We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Liturgical Commission, Diocese Mananthavady On 09-Jul-2024
ഉണ്ണീശോയോടുള്ള നൊവേന
ഉണ്ണീശോയോടുള്ള സവിശേഷഭക്തി സഭയുടെ പുരാതനമായ പാരമ്പര്യത്തിന്റെ ഭാഗമാണ്. നസ്രത്തിലെയും ബത്ലഹേമിലെയും ഉണ്ണീശോയെ പ്രത്യേകമാം വിധം സ്നേഹിച്ചുകൊണ്ട് വിശുദ്ധിയിലേക്ക് നടന്നടുത്ത വിശുദ്ധരെ സഭയുടെ ചരിത്രത്തിൽ കണ്ടുമുട്ടാൻ കഴിയും. ആവിലായിലെ വിശുദ്ധ അമ്മത്രേസ്യയും (1515-1582) ഉണ്ണീശോയുടെ കൊച്ചുത്രേസ്യയും (1873-1897) ഉണ്ണീശോയോടുള്ള സവിശേഷഭക്തി ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച് വിശുദ്ധരുടെ ഗണത്തിലേക്കുയർന്നവരാണ്.
ഉണ്ണിയായ ഈശോയുടെ ലാളിത്യവും എളിമയും ധ്യാനിക്കുവാനും നമ്മുടെ രക്ഷയ്ക്കായി മാംസം ധരിച്ച ദൈവത്തിന്റെ എളിമയിൽ നമ്മെത്തന്നെ ആഴപ്പെടുത്തുവാനും ഈ നൊവേനപ്രാർത്ഥനകൾ നമ്മെ സഹായിക്കുന്നു.
തിരുനാൾ ദിനം : ഡിസംബർ 25 |
പ്രാരംഭഗാനം
(നിത്യസഹായമാതേ...എന്ന രീതി)
അദ്ധ്വാനിക്കുന്നവർക്കും
ഭാരം ചുമക്കുന്നോർക്കും
അത്താണിയായുള്ളാേനെ
കർത്താവേ യേശുനാഥാ
ആശയാർന്നെത്തീടുന്നു.
ആകുലരങ്ങേ മുമ്പിൽ
ആശ്രയം നീ താനല്ലോ
ആശ്വാസദായകനെ
ലോകത്തിൻ മായകളിൽ
വീണിടാതെന്നുമെന്നും
പാപികൾ ഞങ്ങളെ നീ
പാലനം ചെയ്തീടണേ
കാർമ്മി: ഞങ്ങളെ നിത്യം പരിപാലിക്കുകയും നയിക്കുകയും ചെയ്യുന്ന സ്നേഹപിതാവായ ദൈവമേ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. മർത്യനായി മന്നിലവതരിച്ച ദൈവപുത്രാ, അങ്ങേയ്ക്ക് ഞങ്ങളോടുള്ള സ്നേഹം കാലിത്തൊഴുത്തിലും കാൽവരിയിലും ഞങ്ങൾ കാണുന്നു. അങ്ങയുടെ വിശുദ്ധ കുരിശിന്റെ തണലിൽ അഭയം പ്രാപിച്ചിരിക്കുന്ന ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു. അങ്ങയുടെ പരസ്യജീവിതകാലത്ത് ആർത്തരായി അങ്ങേപ്പക്കൽ എത്തിയവരെ അനുഗ്രഹങ്ങൾ കൊണ്ട് അങ്ങ് സമ്പന്നരാക്കി. അനുദിനജീവിതവ്യഗ്രതകളാൽ ക്ലേശിതരായി ഉഴലുന്ന ഞങ്ങളും ഇപ്പോൾ അങ്ങേപ്പക്കൽ ആശ്രയം തേടുന്നു. ഞങ്ങളുടെ പ്രാർത്ഥനകൾ അങ്ങ് കരുണാപൂർവ്വം ശ്രവിക്കണമേ
സമൂ: ആമ്മേൻ
കാർമ്മി: ഉണ്ണീശോയെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു.
സമൂ: എന്തുകൊണ്ടാൽ മനുഷ്യാവതാരത്താൽ അങ്ങ് ലോകത്തെ വീണ്ടുരക്ഷിച്ചു.
കാർമ്മി: മനുഷ്യവർഗ്ഗത്തെ രക്ഷിക്കാൻ (സമൂഹവും ചേർന്ന്)/ മന്നിലവതരിച്ച ദൈവപുത്രാ/ ഞങ്ങൾ അങ്ങയെ വണങ്ങുന്നു./ ആഹാരം തേടി ഈജിപ്തിലെത്തി/ അവസാനം ഫറവോന്റെ അടിമകളായിത്തീർന്ന/ ഇസ്രായേൽ ജനത്തെ/ പാലും തേനുമൊഴുകുന്ന കാനാൻ ദേശത്തേക്ക്/ അത്ഭുതകരമായി അങ്ങ് ആനയിച്ചുവല്ലോ./ വേല ചെയ്ത് അപ്പം ഭക്ഷിക്കുന്നതിനായി/ സ്വന്തം നാടും വീടും വിട്ട് ഇറങ്ങിത്തിരിച്ച ഞങ്ങൾക്ക്/ ഈ നാട്ടിൽ/ കനകം വിളയുന്ന കാനാൻദേശം/ മുൻകൂട്ടി ഒരുക്കി/ ഞങ്ങളെ ഐശ്വര്യത്തിന്റെ പാതയിൽ നയിക്കുന്ന ഈശോയെ/ അങ്ങയെ ഞങ്ങൾ വണങ്ങുന്നു./ നിന്റെ കുരിശുമെടുത്തുകൊണ്ട്/ എന്റെ പിന്നാലെ വരുവിൻ എന്നു കല്പിച്ച കർത്താവേ/ ദുഃഖദുരിതങ്ങളാകുന്ന ഞങ്ങളുടെ കുരിശുകളെ/ അങ്ങേ കരസ്പർശത്താൽ രക്ഷാകരമാക്കണമേ./ രോഗികൾക്കാണ് വൈദ്യനെക്കൊണ്ടാവശ്യം/ എന്നുപറഞ്ഞ് പാപികളെ തേടിവന്ന നാഥാ/ ഞങ്ങളുടെ പാപങ്ങൾ അങ്ങ് ക്ഷമിക്കണമേ./ എത്രയും വലിയ എളിമയോടും മനോശരണത്തോടും കൂടി/ അങ്ങേ സന്നിധിയിൽ നിൽക്കുന്ന ഞങ്ങളുടെ പ്രാർത്ഥനകളെ/ അങ്ങ് കരുണാപൂർവ്വം സ്വീകരിക്കണമേ, ആമ്മേൻ.
സങ്കീർത്തനം (146)
കാർമ്മി: കർത്താവ് വലിയവനും സ്തുത്യർഹനുമാണ്. അവിടുത്തെ മഹത്വം അഗ്രാഹ്യമാകുന്നു.
സമൂ: കർത്താവിനെ വാഴ്ത്തി സ്തുതിക്കുവിൻ. എന്തെന്നാൽ അവിടുന്ന് കാരുണ്യവാനാകുന്നു.
കാർമ്മി: മർദ്ദിതർക്ക് നീതിയും വിശക്കുന്നവർക്ക് ആഹാരവും അവിടുന്ന് നല്കുന്നു.
സമൂ: കർത്താവിനെ വാഴ്ത്തി സ്തുതിക്കുവിൻ. എന്തെന്നാൽ അവിടുന്ന് കാരുണ്യവാനാകുന്നു.
കാർമ്മി: ബന്ധിതർക്ക് മോചനവും അന്ധർക്ക് കാഴ്ചയും അവിടുന്ന് നല്കുന്നു.
സമൂ: കർത്താവിനെ വാഴ്ത്തി സ്തുതിക്കുവിൻ. എന്തെന്നാൽ അവിടുന്ന് കാരുണ്യവാനാകുന്നു.
കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
സമൂ: ആദിമുതൽ എന്നേക്കും ആമ്മേൻ.
കാറോസൂസ
കാർമ്മി: നമുക്കെല്ലാവർക്കും വിശ്വാസത്തോടും പ്രതീക്ഷയോടും കൂടി ഉണ്ണിയീശോയെ, അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു എന്ന് അപേക്ഷിക്കാം.
സമൂ: ഉണ്ണിയീശോയെ, അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
കാർമ്മി: സന്തോഷത്തിന്റെ സദ്വാർത്തയായി ലോകത്തിലവതരിച്ച ഉണ്ണീശോയെ, അക്രമവും അനീതിയും യുദ്ധങ്ങളും അവസാനിപ്പിച്ച് ശാന്തിയിലും സമാധാനത്തിലും ജീവിക്കുവാൻ ലോകരാഷ്ട്രങ്ങളെ അനുഗ്രഹിക്കണമെന്ന്,
സമൂ: ഉണ്ണിയീശോയെ, അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
കാർമ്മി: ദൈവജനത്തെ സ്വർഗ്ഗരാജ്യത്തിലേക്ക് നയിക്കാനുള്ള പരിശ്രമങ്ങളിൽ സാർവ്വത്രികസഭയുടെ തലവനായ പരിശുദ്ധ പിതാവ് മാർ......... പാപ്പായെയും ഞങ്ങളുടെ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ.......... മെത്രാപ്പോലിത്തായെയും ഞങ്ങളുടെ അതിരൂപതാദ്ധ്യക്ഷനായ മാർ............. മെത്രാപ്പോലീത്തായെയും എല്ലാ വൈദികമേലദ്ധ്യക്ഷന്മാരെയും അനുഗ്രഹിക്കണമെന്ന്
സമൂ: ഉണ്ണിയീശോയെ, അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
കാർമ്മി: ഞങ്ങളുടെ രൂപതയെയും ഞങ്ങളുടെ പിതാവും മേലദ്ധ്യക്ഷനുമായ മാർ............. മെത്രാനെയും എല്ലാ വൈദികരെയും സമർപ്പിതരെയും അനുഗ്രഹിക്കണമെന്നും തീക്ഷ്ണതയുള്ള അത്മായപ്രേഷിതരെ ഞങ്ങൾക്കു നല്കണമെന്നും,
സമൂ: ഉണ്ണിയീശോയെ, അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
കാർമ്മി: ഞങ്ങളുടെ ഇടവകാംഗങ്ങളെല്ലാവരും യോജിപ്പിലും ഒരുമയിലും അങ്ങയുടെ ശരീരത്തിലെ വിവിധ അവയവങ്ങളെപ്പോലെ ജീവിക്കാൻ ഇടയാക്കണമെന്ന്,
സമൂ: ഉണ്ണിയീശോയെ, അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
കാർമ്മി: ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനവും ശാന്തിയും പുലർത്തണമെന്നും ഞങ്ങളുടെ കുഞ്ഞുങ്ങളും യുവജനങ്ങളും അങ്ങയെപ്പോലെ വിശുദ്ധിയിലും വിജ്ഞാനത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നുവരുവാൻ ഇടയാക്കണമെന്നും,
സമൂ: ഉണ്ണിയീശോയെ, അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
(സന്ദർഭോചിതമായി മറ്റ് നിയോഗങ്ങളും കൂട്ടിച്ചേർക്കാവുന്നതാണ്)
കാർമ്മി: നിശ്ശബ്ദമായി നമ്മുടെ വ്യക്തിപരമായ പ്രാർത്ഥനകൾ ഉണ്ണീശോയുടെ തൃപ്പാദത്തിങ്കൽ സമർപ്പിക്കാം.
(നിശ്ശബ്ദം)
കാർമ്മി: ഉണ്ണീശോയെ, അങ്ങയുടെ മുമ്പിൽ വിനീതരായി നിൽക്കുന്ന ഈ ദൈവജനത്തിന്റെ പ്രാർത്ഥനകൾ അങ്ങ് ശ്രവിക്കുകയും കരുണാപൂർവ്വം അനുഗ്രഹിക്കുകയും ചെയ്യണമേ. അങ്ങേ പ്രകാശത്തിൽ നടന്ന് ജീവിതാന്ത്യം വരെ അവിടുത്തെ സ്തുതിക്കുവാൻ ഞങ്ങളെ യോഗ്യരാക്കുകയും ചെയ്യണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും
സമൂ: ആമ്മേൻ!
ഗാനം
(ഈ സമയത്ത് കാർമ്മികൻ ജനങ്ങളുടെ മേൽ വിശുദ്ധജലം തളിക്കുന്നു)
സത്യദൈവസൂനുവേ നിത്യസ്നേഹരൂപനേ
യേശുവേ ഉണ്ണിയേ കൈതൊഴുന്നേൻ അങ്ങേ
സർവ്വലോകനായകാ മർത്യലോക ത്രാണകാ
നന്മപൂർണ്ണപാലകാ ചിന്മയാ മഹേശ്വരാ
ലോകത്തിൻ പ്രകാശമേ നാകത്തിൻ പ്രമോദമേ
ശാന്തശീലനേശുവേ ശാന്തിതൻ നികേതമേ
ആനന്ദസ്വരൂപനേ ആകുലർക്കാനന്ദമേ
ദിവ്യജീവനായകാ ഭാവുകപ്രദായകാ
സ്നേഹരാജ രാജനെ ശാശ്വതസൗഭാഗ്യമേ
സത്യദൈവ സൂനുവേ നിത്യസ്നേഹരൂപനേ
യേശുവേ ഉണ്ണിയേ കൈതൊഴുന്നേനങ്ങേ
കാർമ്മി: മനുഷ്യാവതാരം വഴി (സമൂഹവും ചേർന്ന്)/ മനുഷ്യവർഗ്ഗത്തെ മഹത്വമണിയിച്ച മിശിഹായെ,/ ദുർബലരെയും, പ്രതികൂലസാഹചര്യങ്ങളാൽ തളർന്നവരെയും ബലപ്പെടുത്തുന്ന/ അങ്ങയുടെ കാരുണ്യത്തെ ഞങ്ങൾ വാഴ്ത്തുന്നു./ വിളിക്കും മുമ്പ് ഞങ്ങൾക്ക് ഉത്തരമരുളുകയും/ പ്രാർത്ഥിച്ചു തീരും മുമ്പ് അത് ശ്രവിക്കുകയും ചെയ്ത്/ ഐശ്വര്യം നദിപോലെ ഞങ്ങളിലേക്ക് ഒഴുക്കുന്ന ദിവ്യനാഥാ/ അങ്ങേയ്ക്ക് ഞങ്ങൾ നന്ദിപറയുന്നു./ അങ്ങയുടെ തിരുവചനങ്ങൾക്കനുസൃതം ജീവിച്ചു കൊണ്ട്/ നന്മയിലും വിശുദ്ധിയിലും വളരുവാനും/ സ്വർഗ്ഗസൗഭാഗ്യം അനുഭവിക്കുവാനും ഞങ്ങളെ ശക്തരാക്കണമേ./ ഈ ലോകത്തിലെ സഹനങ്ങൾ ക്ഷണികങ്ങളാണെന്നും/ അത് സ്വർഗ്ഗീയജീവിതത്തിലേക്ക് നയിക്കുന്ന മാർഗ്ഗങ്ങളാണെന്നും തിരിച്ചറിയാൻ/ ഞങ്ങളെ സഹായിക്കണമേ./ ആമ്മേൻ./
സമാപന പ്രാർത്ഥന
കാർമ്മി: മനുഷ്യരക്ഷയ്ക്കായി മനുഷ്യാവതാരം ചെയ്ത ഉണ്ണീയീശോയെ, അങ്ങു ഞങ്ങൾക്കു നല്കിയ എല്ലാ അനുഗ്രഹങ്ങൾക്കും ഞങ്ങൾ നന്ദി പറയുന്നു. ദൈവത്തിന്റെ പ്രിയജനമേ, വിഷമകരമായ ജീവിതസാഹചര്യങ്ങൾ പ്രത്യാശയോടെ അഭിമുഖീകരിക്കുവാനുള്ള ധൈര്യവും ചൈതന്യവും അവിടുന്ന് നിങ്ങൾക്ക് നല്കട്ടെ. നിങ്ങളുടെ പരിശ്രമങ്ങൾ സഫലമാകുവാനുള്ള കൃപ അവിടുന്ന് വർഷിക്കട്ടെ. അവിടുത്തെ സമാധാനം നിരന്തരം നിങ്ങളിൽ വസിക്കട്ടെ. വ്യക്തിജീവിതത്തിലും കുടുംബത്തിലും സമൂഹത്തിലും വിശുദ്ധി പുലരുവാനും ശാന്തി നിറയുവാനും അവിടുന്ന് തിരുമനസ്സാകട്ടെ. നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളോടു കൂടിയുണ്ടാകട്ടെ. ഇപ്പോഴും + എപ്പോഴും + എന്നേക്കും+
സമൂ: ആമ്മേൻ.
സമാപനഗാനം
പുൽക്കൂട്ടിൽ വാഴുന്ന പൊന്നുണ്ണീ
നിൻ തൃപ്പാദം കുമ്പിട്ടു നില്ക്കുന്നു ഞാൻ (2)
മാനവമക്കളെ മാറോടണച്ചു നീ
പാപക്കറകൾ കഴുകിയല്ലോ (2)
നന്മകൾ ചെയ്തിടാൻ മുക്തി പ്രാപിക്കുവാൻ
എന്നേരവും തുണയാകണമേ (2) (പുൽക്കൂട്ടിൽ..)
ജീവിതഭാരവും പേറിവരുന്നൊരീ
പാപികളെ നിത്യം കാത്തീടണേ (2)
സ്വർഗ്ഗത്തിലെത്തുവാൻ നിത്യം സ്തുതിക്കുവാൻ
എന്നും കൃപാവരം നല്കേണമേ (2) (പുൽക്കൂട്ടിൽ...)
ഉണ്ണീശോയോടുള്ള നൊവേന തിരുനാൾദിനം: ഡിസംബർ 25 അദ്ധ്വാനിക്കുന്നവർക്കും ഭാരം ചുമക്കുന്നോർക്കും song പുൽക്കൂട്ടിൽ വാഴുന്ന പൊന്നുണ്ണീ song Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206