We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Liturgical commission, Diocese of Mananthavady On 25-Sep-2023
മാർ തോമാശ്ലീഹായോടുള്ള നൊവേന
ലോകരക്ഷകനായ ഈശോമിശിഹായുടെ പന്ത്രണ്ട് ശ്ലീഹന്മാരിൽ ഒരാളായിരുന്നു തോമസ്. ദീദിമോസ് എന്നറിയപ്പെട്ടിരുന്ന അദ്ദേഹം ഗ്ലീലാ സ്വദേശിയായിരുന്നു. എല്ലാം ഉപേക്ഷിച്ച് തോമാ മിശിഹായെ അനുഗമിച്ചു. തീക്ഷ്ണമതിയും ധീരനുമായിരുന്ന തോമാശ്ലീഹായ്ക്ക് തന്റെ ഗുരുവിനോട് അളവറ്റ സ്നേഹമാണുണ്ടായിരുന്നത്. താൻ സ്നേഹിച്ചിരുന്ന ലാസറിന്റെ മരണവാർത്തയറിഞ്ഞ് ബഥനിയിലേക്കു പോകുവാൻ ഒരുങ്ങിയ ദിവ്യഗുരുവിനെ മറ്റു ശിഷ്യന്മാർ തടഞ്ഞപ്പോൾ “നമുക്കും അവനോടു കൂടെ പോയി മരിക്കാം" (യോഹ. 11,16) എന്നു പറഞ്ഞു മുമ്പോട്ടു വന്നത് തോമ്മാശ്ലീഹായാണ്. അന്ത്യഅത്താഴവേളയിൽ “ഞാനാകുന്നു വഴിയും സത്യവും ജീവനും" (യോഹ. 14,6) എന്നു പ്രസ്താവിക്കാൻ മിശിഹായെ പ്രേരിപ്പിച്ചത് തോമായുടെ ഒരു ചോദ്യമായിരുന്നു.
ഈശോയുടെ സ്വർഗ്ഗാരോഹണത്തിനുശേഷം ശ്ലീഹന്മാർ സുവിശേഷപ്രസംഗത്തിനായി ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും പോയി. തോമാശ്ലീഹാ ഏറ്റം വിദൂരമായ പൗരസ്ത്യദേശം തിരഞ്ഞെടുത്തു. മേദിയായിലും പേർഷ്യയിലും അവയുടെ സമീപപ്രദേശങ്ങളിലും സുവിശേഷവേല നടത്തിയതിനുശേഷം കരയും കടലും താണ്ടി വിശുദ്ധ ശ്ലീഹാ എ.ഡി. 52-ൽ തെക്കേ ഇന്ത്യയിലെ തുറമുഖ പട്ടണമായിരുന്ന കൊടുങ്ങല്ലൂരിലെത്തി. കൊടുങ്ങല്ലൂർ, പാലയൂർ, കോട്ടയ്ക്കാവ്, കോക്കമംഗലം, കൊല്ലം, നിരണം, ചായൽ എന്നിവിടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അദ്ദേഹം സുവിശേഷവേല നടത്തി. അവിടെ സഭാസമൂഹങ്ങൾക്ക് രൂപം നല്കി. ചോളരാജ്യത്തിലേക്കുള്ള പ്രയാണമദ്ധേൃ, മലയാറ്റൂർ കുരിശു മുടിയിൽ കയറി പലവട്ടം പ്രാർത്ഥിച്ചു. അവിടെ വിശുദ്ധന്റെ കാല്പാദങ്ങൾ പതിഞ്ഞ പാറ ഇന്നും ദൃശ്യമാണ്. ഇന്ത്യയുടെ നാനാഭാഗങ്ങളിൽ നിന്നും മലയാറ്റൂർ കുരിശുമുടിയിലേക്ക് തീർത്ഥകലക്ഷങ്ങൾ പ്രവഹിക്കുന്നുണ്ട്. മദ്രാസിനടുത്തുള്ള മൈലാപ്പൂർ (സാന്തോം) വച്ചാണ് വിശുദ്ധൻ എ.ഡി. 72 ജൂലൈ 3-ാം തീയതി രക്തസാക്ഷിത്വം വരിച്ചത്. മാർ തോമാശ്ലീഹായുടെ കബറിടം സ്ഥിതി ചെയ്യുന്നത് മൈലാപ്പൂർ സാന്തോം കത്തീഡ്രലിലാണ്. വിശുദ്ധന്റെ തിരുനാൾ ദിനമായ ജൂലൈ 3 മാർത്തോമ്മാകത്തോലിക്കർക്ക് കടമുള്ള ദിവസമാണ്. 1986-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ശ്ലീഹായുടെ കബറിടം സന്ദർശിച്ചു.
| തിരുനാൾ ദിനം : ജൂലൈ 3 |
പ്രാരംഭഗാനം
(വിശുദ്ധനായ സെബസ്ത്യാനോസേ.. എന്ന രീതി)
വിശുദ്ധനായ തോമ്മാശ്ലീഹാ
ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ (2)
ഭാരതസഭയുടെ സ്ഥാപകനാകുവാൻ
ആത്മാഭിഷേകം ലഭിച്ചവനേ
മാദ്ധ്യസ്ഥം തേടി വണങ്ങുന്ന ഞങ്ങളെ
കാരുണ്യപൂർവ്വം സഹായിക്കണേ (വിശുദ്ധ...)
വിശ്വാസമാർഗ്ഗം ഞങ്ങൾക്കു നല്കിയ
ധീരതയാർന്ന പിതാമഹനേ (2 )
ക്രൈസ്തവജീവിതവീഥിയിൽ ഞങ്ങൾക്ക്
താങ്ങും തണലുമായി നില്ക്കണമേ (2)
കാർമ്മി: പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ, അങ്ങു ഞങ്ങളുടെ മദ്ധ്യേ സന്നിഹിതനായിരിക്കുന്നുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അങ്ങനെ ഞങ്ങൾ സ്നേഹിക്കുന്നു. ഞങ്ങൾ ചെയ്തുപോയ പാപങ്ങളെക്കുറിച്ച് മനഃസ്തപിക്കുകയും മാപ്പപേക്ഷിക്കുകയും ചെയ്യുന്നു. അങ്ങയുടെ ദാസനായ മാർ തോമാശ്ലീഹായെ ഭാരതത്തിന്റെ അപ്പസ്തോലനും ഞങ്ങളുടെ പിതാവുമായി നല്കിയതിന് തങ്ങൾ അങ്ങയോട് നന്ദി പറയുന്നു. വിശുദ്ധ ശ്ലീഹായുടെ കാലടികൾ പിഞ്ചെന്ന് ഈശോയ്ക്ക് സജീവസാക്ഷ്യം വഹിക്കുവാൻ ഞങ്ങളെ പ്രാപ്തരാക്കണമേ.
സമൂ: ആമ്മേൻ
കാർമ്മി: ഈശോയോടുള്ള സ്നേഹത്തെ പ്രതി അപകടസാഹചര്യങ്ങളിൽ പോലും ധീരമായി മുമ്പോട്ടു വന്ന് മറ്റു ശിഷ്യന്മാർക്ക് ചൈതന്യം പകർന്ന മാർ തോമാശ്ലീഹായേ,
സമൂ: സഭയ്ക്കുണ്ടാകുന്ന പ്രതിസന്ധികളിൽ സഭയോടൊത്ത് നിലകൊള്ളുവാനും, ഈശോയ്ക്കു വേണ്ടി രക്തം ചിന്തുവാനും ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ.
കാർമ്മി: ഈശോയുടെ ആഹ്വാനം ശ്രവിച്ച മാത്രയിൽ (സമൂഹവും ചേർന്ന്)/ ഗലീലിയിലെ കടലോരങ്ങളിൽ വച്ച്/ വലയും വഞ്ചിയും ഉപേക്ഷിക്കുകയും/ മാതാപിതാക്കന്മാരെ പരിത്യജിക്കുകയും ചെയ്തു കൊണ്ട്/ സുവിശേഷവേലയ്ക്കായി ഇറങ്ങിത്തിരിച്ച/ മാർ തോമാശ്ലീഹായേ ദൈവഹിതം മനസ്സിലാക്കി അനുദിനജീവിതം നയിക്കുവാൻ/ ഞങ്ങളെ പ്രാപ്തരാക്കണമേ./ നന്മ ചെയ്തുകൊണ്ട് സഞ്ചരിച്ച ദിവ്യഗുരുവിനെ/ മരണം വരെ അനുധാവനം ചെയ്ത ശ്ലീഹായേ/ ഏതൊരു പ്രതിസന്ധിയിലും/ ഈശോയെ പിഞ്ചെല്ലുവാനും/ സത്യത്തിനു സാക്ഷികളാകുവാനും/ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ./ ആമ്മേൻ./
സങ്കീർത്തനം (115)
കാർമ്മി: കർത്താവിന്റെ ഭക്തരേ, കർത്താവിൽ ആശ്രയിക്കുവിൻ. അവിടുന്നാണു നിങ്ങളുടെ സഹായവും പരിചയും
സമൂ: കർത്താവിന് നമ്മെക്കുറിച്ച് വിചാരമുണ്ട്, അവിടുന്ന് നമ്മെ അനുഗ്രഹിക്കും.
കാർമ്മി: അവിടുന്ന് ഇസ്രായേൽ ഭവനത്തെ ആശീർവദിക്കും; അഹറോന്റെ ഭവനത്തെ അനുഗ്രഹിക്കും
സമൂ: കർത്താവിന്റെ ഭക്തന്മാരെ, ചെറിയവരെയും വലിയവരെയും അവിടുന്ന് അനുഗ്രഹിക്കും.
കാർമ്മി: കർത്താവു നിങ്ങളെ അനുഗ്രഹിക്കട്ടെ. നിങ്ങളെയും നിങ്ങളുടെ മക്കളെയും
സമൂ: ആകാശവും ഭൂമിയും സൃഷ്ടിച്ച കർത്താവ് നമ്മെ അനുഗ്രഹിക്കട്ടെ.
കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
സമൂ: ആദിമുതൽ എന്നേക്കും, ആമ്മേൻ.
കാറോസൂസ
കാർമ്മി: നമുക്കെല്ലാവർക്കും വിശ്വാസത്തോടും പ്രതീക്ഷയോടും കൂടെ മാർ തോമാശ്ലീഹായേ ഈശോയോട് അപേക്ഷിക്കണമേ എന്ന് പ്രാർത്ഥിക്കാം.
സമൂ: മാർ തോമാശ്ലീഹായേ, ഈശോയോട് അപേക്ഷിക്കണമേ.
കാർമ്മി: അക്രമവും അനീതിയും യുദ്ധങ്ങളും അവസാനിപ്പിച്ച് ലോക രാഷ്ട്രങ്ങളെല്ലാം ശാന്തിയിലും സമാധാനത്തിലും ജീവിക്കുവാൻ,
സമൂ: മാർ തോമാശ്ലീഹായേ, ഈശോയോട് അപേക്ഷിക്കണമേ.
കാർമ്മി: സാർവ്വത്രിക സഭയുടെ തലവനായ പരിശുദ്ധ പിതാവ് മാർ.................. പാപ്പായ്ക്കും ഞങ്ങളുടെ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ..................... മെത്രാപ്പോലീത്തായ്ക്കും ഞങ്ങളുടെ അതിരൂപതാദ്ധ്യക്ഷനായ മാർ................. മെത്രാപ്പോലീത്തായ്ക്കും എല്ലാ വൈദികമേലദ്ധ്യക്ഷന്മാർക്കും ഭരമേത്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങൾ ദൈവഹിതാനുസരണം നിർവ്വഹിക്കപ്പെടുവാൻ,
സമൂ: മാർ തോമാശ്ലീഹായേ, ഈശോയോട് അപേക്ഷിക്കണമേ.
കാർമ്മി: ഞങ്ങളുടെ രൂപതയും ഞങ്ങളുടെ പിതാവും മേലദ്ധ്യക്ഷനുമായ മാർ...............മെത്രാനും എല്ലാ വൈദികരും സന്ന്യസ്തരും അനുഗ്രഹിക്കപ്പെടുവാനും തീക്ഷ്ണതയുള്ള അത്മായ പ്രേഷിതരെ ഞങ്ങൾക്കു ലഭിക്കുവാനും
സമൂ: മാർ തോമാശ്ലീഹായേ, ഈശോയോട് അപേക്ഷിക്കണമേ.
കാർമ്മി: ഒരേ പിതാവിന്റെ മക്കളേപ്പോലെ ഈ ഇടവകാംഗങ്ങളെല്ലാവരും പരസ്പരം സ്നേഹിച്ചും സഹകരിച്ചും പ്രവർത്തിക്കുന്നതിന്
സമൂ: മാർ തോമാശ്ലീഹായേ, ഈശോയോട് അപേക്ഷിക്കണമേ
കാർമ്മി: ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനവും ശാന്തിയും പുലരുവാനും ഞങ്ങളുടെ കുഞ്ഞുങ്ങളും യുവജനങ്ങളും വിശുദ്ധിയിലും വിജ്ഞാനത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നുവരുവാനും,
സമൂ: മാർ തോമാശ്ലീഹായേ, ഈശോയോട് അപേക്ഷിക്കണമേ.
(സന്ദർഭോചിതമായി മറ്റ് നിയോഗങ്ങളും കൂട്ടിച്ചേർക്കാവുന്നതാണ്.)
കാർമ്മി: നിശ്ശബ്ദമായി നമ്മുടെ വ്യക്തിപരമായ പ്രാർത്ഥനകൾ മാർ തോമാശ്ലീഹായുടെ മാധ്യസ്ഥം വഴി ദൈവതിരുസന്നിധിയിൽ സമർപ്പിക്കാം
(നിശ്ശബ്ദം)
കാർമ്മി: ഉത്ഥാനം ചെയ്ത കർത്താവിനെ കാണാതെയും സ്പർശിക്കാതെയും വിശ്വസിക്കുകയില്ലെന്നു പറഞ്ഞ മാർ തോമാശ്ലീഹായേ, ഈശോയിലുള്ള വിശ്വാസത്താൽ പ്രേരിതനായി അവിടുത്തേക്കുവേണ്ടി ആത്മാക്കളെ നേടുവാൻ ഭാരതത്തിൽ വന്ന് അങ്ങ് അവസാനതുള്ളി രക്തവും ചിന്തി വിശ്വാസത്തെ പ്രതി മരിച്ചുവല്ലോ. അങ്ങയുടെ മാതൃകയനുസരിച്ച് ഈശോയിലുള്ള വിശ്വാസം ഏറ്റുപറയുവാനും ഈശോയിൽ ജീവിച്ചുകൊണ്ട് അവിടുത്തേക്ക് സാക്ഷ്യം വഹിക്കുവാനും ഞങ്ങളെ സഹായിക്കണമേ. സകലത്തിന്റേയും നാഥാ, എന്നേക്കും
സമൂ: ആമ്മേൻ,
ഗാനം
(ഈ സമയത്ത് കാർമ്മികൻ ജനങ്ങളുടെ മേൽ വിശുദ്ധജലം തളിക്കുന്നു)
(എത്ര നല്ലീശോനാഥാ... എന്ന രീതി)
ഭാരതഭൂവിനാശാ
ദീപം തെളിച്ചവനേ,
മാർതോമ്മാ, നിൻസുതരാം
ഞങ്ങൾക്കായി പ്രാർത്ഥിക്കണേ
ക്രിസ്തുവിൻ ദിവ്യമാർഗ്ഗം
സത്യത്തിൻ നവ്യമാർഗ്ഗം
കൃത്യമായി പിന്തുടരാൻ
ഞങ്ങൾക്കായി പ്രാർത്ഥിക്കണേ
സുവിശേഷ സന്ദേശത്തിൻ
കതിർവീശും ദീപ്തിയാലേ
കൂരിരുൾ നീക്കിടുവാൻ
ഞങ്ങൾക്കായി പ്രാർത്ഥിക്കണേ
ശാന്തി വിതച്ചിടുവാൻ
കാന്തിപരത്തിടുവാൻ
വാത്സല്യമേറും താതാ
ഞങ്ങൾക്കായി പ്രാർത്ഥിക്കണേ
കാർമ്മി: ലോകരക്ഷകനായ മിശിഹായേ (സമൂഹവും കൂടി) അങ്ങയുടെ ശിഷ്യന്മാരിൽ ഒരുവനായി/ തോമാശ്ലീഹായെ അങ്ങു വിളിച്ചുവല്ലോ./ അങ്ങയോടുള്ള സ്നേഹാതിരേകത്താലും/ ആത്മാക്കളെക്കുറിച്ചുള്ള തീക്ഷ്ണതയാലും/ എല്ലായിടത്തും സുവിശേഷം പ്രസംഗിക്കുകയും/ അവർണ്യങ്ങളായ ക്ലേശങ്ങൾ സഹിച്ച്,/ രക്തസാക്ഷിമകുടം ചുടുകയും ചെയ്ത/ വിശുദ്ധനെ പ്രതി/ ഞങ്ങളങ്ങേയ്ക്ക് നന്ദി പറയുന്നു./ രോഗികളെ സുഖപ്പെടുത്തുവാനും/ ദുഃഖമനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുവാനും/ പാപികളെ മോചിപ്പിക്കുവാനും/ പിശാചുബാധിതരെ സൗഖ്യമാക്കുവാനും/ എല്ലാവരിലും ദൈവസ്നേഹം വളർത്തുവാനും വേണ്ടി/ ജീവിതകാലം മുഴുവൻ വ്യയം ചെയ്ത/ വിശുദ്ധന്റെ മാദ്ധ്യസ്ഥത്താൽ/ ഞങ്ങളുടെ പ്രത്യേകനിയോഗങ്ങൾ സാധിച്ചു തരണമേ./ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും, ആമ്മേൻ.
കാർമ്മി: ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ.
സമൂ: മാർ തോമാശ്ലീഹായേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
കാർമ്മി: സുവിശേഷം പ്രസംഗിക്കുവാനും സത്യത്തിനു സാക്ഷ്യം വഹിക്കുവാനുമായി ശ്ലീഹന്മാരെ വിളിച്ച മിശിഹായെ നമുക്കു സ്തുതിക്കാം. എല്ലാമുപേക്ഷിച്ചുകൊണ്ടും ദൈവരാജ്യം പ്രചരിപ്പിച്ച മാർ തോമാശ്ലീഹായെ നമുക്ക് അനുകരിക്കാം. ദൈവികാഹ്വാനങ്ങൾ ചെവിക്കൊള്ളുവാനും ക്ലേശങ്ങൾ സന്തോഷപൂർവ്വം സഹിക്കുവാനും ദൈവം നിങ്ങളെ പ്രാപ്തരാക്കട്ടെ. ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്നും പൈശാചികകുതന്ത്രങ്ങളിൽ നിന്നും നിങ്ങൾ സംരക്ഷിതരാകട്ടെ. എല്ലാവിധ രോഗങ്ങളിലും ആകുലതകളിലും നിന്നും നിങ്ങൾ വിമോചിതരാകട്ടെ, നിർമ്മലമായ ആത്മാവോടും ആരോഗ്യമുള്ള ശരീരത്തോടും കൂടെ സൗഭാഗ്യകരമായ ജീവിതം നയിക്കുവാനും ഭാഗ്യപ്പെട്ട മരണം വഴി ദൈവത്തെ കണ്ടാനന്ദിക്കുവാനും നിങ്ങൾക്കിടയാകട്ടെ. നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളോടു കൂടിയുണ്ടാകട്ടെ. ഇപ്പോഴും + എപ്പോഴും + എന്നേക്കും
സമൂ: ആമ്മേൻ.
സമാപനഗാനം
ഭാരതം കതിരു കണ്ടു
ഭൂമുഖം തെളിവു കണ്ടു
മാർത്തോമ്മാ നീ തെളിച്ച
മാർഗ്ഗത്തിലായിരങ്ങൾ
ആനന്ദകാന്തി കണ്ടു
ധൈര്യം പകർന്നു തന്ന ജീവിതം
ഗുരുവിന്റെ മനം കവർന്ന ജീവിതം
പരസേവനം പകർന്ന ജീവിതം
സുവിശേഷദീപ്തിയാർന്ന ജീവിതം (ഭാരതം...)
ഇരുളിൽ പ്രകാശമായി തെളിഞ്ഞു നീ
മരുവിൽ തടാകമായ് നിറഞ്ഞു നീ
സുരലോക പാത നരനു കാട്ടുവാൻ
ഒരു ദൈവദൂതനായണഞ്ഞു നീ (ഭാരതം...)
maar thomaashleehaayodulla novena novena-of-st-thomas ജൂലൈ 3-ാം തീയതി മാർ തോമാശ്ലീഹായോടുള്ള നൊവേന Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



