We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Liturgical Commission, Diocese Mananthavady On 22-Sep-2023
വേളാങ്കണ്ണി മാതാവിനോടുളള നൊവേന
ഈശോയുടെ ജനനം മുതൽ മരണം വരെ പരിശുദ്ധ അമ്മ ഈശോയോടൊപ്പമുണ്ടായിരുന്നു. അപ്പസ്തോലന്മാരോട് സ്നേഹവും വാത്സല്യവുമുണ്ടായിരുന്ന അമ്മ ഈശോയുടെ മരണശേഷം ശിഷ്യന്മാരോടൊപ്പം ആദിമസഭയിൽ പ്രേഷിതപ്രവർത്തനങ്ങളുടെ അത്താണിയായിരുന്നു. സഭാചരിത്രത്തിൽ, നിരവധി തവണ വിവിധയിടങ്ങളിലായി അമ്മ പ്രത്യക്ഷപ്പെടുകയും അനുഗ്രഹങ്ങൾ വർഷിക്കുകയും ചെയ്തതായി നാം വായിക്കുന്നുണ്ട്. ലൂർദ്ദ്, ഫാത്തിമ എന്നീ സ്ഥലങ്ങൾ ഉദാഹരണങ്ങളാണ്. ഭാരതത്തിൽ പരി. ദൈവമാതാവിന്റെ പ്രധാന തീർത്ഥാടന കേന്ദ്രമായ തമിഴ്നാട്ടിലെ വേളാങ്കണ്ണിയിലും മാതാവിന്റെ പ്രത്യക്ഷം നടന്നതായി പാരമ്പര്യം സാക്ഷ്യപ്പെടുത്തുന്നു. ധാരാളമാളുകൾ വേളാങ്കണ്ണിയിൽ പരിശുദ്ധ അമ്മയുടെ അനുഗ്രഹം തേടിവരുകയും സായുജ്യമടയുകയും ചെയ്യുന്നു.
തിരുനാൾ ദിനം : സെപ്തംബർ 8 |
പ്രാരംഭഗാനം
വേളാങ്കണ്ണി മാതാവേ
അഭയം അഭയം നീ
അഖിലവും കാക്കും രക്ഷകയേ
നിന്നെ സ്തുതിക്കുന്നു, ഞങ്ങൾ (2) (വേളാങ്കണ്ണി...)
ദയവിനു മേലേ ദയവാകും
ദൈവസുതന്റെ മാതാവാം (2)
നീ വിളങ്ങുന്നു വാനവരാലും
വാഴ്ത്തപ്പെടുമൊരു മാതാവായ്
കാർമ്മി: പരിശുദ്ധയും നിർമ്മലയുമായ വേളാങ്കണ്ണി മാതാവേ, ലോകത്തിലെ സകല സ്ത്രീകളിലും വച്ച് അത്യുന്നത ദൈവത്താൽ നീ അനുഗൃഹീതയാകുന്നു. മാനവഹൃദയങ്ങളിൽ സദാ ഉണ്ടാകത്തക്കവിധം നിന്റെ നാമത്തെ അത്രയധികം അവിടുന്ന് ഉയർത്തി. പാവങ്ങളുടെ അഭസ്ഥാനമായ അമ്മേ, ഞെരുക്കങ്ങളിലും വേദനകളിലും ഞങ്ങളെ സഹായിക്കണമേ. ദിവ്യ ഈശോയെ, അങ്ങയുടെ അമ്മയായ മറിയം വഴി ഞങ്ങൾക്കും ഞങ്ങളുടെ കുടുംബങ്ങൾക്കും സമാധാനവും രക്ഷയും പ്രദാനം ചെയ്യണമേ. സകലത്തിന്റെയും നാഥാ, എന്നേക്കും,
സമൂ: ആമ്മേൻ.
കാർമ്മി: ഉത്ഭവത്തിൽ തന്നെ കന്യകേ നീ നിർമ്മലയായിരുന്നു.
സമൂ: നീ പ്രസവിച്ച ദൈവപുത്രന്റെ പരമപിതാവിനോട് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.
കാർമ്മി: സ്നേഹം നിറഞ്ഞ മാതാവേ (സമൂഹവും ചേർന്ന്)/ ഇതാ ഞാൻ നിന്റെ തൃപ്പാദത്തിങ്കൽ അണയുന്നു./ ഞാൻ നിന്നിൽ ആശ്രയിക്കുന്നു./ ഓ കാരുണ്യത്തിന്റെ അമ്മേ, എന്നിൽ കനിയണമേ/ നിർഭാഗ്യരായ ഈ പാപികളുടെ നേരേ അവിടുത്തെ കരം നീട്ടേണമേ./ ഞാൻ എന്നെ നിനക്കായ് സമർപ്പിക്കുകയും/ നിന്റെ ദാസനായി (ദാസിയായി) പ്രതിഷ്ഠിക്കുകയും ചെയ്യുന്നു/ പരിശുദ്ധ മറിയമേ, ക്ലേശിതരെ സഹായിക്കണമേ./ ബലഹീനരെ ശക്തിപ്പെടുത്തണമേ./ കരയുന്നവരെ ആശ്വസിപ്പിക്കണമേ./ ജനങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ./ വൈദികരുടെ മദ്ധ്യസ്ഥയായിരിക്കണമേ./ ദൈവത്തിനു പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള എല്ലാവർക്കും നീ മാദ്ധ്യസ്ഥം വഹിക്കണമേ./ വേളാങ്കണ്ണി അമ്മേ, നിന്റെ പക്കൽ നിലവിളിക്കുന്ന ഞങ്ങളെ കേൾക്കണമേ./ പാവങ്ങളുടെ ആശ്രയമായ അമ്മേ,/ ഞെരുക്കങ്ങളിലും വേദനകളിലും ഞങ്ങളെ സഹായിക്കണമേ/ ഈശോ നാഥാ, അങ്ങയുടെ അമ്മയായ മറിയംവഴി/ ഞങ്ങൾക്കും ഞങ്ങളുടെ കുടുംബങ്ങൾക്കും ഇടവകയ്ക്കും സമാധാനവും അനുഗ്രഹവും പ്രദാനം ചെയ്യണമേ./ ആമ്മേൻ.
സങ്കീർത്തനം (121)
കാർമ്മി: എനിക്ക് സഹായം കർത്താവിൽ നിന്നു വരുന്നു.
സമൂ: ആകാശവും ഭൂമിയും സൃഷ്ടിച്ച കർത്താവിൽ നിന്നു തന്നെ.
കാർമ്മി: നിന്റെ കാൽ വഴുതാൻ അവിടുന്ന് സമ്മതിക്കുകയില്ല.
സമൂ: എന്നെ കാക്കുന്നവൻ ഉറങ്ങുകയില്ല; കർത്താവാണ് എന്റെ പരിപാലകൻ.
കാർമ്മി: കർത്താവാണ് നിന്റെ കാവൽക്കാരൻ; അവിടുന്ന് നിന്റെ വലതുഭാഗത്തുണ്ട്.
സമൂ: സകല തിന്മകളിൽ നിന്നും കാത്ത്, കർത്താവ് എന്റെ ജിവനെ സംരക്ഷിക്കുന്നു.
കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
സമൂ: ആദിമുതൽ എന്നേക്കും ആമ്മേൻ.
കറോസൂസ
കാർമ്മി: നമുക്കല്ലാവർക്കും വിശ്വാസത്തോടും പ്രതീക്ഷയോടും കൂടി വേളാങ്കണ്ണി മാതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ. എന്നപേക്ഷിക്കാം.
സമൂ: വേളാങ്കണ്ണി മാതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.
കാർമ്മി: അക്രമവും അനീതിയും യുദ്ധങ്ങളും അവസാനിപ്പിച്ച് ലോക രാഷ്ട്രങ്ങളെല്ലാം ശാന്തിയിലും സമാധാനത്തിലും ജീവിക്കുവാൻ,
സമൂ: വേളാങ്കണ്ണി മാതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
കാർമ്മി: സാർവ്വത്രിക സഭയുടെ തലവനായ പരിശുദ്ധ പിതാവ് മാർ............ പാപ്പായ്ക്കും ഞങ്ങളുടെ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ.............മെത്രാപ്പോലീത്തായ്ക്കും ഞങ്ങളുടെ അതിരൂപതാദ്ധ്യക്ഷനായ മാർ..................മെത്രാപ്പോലീത്തായ്ക്കും എല്ലാ വൈദികമേലദ്ധ്യക്ഷന്മാർക്കും ഭരമേത്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങൾ ദൈവഹിതാനുസരണം നിർവ്വഹിക്കപ്പെടുവാൻ,
സമൂ: വേളാങ്കണ്ണി മാതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
കാർമ്മി: ഞങ്ങളുടെ രൂപതയും ഞങ്ങളുടെ പിതാവും മേലദ്ധ്യക്ഷനുമായ മാർ .................... മെത്രാനും എല്ലാ വൈദികരും സമർപ്പിതരും അനുഗ്രഹിക്കപ്പെടുവാനും തീക്ഷ്ണതയുള്ള അത്മായ പ്രേഷിതരെ ഞങ്ങൾക്കു ലഭിക്കുവാനും
സമൂ: വേളാങ്കണ്ണി മാതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
കാർമ്മി: ഒരേ പിതാവിന്റെ മക്കളേപ്പോലെ ഈ ഇടവകാംഗങ്ങളെല്ലാവരും പരസ്പരം സ്നേഹിച്ചും സഹകരിച്ചും പ്രവർത്തിക്കുന്നതിന്
സമൂ: വേളാങ്കണ്ണി മാതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
കാർമ്മി: ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനവും ശാന്തിയും പുലരുവാനും ഞങ്ങളുടെ കുഞ്ഞുങ്ങളും യുവജനങ്ങളും വിശുദ്ധിയിലും വിജ്ഞാനത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നുവരുവാനും,
സമൂ: വേളാങ്കണ്ണി മാതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
(സന്ദർഭോചിതമായി മറ്റ് നിയോഗങ്ങളും കൂട്ടിച്ചേർക്കാവുന്നതാണ്)
കാർമ്മി: നിശ്ശബ്ദമായി നമ്മുടെ വ്യക്തിപരമായ പ്രാർത്ഥനകൾ വേളാങ്കണ്ണി മാതാവിന്റെ മാദ്ധ്യസ്ഥം വഴി ദൈവതിരുസന്നിധിയിൽ സമർപ്പിക്കാം.
(നിശ്ശബ്ദം)
കാർമ്മി: ഏറ്റവും നിർമ്മലയായ മാതാവേ, സജീവവിശ്വാസത്തോടെ നിന്റെ മാതൃസ്നേഹത്തിലേക്ക് ഞങ്ങളോടി വരുന്നു. ദൈവത്തിന്റെയും ദൈവപുത്രന്റെയും തിരുഹിതം എന്നെന്നും നിറവേറ്റുവാൻ വേണ്ട പ്രസാദവരം ലഭിക്കുവാൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ. ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട അമ്മയായ നീ ഞങ്ങളുടെ പ്രാർത്ഥന കേൾക്കുമെന്ന ദൃഡവിശ്വാസത്തോടെ നിന്റെ തൃക്കരങ്ങളിൽ ഞങ്ങളെ പൂർണ്ണമായും ഭരമേൽപ്പിക്കുന്നു. ആകയാൽ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
സമൂ: ആമ്മേൻ
ഗാനം
(ഈ സമയത്ത് കാർമ്മികൻ ജനങ്ങളുടെ മേൽ വിശുദ്ധജലം തളിക്കുന്നു)
മാതാവേ നിൻ സന്നിധി അണഞ്ഞിടുന്നു
അമ്മേ നിൻപാദം വണങ്ങിടുന്നു
കരുണയ്ക്കായ് പ്രാർത്ഥിക്കുന്നു
ഞങ്ങളിൽ കനിയേണമേ
നിൻസുതനോട് കേണീടണേ
അപേക്ഷകളൊരിക്കലും തഴയാത്തൊരമ്മേ
യാചനക്കുത്തരം നല്കിടന്നേ (2)
ഉഷഃകാലതാരമേ സ്വർണ്ണാലയമേ
പാപികൾക്കും രോഗികൾക്കും ആശ്വാസമേ
(കരുണയ്ക്കായ്......)
കാർമ്മി: വേളാങ്കണ്ണിയിലെ പുണ്യതീർത്ഥത്തിൽ (സമൂഹവും കൂടി) വാണരുളുന്ന സ്വർഗ്ഗീയരാജ്ഞി,/ എന്റെ എല്ലാ ശാരീരികക്ലേശങ്ങളിലും ആത്മീയവ്യാധികളിലും/ നീ എന്റെ അഭയവും ശരണവുമാകണമേ./ എണ്ണമറ്റ രോഗികൾ അങ്ങുവഴി സുഖപ്രാപ്തരാകുന്നുവല്ലോ./ നിന്റെ ദയയിലും നന്മയിലും ശരണപ്പെട്ട്/ ഇതാ ഞങ്ങൾ നിന്റെ പക്കൽ ഓടി വരുന്നു./ എന്റെ വ്യാധികൾ മാറുവാനും/ രോഗങ്ങൾ സുഖപ്പെടുവാനും/ നീ പ്രാർത്ഥിക്കണമേ./ സ്നേഹം നിറഞ്ഞ മാതാവേ,/ എന്റെ എല്ലാ പീഡകളിൽ നിന്നും എനിക്ക് മോചനം വാങ്ങിത്തരണമേ./ അല്ലെങ്കിൽ, അവ ക്ഷമാപൂർവ്വം സഹിക്കാനുള്ള ശക്തി വാങ്ങിതരണമേ./ അങ്ങനെ, ദൈവതിരുമനസ്സിന് കീഴ്വഴങ്ങി/ എന്റെ പീഡകളും സഹനങ്ങളും വഴി/ എന്റെ ആത്മാവിനെ വിശുദ്ധീകരിക്കാൻ ഇടയാക്കുകയും ചെയ്യണമേ./ ആമ്മേൻ.
കാർമ്മി: ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ
സമൂ: പരിശുദ്ധ വേളാങ്കണ്ണി മാതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.
സമാധാനപ്രാർത്ഥന
കാർമ്മി: പരിശുദ്ധ കന്യകാമറിയത്തിലൂടെ രക്ഷകനെ ലോകത്തിന് നല്കുകയും അതുവഴി ലോകത്തിന് ശാന്തിയും സമാധാനവും പ്രദാനം ചെയ്യുകയും ചെയ്ത ദൈവം നിങ്ങളുടെ ജീവിതത്തിൽ ആശ്വാസവും സാന്ത്വനവും നല്കിയനുഗ്രഹിക്കട്ടെ. മറിയത്തെപ്പോലെ, വിനീതഹൃദയരും നിർമ്മലമാനസരുമായി ജീവിക്കുവാനും യേശുവിനെ ലോകത്തിന് പ്രദാനം ചെയ്യുവാനും അവിടുന്ന് നിങ്ങളെ ശക്തരാക്കട്ടെ. കാനായിലെ കല്യാണവിരുന്നിൽ അവിടുത്തെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെ മാദ്ധ്യസ്ഥത്താൽ അത്ഭുതം പ്രവർത്തിച്ച മിശിഹാ നിങ്ങളുടെ കുടുംബങ്ങളെയും ഐശ്വര്യപൂർണമാക്കട്ടെ. വേളാങ്കണ്ണിയിൽ പൂർണ മഹിമയോടെ പ്രത്യക്ഷപ്പെടുകയും അനേകായിരങ്ങൾക്ക് അനുഗ്രഹങ്ങൾ വർഷിക്കുകയും ഇന്നും അനുഗ്രഹങ്ങൾ ചൊരിയുകയും ചെയ്യുന്ന വേളാങ്കണ്ണിമാതാവേ, ഇന്നത്തെ തിരുക്കർമ്മങ്ങളിൽ സംബന്ധിച്ചു പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ. നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും, പിതാവായ ദൈവത്തിന്റെ സ്നേഹവും, പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളോടു കൂടിയുണ്ടാകട്ടെ ഇപ്പോഴും + എപ്പോഴും + എന്നേക്കും +
സമൂ: ആമ്മേൻ.
സമാപനഗാനം
കാൽവരിമലയിൽ സുതനോടൊപ്പം
സഹനദാസിയാമെന്നമ്മേ (2)
അണയുന്നീ മക്കൾ നിൻ സവിധേ
നിറകണ്ണുകളോടെ നിൻസവിധേ (2)
അമ്മേ തിരുക്കച്ചയാൽ പൊതിയേണമേ
മാതൃസ്നേഹത്തിൻ നറുമണമെന്നിൽ
തുകേണമേ അമ്മേ തൂകേണമേ (2)
സഹനത്തിൻ പാതയിൽ സാക്ഷ്യമാകാതെ
കണ്ണീർ തൂകി ഞാൻ നിന്നിടുമ്പോൾ
അമ്മേ......
വേളാങ്കണ്ണി മാതാവിനോടുളള നൊവേന വേളാങ്കണ്ണി Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206