We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Liturgical commission, Diocese of Mananthavady On 10-Jul-2024
വി. ആഗസ്തീനോസിനോടുള്ള നൊവേന
എ.ഡി. 354-ൽ അൾജീരിയായിലെ തഗാസ്തേയിലാണ് അഗസ്റ്റിന്റെ ജനനം. മാനിക്കേയൻ പാഷണ്ഡതയിൽ അമർന്ന് അശുദ്ധപാപങ്ങളിൽ മുഴുകി വഴിതെറ്റിയ ജീവിതം ഉപേക്ഷിച്ച് വിശുദ്ധിയുടെ പടവുകൾ ചവിട്ടിക്കയറാൻ ആഗസ്തീനോസിനെ സഹായിച്ചത് അമ്മ മോനിക പുണ്യവതിയുടെ പ്രാർത്ഥനകളും വി. അംബ്രോസിന്റെ പ്രസംഗങ്ങളും വിശുദ്ധ പൗലോസിന്റെ ലേഖനങ്ങളുമാണ്. മുപ്പത്തിമൂന്നാമത്തെ വയസ്സിൽ പൗരോഹിത്യത്തിലേക്കും നാല്പത്തൊന്നാമത്തെ വയസ്സിൽ ഹിപ്പോയിലെ മെത്രാൻ സ്ഥാനത്തേക്കും (396-430) ദൈവം അദ്ദേഹത്തെ നയിച്ചു. സഭയിലെ വേദപാരംഗതരിൽ ഒരാളായ വി. ആഗസ്തീനോസ് കറതീർന്ന ഒരുദൈവശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളായ ഏറ്റുപറച്ചിലുകൾ, ദൈവത്തിന്റെ നഗരം എന്നിവ സഭയുടെ മുതൽക്കൂട്ടാണ്. ജീവിതവിശുദ്ധി നിറഞ്ഞുനിന്ന അദ്ദേഹത്തിന്റെ അജപാലനശുശ്രൂഷകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. തിന്മനിറഞ്ഞ ജീവിതം ഉപേക്ഷിച്ച് വിശുദ്ധിയിൽ ജീവിക്കാൻ വി. ആഗസ്തീനോസിന്റെ മാദ്ധ്യസ്ഥം ഏറെ സഹായകമാണ്.
തിരുനാൾ ദിനം : ഓഗസ്റ്റ് 28 |
പ്രാരംഭഗാനം
ദൈവികസ്നേഹത്താലെ, ധന്യനാം
ആഗസ്തീനോസെ, താതാ
ശൂന്യമെൻ ഹൃത്തടം ഞാൻ
നിൻ കൈയിലർപ്പണം ചെയ്തിടുന്നു.
ലോകത്തിന്റെ മായകളൊന്നൊന്നായി ഞങ്ങളെ
മാടിവിളിച്ചീടുമ്പോൾ
തേടിടും ഞങ്ങൾ നിൻ ദിവ്യമാർഗ്ഗം
നൽകണേ നൽവരങ്ങൾ
നിൻപാത തേടി, നിൻ പാദതാരിൽ
അണയുന്നു ഞങ്ങൾ മോദാൽ (2)
ദൈവികസ്നേഹത്താലേ.....
“ദൈവമേ നീയെന്നെ നിനക്കായി തീർത്തു
എന്നെന്നും നിന്നിലാകാൻ"
നിൻസ്നേഹതൈലത്തിൻ ചൈതന്യമെന്നെന്നും
എന്നിൽ നിറച്ചിടേണേ
സ്നേഹത്തിൻ മലർമാല്യം നൽകിക്കൊണ്ടെന്നും
വാഴ്ത്തീടാം ഞങ്ങൾ മോദാൽ (2)
ദൈവികസ്നേഹത്താലെ.....
കാർമ്മി: സർവ്വശക്തനും കാരുണ്യവാനുമായ ദൈവമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. അങ്ങയുടെ പ്രിയപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹാ സ്ഥാപിച്ച സഭയിലെ വേദപാരംഗതനായ വി. ആഗസ്തീനോസിന്റെ മാദ്ധ്യസ്ഥം ഞങ്ങൾ യാചിക്കുന്നു. ഞങ്ങളുടെ അർത്ഥനകൾ അങ്ങ് കനിവോടെ സ്വീകരിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും,
സമൂ: ആമ്മേൻ
കാർമ്മി: പാപികളുടെ ആശ്രയവും ധൂർത്തപുത്രർക്കു സൽപ്രേരണയുമായ വിശുദ്ധ ആഗസ്തീനോസേ, ഞങ്ങളുടെ ബലഹീനതകളും പാപകരമായ ജീവിതസാഹചര്യങ്ങളും അങ്ങ് അറിയുന്നുവല്ലോ.
സമൂ: പൈശാചികപ്രലോഭനങ്ങളിലും ശരീരത്തിന്റെ ദുഷ്പ്രേരണകളിലും നിന്ന് വിവേകപൂർവ്വം രക്ഷപ്പെടുവാനുള്ള അനുഗ്രഹം ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ.
കാർമ്മി: വി. ആഗസ്തീനോസേ (സമൂഹവും ചേർന്ന്)/ അങ്ങയുടെ അജപാലനത്തിന് ഏല്പിച്ചിരുന്നവരെ/ അങ്ങ് സ്നേഹിച്ചു സേവിച്ചതു പോലെ/ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും/ സുഖദുഃഖങ്ങളിലും വിജയപരാജയങ്ങളിലും/ അങ്ങ് ഞങ്ങളോടുകൂടി എപ്പോഴും ഉണ്ടായിരിക്കണമേ./ മഹാജ്ഞാനിയായ വി. ആഗസ്തിനോസേ,/ സത്യവിശ്വാസത്തിൽ നിന്ന് അകന്നുപോയവരേയും,/ പാപാന്ധകാരത്തിൽ തപ്പിത്തടയുന്നവരേയും/ വിശ്വാസത്തിലേക്കും ദൈവികജീവനിലേക്കും/ അങ്ങു തിരികെ കൊണ്ടുവരണമേ./ അവിശ്വാസത്തേയും അന്ധവിശ്വാസത്തേയും/ ഞങ്ങളുടെ ഇടയിൽ നിന്നും ഉന്മൂലനം ചെയ്യാൻ സഹായിക്കണമേ./ പാപികളായ ഞങ്ങളെ/ ജീവനും പ്രകാശവുമായ/ മിശിഹായുടെ പക്കലേക്ക് ആനയിക്കണമേ./ അനുതാപികൾക്ക് ഉത്തമമാതൃകയായ വി. ആഗസ്തീനോസേ,/ അങ്ങയുടെ ശക്തിയേറിയ മാദ്ധ്യസ്ഥതയിൽ വിശ്വസിച്ച്/ ഞങ്ങളർപ്പിക്കുന്ന പ്രാർത്ഥനകൾ/ രക്ഷകനായ മിശിഹാ വഴി/ പിതാവായ ദൈവത്തിന് സമർപ്പിക്കണമേ./ ആമ്മേൻ./
സങ്കീർത്തനം (115)
കാർമ്മി: കർത്താവിന്റെ ഭക്തരേ, കർത്താവിൽ ആശ്രയിക്കുവിൻ. അവിടുന്നാണു നിങ്ങളുടെ സഹായവും പരിചയും.
സമൂ: കർത്താവിന് നമ്മെക്കുറിച്ച് വിചാരമുണ്ട്, അവിടുന്ന് നമ്മെ അനുഗ്രഹിക്കും.
കാർമ്മി: അവിടുന്ന് ഇസ്രായേൽ ഭവനത്തെ ആശീർവ്വദിക്കും. അഹറോന്റെ ഭവനത്തെ അനുഗ്രഹിക്കും.
സമൂ: കർത്താവിന്റെ ഭക്തരേ, ചെറിയവരേയും വലിയവരെയും അവിടുന്ന് അനുഗ്രഹിക്കും.
കാർമ്മി: കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ! നിങ്ങളെയും നിങ്ങളുടെ മക്കളെയും
സമൂ: ആകാശവും ഭൂമിയും സൃഷ്ടിച്ച കർത്താവ് നമ്മെ അനുഗ്രഹിക്കട്ടെ.
കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
സമൂ: ആദിമുതൽ എന്നേക്കും, ആമ്മേൻ.
കാറോസൂസാ
കാർമ്മി: നമുക്കെല്ലാവർക്കും വിശ്വാസത്തോടും പ്രതീക്ഷയോടും കൂടി വി. ആഗസ്തീനോസേ ഈശോയോട് അപേക്ഷിക്കണമേ എന്നു പ്രാർത്ഥിക്കാം.
സമൂ: വി. ആഗസ്തീനോസേ, ഈശോയോട് അപേക്ഷിക്കണമേ
കാർമ്മി: അക്രമവും അനിതിയും യുദ്ധങ്ങളും അവസാനിപ്പിച്ച് ലോക രാഷ്ട്രങ്ങളെല്ലാം ശാന്തിയിലും സമാധാനത്തിലും ജീവിക്കുവാൻ,
സമൂ: വി. ആഗസ്തിനോസേ, ഈശോയോട് അപേക്ഷിക്കണമേ
കാർമ്മി: സാർവ്വത്രിക സഭയുടെ തലവനായ പരിശുദ്ധ പിതാവ് മാർ...................... പാപ്പായ്ക്കും ഞങ്ങളുടെ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ....................... മെത്രാപ്പോലീത്തായ്ക്കും ഞങ്ങളുടെ അതിരൂപതാദ്ധ്യക്ഷനായ മാർ.................... മെത്രാപ്പോലീത്തായ്ക്കും എല്ലാ വൈദികമേലദ്ധ്യക്ഷന്മാർക്കും ഭരമേത്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങൾ ദൈവഹിതാനുസരണം നിർവ്വഹിക്കപ്പെടുവാൻ,
സമൂ: വി ആഗസ്തീനോസേ, ഈശോയോട് അപേക്ഷിക്കണമേ
കാർമ്മി: ഞങ്ങളുടെ രൂപതയും ഞങ്ങളുടെ പിതാവും മേലദ്ധ്യക്ഷനുമായ മാർ....................... മെത്രാനും എല്ലാ വൈദികരും സമർപ്പിതരും അനുഗ്രഹിക്കപ്പെടുവാനും തീക്ഷ്ണതയുള്ള അത്മായപ്രേഷിതരെ ഞങ്ങൾക്കു ലഭിക്കുവാനും,
സമൂ: വി. ആഗസ്തീനോസേ, ഈശോയോട് അപേക്ഷിക്കണമേ
കാർമ്മി: ഒരേ പിതാവിന്റെ മക്കളേപ്പോലെ ഈ ഇടവകാംഗങ്ങളെല്ലാവരും പരസ്പരം സ്നേഹിച്ചും സഹകരിച്ചും പ്രവർത്തിക്കുന്നതിന്
സമൂ: വി. ആഗസ്തീനോസേ, ഈശോയോട് അപേക്ഷിക്കണമേ
കാർമ്മി: ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനവും ശാന്തിയും പുലരുവാനും ഞങ്ങളുടെ കുഞ്ഞുങ്ങളും യുവജനങ്ങളും വിശുദ്ധിയിലും വിജ്ഞാനത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നുവരുവാനും,
സമൂ: വി. ആഗസ്തീനോസേ, ഈശോയോട് അപേക്ഷിക്കണമേ
(സന്ദർഭോചിതമായി മറ്റ് നിയോഗങ്ങളും കൂട്ടിച്ചേർക്കാവുന്നതാണ്.)
കാർമ്മി: നിശ്ശബ്ദമായി നമ്മുടെ വ്യക്തിപരമായ പ്രാർത്ഥനകൾ വി. ആഗസ്തീനോസിന്റെ മാദ്ധ്യസ്ഥം വഴി ദൈവതിരുസന്നിധിയിൽ സമർപ്പിക്കാം.
(നിശ്ശബ്ദം)
കാർമ്മി: കാരുണ്യവാനായ കർത്താവേ, വിശ്വാസത്തോടും പ്രത്യാശയോടും കൂടി ഞങ്ങളർപ്പിക്കുന്ന ഈ പ്രാർത്ഥനകളും യാചനകളും ദയാപൂർവ്വം കൈക്കൊള്ളണമേ. ഞങ്ങളുടെ ആവശ്യങ്ങളും ആകുലതകളും ഞങ്ങളേക്കാൾ നന്നായി അറിയുന്ന കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ. അങ്ങയുടെ ദാസനും ഞങ്ങളുടെ മദ്ധ്യസ്ഥനുമായ വി. ആഗസ്തീനോസിന്റെ യോഗ്യതകൾ പരിഗണിച്ച് ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ, സകലത്തിന്റേയും നാഥാ, എന്നേക്കും
സമൂ: ആമ്മേൻ.
ഗാനം
(ഈ സമയത്ത് കാർമ്മികൻ ജനങ്ങളുടെ മേൽ വിശുദ്ധജലം തളിക്കുന്നു)
(അദ്ധ്വാനിക്കുന്നവർക്കും.......എന്ന രീതി)
വിജ്ഞനും വിശുദ്ധനുമാം
ആഗസ്തീനോസേ നിന്റെ
തനയരാം ഞങ്ങളൊന്നായ്
തൃപ്പാദം ചേർന്നീടുന്നു.
പാരിനു ദീപമാം നിൻ
സ്നേഹത്തിൻ ഗീതിപാടി
അണയുമീ ദാസരിൽ നീ
കാരുണ്യമേകീടണെ
വിജ്ഞനും . . .
സ്നേഹത്താൽ നിറയുമെന്റെ
ദാഹത്താൽ വലയുമെന്റെ
ഹൃദയം നിൻ പാദതാരിൽ
കാണിക്കയേകീടുന്നു
വിജ്ഞനും.......
കാർമ്മി: നിത്യപിതാവായ ദൈവമേ (സമൂഹവും കൂടി)/ ഞങ്ങളുടെ സ്വർഗ്ഗീയമദ്ധ്യസ്ഥനായ/ വി. ആഗസ്തീനോസിന്റെ സുകൃതങ്ങളെയോർത്ത്/ ഞങ്ങളുടെ പ്രാർത്ഥനകൾ കേൾക്കണമേ./ കഴിഞ്ഞ കാലത്തെ ഞങ്ങളുടെ അവിശ്വസ്തതയും/ പാപങ്ങളും മറന്ന്/ ഞങ്ങളെ അനുഗ്രഹിക്കുകയും/ അങ്ങയുടെ അരൂപിയുടെ ദിവ്യദാനങ്ങളാൽ/ ഞങ്ങളെ സമ്പന്നരാക്കുകയും ചെയ്യണമേ./ അനുദിനം കുരിശുകളും ക്ലേശങ്ങളും/ ക്ഷമാപൂർവ്വം സഹിച്ചുകൊണ്ട്/ ഞങ്ങളുടെ നാഥനായ മിശിഹായെ/ പിന്തുടരുവാൻ ശക്തി നല്കണമേ./ കർത്താവായ ദൈവമേ,/ ഞങ്ങൾക്കു നീ സമാധാനം നല്കിയാലും,/ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും, ആമ്മേൻ.
കാർമ്മി: ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ.
സമൂ: വി. ആഗസ്തീനോസേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
സമാപനപ്രാർത്ഥന
കാർമ്മി: പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവം വാഴ്ത്തപ്പെട്ടവനാകട്ടെ. പാപിയായിരുന്ന ആഗസ്തീനോസിനു മാനസാന്തരത്തിനുള്ള വരം നല്കിയ ദൈവം പാപങ്ങളെപ്പറ്റി മനസ്തപിക്കുവാനുള്ള വരം നിങ്ങൾക്കു നല്കട്ടെ. ദുഷിച്ച സാഹചര്യങ്ങളിലും നിഷിദ്ധവാസനകളിലും നിന്ന് അവിടുന്ന് നിങ്ങളെ കാത്തുരക്ഷിക്കട്ടെ. ഹൃദയങ്ങളിൽ സന്തോഷവും സമാധാനവും അവിടുന്ന് നിക്ഷേപിക്കട്ടെ. നിങ്ങൾ പരിശുദ്ധാത്മാവിന്റെ ആലയങ്ങളാണെന്നും അവിടുന്ന് നിങ്ങളിൽ വസിക്കുന്നുവെന്നും ഗ്രഹിച്ച് എപ്പോഴും നിർമ്മലരായി വ്യാപരിക്കുവാനും, ജീവിതാന്ത്യത്തിൽ വിശുദ്ധ ആസ്തീനോസിനോടും മറ്റു വിശുദ്ധരോടുമൊപ്പം ദൈവത്തെ ദർശിച്ചാനന്ദിക്കുവാനുമുള്ള അനുഗ്രഹം അവിടുന്ന് നിങ്ങൾക്ക് നല്കട്ടെ. നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളോടു കൂടിയുണ്ടാകട്ടെ. ഇപ്പോഴും+ എപ്പോഴും + എന്നേക്കും +
സമൂ: ആമ്മേൻ.
സമാപനഗാനം
സ്നേഹപിതാവാം അഗസ്തീനോസേ
അണയുകയായ് തനയർ
സ്നേഹമിയന്നൊരു ഹൃദയേ നിന്നും
ഉതിരുകയായ് സ്തുതികൾ (2)
നന്മകളാം പുതുപൂവുകൾ നിറയും
പൂവനിയാണങ്ങ്
ആതുരരിൽ കനിവിയലും നല്ലൊരു
പാവനതാതൻ നീ
സ്നേഹപിതാവാം...
ഇഹലോകത്തിൻ മായാബന്ധനം
അതിജീവിച്ചിടുവാൻ
കനിവോടെന്നും ചൊരിയണമേ നീ
അനുപമ വരനിരകൾ
സ്നേഹപിതാവാം...
പാപാന്ധതയിൽ മുങ്ങി മയങ്ങി
മാനവരുഴലുമ്പോൾ
കനിവോടങ്ങനുതാപത്തിൻ
മിഴിനീരരുളണമേ
സ്നേഹപിതാവാം....
വി. ആഗസ്തീനോസിനോടുള്ള നൊവേന ഏറ്റുപറച്ചിലുകൾ ദൈവത്തിന്റെ നഗരം ഓഗസ്റ്റ് 28 Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206