x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സീറോ മലബാർ സഭയുടെ ആരാധനാക്രമം

വിഭൂതി കർമ്മക്രമം

Authored by : Syro-Malabar Catechetical Commission On 29-Jun-2024

വലിയ നോമ്പാരംഭത്തിലെ അനുതാപശുശ്രൂഷ
(വിഭൂതി)

 പൊതുനിർദ്ദേശങ്ങൾ

  1. വലിയ നോമ്പിന്റെ ആരംഭത്തിലാണ് ഈ ശുശ്രൂഷ നടത്തേണ്ടത്.
  2. വി. കുർബാനയോടുചേർന്നോ അല്ലാതെയോ ഇത് നടത്താവുന്നതാണ്.
  3. ശിരസ്സിൽ പൂശുന്നതിനുള്ള ഭസ്മം ഉണ്ടാക്കുന്നതിന് തലേവർഷം ഓശാന ഞായറാഴ്ച ആശീർവദിച്ച കുരുത്തോല ഉപയോഗിക്കുന്നത് അഭികാമ്യമാണ്.

വലിയ നോമ്പാരംഭത്തിലെ അനുതാപശുശ്രൂഷ
(വിഭൂതി)

കർമ്മക്രമം

(കുർബാനയോടുകൂടെയാണ് ഈ ശുശ്രൂഷ നടത്തുന്നതെങ്കിൽ, കുർബാനക്രമത്തിലേതുപോലെ ആരംഭിക്കുന്നു)

കാർമ്മി: അന്നാപ്പെസഹാത്തിരുനാളിൽ
കർത്താവരുളിയ കല്പനപോൽ
തിരുനാമത്തിൽച്ചേർന്നീടാം
ഒരുമയൊടീബലിയർപ്പിക്കാം.

സമൂ: അനുരഞ്ജിതരായ്ത്തീർന്നീടാം
നവമൊരു പീഠമൊരുക്കീടാം
ഗുരുവിൻ സ്നേഹമൊടീയാഗം
തിരുമുമ്പാകെയണച്ചീടാം.

കാർമ്മി: അത്യുന്നതമാം
സ്വർല്ലോകത്തിൽ
സർവ്വേശനു സ്തുതിഗീതം. (3)

സമൂ: ഭൂമിയിലെങ്ങും
മർത്യനു ശാന്തി
പ്രത്യാശയുമെന്നേക്കും. (3)

(അല്ലെങ്കിൽ)

കാർമ്മി: അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി (3)

സമൂ: ആമ്മേൻ.(3)

കാർമ്മി: ഭൂമിയിൽ മനുഷ്യർക്കു സമാധാനവും പ്രത്യാശയും എപ്പോഴും എന്നേക്കും.

സമൂ: ആമ്മേൻ

കാർമ്മി: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,

 (സമൂഹവും ചേർന്ന്)

അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങു പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ മഹത്ത്വത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും അങ്ങു പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്ന് ഉദ്ഘോഷിക്കുന്നു. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സു സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ. ഞങ്ങൾക്ക് ആവശ്യകമായ ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ, ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ. ദുഷ്ടാരൂപയിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ, രാജ്യവും ശക്തിയും മഹത്ത്വവും എന്നേക്കും അങ്ങയുടേതാകുന്നു.
ആമ്മേൻ.

കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.

സമൂ: ആദിമുതൽ എന്നേക്കും ആമ്മേൻ.

കാർമ്മി: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,

(സമൂഹവും ചേർന്ന്)

അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങു പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ മഹത്ത്വത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും അങ്ങു പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്ന് ഉദ്ഘോഷിക്കുന്നു.

(അല്ലെങ്കിൽ)

കാർമ്മി: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,

(സമൂഹവും ചേർന്ന്)

അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങു പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ മഹത്ത്വത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും അങ്ങു പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്ന് ഉദ്ഘോഷിക്കുന്നു. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സു സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ. ഞങ്ങൾക്ക് ആവശ്യകമായ ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ, ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ. ദുഷ്ടാരൂപയിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ, രാജ്യവും ശക്തിയും മഹത്ത്വവും എന്നേക്കും അങ്ങയുടേതാകുന്നു.
ആമ്മേൻ.

ശുശ്രൂ: നമുക്കു പ്രാർത്ഥിക്കാം. സമാധാനം നമ്മോടുകൂടെ.

കാർമ്മി: പശ്ചാത്തപിക്കുന്ന പാപികളെ കാരുണ്യപൂർവ്വം സ്വീകരിക്കുന്ന സ്നേഹസമ്പന്നനായ ദൈവമേ, അങ്ങയുടെ സന്നിധിയിൽ നിൽക്കുന്ന പാപികളായ ഞങ്ങളെ ദയാപൂർവ്വം തൃക്കൺ പാർക്കണമേ. വിനീത ഹൃദയനായ ചുങ്കക്കാരനെപ്പോലെ അങ്ങയുടെ അനുഗ്രഹത്തിനു ഞങ്ങൾ കാത്തു നില്ക്കുന്നു. ഇന്ന് ഞങ്ങൾ ആരംഭിക്കുന്ന നോമ്പ് അനുതാപത്തിലേക്കും മാനസാന്തരത്തേക്കും ജീവിത നവീകരണത്തിലേക്കും ഞങ്ങളെ നയിക്കട്ടെ. തിരഞ്ഞെടുക്കപ്പെട്ട ജനമായ ഞങ്ങളുടെ പാപങ്ങൾ പശ്ചാതാപത്തിന്റെ കണ്ണുനീരാൽ കഴുകിക്കളയുവാനും ഭാവിയിൽ പരിശുദ്ധരായി ജീവിക്കുവാനും സഹായിക്കണമേ.

(വിശുദ്ധ കുർബാനയോടു കൂടിയാണെങ്കിൽ) മിശിഹായോടു ചേർന്ന് എളിമയോടും ഹൃദയവിശുദ്ധിയോടുംകൂടി പരിഹാരത്തിന്റെയും കൃതജ്ഞതയുടെയും ഈ ബലിയർപ്പിക്കുവാൻ ഞങ്ങളെ യോഗ്യരാക്കണമേ.

(തുടരുന്നു)

സകലത്തിന്റെയും നാഥാ, എന്നേക്കും.

സമൂ: ആമ്മേൻ.

സങ്കീർത്തനമാല

സങ്കീർത്തനം 15

കാർമ്മി: കർത്താവേ, നിന്റെ കൂടാരത്തിൽ ആരു വസിക്കും?
നിന്റെ വിശുദ്ധഗിരിയിൽ ആരു നിവസിക്കും?

(കാനോന) കർത്താവേ, അങ്ങയുടെ വഴികൾ അന്വേഷിക്കുവാനും തിരുവചനത്താൽ നയിക്കപ്പെടുവാനും കൃപചെയ്യണമേ. അങ്ങയുടെ ഹിതം മനസ്സിലാക്കുവാൻ ഞങ്ങളെ പഠിപ്പിക്കുകയും ചെയ്യണമേ.

(സമൂഹം രണ്ടുഗണമായി തുടരുന്നു)

കറകൂടാതെ വ്യാപരിക്കുന്നവനും
നീതി പ്രവർത്തിക്കുന്നവനും.

ഹൃദയത്തിൽ സത്യമുള്ളവനും
നാവുകൊണ്ട് വഞ്ചിക്കാത്തവനും.

കൂട്ടുകാരനോട് തിന്മചെയ്യാത്തവനും
അയൽക്കാരനെതിരായി കൈക്കൂലി വാങ്ങാത്തവനും;

പ്രകോപിക്കുന്നവനെ വിഗണിക്കുന്നവനും
കർത്താവിന്റെ ഭക്തരെ മാനിക്കുന്നവനും;

അയൽക്കാരനോടുള്ള പ്രതിജ്ഞ ലംഘിക്കാത്തവനും
പണം പലിശയ്ക്ക് കൊടുക്കാത്തവനും
നിർദ്ദോഷിക്കെതിരെ കൈക്കൂലി വാങ്ങാത്തവനും;

ഇവ ചെയ്യുന്നവൻ നീതിമാനാകുന്നു.
അവൻ ഒരിക്കലും ഇളകുകയില്ല.

സങ്കീർത്തനം 16

ദൈവമേ, എന്നെ കാത്തരുളേണമേ;
എന്തെന്നാൽ നിന്നിൽ ഞാൻ ആശ്രയിച്ചിരിക്കുന്നു.

നീയാണ് എന്റെ നാഥനെന്നും.
എന്റെ നന്മ നിന്നിൽ നിന്നാണെന്നും
കർത്താവിനോടു ഞാൻ പറഞ്ഞു.

ഭൂമിയിലുള്ള പരിശുദ്ധരും ശ്രേഷ്ഠരും
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവരാണെന്നും.

അന്യദേവന്മാരെ അനുഗമിക്കുന്നവരുടെ
ദുരിതങ്ങൾ ഏറിക്കൊണ്ടിരിക്കും.

അവർക്ക് ഞാൻ രക്തബലി അർപ്പിക്കുകയില്ല
അവരുടെ നാമം ഞാൻ ഉരുവിടുകയില്ല.

എന്റെ അവകാശവും എന്റെ പാനപാത്രവുമായ കർത്താവേ,
എന്റെ ഓഹരി നീ എനിക്ക് തിരിച്ചു തന്നു.

നല്ല സ്ഥാലത്താണ് എനിക്കു അളവു ചങ്ങല വീണത്.
എന്റെ ഓഹരി എനിക്കിഷ്ടമായി.

എനിക്ക് ഉപദേശം നൽകിയ കർത്താവിനെ ഞാൻ
വാഴ്ത്തും;

രാത്രിയാമങ്ങളിലും എന്റെ അന്തരംഗം എന്നെ
പഠിപ്പിച്ചു.

കർത്താവിനെ ഞാൻ സദാ കണ്മുൻപിൽ ദർശിച്ചു.
ഞാൻ ഇളകാതിരിക്കേണ്ടതിന് അവൻ എന്റെ
വലതുഭാഗത്തുണ്ട്;

അതിനാൽ എന്റെ ഹൃദയം സന്തോഷിക്കുന്നു;
ഉള്ളം ആഹ്ളാദിക്കുന്നു.
ശരീരം ശാന്തതയിൽ വസിക്കുകയും ചെയ്യും.

എന്തെന്നാൽ നീ എന്നെ പാതാളത്തിൽ ഉപേക്ഷിച്ചില്ല;
നിന്റെ പരിശുദ്ധനെ ജീർണിക്കുവാൻ അനുവദിച്ചതുമില്ല;
ജീവന്റെ മാർഗം നീ എന്നെ കാണിക്കും.

കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി;

ആദിമുതൽ എന്നേക്കും ആമ്മേൻ.

(കാനോന) കർത്താവ് എന്റെ ഓഹരിയും പാനപാത്രവുമാകുന്നു; അവിടുന്ന് എപ്പോഴും എന്റെ കൺമുമ്പിലുണ്ട്; എന്റെ ഭാഗധേയം അവിടുത്തെ കരങ്ങളിലാകുന്നു; അവിടുന്ന് എനിക്ക് ജീവന്റെ മാർഗ്ഗം കാണിച്ചുതരുന്നു.

ശുശ്രൂ: സമാധാനം നമ്മോടുകൂടെ.

കാർമ്മികൻ ധൂപകലശത്തിൽ മൂന്ന് തരി കുന്തുരുക്കമിട്ട് താഴെ വരുന്ന പ്രാർത്ഥനതാഴ്ന്ന സ്വരത്തിൽ ചൊല്ലിക്കൊണ്ട് ആശീർവദിക്കുന്നു.

കാർമ്മി: പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, അങ്ങയുടെ ബഹുമാനത്തിനായി ഞങ്ങൾ സമർപ്പിക്കുന്ന ഈ ധൂപം അങ്ങയുടെ മഹനീയത്രിത്വത്തിന്റെ നാമത്തിൽ + ആശീർവദിക്കപ്പെടട്ടെ. ഇത് അങ്ങയുടെ പ്രസാദത്തിനും അങ്ങയുടെ അജഗണത്തിന്റെ പാപങ്ങളുടെ മോചനത്തിനും കാരണമാകട്ടെ, എന്നേക്കും.

ശുശ്രൂ: ആമ്മേൻ.

ശുശ്രൂ: സമാധാനം നമ്മോടുകൂടെ.

കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, അങ്ങയുടെ സ്നേഹത്തിന്റെ പരിമളം ഞങ്ങളിൽ വീശുകയും അങ്ങയുടെ സത്യത്തിന്റെ ജ്ഞാനം ഞങ്ങളുടെ ആത്മാക്കളെ പ്രകാശിപ്പിക്കുകയും ചെയ്യുമ്പോൾ, സ്വർഗ്ഗത്തിൽനിന്നു പ്രത്യക്ഷനാകുന്ന അങ്ങയുടെ തിരുകുമാരനെ സ്വീകരിക്കുവാൻ ഞങ്ങൾക്ക് ഇടയാകട്ടെ.

സകല സൗഭാഗ്യങ്ങളും നന്മകളും നിറഞ്ഞ് മുടിചൂടിനില്ക്കുന്ന സഭയിൽ നിരന്തരം അങ്ങയെ സ്തുതിക്കുവാനും മഹത്ത്വപ്പെടുത്തുവാനും ഞങ്ങൾ യോഗ്യരാകട്ടെ. എന്തുകൊണ്ടെന്നാൽ, അങ്ങ് എല്ലാറ്റിന്റെയും സ്രഷ്ടാവാകുന്നു. സകലത്തിന്റെയും നാഥാ, എന്നേക്കും.

സമൂ: ആമ്മേൻ.

മദ്ബഹയുടെ വിരിനീക്കുന്നു. ശുശ്രൂഷി മദ്ബഹയിൽ പ്രവേശിച്ച് വലത്തുവശത്തുനിന്ന് ആരംഭിച്ച് മദ്ബഹ ധൂപിക്കുന്നു. മദ്ബഹയുടെ മധ്യഭാഗത്ത് എത്തുമ്പോൾ സമൂഹത്തെയും ധൂപിക്കുന്നു.

ഗായക
സമൂ:
 സർവ്വാധിപനാം കർത്താവേ,
നിന്നെ വണങ്ങി നമിക്കുന്നു.
ഈശോ നാഥാ വിനയമോടെ
നിന്നെ നമിച്ചു പുകഴ്ത്തുന്നു.

മർത്യനു നിത്യമഹോന്നതമാ-
മുത്ഥാനം നീയരുളുന്നു
അക്ഷയമവനുടെയാത്മാവി-
ന്നുത്തമരക്ഷയുമേകുന്നു. 

വചനവേദിയിലുള്ളവർ: കർത്താവേ, അങ്ങേക്കു നന്ദി പറയുന്നത് ഉത്തമമാകുന്നു; അത്യുന്നതാ, അങ്ങയുടെ നാമം പ്രകീർത്തിക്കുന്നതും.
                                   
സർവ്വാധിപനാം... 

ഗായക സമൂ: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. ആദ്യം മുതൽ എന്നേക്കും, ആമ്മേൻ.

സർവ്വാധിപനാം... 

(അല്ലെങ്കിൽ)

ഗായക സമൂ: സകലത്തിന്റെയും നാഥാ,
നിന്നെ ഞങ്ങൾ സ്തുതിക്കുന്നു;
ഈശോമിശിഹായേ,
നിന്നെ ഞങ്ങൾ പുകഴ്ത്തുന്നു.
എന്തുകൊണ്ടെന്നാൽ,
നീ ഞങ്ങളുടെ ശരീരങ്ങളെ ഉയർപ്പിക്കുന്നവനും
ആത്മാക്കളെ രക്ഷിക്കുന്നവനുമാകുന്നു.


വചനവേദിയിലുള്ളവർ: കർത്താവേ, അങ്ങേക്കു നന്ദി പറയുന്നത് ഉത്തമമാകുന്നു; അത്യുന്നതാ, അങ്ങയുടെ നാമം പ്രകീർത്തിക്കുന്നതും.
സകലത്തിന്റെയും നാഥാ...

ഗായക സമൂ: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. ആദിമുതൽ എന്നേയ്ക്കും ആമ്മേൻ.
സകലത്തിന്റെയും നാഥാ...

ശുശ്രൂ: നമുക്കു പ്രാർത്ഥിക്കാം. സമാധാനം നമ്മോടുകൂടെ.

കാർമ്മി: എന്റെ കർത്താവേ, നീ സത്യമായും ഞങ്ങളുടെ ശരീരങ്ങളെ ഉയർപ്പിക്കുന്നവനും, ആത്മാക്കളെ രക്ഷിക്കുന്നവനും ജീവനെ നിത്യം പരിപാലിക്കുന്നവനുമാകുന്നു. ഞങ്ങൾ എപ്പോഴും നിനക്കു സ്തുതിയും കൃതജ്ഞതയും ആരാധനയും സമർപ്പിക്കാൻ കടപ്പെട്ടവരാകുന്നു. സകലത്തിന്റെയും നാഥാ, എന്നേക്കും.

സമൂ: ആമ്മേൻ.

ശുശ്രൂ: ശബ്ദമുയർത്തിപ്പാടിടുവിൻ
സർവ്വരുമൊന്നായ് പാടിടുവിൻ
എന്നെന്നും ജീവിക്കും
സർവ്വേശ്വരനെ വാഴ്ത്തിടുവിൻ,
വാഴ്ത്തിടുവിൻ.

ഗായക, സമൂ: പരിപാവനനാം സർവ്വേശാ,
പരിപാവനനാം ബലവാനേ,
പരിപാവനനാം അമർത്യനേ,
നിൻ കൃപ ഞങ്ങൾക്കേകണമേ.

വചനവേദിയിലുള്ളവർ: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
പരിപാവനനാം സർവ്വേശാ,
പരിപാവനനാം ബലവാനേ,
പരിപാവനനാം അമർത്യനേ,
നിൻ കൃപ ഞങ്ങൾക്കേകണമേ.

ഗായക, സമൂ: ആദ്യമുതൽ എന്നേക്കും, ആമ്മേൻ.
പരിപാവനനാം സർവ്വേശാ,
പരിപാവനനാം ബലവാനേ,
പരിപാവനനാം അമർത്യനേ,
നിൻ കൃപ ഞങ്ങൾക്കേകണമേ.

(അല്ലെങ്കിൽ)

ശുശ്രൂ: സഹോദരരേ നിങ്ങൾ സ്വരമുയർത്തി
ജീവിക്കുന്ന ദൈവത്തെ പ്രകീർത്തിക്കുവിൻ.


ഗായക സമൂ: പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമർത്യനേ, ഞങ്ങളുടെമേൽ കൃപയുണ്ടാകണമേ.

വചനവേദിയിലുള്ളവർ: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.

പരിശുദ്ധനായ ദൈവമേ...

ഗായക, സമൂ: ആദിമുതൽ എന്നേക്കും, ആമ്മേൻ.

പരിശുദ്ധനായ ദൈവമേ...

ശുശ്രൂ: നമുക്കു പ്രാർത്ഥിക്കാം. സമാധാനം നമ്മോടുകൂടെ.

കാർമ്മി: വിശുദ്ധരിൽ സംപ്രീതനായി വസിക്കുന്ന പരിശുദ്ധനും സ്തുത്യർഹനും ബലവാനും അമർത്യനുമായ കർത്താവേ, അങ്ങയുടെ സ്വഭാവത്തിനോത്തവിധം എപ്പോഴും ഞങ്ങളെ കടാക്ഷിക്കുകയും അനുഗ്രഹിക്കുകയും ഞങ്ങളോടു കരുണ കാണിക്കുകയും ചെയ്യേണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും.

സമൂ: ആമ്മേൻ.

 ഒന്നാം വായന

സഹോദരരേ, നിങ്ങൾ ഇരുന്നു ശ്രദ്ധയോടെ കേൾക്കുവിൻ. ഉല്പത്തി പുസ്തകത്തിൽ നിന്നുള്ള വായന (3:1-19)

ദൈവമായ കർത്താവു സൃഷ്ടിച്ച എല്ലാ വന്യജീവികളിലുംവച്ച് കൗശലമേറിയതായിരുന്നു സർപ്പം. അതു സ്ത്രീയോടു ചോദിച്ചു: തോട്ടത്തിലെ ഒരു വൃക്ഷത്തിന്റെയും ഫലം തിന്നരുതെന്നു ദൈവം കൽപിച്ചിട്ടുണ്ടോ? സ്ത്രീ സർപ്പത്തോടു പറഞ്ഞു: തോട്ടത്തിലെ വൃക്ഷങ്ങളുടെ പഴങ്ങൾ ഞങ്ങൾക്കു ഭക്ഷിക്കാം. എന്നാൽ, തോട്ടത്തിന്റെ നടുവിലുള്ള മരത്തിന്റെ പഴം ഭക്ഷിക്കുകയോ തൊടുകപോലുമോ അരുത്; ഭക്ഷിച്ചാൽ നിങ്ങൾ മരിക്കും എന്നു ദൈവം പറഞ്ഞിട്ടുണ്ട്. സർപ്പം സ്ത്രീയോടു പറഞ്ഞു: നിങ്ങൾ മരിക്കുകയില്ല. അതു തിന്നുന്ന ദിവസം നിങ്ങളുടെ കണ്ണുകൾ തുറക്കുമെന്നും, നന്മയും തിന്മയും അറിഞ്ഞ് നിങ്ങൾ ദൈവത്തെപ്പോലെ ആകുംമെന്നും ദൈവത്തിനറിയാം. ആ വൃക്ഷത്തിന്റെ പഴം ആസ്വാദ്യവും, കണ്ണിനു കൗതുകകരവും, അറിവേകാൻ കഴിയുമെന്നതിനാൽ അഭികാമ്യവും ആണെന്നു കണ്ട് അവൾ അതു പറിച്ചു തിന്നു. ഭർത്താവിനും കൊടുത്തു; അവനും തിന്നു. ഉടനെ ഇവരുടെയും കണ്ണുകൾ തുറന്നു തങ്ങൾ നഗ്നരാണെന്ന് അവരറിഞ്ഞു. അത്തിയിലകൾ കൂട്ടിത്തുന്നി അവർ അരക്കച്ചയുണ്ടാക്കി. വെയിലാറിയപ്പോൾ ദൈവമായ കർത്താവു തോട്ടത്തിൽ ഉലാത്തുന്നതിന്റെ ശബ്ദം അവർ കേട്ടു. പുരുഷനും ഭാര്യയും അവിടുത്തെ മുൻപിൽ നിന്നു മാറി, തോട്ടത്തിലെ മരങ്ങൾക്കിടയിലൊളിച്ചു. അവിടുന്ന് പുരുഷനെ വിളിച്ചു ചോദിച്ചു: നീ എവിടെയാണ്? അവൻ മറുപടി പറഞ്ഞു: തോട്ടത്തിൽ അവിടുത്തെ ശബ്ദം ഞാൻ കേട്ടു. ഞാൻ നഗ്നനായതുകൊണ്ട് ഭയന്ന് ഒളിച്ചതാണ്. അവിടുന്നു ചോദിച്ചു: നീ നഗ്നനാണെന്നു നിന്നോടാരു പറഞ്ഞു? തിന്നരുതെന്ന് ഞാൻ കൽപിച്ച വൃക്ഷത്തിന്റെ പഴം നീ തിന്നോ? അവൻ പറഞ്ഞു : അങ്ങ് എനിക്ക് കൂട്ടിനു തന്ന സ്ത്രീ ആ മരത്തിന്റെ പഴം എനിക്കു തന്നു ഞാൻ അതു തിന്നു. ദൈവമായ കർത്താവ് സ്ത്രീയോടു ചോദിച്ചു: നീ എന്താണ് ചെയ്തത്? അവൾ പറഞ്ഞു: സർപ്പം എന്നെ വഞ്ചിച്ചു; ഞാൻ പഴം തിന്നു.

ദൈവമായ കർത്താവ് സർപ്പത്തോടു പറഞ്ഞു: ഇതു ചെയ്തതുകൊണ്ട് നീ എല്ലാ കന്നുകാലികളുടെയും വന്യമൃഗങ്ങളുടെയുമിടയിൽ ശപിക്കപ്പെട്ടതായിരിക്കും. നീ മണ്ണിൽ ഇഴഞ്ഞു നടക്കും. ജീവിതകാലം മുഴുവൻ  നീ പൊടി തിന്നും. നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാൻ ശത്രുത ഉളവാക്കും. അവൻ നിന്റെ തല തകർക്കും. നീ അവന്റെ കുതുകാലിൽ പരിക്കേൽപ്പിക്കും. സ്ത്രീയോടു പറഞ്ഞു:നിന്റെ ഗർഭാരിഷ്ടതകൾ ഞാൻ വർധിപ്പിക്കും. നീ വേദനയോടെ കുഞ്ഞുങ്ങളെ പ്രസവിക്കും. എങ്കിലും, നിനക്കു ഭർത്താവിൽ അഭിലാഷമുണ്ടായിരിക്കും. അവൻ നിന്നെ ഭരിക്കുകയും ചെയ്യും. ആദത്തോട് അവിടുന്ന് പറഞ്ഞു: തിന്നരുതെന്നു ഞാൻ പറഞ്ഞപഴം സ്ത്രീയുടെ വാക്കു കേട്ടു നീ തിന്നതു കൊണ്ട് നീ മൂലം മണ്ണു ശപിക്കപ്പെട്ടതായിരിക്കും. ആയുഷ്കാലം മുഴുവൻ കഠിനധ്വാനംകൊണ്ട് നീ അതിൽനിന്നു കാലയാപനം ചെയ്യും. അതു മുള്ളും മുൾച്ചെടികളും നിനക്കായി മുളപ്പിക്കും. വയലിലെ സസ്യങ്ങൾ നീ ഭക്ഷിക്കും. മണ്ണിൽ നിന്ന് എടുക്കപ്പെട്ട നീ, മണ്ണിനോടു ചേരുന്നതുവരെ, നെറ്റിയിലെ വിയർപ്പു കൊണ്ടു ഭക്ഷണം സമ്പാദിക്കും. നീ പൊടിയാണ്, പൊടിയിലേക്കു തന്നെ നീ മടങ്ങും.

സമൂ: ദൈവമായ കർത്താവിനു സ്തുതി.

 രണ്ടാം വായന

സഹോദരരേ, യോനായുടെ പുസ്തകത്തിൽ നിന്നുള്ള വായന (3:1-10)

യോനായ്ക്കു വീണ്ടും കർത്താവിന്റെ അരുളപ്പാടുണ്ടായി. എഴുന്നേറ്റ് മഹാനഗരമായ നിനെവേയിലേക്കു പോവുക. ഞാൻ നൽകുന്ന സന്ദേശം നീ അവിടെ പ്രഘോഷിക്കുക. കർത്താവിന്റെ കൽപ്പന അനുസരിച്ച് യോനാ എഴുന്നേറ്റ് നിനെവേയിലേക്കുപോയി. അതു വളരെ വലിയൊരു നഗരമായിരുന്നു. അതു കടക്കാൻ മൂന്നുദിവസത്തെ യാത്ര വേണ്ടിയിരുന്നു. യോനാ, നഗരത്തിൽ കടന്ന് ഒരു ദിവസത്തെ വഴി നടന്നു. അനന്തരം, അവൻ വിളിച്ചു പറഞ്ഞു: നാൽപതു ദിവസം കഴിയുമ്പോൾ നിനവേ നശിപ്പിക്കപ്പെടും. നിനവേയിലെ ജനങ്ങൾ ദൈവത്തിൽ വിശ്വസിച്ചു. അവർ ഒരു ഉപവാസം പ്രഖ്യാപിച്ചു. വലിയവരും ചെറിയവരും ഒന്നുപോലെ ചാക്കുടുത്തു. ഈ വാർത്ത നിനവേ രാജാവ് കേട്ടു. അവൻ സിംഹാസനത്തിൽനിന്ന് എഴുന്നേറ്റ് രാജകീയ വസ്ത്രം മാറ്റി ചാക്കുടുത്ത് ചാരത്തിൽ ഇരുന്നു. അവൻ നിനവേ മുഴുവൻ ഒരു വിളംബരം പ്രസിദ്ധപ്പെടുത്തി. രാജാവിന്റെയും അവന്റെ പ്രഭുക്കൻന്മാരുടെയും കൽപ്പനയാണിത്: മനുഷ്യനോ, മൃഗമോ കന്നുകാലിയോ, ആടോ, ഒന്നും ഭക്ഷിക്കരുത്. അവ മേയുകയോ വെള്ളം കുടിക്കുകയോ അരുത്. മനുഷ്യനും മൃഗവും ചാക്കുവസ്ത്രം ധരിച്ച്, ദൈവത്തോട് ഉച്ചത്തിൽ വിളിച്ചപേക്ഷിക്കട്ടെ! ഓരോരുത്തരും തങ്ങളുടെ ദുർമാർഗ്ഗത്തിൽ നിന്നും അക്രമങ്ങളിൽനിന്നും പിൻതിരിയട്ടെ! ദൈവം മനസ്സുമാറ്റി തന്റെ ക്രോധം പിൻവലിക്കുകയും അങ്ങനെ നാം നശിക്കാതിരിക്കുകയും ചെയ്തേക്കാം. തങ്ങളുടെ ദുഷ്ടതയിൽ നിന്ന് അവർ പിൻതിരിഞ്ഞു എന്നു കണ്ട് ദൈവം മനസ്സുമാറ്റി; അവരുടെമേൽ അയക്കുമെന്നു പറഞ്ഞ തിന്മ അയച്ചില്ല.

സമൂ: ദൈവമായ കർത്താവിന് സ്തുതി.

ശുശ്രൂ: പ്രകീർത്തനം ആലപിക്കുവാനായി നിങ്ങൾ എഴുന്നേൽക്കുവിൻ

പ്രകീർത്തനം(ശൂറായ)

(രീതി: അംബരമനവരതം....)

 

കാർമ്മി: സർവ്വചരാചരവും
ദൈവമഹത്ത്വത്തെ
വാഴ്ത്തിപ്പാടുന്നു

ദിവ്യാത്മാവിൻ ഗീതികളാൽ
ഹല്ലേലൂയ്യാ ഗീതികളാൽ
കർത്താവിന്നുപവാസത്തിൻ
നിർമ്മലമാകുമനുസ്മരണം
കൊണ്ടാടാം ഇന്നീ വേദികയിൽ.

ശുശ്രൂ II: തൻ മഹിമാവല്ലോ
വാനിലുമൂഴിയിലും
തിങ്ങിവിളങ്ങുന്നു.

സമൂ: ദിവ്യാത്മാവിൻ ഗീതികളാൽ.....

ശുശ്രൂ I: ജനതകളവിടുത്തെ
മഹിമകൾ പാടുന്നു
താണുവണങ്ങുന്നു.

സമൂ: ദിവ്യാത്മാവിൻ ഗീതികളാൽ...

കാർമ്മി: നിത്യപിതാവിനും
സുതനും റൂഹായ്ക്കും
സ്തുതിയുണ്ടാകട്ടെ.

സമൂ: ദിവ്യാത്മാവിൻ ഗീതികളാൽ...

ശുശ്രൂ II: ആദിയിലെപ്പോലെ
ഇപ്പോഴുമെപ്പോഴും
എന്നേക്കും ആമ്മേൻ.

സമൂ: ദിവ്യാത്മാവിൻ ഗീതികളാൽ ...

ശുശ്രൂ: ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ.
നമുക്ക് പ്രാർത്ഥിക്കാം. സമാധാനം നമ്മോടുകൂടെ.

കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, അങ്ങയുടെ ജീവിതായകവും ദൈവികവുമായ കൽപ്പനകളുടെ മധുരസ്വരം ശ്രവിക്കുന്നതിനും ഗ്രഹിക്കുന്നതിനും ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ. അതുവഴി ആത്മ ശരീരങ്ങൾക്കുപകരിക്കുന്ന സ്നേഹവും ശരണവും രക്ഷയും ഞങ്ങളിൽ ഫലമണിയുന്നതിനും നിരന്തരം ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നതിനും അങ്ങയുടെ കാരുണ്യത്താലും അനുഗ്രഹത്താലും ഞങ്ങളെ സഹായിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. 

സമൂ: ആമ്മേൻ

 ലേഖനം 

സഹോദരരേ പൗലോസ് ശ്ലീഹാ റോമാർക്ക് എഴുതിയ ലേഖനം(12:15)

ആകയാൽ സഹോദരരേ, ദൈവത്തിന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ  സജീവബലിയായി സമർപ്പിക്കുവിൻ. ഇതായിരിക്കണം നിങ്ങളുടെ യഥാർത്ഥമായ ആരാധന. നിങ്ങൾ ഈ ലോകത്തിന് അനുരൂപരാകരുത്; പ്രത്യുത, നിങ്ങളുടെ മനസ്സിന്റെ നവീകരണം വഴി രൂപാന്തരപ്പെടുവിൻ. ദൈവഹിതം എന്തെന്നും, നല്ലതും പ്രീതിജനകവും പരിപൂർണ്ണവുമായത് എന്തെന്നും വിവേചിച്ചറിയാൻ അപ്പോൾ നിങ്ങൾക്ക് സാധിക്കും. എനിക്കു ലഭിച്ചിരിക്കുന്ന കൃപയാൽ പ്രേരിതരായി നിങ്ങളോട് ഞാൻ പറയുന്നു, ഉള്ളതിലധികം മേന്മ ആരും ഭാവിക്കരുത്; മറിച്ച്, ദൈവം ഓരോരുത്തർക്കും നൽകിയിരിക്കുന്ന വിശ്വാസത്തിന്റെ അളവനുസരിച്ചു വിവേകപൂർവം ചിന്തിക്കുവിൻ. നമുക്ക് ഒരു ശരീരത്തിൽ അനേകം അവയവങ്ങൾ ഉണ്ടല്ലോ. എല്ലാ അവയവങ്ങൾക്കും ഒരേ ധർമമല്ല. അതുപോലെ നാം പലരാണെങ്കിലും ക്രിസ്തുവിൽ ഏകശരീരമാണ്. എല്ലാവരും പരസ്പരം ബന്ധപ്പെട്ട അവയവങ്ങളുമാണ്. നമുക്ക് ലഭിച്ചിരിക്കുന്ന കൃപയനുസരിച്ചു നമുക്കുള്ള ദാനങ്ങളും വ്യത്യസ്തങ്ങളാണ്. പ്രവചനവരം വിശ്വാസത്തിനു ചേർന്നവിധം പ്രവചിക്കുന്നതിലും, ശുശ്രൂഷാവരം ശുശ്രൂഷാനിർവാഹണത്തിലും, അധ്യാപനവരം അധ്യാപനത്തിലും ഉപദേശവരം ഉപദേശത്തിലും നമുക്ക് ഉപയോഗിക്കാം. ദാനംചെയ്യുന്നവൻ ഔദാര്യത്തോടെയും നേതൃത്വം നൽകുന്നവന്‍ തീക്ഷ്ണതയോടെയും, കരുണ കാണിക്കുന്നവൻ പ്രസന്നതയോടെയും പ്രവർത്തിക്കട്ടെ. നിങ്ങളുടെ സ്നേഹം നിഷ്കളങ്കമായിരിക്കട്ടെ. തിന്മയെ ദോഷിക്കുവിൻ; നന്മയെ മുറുകെപിടിക്കുവിൻ. നിങ്ങൾ അന്യോന്യം സഹോദരതുല്യം സ്നേഹിക്കുവിൻ. പരസ്പരം ബഹുമാനിക്കുന്നതിൽ ഓരോരുത്തരും മുന്നിട്ടുനിൽക്കുവിൻ. തീക്ഷ്ണതയിൽ മാന്ദ്യം കൂടാതെ ആത്മാവിൽ ജ്വലിക്കുന്നവരായി കർത്താവിനെ ശുശ്രൂഷിക്കുവിൻ. പ്രത്യാശയിൽ സന്തോഷിക്കുവിൻ. ക്ലേശങ്ങളിൽ സഹനശീലരായിരിക്കുവിൻ. പ്രാർത്ഥനയിൽ സ്ഥിരതയുള്ളവരായിരിക്കുവിൻ. വിശുദ്ധരെ അവരുടെ ആവശ്യങ്ങളിൽ സഹായിക്കുവിൻ. അതിഥി സത്കാരത്തിൽ താത്പരരാകുവിൻ. നിങ്ങളെ പീഡിപ്പിക്കുന്നവരെ അനുഗ്രഹിക്കുവിൻ; അനുഗ്രഹിക്കയല്ലാതെ ശപിക്കരുത്. സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കുവിൻ; കരയുന്നവരോടു കൂടെ കരയുവിൻ.

സമൂ: കർത്താവായ മിശിഹായ്ക്ക് സ്തുതി

(അല്ലെങ്കിൽ - 1 യോഹ 3:1-10)

 ഹല്ലേലുയ്യാ ഗീതം (സുമ്മാറ)

ഹല്ലേലൂയ്യാ പാടാം ഒന്നായ്
ഹല്ലേലൂയ്യാ,ഹല്ലേലൂയ്യാ

ആശ്രയമരുളും കർത്താവിങ്കൽ
ശരണമണയ്ക്കുക ജീവിതഭാഗ്യം.

നാഥനുസമനായാരുണ്ടോർത്താൽ
മണ്ണിലുമതുപോൽ വിണ്ണിലുമേവം

ദൈവിക നന്മകൾ കീർത്തിച്ചീടാൻ
നാവിനു തെല്ലും കഴിവില്ലല്ലോ.

താതനുമതുപോൽസുതനും
പരിശുദ്ധാത്മാവിനും സ്തുതിയുയരട്ടെ.

ആദിമുതല്ക്കേയിന്നും നിത്യവു-
മായി ഭവിച്ചീടട്ടെ, ആമ്മേൻ.

ഹല്ലേലൂയ്യാ പാടാമൊന്നായ്
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ.

പ്രദക്ഷിണം വചനവേദിയിൽലെത്തുമ്പോൾ

ശുശ്രൂ: നമുക്കു ശ്രദ്ധാപൂർവ്വംനിന്നു പരിശുദ്ധ സുവിശേഷം ശ്രവിക്കാം.

കാർമ്മി: സമാധാനം + നിങ്ങളോടുകൂടെ.

സമൂ: അങ്ങയോടും അങ്ങയുടെ ആത്മാവോടുംകൂടെ.

 വി.മത്തായി അറിയിച്ച നമ്മുടെ കർത്താവീശോമിശിഹായുടെ പരിശുദ്ധ സുവിശേഷം (5:1-12)

ജനക്കൂട്ടത്തെക്കണ്ടപ്പോൾ യേശു മലയിലേക്കു കയറി. അവൻ ഇരുന്നപ്പോൾ ശിഷ്യന്മാർ അടുത്തെത്തി. അവൻ അവരെ പഠിപ്പിക്കാൻ തുടങ്ങി: ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവരുടേതാണ്. വിലപിക്കുന്നവർ ഭാഗ്യവാന്മാർ; അവർ ആശ്വസിപ്പിക്കപ്പെടും. ശാന്തശീലർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും. നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാന്മാർ അവർക്കു സംതൃപ്തി ലഭിക്കും. കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്കു കരുണ ലഭിക്കും. ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തേക്കാണും സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ അവർ ദൈവപുത്രൻമാരെന്നു എന്നു വിളിക്കപ്പെടും. നീതിക്കുവേണ്ടി പീഡനം ഏൽക്കുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം ആരുടേതാണ്. എന്നെ പ്രതി മനുഷ്യർ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങൾക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ നിങ്ങൾ ആനന്ദിച്ചാഹ്ലാദിക്കുവിൻ; സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങൾക്കു മുമ്പുണ്ടായിരുന്ന പ്രവാചകൻമാരെയും അവർ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്.

(അല്ലെങ്കിൽ)

മത്താ 5:17-26(17-37)

പ്രസംഗം

പ്രസംഗത്തിനുശേഷം കാർമ്മികൻ ഭസ്മം സജ്ജീകരിച്ചിരിക്കുന്ന പീഠത്തിനുസമീപം ചെന്നു നില്ക്കുന്നു. അപ്പോൾ സമൂഹം താഴെ കാണുന്ന ഗീതം ആലപിക്കുന്നു.

അനുതാപഗീതം

കണ്ണീരാരുതരും
പശ്ചാത്താപത്തിൽ
പാപം കഴുകിടുവാൻ
കണ്ണീരാരുതരും?

നിൻതിരു കല്പ്ന വിട്ടുലകിൽ
മറിമായങ്ങളിൽ മുഴുകി ഞാൻ
പാഴായ്പ്പോയൊരു ദിനമെല്ലാ-
മോർത്തോർത്തുരുകിക്കരയാനായ്
താപത്തിൻ കണ്ണീരാരുതരും
താപത്തിൻ കണ്ണീരാരുതരും?

വൈരിയെനിക്കെതിരായ്
വലകൾ വിരിച്ചവയിൽ
വീണുകുഴങ്ങി ഞാൻ
വീണുകുഴങ്ങി ഞാൻ.

വലകൾ തകർത്തെൻ നാഥാ, നീ
രക്ഷയെനിക്കു കനിഞ്ഞരുളി
പാവനമാം തവകല്പ്പനകൾ
ലംഘിച്ചേറ്റം ദുർബലനായ്
വീണ്ടും ഞാൻ വലയിൽ വീണല്ലോ
വീണ്ടും ഞാൻ വലയിൽ വീണല്ലോ.
കണ്ണീരാരുതരും.......

ശുശ്രൂ: നമുക്കു പ്രാർത്ഥിക്കാം. സമാധാനം നമ്മോടുകൂടെ.

കാർമ്മി: പശ്ചാത്തപിക്കുന്ന പാപികൾക്ക് വാതിൽ തുറന്നു കൊടുക്കുന്ന കാരുണ്യവാനായ കർത്താവേ, നിന്റെ കൃപയുടെ വാതിൽ ഞങ്ങൾക്കായി തുറക്കണമേ. മാമോദീസാവഴി ഞങ്ങളെ വിശദ്ധീകരിച്ച് മുദ്രിതരാക്കിയതിന് ഞങ്ങൾ നന്ദിപറയുന്നു. ലോകത്തിനു മരിച്ച്, നിനക്കായി ജീവിക്കാൻ ഞങ്ങളെ സഹായിക്കണമേ. അനുതാപത്തിന്റെ വസ്ത്രം ധരിച്ചും, ശിരസ്സിൽ ചാരം പൂശിയും അനുതാപം പ്രകടിപ്പിച്ച നിനിവേക്കാരെ ജീവന്റെ വഴിയിലേക്കു നയിച്ച കർത്താവേ, ഈ നോമ്പുകാലം ഞങ്ങൾക്ക് മാനസാന്തരത്തിന്റെയും ജീവിത നവീകരണത്തിന്റെയും അവസരമായിത്തീരട്ടെ. ഞങ്ങൾ മണ്ണാകുന്നുവെന്നും മണ്ണിലേക്കുതന്നെ മടങ്ങുന്നുമെന്നും ഞങ്ങളറിയുന്നു. പാപങ്ങൾ പൊറുത്ത് ഞങ്ങളെ അനുഗ്രഹിക്കുകയും പശ്ചാത്താപത്തിന്റെ ബാഹ്യചിഹ്നമായി ഞങ്ങൾ പൂശുവാൻ പോകുന്ന ഈ ഭസ്മം ആശീർവദിക്കുകയും + വിശുദ്ധീകരിക്കുകയും ചെയ്യേണമേ. (ഭസ്മം ആശീർവദിക്കുന്നു) സകലത്തിന്റെയും നാഥാ,എന്നേക്കും.

സമൂ: ആമ്മേൻ

കാർമ്മികൻ ഭസ്മത്തിന്മേൽ വിശുദ്ധജലം തളിക്കുകയും ധൂപിക്കുകയും ചെയ്യുന്നു അനന്തരം സ്വന്തം നെറ്റിയിന്മേലും ജനങ്ങളുടെ നെറ്റിയിന്മേലും ഭസ്മം പൂശുന്നു. ഒന്നിലധികം വൈദികരുണ്ടെങ്കിൽ അവരിലൊരാൾ പ്രധാന കാർമ്മികന്റെ നെറ്റിയിൽ ഭസ്മം പൂശുന്നു. സമൂഹം താഴെ കൊടുത്തിരിക്കുന്ന പാട്ടു പാടുന്നു ആവശ്യമെങ്കിൽ ആവർത്തിക്കുന്നു.

ഗീതം

മനുഷ്യാ, നീ മണ്ണാകുന്നു
മണ്ണിലേക്കു മടങ്ങും നൂനം
അനുതാപക്കണ്ണുനീർ വീഴ്ത്തി- പാപ-
പരിഹാരം ചെയ്തുകൊൾക നീ.           

മനുഷ്യാ, നീ....

ഫലം നല്കാതുയർന്നു നിൽക്കും- വൃക്ഷ-
നിരയെല്ലാമരിഞ്ഞു വീഴ്ത്തും.
എരിതീയിലെരിഞ്ഞുവീഴും നീറി
നിറംമാറി ചാമ്പലായ്ത്തീരും.           

     മനുഷ്യാ, നീ........

ദൈവപുത്രൻ വരുന്നൂഴിയിൽ- ധാന്യ-
ക്കളകമെല്ലാം ശുചിയാക്കുവാൻ
നെന്മണികൾ സംഭരിക്കുന്നു -കെട്ട
പാതിരെല്ലാം ചുട്ടെരിക്കുന്നു.             

     മനുഷ്യാ, നീ......

ആയിരങ്ങൾ വീണുതാഴുന്നു- മർത്യ-
മാനസങ്ങൾ വെന്തുനീറുന്നു.
നിത്യജീവൻ നല്കിടും നീർച്ചാൽ- വിട്ടു
മരുഭൂവിൽ ജലം തേടുന്നു.                 

 മനുഷ്യാ, നീ.....

സ്വർഗ്ഗരാജൃമാർഗ്ഗമങ്ങോളം- കൂർത്ത
മുള്ളുമുറ്റിയിരുണ്ടു നില്പൂ
തീനരകം തീർത്ത മാർഗ്ഗങ്ങൾ- വീതി
നിറഞ്ഞു പൂചൊരിഞ്ഞു നല്പ്പൂ.         

                                                 മനുഷ്യ, നീ....

ശീലോഹായിൽ ഗോപുരം വീണു -കൂടെ
നരരേറെ മരിച്ചുവീണു
തപം ചെയ്തുവരം നേടായ്കിൽ -നിങ്ങൾ
അതുപോലെ തകർന്നുപോകും.           

                                                  മനുഷ്യ, നീ....

ഭസ്മംപൂശൽ കഴിഞ്ഞ് കാർമ്മികൻ കൈകഴുകിത്തുടയ്ക്കുന്നു.

പ്രഘോഷണപ്രാർത്ഥനകൾ (കാറോസൂസ)

ശുശ്രൂ: നമുക്കെല്ലാവർക്കും അനുതാപത്തോടും ശ്രദ്ധയോടുംകൂടി 'കർത്താവേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ' എന്ന് പ്രാർത്ഥിക്കാം.

സമൂ: കർത്താവേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.

ശുശ്രൂ: കാരുണ്യവാനായ പിതാവേ, ആശ്വാസദായകനായ ദൈവമേ, അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂ: കർത്താവേ ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.

ശുശ്രൂ: ഞങ്ങളുടെ രക്ഷകനും പരിപാലകനും സകലത്തിന്റെയും ദാതാവുമായ അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂ: കർത്താവേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.

ശുശ്രൂ: സമസ്തലോകത്തിന്റെയും സകല സഭകളുടെയും സമാധാനത്തിനും ഐക്യത്തിനും നിലനില്പിനും വേണ്ടി അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂ: കർത്താവേ ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.

ശുശ്രൂ: മിശിഹായുടെ സഭ മുഴുവന്റെയും തലവനായ ഞങ്ങളുടെ പരിശുദ്ധ പിതാവ് മാർ (പേര് )പാപ്പയുടെയും, ഞങ്ങളുടെ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചു ബിഷപ്പ് മാർ(പേര് )മെത്രാപ്പോലീത്തായുടെയും/ ഞങ്ങളുടെ അതിരൂപതാധ്യക്ഷനായ മാർ (പേര്) മെത്രാപ്പോലീത്തായുടെയും/ ഞങ്ങളുടെ പിതാവും മേലധ്യക്ഷനുമായ മാർ (പേര് ) മെത്രാന്റെയും അവരുടെ സഹശുശ്രൂഷികളുടെയും ക്ഷേമത്തിനുംവേണ്ടി അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂ: കർത്താവേ ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.

ശുശ്രൂ: നാല്പതുരാവും നാല്പതു പകലും ഉപവസിച്ച് ഞങ്ങൾക്ക് മാതൃക നൽകിയ കർത്താവേ.

സമൂ: കർത്താവേ ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.

ശുശ്രൂ: പിതാവിന്റെ ഇഷ്ടം നിറവേറ്റുവാനും ദൈവരാജ്യം സ്ഥാപിക്കാനുമായി ഭൂമിയിലേക്കു വന്ന കർത്താവേ,

സമൂ: ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.

ശുശ്രൂ: വിശക്കുന്നവരുമായി അപ്പം പങ്കിടുന്നതിനും നഗ്നരെ വസ്ത്രം ധരിപ്പിക്കുന്നതിനും ഭവനരഹിതർക്ക് പാർപ്പിടം നല്കുന്നതും സ്വന്തക്കാരിൽ നിന്ന് ഒഴിഞ്ഞുമാറാതിരിക്കുന്നതുമാണ് യഥാർത്ഥ ഉപവാസം എന്ന് പ്രവാചകൻവഴി അരുൾച്ചെയ്ത കർത്താവേ,

സമൂ: ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.

ശുശ്രൂ: ദുഷ്ടതയുടെ കെട്ടുകൾ അഴിക്കുകയും അടിച്ചമർത്തപ്പെട്ടവരെ മോചിപ്പിക്കുകയും ചെയ്യുന്നതാണ് നീ ആഗ്രഹിക്കുന്ന ഉപവാസമെന്ന് പ്രവാചകൻവഴി ഞങ്ങളെ പഠിപ്പിച്ച കർത്താവേ,

സമൂ: ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.

ശുശ്രൂ: പാപികൾ നശിക്കണമെന്നാഗ്രഹിക്കാതെ അവരെ നേർവഴിക്കു തിരിക്കുവാൻ ആഗ്രഹിക്കുന്ന കർത്താവേ,

സമൂ: ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.

ശുശ്രൂ: പശ്ചാത്തപം പ്രകടിപ്പിച്ച കള്ളനു സ്നേഹപൂർവ്വം മാപ്പു നല്കിയ കർത്താവേ,

സമൂ: ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.

ശുശ്രൂ: പശ്ചാത്തപിക്കുന്ന പാപിയെപ്പറ്റി സ്വർഗ്ഗത്തിൽ വലിയ സന്തോഷമുണ്ടാകുമെന്ന് അരുൾ ചെയ്ത കർത്താവേ,

സമൂ: ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.

ശുശ്രൂ: ഈ ചെറിയവരിൽ ഒരുവന് നിങ്ങൾ ചെയ്തപ്പോഴെല്ലാം എനിക്കു തന്നെയാണ് ചെയ്തതെന്ന് ഞങ്ങളെ പഠിപ്പിച്ച കർത്താവേ,

സമൂ: ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.

ശുശ്രൂ: മനുഷ്യൻ അപ്പംകൊണ്ടുമാത്രമല്ല, ദൈവത്തിന്റെ വചനംകൊണ്ടുമാണ് ജീവിക്കുന്നതെന്നു പഠിപ്പിച്ച കർത്താവേ,

സമൂ: ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.

ശുശ്രൂ: പ്രകൃതിയെയും ജീവജാലങ്ങളെയും സൃഷ്ടിച്ച് പരിപാലിക്കുകയും മനുഷ്യനന്മയ്ക്കുവേണ്ടി അവ വിനിയോഗിക്കുവാൻ ഞങ്ങളെ ഭരമേല്പ്പിക്കുകയും ചെയ്ത കർത്താവേ,

സമൂ: ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.

ശുശ്രൂ: ദൈവരാജ്യം അതിന്റെ നീതിയും ആദ്യം അന്വേഷിക്കുവിൻ അപ്പോൾ മറ്റുള്ളവയെല്ലാം ലഭിക്കുമെന്ന് ഞങ്ങളെ ഉപദേശിച്ച കർത്താവേ,

സമൂ: ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.

ശുശ്രൂ: നമുക്കെല്ലാവർക്കും നമ്മെയും നാമോരോരുത്തരെയും പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സമർപ്പിക്കാം.

സമൂ: ഞങ്ങളുടെ ദൈവമായ കർത്താവേ, അങ്ങേക്കു ഞങ്ങൾ സമർപ്പിക്കുന്നു.

കാർമ്മി: പശ്ചാത്തപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവാൻ ആഹ്വാനം ചെയ്ത കർത്താവേ, ആത്മപരിത്യാഗത്തിന്റെയും ഹൃദയപരിവർത്തനത്തിന്റെയും അനുരഞ്ജനത്തിന്റെയും ചൈതന്യത്തിൽ ജീവിക്കുവാൻ ഈ നോമ്പുകാലത്ത് ഞങ്ങളെ സഹായിക്കണമേ. നീതിക്കുവേണ്ടി വിശപ്പും ദാഹവും അനുഭവിക്കുന്നവരോടൊപ്പം തിന്മയ്ക്കെതിരായ പോരാട്ടത്തിൽ ഞങ്ങളും പങ്കുചേരട്ടെ. പ്രാർത്ഥനയും ഉപവാസവും സ്നേഹപ്രവർത്തനങ്ങളുംവഴി പാപങ്ങൾക്കു പരിഹാരം ചെയ്യുവാനും ജീവിതത്തിലെ കുരിശുകൾ സഹിച്ച് സ്വർഗോന്മുഖരായി ജീവിക്കുവാനും ഞങ്ങളെ ശക്തരാകണമേ. സകലത്തിന്റെയും നാഥാ എന്നേക്കും.

സമൂ: ആമ്മേൻ.

ശുശ്രൂ: കർത്താവേ, ആശീർവദിക്കണമേ. സഹോദരരേ നിങ്ങൾ കൈവെയ്പ്പിനായി തല കുനിക്കുകയും ആശീർവാദം സ്വീകരിക്കുകയും ചെയ്യുവിൻ.

കാർമ്മികൻ കുനിഞ്ഞുനിന്ന് നിന്നെ താഴെവരുന്ന കൈവയ്പൂ പ്രാർത്ഥന താഴ്ന്നസ്വരത്തിൽ ചൊല്ലുന്നു.

കാർമ്മി: ഞങ്ങളുടെ ദൈവമായ കർത്താവേ, സാർവ്വത്രികവും ശ്ലൈഹികവുമായ സഭയുടെമേൽ അങ്ങയുടെ കരുണനിറഞ്ഞ വലംകൈ നീട്ടണമേ. ദൃശ്യവും അദൃശ്യവുമായ സകല വിപത്തുകളിലുംനിന്ന് അതിനെ സംരക്ഷിക്കണമേ. ഭക്തിയോടും ശ്രദ്ധയോടും വിശുദ്ധിയോടുംകൂടെ ഞങ്ങളുടെ മുമ്പാകെ ശുശ്രൂഷചെയ്യുവാൻ ഞങ്ങളെല്ലാവരെയും ദയാപൂർവ്വം യോഗ്യരാക്കണമേ.

കർമ്മികൻ നിവർന്നുനിന്ന് ഉയർന്ന സ്വരത്തിൽ ചൊല്ലുന്നു.

കാർമ്മി: കരുണാനിധിയായ ദൈവമേ, ഞങ്ങളെല്ലാവരും ഒന്നുചേർന്ന് അങ്ങയെ ഞങ്ങളുമായി രമ്യപ്പെടുത്തുന്ന നീതിയുടെ പ്രവർത്തികളാൽ ജീവിതകാലം മുഴുവനും അങ്ങയെ യഥോചിതം പ്രീതിപ്പെടുത്തുവാൻ ഞങ്ങളെ യോഗ്യരാക്കുകയും ചെയ്യണമേ. അങ്ങേക്കു സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും നിരന്തരം സമർപ്പിക്കാൻ ഞങ്ങളെ യോഗ്യരാക്കുകയും ചെയ്യേണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും.

സമൂ: ആമ്മേൻ.

ശുശ്രൂ: മാമ്മോദീസ സ്വീകരിക്കുകയും ജീവന്റെ അടയാളത്താൽ മുദ്രിതരാകുകയും ചെയ്തവർ ഭക്തിയോടും ശ്രദ്ധയോടുംകൂടെ വിശുദ്ധരഹസ്യങ്ങളിൽ പങ്കുകൊള്ളട്ടെ.

ദിവ്യരഹസ്യഗീതം(ഓനീസാ ദ്റാസേ)

 (രീതി: മിശിഹാ കർത്താവിൻ തിരുമെയ്‌.....)

പാപം ചെയ്യാതിരിക്കാൻ സുക്ഷിക്കുവിൻ
മിശിഹാരഹസ്യങ്ങൾ
കൈകൊള്ളുന്നവരേ,
പാവനമാനസരേ,
തിന്മയിലാത്മശരീരങ്ങൾ
പങ്കിലമാക്കും ജനനിരയിൽ
ചേരുക വഴിയായ് വിശ്വാസം
നിങ്ങൾ കൈവിടിയാതെന്നും
കാത്തിടുവിൻ ഹൃദയം നിർമ്മലമായ്.

നിങ്ങളെല്ലാവരും അത്യുന്നതന്റെ മക്കളാണല്ലോ.

മിശിഹാരഹസ്യങ്ങൾ.....

(അല്ലെങ്കിൽ)

പാപം ചെയ്യാതിരിക്കുവാൻ സൂക്ഷിക്കുവിൻ.

മിശിഹായുടെ ശിഷ്യന്മാരേ, അവിടുത്തെ ദിവ്യരഹസ്യങ്ങളിൽ ഭാഗഭാക്കാകുന്നവരേ, ആത്മാവിനെയും ശരീരത്തെയും ദുഷിപ്പിക്കുന്നവരും തിന്മ പ്രവർത്തിക്കുന്നവരുമായുള്ള സംസർഗ്ഗം വഴി നിങ്ങളുടെ വിശ്വാസം നഷ്ടപ്പെടാതിരിക്കുവാനും നിങ്ങൾ സ്വീകരിച്ച മാമ്മോദീസ വ്യർത്ഥമാക്കാതിരിക്കുവാനും ശ്രദ്ധിച്ചു കൊള്ളുവിൻ.


നിങ്ങളെല്ലാവരും അത്യുന്നതന്റെ മക്കളാണല്ലോ.

മിശിഹായുടെ ശിഷ്യന്മാരേ, അവിടുത്തെ.....

(തുടർന്നുള്ള പ്രാർത്ഥനകൾക്ക് കുർബാനക്രമം കാണുക.)

ദിവ്യകാരുണ്യ ഗീതം(ഓനീസാ ദ്വേമ്മ)

(രീതി: ഹല്ലേലൂയ്യാ പാടീടുന്നേൻ....)

സമൂ: ദിവ്യവിരുന്നിനു നമ്മെ വിളിപ്പൂ
രക്ഷാനാഥൻ കരുണാപൂർവം.

കൈക്കൊള്ളാം തിരുഗാത്രനിണങ്ങൾ
ത്രിത്വത്തിൽ സ്തുതിഗീതികൾ പാടാം.

(അല്ലെങ്കിൽ)

സമൂ: നമ്മുടെ രക്ഷകനായ മിശിഹാ നമുക്കായി ആത്മീയവിരുന്ന് ഒരുക്കിയിരിക്കുന്നു. ഭയഭക്തികളോടും സ്നേഹത്തോടുംകൂടി നമുക്ക് അവിടുത്തെ സമീപിക്കാം. അവിടുത്തെ ശരീരവും രക്തവും നമുക്കു സ്വീകരിക്കാം. അവിടുന്ന് നമ്മിൽ സംപ്രീതനാകട്ടെ. ഹല്ലേലൂയ്യ പാടിക്കൊണ്ട് പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും നമുക്ക് ആരാധിക്കാം.

അനുഗീതം(ഓനീസാ ദ് വാത്തേ)

(രീതി ഹല്ലേലൂയ്യ പാടിടുന്നേ..... )

ശുശ്രൂ: വരുവിൻ പാപക്കറകൾ കഴുകാം
ഉപവാസത്താൽ ശക്തി വരിക്കാം

സ്നേഹത്തോടെ ഭക്തിമയം നാം
കർത്താവിൽ തിരുസന്നിധി പൂകാം

(അല്ലെങ്കിൽ)

ശുശ്രൂ: വരുവിന്‍, പാപക്കറകൾ കഴുകിക്കളയുന്ന ഉപവാസവും പ്രായശ്ചിത്തവും വഴി ആത്മീയശക്തി പ്രാപിക്കാം. ഭയഭക്തികളോടും സ്നേഹത്തോടും കൂടി അവിടുത്തെ തിരുശരീരരക്തങ്ങൾ സ്വീകരിക്കാം.

കൃതജ്ഞതാ പ്രാർത്ഥനകൾ

കാർമ്മി: കർത്താവായ ദൈവമേ, ജീവദായകമായ അങ്ങയുടെ വചനം സ്വീകരിച്ച് പാപബോധത്തിലും പരിഹാര മനോഭാവത്തിലും വളരുവാനും തിരുശരീരരക്തങ്ങൾ ഉൾക്കൊണ്ട് നിത്യജീവന് അർഹരാകുവാനും അങ്ങു ഞങ്ങളെ അനുഗ്രഹിച്ചു. അങ്ങയുടെ ഈ ദാനത്തിന് നന്ദി പറയുവാൻ ഞങ്ങൾ ആശക്തരാകുന്നു. പിതാവിനും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും.

സമൂ: ആമ്മേൻ. കർത്താവേ, ആശീർവദിക്കണമേ.

കാർമ്മി: പാപങ്ങൾ പൊറുക്കുവാനും രോഗങ്ങൾ സുഖപ്പെടുത്തുവാനുമായ മിശിഹായേ പശ്ചാതാപത്തോടെ നിന്റെ പക്കലണിഞ്ഞ് ഈ പരിഹാരബലിൽ പങ്കുചേരുവാൻ നീ ഞങ്ങളെ യോഗ്യരാക്കി. നിന്റെ കാരുണ്യം എന്നും പ്രകീർത്തിക്കുവാൻ ഞങ്ങളെ ശക്തരാക്കമേ. സകലത്തിന്റെയും നാഥാ, എന്നേക്കും.

സമൂ: ആമ്മേൻ

സമാപനാശീർവാദം

മാനവരഖിലം ദൈവികമാം
ജീവൻ നിത്യം പുല്കിടുവാൻ
തനയനെ മന്നിനു നല്കിയൊരാ
ദൈവപിതാവിനെ വാഴ്ത്തീടാം

മാനവവംശം പൂർണ്ണതയിൽ
നിത്യനവീകൃതമായിടുവാൻ
അനുതാപത്തിൻ സന്ദേശം
നല്കിയ താതനെ വാഴ്ത്തീടാം

വാനവരാജ്യം തേടിടുവാൻ
ദൈവികഗീതം പാടിടുവാൻ
പ്രാർത്ഥന പകരും വരദാനം
നിങ്ങളിൽലെങ്ങും നിറയട്ടെ

ദൈവത്തിൻ പ്രിയജനമേ,യീ
ഭൂവിൽ നിങ്ങൾ ചിരകാലം
സൗഭാഗ്യത്താൽ നിറയട്ടെ +
ഇപ്പൊഴുമെപ്പൊഴുമെന്നേക്കും.

സമൂ: ആമ്മേൻ.

അല്ലെങ്കിൽ

കാർമ്മി: എല്ലാ മനുഷ്യരും രക്ഷ പ്രാപിക്കണമെന്നും ജീവന്റെ പൂർണ്ണത ഉൾക്കൊള്ളണമെന്നും ആഗ്രഹിക്കുന്ന കർത്താവായ ദൈവമേ, മനുഷ്യവംശത്തിന്റെ നവീകരണത്തിനും രക്ഷയ്ക്കുവേണ്ടി ഏകജാതനെ ഭൂമിയിലേക്കയച്ച അങ്ങയുടെ അനന്തകാരുണ്യത്തെ ഞങ്ങൾ വാഴ്ത്തുന്നു. അവിടുന്ന് ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുകയും അനുതാപത്തിന്റെയും മാനസാന്തരത്തിന്റെയും സന്ദേശം ഞങ്ങൾക്ക് നൽകുകയും ചെയ്തു. സ്വർഗ്ഗരാജ്യത്തിന്റെ നീതി എപ്പോഴും അന്വേഷിക്കുവാനും, പ്രത്യേകിച്ചു ഈ നോമ്പുകാലത്ത് പ്രാർത്ഥനയുടെയും പാപപരിഹാരത്തിന്റെയും പരസ്നേഹത്തിന്റെയും ഫലങ്ങൾ പുറപ്പെടുവിക്കുവാനും ഞങ്ങൾക്കിടയാകട്ടെ. ദൈവത്തിന്റെ ജനമേ, ദൈവവചനത്തിലാശ്രയിച്ച് പ്രലോഭനങ്ങളെ ജയിച്ച് ആത്മീയസൗഭാഗ്യം അനുഭവിക്കാൻ മിശിഹായുടെ കുരിശ് നിങ്ങളെ ശക്തരാക്കട്ടെ. ഇപ്പോഴും എപ്പോഴും+ എന്നേക്കും.

സമൂ: ആമ്മേൻ.

Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message