x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സീറോ മലബാർ സഭയുടെ ആരാധനാക്രമം

വാഴ്ത്തപ്പെട്ട കുഞ്ഞച്ചനോടുള്ള നൊവേന

Authored by : Liturgical commission, Diocese of Mananthavady On 09-Jul-2024

വാഴ്ത്തപ്പെട്ട കുഞ്ഞച്ചനോടുള്ള നൊവേന

വാഴ്ത്തപ്പെട്ട തേവർ പറമ്പിൽ അഗസ്റ്റിൻ (കുഞ്ഞച്ചൻ) 1891 ഏപ്രിൽ ഒന്നാം തിയതി തേവർപറമ്പിൽ ഐപ്പ്, ഏലീശ്വ (മാണി, എലിസബത്ത്) ദമ്പതികളുടെ ഏറ്റവും ഇളയ പുത്രനായി പാലാ രൂപതയിലെ രാമപുരത്ത് ജനിച്ചു. ഏഴാം ദിവസം മാമ്മോദീസാ സ്വീകരിച്ച് അഗസ്റ്റിൻ എന്ന ഇടവകദേവാലയത്തിലെ തന്നെ വിശുദ്ധൻ്റെ നാമവും കൈക്കൊണ്ടു. കളരിയിലെയും പ്രൈമറി സ്‌കൂളിലെയും പഠനത്തിനു ശേഷം മാന്നാനം സെൻ്റ് എഫ്രേം ഹൈസ്‌കൂളിൽ ചേർന്നു. സ്ക്കൂളിലായിരിക്കുമ്പോൾ മുതൽ വലിയ ഭക്തിയും ദൈവാഭിമുഖ്യവും അഗസ്റ്റിൻ പ്രകടിപ്പിച്ചിരുന്നു.

1913-ൽ ഹൈസ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം വൈദികനാകുവാൻ തീരുമാനിച്ചു. ചങ്ങനാശ്ശേരിയിലെ മൈനർ സെമിനാരിയിൽ ചേർന്ന് പഠനമാരംഭിച്ച അഗസ്റ്റിൻ പിന്നീട് പുത്തൻപള്ളി സെമിനാരിയിൽ തുടർപഠനം നടത്തി 1921 ഡിസംബർ 21-ന് വൈദികനായി അഭിഷിക്തനായി. തൻ്റെ പ്രഥമദിവ്യബലിയർപ്പണം രാമപുരം സെൻ്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിൽ അദ്ദേഹം നടത്തി.

സ്വന്തം ഇടവകയിൽത്തന്നെയാണ് കുഞ്ഞച്ചൻ പൗരോഹിത്യശുശ്രൂഷ തുടങ്ങിയത്. പിന്നീട് കടനാട് ഇടവകയിലേക്ക് പോയെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ കാരണം കുഞ്ഞച്ചൻ രാമപുരത്തേക്ക് തന്നെ തിരിച്ചു പോന്നു. തുടർന്ന് തൻ്റെ പ്രേഷിതപ്രവർത്തനങ്ങളുടെ മേഖലകൾ രാമപുരത്തു തന്നെ കുഞ്ഞച്ചൻ കണ്ടെത്തുകയായിരുന്നു. രാമപുരത്തെയും സമീപപ്രദേശങ്ങളിലെ ഗ്രാമങ്ങളിലെയും ദളിതസമൂഹങ്ങളെ അദ്ദേഹം പരിചയപ്പെടാൻ തുടങ്ങി. അവരുടെ ഇടയിൽ സുവിശേഷം പ്രസംഗിക്കാനും അവരുടെ സാമൂഹികാഭിവൃദ്ധിക്കുവേണ്ടി പ്രയത്നിക്കാനും തുടങ്ങി. അങ്ങനെ തൻ്റെ ജീവിതം ആ പ്രദേശത്തുള്ള പാവപ്പെട്ടവരും ദളിതരുമായ ജനത്തിനുവേണ്ടി മാറ്റിവയ്ക്കാൻ കുഞ്ഞച്ചൻ തീരുമാനിച്ചു.

തേവർപറമ്പിൽ കുഞ്ഞച്ചൻ പൊക്കം കുറഞ്ഞവനായിരുന്നു. എങ്കിലും വിനയവും എളിമയും അദ്ദേഹത്തിൽ വിളങ്ങിയിരുന്ന അസാധാരണപുണ്യങ്ങളായിരുന്നു. രാമപുരം ഫൊറോനപള്ളിയിൽ നാല്‌പതു വർഷക്കാലം അസ്തേന്തിയായിരുന്ന കുഞ്ഞച്ചനെപ്പോലെ ലളിതജീവിതം നയിച്ച വൈദികശ്രേഷ്‌ഠർ തുലോം വിരളംതന്നെ. തൻ്റെ പ്രവർത്തനങ്ങളാൽ നിരവധി ദളിതരെ അദ്ദേഹം സുവിശേഷവത്കരിച്ചിട്ടുണ്ട്. ദളിതരുടെ സന്തോഷങ്ങളിൽ പങ്കുചേർന്നും ദുഃഖങ്ങളിൽ അവരെ ആശ്വസിപ്പിച്ചും കുഞ്ഞച്ചൻ അവരുടെ ജീവിതശൈലിയോട് ഇഴുകിച്ചേർന്നു.

കഠിനാദ്ധ്വാനവും തുച്ഛമായ ആഹാരവും കൊണ്ട് രോഗിയായിത്തീർന്ന കുഞ്ഞച്ചൻ 1973 ഒക്ടോബർ 16-ാം തിയതി നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. 2004 ജൂൺ 22-ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ ധന്യനായി പ്രഖ്യാപിച്ചു. 2006 ഏപ്രിൽ 30-ന് വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്കുയരുകയും ചെയ്‌തു.

തിരുനാൾ ദിനം : ഒക്ടോബർ 16

പ്രാരംഭഗാനം

പാവങ്ങൾക്കെന്നും യേശുവിൻ സ്നേഹം
ഏറെ നല്‌കിയ കുഞ്ഞച്ചൻ
വൈദികർക്കെന്നും മാതൃകയായി
വിണ്ണിലിന്നു വിരാജിപ്പൂ.

നല്ലിടയനായ് നന്മതൻ പാതേ
അജഗണങ്ങളെ മേച്ചു നീ (2)

അജ്ഞരേയും അവശരേയും നിൻ
ചാരേ ചേർത്തു നീ പാലിച്ചൂ
ദൈവത്തിൻ മുഖം അങ്ങിൽ ദർശിച്ചു
ശാന്തിയാൽ മനം നിറഞ്ഞു

പാവങ്ങൾക്കെന്നും...

പഥിതരെ തേടി യാത്ര ചെയ്‌തന്ന്
കുടിലുകൾ ധന്യമാക്കി നീ (2)
ദൈവസ്നേഹത്തിലൂന്നി നിത്യവും
സേവനം ചെയ്‌തു മർത്യർക്കായ്
സോദരങ്ങളിൽ ദൈവത്തിൻ മുഖം
കാണുവാൻ നീ പഠിപ്പിച്ചു.

കാർമ്മി: പിതാവായ ദൈവമേ, നല്ല ഇടയനായ മിശിഹായെ അനുകരിച്ച് തൻ്റെ അജഗണങ്ങൾക്കായി ജീവിതം മാറ്റിവച്ച കുഞ്ഞച്ചനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തുവാൻ അങ്ങു തിരുമനസ്സായല്ലോ. കുഞ്ഞച്ചൻ്റെ ജീവിതം ഞങ്ങൾക്ക് മാതൃകയും പ്രചോദനവുമായി നല്‌കുന്ന അങ്ങേയ്ക്ക് ഞങ്ങൾ നന്ദി പറയുന്നു. സമൂഹത്തിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവർത്തിച്ചുകൊണ്ട് വിശുദ്ധിയുടെ മകുടം ചൂടിയ വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ വഴിയായി ഞങ്ങൾ സമർപ്പിക്കുന്ന പ്രാർത്ഥനകൾ ശ്രവിച്ച് ഞങ്ങളെ അനുഗഹിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും,

സമൂ: ആമ്മേൻ.

കാർമ്മി: ദരിദ്രരിലും അവഗണിക്കപ്പെട്ടവരിലും മിശിഹായെ ദർശിച്ചുകൊണ്ട് അവരുടെ വേദനകളെ സമീപിച്ച നല്ലിടയനായ കുഞ്ഞച്ചാ,

സമൂ: പാവപ്പെട്ടവരെക്കുറിച്ച് കരുതലുള്ളവരാകുവാൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.

കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, (സമൂഹവും ചേർന്ന്) / അങ്ങയുടെ അനന്തവും അഗ്രാഹ്യവുമായ / പരിപാലനയെ ഓർത്ത്/ ഞങ്ങൾ അങ്ങയെ ആരാധിക്കുകയും സ്‌തുതിക്കുകയും ചെയ്യുന്നു./ മനുഷ്യവംശത്തിൻ്റെ നവീകരണത്തിനും രക്ഷയ്ക്കും വേണ്ടി/ തിരുസഭയെ സ്ഥാപിക്കുകയും / രക്ഷാകരരഹസ്യങ്ങൾ വിശ്വസ്‌തതയോടെ പരികർമ്മം ചെയ്യുന്നതിനായി / വിശുദ്ധരായ വൈദികരെ നിയോഗിക്കുകയും ചെയ്യുന്ന കാരുണ്യവാനായ ദൈവമേ,/ പാവപ്പെട്ടവരിലും അവഗണിക്കപ്പെട്ടവരിലും അങ്ങയെ ദർശിക്കുവാനും / അവർക്കു വേണ്ടി ജീവിതം മുഴുവനും സമർപ്പിക്കുവാനും/ വാഴ്ത്തപ്പെട്ട കുഞ്ഞച്ചനെ പ്രാപ്‌തനാക്കിയതിന് / അങ്ങേയ്ക്ക് ഞങ്ങൾ നന്ദി പറയുന്നു./ കുഞ്ഞച്ചൻ കാണിച്ചു തന്ന/ സ്നേഹത്തിൻ്റെയും ത്യാഗത്തിൻ്റെതുമായ മഹനീയമാതൃകയനുസരിച്ച് / ജീവിതത്തെ ഒരു നിരന്തരബലിയായി അങ്ങേയ്ക്ക് അർപ്പിക്കുവാൻ / ഞങ്ങളെ യോഗ്യരാക്കണമേ./ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും,/ ആമ്മേൻ./

സങ്കീർത്തനം (23)

കാർമ്മി: കർത്താവാണ് എൻ്റെ ഇടയൻ, എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

സമൂ: പച്ചയായ പുൽത്തകിടികളിൽ അവിടുന്ന് എനിക്ക് വിശ്രമമരുളുന്നു. പ്രശാന്തമായ ജലാശയത്തിലേക്ക് അവിടുന്ന് എന്നെ നയിക്കുന്നു.

കാർമ്മി: അവിടുന്ന് എനിക്ക് ഉന്മേഷം നല്‌കുന്നു. തൻ്റെ നാമത്തെ പ്രതി നീതിയുടെ താഴ്വരയിലൂടെ എന്നെ നയിക്കുന്നു.

സമൂ: മരണത്തിൻ്റെ നിഴൽവീണ താഴ്വരയിലൂടെയാണ് ഞാൻ നടക്കുന്നതെങ്കിലും അവിടുന്ന് കൂടെയുള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല. അങ്ങയുടെ ഊന്നുവടിയും ദണ്ഡും എനിക്ക് ഉറപ്പേകുന്നു.

കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്‌തുതി

സമൂ: ആദിമുതൽ എന്നേക്കും, ആമ്മേൻ.

കാറോസൂസ

കാർമ്മി: നമുക്കെല്ലാവർക്കും വിശ്വാസത്തോടും പ്രതീക്ഷയോടും കൂടെ ദൈവകൃപയിൽ ആശ്രയിച്ചുകൊണ്ട് വാഴ്ത്തപ്പെട്ട കുഞ്ഞച്ചാ, ഈശോയോട് അപേക്ഷിക്കണമേ എന്ന് പ്രാർത്ഥിക്കാം.

സമൂ: വാഴ്ത്തപ്പെട്ട കുഞ്ഞച്ചാ, ഈശോയോട് അപേക്ഷിക്കണമേ

കാർമ്മി: അക്രമവും അനീതിയും യുദ്ധങ്ങളും അവസാനിപ്പിച്ച് ലോകരാഷ്ട്രങ്ങളെല്ലാം ശാന്തിയിലും സമാധാനത്തിലും ജീവിക്കുവാൻ,

സമൂ: വാഴ്ത്തപ്പെട്ട കുഞ്ഞച്ചാ, ഈശോയോട് അപേക്ഷിക്കണമേ

കാർമ്മി: സാർവ്വത്രികസഭയുടെ തലവനായ പരിശുദ്ധ പിതാവ് മാർ.................. പാപ്പായ്ക്കും ഞങ്ങളുടെ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ.........,,,.....മെത്രാപ്പോലീത്തായ്ക്കും ഞങ്ങളുടെ അതിരൂപതാദ്ധ്യക്ഷനായ മാർ .................. മെത്രാപ്പോലീത്തായ്ക്കും എല്ലാ വൈദികമേലദ്ധ്യക്ഷന്മാർക്കും ഭരമേത്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങൾ ദൈവഹിതാനുസരണം നിർവ്വഹിക്കപ്പെടുവാൻ,

സമൂ: വാഴ്ത്തപ്പെട്ട കുഞ്ഞച്ചാ, ഈശോയോട് അപേക്ഷിക്കണമേ

കാർമ്മി: ഞങ്ങളുടെ രൂപതയും ഞങ്ങളുടെ പിതാവും മേലദ്ധ്യക്ഷനുമായാ മാർ................... മെത്രാനും എല്ലാ വൈദികരും സമർപ്പിതരും അനുഗ്രഹിക്കപ്പെടുവാനും തീക്ഷ്‌ണതയുള്ള അത്മായപ്രേഷിതരെ ഞങ്ങൾക്കു ലഭിക്കുവാനും,

സമൂ: വാഴ്ത്തപ്പെട്ട കുഞ്ഞച്ചാ, ഈശോയോട് അപേക്ഷിക്കണമേ

കാർമ്മി: ഒരേ പിതാവിൻ്റെ മക്കളേപ്പോലെ ഈ ഇടവകാംഗങ്ങളെല്ലാവരും പരസ്‌പരം സ്നേഹിച്ചും സഹകരിച്ചും പ്രവർത്തിക്കുന്നതിന്

സമൂ: വാഴ്ത്തപ്പെട്ട കുഞ്ഞച്ചാ, ഈശോയോട് അപേക്ഷിക്കണമേ

കാർമ്മി: ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനവും ശാന്തിയും പുലരുവാനും ഞങ്ങളുടെ കുഞ്ഞുങ്ങളും യുവജനങ്ങളും വിശുദ്ധിയിലും വിജ്ഞാനത്തിലും ദൈവത്തിൻ്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നുവരുവാനും,

സമൂ: വാഴ്ത്തപ്പെട്ട കുഞ്ഞച്ചാ, ഈശോയോട് അപേക്ഷിക്കണമേ

(സന്ദർഭോചിതമായി മറ്റ് നിയോഗങ്ങളും കൂട്ടിച്ചേർക്കാവുന്നതാണ്)

കാർമ്മി: നിശ്ശബ്‌ദമായി നമ്മുടെ വ്യക്തിപരമായ പ്രാർത്ഥനകൾ വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ്റെ മാദ്ധ്യസ്ഥം വഴി ദൈവതിരുസന്നിധിയിൽ സമർപ്പിക്കാം.

(നിശ്ശബ്‌ദം)

കാർമ്മി: കാരുണ്യവാനായ കർത്താവേ, എൻ്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ഇത് ചെയ്‌തുകൊടുത്തപ്പോൾ എനിക്കുതന്നെയാണ് ചെയ്‌തുതന്നത് എന്ന അവിടുത്തെ ദിവ്യാഹ്വാനം സ്വീകരിച്ചുകൊണ്ട് സമൂഹത്തിലെ അശരണരും ആലംബഹീനരുമായ ദളിത് സഹോദരങ്ങളുടെ ആദ്ധ്യാത്മികവും ഭൗതികവുമായ ഉന്നതിക്കുവേണ്ടി, ഒരു സാധാരണ ഇടവകവൈദികനായിരുന്ന കുഞ്ഞച്ചൻ ശ്രമിച്ചുവല്ലോ. അദ്ദേഹത്തിൻ്റെ ആ ഉത്തമമാതൃക അനുകരിച്ചുകൊണ്ട് ഞങ്ങളുടെ ചുറ്റുപാടുമുള്ള സാധുജനങ്ങളോട് സ്നേഹത്തോടെയും ഔദാര്യത്തോടെയും വർത്തിക്കുവാൻ ഞങ്ങളെ പ്രാപ്‌തരാക്കണമേ. സകലത്തിൻ്റെയും നാഥാ, എന്നേക്കും,

സമൂ: ആമ്മേൻ

ഗാനം

(ഈ സമയത്ത് കാർമ്മികൻ ജനങ്ങളുടെ മേൽ വിശുദ്ധജലം തളിക്കുന്നു.)

(നിത്യസഹായമാതേ.... എന്ന രീതി)

രാമപുരത്തിൻ്റെ താതാ
വാഴ്ത്തപ്പെട്ട കുഞ്ഞച്ചാ
അങ്ങുതൻ പാദേ ഞങ്ങൾ
മാദ്ധ്യസ്ഥം തേടീടുന്നു

സ്വന്തമിടവകയിൽ
യേശുവിൻ പ്രേഷിതനായ്
ആയിരങ്ങളെയങ്ങ്
ക്രിസ്‌തുവിൻ മക്കളാക്കി

ഭക്തസുകൃതങ്ങളിൽ
സേവനപാതകളിൽ
കുഞ്ഞച്ചനായോരങ്ങ്
വിണ്ണോളം വല്യച്ചനായ്

ഭവനങ്ങൾ സന്ദർശിച്ച്
നിത്യവും പാവങ്ങളെ
ഹൃത്തതിൽ ചേർത്തുവച്ചോ
രുത്തമവൈദികനായ്

കാർമ്മി: സമൂഹത്തിലെ (സമൂഹവും ചേർന്ന്)/ എളിയവരും അവഗണിക്കപ്പെട്ടവരുമായ സഹോദരങ്ങളിൽ / ഈശോയുടെ തിരുമുഖം ദർശിച്ചുകൊണ്ട് / അവർക്കുവേണ്ടി ജീവിതാന്ത്യം വരെ അദ്ധ്വാനിച്ച വാഴ്ത്തപ്പെട്ട കുഞ്ഞച്ചാ/ അങ്ങ് ആഗ്രഹിക്കുന്നതുപോലെ/ സാധുക്കളോടും പാർശ്വവത്കരിക്കപ്പെട്ടവരോടും/ ദയാപൂർവ്വം വർത്തിക്കുവാൻ ഞങ്ങളെ പ്രാപ്‌തരാക്കണമേ./ സുഖജീവിതമോ സമ്പത്തോ ഒട്ടും തന്നെ ആഗ്രഹിക്കാതെ/ എളിയവരിൽ എളിയവനായി ജീവിക്കുകയും/ അതുവഴി ഏവർക്കും സന്മാതൃക കാണിക്കുകയും ചെയ്‌ത അങ്ങ് / തിരുസ്സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ടുവല്ലോ./ അങ്ങയുടെ എളിമയും ദാരിദ്ര്യാരൂപിയും/ പ്രേഷിതചൈതന്യവും സഹോദരസ്നേഹവും/ ഞങ്ങളിലും ഉളവാകുവാൻ / ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ, ആമ്മേൻ.

കാർമ്മി: ഈശോമിശിഹായുടെ വാഗ്‌ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ

സമൂ: വാഴ്ത്തപ്പെട്ട കുഞ്ഞച്ചാ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

സമാപന പ്രാർത്ഥന

കാർമ്മി: “അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങൾ എൻ്റെ പക്കൽ വരുവിൻ, ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം", എന്ന ദിവ്യനാഥൻ്റെ വാക്കുകളിൽ പൂർണ്ണമായി വിശ്വസിച്ചുകൊണ്ട് അശരണർക്ക് ആലംബവും രോഗികൾക്ക് ആശ്വാസവുമായി ജീവിച്ച വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ക്ലേശഭരിതമായ ജീവിതത്തിൽ നിങ്ങൾക്ക് വഴികാട്ടിയായിരിക്കട്ടെ. ദിവ്യകാരുണ്യഭക്തിയിലും നിരന്തരമായ പ്രാർത്ഥനയിലും തൻ്റെ പ്രേഷിതപ്രവർത്തനങ്ങളുടെയെല്ലാം അടിസ്ഥാനമുറപ്പിച്ചുകൊണ്ട് മുന്നേറിയ കുഞ്ഞച്ചൻ, ദൈനംദിനജീവിതത്തിൽ ഏറ്റെടുക്കുന്ന ജോലികൾ വിജയകരമായി നിർവ്വഹിക്കുന്നതിനും പ്രതിബന്ധങ്ങളെ ധീരമായി നേരിടുന്നതിനും നിങ്ങൾക്കുവേണ്ടി സ്വർഗ്ഗീയപിതാവിൻ്റെ പക്കൽ മാദ്ധ്യസ്ഥം വഹിക്കട്ടെ. വിശുദ്ധജീവിതം നയിച്ച് ദൈവത്തിനും മനുഷ്യർക്കും പ്രിയങ്കരനായിത്തീർന്ന വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ നിങ്ങളെയും നിങ്ങളുടെ കുടുംബാംഗങ്ങളേവരെയും നമ്മുടെ നാടിനെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും, പിതാവായ ദൈവത്തിൻ്റെ സ്നേഹവും, പരിശുദ്ധാത്മാവിൻ്റെ സഹവാസവും നിങ്ങളോടു കൂടിയുണ്ടാകട്ടെ. ഇപ്പോഴും + എപ്പോഴും + എന്നേക്കും +

സമൂ: ആമ്മേൻ,

സമാപനഗാനം

(തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ.... എന്ന രീതി)

സ്വർഗ്ഗീയദൂതുമായ് രാമപുരത്തന്ന്
ആഗതമായൊരു താരം
ജീവജലം നല്‌കി ജ്ഞാനം പകർന്നേകി
വചനത്തിൻ വഴിയേ നയിപ്പു
തേവർപറമ്പിൽ കുഞ്ഞച്ചൻ

താഴ്ന്ന മുഖങ്ങളുയർത്തുവാനായി
ശാന്തതയോടെ തുനിഞ്ഞിറങ്ങി
ദൈവപിതാവിൻ്റെ സ്നേഹമേകി താതൻ
എളിയവർക്കാശ്വാസമേകി

സ്വർഗ്ഗീയ...

ആർത്തരായ് ചുറ്റുമലഞ്ഞവരെ നീ
ആനന്ദചിത്തരായ് തീർത്തുവല്ലോ
വേദനിക്കുന്നവർക്കത്താണിയായ് സ്വയം
സാക്ഷ്യമായി ജീവിതം നല്‌കി

സ്വർഗ്ഗീയ...

വാഴ്ത്തപ്പെട്ട കുഞ്ഞച്ചനോടുള്ള നൊവേന വാഴ്ത്തപ്പെട്ട തേവർ പറമ്പിൽ അഗസ്റ്റിൻ (കുഞ്ഞച്ചൻ) തിരുനാൾ ദിനം : ഒക്ടോബർ 16 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message