x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സീറോ മലബാർ സഭയുടെ ആരാധനാക്രമം

തിരുഹൃദയ നൊവേന

Authored by : Liturgical Commission, Diocese Mananthavady On 09-Jul-2024

തിരുഹൃദയ നൊവേന

ഈശോയുടെ തിരുമുറിവുകളോട് ക്രൈസ്തവർക്കുള്ള സവിശേഷമായ ഭക്തി ചിരപുരാതനമാണ്. മനുഷ്യനോടുള്ള സ്നേഹത്തിന്റെ ആഴമാണ് ഈശോയുടെ തിരുമുറിവുകളിൽ, വിശിഷ്യാ, നമ്മുടെ രക്ഷയുടെ രക്തവും ജലവും ഒഴുക്കപ്പെട്ട അവിടുത്തെ തിരുഹൃദയത്തിലെ മുറിവിൽ നാം ദർശിക്കുന്നത്. തിരുഹൃദയഭക്തിയിൽ സവിശേഷമാം വിധം ശ്രദ്ധ പതിപ്പിച്ച മാർഗരറ്റ് മേരി അലക്കോക്കിന് ഈശോ നല്കുന്ന വാഗ്‌ദാനങ്ങൾ ശ്രദ്ധാർഹമാണ്.

ഈശോയുടെ തിരുഹൃദയവാഗ്ദാനങ്ങൾ

1. എന്റെ തിരുഹ്യദയത്തോട് ഭക്തിയുള്ളവർക്ക് ഞാൻ അവരുടെ ജീവിതാവസ്ഥയ്ക്ക് ആവശ്യമായ എല്ലാ വരപ്രസാദങ്ങളും നല്കും.

2. അവരുടെ കുടുംബത്തിൽ ഞാൻ സമാധാനം സ്ഥാപിക്കും.

3. അവരുടെ സകലദുഃഖങ്ങളിലും അവരെ ഞാൻ ആശ്വസിപ്പിക്കും.

4. അവരുടെ ജീവിതകാലത്തും പ്രത്യേകിച്ച് മരണനേരത്തും അവർക്ക് ഞാൻ അഭയസ്ഥാനമായിരിക്കും.

5. അവരുടെ പ്രവൃത്തികളിലെല്ലാം അനുഗ്രഹങ്ങൾ ധാരാളമായി ഞാൻ വർഷിക്കും.

6. പാപികൾക്ക് എന്റെ ഹൃദയം അനുഗ്രഹത്തിന്റെ ഉറവയും സമുദ്രവുമായിരിക്കും.

7. മന്ദജീവിതത്തിലിരിക്കുന്ന ആത്മാക്കൾ ഭക്തിയിൽ തീക്ഷ്ണതയുള്ളവരാകും.

8. തീക്ഷ്ണതയുള്ളവർ അതിവേഗം പുണ്യത്തിൽ അഭിവൃദ്ധി പ്രാപിക്കും.

9. എന്റെ ദിവ്യഹൃദയത്തിന്റെ പ്രതിമ പരസ്യമായി സ്ഥാപിക്കുകയും വണങ്ങുകയും ചെയ്യുന്ന കുടുംബങ്ങളെ ഞാൻ ധാരാളമായി അനുഗ്രഹിക്കും.

10. ഏറ്റവും കഠിനമായ ഹൃദയങ്ങളെപ്പോലും ഇളക്കുന്നതിനുള്ള വരം ഞാൻ എല്ലാ വൈദികർക്കും നല്കും.

11. ഈ ഭക്തി വർദ്ധിപ്പിക്കാൻ യത്നിക്കുന്നവരുടെ പേര് എന്റെ ഹൃദയത്തിൽ എഴുതപ്പെടും. അത് ഒരിക്കലും മായിക്കപ്പെടുകയില്ല.

12. ഒമ്പതു മാസക്കാലത്തേക്ക് മുടങ്ങാതെ ആദ്യവെള്ളിയാഴ്ച തോറും വിശുദ്ധ കുർബാന കൈക്കൊള്ളുന്നവർക്ക് അവർ മരിക്കുന്നതിനു മുമ്പ് തങ്ങളുടെ പാപത്തിന്മേൽ ഉത്തമമനസ്താപം ലഭിക്കും. അവർ എന്റെ ഇഷ്ട്ടപ്രസാദം കൂടാതെയും വിശുദ്ധകൂദാശകൾ കൈക്കൊള്ളാതെയും മരിക്കുകയില്ല. അവരുടെ മരണസമയത്ത് എന്റെ ഹൃദയം അവരുടെ ഭദ്രമായ സങ്കേതസ്ഥലമായിരിക്കുകയും ചെയ്യുമെന്ന് എന്റെ ഹൃദയത്തിന്റെ അനുഗ്രഹാധിക്യം കൊണ്ട് ഞാൻ വാഗ്ദാനം ചെയ്യുന്നു.

ഈശോയുടെ തിരുഹൃദയത്തോടുള്ള സവിശേഷമായ ഭക്തി വ്യത്യസ്തമായ രീതികളിൽ ഇന്ന് സഭയിൽ നിലവിലിരിക്കുന്നുണ്ട്. തിരുഹൃദയനാെവേനയും ആരാധനയും തിരുഹൃദയത്തിരുനാളും അവയ്ക്കുദാഹരണങ്ങളാണ്.

തിരുനാൾ ദിനം : പന്തക്കുസ്താ കഴിഞ്ഞ് 19-ാം ദിവസം

പ്രാരംഭഗാനം

എല്ലാം മറന്നു ഞാൻ നില്പു
ദിവ്യകാരുണ്യ നാഥന്റെ അരികിൽ
എന്നെ സ്നേഹിക്കും ഈശോനാഥന്റെ
തിരുഹൃദയരൂപത്തിൻ മുമ്പിൽ
എല്ലാം മറന്നു ഞാൻ നിന്നു.

ഓരോ നിമിഷവും ഞാൻ അറിഞ്ഞു
ആ ദിവ്യകാരുണ്യ പരിലാളനം
എന്നെ നോക്കുന്ന ദിവ്യസ്നേഹം
എന്നെ കാക്കുന്ന തിരുഹൃദയം

ആ തിരുഹൃദത്തിന്റെ മുമ്പിൽ
എല്ലാം മറന്നു ഞാൻ നിന്നു

ഒരു കയ്യാൽ ആ തിരുഹൃദയത്തിലും
മറുകരം കൊണ്ടെന്റെ ഹൃദയത്തിലും
തൊട്ടു ഞാൻ പ്രാർത്ഥിക്കും നിമിഷങ്ങളിൽ
സ്പന്ദനം ചെയ്യുമാ തിരുഹൃദയം

ആ തിരുഹൃദയത്തിൻ മുമ്പിൽ
എല്ലാം മറന്നു ഞാൻ നിന്നു

കാർമ്മി: നിത്യം ജീവിച്ചു വാഴുന്ന ഈശോയെ, അങ്ങേ ഹൃദയത്തിലെ വാക്കിലടങ്ങാത്ത വരപ്രസാദങ്ങളും നിക്ഷേപങ്ങളും അങ്ങേ മണവാട്ടിയായ തിരുസഭയ്ക്ക് തുറന്നുകൊടുക്കുന്നതിന് അങ്ങ് തിരുസ്സായല്ലോ. ആ മാധുര്യമേറിയ ഉറവയിൽ നിന്നും പുറപ്പെടുന്ന നന്മകൾ ഞങ്ങളെ വിശുദ്ധിയിൽ സമ്പന്നരും പൂർണരുമാക്കിത്തീർക്കട്ടെ. സകലത്തിന്റെയും നാഥാ, എന്നേക്കും,

സമൂ: ആമ്മേൻ.

കാർമ്മി: പാപികളുടെ നേരേ ഏറ്റവും കൃപയുള്ള ദിവ്യഹൃദയമേ, എന്റെമേൽ കൃപയായിരിക്കണമേ.

സമൂ: ഈശോയുടെ ഏറ്റവും മാധുര്യമേറുന്ന തിരുഹൃദയമേ/ എന്റെ ഹൃദയം/ അങ്ങേ തിരുഹൃദയത്തിനൊത്തതാക്കിത്തീർക്കണമേ.

കാർമ്മി: നിത്യസ്നേഹത്തിന്റെ ബലിയായ ഈശോയുടെ തിരുഹൃദയമേ (സമൂഹവും ചേർന്ന്)/ ഞങ്ങളുടെ പാപങ്ങളെ പ്രതിയുള്ള ദുഃഖത്താൽ/ അങ്ങ് ക്ഷതമേല്പിക്കപ്പെട്ടുവല്ലോ./ അങ്ങേ സകലമുറിവുകളിൽ നിന്നും ഒഴുകിയിറങ്ങിയ തിരുരക്തം ഞങ്ങളെ കഴുകി ശുദ്ധരാക്കി./ ആകയാൽ, അങ്ങേ തിരുമുവിൽത്തന്നെ/ ഞങ്ങളെ കാത്തുകൊള്ളണമേ./ സകലത്തിന്റെയും നാഥാ, എന്നേക്കും, ആമ്മേൻ.

സങ്കീർത്തനം (103)

കാർമ്മി: എന്റെ ആത്മാവേ, കർത്താവിനെ വാഴ്ത്തുക

സമൂ: എന്റെ അന്തരംഗമേ അവിടുത്തെ വിശുദ്ധ നാമത്തെ പുകഴ്ത്തുക.

കാർമ്മി: അവിടുന്ന് നിന്റെ അകൃത്യങ്ങൾ ക്ഷമിക്കുന്നു.

സമൂ: നിന്റെ രോഗങ്ങൾ സുഖപ്പെടുത്തുന്നു.

കാർമ്മി: അവിടുന്ന് നിന്റെ ജീവനെ പാതാളത്തിൽ നിന്നു രക്ഷിക്കുന്നു.

സമൂ: അവിടുന്ന് സ്നേഹവും കരുണയും കൊണ്ട് നിന്നെ കിരീടമണിയിക്കുന്നു.

കാർമ്മി: കർത്താവ് ആർദ്രഹൃദയനും കാരുണ്യവാനുമാകുന്നു.

സമൂ: അവിടുന്ന് എപ്പോഴും ശാസിക്കുന്നുമില്ല.

കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി

സമൂ: ആദിമുതൽ എന്നേക്കും, ആമ്മേൻ.

കാറോസൂസ

കാർമ്മി: നമുക്കെല്ലാവർക്കും വിശ്വാസത്തോടും പ്രതീക്ഷയോടും കൂടി ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ എന്നു പ്രാർത്ഥിക്കാം.

സമൂ: ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ.

കാർമ്മി: വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നതെല്ലാം നിങ്ങൾക്കു ലഭിക്കുമെന്ന് അരുളിച്ചെയ്ത ഈശോയെ, അക്രമവും അനീതിയും യുദ്ധങ്ങളും അവസാനിപ്പിച്ച് ശാന്തിയിലും സമാധാനത്തിലും ജീവിക്കുവാൻ ലോകരാഷ്ട്രങ്ങളെ അനുഗ്രഹിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂ: ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ.

കാർമ്മി: ദൈവജനത്തെ സ്വർഗ്ഗരാജ്യത്തിലേക്ക് നയിക്കാനുള്ള പരിശ്രമങ്ങളിൽ സാർവ്വത്രികസഭയുടെ തലവനായ പരിശുദ്ധ പിതാവ് മാർ.................. പാപ്പായെയും ഞങ്ങളുടെ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ.................. മെത്രാപ്പോലീത്തായെയും ഞങ്ങളുടെ അതിരൂപതാദ്ധ്യക്ഷനായ മാർ മെത്രാപ്പോലീത്തായെയും എല്ലാ വൈദികമേലദ്ധ്യക്ഷന്മാരെയും അനുഗ്രഹിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂ: ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ.

കാർമ്മി: ഞങ്ങളുടെ രൂപതയെയും, ഞങ്ങളുടെ പിതാവും മേലധ്യക്ഷനുമായ മാർ ................... മെത്രാനെയും എല്ലാ വൈദികരെയും സമർപ്പിതരെയും അനുഗ്രഹിക്കണമെന്നും തീക്ഷ്ണതയുള്ള അത്മായപ്രേഷിതരെ ഞങ്ങൾക്കു നല്കണമെന്നും ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂ: ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ.

കാർമ്മി: ഞങ്ങളുടെ ഇടവകാംഗങ്ങളെല്ലാവരും യോജിപ്പിലും ഒരുമയിലും അങ്ങയുടെ ശരീരത്തിലെ വിവിധ അവയവങ്ങളെപ്പോലെ ജീവിക്കുന്നതിന് ഇടയാക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂ: ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ.

കാർമ്മി: ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനവും ശാന്തിയും പുലർത്തണമെന്നും ഞങ്ങളുടെ കുഞ്ഞുങ്ങളും യുവജനങ്ങളും അങ്ങയെപ്പോലെ വിശുദ്ധിയിലും വിജ്ഞാനത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നുവരുവാൻ ഇടയാക്കണമെന്നും ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂ: ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ.

(സന്ദർഭോചിതമായി മറ്റ് നിയോഗങ്ങളും കൂട്ടിച്ചേർക്കാവുന്നതാണ്)

കാർമ്മി: നിശ്ശബ്ദമായി നമ്മുടെ വ്യക്തിപരമായ പ്രാർത്ഥനകൾ സ്നേഹമായ ഈശോയുടെ തിരുഹൃദയത്തിങ്കൽ സമർപ്പിക്കാം.

(നിശ്ശബ്ദം)

കാർമ്മി: എന്റെ ഹൃദയത്തോട് ഭക്തി പ്രദർശിപ്പിക്കുന്നവരുടെ ജീവിതാവസ്ഥയ്ക്കാവശ്യമായ എല്ലാ അനുഗ്രഹങ്ങളും ഞാൻ നല്കുമെന്ന് വാഗ്ദാനം ചെയ്ത ദിവ്യനാഥാ, ഞങ്ങളുടെ വിചാരങ്ങളും വാക്കുകളും പ്രവൃത്തികളും അങ്ങു നിയന്ത്രിക്കണമേ. ഞങ്ങൾ ഇന്ന് അങ്ങേ സന്നിധിയിൽ അർപ്പിച്ച എല്ലാ പ്രാർത്ഥനകളും അങ്ങ് സ്വീകരിക്കണമേ. സകലത്തിന്റെയും നാഥാ, എന്നേക്കും

സമൂ: ആമ്മേൻ.

ഗാനം

(ഈ സമയത്ത് കാർമ്മികൻ ജനങ്ങളുടെ മേൽ വിശുദ്ധജലം തളിക്കുന്നു)

സ്നേഹാഗ്നിയാലെന്നുമെരിയും
കാരുണ്യരൂപന്റെ ഹൃദയം
ജീവന്റെ നീർധാര ചൊരിയാൻ
ക്രൂശിൽ തുറന്നോരു ഹൃദയം
നരനോടവാച്യമാം സ്നേഹത്താൽ
നിരതം തുടിക്കുന്ന ഹൃദയം
പെരുകുന്ന പാപങ്ങളാലെ
ഉരുകുന്ന ദുഃഖാർത്ത ഹൃദയം


കാർമ്മി: മനുഷ്യമക്കളോടുള്ള സ്നേഹത്താൽ (സമൂഹവും ചേർന്ന്)/ കത്തിയെരിയുന്ന ദിവ്യഹൃദയം/ വി.മർഗ്ഗരീത്താ മറിയത്തിന് വെളിപ്പെടുത്തിക്കൊടുത്ത ഈശോയെ/ കുത്തിമുറിവേല്പിക്കപ്പെട്ട അങ്ങേ തിരുഹൃദയത്തിൽ/ ഞങ്ങൾ അഭയം കണ്ടെത്തട്ടെ./ കരുണാർദ്രസ്നേഹത്തിന്റെ പ്രവാചകരായി/ പരസ്പരസ്നേഹത്തിലും ഐക്യത്തിലും ജീവിച്ച്/ അങ്ങയുടെ വചനത്തിന്റെ സാക്ഷികളാകുവാൻ/ ഞങ്ങളെ അനുഗ്രഹിക്കണമേ./ അങ്ങനെ ദിവ്യകുഞ്ഞാടിന്റെ വിരുന്നിൽ പങ്കുചേരുന്ന/ വിശുദ്ധരുടെ ഗണത്തിൽ ചേരുവാൻ തക്കവിധം/ ഞങ്ങളുടെ ജീവിതങ്ങളെ വിശുദ്ധവും നിർമ്മലവുമായി/ അങ്ങേ തിരുഹൃദയത്തിൽത്തന്നെ എക്കാലവും കാത്തുകൊള്ളണമേ./ ആമ്മേൻ./

കാർമ്മി: ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്തവിധം എന്റെ മേൽ കൃപയായിരിക്കണമേ.

സമൂ: അങ്ങയുടെ കാരുണ്യാതിരേകത്തിനനുസൃതമായി എന്റെ പാപങ്ങൾ മായ്ച്ചുകളയണമേ.

സമാപനപ്രാർത്ഥന 

കാർമ്മി: ഈശോയുടെ പരിശുദ്ധഹൃദയമേ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. അങ്ങ് ഞങ്ങൾക്ക് നല്കിയിട്ടുള്ള എല്ലാ അനുഗ്രഹങ്ങളെയും കുറിച്ച് ഞങ്ങൾ അങ്ങേക്കു നന്ദി പറയുന്നു. അങ്ങേ ദിവ്യഹൃദയത്തിന് അനുയോജ്യമായി ജീവിക്കുവാൻ ആഗ്രഹിക്കുന്ന ഞങ്ങളെ അങ്ങേക്കു പൂർണമായി സമർപ്പിക്കുന്നു. ഈശോയുടെ തിരുഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെട്ട നമ്മുടെ ഭവനങ്ങൾ നസ്രത്തിലെ ഈശോയുടെ ഭവനം പോലെ സ്നേഹത്തിന്റെയും സേവനത്തിന്റെയും അദ്ധ്വാനത്തിന്റെയും സാക്ഷ്യങ്ങളായിരിക്കട്ടെ. നമ്മുടെ ജീവിതത്തിന്റെ ഉത്തമമാതൃകയും സംരക്ഷകനുമായ ഈശോയുടെ തിരുഹൃദയം നമ്മുടെ ശിശുക്കളെ പരിപാലിക്കുകയും യുവതീയുവാക്കളെ പരിശുദ്ധരായി കാക്കുകയും ചെയ്യട്ടെ. രോഗികൾക്ക് ആശ്വാസവും ആസന്നമരണർക്ക് ആലംബവും അവിടുത്തെ തിരുഹൃദയം പ്രദാനം ചെയ്യട്ടെ. നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും, പിതാവായ ദൈവത്തിന്റെ സ്നേഹവും, പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളോടു കൂടിയുണ്ടാകട്ടെ. ഇപ്പോഴും + എപ്പോഴും + എന്നേക്കും +

സമൂ: ആമ്മേൻ,

സമാപനഗാനം

സ്നേഹജ്വാലയായ് ഈ വിശ്വമാകവെ
പ്രഭ ചൊരിയും കാരുണ്യഹൃദയമേ
എനിക്കായി തുറന്നുതന്ന ഹൃദയമേ
എളിമശാന്ത വിനയമുള്ള തിരുഹൃദയമേ...
എന്റെ ഹൃദയം നിൻഹൃദയം പോലെയാക്കണെ...
എന്നെ നിൻ സ്വന്തമാക്കുവാൻ ജീവനേകി നീ...
ചുടുനിണത്താൽ കഴുകി എന്നുള്ളിൽ വെണ്മ നല്കി നീ...
ശുദ്ധി നല്കി എന്റെ ഹൃത്തിൽ നീ വസിക്കില്ലെ...
സോദരർക്കായ് ഹൃത്തു നല്കാൻ എന്നെ മാറ്റണേ...

ജീവിതത്തിന്റെ ദുഃഖഭാരത്താൽ തളർന്നിടുമ്പോഴും
ആപത്തിൻ കൂരിരുളിൽ ഞാൻ വലഞ്ഞിടുമ്പോഴും
വചനമെന്നിൽ സാന്ത്വനമായി പെയ്തിറങ്ങട്ടെ...
ആത്മാവും ജീവനുമായി ഒഴുകീടട്ടേ...

തിരുഹൃദയ നൊവേന THIRUHRIDAYA NOVENA ഈശോയുടെ തിരുമുറിവുകളിൽ തിരുഹൃദയഭക്തിയിൽ Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message