We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Mar Joseph Pamplany On 10-Sep-2020
ശ്ലീഹന്മാരുടെ വിശ്വാസപ്രമാണത്തില്‍ അവന്‍ പാതാളങ്ങളിലിറങ്ങി" എന്ന് നാം ഏറ്റുചൊല്ലുന്നുണ്ട്. യേശു മരണശേഷം തന്‍റെ ഉത്ഥാനത്തിനു മുമ്പ് നരകത്തില്‍ ഇറങ്ങിച്ചെന്ന് നരകവാസികളെ രക്ഷിച്ചു എന്ന അര്‍ത്ഥത്തില്‍ ഈ പ്രമാണം വ്യാഖ്യാനിക്കുന്നവരുണ്ട്.
1. ശ്ലീഹന്മാരുടെ വിശ്വസപ്രമാണം എന്ന പേരില്‍ അറിയപ്പെടുന്ന വിശ്വാസപ്രമാണത്തിന്‍റെ ആദ്യരൂപം അന്‍സീറിയായിലെ ബിഷപ്പായിരുന്ന മാര്‍സെല്ലൂസിന്‍റെ രചനയിലാണ് (AD 337) കാണപ്പെടുന്നത്. എന്നാല്‍ ഈ വിശ്വാസപ്രമാണത്തില്‍ പാതാളങ്ങളിറങ്ങി" എന്ന പ്രഖ്യാപനം ഇല്ല. ഈ വിശ്വാസപ്രമാണത്തെയാണ് പുരാതന റോമന്‍ വിശ്വാസപ്രമാണം (The Old Roman Creed) എന്നു വിളിക്കുന്നത്. പാതാളങ്ങളിറങ്ങി എന്ന പ്രഖ്യാപനം ആദ്യമായി കാണപ്പെടുന്നത്. AD 359-ല്‍ രൂപംകൊണ്ട സിര്‍മിയം പ്രമാണരേഖ (Sirmium formula or Dated creed)- യിലാണ്. എന്നാല്‍ ആര്യന്‍ പാഷണ്ഡതയുടെ സ്വാധീനം ആരോപിച്ചുകൊണ്ട് പൗരസ്ത്യ സഭകള്‍ ഈ വിശ്വാസപ്രമാണത്തെ തള്ളിക്കളഞ്ഞു. പാശ്ചാത്യസഭകളില്‍ "പാതാളങ്ങളിറങ്ങി" എന്ന പ്രഖ്യാപനം ആദ്യമായി കാണപ്പെടുന്നത് അഖ്വീലായിലെ റൂഫീനസിന്‍റെ (Ca. AD 400 ) വിശ്വാസപ്രമാണത്തിലാണ്.
അപ്പോളിനാരിയൂസ് എന്ന വിശ്വാസ ധ്വംസകന്‍ (Heretic) യേശുവിന്‍റെ മനുഷ്യസ്വഭാവത്തെ നിഷേധിച്ചു പഠിപ്പിക്കുവാന്‍ തുടങ്ങി. അപ്പോളിനാരിസം എന്ന പേരില്‍ പ്രചരിച്ച ഈ പാഷണ്ഡത അനുസരിച്ച് യേശുവിന്‍റെ മാനുഷികത പൂര്‍ണ്ണമായിരുന്നില്ല. ദൈവികമായ ആത്മാവും മാനുഷികമായ ശരീരവും ചേര്‍ന്ന വ്യക്തിയാകയാല്‍ യേശുവിന്‍റെ കുരിശുമരണം എന്നത് വെറുമൊരു പ്രഹസനം (Mockery) ആയിരുന്നു എന്ന് ഇവര്‍ പഠിപ്പിച്ചു. അവന്‍റെ മരണം യഥാര്‍ത്ഥമായിരുന്നില്ല എന്ന പാഷണ്ഡതയെ എതിരിടാനായി അവന്‍റെ മരണം സത്യമാണെന്നും അവന്‍ മരണശേഷം മറ്റേതൊരു മനുഷ്യനെയുംപോലെ ഭൂമിക്കടിയില്‍ (Hades) സംസ്കരിക്കപ്പെട്ടെന്നും അഖ്വീലായിലെ റൂഫീനസ് വിശ്വാസപ്രമാണത്തിലൂടെ പ്രഖ്യാപിച്ചു. റൂഫീനിസിന്‍റെ ഈ പ്രഖ്യാപനം അപ്പോളിനാരിയന്‍ പാഷണ്ഡതയെ നേരിടാന്‍ ഫലപ്രദമാണെന്ന് കണ്ട് കൂടുതല്‍ ജനകീയമായ ശ്ലീഹന്മാരുടെ വിശ്വാസപ്രമാണത്തിലും നാലാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ പാതാളങ്ങളിറങ്ങി" (descendit in inferna). എന്ന പ്രഖ്യാപനം കൂട്ടിച്ചേര്‍ക്കപ്പെട്ടു. ഷാള്‍ മെയിന്‍റെ കാലത്ത് രൂപംകൊണ്ട അത്തനേഷ്യന്‍ വിശ്വാസപ്രമാണത്തിലും ഇതേ പദപ്രയോഗം കാണാം.
2. കാലാന്തരത്തില്‍ AD 750 ഓടെ പാതാളങ്ങളിറങ്ങി... എന്ന പ്രഖ്യാപനം പാശ്ചാത്യസഭയുടെ ഔദ്യോഗിക പഠനത്തിന്‍റെ ഭാഗമായി. 1215-ലെ നാലാം ലാറ്റിന്‍ കൗണ്‍സിലാണ് പാതാളങ്ങളിറങ്ങി.." എന്ന പ്രഖ്യാപനത്തെ സാര്‍വ്വത്രിക സഭയുടെ വിശ്വാസപ്രഖ്യാപനത്തിന്‍റെ ഭാഗമായി അംഗീകരിച്ചത്. പാതാളങ്ങളിലേക്കിറങ്ങി (Desendit in inferna- descended into hades) എന്നാണ് ഇതില്‍ കാണപ്പെടുന്നത്.
എന്നാല്‍ "ഹാദെസ്" (പാതാളം) എന്ന പദത്തെ നരകമായി സഭാപിതാക്കന്മാര്‍ ഒരിക്കലും കരുതിയിരുന്നില്ല. നിത്യശിക്ഷയുടെ നരകത്തെ സൂചിപ്പിക്കാന്‍ ഗേഹെന്ന (gehenna) എന്ന പദമാണ് ഗ്രീക്കില്‍ സാധാരണയായി ഉപയോഗിക്കുന്നത്.
പാതാളം (ഹാദെസ്) എന്ന പദത്തെ നരക (ഗേഹന്ന) മായി തെറ്റിദ്ധരിച്ചതിന്‍റെ ഫലമായുണ്ടാകുന്ന പ്രതിസന്ധിയിലാണ് യേശു നരകത്തിലിറങ്ങി ആത്മാക്കളെ രക്ഷിച്ചു എന്നവാദം. ഈ ചരിത്രപഠനത്തില്‍ നിന്ന് വ്യക്തമാകുന്ന രണ്ടുവസ്തുതകളുണ്ട്.
(1) യേശു പാതാളങ്ങളിറങ്ങി..... എന്ന പ്രഖ്യാപനം വിശ്വാസപ്രമാണത്തിന്‍റെ ഭാഗമായത് നാലാം നൂറ്റാണ്ടിനുശേഷമാണ്.
(2) യേശുവിന്‍റെ മരണത്തിന്‍റെ യാഥാര്‍ത്ഥ്യത്തെ അഥവാ സത്യാവസ്ഥയെ ഊന്നിപ്പറയുന്നതിനായിട്ടാണ് ഈ പ്രഖ്യാപനം വിശ്വാസപ്രമാണത്തില്‍ ഉള്‍ച്ചേര്‍ത്തത്. യേശുവിന്‍റെ മരണം യഥാര്‍ത്ഥമായിരുന്നില്ലെന്നും ദൈവമായ ഈശോയ്ക്ക് മരിക്കാന്‍ കഴിയില്ലാത്തതിനാല്‍, യേശുവിന്‍റെ കുരിശുമരണം കാണികളുടെ വിഭ്രാന്തി മാത്രമായിരുന്നു എന്നും പഠിപ്പിച്ച നിരവധി പാഷണ്ഡതകളുടെ മുനയൊടിക്കാനായാണ് യേശു പാതാളത്തിലിറങ്ങി എന്ന് സഭാപിതാക്കന്മാര്‍ പ്രഖ്യാപിച്ചത്. നിത്യമരണത്തില്‍നിന്ന് നമ്മെ രക്ഷിക്കേണ്ടവന്‍ സത്യമായും മരിക്കേണ്ടതുണ്ടായിരുന്നു.
3. പാതാളങ്ങളിലിറങ്ങി എന്നതിനെക്കുറിച്ച് സാര്‍വ്വത്രിക മതബോധന ഗ്രന്ഥം നല്‍കുന്ന വിശദീകരണം ശ്രദ്ധാര്‍ഹമാണ്. "മരണശേഷം ക്രിസ്തു ഇറങ്ങിച്ചെന്ന സ്ഥലത്തെ തിരുലിഖിതങ്ങള്‍ നരകം (ഹീബ്രുവില്‍ ഷെയോള്‍ ഗ്രീക്കില്‍ ഹാദെസ്) എന്നു വിശേഷിപ്പിക്കുന്നു, കാരണം അവിടെയായിരിക്കുന്നവര്‍ക്ക് ദൈവികദര്‍ശനം സാധ്യമല്ലായിരുന്നു. ഈ അവസ്ഥ (ദൈവദര്‍ശനം സാധ്യമല്ലാത്ത അവസ്ഥ) നന്മ ചെയ്തു ജീവിച്ചവര്‍ക്കും തിന്മചെയ്തു ജീവിച്ചവര്‍ക്കും ഒരുപോലെ ബാധകമായിരുന്നു. കാരണം അവരെല്ലാം തങ്ങളുടെ രക്ഷകനെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ നീതിമാന്മാരുടെയും ദുഷ്ടരുടെയും അന്ത്യം ഒരുപോലെയായിരിക്കും എന്നല്ല ഇതിന്‍റെ അര്‍ത്ഥം അവരുടെ അന്ത്യങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടാകുമെന്ന് ഈശോ തന്നെ ധനവാന്‍റെയും ലാസറിന്‍റെയും ഉപമയില്‍ വ്യക്തമാക്കിയിട്ടുണ്ടല്ലോ (ലൂക്ക 16:22-26). രക്ഷകനെ കാത്തിരിക്കുന്ന നീതിമാന്മാരുടെ ആത്മാക്കള്‍ മാത്രമാണ് യേശുവിന്‍റെ പാതാളസന്ദര്‍ശനത്തിലൂടെ രക്ഷപ്രാപിച്ചത്. യേശു പാതാളത്തിലിറങ്ങിയത് നശിച്ചുപോയ ആത്മാക്കളെ രക്ഷിക്കാനോ, നിത്യശിക്ഷയുടെ നരകത്തെ നശിപ്പിക്കാനോ അല്ല, മറിച്ച്, തനിക്കുമുമ്പേ മരണമടഞ്ഞ നീതിമാന്മാര്‍ക്ക് രക്ഷയുടെ സ്വാതന്ത്ര്യം നല്കാനാണ്.
4. പുതിയനിയമത്തിലെ "മരിച്ചവരില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തു" എന്ന പ്രഖ്യാപനം ഉത്ഥാനത്തിനുമുന്‍പ് യേശു മരിച്ചവരോടൊത്തായിരുന്നു എന്ന ധാരണയിലധിഷ്ഠിതമാണ് (3:15; റോമ 8:11; 1 കോറി 15:20; ഹെബ്രാ 13:20). എല്ലാമനുഷ്യരെയുംപോലെ ക്രിസ്തുവും മരിച്ചു എന്നാണ് ഈ പ്രഖ്യാപനത്തിന്‍റെ പ്രാഥമികാര്‍ത്ഥം.
നശിച്ചുപോയതോ അലഞ്ഞുനടക്കുന്നതോ ആയ ആത്മാക്കളെ രക്ഷിക്കാനല്ല യേശു പാതാളത്തിലിറങ്ങിയത് എന്ന വ്യാഖ്യാനം സകല കത്തോലിക്കരും ശ്രദ്ധാപൂര്‍വ്വം പഠിക്കേണ്ടതാണ്. യേശുവിന്‍റെ കുരിശുമരണത്തിലൂടെ കൈവന്ന വരപ്രസാദം യേശുവിന്‍റെ മരണത്തിനു മുന്‍പേ മരിച്ച നീതിമാന്‍മാരുടെ ആത്മാക്കള്‍ക്കും സംലഭ്യമായി എന്നു വിശദീകരിക്കുന്ന വിശ്വാസസത്യമായി വേണം പാതാളത്തിലിറങ്ങി എന്ന പ്രഖ്യാപനത്തെ മനസ്സിലാക്കാന്‍. ഈ അര്‍ത്ഥത്തിലാണ് മൂന്നാംനൂറ്റാണ്ടിലെ സിറിയന്‍ വിശ്വാസപ്രമാണത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നത്. പന്തിയോസ് പീലാത്തോസിന്‍റെ കാലത്ത് കുരിശില്‍ തറയ്ക്കപ്പെട്ട ഈശോ (മരണശേഷം) സമാധാനത്തില്‍ പുറപ്പെട്ട് അബ്രാഹം, ഇസഹാക്ക്, യാക്കോബ് തുടങ്ങിയ എല്ലാ വിശുദ്ധരോടും ലോകത്തിന്‍റെ അവസാനത്തെക്കുറിച്ചും മരിച്ചവരുടെ ഉയര്‍പ്പിനേക്കുറിച്ചും പ്രഖ്യാപിച്ചു."
5. 1989 ജനുവരി 11 ലെ പൊതുദര്‍ശനവേളയില്‍ പരി. പിതാവ് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പാതാളങ്ങളിലിറങ്ങി..."എന്ന വിശ്വാസപ്രഖ്യാപനത്തെക്കുറിച്ച് ആധികാരികമായ വ്യാഖ്യാനം നല്‍കി. മരിച്ച്, അടക്കപ്പെട്ട്, പാതാളങ്ങളിലിറങ്ങി എന്ന പ്രഖ്യാപനത്തെ കേവലം പീഡാനുഭവവിവരണമായിട്ടല്ല നമ്മുടെ വിശ്വാസത്തിന്‍റെ ആഴങ്ങളെ സ്പര്‍ശിക്കുന്ന സത്യമായിട്ടുവേണം ക്രൈസ്തവര്‍ മനസ്സിലാക്കേണ്ടത് എന്ന് പാപ്പ അഭിപ്രായപ്പെട്ടു. യേശു മരിച്ച് അടക്കപ്പെട്ടു എന്നത് യേശുവിന്‍റെ പൂര്‍ണ്ണ മനുഷ്യസ്വഭാവത്തെ വിശദമാക്കുന്ന വിശ്വാസസത്യമാണ്. അവന്‍ പാതാളങ്ങളിറങ്ങി" എന്ന പ്രഖ്യാപനത്തെക്കുറിച്ചുള്ള മാര്‍പാപ്പയുടെ പഠനങ്ങളില്‍ നിന്ന് മൂന്ന് കാര്യങ്ങള്‍ വ്യക്തമാണ്.
(a) പാതാളങ്ങളിലിറങ്ങി എന്ന പ്രഖ്യാപനത്തിലൂടെ യേശു യഥാര്‍ത്ഥത്തില്‍ മരിച്ചു എന്ന വിശ്വാസമാണ് പ്രഖ്യാപനം ചെയ്യുന്നത്.
(b) യേശുവിന്‍റെ കുരിശിലെ ബലിയിലൂടെ ലഭിച്ച വരപ്രസാദം യേശുവിന്‍റെ മരണത്തിനുമുന്‍പ് മരണമടഞ്ഞ സകല നീതിമാന്മാര്‍ക്കും നീതിമതികള്‍കള്‍ക്കും ലഭിച്ചു എന്നതിന്‍റെ പ്രതീകാത്മകമായ ആഖ്യാനമാണ് ഈ പ്രഖ്യാപനം.
(c) ഈശോ മരണശേഷം നിത്യശിക്ഷയുടെ സ്ഥലമായ നരകം സന്ദര്‍ശിക്കുകയോ അവിടെ അകപ്പെട്ടുപോയ ആത്മാക്കളെ രക്ഷിക്കുകയോ ചെയ്തിട്ടില്ല.
6. നരകത്തെ നശിപ്പിച്ച് പിശാചിന്‍റെ കെണിയിലകപ്പെട്ടുപോയ ആത്മാക്കളെ രക്ഷിക്കാനാവുമെന്നു പഠിപ്പിക്കുന്നവരുടെ പഠനം പ്രൊട്ടസ്റ്റന്‍റു സഭാ വിഭാഗങ്ങളുടെ തലവനായ മാര്‍ട്ടിന്‍ ലൂഥറിന്‍റെ പഠനങ്ങളുടെ തനിയാവര്‍ത്തനമാണ്. Formula of Concord ല്‍ പാതാളങ്ങളിലിറങ്ങി....."എന്ന പ്രഖ്യാപനത്തെ ലൂഥര്‍ വിശദീകരിക്കുന്നത് ശ്രദ്ധിക്കുക: ക്രിസ്തു മരണശേഷം നരകത്തിലേക്കിറങ്ങിച്ചെന്ന് എല്ലാ വിശ്വാസികള്‍ക്കുംവേണ്ടി നരകത്തെ ഇല്ലാതാക്കി, അവരെ മരണത്തിന്‍റെ ആധിപത്യത്തില്‍നിന്നും പിശാചില്‍നിന്നും നിത്യനാശത്തില്‍നിന്നും രക്ഷിച്ചു. എപ്രകാരമാണ് ക്രിസ്തു ഇത് സാധിതമാക്കിയത് എന്നറിയാന്‍ നാം ലോകാവസാനംവരെ കാത്തിരിക്കണം.
വരാനിരിക്കുന്ന ലോകത്തില്‍ നമ്മുടെ അന്ധമായ ബുദ്ധിയെ ദൈവം പ്രകാശിപ്പിക്കുമ്പോള്‍ മറ്റുപല സത്യങ്ങളോടൊപ്പം ഈ വസ്തുതയും നമുക്കായി അവിടുന്ന് വെളിപ്പെടുത്തും." യേശു നരകം സന്ദര്‍ശിച്ചെന്നും നരകവാസികളെ രക്ഷിച്ചെന്നും ലൂഥര്‍ പഠിപ്പിക്കുന്നു. യഥാര്‍ത്ഥ കത്തോലിക്കര്‍ എന്ന് അഭിമാനിക്കുന്ന ചിലര്‍ പ്രൊട്ടസ്റ്റന്‍റ് വിശ്വാസം പ്രചരിപ്പിക്കുന്നത് അറിവില്ലായ്മകൊണ്ടാണെങ്കില്‍ അത് തിരുത്തി സത്യവിശ്വാസത്തിലേക്ക് തിരികെ വരണം. അറിഞ്ഞുകൊണ്ട് നിഷ്കളങ്കവിശ്വാസികളെ വഴിതെറ്റിക്കാനാണ് ഇതിന്‍റെ നേതാക്കന്‍മാര്‍ ഒരുമ്പെടുന്നതെങ്കില്‍, അവരുടെ പ്രചരണങ്ങളുടെ നിരര്‍ത്ഥകയെ കാലത്തിന്‍റെ തെളിവില്‍ കര്‍ത്താവുതന്നെ തെളിയിക്കും
Sheol Did Jesus go down to Sheol? Mar Joseph Pamplany Apollinarism Rufinus Of Aquileia Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206