We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Liturgical Commission, Diocese Mananthavady On 09-Jul-2024
വി. ഫ്രാൻസിസ് സേവ്യറിനോടുള്ള നൊവേന
സ്പെയിനിലെ നവാറോ പ്രവശ്യയിൽ സേവ്യർ എന്ന സ്ഥലത്ത് 1506 ഏപ്രിൽ 7 നാണ് ഫ്രാൻസിസ് ജനിച്ചത്. വിശുദ്ധ ഇഗ്നേഷ്യസ് ലെയോളയോടൊപ്പം ജസ്യൂട്ട് സമൂഹം സ്ഥാപിക്കുന്നതിന് മുൻകൈയെടുത്ത ഫ്രാൻസിസ് സേവ്യർ ആദ്യം വ്രതവാഗ്ദാനം ചെയ്ത ഏഴു ജസ്യൂട്ടുകളിൽ ഒരാളായിരുന്നു. ഏഷ്യൻ ഉപഭൂഖണ്ഡത്തിന്റെ സുവിശേഷവത്കരണത്തിൽ അതീവ ശ്രദ്ധാലുവായിരുന്നു വിശുദ്ധൻ. ഭാരതത്തിലെ അദ്ദേഹത്തിന്റെ മിഷനറി പ്രവർത്തനങ്ങൾ സ്തുത്യർഹമാണ്. തദ്ദേശീയമായ ഭാഷകൾ പഠിച്ചും എണ്ണമറ്റ കഷ്ടപ്പാടുകൾ സഹിച്ചുമാണ് അദ്ദേഹം തന്റെ പ്രേഷിത പ്രവർത്തനങ്ങൾ തുടർന്നത്. ചൈനയിൽ സുവിശേഷം അറിയിക്കുക എന്ന ചിരകാലഭിലാഷവുമായി യാത്ര ചെയ്യവേ ഷാങ്ച്യു വാൻ ദ്വീപിൽ വച്ച് അദ്ദേഹം നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു.
1619 ഒക്ടോബർ 25ന് പോൾ അഞ്ചാമൻ മാർപാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയും 1622 മാർച്ച് 12 ന് ഗ്രിഗറി പതിനഞ്ചാമൻ മാർപാപ്പ അദ്ദേഹത്തെ വിശുദ്ധനെന്ന് നാമകരണം ചെയ്യുകയും ചെയ്തു. "ഇന്ത്യയുടെ അപ്പസ്തോലൻ" "ജപ്പാന്റെ അപ്പസ്തോലൻ" എന്നിങ്ങനെയെല്ലാം അറിയപ്പെട്ട ഫ്രാൻസിസ് വിശുദ്ധ പൗലോസിന് ശേഷമുള്ള തീഷ്ണമതിയായ മിഷനറിയായിട്ടാണ് കണക്കാക്കപ്പെടുന്നത്. 1927-ൽ ഒമ്പതാം പിയൂസ് മാർപാപ്പ വിശുദ്ധ ഫ്രാൻസിസിനെ വിശുദ്ധ ചെറുപുഷ്പത്തോടൊപ്പം ലോകമാസകലമുള്ള പ്രേഷിതപ്രവർത്തനങ്ങളുടെ മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചു. വിശുദ്ധന്റെ ഭൗതികാവശിഷ്ടം ഇപ്പോൾ ഗോവയിൽ സ്ഥാപിച്ചിരിക്കുന്നു.
| തിരുനാൾ ദിനം : ഡിസംബർ 3 |
പ്രാരംഭഗാനം
(ബാവായ്ക്കും പുത്രനും... എന്ന രീതി)
പ്രേഷിതവേലയ്ക്കായ് ജീവിതമർപ്പിച്ച
പുണ്യനാം ഫ്രാൻസിസ് സേവ്യർ
ഞങ്ങൾ തൻ മദ്ധ്യസ്ഥൻ - ഫ്രാൻസിസ് സേവ്യർ
ലൗകിക നേട്ടങ്ങൾ സർവ്വസ്വവും
താതനായി ത്യജിച്ചവനെ - സ്വർഗ്ഗീയ
ജീവൻ വരിച്ചവനെ
ക്ലേശവും ത്യാഗവും ആത്മാക്കളെ നേടാൻ
കൈനീട്ടി വാങ്ങിയോനെ
വേദനയാൽ കേഴും മക്കൾക്കായ്
ശാന്തി പകർന്നീടണെ - നിത്യവും
കൂട്ടായ് വാഴേണമേ
പ്രാർത്ഥിക്കും ദാസർക്കായ്
ശക്തി പകരണേ
സ്വർഗ്ഗീയ പാത പുല്കാൻ
കാർമ്മി: പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ, ആത്മീയവും ശാരീരികവുമായ നന്മകളാലും കൃപകളാലും ജീവിതകാലത്തുതന്നെ വി. ഫ്രാൻസീസ് സേവ്യറിനെ അനുഗ്രഹിച്ച അങ്ങയെ ഞങ്ങൾ സ്തുതിക്കുന്നു. ഈ വിശുദ്ധന്റെ മദ്ധ്യസ്ഥതയാൽ ഞങ്ങൾ സമർപ്പിക്കുന്ന പ്രാർത്ഥന കാരുണ്യപൂർവ്വം സ്വീകരിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും
സമൂ: ആമ്മേൻ
കാർമ്മി: പ്രേഷിത തീക്ഷ്ണതയാൽ വിശ്വാസജീവിതത്തിന്റെ ഉദാത്തമായ മാതൃക കാണിച്ചുതന്ന വി. ഫ്രാൻസിസ് സേവ്യറേ,
സമൂ: ജീവിതക്ലേശങ്ങളും സഹനങ്ങളും സ്വീകരിച്ച് പ്രത്യാശയിൽ മുന്നേറുവാൻ ഞങ്ങളെ സഹായിക്കണമേ.
കാർമ്മി: അനുദിനജീവിതത്തിൽ (സമൂഹവും ചേർന്ന്)/ നിരവധി ദാനങ്ങളാൽ ഞങ്ങളെ അനുഗ്രഹിക്കുന്ന ദൈവമേ/ വി. ഫ്രാൻസിസ് സേവ്യറിന്റെ മദ്ധ്യസ്ഥത്താൽ/ തീക്ഷ്ണമായ വിശ്വാസത്തിൽ വളരുവാൻ ഞങ്ങളെ സഹായിക്കണമേ/ അരൂപിയുടെ പ്രവർത്തനങ്ങൾ ഞങ്ങളിൽ കെടുത്തിക്കളയുന്ന/ പാപത്തിൽ നിന്നും അവയുടെ സാഹചര്യങ്ങളിൽ നിന്നും സ്വാധീനങ്ങളിൽ നിന്നും/ ഞങ്ങളെ മോചിക്കണമേ./ നിരന്തരമായ പശ്ചാത്താപത്താലും മാനസാന്തരജീവിതത്താലും/ ഞങ്ങളെ ആത്മാവിൽ ശക്തരാക്കണമേ./ അവിടുത്തെ ആത്മാവിന്റെ വരദാനങ്ങളാലും/ വിജ്ഞാനത്താലും ശക്തിയാലും ഞങ്ങളെ സമ്പന്നരാക്കണമേ./ അതുവഴി ഞങ്ങൾ ഓരോരുത്തരും/ ദൈവമക്കൾക്കടുത്ത ജീവിതം നയിക്കുവാൻ ഇടവരുത്തുകയും ചെയ്യണമേ. ആമ്മേൻ./
സങ്കീർത്തനം (141)
കാർമ്മി: കർത്താവേ ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു, വേഗം വരണമേ
സമൂ: ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ എന്റെ പ്രാർത്ഥനയ്ക്ക് ചെവി തരണമേ.
കാർമ്മി: എന്റെ അധരത്തിന് കാവലേർപ്പെടുത്തണമേ, എന്റെ ഹൃദയം തിന്മയിലേക്ക് ചായാൻ സമ്മതിക്കരുതേ
സമൂ: അക്രമികളോട് ചേർന്ന് ദുഷ്കർമ്മങ്ങളിൽ മുഴുകാൻ എനിക്ക് ഇടയാക്കരുതേ.
കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
സമൂ: ആദിമുതൽ എന്നേക്കും ആമ്മേൻ.
കാറോസൂസ
കാർമ്മി: നമുക്കെല്ലാവർക്കും വിശ്വാസത്തോടും പ്രതീക്ഷയോടും കൂടെ ദൈവകൃപയിൽ ആശ്രയിച്ചുകൊണ്ട് വി. ഫ്രാൻസിസ് സേവ്യറേ, ഈശോയോട് അപേക്ഷിക്കണമേ എന്ന് പ്രാർത്ഥിക്കാം.
സമൂ: വി. ഫ്രാൻസിസ് സേവ്യറേ, ഈശോയോട് അപേക്ഷിക്കണമേ
കാർമ്മി: അക്രമവും അനീതിയും യുദ്ധങ്ങളും അവസാനിപ്പിച്ച് ലോക രാഷ്ട്രങ്ങളെല്ലാം ശാന്തിയിലും സമാധാനത്തിലും ജീവിക്കുവാൻ,
സമൂ: വി. ഫ്രാൻസിസ് സേവ്യറേ, ഈശോയോട് അപേക്ഷിക്കണമേ
കാർമ്മി: സാർവ്വത്രികസഭയുടെ തലവനായ പരിശുദ്ധ പിതാവ് മാർ പാപ്പായ്ക്കും ഞങ്ങളുടെ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ .............. മെത്രാപ്പോലീത്തായ്ക്കും ഞങ്ങളുടെ അതിരൂപതാദ്ധ്യക്ഷനായ മാർ........................... മെത്രാപ്പോലീത്തായ്ക്കും എല്ലാ വൈദികമേലദ്ധ്യക്ഷന്മാർക്കും ഭരമേത്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങൾ ദൈവഹിതാനുസരണം നിർവ്വഹിക്കപ്പെടുവാൻ,
സമൂ: വി. ഫ്രാൻസിസ് സേവ്യറേ, ഈശോയോട് അപേക്ഷിക്കണമേ
കാർമ്മി: ഞങ്ങളുടെ രൂപതയും ഞങ്ങളുടെ പിതാവും മേലദ്ധ്യക്ഷനുമായ മാർ.................. മെത്രാനും എല്ലാ വൈദികരും സമർപ്പിതരും അനുഗ്രഹിക്കപ്പെടുവാനും തീക്ഷ്ണതയുള്ള അത്മായ പ്രേഷിതരെ ഞങ്ങൾക്ക് ലഭിക്കുവാനും
സമൂ: വി. ഫ്രാൻസിസ് സേവ്യറേ, ഈശോയോട് അപേക്ഷിക്കണമേ
കാർമ്മി: ഒരേ പിതാവിന്റെ മക്കളേപ്പോലെ ഈ ഇടവകാംഗങ്ങളെല്ലാവരും പരസ്പരം സ്നേഹിച്ചും സഹകരിച്ചും പ്രവർത്തിക്കുന്നതിന്.
സമൂ: വി. ഫ്രാൻസിസ് സേവ്യറേ, ഈശോയോട് അപേക്ഷിക്കണമേ
കാർമ്മി: ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനവും ശാന്തിയും പുലരുവാനും ഞങ്ങളുടെ കുഞ്ഞുങ്ങളും യുവജനങ്ങളും വിശുദ്ധിയിലും വിജ്ഞാനത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നു വരുവാനും
സമൂ: വി. ഫ്രാൻസിസ് സേവ്യറേ, ഈശോയോട് അപേക്ഷിക്കണമേ
(സന്ദർഭോചിതമായി മറ്റു നിയോഗങ്ങളും കൂട്ടിച്ചേർക്കാവുന്നതാണ്)
കാർമ്മി: നിശ്ശബ്ദമായി നമ്മുടെ വ്യക്തിപരമായ പ്രാർത്ഥനകൾ വി. ഫ്രാൻസിസ് സേവ്യറിന്റെ മാദ്ധ്യസ്ഥം വഴി ദൈവതിരുസന്നിധിയിൽ സമർപ്പിക്കാം
(നിശ്ശബ്‌ദം)
കാർമ്മി: കർത്താവായ ദൈവമേ, സാർവ്വത്രികസഭയിൽ പ്രേഷിതവേലകളുടെ മദ്ധ്യസ്ഥനും ഭാരതത്തിന്റെ രണ്ടാമത്തെ അപ്പസ്തോലനും ഞങ്ങളുടെ മദ്ധ്യസ്ഥനുമായ വി. ഫ്രാൻസിസ് സേവ്യറിന്റെ മാദ്ധ്യസ്ഥം അപേക്ഷിച്ച് ഞങ്ങൾ അങ്ങേപ്പക്കൽ വരുന്നു. ഞങ്ങളുടെ ഇടവകാസമൂഹത്തെ ദൈവസ്നേഹത്താലും സഹോദരസ്നേഹത്താലും ജ്വലിപ്പിക്കണമേ. വിശ്വാസതീക്ഷ്ണതയാൽ ഞങ്ങളെ നിറയ്ക്കണമേ, അനേകർക്കു രക്ഷ നല്കാൻ ഇടവരുംവിധം ഞങ്ങളുടെ ഹൃദയങ്ങളെ ദൈവാനുഭവത്താലും ജീവിതസാക്ഷ്യത്താലും സമ്പന്നമാക്കണമേ. അഗതികളോടും അശരണരോടും പാവപ്പെട്ടവരോടും അധഃസ്ഥിതരോടും വിശുദ്ധനുണ്ടായിരുന്ന വാത്സല്യത്താൽ ഞങ്ങളുടെ ഹൃദയങ്ങളെയും പൂരിതമാക്കണമേ. സകലത്തിന്റെയും നാഥാ, എന്നേക്കും,
സമൂ: ആമ്മേൻ.
ഗാനം
(ഈ സമയത്ത് കാർമ്മികൻ ജനങ്ങളുടെ മേൽ വിശുദ്ധജലം തളിക്കുന്നു)
യേശുവിൻ സ്നേഹത്തിൽ നിന്നുമെന്നെ
ആരുമാരും അകറ്റുകില്ല
നാഥനെപ്പോലെന്നെ സ്നേഹിക്കുവാൻ
ആരുമാരും ഈ ഭൂവിലില്ല.
ക്ലേശങ്ങളും ദുരിതങ്ങളും
പീഡകളും ദാരിദ്ര്യവും
ദുർബലമല്ലോ നാഥാ നിന്നുടെ
നിർമ്മലസ്നേഹം നിറയുമ്പോൾ
ആപത്തുകൾ ആയുധങ്ങൾ
ഉയരങ്ങളും ആഴങ്ങളും
ദുർബലമല്ലോ നാഥാ നിന്നുടെ
നിർമ്മലസ്നേഹം നിറയുമ്പോൾ
കാർമ്മി: ലോകം മുഴുവൻ നേടിയാലും (സമൂഹവും ചേർന്ന്)/ നിന്റെ ആത്മാവ് നശിച്ചാൽ എന്തു ഫലം/ എന്ന തിരുവചനത്തിന്റെ സ്വാധീനത്താൽ/ ഈ ലോകനേട്ടങ്ങളെയും മഹിമപ്രതാപങ്ങളെയും ഉപേക്ഷിച്ച്/ ദൈവേഷ്ടപ്രകാരമുള്ള ജീവിതത്തിനായ്/ ആത്മാർപ്പണം ചെയ്ത വിശുദ്ധ ഫ്രാൻസിസ് സേവ്യറേ,/ ഞങ്ങൾ അങ്ങയെ വണങ്ങുന്നു./ ഈശോമിശിഹായുടെ നാമം ലോകമെങ്ങും അറിയപ്പെടണമെന്നും/ അവിടുത്തെ രാജ്യം സ്ഥാപിക്കപ്പെടണമെന്നുമുള്ള/ അത്യുൽക്കടമായ ആഗ്രഹത്തോടും ആത്മാവേശത്തോടും കൂടെ/ സ്വന്തം നാടും വീടും വിട്ട്/ ഞങ്ങളുടെ ഈ ദേശത്തും മറ്റനേകം രാജ്യങ്ങളിലും ചുറ്റി സഞ്ചരിച്ച്/ വചനപ്രഘോഷണം നടത്തിയ/ അങ്ങയുടെ തീക്ഷ്ണതയിൽ ഞങ്ങളെയും പങ്കുകാരാക്കണമേ./ “എനിക്ക് ആത്മാക്കളെ തരിക,/ ബാക്കിയുള്ളതെല്ലാം എന്നിൽ നിന്നെടുത്തുകൊള്ളുക” എന്നു പറഞ്ഞ്/ ദൈവസ്നേഹത്താൽ എരിഞ്ഞ / അങ്ങയുടെ ആത്മചൈതന്യത്തിലേക്ക് ഞങ്ങളെ നയിക്കണമേ./ ആമ്മേൻ
കാർമ്മി: ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ
സമൂ: വി. ഫ്രാൻസിസ് സേവ്യരെ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
സമാപന പ്രാർത്ഥന
കാർമ്മി: സർവ്വശക്തനും നിത്യനുമായ ദൈവമേ, അങ്ങയുടെ കാരുണ്യവും സൗഖ്യവും വി. ഫ്രാൻസിസ് സേവ്യറിന്റെ മാദ്ധ്യസ്ഥതയാൽ അങ്ങു ചൊരിഞ്ഞുകൊണ്ടിരിക്കുന്നുവല്ലോ. ഞങ്ങളിൽ അസ്വസ്ഥരും ആകുലരും അസമാധാനചിത്തരും പാപത്തിന് അടിമകളുമായ എല്ലാവർക്കും ആത്മീയവും ശാരീരികവുമായ മോചനം നല്കി വിശുദ്ധിയും സൗഭാഗ്യവും ആരോഗ്യവും പ്രദാനം ചെയ്യണമേ. വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ യോഗ്യതകളെ പ്രതി ഞങ്ങളുടെ പ്രാർത്ഥനകൾ കൈക്കൊണ്ട് ഞങ്ങളെ ആശീർവദിക്കണമേ. നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും, പിതാവായ ദൈവത്തിന്റെ സ്നേഹവും, പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളോടു കൂടിയുണ്ടാകട്ടെ. ഇപ്പോഴും + എപ്പോഴും + എന്നേക്കും
സമൂ: ആമ്മേൻ.
സമാപനഗാനം
ലോകത്തിൻ മായകൾ മാടിവിളിച്ചപ്പോൾ
നാഥനെ തേടിയ താതാ
നിന്നോമൽ മക്കൾക്കായി നന്മ വിതറണേ
നാഥനോടൊത്തു വസിക്കാൻ
ഈ ലോകം പൂർണമായ് നേടിയാലും സ്വന്തം
ആത്മാവ് നഷ്ടമായ് പോയാൽ
എന്തെന്തു ലാഭം എന്നരുൾ ചെയ്തൊരു
ദൈവവചനത്തിന്റെ ശക്തി - നല്കു
ഞങ്ങൾക്കായി ഫ്രാൻസിസ് സേവ്യർ
വക്രത തിന്മകൾ ലോകസുഖങ്ങളീ
മക്കളെ തേടി എത്തുമ്പോൾ
ശത്രുവിൽ മാർഗ്ഗമാണെന്നോർത്ത് പോരാടാൻ
ശക്തി പകർന്നിടൂ താതാ-പുണ്യ
മദ്ധ്യസ്ഥൻ ഫ്രാൻസിസ് സേവ്യർ.
"ഇന്ത്യയുടെ അപ്പസ്തോലൻ" ജപ്പാന്റെ അപ്പസ്തോലൻ" വിശുദ്ധന്റെ ഭൗതികാവശിഷ്ടം ഇപ്പോൾ ഗോവയിൽ സ്ഥാപിച്ചിരിക്കുന്നു Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



