x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ശാസ്ത്രവും ദൈവശാസ്ത്രവും

west ശാസ്ത്രവും ദൈവശാസ്ത്രവും / പരിണാമസിദ്ധാന്തവും ദൈവശാസ്ത്രവും

പരിണാമത്തിനും സൃഷ്ടിക്കുമിടയില്‍: ഒരു മറന്ന അദ്ധ്യായം

Authored by : Jaicek Tomshik, Grigors Bugajak On 26-May-2021

പരിണാമത്തിനും സൃഷ്ടിക്കുമിടയില്‍:
ഒരു മറന്ന അദ്ധ്യായം

 

Jaicek Tomshik, Grigors Bugajak [1]

 

ആമുഖം

മൃഗപ്രകൃതമുള്ള ലോകത്തോട് ബന്ധപ്പെട്ടതാണ് മനുഷ്യന്‍ എന്ന ജീവിവര്‍ഗ്ഗമെങ്കിലും, ലോകത്തിലെ തനതായ നമ്മുടെ നിലവാരത്തെക്കുറിച്ച് നാം ബോധവാന്മാരാണ്. 19-ാം നൂറ്റാണ്ടുവരെ സ്വീകരിക്കപ്പെട്ടിരുന്ന ജീവിവര്‍ഗ്ഗങ്ങളുടെ സ്ഥിരതയെക്കുറിച്ചുള്ള സിദ്ധാന്തം മനുഷ്യനെ ജീവലോകത്തിന്‍റെ ഉന്നതിയിലെത്തിച്ചു. ജീവിവര്‍ഗ്ഗങ്ങളുടെ സ്ഥിരത എന്ന ജീവശാസ്ത്രപരമായ ദര്‍ശനം ബൈബിള്‍ ബിംബമായ ലോകസൃഷ്ടിയുമായി പൂര്‍ണ്ണമായും യോജിച്ചുപോകുന്നതാണ്. ഉത്പത്തിപുസ്തകം ജനത്തെ, ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട പ്രത്യേകജീവികളായാണ് അവതരിപ്പിക്കുന്നത്. 19-ാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതി ചാള്‍സ് ഡാര്‍വിന്‍റെ പരിണാമസിദ്ധാന്തത്തിന്‍റെ ഉദയത്തിന് സാക്ഷ്യം വഹിച്ചു. അതിന്‍റെ പ്രസാധനത്തെ സംബന്ധിച്ച് ഡാര്‍വിനു തന്നെയും സമ്മിശ്രവികാരങ്ങളാണുണ്ടായിരുന്നത് എന്നത് ശ്രദ്ധേയമാണ്. ചാള്‍സ് ല്യെല്ലിനുള്ള കത്തില്‍ അദ്ദേഹം എഴുതി, "പ്രകൃതിശാസ്ത്രങ്ങളുടെ അധിപനായി ഞാന്‍ അങ്ങയെ കാണുന്നതിനാല്‍ പുസ്തകം മുഴുവന്‍ വായിച്ചു കഴിഞ്ഞശേഷം, ഞാന്‍ സംഗ്രഹിക്കുന്ന അവസാനഭാഗത്തെ തലക്കെട്ടുകള്‍ പുനഃപരിശോധിക്കണമെന്ന് അങ്ങയോട് വിനീതമായി അപേക്ഷിക്കുന്നു. എന്‍റെ ഗ്രന്ഥത്തിലെ വാദഗതികളുടെ സംതുലനാവസ്ഥയെക്കുറിച്ച് അംഗീകരിച്ചും വിമര്‍ശിച്ചുമുള്ള അങ്ങയുടെ വിധിയെഴുത്തിനായി വലിയ ആകാംക്ഷയോടെ ഞാന്‍ കാത്തിരിക്കുകയാണ്" (പോളിഷ് എഡിഷനില്‍ നിന്നുള്ള വിവര്‍ത്തനം) [3]. മനുഷ്യനെക്കുറിച്ച് മുമ്പ് നിലനിന്നിരുന്ന ധാരണകള്‍ അറിവുണ്ടായിരുന്നതിനാലാണ് ഡാര്‍വിന്‍ ആദ്യം സംശയിച്ചത്. അദ്ദേഹത്തിന്‍റെ സിദ്ധാന്തത്തിന്‍റെ വെളിച്ചത്തില്‍, ജൈവികനിയമങ്ങള്‍ക്കു വിധേയമാകുന്ന മറ്റു ജീവജാലങ്ങളെപ്പോലെ തന്നെ മനുഷ്യനും ജൈവികമായ ഒരു ജീവിവര്‍ഗ്ഗമാണ്. സാധ്യമായ സംഘര്‍ഷത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ ഉത്കണ്ഠ അടിസ്ഥാനമുള്ളതായിരുന്നു. അടുത്ത 150 വര്‍ഷത്തേക്ക് തന്‍റെ സിദ്ധാന്തം പഴഞ്ചൊല്ലുപോലെ കരുതപ്പെടാന്‍ പോവുകയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ഇപ്പോഴും ശാസ്ത്രജ്ഞരും ദൈവശാസ്ത്രജ്ഞരും ദാര്‍ശനികരും പരിണാമത്തെ സംബന്ധിക്കുന്ന സംവാദങ്ങളില്‍ മുഴുകുന്നു. സാധാരണയായി ഇത്തരം ചര്‍ച്ചകള്‍ പഴയ പ്രശ്നങ്ങളുടെ മേല്‍ കുറച്ച് പുതിയ വെളിച്ചം വീഴ്ത്തുകയാണ് ചെയ്യാറുള്ളത്. ഫലപ്രദമല്ലാത്ത നിരവധി വിവാദങ്ങള്‍, പുതിയ ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ പരാജയപ്പെടുന്നു എന്നത് മാത്രമല്ല, കൂടുതല്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.

പരിണാമസിദ്ധാന്തവും മനുഷ്യസൃഷ്ടിയും 


19-ാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിവരെ, ജീവിവര്‍ഗ്ഗങ്ങളുടെ സ്ഥിരത എന്ന സിദ്ധാന്തം സ്വാഭാവികശാസ്ത്രങ്ങളെല്ലാം തന്നെ സ്വീകരിച്ചിരുന്നു. ഈ സിദ്ധാന്തമനുസരിച്ച് മനുഷ്യനടക്കം എല്ലാ ജീവജാലങ്ങളും ഇപ്പോഴുള്ളതുപോലെ തന്നെയാണ് എല്ലാ കാലത്തും നിലനിന്നിരുന്നത്. വംശനാശം വന്ന ഏതെങ്കിലും ജീവികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയാല്‍ത്തന്നെ അത് വലിയ നാശത്തിന്‍റെ അടയാളമായാണ് കണക്കാക്കിയിരുന്നത്. ഒരിക്കലും കാലമെടുത്ത് ജീവിവര്‍ഗ്ഗങ്ങളില്‍ രൂപമാറ്റം വരുമെന്ന് ആരും സംശയിച്ചിരുന്നില്ല [4]. ജീവിവര്‍ഗ്ഗങ്ങളുടെ സ്ഥിരത എന്ന ആശയം ലിനസിനെ ജീവികളെ തരംതിരിക്കാന്‍ സഹായിച്ചു; ഈ സംരംഭങ്ങളുടെയെല്ലാം ഫലം അദ്ദേഹത്തിന്‍റെ പ്രസിദ്ധഗ്രന്ഥമായ 'ക്രമീകൃത പ്രകൃതി' (Systema Naturae) രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പോള്‍ ജീവിവര്‍ഗ്ഗങ്ങളുടെ സ്ഥിരത എന്ന ശാസ്ത്രീയസിദ്ധാന്തം ദൈവികസൃഷ്ടിയാലാണ് എല്ലാം ഉണ്ടായത് എന്ന ദൈവശാസ്ത്രസിദ്ധാന്തത്തോട് സമാധാനപരമായ ഐക്യത്തിലായിരുന്നു. ഉത്പത്തിപുസ്തകത്തിന്‍റെ ആദ്യ അദ്ധ്യായങ്ങളുടെ അക്ഷരാര്‍ത്ഥത്തിലുള്ള വിവരണത്തിലും കാര്യകാരണബന്ധത്തെക്കുറിച്ചുള്ള സ്കൊളാസ്റ്റിക് ചിന്തയിലും അധിഷ്ഠിതമായിരുന്നു സൃഷ്ടിചിന്ത. പൂര്‍ണ്ണത കുറഞ്ഞവയില്‍ നിന്നും കൂടുതല്‍ പൂര്‍ണ്ണമായവ ഉണ്ടാകാമെന്ന സാധ്യത ഇല്ലാതാക്കുന്ന കാര്യകാരണബന്ധത്തെ ഈ തത്വം മുന്‍കൂട്ടി മനസ്സിലാക്കിയിരുന്നു. നൂറ്റാണ്ടുകളായി ജീവിവര്‍ഗ്ഗങ്ങളുടെ സ്ഥിരതാസിദ്ധാന്തം സൃഷ്ടിവാദവുമായി താദാത്മ്യപ്പെട്ടിരുന്നതിനാല്‍ ശാസ്ത്രീയ,ദൈവശാസ്ത്രവീക്ഷണങ്ങള്‍ പരസ്പരപൂരകങ്ങളാണെന്ന് കരുതപ്പെട്ടിരുന്നു. അത് 19-ാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയോടെ അവസാനിച്ചു.

ശാസ്ത്രീയസിദ്ധാന്തമായ പരിണാമവും ദൈവശാസ്ത്രസിദ്ധാന്തമായ സൃഷ്ടിയും ചേര്‍ത്തുവച്ചതിനാലാണ് 1859-ല്‍ പ്രസിദ്ധീകരിച്ച ഡാര്‍വിന്‍റെ 'ജീവിവര്‍ഗ്ഗങ്ങളുടെ ഉത്പത്തി' എന്ന ഗ്രന്ഥം ചൂടേറിയ വിവാദങ്ങള്‍ക്ക് കാരണമായത്. ഗ്രന്ഥത്തിന്‍റെ പ്രസിദ്ധീകരണത്തോടനുബന്ധിച്ച് ശാസ്ത്രജ്ഞരും ദൈവശാസ്ത്രജ്ഞരും തമ്മില്‍ നടന്ന ചര്‍ച്ചകള്‍, പരിണാമസിദ്ധാന്തം ശരിയാണെങ്കില്‍ സൃഷ്ടിയെന്ന ബൈബിള്‍ സങ്കല്പം നിരാകരിക്കേണ്ടിവരുമെന്ന തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലുള്ളതായിരുന്നു. എന്നാല്‍ മനുഷ്യസൃഷ്ടി എന്ന ദൈവശാസ്ത്ര ആശയത്തെ ഇല്ലാതാക്കുകയല്ല, മറിച്ച് ജീവിവര്‍ഗ്ഗങ്ങളുടെ സ്ഥിരത എന്ന ജൈവികസങ്കല്പത്തെ മാത്രമാണ് ഗ്രന്ഥം എതിര്‍ത്തത് എന്നത് ആരും ശ്രദ്ധിച്ചില്ല. ദൈവത്തെ മനുഷ്യസൃഷ്ടാവ് എന്ന നിലയില്‍ നിന്ന് നിരാകരിക്കണമെന്ന് ഡാര്‍വിന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. ജീവിവര്‍ഗ്ഗങ്ങളുടെ സ്ഥിരത എന്ന ശാസ്ത്രീയ ആശയം തെറ്റാണെന്ന് മാത്രമാണ് അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത് [7].


പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ത്തന്നെ കണ്ടെത്തിയിരുന്ന ഫോസിലുകളെക്കുറിച്ചുള്ള ശാസ്ത്രീയവിവരണങ്ങള്‍ പുനഃപരിശോധിക്കാന്‍ പരിണാമസിദ്ധാന്തം പ്രചോദനം നല്കി. 1829-ല്‍ ഫിലിപ്പ് ചാള്‍സ് ഷ്മെര്‍ലിംഗ് മനുഷ്യന്‍റെ മൂന്ന് തലയോട്ടികള്‍ എംഗിഡില്‍ (ബല്‍ജിയം) കണ്ടെത്തി. ആദ്യത്തേത് തിരച്ചിലിനിടയില്‍ നശിപ്പിക്കപ്പെട്ടു. രണ്ടാമത്തേത് വലുതും ഭാരമേറിയതും ആധുനികമനുഷ്യന്‍റെ തലയോട്ടിയോട് സാദൃശ്യമുള്ളതും ആയിരുന്നു. ഒരു കുട്ടിയുടേതെന്ന് തോന്നിപ്പിച്ച മൂന്നാമത്തേത് ചില പ്രത്യേകതകള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. കാലഘട്ടങ്ങളിലൂടെ മനുഷ്യന്‍ ഒരു രൂപാന്തരീകരണ പ്രക്രിയയ്ക്ക് വിധേയപ്പെട്ടിരിക്കുന്നുവെന്ന് ഷ്മെര്‍ലിംഗ് അനുമാനിച്ചു [8]. 1833-ല്‍ ബല്‍ജിയം സന്ദര്‍ശിച്ച ചാള്‍സ് ല്യെല്‍ കുട്ടിയുടെ തലയോട്ടി പരിശോധിക്കുകയും ഷ്മെര്‍ലിംഗിന്‍റെ നിര്‍ദ്ദേശങ്ങളെല്ലാം പൂര്‍ണ്ണമായി നിരാകരിക്കുകയും ചെയ്തു. ല്യെല്ലിന്‍റെ അഭിപ്രായത്തില്‍ തലയോട്ടി സാധാരണ ഒന്നുമാത്രമാണ്. വിമര്‍ശനവിധേയമായതിനാല്‍ ഷ്മെര്‍ലിഗ് ആ ഫോസിലുകളെല്ലാം ലീജ് സര്‍വ്വകലാശാലയ്ക്ക് കൈമാറി. ഏകദേശം ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷം 1848-ല്‍ ദുരൂഹസാഹചര്യങ്ങളില്‍ ഫോര്‍ബ്സ് ക്വാറിയില്‍ (ജിബ്രാള്‍ട്ടര്‍) മറ്റൊരു മനുഷ്യതലയോട്ടി കൂടി കണ്ടെത്തി. അതിന് തള്ളിനില്ക്കുന്ന പുരികവും വിശാലമായ നെറ്റിത്തടവുമുണ്ടായിരുന്നു. പക്ഷേ ജിബ്രാള്‍ട്ടറിലെ കണ്ടെത്തല്‍ ഒരു സ്വാഭാവികവൈകല്യമായി മാത്രം പരിഗണിക്കപ്പെടുകയും ഫോസില്‍ ലണ്ടനിലെ റോയല്‍ മ്യൂസിയം ഓഫ് സര്‍ജറിയിലേക്ക് മാറ്റുകയും ചെയ്തു [9]. ജീവവര്‍ഗ്ഗങ്ങളുടെ സ്ഥിരത എന്ന ആശയത്താല്‍ പല സുപ്രധാന കണ്ടെത്തലും അവഗണിക്കപ്പെട്ടു. കണ്ടെത്തപ്പെട്ട ഫോസിലുകള്‍ പുരാതനമനുഷ്യരുടേതാവാമെന്നും അവര്‍ ഇപ്പോഴുള്ള മനുഷ്യരില്‍ നിന്നും വ്യത്യസ്തമായ ഒരു ജീവിവര്‍ഗ്ഗമായിരിക്കാമെന്നും ഉള്ള ആശയത്തെ അഭിമുഖീകരിക്കാന്‍ ജീവശാസ്ത്രജ്ഞര്‍ക്ക് സാധിക്കുമായിരുന്നില്ല. മാത്രമല്ല, ബല്‍ജിയത്തില്‍ നിന്നും ജിബ്രാള്‍ട്ടറില്‍ നിന്നും കണ്ടെടുത്ത അവശിഷ്ടങ്ങള്‍ രോഗബാധിതരും അംഗവൈകല്യമുള്ളവരുമായി മനുഷ്യരുടേതാണെന്നും അവര്‍ തെറ്റിദ്ധരിച്ചു.

1856-ല്‍ യാദൃശ്ചികമായി പുരാതന മനുഷ്യന്‍റെ അവശിഷ്ടം ജര്‍മനിയിലെ നിയാണ്ടര്‍താലില്‍നിന്നും കണ്ടെടുക്കപ്പെട്ടു. ബോണിലെ അനാട്ടമി പ്രൊഫസറായിരുന്ന ഹെര്‍മന്‍ ഷാഫ്ഹൗസന്‍ ഈ അവശിഷ്ടങ്ങള്‍ക്ക് പുതിയ ഒരുപേര് നല്കാന്‍ തീരുമാനിച്ചു. കാരണം നിരവധി പ്രത്യേകതകള്‍ കൊണ്ട അവ നമ്മുടെ ജീവിവര്‍ഗ്ഗത്തില്‍ നിന്ന് (ഹോമോ സാപ്പിയന്‍സ്) [10] വ്യത്യാസപ്പെട്ടിരുന്നു. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ അവ മനുഷ്യനു മുമ്പുള്ള ഒരു ജീവിവര്‍ഗ്ഗത്തിന്‍റെ ഭാഗമാണ്. അദ്ദേഹത്തിന്‍റെ പഠനങ്ങള്‍ അക്കാലഘട്ടത്തിലെ നിരവധി പ്രമുഖ നരവംശശാസ്ത്രപഠനങ്ങള്‍ക്കും വിരുദ്ധമായിരുന്നു. ആ അസ്ഥികള്‍ ഒരു വിഡ്ഡിയുടേതാണെന്ന് പ്രസിദ്ധനരവംശശാസ്ത്രജ്ഞനായിരുന്ന കാര്‍ട്ടര്‍ ബ്ലെയ്ക് അഭിപ്രായപ്പെട്ടു [11]. ബര്‍ണാര്‍ഡ് ഡേവിഡ് എന്ന ഫിസിഷ്യന്‍റെ അഭിപ്രായത്തില്‍ മുന്നോട്ടുന്തിയ പുരികത്തോടു കൂടിയ വലിയ തലയോട്ടി നിരവധി മാറ്റങ്ങളുടെ അടയാളങ്ങള്‍ സംവഹിക്കുന്നുണ്ട് [12]. നിയാണ്ടര്‍താല്‍ അവശിഷ്ടങ്ങള്‍ പ്രത്യേക ജീവിവര്‍ഗ്ഗമായി തരംതിരിക്കണമെന്ന ഷോഫ്ഹൗസന്‍റെ നിര്‍ദ്ദേശം ഓഗസ്റ്റ് ഫ്രാന്‍സ് മെയര്‍ വിമര്‍ശിച്ചു. ആ അവശിഷ്ടങ്ങള്‍ 1814-ല്‍ റഷ്യന്‍ സൈന്യം നെപ്പോളിയന്‍റെ പടയെ ആക്രമിച്ച കാലത്ത് ജര്‍മ്മനിയിലെത്തിച്ചേര്‍ന്ന ഒരു കോസക്കിന്‍റേതാണെന്ന് അദ്ദേഹം വാദിച്ചു. ജര്‍മ്മനിയിലെ പ്രശസ്ത രോഗവിജ്ഞാനീയ വിദഗ്ദനായ റുഡോള്‍ഫ് റിച്ചോവും ഈ സിദ്ധാന്തത്തെ സ്വീകരിച്ചില്ല. 1873-ല്‍, വീസ്ബേഡനില്‍ നടന്ന അന്തര്‍ദ്ദേശീയ നരവംശശാസ്ത്ര സമ്മേളനത്തില്‍ വിര്‍ച്ചോവ് തന്‍റെ തന്നെ ഗവേഷണഫലങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു.

അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍, നിയാണ്ടര്‍താല്‍ അവശിഷ്ടങ്ങള്‍ ചെറുപ്പകാലത്ത് റിക്കെറ്റ്സ് (അസ്ഥികള്‍ക്ക് ബലമില്ലാത്ത അവസ്ഥ) ഉണ്ടായിരുന്ന ഒരു മനുഷ്യന്‍റേതു തന്നെയാണ്; അല്ലാതെ മനുഷ്യന്‍റെ പൂര്‍വ്വികന്‍റേതല്ല! 1892-ല്‍ ഉം-ലും അദ്ദേഹം ഇതേ അഭിപ്രായങ്ങള്‍ ആവര്‍ത്തിക്കുകയുണ്ടായി. നിയാണ്ടര്‍താല്‍ താഴ്വരയില്‍ നിന്നുള്ള ആ മുടന്തന് മറ്റുള്ളവരുടെ സഹായമില്ലാതെ അതിജീവിക്കാന്‍ കഴിയുകയില്ലായിരുന്നു. പരസ്നേഹം ആധുനികമനുഷ്യന്‍റെ മാത്രം പ്രത്യേകതയാണ് എന്നും അദ്ദേഹം വാദിച്ചു. അതിനാല്‍ നിയാണ്ടര്‍താല്‍ ജീവികള്‍ക്ക് പരസ്നേഹമുണ്ടായിരുന്നെങ്കില്‍ അവ മനുഷ്യവര്‍ഗ്ഗത്തിന്‍റെ തന്നെ ഭാഗമാണ്. ഒരു രോഗവിജ്ഞാനീയവിദഗ്ദനായിരുന്നതിനാല്‍ വിര്‍ച്ചോവ് സിഫിലിസും, റിക്കെറ്റ്സും ബാധിച്ച മനുഷ്യാസ്ഥികള്‍ സ്ഥിരമായി പരിശോധിച്ചിരുന്നു. ഇത്തരം രോഗങ്ങള്‍ കാരണമുണ്ടാകുന്ന മാറ്റങ്ങളും അദ്ദേഹത്തിന് പരിചിതമായിരുന്നു. അതിനാല്‍ത്തന്നെ രോഗത്തിന്‍റെ യാതൊരു ലക്ഷണവുമില്ലാതിരുന്ന ഫോസിലില്‍ റിക്കെറ്റ്സിന്‍റെ ലക്ഷണങ്ങള്‍ അദ്ദേഹം കണ്ടെത്തിയത് അത്ഭുതം തന്നെയാണ്. ആധുനികമനുഷ്യന് മുന്ഗാമികളുണ്ടാകാന്‍ സാധ്യതയില്ലാത്ത ജീവിവര്‍ഗ്ഗങ്ങളുടെ സ്ഥിരത എന്ന ആശയത്തെ അങ്ങനെ വിര്‍ച്ചോവ് ദീര്‍ഘകാലം സംരക്ഷിച്ചു പോന്നു.

1902-ല്‍ മരിക്കുന്നതുവരെ നിയാണ്ടര്‍താല്‍ മനുഷ്യന്‍ എന്ന ഒരു പ്രത്യേക ജീവിവര്‍ഗ്ഗത്തിന്‍റെ അവശിഷ്ടമാണതെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നില്ല. ഡാര്‍വിന്‍റെ ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ടതിനു ശേഷം മാത്രമാണ് ഈ കണ്ടുപിടുത്തങ്ങളെല്ലാം മനുഷ്യന്‍റെ ആദിരൂപങ്ങളുടെ അവശിഷ്ടങ്ങളാണെന്ന് തിരിച്ചറിയപ്പെട്ടത്. എല്ലാ ജീവരൂപങ്ങളും ഒരേ പൈതൃകത്തില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നതാണ് അദ്ദേഹത്തിന്‍റെ സിദ്ധാന്തം. അതായത്, നിലനില്ക്കുന്നതും നശിച്ചുപോയതുമായ എല്ലാ ജീവിവര്‍ഗ്ഗങ്ങളും രൂപപ്പെട്ടത് ഒരേയൊരു പൊതുപൂര്‍വ്വികനില്‍ നിന്നാണ്. 19,20 നൂറ്റാണ്ടുകളില്‍ ഏഷ്യയിലും യൂറോപ്പിലും നടന്ന ഗവേഷണങ്ങള്‍ പരിണാമസിദ്ധാന്തത്തോടാണ് കൂടുതലും കൂറു പുലര്‍ത്തിയത്; സ്ഥിരതാസിദ്ധാന്തത്തോടല്ല. പഴയ കണ്ടുപിടുത്തങ്ങളുടെ പുനര്‍വിശദീകരണത്തോടൊപ്പം ഡാര്‍വിന്‍റെ വിവാദകരമായ സിദ്ധാന്തവും ദൈവശാസ്ത്രജ്ഞര്‍ക്കിടയില്‍ വലിയ ഭീതി ഉളവാക്കി.


ഡാര്‍വിന്‍റെ സിദ്ധാന്തത്തെ ദൈവികസൃഷ്ടി എന്ന സങ്കല്പത്തിനെതിരായുള്ള അപകടകരമായ ഭീഷണിയായിട്ടാണ് നിരവധി ദൈവശാസ്ത്രജ്ഞര്‍ കണക്കിലെടുത്തത്. പരിണാമവാദം നിരീശ്വരത്വത്തിലേക്ക് നയിക്കുന്നുന്ന എന്നതിനാല്‍ അവര്‍ക്ക് അത് സ്വീകാര്യമായിരുന്നില്ല. ഉദാഹരണത്തിന്, ജോസഫ് പോള്‍ തന്‍റെ ഡോഗ്മാറ്റിക്സ് പാഠപുസ്തകത്തില്‍, ഉത്പത്തിയിലെ സൃഷ്ടിവിവരണം യഥാര്‍ത്ഥവും അക്ഷരാര്‍ത്ഥത്തില്‍ സത്യവുമാണെന്ന് വാദിച്ചിരുന്നു. അതിനാല്‍ ആദ്യമനുഷ്യന്‍റെ ശരീരത്തെ സൃഷ്ടിച്ച ദൈവത്തെ ഡാര്‍വിനിസം അപമാനിച്ചുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു [14]. അക്കാലഘട്ടത്തില്‍ കത്തോലിക്കാസഭയില്‍ ഏറെ ശ്രദ്ധേയനായിരുന്ന കാര്‍ഡിനല്‍ ഏണസ്റ്റോ റുഫീനിയും ഇതേ നിരീക്ഷണങ്ങളാണ് നടത്തിയത്[15]. 1909 ജൂണ്‍ 30-ന് താഴെപ്പറയുന്ന കാര്യങ്ങളും വിശ്വാസത്തിന്‍റെ അടിസ്ഥാനസത്യങ്ങളുടെ ഭാഗമാണെന്നു പ്രഖ്യാപിച്ചുകൊണ്ട് പേപ്പല്‍ ബിബ്ലിക്കല്‍ കൗണ്‍സില്‍ കത്തോലിക്കര്‍ക്കായി പ്രത്യേകരേഖ പുറപ്പെടുവിച്ചു: (1) ആദ്യമനുഷ്യന്‍റെ നേരിട്ടുള്ള സൃഷ്ടാവ് ദൈവമാണ്; (2) പുരുഷന്‍റെ ശരീരത്തില്‍ നിന്നാണ് സ്ത്രീ ഉത്ഭവിക്കുന്നത്; (3) മനുഷ്യവംശത്തിന് ഒരേയൊരു തുടക്കമേ ഉള്ളു [16].

ശാസ്ത്രജ്ഞരാകട്ടെ തിരിച്ച് ബൈബിള്‍ പ്രസ്താവനകള്‍ ശാസ്ത്രീയകണ്ടുപിടുത്തങ്ങള്‍ക്കു വിരുദ്ധമാണെന്ന് വാദിക്കുകയും മനുഷ്യസൃഷ്ടിയെന്ന ദൈവശാസ്ത്രസങ്കല്പം തികച്ചും തെറ്റാണെന്ന് അനുമാനിക്കുകയും ചെയ്തു.ശാസ്ത്രവും ദൈവശാസ്ത്രവും തമ്മിലുള്ള കയ്പേറിയ ഇത്തരം ഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തിലാണ് മനുഷ്യരൂപവത്കരണപ്രക്രിയയെക്കുറിച്ചുള്ള വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉടലെടുക്കുന്നത്. ഉദാഹരണത്തിന്, ജന്‍സന്‍സ് തന്‍റെ "സുമ്മ തിയളോജിക്ക"യില്‍ പ്രസ്താവിക്കുന്നത് ദൈവം മനുഷ്യസൃഷ്ടിയില്‍ നേരിട്ട് ഇടപെട്ടിരുന്നു എന്നാണ്. എന്നാല്‍ മനുഷ്യശരീരം ആദ്യമായി രൂപപ്പെട്ടത് എപ്രകാരമാണെന്ന് ദൈവശാസ്ത്രകാഴ്ചപ്പാടില്‍ അത്ര പ്രധാനപ്പെട്ടതല്ലെന്നും അദ്ദേഹം പറയുന്നു [17]. നിലനില്ക്കുന്ന പദാര്‍ത്ഥത്തില്‍ നിന്ന് മനുഷ്യശരീരവും ഇല്ലായ്മയില്‍ നിന്ന് അവന്‍റെ ആത്മാവും ദൈവം സൃഷ്ടിച്ചുവെന്നു പറയുമ്പോള്‍ മനുഷ്യന്‍റെ പരിണാമാത്മക ഉത്ഭവത്തിന്‍റെ സാദ്ധ്യത ബര്‍ണാര്‍ഡ് ബാര്‍ട്ട്മാനും തള്ളിക്കളയുന്നില്ല [18].

പരിണാമം എന്ന ആശയം നിഷേധിക്കാനാവാത്ത വിധം പുതിയ കണ്ടുപിടുത്തങ്ങളുണ്ടായപ്പോള്‍ മറ്റു ദൈവശാസ്ത്രജ്ഞരും ഇതേ പാത പിന്തുടര്‍ന്നു. (ഇക്കാലഘട്ടത്തിനുള്ളില്‍ മനുഷ്യന്‍റെ ഘട്ടം ഘട്ടമായുള്ള പരിണാമത്തിന്‍റെ നിരവധി തെളിവുകള്‍ പുറത്തുവന്നിരുന്നു: 1890/91-ല്‍ ബെയ്ജിംഗിനടുത്ത് പിത്തെക്കാന്‍ത്രോപൂസ് ഇറെക്തൂസ്, 1908-ല്‍ ലാക്വിനായില്‍ നിയാണ്ടര്‍താല്‍, 1929-ല്‍ സാക്കോപസ്തോരെ, 1924-ല്‍ ടോങ്ങില്‍ ഓസ്ട്രലോപിത്തെക്കൂസ് ആഫ്രിക്കാനൂസ് എന്നിവ). സൃഷ്ടിവാദത്തെ പ്രകൃതിശാസ്ത്രവുമായി സമന്വയിപ്പിക്കാന്‍ ശ്രമിച്ച ആദ്യ ദൈവശാസ്ത്രജ്ഞന്‍ ഹ്യൂബര്‍ട്ട് ജങ്കര്‍ ആണ്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ ആദിമാതാപിതാക്കളുടെ സൃഷ്ടികഥ മനുഷ്യസൃഷ്ടിയുടെ വിവിധഘട്ടങ്ങളെക്കുറിച്ചുള്ള ചരിത്രവിവരണം എന്നതിനേക്കാള്‍ മനുഷ്യപ്രകൃതത്തേയും മഹത്വത്തേയും കുറിച്ചുള്ള സത്യം അവതരിപ്പിക്കുന്ന ഒരു വിവരണം മാത്രമായിരുന്നു [19].


അപ്രകാരം ലെയോ പതിമൂന്നാമന്‍ മാര്‍പാപ്പയുടെ ചാക്രികലേഖനമായ "പ്രൊവിദെന്തിമൂസ് ദേവൂസി"ന്‍റെ (1893) നിര്‍ദ്ദേശങ്ങള്‍ ജങ്കര്‍ പിഞ്ചെന്നു. അപ്രമാദിത്വമുള്ള അറിവിന്‍റെ ഉറവിടമാണ് ബൈബിളെന്നും, അതില്‍ നിന്നും ദൈവശാസ്ത്രപരമല്ലാത്ത യാതൊരു നിഗമനങ്ങളും ഉണ്ടാകരുതെന്നും പാപ്പ പഠിപ്പിച്ചു. ഈ രേഖയില്‍ നാം വായിക്കുന്നു: "അപ്പസ്തോലന്മാര്‍ക്ക് ശേഷം വളര്‍ന്ന സഭ നാമ്പെടുക്കപ്പെടുവാന്‍ സഹായിക്കുകയും നനയ്ക്കുകയും നിര്‍മ്മിക്കുകയും സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്ത പിതാക്കന്മാരുടെ ശ്രേഷ്ഠമായ അധികാരം, എല്ലാവരും ഒരുമിച്ച് ഒരേരീതിയില്‍ വിശ്വാസത്തിന്‍റെയും ധാരമ്മികതയുടേയും തത്വങ്ങളോട് ബന്ധപ്പെടുത്തി ബൈബിള്‍ പാഠത്തെ വ്യാഖ്യാനിക്കുകയാണ് ചെയ്തിട്ടുള്ളത്." [20]

മനുഷ്യന്‍റെ ഉത്ഭവത്തോടു ബന്ധപ്പെട്ട ക്രിസ്തീയവീക്ഷണവും പരിണാമസിദ്ധാന്തവും തമ്മില്‍ സമന്വയിപ്പിക്കുന്നതിനുള്ള ശ്രമം പിന്നീട് നടത്തിയത് 20-ാം നൂറ്റാണ്ടില്‍ ഫ്രഞ്ച് ജസ്യൂട്ടായിരുന്ന തെയ്യാര്‍ദ്ദ് ഷര്‍ദ്ദാനാണ്. ഒരു ദൈവശാസ്ത്രജ്ഞനും ശാസ്ത്രജ്ഞനുമെന്ന നിലയില്‍ അദ്ദേഹം എല്ലായ്പോഴും പരിണാമസങ്കല്പത്തെ പിന്താങ്ങിയിരുന്നു. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ പ്രകൃതിശാസ്ത്രങ്ങള്‍ ദൈവശാസ്ത്രവുമായി സംഘര്‍ഷത്തിലേര്‍പ്പെടേണ്ട ആവശ്യമില്ല. കാരണം, ക്രമബദ്ധമായ സംഭവങ്ങളുടെ തുടര്‍ച്ചയെ നിര്‍വ്വചിക്കുക മാത്രം ചെയ്യുന്ന കാര്യകാരണബന്ധത്തിന്‍റെ ജൈവശാസ്ത്രപരമായ ഒരു വ്യത്യസ്താശയമാണ് ആദ്യത്തേത് ഉപയോഗിച്ചിരുന്നത്. മറുവശത്ത്, ദൈവശാസ്ത്രം സത്താപരമായ കാര്യകാരണബന്ധത്തെ, ഉയര്‍ന്നതരം അസ്തിത്വത്തില്‍ ആശ്രയിക്കുന്ന താഴ്ന്നതരം അസ്തിത്വങ്ങളെയാണ് കൈകാര്യം ചെയ്യുന്നത്. സമയത്തിനതീതമായി പ്രവര്‍ത്തിക്കുന്ന ദൈവത്തിന്‍റെ സൃഷ്ടികര്‍മ്മം മൂര്‍ത്തവും കാലബന്ധിയുമായ കാരണങ്ങളോട് താരതമ്യപ്പെടുത്താനാവില്ല. അതിനാല്‍ ഒരുവന് പരിണാമസിദ്ധാന്തം സ്വീകരിക്കുകയും സൃഷ്ടി എന്ന ആശയത്തില്‍ വിശ്വസിക്കുകയും ചെയ്യാം [21].
ജങ്കര്‍, തെയ്യാര്‍ദ്ദ് ഷര്‍ദ്ദാന്‍ എന്നിവരുടെ ആശയങ്ങള്‍ ദൈവശാസ്ത്രത്തെ സ്വാഭാവികനരവംശശാസ്ത്രത്തില്‍ നിന്ന് വേര്‍പെടുത്തുന്ന പ്രക്രിയ തുടങ്ങിവച്ചു. ശാസ്ത്രീയസിദ്ധാന്തങ്ങള്‍ ബൈബിള്‍ പാഠങ്ങളോ ദൈവശാസ്ത്ര അറിവുകളോ ആധാരമാക്കി വിശകലനം ചെയ്യരുതെന്ന് സഭാധികാരികളും ദൈവശാസ്ത്രജ്ഞരും തീരുമാനിച്ചപ്പോള്‍ പരിണാമസിദ്ധാന്തവും സൃഷ്ടിസങ്കല്പവും തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കുന്നതിനുള്ള ഒരു സാദ്ധ്യത പ്രത്യക്ഷപ്പെട്ടു. മറ്റു വാക്കുകളില്‍, വേര്‍തിരിവിന്‍റെ സമാധാനമേഖലയിലാണ് പരിഹാരം കണ്ടെത്തപ്പെട്ടത്. രീതിശാസ്ത്രപരമായി ശരിയും ശക്തവുമായ ഇത്തരമൊരു പരിഹാരം യഥാര്‍ത്ഥത്തില്‍ തൃപ്തികരമായിരിക്കേണ്ടതുണ്ട് [22].

പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പരിണാമസിദ്ധാന്തവും സൃഷ്ടിവാദവും തമ്മിലുള്ള സംഘര്‍ഷം അവസാനിച്ചത് 1950-കളിലാണ്. ഭൗതികേതരമായ ആത്മാവുമായി മനുഷ്യശരീരം ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ദൈവമാണ് മനുഷ്യന്‍റെ സ്രഷ്ടാവ് എന്ന് 1948-ല്‍ കാര്‍ഡിനല്‍ അച്ചിലെ ലിയനാര്‍ട്ട് പ്രഖ്യാപിച്ചു. പരിണാമസിദ്ധാന്തം പോലൊരു ശാസ്ത്രീയസങ്കല്പത്തെ ചോദ്യം ചെയ്യാന്‍ വി.ഗ്രന്ഥവും ദൈവശാസ്ത്ര അറിവുകളും ഉപയോഗപ്പെടുത്തരുതെന്ന് ദൈവശാസ്ത്രജ്ഞര്‍ സമ്മതിച്ചു [23]. "ഹ്യുമാനി ജെനേരിസ്" എന്ന തന്‍റെ ചാക്രികലേഖനത്തില്‍ 1950-ല്‍ പന്ത്രണ്ടാം പിയൂസ് പാപ്പ എഴുതി: "ഇക്കാരണങ്ങളാല്‍, മാനവിക ശാസ്ത്രങ്ങളുടെയും പരിശുദ്ധ ദൈവശാസ്ത്രത്തിന്‍റെയും ഇപ്പോഴത്തെ അവസ്ഥയോട് പൊരുത്തപ്പെട്ടുകൊണ്ട് നടത്തുന്ന ഗവേഷണങ്ങളും ചര്‍ച്ചകളും പരിണാമബന്ധിയാകുന്നതിന് സഭയുടെ പ്രബോധനാധികാരം വിലക്കു കല്പിക്കുന്നില്ല . . ." [24]. അങ്ങനെ വെളിപ്പെടുത്തപ്പെട്ട സത്യവും പരിണാമസിദ്ധാന്തവും തമ്മിലുള്ള സംവാദത്തിന് താത്കാലിക വിരാമമായി. വിശ്വാസത്തിനെതിരെയുള്ള ഭീഷണിയും മാറിക്കിട്ടി.

പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സയന്‍സിനു നല്കിയ അഭിസംബോധനയില്‍ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ സൂചിപ്പിച്ചതുപോലെ സഭയും ദൈവശാസ്ത്രജ്ഞരും ഈ വിഷയത്തില്‍ താത്പര്യമുള്ളവരായിത്തുടരണം. "ആ ചാക്രികലേഖനം (ഹ്യുമാനേ ജെനേരിസ്) പ്രത്യക്ഷപ്പെട്ട് അമ്പതു വര്‍ഷങ്ങള്‍ക്കുശേഷം ഇന്ന്, പുതിയ ചില കണ്ടുപിടുത്തങ്ങള്‍ പരിണാമസിദ്ധാന്തം മാത്രമല്ല എന്ന് നമ്മെ അനുസ്മരിപ്പിക്കുന്നു. വെളിപാടനുസരിച്ച് ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യനെ പരിഗണിക്കുന്നതിനാല്‍ പരിണാമസിദ്ധാന്തത്തില്‍ സഭയുടെ പ്രബോധനാധികാരം നേരിട്ടുള്ള താത്പര്യം പ്രകടിപ്പിക്കുന്നു" [25].

ദൈവശാസ്ത്രചിന്തയില്‍ പരിണാമപ്രശ്നത്തിനുള്ള പ്രാധാന്യം ഇനിയും നിരവധി ദൈവശാസ്ത്രജ്ഞന്മാരില്‍ എത്തിച്ചേരാനുണ്ട്. ചിലര്‍ ഈ പ്രശ്നത്തെ പൂര്‍ണമായും അവഗണിക്കുന്നു. മറ്റു ചിലര്‍ പ്രതിസന്ധികളുണ്ടാകുമ്പോള്‍, പരിണാമം വെറുമൊരു സങ്കല്പം മാത്രമാണ് എന്ന കാലഹരണപ്പെട്ട പഴയ വാദങ്ങളിലേക്ക് തിരിച്ചുപോകുന്നു. അങ്ങനെ അവര്‍ ഡാര്‍വിനിസം സത്യവിശ്വാസത്തിന്‍റെ ഏറ്റവും വലിയ ശത്രുവായി കണക്കാക്കപ്പെട്ടിരുന്ന കാലത്തെത്തുന്നു. പത്തൊമ്പാതാം നൂറ്റാണ്ടിന്‍റെ അവസാനഭാഗത്തിലെയും ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭഭാഗത്തിലെയും ചരിത്രം നന്നായി പഠിക്കുന്നത് നല്ലതാണ്.

 

figure 1: മനുഷ്യോത്പത്തിയെക്കുറിച്ചുള്ള പ്രശ്നത്തില്‍ ശാസ്ത്രീയദൈവശാസ്ത്രസമീപനങ്ങള്‍
ഉത്ഭവപാപവും മോണോജെനിസവും

ഉത്പത്തിപുസ്തകം ആദിമാതാപിതാക്കളുടെ പാപത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. അവരുടെ വീഴ്ചയുടെ പരിണിതഫലങ്ങള്‍ മനുഷ്യവംശത്തെയാകമാനം സ്വാധീനിക്കുകയുണ്ടായി. ഈ ബൈബിള്‍ ബിംബമാണ് എല്ലാ മനുഷ്യര്‍ക്കും ഒരു ഏകജോഡി പൂര്‍വ്വികമാതാപിതാക്കളുണ്ടെന്ന അനുമാനത്തിന്‍റെ അടിസ്ഥാനം: ആദവും ഹവ്വയും [26]. വിശുദ്ധ ഗ്രന്ഥത്തിന്‍റെ അക്ഷരാര്‍ത്ഥത്തിലുള്ള വ്യാഖ്യാനം ഉത്ഭവപാപത്തെ മോണോജെനിസവുമായി കൂട്ടിക്കുഴയ്ക്കുന്നതില്‍ കലാശിച്ചു. ഉത്ഭവപാപത്തെ സംബന്ധിക്കുന്ന ദൈവശാസ്ത്രസത്യം ഒരു ജൈവശാസ്ത്ര അനുമാനത്തില്‍ നിന്നല്ല രൂപപ്പെട്ടതെന്ന് 1940-കള്‍ വരെ ആരും ശ്രദ്ധിച്ചിരുന്നില്ല. നിരവധി ദൈവശാസ്ത്രഗ്രന്ഥങ്ങള്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ മനുഷ്യവംശത്തിന്‍റെ ഏകപൈതൃകത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. അത് പ്രകൃതിശാസ്ത്രങ്ങളുടെ ആശയങ്ങളോട് പൊരുത്തപ്പെടുന്നവയുമായിരുന്നു. ഉദാഹരണത്തിന്, ഫ്രാന്‍സ് ഡിയെക്കസ് ഉത്ഭവപാപത്തെക്കുറിച്ചുള്ള പഠനങ്ങള്‍ സ്വീകരിക്കുന്നതിന് അവശ്യസാഹചര്യമായി മോണോജെനിസത്തെ അവതരിപ്പിക്കുന്നു [27]. അതിനാല്‍ ദൈവശാസ്ത്രം താഴെപ്പറയുന്ന യുക്തിവാദം സ്വീകരിച്ചു: എല്ലാ മനുഷ്യരും ഉത്ഭവപാപത്താല്‍ സഹനം നേരിടുന്നെങ്കില്‍, എല്ലാവര്‍ക്കും കൂടി ഒരു പൂര്‍വ്വികനേ ഉണ്ടാകാനിടയുള്ളു; അതായത് ബൈബിളിലെ ഉത്പത്തിയില്‍ പറയുന്ന കഥയിലെ ആദം എന്ന വ്യക്തി [28].
1941-ല്‍ പന്ത്രണ്ടാം പിയൂസ് പാപ്പ "ദിവിനേ അഫ്ളാന്തേ സ്പിരിത്തൂ" എന്ന ചാക്രികലേഖനം പുറപ്പെടുവിച്ചു. അതില്‍ അദ്ദേഹം മനുഷ്യസൃഷ്ടിയെക്കുറിച്ചുള്ള വിവരണത്തിന്‍റെ അക്ഷരാര്‍ത്ഥത്തിലുള്ള വ്യാഖ്യാനം നിഷേധിച്ചു; ഒപ്പം അതിന്‍റെ പുനര്‍വിശദീകരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു [29]. പേപ്പല്‍ ഉപദേശത്തെ തുടര്‍ന്ന് പഠനമാരംഭിച്ച ഒരു പ്രധാന പ്രശ്നമാണ് ഉത്ഭവപാപം. ഉത്ഭവപാപം സാര്‍വ്വത്രികമാണെന്ന്, അതായത് എല്ലാ മനുഷ്യരും അതിന് വിധേയമാണെന്ന് സൂചിപ്പിക്കുകയുണ്ടായി. ഈ നിഗമനം ദൈവശാസ്ത്രത്തില്‍ അനിവാര്യമാണ്. കാരണം രക്ഷയുടെ ആവശ്യകതയെ സാക്ഷ്യപ്പെടുത്തുന്നത് അതാണ്. രൂപീകരിക്കപ്പെട്ട കാലത്ത് ആദത്തിന്‍റെയും ഹവ്വയുടെയും അസ്തിത്വത്തെക്കുറിച്ചുള്ള പഠനവും പ്രബലപ്പെട്ടു. കാരണം ഉത്ഭവപാപത്തിന്‍റെ നിലനില്പിന് എല്ലാ മനുഷ്യര്‍ക്കും പൊതുവായി ഏകജോഡി മാതാപിതാക്കള്‍ അനിവാര്യമായിരുന്നു. ഈ അനുമാനം പിന്താങ്ങുന്നതിനുള്ള തെളിവുകള്‍ അന്വേഷിച്ചപ്പോള്‍ മോണോജനിസം ഒരു ഉത്തമമാര്‍ഗ്ഗമായി ചില ദൈവശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തി. അവരുടെ ആവശ്യങ്ങള്‍ക്കുള്ള ഉത്തരമായി ഈ ചിന്തയെ അവര്‍ രൂപപ്പെടുത്തി: മനുഷ്യവംശത്തിന്‍റെ ആരംത്തില്‍ "എല്ലാവരുടെയും മാതാപിതാക്കള്‍" ആയ ഒരു ഏകജോഡി മനുഷ്യര്‍ ഉണ്ടായിരുന്നുവെന്ന് അനുമാനിക്കപ്പെട്ടു. ഇത് ശാസ്ത്രജ്ഞര്‍ക്കിടയില്‍ നിന്നും എതിര്‍പ്പുകള്‍ നേരിട്ടു. കാരണം പുരാതനനരവംശശാസ്ത്രം മനുഷ്യവംശത്തിന്‍റെ ആരംഭത്തെ ജനസംഖ്യയോട് ബന്ധപ്പെടുത്തിയാണ് സംസാരിക്കുന്നത്. അതിനാല്‍ മനുഷ്യവര്‍ഗ്ഗം മുഴുവന്‍ ഒരു ഏകജോഡിയില്‍ നിന്നാണ് രൂപപ്പെട്ടതെന്ന വാദം അവര്‍ക്കു സ്വീകരിക്കാനായില്ല. ഏക/ബഹു കേന്ദ്രീകൃതവാദമാണ് യഥാര്‍ത്ഥത്തില്‍ ശാസ്ത്രത്തിന്‍റെ പ്രശ്നം. അതായത്, മനുഷ്യവംശം ഒരു ജനസമൂഹത്തില്‍ നിന്നാണോ അതോ പല ജനസമൂഹങ്ങളില്‍ നിന്നാണോ രൂപംകൊണ്ടത് എന്ന പ്രശ്നം. ഏകകേന്ദ്രീകൃതവാദത്തിന് അനുകൂലമായി തീരുമാനങ്ങള്‍ സ്വീകരിക്കപ്പെട്ടാല്‍ പോലും അത് ദൈവശാസ്ത്രജ്ഞര്‍ക്ക് സ്വീകാര്യമായ ഒരു പരിഹാരമായിരിക്കില്ല. പരമ്പരാഗതപ്രബോധനമനുസരിച്ചുള്ള ആദം ചെയ്തതും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടതുമായ പാപം ഒരു ജനസമൂഹത്തിന് ചെയ്യാനാവില്ല.

ഉത്ഭവപാപത്തെ സംബന്ധിക്കുന്ന ദൈവശാസ്ത്രപഠനങ്ങള്‍ ശാസ്ത്രീയകണ്ടുപിടുത്തങ്ങളോട് അനുരജ്ഞനപ്പെടുത്താന്‍ 1950-കളില്‍ നടന്ന വ്യത്യസ്ത ശ്രമങ്ങള്‍ അത് വിഷമകരമാണെന്ന് ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന്, ജീവശാസ്ത്രത്തിന് മോണോജെനിസത്തിന്‍റെ പ്രശ്നത്തെ കൈകാര്യം ചെയ്യാനാവില്ലെന്ന് വിട്ടോറിയോ മര്‍ക്കോസി വാദിക്കുന്നു [30]. പ്രകൃതിശാസ്ത്രങ്ങളുടെ അടിസ്ഥാനത്തില്‍ മോണോജെനിസം തെളിയിക്കുന്നതിനുള്ള യാതൊരു സാധ്യതയും "ഡോഗ്മാറ്റിക്സ്" എന്ന തന്‍റെ ഗ്രന്ഥത്തില്‍ എം. ഷ്മാവൂസ് കണ്ടെത്തുന്നില്ല. അതേസമയം ഷ്മാവൂസ് മൂന്ന് പ്രസ്താവനകള്‍ നടത്തുന്നുണ്ട്:

(1) മനുഷ്യോത്പത്തിയില്‍ കലാശിച്ച പരിണാമപ്രക്രിയ ദൈവത്തിന്‍റെ ഹിതമായിരുന്നു;
(2) പരിണാമം സ്വാധീനിച്ചത് ആത്മാവിനെയാണ് ശരീരത്തെയല്ല;
(3) മനുഷ്യവംശം മുഴുവന്‍ ഒരേ ദമ്പതികളില്‍ നിന്ന് ഉത്ഭവിക്കുന്നു [31]. മനുഷ്യന്‍റെ മോണോജെനിക് ഉത്ഭവത്തിന്‍റെ അടിസ്ഥാനത്തില്‍ ഉത്ഭവപാപത്തിന്‍റെ സാര്‍വ്വത്രികതയെ കാള്‍ റാനറും പിന്താങ്ങുന്നു. എന്നാല്‍ അദ്ദേഹം വാദിക്കാനുപയോഗിക്കുന്നത് അതിഭൗതികശാസ്ത്രത്തിന്‍റെ മാര്‍ഗ്ഗങ്ങളാണ്; ശാസ്ത്രത്തിന്‍റേതല്ല [32]. ഒരു മനുഷ്യജോഡിയുടെയോ നിരവധി ജോഡികളുടെയോ സൃഷ്ടിയെയും ബൈബിള്‍ ഭാഗം സൂചിപ്പിക്കുന്നില്ല. കാരണം ആദം എന്ന ബൈബിള്‍പദം പൊതുവില്‍ "ഒരു മനുഷ്യന്‍" എന്നു മാത്രമാണ് അര്‍ത്ഥമാക്കുന്നത് എന്ന് സ്റ്റാനിസ്ലോ സ്റ്റ്യോ ഉത്പത്തിയെക്കുറിച്ചുള്ള തന്‍റെ ഭാഷ്യത്തില്‍ എഴുതുന്നു[33].

മോണോജനിസം എന്ന തന്‍റെ ആശയത്തെ ശാസ്ത്രം പിന്താങ്ങണമെന്ന ദൈവശാസ്ത്രത്തിന്‍റെ ആവശ്യത്തെ നരവംശശാസ്ത്രജ്ഞരെപ്പോലെ തന്നെ തെയ്യാര്‍ദ്ദ് ഷര്‍ദ്ദാനെപ്പോലെയുള്ള ചില ദൈവശാസ്ത്രജ്ഞരും എതിര്‍ത്തപ്പോള്‍ പ്രശ്നം കൂടുതല്‍ വഷളായി. മോണോജനിസം എന്ന ആശയം ശാസ്ത്രീയമല്ലെന്നും നരവംശശാസ്ത്രജ്ഞര്‍ 'ആദ്യമനുഷ്യന്‍' എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഒരു ഏകവ്യക്തിയെ അല്ല, എല്ലായ്പോഴും ഒരു ജനസമൂഹത്തെയാണ് എന്നും അദ്ദേഹം ശക്തമായി വാദിച്ചു.

എല്ലായ്പോഴും ഒരു സാമൂഹികപ്രതിഭാസമായ വര്‍ഗ്ഗീകരണപ്രക്രിയയിലൂടെയാണ് ജീവിവര്‍ഗ്ഗങ്ങള്‍ ഉത്ഭവിച്ചത് എന്നത് ഒരു ശാസ്ത്രജ്ഞനെന്ന നിലയില്‍ അദ്ദേഹത്തിനറിയാമായിരുന്നു. അതിനാലാണ് മനുഷ്യവംശം ഒറ്റ ദമ്പതിമാരില്‍ നിന്നല്ല ഉത്ഭവിച്ചത് എന്നദ്ദേഹം വാദിച്ചത്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍, മോണോജെനിസവും പോളിജെനിസവും ശുദ്ധമായ ദൈവശാസ്ത്രസങ്കല്പങ്ങളാകയാല്‍ അവ ശാസ്ത്രീയമായി സ്ഥിരീകരിക്കാവതല്ല [34].

1950-ല്‍ പിയൂസ് 12-ാമന്‍ പുറപ്പെടുവിച്ച "ഹ്യുമാനി ജെനേരിസ്" എന്ന ചാക്രികലേഖനം ഈ വിഷയത്തില്‍ ഒത്തിരിയൊന്നും സഹായിച്ചില്ല. ആദാമിനുശേഷം അവനില്‍നിന്നല്ലാതെ ചില മനുഷ്യര്‍ രൂപം കൊണ്ടിരുന്നു എന്ന വീക്ഷണത്തെയും "ആദാം" എന്ന പദം നിരവധി പിതാക്കന്മാരെയാണ് സൂചിപ്പിക്കുന്നത് എന്ന വാദത്തെയും പോപ്പ് വ്യക്തമായി നിരാകരിച്ചിരുന്നു. ചാക്രികലേഖനം പറയുന്നു, "ഒരു വിരുദ്ധാഭിപ്രായത്തിന്‍റെ, അതായത്, പോളിജനിസത്തിന്‍റെ പ്രശ്നം ഉള്ളപ്പോള്‍ സഭാമക്കള്‍ക്ക് യാതൊരു കാരണവശാലും അഭിപ്രായസ്വാതന്ത്ര്യം ഇല്ല. കാരണം, ആദത്തിനുശേഷം ഭൂമിയില്‍ അവനില്‍ നിന്നല്ലാതെ ഉത്ഭവിച്ച മനുഷ്യരുണ്ടായിരുന്നു എന്നതും, ആദം എന്ന പദം ഒരു നിശ്ചിത എണ്ണം ആദിമാതാപിതാക്കളെയാണ് ഉദ്ദേശിച്ചിരുന്നത് എന്നതും വിശ്വാസിസമൂഹത്തിന് സ്വീകരിക്കാനാവില്ല. വെളിപ്പെട്ട സത്യത്തിന്‍റെ ഉറവിടങ്ങളും സഭയുടെ പ്രബോധനാധികാരത്തിന്‍റെ ഭാഗമായുള്ള രേഖകളും മുമ്പോട്ടുവയ്ക്കുന്ന ഉത്ഭവപാപം എന്ന സങ്കല്പത്തോട് ഈ ആശയം എപ്രകാരം പൊരുത്തപ്പെട്ടുപോകുമെന്ന് നമുക്കറിയില്ല. കാരണം ഒരു വ്യക്തിയായ ആദത്തിന്‍റെ സ്വന്തം പാപം തലമുറകളിലൂടെ വ്യാപിച്ച് ഇന്ന് എല്ലാവരിലുമെത്തി നില്ക്കുന്നതാണ് ഉത്ഭവപാപം." [35]പാപ്പായുടെ പ്രസ്താവനയെക്കുറിച്ച് ദൈവശാസ്ത്രജ്ഞര്‍ക്കിടയില്‍ത്തന്നെ വിരുദ്ധാഭിപ്രായങ്ങളുണ്ടായി. മനുഷ്യന്‍റെ ഏകഉത്ഭവത്തെ സംബന്ധിക്കുന്ന പ്രശ്നത്തെ തീര്‍ച്ചയായും പരഹരിക്കുന്ന ഒരു പേപ്പല്‍പ്രസ്താവന ചാക്രികലേഖനത്തിലുണ്ടെന്ന് ചാള്‍സ് ബോയറെപ്പോലെയുള്ള ചിലര്‍ക്ക് ഉറപ്പായിരുന്നു [36].

ചാക്രികലേഖനത്തില്‍ കൃത്യമോ പുനഃപരിശോധനാവിധേയമോ ആയ യാതൊരു തീരുമാനവുമില്ലെന്ന് ബാക്കിയുള്ളവരും വാദിച്ചു. പിയൂസ് പന്ത്രണ്ടാമന്‍ ഉപയോഗിച്ചിരിക്കുന്ന രിതി ആധികാരികമായ താത്വികനിര്‍വ്വചനത്തിന്‍റേതല്ലെന്ന് ജെസ്യൂട്ട് പുരോഹിതനായ ലെയോണ്‍ റെന്‍വാര്‍ട്ട് എഴുതി. ഉത്പത്തി പുസ്തകത്തിന്‍റെ വിവരണത്തിലുള്ളവയുടെ യോജിപ്പില്ലായ്മയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വശത്ത് ബൈബിള്‍ ഭാഗത്തിന്‍റെ അക്ഷരാര്‍ത്ഥത്തിലുള്ള വ്യാഖ്യാനത്തെ മാറ്റിവച്ച് ദൈവശാസ്ത്രജ്ഞര്‍ മനുഷ്യശരീരം പരിണാമത്തിന് വിധേയമായിരിക്കാമെന്ന പ്രകൃതിശാസ്ത്രങ്ങളുടെ സാധ്യതയെ സ്വീകരിച്ചു. മറുവശത്ത്, അതേ ബൈബിള്‍ ഭാഗങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ വ്യാഖ്യാനിച്ചുകൊണ്ട് ആദിമാതാപിതാക്കളെന്ന ഏകദമ്പതികളുടെ നിലനില്പിനെ അവര്‍ പിന്താങ്ങി [37]. എ.ഗാലിനും ഇത്തരത്തില്‍ തന്‍റെ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.


"ഹ്യുമാനി ജെനേരിസ്"നെക്കുറിച്ച് സംവാദത്തിലേര്‍പ്പെട്ട ശാസ്ത്രജ്ഞരും ദൈവശാസ്ത്രജ്ഞരും ഒരു 'യഥാര്‍ത്ഥമനുഷ്യന്‍റെ' (ഭൂമിയില്‍ ഒരു യഥാര്‍ത്ഥമനുഷ്യന്‍ ഉണ്ടായിരുന്നു) പാപത്തിന്‍റെ പശ്ചാത്തലത്തിലാണ് പാപ്പ മോണോജനിസത്തെ അവതരിപ്പിക്കുന്നതെന്ന് തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടു. പ്രകൃതിശാസ്ത്രങ്ങളുടെയല്ല, ക്രിസ്തീയനരവംശശാസ്ത്രത്തിന്‍റെ കാഴ്ചപ്പാടില്‍ മനുഷ്യനെ വിവരിക്കുന്നതിലാണ് പാപ്പ ശ്രദ്ധിച്ചത്. പ്രകൃതിശാസ്ത്രങ്ങള്‍ക്ക് മനുഷ്യനെക്കുറിച്ച് കൃത്യമോ ശാസ്ത്രീയമായി സ്ഥിരീകരിക്കാവുന്നതോ ആയ ഒരു നിര്‍വ്വചനം ഇല്ല. അതിനാല്‍ത്തന്നെ, ശാസ്ത്രത്തിന് ആദ്യത്തെ "യഥാര്‍ത്ഥമനുഷ്യന്‍" പ്രത്യക്ഷപ്പെട്ട സ്ഥലകാലബിന്ദു കണ്ടെത്താനായില്ല. സമകാലീന, പുരാതന നരവംശശാസ്ത്രം വരച്ചു കാണിക്കുന്ന ഭൂതകാലം മൂന്ന് വ്യത്യസ്തമായ അന്വേഷണരീതികളുടെ സംയുക്തഫലമാണ്: രൂപവിജ്ഞാനീയം, പുരാവസ്തുശാസ്ത്രം, ജനിതകശാസ്ത്രം. ഇവയോരോന്നും മനുഷ്യനെക്കുറിച്ച് നിര്‍വ്വചനങ്ങള്‍ നല്കുന്നുണ്ട്. അങ്ങനെ മനുഷ്യവര്‍ഗ്ഗത്തിന്‍റെ ചരിത്രത്തില്‍ സമകാലീനമനുഷ്യനെക്കുറിച്ചുള്ള വ്യത്യസ്തമായ ആദ്യഅറിവുകള്‍ രൂപപ്പെടുന്നു. രൂപവിജ്ഞാനീയത്തെ പ്രോത്സാഹിപ്പിക്കുന്നവരെ സംബന്ധിച്ചിടത്തോളം മനുഷ്യവര്‍ഗ്ഗത്തിന്‍റെ ഭാഗമാകുന്നതിനുള്ള മാനദണ്ഡങ്ങളില്‍ രൂപപരിണാമത്തോടൊപ്പം മസ്തിഷ്കത്തിന്‍റെ വളര്‍ച്ച, തലയോട്ടിയിലെ മുഖഭാഗത്തിന്‍റെ ന്യൂനീകരണം എന്നിവ വളരെ പ്രധാനപ്പെട്ടവയാണ്. ഈ സമീപനം ഇഷ്ടപ്പെടുന്നവര്‍ നമ്മുടെ ജീവിവര്‍ഗ്ഗത്തിന്‍റെ ഉത്ഭവം ഭൂതകാലത്തില്‍ അന്വേഷിച്ചുകൊണ്ടിരിക്കും[38,39].


നമ്മുടെ ഭൂതകാലത്തെക്കുറിച്ചുള്ള ഒരു വ്യത്യസ്ത ചിത്രം പുരാവസ്തു ശാസ്ത്രജ്ഞരുടെ വിവരണങ്ങളില്‍ രൂപപ്പെടുന്നുണ്ട്. മനുഷ്യവര്‍ഗ്ഗത്തിന്‍റെ ചരിത്രത്തിന് 40,000 വര്‍ഷങ്ങളുടെ ചരിത്രമേയുള്ളുവെന്ന് അവര്‍ വാദിക്കുന്നു. അപ്പര്‍ പാലിയോലിതിക് എന്നറിയപ്പെടുന്ന ഈ കാലഘട്ടത്തില്‍ മനുഷ്യാസ്തിത്വത്തിന്‍റെ തെളിവുകള്‍ ഗുഹാചിത്രങ്ങളിലൂടെയും അലങ്കാരങ്ങളിലൂടെയും ആയുധങ്ങളിലൂടെയും നമുക്ക് ലഭിക്കുന്നു[40]. ഈ തെളിവുകളെല്ലാം മനുഷ്യന്‍റെ മാത്രം തനിമയായ അമൂര്‍ത്തവും അടയാളബന്ധിയുമായ ചിന്തയുടെ വികാസത്തെ സൂചിപ്പിക്കുന്നു. അവസാനത്തേതായ ജനിതകശാസ്ത്രരീതി മനുഷ്യോത്പത്തിയെ ഭൂതകാലത്തില്‍ 200Ka പുറകിലേക്കാണ് കണ്ടെത്തുന്നത്[41]. അതിനാല്‍ മനുഷ്യപരിണാമത്തിന്‍റെ ചരിത്രം അവതരിപ്പിക്കപ്പെട്ടിരിക്കുന്ന രീതി ഒരു പ്രത്യേക ഗവേഷണരീതിയുടെ തിരഞ്ഞെടുപ്പിനെ ആശ്രയിച്ചിരിക്കുന്നു. മുകളില്‍ വിവരിക്കപ്പെട്ട ഓരോ രീതിയും മനുഷ്യോത്ഭവത്തിന്‍റെ വിത്യസ്ത വിവരണങ്ങളില്‍ കലാശിക്കുന്നു[42].


വിവാദങ്ങള്‍ 1950-കള്‍ വരെ നീണ്ടു നിന്നു. കാരണം ദൈവശാസ്ത്രത്തിന് യുക്തിയുടെ ജൈവികമാര്‍ഗ്ഗങ്ങളില്‍ നിന്ന് സ്വതന്ത്രമാകാന്‍ കഴിഞ്ഞില്ല. മോണോജനിസം എന്ന ആശയംത്തിന്‍റെ ഏതെങ്കിലും ജൈവികപിന്തുണയില്‍ നിന്ന് പിന്മാറുന്നത് ഉത്ഭവപാപം എന്ന യാഥാര്‍ത്ഥ്യത്തെ ഇല്ലാതാക്കുമെന്ന ഉത്കണ്ഠ ദൈവശാസ്ത്രജ്ഞര്‍ക്കിടയില്‍ കുറേക്കാലം ഉണ്ടായിരുന്നു. നമ്മുടെ ജീവിവര്‍ഗ്ഗത്തിന്‍റെ മോണോജനിതകമായ ഉത്ഭവങ്ങളെ നിഷേധിച്ച ശാസ്ത്രീയവാദങ്ങളെ പൂര്‍ണ്ണമായും നിരാകരിക്കാന്‍ ബൈബിള്‍ വിവരണങ്ങളിലെ ഉത്ഭവപാപത്തിനു കഴിഞ്ഞിരുന്നു.
ശാസ്ത്രീയ-ദൈവശാസ്ത്രമേഖലകള്‍ തമ്മിലുള്ള പ്രധാനവ്യത്യാസങ്ങളെക്കുറിച്ചുള്ള വളരുന്ന അവബോധം ഒരു പരിഹാരത്തിലെത്താന്‍ സഹായിച്ചു. ബൈബിള്‍ ഭാഗങ്ങളുടെ വിവരണം കൂടുതലായും ആശ്രയിച്ചിരിക്കുന്നത് അവയുടെ തനതായ സാഹിത്യവിവരണസ്വഭാവത്തെ തിരിച്ചറിയുന്നതിലാണ്. എറിക് ഔവര്‍ബാക് പറയുന്നതുപോലെ, ഹെബ്രായഗദ്യത്തിന്‍റെ സവിശേഷതകള്‍ ഇവയാണ്: ആദ്യത്തേത്, വ്യക്തമായ ഊന്നല്‍ ചിലഭാഗങ്ങളില്‍ ലഭിക്കുമ്പോള്‍ ബാക്കിയുള്ളവ പശ്ചാത്തലത്തില്‍ ഉപേക്ഷിക്കപ്പെടുന്നു; രണ്ടാമത്തേത്, പുതിയ സംഭവഗതികളുടെ പെട്ടെന്നുള്ള ഇടപെടലും പ്രത്യക്ഷപ്പെടലും സംഭവിക്കുന്നു; അവസാനമായി, ബൈബിള്‍ഗദ്യത്തില്‍ ഉപയോഗിക്കപ്പെട്ടിരിക്കുന്ന പദങ്ങളുടെ ഭാഷാവ്യതിരിക്തതകളും അര്‍ത്ഥങ്ങളുടെ വിശാലതയും കണക്കിലെടുക്കേണ്ടതുണ്ട്. അതിനാലാണ് ഗ്രന്ഥകര്‍ത്താവ് അദ്ദേഹത്തിനനുയോജ്യമാംവിധം രൂപപ്പെടുത്തിയ ഇത്തരം അര്‍ത്ഥതലങ്ങളെ ബൈബിള്‍ ഭാഷ്യകാരന്‍ വേര്‍തിരിച്ചെടുക്കേണ്ടത്. മാത്രവുമല്ല, ബൈബിള്‍ ഗ്രന്ഥകാരന്മാര്‍ പ്രപഞ്ചത്തെയും മനുഷ്യനെയും കുറിച്ച് പറഞ്ഞത് ഒരു തത്വചിന്തകന്‍റെയോ ശാസ്ത്രജ്ഞന്‍റെയോ കാഴ്ചപ്പാടില്‍ നിന്നുകൊണ്ടായിരുന്നില്ല. മറിച്ച്, ദൃശ്യപ്രപഞ്ചത്തിന്‍റെ സൗന്ദര്യം പ്രകീര്‍ത്തിച്ചുകൊണ്ട്, എല്ലാറ്റിന്‍റെയും സ്രഷ്ടാവായ ദൈവത്തിന്‍റെ ശക്തമായ കരങ്ങളെ മഹത്ത്വപ്പെടുത്താനാഗ്രഹിക്കുന്ന വിശ്വാസികളുടെ നിലപാടാണ് അവര്‍ സ്വീകരിച്ചത് [43].

പ്രകൃതിശാസ്ത്രം ആദിമനുഷ്യന്‍ എന്നു പറയുമ്പോള്‍ ആ പദം എല്ലായ്പോഴും അര്‍ത്ഥമാക്കുന്നത് മുഴുവന്‍ സമൂഹത്തിന്‍റെയും ഒരു പ്രാതിനിധ്യമാണ് എന്നത് തിരിച്ചറിയുകയും സമ്മതിക്കുകയും ചെയ്തതിനാല്‍ മോണോജനിസവും ഉത്ഭവപാപത്തിന്‍റെ സത്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഭൂരിഭാഗം ദൈവശാസ്ത്രജ്ഞരെയും സംബന്ധിച്ചിടത്തോളം അവസാനിച്ചതായാണ് കാണുന്നത് [44]. 1968-ല്‍ "ക്രേദിമൂസ്" എന്ന തന്‍റെ ചാക്രികലേഖനത്തില്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ ഉത്ഭവപാപത്തെ പ്രതിരോധിക്കാന്‍ അനിവാര്യമായ ഒരു ദൈവശാസ്ത്രസത്യമായി മോണോജനിസത്തെ നിര്‍വ്വചിക്കുകയുണ്ടായി. അതേസമയം തന്നെ പ്രകൃതിശാസ്ത്രങ്ങളില്‍ നിന്ന് ദൈവശാസ്ത്രസത്യങ്ങള്‍ക്കനുകൂലമായ തെളിവുകള്‍ അന്വേഷിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉത്ഭവപാപത്തിന്‍റെ സാര്‍വ്വത്രികത വിവരിക്കുകയായിരുന്നു അദ്ദേഹത്തിന്‍റെ പ്രധാന ഉദ്ദേശം45. മറ്റുവാക്കുകളില്‍, ഉത്ഭവപാപത്തോട് ബന്ധപ്പെട്ട ഒരു ദൈവശാസ്ത്രവാദമാണ് മോണോജനിസം. അത് അതുപോലെതന്നെ ഏകകേന്ദ്രീകൃതവാദത്തിന്‍റെ അടിസ്ഥാനത്തില്‍ ഉപയോഗിക്കാനാവില്ല. കാരണം അത് മനുഷ്യവര്‍ഗ്ഗത്തിന്‍റെ ഉത്ഭവത്തെക്കുറിച്ചുള്ള ഒരു ശാസ്ത്രീയവാദമാണ്. ഉത്ഭവപാപത്തെക്കുറിച്ചുള്ള പഠനങ്ങള്‍ അത് എപ്രകാരമാണ് ലോകത്തിലേക്കു വന്നതെന്നോ എങ്ങിനെയാണ് കൈമാറ്റം ചെയ്യപ്പെടുന്നതെന്നോ വിവരിക്കുന്നില്ല. അതെല്ലായ്പ്പോഴും "ാ്യലെേൃശൗാ ശിഴലിശമേഹശ"െന്‍റെ ഭാഗമായിരിക്കും. എന്നാല്‍, മനുഷ്യന്‍റെ അനുസരണക്കേടിനെയും തത്ഫലമായി ആവശ്യമായിരിക്കുന്ന രക്ഷയെയും കുറിച്ച് ധാരാളം വിവരണങ്ങള്‍ നിലവിലുണ്ട് [46,47].
അതുപോലെ തന്നെ, ലോകസൃഷ്ടിയെക്കുറിച്ചുള്ള പഠനം നിമിഷനേരം കെണ്ടുള്ള ഒരു രൂപപ്പെടലായും വ്യാഖ്യാനിക്കരുത്. വിശ്വാസസത്യത്തിന്‍റെ അര്‍ത്ഥം ദൈവമാണ് ലോകം സൃഷ്ടിച്ചത് എന്നതാണ്. മറ്റുവാക്കുകളില്‍, നിലനില്ക്കുന്നതെല്ലാം ദൈവത്താല്‍ നിരന്തരം പരിപാലിക്കപ്പെടുന്നു; അവ തങ്ങളുടെ അസ്തിത്വത്തിന് ദൈവത്തോട് കടപ്പെട്ടിരിക്കുന്നു. ലോകത്തിന്‍റെ കാലബന്ധിയായ ആരംഭമല്ല, നിലനില്പിനുവേണ്ടി ദൈവത്തിലുള്ള അതിന്‍റെ നിരന്തരമായ ആശ്രയത്വമാണ് ശ്രദ്ധിക്കപ്പെടേണ്ടത്.


Monotheis or Polytheism
Scientific ground

Monogenism or Polygenism
Theological ground


figure 2: : മനുഷ്യവേരുകളുടെ പ്രശ്നത്തിലേക്കുള്ള ശാസ്ത്രീയ ദൈവശാസ്ത്രസമീപനങ്ങള്‍


ഉപസംഹാരം


കഴിഞ്ഞ 150 വര്‍ഷങ്ങളിലും പരിണാമവാദികളും സൃഷ്ടിവാദികളും തമ്മിലുള്ള ചര്‍ച്ചകള്‍ ആക്രമണങ്ങളും ആരോപണങ്ങളും നിറഞ്ഞവയായിരുന്നു. മനുഷ്യന്‍റെ ആദ്യകാലചരിത്രത്തെക്കുറിച്ചുള്ള ശാസ്ത്രീയവിവരണം കേട്ടു ഞെട്ടിയ പല ദൈവശാസ്ത്രജ്ഞരും പരിണാമവാദത്തെ നിരാകരിച്ചു. അവരെ സംബന്ധിച്ചിടത്തോളം, ബൈബിള്‍ വ്യാഖ്യാനങ്ങളെ വഞ്ചിക്കുന്നവയാകയാല്‍ അവ ദൈവത്തിനും മനുഷ്യവംശത്തിനും എതിരായതായിരുന്നു. പ്രകൃതി ശാസ്ത്രജ്ഞന്മാരാകട്ടെ, ബൈബിള്‍ വിവരണങ്ങള്‍ തങ്ങളുടെ കണ്ടെത്തലുകള്‍ക്കും മനുഷ്യോത്പത്തിയെക്കുറിച്ചുള്ള ദൈവശാസ്ത്രകാഴ്ചപ്പാടുകള്‍ ശാസ്ത്രീയസത്യത്തിനും വിരുദ്ധമാണെന്നു വാദിച്ചു. ചുരുക്കത്തില്‍ അവരുടെ കാഴ്ചപ്പാടില്‍ അത് തെറ്റാണ്. ശാസ്ത്രജ്ഞരും ദൈവശാസ്ത്രജ്ഞരും അവരുടെ മേഖലകളെ ആശയക്കുഴപ്പത്തിലാക്കി. ദൈവശാസ്ത്രജ്ഞര്‍ ജീവശാസ്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിധിതീര്‍പ്പു കല്പിക്കുകയും പ്രകൃതിശാസ്ത്രജ്ഞര്‍ ഉത്പത്തി പുസ്തകം വ്യാഖ്യാനിക്കുന്നതില്‍ മുഴുകുകയും ചെയ്തു. എന്നാല്‍ മനുഷ്യന്‍ എന്ന പ്രതിഭാസത്തെ പുതിയതായി അഭിസംബോധന ചെയ്യാന്‍ പരിണാമസിദ്ധാന്തം ശാസ്ത്രജ്ഞരെയും ദൈവശാസ്ത്രജ്ഞരെയും പ്രേരിപ്പിച്ചു. ഈ വെല്ലുവിളി ഇപ്പോഴും നിലനില്ക്കുന്നു. ഇന്ന് സഭയുടെ ഒരു ഔദ്യോഗികപ്രസ്താവന, ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ വഴിയായി ചില തെറ്റിദ്ധാരണകള്‍ക്ക് മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും എല്ലാ പ്രശ്നങ്ങളും പൂര്‍ണ്ണമായും അവസാനിച്ചുവെന്ന് പറയാനാവില്ല.

evolution creation evolution and creation introduction to evolution and creation Jaicek Tomshik Grigors Bugajak Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message