x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

മാര്‍പാപ്പയുടെ പ്രാഥമികതയും പരമാധികാരവും

Authored by : മാർ ജോസഫ് പാംപ്ലാനി On 26-Aug-2020

പുതിയനിയമത്തില്‍ പത്രോസിന്‍റെ പേര് 190 തവണ പരാമര്‍ശിക്കപ്പെടുമ്പോള്‍ ഇതര 11 അപ്പസ്തോലന്മാരുടെയും പേരുകള്‍ ആകെ 130 തവണമാത്രമേ പരാമര്‍ശിക്കപ്പെടുന്നുള്ളൂ.

അപ്പസ്തോലഗണത്തിന്‍റെ പട്ടികനല്‍കുമ്പോള്‍ എപ്പോഴും പ്രഥമസ്ഥാനം പത്രോസിനാണ് നല്‍കിയിരുന്നത് (മത്താ 10:2; മര്‍ക്കോ 3:16-19; ലൂക്കാ 6:14-16; യോഹ 1:35-42; അപ്പ 1:13). ഈശോയുടെ ശിഷ്യഗണത്തില്‍ നിന്ന് നിര്‍ണ്ണായക സന്ദര്‍ഭങ്ങളില്‍ സാക്ഷികളായുണ്ടായിരുന്ന അപ്പസ്തോലന്മാരിലും (പത്രോസ്, യാക്കോബ്, യോഹന്നാന്‍) പത്രോസിന്‍റെ പേരിനാണ് പ്രഥമസ്ഥാനം (മത്താ 17:1; മര്‍ക്കോ 9:2; ലൂക്കാ 9:28). ആദിമസഭയില്‍ പത്രോസിനുണ്ടായിരുന്ന പ്രഥമസ്ഥാനം ഇതില്‍നിന്നു വ്യക്തമാണ്.

കേസറിയഫിലിപ്പിയിലെ വിശ്വാസപ്രഖ്യാപനത്തിനുള്ള പ്രത്യുത്തരം എന്നോണം ഈശോ ശിമയോന്‍റെ പേരുമാറ്റുകയും പത്രോസാകുന്ന പാറമേല്‍ തന്‍റെ സഭയെ സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതാണ് (മത്താ 16:16-19) പത്രോസിന്‍റെ പ്രധാന ആചാര്യത്വത്തിനുള്ള പ്രബലമായ തെളിവ്. സഭയുടെ അടിസ്ഥാന ശിലയായി പത്രോസിനെ അവരോധിക്കുന്നതോടൊപ്പം ചില അധികാരങ്ങളും ഈശോ കൈമാറുന്നുണ്ട്. ഒന്നാമതായി, സ്വര്‍ഗ്ഗരാജ്യത്തിന്‍റെ താക്കോല്‍ പത്രോസിനു ഭരമേല്പിക്കപ്പെട്ടു. ഏശ 22:22 ല്‍ എലിയാക്കാമിനെ ഭരമേല്‍പ്പിക്കുന്ന അധികാരത്തിന്‍റെ താക്കോലുകള്‍ക്ക് സമാനമാണ് ഈ പരാമര്‍ശം. പത്രോസിനു ലഭിച്ച താക്കോലുകള്‍ കൗദാശികാധികാരത്തേയും സഭയിലെ ഭരണപരമായ അധികാരത്തേയും സൂചിപ്പിക്കുന്നു. രണ്ടാമതായി, കെട്ടാനും അഴിക്കാനുമുള്ള അധികാരവും ഈശോ നല്‍കി. കെട്ടുക, അഴിക്കുക എന്ന റബ്ബീനിക്ക് ശൈലിക്ക് നിയമാനുസൃതം അനുവാദമുള്ളതും തടസ്സമുള്ളതും പ്രഖ്യാപിക്കുക, നിയമവിരുദ്ധമായതിനെ ശിക്ഷിക്കുക എന്നീ അര്‍ത്ഥങ്ങളാണുള്ളത്. അതിനാല്‍ കെട്ടാനും അഴിക്കാനുമുള്ള അധികാരം സഭയില്‍ പാപമോചനം നല്‍കാനും അച്ചടക്ക (discipline) നടപടികളെടുക്കാനുമുള്ള അധികാരമായിട്ടാണ് പരമ്പരാഗതമായി പരിഗണിക്കപ്പെട്ടിരുന്നത്.

ഈശോ ശിമയോന്‍റെ പേര് പത്രോസ് എന്നാക്കി മാറ്റുന്നത് പത്രോസിന് നല്‍കാന്‍പോകുന്ന പൈതൃകാധികാരത്തിന്‍റെയും സ്ഥാനത്തിന്‍റെയും ലക്ഷണമായി കരുതാം. വിശ്വാസികളുടെ പിതാവായ അബ്രാമിന്‍റെ പേര് അബ്രഹാമെന്നാക്കി മാറ്റിയതിലൂടെ സകല ജനപദങ്ങളിലും വച്ച് പ്രഥമസ്ഥാനം അബ്രാഹത്തിനു ലഭിച്ചു (ഉല്‍പ 17:5). സാറായുടെ പെരുമാറ്റത്തിലൂടെ സ്ത്രീകളില്‍ പ്രഥമയായി അവള്‍ പരിഗണിക്കപ്പെട്ടു (ഉല്‍പ 17:15-16). യാക്കോബിന്‍റെ പേര് ഇസ്രായേല്‍ എന്നാക്കിമാറ്റിയതിലൂടെ ദൈവം യാക്കോബിനെ തെരഞ്ഞെടുക്കപ്പെട്ട ജനതയുടെ പിതാവാക്കിമാറ്റി (ഉല്‍പ 32:29). സമാനമായ ഒരു നിയോഗവും പ്രഥമസ്ഥാനവുമാണ് പേരുമാറ്റത്തിലൂടെ പത്രോസിന് ലഭിക്കുന്നത്.
യോഹ 21:1-20

പത്രോസിന്‍റെ പരമാധികാരത്തിനുള്ള ഏറ്റവും ശക്തമായ തെളിവ് നാലാം സുവിശേഷത്തിലെ അവസാന അധ്യായത്തിലെ വിവരണമാണ്. ഏഴു ശിഷ്യന്മാരുടെ സമൂഹത്തെ മീന്‍ പിടിക്കാനായി ആനയിക്കുന്നതും നേതൃത്വം വഹിക്കുന്നതും പത്രോസാണ്. 153 മത്സ്യങ്ങള്‍ നിറഞ്ഞ വല (ഇതു സഭയുടെ പ്രതീകമാണ്) വലിച്ചു കയറ്റാന്‍ 6 ശിഷ്യന്മാര്‍ ഒരുമിച്ചു ശ്രമിച്ചിട്ടും കഴിഞ്ഞില്ല. എന്നാല്‍, പത്രോസ് അത് ഒറ്റക്കുവലിച്ച് കരക്കു കയറ്റിയതായി സുവിശേഷകന്‍ പ്രസ്താവിക്കുമ്പോള്‍ വീണ്ടും പത്രോസിന്‍റെ പ്രാമുഖ്യവും പ്രാധാന്യവുമാണ് വ്യക്തമാക്കുന്നത്. 21:15-17 ല്‍ "എന്‍റെ ആടുകളെ മേയ്ക്കുക"എന്ന് മൂന്നുവട്ടം യേശു പത്രോസിനോട് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. 21:16 ല്‍ "മേയിക്കുക" എന്ന ക്രിയ ഗ്രീക്കില്‍ "പൊയ്മാനോ" (Poimano) എന്നതാണ്. ഇടയനായി വര്‍ത്തിക്കുക എന്നാണ് ഈ ക്രിയയുടെ അര്‍ത്ഥം. തുടര്‍ന്നുള്ള രണ്ടു സന്ദര്‍ഭങ്ങളിലും "മേയിക്കുക"എന്ന അര്‍ത്ഥത്തില്‍ "ബോസ്കോ" (Bosko) എന്ന ക്രിയാ രൂപമാണ് ഉപയോഗിക്കുന്നത്. തീറ്റുക, ഭക്ഷണം നല്‍കുക എന്നൊക്കെയാണ് ഇതിന് അര്‍ത്ഥം. ചുരുക്കത്തില്‍ വിശ്വാസികളുടെ നായകനും പരിപാലകനുമായിട്ടാണ് പത്രോസ് എന്ന വലിയ മുക്കുവനെ ക്രിസ്തു നിയമിക്കുന്നത്. ദേവാലയ നികുതിയുടെ വിഷയത്തില്‍ തന്നെയും പത്രോസിനെയും യേശു തുല്യനിലയില്‍ കാണുന്നത് ശ്രദ്ധേയമാണ് (മത്താ 17:24-27).

പത്രോസിനു വേണ്ടി മാത്രമാണ് യേശു പേരെടുത്തു പറഞ്ഞു പ്രാര്‍ത്ഥിക്കുന്നത് എന്ന സത്യവും (ലൂക്കാ 22:32) ശിഷ്യരെ ശക്തിപ്പെടുത്താനുള്ള ചുമതല അവിടുന്ന് പത്രോസിനെ ഭരമേല്പിക്കുന്നതും (22:32), ശിഷ്യഗണത്തില്‍ നിന്ന് യേശുവിന്‍റെ ദൈവത്വം ആദ്യമായി ഏറ്റുപറയുന്നത് പത്രോസാണ് എന്നതും (മത്താ 16:16) പത്രോസിന്‍റെ പ്രഥമസ്ഥാനത്തിനു സാക്ഷ്യമാണല്ലോ. തനിക്കുലഭിച്ചത് ദൈവികവെളിപാടാണെന്ന് യേശുവില്‍ നിന്ന് സാക്ഷ്യം ലഭിച്ചത് പത്രോസിനു മാത്രമാണ്. ശൂന്യമായ കല്ലറയുടെ ആദ്യ സാക്ഷിയും പത്രോസായിരുന്നു (ലൂക്കാ 24:12; യോഹ 20:6).
ഉത്ഥാനസന്ദേശം

തന്‍റെ സത്യപ്രബോധനത്തിനു വേദിയായി ഈശോ തിരഞ്ഞെടുക്കുന്നത് പത്രോസിന്‍റെ തോണിയാണ് (ലൂക്കാ 5:1-11). ഇന്നും ക്രിസ്തുവിന്‍റെ സത്യപ്രബോധനം പത്രോസിന്‍റെ നൗകയായ തിരുസ്സഭയില്‍നിന്നു മാത്രമേ ലഭിക്കുകയുള്ളൂ. ഈശോയുടെ പരസ്യജീവിതകാലത്തും മരണശേഷവും ശിഷ്യര്‍ പത്രോസിനെ നേതാവായി കരുതി അനുസരിച്ചിരുന്നു (യോഹ 21:2-3). ആദിമസഭയുടെ നേതാവും വക്താവുമായി യഹൂദമതാധികാരികള്‍ പത്രോസിനെയാണ് കരുതിയിരുന്നത് (അപ്പ 4:1-3). സഭാജനങ്ങളുടെ ചിന്തയും മറിച്ചായിരുന്നില്ല (അപ്പ 2:37-41; 5:15). പത്രോസിന്‍റെ പ്രഭാഷണമാണ് പന്തക്കുസ്താനാളില്‍ സഭയ്ക്കു തുടക്കം കുറിക്കുന്നത് (അപ്പ 1:15-22).

പത്രോസാണ് സഭായുഗത്തിലെ ആദ്യത്തെ അത്ഭുതം പ്രവര്‍ത്തിക്കുന്നത് (1:15-22). പത്രോസിന്‍റെ നിഴലുപോലും അത്ഭുതം പ്രവര്‍ത്തിച്ചിരുന്നു (അപ്പ 5:15). യൂദാസിനു പകരമുള്ള ശിഷ്യനെ തിരഞ്ഞെടുക്കാന്‍ നേതൃത്വം നല്‍കുന്നതും മറ്റാരുമല്ല (അപ്പ 1:22). ക്രിസ്തീയവിശ്വാസം ഗ്രഹിക്കാന്‍ കൊര്‍ണേലിയൂസ് അയയ്ക്കപ്പെടുന്നത് പത്രോസിന്‍റെ പക്കലേക്കാണ് (അപ്പ 12:1-7). ആദ്യ വിജാതീയനെ സഭയിലേക്കു സ്വീകരിക്കുന്നതും (അപ്പ 10:9-48) ജറുസലേം കൗണ്‍സിലിന് നേതൃത്വം നല്‍കിയതും ശിഷ്യഗണത്തിനു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയതും പത്രോസാണ്. പത്രോസ് തടവിലായപ്പോള്‍ പത്രോസിനുള്ള സാര്‍വ്വത്രികമായ അംഗീകാരത്തിനുള്ള തെളിവായിരുന്നു (അപ്പ 12:5).

പൗലോസ് ശ്ലീഹാ തന്‍റെ അപ്പസ്തോലിക ശുശ്രൂഷയുടെ ആധികാരികതയ്ക്കു സമീപിക്കുന്നത് പത്രോസിനെയാണ് (ഗലാ 1:18). പത്രോസ് സഭയുടെ പ്രധാനാചാര്യനായി വര്‍ത്തിച്ചിരുന്നതായി 1പത്രോ 5:1ലെ ഉപദേശത്തില്‍ നിന്നു വ്യക്തമാകുന്നുണ്ട്. പ്രവചനങ്ങളെ വ്യാഖ്യാനിച്ചും (2 പത്രോ 1:16-21). പൗലോസിന്‍റെ രചനകളെ ദുര്‍വ്യാഖ്യാനം ചെയ്തിരുന്നവരെ തിരുത്തിയും (2 പത്രോ 3:15-16) പൗലോസ് തന്‍റെ ക്രിസ്തുദത്തമായ ആചാര്യസ്ഥാനത്തിന്‍റെ കടമകള്‍ നിര്‍വ്വഹിച്ചുപോന്നു. പത്രോസിന്‍റെ ഒന്നാം ലേഖനം റോമില്‍നിന്ന് എഴുതപ്പെട്ടതാണ് എന്ന പണ്ഡിതലോകത്തിന്‍റെ നിഗമനം ശരിയാണെങ്കില്‍ (1 പത്രോ 5:19ലെ "ബാബിലോണ്‍" എന്ന പരാമര്‍ശം റോമിനെ ലക്ഷ്യമാക്കിയുള്ള രഹസ്യസൂചനയാണ് എന്ന് പൊതുവില്‍ കരുതപ്പെടുന്നു) ആദ്യത്തെ മാര്‍പാപ്പായുടെ ആദ്യചാക്രികലേഖനമായി പത്രോസിന്‍റെ ഒന്നാം ലേഖനത്തെ കരുതാം.

സഭാപിതാക്കന്മാര്‍ മാര്‍പാപ്പായുടെ പ്രഥമതയെ ഊന്നിപ്പറയുന്നുണ്ട്.

(a) ഏ.ഡി. 96 ല്‍ റോമില്‍ നിന്നും വി.ക്ലെമെന്‍റ് കോറിന്തിലെ സഭയ്ക്കെഴുതിയ ആദ്യലേഖനത്തില്‍, റോമാമെത്രാനിലൂടെ ക്രിസ്തു അരുളിച്ചെയ്യുന്ന കാര്യങ്ങള്‍ നിഷേധിക്കുന്നവര്‍ കഠിനമായ അപകടങ്ങളിലേക്കാണ് നീങ്ങുന്നത് എന്നു മുന്നറിയിപ്പു നല്‍കുന്നുണ്ട് (1.59.1). റോമാ മെത്രാന്‍റെ പ്രബോധനങ്ങള്‍ റോമാനഗരത്തിനു വെളിയിലുള്ള വിശ്വാസികളും ഗൗരവമായി അനുസരിച്ചിരുന്നതായി ഈ പ്രസ്താവനയില്‍ നിന്നു വ്യക്തമാണ്.

(b) ഏ.ഡി. 110ല്‍ റോമാക്കാര്‍ക്കായി എഴുതുന്ന ലേഖനത്തില്‍ അന്തോക്യായിലെ വി. ഇഗ്നേഷ്യസ് റോമിലെ സഭയുടെ പ്രാധാന്യത്തെയും അധ്യക്ഷസ്ഥാനത്തെയുംകുറിച്ച് വ്യക്തമായ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ട് (lgn.Ant.Romans, Prologue). ഒന്നാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ റോമിലെ മെത്രാന്‍ സഭ മുഴുവന്‍റെയും തലവനാണ് എന്ന ചിന്തയുടെ അനുരണനങ്ങള്‍ രൂപപ്പെട്ടിരുന്നു എന്ന് ഇഗ്നേഷ്യസിന്‍റെ വാക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്.

(c) ഏ.ഡി. 195ല്‍ വിക്ടര്‍ മാര്‍പാപ്പായുടെ കാലത്ത് ഉത്ഥാനതിരുനാള്‍ ഞായറാഴ്ചകളിലല്ലാതെ യഹൂദക്രമമനുസരിച്ച് നീസാന്‍ 14-ാം തീയതിയോടനുബന്ധിച്ച് അനുഷ്ഠിച്ചിരുന്ന പൗരസ്ത്യസഭകള്‍ക്കെതിരേ നടപടി സ്വീകരിക്കുന്നുണ്ട്. സഭ മുഴുവനിലും അച്ചടക്കനടപടി സ്വീകരിക്കാന്‍ റോമാ മെത്രാനുള്ള അധികാരം രണ്ടാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെയെങ്കിലും അംഗീകരിക്കപ്പെട്ടിരുന്നു എന്നു വ്യക്തമാണ്.

(d ) ഏ.ഡി. 342ല്‍ സാര്‍ദിക്കായില്‍ ചേര്‍ന്ന സൂനഹദോസ് ശീശ്മക്കാരെയും പാഷണ്ഡികളെയും തിരിച്ചറിയാന്‍ റോമാമെത്രാനോടുള്ള വിധേയത്വം മാനദണ്ഡമായി നിശ്ചയിച്ചു.

(e) ഏ.ഡി. 367ല്‍, ഡൊണാറ്റിസ്റ്റു പാഷണ്ഡതയ്ക്കെതിരേ പഠിപ്പിക്കുമ്പോള്‍ മിലേവായിലെ ഒപ്ത്താത്തിയൂസ് പത്രോസിന്‍റെ റോമിലെ സിംഹാസനത്തിന്‍റെ പ്രാധാന്യവും പ്രാഥമികതയും ഊന്നിപ്പറയുന്നുണ്ട് (Dona. 7:3).

(f) ഏ.ഡി. 371ല്‍, അരിമിനുമില്‍ ചേര്‍ന്ന മെത്രാന്മാരുടെ തീരുമാനങ്ങള്‍ സാധുവാകണമെങ്കില്‍ റോമിലെ മെത്രാനായ മാര്‍പാപ്പായുടെ അംഗീകാരം വേണമെന്ന് ദമാസൂസ് പാപ്പാ പ്രഖ്യാപിച്ചു. മാര്‍പാപ്പായുടെ അംഗീകാരമില്ലാത്ത തീരുമാനങ്ങള്‍ സഭയില്‍ അസാധുവാണെന്ന ധാരണ നാലാം നൂറ്റാണ്ടു മുതലെങ്കിലും സഭയില്‍ നിലനിന്നിരുന്നതായി ഈ രേഖകള്‍ സൂചന നല്‍കുന്നു.

(g) ഏ.ഡി. 417ല്‍, കാര്‍ത്തേജു സൂനഹദോസിലെ മെത്രാന്മാര്‍ക്കുള്ള എഴുത്തില്‍ സത്യവിശ്വാസത്തെയും നന്മതിന്മകളെയും കുറിച്ചുള്ള കാര്യങ്ങളില്‍ അന്തിമതീര്‍പ്പുകല്പിക്കാനുള്ള അധികാരം റോമിലെ മാര്‍പാപ്പായ്ക്കാണെന്ന് ഇന്നസെന്‍റ് പാപ്പാ അറിയിക്കുന്നുണ്ട്.

(h) ഏ.ഡി. 420 ല്‍, തെസ്സലോണിക്കായിലെ ബിഷപ്പായിരുന്ന റൂഫസിനുള്ള എഴുത്തില്‍, റോമിലെ മെത്രാന്‍ എടുത്ത തീരുമാനം പുനഃപരിശോധിക്കുന്നത് നിയമവിരുദ്ധമാണെന്ന് ബോനിഫസ് പാപ്പാ പ്രഖ്യാപിക്കുന്നുണ്ട്.

മേല്‍ സൂചിപ്പിച്ച ആദ്യ നാലു നൂറ്റാണ്ടുകളിലെ ചരിത്രരേഖകള്‍ പത്രോസിന്‍റെ സിംഹാസനത്തിന്‍റെ പ്രാധാന്യത്തിന്‍റെയും പ്രാഥമികതയുടെയും അനിഷേധ്യമായ തെളിവുകളാണ്. കൂടാതെ, സഭാപിതാക്കന്മാരായ വി.സിപ്രിയാന്‍ (Unity, 4. J 555), ഒരിജന്‍(Comm. John 5:3), കൊര്‍ണേലിയൂസ് (Letter to Cyprian 49), സഭാചരിത്രകാരനായ യൗസേബിയൂസ് v (Ecl. His. 2:14.6) വി.ആഗസ്തീനോസ് (Sermon 295.2) തുടങ്ങിയവരെല്ലാം റോമിലെ ശ്ലൈഹികസിംഹാസനത്തിന്‍റെ പ്രഥമത അംഗീകരിക്കുന്നവരാണ്.

മാര്‍പാപ്പായുടെ പ്രഥമസ്ഥാനത്തെയും പരമാധികാരത്തെയും കുറിച്ചുള്ള കത്തോലിക്കാവിശ്വാസം ഒന്നാം വത്തിക്കാന്‍ കൗണ്‍സില്‍ നല്‍കിയ പഠനത്തില്‍, പ്രതിഫലിക്കുന്നുണ്ട്. "ആഗോളസഭ മുഴുവന്‍റെയുംമേല്‍ പൂര്‍ണ്ണവും അനിഷേധ്യവുമായ പരമാധികാരം മാര്‍പാപ്പായ്ക്കുണ്ട് " ഇത് വിശ്വാസവും ധാര്‍മ്മികതയും സംബന്ധിക്കുന്ന മേഖലകളില്‍ മാത്രമല്ല; സഭയുടെ ഭരണനിര്‍വ്വഹണത്തിന്‍റെയും അച്ചടക്കനടപടികളുടേതുമായ സകലമേഖലകളിലുമുള്ള അധികാരമാണ് (D1831, CK218). മാര്‍പാപ്പായുടെ പരമാധികാരത്തെ പ്രതീകാത്മകമായി കരുതി യഥാര്‍ത്ഥ അധികാരം രൂപതാധ്യക്ഷന്മാര്‍ക്കാണെന്നു വാദിച്ച പാഷണ്ഡതകള്‍ക്കെതിരേയാണ് (ഗാള്ളിക്കനിസം, ഫെബ്രോണിയനിസം മുതലായവ) സൂനഹദോസ് ഈ പ്രഖ്യാപനം നടത്തുന്നത്. മാര്‍പാപ്പായെ സാര്‍വ്വത്രിക മെത്രാനായി(Episcopus urbiset Orbis) കരുതണം എന്ന അഭിപ്രായം(Jacob of Viterba) ഇത്തരുണത്തില്‍ സ്മരണീയമാണ് .

(1) സഭയിലെ മുഴുവന്‍ അംഗങ്ങളുടെയും കാര്യങ്ങളില്‍ മറ്റാരുടെയും മാധ്യസ്ഥ്യം കൂടാതെ നേരിട്ട് ഇടപെടാന്‍ മാര്‍പാപ്പായ്ക്ക് അവകാശമുണ്ട്.

(2) മാര്‍പാപ്പായുടെ അധികാരം കേവലം രാഷ്ട്രീയാധികാരികളുടേതുപോലെ സഭയുടെ മേല്‍നോട്ടം മാത്രമല്ല. ആത്മീയവും ഭൗതികവുമായ കാര്യങ്ങളില്‍ നിയമനിര്‍മ്മാണത്തിനും അവ നടപ്പിലാക്കുന്നതിനും ശിക്ഷണനടപടികള്‍ സ്വീകരിക്കുന്നതിനും മാര്‍പാപ്പായ്ക്ക് അധികാരമുണ്ട്.

(3) മാര്‍പാപ്പായുടെ അധികാരം പൂര്‍ണ്ണമാകയാല്‍ രൂപതാമെത്രാന്മാരുടെ സമ്മതം കൂടാതെതന്നെ സഭാസംബന്ധമായ ഏതു വിഷയത്തിലും തീരുമാനമെടുക്കാന്‍ മാര്‍പാപ്പായ്ക്ക് അവകാശമുണ്ട്.


ദൈവശാസ്ത്ര ദൃഷ്ടിയില്‍ വി.ഗ്രന്ഥവും സഭാപാരമ്പര്യവും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്ന സത്യമാകയാല്‍ റോമാമെത്രാന്‍റെ പ്രാഥമികത ക്രൈസ്തവ വിശ്വാസത്തിന്‍റെ ഭാഗമാണ്. ആധുനിക കാലഘട്ടത്തില്‍ സഭൈക്യത്തിനു തടസ്സം സൃഷ്ടിക്കുന്ന പ്രതിസന്ധികളില്‍ ഒന്നായി ഈ വിശ്വാസം മാറിയിട്ടുണ്ട്. സഭകളുടെ ഐക്യത്തിനു ഹാനികരമാകാത്ത രീതിയില്‍ പത്രോസിന്‍റെ റോമാസിംഹാസനത്തിന്‍റെ പ്രാധാന്യവും പ്രഥമതയും കാലോചിതമായി വ്യാഖ്യാനിക്കാന്‍ സഭയിലെ ദൈവശാസ്ത്രജ്ഞന്മാരെ ജോണ്‍ പോള്‍ പാപ്പാ ആഹ്വാനം ചെയ്തിരുന്നു (ut unum sint, 94- 95). പത്രോസിനു ശിഷ്യഗണത്തിലുള്ള പ്രഥമസ്ഥാനത്തിനു സമാനമായ പ്രഥമസ്ഥാനം സഭയിലെ മെത്രാന്മാരുടെയിടയില്‍ മാര്‍പാപ്പായ്ക്കുണ്ടെന്ന് ആംഗ്ലിക്കന്‍-കത്തോലിക്കാ സംയുക്ത കമ്മീഷന്‍ (ARCIC) 1976-ല്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

mar joseph pamplany The primacy and sovereignty of the Pope theological outlook St.Peter പത്രോസിന്‍റെ പരമാധികാരം church fathers on the primacy of the Pope റോമാമെത്രാന്‍റെ പ്രാഥമികത Pope as the universal bishop Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message