We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Religious teaching of the Catholic Church On 27-Apr-2023
വകുപ്പ് 3
വിശുദ്ധഗ്രന്ഥം
I. ക്രിസ്തു - വി. ഗ്രന്ഥത്തിലെ അനന്യവചനം
സ്വന്തം നന്‍മയാല്‍ പ്രേരിതനായി മനുഷ്യർക്കു തന്നെത്തന്നെ വെളിപ്പെടുത്താനായി ദൈവം അവരോടു മാനുഷിക വാക്കുകളില്‍ സംസാരിക്കുന്നു; “മനുഷ്യന്റെ ഭാഷകളില്‍ക്കൂടി വെളിപ്പെടുത്തിയിരിക്കുന്ന ദൈവത്തിന്റെ വചസ്സുകള്‍ വാസ്തവത്തില്‍ എല്ലാരീതികളിലും മാനുഷിക ഭാഷണത്തോടു സാധർമ്യമുള്ളവയാണ്. നിത്യപിതാവിന്റെ വചനം മാനുഷിക ബലഹീനതയുടെ മാംസം ധരിച്ചപ്പോള്‍ മനുഷ്യരോടു സാദൃശ്യമുള്ളവനായിത്തീർന്നതുപോലെയാണിത്."
വി. ഗ്രന്ഥത്തിന്റെ വാക്കുകളില്‍ക്കൂടിയെല്ലാം ദൈവം സംസാരിക്കുന്നത് ഒരേയൊരു വചനമാണ്, തന്റെ അനന്യ വചനം. അതിലൂടെയാണു ദെെവം സ്വയം പൂർണമായി ആവിഷ്കരിക്കുന്നത്.
ഇക്കാരണത്താല്‍ സഭ, വിശുദ്ധഗ്രന്ഥത്തെ കർത്താവിന്റെ ശരീരത്തെയെന്നപോലെ എക്കാലവും ആദരിച്ചിരുന്നു. കാരണം, ദൈവവചനത്തിന്റെയും ക്രിസ്തുവിന്റെ ശരീരത്തിന്റെയും ഏക മേശയില്‍നിന്നു നിരന്തരം സ്വീകരിക്കുന്ന ജീവന്റെ അപ്പം, വിശ്വാസികള്‍ക്ക് അനവരതം നല്‍കുന്നതില്‍നിന്നു സഭ ഒരിക്കലും വിരമിക്കുന്നില്ല.
വിശുദ്ധഗ്രന്ഥത്തില്‍ സഭ നിരന്തരം തന്റെ പോഷണവും, ശക്തിയും കണ്ടെത്തുന്നു; കാരണം, വിശുദ്ധഗ്രന്ഥത്തെ വെറും മാനുഷികവചനമായിട്ടല്ല സഭ സ്വീകരിക്കുന്നത്; “പ്രത്യുത, അതു യഥാർഥത്തില്‍ ആയിരിക്കുന്നതുപോലെ ദൈവവചനമായിട്ടാണ്." “വി. ഗ്രന്ഥങ്ങളിലൂടെ സ്വർഗസ്ഥനായ പിതാവു തന്റെ മക്കളെ സന്ദർശിക്കാനും അവരോടു സംസാരിക്കാനും വരുന്നു.''
II. വി. ഗ്രന്ഥത്തിന്റെ നിവേശനവും സത്യവും
ദെെവമാണു വി.ഗ്രന്ഥത്തിന്റെ കർത്താവ്. “വിശുദ്ധഗ്രന്ഥം ഉള്‍ക്കൊള്ളുന്നതും അവതരിപ്പിക്കുന്നതുമായ ദൈവാവിഷ്കൃതസത്യങ്ങള്‍ പരിശുദ്ധാത്മനിവേശനത്താല്‍ എഴുതപ്പെട്ടവയാണ്.”
“പരിശുദ്ധ സഭാമാതാവ്, അപ്പസ്തോലികവിശ്വാസത്തില്‍ ഉറച്ചുനിന്നുകൊണ്ട് പുതിയനിയമത്തിലെയും പഴയനിയമത്തിലെയും പുസ്തകങ്ങള്‍ മുഴുവനും അവയുടെ എല്ലാ ഭാഗങ്ങളുമുള്‍പ്പെടെ, വിശുദ്ധവും കാനോനികവുമാണെന്നു പ്രഖ്യാപിക്കുന്നു. ഇതിന് ഉപോദ്ബലകമായി നിലകൊള്ളുന്നത് പരിശുദ്ധാത്മനിവേശനത്താല്‍ എഴുതപ്പെട്ട അവയുടെ കർത്താവു ദൈവം തന്നെയാണെന്നും അവ അപ്പാടെ സഭയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്നുവെന്നുമുള്ള വസ്തുതയാണ്.”
വിശുദ്ധഗ്രന്ഥത്തിലെ പുസ്തകങ്ങളുടെ മാനുഷികരചയിതാക്കളെ ദൈവം പ്രചോദിപ്പിച്ചു. “വിശുദ്ധഗ്രന്ഥരചനയ്ക്കായി ദൈവം ചില മനുഷ്യരെ തിരഞ്ഞെടുത്തു. അവരുടെ കഴിവുകളോടും ശക്തികളോടുംകൂടെ അവരെ ദൈവം ഉപകരണങ്ങളായി വിനിയോഗിച്ചു; ഗ്രന്ഥരചനാപ്രക്രിയയില്‍ ദൈവം അവരിലും അവരില്‍ക്കൂടിയും പ്രവർത്തിച്ചെങ്കിലും, യഥാർഥ ഗ്രന്ഥകാരന്‍മാർ എന്നനിലയ്ക്കാണ് അവർ ദൈവം തങ്ങളോട് ആവശ്യപ്പെട്ടതെല്ലാം- അവ മാത്രം- രേഖപ്പെടുത്തിയത്."
ദൈവനിവേശിതഗ്രന്ഥങ്ങള്‍ സത്യം പഠിപ്പിക്കുന്നു. “വിശുദ്ധഗ്രന്ഥത്തിന്റെ രചയിതാക്കള്‍ അഥവാ വിശുദ്ധ എഴുത്തുകാർ, ദൈവപ്രചോദിതരായി പ്രസ്താവിച്ചിരിക്കുന്നവയെല്ലാം പരിശുദ്ധാത്മാവിന്റെ പ്രസ്താവങ്ങളായി നാം സ്വീകരിക്കണം. അതിനാല്‍, നമ്മുടെ രക്ഷയ്ക്കുവേണ്ടി തിരുലിഖിതങ്ങളില്‍ എഴുതപ്പെടണമെന്ന് അഭിലഷിച്ച ആ സത്യം ഉറപ്പായും വിശ്വസ്തമായും അബദ്ധരഹിതമായും വിശുദ്ധഗ്രന്ഥം പഠിപ്പിക്കുന്നു എന്നു നാം അംഗീകരിക്കണം.”
അങ്ങനെയാണെങ്കിലും, ക്രൈസ്തവവിശ്വാസമെന്നതു വെറുമൊരു “ഗ്രന്ഥത്തിന്റെ മതം" അല്ല; ദൈവ “വചന'ത്തിന്റെ മതമാണു ക്രിസ്തുമതം. “ഈ വചനം എഴുതപ്പെട്ട, മൂകമായ ഒരു വചനമല്ല, പ്രത്യുത അവതാരം ചെയ്ത, ജീവിക്കുന്ന വചനമാണ്." തിരുലിഖിതങ്ങള്‍ വെറും നിർജീവാക്ഷരങ്ങളായി മാറാതിരിക്കുന്നതിനു ജീവിക്കുന്ന ദൈവത്തിന്റെ നിത്യവചനമായ ക്രിസ്തു പരിശുദ്ധാത്മാവിലൂടെ “(നമ്മുടെ) മനസ്സുകളെ തിരൂലിഖിതങ്ങള്‍ ഗ്രഹിക്കാനായി തുറക്കണം."
III. പരിശുദ്ധാത്മാവ്, വിശുദ്ധഗ്രന്ഥവ്യാഖ്യാതാവ്
വിശുദ്ധഗ്രന്ഥത്തില്‍ ദൈവം മനുഷ്യരോടു മാനുഷികരീതിയില്‍ സംസാരിക്കുന്നു. വിശുദ്ധഗ്രന്ഥം ശരിയായി വ്യാഖ്യാനിക്കുന്നതിന്, മാനുഷികഗ്രന്ഥകാരന്‍മാർ യഥാർഥത്തില്‍ എന്തു വ്യക്തമാക്കാനാണ് ഉദ്ദേശിച്ചതെന്നും അവരുടെ വാക്കുകള്‍ വഴി നമുക്കായി എന്തുവെളിപ്പെടുത്തുവാനാണു ദൈവം തിരുവുള്ളമായതെന്നും വായനക്കാരന്‍ ഗ്രഹിക്കണം.
വിശുദ്ധഗ്രന്ഥകാരന്‍മാർ ഉദ്ദേശിച്ച അർഥം ഗ്രഹിക്കുന്നതിന് അവർ ജീവിച്ച കാലഘട്ടത്തിന്റെയും സംസ്‌കാരത്തിന്റെയും അവരുടെ കാലത്തെ സാഹിത്യരൂപത്തിന്റെയും പ്രത്യേകതകളും അക്കാലത്തെ ചിന്തയുടെയും ഭാഷണത്തിന്റെയും ആഖ്യാനത്തിന്റെയും രീതികളും നാം ശ്രദ്ധിക്കണം. “കാരണം, ആവിഷ്കൃതസത്യം വിവിധ രീതികളില്‍ വ്യത്യസ്തങ്ങളായ ചരിത്രരചനകളിലൂടെയോ, പ്രവചനരൂപത്തിലോ കാവ്യരുപത്തിലോ മറ്റേതെങ്കിലും സാഹിത്യരൂപത്തിലോ ഉള്ള രചനകളിലൂടെയോ അവതരിപ്പിക്കപ്പെടുന്നു.
വിശുദ്ധഗ്രന്ഥം ദൈവനിവേശിതമായതിനാല്‍ ശരിയായ വ്യാഖ്യാനത്തിനു തെല്ലും അപ്രധാനമല്ലാത്ത മറ്റൊരു തത്ത്വം കൂടിയുണ്ട്. ഈതത്ത്വത്തിന്റെ അഭാവത്തില്‍ വി. ഗ്രന്ഥം വെറും മൃതാക്ഷരങ്ങളായി നിലകൊള്ളുന്നു; വിശുദ്ധഗ്രന്ഥത്തിന്റെ രചയിതാവായ അതേ ആത്മാവിന്റെ പ്രകാശത്തില്‍ മാത്രമേ വി. ഗ്രന്ഥം വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യാവൂ."
വിശുദ്ധഗ്രന്ഥരചനയ്ക്കു പ്രചോദനം നല്‍കിയ പരിശുദ്ധാന്മാവിനു വിധേയമായി വിശുദ്ധഗ്രന്ഥം വ്യാഖ്യാനിക്കുന്നതിനു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ മൂന്നു മാനദണ്‍ഡങ്ങള്‍ നിർദേശിക്കുന്നു."
“വിശുദ്ധഗ്രന്ഥം മുഴുവന്റെയും ഉള്ളടക്കത്തിലും ഏകതാനതയിലും വളരെയേറെ ശ്രദ്ധ പതിപ്പിക്കുക;" കാരണം, ബൈബിളിലെ പുസ്തകങ്ങള്‍ തമ്മില്‍ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ബൈബിളിന്റെ പ്രതിപാദനത്തില്‍ ഐക്യം കാണാന്‍ കഴിയും. വി. ഗ്രന്ഥത്തിന്റെ ഈ ഐക്യത്തിനാധാരം ദൈവികപദ്ധതിയുടെ ഐക്യമാണ്. പ്രസ്തുത പദ്ധതിയുടെ കേന്ദ്രവും ഹൃദയവും യേശുക്രിസ്തുതന്നെയാണ്. അവിടുത്തെ പെസഹായ്ക്കു ശേഷമാണ് ഹൃദയം തുറക്കപ്പെട്ടത്.”
“സഭ മുഴുവന്റെയും സജീവ പാരമ്പര്യത്തില്‍” ബൈിബിള്‍ വായിക്കണം. സഭാപിതാക്കന്‍മാരുടെ അഭിപ്രായമനുസരിച്ചു വി. ഗ്രന്ഥം എഴുതെപ്പട്ടതു മുഖ്യമായും സഭയുടെ ഹൃദയത്തില്‍ ആണ്, അല്ലാതെ കടലാസുരേഖകളിലല്ല. കാരണം, സഭ അവളുടെ പാരമ്പര്യത്തില്‍ ദൈവവചനത്തിന്റെ ജീവത്സമരണ പുലർത്തുന്നു. വിശുദ്ധഗ്രന്ഥത്തിന്റെ ആധ്യാത്മികവ്യാഖ്യാനം സഭയ്ക്കു നല്‍കുന്നതു പരിശുദ്ധാത്മാവാണ്. (“ആത്മാവു സഭയ്ക്കുനല്‍കുന്ന ആധ്യാത്മിക അർഥമനുസരിച്ചാണിത്)
ക്രൈസ്തവവിശ്വാസത്തിന്റെ സാധർമ്യത്തില്‍ ശ്രദ്ധ പതിപ്പിക്കണം. “വിശ്വാസസാധർമ്യം' കൊണ്ടു നാം അർഥമാക്കുന്നതു വിശ്വാസസത്യങ്ങള്‍ക്ക്, തമ്മില്‍ത്തമ്മിലും അവയ്ക്ക് ദൈവാവിഷ്കരണപദ്ധതി മുഴുവനോടുമുള്ള സമന്വയമാണ്.
വിശുദ്ധ ലിഖിതത്തിന്റെ അർഥങ്ങള്‍
ഈ നാല് അർഥതലങ്ങളുടെ പ്രാധാന്യം ഒരു മധ്യകാല പദ്യശകലത്തില്‍ സംഗ്രഹിച്ചിട്ടുണ്ട്;
“മുകളില്‍ പ്രസ്താവിച്ച മാർഗനിർദ്ദേശങ്ങളനുസരിച്ച്, വിശുദ്ധഗ്രന്ഥത്തില്‍ കൂടുതല്‍ ഉള്‍ക്കാഴ്ച നേടാനും അതു വിശദീകരിക്കാനുതകുന്ന ഗവേഷണംവഴി പക്വതയാർന്ന തീരുമാനങ്ങള്‍ എടുക്കാനും സഭയെ സഹായിക്കുകയാണ് ബൈബിള്‍ വ്യാഖ്യാതാക്കളുടെ ചുമതല. വിശുദ്ധഗ്രന്ഥ വ്യാഖ്യാന രീതിയെ സംബന്ധിച്ചു പറഞ്ഞതെല്ലാം ദൈവവചനം പരിരക്ഷിക്കുന്നതിനും വ്യാഖ്യാനിക്കുന്നതിനും ദൈവദത്തമായ ദൗത്യവും ശുശ്രൂഷയും സ്വീകരിച്ചിട്ടുള്ള സഭയുടെ അന്തിമമായ വിധിത്തീർപ്പിനു വിധേയമാണ്."
IV. വിശുദ്ധഗ്രന്ഥങ്ങളുടെ പട്ടിക
വിശുദ്ധഗ്രന്ഥങ്ങളുടെ പട്ടികയില്‍ ഏതെല്ലാം ലിഖിതങ്ങളാണ് ഉള്‍പ്പെടുത്തേണ്ടതെന്നു വിവേചിച്ചറിയാന്‍ സഭയെ അപ്പസ്തോലിക പാരമ്പര്യം സഹായിച്ചു. ഈ പൂർണമായ പട്ടിക “വിശുദ്ധഗ്രന്ഥ-കാനന്‍" എന്നാണറിയപ്പെടുന്നത്. ഈ കാനന്‍ അനുസരിച്ചു പഴയനിയമത്തില്‍ 46 പുസ്തകങ്ങളും (ജെറെമിയായും വിലാപങ്ങളും ഒരു പുസ്തകമായി പരിഗണിച്ചാല്‍ 45 പുസ്തകങ്ങള്‍) പുതിയനിയമത്തില്‍ 27 പുസ്തകങ്ങളും ആണുള്ളത്."
പഴയനിയമം: ഉത്പത്തി, പുറപ്പാട്, ലേവ്യർ, സംഖ്യ, നിയമാവർത്തനം, ജോഷ്വ, ന്യായാധിപന്‍മാർ, റൂത്ത്, 1 സാമുവല്‍, 2 സാമുവല്‍, 1 രാജാക്കന്‍മാർ, 2 രാജാക്കന്‍മാർ, 1 ദിനവൃത്താന്തം, 2 ദിനവൃത്താന്തം, എസ്രാ, നെഹെമിയ, തോബിത്, യൂദിത്ത്, എസ്തേർ, 1 മക്കബായർ, 2 മക്കബായർ, ജോബ്, സങ്കീർത്തനങ്ങള്‍, സുഭാഷിതങ്ങള്‍, സഭാപ്രസംഗകന്‍, ഉത്തമഗീതം, ജ്ഞാനം. പ്രഭാഷകന്‍, ഏശയ്യ, ജറെമിയാ, വിലാപങ്ങള്‍, ബാറൂക്ക്, എസെക്കിയേല്‍, ദാനിയേല്‍, ഹോസിയ, ജോയേല്‍, ആമോസ്, ഒബാദിയ, യോനാ, മിക്കാ, നാഹും, ഹബക്കുക്ക്, സെഫാനിയാ, ഹഗ്ഗായി, സഖറിയാ, മലാക്കി.
പുതിയനിയമം: മത്തായി, മർക്കോസ്, ലൂക്കാ, യോഹന്നാന്‍ എന്നിവരുടെ സുവിശേഷങ്ങള്‍, അപ്പസ്തോലന്‍മാരുടെ പ്രവർത്തനങ്ങള്‍; വി. പൗലോസിന്റെ ലേഖനങ്ങള്‍: റോമാ, 1 കോറിന്തോസ്, 2 കോറിന്തോസ്, ഗലാത്തിയാ, എഫേസോസ്, ഫിലിപ്പി, കൊളോസോസ്, 1 തെസലോനിക്കാ, 2 തെസലോനിക്കാ, 1തിമോത്തേയോസ്, 2 തിമോത്തേയോസ്, തീത്തോസ്, ഫിലെമോന്‍; ഹെബ്രായർക്കുള്ള ലേഖനം; യാക്കോബ്, 1 പത്രോസ്, 2 പത്രോസ്, 1 യോഹന്നാന്‍, 2 യോഹന്നാന്‍, 3 യോഹന്നാന്‍, യൂദാസ് എന്നീ ലേഖനങ്ങള്‍; വെളിപാട്.
പഴയനിയമം
വിശുദ്ധഗ്രന്ഥത്തിന്റെ അപരിത്യാജ്യഘടകമാണു പഴയനിയമം. അതിലെ പുസ്തകങ്ങള്‍ ദൈവനിവേശിതങ്ങളും; സനാതനമൂല്യം ഉള്ളവയും ആണ്; കാരണം, പഴയ ഉടമ്പടി ഒരിക്കലും റദ്ദാക്കപ്പെട്ടിട്ടില്ല.
“പഴയനിയമത്തിലെ രക്ഷാകരപദ്ധതിയുടെ പ്രകടമായ ലക്ഷ്യം എല്ലാ മനുഷ്യരുടെയും രക്ഷകനായ ക്രിസ്തുവിന്റെ ആഗമനത്തിന് വഴിയൊരുക്കുക എന്നതായിരുന്നു." “അപൂർണങ്ങളും താത്കാലികങ്ങളുമായ പലകാര്യങ്ങളും പഴയനിയമം ഉള്‍ക്കൊള്ളുന്നുണ്ടെങ്കിലും "പഴയനിയമ പുസ്തകങ്ങള്‍ ദൈവത്തിന്റെ രക്ഷാകര സ്നേഹത്തെ സംബന്ധിക്കുന്ന ദൈവിക ബോധനസമ്പ്രദായത്തിനു മുഴുവനും സാക്ഷ്യംവഹിക്കുന്നു. “ഈ ലിഖിതങ്ങള്‍ ദൈവത്തെ സംബന്ധിക്കുന്ന ഉദാത്ത പ്രബോധനത്തിന്റെയും മനുഷ്യജീവിതത്തെസംബന്ധിക്കുന്ന രക്ഷാകരമായ വിജ്ഞാനത്തിന്റെയും പ്രാർഥനകളുടെയും ആശ്ചര്യകരമായ ഒരു നിക്ഷേപമാണ്. ഈ ലിഖിതങ്ങളില്‍തന്നെ നമ്മുടെ രക്ഷയുടെ രഹസ്യം ഒളിഞ്ഞുകിടക്കുന്നു."
ക്രിസ്ത്യാനികള്‍ പഴയനിയമത്തെ യഥാർഥ ദൈവവചനമായി ആദരിക്കുന്നു. പുതിയനിയമം പഴയനിയമത്തെ റദ്ദാക്കിയെന്ന നാട്യത്തില്‍ പഴയനിയമത്തെ നിരാകരിക്കുന്ന ചിന്താഗതിയെ (മാർസിയൊണിസം) സഭ എന്നും ശക്തമായി ചെറുത്തിട്ടുണ്ട്.
പുതിയനിയമം
“വിശ്വസിക്കുന്ന ഏതൊരാള്‍ക്കും രക്ഷയ്ക്കുവേണ്ടിയുള്ള ദൈവികശക്തിയായ ദൈവവചനം” പുതിയനിയമഗ്രന്ഥങ്ങളില്‍ അതിമനോഹരമായി അവതരിപ്പിക്കപ്പെടുകയും അതിന്റെ ശക്തി പ്രദർശിപ്പിക്കുകയും ചെയ്യുന്നു. ഈ ലിഖിതങ്ങള്‍ ദൈവാവിഷ്കരണത്തിന്റെ പരമമായ സത്യം നമുക്കു പകർന്നുതരുന്നു. അവയുടെ കേന്ദ്രപ്രമേയം, മനുഷ്യാവതാരംചെയ്ത ദൈവപുത്രനായ യേശുക്രിസ്തുവും, അവിടുത്തെ പ്രവൃത്തികളും പ്രബോധനവും പീഡാനുഭവവും മഹത്ത്വീകരണവും, ആത്മാവിന്റെ നിയന്ത്രണത്തില്‍ രൂപംകൊണ്ട അവിടുത്തെ സഭയുടെ സമാരംഭവുമാണ്.
"നമ്മുടെ രക്ഷകനായ അവതീർണവചനത്തിന്റെ ജീവിതം, പ്രബോധനം എന്നിവയെ സംബന്ധിച്ചുള്ള മുഖ്യസാക്ഷ്യം എന്നനിലയില്‍” സുവിശേഷങ്ങള്‍ വിശുദ്ധലിഖിതങ്ങള്‍മുഴവന്റെയും ഹൃദയമാണ്.
സുവിശേഷരൂപവത്കരണത്തില്‍ വ്യത്യസ്തങ്ങളായ മൂന്നു ഘട്ടങ്ങള്‍ കാണുവാന്‍ നമുക്കു കഴിയും;
നാലു സുവിശേഷങ്ങള്‍ക്കും സഭയില്‍ അനന്യമായ സ്ഥാനമാണുള്ളത്. ആരാധനക്രമം സുവിശേഷങ്ങള്‍ക്കു നല്‍കുന്ന ആദരവും എക്കാലത്തെയും വിശുദ്ധരുടെ ജീവിതത്തില്‍ സുവിശേഷങ്ങള്‍ ചെലുത്തിയിട്ടുള്ള അനിതരസാധാരണമായ സ്വാധീനവും ഇതു വ്യക്തമാക്കുന്നു.
പഴയനിയമവും പുതിയനിയമവും തമ്മിലുള്ള ഐക്യം
അപ്പസ്തോലികകാലത്തും അതിനുശേഷം പാരമ്പര്യത്തിലും നിരന്തരമായി പ്രതിരൂപവിചിന്തനം(typology ) വഴി ഇരുനിയമങ്ങളിലും അടങ്ങിയിരിക്കുന്ന ദൈവികപദ്ധതിയുടെ ഐക്യം സഭ വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യനായി അവതരിച്ച തന്റെ പുത്രനില്‍ ദൈവം കാലത്തിന്റെ തികവില്‍ നിറവേറ്റിയ കാര്യങ്ങളുടെ പ്രതിരൂപങ്ങള്‍ പഴയ ഉടമ്പടിയുടെ കാലത്ത് ദൈവം പ്രവർത്തിച്ച കാര്യങ്ങളില്‍ സഭ കണ്ടെത്തുന്നു.
അതിനാല്‍, മരിച്ച് ഉത്ഥാനംചെയ്ത ക്രിസ്തുവിന്റെ വെളിച്ചത്തിലാണ്, ക്രിസ്ത്യാനികള്‍ പഴയനിയമം വായിക്കുന്നത്. ഇത്തരം പ്രതിരൂപവിചിന്തനത്തോടുകൂടിയ വായന, പഴയനിയമത്തിന്റെ അക്ഷയമായ ഉള്ളടക്കത്തെ പ്രകാശിപ്പിക്കുന്നു. എന്നാല്‍ പഴയനിയമത്തിനു ദൈവിക വെളിപാട് എന്നനിലയില്‍ അതില്‍ത്തന്നെ പ്രാധാന്യമുണ്ട് എന്നു നമ്മുടെ കർത്താവുതന്നെ സ്ഥിരീകരിച്ചിട്ടുളള വസ്തുത നാം മറക്കരുത്. ഇതിനും പുറമേ പഴയനിയമത്തിന്റെ വെളിച്ചത്തില്‍ പുതിയനിയമം വായിക്കപ്പെടേണ്ടതാണ്. ആദിമകാലത്തെ ക്രൈസ്തവ മതബോധനം പഴയനിയമത്തെ നിരന്തരം പ്രയോജനപ്പെടുത്തിയിരുന്നു. ഒരു പുരാതന സുക്തമനുസരിച്ച്, “പുതിയത് പഴയതില്‍ ഒളിഞ്ഞിരിക്കുന്നു. പഴയതു പുതിയതില്‍ വ്യക്തമാകുന്നു."അതായത്, പുതിയനിയമം പഴയനിയമത്തില്‍ മറഞ്ഞിരിക്കുന്നു; പഴയനിയമം പുതിയനിയമത്തില്‍ തെളിഞ്ഞുവരുന്നു.
“ദൈവം എല്ലാവർക്കും എല്ലാമായിത്തീരുന്ന നാളില്‍" നടക്കുന്ന ദൈവികപദ്ധതിയുടെ പൂർത്തീകരണത്തെ ലക്ഷ്യമാക്കിയുള്ള ക്രിയാത്മകമായ മുന്നേറ്റത്തെയാണ് പ്രതിരൂപ വിചിന്തനം സൂചിപ്പിക്കുന്നത്. ഉദാഹരണമായി, പൂർവപിതാക്കന്‍മാരുടെ വിളി, ഈജിപ്തില്‍ നിന്നുള്ള പുറപ്പാട് എന്നിവ ദൈവികപദ്ധതിയില്‍ ഇടയ്ക്കുള്ള ഘട്ടങ്ങള്‍ ആണെന്നതുകൊണ്ടുമാത്രം അവയ്ക്ക് അതിലുള്ള മൂല്യം നഷ്ടമാകുന്നില്ല.
V. വിശുദ്ധഗ്രന്ഥം സഭാജീവിതത്തില്‍
“സഭയ്ക്ക് താങ്ങും ശക്തിയും സഭാതനയർക്ക് കരുത്തും ആത്മാവിനു പോഷണവും ആധ്യാത്മികജീവിതത്തിന് സംശുദ്ധവും സനാതനവുമായ ഉറവിടവും ആകത്തക്കവിധം ബലവും കഴിവും ഉള്ളതാണ് ദൈവവചനം. അതിനാല്‍ “ക്രിസ്തീയ വിശ്വാസികള്‍ക്ക് വിശുദ്ധഗ്രന്ഥങ്ങളിലേക്കുള്ള മാർഗം വിശാലമായി തുറന്നിടണം.”
“തന്‍മൂലം, തിരുലിഖിതപഠനം തന്നെയായിരിക്കണം വിശുദ്ധദൈവശാസ്ത്രത്തിന്റെ ആത്മാവ്. വചനശുശ്രൂഷ- അജപാലനപരമായ പ്രഘോഷണം, മതബോധനം, എല്ലാത്തരത്തിലുമുള്ള ക്രിസ്തീയ പ്രബോധനം (ഇതില്‍ ആരാധനക്രമത്തിലെ പ്രഘോഷണത്തിനു സുപ്രധാന സ്ഥാനമുണ്ട്.) എന്നിവ- ആരോഗ്യപ്രദമായി പോഷിപ്പിക്കപ്പെടുന്നതും വിശുദ്ധിയില്‍ ശക്തി പ്രാപിക്കുന്നതും വി.ഗ്രന്ഥത്തിന്റെ വചനത്തിലൂടെയാണ്.
കൂടെക്കൂടെയുള്ള വിശുദ്ധ്രഗന്ഥപാരായണംവഴി, “യേശുക്രിസ്തുവിനെക്കുറിച്ചുള്ള മഹത്തരമായ വിജ്ഞാനം ആർജിക്കുവാന്‍ സഭ ക്രിസ്തീയ വിശ്വാസികളെയെല്ലാം ശക്തമായും പ്രത്യേകമായും ആഹ്വാനം ചെയ്യുന്നു. “വിശുദ്ധഗ്രന്ഥത്തെക്കുറിച്ചുള്ള അജ്ഞത ക്രിസ്തുവിനെക്കുറിച്ചുള്ള അജ്ഞതയാണ്”.
സംഗ്രഹം
വിശുദ്ധലിഖിതങ്ങളെല്ലാം വാസ്തവത്തില്‍ ഏക ഗ്രന്ഥമാണ്. ക്രിസ്തുവാണ് ആ ഏക ഗ്രന്ഥം. കാരണം, വിശുദ്ധഗ്രന്ഥങ്ങളെല്ലാം ക്രിസ്തുവിനെക്കുറിച്ചു പ്രതിപാദിക്കുന്നു; എല്ലാ വിശുദ്ധലിഖിതങ്ങളും ക്രിസ്തുവിലാണ് പരിപൂർത്തിയിലെത്തുന്നത്. ( Hugh of St. Victor, De arca Noe 2,8:PL 176,642).
“വിശുദ്ധലിഖിതങ്ങള്‍ ദൈവവചനം ഉള്‍ക്കൊള്ളുന്നു; അവ ദൈവനിവേശിതങ്ങളാകയാല്‍ യഥാർഥത്തില്‍ ദൈവവചനമാണ് ” (DV 24)
ദൈവമാണു വിശുദ്ധ്രഗന്ഥത്തിന്റെ കർത്താവ്, അവിടുന്ന് അതിന്റെ മാനുഷിക ഗ്രന്ഥകാരന്‍മാരെ പ്രചോദിപ്പിച്ചു; അവിടുന്ന് അവരിലും അവർ മുഖേനയും പ്രവർത്തിക്കുന്നു; അവരുടെ ലിഖിതങ്ങളെല്ലാം അബദ്ധരഹിതമായി തന്റെ രക്ഷാകരസത്യം പഠിപ്പിക്കുന്നുവെന്ന് അവിടുന്ന് ഉറപ്പുവരുത്തുന്നു. (cf. DV 11)
ദൈവനിവേശിതങ്ങളായ വിശുദ്ധഗ്രന്ഥങ്ങളുടെ വ്യാഖ്യാനത്തില്‍ ശ്രദ്ധിക്കേണ്ട ഒരു സുപ്രധാനകാര്യം, നമ്മുടെ രക്ഷയ്ക്കായി വിശുദ്ധഗ്രന്ഥകാരന്‍മാരിലൂടെ ദൈവം വെള്ളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത് എന്തെന്ന് അറിയുകയാണ്. പരിശുദ്ധാത്മാവിൽ നിന്നുവരുന്നതു “പരിശുദ്ധാത്മാവിന്റെ പ്രവർത്തനം കുടാതെ പുർണമായി ഗ്രഹിക്കാനാവില്ല.” (cf. origen, Hom. Ex. 4,5:PG 12, 320).
പഴയനിയമത്തിലെ 46 പുസ്തകങ്ങളും പുതിയനിയമത്തിലെ 27 പുസ്തകങ്ങളും ദൈവനിവേശിത ലിഖിതങ്ങളായി സഭ അംഗീകരിച്ച് ആദരിക്കുന്നു.
വിശുദ്ധ ലിഖിതങ്ങളുടെയിടയില്‍ നാലു സുവിശേഷങ്ങള്‍ കേന്ദ്രസ്ഥാനം അലങ്കരിക്കുന്നു; കാരണം, യേശുക്രിസ്തുവാണ് അവയുടെ കേന്ദ്രം.
പഴയ നിയമത്തിന്റെയും പുതിയ നിയമത്തിന്റെയും ഐക്യത്തിനു നിദാനം, ദൈവികപദ്ധതിയുടെയും ദൈവിക വെളിപാടിന്റെയും ഐക്യമാണ്. പഴയനിയമം, പുതിയനിയമത്തിനു വഴിയൊരുക്കുന്നു; പുതിയനിയമമാകട്ടെ, പഴയനിയമത്തെ പുർത്തീകരിക്കുന്നു; ഇവ രണ്ടും അന്യോന്യം പ്രകാശിപ്പിക്കുന്നു; രണ്ടും യഥാർഥ ദൈവവചനമാണ്.
“കർത്താവിന്റെ തിരുശരീരത്തെയെന്നപോലെ, സഭ വിശുദ്ധ ലിഖിതങ്ങളെ എന്നും സമാദരിക്കുന്നു. (DV 21) ഇവ രണ്ടും ക്രൈസ്തവജീവിതം മുഴുവനെയും പോഷിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. “നിന്റെ വചനം എന്റെ പാദങ്ങള്‍ക്കു വിളക്കും, എന്റെ വഴിയില്‍ പ്രകാശവുമാകുന്നു.” (സങ്കീ 119: 105 cf Is 50: 4)
വിശുദ്ധഗ്രന്ഥം ക്രിസ്തു - വി. ഗ്രന്ഥത്തിലെ അനന്യവചനം വി. ഗ്രന്ഥത്തിന്റെ നിവേശനവും സത്യവും വിശുദ്ധഗ്രന്ഥങ്ങളുടെ പട്ടിക പഴയനിയമം പുതിയനിയമം പഴയനിയമവും പുതിയനിയമവും തമ്മിലുള്ള ഐക്യം വിശുദ്ധഗ്രന്ഥം സഭാജീവിതത്തിൽ Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206