x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സമകാലിക സംവാദങ്ങൾ

west സമകാലിക സംവാദങ്ങൾ/ മത ശാസ്ത്ര സംവാദം

ഉത്പത്തി ബൈബിളിലും ശാസ്ത്രത്തിലും

Authored by : Rev Dr. Augustine Pamplany On 28-May-2021

ഉത്പത്തി ബൈബിളിലുംഉത്പത്തി ബൈബിളിലുംശാസ്ത്രത്തത്തിലും

സൃഷ്ടിയുടെ പുനര്‍വായന- പരിശുദ്ധാത്മ ബഹിര്‍ഗ്ഗമനം

"സൃഷ്ടിയെക്കുറിച്ചുള്ള രഹസ്യത്തിന്‍റെ ചുരുളഴിക്കാന്‍ ശാസ്ത്രം ഒരിക്കലും പര്യാപ്തമാവില്ല എന്ന് ഈ നിമിഷം തോന്നുന്നു. യുക്തിയുടെ കഴിവില്‍ വിശ്വസിച്ചുജീവിച്ചിരുന്ന ശാസ്ത്രജ്ഞനെ സംബന്ധിച്ചിടത്തോളം കഥ ഒരു ദുഃസ്വപ്നം പോലെ അവസാനിക്കുകയാണ്. അജ്ഞതയുടെ കൊടുമുടികളെ അദ്ദേഹം അളന്നിട്ടുണ്ട്; ഏറ്റവും ഉയര്‍ന്ന കൊടുമുടിയെ കീഴടക്കാന്‍ തയ്യാറായി നില്ക്കുന്നു; അദ്ദേഹം അവസാനത്തെ പാറയിലേക്ക് വലിഞ്ഞുകയറുമ്പോള്‍, നൂറ്റാണ്ടുകളായി അവിടെയുള്ള ദൈവശാസ്ത്രജ്ഞരാല്‍ അഭിവാദ്യം ചെയ്യപ്പെടുകയാണ്."22 ദൈവികമായ പരസ്പരസഹവാസത്തിന്‍റെ സാദൃശ്യത്തില്‍ ലോകത്തിലുള്ള സാധാരണബന്ധങ്ങള്‍ പ്രപഞ്ചത്തിന്‍റെ ഉത്പത്തിയെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുന്നു. ഉത്പത്തിയെക്കുറിച്ചുള്ള ശാസ്ത്രീയവിവരണങ്ങളും ഒപ്പം പ്രപഞ്ചത്തിന്‍റെ സ്ഥലാതീതമായ തന്തുക്കളെക്കുറിച്ചുള്ള മറ്റ് ശാസ്ത്രീയനിഗമനങ്ങളും സൃഷ്ടിയുടെ ബൈബിള്‍വിവരണത്തെ പുതുതായി ആഖ്യാനിക്കാന്‍ നമ്മെ സഹായിക്കുന്നു. സൃഷ്ടിയെക്കുറിച്ചുള്ള ബൈബിള്‍ കാഴ്ചപ്പാടിനെക്കുറിച്ച് ചില വിശദീകരണങ്ങള്‍ ഇവിടെ ആവശ്യമാണ്. 

സൃഷ്ടിയുടെ ബൈബിള്‍ വീക്ഷണം

"ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു" (ഉത്.1:1).23 ഇത് ശൂന്യതയില്‍നിന്നുള്ള സൃഷ്ടി (creatio ex nihilo) എന്ന സങ്കല്പത്തോട് അഭേദ്യമാംവിധം ബന്ധപ്പെട്ടുനില്ക്കുന്നു. ലുഡ്വിഗ് കോഹ്ലര്‍ നിരീക്ഷിക്കുന്നു: "സൃഷ്ടിയെക്കുറിച്ചുള്ള പഴയനിയമകഥ'ലോകം എങ്ങനെയാണ് രൂപംകൊണ്ടത്?' എന്നചോദ്യത്തിന്   'ദൈവം സൃഷ്ടിച്ചു' എന്ന് ഉത്തരം നല്കുന്നില്ല. എന്നാല്‍ 'ദൈവജനത്തിന്‍റെ ചരിത്രം അതിന്‍റെ അര്‍ത്ഥം കണ്ടെത്തുന്നത് എവിടെനിന്ന്?'  എന്ന ചോദ്യത്തിന് 'ദൈവം തന്‍റെ ജനത്തിന്‍റെ ചരിത്രത്തിന് സൃഷ്ടിയിലൂടെ അര്‍ത്ഥം നല്കി' എന്ന് ഉത്തരം നല്കുന്നു."24 അങ്ങനെ ബൈബിളില്‍ ദൈവമാണ് സ്രഷ്ടാവും രക്ഷകനുമെന്ന് നാം കാണുന്നു (ഏശ.43:14-19; 51:9-10). ഹീബ്രുപദമായ 'ബാറ' (bara) ഏകദേശം അമ്പതുപ്രാവശ്യം ബൈബിളില്‍ ദൈവത്തിന്‍റെ പ്രവൃത്തിയെക്കുറിക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്, മാത്രമല്ല അതെല്ലായ്പോഴും ദൈവത്തിന് മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യമാണുതാനും (ഏശ.4:5).25 പക്ഷേ ബാറ ശൂന്യതയില്‍നിന്ന് സൃഷ്ടിക്കുന്നതിനെയോ മുമ്പേ നിലവിലിരിക്കുന്ന പദാര്‍ത്ഥമുപയോഗിക്കാതെയുള്ള സൃഷ്ടിയേയോ അല്ല കുറിക്കുന്നത്. ലോകം സൃഷ്ടിക്കപ്പെട്ടു എന്നത് അര്‍ത്ഥമാക്കുന്നത് ദൈവികമല്ലാത്ത യാഥാര്‍ത്ഥ്യങ്ങളെല്ലാം ദൈവികമല്ലാത്ത സാഹചര്യങ്ങളാല്‍  സൃഷ്ടിക്കപ്പെട്ടു എന്നും അതിനാല്‍ ദൈവമാണ് എല്ലാത്തിന്‍റെയും രചയിതാവ് എന്നുമാണ്.26 വോണ്‍ റാഡ് ചൂണ്ടിക്കാണിക്കുന്നതുപോലെ യാഹ്വിസ്റ്റ് (Yahwist tradition) സൃഷ്ടികഥ (ഉത്.2:4-25) ഇസ്രായേലിന്‍റെ രക്ഷാകരസംഭവത്തിന്‍റെ ആമുഖമായോ തുടക്കമായോ ആണ് മനസ്സിലാക്കേണ്ടത്. പ്രവാസത്തിനുമുമ്പുള്ള എഴുത്തുകളില്‍ യാഹ്വേ ലോകത്തെ സൃഷ്ടിക്കുന്നതായി ജറമിയായും (27:5), ചരിത്രത്തെ രൂപപ്പെടുത്തുന്നവനായി ഏശയ്യായും (37:26) അവതരിപ്പിക്കുന്നുണ്ട്.27 ദൈവത്തിന്‍റെ വചനത്താലുള്ള സൃഷ്ടി സൃഷ്ടിയെക്കുറിച്ചുള്ള പൗരോഹിത്യവിവരണങ്ങളിലാണ് (priestly tradition)കൂടുതലായുമുള്ളത് (ഉത്.1:1-2,4). സങ്കീര്‍ത്തനങ്ങളില്‍, "ആദിമദുര്‍ഭൂത"മായ (സങ്കീ.73:12-15) ക്രമരാഹിത്യത്തെ (chaos) ദൈവം ഇല്ലായ്മ ചെയ്യുന്ന ഒരു യുദ്ധമായിട്ടാണ് സൃഷ്ടിയെ അവതരിപ്പിച്ചിരിക്കുന്നത്.  ബാബിലോണിയന്‍ പ്രവാസത്തിന്‍റെ അവസാനത്തോടടുത്ത്, ഏശയ്യായുടെ പുസ്തകം (deutero-Isiah,40-55) സൃഷ്ടാവായ യാഹ്വേ എന്ന സങ്കല്പം വികസിപ്പിക്കുകയും പൗരോഹിത്യവിവരണങ്ങളിലെ ബൃഹത്ദൈവശാസ്ത്രത്തിന് വഴിയൊരുക്കുകയും ചെയ്തു. 

ശൂന്യതയില്‍ നിന്നുള്ള സൃഷ്ടി (Creatio Ex Nihilo)

ശൂന്യതയില്‍ നിന്നുള്ള സൃഷ്ടി ഉത്പത്തിയുടെ പുസ്തകം 1:1-2 വരെ വാക്യങ്ങളിലാണുള്ളത്. ശൂന്യതയില്‍ നിന്നുള്ള സൃഷ്ടിയെക്കുറിച്ചുള്ള പഠനത്തിന് ആദ്യകാലസഭാപിതാക്കന്മാരുടെയിടയില്‍ പൊതുവായ സ്വീകാര്യതയുണ്ടായിരുന്നു. അലക്സാണ്ട്രിയായിലെ വിശുദ്ധ ക്ലമന്‍റിന്‍റെ അഭിപ്രായത്തില്‍ സര്‍വ്വസൃഷ്ടിയും ദൈവത്തിന്‍റെ തുടര്‍ച്ചയായ ഒരു പ്രവര്‍ത്തനത്തില്‍ നിന്നാണ് നടന്നിരിക്കുന്നത്. പാശ്ചാത്യലോകത്ത് സൃഷ്ടിയെക്കുറിച്ചുള്ള വിശുദ്ധ അഗസ്റ്റിന്‍റെ കാഴ്ചപ്പാടാണ് ആധികാരികമായി അംഗീകരിക്കപപ്പെട്ടത്. അദ്ദേഹം നിയോ-പ്ലേറ്റോണിക് ചിന്താധാരയാല്‍ സ്വാധീനിക്കപ്പെട്ടിരുന്നു. പ്ലേറ്റോയുടെ ആശയലോകത്തെ  (world of ideas) അധിഷ്ഠിതമാക്കിയുള്ള അഗസ്റ്റിന്‍റെ ദിവ്യ ആശയങ്ങ (divine ideas) ളെക്കുറിച്ചു പ്രബോധനം  വളരെ ചരിത്രപ്രാധാന്യമുള്ളതായിരുന്നു. അതില്‍ അദ്ദേഹം പഴയനിയമപഠനങ്ങളും ആശയങ്ങളെക്കുറിച്ചുള്ള (ideas) പ്ലേറ്റോയുടെ സങ്കല്പങ്ങളും കൂട്ടിയോജിപ്പിക്കുകയാണുണ്ടായത്.  ശൂന്യതയില്‍ നിന്നുള്ള സൃഷ്ടിയെക്കുറിച്ച് ബൈബിളില്‍ വ്യക്തമായ പ്രസ്താവനകളൊന്നുമില്ലെങ്കില്‍ത്തന്നെയും ഈ ധാരണ രൂപപ്പെടുന്നതിന് കാരണമായ ചില അടിസ്ഥാനഭാഗങ്ങള്‍ നമുക്ക് ചൂണ്ടിക്കാണിക്കാനാകും. ജോബിന്‍റെ പുസ്തകത്തിലെ, "ഭൂമിയെ ശൂന്യതയുടെ മേല്‍ തൂക്കിയിട്ടിരിക്കുന്നു" (26:7) എന്ന വാചകം, ഒരു ഇതിഹാസകാവ്യപശ്ചാത്തലത്തിലേതെന്ന പോലെയുള്ള കാവ്യാത്മകഅതിശയോക്തി ആണ്.28 ജോബിന്‍റെ പുസ്തകം 26:7 അനിശ്ചിതാവസ്ഥ (chaos)ശൂന്യാവസ്ഥ (void) (tohu as in Gen.1:2 - formless and empty - tohu wabohu), ഒന്നുമില്ലായ്മ (nothing) (belima literally,without what) എന്നിവയെ സ്വര്‍ഗ്ഗവും ഭൂമിയും സമാന്തരവ്യത്യാസങ്ങളായി അവതരിപ്പിക്കുന്നു.  ഇവിടെയുള്ള ഭാഷ കാവ്യാത്മകമായതിനാല്‍ ശൂന്യതയില്‍ നിന്നുള്ള സൃഷ്ടിയെക്കുറിച്ചുള്ള വ്യക്തമായ പ്രസ്താവനയാണ് 26:7 എന്ന് പറയാന്‍ ബുദ്ധിമുട്ടുണ്ട്. ജ്ഞാനത്തിന്‍റെ പുസ്തകം എഴുതിയ ഗ്രന്ഥകാരന്‍ ദൈവത്തിന്‍റെ ക്രിയാത്മകപ്രവര്‍ത്തനത്തെ സൂചിപ്പിക്കാന്‍ ഒരു പ്ലേറ്റോണിക് പദം ഉപയോഗിക്കുന്നുണ്ട്: "രൂപരഹിതമായ പദാര്‍ത്ഥത്തില്‍ നിന്ന് ലോകത്തെ സൃഷ്ടിച്ചു" (11:17). രൂപരഹിതമായ പദാര്‍ത്ഥം എന്നതിന്‍റെ അര്‍ത്ഥം പൂര്‍ണ്ണമായ ഇല്ലായ്മയാണോ എന്നത് സംശയാസ്പദമാണ്. ഒരിജന്‍റെ കാലം മുതലുള്ള ക്രൈസ്തവഎഴുത്തുകാര്‍ മക്കബായരുടെ രണ്ടാം പുസ്തകത്തിലെ 7:28, "ഉണ്ടായിരുന്നവയില്‍ നിന്നല്ല ദൈവം അവയെ സൃഷ്ടിച്ചതെന്നു മനസ്സിലാക്കുക" എന്ന ഭാഗം ശൂന്യതയില്‍ നിന്നുള്ള സൃഷ്ടിയെ പിന്താങ്ങുന്ന അസന്ദിഗ്ധവും വ്യക്തവുമായ ബൈബിള്‍ഭാഗമായി പരിഗണിക്കുന്നു. എന്നാല്‍ ഗ്രീക്ക് പദങ്ങളിലെ അവ്യക്തത കാരണം ആധുനിക പണ്ഡിതര്‍ ഇപ്പോഴും ഈ വചനത്തിന്മേല്‍ സംശയാലുക്കളാണ്. ഈ വചനവും ശൂന്യതയില്‍ നിന്നുള്ള സൃഷ്ടിയെ പിന്താങ്ങുന്നില്ലായെന്ന് അവര്‍ വാദിക്കുന്നു. "അസിതിത്വമില്ലാത്തവയ്ക്ക് അസ്തിത്വം നല്കി" (റോമ.4:17), "കാണപ്പെടുന്നവ കാണപ്പെടാത്തവയില്‍ നിന്നുണ്ടായി" (ഹെബ്രാ.11:3) എന്നീ പുതിയനിയമ ഭാഗങ്ങളും ശൂന്യതയില്‍ നിന്നുള്ള സൃഷ്ടിയെ പരാമര്‍ശിക്കുന്നു എന്ന വാദം നിലനില്ക്കുന്നു. 


ശൂന്യതയില്‍ നിന്നുള്ള സൃഷ്ടിയുടെ ദൈവശാസ്ത്രവിവക്ഷകള്‍

ആദ്യകാലത്ത്, ഈ പഠനത്തിന്‍റെ ഉദ്ദേശം പുരാതനലോകത്തിലെ പ്രകൃതിദൈവങ്ങളെ ഇല്ലായ്മ ചെയ്യലായിരുന്നു. പിന്നീട് അത് ബഹുദൈവവിശ്വാസം, ദ്വന്ദവാദം, ജ്ഞാനവാദം മുതലായവയില്‍ നിന്നും തത്തുല്യമായ വെല്ലുവിളികള്‍ അഭിമുഖീകരിച്ചു. എന്നിട്ടും ഈ പഠനം ദൈവത്തിന്‍റെ അതിരിക്തതയെ (transcendence), സൃഷ്ടിയിലെ നന്മയും, ലോകത്തിന്‍റെ നശ്വരതയും പ്രഘോഷിക്കുന്നതിന് പ്രതിജ്ഞാബദ്ധമായിരുന്നു. അതിനാല്‍ ശൂന്യതയില്‍ നിന്നുള്ള സൃഷ്ടി ചരിത്രപരമെന്നതിനേക്കാള്‍ സത്താപരമായ ഒരു ശാസ്ത്രവിധിയാണ്. "ശൂന്യതയില്‍ നിന്നുള്ള സൃഷ്ടിയെ നാം പിഞ്ചെല്ലുകയാണെങ്കില്‍, ഇപ്പോഴും എല്ലായ്പോഴുമുള്ള എല്ലാ വസ്തുക്കളും ദൈവത്തിന്‍റെ സ്വതന്ത്രഇഷ്ടത്തിന്‍ പ്രകാരമാണെന്ന് സമ്മതിക്കേണ്ടി വരും. എന്നാല്‍ ഇത് 'ശൂന്യത' എന്ന ഒരു പ്രത്യേകവസ്തുവിനെ ഉപയോഗിച്ച് ദൈവം വസ്തുക്കളെ പുറപ്പെടുവിക്കാന്‍ തുടങ്ങി എന്ന് വിശ്വസിക്കലല്ല."29 "ശൂന്യതയില്‍ നിന്നുള്ള സൃഷ്ടിയെക്കുറിച്ചുള്ള പഠനത്തില്‍... ക്രിസ്ത്യാനികള്‍, അയുക്തികമായ സാന്ദര്‍ഭികത, അന്ധമായ ആകസ്മികത എന്നിവയ്ക്ക് സംഭാവ്യത (contingence) എന്ന ആശയംകൊണ്ട് സ്ഥാനമാറ്റം നല്കി."30 ദൈവശാസ്ത്രപരമായി ഈ സിദ്ധാന്തം പറയുന്നത്, ദൈവമാണ് പരമമായ ശക്തി, അവിടുത്തെ ക്രിയാത്മകപ്രവര്‍ത്തനം എല്ലാം ഉള്‍ക്കൊള്ളുന്നതാണ്, മറ്റൊരു ശക്തിയും അവിടുത്തേക്ക് തുല്യമായി ഇല്ല എന്നിവയാണ്. "സൃഷ്ടിയെക്കുറിച്ചുള്ള പഠനം, അങ്ങനെ, ദൈവത്തിന്‍റെ സര്‍വ്വാധികാരത്തെയും, ദൈവത്തിലുള്ള ജീവജാലങ്ങളുടെ പരമമായ ആശ്രിതത്വത്തെയും സ്ഥിരീകരിക്കലാണ്. യാഹ്വ ഭൂമിയെ സൃഷ്ടിച്ചുവെന്ന് പറയുമ്പോള്‍ അത് സൃഷ്ടാവിന്‍റേതാണ് എന്ന് നാം സമ്മതിക്കുന്നു; യാഹ്വേയാണ് അതിന്‍റെ ഉടമ (സങ്കീ.24:1-2; 89:11; 95:5)."31 സൃഷ്ടിയിലെ ഓരോ ജീവിയും മറ്റുജീവജാലങ്ങളില്‍ നിന്നുമുപരിയായി ഉന്നതനും പുകഴ്ചക്കര്‍ഹനായ ദൈവത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. അങ്ങനെ യാഹ്വേയാണ് സര്‍വ്വത്തിന്‍റെയും സ്രഷ്ടാവ് എന്ന പ്രഘോഷണം ആരാധനയ്ക്കുള്ള ക്ഷണമാണ്. കാരണം സൃഷ്ടി അവിടുത്തെ ജ്ഞാനവും ശക്തിയും വെളിപ്പെടുത്തുന്നു (സങ്കീ.104:24; സുഭാ.3:19; ജറ.10:12-13).  ഈ സിദ്ധാന്തം ദൈവം തന്‍റെ മഹത്തായ ഇച്ഛയില്‍ നിന്ന് (by His super will) സൃഷ്ടി നടത്തുന്നുവെന്ന വാദവും ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. "സര്‍വ്വശക്തനായ ദൈവം തന്‍റെ അധരങ്ങളിലെ വാക്കു കൊണ്ട് എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചു എന്ന വിശുദ്ധഗ്രന്ഥആശയത്തില്‍നിന്നും സാധ്യമായ ഒരു പുനര്‍വായനയാണ് ശൂന്യതയില്‍ നിന്നുള്ള സൃഷ്ടി എന്നത്. ഒരു മഹാരാജാവിനെപ്പോലെ അവിടുന്ന് അവയെ അസ്തിത്വത്തിലേക്ക് വിളിച്ചു. അവിടുന്ന് അവയ്ക്ക് പേരിട്ടു, അവ അവിടെ ഉണ്ടായി."32 അടിസ്ഥാനപരമായി, എല്ലാ അസ്തിത്വങ്ങളുടെയും ഏകഉറവിടം ദൈവമാണെന്നും ഉത്ഭവത്തിന്‍റെ രഹസ്യവും എല്ലാത്തിന്‍റെയും ഉറവിടവും അവിടുന്നാണെന്നുമുള്ള ബോധ്യം പ്രകടിപ്പിക്കുവാനുള്ള ശ്രമമാണ് ഈ ദൈവശാസ്ത്രപഠനത്തിന്‍റെ വിവക്ഷകള്‍.33 അതുപോലെ പ്രധാനപ്പെട്ട മറ്റൊരു വസ്തുതയാണ് ശൂന്യതയില്‍ നിന്നുള്ള സൃഷ്ടി എല്ലാ രീതിയിലുമുള്ള ദ്വന്ദവാദങ്ങളെ നിരാകരിക്കുന്നു എന്നത്. ശൂന്യതയില്‍ നിന്നുള്ള സൃഷ്ടിയുടെ ദൈവശാസ്ത്രം അവശ്യം ചൂണ്ടിക്കാണിക്കുന്ന വസ്തുതയാണ് സൃഷ്ടി ദൈവത്തോട് ബന്ധപ്പെട്ടിരിക്കുന്നുവെന്നതും അവയുടെ നിലനില്പിന് ദൈവം മാത്രമാണ് കാരണമെന്നതും. 


ഭൗതികമായപൊരുത്തക്കേടും അതിഭൗതികമായ പൊരുത്തവും ബൈബിളിലെ മോക്ഷബന്ധിയും സത്താപരവുമായ സൃഷ്ടിയുടെ സ്വഭാവവും ശാസ്ത്രീയസൃഷ്ടിയിലെ ചരിത്രപരവും ഭൗതികവുമായ സ്വഭാവവും സൃഷ്ടിയെക്കുറിച്ചുള്ള ശാസ്ത്രീയവും ബൈബിളധിഷ്ഠിതവുമായ പഠനങ്ങള്‍ തമ്മില്‍ സമാന്തരങ്ങള്‍ കണ്ടെത്താന്‍ നമ്മെ അനുവദിക്കുന്നില്ല. കൂടാതെ, ആരംഭത്തെക്കുറിച്ചുള്ള ചോദ്യം ശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ഇതുവരെ പരിഹൃതമാകാത്ത ഒരു പ്രശ്നമാണെന്ന കാര്യവും മറക്കരുത്. മഹാവിസ്ഫോടനം ഒരു പ്രധാനസംഭവമായി പരിഗണിക്കപ്പെടുന്നുണ്ട് എങ്കില്‍ക്കൂടിയും, മഹാനാശം എന്ന ആശയവും, ഹോക്കിങ്ങിന്‍റെ നിത്യപ്രപഞ്ചസിദ്ധാന്തവും, സ്ഥിരാവസ്ഥാസിദ്ധാന്തവും കൂടി രൂപപ്പെടുത്തുന്ന ചഞ്ചലിതമായ ഒരു പ്രപഞ്ചചിത്രം അവഗണിക്കാവതല്ല. ഭൂതകാലത്തിന്‍റെ അതിരുകളെക്കുറിച്ചുള്ള ചോദ്യം ദൈവശാസ്ത്രത്തില്‍ ഇന്നും വിവാദവിഷയമാണ്. വിശുദ്ധ ഗ്രന്ഥത്തിന്‍റെ ഭാഗമായി തോമസ് അക്വിനാസ് സമയബന്ധിയായ ഒരാരംഭത്തെ സ്വീകരിച്ചു. പക്ഷേ അദ്ദേഹം തന്നെ നിത്യമായ ഒരു പ്രപഞ്ചത്തിന് സൃഷ്ടാവും പരിപാലകനുമായി ദൈവം വേണമെന്ന് വാദിച്ചു.34 ഡേവിഡ് കെസ്ലിയുടെ അഭിപ്രായത്തില്‍, ജീവിതം ഒരു സമ്മാനമെന്നനിലയിലുള്ള കൃതജ്ഞതാപ്രകാശനത്തിന്‍റെ അനുഭവത്തിന് ആരംഭത്തിലെ തനതായ സംഭവങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളോട് പ്രത്യേകമായ ബന്ധമൊന്നുമില്ല.35  ആരംഭത്തെക്കുറിച്ചുള്ള സംവാദത്തിലെ രണ്ടു ധ്രുവങ്ങളില്‍ ഒന്ന് സത്യമാകാം എന്ന സാധ്യതയ്ക്കു പുറമേ, ശാസ്ത്രീയവും ദൈവശാസ്ത്രപരവുമായ പഠനങ്ങള്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയുണ്ടാകാമെന്നതിന് ഉദാഹരണങ്ങളുണ്ട്. ബാര്‍ബറുടെ അഭിപ്രായത്തില്‍, സൃഷ്ടിയെക്കുറിച്ചുള്ള ശാസ്ത്രീയകാഴ്ചപ്പാട് അസ്തിത്വത്തിന്‍റെയും പരിധിചോദ്യങ്ങളുടെയും (boundary questions) നിയമങ്ങളുടെയും നശ്വരത സ്ഥാപിക്കുന്നു. അവ സൃഷ്ടിയെക്കുറിച്ചുള്ള ദൈവശാസ്ത്രപഠനങ്ങളോട് സ്വരച്ചേര്‍ച്ചയുള്ളവയാണ്.36 ശാസ്ത്രത്തില്‍, ചാക്രികപ്രപഞ്ചത്തിന് (cyclic universe) പുതിയ തെളിവുകള്‍ ഉണ്ടായാല്‍പ്പോലും അസ്തിത്വത്തിന്‍റെ നശ്വരത നിലനില്ക്കുകയും ശൂന്യതയില്‍ നിന്നുള്ള സൃഷ്ടിയുടെ സന്ദേശം എല്ലാ ജീവജാലങ്ങള്‍ക്കും ബാധകമാവുകയും ചെയ്യും. ശാസ്ത്രത്തില്‍ സമയം അതിരുകളില്ലാത്തതാണെങ്കിലും, പരിധിസാഹചര്യങ്ങള്‍ തീര്‍ച്ചയായും ഉണ്ടാവുകയും അത് ഒരു ആരംഭത്തിന്‍റെ ആവശ്യമില്ലാതെ തന്നെ ശൂന്യതയില്‍ നിന്നുള്ള സന്ദേശത്തെ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ആകസ്മികതയോടുള്ള ബന്ധം നിമിത്തം നിയമങ്ങളുടെ സംഭവ്യത (contingency) മുതലായവ ദൈവശാസ്ത്രത്തിലെ സൃഷ്ടിയുടെ ക്രമീകൃതഭാഗങ്ങളോട് തുലനംചെയ്യാനാകും. ചുരുക്കത്തില്‍, ശാസ്ത്രീയസൃഷ്ടിവിവരണങ്ങള്‍ക്ക് അനിവാര്യതയില്‍ (necessity) നിന്നുയിര്‍കൊള്ളുന്ന ഒരു പ്രപഞ്ചത്തിന് വിശദീകരണം നല്കാനാവില്ല. ശാസ്ത്രീയസിദ്ധാന്തങ്ങള്‍ വികസിപ്പിച്ചെടുത്തിരിക്കുന്ന ഈ വാദത്തിന്‍റെ പരിണിതപ്രയോഗസാധ്യതകള്‍ക്ക്, "ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു" എന്നതുപോലുള്ള ബൈബിളിലെ സൃഷ്ടിപ്രസ്താവനകളിലെ പ്രാപഞ്ചികപ്രക്രിയകളും ഭൗതികപ്രവര്‍ത്തനങ്ങളും വിശദീകരിക്കാന്‍ കഴിയും.  യുക്ത്യനുസൃതം രൂപപ്പെടുത്തിയ ഈ പരസ്പരപൂരകത്വങ്ങളില്‍ നിന്ന് വേറിട്ട്, മഹാവിസ്ഫോടനവും ശൂന്യതയില്‍ നിന്നുള്ള സൃഷ്ടിയും തമ്മില്‍ സമാന്തരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത് ന്യായീകരിക്കാനാവില്ല.

"ഉത്പത്തി 1-ഉം മഹാവിസ്ഫോടന സിദ്ധാന്തവും തമ്മിലുള്ള ഒരു സമാന്തരപഠനം വഴി പഴയനിയമാടിസ്ഥാനത്തിലുള്ള ഏതെങ്കിലുമൊരു മതത്തെ മഹാവിസ്ഫോടനം അംഗീകരിച്ചുവെന്ന് അര്‍ത്ഥമാക്കാനാവില്ല." "പാഠമോ ആശയമോ സന്ദര്‍ഭത്തില്‍ നിന്ന് എടുത്തുമാറ്റിയാല്‍ മാത്രമേ ഇത്തരം സമാന്തരങ്ങള്‍ സാധ്യമാവുകയുള്ളു."37 ഈ ബോദ്ധ്യമായിരിക്കണം ഇത്തരമൊരു ബോദ്ധ്യത്തിലേക്ക് പീകോക്കിനെ കൊണ്ടെത്തിച്ചത്: "പ്രപഞ്ചത്തിന്‍റെ വിദൂരചരിത്രത്തെക്കുറിച്ച് അന്വേഷിക്കുകയും സൈദ്ധാന്തികനിഗമനങ്ങളിലെത്തുകയും ചെയ്യുന്ന ശാസ്ത്രീയപ്രപഞ്ചവിജ്ഞാനീയം, തത്ത്വത്തില്‍ സൃഷ്ടി എന്ന ആശയത്തിന് വിരുദ്ധമായ എന്തെങ്കിലുമായിരിക്കില്ല ചെയ്യുന്നത്."38 സൃഷ്ടിയെക്കുറിച്ചുള്ള ശാസ്ത്രീയവും ബൈബിളധിഷ്ഠിതവുമായ പഠനങ്ങള്‍ തമ്മില്‍ യഥാര്‍ത്ഥത്തിലുള്ള സ്വരച്ചേര്‍ച്ച പ്രകൃതിപരമോ ചരിത്രപരമോ ആയ തലങ്ങളിലെന്നതിലുപരിയായി അതിഭൗതികമായ തലത്തിലാണ് കാണേണ്ടത് എന്നതാണ് നമ്മുടെ പക്ഷം. ശാസ്ത്രീയസിദ്ധാന്തങ്ങള്‍ ചിത്രീകരിക്കുന്ന പരിണാമബന്ധിയായ പ്രപഞ്ചോത്പത്തി കൂടുതല്‍ ദൈവികത വഴിഞ്ഞൊഴുകുന്ന പ്രപഞ്ചദര്‍ശനത്തോടെ ക്രിസ്തീയചിന്തയായ അനുസ്യൂതസൃഷ്ടിയെ (creatio continua) പ്രോത്സാഹിപ്പിക്കുന്നു. അത് സൃഷ്ടിയെക്കുറിച്ചുള്ള ക്രിസ്തീയമാതൃകയായ പരിശുദ്ധാത്മദര്‍ശനമാണ്.


അവസ്യൂതമായ സൃഷ്ടി

സൃഷ്ടിയെക്കുറിച്ച് ക്രിസ്തീയപാരമ്പര്യത്തിലുള്ള മറ്റൊരു ചിന്തയാണ് അനുസ്യൂതസൃഷ്ടി (creatio continua). അനുസ്യൂത സൃഷ്ടിസങ്കല്പമനുസരിച്ച് ദൈവം സൃഷ്ടി തുടരുകയും സൃഷ്ടിപ്രക്രിയയില്‍ നിരന്തരം ഇടപെടുകയും ലോകത്തിന്‍റെ പരിണാമപ്രക്രിയയില്‍ സന്നിഹിതനാവുകയും ചെയ്യുന്നു. സൃഷ്ടിയുടെ അന്തര്‍ലീനമായ ഒരു ധ്രുവമാണ് അനുസ്യൂതസൃഷ്ടി. എഡ്മണ്ട് ജേക്കബിന്‍റെ അഭിപ്രായത്തില്‍, ഉത്പത്തിഹേതുവായ സൃഷ്ടിയില്‍ കേന്ദ്രീകരിച്ചിരിക്കുന്ന ബൈബിള്‍ഭാഗങ്ങള്‍ക്കു നല്കിയ പ്രാധാന്യം മൂലം മറ്റു പാഠഭാഗങ്ങള്‍ പരിഗണിക്കപ്പെടാതെ പോയി. "കൂടുതല്‍ പുരാതനമായ മറ്റു പാഠഭാഗങ്ങള്‍, സൃഷ്ടിയും ലോകത്തിന്‍റെ സംരക്ഷണവും തമ്മില്‍ ചെറിയവിത്യാസങ്ങള്‍ മാത്രം കൊണ്ടുവന്നിരുന്നതിനാല്‍ തുടര്‍സൃഷ്ടിയെക്കുറിച്ച് സംസാരിക്കുവാന്‍ നമുക്ക് എളുപ്പമായിത്തീരുന്നു."39 "അവിടുന്ന് കന്നുകാലികള്‍ക്കു വേണ്ടി പുല്ലു മുളപ്പിക്കുന്നു; മനുഷ്യന് ആഹാരം ലഭിക്കാന്‍ സസ്യങ്ങള്‍ മുളപ്പിക്കുന്നു" (സങ്കീ. 104:14). "അങ്ങ് ജീവശ്വാസമയയ്ക്കുമ്പോള്‍ അവ സൃഷ്ടിക്കപ്പെടുന്നു; അങ്ങ് ഭൂമുഖം നവീകരിക്കുന്നു" (സങ്കീ.104:30). "ഇന്നുമുതല്‍ ഞാന്‍ നിന്നെ പുതിയ കാര്യങ്ങള്‍ കേള്‍പ്പിക്കും; നിനക്ക് അജ്ഞാതമായ നിഗൂഢകാര്യങ്ങള്‍ തന്നെ. എനിക്ക് അത് അറിയാമായിരുന്നു എന്ന് നീ പറയാതിരിക്കേണ്ടതിന്, അവയെ വളരെ നാള്‍ മുമ്പല്ല ഇപ്പോള്‍ സൃഷ്ടിച്ചതാണ്" (ഏശ.48:6-7). നാലാം നൂറ്റാണ്ടില്‍ വി. അഗസ്റ്റിന്‍ എഴുതി, "സമയത്തിന്‍റെ യാതൊരു ഇടപെടലുമില്ലാതെ ആദ്യമാത്രയില്‍ത്തന്നെ ദൈവം സകലതും സൃഷ്ടിച്ചു. എന്നാല്‍ ഇപ്പോള്‍ അവിടുന്ന് സമയത്തോടൊപ്പം പ്രവര്‍ത്തിക്കുന്നു. അങ്ങനെ ആകാശത്ത് നക്ഷത്രങ്ങള്‍ ഉദിക്കുന്നതും ചലിക്കുന്നതും അസ്തമിക്കുന്നതും നാം കാണുന്നു."40 മോള്‍ട്ട്മാനും ഇത്തരം അഭിപ്രായം പ്രകടിപ്പിക്കുന്നത് കാണാം: "ആരംഭത്തിലുള്ള സൃഷ്ടി സമയത്തോടൊപ്പമാണ് നടന്നത്; അതിനാല്‍ അത് ചലനാത്മകമായ സൃഷ്ടിയായി മനസ്സിലാക്കപ്പെടണം.... (creatio mutabilis) സൃഷ്ടിയുടെ ചരിത്രത്തില്‍ ആവിര്‍ഭവിക്കുന്ന സാധ്യതകളുടെ സാഹചര്യങ്ങള്‍ ആരംഭത്തിലെ സൃഷ്ടി സ്ഥാപിച്ചെടുക്കുന്നു.... ആരംഭത്തിലെ സൃഷ്ടി സംതുലിതമോ നിറവേറ്റപ്പെട്ടതോ ആയ ഒരു യാഥാര്‍ത്ഥ്യമല്ല."41 ലോകത്തിന്‍റെ ഭൗതികവും ജൈവികവുമായ പരിണാമപ്രകൃതം, തുടര്‍ച്ചയുള്ളതും അന്തര്‍നിര്‍മ്മിതവുമായ ക്രിയാത്മകത മുതലായവ തുടര്‍സൃഷ്ടിയെ പിന്താങ്ങുന്ന ശാസ്ത്രീയഘടകങ്ങളാണ്. പുതുതായി ആവിര്‍ഭവിക്കുന്ന ശാസ്ത്രീയലോകവീക്ഷണത്തില്‍ ദൈവത്തിന് ലോകവുമായുള്ള ബന്ധം സ്ഥിരമായ ഒരു സൃഷ്ടിബന്ധമാണെന്ന് നാം പറയേണ്ടി വരും എന്ന പീകോക്ക് വാദിക്കുന്നു. "ലോകത്തിന്‍റെ ക്രിയാത്മകത അതിന്‍റെ സ്രഷ്ടാവുമായി നാം താരതമ്യം ചെയ്താല്‍, ദൈവം നിരന്തരമായ സ്രഷ്ടാവാണെന്ന് (semper creator) നാം പറയേണ്ടിവരും. എല്ലാ സമയവും സ്രഷ്ടാവായ ദൈവത്തിന്‍റെ ലോകത്തോടുള്ള ബന്ധം നിത്യവും അനന്തവുമായ സ്രഷ്ടാവിന്‍റേതാണ്.... ഈ താദാത്മ്യം അര്‍ത്ഥമാക്കുന്നത് ലോകത്തില്‍ നാം ദൈവത്തിന്‍റെ അന്തര്‍ലീനത്വത്തിന് കൂടുതല്‍ ഊന്നല്‍ നല്കേണ്ടതുണ്ട് എന്നാണ്.... അങ്ങനെ പ്രകൃതി, ജൈവ, മാനുഷിക ലോകങ്ങള്‍ അവയില്‍ത്തന്നെ പ്രവൃത്തിയിലായിരിക്കുന്ന ദൈവത്തിന്‍റെ മറ്റൊരു ഭാവമായി മാറും."42 പ്രകൃതിശാസ്ത്രങ്ങളാല്‍ സാധിതമായ ഉത്പത്തിഹേതുവായ സൃഷ്ടിയില്‍നിന്നും (creatio originans)  അനുസ്യൂതസൃഷ്ടിയിലേക്കും  (creatio continuans) അതിരിക്തതയില്‍(transcendence)നിന്നും  അന്തര്‍ലീനത്വത്തിലേക്കുമുള്ള (immanence) ദൈവശാസ്ത്രപരമായ മാറ്റത്തിന്‍റെ അനന്തരഫലങ്ങള്‍ ദൈവികപ്രവൃത്തിയെ ആവിഷ്കരിക്കുന്നതിനുള്ള സമകാലീനശ്രമങ്ങളുടെ മിക്കവാറും എല്ലാ മുഖ്യആശയങ്ങളെയും പ്രതിഫലിപ്പിക്കുന്നുണ്ട്; പ്രോസസ്സ് തിയോളജി  (process theology), പാന്‍-എന്‍തീയിസം (pan-en-theism),, പേഴ്സണല്‍ ഏജന്‍റ് മാതൃകകള്‍ (personal agent models) മുതലായവ. പ്രാഥമികവും ദ്വിതീയവുമായ (primary and secondary) കാരണങ്ങളാല്‍ പ്രോസസ്സ് തിയോളജി കാര്യകാരണസിദ്ധാന്തത്തെ (causality) നിരാകരിച്ചു. വൈറ്റ്ഹെഡിന്‍റെ അഭിപ്രായത്തില്‍, "അവിടുന്ന് (ദൈവം) എല്ലാ സൃഷ്ടികള്‍ക്കും മുമ്പല്ല, മറിച്ച് അവയോടൊപ്പമാണ്."43 പാന്‍-എന്‍തീയിസത്തില്‍, "ലോകം അതായിരിക്കുന്നതുപോലെതന്നെ, ദൈവത്തിലാണെന്ന് (within God) കരുതപ്പെടുന്നു. എന്നാല്‍ ദൈവം ലോകത്താല്‍ പരിമിതമാക്കപ്പെട്ടവനോ അതില്‍ ഉള്‍പ്പെട്ടതോ ആയ ഒന്നല്ല."44 പേഴ്സണല്‍ ഏജന്‍റ് മാതൃകകള്‍45

ആത്മ-ശരീരസാധര്‍മ്മ്യങ്ങളെയും സ്ത്രൈണരൂപകങ്ങളെയും ഉപയോഗിച്ച് സൃഷ്ടിയെയും ദൈവികപ്രകൃതിയെയും ആവിഷ്കരിക്കുന്നു. ഈ മാതൃകകള്‍, ദാര്‍ശനികവിമര്‍ശനങ്ങള്‍ക്കും ദൈവികമായതിന്‍റെ അപക്വമായ ആവിഷ്കാരങ്ങളും മാറ്റിനിര്‍ത്തി ദൈവത്തില്‍ നിന്ന് ലോകത്തിന്‍റെ ശാരീരികമായ ഒരു ആവിര്‍ഭാവത്തെക്കുറിച്ച് സംസാരിക്കുന്നു. തുടര്‍സൃഷ്ടിയോ മറ്റ് ആധുനികമാതൃകകളോ ശൂന്യതയില്‍ നിന്നുള്ള സൃഷ്ടിക്ക് പകരമാവില്ലെന്നത് ശ്രദ്ധിക്കണം. അവയില്‍ ഒന്ന് മറ്റൊന്നിന് പകരമാവില്ല.  പാനന്‍ബര്‍ഗ് നിരീക്ഷിക്കുന്നതുപോലെ, "ശൂന്യതയില്‍ നിന്നുള്ള സൃഷ്ടിയുടെ തുടര്‍ച്ച പോലെ ദൈവത്തിന്‍റെ പരിപാലനയെ പ്രകടിപ്പിക്കുന്നിടത്തോളം, അനുസ്യൂതസൃഷ്ടിദര്‍ശനം സൃഷ്ടികര്‍മ്മത്തെ ശൂന്യതയില്‍ നിന്നുള്ള ഒന്നായി പരിഗണിക്കും."46 സൃഷ്ടിയെക്കുറിച്ചുള്ള ദൈവശാസ്ത്ര, ശാസ്ത്രീയ വിവരണങ്ങളിലെ സത്താപരമായ ബലപ്രയോഗങ്ങളുടെ വിശാലവ്യതിയാനങ്ങള്‍ നമ്മെ ശൂന്യതയില്‍ നിന്നുള്ള സൃഷ്ടിയും അനുസ്യൂതസൃഷ്ടിയും തമ്മിലുള്ള പരസ്പരപൂരകത്വത്തെക്കുറിച്ച് അടിസ്ഥാനപരമായ ചോദ്യങ്ങള്‍ ചോദിക്കുവാന്‍ നിര്‍ബന്ധിക്കുന്നു. അപ്രകാരമുള്ള ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍, നാം പാനന്‍ബര്‍ഗിന്‍റെ അനുസ്യൂതസൃഷ്ടിയും ശൂന്യതയില്‍ നിന്നുള്ള സൃഷ്ടിയും തമ്മിലുള്ള തുടര്‍ച്ചയ്ക്കും ഉപരി ശൂന്യതയില്‍ നിന്നുള്ള സൃഷ്ടിയുടെ സത്താപരമായ ഘടനയുടെയും പ്രവര്‍ത്തനങ്ങളുടെയും പ്രതിഫലനങ്ങളിലേക്ക് ശ്രദ്ധയൂന്നാന്‍ നിര്‍ബന്ധിതരായിത്തീരും. പോള്‍ ടില്ലിച്ചിന്‍റെ അഭിപ്രായത്തില്‍, ശൂന്യതയില്‍നിന്ന് യാതൊന്നും വരുന്നില്ല (ex nihilo nihil fit) എന്ന ഡെമോക്രീറ്റസിന്‍റെ ദാര്‍ശനികസൂക്തം ശരിയായി മനസ്സിലാക്കിയാല്‍, ദൈവത്തിന്‍റെ സത്താപരമായ നിറവില്‍ നിന്നുത്ഭവിക്കുന്ന സൃഷ്ടിയെ സൂചിപ്പിക്കുന്ന ശൂന്യതയില്‍ നിന്നുള്ള സൃഷ്ടിക്ക് അതുമായി വളരെയധികം ബന്ധമുണ്ടെന്ന് മനസ്സിലാക്കാം. പൂര്‍ണ്ണമായ ഇല്ലായ്മയില്‍ നിന്നുള്ള സൃഷ്ടി അസാദ്ധ്യവും, ദൈവത്തിന്‍റെ തന്നെ സത്തയില്‍ നിന്നുള്ള സൃഷ്ടി ഭൗതികലോകത്തിന്‍റെ ദൈവവത്കരണത്തിലേക്കും നയിക്കും. ദൈവം തന്‍റെ ദൈവികാസ്തിത്വത്തില്‍ നിന്നു വേറിട്ടതും, നിലനില്ക്കുന്ന ഒരു വസ്തുവില്‍നിന്നോ തത്വത്തില്‍ നിന്നോ അല്ലാതെ അവിടുത്തെതന്നെ സത്തയുടെ പൂര്‍ണ്ണതയില്‍ നിന്നും ഒരു പ്രപഞ്ചത്തെ സൃഷ്ടിച്ചുവെന്ന ദൈവശാസ്ത്രതിരിച്ചറിവു വഴി ശൂന്യതയില്‍ നിന്നുള്ള സൃഷ്ടി പ്രധാനപ്പെട്ടതാകുന്നു.47

മോള്‍ട്ട്മാന്‍റെ അഭിപ്രായത്തില്‍, ദൈവത്തിന്‍റെ തന്നെ സത്തയാണ് സൃഷ്ടിക്കുള്ള സ്ഥലമായിത്തീര്‍ന്നത്. "ദൈവത്തിന്‍റെ തന്നിലേക്കു തന്നെയുള്ള പിന്‍വാങ്ങലാണ് ശൂന്യതയില്‍ ദൈവത്തിന് ക്രിയാത്മകമായി സൃഷ്ടികര്‍മ്മത്തിലേര്‍പ്പെടാന്‍ സഹായകമായത്."48 സൃഷ്ടികര്‍മ്മം ഒരു വിധത്തില്‍ ദൈവം ലോകത്തിലേക്ക് സൗന്ദര്യാത്മകമായി സ്വയം ആവിഷ്കരിച്ചുകൊണ്ട് രൂപാന്തരപ്പെടുകയായിരുന്നു. ഈ സൗന്ദര്യാത്മകപ്രത്യക്ഷവത്കരണത്തിന്‍റെ യുക്തി ദൈവത്തിന്‍റെ സ്വാതന്ത്ര്യത്തോടും സ്നേഹത്തോടും ബന്ധപ്പെടുത്തി മാത്രമേ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളു. ദൈവികസത്തയുടെ നിറവിന് മാത്രമേ ഒന്നുമില്ലായ്മയെ ക്രിയാത്മകവും തികച്ചും നവീനവുമായ സത്തകൊണ്ട് നിറയ്ക്കാനാകൂ.  തന്‍റെതന്നെ പൂര്‍ണ്ണതകൊണ്ട് ഇല്ലായ്മയെ നിറയ്ക്കുന്നതിനാല്‍ ദൈവത്തിന് 'ഉണ്ടാകട്ടെ' എന്നു പറയുന്ന ഒരാളാവുക സാദ്ധ്യമല്ല, കാരണം, അത് ഒരു ഭാവി അസ്തിത്വത്തെ രൂപപ്പെടുത്തുന്ന പ്രക്രിയയായി മാറും. 'ഉണ്ടാകട്ടെ' എന്നത് ദൈവികമായതിന്‍റെ തന്നെ ഒരു ക്രിയാത്മകപ്രകടനമാണ്; ദൈവം തന്നെ അഭിസംബോധന ചെയ്യുന്ന ഒരു സ്വരം; അവിടുത്തേക്ക് മേല്‍ത്തന്നെ പതിക്കുന്ന ഒരു ആജ്ഞ; അതിന്‍റെ ചലനങ്ങള്‍ അവിടുന്നില്‍ നിന്ന് ഒരിക്കലും അകന്നുപോകുന്നില്ല, മറിച്ച്, വര്‍ണ്ണശബളിതവും നാടകീയവുമായ രൂപഭാവങ്ങളില്‍ അവ കമ്പനം ചെയ്തുകൊണ്ടിരിക്കുന്നു. ദൈവത്തില്‍ത്തന്നെ സംഭവിക്കുന്ന ഇത്തരം സൃഷ്ടിപരമായ രൂപാന്തരീകരണങ്ങളോട് സൃഷ്ടികര്‍മ്മം കടപ്പെട്ടിരിക്കുന്നു. ദൈവികമായത് ആയിരിക്കുന്നതിന്‍റെ അദൃശ്യവും അനന്തവുമായ ചട്ടക്കൂടുകളുടെ ബഹിര്‍ഗ്ഗമനമാണ് ദൃശ്യവും നിയന്ത്രിതവുമായ ലോകം. ദൈവവും ലോകവും തമ്മിലുള്ള ഇത്തരമൊരു മഹത്ബന്ധത്തിന്‍റെ പ്രോത്സാഹജനകമായ വെളിപാട് നാം കണ്ടെത്തുന്നത് വിശുദ്ധ പൗലോസിന്‍റെ വാക്കുകളിലാണ്: "എന്തെന്നാല്‍ അവിടുന്നില്‍ നാം ജീവിക്കുന്നു, ചരിക്കുന്നു, നിലനില്ക്കുന്നു" (അപ്പ.17:28).

എല്ലാ ഭൗതികശരീരവും ഒരര്‍ത്ഥത്തില്‍ ആത്മീയശരീരവും, ആത്മീയശരീരങ്ങളെല്ലാം ഒരര്‍ത്ഥത്തില്‍ ഭൗതികശരീരങ്ങളുമാണ്.  പാന്‍-തീയിസം, പാന്‍-എന്‍തീയിസം മുതലായ സൃഷ്ടിവിവരണങ്ങളുടെ അടിസ്ഥാനം തന്നെ ദ്വൈതത്തിലും വിഭജനത്തിലും വിശകലനത്തിലും അധിഷ്ഠിതമായ ഒരു ഭിന്നാത്മക-ജ്ഞാനമീമാംസയാണ്. ഒരു അതീന്ദ്രിയയാഥാര്‍ത്ഥ്യത്തിന്‍റെ അവരോധനം ആണ് ഇതിന്‍റെയൊക്കെ പരിണിതഫലം. എന്നാല്‍ പൗരസ്ത്യദേശത്തിന്‍റേതു പോലുള്ള ധ്യാനാത്മകവും രഹസ്യാത്മകവുമായ ഒരു മനഃസ്ഥിതി, സംഗ്രഹിക്കാനാവാത്ത സൃഷ്ടിയിലെ ദൈവികമായ പ്രാപഞ്ചികഘടകങ്ങളെ, യാഥാര്‍ത്ഥ്യത്തിന്‍റെ സമഗ്രഘടനയുടെ ഭാഗമായും, ശരീരം-ആത്മാവ്, അരൂപി-പദാര്‍ത്ഥം മുതലായ പരമ്പരാഗത ദ്വൈതങ്ങളെ പിന്തള്ളി സത്താപരമായ ബന്ധങ്ങളുടെ അതിസ്വാഭാവികഘടനകളായും മനസ്സിലാകുന്നു. ശാസ്ത്രത്തിന്‍റെ പരമമായ ദൈവശാസ്ത്രദര്‍ശനം സൃഷ്ടിയെക്കുറിച്ചുള്ള അത്ര ആധികാരികമല്ലാത്ത ദൈവശാസ്ത്രസമീപനങ്ങളുടെ സൗന്ദര്യത്തെ അംഗീകരിക്കാന്‍ ഒരു പരിധി വരെ നമ്മെ നിര്‍ബന്ധിതരാക്കുന്നു.  കാഴ്ചപ്പാടുകള്‍ പ്രവര്‍ത്തിയെ സ്വാധീനിക്കുന്നിടത്ത്, ഒരു ആധികാരികപ്രവൃത്തിയെ പുറപ്പെടുവിക്കാന്‍ കഴിയുന്ന ആധികാരികമല്ലാത്ത ഒരു സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നതാവാം അനൈക്യം ജനിപ്പിക്കുന്ന ആധികാരികതത്ത്വങ്ങളില്‍ വിശ്വസിക്കുന്നതിനേക്കാള്‍ ബുദ്ധി. ഒരു ദ്വന്ദാത്മക അനുഭവജ്ഞാനാധിഷ്ഠിതവാദത്തേക്കാളുപരിയായി, (dualistic transcendentalism) ഒരു പാന്‍-എന്‍തേയിസ്റ്റിക് അന്തര്‍ലീനത്വം പാരിസ്ഥിതിക ഐക്യത്തെ കൂടുതലായി പ്രേത്സാഹിപ്പിച്ചേക്കാം.  

പരിശുദ്ധാത്മ സൃഷ്ടികര്‍മ്മം (pneumatic creation)

അനസ്യൂതസൃഷ്ടിയ്ക്കും, ശൂന്യതയില്‍ നിന്നുള്ള സൃഷ്ടിയിന്മേലുള്ള പരിണിതസ്വാധീനങ്ങള്‍ക്കും ക്രിസ്തീയപാരമ്പര്യത്തിലെ പരിശുദ്ധാത്മകേന്ദ്രീകൃതമായ സൃഷ്ടിയോട് വളരെ സാമ്യങ്ങളുണ്ട്. വിശുദ്ധഗ്രന്ഥത്തില്‍ ആത്മകേന്ദ്രീകൃത സൃഷ്ടിയുടെ തലങ്ങള്‍ വിവരിക്കുന്ന ധാരാളം രൂപകങ്ങളുണ്ട്. "ആഴത്തിനു മേല്‍ അന്ധകാരം വ്യാപിച്ചിരുന്നു, ദൈവത്തിന്‍റെ ആത്മാവ് അതിനുമേല്‍ ചലിച്ചുകൊണ്ടിരുന്നു" (ഉത്.1:1).49 "അവിടുന്ന് മുഖം മറയ്ക്കുമ്പോള്‍ അവ പരിഭ്രാന്തരാകുന്നു; അങ്ങ് അവയുടെ ശ്വാസം പിന്‍വലിക്കുമ്പോള്‍ അവ മരിച്ചു ഭൂമിയിലേക്കു മടങ്ങുന്നു. അങ്ങ് ജീവശ്വാസമയയ്ക്കുമ്പോള്‍ അവ സൃഷ്ടിക്കപ്പെടുന്നു; അങ്ങ് ഭൂമുഖം നവീകരിക്കുന്നു." (സങ്കീ.104:29-30; സുഭാ.8:22-31). ദൈവത്തിന്‍റെ ആത്മാവാണ് എല്ലാ ജീവജാലങ്ങളുടെയും ഉറവിടവും ജീവനുമെന്ന് ഇത് കാണിക്കുന്നു. സഭാപിതാവായ നൈസായിലെ ഗ്രിഗറി ഈ വിശുദ്ധഗ്രന്ഥഭാഗത്തെ സ്വാംശീകരിച്ച് പ്ലേറ്റോയുടെയും അരിസ്റ്റോട്ടിലിന്‍റെയും സ്റ്റോയിക്കുകളുടെയും പദാര്‍ത്ഥത്തെക്കുറിച്ചുള്ള നിര്‍വ്വചനങ്ങളെ നിരാകരിച്ചുകൊണ്ട് പദാര്‍ത്ഥം ദൈവത്തിന്‍റെ ഊര്‍ജ്ജമാണെന്ന് (energeia theou) സ്ഥാപിക്കുന്നു.50 ഇന്ന് മുളച്ച് നാളെ തീയില്‍ എറിയപ്പെടുന്ന പുല്‍ച്ചെടിയെ ആത്മാവ് നിത്യമായി സൃഷ്ടിക്കുന്നു. ഈ ശക്തിയാണ് നാം ജലപ്രവാഹത്തിലും വിരിയുന്ന പൂവിലും ജ്വലിക്കുന്ന കനലിലും എല്ലാം കണ്ടുമുട്ടുന്നത്. "ദൈവാത്മാവിന്‍റെ (ruach) തുടര്‍ച്ചയായ പ്രവാഹത്തിലൂടെ സ്രഷ്ടവസ്തുക്കള്‍ക്ക് രൂപം ലഭിക്കുന്നു (bara). അവ ആത്മാവില്‍ നിലനില്ക്കുകയും നവീകരിക്കപ്പെടുകയും (hadash) ചെയ്യുന്നു.... അസ്തിത്വവും, ജീവിതവും, പരസ്പരബന്ധങ്ങളിലെ ദൃഢതയുമെല്ലാം നിലനില്ക്കുന്നത് ആത്മാവിലാണ്.... ഘടനകളും രൂപങ്ങളും, ചലനങ്ങളും താളങ്ങളും, പ്രപഞ്ചോര്‍ത്തിന്‍റെ മേഖലകളും സമുച്ചയങ്ങളുമെല്ലാം ഐക്യത്തില്‍നിന്ന് ദൈവാത്മാവിന്‍റെ ഐക്യത്തില്‍ രൂപപ്പെടുന്നു."51 ആത്മാവിന്‍റെ സൃഷ്ടി ദൈവശാസ്ത്രപരമായി വികസിപ്പിക്കുമ്പോള്‍ ശാസ്ത്രവും ദൈവശാസ്ത്രവും ചിത്രീകരിക്കുന്ന സൃഷ്ടിസങ്കല്പത്തെ അര്‍ത്ഥമാക്കുവാന്‍ അത് പര്യാപ്തമാകും. 


പാരിസ്ഥിതികമായ പ്രായോഗികതകള്‍ സൃഷ്ടിയുടെ രഹസ്യത്തെക്കുറിച്ചുള്ള നമ്മുടെ ചിന്തകള്‍ സമകാലീനപരിസ്ഥിതിചിന്തകളെയും കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. പരസ്ഥിതിബോധം അടിസ്ഥാനപരമായി ഒരു ആത്മീയമനോഭാവമാണ്. പ്രപഞ്ചത്തില്‍ ദൈവികമായതിന്‍റെ അനുഭവം ഒരു സാകല്യദര്‍ശനത്തിന്‍റെ ഫലമാണ്. അത് ജീവജാലങ്ങളുടെ ഏകത്വത്തെക്കുറിച്ചുള്ള അഗാധപരസ്ഥിതിശാസ്ത്രത്തിന്‍റെയും (deep ecology) അടിസ്ഥാനമാണ്. സര്‍വ്വാതിശായിയായ (transcendent) ഒരു സ്രഷ്ടാവായി ദൈവത്തെ മനസ്സിലാക്കുന്നതുമൂലം ലോകം ലൗകികവും അശുദ്ധവുമായി കണക്കാക്കപ്പെടുന്നു. ലോകം തിന്മയായും അതിനാല്‍ ഉപേക്ഷിക്കപ്പെടേണ്ടതായും സൂചിപ്പിക്കുന്ന നിരവധി ഉദാഹരണങ്ങള്‍ വിശുദ്ധഗ്രന്ഥത്തിലുണ്ട്. "ലോകത്തെയോ ലോകത്തിലുള്ള വസ്തുക്കളെയോ നിങ്ങള്‍ സ്നേഹിക്കരുത്... എന്തെന്നാല്‍ ജഡത്തിന്‍റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്‍റെ അഹന്ത ഇങ്ങനെ ലോകത്തിലുള്ളതൊന്നും പിതാവിന്‍റേതല്ല; പ്രത്യുത ലോകത്തിന്‍റേതാണ്" (1 യോഹ.2:5-16). പുതിയ ലോകവീക്ഷണം ദൈവത്തെയും പ്രകൃതിയെയും മനുഷ്യനെയും കുറിച്ചുള്ള നിരവധി തെറ്റിദ്ധാരണകള്‍ ഉപേക്ഷിക്കുന്നതിന് നമ്മെ സഹായിക്കുന്നുണ്ട്. ആദ്യമായി, പ്രകൃതിയെ പൂര്‍ണ്ണമായും അതിലംഘിക്കുന്ന ഒരു ദൈവമെന്ന ധാരണതന്നെ ഇല്ലാതായി. പാശ്ചാത്യദേശത്ത്, പ്രപഞ്ചത്തിനു മുകളില്‍ നിലകൊള്ളുന്ന ഏറ്റവും പ്രധാനപ്പെട്ട ഒന്നായി ദൈവം കണക്കാക്കപ്പെട്ടു. ഇത് പ്രപഞ്ചത്തിനു പുറത്തുള്ള പ്രകൃതിയില്‍ എന്തെല്ലാം ആന്തരികമേന്മയുണ്ടെന്ന് തിരയുന്നതില്‍ കലാശിച്ചു. പ്രപഞ്ചത്തിന്‍റെ രഹസ്യം ഇല്ലാതാകുന്നതിനും കാരണം ദൈവത്തെക്കുറിച്ചുള്ള അത്തരമൊരു ധാരണയായിരുന്നു. ദൈവത്തെക്കുറിച്ചുള്ള ഏകദൈവസങ്കല്പത്തില്‍ സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള ബന്ധം അധീശത്വത്തിന്‍റേതും ആശ്രയത്വത്തിന്‍റേതുമാണ്. ഇവിടെ ദൈവം തിരശ്ശീലക്ക് പിന്നില്‍ മറഞ്ഞിരിക്കുന്ന ചലനത്തിന്‍റെ ആദികാരണമായി കാണപ്പെടുന്നു. രണ്ടാമതായി, ലോകം അശുദ്ധവും പദാര്‍ത്ഥം തിന്മയുമാണെന്ന ആശയം നാം ഉപേക്ഷിച്ചു.

ലോകം ദൈവത്താല്‍ സ്നേഹിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും ചെയ്യുന്നുവെന്നും, അത് അവിടുത്തെ ആത്മാവിഷ്കാരമാണെന്നും ഊന്നിപ്പറയുന്ന ഒരു ലോകവീക്ഷണത്തിന് ക്രൈസ്തവവേദഗ്രന്ഥത്തില്‍ നിരവധി ഉറവിടങ്ങളുണ്ടെങ്കിലും, നമ്മുടെ മദ്ധ്യകാലഘട്ടത്തിലെ യുക്തിനിര്‍ണ്ണീതവാദം (rational determinism) അതിനെ മറന്ന് ഒരുവന്‍റെ രക്ഷയ്ക്ക് ലൗകികയാഥാര്‍ത്ഥ്യങ്ങള്‍ ഉപേക്ഷിക്കപ്പെടേണ്ടതാണെന്ന് വ്യാഖ്യാനിക്കാന്‍ തുടങ്ങി.  ശാസ്ത്രീയലോകവീക്ഷണത്തില്‍ നിന്ന് ലഭിച്ച ഉള്‍ക്കാഴ്ചകളുടെ വെളിച്ചത്തില്‍ യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള സമഗ്രവീക്ഷണത്തെ ഏകോപിപ്പിക്കാന്‍ സഹായിക്കുന്ന ദൈവത്തിന്‍റെ ഒരു പുതിയ ചിത്രം നമുക്ക് ലഭിക്കുന്നുണ്ട്. യാഥാര്‍ത്ഥ്യങ്ങളുടെ - ദൈവം,ലോകം,മനുഷ്യന്‍ - വെവ്വേറെയുള്ള വിശദീകരണങ്ങള്‍ അസാദ്ധ്യമായിത്തീരുന്നു. മറ്റു വാക്കുകളില്‍, ഒരു സമഗ്രവീക്ഷണത്തില്‍ അഥവാ പ്രപഞ്ച-ദൈവ-മനുഷ്യസമന്വയത്തില്‍ പ്രപഞ്ചവിജ്ഞാനീയം, ദൈവശാസ്ത്രം, മാനവവിജ്ഞാനീയം എന്നീ പദങ്ങള്‍ സമാനാര്‍ത്ഥകമാണ്. ഇത്തരം സമന്വയങ്ങള്‍ അര്‍ത്ഥമാക്കുന്നത്, "പൂര്‍ണ്ണതയിലും ഐക്യത്തിലുമായിരുന്ന യഥാര്‍ത്ഥഅവസ്ഥയില്‍നിന്ന് ചിതറിപ്പോയവയെ വീണ്ടും ഒന്നിപ്പിക്കുന്ന ക്രിയാത്മകപ്രക്രിയ ആയാണ്. രോഗാതുരവും, വിഭജിതവും, ദുരുപയോഗിക്കപ്പെട്ടതുമായവയെ സൗഖ്യപ്പെടുത്തി ഐക്യത്തിലേക്കും പൂര്‍ണ്ണതയിലേക്കും പുനരൈക്യപ്പെടുത്തുന്ന രീതിയാണിത്."52 ക്രിസ്തീയ ദൈവശാസ്ത്രത്തില്‍ മതിയായ ശ്രദ്ധ നല്കപ്പെടാത്തതും എന്നാല്‍ പൗരസ്ത്യദൈവശാസ്ത്രത്തില്‍ കൂടുതലായി ഊന്നല്‍ നല്കപ്പെടുന്നതുമായ ഒരു ദൈവശാസ്ത്ര സരണിയാണ് ലോകത്തിലുള്ള ദൈവത്തിന്‍റെ അന്തര്‍ലീനത്വം. ഈ അന്തര്‍ലീനത്വമാണ് സമാധാനപൂര്‍വ്വകമായ ഒരു മനുഷ്യസമൂഹത്തിന്‍റെ അതിഭൗതികഅടിസ്ഥാനവും പാരിസ്ഥിതികസൗഖ്യത്തിനുള്ള ഉത്തമ ഔഷധവും. വിശുദ്ധ ഗ്രന്ഥത്തില്‍ ഈ അന്തര്‍ലീനത്വത്തിനുള്ള ശരിയായ തെളിവുകള്‍ നാം കണ്ടെത്തുന്നു. ദൈവത്തിന്‍റെ അന്തര്‍ലീനത്വത്തിന്‍റെ രൂപീകരണങ്ങള്‍ പൗരസ്ത്യദേശത്തിന്‍റെ ബഹുദൈവവിശ്വാസത്തില്‍ ഒന്നുചേര്‍ന്നിരിക്കുന്നു. ബഹുദൈവവിശ്വാസം ശക്തമായ ഏകദൈവവിശ്വാസത്തിന് പകരമാവില്ല. കാരണം, അത് യാഥാര്‍ത്ഥ്യത്തെ പൂര്‍ണ്ണഅനന്യതയിലേക്ക് നയിക്കുന്നു. ദൈവികമായതിനെക്കുറിച്ച് അതില്‍ത്തന്നെ നിലനില്ക്കുന്ന ധാരണയനുസരിച്ച് ലോകത്തിന്‍റെ കൗദാശികമൂല്യം അംഗീകരിക്കപ്പെടുന്നു. "പ്രഥമകൂദാശ സൃഷ്ടി തന്നെയാണ്."53

"പ്രപഞ്ച-ദൈവ-മനുഷ്യസമന്വയ ദര്‍ശനമനുസരിച്ച് ദൈവികത സൃഷ്ടിക്കു പുറമേയല്ല, മറിച്ച് പ്രകൃതിപ്രതിഭാസങ്ങളിലൂടെ സ്വയം പ്രകടിപ്പിക്കുന്നു.... പ്രപഞ്ചം ദൈവികതയോട് ഉള്‍ച്ചേര്‍ന്നിരിക്കുന്നതിനാല്‍ ഈ മനോഭാവത്തിന് ദിവ്യവത്കരിക്കപ്പെട്ട പ്രപഞ്ചമായ ദൈവപ്രപഞ്ച (theocosm) ത്തിന്‍റെ പ്രകൃതം ഉള്‍ക്കൊള്ളാതിരിക്കാനാവില്ല. ദിവ്യവത്കരിക്കപ്പെട്ട പ്രപഞ്ചത്തില്‍ ആവിഷ്കാരങ്ങളെല്ലാം ഭയഭക്തിയോടുകൂടിയാണ് വീക്ഷിക്കപ്പെടുന്നത്; അതിന്‍റെ ഫലമായി സസ്യലോകമുള്‍പ്പെടെ എല്ലാ ജീവജാലങ്ങളുടെയും സഹാസ്തിത്വം (co-existence) പ്രോത്സാഹിപ്പിക്കപ്പെട്ടു."54 ദൈവത്തിന്‍റെ അന്തര്‍ലീനത്വം അന്തിമവിശകലത്തില്‍ ഇപ്രകാരം വിശദീകരിക്കപ്പെടുന്നു: "സൃഷ്ടിയിലും അവിടുത്തെ ജനത്തോടൊപ്പവും ദൈവം സന്തുഷ്ടനാണ്; ഒപ്പം അവരും അവിടുത്തോടൊപ്പവും മറ്റുള്ളവരോടും സമാധാനത്തില്‍ വസിക്കുന്നു."55

Genesis in the Bible the Bible and in science the Bible and in science Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message