x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

ക്രിസ്തുവിശ്വാസിയും വിഗ്രഹാര്‍പ്പിത ഭക്ഷണവും

Authored by : Dr Vincent Alappatt On 15-Jun-2021

മതസൗഹാര്‍ദ്ദത്തിന്‍റെ കീര്‍ത്തികേട്ട ഭാരത്തില്‍ വ്യത്യസ്ത മതവിശ്വാസങ്ങളില്‍പ്പെട്ടവര്‍ ഇടകലര്‍ന്നു ജീവിക്കുമ്പോള്‍ ക്രൈസ്തവര്‍ക്ക് ഭിന്നമതസ്ഥരുമായി ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ട്. വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിച്ചു: "ഇതരമതാനുയായികളുമായി വിവേകത്തോടും സ്നേഹത്തോടും കൂടി വിശ്വാസത്തിനും ക്രിസ്തീയ ജീവതത്തിനും സാക്ഷ്യം വഹിച്ചുകൊണ്ട് സംഭാഷണത്തിലും സഹരണത്തിലും ഏര്‍പ്പെടാന്‍ അവരില്‍ ദൃശ്യമാകുന്ന ആദ്ധ്യാത്മികവും ധാര്‍മ്മികവുമായ നന്മകളും സാമൂഹിക സാംസ്കാരിക മൂല്യങ്ങളും അംഗീകരിച്ച് പരിരക്ഷിക്കുകയും അഭിവൃദ്ധമാകികുകയും ചെയ്യണമെന്ന് സഭ ഉദ്ബോധിപ്പിക്കുന്നു[1]". എങ്കില്‍, മതസൗഹാര്‍ദ്ദത്തിന്‍റെയും സഹിഷ്ണുതയുടെയും പേരില്‍ ഇതരമതവിശ്വാസികളുടെ ആരാധനകളില്‍ സജീവമായി പങ്കെടുത്തത് സാധൂകരിക്കാനാവുമോ?

ചരിത്രപശ്ചാത്തലം

മനുഷ്യനിര്‍മ്മിത വിഗ്രഹങ്ങളെ ആരാധിക്കുന്നതിനെയാണ് വിഗ്രഹാരാധന എന്നു പറയുന്നത്. സത്യദൈവത്തെ നേരില്‍ കാണാനോ അനുഭവിക്കാനോ ആവില്ല എന്ന പൊതുധാരണ ജനത്തിനുണ്ടായിരുന്നു (നിയമ 4, 14; സങ്കീ.97, 2) മനുഷ്യനു കാണാനും സ്പര്‍ശിക്കാനും പറ്റിയ ഒരു ദൈവം വേണം എന്നതാണ് വിഗ്രഹാരാധനയുടെ പുറകിലെ ചിന്താഗതി. വിഗ്രഹാരാധയ്ക്കു മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്.

ആദ്യ നൂറ്റാണ്ടില്‍ സഭയെ ആട്ടിയുലച്ച ശ്രമകരമായ ഒരു പ്രശ്നമാണ് വിഗ്രഹാര്‍പ്പിത ഭക്ഷണം. വിഗ്രഹങ്ങള്‍ക്കായി ബലിയര്‍പ്പിക്കുക എന്നത് അക്കാലഘട്ടത്തില്‍ ജീവിതത്തിലെ സാധാരണ സംഭവമായിരുന്നു. ക്രിസ്തീയവിശ്വാസം സ്വീകരിച്ച്വര്‍ക്ക് വിഗ്രഹത്തിനോ, വിജാതീയദേവനോ അര്‍പ്പിച്ച വസ്തുക്കള്‍ ഭക്ഷിക്കുന്നതു നിഷിദ്ധമാണോ? ക്രിസ്ത്യാനിക്ക് വിഗ്രഹാര്‍പ്പിതബലികളിലും വിരുന്നുകളിലും സജീവമായി പങ്കുകൊള്ളാമോ, ഇത്തരം ചോദ്യങ്ങള്‍ അന്നെന്നപോലെ ഇന്നും, പ്രത്യേകിച്ച് നവീകരണ പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചയുടെ ഈ കാലഘട്ടത്തില്‍, മനുഷ്യമനസ്സാക്ഷിയെ മുറിപ്പെടുത്തുന്ന പ്രശ്നമായി നിലകൊള്ളുന്നു. വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച വസ്തുക്കള്‍ ഭക്ഷിക്കുന്നതുവഴി ക്രിസ്തുവിശ്വാസികള്‍ പിശാചിന്‍റെ അടിമകളും ആവാസകേന്ദ്രവുമായിത്തീരുന്നു എന്ന മിഥ്യാധാരണ ക്രൈസ്തവരുടെ ഇടയില്‍ പ്രബലപ്പെടുന്നു. ഇതിന് ഉപോദ്ബലകമായി എടുത്തുകാട്ടുന്ന വി. ഗ്രന്ഥഭാഗം 1 കോറിന്തോസ് 10,20-ലെ പൗലോസ്ശ്ലീഹായുടെ പ്രസ്താവനയാണ്. "വിജാതീയര്‍ ബലിയര്‍പ്പക്കുന്നത് പിശാചിനാണ്, ദൈവത്തിനല്ല എന്നാണ് ഞാന്‍ പറയുന്നത്". ഇതു വിശ്വാസികളില്‍ ആശയക്കുഴപ്പവും മാനസിക ആഘാതവും സൃഷ്ടിക്കുന്നു. അതിനാല്‍ വി. ഗ്രന്ഥത്തിന്‍റെയും സഭാപഠനങ്ങളുടെയും വെളിച്ചത്തില്‍ യാഥാര്‍ത്ഥ്യം കണ്ടെത്താനുള്ള ശ്രമമാണ് ഈ ലേഖനം.


മാനവകുലത്തോളം ചരിത്രമുള്ള വിഗ്രഹാരാധന പുരാതന സമീപപൂര്‍വ്വദേശങ്ങളായ മെസെപ്പെട്ടോമിയ, ഈജിപ്ത്, സിറിയ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ നിലനിന്നിരുന്നത്. അബ്രാഹത്തിന്‍റെ മുന്‍തലമുറക്കാര്‍ മെസെപ്പെട്ടോമിയായില്‍ വിഗ്രഹങ്ങളെ പൂജിക്കുന്നവരായിരുന്നു. (ലേവ്യ 20, 2). ഉത്പത്തി പുസ്കത്തില്‍ കുലദേവന്മാരുടെ വിഗ്രഹങ്ങളെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. (ഉത്പ. 31, 9, 34-35). കളിമണ്ണില്‍ നിര്‍മ്മിച്ചവയും, കല്ലില്‍ കൊത്തിയെടുത്തതും, വെങ്കലം ഉപയോഗിച്ചു വാര്‍ത്തെടുത്തതുമായ വിഗ്രഹങ്ങളാണ് സാധാരണ ഉപയോഗിച്ചിരുന്നത്. (ലേവ്യ 26, 1). മനുഷികാഭിലാഷങ്ങളുടെയും ചിന്തയുടെയും ഉദ്ദേശ്യങ്ങളുടെയും മൂര്‍ത്തീകരണമായ പല രൂപത്തിലും വലുപ്പത്തിലുമുള്ള വിഗ്രഹങ്ങളില്‍ ദേവന്‍റെ ജീവസാന്നിദ്ധ്യം ജനം ദര്‍ശിച്ച് അവയ്ക്കു കാഴ്ച സമര്‍പ്പിച്ചു. കാര്‍മല്‍മലയില്‍ ഏലിയാ പ്രവാചകനെ വെല്ലുവിളിച്ചു കൊണ്ട് ബാലിന്‍റെ പുരോഹിതര്‍ അവരുടെ ദേവനെ വിളിപേക്ഷിച്ച് വിഗ്രഹാരാധന നടത്തി. (1 രാജാ. 18, 26-29).

വിഗ്രഹങ്ങളും വിഗ്രഹാരാധനയും ഇസ്രായേല്‍ക്കാരുടെ ഇടയിലും കടന്നു കൂടി. 430 വര്‍ഷങ്ങള്‍ ദീര്‍ഘിച്ച അടിമത്തകാലത്ത് ഈജിപ്തിലെ ബഹുദൈവവിശ്വാസത്തില്‍ വളര്‍ന്നുവന്ന അവരുടെ ഇടയില്‍ വിഗ്രഹാരാധയ്ക്കു സ്ഥാനമുണ്ടായിരുന്നു. അതുകൊണ്ട് മോശ സീനായ് മലയിലേയ്ക്കു പോയപ്പോള്‍ സ്വര്‍ണ്ണം കൊണ്ടു കാളക്കുട്ടിയെ വാര്‍ത്തെടുത്ത് "ഇതാ ഈജിപ്തില്‍ നിന്നും കൊണ്ടുവന്ന ദേവന്മാര്" എന്നു പറഞ്ഞ് ആരാധിക്കാനും ബലിയര്‍പ്പിക്കാനും തുനിഞ്ഞത് (പുറ. 32, 15).

വാഗ്ദാനഭൂമിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുമ്പോള്‍ ഇസ്രായേല്‍ ജനത്തോടു മോശ കല്പിച്ചത് ശ്രദ്ധേയമാണ്. "കര്‍ത്താവിനു നിന്ദ്യമായ ശില്പവേല-കൊത്തിയോ വാര്‍ത്തോ ഉണ്ടാക്കിയ വിഗ്രഹം- രഹസ്യത്തില്‍ പ്രതിഷ്ഠിക്കുന്നവന്‍ ശപിക്കപ്പെട്ടവനാകട്ടെ" (നിയമ. 27, 15). കാനാന്‍ ദേശത്തേക്കു പ്രവേശിക്കുന്നതിനു നേതൃത്വം നല്കിയ ജോഷ്വായുടെ, ജനത്തോടുള്ള അവസാന വാക്കുകള്‍ ഇതാണ്: "കര്‍ത്താവിനെ വിസ്മരിച്ച് അന്യദേവന്മാരെ സേവിച്ചാല്‍ അവിടുന്നു നിങ്ങള്‍ക്കെതിരെ തിരിയും"(ജോഷ്വ 24, 20).

ഇസ്രായേലിനേയും യൂദായേയും ഭരിച്ച രാജാക്കന്മാര്‍ രാജ്യത്ത് പൂജാഗിരികളുണ്ടാക്കി വിഗ്രഹാരാധനയുടെ വഴിയില്‍ നീങ്ങിയവരാണ്: സോളമന്‍ (1 രാജാ. 11,1-8); ജെറോബോവാം (1 രാജാ 12,25-33); ആഹാബ് (1 രാജാ. 21,26)വിഗ്രഹാരാധയ്ക്കെതിരെ ഇസ്രായേലിലെയും യുദായിലെയും പ്രവാചകന്മാര്‍ ആഞ്ഞടിക്കുകയുണ്ടായി. (ജറെ 10, 4;50,2; എസെ. 22, 3-4; 42, 17).ഇസ്രായേലും (723 B.C) അടിമത്തില്‍ നിപതിക്കാന്‍ കാരണം തങ്ങള്‍ ദൈവത്തെ തിരസ്കരിച്ച് വിഗ്രഹങ്ങളുടെ പുറകെ പോയാതാണെന്ന് ഇസ്രായേല്‍ക്കാര്‍ വിശ്വസിച്ചു. അതിനാല്‍ ബാബിലേണ്‍ വിപ്രവാസത്തില്‍ നിന്നു തിരിച്ചു വന്നകാലം മുതല്‍ ഇസ്രായേല്‍ക്കാര്‍ വിഗ്രഹാരാധയ്ക്കെതിരെ ബദ്ധ ശ്രദ്ധരായിരുന്നു.

പഴയനിയമത്തിലെപ്പോലെ വിഗ്രഹാരാധയെക്കുറിച്ചും വിഗ്രഹങ്ങളെപ്പറ്റിയും ആവര്‍ത്തിച്ചുള്ള പരാമര്‍ശങ്ങള്‍ പുതിയനിയമത്തിലില്ല. ക്രൈസ്തവസഭതന്നെ ജന്മമെടുക്കുന്നത് വിഗ്രഹാരാധ നിറഞ്ഞ ഒരു പശ്ചാത്തലത്തിലാണ്. എന്നാല്‍, യഹൂദപശ്ചാത്തലത്തിലെ പിന്‍ബലത്തോടെ ക്രൈസ്തവര്‍ അതിനെ ശക്തിയായി എതിര്‍ത്തു. സഭയിലെ ആദ്യത്തേതെന്ന് വിശേഷിപ്പിക്കാവുന്ന ജെറുസലെം സൂനഹദോസില്‍ വച്ച് (48-49 A.D) ശിഷ്യവൃന്ദത്തില്‍ കാരണവരായ യാക്കോബ്ശ്ലീഹാ പറഞ്ഞു "ദൈവത്തിലേക്ക് തിരിയുന്ന വിജാതീയര്‍ വിഗ്രഹാരാധയെ സംബന്ധിക്കുന്ന മാലിന്യത്തില്‍ നിന്നും അകന്നിരിക്കണം."(അപ്പ. 15, 20). സൂനഹദേസിന്‍റെ തീരുമാനമായി വിജാതീയ ക്രിസ്തീയ സമൂഹത്തിലേക്ക് കൊടുത്തയച്ച കത്തില്‍ കാര്യമായി നിര്‍ദ്ദേശിച്ചു. "വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച വസ്തുക്കളില്‍ നിന്ന് നിങ്ങള്‍ അകന്നിരിക്കണം" (അപ്പ. 15,29; 21, 25).

വിജാതീയ ക്രിസ്ത്യാനികള്‍ അനശ്വരനായ ദൈവത്തിന്‍റെ മഹത്ത്വം നശ്വരനായ മനുഷ്യന്‍റെയോ പക്ഷികളുടെയോ മൃഗങ്ങളുടെയോ ഇഴജന്തുക്കളുടെയോ സാദൃശ്യമുള്ള വിഗ്രഹങ്ങള്‍ക്കു കൈമാറി (റോമ. 1,23). വിഗ്രഹങ്ങളോടുള്ള പൗലോശ്ലീഹായുടെ എതിര്‍പ്പു കാരണം എഫേസൂസിലെ വിഗ്രഹങ്ങളുണ്ടാക്കുന്ന വെള്ളിപ്പണിക്കാരുടെ തൊഴില്‍ നഷ്ടപ്പെടുന്നതായി അപ്പസ്തോലപ്രവര്‍ത്തനങ്ങളിലുണ്ട് (അപ്പ. 19, 23-27). വിഗ്രഹാരാധകന് ദൈവത്തിന്‍റെയും ക്രിസ്തുവിന്‍റെയും രാജ്യത്തില്‍ അവകാശമില്ലെന്ന് ശ്ലീഹാ പഠിപ്പിക്കുന്നു (എഫേ. 5,5). സത്യദൈവത്തില്‍ നിന്നു വ്യതിചലിച്ച് മറ്റെവിടെ നാം മനസ്സ് പ്രതിഷ്ഠിക്കുന്നുവോ അതെല്ലാം വിഗ്രഹങ്ങളാണ്. ക്രൈസ്തവ ജീവിതത്തിനു നിയമങ്ങള്‍ നല്ക്കുമ്പോള്‍ വിഗ്രഹാരാധന തന്നെയായ ദ്രവ്യാസ്ക്തി നശിപ്പിക്കാന്‍ ശ്ലീഹാ ആവശ്യപ്പെടുന്നുണ്ട്. (കൊളോ.3,5).

വിഗ്രഹാര്‍പ്പിത ഭക്ഷണത്തെക്കുറിച്ച് പുതിയ നിയമത്തില്‍ വെളിപാടു പുസ്തകത്തിലും പൗലോസ് ശ്ലീഹായുടെ ലേഖനങ്ങളിലുമാണ് പരാമര്‍ശമുള്ളത്. വെളിപാടു ഗ്രന്ഥത്തില്‍ വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ചവ ഭക്ഷിക്കുന്നത് പാടെ നിഷിദ്ധമാണെന്നു പറയുകയല്ലാതെ (വെളി. 2,14,20), അതിനുള്ള കാരണങ്ങളോ, വിശദീകരണങ്ങളോ നല്‍ക്കുന്നില്ല. പൗലോസ് ശ്ലീഹായാണ് 1 കൊറിന്തോസ് 8-10; 14 എന്നീ ലേഖനങ്ങളില്‍ ഇക്കാര്യത്തെക്കുറിച്ച് ദീര്‍ഘമായ വിശകലനം നടത്തുന്നത്.

പൗലോസും കോറിന്തോസിലെ സഭയും

പുരാതന ഗ്രീസിലെ ഒരു പ്രമുഖ തുറമുഖനഗരമായിരുന്നു കോറിന്തോസ്. ഗ്രീസിന്‍റെ വടക്കുഭാഗത്തെ തെക്കുഭാഗവും മറ്റു രാജ്യങ്ങളുമായി ബന്ധിക്കുന്ന ഒരു കടയിടുക്ക്. ലെകെ തുറമുഖത്തിനും കെന്‍ക്രെയെ തുറമുഖത്തിനും മദ്ധ്യേ സ്ഥിതിചെയ്യുന്ന ഈ പ്രദേശം സമ്പല്‍സമൃദ്ധമായ ഒരു വ്യാപാരകേന്ദ്രമായി വളര്‍ന്നപ്പോള്‍ അവിടെ എല്ലാം അനുവദനീയമായി. തത്ഫലമായി ധാര്‍മ്മികാധഃപതനവും സാമൂഹികതിന്മകളും വര്‍ദ്ധിച്ചു. ഇപ്രകാരം ദുഷിച്ച ഒരു ജീവിതശൈലി വളര്‍ന്നു വന്നതോടെ ഗ്രീക്കുകാരുടെ ഇടയില്‍ "കൊറീന്ത്യക്കാരെപ്പോലെ ജീവിക്കുക" (Korinthianzein) എന്ന ചൊല്ലുപോലും ഉണ്ടായി.

കോറിന്തില്‍ സമുദ്രനിരപ്പില്‍ നിന്ന് 1850 അടി ഉയരത്തിലുള്ള ആക്റോ കോറിന്ത് (Acrocorinth) എന്ന കുന്നിന്‍റെ മുകളില്‍ "ആഫ്രൊഡൈറ്റ്" ഗ്രീക്ക് രതിദേവതയ്ക്കര്‍പ്പിച്ച മനോഹരമായ ഒരു ക്ഷേത്രമുണ്ട്. ആ ദേവതയുടെ ശുശ്രൂഷകരായ ആയിരം ദേവദാസികള്‍ പകല്‍ ക്ഷേത്രത്തിലും രാത്രി നഗരത്തിലേക്കിറങ്ങിവന്നും വേശ്യാവൃത്തിയില്‍ ഏര്‍പ്പെടും. അവിടെ നടത്തിയ ആരാധന തന്നെ "രതിമഹത്ത്വം" പ്രഘോഷിക്കാനായിരുന്നു.

കോറിന്ത്യന്‍ നഗരത്തില്‍ പുരുഷഭംഗിയുടെ ഉദാത്ത ദൃശ്യമായി "അപ്പോളോ" ദേവനര്‍പ്പിച്ച ക്ഷേത്രവും ഉണ്ട്. അതു സ്വവര്‍ഗരതിയുടെ കേരളീരംഗമായി കൂടാതെ, ഈസിസ്, സറാപിസ്, അസലേപിയൂസ്, അര്‍ത്തേമിസ്, അഥേന, ജൂപിറ്റര്‍, ഹെര്‍മസ് തുടങ്ങി ഇരുപത്താറോളം ദേവീദേവന്മാര്‍ക്കര്‍പ്പിച്ച വിശുദ്ധ സ്ഥലങ്ങളും ക്ഷേത്രങ്ങളും കോറീന്തിലുണ്ടായിരുന്നു.വൈവിദ്ധ്യമാര്‍ന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ത്ത കോറിന്തിലെ മതാത്മക ആവിഷ്ക്കാരങ്ങളും വിഭിന്നങ്ങളായിരുന്നു.

വിഗ്രഹാരാധന വളരെ വ്യാപികമായിരുന്ന കോറിന്ത്യന്‍ നഗരത്തിലേക്കാണ് പൗലോസ് അപ്പസ്തോലന്‍ തന്‍റെ രണ്ടാം പ്രേഷിതയാത്രയില്‍ കടന്നുചെന്നത് (അപ്പ. 18,10). ദൈവവചനം പഠിപ്പിച്ചുകൊണ്ട് (ഒന്നരവര്‍ഷം) അവരുടെയിടയില്‍ താമസിച്ച് (അപ്പ 18, 11), ഒരു ക്രൈസ്തവ സമൂഹത്തിനു രൂപം നല്കി. (അപ്പ. 18,9), അദ്ദേഹം കോറിന്ത്യന്‍ സഭയുടെ സ്ഥാപകപിതാവായി (1 കൊറി. 4, 15). ക്രിസ്തുവിനെക്കുറിച്ചുള്ള അറിവിന്‍റെ കാര്യത്തില്‍ അടിസ്ഥാനപരമായ വിശ്വാസസത്യങ്ങള്‍ മാത്രമേ അദ്ദേഹം അന്ന് അവരെ പഠിപ്പിച്ചുള്ളൂ.  അവിശ്വാസികളില്‍ നിന്നുള്ള ശക്തമായ എതിര്‍പ്പുകാരണം, കോറിന്ത് വിട്ട് പോരേണ്ടിവന്നു. ശ്ലീഹാ പോയിക്കഴിഞ്ഞപ്പോള്‍ ആ സഭയില്‍ വ്യത്യസ്ത പ്രശ്നങ്ങള്‍ ഉടലെടുത്തു. വിശ്വാസം സ്വീകരിച്ചവരില്‍ ചിലരെല്ലാം വീണ്ടും ക്ഷേത്രങ്ങളില്‍പോയി വിഗ്രഹങ്ങള്‍ക്കുള്ള ബലിയര്‍പ്പണത്തിലും വിരുന്നിലും പങ്കുകൊള്ളാന്‍ തുടങ്ങി. ഒരു കത്തിലൂടെ ഇത്തരം വിഗ്രഹാരാധയോ, വിഗ്രഹാരാധകരുമായി സംസര്‍ഗമോ പാടില്ലെന്ന് നേരത്തെ ശ്ലീഹാ വിലക്കിയിരുന്നു.

കോറിന്തിലെ ക്രിസ്തീയ വിശ്വാസികള്‍

യാഹ്വെയെയല്ലാതെ മറ്റൊരു രൂപത്തെയോ, സാദൃശ്യത്തെയോ ദൈവമായി സ്വീകരിക്കുന്നത് ദൈവകല്പനയ്ക്കെതിരായുള്ള പ്രവൃത്തിയാണ് (പുറ. 20, 4-5). യഹൂദരില്‍ നിന്ന് ക്രിസ്ത്യാനികളായവര്‍ വിഗ്രഹാര്‍പ്പിതഭക്ഷണം നിഷിദ്ധമായി കരുതി. വിജാതീയരില്‍ നിന്ന് വിശ്വാസം സ്വീകരിച്ചവര്‍ വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച വസ്തുക്കളില്‍ നിന്ന് അകന്നിരിക്കണം (അപ്പ15,20) എന്ന ജറുസലെം സൂനഹദോസ് തീരുമാനവും പ്രശ്നത്തെ സങ്കീര്‍ണ്ണമാക്കി. മറുഭാഗത്ത്, വിഗ്രഹങ്ങള്‍ ഒന്നുമല്ല എന്ന് ക്രിസ്തുവിശ്വാസികള്‍ക്ക് അറിയാം. ഏകദൈവവിശ്വാസം അതില്‍തന്നെ വിഗ്രഹങ്ങള്‍ എന്ന യാഥാര്‍ത്ഥ്യം നിരാകരിക്കുന്നു. അതിനാല്‍ വിജാതീയ ക്ഷേതത്തിലെ ബലിയര്‍പ്പണത്തിലോ വിഗ്രഹാര്‍പ്പിത ഭക്ഷണത്തിലോ പങ്കുകൊള്ളുന്നതില്‍ ഒരു പ്രയാസമില്ല. അസ്തിത്വമില്ലാത്ത വിഗ്രഹത്തെ ആരാധിക്കുകയല്ല, സ്നേഹിതരൊത്ത് സൗഹൃദം പങ്കിട്ട് ഭക്ഷിക്കുന്നുവെന്നേയുള്ളു എന്നു വിശ്വാസികള്‍ കരുതി.

വിഗ്രഹങ്ങള്‍ക്ക് അസ്തിത്വമില്ലാത്തതിലും, ദൈവം സൃഷ്ടിച്ചതെല്ലാം നല്ലതാകയാലും, എവിടെ ഭക്ഷിക്കുന്നു, എന്തുഭക്ഷിക്കുന്നു എന്നതിനൊന്നും ക്രിസ്തു വിശ്വാസി അമിത പ്രാധാന്യം കല്പിക്കേണ്ടതിലെന്നും, വിഗ്രഹാര്‍പ്പിതഭക്ഷണം കഴിക്കരുത് എന്ന ശാഠ്യം അര്‍ത്ഥരഹിതമാണെന്ന ചിന്തയും വളര്‍ന്നു. പ്രസ്തുത ഭക്ഷണത്തില്‍ പങ്കുകൊള്ളാതിരുന്നാല്‍ തങ്ങള്‍ സമൂഹത്തിന്‍റെ നിന്ദാപാത്രങ്ങളാകുമെന്നും മുഖ്യധാരയില്‍ നിന്നു മുറിച്ചുമാറ്റപ്പെടുമെന്നും ഉള്ള ഭയവും, ഫലപ്രദമായ സുവിശേഷവല്‍ക്കരണം പോലും പരിപൂര്‍ണ്ണ പരാജയമാവും എന്ന ആശങ്കയും അക്കൂട്ടരെ അലോസരപ്പെടുത്തി.

മേല്‍പ്പറഞ്ഞ വ്യത്യസ്ത വിഭാഗക്കാരെ മുറിപ്പെടുത്താതെ സുവിശേഷ സത്യത്തെ എപ്രകാരം മുറികെപിടിക്കാനാവും എന്ന ചിന്ത അജപാലകനായ ശ്ലീഹായില്‍ ഉദിച്ചു. കോറിന്ത്യന്‍ സമൂഹത്തില്‍ വ്യക്തികളില്‍ കേന്ദ്രീകൃതമായ വിഭജനം നിലവിലുണ്ട്. ഈ പ്രശ്നത്തെക്കൂടി ആളിക്കത്തിക്കാന്‍ ഇടവരുത്തും വിധം എരിതീയില്‍ എണ്ണയൊഴിക്കാന്‍ ശ്ലീഹാ മുതിര്‍ന്നില്ല. "സമ്പൂര്‍ണ്ണ നിരോധന" (absoloute ban)[5] ത്തിലൂടെ പ്രശ്നപരിഹാരത്തിന് ശ്ലീഹാ തുനിഞ്ഞില്ല. അതേസമയം സുവിശേഷ സത്യത്തില്‍ നിന്ന് അണുവിട ചലിക്കാതെ അജപാലകന്‍റെ വിവേകത്തോടെ ശ്ലീഹാ പ്രതിവിധി തേടുന്നു.

വിഗ്രഹാര്‍പ്പിത ഭക്ഷണം

അതീവ ഗൗരവമുള്ള പ്രശ്നമാകയാല്‍ "വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച ഭക്ഷണസാധനങ്ങളെപ്പറ്റി" സാമാന്യം സുദീര്‍ഘമായി മൂന്ന് അദ്ധ്യായങ്ങളിലൂടെ (1 കൊറി. 8-10) അപ്പസ്തോലന്‍ വിവരിക്കുന്നു. പിശാചിലും തിന്മയിലും ശക്തമായും ഭയത്തോടും കൂടെ വിശ്വസിച്ചിരുന്ന ജനം, ഈ ശക്തികള്‍ മനുഷ്യശരീരത്തെ മുറിപ്പെടുത്താനും പരിശ്രമിക്കുന്നു എന്നു ധരിച്ചുവച്ചു. ഭക്ഷണത്തിലൂടെയാണ് അവ പ്രധാനമായും പ്രവേശിക്കുക എന്ന ധാരണയുള്ളതുകൊണ്ട്, കോറിന്തില്‍ കൊല്ലപ്പെടുന്ന ഏതൊരു മൃഗവും ഏതെങ്കിലും ഒരു ദേവനോ ദേവിക്കോ അര്‍പ്പിച്ചിരിക്കും. വ്യക്തികളുടെയോ സമൂഹത്തിന്‍റെയോ ആവശ്യപ്രകാരം ബലി നടത്തുമ്പോള്‍ ബലിചെയ്യപ്പെടുന്ന മൃഗത്തിന്‍റെ മാംസം ഒരു ഭാഗം ബലിപീഠത്തില്‍ ദഹിപ്പിക്കും, ഒരു പങ്ക് പുരോഹിതര്‍ക്കുവകാശപ്പെട്ടതും, ബാക്കി ഭക്തനും ലഭിക്കും. ഭക്തരും പുരോഹിതരും അവരുടെ ആവശ്യം കഴിഞ്ഞുള്ള മാംസം ചന്തയില്‍ വില്ക്കും.

ചുരുക്കത്തില്‍ ചന്തയില്‍ വില്ക്കപ്പെടുന്ന മാംസം മുഴുവനും ഏതെങ്കിലും വിഗ്രഹത്തിനോ വിജാതീയ ദേവനോ അര്‍പ്പിച്ചതായിരിക്കും. ക്രിസ്തുവിശ്വാസിക്ക് ഈ മാംസം വാങ്ങി ഭക്ഷി ക്കാമോ എന്നതാണ് പ്രശ്നത്തിന്‍റെ ഒരുവശം. ഭക്തര്‍ക്ക് വിരുന്നൊരുക്കുക ചിലവസരങ്ങളില്‍ സ്വഭാവനത്തില്‍ വച്ചായിരിക്കും, മറ്റവസരങ്ങളില്‍ ഏതൊരു ദേവനോണോ ബലിയര്‍പ്പിച്ചത് ആ ക്ഷേത്രത്തില്‍ വച്ചായിരിക്കും[6]. ക്രിസ്ത്യാനിക്ക് അത്തരം വിരുന്നുകളില്‍ പങ്കുകൊള്ളാമോ എന്നത് പ്രശ്നത്തിന്‍റെ മറുവശം. പാടില്ലെങ്കില്‍, എല്ലാ സാമൂഹികാവസരങ്ങളില്‍ നിന്നും തങ്ങള്‍ മാറിനില്‍ക്കേണ്ടിവരില്ലേയോ? ചുരുക്കത്തില്‍ വിഗ്രഹാര്‍പ്പിത ഭക്ഷണത്തെക്കുറിച്ചുള്ള ചോദ്യത്തിന് രണ്ടു പ്രധാന ഘടകങ്ങള്‍ ഉണ്ട്.

1. ക്ഷേത്രത്തില്‍ വച്ചു നടത്തപ്പെടുന്ന വിഗ്രഹങ്ങള്‍ക്കുള്ള ആഘോഷങ്ങളില്‍ ക്രിസ്തുവിശ്വാസിക്ക് സജീവമായി പങ്കുകൊള്ളാമോ?

2. ചന്തയില്‍ നിന്നു വാങ്ങുന്ന മാംസത്തിന്‍റെ ഉറവിടം അജ്ഞാതമാകയാല്‍ അവ സ്വഭവനത്തില്‍ വച്ചോ, വിജാതീയര്‍ നടത്തുന്ന വിരുന്നില്‍ പങ്കുകൊള്ളുമ്പോഴോ ഭക്ഷിക്കാമോ? നാലു സംഗതികള്‍ പൗലോസ് ചൂണ്ടിക്കാട്ടുന്നുണ്ട്.

  1. ലോകത്തില്‍ വിഗ്രഹമെന്നൊന്നില്ല.

ലോകത്തില്‍ ഏകദൈവമല്ലാതെ മറ്റൊരു ദൈവമില്ലെന്ന് ഉറച്ചുബോധ്യമുള്ള ക്രിസ്തുവിശ്വാസിക്ക് തന്‍റെ യുക്തി ഉപയോഗിച്ച് സധൈര്യം പറയാം. വിഗ്രഹമെന്നൊന്നില്ല. (1 കൊറി 8,4). അറിവിനെ ആധാരമാക്കി ശ്ലീഹായുടെ ആദ്യത്തെ മറുപടി: "ചന്തയില്‍ വില്ക്കപ്പെടുന്ന ഏതുതരം മാംസവും വാങ്ങി മനശ്ചാഞ്ചല്യം കൂടാതെ ഭക്ഷിച്ചുകൊള്ളുവിന്‍. കാരണം, ഭൂമിയും, അതിലുള്ള സര്‍വ്വവും കര്‍ത്താവിന്‍റേതാണ്." ( 1 കൊറി. 10, 25-26). മാനുഷികാഭിലാഷങ്ങളുടെയും ചിന്തയുടെയും മൂര്‍ത്തികരണമാണാ വിഗ്രഹങ്ങള്‍.

ദൈവത്തില്‍ ആശ്രയിക്കുന്നതിനു പകരം മനുഷ്യനിലെ അഹങ്കാരം അവനെ തന്നില്‍തന്നെ ആശ്രയിക്കുന്നതിനു പ്രേരിപ്പിച്ചു. അതിന്‍റെ ഫലമായുണ്ടായ വിഗ്രഹങ്ങളെല്ലാം മനുഷ്യ നിര്‍മ്മിതമാണ്. അതിനാല്‍ സ്വയം ആരാധയുടെ പ്രകടനങ്ങളായ വിഗ്രഹങ്ങളുടെയും, (ഏശ. 2, 8-22) അവര്‍ക്ക് അര്‍പ്പിക്കുന്ന ആരാധയുടെയും അര്‍ത്ഥശൂന്യതയെക്കുറിച്ച് അറിവും ബോധ്യവും ലഭിച്ച ക്രിസ്തുവിശ്വാസികള്‍ക്ക് ഏതു ഭക്ഷണവും അനുവദനീയമാണ്. "നമുക്ക് ഒരു ദൈവമേയുള്ളൂ, ആരാണോ സര്‍വ്വവും സൃഷ്ടിച്ചത്, ആര്‍ക്ക് വേണ്ടിയാണോ നാം ജീവിക്കുന്നത്. ആ പിതാവ്. ഒരു കര്‍ത്താവേ നമ്മുക്കുള്ളൂ; ആരിലൂടെയാണോ സര്‍വ്വവും ഉളവായത്, ആരിലൂടെയാണോ നാം നിലനില്‍ക്കുന്നത്, ആ യേശുക്രിസ്തു" (1 കൊറി 8,6). ഈ അടിസഥാന സത്യത്തില്‍ കശങ്കം ചാര്‍ത്താതെ അജപാലകനടുത്ത വിവേകത്തോടെ അപ്പസ്തോലന്‍ എടുത്ത തീരുമാനം ഇന്നും പ്രസ്ക്തമാണ്. "വിഗ്രഹങ്ങള്‍ക്കര്‍പ്പിക്കപ്പെട്ട വസ്തുക്കളില്‍ നിന്ന് വിശ്വാസികള്‍ അകന്നിരിക്കണം" എന്ന സൂനഹദോസ് തീരുമാനം പ്രാബല്യത്തില്‍ നില്‍ക്കവേതന്നെ വിശ്വാസികളുടെ നിഷ്കളങ്കമനസ്സിനെ വ്രണപ്പെടുത്താതെ, സുവിശേഷമൂല്യങ്ങള്‍ക്ക് നിറം മങ്ങാതെ, അജപാലനദൗത്യം നിര്‍വ്വഹിക്കുന്ന ശ്ലീഹായെ ഇവിടെ ദര്‍ശിക്കാം.

യഹൂദമതാചാരങ്ങളുടെ ചട്ടക്കൂടിലായിരുന്ന ക്രിസ്തുമതത്തെ വിജാതീയരും ഉള്‍പ്പെട്ട തനതായ ഒരു വിശ്വാസ സമൂഹമാക്കുന്നതില്‍ പൗലോസ് ശ്ലീഹാ നിര്‍ണ്ണായകമായ പങ്കുവഹിച്ചു. ഭക്ഷണസാധനങ്ങളുടെ കാര്യത്തില്‍ ശുദ്ധിയുള്ളവയെന്നും അശുദ്ധയുള്ളവയെന്നും യഹൂദരുടെ ഇടയില്‍ തരം തിരിവുണ്ടായിരുന്നു. മാത്രമല്ല അശുദ്ധമായവ ഭക്ഷിക്കുന്നത് വിലക്കപ്പെട്ടിരുന്നു (ലേവ്യ. 17, 10-16). വളരെ പ്രാകൃതമായ ഈ തരംതിരിവിനെ വകവയ്ക്കാതെ ക്രിസ്തീയ സമൂഹത്തെ സംബന്ധിച്ചിടത്തോളം യേശുനാഥന്‍ സ്വീകരിച്ച നിലപാട് വ്യക്തമാണ്. "പുറമേനിന്ന് മനുഷ്യന്‍റെ ഉള്ളില്‍ പ്രവേശിക്കുന്ന ഒന്നിനും അവനെ അശുദ്ധനാക്കാന്‍ സാധിക്കുകയില്ലെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നില്ലേ? കാരണം അവ മനുഷ്യന്‍റെ ഹൃദയത്തില്‍ പ്രവേശിക്കുന്നില്ല. പിന്നെയോ ഉദരത്തിലേക്ക് കടക്കുകയും വിസര്‍ജ്ജിക്കപ്പെടുകയും ചെയ്യുന്നു. എല്ലാ ഭക്ഷണപഥാര്‍ത്ഥങ്ങളും ശുദ്ധമാണെന്ന് അവന്‍ അങ്ങനെ പ്രഖ്യാപിച്ചു." (മര്‍ക്കോ. 7,18-19). വിഗ്രഹാര്‍പ്പിതഭക്ഷണത്തിന്‍റെ കാര്യത്തിലും തത്ത്വത്തില്‍ ഇതേ നിലപാടുതന്നെയാണ് അപ്പസ്തോലന്‍ സ്വീകരിച്ചത്.

ഈശോയുടെയും പൗലോസ് അപ്പസ്തോലന്‍റെയും ഈ അടിസ്ഥാന നിലപാടുതന്നെയാണ്. കത്തോലിക്കാസഭാ എന്നും സ്വീകരിച്ചിട്ടുള്ളത്. സ്വതേ അശുദ്ധമായി ഒന്നുമില്ലെന്ന് കര്‍ത്താവായ യേശുവിലുള്ള വിശ്വാസം വഴി നമുക്ക് അറിയുകയും ബോദ്ധ്യപ്പെടുകയും ചെയ്തിരിക്കുന്നു (റോമ 14,14). ഏകദൈവത്തിലും അവിടുന്നയച്ച ക്രിസ്തുവിലും വിശ്വാസിക്കുന്നവര്‍ ഏതെങ്കിലും ദേവതയ്ക്ക് അര്‍പ്പിച്ച ഭക്ഷണം കഴിക്കുന്നതില്‍ അതില്‍തന്നെ അപാകതയില്ല. ഭൂമിയും അതിലുള്ള സര്‍വ്വവും കര്‍ത്താവിന്‍റേതാണ്. "അവിശ്വാസിയായ ഒരുവന്‍ നിന്നെ ഭക്ഷണത്തിനു ക്ഷണിക്കുകയും നീ പോകാന്‍ ആഗ്രഹിക്കുകയും ചെയ്താല്‍ വിളിമ്പിത്തുരുന്നതെന്തും മനശ്ചാഞ്ചല്യം കൂടാതെ ഭക്ഷിച്ചുകൊള്ളുക" ( 1 കോറി. 10: 26-27). അയല്‍ക്കാരായ അന്യമതസ്തര്‍ സ്നേഹത്തോടെ തരുന്ന അത്തരം ഭക്ഷണം കഴിക്കുന്നത്, പ്രസാദം സ്വീകരിക്കുന്നത്, അയല്‍ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കാനും, സൗഹൃദം പങ്കിടുവാനുമുള്ള നല്ല വേദിയായി മാറും. അത്തരം സഹാചര്യങ്ങളെ ഉപയോഗപ്പെടുത്താതിരുന്നാല്‍ അതു ഗുണത്തിനുപകരം ദോഷമായിത്തീരും. മേല്പറഞ്ഞ ഭക്ഷണ സാധനങ്ങള്‍ അക്രൈസ്തവര്‍ നമ്മള്ളുമായി പങ്കിടുമ്പോള്‍ അത് സഹോദര സ്നേഹത്തിന്‍റെ അടയാളമാണ്. അതിലുപരി മറ്റൊരു അര്‍ത്ഥവും അതിനുള്ള നാം കല്പിക്കേണ്ടതില്ല.

2. മനസ്സാക്ഷി ദുര്‍ബലമായാല്‍

വിഗ്രഹാര്‍പ്പിത ഭക്ഷണത്തോടുള്ള അടിസ്ഥാനഭാവം എന്തായിരിക്കണം എന്നു വ്യക്തമാക്കിയ ശ്ലീഹാ, തുടര്‍ന്ന് ചില പ്രയോഗിക പ്രശ്നങ്ങളുടെ തലത്തിലേക്ക് നമ്മെ നയിക്കുന്നുണ്ട്. "നമുക്ക് ഒരു ദൈവമേയുള്ളൂ എന്ന അറിവ് എല്ലാവര്‍ക്കുമില്ല, ഇതുവരെ വിഗ്രഹങ്ങളുമായി ബന്ധപ്പെട്ടു ജീവിച്ച ചിലര്‍ ഭക്ഷിക്കുന്നത് വിഗ്രഹരാധകരുടെ മനോഭാവത്തോടെയാണ്. അവരുടെ മനസ്സാക്ഷി ദുര്‍ബലമാകയാല്‍ അതു മലിനമായിത്തീരുന്നു."(1 കോറി. 8,7). കോറിന്തിലെ ജീവിത പശ്ചാത്തലത്തില്‍ വിഗ്രഹവും വിഗ്രഹാരാധനയും സര്‍വ്വസാധാരണമായിരുന്നു എന്നു സൂചിപ്പിച്ചിരുന്നല്ലോ. ഈ സാഹചര്യത്തില്‍ നിന്ന് ക്രിസ്തുവിശ്വാസത്തിലേക്കു വന്നവര്‍, ഇന്നലെ വരെ പാവനമായി കരുതിയിരുന്നതും ഭയത്തോടെ വിഗ്രഹങ്ങളെ ദൈവങ്ങളായി ആരാധിച്ചിരുന്നതും ഒരു ദിവസംകൊണ്ട് കഴുകിക്കളയാനോ ആവില്ല[8]. ക്രിസ്തീവിശ്വാസത്തില്‍ ആഴത്തില്‍ വേരൂന്നുന്നതുവരെ പഴയവിശ്വാസത്തിന്‍റെ സ്വാധീനം അവരിലുണ്ടാവും. അക്കൂട്ടര്‍ ദുര്‍ബലമനസ്കരാകയാല്‍, വിശ്വാസിയായിത്തീര്‍ന്നിട്ടും വിഗ്രഹാരാധകരുടെ മനേഭാവത്തോടെയാണ് വിഗ്രഹാര്‍പ്പിത ഭക്ഷണം കഴിക്കുന്നത്. വിശ്വാസത്തില്‍ ദൃഢതപ്രാപിച്ചിട്ടില്ലാത്ത ഇത്തരക്കാരെയാണ് അപ്പസ്തോലന്‍ "ദുര്‍ബലമനസ്കര്" എന്നു വിശേഷിപ്പിക്കുന്നത് (1 കോറി. 8, 10; റോമ. 14,2).

വിശ്വാസാത്മകകാര്യത്തില്‍ തന്‍റെ മനസ്സാക്ഷി അചഞ്ചമാണോ, ദുര്‍ബലമാണോ എന്ന തിരിച്ചറിവ് വ്യക്തിക്കുണ്ടാകണം. ദുര്‍ബലമനസ്കരെ സംബന്ധിച്ചിടത്തോളം വിഗ്രഹാര്‍പ്പിതഭക്ഷണം കഴിക്കുന്നത് തീര്‍ത്തും ദോഷമേ ചെയ്യൂ. "സംശയത്തോടെ ഭക്ഷിക്കുന്നവന്‍ ശിക്ഷിക്കപ്പെടും." (റോമ. 14,23). "ഭക്ഷണം നമ്മെ ദൈവത്തോട് അടുപ്പിക്കുകയില്ല. ഭക്ഷിക്കാതിരിക്കുന്നതുകൊണ്ട് കൂടുതല്‍ യോഗ്യരോ ആകുന്നില്ല" (1 കോറി. 8:8). അക്കാരണത്താല്‍ മനഃസാക്ഷി ദുര്‍ബലമായവര്‍ക്ക്, വിഗ്രഹാര്‍പ്പിത ഭക്ഷണം കഴിക്കണമോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അപ്പസ്തോലന്‍ നല്ക്കുന്നു.

3. ഇടര്‍ച്ചയ്ക്കു കാരണമാകുന്നെങ്കില്‍

വിഗ്രഹാര്‍പ്പിതഭക്ഷണം കഴിയുന്നതിന് ഉത്തമവിശ്വാസിക്കുള്ള അവകാശത്തെ യുക്തിസഹജമായി വെളിപ്പെടുത്തിയ ശ്ലീഹാ, ആ അവകാശത്തെ ഉപയോഗപ്പെടുത്തുന്നതിനുള്ള സ്വാതന്ത്ര്യത്തിന്മേല്‍ ചില പരിമിതികള്‍ വയ്ക്കുന്നുണ്ട്. "വിഗ്രഹാര്‍പ്പിത ഭക്ഷണം കഴിക്കുന്നതിനുള്ള നിങ്ങളുടെ സ്വാതന്ത്ര്യം ബലഹീനര്‍ക്ക് ഏതെങ്കിലും വിധത്തില്‍ ഇടര്‍ച്ചയ്ക്കു കാരണമാകാതിരിക്കാന്‍ സൂക്ഷിക്കണ"(1 കോറി.8,9). അതുപോലെ അവിശ്വാസിയായ ഒരുവന്‍ നിന്നെ ഭക്ഷണത്തിനു ക്ഷണിക്കുകയും പോകാന്‍ നീ ആഗ്രഹിക്കുകയും ചെയ്താല്‍, അവിടെ വച്ച് ആരെങ്കിലും നിന്നോട് ഇതു ബലിയര്‍പ്പിച്ച വസ്തുവാണ് എന്നു പറയുന്നെങ്കില്‍, ഇത് അറിയിച്ച ആളെക്കരുതിയും, ആ ആളുടെ മനസ്സാക്ഷിയെക്കരുതിയും നീ അതു ഭക്ഷിക്കരുത് (1 കോറി. 10, 28-29).


ഭക്ഷണം നിമിത്തം നിന്‍റെ സഹോദരന്‍റെ മനസ്സ് വിഷമിക്കുന്നെങ്കില്‍ നിന്‍റെ പെരുമാറ്റം സ്നേഹത്തിനു ചേര്‍ത്തതല്ല(റോമ. 14, 15). ശ്ലീഹായ്ക്ക് ക്രൈസ്തവ അടിസ്ഥാനം അറിവ് അല്ല. മറ്റുള്ളവരെ പടുത്തുയര്‍ത്തുവാന്‍ കഴിയുന്ന "സ്നേഹ"മാണ്. അറിവിലൂടെ സ്വയം പര്യാപ്തത നേടുക എന്നതല്ല പ്രധാനപ്പെട്ടത്, സഹോദരങ്ങളുടെ പ്രയോജനവും നേട്ടവുമാണ് വിശ്വസാത്മക ജീവിതത്തിന്‍റെ ലക്ഷ്യം (റോമ. 14,19). ഈ സത്യം ശ്ലീഹാ നമ്മെ ഓര്‍പ്പിക്കുന്നു. "എല്ലാം നിയമാനുസൃതമാണ്; എന്നാല്‍ എല്ലാം പടത്തുയര്‍ത്തുന്നില്ല. ഏതൊരുവനും സ്വന്തം നന്മ കാംക്ഷിക്കാതെ അയല്‍ക്കാരന്‍റെ നന്മ കാംക്ഷിക്കട്ടെ"(1 കോറി. 10-23-24). ഇവിടെ വിശ്വാസത്തില്‍ ദൃഢത പ്രാപിച്ചവര്‍ക്ക് അത്രതന്നെ ദൃഢത പ്രാപിക്കാത്തവരോടും, അവിശ്വാസികളോടുമുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് അപ്പസ്തോലന്‍ അനുസ്മരിക്കുന്നു.

ഉത്തമ വിശ്വാസിയെ സംബന്ധിച്ചിടത്തോളം വിഗ്രഹാര്‍പ്പിത ഭക്ഷണം കഴിക്കാനുള്ള അവകാശമുണ്ട്. ഈ അവകാശത്തെ സ്വതന്ത്രമായി ഉപയോഗപ്പെടുത്തുമ്പോഴും, അതു മറ്റൊരാള്‍ക്കു പാപഹേതുവാണെങ്കില്‍ സ്വന്തം സ്വാതന്ത്ര്യം ഉപയോഗിച്ച് ആ അവകാശത്തെ ഉപയോഗപ്പെടുത്തരുത് എന്ന് ശ്ലീഹാ പഠിപ്പിക്കുന്നു. "അതിനാല്‍ ,ഭക്ഷണം എന്‍റെ സഹോദരനു ദുഷ്പ്രേരണയ്ക്കു കാരണമാകുന്നെങ്കില്‍, അങ്ങനെ സംഭവിക്കാതിരിക്കാന്‍, ഞാന്‍ ഒരിക്കലും മാംസം ഭക്ഷിക്കുകയില്ല" (1 കോറി. 8:13). ഒരു അപ്പസ്തോലനെന്ന നിലയില്‍ സുവിശേഷം തനിക്കു നല്ക്കുന്ന അവകാശങ്ങള്‍ പൂര്‍ണ്ണമായി ഉപയോഗിക്കാതെ, എല്ലാവരിലും നിന്നു സ്വതന്ത്ര്യനാണെങ്കിലും, ശ്ലീഹാ നമുക്ക് മാര്‍ഗദര്‍ശിയാണ് (1 കോറി. 9, 1-23).

"എന്‍റെ സ്വാതന്ത്ര്യം മറ്റൊരുവന്‍റെ മനസ്സാക്ഷികൊണ്ട് എന്തിനു വിധിക്കപ്പെടണം?" (1 കോറി. 10, 29). ക്രിസ്തുവിശ്വാസിയുടെ ഇത്തരം ന്യായവാദങ്ങള്‍ക്ക്, തനിക്കുവേണ്ടി ജീവിക്കാതെ മറ്റുള്ളവര്‍ക്കുവേണ്ടി ജീവിച്ച ഈശോയുടെ നിര്‍ദ്ദേശം തന്നെയാണ് അപ്പസ്തോലനും ആവര്‍ത്തിക്കുന്നത്: എന്നില്‍ വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവനു ദുഷ്പ്രേരണ നല്ക്കുന്നവന്‍ ആരായാലും അവനു കൂടുതല്‍ നല്ലത് കഴുത്തില്‍ ഒരു വലിയ തിരികല്ലുകെട്ടി കടലിന്‍റെ ആഴത്തില്‍ താഴ്ത്തപ്പെടുന്നതായിരിക്കും. പ്രലേഭനഹേതുവാകുന്നവനു ദുരിതം! (മത്താ 18:617). മറ്റുള്ളവര്‍ക്ക് ഇടര്‍ച്ചയ്ക്ക് കാരണമാകുന്നവരെ ഈ ഭൂമുഖവസ്തുവായിക്കാണുവാന്‍ എന്നു പറയുന്നെങ്കില്‍, അതു സൂചിപ്പിച്ച ആളുടെ മനസ്സാക്ഷിയെ മുറിപ്പെടുത്താതിരിക്കാനും, അയാള്‍ക്ക് ഇടര്‍ച്ചയ്ക്കു കാരണമാകാതിരിക്കാനും, വിശ്വാസി ആ ഭക്ഷണം ഒഴിവാക്കണം. അനേകരുടെ പ്രയോജനത്തിനായി സ്വന്തം പ്രയോജനം നോക്കാതെ, അവകാശത്തെക്കാള്‍ കടമയെക്കുറിച്ച് ബോധ്യമുള്ളവരായി, എന്‍റെ പ്രവൃത്തി അപരനു പാപഹേതുവാകാതിരിക്കാന്‍ ശ്രദ്ധാലുവാകണം (റോമ. 14,21).

അപ്പസ്തോലന്‍റെ മറ്റൊരു നിര്‍ദ്ദേശം ശ്രദ്ധാര്‍ഹമാണ്. "നിങ്ങള്‍ ഭക്ഷിക്കുയോ, പാനം ചെയ്യുകയോ, മറ്റെന്തെങ്കിലും പ്രവൃത്തിക്കുകയോ ചെയ്യുമ്പോള്‍ അവയെല്ലാം ദൈവമഹത്ത്വത്തിനായി ചെയ്യുവിന്‍" (1 കോറി. 10,31). മനുഷ്യ നന്മയ്ക്കായുള്ള പ്രവൃത്തികളാണ് ദൈവമഹത്ത്വത്തിനായി മാറുന്നത്. എങ്കിലും ഇടര്‍ച്ചയ്ക്ക് കാരണമാകുന്ന വിധിത്തിലോ, മറ്റൊരാള്‍ക്ക് പാപഹേതുവാകുന്ന വിധത്തിലോ ആകരുത് വിരുന്നിലുള്ള പങ്കുചേരല്‍

4. വിഗ്രഹാരാധനയില്‍ നിന്ന് ഓടിയകലുവിന്‍

വിഗ്രഹാരാധനയെന്ത് എന്നതിനെക്കുറിച്ച് കോറിന്ത്യക്കാരുടെ ഇടയില്‍ വികലമായ ധാരണയുണ്ടായിരുന്നു. കഴിഞ്ഞകാല ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ (1 കോറി. 10:1-22) മുന്നറിയിപ്പു നല്കിക്കൊണ്ട് ക്ഷേത്രത്തിലെ ആരാധനയോടുനുബന്ധിച്ചുള്ള വിരുന്നുകളില്‍ നിന്ന് അകന്നിരിക്കാന്‍ ശക്തമായ ഭാഷയില്‍ ശ്ലീഹാ ആവശ്യപ്പെടുന്നു: " ആകയാല്‍ പ്രിയപ്പെട്ടവരെ വിഗ്രഹാരാധനയില്‍ നിന്ന് ഓടിയകലുവിന്" (1 കോറി. 10:14).

ലോകത്തില്‍ വിഗ്രഹമെന്നാന്നില്ലെന്നും ഏകദൈവമല്ലാതെ മറ്റൊരു ദൈവമില്ലെന്നും വിശ്വാസിക്കാറിയാം. ( 1 കോറി. 8,4). കോറീന്ത്യന്‍ സമൂഹത്തില്‍ "ദൈവങ്ങള്" എന്നു വിളിക്കപ്പെടുന്ന നിരവധി ദേവന്മാരും ദേവിന്മാരും ഉണ്ടായിരുന്നു. മനുഷ്യനിര്‍മ്മിതമായ ഇത്തരം വിഗ്രഹങ്ങള്‍ക്കര്‍പ്പിക്കുന്ന ബലിയാണ് വിഗ്രഹാരാധ. മാത്രമല്ല, ഇത്തരം ബലിയര്‍പ്പണങ്ങള്‍ പിശാചിനാണ് ദൈവത്തിനല്ല എന്നൂടി ശ്ലീഹാ കൂട്ടിച്ചേര്‍ക്കുന്നു ( 1 കോറി. 10, 21)11. വിഗ്രഹാലയത്തില്‍ ഭക്ഷണത്തിനിരിക്കുന്നതും ബലിയര്‍പ്പണങ്ങളില്‍ സജീവമായി പങ്കുചേരുന്നതും ശ്ലീഹാ കര്‍ശനമായ ഭാഷയില്‍ നിരോധിക്കുന്നു ( 1 കോറി. 8,10).

ദൈവത്തിന്‍റെ തിരുഞ്ഞെടുപ്പ് ആനുകൂല്യമായി അനുഭവിച്ച ഇസ്രായേല്‍ ജനത വാഗ്ദാനഭൂമിയിലേക്കുള്ള യാത്രാമദ്ധ്യേ സത്യദൈവത്തെ മറന്ന് വിഗ്രഹാരാധനയിലകപ്പെട്ടപ്പോള്‍ (പുറ. 32: 4-6) അവരില്‍ മിക്കവരിലും ദൈവ പ്രസാദിച്ചില്ല (1 കോറി. 10,1-13). ക്രിസ്തുവിശ്വാസി കര്‍ത്താവിന്‍റെ അത്താഴത്തില്‍ പങ്കുപറ്റി ഒരേ അപ്പത്തില്‍ നിന്നും പാനപാത്രത്തില്‍നിന്നും ഭാഗഭാക്കാകുന്നതിലൂടെ കര്‍ത്താവുമായും സമൂഹവുമായും ഒന്നായിത്തീരുന്നു. ഇസ്രായേല്‍ക്കാരും ബലിവസ്തുക്കള്‍ ഭക്ഷിക്കുമ്പോള്‍ ഇതുതന്നെ സംഭവിക്കുന്നു. ഈ നിത്യാനുഭവത്തില്‍ നിന്ന് ഒന്നു വ്യക്തം. വിഗ്രഹങ്ങള്‍ ഒന്നുമല്ലെങ്കിലും വിജാതീയബലിയര്‍പ്പണങ്ങളില്‍ സജീവമായി പങ്കു ചേരുന്നത് അവരുടെ വിശ്വാസത്തില്‍ പങ്കുചേരുന്നതിനു തുല്യമാണ്.12 ഇതു നിഷിദ്ധമാണെന്നു പഠിപ്പിക്കുന്ന ശ്ലീഹാ, "വിജാതീയര്‍ ബലിയര്‍പ്പിക്കുന്നത് പിശാചിനാണ് ദൈവത്തിനല്ല" എന്നു പറയുന്നു. ക്രിസ്തുവിശ്വാസികള്‍ കര്‍ത്താവിന്‍റെ മേശയിലും പിശാചുക്കളുടെ മേശയിലും ഭാഗഭാക്കുകളാകാന്‍ പാടില്ല (1 കോറി. 19,14-22).

യഹൂദരല്ലാത്തവരേയും ക്രിസ്ത്യാനികളല്ലാത്തവരേയും വിളിക്കാന്‍ 'ഗോയീം','അമ്മീം' (Goyim, ammim) എന്നീ ഹീബ്രുപദങ്ങളും 'എത്നോസ്' (ethnos) എന്ന ഗ്രീക്കു പദവുമാണ് വി.ഗ്രന്ഥത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. 'ത എത്നേ' (ta ethne) എന്ന ബഹുവചത്തിന്‍റെ വിവക്ഷ യഹൂദരല്ലാത്തവര്‍, വിജാതീയര്‍, വിഗ്രഹാരാധകര്‍, അവിശ്വാസികള്‍ എന്നൊക്കെയാണ്. ഏക ദൈവത്തില്‍ വിശ്വസിക്കുന്ന ക്രിസ്തുവിശ്വാസിയുടേയും യഹൂദരുടേയും അനുഭവം പങ്കുവച്ചശേഷം, അന്യദേവീദേവന്മാരെ ആരാധിക്കുന്ന വിഗ്രഹാരാധകരെക്കുറിച്ചും, വിഗ്രഹത്തിനര്‍പ്പിച്ച ഭക്ഷണത്തില്‍ പങ്കുകൊള്ളുന്നതിനെക്കുറിച്ചും പരാമര്‍ശിക്കുമ്പോഴാണ് ശ്ലീഹാ പറയുന്നത് വിജാതീയര്‍ (അവിശ്വാസികള്‍) ബലിയര്‍പ്പിക്കുന്നത് പിശാചിനാണ്, ദൈവത്തിനല്ല എന്ന്.

ചുരുക്കത്തില്‍, ദൈവത്തിന്‍റെ സ്ഥാനത്ത് മറ്റെന്തെങ്കിലും പ്രതിഷ്ഠിച്ച് അതിനെ ദൈവമായി ആരാധിച്ച് ബലിയര്‍പ്പിക്കുമ്പോള്‍ അതു പിശാചിനുള്ള ബലിയര്‍പ്പണമായിത്തീരുന്നു. മനുഷ്യനിര്‍മ്മിത വിഗ്രഹങ്ങളോട് പ്രാര്‍ത്ഥിക്കുന്നതും, അവയെ ആരാധിക്കുന്നതും, അവയ്ക്കു ബലിയര്‍പ്പിക്കുന്നതും ഏകദൈവത്തെ നിന്ദിക്കലും പിശാചുക്കളെ ആരാധിക്കലുമാണ്.13 എന്നുവച്ച് ക്രിസ്തുവിശ്വാസി അല്ലാത്ത സകലുരും പിശാചിനെയാണ് ആരാധിക്കുന്നത് എന്ന മനോഭാവം കത്തോലിക്കാസഭ വച്ചു പുലര്‍ത്തുന്നില്ല. മാത്രമല്ല, നമ്മുടേതില്‍നിന്ന് വ്യത്യസ്തമായ ഒരു മതവിശ്വാസം കാത്തുസൂക്ഷിക്കുന്നവരെ പകയോടും പ്രതികാരചിന്തയോടും കൂടെ അവഹേളിക്കാനും, പീഡിപ്പിക്കാനും, ഇല്ലാത്താക്കാനും തുനിഞ്ഞിറങ്ങുന്നമതഭ്രാന്തന്മാര്‍ ബലി അര്‍പ്പിക്കുന്നതു അപ്പസ്തോലന്‍ പ്രസ്താവിക്കുന്നതുപോലെ ദൈവത്തിനല്ല, പിശാചിനു തന്നെയാണ് 14.

വിഗ്രഹാലത്തിലെ ബലിയര്‍പ്പണത്തില്‍ പങ്കുപറ്റി ഭക്ഷണത്തിനിരിക്കുന്നത് വിജാതീയരുടെ വിശ്വാസത്തില്‍ പങ്കുചേരുന്നതിനു തുല്യമാകയാല്‍ അപ്പസ്തോലന്‍ മുന്നറിയിപ്പു തരുന്നു: "ഒരേ സമയം കര്‍ത്താവിന്‍റെ മേശയിലും പിശാചുക്കളുടെ മേശയിലും ഭാഗഭാക്കുകളാകാന്‍ സാധിക്കുകയില്ല" (1 കോറി.10,21). സൗഹാര്‍ദ്ദത്തിന്‍റേയും സഹിഷ്ണുതയുടേയും പേരില്‍ അടിസ്ഥാന വിശ്വാസത്യത്തില്‍ നിന്ന് വ്യതിചലിക്കാന്‍ അപ്പസ്തോലനും സഭയും ആരെയും അനുവദിക്കുന്നില്ല. അക്രൈസ്തവരുടെ ആലയങ്ങളിലുള്ള ബലിയര്‍പ്പണങ്ങളില്‍ ക്രിസ്തുവിശ്വാസി പങ്കുകൊള്ളുന്നത് എല്ലാ അര്‍ത്ഥത്തിലും നിഷിദ്ധമാണ്. അതുപോലെ വി. കുര്‍ബാനയില്‍ സജീവമായി പങ്കുപറ്റി യേശുവിന്‍റെ തിരുശ്ശരീവും തിരുരക്തവും ഉള്‍ക്കൊള്ളാന്‍ നാം അക്രൈസ്തവരെ അനുവദിക്കുന്നില്ല. "എന്‍റെ ശരീരം ഭക്ഷിക്കുകയും എന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവര്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു" (യോഹ. 6:56). യേശുവിനാല്‍ സ്വന്തമാക്കപ്പെടുകയും, യേശുവിലുള്ള വിശ്വാസം ദൃഢമായി പ്രഖ്യാപിക്കപ്പെടുകയും നവീകരിക്കപ്പെടുകയും ചെയ്യുന്ന കൂദാശയാണ് വി.കുര്‍ബാന. ഉത്തമ ക്രിസ്തുവിശ്വാസിക്ക് പിന്നീട് വിജാതീയ ബലിയര്‍പ്പണങ്ങളിലോ, ബലിവിരുന്നിലോ, പങ്കുചേര്‍ന്ന് ആ വിശ്വാസത്തിന്‍റെ ഉടമയാകാനോ, ആചാരാനുഷ്ഠങ്ങള്‍ അന്ധമായി അനുകരിക്കാനോ സാധിക്കില്ല; അത്തരം പ്രവൃത്തികളെ ഒരു വിധത്തിലും സാധൂകരിക്കാനുമാവില്ല.

ഉപസംഹാരം

ആദ്യം യഹൂദസംസ്കാരത്തില്‍ ജന്മമെടുത്ത സഭ വളര്‍ന്നതോടെ മറ്റു പല സാംസ്കാരങ്ങളുമായി ഇടപഴകാനും അനുരഞ്ജനപ്പെടുവാനും ഇടവന്നു. മറ്റു മതങ്ങളില്‍ നിന്നും സംസ്കാരങ്ങളില്‍ നിന്നും നല്ലതും സ്വീകാര്യമായതും ഉള്‍ക്കൊള്ളാനുള്ള വിശാല മനസ്സുമുണ്ടായി. വളര്‍ച്ചയുടെ കാലഘട്ടത്തില്‍ പൊന്തിവന്ന ഗൗരവാവഹമായ ഒരു പ്രശ്നമാണ് വിഗ്രഹങ്ങളും വിഗ്രഹാര്‍പ്പിതഭക്ഷണവും. പൗലോസ് അപ്പസ്തോലന്‍ ഒന്നാം നൂറ്റാണ്ടിലെ സഭയ്ക്കു നല്കിയ നിര്‍ദ്ദേശങ്ങള്‍ നിത്യനൂതനമായി നിലകൊള്ളുന്നു. വസ്തുതകളെ യാഥാര്‍ത്ഥ്യബോധത്തോടെ വിലയിരുത്തി അവരുടെ നിഷ്കളങ്കമനസ്സിനെ മുറിപ്പെടുത്താതെ,അതേസമയം സത്യത്തെ വളച്ചൊടിക്കാതെ, പ്രശ്നപരിഹാരം തേടുന്ന ഒരുത്തമ അജപാലനശൈലി ശ്ലീഹായില്‍ നിന്നു പഠിക്കാം.                                                                                                                                                                   
അപ്പസ്തോലന്‍റെ നിര്‍ദ്ദേശങ്ങള്‍ നമുക്ക് ഇപ്രകാരം സംഗ്രഹിക്കാം:

1. ലോകത്തില്‍ വിഗ്രഹമെന്നൊന്നില്ല എന്ന് അറിയുന്ന ക്രിസ്തുവിശ്വാസിക്ക് ഏതുവിധത്തിലുള്ള ഭക്ഷണത്തിലും- അമ്പലത്തിലര്‍പ്പിച്ചതാകട്ടെ, നൈവേദ്യമായുള്ളതാകട്ടെ-പങ്കുചേരാം. അത് സ്നേഹബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനുതകും.
2. വിശ്വാസത്തില്‍ ദൃഢതപ്രാപിച്ചിട്ടില്ലാത്ത ദുര്‍ബലമനസ്കരായവര്‍ക്ക് വിഗ്രഹാര്‍പ്പിത ഭക്ഷണത്തില്‍ പങ്കുചേരണമോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കാം.
3. വിഗ്രഹാര്‍പ്പിത ഭക്ഷണത്തില്‍ പങ്കുചേരാനുള്ള വിശ്വാസിയുടെ അവകാശം ഏതെങ്കിലും ഒരാള്‍ക്ക് ഇടര്‍ച്ചയ്ക്കു കാരണമോ, പാപഹേതുവോ ആകുന്നെങ്കില്‍, തന്‍റെ അവകാശത്തെ സ്വാതന്ത്ര്യമുപയോഗിച്ച് വേണ്ടെന്നു വയ്ക്കണം.
4. വിഗ്രഹാര്‍പ്പിതബലികളിലും ഭക്ഷണത്തിലും പങ്കുചേരുന്നതിന് തുല്യമായ അവസരങ്ങളും പ്രവൃത്തികളും ക്രിസ്തുവിശ്വാസിക്ക് പൂര്‍ണ്ണമായും നിഷിദ്ധമാണ്. മറ്റു മതവിശ്വാസികളെ പുച്ഛത്തോടും വൈരാഗ്യത്തോടും കൂടി വീക്ഷിച്ച് മനുഷ്യരെ തമ്മില്‍ വിഘടിക്കാനും, അടിപ്പിക്കാനും ശ്രമിക്കുന്ന മതഭ്രാന്തര്‍ ഇന്നിന്‍റെ ശാപമാണ്. അവരുടെ ബലി ദൈവത്തിനുള്ളതല്ല, പിശാചിനുള്ളതാണ്.

 

ഡോ ജോർജ് കാരക്കുന്നേൽ എഡിറ്റ് ചെയ്ത വഴിതെറ്റുന്ന വിശ്വാസം എന്ന പുസ്തകത്തിൽ നിന്നും

കുറിപ്പുകള്‍
1. Vatican II, No.2
2.IDB, Vol.2, 673-674.
3. Gordon D.Fee, "The First Epistle to the Corinthinas, Michigan 1978,2-3.
4. Joop F.M.Smith, The Rhetorical Disposition of First Corinthians, 8, 7-9-27 Cataholic Biblical Quarterty 1997,Vol.59. No.3.
5.J.F.M.Smith, Rhetorical Disposition", 477.
6. Daiel Prior, The Message of First Corinthians, London 1985, 176; J.F.M.Smith, "The Function of Corinthinans 10, 23-30; A Rhetorical Anticipation", Biblica 1997, Vol. 78, 385.
8. C.K. Barrett, The First Epistle to the Corinthians, London 1987, 194.
9. G.D.Fee, The First Epistle, 363.
10. J.F.M Smith, "The Function" 381.
11. G.D Fee First Epistle, 463
12. J.F.M. Smith, "The Function" 381.
13.J.F.M. Smith, "The Rhetorical Disposition" 482.
14. മൈക്കിള്‍ കാരിമറ്റം, ആത്മാക്കളുടെ ലോകം ബൈബിളിന്‍റെ വെളിച്ചത്തില്‍, മൂരിങ്ങൂര്‍, 2005, 167-168 1

idolatory food church christian Dr Vincent Alappatt Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message