We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Liturgical commission, Diocese of Mananthavady On 10-Jul-2024
പത്രോസ് പൗലോസ് ശ്ലീഹന്മാരോടുള്ള നൊവേന
സഭാചരിത്രത്തിലെ പ്രകാശഗോപുരങ്ങളാണ് വി. പത്രോസും പൗലോസും. ഈശോയുടെ സഭയെ ലോകത്തിൽ നയിക്കുകയും പരിപാലിക്കുകയും ചെയ്‌ത ശ്ലൈഹികതീക്ഷ്‌ണതയുടെ ഉത്തമ ഉദാഹരണങ്ങളാണ് ഇവർ. "പത്രോസേ നീ പാറയാകുന്നു, നിൻ്റെ മേൽ എൻ്റെ സഭ ഞാൻ സ്ഥാപിക്കും” എന്ന് അരുളിചെയ്‌ത മിശിഹാ സഭയുടെ ആദ്യത്തെ വലിയ ഇടയനായി പത്രോസിനെ നിയോഗിച്ചു. തീക്ഷ്‌ണത കൊണ്ട് സഭയെ പീഡിപ്പിച്ചിരുന്ന പൗലോസിൻ്റെ മാനസാന്തരവും മിശിഹായുടെ നേരിട്ടുള്ള ഇടപെടലിലൂടെയാണ് സാധ്യമാകുന്നത്. അതിശക്തമായ നേതൃത്വവും അതിതീക്ഷ്‌ണമായ വിശ്വാസപ്രഘോഷണവും ജീവിതസാക്ഷ്യവും വഴിയായി രക്തസാക്ഷിത്വം വരിച്ച ഈ ശ്ലീഹന്മാരോട് ചേർന്ന് നമുക്കും പ്രാർത്ഥിക്കാം.
തിരുനാൾ ദിനം : ജൂൺ 29 |
പ്രാരംഭഗാനം
(നിത്യസഹായമാതേ..... എന്ന രീതി)
വിശുദ്ധ പത്രോസ് പൗലോസ്
സഭയുടെ തേരാളികളെ
ദൈവത്തിൻ സവിധെയെന്നും
ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ
വിശ്വാസതീക്ഷ്‌ണതയാൽ
സകലം പരിത്യജിച്ച്
സഭയെ വളർത്തുവാനായി
പ്രാണനർപ്പിച്ചു നിങ്ങൾ
സ്വർഗ്ഗീയഗേഹമതിൽ
നിത്യസമ്മാനിതരായി
വാണരുളീടും താതർ
ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ
കാർമ്മി: കാരുണ്യവാനായ കർത്താവേ, നിൻ്റെ ശിഷ്യപ്രധാനരായ പത്രോസ് പൗലോസ് ശ്ലീഹന്മാരെ എപ്പോഴും സഹയമരുളുവാൻ സന്നദ്ധതയുള്ള മദ്ധ്യസ്ഥരായി അങ്ങു ഞങ്ങൾക്കു നല്‌കിയല്ലോ. ഈ വിശുദ്ധ ശ്ലീഹന്മാരുടെ സന്നിധിയിൽ പ്രത്യാശപൂർവ്വം ഓടിയണഞ്ഞ് അവരുടെ മാദ്ധ്യസ്ഥം അപേക്ഷിക്കുന്ന ഞങ്ങൾ നിൻ്റെ രക്ഷയുടെ ഫലം എന്നും അനുഭവിക്കുവാൻ അനുഗ്രഹിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. സകലത്തിൻ്റെയും നാഥാ, എന്നേക്കും,
സമൂ: ആമ്മേൻ
കാർമ്മി: സത്യസഭയെ വിശ്വാസത്തിലുറപ്പിച്ചു വളർത്തിയ പത്രോസ് പൗലോസ് ശ്ലീഹന്മാരെ,
സമൂ: വിശ്വാസത്തിൽ ആഴപ്പെടുവാൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.
കാർമ്മി: ശ്ലീഹന്മാരിൽ പ്രധാനിയും (സമൂഹവും ചേർന്ന്)/ സത്യസഭാസംരക്ഷകനുമായി/ ദിവ്യരക്ഷകനാൽ നിയോഗിക്കപ്പെട്ട വി. പത്രോസ് ശ്ലീഹായേ/ അങ്ങയുടെ സഭാനേതൃത്വത്തെ ഞങ്ങൾ ഏറ്റു പറയുന്നു./ അങ്ങേ മദ്ധ്യസ്ഥശക്തിയിൽ ഞങ്ങൾ അഭയം തേടുന്നു./ ആയിരങ്ങളെ സത്യവിശ്വാസത്തിലേക്കാനയിച്ച വി. പത്രോസേ/ അങ്ങേ ജീവിതമാതൃകയിൽ നിന്ന്/ അചഞ്ചലമായ വിശ്വാസവും നിഷ്‌കളങ്കമായ ഗുരുഭക്തിയും/ അഗാധമായ എളിമയും തെറ്റുകളിന്മേലുള്ള പശ്ചാത്താപവും/ പാപികളായ ഞങ്ങൾക്കും പകർന്നു നല്‌കണമേ./ ബഞ്ചമിൻ ഗോത്രത്തിൽ ജനിച്ചു വളർന്ന്/ ദൈവാനുഗ്രഹത്തിൻ്റെ അത്ഭുതശക്തിയാൽ മാനസാന്തരപ്പെട്ട്/ ഈശോയുടെ ധീരപ്രേഷിതനായി ശിഷ്‌ടായുസ്സു സമർപ്പിച്ച വിശുദ്ധ പൗലോസ് ശ്ലീഹായേ,/ ഞങ്ങൾ അങ്ങയുടെ സഹായം തേടുന്നു./ അഗാധപണ്ഡിതനും മിശിഹായുടെ ധീരപ്രേഷിതനുമായ അങ്ങ്/ ഞങ്ങൾക്കു കാണിച്ചുതന്ന/ സ്നേഹത്തിൻ്റെയും ത്യാഗത്തിൻ്റെയും ജീവിതം അനുകരിക്കുവാൻ/ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ./ ആമ്മേൻ.
സങ്കീർത്തനം (57)
കാർമ്മി: എന്നോടു കൃപയുണ്ടാകണമേ, ദൈവമേ, എന്നോടു കൃപതോന്നണമേ.
സമൂ: എന്നോടു കൃപയുണ്ടാകണമേ, ദൈവമേ, എന്നോടു കൃപ തോന്നണമേ.
കാർമ്മി: വിനാശത്തിൻ്റെ കൊടുങ്കാറ്റ് കടന്നുപോകുവോളം അങ്ങയുടെ ചിറകിൻകീഴിൽ ഞാൻ അഭയം തേടുന്നു.
സമൂ: എന്നോടു കൃപയുണ്ടാകണമേ, ദൈവമേ, എന്നോടു കൃപ തോന്നണമേ.
കാർമ്മി: അത്യുന്നതനായ ദൈവത്തെ ഞാൻ വിളിച്ചപേക്ഷിക്കുന്നു; എനിക്കു വേണ്ടി എല്ലാം ചെയ്‌തു തരുന്ന ദൈവത്തെത്തന്നെ.
സമൂ: എന്നോടു കൃപയുണ്ടാകണമേ, ദൈവമേ, എന്നോടു കൃപ തോന്നണമേ.
കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്‌തുതി.
സമൂ: ആദിമുതൽ എന്നേക്കും ആമ്മേൻ.
കാറോസൂസ
കാർമ്മി: നമുക്കെല്ലാവർക്കും വിശ്വാസത്തോടും പ്രതീക്ഷയോടും കൂടെ ദൈവകൃപയിൽ ആശ്രയിച്ചുകൊണ്ട് വി. പത്രോസ് പൗലോസ് ശ്ലീഹന്മാരെ, ഈശോയോട് അപേക്ഷിക്കണമേ എന്ന് പ്രാർത്ഥിക്കാം.
സമൂ: വി. പത്രോസ് പൗലോസ് ശ്ലീഹന്മാരെ, ഈശോയോട് അപേക്ഷിക്കണമേ.
കാർമ്മി: അക്രമവും അനീതിയും യുദ്ധങ്ങളും അവസാനിപ്പിച്ച് ലോക രാഷ്ട്രങ്ങളെല്ലാം ശാന്തിയിലും സമാധാനത്തിലും ജീവിക്കുവാൻ,
സമൂ: വി. പത്രോസ് പൗലോസ് ശ്ലീഹന്മാരെ, ഈശോയോട് അപേക്ഷിക്കണമേ.
കാർമ്മി: സാർവ്വത്രികസഭയുടെ തലവനായ പരിശുദ്ധപിതാവ് മാർ ........................പാപ്പായ്ക്കും ഞങ്ങളുടെ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ............................ മെത്രാപ്പോലീത്തായ്ക്കും ഞങ്ങളുടെ അതിരൂപതാദ്ധ്യക്ഷനായ മാർ ..................... മെത്രാപ്പോലീത്തായ്ക്കും എല്ലാ വൈദികമേലദ്ധ്യക്ഷന്മാർക്കും ഭരമേത്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങൾ ദൈവഹിതാനുസരണം നിർവ്വഹിക്കപ്പെടുവാൻ,
സമൂ: വി. പത്രോസ് പൗലോസ് ശ്ലീഹന്മാരെ, ഈശോയോട് അപേക്ഷിക്കണമേ.
കാർമ്മി: ഞങ്ങളുടെ രൂപതയും ഞങ്ങളുടെ പിതാവും മേലദ്ധ്യക്ഷനുമായ മാർ .................... മെത്രാനും എല്ലാ വൈദികരും സമർപ്പിതരും അനുഗ്രഹിക്കപ്പെടുവാനും തീക്ഷ്‌ണതയുള്ള അത്മായപ്രേഷിതരെ ഞങ്ങൾക്കു ലഭിക്കുവാനും
സമൂ: വി. പത്രോസ് പൗലോസ് ശ്ലീഹന്മാരെ, ഈശോയോട് അപേക്ഷിക്കണമേ.
കാർമ്മി: ഒരേ പിതാവിൻ്റെ മക്കളേപ്പോലെ ഈ ഇടവകാംഗങ്ങളെല്ലാവരും പരസ്‌പരം സ്നേഹിച്ചും സഹകരിച്ചും പ്രവർത്തിക്കുന്നതിന്
സമൂ: വി. പത്രോസ് പൗലോസ് ശ്ലീഹന്മാരെ, ഈശോയോട് അപേക്ഷിക്കണമേ.
കാർമ്മി: ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനവും ശാന്തിയും പുലരുവാനും ഞങ്ങളുടെ കുഞ്ഞുങ്ങളും യുവജനങ്ങളും വിശുദ്ധിയിലും വിജ്ഞാനത്തിലും ദൈവത്തിൻ്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നുവരുവാനും,
സമൂ: വി. പത്രോസ് പൗലോസ് ശ്ലീഹന്മാരെ, ഈശോയോട് അപേക്ഷിക്കണമേ.
(സന്ദർഭോചിതമായി മറ്റ് നിയോഗങ്ങളും കൂട്ടിച്ചേർക്കാവുന്നതാണ്)
കാർമ്മി: നിശ്ശബ്‌ദമായി നമ്മുടെ വ്യക്തിപരമായ പ്രാർത്ഥനകൾ വി. പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ മാദ്ധ്യസ്ഥം വഴി ദൈവതിരുസന്നിധിയിൽ സമർപ്പിക്കാം.
(നിശ്ശബ്‌ദം)
കാർമ്മി: ഈശോയോടുള്ള സ്നേഹത്തെപ്രതി രക്തസാക്ഷിമകുടം ചൂടിയ വിശുദ്ധരായ ശ്ലീഹന്മാരെ, ദുഃഖിതരെ ആശ്വസിപ്പിക്കുകയും ക്ലേശിതരെ സഹായിക്കുകയും ചെയ്യണമേ. ജനലക്ഷങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുകയും ദൈവസേവനത്തിന് പ്രതിഷ്ഠിക്കപ്പെട്ടവരായ സന്യാസിനിസന്യാസികൾ, പ്രേഷിതർ തുടങ്ങിയവരെ ശക്തിപ്പെടുത്തുകയും ചെയ്യണമേ. നിങ്ങളുടെ സഹായം തേടുന്ന ഏവർക്കും സംരക്ഷണം നല്‌കി അനുഗ്രഹിക്കുകയും ചെയ്യണമേ.
സമൂ: ആമ്മേൻ
ഗാനം
(ഈ സമയത്ത് കാർമ്മികൻ ജനങ്ങളുടെ മേൽ വിശുദ്ധജലം തളിക്കുന്നു)
(ഭാരതം കതിരു കണ്ടു......എന്ന രീതി)
യേശുവിൻ ധീരശിഷ്യാ
ശ്രേഷ്‌ഠനാം അപ്പസ്തോലാ
പത്രോസാകുന്ന നിന്നെ സ്വർഗ്ഗീയവാതിലിൽ
പാലകനാക്കിയല്ലോ
ആദിമസഭകൾക്കാ യേശുവിൻ
തിരുവചനം പങ്കുവച്ച പൗലോസിൻ
പ്രേഷിതചൈതന്യധാരയിൽ
വിശ്വാസദീപ്‌തിയോടെ നീങ്ങിടാം
ആശ്രയം തേടിവരും ഞങ്ങളെ
കാക്കണെ പത്രോസേ, പൗലോസേ
വിശുദ്ധരാം നിങ്ങൾതൻ പാതയിൽ
ചരിക്കുവാൻ ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ.
കാർമ്മി: ഈശോയുടെ പ്രധാനശിഷ്യരും (സമൂഹവും ചേർന്ന്)/ ഞങ്ങളുടെ പ്രത്യേകമദ്ധ്യസ്ഥരുമായ വി. പത്രോസ് പൗലോസ് ശ്ലീഹന്മാരെ,/ നിർഭാഗ്യപാപികളായ ഞങ്ങളിതാ/ പരിപൂർണ്ണവിശ്വാസത്തോടെ നിങ്ങളുടെ മാദ്ധ്യസ്ഥം യാചിക്കുന്നു./ ഞങ്ങളിൽ കരുണ തോന്നി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ./ പാപത്തെയും പാപസാഹചര്യങ്ങളെയും ഉപേക്ഷിച്ച്/ ത്യാഗത്തിൻ്റെയും സേവനത്തിൻ്റെതുമായ ജീവിതംവഴി/ പ്രസാദവരത്തിൽ നിലനില്ക്കുവാൻ ഞങ്ങളെ സഹായിക്കണമേ./ “അങ്ങ് സജീവദൈവത്തിൻ്റെ പുത്രനായ ഈശോയാകുന്നു" വെന്ന്/ ധീരമായി വിശ്വാസപ്രഖ്യാപനം ചെയ്‌ത് വിശുദ്ധ പത്രോസ് ശ്ലീഹായെ/ ഞങ്ങളും വിശ്വാസത്തിൽ സ്ഥിരപ്പെടാൻ വേണ്ടി പ്രാർത്ഥിക്കണമേ./ പീഡകളിലും കല്ലേറുകളിലും/ കപ്പലപകടങ്ങളിലും കാരാഗൃഹവാസത്തിലും/ അചഞ്ചലമായി നിന്നുകൊണ്ട്/ ഈശോയിൽ ജീവിക്കുന്നതും മരിക്കുന്നതും/ തനിക്കൊന്നുപോലെ സന്തോഷകരമാണെന്ന് പ്രഖ്യാപിച്ച വിശുദ്ധ പൗലോസ് ശ്ലീഹായേ,/ ലോകജീവിതത്തിൽ അനുദിനമനുഭവിക്കേണ്ടി വരുന്ന/ ദുഃഖദുരിതങ്ങളെ സന്തോഷത്തോടെ സഹിച്ച്/ ദൈവതിരുമനസ്സ് നിറവേറ്റുവാൻ ഞങ്ങളെ സഹായിക്കണമേ,/ ആമ്മേൻ./
കാർമ്മി: ഈശോമിശിഹായുട വാഗ്‌ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ
സമൂ: വി. പത്രോസ് പൗലോസ് ശ്ലീഹന്മാരെ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
സമാപനപ്രാർത്ഥന
കാർമ്മി: പരിശുദ്ധസഭയെ സത്യവിശ്വാസത്തിൽ വളർത്തുകയും നിലനിർത്തുകയും ചെയ്‌ത കാരുണ്യവാനായ ദൈവം വാഴ്ത്തപ്പെട്ടവനാകട്ടെ. ദൈവകരങ്ങളിലെ ശക്തമായ ഉപകരണങ്ങളായി വർത്തിച്ച വിശുദ്ധ ശ്ലീഹന്മാരുടെ മാദ്ധ്യസ്ഥം സഭാംഗങ്ങളായ നിങ്ങൾക്ക് അനുഭവവേദ്യമാകട്ടെ. അവരുടെ ജീവിതമാതൃകകളും വിശ്വാസതീക്ഷ്‌ണതയും നിങ്ങളെ പ്രചോദിപ്പിക്കട്ടെ. ഈശോയ്ക്കും അവിടുത്തെ സഭയ്ക്കും വേണ്ടി ജീവിതമർപ്പിക്കാനും സ്വർഗ്ഗരാജ്യത്തിൻ്റെ മുന്നാസ്വാദനമായ സഭയിൽ സജീവമായി നിലകൊള്ളുവാനും നിങ്ങൾക്ക് സാധിക്കട്ടെ. നിങ്ങളുടെ പ്രത്യേകമായ നിയോഗങ്ങളെ തൻ്റെ വിശുദ്ധരായ ശ്ലീഹന്മാരുടെ മാദ്ധ്യസ്ഥം വഴി കർത്താവീശോമിശിഹാ സഫലമാക്കുകയും ചെയ്യട്ടെ. നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിൻ്റെ സ്നേഹവും പരിശുദ്ധാത്മാവിൻ്റെ സഹവാസവും നിങ്ങളോടുകൂടിയുണ്ടാകട്ടെ. ഇപ്പോഴും + എപ്പോഴും + എന്നേക്കും +
സമൂ: ആമ്മേൻ.
സമാപനഗാനം
വിശുദ്ധരിൽ വിശുദ്ധരാം ശ്ലീഹന്മാരെ
വണങ്ങുന്നു ഞങ്ങൾ കൂപ്പുകൈകളോടെ
വിളങ്ങിടും വിശുദ്ധി തൻ പൊൻകിരണങ്ങൾ
തിളങ്ങട്ടെ മണ്ണിൽ സ്വർഗ്ഗം കൈവരുത്താനായ്
(വിശുദ്ധരിൽ)
പത്രോസ് പൗലോസ് ശ്ലീഹന്മാരോടുള്ള നൊവേന "പത്രോസേ നീ പാറയാകുന്നു Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206