We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : ഡോ. ജോര്‍ജ്ജ് കറുകപ്പറമ്പില്‍, ഡോ. ജേക്കബ് വെള്ളിയാന്‍ On 30-Jan-2021
മരിയശാസ്ത്രത്തിനു രക്ഷാകര ചരിത്രത്തോളം തന്നെ പഴക്കുമുണ്ട്. പാപം ചെയ്ത മാതാപിതാക്കളോടു ദൈവം ചെയ്ത ശിക്ഷാനടപടികളും വാഗ്ദാനവും (ഉല്പ 3,15) മരിയശാസ്ത്രപരമായി വ്യാഖ്യാനിച്ചുകൊണ്ടു രക്ഷ വാഗ്ദാനം ചെയ്തതു മുതല്‍ മറിയത്തെയും ചൂണ്ടിക്കാണിക്കുന്നു എന്നു വിശ്വസിക്കുന്നു. ഇവിടെ സ്ത്രീയുടെ സന്തതി മിശിഹായാണ്; സ്ത്രീ പരി. കന്യകമറിയവുമാണ്. ഈ രക്ഷകന്‍ കന്യകയില്‍നിന്നു പിറക്കുമെന്ന ഐസയാസിന്‍റെ പ്രവചനവും (7,14) അവന്‍ "എമ്മാനുവല്‍" ആയിരിക്കുമെന്ന വാഗ്ദാനവും മരിയശാസ്ത്രത്തിന്‍റെ അടിസ്ഥാനങ്ങളായി കരുതുന്നു. ഇസ്രയേലിന്‍റെ രക്ഷയ്ക്കായി ഇവന്‍ ബത്ലഹേമിന്‍റെ ജനിക്കുമെന്ന പ്രവചനം (മിക്ക 5, 2-3) പ്രതീക്ഷയോടെ പഴയനിയമ ജനത കാത്തിരുന്നു.
രക്ഷകനെക്കുറിച്ചും അവന്‍റെ മാതാവിനെക്കുറിച്ചുമുള്ള പ്രതീക്ഷയാണു പഴയനിയമത്തിലെ നിരവധി സംഭവങ്ങളും വ്യക്തികളും മറിയത്തിന്‍റെ പ്രതീകമായി ചിത്രീകരിക്കുവാന്‍ കാരണമായത്. രക്ഷയുടെ അടയാളമായ നോഹിന്‍റെ പേടകവും (ഉല്പ 6, 9) സ്വര്‍ഗ്ഗത്തിലേയ്ക്ക്, രക്ഷകന്‍റെ സന്നിധിയിലേക്ക് എന്ന അര്‍ത്ഥത്തിലുള്ള യാക്കോബിന്‍റെ കോവണിയും ദൈവസാന്നിദ്ധ്യമായ എരിയാത്ത മുള്‍പ്പടര്‍പ്പും (പുറ 3, 2) അടയ്ക്കപ്പെട്ട ഉദ്യാനവും (ഉത്തമഗീതം 4, 4-12) കര്‍ത്താവിന്‍റെ ദൈവാലയവും (1 രാജാ 8) മറിയത്തിന്‍റെ പ്രതീകങ്ങളാണ്. ഉടമ്പടിയുടെ പേടകം മറിയത്തിന്‍റെ വ്യക്തമായ പ്രതീകമായി കരുതുന്നു. ഉടമ്പടിയുടെ പേടകവും ദൈവസാന്നിദ്ധ്യത്തിന്‍റെ അടയാളമായി ഇസ്രായേന്‍റെ ജനം കണ്ടിരുന്ന യഥാര്‍ത്ഥ്യങ്ങളും രക്ഷയ്ക്കായി ദൈവത്തിന്‍റെ നേരിട്ടുള്ള ഇടപെടലുകളും രക്ഷകനെ പ്രദാനം ചെയ്യാനുള്ള മറിയത്തിന്‍റെ പ്രതീകങ്ങളായി മനസ്സിലാക്കാം. മറിയത്തിന്‍റെ അമലോദ്ഭവം പ്രഖ്യാപിച്ചു കൊണ്ടു 9-ാം പീയൂസ് മാര്‍പാപ്പ പ്രസിദ്ധീകരിച്ച അപ്പസ്തോലിക പ്രബോധനത്തില്‍ ഇതു വ്യക്തമാക്കുന്നുണ്ട്. ഇവള്‍ രക്ഷകനെപ്പോേലെതന്നെ ജനത്തിന്‍റെ പ്രതീക്ഷയായിരുന്നു എന്നു രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും പഠിപ്പിക്കുന്നു.
പുതിയനിയമം
ദൈവപുത്രനായ മിശിഹായോടു ബന്ധപ്പെടുത്തി മറിയത്തെ ദൈവമാതാവായി വണങ്ങുന്നതിന് അടിസ്ഥാനപരമായി 14 സംഭവങ്ങളാണു പുതിയനിയമത്തില്‍ കാണുവാന്‍ സാധിക്കുന്നത്. മംഗലവാര്‍ത്ത് (ലൂക്ക 1, 26-38) എലിസബത്തിനെ സന്ദര്‍ശിക്കുന്നത് (ലൂക്ക 1, 39-45), മറിയത്തിന്‍റെ സ്തോത്രഗീതം (ലൂക്ക 1, 46-56) മനുഷ്യാവതാരം (ലൂക്ക 2, 4-20), ഈശോയെ ദൈവാലയത്തില്‍ സമര്‍പ്പിക്കുന്നത് (ലൂക്ക 2, 22-38) ഈശോയെ ദൈവാലയത്തില്‍ കണ്ടുമുട്ടുന്നത് (ലൂക്ക 2, 41-52), പൂജരാജാക്കന്മാരുടെ സന്ദര്‍ശനം (മത്താ 2, 1-12) ഈജിപ്തിലേക്കുള്ള പലായനം (മത്ത 2, 13-18), ഈജിപ്തില്‍ നിന്നുള്ള തിരിച്ചുവരവ് (മത്ത 2, 19-23), കാനായിലെ കല്യാണ വിരുന്നിലെ സാന്നിദ്ധ്യവും മാദ്ധ്യസ്ഥ്യവും (യോഹ 2,1-11). കുരിശിന്‍ ചുവട്ടിലെ മറിയത്തിന്‍റെ സാന്നിദ്ധ്യം (യോഹ 19, 25-27), ശ്ലീഹന്മാരോടൊപ്പമുള്ള മറിയത്തിന്‍റെ കാത്തിരുപ്പ് (നടപടി1, 13-2, 4). പൗലോസ് ശ്ലീഹായുടെ പരാമര്‍ശം (ഗാല 4,4). വെളിപാടു ഗ്രന്ഥത്തിലെ സഭയുടെ പ്രതീകമായ മറിയം (വെളി 12, 1) എന്നിവയാണിവ. അപ്രമാണികഗ്രന്ഥങ്ങളിലേതു കൂടാതെയുള്ള ഈ 14 പരാമര്‍ശങ്ങളാണു മരിയശാസ്ത്രത്തിന് അടിസ്ഥാനമായി നില്‍ക്കുന്നത്. മരിയശാസ്ത്രത്തില്‍ ഇന്നു വിശ്വാസസത്യങ്ങളായിത്തന്നെ സഭ സ്വീകരിച്ചിരിക്കുന്ന മരിയസത്യങ്ങളും അവയ്ക്കെതിരെ സഭാചരിത്രത്തില്‍ ഉണ്ടായ എതിര്‍പ്പുകള്‍ നേരിടുന്നതിനും ഈ വി. ഗ്രന്ഥഉദ്ധരണികളും പരാമര്‍ശങ്ങളുമാണ് ഉപോയഗിക്കുന്നത്. നൂറ്റാണ്ടുകളിലൂടെ വളര്‍ന്നുവന്ന മരിയഭക്തിപ്രസ്ഥാനങ്ങള്‍ക്കും ഈ വി. ഗ്രന്ഥഭാഗങ്ങള്‍ തന്നെ അടിസ്ഥാനമായി നിലകൊള്ളുന്നു.
വേദപുസ്തകാധിഷ്ഠിതമായ ഒന്നാംനൂറ്റാണ്ട്
മറിയത്തെ സംബന്ധിക്കുന്ന വി. ലൂക്കായുടെ സുവിശേഷത്തിലെ ഭാഗങ്ങളില്‍ പലതും ആരാധനാ വിവരണമാണെന്നും ചരിത്ര വിവരണമല്ലെന്നുമാണു ദൈവശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. എലിസബത്തിനെ സന്ദര്‍ശിച്ച വേളയില്‍ എലിസബത്തിന്‍റെയും മറിയത്തിന്‍റെയും അധരങ്ങളില്‍ന്നും പുറപ്പെട്ട സംഭാഷണവും കീര്‍ത്തനവും വിശ്വാസത്തിന്‍റെ സന്തോഷദായകമായ പ്രഘോഷണമായിരുന്നു. ആദിമസഭയില്‍ വിശുദ്ധന്മാര്‍ക്കു മറിയത്തോടുണ്ടായിരുന്ന വണക്കത്തിന്‍റെ ബഹിര്‍സ്ഫുരണങ്ങളാണ് ഈ രീതിയില്‍ അവതരിപ്പിക്കുന്നതെന്നു നിഗമനത്തിലെത്തുന്നവരുണ്ട്. "നന്മ നിറഞ്ഞവളെ" (ലൂക്കാ 1, 28) എന്നതും മറിയത്തിലുള്ള ആദിമക്രൈസ്തവ സമൂഹത്തിന്‍റെ വിശ്വാസത്തിന്‍റെ നിദര്‍ശനമാണ്. മറിയത്തെക്കുറിച്ചുള്ള വിശ്വാസപ്രബോധനം ഉണ്ടാകുന്നതിനുമുമ്പു വിശ്വാസികളുടെ മനസ്സില്‍ അവളെപ്പറ്റിയുണ്ടായിരുന്ന ആദരവും ബഹുമാനവുമാണു സുവിശേഷത്തില്‍ വ്യക്തമാക്കിയതെന്നു ചില ദൈവശാസ്ത്രജ്ഞരെങ്കിലും പഠിപ്പിക്കുന്നു.
ആദിമസഭയിലെ മാതൃഭക്തിയുടെ ഒരു സാക്ഷ്യംകൂടിയാണ് ഈശോയെക്കുറിച്ചുള്ള ബാല്യകാലവിവരണങ്ങള്‍ ( Infancy Narratives). ഈ വിവരണത്തിലെ മറിയത്തിന്‍റെ അപദാനങ്ങള്‍ വെറും വിശേഷണങ്ങളല്ല, ആരാധനക്രമപരവും സൈദ്ധാന്തികവുമായ പ്രകാശനങ്ങളാണ്. പരിശുദ്ധാത്മാവിന്‍റെ പ്രചോദനത്തിന്‍റെ മറിയത്തിനു നല്‍കപ്പെട്ട "എന്‍റെ കര്‍ത്താവിന്‍റെ അമ്മ" (ലൂക്കാ 1, 43) "ഭാഗ്യവതി" (ലൂക്കാ 1, 45) വിശ്വസ്തത (1, 45) എല്ലാ ജനതകളും ഭാഗ്യവതി എന്നു വിളിക്കപ്പെടുന്നവള്‍ (1, 48) എന്നിങ്ങനെയുള്ള അപദാനങ്ങള്‍ സഭാസമൂഹത്തിന്‍റെ വിശ്വാസത്തിന്‍റെയും ദൈവാരാധനയുടെയും ഭാഗമാണ്.
മത്തായിയുടെ സുവിശേഷത്തില്‍ മറിയം കന്യകയും മിശിഹായുടെ മാതാവുമാണ് ദൈവപുത്രന്‍റെ അമ്മയാണ്. പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനംവഴി "ദൈവം നമ്മോടു കൂടെ" ആയിത്തീര്‍ന്നത് അവളിലാണ്. മറിയത്തിന്‍റെ ഭര്‍ത്താവായ യൗസേപ്പ് ദാവീദു വംശജനായിരുന്നതിനാല്‍ ഈശോ ദാവീദിന്‍റെ പുത്രനായി, അബ്രാഹത്തിന്‍റെ സന്തതിയായി (1,1). അമ്മ റാണിയായ അവളുടെ മുട്ടുകള്‍ മിശിഹാരാജാവായ ഉണ്ണിക്കു സിംഹാസനമായിത്തീര്‍ന്നു (ഏശയ്യ 49, 23; 60, 1-4).
വി. ലൂക്കായുടെ സുവിശേഷത്തില്‍ മറിയം ഒരു സാധാരണ ഗലീലിയ സ്ത്രീയാണ്, നസ്രത്തിലെ യൗസേപ്പിന്‍റെ ഭാര്യയാണ്. അവള്‍ കര്‍ത്താവിന്‍റെ ദാസന്‍റെ പ്രതീകമാണ് (1, 38). തന്നില്‍ മിശിഹായെപ്പറ്റിയുള്ള പ്രവചനം പൂര്‍ത്തിയാകുമെന്ന് അവള്‍ വിശ്വസിച്ചു; കര്‍ത്താവിന്‍റെ നിയമങ്ങള്‍ അവള്‍ പാലിച്ചു (ലൂക്ക 2, 22). കര്‍ത്താവില്‍ അവള്‍ ശരണപ്പെട്ടു (1, 38). അവള്‍ പിതാവായ അബ്രാഹത്തെപ്പോലെ വിശ്വസ്തയായി (1, 55). അവള്‍ വിശ്വാസത്തില്‍ സ്വീകരിച്ച ദിവ്യരഹസ്യംവഴി അവളില്‍നിന്നു ജനിക്കുന്നവന്‍ തര്‍ക്കത്തിന്‍റെ അടയാളമായിത്തീര്‍ന്നു (2, 34). അവളുടെ ഹൃദയം ഒരു വാള്‍കൊണ്ടു മുറിവേല്‍പ്പിക്കപ്പെട്ടു (2, 35); പുത്രനെപ്പറ്റിയുള്ള ചിന്തകള്‍ അവള്‍ ഹൃദയത്തില്‍ സംഗ്രഹിച്ചു (2, 51).
ദൈവത്തിന്‍റെ ഉടമ്പടിയുടെ മൂര്‍ത്തീഭാവമായി അവള്‍ സീയോന്‍പുത്രിയും യാഹ്വേയുടെ പത്നിയുമാകുന്നു. ഹവ്വായോടും സാമുവലിന്‍റെ അമ്മയായ അന്നയോടും അവള്‍ക്കു (ഉല്‍പ 3, 20; ഏശയ്യ 1, 2) സാധര്‍മ്മ്യം ഉള്ളവളാകുന്നു. ഒരു പുത്രനെ ഗര്‍ഭം ധരിച്ചു പ്രസവിക്കുന്ന കന്യക എന്നത് അവളെയത്രേ സൂചിപ്പിക്കുന്നത് (ഏശയ്യ 7, 14). മിശിഹാ രാജാവിന്‍റെ അമ്മയും ദൈവപുത്രന്‍റെ അമ്മയുമാണവള്‍ (ലൂക്ക 1, 32, 35). ശിശു ജനിച്ചതു പരിശുദ്ധാത്മാവാലും അത്യുന്നതന്‍റെ ശക്തിയാലുമാണ്. ദൈവത്തിന്‍റെ വാസസ്ഥലമായിത്തീര്‍ന്നവള്‍ ആദ്യകാലത്തെ ഭൂമിപോലെയും (ഉല്പ 2, 7) ജറുസലേം ദേവാലയംപോലെയും (1 രാജ 8, 10) മേഘംപോലെയും (പുറ 13, 22) വാഗ്ദത്തപേടകംപോലെയുമാണ് (2 സാമു 6, 12). അവളുടെ ഹൃദയം ഈശോയുടെ ഭണ്ഡാഗാരമാണ് (ലൂക്ക 2, 3, 51), അവളുടെ ഗാനം ദൈവത്തിന്‍റെ മഹത്വീകരണമാണ്. ദൈവം വലിയ കാര്യങ്ങള്‍ അവള്‍ക്കു ചെയ്തു (1, 49). അവളുടെ ദൈവവിളിയും ദൈവമാതാവെന്ന സ്ഥാനവും പുതിയ നിയമത്തിലെ പുതിയ ജനത്തിന്‍റെ വളര്‍ച്ചയുടെ ഒരു ഭാഗമാണ് (1,14).
യോഹന്നാന്‍റെ സുവിശേഷം ദൈവശാസ്ത്രബന്ധിതമാണ്. മിശിഹായോടും സഭയോടും ബന്ധിതമാണു മറിയം (യോഹ 2, 1-12; 19, 25-27). കാനായിലെ കല്യാണം "മൂന്നാം ദിവസം" നടന്നു എന്നു പറയുന്നതു (2, 1) സീനായ് മലയിലെ വെളിപാടും (പുറ 19, 24) ഈശോയുടെ ഉത്ഥാനവുമായി (യോഹ 2, 19) ബന്ധപ്പെടുത്തി ചിന്തിക്കുന്നവരുണ്ട്. സീനായില്‍ മോശയ്ക്കു നിയമം കൊടുത്തതുപോലെ പുതിയ നിയമത്തിന്‍റെ പ്രതീകമായി കാനായില്‍ മെച്ചപ്പെട്ട വീഞ്ഞു നല്‍കുന്നു. വീഞ്ഞില്ലെന്നു ചൂണ്ടിക്കാണിച്ചു മറിയം ബുദ്ധിമുട്ടുന്ന മനുഷ്യരാശിയെ പ്രതിനിധാനം ചെയ്യുന്നു. അവന്‍ പറയുന്നതു ചെയ്യുവാന്‍ നിര്‍ദ്ദേശിച്ചു (2, 5). ക്രിസ്തുവിങ്കലേയ്ക്കു മനുഷ്യരാശിയെ തിരിച്ചു വിടുന്നവളാണ് മറിയം. കര്‍ത്താവു പറയുന്നതെല്ലാം ഞങ്ങള്‍ ചെയ്യും (പുറ 19, 8) എന്നതിന്‍റെ പ്രതിബിംബം ഇവിടെ കാണാം. "സ്ത്രീയേ, ഇതാ നിന്‍റെ അമ്മ" (യോഹ 19, 26) എന്നു പറഞ്ഞ് ഈശോ മറിയത്തെ പുതിയ ഹവ്വയായി, മനുഷ്യകുലത്തിന്‍റെ അമ്മയാക്കിത്തീര്‍ക്കുകയും ആ നിമിഷംമുതല്‍ പുതിയ പുത്രനായ യോഹന്നാന്‍ അവളെ സ്വന്തഭവനത്തിലേയ്ക്കു സ്വീകരിക്കുകയും ചെയ്തു. മറിയത്തോടുള്ള ആദിമ ക്രൈസ്തവസമൂഹത്തിന്‍റെ ഭക്തിയും ബന്ധവും വ്യക്തമാക്കുന്നതാണ് ഈ രംഗം. "ഇന്നുമുതല്‍ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വിളിക്കും"(1: 48) എന്നതു ലൂക്കാ സുവിശേഷകന്‍ കൂട്ടിച്ചേര്‍ത്തതാകാമെങ്കിലും ഇതു മറിയത്തോടുള്ള ഭക്തിയും ആദരവും കാണിക്കുന്നതിന്‍റെ ഒരു തെളിവായി കണക്കാക്കാം. സ്തോത്ര ഗീതം യഹൂദ ക്രൈസ്തവസമൂഹത്തില്‍, പരിശുദ്ധാത്മാവിന്‍റെ പ്രചോദനത്തില്‍, വിരചിതമായ ആരാധനാഗാനമാണ്. അതു ദൈവസ്തുതിയും കൃതഞ്ജതാപ്രകാശനവുമാണ്. വിനീതയായ മറിയത്തിനു ദൈവം ചെയ്ത വലിയ കാര്യങ്ങള്‍ അനുസ്മരിക്കുന്നു. അതില്‍ ഏറ്റവും വലിയ കൃപ ദൈവമാതൃസ്ഥാനം നല്‍കപ്പെട്ടതാണ്. മറിയത്തിനു ഭാഗ്യവതി എന്ന പദവി എല്ലാ തലമുറയും നല്‍കി പ്രഘോഷിക്കുമെന്ന ഒരു പ്രവചനം കൂടിയാണത്. മാലാഖയും എലിസബത്തും മറിയത്തെ അഭിവാദനം ചെയ്തു വിശ്വാസികളെ മാതൃഭക്തിയിലേക്കു തിരിക്കാന്‍ പോരുന്നതാണ്. മരിയ ഭക്തിക്കര്‍ത്ഥം കിട്ടുന്നത് അത് വേദപുസ്തകത്തില്‍ അധിഷ്ഠിതമായിരിക്കുമ്പോഴാണ്. എലിസബത്തിനും പുത്രനും മറിയത്തിന്‍റെ സാന്നിധ്യത്തില്‍ ആനന്ദം പ്രദാനം ചെയ്ത അതേ പരിശുദ്ധാത്മാവാണു മറിയത്തെ ദൈവപുത്രന്‍റെ ആവാസസ്ഥലമാക്കിയത്. ഈ പരിശുദ്ധാരൂപി തന്നെയാണ് ആദിമസഭയിലെ മാതൃഭക്തിയുടെ വേരുകള്‍ പാകിയത്.
ആദിമസഭകാലം
ആദിമസഭയുടെ വിശ്വാസം മിശിഹായിലുള്ള വിശ്വാസമായിരുന്നു. യഹൂദമത പശ്ചാത്തലത്തില്‍ എല്ലാവിധ എതിര്‍പ്പുകളും അതിജീവിച്ചുകൊണ്ട് ഈശോ വാഗ്ദാനം ചെയ്യപ്പെട്ട മിശിഹായാണെന്നും അവന്‍ മരണോത്ഥാനങ്ങളിലൂടെ ലോകത്തിനു മുഴുവന്‍ രക്ഷ പ്രദാനം ചെയ്തു എന്നും നിത്യതയിലേക്കു മനുഷ്യവംശത്തെ കൂട്ടിച്ചേര്‍ക്കുവാന്‍ അവന്‍ രണ്ടാമതും വരുമെന്നും പഠിപ്പിച്ചിരുന്ന കാലമായിരുന്നു അത്. രക്ഷകനായ മിശിഹായിലുള്ള വിശ്വാസം പങ്കിടുക എന്നതായിരുന്നു അപ്പസ്തോലന്മാരുടെയും ആദിമ സഭയുടെയും ലക്ഷ്യം. ഈ വിശ്വാസത്തിനു ദൈവശാസ്ത്രപരമായി വ്യാഖ്യാനം നല്കി വിവിധ സഭകളെ പഠിപ്പിച്ച വി. പൗലോസിന്‍റെ ലേഖനങ്ങളിലെ പ്രധാന പ്രതിപാദ്യവിഷയം മിശിഹാ മാത്രമായിരുന്നു. സുവിശേഷത്തിനു മറ്റൊരു മാനമാണല്ലോ ഉള്ളത്. മിശിഹാനുഭവം കാലാനുക്രമത്തില്‍ എഴുതപ്പെട്ടതാണല്ലോ സുവിശേഷം. അതിലെയും പ്രധാനപ്രതിപാദ്യം ഈശോ എന്ന രക്ഷകന്‍തന്നെ.
എന്നാല്‍, ആദിമ ക്രിസ്ത്യാനികള്‍ ക്രിസ്തുവില്‍ അചഞ്ചലമായി വിശ്വസിച്ചിരുന്നതോടൊപ്പം മാതാവായ കന്യകാമറിയത്തിലും വിശ്വസിച്ചിരുന്നു. ഇതു മിശിഹായിലുള്ള വിശ്വാസം ആഴപ്പെടുവാന്‍ വേണ്ടിയുള്ളതായിരുന്നു. ഈ വിശ്വാസം ആദിമ ക്രിസ്ത്യാനികളുടെ അനുദിന ജീവിതത്തെ സ്വാധീനിച്ചിരുന്നു എന്നതിന്‍റെ തെളിവാണ്. അന്നു പലയിടങ്ങളിലും കാണുന്ന മറിയത്തിന്‍റെ ചുവര്‍ചിത്രങ്ങള്‍. മംഗലവാര്‍ത്തയും പൂജരാജാക്കളുടെ സന്ദര്‍ശനങ്ങളും ഭുഗര്‍ഭാലയങ്ങളിലെ ചുവര്‍ചിത്രങ്ങളാണ്. ഇവിടെ മറിയത്തെ കന്യാത്വത്തിന്‍റെ മകുടമായും പ്രാര്‍ത്ഥനയുടെ പ്രതീകമായും ചിത്രീകരിച്ചിട്ടുണ്ട്. പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ നടുവില്‍ കൈവിരിച്ചു നില്‍ക്കുന്ന മറിയത്തിന്‍റെ ചിത്രം (വി. ആഗ്നസിന്‍റെ നാമത്തിലുള്ള ഭുഗര്‍ഭാലയം) മറിയത്തെ സഭയുടെ മാതാവെന്നു ചിത്രീകരിക്കുന്നതായിട്ടാണു പണ്ഡിതമതം. ഈ ചിത്രങ്ങളെല്ലാംതന്നെ മറിയത്തിലുള്ള ആദിമസഭാവിശ്വാസികളുടെ വിശ്വാസമാണു പ്രകടമാക്കുന്നത്. മറിയത്തിന്‍റെ നിര്‍മ്മലത, കന്യാത്വം, അവളുടെ പരിരക്ഷ, മാദ്ധ്യസ്ഥ്യം, ആത്മീയമാതൃത്വം എന്നിവയിലുള്ള വിശ്വാസം ഈ ചിത്രങ്ങളിലൂടെ ആദിമസഭാവിശ്വാസികള്‍ പ്രകടിപ്പിച്ചിരുന്നു.
സഭാപിതാക്കന്മാരുടെ കാലം
അപ്പസ്തോലന്മാരുടെ കാലം മുതല്‍ 8-ാം നൂറ്റാണ്ടുവരെ ജീവിച്ചു, സത്യവിശ്വാസം അഭംഗുരം പഠിപ്പിച്ചിരുന്ന വിശ്വാസ ശ്രേഷ്ഠരെയാണു സഭാപിതാക്കന്മാര്‍ എന്നു പൊതുവായി പറയുന്നത്. ഇവരില്‍ ഭൂരിപക്ഷവും മെത്രാന്മാരായിരുന്നു. ഇതില്‍ വിശ്വാസ ശ്രേഷ്ഠരായ വ്യക്തികള്‍ മാത്രമല്ല, വിശ്വാസവളര്‍ച്ചയ്ക്കും പഠനത്തിനും അടിസ്ഥാനമായി നിലകൊള്ളുന്ന രേഖകളും (ഉദാ. ഡിഡാക്കേ) വിശ്വാസപ്രമാണങ്ങളും (Aposslet) ഉള്‍ക്കൊള്ളുന്നു. ഇവരെ സഭാപിതാക്കന്മാരായി കരുതുന്നതു നാല് അടിസ്ഥാനകാരണങ്ങളിലാണ്. 1) പഠനങ്ങളിലെ കറ തീര്‍ന്ന വിശ്വാസം (Orthodoxy of doctrine) 2) വിശുദ്ധമായ ജീവിതം (Holiness of life) 3) സഭയുടെ ഭാഗത്തുനിന്നുള്ള അംഗീകാരം (Ecclesiasticl approval) 4) പൗരാണികത്വം (Antiquity- erudity). ഇതിന്‍റെ അടിസ്ഥാനത്തില്‍ ലത്തീന്‍സഭ മഹാനായ ഗ്രീഗറി (St. Gregory the Great AD 540-604) വരെയുള്ളവരെയും പൗരസ്ത്യഗ്രീക്കു സുറിയാനി സഭകള്‍ ദമാസ്ക്കസിലെ വി. ജോണ്‍ (St. John Damascene AD 749)വരെയുള്ള സഭാശ്രേഷ്ഠരെയും പഠിതാക്കളെയും ഗ്രന്ഥകാരന്മാരെയുമാണു സഭാപിതാക്കന്മാര്‍ എന്നു പഠിപ്പിക്കുന്നത്.
പാരമ്പര്യത്തിലൂടെയും വി. ഗ്രന്ഥത്തിലൂടെയും വെളിവാക്കപ്പെട്ട പരി. ത്രിത്വത്തിലും ഈശോമിശിഹായിലും സഭയിലും സഭയുടെ രക്ഷാകര കര്‍മ്മങ്ങളിലുമുള്ള വിശ്വാസം തെറ്റുകൂടാതെ പഠിപ്പിക്കുകയും കാത്തുസൂക്ഷിക്കുകയും, തെറ്റായ പഠനങ്ങള്‍ സ്വാധീനിക്കപ്പെടുമ്പോള്‍ അതിനെ പഠനങ്ങളും അധ്യയനങ്ങളുംകൊണ്ട് എതിര്‍ത്തു തോല്പിച്ചു വിശ്വാസികളെ സത്യവിശ്വാസത്തില്‍ ഉറപ്പിച്ചു നിര്‍ത്തുവാനുള്ള ശ്രമമായിരുന്നു പിതാക്കന്മാര്‍ നടത്തിയിരുന്നത്. കാലക്രമത്തില്‍ ത്രിത്വൈക ദൈവത്തിന്‍റെ സ്വഭാവവും ദൈവീകവ്യക്തിത്വങ്ങളും മിശിഹായിലുള്ള ഏകദൈവീകവ്യക്തിത്വവും രണ്ടു സ്വഭാവവും ചോദ്യംചെയ്തുള്ള പഠനങ്ങളും അബദ്ധപഠനങ്ങളായി വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുവാന്‍ തുടങ്ങി. ഇതോടെ പല രീതികളുപയോഗിച്ച് ഈ പാഷണ്ഡപഠനങ്ങളെ സത്യവിശ്വാസപഠനം കൊണ്ട് എതിര്‍ത്തു പഠിപ്പിച്ചവരാണു സഭാപിതാക്കന്മാര്‍. മിശിഹായെക്കുറിച്ചു പഠനങ്ങളും അബദ്ധപഠനങ്ങളും വന്നതോടെ മിശിഹായുടെ മാതാവായ മറിയത്തെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയര്‍ന്നുവന്നു. "മറിയം ദൈവമാതാവാണോ" മനുഷ്യനായ ക്രിസ്തുവിന്‍റെ മാതാവാണോ രക്ഷാകരകര്‍മ്മത്തില്‍ അവളുടെ സ്ഥാനം എന്താണ് എന്നിങ്ങനെ മറിയത്തെക്കുറിച്ചു നിരവധി സംശയങ്ങളും അബദ്ധപഠനങ്ങളും ഉണ്ടായിത്തുടങ്ങി. ഇതിനെതിരായി സഭാപിതാക്കന്മാര്‍ പഠിപ്പിച്ചു. ആദ്യകാലത്തെ വിശ്വാസം കൃത്യമായും രൂപീകൃതമായ നാലു സൂനഹദോസുകള്‍ (നിഖ്യ 325, കോണ്‍സ്റ്റാന്‍റിനോപ്പിള്‍ 381, എഫേസൂസ് 431, കാല്‍സിഡോണ്‍ 451) പിതാക്കന്മാരുടെ ശ്രമഫലമായിരുന്നു. ഈ സൂനഹദോസുകളുടെ പഠനങ്ങളിലൂടെയും (പ്രത്യേകിച്ച് എഫേസൂസ് സൂനഹദോസ് പഠനങ്ങള്‍) മറ്റു ദൈവശാസ്ത്ര പഠനങ്ങളിലൂടെയും മറിയത്തെക്കുറിച്ചുള്ള വിശ്വാസാധിഷ്ഠിതബോധ്യം കൃത്യമായും വിരചിതമായി. രക്തസാക്ഷിയായ വി. ജസ്റ്റിന്‍ മുതലുള്ള പിതാക്കന്മാരും അന്ത്യോക്യയിലെ വി. ഇഗ്നേഷ്യസിന്‍റെതു മുതലുള്ള രേഖകളും മരിയശാസ്ത്രത്തിന്‍റെ അടിസ്ഥാനതത്വങ്ങള്‍ പഠിപ്പിച്ചു. ഇതിനായി പിതാക്കന്മാര്‍ ഉപമ- ഉപമാനങ്ങളും - പ്രതീകങ്ങളും പ്രതിരൂപങ്ങളും ഉപയോഗിച്ചു രക്ഷകനായ ഈശോയിലുള്ള വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ മരിയശാസ്ത്രചിന്തകള്‍ പഠിപ്പിച്ചു. ഇന്നു സഭ വിശ്വസിച്ചു പഠിപ്പിക്കുന്ന മറിയത്തിന്‍റെ ദൈവമാതൃത്വം, നിത്യകന്യത്വം, അമലോദ്ഭവം, സ്വര്‍ഗ്ഗാരോപണം, മദ്ധ്യസ്ഥത എന്നീ മരിയന്‍ വിശ്വാസസത്യങ്ങള്‍ക്കു സഭാപിതാക്കന്മാര്‍ താത്വിക രൂപം നല്‍കി. സഭാപിതാക്കന്മാരുടെ കാലം മരിയശാസ്ത്രത്തിന്‍റെ സുവര്‍ണ്ണകാലമായിരുന്നു എന്നു പറയാം
പ്രാര്‍ത്ഥനകളിലെ മറിയം
മരിയശാസ്ത്രത്തിലെ തുടര്‍ന്നുള്ള കാലഘട്ടം മറ്റൊരു പ്രത്യേകതയിലേയ്ക്കു വിരല്‍ ചൂണ്ടുന്നതാണ്. മറിയം ദൈവപുത്രനായ ഈശോയുടെ മാതാവാണെന്ന വിശ്വാസത്തില്‍ അവളോടു പ്രാര്‍ത്ഥിക്കുന്നതും അവളുടെ മാദ്ധ്യസ്ഥ്യം അപേക്ഷിക്കുന്നതും വിശ്വാസജീവിതത്തിന്‍റെ ഭാഗമായിത്തീര്‍ന്ന കാലമായിരുന്നു ഇത്. ഇതിനുള്ള തെളിവുകളും ഉപോദ്ബലകമായി കാണുന്ന പഠനങ്ങളും സഭാപിതാക്കന്മാരുടേതുതന്നെയാണ്. മറിയത്തിന്‍റെ മാദ്ധ്യസ്ഥ്യം അംഗീകരിച്ചു വിശ്വാസിച്ചുകൊണ്ടുള്ള Sub Tuum Presidium എന്ന മൂന്നാം നൂറ്റാണ്ടിലെ പ്രാര്‍ത്ഥന ഇതിനു തെളിവാണ്. ഇത്തരത്തില്‍ മറിയത്തിന്‍റെ മാദ്ധ്യസ്ഥ്യം യാചിക്കുന്നതും മറിയത്തോടു പ്രാര്‍ത്ഥിക്കുന്നതുമായ പഠനങ്ങളും പ്രാര്‍ത്ഥനകളും വി. ഇരണേവൂസ്, ഗ്രിഗറി തൗമാറ്റിംഗു (Gregory Taumatingus 350), ഗ്രിഗറി നസിയാന്‍സന്‍ (330-389), മാര്‍ അപ്രേം (306-373) എന്നീ പിതാക്കന്മാരുടെ കൃതികളില്‍ കാണാവുന്നതാണ്. മറിയത്തെ രക്ഷകന്‍റെ അമ്മയായി കണ്ടു രക്ഷയുടെ പാതയില്‍ സഹായകയായും നാരകീയ ശക്തികളില്‍നിന്നുള്ള രക്ഷാമാര്‍ഗ്ഗമായും ചൂണ്ടിക്കാണിച്ചിരുന്നു. ഇവയെല്ലാം മേല്‍പ്പറഞ്ഞ മരിയന്‍ വിശ്വാസസത്യങ്ങളില്‍ അധിഷ്ഠിതമായിരുന്നു.
എഫേസൂസ് സൂനഹദോസും തുടര്‍ക്കഥയും
മറിയത്തെക്കുറിച്ചു നാലു നൂറ്റാണ്ടായി ക്രിസ്ത്യാനികള്‍ വിശ്വസിച്ചിരുന്നതും സഭാപിതാക്കന്മാര്‍ പഠിപ്പിച്ചിരുന്നതുമായ വിശ്വാസമാണ് എഫേസൂസ് സൂനഹദോസില്‍ (എ.ഡി. 431). "മറിയം ദൈവമാതാവാണ്" എന്നു നിര്‍വചിച്ചത്. മരിയശാസ്ത്രത്തിലെ വലിയ വഴിത്തിരിവും പരമ്പരാഗതവിശ്വാസം ആഴപ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനവുമായിരുന്നു അത്. നിഷേധാത്മകമായതലത്തില്‍ സഭയിലെ ആദ്യവിഭജനത്തിന് ഇതു തുടക്കമായി എന്നു കാണാമെങ്കിലും ദൈവശാസ്ത്ര വഴിത്താരയില്‍ പുതിയ ചിന്താഗതികള്‍ക്ക് അടിസ്ഥാനമായി. മറിയത്തോടുള്ള "ഭക്തി" വളരുന്നതിനും മരിയ ശാസ്ത്രം വളരുന്നതിനും ഇതു കാരണമായി. പഴയനിയമത്തിലെ നിരവധി അടയാളങ്ങള്‍ മറിയത്തിന്‍റെ പ്രതീകങ്ങളായി ഉപയോഗിച്ചു തുടങ്ങി; ദൈവത്തിന്‍റ മല, എരിയാത്ത മുള്‍പ്പടര്‍പ്പ്, അഹറോന്‍റെ പുഷ്പിതദണ്ഡ്, പേടകത്തിന്‍റെ വിലതീരാത്ത തടി, നിത്യമായി ജ്വലിക്കുന്ന ദീപം, മന്നയുടെ പേടകം, യാക്കോബിന്‍റെ ഗോവണി തുടങ്ങിയവ "ദൈവമാതൃത്വ"ത്തിന്‍റെ പ്രതീകങ്ങളായി മരിയശാസ്ത്രത്തില്‍ ഉപയോഗിച്ചു തുടങ്ങിയത് ഈ സൂനഹദോസിനുശേഷമാണ്. അതോടൊപ്പം മറിയത്തിന്‍റെ നാമത്തിലുള്ള നിരവധി ദൈവാലയനിര്‍മ്മാണങ്ങള്‍ക്കും തിരുനാളുകള്‍ക്കും ഈ പ്രഖ്യാപനം കാരണമായി.
മദ്ധ്യകാലം
ദൈവശാസ്ത്രത്തിനു പുതിയ രൂപഭാവങ്ങള്‍ കൈവന്ന കാലമായിരുന്നു മദ്ധ്യകാലം; അരിസ്റ്റോട്ടലിന്‍റെ തത്വശാസ്ത്രത്തിന്‍റെ വെളിച്ചത്തില്‍ വിശ്വാസസത്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ച കാലമായിരുന്നു അത്. ഇത്തരത്തിലുള്ള ദൈവശാസ്ത്രവളര്‍ച്ചയില്‍ മരിയശാസ്ത്രത്തിന് അര്‍ഹമായ ഒരു സ്ഥാനം ഉണ്ടാകണമെന്ന് അന്നത്തെ സന്ന്യാസികള്‍ ആഗ്രഹിച്ചു. "സിസ്റ്റേഴ്സ്യന്‍" സന്ന്യാസികളായിരുന്നു ഇതിനു മുന്‍കൈ എടുത്തത്. പൊതുവെ ആശ്രമകേന്ദ്രീകൃതമായി പ്രാര്‍ത്ഥനകളും തിരുന്നാളുകളും അതോടനുബന്ധിച്ചുള്ള രീതികളും ഇക്കാലത്തു പ്രചരിച്ചു. ഇതു കുരിശുയുദ്ധങ്ങളുടെ കാലമായിരുന്നതുകൊണ്ടു മറിയത്തെ സേനയുടെ മദ്ധ്യസ്ഥയായി അവരോധിക്കാന്‍ തുടങ്ങി. ഫ്യൂഡല്‍ വ്യവസ്ഥിതി നിലനിന്നിരുന്നതിനാല്‍, മറിയത്തെ ഒരു ദരിദ്രസ്ത്രീയായി അംഗീകരിക്കുക ഉന്നതരായവര്‍ക്കു സാധ്യമായിരുന്നില്ല. അതോടൊപ്പം തന്നെ, ക്രിസ്തുശാസ്ത്രവിശദീകരണത്തില്‍ ക്രിസ്തുവിന്‍റെ വ്യക്തിത്വം സാധാരണ വിശ്വാസികളുടെ ചിന്തയില്‍ നിലനിര്‍ത്തുവാന്‍ ദൈവശാസ്ത്രത്തിനും കഴിഞ്ഞില്ല. ഈ രണ്ടു ചിന്തകളും മറിയം മനുഷ്യ മാതൃകയും വേദനകേള്‍ക്കുന്ന മനുഷ്യനെ മനസ്സിലാക്കുന്ന രാജ്ഞിയായി ചിത്രീകരിക്കുവാന്‍ കാരണമായി. മറിയം കരുണയുടെ നിറകുടവും അനുഗ്രഹങ്ങള്‍ പങ്കിടുന്നവളുമായി വിശ്വാസത്തിലേയ്ക്കു സ്വീകരിക്കപ്പെട്ടു. ഇതിന്‍റെ ഫലമായി മറിയത്തിന്‍റെ ബഹുമാനാര്‍ത്ഥം നിരവധി തിരുന്നാളുകള്‍, തിരുശേഷിപ്പുവണക്കം, മറിയത്തിന്‍റെ നാമത്തിലുള്ള ദൈവാലയങ്ങള്‍ എന്നിവ ഈ കാലത്തിന്‍റെ സംഭാവനകളായി. വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ എന്നതോടൊപ്പം മറിയത്തെ ബഹുമാനിക്കുന്നതിലധികമായി, ഭക്തി വിചാരത്തില്‍ മറിയത്തോടുള്ള അടുപ്പം വളര്‍ത്തുന്നരീതി മദ്ധ്യകാലത്തിന്‍റെ മരിയശാസ്ത്രപ്രത്യേകതയാണ്. ഇതിനുസഹായകമായ പ്രാര്‍ത്ഥനകളും മറ്റു മരിയന്‍കൃതികളും ഈ കാലത്തു വിരചിതമായി.
ഫ്രാന്‍സിസ്കന്‍, ഡൊമിനിക്കന്‍ സന്ന്യാസികളുടെ നേതൃത്വത്തില്‍ 13-ാം നൂറ്റാണ്ടില്‍ മറിയത്തിന്‍റെ മാനുഷികത പ്രകീര്‍ത്തി ച്ചുകൊണ്ടുള്ള ദൈവശാസ്ത്രചിന്തകള്‍ വളര്‍ന്നുവന്നു. മനുഷ്യന്‍റെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം നല്‍കാന്‍ കഴിയുന്ന കരുണ നിറഞ്ഞ അമ്മയായി തുടര്‍ന്നുള്ള നൂറ്റാണ്ടുകളില്‍ മറിയത്തെ ചിത്രീകരിച്ചു. ഇതിന്‍റെ ഫലമായി മരിയശാസ്ത്രത്തില്‍ ചില അപചയങ്ങളും ഈ കാലഘട്ടത്തില്‍ ഉണ്ടായി എന്നതും നിസ്തര്‍ക്കമാണ്.
17-18 നൂറ്റാണ്ടുകള്‍
മരിയശാസ്ത്ര വളര്‍ച്ചയില്‍ മറ്റൊരു പ്രധാന കാലഘട്ടമായിരുന്നു ഇത്. ഫ്രാന്‍സില്‍ Louis Marie Grignon de Monfort ന്‍റെ നേതൃത്വത്തില്‍ വളര്‍ന്നു ആത്മീയ വിപ്ലവം മരിയശാസ്ത്രത്തില്‍ ഒരു വഴിത്തിരിവായിതീര്‍ന്നു. The True Devotion to the Blessed Virgin എന്ന പ്രസിദ്ധമായ ഗ്രന്ഥത്തിന്‍റെ പ്രകാശനത്തിലൂടെ മറിയത്തിന്‍റെ പേരിലുള്ള സംഘടനകള്‍ ഈ കാലഘട്ടത്തിന്‍റെ സംഭാവനയാണ്. മറിയത്തോടുള്ള അതിരു കവിഞ്ഞ ഭക്തി വളര്‍ന്നത് ഈ നൂറ്റാണ്ടിലാണ്.
18-ാം നൂറ്റാണ്ടില്‍ ഇതിനെതിരായുള്ള ഒരു പ്രതിഭാസം വളര്‍ന്നു വന്നു. അതിര്‍വരമ്പുകളില്ലാത്ത മരിയഭക്തി പ്രസ്ഥാനങ്ങള്‍ അപ്രധാനങ്ങളായി കാണാന്‍ തുടങ്ങി. എന്നാല്‍, അതിരു കവിഞ്ഞ ഈ തത്വശാസ്ത്ര സ്വതന്ത്രസ്വാധീന ചിന്ത മരിയശാസ്ത്ര വളര്‍ച്ചയെ വ്രണപ്പെടുത്തി എന്നു പറയുന്നതാകും ശരി.
2-ാം വത്തിക്കാന്‍ കൗണ്‍സില്‍വരെ
19, 20 നൂറ്റാണ്ടുകള്‍ ആധുനിക യുഗത്തിലെ മരിയന്‍ ദൈവശാസ്ത്രത്തിന്‍റെ സുവര്‍ണ്ണകാലഘട്ടമായിരുന്നു. മരിയഭക്തി ദൈവശാസ്ത്രാടിസ്ഥാനത്തില്‍ ഈ നൂറ്റാണ്ടുകളില്‍ വളരുവാന്‍ തുടങ്ങി. വി. അല്‍ഫോന്‍സ് ലിഗോരിയുടെ The Glories Mary എന്ന ഗ്രന്ഥവും മറിയത്തിന്‍റെ അമലോദ്ഭവ വിശ്വാസ സത്യപ്രഖ്യാനവും (1854) മറിയത്തിന്‍റെ പ്രത്യക്ഷപ്പെടലുകളും (പാരീസ് 1830, റോം 1842 ലാസലെറ്റാ, 1846 ലൂര്‍ദ് 1858, ഐര്‍ലന്‍ഡ് 1879) 'മറിയത്തിലൂടെ ഈശോയിലേയ്ക്കു' എന്ന മരിയഭക്തി വളര്‍ന്നു വരുവാന്‍ കാരണമായി.
20-ാം നൂറ്റാണ്ട് ഇതേ ചിന്തകളും ചൈതന്യവും തുടര്‍ന്നു പോന്നു. ഫാത്തിമ ദര്‍ശനം (1917) സ്വര്‍ഗ്ഗാരോപണ വിശ്വാസസത്യപ്രഖ്യാപനം (1950) എന്നിവ വര്‍ദ്ധിച്ച മരിയഭക്തിക്ക് അടിസ്ഥാനമായി. ലീജിയന്‍ ഓഫ് മേരി (1921) ബ്ലു ആര്‍മി (1947) തുടങ്ങിയ പ്രസ്ഥാനങ്ങളും മറ്റു പല മരിയന്‍ സംഘടനകളും മരിയ ഭക്തിയെ കൂടുതല്‍ ജനകീയമാക്കി. 20-ാം നൂറ്റാണ്ടിലെ മരിയശാസ്ത്ര പഠനം തികച്ചും വിഭിന്നമായ അന്തരീക്ഷത്തിലായിരുന്നു. മരിയഭക്താനുഷ്ഠാനങ്ങള്‍ യഥാര്‍ത്ഥത്തില്‍ മരിയ ശാസ്ത്രത്തിന്‍റെ ശരിയായ വളര്‍ച്ചയായിരുന്നില്ല. അതുകൊണ്ടു കാലഘട്ടത്തിന്‍റെ ചൈതന്യത്തില്‍ മരിയശാസ്ത്രം വളര്‍ന്നത് 20-ാം നൂറ്റാണ്ടിലാണ്. ഉറവിടങ്ങളിലേയ്ക്കു തിരിച്ചുപോയി പിതാക്കന്മാരുടെ പഠനങ്ങളുടെ വെളിച്ചത്തില്‍ സഭാശാസ്ത്രം വളര്‍ന്നുവന്നു എന്നത് ഈ നൂറ്റാണ്ടിന്‍റെ പ്രത്യേകതയാണ്. സഭയെ ദൈവികരഹസ്യവും രക്ഷയുടെ കൂദാശയുമായി കണ്ടപ്പോള്‍ മരിയശാസ്ത്രവും ഈ പഠനത്തോടു ചേര്‍ന്നു വളര്‍ന്നു. ഈ കാലഘട്ടത്തിന്‍റെ പ്രത്യേകതകള്‍.
ഈ രണ്ടു വീക്ഷണങ്ങളുടെ സമന്വയമാണു മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണവും (1950 Nov. 1. Pope Pius XII) ലൂര്‍ദ്ദിലെ മരിയന്‍ കോണ്‍ഗ്രസും (1958).
മരിയശാസ്ത്രവളര്‍ച്ച പാശ്ചാത്യസഭയില്‍
പാശ്ചാത്യമരിയശാസ്ത്രത്തിന്‍റെ ഉറവിടം പൗരസ്ത്യമരിയ ശാസ്ത്രമാണ്. എന്നാല്‍ പൗരസ്ത്യ പാരമ്പര്യത്തില്‍ നിന്നു വിഭിന്നമായി ക്രിസ്തുവിന്‍റെ രക്ഷാകരദൗത്യവുമായി ബന്ധപ്പെടുത്തിയാണു രണ്ടാം സഹസ്രാബ്ദത്തില്‍ മരിയ ശാസ്ത്രം പാശ്ചാത്യ സഭയില്‍ വളര്‍ന്നു വന്നത്. ഈ വളര്‍ച്ചയെ പ്രധാനമായും മൂന്നു കാലഘട്ടങ്ങളായി തിരിക്കാം.
10-ാം നൂറ്റാണ്ടു മുതല്‍ 15-ാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടമാണു മരിയശാസ്ത്രം താത്വിക വളര്‍ച്ച പ്രാപിച്ച സമയം. ഈ പഠനത്തില്‍ മിശിഹായുടെ രക്ഷാകര കര്‍മ്മത്തിലുള്ള മറിയത്തിന്‍റെ ഭാഗഭാഗിത്വമായിരുന്നു പ്രധാനം. അവളുടെ വ്യാകുലത, മാദ്ധ്യസ്ഥ്യം, ആത്മീയമാതൃത്വം തുടങ്ങിയവ ഇതില്‍ പ്രധാനപ്പെട്ടതായിരുന്നു. 12-ാം നൂറ്റാണ്ടില്‍ Richard of St. Lawrens പ്രസിദ്ധ പ്പെടുത്തിയ Mariale എന്ന പഠനത്തില്‍ ഈ ആശയങ്ങള്‍ വ്യക്തമാണ്. തുടര്‍ന്നുള്ള കാലഘട്ടത്തിന്‍റെ സ്കൊളാസ്റ്റിക് ദൈവശാസ്ത്രജ്ഞന്മാര്‍ മറിയത്തിന്‍റെ അനന്യമായ പ്രത്യേകതകള്‍ക്കു പ്രാധാന്യം നല്‍കി. രക്ഷയില്‍ മറിയം സഹപ്രവര്‍ത്തക, അമലോദ്ഭവ, സ്വര്‍ഗ്ഗാരോപിത എന്നിവ പ്രധാന പഠന വിഷയങ്ങളായിരുന്നു.
15 മുതല്‍ 19 വരെയുള്ള നൂറ്റാണ്ട് മരിയ ഭക്തിയുടെ ഉത്ഭവത്തിന്‍റെയും വളര്‍ച്ചയുടെയും കാലഘട്ടമായിരുന്നു. മറിയം ഏറ്റവും പ്രധാന മദ്ധ്യസ്ഥ, അനുകരണീയസ്ത്രീ, നമ്മുടെ വനിത, മദോണ എന്നീ സംജ്ഞകള്‍ ഈ കാലത്തിന്‍റെ സംഭാവനയാണ്. പ്രൊട്ടസ്റ്റന്‍റുകാര്‍ ഈ പഠനങ്ങള്‍ പൂര്‍ണ്ണമായും എതിര്‍ത്തു. വി. ഗ്രന്ഥത്തിലെ വിവരണങ്ങളില്‍ കൂടുതലായതൊന്നും അവര്‍ക്കു സ്വീകാര്യമായിരുന്നില്ല. എന്നാല്‍ ഇതിനു കൃത്യമായി മറുപടി നല്‍കുവാനുള്ള ഒരു മരിയശാസ്ത്രാടിസ്ഥാനം ട്രെന്‍റ്കൗണ്‍സിലില്‍ ക്രമപ്പെടുത്തിയിട്ടില്ല. ഉദ്ഭവപാപം, നീതീകരണം എന്നിവ പരമാര്‍ശിക്കുമ്പോള്‍ മറിയത്തെക്കുറിച്ചു പരമാര്‍ശിക്കുക മാത്രം ചെയ്തു. കൗണ്‍സിലിനു ശേഷമുള്ള കാലത്തിന്‍റെ മറ്റൊരു പ്രത്യേകത മരിയഭക്തി വളര്‍ത്തിയ വിശുദ്ധരായിരുന്നു. വി. അല്‍ഫോന്‍സ് ലിഗോരി (1679-1787) വി. മോണ്‍ഫോര്‍ട്ട് ലൂയിമരിയ (1673-1716) എന്നിവര്‍ ഇതില്‍ പ്രധാനികളാണ്.
19-ാം നൂറ്റാണ്ടു മരിയന്‍ വെളിപ്പെടുത്തലുകളുടെയും ദര്‍ശനങ്ങളുടെയും കാലമായി കണക്കാക്കാം. ഇവയെല്ലാം മാനസാന്തരത്തിനുള്ള ആഹ്വാനമായിട്ടാണ് മരിയഭക്തര്‍ കാണുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ മാര്‍പാപ്പമാര്‍ മറിയത്തിന്‍റെ നാമത്തില്‍ പിതിയ ഭക്താനുഷ്ഠാനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും പുതിയ തിരുനാളുകള്‍ ആരംഭിക്കുകയും, ചാക്രിക ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയും എല്ലാറ്റിലുമുപരി പുതിയ വിശ്വാസസത്യങ്ങള്‍ ക്രമപ്പെടുത്തുകയും ചെയ്തു. ഇവയെല്ലാം 20-ാം നൂറ്റാണ്ടിലെ മരിയശാസ്ത്രത്തിന് അടിസ്ഥാനമായി.
നവീകരണകാലം
നവീകരണ കാലം ദൈവശാസ്ത്രത്തില്‍ പൊതുവെയും മരിയശാസ്ത്രത്തില്‍ പ്രത്യേകിച്ചും എടുത്തു പറയേണ്ട കാലമായിരുന്നു. ലൂഥര്‍ വ്യക്തിപരമായി ഒരു പരിധിവരെ മറിയത്തെ അംഗീകരിച്ചിരുന്നു. അമലോദ്ഭവവും സ്വര്‍ഗ്ഗാരോപണവും വിശ്വാസസത്യമായി പ്രഖ്യാപിച്ചിട്ടില്ലായിരുന്ന ഈ കാലത്തു മറിയത്തെ വിശ്വാസത്തിന്‍റെ മാതൃകയായി ചിത്രീകരിച്ചുകൊണ്ടാണു ലൂഥര്‍ മരിയശാസ്ത്രം വിശദീകരിച്ചത്. മറിയത്തിന്‍റെ മഹത്വവും മഹനീയസ്ഥാനവും ക്രിസ്തുവില്‍നിന്നാണെന്നും മറിയത്തെ ബഹുമാനിക്കുവാനുള്ള പ്രധാനകാരണം അവള്‍ വിശ്വാസത്തിന്‍റെ ഉദാത്തമാതൃകയായതുമാണെന്നു ലൂഥര്‍ വിശ്വസിച്ചിരുന്നു. അതോടൊപ്പം, ഒരു പരിധിവരെ മറിയത്തിന്‍റെ മാദ്ധ്യസ്ഥ്യവും മറിയത്തോടും മറിയത്തോടൊപ്പവുമുള്ള പ്രാര്‍ത്ഥനയും ലൂഥര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ മദ്ധ്യകാലഘട്ടത്തില്‍ വളര്‍ന്നുവന്ന ആശാസ്യമല്ലാത്തതും അര്‍ത്ഥമില്ലാത്തതുമായ ഭക്തിപ്രസ്ഥാനങ്ങളെ ലൂഥര്‍ എതിര്‍ത്തു പഠിപ്പിച്ചു. ഈ പഠനങ്ങളുടെ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയ ട്രെന്‍റ് കൗണ്‍സില്‍ മരിയശാസ്ത്രവിശദീകരണത്തില്‍ വളരെയധികം ശ്രദ്ധ ചെലുത്തി. മരിയശാസ്ത്ര വളര്‍ച്ചയില്‍ ദൈവശാസ്ത്രാടിസ്ഥാനം ഉണ്ടാകണമെന്നും അതു പൊതു ഭക്തിപ്രസ്ഥാനങ്ങളില്‍ ഒതുങ്ങി നില്ക്കുന്നതാകരുതെന്നും പ്രൊട്ടസ്റ്റന്‍റ് പഠനങ്ങളില്‍നിന്നും സഭപഠിച്ച ഒരു കാലമായിരുന്നു ഇത്.
ഡോ. ജോര്‍ജ്ജ് കറുകപ്പറമ്പില്‍
ഡോ. ജേക്കബ് വെള്ളിയാന്‍
mariology mariology through centuries marian history mary a study through centuries mary in history mary in christanity Dr. George Karukapparambil Dr.Jacob Velliyan Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206