x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

വിശ്വാസപ്രഖ്യാപനം

Authored by : Religious teaching of the Catholic Church On 25-May-2022

ഭാഗം ഒന്ന്‌

വിശ്വാസപ്രഖ്യാപനം

ഖണ്‍ഡം ഒന്ന്‌

“ഞാന്‍‍ വിശ്വസിക്കുന്നു” - “ഞങ്ങള്‍‍ വിശ്വസിക്കുന്നു”

“ഞാന്‍‍ വിശ്വസിക്കുന്നു” അല്ലെങ്കില്‍ “ഞങ്ങള്‍‍ വിശ്വസിക്കുന്നു” എന്നുപറഞ്ഞുകൊണ്ടാണ്‌, നമ്മുടെ വിശ്വാസപ്രഖ്യാപനം നാം സമാരംഭിക്കുന്നത്‌. വിശ്വാസപ്രമാണത്തില്‍ നാം ഏറ്റുപറയുന്നതും ആരാധനക്രമത്തില്‍ നാം ആഘോഷിക്കുന്നതും ദൈവപ്രമാണങ്ങളുടെ അനുവര്‍ത്തനത്തിലൂടെയും പ്രാര്‍ഥനയിലൂടെയും നാം ജീവിതത്തില്‍ പകര്‍‍ത്തുന്നതുമായ സഭയുടെ വിശ്വാസത്തെ വിശദീകരിക്കുന്നതിനു മുന്‍‍പായി 'വിശ്വസിക്കുക' എന്നാല്‍ എന്താണര്‍ഥ‍മാക്കുന്നതെന്നു നാം ചോദിക്കുന്നുണ്ട്‌. തന്നെത്തന്നെ വെളിപ്പെടുത്തുകയും തന്നെത്തന്നെ മനുഷ്യനു പ്രദാനം ചെയ്യുകയും സ്വജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം അന്വേഷിക്കുന്ന മനുഷ്യന് അതിസമ്പുഷ്ടമായ പ്രകാശംനല്‍കുകയും ചെയ്യൂന്ന ദൈവത്തിനു മനുഷ്യന്‍‍ നല്‍‍കുന്ന പ്രത്യുത്തരമാണു വിശ്വാസം. അതിനാല്‍‍ ഒന്നാമതായി മനുഷ്യന്റെ അന്വേഷണത്തെക്കുറിച്ചും (അധ്യായം ഒന്ന്‌) പിന്നീടു ദൈവം മനുഷ്യനു സ്വാഗതമരുളുന്ന മാര്‍ഗമായ ദൈവികവെളിപാടിനെക്കുറിച്ചും (അധ്യായം രണ്ട്‌) അവസാനമായി വിശ്വാസമെന്ന പ്രത്യുത്തരത്തെക്കുറിച്ചും (അധ്യായം മൂന്ന്) പ്രതിപാദിക്കുന്നതായിരിക്കും.

അധ്യായം ഒന്ന്‌

ദൈവത്തെ പ്രാപിക്കാനുള്ള മനുഷ്യന്റെ കഴിവ്‌

I. ദൈവത്തിനായുള്ള ദാഹം

ദൈവത്തിനുവേണ്ടിയുള്ള ദാഹം മനുഷ്യഹൃദയത്തില്‍‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. കാരണം, മനുഷ്യന്‍ ദൈവത്താലും ദൈവത്തിനുവേണ്ടിയും സൃഷ്ടിക്കപ്പെട്ടവനാണ്‌. തന്നിലേക്കു മനുഷ്യനെ ആകര്‍ഷിക്കുന്നതില്‍ നിന്ന്‌ ദൈവം ഒരിക്കലും വിരമിക്കുന്നില്ല; മനുഷ്യന്‍‍ നിരന്തരം അന്വേഷിക്കുന്ന സത്യവും സൗഭാഗ്യവും ദൈവത്തില്‍ മാത്രമേ അവന്‍‍ കണ്ടെത്തുകയുള്ളു.

ദൈവത്തോടുള്ള ഐക്യത്തിനു വിളിക്കപ്പെട്ടവനാണു മനുഷ്യന്‍‍ എന്ന വസ്തുതയാണു മനുഷ്യന്റെ മഹത്ത്വത്തിന്‌ സര്‍‍വോപരി, അടിസ്ഥാനമായി നിലകൊള്ളുന്നത്‌. ദൈവവുമായി സമ്പര്‍‍ക്കം പുലര്‍ത്താനുള്ള ക്ഷണം അസ്തിത്വത്തിലേക്കു കടന്നുവരുമ്പോള്‍ തന്നെ മനുഷ്യനു നല്‍കപ്പെടുന്നു. സ്നേഹപൂര്‍‍വം ദൈവം അവനെ സൃഷ്ടിച്ചതുകൊണ്ടും, അനവരതം അവനെ സ്നേഹത്തില്‍ പരിപാലിക്കുന്നതുകൊണ്ടുമാണ്‌, മനുഷ്യന്‍ അവന്റെ അസ്തിത്വത്തില്‍‍ നിലനില്‍‍ക്കുന്നതുതന്നെ. ദൈവത്തിന്റെ ഈ സ്നേഹത്തെ മനുഷ്യന്‍‍ സ്വമനസാ അംഗീകരിക്കുകയും, തന്റെ സ്രഷ്ടാവിനു സ്വയം സമര്‍പ്പിക്കുകയും ചെയ്യാത്ത പക്ഷം, സത്യാനുസൃതം പൂര്‍ണമായ ഒരു ജീവിതം നയിക്കാന്‍‍ അവനു സാധിക്കയില്ല.

ചരിത്രത്തിലുടനീളം ഇന്നുവരെയും പലവിധത്തില്‍‍ മനുഷ്യര്‍ അവരുടെ ദൈവാന്വേഷണത്തിന്‌, മതാത്മക വിശ്വാസങ്ങളിലൂടെയും ആചാരങ്ങളിലൂടെയും പ്രാര്‍ഥനകള്‍‍, ബലികള്‍, ആരാധനാനുഷ്ഠാനങ്ങള്‍‍, ധ്യാനങ്ങള്‍ മുതലായവയിലൂടെയും പ്രകാശനം നല്‍കിയിട്ടുണ്ട്‌. മതപരമായ ആവിഷ്കരണത്തിന്റെ ഇത്തരം രൂപങ്ങള്‍‍, അവ പലപ്പോഴും അസ്പഷ്ടതകളുള്ളവയായിരുന്നെങ്കില്‍ത്തന്നെ, വളരെ സാര്‍‍വജനീനങ്ങളാണ്‌; അക്കാരണത്താല്‍, മതാത്മകജീവി എന്നവിശേഷണം മനുഷ്യനു തികച്ചും അന്വര്‍ഥമാണ്‌:

ഭൂമുഖം മുഴുവന്‍‍ വസിക്കാന്‍‍വേണ്ടി ഒരുവനില്‍നിന്ന്‌ എല്ലാ ജനപദങ്ങളെയും ദൈവം സൃഷ്ടിച്ചു; അവിടുന്ന്‌ അവരുടെ അസ്തിത്വത്തിന്റെ കാലങ്ങളും വാസസ്ഥാനങ്ങളുടെ അതിര്‍‍ത്തികളും നിശ്ചയിച്ചുകൊടുത്തു. ഇത്‌ അവര്‍‍ ദൈവത്തെ അന്വേഷിക്കുന്നതിനും ഒരുപക്ഷേ, അവിടുത്തെ എത്തിപ്പിടിക്കുന്നതിനും കണ്ടെത്തുന്നതിനും വേണ്ടിയാണ്‌. എന്നാലും, ദൈവം നമ്മിലാരില്‍‍നിന്നും അകലെയല്ല; കാരണം, ദൈവത്തിലാണു നാം ജീവിക്കുന്നതും ചരിക്കുന്നതും ആയിരിക്കുന്നതും.

പക്ഷേ, “മനുഷ്യനു ദൈവവുമായുള്ള സുദൃഢവും സജീവവുമായ ഈ ബന്ധം” വിസ്മരിക്കപ്പെടാം; അവഗണിക്കപ്പെടാം; പ്രകടമായി നിഷേധിക്കപ്പെടുകപോലും ചെയ്യാം. ഈ പ്രവണതകള്‍‍ക്കു വിഭിന്നങ്ങളായ കാരണങ്ങളുണ്ടാകാം: ലോകത്തിലെ തിന്‍‍മകള്‍ക്കെതിരേയുള്ള പ്രതിഷേധം; മതപരമായ അജ്ഞതയോ താത്പര്യമില്ലായ്മയോ; ഈ ലോകത്തിന്റെ വ്യഗ്രതകളും സമ്പത്തും; വിശ്വാസികളുടെ ദൂര്‍മാതൃക നിമിത്തമുണ്ടാകുന്ന ഉതപ്പ്‌; മതവിരുദ്ധ ചിന്താഗതികള്‍; അവസാനമായി ഭയം നിമിത്തം ദൈവത്തില്‍നിന്ന്‌ ഒളിഞ്ഞിരിക്കാനും ദൈവികവിളി നിരസിച്ച്‌ ഓടി അകലാനും ഇടവരുത്തുന്ന പാപിയായ മനുഷ്യന്റെ പ്രവണത.

“കര്‍‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയങ്ങള്‍‍ ആഹ്ലാദിക്കട്ടെ". ദൈവത്തെ വിസ്മരിക്കുവാനും നിരസിക്കുവാനും മനുഷ്യനു കഴിയുമെങ്കിലും, ജീവനും സൗഭാഗ്യവും കണ്ടെത്തുന്നതിനുവേണ്ടി തന്നെ അന്വേഷിക്കുന്നതിനായി ദൈവം ഓരോ മനുഷ്യനെയും വിളിക്കുന്നതില്‍‍നിന്നു വിരമിക്കുന്നില്ല. ഈ ദൈവാന്വേഷണത്തിന്‌, ബുദ്ധിശക്തിയുടെ സര്‍വയത്നവും ഇച്ഛാശക്തിയുടെ ആര്‍ജവവും “സത്യസന്ധമായ ഹൃദയവും” ദൈവാന്വേഷണത്തിനു തന്നെ പരിശീലിപ്പിക്കുന്ന മറ്റുള്ളവരുടെ സാക്ഷ്യവും മനുഷ്യന്‌ ആവശ്യമാണ്‌.

“കര്‍‍ത്താവേ, അങ്ങുന്നു വലിയവനാകുന്നു. അത്യധികം സ്തുത്യര്‍‍ഹനുമാകുന്നു; അങ്ങയുടെ ശക്തി വലുതും അങ്ങയുടെ വിജ്ഞാനം അപരിമേയവും ആകുന്നു. അങ്ങയുടെ സൃഷ്ടിയിലെ വളരെ ചെറിയൊരു ഭാഗം മാത്രമായ മനുഷ്യന്‍‍ അങ്ങയെ സ്തുതിക്കാന്‍ മോഹിക്കുന്നു. മര്‍ത്ത്യപ്രകൃതി ധരിച്ചവനും പാപത്തിന്റെ സാക്ഷ്യം പേറുന്നവനും അങ്ങ്‌ അഹങ്കാരികളെ ചെറുക്കുന്നു എന്നതിനു തെളിവു നല്‍കുന്നവനുമാണ്‌ ഈ മനുഷ്യന്‍‍. ഇതെല്ലാമായിരുന്നിട്ടും അങ്ങയുടെ സൃഷ്ടിയിലെ ചെറിയൊരു കണം മാത്രമായ മനുഷ്യന്‍ അങ്ങയെ മഹത്ത്വപ്പെടുത്തുവാന്‍‍ ആഗ്രഹിക്കുന്നു. അങ്ങയെ സ്തുതിക്കുന്നതിലൂടെ ആനന്ദമടയാന്‍‍ അങ്ങുതന്നെ അവനെ പ്രോത്സാഹിപ്പിക്കുന്നു. കാരണം, അങ്ങുന്നു ഞങ്ങളെ അങ്ങേക്കായി സൃഷ്ടിച്ചു; അങ്ങില്‍ വിശ്രമം കണ്ടെത്തുന്നതുവരെ ഞങ്ങളുടെ ഹൃദയം അസ്വസ്ഥമായിരിക്കും.

II. ദൈവത്തെ അറിയുന്നതിനുള്ള വഴികള്‍‍

ദൈവത്തിന്റെ ഛായയില്‍‍ സൃഷ്ടിക്കപ്പെട്ടവനും, അവിടുത്തെ അറിയാനും സ്‌നേഹിക്കാനുമായി വിളിക്കപ്പെട്ടവനുമായ ദൈവാന്വേഷിയായ മനുഷ്യന്‍ ദൈവത്തെ അറിയുന്നതിനുള്ള ചില മാര്‍‍ഗങ്ങള്‍‍ കണ്ടെത്തുന്നു. ഇവയെ ദൈവാസ്തിത്വത്തിന്റെ തെളിവുകള്‍‍ എന്നു നാം വിളിക്കുന്നു. പക്ഷേ, ഇവയെ പ്രകൃതിശാസ്ത്രങ്ങള്‍‍ക്കനുസൃതമായ തെളിവുകളായിട്ടല്ല നാം മനസ്സിലാക്കുന്നത്‌; പ്രത്യുത, സത്യത്തെപ്പറ്റി നമുക്കു ശരിയായ ഉറപ്പു നല്‍‍കുന്നതിന്‌ “സഹായകമായവ സമന്വയിപ്പിക്കുന്നതും ബോധ്യമരുളുന്നതുമായ വാദമുഖങ്ങളാ"യിട്ടാണ്‌.

ദൈവത്തെ സമീപിക്കുന്നതിനുള്ള പ്രസ്തുത “മാര്‍‍ഗങ്ങള്‍‍” സൃഷ്ടിയില്‍നിന്നു തുടങ്ങുന്നു: ഭാതികപ്രപഞ്ചത്തില്‍‍നിന്നും മനുഷ്യവ്യക്തിയില്‍നിന്നും.

പ്രപഞ്ചം: പ്രപഞ്ചത്തിന്റെ ചലനം, കാര്യക്ഷമത, താത്കാലികത(Contingency), ക്രമം, സൗന്ദര്യം എന്നിവയില്‍‍നിന്നു മനുഷ്യനു പ്രപഞ്ചത്തിന്റെ ആരംഭവും അന്തവുമായ ദൈവത്തെ അറിയുവാന്‍ സാധിക്കുന്നു.

വിജാതീയരെക്കുറിച്ചു പൗലോസ്‌ ശ്ലീഹാ പറഞ്ഞ വാക്കുകള്‍‍ ശ്രദ്ധിക്കുക: “ദൈവത്തെക്കുറിച്ച്‌ അറിയാന്‍ കഴിയുന്നതൊക്കെ അവര്‍‍ക്കു വ്യക്തമായി അറിയാം. ദൈവം അവര്‍‍ക്ക്‌ അവയെല്ലാം വെളിപ്പെടുത്തിയിട്ടുണ്ട്‌. ലോകസൃഷ്ടിമുതല്‍‍ ദൈവത്തിന്റെ അദ്യശ്യപ്രകൃതി, അതായത്‌ അവിടുത്തെ അനന്തശക്തിയും ദൈവത്വവും സൃഷ്ടവസ്തുക്കളിലൂടെ അവര്‍ സ്പഷ്ടമായി അറിഞ്ഞിട്ടുണ്ട്‌.”
വി. ആഗസ്തീനോസ്‌ ഇപ്രകാരം പറയുന്നു: ഭൂമിയുടെ സൗന്ദര്യത്തോടു ചോദിക്കുക; കടലിന്റെ സൗന്ദര്യത്തോടു ചോദിക്കുക; സ്വയം വികസിച്ചു പ്രസരിക്കുന്ന വായുവിന്റെ സൗന്ദര്യത്തോടുചോദിക്കുക; ആകാശത്തിന്റെ സൗന്ദര്യത്തോടു ചോദിക്കുക. ഇവയോടെല്ലാം ചോദിക്കൂ; ഇവയെല്ലാം ഉത്തരം നല്‍കും: “നോക്കു. ഞങ്ങള്‍‍ സുന്ദരങ്ങളാണ്‌!” അവയുടെ സൗന്ദര്യം അവയുടെ പ്രഖ്യാപനം ആണ്‌. മാറ്റത്തിനു വിധേയമായ ഈ സുന്ദരവസ്തുക്കളെ സൃഷ്ടിച്ചതു മാറ്റമില്ലാത്തവനായ സുന്ദരനല്ലാതെ മറ്റാരാണ്‌?   

മനുഷ്യന്‍: സത്യത്തോടും സൗന്ദര്യത്തോടുമുള്ള ഉന്‍‍മുഖതയും ധാര്‍മിക നന്‍മയെക്കുറിച്ചുള്ള ബോധവും സ്വാതന്ത്യവും മനസ്സാക്ഷിയുടെ സ്വരവും അനന്തതയ്ക്കും സൗഭാഗ്യത്തിനും വേണ്ടിയുള്ള അഭിവാഞ്ഛയും കൈമുതലായുള്ള മനുഷ്യന്‍‍ ദൈവാസ്തിത്വത്തെക്കുറിച്ചു തന്നോടുതന്നെ ചോദിക്കുന്നു. ഇവയിലെല്ലാം മനുഷ്യന്‍‍ തന്റെ അന്തരാത്മാവിന്റെ ലാഞ്ഛനകള്‍‍ ദര്‍ശിക്കുന്നു: “മനുഷ്യന്‍‍ തന്നില്‍ സംവഹിക്കുന്ന നിത്യതയുടെ ബീജവും ഭൗതിക പദാര്‍ഥമായി തരംതാഴ്ത്താനാവാത്തതുമായ” ആത്മാവിന്റെ ഉത്പത്തി,ദൈവത്തില്‍‍നിന്നു മാത്രമാണ്‌.

തങ്ങള്‍‍ക്കു തങ്ങളില്‍‍ത്തന്നെ ആദികാരണമോ പരമാന്തമോ ഇല്ല, പ്രത്യുത, ആദിയും അന്തവുമില്ലാത്ത അവിടുത്തെ 'ഉണ്‍മ'യില്‍ തങ്ങള്‍‍ പങ്കുചരുകയാണെന്നു പ്രപഞ്ചവും മനുഷ്യനും സാക്ഷ്യം നല്‍കുന്നു. ഇപ്രകാരം വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ സകലത്തിന്റെയും ആദിമകാരണവും പരമലക്ഷ്യവുമായ ഒരു യാഥാര്‍ഥ്യം ഉണ്ടെന്ന്‌ അറിയാന്‍‍ മനുഷ്യനു സാധിക്കുന്നു, “ദൈവം” എന്ന്‌ എല്ലാവരും വിളിക്കുന്ന യാഥാര്‍‍ഥ്യം.

വ്യക്തിത്വത്തോടുകുടിയ ഒരു ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ച്‌ അറിയുന്നതിനു മനുഷ്യന്റെ കഴിവുകള്‍‍ അവനെ സഹായിക്കുന്നു. എന്നാല്‍‍ തന്നോടു ഗാഢബന്ധത്തില്‍‍ വര്‍ത്തിക്കുന്നതിനു മനുഷ്യന്‍‍ യോഗ്യനാകാന്‍‍വേണ്ടി അവനു സ്വയം വെളിപ്പെടുത്താന്‍ ദൈവം തിരുമനസ്സായി. പ്രസ്തുത വെളിപാടു വിശ്വാസപൂര്‍‍വം സ്വീകരിക്കുവാന്‍‍ മനുഷ്യനെ പ്രാപ്തനാക്കുന്നതിന്‌ ആവശ്യമായ കൃപാവരം അവനു നല്‍കുവാനും അവിടുന്നു തിരുമനസ്സായി. ദൈവാസ്തിത്വത്തിന്റെ തെളിവുകളാകട്ടെ മനുഷ്യനില്‍ വിശ്വസിക്കാന്‍‍ പ്രേരകമായ മനോഭാവം ജനിപ്പിക്കാനും വിശ്വാസം യുക്തിക്കുവിരുദ്ധമല്ലെന്ന്‌ അവനെ കാണിച്ചുകൊടുക്കാനും സഹായിക്കുന്നു.

III. ദൈവത്തെപ്പററിയുള്ള അറിവു സഭയുടെ വീക്ഷണത്തില്‍‍

“പരിശുദ്ധമാതാവായ സഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു; എല്ലാ വസ്തുക്കളുടെയും ആദികാരണവും പരമാന്തവുമായ ദൈവത്തെ, മനുഷ്യനു തന്റെ സ്വാഭാവിക ബുദ്ധിപ്രകാശത്തില്‍, സൃഷ്ടവസ്തുക്കളെക്കുറിച്ചുള്ള പരിചിന്തനം വഴി നിസ്സംശയം അറിയുന്നതിനു കഴിയും.” ''ഈ കഴിവു മനുഷ്യനില്ലായിരുന്നെങ്കില്‍, ദൈവത്തിന്റെ വെളിപാടു സ്വീകരിക്കുവാന്‍ അവനു കഴിയുമായിരുന്നില്ല. "ദൈവഛായയില്‍‍ സുൃഷ്ടിക്കപ്പെട്ടവന്‍” ആയതുകൊണ്ടാണു മനുഷ്യന്‌ ഈ കഴിവ്‌ ഉണ്ടായിരിക്കുന്നത്‌.

എങ്കിലും, മനുഷ്യന്‍‍ അവന്റെ ചരിത്രപരമായ സാഹചര്യങ്ങളില്‍‍ സ്വന്തം ബുദ്ധിപ്രകാശംകൊണ്ടുമാത്രം ദൈവത്തെ അറിയുന്നതില്‍‍ നിരവധി വൈഷമ്യങ്ങള്‍ അനുഭവിക്കുന്നു:

തന്റെ പരിപാലനയില്‍‍ ഈ പ്രപഞ്ചത്തെ സംരക്ഷിക്കുകയും നിയന്തിക്കുകയും ചെയ്യൂന്ന, വ്യക്തിത്വത്തോടുകുടിയ ഏകദൈവത്തെപ്പറ്റി, യഥാര്‍ഥവും, സംശയരഹിതവുമായ ജ്ഞാനം ആര്‍‍ജിക്കുന്നതിന്‌, കൃത്യമായിപ്പറഞ്ഞാല്‍, മനുഷ്യന്റെ സ്വാഭാവിക സിദ്ധിയും ബുദ്ധിപ്രകാശവും ശക്യമാണ്‌; അതുപോലെതന്നെ, സ്രഷ്ടാവു നമ്മുടെ ഹൃദയങ്ങളില്‍‍ ആലേഖനം ചെയ്തിരിക്കുന്ന പ്രകൃതിനിയമം അറിയുന്നതിനും സ്വാഭാവിക ബുദ്ധിപ്രകാശം നമ്മെ പ്രാപ്തരാക്കുന്നു. എന്നിരുന്നാലും മനുഷ്യയുക്തിയുടെ സ്വാഭാവിക കഴിവുകളെ സമര്‍‍ഥമായും ഫലപ്രദമായും വിനിയോഗിക്കുന്നതിന്‌ അവന്‍‍ തരണം ചെയ്യേണ്ട പ്രതിബന്ധങ്ങള്‍ നിരവധിയാണ്‌. കാരണം, ദൈവമനുഷ്യബന്ധങ്ങളെ സംബന്ധിക്കുന്ന സത്യങ്ങള്‍, ഐന്ദ്രിയമണ്‍‍ഡലത്തിനു തീര്‍‍ത്തും അതീതമാണ്‌; ഈ സത്യങ്ങള്‍ ജീവിതത്തില്‍‍ പകര്‍‍ത്തേണ്ടവയും മനുഷ്യന്റെ പ്രവൃത്തിയെ സ്വാധീനിക്കേണ്ടവയുമാണെങ്കില്‍‍ അവ ആത്മസമര്‍‍പ്പണവും സ്വയം പരിത്യാഗവും ആവശ്യപ്പെടുന്നു. ഇന്ദ്രിയങ്ങളുടെയും ഭാവനയുടെയും സ്വാധീനവലയവും ഉദ്ഭവ പാപഫലമായ ക്രമരഹിതമായ മോഹങ്ങളും മനുഷ്യമനസ്സിനെ പ്രസ്തുതസത്യങ്ങള്‍‍ ഗ്രഹിക്കുന്നതില്‍നിന്നു തടസ്സപ്പെടുത്തുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ മനുഷ്യര്‍ സത്യമാണെന്നു മനസ്സിലാക്കാന്‍‍ തങ്ങള്‍ ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ അബദ്ധമെന്നോ അല്ലേങ്കില്‍‍ ചുരുങ്ങിയപക്ഷം സന്ദേഹപൂര്‍‍ണമെന്നോ കരുതാന്‍‍ അവര്‍ താത്പര്യം കാണിക്കുന്നു.

ഇതു നിമിത്തമാണ്‌ ദൈവാവിഷ്കരണത്താല്‍‍ പ്രകാശിതമാകുക എന്നതു മനുഷ്യനെ സംബന്ധിച്ചിടത്തോളം ആവശ്യകമായിരിക്കുന്നത്‌. മനുഷ്യന്റെ ഗ്രഹണശക്തിക്കതീതമായ കാര്യങ്ങളെ സംബന്ധിച്ചുമാത്രമല്ല ഇതാവശ്യമായിരിക്കുന്നത്‌. പ്രത്യുത “സാമാന്യഗതിയില്‍ മനുഷ്യബുദ്ധിയുടെ ഗ്രഹണത്തിനതീതമല്ലാത്ത മതപരവും ധാര്‍മികവുമായ സത്യങ്ങളും ഇങ്ങനെ ദൈവാവിഷ്കരണത്താല്‍ പ്രകാശിതമാകേണ്ടതുണ്ട്‌. ഇതിനുകാരണം മനുഷ്യവര്‍ഗം ഇപ്പോള്‍ ആയിരിക്കുന്ന അവസ്ഥയില്‍‍ എല്ലാ മനുഷ്യരും അനായാസം ദൃഢതയോടെ, അബദ്ധത്തിന്റെ കലര്‍പ്പില്ലാതെ ഈ സത്യങ്ങള്‍‍ ഗ്രഹിക്കണമെന്നതാണ്‌.”

IV. ദൈവത്തെപ്പറ്റി സംസാരിക്കുന്നത്‌ എങ്ങനെ?

ദൈവത്തെ അറിയാനുള്ള മനുഷ്യബുദ്ധിയുടെ കഴിവിനെ അംഗീകരിക്കുമ്പോള്‍ എല്ലാ മനുഷ്യരോടുമായി, എല്ലാ മനുഷ്യരോടും ചേര്‍ന്നു ദൈവത്തെപ്പററി സംസാരിക്കുന്നതിന്‌ സഭ ആത്മധൈര്യം പ്രകടിപ്പിക്കുന്നു. ഈ ആത്മധൈര്യത്തില്‍‍ നിന്നാണ്‌, മറ്റു മതങ്ങളോടും ദര്‍ശനങ്ങളോടും ശാസ്ത്രങ്ങളോടും അതുപോലെതന്നെ അവിശ്വാസികളോടും നിരീശ്വരവാദികളോടുമുള്ള സംവാദം തുടങ്ങുന്നത്‌.

ദൈവത്തെപ്പറ്റിയുള്ള നമ്മുടെ അറിവു പരിമിതമാകയാല്‍‍, അവിടുത്തെപ്പറ്റിയുള്ള നമ്മുടെ ഭാഷയും അങ്ങനെതന്നെ. സൃഷ്ടികളില്‍‍നിന്നു തുടങ്ങിക്കൊണ്ട്‌ അറിയുവാനും ചിന്തിക്കുവാനുമുള്ള പരിമിതങ്ങളായ മാനുഷികോപാധികള്‍ക്കനുസൃതമായി മാത്രമേ നമുക്കു ദൈവത്തെക്കുറിച്ചു സംസാരിക്കാന്‍‍ സാധിക്കുകയുള്ളു.

സര്‍‍വസൃഷ്ടിജാലങ്ങളും ഏറെക്കുറെ ദൈവത്തോടു സാധര്‍മ്യം വഹിക്കുന്നു. എന്നാല്‍‍ മനുഷ്യന്‍‍ പ്രത്യേകമായവിധത്തില്‍‍ ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവനാണ്‌. സൃഷ്ടിജാലങ്ങളുടെ നാനാവിധ ഗുണവിശേഷങ്ങള്‍‍ - അവയുടെ സത്യവും നന്‍‍മയും സൗന്ദര്യവും ദൈവത്തിന്റെ അനന്തമായ പരിപൂര്‍‍ണതയുടെ പ്രതിഫലനമാണ്‌. തന്നിമിത്തം, സൃഷ്ടികളുടെ ഗുണവിശേഷങ്ങളില്‍ പദമൂന്നിനിന്നുകൊണ്ട്‌, നമുക്ക്‌ ദൈവത്തെക്കുറിച്ചു സംസാരിക്കാന്‍‍ സാധിക്കും; “കാരണം, സൃഷ്ടികളുടെ മഹനീയതയില്‍നിന്നും സൗന്ദര്യത്തില്‍‍നിന്നും അവയുടെ സ്രഷ്ടാവിനെ ബുദ്ധിപരമായി ദര്‍ശിക്കാന്‍ കഴിയും.”

ദൈവം സര്‍‍വ സൃഷ്ടികള്‍ക്കും അതീതനാണ്‌. അതിനാല്‍ ദൈവത്തെക്കുറിച്ചുള്ള നമ്മുടെ ഭാഷയില്‍‍ പരിമിതവും ഭാവനാബദ്ധവും അപൂര്‍‍ണവുമായ എല്ലാറ്റിനെയും നാം നിരന്തരം ശുദ്ധീകരിക്കേണ്ടതുണ്ട്‌. അല്ലാത്തപക്ഷം നമ്മുടെ മാനുഷികാവതരണങ്ങളെ “അവര്‍‍ണനീയനും അഗ്രാഹ്യനും അദൃശ്യനും ബുദ്ധിക്കതീതനുമായ” ദൈവവുമായി കൂട്ടിക്കുഴയ്ക്കാന്‍‍ ഇടയുണ്ട്‌. മാനുഷിക വാക്കുകള്‍ ദൈവരഹസ്യത്തെ വ്യക്തമാക്കാനുള്ള ശ്രമത്തില്‍‍ എപ്പോഴും അപര്യാപ്തമാണ്‌.

ദൈവത്തെക്കുറിച്ച്‌ ഇപ്രകാരം സംസാരിക്കുമ്പോള്‍‍ തീര്‍‍ച്ചയായും നമ്മുടെ ഭാഷയില്‍‍ മാനുഷികമായ ആവിഷ്കരണരീതികള്‍‍ നാം സ്വീകരിക്കുന്നു. അവിടുത്തെ അനന്തമായ കേവലസ്വഭാവത്തില്‍‍ അവിടുത്തെ അവതരിപ്പിക്കുവാന്‍‍ സാധ്യമല്ലെങ്കിലും, അവ ദൈവത്തില്‍ എത്തിനില്ക്കുന്നുണ്ട്‌. ഒരു സത്യം നാം ഇവിടെ ഓര്‍ത്തിരിക്കണം: “സ്രഷ്ടാവും സൃഷ്ടികളും തമ്മില്‍ സാമ്യത്തെക്കാളേറെ വ്യത്യാസമാണുള്ളത്‌ എന്ന വസ്തുത അംഗീകരിച്ചാല്‍ മാത്രമേ സ്രഷ്ടാവും സൃഷ്ടികളും തമ്മിലുള്ള സാമ്യം കാണിക്കാനാവൂ." അതുപോലെതന്നെ “ദൈവം എന്താണെന്നു ഗ്രഹിക്കുവാന്‍ നമുക്കു കഴിവില്ല; പ്രത്യുത ദൈവം എന്തല്ല എന്നും ദൈവവുമായി മറ്റുള്ളവ എങ്ങനെ ബന്ധപ്പെടുന്നുവെന്നും നമുക്ക്‌ ഗ്രഹിക്കാനാവും."

സംഗ്രഹം

സ്വഭാവത്താലും വിളിയാലും മനുഷ്യന്‍‍ മതാത്മകജീവിയാണ്‌; ദൈവത്തില്‍ നിന്നുവന്ന്, ദൈവത്തിലേക്കു പോകുന്ന മനുഷ്യന്‍ സ്വമനസ്സാ ദൈവവുമായുള്ള ബന്ധത്തില്‍‍ ജീവിച്ചാല്‍ മാത്രമേ പൂര്‍ണമായ ഒരു മനുഷ്യജീവിതം അവനു സാധ്യമാകൂ.   

മനുഷ്യന്‍ ദൈവത്തോടുള്ള സംസര്‍ഗത്തില്‍ ജീവിക്കാനാണു സൃഷ്ടിക്കപ്പെട്ടത്. അവിടുന്നില്‍ അവന്‍ ആനന്ദം കണ്ടെത്തുന്നു. “ഞാന്‍ പൂര്‍ണമായും നിന്നോട്‌ ഐക്യപ്പെട്ടിരിക്കുമ്പോള്‍ എനിക്കുപിന്നെ ഒരിക്കലും ദുഃഖമോ ദുരിതങ്ങളോ ഇല്ല; നിന്നെക്കൊണ്ടു ഞാന്‍ നിറഞ്ഞു കഴിയുമ്പോള്‍ എന്റെ ജീവിതം പൂര്‍‍ണമാകും.” (st.Augustine,conf.10,28,39:PL32,795).

സൃഷ്ടിയുടെ സന്ദേശവും മന:സാക്ഷിയുടെ സ്വരവും ശ്രദ്ധിച്ചുകേള്‍ക്കുമ്പോള്‍ മനുഷ്യന് എല്ലാറ്റിന്റെയും സമാരംഭവും പരമാന്തവുമായ ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ച്‌ ഉറപ്പുലഭിക്കുന്നു.

നമ്മുടെ സ്രഷ്ടാവും കര്‍ത്താവുമായ ഏക സത്യദൈവത്തെ അവിടുത്തെ സൃഷ്ടവസ്തുക്കളില്‍ നിന്നു മനുഷ്യബുദ്ധിയുടെ സ്വാഭാവികപ്രകാശം കൊണ്ട് ഉറപ്പായി അറിയാന്‍ കഴിയും എന്നു സഭപഠിപ്പിക്കുന്നു (cf.vatican counicil I,can.2,§1:DS 3026) 

അനന്തപരിപൂര്‍ണനായ ദൈവത്തോടു സൃഷ്ടികള്‍ക്കു സാധര്‍മ്യം നല്‍കുന്ന നിരവധി ഗുണവിശേഷങ്ങളില്‍ നിന്നു തുടങ്ങി ദൈവത്തെക്കുറിച്ചു നമുക്കു തീര്‍ച്ചയായും സംസാരിക്കാന്‍ കഴിയും. എന്നിരുന്നാലും അവിടുത്തെ രഹസ്യം പൂര്‍ണമായി പ്രകാശിപ്പിക്കാന്‍ നമ്മുടെ പരിമിത ഭാഷയ്ക്ക്‌ കഴിയുകയില്ല.

“സ്രഷ്ടാവിന്റെ അഭാവത്തില്‍ സ്യഷ്ടി തിരോധാനം ചെയ്യുന്നു"(GS 36). അതുകൊണ്ടാണ്‌ ദൈവത്തെ അറിയാത്തവര്‍ക്കോ അവിടുത്തെ നിഷേധിക്കുന്നവര്‍ക്കോ ജീവിക്കുന്ന ദൈവത്തിന്റെ പ്രകാശം എത്തിക്കുവാന്‍ ക്രിസ്തുവിന്റെ സ്‌നേഹം തങ്ങളെ നിര്‍ബന്ധിക്കുന്നുവെന്നു വിശ്വാസികള്‍ അറിയുന്നത്‌.

വിശ്വാസപ്രഖ്യാപനം “ഞാൻ‍ വിശ്വസിക്കുന്നു” - “ഞങ്ങൾ‍ വിശ്വസിക്കുന്നു” ദൈവത്തെ പ്രാപിക്കാനുള്ള മനുഷ്യന്റെ കഴിവ്‌ ദൈവത്തിനായുള്ള ദാഹം ദൈവത്തെ അറിയുന്നതിനുള്ള വഴികൾ‍ ദൈവത്തെപ്പററിയുള്ള അറിവു സഭയുടെ വീക്ഷണത്തിൽ‍ ദൈവത്തെപ്പറ്റി സംസാരിക്കുന്നത്‌ എങ്ങനെ? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message