We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : റവ.ഡോ . ജോസ് വടക്കേടം On 28-Oct-2024
ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യർ ദൈവത്തെപ്പോലെ പ്രവർത്തിക്കുവാൻ ബാദ്ധ്യസ്ഥരാണ് മനുഷ്യന്റെ മാഹാത്മ്യം അടങ്ങിയിരിക്കുന്നത് ദൈവത്തെപ്പോലെ ആയിരിക്കുന്നതിലാണ്. ദൈവം സ്നേഹമാണ്. ഈ സ്നേഹം തന്നെയാണ് മനുഷ്യജീവിതത്തിൻ്റെ അടിസ്ഥാനം. ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തിൻ്റെ പ്രഥമചാക്രിക ലേഖനത്തിൽ ഇപ്രകാരം പറയുന്നു. "സ്നേഹം കൂടാതെ മനുഷ്യന് ജീവിക്കാൻ കഴിയില്ല. സ്നേഹമില്ലെങ്കിൽ അവനുതന്നെ ഉൾക്കൊള്ളാനാവാത്ത, അർത്ഥശൂന്യമായ ഒരു ജന്തുവായി അവശേഷിക്കുന്നു."(Redemtor Hominis No.10). "ഓരോ മനുഷ്യവ്യക്തിയുടെയും അടിസ്ഥാനപരവും അനിവാര്യവുമായ വിളിയാണ് സ്നേഹം" (FC No.11).
മനുഷ്യന്റെ മാഹാത്മ്യം നിലകൊളളുന്നത് സ്നേഹിക്കാനുള്ള കഴിവിലാണെങ്കിൽ, ഒരുവൻ മറ്റൊരുവനുമായി സംവേദിക്കേണ്ടതും ഈ സ്നേഹത്തിൻ്റെ അടിസ്ഥാനത്തിലാണ്. മറ്റുള്ളവരെ നമ്മുടെ ആവശ്യത്തിനുള്ള ഉപകരണമായോ മാർഗ്ഗമായോ കരുതുന്നത് അവരെ വസ്തുക്കളോ മൃഗങ്ങളോ ആയി പരിഗണിക്കുന്നതിന് തുല്യമാണ്. അതുകൊണ്ട് മറ്റുള്ളവരെ തന്നെക്കാൾ താഴ്ന്നവരായി കാണുന്നതും പെരുമാറുന്നതും നമ്മോടും ദൈവത്തോടും ചെയ്യുന്ന അപരാധമാണ്.
സ്രഷ്‌ടാവായ ദൈവത്തിൻ്റെ സ്നേഹം ഏറ്റവും അഭേദ്യമായും ശ്രേഷ്‌ഠമായും വിവാഹബന്ധത്തിലൂടെ പ്രതിഫലിക്കുന്നു. വ്യക്തികളെന്ന നിലയിൽ ഭർത്താവ് ഭാര്യയ്ക്കും, ഭാര്യ ഭർത്താവിനും സ്വയം ദാനം ചെയ്യുന്നു. ഈ സ്നേഹപ്രകടനത്തിലൂടെ ദമ്പതികൾ സ്വയം സ്നേഹത്തിൻ്റെ ഉത്തമ ഉദാഹരണങ്ങളായി മാറുന്നു. ദമ്പതികളുടെ ശാരീരിക ഐക്യത്തിൽ ആത്മദാനവും പരസ്‌പര സ്വീകരണവും ഉണ്ട്. ഈ ഐക്യം പുരുഷനും സ്ത്രീക്കും അടുത്തറിയാനും അവർക്ക് ലഭിക്കുന്ന സന്താനങ്ങളിലൂടെ സ്ത്രീയുടെ മാതൃത്വവും പുരുഷന്റെ പിതൃത്വവും പരസ്‌പരം വെളിപ്പെടുത്താനും സാധിക്കുന്നു.
സ്ത്രീയുടെയും പുരുഷൻ്റെയും ലൈംഗികബന്ധം വെറും ശാരീരിക പ്രവർത്തനമല്ല, ബുദ്ധിയുടെയും മനസ്സിൻ്റെയും സംയോജനം കൂടിയാണ്. വിവാഹ വാഗ്ദാനത്തിലാണ് ഈ യോജിപ്പ് ഉറപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് വിവാഹവാഗ്ദാനം വികാരത്തിന്റെ സ്വാധീനത്താൽ കൈമാറ്റം ചെയ്യപ്പെടേണ്ടതല്ല, മറിച്ച് ബുദ്ധിയുടെയും മനസിന്റെയും ഇഷ്ടങ്ങൾക്കനുസരിച്ചുള്ളതായിരിക്കണം. മനസിന്റെ യോജിപ്പിലൂടെ ദമ്പതികൾ പരസ്പരം വിധേയത്വം വാഗ്ദാനം ചെയ്യുകയും വിശ്വസ്തത പാലിക്കാൻ തയ്യാറാവുകയും ചെയ്യുന്നു.
വിവാഹത്തിലുള്ള ദമ്പതികളുടെ ദാനം അഭേദ്യമാണ്. 'ദൈവത്തിന് മനുഷ്യരോടും ക്രിസ്‌തുവിന് സഭയോടുമുള്ള വിശ്വസ്തത സ്നേഹത്തിന്റെ അടയാളവും ആവശ്യവുമാണ് വിവാഹത്തിലെ അവിഭാജ്യത' (FC No.20). ദൈവസ്നേഹത്തിന്റെ സ്വഭാവമാണ് വിശ്വസ്തത. അതുകൊണ്ട് സ്വയം ദാനത്തേക്കാൾ കുറഞ്ഞുള്ള എന്തും സ്നേഹത്തിൻ്റെ ലംഘനവും വ്യക്തിത്വത്തോടുള്ള അപമാനവുമാണ്.
വിവാഹം കുടുംബമെന്ന സ്ഥാപനത്തിന് ജന്മം കൊടുക്കുന്നു. ഉൽപത്തി പുസ്‌തകത്തിൽ ദൈവസ്ഥാപിതമായ കുടുംബത്തെ കാണാൻ സാധിക്കും. സ്നേഹത്തിൽ ഐക്യപ്പെടുന്നതോടെ സ്ത്രീയും പുരുഷനും ദൈവസ്നേഹത്തിൽ പങ്കുകാരാകുന്നു, പാപം വഴി മനുഷ്യർ ദൈവത്തിൽ നിന്നു അകന്ന് പോയി. എതിർ ലിംഗത്തിൽപ്പെട്ടവരെ സ്വന്തമാവശ്യത്തിനുള്ള ഉപകരണമാക്കി തരം താഴ്ത്തി. സ്വാർത്ഥ താൽപര്യങ്ങളെയും ജഡികസുഖങ്ങളെയും തൃപ്തിപ്പെടുത്താനുള്ള മാർഗ്ഗമായി അപരൻ ചുരുങ്ങി. ദൈവം സ്ഥാപിച്ച സ്നേഹകൂട്ടായ്‌മയിൽ മനുഷ്യന്റെ ആത്മദാനത്തിൽ സംഭവിച്ച പരാജയം മൂലം കുടുംബബന്ധങ്ങളിലെ തകർച്ച ഇന്നും പല രീതിയിൽ ഉടലെടുക്കുന്നു. വിവാഹമോചനവും വിവാഹേതര ലൈംഗിക ബന്ധങ്ങളും വ്യഭിചാരവും കാമാസക്തിയും പരീക്ഷണ വിവാഹങ്ങളുമൊക്കെ ഈ സ്വാർത്ഥതയുടെ ഫലമാണ്.
സഭയുടെയും സമൂഹത്തിന്റെയും അടിസ്ഥാനഘടകമായ കൂടുംബത്തിന്റെ പ്രാധാന്യവും പ്രസക്തിയും വളരെ വലുതാണ്. വ്യക്തിത്വ വികസനത്തെ ഏറ്റവും സ്വാധീനിക്കുന്ന ഘടകങ്ങളായ പാരമ്പര്യത്തിന്റെയും സാഹചര്യത്തിൻ്റെയും മുഖ്യസ്രോതസ്സാണ് കുടുംബം. മനുഷ്യജീവിതം ആരംഭിക്കുന്നതും വളരുന്നതും പൂർണ്ണത പ്രാപിക്കുന്നതും കുടുംബത്തിലാണ്. അതുകൊണ്ട് കുടുംബത്തിനും കുടുംബ ജീവിതത്തിനും അതിപ്രധാനമായ സ്ഥാനവും മൂല്യവും മഹത്ത്വവും ഉണ്ട്. ക്രൈസ്‌തവ വീക്ഷണമനുസരിച്ച് കുടുംബം ദൈവ സ്ഥാപിതമാണ്. അതിനാൽ കുടുംബജീവിതം പരിശുദ്ധവും ദൈവികവുമാണ്.
വൈവാഹിക ബന്ധങ്ങളിലുള്ള മാറ്റത്തിൻ്റെ അലയടികൾ കുടുംബത്തെ സ്വാധീനിക്കുന്നുണ്ട്. മരണം വരെ ജീവിതം പങ്കുവച്ച് അനുഭവിക്കാനുള്ള വിളിയാണ് വിവാഹബന്ധം. എന്നാൽ ഭൗതികവത്കരണത്തിന്റെയും ഉപഭോഗസംസ്‌കാരത്തിന്റെയും സമ്മർദ്ദഫലമായി ദാമ്പത്യ വിശുദ്ധിക്കും വിശ്വസ്‌തതയ്ക്കും കോട്ടം തട്ടുകയും കുടുംബ ബന്ധങ്ങളുടെ പവിത്രതയ്ക്ക് ഭംഗം സംഭവിക്കുകയും ചെയ്തിരിക്കുന്നു. ദാമ്പത്യ വിശുദ്ധിക്കും വിശ്വസ്തതയ്ക്കുമുള്ള പ്രാധാന്യത്തെ ഊന്നിപറയാനും അതിനെതിരായി വരുന്ന തിന്മകളെ അകറ്റി അവയ്ക്കെതിരായി അഭംഗുരം നിലനില്ക്കാനും നിരന്തരം ജാഗ്രത പുലർത്താൻ ഒമ്പതാം പ്രമാണം കടപ്പെടുത്തുന്നു.
വിവാഹവും കുടുംബവും - വിശുദ്ധ ഗ്രന്ഥാടിസ്ഥാനം
മനുഷ്യ സമൂഹത്തിൻ്റെ പ്രാഥമിക ഘടകമായ കുടുംബത്തിൻ്റെ മൂലക്കല്ലാണ് വിവാഹം. സ്ത്രീയും പുരുഷനും പരിശുദ്ധമായ സ്നേഹത്താൽ (തോബി 8, 7) സ്വതന്ത്രമായി പരസ്‌പരം സമർപ്പിച്ച് മരണം വരെ പരിശുദ്ധവും അഭേദ്യവുമായ വ്യക്തിബന്ധം സ്ഥാപിച്ച് സമൂഹ ജീവിതത്തിനടിസ്ഥാനമിടുന്നു. കുടുംബജീവിതത്തെയും വിവാഹബന്ധത്തെയും വിശുദ്ധഗ്രന്ഥാടിസ്ഥാനത്തിൽ പ്രതിപാദിക്കുകയാണ്.
പഴയനിയമത്തിൽ
പഴയനിയമത്തിൻ്റെ പശ്ചാത്തലത്തിൽ ദൈവമാണ് കുടുംബജീവിതത്തിലേക്ക് മനുഷ്യനെ നയിച്ചതെന്ന് വ്യക്തമാവുന്നു. സൃഷ്ടി കർമ്മത്തിന് ശേഷം ദൈവം അരുളിച്ചെയ്‌തു: മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല; അവന് ചേർന്ന ഇണയെ ഞാൻ നല്കും (ഉൽപ 2,18). ഒരു പുരുഷന് ഒരു സ്ത്രീ മാത്രമേ ഭാര്യയായി പാടുള്ളൂയെന്ന ഉന്നതമായ ദർശനം ഇവിടെ കാണാം.
വിവാഹം- ദൈവസ്ഥാപിതം
മനുഷ്യരെ സ്ത്രീയും പുരുഷനുമായിട്ടാണ് (ഉൽപ 1,27) ദൈവം സൃഷ്ടിച്ചത്. പരസ്പര പൂരകങ്ങളായിട്ടാണ് അവരെ സൃഷ്ടിച്ചത്. ഏകാന്തതയുടെ തുരുത്തിൽ നിന്ന് കൂട്ടായ്മയുടെ ശീതളഛായയിലേക്ക് ദൈവം അവരെ നയിച്ചു. ദൈവം മനുഷ്യരെ സൃഷ്ടിക്കുക മാത്രമല്ല വിശേഷബുദ്ധിയുടെ കൂട്ടായ ജീവിതത്തിന് പര്യാപ്തമായ സിദ്ധികളും നല്കി ബോധപൂർവ്വകവും ക്രിയാത്മകവുമായ ഒരു ബന്ധത്തിലേക്ക് അവരെ ക്ഷണിച്ചു. സ്നേഹം നുകർന്നും ജീവിതം പങ്കുവച്ചും പിതൃത്വത്തിൻ്റെ മഹത്ത്വവും മാതൃത്വത്തിൻ്റെ മാധുര്യവും അനുഭവിച്ചു ജീവിക്കാൻ കുടുംബമെന്ന സംവിധാനം ദൈവം സ്ഥാപിച്ചു. വിവാഹവും കുടുംബ ബന്ധങ്ങളും മനുഷ്യർക്ക് വേണ്ടിയുള്ള ദൈവത്തിൻ്റെ സംവിധാനത്തിലെ അടിസ്ഥാന ഘടകമായിത്തീർന്നു.
"ഇതാ എന്റെ അസ്ഥിയിൽ നിന്നുള്ള അസ്ഥിയും മാംസത്തിൽ നിന്നുള്ള മാംസവും” (ഉൽപ 2, 23) എന്ന് പറയുമ്പോൾ പരസ്പരമുള്ള സംയോജനമാണ് അർത്ഥമാക്കുന്നത്. ഇരുവരും ഒരു ശരീരമായിത്തീരുന്നതിന്റെ സമൂർത്തമായ ഫലമാണ് സന്താനങ്ങൾ. മനുഷ്യ സത്തയിലെ മൂന്ന് ഘടകങ്ങളായ പിതാവും മാതാവും മക്കളും പരസ്പരം സ്നേഹിച്ചു സ്വയം ശൂന്യമാക്കി, സമർപ്പിച്ച് ഒന്നായിത്തീരുമ്പോഴാണ് യഥാർത്ഥത്തിൽ ദൈവത്തിൻ്റെ ഛായയും സാദ്യശ്യവുമായി അവർ മാറുന്നതും പൂർണ്ണരാകുന്നതും. ഈ മൂന്ന് ഘടകങ്ങൾ തമ്മിലുള്ള സ്നേഹത്തിലുള്ള ഐക്യമാണ് കുടുംബജീവിതം.
വിവാഹജീവിതം ഇസ്രായേലിൽ
മാതൃകാപരമായ ജീവിതാവസ്ഥയായിട്ടാണ് ഇസ്രായേൽക്കാർ വിവാഹത്തെ കണ്ടിരുന്നത്. വിവാഹജീവിതം സ്വാഭാവികമായും മനുഷ്യപ്രകൃതിക്ക് യോജിച്ചതായിരുന്നു. വിവാഹബന്ധങ്ങൾക്കും കുടുംബജീവിതത്തിനും പവിത്രത കല്പ്‌പിച്ചിരുന്ന ഒരു ജനതയായി അവർ വളർന്നു. സ്ത്രീയും പുരുഷനും തമ്മിലുള്ള പരിശുദ്ധമായ ഈ ഉടമ്പടിയെ ഇസ്രായേലും ദൈവവും തമ്മിലുള്ള ബന്ധത്തിൻ സാദ്യശ്യമായി പ്രവാചകൻമാർ കരുതിയിരുന്നു (ഏശ 61,10,62,5; എസെ 16; ഹോസി 2,21-22). ദൈവത്തിന് ഇസ്രായേലിനോടുള്ള സ്നേഹം ഭർത്താവിന് തന്റെ ഭാര്യയോടുള്ള സ്നേഹംപോലെയാണ്. ദൈവവുമായുള്ള ഇസ്രായേലിൻ്റെ സ്നേഹത്തിൽ നിന്നുള്ള വ്യതിചലനമായി അവർ വിഗ്രഹാരാധനയെ കണ്ടിരുന്നു. അതുകൊണ്ടാണ് സ്വന്തം ഭർത്താവിനെ വിട്ട് പരപുരുഷനെ പ്രാപിക്കുന്ന സ്ത്രീയുമായി വിഗ്രഹാരാധന നടത്തുന്ന ഇസ്രായേൽ ജനത്തെ പഴയനിയമം അവതരിപ്പിക്കുന്നത് (ഏശ 54, 1-10; ജറെ 2,2; 31,3; ഹോസി 2,14-20). ദൈവിക ഉടമ്പടിയുടെ പ്രത്യേകതകളായി നിലനില്ക്കുന്ന സ്നേഹവും പരസ്‌പര സഹകരണവും അപരനോടുള്ള വിശ്വസ്തതയും ഭാര്യ ഭർത്യബന്ധത്തിൽ വേണമെന്ന് പ്രവാചകന്മാർ നിഷ്‌കർഷിച്ചിരുന്നു.
ലൈംഗിക പവിത്രത ഇസ്രായേലിൽ
യഹൂദജനം ലൈംഗികതയെ പവിത്രമായി കരുതിയിരുന്നു (ലേവ്യ 18,1-30; 15,16; നിയ 22,13). ലൈംഗികത നൈയാമികവും ദൈവാനുഗ്രഹപ്രദവുമായി തീരുന്നത് ദാമ്പത്യ ജീവിതത്തിലാണെന്ന് അവർ വിശ്വസിച്ചിരുന്നു. ദമ്പതികൾ തമ്മിലുള്ള സ്നേഹജന്യമായ ഐക്യവും പ്രജനന പ്രക്രിയയും വിവാഹബന്ധത്തിലെ പ്രധാന ഘടകങ്ങളായി അവർ കരുതിയിരുന്നു (ഉൽപ 2,18; 24,1-28).
വിവാഹത്തിന് പുറമെയുള്ള എല്ലാവിധത്തിലുള്ള ലൈംഗിക പ്രവൃത്തികളും പഴയനിയമം ശക്തമായി അപലപിക്കുകയും നിയമവിരുദ്ധവും നിഷിദ്ധവുമായി കരുതുകയും ചെയ്തിരുന്നു. ഒരുവൻ കന്യകയെ മാനഭംഗപ്പെടുത്തിയാൽ അവളെ ഭാര്യയായി സ്വീകരിക്കണമായിരുന്നു (നിയ 22,29). ദൈവത്താൽ സ്ഥാപിതമായ വിവാഹവും ലൈംഗികതയും മനുഷ്യൻ്റെ പൂർണ്ണതക്ക് ആവശ്യമായിരുന്നു.
സ്ത്രീ - യഹുദ പാരമ്പര്യങ്ങളിൽ
സ്ത്രീയെ യഹൂദ പാരമ്പര്യങ്ങളിൽ ഒരു വ്യക്തിയായി കരുതി ആദരിച്ചിരുന്നില്ല. പുരുഷൻ്റെ ലൈംഗികാവശ്യത്തിനുള്ള 'വസ്തു' എന്ന സ്ഥാനം മാത്രമാണ് സ്ത്രീക്ക് നല്‌കപ്പെട്ടിരുന്നത്. കുഞ്ഞുങ്ങളെ പ്രസവിച്ചു പാലൂട്ടി വളർത്തുന്നതിനും ജോലികാര്യങ്ങളിൽ അഹായിക്കുന്നതിനുമായി ദൈവത്താൽ സൃഷ്ടിക്കപ്പെട്ട കേവലമൊരു ഉപഭോഗവസ്‌തു മാത്രമായിരുന്നു സ്ത്രീ, യഹൂദ നിയമമനുസരിച്ച് പുത്രിയെ വിവാഹം കഴിച്ചു നല്‌കുമ്പോൾ വരനിൽ നിന്നു വധുവിന്റെ പിതാവിന് പണം ലഭിച്ചിരുന്നു (ഉൽപ 24,53-56; 34,12, പുറ 22, 16). വധുവിൻ്റെ പിതാവ് ഈ പണം വാങ്ങിയിരുന്നത് എപ്പോഴെങ്കിലും മകൾ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടാൽ ഈ പണം ഉപയോഗിച്ചു അവളെ സംരക്ഷിക്കുവാൻ വേണ്ടിയായിരുന്നു. എങ്കിലും ധനമോഹികളായ പിതാക്കന്മാർ കച്ചവടക്കണ്ണോടെ ഈ നിയമം ഉപയോഗിച്ചിരുന്നു.
വിവാഹശേഷം ഭർത്താവിന്റെ ജംഗമ വസ്‌തുക്കളിൽ ഒന്നായിട്ടാണ് ഭാര്യയെ കരുതിയിരുന്നത്. തത്ഫലമായാവാം പത്ത് കല്പനകളിലെ അവസാന രണ്ടെണ്ണം ഒന്നായി അക്കാലത്ത് കരുതപ്പെട്ടിരുന്നത് (നിയ 5,20.21). ഭാര്യയും മാതാവും എന്ന നിലയിൽ തന്റെ കർത്തവ്യങ്ങൾ നിർവ്വഹിച്ചുകൊണ്ട് ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക മാത്രമായിരുന്നു സ്ത്രീയുടെ ധർമ്മം. ഭർത്താവിന് അവളുടെ നേർക്ക് തോന്നുന്ന ചെറിയ അപ്രീതിപോലും വിവാഹ മോചനത്തിന് മതിയായ കാരണമായി കരുതപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ അക്കാലത്ത് വിവാഹമോചിതരായ ധാരാളം സ്ത്രീകളുണ്ടായിരുന്നു (ഏശ 50,1; ജറെ 3,8; നിയ 24,1). പില്ക്കാലത്ത് യഹൂദ റബ്ബിമാർ വിവാഹമോചനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വിവാഹമോചനത്തെ സംബന്ധിച്ച് പുരുഷനും സ്ത്രീക്കും വ്യത്യസ്ത നിയമങ്ങളാണുണ്ടായിരുന്നത്. സ്ത്രീയുടെ അവകാശങ്ങൾ വളരെ പരിമിതങ്ങളായിരുന്നു.
യഹൂദരുടെ ലൈംഗിക ധാർമ്മികത
യഹൂദരുടെ ആദ്യകാല ധാർമ്മികനിയമ സംഹിതകൾ ശാസ്ത്രീയമായും ദൈവശാസ്ത്രപരമായും മാഹാത്മ്യമുള്ളതോ ക്രമീകൃതമോ ആയിരുന്നില്ല. അവ ലളിതവും സാധാരണക്കാരുടെ ചിന്താഗതിക്ക് അനുസൃതവുമായിരുന്നു. മനുഷ്യൻ്റെ ലൈംഗിക കഴിവുകൾ പരിശുദ്ധമാണെന്നും അത് വിവാഹബന്ധത്തിലും സന്താനോല്‌പാദനത്തിലും സൃഷ്ടാവായ ദൈവത്തോട് സഹകരിച്ച് പ്രവർത്തിക്കേണ്ടതിനാണെന്നും അവർ വിശ്വസിച്ചിരുന്നു.
വിവാഹമെന്ന ദൈവകല്‌പനയുടെ ലക്ഷ്യം സന്താനോല്പാദനമാണെന്ന വിശ്വാസവും, പരമ്പരാഗതമായി യഹൂദരുടെ ഇടയിൽ നിലവിലിരുന്ന വിവാഹസമ്പ്രദായങ്ങളുമാണ് ലൈംഗികതയെ ശ്ലാഘിച്ചുള്ള മറ്റ് നിയമങ്ങൾ ഉണ്ടാക്കുവാൻ അവരെ പ്രേരിപ്പിച്ചത്. ഇത് ലൈംഗിക ദുരാചാരങ്ങളെ, പ്രത്യേകിച്ച് വ്യഭിചാരത്തെ ദൈവകല്‌പനയുടെ നിഷേധമായി കാണുന്നതിന് ഇടയാക്കി. കൂടാതെ വിവാഹമോചനം, വേശ്യാവൃത്തി ബഹുഭാര്യത്വം മുതലായവ നിയന്ത്രണ വിധേയമാക്കുവാനും ഈ നിയമങ്ങൾ പ്രേരിപ്പിച്ചു.
വേശ്യകൾ കല്ലെറിഞ്ഞ് കൊല്ലപ്പെടണം എന്ന നിയമം യഹൂദർക്കിടയിൽ ഉണ്ടായിരുന്നു. സ്ത്രീകളുടെ ദാമ്പത്യ ശുദ്ധത ചോദ്യം ചെയ്യപ്പെടുന്ന അവസരങ്ങളിൽ, അത് പരിശോധിക്കപ്പെടുന്ന രീതികളും ഏറെ പ്രാകൃതമായിരുന്നു. വിവാഹിതയോ വിവാഹസമ്മതം നല്കിയതോ ആയ ഏതൊരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ആളും മരണശിക്ഷക്ക് അർഹനായിരുന്നു. ഒരുവൻ വേറൊരാളുടെ ഭാര്യയോടുകൂടെശയിക്കുന്നത് കണ്ടുപിടിക്കപ്പെട്ടാൽ അവരിരുവരും കൊല്ലപ്പെടണം (നിയ 22,22-28).
ലൈംഗികത മനുഷ്യവംശത്തിൻ്റെ നിലനില്‌പിനും ദൈവനാമത്തിൻ്റെ മഹത്ത്വത്തിനുമായി ഉപയോഗിക്കേണ്ടതിന് ദൈവം നല്കിയിരിക്കുന്ന കഴിവായിട്ടാണ് അവർ കരുതിയിരുന്നത്. അതിന്റെ ലക്ഷ്യങ്ങൾക്കെതിരായിട്ടുള്ള ദുരുപയോഗം അവർ വെറുക്കുകയും അപലപിക്കുകയും ചെയ്‌തിരുന്നു. ദൈവ മനുഷ്യബന്ധത്തെ വിശദീകരിക്കാൻ വിവാഹം പ്രതീകമായി ഉപയോഗിച്ചിരുന്നതും വിവാഹത്തെ സംബന്ധിച്ച യഹൂദരുടെ കാഴ്‌ചപ്പാട് വ്യക്തമാക്കാൻ സഹായകമാണ്.
പുതിയനിയമത്തിൽ
ദൈവത്തിന്റെ രക്ഷാകര പദ്ധതിയിൽ ഉരുത്തിരിഞ്ഞ പഴയനിയമ വിവാഹത്തെ അംഗീകരിച്ചുറപ്പിക്കുകയാണ് പുതിയനിയമം ചെയ്യുന്നത് (മർക്കോ 10,2-12). പഴയനിയമത്തിൽ വിവാഹം ദൈവവും ഇസ്രായേലും തമ്മിലുള്ള ഉടമ്പടിയെ സൂചിപ്പിക്കുന്നുവെങ്കിൽ പുതിയനിയമത്തിൽ അത് ക്രിസ്തുവും സഭയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ സൂചിപ്പിക്കുന്നു (എഫേ 5,28-32). വിവാഹബന്ധത്തിൽ ഭർത്താവ് ക്രിസ്‌തുവിനെയും ഭാര്യ സഭയെയും പ്രതിനിധീകരിക്കുന്നു. ക്രിസ്‌തു സഭയെ സ്നേഹിച്ചതുപോലെ ദമ്പതികൾ പരസ്പരം സ്നേഹിക്കുവാനും, ക്രിസ്‌തു സഭയോട് ബന്ധപ്പെട്ടിരിക്കുന്നതുപോലെ ബന്ധപ്പെടാനും വിശുദ്ധ പൗലോസ് ഉപദേശിക്കുന്നു. സഭയെ വിശുദ്ധീകരിക്കുന്നതിന് ക്രിസ്‌തു തന്നെത്തന്നെ ബലിയായി അർപ്പിച്ചതുപോലെ ദമ്പതികൾ അവരുടെ സ്നേഹത്തെ പരസ്‌പര വിശുദ്ധീകരണത്തിനായി ഉപയോഗിക്കണമെന്നും വിശുദ്ധ പൗലോസ് ആഹ്വാനം ചെയ്യുന്നു (1 കോറി 7,14). ക്രിസ്‌തുവിൻ്റെ പരസ്‌പര രക്ഷാകര ദൗത്യം തങ്ങളിൽ സാക്ഷാത്കരിക്കുകയാണ് പരിശുദ്ധവും നിർമ്മലവുമായ സ്നേഹത്തിൽ ഒന്നായിത്തീരുന്ന ദമ്പതികൾ ചെയ്യുന്നത്.
വിവാഹത്തിന്റെ കൗദാശികത
വിവാഹം ദൈവസ്നേഹത്തിൻ്റെ കൂദാശയിലേക്കുള്ള വിളിയാണ്. വിളി മുദ്രവയ്ക്കപ്പെടുന്നത് അനുഷ്ഠാനങ്ങളിലൂടെയായാണ്. അനുഷ്ഠാനങ്ങൾക്ക് വ്യത്യസ്തമായ അർത്ഥങ്ങളുണ്ട്.
1. ഇതൊരു ഓർമ്മയാചരണമാണ്. ദൈവത്തിന്റെ സൃഷ്ടികർമ്മത്തിൽ പങ്ക് ചേരാനുള്ള ക്ഷണം (ഉൽപ 1,28), ഇസ്രായേലും ദൈവവും തമ്മിലുള്ള ഉടമ്പടി, ക്രിസ്‌തുവും സഭയും തമ്മിലുള്ള ഉടമ്പടി (എഫേ 5,22-23), ക്രിസ്‌തുസംഭവം എന്നിവയുടെ ഓർമ്മയാണ് വിവാഹമെന്ന കൂദാശയിലൂടെ നടക്കുന്നത്. ക്രിസ്തുവിന്റെ രക്ഷാകര രഹസ്യത്തിൽ പങ്ക് ചേരുകയാണ് ദമ്പതികൾ. അതിനാൽ വിവാഹം രക്ഷാകരമായ വിളിയാണ്.
2. ഇതൊരു സമർപ്പണമാണ്. ക്രിസ്‌തു മനുഷ്യരെ രക്ഷിക്കാനായി സ്വയംദാനം ചെയ്ത രക്ഷാകര ചരിത്രത്തിൽ ദമ്പതികൾ പങ്കുചേരുന്നു. പരസ്പ്‌പരം വിശുദ്ധീകരിക്കുന്നതിനായി ഭാര്യ ഭർത്താക്കന്മാർ അന്യോന്യം സമർപ്പിക്കുന്നു. ക്രിസ്‌തുസഭയെ സ്നേഹിച്ചതുപോലെ ഭർത്താവ് ഭാര്യയെ സ്നേഹിക്കണം (എഫേ 5,26).
മാനുഷിക സ്നേഹവും ദൈവിക കാരുണ്യവും ഒന്നുചേരുന്ന ദൈവമനുഷ്യ സംഗമത്തിൻ്റെ മുദ്രയാണ് വിവാഹപരികർമ്മം. ദൈവത്തിന്റെയും സഭയുടെയും മുൻപിൽ ക്രിസ്‌തുരഹസ്യം കൗദാശികമായി അനുസ്മരിക്കുന്ന പരികർമ്മം വഴി അവർ ദൈവത്തിന് ആരാധനയർപ്പിക്കുകയും ദൈവിക രഹസ്യങ്ങൾക്ക് ഭൂമിയിൽ സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. ഭാര്യ ഭർത്താക്കന്മാർ അവരുടെ ജീവിതം തന്നെ ക്രിസ്തു രഹസ്യമായി രൂപാന്തരപ്പെടുത്തുന്നു. രണ്ടാം വത്തിക്കാൻ കൗൺസിലും വിവാഹത്തിൻ്റെ പവിത്രതയെക്കുറിച്ച് പഠിപ്പിക്കുന്നു (GS No.48).
നിത്യമായ ഉടമ്പടി
പുരുഷനും സ്ത്രീയുമായി മനുഷ്യരെ സൃഷ്‌ടിച്ച ദൈവം അവരെ പരസ്പരം യോജിപ്പിച്ചു. അന്ന് മുതൽ നിലനിന്നിരുന്ന സ്ത്രീ പുരുഷ ബന്ധത്തിലൂടെ അവർ ദൈവത്തിന്റെ സൃഷ്‌ടികർമ്മത്തിലാണ് പങ്ക് ചേരുന്നത്. യേശുവിൻ്റെ രക്തത്താൽ മുദ്രിതമാക്കിയ പുതിയ ഉടമ്പടി (മത്താ 26,28) ഈ ബന്ധത്തിന് പുതിയ അടിസ്ഥാനമിട്ടു.
ദമ്പതികൾ തമ്മിലുള്ള പരസ്‌പര ഐക്യം ഉടലെടുക്കുന്നത് ദാമ്പത്യാേടമ്പടിയിലൂടെയാണ്. രണ്ട് പേരുടെയും സ്വതന്ത്രമായ സമ്മതത്തിന് ദൈവം അംഗീകാരം കൊടുക്കുമ്പോഴാണ് ഇത് ഉടമ്പടിയായി തീരുന്നത്. ദൈവത്തിൻ്റെ കൃപാവരം ലഭിക്കുന്ന കൂദാശയാണ് വിവാഹം. ഭാര്യക്കും ഭർത്താവിനും യേശുവിനെ കണ്ടുമുട്ടാനും അതുവഴി ജീവിത ചുമതലകൾ നിർവ്വഹിക്കാനും ഈ പ്രസാദവരം പ്രവർത്തിക്കുന്നു.
വിവാഹത്തിന്റെ അവിഭാജ്യതയും ഏകതയും
വിവാഹം നിത്യമായ ഉടമ്പടിയായതുകൊണ്ട് വിവാഹമോചനം പാടില്ലയെന്ന് പുതിയനിയമം ഊന്നി പറയുന്നു. മനുഷ്യന് വേർപ്പെടുത്താവുന്നതല്ല വിവാഹബന്ധമെന്ന് യേശു പഠിപ്പിക്കുന്നു, “ദൈവം യോജിപ്പിച്ചത് മനുഷ്യൻ വേർപ്പെടുത്താതിരിക്കട്ടെ” (മത്താ 19,6). വിവാഹബന്ധം നിത്യമായ ബന്ധമാണ് അത് വിഛേദിക്കപ്പെടേണ്ടതോ, വിഛേദിക്കാവുന്നതോ അല്ല.
വിശുദ്ധ പൗലോസ് വിവാഹബന്ധത്തെപ്പറ്റി ഇപ്രകാരം പഠിപ്പിക്കുന്നു: കർത്താവ് തന്നെ കല്‌പിക്കുന്നു. ഭാര്യ ഭർത്താവിൽ നിന്ന് വേർപിരിയരുത്. അഥവാ, വേർപിരിയുന്നെങ്കിൽ അവിവാഹിതയെപ്പോലെ ജീവിക്കണം; അല്ലെങ്കിൽ ഭർത്താവുമായി രമ്യപ്പെടണം;ഭർത്താവ് ഭാര്യയെ ഉപേക്ഷിക്കരുത് (1 കോറി 7,10-11). വിവാഹത്തിലൂടെ ഭാര്യാഭർത്താക്കന്മാർ മിശിഹായുടെ ശരീരത്തിൽ ഒന്നായി തീരുന്നു. എന്തെന്നാൽ നാം അവൻ്റെ ശരീരത്തിൻ്റെ അവയവങ്ങളാണ് (എഫേ 5,30), ഭാര്യഭർത്താക്കന്മാരെ ഒന്നിപ്പിക്കുന്നത് അവരുടെ മദ്ധ്യത്തിൽ നില്ക്കുന്ന മിശിഹായാണ്. സ്ത്രീയും പുരുഷനും തമ്മിൽ ഉടമ്പടിയുണ്ടാക്കിയതുകൊണ്ടുമാത്രം വിവാഹം ആകുന്നില്ല. മൂന്നാമതൊരാളാണ് അവരെ ഒന്നിപ്പിക്കുന്നത്. അത് യേശുവാണ്. യേശുവിൽ രണ്ടുപേരും സമർപ്പിച്ച് സ്വയം കൊടുക്കുമ്പോൾ അവർ ഒറ്റ ശരീരമായി ഭവിക്കുന്നു. അവിടെ വിവാഹമോചനത്തിന് സാധുതയുണ്ടാകില്ല. ക്രിസ്‌തുവിൻ്റെ പ്രബോധനങ്ങൾ, ദാമ്പത്യജീവിതത്തിൽ രണ്ട് പേർക്കും സമഗ്ര സംതൃപ്തി ലഭിക്കുന്ന രീതിയിൽ സ്നേഹത്തോടെ ജീവിതം നയിക്കുവാനുള്ള കല്പനയാണ്.
ഭാര്യാഭർതൃബന്ധം.
ഭാര്യാഭർത്യബന്ധത്തെ വിശുദ്ധ ഗ്രന്ഥം താരതമ്യപ്പെടുത്തുന്നത് ക്രിസ്തുവിന് സഭയോടുള്ള ബന്ധത്തോടാണ്. സഭയുടെ മണവാളനായ യേശു മണവാട്ടിക്ക് വേണ്ടി സ്വജീവൻ സമർപ്പിക്കുന്നു. വിശുദ്ധ പൗലോസ് ഈ ബന്ധത്തെ വിശദീകരിക്കുന്നു. "ഭാര്യമാരെ നിങ്ങൾ കർത്താവിന് എന്നപോലെ ഭർത്താക്കന്മാർക്ക് വിധേയരാകുവിൻ. എന്തെന്നാൽ ക്രിസ്‌തു തൻ്റെ ശരീരമായ സഭയുടെ ശിരസ്സായിരിക്കുന്നതുപോലെ ഭർത്താവ് ഭാര്യയുടെ ശിരസ്സാണ്.... അതു പോലെ ഭർത്താക്കന്മാർ ഭാര്യമാരെ സ്വന്തം ശരീരത്തെ എന്നപോലെ സ്നേഹിക്കണം” (എഫേ 5,22-33).
ക്രൈസ്തവ കുടുംബം അംഗങ്ങളുടെ പരസ്‌പര വിധേയത്വത്തിൽ അധിഷ്ഠിതമാണ്. പ്രകൃത്യാ ഉണ്ടായിരിക്കേണ്ട ഈ വിധേയത്വം ക്രിസ്തുവിനോടുള്ള ബഹുമാനം മൂലമാണ് ഉണ്ടായിരിക്കേണ്ടത് എന്നാണ് ക്രൈസ്തവമാനം. "നിങ്ങൾ കർത്താവിനെ പ്രതി എല്ലാ മാനുഷികാധികാരങ്ങൾക്കും വിധേയരായിരിക്കുവിൻ" (1 പത്രോ 2,14). ഈ വിധേയത്വം ജീവിതം മുഴുവൻ പുതിയ കാഴ്ചപാടും സമർപ്പണ ബുദ്ധിയും പ്രദാനം ചെയ്യുന്നു. ദൈവിക സ്നേഹത്തിൽ നിന്നു ഉടലെടുത്ത ക്രിസ്‌തുവും സഭയുമായുള്ള സ്നേഹത്തിന്റെ മാതൃകയിൽ ആവിഷ്ക്കരിക്കപ്പെട്ട ഭാര്യാഭർത്യബന്ധം അവിഭാജ്യമായി നിലനില്ക്കണം. ഈ സ്നേഹം അതിൻ്റെ പരമകാഷ്ഠയിൽ ദൈവദാനമായ ലൈംഗികതയുടെ സംശുദ്ധമായ സ്വീകരണത്തിലെത്തുന്നു. ഈ സ്വീകരണം ദൈവത്തിൻ്റെ പവിത്രമായ സൃഷ്ടി കർമ്മത്തിൽ പങ്കുചേർന്ന് സന്താനങ്ങളെ ഉല്‌പാദിപ്പിക്കുകയാണ്.
വിവാഹത്തിന്റെ രഹസ്യാത്മകത
വിവാഹത്തിലെ ഭാര്യാഭർത്യ സംലയനം ഒരു വലിയ രഹസ്യമാണെന്ന് വിശുദ്ധ പൗലോസ് പഠിപ്പിക്കുന്നു (എഫേ 5,32). ഈ രഹസ്യാത്മകത സഭയോടും ക്രിസ്തുവിനോടും ബന്ധപ്പെട്ടിരിക്കുന്നു. സഭ ക്രിസ്തുവിനോട് ചേർന്നിരിക്കുന്നതും ഉത്ഥിതനായ യേശു സഭയിൽ പരിശുദ്ധാരൂപിയിലൂടെ പ്രവർത്തിക്കുന്നതും മാനുഷിക ബുദ്ധികൊണ്ട് വിവേചിച്ചറിയാനാവാത്ത വലിയ രഹസ്യമാണ്. വിവാഹമെന്ന കൂദാശ സ്വീകരിക്കുന്ന ഭാര്യാഭർത്താക്കന്മാരുടെ സമർപ്പണം ഇപ്രകാരമുള്ള ഒരു രഹസ്യാത്മകതയിൽ എത്തിനില്ക്കുന്നു. സൃഷ്ടിയും, മനുഷ്യാവതാരവും രക്ഷാകര കർമ്മങ്ങളും പോലെ ഭാര്യാഭർതൃബന്ധവും ദൈവസ്നേഹത്തിൻ്റെ അത്യുദാത്തമായ പ്രതീകമാണ്. മിശിഹാ രഹസ്യത്തിലുള്ള തങ്ങളുടെ പങ്ക് ചേരലിന് അടിസ്ഥാനമായി നില്ക്കുന്നത് സ്വയം ശൂന്യമാക്കുന്ന സ്നേഹമാണ്. ജീവിതത്തിലെ അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങളിലും സമചിത്തത പാലിക്കാനും പരസ്‌പരം പ്രോത്സാഹിപ്പിക്കാനും ദമ്പതികൾ പ്രാപ്‌തരാകേണ്ടത് ക്രിസ്‌തുവിന്റെ സ്നേഹത്തിൽ നിന്നു ചൈതന്യം സ്വീകരിച്ചാകണം.
വിവാഹം ഒരു കൂദാശ
മാമ്മോദീസായിലൂടെ ക്രിസ്‌തുവിലും അവിടുത്തെ സഭയിലും അംഗത്വം നേടിയ യുവാവും യുവതിയുമാണ് ക്രൈസ്തവ വിവാഹത്തിൽ പരസ്‌പരം ബന്ധിതരാകുന്നത്. അതുവഴി ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധത്തിലും അവർ പങ്ക് ചേരുന്നു. ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധം വരപ്രസാദത്തിൽ അധിഷ്ഠിതമായതിനാൽ ദൈവികവും പരിശുദ്ധവുമായ ഈ ബന്ധത്തിൽ പങ്ക് പറ്റുന്നതോടെ ഭാര്യ- ഭർതൃബന്ധവും വരപ്രസാദദായകമായി തീരുന്നു. മാമ്മോദീസായിലൂടെ ക്രിസ്‌തുവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലാണ് വിവാഹം വരപ്രസാദദായകമായിതീരുന്നത്.
കൗദാശിക വരപ്രസാദം വിവാഹജീവിതത്തിൽ
വിവാഹമെന്ന കൂദാശയിലൂടെ കരഗതമാകുന്ന വരപ്രസാദം എന്താണെന്നും, അത് എങ്ങനെ പ്രവർത്തിക്കുന്നുവെന്നും രണ്ടാം വത്തിക്കാൻ കൗൺസിൽ വിശദീകരിക്കുന്നുണ്ട്. ദൈവിക സ്നേഹത്തിന്റെ സ്രോതസ്സിൽ നിന്ന് ഉത്ഭവിക്കുന്നതും ക്രിസ്‌തുവും സഭയുമായുള്ള ഐക്യത്തിൻ്റെ മാതൃകയിൽ സംവിധാനം ചെയ്തിരിക്കുന്നതുമായ ഈ ബഹുമുഖസ്നേഹത്തെ അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കുന്നു. സ്നേഹത്തിൻ്റെയും വിശ്വസ്‌തതയുടെയും ഉടമ്പടിയിലൂടെ ദൈവം തന്റെ ജനങ്ങൾക്ക് സന്നിഹിതനായതുപോലെ ക്രിസ്‌തു വിവാഹമെന്ന കൂദാശയിൽ ക്രൈസ്‌തവ ദമ്പതികളുടെ ജീവിതത്തിൽ സന്നിഹിതനായിരിക്കുന്നു. അവിടുന്ന് തിരുസഭയെ സ്നേഹിക്കുകയും അവൾക്ക് വേണ്ടി തന്നെത്തന്നെ സമർപ്പിക്കുകയും ചെയ്തതുപോലെ ഭാര്യാഭർത്താക്കന്മാർ പരസ്‌പര സമർപ്പണം വഴി നിത്യ വിശ്വസ്‌തതയോടുകൂടി അന്യോന്യം സ്നേഹിക്കാൻ ഇടയാകാനായി അവിടുന്ന് അവരോടുകൂടി വസിക്കുന്നു. യഥാർത്ഥ ദാമ്പത്യസ്നേഹം ആത്മവിശുദ്ധിക്കുതകുന്നു. സഭാ പ്രവർത്തനങ്ങൾ വഴി അത് നിയന്ത്രിക്കപ്പെടുകയും സമ്പന്നമാക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ ഭാര്യാഭർത്താക്കന്മാർ സുശക്തമായ ഫലങ്ങളോടുകൂടി ദൈവത്തിലേയ്ക്കടുക്കുകയും ശ്രേഷ്ഠമായ പിതൃധർമ്മവും മാതൃധർമ്മവും നിർവ്വഹിക്കുവാൻ ശക്തരാവുകയും ചെയ്യുന്നു (GS No.48) അതായത്, വിവാഹജീവിതത്തിലെ വരപ്രസാദത്തെ കൗൺസിൽ അവതരിപ്പിക്കുന്നത് ക്രൈസ്‌തവ ദമ്പതികളെ പരസ്‌പര സ്നേഹത്തിൽ ഉറപ്പിച്ചുനിർത്തുന്ന ദൈവിക സ്നേഹം തന്നെയായിട്ടാണ്.
വിവാഹത്തിലെ ലൈംഗികബന്ധം കൂദാശപരം
വിവാഹത്തിലെ കൂദാശകർമ്മം നികൃഷ്ടർത്ഥത്തിൽ വധുവരന്മാരുടെ പരസ്പര സമ്മതമാണ്. എന്നാൽ വ്യാപകാർത്ഥത്തിൽ വിവാഹജീവിതത്തെ മുഴുവൻ പരസ്‌പര സ്നേഹത്തിൻ്റെ യാഥാർത്ഥ്യവത്ക്കരണമായി വീക്ഷിക്കുമ്പോൾ ലൈംഗിക ബന്ധവും അതിൽ ഉൾപ്പെടുന്നു. ക്രൈസ്തവ ജീവിതം തന്നെ ക്രിസ്തുവിൻ്റെ കൂദാശയാണ്. ഈ ജീവിതത്തിൽ അനുനിമിഷം നാം ക്രിസ്തുവിലേക്ക് കൂടുതൽ കൂടുതൽ വളർന്നുകൊണ്ടിരിക്കുന്നു. ഈ വളർച്ചയിലൂടെ നാം ഓരോ ദിവസവും ക്രിസ്‌തുവിൻ്റെ സജീവ കൂദാശയായി മാറുകയാണ്. വിവാഹമെന്ന കൂദാശ സ്വീകരിച്ചവരുടെ ഈ വളർച്ചക്കുള്ള മാർഗ്ഗം അവരുടെ വിവാഹജീവിതം തന്നെയാണ്. വധുവരന്മാർ ഏകശരീരമായി ജീവിച്ചുകൊള്ളാമെന്ന് ദൈവസമക്ഷം സമ്മതം നല്‌കുമ്പോൾ ഈ കൂദാശ ആരംഭിക്കുന്നു. അവരുടെ ദൈനന്ദിന ജീവിതത്തിലെ സാഹചര്യങ്ങളിലൂടെ ഇത് വളരുന്നു. നിർമ്മലമായ സ്നേഹത്താൽ ദമ്പതികൾ ഏകശരീരമായി തീരുമ്പോൾ വിവാഹമെന്ന കൂദാശ അവരെ സംബന്ധിച്ചിടത്തോളം യാഥാർത്ഥ്യമായി തീരുന്നു. ഇപ്രകാരം ദൈവസന്നിധിയിൽ ആരംഭിച്ച്, ദൈനന്ദിന ജീവിതത്തിലൂടെ വളരുന്ന ഈ കൂദാശ പരസ്പര ലൈംഗിക ബന്ധത്തിലൂടെ പൂർത്തീകരിക്കപ്പെടുന്നു. ഭാര്യാഭർത്താക്കന്മാരുടെ ശാരീരികവും മാനസികവുമായ ഐക്യത്തിന്റെ പ്രകടനമാണ് ലൈംഗികബന്ധം. വിവാഹസമ്മതം ഈ കൂദാശയുടെ ആരംഭവും. അതിന്റെ പൂർത്തീകരണം സന്താനോല്പാദനവും സ്നേഹ വിനിമയവും ലക്ഷ്യമാക്കിയുള്ള ലൈംഗിക ബന്ധവുമാണ്.
വൈവാഹിക സ്നേഹം തികച്ചും ദൈവികവും പരിശുദ്ധവുമാണ് ലൈംഗിക വികാരപ്രകടനങ്ങളിൽ ഒതുങ്ങിനില്ക്കാതെ ദമ്പതികളെ പരസ്പരം സ്വതന്ത്രമായും മാന്യമായും സമർപ്പിക്കാൻ സഹായിക്കുന്ന ഒരു ദൈവിക ശക്തിയാണ് ലൈംഗികത. ജീവിതത്തിലെ വ്യത്യസ്താനുഭവങ്ങളിലൂടെ പരസ്‌പരം പങ്കുവച്ച്, സമർപ്പിച്ച് ജീവിക്കുന്നതുവഴി, സവിശേഷമായി ദമ്പതികൾക്ക് മാത്രം അനുവദനീയമായ ശാരീരിക പ്രകടനങ്ങൾ വഴി അവരുടെ സ്നേഹം വളരുന്നു, പുഷ്ടിപ്രാപിക്കുന്നു. ശാരീരിക പ്രകടനങ്ങളിൽ സ്വാർത്ഥതയോടെയല്ല, ഉദാത്തമായ രീതിയിൽ വേണം ബന്ധപ്പെടുവാനെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ വ്യക്തമാക്കുന്നു (GS No.49).
ഈ പ്രഖ്യാപനം ദമ്പതികൾ തങ്ങളുടെ കർത്തവ്യം നിറവേറ്റുന്നതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വ്യക്തമാക്കുന്നു. വിവാഹത്തിലെ ലൈംഗിക ബന്ധം പരിശുദ്ധമാണ്; ദൈവികമാണ്. വിവാഹത്തിൽ അതിന് വ്യക്തമായ ലക്ഷ്യമുണ്ട്. സ്നേഹത്തിൽ വളരുകയും വളർന്ന് സ്നേഹം പ്രകടമാക്കുകയും ചെയ്യണം. അവർ പരസ്പരം പങ്കാളിയെ തുല്യ വ്യക്തിയായി കരുതി സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യണം. സ്നേഹത്തിൽ വളരുവാനോ, സ്നേഹം പ്രകടിപ്പിക്കുവാനോ സഹായകരമല്ലാത്ത അവസരങ്ങളിലും രീതികളിലും അവർ ബന്ധപ്പെടുന്നത് കുറ്റകരമാണെന്നും സഭ വ്യക്തമാക്കുന്നുണ്ട്. ശാരീരിക സംതൃപ്‌തിക്ക് മാത്രം പങ്കാളിയെ സമീപിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന മനോഭാവം ദൈവികമോ മാനുഷികമോ ധാർമ്മികമോ അല്ല. പരസ്‌പരം ആദരിച്ച്, വികാരങ്ങളെ മാനിച്ച്, സ്നേഹത്തിൻ്റെ പശ്ചാത്തലത്തിൽ നടക്കുന്ന ലൈംഗിക ബന്ധം ഇരുവരെയും ധന്യരും പൂർണ്ണരും സന്തുഷ്ടരും ആക്കിതീർക്കും. വൈവാഹിക സ്നേഹം കാമാസക്തിയേക്കാൾ ആഴമേറിയതാണ്. ഭാര്യയെയും ഭർത്താവിനെയും മരണം വരെ ഒന്നിച്ച് വളരാനും പൂർണ്ണരാകാനും ശക്തരാക്കുന്ന സ്നേഹമാണ്.
വിവാഹമെന്ന കൂദാശയുടെ ലക്ഷ്യം
സുരക്ഷിത ബോധത്തോടുകൂടി ജീവിക്കാനും ജീവിതത്തിൽ അനുഭവപ്പെടുന്ന ഏകാന്തതയിൽ നിന്ന് രക്ഷപ്പെടാനും, ലൈംഗിക സംതൃപ്തിക്കും വേണ്ടി വിവാഹം കഴിക്കുന്നവരുണ്ടാകാം. ഇപ്രകാരമുള്ള വ്യക്തിപരമായ ലക്ഷ്യങ്ങളെക്കാളുപരി ഒരു കൂദാശയെന്ന നിലയിൽ വിവാഹത്തിന് വളരെ ഉന്നതമായ ലക്ഷ്യങ്ങളുണ്ട്
1. ബൈബിളിൽ
സന്തനോല്പ്‌പാദനവും പരസ്പര പൂരകത്വവുമാണ് വിവാഹത്തിന്റെ ലക്ഷ്യമായി ഉൽപ്പത്തി പുസ്തകം അവതരിപ്പിക്കുന്നത്. സന്താനപുഷ്ടിയുള്ളവരായി പെരുകുവിൻ, ഭൂമിയിൽ നിറഞ്ഞ് അതിനെ കീഴടക്കുവിൻ (ഉൽപ 1.28) എന്ന ദൈവകല്പന ശ്രദ്ധേയമാണ് പരസ്പ്‌പര പൂരകത്വത്തിൻ്റെ ഭാവത്തിലൂടെ ഈ കല്പനയെ വിശദീകരിക്കുമ്പോൾ ഒരാൾ തൻ്റെ പങ്കാളിയെ ഫലസമ്പന്നമാക്കണം. ദൈവം ഇപ്രകാരം അവരെ അനുഗ്രഹിച്ചപ്പോൾ അവർ ആദിമ നിഷ്കളങ്കതയിലായിരുന്നു. അവിടെ സന്താനോല്‌പാദനവും പരസ്പര പൂരകത്വവും തമ്മിൽ യാതൊരു വ്യത്യാസവും ഉണ്ടായിരുന്നില്ല. മനുഷ്യാവതാരത്തോടും കുരിശുമരണത്തോടും കൂടി ക്രിസ്തു വിവാഹത്തെ ആദിമ ചൈതന്യത്തിൽ പുനഃസ്ഥാപിച്ചു.
2. സഭാപഠനങ്ങളിൽ
സഭാപിതാക്കന്മാർ വിവാഹത്തിൻ്റെ ലക്ഷ്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ പ്രധാനമായും വിവാഹത്തിൻ്റെ പ്രയോജനങ്ങളെ (ലക്ഷ്യങ്ങളെ)ക്കുറിച്ചാണ് പറയുന്നത്. വിശുദ്ധ ആഗസ്തിനോസ് വിവാഹത്തിന്റെ കൗദാശികമായ അഭേദ്യതയാണ് ഏറ്റവും ഉന്നതമായ ലക്ഷ്യമായി ചൂണ്ടികാണിക്കുന്നത്. വിശുദ്ധ തോമസ് അക്വിനാസ് വിവാഹത്തിൻ്റെ രണ്ട് തരത്തിലുള്ള ലക്ഷ്യങ്ങളെ വേർതിരിച്ച് കാണിക്കുന്നു. ഒന്നാമത്തേത് സന്താനോല്‌പാദനവും (മൃഗങ്ങൾക്കും മനുഷ്യർക്കും പൊതുവായിട്ടുള്ള ലക്ഷ്യം) രണ്ടാമത്തേത് പരസ്പരം സഹായിച്ചും സഹകരിച്ചും പരസ്‌പര പൂരകങ്ങളായി വർത്തിക്കുക (മനുഷ്യർക്ക് പ്രത്യേകമായിട്ടുള്ളത്) എന്നതുമാണ്. ആദിമാതാപിതാക്കളുടെ പാപം മൂലം മൂന്നാമതൊരു ലക്ഷ്യം കൂടി ഉണ്ടാവുന്നു. അത് വിഷയാസക്തിക്ക് പരിഹാരമായി വിവാഹത്തെ കാണുകയെന്നതായിരുന്നു. വൈവാഹിക സ്നേഹത്തെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നുണ്ടെങ്കിലും അതിനെ വിവാഹത്തിന്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുത്തുന്നില്ല.
പില്ക്കാലത്ത് ഈ ലക്ഷ്യങ്ങളെ രണ്ട് തലത്തിലായി വേർതിരിച്ചു. പ്രഥമ ലക്ഷ്യം സന്താനോല്‌പാദനവും കുട്ടികളുടെ വിദ്യാഭ്യാസവും, രണ്ടാമത്തെ ലക്ഷ്യം ദമ്പതികൾ പരസ്‌പരം പൂരകങ്ങളായി വർത്തിക്കുകയും വിഷയാസക്തിയെ തൃപ്‌തിപ്പെടുത്തുകയും ചെയ്യുക. പതിനൊന്നാം പിയൂസ് മാർപാപ്പയുടെ അഭിപ്രായത്തിൽ 'സ്നേഹം വിവാഹത്തിൻ്റെ പ്രഥമ കാരണവും നിദാനവുമാണ്'(Costi Conubi, by Pious XI)
3. രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ വീക്ഷണത്തിൽ
പ്രഥമം, ദ്വിതീയം എന്നിങ്ങനെ വിവാഹത്തിൻ്റെ ലക്ഷ്യങ്ങളെ വേർതിരിക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറി പരമ്പരാഗതമായ പഠനങ്ങളിൽ നിന്ന് തികച്ചും വ്യതിരിക്തമായ രീതിയിൽ രണ്ടാം വത്തിക്കാൻ കൗൺസിൽ വിവാഹബന്ധത്തെ വിശദീകരിക്കുന്നു. ഏകാകിയായല്ല ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. ആദിയിൽ പുരുഷനും സ്ത്രീയുമായി അവിടുന്നവരെ സൃഷ്‌ടിച്ചു (ഉൽപ 1,27). അങ്ങനെ സൗഹാർദ്ദ സഖ്യം വ്യക്തികൾ തമ്മിലുള്ള കൂട്ടായ്‌മകൾക്ക് രൂപം നല്കി (GS No. 12). മനുഷ്യൻ്റെ സാമൂഹ്യസ്വഭാവം അടിസ്ഥാനപരമായി പ്രതിഫലിക്കപ്പെടുന്നത് കുടുംബത്തിലാണ്. "സനാതനവും പരസ്‌പര പൂരകവുമായ കൈമാറ്റവും അതിൽ നിന്നും ഉദ്ഭൂതമാകുന്ന വ്യക്തിഗതമായ പരസ്‌പരൈക്യവുമാണ് വിവാഹജീവിതത്തിന്റെ വൈശിഷ്ട്യത്തിന് നിദാനം" (GS No. 15) "വൈവാഹിക ജീവിതവും ദാമ്പത്യസ്നേഹവും അവയുടെ സ്വഭാവത്തിൽ തന്നെ സന്താനങ്ങളുടെ ഉല്പാദനം, വിദ്യാഭ്യാസം എന്നിവയ്ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നവയാണ്" (GS No.48) എന്ന് കൗൺസിൽ പഠിപ്പിക്കുന്നു.
4. കൗൺസിലിന് ശേഷം
കൗൺസിലിന് ശേഷമുള്ള കാലഘട്ടത്തിൽ വിവാഹത്തിൻ്റെ ലക്ഷ്യങ്ങളെ സംബന്ധിച്ച് മൂന്ന് അഭിപ്രായങ്ങൾ നിലവിൽ വന്നു.
a. ലൈംഗികതയുടെ ലക്ഷ്യമെന്താണെന്ന് അതിൻ്റെ സ്വഭാവത്തിൽ നിന്ന് തന്നെ മനസ്സിലാക്കാവുന്നതാണ്. ശാരീരികമായി ലൈംഗിക സ്നേഹം അതിൻ്റെ പരമകാഷ്‌ഠതയിലെത്തുന്നത് ലൈംഗിക ബന്ധത്തിലാണ്. എല്ലാ ജീവികളിലും ലൈംഗികബന്ധം സന്താനോല്പാനത്തെ ലക്ഷ്യം വച്ചുള്ളതാണ്. കാരണം കുട്ടികളാണ് സമൂഹത്തിന്റെയും കുടുംബത്തിൻ്റെയും അടിസ്ഥാനമായി നിലനില്ക്കുന്നത്.
b. ആധുനിക ബൈബിൾ പഠനങ്ങളുടെയും ധാർമ്മിക ദൈവശാസ്ത്രത്തിലെ നൂതാനാഭിമുഖ്യങ്ങളുടെയും അടിസ്ഥാനത്തിൽ വിവാഹബന്ധത്തിലെ പ്രഥമ ഉദ്ദേശ്യം വൈവാഹിക സ്നേഹബന്ധമാണ്. സന്താനോല്പാദനവും മറ്റും രണ്ടാമത്തെ ലക്ഷ്യമേ ആകുന്നുള്ളു. ജീവോല്പാദനം മാത്രമാണ് ലൈംഗികതയുടെ ലക്ഷ്യമെങ്കിൽ മനുഷ്യനിലെ ലൈംഗികതക്ക് മൃഗങ്ങളിലെ ലൈംഗികതയെക്കാൾ മേന്മയൊന്നുമുണ്ടാകുമായിരുന്നില്ല.
മനുഷ്യാസ്തിത്വത്തിന് പ്രധാനമായി ശാരീരികവും മാനസികവും എന്ന രണ്ട് മാനങ്ങളുണ്ട്. ശാരീരികതലത്തിൽ ലൈംഗികതയുടെ ലക്ഷ്യമാണ് ജീവോല്പാദനം. മനുഷ്യരിലും മൃഗങ്ങളിലും ഈ തലം ഒരുപോലെയാണ്. എന്നാൽ മനുഷ്യനിലെ മാനസികതലത്തിൽ ലൈംഗികതയുടെ ലക്ഷ്യം സ്നേഹപ്രകാശനമാണ്. മനുഷ്യൻ ഏറ്റവും വിലപ്പെട്ട ദൈവദാനമായ ലൈംഗികത പങ്ക് വയ്ക്കുന്നത് ഏറ്റവും ഇഷ്‌ടപ്പെട്ടവരുമായിട്ടാണ്. ആ പങ്കുവയ്ക്കലിൽ അവന്റെ സ്നേഹം തന്നെയാണ് പങ്ക് വയ്ക്കപ്പെടുന്നത്. ഈ സ്നേഹമില്ലാതെയുള്ള ലൈംഗികബന്ധം വഞ്ചനയും കാപട്യവുമാണ്.
C. വൈവാഹിക സ്നേഹവും സന്താനോല്‌പാദനവും ഒന്നായി കരുതുന്നതാണ് മറ്റൊരു കാഴ്‌ചപ്പാട്. വിവാഹത്തിൻ്റെ ലക്ഷ്യം സന്താനോല്‌പാദനത്തിലേക്ക് നയിക്കുന്ന വൈവാഹിക സ്നേഹമാണ്. രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ നിലപാട് ഈ അഭിപ്രായത്തോട് യോജിക്കുന്നതാണ്. വൈവാഹിക സ്നേഹം സന്താനോല്പാദനത്തിൽ നിന്ന് വേർതിരിച്ച് കഴിയുമ്പോൾ ജീവിതപങ്കാളി ഉപഭോഗവസ്തു മാത്രമായി അധഃപതിക്കുന്നു. ഈ ചിന്താഗതി വൈവാഹിക ബന്ധത്തിൻ്റെ സ്വാഭാവിക സന്തോഷത്തെ നശിപ്പിക്കും. മാത്രമല്ല ഭാര്യാഭർത്തക്കന്മാർ ലൈംഗിക ജീവിതത്തിൽ നിയന്ത്രണം പാലിക്കണമെന്ന് മനഃശാസ്ത്രജ്ഞന്മാരും അഭിപ്രായപ്പെടുന്നുണ്ട്. എങ്കിൽ മാത്രമെ ലൈംഗിക ജീവിതം സ്നേഹാഗ്നിയിൽ എരിയുന്നതാകൂ. അതിലുപരി യാതൊരു നിയന്ത്രണവുമില്ലാത്ത ലൈംഗിക വേഴ്ച എപ്പോഴും മൃഗീയവും സ്വാർത്ഥപൂർണ്ണവുമായിരിക്കും.
ഭാര്യാഭർത്താക്കന്മാരുടെ ജീവിതപ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതിന് സഹായകമായ വലിയൊരു ഘടകമാണ് മക്കൾ. ദമ്പതികൾ തമ്മിൽ സ്വരചേർച്ചയില്ലാതാകുകയും കലഹിക്കുകയും ചെയ്യുമ്പോൾ കുട്ടികളാണ് അവരെ യോജിപ്പിക്കുന്നത്. തങ്ങളുടെ കുട്ടികളിലാണ് മാതാപിതാക്കന്മാരുടെ ഐക്യത്തിനായുള്ള ആഗ്രഹം മൂർത്തമായി സംക്ഷാത്ക്കരിക്കപ്പെടുന്നത്. പോൾ ആറാമൻ മാർപാപ്പ 'മനുഷ്യജീവൻ' എന്ന ചക്രിക ലേഖനത്തിൽ ഈ അഭിപ്രായത്തെ പിന്താങ്ങുന്നു. “തങ്ങൾക്ക് മാത്രം പാടുള്ള പരസ്‌പര സ്വയംദാനം വഴി ഭർത്താവും ഭാര്യയും അന്യോന്യ സമ്പൂർണ്ണതയെ ലക്ഷ്യംവച്ചുകൊണ്ട് നവ്യജീവിതങ്ങളെ ഉല്‌പാദിപ്പിച്ച് വളർത്തികൊണ്ടുവരുന്നതിൽ ദൈവവുമായി സഹകരിക്കാൻ വേണ്ടി, തങ്ങളുടെ ജീവിത സംയോജനത്തിലേക്ക് നയിക്കപ്പെടുന്നു" (H.V.No.8).
സമൂഹത്തിന്റെ നിലനില്‌പിന് വേണ്ടി ദൈവം മനുഷ്യന് നല്‌കിയ ശക്തിയാണ് ലൈംഗികത. ഈ ലക്ഷ്യം നേടാനുള്ള ഉപലക്ഷ്യങ്ങളാണ് ജീവോല്പാദനവും സ്നേഹവിനിമയവും. സമൂഹ നിർമ്മാണം സാദ്ധ്യമാകണമെങ്കിൽ സ്ത്രീ-പുരുഷന്മാർ സഹകരിച്ച് സ്നേഹിച്ച് ജീവിച്ച് ജീവോല്പാദനം നടത്തി മക്കളെ വളർത്തികൊണ്ടുവരണം. അതുകൊണ്ടായിരിക്കാം സ്ത്രീക്ക് പുരുഷനോടും, പുരുഷന് സ്ത്രീയോടും അതിശക്തമായ ആകർഷണവും തീവ്രസ്നേഹവും സ്രഷ്ടാവ് നല്കിയത്. ദൈവം മനുഷ്യന് ലൈംഗികത എന്ന ശക്തി നല്‌കിയിരിക്കുന്നത് ജീവോല്‌പാദനം, സ്നേഹവിനിമയം എന്നീ ലക്ഷ്യങ്ങളുടെ പൂർത്തീകരണത്തിന് വേണ്ടിയാണ്. അതുകൊണ്ട് ഈ ലക്ഷ്യങ്ങളിലൊന്നിനെയോ, മുഴുവനുമായോ തള്ളിക്കളയുന്നെങ്കിൽ ദൈവദത്തമായ ലക്ഷ്യമാണ് പുറംതള്ളുന്നത്. അപ്രകാരം ദൈവത്തിന് വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്യുന്നു. ഇതാണ് ലൈംഗിക ധാർമ്മികതയുടെ അടിസ്ഥാന തത്ത്വം.
വിവാഹത്തിലെ മുഖ്യഘടകങ്ങൾ
സ്ത്രീ-പുരുഷ ബന്ധത്തിൻ്റെ ഏറ്റവും സമൂർത്തവും ദൈവികവുമായ വിവാഹത്തിലെ മുഖ്യഘടകങ്ങളെപ്പറ്റി പ്രതിപാദിക്കുകയാണ്.
1. വൈവാഹിക ബന്ധത്തിന്റെ അഭേദ്യത
മനുഷ്യന്റെ അദമ്യമായ ആഗ്രഹമാണ് 'എക്കാലത്തേയ്ക്കും ഒരു മിച്ചായിരിക്കുക' എന്നത്. ഈ ദാഹത്തിൻ്റെ യാഥാർത്ഥ്യവത്ക്കരണമാണ് വിവാഹബന്ധങ്ങളിൽ കാണുന്നത്. അഭേദ്യത രണ്ട് തത്ത്വങ്ങളിലാണ് അടിസ്ഥാനമിട്ടിരിക്കുന്നത് ഒന്നാമത്തെത് പ്രകൃതി നിയമങ്ങളിലാണ്. അതനുസരിച്ച് വിവാഹത്തിൻ്റെ മുഖ്യലക്ഷ്യമായ സന്തോലോല്പാദനത്തിനും അവരുടെ ആരോഗ്യകരമായ വളർച്ചക്കും വിദ്യാഭ്യാസത്തിനും വൈവാഹിക ബന്ധത്തിലെ സ്ഥിരത ആവശ്യമാണ്. രണ്ടാമത്തേത്, വിവാഹത്തിൻ്റെ കൗദാശിക സ്വഭാവത്തിലാണ്. അതനുസരിച്ച് ക്രിസ്‌തുവും സഭയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിലുള്ള രഹസ്യാത്മകതയിലാണ് ഭാര്യാഭർത്താക്കന്മാർ പങ്ക് ചേരുന്നത്.
പന്ത്രണ്ടാം പീയൂസ് മാർപാപ്പയുടെ അഭിപ്രായത്തിൽ "മനുഷ്യ, മാഹാത്മ്യ സംരക്ഷണത്തിന് ഉറപ്പ് നല്‌കുന്ന ഒന്നാണ് വിവാഹബന്ധത്തിലെ അവിഭാജ്യത.' മനുഷ്യവംശത്തിൻ്റെ നിലനില്പിനും വളർച്ചക്കും വേണ്ടി ദൈവത്താൽ സ്ഥാപിതമായ വൈവാഹിക ബന്ധം ജീവിതാവസാനം വരെ നിലനില്ക്കേണ്ടതാണ്. ഈ അവിഭാജ്യതയില്ലെങ്കിൽ സ്വാഭിഷ്ടമനുസരിച്ച് സ്വാർത്ഥ താല്പര്യ സംരക്ഷണത്തിനുവേണ്ടിയുള്ള ഉപകരണമായി പങ്കാളി അവശേഷിക്കും. അതുകൊണ്ട് ഭർത്താവിന്റെയും ഭാര്യയുടെയും മഹത്ത്വത്തിന് വൈവാഹിക അവിഭാജ്യതയേക്കാൾ വലിയ സംരക്ഷണമില്ല (Address to Young Couples, 29th April 1942).
"ആകയാൽ പിന്നീടൊരിക്കലും അവർ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും' (മത്താ 19,6) എന്ന് യേശു പഠിപ്പിക്കുന്നു. വിവാഹത്തിലൂടെ ബന്ധിതരായവർ ജീവിതാവസാനം വരെ തുടരേണ്ട നിത്യമായ ഒരു ബന്ധത്താൽ യോജിപ്പിക്കപ്പെട്ടിരിക്കുന്നു. വിവാഹത്തിന്റെ സാമൂഹികവും നിയമപരവുമായ മാനങ്ങളിൽ എന്തൊക്കെ മാറ്റം സംഭവിച്ചാലും വൈവാഹിക ബന്ധത്തിൽ നിന്നു ഉടലെടുക്കുന്ന പുതിയ ജീവിതം ഭാര്യയും ഭർത്താവും ജീവിച്ചിരിക്കുന്നിടത്തോളം കാലം നിലനില്ക്കേണ്ടതാണ്. 'പിന്നീടൊരിക്കലും' എന്ന പ്രയോഗത്തിൽ നിന്ന് വിവാഹത്തിൻ്റെ നിത്യതയെപ്പറ്റി വ്യക്തമാക്കപ്പെടുന്നു.
വിവാഹം വധുവരന്മാരുടെ ഉഭയസമ്മതത്തിൽ നിന്ന് മാത്രം ഉടലെടുക്കുന്ന ബന്ധമല്ല. പ്രത്യുത, ദൈവം സ്ഥാപിച്ചതും അവിടുത്തെ പ്രവർത്തനം എപ്പോഴും നിലനില്ക്കുന്നതുമായ ഒരു ബന്ധമാണ്. ദൈവമാണ് ദമ്പതികളെ നയിച്ചുകൊണ്ടിരിക്കുന്നത്. ദമ്പതികൾ ദൈവത്തോട് സഹകരിക്കണമെന്ന് മാത്രം. അതുകൊണ്ട് ദൈവം യോജിപ്പിച്ചതും അവിടുന്ന് സംരക്ഷിച്ച് പോരുന്നതുമായ വൈവാഹിക ബന്ധത്തെ മനുഷ്യൻ വേർപ്പെടുത്താതിരിക്കട്ടെ.
രണ്ടാം വത്തിക്കാൻ കൗൺസിലും ഈ ആശയം വ്യക്തമാക്കുന്നു. “ദമ്പതികൾ തങ്ങളുടെ വ്യക്തിപരവും പ്രവർത്തനപരവുമായ ഗാഢബന്ധം വഴി അന്യോന്യം സഹായവും സേവനവും പ്രദാനം ചെയ്യുന്നു. അങ്ങനെ പരസ്‌പരൈക്യത്തിന്റെ അർത്ഥം അനുഭവിച്ചറിയുകയും അനുദിനം അതിനെ കൂടുതൽ ആഴമുള്ള താക്കി തീർക്കുകയും ചെയ്യുന്നു. രണ്ട് വ്യക്തികളുടെ പരസ്പരദാനമെന്ന നിലയിൽ ഈ ഗാഢ ഐക്യവും സന്താനങ്ങളുടെ നന്മയും ഭാര്യാഭർത്തക്കന്മാരിൽ നിന്ന് പരിപൂർണ്ണമായ വിശ്വസ്തത ആവശ്യപ്പെടുകയും അവർ തമ്മിലുള്ള ഐക്യം അവിഭാജ്യമായിരിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്യുന്നു" (GS No. 49).
വൈവാഹിക ബന്ധം ജീവിതകാലം മുഴുവൻ നീണ്ടുനില്ക്കേണ്ടതും, സ്വയം നല്‌കുന്നതും, സ്വയം പൂർത്തീകരണത്തിന് ഉതകുന്നതുമായിരിക്കണം. ഇതിന് ഭാര്യയും ഭർത്താവും തമ്മിലുള്ള നിരന്തര സമ്പർക്കം ആവശ്യമാണ്. തത്‌ഫലമായി പരസ്‌പര സ്നേഹത്തിനുള്ള അവസരങ്ങൾ വളരുന്നു. അവിഭാജ്യത ഒരു ഭാരമല്ലാതായി തീരുന്നു. അത് വ്യക്തികളെ പൂർണ്ണതയിലേക്ക് വളർത്തുന്നതിന് സഹായിക്കുന്നു.
ക്രിസ്തുവിലുള്ള പരസ്‌പര സംലയനമാണ് വിവാഹത്തിൽ നടക്കുന്നത്. ഭാര്യയെയും ഭർത്താവിനെയും കൂട്ടിയിണക്കുന്ന ശക്തി ക്രിസ്തുവിന്റെ സ്നേഹമാണ്. ക്രിസ്‌തുവിലുള്ള സംയോജനം പിന്നീടൊരിക്കലും പറിച്ചെറിയാൻ പറ്റാത്തതാണ്. ഭാര്യഭർത്താക്കന്മാർ 'കർത്താവിൽ ഒന്നിച്ചു' എന്നതാണ് വിവാഹത്തിലെ അവിഭാജ്യതയുടെ അടിസ്ഥാന തത്ത്വം. വിവാഹത്തിൻ്റെ മർമ്മമാണ് ഈ ഒന്നു ചേരൽ. കർത്താവിൽ ഒന്ന് ചേർന്നതിനെ വേർപ്പെടുത്തുന്നത് ദൈവനിശ്ചയത്തിന് വിരുദ്ധമായ പ്രവൃത്തിയാണ്. ദൈവം സ്ത്രീയെ പുരുഷന് വേണ്ടിയും പുരുഷനെ സ്ത്രീക്ക് വേണ്ടിയുമാണ് സൃഷ്ടിച്ചത്. വിവാഹത്തിൽ അവർ ഒന്നിക്കുന്നതിനും വേണ്ടിയായിരുന്നത്'. അവരുടെ ഒന്നിക്കലിനെ സംബന്ധിച്ച ദൈവിക പദ്ധതിയിൽ വിവാഹമോചനം ഉൾപ്പെടുന്നില്ല.
ദൈവിക പദ്ധതിയിലുള്ള തങ്ങളുടെ പങ്കുചേരലിന് അടിസ്ഥാനമായി നില്ക്കുന്നത് ക്രിസ്‌തുവിൻ്റെ സ്വയം ശൂന്യമാക്കുന്ന സ്നേഹമാണെന്ന് ദമ്പതികൾ മനസ്സിലാക്കണം. സമ്പത്തോ സ്ഥാനമാനങ്ങളോ സൗന്ദര്യമോ മറ്റെന്തെങ്കിലും ഘടകങ്ങളോ അല്ല അവരെ യോജിപ്പിക്കേണ്ടത്. ഇവയുടെ പിൻബലത്തിലാണ് ദമ്പതികൾ സംയോജിതരാകുന്നതെങ്കിൽ ഏതെങ്കിലും വേളയിൽ ഉണ്ടാകുന്ന ഇവയുടെ അഭാവമോ നഷ്ടമോ ദാമ്പത്യജീവിതത്തെ ഒരു വൻ പരാജയത്തിലേക്ക് നയിക്കും.
ആനുകൂല്യങ്ങളുടെയും പ്രതികൂലങ്ങളുടെയും മദ്ധ്യത്തിൽ ഒരുപോലെ പിടിച്ചുനില്ക്കാനും പരസ്‌പരം പ്രോത്സാഹിപ്പിക്കാനും പിന്തുണക്കുവാനും ദമ്പതികൾ പ്രാപ്തരാകേണ്ടത് അവരെ ഒന്നിപ്പിച്ച ക്രിസ്‌തുവിൻ്റെ സ്നേഹത്തിൽ നിന്ന് ചൈതന്യം സ്വീകരിച്ചുകൊണ്ടായിരിക്കണം. യേശുവിനോടൊപ്പം ഇഴയിടുന്ന ബന്ധങ്ങൾ വേഗം അഴിയുകയില്ല. യേശുവിൽ ഒന്ന് ചേരാനുള്ള പരിശ്രമമാണ് സ്ത്രീ പുരുഷന്മാർ ചെയ്യേണ്ടത്. ഈ ഒന്നുചേരൽ ത്യാഗം ആവശ്യപ്പെടുന്നു. ത്യാഗപൂർണമായ സംലയനത്തിൽ ക്രിസ്തുവിന് സഭയോടുള്ള സ്നേഹസമർപ്പണത്തിൻ്റെ ചിത്രം വ്യക്തമാണ്.
ദാമ്പത്യ തകർച്ചയും വിവാഹമോചനവും
മനുഷ്യബന്ധങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും പവിത്രവുമായ ദാമ്പത്യബന്ധങ്ങളെ തകർക്കുന്ന ദുരന്തകാരണങ്ങളാണ് ഐക്യമില്ലായ്മയും സ്നേഹരാഹിത്യവും ദാമ്പത്യ അവിശ്വസ്തതയുമെല്ലാം. ആധുനിക കാലഘട്ടത്തിൽ ഇവ നിർണ്ണായകമായ രീതിയിൽ വളർന്നുകൊണ്ടിരിക്കുന്നു. പല രാജ്യങ്ങളിലും വിവാഹമോചന നിരക്ക് വിവാഹനിരക്കിനെക്കാൾ വർദ്ധിച്ചുവരുന്നു.
ഓർത്തഡോക്സ്, പ്രൊട്ടസ്റ്റൻ്റ് സഭകൾ വിവാഹ തകർച്ചയെ അംഗീകരിക്കുകയും വിവാഹമോചനവും വിവാഹ മോചനാനന്തര വിവാഹവും നടത്താൻ അനുവദിക്കുകയും ചെയ്യുന്നുണ്ട്. കത്തോലിക്കാ സഭ വിവാഹമോചനത്തെയും വിവാഹമോചനാനന്തര വിവാഹത്തെയും അംഗീകരിക്കുന്നില്ല. പ്രധാനമായും മൂന്ന് കാരണങ്ങളാലാണ് സഭ വിവാഹമോചനത്തെ എതിർക്കുന്നത്.
1. വിവാഹമോചനം ദമ്പതികളുടെ നന്മക്കെതിരാണ്. അതുവഴി സാമൂഹ്യ തകർച്ചയും ഉടലെടുക്കുന്നു. ജീവിതത്തിലെ ഏറ്റവും വിഷമം പിടിച്ച സന്ദർഭങ്ങളിലും പരസ്‌പരം സ്നേഹിക്കാനും സഹായിക്കാനും ദമ്പതികളെ സജ്ജരാക്കുന്നത് അവരുടെ ഐക്യം സ്ഥിരവും അഭേദ്യവുമായി തീരുമ്പോഴാണ്. ദാമ്പത്യബന്ധം അഭേദ്യമാണെന്ന ബോധ്യം പങ്കാളിയുടെ കുറവുകൾ ക്ഷമയോടെ സഹിക്കാനും അവ നികത്താനും സഹായിക്കുന്നു. സ്വാർത്ഥ താല്പര്യങ്ങളിൽ മാത്രം ലക്ഷ്യമൂന്നിയ താത്‌കാലിക ബന്ധങ്ങൾ വഴി കുടുംബത്തിന്റെയും സമൂഹത്തിൻ്റെയും അടിത്തറ തകർക്കപ്പെടും.
2. സന്താനങ്ങൾ വിവാഹമോചനത്തിൻ്റെ ബലിയാടുകളായിതീരുന്നു. വിവാഹമോചനത്തിലൂടെ കുട്ടികൾക്കുണ്ടാകുന്ന നഷ്ടങ്ങൾ നികത്താനാവാത്തതാണ്. കുട്ടികളുടെ നന്മയ്ക്ക് വേണ്ടി വിവാഹ മോചനം നടത്തേണ്ട സന്ദർഭങ്ങൾ വളരെ അപൂർവ്വമാണ്. മറിച്ച് കുട്ടികളുടെ നന്മയ്ക്ക് വിവാഹസ്ഥിരത അത്യാവശ്യമാണ്.
3. വിവാഹത്തിൻ്റെ കൗദാശിക സ്വഭാവമനുസരിച്ച് ക്രിസ്തു ഒന്നിപ്പിച്ച വിവാഹം ഒരിക്കലും വേർപ്പെടുത്താൻ പാടില്ല (എഫേ 5,22-33). നിസ്സഹകരണവും അലസതയും സ്വാർത്ഥതയും അവിശ്വസ്‌തതയും പാപകരമായ ജീവിതവും മൂലം വിവാഹബന്ധത്തിന് തകർച്ചയുണ്ടാക്കാൻ മനുഷ്യന് യാതൊരു അവകാശവുമില്ല. എന്നാൽ സഭയിൽ ചില വിവാഹങ്ങൾ വിമോചിപ്പിക്കുന്നുവെങ്കിൽ അത് ദൈവവചനത്തിന് വിരുദ്ധമായിട്ടല്ല; പ്രത്യുത, അങ്ങനെയൊരു വിവാഹം സാധുവായി നടന്നിട്ടില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് അത് ദൈവം സ്ഥാപിച്ചതല്ലെന്ന് വ്യക്തമാക്കുകയാണ് ചെയ്യുന്നത്.
കത്തോലിക്കാ സഭ മാത്രമെ വിവാഹമോചനത്തെ സംബന്ധിക്കുന്ന യേശുവിൻ്റെ പ്രബോധനത്തെ നിർബന്ധപൂർവ്വം പിന്തുടരുന്നുള്ളൂ. 'മാറിതാമസിക്കൽ' മാത്രമെ സഭ അങ്ങേയറ്റം അനുവദിക്കുന്നുള്ളു. അതേസമയം വിവാഹ തകർച്ചയെന്ന പ്രശ്നത്തെ ഗൗരവപൂർവ്വമായ യാഥാർത്ഥ്യത്തോടെ നേരിടുകയും ചെയ്യുന്നു.
ദാമ്പത്യ വിശ്വസ്തത
നിത്യസ്നേഹത്തിൻ്റെ വാഗ്‌ദാനങ്ങളാണ് ഭാര്യാഭർത്താക്കന്മാർ. വിവാഹിതർ അതിൻ്റെ സ്വഭാവത്താൽ തന്നെ കൂട്ടിയോജിപ്പിക്കപ്പെട്ടവരാണ്. അവരുടെ ശാരീരിക ഐക്യം ദൈവവുമായി പ്രാപിക്കേണ്ട ഐക്യത്തിന് മുന്നോടിയാണ്. വൈവാഹിക വിശ്വസ്‌തത സ്നേഹത്തിൻ്റെ പുറന്തോടല്ല, അകകാമ്പാണ്. ദമ്പതികൾ തമ്മിൽ സ്നേഹവും സൗഹൃദവും വളർത്താൻ ഈ വിശ്വസ്‌ത സഹായിക്കണം. അതുകൊണ്ട് വിവാഹത്തിൻ്റെ ലക്ഷ്യങ്ങൾ സാക്ഷാത്ക്കരിക്കുന്നതിൽ സഹായിക്കുന്ന ഒരു പ്രധാന ഘടകമായി ദാമ്പത്യ വിശ്വസ്തത നിലനില്ക്കുന്നു.
വിവാഹമെന്ന കൂദാശയിൽ പരിരംഭണം ചെയ്യപ്പെട്ട ഹൃദയങ്ങളുടെ വിശ്വസ്തതത അജയ്യമാണ്. ആനന്ദം വർത്തമാന കാലത്തിന്റെതും വിശ്വസ്തത ഭാവിയുടെതുമാണ്. ഈ വിശ്വസ്തതയുടെ അടിസ്ഥാനം ആത്മീയ ഐക്യമാണ്. ആത്മീയ ഐക്യത്തിന്റെ അടിസ്ഥാനം ശാരീരിക ഐക്യവുമാണ്. അതുകൊണ്ടാണ് ഭാര്യാഭർത്താക്കന്മാർ വേർപ്പെട്ട് താമസിക്കരുതെന്ന് വിശുദ്ധ പൗലോസ് ഉപദേശിക്കുന്നത് (1 കോറി7,5).
വ്യഭിചാരത്തിൽ നിന്ന് അകന്നിരിക്കുന്നത് കൊണ്ട് മാത്രം വൈവാഹിക വിശ്വസ്തത പൂർണ്ണമാകുന്നില്ല. എങ്കിലും വൈവാഹിക വിശ്വസതതയെ വ്യഭിചാരവുമായി ബന്ധപ്പെടുത്തിയാണ് വിശുദ്ധ ഗ്രന്ഥത്തിൽ കൂടുതൽ സൂചനകളുള്ളത്. വ്യഭിചരിക്കരുതെന്ന് ആറാം പ്രമാണവും അന്യൻ്റെ ഭാര്യയെ മോഹിക്കരുതെന്ന് ഒമ്പതാം പ്രമാണവും വൈവാഹിക വിശ്വസ്തതയോട് ബന്ധപ്പെടുത്തിയാണ് പഴയനിയമം അവതരിപ്പിച്ചിരുന്നത്. 'ആസക്തിയോടെ സ്ത്രീയെ നോക്കുന്നവൻ ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു' (മത്താ 5,28) എന്ന യേശുവിൻ്റെ വാക്കുകളുടെ വ്യാഖ്യാനത്തിലും വ്യഭിചാരം വിശ്വസ്‌തതക്ക് എതിരായി ചെയ്യുന്ന തിന്മയായിട്ടാണ് കരുതപ്പെട്ടിരുന്നത്. പഴയനിയമത്തിൽ വ്യഭിചാരത്തിൽ ഏർപ്പെടുന്നവരെ കല്ലെറിഞ്ഞുകൊല്ലാൻ നിയമം അനുവദിച്ചിരുന്നു (നിയ 22,22; ലേവ്യ 20,10). ഭർത്താവിൻ്റെ അവകാശം സംരക്ഷിക്കുക ഈ നിയമത്തിൻ്റെ ഒരു ലക്ഷ്യമായിരുന്നു. ഭർത്താവിന്റെ അവിശ്വസ്‌തതയും തുല്യ കുറ്റമായി പ്രവാചകന്മാർ കരുതിയിരുന്നു (2 സാമു 12). വിവാഹത്തിലെ വിശ്വസ്തത കാത്തുസൂക്ഷിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിജ്ഞാന ഗ്രന്ഥങ്ങൾ വിശദീകരിക്കുന്നുണ്ട് (സുഭാ 5,15-20; 6,32; 7,8).
വ്യത്യസ്ത സുഖാനുഭവത്തിന് വേണ്ടി വിശ്വസ്തതയെ വില്ക്കുന്ന ഇന്നത്തെ സമൂഹത്തിൽ നല്ല കുടുംബ ബന്ധങ്ങളിലൂടെ മാത്രമെ ദാമ്പത്യജീവിതം സുസ്ഥിരവും വിശുദ്ധവുമായി കാത്തുസൂക്ഷിക്കാൻ സാധിക്കൂ. മൂന്നാമതൊരു വ്യക്തി കുടുംബ ബന്ധത്തിലേക്ക് കടന്നുവരുമ്പോൾ ഭാര്യക്കോ ഭർത്താവിനോ പ്രലോഭനമായി തീരാം. പ്രലോഭനങ്ങൾ ഒരിക്കലും പാപമല്ലെങ്കിലും അത് ആറാം പ്രമാണത്തിന്റെയോ ഒമ്പതാം പ്രമാണത്തിൻ്റെയോ ലംഘനത്തിലേക്ക് നയിയ്ക്കപ്പെടാൻ പ്രേരകമാകാം. പരസ്യങ്ങളും അനുചിതമായ വസ്ത്രധാരണ രീതികളും ജോലിസ്ഥലത്തെ പ്രത്യേകതകളും വിനോദപരിപാടികളും ചിലപ്പോഴൊക്കെ പ്രലോഭനകരമായി തീരാം. കുടുംബ ബന്ധങ്ങളുടെ അമിതഭാരവും കുട്ടികളുടെ സംരക്ഷണവും ഭർത്താവിന്റെ പരിഗണനയുടെയും സ്നേഹത്തിൻ്റെയും അഭാവവും ഭാര്യമാരുടെ അവിശ്വസ്തതയ്ക്ക് കാരണമാകാൻ സാദ്ധ്യതയുണ്ടെന്ന് ദാമ്പത്യ ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നു. സാഹസികരായ ഭർത്താക്കന്മാർ അതിനനുസരിച്ചുള്ള അനുകൂല പ്രതികരണവും വേണ്ടത്ര പ്രോത്സാഹനവും സ്നേഹവും ഭാര്യയിൽ നിന്ന് ലഭിക്കാതാകുമ്പോഴും മറ്റൊരാളെ തേടിപോകാൻ സാധ്യതയുണ്ട്. അതുപോലെ അഭിപ്രായവ്യത്യാസങ്ങളും ദാമ്പത്യ വിശ്വസ്‌തതയെക്കുറിച്ചുള്ള അനാവശ്യ സംശയങ്ങളും അപകർഷതാബോധവും പങ്കാളിയോടുള്ള അസൂയയും പ്രതികാരവും അവിശ്വസ്‌തമായ ജീവിതം നയിക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.
ആധുനിക ലോകത്തിലെ ഇത്തരം പ്രലോഭനങ്ങൾക്കിടയിലും വിവാഹ വാഗ്ദാനങ്ങളോട് വിശ്വസ്‌തത പുലർത്തി ദാമ്പത്യ വിശുദ്ധി കാത്തുസൂക്ഷിക്കുവാൻ ഈ പ്രമാണം എല്ലാ ദമ്പതികളെയും കടപ്പെടുത്തുന്നു. ദാമ്പത്യ വിശ്വസ്തതത അസാദ്ധ്യമല്ലെന്നും അത് സർവ്വോത്കൃഷ്ടവും സമാദരണീയവുമാണെന്നും ഈ വിശ്വസ്തത വിവാഹത്തോട് സ്വാഭാവികമായി ചേർന്നുപോകുന്നതാണെന്നും നൂറ്റാണ്ടുകളിലൂടെയുള്ള അനേകം വിവാഹിതരുടെ ജീവിതങ്ങൾ തെളിയിക്കുന്നു. ദാമ്പത്യ വിശ്വസ്‌തത എന്നും നിലനില്ക്കുന്ന ആഴമായ ആനന്ദത്തിൻ്റെ ഉറവിടമാണ് (cfr. H.V.No.9).
ദാമ്പത്യസ്നേഹം വിശ്വസ്‌തമാകണമെങ്കിൽ പങ്ക് വയ്ക്കൽ പൂർണ്ണമാകണം. ശരീരവും ഭൗതിക സമ്പത്തും മാത്രം പങ്കുവച്ചാൽ പോരാ. ഹൃദയവും വ്യക്തിത്വവും പങ്കുവയ്ക്കണം. ഇങ്ങനെയുള്ള പൂർണ്ണമായ പങ്ക് വയ്ക്കലിൽ അവിശ്വസ്‌തത കടന്ന് വരികയില്ല. വിഭജിക്കപ്പെട്ട സ്നേഹം അവിശ്വസ്‌തതയുടെ അടയാളമാണ്. സ്ത്രീയും പുരുഷനും ഒന്നായി, ഒറ്റ ശരീരമായി, ഒറ്റ ഹൃദയമായി തീരണം.
ദാമ്പത്യ വിശുദ്ധി
മദ്ധ്യയുഗത്തിലെ ലൈംഗികതയെക്കുറിച്ചുള്ള ഇടുങ്ങിയ ചിന്താഗതി ദാമ്പത്യ വിശുദ്ധിയെ ഒരു നിഷേധാത്മക കാഴ്‌ചപാടിലേക്ക് ധാർമ്മിക ദൈവശാസ്ത്രജ്ഞന്മാരെ നയിക്കുകയുണ്ടായി. അനുവദിക്കപ്പെട്ട പരിധിക്കുള്ളിൽ തങ്ങളുടെ നൈസർഗിക ലൈംഗിക ശക്തിയെ തടഞ്ഞുനിർത്തുന്ന ഒന്നായി ശുദ്ധത പരിഗണിക്കപ്പെട്ടു. ഈ കാഴ്ചപാടിൻ്റെ ഫലായി ശുദ്ധതയെ മൂന്ന് തരത്തിൽ ദർശിക്കാനിടയായി.
1. ലൈംഗിക വാസനയെ തടഞ്ഞുനിർത്തുന്ന പുണ്യമായി ശുദ്ധത അവതരിപ്പിക്കപ്പെട്ടു.
2. വൈവാഹിക ലൈംഗിക ബന്ധം സന്താനോല്‌പാദനത്തിന് മാത്രമുള്ള മാർഗ്ഗമായും അനിവാര്യമായ പാപമായും പരിഗണിക്കപ്പെട്ടു.
3. ലൈംഗിക പ്രവൃത്തികൾ സ്വഭാവത്താൽ ആവശ്യപ്പെടുന്ന ബഹുമാനവും ആദരവും കൊടുക്കാൻ ഈ കാഴ്ചപ്പാടിലൂടെ കഴിഞ്ഞില്ല.
ലൈംഗിക വികാരങ്ങളെ അമർത്തുകയോ, ഒഴിവാക്കുകയോ ചെയ്യുന്ന ഒരു പുണ്യമായി 'ശുദ്ധത' അവശേഷിച്ചത് കൊണ്ട് അതിനെ ഇന്ദ്രിയ നിഗ്രഹത്തിന് സമമായി കരുതാൻ തുടങ്ങി. അതുവഴി വിശുദ്ധി ലഭിക്കാൻ ലൈംഗിക പ്രവൃത്തിയിൽ നിന്ന് ഒഴിഞ്ഞുനില്ക്കണമെന്ന തെറ്റിദ്ധാരണയിലേക്കും നയിക്കപ്പെട്ടു. ഈ അബദ്ധ വിശ്വാസങ്ങൾ മൂലം ശുദ്ധത സമർപ്പിതർക്കും സന്ന്യസ്തർക്കും മാത്രം അഭ്യസിക്കാവുന്ന ഒരു പുണ്യമായി മാറ്റിനിർത്തപ്പെട്ടു. വിവാഹിതർക്ക് ഇത് സാദ്ധ്യമല്ലെന്ന ചിന്താഗതി ഉടലെടുത്തു. വിവാഹജീവിതത്തിൽ ലൈംഗികശക്തി ഉപയോഗിക്കുന്നത് ഈ പുണ്യത്തിനെതിരായി കരുതപ്പെട്ടിരുന്നു. ഈ നിഷേധാത്മക കാഴ്‌ചപ്പാട് ക്രിസ്തീയ ധാർമ്മികതയെ സാരമായി ബാധിക്കുന്നതാണ്. ആധുനിക കാലഘട്ടത്തിൽ ശുദ്ധതയെ ഭാവാത്മക കാഴ്‌ചപാടിലൂടെ നോക്കിക്കാണാനും അതിനനുസരിച്ച് പ്രവർത്തിക്കാനുമുള്ള ശ്രമം ആരംഭിച്ചു. ക്രിസ്‌തുവിൻ്റെ കൃപയിൽ നിന്നു ശക്തിയും പ്രചോദനവും സ്വീകരിച്ച്, നമ്മെ പിന്തുടരുന്ന പാപത്തെയും പ്രലോഭനത്തെയും എതിർത്ത് പരിപൂർണ്ണതയിലേക്ക് നയിക്കുന്ന പുണ്യമാണ് ദാമ്പത്യ വിശുദ്ധി.
ലൈംഗികതയെയും അതിൽ നിന്നുള്ള സന്തോഷത്തെയും നിയന്ത്രിക്കുന്ന ഘടകമായിരിക്കുന്നതിലുപരി ലൈംഗിക പ്രവൃത്തികളെ അതിൻ്റെ യഥാർത്ഥ ലക്ഷ്യത്തിലേക്ക് നയിക്കുന്ന പുണ്യമാണ് ശുദ്ധത, ശുദ്ധതയെ അതിൻ്റെ കുലീനതയോടും ഗുണഗണങ്ങളോടും കൂടി അവതരിപ്പിച്ചാലെ ദമ്പതികളെ ദാമ്പത്യ വിശുദ്ധിയിലേക്ക് നയിക്കുവാൻ സാധിക്കു. വൈവാഹിക സ്നേഹത്തിനും സന്തോഷത്തിനും ക്രിസ്തീയ പൂർണ്ണതക്കും ഈ പൂണ്യത്തിൻ്റെ പരിശീലനം ആവശ്യമാണ് എന്ന അവബോധം അവരുടെ മനസ്സിലുണർത്തണം. വിശ്വാസത്തിന്റെ വെളിച്ചത്തിൽ യുക്തിപൂർവ്വകമായ രീതിയിൽ ലൈംഗിക വാസനകളെ ക്രമീകരിക്കുന്ന പുണ്യമായി ശുദ്ധതയെ കാണാൻ ദമ്പതികൾക്ക് കഴിയണം.
ശുദ്ധത ഏത് ജീവിതാന്തസ്സിൽപ്പെട്ടവരുടെയും അവശ്യ കർത്തവ്യമാണ്. അവരവരുടെ ജീവിതാന്തസിനനുസരിച്ച് ലൈംഗിക വാസനകളെ ക്രമീകരിക്കുകയും ശുദ്ധീകരിക്കുകയും ആവശ്യമാണ്. മനുഷ്യൻ ലൈംഗിക വാസനകളാൽ ഭരിക്കപ്പെടേണ്ടവനല്ല; മറിച്ച്, ലൈംഗികവാസനകളെ അതിൻ്റെ ലക്ഷ്യങ്ങൾക്കനുസൃതമായി ക്രമീകരിച്ചു ഉപയോഗിക്കേണ്ടവനാണ്. വിവാഹത്തിൽ മാത്രമാണ് ലൈംഗിക വാസനകളെ ക്രമീകരിച്ചു അതിൻ്റെ പൂർണ്ണതയിൽ ലൈംഗിക ബന്ധത്തിലേർപ്പെടാൻ സഭയും സമൂഹവും അംഗീകരിച്ചിരിക്കുന്നത്.
സന്താനോല്പാദനത്തിന് മാത്രമല്ല പരസ്‌പര സ്നേഹം വർദ്ധിപ്പിക്കാനും പങ്കാളിയുടെ ആവശ്യങ്ങളോട് സഹകരിച്ച് ലൈംഗിക സന്തോഷം അനുഭവിക്കാനും ദമ്പതികളുടെ ലൈംഗിക ബന്ധം സഹായിക്കണം. അതവരുടെ കടമകളെക്കാളുപരി അവരുടെ അവകാശമാണ്. പരസ്‌പര സ്നേഹപ്രകാശന മാർഗ്ഗമായി ലൈംഗിക ബന്ധത്തെ കാണുമ്പോൾ ലൈംഗിക പ്രവൃത്തികളെ 'അനിവാര്യവും അനുവദനീയവുമായ പാപ' പ്രവൃത്തിയെന്ന കാഴ്‌ചപ്പാടിൽ നിന്നു മാറി ബഹുമാനത്തോടും ആദരവോടും കൂടി വീക്ഷിക്കാൻ കഴിയും. ക്രിസ്‌തീയ പൂർണ്ണതയിലേക്ക് നയിക്കുന്ന വിശുദ്ധീകരണ മാർഗ്ഗമായി അത് മാറുകയും ചെയ്യും.
ശുദ്ധതയെന്ന പുണ്യം വഴി ലൈംഗിക പ്രവൃത്തികളെ അതിന്റെ യഥാർത്ഥത്തിലേക്ക് നയിക്കുന്ന വിധത്തിൽ ക്രമീകരിക്കാനും പരിപൂർണ്ണമാക്കാനും കഴിയേണ്ടതുണ്ട്. ലൈംഗിക ശക്തിയെ ആത്മദാനത്തിലൂടെ പങ്കാളിയുമായി ബന്ധപ്പെടുത്തുമ്പോഴാണ് അതിന്റെ യഥാർത്ഥ അർത്ഥലക്ഷ്യങ്ങളിലേക്ക് നീങ്ങുന്നത്. ആധുനിക ലൈംഗിക, മനഃശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തിൽ സ്നേഹം പക്വത പ്രാപിക്കുന്നത് പങ്ക് വയ്ക്കുമ്പോഴാണ്. വൈവാഹിക സ്നേഹം പക്വത പ്രാപിക്കുന്നത് ദമ്പതികൾ പരസ്‌പരം ദാനം ചെയ്യുമ്പോഴാണ്. ഈ വൈവാഹിക സ്നേഹത്തിൻ്റെ കൈമാറ്റം ലൈംഗിക സംതൃപ്തിയിലേക്കും, ആത്മാവിൻ്റെയും ഹൃദയത്തിന്റെയും ആനന്ദത്തിലേക്കും നയിക്കും. ലൈംഗിക ബന്ധം പരിശുദ്ധമാകുന്നത് എപ്പോഴും ജീവനിലേക്ക് തുറന്നിരിക്കുമ്പോഴും സ്നേഹം പങ്ക് വയ്ക്കുമ്പോഴുമാണ്. ലൈംഗികതയുടെ ഈ സ്വഭാവിക ലക്ഷ്യങ്ങൾക്ക് എതിരായി വരുന്ന ലൈംഗിക പ്രവൃത്തികൾ ശുദ്ധതയ്ക്ക് എതിരായിതീരുന്നു.
ദാമ്പത്യസ്നേഹം
വിവാഹജീവിതത്തിൽ വിശുദ്ധി നിലനിർത്താൻ ഉപവിയിൽ വിശുദ്ധീകരിക്കപ്പെട്ട സ്നേഹത്തോടെ പങ്കാളിയെയും മക്കളെയും സ്നേഹിക്കണം. ഈ സത്യത്തിൻ്റെ വെളിച്ചത്തിൽ ദാമ്പത്യ സ്നേഹത്തിന്റെ സവിശേഷതയും ഉത്തരവാദിത്വവും അറിഞ്ഞിരിക്കേണ്ടത് പരമപ്രധാനമാണ്.
ദാമ്പത്യസ്നേഹം പ്രധാനമായും മാനുഷികമാണ്. മനുഷ്യൻ ആത്മാവും ശരീരവും ഒന്ന് ചേർന്നതായതിനാൽ ദാമ്പത്യസ്നേഹം സ്വാഭാവിക ചോദനയോ വൈകാരിക പ്രേരണയോ മാത്രമല്ല; അത് മുഖ്യമായും സ്വതന്ത്ര മനസ്സിന്റെ പ്രവൃത്തിയാണ്. ദൈനന്ദിന ജീവിതത്തിലെ സന്തോഷങ്ങളിലൂടെയും ദുഃഖങ്ങളിലൂടെയും കടന്ന് പോകുന്നതിനും വളരുന്നതിനും സഹായിക്കുന്ന ഭാര്യയും ഭർത്താവും ഒരു ഹൃദയവും ഒരു ആത്മാവും ആയി ഒന്നിച്ച് മാനുഷിക പൂർണത നേടാനും അത് സഹായിക്കുന്നു.
വൈയക്തിക സൗഹൃദത്തിൻ്റെ സവിശേഷ രൂപമായ ദാമ്പത്യത്തിൽ ഭാര്യയും ഭർത്താവും ഔദാര്യപൂർവ്വം എല്ലാം പങ്കുവയ്ക്കുന്നു. പങ്കാളികൾ ഒന്നും സ്വന്തമായി കരുതുന്നില്ല. സ്വാർത്ഥ താല്പര്യങ്ങൾക്ക് ദാമ്പത്യബന്ധത്തിൽ സ്ഥാനമില്ല. പങ്കാളിയിൽ നിന്ന് എന്ത് ലഭിക്കുമെന്ന് കരുതിയല്ല, പങ്കാളിക്ക് വേണ്ടി തന്നെത്തന്നെ ദാനമായി നല്‌കി സമ്പന്നമാക്കുന്നതിനാലാണ് ഭാര്യയും ഭർത്താവും സംതൃപ്‌തി കണ്ടെത്തുന്നത് (H.V.No.9).
ജീവദായകമാണ് ദാമ്പത്യസ്നേഹം. ഭാര്യയും ഭർത്താവും തമ്മിലുള്ള സ്നേഹബന്ധം അതിൽ തന്നെ ഒതുങ്ങാതെ പുതിയ ജീവന് ജന്മം നല്കുന്നു. വിവാഹവും ദാമ്പത്യസ്നേഹവും സ്വഭാവത്താൽ തന്നെ മക്കളെ ജനിപ്പിക്കാനും അവരെ വളർത്താനുമായി ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു. മക്കളാണ് വിവാഹത്തിൻ്റെ അത്യുത്കൃഷ്ടദാനം. മാതാപിതാക്കളുടെ ശ്രേയസിന് തന്നെ അവർ കാര്യമായ സംഭാവന ചെയ്യും (GS 50).
ഈ ദാമ്പത്യസ്നേഹം മരണം വരെ വിശ്വസ്തമാണ്. ഈ സ്നേഹത്തിൻ്റെ പരിധിയിൽ "ഇന്ന് മുതൽ മരണം വരെ സന്തോഷത്തിലും ദുഃഖത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും പരസ്‌പര സ്നേഹത്തോടും വിശ്വസ്‌തതയോടും കൂടെ ഏക മനസായി ജീവിച്ചുകൊള്ളാമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു"വെന്ന് പ്രതിജ്ഞ ചെയ്യുമ്പോൾ ദാമ്പത്യസ്നേഹത്തിന് ഈ അർത്ഥമാണ് ലഭിക്കുന്നത്.
ദാമ്പത്യവിശുദ്ധിക്കെതിരായ തിന്മകൾ
ലൈംഗികത ദൈവിക ദാനമാണ്. ലൈംഗിക ചിന്തകൾ അതിൽ തന്നെ നല്ലതുമാണ്. നമ്മുടെ ശരീരത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ലൈംഗിക വിചാരങ്ങൾ ഉണ്ടാവുക സാധാരണമാണ്. പ്രായത്തിനനുസരിച്ചുള്ള ലൈംഗികമായ അറിവുകൾ വഴി ഈ ചിന്തകളെ ആരോഗ്യകരമായി സൂക്ഷിക്കാൻ സാധിക്കണം. അടിച്ചമർത്തലുകളും നിയന്ത്രണങ്ങളും കൊണ്ടല്ലാതെ, ശരീരത്തെയും ലൈംഗികതയെയും കുറിച്ചുള്ള ക്രിയാത്മകമായ കാഴ്‌ചപാടിലൂടെ ലൈംഗിക ചിന്തകളെ ക്രമീകരിക്കുകയും അതിനെക്കുറിച്ചുള്ള ബഹുമാനത്തിലേക്കും അഭിമാനത്തിലേക്കും നയിക്കപ്പെടുകയും ചെയ്യണം. ഓരോരുത്തരുടെയും ജീവിതത്തിനനുസരിച്ച് പക്വതയിൽ വളരാനും ആരോഗ്യകരമായ ലൈംഗികാവബോധം വളർത്തിയെടുക്കാനും ലൈംഗിക ചിന്തകൾക്ക് കഴിയണം. ലൈംഗിക ചിന്തകളിൽ നിന്നുള്ള ഓടിയൊളിക്കലും മനഃപൂർവ്വമുള്ള ലൈംഗിക വിചാരങ്ങളുണർത്തലും ലൈംഗികതയെക്കുറിച്ചുള്ള ശ്ലേച്ഛമായ ചിന്താഗതി വളർത്താനെ ഉപകരിക്കൂ. അതുകൊണ്ട് ആരോഗ്യകരമായ ലൈംഗിക ജീവിതവും ദാമ്പത്യജീവിതവും നേടിയെടുക്കുന്നതിന് ദാമ്പത്യ വിശുദ്ധിക്ക് എതിരായ തിന്മകളെപ്പറ്റി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
ലൈംഗികാഭിനിവേശവും മനോസങ്കല്‌പങ്ങളും
ലൈംഗിക ചിന്തകൾ മനുഷ്യനെ സന്തോഷത്തിലേക്ക് നയിക്കും. സ്രഷ്‌ടാവിന്റെ മാഹാത്മ്യത്തെക്കുറിച്ചു സന്തോഷത്തോടെ ഓർക്കാനും ലൈംഗിക ചിന്തകൾ സഹായിക്കും. എന്നാൽ ഈ ചിന്തകളെ പക്വതയോടെ ക്രമീകരിച്ചില്ലെങ്കിൽ ദാമ്പത്യവിശുദ്ധിക്ക് എതിരായ തിന്മയായി തീരും. ലൈംഗിക കാര്യങ്ങളെപ്പറ്റി ചിന്തിക്കുന്നത് പാപകരമാകും. ലൈംഗിക ചിന്തകൾ നമ്മുടെ ഇച്ഛാശക്തിയെ കീഴ്പ്പെടുത്തുന്ന തരത്തിൽ ശക്തമായാൽ അവയ്ക്ക് സമ്മതം നല്കുന്നത് പാപത്തിന് പ്രേരിപ്പിക്കും. ആരോഗ്യകരമായ ലൈംഗിക ചിന്തകൾ ഉടലെടുക്കുന്നത് ഓരോ വ്യക്തിയുടെയും തിരഞ്ഞെടുപ്പിനെ ആശ്രയിച്ചിരിക്കുന്നു. കൂട്ടുകാരും വായനയും വിശ്രമ സമയങ്ങളുടെ വിനിയോഗവും മറ്റും ചിന്തകളെ സ്വാധീനിക്കുന്നു. അശുദ്ധ വിചാരങ്ങൾ പലപ്പോഴും ഗൗരവമായ പാപമല്ല; മറിച്ച്, പാപകരവും ഒഴിവാക്കേണ്ടതുമാണ്. അധാർമ്മികമായിട്ടുള്ളതൊന്നും മനുഷ്യ മനസ്സിൽ സ്ഥാനം പിടിക്കരുത്. ഏത് പാപവും ബാഹ്യവത്ക്കരിക്കുന്നതിന് മുമ്പ് മനസ്സിൽ സ്ഥാനം പിടിച്ചിരിക്കും (മത്താ 15, 9).
വിവാഹിതനായ വ്യക്തിയിൽ ലൈംഗിക ചിന്തകൾ ദാമ്പത്യ സ്നേഹത്തിലേക്ക് നയിക്കുന്നു. വിവാഹത്തിലെ ലൈംഗികത സംഭോഗത്തിലേക്ക് മാത്രമായി ചുരുങ്ങിയാൽ ലൈംഗികതക്ക് അതിന്റെ സമഗ്രത നഷ്‌ടപ്പെടുന്നു. ദമ്പതികളുടെ പരസ്‌പര സ്നേഹത്തിലേക്കും ആനന്ദത്തിലേക്കും നയിക്കുന്ന ലൈംഗിക ചിന്തകളെ പ്രോത്സാഹിപ്പിക്കണം. വിവാഹിതരായ ദമ്പതികളുടെ ഇടയിലും സാധാരണവും അനുവദനീയവുമായ ലൈംഗിക ചിന്തകൾ ഏതെല്ലാമാണെന്ന കാര്യത്തിൽ തെറ്റിദ്ധാരണയുണ്ട്. ആത്യന്തികമായി സംഭോഗത്തിലേക്ക് നയിക്കുന്നതോ പ്രേരിപ്പിക്കുന്നതോ ആയ വിചാരങ്ങളും വികാര പ്രകടനങ്ങളും ദാമ്പത്യ ജീവിതത്തിൽ അനുവദനീയമാണ്.
ഒരു വ്യക്തിയുടെ ആന്തരിക ജീവിതത്തിലെ ആഗ്രഹങ്ങളും അഭിനിവേശങ്ങളും വളരുന്നത് മനസ്സിലും ചിന്തയിലുമാണ്. ഈ ലോകത്തിലെ പ്രവർത്തനങ്ങൾകൊണ്ട് ഭൗതിക നേട്ടങ്ങൾ ലഭ്യമാക്കുകയെന്നതിലുപരി മനുഷ്യൻ്റെ ആന്തരികവും ബാഹ്യവുമായ സ്വതന്ത്ര പ്രവർത്തനങ്ങളിലൂടെ കൂടുതൽ ഉന്നതമായ ജീവിതത്തിലേക്ക് നയിക്കാനാണ് സഭ പ്രചോദിപ്പിക്കുന്നതും പഠിപ്പിക്കുന്നതും. വിവാഹ ജീവിതത്തിൽ വിശുദ്ധി നിലനിർത്താനാഗ്രഹിക്കുന്നവർ ചിന്തയിലും അഭിനിവേശങ്ങളിലും അഭിലാഷങ്ങളിലും ശുദ്ധിവരുത്തേണ്ടത് ആവശ്യമാണ്. ആന്തരിക ജീവിതത്തെ ഇച്ഛാശക്തി കൊണ്ട് ഭരിക്കുന്നവന് പ്രലോഭനങ്ങളെയും അശുദ്ധ ചിന്തകളെയും നിയന്ത്രിക്കാനും ക്രമീകരിക്കാനും കഴിയും. ഹൃദയശുദ്ധിയും ആത്മനൈർമല്യവും ഇച്ഛാശക്തിയെ വർദ്ധിപ്പിക്കുന്നതിൽ വളരെ സഹായിക്കുന്നതാണ്.
ലൈംഗിക പ്രവർത്തികളെക്കുറിച്ചുള്ള ചിന്ത എത്ര ആഴത്തിലുള്ളതാണെങ്കിലും എപ്പോഴും തെറ്റാകണമെന്നില്ല. ധാർമ്മിക ദൈവശാസ്ത്രജ്ഞന്മാർ, ഡോക്‌ടർമാർ, കലാകാരന്മാർ തുടങ്ങിയവർ സാമൂഹനന്മയ്ക്ക് വേണ്ടിയോ ഉദ്യോഗസഹജമായ കാര്യങ്ങൾക്ക് വേണ്ടിയോ ഇത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടത് ആവശ്യമായി വരും. ധാർമ്മികമായി പക്വത പ്രാപിച്ച വ്യക്തികൾക്ക് പാപത്തിൽ വീഴാതെ ഉത്തരവാദിത്വ പൂർണ്ണമായി ഇത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ കഴിയും.
മനഃപൂർവ്വം ലൈംഗിക ചിന്തകൾ കൊണ്ട് മനസ്സ് നിറച്ച് അതിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്നത് ഗൗരവമായ പാപമാണ്. മനഃപൂർവ്വമല്ലാതെ മനസ്സിൽ കയറിവരുന്ന ചിന്തകൾക്കടിമപ്പെട്ട് ലൈംഗിക വികാരങ്ങളുണർന്നാലും അത് ഗൗരവം കുറഞ്ഞ തിന്മയായി മാത്രമെ കരുതപ്പെടുന്നുള്ളു. നിർബന്ധപൂർവ്വം മനസ്സിൽ സ്ഥാനം പിടിക്കുന്ന ചിന്തകൊണ്ട് ലൈംഗിക വികാരങ്ങളുണ്ടായാൽ അതിൽ തെറ്റൊന്നുമില്ല.
മനഃപൂർവ്വം ലൈംഗിക ചിന്തകളാൽ സന്തോഷം കണ്ടെത്തുന്നവരും ഇത്തരത്തിലുള്ള ചിന്തകളാൽ മറ്റൊരാളെ നോക്കുന്നവരും, ആസക്തിയേക്കാളുപരി ലൈംഗിക മിതത്വത്തിനെതിരായ തിന്മയാണ് ചെയ്യുന്നത്. ശുദ്ധതയെ സംരക്ഷിക്കുന്ന പുണ്യമാണ് മിതത്വം. തമാശയ്ക്ക് വേണ്ടിയോ, ആകാംക്ഷ മൂലമോ ഇപ്രകാരം ലൈംഗിക പക്വതയില്ലാതെ പെരുമാറുന്നത് അധികം ഗൗരവമേറിയ കാര്യമല്ല. എന്നാൽ തുടർച്ചയായും അറിവോടും സമ്മതത്തോടും കൂടിയും ഇപ്രകാരം പ്രവർത്തിക്കുന്നവർ ആസക്തിയിലേക്ക് വീഴുന്നു. വസ്ത്ര ധാരണത്തിലും സംസാരത്തിലും പ്രവൃത്തിയിലും മിതത്വം പാലിക്കേണ്ടത് ശുദ്ധതയെന്ന പുണ്യത്തിന് അനിവാര്യമാണ്.
വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധം
ലൈംഗികതയെ അടിസ്ഥാനമാക്കിയുള്ള സ്ത്രീ-പുരുഷ വേർതിരിവ് മുൻകാലങ്ങളിൽ പ്രകടമായിരുന്നെങ്കിൽ, ഇന്ന് ആ വേർതിരിവ് കുറഞ്ഞുവരികയാണ്. ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും സ്ത്രീ പുരുഷന്മാർ അടുത്ത് പെരുമാറുവാൻ ഇടയാകുന്നതിന്റെ ഫലമായി ലൈംഗിക ആകർഷണത്തിനുള്ള സാഹചര്യങ്ങളും വർദ്ധിച്ചുവരുന്നു. ധാർമ്മികമൂല്യങ്ങളുടെ വിലയിടിവും മാതാപിതാക്കൾ നല്കുന്ന അമിത സ്വാതന്ത്ര്യവും മൂലം സ്വതന്ത്രമായ ലൈംഗിക സംസ്ക്കാരത്തിലേക്ക് ആധുനിക തലമുറ വഴുതിവീണുകൊണ്ടിരിക്കുന്നു.
സഭയുടെ പഠനങ്ങളും വിശ്വാസങ്ങളുമനുസരിച്ച് ലൈംഗിക ബന്ധത്തിന്റെ പവിത്രതയും ഉദ്ദേശ്യലക്ഷ്യങ്ങളും സംരക്ഷിക്കപ്പെടുന്നതും സാക്ഷാത്ക്കരിക്കപ്പെടുന്നതും വിവാഹജീവിതത്തിലെ ആജീവനാന്ത സമർപ്പണത്തിൽ മാത്രമാണ്. വിവാഹത്തിന് മുമ്പുള്ള സ്നേഹബന്ധത്തിൽ ഈ സമർപ്പണം ഒരിക്കലും സാദ്ധ്യമല്ല. ധാർമ്മിക മൂല്യങ്ങളുടെ വെളിച്ചത്തിൽ ലൈംഗികതയെ വിലയിരുത്തുമ്പോൾ വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധം ദൈവഹിതത്തെയും പ്രകൃതിനിയമത്തെയും എതിർക്കുന്നതാണ്. വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധം അരാജകത്വം സൃഷ്ടിക്കുകയും മൂല്യങ്ങൾ തകർക്കുകയും ചെയ്യും.
ഡേറ്റിംഗ്
കാമുകികാമുകന്മാർ നിശ്ചയിക്കപ്പെട്ട സമയത്ത് കണ്ടുമുട്ടുകയും വ്യക്തിബന്ധം വളർത്തുകയും ചെയ്യുന്നതിനെയാണ് ഡേറ്റിംഗ് എന്ന് പറയുന്നത്. ഇതിൽ ലൈംഗിക ഉത്തേജനത്തിന് കാരണമാകുന്ന ശാരീരിക ബന്ധമുണ്ടെങ്കിലും സംഭോഗത്തിൽ ഏർപ്പെടുന്നില്ല. ഡേറ്റിംഗ് രണ്ട് തരത്തിലുണ്ട്. ലൈംഗികബന്ധം കൂടാതെയുള്ള ലൈംഗിക സ്നേഹപ്രകടനത്തെ പെറ്റിംഗ് എന്നും, കഴുത്തിന് മുകളിൽ മുഖത്തും കഴുത്തിലും ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്യുന്നതിനെ നെക്കിംഗ് എന്നും വിളിക്കുന്നു. ലൈംഗിക സംതൃപ്തി മാത്രം ലക്ഷ്യമാക്കി ചെയ്യുമ്പോൾ ഇത് പാപമായി തീരുന്നു.
സ്നേഹത്തെപ്പറ്റിയും എതിർലിംഗത്തിലുള്ളവരെപ്പറ്റിയും വസ്തുനിഷ്ഠവും പക്വവുമായ അറിവ് ലഭിക്കാനും സുഹൃദ്ബന്ധങ്ങൾ വളർത്താനും എതിർലംഗത്തിൽപ്പെട്ടവരോട് സ്വതന്ത്രമായി ഇടപഴകാനും ഡേറ്റിംഗ് ഉപകരിക്കുന്നുണ്ട്. എന്നാൽ ചിലപ്പോൾ ക്രിയാത്മകമായി പ്രവർത്തിക്കുന്നതിന് പകരം കേവലം വൈകാരിക ആകർഷണത്തിൽ പെടുന്നതിന് ഡേറ്റിംഗ് ഇടയാക്കും. സ്വാർത്ഥമായി സ്വന്തം സുഖം മാത്രം അന്വേഷിക്കുന്നവരാകാനും കുടുംബത്തിലെയും സമൂഹത്തിലെയും ഉത്തരവാദിത്വങ്ങൾ അവഗണിക്കാനും ഇത് ഇടയാക്കും. മാത്രമല്ല സ്നേഹബന്ധങ്ങളിലെ ഉലച്ചിൽ മാനസിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
വികാരങ്ങൾക്കടിമപ്പെടാതെ വിവേകത്തോടെ തീരുമാനങ്ങളെടുക്കുവാനും പക്വമായ സ്നേഹബന്ധം കെട്ടിപ്പടുക്കാനും, ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനും ഡേറ്റിംഗ് സഹായകമാകാം. എന്നാൽ സ്ത്രീ പുരുഷ വൈകാരിക തലങ്ങളിൽ പരിധിവിട്ട് നടത്തുന്ന പരീക്ഷണങ്ങളിലേക്ക് ഡേറ്റിംഗ് മാറാനിടയുള്ളതിനാൽ പില്ക്കാലത്ത് കടുത്ത മാനസിക സംഘർഷവും ലൈംഗിക പാളിച്ചകളും സംഭവിക്കാനുള്ള സാദ്ധ്യത വളരെയധികമാണ്.
വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധത്തിൻ്റെ കാരണങ്ങൾ
വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രധാനപ്പെട്ട ദൈവകല്‌പനകൾ കാരണങ്ങൾ ഇവയാണ്. ഈ കാരണങ്ങളെപ്പറ്റിയുള്ള അറിവ് അത്തരം സാഹചര്യങ്ങളിൽ നിന്ന് അകന്നുനില്ക്കാനും ആ സാഹചര്യങ്ങളെ ഒഴിവാക്കാനും അത് വഴി ലൈംഗിക വിശുദ്ധി സംരക്ഷിക്കാനും സഹായിക്കും.
1. ലൈംഗികതയെക്കൂറിച്ചുള്ള അയഞ്ഞ മനഃസ്ഥിതി. പത്രങ്ങളും പരസ്യങ്ങളും സിനിമകളും ഫാഷൻഷോകളും മറ്റ് വാർത്താ മാദ്ധ്യമങ്ങളും വഴി ലൈംഗികതയെക്കുറിച്ചുള്ള കാഴ്‌ചപാടുകൾ മാറിവരികയാണ്. പണ്ട് തെറ്റായി കരുതി ചിന്തിക്കാൻപോലും ധൈര്യപ്പെടാതിരുന്ന കാര്യങ്ങൾ ഇന്ന് തുറന്ന് സംസാരിക്കാനും പ്രവർത്തിക്കാനും തുടങ്ങിയിരിക്കുന്നു. പരമ്പരാഗത മൂല്യങ്ങളോടുള്ള വെല്ലുവിളിയും മുതിർന്ന തലമുറയുടെ കാപട്യം നിറഞ്ഞ ജീവിതവും യുവ തലമുറക്ക് കൈവന്നിരിക്കുന്ന അമിത സ്വാതന്ത്ര്യവും ലൈംഗികതയെക്കുറിച്ചുള്ള സമൂഹത്തിൻ്റെ അയഞ്ഞ മനഃസ്ഥിതിക്ക് കാരണമായിതീരും.
2. അസ്തിത്വ ചിന്തയുടെ സ്വാധീനം. വസ്‌തുനിഷ്‌ഠമോ സ്ഥിരമോ ആയ ധാർമ്മിക മൂല്യങ്ങളൊന്നുമില്ലെന്നും എല്ലാം വ്യക്തിനിഷ്ടവും പരിവർത്തന വിധേയവുമാണെന്നുമുള്ള ധാരണ യുവജനങ്ങളെ സ്വാധീനിക്കുന്നു. വ്യക്തിസ്വാതന്ത്യ്രത്തെ ഹനിക്കുന്നവയാണ് വിലക്കുകളെന്നും കുഴിമാടത്തിനപ്പുറത്തൊരു ജീവിതമില്ലെന്നുമുള്ള മിഥ്യാധാരണയും ലൈംഗിക അധഃപതനത്തിലേക്ക് യുവതലമുറയെ നയിക്കുന്നു.
3. വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധം സ്വാഭാവികമാണെന്ന ചിന്ത. സ്വാഭാവികമായിട്ടുള്ളതിനെ തടയുന്നത് പ്രകൃതിവിരുദ്ധമാണെന്ന് വാദിക്കുന്നവരുണ്ട്. ലൈംഗിക പ്രവണതകളെ അടിച്ചമർത്തുക വഴി മാനസിക പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് തെറ്റായ അഭിപ്രായം വച്ച് പുലർത്തുന്നവരും ഉണ്ട്.
4. ലൈംഗിക പക്വത പ്രാപിക്കാൻ. വിവാഹജീവിതത്തിലെ പൊരുത്തപ്പെടലിന് ഒരുക്കമായിട്ടും ലൈംഗിക പക്വത പ്രാപിക്കാനും വിവാഹത്തിന് മുമ്പുള്ള ലൈംഗികബന്ധം സഹായിക്കുമെന്ന് തെറ്റിധാരണയും കാരണമാകും.
ഇത്തരം ബന്ധത്തിന്റെ അധാർമ്മികത
വിവാഹത്തിന് മുമ്പുള്ള ലൈംഗികബന്ധം സന്തോഷപ്രദമായ വിവാഹജീവിതത്തിന് തടസ്സമാണ്. ചാരിത്ര്യശുദ്ധിയുള്ള സ്ത്രീയെ ഭാര്യയായി ലഭിക്കാൻ ആഗ്രഹിക്കുന്ന പുരുഷനെ സംബന്ധിച്ചിടത്തോളം വിവാഹത്തിന് മുമ്പ് ലൈംഗികബന്ധത്തിലേർപ്പെട്ട സ്ത്രീയെ സ്വീകരിക്കുവാൻ സാധിക്കില്ല. വിവാഹത്തിന് മുമ്പ് വിശ്വസ്തത കാത്തുസൂക്ഷിക്കാത്തവർ വിവാഹത്തിന് ശേഷവും വിശ്വസ്‌തരാകുമെന്ന് കരുതുവാൻ ബുദ്ധിമുട്ടാണ്. വിവാഹത്തിന് മുമ്പ് ലൈംഗികബന്ധം ഒരു ഭ്രമത്തിൻ്റെയോ, ശരീരികാകർഷണത്തിന്റെയോ പേരിലുള്ളതാണെങ്കിൽ ഇങ്ങനെയുള്ളവർക്ക് വിവാഹം ചെയ്താലും വിവാഹബന്ധം വിജയകരമായി തുടരാൻ വിഷമമാണ്.
വിവാഹിതരാകാൻ ഉറച്ചിരിക്കുന്നവർ തമ്മിലുമുള്ള ലൈംഗിക ബന്ധവും അധാർമ്മികമാണ്. കാരണം അവർ ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ ദമ്പതികളല്ലാതിരിക്കെ ദമ്പതികളെപ്പോലെ പെരുമാറുകയാണ് ചെയ്യുന്നത്. ദാമ്പത്യസ്നേഹം വിവാഹത്തിനകത്ത് മാത്രമെ യാഥാർത്ഥ്യമാകുന്നുള്ളൂ. വിവാഹത്തിന് പുറത്തുള്ള ലൈംഗിക പ്രവർത്തി തനതായ പ്രകടനമാകുന്നില്ല. മറിച്ച് അഭിനയം മാത്രമാണ്. മാത്രമല്ല വിവാഹിതരെപ്പോലെ പെരുമാറുന്നുവെങ്കിലും അവർ വിവാഹജീവിതത്തിൻ്റെ ലക്ഷ്യങ്ങൾ സ്വീകരിക്കാൻ പര്യാപ്തരാകുന്നില്ല. വിവാഹത്തിന് മുമ്പുള്ള സ്വയം സമർപ്പണം എത്ര ശക്തമാണെങ്കിലും വീഴ്‌ചകളുണ്ടാകാം. ആ സമർപ്പണത്തിന് ബാഹ്യവും അംഗീകൃതവുമായ ഒരു ഉറപ്പുമില്ല. മാത്രമല്ല വിവാഹ മെന്ന പരിശുദ്ധവും നിത്യവുമായ ഉടമ്പടിയെ വിവാഹത്തിന് മുമ്പുള്ള ലൈംഗികബന്ധം ഒരു സാമൂഹിക പ്രകടനവും പ്രഹസനവുമാക്കി തീർക്കുന്നു. പരിശുദ്ധമായ ഒരു നിമിഷത്തിലാണ് വിവാഹ ഉടമ്പടി ഉറപ്പിക്കുന്നത്. വിവാഹത്തിന് മുമ്പുള്ള ലൈംഗികബന്ധത്തിൽ അങ്ങനെയൊരു പരിശുദ്ധ നിമിഷമില്ല. യഥാർത്ഥ തിരഞ്ഞെടുപ്പ് നടക്കുന്ന ഈ സന്ദർഭമില്ലാത്ത പ്രവൃത്തി ധാർമ്മികമായ അർത്ഥതലം നല്‌കുന്നില്ല.
വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധത്തിൽ സ്നേഹം പങ്ക്വയ്ക്കുന്നുവെന്ന് പറയുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ നടക്കുന്നില്ല. യഥാർത്ഥ സ്നേഹം പങ്കാളിയുടെ വ്യക്തിത്വത്തെ മാനിക്കുന്നതാണ്. വിവാഹത്തിൻ്റെ അവകാശങ്ങൾ അനുവദിക്കുന്നെങ്കിലും വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധത്തിലേർപ്പെടുന്നവർക്ക് വിവാഹത്തിന്റെ കടമകൾ ഏറ്റെടുക്കാൻ സാധിക്കുന്നില്ല. ഈ ബന്ധത്തിൽ സ്വയം സമർപ്പണം ശരിയായ അർത്ഥത്തിൽ നടക്കുന്നില്ല. ലൈംഗിക സംതൃപ്തതി മാത്രമല്ല, ഒരു വ്യക്തിയെ പൂർണ്ണമായും നിത്യമായും മറ്റൊരു വ്യക്തിക്ക് സമർപ്പിക്കുന്നത് വഴി അവർ ഒരു ശരീരമായി തീരുന്നു (മത്താ 19,5) എന്നതാണ് വൈവാഹിക ബന്ധത്തിന്റെ യഥാർത്ഥ ലക്ഷ്യം. ഈ സമർപ്പണം അതിൻ്റെ പൂർണതയിൽ വിവാഹത്തിൽ മാത്രമെ സാധിക്കൂ. വിവാഹത്തിന് മുമ്പുള്ള ലൈംഗിക പ്രവൃത്തിയിൽ ശാരീരികമായി മാത്രമെ അവർ ഒന്നാകുന്നുള്ളൂ.
വിവാഹബന്ധത്തിൽ പരസ്‌പരം സമർപ്പിക്കാതെ പരസ്പരം സ്നേഹിക്കുന്നുവെന്ന് പറയുന്ന വ്യക്തികൾക്ക് സ്വഭാവത്തിലും മറ്റ് കാര്യങ്ങളിലുമുള്ള വ്യത്യാസം ക്രമീകരിക്കാൻ സാധിക്കുകയില്ല. വിവാഹബന്ധം രണ്ട് വ്യക്തികൾ തമ്മിലുള്ള ബന്ധം മാത്രമല്ല അതിന് സാമൂഹ്യമാനങ്ങളുണ്ട്. സാമൂഹ്യ കാര്യങ്ങളിൽ ഇടപെടാനും സമൂഹനിർമ്മിതിക്കും വളർച്ചക്കും വേണ്ടി പരിശ്രമിക്കാനും അദ്ധ്വാനിക്കാനും ദമ്പതികൾക്ക് കടമയുണ്ട്. എന്നാൽ വിവാഹത്തിന് മുമ്പുള്ള ലൈംഗികജീവിതത്തിൽ സമൂഹത്തോടും കുടുംബത്തോടുമുള്ള കടമകൾ നിർവ്വഹിക്കാൻ സാധിക്കില്ല; അതിനാൽ അവർ വഞ്ചനയാണ് ചെയ്യുന്നത്.
സംഭോഗത്തിൽ സ്ത്രീയും പുരുഷനും സ്വയം സമർപ്പിക്കുകയാണ്. ഈ സ്വയം സമർപ്പണമില്ലാത്ത ലൈംഗികബന്ധം അവരുടെ വ്യക്തിത്വത്തെ നശിപ്പിക്കും. ഭാവിയിൽ ഒന്നായി തീരുമെന്ന് കരുതി ലൈംഗികബന്ധത്തിലേർപ്പെടുന്നത് തെറ്റാണ്. കാരണം ആ വാക്കിലർത്ഥമാക്കുന്ന കാര്യങ്ങൾ അപ്പോൾ സംഭവിക്കുന്നില്ല.
വിവാഹത്തിന് മുമ്പുള്ള ലൈംഗികബന്ധം പലപ്പോഴും ലൈംഗികതയുടെ അർത്ഥ ലക്ഷ്യങ്ങൾക്കെതിരായി തീരുന്നു. വിവാഹത്തിന്റെ ലക്ഷ്യം സ്നേഹവും ഐക്യവും മാത്രമല്ല, സന്താനോല്പാദനവും കൂടിയുണ്ട്. ഇപ്രകാരമുള്ള ലൈംഗികബന്ധത്തിൽ കുട്ടികളുണ്ടാവാതിരിക്കാനായി ശ്രദ്ധിക്കുകയും അതിനായി കൃത്രിമ മാർഗ്ഗങ്ങൾ ഉപയോഗിക്കുകയും ചെയ്യും. സ്ഥിരമായി ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുന്ന വ്യക്തിക്ക് പങ്കാളിയോടുള്ള ബഹുമാനം കുറയുകയും തൻ്റെ ആഗ്രഹനിവൃത്തിക്കുള്ള ഒരു ഉപാധിയായി മാത്രം പങ്കാളിയെ കണക്കാക്കുകയും ചെയ്യുന്നു (H.V.No.17).
മനുഷ്യശരീരം പവിത്രമാണ്. മാമ്മോദ്ദീസ വഴി മനുഷ്യൻ പരിശുദ്ധാത്മാവിൻ്റെ ആലയമായിതീരുന്നു. വിവാഹത്തിന് മുമ്പുള്ള ലൈംഗികബന്ധം വഴി അവരുടെ ശരീരമാകുന്ന പരിശുദ്ധാത്മാവിന്റെ ആലയത്തെ അശുദ്ധമാക്കുകയും വൈവാഹിക ഉടമ്പടിയുടെ കൗദാശിക സ്വഭാവത്തിന് എതിരാവുകയും ചെയ്യുന്നു.
സ്വാതന്ത്ര്യത്തിന്റെയും സ്നേഹത്തിന്റെയും പേരിൽ നടക്കുന്ന വിവാഹത്തിന് മുമ്പുള്ള ലൈംഗികബന്ധം പലപ്പോഴും സമൂഹത്തിനും വ്യക്തികൾക്കും ഭാരമായി തീരാം. ഇത്തരത്തിലുള്ള ലൈംഗികബന്ധം വ്യക്തികളെ പല രീതിയിൽ സ്വാധീനിക്കാം. ചിലപ്പോൾ കുറ്റബോധവും മാനസികാഘാതവും സംഭവിക്കാം. ഇപ്രകാരം വ്യക്തികൾക്കും സമൂഹത്തിനും തിന്മ മാത്രം നല്‌കുന്നതുകൊണ്ടാണ് സഭ വിവാഹത്തിന് മുമ്പുള്ള ലൈംഗികബന്ധത്തെ നിരന്തരം എതിർക്കുന്നതും അതിൻ്റെ അധാർമ്മികതയെ ചൂണ്ടികാണിക്കുന്നതും.
ലൈംഗികതയേയും അതിൻ്റെ ലക്ഷ്യങ്ങളെയും പറ്റി ശരിയായ ബോദ്ധ്യം നല്കുവാനും, വിവാഹത്തിന് മുമ്പ് വിശ്വസ്‌തത പാലിക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്താനും ലൈംഗികതയുടെ മഹത്ത്വം അടങ്ങിയിരിക്കുന്നത് മനുഷ്യന് സ്വയം നിയന്ത്രിക്കാനുള്ള കഴിവു പ്രകടിപ്പിക്കുമ്പോഴാണെന്ന സത്യം യുവജനങ്ങളെ ഓർമ്മിപ്പിക്കാനും, അവരുടെ കഴിവുകളെ ക്രിയാത്മകമായ പ്രവർത്തനങ്ങളിലേക്ക് തിരിച്ചുവിടാനും അജപാലകർ ശ്രദ്ധിക്കണം.
വിവാഹേതര ബന്ധങ്ങൾ
ലൈംഗിക സന്തോഷമനുഭവിക്കാനുള്ള ആഗ്രഹത്തോടുകൂടി വിവാഹിതനായ ഒരു വ്യക്തി തൻ്റെ ജീവിത പങ്കാളിയല്ലാത്ത മറ്റൊരു വ്യക്തിയുമായി ശാരീരിക സംയോജനം നടത്തുന്നതിനെയാണ് വിവാഹേതര ബന്ധങ്ങൾ എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. വിവാഹത്തിന് പുറത്തുള്ള ഏത് ലൈംഗിക ബന്ധവും തെറ്റാണ്.
അധാർമ്മികമാകാനുള്ള കാരണങ്ങൾ
ശുദ്ധത എന്ന പുണ്യം എല്ലാ ജീവിതാവസ്ഥകളിലും ആവശ്യമാണ്. ശുദ്ധത തൻ്റെ മേലുള്ള ലൈംഗിക വിജയമാണ്. നിർമ്മല ശരീരമാണ് വധുവരന്മാർ വിവാഹത്തിൽ പരസ്‌പരം സമർപ്പിക്കേണ്ടത്. എന്നാൽ വിവാഹം കഴിച്ച ഒരു വ്യക്തി തൻ്റെ പങ്കാളിക്ക് പുറമെ മറ്റൊരു വ്യക്തിയുമായി ലൈംഗികമായി ബന്ധപ്പെടുമ്പോൾ അത് ദാമ്പത്യ വിശുദ്ധിക്കും വിശ്വസ്‌തതക്കും എതിരായിതീരുന്നു.
വിവാഹത്തിന് പുറമെയുള്ള ലൈംഗികബന്ധം പാടില്ലെന്ന് വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കുന്നുണ്ട് (1 കോറി 5,1; 6,9; 7,2; 10,8;). ക്രൈസ്തവ ധർമ്മശാസ്ത്രമനുസരിച്ച് എല്ലാ ലൈംഗികബന്ധങ്ങളും വിവാഹമെന്ന കൂദാശയ്ക്കുള്ളിൽ മാത്രമെ പാടുള്ളു. ദൈവ നിയമങ്ങളും സഭാപഠനങ്ങളും പ്രകൃതി നിയമങ്ങളും വിവാഹേതര ബന്ധത്തെ അപലപിക്കുന്നു.
വിവാഹേതര ബന്ധങ്ങൾ ആത്മാർത്ഥമല്ല. സന്തോഷമനുഭവിക്കുക എന്നതിലുപരി ലൈംഗികബന്ധത്തിൻ്റെ അർത്ഥ ലക്ഷ്യങ്ങളെ ഇത്തരത്തിലുള്ള ബന്ധങ്ങൾ തടയുന്നു. വിവാഹത്തിൽ 'നല്‌കപ്പെട്ട വാക്കി'ൻ്റെ കുറവ് വിവാഹേതര ബന്ധങ്ങളിൽ കാണുന്നു. 'നല്കപ്പെട്ട വാക്ക്' പുതിയ ഐക്യത്തെയും പുതിയ ജീവിതത്തെയും സൂചിപ്പിക്കുന്നു. വിവാഹത്തിൽ തൻ്റെ പങ്കാളിക്ക് പൂർണമായി സമർപ്പിച്ച വ്യക്തിക്ക് തന്നെത്തന്നെ മറ്റൊരാൾക്ക് പൂർണ്ണമായി നല്കാൻ കഴിയുകയില്ല. ദമ്പതികൾക്ക് മാത്ര
വ്യഭിചാരം
പഴയനിയമ കാലഘട്ടത്തിൽ, ഭർത്താവിൻ്റെ അവകാശ സംരക്ഷണത്തിനും ബാഹ്യാചാരങ്ങൾക്കുമാണ് കൂടുതൽ പ്രാധാന്യം നല്കിയിരുന്നത്. മോശ വഴി നല്‌കപ്പെട്ട പത്ത് പ്രമാണങ്ങളിൽ ബാഹ്യവും ആന്തരികവുമായ പ്രവൃത്തികൾക്ക് ഒരുപോലെ പ്രാധാന്യം നല്കിയിരിക്കുന്നു. ആന്തരിക പ്രവൃത്തിയുടെ പ്രാധാന്യം സൂചിപ്പിക്കാനാണ് 'വ്യഭിചരിക്കരുത്' എന്ന പ്രമാണത്തിന് ശേഷം 'അന്യന്റെ ഭാര്യയെ മോഹിക്കരുത്' എന്ന പ്രമാണവും കൂടി നല്കപ്പെട്ടത്. സ്ത്രീയും പുരുഷനും തമ്മിലുള്ള വിശ്വസ്‌തവും സ്നേഹപൂർണ്ണവുമായ ഉടമ്പടിയായും, ദൈവവും ഇസ്രായേൽ ജനവും തമ്മിലുള്ള ഉടമ്പടിയെ പ്രതീകാത്മകമായി ചിത്രീകരിക്കുന്നതായും വിവാഹത്തെ കാണാൻ തുടങ്ങിയതോടെ വ്യഭിചാരം തിന്മയെന്നതിനേക്കാൾ, മേൽപറഞ്ഞ ഉടമ്പടിയുടെ ലംഘനമായി കരുതപ്പെട്ടു (മർക്കോ 10,11-12; മത്താ 19,9).
ഭാര്യയുടെ ദാമ്പത്യ വിശ്വസ്‌തതയെ സംബന്ധിച്ചിടത്തോളം ഭർത്താവിൻ്റെ അവകാശങ്ങളെ മാത്രമാണ് യഹൂദ സമുദായം ഊന്നി പറഞ്ഞിരുന്നത്. വിവാഹത്തെ സംബന്ധിച്ച് എല്ലാ കാര്യങ്ങളിലും അധികാരം ഭർത്താവിന്റെ കൈകളിലായിരുന്നു. യേശു ഭർത്താവിന്റെ ദാമ്പത്യ വിശ്വസ്തതയ്ക്കും ഭാര്യക്കുള്ള അവകാശങ്ങൾക്കും തുല്യ പ്രാധാന്യം നല്‌കി. ഏകപക്ഷീയമായ അവകാശവാദം ഹൃദയകാഠിന്യം മൂലമാണെന്ന് അവിടുന്ന് വ്യക്തമാക്കി. യേശുവിന്റെ പ്രബോധനത്തിൽ ഭാര്യ, ഭർത്താവിൻ്റെ സ്വകാര്യ സ്വത്തിൻ്റെ പരിധിയിൽ പെടുന്ന വസ്തുവല്ല, അവൾക്ക് വ്യക്തിപരമായ അവകാശങ്ങളും കർതൃത്വവും ഭർത്താവിനുള്ളതുപോലെയുണ്ട്. വ്യഭിചാരം ചെയ്യുന്ന വ്യക്തി പങ്കാളിയെ രണ്ട് തരത്തിൽ വഞ്ചിക്കുന്നു. ഒന്നാമതായി വിവാഹത്തിലൂടെ പൂർണ്ണമായും പങ്കാളിക്ക് സമർപ്പിച്ച വ്യക്തി വീണ്ടും മറ്റൊരാൾക്ക് സമർപ്പിക്കുന്നു. രണ്ടാമതായി പങ്കാളിയുടെ ആത്മദാനത്തെ നിഷേധിക്കുകയും പങ്കാളിയെ ഉപയോഗശൂന്യമായ ഒരു വസ്തുവായി തരം താഴ്ത്തുകയും ചെയ്യുന്നു.
വിവാഹത്തിനകത്തുള്ള ലൈംഗിക ബന്ധത്തെ വിശുദ്ധ പൗലോസ് വിശുദ്ധമായി കരുതിയിരുന്നു. 'ഏകശരീരം' എന്നത് തന്നെ ലൈംഗിക വേഴ്‌ചക്ക് അപ്പുറം ഭാര്യാഭർതൃ സ്നേഹത്തിന്റെ അഗാധമായ വൈയക്തിക ബന്ധത്തെ സൂചിപ്പിക്കുന്നു. ക്രിസ്ത്യാനിയുടെ ശരീരത്തെ പരിശുദ്ധാത്മാവിൻ്റെ ആലയമായും (1 കോറി 6,19) ദൈവം നല്കിയ പാത്രമായും ബഹുമാനത്തോടെ കാണാനും (1 തെസ 4,3-5) ആഹ്വാനം ചെയ്യുന്നു. ശരീരം നല്ലതായതുകൊണ്ടും ലൈംഗിക പ്രവൃത്തി അർത്ഥമുള്ളതായതുകൊണ്ടും ലൈംഗിക അധാർമ്മികതയെ ശരീരത്തെ അശുദ്ധമാക്കുന്നതിന് തുല്യമായി കരുതപ്പെട്ടു. വ്യഭിചാരം തിന്മയാകുന്നത്, പരിശുദ്ധാത്മാവിന്റെ ആലയമായ ശരീരത്തെ അശുദ്ധമാക്കുന്നത് കൊണ്ട് മാത്രമല്ല, ക്രിസ്‌തുവും സഭയും തമ്മിൽ സ്ഥാപിക്കപ്പെട്ട സ്നേഹബന്ധത്തിന്റെ പ്രതീകമായ വൈവാഹിക ഉടമ്പടിയുടെ ലംഘനമായതുകൊണ്ട് കൂടിയാണ്. ലൈംഗിക വിശുദ്ധി പാലിക്കുവാൻ എല്ലാവർക്കും കടമയുണ്ട്. കാരണം അസന്മാർഗ്ഗികളെയും വ്യഭിചാരികളെയും ദൈവം വിധിക്കും (ഹെബ്രാ 13,4).
വ്യഭിചാരം ലൈംഗികതയുടെ ലക്ഷ്യങ്ങൾക്ക് എതിരായ തിന്മയാണ്. അത് സന്താനോല്പാദനത്തെയും ദാമ്പത്യ സ്നേഹത്തെയും അവിഭാജ്യതയെയും ദാമ്പത്യ വിശുദ്ധിയെയും വിശ്വസ്‌തതയെയും തകർക്കുന്നു. വ്യഭിചാരം ആഴത്തിലുള്ള ഹൃദയമുറിവിലേക്ക് നയിക്കുകയും ക്രമേണ വിവാഹമോചനത്തിൻ്റെ വേദനാജനകമായ ദൂരന്തഫലങ്ങൾ അനിവാര്യമാക്കുകയും ചെയ്യുന്നു. അവിശ്വസ്തരായ ഭർത്താവോ ഭാര്യയോ വ്യഭിചാരം വലിയ തെറ്റൊന്നുമല്ലെന്ന് കരുതുമ്പോൾ സ്വയം വഞ്ചിക്കുകയാണ് ചെയ്യുന്നത്.
ദമ്പതികൾ തമ്മിലും വ്യഭിചാരം ചെയ്യപ്പെടുന്ന സന്ദർഭങ്ങൾ ഉണ്ട്. ആസക്തിയോടെ പങ്കാളിയെ നോക്കുമ്പോൾ സ്വന്തം പങ്കാളിയെ വെറും വസ്തുവായി തരംതാഴ്ത്തുകയാണ് ചെയ്യുന്നത്. സ്വന്തം പങ്കാളിയെ ബലാൽസംഗം ചെയ്യുന്നവരും ജീവിതപങ്കാളിയുടെ ഇഷ്ടത്തിന് വിരുദ്ധമായി സംഭോഗം ചെയ്യുന്നവരും വ്യഭിചാരം ചെയ്യുന്നു. ആസക്തി ദമ്പതികളെ ഭരിക്കുമ്പോൾ അവർ തമ്മിലുള്ള പരസ്‌പരവും നിസ്വാർത്ഥവും സ്വതന്ത്രവുമായ പങ്കുവയ്ക്കൽ പ്രക്രിയ ഇല്ലാതാകുന്നു; ദമ്പതികൾ തമ്മിലുള്ള ഐക്യം ഇല്ലാതാകുന്നു. ദൈവ കൃപ കൊണ്ട് മാത്രമെ ദമ്പതികൾക്ക് ആസക്തിയെ കീഴ്പ്പെടുത്തി നിസ്വാർത്ഥമായി പരസ്‌പരം ദാനം ചെയ്യാൻ സാധിക്കൂ.
സൗന്ദര്യാസ്വാദനത്തിനുള്ള നോട്ടവും ആസക്തിയോടെയുള്ള നോട്ടവും വ്യത്യസ്‌തമാണ്. ദൈവത്തിൻ്റെ സൃഷ്‌ടിസൗന്ദര്യത്തിലുള്ള അതിശയവും അത്ഭുതവും സന്തോഷവും പ്രകടമാക്കുന്നതാണ് ആദ്യത്തേതെങ്കിൽ, രണ്ടാമത്തെത് സ്വാർത്ഥപരമായ ലൈംഗിക സുഖം ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ്. ലൈംഗിക വികാരങ്ങളെ പ്രചോദിപ്പിക്കുവാൻ വേണ്ടി സൃഷ്‌ടിക്കപ്പെട്ട ചിത്രങ്ങളും മറ്റും വ്യഭിചാരത്തിലേക്ക് നയിക്കുന്ന പ്രേരകശക്തികളായത് കൊണ്ട് അവയിൽ നിന്ന് അകന്ന് നില്ക്കണം.
അധാർമ്മിക ജനന നിയന്ത്രണ മാർഗ്ഗങ്ങൾ
ദാമ്പത്യ വിശുദ്ധിക്കും വിശ്വസ്‌തതക്കും എതിരായ ഒരു പ്രധാന തിന്മയാണ് കൃത്രിമ ജനനനിയന്ത്രണ മാർഗ്ഗങ്ങളുടെ ഉപയോഗം. ചെറിയ കുടുംബമെന്ന ലക്ഷ്യം പ്രാപിക്കുന്നതിനായി ആധുനിക സമൂഹം പല വ്യത്യസ്‌ത മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നുണ്ട്. ജീവനെ കൊല്ലുന്ന മാരക തിന്മയായ ഗർഭഛിദ്രം, മനുഷ്യൻ്റെ ഉല്‌പാദനശേഷി നശിപ്പിക്കുന്ന വന്ധ്യംകരണം, ഉറകൾ, ഡയഫ്രം, ഗുളികകൾ, ലൂപ്പ് തുടങ്ങിയവ അതിൽപ്പെടുന്നു. കൃത്രിമ ജനനനിയന്ത്രണ മാർഗ്ഗങ്ങൾ സ്ത്രീ-പുരുഷ സംയോഗത്തിൻ്റെ പ്രകൃതി നിയമം തകിടം മറിക്കുന്നു. സ്ത്രീയും പുരുഷനും തമ്മിൽ സംയോഗം നടത്തുന്ന നിമിഷം മുതൽ കുട്ടികളുണ്ടാകാനുള്ള സാദ്ധ്യത നിലനില്ക്കുന്നു. ആ സാദ്ധ്യത അതിന്റെ ആരംഭം മുതൽ തടസ്സപ്പെടുത്താതെ സംരക്ഷിക്കണം. ഗർഭനിരോധന മാർഗ്ഗങ്ങൾ ജീവന് തടസ്സം സൃഷ്ടിക്കുന്നതിനാൽ അധാർമ്മികമാണ്.
ദാമ്പത്യ അവിശ്വസ്തതക്കും ധാർമ്മിക അധഃപതനത്തിനും കൃത്രിമ ജനനനിയന്ത്രണ മാർഗ്ഗങ്ങൾ വഴിതെളിക്കും, കൂടാതെ ഗർഭ നിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നത് ശീലമാക്കിയ പുരുഷൻ, സ്ത്രീക്ക് അർഹിക്കുന്ന ആദരം നല്‌കാറില്ല. സ്ത്രീയുടെ ശാരീരികവും മാനസികവുമായ സമതുലനാവസ്ഥ പരിഗണിക്കാതെ സ്വന്തം ആഗ്രഹ പൂർത്തീകരണത്തിനുള്ള ഉപകരണമായി അവളെ തരംതാഴ്ത്തുന്നു. തന്റെ സ്നേഹവാത്സല്യ ഭാജനമാകേണ്ട പങ്കാളിയായി അവളെ കാണാൻ കഴിയില്ലെന്നത് ഏറ്റവും വേദനാജകനമാണ് (cti H.V.No.17).
പ്രകൃതിവിരുദ്ധ സന്താനോല്‌പാദന മാർഗ്ഗങ്ങൾ
സന്താനോല്‌പാദനത്തിനായി ഇന്ന് നിലവിലിരിക്കുന്ന പ്രകൃതി വിരുദ്ധ മാർഗ്ഗങ്ങളാണ് ഗർഭപാത്രത്തിന് പുറത്ത് അണ്ഡ-ബീജ സംയോഗം നടത്തി സന്താനങ്ങളെ ഉൽപപാദിപ്പിക്കുന്ന രീതിയും, ഭ്രൂണമാറ്റവും. വിവാഹത്തിന് പുറത്ത് നടക്കുന്ന അണ്ഡ-ബീജ സങ്കലനം വിവാഹത്തിലെ ലൈംഗിക പ്രവൃത്തിയെ അവഹേളിക്കുന്നതും ദാമ്പത്യ സ്നേഹത്തിൻ്റെ അടിത്തറ തകർക്കുന്നതുമായ തിന്മയാണ്. ഇവ മാതൃത്വത്തിനും പിതൃത്വത്തിനും എതിരായ വെല്ലുവിളിയാണ്. അധാർമ്മികവും പ്രകൃതിവിരുദ്ധവും ദൈവിക നിയമങ്ങൾക്കും മനുഷ്യ വ്യക്തിമഹാത്മത്യത്തിനുമെതിരായി നില്ക്കുന്ന ഈ തെറ്റായ പ്രവണതകൾ പ്രമാണവിരുദ്ധമാണ്.
പരീക്ഷണ വിവാഹങ്ങളും സ്വതന്ത്രമായ കൂടിച്ചേരലും
നൈയാമികമോ പരസ്യമോ ആയ കാരാറുകളില്ലാതെ സ്ത്രീയും പുരുഷനും ഒന്ന് ചേർന്ന് താമസിക്കുന്നതും ലൈംഗിക ജീവിതത്തിലേർപ്പെട്ട് കഴിയുന്നതുമായ സ്ഥിതിവിശേഷമാണ് സ്വതന്ത്രമായ കൂടിച്ചേരൽ. നിയമത്തിന് കീഴിലുള്ള വിവാഹക്കരാറുകളെ ഇവർ പരിഗണിക്കുന്നില്ല. ഈ കൂടിച്ചേരൽ അധാർമ്മികമാണ്. കാരണം പങ്കാളികൾ പരസ്പരം സമ്പൂർണ്ണമായി സമർപ്പിക്കുന്നിടത്താണ് ഐക്യം സംജാതമാകുന്നത്. പങ്കാളിയിലും തന്നിൽ തന്നെയും വിശ്വാസമില്ലാത്ത, സമൂഹത്തിന്റെ തത്ത്വസംഹിതകളെ മാനിക്കാത്ത വ്യക്തികൾ തമ്മിൽ ഐക്യം സ്ഥാപിക്കാൻ സാധിക്കില്ല. വിവാഹം കഴിക്കാതെ കൂടിചേർന്ന് താമസിക്കുന്നവർ തമ്മിൽ ദീർഘകാലത്തേക്കുള്ള സമർപ്പണവും പങ്ക് വയ്ച്ചുള്ള ജീവിതവും അസാദ്ധ്യമാണ്. ലൈംഗികബന്ധം പരസ്‌പരമുള്ള സമ്പൂർണ്ണമായ ആത്മദാനമാണങ്കിൽ അത് സാദ്ധ്യമാകുന്നത് വിവാഹജീവിതത്തിൽ മാത്രമാണ്. വിവാഹം കഴിക്കാതെ കൂടി താമസിക്കുന്നവർ തമ്മിലുള്ള ലൈംഗികബന്ധത്തിൽ ലൈംഗിക ഐക്യത്തിന് പരിശ്രമിക്കുന്നുണ്ടെങ്കിലും ഈ ഐക്യം ഉണ്ടാകുന്നില്ല. സമ്പൂർണ്ണ സമർപ്പണവും അതിനുള്ള പരിശ്രമവും പരസ്‌പര വൈരുദ്ധ്യങ്ങളാണ്. ലൈംഗിക ഐക്യത്തിന് ആഴമേറിയ അർത്ഥമുണ്ട്. മരണംവരെ ഒന്നായി തുടരേണ്ടതാണ് ഈ ഐക്യം.
ലൈംഗികബന്ധം ഒഴിവാക്കി വിവാഹം കഴിക്കേണ്ടവർ ഒന്നിച്ച് താമസിക്കുന്ന അവസ്ഥയാണ് പരീക്ഷണ വിവാഹങ്ങൾ. ദീർഘകാലം ഒരുമിച്ച് ജീവിക്കേണ്ടവർ തമ്മിൽ പരസ്‌പരം പൊരുത്തപ്പെടുമോയെന്നറിയാനുള്ള ഈ പരീക്ഷണവും അധാർമ്മികമാണ്. വിവാഹവും, വ്യക്തിയും അവരുടെ ലൈംഗികതയും പരീക്ഷണങ്ങൾക്ക് വേണ്ടിയുള്ളതല്ല. പരീക്ഷണ വിവാഹങ്ങൾ കൗദാശിക ജീവിതത്തിന്റെ അർത്ഥതലങ്ങളെ ഒട്ടും തന്നെ ഉൾക്കൊള്ളുന്നില്ല.
സ്വതന്ത്രമായ കൂടിച്ചേരലും പരീക്ഷണ വിവാഹങ്ങളും ദാമ്പത്യത്തിൻ്റെ മാഹാത്മ്യത്തെ തകർക്കുന്നു. കുടുംബമെന്ന ആശയത്തെ നശിപ്പിക്കുകയും ദാമ്പത്യ വിശ്വസ്തതക്ക് ഭംഗം വരുത്തുകയും ചെയ്യുന്നു. ഭാവിയിൽ വിവാഹിതരാകേണ്ടവരാണെന്ന വിശ്വാസത്താൽ പരീക്ഷണ വിവാഹജീവിതത്തിനും, സ്വതന്ത്രമായ കൂടിച്ചേരലിനും അനുകൂലിക്കുന്നവർ ഭാവിയിൽ ഒന്നിച്ചു ചേർന്നാലും പരസ്പരമുള്ള ആത്മാർത്ഥതയും വിശ്വസ്‌തതയും സമ്പൂർണമായി സംരക്ഷിക്കാൻ സാധിച്ചെന്ന് വരില്ല. അതുകൊണ്ട് പരീക്ഷണ വിവാഹങ്ങൾ അവ ഉദ്ദേശിക്കുന്ന ലക്ഷ്യം നല്‌കുമെന്ന് യാതൊരു ഉറപ്പുമില്ല. യഥാർത്ഥ സ്നേഹം ഒരിക്കലും പരീക്ഷണ വിവാഹങ്ങളെ അംഗീകരിക്കുകയില്ല.
വിവാഹബന്ധത്തിൽ ഒന്നിക്കപ്പെട്ട സ്ത്രീ - പുരുഷ ബന്ധത്തെപ്പോലെയുള്ള ബന്ധങ്ങൾ പാശ്ചാത്യ രാജ്യങ്ങളിൽ വളർന്ന് വരുന്നുണ്ട്. ഇപ്രകാരമുള്ള ജീവിതത്തിനെതിരായുള്ള പ്രചരണങ്ങളും ഇന്ന് കുറഞ്ഞുവരുന്നു. സ്നേഹത്തിൻ്റെ തനതായ പ്രകടനം ആവശ്യപ്പെടുന്ന വിവാഹബന്ധത്തെ തടസ്സമായി കരുതുന്ന ഇവർ സ്ഥിരമായ ബന്ധത്തെയും വെറുക്കുന്നവരാണ്. വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധത്തിലേതുപോലെ പല കാര്യങ്ങളും ഇവരെ സംബന്ധിച്ചിടത്തോളം അധാർമ്മികമാണ് (F.C.No.79-81). മാത്രമല്ല പരീക്ഷണ വിവാഹത്തിൽ ഒരു വ്യക്തിക്കും തൻ്റെ പങ്കാളിയുടെമേൽ സമ്പൂർണ്ണ അവകാശം സ്ഥാപിക്കാൻ കഴിയില്ല. ഈ ബന്ധത്തിൽ നിന്നുണ്ടാകുന്ന കുട്ടികളുടെ ഭാവിജീവിതം സുരക്ഷിതമല്ല. കാരണം പരീക്ഷണ വിവാഹത്തിന് ശേഷം വിവാഹം കഴിച്ചവരിൽ 40 ശതമാനം പേരും വിവാഹം കഴിഞ്ഞ് അഞ്ച് വർഷത്തിനുള്ളിൽ വിവാഹമോചനം നേടിയെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. അവരുടെ ലൈംഗികബന്ധം മാരക തിന്മയായ ഗർഭഛിദ്രത്തിലേക്കും കൃത്രിമ ഗർഭനിരോധനത്തിലേക്കും നയിക്കുന്നു.
ബഹുഭാര്യത്വവും ബഹുഭർതൃത്വവും
ഒരു ഭർത്താവിന് ഒന്നിൽ കൂടുതൽ ഭാര്യമാരുണ്ടായിരിക്കുന്നതാണ് ബഹുഭാര്യത്വം. ഒരു ഭാര്യക്ക് ഒന്നിൽ കൂടുതൽ ഭർത്താക്കന്മാരുണ്ടായിരിക്കുന്നതാണ് ബഹുഭർതൃത്വം. ഒന്നിൽ കൂടുതൽ ഭാര്യമാർ ഉണ്ടായിരിക്കുന്നത് മാന്യതയുടെയും സമൂഹത്തിൽ സ്ഥാനമാനങ്ങളുടെയും മാനദണ്ഡമായി കരുതിയിരുന്ന കാലഘട്ടത്തിൽ ഇവ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിരുന്നില്ല. എങ്കിലും ബഹുഭാര്യത്വം അംഗീകരിക്കപ്പെട്ടിട്ടുള്ള കാലഘട്ടത്തിൽപോലും ഏകഭാര്യത്വം വിവാഹത്തിന്റെ പ്രഥമവും പ്രധാനരൂപവുമായി കരുതപ്പെട്ടിരുന്നു. 1546ൽ ട്രെൻ്റ് കൗൺസിലാണ് ആദ്യമായി ബഹുഭാര്യത്വത്ത എതിർത്തത്. രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ വീക്ഷണത്തിലും വിവാഹത്തിലെ ഐക്യം സംജാതമാകുന്നത് ഒരു സ്ത്രീയും ഒരു പുരുഷനും മാത്രം കൂടിച്ചേരുമ്പോഴാണ് (GS 48,49).
കുടുംബങ്ങൾക്കുള്ള ശ്ലൈഹിക ആഹ്വാനത്തിൽ മാർപാപ്പ പഠിപ്പിക്കുന്നതുപോലെ “വിവാഹത്തിലുള്ള ഐക്യത്തിന് വിരുദ്ധമാണ് ബഹുഭാര്യത്വ സമ്പ്രദായം. അത് ദൈവിക പദ്ധതിക്ക് എതിരാണ്. ആദിയിൽ ദൈവം സൃഷ്ടിച്ചത് ഒരു സ്ത്രീയേയും ഒരു പുരുഷനേയുമാണ്. ദൈവം വെളിപ്പെടുത്തിയ വ്യക്തികൾക്കുള്ള മാഹാത്മ്യം പ്രകടമാകുന്നത് ഒരു സ്ത്രീയും ഒരു പുരുഷനും വിവാഹത്തിലൂടെ ഒന്നിക്കുമ്പോഴാണ്. ഒന്നിൽ കൂടുതൽ സ്ത്രീകളുമായുള്ള ഒരു പുരുഷൻ്റെ ബന്ധവും ഒന്നിൽ കൂടുതൽ പുരുഷന്മാരുമായുള്ള ഒരു സ്ത്രീയുടെ ബന്ധവും അവരുടെ വൈയക്തിക മാനദണ്‌ഡങ്ങൾക്ക് വിപരീതമായി മാറുന്നു" (F.C.No.19). ഒരു പുരുഷൻ പല സ്ത്രീകൾക്കും സ്വന്തം ശരീരം പങ്ക് വയ്ക്കുമ്പോൾ, അവിടെ ഒരിക്കലും സമ്പൂർണ്ണ സമർപ്പണം നടക്കുന്നില്ല. ബഹുഭാര്യത്വം വഴി ഒരു പുരുഷൻ പല സ്ത്രീകളെ ലൈംഗിക സന്തോഷത്തിനുള്ള ഉപകരണങ്ങളാക്കി മാറ്റുന്നു. സ്ത്രീയുടെ വ്യക്തിമാഹാത്മ്യത്തെ തരംതാഴ്ത്തുന്നു. അതുപോലെ തന്നെ ബഹുഭർതൃത്വത്തിലും സംഭവിക്കുന്നു. സ്നേഹമെന്ന കല്‌പനയുടെ സംസ്ഥാപനത്തിന് ബഹുഭാര്യത്വവും ബഹുഭർത്യത്വവും ഒഴിവാക്കേണ്ടതും ഏകഭാര്യത്വവും ഏകഭർതൃത്വവും വിവാഹത്തിൻ്റെ അഭേദ്യതയും ഉറപ്പാക്കേണ്ടതുമാണ്.
ഇണയെ മാറ്റം ചെയ്യുന്ന സംസ്‌കാരം
പാശ്ചാത്യ നാടുകളിലും മറ്റും വർദ്ധിച്ചുവരുന്ന അധാർമ്മികമായ ഒരു പ്രവണതയാണ് ജീവിത പങ്കാളികളെ ലൈംഗിക ബന്ധത്തിനായി പരസ്പരം മാറ്റം ചെയ്യുന്നത്. ലൈംഗിക സംതൃപ്തിക്കും സന്തോഷത്തിനും പുതുമയ്ക്കും വേണ്ടിയാണ് ഇപ്രകാരം മാറ്റം ചെയ്യുന്നത്. ദമ്പതികളുടെ പരസ്‌പര സഹകരണവും സമ്മതവുമുണ്ടെങ്കിൽ ഇത് സ്വീകാര്യമാണെന്ന് വാദിക്കുന്നവരുണ്ട്. ഇവർ യഥാർത്ഥത്തിൽ വിവാഹമെന്ന കൂദാശയെ മനസ്സിലാക്കാത്തവരും ലൈംഗിക ബന്ധത്തിൻ്റെ യഥാർത്ഥ ലക്ഷ്യത്തെ എതിർക്കുന്നവരുമാണ്. വിവാഹത്തിലുള്ള ലൈംഗികബന്ധം മാത്രമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. ഇണയെ പരസ്‌പരം കൈമാറ്റം ചെയ്യുന്നവർ ഇന്നത്തെ സുഖഭോഗ സംസ്ക്‌കാരത്തിൻ്റെ അടിമകളായി തീർന്നവരാണ്. വിവാഹത്തിൻ്റെയും ലൈംഗികതയുടെയും യഥാർത്ഥ അർത്ഥലക്ഷ്യങ്ങളെ തകർക്കുന്ന ഇത്തരം പ്രവണതകൾ മാരകമായ തിന്മയാണ്. ഇതിനെ സഭ ശക്തമായി അപലപിക്കുന്നുണ്ട്.
ഉപസംഹാരം
ഒമ്പതാം പ്രമാണത്തിൻ്റെ പശ്ചാത്തലത്തിൽ വിശുദ്ധ ഗ്രന്ഥത്തെ അടിസ്ഥാനമാക്കി വിവാഹമെന്താണെന്നും വിവാഹത്തിന്റെ ലക്ഷ്യങ്ങൾ എന്തെല്ലാമാണെന്നും വിലയിരുത്തുകയായിരുന്നു. കൂദാശയെന്ന നിലയിൽ വിവാഹം രക്ഷാകര പദ്ധതിയുടെ ആവിഷ്ക്കാരവും, ദൈവസ്നേഹത്തിലുള്ള പങ്കാളിത്വവും, ദൈവവരപ്രസാദത്തിനുള്ള മാർഗ്ഗവുമാണ്. പരിശുദ്ധവും നിർമ്മലവും വിശ്വസ്തവും നിസ്വാർത്ഥവുമായ സ്നേഹത്തിൽ ഒന്നാകുന്ന ദമ്പതികൾ തങ്ങളുടെ ദാമ്പത്യജീവിതത്തിൽ ദൈവിക പദ്ധതിയുടെ പങ്കാളികളായി തീരുന്നു. വിവാഹത്തിന്റെ അടിസ്ഥാന ശിലകളായ ഏകതയും അവിഭാജ്യതയും അവരെ പരസ്പ്‌പര വിശുദ്ധീകരണത്തിലേക്ക് നയിക്കുന്നു. എല്ലാറ്റിലുമുപരി, ക്രിസ്‌തു തൻ്റെ മണവാട്ടിയായ സഭയെ സ്നേഹിച്ചതുപോലെ ദമ്പതികൾ പരസ്‌പരം സ്നേഹിക്കാൻ കടപ്പെട്ടിരിക്കുന്നുവെന്നു വിശുദ്ധ ഗ്രന്ഥം വ്യക്തമാക്കുന്നു.
ആധുനിക കാലഘട്ടത്തിൽ വിവാഹത്തിനും കുടുംബ ജീവിതത്തിനുമെതിരെ നിരവധി വെല്ലുവിളികൾ ഉയർന്നുവരുന്നുണ്ട്. കുത്തഴിഞ്ഞ ലൈംഗിക വ്യവസ്ഥിതികളും മാറിവരുന്ന മൂല്യശ്രേണികളും മാദ്ധ്യമങ്ങളുടെ അതിപ്രസരവും വിവാഹത്തെയും കുടുംബ ജീവിതത്തെയും പ്രകടമായ രീതിയിൽ സാരമായി സ്വാധീനിക്കുന്നുണ്ട്. ദൂരവ്യാപകമായ വിപത്തുകൾ ഇവ കുടുംബജീവിതത്തിൽ സൃഷ്ടിക്കുന്നുണ്ട്. ദാമ്പത്യ വിശ്വസ്തതക്കും വിശുദ്ധിക്കും വൈവാഹിക ലക്ഷ്യങ്ങൾക്കും എതിരായ ഇത്തരം പ്രവണതകളെ ചെറുത്ത് തോല്പിക്കേണ്ടത് എല്ലാ ക്രൈസ്തവ വിശ്വാസികളുടെയും കടമയാണ്. സ്ത്രീകളെ ലൈംഗിക സംതൃപ്തിക്കുള്ള ഉപകരണമാക്കുന്ന ഉപഭോഗ സംസ്ക്കാരവും വിവാഹജീവിതത്തിലുടലെടുക്കുന്ന സ്വാർത്ഥതയും മറ്റും വിവാഹത്തിൻ്റെയും കുടുംബജീവിതത്തിൻ്റെയും യഥാർത്ഥ ലക്ഷ്യങ്ങൾക്ക് എതിരാണ്. ഇത്തരം പ്രവണതകളെ പരാജയപ്പെടുത്തി, വൈവാഹിക സ്നേഹത്തിൽ പങ്ക് പറ്റി, ദൈവിക പദ്ധതി സാക്ഷാത്കരിക്കുവാൻ ദമ്പതികളെ ഒമ്പതാം പ്രമാണം കടമപ്പെടുത്തുന്നു.
അന്യന്റെ ഭാര്യയെ മോഹിക്കരുത് ദമ്പതികളുടെ ശാരീരിക ഐക്യത്തിൽ ആത്മദാനവും പരസ്‌പര സ്വീകരണവും ഉണ്ട് സ്ത്രീയുടെയും പുരുഷൻ്റെയും ലൈംഗികബന്ധം വെറും ശാരീരിക പ്രവർത്തനമല്ല ബുദ്ധിയുടെയും മനസ്സിൻ്റെയും സംയോജനം കൂടിയാണ് മരണം വരെ ജീവിതം പങ്കുവച്ച് അനുഭവിക്കാനുള്ള വിളിയാണ് വിവാഹബന്ധം മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല; അവന് ചേർന്ന ഇണയെ ഞാൻ നല്കും Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



