We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Liturgical Commission, Diocese Mananthavady On 09-Jul-2024
വി. യൗസേപ്പ് പിതാവിനോടുള നൊവേന
യൗസേപ്പിതാവിനെക്കുറിച്ച് വി. മത്തായിയുടെയും വി. ലൂക്കായുടെയും സുവിശേഷങ്ങളുടെ ആദ്യഭാഗത്ത് മാത്രമാണ് വിവരണങ്ങളുള്ളത്. കന്യകാമറിയത്തിന്റെ സംരക്ഷകനായും രക്ഷകനായ ഈശോയുടെ വളർത്തുപിതാവായും ദൈവം നല്കിയ ദൗത്യങ്ങൾ വളരെ വിശ്വസ്തതയോടെ നിർവ്വഹിച്ച ശേഷം പരിശുദ്ധ അമ്മയുടെയും ഈശോയുടേയും സാന്നിധ്യത്തിൽ നല്ല മരണം പ്രാപിച്ചുവെന്ന് സഭ വിശ്വസിക്കുന്ന മാർ യൗസേപ്പിതാവിനെ തിരുസ്സഭയുടെ സംരക്ഷകനും തൊഴിലാളികളുടെ മാദ്ധ്യസ്ഥനും കുടുംബജീവിതക്കാരുടെ ഉദാത്തമാതൃകയും നല്ല മരണത്തിന്റെ മദ്ധ്യസ്ഥനുമായി സഭ വണങ്ങുന്നു. മാതാവിനോടൊപ്പം സഭയിൽ ഏറ്റവും കൂടുതൽ ആളുകൾ സ്വീകരിച്ചിരിക്കുന്ന പേരും ഏറ്റവും കൂടുതൽ ദേവാലയങ്ങളുടെ മദ്ധ്യസ്ഥനും വി. യൗസേപ്പ് പിതാവാണ്. യൗസേപ്പുപിതാവിന്റെ പേരിലുള്ള നൊവേന വളരെ പഴക്കം ചെന്ന ഒരു പാരമ്പര്യമാണ്. ബുധനാഴ്ചയാണ് സാധാരണയായി ഈ നൊവേന ചൊല്ലാറുള്ളത്.
തിരുനാൾ ദിനം : മാർച്ച് 19 |
പ്രാരംഭഗാനം
ഭാഗ്യപ്പെട്ട മാർ യൗസേപ്പേ
തിരുക്കുടുംബത്തിൻ തലവനേ
അഭയമേകി നീ ഞങ്ങളെ
അനുഗ്രഹിക്കണേ നിത്യവും
(മൂന്നു പ്രാവശ്യം)
കാർമ്മി: സ്നേഹപിതാവായ ദൈവമേ, ഞങ്ങളങ്ങയെ സ്തുതിക്കുന്നു. ഈശോയുടെ വളർത്തുപിതാവായ വി. യൗസേപ്പിതാവിനെ ഞങ്ങളുടെ പ്രത്യേകമദ്ധ്യസ്ഥനും പിതാവും സംരക്ഷകനുമായി നല്കിയതിന് ഞങ്ങളങ്ങേക്ക് നന്ദി പറയുന്നു. കരുണാനിധിയായ ദൈവമേ, വി യൗസേപ്പിതാവിനെപ്പോലെ സത്യത്തിലും നീതിയിലും വിനയത്തിലും വിവേകത്തിലും വളരുവാൻ വേണ്ട അനുഗ്രഹം ഞങ്ങൾക്കു നല്കണമേ. അനുഗ്രഹദാതാവായ ദൈവമേ, വി. യൗസേപ്പിതാവുവഴി ഞങ്ങളർപ്പിക്കുന്ന ഈ പ്രാർത്ഥന കാരുണ്യപൂർവ്വം സ്വീകരിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവേശ്വരാ, എന്നേക്കും,
സമൂ: ആമ്മേൻ
കാർമ്മി: ദൈവികവെളിപ്പെടുത്തലുകളെ പൂർണ്ണമായി വിശ്വസിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്ത വി. യൗസേപ്പ് പിതാവേ നീ ഞങ്ങളുടെ പിതാവും സംരക്ഷകനും മദ്ധ്യസ്ഥനുമാകുന്നു.
സമൂ: മഹാത്മാവായ മാർ യൗസേപ്പേ,/ മനുഷ്യബുദ്ധിക്ക് ഗ്രഹിക്കുവാനും/ മനുഷ്യപ്രകൃതിക്ക് സ്വീകരിക്കുവാനും/ വിഷമമുള്ള വെളിപ്പടുത്തലുകൾ/ ദൈവത്തിൽ നിന്നുണ്ടാകുമ്പോൾ/ അങ്ങയെപ്പോലെ/ അവ വിശ്വസിച്ചുകൊള്ളാമെന്നും /അതനുസരിച്ച് പ്രവർത്തിച്ചുകൊള്ളാമെന്നും/ ഞങ്ങളേറ്റു പറയുന്നു.
കാർമ്മി: കാരുണ്യവാനായ ഈശോയെ (സമൂഹവും ചേർന്ന്)/ അങ്ങേ വളർത്തുപിതാവായ വി. യൗസേപ്പിനെ/ ഞങ്ങളുടെ പ്രത്യേക മദ്ധ്യസ്ഥാനും/ പിതാവുമായി ഞങ്ങൾ ഏറ്റു പറയുന്നു./ തിരുക്കുടുംബത്തിന്റെ നാഥനും സംരക്ഷകനുമായി/ ദൈവം തിരഞ്ഞെടുത്ത വി. യൗസേപ്പ് പിതാവേ/ ഞങ്ങളങ്ങയെ വണങ്ങുന്നു./ തിരുക്കുടുംബത്തെ കാത്തു പാലിച്ച അങ്ങ്/ ഞങ്ങളോരോരുത്തരെയും/ ഞങ്ങളുടെ കുടുംബങ്ങളെയും ഇടവകാസമൂഹത്തെയും/ കാത്തുപരിപാലിക്കണമേ./ ഞങ്ങളുടെ ആവശ്യങ്ങളിൽ സഹായിക്കുകയും/ ആപത്തുകളിൽ സംരക്ഷിക്കുകയും/ വേദനകളിൽ ആശ്വസിപ്പിക്കുകയും/ മരണസമയത്ത്/ ഞങ്ങളെ സഹായിക്കുകയും ചെയ്യണമേ./ ഈ നൊവേനയിൽ സമർപ്പിക്കുന്ന പ്രത്യേക നിയോഗങ്ങളും യാചനകളും സാധിച്ചുതന്ന്/ ഞങ്ങളെ അനുഗ്രഹിക്കുകയും ആശീർവ്വദിക്കുകയും ചെയ്യണമേ,/ആമ്മേൻ
സങ്കീർത്തനം (65)
കാർമ്മി: ഞങ്ങളുടെ രക്ഷകനായ ദൈവമേ, ഭീതികരമായ പ്രവൃത്തികളാൽ അങ്ങ് ഞങ്ങൾക്ക് മോചനമരുളുന്നു.
സമൂ: ഭൂമി മുഴുവന്റെയും വിദൂരസമുദ്രങ്ങളുടെയും പ്രത്യാശ അവിടുന്നാകുന്നു.
കാർമ്മി: അവിടുന്ന് ശക്തി കൊണ്ട് അരമുറുക്കി പർവ്വതങ്ങളെ ഉറപ്പിക്കുന്നു.
സമൂ: ഉദയത്തിന്റെയും അസ്തമയത്തിന്റെയും ദിക്കുകൾ ആനന്ദം കൊണ്ട് ആർത്തുവിളിക്കുവാൻ അങ്ങ് ഇടയാക്കുന്നു.
കാർമ്മി: അവിടുന്ന് ഭൂമിയെ സന്ദർശിച്ച് അതിനെ നനയ്ക്കുന്നു. അങ്ങ് അതിനെ അത്യന്തം ഫലപുഷ്ടമാക്കുന്നു.
സമൂ: അവിടുന്ന് ഭൂമിയെ ഒരുക്കി അവർക്ക് ധാന്യം നല്കുന്നു.
കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
സമൂ: ആദിമുതൽ എന്നേക്കും, ആമ്മേൻ.
കാറോസൂസ
കാർമ്മി: നമുക്കെല്ലാവർക്കും മാർ യൗസേപ്പിതാവിന്റെ മാദ്ധ്യസ്ഥം യാചിച്ചുകൊണ്ട് വി. യൗസേപ്പിതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എന്നപേക്ഷിക്കാം.
സമൂ: വി. യൗസേപ്പിതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.
കാർമ്മി: ലോകം മുഴുവനും ശാന്തിയും സമാധാനവും നിലനിർത്തിക്കൊണ്ട് അവിടുത്തെ മക്കൾക്കടുത്ത സ്നേഹവും സാഹോദര്യവും പങ്കുവയ്ക്കപ്പെടുന്നതിനായി,
സമൂ: വി. യൗസേപ്പിതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.
കാർമ്മി: സാർവ്വത്രിക സഭയുടെ തലവനായ പരിശുദ്ധ പിതാവ് മാർ............... പാപ്പായ്ക്കും ഞങ്ങളുടെ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ........................ മെത്രാപ്പോലീത്തായ്ക്കും ഞങ്ങളുടെ അതിരൂപതാദ്ധ്യക്ഷനായ മാർ..................... മെത്രാപ്പോലീത്തായ്ക്കും എല്ലാ വൈദികമേലദ്ധ്യക്ഷന്മാർക്കും ഭരമേത്പിക്കപ്പെട്ടിരിക്കുന്ന ഉത്തവാദിത്വങ്ങൾ ദൈവഹിതാനുസരണം നിർവ്വഹിക്കപ്പെടുവാൻ,
സമൂ: വി. യൗസേപ്പിതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.
കാർമ്മി: ഞങ്ങളുടെ രൂപതയും ഞങ്ങളുടെ പിതാവും മേലദ്ധ്യക്ഷനുമായ മാർ.................... മെത്രാനും എല്ലാ വൈദികരും സന്യസ്തരും അനുഗ്രഹിക്കപ്പെടുവാനും തീക്ഷ്ണതയുള്ള അത്മായപ്രേഷിതരെ ഞങ്ങൾക്കു ലഭിക്കുവാനും,
സമൂ: വി. യൗസേപ്പിതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.
കാർമ്മി: ഒരേ പിതാവിന്റെ മക്കളെപ്പോലെ ഈ ഇടവകാംഗങ്ങളെല്ലാവരും പരസ്പരം സ്നേഹിച്ചും സഹകരിച്ചും പ്രവർത്തിക്കുന്നതിനും അങ്ങനെ ഒരു തൊഴുത്തും ഒരു ഇടയനുമായിത്തീരുന്നതിനും,
സമൂ: വി. യൗസേപ്പിതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.
കാർമ്മി: നല്ല മരണത്തിന്റെ മദ്ധ്യസ്ഥനായ വി. യൗസേപ്പിതാവേ പരി. അമ്മയുടെയും ദിവ്യരക്ഷകന്റെയും സാന്നിദ്ധ്യത്തിൽ അങ്ങ് ഭാഗ്യമരണം പ്രാപിച്ചതുപോലെ ജീവിതാവസാനം ഞങ്ങളും നല്ലമരണം പ്രാപിച്ച് കർത്താവിന്റെ സന്നിധിയിൽ അണയുന്നതിനായി,
സമൂ: വി. യൗസേപ്പിതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.
(സന്ദർഭോചിതമായി മറ്റ് നിയോഗങ്ങളും കൂട്ടിച്ചേർക്കാവുന്നതാണ്.)
കാർമ്മി: നിശ്ശബ്ദമായി നമ്മുടെ വ്യക്തിപരമായ പ്രാർത്ഥനകൾ വിശുദ്ധ യൗസേപ്പിതാവിന്റെ മാദ്ധ്യസ്ഥം വഴി ദൈവതിരുസന്നിധിയിൽ സമർപ്പിക്കാം.
(നിശ്ശബ്ദം)
കാർമ്മി: സ്വർഗ്ഗീയസുകൃതങ്ങളാൽ സമ്പന്നമായ തിരുക്കുടുംബത്തിന്റെ നാഥനും സംരക്ഷകനുമായി ദൈവത്താൽ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട മഹാത്മാവായ മാർ യൗസേപ്പേ, ഞങ്ങളുടെ കുടുംബങ്ങളിൽ നാഥനും പിതാവുമായി അങ്ങ് വാഴണമേ. അങ്ങയെ ഞങ്ങളുടെ മദ്ധ്യസ്ഥനും മാതൃകയുമായി സ്വീകരിക്കുന്നു. ഞങ്ങളുടെ ആത്മശരീരങ്ങളും ഞങ്ങൾക്കുള്ള സമസ്തവും അങ്ങേ സംരക്ഷണയിൽ ഭരമേല്പിക്കുന്നു. ഞങ്ങൾ ഓരോരുത്തരെയും അങ്ങ് മക്കളായി സ്വീകരിച്ചുകൊണ്ട് പ്രത്യേകമായി ഈ നൊവാനയിൽ ഞങ്ങളപേക്ഷിക്കുന്ന അനുഗ്രഹങ്ങളെല്ലാം ഈശാേയിൽനിന്ന് വാങ്ങിത്തരണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂ: ആമ്മേൻ.
ഗാനം
(ഈ സമയത്ത് കാർമ്മികൻ ജനങ്ങളുടെ മേൽ വിശുദ്ധജലം തളിക്കുന്നു.)
പരിശുദ്ധനാം പിതാവേ
മാർ യൗസേപ്പു പിതാവേ
ആകുലമാനസർ ഞങ്ങൾ
ആശ്രയം തേടി വരുന്നു
അദ്ധ്വാനിക്കും ജനത്തിൻ പിതാവേ, നീതിമാനേ-2
ജീവിതയാത്രയിൽ ഭാരം വഹിക്കുവാൻ
അത്താണി നീയേകണേ ഞങ്ങൾക്ക്
അത്താണി നീയേകണേ....(പരി...)
കന്യാമേരിക്കും പൊന്നുണ്ണിക്കും നിത്യം സംരക്ഷകാ -2
ജീവിതസായാഹ്നവേദിയിൽ പോലും
തൃക്കരം തുണയാകണേ ഞങ്ങൾക്ക
തൃക്കരം തുണയാകണേ... (പരി....)
കാർമ്മി: ദയാനിധിയായ വി. യൗസേപ്പിതാവേ/ (സമൂഹവും കൂടി) അത്ഭുതകരമായ അങ്ങേ മാദ്ധ്യസ്ഥം തേടുന്ന ഞങ്ങളെ/ കരുണാപൂർവ്വം സഹായിക്കണമേ./ ദുഃഖങ്ങളിൽ ആശ്വാസവും,/ ആപത്തുകളിൽ സഹായവും നല്കി/ സകല അനർത്ഥങ്ങളിൽ നിന്നും ഞങ്ങളെ സംരക്ഷിക്കണമേ./ ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനവും ഐശ്വര്യവും കൈവരാൻ പ്രാർത്ഥിക്കണമേ./ അങ്ങ് തിരുക്കുടുംബത്തെ നയിച്ചതുപോലെ/ ഞങ്ങളും ഞങ്ങളുടെ കുടുംബങ്ങളെ നയിക്കുവാനുള്ള കൃപകൾ ഞങ്ങൾക്ക് ലഭ്യമാക്കണമേ./ പ്രത്യേകമായി, ഞങ്ങൾ ഈ നാവേനയിൽ സമർപ്പിക്കുന്ന/ ഞങ്ങളുടെ പ്രാർത്ഥനകൾ സഫലമാകുവാൻ/ ദൈവതിരുസന്നിധിയിൽ അങ്ങ് പ്രാർത്ഥിക്കണമേ/
സമൂ: ആമ്മേൻ.
കാർമ്മി: ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ.
സമൂ: വി. യൗസേപ്പിതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
സമാപനപ്രാർത്ഥന
കാർമ്മി: തിരുക്കുടുംബത്തിന്റെ നാഥനും സംരക്ഷകനുമായി വിശുദ്ധ യൗസേപ്പിനെ നിയോഗിച്ച ദൈവമേ, നീതിമാനായ ആ പിതാവിൽ വിളങ്ങി നിന്നിരുന്ന എല്ലാ ദൈവികപുണ്യങ്ങളും ഞങ്ങളിലും ഞങ്ങളുടെ കുടുംബങ്ങളിലും വർഷിക്കണമേ. മാർ യൗസേപ്പിതാവിനെപ്പോലെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ദൈവേഷ്ടം മനസ്സിലാക്കി അതനുസരിച്ച് പ്രവർത്തിക്കുവാൻ ഈ നൊവേനയിൽ പങ്കെടുത്ത് പ്രാർത്ഥിച്ചവരെയെല്ലാം അവിടുന്ന് അനുഗ്രഹിക്കണമേ. ഇവരുടെ നിയോഗങ്ങളെ അവിടുന്ന് സഫലമാക്കണമേ. ദിവ്യരക്ഷകന്റെ വളർത്തുപിതാവായി വി.യൗസേപ്പിതാവിനെ തിരഞ്ഞെടുത്ത പിതാവായ ദൈവത്തിന്റെ സ്നേഹവും, തിരുക്കടുംബത്തിലെ ദിവ്യസുതനായി അവതരിച്ച പുത്രനായ മിശിഹായുടെ കൃപയും, മാർ യൗസേപ്പിതാവിനെയും പരിശുദ്ധ കന്യാമറിയത്തെയും വിശുദ്ധിയിലൂടെ നയിച്ച പരിശുദ്ധാത്മാവിന്റെ സംരക്ഷണവും നിങ്ങളോടു കൂടിയുണ്ടാകട്ടെ. ഇപ്പോഴും+ എപ്പോഴും + എന്നേക്കും +
സമൂ: ആമ്മേൻ.
സമാപനഗാനം
(നിത്യസഹായമതേ....എന്ന രീതി)
നീതിമാനായ താത
വിശുദ്ധ യൗസേപ്പ്താതാ
മാനവരാദരവാൽ
കീർത്തിക്കും പുണ്യതാതാ
ചോദിപ്പോർക്കെന്തും നല്കി
ആശകൾ തീർത്തീടുന്നു
ഈശോ തൻ സ്നേഹതാതാ
കാരുണ്യമേകിടണേ (നീതി...)
ആശ്രയം തേടിയങ്ങേ
പാദത്തിൽ വന്നീടുന്ന
ആർത്തരേ കൈവിടാതെ
കാത്തുപാലിക്ക താതാ (നീതി...)
prayer-to-st-joseph vi. youseppu pithaavinodula novena കന്യകാമറിയത്തിന്റെ സംരക്ഷകൻ ഈശോ യുടെ വളർത്തുപിതാവ് തൊഴിലാളികളുടെ മാധ്യസ്ഥൻ കുടുംബജീവിതക്കാരുടെ ഉദാത്ത മാതൃക Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206