്ടതാണ്. അപ്പോൾ, മറ്റുള്ളവരെ ഇനിമേൽ അപരിചിതരായി കാണാതെ നാമെല്ലാവരും നിർമ്മിക്കാൻ പരിശ്രമിക്കുന്ന 'നമ്മൾ' എന്നതിന്റെ ഭാഗമായി കാണാൻ തുടങ്ങും. ഇതേ കാരണത്താൽത്തന്നെ, നാഗരികഗ്രാമീണ പശ്ചാത്തലങ്ങളിൽ, മാനുഷിക ഇടപെടലുകൾ സംജാതമാക്കുന്ന നിരന്തരമായ മാറ്റങ്ങളിൽനിന്നും കുറച്ചു പ്രദേശങ്ങളെ കാത്തുസൂക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതു സഹായകരമാണ്.

152. പാർപ്പിടമില്ലായ്‌മ ലോകത്തിൻ്റെ പല ഭാഗങ്ങളിലും ഗ്രാമീണ മേഖലകളിലും വൻ നഗരങ്ങളിലും വലിയൊരു പ്രശ്ന‌മാണ്; രാഷ്ട്രബജറ്റുകൾ മിക്കപ്പോഴും ആവശ്യമായതിന്റെ ചെറിയൊരംശം മാത്രമേ ലഭ്യമാക്കുന്നുള്ളു. ദരിദ്രർക്കു മാത്രമല്ല, സമൂഹത്തിലെ മറ്റുതരക്കാർക്കും ഒരു വീടു സ്വന്തമാക്കുക ദുഷ്ക്കരമാണ്. സ്വന്തമായൊരു വീടുണ്ടായിരിക്കുന്നതു വ്യക്തിമഹത്വത്തിനും കുടുംബങ്ങളുടെ വളർച്ചയ്ക്കും പ്രധാനപ്പെട്ടതാണ്. ഇതു മനുഷ്യപരിസ്ഥിതിശാസ്ത്രത്തിലെ ഒരു മുഖ്യവിഷയമാണ്. കുടിലുകൾ ധാരാളമുള്ള താത്ക്കാലികപട്ടണങ്ങൾ ഉയർന്നുവന്നിരിക്കുന്ന ചില സ്ഥലങ്ങളിൽ, അവയെ തച്ചുടയ്ക്കുകയോ സ്ഥാനഭ്രംശം വരുത്തുകയോ ചെയ്യാതെ, ചുറ്റുപാടുകളെ വികസിപ്പിക്കാൻ സാധിക്കും. അനാരോഗ്യകരമായ ചേരികളിലോ അപകടകരമായ വാടകക്കെട്ടിടങ്ങളിലോ പാവപ്പെട്ടവർ ജീവിക്കുമ്പോൾ, “അവരെ മാറ്റിപ്പാർപ്പിക്കേണ്ടത് അത്യാവശ്യമായി വരുന്ന സാഹചര്യങ്ങളിൽ അവർക്കു ക്ലേശങ്ങൾക്കുമേൽ ക്ലേശങ്ങളുണ്ടാ കാതിരിക്കേണ്ടതിനു മതിയായ വിവരങ്ങൾ മുൻകുട്ടി നൽകേണ്ടതും, മാന്യമായ താമസസൗകര്യങ്ങൾ വാഗ്‌ദാനം ചെയ്യേണ്ടതും ഇതുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്ന ആളുകളെ ഈ പ്രക്രിയയിൽ ഭാഗഭാക്കുകളാക്കേണ്ടതും ആവശ്യമാണ്. അതേസമയം തന്നെ, തകർന്നുപോയ ചുറ്റുപാടുകളെ സമന്വയിപ്പിച്ച്, സൗഹൃദനഗരമാക്കി മാറ്റുവാൻ സർഗ്ഗാത്മകത വിനിയോഗിക്കേണ്ടതുണ്ട്: “മരവിപ്പുളവാക്കുന്ന സംശയങ്ങളെ അതിജീവിക്കുകയും വ്യത്യസ്‌തരായവരെ സംയോജിപ്പിക്കുകയും ഈ ഉദ്ഗ്രഥനത്തെത്തന്നെ വികസനത്തിന്റെ നൂതനഘടകമാക്കി മാറ്റുകയും ചെയ്യുന്ന നഗരങ്ങൾ എത്ര മനോഹരങ്ങളാണ്! വാസ്‌തുശാസ്ത്രപരമായ രൂപകല്‌പനയിൽപോലും ആളുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതും കൂട്ടിയോജിപ്പിക്കുന്നതും അവരുടെ പരസ്‌പര അംഗീകാരത്തെ ഊട്ടിയുറപ്പിക്കുന്നതുമായ സ്ഥലങ്ങൾനിറഞ്ഞ നഗരങ്ങൾ എത്ര ആകർഷകങ്ങളാണ്!" 

153. നഗരങ്ങളിലെ ജീവിതനിലവാരം അവിടെയുള്ള ഗതാഗതസംവിധാനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു; അതാകട്ടെ, ഉപയോഗിക്കുന്നവർക്ക് പലപ്പോഴും ഏറെ ക്ലേശങ്ങൾ നല്കുന്നതുമാണ്. ഒന്നോ രണ്ടോ പേർക്കുവേണ്ടിമാത്രം ഓടുന്ന കാറുകൾ, നഗരത്തിൽ ഗതാഗതക്കുരുക്കുണ്ടാക്കുകയും മലിനീകരണത്തിന്റെ നില ഉയർത്തുകയും പുനരുദ്ധരിക്കപ്പെടാനാവാത്ത ഊർജ്ജം വലിയ അളവിൽ ഉപയോഗിച്ചു തീർക്കുകയും ചെയ്യുന്നു. നാഗരികഭുഘടനയെ നശിപ്പിക്കുംവിധം കൂടുതൽ റോഡുകളുടെയും പാർക്കിംഗ് സ്ഥലങ്ങളുടെയും നിർമ്മാണം ഇത് അനിവാര്യമാക്കുന്നു. പൊതുഗതാഗതത്തിനു മുൻഗണന നല്കേണ്ടതിന്റെ ആവശ്യകത പല വിദഗ്‌ധരും അംഗീകരിക്കുന്നതാണ്. എന്നിരുന്നാലും, ജനത്തിരക്ക്, അസൗകര്യം, സ്ഥിരതയില്ലാത്ത സേവനങ്ങൾ, സുരക്ഷിതത്വമില്ലായ്മ ഇവയ്ക്ക് ആളുകളെ വിധേയമാക്കുന്ന സംവിധാനങ്ങളിൽ സാരമായ മെച്ചപ്പെടുത്തലുകൾ വരുത്തുന്നില്ലെങ്കിൽ ആവശ്യമായ ചില നടപടികൾപോലും സമൂഹത്തിന് എളുപ്പം സ്വീകാര്യമാകണമെന്നില്ല.

154. മനുഷ്യമഹത്വത്തോടുള്ള ആദരവ്, പലപ്പോഴും നാഗരിക ജീവിതത്തിൽ ജനങ്ങളനുഭവിക്കേണ്ടിവരുന്ന പ്രശ്‌നകലുഷിതമായ യാഥാർത്ഥ്യങ്ങളുമായി സംഘർഷത്തിലാകുന്നു. എന്നാൽ, ഇതു നമ്മെ ചില ഗ്രാമീണജനസമൂഹങ്ങൾക്ക് അനുഭവിക്കേണ്ടിവരുന്ന പരിത്യക്തതയും അവഗണനയും കണ്ടില്ലെന്നു നടിക്കുന്നവരാക്കരുത്. ഈ ഗ്രാമീണജനത അടിസ്ഥാനസേവനങ്ങൾ നിഷേധിക്കപ്പെട്ടതും, അവകാശങ്ങളോ കൂടുതൽ മാന്യമായ ഒരു ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷയോപോലും ഇല്ലാത്ത അടിമത്വപരമായ സാഹചര്യങ്ങളിലേക്ക് ചുരുങ്ങപ്പെട്ട കുറച്ചു തൊഴിലാളികൾ ഉൾപ്പെടുന്നതുമാണ്.

155. മാനവ പരിസ്ഥിതിശാസ്ത്രം ആഴമായ മറ്റൊരു യാഥാർത്ഥ്യം ഉൾക്കൊള്ളുന്നതാണ്: മനുഷ്യജീവിതവും നമുക്കു സഹജമായതും കൂടുതൽ മഹത്തരമായ ഒരു പരിസ്ഥിതിയുടെ സൃഷ്ടിക്ക് അത്യാവശ്യമായതുമായ ധാർമികനിയമവും തമ്മിലുള്ള ബന്ധമാണത്. "മനുഷ്യൻ തീർച്ചയായും ആദരിക്കേണ്ടതും തന്റെ ഇഷ്ടമനുസരിച്ച് അവന് ദുരുപയോഗിക്കാൻ കഴിയാത്തതുമായ ഒരു പ്രകൃതം അവനുമുണ്ട്" എന്ന വസ്തു‌തയെ അടിസ്ഥാനമാക്കി, ബനഡിക്ട് 16-ാമൻ മാർപ്പാപ്പാ "മനുഷ്യപരിസ്ഥിതിശാസ്ത്രത്തെക്കുറിച്ചു സംസാരിച്ചു. നമ്മുടെ ശരീരംതന്നെ പരിസ്ഥിതിയുമായും മറ്റു ജീവികളുമായും നമ്മെ നേരിട്ട് ബന്ധിപ്പിക്കുന്നു എന്നു അംഗീകരിച്ചാൽ മതിയാകും. ലോകം മുഴുവനെയും പിതാവായ ദൈവത്തിൽനിന്നുള്ള ദാനവും നമ്മുടെ പൊതു ഭവനവുമായി അംഗീകരിക്കുന്നതിന് നമ്മുടെ ശരീരങ്ങളെ ദൈവികദാനമായി സ്വീകരിക്കേണ്ടത് മർമ്മപ്രധാനമാണ്. നേരെ മറിച്ച്, നമ്മുടെ ശരീരങ്ങൾക്കുമേൽ നമുക്കു സർവ്വാധിപത്യമുണ്ട് എന്ന ചിന്ത നമുക്കു സൃഷ്ട‌ിയുടെമേൽ സർവ്വാധിപത്യമുണ്ട് എന്ന ചിന്തയിലേക്ക് നയിക്കുന്നു. നമ്മുടെ ശരീരത്തെ അംഗീകരിക്കാൻ പഠിക്കുക, അതിനെ സംരക്ഷിക്കുക, പൂർണ്ണമായ അർത്ഥത്തിൽ അതിനെ ബഹുമാനിക്കുക എന്നിവയെല്ലാം ഏതൊരു യഥാർത്ഥ മാനുഷികപരിസ്ഥിതിശാസ്ത്രത്തിൻ്റെയും അടിസ്ഥാനഘടകങ്ങളാണ്. എന്നിൽ നിന്നും വ്യത്യസ്തമായ ഒരാളുമായുള്ള കണ്ടുമുട്ടലിൽ ഞാൻ എന്നെ തിരിച്ചറിയാൻ പ്രാപ്‌തമാകുന്നതിനു സ്വന്തം ശരീരത്തെ അതിന്റെ സ്ത്രീത്വത്തിലോ പുരുഷത്വത്തിലോ വിലമതിക്കേണ്ടത് അത്യാവശ്യമാണ്. ഈ രീതിയിൽ ദൈവം സൃഷ്‌ടിച്ച മറ്റു പുരുഷന്റെയോ സ്ത്രീയുടെയോ പ്രത്യേകദാനങ്ങളെ സന്തോഷത്തോടെ സ്വീകരിക്കാനും പരസ്പ‌രം പോഷിപ്പിക്കാനും നമുക്കു കഴിയും. “എങ്ങനെ അഭിമുഖീകരിക്കണമെന്ന് അറിയാത്തതിനാൽ ലിംഗഭേദത്തെ ഇല്ലായ്മ‌ ചെയ്യാനുള്ള" മനോഭാവം ആരോഗ്യകരമല്ല.

IV. പൊതുനന്മയെന്ന തത്വം

156. സാമൂഹിക നീതിശാസ്ത്രത്തിൻ്റെ മുഖ്യവും ഏകീകരിക്കുന്നതുമായ പൊതുനന്മയെന്ന തത്വത്തിൽനിന്നും മാനുഷികപരിസ്ഥിതിശാസ്ത്രത്തെ വേർപെടുത്താനാവില്ല. പൊതുനന്മയെന്നാൽ, “സമൂഹികസംഘങ്ങളെയും അതിൽ അംഗങ്ങളായ വ്യക്തികളെയും അവയുടെ സാക്ഷാത്കാരത്തിലേക്ക് ഒരു പരിധിവരെ സമ്പൂർണ്ണമായും അനായാസമായും പ്രവേശിക്കാൻ അനുവദിക്കുന്ന സാമൂഹികജീവിതസാഹചര്യങ്ങളുടെ ആകെത്തുകയാണ്.

157.സമഗ്രവികസനത്തിനുള്ള അടിസ്ഥാനപരവും അന്യവത്കരിക്കാനാവാത്തതുമായ അവകാശങ്ങളുള്ള മനുഷ്യവ്യക്തിയോടുള്ള ആദരവാണു പൊതുനന്മയുടെ അടിസ്ഥാനതത്വം. സന്തുലിതത്വം ഉപയോഗിച്ചുകൊണ്ടു സമൂഹത്തിൻ്റെ ആകമാനമായ ക്ഷേമത്തിനും ഇടത്തട്ടിലുള്ള വിവിധ സംഘങ്ങളുടെ വികസനത്തിനും വേണ്ടവ ചെയ്യേണ്ടതും ഇതിൻ്റെ ആവശ്യമാണ്. ഇത്തരം സംഘങ്ങളിൽ ശ്രദ്ധേയമായത് സമൂഹത്തിൻ്റെ അടിസ്ഥാനഘടകമെന്ന നിലയിൽ കുടുംബമാണ്. എല്ലാറ്റിനുമുപരിയായി, സാമൂഹികസമാധാനവും, വിതരണനീതിക്കു പ്രത്യേകപരിഗണന നല്കാതെ നേടിയെടുക്കാൻ കഴിയാത്തതും ചില ക്രമീകരണങ്ങളാൽ ലഭിക്കുന്നതുമായ സുസ്ഥിരതയും സുരക്ഷിതത്വവും, പൊതുനന്മ അഭിലഷിക്കുന്നു. ഇതു ലംഘിക്കപ്പെടുമ്പോഴെല്ലാം അക്രമം സംഭവിക്കുന്നു. സമൂഹം മൊത്തത്തിലും, രാഷ്ട്രം പ്രത്യേകമായും പൊതു നന്മയെ പ്രതിരോധിക്കാനും പ്രോത്സാഹിപ്പിക്കാനും കടപ്പെട്ടിരിക്കുന്നു.

158. അനീതി വർദ്ധിക്കുകയും അടിസ്ഥാന മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുന്നവരുടെയും ഉപയോഗവസ്തുക്കളായി കരുതപ്പെടുന്നവരുടെയും സംഖ്യ പെരുകുകയും ചെയ്യുന്ന ആനുകാലിക ആഗോള സാഹചര്യത്തിൽ പൊതുനന്മയുടെ തത്വം യുക്തിസഹമായും അനിവാര്യമായും ഐക്യദാർഢ്യത്തിനും നമ്മുടെ സഹോദരരിലെ ഏറ്റവും പാവപ്പെട്ടവർക്കു മുൻഗണന നല്കിക്കൊണ്ടുള്ള തിരഞ്ഞെടുപ്പിനുമുള്ള ക്ഷണമായിത്തീരുന്നു. ഈ തിരഞ്ഞെടുപ്പ്, ലോകവസ്‌തുക്കളുടെ സാർവത്രികലക്ഷ്യത്തിന്റെ അർത്ഥതലങ്ങൾ അംഗീകരിക്കുന്നതിലാണ് അടങ്ങിയിരിക്കുന്നത്. എന്നാൽ സുവിശേഷത്തിൻ്റെ ആനന്ദം എന്ന ശ്ലൈഹികാഹ്വാനത്തിൽ, ഞാൻ പരാമർശിച്ചിരിക്കുന്നതുപോലെ, മറ്റെല്ലാറ്റിലുമുപരിയായി വേണ്ടത്, വിശ്വാസികളെന്ന നിലയിൽ നമ്മുടെ ആഴമായ ബോധ്യങ്ങളുടെ വെളിച്ചത്തിൽ പാവപ്പെട്ടവരുടെ വലിയ മഹത്വത്തെ വിലമതിക്കുകയാണ്. ഈ തിരഞ്ഞെടുപ്പ് യഥാർത്ഥത്തിൽ പൊതുനന്മ ഫലപ്രദമായി നേടിയെടുക്കേണ്ടതിന് അത്യന്താപേക്ഷിതമായ ധാർമിക കടമയാണെന്നു കാണാൻ നാം നമുക്ക് ചുറ്റും ഒന്നു കണ്ണോടിക്കേണ്ടതേയുള്ളു.

V. തലമുറകൾക്കിടയിലെ നീതി 

159. പൊതുനന്മയെന്ന ആശയം ഭാവിതലമുറകളിലേക്കും വ്യാപിച്ചു കിടക്കുന്നു. നമ്മുടെ പൊതു ഭാഗധേയത്തെ അവഗണിക്കുന്നതുകൊണ്ടുള്ള ഹാനികരമായ ഫലങ്ങൾ എന്തൊക്കെയാണെന്ന് ആഗോളസാമ്പത്തിക പ്രതിസന്ധികൾ വേദനാജനകമാം വിധം വ്യക്തമാക്കി. നമുക്കു പിമ്പേ വരുന്നവരും ആ ഫലങ്ങളിൽ നിന്ന് ഒഴിവാക്കപ്പെടുന്നില്ല. തലമുറകൾക്കിടയിലെ ഐക്യ ദാർഢ്യത്തെ മാറ്റിനിർത്തി സുസ്ഥിരമായ വികസനത്തെക്കുറിച്ചു നമുക്കു സംസാരിക്കാനാവില്ല. ഭാവിതലമുറകൾക്കു നമ്മൾ കൈമാറാൻ പോകുന്ന ലോകത്തിൻ്റെ അവസ്ഥയെക്കുറിച്ചു ചിന്തിക്കാൻ തുടങ്ങുമ്പോൾ കാര്യങ്ങൾ വ്യത്യസ്‌തമായി നമ്മൾ നോക്കിക്കാണും. നമുക്കു സൗജന്യമായി ലഭിച്ച ഒരു ദാനമാണ് ഈ ലോകമെന്നും അതു മറ്റുള്ളവരുമായി പങ്കുവെയ്‌ക്കേണ്ടതാണെന്നും നമ്മൾ തിരിച്ചറിയും. ലോകം നമുക്കു ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്നതിനാൽ, കാര്യക്ഷമതയും ഉത്പാദനക്ഷമതയും പൂർണ്ണമായും വ്യക്തിപരമായ നേട്ടത്തെ മാത്രം ലക്ഷ്യം വയ്ക്കുന്ന തരത്തിൽ തീർത്തും ഉപഭോഗപരമായ മാർഗ്ഗത്തിലൂടെ യാഥാർത്ഥ്യങ്ങളെ നമുക്കു ദർശിക്കാനാവില്ല. തലമുറകൾക്കിടയിലെ ഐക്യദാർഢ്യം ഐച്ഛികമല്ല; നമ്മൾ സ്വീകരിച്ചിരിക്കുന്ന ഈ ലോകം നമുക്കു പിന്നാലെ വരുന്നവരുടേതുകൂടിയാകയാൽ ഇതു നീതിയെ സംബന്ധിക്കുന്ന അടിസ്ഥാനപരമായ ഒരു പ്രശ്‌നമാണ്. നീതിയുടെ ഈ കടമ അംഗീകരിക്കണമെന്നു പോർച്ചുഗീസിലെ മെത്രാന്മാർ നമ്മെ ആഹ്വാനം ചെയ്തു: "സ്വീകരിക്കലിൻ്റെ യുക്തിയുടെ ഭാഗമാണ് പരിസ്ഥിതി. അടുത്തതിലേക്കു നിശ്ചയമായും കൈമാറാനായി ഓരോ തലമുറയ്ക്കും നല്കപ്പെടുന്ന വായ്‌പ വസ്തുവാണിത്. ഈ വിശാല വീക്ഷണം സമഗ്രമായ ഒരു പരിസ്ഥിതിശാസ്ത്രത്തിന്റെ മുഖമുദ്രയാണ്. 

160. എപ്രകാരമുള്ള ഒരു ലോകമാണു നമുക്കു പിമ്പേ വരുന്നവർക്കും ഇപ്പോൾ വളർന്നുവരുന്ന കുഞ്ഞുങ്ങൾക്കും നല്കുവാൻ നാം ആഗ്രഹിക്കുന്നത്? ഇതു പരിസ്ഥിതിയെമാത്രം സംബന്ധിക്കുന്ന ചോദ്യമല്ല; ഘട്ടം ഘട്ടമായി സമീപിക്കേണ്ട ഒരു വിഷയവുമല്ല. എപ്രകാരമുള്ള ഒരു ലോകമാണു നമ്മൾ അവശേഷിപ്പിക്കേണ്ടത് എന്നു നമ്മോടുതന്നെ ചോദിക്കുമ്പോൾ ആദ്യം നമ്മൾ ചിന്തിക്കുന്നത്, അതിന്റെ പൊതുവായ ദിശയെയും അതിന്റെ അർത്ഥത്തെയും മൂല്യങ്ങളെയും കുറിച്ചാണ്. ഇത്തരം ആഴമുള്ള വിഷയങ്ങളുമായി നമ്മൾ മല്ലിടുന്നില്ലെങ്കിൽ പരിസ്ഥിതിയോടുള്ള നമ്മുടെ പരിഗണന കാര്യമായ ഫലങ്ങൾ ഉളവാക്കുമെന്ന് ഞാൻ കരുതുന്നില്ല. എന്നാൽ, ഇത്തരം വിഷയങ്ങളെ നമ്മൾ ധൈര്യപൂർവം അഭിമുഖീകരിച്ചാൽ, മറ്റു ചില മുനയുള്ള ചോദ്യങ്ങളിലേക്കു തടുക്കാനാവാത്തവിധം നയിക്കപ്പെടും: ഈ ലോകത്തിൽ നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യമെന്താണ്? എന്തുകൊണ്ടു നാമിവിടെ ആയിരിക്കുന്നു? നമ്മുടെ പ്രവൃത്തികളുടെയും അദ്ധ്വാനങ്ങളുടെയും ലക്ഷ്യ മെന്താണ്? നമ്മെക്കൊണ്ടു ഭൂമിക്ക് എന്ത് ആവശ്യമാണുള്ളത്? അതിനാൽ, ഭാവിതലമുറകളെക്കുറിച്ചു നാം കരുതലുള്ളവരായിരിക്കണമെന്ന് വെറുതെ പറഞ്ഞതുകൊണ്ടുമാത്രം ഒന്നും ആകുന്നില്ല. അപകടാവസ്ഥയിലായിരിക്കുന്നതു നമ്മുടെതന്നെ മഹത്വമാണെന്നു നമ്മൾ മനസിലാക്കണം. വാസയോഗ്യമായ ഒരു ഗ്രഹം ഭാവിതല മുറയ്ക്കു നല്കുകയെന്നതു പ്രഥമവും പ്രധാനവുമായി നമ്മെ ആശ്രയിച്ചിരിക്കുന്നു. ഈ വിഷയം നമ്മെ നാടകീയമായി ബാധിക്കുന്ന ഒന്നാണ്. കാരണം, ഭൂമിയിലെ നമ്മുടെ വിപ്രവാസത്തിന്റെ ആത്യന്തിക അർത്ഥവുമായി ഇതു ബന്ധപ്പെട്ടിരിക്കുന്നു.

161. സർവനാശത്തെക്കുറിച്ചുള്ള പ്രവചനങ്ങളെ പരിഹാസത്തോടെയോ അവജ്ഞയോടെയോ കാണാനാവില്ല. നമ്മൾ വരുംതലമുറയ്ക്കു കൈമാറുന്നതു അവശിഷ്ടങ്ങളും തരിശുഭൂമിയും മാലിന്യങ്ങളുമായിരിക്കും. ഉപഭോഗനിരക്ക്, മാലിന്യം, പാരിസ്ഥിതികമാറ്റങ്ങൾ ഇവയുടെ ഗതിവേഗം ഭൗമഗ്രഹത്തിൻ്റെ ക്ഷമതയെ വലിച്ചുമുറുക്കുന്നതിനാൽ അസ്ഥിരമായ നമ്മുടെ ആനുകാലിക ജീവിതരീതി, ഇപ്പോൾതന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടയ്ക്കിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന, പ്രക്യതിദുരന്തങ്ങളെ ത്വരിതപ്പെടുത്തുകയേ ഉള്ളു. ഇപ്പോൾ ഉള്ള അസന്തുലിതാവസ്ഥയുടെ പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ, ഇവിടെ ഇപ്പോൾ നമ്മൾ ചെയ്യുന്ന നിർണായകമായ ഇടപെടലിലൂടെ മാത്രമേ സാധിക്കുകയുള്ളു. ദാരുണമായ പരിണിതഫലങ്ങൾ നേരിടാൻ പോകുന്നവരോടു മറുപടി പറയാൻ നമുക്കുള്ള ബാദ്ധ്യതയെപ്പറ്റി പരിചിന്തിക്കേണ്ടത് ആവശ്യമാണ്.

162. ഈ വെല്ലുവിളി ഗൗരവപൂർവം ഏറ്റെടുക്കാനുള്ള നമ്മുടെ ബുദ്ധിമുട്ട്, പരിസ്ഥിതിയുടെ അധഃപതനത്തെ തുടർന്നുണ്ടാകുന്ന ധാർമിക സാംസ്കാരിക അധഃപതനവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. ഉത്തരാധുനിക ലോകത്തിലെ ആളുകൾ അനിയന്ത്രിതമായ വ്യക്തിവാദത്തിൻ്റെ അപകടത്തിലാണ്. നമ്മുടെ സമൂഹത്തിന്റെ നിരവധി പ്രശ്‌നങ്ങളും സത്വരതൃപ്‌തിക്കുവേണ്ടിയുള്ള 'വ്യക്തികേന്ദ്രീകൃത സംസ്‌കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. കുടുംബ-സാമൂഹ്യബന്ധങ്ങളിലെ പ്രതിസന്ധികളുടെയും അപരനെ അംഗീകരിക്കാനുള്ള വൈഷമ്യത്തിൻ്റെയും കാര്യത്തിൽ നമുക്കിതു കാണാനാകും. മാതാപിതാക്കൾ ആവേശകരവും പാഴാക്കുന്നതുമായ ഉപഭോഗത്തിലേക്കു ചായ്‌വുള്ളവരാണെങ്കിൽ, ഇത് അവരുടെ കുട്ടികളെ ബാധിക്കും; സ്വന്തമായൊരു വീടു തരപ്പെടുത്തുന്നതും ഒരു കുടുംബം കെട്ടിപ്പടുക്കുന്നതും അവർക്കു ദുഷ്കരമായിത്തീരുകയും ചെയ്യും. എന്നു തന്നെയുമല്ല. വരുംതലമുറയെക്കുറിച്ചു ഗൗരവമായി ചിന്തിക്കാനുള്ള നമ്മുടെ കഴിവില്ലായ്‌മ ഇന്നത്തെ നമ്മുടെ താല്‌പര്യങ്ങളുടെ മേഖലയെ വിശാലമാക്കുന്നതിനും വികസനത്തിൽനിന്നു ഒഴിവാക്കപ്പെട്ടവർക്കു പരിഗണന നൽകുന്നതിനുമുള്ള നമ്മുടെ പ്രാപ്‌തിയില്ലായ്‌മയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭാവിയിലെ ദരിദ്രരെ മാത്രമല്ല, ഇന്നത്തെ ദരിദ്രരെയും നമ്മൾ ഓർക്കണം; എന്തെന്നാൽ, അവരുടെ ഈ ഭൂമിയിലെ ജീവിതം ഹ്രസ്വമായതിനാൽ അവർക്കു കാത്തുനില്പ്‌പു തുടരാൻ കഴിയില്ല. അതുകൊണ്ട്, “തലമുറകൾക്കിടയിലെ ഐക്യദാർഢ്യത്തെക്കുറിച്ചുള്ള ശരിയായ അവബോധത്തോടൊപ്പം തലമുറകൾക്കുള്ളിലെ ഐക്യദാർഢ്യത്തെക്കുറിച്ചുള്ള നവീകരിക്കപ്പെട്ട അവബോധവും അടിയന്തിരമായ ധാർമികാവശ്യമാണ്.

അദ്ധ്യായം 5 

സമീപനത്തിന്റെയും
നടപടിയുടെയും
മാർഗരേഖ 

163 നാം അധിവസിക്കുന്ന ഗ്രഹത്തിൻ്റെ വിള്ളലുകളും പാരിസ്ഥിതിക അധഃപതനത്തിൻ്റെ ഗഹനമായ മാനുഷികകാരണങ്ങളും ചൂണ്ടിക്കാണിച്ചുകൊണ്ട്. നമ്മുടെ ഇപ്പോഴത്തെ അവസ്ഥ വിശകലനം ചെയ്യുവാനാണു ഞാൻ ഇതുവരെ പരിശ്രമിച്ചത്. യാഥാർത്ഥ്യത്തെക്കുറിച്ചുള്ള ഈ പരിചിന്തനംതന്നെ നയത്തിലും മറ്റു പ്രവർത്തനശൈലിയിലും വരുത്തേണ്ട മാറ്റത്തിൻ്റെ ആവശ്യകത വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും, നമ്മെ ഇപ്പോൾ വലയം ചെയ്യുന്ന സ്വയം നാശത്തിന്റെ ചുഴിയിൽനിന്നും രക്ഷപ്പെടുന്നതിനു നമ്മെ സഹായിക്കുന്ന സംവാദത്തിൻ്റെ പ്രധാനമാർഗങ്ങൾ സംഗ്രഹമായി അവതരിപ്പിക്കാൻ നമ്മൾ ഇപ്പോൾ ശ്രമിക്കുന്നു.

I. പരിസ്ഥിതിയെക്കുറിച്ചുള്ള അന്തർദ്ദേശീയ കൂട്ടായ്‌മയിലെ സംവാദം

164. കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തിന്റെ ആരംഭംമുതൽ, ധാരാളം പ്രതിസന്ധികളെ അതിജീവിച്ച്, നമ്മുടെ ഗ്രഹം ഒരു മാത്യദേശമാണെന്നും മനുഷ്യവർഗം മുഴുവനും പൊതുഭവനത്തിൽ ജീവിക്കുന്ന ഒരൊറ്റ ജനതയാണെന്നുമുള്ള ബോധ്യം വളർന്നുകൊണ്ടിരിക്കുന്നു. നമ്മെയെല്ലാം ഗ്രസിക്കുന്ന ചില ജീവിതശൈലികളുടെയും ഉല്പാദന-ഉപഭോഗരീതികളുടെയും ദൂഷ്യഫലങ്ങളെക്കുറിച്ചു പരസ്‌പരാശ്രിതലോകം നമ്മെ അവബോധമുള്ളവരാക്കുന്നു. മാത്രമല്ല, ചില രാജ്യങ്ങളുടെ സ്വാർത്ഥതാല്‌പര്യങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടിയല്ല. അതിനേക്കാൾ ഉപരിയായി, ആഗോള കാഴ്ച്ചപ്പാടിൽനിന്നും പരിഹാരങ്ങൾ നിർദ്ദേശിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുവാൻ ഇതു നമ്മെ പ്രേരിപ്പിക്കുന്നു. പൊതുക്രമത്തോടുകൂടിയ ഒരു ലോകം എന്ന തത്വത്തെക്കുറിച്ചു ചിന്തിക്കാൻ പരസ്പ്പരാശ്രയത്വം നമ്മെ കടപ്പെടുത്തുന്നു, സാങ്കേതികമായി വളരെ വലിയ പുരോഗതി കൊണ്ടുവരുന്നതിൽ പ്രത്യേകമായ പങ്കുവഹിച്ച അനന്യമായ ഈ സാമർത്ഥ്യംതന്നെ, ലോകവ്യാപകമായി ഗുരുതരമായ പാരിസ്ഥിതികവും സാമൂഹികമായ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിന് പര്യാപ്‌തമായ വഴികൾ കണ്ടെത്തുന്നതിൽ പരാജിതമാണെന്ന് ഇതുവരെ തെളിയിച്ചു. രാജ്യങ്ങളുടെ ഭാഗത്തുനിന്നുള്ള ഏകപക്ഷീയമായ പ്രവർത്തനങ്ങൾവഴി പരിഹരിക്കാൻ സാധിക്കാത്ത ഗഹനമായ പ്രശ്‌നങ്ങൾ സ്വന്തനിലയിൽ അഭിമുഖീകരിക്കുന്നതിന് ഒരു ആഗോള അഭിപ്രായസമന്വയം അത്യന്താപേക്ഷിതമാണ്. അത്തരമൊരു അഭിപ്രായസമന്വയം, സുസ്ഥിരവും വൈവിധ്യപൂർണവുമായ കൃഷിരീതി, വീണ്ടും ഉപയോഗിക്കാവുന്നതും മലിനീകരണം കുറവുള്ളതുമായ തരത്തിലുള്ള ഊർജ്ജത്തിന്റെ വികസനം, ഊർജ്ജത്തിൻ്റെ കൂടുതൽ ഫലപ്രദമായ ഉപയോഗത്തിന്റെ പ്രോത്സാഹനം, സമുദ്രവിഭവങ്ങളുടെയും വനവിഭവങ്ങളുടെയും ഉറവിടങ്ങളുടെ കാര്യക്ഷമമായ ഉപയോഗം, സാർവത്രിക കുടിവെള്ള ലഭ്യത ഇവയിലേക്ക് നയിക്കുന്നു.

165. മാരകമായ മലിനീകരണത്തിനു കാരണമായ ഫോസിൽ ഇന്ധനങ്ങളുടെ - പ്രത്യേകിച്ച്, കൽക്കരി, പെട്രോളിയം എണ്ണ, കുറഞ്ഞ അളവിൽ പ്രകൃതിവാതകം എന്നിവയുടെ - ഉപയോഗത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സാങ്കേതികവിദ്യ താമസംവിനാ ഘട്ടംഘട്ടമായി മാറ്റി പുതിയവ കണ്ടെത്തേണ്ടതാണെന്നു നമുക്കറിയാം. ഏവർക്കും കരഗതമായ, പുനഃസ്ഥാപിക്കാവുന്ന ഊർജ്ജ ഉറവിടങ്ങൾ വികസിപ്പിക്കുന്നതിൽ വലിയ പുരോഗതി ഉണ്ടായില്ലെങ്കിൽ, ഹ്രസ്വകാലപരിഹാരങ്ങൾ കണ്ടെത്തുകയോ, രണ്ടു തിന്മകളിൽ കുറഞ്ഞതു തെരഞ്ഞെടുക്കുകയോ ചെയ്യുക എന്നതു ന്യായമാകും. എന്നാൽ, ഈ ഊർജ്ജ പരിവർത്തനത്തിനു കൊടുക്കേണ്ടിവരുന്ന വിലയുടെ ഉത്തരവാദിത്വത്തെ സംബന്ധിച്ചു പര്യാപ്തമായ ധാരണയിലെത്താൻ അന്താരാഷ്ട്രസമൂഹത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. ഇക്കഴിഞ്ഞ പതിറ്റാണ്ടുകളിൽ, പരിസ്ഥിതിപ്രശ്‌നങ്ങൾ പരിഗണനാർഹമായ പൊതുസംവാദത്തിനു കാരണമായിത്തീർന്നു. കൂടാതെ, വൈവിധ്യവും, പ്രതിജ്ഞാബദ്ധവും, ഉദാരവുമായ പൗരപ്രതികരണങ്ങൾക്ക് ഇതു രൂപം കൊടുത്തിട്ടുണ്ട്. നമ്മുടെ ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളികളോടു പൊരുത്തപ്പെടുന്ന രീതിയിൽ പ്രതികരിക്കുന്നതിൽ രാഷ്ട്രീയ, വ്യാപാര മേഖലകൾ വളരെ മന്ദഗതിയിലാണ്. ചരിത്രത്തിലെ ഏറ്റവും നിരുത്തരവാദിത്വപരമായ കാലഘട്ടങ്ങളിൽ ഒന്നായി വ്യാവസായികവിപ്ലവത്തിനുശേഷമുള്ള കാലഘട്ടം സ്‌മരിക്കപ്പെടും. എന്നിരുന്നാലും, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭകാലഘട്ടത്തിലുള്ള മനുഷ്യസമൂഹം, കാലഘട്ടത്തിന്റെ ഗൗരവാവഹമായ ഉത്തരവാദിത്വങ്ങൾ ഉദാരതയോടെ ഏറ്റെടുത്തതിൻ്റെ പേരിൽ ഓർമ്മിക്കപ്പെടും എന്നു പ്രതീക്ഷിക്കുവാൻ കാരണമുണ്ട്.

 166. പൗരസമൂഹത്തിലെ വിവിധ പ്രസ്ഥാനങ്ങളുടെ പരിശ്രമഫലമായി ആഗോളതലത്തിൽ, പാരിസ്ഥിതികപ്രസ്ഥാനങ്ങൾ കാര്യമാത്രപ്രസക്തമായ മുന്നേറ്റങ്ങൾ നടത്തിയിട്ടുണ്ട്. അവയെല്ലാം ഇവിടെ പരാമർശിക്കുകയെന്നതും, അവരുടെ സംഭാവനകളുടെ ചരിത്രം അവലോകനം ചെയ്യുകയെന്നതും വളരെ അസാധ്യമായ കാര്യമാണ്. എങ്കിലും, അവരുടെ പ്രയത്ന‌ങ്ങളുടെ ഫലമായി,പാരിസ്ഥിതിക വിഷയങ്ങൾ വർദ്ധിച്ചതോതിൽ പൊതുകാര്യപരിപാടികളിൽ സ്ഥാനം കണ്ടെത്തുന്നതിനും കൂടുതൽ ദീർഘവീക്ഷണമുള്ള സമീപനങ്ങൾ സ്വീകരിക്കുന്നതിനും കാരണമായിത്തീർന്നു. എന്നിരുന്നാലും, പരിസ്ഥിതിയെ സംബന്ധിച്ച് അടുത്തയിടെ കഴിഞ്ഞ ലോക ഉച്ചകോടികൾ പ്രതീക്ഷിച്ചിടത്തോളം വിജയം കണ്ടില്ല. എന്തെന്നാൽ, രാഷ്ട്രീയ ഇച്ഛാശക്തിയില്ലായ്‌മ മൂലം പരിസ്ഥിതിയെ സംബന്ധിച്ച് അർത്ഥപൂർണ്ണവും ഫലപ്രദവുമായ ആഗോള ധാരണയിലെത്താൻ അവർക്കു സാധിച്ചില്ല. 

167. റിയോഡി ജെനിറോയിൽ വച്ച് 1992 ൽ നടന്ന ഭൗമഉച്ചകോടി എടുത്തുപറയത്തക്കതാണ്. "സുസ്ഥിര വികസനത്തിൽ കേന്ദ്രപരിഗണന മനുഷ്യവർഗ്ഗത്തിനാണ്" എന്ന് അതു പ്രഖ്യാപിച്ചു. 126 1972 ലെ സ്റ്റോക്ക് ഹോം പ്രഖ്യാപനത്തിന്റെ ചുവടു പിടിച്ച്, ഭൂമി മുഴുവൻ്റെയും പാരിസ്ഥിതികഘടന സംരക്ഷിക്കാൻ അന്തർദ്ദേശിയസഹകരണം ഈ സമ്മേളനം ആവശ്യപ്പെട്ടു. കൂടാതെ, മലിനീകരണം നടത്തുന്ന വ്യക്തി അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള കടപ്പാടും, നിർദ്ദിഷ്ട പദ്ധതികളുടെയും പ്രവർത്തനങ്ങളുടെയും പാരിസ്ഥിതിക ആഘാതം നിർണയിക്കുവാനുള്ള ചുമതലയും സമ്മേളനം ചൂണ്ടിക്കാട്ടി. ഹരിതഗൃഹവാതകങ്ങളുടെ അന്തരീക്ഷത്തിലുള്ള കേന്ദ്രീകരണം കുറയ്ക്കുവാനും അതുവഴി ആഗോളതാപനപ്രവണതയെ ദുർബലപ്പെടുത്തുവാനും സമ്മേളനം ലക്ഷ്യമിട്ടു. ജൈവവൈവിധ്യത്തെക്കുറിച്ച് ഒരു സംയുക്ത ധാരണയും പ്രവർത്തനപദ്ധതിയോടുകൂടിയ ഒരു കാര്യപരിപാടിയും സമ്മേളനം ക്രമപ്പെടുത്തി. വനങ്ങളെ സംബന്ധിച്ച തത്വങ്ങൾ സമ്മേളനം പ്രഖ്യാപിക്കുകയും ചെയ്‌തു. ഈ സമ്മേളനം യഥാർത്ഥത്തിൽ മുമ്പോട്ടുള്ള ഒരു ചുവടുവയ്‌പും ഈ കാലത്തിനു മുന്നറിയിപ്പു നല്കുന്നതുമായിരുന്നുവെങ്കിലും, ഇതിൻ്റെ തീരുമാനങ്ങൾ കാര്യമായി നടപ്പിലാക്കപ്പെട്ടില്ല. നിയമലംഘനത്തിനു ശിക്ഷ, കാലാകാലങ്ങളിലെ അവലോകനം, മേൽനോട്ടത്തിന് അനുയോജ്യമായ സംവിധാനം ഇവയുടെ അഭാവമാണ് ഈ അവഗണനയ്ക്ക്  കാരണം. ഈ സമ്മേളനം പ്രഖ്യാപിച്ച നടപടികൾ കാര്യക്ഷമമായും എളുപ്പത്തിലും പ്രയോഗത്തിൽ വരുത്തിക്കാണുവാൻ ഇപ്പോഴും കാത്തിരിക്കുന്നു.

168. ഈ രംഗത്തു ചില ക്രിയാത്മക അനുഭവങ്ങളുമുണ്ട്. ഉദാഹരണത്തിന്, അപകടസാദ്ധ്യത നിറഞ്ഞ മാലിന്യങ്ങളെക്കുറിച്ചുള്ള ബേയ്സൽ കൺവെൻഷൻ പുറപ്പെടുവിച്ച പ്രസ്താവന, അതിൽ കാണപ്പെടുന്ന മാനദണ്‌ഡങ്ങൾ, നിയന്ത്രണങ്ങൾ എന്നിവയാൽ ശ്രദ്ധേയമാണ്. കൂടാതെ, വംശനാശഭീഷണി നേരിടുന്ന വന്യമൃഗങ്ങളുടെയും സസ്യജാലങ്ങളുടെയും അന്തർദ്ദേശീയവ്യാപാരത്തെ തടയുന്ന സമ്മേളനം, നിയമലംഘനം കണ്ടെത്താനുള്ള സന്ദർശനം പ്രോത്സാഹിപ്പിക്കുന്നു. ഓസോൺ പാളിയുടെ സംരക്ഷണത്തിനായുള്ള വിയന്നാ കൺവെൻഷന്റെ ശ്രമഫലമായും അതു നടപ്പിൽ വരുത്താനുള്ള മോൺട്രിയൽ പെരുമാറ്റച്ചട്ടത്തിലൂടെയും അതിൻ്റെ ഭേദഗതികളിലൂടെയും ഓസോൺ പാളിയുടെ ശിഥിലീകരണം എന്ന പ്രശ്നത്തിന് എറെക്കുറ പരിഹാരമായെന്നു തോന്നുന്നു.

169. ജൈവവൈവിധ്യത്തിൻ്റെ സംരക്ഷണം, മരുഭൂമിവത്ക്കരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ എന്നിവയിൽ, കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. കാലാവസ്ഥാവ്യതിയാനത്തെ സംബന്ധിച്ച് മുന്നേറ്റങ്ങൾ ശോചനീയമായ വിധത്തിൽ കുറവാണ്. ഹരിതഗൃഹ വാതകങ്ങൾ കുറയണമെങ്കിൽ ഏറ്റവും ശക്തവും ഏറ്റവും കൂടുതൽ മലിനീകരണം നടത്തുന്നതുമായ രാജ്യങ്ങളുടെ ഭാഗത്തുനിന്ന് സത്യസന്ധതയും ധൈര്യവും ഉത്തരവാദിത്വബോധവും ആവശ്യമാണ്. സുസ്ഥിര വികസനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസംഘടനയുടെ സമ്മേളനം, “റിയോ +20" (റിയോ ഡി ജെനീറോ 2012), വ്യാപകമായ മാനങ്ങളുള്ളതും, എന്നാൽ ഫലപ്രാപ്‌തിയിലെത്താത്തതുമായ ഒരു രേഖ പുറത്തിറക്കി. ആഗോളപൊതുനന്മയേക്കാൾ സ്വന്തം രാജ്യതാത്പര്യങ്ങൾക്കു പ്രാധാന്യം കൊടുക്കുന്ന നിലപാടുമൂലം, അന്തർദ്ദേശീയ കൂടിയാലോചനകൾക്കു കാര്യമാത്ര പ്രസക്തമായ പുരോഗതി ഉണ്ടാക്കാൻ കഴിഞ്ഞില്ല. നമ്മൾ മറച്ചുവയ്ക്കുവാൻ ശ്രമിക്കുന്നവയുടെ പരിണിതഫലങ്ങൾ അനുഭവിക്കുന്നവർ, മനസാക്ഷിയുടെയും ഉത്തരവാദിത്വബോധത്തിന്റെയും ഈ പരാജയം ഒരിക്കലും മറക്കുകയില്ല. ഈ ചാക്രികലേഖനം തയ്യാറാക്കപ്പെട്ടുകൊണ്ടിരുന്ന അവസരത്തിൽപ്പോലും, സംവാദം തീവ്രമായിക്കൊണ്ടിരിക്കുന്നു. നമ്മൾ വിശ്വാസികൾ ഇപ്പോൾ നടക്കുന്ന ചർച്ചകളിൽനിന്നും ക്രിയാത്മകമായ ഒരു അനന്തരഫലത്തിനുവേണ്ടി ദൈവത്തോട് അപേക്ഷിക്കുന്നതിൽ പരാജയപ്പെടരുത്. നമ്മുടെ വിവേകശൂന്യമായ കാലവിളംബങ്ങളുടെ ഫലങ്ങൾ വരും തലമുറകൾ അനുഭവിക്കുവാനിടവരരുത്.

170. മലിനീകരിക്കപ്പെട്ട വാതകത്തിൻ്റെ പുറന്തള്ളൽ കുറയ്ക്കന്നതിനുതകുന്ന ചില നയങ്ങൾ, പാരിസ്ഥിതികചെലവുകളുടെ അന്തർദ്ദേശീയവത്ക്കരണം ആവശ്യപ്പെടുന്നുണ്ട്. കൂടുതൽ വ്യവസായവത്ക്കരിക്കപ്പെട്ടിരിക്കുന്ന രാജ്യങ്ങളോടു തുലനം ചെയ്യുമ്പോൾ, മാലിന്യങ്ങളുടെ പുറന്തള്ളൽ കുറയ്ക്കുകയെന്നതു വിഭവശേഷി കുറഞ്ഞ രാജ്യങ്ങളെ സംബന്ധിച്ചു വളരെ ഭാരമേറിയ ഒരു നിയോഗമാണ്. ഇത് അവരുടെമേൽ ചുമത്തുന്നത് അപായ സാദ്ധ്യത ഉളവാക്കും. അത്തരം നിയന്ത്രണങ്ങൾ വികസനം വളരെ ആവശ്യമുള്ള രാജ്യങ്ങളുടെമേൽ അടിച്ചേല്പിക്കുന്നത് അവരെ ശിക്ഷിക്കുന്നതിനു തുല്യമാണ്. ഇതുവഴി, പരിസ്ഥിതിസംരക്ഷണത്തിൻ്റെ മറവിൽ മറ്റൊരു അനീതികൂടി അടിച്ചേല്‌പിക്കപ്പെടുന്നു. ഇവിടെയും, ദരിദ്രരാണ് ഇതിനു വിലകൊടുക്കേണ്ടിവരുന്നത്. ഇത് അവരുടെ സാമ്പത്തികമേഖലയെ വളരെയേറെ ബാധിക്കും. കാലാവസ്ഥാവ്യതിയാനത്തിൻ്റെ പരിണിതഫലങ്ങൾ വരാനിരിക്കുന്ന വളരെക്കാലത്തേക്ക് അനുഭവപ്പെടുമെന്നതിനാൽ, കർശനമായ മാർഗങ്ങൾ ഇപ്പോൾ സ്വീകരിച്ചാലും, വിഭവശേഷി കുറഞ്ഞ രാജ്യങ്ങൾക്ക്, ഇതിനുമുമ്പേ ഉളവാക്കപ്പെട്ട ആഘാതങ്ങളുടെ ഫലം ലഘുകരിക്കാൻ സഹായം ആവശ്യമുണ്ട്. ഈ സാഹചര്യത്തിൽ, പൊതുവായ, അതേസമയം, വ്യതിരിക്തമായ ഒരു ഉത്തരവാദിത്വബോധത്തിന്റെ ആവശ്യമുണ്ട്. ബൊളീവിയായിലെ മെത്രാന്മാർ പ്രസ്താവിക്കുന്നതുപോലെ, "ഹരിതഗൃഹവാതകങ്ങളുടെ അതിമാത്രമായ പുറന്തള്ളൽ അവഗണിച്ച്, വ്യവസായവത്ക്കരണത്തിലൂടെ ഉയർന്ന നിലയിൽ അഭിവൃദ്ധിയുണ്ടാക്കിയ രാജ്യങ്ങൾക്ക്, തങ്ങൾവഴി ഉണ്ടായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനുള്ള വലിയ ഉത്തരവാദിത്വമുണ്ട്."

171. കാർബൺ നിക്ഷേപങ്ങൾ (carbon credits) വാങ്ങുകയും വില്ക്കുകയും ചെയ്യുന്ന നയതന്ത്രം ലോകവ്യാപകമായ ഊഹക്കച്ചവടത്തിന്റെ പുതിയ വ്യവസ്ഥകളിലേക്ക് നയിക്കും. എന്നാൽ, അതു മലിനീകൃതവാതകത്തിൻ്റെ പുറന്തള്ളൽ കുറയ്ക്കാൻ സഹായിക്കില്ല. ഈ രീതി, പരിസ്ഥിതിയോടുള്ള ഒരുതരം പ്രതിബദ്ധത എന്ന നാട്യത്തിൽ വളരെപ്പെട്ടെന്നു നടപ്പിലാക്കാവുന്ന ഒരു പരിഹാരമാർഗമായി തോന്നുമെങ്കിലും, ഇപ്പോഴത്തെ സാഹചര്യം ആവശ്യപ്പെടുന്ന ഒരു സമൂലപരിവർത്തനം വരുത്താൻ ഇത് ഒരു വിധത്തിലും അനുവദിക്കുന്നില്ല. ഇതു വെറുമൊരു അടവുനയം മാത്രമാണ്. ചില രാജ്യങ്ങളുടെയും ചില വിഭാഗങ്ങളുടെയും അമിതമായ ഉപഭോഗം നിലനിർത്താൻ മാത്രമേ ഈ അടവുനയം ഉപകരിക്കൂ.

172. ദരിദ്രരാജ്യങ്ങളെ സംബന്ധിച്ച്, കടുത്ത ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുക, അവരുടെ ജനങ്ങളുടെ സാമുഹ്യപുരോഗതി വർദ്ധിപ്പിക്കുക ഇവയായിരിക്കണം മുൻഗണനാർഹമായ വിഷയങ്ങൾ. അതേസമയം, അവരുടെ ജനങ്ങളിൽ പ്രത്യേകാനുകുല്യങ്ങൾ അനുഭവിക്കുന്ന ചില വിഭാഗങ്ങളിൽ ആക്ഷേപാർഹമായ തരത്തിലുള്ള ഉപഭോഗശൈലിയുണ്ടെന്ന് അംഗീകരിക്കുകയും, വളരെ ഫലപ്രദമായി അഴിമതിയോടു പൊരുതുകയും ചെയ്യണം. അതു പോലെതന്നെ, മലിനീകരണം കുറഞ്ഞ ഊർജ്ജോല്‌പാദനരീതികൾ വികസിപ്പിച്ചെടുക്കാൻ അവർ കടപ്പെട്ടിരിക്കുന്നു. അപ്രകാരം ചെയ്യാൻ കഴിയണമെങ്കിൽ, ഭൂമിയിൽ കടുത്ത മലിനീകരണം വരുത്തിക്കൊണ്ടുതന്നെ വലിയ പുരോഗതി നേടിയ രാജ്യങ്ങളുടെ സഹായം അവർക്ക് ആവശ്യമാണ്. സമ്പുഷ്‌ടമായ സൗരോർജ്ജത്തിന്റെ പ്രയോജനമെടുക്കണമെങ്കിൽ, ധനസഹായത്തിന്റെയും സാങ്കേതികവിദ്യയുടെയും ആവശ്യമുണ്ട്. ഇതുവഴി, വികസ്വരരാജ്യങ്ങൾക്ക്, സാങ്കേതികവിദ്യയുടെ കൈമാറ്റം, സാങ്കേതികസഹായം, സാമ്പത്തിക ഉറവിടങ്ങൾ എന്നിവയിലേക്ക് പ്രവേശനം ലഭിക്കുന്നു. എന്നാൽ. അവരുടെ യഥാർത്ഥ സാഹചര്യങ്ങളുമായി തുലനംചെയ്യുമ്പോൾ ആവശ്യമായിരിക്കുന്നതിലും വളരെ കുറഞ്ഞ തോതിൽ മാത്രമേ ഇവ ലഭിക്കുന്നുള്ളു. എന്തുകൊണ്ടെന്നാൽ, അടിസ്ഥാനസൗകര്യങ്ങൾ ഏതു സാഹചര്യത്തിനുവേണ്ടി രൂപ കല്പന ചെയ്യപ്പെട്ടിരിക്കുന്നുവോ, അവിടെ അവ തമ്മിലുള്ള പൊരുത്തം പര്യാപ്‌തമായ രീതിയിൽ നിർണയിക്കപ്പെട്ടിട്ടില്ല."" കാലാവസ്ഥാവ്യതിയാനത്തിൻ്റെ അപായസാദ്ധ്യതകളോടു തുലനം ചെയ്യുമ്പോൾ, ഇവയുടെ ചെലവ് വളരെക്കുറവായിരിക്കും. എങ്ങനെയായിരുന്നാലും, ഇവ പ്രാഥമികമായി, ജനങ്ങൾ തമ്മിലുള്ള ദൃഢബന്ധത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ധാർമിക തീരുമാനങ്ങളാണ്.

173. നടപ്പിലാക്കാവുന്ന അന്താരാഷ്ട്ര ഉടമ്പടികൾ അടിയന്തിരമായി ആവശ്യമാണ്. കാരണം, പ്രാദേശികാധികാരികൾ പലപ്പോഴും ഫലപ്രദമായ ഇടപെടലിനു ശേഷിയുള്ളവരല്ല. ഓരോരുത്തരുടെയും പരമാധികാരത്തെ പരസ്‌പരം മാനിക്കുന്ന വിധത്തിലായിരിക്കണം രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ. എല്ലാവരെയും ബാധിക്കുന്ന പ്രാദേശികദുരന്തങ്ങളെ തടയുന്നതിനുവേണ്ട പരസ്പര അംഗീകൃതമാർഗങ്ങൾ നടപ്പിലാക്കാൻ രാഷ്ട്രങ്ങൾ തയ്യാറാവണം. അസ്വീകാര്യമായ പ്രവൃത്തികൾ തടയുന്നതിനും ചുമതലകളിൽ സമ്മർദ്ദം ചെലുത്തുന്നതിനും ആഗോളതലത്തിൽ വ്യവസ്ഥാപിതമായ നിയമങ്ങൾ ആവശ്യമാണ്. ഉദാഹരണത്തിന്, സുശക്തരായ കമ്പനികൾ മറ്റു രാജ്യങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും മലിനീകരിക്കുന്ന വ്യവസായങ്ങൾ സ്ഥാപിക്കുന്നതും അസ്വീകാര്യമായ നടപടികളാണ്.

173. സമുദ്രങ്ങളുടെ ഭരണനിയന്ത്രണരീതിയെക്കുറിച്ചുകൂടി ഇവിടെ നമുക്കു പ്രതിപാദിക്കാം. അന്തർദ്ദേശീയവും പ്രാദേശികവുമായ സമ്മേളനങ്ങൾ നടക്കുന്നുണ്ടെങ്കിൽത്തന്നെയും, നിയമത്തിന്റെയും നിയന്ത്രണത്തിൻ്റെയും ശിക്ഷാനടപടികളുടെയും സംവിധാനങ്ങളുടെ അഭാവവും ചേരിതിരിവും ഈ പരിശ്രമങ്ങൾക്കു തുരങ്കംവയ്ക്കുന്നു. സമുദ്ര മാലിന്യങ്ങളുടെ വർദ്ധിച്ചുവരുന്ന പ്രശ്നവും പുറംകടലിൻ്റെ സംരക്ഷണവും പ്രത്യേകമായ വെല്ലുവിളി നേരിടുന്ന മേഖലകളാണ്. “ആഗോളപൊതുമുതൽ എന്നു വിളിക്കപ്പെടുന്ന എല്ലാറ്റിന്റെയും ഭരണസംവിധാനത്തിനു പൊതുവായ ഒരു കരാർ കൊണ്ടുവരുക എന്നതാണ് ഫലത്തിൽ നമുക്ക് ഇവിടെ ആവശ്യം.

173. ആഗോളതാപനമെന്ന പ്രതിഭാസത്തെ നേരിടാൻ ആവശ്യമായ അടിസ്ഥാനതീരുമാനങ്ങൾ എടുക്കുന്നതിനു തടസ്സമായി നിലകൊള്ളുന്ന അതേ മനഃസ്ഥിതിതന്നെയാണ് ദാരിദ്ര്യ നിർമ്മാർജ്ജനം എന്ന ലക്ഷ്യം നേടുന്നതിന് എതിരായും നില കൊള്ളുന്നത്. കൂടുതൽ ഉത്തരവാദിത്വപൂർണമായ ഒരു സമഗ്ര സമീപനം രണ്ടു പ്രശ്‌നങ്ങളെയും കൈകാര്യം ചെയ്യുവാൻ ആവശ്യമാണ് - അന്തരീക്ഷ മലിനീകരണത്തിൻ്റെ കുറയ്ക്കൽ, വളരെ പാവപ്പെട്ട രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും വികസനം-പരമ്പരാഗതമായി കൈമാറ്റം ചെയ്യപ്പെട്ട നല്ല ഭരണരീതികൾ നില നിർത്തുമ്പോഴും, രാഷ്ട്രങ്ങളുടെ അധികാരശക്തി ദുർബലമാകുന്നതിന് ഇരുപത്തിയൊന്നാം നൂറ്റാണ്ടു സാക്ഷ്യം വഹിക്കുന്നു. അതിനുകാരണം, രാജ്യങ്ങൾക്കിടയിൽ നിലനില്ക്കുന്ന സാമ്പത്തികഘടകങ്ങൾ, പ്രത്യേകിച്ച്, ബിസിനസ് കമ്പനികൾ, രാഷ്ട്രീയത്തിനുമേൽ ആധിപത്യംപുലർത്താൻ ശ്രമിക്കുന്നതാണ്. ഈ സാഹചര്യത്തിൽ, കൂടുതൽ ഉറപ്പുള്ളതും ഫലപ്രദമായി സംഘടിപ്പിക്കപ്പെടുന്നതുമായ അന്തർദ്ദേശീയ സ്ഥാപനങ്ങൾ ആസൂത്രണം ചെയ്യേണ്ടത് അത്യാവശ്യമാണ്. അവിടെ, ദേശീയ ഗവൺമെന്റുകളുടെ പക്ഷപാതരഹിതമായ അംഗീകാരംവഴി നിയമിക്കപ്പെടുന്ന ഭാരവാഹികൾ ഉണ്ടായിരിക്കണം. കൂടാതെ, ഉത്തരവുകൾ നടപ്പിലാക്കാൻ അവർക്ക് അധികാരവും കൊടുത്തിരിക്കണം. സഭയുടെ സാമൂഹ്യപ്രബോധനത്തിൻ്റെ തുടർച്ച എന്ന നിലയിൽ, ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പ ഉറപ്പിച്ചു പറയുന്നതുപോലെ, “ആഗോള സാമ്പത്തികമേഖലയെ നിയന്ത്രണത്തിൽ കൊണ്ടുവരുക, പ്രതിസന്ധിയിൽപ്പെട്ടുപോയ സമ്പത്വ്യവസ്ഥകളെ പുനരുജ്ജീവിപ്പിക്കുക, ഇപ്പോഴത്തെ പ്രതിസന്ധികളും അതിന്റെ ഫലമായി രൂപംകൊള്ളുന്ന വലിയ അരക്ഷിതാവസ്ഥകളും വഷളാകാതിരിക്കാൻ കരുതലെടുക്കുക, സമഗ്രവും അവസരോചിതവുമായ നിരായുധീകരണവും ഭക്ഷ്യസുരക്ഷയും സമാധാനവും നടപ്പിലാക്കുക, പരിസ്ഥിതിസംരക്ഷണം ഉറപ്പുവരുത്തുക, കുടിയേറ്റം നിയന്ത്രിക്കുക ഇവയെല്ലാം നടപ്പിലാക്കാൻ, എൻ്റെ മുൻഗാമിയായിരുന്ന ജോൺ ഇരുപത്തിമൂന്നാമൻ മാർപ്പാപ്പ കുറച്ചുവർഷങ്ങൾക്കുമുമ്പു സൂചിപ്പിച്ചിരുന്നതുപോലെ, നമുക്കാവശ്യമായിരിക്കുന്നത് പരമാർത്ഥതയുള്ള ഒരു ആഗോള രാഷ്ട്രീയാധികാര സംവിധാനമാണ്." നമ്മെയെല്ലാം ബാധിക്കാവുന്ന ഗൗരവാവഹമായ പ്രശ്നങ്ങൾ മുൻകൂട്ടിക്കണ്ട് ആഗോളനയപരിപാടികൾ വികസിപ്പിക്കുന്നതിൽ നയതന്ത്രത്തിനു പ്രത്യേക സ്ഥാനമുണ്ട്.

II ദേശീയവും പ്രാദേശികവുമായ പുതിയ നയങ്ങൾക്കുവേണ്ടിയുള്ള സംവാദം 

176. രാജ്യങ്ങൾക്കിടയിൽമാത്രമല്ല വിജയികളോ പരാജിതരോ ഉള്ളത്, മറിച്ച്, വളരെ ദരിദ്രരായ രാജ്യങ്ങൾക്കുള്ളിൽത്തന്നെയു മുണ്ട്. അക്കാരണത്താൽ, വ്യത്യസ്‌തങ്ങളായ ഉത്തരവാദിത്വങ്ങൾ തിരിച്ചറിയേണ്ടത് ഇന്നിന്റെ ഒരാവശ്യമാണ്. പരിസ്ഥിതിയെയും സാമ്പത്തികവികസനത്തെയും സംബന്ധിച്ച പ്രശ്‌നങ്ങളെ, രാജ്യങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിൽമാത്രം സമിപിച്ചാൽ പോരാ; ദേശീയവും പ്രാദേശികവുമായ തലങ്ങളിലെ നയങ്ങളെക്കുറിച്ചുള്ള കൂടുതൽ ശ്രദ്ധ ഈ വിഷയങ്ങൾ ആവശ്യപ്പെടുന്നുണ്ട്.

177. മനുഷ്യൻ്റെ കഴിവുകളുടെ ദുരുപയോഗത്തിനുള്ള യഥാർത്ഥ സാധ്യതയുള്ളതിനാൽ, തങ്ങളുടെ അതിർത്തികൾ ക്കുള്ളിൽ വ്യക്തമായ പദ്ധതികളുടെയും സഹകരണത്തിന്റെയും മേൽനോട്ടത്തിൻ്റെയും നടപ്പിലാക്കലിൻ്റെയും ഉത്തരവാദിത്വം അവഗണിക്കാൻ ഒരു രാഷ്ട്രത്തിനും സാധ്യമല്ല. പുതിയ സാങ്കേതിക കണ്ടുപിടുത്തങ്ങൾ ഇടവിടാതെ നടക്കുമ്പോൾ, ഒരു സമൂഹത്തിന് അതിന്റെ ഭാവിപദ്ധതികൾ രൂപപ്പെടുത്തുവാനും ഭാവിസുരക്ഷിത മാക്കുവാനും എങ്ങനെ സാധിക്കും? മേൽനോട്ടത്തിന്റെയും സഹകരണത്തിന്റെയും ആധികാരികമായ ഒരു ഉറവിടം നിയമമാണ്. പൊതുനന്മയുടെ വെളിച്ചത്തിൽ സ്വീകാര്യമായ മാർഗദർശനത്തിനുവേണ്ട ചട്ടങ്ങൾ ഇതു നല്‌കുന്നു. ആരോഗ്യമുള്ളതും പരിപക്വവും പരമാധികാരമുള്ളതുമായ ഒരു സമൂഹത്തിനു ചുമത്താവുന്ന പരിധികൾ ദീർഘവീക്ഷണം, സുരക്ഷിതത്വം, വ്യവസ്ഥാപിതമായ ചട്ടങ്ങൾ, അവസരോചിതമായ നടപ്പാക്കൽ, അഴിമതിയുടെ നിർമാർജനം, ഉത്പാദനപ്രക്രിയയുടെ ആഗ്രഹിക്കാത്ത പാർശ്വഫലങ്ങളോടുള്ള കാര്യക്ഷമമായ പ്രതികരണം, മുൻകൂട്ടി കാണാനാവാത്ത അപകടസാദ്ധ്യതകൾ നിറഞ്ഞ മേഖലകളിലെ അനുയോജ്യമായ ഇടപെടൽ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ബിസിനസ് പ്രവർത്തനങ്ങൾ വഴിയുണ്ടാകുന്ന മലിനീകരണത്തിന്റെ തോത് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട നിയമസംഹിതകൾ രൂപം കൊള്ളുന്നുണ്ട്. രാഷ്ട്രീയപരവും സ്ഥാപനപരവുമായ ചട്ടക്കൂടുകൾ നിലനില്ക്കുന്നത്, തെറ്റായ സമ്പ്രദായങ്ങളെ ഒഴിവാക്കാൻ മാത്രമല്ല, ഏറ്റവും മികച്ച പ്രവർത്തനരീതികളെ പ്രോത്സാഹിപ്പിക്കാനും പുതിയ പരിഹാരങ്ങൾ തേടുന്നതിൽ ക്രിയാത്മകതയെ ഉത്തേജിപ്പിക്കുവാനും വ്യക്തിപരവും സമൂഹപരവുമായ സംരഭങ്ങളെ പ്രോത്സാഹിപ്പിക്കാനും വേണ്ടികൂടിയാണ്.

178. ജനതയുടെ ഉപഭോഗസംസ്കാരത്തിൻ്റെ പിന്തുണയോടെ സത്വരഫലങ്ങൾ മാത്രം തേടുന്ന രാഷ്ട്രീയം ഹ്രസ്വകാലവളർച്ച മാത്രമേ നേടുകയുള്ളു. തെരഞ്ഞെടുപ്പുതാല്‌പര്യങ്ങളുള്ളതിനാൽ, ഉപഭോഗനിരക്കിനെ ബാധിക്കുന്നതും വിദേശനിക്ഷേപത്തിനു അപകടസാധ്യത വരുത്തുന്നതുമായ നിയന്ത്രണങ്ങൾ സ്വീകരിച്ച് പൊതുജനത്തെ അസ്വസ്ഥപ്പെടുത്താൻ ഒരു ഗവൺമെന്റും ആഗ്രഹിക്കുന്നില്ല. അധികാര രാഷ്ട്രീയത്തിൻ്റെ ഹ്രസ്വദൃഷ്ടി ഗവണ്മെന്റിന്റെ ആകമാനമുള്ള കാര്യപരിപാടിയിൽ ദീർഘദൃഷ്ടിയോടുകൂടെയുള്ള പാരിസ്ഥിതികപദ്ധതികൾ ഉൾക്കൊള്ളിക്കാൻ ബോധപൂർവം താമസം വരുത്തും. അതുകൊണ്ട്, "സ്ഥലത്തേക്കാളും പ്രാധാന്യമുള്ളതാണു സമയം" എന്ന തത്വം നമ്മൾ മറന്നു പോകുന്നു.  അധികാരസ്ഥാനങ്ങളെ മുറുകെപ്പിടിക്കുന്നതിനേക്കാൾ പദ്ധതികൾക്കു രൂപം കൊടുക്കുന്നതാണ് നമ്മെ സംബന്ധിച്ച് എപ്പോഴും കൂടുതൽ ഫലപ്രദം. ബുദ്ധിമുട്ടേറിയ സമയത്തുപോലും, ദീർഘകാലപൊതുനന്മയെക്കുറിച്ചു ചിന്തിക്കുകയും ഉയർന്ന തത്വചിന്ത മുറുകെപ്പിടിക്കുകയും ചെയ്യുമ്പോൾ, യഥാർത്ഥ രാജ്യ തന്ത്രജ്ഞതയാണ് പ്രകടമാകുന്നത്. രാഷ്ട്രനിർമ്മാണമെന്ന കർമ്മത്തിൽ ഈ കടമ ഏറ്റെടുക്കുക എന്നത് രാഷ്ട്രീയാധികാരികൾക്ക് അത്ര എളുപ്പമുള്ള കാര്യമല്ല.

179. പുനഃസ്ഥാപിക്കാവുന്ന ഊർജ്ജ ഉറവിടങ്ങളെ കഴിയുന്നത് ഉപയോഗിച്ച്, പ്രാദേശിക സ്വയംപര്യാപ്തതയും മിച്ചമുള്ള ഊർജ്ജത്തിൻ്റെ വില്‌പനയും ഉറപ്പാക്കുന്ന സഹകരണ സ്ഥാപനങ്ങൾ ചിലയിടങ്ങളിൽ രൂപപ്പെട്ടിട്ടുണ്ട്. ലളിതമായ ഈ ഉദാഹരണംതന്നെ തെളിയിക്കുന്നത്, ഇപ്പോൾ നിലനില്ക്കുന്ന ലോകഭരണക്രമം സ്വന്തം ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ അശക്തരായിരിക്കുമ്പോഴും, പ്രാദേശികവ്യക്തികൾക്കും സമൂഹത്തിനും, യഥാർത്ഥ മാറ്റം വരുത്തുവാൻ സാധിക്കുമെന്നാണ്. വലിയ ഉത്തരവാദിത്വബോധം, ഒരു കൂട്ടായ്‌മയെന്ന ശക്തമായ അവബോധം, മറ്റുള്ളവരെ സംരക്ഷിക്കുവാനുള്ള സന്നദ്ധത, ക്രിയാത്മകതയുടെ ചൈതന്യം, ദേശത്തോടുള്ള അഗാധമായ സ്നേഹം എന്നിവ മറ്റുള്ളവരിൽ ജനിപ്പിക്കാൻ അവർക്കു കഴിയും. തങ്ങളുടെ മക്കൾക്കും കൊച്ചുമക്കൾക്കും അവർ എന്താണു കൈമാറാൻപോകുന്നത് എന്നതിനെക്കുറിച്ച് അവർക്കു ചിന്തയുണ്ട്. ഈ മുല്യങ്ങൾ പ്രധാനമായും ആഴത്തിൽ വേരോടിയിരിക്കുന്നതു തദ്ദേശവാസികളിലാണ്. അഴിമതിമൂലം, ചില സമയത്ത്, നിയമങ്ങളുടെ നടപ്പാക്കൽ അപര്യാപ്‌തമായതുകൊണ്ട്, നിർണായകമായ രാഷ്ട്രീയനടപടികളുണ്ടാകുന്നതിനു പൊതുജനസമ്മർദ്ദം ആവശ്യമാണ്. കൂടുതൽ കർശനമായ നിയന്ത്രണങ്ങളും നടപടികളും നിയമങ്ങളും രൂപപ്പെടാൻവേണ്ടി, സർക്കാരിതരസംഘടനകളിലൂടെയും മധ്യവർത്തിസമൂഹങ്ങളിലൂടെയും ഗവണ്മെൻ്റിൻ്റെമേൽ സമൂഹം സമ്മർദ്ദം ചെലത്തണം. ദേശീയവും പ്രാദേശികവും നഗരപരവുമായ രാഷ്ട്രിയാധികാരങ്ങളെ പൗരന്മാർ നിയന്ത്രിച്ചില്ലെങ്കിൽ, പരിസ്ഥിതിക്കു സംഭവിക്കുന്ന കോട്ടങ്ങളെ നിയന്ത്രിക്കുക സാധ്യമല്ല. പരിസ്ഥിതിസംബന്ധമായ ഒരേ നയങ്ങളെ പിന്തുണയ്ക്കുവാൻ അയൽക്കൂട്ടായ്മകൾ തമ്മിൽ ധാരണയുണ്ടെങ്കിൽ, പ്രാദേശികനിയമ നിർമ്മാണം കൂടുതൽ ഫലപ്രദമാകും.

180. ഓരോ രാജ്യത്തിനും പ്രദേശത്തിനും അതിന്റേതായ പ്രശ്‌നങ്ങളും പരിധികളുമുള്ളതുകൊണ്ട്, ഐകരൂപ്യമുള്ള മാർഗങ്ങളില്ല. പ്രതിബദ്ധതയ്ക്കും അതിൻ്റെ സ്വീകാര്യതയ്ക്കും രൂപംകൊടുക്കുന്നിടത്തോളംകാലം, രാഷ്ട്രീയയാഥാർത്ഥ്യവാദം പരിവർത്തനവിധേയമായ വ്യവസ്ഥകളും സാങ്കേതികവിദ്യകളും ആവശ്യപ്പെടുന്നുണ്ട്. അതേസമയം, ദേശീയവും പ്രാദേശികവുമായ തലങ്ങളിൽ ഊർജ്ജസംരക്ഷണത്തിനുള്ള പ്രോത്സാഹന മേഖലകളിൽ ഇനിയും വളരെക്കാര്യങ്ങൾ ചെയ്യേണ്ടിയിരിക്കുന്നു. 

 

പരമാവധി ഊർജ്ജകാര്യക്ഷമതയുള്ളതും കുറഞ്ഞതോതിൽ അസംസ്കൃതവസ്തുക്കൾ ഉപയോഗിക്കുന്നതുമായ വ്യാവസായി കോല്പ‌ാദനമാർഗങ്ങളെ അനുകൂലിക്കുക, ഊർജ്ജശേഷി കുറഞ്ഞതും കൂടുതൽ മലിനീകരണം സൃഷ്ടിക്കുന്നതുമായ ഉത്പന്നങ്ങളെ വിപണിയിൽനിന്നും പിൻവലിക്കുക, ഗതാഗതസംവിധാനങ്ങൾ മെച്ചപ്പെടുത്തുക, ഊർജ്ജ ഉപഭോഗവും മലിനീകരണവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള നിർമ്മാണപ്രവർത്തനങ്ങളും കെട്ടിടങ്ങളുടെ കേടുപാടു തീർക്കലും പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ ഇവയിൽപ്പെടുന്നു. ഉപഭോഗരീതിയെ വ്യത്യാസപ്പെടുത്തുക, പാഴ്വസ്‌തുക്കളുടെ നിർമാർജനവും പുനരുപയോഗവും പ്രോത്സാഹിപ്പിക്കുന്ന സമ്പദ്വ്യവസ്ഥയെ വികസിപ്പിക്കുക, ചില പ്രത്യേക ജീവിവർഗങ്ങളെ സംരക്ഷിക്കുക, വൈവിധ്യമാർന്ന കൃഷിരീതിയും വിളകളുടെ മാറിമാറിയുള്ള ഉപയോഗവും നടപ്പിലാക്കുക തുടങ്ങിയവയിലേക്കു പ്രാദേശികതലത്തിലുള്ള രാഷ്ട്രീയപ്രവർത്തനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാൻ സാധിക്കും. ഗ്രാമങ്ങളിൽ അടിസ്ഥാനസൗകര്യമേഖലയിലെ നിക്ഷേപം, ദേശീയ-പ്രാദേശിക കമ്പോളങ്ങളുടെ മികച്ച സംഘാടനം, ജലസേചന പദ്ധതികൾ, സുസ്ഥിര കാർഷിക സാങ്കേതികവിദ്യയുടെ വികസനം എന്നിവവഴി ദരിദ്രദേശങ്ങളിലെ കൃഷിരീതി മെച്ചപ്പെടുത്താം. ചെറുകിട ഉത്പാദകരുടെ താല്പര്യങ്ങൾ സംരക്ഷിക്കത്തക്കവിധത്തിൽ പുതിയതരം സഹകരണ പ്രസ്ഥാനങ്ങളും സാമൂഹിക സംഘടനകളും പ്രോത്സാഹിപ്പിക്കാവുന്നതും, അതുവഴി പ്രാദേശികപരിസ്ഥിതിയെ നാശത്തിൽ നിന്നും പരിരക്ഷിക്കാവുന്നതുമാണ്. തീർച്ചയായും ധാരാളം കാര്യങ്ങൾ നമുക്കു ചെയ്യാനാകും.

181. കാലാവസ്ഥാവ്യതിയാനത്തോടും പരിസ്ഥിതിസംരക്ഷണത്തോടും ബന്ധപ്പെട്ട നയങ്ങൾ സർക്കാരുകൾ മാറിമാറിവരുന്നതിനനുസരിച്ചു മാറ്റുവാൻ സാധിക്കുകയില്ല എന്നതിനാൽ, തുടർച്ച അത്യന്താപേക്ഷിതമാണ്. ഫലമുണ്ടാകാൻ സമയവും സത്വരമായ മുതൽമുടക്കും ആവശ്യമാണ്. ഒരൊറ്റ സർക്കാരിൻ്റെ കാലത്തുതന്നെ പ്രകടമായ ഫലങ്ങൾ കാണാൻ സാധിച്ചില്ലെന്നും വരാം. അതു കൊണ്ടാണ്, പൊതുജനങ്ങളിൽനിന്നും പൗരസ്ഥാപനങ്ങളിൽ നിന്നും സമ്മർദ്ദമില്ലെങ്കിൽ, അടിയന്തിര പരിഹാരങ്ങൾ കാണേണ്ട അവസരത്തിൽപ്പോലും, രാഷ്ട്രീയാധികാരികൾ ഇടപെടാൻ എപ്പോഴും വൈമനസ്യം കാണിക്കുന്നത്. ഇക്കാലത്തെ സമ്പദ് ഘടനയെയും രാഷ്ട്രീയത്തെയും കീഴടക്കിയിരിക്കുന്ന, ഹ്രസ്വകാലനേട്ടങ്ങളും ഫലങ്ങളുംമാത്രം ലക്ഷ്യംവയ്ക്കുന്ന മനസ്ഥിതിയുമായി പോരാടിയെങ്കിൽമാത്രമേ മുൻപറഞ്ഞ ഉത്തരവാദിത്വങ്ങളും അവയ്ക്കു നല്കേണ്ടിവരുന്ന വിലയും ഏറ്റെടുക്കുവാൻ രാഷ്ട്രീയക്കാർക്കു കഴിയൂ. എന്നാൽ, അവർ ധൈര്യശാലികളാണെങ്കിൽ, ദൈവം അവർക്കു നല്‌കിയ മഹത്വത്തിനു സാക്ഷ്യം വഹിക്കുകയും നിസ്വാർത്ഥ ഉത്തരവാദിത്വബോധം തെളിയിക്കുകയും ചെയ്യും. സ്ഥാപനങ്ങളെ പരിഷ്‌ക്കരിക്കുവാനും പരസ്‌പരസഹകരണത്തിൽ കൊണ്ടുപോകുവാനും കഴിവുള്ളതും, ഏറ്റവും നല്ല സമ്പ്രദായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും, അന്യായമായ സമ്മർദ്ദങ്ങളെയും ഉദ്യോഗസ്ഥവൃന്ദത്തിൻ്റെ ആലസ്യങ്ങളെയും മറികടക്കുന്നതുമായ, ആരോഗ്യമുള്ള ഒരു രാഷ്ട്രീയം വളരെയധികം ആവശ്യമായിരിക്കുന്നു. ഒരു കാര്യം കൂടി കൂട്ടിച്ചേർക്കുന്നു. കുലീനവും ഉദാരവുമായ ഒരു സമൂഹത്തിൻ്റെ അടിസ്ഥാനമെന്നനിലയിൽ ശുശ്രൂഷചെയ്യാൻ, വിശിഷ്ടമായ ലക്ഷ്യങ്ങളോ മൂല്യങ്ങളോ യഥാർത്ഥവും ആഴമുള്ളതുമായ മാനവികതയോ ഇല്ലായെങ്കിൽ, ഏറ്റവും നല്ല സംവിധാനങ്ങൾപോലും പരാജയപ്പെടും. 

III. തീരുമാനമെടുക്കുന്നതിലെ സംവാദവും സുതാര്യതയും

182. വ്യാപാരസംരംഭങ്ങളുടെയും പദ്ധതികളുടെയും പാരിസ്ഥിതിക ആഘാതം നിർണയിക്കുന്നതിന്, ആശയസ്വാതന്ത്ര്യമുള്ളതും സുതാര്യവുമായ രാഷ്ട്രീയ പ്രക്രിയകൾ ആവശ്യമാണ്. അതേസമയം, ആനുകൂല്യങ്ങൾ കൈപ്പറ്റിക്കൊണ്ട്, ഒരു നിർദ്ദിഷ്ട പദ്ധതിയുടെ യഥാർത്ഥ പാരിസ്ഥിതിക ആഘാതം മറച്ചുവയ്ക്കുന്ന അഴിമതിയുടെ രൂപങ്ങൾ, സാധാരണയായി പുറംമോടി മാത്രമുള്ള കരാറുകളിലേക്കാണു നയിക്കുന്നത്. ഇത്തരം കരാറുകൾ യഥാർത്ഥ വിവരങ്ങൾ നല്‌കുകയോ പൂർണമായ സംവാദം അനുവദിക്കുകയോ ഇല്ല.

183. ഒരു വ്യാപാരനിക്ഷേപത്തിൻ്റെ രൂപീകരണത്തിനോ, പ്രത്യേകനയം, പദ്ധതി, പരിപാടി എന്നിവയുടെ നിർദ്ദേശത്തിനോ ശേഷമാവരുത് പാരിസ്ഥിതിക ആഘാതത്തിൻ്റെ വിലയിരുത്തൽ. ഇത് ആരംഭംമുതൽത്തന്നെ, പ്രക്രിയയുടെ ഭാഗമായിരിക്കണം. കൂടാതെ, ഇതു നടപ്പിൽവരുത്തേണ്ടത്, സാമ്പത്തികവും രാഷ്ട്രീയപരവുമായ എല്ലാ സമ്മർദ്ദങ്ങളിൽനിന്നും സ്വതന്ത്രമായും, സുതാര്യമായും, പരസ്പ‌ര സഹകരണത്തോടെയുമാവണം. ഇത് ജനങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം, പ്രാദേശിക സമ്പദ്ഘടന, പൊതുസുരക്ഷ എന്നിവയുടെമേൽ വരുത്താവുന്ന ആഘാതങ്ങളെക്കുറിച്ചും തൊഴിൽസാഹചര്യങ്ങളെക്കുറിച്ചുമുള്ള പഠനവുമായി ബന്ധപ്പെട്ടിരിക്കണം. ഇതുവഴി, സാധ്യമായ സാഹചര്യങ്ങളും, ദുഷ്യഫലങ്ങൾ തിരുത്താൻ ആവശ്യമായ കൂടുതൽ നിക്ഷേപങ്ങളും, മുൻകുട്ടിക്കണ്ടുകൊണ്ട് സാമ്പത്തികവരവുകൾ വേണ്ടതുപോല ആസൂത്രണം ചെയ്യാൻ സാധിക്കും. വ്യത്യസ്തങ്ങളായ സമീപനങ്ങളും, പരിഹാരങ്ങളും, ഇതരമാർഗങ്ങളും നിർദ്ദേശിക്കാൻ കഴിവുള്ള വിവിധ ഓഹരിക്കാർക്കിടയിൽ അഭിപ്രായസമന്വയം രൂപീകരിക്കണം. ഈ സമ്മേളനങ്ങളിൽ പ്രാദേശികജനതയ്ക്ക് ഒരു പ്രത്യേകസ്ഥാനം കൊടുത്തിരിക്കണം. തങ്ങളുടെയും മക്കളുടെയും ഭാവിയെക്കുറിച്ച് അവർ ഉൽക്കണ്ഠാകുലരാണ്. അതിനാൽ, സത്വരമായ സാമ്പത്തികതാത്പര്യങ്ങളെ അതിശയിക്കുന്ന ലക്ഷ്യങ്ങൾ പരിഗണിക്കാൻ അവർക്കു കഴിയും. താത്പര്യമുള്ള എല്ലാ കക്ഷികളിൽനിന്നും ചർച്ചചെയ്‌തു വികസിപ്പിക്കപ്പെട്ട നയങ്ങൾക്കനുസൃതമായി പരിസ്ഥിതിയെ രക്ഷിക്കാൻ "ഇടപെടലുകളുടെ" ശൈലിയിലുള്ള ചിന്തകൾ അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അത്തരം പദ്ധതികളെക്കുറിച്ചും അവയിൽ മറഞ്ഞിരിക്കുന്ന അപകടങ്ങളെയും സാദ്ധ്യതകളെയുംകുറിച്ചും മനസ്സിലാക്കാൻ ഈ തത്പരകക്ഷികളുടെ പങ്കാളിത്തം അനിവാര്യമാണ്. ഇതു പ്രാഥമിക തീരുമാനങ്ങളുടെ കാര്യത്തിൽമാത്രമല്ല, വിവിധ തുടർനടപടികളുടെയും നിയന്ത്രണങ്ങളുടെയും കാര്യത്തിലും വേണം. ശാസ്ത്രീയവും രാഷ്ട്രീയപരവുമായ ചർച്ചകളിൽ സത്യസന്ധതയും നിഷ്കപടതയും ആവശ്യമാണ്; ഒരു പ്രത്യേകപദ്ധതിയെ നിയമം അനുവദിക്കുന്നുണ്ടോ ഇല്ലയോ എന്ന വിഷയത്തിൽ മാത്രമായി ഈ സത്യസന്ധതയും നിഷ്ക്കപടതയും ഒതുങ്ങരുത്.

184. ഇപ്പോഴത്തെയും ഭാവിയിലെയും പൊതുനന്മയെ ബാധിക്കുന്ന തരത്തിലുള്ള പാരിസ്ഥിതിക അപകടസാദ്ധ്യതകളെ നേരിടുമ്പോൾ, തീരുമാനങ്ങളെടുക്കേണ്ടത്, "സാധ്യമായ ഇതര മാർഗങ്ങളിലുള്ള അപകടസാധ്യതയും പ്രയോജനങ്ങളും മുൻകുട്ടിക്കണ്ടു താരതമ്യം ചെയ്‌തുവേണം." പ്രകൃതിവിഭവങ്ങളുടെ വലിയ ഉപഭോഗം, വൻതോതിലുള്ള പുറന്തള്ളൽ അഥവാ ബഹിർഗമനം, ഉച്ഛിഷ്ടങ്ങളുടെ വർദ്ധനവ്, എന്നിവ ഉൾക്കൊള്ളുന്നതും, ഭൂപ്രകൃതിക്കും സംരക്ഷിത ജീവിവർഗത്തിൻ്റെ വാസസ്ഥാനത്തിനും പൊതുസ്ഥലത്തിനും സാരവത്തായ മാറ്റങ്ങൾക്കിടയക്കാവുന്നതുമായ പദ്ധതിയുടെ കാര്യത്തിലും ഇതേവിധം ചെയ്യേണ്ടതാണ്. ചില പദ്ധതികൾ, അപര്യാപ്‌തമായ രീതിയിൽമാത്രമേ വിലയിരുത്തപ്പെടുന്നുള്ളുവെങ്കിൽ, ശബ്ദമലിനീകരണം, കാഴ്‌ചപ്പാടിന്റെ മണ്ഡലങ്ങൾ ചുരുങ്ങൽ, സാംസ്‌കാരികമുല്യങ്ങളുടെ നഷ്ടം, അണുശക്തിയുടെ ഉപയോഗംമൂലമുള്ള ഫലങ്ങൾ തുടങ്ങി മുൻകുട്ടി കാണാനാവാത്ത ചില വ്യത്യസ്‌തഘടകങ്ങളുള്ളതുകൊണ്ട്, ഒരു പ്രദേശത്തിന്റെ ജീവിതനിലവാരത്തെ ബാധിക്കും. ഹ്രസ്വകാലനേട്ടങ്ങൾക്കും സ്വകാര്യതാത്പര്യങ്ങൾക്കും പ്രാധാന്യം കൊടുക്കുന്ന ഉപഭോഗസംസ്കാരത്തിന്, അനുവാദങ്ങൾ സംഘടിപ്പിക്കാനും വിവരങ്ങൾ മറച്ചുവയ്ക്കാനും വളരെ എളുപ്പമാണ്.

185. നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന ഒരു സംരംഭത്തെക്കുറിച്ചുള്ള ഏതൊരു ചർച്ചയിലും, കലർപ്പില്ലാത്ത സമഗ്രവികസനത്തെ ഇത് സഹായിക്കുമോ, ഇല്ലയോ എന്ന് തിരിച്ചറിയാൻ ചില ചോദ്യങ്ങൾ ചോദിക്കേണ്ടിയിരിക്കുന്നു. ഇതുകൊണ്ട് എന്തു നേട്ടമുണ്ടാകും?  എന്തുകൊണ്ട്? എവിടെ? എപ്പോൾ? എങ്ങനെ? ആർക്കുവേണ്ടി? എന്തൊക്കെയാണ് അപകടസാദ്ധ്യതകൾ? എന്തു വില നല്കേണ്ടി വരും? ആര്, എങ്ങനെ ആ ചെലവുകൾ വഹിക്കും? ഇതിൽ ചില ചോദ്യങ്ങൾക്കു കൂടുതൽ പ്രാധാന്യം കൊടുത്തിരിക്കണം. ഉദാഹരണത്തിന്, വെള്ളം വളരെ ദുർലഭമായതും, എന്നാൽ അത്യന്താപേക്ഷിതവുമായ ഒരു വിഭവമാണ്. മറ്റു മനുഷ്യാവകാശങ്ങളുടെ നിർവ്വഹണത്തിനുള്ള അടിസ്ഥാനപരമായ ഒരു അവകാശവുമാണിത്. ഒരു പ്രദേശത്തെ പാരിസ്ഥിതിക ആഘാതത്തിൻ്റെ മറ്റേതൊരു വിലയിരുത്തലിനേക്കാളും പ്രാമുഖ്യം ലഭിക്കേണ്ടത് അവിതർക്കമായ ഈ വസ്തുതയ്ക്കാണ്.

186. 1992 ലെ റിയോ പ്രഖ്യാപനം പറയുന്നതുപോലെ, “പരിഹരിക്കാനാവാത്തതോ ഗൗരവാവഹമോ ആയ നാശത്തിന്റെ ഭീഷണി ഉള്ളിടത്ത്, പൂർണ ശാസ്ത്രീയതീർച്ചയില്ലായ്മ‌ ഒഴികഴിവായെടുത്ത്," പരിസ്ഥിതിശോഷണത്തെ തടയുന്ന, “മുതൽമുടക്കും ഫലങ്ങളും തമ്മിലുള്ള താരതമ്യം ഉപേക്ഷിക്കാൻ പാടില്ല." തങ്ങളുടെ താത്പര്യങ്ങളെ പ്രതിരോധിക്കാനും അനിഷേധ്യമായ തെളിവുകൾ ശേഖരിച്ചു നല്‌കാൻ കഴിയാത്തവരും ഏറ്റവും വ്രണിതരാകാൻ സാധ്യതയുള്ളവരുമായവരെ സംരക്ഷിക്കാൻ ഈ മുൻകരുതൽ തത്വം സഹായിക്കുന്നു. ഒരു പദ്ധതിവഴി ഗൗരവാവഹവും പരിഹരിക്കാനാവാത്തതുമായ നാശം ഉണ്ടാകാമെന്ന് വസ്‌തുനിഷ്ട‌മായ വിവരശേഖരണം സൂചിപ്പിക്കുന്നുവെങ്കിൽ അവിതർക്കമായ തെളിവുകൾ ഇല്ലെങ്കിൽപ്പോലും ആ പദ്ധതി നിറുത്തിവയ്ക്കുകയോ പരിഷ്‌കരിക്കുകയോ ചെയ്യണം. ഇവിടെ തെളിവുകളുടെ ഭാരം നേരെ തിരിച്ചാണ്. എന്തെന്നാൽ, മുൻപറഞ്ഞ സാഹചര്യത്തിൽ, നിർദ്ദേശിക്കപ്പെട്ട പദ്ധതി പരിസ്ഥിതിക്കോ അവിടെ വസിക്കുന്നവർക്കോ ഗൗരവമായ ഒരു ഹാനിയും വരുത്തുകയില്ലായെന്നു വസ്‌തുനിഷ്ടമായും യുക്ത്യാനുസൃതമായും ബോദ്ധ്യപ്പെടുത്തണം.

187. ജീവിതനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഏതു സാങ്കേതിക കണ്ടുപിടുത്തങ്ങളെയും ഏതിർക്കണമെന്ന് ഇതിനർത്ഥമില്ല. എന്നാൽ, പരിഗണിക്കപ്പെടേണ്ട ഏക മാനദണ്ഡം ലാഭം മാത്രമാണെന്നു കരുതാനാവില്ല. പുതിയ സുപ്രധാന വിവരങ്ങൾ വെളിച്ചത്തുവരുമ്പോൾ, താല്‌പര്യമുള്ള എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു പുനരവലോകനത്തിനു തയ്യാറാകണം. നിർദ്ദിഷ്ടപദ്ധതിയുമായി മുന്നോട്ടു പോകരുതെന്നോ, അതിനെ പരിഷ്ക്കരിക്കണമെന്നോ, വ്യത്യസ്‌തമായ ഒരു നിർദ്ദേശം പരിഗണിക്കണമെന്നോ ഉള്ള തീരുമാനമാകാം അതിൻ്റെ അനന്തരഫലം.

188. വിശാലമായ അഭിപ്രായസമന്വയം കണ്ടെത്തുവാൻ ബുദ്ധിമുട്ടുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളുമുണ്ട്. രാഷ്ട്രയത്തിനു പകരം നില്ക്കാനോ ശാസ്ത്രീയവിഷയങ്ങളിൽ തീർപ്പുകല്പ്പിക്കാനോ സഭ ആഗ്രഹിക്കുന്നില്ല എന്ന കാര്യം ഞാൻ ആവർത്തിക്കട്ടെ. എന്നാൽ, സത്യസന്ധവും തുറവിയുള്ളതുമായ ഒരു സംവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ ഞാൻ തല്‌പരനാണ്. അതുവഴി, പ്രത്യേക താത്പര്യങ്ങളോ പ്രത്യയശാസ്ത്രങ്ങളോ പൊതുനന്മയെ മുൻവിധിയോടെ കാണുകയില്ല.

IV. മനുഷ്യസാക്ഷാത്ക്കാരത്തിനുവേണ്ടിയുള്ള സംവാദത്തിൽ രാഷ്ട്രീയവും സമ്പദ്ഘടനയും

189. രാഷ്ട്രീയം ഒരിക്കലും സമ്പദ്ഘടനയ്ക്ക് അധീനപ്പെട്ടു പോകരുത്. അതുപോലെതന്നെ, സമ്പദ്ഘടന ഒരിക്കലും നേട്ടം മാത്രം ലക്ഷ്യമാക്കുന്ന സാങ്കേതികവിദ്യകളുടെ ആജ്ഞകൾക്കു കീഴ്വഴങ്ങുകയുമരുത്. ഇന്ന്, പൊതുനന്മയെ മുമ്പിൽക്കണ്ട്, ജീവിതത്തിന്റെ, പ്രത്യേകിച്ചു മനുഷ്യജീവിതത്തിൻ്റെ ശുശ്രൂഷയ്ക്കു വേണ്ടി രാഷ്ട്രീയവും സമ്പദ്ഘടനയും ഒരു തുറന്ന സംവാദത്തിലേക്ക് പ്രവേശിക്കുന്നത് വളരെ അത്യന്താപേക്ഷിതമായ കാര്യമാണ്. നിക്ഷേപബാങ്കുകൾ പൊതുജനത്തിനു നഷ്ടം വരുന്ന തരത്തിൽ നിർബന്ധബുദ്ധിയോടെ, മുഴുവൻ സംവിധാനത്തെയും പുനരവലോകനം ചെയ്യാനും നവീകരിക്കാനുമുള്ള ഒരുറച്ച തീരുമാനമെടുക്കുമ്പോൾ, സമ്പദ്വ്യവസ്ഥയുടെ പരാമാധികാരത്തെ ഊട്ടിയുറപ്പിക്കുയാണു ചെയ്യുന്നത്. എന്നാൽ, ഈ സർവാധികാരത്തിനാകട്ടെ, ശോഭനമായ ഭാവിയില്ല എന്നു മാത്രമല്ല, നിലവിലുള്ള പ്രതിസന്ധിയ്ക്ക് സാവധാനത്തിലുള്ളതും ചിലവേറിയതും പ്രത്യക്ഷത്തിൽമാത്രം കാണപ്പെടുന്നതുമായ ഒരു പരിഹാരം നല്കിയശേഷം, പുതിയ പ്രതിസന്ധികൾക്ക് അതു ജന്മം നല്കു കയും ചെയ്യും. ധാർമികതത്വങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നതും ഊഹക്കച്ചവടത്തിൻ്റെ സാമ്പത്തികസമ്പ്രദായങ്ങളെ നിയന്ത്രിക്കുന്നതുമായ പുതിയ സമ്പദ്ഘടനയെ വികസിപ്പിക്കാൻ, 2007-2008 ലെ സാമ്പത്തിക പ്രതിസന്ധി അവസരമൊരുക്കി. എന്നാൽ, ഈ പ്രതിസന്ധികളോടുള്ള പ്രതികരണത്തിൽ, സമീപനത്തിന്റെയും നടപടിയുടെയും മാർഗരേഖ ലോകത്തെ തുടർന്നും ഭരിച്ചുകൊണ്ടിരിക്കുന്ന കാലഹരണപ്പെട്ട മാനദണ്ഡങ്ങളെക്കുറിച്ചുള്ള പുനർവിചിന്തനം ഉൾക്കൊള്ളിച്ചില്ല. ഉത്പാദനം എപ്പോഴും യുക്തിപൂർവകമാകണമെന്നില്ല. കാരണം, വസ്തു‌ക്കളുടെ യഥാർത്ഥവിലയ്ക്ക് ആനുപാതികമല്ലാത്ത ഒരു മൂല്യം അവയ്ക്കു കല്പ്പിക്കുന്ന സാമ്പത്തികഘടകങ്ങളുമായി അതു ബന്ധപ്പെട്ടിരിക്കുന്നു. ഇതു മിക്കപ്പോഴും ചില ഉത്പന്നങ്ങളുടെ അമിതോല്‌പാദനത്തിലേക്കു നയിക്കുന്നു. തന്മൂലം, പരിസ്ഥിതിയിൽ അനാവശ്യമായ ആഘാതങ്ങൾ സൃഷ്‌ടിക്കപ്പെടുകയും പ്രാദേശികസമ്പദ്ഘടനയിൽ ദൂഷ്യഫലങ്ങളുവാകുകയും ചെയ്യുന്നു. സാമ്പത്തിക തകർച്ച ഉത്പാദന തകർച്ചകൂടിയാണ്. യഥാർത്ഥസ മ്പദ്ഘടനയുടെ പ്രശ്‌നങ്ങൾ ഊർജസ്വലതയോടെ ചെറുത്തു നില്ക്കപ്പെടുന്നില്ല. എന്നാൽ, ഉത്പാദനത്തിൽ അഭിവൃദ്ധിയും വൈവിധ്യങ്ങളും കൊണ്ടുവരുന്നതും, കമ്പനികളെ നന്നായി പ്രവർത്തിക്കാൻ സഹായിക്കുന്നതും, ചെറുകിട ഇടത്തര വ്യാപാരങ്ങൾ വികസിക്കുന്നതിനു സഹായിക്കുന്നതും, തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുന്നതും ഈ സമ്പദ്ഘടന തന്നെയാണ്.

190. വിലയുടെയും ലാഭത്തിൻ്റെയും ധനപരമായ കണക്കു കുട്ടലുകളുടെ അടിസ്ഥാനത്തിൽമാത്രം പരിസ്ഥിതിസംരക്ഷണം ഉറപ്പുവരുത്താൻ സാധിക്കുകയില്ല എന്ന കാര്യം എപ്പോഴും മനസ്സിൽ കാത്തുസൂക്ഷിക്കണം. പര്യാപ്‌തമായ രീതിയിൽ കമ്പോള ശക്തികൾക്ക് അഭിവൃദ്ധിപ്പെടുത്താനോ സംരക്ഷിക്കാനോ കഴിയാത്ത ഒന്നാണു പരിസ്ഥിതി." വ്യക്തികളുടെയും കമ്പനികളുടെയും ലാഭത്തിലെ വർദ്ധനവുകൊണ്ടുമാത്രം പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്ന നിലയിൽ, കമ്പോളത്തെക്കുറിച്ചു നില നില്ക്കുന്നതുമായ ആശയം നമ്മൾ തിരസ്‌കരിക്കേണ്ടത് ആവശ്യമാണ്. ലാഭവർധന എന്ന ചിന്തമാത്രം തലയ്ക്കുപിടിച്ചവർ, ഭാവി തലമുറയ്ക്കുവേണ്ടി തങ്ങൾ അവശേഷിപ്പിക്കുന്ന പരിസ്ഥിതിനാശത്തെക്കുറിച്ചു ഗൗരവമായി ചിന്തിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാനാവുമോ? ലാഭത്തെക്കുറിച്ച് മാത്രം സങ്കല്പ്‌പിക്കുന്നിടത്ത്, പ്രകൃതിയുടെ താളക്രമം, അതിൻ്റെ ക്ഷയ-പുനരുജ്ജീവനഘട്ടങ്ങൾ, മാനുഷിക ഇടപെടൽവഴി ഗൗരവമാംവിധം താറുമാറാകാവുന്ന ആവാസവ്യവസ്ഥയുടെ സങ്കീർണത ഇവയെക്കുറിച്ച് ചിന്തയുണ്ടാവില്ല. കൂടാതെ, ജൈവവൈവിധ്യത്തെ പ്രധാനമായും പരിഗണിക്കുന്നതു ചൂഷണത്തിനുവേണ്ടി ലഭ്യമായ സാമ്പത്തിക വിഭവങ്ങളുടെ നിക്ഷേപമായാണ്. ജൈവവൈവിധ്യങ്ങളുടെ യഥാർത്ഥമൂല്യം, വ്യക്തികളെയും സംസ്‌കാരങ്ങളെയും സംബന്ധിച്ചിടത്തോളം അവയ്ക്കുള്ള പ്രാധാന്യം, പാവപ്പെട്ടവരുടെ ഉൽക്കണ്ഠ‌കളും ആവശ്യങ്ങളും എന്നിവയെക്കുറിച്ചു ഗൗരവാവഹമായ ഒരു ചിന്തയും അവിടെയില്ല.

191. ഈ ചോദ്യങ്ങൾ ഉയർത്തപ്പെടുമ്പോഴെല്ലാം, പുരോഗതിയുടെയും മാനുഷികവികസനത്തിന്റെയും വഴിയിൽ തടസ്സം നില്ക്കാൻ യുക്തിരഹിതമായി പരിശ്രമിക്കുന്നവരാണ് അവരെന്ന് മറ്റുള്ളവരെ കുറ്റപ്പെടുത്തിക്കൊണ്ട് ചിലർ പ്രതികരിക്കാറുണ്ട്. എന്നാൽ, ഉത്പാദത്തിൻ്റെയും ഉപഭോഗത്തിന്റെയും അളവു കുറയ്ക്കൽ, ചില സമയങ്ങളിൽ മറ്റൊരു തരത്തിലുള്ള പുരോഗതിക്കും വികസനത്തിനും 

കാരണമാകുമെന്നുമുള്ള ബോധ്യത്തിൽ നമ്മൾ വളരേണ്ടത് ആവശ്യമാണ്. പ്രകൃതിവിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള പരിശ്രമങ്ങൾ പണം പാഴാക്കലല്ല, അതിനേക്കാൾ ഉപരിയായി, മറ്റ് ഇടക്കാലസാമ്പത്തികലാഭങ്ങൾ നല്കാൻ കഴിയുന്ന ഒരു നിക്ഷേപമാണ്. വിശാലമായ ഒരു കാഴ്ച‌പ്പാടിൽ നോക്കിയാൽ, കുറഞ്ഞതോതിൽ മാത്രം പരിസ്ഥിതിയെ സ്വാധീനിക്കുന്ന, വളരെ വൈവിധ്യമാർന്നതും നൂതനവുമായ ഉത്പാദനമാർഗങ്ങൾ വളരെ ലാഭകരമെന്ന് തെളിയിച്ചിട്ടുണ്ടെന്ന് നമുക്കു കാണാം. ഇത് വിവിധ സാധ്യതകളിലേക്കുള്ള തുറവിയുടെ വിഷയമാണ്. ഈ സാധ്യതകളാകട്ടെ, മനുഷ്യന്റെ ക്രിയാത്മകതയെയോ പുരോഗതിയെക്കുറിച്ചുള്ള അവൻ ആശയങ്ങളെയോ ശ്വാസം മുട്ടിക്കുന്നില്ല. പിന്നെയോ, പുതിയ കൈവഴികളിലേക്ക് ഈ ഊർജ്ജത്തെ നയിക്കുകയാണു ചെയ്യുന്നത്.

192. ഉദാഹരണത്തിന്, കൂടുതൽ ക്രിയാത്മകവും നല്ല രീതിയിൽ നയിക്കപ്പെടുന്നതുമായ ഉത്പാദകവികസനത്തിന്റെ മാർഗം, ഉപഭോഗത്തിലെ സാങ്കേതികവിദ്യയുടെ അമിതമായ നിക്ഷേപവും മനുഷ്യകുടുംബം അഭിമുഖീകരിക്കുന്ന ഗൗരവമായ പ്രശ്‌നങ്ങൾ പൂർത്തീകരിക്കുന്നതിലെ അപര്യാപ്‌തമായ നിക്ഷേപവും തമ്മിൽ ഇപ്പോഴുള്ള അസന്തുലിതാവസ്ഥ പരിഹരിക്കാൻ സഹായിക്കും. പുനരുപയോഗം, നവീകരണം, പുനഃപരിവർത്തനം ഇവയെ സംബന്ധിച്ച ബുദ്ധിപൂർവും ലാഭകരവുമായ വഴികൾക്ക് ജന്മം നല്‌കാൻ ഇതിനു കഴിയും. കൂടാതെ നഗരങ്ങളുടെ ഊർജ്ജ ക്ഷമത മെച്ചപ്പെടുത്താനും ഇതു സഹായിക്കും. സൃഷ്ടിക്കാനും നവീകരിക്കാനുമുള്ള മാനുഷികനൈപുണ്യത്തിൻ്റെ പൂർണസാധ്യത ഉറപ്പുനല്കാൻ ഉത്പാദനത്തിലെ വൈവിധ്യവത്ക്കരണത്തിനു കഴിയും. അതേസമയം, പരിസ്ഥിതിയെ സംരക്ഷിക്കാനും കൂടുതൽ തൊഴിൽ ഉറവിടങ്ങൾ സൃഷ്ട‌ിക്കാനും അതിനു സാധിക്കും. നമ്മുടെ വളരെ കുലീനമായ മാനുഷിക കഴിവുകളുടെ ഉചിതമായ പ്രകാശനമാണ് അത്തരം ക്രിയാത്മകത. കാരണം, സുസ്ഥിരവും നീതിപൂർവകവുമായ വികസനത്തെ, ജീവിതമേന്മയെന്ന വിശാലമായ ആശയത്തിന്റെ പശ്ചാത്തലത്തിൽ, ബുദ്ധിപൂർവ്വവും ധൈര്യപൂർവ്വവും ഉത്തരവാദിത്വപൂർവ്വവും പ്രോത്സാഹിപ്പിക്കാൻ നമ്മൾ പരിശ്രമിക്കും. മറുവശത്ത്, പുതിയ ഉപഭോഗവസ്‌തുക്കൾക്കും പെട്ടെന്നുള്ള ലാഭത്തിനുംവേണ്ടിമാത്രം പ്രകൃതിയെ കൊള്ളചെയ്യാനുള്ള നൂതന ശൈലികൾ കണ്ടുപിടിക്കുന്നത്, മാനുഷികമായ വാക്കുകളിൽപ്പറഞ്ഞാൽ, അനുചിതവും ക്രിയാത്മകതയില്ലാത്തതും ഉപരിപ്ലവവുമാണ്.

193. എങ്ങനെയായിരുന്നാലും, ചില കാര്യങ്ങളിൽ, സുസ്ഥിര വികസനം വളർച്ചയുടെ പുതിയരീതികൾ അവലംബിക്കേണ്ടിവന്നിട്ടുണ്ട്. മറ്റു ചില സംഗതികളിൽ, പല പതിറ്റാണ്ടുകൾകൊണ്ട്, മതിവരാത്തതും നിരുത്തരവാദിത്വപരവുമായ വളർച്ച ഉണ്ടായിട്ടുണ്ടെങ്കിലും, യുക്തിസഹമായ പരിധികൾ നിശ്ചയിച്ചുകൊണ്ടു വളർച്ചയെ ഒതുക്കിനിറുത്തുകയും വേണ്ടിവന്നാൽ വല്ലാതെ വൈകിപ്പോകുന്നതിനുമുമ്പ് നമ്മുടെ ചില നടപടികൾ പിൻവലിക്കുകയും വേണം. സ്ഥിരമായി ഉപഭോഗം നടത്തുകയും നശിപ്പിക്കുകയും ചെയ്യുന്നവരുടെ സ്വഭാവം എത്രമാത്രം അനുചിതമാണെന്നു നമുക്കറിയാം. അതേസമയം, മറ്റുള്ളവർ അവരുടെ മനുഷ്യമഹത്വത്തിനു ചേർന്ന വിധത്തിൽ ജീവിക്കാൻ കഴിവില്ലാത്തവരായിരിക്കുന്നു. അതുകൊണ്ടാണ്, ലോകത്തിൻ്റെ ചില സ്ഥലങ്ങളിൽ ആരോഗ്യകരമായ വളർച്ചയുണ്ടാകാൻവേണ്ടി അവിടേക്ക് വിഭവങ്ങൾ നല്കാനായി, മറ്റുചില ഭാഗങ്ങളിൽ വളർച്ച കുറയ്ക്കാനുള്ള സമയമായി എന്നു പറയുന്നത്. ബനഡിക്‌ട് പതിനാറാമൻ മാർപ്പാപ്പ പ്രസ്‌താവിക്കുന്നതുപോലെ, “തങ്ങളുടെ ഊർജ്ജ ഉപയോഗം കുറച്ചു കൊണ്ടും, കാര്യക്ഷമത വർദ്ധിപ്പിച്ചുകൊണ്ടും, സാങ്കേതികമായി മുന്നേറിയ സമൂഹങ്ങൾ കൂടുതൽ മിതത്വമുള്ള ജീവിതശൈലികൾ പ്രോത്സാഹിപ്പിക്കാൻ തയ്യാറായിരിക്കണം."

194. പുരോഗതിയുടെ നവീനമാതൃകകൾ രൂപപ്പെടുന്നതിനു വേണ്ടി, “ആഗോളവികസനത്തിൻ്റെ മാതൃകകൾ" മാറ്റേണ്ടത് ആവശ്യമാണ്; "സമ്പദ്വ്യവസ്ഥയുടെ തെറ്റായ പ്രവർത്തനങ്ങളും പ്രയോഗങ്ങളും തിരുത്താനായി, അതിൻ്റെ അർത്ഥലക്ഷ്യങ്ങളെക്കുറിച്ച് ഉത്തരവാദിത്വപൂർണ്ണമായ ഒരു വിചിന്തനം" ഇത് അനിവാര്യമാക്കിത്തീർത്തിരിക്കുന്നു.' പ്രകൃതിയെ സാമ്പത്തികലാഭത്തോടെ സംരക്ഷിക്കുകയോ പരിസ്ഥിതിയെ പുരോഗതിയോടൊപ്പം പരിപാലിക്കുകയോ ചെയ്യുന്നതുകൊണ്ടുമാത്രം സന്തുലിതാവസ്ഥ സംജാതമാവുകയില്ല. ഭാഗികനടപടികൾ അനിവാര്യമായ ദുരന്തത്തെ അല്പം താമസിപ്പിക്കുന്നുവെന്നേയുള്ളൂ. ലളിതമായി പറഞ്ഞാൽ, പുരോഗതിയെക്കുറിച്ചുള്ള നമ്മുടെ ആശയത്തെ പുനർനിർവ്വചിക്കുക എന്നതാണ് ഇവിടുത്തെ വിഷയം. ആരംഭത്തിൽ ത്തന്നെ സമഗ്രമായ ഉയർന്ന ജീവിതനിലവാരവും മെച്ചപ്പെട്ട ഒരു ലോകവും സാധ്യമാക്കാത്ത സാമ്പത്തിക-സാങ്കേതിക വികസനത്തെ പുരോഗതിയായി പരിഗണിക്കാനാവില്ല. വാസ്തവത്തിൽ, മിക്കപ്പോഴും സാമ്പത്തികവളർച്ചയുടെ മധ്യത്തിൽ, ആളുകളുടെ ജീവിതനിലവാരം പരിസ്ഥിതിശോഷണം, ഗുണമേന്മ കുറഞ്ഞ ഭക്ഷണം, വിഭവദാരിദ്ര്യം എന്നിവയാൽ കുറയുന്നതായാണു കാണുന്നത്. ഈ സാഹചര്യത്തിൽ, സുസ്ഥിര വളർച്ചയെക്കുറിച്ചുള്ള സംസാരം, സാധാരണയായി ശ്രദ്ധ വ്യതിചലിപ്പിക്കാനും, ഒഴികഴിവ് പറയാനുമുള്ള ഒരു മാർഗമായി മാറാറുണ്ട്. പരിസ്ഥിതിയുടെ മൂല്യങ്ങളും ഭാഷകളും സാങ്കേതികാധിപത്യത്തിൻ്റെയും സമ്പത്തിന്റെയും ശൈലികളിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. വ്യാപാരത്തിന്റെ സാമൂഹികവും പാരിസ്ഥിതികവുമായ ഉത്തരവാദിത്വം, മിക്കപ്പോഴും പ്രതിഛായ മെച്ചപ്പെടുത്തുന്നതിനും വിപണനം വർദ്ധിപ്പിക്കുന്നതിനുമുള്ള മാർഗങ്ങളുടെ നിരയിലേക്ക് ചുരുങ്ങിയിരിക്കുന്നു.

195. പരമാവധി ലാഭം എന്ന തത്വം, മറ്റു പരിഗണനകളിൽ നിന്നെല്ലാം വിട്ട്, സമ്പദ്വ്യവസ്ഥ എന്ന സങ്കല്പ്പത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണയെ പ്രതിഫലിപ്പിക്കുന്നു. ഉത്പാദനം വർദ്ധിക്കുന്നതിനനുസരിച്ച്, ഭാവിവിഭവങ്ങളുടെയോ പരിസ്ഥിതിയുടെയോ ആരോഗ്യം അല്പംപോലും പരിഗണിക്കപ്പെടുന്നില്ല. വനം വെട്ടി മാറ്റി കൃഷിചെയ്യുമ്പോൾ ഉത്‌പാദനം കൂടുന്നു. എന്നാൽ, അതിലുൾച്ചേർന്നിരിക്കുന്ന മരുഭുമിവത്ക്കരണം, ജൈവവൈവിധ്യത്തിനു സംഭവിക്കുന്ന ഹാനി, മലിനീകരണവർദ്ധനവ് ഇവയൊന്നും ആരും കണക്കിലെടുക്കുന്നില്ല. ഒറ്റവാക്കിൽപ്പറഞ്ഞാൽ, ഉൾപ്പെട്ടിരിക്കുന്ന വിലയുടെ ഒരംശംമാത്രം കണക്കുകൂട്ടുകയും പ്രതിഫലം കൊടുക്കുകയും ചെയ്‌തുകൊണ്ടാണു കച്ചവടക്കാർ അതിൽനിന്നു ലാഭം കൊയ്യുന്നത്. "പങ്കുവയ്ക്കപ്പെടുന്ന പരിസ്ഥിതിവിഭവങ്ങളുടെ ഉപയോഗത്തിനു സാമ്പത്തികവും സാമൂഹികവുമായി കൊടുക്കേണ്ടിവരുന്ന വില സുതാര്യതയോടെ അംഗീകരിക്കുകയും, അതു ചൂഷണം ചെയ്ത‌വർത്തന്നെ മറ്റു ജനങ്ങളോ ഭാവിതലമുറയോ അല്ല - അതിൻ്റെ ഉത്തരവാദിത്വം പൂർണ്ണമായും ഏറ്റെടുക്കുകയും ചെയ്യുമ്പോൾ മാത്രമാണ്." അതിനെ ധാർമികമായ പ്രവൃത്തിയായി കണക്കാക്കാവുന്നത്. വിഭവങ്ങളെ വീതിച്ചുനല്‌കുന്നതു കമ്പോളമായാലും രാഷ്ട്രത്തിൻ്റെ കേന്ദ്രാസൂത്രണമായാലും, ഇന്നത്തെ ആവശ്യങ്ങളെ തൃപ്‌തിപ്പെടുത്താൻ മാത്രം ഉതകുന്ന യാഥാർത്ഥ്യങ്ങളുടെ ഒരു വിശകലനം നല്‌കാനാണു യുക്തിചിന്ത ശ്രമിക്കുന്നത്.

196. രാഷ്ട്രീയത്തിന് എന്തു സംഭവിക്കുന്നു? സമൂഹത്തിന്റെ ഓരോ തലത്തിലുമുള്ള കഴിവുകളെ വികസിപ്പിക്കുവാനുള്ള സ്വാതന്ത്ര്യം നല്‌കുന്നതോടൊപ്പം, കൂടുതൽ അധികാരം പേറുന്നവരിൽനിന്നു പൊതുനന്മയ്ക്കുവേണ്ടിയുള്ള കൂടുതൽ ഉത്തരവാദിത്വം ആവശ്യപ്പെടുകയും ചെയ്യുന്ന കീഴ്ഘടകശാക്തീകരണതത്വം (principle of subsidiarity) നമുക്കു മനസ്സിൽ സൂക്ഷിക്കാം. ചില സാമ്പത്തികവിഭാഗങ്ങൾ രാഷ്ട്രത്തേക്കാൾ ഉപരിയായ അധികാരം പ്രയോഗിക്കുന്നു എന്നതാണ് ഇന്നത്തെ അവസ്ഥ. എന്നാൽ, രാഷ്ട്രതന്ത്രം കൂടാതെയുള്ള സാമ്പത്തികശാസ്ത്രം ന്യായീകരിക്കാനാവില്ല. കാരണം, ഇന്നത്തെ പ്രതിസന്ധിയുടെ വിവിധവശങ്ങളെ കൈകാര്യം ചെയ്യാൻ മറ്റുവഴികൾ സ്വീകരിക്കുന്നത് ഇത് അസാധ്യമാക്കുന്നു. പരിസ്ഥിതിയോട് ആത്മാർത്ഥമായ പരിഗണനയില്ലാത്ത മനോഭാവവും, സമുഹത്തിലെ ഏറ്റവും വ്രണപ്പെടാവുന്ന അംഗങ്ങളെ അവഗണിക്കുന്ന മനോഭാവവും ഒന്നുതന്നെയാണ്. ഏന്തുകൊണ്ടെന്നാൽ, "വിജയത്തിനും സ്വാശ്രയത്വത്തിനും ഊന്നൽ കൊടുക്കുന്ന ഇന്നത്തെ മാതൃക, ജീവിതത്തിൽ അവസരങ്ങൾ കണ്ടെത്താൻ കഴിവ് കുറഞ്ഞവരും, ദുർബലരും, മന്ദഗതിക്കാരുമായവരെ സഹായിക്കാനുള്ള യത്നത്തിൽ പണം വിനിയോഗിക്കുന്നതിനെ അനുകൂലിക്കുന്നതായി തോന്നുന്നില്ല.

197. പ്രതിസന്ധിയുടെ വിവിധ വശങ്ങളെ കൈകാര്യം ചെയ്യാൻ കഴിയുന്ന, നവീനവും സമഗ്രവും പരസ്‌പരാശ്രയത്വമുള്ളതുമായ സമീപനത്തിനു കഴിവുള്ളതും, ദീർഘദൃഷ്ടിയുള്ളതുമായ രാഷ്ട്രതന്ത്രമാണ് ഇന്നു നമുക്കാവശ്യം. മിക്കപ്പോഴും, രാഷ്ട്രീയം നേരിടുന്ന അപഖ്യാതിക്കുള്ള ഉത്തരവാദിത്വം രാഷ്ട്രീയത്തിനുതന്നെയാണ്. ശക്തമായ പൊതുനയങ്ങൾ നിർമ്മിക്കുന്നതിലുള്ള പരാജയവും അഴിമതിയുമാണ് ഇതിനു കാരണം. രാഷ്ട്രം അതിന്റെ ഏതെങ്കിലുമൊരു പ്രദേശത്തു സ്വന്തം ഉത്തരവാദിത്വം നിറവേറ്റാതെവരുമ്പോൾ, ചില വ്യാപാര വിഭാഗങ്ങൾ, ഉപകാരികൾ എന്ന വ്യാജേന മുന്നോട്ടു വരുകയും യഥാർത്ഥ അധികാരം പ്രയോഗിക്കുകയും ചെയ്യും. ചില നിയമങ്ങളിൽനിന്നും തങ്ങൾക്ക് ഒഴിവുള്ളതായി അവർ കരുതുകയും, മനുഷ്യക്കടത്ത്, മയക്കുമരുന്നു വ്യാപാരം, അക്രമം തുടങ്ങിയ സംഘടിതകുറ്റകൃത്യങ്ങളോടു വിട്ടുവീഴ്‌ച ചെയ്യുകയും ചെയ്യും. പിന്നീട് അവ ഉന്മൂലനംചെയ്യുക. ദുഷ്കരമായിരിക്കും. രാജ്യതന്ത്രം ഇത്തരത്തിലുള്ള തലതിരിഞ്ഞ ന്യായവാദത്തെ തകർക്കാൻ പ്രാപ്‌തിയില്ലാത്തതാണ് എന്നു സ്വയം കാണിക്കുകയും ഫലപ്രദമല്ലാത്ത ചർച്ചകളിൽ ഏർപ്പെടുന്നത് തുടരുകയും ചെയ്യുന്നുവെങ്കിൽ, മനുഷ്യസമൂഹത്തിൻ്റെ പ്രധാന പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നതു നമ്മൾ ഒഴിവാക്കിക്കൊണ്ടേയിരിക്കും. യഥാർത്ഥമാറ്റത്തിനുവേണ്ടിയുള്ള പദ്ധതി ഒരു പുനർവിചിന്തനപ്രക്രിയ ആവശ്യപ്പെടുന്നു. ഈ പദ്ധതിയിൽ ചില ഉപരിപ്ലവമായ പാരിസ്ഥിതിക പരിഗണനകൾ ഉൾപ്പെടുത്തിയാൽ മാത്രം പോരാ, ഇപ്പോഴത്തെ സംസ്‌കാരത്തിനു പിന്നിലുള്ള യുക്തിയെ ചോദ്യം ചെയ്യുകയും വേണം. ആരോഗ്യമുള്ള ഒരു രാഷ്ട്രീയം, ഈ വെല്ലുവിളി ഏറ്റെടുക്കാൻ കഴിവുള്ളതായിരിക്കണം.

198. ദാരിദ്ര്യത്തെക്കുറിച്ചും പരിസ്ഥിതിശോഷണത്തെക്കുറിച്ചും സംസാരിക്കുമ്പോൾ, രാഷ്ട്രീയവും സമ്പദ്ഘടനയും പരസ്പ‌രം കുറ്റപ്പെടുത്താൻ പ്രവണത കാണിക്കുന്നു. അവർ പൊതുനന്മയെ ലക്ഷ്യം വച്ചുള്ള പരസ്‌പരപ്രവർത്തനശൈലികൾ കണ്ടെത്തുകയും തങ്ങളുടെ സ്വന്തം തെറ്റുകൾ അംഗീകരിക്കുകയും ചെയ്യുമെന്നു പ്രതീക്ഷിക്കാം. ചിലർ സാമ്പത്തിക നേട്ടത്തിൽ മാത്രം ശ്രദ്ധ പതിപ്പിക്കുമ്പോൾ, മറ്റു ചിലർ തങ്ങളുടെ അധികാരം വർദ്ധിപ്പിക്കാനോ അതിനോടു ഒട്ടിചേർന്നു നില്ക്കാനോ മാത്രം ശ്രമിക്കുമ്പോൾ, നമുക്കു മുമ്പിൽ അവശേഷിക്കുന്നതു കലഹങ്ങളോ വ്യാജമായ കരാറുകളോ മാത്രമാണ്. ഇങ്ങനെയുള്ള കരാറുകളിൽ രണ്ടു വിഭാഗങ്ങളും പരിസ്ഥിതിയുടെ പരിപാലനയും മുറിപ്പെടാവുന്നവരെ സംരക്ഷിക്കലും അവസാനം മാത്രമാണു പരിഗണിക്കുന്നത്. ഇവിടെയും. “ഐക്യം ഭിന്നതയെക്കാൾ ശ്രേഷ്‌ഠമാണ്" എന്ന തത്വം എത്ര ശരിയാണ് എന്ന് നമ്മൾ മനസ്സിലാക്കുന്നു.

V. മതവും ശാസ്ത്രവും തമ്മിലുള്ള സംവാദം

199. ജീവനെക്കുറിച്ചും ജീവജാലങ്ങൾക്കിടയിലുള്ള പരസ്‌പരപ്രവർത്തനത്തെക്കുറിച്ചും, യാഥാർത്ഥ്യം മുഴുവനെക്കുറിച്ചും പരിപൂർണ വിശദീകരണം പ്രായോഗികശാസ്ത്രം നല്കുന്നു എന്ന് സമർത്ഥിക്കാനാവില്ല. ഇതിൻ്റെ തന്നെ പ്രവർത്തനക്രമം നിശ്ചയിച്ചിരിക്കുന്ന പരിധികളുടെ ലംഘനമാകും ഇത്. ശാസ്ത്രത്തിന്റെ പരിമിതികൾക്കുള്ളിൽനിന്നുകൊണ്ടുമാത്രം നമ്മൾ ചിന്തിച്ചാൽ. സൗന്ദര്യബോധം, കാവ്യസാഹിത്യം, വസ്‌തുക്കളുടെ ആത്യന്തികമായ അർത്ഥവും ലക്ഷ്യവും മനസ്സിലാക്കാനുള്ള ചിന്തയുടെ കഴിവ്" ഇവയൊന്നും അവിടെയുണ്ടാവില്ല. ഞാൻ കൂട്ടിച്ചേർക്കാനാഗ്രഹിക്കുന്നു, “മതപരമായി മൂല്യമുള്ള കലാസാഹിത്യസൃഷ്ടികൾ ഓരോ കാലഘട്ടത്തിലും അർത്ഥവത്താണ് എന്നു തെളിയിച്ചിട്ടുണ്ട്. പുതിയ ചക്രവാളങ്ങൾ തുറക്കാനുള്ള സുദീർഘമായ ശേഷി ഇവയ്ക്കുണ്ട്. മതവിശ്വാസത്തിൻ്റെ പശ്ചാത്തലത്തിൽ രൂപംകൊണ്ടു എന്ന കാരണത്താൽമാത്രം ചില ഗ്രന്ഥങ്ങളെ ബഹിഷ്കരിക്കുന്നതു യുക്തിസഹമാണോ?" എല്ലാ സാഹചര്യങ്ങളിൽനിന്നും അകന്നുനിന്ന്, പൂർണ്ണമായും അമൂർത്തമായാണു ധാർമികതത്വങ്ങൾ അവയെത്തന്നെ അവതരിപ്പിക്കുന്നത് എന്നു ചിന്തിക്കുന്നതു തികച്ചും ബാലിശമാണ്. പൊതുസംവാദത്തിൽ അവയ്ക്കു സ്ഥാനമില്ലാത്ത വിധത്തിൽ, അവമതപരമായ ഭാഷയ്ക്കുള്ളിൽ മറഞ്ഞു കിടക്കുകയാണ് എന്നതല്ല വസ്‌തുത. യുക്തികൊണ്ടു മനസ്സിലാക്കാൻ സാധിക്കുന്ന നീതിതത്വങ്ങൾ വിവിധ വേഷങ്ങളിൽ വീണ്ടും പ്രത്യക്ഷപ്പെടാം; മതപരമായതുൾപ്പെടെ വിവിധ ഭാഷകളിൽ പ്രകടിപ്പിക്കപ്പെടുകയും ചെയ്യാം.

200. മനുഷ്യവംശത്തിന് അതിന്റെ ദിശാസൂചി നഷ്‌ടപ്പെടുകയോ, ഐക്യത്തിൽ ജീവിക്കാനും ത്യാഗങ്ങൾ അനുഷ്‌ഠിക്കാനും മറ്റുള്ളവരോടു നന്നായി പെരുമാറാനും നമ്മെ സഹായിക്കുന്ന വലിയ ലക്ഷ്യബോധങ്ങൾ കൈമോശം വരികയോ ചെയ്യുകയാണെങ്കിൽ, നമ്മുടെ ലോകത്തിൻ്റെ ഗൗരവമായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശാസ്ത്രം മുമ്പോട്ടുവയ്ക്കുന്ന സാങ്കേതികപരിഹാരങ്ങൾ അശക്തങ്ങളാണ്. വിശ്വാസികൾക്കു തന്നെയും, തങ്ങളുടെ പ്രവൃത്തികൾ വിശ്വാസത്തിനു വിരുദ്ധമായിരിക്കാതെ, അതിനോടു സമഞ്ജസമായ രീതിയിൽ ജീവിക്കാൻ തങ്ങൾ വെല്ലുവിളിക്കപ്പെടുന്നതായി എപ്പോഴും അനുഭവപ്പെടണം. ദൈവത്തിന്റെ കൃപയോട് എപ്പോഴും തുറവിയുള്ളവരായിരിക്കുവാനും സ്നേഹം, നീതി, സമാധാനം ഇവയെക്കുറിച്ചു തങ്ങൾക്കുള്ള ആഴമുള്ള ബോധ്യങ്ങളിൽനിന്നും പ്രചോദനം ഇടവിടാതെ സ്വീകരിക്കുവാനും അവർ പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് ആവശ്യമാണ്. ചിലപ്പോഴെങ്കിലും, നമ്മുടെതന്നെ തത്വങ്ങളെക്കുറിച്ചു നമുക്കുള്ള തെറ്റായ ധാരണ പ്രകൃതിയോട് മോശമായി പെരുമാറുന്നതിനെ ന്യായീകരിക്കുകയോ, സൃഷ്ടിയുടെമേൽ ഏകാധിപത്യം അടിച്ചേല്പ്പിക്കുകയോ യുദ്ധം, അനീതി, അക്രമപ്രവൃത്തികൾ ഇവയിൽ ഏർപ്പെടുകയോ ചെയ്യുന്നതിലേക്ക് നമ്മെ നയിച്ചാൽ, അപ്രകാരം ചെയ്തതുവഴി, സംരക്ഷിക്കാനും പരിപാലിക്കാനുമായി നമ്മൾ വിളിക്കപ്പെട്ടിരിക്കുന്ന ജ്ഞാനത്തിൻ്റെ നിധികളോടു നമ്മൾ അവിശ്വസ്തരായിരുന്നു എന്ന് നമ്മൾ വിശ്വാസികൾ അംഗീകരിക്കണം. വ്യത്യസ്‌ത കാലഘട്ടങ്ങളിലെ സാംസ്‌കാരികപരിമിതികൾ, ധാർമികവും ആദ്ധ്യാത്മികവുമായ ഈ നിധികളെക്കുറിച്ചുള്ള അവബോധത്തെ ബാധിച്ചിട്ടുണ്ട്. എങ്കിലും, അവയുടെ ഉറവിടങ്ങളിലേക്ക് നിരന്തരം മടങ്ങിക്കൊണ്ട്, ഇന്നിൻ്റെ ആവശ്യങ്ങളോടു പ്രതികരിക്കാൻ മതങ്ങൾ സർവ്വസജ്ജമാകും.

201. ഭൂമിയിൽ ജീവിക്കുന്ന ഭൂരിഭാഗം ജനങ്ങളും വിശ്വാസികളാണെന്നാണ് ഏറ്റുപറയുന്നു. ഇത് പ്രകൃതിയുടെ സംരക്ഷണം, ദരിദ്രരെ പരിപാലിക്കൽ, ബഹുമാനത്തിൻ്റെയും സാഹോദര്യത്തിന്റെയും കണ്ണികളുടെ രൂപീകരണം എന്നിവയ്ക്കുവേണ്ടി സംവാദത്തിലേർപ്പെടാൻ മതങ്ങളെ പ്രേരിപ്പിക്കണം. തങ്ങളുടെതന്നെ ഭാഷകളിൽ അടയ്ക്കപ്പെട്ടുകിടക്കുവാനുള്ള പ്രവണത ഓരോ ശാസ്ത്ര ശാഖയ്ക്കും ഉള്ളതുകൊണ്ട്, വിവിധ ശാസ്ത്രങ്ങൾക്കിടയിലുള്ള സംവാദവും അതുപോലെതന്നെ ആവശ്യമാണ്. ഒരു പ്രത്യേക മേഖലയിലുള്ള വിജ്ഞാനം ആർജ്ജിക്കൽ (specialization) ഒരുതരം ഒറ്റപ്പെടലിലേക്കും, തങ്ങളുടെ അറിവിൻ്റെ മേഖലകളാണു പരമമായതെന്ന അവകാശവാദത്തിലേക്കും നയിക്കും. പരിസ്ഥിതിപ്രശ്നങ്ങൾ ഫലപ്രദമായി അഭിമുഖീകരിക്കുന്നതിൽനിന്നും ഇതു നമ്മെ തടയുന്നു. പ്രത്യയശാസ്ത്രപരമായി കാര്യമായ വ്യത്യാസങ്ങൾ ഇല്ലാത്ത വിവിധ പരിസ്ഥിതിപ്രസ്ഥാനങ്ങൾ തമ്മിൽ തുറവിയുള്ളതും ആദരവോടുകൂടിയതുമായ സംവാദവും ആവശ്യമാണ്. പരിസ്ഥിതിപ്രതിസന്ധിയുടെ ഗുരുത്വം ആവശ്യപ്പെടുന്നത്. നാമെല്ലാവരും പൊതുനന്മയിലേക്ക് ലക്ഷ്യം വയ്ക്കണം എന്നാണ്. "യാഥാർത്ഥ്യങ്ങളാണ് ആശയങ്ങളേക്കാൾ ശ്രേഷ്‌ഠം" എന്നത് എപ്പോഴും മനസ്സിൽ സൂക്ഷിച്ചുകൊണ്ട്, ക്ഷമ, ആത്മ നിയന്ത്രണം, മഹാമനസ്‌കത എന്നിവ ആവശ്യപ്പെടുന്ന സംഭാഷണമാർഗങ്ങൾ അവലംബിക്കണം. 

                                                                       അദ്ധ്യായം 6 

പരിസ്ഥിതിവിദ്യാഭ്യാസവും
ആദ്ധ്യാത്മികതയും
 

202. എല്ലാം മാറ്റത്തിനു വിധേയമാണ്. പക്ഷേ, ഇവയ്ക്കെല്ലാം ഉപരിയായി മാറ്റം ആവശ്യമായിരിക്കുന്നതു മനുഷ്യവംശത്തിനാണ്. നമ്മുടെ പൊതുവായ ഉല്പ്പത്തിയേയും പരസ്പരബന്ധത്തെയും എല്ലാവരുമായി പങ്കുവയ്ക്കപ്പെടേണ്ട ഭാവിയേയുംകുറിച്ചുള്ള അവബോധം നമുക്ക് ഇല്ലാതായിരിക്കുന്നു. ഈ അടിസ്ഥാന അവബോധം പുതിയ ബോധ്യങ്ങളുടെയും മനോഭാവങ്ങളുടെയും ജീവിതക്രമങ്ങളുടെയും വികാസത്തിനു നമ്മെ പ്രാപ്തരാക്കും. സാംസ്കാരികവും ആദ്ധ്യാത്മികവും വിദ്യാഭ്യാസപരവുമായ അനേകം വെല്ലുവിളികൾ നമ്മുടെ മുമ്പിൽ ഉയരുന്നുണ്ട്. നവീകരണത്തിന്റെ സുദീർഘമായ പാതയിലേക്ക് ഇറങ്ങിത്തിരിക്കാൻ ഇവ നമ്മോട് ആവശ്യപ്പെടുന്നു.

ഒരു പുതിയ ജീവിതക്രമത്തിലേക്ക് 

203. ഉല്പ്പന്നങ്ങൾ വിറ്റഴിക്കാനുള്ള വ്യഗ്രതയിൽ പരമാവധി ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവണത വിപണികളിൽ ഉള്ളതിനാൽ, അനാവശ്യമായ വാങ്ങലുകളുടെയും ചിലവഴിക്കലുകളുടെയും ചുഴലിക്കാറ്റിൽ മനുഷ്യൻ എളുപ്പത്തിൽ കുടുങ്ങിപ്പോയേക്കാം. സാങ്കേതിക സാമ്പത്തിക മാതൃക വ്യക്തികളെ എങ്ങനെ ബാധിക്കാമെന്നതിൻ്റെ ഒരു ഉദാഹരണമാണ് നിർബന്ധിത ഉപഭോഗം. നേരത്തെതന്നെ റൊമാനോ ഗർദീനി ഇത് മുൻകൂട്ടി കണ്ടിരുന്നു: "യന്ത്രം ഉപയോഗിച്ചുള്ള ഉത്പാദനത്തിൻ്റെയും അമൂർത്തമായ പദ്ധതികളുടെ വ്യൂഹത്തിൻ്റെയും മാതൃകകളാൽ തൻ്റെമേൽ അടിച്ചേല്പ്പിക്കപ്പെടുന്ന ഉപകരണങ്ങളും സാങ്കേതികവിദ്യകളും മനുഷ്യൻ ചിന്താശൂന്യനായി സ്വീകരിക്കുന്നു; അതു ജീവിതത്തിന്റെ തന്നെ ഭാഗമായി മാറുന്നു. അവൻ്റെ ഈ പൊരുത്തപ്പെടൽ യുക്തി പരിസ്ഥിതിവിദ്യാഭ്യാസവും ആദ്ധ്യാത്മികതയും സഹവും നീതികരിക്കാവുന്നതുമാണെന്ന് കുറഞ്ഞതോ കൂടിയതോ ആയ തോതിൽ അവൻ കരുതുന്നു." ഉപഭോഗത്തിനുള്ള സാങ്കല്പ‌ികസ്വാതന്ത്ര്യം തങ്ങൾക്കുള്ളിടത്തോളം കാലം തങ്ങൾ സ്വതന്ത്രരാണെന്നു വിശ്വസിക്കുന്നതിലേക്ക് ഈ മാതൃക മനുഷ്യരെ നയിക്കുന്നു. എന്നാൽ, യഥാർത്ഥത്തിൽ സ്വതന്ത്രരായിരിക്കുന്നത് സാമ്പത്തികവും ധനപരവുമായ അധികാരം കൈയ്യാളിയിരുന്ന ഒരു ന്യൂനപക്ഷം മാത്രമാണ്. ഈ ആശയക്കുഴപ്പങ്ങളുടെ നടുവിൽ നില്ക്കുന്ന ഉത്തരാധുനിക മനുഷ്യൻ, മാർഗനിർദ്ദേശങ്ങൾ നല്കാൻ കഴിവുള്ള ഒരു പുതിയ സ്വയാവബോധം നേടിയെടുത്തിട്ടില്ല. ഈ വ്യക്തിത്വമില്ലായ്‌മയാണ് ഉത്‌കണ്ഠ‌കളുടെ ഉറവിടം. നമുക്കു ധാരാളം മാർഗങ്ങളും കഴമ്പില്ലാത്ത ഏതാനും ലക്ഷ്യങ്ങളുമാണു.

204. നിലവിലുള്ള ആഗോള അന്തരീക്ഷം അസ്ഥിരതയുടെയും അനിശ്ചിതത്വത്തിൻ്റെതുമായ വികാരങ്ങളാണ് ഉളവാക്കുന്നത്. ഇതാണ് കാലക്രമേണ “കൂട്ടായ സ്വാർത്ഥതയുടെയും വിളനിലമാകുന്നത്.'' എപ്പോൾ മനുഷ്യൻ തന്നിലേക്കു കേന്ദ്രീകരിക്കപ്പെട്ടവനും തുറവിയില്ലാത്തവനുമാകുന്നുവോ, അവിടെ ദുരാഗ്രഹം വർദ്ധിക്കുന്നു. എത്രത്തോളം ഒരുവൻ്റെ ഹൃദയം ശൂന്യമാകുന്നുവോ, അത്രത്തോളം അവനോ/അവളോ സാധനങ്ങൾ വാങ്ങിക്കൂട്ടുകയും സ്വന്തമാക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത് ഒഴിവാക്കാനാവാതെ വരുന്നു. പക്ഷേ, യാഥാർത്ഥ്യങ്ങൾ അടിച്ചേൽപ്പിക്കുന്ന പരിധികളെ അംഗീകരിക്കുക എന്നത് ഇവിടെ ഏറെക്കുറെ അസാധ്യമായി വരുന്നു. ഈ ചക്രവാളത്തിൽ പൊതുനന്മയെപ്പറ്റിയുള്ള കലർപ്പില്ലാത്ത ധാരണയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഈ മനോഭാവം കൂടുതൽ പ്രചരിക്കുംതോറും സാമൂഹിക ആദർശങ്ങൾ അവ വ്യക്തിപരമായ ആവശ്യങ്ങളുമായി കൂട്ടിമുട്ടാതിരിക്കുമ്പോൾ മാത്രമേ അവ ബഹുമാനിതങ്ങളാകുകയുള്ളു. അതുകൊണ്ട്, നമ്മുടെ ആകുലത മാരകമായ കാലാവസ്ഥാഭീഷണികളിൽ മാത്രം ഒതുങ്ങി നിൽക്കേണ്ട ഒന്നല്ല. മറിച്ച്, സാമൂഹിക അസ്ഥിരത മൂലമുണ്ടാകുന്ന ദുരന്തങ്ങളുടെ പ്രത്യാഘാതങ്ങളിലേക്കും ശ്രദ്ധ തിരിക്കണം. ഉപഭോഗജീവിതത്തോടുള്ള അടങ്ങാത്ത അഭിനിവേശം മറ്റാർക്കും അംഗീകരിക്കാനാവാത്തവിധം വളരുന്ന അവസ്ഥയുണ്ടായാൽ അത് അക്രമത്തിലേക്കും തകർച്ചയിലേയ്ക്കുമേ നയിക്കൂ.

205. ഇങ്ങനെയൊക്കയാണെങ്കിലും, എല്ലാം ഇതുവരെ നഷ്ടപ്പെട്ടിട്ടില്ല. മനുഷ്യർക്കു ഏറ്റവും നികൃഷ്‌ടമായവയ്ക്കുള്ള സാധ്യതയുള്ളപ്പോഴും, അവർക്കു മാനസിക സാമൂഹിക കെട്ടുപാടുകൾ ഉണ്ടെങ്കിലും, വീണ്ടും നന്മ തിരഞ്ഞെടുക്കുന്നതിലൂടെയും ഒരു പുതിയ തുടക്കം കുറിക്കുന്നതിലൂടെയും, തങ്ങൾക്കുപരിയായി ഉയരാനുള്ള കഴിവുണ്ട്. നമ്മെത്തന്നെ സത്യസന്ധമായി ദർശിക്കാനും നമ്മിലെ ആഴമേറിയ അതൃപ്‌തി അംഗീകരിക്കാനും യഥാർത്ഥമായ സ്വാതന്ത്യ്രത്തിൻ്റെ പുതുവഴികളിൽ പ്രവേശിക്കുന്നതിനും നമുക്കു സാധിക്കും. നന്മ, സത്യം, സൗന്ദര്യം എന്നിവയിലേക്കുള്ള തുറവിയെയോ, നമ്മുടെ ഹൃദയങ്ങളിൽ പ്രവർത്തന നിരതമായിരിക്കുന്ന ദൈവകൃപയോടു പ്രതികരിക്കാനുള്ള കഴിവിനെയോ പൂർണമായും അടിച്ചമർത്താൻ ഒരു സംവിധാനത്തിനും കഴിയില്ല. ലോകമെങ്ങുമുള്ളവരോട് നമ്മുടെ ഈ മഹത്വം മറന്നു കളയരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ആർക്കും ഇതു നമ്മിൽനിന്നും എടുത്തുമാറ്റാനുള്ള അവകാശവുമില്ല.

206. ജീവിത ക്രമത്തിലുണ്ടാകുന്ന മാറ്റത്തിനു രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ അധികാരം കൈയ്യാളുന്നവരിൽ ആരോഗ്യപരമായ സമ്മർദ്ദം ചെലുത്താൻ കെല്‌പുണ്ട്. ഇതാണ് ഉപഭോക്ത്യ പ്രസ്ഥാനങ്ങൾ ചില ഉല്പ്പന്നങ്ങൾ ബഹിഷ്കരിക്കു ന്നതിലൂടെ കൈവരിക്കുന്നത്. പ്രകൃതിയിൽ അവർ അവശേഷിപ്പി ക്കുന്ന കാല്പ്പാടുകളും തങ്ങളുടെ ഉല്പ്പാദനരീതികളും പരിഗ ണിക്കാൻ കമ്പനികളെ നിർബന്ധിച്ചുകൊണ്ടു വ്യാപാരശൈലികളെ മാറ്റിമറിക്കുന്നതിൽ ഇത്തരം പ്രസ്ഥാനങ്ങൾ വിജയിക്കുന്നു. സാമൂഹികസമ്മർദ്ദം തങ്ങളുടെ സമ്പാദ്യത്തെ ബാധിക്കുമ്പോൾ വ്യത്യസ്ഥമായ ഉൽപ്പാദനമാർഗങ്ങൾ കണ്ടെത്താൻ വ്യാപാര സംവിധാനങ്ങൾ നിർബന്ധിതരായിത്തീരുന്നു. ഉപഭോക്താവിന്റെ ഭാഗത്തുനിന്നുള്ള സാമൂഹിക പ്രതിബദ്ധതയുടെ വലിയ ആവശ്യകതയാണ് ഇതു വ്യക്തമാക്കുന്നത്. "വാങ്ങുക എന്നതു സാമ്പത്തിക പ്രക്രിയയല്ല; മറിച്ച്, എപ്പോഴും ഒരു ധാർമ്മിക പ്രക്രിയയാണ്." ഇന്ന്, ഒറ്റവാക്കിൽ, "പരിസ്ഥിതിശോഷണത്തിൻ്റെ പ്രശ്നങ്ങൾ നമ്മുടെ ജീവിതശൈലിയെ വിലയിരുത്താൻ നമ്മെ വെല്ലുവിളിക്കുന്നു.

207. ഭൗമപ്രമാണം (earth charter) സ്വയം നാശത്തിന്റെ ഒരു കാലഘട്ടത്തെ വിട്ടുപേക്ഷിച്ച് പുതിയൊരു തുടക്കമിടാൻ നമ്മോട് ആവശ്യപ്പെട്ടു; പക്ഷേ, ഇതു സ്വായത്തമാക്കാനുള്ള സമഗ്ര അവബോധം വികസിപ്പിച്ചെടുക്കാൻ നമുക്കിതുവരെയും സാധിച്ചിട്ടില്ല. ധീരമായ ആ വെല്ലുവിളി പ്രതിധ്വനിപ്പിക്കാൻ ഞാനാഗ്രഹിക്കുന്നു: “ചരിത്രത്തിൽ ഒരിക്കലും സംഭവിച്ചിട്ടില്ലാത്തതുപോലെ, പൊതു ഭാഗധേയം ഒരു പുതിയ തുടക്കത്തിനായി നമ്മെ മാടിവിളിക്കുന്നു. ജീവനോടുള്ള പുതിയ ആദരവ്, സുസ്‌ഥിരത നേടിയെടുക്കാനുള്ള ദൃഢപ്രതിജ്ഞ, സമാധാനത്തിനും നീതിക്കുംവേണ്ടിയുള്ള സമരത്തിന്റെ ത്വരിതപ്പെടുത്തൽ, ജീവിതത്തിൻ്റെ ആനന്ദപൂർവമായ ആഘോഷം എന്നിവയുടേതായി നമ്മുടെ കാലഘട്ടം ഓർമ്മിക്കപ്പെടട്ടെ."

208. സ്വത്വത്തിൽനിന്നും പുറത്തുകടന്നു മറ്റുള്ളവരിലേക്കു പോകാൻ നമ്മളെപ്പോഴും കഴിവുള്ളവരാണ്. നമ്മളിതു ചെയ്യാത്ത പക്ഷം മറ്റു സൃഷ്‌ടവസ്‌തുക്കളുടെ യഥാർത്ഥമൂല്യം അംഗീകരിക്കപ്പെടുകയില്ല; മറ്റുള്ളവർക്കുവേണ്ടി വസ്‌തുക്കൾ സൂക്ഷിക്കുന്ന കാര്യത്തിൽ നമ്മൾ കരുതൽ വയ്ക്കുന്നില്ല; മറ്റുള്ളവരുടെ സഹനമോ നമ്മുടെ ചുറ്റുപാടുകളുടെ അധഃപതനമോ ഒഴിവാക്കാൻ നമുക്കുമേൽത്തന്നെ പരിധികൾ നിശ്ചയിക്കാൻ നമ്മൾ പരാജയപ്പെട്ടുപോകുന്നു. നമ്മുടെ സഹോദരീസഹോദരന്മാർക്കും സ്വഭാവിക പരിസ്ഥിതിയ്ക്കും യഥാർത്ഥത്തിൽ കരുതൽ നല്കാൻ നമ്മൾ ആഗ്രഹിക്കുന്നെങ്കിൽ, മറ്റുള്ളവരോടുള്ള നിസ്വാർത്ഥമായ പരിഗണനയും സ്വകേന്ദ്രീകൃതവും എല്ലാം തന്നിലേക്ക് സ്വാംശീകരിക്കുന്നതുമായ എല്ലാ രൂപങ്ങളുടെയും നിരാകരണവും അനിവാര്യമാണ്. ഈ മനോഭാവങ്ങൾ, നമ്മുടെ ഓരോ പ്രവൃത്തിയും വ്യക്തിപമായ തീരുമാനവും നമുക്കു ചുറ്റുമുള്ള ലോകത്തിനുമേൽ ചെലത്തുന്ന സ്വാധീനത്തെ അവലോകനം ചെയ്യുന്നതിനുള്ള ധാർമിക കല്പനകളുമായി നമ്മെ സമജ്ഞസപ്പെടുത്തുന്നു. വ്യക്തി കേന്ദ്രീകൃതവാദം മറികടക്കാൻ നമുക്കു സാധിക്കുകയാണെങ്കിൽ, നിശ്ചയമായും വ്യത്യസ്‌തമായ ഒരു ജീവിതശൈലി വികസിപ്പിച്ചെടുക്കുന്നതിനും അർത്ഥപൂർണമായ സാമൂഹിക മാറ്റങ്ങൾ കൊണ്ടുവരുന്നതിനും നമുക്കു കഴിയും.

II. മനുഷ്യവംശവും പരിസ്ഥിതിയും തമ്മിലുള്ള ഉടമ്പടിയെ ക്കുറിച്ചുള്ള വിദ്യാഭ്യാസം 

209. ഇന്നത്തെ സാംസ്‌കാരിക-പരിസ്ഥിതി പ്രതിസന്ധിയെപ്പറ്റിയുള്ള അവബോധം നമ്മെ പുതിയ ശീലങ്ങളിലേക്കു നയിക്കണം. ഇപ്പോഴത്തെ നമ്മുടെ പുരോഗതിയും സാധനങ്ങളുടെയും സുഖങ്ങളുടെയും ശേഖരണവും മനുഷ്യഹൃദയത്തിന് അർത്ഥവും സന്തോഷവും നല്‌കാൻ പര്യാപ്‌തമല്ല. എന്നിരുന്നാലും, കമ്പോളം അവരുടെ മുമ്പിൽ പ്രദർശിപ്പിക്കുന്നവയെ ഉപേക്ഷിക്കാൻ അവർക്കു മനസ്സുവരുന്നില്ല. ഉപഭോഗശീലങ്ങളിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തുന്ന രാജ്യങ്ങളിൽ, യുവജനങ്ങൾക്ക് പ്രകൃതിയെക്കുറിച്ചുള്ള സൂക്ഷ്‌മബോധവും ഉദാരമായ ചൈതന്യവുമുണ്ട്. അവരിൽ പലരും പ്രകൃതിസംരക്ഷണത്തിനു പ്രശംസനീയമായ പരിശ്രമങ്ങളും നടത്തുന്നുണ്ട്. അതേസമയംതന്നെ, അവർ വളർന്നുവന്നത് മറ്റു ശീലങ്ങളുടെ വികാസത്തിനു ബുദ്ധിമുട്ടു സൃഷ്ടിക്കുന്ന, അതിരുകവിഞ്ഞ ഉപഭോഗസംസ്‌കാരത്തിൻ്റെയും സമൃദ്ധിയുടെയും ചുറ്റുപാടിലാണ്. വിദ്യാഭ്യാസപരമായ വെല്ലുവിളിയാണ് ഇവിടെ നാം അഭിമുഖീകരിക്കുന്നത്.

210. പരിസ്ഥിതിവിദ്യാഭ്യാസം അതിൻ്റെ ലക്ഷ്യങ്ങൾ വളരെ വിശാലമാക്കിയിട്ടുണ്ട്. തുടക്കത്തിൽ അതു ശാസ്ത്ര സംബന്ധിയായ വിവരങ്ങളിലും മനഃസാക്ഷിയുടെ ഉദ്ധാരണത്തിലും പരിസ്ഥിതിയിലെ അപായ സാധ്യതകൾ ഒഴിവാക്കുന്നതിലും കേന്ദ്രീകരിച്ചായിരുന്നെങ്കിൽ, ഇപ്പോൾ അതു പ്രയോജനമനോഭാവത്തിൽ അടിയുറച്ചിരിക്കുന്ന ആധുനികരീതിയുടെ "മിത്തുകളെ” വിമർശന വിധേയമാക്കാനുള്ള പ്രവണത പ്രകടിപ്പിക്കുന്നു (വ്യക്തി കേന്ദ്രീകൃതവാദം, പരിധികളില്ലാത്ത പുരോഗതി, കിടമത്സരം, ഉപഭോഗസംസ്കാരം, ക്രമരഹിതമായ വിപണി). പരിസ്ഥിതി സന്തുലനാവസ്ഥയുടെ വിവിധ തലങ്ങളെ പുനഃസ്ഥാപിക്കുന്നതിനും നമ്മോടുതന്നെയും, മറ്റുള്ളവരോടും, പ്രകൃതിയോടും, മറ്റു സൃഷ്ട‌വസ്തുക്കളോടും, ദൈവത്തോടുമുള്ള യോജിപ്പ് വീണ്ടെടുക്കുന്നതിനുമുള്ള വഴികൾ തേടുകയും ചെയ്യുന്നു. പരിസ്ഥിതിവിദ്യാഭ്യാസം, പരിസ്ഥിതിധാർമികതയ്ക്ക് ആഴമേറിയ അർത്ഥം നല്‌കുന്ന അതിന്ദ്രിയ യാഥാർത്ഥ്യത്തിലേക്കുള്ള എടുത്തുചാട്ടം കൂടുതൽ സുഗമമാക്കണം. പരിസ്ഥിതിധാർമികതയെ കൂടുതൽ വികസിപ്പിക്കാൻ കഴിയുന്നവരും, ഫലപ്രദമായ ബോധനവിദ്യയിലൂടെ ജനങ്ങളെ ഐക്യത്തിലും ഉത്തരവാദിത്വബോധത്തിലും സഹാനുഭൂതിയിലും വളർത്താൻ സഹായിക്കുന്നവരുമായ വിദ്യഭ്യാസപ്രവർത്തകരെ ഇത് ആവശ്യപ്പെടുന്നു.  

211. പരിസ്ഥിതി അവബോധമുള്ള പൗരന്മാരെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള പരിസ്ഥിതിവിദ്യാഭ്യാസം ചിലപ്പോഴെങ്കിലും വിവരങ്ങൾ കൈമാറുക എന്നതിൽ മാത്രം ഒതുങ്ങിനില്ക്കുകയും നല്ല ശീലങ്ങൾ ജനിപ്പിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്ത‌ിട്ടുണ്ട്. പെരുമാറ്റദൂഷ്യത്തിനു കടിഞ്ഞാണിടാൻ നിയമങ്ങളും മാർഗനിർദേശങ്ങളും അവ നടപ്പിലാക്കാനുള്ള ഫലപ്രദമായ മാർഗങ്ങളും ഉണ്ടായതുകൊണ്ടുമാത്രമായില്ല. നിയമങ്ങൾ അർത്ഥപൂർണവും നിലനില്ക്കുന്നതുമായ ഫലങ്ങൾ ഉളവാക്കണമെങ്കിൽ, സമൂഹത്തിലെ ഭൂരിഭാഗം അംഗങ്ങൾക്കും അവ അംഗീകരിക്കാനുള്ള പ്രേരണ നല്‌കുകയും വ്യക്തിപരമായി പ്രതികരിക്കുന്നവിധത്തിൽ അവരെ പരിവർത്തനവിധേയമാക്കേണ്ടതുമാണ്. സദ്ഗുണങ്ങളുടെ പോഷണത്തിലൂടെ മാത്രമേ മനുഷ്യർ പരിസ്ഥിതിയോടുള്ള നിസ്വാർത്ഥപ്രതിബദ്ധത

ഏറ്റെടുക്കുകയുള്ളു. ഒരാൾക്കു കൂടുതൽ (വൈദ്യുതി) ഉപയോഗിക്കാനും ചെലവാക്കാനും ശേഷിയുണ്ടായിരിക്കെ, (മുറികൾ) കുറച്ചുമാത്രം ചൂടാക്കുകയും കൂടുതൽ കമ്പിളിവസ്ത്രങ്ങൾ ഉപയോഗിക്കുകയും ചെയ്താൽ അതു പ്രകൃതിയെ സംരക്ഷിക്കാനുതകുന്ന തരത്തിലുള്ള അയാളുടെ ബോദ്ധ്യങ്ങളെയും മനോഭാവങ്ങളെയുമാണു വെളിവാക്കുന്നത്. അനുദിനജീവിതത്തിലെ ചെറിയ പ്രവൃത്തികളിലൂടെ സൃഷ്ടിക്കു മുഴുവൻ കരുതൽ നല്‌കുക എന്ന കടമയ്ക്ക് ഒരു മാഹാത്മ്യമുണ്ട്. വിദ്യാഭ്യാസത്തിനു ജീവിതശൈലിയിൽ യഥാർത്ഥ മാറ്റങ്ങൾ വരുത്താൻ സാധിക്കുമെന്നതു വിസ്‌മയകരമായ സംഗതിയാണ്. നമുക്കു ചുറ്റുമുള്ള ലോകത്തെ നേരിട്ടും അർത്ഥപൂർണമായ വിധത്തിലും സ്വാധീനിക്കുന്ന പ്രവർത്തനശൈലികളെ പ്രോത്സാഹിപ്പിക്കാൻ പരിസ്ഥിതിവിദ്യാഭ്യാസത്തിനു കഴിയും. ഉദാഹരണത്തിന്, പ്ലാസ്റ്റിക്കിന്റെയും പേപ്പറിൻ്റെയും ഉപയോഗം ഒഴിവാക്കുന്നത്, ജലത്തിൻ്റെ ഉപഭോഗം കുറയ്ക്കുന്നത്, ചപ്പുചവറുകൾ തരം തിരിക്കുന്നത്, ഭക്ഷിച്ചുതീർക്കാനാവുന്നത്രമാത്രം പാകം ചെയ്യുന്നത്. മറ്റു ജീവജാലങ്ങളോടു കരുതൽ കാണിക്കുന്നത്, പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നത്, പലർ ചേർന്ന് ഒരു കാർ ഉപയോഗിക്കുന്ന സമ്പ്രദായം (car pooling). മരങ്ങൾ നട്ടുപിടിപ്പിക്കുന്നത്, അനാവശ്യമായ വെളിച്ചം കെടുത്തുന്നത്. ഇതുപോലുള്ള മറ്റനവധി ശീലങ്ങൾവഴി ഈ ഉത്തരവാദിത്വബോധം വളർത്തിയെടുക്കാം. മനുഷ്യനിലെ ഏറ്റവും മികച്ചതിനെ പുറത്തു കൊണ്ടു വരാൻ കഴിയുന്ന ഔദാര്യപൂർണവും വിലയേറിയതുമായ സൃഷ്ടി പരതയാണ് ഇവയിലെല്ലാം പ്രതിഫലിക്കുന്നത്. ചില വസ്തുക്കൾ പെട്ടെന്ന് എറിഞ്ഞുകളയുന്നതിനു പകരം വീണ്ടും ഉപയോഗിക്കുന്നത്, ശരിയായ കാരണത്തിൻ്റെ പേരിൽ അതു ചെയ്യുമ്പോൾ, അത് പുനരുപയോഗിക്കുമ്പോൾ അത് സ്നേഹത്തിന്റെ പ്രകടനവും നമ്മുടെ മഹത്വത്തിൻ്റെ അവതരണവുമായിത്തീരും. 

212. ഈ പ്രയത്നങ്ങളൊന്നും ലോകത്തെ മാറ്റാൻ പോകുന്നില്ല എന്നു നമ്മൾ ഒരിക്കലും ചിന്തിക്കരുത്. നമുക്കജ്ഞാതമാണെങ്കിലും അതു സമൂഹത്തിനു ഉപകാരപ്രദമായിരിക്കും. എന്തെന്നാൽ, ഇത് ഒരുതരം നന്മ ജനിപ്പിക്കുന്നുണ്ട്; പുറമേ കാണാനില്ലെങ്കിലും ഇത് വ്യാപിച്ചുകൊണ്ടിരിക്കുന്നു. അതിലും ഉപരിയായി അത്തരം പ്രവർത്തനങ്ങൾ നമ്മുടെ ആത്മാഭിമാനത്തെ പുനഃസ്ഥാപിക്കും; ഇതു നമ്മെ കൂടുതൽ പൂർണ്ണതയോടെ ജീവിക്കുന്നതിനും ഭൂമിയിലെ ഈ ജീവിതം ജീവിക്കത്തക്കതാണെന്നു മനസ്സിലാക്കുന്നതിനും സഹായിക്കും.

213. പരിസ്ഥിതിവിദ്യാഭ്യാസം പല തലങ്ങളിൽ നടത്താൻ സാധിക്കും: സ്കൂളിലും, കുടുംബത്തിലും, മാധ്യമങ്ങളിലും, മതബോധനത്തിലും ഇവയ്ക്കു പുറമേ എവിടെയും ഇതു സാധ്യമാണ്. നല്ല വിദ്യാഭ്യാസം ചെറുപ്പമായിരിക്കുമ്പോൾതന്നെ അതിന്റെ വിത്തുകൾ നമ്മിൽ വിതയ്ക്കുകയും ജീവിതകാലം മുഴുവനും അതു ഫലം ചൂടി നിൽക്കുകയും ചെയ്യും. എന്നിരുന്നാലും, ഇവിടെ കുടുംബത്തിന്റെ വലിയ പ്രാധാന്യത്തെ ഊന്നിപ്പറയാൻ ഞാനാഗ്രഹിക്കുന്നു. കാരണം,“അവിടെയാണ് ദൈവത്തിൻ്റെ മഹാദാനമായ ജീവൻ പ്രത്യേകമായി സ്വാഗതം ചെയ്യപ്പെടുകയും, മുമ്പിലുള്ള നിരവധിയായ അക്രമങ്ങളിൽനിന്നും സംരക്ഷിക്കപ്പെടുകയും മനുഷ്യന്റെ യഥാർത്ഥ വളർച്ച പോഷിക്കപ്പെടുകയും ചെയ്യുന്നത്. മരണസംസ്ക‌ാരത്തിന്റെ ഈ കാലഘട്ടത്തിൽ കുടുംബമാണു ജീവസംസ്കാരത്തിന്റെ ഹൃദയം." കുടുംബത്തിൽവച്ചാണു നമ്മൾ ആദ്യമായി ജീവനെ സ്നേഹിക്കാനും ബഹുമാനിക്കാനും, വസ്തു‌ക്കൾ കൃത്യമായി ഉപയോഗിക്കാനും, ശുചിത്വവും, ചിട്ടയും പഠിക്കാനും പ്രാദേശിക ആവാസവ്യവസ്ഥയെ ബഹുമാനിക്കാനും സൃഷ്ട‌വസ്‌തുക്കളെ കരുതലോടെ പാലിക്കാനും പഠിക്കുന്നത്. പക്വമായ വ്യക്തിത്വത്തോടെ വളരാൻ പ്രാപ്തരാക്കുന്ന ഒരു സമഗ്രപരിശീലനം കുടുംബത്തിൽനിന്നും നമ്മൾ സ്വീകരിക്കുന്നു. അവകാശമായി ആവശ്യപ്പെടാതെ, എളിമയോടെ ചോദിക്കാനും, നമുക്കു നല്‌കപ്പെട്ടതിനെയോർത്ത് ആത്മാർത്ഥമായ കൃതജ്ഞതയോടെ “നന്ദി" എന്നു പറയാനും, നമ്മുടെ അക്രമണ സ്വഭാവത്തെയും, ദുരാഗ്രഹത്തെയും നിയന്ത്രിക്കുവാനും മറ്റുള്ളവരോടു ചെയ്ത്‌ ദ്രോഹങ്ങൾക്ക് ക്ഷമ ചോദിക്കാനും കുടുംബം നമുക്കു പരിശീലനം നല്കുന്നു. ഇങ്ങനെയുള്ള ഹൃദയത്തിൻ്റെ നിറവിൽനിന്നു വരുന്ന ലളിതമായ ആംഗ്യങ്ങളും പ്രതികരണങ്ങളും ഒരു പങ്കുവയ്ക്കലിന്റെ സംസ്‌കാരവും ചുറ്റുപാടുകളോടുള്ള ബഹുമാനവും നമ്മിൽ സൃഷ്ടിക്കാൻ സഹായകരമാണ്.

214. രാഷ്ട്രീയ സ്ഥാപനങ്ങളും നിരവധിയായ മറ്റു സാമൂഹിക സംഘടനകളും ജനങ്ങളിൽ ഈ അവബോധം വളർത്താൻ കടപ്പെട്ടിരിക്കുന്നു, സഭയും അങ്ങനെതന്നെ. പരിസ്ഥിതി വിദ്യാഭ്യാസത്തിൽ എല്ലാ ക്രിസ്‌തീയസമൂഹങ്ങൾക്കും നിർണായക ഭാഗമുണ്ട്. നമ്മുടെ സെമിനാരികളും രൂപീകരണഭവനങ്ങളും, ഉത്തര വാദിത്വപൂർണമായ ലാളിത്യവും ദൈവത്തിൻ്റെ ലോകത്തോടുള്ള കൃതജ്ഞതാനിർഭരമായ ധ്യാനവും, പാവപ്പെട്ടവൻ് ആവശ്യങ്ങളോടുള്ള പരിഗണനയും പരിസ്ഥിതിസംരക്ഷണവും വളർത്തുവാനുതകുന്ന പരിശീലനം നല്‌കുമെന്നു ഞാൻ പ്രത്യാശിക്കുന്നു. അപകടസാധ്യത വളരെ കൂടുതലായതിനാൽ പ്രകൃതിയിൽ അടിച്ചേൽപ്പിക്കുന്ന നാശങ്ങൾക്ക് ശിക്ഷ ചുമത്തുവാൻ അധികാരമുള്ള സ്ഥാപനങ്ങൾ നമുക്കാവശ്യമാണ്. പക്ഷെ, അതേസമയം ആത്മസംയമനം, മറ്റുള്ളവരിൽനിന്നും പഠിക്കാനുള്ള മനസ്സ് തുടങ്ങിയ വ്യക്തിപരമായ ഗുണങ്ങളും നമുക്കാവശ്യമാണ്.

215. ഈ സാഹചര്യത്തിൽ, "നല്ല സൗന്ദര്യശാസ്ത്ര വിദ്യാഭ്യാസവും പരിസ്ഥിതിയുടെ ആരോഗ്യപരമായ സംരകണവും തമ്മിലുള്ള ബന്ധം അവഗണിക്കാവുന്നതല്ല. സൗന്ദര്യം കണ്ടാസ്വദിക്കാനും അതിനെ അഭിനന്ദിക്കാനും പഠിക്കുന്നതിലൂടെ സ്വാർത്ഥത നിറഞ്ഞ പ്രായോഗികവാദത്തെ തള്ളിക്കളയാനു നമ്മൾ പഠിക്കും. മനോഹരമായവയെ അംഗീകരിക്കാൻ പഠിച്ചിട്ടില്ലാത്ത ഒരാൾ മറ്റെല്ലാറ്റിനെയും മനഃസാക്ഷിക്കുത്തില്ലാതെ ഉപയോഗിക്കാനോ ദുരുപയോഗിക്കാനോ ഉള്ള ഒരു വസ്തുവായി മാത്രം കാണുന്നുവെങ്കിൽ നമ്മൾ അതിൽ ആശ്ചര്യപ്പെടേണ്ടതില്ല. ആഴമായ മാറ്റം കൊണ്ടുവരാൻ നമ്മൾ ആഗ്രഹിക്കുന്നുവെങ്കിൽ, ചില മാനസികാവസ്ഥകൾ യഥാർത്ഥത്തിൽ നമ്മുടെ സ്വഭാവത്തെ സ്വാധീനിക്കുമെന്നു നാം തിരിച്ചറിയണം. മനുഷ്യനെയും ജീവനെയും സമൂഹത്തെയും പ്രകൃതിയുമായുള്ള ബന്ധത്തെയുംപറ്റി ഒരു പുതിയ ചിന്തധാരയെ പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിൽ, വിദ്യാഭ്യാസരംഗത്തെ നമ്മുടെ പരിശ്രമങ്ങൾ ഫലപ്രദമല്ലാത്തതും അപര്യാപ്തവുമായിത്തീരും. അല്ലെങ്കിൽ, മാധ്യമങ്ങളുടെയും വിപണിയിലെ ഫലപ്രദമായ പ്രവർത്തനങ്ങളുടെയും സഹായത്തോടെ ഉപഭോഗസംസ്ക‌ാരത്തിൻ്റെ മാതൃകകൾ വളർന്നുകൊണ്ടേയിരിക്കും. 

III. പാരിസ്ഥിതിക മാനസാന്തരം

216. ക്രൈസ്തവ ആദ്ധ്യാത്മികതയുടെ സമ്പന്നമായ പൈതൃകത്തിന്, ഇരുപതു നൂറ്റാണ്ടുകളിലെ വ്യക്തിപരവും സാമൂഹികവുമായ അനുഭവങ്ങളുടെ ഫലങ്ങൾക്ക്, മനുഷ്യവംശത്തിന്റെ നവീകരണത്തിനുള്ള വിലപിടിച്ച സംഭാവനകൾ നല്കാൻ കഴിയും. ഇവിടെ, നമ്മുടെ വിശ്വാസബോദ്ധ്യങ്ങളിൽ അടിയുറച്ച പരിസ്ഥിതി ആത്മീയതയ്ക്കുള്ള ഏതാനും നിർദ്ദേശങ്ങൾ ക്രൈസ്ത‌വർക്കു നല്‌കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്തെന്നാൽ, സുവിശേഷ പ്രബോധനങ്ങൾക്കു നമ്മുടെ ചിന്താശൈലികളിലും വികാരത്തിലും ജീവിതത്തിലും നേരിട്ടുള്ള പരിണിതഫലങ്ങളുണ്ട്. ആശയങ്ങളോ സങ്കല്‌പങ്ങളോ അവതരിപ്പിക്കുക എന്നതിനേക്കാൾ ഞാൻ ആഗ്രഹിക്കുന്നത്, വിശ്വാസബോദ്ധ്യങ്ങളിൽ അടിയുറച്ച പരിസ്ഥിതി ആത്മീയതയ്ക്ക് നമ്മുടെ ലോകത്തെ സംരക്ഷിക്കുന്നതിനുള്ള ശക്തമായ അഭിനിവേശം നമ്മിൽ ജനിപ്പിക്കാൻ എങ്ങനെ കഴിയും എന്നു വ്യക്തമാക്കുന്നതിനാണ്. ഇത്ര ഉന്നതമായ ഒരു പ്രതിബദ്ധത, സിദ്ധാന്തങ്ങൾകൊണ്ടുമാത്രം പോഷിപ്പിക്കപ്പെടുകയില്ല. മറിച്ച്, നമ്മെ പ്രചോദിപ്പിക്കാൻ കഴിവുള്ള ഒരു ആത്മീയത, "നമ്മുടെ വ്യക്തിപരവും സാമുഹികവുമായ പ്രവൃത്തികൾക്ക് അർത്ഥവും ലക്ഷ്യബോധവും പ്രോത്സാഹനവും പോഷണവും നല്‌കുന്ന ഒരുൾപ്രേരണ എന്നിവയും ആവശ്യമാണ്."! ക്രൈസ്‌തവർ മിക്കപ്പോഴും ദൈവം സഭയുടെ മേൽ വർഷിച്ച ആത്മീയനിധി വേണ്ടതുപോലെ സ്വാംശീകരിക്കുകയോ വികസിപ്പിക്കുകയോ ചെയ്ത‌ിട്ടില്ലെന്നു സമ്മതിച്ചേ മതിയാകൂ. ശരീരത്തിൽനിന്നോ പ്രകൃതിയിൽനിന്നോ ലോക യാഥാർത്ഥ്യങ്ങളിൽനിന്നോ വേർപെട്ട ഒരു ആത്മീയജീവിതമില്ല; മറിച്ച്, അവയിലും അവയോടുകൂടെയും നമുക്കു ചുറ്റുമുള്ള എല്ലാത്തിനോടുമുള്ള കൂട്ടായ്‌മയിലുമുള്ള ജീവിതമാണത്.

217. “ആന്തരിക മരുഭൂമികൾ അതിവിശാലമായതുകൊണ്ടാണു ബാഹ്യമരുഭൂമികൾ വളരുന്നത്." ഇക്കാരണത്താൽ, പരിസ്ഥിത പ്രതിസന്ധി ആഴമേറിയ ആന്തരികപരിവർത്തനത്തിനുള്ള ഒരാഹ്വാനം കൂടിയാണ്. അർപ്പണബോധവും പ്രാർത്ഥനാരൂപിയുമുള്ള ഏതാനും ചില ക്രൈസ്‌തവർ യാഥാർത്ഥ്യബോധത്തിന്റെയും പ്രായോഗികവാദത്തിൻ്റെയും പേരിൽ പരിസ്ഥിതി സംരക്ഷണത്തെ നിന്ദിക്കുന്നു. മറ്റുചിലർ നിഷ്ക്രിയരാണ്; അവർ അവരുടെ ശീലങ്ങൾ മാറ്റാൻ തയ്യാറല്ലാത്തതുകൊണ്ട് പരിസ്ഥിതി സംരക്ഷണത്തോടു മുഖംതിരിച്ചു നില്ക്കുന്നു. ഇവർക്കെല്ലാം “പരിസ്ഥിതി മാനസാന്തരം" (ecological conversion) ആവശ്യമായിരിക്കുന്നു. ഇതുവഴി ഈശോമിശിഹായുമായുള്ള അവരുടെ കണ്ടുമുട്ടലിന്റെ സ്വാധീനം ചുറ്റുമുള്ള ലോകത്തോടുള്ള ബന്ധത്തിൽ പ്രകടമാകും. ദൈവത്തിന്റെ കരവേലയുടെ സംരക്ഷകരെന്ന നിലയിലുള്ള നമ്മുടെ വിളി പുണ്യജീവിതത്തിന് അത്യന്താപേക്ഷിതമാണ്; നമ്മുടെ ക്രിസ്തീയാനുഭവത്തിൻ്റെ ഐച്ഛികമോ, അപ്രധാനമോ ആയ വശമല്ലത്.

218. വിശുദ്ധ ഫ്രാൻസിസ് അസീസിയെക്കുറിച്ചോർക്കുമ്പോൾ, സൃഷ്ടിയോടുള്ള ആരോഗ്യകരമായ ബന്ധം നമ്മുടെ വ്യക്തിപരമായ മാനസാന്തരത്തിൻ്റെ ഒരു മാനമാണെന്നു നമ്മൾ തിരിച്ചറിയുന്നു. അതു നമ്മുടെ തെറ്റുകൾ, പാപങ്ങൾ, വീഴ്ചകൾ, പരാജയങ്ങൾ എന്നിവ അംഗീകരിക്കുന്നതിൽ ഉൾക്കൊള്ളുന്നു; ഹൃദയപൂർവമായ അനുതാപത്തിലേക്കും മാറ്റത്തിനുള്ള ആഗ്രഹത്തിലേക്കും അതു നമ്മെ നയിക്കുകയും ചെയ്യുന്നു. ആസ്ത്രേലിയായിലെ മെത്രാന്മാർ "സൃഷ്‌ടിയുമായുള്ള അനുരഞ്ജനത്തിന് അത്തരമൊരു മാനസാന്തരത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കി; അനുരഞ്ജനം സാധ്യമാക്കുന്നതിനു നമ്മൾ നമ്മുടെ ജീവിതങ്ങളെ പരിശോധിക്കുകയും നമ്മുടെ പ്രവൃത്തിയാലും ഉപേക്ഷയാലും ദൈവത്തിന്റെ സൃഷ്‌ടിയ്ക്കു ചെയ്‌ത ദ്രോഹങ്ങൾ അംഗീകരിക്കുകയും വേണം. നമ്മൾ മാനസാനന്തരാനുഭവത്തിലേക്കും  ഹൃദയപരിവർത്തനത്തിലേക്കും വരണം.

219. എന്നിരുന്നാലും, വ്യക്തികളുടെ ഭാഗത്തുനിന്നുള്ള മെച്ചപ്പെടൽകൊണ്ടുമാത്രം നമ്മുടെ ലോകം ഇന്നു നേരിടുന്ന അതീവ സങ്കീർണമായ സാഹചര്യം പരിഹരിക്കാനാവുകയില്ല. ഒറ്റപ്പെട്ട വ്യക്തികൾക്കു പ്രായോഗികവാദത്തിൽനിന്നു രക്ഷപ്പെടാനുള്ള കഴിവും സ്വാതന്ത്ര്യവും നഷ്ട‌പ്പെട്ടുപോയേക്കാം. തത്ഫലമായി, സാമൂഹികമോ പാരിസ്ഥിതികമോ ആയ അവബോധമില്ലാത്ത അധാർമിക ഉപഭോഗത്തിന് ഇരയായിത്തീർന്നെന്നും വരാം. സാമൂഹിക പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യപ്പെടേണ്ടത്, ഒറ്റപ്പെട്ടതും വ്യക്തിപരവുമായ നന്മപ്രവൃത്തികൾ ചേർത്തുവച്ചുകൊണ്ടുമാത്ര മല്ല; മറിച്ച്, കൂട്ടായ്‌മയുടെ ശൃംഘലകൾ രൂപപ്പെടുത്തിക്കൊണ്ടുമാണ്. ഈ ദൗത്യം മനുഷ്യനിൽനിന്നു വലിയ ഉത്തരവാദിത്വങ്ങൾ പ്രതീക്ഷിക്കുന്നു. ഈ ഉത്തരവാദിത്വങ്ങൾ വ്യക്തിപരമായ മുൻകൈയെടുക്കുന്നതിലൂടെമാത്രം നേടാനാവില്ല; സ്വാർത്ഥപരമായി വളർത്തപ്പെട്ട മനുഷ്യരുടെ കൂട്ടായ യത്നംപോലും ഇക്കാര്യത്തിൽ ഫലപ്രദമല്ല. "ലോകത്തെ ഭരിക്കുക എന്ന ദൗത്യം, മുൻപറഞ്ഞതിൽനിന്നു വ്യത്യസ്‌തമായ ഒരു മനോഭാവത്തിൽനിന്നു മാത്രം സംജാതമാകുന്ന, വൈദഗ്‌ധ്യങ്ങളുടെ യോജിപ്പും നേട്ടങ്ങളുടെ ഒരുമയും ആവശ്യപ്പെടുന്നു. " ദീർഘകാലം നിലനില്ക്കുന്ന മാറ്റം കൊണ്ടുവരാൻ ആവശ്യമായ പരിസ്ഥിതി മാനസാന്തരം ഒരു സമൂഹ മാനസാന്തരംതന്നെയാണ്.

220. ഈ മാനസാന്തരം ഉദാരമായ കരുതൽ വളർത്തുന്നതും ആർദ്രത നിറഞ്ഞതുമായ വിവിധ മനോഭാവങ്ങൾ ആവശ്യപ്പെടുന്നു. ഇതിലേറ്റവും പ്രധാനപ്പെട്ടത്, ലോകം ദൈവത്തിന്റെ ഒരു സ്നേഹദാനമാണെന്നും അവിടുത്തെ ഉദാരത നമ്മുടെ ആത്മത്യാഗത്തിലൂടെയും സത്പ്രവൃത്തികളിലൂടെയും ബഹളങ്ങളില്ലാതെ അനുകരിക്കുന്നതിനു നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നു എന്നും അംഗീകരിക്കുന്ന, കൃതജ്ഞതയുടെയും സൗജന്യദാനം സ്വീകരിക്കുന്നതിന്റെയും മനോഭാവമാണ്. "നിൻ്റെ വലത്തുകൈ ചെയ്യുന്നതെന്തെന്ന് ഇടതുകൈ അറിയാതിരിക്കട്ടെ... രഹസ്യത്തിൽ കാണുന്ന പിതാവു നിനക്കു പ്രതിഫലം നല്‌കും." (മത്താ 6,3-4). നമ്മൾ മറ്റു സൃഷ്ട‌ികളിൽനിന്നു വേർപെട്ടുനില്ക്കുന്നവരല്ലെന്നും മറിച്ച്, ഉത്കൃഷ്ടമായ ഒരു ആഗോളകൂട്ടായ്‌മയിൽ സംയോജിപ്പിക്കപ്പെട്ടവരാണെന്നുമുള്ള അവബോധവും ഇതുൾക്കൊള്ളുന്നു. വിശ്വാസികൾ എന്ന നിലയിൽ നമ്മൾ ലോകത്തെ പുറമേനിന്നല്ല, പിതാവ് നമ്മെ എല്ലാ സൃഷ്‌ടികളോടുമായുള്ള ബന്ധത്തിൽ ഒന്നിച്ചു ചേർത്തിരിക്കുന്നുവെന്ന അവബോധത്തോടെ ഉള്ളിൽ നിന്നു നോക്കിക്കാണുന്നു. നമ്മുടെ വ്യക്തിപരവും ദൈവദത്തവുമായുള്ള കഴിവുകളെ വികസിപ്പിക്കുന്നതുവഴി, പരിസ്ഥിതി മാനസാന്തരത്തിനു നമ്മിൽ കൂടുതൽ ക്രിയാത്മകതയുടെ പ്രചോദനം സൃഷ്ടിക്കാൻ കഴിയും. കൂടാതെ, ലോകത്തിൻ്റെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും നമ്മെത്തന്നെ ദൈവത്തിനു "വിശുദ്ധവും സ്വീകാര്യവുമായ ഒരു സജീവബലിയായി അർപ്പിക്കുന്നതിനുമുള്ള" (റോമാ 12,1) ഉത്സാഹം സംജാതമാക്കുന്നതിനും പരിസ്ഥിതി മാനസാന്തരത്തിനു കഴിയും. നമ്മുടെ മേധാവിത്വത്തെ നമ്മൾ മനസ്സിലാക്കുന്നത് വ്യക്തിപരമയ മഹത്വത്തിനോ ഉത്തരവാദിത്വ രഹിതമായ ആധിപത്യത്തിനോ ഉള്ള ന്യായമായിട്ടല്ല, മറിച്ച്,  നമ്മുടെ വിശ്വാസത്തിൽനിന്നും ഉത്ഭൂതമാകുന്നതും ഗൗരവമായ ഉത്തരവാദിത്വം ഉൾക്കൊള്ളുന്നതുമായ സവിശേഷ കഴിവായാണ്. 

221. ഈ ചാക്രികലേഖനത്തിൻ്റെ ആരംഭത്തിൽ വികസിപ്പി ച്ചിരിക്കുന്ന നമ്മുടെ വിശ്വാസത്തിൻ്റെ വിവിധ ബോധ്യങ്ങൾ ഈ മാനസാന്തരത്തിൻ്റെ അർത്ഥത്തെ കൂടുതൽ സമ്പന്നമാക്കും. ഓരോ സൃഷ്ടവസ്തുവിനും ദൈവത്തെ അല്‌പമായെങ്കിലും പ്രതിഫലിപ്പിക്കാനും നമ്മോട് ഒരു സന്ദേശം പങ്കുവയ്ക്കാനുമുണ്ട് എന്ന അവബോധം ഇതിലുണ്ട്. പരിത്രാണപദ്ധതിയുടെ ഭാഗമായി മിശിഹാ ഈ ഭൗതികലോകത്തെ തന്നിലേക്ക് സ്വീകരിച്ചിരിക്കുന്നുവെന്ന ഉറപ്പും ഉത്ഥിതനായ അവിടുന്ന് ഇപ്പോൾ ഓരോവസ്തുവിലും ആഴമായി സന്നിഹിതനാണെന്നും തൻ്റെ വാത്സല്യംകൊണ്ടവയെ വലയം ചെയ്യുന്നുണ്ടെന്നും, അവൻ്റെ പ്രകാശം അവയിലേക്കാഴ്ന്നിറങ്ങുന്നുവെന്നുമുള്ള അവബോധവും ഇവയിലുൾക്കൊള്ളുന്നു. ഇവയോടൊപ്പം, ദൈവമാണ് ഈ ലോകത്തെ സൃഷ്‌ടിച്ചതെന്ന തിരിച്ചറിവും ഒരു ക്രമവും ഊർജ്ജസ്വലതയും ഇവയ്ക്കുള്ളിൽ മുദ്രിത മാണെന്നുമുള്ളതു മനുഷ്യന് അവഗണിക്കാനവകാശമില്ല. ആകാശത്തിലെ പക്ഷികളെക്കുറിച്ച് ഈശോ പറയുന്നത് സുവിശേഷത്തിൽ നമ്മൾ വായിക്കുന്നു. "അവയിലൊന്നുപോലും ദൈവസന്നിധിയിൽ വിസ്‌മരിക്കപ്പെടുകയില്ല." (ലൂക്കാ 12,6). അങ്ങനെ യെങ്കിൽ നമുക്കവയെ ഉപദ്രവിക്കാനോ അവയോട് അപമര്യാദ കാട്ടുവാനോ എങ്ങനെ സാധിക്കും? തങ്ങളുടെ മാനസാന്തരത്തിന്റെ ഈ വശങ്ങളെല്ലാം തിരിച്ചറിഞ്ഞ് ജീവിക്കുവാൻ ഞാൻ എല്ലാ ക്രിസ്ത്യാനികളോടും ആവശ്യപ്പെടുന്നു. നമ്മൾ സ്വീകരിച്ചിരിക്കുന്ന കൃപയുടെ പ്രകാശവും ശക്തിയും മറ്റു സൃഷ്‌ടികളോടും ചുറ്റുമുളള ലോകത്തോടുമുള്ള നമ്മുടെ ബന്ധങ്ങളിൽ പ്രകടമാകട്ടെ. ഇതു വഴി, അസീസിയിലെ വി. ഫ്രാൻസിസ് പ്രശോഭിതമായി സാക്ഷാത്കരിച്ച, എല്ലാ സൃഷ്‌ടികളോടുമുള്ള ഉദാത്തസാഹോദര്യം പോഷിപ്പിക്കാൻ നമുക്കു കഴിയും.

IV. ആനന്ദവും സമാധാനവും

222. ക്രിസ്തീയ ആത്മീയത ജീവിതനിലവാരത്തെക്കുറിച്ചു വിഭിന്നമായൊരു ധാരണ നിർദ്ദേശിക്കുകയും പ്രവാചകനു ചേർന്നതും ധ്യാനാത്മകവുമായ ഒരു ജീവിതശൈലിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഉപഭോഗത്തോടുള്ള കടുത്ത അഭിനിവേശത്തിൽനിന്നു സ്വതന്ത്രമായതും ആഴമായ ആനന്ദത്തിനു 

കഴിവുറ്റതുമായ ഒരു ജീവിതശൈലിയാണത്. വേദപുസ്‌തകത്തിലെന്നപോലെ വിവിധ മതപാരമ്പര്യങ്ങളിലും കാണുന്ന ഒരു പുരാതന പാഠം നമ്മൾ സ്വീകരിക്കേണ്ടിയിരിക്കുന്നു. “അല്പമുള്ളത് അധികമാണ്" എന്ന (less is more) ബോധ്യമാണത്. നൂതന ഉപഭോഗവസ്തു‌ക്കളുടെ സ്ഥിരബാഹുല്യം ഹൃദയത്തെ സംഭ്രമിപ്പിക്കുകയും ഓരോ വസ്‌തുവിനെയും ഒരോ നിമിഷത്തെയും ആസ്വദിക്കുന്നതിൽനിന്നു നമ്മെ തടയുകയും ചെയ്യും. എത്രചെറുതായിരുന്നാലും ഒരോ യാഥാർത്ഥ്യത്തിനും മുമ്പിൽ പ്രശാന്തമായി സന്നിഹിതമാകുന്നത്, ധാരണയുടെയും വൈയക്തിക സാക്ഷാത്കാരത്തിന്റെയും വിശാലമായ ചക്രവാളങ്ങളിലേക്ക് നമ്മെ തുറവിയുള്ളവരാക്കുന്നു. മിതത്വത്തിൻ്റെയും ഉള്ളതുകൊണ്ടു തൃപ്തിപ്പെടുന്ന മനോഭാവത്തിന്റെറെയും മുദ്രപേറുന്ന ഒരു വളർച്ചയാണ് ക്രിസ്ത‌ീയ ആത്മീയത നിർദ്ദേശിക്കുന്നത്. ഇതു നമ്മെ ചെറിയ യാഥാർത്ഥ്യങ്ങൾക്കുമുമ്പിൽ നില്ക്കാനും അവയെ പ്രശംസിക്കാനും അനുവദിക്കുന്നതും, ജീവിതം വച്ചുനീട്ടുന്ന അവസരങ്ങളെക്കുറിച്ചു നന്ദിയുള്ളവരും, സ്വന്തമായുള്ളവയിൽനിന്നു ആത്മീയ വിരക്തി പ്രാപിച്ചവരും, നമുക്കില്ലാത്തവയെ ഓർത്ത് ദുഃഖിക്കാത്തവരുമാക്കിത്തീർക്കുന്ന ലാളിത്യത്തിലേക്കുള്ള തിരിച്ചുപോക്കാണ്. ആധിപത്യത്തിന്റെ മനോഭാവവും സുഖാസക്തിയും ഒഴിവാക്കണമെന്ന് ഇത് സൂചിപ്പിക്കുന്നു.

223. ഇപ്രകാരമുള്ള ശാന്തത സ്വതന്ത്രമായും ബോധപൂർവ്വകമായും ജീവിക്കപ്പെടുമ്പോൾ വിമോചനം ലഭിക്കുന്നു. ഈ ശാന്തത നിലവാരം കുറഞ്ഞ ജീവിതമോ, തീക്ഷണതയില്ലാത്ത ജീവിതമോ അല്ല മറിച്ച്, ജീവിതം അതിൻ്റെ സമ്പൂർണതയിൽ ജീവിക്കുന്ന ഒരു ശൈലിയാണ്. വാസ്തവത്തിൽ, ജീവിതത്തിൻ്റെ ഒരോനിമിഷവും നന്നായി ആസ്വദിക്കുന്നവർ, തങ്ങൾക്കില്ലാത്തവയെ തേടിക്കൊണ്ട് അങ്ങുമിങ്ങും പരക്കംപായുന്നവരല്ല. ഒരോ വ്യക്തിയേയും ഓരോ വസ്തു‌വിനെയും അടുത്തറിഞ്ഞു മനസിലാക്കാൻ അവർക്കറിയാം. ഏറ്റവും ലളിതമായ കാര്യങ്ങളോടുപോലും എങ്ങനെ ബന്ധപ്പെടാമെന്നും ആനന്ദിക്കാമെന്നും അനുഭവിച്ചറിയുകയും ചെയ്യുന്നവരാണവർ. പൂർത്തീകരിക്കപ്പെടാത്ത ആഗ്രഹങ്ങൾ വിട്ടുകളയുന്നതിനും തങ്ങളുടെ അഭിനിവേശങ്ങളും തളർച്ചകളും കുറയ്ക്കുന്നതിനും കഴിയുന്നവരാണവർ. ഉള്ളതുകൊണ്ടു തൃപ്‌തിപ്പെടുന്ന അവർക്കു ധാരാളം ജീവിക്കാൻ കഴിയുന്നു. പ്രത്യേകിച്ച്, പ്രകൃതിയുമായുള്ള സൗഹൃദം, സംഗീതം, കല, സേവനം, സുഹൃദ്ബന്ധങ്ങൾ, കഴിവുകൾ വികസിപ്പിക്കൽ എന്നിങ്ങനെ സന്തോഷത്തിന്റെ മറ്റുവഴികൾ അവർ കണ്ടെത്തുന്നു. നമ്മെ ചെറുതാക്കുന്ന ചില ആവശ്യങ്ങൾ പരിമിതപ്പെടുത്തേണ്ടത് എങ്ങനെയെന്നറിയുകയും, ജീവിതം വച്ചുനീട്ടുന്ന നിരവധി സാധ്യതകളിലേക്ക് തുറവിയുണ്ടായിരിക്കുകയും ചെയ്യുന്നതാണു സന്തോഷം.

224. കഴിഞ്ഞ നൂറ്റാണ്ടിൽ ശാന്തതയും വിനയവും വേണ്ടത്ര വിലമതിക്കപ്പെട്ടിരുന്നില്ല. എന്നിരുന്നാലും, വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും ഈ പുണ്യങ്ങളിൽ ഏതെങ്കിലുമൊന്നു നഷ്‌ടപ്പെടുമ്പോൾ, പ്രകൃതിയിലുൾപ്പെടെ, നിരവധി അസന്തുലിതാവസ്ഥകൾ ഉടലെടുക്കുന്നു. അതുകൊണ്ടാണ്, ആവാസവ്യവസ്ഥകളുടെ സമഗ്രതയെക്കുറിച്ചു മാത്രം ചർച്ചചെയ്താൽ പോരാ എന്നു നമ്മൾ പറയുന്നത്. മനുഷ്യജീവൻ്റെ സമഗ്രതയെക്കുറിച്ചും എല്ലാ നല്ല മൂല്യങ്ങളും ഒരുമിപ്പിക്കുകയും വളർത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിക്കാനുള്ള ആർജവത്വം നമ്മൾ പ്രകടിപ്പിക്കണം. ഒരിക്കൽ നമ്മുടെ വിനയം നഷ്ടപ്പെടുമ്പോൾ, എല്ലാറ്റിന്റെയുംമേലുള്ള പരിധിയില്ലാത്ത അധീശത്വത്താൽ അടിമയാക്കപ്പെടുകയും ചെയ്യുമ്പോൾ, നമ്മൾ സമൂഹത്തെയും പരിസ്ഥിതിയെയും ഉപദ്രവിക്കുന്ന അവസ്ഥയിൽ അനിവാര്യമായും എത്തിപ്പെടും. താൻപോരിമയിൽ ജീവിക്കുകയോ, ദൈവത്തെ ജീവിതങ്ങളിൽനിന്നു പുറംതള്ളുകയോ, അവിടുത്തേയ്ക്കുപകരം നമ്മെത്തന്നെ സ്ഥാപിക്കുകയോ, എൻ്റെ ഇഷ്‌ടാനിഷ്‌ടങ്ങൾക്കനുസൃമായി തെറ്റും ശരിയും ഞാൻതന്നെ തീരുമാനിക്കുമെന്നു ചിന്തിക്കുകയോ ചെയ്യുമ്പോൾ, ഇത്തരത്തിലുള്ള ആരോഗ്യകരമായ വിനയവും സന്തോഷകരമായ ശാന്തതയും) വളർത്തുകയെളുപ്പമല്ല.

225. മറുവശത്ത്, തന്നോടുതന്നെ സമാധാനത്തിലാകാത്ത ഒരു വ്യക്തിക്കും ശാന്തവും സംതൃപ്ത‌ിദായകവുമായ ജീവിതം നയിക്കുക സാധ്യമല്ല. സമാധാനമെന്നാൽ യുദ്ധമില്ലായ്‌മ മാത്രമല്ലെന്നു മനസ്സിലാക്കുന്നതിലാണ് ശരിയായ ആത്മീയധാരണ കുടികൊള്ളുന്നത്. ആന്തരിക സമാധാനം പരിസ്ഥിതിയും പൊതുനന്മയും സംരക്ഷിക്കുന്നതുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. എന്തെന്നാൽ, ആന്തരിക സമാധാനം ശരിയായി ജീവിച്ചാൽ, സന്തുലിതമായ ജീവിതശൈലിയിലും ജീവിതത്തിൻ്റെ അർത്ഥത്തെക്കുറിച്ചുള്ള വിസ്മയത്തിലും അതു പ്രതിഫലിക്കും. പ്രകൃതി സ്നേഹത്തിന്റെ വചസുകളാൽ നിറഞ്ഞിരിക്കുന്നു. പക്ഷേ, നിരന്തരമായ ബഹളത്തിലും നിലയ്ക്കാത്തതും ഞരമ്പുകളെ വലിച്ചുമുറുക്കുന്നതുമായ കോലാഹലങ്ങളിലും പ്രകടനതല്‌പരതയിലും വീണുകിടക്കുന്ന നമുക്ക് അതെങ്ങനെ കേൾക്കാനാകും? ധാരാളം ആളുകൾ ഇന്ന് ആഴമേറിയ അസന്തുലിതാവസ്ഥ അനുഭവിക്കുന്നുണ്ട്. അതു അവരെ ഉന്മാദം പിടിപെട്ടതുപോലുള്ള പ്രവർത്തനങ്ങളിലേക്കു നയിക്കുകയും തത്ഫലമായി തിരക്കിൽ മുഴുകുന്നവരാക്കുകയും ചെയ്യുന്നു. അവർ ചുറ്റുമുള്ള എല്ലാറ്റിനോടും പരുക്കൻ ശൈലിയിൽ ഇടപെടുന്നതിനിടയാക്കുകയും ചെയ്യുന്നു. അവർ പരിസ്ഥിതിയെ കൈകാര്യം ചെയ്യുന്ന രീതിയിലും ഈ പരുക്കൻ സ്വഭാവം പ്രത്യക്ഷപ്പെടുന്നു. സമഗ്രമായ പരിസ്ഥിതിശാസ്ത്രം അടങ്ങിയിരിക്കുന്നത്, സൃഷ്‌ടിയുമായുള്ള ശാന്തമായ ഐക്യം വീണ്ടെടുക്കുന്നതിനുവേണ്ടി സമയം മാറ്റിവയ്ക്കുന്നതിലാണ്. നമ്മുടെ ജീവിതശൈലിയെയും ആശയങ്ങളെയുംകുറിച്ച് വിലയിരുത്തൽ നടത്തുന്നതിലും, നമുക്കിടയിൽ ജീവിക്കുകയും നമ്മെ വലയം ചെയ്യുകയും ചെയ്യുന്ന സ്രഷ്‌ടാവിനെ ധ്യാനിക്കുന്നതിലുമാണ് ഇത് അടങ്ങിയിരിക്കുന്നത്. അവിടുത്തെ സാന്നിധ്യം "ഒളിച്ചുവയ്ക്കപ്പെടേണ്ടതല്ല. മറിച്ച്, കണ്ടെത്തപ്പെടേണ്ടതും തുറക്കപ്പെടേണ്ടതുമാണ്. 

226. നമ്മൾ ജീവിതത്തെ ശാന്തമായ ജാഗ്രതയിൽ സമീപിക്കുന്ന ഹൃദയത്തിൻ്റെ മനോഭാവത്തെക്കുറിച്ചാണു സംസാരിക്കുന്നത്. സംഭവിക്കാൻ പോകുന്നത് എന്തെന്നു ചിന്തിക്കാതെ നമ്മുടെ ജീവിതം പൂർണമായും മറ്റുള്ളവർക്കു സമീപസ്ഥമാക്കുന്നതിലും ഓരോ നിമിഷവും അതിൻ്റെ സമ്പൂർണതയിൽ ജീവിക്കാൻവേണ്ടി ദൈവം തന്ന ദാനമായി സ്വീകരിക്കുന്നതിലുമാണ് ഈ ഹൃദയഭാവം അടങ്ങിയിരിക്കുന്നത്. ഈശോ വയലിലെ ലില്ലികളെയും ആകാശത്തിലെ പറവകളെയുംകുറിച്ച് ധ്യാനിക്കാനായി നമ്മെ ക്ഷണിച്ചപ്പോഴും, ധനികനായ യുവാവിൻ്റെ അസ്വസ്ഥതകൾക്കിടയിൽ “അവനെ സ്നേഹത്തോടെ കടാക്ഷിച്ചപ്പോഴും" (മർക്കോസ് 10,21) ഈ മനോഭാവമാണു പഠിപ്പിച്ചത്. അവിടുന്ന് എല്ലാവർക്കും എല്ലാത്തിനും സമീപസ്ഥനായിരുന്നു. അപ്രകാരം, നമ്മെ അന്തസാരമില്ലാത്തവരും വിനാശകാരികളും, ശാഠ്യബുദ്ധിയുള്ള ഉപഭോക്താക്കളുമാക്കുന്ന അനാരോഗ്യകരമായ ഉത്കണ്‌ഠയിൽനിന്നും മോചിതരാക്കാൻ അവിടുന്നു കാണിച്ചമാർഗ്ഗം ഇതായിരുന്നു.

227. ആഹാരത്തിനു മുമ്പും പിമ്പും നമ്മൾ ദൈവത്തിനു കൃതജ്ഞതയർപ്പിക്കാനായി നിൽക്കുന്നത് ഈ മനോഭാവത്തിന്റെ ഉത്തമനിദർശനമാണ്. മനോഹരമായ ഈ പാരമ്പര്യത്തിലേക്കു മടങ്ങാൻ എല്ലാ വിശ്വാസികളോടും ഞാൻ അഭ്യർത്ഥിക്കുന്നു. കൃത ജ്ഞതയുടെ ആ നിമിഷങ്ങൾ. എത്ര ചെറുതായിരുന്നാലും, നമ്മുടെ ജീവൻ ദൈവത്തിലാശ്രയിച്ചാണിരിക്കുന്നതെന്നു നമ്മെ ഓർമ്മപ്പെടുത്തുന്നു; സൃഷ്ടികളാകുന്ന ദാനത്തെപ്രതി അവിടുത്തോടു നമുക്കുള്ള നന്ദിയുടെ വികാരത്തെ ശക്തിപ്പെടുത്തുന്നു; ഈ വിഭവങ്ങളൊരുക്കുന്നതിനുവേണ്ടി പാടുപെട്ടവരെ നമ്മൾ അംഗീകരിക്കുന്നു. അങ്ങേയറ്റം ആവശ്യങ്ങളിലായിരിക്കുന്നവരോടുള്ള ഐക്യം നമ്മൾ ഉറപ്പുകൊടുക്കുകയും ചെയ്യുന്നു.

V. പരസ്‌പര സ്നേഹവും രാഷ്ട്രീയ സ്നേഹവും

228. ഒരുമിച്ചു വസിക്കാനും കൂട്ടായ്‌മയിലായിരിക്കാനും കഴിവുള്ള ജീവിതശൈലിയുടെ ഭാഗമാണു പ്രകൃതിയോടുള്ള കരുതൽ. ദൈവം നമ്മുടെയെല്ലാം പിതാവാണെന്നും. അങ്ങനെ നമ്മൾ സഹോദരീസഹോദരങ്ങളാണെന്നും ഈശോ നമ്മെ ഓർമ്മപ്പെടുത്തി. സഹോദരസ്നേഹം എപ്പോഴും ഉപാധികളില്ലാത്തതായിരിക്കും. മറ്റുള്ളവർ നമുക്കു ചെയ്തുതന്നതോ ചെയ്യാനിരിക്കുന്നതോ ആയവയ്ക്കു പകരംകൊടുക്കുന്നതല്ല അത്. അതുകൊണ്ടാണ്. ശത്രുക്കളെ സ്നേഹിക്കാൻ നമുക്കു കഴിയുന്നത്. ഇതേ നിരുപാധികസ്നേഹമാണ് കാറ്റ്, സൂര്യൻ, മേഘങ്ങൾ തുടങ്ങിയവ. എത്ര തന്നെ നമ്മുടെ നിയന്ത്രണത്തിനപ്പുറമായിരുന്നാലും, അവയെ സ്നേഹിക്കാനും അംഗീകരിക്കാനും നമ്മെ പ്രേരിപ്പിക്കുന്നത്. ഈയർത്ഥത്തിൽ, നമുക്കു "വിശ്വസാഹോദര്യ” (universal fraternity) ത്തെപ്പറ്റി സംസാരിക്കാനാകും.

229. നമുക്കു പരസ്പ്‌പരം ആവശ്യമുണ്ട്: ലോകത്തിന്റെയു മറ്റുള്ളവരുടെയും കാര്യത്തിൽ നമുക്കു തുല്യ ഉത്തരവാദിത്തത്വമുണ്ട്: നന്മയും മാന്യതയും ഉള്ളവരായിരിക്കുക എന്നതു മൂല്യമുള്ളതാണ്: ഈ ബോധ്യങ്ങൾ നമ്മൾ വീണ്ടെടുക്കണം. അസന്മാർഗികതയും ധാർമ്മികത, നന്മ, വിശ്വാസം. സത്യസന്ധത എന്നിവയോടുള്ള പരിഹാസവും നമുക്കാവശ്യത്തിലധികമായി കഴിഞ്ഞു. ലാഘവ ബുദ്ധിയോടെയുള്ള ഉപരിപ്ലവത ഇന്നേവരെ ഒരു നന്മയും കൊണ്ടുവന്നിട്ടില്ലെന്ന യാഥാർത്ഥ്യം അംഗീകരിക്കാൻ സമയമായി. സാമൂഹ്യജീവിതത്തിന്റെ അടിത്തറകൾ ദ്രവിച്ചു തുടങ്ങുന്നതിന്റെ അനന്തര ഫലങ്ങൾ വിരുദ്ധ താല്‌പര്യങ്ങളെ പതിയുള്ള യുദ്ധങ്ങൾ. പുതിയ രൂപഭാവങ്ങളിലുള്ള അക്രമങ്ങളും മൃഗീയതയും, പ്രകൃതിയോടുള്ള യഥാർത്ഥ കരുതലിൻ്റെ വളർച്ചയ്ക്കുള്ള തടസങ്ങൾ എന്നിവയാണ്.

230. ലിസ്യൂവിലെ വി. ത്രേസ്യാ സ്നേഹത്തിൻ്റെ കുറുക്കു വഴി പരിശീലിക്കാനും, അനുകമ്പാർദ്രമായ ഒരു വാക്കോ പുഞ്ചിരിയോ, സമാധാനവും സൗഹൃദവും വിതയ്ക്കാൻ ശേഷിയുള്ള ഒരു ചെറിയ ആംഗ്യമോപോലും പാഴാക്കാതിരിക്കാനും നമ്മെ ക്ഷണിക്കുന്നു. അക്രമത്തിൻ്റെയും ചൂഷണത്തിൻ്റെയും സ്വാർത്ഥതയുടെയും യുക്തിന്യായങ്ങൾക്കു പൂർണവിരാമമിടുന്ന അനുദിനജീവിതത്തിലെ ലളിതമായ ചെറുപ്രകടനങ്ങൾക്കൊണ്ടുമാണു സമഗ്രമായ പരിസ്ഥിതിശാസ്ത്രം രൂപപ്പെടുന്നത്. ചുരുക്കത്തിൽ, ഉപഭോഗംകൊണ്ടു വീർപ്പുമുട്ടുന്ന ഒരു ലോകം എല്ലാ രൂപത്തിലുമുള്ള ജീവനെയും ഉപദ്രവിക്കുന്ന ലോകമായിരിക്കും.

231. പരസ്‌പര കരുതലിൻ്റെ ചെറിയ പ്രകടനങ്ങളിലൂടെ കവിഞ്ഞൊഴുകുന്ന സ്നേഹം പൗരസ്നേഹമോ രാഷ്ട്രിയ സ്നേഹമോ ആകാം. കൂടുതൽ മെച്ചപ്പെട്ട ഒരു ലോകം പടുത്തുയർത്താനുള്ള ഓരോ പ്രവർത്തനത്തിലും ഈ സ്നേഹം പ്രകടമാകുന്നു. സമൂഹത്തോടുള്ള സ്നേഹവും പൊതുനന്മയോടുള്ള പ്രതിബദ്ധതയും അഗാധമായ ഉപവിയുടെ മികച്ച പ്രകടനങ്ങളാണ്. ഈ ഉപവിയാകട്ടെ വ്യക്തികൾ തമ്മിലുള്ള ബന്ധത്തെ മാത്രമല്ല, “രാഷ്ട്രിയ സാമൂഹിക സാമ്പത്തിക ബന്ധങ്ങളെയും മറ്റു വിശാലമായ ബന്ധങ്ങളെയും ബാധിക്കുന്ന ഒന്നാണ്. അതുകൊണ്ടാണ്, സഭ ലോകത്തിനു മുമ്പിൽ "സ്നേഹസംസ്‌കാരം" എന്ന ആശയം വച്ചത്. യഥാർത്ഥ വികസനത്തിൻ്റെ താക്കോൽ സാമൂഹ്യ സ്നേഹമാണ്. “ഈ സമൂഹത്തെ കൂടുതൽ മാനവിക മൂല്യങ്ങൾ ഉള്ളതാക്കുന്നതിന്, മനുഷ്യവ്യക്തിക്ക് കൂടുതൽ യോജിച്ചതാക്കുന്നതിന്, സമൂഹിജിവിതത്തിലെ - രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക മണ്ഡലങ്ങളിലെ - സ്നേഹത്തിനു പുതിയൊരു മൂല്യം കൊടുക്കണം. ഈ സ്നേഹം എല്ലാ പ്രവർത്തനങ്ങളുടെയും സുസ്ഥിരവും ഏറ്റവും ഉന്നതവുമായ മാനദണ്‌ഡമാകണം. " ഈ പശ്ചാത്തലത്തിൽ, അനുദിനജീവിതത്തിലെ പ്രാധാന്യമുള്ള ചെറിയ അടയാളങ്ങളോടൊപ്പം, പരിസ്ഥിതിശോഷണം തടയുന്നതിനുള്ള വൻകിടപദ്ധതികൾ രൂപപ്പെടുത്താനും, സമൂഹത്തിൽ മുഴുവൻ വ്യാപിക്കേണ്ട "കരുതലിന്റെ സംസ്ക്‌കാരം" പ്രോത്സാഹിപ്പിക്കാനും സാമൂഹ്യ സ്നേഹം നമ്മെ ചലിപ്പിക്കുന്നു. ഈ സാമൂഹ്യസംവിധാനത്തിൽ, മറ്റുള്ളവരോട് ഇടപെടാൻ ദൈവം നമ്മെ വിളിക്കുമ്പോൾ, ഇതും ആത്മീയതയുടെ ഭാഗമാണെന്നും, പരസ്നേഹത്തിന്റെ പ്രവൃത്തിയാണെന്നും, അത്തരത്തിൽ നമ്മെ പക്വമതികളാക്കുകയും വിശുദ്ധീകിരിക്കുകയും ചെയ്യുന്ന കാര്യമാണെന്നും നമ്മൾ തിരിച്ചറിയണം.

232. രാഷ്ട്രീയജീവിതത്തിൽ നേരിട്ട് ഇടപെടാൻ എല്ലാവരും വിളിക്കപ്പെട്ടിട്ടില്ല. പൊതുനന്മയെ പ്രോത്സാഹിപ്പിക്കാനും, സ്വാഭാവികമോ നാഗരികമോ ആയ പരിസ്ഥിതിയെ സംരക്ഷിക്കാനുമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അസംഖ്യം സ്ഥാപനങ്ങളാൽ ഇന്നത്തെ സമൂഹം സമ്പന്നമാണ്.

പൊതുസ്ഥലങ്ങൾ (ഒരു കെട്ടിടം, നീർച്ചാലുകൾ, അവഗണിക്കപ്പെട്ട സ്‌മാരകം, പ്രകൃതിദൃശ്യം, ഒരു ചത്വരം) സകലരുടെയും സ്വന്തമാണെന്നുളള ബോധ്യത്തോടെ സംരക്ഷിക്കാനും പുനസ്ഥാപിക്കാനും, വളർത്തുവാനും മനോഹരമാക്കാനുമുള്ള ഉദ്യമം ചിലർ നടത്തുന്നത് ഇതിനുദാഹരണമാണ്. ഈ കൂട്ടായ്‌മയുടെ പ്രവർത്തനങ്ങൾക്കു ചുറ്റുമായി ബന്ധങ്ങൾ വികാസം പ്രാപിക്കുകയോ, നഷ്‌ടപ്പെട്ട ബന്ധങ്ങൾ വീണ്ടെടുക്കപ്പെടുകയോ ചെയ്യും; അങ്ങനെ ഒരു പുതിയ സമൂഹഘടന രൂപപ്പെടും. ഇങ്ങനെ ഉപഭോഗസംസ്‌കാരം കുത്തിവയ്ക്കുന്ന നിസംഗതയിൽനിന്നും പുറത്തു കടക്കാൻ ഒരു സമൂഹത്തിനു സാധിക്കും. ഇത്തരം പ്രവർത്തനങ്ങൾ, പിന്നീട് ഓർമിക്കപ്പെടേണ്ടതും കൈമാറ്റം ചെയ്യപ്പെടേണ്ടതുമായ ഒരു കഥയോടൊപ്പം, പങ്കുവയ്ക്കപ്പെട്ട ഒരു തനതാത്മകതയെ വളർത്തിയെടുക്കുന്നു. ഇപ്രകാരം, ദൈവം നമ്മെ ഭരമേല്പ്പിച്ച പൊതുഭവനത്തിലാണു നമ്മൾ വസിക്കുന്നത് എന്ന ഐക്യാവബോധം പുലർത്തുന്നതോടൊപ്പം, ലോകത്തെയും അതിലെ ദരിദ്രരുടെ ജീവിതനിലവാരത്തെയും പറ്റി കരുതലോടെ വർത്തിക്കാനും നമുക്കു കഴിയും.

VI. കൗദാശിക അടയാളങ്ങളും വിശ്രമത്തിൻ്റെ ആഘോഷവും 

233. പ്രകൃതി അതിനെ പൂർണമാക്കുന്ന ദൈവത്തിൽ ചുരുളഴിയപ്പെടുന്നു. ഇലകളിലും, മലമുകളിലും, മഞ്ഞുതുള്ളിയിലും ഒരു പാവപ്പെട്ടവന്റെ മുഖത്തുമെല്ലാം ദൈവികമായ രഹസ്യാവിഷ്കരണം നമുക്കു കാണാൻ സാധിക്കും." ആത്മാവിലെ ദൈവിക പ്രവൃത്തികൾ തിരിച്ചറിയാൻ എല്ലാറ്റിൻ്റെയും പുറംമോടികളിൽനിന്നു ഉള്ളറകളിലേക്കു ചെന്നെത്തുക എന്നതുമാത്രമല്ല, എല്ലാ വസ്തുക്കളിലും ദൈവത്തെ കണ്ടെത്തുക എന്നതും മാതൃകാപരമാണ്. വി. ബൊന വെഞ്ചറിന്റെ അഭിപ്രായത്തിൽ, "നമ്മുടെ ഹൃദയത്തിൽ ദൈവകൃപയുടെ പ്രവർത്തനം കൂടുതലായി നമുക്കനുഭവപ്പെടുമ്പോഴും മറ്റു സൃഷ്ട‌ികളിൽ ദൈവത്തെ കണ്ടെത്താൻ നമ്മൾ കൂടുതൽ പഠിക്കുമ്പോഴും ധ്യാനം ആഴപ്പെടുന്നു.

234. കുരിശിന്റെ വിശുദ്ധ യോഹന്നാൻ പഠിപ്പിച്ചതുപോലെ, “ഈ ലോകത്തിലെ യാഥാർത്ഥ്യങ്ങളിലും അനുഭവങ്ങളിലും സന്നിഹിതമായിരിക്കുന്ന എല്ലാ നന്മകളും, ദൈവത്തിൽ അനന്തമായും പൂർണമായും സന്നിഹിതമാണ്; ഉത്കൃഷ്‌ടമായ ഈ ഓരോ യാഥാർത്ഥ്യത്തിലും ദൈവസാന്നിദ്ധ്യമുണ്ട്.'' അതിനു കാരണം, ഈ ലോകത്തിലെ പരിമിതിയുള്ള വസ്‌തുക്കളെല്ലാം യഥാർത്ഥത്തിൽ ദൈവമായതുകൊണ്ടല്ല; മറിച്ച്, താപസനായ മനുഷ്യൻ ദൈവവും സർവജീവജാലങ്ങളും തമ്മിലുള്ള ഉറ്റബന്ധം അനുഭവിക്കുകയും എല്ലാം ദൈവികമായി കരുതുകയും ചെയ്യുന്നതു കൊണ്ടാണ്. ഒരു മലയുടെ മുമ്പിൽ പകച്ചു നില്ക്കുന്ന മനുഷ്യന് ദൈവാനുഭവത്തിൽനിന്നു അതിനെ വേർപെടുത്താൻ സാധിക്കുകയില്ല. ആന്തരികമായി അനുഭവിച്ച വിസ്‌മയം ദൈവത്തിനായി സമർപ്പിക്കേണ്ടതാണെന്നു പിന്നീടവൻ തിരിച്ചറിയുന്നു; “പർവതങ്ങൾ ഉന്നതങ്ങളാണ്. അതുപോലെതന്നെ അവ സമൃദ്ധമാണ്. വിശാലവും, മനോഹരവും, കൃപനിറഞ്ഞതും, തെളിമയാർന്നതും സുഗന്ധമുള്ളതുമാണ്. എൻ്റെ പ്രിയപ്പെട്ടവൻ എനിക്ക് എന്താണോ അതുപോലെയാണ് ഈ മലകളും. ഏകാന്തതാഴ്വാരങ്ങൾ നിശബ്ദമാണ്, സന്തോഷം നല്‌കുന്നതാണ്, കുളിർമ്മയുള്ളതും തണലേകുന്നതും ശുദ്ധജലം ഒഴുകുന്നതുമാണ്; അവയുടെ വ്യത്യസ്‌തങ്ങളായ തോപ്പുകളും പക്ഷികളുടെ മധുരസംഗീതവും അവ സമൃദ്ധമായ വിനോദം നല്‌കുന്നു; എൻ്റെ ഇന്ദ്രിയങ്ങൾക്കു ധാരാളം ഉല്ലാസവും സന്തോഷവും പ്രദാനം ചെയ്യുന്നു. അവയുടെ നിശബതയും ഏകാന്തതയും നമ്മെ വിശ്രമിക്കാനും ഊർജ്ജസ്വലരാകാനും സഹായിക്കുന്നു. എൻ്റെ പ്രിയപ്പെട്ടവൻ എനിക്ക് എന്താണോ അതുപോലെയാണ് ഈ താഴ്വ‌ാരങ്ങളും.

235. ദൈവം പ്രകൃതിയെ സ്വീകരിച്ച് അതിസ്വാഭാവിക ജീവൻ പ്രദാനം ചെയ്യാനുള്ള മാദ്ധ്യമമായി സവിശേഷരീതിയിൽ അതിനെ ഉയർത്തുന്നതാണു കൂദാശകൾ. ദൈവാരാധയിലൂടെ മറ്റൊരു തലത്തിൽനിന്നുകൊണ്ട് ലോകത്തെ പുല്‌കുവാൻ നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നു. ജലം, എണ്ണ, തീയ്, നിറങ്ങൾ തുടങ്ങിയവയെ എല്ലാം അവയുടെ പ്രതീകാത്മകശക്തിയോടുകൂടിത്തന്നെ സ്വീകരിച്ച് നമ്മുടെ സ്തു‌തിയുടെ പ്രവൃത്തിയിൽ ഉൾച്ചേർത്തിരിക്കുന്നു. അനുഗ്രഹിക്കുന്ന കരം ദൈവസ്നേഹത്തിൻ്റെ ഒരുപകരണവും ജീവിത യാത്രയിൽ നമ്മെ അനുധാവനം ചെയ്യുന്ന ഈശോമിശിഹായുടെ സഹവാസത്തിൻ്റെ പ്രതിഫലനവുമാണ്. മാമോദീസാവേളയിൽ ശിശുവിന്റെ ശരീരത്തിന്മേൽ ഒഴിക്കപ്പെടുന്ന ജലം പുതുജീവന്റെ പ്രതീകമാണ്. ദൈവത്തെ കണ്ടുമുട്ടുക എന്നാൽ ലോകത്തിൽ നിന്നുള്ള ഒളിച്ചോട്ടമോ പ്രകൃതിയോടു പുറംതിരിഞ്ഞുനില്ക്കലോ അല്ല. പൗരസ്ത്യ ക്രൈസ്‌തവസഭയുടെ ആദ്ധ്യാത്മികതയിൽ ഇതു പ്രത്യേകിച്ചും വ്യക്തമാണ്. "പൗരസ്ത‌്യസഭയിൽ ഏറ്റവുമധികം ഇഷ്ട്‌ടപ്പെടുന്നതും ദൈവികൈക്യത്തെയും രൂപാന്തരപ്പെട്ട മാനുഷികതയെയും പ്രകാശിപ്പിക്കാൻ ഉപയോഗിക്കുന്നതുമായ 'സൗന്ദര്യം' എന്ന വാക്ക് സർവത്ര കാണപ്പെടുന്നു; ദൈവാലയത്തിന്റെ ആകൃതിയിലും അതിനുള്ളിലെ സ്വരങ്ങൾ, നിറങ്ങൾ, പ്രകാശം, പരിമളം, എന്നിവയിലും കാണപ്പെടുന്നു." ക്രൈസ്തവരെ സംബന്ധിച്ച് സൃഷ്ടപ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളും അവതരിച്ച വചനത്തിലാണ് അവയുടെ യഥാർത്ഥ സാക്ഷാത്ക്കാരം കണ്ടെത്തുന്നത്. കാരണം, ദൈവപുത്രൻ ഈ ഭൗതിക പ്രപഞ്ചത്തിൻ്റെ ഒരുഭാഗം തന്നിലേക്ക് ഉൾച്ചേർത്തുകൊണ്ട് രൂപാന്തരീകരണത്തിനുള്ള ഒരു വിത്ത് അതിൽ പാകി. “ക്രിസ്‌തീയത പദാർത്ഥത്തെ തള്ളിപ്പറയുന്നില്ല. അതിലുപരിയായി, ശാരീരികത അതിന്റെ എല്ലാ മൂല്യങ്ങളോടെയും ആരാധനാക്രമാനുഷ്‌ഠാനങ്ങളിൽ പരിഗണിക്കപ്പെടുന്നു. അങ്ങനെ, മനുഷ്യശരീരം പരിശുദ്ധാരൂപിയുടെ ആലയമെന്ന നിലയിലുള്ള അതിൻ്റെ ആന്തരിക പ്രകൃതിയിൽ വെളിപ്പെടുത്തപ്പെടുകയും ലോകരക്ഷയ്ക്കുവേണ്ടി ഒരു ശരീരം സ്വീകരിച്ച നമ്മുടെ കർത്താവീശോമിശിഹായുമായി ഐക്യപ്പെടുകയും ചെയ്യുന്നു.

236. വിശുദ്ധ കുർബാനയിലാണു സൃഷ്‌ടവസ്‌തുക്കളെല്ലാം അതിന്റെ ഏറ്റവും ഉന്നതമായ മഹത്വം കൈവരിക്കുന്നത്. സ്പർശ വേദ്യമായ വിധത്തിൽ സ്വയം വെളിപ്പെടുത്താനാഗ്രഹിക്കുന്ന ദൈവകൃപപരമമായ പ്രകാശനം കണ്ടെത്തിയത് ദൈവംതന്നെ മനുഷ്യനായതിലും തൻ്റെ സൃഷ്ട‌ികൾക്കു ഭക്ഷണമായി സ്വയം നല്കിയതിലുമാണ്. മനുഷ്യാവതാരം എന്ന രഹസ്യത്തിന്റെ പരമകോടിയിൽ, കർത്താവ് ഒരു പദാർത്ഥശകലംവഴി നമ്മുടെ ആന്തരിക ആഴങ്ങളിലേക്ക് ഇറങ്ങാൻ തയ്യാറായി. അവിടുന്നു വരുന്നതു മുകളിൽനിന്നല്ല - ഉള്ളിൽ നിന്നാണ് - ഈ ലോകത്തിൽ നമ്മൾ അവിടുത്തെ കണ്ടെത്തേണ്ടതിനാണ്. പരിശുദ്ധ കുർബാനയിൽ സമ്പൂർണതയുണ്ട്; ഇതു പ്രപഞ്ചത്തിൻ്റെ ജീവകേന്ദ്രമാണ്, കരകവിഞ്ഞൊഴുകുന്ന സ്നേഹത്തിൻ്റെയും അക്ഷയജീവന്റെയും കാതലാണ്. പരിശുദ്ധ കുർബാനയിൽ സന്നിഹിതനായിരിക്കുന്ന പുത്രനോടു യോജിച്ചുകൊണ്ടു പ്രപഞ്ചം മുഴുവൻ ദൈവത്തിനു നന്ദി പറയുന്നു. പരിശുദ്ധ കുർബാന തന്നെയും വിശ്വസ്നേഹത്തിന്റെ പ്രവൃത്തിയാണ്; "അതെ, വിശ്വസ്നേഹത്തിന്റെ... എന്തെന്നാൽ, പരിശുദ്ധ കുർബാന ഒരു ഗ്രാമപ്രദേശത്തെ എളിയ ബലിപീഠത്തിൽ ആഘോഷിക്കപ്പെടുമ്പോൾപോലും, ഒരു വിധത്തിൽ അതു ലോകത്തിൻ്റെ ബലിപീഠത്തിന്മേലാണ് അർപ്പിക്കപ്പെടുന്നത്. വിശുദ്ധ കുർബാന സ്വർഗത്തെയും ഭൂമിയെയും യോജിപ്പിക്കുന്നു; അത് എല്ലാ സൃഷ്‌ടികളെയും ആശ്ലേഷിക്കുകയും അവയുടെ ഉള്ളിൽ പ്രവേശിക്കുകയും ചെയ്യുന്നു. ദൈവത്തിൻ്റെ കരങ്ങളിൽ നിന്നു അസ്ഥിത്വം പ്രാപിച്ച പ്രപഞ്ചം ഏകവും അനുഗൃഹീതവുമായ ആരാധനയിലൂടെ അവിടുത്തെ പക്കലേക്കു മടങ്ങുന്നു; ദിവ്യകാരുണ്യ അപ്പത്തിൽ, "സൃഷ്ടി ദൈവീകരണത്തിലേക്ക്, സ്വർഗീയവിവാഹവിരുന്നിലേക്ക്, സ്രഷ്‌ടാവിനോടു തന്നെയുള്ള ഒന്നിച്ചുചേരലിലേക്ക് ഉന്മുഖമായിരിക്കുന്നു.  ഇപ്രകാരം, പരിശുദ്ധ കുർബാന പരിസ്ഥിതിയെക്കുറിച്ചുള്ള നമ്മുടെ കരുതലിന് പ്രചോദനത്തിൻ്റെയും പ്രകാശത്തിൻ്റെയും ഉറവിടമാണ്. അതു നമ്മെ എല്ലാ സൃഷ്‌ടികളുടെയും കാര്യസ്ഥന്മാരാകാൻ വഴി നടത്തുന്നു.

237. ഞായറാഴ്ച്‌ച നമ്മൾ പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതിനു പ്രത്യേക പ്രാധാന്യമുണ്ട്. യഹൂദരുടെ സാബത്തു പോലതന്നെ ഞായറാഴ്‌ചയും, ദൈവത്തോടും നമ്മോടുതന്നെയും മറ്റുള്ളവരോടും ലോകത്തോടും നമുക്കുള്ള ബന്ധങ്ങളെ സൗഖ്യപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ദിവസമാണ്. ഞായറാഴ്‌ച ഉത്ഥാനത്തിന്റെ ദിനമാണ്; പുതിയ സൃഷ്‌ടിയുടെ "ആദ്യദിവസമാണ്; ഈ സൃഷ്ടിയുടെ ആദ്യഫലങ്ങൾ കർത്താവിൻ്റെ ഉത്ഥാനം ചെയ്ത മാനുഷികതയും എല്ലാ സൃഷ്‌ട യാഥാർത്ഥ്യങ്ങളുടെയും അവസാന രൂപാന്തരത്തിൻ്റെ അച്ചാരവുമാണ്. അതു "ദൈവത്തിലുള്ള മനുഷ്യൻ്റെ നിത്യവിശ്രമത്തെ" പ്രഖ്യാപിക്കുന്നു. ഇപ്രകാരം, ക്രൈസ്തവ ആത്മീയത വിശ്രമത്തിൻ്റെയും ആഘോഷത്തിന്റെയും മൂല്യത്തെ ഉൾച്ചേർക്കുന്നു. ധ്യാനാത്മകമായ വിശ്രമത്തെ അനാവശ്യമെന്നും നിഷ്‌ഫലമെന്നും വിലകുറച്ചു കാണാനുള്ള ഒരു പ്രവണത നമുക്കുണ്ട്; എന്നാലിത്, തൊഴിലിനെ സംബന്ധിച്ച ഏറ്റവും പ്രധാനപ്പെട്ട അർത്ഥത്തെ ഇല്ലാതാക്കുന്നതിനു തുല്യമാണ്. 

നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നത് നമ്മുടെ തൊഴിലിൽ സ്വീകാര്യതയുടെയും സൗജന്യദാനത്തിൻ്റെയും മാനങ്ങൾകൂടി ഉൾപ്പെടുത്താനാണ്. അതാകട്ടെ, വെറും നിഷ്ക്രിയത്വമല്ലതാനും; മറിച്ച്, വേല ചെയ്യുന്നതിന്റെ മറ്റൊരു രൂപമാണ്. നമ്മുടെ അന്തഃസത്തയെത്തന്നെ രൂപീകരിക്കുന്ന ഒരു മാർഗം. അതു മനുഷ്യപ്രവൃത്തിയെ ശൂന്യമായ പ്രവർത്തനത്വര ആകുന്നതിൽനിന്നു സംരക്ഷിക്കുന്നു. അതു മറ്റെല്ലാറ്റിനും പ്രതികൂലമാകത്തക്കവിധത്തിൽ അവനവന്റെ നേട്ടംമാത്രം തേടുന്ന കടിഞ്ഞാണില്ലാത്ത, അത്യാഗ്രഹം, ഏകാന്തത എന്നിവയിൽനിന്നും നമ്മെ സംരക്ഷിക്കുന്നു. ആഴ്ചവിശ്രമത്തെക്കുറിച്ചുള്ള നിയമം ഏഴാം ദിവസത്തെ ജോലി നിരോധിച്ചിട്ടുണ്ട്. “നിന്റെ കാളയും കഴുതയും വിശ്രമിക്കട്ടെ. നിൻ്റെ ദാസിയുടെ പുത്രനും പരദേശിയും ക്ഷീണം തീർക്കട്ടെ." (പുറ 23,12). വിശ്രമം നമ്മുടെ കണ്ണുകളെ വിശാലമായ ചിത്രത്തിലേക്കു തുറക്കുകയും മറ്റുള്ളവരുടെ അവകാശങ്ങളെക്കുറിച്ചു വർദ്ധിച്ച സംവേദനക്ഷമത നല്‌കുകയും ചെയ്യുന്നു. അങ്ങനെ, പരിശുദ്ധ കുർബാനയിൽ കേന്ദ്രീകൃതമായ വിശ്രമത്തിൻ്റെ ദിവസം ആഴ്‌ചമുഴുവനിലും പ്രഭവിതറുകയും പ്രകൃതിയോടും ദരിദ്രരോടും നമുക്കുള്ള കരുതലിനെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. 

VII. പരിശുദ്ധ ത്രിത്വവും സൃഷ്ടികൾ തമ്മിലുള്ള ബന്ധവും

238. പിതാവ് എല്ലാറ്റിൻ്റെയും ആത്യന്തിക ഉറവിടമാണ്. അസ്തിത്വമുള്ള എല്ലാറ്റിന്റെയും സ്നേഹമുള്ള, സ്വയം വെളിപ്പെടുത്തുന്ന അടിത്തറയുമാണ്. അവിടുത്തെ പ്രതിച്ഛായയായ പുത്രനാൽ എല്ലാം സൃഷ്‌ടിക്കപ്പെട്ടു. പുത്രൻ മറിയത്തിൻ്റെ ഉദരത്തിൽ ഉരുവായപ്പോൾ തന്നെത്തന്നെ ഈ ലോകത്തോട് ഉൾച്ചേർത്തു. സ്നേഹത്തിന്റെ അനന്ത ബന്ധമായ പരിശുദ്ധാരൂപി പുതിയ വഴികൾ രൂപപ്പെടുത്തിക്കൊണ്ടും നമ്മെ പ്രചോദിപ്പിച്ചുകൊണ്ടും പ്രപഞ്ചത്തിന്റെ ഉള്ളിന്റെയുള്ളിൽ സന്നിഹിതനാണ്. മൂന്നാളുകളും ഏക ദൈവിക സത്തയിലാണു പ്രപഞ്ചം സൃഷ്‌ടിച്ചത്; ഓരോരുത്തരും അവരവരുടെ വ്യക്തി സവിശേഷതകൾക്കനുസൃതമായി സൃഷ്ടികർമ്മം നിർവഹിച്ചു. തത്‌ഫലമായി, "പ്രപഞ്ചത്തെ അതിന്റെ സർവ മഹിമയിലും സൗന്ദര്യത്തിലും വിസ്‌മയത്തോടെ നമ്മൾ ധ്യാനിക്കുമ്പോൾ പരിശുദ്ധ ത്രിത്വത്തെ വാഴ്ത്തണം.

239. ക്രൈസ്തവരെ സംബന്ധിച്ച്, ത്രിതൈ്വക കൂട്ടായ്മയായ ഏകദൈവത്തിലുള്ള വിശ്വാസം പരിശുദ്ധ ത്രിത്വത്തിൻ്റെ മുദ്ര എല്ലാ സൃഷ്ടികളുടെയുംമേൽ ഉണ്ടെന്നുള്ളതിൻ്റെ തെളിവാണ്. വിശുദ്ധ ബൊനവെഞ്ചറിൻ്റെ അഭിപ്രായത്തിൽ, ആദിപാപത്തിനു മുമ്പുള്ള മനുഷ്യൻ, "ദൈവം ത്രിത്വമാണെന്നുള്ളതിന് ഓരോ സൃഷ്ടിയും എങ്ങനെ സാക്ഷ്യം വഹിക്കുന്നു" എന്നു കണ്ടിരുന്നു. “പ്രകൃതിയാകുന്ന പുസ്തകം മനുഷ്യനു മുമ്പിൽ തുറന്നിരിക്കുകയും, നമ്മുടെ കണ്ണുകൾ അന്ധകാരാവൃതമാകാതിരിക്കുകയും ചെയ്തിരുന്നപ്പോൾ," പരിശുദ്ധ ത്രിത്വത്തിൻ്റെ പ്രതിഫലനം പ്രകൃതിയിലുടനീളം തിരിച്ചറിയപ്പെട്ടിരുന്നു. ഫ്രാൻസിസ്‌കൻ സമൂഹത്തിൽപ്പെട്ട ഈ വിശുദ്ധൻ നമ്മെ പഠിപ്പിക്കുന്നത്, "ഓരോ സൃഷ്‌ടിയും അതിനുള്ളിൽത്തന്നെ പരിശുദ്ധ ത്രിത്വത്തിൻ്റെ ഘടന സംവഹിക്കുന്നു" എന്നാണ്. മനുഷ്യവീക്ഷണം ഇത്രയധികം ഭാഗികവും ഇരുണ്ടതും ദുർബലവുമല്ലായിരുന്നെങ്കിൽ ഒറ്റനോട്ടത്തിൽതന്നെ ദൃഷ്ടിഗോചരമാകത്തക്കവിധം ഈ മുദ്ര അത്രമാത്രം യഥാർത്ഥമാണ്. ഇപ്രകാരം, ത്രിത്വാത്മക താക്കോൽ (trinitarian key) ഉപയോഗിച്ചു യാഥാർത്ഥ്യത്തെ വായിക്കാൻ ശ്രമിക്കാനുള്ള വെല്ലുവിളി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

240. ത്രിത്വത്തിലെ വ്യക്തിത്വങ്ങൾ പര്‌സ്‌പരം സഹവസിക്കുന്ന ബന്ധങ്ങളാണ് (subsistent relations). ദൈവികമാതൃകയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ലോകവും ബന്ധങ്ങളുടെ ഒരു ശൃംഘലയാണ്. സൃഷ്ടികൾ ദൈവത്തിലേക്കു ചായ്‌വുള്ളവയാണ്; അതു പോലെതന്നെ, ഓരോ ജീവിയും മറ്റൊന്നിലേക്കു ചായ്‌വുള്ള തായിരിക്കുക യുക്തമാണ്. അതിനാൽ, പ്രപഞ്ചത്തിലുടനീളം സുസ്ഥിരവും പരസ്‌പരം ഇഴചേർന്നിരിക്കുന്നതും രഹസ്യാത്മകവുമായ ബന്ധങ്ങൾ എത്രവേണമെങ്കിലും കണ്ടെത്താനാവും. ഇതു നമ്മെ പ്രചോദിപ്പിക്കുന്നത് സൃഷ്‌ടികൾക്കിടയിൽ നിലനില്ക്കുന്ന വിവിധങ്ങളായ ബന്ധങ്ങളെക്കുറിച്ച് അത്ഭുതം കൂറാൻ മാത്രമല്ല, നമ്മുടെതന്നെ സാക്ഷാത്‌കാരത്തിന്റെ താക്കോൽ കണ്ടെത്താനുമാണ്. മനുഷ്യവ്യക്തി ദൈവത്തോടും മറ്റുള്ളവരോടും മറ്റു സൃഷ്ടികളോടും കൂട്ടായ്‌മയിൽ ജീവിക്കാനായി തനിക്കു പുറത്തേക്കു കടന്നുകൊണ്ട്, ബന്ധങ്ങളിൽ ഏർപ്പെടുന്നതിന്റെ അനുപാതമനുസരിച്ച്, കൂടുതൽ വളരുകയും, കൂടുതൽ പക്വത പ്രാപിക്കുകയും, കുടുതൽ വിശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു. ഇപ്രകാരം, അവർ സൃഷ്‌ടിക്കപ്പെട്ടപ്പോൾ ദൈവം അവരിൽ നിക്ഷേപിച്ച ത്രിത്വത്തിൻ്റെ ചലനാത്മകത അവർ തങ്ങളുടെ സ്വന്തമാക്കിത്തീർക്കുന്നു. എല്ലാം പരസ്‌പരബദ്ധമാണ്; ഇതു നമ്മെ പരിശുദ്ധ ത്രിത്വത്തിൻ്റെ ദിവ്യരഹസ്യത്തിൽനിന്ന് ഉറവയെടുക്കുന്ന ആഗോളൈക്യത്തിൻ്റെ ആത്മീയത വളർത്തിയെടുക്കാൻ ക്ഷണിക്കുന്നു. 

VIII. സർവസൃഷ്‌ടികളുടെയും രാജ്ഞി

241. ഈശോയെ കരുതലോടെ വളർത്തിയ അമ്മയായ മറിയം മുറിവേറ്റ ഈ ലോകത്തെക്കുറിച്ച് ഇപ്പോൾ മാതൃസഹജമായ വാത്സല്യത്തോടെയും നൊമ്പരത്തോടെയും കരുതൽ പുലർത്തുന്നു. അവളുടെ മുറിവേറ്റ ഹൃദയം ഈശോയുടെ മരണത്തിൽ വിലപിച്ചതുപോലെ, ക്രൂശിക്കപ്പെട്ട ദരിദ്രരെയും മനുഷ്യന്റെ ആധിപത്യത്താൽ മലിനമാക്കപ്പെട്ട ഈ ലോകത്തിലെ സൃഷ്ടികളെയും പ്രതി അവൾ ഇപ്പോൾ വേദനിക്കുന്നു. സമ്പൂർണമായി രൂപാന്തരപ്പെട്ട് അവൾ ഇപ്പോൾ ഈശോയോടൊപ്പം ജീവിക്കുകയും സർവസൃഷ്‌ടികളും അവളുടെ സൗന്ദര്യത്തെ പ്രകീർത്തിക്കുകയും ചെയ്യുന്നു. "അവൾ സൂര്യനെ ഉടയാടയാക്കിയ സ്ത്രീയാണ്. പാദങ്ങൾക്കടിയിൽ ചന്ദ്രൻ നിന്നിരുന്നു. ശിരസിൽ പന്ത്രണ്ടു നക്ഷത്രങ്ങൾകൊണ്ടുള്ള കിരീടവും" (വെളി 12,1). സ്വർഗത്തിലേക്ക് എടുക്കപ്പെട്ട അവൾ സർവസൃഷ്‌ടികളുടെയും മാതാവും രാജ്ഞിയുമാണ്. ഉത്ഥിതനായ മിശിഹായോടൊത്ത്, അവളുടെ മഹത്വീകൃതമായ ശരീരത്തിൽ, സൃഷ്‌ടിയുടെ ഒരു ഭാഗം അതിന്റെ സൗന്ദര്യപൂർണതയിലെത്തിയിരിക്കുന്നു. അവൾ ഈശോയുടെ ജീവിതംമുഴുവൻ തൻ്റെ ഹൃദയത്തിൽ സംഗ്രഹിക്കുകയും (ലൂക്കാ 2,19.51) ഇപ്പോൾ എല്ലാറ്റിൻ്റെയും അർത്ഥം ഗ്രഹിക്കുകയും ചെയ്യുന്നു. അതിനാൽ, ഈ ലോകത്തെ ജ്ഞാനദൃഷ്ടിയോടെ നോക്കിക്കാണാൻ നമ്മെ പ്രാപ്‌തരാക്കുന്നതിന് അവളോടു യാചിക്കാം.

242. നസ്രത്തിലെ തിരുക്കുടുംബത്തിൽ മറിയത്തോടൊപ്പം വിശുദ്ധ യൗസേപ്പിനെ നമുക്കു കാണാം. തൻ്റെ അദ്ധ്വാനവും ഉദാരത നിറഞ്ഞ സാന്നിദ്ധ്യവുംവഴി അദ്ദേഹം മറിയത്തെയും ഈശോയെയും കരുതലോടെ സംരക്ഷിച്ചു. ഈജിപ്തിലേക്കുള്ള പലായനത്തിലൂടെ അവരെ നീതിരഹിതരുടെ അതിക്രമങ്ങളിൽ നിന്നു രക്ഷിച്ചു. സുവിശേഷം വിശുദ്ധ യൗസേപ്പിനെ നീതിമാനും കഠിനാദ്ധ്വാനിയും ശക്തനുമായാണ് അവതരിപ്പിക്കുന്നത്. പക്ഷേ, അദ്ദേഹം വലിയ ആർദ്രതയും പ്രകടിപ്പിക്കുന്നുണ്ട്. അതു ബലഹീനരുടെ അടയാളമല്ല, യഥാർത്ഥ ബലവാന്മാരുടെ മുഖമുദ്രയാണ്. അവർ യാഥാർത്ഥ്യത്തെക്കുറിച്ചു സമ്പൂർണ അവബോധമുള്ളവരും സ്നേഹിക്കാനും വിനയത്തോടെ ശുശ്രൂഷിക്കാനും തയ്യാറുള്ളവരുമാണ്. അതുകൊണ്ടാണ് അദ്ദേഹം തിരുസഭയുടെ കാവൽക്കാരനായി പ്രഖ്യാപിക്കപ്പെട്ടത്. എങ്ങനെയാണു കരുതൽ പുലർത്തേണ്ടതെന്ന് അദ്ദേഹവും നമ്മെ പഠിപ്പിക്കുന്നു; ദൈവം നമ്മെ ഏല്പ്പിച്ചിരിക്കുന്ന ലോകത്തെ ഉദാരതയോടും അലിവോടും കൂടി സംരക്ഷിക്കുന്നതിനായി അദ്ധ്വാനിക്കുവാൻ നമുക്കു പ്രചോദനം നല്‌കാൻ അദ്ദേഹത്തിനാകും.

IX. സൂര്യനപ്പുറം

243. അവസാനം നാമെല്ലാവരും ദൈവത്തിൻ്റെ അനന്ത സൗന്ദര്യത്തെ മുഖാമുഖം കാണും (1 കോറി 13,12). അവസാനിക്കാത്ത സമ്പൂർണതയിൽ നമ്മോടൊപ്പം പങ്കുപറ്റാനിരിക്കുന്ന പ്രപഞ്ചത്തിന്റെ രഹസ്യത്തെ വിസ്‌മയത്തോടും സന്തോഷത്തോടുംകൂടെ മനസ്സിലാക്കും. ഇപ്പോൾതന്നെ നമ്മൾ നിത്യയുടെ സാബത്തിലേക്ക് (sabbath of eternity) - പുതിയ ഓർശ്ശമിലേക്ക്, സ്വർഗത്തിലെ നമ്മുടെ പൊതുഭവനത്തിലേക്ക് യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ്. ഈശോ പറയുന്നു: "സകലതും ഞാൻ നവീകരിക്കുന്നു." (വെളി 21, 5). ഓരോ സൃഷ്‌ടിയും പ്രഭാപൂർണമായി രൂപാന്തരപ്പെടുന്നതിന്റെയും, അതതിന് അവകാശപ്പെട്ട സ്ഥാനം സ്വീകരിക്കുന്നതിൻ്റെയും, എന്നേക്കുമായി വിമോചിപ്പിക്കപ്പെടുന്ന സാധുമനുഷ്യർക്കു സന്തോഷം പ്രദാനം ചെയ്യുന്നതിന്റേതുമായ വിസ്മയത്തിൽ പങ്കുചേരുന്ന അനുഭവമായിരിക്കും നിത്യജീവൻ.

244. ഇതിനിടയിൽ, നമുക്കു ഭരമേല്പ്പിക്കപ്പെട്ടിരിക്കുന്ന ഈ ഭവനത്തിന്റെ ഉത്തരവാദിത്വമേൽക്കാൻ നമ്മൾ ഒരുമിക്കുന്നത്, ഇവിടെ അസ്തിത്വമുള്ള എല്ലാ വസ്‌തുക്കളും സ്വർഗീയവിരുന്നിൽ സ്വീകരിക്കപ്പെടുമെന്ന് അറിഞ്ഞുകൊണ്ടാണ്. എല്ലാ സൃഷ്‌ടികളോടുമൊപ്പം നമ്മൾ ഈ ഭൂമിയിലൂടെ ദൈവത്തെ തേടി യാത്ര ചെയ്യുകയാണ്. കാരണം, "ലോകത്തിന് ഒരാരംഭമുണ്ടെങ്കിൽ, അതു സൃഷ്ട‌ിക്കപ്പെട്ടതാണെങ്കിൽ, ആരാണിതിന് ആരംഭം നല്കിയതെന്നും, ആരാണിതിൻ്റെ സ്രഷ്‌ടാവ്‌ എന്നും നമ്മൾ ആരായണം. ഗാനമാലപിച്ചുകൊണ്ടു നമുക്കു മുമ്പോട്ടു നീങ്ങാം. ഈ പ്രപഞ്ചത്തെപ്രതിയുള്ള നമ്മുടെ ക്ലേശങ്ങളും ആകുലതയും പ്രത്യാശയുടെ ആനന്ദം ഒരിക്കലും നമ്മിൽനിന്ന് എടുത്തു കളയാതിരിക്കട്ടെ.

245. ഉദാരമായ പ്രതിബദ്ധതയിലേക്കും നമുക്കുള്ള സർവവും അവിടുത്തേക്കു സമർപ്പിക്കുന്നതിലേക്കും നമ്മെ ക്ഷണിക്കുന്ന ദൈവം നമ്മുടെ മാർഗത്തിൽ ഉറച്ചുനില്ക്കാനുള്ള ശക്തിയും പ്രകാശവും നല്കുന്നു. നമ്മെ വളരെയധികം സ്നേഹിക്കുന്ന ജീവൻ്റെ നാഥൻ ഈ ലോകത്തിൻ്റെ ഹൃദയത്തിൽ സദാ സന്നിഹിതനാണ്. അവിടുന്നു നമ്മെ ഉപേക്ഷിക്കുന്നില്ല; നമ്മെ തനിച്ചാക്കുന്നുമില്ല; കാരണം, അവിടുന്നു തന്നെത്തന്നെ നമ്മുടെ ഭൂമിയോട് എന്നെന്നേക്കുമായി ഐക്യപ്പെടുത്തിയിരിക്കുന്നു. പുതിയ വഴികൾ കണ്ടെത്താൻ അവിടുത്തെ സ്നേഹം നിരന്തരം നമ്മെ നിർബന്ധിക്കുന്നു. അവനു സ്‌തുതി!

246. സന്തോഷകരവും എന്നാൽ അസ്വസ്‌ഥതപ്പെടുത്തുമായ ഈ സുദീർഘവിചിന്തനത്തിൻ്റെ അന്ത്യത്തിൽ, നമുക്കു രണ്ടു പ്രാർത്ഥനകൾ നടത്താം. ആദ്യത്തേത്, എല്ലാറ്റിൻ്റെയും സ്രഷ്ടാവായ ദൈവത്തിൽ വിശ്വസിക്കുന്ന എല്ലാവരുമൊത്തു പങ്കുവയ്ക്കാവുന്നതാണ്. രണ്ടാമത്തേത്, ഈശോയുടെ സുവിശേഷത്താ നമ്മുടെ മുമ്പിൽ വയ്ക്കപ്പെട്ടിരിക്കുന്ന സൃഷ്‌ടിയോടുള്ള പ്രബദ്ധത ഏറ്റെടുക്കുന്നതിനു പ്രചോദനം ലഭിക്കാൻ ക്രൈസ്തവരായ നമ്മൾ നടത്തുന്ന യാചനയാണ്. 

നമ്മുടെ ഭൂമിക്കു വേണ്ടിയുള്ള പ്രാർത്ഥന 

സർവ്വശക്തനായ ദൈവമേ, അങ്ങു പ്രപഞ്ചം മുഴുവനിലും, അവിടുത്തെ ഏറ്റവും ചെറിയ സൃഷ്ട‌ികളിലും സന്നിഹിതനാണല്ലോ. നിലനില്ക്കുന്ന സകലതിനെയും അലിവുള്ള ഹൃദയത്താൽ അങ്ങു പുണരുന്നു. അവിടുത്തെ സ്നേഹത്തിന്റെ ശക്തി ഞങ്ങളിൽ വർഷിക്കണമേ. അങ്ങനെ ഞങ്ങൾ ജീവനെയും സൗന്ദര്യത്തെയും സംരക്ഷിക്കട്ടെ. ആരെയും ഉപദ്രവിക്കാതെ സഹോദരി സഹോദരന്മാരെപ്പോലെ ജീവിക്കുവാൻ സമാധാനത്താൽ ഞങ്ങളെ നിറയ്ക്കണമേ. പാവപ്പെട്ടവരുടെ ദൈവമേ, അങ്ങയുടെ മുമ്പിൽ അമൂല്യരായവരും എന്നാൽ, ഭൂമിയിൽ വിസ്‌മരിക്കപ്പെട്ടവരും ഉപേക്ഷിക്കപ്പെട്ടവരുമായവരെ രക്ഷിക്കാൻ അങ്ങു ഞങ്ങളെ സഹായിക്കണമേ. ഞങ്ങളുടെ ജീവിതങ്ങളെ സൗഖ്യപ്പെടുത്തണമേ. അതു വഴി ഞങ്ങൾ ലോകത്തെ കാർന്നുതിന്നുന്നവരാകാതെ സംരക്ഷിക്കുന്നവരും, മാലിന്യവും നാശവും വിതയ്ക്കുന്നവരാകാതെ സൗന്ദര്യം വിതയ്ക്കുന്നവരാകട്ടെ. തങ്ങളുടെ സ്വാർത്ഥലാഭത്തിനു വേണ്ടി ഈ ഭൂമിയെയും പാവപ്പെട്ടവരെയും ഇരയാക്കുന്നവരുടെ ഹ്യദയങ്ങളെ സ്പർശിക്കണമേ. 

അങ്ങേ നിത്യപ്രകാശത്തിലേക്കുള്ള ഞങ്ങളുടെ പ്രയാണത്തിൽ, വിസ്മ‌യത്താലും ധ്യാനാത്മകതയാലും ഞങ്ങൾ നിറയപ്പെടാനും, ഒരോ സൃഷ്‌ടിയുമായി ആഴമായി ഐക്യപ്പെട്ടിരിക്കുന്നു എന്നു തിരിച്ചറിയാനുംവേണ്ടി ഓരോ വസ്‌തുവിന്റെയും മൂല്യം കണ്ടെത്തുവാൻ ഞങ്ങളെ പഠിപ്പിക്കണമേ. ഓരോ ദിവസവും ഞങ്ങളോടൊത്തായിരിക്കുന്നതിനെയോർത്തു ഞങ്ങൾ അങ്ങേക്കു നന്ദി പറയുന്നു. നീതിക്കും സ്നേഹത്തിനും സമാധാനത്തിനുംവേണ്ടിയുള്ള പോരാട്ടത്തിൽ ഞങ്ങളെ ധൈര്യപ്പെടുത്തണമേ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. 

സൃഷ്ടിയോടൊത്തുള്ള ക്രിസ്‌തീയ പ്രാർത്ഥന 

പിതാവേ, സർവസൃഷ്‌ടികളോടുമൊത്തു ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു. അങ്ങയുടെ സർവശക്തിയുള്ള കരങ്ങളിൽനിന്ന് അവ രൂപംകൊണ്ടു. അവ അങ്ങയുടേതാണ്; അങ്ങയുടെ സാന്നിദ്ധ്യത്താലും കരുണാർദ്ര സ്നേഹത്താലും അവ നിറഞ്ഞിരിക്കുന്നു. അങ്ങേക്കു സ്‌തുതി! 

ഈശോയേ, ദൈവപുത്രാ, അങ്ങയാൽ സർവം സൃഷ്ടിക്കപ്പെട്ടു. ഞങ്ങളുടെ അമ്മയായ മറിയത്തിൻ്റെ ഉദരത്തിൽ അങ്ങ് ഉരുവായി. അങ്ങ് ഈ ഭൂമിയുടെ ഭാഗമാവുകയും ഈ ലോകത്തെ മനുഷ്യന്റെ കണ്ണുകൾകൊണ്ടു കാണുകയും ചെയ്തു. ഇന്ന് അങ്ങയുടെ ഉത്ഥാനമഹത്വത്തിൽ അങ്ങ് എല്ലാ സൃഷ്ടികളിലും ജീവിക്കുന്നു. അങ്ങേക്കു സ്‌തുതി! 

പരിശുദ്ധറുഹായേ, അങ്ങയുടെ പ്രകാശത്താൽ അങ്ങ് ഈ ലോകത്തെ പിതാവിൻ്റെ സ്നേഹത്തിലേക്കു നയിക്കുന്നു. ഈറ്റുനോവോടെ നെടുവീർപ്പിടുന്ന സൃഷ്‌ടിയോടൊത്തു ചരിക്കുകയും ചെയ്യുന്നു. അങ്ങ് ഞങ്ങളുടെ ഹൃദയത്തിൽ വസിക്കുകയും നല്ലതു ചെയ്യാൻ ഞങ്ങളെ പ്രേചോദിപ്പിക്കുകയും ചെയ്യുന്നു. അങ്ങേക്കു സ്‌തുതി! 

ത്രിതൈ്വക ദൈവമേ, അനന്തസ്നേഹത്തിൻ്റെ വിസ്മയകരമായ കൂട്ടായ്മ‌യേ, പ്രപഞ്ചത്തിൻ്റെ സൗന്ദര്യത്തിൽ അവിടുത്തെ ധ്യാനിക്കാൻ ഞങ്ങളെ പഠിപ്പിച്ചാലും. എന്തെന്നാൽ, എല്ലാം അങ്ങയെക്കുറിച്ചു ഭാഷിക്കുന്നു. അങ്ങു സൃഷ്‌ടിച്ച എല്ലാറ്റിനും വേണ്ടി കീർത്തനവും കൃതജ്ഞതയും ഞങ്ങളിൽ ഉണർത്തണമേ. ഉണ്മയായ എല്ലാറ്റിനോടുമുള്ള ആഴമേറിയ ഐക്യം അനുഭവിക്കാനുള്ള കൃപ നല്കണമേ. 

സ്നേഹത്തിന്റെ ദൈവമേ, ഈ ഭൂമിയിലുള്ള എല്ലാ സൃഷ്ടികൾക്കും അങ്ങയുടെ സ്നേഹത്തിൻ്റെ ചാലുകൾ എന്ന നിലയിൽ, ഈ ലോകത്തിൽ ഞങ്ങൾക്കുള്ള സ്ഥാനം കാണിച്ചു തരണമേ. എന്തെന്നാൽ, അങ്ങയുടെ ദൃഷ്‌ടിയിൽ അവയിൽ ഒന്നുപോലും വിസ്‌മരിക്കപ്പെടുന്നില്ല. അധികാരവും സമ്പത്തും കയ്യാളുന്നവരെ പ്രകാശിപ്പിക്കണമേ. അതുവഴി നിസംഗതയുടെ പാപം അവർ ഒഴിവാക്കട്ടെ; പൊതുനന്മയെ അവർ സ്നേഹിക്കട്ടെ. ദുർബലരെ അവർ പോഷിപ്പിക്കട്ടെ. ഞങ്ങൾ ജീവിക്കുന്ന ഈ ലോകത്തെ അവർ കരുതലോടെ കാക്കട്ടെ. ദരിദ്രരും ഭൂമിയും നിലവിളിക്കുന്നു. കർത്താവേ, അങ്ങയുടെ കരുത്താലും പ്രകാശത്താലും അങ്ങു ഞങ്ങളെ ഗ്രസിക്കണമേ. എല്ലാ ജീവനെയും സംരക്ഷിക്കാൻ ഞങ്ങളെ സഹായിക്കണമേ, മെച്ചപ്പെട്ട ഭാവിക്കായി, അങ്ങയുടെ നീതിയുടെയും സമാധാനത്തിന്റെയും സ്നേഹത്തിൻ്റെയും സൗന്ദര്യത്തിന്റെയും രാജ്യത്തിന്റെ ആഗമനത്തിനായി ഞങ്ങൾ ഒരുങ്ങട്ടെ. അങ്ങേക്കു സ്തുതി! ആമ്മേൻ. 

റോമിലെ വിശുദ്ധ പത്രോസിൻ്റെ ബസിലിക്കായിൽ വച്ച് 2015 മെയ് 24 ന് പന്തക്കുസ്‌താത്തിരുനാൾദിനത്തിൽ എന്റെ പാപ്പാ സ്ഥാനാരോഹണത്തിൻ്റെ മൂന്നാം വർഷം നല്കപ്പെട്ടത്. 

Franciscus 

ഫ്രാൻസിസ് പാപ്പാ 



നമ്മുടെ പൊതുഭവനത്തിനു സംഭവിക്കുന്നത് വ്യത്യസ്‌താഭിപ്രായങ്ങൾ സൃഷ്ട‌ിയുടെ സുവിശേഷം  Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message