x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സീറോ മലബാർ സഭയുടെ ആരാധനാക്രമം

ധന്യൻ മാറ്റ് ടാൽബോത്തിനോടുള്ള നൊവേന

Authored by : Liturgical Commission, Diocese Mananthavady On 10-Jul-2024

ധന്യൻ മാറ്റ് ടാൽബോത്തിനോടുള്ള നൊവേന

ചാൾസ് - എലിസബത്ത് ടാൽബോത്ത് ദമ്പതികളുടെ പന്ത്രണ്ടു മക്കളിൽ രണ്ടാമനായി മാറ്റ് (മാത്യു) ടാൽബോത്ത് 1856 മെയ് 2-ന് അയർലണ്ടിലെ ഡബ്ലിനിൽ ജനിച്ചു. തുറമുഖജോലിക്കാരായ പിതാവും ഏഴു സഹോദരന്മാരും മുഴുക്കുടിയന്മാരായിരുന്നു. മൂത്ത സഹോദരൻ ജോ മാത്രമായിരുന്നു മദ്യപിക്കാതിരുന്നത്. 12-ാം വയസ്സിൽത്തന്നെ മാറ്റും മദ്യപാനം ആരംഭിച്ചു.തൻ്റെ ഷൂ പോലും വിറ്റ് മദ്യപിക്കുകയും മദ്യപിച്ചു കഴിയുമ്പോൾ കലഹിക്കുകയും ചെയ്യുന്നത് അദ്ദേഹത്തിൻ്റെ സ്വഭാവമായിരുന്നു. ക്രമേണ മാറ്റിന് എല്ലാം നഷ്ടപ്പെട്ടു. ഒരു ശമ്പളദിവസം കൂട്ടുകാർ ശമ്പളവുമായി വരുമ്പോൾ തന്നെ മദ്യപിക്കാൻ ക്ഷണിക്കുമെന്ന് കരുതി മാറ്റ് കാത്തുനിന്നു. എന്നാൽ ആരും ക്ഷണിച്ചില്ലെന്നു മാത്രമല്ല, മാത്യുവിനെ പുച്ഛത്തോടെ നോക്കുകയും ചെയ്തു. ഇത് അദ്ദേഹത്തിൻ്റെ മനസ്സിനെ സ്‌പർശിച്ചു. അദ്ദേഹം അമ്മയുടെ അടുത്ത് ചെന്ന് താൻ ഇനിമേൽ മദ്യപിക്കുകയില്ല എന്ന് ദൈവനാമത്തിൽ ശപഥം ചെയ്‌തു.

തുടർന്ന് കുമ്പസാരിക്കാനായി പോയ മാറ്റ് മൂന്നു മാസത്തേക്ക് മദ്യപിക്കുകയില്ല എന്ന തീരുമാനം എടുത്തു. വർഷങ്ങൾക്ക് ശേഷം അന്നദ്ദേഹം വിശുദ്ധ കുർബാന സ്വീകരിച്ചു. തൻ്റെ കുമ്പസാരക്കാരൻ പറഞ്ഞു തന്ന മാർഗ്ഗങ്ങളും തൻ്റെ അനുഭവങ്ങളും അടിസ്ഥാനമാക്കിയാണ് മദ്യപാനികളുടെ വിമോചനത്തിന് സഹായകമായ ആൽക്കഹോളിക്‌സ് അനോനിമസ് എന്ന മദ്യപാനചികിത്സാരീതി അദ്ദേഹം തുടങ്ങിയത്. ദിവ്യകാരുണ്യ ആരാധന, ജപമാല, ആദ്ധ്യാത്മികവായന, ആത്മനിയന്ത്രണം, ശാരീരികാദ്ധ്വാനം, ദാനധർമ്മം എന്നീ കാര്യങ്ങളിലാണ് ഈ ചികിത്സാരീതി അദ്ദേഹം അടിസ്ഥാനപ്പെടുത്തിയത്.

ക്രമേണ മദ്യപാനത്തിൽ നിന്നും പുകവലിയിൽ നിന്നും പൂർണമായും മോചിതനായ അദ്ദേഹം കഠിനമായ അദ്ധ്വാനത്തിലൂടെ തൻ്റെ കടങ്ങളെല്ലാം വീട്ടി. എല്ലാ ദിവസവും വി. കുർബാനയിൽ സംബന്ധിക്കുന്നത് ശീലമാക്കി. തനിക്ക് കിട്ടിയ പണംകൊണ്ട് ധാരാളം നിർദ്ധനരെ സഹായിച്ചു. നല്ല ആദ്ധ്യാത്മികഗ്രന്ഥങ്ങൾ വായിക്കുന്നത് തൻ്റെ സ്വഭാവത്തിൻ്റെ ഭാഗമാക്കി. 1891 ഒക്ടോബർ 18-ന് അദ്ദേഹം ഫ്രാൻസിസ്‌കൻ മൂന്നാം സഭയിൽ ചേർന്നു. എന്നാൽ ക്രമേണ രോഗബാധിതനായിത്തീർന്ന മാറ്റ് 1925 ജൂൺ 7-ന് തൻ്റെ 69-ാമത്തെ വയസ്സിൽ അന്തരിച്ചു. 1975 ഒക്ടോബർ 3-ന് പോൾ ആറാമൻ മാർപാപ്പ അദ്ദേഹത്തെ ധന്യനായി പ്രഖ്യാപിച്ചു. മദ്യപാനത്തിൽ നിന്ന് മുക്തരാകാൻ ആഗ്രഹിക്കുന്നവരുടെ പ്രത്യേക മദ്ധ്യസ്ഥനാണ് മാറ്റ് ടാൽബോത്ത്.

തിരുനാൾ ദിനം : ജൂൺ 7

പ്രാരംഭഗാനം

ധന്യനാം മാറ്റ് ടാൽബോത്തേ 
ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ
ഭക്തരാം നിൻ്റെ മക്കൾ
ക്കത്താണിയാകേണമേ

സാമൂഹ്യതിന്മകളിൽ
ജീവിതം വീണനാളിൽ
ആത്മീയശക്തിയോടെ
അങ്ങ് കരെറിയല്ലോ

ജീവിതദുഃശ്ശീലങ്ങൾ
പാടെയുപേക്ഷിക്കാനും
നന്മകൾ ചെയ്തീടാനും
ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ.

കാർമ്മി: കാരുണ്യവാനായ ദൈവമേ, അങ്ങയെ ഞങ്ങളുടെ ജീവിതത്തിൻ്റെ ഏകകർത്താവും ദൈവവുമായി ഏറ്റുപറയുകയും ആരാധിക്കുകയും ചെയ്യുന്നു. അനുതപിക്കുന്ന ഹൃദയവും എളിമയുള്ള ആത്മാവും നല്‌കി അവിടുത്തെ ദിവ്യസ്നേഹത്താൽ ഞങ്ങളെ ജ്വലിപ്പിക്കണമേ. ആത്മാവിനാൽ നയിക്കപ്പെടുവാനും നവീകരിക്കപ്പെടുവാനും ഞങ്ങളെ സഹായിക്കണമേ. മദ്യപാനം പോലുള്ള എല്ലാ ദുശ്ശീലങ്ങളിൽ നിന്നും അങ്ങയിൽ ശരണപ്പെടുന്നവരെ മോചിപ്പിക്കണമേ. മദ്യപാനത്തിൽ നിന്നും മോചനമാഗ്രഹിക്കുന്നവരുടെ മദ്ധ്യസ്ഥനായ ധന്യൻ മാറ്റ് ടാൽബോത്ത് വഴിയായി ഈ പ്രാർത്ഥനകൾ ഞങ്ങൾ സമർപ്പിക്കുന്നു. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും,

സമൂ: ആമ്മേൻ

കാർമ്മി: അദ്ധ്വാനപൂർണവും പ്രാർത്ഥനാനിർഭരവും ധ്യാനാത്മകവുമായ ജീവിതത്തിലൂടെ വിശുദ്ധി പ്രാപിച്ച ധന്യനായ മാറ്റ് ടാൽബോത്തേ,

സമൂ: വിശുദ്ധിയിലും വിജ്ഞാനത്തിലും വളർന്നുവരുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.

കാർമ്മി: കർത്താവായ ദൈവമേ (സമൂഹവും ചേർന്ന്)/ ജീവിതവിശുദ്ധിയിലും അനുസരണത്തിലും അനുദിനം മുന്നേറി/ വി. കുർബാനയോടും ജപമാലയോടുമുള്ള/ തീവ്രമായ ഭക്തിയിൽ വളർന്നുവന്ന/ ധന്യനായ മാറ്റ് ടാൽബോത്തിനെയോർത്ത്/ ഞങ്ങളങ്ങേക്ക് നന്ദി പറയുന്നു./ അദ്ദേഹത്തിൽ വിളങ്ങിയിരുന്ന സുകൃതങ്ങളാൽ/ ഞങ്ങളെയും നിറയ്ക്കണമേ./ വി. കുർബാനയും ജപമാലയും/ അമൂല്യനിധിയായിക്കണ്ട അദ്ദേഹത്തെപ്പോലെ/ ഈശോയേയും പരി. അമ്മയേയും ജീവിതമാതൃകകളാക്കി/ വി. കുർബാനയോടുള്ള ഭക്തിയിലും/ ജപമാലഭക്തിയിലും വളരുവാൻ/ ഞങ്ങളെ സഹായിക്കണമേ./ പരീക്ഷണഘട്ടങ്ങളിൽ ദൈവസ്വരം ശ്രവിച്ച് പൈശാചികശക്തികളെ തോല്പിച്ച/ ധന്യനായ മാറ്റ് ടാൽബോത്തിൻ്റെ മാതൃക അനുകരിച്ച്/ മദ്യാസക്തിയിൽ നിന്ന് മോചനം നേടുവാനും/ ദൈവികപുണ്യങ്ങളിൽ അഭിവൃദ്ധി പ്രാപിക്കുവാനും/ ഞങ്ങളെ അനുഗ്രഹിക്കണമേ./ സകലത്തിൻ്റെയും നാഥാ, എന്നേക്കും, ആമ്മേൻ.

സങ്കീർത്തനം (27)

കാർമ്മി: കർത്താവ് എൻ്റെ പ്രകാശവും രക്ഷയുമാണ്, ഞാൻ ആ ഭയപ്പെടണം?

സമൂ: കർത്താവ് എൻ്റെ ജീവിതത്തിൻ്റെ കോട്ടയാണ്, ഞാൻ ആരെ പേടിക്കണം?

കാർമ്മി:എതിരാളികളും ശത്രുക്കളുമായ ദുർവൃത്തർ ദുരാരോപണങ്ങളുമായി എന്നെ ആക്രമിക്കുമ്പോൾ അവർ തന്നെ കാലിടറി വീഴും. 

സമൂ: ഒരു സൈന്യം തന്നെ എനിക്കെതിരായി പാളയമടിച്ചാലും എൻ്റെ ഹൃദയം ഭയമറിയുകയില്ല.

കാർമ്മി: എനിക്കെതിരായി യുദ്ധമുണ്ടായാലും ഞാൻ ആത്മധൈര്യം കൈവെടിയുകയില്ല.

സമൂ: ഒരുകാര്യം ഞാൻ കർത്താവിനോടപേക്ഷിക്കുന്നു ഒരു കാര്യം മാത്രം ഞാൻ തേടുന്നു.

കാർമ്മി: കർത്താവിൻ്റെ മാധുര്യം ആസ്വദിക്കാനും അവിടുത്തെ ആലയത്തിൽ ജീവിതകാലം മുഴുവനും വസിക്കുവാനും തന്നെ 

സമു: ക്ലേശകാലത്ത് അവിടുന്ന് തൻ്റെ ആലയത്തിൽ എനിക്ക് അഭയം നല്‌കും.

കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി

സമൂ: ആദിമുതൽ എന്നേക്കും, ആമ്മേൻ

കാറോസൂസ

കാർമ്മി: നമുക്കെല്ലാവർക്കും വിശ്വാസത്തോടും പ്രതീക്ഷയോടും കൂടെ ദൈവകൃപയിൽ ആശ്രയിച്ചുകൊണ്ട് ധന്യനായ മാറ്റ് ടാൽബോത്തേ, ഈശോയോട് അപേക്ഷിക്കണമേ എന്ന് പ്രാർത്ഥിക്കാം. 

സമൂ: ധന്യനായ മാറ്റ് ടാൽബോത്തേ, ഈശോയോട് അപേക്ഷിക്കണമേ

കാർമ്മി: അക്രമവും അനീതിയും യുദ്ധവും അവസാനിപ്പിച്ച് ലോകരാഷ്ട്രങ്ങളെല്ലാം ശാന്തിയിലും സമാധാനത്തിലും ജീവിക്കുവാൻ,

സമൂ: ധന്യനായ മാറ്റ് ടാൽബോത്തേ, ഈശോയോട് അപേക്ഷിക്കണമേ 

കാർമ്മി: സാർവ്വത്രികസഭയുടെ തലവനായ പരിശുദ്ധ പിതാവ് മാർ............................... പാപ്പായ്ക്കും ഞങ്ങളുടെ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ...............................മെത്രാപ്പോലീത്തായ്ക്കും ഞങ്ങളുടെ അതിരൂപതാദ്ധ്യക്ഷനായ മാർ............................... മെത്രാപ്പോലീത്തായ്ക്കും എല്ലാ വൈദികമേലദ്ധ്യക്ഷന്മാർക്കും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങൾ ദൈവഹിതാനുസരണം നിർവ്വഹിക്കപ്പെടുവാൻ.

സമൂ: ധന്യനായ മാറ്റ് ടാൽബോത്തേ, ഈശോയോട് അപേക്ഷിക്കണമേ 

കാർമ്മി: ഞങ്ങളുടെ രൂപതയും ഞങ്ങളുടെ പിതാവും മേലദ്ധ്യക്ഷനുമായ മാർ............................... മെത്രാനും എല്ലാ വൈദികരും സന്ന്യസ്‌തരും അനുഗ്രഹിക്കപ്പെടുവാനും തീക്ഷ്‌ണതയുള്ള അത്മായപ്രേഷിതരെ രൂപതയ്ക്കു ലഭിക്കുവാനും

സമൂ: ധന്യനായ മാറ്റ് ടാൽബോത്തേ, ഈശോയോട് അപേക്ഷിക്കണമേ

കാർമ്മി: ഒരേ പിതാവിൻ്റെ മക്കളേപ്പോലെ ഈ ഇടവകാംഗങ്ങളെല്ലാവരും പരസ്‌പരം സ്നേഹിച്ചും സഹകരിച്ചും പ്രവർത്തിക്കുന്നതിന്

സമൂ: ധന്യനായ മാറ്റ് ടാൽബോത്തേ, ഈശോയോട് അപേക്ഷിക്കണമേ 

കാർമ്മി: ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനവും ശാന്തിയും പുലരുവാനും ഞങ്ങളുടെ കുഞ്ഞുങ്ങളും യുവജനങ്ങളും വിശുദ്ധിയിലും വിജ്ഞാനത്തിലും ദൈവത്തിൻ്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നുവരുവാനും, 

സമൂ: ധന്യനായ മാറ്റ് ടാൽബോത്തേ, ഈശോയോട് അപേക്ഷിക്കണമേ

(സന്ദർഭോചിതമായി മറ്റ് നിയോഗങ്ങളും കൂട്ടിച്ചേർക്കാവുന്നതാണ്) 

കാർമ്മി: നിശ്ശബ്ദമായി നമ്മുടെ വ്യക്തിപരമായ പ്രാർത്ഥനകൾ ധന്യനായ മാറ്റ് ടാൽബോത്തിൻ്റെ മാദ്ധ്യസ്ഥം വഴി ദൈവതിരുസന്നിധിയിൽ സമർപ്പിക്കാം.

(നിശ്ശബ്ദം)

കാർമ്മി: പിതാവായ ദൈവമേ, ഞങ്ങളങ്ങയെ സ്‌തുതിക്കുന്നു. ജീവിതത്തിലെ പ്രതികൂലസാഹചര്യങ്ങളെയും ക്ലേശങ്ങളെയും ക്ഷമാപൂർവ്വം നേരിടുവാനും ശരീരത്തിൻ്റെയും ആത്മാവിൻ്റെയും എല്ലാ ബന്ധനങ്ങളിൽ നിന്നും വിമുക്തി പ്രാപിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ. അങ്ങേ തിരുനാമത്താൽ അവിടുത്തെ നിയമങ്ങളും ചട്ടങ്ങളുമനുസരിച്ച് ആത്മാവിൽ നവീകരിക്കപ്പെടുവാനും നീതിയിലും വിശുദ്ധിയിലും അങ്ങയുടെ പുത്രന് അനുരൂപരായി സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ ധരിക്കുവാനും ശക്തി തരണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും,

സമൂ: ആമ്മേൻ.

ഗാനം

(ഈ സമയത്ത് കാർമ്മികൻ ജനങ്ങളുടെ മേൽ വിശുദ്ധജലം തളിക്കുന്നു) 

ധന്യനായ മാറ്റ് ടാൽബോത്തേ
ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ

ദിവ്യബലിയർപ്പണം എന്നും നടത്തി 
വിശുദ്ധിയിൽ ജീവിച്ച പുണ്യാത്മാ

കരുത്തുറ്റ കരത്താലും അത്ഭുതങ്ങളാലും
ഞങ്ങളെ നീ വിശുദ്ധരാക്കു

ധന്യനായ...

കുടുംബത്തിലും ജീവിതവീഥിയിലും
നിൻകൃപതൂകി അനുഗ്രഹിക്കു
എന്നും നിൻ പാതയിൽ മുന്നേറുവാൻ
ഞങ്ങൾക്ക് നീ തുണയാകു (ധന്യനായ...)

കാർമ്മി: കാരുണ്യവാനായ ദൈവമേ (സമൂഹവും ചേർന്ന്)/ അങ്ങേ തിരുമുമ്പിൽ നില്ക്കുന്ന/ അങ്ങയുടെ മക്കളായ ഞങ്ങളെ/ അനുഗ്രഹിച്ച് ആശീർവ്വദിക്കണമേ./ പാപത്തിൽ നിന്നും, അകൃത്യങ്ങളിൽ നിന്നും/ തിന്മയുടെ എല്ലാ സ്വാധീനങ്ങളിൽ നിന്നും/ ഞങ്ങളെ മോചിപ്പിക്കണമേ./ ഈശോയെ,/ അവിടുത്തെ ദിവ്യാത്മാവിനെ അയച്ച്/ മദ്യാസക്തിയിൽ നിന്ന്/ ഞങ്ങളുടെ കുടുംബങ്ങളെയും/ വ്യക്തികളെയും സമൂഹത്തെയും മോചിപ്പിക്കണമേ./ ഞങ്ങളുടെ ജീവിതത്തിന്/ സന്തോഷവും സമാധാനവും/ സംതൃപ്തിയും ഐശ്വര്യവും നല്‌കി/ ദൈവമക്കളുടെ സ്വാതന്ത്യത്തിലേക്ക്/ ഞങ്ങളെ വളർത്തണമേ./ ധന്യൻ മാറ്റ് ടാൽബോത്തിനേപ്പോലെ/ ദൈവകാരുണ്യത്തിൽ വ്യാപരിച്ചുകൊണ്ട്/ ദൈവഹിതപ്രകാരം/ ഞങ്ങളുടെ ജീവിതത്തെ ക്രമപ്പെടുത്തുവാൻ/ ഞങ്ങളെ അനുഗ്രഹിക്കണമേ./ സകലത്തിൻ്റെയും നാഥാ, എന്നേക്കും/
ആമ്മേൻ.

കാർമ്മി: ഈശോമിശിഹായുടെ വാഗ്‌ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ

സമൂ: ധന്യനായ മാറ്റ് ടാൽബോത്തേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സമാപനപ്രാർത്ഥന

കാർമ്മി: പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ, അങ്ങേ നാമത്തിൽ ഒന്നിച്ചുകൂടിയിരിക്കുന്ന ഞങ്ങൾക്ക് പ്രത്യേക മദ്ധ്യസ്ഥനായി ധന്യൻ മാറ്റ് ടാൽബോത്തിനെ നല്‌കിയല്ലോ. ഈ ധന്യനിലൂടെ അവിടുത്തെ കൃപ ഞങ്ങളിൽ നിറയുവാൻ ഇടയാക്കണമേ. മദ്യത്തിൻ്റെയും തിന്മയുടെയും സ്വാധീനശക്തികൾ ഞങ്ങളുടെ ഭവനങ്ങളിൽ നിന്ന് അകന്നുപോകട്ടെ. അവിടുത്തെ കൃപാകടാക്ഷത്താൽ ഞങ്ങളെ മുദ്രിതരാക്കണമേ. അവിടുത്തെ അനുഗ്രഹത്താലും സഹായത്താലും ശരീരത്തെയും ആത്മാവിനെയും അലട്ടുന്ന എല്ലാ അശുദ്ധിയിൽ നിന്നും ഞങ്ങൾക്കു മോചനം നല്കണമേ. വി. കുർബാനയിൽ നിന്ന് ശക്തി സംഭരിച്ചുകൊണ്ട് ജീവിതത്തെ ധന്യമാക്കിയ ടാൽബോത്തിൻ്റെ മാതൃക ഞങ്ങൾക്ക് സഹായകമാകട്ടെ. അങ്ങനെ ഞങ്ങൾ അങ്ങയുടെ വചനത്തിന് സാക്ഷികളും പ്രേഷിതരുമായിത്തീരട്ടെ. നമ്മുടെ കർത്താവിശോമിശിഹായുടെ കൃപയും, പിതാവായ ദൈവത്തിൻ്റെ സ്നേഹവും, പരിശുദ്ധാത്മാവിൻ്റെ സഹവാസവും നിങ്ങളോടു കൂടിയുണ്ടാകട്ടെ. ഇപ്പോഴും + എപ്പോഴും + എന്നേക്കും +

സമൂ: ആമ്മേൻ.

സമാപനഗാനം

മദ്യവിമുക്തിക്കായ് കേഴുന്ന മർത്യർക്ക്
മദ്ധ്യസ്ഥനായി വിളങ്ങിടുന്ന
മാറ്റ് ടാൽബോത്തെ പുണ്യതാതാ
തിന്മ തൻ ബന്ധനം വിട്ടകന്നീടുവാൻ
ഞങ്ങൾക്കായി പ്രാർത്ഥിക്കണേ
ഞങ്ങൾക്കായി പ്രാർത്ഥിക്കണേ.
വിമോചനത്തിൻ പൂങ്കതിരായെന്നിൽ
മിന്നിവിളങ്ങേണമേ
പുണ്യങ്ങളാലെ അലംകൃതമായൊരു
ജീവിതമേകണമേ
അദ്ധ്വാനവും അർപ്പണബോധവും
ഞങ്ങൾക്കേകണമേ
സഹനത്തോടെ പ്രാർത്ഥിച്ചീടാൻ
ശക്തി പകർന്നിടണേ

 (മദ്യവിമുക്തി... )

ധന്യൻ മാറ്റ് ടാൽബോത്തിനോടുള്ള നൊവേന മദ്യവിമുക്തി. മദ്യപാനത്തിൽ നിന്ന് മുക്തരാകാൻ ആഗ്രഹിക്കുന്നവരുടെ പ്രത്യേക മദ്ധ്യസ്ഥനാണ് മാറ്റ് ടാൽബോത്ത്. Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message