x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

ദണ്ഡവിമോചനങ്ങള്‍ വില്‍ക്കാനാകുമോ?

Authored by : Mar Joseph Pamplany On 04-Sep-2020

ദണ്ഡവിമോചനങ്ങളെ സംബന്ധിച്ചുള്ള കത്തോലിക്കാ സഭയുടെ പ്രബോധനം കഴിഞ്ഞഅധ്യായത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. അതിന്‍റെ തുടര്‍ച്ചയായിട്ടാണ് ഈ പഠനം ഗ്രഹിക്കേണ്ടത്. പാപങ്ങളുടെ താല്‍ക്കാലികശിക്ഷ (പാപകരമായ അഭിനിവേശം) യില്‍ നിന്നുള്ള വിടുതല്‍ എന്ന അര്‍ത്ഥത്തില്‍ ആരംഭിച്ച ദണ്ഡവിമോചനങ്ങള്‍ മധ്യശതകങ്ങളില്‍ ഏറെ ദുര്‍വ്യാഖ്യാനത്തിനും ദുരുപയോഗങ്ങള്‍ക്കും വിധേയമായി.

1. തങ്ങള്‍ക്ക് ഇഷ്ടമുള്ള പ്രാര്‍ത്ഥനകള്‍ക്ക് ദണ്ഡവിമോചനം പ്രഖ്യാപിക്കണമെന്നും തങ്ങളുടെ ദേവാലയങ്ങളിലെ സന്ദര്‍ശനം ദണ്ഡവിമോചന പ്രാപ്തിക്ക് ഉതകുമെന്ന് പ്രഖ്യാപിക്കണമെന്നും വിശ്വാസികള്‍ മുറവിളി കൂട്ടിത്തുടങ്ങി. ദണ്ഡവിമോചനങ്ങളുടെ പേരില്‍ ചില ദേവാലയങ്ങള്‍ക്കും ചില ഭക്താഭ്യാസങ്ങള്‍ക്കും പ്രചാരം വര്‍ദ്ധിപ്പിക്കാന്‍ തല്പരകക്ഷികള്‍ ശ്രമം തുടങ്ങി. സന്യസ്തര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും തങ്ങള്‍ സംഘടിപ്പിക്കുന്ന യോഗങ്ങള്‍ക്കും ധ്യാനങ്ങള്‍ക്കും ദണ്ഡവിമോചനം പ്രഖ്യാപിക്കണമെന്ന ആവശ്യമുമായി രംഗത്തെത്തി. ദണ്ഡവിമോചനത്തെ പണവുമായി ബന്ധിപ്പിച്ചതാണ് ഈ രംഗത്തെ ഏറ്റവും വലിയ ദുരുപയോഗത്തിന് നിമിത്തമായത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സഭാസ്ഥാപനങ്ങളുടെ നടത്തിപ്പിനും പണം കണ്ടെത്താനുള്ള എളുപ്പമാര്‍ഗ്ഗമായി ദണ്ഡവിമോചനങ്ങള്‍ വിലയിരുത്തപ്പെട്ടു. ആശുപത്രികള്‍, സ്കൂളുകള്‍, പാലങ്ങള്‍, റോഡുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിനുള്ള ധനശേഖരണാര്‍ത്ഥവും ദണ്ഡവിമോചനങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടു.

ഫലത്തില്‍ സഭയിലും സമൂഹത്തിലും ഏറ്റവും ഫലപ്രദവും ആയാസരഹിതവുമായ ധനാഗമമാര്‍ഗ്ഗമായി ദണ്ഡവിമോചനങ്ങള്‍ വിലയിരുത്തപ്പെട്ടു. കൂടാതെ, ചില സന്യസ്തര്‍ ദണ്ഡവിമോചനം പ്രഖ്യാപിക്കാന്‍ തങ്ങള്‍ക്ക് മാര്‍പാപ്പായില്‍നിന്ന് അനുവാദം ലഭിച്ചിട്ടുണ്ട് എന്ന വ്യാജ അവകാശവാദവുമായി രംഗപ്രവേശം ചെയ്തു. സന്യസ്തര്‍ മത്സരബുദ്ധിയോടെ ദണ്ഡവിമോചനങ്ങള്‍ പ്രഖ്യാപിക്കാനും വിതരണം ചെയ്യാനും തുടങ്ങിയപ്പോള്‍ ദണ്ഡവിമോചനം എന്ന വിശ്വാസസത്യത്തിന്‍റെ അന്തസ്സത്തക്കുതന്നെ മങ്ങലേറ്റുതുടങ്ങി. ഉദാഹരണമായി, വി. ഗ്രിഗറിയുടെ ബലി എന്ന പേരില്‍ പ്രചരിച്ച ഒരു ശില്പത്തിനു മുന്നില്‍ പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് 45000 വര്‍ഷത്തെ ദണ്ഡവിമോചനം ലഭിക്കുമെന്ന് പ്രസ്തുത ശില്പത്തിന്‍റെ പ്രചാരകര്‍ പ്രചരിപ്പിച്ചു തുടങ്ങി. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഉദ്ദേശ്യശുദ്ധി ആരംഭത്തില്‍ കളങ്കിതമായിരുന്നില്ല. എന്നാല്‍ ധനവുമായി ബന്ധപ്പെട്ട സകല മേഖലകളിലും സംഭവിക്കാനിടയുള്ള അപചയങ്ങള്‍ ഈ മേഖലയിലും സംഭവിച്ചു തുടങ്ങി.

2. 1510-ല്‍ ജൂലിയസ് രണ്ടാമന്‍ മാര്‍പാപ്പ (1503-13) റോമിലെ വി. പത്രോസിന്‍റെ ബസ്ലിക്കായുടെ പണി ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ ബസ്ലിക്കായുടെ ധനശേഖരണാര്‍ത്ഥം ദണ്ഡവിമോചനങ്ങള്‍ പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനത്തിന്‍റെ മറവില്‍ റോമന്‍ കൂരിയ ജര്‍മ്മനിയിലെ മൈന്‍സ് അതിരൂപതയിലെ ആല്‍ബര്‍ട്ട് മെത്രാപ്പോലീത്തായുമായി ഒരു ഉടമ്പടിയില്‍ ഏര്‍പ്പെട്ടു. അതിരൂപതയുടെ കീഴിലുള്ള രൂപതകളിലെ പള്ളികളില്‍ ദണ്ഡവിമോചനം പ്രസംഗിക്കുവാനും പിരിഞ്ഞുകിട്ടുന്ന തുക അതിരൂപതയും റോമന്‍ കൂരിയായും തുല്യമായി വീതിച്ചെടുക്കുവാനുമായിരുന്നു ഉടമ്പടി.

ദണ്ഡവിമോചനം പ്രസംഗിക്കുവാന്‍ മൈന്‍സിലേക്ക് അയയ്ക്കപ്പെട്ടവരില്‍ പ്രമുഖന്‍ ഡൊമിനിക്കന്‍ സഭാംഗമായ ടെറ്റ്സല്‍ ആയിരുന്നു. അദ്ദേഹത്തിന്‍റെ അതിവര്‍ണ്ണന കലര്‍ന്ന അവതരണരീതി ദണ്ഡവിമോചനത്തെക്കുറിച്ച് അബദ്ധധാരണകള്‍ പ്രചരിക്കാന്‍ ഇടയായി. നിശ്ചിത തുക നല്‍കി വാങ്ങുന്ന ദണ്ഡവിമോചനം സൂചിപ്പിക്കുന്ന കത്ത് (letter of pardon) കൈപറ്റിയാല്‍ നിത്യരക്ഷ ഉറപ്പായി എന്ന് വിശ്വാസികള്‍ ചിന്തിച്ചുതുടങ്ങി. ഇത് ദണ്ഡവിമോചനങ്ങളെക്കുറിച്ചുള്ള സഭാവീക്ഷണത്തിന് കടകവിരുദ്ധമായ ചിന്താരീതിയാണ്. ദണ്ഡവിമോചന പ്രഭാഷകരുടെ അജ്ഞതയോ ദ്രവ്യാഗ്രഹമോ ആണ് ഇത്തരത്തിലുള്ള അബദ്ധചിന്താഗതിക്ക് കാരണമായത്. ദണ്ഡവിമോചനങ്ങള്‍ പണത്തിനു വില്‍ക്കാന്‍ തുടങ്ങി എന്ന പ്രതീതി ജനിക്കാന്‍ ഇവരുടെ നടപടികള്‍ കാരണമായി.

1517 ഒക്ടോബര്‍ മുപ്പത്തിയൊന്നാം തിയതി ദണ്ഡവിമോചന വില്പനയെ എതിര്‍ത്തുകൊണ്ട് മാര്‍ട്ടിന്‍ ലൂഥര്‍ രംഗത്തുവന്നു. വിറ്റന്‍ ബര്‍ഗിലെ കൊട്ടാരകപ്പേളയില്‍ ലൂഥര്‍ പതിച്ച 95 പ്രമേയങ്ങളില്‍ ഇരുപത്തിയെട്ടാമത്തെ പ്രമേയം ദണ്ഡവിമോചനവില്പനയെ പരിഹസിക്കുന്നതായിരുന്നു. "നേര്‍ച്ചപ്പെട്ടിയില്‍ നാണയം വീഴുമ്പോള്‍ ആത്മാക്കള്‍ സ്വര്‍ഗ്ഗത്തിലേക്കുയരുന്നു" എന്നതാണ് സഭയുടെ നിലപാടെന്ന് ലൂഥര്‍ ആക്ഷേപിച്ചു. എന്നാല്‍ ലൂഥറുടെ ആക്ഷേപത്തിനിരയായ നിലപാട് സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളുടെ ഭാഗമായിരുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധാര്‍ഹമാണ്. ഏതാനും പ്രസംഗകരുടെ ഭാഗത്തുസംഭവിച്ച വീഴ്ചയെ സഭാപ്രബോധനത്തിലെ വീഴ്ചയായി അവതരിപ്പിച്ച ലൂഥര്‍ ദണ്ഡവിമോചനം എന്ന കാഴ്ചപ്പാടിനെയും അത് നല്കാന്‍ മാര്‍പാപ്പയ്ക്കുള്ള അധികാരത്തെയും ചോദ്യം ചെയ്തു. ഈ അഭിപ്രായ സംഘര്‍ഷമാണ് ദണ്ഡവിമോചന വിവാദം എന്നപേരില്‍ സഭാചരിത്രത്തില്‍ ഇടംനേടിയത്.

3. ദണ്ഡവിമോചനങ്ങളെ സംബന്ധിച്ച ദുരുപയോഗങ്ങള്‍ തടയാന്‍ കാലാകാലങ്ങളില്‍ സഭാനേതൃത്വം ക്രിയാത്മകമായി ഇടപെട്ടിരുന്നു. ഉദാഹരണമായി 1215 ലെ നാലാം ലാറ്ററന്‍ കൗണ്‍സില്‍ ദണ്ഡവിമോചനങ്ങള്‍ അനിയന്ത്രിതമായി ദീര്‍ഘിപ്പിക്കുന്ന പ്രവണത തടഞ്ഞുകൊണ്ട് ദണ്ഡവിമോചനങ്ങളുടെ കാലദൈര്‍ഘ്യം പരമാവധി ഒരുകൊല്ലമായി നിജപ്പെടുത്തി. ദണ്ഡവിമോചനം പ്രസംഗിച്ച് സംഭാവന സ്വീകരിക്കുന്ന പതിവ് (the office of quaestores) 1562 ല്‍ ത്രെന്തോസ് കൗണ്‍സില്‍ നിര്‍ത്തലാക്കി. 1567 ല്‍ പയസ് അഞ്ചാമന്‍ മാര്‍പാപ്പ ദണ്ഡവിമോചനത്തെ പണവുമായി ബന്ധിപ്പിക്കുന്ന സകല അനുഷ്ഠാനങ്ങളെയും നിരോധിച്ചു.

ദണ്ഡവിമോചനത്തിന് പ്രതിഫലമായി പണം സ്വീകരിക്കുന്ന പതിവ് നിരോധിച്ചതോടെ ഈ മേഖലയിലെ അനാചാരങ്ങളെ ശക്തമായി നിയന്ത്രിക്കാന്‍ മാര്‍പാപ്പയ്ക്കു കഴിഞ്ഞു. 1669 ല്‍ ക്ലെമന്‍റ് ഒന്‍പതാമന്‍ പാപ്പ ദണ്ഡവിമോചനങ്ങളെ സംബന്ധിച്ച് പഠിക്കാനും ദുരുപയോഗങ്ങള്‍ തടയാനും പ്രത്യേകമായി ഒരു തിരുസംഘം തന്നെ സ്ഥാപിച്ചു. ബെനഡിക്റ്റ് പതിനഞ്ചാമന്‍ മാര്‍പാപ്പ 1915 മുതല്‍ ദണ്ഡവിമോചന കാര്യാലയത്തെ കുമ്പസാരകാര്യാലയത്തിന് (Sacred Penitentiary) കീഴിലാക്കിയതോടെ ദണ്ഡവിമോചനം അതിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥസാന്ദ്രത തിരികെനേടി.

ദണ്ഡവിമോചന വിവാദം ആധുനിക സഭയ്ക്കുള്ള മുന്നറിയിപ്പുകൂടിയായി മനസ്സിലാക്കാം. ഭക്തകൃത്യങ്ങളെ ധനസമ്പാദന മാര്‍ഗ്ഗങ്ങളായി മാത്രം പരിഗണിക്കുന്ന പ്രവണത തിരുത്തപ്പെടേണ്ടതാണ്. 5001 പ്രസിദേന്തിമാര്‍ നൊവേന ഏറ്റുകഴിച്ച് തിരുനാള്‍ നടത്തുമ്പോള്‍ ചിലപ്പോഴെങ്കിലും ആത്മീയ കര്‍മ്മങ്ങള്‍ ധനാഗമ മാര്‍ഗ്ഗമായി പരിഗണിക്കപ്പെടുന്നുണ്ട്. അതിനാല്‍ത്തന്നെ തിരുത്തല്‍ ആവശ്യവുമാണ്.

can-plenary-indulgence-be-sold Mar Joseph Pamplany Plenary Indulgence letter of pardon Martin Luther and plenary indulgence indulgences: teaching of the church Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message