We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Syro-Malabar Catechetical Commission On 14-Nov-2023
പൊതുനിർദ്ദേശങ്ങൾ
1. കുരിശടിയിലോ, ദേവാലയത്തിലോ, സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തോ, പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന പീഠത്തിന്റെ മുമ്പിൽവച്ചോ തിരുകർമ്മങ്ങൾ ആരംഭിക്കുന്നു. ആ പീഠത്തിനു സമീപം ഒരു ഉപപീഠത്തിന്മേൽ കുരുത്തോല, വിശുദ്ധജലം എന്നിവ വച്ചിരിക്കണം.
2. കുരുത്തോല, ആശീർവ്വദിച്ചതിനുശേഷം അവർക്കു നല്കുകയോ ജനങ്ങൾ വഹിച്ചുകൊണ്ടുനിൽക്കുമ്പോൾ ആശീർവദിക്കുകയോ, ചെയ്യാവുന്നതാണ്. എന്നാൽ, കാർമ്മികരും ശുശ്രൂഷകളും വഹിക്കേണ്ട കുരുത്തോല ഉപപീഠത്തിന്മേൽ വച്ചുതന്നെ ആശീർവ്വദിക്കുന്നതാണ് ഉചിതം.
3. ഈ കർമ്മം ഏറ്റവും ആഘോഷപൂർവ്വകമായി നടത്തുമ്പോൾ ഉപയോഗിക്കുന്ന ഭാഗങ്ങൾ ഈ [[ അടയാളം കൊണ്ട് വേർതിരിച്ചിരിക്കുന്നു.
കർമ്മക്രമം
പ്രാരംഭഗീതം
(ബാഹർ ലെമ്പാ.. യാദാ ഹൂശാവേ...)
ഓർശ്ലേംനഗരത്തിൽ
വാതിൽ തുറക്കുന്നു.
ഒലിവിൻശിഖരങ്ങൾ
കൈകളിലുയരുന്നു
ഓശാനകളാൽ വഴിയെല്ലാം
മുഖരിതമാകുന്നു.
രാജമഹേശ്വരനാം
മിശിഹായണയുന്നു,
കഴുതക്കുട്ടിയതാ
വാഹനമാകുന്നു
തെരുവോരങ്ങളിൽ ജയ്വിളികൾ
മാറ്റൊലി തീർക്കുന്നു.
വാനവരോടൊപ്പം
പാടാം ഓശാന
വിനയാന്വിതരായ് നാം
നാഥനു സ്തുതിപാടാം.
സ്വർഗമനോഹരഭവനത്തിൽ
ചേർക്കുക ഞങ്ങളെയും.
പാതകൾതോറും വെൺ
പട്ടുവിരിപ്പുകളും
സൈത്തിൻകൊമ്പുകളും
നിന്നെതിരേല്പിന്നായ്
അന്നുവിരിച്ചതുപോൽ ഹൃദയം
ഞങ്ങൾ വിരിച്ചീടാം.
കാർമ്മി: അന്നാപ്പെസഹാത്തിരുനാളിൽ
കർത്താവരുളിയ കല്പനപോൽ
തിരുനാമത്തിൽച്ചേർന്നീടാം
ഒരുമയൊടീബലിയർപ്പിക്കാം.
സമൂ: അനുരഞ്ജിതരായ്ത്തീർന്നീടാം
നവമൊരു പീഠമൊരുക്കീടാം
ഗുരുവിൻ സ്നേഹമൊടിയാഗം
തിരുമുമ്പാകെയണച്ചീടാം.
കാർമ്മി: അത്യുന്നതമാം
സ്വർല്ലോകത്തിൽ
സർവ്വേശനു സ്തുതിഗീതം. (3)
സമൂ: ഭൂമിയിലെങ്ങും
മർത്യനു ശാന്തി
പ്രത്യാശയുമെന്നേക്കും. (3)
കാർമ്മി: അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി.(3)
സമൂ: ആമ്മേൻ. (3)
കാർമ്മി: ഭൂമിയിൽ മനുഷ്യർക്കു സമാധാനവും
പ്രത്യാശയും എപ്പോഴും എന്നേക്കും.
സമൂ: ആമ്മേൻ.
കാർമ്മി: സ്വർഗ്ഗസ്ഥിതനാം താതാ നിൻ
നാമം പൂജിതമാകണമേ
നിൻ രാജ്യം വന്നീടണമേ
പരിശുദ്ധൻ നീ പരിശുദ്ധൻ.
സമൂ: സ്വർഗ്ഗസ്ഥിതനാം താതാ നിൻ
സ്തുതിതൻ നിസ്തുല മഹിമാവാൽ
ഭൂസ്വർഗ്ഗങ്ങൾ നിറഞ്ഞു സദാ
പാവനമായി വിളങ്ങുന്നു.
വാനവമാനവവൃന്ദങ്ങൾ
ഉദ്ഘോഷിപ്പു സാമോദം
പരിശുദ്ധൻ നീ എന്നെന്നും
പരിശുദ്ധൻ നീ പരിശുദ്ധൻ.
സ്വർഗ്ഗസ്ഥിതനാം താതാ നിൻ
നാമം പൂജിതമാകണമേ
നിൻ രാജ്യം വന്നീടണമേ
നിൻ ഹിതമിവിടെ ഭവിക്കണമേ.
സ്വർഗ്ഗത്തെന്നതുപോലുലകിൽ
നിൻ ചിത്തം നിറവേറണമേ
ആവശ്യകമാമാഹാരം
ഞങ്ങൾക്കിന്നരുളീടണമേ.
ഞങ്ങൾ കടങ്ങൾ പൊറുത്തതുപോൽ
ഞങ്ങൾക്കുള്ള കടം സകലം
പാപത്തിൻ കടബാദ്ധ്യതയും
അങ്ങു കനിഞ്ഞു പൊറുക്കണമേ.
ഞങ്ങൾ പരീക്ഷയിലൊരുനാളും
ഉൾപ്പെടുവാനിടയാകരുതെ
ദുഷ്ടാരൂപിയിൽ നിന്നെന്നും
ഞങ്ങളെ രക്ഷിച്ചരുളണമേ.
എന്തെന്നാലെന്നാളേക്കും
രാജ്യം ശക്തി മഹത്ത്വങ്ങൾ
താവകമല്ലോ കർത്താവേ
ആമ്മേനാമ്മേനെന്നേക്കും.
കാർമ്മി: താതനുമതുപോലാത്മജനും
റൂഹായ്ക്കും സ്തുതി എന്നേക്കും
ആദിമുതൽക്കെന്നതുപോലെ
ആമ്മേനാമ്മേനനവരതം
സമൂ: സ്വർഗ്ഗസ്ഥിതനാം താതാ നിൻ
നാമം പൂജിതമാകണമേ
നിൻ രാജ്യം വന്നീടണമേ
പരിശുദ്ധൻ നീ പരിശുദ്ധൻ.
സ്വർഗ്ഗസ്ഥിതനാം താതാനിൻ
സ്തുതിതൻ നിസ്തുല മഹിമാവാൽ
ഭൂസ്വർഗ്ഗങ്ങൾ നിറഞ്ഞു സദാ
പാവനമായി വിളങ്ങുന്നു.
വാനവമാനവവൃന്ദങ്ങൾ
ഉദ്ഘോഷിപ്പൂ സാമോദം
പരിശുദ്ധൻ നീ എന്നെന്നും
പരിശുദ്ധൻ നീ പരിശുദ്ധൻ.
കാർമ്മി: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,
അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങു പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ മഹത്ത്വത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും അങ്ങു പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്ന് ഉദ്ഘോഷിക്കുന്നു. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സു സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ. ഞങ്ങൾക്ക് ആവശ്യകമായ ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ. ദുഷ്ടാരൂപയിൽനിന്നു ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ, രാജ്യവും ശക്തിയും മഹത്ത്വവും എന്നേക്കും അങ്ങയുടേതാകുന്നു.
ആമ്മേൻ.
കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
സമൂ: ആദിമുതൽ എന്നേക്കും ആമ്മേൻ.
കാർമ്മി: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,
അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങു പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ മഹത്ത്വത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും അങ്ങു പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്ന് ഉദ്ഘോഷിക്കുന്നു.
കാർമ്മി: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,
അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സു സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ. ഞങ്ങൾക്ക് ആവശ്യകമായ ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ. ദുഷ്ടാരൂപിയിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ, രാജ്യവും ശക്തിയും മഹത്ത്വവും എന്നേക്കും അങ്ങയുടേതാകുന്നു, ആമ്മേൻ. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ മഹത്ത്വത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും അങ്ങു പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്ന് ഉദ്ഘോഷിക്കുന്നു.
ശുശ്രൂ: നമുക്കു പ്രാർത്ഥിക്കാം. സമാധാനം നമ്മോടുകൂടെ..
കാർമ്മി: മഹത്വത്തിന്റെ രാജാവായ മിശിഹായേ, വിനീതനായി കഴുതക്കുട്ടിയുടെ പുറത്ത് ജെറുസലേം ദേവാലയത്തിലേക്ക് എഴുന്നള്ളിയ നിന്നെ ഞങ്ങൾ ആരാധിക്കുന്നു. നീതിമാനും പ്രതാപവാനുമായ രാജാവേ നിനക്ക് ഓശാന പാടിയ സിയോൻ മക്കളുടെ കീർത്തനങ്ങളോടുകൂടി ഞങ്ങളുടെ പ്രാർത്ഥനകളും സ്തുതി ഗീതങ്ങളും സ്വീകരിക്കണമേ. ഓശാനപാടി നിന്നെ എതിരേറ്റ ജനങ്ങളെപ്പോലെ സ്തുതിഗീതങ്ങൾ ആലപിച്ചുകൊണ്ട് നിന്നെ എതിരേൽക്കുവാൻ ഞങ്ങളെ യോഗ്യരാക്കണമേ. നിന്റെ സഹനത്തിലും മരണത്തിലും ഉത്ഥാനത്തിലും പങ്കുചേർന്ന് ഈ പെസഹാ രഹസ്യങ്ങൾ അനുഷ്ഠിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യേണമേ. സകലത്തിന്റെയും നാഥാ, എന്നേക്കും.
സമൂ: ആമ്മേൻ
സങ്കീർത്തനം 100
(രീതി: കർത്താവേ മമരാജാവേ..... )
വിനയാന്വിതനായ് ദൈവസുതൻ
ഓർശ്ലേം നഗരം പൂകുകയായ്
ജനനിരയെല്ലാമാഹ്ലാദം
നിറയും മനമോടെതിരേറ്റു
ഭൂവാസികളേ, വന്നിടുവിൽ
സ്തുതിഗീതങ്ങൾ പാടിടുവിൻ
ഗാനാലാപനനാദങ്ങൾ
ഗഗനം മുഖരിതമാക്കട്ടെ
തിരുമുറ്റത്തേക്കണയുക നാം
നന്ദിയോടങ്ങയെ വാഴ്ത്തിടുവാൻ
കരുണാമയനാം സകലേശൻ
നിരുപമനെന്നും വിശ്വസ്തൻ
താതനുമതുപോലാത്മജനും
റൂഹായ്ക്കും സ്തുതി എന്നേക്കും
ആദിമുതല്ക്കെന്നതുപോലെ
ആമ്മേൻ ആമ്മേനനവരതം
വിനയാന്വിതനായ്......
കാർമ്മി: ഭൂവാസികളെ, കർത്താവിനെ സ്തുതിക്കുവിൻ
സന്തോഷപൂർവ്വം അവന് ശുശ്രൂഷ ചെയ്യുവിൻ.
(കാനോന) കർത്താവ് ആഗതനാകുമ്പോൾ
നീതിമാന്മാർ മഹത്വമണിഞ്ഞ് എതിരേല്പിനായ്
അണയുന്നു; മേഘനിരകളിലേക്കു പറന്നുയരുന്നു.
കീർത്തനമാലപിച്ചുകൊണ്ട് തിരുമുമ്പിൽ പ്രവേശിക്കുവിൻ
അവനാണ് നമ്മുടെ ദൈവവും കർത്താവുമെന്ന്അറിയുവിൻ
നാമല്ല അവനാണ് നമ്മെ സൃഷ്ടിച്ചത്
നാം അവന്റെ ജനവും മേച്ചിൽ സ്ഥലത്തെ അജഗണവുമാകുന്നു.
സ്തോത്രങ്ങൾ പാടിക്കൊണ്ട്
അവന്റെ വാതിലുകൾ കടക്കുവിൻ.
കീർത്തനങ്ങളാലപിച്ചുകൊണ്ട്
അങ്കണത്തിലേക്കു പ്രവേശിക്കുവിൻ.
അവന് നന്ദി പറയുവിൻ
തിരുനാമം വാഴ്ത്തി പുകഴ്ത്തുവിൻ
എന്തെന്നാൽ കർത്താവ് നല്ലവനാകുന്നു
അവന്റെ കൃപ ശാശ്വതമാകുന്നു
വിശ്വസ്തത തലമുറകളോളം നീളുന്നു.
കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി;
സമൂ: ആദ്യമുതൽ എന്നേക്കും ആമ്മേൻ.
കാർമ്മി: ഭൂവാസികളേ, കർത്താവിനെ സ്തുതിക്കുവിൻ, സന്തോഷപൂർവ്വം അവന് ശുശ്രൂഷ ചെയ്യുവിൻ.
ശുശ്രൂ: നമുക്ക് പ്രാർത്ഥിക്കാം സമാധാനം നമ്മോടുകൂടെ.
കാർമ്മി: കർത്താവായ ദൈവമേ, നിത്യം ജീവിക്കുന്നവനായ അങ്ങേക്കും പരിശുദ്ധനായ അങ്ങയുടെ അഭിഷിക്തനും ജീവദായകനായ ദിവ്യാത്മാവിനും ഞങ്ങൾ സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുന്നു. സകലത്തിന്റെയും നാഥാ എന്നേക്കും.
സമൂ: ആമ്മേൻ.
ഓശാനപാടുവിൻ നാഥനെ വാഴ്ത്തുവിൻ
ദിവ്യാപദാനങ്ങൾ കീർത്തിക്കുവിൻ
കാഹളമൂതുവിൻ, വീണകൾ മീട്ടുവിൻ
പാവനപാദം നമിച്ചിടുവിൻ
പൂക്കൾ വിരിക്കുവിൻ വീഥിയൊരുക്കുവിൻ
വിണ്ടല നാഥനെഴുന്നള്ളുന്നു:
ആനന്ദഗാനങ്ങളെങ്ങും മുഴങ്ങട്ടെ
സൃഷ്ടികൾ നാഥനെ വാഴ്ത്തീടട്ടെ.
ഓശാന......
ശുശ്രൂ: നമുക്ക് പ്രാർത്ഥിക്കാം. സമാധാനം നമ്മോടുകൂടെ.
കാർമ്മി: ഞങ്ങളുടെ നാഥനും രക്ഷകനും രാജാധിരാജനുമായ മിശിഹായേ, നിന്നെ ഞങ്ങൾ സ്തുതിക്കുന്നു. ജെറുസലേം പട്ടണത്തിലേക്കുള്ള ആഘോഷപൂർവ്വമായ നിന്റെ പ്രവേശനത്തിന്റെ ഓർമ്മ കൊണ്ടാടുവാൻ ഒരുമിച്ചുകൂടിയിരിക്കുന്ന ഈ സമൂഹത്തെ തൃക്കൺപാർക്കണമേ. സൈത്തിൻകൊമ്പുകൾ പിടിച്ചുകൊണ്ട് നിന്നെ എതിരേറ്റവരെ അനുഗ്രഹിച്ച മിശിഹായേ നിന്റെ വലതുകരം നീട്ടി ഈ കുരുത്തോല+ ആശീർവദിക്കണമേ. ഞങ്ങളെയും ഈ കുരുത്തോല സ്ഥാപിക്കപ്പെടുന്ന ഭവനങ്ങളെയും സ്ഥലങ്ങളെയും നിന്റെ കൃപാവരം കൊണ്ട് നിറയ്ക്കണമേ. ഓശാന പാടി ഇന്നു നിന്നെ എതിരേല്ക്കുന്ന ഞങ്ങൾ മഹത്വപൂർണ്ണമായ നിന്റെ പ്രത്യാഗമനത്തിൽ നിന്നെ എതിരേല്ക്കുവാനും സ്വർഗ്ഗീയ ജെറുസലെമിൽ പ്രവേശിച്ച് ആനന്ദപൂർവ്വം നിന്നെ സ്തുതിക്കുവാനും അർഹരാകട്ടെ. സകലത്തിന്റെയും നാഥാ എന്നേക്കും
സമൂ: ആമ്മേൻ.
ഓശാന, ഓശാന
ദാവീദിൻ സുതനോശാന
ഓശാന......
കർത്താവിൽ പൂജിതനാമത്തിൽ
വന്നവനെ വഴ്ത്തിപ്പാടിടുവിൻ:
വിണ്ണിൻപൂവേദിയിലോശാന
ദാവീദിൻ സൂനുവിനോശാന
ഓശാന.....
ബാലകരും തീർത്ഥകരും
നാഥനു ജയ്ഗാനം പാടുന്നു.
പുതുമലരും തളിരിലയും
നാഥനു ജയ്ഗാനം പാടുന്നു.
ഓശാന.....
ജയ് വിളിയാൽ ചില്ലകളുണരുന്നു:
പാതകളിൽ തോരണമിളകുന്നു;
ദൈവസുതൻ വിനയവിരാജിതനായ്
അണയുന്നു നഗരകവാടത്തിൽ
ഓശാന......
വിണ്ടലവും ഭൂതലവും
മംഗളഗീതിയിൽ മുഴുകുന്നു:
വാനവരും മാനവരും
നൂതന സന്തോഷം നുകരുന്നു.
ഓശാന......
വെൺനുരയാലാഴിയലംകൃതമായ്;
നീലിമയാലംബവീഥികളും;
കാനനവും കാഞ്ചനപൂവനവും
നാഥനും സൗരഭ്യം പകരുന്നു.
ഓശാന.......
തുടർന്ന്, കുരുത്തോല വഹിച്ചുകൊണ്ട് എല്ലാവരും പ്രദക്ഷിണമായി ദേവാലയത്തിലേക്കു നീങ്ങുന്നു. കുരിശ്, ധൂപം, തിരികൾ സുവിശേഷഗ്രന്ഥം, എന്നിവ വഹിക്കുന്നവർ പ്രദക്ഷിണത്തിന്റെ ഏറ്റവും മുമ്പിലും, കാർമ്മികൻ ഏറ്റവും പുറകിലുമായിരിക്കണം. പ്രദക്ഷിണസമയത്ത് താഴെക്കാണുന്ന ഗീതം ആലപിക്കുന്നു.
ഓശാന ഓശാന
ദാവീദിൻ സുതനോശാന
ഓശാന......
സെഹിയോൻപുത്രീ, മോദം പുണരുക
നിന്നുടെ നാഥനിതാ
പ്രതാപവാനായ് വരുന്നുപൊന്നിൻ
കീർത്തനവീചികളിൽ
ഓശാന.......
വിനീതനായൊരു കഴുതക്കുഞ്ഞിൻ
പുറത്തെഴുന്നള്ളി
സൈത്തിൻ ചില്ലകൾ വിതറിയ വഴിയേ
വരുന്നു ദൈവസുതൻ
ഓശാന......
നിരയായ് നീങ്ങും ബാലികമാരുടെ
കീർത്തനമുയരുമ്പോൾ
ബാലാന്മാരുടെ കൈയിൽ ചില്ലകൾ
താളം തുള്ളുന്നു.
ഓശാന...
ഓശാനകളാലാഴിചലിക്കു-
ന്നംബരമുണരുന്നു;
സ്വരവീചികളാലവനീവാസികൾ
പുളകം കൊള്ളുന്നു.
ഓശാന....
ഓശാന ഓശാന
ദാവീദിൻ സുതനോശാന.
ഓശാന....
കർത്താവിൻ തിരുനാമത്തിൽ
വന്നവനുന്നതനോശാന
ദൈവകുമാരകനോശാന
വാനവ വീഥിയിലോശാന
ഓശാന....
സൈത്തിൻ ചില്ലകൾ വിതറുകയായ്
ജയസ്വരവീചികളുയരുകയായ്
ബാലകനിരയുടെ പാണികളിൽ
ചില്ലകൾ താളം തുള്ളുകയായ്.
ഓശാന.....
വിനയാന്വിതനായ് ദൈവസുതൻ
വരുന്നു നഗരകവാടത്തിൽ
വാനവമാനവവൃന്ദങ്ങൾ
വിണ്ണിൻ നാഥനെ വാഴ്ത്തുകയായ്.
ഓശാന....
കീർത്തനവീചികളുയരുകയായ്
പാർത്തലമാര്‍ത്തുവിളിക്കുകയായ്
അംബരവീഥികളുണരുകയായ്.
അംബുദവീഥികൾ തെളിയുകയായ്.
ഓശാന....
രാജാവാഗതനാകുംപോൽ
രക്ഷാനായകനണയുകയായ്
വിണ്ടലനാഥനെഴുന്നള്ളും
വേളയിൽ മോദം നിറയുകയായ്.
ഓശാന....
കഴുതക്കുഞ്ഞിൻ പുറമേറി-
ക്കരുണാരൂപൻ വന്നണയും
നിമിഷങ്ങളിലാജനാവൃന്ദം
നിർവൃതി ജയ് വിളിയാക്കുകയായ്.
ഓശാന.......
കാർമ്മി: വാതിലുകളേ ശിരസ്സുയർത്തുവിൻ;
നിത്യകവാടങ്ങളേ, തുറക്കുവിൻ;
മഹത്വത്തിന്റെ രാജാവ് എഴുന്നള്ളുന്നു.
അകത്തുള്ളവർ: ഈ മഹത്വത്തിന്റെ രാജാവ് ആരാകുന്നു?
പുറത്തുള്ളവർ: പ്രതാപവാനും ശക്തനുമായ കർത്താവു തന്നെ.
മഹേശ്വരാ, നിൻ സുദിനം കാണാൻ
കഴിഞ്ഞ കണ്ണിനു സൗഭാഗ്യം:
മനോജ്ഞമാം നിൻ ഗീതികൾ പാടാൻ
കഴിഞ്ഞനാവിനു സൗഭാഗ്യം
നൂറു നൂറു കണ്ണുകൾ പണ്ടേ
അടഞ്ഞു നിന്നെക്കാണാതെ:
നൂറുനൂറു മലരുകൾ പണ്ടേ
കൊഴിഞ്ഞു പോയി കണ്ണീരിൽ.
മഹേശ്വരാ....
(ഓനീസാ ദ്കങ്കെ)
(രീതി പുലരിയിൽ നിദ്രയുണർന്നങ്ങേ....)
ഗായക I: കുറ്റമറ്റ പാതയിൽ ചരിക്കുന്നവർ അനുഗ്രഹീതരാകുന്നു.
മിശിഹായോർശ്ലേം നഗരത്തിൽ
വന്നു കഴുതപ്പുറമേറി
അതുകണ്ടവരാം ബാലകരോ
പുളകപ്പൂക്കളണിഞ്ഞൊരുപോൽ
ഒലിവിൻ കൊമ്പുകൾ പേറിയിതാ
ബാലകരൊപ്പം ജനനിരകൾ
ഉദ്ഘോഷിച്ചൂ ശബ്ദത്തിൽ
ദാവീദിൻ സുതനോശാന
കർത്താവിൻ തിരുനാമത്തിൽ
വരുവോനുന്നതനെന്നാളും
വാഴ്ത്തപ്പെട്ടവനായണയും
ദാവീദിൻ സുതനോശാന.
ഗായകII: ഹൃദയശുദ്ധിയുള്ളവർ അനുഗൃഹീതരാകുന്നു.
മിശിഹായോർശ്ളേം നഗരത്തിൽ.....
ഗായകI: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
ഒലിവിൽ കൊമ്പുകൾ വീശുന്നൂ
തപ്പുകൾ കൊട്ടിപ്പാടുന്നൂ
ബാലകരൊന്നായ് ദാവീദിൻ
പുത്രനു സ്വാഗതമോതുന്നു.
അവരുടെയാരവമുയരത്തിൽ
മാലാഖമാർ കേൾക്കുന്നൂ
ഒരുമയൊടവരുദ്ഘോഷിപ്പൂ
"ഉന്നതവീഥിയിലോശാന".
രക്ഷാകരമാം സ്ലീവാതൻ
നിസ്തുലശക്തി വിശേഷത്താൽ
ഞങ്ങൾ ജയിച്ചിടുമനുനിമിഷം
ദുഷ്ടനെ, യവനുടെ കെണികളെയും.
ഗായകII: ആദിമുതൽ എന്നേക്കും ആമ്മേൻ.
ഒലിവിൻ കൊമ്പുകൾ വീശുന്നു......
ശുശ്രൂ: സമാധാനം നമ്മോടുകൂടെ
കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, അങ്ങയുടെ സ്നേഹത്തിന്റെ പരിമളം ഞങ്ങളിൽ വീശുകയും അങ്ങയുടെ സത്യത്തിന്റെ ജ്ഞാനം ഞങ്ങളുടെ ആത്മാക്കളെ പ്രകാശിപ്പിക്കുകയും ചെയ്യുമ്പോൾ, സ്വർഗ്ഗത്തിൽ നിന്നും പ്രത്യക്ഷനാകുന്ന അങ്ങയുടെ തിരുക്കുമാരനെ സ്വീകരിക്കാൻ ഞങ്ങൾക്ക് ഇടയാകട്ടെ. സകല സൗഭാഗ്യങ്ങളും നന്മകളും നിറഞ്ഞ് മുടി ചൂടി നിൽക്കുന്ന സഭയിൽ നിരന്തരം അങ്ങയെ സ്തുതിക്കുവാനും മഹത്വപ്പെടുത്തുവാനും ഞങ്ങൾ യോഗ്യരാകട്ടെ. എന്തുകൊണ്ടെന്നാൽ, അങ്ങ് എല്ലാറ്റിന്റെയും സ്രഷ്ടാവാകുന്നു. സകലത്തിന്റെയും നാഥാ എന്നേക്കും
സമൂ: ആമ്മേൻ.
ഗായക: സർവ്വാധിപനാം കർത്താവേ,
നിന്നെ വണങ്ങി നമിക്കുന്നു
ഈശോ നാഥാ, വിനയമൊടെ
നിന്നെ നമിച്ചു പുകഴ്ത്തുന്നു.
മർത്യനുനിത്യമഹോന്നതമാ-
മുത്ഥാനം നീയരുളുന്നു
അക്ഷയമവനുടെയാത്മാവി
ന്നുത്തമരക്ഷയുമേകുന്നു.
വചനവേദിയിലുള്ളവർ: കർത്താവേ, അങ്ങേക്കു നന്ദി പറയുന്നത് ഉത്തമമാകുന്നു; അത്യുന്നതാ, അങ്ങയുടെ നാമം പ്രകീർത്തിക്കുന്നതും
സർവ്വാധിപനാം....
ഗായക സമൂ: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ആദിമുതൽ എന്നേയ്ക്കും, ആമ്മേൻ
ശുശ്രൂ: നമുക്കു പ്രാർത്ഥിക്കാം, സമാധാനം നമ്മോടുകൂടെ.
കാർമ്മി: എന്റെ കർത്താവേ, നീ സത്യമായും ഞങ്ങളുടെ ശരീരങ്ങളെ ഉയിർപ്പിക്കുന്നവനും, ആത്മാക്കളെ രക്ഷിക്കുന്നവനും ജീവനെ നിത്യം പരിപാലിക്കുന്നവനുമാകുന്നു. ഞങ്ങൾ എപ്പോഴും നിനക്കു സ്തുതിയും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുവാൻ കടപ്പെട്ടവരാകുന്നു. സകലത്തിന്റെയും നാഥാ, എന്നേക്കും.
സമൂ: ആമ്മേൻ.
ശുശ്രൂ: ശബ്ദമുയർത്തിപ്പാടിടുവിൻ
സർവ്വരുമൊന്നായ് പാടിടുവിൻ
എന്നെന്നും ജീവിക്കും
സർവ്വേശ്വരനെ വാഴ്ത്തിടുവിൻ.
ഗായക: പരിപാവനനാം സർവ്വേശാ
സമൂ: പരിപാവനനാം ബലവാനേ,
പരിപാവനനാം അമർത്യനേ,
നിൻകൃപ ഞങ്ങൾക്കേകണമേ.
വചന വേദിയിൽ ഉള്ളവർ: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
പരിപാവനനാം സർവ്വേശാ,
പരിപാവനനാം ബലവാനേ,
പരിപാവനനാം അമർത്യനേ,
നിൻകൃപ ഞങ്ങൾക്കേകണമേ.
ഗായക: ആദിമുതൽ എന്നേക്കും ആമ്മേൻ.
സമൂ: പരിപാവനനാം സർവ്വേശാ
പരിപാവനനാം ബലവാനേ,
പരിപാവനനാം അമർത്യനേ,
നിൻകൃപ ഞങ്ങൾക്കേകണമേ.
ശുശ്രൂ: നമുക്കു പ്രാർത്ഥിക്കാം. സമാധാനം നമ്മോടുകൂടെ.
കാർമ്മി: വിശുദ്ധരിൽ സംപ്രീതനായി വസിക്കുന്ന പരിശുദ്ധനും സ്തുത്യർഹനും ബലവാനും അമർത്യനുമായ കർത്താവേ, അങ്ങയുടെ സ്വഭാവത്തിനൊത്തവിധം എപ്പോഴും ഞങ്ങളെ കടാക്ഷിക്കുകയും അനുഗ്രഹിക്കുകയും ഞങ്ങളോടു കരുണ കാണിക്കുകയും ചെയ്യണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും.
സമൂ: ആമ്മേൻ
നിങ്ങൾ ഇരുന്നു ശ്രദ്ധയോടെ കേൾക്കുവിൻ. ഉല്പത്തിയുടെ പുസ്തകത്തിൽ നിന്നുള്ള വായന (49:8-12, 22-26)
യൂദാ, നിന്റെ സഹോദരന്മാർ നിന്നെ പുകഴ്ത്തും, നിന്റെ കൈ ശത്രുക്കളുടെ കഴുത്തിൽ പതിക്കും. നിന്റെ പിതാവിന്റെ പുത്രന്മാർ നിന്റെ മുൻപിൽ കുമ്പിടും. യൂദാ ഒരു സിംഹക്കുട്ടിയാണ്. എന്റെ മകനേ, നീ ഇരയിൽനിന്നു മടങ്ങിയിരിക്കുന്നു. അവൻ ഒരു സിംഹത്തെപ്പോലെയും സിംഹിയെപ്പോലെയും പതുങ്ങിക്കിടന്നു വിശ്രമിക്കുന്നു. അവനെ ഉണർത്താൻ ആർക്കു ധൈര്യമുണ്ടാകും? ചെങ്കോൽ യൂദായെ വിട്ടു പോകയില്ല; അതിന്റെ അവകാശി വന്നുചേരുംവരെ അധികാരദണ്ഡ് അവന്റെ സന്തതികളിൽ നിന്നും നീങ്ങിപ്പോകയില്ല. ജനതകൾ അവനെ അനുസരിക്കും. അവൻ തന്റെ കഴുതയെ മുന്തിരിവള്ളിയിലും കഴുതക്കുട്ടിയെ വിശിഷ്ടമായ മുന്തിരി ചെടിയിലും കെട്ടിയിടും; തന്റെ ഉടുപ്പു വീഞ്ഞിലും മേലങ്കി മുന്തിരിച്ചാറിലും കഴുകും. അവന്റെ കണ്ണുകൾ വീഞ്ഞിനേക്കാൾ ചെമന്നും പല്ലുകൾ പാലിനെക്കാൾ വെളുത്തുമിരിക്കും.
നീരുറവയ്ക്കരികേ നിൽക്കുന്ന ഫലസമൃദ്ധമായ വൃക്ഷമാണ് ജോസഫ്. അതിന്റെ ശാഖകൾ മതിലിനു മീതേ പടർന്നു നിൽക്കുന്നു. വില്ലാളികൾ അവനെ കഠിനമായി വേദനിപ്പിച്ചു. അവർ അവനുനേരേ അമ്പെയ്യുകയും അവനെ ഞെരുക്കുകയും ചെയ്തു. എന്നാൽ, അവന്റെ വില്ല് ഉറച്ചുനിന്നു. യാക്കോബിന്റെ ശക്തനായ ദൈവം- ഇസ്രായേലിന്റെ പാറയായ ഇടയൻ- തന്റെ കൈകൾ കൊണ്ട് അവന്റെ കൈകളെ ശക്തിപ്പെടുത്തി. നിന്റെ പിതാവിന്റെ ദൈവം നിനക്കു തുണയായിരിക്കും. സർവ്വശക്തനായ ദൈവം നിന്നെ അനുഗ്രഹിക്കും. മുകളിലുള്ള ആകാശത്തിന്റെയും കീഴിലുള്ള ആഴത്തിന്റെയും ഉദരത്തിന്റെയും മാറിടത്തിന്റെയും അനുഗ്രഹങ്ങൾ നിനക്കുണ്ടാവട്ടെ! നിന്റെ പിതാവിന്റെ അനുഗ്രഹങ്ങൾ നിത്യപർവതങ്ങളുടെ ഔദാര്യത്തെക്കാളും ശാശ്വത ഗിരികളുടെ അനുഗ്രഹങ്ങളെക്കാളും ശക്തങ്ങളാണ്. അവ ജോസഫിന്റെ ശിരസ്സിൽ, തന്റെ സഹോദരിൽ നിന്നു വേർപെട്ടിരുന്നവന്റെ മൂർത്താവിൽ വർഷിക്കപ്പെടട്ടെ.
സമൂ: ദൈവമായ കർത്താവിനു സ്തുതി.
സഹോദരേ, സഖറിയായുടെ പുസ്തകത്തിൽ നിന്നുള്ള വായന(9:9-12)
സീയോൻ പുത്രീ, അതിയായി ആനന്ദിക്കുക. ജറുസലെം പുത്രീ ആർപ്പുവിളിക്കുക. ഇതാ, നിന്റെ രാജാവ് നിന്റെ അടുക്കലേക്കു വരുന്നു. അവൻ പ്രതാപവാനും ജയശാലിയുമാണ്. അവൻ വിനയാന്വിതനായി, കഴുതപ്പുറത്ത്, കഴുതക്കുട്ടിയുടെ പുറത്ത്, കയറിവരുന്നു. ഞാൻ എഫ്രായിമിൽനിന്നു രഥത്തെയും ജറുസലേമിൽ നിന്നു പടക്കുതിരയെയും വിച്ഛേദിക്കും. പടവില്ല് ഞാൻ ഓടിക്കും. അവൻ ജനതകൾക്ക് സമാധാനമരുളും. അവന്റെ ആധിപത്യം സമുദ്രം മുതൽ സമുദ്രം വരെയും നദി മുതൽ ഭൂമിയുടെ അറ്റം വരെയും ആയിരിക്കും. നീയുമായുള്ള എന്റെ ഉടമ്പടിയുടെ രക്തം നിമിത്തം പ്രവാസികളെ ഞാൻ ജലരഹിതമായ കുഴിയിൽ നിന്നു സ്വതന്ത്രരാക്കും. പ്രത്യാശയുടെ തടവുകാരേ, നിങ്ങളുടെ രക്ഷാദുർഗ്ഗത്തിലേക്കു മടങ്ങിപ്പോകുവിൻ. നിങ്ങൾക്ക് ഇരട്ടി മടക്കി തരുമെന്നു ഞാൻ പ്രഖ്യാപിക്കുന്നു.
സമൂ: ദൈവമായ കർത്താവിനു സ്തുതി.
(ശൂറായ)
കാർമ്മി: സർവ്വചരാചരവും
ദൈവമഹത്ത്വത്തെ
വാഴ്ത്തിപ്പാടുന്നു.
തരുനിരയെല്ലാം ദൈവത്തിൻ
സ്തുതിഗീതങ്ങളുയർത്തട്ടെ.
ഓശാനകളാലീസുദിനം
ഹല്ലേലുയ്യാ പാടുക നാം
വാഴ്ത്തിടാം നിത്യം തിരുനാമം
ശുശ്രൂII: തൻ മഹിമാവല്ലോ
വാനിലുമൂഴിയിലും
തിങ്ങിവിളങ്ങുന്നു.
സമൂ: തരുനിരയെല്ലാം ദൈവത്തിൻ.....
ശുശ്രൂII: ജനതകളവിടുത്തെ
മഹിമകൾ പാടുന്നു
താണുവണങ്ങുന്നു.
സമൂ: തരുനിരയെല്ലാം ദൈവത്തിൻ.....
കാർമ്മി: നിത്യപിതാവിനും
സുതനും റൂഹായ്ക്കും
സ്തുതിയുണ്ടാകട്ടെ.
സമൂ: തരുനിരയെല്ലാം ദൈവത്തിൻ .....
ശുശ്രൂ: ആദിയിലെപ്പോലെ
ഇപ്പൊഴുമെപ്പോഴും
എന്നേക്കും ആമ്മേൻ.
സമൂ: തരുനിരയെല്ലാം ദൈവത്തിൻ .....
ശുശ്രൂ: ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ. നമുക്കു പ്രാർത്ഥിക്കാം സമാധാനം നമ്മോടുകൂടെ.
കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, അങ്ങയുടെ ജീവദായകവും ദൈവികവുമായ കൽപ്പനകളുടെ മധുര സ്വരം ശ്രവിക്കുന്നതിനും ഗ്രഹിക്കുന്നതിനും ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ. അതുവഴി ആത്മശരീരങ്ങൾക്കുപകരിക്കുന്ന സ്നേഹവും ശരണവും രക്ഷയും ഞങ്ങളിൽ ഫലമണിയുന്നതിനും നിരന്തരം ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നതിനും അങ്ങയുടെ കാരുണ്യത്താലും അനുഗ്രഹത്താലും ഞങ്ങളെ സഹായിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും.
സഹോദരരേ പൗലോസ് ശ്ലീഹാ റോമായിലെ
സഭയ്ക്ക് എഴുതിയ ലേഖനം(11:13-24)
വിജാതീയരായ നിങ്ങളോടു ഞാൻ പറയുകയാണ്, വിജാതീയരുടെ അപ്പസ്തോലൻ എന്ന നിലയ്ക്ക് എന്റെ ശുശ്രൂഷയെ ഞാൻ പ്രശംസിക്കുന്നു. അതുവഴി എന്റെ കൂട്ടരായ യഹൂദരെ അസൂയാകുലാരാക്കാനും അങ്ങനെ, അവരിൽ കുറെപ്പേരെയെങ്കിലും രക്ഷിക്കാനും എനിക്ക് ഇടയാകുമല്ലോ. എന്തുകൊണ്ടെന്നാൽ, അവരുടെ തിരസ്കാരം ലോകത്തിന്റെ അനുരഞ്ജനമായെങ്കിൽ അവരുടെ സ്വീകാരം മൃതരിൽനിന്നുള്ള ജീവനല്ലാതെ മറ്റെന്തായിരിക്കും? ധാന്യത്മാവിൽനിന്ന് ആദ്യഫലമായി സമർപ്പിക്കപ്പെട്ടതു പരിശുദ്ധമെങ്കിൽ അത് മുഴുവൻ പരിശുദ്ധമാണ്. വേരു പരിശുദ്ധമെങ്കിൽ ശാഖകളും അങ്ങനെതന്നെ. ഒലിവു മരത്തിന്റെ ശാഖകളിൽ ചിലതു മുറിച്ചു കളഞ്ഞിട്ട് കാട്ടൊലിവിന്റെ മുളയായ നിന്നെ അവിടെ ഒട്ടിക്കുകയും വേരിൽ നിന്ന് വരുന്ന ജീവരസം നീ പങ്കുപറ്റുകയും ചെയ്യുന്നെങ്കിൽ നീ ആ ശാഖകളെക്കാൾ വലിയവനാണ് എന്ന് അഭിമാനിക്കരുത്. അഭിമാനിക്കുന്നെങ്കിൽ, നീ വേരിനെ താങ്ങുകയല്ല,വേരു നിന്നെ താങ്ങുകയാണ് എന്ന് ഓർത്തുകൊള്ളുക. എന്നെ ഒട്ടിച്ചു ചേർക്കേണ്ടതിനാണ് ശാഖകൾ മുറിക്കപ്പെട്ടത് എന്നു നീ പറഞ്ഞേക്കാം. അതു ശരിതന്നെ, അവരുടെ അവിശ്വാസം നിമിത്തം അവർ വിച്ഛേദിക്കപ്പെട്ടു. എന്നാൽ, നീ വിശ്വാസം വഴി ഉറച്ചു നിൽക്കുന്നു. ആകയാൽ, അഹങ്കാരം വെടിഞ്ഞ് ഭയത്തോടെ വർത്തിക്കുക. എന്തെന്നാൽ, സ്വാഭാവിക ശാഖകളോടു ദൈവം ദാക്ഷിണ്യം കാണിക്കാത്ത നിലയ്ക്ക് നിന്നോടും കാണിക്കുകയില്ല. അതുകൊണ്ട് ദൈവത്തിന്റെ കാരുണ്യവും കാഠിന്യവും നിന്റെ ശ്രദ്ധയിലിരിക്കട്ടെ. വീണവനോടു കഠിന്യവും ദൈവത്തിന്റെ കൃപയിൽ നിലനിന്നാൽ നിന്നോടു കാരുണ്യവും അവിടുന്നു കാണിക്കും. അല്ലെങ്കിൽ, നീയും മുറിച്ചു നീക്കപ്പെടും. തങ്ങളുടെ അവിശ്വാസത്തിൽ തുടരാത്തപക്ഷം അവരും ഒട്ടിച്ചു ചേർക്കപ്പെടും. അവരെ വീണ്ടും ഒട്ടിച്ചുചേർക്കാൻ ദൈവത്തിനു കഴിയും. വനത്തിലെ ഒലിവുമരത്തിൽനിന്നു നീ മുറിച്ചെടുക്കപ്പെട്ടു, കൃഷിസ്ഥലത്തെന്നല്ല ഒലിവിൻ മേൽ പ്രകൃതിസഹജമല്ലാത്ത വിധം ഒട്ടിക്കപ്പെടുകയും ചെയ്തു. അങ്ങനെയെങ്കിൽ ഈ സ്വാഭാവികശാഖകൾ അവയുടെ തായ് തണ്ടിൽ വീണ്ടും ഒട്ടിക്കപ്പെടുക എത്രയോ യുക്തം.
സമൂ: നമ്മുടെ കർത്താവായ മിശിഹായ്ക്ക് സ്തുതി.
(സുമ്മാറാ)
ഹല്ലേലൂയ്യ പാടാമൊന്നായ്
ഹല്ലേലൂയ്യ, ഹല്ലേലൂയ്യ
എത്രമനോജ്ഞം നിൻ തിരുനാമം
കർത്താവേ ഈ ഭൂമിയിൽലെങ്ങും.
നിന്റെ മഹത്ത്വം വാനിനുമീതേ
കീർത്തിതമാണെന്നറിവൂ ഞങ്ങൾ
നിന്നുടെ ചിന്തയിലെത്താൻ മാത്രം
എന്തൊരുമേന്മ മനുഷ്യനിലുള്ളൂ
താതനുമതുപോൽസുതനും
പരിശുദ്ധാത്മാവിനും സ്തുതിയുയരട്ടെ.
ആദിമുതല്ക്കേയിന്നും നിത്യവു-
മായി ഭവിച്ചീടട്ടെ, ആമ്മേൻ.
ഹല്ലേലുയ്യ പാടാമൊന്നായ്
ഹല്ലേലൂയ്യ, ഹല്ലേലൂയ്യ
കാർമ്മി: സമാധാനം + നിങ്ങളോടുകൂടെ.
സമൂ: അങ്ങയോടും അങ്ങയുടെ ആത്മാവോടും കൂടെ.
വി. മത്തായി അറിയിച്ച നമ്മുടെ കർത്താവീശോമിശിഹായുടെ പരിശുദ്ധ സുവിശേഷം(21:1-17)
അവർ ജറുസലേമിനെ സമീപിക്കവേ, ഒലിവു മലയ്ക്കരികെയുള്ള ബഥ്ഫഗെയിലെത്തി. അപ്പോൾ യേശു തന്റെ രണ്ടു ശിഷ്യന്മാരെ ഇപ്രകാരം നിർദ്ദേശിച്ചയച്ചു: എതിരേ കാണുന്ന ഗ്രാമത്തിലേക്കു പോകുവിൻ. അവിടെ ഒരു കഴുതയെയും അടുത്ത് അതിന്റെ കുട്ടിയെയും കെട്ടിയിരിക്കുന്നത് ഉടനെ നിങ്ങൾ കാണും. അവയെ അഴിച്ച് എന്റെ അടുക്കൽ കൊണ്ടുവരുക. ആരെങ്കിലും നിങ്ങളോട് എന്തെങ്കിലും ചോദിച്ചാൽ, കർത്താവിന് അവയെക്കൊണ്ട് ആവശ്യമുണ്ടെന്ന് പറയുക, അവൻ ഉടനെതന്നെ അവയെ വിട്ടുതരും. പ്രവാചകന്‍ വഴി പറയപ്പെട്ട വചനം പൂർത്തിയാക്കാനാണ് ഇത് സംഭവിച്ചത്. സീയോൻ പുത്രിയോടു പറയുക: ഇതാ, നിന്റെ രാജാവ് വിനയാന്വതനായി കഴുതയുടെയും കഴുതക്കുട്ടിയുടെയും പുറത്ത് നിന്റെ അടുത്തേക്കു വരുന്നു. ശിഷ്യന്മാർ പോയി യേശു കൽപ്പിച്ചത് പോലെ ചെയ്തു. അവർ കഴുതയെയും കഴുതക്കുട്ടിയെയും കൊണ്ടുവന്ന് അവരുടെ മേൽ വസ്ത്രങ്ങൾ വിരിച്ചു. അവൻ കയറി ഇരുന്നു. ജനക്കൂട്ടത്തിൽ വളരെപ്പേർ വഴിയിൽ തങ്ങളുടെ വസ്ത്രങ്ങൾ വിരിച്ചു; മറ്റുചിലരാകട്ടെ വൃക്ഷങ്ങളിൽ നിന്നു ചില്ലകൾ മുറിച്ച് വഴിയിൽ നിരത്തി. യേശുവിനു മുമ്പിലും പിമ്പിലും നടന്നിരുന്ന ജനങ്ങൾ ആർത്തു വിളിച്ചു; ദാവീദിന്റെ പുത്രനു ഹോസാന! കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ! ഉന്നതങ്ങളിൽ ഹോസാന! അവൻ ജെറുസലെമിൽ പ്രവേശിച്ചപ്പോൾ നഗരം മുഴുവൻ ഇളകിവശായി, ആരാണിവൻ എന്ന് ചോദിച്ചു. ജനക്കൂട്ടം പറഞ്ഞു: ഇവൻ ഗലീലിയിലെ നസ്രത്തിൽ നിന്നുള്ള പ്രവാചകനായ യേശുവാണ്.
യേശു ദേവാലയത്തിൽ പ്രവേശിച്ച് അവിടെ ക്രയവിക്രയം ചെയ്തുകൊണ്ടിരിക്കുന്നവരെയെല്ലാം പുറത്താക്കി. നാണയമാറ്റക്കാരുടെ മേശകളും പ്രാവു വിൽപ്പനക്കാരുടെ ഇരിപ്പിടങ്ങളും അവൻ തട്ടിമറിച്ചിട്ടു. അവൻ അവരോടു പറഞ്ഞു: എന്റെ ഭവനം പ്രാർത്ഥനാലയം എന്ന് വിളിക്കപ്പെടും എന്ന് എഴുതപ്പെട്ടിരിക്കുന്നു. നിങ്ങളോ അത് കവർച്ചക്കാരുടെ ഗുഹയാക്കുന്നു. അന്ധന്മാരും മുടന്തന്മാരും ദേവാലയത്തിൽ അവന്റെ അടുത്തെത്തി. അവൻ അവരെ സുഖപ്പെടുത്തി. അവൻ ചെയ്ത വിസ്മയകരമായ പ്രവർത്തികളെയും ദാവീദിന്റെ പുത്രനു ഹോസാന എന്ന് ഉദ്ഘോഷിച്ച് ദേവാലയത്തിൽ ആർപ്പുവിളിക്കുന്ന കുട്ടികളെയും കണ്ടപ്പോൾ പ്രധാന പുരോഹിതന്മാരും നിയമജ്ഞനും രോഷാകുലരായി. അവർ അവനോട് പറഞ്ഞു: ഇവരെന്താണു പറയുന്നതെന്ന് നീ കേൾക്കുന്നില്ലേ? യേശു പ്രതിവചിച്ചു: ഉവ്വ്, ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും അധരങ്ങളിൽ നീ സ്തുതി ഒരുക്കി എന്ന് നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലേ? അനന്തരം അവൻ അവരെ വിട്ട് നഗരത്തിൽനിന്ന് ബഥാനിയായിലേക്കു പോയി അവിടെ താമസിച്ചു.
സമൂ: നമ്മുടെ കർത്താവായ മിശിഹായ്ക്ക് സ്തുതി
ശുശ്രൂ: നമുക്കെല്ലാവർക്കും ഭക്തിയോടും സന്തോഷത്തോടുംകൂടെനിന്ന് വിനീതനായി ഓർശ്ലേമിൽ പ്രവേശിച്ച മിശിഹായെ ധ്യാനിച്ചുകൊണ്ട്,
"ഓശാന പാടി ഞങ്ങൾ നിന്നെ സ്തുതിക്കുന്നു" എന്ന് ഏറ്റുപറയാം.
സമൂ: ഓശാന പാടി ഞങ്ങൾ നിന്നെ സ്തുതിക്കുന്നു.
ശുശ്രൂ: സകല ജനപദങ്ങളും മിശിഹായെ രക്ഷകനും നാഥനുമായി അംഗീകരിക്കുവാനും ഏറ്റുപറയുവാനും ഇടയാക്കുന്ന കർത്താവേ,
സമൂ: ഓശാന പാടി ഞങ്ങൾ നിന്നെ സ്തുതിക്കുന്നു.
ശുശ്രൂ: ഭൂമിയിൽ മിശിഹായ്ക്ക് സ്തുതിഗീതങ്ങൾ ആലപിക്കുന്ന ഞങ്ങളെ സ്വർഗത്തിൽ അവിടുത്തെ മഹത്ത്വപ്പെടുത്തുവാൻ ആഗ്രഹിക്കുന്ന കർത്താവേ,
സമൂ: ഓശാന പാടി ഞങ്ങൾ നിന്നെ സ്തുതിക്കുന്നു.
ശുശ്രൂ: മിശിഹായെപ്പോലെ വിനയത്തോടും എളിമയോടും കൂടെ ജീവിക്കുവാൻ ഞങ്ങളെ പഠിപ്പിച്ച കർത്താവേ,
സമൂ: ഓശാന പാടി ഞങ്ങൾ നിന്നെ സ്തുതിക്കുന്നു.
ശുശ്രൂ: ഹെബ്രായപൈതങ്ങളുടെ സ്തുതിഗീതങ്ങൾ സ്വീകരിച്ച് അവരെ അനുഗ്രഹിച്ച കർത്താവേ,
സമൂ: ഓശാന പാടി ഞങ്ങൾ നിന്നെ സ്തുതിക്കുന്നു.
ശുശ്രൂ: ഞങ്ങളുടെ പിതാക്കന്മാരോടു ചെയ്ത വാഗ്ദാനങ്ങൾ നിറവേറ്റിയ കർത്താവേ,
സമൂ: ഓശാന പാടി ഞങ്ങൾ നിന്നെ സ്തുതിക്കുന്നു.
ശുശ്രൂ: സാർവ്വത്രികസഭയുടെ തലവനും ഭരണാധികാരിയുമായ മാർ (പേര്) മാർപാപ്പയെയും ഞങ്ങളുടെ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ (പേര്) മെത്രാപ്പോലീത്തായേയും /ഞങ്ങളുടെ അതിരൂപതാധ്യക്ഷനായ മാർ (പേര്) മെത്രാപ്പോലീത്തയെയും /ഞങ്ങളുടെ പിതാവും മേലധ്യക്ഷനുമായ മാർ (പേര്) മെത്രാനെയും അവരുടെ സഹശുശ്രൂഷകളെയും അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന കർത്താവേ,
സമൂ: ഓശാന പാടി ഞങ്ങൾ നിന്നെ സ്തുതിക്കുന്നു.
ശുശ്രൂ: സ്വർഗ്ഗത്തിൽ സ്തുതിക്കപ്പെടുന്നവനും ഭൂമിയിൽ ആരാധിക്കപ്പെടുന്നവനുമായ കർത്താവേ,
സമൂ: ഓശാന പാടി ഞങ്ങൾ നിന്നെ സ്തുതിക്കുന്നു.
ശുശ്രൂ: നമുക്കെല്ലാവർക്കും നമ്മെയും നാമോരോരുത്തരെയും പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സമർപ്പിക്കാം.
സമൂ: ഞങ്ങളുടെ ദൈവമായ കർത്താവേ, അങ്ങേക്കു ഞങ്ങൾ സമർപ്പിക്കുന്നു.
കാർമ്മി: സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും കർത്താവും രാജാവുമായ മിശിഹായേ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. അങ്ങയുടെ പ്രിയ പുത്രന്റെ മരണത്തിലും ഉത്ഥാനത്തിലും പങ്കുചേരാനും മാനസാന്തരത്തിന്റെ ഫലങ്ങൾ പുറപ്പെടുവിക്കാനും ഞങ്ങളെ അനുഗ്രഹിക്കണമേ. ഭൂമിയിൽ അങ്ങേക്ക് ഓശാനഗീതികൾ ആലപിക്കുന്ന ഞങ്ങളെ അങ്ങയുടെ മഹത്വത്തിൽ പ്രവേശിപ്പിക്കണമേ. സകലത്തിന്റെയും നാഥാ, എന്നേക്കും.
സമൂ: ആമ്മേൻ.
ശുശ്രൂ: കർത്താവേ, ആശീർവദിക്കണമേ. സഹോദരരേ നിങ്ങൾ കൈവയ്പ്പിനായി തല കുനിക്കുകയും ആശീർവാദം സ്വീകരിക്കുകയും ചെയ്യുവിൻ.
കാർമ്മി: കർത്താവേ, ശക്തനായ ദൈവമേ, അങ്ങയുടെ അഭിഷിക്തൻ കഠിനമായ പീഡകളനുഭവിച്ചു വീണ്ടെടുത്ത അജഗണമായ പരിശുദ്ധ കത്തോലിക്കാ സഭ അങ്ങയുടേതാകുന്നു. ദൈവസ്വഭാവത്തിൽ അങ്ങുമായി ഒന്നായിരിക്കുന്ന പരിശുദ്ധാത്മാവിന്റെ കൃപാവരത്താൽ യഥാർത്ഥ പൗരോഹിത്യത്തിന്റെ പദവികൾ കൈവയ്പു വഴി നൽകപ്പെടുന്നു. വിശ്വാസികൾക്ക് ആത്മീയശുശ്രൂഷ ചെയ്യുന്നതിനു പരിശുദ്ധമായ സഭാ ശരീരത്തിലെ സവിശേഷാംഗങ്ങളാകുവാൻ നിസ്സാരരും ബലഹീനരുമായ ഞങ്ങളെ അങ്ങു കാരുണ്യാതിരേകത്താൽ യോഗ്യരാക്കി. കർത്താവേ, അങ്ങയുടെ കൃപാവരം ഞങ്ങളിൽ നിറയ്ക്കുകയും അങ്ങയുടെ ദാനങ്ങൾ ഞങ്ങളുടെ കരങ്ങൾ വഴി വർഷിക്കുകയും ചെയ്യണമേ. അങ്ങയുടെ കാരുണ്യവും അനുഗ്രഹവും ഞങ്ങളുടെയും അങ്ങു തിരഞ്ഞെടുത്ത ഈ ജനത്തിന്റെയുംമേൽ ഉണ്ടാകുമാറാകട്ടെ.
കാർമ്മി: കരുണാനിധിയായ ദൈവമേ, ഞങ്ങളെല്ലാവരും ഒന്നു ചേർന്ന് അങ്ങയെ ഞങ്ങളുമായി രമ്യപ്പെടുത്തുന്ന നീതിയുടെ പ്രവൃർത്തികളാല്‍ ജീവിതകാലം മുഴുവനും അങ്ങയെ യതോചിതം പ്രീതിപ്പെടുത്തുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. അങ്ങേക്കു സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും നിരന്തരം സമർപ്പിക്കാൻ ഞങ്ങളെ യോഗ്യരാക്കുകയും ചെയ്യേണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും.
സമൂ: ആമ്മേൻ.
ശുശ്രൂ: മാമ്മോദീസ സ്വീകരിക്കുകയും ജീവന്റെ അടയാളത്താൽ മുദ്രിതരാകുകയും ചെയ്തവർ ഭക്തിയോടും ശ്രദ്ധയോടുംകൂടെ രഹസ്യങ്ങളിൽ പങ്കുകൊള്ളട്ടെ.
(ഓനീസാ ദ്റാസേ)
(രീതി: മിശിഹാ കർത്താവിൻ തിരുമെയ്.....)
കർത്താവേ, ഭൂമിയിലെങ്ങും
അവിടുത്തെ നാമം എത്ര മഹനീയമാകുന്നു!
മേഘത്തേരേറി
വന്നവനെപ്പോലെ
ബാലകർ കീർത്തിച്ചു.
ദൈവികഭവനം പൂകിടുവാൻ
അണയുന്നീശോ വിനയമൊടെ
ഉന്നത വീഥിയിലോശാന,
നിത്യം രക്ഷകനോശാന,
ഉന്നതനാം നാഥൻ സംപൂജ്യൻ.
അവരുടെ നാവുകൾ മൂർച്ചയുള്ള വാളുകൾപ്പോലെയാകുന്നു.
മേഘത്തേരേറി....
കർത്താവിന്റെ നാമം സിയോനിൽ പ്രഘോഷിക്കപ്പെടും.
മേഘത്തേരേറി....
(അല്ലെങ്കിൽ)
കർത്താവേ, ഭൂമിയിലെങ്ങും
അവിടുത്തെ നാമം എത്ര മഹനീയമാകുന്നു!
ദൈവിക പ്രചോദനത്താൽ ഹെബ്രായ ബാലകർ ഓശാനപാടി അവിടുത്തെ പ്രകീർത്തിച്ചു. കഴുതകുട്ടിയുടെ പുറത്തിരുന്നു സഞ്ചരിച്ച കർത്താവിനെ മേഘങ്ങളിൽ സംവഹിക്കപ്പെട്ടവനെന്നപോലെ അവർ പ്രകീർത്തിച്ചു. നമുക്കും അവരോടുകൂടി ആലപിക്കാം. ഉന്നതങ്ങളിൽ ഓശാന. കർത്താവിന്റെ നാമത്തിൽ വന്നവനും വലിയ മഹത്ത്വത്തോടെ വരുവാനിരിക്കുന്നവനുമായ നമ്മുടെ ആത്മാക്കളുടെ രക്ഷകൻ അനുഗൃഹീതരാകുന്നു.
അവരുടെ നാവുകൾ മൂർച്ചയുള്ള വാളുകൾ പോലെയാകുന്നു.
ദൈവികപ്രചോദനത്താൽ.....
കർത്താവിന്റെ നാമം സീയോനിൽ പ്രഘോഷിക്കപ്പെടും.
ദൈവികപ്രചോദനത്താൽ.....
(രീതി: ഹല്ലേലൂയ്യ പാടീടുന്നേൻ)
സമൂ: ജനതകളെല്ലാമണയുക വേഗം
ദിവ്യരഹസ്യം കൈക്കൊള്ളാനായ്
മുന്നിലിതാമുറിവേറ്റ ശരീരം,
ചിന്തിയരക്തവുമുൾക്കൊള്ളാം നാം
പാപവിമോചനമേകും കനലിതു
ജീവിപ്പിച്ചു മർത്യരെയെല്ലാം.
ഏകസ്വരത്തിൽ വാഴ്ത്തിപ്പാടാം
വാനവരൊപ്പം ഹല്ലേലൂയ്യ.
(അല്ലെങ്കിൽ)
സമൂ: നമ്മുടെ മുമ്പിൽ സജ്ജമാക്കപ്പെട്ടിരിക്കുന്ന ഈ ദിവ്യ രഹസ്യങ്ങൾ വിശ്വാസത്തോടും ഭക്തിയോടുംകൂടി നമുക്കു സ്വീകരിക്കാം. നമ്മുടെ രക്ഷയ്ക്കായി മുറിക്കപ്പെട്ട ശരീരവും നമുക്കുവേണ്ടി ചിന്തപ്പെട്ടതും ഉടമ്പടിയുടേതുമായ രക്തവും കൈക്കൊള്ളാം. ഇതാ, പ്രവാചകനെ സ്പർശിക്കുകയും എല്ലാ പാപങ്ങളിൽ നിന്നും വിശദ്ധീകരിക്കുകയും ചെയ്ത ജീവിക്കുന്ന തീക്കട്ട. ശ്രദ്ധയോടും വിശുദ്ധിയോടും കൂടി നമുക്കു അതിനെ സമീപിക്കാം.
(ഓനീസാ ദ്വാത്തേ)
(രീതി: ഹല്ലേലുയ്യ പാടിയിടുന്നേൻ...... )
ശുശ്രൂ: ഓശാനകളാൽ ബാലകരെല്ലാം
നാഥനെ വാഴ്ത്തിപ്പാടുകയായീ.
ദാവീദിൻ സുതനുന്നതനെന്നും
മാനവരക്ഷകനവിടുന്നല്ലോ.
ദിവ്യശരീരവുമതുപോൽ രക്തവു
മേകിയ നാഥനു നന്ദി നിതാന്തം.
(അല്ലെങ്കിൽ)
ശുശ്രൂ: ഒലിവുശാഖകളേന്തിയ ബാലകർ ഈ ദിവസം മിശിഹായെ എതിരേറ്റു. ഓശാനഗീതികളാൽ അവർ അവനെ മഹത്വപ്പെടുത്തി. അവനെ അയച്ച പിതാവിന് അവർ സ്തുതികൾ ആലപിച്ചു. ദാവീദിന്റെ ഭവനത്തിൽ നിന്ന് കൃപാപൂർവ്വം വന്നവനും ഞങ്ങളുടെ വംശത്തെ രക്ഷിച്ചവനുമായ മിശിഹാ വാഴ്ത്തപ്പെട്ടവനാകട്ടെ. സഹോദരരേ, തിരുശരീരരക്തങ്ങൾ സ്വീകരിച്ച്. അവിടുത്തെ തിരുനാമത്തിനു നിങ്ങൾ നന്ദി പറയുവിൻ.
കാർമ്മി: കർത്താവായ ദൈവമേ, മിശിഹായുടെ മരണവും ഉത്ഥാനവും അനുസ്മരിക്കുന്ന ഈ പരിഹാരബലിയിൽ പങ്കുചേരുവാനും ദിവ്യ രഹസ്യങ്ങൾ സ്വീകരിക്കുവാനും ഇടയാക്കിയതിന് ഞങ്ങൾ അങ്ങയോടു നന്ദി പറയുന്നു. ഞങ്ങളുടെ ജീവിത സമർപ്പണംവഴി നിന്നെ മഹത്വപ്പെടുത്തുവാൻ ഞങ്ങളെ സഹായിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും.
സമൂ: ആമ്മേൻ. കർത്താവേ, ആശീർവദിക്കണമേ.
കാർമ്മി: ഓശാന ഗീതങ്ങളുടെ മധ്യേ ജറുസലെമിൽ പ്രവേശിച്ച കർത്താവേ, ഓശാനപാടി നിന്നെ സ്തുതിക്കുവാൻ ഞങ്ങളെയും യോഗ്യരാക്കിയതിന് ഞങ്ങൾ നിനക്കു നന്ദി പറയുന്നു. നിൻ്റെ പെസഹാരഹസ്യത്തിൽ പങ്കുചേർന്നവരായ ഞങ്ങൾ സ്വർഗീയ ജെറുസലേമിൽ എത്തിച്ചേർന്ന് അവിരാമം നിന്നെ മഹത്ത്വപ്പെടുത്തുവാൻ ഇടയാകട്ടെ. സകലത്തിന്റെയും നാഥാ, എന്നേക്കും.
സമൂ: ആമ്മേൻ.
(രീതി കർത്താവാം മിശിഹാവഴിയായ് ....)
കാർമ്മി: നരരക്ഷകനും നാഥനുമായ്
ധരയിലണഞ്ഞൊരു മിശിഹായെ
നല്കിയ താതനു വന്ദനവും
സ്തുതിയുമണയ്ക്കാം സാമോദം.
എളിയൊരു കഴുതപ്പുറമേറി
വന്നൊരു രാജനെ വന്ദിക്കാൻ
ഓശാനകളാൽ വാഴ്ത്തിടുവാൻ
ഇടയാക്കണമേ റൂഹയേ.
പീഡ സഹിക്കാൻ, കുരിശേറാൻ
ഓർശ്ലേം പൂകിയ തിരുനാഥൻ
ത്യാഗമോടെന്നും ജീവിക്കാൻ
നിത്യമനുഗ്രഹമരുളട്ടെ.
മന്നിതിൽ നിങ്ങൾ സ്തുതിപാടി
വിണ്ണിലുമവനെ വാഴ്ത്തിടുവാൻ
ദൈവം വരനിര ചൊരിയട്ടെ
ഇപ്പൊഴുംമെപ്പൊഴുമെന്നേക്കും.
സമൂ: ആമ്മേൻ.
(അല്ലെങ്കിൽ)
കാർമ്മി: രക്ഷകനും നാഥനുമായി തന്റെ പ്രിയപുത്രനെ ലോകത്തിലേക്കയച്ച പിതാവായ ദൈവത്തെ നമുക്കു സ്തുതിക്കാം. കഴുതപ്പുറത്ത് എഴുന്നള്ളി വിനയത്തിന്റെ മാതൃക നൽകിയ മിശിഹായെ നമുക്ക് ആരാധിക്കാം. കർത്താവിന്റെ സ്തുതികൾ ആലപിക്കുവാൻ നമ്മെ ശക്തരാക്കുന്ന പരിശുദ്ധാത്മാവിനെ നമുക്കു മഹത്ത്വപ്പെടുത്താം. പീഡകൾ സഹിക്കുവാനും കുരിശിൽ മരിക്കുവാനും ജെറുസലേമിൽ പ്രവേശിച്ച കർത്താവ്, ത്യാഗങ്ങൾ സഹിച്ച് ദൈവഹിതം നിറവേറ്റുവാൻ നമ്മെ ശക്തരാക്കട്ടെ. സകലരും മിശിഹായെ രക്ഷകനും രാജാവുമായി ഏറ്റു പറയുവാൻ ഇടയാകട്ടെ. ദൈവത്തിന്റെ ജനമേ, ഭൂമിയിൽ അവിടുത്തേക്ക് ഓശാന പാടി സ്തുതിക്കുന്ന നിങ്ങൾ സ്വർഗത്തിൽ അനവരതം അവിടുത്തെ മഹത്ത്വപ്പെടുത്തുവാൻ യോഗ്യരാകട്ടെ. ഇപ്പോഴും +എപ്പോഴും എന്നേക്കും.
സമൂ: ആമ്മേൻ.
ഓശാന ഞായർ ഓശാന ഞായർ കർമ്മക്രമം ഓർശ്ലേംനഗരത്തിൽ കുർബാന സ്വർഗ്ഗസ്ഥിതനാം താതാ നിൻ song സങ്കീർത്തനം 100 കുരുത്തോല വെഞ്ചിരിപ്പ് ഓശാന ഓശാന ദാവീദിൻ സുതനോശാന മദ്ബഹാഗീതം(ഓനീസാ ദ്കങ്കെ) ഉല്പത്തിയുടെ പുസ്തകത്തിൽ നിന്നുള്ള വായന (49:8-12 -22-26) വി.മത്തായി അറിയിച്ച നമ്മുടെ കർത്താവീശോമിശിഹായുടെ പരിശുദ്ധ സുവിശേഷം(21:1-7) പ്രഘോഷണപ്രാർത്ഥനകൾ (കാറോസൂസ) Syro Malabar Qurbana Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



