We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Liturgical commission, Diocese of Mananthavady On 10-Jul-2024
വി. എവുപ്രാസ്യാമ്മയോടുള്ള നൊവേന
അവിഭക്ത തൃശൂർ രൂപതയിലെ എടത്തുരുത്തി ഇടവകയിൽ (ഇരിങ്ങാലക്കുട രൂപത) കാട്ടൂർ ദേശത്ത്, എലുവത്തിങ്കൽ ചേർപ്പുകാരൻ അന്തോണി, കുഞ്ഞേത്തി ദമ്പതികളിൽ നിന്ന് റോസ (സി. എവുപ്രാസ്യ), 1877 ഒക്ടോബർ 17-ന് ഭൂജാതയായി. കുഞ്ഞായിരുന്നപ്പോൾത്തന്നെ റോസ തന്റെ അമ്മയെ അനുകരിച്ച് പളളിയിൽ പോവുകയും പ്രാർത്ഥിക്കുകയും നോമ്പും ഉപവാസവുമനുഷ്ഠിക്കുകയും ചെയ്തിരുന്നു. ഒമ്പതാം വയസ്സിൽ തന്റെ കന്യാത്വം ദൈവത്തിന് പ്രതിഷ്ഠിച്ച് താനൊരു കന്യാസ്ത്രീയാകുമെന്ന് റോസ തീരുമാനിച്ചു. എന്നാൽ തന്റെ മകളെ വിലയും നിലയുമുള്ള ഒരു കുടുംബത്തിൽ കെട്ടിച്ചയക്കുന്നത് സ്വപ്നം കണ്ടിരുന്ന റോസയുടെ പിതാവിന്, ഇളയവളായ കൊച്ചുത്രേസ്യായുടെ അകാലചരമം തിരിച്ചടിയായി. തന്റെ സ്വപ്നങ്ങളെല്ലാം തകർന്ന പിതാവ് അന്തോണി മകളെ വിശുദ്ധ ചാവറയച്ചനും വന്ദ്യനായ ലെയോപോൾദ് അച്ചനും ചേർന്ന് 1866-ൽ കൂനമ്മാവിൽ സ്ഥാപിച്ച കർമ്മലീത്താ മഠത്തിന്റെ ബോർഡിംഗിലാക്കി.
ബോർഡിംഗിൽ വച്ച് അവൾ പുണ്യത്തിലും പ്രാർത്ഥനയിലും കരവേലകളിലും പഠനത്തിലും അതിവേഗം വളർന്നുവെങ്കിലും ശാരീരികാസ്വാസ്ഥ്യങ്ങൾ അവളെ പീഡിപ്പിച്ചു. രണ്ടു പ്രാവശ്യം വീട്ടിലേക്കുതിരികെപ്പോയി. സുഖമായപ്പോൾ വീണ്ടും സ്വീകരിക്കപ്പെട്ടു. മൂന്നാം പ്രാവശ്യം മാരകമായ രോഗത്താൽ തീർത്തും അവശയായെങ്കിലും അത്ഭുതകരമായി അവൾ സൗഖ്യം പ്രാപിച്ചു.
തൃശൂർ വികാരി അപ്പസ്തോലിക്ക മാർ യോഹന്നാൻ മേനാച്ചേരി മെത്രാൻ സ്വന്തം രൂപതക്കാരായ കന്യാസ്ത്രീകളെയും അർത്ഥിനികളെയും അമ്പഴക്കാട്ടേക്ക് കൊണ്ടുവന്നപ്പോൾ റോസ എലുവത്തിങ്കലും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. 1897 മെയ് 10-ാം തിയതി അവൾക്ക് ശിരോവസ്ത്രം ലഭിക്കുകയും ഈശോയുടെ തിരുഹൃദയത്തിന്റെ എവുപ്രാസ്യാ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. 1898 ജനുവരി 10-ന് കർമ്മല സഭാവസ്ത്രം അവൾക്കു ലഭിച്ചു. 1900 മെയ് 24-ന് ഒല്ലൂരിൽ സ്ഥാപിതമായ സെന്റ് മേരീസ് മഠത്തിന്റെ ആശീർവ്വാദദിനത്തിൽ സി. എവുപ്രാസ്യ നിത്യവ്രതം ചെയ്തു.
1952-ൽ നിത്യസമ്മാനത്തിനായി വിളിക്കപ്പെടുന്നതു വരെയുള്ള കാലയളവിൽ ഏകദേശം 48 വർഷത്തോളം ഈ സുകൃതിനി ഒല്ലൂർ മഠത്തിൽ തന്നെയാണ് താമസിച്ചത്. നോവിസ് മിസ്ട്രസ്, മഠാധിപ തുടങ്ങിയ വലിയ ഉത്തരവാദിത്വങ്ങളിൽ നിയോഗിക്കപ്പെട്ട സി. എവുപ്രാസ്യായുടെ പ്രാർത്ഥനാജീവിതവും നിയമാനുഷ്ഠാന തത്പരതയും താപസകൃത്യങ്ങളും ജീവിതകാലത്തു തന്നെ പ്രത്യേകം ശ്രദ്ധേയമായിരുന്നു. നീണ്ട മണിക്കൂറുകൾ തിരുസന്നിധിയിൽ ഭക്തിപൂർവ്വം പ്രാർത്ഥിച്ചും ജപമാല ചൊല്ലിയും കഴിഞ്ഞിരുന്ന സി. എവുപ്രാസ്യാ പ്രാർത്ഥിക്കുന്ന 'അമ്മ' എന്ന അപരനാമത്തിലാണ് അറിയപ്പെട്ടിരുന്നത്.
1952-ൽ മരണശേഷം എവുപ്രാസ്യാമ്മയുടെ പുണ്യകീർത്തി നാടെങ്ങും പരന്നു. നാമകരണ നടപടികൾ 1986-ൽ ആരംഭിച്ചു. 2002 ജൂലൈ 5-ന് വി. ജോൺ പോൾ പാപ്പ എവുപ്രാസ്യാമ്മയെ ധന്യയായി പ്രഖ്യാപിച്ചു. 2014 നവംബർ 23-ാം തീയതി ഫ്രാൻസിസ് മാർപാപ്പ റോമിൽ വച്ച് വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്തു.
തിരുനാൾ ദിനം : ഓഗസ്റ്റ് 29 |
പ്രാരംഭഗാനം
(നിത്യസഹായമാതേ ......എന്ന രീതി)
വിശുദ്ധ എവുപ്രാസ്യാമ്മേ
കേരളസഭതൻ റാണീ
ഞങ്ങൾതൻ മദ്ധ്യസ്ഥയേ
പ്രാർത്ഥിച്ചിടേണേ നിത്യം
മരിച്ചാലും മറക്കില്ലാട്ടോ
എന്നോതിയ കന്യാംബികയേ
സ്വർഗ്ഗത്തിൽ ഞങ്ങൾക്കായി
മദ്ധ്യസ്ഥയാകേണമേ
ഞങ്ങൾതൻ ജീവിതത്തിൽ
ക്ലേശങ്ങൾ വന്നീടുമ്പോൾ
വീഴാതിരിക്കുവാനായ്
എന്നെന്നും പ്രാർത്ഥിക്കണേ.
കാർമ്മി: പിതാവായ ദൈവമേ, വിശുദ്ധമായ ജീവിതവും വീരോചിതമായ സുകൃതാഭ്യസനവും വഴി ഭൂമിയിൽ അങ്ങയുടെ നാമം പ്രകീർത്തിച്ചവരെ അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കുന്നുവെന്നും ഞങ്ങൾക്കു വേണ്ടിയുള്ള അവരുടെ പ്രാർത്ഥനകൾ അങ്ങു കരുണാപൂർവ്വം ശ്രവിക്കുമെന്നും ഞങ്ങൾ ഉറപ്പായി വിശ്വസിക്കുന്നു. ജീവിതകാലം മുഴുവൻ അങ്ങയുടെ മഹത്വവും ആത്മാക്കളുടെ രക്ഷയും മാത്രം അന്വേഷിച്ചിരുന്ന അങ്ങേ വിശ്വസ്തദാസിയായ വിശുദ്ധ എവുപ്രാസ്യ വഴി ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും,
സമൂ: ആമ്മേൻ
കാർമ്മി: ദൈവികസാന്നിദ്ധ്യം നിരന്തരം അനുഭവിക്കുകയും സ്നേഹ നിർഭരമായ ജീവിതത്തിലൂടെ അനേകരിലേക്ക് ദൈവികചൈതന്യം പകരുകയും ചെയ്ത വി. എവുപ്രാസ്യാമ്മേ.
സമൂ: ജീവിതവ്യഗ്രതകൾക്കിടയിലും ക്ലേശങ്ങളുടെ മദ്ധ്യത്തിലും ദൈവത്തിലാശ്രയിച്ചു ജീവിക്കുവാൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
കാർമ്മി: കർത്താവായ ദൈവമേ (സമൂഹവും ചേർന്ന്)/ ഞങ്ങളങ്ങയെ ആരാധിക്കുന്നു. / മനുഷ്യവംശത്തിന് മാതൃകയും പ്രചോദനവും നല്കുന്നവാനായി/ വിശുദ്ധരെ നല്കി ലോകത്തെ അനുഗ്രഹിക്കുന്ന ദൈവമേ/ ദൈവസ്നേഹത്തിലും പരസ്നേഹത്തിലും വളർന്ന്/ പുണ്യത്തിൽ അഭിവൃദ്ധിപ്പെടുവാൻ/ വി. എവുപ്രാസ്യാമ്മയെ അങ്ങ് അനുവദിച്ചുവല്ലോ./ ലോകം മുഴുവനും വേണ്ട / ദൈവതിരുമുമ്പിൽ മദ്ധ്യസ്ഥനായി നില കൊള്ളുകയും/ 'മരിച്ചാലും മറക്കില്ലാട്ടോ' എന്ന വാഗ്ദാനത്തിലൂടെ,/ സ്വർഗ്ഗത്തിൽ ഞങ്ങൾക്ക് നിത്യസഹായമരുളുകയും ചെയ്യുന്ന/ എവുപ്രാസ്യാമ്മയെ ഓർത്ത് ഞങ്ങളങ്ങേക്ക് നന്ദി പറയുന്നു./ ദിവ്യകാരുണ്യഭക്തിയിൽ/ എല്ലാവരും വളരണമെന്ന് അതിയായി ആഗ്രഹിച്ച / എവുപ്രാസ്യാമ്മയുടെ ജീവിതവിശുദ്ധി ഉൾക്കൊള്ളുവാൻ/ ഞങ്ങളെ അനുഗ്രഹിക്കണമേ./ ഞങ്ങളുടെ ഹൃദയങ്ങൾ/ ഈശോയ്ക്ക് വാസയോഗ്യമായ/ ഒരു സാക്രാരിയായി മാറുവാനും/ ദിവ്യകാരുണ്യത്തിന് അനുയോജ്യമായ/ ജീവിതം നയിക്കാനുമുള്ള അനുഗ്രഹവും/ ഈ പുണ്യകന്യക വഴി ഞങ്ങൾക്കു നല്കണമെന്ന് ഞങ്ങൾ അപേക്ഷിക്കുന്നു./ സകലത്തിന്റെയും നാഥാ, എന്നേക്കും, ആമ്മേൻ./
സങ്കീർത്തനം (40)
കാർമ്മി: ഞാൻ ക്ഷമാപൂർവ്വം കർത്താവിനെ കാത്തിരുന്നു; അവിടുന്ന് ചെവി ചായ്ച്ച് എന്റെ നിലവിളി കേട്ടു.
സമൂ: ഞാൻ ക്ഷമാപൂർവ്വം കർത്താവിനെ കാത്തിരുന്നു; അവിടുന്ന് ചെവി ചായ്ച്ച് എന്റെ നിലവിളി കേട്ടു.
കാർമ്മി: ഭീകരമായ ഗർത്തത്തിൽ നിന്നും കുഴഞ്ഞ ചേറ്റിൽ നിന്നും അവിടുന്ന് എന്നെ കരകയറ്റി.
സമൂ: ഞാൻ ക്ഷമാപൂർവ്വം കർത്താവിനെ കാത്തിരുന്നു; അവിടുന്ന് ചെവി ചായ്ച്ച് എന്റെ നിലവിളി കേട്ടു.
കാർമ്മി: എന്റെ പാദങ്ങൾ പാറയിൽ ഉറപ്പിച്ചു; കാൽവയ്പുകൾ സുരക്ഷിതമാക്കി.
സമൂ: ഞാൻ ക്ഷമാപൂർവ്വം കർത്താവിനെ കാത്തിരുന്നു; അവിടുന്ന് ചെവി ചായ്ച്ച് എന്റെ നിലവിളി കേട്ടു.
കാർമ്മി: അവിടുന്ന് ഒരു പുതിയ ഗാനം എന്റെ അധരങ്ങളിൽ നിക്ഷേപിച്ചു;നമ്മുടെ ദൈവത്തിന് ഒരു സ്തോത്രഗീതം.
സമൂ: ഞാൻ ക്ഷമാപൂർവ്വം കർത്താവിനെ കാത്തിരുന്നു; അവിടുന്ന് ചെവി ചായ്ച്ച് എന്റെ നിലവിളി കേട്ടു.
കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
സമൂ: ആദിമുതൽ എന്നേക്കും, ആമ്മേൻ.
കാറോസൂസാ
കാർമ്മി: നമുക്കെല്ലാവർക്കും വിശ്വാസത്തോടും പ്രതീക്ഷയോടും കൂടെ ദൈവകൃപയിൽ ആശ്രയിച്ചുകൊണ്ട് വിശുദ്ധ എവുപ്രാസ്യാമ്മേ, ഈശോയോട് അപേക്ഷിക്കണമേ എന്ന് പ്രാർത്ഥിക്കാം.
സമൂ: വിശുദ്ധ എവുപ്രാസ്യാമ്മേ, ഈശോയോട് അപേക്ഷിക്കണമേ.
കാർമ്മി: അക്രമവും അനീതിയും യുദ്ധങ്ങളും അവസാനിപ്പിച്ച് ലോക രാഷ്ട്രങ്ങളെല്ലാം ശാന്തിയിലും സമാധാനത്തിലും ജീവിക്കുവാൻ,
സമൂ: വിശുദ്ധ എവുപ്രാസ്യാമ്മേ, ഈശോയോട് അപേക്ഷിക്കണമേ.
കാർമ്മി: സാർവ്വത്രികസഭയുടെ തലവനായ പരിശുദ്ധ പിതാവ് മാർ...............പാപ്പായ്ക്കും ഞങ്ങളുടെ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ................. മെത്രാപ്പോലീത്തായ്ക്കും ഞങ്ങളുടെ അതിരൂപതാദ്ധ്യക്ഷനായ മാർ .................. മെത്രാപ്പോലീത്തായ്ക്കും എല്ലാ വൈദികമേലദ്ധ്യക്ഷന്മാർക്കും ഭരമേത്പ്പിക്കപ്പെട്ടിരിക്കുന്ന
ഉത്തരവാദിത്വങ്ങൾ ദൈവഹിതാനുസരണം നിർവ്വഹിക്കപ്പെടുവാൻ,
സമൂ: വിശുദ്ധ എവുപ്രാസ്യാമ്മേ, ഈശോയോട് അപേക്ഷിക്കണമേ.
കാർമ്മി: ഞങ്ങളുടെ രൂപതയും ഞങ്ങളുടെ പിതാവും മേലദ്ധ്യക്ഷനുമായ മാർ ..................മെത്രാനും എല്ലാ വൈദികരും സമർപ്പിതരും അനുഗ്രഹിക്കപ്പെടുവാനും തീക്ഷ്ണതയുള്ള അത്മായപ്രേഷിതരെ ഞങ്ങൾക്കു ലഭിക്കുവാനും
സമൂ: വിശുദ്ധ എവുപ്രാസ്യാമ്മേ, ഈശോയോട് അപേക്ഷിക്കണമേ.
കാർമ്മി: ഒരേ പിതാവിന്റെ മക്കളേപ്പോലെ ഈ ഇടവകാംഗങ്ങളെല്ലാവരും പരസ്പരം സ്നേഹിച്ചും സഹകരിച്ചും പ്രവർത്തിക്കുന്നതിന്
സമൂ: വിശുദ്ധ എവുപ്രാസ്യാമ്മേ, ഈശോയോട് അപേക്ഷിക്കണമേ.
കാർമ്മി: ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനവും ശാന്തിയും പുലരുവാനും ഞങ്ങളുടെ കുഞ്ഞുങ്ങളും യുവജനങ്ങളും വിശുദ്ധിയിലും വിജ്ഞാനത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നുവരുവാനും,
സമൂ: വിശുദ്ധ എവുപ്രാസ്യാമ്മേ, ഈശോയോട് അപേക്ഷിക്കണമേ
(സന്ദർഭോചിതമായി മറ്റ് നിയോഗങ്ങളും കൂട്ടിച്ചേർക്കാവുന്നതാണ്).
കാർമ്മി: നിശ്ശബ്ദമായി നമ്മുടെ വ്യക്തിപരമായ പ്രാർത്ഥനകൾ എവുപ്രാസ്യാമ്മയുടെ മാദ്ധ്യസ്ഥം വഴി ദൈവതിരുസന്നിധിയിൽ സമർപ്പിക്കാം.
(നിശ്ശബ്ദം)
കാർമ്മി: കർത്താവായ ദൈവമേ, നിരന്തരമായ പ്രാർത്ഥനയുടെയും പരിത്യാഗത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും പ്രേഷിതത്വം വഴി അങ്ങേ മഹത്വത്തിനും ആത്മാക്കളുടെ രക്ഷയ്ക്കുമായി ജീവിതം സമർപ്പിച്ച വി. എവുപ്രാസ്യാമ്മ വഴി ഞങ്ങൾ ഇപ്പോൾ സമർപ്പിക്കുന്ന പ്രാർത്ഥനകൾ സ്വീകരിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും,
സമൂ: ആമ്മേൻ.
ഗാനം
(ഈ സമയത്ത് കാർമ്മികൻ ജനങ്ങളുടെ മേൽ വിശുദ്ധജലം തളിക്കുന്നു)
കർമ്മലകന്യേ എവുപ്രാസ്യേ -ദിവ്യ
സുഗന്ധമായ് നീ പടർന്നു
പാരിൽ മോഹങ്ങൾക്കപ്പുറത്തുയർന്നു
എല്ലാം ദിവ്യമണവാളനായർപ്പിച്ചു.
സമ്പത്തും സുഖമോഹങ്ങളും
ലോകത്തിനജ്ഞാതയായി ജീവിച്ചു
സർവ്വവും കാഴ്ചവച്ചു.
ദൈവസ്നേഹം പങ്കുവച്ചു
യേശുവിൻ സ്നേഹം മാത്രം കരുതി
ദിവ്യമാം മുന്തിരിവള്ളിയിൽ
മോദം തുളുമ്പും ശാഖയായ് മാറി
തിങ്ങും ഫലങ്ങളേകി - എങ്ങും
സൽഫലമെന്നുമേകി
കാർമ്മി: കർത്താവായ ദൈവമേ (സമൂഹവും ചേർന്ന്), ക്രിസ്തീയ ജീവിതത്തിന്റെ ഉദാത്തമാതൃകയായ/ എവുപ്രാസ്യാമ്മയുടെ ജീവിതം അനുകരിച്ചുകൊണ്ട്/ ക്ഷമിക്കുന്ന സ്നേഹത്തിന്റെ/ വീരോചിതമായ ക്രൈസ്തവസാക്ഷ്യത്തിന്/ ഞങ്ങളെ ശക്തമാക്കണമേ./ നഷ്ടപ്പെട്ടു പോയ ഒരാടിനു വേണ്ടിപ്പോലും/ ഹൃദയവ്യഥയോടെ അന്വേഷിച്ചു നടക്കുന്ന/ ഈശോയുടെ ജീവിതശൈലി/ സ്വന്തമാക്കിയ എവുപ്രാസ്യാമ്മയെപ്പോലെ/ ആത്മാക്കൾക്കുവേണ്ടിയുള്ള ദാഹത്തിൽ തീക്ഷണതയുള്ളവരാകുവാനും/ മടുപ്പു കൂടാതെ അതിനായി അദ്ധ്വാനിക്കുവാനും/ ഞങ്ങളെ സഹായിക്കണമേ./ മിശിഹായുടെ പ്രതിനിധികളായ/ അധികാരികളെ അനുസരിച്ചുകൊണ്ട് / ദൈവഹിതം അതിന്റെ പൂർണതയിൽ നിറവേറ്റി./ അവസാനം വരെ/ കർത്താവിന്റെ വിശ്വസ്തദാസിയായിരിക്കുവാൻ പരിശ്രമിച്ച എവുപ്രാസ്യാമ്മയെപ്പോലെ/ അധികാരികളിലൂടെ അങ്ങയുടെ തിരുഹിതം തിരിച്ചറിയുവാൻ/ ഞങ്ങളെയും അനുഗ്രഹിക്കണമേ./ ദൈവസന്നിധിയിൽ ജീവിച്ചുകൊണ്ട്/ ആത്മാവിന്റെ സ്ഥിതി മനസ്സിലാക്കി/ ദൈവികപ്രസാദവരം കൊണ്ടു നിറയുവാൻ ഞങ്ങളിൽ കനിയണമേ. / സകലത്തിന്റെയും നാഥാ, എന്നേക്കും /ആമ്മേൻ.
കാർമ്മി: ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ,
സമൂ: വി. എവുപ്രാസ്യാമ്മേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
സമാപന പ്രാർത്ഥന
കാർമ്മി: മനുഷ്യവംശത്തെ രക്ഷിക്കുവാനായി ദാസന്റെ രൂപം സ്വീകരിച്ച ഈശോമിശിഹായെ, തിന്മ നിറഞ്ഞ ലോകത്തെ സ്വർഗ്ഗത്തിന്റെ പരിശുദ്ധിയിലേക്കുയർത്തുവാനായി തിരഞ്ഞെടുക്കപ്പെട്ട അനേകം വിശുദ്ധരോടൊപ്പം വിശുദ്ധ എവുപ്രാസ്യായേയും ഉയർത്തുവാൻ തിരുമനസ്സായതിന് ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. അന്ധകാരത്തിൽ പ്രകാശമായും, വേദനിക്കുന്നവർക്ക് ആശ്വാസമായും, തിന്മ ചെയ്യുന്നവർക്ക് തിരുത്തലിനുള്ള പ്രേരണയായും എവുപ്രാസ്യാമ്മയുടെ ജീവിതം ഞങ്ങൾക്ക് നല്കിയ ദൈവമേ, ഞങ്ങളങ്ങേക്ക് നന്ദി പറയുന്നു. ഞങ്ങളുടെ ജീവിതങ്ങളെ വിശുദ്ധീകരിക്കുവാൻ, അമ്മയെ അനുകരിച്ച് പ്രാർത്ഥനയുടെ പ്രേഷിതരാകാൻ, ആവശ്യമായ എല്ലാ കൃപാവരങ്ങളും ഞങ്ങൾക്കു നല്കണമേ. ഞങ്ങളുടെ എല്ലാ നിയോഗങ്ങളും പ്രാർത്ഥനകളും വിശുദ്ധ എവുപ്രാസ്യാമ്മയുടെ മാദ്ധ്യസ്ഥം വഴി ഞങ്ങൾ അങ്ങേക്ക് കാഴ്ച വയ്ക്കുന്നു. നമ്മുടെ കർത്താവിശോമിശിഹായുടെ കൃപയും, പിതാവായ ദൈവത്തിന്റെ സ്നേഹവും, പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളോടു കൂടിയുണ്ടാകട്ടെ. ഇപ്പോഴും + എപ്പോഴും എന്നേക്കും +
സമൂ: ആമ്മേൻ
സമാപനഗാനം
കൺകളിൽ കത്തുന്ന സ്നേഹനാളം
കനിവുറ്റോരധരത്തിൽ ശാന്തിമന്ത്രം
കയ്യിൽ ചലിക്കുന്ന ജപമാലയും
പ്രാർത്ഥിക്കുന്നമ്മ തൻ എവുപ്രാസ്യ
കൺകളിൽ...
മായാത്ത സ്നേഹത്തിൻ മധു തുളുമ്പും
മനസ്സുമായി മഹേശ്വരസന്നിധിയിൽ
മറഞ്ഞുകൊണ്ടാ തിരു മാധുരിയിൽ
മഹിതലജീവിതം മഹത്വമാർന്നു
കൺകളിൽ....
തീരാത്ത ദുഃഖങ്ങൾ ജീവിതത്തിൽ
മാറാത്ത രോഗങ്ങൾ ബന്ധനമായ്
ഓടിയെത്തുന്നോർക്കായ് നന്മയേകും
മരിച്ചാലും നമ്മെ മറന്നിടാത്തോൾ
കൺകളിൽ..
വി. എവുപ്രാസ്യാമ്മയോടുള്ള നൊവേന vi-evupraasyaammayodulla-novena പ്രാർത്ഥിക്കുന്ന 'അമ്മ' Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206