We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Mar Joseph Pamplany On 19-Oct-2020
പരി. മറിയം പരി. ത്രിത്വത്തിലെ അംഗമോ?
പരിശുദ്ധ മറിയത്തെ പരിശുദ്ധ ത്രിത്വത്തിന്‍റെ ഭാഗമായി അവതരിപ്പിക്കുന്ന വിചിത്രമായ ഒരു ദൈവശാസ്ത്ര ദര്‍ശനം എംപറര്‍ എമ്മാനുവല്‍ ട്രസ്റ്റിന്‍റെ പ്രബോധനങ്ങളില്‍ കാണാം. പരിശുദ്ധ മറിയത്തെ തിരുസ്സഭ ദൈവമാതാവായി വണങ്ങുന്നു എന്നത് സത്യമാണ്. എന്നാല്‍ ഈ അഭിധാനത്തിലൂടെ മാതാവിന്‍റെ ദൈവികതയല്ല അവളില്‍നിന്നു ജനിച്ച യേശുവിന്‍റെ ദൈവികതയാണ് തിരുസ്സഭ ഏറ്റു പറയുന്നത്. മനുഷ്യസ്ത്രീയില്‍ നിന്നു പിറന്നു എന്നതിനാല്‍ അവന്‍റെ ദൈവികതയെ സംശയിച്ചവര്‍ക്കുള്ള മറുപടി എന്ന നിലയിലാണ് എ.ഡി. 431 ല്‍ എഫേസൂസ് സൂനഹദോസ് "ദൈവമാതാവ്" എന്ന അഭിധാനത്തെ ഊന്നിപ്പറഞ്ഞത്. സത്യമായും ദൈവമായ ഈശോ (ഹെബ്രാ 1:8) മാംസം ധരിച്ച് മനുഷ്യനായി പിറന്നത് (യോഹ 1:14) പരിശുദ്ധ മറിയത്തില്‍ നിന്നാകയാല്‍ അവള്‍ ദൈവമാതാവ് എന്ന വിശേഷണത്തിന് അര്‍ഹയാണ് എന്നതായിരുന്നു സൂനഹദോസിന്‍റെ പ്രബോധനം. ദൈവമാതാവ് എന്ന വിശേഷണത്തിലൂടെ ഗ്രീക്കു പുരാണങ്ങളിലെപ്പോലെ മറിയത്തെ ദൈവത്തിന്‍റെ ജീവിതസഖിയോ ത്രിത്വത്തിലെ അംഗമോ ആയി സഭ കരുതുന്നില്ല.
വിശുദ്ധഗ്രന്ഥവും സഭയുടെ പ്രബോധനങ്ങളും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമായിരുന്നിട്ടും എമ്മാനുവല്‍ എംപറര്‍ സഖ്യത്തിന് എവിടെ നിന്നാണ് "മറിയം ദൈവമാണ്" എന്ന ആശയം ലഭിച്ചത് എന്നതു ചിന്തനീയമാണ്. ഇസ്ലാം മതവിശ്വാസികളുടെ വിശുദ്ധഗ്രന്ഥമായ ഖുറാനിലെ ഒരു വാക്യത്തെ ആധാരമാക്കി ഇത്തരമൊരു വ്യാഖ്യാനം മധ്യകാലം മുതലേ നിലനിന്നിരുന്നു എന്നത് സത്യമാണ്. പരിശുദ്ധ ഖുറാനില്‍ നിന്നുള്ള ഉദ്ധരണികള്‍ ചുവടെ ചേര്‍ക്കുന്നു:
അല്ലാഹു അരുള്‍ചെയ്യും: "മറിയത്തിന്‍റെ പുത്രനായ ഈസാ, നീ മനുഷ്യരോടു പറയില്ലേ, എന്നെയും എന്‍റെ അമ്മയെയും അല്ലാഹുവിന്‍റെ ഇരുവശങ്ങളിലുമുളള ദൈവങ്ങളായി സ്വീകരിക്കാന്‍." അവന്‍ പറയും: "അങ്ങേയ്ക്കു മഹത്വമുണ്ടാകട്ടെ! എനിക്ക് അവകാശമില്ലാത്തതു ഞാന്‍ പറയുമോ. ഞാന്‍ അപ്രകാരം പറഞ്ഞിരുന്നെങ്കില്‍ അങ്ങ് അത് അറിയുമായിരുന്നല്ലോ... (ഖുറാന്‍ 5:116) ഇസ്ലാമിന്‍റെ വിശുദ്ധ ഗ്രന്ഥമായ ഖുറാനിലെ ഈ വാക്യത്തെ വിശദീകരിച്ചുകൊണ്ട് ഡബ്ലു.സി.ടിസ്ദാള്‍ രചിച്ച ഗ്രന്ഥത്തില്‍ (The Original Sources of the Quran, London, 1905) ക്രിസ്തീയ ത്രിത്വത്തെ ദൈവവും യേശുവും മറിയവും ചേര്‍ന്ന സഖ്യമായി ഖുറാന്‍ വ്യാഖ്യാനിക്കുന്നതായി സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍, ഖുറാനിലെ വാക്യത്തെ ദുര്‍വ്യാഖ്യാനം ചെയ്തതു കൊണ്ടാണ് ഇപ്രകാരമൊരു നിഗമനത്തില്‍ ഗ്രന്ഥകാരന്‍ എത്തുന്നത് എന്നു വ്യക്തമാണ്.
പക്ഷേ, മറിയത്തെയും യേശുവിനെയും അല്ലാഹുവിനൊപ്പം "ആരാധിക്കേണ്ട ദൈവങ്ങളായി നീ പഠിപ്പിച്ചോ?" എന്ന ഖുറാനിലെ ചോദ്യത്തിന്‍റെ പശ്ചാത്തലമെന്ത് എന്ന് അന്വേഷിക്കേണ്ടതുണ്ട്. നാലാം നൂറ്റാണ്ടില്‍ സൈപ്രസിലെ കോണ്‍സ്റ്റാന്‍സിയായിലെ മെത്രാനും സഭാപിതാവുമായിരുന്ന വി. എപ്പിഫാനിയൂസിന്‍റെ രചനകളില്‍ ഇതിന്‍റെ ഉത്തരം കണ്ടെത്താനാകും. മറിയത്തെ പരി. ത്രിത്വത്തിലെ മൂന്നാമത്തെ ആളായി അംഗീകരിച്ച് ആരാധിക്കുന്ന ഒരു വിഭാഗം പാഷണ്ഡികള്‍ അറേബ്യയില്‍ ഉണ്ടായിരുന്നതായാണ് എപ്പിഫാനിയൂസ് രേഖപ്പെടുത്തുന്നത്. കൊള്ളൂറിഡിയന്‍ പാഷണ്ഡത എന്ന പേരില്‍ അറിയപ്പെട്ട ഈ പാഷണ്ഡതയെ വിശുദ്ധന്‍ കര്‍ക്കശമായി തിരുത്തുന്നുണ്ട് (PG Panarion, Haer. 79 PG 42, 752).
ആദിമനൂറ്റാണ്ടുകള്‍ മുതല്‍ മധ്യകാലം വരെ പരിശുദ്ധ അമ്മയെ ദൈവമായി കരുതുന്ന ഒരു വിഭാഗം പാഷണ്ഡികള്‍ നിലനിന്നിരുന്നതായി ചരിത്രകാരനായ ജയോഫ്രി ആഷേ സമര്‍ത്ഥിക്കുന്നുണ്ട്. എന്നാല്‍ ഈ പാഷണ്ഡത ദീര്‍ഘകാലം നിലനിന്നിരുന്നു എന്ന വാദത്തെ ആവറില്‍ കാമറൂണ്‍ (The Cult of the Virgin in Late Antiquity, Studies in Church History-39) ഖണ്ഡിക്കുന്നുണ്ട്. എ.ഡി. 350 നും 450 നും ഇടയിലാണ് ഈ പാഷണ്ഡത നിലനിന്നിരുന്നത് എന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നുണ്ട്. പരിശുദ്ധ അമ്മയെ ആരാധിക്കുന്നതിന്‍റെ ഭാഗമായി ഇവര്‍ ചെറിയ അപ്പക്കഷണങ്ങള്‍ (ഗ്രീക്കില്‍ - കൊള്ളറിസ്) നേര്‍ച്ചയായി സമര്‍പ്പിച്ചിരുന്നു. ഈ ആചാരത്തില്‍ നിന്നാണ് ഇവര്‍ക്ക് പ്രസ്തുത പേര് ലഭിച്ചത് എന്നു കരുതപ്പെടുന്നു.
കോണ്‍സ്റ്റാന്‍റിനോപ്പിളിലെ ലെയോന്തിയൂസ് ഈ പാഷണ്ഡികളെ "ഫിലോ മരിയാനൈറ്റ്സ് (മറിയ സ്നേഹികള്‍) എന്നാണ് വിശേഷിപ്പിച്ചിരുന്നത് (PG 87, 1364). മാതാവിനെ ഒരു ദേവതയായി കരുതി പരിശുദ്ധ ത്രിത്വത്തിലെ മൂന്നാമത്തെ ആളായി ആരാധിച്ചിരുന്ന ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. ഇവരുടെ പുരോഹിത ശുശ്രൂഷകരും മിക്കവാറും സ്ത്രീകളായിരുന്നു. വനിതാ പൗരോഹിത്യത്തിനുവേണ്ടി വാദിക്കുന്ന ചില സ്ത്രീ വിമോചന പ്രസ്ഥാനക്കാര്‍ ഈ പാഷണ്ഡതയെ അവലംബമാക്കാറുണ്ട്. ഈ പാഷണ്ഡതയെ നിശിതമായി എതിര്‍ത്ത എപ്പിഫാനിയൂസ് എഴുതുന്നത് ശ്രദ്ധേയമാണ്: ഭൂമിയിലെ ഏറ്റവും വിശുദ്ധയും ലാവണ്യവതിയും ആദരണീയയുമായ മനുഷ്യവ്യക്തി പരിശുദ്ധ മറിയമാണ്. എന്നാല്‍ അവള്‍ ആരാധനയ്ക്ക് അര്‍ഹയല്ല (Haer 79.7; PG 42, 752). എന്തെന്നാല്‍ മറിയം ഒരു ദേവതയല്ല, അവള്‍ ശരീരം സ്വീകരിച്ചത് സ്വര്‍ഗ്ഗത്തില്‍ നിന്നുമല്ല (Haer. 78.24).
കൊള്ളുറീഡിയന്‍ പാഷണ്ഡതയെക്കുറിച്ച് വിശുദ്ധ ജോണ്‍ ഡമഷീനും പ്രതിപാദിക്കുന്നുണ്ട് (PG 94, 728). എന്നാല്‍ ആദ്യകാല വിശ്വാസ സംരക്ഷക രചനകളില്‍ (apologetics) ഈ പാഷണ്ഡതയെക്കുറിച്ചു സൂചനകളില്ല. ഇറനേവൂസിന്‍റെ "പാഷണ്ഡതകള്‍ക്കെതിരേ" (എ.ഡി. 225), എവുസേബിയൂസിന്‍റെ സഭാചരിത്രം (എ.ഡി. 325) എന്നീ ഗ്രന്ഥങ്ങള്‍ ഈ പാഷണ്ഡതയെക്കുറിച്ച് സൂചിപ്പിക്കുന്നില്ല. തന്മൂലം ഈ പാഷണ്ഡത ആരംഭകാലം മുതല്‍ സഭയില്‍ നിലനിന്നിരുന്നില്ല എന്ന് അനുമാനിക്കാം.
ചുരുക്കത്തില്‍, കൊള്ളൂറിഡിയന്‍ പാഷണ്ഡതയെ ക്രിസ്തീയ വിശ്വാസത്തിന്‍റെ അടിസ്ഥാനമായി തെറ്റിദ്ധരിച്ചതു കൊണ്ടാകാം ഖുറാന്‍ 5:116 ല്‍ ഇപ്രകാരമൊരു ചോദ്യം ഉന്നയിക്കപ്പെടുന്നത്. എംപറര്‍ എമ്മാനുവല്‍ പ്രസ്ഥാനം പ്രഘോഷിക്കുന്ന പരിശുദ്ധ മറിയം ഉള്‍പ്പെടുന്ന "വിചിത്രത്രിത്വം" ഈ പാഷണ്ഡതയുടെ സമകാലിക പതിപ്പാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
മറിയത്തിന്‍റെ ദൈവത്വംപരിശുദ്ധമറിയം ദൈവമാതാവും അമലോത്ഭയും നിത്യകന്യകയും സ്വാര്‍ഗ്ഗാരോപിതയുമാണെന്ന് സഭ പഠിപ്പിക്കുന്നുണ്ട്. എന്നാല്‍, മറിയം ദൈവത്തിന്‍റെ സൃഷ്ടിയും ഈശോയുടെ സഭയിലെ ആദ്യ അംഗവും രക്ഷിക്കപ്പെട്ടവരിലെ ആദ്യഫലവുമാണെന്ന് സഭ അസന്ദിഗ്ധമായി പഠിപ്പിക്കുന്നു. ദൈവപുത്രന് ജന്മം കൊടുക്കുമ്പോഴും അവള്‍ മനുഷ്യ സ്ത്രീതന്നെയായിരുന്നു എന്നു സാരം. എന്നാല്‍ മറിയത്തിന്‍റെ ദൈവികതയ്ക്ക് ഊന്നല്‍നല്‍കുന്ന എംപറര്‍ എമ്മാനുവല്‍ ഗ്രൂപ്പ്. ലോക സൃഷ്ടിക്കുമുമ്പേ മറിയം ഉണ്ടായിരുന്നു എന്നു സ്ഥാപിക്കുന്നു. ഉത്പ: 26-27 നെ ആധാരമാക്കിയാണ് എംപറര്‍ പ്രസ്ഥാനം ഈ വ്യാഖ്യാനം നല്‍കുന്നത്.
ഉത്പ 1:26-27 - ദൈവം വീണ്ടും അരുളിച്ചെയ്തു: "നമുക്ക് നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം. .... അങ്ങനെ ദൈവം തന്‍റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു. സ്ത്രീയും പുരുഷനുമായി അവനെ സൃഷ്ടിച്ചു."
"നമുക്ക് നമ്മുടെ ഛായയിലും സാദൃശ്യത്തിലും " എന്നത് സ്രഷ്ടാവായ ദൈവം പരിശുദ്ധ മറിയത്തോടു പറഞ്ഞതാണെന്നാണ് എമ്മാനുവല്‍ എംപറര്‍ ഗ്രൂപ്പിന്‍റെ വ്യാഖ്യാനം. തന്‍റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ മനുഷ്യന്‍ സ്ത്രീയും പുരുഷനുമായി സൃഷ്ടിക്കപ്പെട്ടുവെങ്കില്‍ സൃഷ്ടികര്‍മ്മത്തില്‍ ദൈവത്തോടൊപ്പം സ്ത്രീയായ മറിയവും പങ്കുചേര്‍ന്നു എന്നതാണ് ഇവരുടെ വാദത്തിന്‍റെ കാതല്‍. എന്നാല്‍, ഈ വാദഗതി അടിസ്ഥാനരഹിതമാണെന്നു മനസ്സിലാക്കാന്‍ "നമുക്കു നമ്മുടെ ഛായയിലും ......" എന്ന ബഹുവചനരൂപത്തിന്‍റെ അര്‍ത്ഥവും ഛായ, സാദൃശ്യം എന്നീ പദങ്ങളുടെ അര്‍ത്ഥവും ഗ്രഹിക്കേണ്ടതുണ്ട്.
"നമുക്ക് നമ്മുടെ" ദൈവം ഏകനാണ് എന്ന വിശ്വാസത്തിന്‍റെ പശ്ചാത്തലത്തില്‍ ഈ ബഹുവചനരൂപം വ്യാഖ്യാനിക്കുന്നത് ദുഷ്കരമാണ്. സഭാപിതാക്കന്മാരുടെ കാലംമുതല്‍ വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ ഈ വചനത്തിനു നല്‍കപ്പെട്ടിട്ടുണ്ട്.
1. ആദരസൂചകമായി പൂജകബഹുവചനരൂപം ഉപയോഗിച്ചു എന്നതാണ് ഒരു വ്യാഖ്യാനം. എന്നാല്‍, പൂജകബഹുവചനരൂപം ഹീബ്രുശൈലിയില്‍ അസാധാരണമാകയാല്‍ ഈ വ്യാഖ്യാനം പൂര്‍ണ്ണമായും സ്വീകരിക്കാനാവില്ല.
2. എലോഹിം (ദൈവം) എന്ന പദം വ്യാകരണനിയമമനുസരിച്ച് ബഹുവചനരൂപമാകയാല്‍ ബഹുവചനസര്‍വനാമം ഉപയോഗിച്ചതാണ് എന്നതാണ് മറ്റൊരു വ്യാഖ്യാനം. വ്യാകരണ ദൃഷ്ട്യാ ബഹുവചനമാണെങ്കിലും ഏകദൈവവിശ്വാസത്തില്‍ അടിയുറച്ചുനില്‍ക്കുന്ന യഹൂദര്‍ ദൈവത്തെ സൂചിപ്പിക്കാന്‍ ബഹുവചനസര്‍വനാമം ഉപയോഗിക്കുന്നു എന്നു കരുതാന്‍ ബുദ്ധിമുട്ടുണ്ട്.
3. സ്വര്‍ഗ്ഗീയസദസ്സിലെ മാലാഖാമാരോടും അരൂപികളോടും ദൈവം ചര്‍ച്ചനടത്തിയതിനെയാണ് ഈ വചനം സൂചിപ്പിക്കുന്നത് എന്നു വ്യാഖ്യാനിക്കുന്നവരുണ്ട്. ജോബ് 1:6; 2:1 എന്നീവചനഭാഗങ്ങളില്‍ ദൈവം സ്വര്‍ഗ്ഗവാസികളുമായി ചര്‍ച്ചനടത്തുന്നത് ഈ വ്യാഖ്യാനത്തിന് ഉപോദ്ബലകമായി ചൂണ്ടിക്കാണിക്കാറുണ്ട്.
4. ദൈവം സ്വയം നടത്തുന്ന ചര്‍ച്ചയാണിത് എന്നതാണ് മറ്റൊരു വ്യാഖ്യാനം. ദൈവം സ്വയമേ എടുത്ത തീരുമാനത്തെയാണ് ഈ വചനം സൂചിപ്പിക്കുന്നത് എന്നു കരുതുന്നതാണ് കൂടുതല്‍ ശരിയായ വ്യാഖ്യാനം. "നഷാഗ്" എന്ന ക്രിയയാണ് ഹീബ്രൂവില്‍ ഉപയോഗിക്കുന്നത്. ഈ ക്രിയ (1st Person Plural coharative) ഉപയോഗിച്ചിരിക്കുന്ന 18 സന്ദര്‍ഭങ്ങള്‍ കൂടി പഴയനിയമത്തിലുണ്ട്. (പുറ 19:8; 24:3 ലരേ) ഈ സന്ദര്‍ഭങ്ങളിലെല്ലാംതന്നെ ചര്‍ച്ചചെയ്തു (Discuss) എന്നതിനേക്കാള്‍ തീരുമാനിച്ചു (determine) എന്ന അര്‍ത്ഥത്തിനാണ് പ്രാമുഖ്യം.
5. താന്‍ നടത്തിയ സര്‍വ്വസൃഷ്ടികളെയും സൃഷ്ടിയുടെ മകുടമായ മനുഷ്യന്‍റെ സൃഷ്ടിയില്‍ പങ്കുചേരാനായി ദൈവം ക്ഷണിക്കുന്നതായും ഈ വചനത്തെ മനസ്സിലാക്കാം. സൃഷ്ടിയുടെ ആദ്യനാളുകളില്‍ ദൈവം സൃഷ്ടിച്ച മണ്ണും വെള്ളവും വായുവും ജീവനും ...... എല്ലാം മനുഷ്യന്‍റെ സൃഷ്ടിക്കായി ദൈവം ഉപയോഗപ്പെടുത്തുന്നുണ്ട് എന്നതിനാല്‍ ഈ വ്യാഖ്യാനവും നിരാകരിക്കേണ്ടതില്ല.
6. അവസാനമായി, പരിശുദ്ധത്രിത്വത്തെക്കുറിച്ചുള്ള വിദൂരപരാമര്‍ശമായി ഈ വചനത്തെ മനസ്സിലാക്കാന്‍ കഴിയും. ഈ വചനഭാഗം എഴുതിയ പുരോഹിത ഗ്രന്ഥകാരന് (P) പരിശുദ്ധത്രിത്വത്തെക്കുറിച്ചുള്ള അറിവ് ഉണ്ടായിരുന്നില്ല എന്നത് സത്യമായിരിക്കാം. എന്നാല്‍, ഗ്രന്ഥകര്‍ത്താവ് നിരൂപിക്കാത്ത അര്‍ത്ഥങ്ങള്‍ പ്രസ്തുത വചനത്തിന് ദൈവനിവേശനത്തിലൂടെ രൂപം നല്‍കിയ ദൈവം നിരൂപിക്കാനുള്ള സാധ്യത (Sensus Plenior) നിഷേധിക്കാനാവില്ല. പരിശുദ്ധത്രിത്വത്തിലെ പരസ്പരകൂട്ടായ്മയെ സൂചിപ്പിക്കുന്ന ഈ വചനത്തിന്‍റെ പൂര്‍ണ്ണമായ അര്‍ത്ഥം പുതിയ നിയമത്തിലാണ് നാം സമഗ്രമായി ഗ്രഹിക്കുന്നത്.
മുകളില്‍ പരാമര്‍ശിച്ച വ്യാഖ്യാനങ്ങളില്‍നിന്ന് ഒരു കാര്യം പകല്‍പോലെ വ്യക്തമാണ്. ഉത്പ 1:26 ലെ ബഹുവചനരൂപത്തിലുള്ള വചനം ("നമുക്കു നമ്മുടെ .....") സ്രഷ്ടാവായ ദൈവവും പരി. മറിയവും തമ്മിലുള്ള സംഭാഷണമായി വ്യാഖ്യാനിക്കുന്ന എമ്മാനുവല്‍ എംപറര്‍ ട്രസ്റ്റിന്‍റെ വ്യാഖ്യാനം ഭീമാബദ്ധമാണ്. ഇക്കൂട്ടരുടെ വ്യാഖ്യാനമനുസരിച്ച് പിതാവായ ദൈവത്തിന് മറിയത്തില്‍ ജനിച്ച ആദ്യപുത്രനാണ് ആദ്യമനുഷ്യനായ ആദം. ദൈവം നടത്തിയ സൃഷ്ടിയെ ലൈംഗികതയുമായി ബന്ധിപ്പിച്ചുകൊണ്ട് ലൈംഗികതയെ ദൈവവത്കരിക്കുന്ന ശ്രമമാണിവിടെ. ലൈംഗികതയെ വിശുദ്ധവും ദൈവദാനവുമായി കരുതുന്നതാണ് കത്തോലിക്കാസഭയുടെ കാഴ്ചപ്പാട്. എംപറര്‍ പ്രസ്ഥാനക്കാരാകട്ടെ ദൈവത്തിന്‍റെ ലൈംഗികതയെ അപഗ്രഥിച്ചുകൊണ്ട് നടത്തുന്ന വചനവ്യാഖ്യാനം ലൈംഗിക അരാജകത്വത്തിലേക്കുള്ള ദിശാസൂചികയാകാം. ഭഗവാന്‍ കൃഷ്ണനെയും യേശുക്രിസ്തുനെപ്പോലും ലൈംഗികാതിപ്രസരണത്തിന്‍റെ വക്താക്കളായി അവതരിപ്പിച്ച് ദൈവാനുഭവം എന്നത് ലൈംഗികാനന്ദമാണെന്നു വ്യാഖ്യാനിച്ച ഓഷോ രജനിഷിന്‍റെ വഴിയും എമ്മാനുവല്‍ എംപറര്‍ ട്രസ്റ്റ് നടത്തുന്ന വ്യാഖ്യാനത്തിന്‍റെ ലക്ഷ്യവും ഒരേ ദിശയിലേക്കാണ് നീങ്ങുന്നത്.
ഛായ, സാദൃശ്യംദൈവം തന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ചപ്പോള്‍ സ്ത്രീയും പുരുഷനും ജനിച്ചെങ്കില്‍ ദൈവത്തിന്‍റെ ഛായയില്‍ സ്ത്രീയുടെ ഛായയുണ്ടെന്നും ആ ഛായ പരിശുദ്ധ മറിയത്തിന്‍റേതാണെന്നുമാണ് എമ്മാനുവല്‍ എംപറര്‍ ട്രസ്റ്റിന്‍റെ വ്യാഖ്യാനം.
എന്നാല്‍, ഈ വ്യാഖ്യാനം ബൈബിള്‍ ലക്ഷ്യമാക്കുന്ന അര്‍ത്ഥവുമായി പുലബന്ധംപോലും ഇല്ലാത്തതാണ്. ഛായ, സാദൃശ്യം എന്നതിനെ സൂചിപ്പിക്കാനായി ഉപയോഗിച്ചിരിക്കുന്ന "സെലെം" എന്ന ഹീബ്രുവാക്ക് മദ്ധ്യപൂര്‍വ്വ ദേശങ്ങളുടെ (ANE) പശ്ചാത്തലത്തില്‍, ഗ്രാമങ്ങള്‍തോറും സ്ഥാപിക്കുന്ന, ഭരണാധികാരിയായ രാജാവിന്‍റെ പ്രതിമയെയാണ് സൂചിപ്പിക്കുന്നത്. രാജ്യം ഭരിക്കുന്ന രാജാവിന്‍റെ പ്രതീകമെന്ന നിലയില്‍ നാല്ക്കവലകള്‍ തോറും സ്ഥാപിക്കുന്ന പ്രതിമകളുടെ (Zelem) മുന്നിലാണ് വ്യവഹാരങ്ങള്‍ക്ക് തീര്‍പ്പുകല്‍പ്പിച്ചിരിക്കുന്നത്. രാജാവിന്‍റെ സാന്നിദ്ധ്യം അനുസ്മരിപ്പിക്കുന്ന പ്രതീകമായിരുന്നു പ്രതിമ. മനുഷ്യന്‍ ദൈവത്തിന്‍റെ ഛായ (Zelem) ആണെന്ന് ഉത്പത്തി ഗ്രന്ഥകാരന്‍ പറയുന്നതിന്‍റെ അര്‍ത്ഥം, സ്രഷ്ടാവായ ദൈവത്തിന്‍റെ ഭൂമിയിലെ പ്രതിനിധിയും പ്രതീകവും മനുഷ്യനാണ് എന്ന യാഥാര്‍ത്ഥ്യമാണ്. മനുഷ്യന്‍ ഭൂമിയില്‍ നിര്‍വ്വഹിക്കാനുള്ള ദൗത്യം എപ്രകാരമുള്ളതാണ് എന്നതിന്‍റെ സൂചനയാണ് ഛായ (Zelem) എന്ന പദം വ്യക്തമാക്കുന്നത്. സാദൃശ്യം എന്നതിനെ സൂചിപ്പിക്കുന്ന "ദെമൂത്" എന്ന പദം മനുഷ്യന്‍റെ അസ്തിത്വത്തെയാണ് സൂചിപ്പിക്കുന്നത്. ദൈവികതയുടെ സ്പര്‍ശമുള്ള മനുഷ്യന്‍ മറ്റെല്ലാ സൃഷ്ടികളില്‍നിന്നും വ്യത്യസ്തനും അവയ്ക്കെല്ലാം അധികാരിയുമാണ് എന്ന സത്യം "ദെമൂത്" എന്ന പദത്തിലൂടെ വ്യക്തമാക്കപ്പെടുന്നു.
മനുഷ്യന്‍റെ അസ്തിത്വത്തെയും ദൗത്യത്തെയും സൂചിപ്പിക്കുന്ന സാദൃശ്യം (Demut), ഛായ (Zelem)എന്നീ പദങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് സ്ത്രീയുടെ ഛായ പരി. മറിയത്തിന്‍റേതും പുരുഷന്‍റെ ഛായ ദൈവത്തിന്‍റേതുമാണെന്ന് വ്യാഖ്യാനിക്കുന്ന എംപറര്‍ എമ്മാനുവല്‍ ട്രസ്റ്റിന്‍റെ വി. ഗ്രന്ഥവ്യാഖ്യാനം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാണ്.തീയംപറ്റും (വെളിപാട് 12:1-4)സ്ത്രീയും എംപററും (വെളിപാട് 12:1-4)വെളിപാട് 12:1-14 ല്‍ വിവരിക്കുന്ന സ്ത്രീ ആയിരം വര്‍ഷം ഭരണം നടത്താന്‍ വരുന്ന എമ്മാനുവല്‍ എംപററിനെ ഗര്‍ഭം ധരിച്ചിരിക്കുന്ന മറിയമാണെന്നാണ് എമ്മാനുവല്‍ എംപറര്‍ ട്രസ്ററിന്‍റെ വ്യാഖ്യാനം. പൂര്‍ണ്ണഗര്‍ഭിണിയായിരിക്കുന്ന മറിയം രാജാവായ എമ്മാനുവലിനെ പ്രസവിക്കുന്നതോടെ എമ്മാനുവല്‍ എംപററിന്‍റെ യുഗം ആരംഭിക്കുമെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. എന്നാല്‍ വെളിപാട് 12:1-4 ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കിയാല്‍ ഈ വാദഗതി അടിസ്ഥാനരഹിതമാണെന്ന് ബോധ്യപ്പെടും. വെളിപാടുപുസ്തകത്തില്‍ പരാമര്‍ശിക്കപ്പെടുന്ന സ്ത്രീ ഒരേസമയം യേശുവിന്‍റെ അമ്മയായ മറിയത്തിന്‍റെയും ദൈവജനമായ സഭയുടെയും പ്രതീകമാണ്. മറിയത്തെ സഭയുടെ പ്രതീകമായി അവതരിപ്പിക്കുന്ന ശൈലി യോഹന്നാന്‍റെ ദൈവശാസ്ത്രത്തിന്‍റെ ഭാഗമാണ്. (യോഹ 2:1-12;19:25-27). ഇരുമ്പുദണ്ഡുകൊണ്ട് ഭരിക്കാനിരിക്കുന്നവന്‍ (വെളി 12:5) യേശു ആയതിനാല്‍ അവനെ പ്രസവിച്ച സ്ത്രീ മറിയം തന്നെയാണ്. എന്നാല്‍ സ്ത്രീയുടെ വിശേഷണങ്ങളായി ചേര്‍ത്തിരിക്കുന്ന പ്രതീകങ്ങള്‍ മറിയം എന്ന ഏകവ്യക്തിയെക്കാളും ദൈവജനം എന്ന പൊതുപ്രതീകത്തെ ദ്യോതിപ്പിക്കുന്നതാണ് "ചന്ദ്രനെപ്പോലെ സൗന്ദര്യവതിയും സൂര്യനെപ്പോലെ നിര്‍മ്മലചരിതയുമായ " ഉത്തമഗീതത്തിലെ മണവാട്ടി ദൈവജനമായ ഇസ്രായേലിന്‍റെ പ്രതീകമാണല്ലോ (ഉത്ത 6:10) പന്ത്രണ്ടു നക്ഷ്ത്രങ്ങളാകട്ടെ പഴയനിയമ ദൈവജനത്തെ സൂചിപ്പിക്കുന്ന 12 ഗ്രോത്രങ്ങളെയും പുതിയ നിയമദൈവജനത്തെ സൂചിപ്പിക്കുന്ന 12 അപ്പസ്തോലന്മാരെയും പ്രതിനിധാനം ചെയ്യുന്നു.
സ്ത്രീ പ്രസവിക്കുന്ന കുഞ്ഞിനെ വിഴുങ്ങാന്‍ കാത്തുനില്‍ക്കുന്ന സര്‍പ്പം മനുഷ്യരക്ഷയ്ക്കായുള്ള ദൈവിക പദ്ധതിയെ തകിടം മറിക്കാനുള്ള പിശാചിന്‍റെ സമസ്ത പ്രവര്‍ത്തനങ്ങളുടെയും സൂചനയാണ്. ബൈബിള്‍ പണ്ഡിതനായ ഡോ. മൈക്കിള്‍ കാരിമറ്റം ഈ വചനഭാഗത്തിനു നല്‍കുന്ന വ്യാഖ്യാനം ശ്രദ്ധേയമാണ് (വെളിപാട് PP. 175-176).
"ദൈവജനത്തിനും മിശിഹായ്ക്കും എതിരേ നടന്ന പീഡനങ്ങളുടെ അനേകം ചിത്രങ്ങള്‍ ഇത് അനുസ്മരിപ്പിക്കുന്നു. ദൈവത്തെ ആരാധിക്കാന്‍ വിടാതെ ദൈവജനത്തെ അടിമയാക്കിവച്ച ഫറവോയും, പ്രവാസത്തിലേക്കു നയിച്ച നബുക്കദ്നേസറും കഠിനമായി പീഡിപ്പിച്ച അന്തിയോക്കസ് നാലാമനും മിശിഹായെ വധിക്കാന്‍ ശ്രമിച്ച ഹേറോദേസും എല്ലാം ഈ ചിത്രത്തിനു പിന്നില്‍ മിന്നിമറയുന്നു. പരസ്യജീവിതകാലത്ത് രക്ഷാപദ്ധതിക്കു തുരങ്കം വയ്ക്കാനായി സാത്താന്‍ നടത്തിയ പ്രലോഭനങ്ങള്‍ സുവിശേഷങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട് (ലൂക്കാ 4,1-13;22,28). യേശുവിനെ മരണശിക്ഷയ്ക്കു ഏല്‍പിച്ചു കൊടുക്കുന്നതിന്‍റെ പിന്നിലും സാത്താന്‍റെ പ്രവര്‍ത്തനം ദൃശ്യമാകുന്നു (ലൂക്കാ 22, 3-6; യോഹ 13,2). ദൈവജനത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന സാമ്രാജ്യശക്തികള്‍ക്കെല്ലാം പിന്നില്‍ നില്‍ക്കുന്നത് പുരാതന സര്‍പ്പം തന്നെയാണെന്ന് യോഹന്നാന്‍ സൂചിപ്പിക്കുന്നു. ദൈവിക ശിശുവിനെ വധിക്കാന്‍ ശ്രമിക്കുന്ന സര്‍പ്പത്തിന്‍റെ കഥകള്‍ മിക്കവാറും എല്ലാ പുരാതന മതങ്ങളുടെയും ഇതിഹാസങ്ങളിലുണ്ട്. അതിനാല്‍ അനുവാചകര്‍ക്ക് എളുപ്പം ഗ്രഹിക്കാവുന്നതാണ് ഈ ചിത്രം." 1260 ദിവസം എന്നത് മതമര്‍ദ്ദന കാലത്തെ സൂചിപ്പിക്കുന്നു. മൂന്നരവര്‍ഷം, സമയവും സമയങ്ങളും സമയത്തിന്‍റെ പകുതിയും എന്നീ കാല സൂചനകളും ഇതേ അര്‍ത്ഥത്തിലാണ് (വെളി 11:3). ക്രിസ്തുവിന്‍റെ മഹത്വമേറിയ രണ്ടാമത്തെ ആഗമനംവരെ സഭ അനുഭവിക്കേണ്ടിവരുന്ന പീഡനങ്ങളും ത്യാഗങ്ങളുമാണ് ഇവിടെ വിശേഷിപ്പിക്കപ്പെടുന്നത്. അന്തിയോക്കസ് എപ്പിഫാനസിന്‍റെ ഭീകരമായ മതമര്‍ദ്ദനം 1260 ദിവസം നീണ്ടുനിന്നതിനാലാണ് മതമര്‍ദ്ദനകാലത്തിന്‍റെ പ്രതീകാത്മക സംഖ്യയായി 1260നെ വെളിപാടുഗ്രന്ഥകാരന്‍ തിരഞ്ഞെടുത്തത്.
സര്‍പ്പം നദിപോലെ ജലമൊഴുക്കുന്നതും അര്‍ത്ഥസാന്ദ്രമാണ്. ഇസ്രായേലിന്‍റെ ചരിത്രപശ്ചാത്തലത്തില്‍ പ്രതീകാത്മകമാണ് പ്രളയജലം (ഉത്പ 7-8). ഇസ്രായേല്‍ക്കാരായ ആണ്‍കുട്ടികളെ നൈല്‍നദിയില്‍ എറിഞ്ഞ് ഈജിപ്തുകാര്‍ വധിച്ചത് (പുറ 1-2), ചാവുകടല്‍ രൂപം കൊള്ളുന്നത് (ഉത്പ 18-19) തുടങ്ങിയ വിവരണങ്ങള്‍ ഈ പ്രതീകത്തില്‍ പ്രതിഫലിക്കുന്നുണ്ട്. ഭൂമി വാപിളര്‍ന്ന് തിന്മയെ വിഴുങ്ങുന്നതും പഴയനിയമത്തിലെ കോറഹിന്‍റെ കഥയെ അനുസ്മരിപ്പിക്കുന്നു (സംഖ്യ 16:25-35). മരുഭൂമിയിലെ പീഡനത്തിനു വിധേയയാകുന്ന സ്ത്രീ മരുഭൂമിയിലലഞ്ഞ ഇസ്രായേലിനെയും മതമര്‍ദ്ദനത്തെ നേരിടുന്ന പുതിയ ഇസ്രായേലായ സഭയേയും പ്രതീകവത്കരിക്കുന്നു. ഒരേസമയം പരിശുദ്ധമറിയത്തെയും ദൈവജനമായ സഭയെയും "സ്ത്രീ" എന്ന സംജ്ഞയിലൂടെ സമഞ്ജസമായി യോഹന്നാന്‍ അവതരിപ്പിക്കുന്നു.
മരുഭൂമിയിലേക്ക് ഓടിപ്പോകുന്ന സ്ത്രീ അവിടെ സംരക്ഷിക്കപ്പെടുന്നത്, സഭയെ ക്രിസ്തു സംരക്ഷിക്കുന്നതിന്‍റെ പ്രതീകമാണ്. (Cfr. P. Karyamdam, ദുര്‍ഗ്രഹവചനങ്ങള്‍ , P.875)മരുഭൂമി ദൈവസംരക്ഷണത്തിന്‍റെ പ്രതീകമാണ്. ഈജിപ്തിലെ അടിമത്തത്തില്‍ നിന്ന് ഇസ്രായേലിനെ രക്ഷപ്പെടുത്തി ദൈവം മരുഭൂമിയില്‍ സംരക്ഷിക്കുന്നു. (പുറ.16:1ff;17: 1ff; 13:17-22); ജസ്സബെല്‍ രാജ്ഞിയെ ഭയന്ന് ഏലിയാ പ്രവാചകന്‍ മരുഭൂമിയിലേക്ക് ഓടിപ്പോയി (1 രാജാ.19:3); മത്താത്തിയാനും കൂട്ടരും അന്തിയോക്കസ് നാലാമന്‍റെ മതമര്‍ദ്ദനകാലത്ത് രക്ഷയ്ക്കായ് മരുഭൂമിയിലേക്ക് പലായനം ചെയ്തു. (മക്ക.2:28-29); ജോസഫും മേരിയും യേശുവിനെ ഹേറോദോസിന്‍റെ കൈയില്‍ നിന്നു സംരക്ഷിക്കുവാന്‍ ഈജിപ്തിലേക്ക് പോകുന്നത് മരുഭൂമിയിലൂടെയാണ്. റോമക്കാര്‍ക്കെതിരെ യഹൂദര്‍ യുദ്ധം ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് (ഏ.ഡി. 66) ജറുസേലേമിലുണ്ടായിരുന്ന ക്രൈസ്തവര്‍ യേശുവിന്‍റെ വാക്കുകള്‍ അനുസ്മരിപ്പിച്ചുകൊണ്ട് (മര്‍ക്കോ13:14) യോര്‍ദ്ദാനു കിഴക്ക് 'പെല്ലാ' എന്ന പട്ടണത്തിലേക്ക് പലായനം ചെയ്തതായി സഭാചരിത്രകാരനായ എവുസേബിയൂസ് രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവം തന്‍റെ ജനത്തെ വീണ്ടും മരുഭൂമിയിലേക്ക് നയിക്കും എന്ന് ഹോസിയ പ്രവാചകന്‍ അരുളിച്ചെയ്തിട്ടുണ്ട്. (ഹോസി 2:14). ക്രിസ്തുവിന്‍റെ സഭ ലോകത്തിന്‍റേതല്ലാതെ ജീവിക്കുന്നത് മരുഭൂമിയില്‍ വസിക്കുന്നതുപോലെയാണ്. (യോഹ15:19).
മേല്‍ പ്രസ്താവിച്ച വ്യാഖ്യാനങ്ങളുടെ വെളിച്ചത്തില്‍ വെളി. 12:1-4 ലെ സ്ത്രീയെ സംബന്ധിച്ചുള്ള എമ്മാനുവേല്‍ എംപറര്‍ പ്രസ്ഥാനത്തിന്‍റെ വ്യാഖ്യാനം അടിസ്ഥാനരഹിതമാണെന്നു വ്യക്തമാണല്ലോ. പൂര്‍ണ്ണഗര്‍ഭിണിയായ സ്ത്രീ എമ്മാനുവല്‍ എംപറിനെ ഗര്‍ഭം ധരിച്ചുനില്‍ക്കുന്നവളല്ല, മറിച്ച്, മനുഷ്യാവതാരം ചെയ്ത ക്രിസ്തുവിനെ പ്രസവിച്ചവളായ മറിയമാണ്. വരാനിരിക്കുന്ന എംപറര്‍ എമ്മാനുവലല്ല വന്നു കഴിഞ്ഞ എമ്മാനുവലായ യേശുക്രിസ്തുവാണ് അവള്‍ പ്രസവിച്ച കുഞ്ഞ്. മറിയത്തിലൂടെ പ്രതീകവത്കരിക്കപ്പെടുന്ന സഭ അനുഭവിക്കേണ്ടിവരുന്ന പീഡനങ്ങളും ശ്രദ്ധാര്‍ഹമാണ്. സഭയെ തകര്‍ക്കാനാഗ്രഹിക്കുന്ന തിന്മയുടെ ശക്തികളെ പ്രതീകവത്കരിക്കുന്ന സര്‍പ്പത്തിന്‍റെ പക്ഷത്താണ് സഭയില്‍ വിധ്വംസക പ്രവര്‍ത്തനങ്ങളും പ്രബോധനങ്ങളും നല്‍കുന്ന എംപറര്‍ എമ്മാനുവല്‍ പ്രസ്ഥാനത്തിന്‍റെ സ്ഥാനം എന്ന് ഓര്‍മ്മിക്കുന്നത് നന്നായിരിക്കും.
Mar Joseph Pamplany Holy Mary Holy Mary and the Trinity one among the Trinity Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206