x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

തിരുവചനം പറയുന്നു: “പാപങ്ങൾ അകറ്റാൻ കഴിവില്ലാത്ത ബലികൾ ആവർത്തിച്ചർപ്പിച്ചുകൊണ്ട് ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷ ചെയ്യുന്നു” (ഹെബ്ര. 10:11). ഈ വചനഭാഗം കുർബാനയെ നിരാകരിക്കുന്നുണ്ടോ?

Authored by : Fr. George Panamthottam CMI On 25-Oct-2022

ക്രിസ്തു ഒരിക്കൽ അർപ്പിച്ച ബലി പൂർണ്ണമല്ലേ. അത് ആവർത്തിക്കാൻ പാടുണ്ടോ? തിരുവചനം പറയുന്നു: “പാപങ്ങൾ അകറ്റാൻ കഴിവില്ലാത്ത ബലികൾ ആവർത്തിച്ചർപ്പിച്ചുകൊണ്ട് ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷ ചെയ്യുന്നു” (ഹെബ്ര. 10:11). ഈ വചനഭാഗം കുർബാനയെ നിരാകരിക്കുന്നുണ്ടോ?

ക്രിസ്തു ഒരിക്കൽ അർപ്പിച്ച ബലി ഏകമാണ്. അത് അതിനാൽത്തന്നെ പൂർണമാണ്. എന്നാൽ, ഹെബ്രായ ലേഖനം 10:11 ന്റെ അർത്ഥം മനസിലാകണമെങ്കിൽ ഈ വചനം മാത്രമായി കണക്കിലെടുക്കാതെ ആരംഭം മുതൽ വായിച്ചാൽ, പഴയനിയമ പൗരോഹിത്യത്തെയും ക്രിസ്തുവിന്റെ പൗരോഹിത്യത്തെയും നമ്മിൽ താരതമ്യം ചെയ്യാനുള്ള ഒരു ശ്രമമാണ് ലേഖന കർത്താവ് ഇവിടെ നടത്തുന്നതെന്ന് മനസിലാക്കാൻ കഴിയും. ഈ തിരുവചനം പഴയ നിയമ പൗരോഹിത്യത്തെ സൂചിപ്പിക്കാനാണ് ഉദ്ധരിച്ചിരിക്കുന്നത്. എന്നാൽ, ക്രിസ്തുവിന്റെ പൗരോഹിത്യം പഴയ നിയമ പൗരോഹിത്യത്തിൽ നിന്നും വ്യത്യസ്തമാണ്. അവിടുന്നു അർപ്പിച്ച ഏക ബലിയോടുകൂടി പഴയ നിയമ പൗരോഹിത്യത്തിനും ബലികൾക്കും അർത്ഥമില്ലാതായി.

ഹെബ്രായ ലേഖനം തുടർന്നു പറയുന്നു: “എന്നാൽ അവനാകട്ടെ (ക്രിസ്തു) പാപങ്ങൾക്കു വേണ്ടി എന്നേക്കുമായുള്ള ഏകബലി അർപ്പിച്ചുകഴിഞ്ഞപ്പോൾ ദൈവത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായി" (ഹെബ്ര. 10-12). “വിശുദ്ധീകരിക്കപ്പെട്ടവരെ അവൻ ഏകബലി സമർപ്പണം വഴി എന്നേക്കുമായി പരിപൂർണരാക്കിയിരിക്കുന്നു" (ഹെബ്ര, 10-14). “അന്നത്തെ പ്രധാന പുരോഹിതന്മാരെ പോലെ ആദ്യമേ സ്വന്തം പാപങ്ങൾക്കുവേണ്ടിയും അനന്തരം ജനത്തിന്റെ പാപങ്ങൾക്കുവേണ്ടിയും അനുദിനം ബലിയർപ്പിക്കേണ്ടതില്ല. അവൻ (ക്രിസ്തു) തന്നെത്തന്നെ ബലിയർപ്പിച്ചുകൊണ്ട് എന്നേക്കുമായി ഒരിക്കൽ ബലിയർപ്പിച്ചിരിക്കുന്നു" (ഹെബ്ര 7-27). അതിനാൽ, ക്രിസ്തു അർപ്പിച്ച ബലി ഏക ബലിയാണ്. അത് രക്ഷാകരവും പൂർണവുമാണ്.

കത്തോലിക്കാസഭയിലെ വിശുദ്ധ കുർബാന എന്ന കൂദാശ ക്രിസ്തു അർപ്പിച്ച ബലിയുടെ സജീവമായ പങ്കുചേരലാണ്. ഇന്നലെയും ഇന്നും നാളെയും ഒരുവൻ തന്നെയായ ക്രിസ്തുവിന്റെ ബലിയർപ്പണത്തിൽ പങ്കുചേരുമ്പോൾ നമ്മൾ അവിടുത്തെ ഏകബലിയുടെ ഭാഗമായിത്തീരുന്നു."...എന്റെ ഓർമ്മയ്ക്കായി ഇതു ചെയ്യുവിൻ" (ലൂക്കാ 22:19) എന്ന ക്രിസ്തുവിന്റെ അന്ത്യത്താഴവേളയിലെ കല്പന പ്രകാരം അൾത്താരയിൽ ഈ ബലി അർപ്പിക്കുമ്പോൾ ക്രിസ്തുവിന്റെ ഏകബലിയും അൾത്താരയിൽ അവിടുത്തെ കല്പനപ്രകാരം അർപ്പിക്കുന്ന ബലിയും ഒന്നായിത്തീരുന്നു. അതിനാൽ, ഓരോ വിശുദ്ധ കുർബാനയും ക്രിസ്തു അർപ്പിച്ച ബലിയർപ്പണത്തിന്റെ പുനരാവിഷ്കാരമാണ്. കാൽവരിയിലെ ബലിയിൽ ബലിവസ്തുവും ബലിയർപ്പകനും ക്രിസ്തുവായിരുന്നതുപോലെ തന്നെ വിശുദ്ധ കുർബാനയിലെ യഥാർത്ഥ ബലിവസ്തുവും ബലിയർപ്പകനും ക്രിസ്തുതന്നെയാണ്. അൾത്താരയിൽ ക്രിസ്തുവിന്റെ പ്രതിപുരുഷനായി കാർമ്മികൻ കൂദാശാ വചനങ്ങൾ ഉച്ചരിക്കുമ്പോൾ നിഗൂഢമായി, അടയാളങ്ങളുടെ സമൃദ്ധിയിൽ ക്രിസ്തു സന്നിഹിതനാകുന്നു. വിശുദ്ധ കുർബാന കത്തോലിക്കാസഭ സ്വയമേ കണ്ടെത്തിയതല്ല. ക്രിസ്തു തന്നെ ശിഷ്യമാരോടൊപ്പം അന്തിഭോജനം ആഘോഷിക്കുകയും അവിടുന്ന് അപ്പത്തിന്റെയും വീഞ്ഞിന്റെയും അടയാളങ്ങളിൽ തന്നെത്തന്നെ ശിഷ്യന്മാർക്ക് നൽകുകയും അന്നു മുതൽ തന്റെ മരണശേഷം പോലും അതു തുടർന്നു ആചരിക്കാൻ കല്പിക്കുകയും ചെയ്തതിന്റെ (1 കോറി 11: 24) പശ്ചാത്തലത്തിലാണ് സഭ എന്നും വിശുദ്ധ കുർബാന അർപ്പിക്കുന്നത്.

പഴയ നിയമത്തിലെ ബലികളൊന്നും രക്ഷാകരമോ പാപമോചകമോ ആയിരുന്നില്ല. എന്നാൽ, ക്രിസ്തുവിന്റെ ഏകബലി പാപമോചകവും രക്ഷാകരവുമായിരുന്നു. കാരണം, “അവൻ എല്ലാവർക്കും വേണ്ടി തന്നെത്തന്നെ മോചന മൂല്യമായി നല്കി. അവൻ യഥാകാലം നല്കപ്പെട്ട ഒരു സാക്ഷ്യവുമായിരുന്നു” (1 തിമോ. 2:6). ക്രിസ്തു നമ്മുടെ പാപങ്ങൾക്കു പരിഹാരബലിയാണ്; നമ്മുടെ മാത്രമല്ല, ലോകം മുഴുവന്റെയും പാപങ്ങൾക്ക് ( 1 യോഹ. 2:2). കത്തോലിക്കാ സഭയിലെ വിശുദ്ധ കുർബാനയിൽ ക്രിസ്തുവിന്റെ ബലിയർപ്പണം തന്നെയാണു സംഭവിക്കുന്നത്. അതിനാൽ, അത് രക്ഷാകരവും പാപമോചകവുമാണ്. 

Living faith series : 8 (ചോദ്യം:1)

Living faith series : 8 (ചോദ്യം:1) Fr. George Panamthottam CMI “പാപങ്ങൾ അകറ്റാൻ കഴിവില്ലാത്ത ബലികൾ ആവർത്തിച്ചർപ്പിച്ചുകൊണ്ട് ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷ ചെയ്യുന്നു” ഹെബ്ര. 10:11 വചനഭാഗം കുർബാനയെ നിരാകരിക്കുന്നുണ്ടോ ക്രിസ്തു അർപ്പിച്ച ബലി ഏക ബലി Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message