We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Syro-Malabar Catechetical Commission On 12-Mar-2024
കർമ്മക്രമം
“കഴിയുമെങ്കിലീപ്പാനപാത്രമെൻ
പ്രിയതാതാ, മാറ്റിത്തരണമേ”
താണു ദൈവത്തിൻ സൂനു ഭൂമിയിൽ
വീണു താതനോടർത്ഥിച്ചു.
കഴിയു………
മർത്യപാപങ്ങൾ വന്നുയർന്നൊരു
മാമല തീർത്തു നില്ക്കവേ
ഭീതിയാൽ മൃതുമേനിയാകവേ
രക്തധാരയിലാഴ്ന്നുപോയ്.
കഴിയു………
കാർമ്മി: അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി. (3)
സമൂ: ആമ്മേൻ. (3)
കാർമ്മി: ഭൂമിയിൽ മനുഷ്യർക്കു സമാധാനവും പ്രത്യാശയും എപ്പോഴും എന്നേക്കും.
സമൂ: ആമ്മേൻ
കാർമ്മി: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,
അങ്ങയുടെ നാമം പൂജിതമാകണമേ,
അങ്ങയുടെ രാജ്യം വരണമേ.
അങ്ങു പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ.
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,
അങ്ങയുടെ മഹത്ത്വത്താൽ
സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു.
മാലാഖമാരും മനുഷ്യരും
അങ്ങു പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ
എന്ന് ഉദ്ഘോഷിക്കുന്നു.
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,
അങ്ങയുടെ നാമം പൂജിതമാകണമേ.
അങ്ങയുടെ രാജ്യം വരണമേ.
അങ്ങയുടെ തിരുമനസ്സു സ്വർഗ്ഗത്തിലെപ്പോലെ
ഭൂമിയിലുമാകണമേ.
ഞങ്ങൾക്ക് ആവശ്യകമായ ആഹാരം
ഇന്നു ഞങ്ങൾക്കു തരണമേ.
ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ
ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളും
പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ.
ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ.
ദുഷ്ടാരൂപിയിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ.
എന്തുകൊണ്ടെന്നാൽ, രാജ്യവും ശക്തിയും
മഹത്ത്വവും എന്നേക്കും അങ്ങയുടേതാകുന്നു.
ആമ്മേൻ.
കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
സമൂ: ആദിമുതൽ എന്നേക്കും ആമ്മേൻ.
കാർമ്മി: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,
അങ്ങയുടെ നാമം പുജിതമാകണമേ.
അങ്ങയുടെ രാജ്യം വരണമേ.
അങ്ങു പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ.
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,
അങ്ങയുടെ മഹത്ത്വത്താൽ
സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു.
മാലാഖമാരും മനുഷ്യരും
അങ്ങു പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ
എന്ന് ഉദ്ഘോഷിക്കുന്നു.
കാർമ്മി: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,
അങ്ങയുടെ നാമം പൂജിതമാകണമേ.
അങ്ങയുടെ രാജ്യം വരണമേ.
അങ്ങയുടെ തിരുമനസ്സു സ്വർഗ്ഗത്തിലെപ്പോലെ
ഭൂമിയിലുമാകണമേ. ഞങ്ങൾക്ക് ആവശ്യകമായ
ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ.
ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ
ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളും
പാപങ്ങളും ഞങ്ങളോടും
ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തിൽ
ഉൾപ്പെടുത്തരുതേ. ദുഷ്ടാരൂപിയിൽ നിന്നു ഞങ്ങളെ
രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ, രാജ്യവും
ശക്തിയും മഹത്ത്വവും എന്നേക്കും അങ്ങയുടേതാകുന്നു. ആമ്മേൻ.
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,
അങ്ങയുടെ മഹത്ത്വത്താൽ
സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു.
മാലാഖമാരും മനുഷ്യരും
അങ്ങു പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ
എന്ന് ഉദ്ഘോഷിക്കുന്നു.
ശുശ്രൂ: നമുക്കു പ്രാർത്ഥിക്കാം. സമാധാനം നമ്മോടുകൂടെ.
കാർമ്മി: മഹോന്നതനായ കർത്താവേ, ദൈവമായ അങ്ങയെ ഞങ്ങൾ വാഴ്ത്തുന്നു. മഹത്വപൂർണ്ണമായ തിത്വത്തെ ഞങ്ങൾ എല്ലാ സമയവും സ്തുതിക്കുന്നു. ഞങ്ങളുടെ രക്ഷകനായ മിശിഹാ അനുഭവിച്ച പീഡകൾ ഭക്തിപൂർവ്വം ഞങ്ങൾ അനുസ്മരിക്കുന്നു. പാപത്തിൻ്റെയും മരണത്തിൻ്റെയും മേൽ മിശിഹാ നേടിയ വിജയത്തിൽ ഞങ്ങളെയും പങ്കാളികളാക്കണമേ. അവിടുത്തെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും ഫലങ്ങൾ പ്രാപിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും.
സമൂ: ആമ്മേൻ.
(സങ്കീ 22:1-8,11,15e-21,24-28; 44:8-26; 56:1-13)
ശുശ്രൂ: എന്റെ ദൈവമേ, എന്റെ ദൈവമേ,
എന്തുകൊണ്ട് നീ എന്നെ കൈവെടിഞ്ഞു?
(കാനോന) എന്റെ ദൈവമേ, എന്റെ ദൈവമേ,
അങ്ങയെ കാര്യമായി മതിക്കാത്ത മനുഷ്യരുടെ
കൈയിൽ എന്നെ വിട്ടുകൊടുക്കരുതേ.
(സമൂഹം രണ്ടു ഗണമായി തുടരുന്നു)
എൻ്റെ ദൈവമേ, എൻ്റെ ദൈവമേ,
എന്തുകൊണ്ട് നീ എന്നെ കൈവെടിഞ്ഞു?
പകൽ സമയം ഞാൻ നിന്നെ വിളിച്ചു;
നീ എനിക്കുത്തരമരുളിയില്ല.
രാത്രിയിലും ഞാൻ നിന്നെ വിളിച്ചു
നീ എനിക്കായി കാത്തിരുന്നില്ല.
നീ പരിശുദ്ധനാകുന്നു
നിന്റെ മഹിമയിൽ ഇസ്രായേൽ വസിക്കുന്നു.
എന്റെ പിതാക്കന്മാർ നിന്നിൽ ആശ്രയിച്ചു;
അവർ നിന്നിൽ ശരണം ഗമിച്ചു;
അപ്പോൾ നീയവർക്ക് വിമോചനമേകി.
നിന്നോടവർ നിലവിളിച്ചു;
അവർ രക്ഷിക്കപ്പെടുകയും ചെയ്തു.
നിന്നിൽ അവർ ആശ്രയിച്ചു;
അവർ ലജ്ജിതരായില്ല.
ഞാൻ മനുഷ്യനല്ല, കൃമിയാകുന്നു;
മനുഷ്യരുടെ നിന്ദാവിഷയവും
ജനത്തിന്റെ പരിഹാസപാത്രവുമാകുന്നു.
കാണുന്നവരെല്ലാം എന്നെ അവഹേളിക്കുന്നു;
അവർ വികൃതമായ ആംഗ്യങ്ങൾ കാട്ടുകയും
തലയാട്ടുകയും ചെയ്യുന്നു;
കർത്താവു രക്ഷിക്കുമെന്ന് അവൻ പ്രത്യാശിച്ചു
അവനിൽ സംപ്രീതനാണെങ്കിൽ
കർത്താവ് അവനെ രക്ഷിക്കട്ടെ.
എന്നിൽനിന്ന് നീ അകന്നിരിക്കരുതേ
ഇതാ, ദുരിതം അടുത്തിരിക്കുന്നു;
എന്നെ സഹായിക്കാൻ ആരുമില്ല.
നായ്ക്കൾ എൻ്റെ ചുറ്റും കൂട്ടംകൂടി;
ദുഷ്ടരുടെ സംഘം എന്നെ വളഞ്ഞു.
എന്റെ കൈകളും കാലുകളും അവർ തുളച്ചു;
അസ്ഥികളെല്ലാം പ്രലപിച്ചു.
ആക്ഷേപപൂർവ്വം അവർ തുറിച്ചുനോക്കി.
എൻ്റെ വസ്ത്രം അവർ ഭാഗിച്ചെടുത്തു;
അങ്കിക്കുവേണ്ടി അവർ ചിട്ടിയിട്ടു.
കർത്താവേ, നീ എന്നിൽ നിന്ന് അകന്നുപോകരുതേ
എൻ്റെ ദൈവമേ, എൻ്റെ ദൈവമേ,
സഹായത്തിനു വേഗം വരണമേ.
വാളിൽ നിന്ന് എൻ്റെ ജീവനെ രക്ഷിക്കണമേ;
ഏകാകിയായ എന്നെ നായ്ക്കളിൽനിന്ന്
വിടുവിക്കണമേ,
സിംഹത്തിന്റെ വായിൽനിന്ന് എന്നെ രക്ഷിക്കണമേ;
ഉയർന്ന കൊമ്പിൽ നിന്ന് എളിയവനായ
എന്നെ വിടുവിക്കണമേ.
അഗതിയുടെ അർത്ഥന അവൻ നിന്ദിച്ചില്ല;
അവഗണിക്കുകയോ, മുഖം തിരിക്കുകയോ
ചെയ്തില്ല.
അയാൾ വിളിച്ചപ്പോൾ അവൻ ശ്രവിച്ചു.
ജനസമൂഹത്തിൽ എനിക്കുള്ള സ്തുതി
നിന്റെ പക്കൽ നിന്നാകുന്നു
ഭക്തന്മാർ കാൺകെ നേർച്ച ഞാൻ നിവർത്തിക്കും.
ദരിദ്രർ ഭക്ഷിച്ചു തൃപ്തരാകും;
കർത്താവിനെ തേടുന്നവർ അവനെ സ്തുതിക്കും;
സംതൃപ്തരായി എന്നെന്നും ജീവിക്കും.
ഭൂവാസികൾ എല്ലാവരും കർത്താവിനെ
അനുസ്മരിക്കട്ടെ
അവർ അവൻ്റെ പക്കലേക്ക് പിന്തിരിയട്ടെ.
വിജാതീയരുടെ തലമുറകളെല്ലാം
തിരുമുമ്പിൽ പ്രണമിക്കട്ടെ.
രാജ്യം കർത്താവിൻ്റേതാകുന്നു;
വിജാതീയരുടെ അധിപൻ അവനാകുന്നു.
സങ്കീർത്തനം 44
ദിവസം മുഴുവൻ ഞങ്ങൾ നിന്നെ സ്തുതിച്ചു.
എന്നും നിൻ്റെ നാമം പ്രകീർത്തിച്ചു.
എന്നിട്ടും നീ ഞങ്ങളെ വിസ്മരിച്ചു;
ലജ്ജിക്കാൻ ഞങ്ങൾക്കിടയാക്കിയല്ലോ.
സൈന്യത്തോടൊപ്പം നീ ഇറങ്ങുന്നില്ല;
പിന്തിരിഞ്ഞോടുവാൻ ഞങ്ങൾക്കിടവരുത്തി;
ശത്രുക്കൾ ഞങ്ങളെ കൊള്ളയടിച്ചു.
കൊന്നുതിന്നാനുള്ള ആടിനെപ്പോലെ
നീ ഞങ്ങളെ അവർക്കു നല്കി;
ജനതകൾക്കിടയിൽ ഞങ്ങളെ ചിതറിച്ചു.
സ്വന്തം ജനത്തെ വിലയില്ലാതെ വിറ്റു;
അവരുടെ വില നീ വർദ്ധിപ്പിച്ചുമില്ല.
അയൽക്കാർക്കു ഞങ്ങളെ പരിഹാസവിഷയമാക്കി;
ചുറ്റുമുള്ളവർക്ക് നിന്ദക്കും ആക്ഷേപത്തിനും
പാത്രമാക്കി.
വിജാതീയരുടെ മധ്യത്തിൽ പഴമൊഴിയാക്കി
ജനപദങ്ങൾക്കിടയിൽ അവഹേളിതരാക്കി.
ദിവസം മുഴുവൻ ഞാൻ അപമാനിതനാകുന്നു;
ലജ്ജമൂലം ഞാൻ മുഖം മറച്ചിരിക്കുന്നു.
നിന്ദിക്കുകയും ദുഷിക്കുകയും ചെയ്യുന്നവൻ്റെ
സ്വരമുയരുന്നു.
പ്രതികാരം ചെയ്യുന്ന ശത്രു ഇതാ എൻ്റെ മുമ്പിൽ,
ഇതെല്ലാം ഞങ്ങൾക്ക് സംഭവിച്ചു
എങ്കിലും ഞങ്ങൾ നിന്നെ മറന്നില്ല.
നിന്റെ ഉടമ്പടി ഞങ്ങൾ ലംഘിച്ചിട്ടില്ല
പിന്നോക്കം ഞങ്ങൾ തിരിഞ്ഞതില്ല
നിന്റെ മാർഗത്തിൽ നിന്ന് മാറിയില്ല.
വീണ്ടും നീ ഞങ്ങളെ എളിമപ്പെടുത്തി
മരണത്തിന്റെ നിഴലിൽ മൂടിക്കളഞ്ഞു.
എന്നിട്ടും തിരുനാമം ഞങ്ങൾ വിസ്മരിച്ചില്ല
അന്യദേവന്മാരുടെ നേർക്കു കൈനീട്ടിയില്ല.
ഇതെല്ലാം പരിശോധിക്കുന്നത് ദൈവമാകുന്നു.
ഹൃദയവിചാരങ്ങൾ അവനറിയുന്നു.
നിന്നെപ്രതി അനുദിനം ഞങ്ങൾ വധിക്കപ്പെടുന്നു;
അറക്കാനുള്ള ആടുകളായി ഗണിക്കപ്പെടുന്നു.
കർത്താവേ, ഉറങ്ങരുതേ, ഉണരണമേ!
ഞങ്ങളെ ഓർക്കണമേ, മറക്കരുതേ.
ഞങ്ങളിൽ നിന്ന് തിരുവദനം തിരിക്കരുതേ!
ഞങ്ങളുടെ താഴ്ചയും ഞെരുക്കവും മറക്കരുതേ.
പൂഴിയോളം ഞങ്ങൾ താണിരിക്കുന്നു;
ഉദരം നിലത്തൊട്ടിച്ചേർന്നുപോയി.
കാരുണ്യപൂർവ്വം നീ എഴുന്നേല്ക്കണമേ!
സഹായിക്കണമേ! രക്ഷയരുളണമേ!
സങ്കീർത്തനം 56
ദൈവമേ, എന്നോട് കരുണ തോന്നണമേ;
എന്തെന്നാൽ മനുഷ്യർ എന്നെ ചവിട്ടിമെതിക്കുന്നു;
മല്ലന്മാർ ദിവസം മുഴുവൻ എന്നെ ഞെരുക്കുന്നു.
ദിവസം മുഴുവൻ എന്റെ ശത്രുക്കൾ
എന്നെ ചവിട്ടി മെതിക്കുന്നു; അനേകം
യോദ്ധാക്കൾ എനിക്കെതിരായി പ്രബലപ്പെടുന്നു.
ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു
പകൽ സമയത്തുപോലും ഞാൻ ഭയപ്പെടുകയില്ല.
ദൈവത്തിൽ ഞാൻ അഭിമാനിക്കുന്നു;
അവനിൽ ഞാൻ സമാശ്രയിക്കുന്നു.
എനിക്കു ഭയാശങ്കകളില്ല
മനുഷ്യന് എന്നോട് എന്തുചെയ്യാനാകും.
അവർ ദിവസം മുഴുവനും
എനിക്കെതിരായി ആലോചിക്കുന്നു.
തിന്മ നിരൂപിക്കുന്നു.
അവർ ഒളിച്ചിരിക്കുന്നു;
എന്നെ അപായപ്പെടുത്താൻ കാത്തിരിക്കുന്നു;
എന്റെ കുതികാലുകളെ നിരീക്ഷിക്കുന്നു.
അവനെ രക്ഷിക്കാനാരുമില്ലെന്ന്
അവർ വീമ്പിളക്കുന്നു.
വിജാതീയരോടുളള കോപത്തിൽ
നീ അവരെ വിധിക്കണമേ,
ദൈവമേ, നിന്നിലുള്ള വിശ്വാസം ഞാൻ അറിയിച്ചു
എന്റെ കണ്ണീരെല്ലാം തിരുസന്നിധിയിൽ സൂക്ഷിക്കണമേ;
നിന്റെ ഗ്രന്ഥത്തിൽ അവ രേഖപ്പെടുത്തണമേ.
എന്റെ ശത്രുക്കൾ ലജ്ജിച്ചു പുറംതിരിയട്ടെ;
ദൈവം എന്നോടൊത്താണെന്ന് ഞാനറിയുന്നു.
ദൈവവചനം ഞാൻ കീർത്തിക്കുന്നു;
ദൈവത്തിൽ ഞാൻ ആശ്രയിക്കുന്നു.
നിനക്കുളള നേർച്ചകൾ ഞാൻ നിറവേറ്റും;
കൃതജ്ഞതാബലി അർപ്പിക്കും.
എന്റെ ആത്മാവിനെ മരണത്തിൽ നിന്നും
പാദങ്ങളെ വീഴ്ചയിൽ നിന്നും
അങ്ങുന്ന് സംരക്ഷിച്ചു.
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി;
ആദിമുതൽ എന്നേക്കും, ആമ്മേൻ.
ശുശ്രൂ: എൻ്റെ ദൈവമേ, എൻ്റെ ദൈവമേ,
എന്തുകൊണ്ട് നീ എന്നെ കൈവെടിഞ്ഞു?
(കാനോന) എൻ്റെ ദൈവമേ, എൻ്റെ ദൈവമേ,
അങ്ങയെ കാര്യമായി മതിക്കാത്ത മനുഷ്യരുടെ
കൈയിൽ എന്നെ വിട്ടുകൊടുക്കരുതേ.
നമുക്കു പ്രാർത്ഥിക്കാം. സമാധാനം നമ്മോടുകൂടെ.
കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, മനുഷ്യവംശത്തിനു നല്കിയ നന്മകൾക്കായി അങ്ങയുടെ മഹനീയത്രിത്വത്തിൻ്റെ
ഉന്നതവും ഭാഗ്യപൂർണ്ണവും പരിശുദ്ധവുമായ നാമത്തിന് സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും നിരന്തരം സമർപ്പിക്കുവാൻ ഞങ്ങൾ കടപ്പെട്ടവരാകുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും.
സമൂ: ആമ്മേൻ.
കാർമ്മി: രക്തസാക്ഷികളുടെ മരണദിനത്തിൽ അവരുടെ ജീവിതബലി സ്വീകരിച്ച മിശിഹായേ, ഞങ്ങളുടെ ബലഹീനമായ കരങ്ങളിൽനിന്നും ഈ ധൂപം കാരുണ്യപൂർവ്വം സ്വീകരിക്കണമേ,+ എന്നേക്കും.
ശുശ്രൂ: ആമ്മേൻ.
(രീതി: ബാഹർലെമ്പാ... യാദാ ഹൂശാവേ)
ശക്തനായ കർത്താവേ, അങ്ങേ കൂടാരം എത്ര
മനോഹരമാകുന്നു.
മിശിഹാകർത്താവേ, നരകുലരക്ഷകനേ,
ഞങ്ങളണച്ചിടുമീ പ്രാർത്ഥന തിരുമുമ്പിൽ
പരിമളമിയലും ധൂപംപോൽ
കൈക്കൊണ്ടരുളേണം.
കർത്താവിൻ്റെ അങ്കണം എൻ്റെ ആത്മാവ് കാത്തിരുന്നു.
മിശിഹാ കർത്താവേ,.....
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
മിശിഹാ കർത്താവേ,.......
ശുശ്രൂ: സമാധാനം നമ്മോടുകൂടെ
കാർമ്മി: ഞങ്ങൾക്കുവേണ്ടി മുറിവുകളേറ്റ് കുരിശിൽ സ്വയം ബലിയർപ്പിച്ച കർത്താവേ, ഞങ്ങളുടെ മുറിവുകളെസസുഖപ്പെടുത്തണമേ. നിൻ്റെ ദാരുണമായ മരണത്തിൽ സൃഷ്ടികളെല്ലാം വിലപിച്ചുവല്ലൊ. നിൻ്റെ പീഡാനുഭവത്തെയും മരണത്തെയും അനുസ്മരിക്കുന്ന ഞങ്ങൾ ലോകത്തിനു
മരിച്ചവരായി പരിശുദ്ധാത്മാവിൽ പുതുജീവൻ പ്രാപിക്കുന്നതിനു കൃപ ചെയ്യണമേ. ഞങ്ങളുടെ പാപങ്ങളോർത്ത് ഞങ്ങൾ പശ്ചാത്തപിക്കുന്നു.
കർത്താവേ, ഞങ്ങളോടു കരുണ തോന്നണമേ.
സകലത്തിൻ്റെയും നാഥാ, എന്നേക്കും.
സമൂ: ആമ്മേൻ.
ഗായക: സർവ്വാധിപനാം കർത്താവേ,
സമൂ: നിന്നെ വണങ്ങി നമിക്കുന്നു
ഈശോ നാഥാ, വിനയമൊടെ
നിന്നെ നമിച്ചു പുകഴ്ത്തുന്നു.
മർത്യനു നിത്യമഹോന്നതമാ
മുത്ഥാനം നീയരുളുന്നു
അക്ഷയമവനുടെയാത്മാവി-
ന്നുത്തമരക്ഷയുമേകുന്നു.
വചന വേദിയിലുള്ളവർ: കർത്താവേ, അങ്ങേക്കു നന്ദി പറയുന്നത് ഉത്തമമാകുന്നു; അത്യുന്നതാ, അങ്ങയുടെ നാമം പ്രകീർത്തിക്കുന്നതും.
സർവ്വാധിപനാം.....
ഗായക: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
സമൂ: ആദിമുതൽ എന്നേയ്ക്കും, ആമ്മേൻ
സർവ്വാധിപനാം.....
ശുശ്രൂ: നമുക്കു പ്രാർത്ഥിക്കാം, സമാധാനം നമ്മോടുകൂടെ.
കാർമ്മി: എന്റെ കർത്താവേ, നീ സത്യമായും ഞങ്ങളുടെ ശരീരങ്ങളെ ഉയിർപ്പിക്കുന്നവനും, ആത്മാക്കളെ രക്ഷിക്കുന്നവനും ജീവനെ നിത്യം പരിപാലിക്കുന്നവനുമാകുന്നു. ഞങ്ങൾ എപ്പോഴും നിനക്കു സ്തുതിയും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുവാൻ കടപ്പെട്ടവരാകുന്നു. സകലത്തിന്റെയും നാഥാ, എന്നേക്കും.
സമൂ: ആമ്മേൻ.
ശുശ്രൂ: ശബ്ദമുയർത്തിപ്പാടിടുവിൻ
സർവ്വരുമൊന്നായ് പാടിടുവിൻ
എന്നെന്നും ജീവിക്കും
സർവ്വേശ്വരനെ വാഴ്ത്തിടുവിൻ.
ഗായക: പരിപാവനനാം സർവ്വേശാ,
സമൂ: പരിപാവനനാം ബലവാനേ,
പരിപാവനനാം അമർത്യനേ,
നിൻകൃപ ഞങ്ങൾക്കേകണമേ.
വചന വേദിയിലുള്ളവർ: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
പരിപാവനനാം സർവ്വേശാ,
പരിപാവനനാം ബലവാനേ,
പരിപാവനനാം അമർത്യനേ,
നിൻകൃപ ഞങ്ങൾക്കേകണമേ.
ഗായക: ആദിമുതൽ എന്നേക്കും ആമ്മേൻ.
സമൂ: പരിപാവനനാം സർവ്വേശാ,
പരിപാവനനാം ബലവാനേ,
പരിപാവനനാം അമർത്യനേ,
നിൻകൃപ ഞങ്ങൾക്കേകണമേ.
ശുശ്രൂ: നമുക്കു പ്രാർത്ഥിക്കാം. സമാധാനം നമ്മോടുകൂടെ.
കാർമ്മി: വിശുദ്ധരിൽ സംപ്രീതനായി വസിക്കുന്ന പരിശുദ്ധനും സ്തുത്യർഹനും ബലവാനും അമർത്യനുമായ കർത്താവേ, അങ്ങയുടെ സ്വഭാവത്തിനൊത്ത വിധം എപ്പോഴും ഞങ്ങളെ കടാക്ഷിക്കുകയും അനുഗ്രഹിക്കുകയും ഞങ്ങളോടു കരുണ കാണിക്കുകയും ചെയ്യണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും.
സമൂ: ആമ്മേൻ.
സഹോദരരേ, നിങ്ങൾ ഇരുന്നു ശ്രദ്ധയോടെ കേൾക്കുവിൻ. ഉത്പത്തി പുസ്തകത്തിൽ നിന്നുള്ള വായന (22:1-19)
പിന്നീടൊരിക്കൽ ദൈവം അബ്രാഹത്തെ പരീക്ഷിച്ചു. അബ്രാഹം, അവിടുന്നു വിളിച്ചു. ഇതാ ഞാൻ, അവൻ വിളികേട്ടു. നീ സ്നേഹിക്കുന്ന നിൻ്റെ ഏകമകൻ ഇസഹാക്കിനെയും കൂട്ടിക്കൊണ്ടു മോറിയാ ദേശത്തേക്കു പോവുക. അവിടെ ഞാൻ കാണിച്ചുതരുന്ന മലമുകളിൽ നീ അവനെ എനിക്ക് ഒരു ദഹനബലിയായി അർപ്പിക്കണം. അബ്രാഹം അതിരാവിലെ എഴുന്നേറ്റു കഴുതയ്ക്ക് ജീനിയിട്ട് രണ്ടു വേലക്കാരെയും മകൻ ഇസഹാക്കിനെയും കൂട്ടി ബലിക്കു വേണ്ട വിറകും കീറിയെടുത്ത്, ദൈവം പറഞ്ഞസ്ഥലത്തേക്കു പുറപ്പെട്ടു. മൂന്നാം ദിവസം അവൻ തലയുയർത്തിനോക്കിയപ്പോൾ അകലെ ആ സ്ഥലം കണ്ടു. അവൻ വേലക്കാരോടു പറഞ്ഞു: കഴുതയുമായി നിങ്ങൾ ഇവിടെ നിൽക്കുക. ഞാനും മകനും അവിടെപ്പോയി ആരാധിച്ചു തിരിച്ചുവരാം. അബ്രാഹം ദഹനബലിക്കുള്ള വിറകെടുത്ത് മകൻ ഇസഹാക്കിന്റെ ചുമലിൽ വച്ചു. കത്തിയും തീയും അവൻ തന്നെ എടുത്തു. അവർ ഒരുമിച്ചു മുമ്പോട്ടു നടന്നു. ഇസഹാക്ക് തന്റെ പിതാവായ അബ്രാഹത്തെ വിളിച്ചു: പിതാവേ! എന്താ മകനേ, അവൻ വിളികേട്ടു. ഇസഹാക്കു പറഞ്ഞു: തീയും വിറകുമുണ്ടല്ലോ; എന്നാൽ, ദഹനബലിക്കുള്ള കുഞ്ഞാടെവിടെ? അവൻ മറുപടി പറഞ്ഞു: ബലിക്കുള്ള കുഞ്ഞാടിനെ ദൈവം തന്നെ തരും. അവരൊന്നിച്ചു മുമ്പോട്ടു പോയി. ദൈവം പറഞ്ഞ സ്ഥലത്തെത്തിയപ്പോൾ, അബ്രാഹം അവിടെ ഒരു ബലിപീഠം പണിതു. വിറക് അടുക്കിവച്ചിട്ട് ഇസഹാക്കിനെ ബന്ധിച്ചു വിറകിനു മീതേ കിടത്തി. മകനെ ബലികഴിക്കാൻ അബ്രാഹം കത്തി കൈയിലെടുത്തു. തത്ക്ഷണം കർത്താവിൻ്റെ ദൂതൻ ആകാശത്തു നിന്ന് അബ്രാഹം, അബ്രാഹം എന്നു വിളിച്ചു. ഇതാ ഞാൻ, അവൻ വിളികേട്ടു. കുട്ടിയുടെമേൽ കെെ വയ്ക്കരുത്. അവനെ ഒന്നും ചെയ്യരുത്. നീ ദൈവത്തെ ഭയപ്പെടുന്നുവെന്ന് എനിക്കിപ്പോൾ ഉറപ്പായി. കാരണം, നിൻ്റെ ഏക പുത്രനെ എനിക്കു തരാൻ നീ മടി കാണിച്ചില്ല. അബ്രാഹം തലപൊക്കിനോക്കിയപ്പോൾ, തന്റെ പിന്നിൽ, മുൾച്ചെടികളിൽ കൊമ്പുടക്കിക്കിടക്കുന്ന ഒരു മുട്ടാടിനെക്കണ്ടു. അവൻ അതിനെ മകനുപകരം ദഹനബലിയർപ്പിച്ചു. അബ്രാഹം ആ സ്ഥലത്തിനു യാഹ്വെയിരെ എന്നു പേരിട്ടു. കർത്താവിൻ്റെ മലയിൽ അവിടുന്നു വേണ്ടതു പ്രദാനം ചെയ്യുന്നുവെന്ന് ഇന്നുവരെയും പറയപ്പെടുന്നു. കർത്താവിൻ്റെ ദൂതൻ ആകാശത്തുനിന്നു വീണ്ടും അബ്രാഹത്തെ വിളിച്ചു പറഞ്ഞു: കർത്താവ് അരുളിച്ചെയ്യുന്നു, നീ നിൻ്റെ ഏകപുത്രനെപ്പോലും എനിക്കു തരാൻ മടിക്കായ്ക കൊണ്ടു ഞാൻ ശപഥം ചെയ്യുന്നു; ഞാൻ നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും. നിന്റെ സന്തതികളെ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും കടൽത്തീരത്തിലെ മണൽത്തരിപോലെയും ഞാൻ വർധിപ്പിക്കും. ശത്രുവിന്റെ നഗര കവാടങ്ങൾ അവർ പിടിച്ചെടുക്കും. നീ എന്റെ വാക്ക് അനുസരിച്ചതുകൊണ്ടു നിൻ്റെ സന്തതിയിലൂടെ ലോകത്തിലെ ജനതകളെല്ലാം അനുഗ്രഹിക്കപ്പെടും. അബ്രാഹം എഴുന്നേറ്റ് തൻ്റെ വേലക്കാരുടെ അടുത്തേക്കു ചെന്നു. അവരൊന്നിച്ച് ബേർഷബയിലേക്കു തിരിച്ചുപോയി. അബ്രാഹം ബേർഷെബയിൽ പാർത്തു.
സമൂ: ദൈവമായ കർത്താവിനു സ്തുതി.
സങ്കീർത്തനം 27
ശുശ്രൂ: കർത്താവ് എൻ്റെ രക്ഷയും പ്രകാശവുമാകുന്നു;
ഞാൻ ആരെ പേടിക്കണം?
(കാനോന) രഹസ്യങ്ങൾ അറിയുന്ന ദൈവമേ,
അങ്ങയുടെ തിരുമുമ്പിൽനിന്ന് എന്നെ തള്ളിക്കളയരുതേ
കർത്താവ് എൻ്റെ ജീവൻ്റെ ശക്തിയാകുന്നു;
ആരിൽ നിന്ന് ഞാൻ വിരണ്ടോടണം?
നിന്ദകരും എതിരാളികളും ദുർവൃത്തരും
എന്നെ വിഴുങ്ങുവാൻ സമീപിച്ചു
അപ്പോളവർ ഒന്നടങ്കം മറിഞ്ഞുവീണു.
ഒരുകാര്യം കർത്താവിനോടു ഞാൻ ചോദിച്ചിട്ടുണ്ട്
അതുതന്നെ ഞാനപേക്ഷിക്കുന്നു.
എനിക്ക് ജീവിതകാലം മുഴുവൻ
കർത്താവിൻ്റെ ഭവനത്തിൽ വസിക്കണം.
കർത്താവേ, നിന്നെ ഞാൻ വിളിക്കുമ്പോൾ
എൻ്റെ ശബ്ദം കേൾക്കണമേ.
എന്നിൽ കനിയണമേ
എനിക്കുത്തരമരുളണമേ.
എൻ്റെ ഹൃദയം നിന്നോടു സംസാരിക്കുന്നു;
എൻ്റെ വദനം തിരുമുഖം തേടുന്നു.
കർത്താവേ, നിൻ്റെ മുഖം
എന്നിൽനിന്ന് മറയ്ക്കരുതേ.
എൻ്റെ സഹായകനായ കർത്താവേ
നിൻ്റെ ദാസനായ എന്നെ
ദ്വേഷത്തോടെ ശിക്ഷിക്കരുതേ.
കർത്താവേ, നിൻ്റെ വഴി എന്നെ പഠിപ്പിക്കണമേ;
നേർവഴിയിലൂടെ എന്നെ നയിക്കണമേ.
എൻ്റെ വൈരികൾക്ക് എന്നെ കയ്യാളിയാക്കരുതേ
എനിക്കെതിരായി കള്ളസാക്ഷികൾ അണിനിരക്കുന്നു;
അവർ തിന്മ സംസാരിക്കുന്നു.
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി;
ആദിമുതൽ എന്നേക്കും, ആമ്മേൻ.
ശുശ്രൂ: കർത്താവ് എൻ്റെ രക്ഷയും പ്രകാശവുമാകുന്നു;
ഞാൻ ആരെ പേടിക്കണം?
(കാനോന) രഹസ്യങ്ങൾ അറിയുന്ന ദൈവമേ,
അങ്ങേ തിരുമുമ്പിൽനിന്ന് എന്നെ തള്ളിക്കളയരുതേ.
സഹോദരരേ, ഏശയ്യായുടെ പുസ്തകത്തിൽ നിന്നുള്ള വായന (52:13-53:9)
എൻ്റെ ദാസനു ശ്രേയസ്സുണ്ടാവും. അവൻ അത്യുന്നതങ്ങളിലേക്ക് ഉയർത്തപ്പെടുകയും പുകഴ്ത്തപ്പെടുകയും ചെയ്യും. അവനെ കണ്ടവർ അമ്പരന്നുപോയി; മനുഷ്യനെന്നു തോന്നാത്തവിധം അവൻ വിരൂപനായിരിക്കുന്നു. അവൻ്റെ രൂപം മനുഷ്യൻ്റേതല്ല. അവൻ അനേകജനതകളെ പരിഭ്രാന്തരാക്കും. രാജാക്കൻമാർ അവൻ മൂലം നിശബ്ദരാകും. അവരോടു പറഞ്ഞിട്ടില്ലാത്തവ അവർ കാണും; കേട്ടിട്ടില്ലാത്തവ മനസ്സിലാക്കുകയും ചെയ്യും. നമ്മൾ കേട്ടത് ആരു വിശ്വസിച്ചു? കർത്താവിന്റെ കരം ആർക്കു വെളിപ്പെട്ടിട്ടുണ്ട്? തെെച്ചെടിപോലെ, വരണ്ട ഭൂമിയിൽ നിൽക്കുന്ന മുളപോലെ, അവൻ അവിടുത്തെ മുൻപിൽ വളർന്നു. ശ്രദ്ധാർഹമായ രൂപഭംഗിയോ ഗാംഭീര്യമോ ആകർഷകമായ സൗന്ദര്യമോ അവനുണ്ടായിരുന്നില്ല. അവൻ മനുഷ്യരാൽ നിന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു. അവൻ വേദനയും ദുഃഖവും നിറഞ്ഞവനായിരുന്നു. അവനെ കണ്ടവർ മുഖം തിരിച്ചുകളഞ്ഞു. അവൻ നിന്ദിക്കപ്പെട്ടു; നാം അവരെ ബഹുമാനിച്ചതുമില്ല. നമ്മുടെ വേദനകളാണ് യഥാർഥത്തിൽ അവൻ വഹിച്ചത്. നമ്മുടെ ദുഃഖങ്ങളാണ് അവൻ ചുമന്നത്. എന്നാൽ, ദൈവം അവനെ പ്രഹരിക്കുകയും ശിക്ഷിക്കുകയും ദൺഡിപ്പിക്കുകയും ചെയ്തെന്നു നാം കരുതി. നമ്മുടെ അതിക്രമങ്ങൾക്കുവേണ്ടി അവൻ മുറിവേൽപ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങൾക്കുവേണ്ടി ക്ഷതമേൽപ്പിക്കപ്പെട്ടു. അവൻ്റെ മേലുള്ള ശിക്ഷ നമുക്കു രക്ഷ നൽകി; അവൻ്റെ ക്ഷതങ്ങളാൽ നാം സൗഖ്യം പ്രാപിച്ചു. ആടുകളെപ്പോലെ നാം വഴിതെറ്റിപ്പോയി. നാമോരോരുത്തരും സ്വന്തം വഴിക്കുപോയി. നമ്മുടെ അകൃത്യങ്ങൾ കർത്താവ് അവൻ്റെ മേൽ ചുമത്തി. അവൻ മർദ്ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. എങ്കിലും അവൻ ഉരിയാടിയില്ല; കൊല്ലാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുൻപിൽ നിൽക്കുന്ന ചെമ്മരിയാടിനെപ്പോലെയും അവൻ മൗനം പാലിച്ചു. മർദ്ദനത്തിനും ശിക്ഷാ വിധിക്കും അധീനനായി അവൻ എടുക്കപ്പെട്ടു. എൻ്റെ ജനത്തിൻ്റെ പാപം നിമിത്തമാണ് അവൻ പീഡനമേറ്റ് ജീവിക്കുന്നവരുടെ ഇടയിൽനിന്നു വിഛേദിക്കപ്പെട്ടതെന്ന് അവൻ്റെ തലമുറയിൽ ആരു കരുതി? അവൻ ഒരു അതിക്രമവും ചെയ്തില്ല; അവൻ്റെ വായിൽ നിന്നു വഞ്ചന പുറപ്പെട്ടുമില്ല. എന്നിട്ടും, ദുഷ്ടരുടെയും ധനികരുടെയും ഇടയിൽ അവൻ സംസ്കരിക്കപ്പെട്ടു. അവനു ക്ഷതമേൽക്കണമെന്നത് കർത്താവിൻ്റെ ഹിതമായിരുന്നു.
സമൂ: ദൈവമായ കർത്താവിനു സ്തുതി.
ശുശ്രൂ: പ്രകീർത്തനം ആലപിക്കുവാനായി നിങ്ങൾ എഴുന്നേൽക്കുവിൻ
കാർമ്മി: സർവചരാചരവും
ദൈവമഹത്ത്വത്തെ
വാഴ്ത്തിപ്പാടുന്നു.
ദിവ്യാത്മാവിൻ ഗീതികളാൽ
ഹല്ലേലുയ്യ ഗീതികളാൽ
കർത്താവിൻ തിരുമരണത്തിൻ
നിർമ്മലമാകുമനുസ്മരണം
കൊണ്ടാടാം ഇന്നീ വേദികയിൽ.
ശുശ്രൂII: തൻ മഹിമാവല്ലോ
വാനിലുമുഴിയിലും
തിങ്ങിവിളങ്ങുന്നു
സമൂ: ദിവ്യാത്മാവിൻ ഗീതികളാൽ ......
ശുശ്രൂII: ജനതകളവിടുത്തെ
മഹിമകൾ പാടുന്നു
താണുവണങ്ങുന്നു.
സമൂ: ദിവ്യാത്മാവിൻ ഗീതികളാൽ ......
കാർമ്മി: നിത്യപിതാവിനും
സുതനും റൂഹായ്ക്കും
സ്തുതിയുണ്ടാകട്ടെ.
സമൂ: ദിവ്യാത്മാവിൻ ഗീതികളാൽ ......
ശുശ്രൂ: ആദിയിലെപ്പോലെ
ഇപ്പൊഴുമെപ്പോഴും
എന്നേക്കും ആമ്മേൻ.
സമൂ: ദിവ്യാത്മാവിൻ ഗീതികളാൽ ......
ശുശ്രൂ: നമുക്കു പ്രാർത്ഥിക്കാം. സമാധാനം നമ്മോടുകൂടെ
കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, അങ്ങയുടെ ജീവദായകവും ദൈവികവുമായ കല്പനകളുടെ മധുരസ്വരം ശ്രവിക്കുന്നതിനും ഗ്രഹിക്കുന്നതിനും ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ. അതുവഴി ആത്മശരീരങ്ങൾക്കുപകരിക്കുന്ന സ്നേഹവും ശരണവും രക്ഷയും ഞങ്ങളിൽ ഫലമണിയുന്നതിനും നിരന്തരം ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നതിനും അങ്ങയുടെ കാരുണ്യത്താലും അനുഗ്രഹത്താലും ഞങ്ങളെ സഹായിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ,
എന്നേക്കും.
സമൂ: ആമ്മേൻ.
സകലേശ്വരനാം ദൈവം
ഭൂവിന്നുടയോൻ രാജമഹേശൻ തൻ്റെ
സ്നേഹവിരുന്നിൻ ക്ഷണമുള്ളോരേ, വരുവിൻ നിങ്ങൾ.
പരിശോധിപ്പിൻവേഗം
സുവിശേഷത്തിൻ്റെ ദിവ്യപ്രഭയിൽ നിങ്ങൾ
ശുചിയാക്കീടിൻ ഭൗതികചിന്താസരണികളെല്ലാം.
നാഥൻ സദയം നല്കി
സൗഭാഗ്യത്തിൻ നിക്ഷേപങ്ങൾ മന്നിൽ
പാപികൾ വരുവിൻ കടബാധ്യതകൾ നീക്കുക നിങ്ങൾ.
ദൈവികരാജ്യം നേടാൻ
ഹൃദയതലങ്ങൾ ശുചിയാക്കിടുവിൻ ചേലിൽ
ശിശുവിനുതുല്യം നിർമ്മലരായിത്തീരുക വീണ്ടും.
റോമാക്കാർക്കായ് പൗലോസ്
എഴുതിയ കത്താൽ നമ്മെയുമിപ്പോൾ മോദാൽ
ദൈവികഭൗത്യം അറിയിപ്പതു നാം കേൾക്കുക യുക്തം.
സഹോദരരേ, പൗലോസ് ശ്ലീഹാ റോമാക്കാർക്ക് എഴുതിയ ലേഖനം (5: 6-16)
നാം ബലഹീനരായിരിക്കേ, നിർണയിക്കപ്പെട്ട സമയത്തു ക്രിസ്തു പാപികൾക്കു വേണ്ടി മരിച്ചു. നീതിമാനുവേണ്ടിപ്പോലും ആരെങ്കിലും മരിക്കുക പ്രയാസമാണ്. ഒരുപക്ഷേ ഒരു നല്ല മനുഷ്യനുവേണ്ടി മരിക്കാൻ വല്ലവരും തുനിഞ്ഞെന്നുവരാം. എന്നാൽ, നാം പാപികളായിരിക്കേ, ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള തൻ്റെ സ്നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു. ആകയാൽ, ഇപ്പോൾ അവൻ്റെ രക്തത്താൽ നീതീകരിക്കപ്പെട്ട നാം അവൻ മൂലം ക്രോധത്തിൽനിന്നു രക്ഷിക്കപ്പെടുമെന്നതു തീർച്ചയാണല്ലോ. നാം ശത്രുക്കളായിരുന്നപ്പോൾ അവിടുത്തെ പുത്രൻ്റെ മരണത്താൽ ദൈവവുമായി രമ്യതപ്പെട്ടുവെങ്കിൽ, രമ്യതപ്പെട്ടതിനുശേഷം അവൻ്റെ ജീവൻ മൂലം രക്ഷിക്കപ്പെടുമെന്നതും തീർച്ച. മാത്രമല്ല, നമ്മുടെ കർത്താവായ യേശുക്രിസ്തുവഴി നാം ദൈവത്തിൽ അഭിമാനിക്കുകയും ചെയ്യുന്നു. അവൻ വഴിയാണല്ലോ നാം ഇപ്പോൾ അനുരഞ്ജനം സാധിച്ചിരിക്കുന്നത്.
ഒരു മനുഷ്യൻമൂലം പാപവും പാപം മൂലം മരണവും ലോകത്തിൽ പ്രവേശിച്ചു. അപ്രകാരം എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു. നിയമം നൽകപ്പെടുന്നതിനു മുമ്പുതന്നെ പാപം ലോകത്തിൽ ഉണ്ടായിരുന്നു. എന്നാൽ, നിയമമില്ലാത്തപ്പോൾ പാപം കണക്കിലെടുക്കപ്പെടുന്നില്ല. ആദത്തിൻ്റെ പാപത്തിനു സദൃശമായ പാപം ചെയ്യാതിരുന്നവരുടെ മേൽപ്പോലും, ആദത്തിൻ്റെ കാലം മുതൽ മോശയുടെ കാലംവരെ മരണം ആധിപത്യം പുലർത്തി. ആദം വരാനിരുന്നവൻ്റെ പ്രതിരൂപമാണ്. എന്നാൽ, പാപം പോലെയല്ല കൃപാദാനം. ഒരു മനുഷ്യൻ്റെ പാപം മൂലം വളരെപ്പേർ മരിച്ചുവെങ്കിൽ, ദൈവകൃപയും യേശുക്രിസ്തുവെന്ന ഒരു മനുഷ്യൻ്റെ കൃപാദാനവും അനേകർക്ക് എത്രയധികം സമൃദ്ധമായി ലഭിച്ചിരിക്കുന്നു. ഒരുവന്റെ പാപത്തിൽ നിന്നുളവായ ഫലംപോലെയല്ല ഈ ദാനം. ഒരു പാപത്തിൻ്റെ ഫലമായുണ്ടായ വിധി ശിക്ഷയ്ക്കു കാരണമായി. അനേകം പാപങ്ങൾക്കുശേഷം ആഗതമായ കൃപാദാനമാകട്ടെ, നീതീകരണത്തിനു കാരണമായി.
സമു: നമ്മുടെ കർത്താവായ മിശിഹായ്ക്കു സ്തുതി
സ്വന്തം ജനങ്ങൾക്കു ജീവനേകാൻ
സർവ്വേശനന്ദനൻ ഭൂവിൽ വന്നു.
കുരിശാണാനാഥനായ്ത്തീർത്തു ലോകം;
വ്യഥയാണാനാഥനിൽ ചേർത്തു ലോകം.
ഇരുളിൽ പ്രകാശം തെളിച്ചു കാട്ടാൻ
പരമപ്രകാശം കനിഞ്ഞിറങ്ങി;
കുരിശാണാനാഥനായിത്തീർത്തു ലോകം;
വ്യഥയാണാനാഥനിൽച്ചേർത്തു ലോകം.
സ്വന്തം.....
വിശ്വാസികളേ, കേൾപ്പിൻ.
സൗഖ്യവുമുയിരും പകരും മൊഴികൾ മോദാൽ
ദൈവകുമാരൻ നരനായ് നമ്മെ മോചിതരാക്കി.
ഈ മൊഴി നിങ്ങൾക്കേകി
ഭാഗ്യം നിറയും വലിയൊരു നിധിയീ ഭൂവിൽ
പാവന ഗ്രന്ഥം ജീവൻ നല്കും ഔഷധമല്ലോ.
ജീവൻ നല്കാൻ പോരും
ജീവത്വചനം കേൾക്കിലൊളിക്കും സാത്താൻ
ബാധകളേതും ഭീതിയോടുടനെ ഒഴിവായീടും.
പ്രഭവിതറീടും ദീപം
ജീവൻതന്നെ ഈ സദ്വചനം പാരിൽ
വിധിയാളനെയീ വചനം നിതരാം വെളിവാക്കുന്നു.
ജനതതിയെല്ലാം ചേലിൽ
രക്ഷിതരായി നാഥൻവഴിയായ് ഭൂവിൽ
പാപകടങ്ങൾ മോചിപ്പവനീ നാഥൻ മാത്രം.
വിത്തുവിതയ്ക്കും നാഥൻ
തിരുവചനത്തിൻ വിത്തുവിതയ്ക്കാൻ വന്നു.
വയലിനു പകരം ഹൃദയനിലങ്ങൾ നല്കുക നിങ്ങൾ.
സുവിശേഷകർതൻ സാക്ഷ്യം
അനുഭവമധുനാ വിവരിക്കുന്നു കേൾക്കാൻ
ചെവിയുള്ളവനോ കേട്ടു ഫലങ്ങൾ നല്കീടട്ടെ.
വി. ലൂക്കാ, വി. മത്തായി, വി. യോഹന്നാൻ എന്നിവർ അറിയിച്ച നമ്മുടെ കർത്താവീശോമിശിഹായുടെ പരിശുദ്ധ സുവിശേഷം
യേശുവിനു കാവൽനിന്നിരുന്നവർ അവനെ പരിഹസിക്കുകയും അടിക്കുകയും ചെയ്തു. അവർ അവൻ്റെ കണ്ണുകൾ മൂടിക്കൊണ്ട്, നിന്നെ അടിച്ചവൻ ആരെന്നു പ്രവചിക്കുക എന്നു പറഞ്ഞു. അവർ അവനെ അധിക്ഷേപിച്ച് അവനെതിരായി പലതും പറഞ്ഞു.
പ്രഭാതമായപ്പോൾ പുരോഹിത പ്രമുഖൻമാരും നിയമജ്ഞരും ഉൾപ്പെടുന്ന ജനപ്രമാണികളുടെ സംഘം സമ്മേളിച്ചു. അവർ അവനെ തങ്ങളുടെ സംഘത്തിലേക്ക് കൊണ്ടുവന്നു പറഞ്ഞു: നീ ക്രിസ്തുവാണെങ്കിൽ അതു ഞങ്ങളോടു പറയുക. അവൻ അവരോടു പറഞ്ഞു: ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുകയില്ല. ഞാൻ ചോദിച്ചാൽ നിങ്ങൾ ഉത്തരം തരുകയുമില്ല. ഇപ്പോൾ മുതൽ മനുഷ്യപുത്രൻ ദൈവശക്തിയുടെ വലത്തുവശത്ത് ഇരിക്കും. അവരെല്ലാവരുംകൂടെ ചോദിച്ചു: അങ്ങനെയെങ്കിൽ, നീ ദൈവപുത്രനാണോ? അവൻ പറഞ്ഞു: നിങ്ങൾ തന്നെ പറയുന്നല്ലോ, ഞാൻ ആണെന്ന്. അവർ പറഞ്ഞു: ഇനി നമുക്കു വേറെ സാക്ഷ്യം എന്തിന്? അവൻറ നാവിൽ നിന്നുതന്നെ നാം അതുകേട്ടു കഴിഞ്ഞു.
അനന്തരം, അവരുടെ സംഘം ഒന്നാകെ എഴുന്നേറ്റ് അവനെ പീലാത്തോസിന്റെ മുമ്പിലേക്കു കൊണ്ടുപോയി. അവർ അവന്റെ മേൽ കുറ്റം ചുമത്താൻ തുടങ്ങി: ഈ മനുഷ്യൻ ഞങ്ങളുടെ ജനത്തെ വഴിതെറ്റിക്കുകയും സീസറിനു നികുതി കൊടുക്കുന്നതു നിരോധിക്കുകയും താൻ രാജാവായ ക്രിസ്തുവാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നതായി ഞങ്ങൾ കണ്ടിരിക്കുന്നു. പീലാത്തോസ് അവനോടു ചോദിച്ചു: നീ യഹൂദരുടെ രാജാവാണോ? അവൻ മറുപടി പറഞ്ഞു: നീ തന്നെ പറയുന്നുവല്ലോ. പീലാത്തോസ് പുരോഹിത പ്രമുഖൻമാരോടും ജനക്കൂട്ടത്തോടും പറഞ്ഞു: ഞാൻ ഈ മനുഷ്യനിൽ ഒരു കുറ്റവും കാണുന്നില്ല. അവരാകട്ടെ, നിർബന്ധപൂർവം പറഞ്ഞു: ഇവൻ ഗലീലി മുതൽ ഇവിടംവരെയും യൂദയായിലെങ്ങും പഠിപ്പിച്ചുകൊണ്ട് ജനത്തെ ഇളക്കിവിടുന്നു.
ഇതുകേട്ടു പീലാത്തോസ്, ഈ മനുഷ്യൻ ഗലീലിയക്കാരനാണോ എന്നു ചോദിച്ചു. അവൻ ഹേറോദേസിന്റെ അധികാരത്തിൽപ്പെട്ടവനാണെന്നറിഞ്ഞപ്പോൾ പീലാത്തോസ് അവനെ അവന്റെ അടുത്തേക്ക് അയച്ചു. ആ ദിവസങ്ങളിൽ ഹേറോദേസ് ജറുസലെമിൽ ഉണ്ടായിരുന്നു. ഹേറോദേസ് യേശുവിനെക്കണ്ടപ്പോൾ അത്യധികം സന്തോഷിച്ചു. എന്തെന്നാൽ, അവൻ യേശുവിനെപ്പറ്റി കേട്ടിരുന്നതുകൊണ്ട് അവനെ കാണാൻ ആഗ്രഹിച്ചിരുന്നു; അവൻ ചെയ്യുന്ന ഏതെങ്കിലും ഒരദ്ഭുതം കാണാമെന്നു പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. അതിനാൽ, അവൻ പലതും അവനോടു ചോദിച്ചു. പക്ഷേ, അവൻ ഒന്നിനും ഉത്തരം പറഞ്ഞില്ല. പ്രധാന പുരോഹിതൻമാരും നിയമജ്ഞരും അവന്റെ മേൽ ആവേശപൂർവം കുറ്റം ചുമത്തിക്കൊണ്ട് ചുറ്റും നിന്നിരുന്നു. ഹേറോദേസ് പടയാളികളോടു ചേർന്ന് അവനോടു നിന്ദ്യമായി പെരുമാറുകയും അവനെ അധിക്ഷേപിക്കുകയും ചെയ്തു. അവൻ യേശുവിനെ പകിട്ടേറിയ വസ്ത്രം ധരിപ്പിച്ച് പീലാത്തോസിന്റെ അടുത്തേക്കു തിരിച്ചയച്ചു. അന്നുമുതൽ ഹേറോദേസും പീലാത്തോസും പരസ്പരം സ്നേഹിതൻമാരായി. മുമ്പ് അവർ ശത്രുതയിലാണു കഴിഞ്ഞിരുന്നത്. മാത്രമല്ല, അവൻ ന്യായാസനത്തിൽ ഉപവിഷ്ടനായിരിക്കുമ്പോൾ, അവന്റെ ഭാര്യ അവന്റെ അടുത്തേക്ക് ആളയച്ച് അറിയിച്ചു. ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുത്. അവൻ മൂലം സ്വപ്നത്തിൽ ഞാൻ ഇന്നു വളരെയേറെ ക്ളേശിച്ചു. പീലാത്തോസ് പുരോഹിതപ്രമുഖൻമാരെയും നേതാക്കൻമാരെയും ജനത്തെയും ഒന്നിച്ചുകൂട്ടി അവരോടു പറഞ്ഞു: ജനത്തെ വഴിപിഴപ്പിക്കുന്നു എന്നു പറഞ്ഞ് നിങ്ങൾ ഇവനെ എന്റെ മുമ്പിൽ കൊണ്ടുവന്നു. ഇതാ, നിങ്ങളുടെ മുമ്പിൽ വച്ചുതന്നെ ഇവനെ ഞാൻ വിസ്തരിച്ചു. നിങ്ങൾ ആരോപിക്കുന്ന കുറ്റങ്ങളിൽ ഒന്നുപോലും ഇവനിൽ ഞാൻ കണ്ടില്ല. ഹേറോദേസും കണ്ടില്ല. അവൻ ഇവനെ എന്റെ അടുത്തേക്കു തിരിച്ചയച്ചിരിക്കയാണല്ലോ. നോക്കൂ, മരണശിക്ഷ അർഹിക്കുന്ന ഒരു കുറ്റവും ഇവൻ ചെയ്തിട്ടില്ല. അതിനാൽ ഞാൻ ഇവനെ ചമ്മട്ടികൊണ്ട് അടിപ്പിച്ച് വിട്ടയയ്ക്കും. അപ്പോൾ, അവർ ഏകസ്വരത്തിൽ ആക്രോശിച്ചു. ഇവനെ കൊണ്ടുപോവുക. ബറാബ്ബാസിനെ ഞങ്ങൾക്കു വിട്ടുതരിക. പട്ടണത്തിൽ നടന്ന കലാപത്തിനും കൊലപാതകത്തിനും കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടവനാണ് ബറബ്ബാസ്. യേശുവിനെ വിട്ടയയ്ക്കണം എന്നാഗ്രഹിച്ചുകൊണ്ട് പീലാത്തോസ് ഒരിക്കൽ കൂടി അവരോടു സംസാരിച്ചു. അവരാകട്ടെ, ക്രൂശിക്കുക, അവനെ ക്രൂശിക്കുക എന്നു വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. പീലാത്തോസ് മൂന്നാം പ്രാവശ്യവും അവരോടു ചോദിച്ചു: അവൻ എന്തു തിൻമ പ്രവർത്തിച്ചു? വധശിക്ഷ അർഹിക്കുന്ന ഒരു കുറ്റവും ഞാൻ അവനിൽ കണ്ടില്ല. അതുകൊണ്ട് ഞാൻ അവനെ ചമ്മട്ടികൊണ്ട് അടിപ്പിച്ച് വിട്ടയയ്ക്കും. അവനെ ക്രൂശിക്കണമെന്ന് അവർ നിർബന്ധപൂർവം ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. അവസാനം അവരുടെ നിർബന്ധംതന്നെ വിജയിച്ചു.
അവനെ ക്രൂശിക്കുക! ബഹളം വർധിക്കുന്നതല്ലാതെ പ്രയോജനമൊന്നും ഉണ്ടാവുന്നില്ലെന്നു മനസ്സിലാക്കിയ പീലാത്തോസ് വെള്ളമെടുത്ത് ജനങ്ങളുടെ മുമ്പിൽ വച്ചു കെെ കഴുകിക്കൊണ്ടു പറഞ്ഞു: ഈ നീതിമാന്റെ രക്തത്തിൽ എനിക്കു പങ്കില്ല. അതു നിങ്ങളുടെ കാര്യമാണ്. അപ്പോൾ ജനം മുഴുവൻ മറുപടി പറഞ്ഞു: അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ സന്തതികളുടെമേലും ആയിക്കൊള്ളട്ടെ! അപ്പോൾ അവൻ ബറാബ്ബാസിനെ അവർക്കു വിട്ടുകൊടുക്കുകയും യേശുവിനെ ചമ്മട്ടികൊണ്ടടിപ്പിച്ച് ക്രൂശിക്കാൻ ഏൽപിച്ചു കൊടുക്കുകയും ചെയ്തു.
അവർ ആവശ്യപ്പെട്ടത് അനുവദിച്ചുകൊടുക്കുവാൻ പീലാത്തോസ് തീരുമാനിച്ചു. അവർ ആവശ്യപ്പെട്ട മനുഷ്യനെ കലാപത്തിനും കൊലപാതകത്തിനും കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടിരുന്നവനെ അവൻ വിട്ടയയ്ക്കുകയും യേശുവിനെ അവരുടെ ഇംഗിതത്തിന് ഏൽപിച്ചുകൊടുക്കുകയും ചെയ്തു.
അവർ അവനെ കൊണ്ടുപോകുമ്പോൾ, നാട്ടിൻ പുറത്തുനിന്ന് ആ വഴി വന്ന ശിമയോൻ എന്ന ഒരു കിറേനേക്കാരനെ പിടിച്ചു നിർത്തി കുരിശ് ചുമലിൽ വച്ച് യേശുവിന്റെ പുറകേ ചുമന്നുകൊണ്ടുവരാൻ നിർബന്ധിച്ചു. ഒരു വലിയ ജനക്കൂട്ടവും, കരയുകയും മുറവിളി കൂട്ടുകയും ചെയ്തിരുന്ന സ്ത്രീകളുടെ സമൂഹവും യേശുവിന്റെ പിന്നാലെ പോയിരുന്നു. അവരുടെ നേരേ തിരിഞ്ഞ് യേശു പറഞ്ഞു: ജറുസലെം പുത്രിമാരേ, എന്നെപ്രതി നിങ്ങൾ കരയേണ്ടാ. നിങ്ങളെയും നിങ്ങളുടെ മക്കളെയും പ്രതി കരയുവിൻ. എന്തെന്നാൽ, വന്ധ്യകൾക്കും പ്രസവിക്കാത്ത ഉദരങ്ങൾക്കും പാലൂട്ടാത്ത മുലകൾക്കും ഭാഗ്യം എന്നുപറയപ്പെടുന്ന ദിവസങ്ങൾ വരും. അന്ന് അവർ പർവതങ്ങളോടു ഞങ്ങളുടെമേൽ വീഴുക എന്നും കുന്നുകളോടു ഞങ്ങളെ മൂടിക്കളയുക എന്നും പറയാൻ തുടങ്ങും. പച്ചത്തടിയോട് അവർ ഇങ്ങനെയാണ് ചെയ്യുന്നതെങ്കിൽ ഉണങ്ങിയതിന് എന്തു സംഭവിക്കും? കുറ്റവാളികളായ മറ്റു രണ്ടുപേരെക്കൂടെ അവനോടൊപ്പം വധിക്കാൻ അവർ കൂട്ടിക്കൊണ്ടുപോയി. തലയോട് എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത് അവർ വന്നു. അവിടെ അവർ അവനെ കുരിശിൽ തറച്ചു; ആ കുറ്റവാളികളെയും ഒരുവനെ അവൻ വലത്തുവശത്തും ഇതരനെ ഇടത്തുവശത്തും ക്രൂശിച്ചു. യേശു പറഞ്ഞു: പിതാവേ, അവരോടു ക്ഷമിക്കണമേ; അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല. അവൻ്റെ വസ്ത്രങ്ങൾ ഭാഗിച്ചെടുക്കാൻ അവർ കുറിയിട്ടു. ജനം നോക്കിനിന്നു. പ്രമാണികളാകട്ടെ അവനെ പരിഹസിച്ചു പറഞ്ഞു: ഇവൻ മറ്റുള്ളവരെ രക്ഷിച്ചു. ഇവൻ ദൈവത്തിൻ്റെ ക്രിസ്തു ആണെങ്കിൽ, അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവനാണെങ്കിൽ, തന്നെത്തന്നെ രക്ഷിക്കട്ടെ. പടയാളികൾ അടുത്തുവന്ന് വിനാഗിരി കൊടുത്ത് അവനെ പരിഹസിച്ചു പറഞ്ഞു: നീ യഹൂദരുടെ രാജാവാണെങ്കിൽ നിന്നെത്തന്നെ രക്ഷിക്കുക. ഇവൻ യഹൂദരുടെ രാജാവ് എന്ന ഒരു ലിഖിതം അവന്റെ തലക്കുമീതെ ഉണ്ടായിരുന്നു. കുരിശിൽ തൂക്കപ്പെട്ടിരുന്ന കുറ്റവാളികളിൽ ഒരുവൻ അവനെ ദുഷിച്ചു പറഞ്ഞു; നീ ക്രിസ്തുവല്ലേ? നിന്നെയും ഞങ്ങളെയും രക്ഷിക്കുക! അപരൻ അവനെ ശകാരിച്ചു പറഞ്ഞു: നീ ദൈവത്തെ ഭയപ്പെടുന്നില്ലേ? നീയും അതേ ശിക്ഷാവിധിയിൽ തന്നെയാണല്ലോ. നമ്മുടെ ശിക്ഷാവിധി ന്യായമാണ്. നമ്മുടെ പ്രവൃത്തികൾക്കു തക്ക പ്രതിഫലം നമുക്കു ലഭിച്ചിരിക്കുന്നു. ഇവൻ ഒരു തെറ്റും ചെയ്തിട്ടില്ല. അവൻ തുടർന്നു: യേശുവേ, നീ നിന്റെ രാജ്യത്തു പ്രവേശിക്കുമ്പോൾ എന്നെയും ഓർക്കണമേ! യേശു അവനോട് അരുളിച്ചെയ്തു: സത്യമായി ഞാൻ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായിൽ ആയിരിക്കും.
അപ്പോൾ ഏകദേശം ആറാംമണിക്കൂർ ആയിരുന്നു. ഒൻപതാം മണിക്കൂർവരെ ഭൂമി മുഴുവൻ അന്ധകാരം വ്യാപിച്ചു. സൂര്യൻ ഇരുണ്ടു. അപ്പോൾ ദേവാലയത്തിലെ തിരശ്ശീല മുകൾമുതൽ താഴെവരെ രണ്ടായി കീറി; ഭൂമി കുലുങ്ങി; പാറകൾ പിളർന്നു; ശവകുടീരങ്ങൾ തുറക്കപ്പെട്ടു. നിദ്രപ്രാപിച്ചിരുന്ന പല വിശുദ്ധൻമാരുടെയും ശരീരങ്ങൾ ഉയിർപ്പിക്കപ്പെട്ടു. അവൻ പുനരുത്ഥാനത്തിനുശേഷം, അവർ ശവകുടീരങ്ങളിൽനിന്നു പുറത്തുവന്ന് വിശുദ്ധനഗരത്തിൽ പ്രവേശിച്ച് പലർക്കും പ്രത്യക്ഷപ്പെട്ടു. യേശുവിന് കാവൽ നിന്നിരുന്ന ശതാധിപനും അവന്റെ കൂടെ ഉണ്ടായിരുന്നവരും ഭൂകമ്പവും മറ്റു സംഭവങ്ങളും കണ്ട് അത്യധികം ഭയപ്പെട്ടു, സത്യമായും ഇവൻ ദൈവപുത്രനായിരുന്നു എന്നുപറഞ്ഞു.
പടയാളികൾ യേശുവിനെ ക്രൂശിച്ചതിനുശേഷം അവൻ്റെ വസ്ത്രങ്ങൾ നാലായി ഭാഗിച്ചു - ഓരോ പടയാളിക്കും ഓരോ ഭാഗം. അവൻ്റെ അങ്കിയും അവർ എടുത്തു. അതാകട്ടെ, തുന്നലില്ലാതെ മുകൾമുതൽ അടിവരെ നെയ്തുണ്ടാക്കിയതായിരുന്നു. ആകയാൽ, അവർ പരസ്പരം പറഞ്ഞു: നമുക്ക് അതു കീറേണ്ടാ; പകരം, അത് ആരുടേതായിരിക്കണമെന്നു കുറിയിട്ടു തീരുമാനിക്കാം. എന്റെ വസ്ത്രങ്ങൾ അവർ ഭാഗിച്ചെടുത്തു. എന്റെ അങ്കിക്കു വേണ്ടി അവർ കുറിയിട്ടു എന്ന തിരുവെഴുത്തു പൂർത്തിയാകാൻ വേണ്ടിയാണ് പടയാളികൾ ഇപ്രകാരം ചെയ്തത്. യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയവും മഗ്ദലനമറിയവും നിൽക്കുന്നുണ്ടായിരുന്നു. യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും അടുത്തു നിൽക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്റെ മകൻ. അനന്തരം അവൻ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോൾ മുതൽ ആ ശിഷ്യൻ അവളെ സ്വന്തം ഭവനത്തിൽ സ്വീകരിച്ചു.
അനന്തരം, എല്ലാം നിറവേറിക്കഴിഞ്ഞുവെന്ന് അറിഞ്ഞ് തിരുവെഴുത്തു പൂർത്തിയാകാൻവേണ്ടി യേശു പറഞ്ഞു: എനിക്കു ദാഹിക്കുന്നു. ഒരു പാത്രം നിറയെ വിനാഗിരി അവിടെയുണ്ടായിരുന്നു. അവർ വിനാഗിരിയിൽ കുതിർത്ത ഒരു നീർപ്പഞ്ഞി ഹിസോപ്പുചെടിയുടെ തണ്ടിൽ വച്ച് അവൻ്റെ ചുണ്ടോടടുപ്പിച്ചു. യേശു വിനാഗിരി സ്വീകരിച്ചിട്ടു പറഞ്ഞു: എല്ലാം പൂർത്തിയായിരിക്കുന്നു. അവൻ തല ചായ്ച്ച് ആത്മാവിനെ സമർപ്പിച്ചു.
സമൂ: നമ്മുടെ കർത്താവായ മിശിഹായ്ക്കു സ്തുതി.
(സുവിശേഷവായനയ്ക്കു പകരം താഴെക്കൊടുത്തിരിക്കുന്ന പീഡാനുഭവചരിത്രം വായിക്കാവുന്നതാണ്.)
പ്രസം: നമ്മുടെ കർത്താവീശോമിശിഹായുടെ പീഡാനുഭവചരിത്രം. ഇവ അരുളിച്ചെയ്ത ശേഷം ശിഷ്യന്മാരെയും കുട്ടിക്കൊണ്ട് ഈശോ കെദ്രോൻതോടു കടന്നു പതിവുപോലെ ഒലിവുമലയിലേക്കു പോയി. അവിടെ ഗെദ്സേമൻ എന്ന പേരിൽ ഒരു തോട്ടമുണ്ടായിരുന്നു. ഈശോയും ശിഷ്യന്മാരും അതിൽ പ്രവേശിച്ചു. അപ്പോൾ അവിടുന്ന് അവരോട് ഇങ്ങനെ അരുളിച്ചെയ്തു.
ഈശോ: ഞാൻ പോയി പ്രാർത്ഥിക്കട്ടെ: നിങ്ങൾ ഇവിടെയായിരിക്കുവിൻ: പരീക്ഷയിലുൾപ്പെടാതിരിക്കുവാൻ പ്രാർത്ഥിക്കയും ചെയ്യുവിൻ.
പ്രസം: അനന്തരം ഈശോ പത്രോസിനെയും, സബ്ദൈയുടെ പുത്രന്മാരായ യാക്കോബ്, യോഹന്നാൻ എന്നിവരെയും കൂട്ടിക്കൊണ്ട് അല്പദൂരം മുമ്പോട്ടു നീങ്ങി. അവിടെവച്ച് ഈശോ അപാരമായ ദുഃഖത്താൽ വിവശനായിത്തീർന്നു. അവിടുന്ന് അവരോട് ഇപ്രകാരം അരുളിച്ചെയ്തു:
ഈശോ: എന്റെ ആത്മാവു മരണവേദനയനുഭവിക്കുന്നു: നിങ്ങൾ എന്നോടുകൂടെ ഉണർന്നിരിക്കുവിൻ.
പ്രസം: അനന്തരം അവിടുന്ന് ഒരു കല്ലേറു ദൂരെ മാറി മുട്ടുകുത്തി സാഷ്ടാംഗം വീണ് ഇങ്ങനെ പ്രാർത്ഥിച്ചു.
ഈശോ: പിതാവേ, കഴിയുമെങ്കിൽ ആ മണിക്കൂർ എന്നിൽനിന്ന് അകന്നുപോകട്ടെ. അങ്ങു സർവശക്തനാണല്ലോ. ഈ കാസ എന്നിൽനിന്നു മാറ്റിത്തരണമേ. എങ്കിലും എന്റെ ഇഷ്ടമല്ല. അങ്ങയുടെ ഇഷ്ടം നിറവേറട്ടെ.
പ്രസം: ഈശോ ശിഷ്യന്മാരുടെ പക്കലേക്കു മടങ്ങിച്ചെന്നപ്പോൾ അവർ ഉറങ്ങുന്നതാണു കണ്ടത്. അപ്പോൾ അവിടുന്നു പത്രോസിനോടു ചോദിച്ചു:
ഈശോ: ശിമയോനേ, നീ ഉറങ്ങുകയാണോ? ഒരു മണിക്കൂർ നേരം എന്നോടുകൂടെ ഉണർന്നിരിക്കുവാൻ നിങ്ങൾക്കു കഴിഞ്ഞില്ലല്ലോ? പരീക്ഷയിൽ ഉൾപ്പെടാതിരിക്കുവാൻ ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ. ആത്മാവു സന്നദ്ധമാണെങ്കിലും ശരീരം ബലഹീനമായിരിക്കുന്നു.
പ്രസം: അവിടുന്നു വീണ്ടും പോയി അതേ വാക്കുകൾ തന്നെ പറഞ്ഞു പ്രാർത്ഥിച്ചു:
ഈശോ: എന്റെ പിതാവേ, ഈ കാസ ഞാൻ കുടിക്കാതെ നിവൃത്തിയില്ലെങ്കിൽ അങ്ങയുടെ ഇഷ്ടം നിറവേറട്ടെ.
പ്രസം: ഈശോ വീണ്ടും തിരിച്ചു ചെന്നപ്പോഴും അവർ ഉറങ്ങുന്നതായിട്ടാണു കണ്ടത്. അവരുടെ കണ്ണുകൾ അത്രയ്ക്ക് നിദ്രാഭാരമുള്ളവയായിരുന്നു. അവിടുത്തോട് എന്തു മറുപടി പറയണമെന്നറിയാതെ അവർ വിഷമിച്ചു.
ഈശോ അവരെ വിട്ടു മൂന്നാം പ്രാവശ്യവും പ്രാർത്ഥിക്കുവാൻ പോയി. അവിടുന്ന് അതേ വാക്കുകൾ തന്നെ ഉരുവിട്ടുകൊണ്ടിരുന്നു. അപ്പോൾ ഈശോയെ ധൈര്യപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽനിന്ന് ഒരു മാലാഖ പ്രത്യക്ഷനായി. വേദന കഠോരമായപ്പോൾ അവിടന്നു കൂടുതൽ തീക്ഷ്ണതയോടെ പ്രാർത്ഥിച്ചു. അപ്പോൾ അവിടുത്തെ വിയർപ്പു രക്തത്തുള്ളികളായി നിലത്തുവീണു. അവിടുന്നു പ്രാർത്ഥന കഴിഞ്ഞ് എഴുന്നേറ്റു മൂന്നാം പ്രാവശ്യം ശിഷ്യന്മാരുടെയടുക്കലേക്കു ചെന്നു. അവർ അപ്പോഴും ദുഃഖാർത്തരായി തളർന്നുറങ്ങുകയായിരുന്നു. അവിടുന്ന് അവരോട് അരുളിച്ചെയ്തു:
ഈശോ: ഇപ്പോഴും നിങ്ങൾ ഉറങ്ങി വിശ്രമിക്കുകയാണോ? ഇതാ, മനുഷ്യപുത്രൻ പാപികളുടെ കൈകളിൽ ഏല്പിക്കപ്പെടുവാനുള്ള സമയമായി. എഴുന്നേൽക്കുവിൻ നമുക്കു പോകാം. എന്നെ ഒറ്റിക്കൊടുക്കുന്നവൻ എത്തിക്കഴിഞ്ഞു.
പ്രസം: അവിടുത്തെ ഒറ്റിക്കൊടുത്ത യൂദാസിന് ആ സ്ഥലം അറിയാമായിരുന്നു. എന്തെന്നാൽ ശിഷ്യന്മാരുമൊന്നിച്ച് ഈശോ പലപ്പോഴും അവിടെ പോകാറുണ്ടായിരുന്നു, യൂദാസ് പട്ടാളത്തെയും, പ്രധാനാചാര്യന്മാരുടെയും പ്രീശന്മാരുടെയും സേവകന്മാരെയും കൂട്ടിക്കൊണ്ട് അവിടെച്ചെന്നു. അവർ വിളക്കുകളും പന്തങ്ങളും വാളുകളും വടികളും എടുത്തിരുന്നു. ഈശോ ശിഷ്യന്മാരോടു സംസരിച്ചുകൊണ്ടിരിക്കുമ്പോഴാണ് പന്ത്രണ്ടു പേരിൽ ഒരുവനായ യൂദാസ് അവിടെയെത്തിയത്. ഒറ്റിക്കൊടുക്കാനിരുന്നവൻ അവരോട് ഇങ്ങനെ പറഞ്ഞിട്ടുണ്ടായിരുന്നു.
മറുപടി: ഞാൻ ഒരാളെ ചുംബിക്കും. അവനാണു മിശിഹാ. അവനെ നിങ്ങൾ ശ്രദ്ധാപൂർവ്വം പിടിച്ചുകൊള്ളണം.
പ്രസം: അടുത്തെത്തിയ ഉടനെ യൂദാസ് ഇപ്രകാരം പറഞ്ഞുകൊണ്ട് ഈശോയെ ചുംബിച്ചു.
മറു: ഗുരോ സ്വസ്തി.
പ്രസം: ഈശോ അയാളോടു ചോദിച്ചു.
ഈശോ: സ്നേഹിതാ ,നീ ഇതിനാണോ വന്നത്? യൂദാസേ,ചുംബിച്ചുകൊണ്ട് നീ മനുഷ്യപുത്രനെ ഒറ്റികൊടുക്കുകയാണോ?
പ്രസം: സംഭവിക്കാൻ പോകുന്നതെല്ലാം അറിഞ്ഞിരുന്ന ഈശോ അവരുടെ അടുക്കലേക്കു ചെന്ന് ചോദിച്ചു.
ഈശോ: നിങ്ങൾ ആരെയാണ് അനേഷിക്കുന്നത് ?
പ്രസം: അവർ അവിടുത്തോടു പറഞ്ഞു.
സമൂ: നസ്രായനായ ഈശോയെയാണ് ഞങ്ങൾ അനേഷിക്കുന്നത്.
പ്രസം: ഈശോ അവരോട് അരുളിച്ചെയ്തു:
ഈശോ: അതു ഞാൻ തന്നെയാകുന്നു.
പ്രസം: അവിടുത്തെ ഒറ്റിക്കൊടുത്ത യുദാസും അക്കൂട്ടത്തിലുണ്ടായിരുന്നു. “അതു ഞാൻ തന്നെയാകുന്നു" എന്ന് അവിടുന്ന് അരുളിച്ചെയ്ത ക്ഷണത്തിൽ അവരെല്ലാവരും പുറകോട്ടു മറിഞ്ഞുവീണു. ഈശോ വീണ്ടും അവരോടു ചോദിച്ചു:
ഈശോ: നിങ്ങൾ ആരെയാണ് അന്വേഷിക്കുന്നത്?
പ്രസം: അവർ വീണ്ടും പറഞ്ഞു.
സമൂ: നസ്രായനായ ഈശോയെയാണു ഞങ്ങൾ അന്വേഷിക്കുന്നത്.
പ്രസം: അവിടുന്ന് അവരോട് അരുളിച്ചെയ്തു:
ഈശോ: അതു ഞാൻ തന്നെയാണെന്ന് നിങ്ങളോടു പറഞ്ഞു കഴിഞ്ഞല്ലോ. എന്നെയാണു നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ ഇവരെല്ലാം പൊയ്ക്കൊള്ളട്ടെ.
പ്രസം: “അങ്ങ് എന്നെ ഏല്പിച്ചിരുന്നവരിൽ ആരെയും ഞാൻ നഷ്ടപ്പെടുത്തിയില്ല” എന്നുള്ള തന്റെ വചനം പൂർത്തിയാക്കുവാനാണ് അവിടുന്ന് ഇപ്രകാരം പറഞ്ഞത്.
എന്താണു സംഭവിക്കാൻ പോകുന്നതെന്നു മനസ്സിലാക്കിയ ശിഷ്യന്മാർ അവിടുത്തോടു ചോദിച്ചു:
മറു: കർത്താവേ, ഞങ്ങളും വാളെടുക്കട്ടെയോ?
പ്രസം: ശിമയോൻ പത്രോസിന്റെ കൈവശം ഒരു വാളുണ്ടായിരുന്നു. അയാൾ പെട്ടെന്ന് അത് ഊരി പ്രധാനാചാര്യന്റെ സേവകനെ വെട്ടി അവന്റെ വലത്തു ചെവിമുറിച്ചുകളഞ്ഞു. ആ സേവകന്റെ പേര് മാൽക്കൂസ് എന്നായിരുന്നു. അവന്റെ ചെവി തൊട്ടു സുഖപ്പെടുത്തിയശേഷം ഈശോ പത്രോസിനോട് അരുളിച്ചെയ്‌തു.
ഈശോ: വാൾ അതിന്റെ ഉറയിലിടുക. വാളെടുക്കുന്നവൻ വാളാൽത്തന്നെ മരിക്കും. ഞാൻ എന്റെ പിതാവിനോട് അപേക്ഷിച്ചാൽ ക്ഷണനേരം കൊണ്ട് പന്ത്രണ്ടിലേറെ വ്യൂഹം മാലാഖമാരെ അയച്ച് ശത്രുകരങ്ങളിൽ നിന്ന് എന്നെ രക്ഷിക്കയില്ലെന്നാണോ നീ കരുതുന്നത്? അങ്ങനെ ചെയ്താൽ, ഇതെല്ലാം സംഭവിക്കണമെന്ന തിരുവെഴുത്ത് എങ്ങനെ പൂർത്തിയാകും? എന്റെ പിതാവ് എനിക്കു തന്ന കാസ ഞാൻ കുടിക്കേണ്ടതല്ലയോ?
പ്രസം: അനന്തരം ഈശോ ആ ജനക്കൂട്ടത്തോട് അരുളിച്ചെയ്തു:
ഈശോ: ഒരു കവർച്ചക്കാരനെ പിടിക്കാൻ എന്നവണ്ണം വാളുകളും വടികളുമായി നിങ്ങൾ ഇപ്പോൾ എന്റെയടുക്കൽ വന്നിരിക്കുന്നു. ഞാൻ എല്ലാ ദിവസവും ദേവാലയത്തിൽ പഠിപ്പിച്ചിരുന്നവനല്ലേ? അന്നൊന്നും നിങ്ങൾ എന്നെ പിടികൂടിയില്ലല്ലോ? ഇതു നിങ്ങളുടെ സമയമാണ്. ഇത് അന്ധകാരത്തിന്റെ ഭരണമാണ്. പ്രവചനങ്ങൾ പൂർത്തിയാകുവാൻ ഇങ്ങനെയെല്ലാം സംഭവിച്ചേ മതിയാവൂ.
പ്രസം: അപ്പോൾ സഹസ്രാധിപനും പട്ടാളക്കാരും യൂദന്മാരുടെ പരിചാരകരും ചേർന്ന് ഈശോയെ പിടിച്ചു ബന്ധിച്ചു. അതുകണ്ടു ശിഷ്യന്മാരെല്ലാവരും അവിടുത്തെ ഉപേക്ഷിച്ച് ഓടിപ്പോയി. എന്നാൽ ഒരു യുവാവ് ഈശോയെ അനുഗമിച്ചിരുന്നു. അവർ അയാളെ പിടികൂടി. ധരിച്ചിരുന്ന വസ്ത്രമുപേക്ഷിച്ച് അയാളും ഓടി രക്ഷപെട്ടു.
ഈശോയെ ആദ്യം അവർ അന്നാസിന്റെ പക്കലേക്കാണു കൊണ്ടുപോയത്. എന്തെന്നാൽ അയാൾ അക്കൊല്ലത്തെ മഹാപുരോഹിതനായിരുന്ന കയ്യപ്പായുടെ ശ്വശുരനായിരുന്നു. “ജനങ്ങൾ ഒന്നാകെ നശിക്കാതിരിക്കാൻ ഒരാൾ അവർക്കുപകരം മരിക്കുന്നതു നല്ലതാണെന്ന് ഒരിക്കൽ പ്രസ്താവിച്ചിട്ടുള്ള ഒരു മനുഷ്യനായിരുന്നു കയ്യാപ്പാ.
പ്രധാനാചാര്യൻ ഈശോയോട് അവിടുത്തെ ശിഷ്യന്മാരെയും ഉപദേശത്തെയുംപറ്റി ചോദിച്ചു. ഈശോ ഇപ്രകാരം മറുപടി പറഞ്ഞു.
ഈശോ: ഞാൻ ജനങ്ങളോടു പരസ്യമായിട്ടാണു സംസാരിച്ചിട്ടുളളത്. യൂദന്മാരുടെ സംഘത്തിലും ദേവാലയത്തിലുമല്ലാതെ രഹസ്യമായി ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല. പിന്നെ എന്തിനാണ് എന്നോടു ചോദിക്കുന്നത്? ഞാൻ എന്തു പറഞ്ഞുവെന്ന് എന്റെ ശ്രോതാക്കളോടുതന്നെ ചോദിക്കുക. ഞാൻ പറഞ്ഞതെല്ലാം അവർക്കറിയാമല്ലോ.
പ്രസം: അവിടുന്ന് അങ്ങനെ അരുളിച്ചെയ്തപ്പോൾ അടുത്തു നിന്നിരുന്ന ഒരു പരിചാരകൻ ഇപ്രകാരം ചോദിച്ചുകൊണ്ട് അവിടുത്തെ കവിൾത്തടത്തിൽ അടിച്ചു:
മറു: ഇങ്ങനെയാണോ പ്രധാനാചാര്യനോടു മറുപടി പറയുന്നത്?
പ്രസം: ഈശോ അയാളോടു ചോദിച്ചു.
ഈശോ: ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അതു കാണിച്ചുതരിക. തെറ്റൊന്നുമില്ലെങ്കിൽ പിന്നെ എന്തിനാണ് എന്നെയടിച്ചത്?
പ്രസം: അന്നാസ് ഈശോയെ ബന്ധിതനായിത്തന്നെ മഹാപുരോഹിതനായ കയ്യപ്പായുടെയടുക്കലേക്കയച്ചു. പ്രധാനാചാര്യന്മാരും നിയമജ്ഞന്മാരും ജനപ്രമാണികളുമെല്ലാം അവിടെ സമ്മേളിച്ചിരുന്നു. പ്രധാനാചാര്യന്മാരും ന്യായാധിപസംഘവും ഈശോയെ വധശിക്ഷയ്ക്ക് വിധിക്കുവാനുള്ള തെളിവുണ്ടാക്കുവാൻ പരിശ്രമിക്കയായിരുന്നു. എന്നാൽ അതിൽ അവർ പരാജയമടഞ്ഞു. പലരും അവിടുത്തേക്കെതിരായി കള്ളസാക്ഷ്യം പറയുവാൻ തയ്യാറായിച്ചെന്നെങ്കിലും അവരുടെ സാക്ഷ്യങ്ങൾ തമ്മിൽ പൊരുത്തപ്പെടാതെപോയി. അവസാനം രണ്ടു കള്ളസാക്ഷികൾ ചെന്ന് ഇങ്ങനെ മൊഴി കൊടുത്തു.
സമൂ: “മനുഷ്യനിർമ്മിതമായ ഈ ദേവാലയം നശിപ്പിച്ചു മൂന്നു ദിവസങ്ങൾക്കകം മനുഷ്യനിർമ്മിതമല്ലാത്ത മറ്റൊന്നു ഞാൻ പണിയും”എന്ന് ഈ മനുഷ്യൻ പറയുന്നത് ഞങ്ങൾ കേട്ടിട്ടുണ്ട്.
പ്രസം: എന്നാൽ അവിടെയും അവരുടെ സാക്ഷ്യങ്ങൾക്കു തമ്മിൽ പൊരുത്തമില്ലായിരുന്നു. മഹാപുരോഹിതൻ അവരുടെ മദ്ധ്യേ എഴുന്നേറ്റു നിന്നുകൊണ്ട് ഈശോയോടു ചോദിച്ചു:
മറു: ഈ മനുഷ്യരെല്ലാം നിനക്കെതിരായി നല്കുന്ന സാക്ഷ്യങ്ങളെക്കുറിച്ചു നിനക്കൊന്നും പറയുവാനില്ലേ?
പ്രസം: ഈശോ യാതൊരു മറുപടിയും നല്കിയില്ല. മഹാപുരോഹിതൻ വീണ്ടും ചോദിച്ചു.
മറു: നീ ദൈവപുത്രനായ മിശിഹാതന്നെയോ എന്നു ഞങ്ങളോടു പറയണമെന്നു സജീവദൈവത്തിന്റെ നാമത്തിൽ ശപഥം ചെയ്തു ഞാൻ ആവശ്യപ്പെടുന്നു.
പ്രസം: ഈശോ അരുളിച്ചെയ്തു:
ഈശോ: അങ്ങുതന്നെ അതു പറഞ്ഞുകഴിഞ്ഞിരിക്കുന്നു. മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്ത് ഇരിക്കുന്നതും, വാനമേഘങ്ങളിൽ എഴുന്നള്ളി വരുന്നതും നിങ്ങൾ കാണുമെന്നു ഞാൻ നിങ്ങളോടു പറയുന്നു.
പ്രസം: അതു കേട്ടപ്പോൾ മഹാപുരോഹിതൻ തന്റെ വസ്ത്രങ്ങൾ വലിച്ചു കീറിക്കൊണ്ടു പറഞ്ഞു.
മറു: ഇവൻ ദൈവദൂഷണം പറഞ്ഞിരിക്കുന്നു. ഇനി സാക്ഷികളെക്കൊണ്ട് നമുക്ക് എന്താവശ്യം? ഇവൻ ദൈവദൂഷണം പറയുന്നത് നിങ്ങൾ തന്നെ കേട്ടല്ലോ. നിങ്ങളുടെ അഭിപ്രായം എന്താണ്?
പ്രസം: അവർ മറുപടി പറഞ്ഞു:
സമൂ: ഇവൻ മരണശിക്ഷയ്ക്ക് അർഹനാകുന്നു.
പ്രസം: പിന്നീട് അവർ അവിടുത്തെ മുഖത്തു തുപ്പുകയും ഇടിക്കുകയും കരണത്ത് അടിക്കുകയും ചെയ്തു. കണ്ണുകൾ മുടിക്കെട്ടിയശേഷം ഇപ്രകാരം ചോദിച്ചുകൊണ്ട് അവിടുത്തെ അടിച്ചു:
സമൂ: നിന്നെ അടിച്ചത് ആരാണെന്നു പ്രവചിക്കുക.
പ്രസം: അവർ അവിടുത്തേക്കെതിരായി പല ദുഷണങ്ങളും പറഞ്ഞുകൊണ്ടിരുന്നു. ശിമയോൻ പത്രോസും മറ്റൊരു ശിഷ്യനും മഹാപുരോഹിതന്റെ അങ്കണം വരെ ദൂരത്തുകൂടി ഈശോയെ അനുഗമിക്കുന്നുണ്ടായിരുന്നു. ആ ശിഷ്യൻ മഹാപുരോഹിതനെ പരിചയമുണ്ടായിരുന്നതിനാൽ ഈശോയുടെകൂടെ മഹാപുരോഹിതന്റെ നടുമുറ്റത്തു പ്രവേശിക്കുവാൻ സാധിച്ചു. എന്നാൽ പത്രോസു പുറത്തു വാതിൽക്കൽ നിൽക്കുകയായിരുന്നു. അതിനാൽ മഹാപുരോഹിതനെ പരിചയമുണ്ടായിരുന്ന മറ്റേ ശിഷ്യൻ ചെന്നു വാതിൽ കാവൽക്കാരിയോടു ശുപാർശ ചെയ്തു. ശിമയോൻ പത്രോസിനെയും അകത്തു പ്രവേശിപ്പിച്ചു. ആ വാതിൽ കാവൽക്കാരി ശിമയോനോടു ചോദിച്ചു:
മറു: താനും ആ മനുഷ്യന്റെ ഒരു ശിഷ്യനല്ലയോ?
പ്രസം: പെട്ടെന്ന് അയാൾ മറുപടി പറഞ്ഞു:
മറു: ഞാൻ ആ മനുഷ്യന്റെ ശിഷ്യനല്ല.
പ്രസം: കാര്യങ്ങൾ എങ്ങനെ അവസാനിക്കുമെന്നു കാണാനായി ശിമയോൻ ഭൃത്യൻമാരോടുകൂടെ അകത്തു കാത്തിരുന്നു. കുളിരായിരുന്നതിനാൽ ഭൃത്യന്മാരും സേവകന്മാരും തീ കൂട്ടി കാഞ്ഞുകൊണ്ടിരുന്നു. ശിമയോനും, അവരുടെ കൂടെ തീ കായുകയായിരുന്നു. അപ്പോൾ മഹാപുരോഹിതന്റെ ഒരു പരിചാരിക ആ വഴി വന്നു. അവൾ ശിമയോനെ സൂക്ഷിച്ചുനോക്കിയശേഷം ഇങ്ങനെ ചോദിച്ചു:
മറു: താനും നസ്രായനായ ഈശോയുടെ കൂടെയുണ്ടായിരുന്നവനല്ലേ?
പ്രസം: എല്ലാവരുടെയും മുമ്പിൽ വച്ചു പത്രോസ് നിഷേധിച്ചു പറഞ്ഞു:
മറു: നീ പറയുന്നത് എനിക്കു മനസ്സിലാകുന്നില്ല. ഞാൻ ആ മനുഷ്യനെ അറിയുകയില്ല.
പ്രസം: അനന്തരം അയാൾ പടിവാതില്ക്കലേക്കു പോയി. അപ്പോൾ കോഴി കൂവി. അല്പം കഴിഞ്ഞ് അവിടെ നിന്നിരുന്നവർ അടുത്തുചെന്നു പത്രോസിനോടു പറഞ്ഞു:
സമൂ: താനും അവരുടെ കൂടെയുള്ളവൻ തന്നെ; സംശയമില്ല. തന്റെ സംസാരരീതിതന്നെ അതു തെളിയിക്കുന്നു.
പ്രസം: അപ്പോൾ ശിമയോൻ പത്രോസ് സത്യം ചെയ്ത് ആണയിട്ട് ഇങ്ങനെ പറഞ്ഞു:
മറു: ഞാൻ ആ മനുഷ്യനെ അറിയുകയില്ല.
പ്രസം: പ്രധാനാചാര്യന്റെ ഭൃത്യനും, പത്രോസ് ചെവി മുറിച്ചവന്റെ ചാർച്ചക്കാരനുമായ ഒരു മനുഷ്യൻ പത്രോസിനോടു പറഞ്ഞു:
മറു: തോട്ടത്തിൽ വച്ച് അയാളുടെ കൂടെ തന്നെയും ഞാൻ കണ്ടല്ലോ.
പ്രസം: പത്രോസ് അതും നിഷേധിച്ചു. അയാൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ രണ്ടാം പ്രാവശ്യം കോഴികൂവി. കർത്താവു തിരിഞ്ഞു പത്രോസിനെ നോക്കി. 'കോഴി കൂവുന്നതിനു മുമ്പു മൂന്നുപ്രാവശ്യം നീ എന്നെ നിഷേധിച്ചു പറയും' എന്ന് അവിടുന്ന് അരുളിച്ചെയ്തിരുന്നതു പത്രോസ് അപ്പോൾ ഓർത്തു. അയാൾ പുറത്തേക്കുപോയി ഹൃദയം നൊന്തു കരഞ്ഞു.
നേരം വെളുത്തപ്പോൾ പ്രധാനാചാര്യന്മാരും ജനപ്രമാണികളും നിയമജ്ഞരും ചേർന്ന് ഈശോയെ വധിക്കുന്നതിനെപ്പറ്റി ആലോചന നടത്തി. ന്യായാധിപസംഘത്തിന്റെ മുമ്പാകെ അവിടുത്തെ ഹാജരാക്കിയശേഷം അവർ അവിടുത്തോട് ഇപ്രകാരം പറഞ്ഞു:
സമൂ: നീ മിശിഹായാണെങ്കിൽ അക്കാര്യം ഞങ്ങളോടു തുറന്നു പറയുക.
പ്രസം: അവിടുന്ന് ഇങ്ങനെ മറുപടി പറഞ്ഞു:
ഈശോ: എന്റെ വാക്കു നിങ്ങൾ വിശ്വസിക്കയില്ല. എന്റെ ചോദ്യങ്ങൾക്കു നിങ്ങൾ മറുപടി പറയുകയുമില്ല: ഇന്നുമുതൽ മനുഷ്യപുത്രൻ സർവ്വശക്തനായ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കും.
പ്രസം: അവർ വീണ്ടും അവിടുത്തോടു ചോദിച്ചു:
സമൂ: ആകയാൽ നീ ദൈവപുത്രനാണെന്ന് പറയുകയാണോ?
പ്രസം: അവിടുന്ന് ഉത്തരമരുളി.
ഈശോ: ഞാൻ ദൈവപുത്രനാണെന്ന് നിങ്ങൾ തന്നെ പറഞ്ഞു കഴിഞ്ഞല്ലോ.
പ്രസം: അപ്പോൾ അവർ പറഞ്ഞു:
സമൂ: നമുക്കിനി സാക്ഷികളെക്കൊണ്ട് എന്താണാവശ്യം? നാം തന്നെ നേരിട്ടു കേട്ടു കഴിഞ്ഞല്ലോ
പ്രസം: അവർ അവിടുത്തെ ബന്ധിച്ചു ഗവർണറായിരുന്ന പന്തിയോസ് പീലാത്തോസിന്റെ മുമ്പാകെ ഹാജരാക്കി. ഈശോ വിധിക്കപ്പെട്ട വിവരമറിഞ്ഞപ്പോൾ അവിടുത്തെ ഒറ്റിക്കൊടുത്ത യൂദാസ് മനക്ലേശത്തോടെ ആ മുപ്പതു വെള്ളിനാണയങ്ങളുമായി പ്രധാനാചാര്യന്മാരുടെയും ജനപ്രമാണികളുടെയും അടുക്കൽ ചെന്ന് ഇപ്രകാരം പറഞ്ഞു:
മറു: ഞാൻ പാപം ചെയ്തുപോയി. കുറ്റമില്ലാത്ത രക്തം ഞാൻ ഒറ്റിക്കൊടുത്തു.
പ്രസം: അവർ മറുപടി പറഞ്ഞു:
സമൂ: അതിനു ഞങ്ങളെന്തുവേണം? നീ പോയി നിന്റെ കാര്യം നോക്കിക്കൊള്ളുക.
പ്രസം: അവൻ ആ നാണയത്തുട്ടുകൾ ദേവാലയത്തിലേക്കു വലിച്ചെറിഞ്ഞിട്ടു പോയി തൂങ്ങിച്ചത്തു.
പ്രധാനാചാര്യന്മാർ ആ നാണയത്തുട്ടുകൾ പെറുക്കിയെടുത്തിട്ട് ഇപ്രകാരം പറഞ്ഞു.
സമൂ: ഇതു രക്തത്തിന്റെ വിലയാകയാൽ നേർച്ചപ്പെട്ടിയിലിടുന്നതു ശരിയല്ല.
പ്രസം: അവർ കൂടിയാലോചിച്ചശേഷം ആ പണംകൊടുത്ത്, വിദേശികളെ സംസ്കരിക്കുവാൻ ഒരു കുശവന്റെ പറമ്പുവാങ്ങി. ആ സ്ഥലം ഇന്നും "രക്തപ്പറമ്പ്" എന്ന പേരിലാണ് അറിയപ്പെടുന്നത്. "വിലപ്പെട്ടവന്റെ വിലയായി ഇസ്രായേൽക്കാർ കണക്കാക്കിയ മുപ്പതു വെള്ളി നാണയമെടുത്ത്, കർത്താവ് എന്നോടു കല്പിച്ചതുപോലെ അവർ കുശവന്റെ പറമ്പിനു കൊടുത്തു” എന്നുള്ള ജെറമിയാസിന്റെ പ്രവചനം അങ്ങനെ പൂർത്തിയായി.
നേരം പുലർച്ചയായപ്പോൾ അവർ ഈശോയെ കായ്യാപ്പായുടെ ഭവനത്തിൽ നിന്നു ഗവർണരുടെ കൊട്ടാരത്തിലേക്കു കൊണ്ടുപോയി. അശുദ്ധരാകാതെ പെസഹാ ഭക്ഷിക്കേണ്ടിയിരുന്നതിനാൽ അവരാരും കൊട്ടാരത്തിലേക്കു പ്രവേശിച്ചില്ല. അതിനാൽ പീലാത്തോസ് പുറത്തേക്കിറങ്ങിച്ചെന്ന് അവരോടു ചോദിച്ചു.
മറു: എന്തു കുറ്റമാണു നിങ്ങൾ ഈ മനുഷ്യന്റെ മേൽ ആരോപിക്കുന്നത്,
പ്രസം: അതിനു അവർ ഇങ്ങനെ മറുപടി പറഞ്ഞു:
സമൂ: കുറ്റക്കാരനല്ലായിരുന്നുവെങ്കിൽ ഞങ്ങൾ അയാളെ അങ്ങയുടെ സമക്ഷം ഹാജരാക്കുകയില്ലായിരുന്നു.
പ്രസം: പീലാത്തോസ് അവരോടു പറഞ്ഞു:
മറു: അങ്ങനെയെങ്കിൽ നിങ്ങൾതന്നെ അയാളെ കൊണ്ടുപോയി നിങ്ങളുടെ നിയമമനുസരിച്ചു വിസ്തരിച്ചു കൊള്ളുവിൻ.
പ്രസം: ഉടനെ യൂദന്മാർ പീലാത്തോസിനോടു പറഞ്ഞു:
സമൂ: ആർക്കും മരണശിക്ഷ നല്കുവാൻ ഞങ്ങൾക്കു അധികാരമില്ലല്ലോ.
പ്രസം: എങ്ങനെയാണു താൻ മരിക്കാൻ പോകുന്നതെന്നു സൂചിപ്പിച്ചുകൊണ്ട് ഒരിക്കൽ ഈശോ പറഞ്ഞ വാക്കുകൾ അങ്ങനെ നിറവേറുകയായിരുന്നു.
അനന്തരം അവർ ഈശോയുടെമേൽ ഓരോ കുറ്റങ്ങൾ ആരോപിച്ചുതുടങ്ങി.
സമൂ: ഇയാൾ ജനങ്ങളെ വഴിതെറ്റിക്കുകയും സീസറിനു കപ്പം കൊടുക്കുന്നതു തടയുകയും താൻ രാജാവായ മിശിഹായാണെന്നു പറയുകയും ചെയ്തതായി ഞങ്ങൾക്കറിയാം.
പ്രസം: അപ്പോൾ പീലാത്തോസ് അകത്തേക്കു പോയി ഈശോയെ വിളിച്ച് ഇപ്രകാരം ചോദിച്ചു:
പ്രസം: നിങ്ങൾ യൂദന്മാരുടെ രാജാവാണോ?
പ്രസം: ഈശോ അരുളിച്ചെയ്തു:
ഈശോ: ഇത് അങ്ങു സ്വയം ചോദിക്കുന്നുവോ മറ്റുള്ളവർ എന്നെപ്പറ്റി പറഞ്ഞതുകൊണ്ടു ചോദിക്കുന്നുവോ?
പ്രസം: മറുപടിയായി പീലാത്തോസ് ചോദിച്ചു:
മറു: ഞാൻ ഒരു യൂദനല്ലല്ലോ. നിങ്ങളുടെ ആളുകളും പ്രധാനാചാര്യന്മാരുമല്ലേ നിങ്ങളെ എന്റെ മുമ്പിൽ ഹാജരാക്കിയത് ? നിങ്ങൾ എന്തു കുറ്റമാണ് ചെയ്തത്?
പ്രസം: അപ്പോൾ ഈശോ അരുളിച്ചെയ്തു:
ഈശോ: എന്റെ രാജ്യം ഐഹികമല്ല: ആയിരുന്നെങ്കിൽ ഞാൻ യൂദന്മാരുടെ കൈകളിൽ വീഴാതിരിക്കുവാൻ എന്റെ സേവകന്മാർ യുദ്ധം ചെയ്യുമായിരുന്നു. എന്റെ രാജ്യം ഇവിടെയല്ല.
പ്രസം: പീലാത്തോസ് വീണ്ടും ചോദിച്ചു.
മറു: അപ്പോൾ നിങ്ങൾ ഒരു രാജാവു തന്നെയാണെന്നോ?
പ്രസം: ഈശോ ഉത്തരമരുളി
ഈശോ: ഞാൻ രാജാവാണെന്ന് അങ്ങു തന്നെ പറഞ്ഞു. സത്യത്തിനു സാക്ഷ്യം വഹിക്കുവാനാണ് ഞാൻ ജനിച്ചിരിക്കുന്നത്. അതിനുവേണ്ടിത്തന്നെയാണു ഞാൻ ലോകത്തിലേക്കു വന്നിരിക്കുന്നതും. സത്യത്തോടു ചേർന്നു നില്ക്കുന്നവരെല്ലാം എന്റെ ശബ്ദം കേൾക്കുന്നു.
പ്രസം: അപ്പോൾ പീലാത്തോസ് ചോദിച്ചു.
മറു: സത്യം എന്താകുന്നു?
പ്രസം: ചോദ്യം കഴിഞ്ഞ് ഉടൻ തന്നെ അദ്ദേഹം യൂദന്മാരുടെ നേരേ തിരിഞ്ഞ് പ്രധാനാചാര്യന്മാരോടും ജനസമുഹത്തോടും ഇങ്ങനെ പറഞ്ഞു:
മറു: ഞാൻ ഈ മനുഷ്യനിൽ കുറ്റമൊന്നും കാണുന്നില്ല.
പ്രസം: അവർ വീണ്ടും ഈശോയിൽ കുറ്റം ആരോപിച്ചു തുടങ്ങി.
സമൂ: ഇയാൾ ഗ്ലീലാ മുതൽ ഇവിടെവരെ യൂദയാ രാജ്യത്തിലെങ്ങും പ്രസംഗിച്ചു. ജനങ്ങളെ പ്രക്ഷോഭത്തിനു പ്രേരിപ്പിക്കുന്നു.
പ്രസം: ഗ്ലീലാ എന്നു കേട്ട ഉടനെ പീലാത്തോസ് ചോദിച്ചു:
മറു: ഈ മനുഷ്യൻ ഗ്ലീലാക്കാരനാണോ?
പ്രസം: ഈശോ ഹേറോദേസിന്റെ അധികാരസീമയിൽപ്പെട്ടവനാണെന്നറിഞ്ഞപ്പോൾ പീലാത്തോസ് അവിടുത്തെ ഹേറോദേസിന്റെ പക്കലേക്കയച്ചു. അദ്ദേഹം അന്നു ജെറുസലത്തുണ്ടായിരുന്നു.
ഈശോയെക്കണ്ടപ്പോൾ ഹേറോദേസ് വളരെ സന്തോഷിച്ചു. അദ്ദേഹം ഈശോയെക്കുറിച്ചുപലതും കേട്ടിട്ടുണ്ടായിരുന്നു. അവിടുത്തെ ഒന്നുകാണാൻ ആഗ്രഹിച്ചിരിക്കുകയുമായിരുന്നു. അവിടുന്ന് എന്തെങ്കിലും ഒരത്ഭുതം പ്രവർത്തിക്കുന്നതു കാണാമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു.
ഹേറോദേസ് ഈശോയോടു പലതും ചോദിച്ചു. എന്നാൽ അവിടുന്ന് ഒരു മറുപടിയും പറഞ്ഞില്ല. അവിടെയും, പ്രധാനാചാര്യന്മാരും നിയമജ്ഞരും ഈശോയ്ക്കെതിരായി ഓരോ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടിരുന്നു. അവസാനം ഹേറോദേസും പടയാളികളും കൂടി അവിടുത്തെ നിന്ദിച്ചു പരിഹസിക്കയും, വിലയേറിയ ഒരു വസ്ത്രം ധരിപ്പിച്ചു പീലാത്തോസിന്റെ പക്കലേക്കു തിരിച്ചയയ്ക്കകയും ചെയ്തു. ശത്രുതയിൽക്കഴിഞ്ഞിരുന്ന ഹേറോദേസും പീലാത്തോസും അന്നുമുതൽ മിത്രങ്ങളായിത്തീർന്നു. പീലാത്തോസ് പ്രധാനാചാര്യന്മാരെയും ജനപ്രമാണികളെയും വിളിച്ചുകൂട്ടി ഇങ്ങനെ പറഞ്ഞു:
മറു: ജനങ്ങളെ വഴിപിഴപ്പിക്കുന്നു എന്ന കുറ്റമാരോപിച്ചാണല്ലോ നിങ്ങൾ ഈ മനുഷ്യനെ എന്റെ മുമ്പിൽ ഹാജരാക്കിയിരിക്കുന്നത്. നിങ്ങളുടെ മുമ്പിൽ വച്ചു തന്നെ ഞാൻ ഇയാളെ വിസ്തരിച്ചു. എന്നാൽ നിങ്ങൾ ആരോപിക്കുന്ന കുറ്റങ്ങളൊന്നും ഞാൻ ഇയാളിൽ കണ്ടില്ല. ഹേറോദേസിനും ഇയാളിൽ കുറ്റമൊന്നും കാണാൻ കഴിഞ്ഞില്ല. അദ്ദേഹം ഇയാളെ ഇങ്ങോട്ടുതന്നെ തിരിച്ചയയ്ക്കുകയാണല്ലോ ചെയ്തത്. മരണശിക്ഷയ്ക്ക് അർഹമായ കുറ്റമൊന്നും ഈ മനുഷ്യൻ ചെയ്തിട്ടില്ല. അതിനാൽ ചമ്മട്ടികൊണ്ട് അടിപ്പിച്ച് ഇയാളെ ഞാൻ വിട്ടയയ്ക്കും.
പ്രസം: എല്ലാ പെസഹാത്തിരുനാളിലും ജനങ്ങൾ ആഗ്രഹിക്കുന്ന ഒരു തടവുകാരനെ ഗവർണ്ണർ മോചിപ്പിക്കുക പതിവായിരുന്നു. അതനുസരിച്ച് ആളെ മോചിപ്പിക്കുവാൻ ജനങ്ങൾ ആവശ്യപ്പെട്ടു തുടങ്ങി.
ഒരു കലാപത്തിനിടയിൽ കൊലപാതകം നടത്തിയ കുറ്റത്തിനു പ്രക്ഷോഭകാരികളുടെ കൂടെ കാരാഗ്യഹത്തിലടയ്ക്കപ്പെട്ടിരുന്ന ബറാബാസ് എന്ന കുപ്രസിദ്ധനായ ഒരു തടവുകാരനുണ്ടായിരുന്നു. ജനങ്ങൾ കൂട്ടം കൂടിയപ്പോൾ പീലാത്തോസ് അവരോടു ചോദിച്ചു.
മറു: പെസഹാത്തിരുനാളിൽ ഒരു തടവുകാരനെ മോചിപ്പിക്കുക പതിവുണ്ടല്ലോ, ഞാൻ ആരെയാണ് മോചിപ്പിക്കേണ്ടത് ? ബറാബാസിനെയോ മിശിഹാ എന്നു വിളിക്കപ്പെടുന്ന ഈശോയെയോ?
പ്രസം: അവർ ഈശോയെ പിടിച്ചേല്പിച്ചത് അവരുടെ അസൂയകൊണ്ടാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.
പീലാത്തോസു ന്യായാസനത്തിലിരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ആളയച്ച് ഇപ്രകാരം അറിയിച്ചു:
മറു: ആ നീതിമാനെ ഒന്നും ചെയ്യരുത്. അദ്ദേഹത്തെ പ്രതി സ്വപ്നത്തിൽ ഞാൻ വളരെ വേദനയനുഭവിച്ചു.
പ്രസം: എന്നാൽ പ്രധാനാചാര്യന്മാരും ജനപ്രമാണികളും ബറാബാസിനെ മോചിപ്പിക്കുന്നതിനും, ഈശോയെ വധിക്കുന്നതിനും മുറവിളി കൂട്ടുവാൻ ജനങ്ങളെ പ്രേരിപ്പിച്ചിരുന്നു. പീലാത്തോസ് ജനങ്ങളോട് ഇങ്ങനെ ചോദിച്ചു.
മറു: ഈ രണ്ടുപേരിൽ ആരെ മോചിപ്പിക്കുവാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?
പ്രസം: അവർ ഒന്നടങ്കം വിളിച്ചുപറഞ്ഞു:
സമൂ: ഈശോയെ വധിക്കുക: ബറാബാസിനെ മോചിപ്പക്കുക.
പ്രസം: ഈശോയെ മോചിപ്പിക്കണമെന്നുള്ള ആഗ്രഹത്തോടെ പീലാത്തോസ് വീണ്ടും അവരോട് ചോദിച്ചു:
മറു: യൂദന്മാരുടെ രാജാവെന്നു വിളിക്കുന്ന ഈശോയെ ഞാൻ എന്തു ചെയ്യണം?
പ്രസം: അപ്പോൾ എല്ലാവരും കൂടി വിളിച്ചുപറഞ്ഞു:
സമൂ: അവനെ കുരിശിൽ തറയ്ക്കുക. അവനെ കുരിശിൽ തറയ്ക്കുക.
പ്രസം: മൂന്നാം പ്രാവശ്യം പീലാത്തോസ് അവരോടു ചോദിച്ചു:
മറു: ഈ മനുഷ്യൻ എന്തു കുറ്റമാണു ചെയ്തത്? വധ ശിക്ഷയർഹിക്കുന്ന യാതൊരു കുറ്റവും ഞാൻ ഇയാളിൽക്കാണുന്നില്ല.
പ്രസം: അവരാകട്ടെ, അവിടത്തെ കുരിശിൽ തറയ്ക്കണമെന്നു ശാഠ്യഭാവത്തോടെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. അവരുടെ മുറവിളിക്കു ശക്തികൂടി വരികയും ചെയ്തു.
അവസാനം പീലാത്തോസ് ജനങ്ങളെ തൃപ്തിപ്പെടുത്തുവാൻവേണ്ടി അവരുടെ ആഗ്രഹത്തിനു വഴങ്ങിക്കൊടുത്തു. കവർച്ചയും കൊലപാതകവും മൂലം കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടിരുന്നവനെ, അവരുടെ ആവശ്യപ്രകാരം, അദ്ദേഹം സ്വതന്ത്രനാക്കി. ഈശോയെ അവരുടെ ഹിതത്തിനു വിട്ടുകൊടുക്കുകയും ചെയ്തു. അനന്തരം പീലാത്തോസ് ഈശോയെ ചമ്മട്ടികൊണ്ട് അടിപ്പിച്ചു.
പടയാളികൾ ഈശോയെ കൊട്ടാരത്തിന്റെ അങ്കണത്തിലേയ്ക്ക് കൊണ്ടുപോയി സൈന്യദളങ്ങളെയെല്ലാം അവിടെ വിളിച്ചുകൂട്ടി. അനന്തരം അവിടുത്തേ വസ്ത്രങ്ങൾ മാറ്റി ഒരു ചുവന്ന മേലങ്കിധരിപ്പിച്ചു. മുള്ളുകൊണ്ടൊരു മുടിയുണ്ടാക്കി ശിരസ്സിൽന്മേൽ വച്ചു: വലത്തുകൈയിൽ ഒരു ഞാങ്കണയും കൊടുത്തു. പിന്നീട് അവർ അവിടുത്തെ മുമ്പിൽ മുട്ടുകുത്തി 'യൂദന്മാരുടെ രാജാവേ, വന്ദനം' എന്നു പറഞ്ഞ് പരിഹസിച്ചു. അവിടുത്തേ കരണത്ത് അടിച്ചു. അനന്തരം ഞാങ്കണയെടുത്തു ശിരസ്സിലടിക്കുകയും തുപ്പുകയും ചെയ്തു. പീലാത്തോസ് വീണ്ടും പുറത്തേക്കു ചെന്ന് അവരോട് പറഞ്ഞു:
മറു: ഞാൻ അയാളിൽ കുറ്റമൊന്നും കാണുന്നില്ലെന്നു നിങ്ങളെ ബോദ്ധ്യപ്പെടുത്തുവാൻ വേണ്ടി, അയാളെ ഇപ്പോൾ നിങ്ങളുടെയടുക്കലേക്കു ഞാൻ കൊണ്ടു വരികയാണ്.
പ്രസം: മുൾക്കിരീടവും ചുവന്ന മേലങ്കിയും ധരിച്ചിരുന്ന ഈശോയെ ഉടനെ പുറത്തേക്കു കൊണ്ടുചെന്നു. അപ്പോൾ പീലാത്തോസ് അവരോടു പറഞ്ഞു:
മറു: ഇതാണ് ആ മനുഷ്യൻ.
പ്രസം: പ്രധാനാചാര്യന്മാരും പരിചാരകരും അവിടുത്തെ കണ്ടപ്പോൾ അട്ടഹസിച്ചു പറഞ്ഞു:
സമൂ: അവനെ കുരിശിൽ തറയ്ക്കുക; അവനെ കുരിശിൽ തറയ്ക്കുക.
പ്രസം: പീലാത്തോസ് പ്രതിവചിച്ചു.
മറു: നിങ്ങൾതന്നെ അയാളെ കൊണ്ടുപോയി കുരിശിൽ തറച്ചുകൊള്ളുവിൻ. ഞാൻ അയാളിൽ കുറ്റമൊന്നും കാണുന്നില്ല.
പ്രസം: അപ്പോൾ യൂദന്മാർ അദ്ദേഹത്തോടു പറഞ്ഞു:
സമൂ: ഞങ്ങൾക്ക് ഒരു നിയമമുണ്ട്. ആ നിയമമനുസരിച്ച് അവൻ വധശിക്ഷയ്ക്ക് അർഹനാകുന്നു. എന്തെന്നാൽ താൻ ദൈവപുത്രനാണെന്ന് അവൻ അവകാശപ്പെടുന്നു.
പ്രസം: അതു കേട്ടപ്പോൾ പീലാത്തോസ് അത്യധികം ഭയപ്പെട്ടു. അതിനാൽ വീണ്ടും അകത്തുചെന്ന് അദ്ദേഹം ഈശോയോടു ചോദിച്ചു:
മറു: നിങ്ങൾ ആരാകുന്നു?
പ്രസം: ഈശോ അതിനു മറുപടി നല്കിയില്ല. പീലാത്തോസ് വീണ്ടും അവിടുത്തോടു ചോദിച്ചു.
മറു: എന്നോടു നിങ്ങൾ മറുപടി പറയുകയില്ലേ? നിങ്ങളെ കുരിശിൽ തറയ്ക്കുവാനും വിട്ടയയ്ക്കുവാനും എനിക്ക് അധികാരമുണ്ടെന്ന് അറിഞ്ഞുകൂടെ?
പ്രസം: ഈശോ ഇപ്രകാരം മറുപടി പറഞ്ഞു
ഈശോ: ഉന്നതത്തിൽനിന്നു നല്കപ്പെടാതിരുന്നെങ്കിൽ അങ്ങേക്ക് എന്റെമേൽ അധികാരമൊന്നും ഉണ്ടാകുമായിരുന്നില്ല. ആകയാൽ എന്നെ അങ്ങേപ്പക്കൽ ഏല്പിച്ചവനാണ് അങ്ങയെക്കാൾ വലിയ കുറ്റക്കാരൻ.
പ്രസം: തന്മൂലം പീലാത്തോസ് അവിടുത്തെ മോചിപ്പിക്കുവാൻ ആഗ്രഹിച്ചു. എന്നാൽ യൂദന്മാർ ഇങ്ങനെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.
സമൂ: അവനെ വിട്ടയയ്ക്കുന്നപക്ഷം അങ്ങു സീസറിന്റെ സ്നേഹിതനല്ല. സ്വയം രാജാവാകുവാൻ ശ്രമിക്കുന്നവരെല്ലാം സീസറിന്റെ ശത്രുക്കളാകുന്നു.
പ്രസം: അതു കേട്ടപ്പോൾ പീലാത്തോസ് വീണ്ടും ഈശോയെ പുറത്തേക്കു കൊണ്ടുചെന്നു. ഹീബ്രു ഭാഷയിൽ ഗബാത്ത എന്നുപറയുന്ന കൽത്തളത്തിൽ അദ്ദേഹം ഉപവിഷ്ടനായി. അന്നു പെസഹാവെള്ളിയാഴ്ചയായിരുന്നു. സമയം ഏകദേശം പന്ത്രണ്ടു മണിയായി. പീലാത്തോസ് യൂദന്മാരോടു പറഞ്ഞു:
മറു : ഇതാ നിങ്ങളുടെ രാജാവ്.
പ്രസം: അതു കേട്ടപ്പോൾ അവർ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു:
സമൂ: അവനെ കൊണ്ടുപോവുക: അവനെ കൊണ്ടുപോയി കുരിശിൽ തറയ്ക്കുക.
പ്രസം: പീലാത്തോസ് അവരോടു ചോദിച്ചു:
മറു: എന്ത്? നിങ്ങളുടെ രാജാവിനെ ഞാൻ കുരിശിൽ തറയ്ക്കണമെന്നോ?
പ്രസം: അതിനു പ്രധാനാചാര്യന്മാരാണു മറുപടി പറഞ്ഞത്.
സമൂ: സീസറല്ലാതെ ഞങ്ങൾക്കു മറ്റൊരു രാജാവില്ല.
പ്രസം: തന്റെ പരിശ്രമമെല്ലാം നിഷ്ഫലമാവുകയാണെന്നും, കലഹം വർദ്ധിക്കുവാനാണു സാദ്ധ്യതയെന്നും പീലാത്തോസിനു മനസ്സിലായി. അതിനാൽ അദ്ദേഹം വെള്ളമെടുത്തു ജനങ്ങളുടെ മുമ്പിൽ വെച്ചു കൈകൾ കഴുകിക്കൊണ്ടു പറഞ്ഞു:
മറു: ഈ നീതിമാന്റെ രക്തത്തിൽ എനിക്കു പങ്കില്ല.
പ്രസം: അതു കേട്ടു ജനങ്ങൾ വിളിച്ചുപറഞ്ഞു:
സമൂ: അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ സന്താനങ്ങളുടെമേലും വീണുകൊള്ളട്ടെ.
പ്രസം: പീലാത്തോസ് ഉടനെ ഈശോയെ ക്രൂശിക്കുവാനായി അവർക്ക് ഏല്പിച്ചുകൊടുത്തു. അവർ അവിടുത്തെ പിടിച്ചു ചുവന്ന മേലങ്കി മാറ്റി സ്വന്തം വസ്ത്രങ്ങൾ ധരിപ്പിച്ചു കുരിശിൽ തറയ്ക്കുവാൻ കൊണ്ടു പോയി. അവിടുന്നു കുരിശും ചുമന്നുകൊണ്ട് കപാലം എന്ന സ്ഥലത്തേക്കു നടന്നു. ഹീബ്രു ഭാഷയിൽ അതു ഗാഗുൽത്താ എന്ന പേരിലാണ് അറിയപ്പെടുന്നത്.
വഴിക്കുവെച്ച് അവർ സൈറീൻകാരനായ ഒരു മനുഷ്യനെ കണ്ടുമുട്ടി. അയാളുടെ പേർ ശിമയോൻ എന്നായിരുന്നു. അലക്സാണ്ടറിന്റെയും റൂഫസിന്റെയും പിതാവായ ആ മനുഷ്യൻ വയലിൽനിന്നു വരികയായിരുന്നു. ഈശോയുടെ കുരിശു ചുമക്കുവാൻ അവർ അയാളെ നിർബന്ധിക്കുകയും, അതു വഹിച്ചുകൊണ്ടു പുറകേ ചെല്ലുവാൻ അത് അയാളുടെമേൽ വച്ചുകൊടുക്കുകയും ചെയ്തു.
വലിയൊരു ജനക്കൂട്ടം ഈശോയെ അനുഗമിച്ചു. അവിടുത്തെക്കുറിച്ചു കരയുകയും പ്രലപിക്കയും ചെയ്തിരുന്ന അനേകം സ്ത്രീകളും അക്കൂട്ടത്തിലുണ്ടായിരുന്നു. അവിടുന്ന് അവരുടെ നേരേ തിരിഞ്ഞ് ഇങ്ങനെ അരുളിച്ചെയ്തു.
ഈശോ: ജെറുസലം പുത്രിമാരേ, നിങ്ങൾ എന്നെപ്രതി കരയണ്ടാ : നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളെയും ഓർത്തു കരയുവിൻ, വന്ധ്യകൾക്കും, ഗർഭം ധരിക്കാത്ത ഉദരങ്ങൾക്കും, പാലൂട്ടാത്ത പയോധരങ്ങൽക്കും ഭാഗ്യം എന്നു മനുഷ്യർ പറയുന്ന കാലം വരുന്നു. അന്ന് അവർ പർവ്വതങ്ങളോടു 'ഞങ്ങളുടെമേൽ വീഴുവിൻ' എന്നും മലകളോടു 'ഞങ്ങളെ മൂടുവിൻ' എന്നും പറഞ്ഞുതുടങ്ങും. പച്ചമരത്തോട് ഇതാണു ചെയ്യുന്നതെങ്കിൽ ഉണക്കമരത്തിന് എന്താണ് സംഭവിക്കുക?
പ്രസം: വധിക്കപ്പെടുവാനുള്ള രണ്ടു കുറ്റവാളികളെയും ഈശോയുടെ കൂടെ അവർ കൊണ്ടുപോയിരുന്നു. ഗാഗുൽത്തായിലെത്തിയപ്പോൾ മീറ കലർത്തിയ വീഞ്ഞ് അവിടുത്തേക്ക് കുടിക്കാൻ കൊടുത്തു.
അവിടുന്ന് അതു രുചിച്ചുനോക്കി; എങ്കിലും കുടിച്ചില്ല.
അനന്തരം അവർ ഈശോയെ കുരിശിൽ തറച്ചു. വലത്തും ഇടത്തുമായി രണ്ടു കള്ളന്മാരെയും കുരിശിൽ തറച്ചു. 'ദുഷ്ടന്മാരുടെകൂടെ അവിടുന്ന് എണ്ണപ്പെട്ടു' എന്ന തിരുവെഴുത്ത് അങ്ങനെ നിറവേറുകയും ചെയ്തു.
ഞാൻ ഒരു മനുഷ്യനല്ല, കൃമിയാകുന്നു;
മനുഷ്യരുടെ നിന്ദാപാത്രവും,
ജനങ്ങളുടെ പരിഹാസവിഷയവുമാകുന്നു.
കാണുന്നവരെല്ലാം എന്നെ അവഹേളിക്കുന്നു
വികൃതമായ ആംഗ്യങ്ങളാൽ നിന്ദിക്കുന്നു.
“അവൻ കർത്താവിനെ ആശ്രയിച്ചല്ലോ”:
അവിടുന്ന് അവനെ രക്ഷിക്കട്ടെ.
അവിടുന്ന് അവനെ സ്നേഹിക്കുന്നുണ്ടെങ്കിൽ
അവനെ സ്വതന്ത്രനാക്കട്ടെ".
എന്റെ ജനനം മുതൽതന്നെ
അങ്ങ് എന്റെ ദൈവവും അഭയവുമാകുന്നു:
അങ്ങേക്കു ഞാൻ സ്വയം സമർപ്പിച്ചിരുന്നു.
ഞാൻ ദുഃഖിതനായിരിക്കയാൽ
എന്നിൽനിന്നകന്നു പോകരുതേ.
എന്നെ സഹായിക്കാൻ ആരുമില്ല.
ബയിസാനിലെ മൃഗങ്ങൾ എന്നെ വളഞ്ഞു:
അലറുന്ന സിംഹത്തെപ്പോലെ
അവ എന്നെ വിഴുങ്ങുവാൻ വരുന്നു.
വെള്ളംപോലെ ഞാൻ ഒഴുകിപ്പോയി:
എന്റെ സന്ധികൾ വേർപെട്ടിരിക്കുന്നു.
എന്റെ ഹൃദയം മെഴുകിനു തുല്യമായി
ഉള്ളിലെ അവയവങ്ങൾ ഉരുകിത്തുടങ്ങി.
ഇഷ്ടികപോലെ എന്റെ തൊണ്ട വരണ്ടു:
നാവു തൊണ്ടയോട് ഒട്ടിച്ചേർന്നു:
അങ്ങ് എന്നെ മരണത്തിലേക്കു നയിച്ചിരിക്കുന്നു.
നായ്ക്കൾ എന്നെ ചുറ്റി വളഞ്ഞു:
ദുഷ്ടന്മാർ എന്നെ വലയം ചെയ്തു.
എന്റെ കൈകളും കാലുകളും അവർ തുളച്ചു.
എന്റെ അസ്ഥികളെല്ലാം അവരെണ്ണി:
അവർ എന്നെ ഉറ്റുനോക്കി.
അവർ എന്റെ വസ്ത്രം പങ്കിട്ടെടുത്തു:
മേലങ്കിക്കുവേണ്ടി അവർ ചിട്ടിയിട്ടു.
വായന തുടരുന്നു.
പ്രസം: മൂന്നു മണിക്കാണ് അവർ ഈശോയെ കുരിശിൽ തറച്ചത്. കുരിശിൽ കിടന്നുകൊണ്ട് അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തു:
ഈശോ: പിതാവേ, ഇവരോടു ക്ഷമിക്കണമേ: എന്തുകൊണ്ടന്നാൽ, തങ്ങൾ എന്താണു ചെയ്യുന്നതെന്ന് ഇവർ അറിയുന്നില്ല.
പ്രസം: ഈശോയുടെ പേരിലുണ്ടായ ആരോപണം പീലാത്തോസ് ഒരു പലകമേലെഴുതിക്കൊടുത്തത് അവിടുത്തെ കുരിശിന്മേൽ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ആ എഴുത്ത് ഇങ്ങനെയായിരുന്നു. “യൂദന്മാരുടെ രാജാവായ നസ്രായൻ ഈശോ”.
അവിടുത്തെ കുരിശിൽ തറച്ച സ്ഥലം പട്ടണത്തിനു സമീപമായിരുന്നതിനാൽ യൂദന്മാരിൽ പലരും അതു വായിച്ചു. ഹീബ്രു, ലത്തീൻ, ഗ്രീക്ക് എന്നീ മൂന്നു ഭാഷകളിലും അത് എഴുതപ്പെട്ടരുന്നു. അതിനാൽ പ്രധാനാചാര്യന്മാർ ചെന്നു പീലാത്തോസിനോടു പറഞ്ഞു:
സമൂ: "യൂദന്മാരുടെ രാജാവ്" എന്നല്ല “താൻ യൂദന്മാരുടെ രാജാവാണെന്ന് അവൻ പറഞ്ഞു" എന്നാണ് എഴുതേണ്ടത്.
പ്രസം: പീലാത്തോസു മറുപടി പറഞ്ഞു
മറു: ഞാൻ എഴുതിയത് എഴുതിയതുതന്നെ.
പ്രസം: ഈശോയെ കുരിശിൽ തറച്ചശേഷം പടയാളികൾ അവിടുത്തെ വസ്ത്രങ്ങൾ നാലായി പങ്കിട്ടെടുത്തു. അവിടുത്തെ മേലങ്കി മുകൾ മുതൽ അടിവരെ നെയ്യപ്പെട്ടതായിരുന്നതിനാൽ അവർ പറഞ്ഞു:
സമൂ: അതു കീറണ്ടാ; അത് ആർക്കുള്ളതായിരിക്കണമെന്നു നമുക്കു ചിട്ടിയിട്ടു നിശ്ചയിക്കാം.
പ്രസം: 'എന്റെ വസ്ത്രങ്ങൾ അവർ പങ്കിട്ടെടുത്തു; എന്റെ മേലങ്കിക്കായി അവർ നറുക്കിട്ടു' എന്നുള്ള തിരുവെഴുത്തു നിറവേറണമല്ലോ. അതുകൊണ്ടാണു പടയാളികൾ ഇങ്ങനെയെല്ലാം ചെയ്യാനിടയായത്.
പടയാളികൾ ഈശോയുടെ പക്കൽ കാവലിരുന്നു. സംഭവിച്ചതെല്ലാം നോക്കിക്കൊണ്ടു ജനങ്ങൾ അവിടെത്തന്നെ നിന്നു. വഴിയേ കടന്നുപോയിരുന്നവർ പുച്ഛഭാവത്തിൽ തലകുലുക്കിക്കൊണ്ട് ഇപ്രകാരം പറഞ്ഞു:
സമൂ: നീ ദേവാലയം നശിപ്പിച്ചിട്ടു മൂന്നു ദിവസം കൊണ്ട് വീണ്ടും അതു പണിയുന്നവനല്ലയോ? നീ നിന്നെത്തന്നെ രക്ഷിക്കുക.
പ്രസം: അപ്രകാരംതന്നെ പ്രധാനാചാര്യന്മാരും നിയമജ്ഞരും ജനപ്രമാണികളും പരിഹാസഭാവത്തിൽ പരസ്പരം ഇങ്ങനെ പറഞ്ഞു.
സമൂ: ഇവൻ മറ്റുള്ളവരെ രക്ഷിച്ചു. തന്നെത്തന്നെ രക്ഷിക്കുവാൻ ഇവനു കഴിയുന്നില്ലല്ലോ. ഇസ്രായേലിന്റെ രാജാവായ മിശിഹാ കുരിശിൽനിന്ന് ഇറങ്ങിവരട്ടെ. അതു കണ്ടു നമുക്കും അവനിൽ വിശ്വസിക്കാം. ഇവൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട മിശിഹായാണെങ്കിൽ തന്നെത്തന്നെ രക്ഷിക്കട്ടെ. ഇവൻ ദൈവത്തെ ആശ്രയിച്ചിരുന്നല്ലോ. അവിടുന്ന് ഇവനിൽ സംപ്രീതനാണെങ്കിൽ ഇപ്പോൾ ഇവനെ രക്ഷിക്കട്ടെ. താൻ ദൈവപുത്രനാണെന്നല്ലേ ഇവൻ പറഞ്ഞിരുന്നത്?
പ്രസം: പടയാളികളും ഈശോയെ പരിഹസിച്ചിരുന്നു. ചുറുക്കാ കൊടുക്കുവാൻ അടുത്തുചെന്നപ്പോൾ അവർ ഇപ്രകാരം പറഞ്ഞു:
സമൂ: നീ യൂദന്മാരുടെ രാജാവാണെങ്കിൽ നിന്നെത്തന്നെ രക്ഷിക്കുക.
പ്രസം: ഈശോയോടുകൂടെ കുരിശിൽ തറയ്ക്കപ്പെട്ടിരുന്ന കള്ളന്മാർപോലും അവിടുത്തെ നിന്ദിക്കയാണു ചെയ്തത്. അവരിൽ ഒരുവൻ പുച്ഛഭാവത്തിൽ അവിടുത്തോട് ഇങ്ങനെ പറഞ്ഞു:
മറു: നീ മിശിഹായാണെങ്കിൽ നിന്നെത്തന്നെയും ഞങ്ങളെയും രക്ഷിക്കുക.
പ്രസം: അതുകേട്ട മറ്റവൻ അവനെ ശകാരിച്ചു.
മറു: നിനക്കു ദൈവത്തെപ്പോലും ഭയമില്ലയോ? നിനക്കും ആ മനുഷ്യനും ഒരേ ശിക്ഷയല്ലേ ലഭിച്ചിരിക്കുന്നത്? നമ്മുടെ കാര്യം പറഞ്ഞാൽ നാം അതിന് അർഹരാണ്. എന്നാൽ അദ്ദേഹം ഒരു കുറ്റവും ചെയ്തിട്ടില്ല.
പ്രസം: അനന്തരം അവൻ അവിടുത്തോട് ഇങ്ങനെ അപേക്ഷിച്ചു.
മറു: ഈശോയേ, അങ്ങയുടെ രാജ്യത്തിൽ വരുമ്പോൾ എന്നെക്കൂടെ ഓർക്കണമേ.
പ്രസം: അവിടുന്ന് അവനോട് അരുളിച്ചെയ്തു:
ഈശോ: നീ ഇന്ന് എന്നോടുകൂടെ പറുദീസയിലായിരിക്കുമെന്നു നിന്നോടു ഞാൻ വാഗ്ദാനം ചെയ്യുന്നു.
പ്രസം: ഈശോയുടെ കുരിശിനടുത്ത് അവിടുത്തെ അമ്മയും, അമ്മയുടെ സഹോദരിയും, ക്ലെയോഫാസിന്റെ ഭാര്യയായ മറിയവും, മഗ്ദലനമറിയവും നിന്നിരുന്നു. അമ്മയും താൻ സ്നേഹിച്ചിരുന്ന ശിഷ്യനും സമീപത്തു നില്ക്കുന്നതു കണ്ടപ്പോൾ ഈശോ അമ്മയോട് അരുളിച്ചെയ്തു.
ഈശോ: സ്ത്രീ, ഇതാ നിങ്ങളുടെ പുത്രൻ.
പ്രസം: അനന്തരം അവിടുന്ന് ആ ശിഷ്യനോട് അരുളിച്ചെയ്തു
ഈശോ: ഇതാ, നിന്റെ അമ്മ.
പ്രസം: ഉടൻതന്നെ ആ ശിഷ്യൻ അവരെ സ്വീകരിച്ചു.
പ്രസം: സമയം ആറുമണിയായി, പെട്ടെന്നു സൂര്യൻ ഇരുണ്ടുപോയി. ഒൻപതുമണിവരെ നാടുമുഴുൻ അന്ധകാരമായിരുന്നു. ഏകദേശം ഒൻപതുമണിയായപ്പോൾ ഈശോ ഉച്ചത്തിൽ നിലവിളിച്ചു.
ഈശോ: “ഏൽ, ഏൽ, ല്മാ ശബ്ക്ത്താനി': എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ടാണ് അങ്ങ് എന്നെ ഉപേക്ഷിച്ചത്?
പ്രസം: അടുത്തുനിന്നിരുന്നവർ അതുകേട്ട് ഇങ്ങനെപറഞ്ഞു:
മറു: ഇതാ, അവൻ ഏലിയായെ വിളിക്കുന്നു.
പ്രസം: അനന്തരം സമസ്തവും നിറവേറിക്കഴിഞ്ഞുവെന്നു ഗ്രഹിച്ച് വിശുദ്ധ ലിഖിതത്തിന്റെ പൂർത്തീകരണത്തിനായി ഈശോ ഇപ്രകാരം അരുളിച്ചെയ്തു
ഈശോ: എനിക്കു ദാഹിക്കുന്നു.
പ്രസം: ചുറുക്കാ നിറച്ച ഒരു പാത്രം അവിടെയുണ്ടായിരുന്നു. ഉടനെ ഒരാൾ ഓടിച്ചെന്നു നീർപ്പഞ്ഞിയെടുത്തു ചുറുക്കായിൽ മുക്കി ഒരു ഞാങ്കണമേൽ വച്ചു കെട്ടി അവിടുത്തെ അധരത്തോട് അടുപ്പിച്ചു. അതു കണ്ട് മറ്റുള്ളവർ പറഞ്ഞു:
സമൂ: നില്ക്കൂ; ഏലിയാ അവനെ രക്ഷിക്കാൻ വരുമോ എന്നു കാണട്ടെ.
പ്രസം: ഈശോ ചുറുക്കാ രുചിച്ചശേഷം ഇങ്ങനെ അരുളിച്ചെയ്തു
ഈശോ: എല്ലാം പൂർത്തിയായിരിക്കുന്നു.
പ്രസം: അവിടുന്നു വീണ്ടും ഉറക്കെ നിലവിളിച്ചു പറഞ്ഞു.
ഈശോ: പിതാവേ, അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു.
പ്രസം: അനന്തരം അവിടുന്നു തലചായിച്ച് ആത്മാവിനെ സമർപ്പിക്കുകയും ചെയ്തു.
സുവിശേഷ വായന/ പീഡാനുഭവചരിത്ര വായനയ്ക്കു ശേഷം മരമണിയടിക്കുന്നു. എല്ലാവരും മുട്ടുകുത്തിയാരാധിച്ചു താഴെക്കാണുന്ന ഗീതം മൂന്നു പ്രാവശ്യം പാടുന്നു. കാർമ്മികൻ അതിനുശേഷം സ്ലീവായെ / ക്രൂശിതരൂപത്തെ ധൂപിക്കുന്നു.
കുരിശിനാലേ ലോകമൊന്നായ്
വീണ്ടെടുത്തവനേ,
താണു ഞങ്ങൾ വണങ്ങുന്നു
ദിവ്യപാദങ്ങൾ.
പ്രഘോഷണ പ്രാർത്ഥനകൾ (കാറോസൂസ)
ഒന്നാം കാറോസൂസ
(എല്ലാവരും മുട്ടുകുത്തുന്നു.)
ശുശ്രൂ: നമുക്കെല്ലാവർക്കും മുട്ടുകുത്തി അനുതാപത്തോടും ശ്രദ്ധയോടുംകൂടി “ഞങ്ങളുടെമേൽ കരുണയായിരിക്കണമേ.” എന്നപേക്ഷിക്കാം.
സമൂ: ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ
ശുശ്രൂ: അനുതാപത്തിന്റെ വഴിയിലേക്ക് പാപികളെ വിളിക്കാൻ വന്ന മിശിഹായേ,
സമൂ: ഞങ്ങളുടെമേൽ കരുണയായിരിക്കണമേ.
ശുശ്രൂ: തന്റെ മുറിവുകളാൽ ഞങ്ങളുടെ മുറിവുകൾ സുഖമാക്കുകയും തന്റെ മരണത്താൽ മരണത്തിന്മേൽ വിജയം വരിക്കുകയും ചെയ്ത ജീവിക്കുന്നവനായ മിശിഹായേ,
സമൂ: ഞങ്ങളുടെമേൽ കരുണയായിരിക്കണമേ.
ശുശ്രൂ: പീഡാനുഭവത്തിന്റെയും മരണത്തിന്റെയും വേളയിൽ സൂര്യചന്ദ്രന്മാർ മുഖം മറയ്ക്കുന്നതിനും സൃഷ്ടജാലങ്ങൾ വിലപിക്കുന്നതിനും ഇടയാക്കിയ മിശിഹായേ,
സമൂ: ഞങ്ങളുടെമേൽ കരുണയായിരിക്കണമേ.
ശുശ്രൂ: കുരിശുമരണത്താൽ സ്വർഗവാസികളെ സമാശ്വസിപ്പിക്കുകയും തന്നെ ക്രൂശിച്ചവരെപ്പോലും നാശത്തിൽനിന്നു രക്ഷിക്കുകയും ചെയ്ത മിശിഹായേ,
സമൂ: ഞങ്ങളുടെമേൽ കരുണയായിരിക്കണമേ.
ശുശ്രൂ: മരണശേഷം പാതാളത്തിലിറങ്ങി അവിടെയുണ്ടായിരുന്നവർക്ക് പ്രത്യാശയുടെ സുവിശേഷം നല്കിയ മിശിഹായേ,
സമൂ: ഞങ്ങളുടെമേൽ കരുണയായിരിക്കണമേ.
ശുശ്രൂ: മരണത്താൽ വിശുദ്ധരുടെ കല്ലറകൾ തുറക്കുകയും അവർക്ക് പുനർജ്ജീവൻ നല്കുകയും അതുവഴി തന്നെ ക്രൂശിച്ചവരെ ലജ്ജിതരാക്കുകയും ചെയ്ത മിശിഹായേ,
സമൂ: ഞങ്ങളുടെമേൽ കരുണയായിരിക്കണമേ.
ശുശ്രൂ: ഗാഗുൽത്താമലയിലെ തന്റെ സമർപ്പണം വഴി ഞങ്ങളുടെ കടങ്ങൾക്കു പരിഹാരം ചെയ്ത മിശിഹായേ,
സമൂ: ഞങ്ങളുടെമേൽ കരുണയായിരിക്കണമേ.
ശുശ്രൂ: കുരിശിലെ സഹനവേളയിൽ മനുഷ്യവംശത്തിന്റെ രക്ഷയ്ക്കും നവീകരണത്തിനുമായി കയ്പുനീരു രുചിച്ച മിശിഹായേ,
സമൂ: ഞങ്ങളുടെമേൽ കരുണയായിരിക്കണമേ.
ശുശ്രൂ: തന്റെ ആടുകൾക്കായി സ്വയം ബലിയർപ്പിക്കുകയും രക്തത്താൽ അവരെ വീണ്ടെടുത്ത് ദുഷ്ടരിൽനിന്നു രക്ഷിക്കുകയും ചെയ്ത നല്ലിടയനും കർത്താവുമായ മിശിഹായേ,
സമൂ: ഞങ്ങളുടെമേൽ കരുണയായിരിക്കണമേ.
ശുശ്രൂ: എല്ലാറ്റിനെയും കൃപാപൂർവം ഭരിക്കുന്ന കാരുണ്യവാനായ ദൈവമേ,
സമൂ: ഞങ്ങളുടെമേൽ കരുണയായിരിക്കണമേ.
ശുശ്രൂ: സ്വർഗവാസികളാൽ സ്തുതിക്കപ്പെടുന്നവനും ഭൂവാസികളാൽ സത്യത്തിലും ആത്മാവിലും ആരാധിക്കപ്പെടുന്നവനുമായ ദൈവമേ,
സമൂ: ഞങ്ങളുടെമേൽ കരുണയായിരിക്കണമേ.
ശുശ്രൂ: ഞങ്ങളുടെ രക്ഷകനായ മിശിഹായേ, നിന്റെ സഭയെ വഞ്ചനയിൽനിന്നു രക്ഷിക്കുകയും നിന്റെ ആരാധകരിൽനിന്ന് പാപങ്ങളുടെയും കടങ്ങളുടെയും ഭാരം നീക്കിക്കളയുകയും വിവിധ സഭാസമൂഹങ്ങളിൽ നിന്റെ ദാസർക്ക് സമാധാനവും സന്തോഷവും നല്കുകയും മനുഷ്യവംശത്തോടു കരുണ കാണിക്കുകയും ചെയ്യണമേ.
സമൂ: ആമ്മേൻ.
രണ്ടാം കാറോസൂസ
ശുശ്രൂ: നമ്മുടെ പ്രാർത്ഥനകളും യാചനകളും കേട്ട് കരുണാപൂർവ്വം അവയ്ക്ക് ഉത്തരമരുളുന്നതിനായി സകലത്തിന്റെയും നാഥനായ ദൈവത്തോട് വിനയപൂർവം നമുക്കു പ്രാർത്ഥിക്കാം.
സമൂ: ആമ്മേൻ.
ശുശ്രൂ: തന്റെ കൃപാകടാക്ഷത്താൽ പരിശുദ്ധ കത്തോലിക്കാസഭയെ പൂർണ്ണയും സന്തുഷ്ടയുമായി പരിപാലിക്കുന്നതിനുവേണ്ടി സകലത്തിന്റെയും നാഥനായ ദൈവത്തോട് നമുക്കു പ്രാർത്ഥിക്കാം.
സമൂ: ആമ്മേൻ.
ശുശ്രൂ: മേഘസ്തംഭത്തിന്റെ തണലിൽ തിരുസ്സഭയെ സംരക്ഷിക്കുന്നതിനും വചനത്തിന്റെ പ്രകാശത്താൽ അവളെ തേജോപൂർണ്ണയാക്കുന്നതിനും സകലത്തിന്റെയും നാഥനായ ദൈവത്തോട് നമുക്ക് പ്രാർത്ഥിക്കാം.
സമൂ: ആമ്മേൻ.
ശുശ്രൂ: മോശയെപ്പോലെ നയിക്കുന്നതിനും അഹറോനെപ്പോലെ പുരോഹിതശുശ്രൂഷ ചെയ്യുന്നതിനും പത്രോസിനെപ്പോലെ അജപാലനം നിർവ്വഹിക്കുന്നതിനും സഭ മുഴുവന്റെയും തലവനായ മാർ (പേര്) പാപ്പായ്ക്കും/ ഞങ്ങളുടെ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ (പേര്) മെത്രാപ്പോലീത്തായ്ക്കും / ഞങ്ങളുടെ അതിരൂപതാധ്യക്ഷനായ മാർ (പേര്) മെത്രാപ്പോലീത്തായ്ക്കും/ ഞങ്ങളുടെ പിതാവും മേലധ്യക്ഷനുമായ മാർ (പേര്) മെത്രാനും / അവരുടെ സഹപ്രവർത്തകർക്കും വേണ്ടി സകലത്തിന്റെയും നാഥനായ ദൈവത്തോട് നമുക്കു പ്രാർത്ഥിക്കാം.
സമൂ: ആമ്മേൻ.
ശുശ്രൂ: നമ്മുടെ പിതാക്കന്മാരും ഇടയന്മാരുമായ മെത്രാന്മാർ തങ്ങളുടെ വചനത്താലും പ്രവൃത്തിയാലും അജഗണങ്ങളെ നയിക്കുന്നതിനും ശത്രുക്കളിൽനിന്ന് അവരെ രക്ഷിക്കുന്നതിനുംവേണ്ടി സകലത്തിന്റെയും നാഥനായ ദൈവത്തോട് നമുക്ക് പ്രാർത്ഥിക്കാം.
സമൂ: ആമ്മേൻ.
ശുശ്രൂ: സഭാശുശ്രൂഷയിലൂടെ ലോകത്തിന്റെ വിശുദ്ധീകരണത്തിനായി നിയോഗിക്കപ്പെട്ടിരിക്കുന്ന വൈദികർ, ദൈവജനത്തെ സത്യത്തിന്റെ മാർഗ്ഗത്തിലൂടെ നയിച്ച്, അവരെ ലോകത്തിന്റെ പ്രകാശവും ഭൂമിയുടെ ഉപ്പുമാക്കിത്തീർക്കുവാൻ സകലത്തിന്റെയും നാഥനായ ദൈവത്തോടു നമുക്ക് പ്രാർത്ഥിക്കാം.
സമൂ: ആമ്മേൻ.
ശുശ്രൂ: സഭയിൽ ശുശ്രൂഷകരായി മുദ്രിതരാക്കപ്പെട്ടിരിക്കുന്ന മ്ശംശാനമാർ, മാലാഖമാരെപ്പോലെ പരിപൂർണ്ണതയോടെ മദ്ബഹായിൽ ശുശ്രൂഷിക്കുന്നതിനും സുവിശേഷ ചൈതന്യത്താൽ നിറഞ്ഞ് നല്ലവനായ ദൈവത്തിന്റെ തിരുവിഷ്ടമനുസരിച്ച് തങ്ങളുടെ കടമകൾ നിർവ്വഹിക്കുന്നതിനും സകലത്തിന്റെയും നാഥനായ ദൈവത്തോട് നമുക്ക് പ്രാർത്ഥിക്കാം.
സമൂ: ആമ്മേൻ.
ശുശ്രൂ: സഭാശരീരത്തിന്റെ വളർച്ചയ്ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന ഹെവ്പ്പദ്യാക്ക്നമാരും കാറോയമാരും അറിവിലും സ്നേഹത്തിലും വളർന്ന് അവരുടെ ശുശ്രൂഷ ഫലപ്രദമായി നിർവ്വഹിക്കുവാനുള്ള അനുഗ്രഹത്തിനായി സകലത്തിന്റെയും നാഥനായ ദൈവത്തോട് നമുക്ക് പ്രാർത്ഥിക്കാം.
സമൂ: ആമ്മേൻ.
ശുശ്രൂ: വിശുദ്ധിയുടെ അടയാളവും ദൈവജനത്തിന്റെ സ്വർഗ്ഗോന്മുഖമായ തീർത്ഥാടനത്തിന് മാർഗ്ഗദീപങ്ങളുമായി ഈ ലോകത്തിൽ ജീവിക്കുവാൻ പ്രത്യേകമായി വിളിക്കപ്പെട്ട സമർപ്പിതർ, അവരുടെ ജീവിതം വഴി ദൈവസ്നേഹത്തിന്റെ സാക്ഷികളായി വ്യാപരിക്കാൻ അനുഗ്രഹിക്കണമെന്ന് സകലത്തിന്റെയും നാഥനായ ദൈവത്തോട് നമുക്ക് പ്രാർത്ഥിക്കാം.
സമൂ: ആമ്മേൻ.
ശുശ്രൂ: അല്മായർ തിരുക്കുടുംബത്തിന്റെ മാതൃകയിൽ വിശുദ്ധജീവിതം നയിച്ച് സഭാമാതാവിന്റെ നല്ല മക്കളായി വളരുവാനും, കുടുംബം സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ഉറവിടമായിത്തീരുവാനും, കുടുംബങ്ങളിൽനിന്ന് തീക്ഷ്ണതയുള്ള ധാരാളം പ്രേഷിതരുണ്ടാകുവാനും സകലത്തിന്റെയും നാഥനായ ദൈവത്തോട് നമുക്ക് പ്രാർത്ഥിക്കാം.
സമൂ: ആമ്മേൻ.
ശുശ്രൂ: ദൈവപുത്രനായ മിശിഹായുടെ മാതാവും ഭാഗ്യവതിയും നിത്യകന്യകയുമായ പരിശുദ്ധ മറിയത്തിൽ ആവസിച്ച അത്യുന്നതന്റെ ശക്തി നമ്മെയും പവിത്രീകരിക്കുന്നതിനും വിശുദ്ധർക്കുള്ള സമ്മാനത്തിന് നാമും അർഹരായിത്തീരുന്നതിനുമായി സകലത്തിന്റെയും നാഥനായ ദൈവത്തോട് നമുക്കു പ്രാർത്ഥിക്കാം.
സമൂ: ആമ്മേൻ.
ശുശ്രൂ: വിശുദ്ധരും പ്രവാചകരും ശ്ലീഹന്മാരും രക്തസാക്ഷികളും വന്ദകരുമായ എല്ലാവരുടെയും മാധ്യസ്ഥ്യം നമുക്കുണ്ടാകുന്നതിനും അവരോടൊത്ത് സ്വർഗ്ഗരാജ്യത്തിൽ നാമും മഹത്ത്വപ്പെടുന്നതിനുമായി സകലത്തിന്റെയും നാഥനായ ദൈവത്തോട് നമുക്ക് പ്രാർത്ഥിക്കാം.
സമൂ: ആമ്മേൻ.
ശുശ്രൂ: നമ്മുടെ പരിശുദ്ധ സഭാപിതാക്കന്മാരെയും സത്യപ്രബോധകന്മാരായ മല്പാന്മാരെയും പുരോഹിതന്മാരെയും നമ്മുടെ സമൂഹത്തിലുള്ള വിശുദ്ധരായ എല്ലാവരെയും ദൈവസന്നിധിയിൽ അനുസ്മരിച്ച് അവർ സാക്ഷ്യം വഹിക്കുന്ന സത്യവിശ്വാസം ലോകത്തിൽ നിലനില്ക്കുന്നതിന് സകലത്തിന്റെയും നാഥനായ ദൈവത്തോട് നമുക്ക് പ്രാർത്ഥിക്കാം.
സമൂ: ആമ്മേൻ.
ശുശ്രൂ: ഈ ലോകത്തിലെ വിധിയാളന്മാർ സത്യം തിരിച്ചറിയുന്നതിനും പ്രലോഭനങ്ങൾക്കു വഴിപ്പെടാതെയും മുഖം നോക്കാതെയും നീതി നടത്തുന്നതിനും സകലത്തിന്റെയും നാഥനായ ദൈവത്തോട് നമുക്ക് പ്രാർത്ഥിക്കാം.
സമൂ: ആമ്മേൻ.
ശുശ്രൂ: ധനികർ സമ്പത്തിലാശ്രയിക്കാതെ ദൈവത്തിലാശ്രയിച്ചുകൊണ്ട് തങ്ങളെ ഭരമേല്പിച്ചിരിക്കുന്ന സമ്പത്ത് ദരിദ്രരുമായി പങ്കുവച്ചുജീവിക്കുന്നതിനുള്ള സന്മനസ്സ് അവർക്കു നല്കണമെന്ന് സകലത്തിന്റെയും നാഥനായ ദൈവത്തോട് നമുക്കു പ്രാർത്ഥിക്കാം.
സമൂ: ആമ്മേൻ.
ശുശ്രൂ: വിശക്കുന്നവർക്ക് ഭക്ഷണവും പീഡിതർക്ക് ആശ്വാസവും രോഗികൾക്ക് സൗഖ്യവും നിരാലംബർക്ക് ആശ്രയവും ലഭിക്കുന്നതിന് സകലത്തിന്റെയും നാഥനായ ദൈവത്തോട് നമുക്ക് പ്രാർത്ഥിക്കാം.
സമൂ: ആമ്മേൻ.
ശുശ്രൂ: ബന്ധിതർ മോചനം പ്രാപിച്ച് ദൈവമക്കളുടെ സ്വാതന്ത്ര്യത്തിൽ വ്യാപരിക്കുന്നതിനുവേണ്ടി സകലത്തിന്റെയും നാഥനായ ദൈവത്തോട് നമുക്കു പ്രാർത്ഥിക്കാം.
സമൂ: ആമ്മേൻ.
ശുശ്രൂ: പരിശുദ്ധസഭയുടെ സന്താനങ്ങൾ, പ്രത്യേകിച്ച് നമ്മുടെ ഈ സമൂഹം, ദുഷ്ടാരൂപിയിൽനിന്നു സംരക്ഷിക്കപ്പെടുന്നതിന് സകലത്തിന്റെയും നാഥനായ ദൈവത്തോട് നമുക്ക് പ്രാർത്ഥിക്കാം.
സമൂ: ആമ്മേൻ.
ശുശ്രൂ: നല്ല കാലാവസ്ഥ നിലനില്ക്കുന്നതിനും ഉറവകൾ സമൃദ്ധമായി ജലം പുറപ്പെടുവിക്കുന്നതിനും വൃക്ഷങ്ങളും സസ്യങ്ങളും ഫലമൂലാദികൾ ധാരാളമായി നല്കുന്നതിനും സകലത്തിന്റെയും നാഥനായ ദൈവത്തോട് നമുക്കു പ്രാർത്ഥിക്കാം.
സമൂ: ആമ്മേൻ.
ശുശ്രൂ: സകലത്തിന്റെയും നാഥനായ പിതാവും അവിടുത്തെ ഏകജാതനായ കർത്താവീശോമിശിഹായും ജീവിക്കുന്ന പരിശുദ്ധാത്മാവുമായ ത്രിത്വൈകദൈവത്തെ നാം ഏറ്റുപറയുകയും ആരാധിക്കുകയും ചെയ്യുക യുക്തമാകുന്നു. നമ്മുടെ രക്ഷ പൂർത്തിയാക്കിയ അവിടുന്ന് നമ്മെ അനുഗ്രഹിക്കുന്നതിനും അവിടുത്തെ രാജ്യത്തിൽ നാം പങ്കുകാരാകുന്നതിനും സകലത്തിന്റെയും നാഥനായ ദൈവത്തോട് നമുക്കു പ്രാർത്ഥിക്കാം.
സമൂ: ആമ്മേൻ.
ശുശ്രൂ: നമുക്കെല്ലാവർക്കും എഴുന്നേറ്റുനിന്ന് പ്രാർത്ഥിക്കാം.
മൂന്നാം കാറോസൂസ
ശുശ്രൂ: സമാധാനത്തിന്റെയും അനുഗ്രഹത്തിന്റെയും മാലാഖയെ അയയ്ക്കണമെന്ന് വിനയപൂർവ്വം ഞങ്ങൾ യാചിക്കുന്നു.
സമൂ: കർത്താവേ, അങ്ങയോടു ഞങ്ങൾ യാചിക്കുന്നു.
ശുശ്രൂ: ഞങ്ങളുടെ ആയുസ്സിലെ എല്ലാ ദിവസവും, രാവും പകലും, ഞങ്ങൾക്കു പാപരഹിതമായ ജീവിതവും അങ്ങയുടെ സഭയ്ക്ക് ശാശ്വതമായ സമാധാനവും ഞങ്ങൾ യാചിക്കുന്നു.
സമൂ: കർത്താവേ, അങ്ങയോടു ഞങ്ങൾ യാചിക്കുന്നു.
ശുശ്രൂ: പരിശുദ്ധാത്മാവിന്റെ നിറവിലൂടെ ലഭിക്കുന്ന പരിപൂർണ്ണസ്നേഹത്തിന്റെ ഐക്യം ഞങ്ങൾ യാചിക്കുന്നു.
സമൂ: കർത്താവേ, അങ്ങയോടു ഞങ്ങൾ യാചിക്കുന്നു.
ശുശ്രൂ: പാപമോചനവും ഞങ്ങളുടെ ജീവിതത്തിന് ആവശ്യമായ ദൈവികദാനങ്ങളും ഞങ്ങൾ യാചിക്കുന്നു.
സമൂ: കർത്താവേ, അങ്ങയോടു ഞങ്ങൾ യാചിക്കുന്നു.
ശുശ്രൂ: നേതാക്കന്മാർക്ക് വിവേകവും ന്യായാധിപന്മാർക്ക് നീതിബോധവും ഭരണാധിപന്മാർക്ക് ആത്മാർത്ഥതയും ലോകത്തിനു സമാധാനവും ഞങ്ങൾ യാചിക്കുന്നു.
സമൂ: കർത്താവേ, അങ്ങയോടു ഞങ്ങൾ യാചിക്കുന്നു.
ശുശ്രൂ: അങ്ങയുടെ അനുഗ്രഹവും കൃപയും എന്നും അങ്ങയുടെ സഭയ്ക്ക് നല്കണമെന്ന് ഞങ്ങൾ യാചിക്കുന്നു.
സമൂ: കർത്താവേ, അങ്ങയോടു ഞങ്ങൾ യാചിക്കുന്നു.
ശുശ്രൂ: നമുക്കെല്ലാവർക്കും നമ്മെയും നാമോരോരുത്തരെയും പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സമർപ്പിക്കാം.
സമൂ: ഞങ്ങളുടെ ദൈവമായ കർത്താവേ, അങ്ങേക്കു ഞങ്ങൾ സമർപ്പിക്കുന്നു.
ശുശ്രൂ: നമുക്ക് പ്രാർത്ഥിക്കാം. സമാധാനം നമ്മോടുകൂടെ
കാർമ്മി: കർത്താവേ, ബലവാനായ ദൈവമേ, അങ്ങയോടു ഞങ്ങൾ വിനയപൂർവ്വം പ്രാർത്ഥിക്കുന്നു. അങ്ങയുടെ കൃപാവരം ഞങ്ങളിൽ നിറയ്ക്കണമേ. ഞങ്ങളുടെ രക്ഷകനായ ഈശോമിശിഹായുടെ സഹനജീവിതത്തോടു യോജിച്ചുകൊണ്ട് ക്ലേശങ്ങളും പീഡകളും സന്തോഷത്തോടെ സഹിക്കുന്നതിനും അങ്ങയുടെ ബലിജീവിതം തുടരുന്നതിനും ഞങ്ങളെ ശക്തരാക്കണമേ. യഥാർത്ഥമായ പ്രാർത്ഥനാചൈതന്യവും സഹോദരസ്നേഹവും ആത്മപരിത്യാഗവും പുലർത്തിക്കൊണ്ട് ഞങ്ങളുടെ ജീവിതം മുഴുവൻ ഫലദായകമാക്കുവാൻ ഞങ്ങളെ സഹായിക്കുകയും ചെയ്യണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും.
സമൂ: ആമ്മേൻ.
ദിവ്യകാരുണ്യസ്വീകരണശുശ്രൂഷ
കാർമ്മി: നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നാമെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ. ഇപ്പോഴും എപ്പോഴും+ എന്നേക്കും.
സമൂ: ആമ്മേൻ.
ശുശ്രൂ: നമ്മുടെ രക്ഷകന്റെ അമൂല്യമായ ശരീരരക്തങ്ങളുടെ രഹസ്യങ്ങളെ നമുക്കെല്ലാവർക്കും ഭക്ത്യാദരങ്ങളോടെ സമീപിക്കാം.
നിർമ്മലഹൃദയത്തോടും സത്യവിശ്വാസത്തോടുംകൂടെ അവിടുത്തെ പീഡാനുഭവത്തെ സ്മരിക്കുകയും ഉത്ഥാനത്തെപ്പറ്റി ധ്യാനിക്കുകയും ചെയ്യാം. നമുക്കുവേണ്ടി ദൈവത്തിന്റെ പ്രിയപുത്രൻ മർത്യമായ ശരീരവും അമർത്യവും ധൈഷണികവുമായ ആത്മാവും സ്വീകരിച്ചു മനുഷ്യനായി. അവിടുന്നു തന്റെ ജീവദായകമായ നിയമങ്ങളും വിശുദ്ധമായ കല്പനകളും വഴി നമ്മെ തെറ്റിൽനിന്ന് അകറ്റി സത്യത്തിന്റെ അറിവിലേക്ക് നയിച്ചു. മനുഷ്യവംശത്തിന്റെ ആദ്യഫലമായ അവിടുന്ന് നമുക്കുവേണ്ടിയുള്ള തന്റെ പരിത്രാണപ്രവർത്തനങ്ങളുടെ അന്ത്യത്തിൽ പീഡകൾ സഹിച്ച് കുരിശിൽ മരിക്കുകയും ഉയിർത്തെഴുന്നേൽക്കുകയും സ്വർഗ്ഗത്തിലേക്ക് എഴുന്നള്ളുകയും ചെയ്തു. ഈ കൃപ നാം അനുസ്മരിക്കുവാൻ വേണ്ടി അവിടുന്നു വിശുദ്ധരഹസ്യങ്ങൾ നമുക്കു നല്കി. പൂർണ്ണഹൃദയത്തോടും വിനീത മനസ്സോടുംകൂടെ നമുക്കു നിത്യജീവന്റെ ദാനം സ്വീകരിക്കാം. നിഷ്കളങ്കമായ പ്രാർത്ഥനയോടും അഗാധമായ മനസ്താപത്തോടുംകൂടെ സഭയുടെ ദിവ്യരഹസ്യങ്ങളിൽ പങ്കുകൊള്ളാം.
അനുതാപത്തിൽനിന്നുളവാകുന്ന ശരണത്തോടെ അപരാധങ്ങളിൽനിന്നു പിന്തിരിഞ്ഞു കൊണ്ടും പാപങ്ങളെക്കുറിച്ചു പശ്ചാത്തപിച്ചുകൊണ്ടും സഹോദരരുടെ തെറ്റുകൾ ക്ഷമിച്ചുകൊണ്ടും നമുക്കു സകലത്തിന്റെയും നാഥനായ ദൈവത്തോട് കൃപയും പാപമോചനവും യാചിക്കുകയും ചെയ്യാം.
സമൂ: കർത്താവേ, അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.
ശുശ്രൂ: ഭിന്നതകളും കലഹങ്ങളും വെടിഞ്ഞ് നമ്മുടെ മനസ്സാക്ഷിയെ ശുദ്ധീകരിക്കാം.
സമൂ: കർത്താവേ, അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.
ശുശ്രൂ: ശത്രുതയിലും വിദ്വേഷത്തിലും നിന്നു നമ്മുടെ ആത്മാക്കളെ വിമുക്തമാക്കാം.
സമൂ: കർത്താവേ, അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.
ശുശ്രൂ: വിശുദ്ധ കുർബാന സ്വീകരിക്കുകയും പരിശുദ്ധാത്മാവിനാൽ പവിത്രീകരിക്കപ്പെടുകയും ചെയ്യാം.
സമൂ: കർത്താവേ, അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.
ശുശ്രൂ: യോജിപ്പോടും ഐക്യത്തോടും കൂടെ ദിവ്യരഹസ്യങ്ങളിൽ പങ്കുകൊള്ളാം.
സമൂ: കർത്താവേ, അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.
ശുശ്രൂ: കർത്താവേ, ഇവ ഞങ്ങളുടെ ഞങ്ങളുടെ ശരീരങ്ങളുടെ ഉയിർപ്പിനും ആത്മാക്കളുടെ രക്ഷയ്ക്കും കാരണമാകട്ടെ.
സമൂ: നിത്യജീവനും കാരണമാകട്ടെ എന്നേക്കും ആമ്മേൻ.
ശുശ്രൂ: നമുക്കു പ്രാർത്ഥിക്കാം. സമാധാനം നമ്മോടുകൂടെ,
കാർമ്മി: കർത്താവായ ദൈവമേ, അങ്ങയുടെ ദാസന്മാരുടെ പാപങ്ങളും അപരാധങ്ങളും കാരുണ്യപൂർവം ക്ഷമിക്കണമേ. മഹോന്നതദൈവമായ അങ്ങയെ സ്വർഗരാജ്യത്തിൽ സകല വിശുദ്ധരോടുമൊന്നിച്ച് സ്തുതിക്കുവാൻ ഞങ്ങളുടെ അധരങ്ങളെ പവിത്രീകരിക്കുകയും ചെയ്യണമേ.
കാർമ്മി: കർത്താവായ ദൈവമേ, കാരുണ്യപൂർവ്വം അങ്ങു ഞങ്ങൾക്കു നല്കിയ മനോവിശ്വാസത്തോടെ അങ്ങയുടെ സന്നിധിയിൽ എപ്പോഴും നിർമ്മലഹൃദയരും പ്രസന്നവദനരും നിഷ്ക്കളങ്കരുമായി വ്യാപരിക്കുവാൻ ഞങ്ങളെ യോഗ്യരാക്കണമേ, ഞങ്ങളെല്ലാവരും ഒന്നുചേർന്ന് അങ്ങയെ വിളിച്ച് ഇപ്രകാരം അപേക്ഷിക്കുന്നു.
കാർമ്മി: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, (സമൂഹവും ചേർന്ന്) അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സു സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ. ഞങ്ങൾക്ക് ആവശ്യകമായ ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ. ദുഷ്ടാരൂപിയിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ, രാജ്യവും ശക്തിയും മഹത്ത്വവും എന്നേക്കും അങ്ങയുടേതാകുന്നു. ആമ്മേൻ.
കാർമ്മി: കർത്താവേ, ശക്തനായ സർവ്വേശ്വരാ, നല്ലവനായ ദൈവമേ, കൃപാപൂർണ്ണനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ കാരുണ്യം ഞങ്ങൾ കേണപേക്ഷിക്കുന്നു. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ. ദുഷ്ടാരൂപിയിൽ നിന്നും അവന്റെ സൈന്യങ്ങളിൽനിന്നും ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടന്നാൽ സ്വർഗത്തിലും ഭൂമിയിലും രാജ്യവും ശക്തിയും പ്രാബല്യവും അധികാരവും അങ്ങയുടേതാകുന്നു. ഇപ്പോഴും എപ്പോഴും+ എന്നേക്കും. (കാർമ്മികൻ തന്റെ മേൽത്തന്നെ കുരിശു വയ്ക്കുന്നു.)
സമൂ: ആമ്മേൻ.
കാർമ്മി: സമാധാനം നിങ്ങളോടുകൂടെ
സമൂ: അങ്ങയോടും അങ്ങയുടെ ആത്മാവോടുംകൂടെ
കാർമ്മി: വിശുദ്ധ കുർബാന വിശുദ്ധ ജനത്തിനുള്ളതാകുന്നു.
സമൂ: ഏകപിതാവ് പരിശുദ്ധനാകുന്നു. ഏകപുത്രൻ പരിശുദ്ധനാകുന്നു. ഏകറൂഹാ പരിശുദ്ധനാകുന്നു. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും എന്നേക്കും സ്തുതി. ആമ്മേൻ.
ശുശ്രൂ: ജീവിക്കുന്ന ദൈവത്തെ നിങ്ങൾ പ്രകീർത്തിക്കുവിൻ.
സമൂ: സഭയിൽ അവിടുത്തേക്ക് സ്തുതിയുണ്ടായിരിക്കട്ടെ. എല്ലാ നിമിഷവും എല്ലാ സമയവും അവിടുത്തെ കൃപയും കാരുണ്യവും നമ്മുടെമേൽ ഉണ്ടായിരിക്കട്ടെ .
കാർമ്മി: (തിരുശ്ശരീരം കരങ്ങളിൽ എടുത്തുകൊണ്ട്) കർത്താവായ മിശിഹായേ, ഞാൻ അയോഗ്യനെങ്കിലും നിന്റെ അനുഗ്രഹത്തിന്റെ നിക്ഷേപം ഇതാ എന്റെ കരങ്ങളിൽ. നിന്റെ കാരുണ്യത്താൽ ദാനമായി ഞാൻ സ്വീകരിക്കുന്ന ഭയഭക്തിജനകമായ ഈ രഹസ്യത്തിന്റെ ശക്തിവിശേഷം എന്നിൽ പ്രകടമാക്കണമേ.
കാർമ്മി: നമ്മുടെ കർത്താവീശോമിശിഹായുടെ കൃപാവരം അവിടുത്തെ കാരുണ്യത്താൽ നാമെല്ലാവരിലും+ സമ്പൂർണ്ണമാകട്ടെ.
സമൂ: എപ്പോഴും എന്നേക്കും, ആമ്മേൻ.
ശുശ്രൂ: സഹോദരരേ, സ്വർഗ്ഗരാജ്യത്തിലുള്ള വിശ്വാസത്തോടും പ്രത്യാശയോടുകൂടെ ഈ ദിവ്യരഹസ്യങ്ങളെ നമുക്ക് സമീപിക്കാം. ഇവ നമ്മുടെ കടങ്ങളുടെ പൊറുതിക്കും നിത്യജീവനും കാരണമാകട്ടെ.
ദൈവസൂനോ, ലോകനാഥാ,
കുരിശിനാൽ മർത്യനെ വീണ്ടെടുത്തു നീ,
നവ്യരാജ്യം ചേർന്നിടുമ്പോൾ
കനിവിയന്നു ഞങ്ങളേയുമോർത്തിടേണമേ.
ദൈവസൂനോ,
നിൻ പ്രീതിമാത്രം ലക്ഷ്യമാക്കി
നിൻദിവ്യമാർഗ്ഗം പിന്തുടർന്നിടാൻ
ആശയോടെ, മോദമോടെ
ഞങ്ങൾ നിൻവരങ്ങൾ തേടി വന്നിടുന്നു.
ദൈവസൂനോ,
പാരിലെന്നുമങ്ങേ ശിഷ്യരാകുവാൻ
ദിവ്യദൗത്യമെന്നും ഭൂവിനേകുവാൻ
ആശയോടെ, മോദമോടെ
ഞങ്ങൾ നിൻവരങ്ങൾ തേടി വന്നിടുന്നു.
ദൈവസൂനോ......
വി. യോഹന്നാൻ അറിയിച്ച നമ്മുടെ കർത്താവീശോമിശിഹായുടെ പരിശുദ്ധ സുവിശേഷം (19:31-42)
അത് സാബത്തിനുള്ള ഒരുക്കത്തിന്റെ ദിവസമായിരുന്നു. ആ സാബത്ത് ഒരു വലിയ ദിവസമായിരുന്നു. സാബത്തിൽ ശരീരങ്ങൾ കുരിശിൽ കിടക്കാതിരിക്കാൻവേണ്ടി അവരുടെ കാലുകൾ തകർക്കാനും അവരെ നീക്കം ചെയ്യാനും യഹൂദർ പീലാത്തോസിനോട് ആവശ്യപ്പെട്ടു. അതിനാൽ പടയാളികൾ വന്ന് അവനോടുകൂടെ ക്രൂശിക്കപ്പെട്ടിരുന്ന രണ്ടുപേരുടെയും കാലുകൾ തകർത്തു. അവർ യേശുവിനെ സമീപിച്ചപ്പോൾ അവൻ മരിച്ചുകഴിഞ്ഞു എന്നു കാണുകയാൽ അവൻ്റെ കാലുകൾ തകർത്തില്ല. എന്നാൽ, പടയാളികളിലൊരുവൻ അവന്റെ പാർശ്വത്തിൽ കുന്തംകൊണ്ടു കുത്തി. ഉടനെ അതിൽ നിന്നു രക്തവും വെള്ളവും പുറപ്പെട്ടു. അതു കണ്ടയാൾതന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അവൻ്റെ സാക്ഷ്യം സത്യവുമാണ്. നിങ്ങളും വിശ്വസിക്കേണ്ടതിനു താൻ സത്യമാണു പറയുന്നതെന്ന് അവൻ അറിയുകയും ചെയ്യുന്നു. അവന്റെ അസ്ഥികളിൽ ഒന്നുപോലും തകർക്കപ്പെടുകയില്ല എന്ന തിരുവെഴുത്തു പൂർത്തിയാകാൻ വേണ്ടിയാണ് ഇതു സംഭവിച്ചത്. മറ്റൊരു തിരുവെഴുത്തു പറയുന്നു: തങ്ങൾ കുത്തി മുറിവേല്പിച്ചവനെ അവർ നോക്കിനിൽക്കും.
യഹൂദരോടുള്ള ഭയം നിമിത്തം യേശുവിന്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്ന അരിമത്തിയാക്കാരൻ ജോസഫ് യേശുവിന്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി. അവൻ വന്ന് ശരീരം എടുത്തു മാറ്റി. യേശുവിനെ ആദ്യം രാത്രിയിൽ ചെന്നുകണ്ട നിക്കോദേമോസും അവിടെയെത്തി. മീറയും ചെന്നിനായകവും ചേർന്ന ഏകദേശം നൂറു റാത്തൽ സുഗന്ധദ്രവ്യവും അവൻ കൊണ്ടു വന്നിട്ടുണ്ടായിരുന്നു. അവർ യേശുവിന്റെ ശരീരമെടുത്തു യഹൂദരുടെ ശവസംസ്കാര രീതിയനുസരിച്ചു സുഗന്ധദ്രവ്യങ്ങളോടു കൂടെ കച്ചയിൽ പൊതിഞ്ഞു. അവൻ ക്രൂശിക്കപ്പെട്ട സ്ഥലത്ത് ഒരു തോട്ടം ഉണ്ടായിരുന്നു. ആ തോട്ടത്തിൽ അതുവരെ ആരെയും സംസ്കരിച്ചിട്ടില്ലാത്ത ഒരു പുതിയ കല്ലറയും ഉണ്ടായിരുന്നു. യഹൂദരുടെ ഒരുക്കത്തിന്റെ ദിനമായിരുന്നതിനാലും കല്ലറ സമീപത്തായിരുന്നതിനാലും അവർ യേശുവിനെ അവിടെ സംസ്കരിച്ചു.
സമൂ: നമ്മുടെ കർത്താവായ മിശിഹായ്ക്കു സ്തുതി.
പ്രദക്ഷിണഗീതം
'ഞാനെൻ പിതാവിന്റെ പക്കൽ
പോകുന്നിതാ, യാത്ര ചൊൽവൂ'
സ്വർല്ലോകനാഥൻ മൊഴിഞ്ഞു
സന്താപമെങ്ങും നിറഞ്ഞു. ഞാനെൻ........
'അസ്വസ്ഥരാകേണ്ട നിങ്ങൾ
വിശ്വാസദീപം തെളിപ്പിൻ
ഒട്ടേറെയുണ്ടെൻ പിതാവിൻ
ഗേഹത്തു പുമന്ദിരങ്ങൾ.' ഞാനെൻ...
'നിങ്ങൾക്കിടം ചെന്നൊരുക്കാൻ
പോകുന്നു ഞാനങ്ങു വിണ്ണിൽ
വീണ്ടും വരും ഞാനൊരിക്കൽ
നിങ്ങളെപ്പൂവിണ്ണിലേറ്റാൻ.' ഞാനെൻ......
'ഞാനാണ് നിങ്ങൾക്കു മാർഗ്ഗം
നേരായ കൈവല്യമാർഗ്ഗം
ഞാനാണ് നിങ്ങൾക്കു ജീവൻ
ഞാനാണ് നിങ്ങൾക്കു സത്യം.' ഞാനെൻ...
'മറ്റുള്ള മാർഗ്ഗങ്ങളൊന്നും
സ്വർഗ്ഗത്തു ചെന്നെത്തുകില്ല.
ഞാനാണ് നിങ്ങൾക്കു മാർഗ്ഗം
നേരായ കൈവല്യമാർഗ്ഗം.' ഞാനെൻ...
'കാണില്ലൊരല്പം കഴിഞ്ഞാൽ
കാണില്ല വീണ്ടെന്നെ ലോകം
നിങ്ങളോ കണ്ടിടും; നമ്മൾ
ജീവിച്ചിരിക്കുന്നുവല്ലോ.' ഞാനെൻ...
'പെട്ടെന്നനാഥരായ് ഭൂവിൽ
നിങ്ങളെ ഞാൻ കൈവിടില്ല.
വീണ്ടും വരുന്നിതാ, വീണ്ടും
നിങ്ങളെക്കാണാൻ വരുന്നു.' ഞാനെൻ...
'നിത്യമെൻ നിർദ്ദേശമെല്ലാം
കൃത്യമായ് കാക്കുന്നു മർത്യൻ
സമ്മോദമെന്നിൽ വിതയ്ക്കും
സംപ്രീതിയെന്നിൽ വളർത്തും.' ഞാനെൻ...
'നല്കുന്നു ഞാൻ നവ്യശാന്തി
പാരിൽക്കുരുക്കാത്ത ശാന്തി
നിങ്ങൾക്കു ഞാനേകിടുന്നു
സമ്പൂതമെൻ ദിവ്യശാന്തി.' ഞാനെൻ...
'ഞാനെൻ പിതാവിന്റെ പക്കൽ
പോകുന്നതോർത്തോർത്തു നിങ്ങൾ
കേഴേണ്ട, ചെന്നെൻ പിതാവിൽ
ചേരുന്നതാണെന്റെ മോദം.' ഞാനെൻ...
'എന്നെപ്പിതാവെന്നപോലെ
സ്നേഹിച്ചു നിങ്ങളെ ഞാനും
നിങ്ങളെൻ സൗഭാഗ്യമേറും
സ്നേഹത്തിലെന്നും വസിപ്പിൻ.' ഞാനെൻ...
'നിങ്ങളെ ലോകം വെറുത്താൽ
നിന്ദനം കൊണ്ടേനിറച്ചാൽ
എന്നെയാണാലോകമാദ്യം
നന്നേ വെറുത്തതെന്നോർക്കിൻ.' ഞാനെൻ...
'അഴലേറിയയുൾത്തടം നീറും
പ്രലപിച്ചു കണ്ണുകൾ താഴും
ഒരു നാളിലെല്ലാം നിലയ്ക്കും
പരിശോഭ നിങ്ങൾക്കുദിക്കും' ഞാനെൻ...
“താതനെ വിട്ടു ഞാൻ വന്നു.
ലോകത്തിലേക്കു ഞാൻ വന്നു
പോകുന്നു ഞാനിതാ വീണ്ടും
താതനിൽ ചെന്നങ്ങുചേരാൻ.' ഞാനെൻ...
(മറ്റൊരു ഗീതം)
(വിടവാങ്ങുന്നേൻ.......)
ഈശോനാഥൻ ഗാഗുൽത്തായിൽ
കുരിശുമരത്തിൽ മൃത്യു വരിച്ചു
സൃഷ്ടികളഖിലം ശോകമിയന്നു
ഭൂതലമഖിലം ഞെട്ടിവിറച്ചു.
വാനവഗണവും മാനവകുലവും
ദുഃഖിതരായി വേദനപൂണ്ടു,
മാമലനിരകൾ വിറകൊള്ളുകയായ്
പാറകൾ പൊട്ടിപ്പിളരുകയായീ.
അഖിലജനത്തിൻ രക്ഷകനായീ
അവനിയിലെത്തീ ദൈവികസൂനു;
അതിനിഷ്കരുണം ആണികളാൽ തൻ
പാണികളവരാ ക്രൂശിൽ ചേർത്തു.
ഉണരുകവേഗം ആദാമേ,നീ
സുതനുടെ സഹനം ദർശിച്ചാലും
യൂദജനങ്ങൾ പാപികണക്കേ
പീഡിപ്പിക്കും സുതനെ കാണ്മൂ.
ഉണരുകവേഗം നോഹേ കുരിശിൽ
മൃത്യുവരിക്കും പരമോന്നതനാം
ദൈവപിതാവിൻ തിരുസുതനെ നീ
കാണുകമുന്നിൽ വേദനയോടേ.
താതനെ മഹിയിൽ മാനിച്ചവരാം
ശേമേ, യാഫേത്ത് ഉണരുക നിങ്ങൾ
സൂര്യനിരുണ്ടൂ തിരുനാഥൻതൻ
മരണം കാണാനാവാതുടനെ.
വൈദികശ്രേഷ്ഠൻ മെൽക്കിസ്ദേക്കേ
ഉണരുക, കാണ്ക തിരുസുതനെ നീ
അപ്പം വീഞ്ഞും തിരുമെയ് നിണവും
തിരുരഹസ്യങ്ങൾ കാണുക നിങ്ങൾ.
ഉണരുക വേഗം അബ്രാഹാമേ,
ദർശിച്ചാലും ദൈവാത്മജനെ
ദർശനമതിൽ നീ കണ്ടൂമുന്നം
ക്രൂശിതനായീ തിരുസുതനീ നാൾ.
അജരക്തത്താൽ മോചിതനിസഹാക്ക്
ഉണരുക വേഗം കാണുക കുരിശിൽ
ദൈവികകുഞ്ഞാടീശോമിശിഹാ
മോചനമേകീ തിരുരക്തത്താൽ.
അമ്മനുവേലിൻ ശുശ്രൂഷകരായ്
ഗോവണി കയറും ദൂതന്മാരേ,
മരുഭൂവിൽ നീ ദർശിച്ചല്ലോ
യാക്കോബേ,യിന്നുണരുകവേഗം.
സോദരരാലേ അവഹേളിതനാം
യൗസേപ്പേ, നീയുണരുകമേന്മേൽ
സ്വന്തജനത്താൽ അവഹേളിതനാം
രക്ഷകനെ നീ ദർശിച്ചാലും.
അങ്ങതിദൂരെ രക്ഷകനെ ഞാൻ
കണ്ടെന്നൊരുനാൾ ചൊല്ലിയ യോബേ,
വേഗമെണീറ്റാ കാൽവരിമലയിൽ
രക്ഷകനെ നീ ദർശിച്ചാലും.
ഉന്നത നിവ്യാ മൂശേ, നീയും
ഉണരുക നേരിൽ ദർശിച്ചാലും
നിവ്യന്മാർതൻ കർത്താവാകും
കുരിശിൽ മൃതനാം മിശിഹായെ നീ.
വേഗമെണീറ്റാ പരമാചാര്യൻ
അഹറോനേ നീ ദർശിച്ചാലും
നിന്നുടെ വയലിൽ കളയായ് തീർന്നു
നിൻജനമിന്നങ്ങതിദയനീയം.
സുരദീപങ്ങൾ നിശ്ചലമാക്കും
ജോഷ്വായേ, നീ ഉണരൂ കാണ്മാൻ
സുതനുടെ മരണം കാണുകിലവയോ
ഇരുളല ചാർത്തും, ശോഭ മറയ്ക്കും.
ഓമനമകളെ ബലിയർപ്പിച്ച
ജഫ്തായേ,നീ ഉണരൂ കാണ്മാൻ
ഗാഗുൽത്തായിൽ സ്വയമൊരു ബലിയായ്
അർപ്പിതനാകും ദൈവാത്മജനെ.
പരമാചാര്യൻ ശമുവേലേ, നീ
ദർശിച്ചാലും ദുഷ്ടനുസമമായ്
നിത്യാചാര്യൻ ദൈവാത്മജനെ
ആചാര്യന്മാർ ക്രൂശിക്കുന്നു.
കല്ലറവിട്ടിന്നുണരുക ദാവീദ്
കരുണാമയനെ കീർത്തിച്ചിടുവിൻ
കിന്നരരാഗം മീട്ടി നിതാന്തം
നാഥനു ഗാനം പാടുക മോദാൽ.
കല്ലറവിട്ടാ മൃതരെഴുന്നേറ്റു
ക്രൂശിതനനിശം സ്തുതികൾപാടി
വാനും ധരയും തിരുമൊഴിയാലേ
തീർത്തവനെന്നും കീർത്തനമോതി.
തിരുവസ്ത്രങ്ങൾ ഭാഗംവച്ചു
മേലങ്കിക്കായ് ചിട്ടിയുമിട്ടു
നായ്ക്കൾക്കൊപ്പം ചുറ്റിവളഞ്ഞു
സിംഹമതെന്നാൽ ശാന്തതയാർന്നു.
വിജ്ഞാനത്തിൻ സാഗരമാകും
ശ്ലേമോൻ രാജാ, എഴുന്നേല്ക്കുക നീ
വിജ്ഞാനത്തിൻ ഉറവിടമാകും
നാഥനെ മൂഢർ നിന്ദിക്കുന്നു.
മൃതരാമിരുവർക്കുയിരേകിയൊരാ
നിവ്യായുണരു ദർശിക്കാനായ്
മൃതരുടെയിടയിൽ മിശിഹാ വന്നു
മൃതരെല്ലാരും വേഗമുണർന്നു.
ഉന്നതനാകും ഏശയ്യായേ,
എഴുന്നേറ്റുടനെ ദർശിച്ചാലും
മിശിഹാരാജൻ ബലിയായ് കുരിശിൽ
ശാന്തതയോലും കുഞ്ഞാടായി.
ജീവിതസഖിയായ് വേശ്യാസ്ത്രീയെ
കൈക്കൊണ്ടവനാം ഹോസിയ നിവ്യാ,
നാഥൻ ദൈവം പരിവർജ്ജിതനായ്
അഭിസാരികയാം സ്വന്തജനത്താൽ.
ഉണരുക ജോയേൽ, ദർശിച്ചാലും
ഭൂതലമാകെ ഇരുളു നിറഞ്ഞു.
കാൽവരിമലയിൽ കുരിശിൽ മിശിഹാ
ചോര ചൊരിഞ്ഞു മൃത്യുവരിച്ചു.
ആമോസേ, നീ ഉണരുക സ്വയമേ
ദൈവാത്മജനെ ദർശിച്ചീടാൻ
പീലാത്തോസിന്റെ കല്പന വാങ്ങി
ദുഷ്ടജനങ്ങൾ ക്രൂശിച്ചവനെ.
ഒബദിയാ നിവ്യാ, ഉണരുക നീയും;
ഗാഗുൽത്തായിൽ കുരിശിൽ കാണ്മു:
രക്ഷകനീശോ നരവംശത്തിൻ
രക്ഷയ്ക്കായി മൃത്യുവരിച്ചു.
യോനാനിവ്യാ എഴുന്നേല്ക്കൂ നീ
ഉത്ഥാനത്തിന്റെ സൂചനയേകൂ
മൃതനെപ്പോൽ നീ മൂന്നുദിനങ്ങൾ
മരുവീ മത്സ്യം തന്നുദരത്തിൽ.
മിക്കാ നിവ്യാ, കണ്ടാലും നീ
വേദന പുല്കും മാനവസുതനെ
നേർവഴി കാട്ടാൻ വന്നോരിടയൻ
യൂദന്മാരാൽ ക്രൂശിതനായി.
നാഹും നിവ്യാ, ഉണരുകവേഗം
ശാന്തിക്കതിരാം സുതനെക്കാണു
എളിയോനവനെ ജനതതിയൊന്നായ്
നിന്ദിതനാക്കീ ക്രൂശതിലേറ്റി.
കണ്ടാലും നീ ഹബക്കുക്ക് നിവ്യാ
രക്ഷകനീശോ തൻ മരണത്തിൽ
തിരുഭവനത്തിൽ നെടുകെ കീറീ
വിരിയീ, മന്നിൽ വിസ്മയമേറി.
നാഥനോടൊപ്പം വിധി ചെയ്തീടും
പാവനനിവ്യാ, കണ്ടാലും നീ
വിധികർത്താവാം ദൈവാത്മജനെ
വിധി ചെയ്തീടും ഭീകരദൃശ്യം.
സെഫനിയനിവ്യാ കാണുക, കുരിശാൽ
രക്ഷിതമാകും തിരുസ്സഭയെ നീ
ജനതതിയൊന്നായ് ചേരുന്നുലകിൽ
നാഥനെയൊന്നായ് വാഴ്ത്തീടുന്നു.
ദൈവികഗേഹം നിർമ്മിപ്പതിനായ്
യത്നിച്ചവനാം ഹഗ്ഗായ് നിവ്യാ
ദിവ്യകവാടം മൂടുംവിരി നീ
കാണുക, രണ്ടായി കീറിയ കാഴ്ച!
സഖറിയായേ, ദർശിച്ചാലും
നാഥനു വിലയായ് നല്കിയ തുക നീ.
മുപ്പതു വെള്ളിക്കാശു കൊടുത്താ
വാങ്ങുകയായീ കുശവനിലംതാൻ.
മാലാക്കിയാ എഴുന്നേറ്റുടനെ
ലജ്ജിതരാക്കൂ ദുഷ്ടജനത്തെ;
ദൈവാത്മജനെ കൊലചെയ്തീടും
നിർമ്മലരവരെന്നുദ്ഘോഷിച്ചു.
പൊട്ടക്കിണറിൽ ബന്ധിതനായോ
രോറമ്യായേ, എഴുന്നേറ്റാലും
കല്ലറയതിനെ മണവറയാക്കും
മണവാളനെ നീ ദർശിച്ചാലും.
ബോസേസുതനായ് ബാബേലിൽ നി-
ന്നാഗതനാകും ഏസക്കേൃലേ,
മേഘത്തേരിൽ കണ്ടൊരു നാഥൻ
മൃത്യുവരിച്ചു കുരിശുമരത്തിൽ.
ദൂതൻവഴിയായ് അമ്മനുവേലിൻ
അറിവിലുയർന്നു ദനിയേൽ നിവ്യാ
കണ്ടാലും നീ ശത്രുഗണത്താൽ
പീഡിതനവനെ ഗാഗുൽത്തായിൽ.
സഖറിയായേ, യോഹന്നാനേ,
കാണുക നിങ്ങൾ കാൽവരിമലയിൽ
യാഗവുമതുപോൽ കാഴ്ചയുമായി
ജീവൻ വെടിയും ദൈവികസുതനെ.
ഉത്ഥാനത്തിൻ പ്രത്യാശയുമായ്
പൂഴിയിൽ മേവും സിദ്ധന്മാരേ,
കാണുക നിങ്ങൾ ഗാഗുൽത്തായിൽ
മൃത്യുവരിക്കും സർവ്വാധിപനെ.
കല്ലറവിട്ടിങ്ങെത്തുക നിങ്ങൾ
പൂർവന്മാരേ, കാണുക മുന്നിൽ
പാപികൾ മദ്ധ്യേ ദുഷ്ടരെയൊരുപോൽ
പാവനരാക്കും മാനവസുതനെ.
ഓറശ്ലേമിൽ കുഴിമാടത്തിൽ
കഴിയും മൃതരേ, ഉണരുക നിങ്ങൾ
മൃതരുടെയിടയിൽ കബറിടമൊന്നിൽ
മരുവീടുന്നു വാനവനാഥൻ.
എഴുന്നേറ്റാലും മൃതരേ, നിങ്ങൾ
സ്വന്തജനത്തിന്റെ ദുഷ്ടതയിന്മേൽ
വിധി ചെയ്തീടു നാഥനെയവരാ
കുരിശുമരത്തിൽ കൊല ചെയ്തല്ലോ.
ആദിമുതല്ക്കേ മരണംമൂലം
വേർപെട്ടവരേ, ഉണരുക നിങ്ങൾ
പ്രവചനമെല്ലാം നിറവേറ്റുന്നു
ദൈവസുതൻതൻ തിരുമരണത്തിൽ.
പാപംമൂലം മൃതരായോരേ,
കാണുക നിങ്ങൾ ദൈവാത്മജനെ
തൻമരണത്താൽ മരണത്തെയും
പാപത്തെയും വിജയിച്ചല്ലോ.
കാണുക മൃതരേ, സുതനുടെ ബലിയിൽ
ഭൂമിപിളർന്നു വിസ്മയമാർന്നു
തൻമരണത്താൽ മരണത്തിന്മേൽ
വിജയംനേടീ ദൈവകുമാരൻ.
സൂര്യനിരുണ്ടൂ, ചന്ദ്രൻ മങ്ങീ
പാരിടമാകെ കൂരിരുൾ തിങ്ങീ
ഹൃദയാന്ധതയിൽ കഴിയുന്നവരിൽ
ഫലമേകില്ലീയടയാളങ്ങൾ.
സ്നേഹാർദ്രതയാൽ കർത്താവേ, നീ
മാനവനായീ ധരയിൽ വന്നു
മർത്യഗണത്തിൻ വിധിയേൽക്കുകിലും
വിജയിച്ചൊടുവിൽ വിധികർത്താവായ്
മിശിഹാനാഥാ, നിൻ തിരുമരണം
പാരിനുഭാഗ്യം പകരുന്നനനിശം
മഹിമയെഴും നിൻ തിരുവുത്ഥാനം
എത്രവിശിഷ്ടം വരസംപുഷ്ടം.
കർത്താവേ, നിൻ ദൈവത്വത്തെ
വാഴ്ത്തുന്നവരിൽ കനിയണമെന്നും
നിൻസ്തുതിപാടും ഞങ്ങളിലെന്നും
നിൻകൃപ സദയം തൂകീടണമേ.
രക്ഷകനീശോ മിശിഹാനാഥാ
നിന്നെ നമിക്കും തിരുസ്സഭതന്നിൽ
ചൊരിയണമേ നിൻ കരുണാവർഷം
കനിവോടവളെ കാത്തീടണമേ.
ഉത്ഥിതനീശോമിശിഹാനാഥാ,
നിൻ തിരുനാമം വാഴ്ത്തീടുന്നേൻ
താതനുമതുപോൽ റൂഹായ്ക്കും നൽ
സ്തുതിയുയരട്ടെ എന്നെന്നേക്കും.
ശുശ്രൂ: നമുക്കു പ്രാർത്ഥിക്കാം. സമാധാനം നമ്മോടുകൂടെ.
കാർമ്മി: (വചനവേദിയിൽനിന്നുകൊണ്ട്) ഞങ്ങളുടെ കർത്താവായ ദൈവമേ, നിന്റെ സമാധാനം ലോകത്തിന്റെ നാനാ ഭാഗങ്ങളിലും സ്ഥാപിക്കണമേ. നിന്റെ കുരിശുവഴി തിരുസ്സഭയെ ശക്തിപ്പെടുത്തുകയും അവരുടെ സന്താനങ്ങളെ സംരക്ഷിക്കുകയും ചെയ്യണമേ. ഞങ്ങൾ സഭയിൽ നിനക്കു സ്തുതിയും ബഹുമാനവും ആരാധനയും എപ്പോഴും സമർപ്പിക്കുവാൻ ഇടയാകട്ടെ. സകലത്തിന്റെയും നാഥാ, എന്നേക്കും.
സമൂ: ആമ്മേൻ.
(സമൂഹം രണ്ടു ഗണമായി ചൊല്ലുന്നു).
എന്റെ കൈകളും കാലുകളും അവർ തുളച്ചു;
എന്റെ അസ്ഥികളെല്ലാം അവർ എണ്ണി;
അവർ എന്നെ ഉറ്റുനോക്കി.
അവർ എന്റെ വസ്ത്രം പങ്കിട്ടെടുത്തു;
മേലങ്കിക്കുവേണ്ടി അവർ ചിട്ടിയിട്ടു.
കർത്താവേ, എന്നിൽനിന്നകന്നുപോകരുതേ;
എന്റെ സഹായത്തിനു വേഗം വരണമേ.
പിതാവിനും പുത്രനും പരിശുദ്ധാത്മാ
വിനും സ്തുതി;
ആദിമുതൽ എന്നേക്കും, ആമ്മേൻ.
ശുശ്രൂ: നമുക്കു പ്രാർത്ഥിക്കാം. സമാധാനം നമ്മോടുകൂടെ.
കാർമ്മി: പിതാവിന്റെ മഹത്ത്വത്തിന്റെ പ്രകാശവും അനാദിയിൽ ജനിച്ചവനും സൃഷ്ടികൾക്കും സമയത്തിനും അതീതനും സമയത്തിന്റെ പൂർണ്ണതയിൽ മനുഷ്യനായി അവതരിച്ചവനും, യോഹന്നാനിൽനിന്ന് മാമ്മോദീസ സ്വീകരിച്ചുകൊണ്ട് തന്റെ പരസ്യജീവിതം ആരംഭിച്ചവനും, അത്ഭുതങ്ങളും അടയാളങ്ങളുംവഴി തന്റെ ദൈവത്വം തെളിയിച്ചവനും, വിജയശ്രീലാളിതനായി ജെറുസലം പട്ടണത്തിൽ പ്രവേശിച്ചവനും, പീഡകൾ സഹിച്ച് ഇതേ ദിവസം കുരിശിൽ സ്വയം അർപ്പിച്ചവനും, മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റ് ഉയിർപ്പിലുള്ള പ്രത്യാശ ഞങ്ങൾക്കു പ്രദാനം ചെയ്തവനുമായ മിശിഹാ കർത്താവേ, നിന്നെ ഞങ്ങൾ സ്തുതിച്ചാരാധിക്കുന്നു. സകലത്തിന്റെയും നാഥനും എല്ലാറ്റിന്റെയും പരിപാലകനുമായ നിന്നിൽ ഞങ്ങൾ പ്രത്യാശിക്കുകയും ശരണപ്പെടുകയും ചെയ്യുന്നു. അനുതാപത്തോടെ നിന്റെ തിരുമുമ്പിൽ നില്ക്കുന്ന പാപികളും ബലഹീനരുമായ ഞങ്ങളുടെ പാപങ്ങളും കുറ്റങ്ങളും ക്ഷമിച്ച് നല്ല കള്ളനോടൊപ്പം നിന്റെ രാജ്യത്തിന് ഞങ്ങളെയും അർഹരാക്കണമേ. നിന്റെ വിശുദ്ധ കുരിശിന്റെ ശക്തിയാൽ രഹസ്യവും പരസ്യവുമായ എല്ലാ വിപത്തുകളിലുംനിന്ന് ഞങ്ങളെ രക്ഷിക്കുകയും ചെയ്യണമേ. ഇപ്പോഴും എപ്പോഴും എന്നേക്കും.
സമൂ: ആമ്മേൻ.
നാഥനിലെന്നും നമ്മുടെ ഹൃദയം ആനന്ദിച്ചീടും
സ്ലീവാ നമ്മൾക്കെന്നും നന്മകൾ തന്നുറവിടമാം
രക്ഷിതമായതുവഴിയായ് മർത്യഗണം കർത്താവേ,
കുരിശതു ഞങ്ങൾക്കെന്നും ശക്തിയെഴും കോട്ടയുമാം
ദുഷ്ടനെയുമവൻ കെണികളെയുമതുവഴി നാം
തോല്പിച്ചീടട്ടെ.
ശരണം ഞങ്ങൾ തേടീടുന്നു തിരുനാമത്തിൽ
സ്ലീവാ നമ്മൾക്കെന്നും നന്മകൾതന്നുറവിടമാം
രക്ഷിതമായതു വഴിയായ് മർത്യഗണം കർത്താവേ,
കുരിശതു ഞങ്ങൾക്കെന്നും ശക്തിയെഴും കോട്ടയുമാം
ദുഷ്ടനെയുമവൻ കെണികളെയുമതുവഴി നാം
തോല്പിച്ചീടട്ടെ.
സർവ്വരുമൊന്നായ് പാടീടട്ടെ ആമ്മേനാമ്മേൻ.
സ്ലീവാ നമ്മൾക്കെന്നും...................
സ്ലീവ/ ക്രൂശിതരൂപചുംബനസമയത്ത് പാടാവുന്ന ഗീതം
"ഗാഗുൽത്താമലയിൽനിന്നും
വിലാപത്തിൻ മാറ്റൊലി കേൾപ്പൂ
ഏവമെന്നെ ക്രൂശിലേറ്റുവാൻ
അപരാധമെന്തു ഞാൻ ചെയ്തു?'
ഗാഗുൽത്താ...
'മുന്തിരി ഞാൻ നട്ടു നിങ്ങൾക്കായ്
മുന്തിരിച്ചാറൊരുക്കിവച്ചു
എങ്കിലുമീ കയ്പ്പുനീരല്ലേ
ദാഹശാന്തിക്കെനിക്കു നല്കി?
ഗാഗുൽത്താ...
'രാജചെങ്കോലേകിവാഴിപ്പൂ
നിങ്ങളെ ഞാനെത്ര മാനിച്ചൂ
എൻ ശിരസ്സിൽ മുൾമുടി ചാർത്തി
നിങ്ങളിന്നെൻ ചെന്നിണം തൂകി.
ഗാഗുൽത്താ...
നിങ്ങളെ ഞാനുയർത്താൻ വന്നു
ക്രൂശിലെന്നെ തറച്ചു നിങ്ങൾ
മോക്ഷവാതിൽ തുറക്കാൻ വന്നു
ശിക്ഷയായെൻ കൈകൾ ബന്ധിച്ചു.
ഗാഗുൽത്താ...
കുരിശേ മനോജ്ഞവൃക്ഷമേ,
നിൻസുമങ്ങളെത്ര മോഹനം!
നിൻദളങ്ങളാശ വീശുന്നു
നിൻഫലങ്ങൾ ജീവനേകുന്നു.!
ഗാഗുൽത്താ...
കുരിശിന്മേലാണി കണ്ടു ഞാൻ
ഭീകരമാം മുള്ളുകൾ കണ്ടു.
വികാരങ്ങൾ കുന്നുകൂടുന്നു,
കണ്ണുനീരിൻ ചാലുവീഴുന്നു.
ഗാഗുൽത്താ...
മരത്താലേ വന്ന പാപങ്ങൾ
മരത്താലേ മായ്ക്കുവാനായി
മരത്തിന്മേലാർത്തനായ്ത്തൂങ്ങി
മരിക്കുന്നു രക്ഷകൻ ദൈവം.
ഗാഗുൽത്താ...
വിജയപ്പൊൻകൊടി പാറുന്നു
വിശുദ്ധിതൻ വെണ്മ വീശുന്നു
കുരിശേ, നിൻ ദിവ്യപാദങ്ങൾ
നമിക്കുന്നു സാദരം ഞങ്ങൾ.
ഗാഗുൽത്താ...
പീഡാനുഭവവെള്ളി good friday dhughavelli പീഡാനുഭവവെള്ളി കർമ്മക്രമം ദുഃഖവെള്ളി കർമ്മക്രമം ദുഃഖവെള്ളി കുർബാന Syro-Malabar Catechetical Commission Syro-Malabar Qurbana Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206