We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Liturgical commission, Diocese of Mananthavady On 10-Jul-2024
വി. സെബസ്ത്യാനോസിനോടുള്ള നൊവേന
വി. സെബസ്ത്യാനോസ് എ.ഡി. 255-നോടടുത്ത് ഫ്രാൻസിലെ നർബോ പട്ടണത്തിൽ ഒരു ക്രിസ്‌തീയകുടുംബത്തിൽ ജനിച്ചു. തൻ്റെ ഇരുപത്തിയെട്ടാമത്തെ വയസ്സിൽ ചക്രവർത്തിയുടെ സൈന്യത്തിൽ ചേർന്നു. നീറോചക്രവർത്തി എ.ഡി. 54-ൽ ആരംഭിച്ച മതമർദ്ദനം സെബസ്ത്യാനോസിൻ്റെ കാലത്തും തുടരുന്നുണ്ടായിരുന്നു. ഈ കാലഘട്ടത്തിൽ ക്രിസ്ത്യാനികൾക്ക് പല സഹായങ്ങളും ചെയ്യാൻ ചക്രവർത്തിയുടെ പട്ടാളക്കാരനായിരുന്നതുകൊണ്ട് സെബസ്ത്യാനോസിന് കഴിഞ്ഞു.
ക്രിസ്‌തുമതം ഉപേക്ഷിക്കുവാനുള്ള പലവിധ പ്രലോഭനങ്ങളും സെബസ്ത്യാനോസിനുണ്ടായിരുന്നു. എന്നാൽ തൻ്റെ വിശ്വാസത്തെ ത്യജിക്കാൻ അദ്ദേഹം തയ്യാറായില്ല. ഡയക്ലീഷൻ അദ്ദേഹത്തെ അസ്ത്രമെയ്‌തു കൊല്ലാൻ കല്‌പിച്ചു. ശരവർഷമേറ്റ് അദ്ദേഹം മരിച്ചു എന്നു കരുതി പട്ടാളക്കാർ സ്ഥലം വിട്ടു. ഐറിൻ എന്ന ഭക്തസ്ത്രീ അദ്ദേഹത്തിൻ്റെ മൃതദേഹം സംസ്‌കരിക്കാൻ വന്നു. എന്നാൽ അപ്രതീക്ഷിതമായി ശരീരത്തിന് ജീവൻ തിരിച്ചുകിട്ടി. വൈകാതെ സുഖം പ്രാപിച്ച അദ്ദേഹം കൊട്ടാരത്തിൽ ചെന്ന് ചക്രവർത്തിയുടെ മതമർദ്ദനത്തെ അപലപിച്ചു. സെബസ്ത്യാനോസിനെ ഗദകൊണ്ട് അടിച്ചുകൊല്ലാൻ ചക്രവർത്തി കല്‌പിച്ചു. അങ്ങനെ എ.ഡി. 288 ജനുവരി 20-ന് അദ്ദേഹം പരലോകപ്രാപ്‌തനായി.
ലൂസിന എന്ന ഭക്തസ്ത്രീയുടെ നേതൃത്വത്തിൽ ക്രിസ്ത്യാനികൾ ആ ശരീരം റോമിലെ ആപ്പിയൻ റോഡിലുള്ള ഒരു ഭൂഗർഭാലയത്തിൽ സംസ്‌കരിച്ചു. എ.ഡി. 680-ൽ റോമിലും 1575-ൽ മിലാനിലും 1579-ൽ ലിസ്ബണിലും പടർന്നുപിടിച്ച പ്ലേഗിൽ നിന്നും വസൂരിയിൽ നിന്നും ജനങ്ങൾ രക്ഷപെട്ടത് വി. സെബസ്ത്യാനോസിൻ്റെ മാദ്ധ്യസ്ഥം വഴിയാണെന്ന് കരുതപ്പെടുന്നു. അതിനാൽ പകർച്ചവ്യാധിയിൽ നിന്ന് രക്ഷിക്കുന്ന വിശുദ്ധനായി സെബസ്ത്യാനോസ് അറിയപ്പെടുന്നു.
തിരുനാൾ ദിനം : ജനുവരി 20 |
പ്രാരംഭഗാനം
പൂജ്യനാം സെബസ്ത്യാനോസ്
പ്രാർത്ഥിക്ക ഞങ്ങൾക്കായ് നീ
സത്യമാം വിശ്വാസത്തിൽ
ധീരമായി മുന്നേറിടാൻ
ദൈവസ്നേഹത്താലേറ്റം
ഉന്നതസ്ഥാനംപോലും
ഹോമിച്ച സഹദായേ
പ്രാർത്ഥിക്ക ഞങ്ങൾക്കായ് നീ
രോഗപീഡകളാലെ
ഏറ്റം വലയുന്നോരെ
കാത്തരുളുന്ന താതാ
പ്രാർത്ഥിക്ക ഞങ്ങൾക്കായ് നീ
കാർമ്മി: സർവ്വകൃപകളുടെയും ഉറവിടമായ കാരുണ്യവാനായ പിതാവേ, അങ്ങയുടെ സന്നിധിയിൽ അണഞ്ഞിരിക്കുന്ന ഞങ്ങളെ തൃക്കൺപാർക്കണമേ. വി. സെബസ്ത്യാനോസിൻ്റെ മാദ്ധ്യസ്ഥം തേടിവന്നിരിക്കുന്ന ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ. ഞങ്ങളുടെ സ്വർഗ്ഗീയമദ്ധ്യസ്ഥനായ വി. സെബസ്ത്യാനോസിലൂടെ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഞങ്ങൾ നന്ദി പറയുന്നു. വിശ്വാസം ത്യജിക്കുന്നതിനേക്കാൾ മരണം വരിക്കുന്നതാണ് നല്ലതെന്നു പറഞ്ഞുകൊണ്ട് അവർണ്ണനീയമായ പീഡനങ്ങൾ സഹിക്കുകയും രക്തസാക്ഷിമകുടം ചൂടുകയും ചെയ്‌ത വിശുദ്ധൻ്റെ മാതൃകയെ പിഞ്ചെന്ന്, വിശ്വാസസംരക്ഷണത്തിനുവേണ്ടി ക്ലേശങ്ങളും ത്യാഗങ്ങളും സഹിക്കുന്നതിനും എല്ലായിടത്തും ഈശോയ്ക്ക്
സാക്ഷ്യം വഹിക്കുന്നതിനുമുള്ള അനുഗ്രഹം ഞങ്ങൾക്കു നല്‌കണമേ.
സമൂ: ആമ്മേൻ
കാർമ്മി: ഞങ്ങളുടെ പ്രത്യേക മധ്യസ്ഥനായ വി. സെബസ്ത്യാനോസെ, അങ്ങ് ഞങ്ങളുടെ ശക്തിയുള്ള മദ്ധ്യസ്ഥനും അഭയസ്ഥാനവുമാകുന്നു.
സമൂ: ഞങ്ങളുടെ കർത്താവേ,/ വിശ്വാസത്തിനുവേണ്ടി ജീവൻ ബലികഴിച്ച വിശുദ്ധൻ്റെ മാതൃക/ ഞങ്ങൾക്ക് എന്നും തുണയും സഹായവുമാകട്ടെ./ രോഗങ്ങളാലും വേദനകളാലും സാമ്പത്തിക തകർച്ചകളാലും കഷ്‌ടപ്പെടുന്ന ഞങ്ങളെ/ വി. സെബസ്ത്യാനോസിൻ്റെ യോഗ്യതകൾ പരിഗണിച്ച്/ അനുഗ്രഹിക്കുകയും/ പ്രാർത്ഥനകൾ സാധിച്ചുതരികയും ചെയ്യണമേ, ആമ്മേൻ./
കാർമ്മി: സർവ്വശക്തനായ ദൈവമേ (സമൂഹവും ചേർന്ന്) / അങ്ങേ ദാസനായ/ വി. സെബസ്ത്യാനോസിൻ്റെ മാദ്ധ്യസ്ഥം വഴി/ ഞങ്ങൾക്ക് വിശ്വാസതീക്ഷ്‌ണതയും/ സഹനശക്തിയും പ്രദാനം ചെയ്യണമേ./ ഞങ്ങളെ/ എല്ലാ വിധത്തിലുമുള്ള മാറാരോഗങ്ങളിൽ നിന്നും/ പൈശാചികബന്ധനങ്ങളിൽ നിന്നും രക്ഷിക്കണമേ./ അങ്ങയുടെ കൃപയിൽ ശരണപ്പെട്ടുകൊണ്ട്/ ഞങ്ങളുടെ എല്ലാ അപേക്ഷകളും/ ഞങ്ങൾ സമർപ്പിക്കുന്നു. / എന്നേക്കും, ആമ്മേൻ./
സങ്കീർത്തനം (115)
കാർമ്മി: കർത്താവിൻ്റെ ഭക്തരേ, കർത്താവിൽ ആശ്രയിക്കുവിൻ. അവിടുന്നാണു നിങ്ങളുടെ സഹായവും പരിചയും
സമൂ: കർത്താവിന് നമ്മെക്കുറിച്ച് വിചാരമുണ്ട്, അവിടുന്ന് നമ്മെ അനുഗ്രഹിക്കും.
കാർമ്മി: അവിടുന്ന് ഇസ്രായേൽ ഭവനത്തെ ആശീർവ്വദിക്കും. അഹറോൻ്റെ ഭവനത്തെ അനുഗ്രഹിക്കും.
സമൂ: കർത്താവിൻ്റെ ഭക്തരേ, ചെറിയവരേയും വലിയവരെയും അവിടുന്ന് അനുഗ്രഹിക്കും.
കാർമ്മി: കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ! നിങ്ങളെയും നിങ്ങളുടെ മക്കളെയും.
സമൂ: ആകാശവും ഭൂമിയും സൃഷ്‌ടിച്ച കർത്താവ് നമ്മെ അനുഗ്രഹിക്കട്ടെ.
കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്‌തുതി.
സമൂ: ആദിമുതൽ എന്നേക്കും, ആമ്മേൻ.
കാറോസൂസ
കാർമ്മി: നമുക്കെല്ലാവർക്കും വിശ്വാസത്തോടും പ്രതീക്ഷയോടും കൂടി വി. സെബസ്ത്യാനോസേ, ഈശോയോട് അപേക്ഷിക്കണമേ എന്ന് പ്രാർത്ഥിക്കാം .
സമൂ: വി. സെബസ്ത്യാനോസേ, ഈശോയോട് അപേക്ഷിക്കണമേ.
കാർമ്മി: അക്രമവും അനീതിയും യുദ്ധങ്ങളും അവസാനിപ്പിച്ച് ലോകരാഷ്ട്രങ്ങളെല്ലാം ശാന്തിയിലും സമാധാനത്തിലും ജീവിക്കുവാൻ,
സമൂ: വി. സെബസ്ത്യാനോസേ, ഈശോയോട് അപേക്ഷിക്കണമേ.
കാർമ്മി: സാർവ്വത്രികസഭയുടെ തലവനായ പരിശുദ്ധ പിതാവ് മാർ ..............പാപ്പായ്ക്കും ഞങ്ങളുടെ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ........................ മെത്രാപ്പോലീത്തായ്ക്കും ഞങ്ങളുടെ അതിരൂപതാദ്ധ്യക്ഷനായ മാർ.................. മെത്രാപ്പോലീത്തായ്ക്കും എല്ലാ വൈദികമേലദ്ധ്യക്ഷന്മാർക്കും ഭരമേത്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങൾ ദൈവഹിതാനുസരണം നിർവ്വഹിക്കപ്പെടുവാൻ,
സമൂ: വി. സെബസ്ത്യാനോസേ, ഈശോയോട് അപേക്ഷിക്കണമേ.
കാർമ്മി: ഞങ്ങളുടെ രൂപതയും, ഞങ്ങളുടെ പിതാവും മേലദ്ധ്യക്ഷനുമായ മാർ.............. മെത്രാനും എല്ലാ വൈദികരും സമർപ്പിതരും അനുഗ്രഹിക്കപ്പെടുവാനും തീക്ഷ്‌ണതയുള്ള അത്മായപ്രേഷിതരെ ഞങ്ങൾക്കു ലഭിക്കുവാനും
സമൂ: വി. സെബസ്ത്യാനോസേ, ഈശോയോട് അപേക്ഷിക്കണമേ.
കാർമ്മി: ഒരേ പിതാവിൻ്റെ മക്കളേപ്പോലെ ഈ ഇടവകാംഗങ്ങളെല്ലാവരും പരസ്‌പരം സ്നേഹിച്ചും സഹകരിച്ചും പ്രവർത്തിക്കുന്നതിന്
സമൂ: വി. സെബസ്ത്യാനോസേ, ഈശോയോട് അപേക്ഷിക്കണമേ.
കാർമ്മി: ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനവും ശാന്തിയും പുലരുവാനും ഞങ്ങളുടെ കുഞ്ഞുങ്ങളും യുവജനങ്ങളും വിശുദ്ധിയിലും വിജ്ഞാനത്തിലും ദൈവത്തിൻ്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നുവരുവാനും,
സമൂ: വി. സെബസ്ത്യാനോസേ, ഈശോയോട് അപേക്ഷിക്കണമേ.
(സന്ദർഭോചിതമായി മറ്റ് നിയോഗങ്ങളും കൂട്ടിച്ചേർക്കാവുന്നതാണ്)
കാർമ്മി: നിശ്ശബ്‌ദമായി നമ്മുടെ വ്യക്തിപരമായ പ്രാർത്ഥനകൾ വി. സെബസ്ത്യാനോസിൻ്റെ മാദ്ധ്യസ്ഥം വഴി ദൈവതിരുസന്നിധിയിൽ സമർപ്പിക്കാം.
(നിശ്ശബ്‌ദം)
കാർമ്മി: കർത്താവായ ദൈവമേ, അവർണ്ണനീയങ്ങളായ പീഡകൾ സഹിക്കുകയും, രക്തസാക്ഷിമകുടമണിയുകയും ചെയ്‌ത വി. സെബസ്ത്യാനോസിനെ മദ്ധ്യസ്ഥനും മാതൃകയുമായി ഞങ്ങൾക്ക് നല്‌കിയതിന് ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ജനങ്ങളെ പകർച്ചവ്യാധികളിൽ നിന്നും അത്ഭുതകരമായി രക്ഷിക്കുന്ന വിശുദ്ധൻ്റെ പ്രാർത്ഥനയാൽ എല്ലാവിധ ശാരീരിക രോഗങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ. ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്ന വിശുദ്ധ സെബസ്ത്യാനോസിൻ്റെ യോഗ്യതയാൽ ഞങ്ങളുടെ പ്രാർത്ഥനകളും യാചനകളും കൈക്കൊള്ളണമേ. സകലത്തിൻ്റെയും നാഥാ, എന്നേക്കും
സമൂ: ആമ്മേൻ
ഗാനം
(ഈ സമയത്ത് കാർമ്മികൻ ജനങ്ങളുടെ മേൽ വിശുദ്ധജലം തളിക്കുന്നു)
(മറിയമേ നിൻ്റെ ചിത്രത്തിൽ... എന്ന രീതി)
വിശുദ്ധനായ സെബസ്ത്യാനോസേ
വാഴ്ത്തുന്നു ഞങ്ങൾ ആദരാൽ
ദീനമേറിടും മക്കളിന്നിതാ
നിൽക്കുന്നു താതാ കാണുക.
ആധിവ്യാധികൾ മാറ്റാൻ കെല്പെഴും
മധ്യസ്ഥനായി നീ തീർന്നല്ലോ
ആ നിൻ്റെ ദിവ്യ ശക്തികളാലെ
ഞങ്ങളെ കാത്തുപാലിക്ക
കാർമ്മി: എത്രയും വിശ്വസ്‌തനും (സമൂഹവും ചേർന്ന്)/ കാരുണ്യവാനുമായ ദൈവമേ,/ അങ്ങേ ദാസനായ വി. സെബസ്ത്യാനോസിൻ്റെ മാദ്ധ്യസ്ഥം വഴി/ ഞങ്ങൾക്ക് വിശ്വാസദാർഢ്യവും / പുണ്യത്തിൽ അഭിവൃദ്ധിയും പ്രദാനം ചെയ്യണമേ./ ഞങ്ങളെയും ഞങ്ങളുടെ നാടിനെയും/ കൃഷിയിടങ്ങളെയും വളർത്തുമൃഗങ്ങളെയും/ എല്ലാ വിധത്തിലുമുള്ള പകർച്ചവ്യാധികളിൽ നിന്നും/ രക്ഷിക്കണമേ./ അങ്ങയുടെ കരുണയിൽ ശരണപ്പെട്ടുകൊണ്ട്/ ഞങ്ങൾ സമർപ്പിക്കുന്ന പ്രാർത്ഥനകൾ/ കേൾക്കണമേ./ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും, ആമ്മേൻ
കാർമ്മി: ഈശോമിശിഹായുടെ വാഗ്‌ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ
സമൂ: വി. സെബസ്ത്യാനോസേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
സമാപനപ്രാർത്ഥന
കാർമ്മി: പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവം നിങ്ങളെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ. അവിടുന്ന് നിങ്ങളിൽ പ്രസാദിക്കുകയും നിങ്ങളോട് കരുണ കാണിക്കുകയും ചെയ്യട്ടെ. ഈശോയുടെ നാമത്തിലും വിശുദ്ധ കുരിശിൻ്റെ അടയാളത്താലും നിങ്ങൾ എല്ലാവരും മുദ്രിതരാകട്ടെ. നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിൻ്റെ സ്നേഹവും പരിശുദ്ധാത്മാവിൻ്റെ സഹവാസവും നിങ്ങളോടു കൂടിയുണ്ടാകട്ടെ. ഇപ്പോഴും + എപ്പോഴും + എന്നേക്കും +
സമൂ: ആമ്മേൻ.
സമാപനഗാനം
വിശുദ്ധനായ സെബസ്ത്യാനോസേ
ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ (2)
പാപികൾ ഞങ്ങളെ പരിശുദ്ധരാക്കുവാൻ
പണ്ടു നർബോനയിൽ ജനിച്ചവനേ
പാവങ്ങൾ ഞങ്ങൾക്ക് സ്വർഗ്ഗരാജ്യം തരാൻ
പീഡനമേറ്റു തളർന്നവനേ
(വിശുദ്ധനായ സെബസ്ത്യാനോസേ.....)
വി. സെബസ്ത്യാനോസിനോടുള്ള നൊവേന പകർച്ചവ്യാധിയിൽ നിന്ന് രക്ഷിക്കുന്ന വിശുദ്ധനായി സെബസ്ത്യാനോസ് അറിയപ്പെടുന്നു. Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206