x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പ്രഖ്യാപനം

Authored by : രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ On 30-Nov-2022

Gravissimum Educationis

വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പ്രഖ്യാപനം

ദൈവദാസന്മാരുടെ ദാസനായ പോൾ മെത്രാൻ അതിപരിശുദ്ധ സൂനഹദോസു പിതാക്കന്മാരോടു ചേർന്ന് സത്യത്തിന്റെ നിത്യസ്മാരകമായി

ആമുഖം

മനുഷ്യജീവിതത്തിൽ വിദ്യാഭ്യാസത്തിനുള്ള അതിഗൗരവാവഹമായ പ്രാധാന്യവും ആധുനികസമൂഹത്തിലെ സാമൂഹികപുരോഗതിയിൽ അതു ചെലുത്തുന്ന വലിയ സ്വാധീനവും ഈ പരിശുദ്ധ സാർവത്രികസൂനഹദോസ് ശ്രദ്ധാപൂർവം പരിചിന്തിക്കുന്നു. വാസ്തവത്തിൽ, യുവജനങ്ങളുടെ വിദ്യാഭ്യാസവും മാത്രമല്ല, പ്രായമുള്ളവരുടെ ഏതെങ്കിലും വിധത്തിലുള്ള തുടർ പരിശീലനവും നമ്മുടെ ഇന്നത്തെ കാലത്തിന്റെ സാഹചര്യങ്ങളിൽ സുകരവും അതേസമയം അടിയന്തരപ്രാധാന്യമുള്ളതും ആയിത്തീർന്നിരിക്കുന്നു. കാരണം, മനുഷ്യർ സ്വന്തം മഹത്ത്വത്തെക്കുറിച്ചും കടമകളെക്കുറിച്ചും കൂടുതൽ ബോധവാന്മാരായി, സാമൂഹികജീവിതത്തിൽ, പ്രത്യേകിച്ച് സാമ്പത്തികവും രാഷ്ട്രീയവുമായ കാര്യങ്ങളിൽ, കൂടുതൽ സജീവമായി പങ്കുപറ്റാൻ ആഗ്രഹിക്കുന്നു. കലയുടെയും സാങ്കേതികപരിജ്ഞാനത്തിന്റെയും ശാസ്ത്രീയ ഗവേഷണത്തിന്റെയും അദ്ഭുതാവഹമായ പുരോഗതി പുതിയ സാമൂഹിക, സമ്പർക്കമാധ്യമങ്ങൾക്കുള്ള അവസരം മനുഷ്യർക്കു നല്കുന്നു. അവ ജോലി കളിൽനിന്ന് ഒഴിവുള്ള കൂടുതൽ ഇടവേളകൾ നല്കുന്നതുകൊണ്ട് അവരുടെ മനസ്സിന്റെയും ആത്മാവിന്റെയും സാംസ്കാരികപിതൃസമ്പത്തിനോട് കൂടുതൽ എളുപ്പം ഉൾച്ചേരുന്നതിനും, കൂടുതൽ ഗാഢമായി സമൂഹങ്ങളുടെയും ജനപദങ്ങളുടെ തന്നെയും ഇല്ലായ്മകൾ പരസ്പരം നികത്തുന്നതിനും കളമൊരുക്കുന്നു.

ഇക്കാരണത്താൽ, എല്ലായിടത്തും വിദ്യാഭ്യാസം ഉപര്യുപരി വളർത്തുന്നതിൽ പരിശ്രമം നടക്കുകയാണ്. എല്ലാ മനുഷ്യരുടെയും, പ്രത്യേകിച്ച് കുട്ടികളുടെയും മാതാപിതാക്കന്മാരുടെതന്നെയും വിദ്യാഭ്യാസം സംബന്ധിക്കുന്ന മൗലികാവകാശങ്ങൾ പ്രഖ്യാപിക്കപ്പെടുകയും പൊതുവായ പ്രമാണരേഖകളിലൂടെ അംഗീകരിക്കപ്പെടുകയുമാണ്.  വിദ്യാർത്ഥികളുടെ എണ്ണം അതിവേഗം വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ, പള്ളിക്കൂടങ്ങളുടെ എണ്ണം വ്യാപകമായി വർധിതമാകുകയും അവ മെച്ചമാക്കപ്പെടുകയും മറ്റു വിദ്യാഭ്യാസകേന്ദ്രങ്ങൾ സ്ഥാപിതമാകുകയും ചെയ്യുന്നു. വിദ്യാഭ്യാസത്തിന്റെയും പരിശീലനത്തിന്റെയും രീതിയിൽ പുതിയ പരീക്ഷണങ്ങൾ നടക്കുകയാണ്. എല്ലാ മനുഷ്യർക്കും ഇവ സംലഭ്യമാകുന്നതിനുവേണ്ടിയുള്ള പരിശ്രമം വളരെ പ്രാധാന്യത്തോടെ നടത്തപ്പെടുന്നെങ്കിലും അനേകം കുട്ടികളും യുവജനങ്ങളും അടിസ്ഥാനവിദ്യാഭ്യാസത്തിൽനിന്നു പോലും അകറ്റിനിർത്തപ്പെടുകയും മറ്റനേകം പേർക്ക് സത്യവും സ്നേഹവും പരിശീലിക്കുന്നതിനു മതിയായ വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയും ചെയ്യുന്നു.

സഭാമാതാവ് തന്റെ ദിവ്യസ്ഥാപകനിൽനിന്നു സ്വീകരിച്ച കല്പന നിറവേറ്റുന്നതിന്, അതായത്, എല്ലാ മനുഷ്യർക്കും രക്ഷയുടെ സന്ദേശം പ്രഘോഷിക്കുന്നതിനും മിശിഹായിൽ സർവവും നവീകരിക്കുന്നതിനുമായി, മനുഷ്യജീവിതം മുഴുവനെയും സ്വർഗീയ ദൈവവിളിയോടു ബന്ധപ്പെട്ടവയെന്ന നിലയിൽ ഭൗതികജീവിതത്തെയും പരിപോഷിപ്പിക്കാൻ കടപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും അവൾക്ക് സ്വന്തംഭാഗം നിർവഹിക്കാനുണ്ട്. തന്നിമിത്തം ഈ പരിശുദ്ധ സൂനഹദോസ് ക്രിസ്തീയ വിദ്യാഭ്യാസം സംബന്ധിച്ച്, പ്രത്യേകിച്ച് സ്കൂൾവിദ്യാഭ്യാസം സംബന്ധിച്ച്, ചില അടിസ്ഥാനപരമായ തത്ത്വങ്ങൾ പ്രഖ്യാപിക്കുകയാണ്. ഇവ സൂനഹദോസിനുശേഷം ഒരു പ്രത്യേക കമ്മീഷൻ കൂടുതൽ ആഴത്തിൽ വിശദീകരിക്കുകയും വിവിധസ്ഥലങ്ങളുടെ പ്രത്യേകസാഹചര്യങ്ങളനുസരിച്ച് മെത്രാൻ സംഘങ്ങൾ നടപ്പിലാക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.

1 വിദ്യാഭ്യാസത്തിനുള്ള സാർവത്രികാവകാശവും അതിന്റെ അർത്ഥവും

ഏതു ജാതിയിലും പരിതഃസ്ഥിതിയിലും പ്രായത്തിലുമുള്ള സകല മനുഷ്യർക്കും മനുഷ്യവ്യക്തിയെന്ന മാഹാത്മ്യത്തിന്റെ ഉടമകളെന്ന നിലയിൽ സ്വന്തം ലക്ഷ്യപ്രാപ്തിക്ക് ഉതകുന്നതും ഓരോരുത്തരുടെയും സ്വഭാവത്തിനും ലിംഗഭേദത്തിനും സംസ്കാരത്തിനും ദേശീയപാരമ്പര്യത്തിനും അനുരൂപമായതും ലോകത്തിൽ യഥാർത്ഥ ഐക്യവും സമാധാനവും സ്ഥാപിക്കുന്നതിനുവേണ്ടി മറ്റു മനുഷ്യരോട് ഭ്രാതൃതുല്യമായ സൗഹൃദത്തിലേക്കു നയിക്കുന്നതുമായ വിദ്യാഭ്യാസത്തിന്, അന്യാധീനപ്പെടുത്താൻ പാടില്ലാത്ത അവകാശമുണ്ട്. ശരിയായവിദ്യാഭ്യാസം മനുഷ്യന് അവന്റെ അന്തിമലക്ഷ്യത്തിനും അവൻ അംഗമായിരിക്കുന്നതും പ്രായപക്വത പ്രാപിച്ച് അതിന്റെ കടമകളിൽ ഭാഗഭാഗിത്വം വഹിക്കേണ്ടതുമായ സമൂഹത്തിന്റെ നന്മയ്ക്കുമായി, മനുഷ്യവ്യക്തിത്വത്തിന്റെ രൂപവത്കരത്തിനുവേണ്ടി പ്രയത്നിക്കുന്നു.

അതുകൊണ്ട്. കുട്ടികളും യുവജനങ്ങളും മനഃശാസ്ത്രത്തിലും ബോധനശാസ്ത്രത്തിലും ധാർമികശാസ്ത്രത്തിലുമുണ്ടായിട്ടുള്ള പുരോഗതി കണക്കിലെടുത്ത് ശാരീരികവും ധാർമികവും ബൗദ്ധികവുമായ സ്വഭാവഗുണങ്ങൾ സമന്വയിപ്പിച്ച് വികസിപ്പിക്കാൻ സഹായിക്കപ്പെടണം. അതുവഴി, ക്രമേണ സ്വജീവിതത്തിൽ സ്ഥിരപരിശ്രമംവഴി പരിശീലിക്കേണ്ട തികഞ്ഞ ഉത്തരവാദിത്വബോധം നേടിയെടുക്കാനും തടസ്സങ്ങൾ ഉദാത്തവും സുസ്ഥിരവുമായ മനസ്സോടെ അതിജീവിച്ച്, ശരിയായ സ്വാതന്ത്ര്യത്തോടെ ആ ഗുണങ്ങൾ പിന്തുടരുന്നതിനും അവർക്കു കഴിയണം. പ്രായപൂർത്തിക്കനുസരിച്ച് ക്രമേണ വ്യക്തവും വിവേകപൂർണവുമായ ലൈംഗികവിദ്യാഭ്യാസം അവർക്കു നല്കണം. മാത്രമല്ല, സാമൂഹികജീവിതത്തിൽ ഭാഗഭാഗിത്വം വഹിക്കാൻ അവശ്യമാർഗങ്ങൾ വഴിയും അവസരങ്ങൾ വഴിയും പരിശീലിപ്പിക്കപ്പെട്ട്, വിവിധ മനുഷ്യസമ്പർക്കസമൂഹങ്ങളിൽ തങ്ങളത്തന്നെ ഉൾച്ചേർക്കാൻ കഴിയത്തക്കവിധത്തിലും മറ്റുള്ളവരുമായി സംവാദത്തിൽ ഏർപ്പെടാനും പൊതുനന്മയ്ക്കായുള്ള പ്രവർത്തനങ്ങളിൽ സസന്തോഷം ഏർപ്പെടാനും പ്രാപ്തമാകത്തക്കവിധത്തിലും അവർക്കു രൂപവത്കരണം നല്കണം.

ധാർമികമൂല്യങ്ങൾ ശരിയായ മനസ്സാക്ഷിയോടെ വിലയിരുത്തുന്നതിനും വ്യക്തിപരമായ പുതിയ നിഷ്ഠയോടെ ആശ്ലേഷിക്കുന്നതിനും ദൈവത്തെ കൂടുതൽ അറിയുന്നതിനും സ്നേഹിക്കുന്നതിനും പ്രേരിപ്പിക്കപ്പെടുകയും ചെയ്യുകയെന്നത് കുട്ടികളുടെയും യുവജനങ്ങളുടെയും അവകാശമാണെന്ന് ഈ പരിശുദ്ധ സൂനഹദോസ് പ്രഖ്യാപിക്കുന്നു. തന്നിമിത്തം, ജനങ്ങളുടെ ഭരണനേതൃത്വം കൈയാളുന്നവരോടും വിദ്യാഭ്യാസാധികൃതരോടും ഈ വിശുദ്ധമായ അവകാശം യുവജനങ്ങൾക്കു നിഷേധിക്കരുതെന്ന് ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു. ഉദാരമായ മനസ്സോടെ വിദ്യാഭ്യാസത്തിന്റെ സകല രംഗങ്ങളിലും പ്രവർത്തിക്കാനും പ്രത്യേകിച്ച് അനുരൂപമായ വിദ്യാഭ്യാസത്തിന്റെയും പരിശീലനത്തിന്റെയും പ്രയോജനങ്ങൾ ലോകം മുഴുവനും കൂടുതൽ വേഗം വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തിനുവേണ്ടി പണിയെടുക്കാനും സഭാമക്കളെ ഉദ്ബോധിപ്പിക്കുന്നു.

2 ക്രിസ്തീയവിദ്യാഭ്യാസം

ജലത്താലും പരിശുദ്ധാത്മാവാലും പുതിയ സൃഷ്ടിയായിത്തീർന്ന് ദൈവമക്കളെന്നുവിളിക്കപ്പെടുകയും അങ്ങനെ ആയിരിക്കുകയും ചെയ്യുന്ന എല്ലാ ക്രിസ്ത്യാനികൾക്കും ക്രിസ്തീയവിദ്യാഭ്യാസത്തിനുള്ള അവകാശമുണ്ട്. അത് മനുഷ്യവ്യക്തിത്വത്തിന്റെ മുൻവിവരിച്ച രീതിയിലുള്ള പക്വത പ്രാപിക്കുന്നതിനുമാത്രമല്ല, പ്രധാനമായും മാമ്മോദീസാസ്വീകരിച്ചവർ രക്ഷാരഹസ്യങ്ങളുടെ അറിവിലേക്ക് ക്രമേണ ആനയിക്കപ്പെടുന്നതിനും സ്വീകരിച്ച വിശ്വാസദാനത്തിന്റെ അവബോധത്തിലേക്ക് അനുദിനം ആനയിക്കപ്പെടുന്നതിനുമാണ്. പിതാവായ ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നതിന് (യോഹ 4:23) പ്രഥമതഃ ആരാധനാപരികർമ്മത്തിൽ പരിശീലിക്കുകയും അങ്ങനെ സ്വജീവിതം പുതിയമനുഷ്യനു യോജിച്ചവിധം നീതിയിലും സത്യമായ വിശുദ്ധിയിലും (എഫേ 4:22-24) നയിക്കുന്നതിന് അനുരൂപപ്പെടുത്താനുമാണിത്. അതുവഴി, അവർ മിശിഹായുടെപൂർണതയുടെ പ്രായപക്വതയിൽ (എഫേ 4:13) പൂർണമനുഷ്യരായിത്തീർന്ന് മിശിഹായുടെ മൗതികശരീരത്തിന്റെ വളർച്ചയ്ക്കു സഹായം നല്കുകയും ചെയ്യേണ്ടിയിരിക്കുന്നു. ഇതിനുപുറമേ, അവർ തങ്ങളുടെ ദൈവവിളിയെക്കുറിച്ച് അവബോധമുള്ളവരായി, അവരിലുള്ള പ്രത്യാശയ്ക്ക് (1 പത്രോ 3:15) സാക്ഷ്യംവഹിക്കാനും മിശിഹായിലുള്ളലോകത്തിന്റെ രൂപവത്കരണത്തിന് സഹായം നല്കാനും പരിശീലിക്കണം. അതുവഴിമിശിഹായാൽ വീണ്ടെടുക്കപ്പെട്ട മനുഷ്യൻ സ്വീകരിച്ചിട്ടുള്ള സ്വാഭാവികകഴിവുകൾ സമഗ്രമായി പരിഗണിച്ച്, സമൂഹത്തിന്റെ മുഴുവൻ നന്മയ്ക്കായി പ്രവർത്തിക്കാൻ അവർപ്രാപ്തരാകണം. അതുകൊണ്ട് വിശ്വാസികളെല്ലാം, പ്രത്യേകിച്ച് സഭയുടെ പ്രതീക്ഷയായ യുവജനങ്ങൾ, ഈ ക്രിസ്തീയവിദ്യാഭ്യാസം സ്വീകരിക്കത്തക്കവിധം എല്ലാം ക്രമവത്കരിക്കേണ്ട ഏറ്റവും ഗൗരവാവഹമായ കടമയെപ്പറ്റി ഈ പരിശുദ്ധ സൂനഹദോസ് ആത്മാക്കളുടെ അജപാലകരെ അനുസ്മരിപ്പിക്കുന്നു.

3 വിദ്യാഭ്യാസം നല്കുന്നതിന്റെ ഉത്തരവാദികൾ

മക്കൾക്ക് ജീവൻ നല്കുന്ന മാതാപിതാക്കന്മാർ, അവർക്കു വിദ്യാഭ്യാസം നല്കേണ്ട അതിഗൗരവാവഹമായ കടമയാൽ ബന്ധിതരായിരിക്കുന്നു. ഇക്കാരണത്താൽ, അവർ പ്രഥമവും പ്രധാനവുമായുള്ള അധ്യാപകരായി അംഗീകരിക്കപ്പെടണം. അധ്യാപനത്തിനുള്ള ഈ കടമയിൽ വീഴ്ചയുള്ളിടത്ത് അതു മറ്റു രീതിയിൽ നികത്താൻ പ്രയാസമാകത്തക്കവിധം അത്രയ്ക്ക് സുപ്രധാനമാണിത്. ദൈവസ്നേഹംകൊണ്ടും ദൈവഭക്തികൊണ്ടും മനുഷ്യസ്നേഹം കൊണ്ടും കുടുംബാന്തരീക്ഷം നിറയ്ക്കുകയെന്നത് മാതാപിതാക്കന്മാരുടെ കടമയാണ്. അതുവഴി മക്കളുടെ വ്യക്തിപരവും സാമൂഹികവുമായ വിദ്യാഭ്യാസത്തിനും പ്രോത്സാഹനം നല്കണം. എല്ലാ സമൂഹത്തിനും അവശ്യാവശ്യകമായ സാമൂഹികസദ്ഗുണങ്ങളുടെ പ്രാഥമികവിദ്യാലയം കുടുംബമാണ്. വിവാഹമെന്ന കൂദാശയുടെ പ്രസാദവരത്താലും കടമയാലും സമ്പന്നമാക്കപ്പെട്ട ക്രിസ്തീയ കുടുംബങ്ങളിൽ മക്കൾ ചെറുപ്രായം മുതല്ക്കേ മാമ്മോദീസായിൽ ലഭിച്ച വിശ്വാസത്തിനനുസരിച്ച് ദൈവത്തെ അറിയാനും ആരാധിക്കാനും അയല്ക്കാരനെ സ്നേഹിക്കാനും പഠിപ്പിക്കപ്പെടുകയെന്നത് അങ്ങേയറ്റം ആവശ്യമായ കാര്യമാണ്. അവിടെത്തന്നെയാണ് ഭദ്രമായ മനുഷ്യസമൂഹത്തിന്റെയും സഭയുടെയും പ്രഥമപരിശീലനം അവർ കണ്ടെത്തുന്നത്. അവസാനമായി, കുടുംബം വഴിയാണ് മനുഷ്യരുടെ സാമൂഹികസഹവാസത്തിലേക്കും ദൈവജനത്തിലേക്കും അവർ അനുക്രമം ആനയിക്കപ്പെടുന്നത്. അതുകൊണ്ട് ശരിയായ ക്രിസ്തീയ കുടുംബം ദൈവജനത്തിന്റെതന്നെ ജീവിതത്തിനും അഭിവൃദ്ധിക്കും എത്രമാത്രം പ്രാധാന്യമുളളതാണെന്ന് മാതാപിതാക്കന്മാർ ശരിയായി മനസ്സിലാക്കണം.

വിദ്യാഭ്യാസംനല്കാൻ കുടുംബത്തിനുള്ള പ്രാഥമികകടമയിൽ സമൂഹം മുഴുവന്റെയും സഹകരണം ആവശ്യമാണ്. തന്നിമിത്തം, മാതാപിതാക്കന്മാരുടെയും അവർ വിദ്യാഭ്യാസത്തിലുള്ള പങ്ക് ഭരമേല്പിച്ചിട്ടുള്ള മറ്റുള്ളവരുടെയും അവകാശങ്ങൾക്കു പുറമേ,പൊതുവായ ഭൗതികനന്മയ്ക്കാവശ്യമായവ ക്രമവത്കരിക്കാനുള്ള അധികാരിയെന്ന നിലയിലും ചില വ്യവസ്ഥാപിത കടമകളും അവകാശങ്ങളും രാഷ്ട്രത്തിന്റേതാണ്. യുവജനങ്ങൾക്ക് വിവിധതരത്തിലുള്ള വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക അതിന്റെ കടമയിൽപ്പെടുന്നു. മാതാപിതാക്കന്മാരുടെയും വിദ്യാഭ്യാസകാര്യത്തിൽ ഭാഗഭാഗിത്വമുള്ള മറ്റുള്ളവരുടെയും കടമകളും അവകാശങ്ങളും സംരക്ഷിക്കാനും അതിനാവശ്യകമായ സംവിധാനങ്ങൾ നല്കാനുമുള്ള ചുമതല അതിന്റേതാണ്. സബ്സിഡിയാരിറ്റി തത്ത്വം (കീഴ്ഘടകങ്ങൾക്കു കഴിയുന്നവ മേല്ഘടകങ്ങൾ ഏറ്റെടുക്കരുത് എന്ന തത്ത്വം) അനുസ്മരിച്ചുകൊണ്ട്, മാതാപിതാക്കന്മാരുടെയും ഇതരസമൂഹങ്ങളുടെയും പോരായ്മകൾ നികത്തിക്കൊണ്ട്, വിദ്യാഭ്യാസത്തിന്റെ ചുമതല, മാതാപിതാക്കന്മാരുടെ താത്പര്യം കണക്കിലെടുത്തുകൊണ്ട് പൂർത്തീകരിക്കാനും ഇതിനുപുറമേ, പൊതുനന്മയ്ക്കാവശ്യമായിടത്തോളം സ്വന്തം സ്കൂളുകളും സ്ഥാപനങ്ങളും സമാരംഭിക്കാനുമുള്ള അവകാശവും ചുമതലയും അതിനുണ്ട്.

അവസാനമായി, സവിശേഷമായ കാരണത്താൽ വിദ്യാഭ്യാസം നല്കേണ്ട ചുമതലസഭയുടേതാണ്. വിദ്യാഭ്യാസം നല്കുന്നതിൽ കഴിവുള്ള മാനുഷികസമൂഹമെന്ന നിലയിൽ അവൾ അംഗീകാരയോഗ്യയായതുകൊണ്ടു മാത്രമല്ല, സർവോപരി രക്ഷയുടെ മാർഗം എല്ലാ മനുഷ്യർക്കും പ്രഘോഷിക്കാനും വിശ്വസിക്കുന്നവർക്കു മിശിഹായുടെ ജീവൻ പകർന്നുകൊടുക്കാനും ഈ ജീവിതത്തിന്റെ പൂർണതയിലേക്ക് എത്തിച്ചേരാൻ അവർക്കു കഴിയത്തക്കവിധം അവരെ നിരന്തരമായ താത്പര്യത്തോടെ സഹായിക്കാനും അവൾക്കു ചുമതലയുള്ളതുകൊണ്ടുമാണ് സ്വന്തം മക്കൾക്ക് മാതാവെന്ന നിലയിൽ വിദ്യാഭ്യാസം നല്കാൻ സഭയ്ക്ക് കടമയുണ്ട്. അതുവഴി അവരുടെ ജീവിതം മുഴുവൻ മിശിഹായുടെ ചൈതന്യം ഉൾക്കൊള്ളണം. അതേസമയം മനുഷ്യവ്യക്തിത്വത്തിന്റെ സമഗ്രമായ പൂർണത വളർത്തുന്നതിനും ഭൗമികസമൂഹത്തിന്റെ നന്മയ്ക്കും ലോകത്തെ കൂടുതൽ മാനുഷികമായി രൂപവത്കരിക്കുന്നതിനും വേണ്ടി എല്ലാ മനുഷ്യർക്കും അവൾ തന്റെ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നു.

4 ക്രിസ്തീയവിദ്യാഭ്യാസത്തിനുള്ള വിവിധ മാർഗങ്ങൾ

വിദ്യാഭ്യാസത്തിന്റെ ഈ കടമ നിർവഹിക്കുന്നതിന് അനുരൂപമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കുന്നതിൽ തൽപരയായ സഭ പ്രധാനമായും തനിക്കു സ്വന്തമായവയെപ്പറ്റിയാണു ശ്രദ്ധിക്കുന്നത്. അവയിൽ പ്രധാനമായത്, മതാധ്യാപനമാണ്. അത് വിശ്വാസം പ്രകാശിപ്പിക്കുകയും ശക്തിപ്പെടുത്തുകയും മിശിഹായുടെ ആത്മാവിനു ചേർന്ന ജീവിതം വളർത്തുകയും ആരാധനക്രമരഹസ്യങ്ങളിൽ ബോധപൂർവകവും സജീവവുമായ ഭാഗഭാഗിത്വത്തിലേക്കു നയിക്കുകയും ശ്ലൈഹികപ്രവർത്തനത്തിലേക്കു പ്രചോദിപ്പിക്കുകയും ചെയ്യുന്നു. മനുഷ്യന്റെ പൊതുവായ പിതൃസ്വത്തിന്റെ ഭാഗവും മനസ്സുകൾ സംസ്കരിക്കുന്നതിനും മനുഷ്യരെ രൂപവത്കരിക്കുന്നതിനും വളരെയധികം ഉപകരിക്കുന്നതുമായ മറ്റു മാർഗം സഭ വളരെയധികം വിലമതിക്കുകയും സ്വന്തം ചൈതന്യത്താൽ ഉള്ളിൽക്കടന്ന് അവയെ ഉദ്ധരിക്കുന്നതിന് പരിശ്രമിക്കുകയും ചെയ്യുന്നു. സാമൂഹിക സമ്പർക്കമാധ്യമങ്ങൾ വിവിധ മാനസിക ശാരീരികാഭ്യാസങ്ങളുടെ സമൂഹങ്ങൾ, യുവജനസംഘടനകൾ, സർവപ്രധാനമായി വിദ്യാലയങ്ങൾ മുതലായവയാണ് ആ മാർഗങ്ങൾ,

5 വിദ്യാലയങ്ങളുടെ പ്രാധാന്യം

വിദ്യാഭ്യാസപരിപാടികളിൽ സർവപ്രധാനമായത് വിദ്യാലയങ്ങളാണ്. അവ സ്വകീയമായ ദൗത്യത്താൽത്തന്നെ ബൗദ്ധികമായ കഴിവുകൾ അതീവശ്രദ്ധയോടെ വളർത്തുകയും വിവേചനാപൂർവം വിധിക്കുന്നതിനുള്ള കഴിവു വികസിപ്പിക്കുകയും പൂർവികതല മുറകൾ സമ്പാദിച്ചിട്ടുള്ള സംസ്കാരത്തിന്റെ പൈതൃകസമ്പത്തിലേക്ക് വഴിനടത്തുകയും മൂല്യബോധം വളർത്തുകയും ചെയ്യുന്നു. അത് തൊഴിൽപരമായ ജീവിതത്തിന് ഒരുക്കുകയും വിഭിന്നസ്വഭാവവും സാഹചര്യവുമുള്ള വിദ്യാർത്ഥികളുടെയിടയിൽ കൂട്ടായ്മ വളർത്തിക്കൊണ്ട് പരസ്പരം മനസ്സിലാക്കുന്നതിനുള്ള ചൈതന്യം വളർത്തുകയും സർവോപരി, കുടുംബങ്ങളും അദ്ധ്യാപകരും, സാംസ്കാരിക, രാഷ്ട്രീയ, മതപര്വജീവിതം വളർത്തുന്ന വിവിധതരത്തിലുള്ള സംഘടനകളും രാഷ്ട്രീയസമൂഹവും പോരാ മനുഷ്യസമൂഹം മുഴുവനും, ഒന്നായി പങ്കുവഹിക്കുന്ന പ്രവർത്തനത്തിനും വളർച്ചയ്ക്കുമുള്ള ഒരു കേന്ദ്രമായി പ്രവർത്തിക്കുകയും ചെയ്യുന്നു. 

തന്നിമിത്തം, മാതാപിതാക്കന്മാരെ അവരുടെ കർത്തവ്യനിർവഹണത്തിനു സഹായിക്കുകയും മനുഷ്യസമൂഹത്തിന്റെ പ്രാതിനിധ്യം വഹിക്കുകയും ചെയ്തുകൊണ്ട് അധ്യാപനത്തിനുള്ള ചുമതല വിദ്യാലയങ്ങളിൽ ഏറ്റെടുക്കുന്ന എല്ലാവരുടെയും വിളി സുന്ദരവും വളരെ പ്രാധാന്യമർഹിക്കുന്നതുമാണ്. ഈ വിളിക്ക് മനസ്സിന്റെയും ഹൃദയത്തിന്റെയും സവിശേഷമായ കഴിവുകളും അങ്ങേയറ്റം ശുഷ്കാന്തിയോടെയുള്ള ഒരുക്കവും തുടർച്ചയായ നവീകരണത്തിനും അനുരൂപണത്തിനുമുള്ള സന്നദ്ധതയും ആവശ്യമാണ്.

6 മാതാപിതാക്കന്മാരുടെ കടമകളും അവകാശങ്ങളും

മക്കളെ വിദ്യാഭ്യാസം ചെയ്യിക്കാനുള്ള പ്രാഥമികവും അന്യാധീനപ്പെടുത്താൻ കഴിയാത്തതുമായ ചുമതലയും അവകാശവുമുള്ള മാതാപിതാക്കന്മാർക്ക് വിദ്യാലയങ്ങൾ തിരഞെഞ്ഞെടുക്കുന്നതിൽ പൂർണമായ സ്വാതന്ത്ര്യമുണ്ടായിരിക്കേണ്ടത് അവശ്യാവശ്യകമാണ്. പൗരന്മാരുടെ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുകയും സുരക്ഷിതമാക്കുകയും ചെയ്യാൻ കടപ്പെട്ടിരിക്കുന്ന രാഷ്ട്രശക്തി തുല്യനീതിക്കു ചേർന്നവിധം ഇതിൽ ശ്രദ്ധ ചെലുത്താൻ കടപ്പെട്ടിരിക്കുന്നതുകൊണ്ട്, മാതാപിതാക്കന്മാർക്ക് തങ്ങളുടെ മനസ്സാക്ഷിക്കു ചേർന്ന വിധം ശരിയായും സ്വതന്ത്രമായും മക്കൾക്കു വിദ്യാലയങ്ങൾ തിരഞ്ഞെടുക്കാൻ കഴിയത്തക്കവിധം പൊതുധനസഹായങ്ങൾ വ്യയം ചെയ്യണം.

ഇതിനുപുറമേ, എല്ലാ പൗരന്മാരും സമുചിതമായ സാംസ്കാരിക ഭാഗഭാഗിത്വത്തിലേക്കു ചെന്നെത്താൻ കഴിയത്തക്കവിധം ക്രമപ്പെടുത്തുകയും അവരെ പൗരന്മാർക്കു ചേർന്ന കടമകളും അവകാശങ്ങളും നിർവഹിക്കുന്നതിനു വേണ്ടവിധം പരിശീലിപ്പിക്കു കയും ചെയ്യുകയെന്നത് രാഷ്ട്രത്തിന്റെ കടമയാണ്. കുട്ടികൾക്ക് പര്യാപ്തമായ സ്കൂൾവിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള അവകാശം സംരക്ഷിക്കേണ്ട ചുമതലയും രാഷ്ട്രത്തിനുണ്ട്. അധ്യാപകരുടെ കഴിവും വിദ്യാർത്ഥികളുടെ പഠനനിലവാരവും സൂക്ഷിക്കാനും അവരുടെ ആരോഗ്യം ശ്രദ്ധിക്കാനും പൊതുവേ വിദ്യാലയത്തിന്റെ സർവതോമുഖമായ പ്രവർത്തനം അഭിവൃദ്ധിപ്പെടുത്താനുമുള്ള കടമ അതിന്റേതുതന്നെയാണ്. കർത്തവ്യങ്ങളുടെ സബ്സിഡിയാരിറ്റി തത്ത്വം കൺമുമ്പിൽ ഉണ്ടായിരിക്കണം. അതുകൊണ്ട് വിദ്യാ ലയങ്ങളുടെ ഏതെങ്കിലും തരത്തിലുള്ള കുത്തകാവകാശം ഒഴിവാക്കിക്കൊണ്ടുവേണം ഇതു നിർവഹിക്കാൻ, അത്തരം കുത്തകാവകാശം മനുഷ്യവ്യക്തിയുടെ ജന്മസിദ്ധമായ അവകാശങ്ങൾക്കും സംസ്കാരത്തിന്റെതന്നെയും വളർച്ചയ്ക്കും വ്യാപനത്തിനും പൗരന്മാരുടെ സമാധാനപരമായ സമൂഹജീവിതത്തിനും ഇന്നു പല സമൂഹങ്ങളിലും നിലവിലുള്ള സാംസ്കാരിക വൈവിധ്യത്തിനും തടസ്സമായിത്തീരും.

അനുരൂപമായ വിദ്യാഭ്യാസസമ്പ്രദായങ്ങളും പഠനപദ്ധതിയും കണ്ടുപിടിക്കുന്നതിനോ, യുവജനങ്ങളെ ശരിയാംവിധം അഭ്യസിപ്പിക്കുന്ന അധ്യാപകരെ രൂപവത്ക്കരിക്കുന്നതിനോ സഹായകരമായ പ്രവർത്തനം കഴിവതും ചെയ്യാനും സർവപ്രധാനമായി രക്ഷാകർതൃസംഘടനകൾവഴി വിദ്യാലയത്തിന്റെ സകല പ്രവർത്തനങ്ങളും വളർത്താനും പ്രത്യേകിച്ച് അവരുടെ സഹായംവഴി ധാർമികവിദ്യാഭ്യാസം നല്കുന്നതിന് ഉത്സാഹിക്കാനും ഈ സനഹദോസ് ക്രിസ്തീയവിശ്വാസികളെ ഉദ്ബോധിപ്പിക്കുന്നു. 

7 എല്ലാ വിദ്യാലയങ്ങളിലുമുള്ള മത-ധാർമികവിദ്യാഭ്യാസം

ഇതിനുപുറമേ, സഭ ധാർമ്മികവും മതപരവുമായ വിദ്യാഭ്യാസം തന്റെ മക്കൾക്കെല്ലാം നല്കുന്നതിനു ശ്രദ്ധിക്കേണ്ട അതിഗൗരവാവഹമായ കർത്തവ്യം മനസ്സിലാക്കിക്കൊണ്ട്, സവിശേഷമായ സ്നേഹത്തോടും സഹായത്തോടുംകൂടെ അകത്തോലിക്കാസ്കൂളുകളിൽ പഠിപ്പിക്കപ്പെടുന്ന വളരെപ്പേരുടെയിടയിൽ സന്നിഹിതയാകാൻ കടപ്പെട്ടിരിക്കുന്നു. ഇത് അവരെ പഠിപ്പിക്കുന്നവരുടെയും പരിശീലിപ്പിക്കുന്നവരുടെയും ജീവിത സാക്ഷ്യംവഴിയും സഹപാഠികളുടെ ശ്ലൈഹികപ്രവർത്തനം വഴിയും സർവോപരി, അവരുടെ പ്രായത്തിനും സാഹചര്യങ്ങൾക്കും അനുരൂപപ്പെടുത്തിയ പദ്ധതിവഴി രക്ഷയുടെ സന്ദേശം അറിയിക്കുകയും സ്ഥലകാല സാഹചര്യങ്ങൾക്കൊത്ത പരിപാടികൾ ആവിഷ്കരിച്ച് അവർക്ക് ആധ്യാത്മികസഹായം നല്കുകയും ചെയ്യുന്ന വൈദികരുടെയും അല്മായരുടെയും പ്രവർത്തനംവഴിയുമാണ് നടപ്പാക്കുന്നത്.

സ്വസന്താനങ്ങൾ ഈ സഹായങ്ങൾ ആസ്വദിക്കാൻ കഴിയത്തക്കവിധത്തിലും ക്രിസ്തീയരൂപവത്കരണം ഭൗതികരൂപവത്കരണത്തോടൊപ്പം പൊരുത്തപ്പെടുത്തി പുരോഗമിക്കത്തക്കവിധത്തിലും എല്ലാം ക്രമവത്കരിക്കാനും നിർബന്ധിക്കാൻതന്നെയും മാതാപിതാക്കന്മാർക്കുള്ള കടമ അവർ ഗൗരവബുധ്യാ അനുസ്മരിക്കേണ്ടിയിരിക്കുന്നു. അതിനാൽ, ഇന്നത്തെ സമൂഹത്തിന്റെ വൈവിധ്യസ്വഭാവം കണക്കിലെടുക്കുകയും ന്യായമായ മതസ്വാതന്ത്ര്യം പരിഗണിക്കുകയും ചെയ്തുകൊണ്ട്, കുടുംബങ്ങളെ എല്ലാ വിദ്യാലയങ്ങളിലും അതതു കുടുംബങ്ങളുടെ ധാർമികതത്ത്വങ്ങൾക്കും മതതത്ത്വങ്ങൾക്കുമനുസരിച്ച് വിദ്യാഭ്യാസം നല്കാൻ കഴിയത്തക്കവിധം സഹായിക്കുന്ന അധികാരികളെയും രാഷ്ട്രീയസമൂഹങ്ങളെയും സഭ പ്രശംസിക്കുന്നു.

8 ക്രിസ്തീയവിദ്യാലയങ്ങൾ

വിദ്യാലയങ്ങളുടെ രംഗത്ത് സഭയുടെ സാന്നിദ്ധ്യം പ്രത്യേകവിധമായി പ്രകടിപ്പിക്കുന്നത് കത്തോലിക്കാളുകൾവഴിയാണ്. ഇവ മറ്റു സ്കൂളുകളെക്കാൾ ഒട്ടും കുറവില്ലാത്തരീതിയിൽ യുവജനപരിശീലനത്തിന്റെ സാംസ്കാരികവും മാനുഷികവുമായ ലക്ഷ്യം പിന്തുടരുന്നുണ്ട്. എന്നാൽ അതിന്റെ തനതായ ലക്ഷ്യം, വിദ്യാലയ സമൂഹത്തിലെ അന്തരീക്ഷം സ്വാതന്ത്ര്യത്തിന്റെയും സ്നേഹത്തിന്റെയും സുവിശേഷചൈതന്യത്താൽ സജീവമാക്കിത്തീർക്കുകയെന്നതാണ്. അതുവഴി, യുവജനങ്ങൾ സ്വകീയമായ വ്യക്തിത്വങ്ങളിൽ രൂപവത്കൃതമായി അതോടൊപ്പം മാമ്മോദീസായിൽ രൂപം കൊണ്ട് പുതിയ സൃഷ്ടിക്കനുസരിച്ചു വളരുന്നതിന് അവരെ സഹായിക്കുകയെന്നതാണ്. കൂടാതെ, അത് മനുഷ്യസംസ്കാരം മുഴുവനെയും രക്ഷയുടെ പ്രഘോഷണത്തിൽ അന്തിമമായി തിരിച്ചു വിടുന്നതിനും അതുവഴി വിദ്യാർത്ഥികൾക്ക് ലോകത്തെപ്പറ്റിയും ജീവിതത്തെപ്പറ്റിയും മനുഷ്യനെപ്പറ്റിയും ക്രമേണ നേടിയെടുക്കുന്ന അറിവ് വിശ്വാസത്താൽ പ്രകാശിതമാകുന്നതിനുംവേണ്ടിയാണ്. ഇങ്ങനെ കത്തോലിക്കാവിദ്യാലയം കാലത്തിന്റെ പുരോഗതിയുടെ സാഹചര്യങ്ങൾക്കൊത്ത് യുക്തമായവിധം സംസ്ഥാപിതമാകുകയും സ്വന്തം വിദ്യാർത്ഥികളെ ഭൗതികരാഷ്ട്രത്തിന്റെനന്മ ഫലപ്രദമായി വളർത്തുന്നതിൽ പരിശീലിപ്പിക്കുകയും ദൈവരാജ്യം വ്യാപിപ്പിക്കുന്നതിനുള്ള ശുശ്രൂഷയ്ക്കുവേണ്ടി ഒരുക്കുകയും അതുവഴി സന്മാതൃകയാലും ശ്ലൈഹികജീവിത പ്രവർത്തനത്തിന് മനുഷ്യസമൂഹത്തിൽ രക്ഷാകരമായ പുളിമാവുപോലെയും പ്രവർത്തിക്കാൻ അവരെ തയ്യാറാക്കുകയും ചെയ്യുന്നു.

തന്നിമിത്തം, കത്തോലിക്കാവിദ്യാലയം ദൈവജനത്തോടുള്ള ദൗത്യം നിർവഹിക്കുന്നതിന് ഇത്രയേറെ പ്രായോജനപ്പെടുന്നതിനും സഭയും മനുഷ്യസമൂഹവും പരസ്പര നന്മയ്ക്കുവേണ്ടിയുള്ള സംവാദത്തിന് ഉപകരിക്കുന്നതിനും നമ്മുടെ ആധുനിക സാഹചര്യങ്ങളിലും അതിപ്രധാനമായ സ്ഥാനം വഹിക്കുന്നുണ്ട്. അതുകൊണ്ട്, ഏതുതരത്തിലും നിലയിലുമുള്ള സ്കൂളുകൾ സ്വതന്ത്രമായി സ്ഥാപിച്ചു നടത്താൻവേണ്ടി സഭയ്ക്കുള്ള അവകാശം ഇതിനുമുമ്പ് അനേകം രേഖകളിൽ വ്യക്തമാക്കിയതുപോലെ ഈ പരിശുദ്ധ സൂനഹദോസ് വീണ്ടും പ്രഖ്യാപിക്കുന്നു. മാതാപിതാക്കന്മാരുടെ അവകാശസംരക്ഷണത്തിനും നാഗരികവളർച്ചയ്ക്കും അങ്ങേയറ്റം ഉപോദ്ബലകമാണെന്ന് അനുസ്മരിച്ചുകൊണ്ടാണിത്.

കത്തോലിക്കാവിദ്യാലയത്തിന് അതിന്റെ ലക്ഷ്യങ്ങളും സംരംഭങ്ങളും യാഥാർത്ഥ്യവത്കരിക്കാൻ കഴിയണമെങ്കിൽ അതിന്റെ ഏറ്റവുംവലിയ കാരണക്കാർ തങ്ങൾ തന്നെയാണെന്ന് അധ്യാപകർ ഓർമിക്കണം. ഭൗതികവും മതപരവുമായ വിഷയങ്ങളിൽ അനുരൂപമായ ബിരുദങ്ങൾ നേടിയവരും ആധുനിക കണ്ടുപിടിത്തങ്ങൾക്ക് അനുരൂപമായ അധ്യാപനകലയിൽ നിപുണരുമായിത്തീരാൻ അവർ പ്രത്യേകമായ താത്പര്യത്തോടെ കൂടി തയ്യാറെടുക്കേണ്ടിയിരിക്കുന്നു. അവർ തമ്മിൽത്തമ്മിലും വിദ്യാർത്ഥികളോടുമുള്ള സ്നേഹത്താൽ നിറഞ്ഞവരും ശ്ലൈഹികചൈതന്യത്താൽ ഉത്തേജിതരുമായി ജീവിതം വഴിയും പ്രബോധനംവഴിയും ഏകഗുരുവായ മിശിഹായ്ക്കു സാക്ഷ്യംവഹിക്കേണ്ടിയിരിക്കുന്നു. പ്രധാനമായി അവർ മാതാപിതാക്കന്മാരോടു സഹകരിച്ചാണു നീങ്ങേണ്ടത്. അവരോടുചേർന്ന് വിദ്യാഭ്യാസപദ്ധതിയിൽ ഉടനീളം സ്ത്രീപുരുഷവ്യത്യാസവും ഇരുവർക്കും കുടുംബത്തിലും സമൂഹത്തിലും ദൈവപരിപാലനത്തിൽ നിർണയിക്കപ്പെട്ട ലക്ഷ്യങ്ങളും കണക്കിലെടുത്ത് പ്രവർത്തിക്കണം. വിദ്യാർത്ഥികളുടെ വ്യക്തിപരമായ പ്രവർത്തനം പ്രോത്സാഹിപ്പിക്കാൻ ഉത്സാഹിക്കണം. അവരെ പാഠ്യവിഷയങ്ങൾ കഴിഞ്ഞും ഉപദേശവും സ്നേഹവും നല്കി, പ്രത്യേക സംഘടനകൾ സ്ഥാപിച്ചുകൊണ്ട് ശരിയായ സഭാതചൈന്യത്തിൽ സമ്പന്നരായി തുടരാൻ പ്രോത്സാഹിപ്പിക്കണം. അധ്യാപകരുടെ ഈ സേവനം ശരിയായ പ്രേഷിതപ്രവർത്തനമെന്ന പേരിന് അർഹമാണെന്നും ആധുനികകാലത്തിന് അങ്ങേയറ്റം അനുരൂപവും അവശ്യാവശ്യകവുമാണെന്നും ഈ പരിശുദ്ധ സൂനഹദോസ് പ്രഖ്യാപിക്കുന്നു. മാത്രമല്ല, ഇത് സമൂഹത്തിനുചെയ്യുന്ന ശരിയായ വിശിഷ്ടസേവനവുമാണ്. കത്തോലിക്കാമാതാപിതാക്കന്മാരോട്, കഴിവുള്ളപ്പോഴും കഴിവുള്ള സ്ഥലങ്ങളിലും തങ്ങളുടെ കുട്ടികളെ കത്തോലിക്കാസ്കൂളുകളിൽ ഏല്പിക്കുന്നതിനും ആ വിദ്യാലയങ്ങളെ കഴിവനുസരിച്ചു സഹായിക്കുന്നതിനും മക്കളുടെ നന്മയ്ക്കായി അവയോടു സഹകരിക്കുന്നതിനുമുള്ള കടമയെപ്പറ്റി അനുസ്മരിപ്പിക്കുന്നു.

9 വിവിധ രീതിയിലുള്ള ക്രിസ്തീയവിദ്യാലയങ്ങൾ

കത്തോലിക്കാവിദ്യാലയം സ്ഥലങ്ങളുടെ സാഹചര്യങ്ങളിൽ വിവിധരൂപങ്ങൾ ധരിക്കാമെങ്കിലും കത്തോലിക്കാവിദ്യാലയത്തിന്റെ ഈ മാതൃകയോട് കഴിവതും അനുരൂപപ്പെടുത്തിയായിരിക്കണം, സഭയെ ഏതെങ്കിലും രീതിയിൽ ആശ്രയിച്ചുകഴിയുന്ന എല്ലാ സ്കൂളുകളും നടത്തേണ്ടത്. പുതിയതായി സ്ഥാപിതമായ സഭകളുടെ സ്ഥലങ്ങളിൽ അകത്തോലിക്കാകുട്ടികൾ ധാരാളം പഠിക്കുന്ന സ്കൂളുകളും സഭ വലിയ വാത്സല്യത്തോടെയാണ് പരിഗണിക്കുന്നത്.

ഇതിനുപുറമേ, കത്തോലിക്കാവിദ്യാലയങ്ങൾ സ്ഥാപിച്ചുനടത്തുന്ന കാര്യത്തിൽ, പുരോഗമിച്ചുവരുന്ന കാലഘട്ടത്തിന്റെ ആവശ്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. തന്നിമിത്തം, പ്രാഥമികവും ഇന്റർമീഡിയറിയും അടിസ്ഥാനവിദ്യാഭ്യാസപരവുമായ വിദ്യാലയങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടവയാണെങ്കിലും ആധുനികസാഹചര്യങ്ങളിൽ സവിശേഷമായ കാരണങ്ങളാൽ ആവശ്യമായി വരുന്ന സ്കൂളുകൾ വളരെ പ്രധാനപ്പെട്ടവയായി കരുതണം. അതായത്, തൊഴിൽവിദ്യാഭ്യാസമെന്നും സാങ്കേതികവിദ്യാഭ്യാസമെന്നും വിളിക്കപ്പെടുന്നവയും വയോജനവിദ്യാഭ്യാസവും സാമൂഹികസഹായങ്ങൾ പ്രോത്സാഹിപ്പിക്കുന്നവയും മാത്രമല്ല, പ്രകൃതിദത്തമായ അംഗവൈകല്യങ്ങൾമൂലം പ്രത്യേകശ്രദ്ധ ആവശ്യമായ വർക്കുവേണ്ടിയുള്ളവയും മതപരമായ പഠനകേന്ദ്രങ്ങളിലും മറ്റുവിധത്തിലുള്ള വിദ്യാഭ്യാസരീതികളിലുമുള്ള വിദ്യാലയങ്ങളിൽ പഠിപ്പിക്കാനുള്ള അധ്യാപകരെ പരിശീലിപ്പിക്കുന്നവയും എല്ലാംതന്നെ.

എല്ലാ പരിത്യാഗങ്ങളുമനുഷ്ഠിച്ചുകൊണ്ട് കത്തോലിക്കാവിദ്യാലയങ്ങളെ, അവയുടെ കർത്തവ്യം ദിനംതോറും കൂടുതൽ കൂടുതൽ പൂർണമായി നിറവേറ്റാനും പ്രത്യേകിച്ച് ഭൗതികസമ്പത്തിന്റെ കാര്യത്തിൽ ദരിദ്രരായവരെയും കുടുംബത്തിന്റെ സഹായത്തിലും സ്നേഹത്തിലും നിന്ന് അകറ്റപ്പെട്ടിരിക്കുന്നവരെയും വിശ്വാസത്തിന്റെ ദാനത്തിൽനിന്ന് അന്യവത്കരിക്കപ്പെട്ടിരിക്കുന്നവരെയും അവരുടെ ആവശ്യങ്ങളിൽ പരിരക്ഷിക്കാനുള്ള അവയുടെ കടമയിൽ സഹായിക്കാൻ സഭയുടെ അജപാലകരെയും എല്ലാ ക്രിസ്തീയ വിശ്വാസികളെയും ഈ പരിശുദ്ധ സൂനഹദോസ് ശക്തിയുക്തം ഉപദേശിക്കുന്നു.

10 ക്രിസ്തീയ സർവകലാശാലകൾ

ഉയർന്നതലത്തിലുള്ള വിദ്യാലയങ്ങളെ, പ്രത്യേകിച്ച് യൂണിവേഴ്സിറ്റികളെയും ഉന്നത പഠനവിഭാഗങ്ങളെയും (faculty) താത്പര്യത്തോടെ സഭ പരിരക്ഷിക്കുന്നു. അവളുടെ നിയന്ത്രണത്തിലുള്ളവയിലും നൈസർഗികമായ കാരണത്താൽത്തന്നെ ഓരോ വിഷയവും അതതിന്റെ തത്ത്വങ്ങൾക്കനുസരിച്ചും അതതിന്റെ രീതിയിലും അതതിന്റെ ഗവേഷണ സ്വാതന്ത്ര്യത്തിലും പുരോഗമിക്കണമെന്ന് സഭ ആഗ്രഹിക്കുന്നു. അങ്ങനെ അനുദിനം കൂടുതൽ അഗാധമായ അറിവ് അവയിൽ നേടാനും പുരോഗമനത്തിന്റെ ആധുനികകാലഘട്ടങ്ങളിൽ പ്രശ്നങ്ങളും പരീക്ഷണങ്ങളും കൂടുതൽ സൂക്ഷ്മമായി പരിഗണിച്ച് വിശ്വാസവും യുക്തിയും ഒരേ സത്യത്തിൽ എങ്ങനെ പൊരുത്തപ്പെടുന്നു എന്ന് സഭാശാസ്ത്രപാരംഗതരുടെ, പ്രത്യേകിച്ച് വിശുദ്ധ തോമസ് അക്വീനാസിന്റെ പാദമുദ്രകൾ പിന്തുടർന്ന് കൂടുതൽ ആഴത്തിൽ അറിയുന്നതിനും വേണ്ടിയാണിത്. അങ്ങനെ പരസ്യവും ചിരസ്ഥായിയും സാർവത്രികവുമായ ക്രിസ്തീയവീക്ഷണത്തിന്റെ സാന്നിധ്യം ഉദാത്തമായ സാംസ്കാരികപുരോഗതിക്കായുള്ള എല്ലാ പരിശ്രമങ്ങളിലും പ്രോത്സാഹിപ്പിക്കുന്നതിനും കഴിയണം. മാത്രമല്ല, ഈ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ വിജ്ഞാനത്തിൽ ശരിയായി പ്രവീണരാകാനും സമൂഹത്തിൽ സാരവത്തായ കർത്തവ്യങ്ങൾ നിർവഹിക്കാനും ലോകത്തിൽ വിശ്വാസത്തിനു സാക്ഷികളാകാനും സജ്ജീകൃതരുമായ വ്യക്തികളായി രൂപവത്കൃതരാകണം.

ദൈവശാസ്ത്രത്തിന് ഒരു പ്രത്യേക പഠനവിഭാഗം (faculty) ഇല്ലാത്ത കത്തോലിക്കാ സർവകലാശാലകളിൽ ഒരു പ്രത്യേക ദൈവശാസ്ത്രസ്ഥാപനമോ അധ്യാപനപീഠമോ ക്രമവത്കരിച്ച് അവിടെ അല്മായവിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് അനുരൂപമായുള്ള അധ്യാപനം നല്കണം. ഉയർന്ന ശാസ്ത്രീയപ്രാധാന്യമുള്ള സവിശേഷമായ ഗവേഷണങ്ങളിലൂടെയാണ് ശാസ്ത്രം പ്രധാനമായും പുരോഗമിക്കുന്നത് എന്നതുകൊണ്ട്, കത്തോലിക്കാസർവകലാശാലകളിലും ഉയർന്ന പഠനവിഭാഗങ്ങളിലും പ്രഥമ ശാസ്ത്രീയ ഗവേഷണങ്ങൾ വളർത്തുന്നതിനുപകരിക്കുന്ന പ്രസ്ഥാനങ്ങൾ പ്രോത്സാഹിപ്പിക്കണം.

കത്തോലിക്കാസർവകലാശാലകളും ഉയർന്ന പഠനവിഭാഗങ്ങളും ലോകത്തിന്റെ വിവിധഭാഗങ്ങളിലും സൗകര്യപൂർവം വളർന്നുവരത്തക്കവിധം അവയെ പ്രോത്സാഹിപ്പിക്കണം. എങ്കിലും എണ്ണത്തിലല്ല, തത്ത്വങ്ങളുടെ പഠനത്തിൽ അവ പ്രശോഭിക്കണം. കൂടുതൽ പ്രതീക്ഷ നല്കുന്ന വിദ്യാർത്ഥികൾക്ക് അവർ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരാണെങ്കിലും പ്രത്യേകിച്ച് പുതിയ രാഷ്ട്രങ്ങളിൽ നിന്നുള്ളവർക്ക് സുഗമമായി പ്രവേശനം നല്കണം.

സമൂഹത്തിന്റെയും സഭയുടെ തന്നെയും ഭാഗധേയം ഉന്നതവിദ്യാഭ്യാസം നടത്തുന്ന യുവജനങ്ങളുടെ വളർച്ചയോട് അവഗാഢം ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ട്, സഭയുടെ അജപാലകന്മാർ കത്തോലിക്കാ സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെമാത്രം ആധ്യാത്മികജീവിതത്തിൽ അതീവശ്രദ്ധ ചെലുത്തിയാൽ പോരാ. പ്രത്യുത, തങ്ങളുടെ മക്കളുടെയെല്ലാം ആത്മീക രൂപവത്കരണത്തിൽ ദത്തശ്രദ്ധരായി, മെത്രാന്മാർ തമ്മിൽ സന്ദർഭോചിതമായ കൂടിയാലോചനകൾ നടത്തി, അകത്തോലിക്കാസർവകലാശാലകളിലും കത്തോലിക്കാസമൂഹജീവിതവും കത്തോലിക്കായുണിവേഴ്സിറ്റികേന്ദ്രങ്ങളും സ്ഥാപിക്കണം. അവയിൽ സൂസൂക്ഷ്മം തിരഞ്ഞെടുക്കപ്പെട്ട് പരിശീലനംനേടിയ വൈദികരും സന്ന്യാസിമാരും അല്മയരും യൂണിവേഴ്സിറ്റിയിലെ യുവജനങ്ങൾക്ക് ആത്മികവും ബൗദ്ധികവുമായ സഹായം സ്ഥിരമായി നല്കിക്കൊണ്ടിരിക്കണം. കത്തോലിക്കാസർവകലാശാലകളിലോ അകത്തോലിക്കാസർവകലാശാലകളിലോ ഉള്ള കൂടുതൽ ബുദ്ധിസാമർത്ഥ്യമുള്ള യുവജനങ്ങളെ, അധ്യാപകവൃത്തിക്കോ ഗവേഷണപഠനത്തിനോ പ്രാപ്തരാണെന്നു കണ്ടാൽ, പ്രത്യേക ശ്രദ്ധ ചെലുത്തി പഠിപ്പിക്കുകയും അധ്യാപകവൃത്തി ഏറ്റെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം.

11 ദൈവശാസ്ത്ര വിദ്യാപീഠങ്ങൾ

ദൈവശാസ്ത്രവിജ്ഞാനത്തിന്റെ പഠനകേന്ദ്രങ്ങളുടെ പ്രവർത്തനത്തിൽനിന്ന് സഭ വളരെയേറെ പ്രതീക്ഷിക്കുന്നുണ്ട്. ഇവയെയാണ്, സ്വന്തം അധ്യേതാക്കളെ വൈദിക വൃത്തിക്കുമാത്രമല്ല, കൂടുതലായും സഭയുടെ ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളിൽ പഠിപ്പിക്കാനും സ്വന്തം പരിശ്രമത്താൽ ശാസ്ത്രവിഷയങ്ങൾ വളർത്താനും കൂടുതൽ തീക്ഷ്ണതയോടെ ബൗദ്ധികമായ ശ്ലൈഹിപ്രവർത്തനങ്ങൾ ഏറ്റെടുക്കാനുമുള്ള പരിശീലനം നല്കുകയെന്ന ഗൗരവാവഹമായ ജോലി ഭരമേല്പിക്കുന്നത്. ദൈവശാസ്ത്രവിഷയങ്ങളുടെ വിവിധ ഭാഗങ്ങളിലേക്ക് ആഴത്തിൽ ചുഴിഞ്ഞിറങ്ങി ദിനംതോറും ദൈവാവിഷ്കാരത്തിന്റെ കൂടുതൽ അഗാധമായ അറിവു നേടാനും പിതാക്കന്മാരാൽ കൈമാറപ്പെട്ട ക്രിസ്ത്യജ്ഞാനത്തിന്റെ പൈതൃകസമ്പത്ത് കൂടുതൽ വിശദമാക്കാനും ഭിന്നിച്ചുനില്ക്കുന്ന സഹോദരരോടും അക്രൈസ്തവരോടുമുള്ള സംവാദം കൂടുതൽ വളർത്താനും വൈജ്ഞാനികവളർച്ചയിൽനിന്ന് ഉദ്ഭൂതമാകുന്ന പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്താനും വേണ്ടിയുള്ള ചുമതലയും ഈ ഫാക്കൽട്ടികൾക്കുണ്ട്.

അതിനാൽ സഭയുടെ പഠനകേന്ദ്രങ്ങൾ സ്വകീയമായ നിയമങ്ങളാൽ അനുരൂപമായി പരിഷ്കരിക്കപ്പെട്ട്, വിശുദ്ധ വൈജ്ഞാനികശാഖകളെയും അവയോടനുബന്ധിതമായവയെയും തീക്ഷ്ണതാപൂർവം പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു. അത്യാധുനികരീതികളും മാർഗങ്ങളും ഉപയോഗിച്ച്, കൂടുതൽ അഗാധമായ ഗവേഷണങ്ങൾക്കായി അധൃേതാക്കളെ പരിശീലിപ്പിക്കണം.

12 വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിന്റെ ആവശ്യക

രൂപതാതലത്തിലും രാഷ്ട്രതലത്തിലും രാജ്യാന്തരതലത്തിലും കൂടുതൽ ആഴമുള്ള സഹകരണം ദിനംതോറും ഊന്നിപ്പറയുകയും കൂടുതൽ പ്രചാരത്തിലാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, വിദ്യാഭ്യാസകാര്യത്തിലും ഇത് അവശ്യാവശ്യമാകുകയാണ്. അതിനാൽ കത്തോലിക്കാസ്കൂളുകൾ തമ്മിൽ യുക്തമായ ഏകോപനം നടത്തുകയും മറ്റു സ്കൂളു ളുമായി സഹകരണം വർധിപ്പിക്കുകയും ചെയ്യാൻ സർവമാർഗത്തിലൂടെയും ശ്രദ്ധചെലുത്തുന്നത് മനുഷ്യസമൂഹത്തിന്റെ മുഴുവൻ നന്മയ്ക്കും ആവശ്യകമാണ്.

കൂടുതൽ വ്യാപകമായ സഹകരണം വഴിയും സാമൂഹികപ്രവർത്തനംവഴിയും, പ്രത്യേകിച്ച്, വിദ്യാഭ്യാസരംഗത്ത് കൂടുതൽ സമൃദ്ധമായ ഫലങ്ങൾ സംലഭ്യമാകും. അതുകൊണ്ട് എല്ലാ സർവകലാശാലകളിലും വിവിധ ഡിപ്പാർട്ടുമെന്റുകൾ തമ്മിൽ ലക്ഷ്യം അനുവദിക്കുന്നിടത്തോളം സഹകരിച്ചു നീങ്ങണം. സർവകലാശാലകൾ തമ്മിൽത്തമ്മിലും പരസ്പരം സഹകരിച്ചു നീങ്ങണം. അന്തർദേശീയ സമ്മേളനങ്ങൾ ഒരുമിച്ചു പ്രോത്സാഹിപ്പിച്ചുകൊണ്ടും ശാസ്ത്രീയ ഗവേഷണങ്ങൾ പരസ്പരം പങ്കുവച്ചുകൊണ്ടും കണ്ടുപിടിത്തങ്ങൾ പരസ്പരം കൈമാറിക്കൊണ്ടും അധ്യാപകരെ താത്കാലികമായി കൈമാറിക്കൊണ്ടും മറ്റും കൂടുതൽ പരസ്പരസഹായത്തിനുതകുന്നവ പ്രോത്സാഹിപ്പിച്ചു കൊണ്ടുമാണ് ഇതു സാധിക്കേണ്ടത്.

13 ഉപസംഹാരം

ഈ പരിശുദ്ധ സൂനഹദോസ് മഹത്തായ അധ്യാപകവൃത്തിയെപ്പറ്റി ബോധവാന്മാരായി അതു സ്വീകരിക്കാൻ യുവജനങ്ങളെത്തന്നെ ഉപദേശിക്കുന്നു. പ്രത്യേകിച്ച്, അധ്യാപകരുടെ അഭാവംമൂലം യുവജനങ്ങളുടെ വിദ്യാഭ്യാസം അപകടത്തിലായിരിക്കുന്ന സ്ഥലങ്ങളിൽ പോകാൻ തയ്യാറാകണമെന്നും അവരോട് അഭ്യർത്ഥിക്കുന്നു. സുവിശേഷത്തിനുള്ള ആത്മസമർപ്പണത്താൽ വിദ്യാഭ്യാസത്തിനായി ഏതു രീതിയിലും നിലയിലും മഹത്തായ സേവനമനുഷ്ഠിക്കുന്ന വൈദികരോടും സന്ന്യാസിമാരോ സന്ന്യാസിനികളോടുമുള്ള നന്ദി ഈ പരിശുദ്ധ സൂനഹദോസ് പ്രഖ്യാപിക്കുന്നു. അതോടൊപ്പം അവർ ഏറ്റെടുത്ത ജോലിയിൽ ഔദാര്യപൂർവം നിലനില്ക്കണമെന്നും വിദ്യാർത്ഥികളിൽ മിശിഹായുടെ ചൈതന്യം നിറയ്ക്കുന്നതിന് അധ്യാപനകലയിലും ശാസ്ത്രീയ വിജ്ഞാനത്തിലും നൈപുണ്യം നേടി സഭയുടെ ആന്തരികനവീകരണം വളർത്തുന്നതിൽ മാത്രമല്ല, ഇന്നത്തെ ബൗദ്ധികലോകത്തിൽ സഭയുടെ പ്രയോജനപ്രദമായ സാന്നിധ്യം നല്കുകയും വളർത്തുകയും ചെയ്യുന്നതിൽ പ്രശോഭിക്കണമെന്നും ഈ പരിശുദ്ധ സൂനഹദോസ് അവരെ ഉപദേശിക്കുന്നു.

ഈ പ്രഖ്യാപനത്തിൽ എഴുതപ്പെട്ടിരിക്കുന്ന ഇവയെല്ലാം ഓരോന്നും ഈ അതിപരിശുദ്ധസൂനഹദോസിലെ പിതാക്കന്മാർക്ക് ബോധ്യം വന്നിട്ടുള്ളവയാണ്. നാമും മിശിഹാ നമുക്കു നല്കിയിട്ടുള്ള ശ്ലൈഹികാധികാരത്താൽ ഇവയെല്ലാം ബഹുമാന്യരായ പിതാക്കന്മാരോടുചേർന്ന്, പരിശുദ്ധാത്മാവിൽ അംഗീകരിക്കുകയും കല്പിക്കുകയും വ്യവസ്ഥാപിതമാക്കുകയും ഇങ്ങനെ സൂനഹദോസുകൂടി തീരുമാനിച്ചവ ദൈവമഹത്ത്വത്തിനായി പരസ്യപ്പെടുത്താൻ കല്പിക്കുകയും ചെയ്യുന്നു.

റോമിൽ വിശുദ്ധ പത്രോസിന്റെ ദേവാലയത്തിൽനിന്ന്

28 ഒക്‌ടോബർ 1965 

കത്തോലിക്കാസഭയുടെ മെത്രാൻ പോൾ

(തുടർന്ന് പിതാക്കന്മാരുടെ കൈയൊപ്പുകൾ)

Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message