x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ സഭയുടെ സാമൂഹിക പ്രബോധനങ്ങൾ

ദൈവിക വെളിപാടിന്റെ സംപ്രേഷണം

Authored by : രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ On 08-May-2023

അധ്യായം രണ്ട്

ദൈവിക വെളിപാടിന്റെ സംപ്രേഷണം

7 ശ്ലീഹന്മാരും അവരുടെ പിൻഗാമികളും സുവിശേഷപ്രഘോഷകർ

എല്ലാ ജനപദങ്ങളുടെയും രക്ഷയ്ക്കുവേണ്ടി ദൈവം വെളിപ്പെടുത്തിയവ ശാശ്വതമായി അഭംഗുരം നിലനില്ക്കുന്നതിനും എല്ലാ തലമുറകൾക്കും പകർന്നുകൊടുക്കുന്നതിനും അവിടന്ന് കരുണാപൂർവം ക്രമീകരിച്ചു. തന്നിമിത്തം, അത്യുന്നതനായ ദൈവത്തിന്റെ ആവിഷ്കരണം മുഴുവൻ തന്നിൽ പൂർത്തിയാക്കിയ ഈശോ നാഥൻ (2കോറി 1:20; 3:16-4:6) പ്രവാചകന്മാരാൽ മുൻകൂട്ടി വാഗ്ദാനം ചെയ്യപ്പെട്ടതും താൻ തന്നെ പൂർത്തിയാക്കിയതും സ്വന്തം അധരങ്ങളാൽ പ്രഖ്യാപിച്ചതുമായ സുവിശേഷം സമഗ്രവും രക്ഷാകരവുമായ സത്യത്തിന്റെയും ധാർമികനടപടികളുടെയും മുഴുവൻ ഉറവിടമെന്ന നിലയിൽ എല്ലാവരോടും പ്രഘോഷിക്കാൻ അവരിൽ ദൈവികദാനങ്ങൾ ചൊരിഞ്ഞുകൊണ്ട് ശ്ലീഹന്മാർക്കു കല്പനകൊടുത്തു. മിശിഹായുടെ അധരത്തിൽനിന്നും സംഭാഷണത്തിൽനിന്നും പ്രവൃത്തികളിൽനിന്നും അവർ സ്വീകരിച്ചവയോ പരിശുദ്ധാത്മാവിന്റെ പ്രചോദനത്താൽ പഠിച്ചവയോ ആയ എല്ലാം വാങ്മൂലമുള്ള പ്രഘോഷണംവഴിയും മാതൃകവഴിയും ക്രമവത്കരണങ്ങൾ വഴിയും കൈമാറിക്കൊണ്ട് അവർ ഈ ദൗത്യം വിശ്വസ്തതയോടെ നിർവഹിച്ചു. ശ്ലീഹന്മാരും ശ്ലൈഹികസഹകാരികളും അതേ പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ രക്ഷയുടെ സന്ദേശം രേഖാമൂലം ഭരമേല്പിക്കുകയും ചെയ്തു.

സമഗ്രവും സജീവവുമായ സുവിശേഷം സഭയിൽ അഭംഗുരം സംരക്ഷിക്കപ്പെടുന്നതിനായി ശ്ലീഹന്മാർ “തങ്ങളുടെതന്നെ പ്രബോധനാധികാരസ്ഥാനം നല്കിക്കൊണ്ട്" മെത്രാന്മാരെ പിൻതുടർച്ചക്കാരായി തുടർന്നു നിയമിച്ചു. അതുകൊണ്ട് ഈ വിശുദ്ധ പാരമ്പര്യവും രണ്ട് ഉടമ്പടികളുൾക്കൊള്ളുന്ന വിശുദ്ധലിഖിതങ്ങളും ലോകത്തിൽ പ്രവാസിനിയായ സഭ ദൈവത്തെ കാണുന്ന മുഖക്കണ്ണാടിപോലെയാണ്. അവിടന്ന് ആയിരിക്കുന്നതുപോലെ അവിടത്തെ മുഖാമുഖം ദർശിക്കുന്നതിനുവേണ്ടി സംവഹിക്കപ്പെടുന്നതുവരെ (1 യോഹ 3:2) എല്ലാം നല്കുന്ന ദൈവത്തെത്തന്നെ.

8 അപ്പസ്തോലിക സംപ്രേഷണം

തന്നിമിത്തം, സവിശേഷമായ രീതിയിൽ നിവേശിതഗ്രന്ഥങ്ങളിൽ പ്രസ്താവിച്ചിട്ടുള്ള ശ്ലൈഹികപ്രഘോഷണം സമയത്തിന്റെ സമാപ്തിവരെ ഇടമുറിയാതെ സംരക്ഷിക്കപ്പെടേണ്ടിയിരുന്നു.

അതുകൊണ്ട്, ശ്ലീഹന്മാർ തങ്ങൾക്കു ലഭിച്ചതു ഭരമേല്പിച്ചുകൊണ്ട് വിശ്വാസികളെ അനുശാസിക്കുന്നത്, പ്രസംഗംമൂലമോ ലേഖനം മൂലമോ അവർ പഠിപ്പിച്ച പാരമ്പര്യങ്ങൾ മുറുകെപ്പിടിക്കാനാണ് (2 തെസ്സ 2:15); മാത്രമല്ല, എന്നന്നേക്കുമായി ഏല്പിക്കപ്പെട്ടിരിക്കുന്നവയ്ക്കുവേണ്ടി സമരം ചെയ്യാൻ കൂടിയാണ് (യൂദാ 3). ശ്ലീഹന്മാർ ഭരമേല്പിച്ചവ ദൈവജനത്തിന് ജീവിതം വിശുദ്ധമായി നയിക്കാനും വിശ്വാസം വളർത്താനും വേണ്ടതെല്ലാം ഉൾക്കൊള്ളുന്നു. അതുപോലെ, സഭ തന്റെ പ്രബോധനത്തിലും ജീവിതത്തിലും ആരാധനയിലും താൻ എന്തായിരിക്കുന്നുവോ അതു മുഴുവനും താൻ വിശ്വസിക്കുന്ന എല്ലാ കാര്യങ്ങളും ശാശ്വതമാക്കുകയും സകല തലമുറകൾക്കും പകർന്നുകൊടുക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു.

ശ്ലീഹന്മാരിൽനിന്നുള്ള ഈ പാരമ്പര്യം പരിശുദ്ധാരൂപിയുടെ സഹായത്താൽ സഭയിൽ വളർന്നുകൊണ്ടിരിക്കുന്നു. കൈമാറപ്പെട്ട കാര്യങ്ങളുടെയും വാക്കുകളുടെയും അവബോധം വർദ്ധിക്കുന്നു. ഇവ മനസ്സിൽ സംഗ്രഹിക്കുന്ന വിശ്വാസികളുടെ (ലൂക്കാ 2:19,51) മനനത്താലും പഠനത്താലും അവർ അനുഭവിക്കുന്ന ആത്മികകാര്യങ്ങളുടെ അഗാധമായ അറിവുവഴിയും മെത്രാൻസ്ഥാനത്തിന്റെ പിന്തുടർച്ചവഴി സുനിശ്ചിതമായ വരം ലഭിച്ചവരുടെ പ്രഘോഷണംവഴിയും ഈ വർദ്ധന നടക്കുന്നു. അതായത്, സഭ തലമുറകളുടെ പ്രയാണത്തിൽ തന്നിൽ ദൈവത്തിന്റെ വചനങ്ങൾ നിറവേറുന്നതുവരെ ദൈവികസമ്പൂർണതയിലേക്ക് അനുസ്യൂതം പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

വിശുദ്ധപിതാക്കന്മാരുടെ വാക്കുകൾ ഈ പാരമ്പര്യത്തിന്റെ സജീവസാന്നിദ്ധ്യത്തിനു സാക്ഷ്യം വഹിക്കുന്നു. അതിന്റെ സമ്പന്നത, വിശ്വസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന സഭയുടെ അനുഷ്ഠാനത്തിലും ജീവിതത്തിലും ചൊരിയപ്പെട്ടിരിക്കുന്നു. ഇതേ പാരമ്പര്യംവഴിയാണ് വിശുദ്ധലിഖിതങ്ങളുടെ കാനൻ (ഔദ്യോഗിക പട്ടിക) സഭയ്ക്ക് അറിയാൻ കഴിയുന്നത്. ഇതേ പാരമ്പര്യംവഴി ഈ വിശുദ്ധലിഖിതങ്ങൾ കൂടുതൽ ആഴമായി സഭ ഗ്രഹിക്കുകയും അനുസ്യൂതമായി സഭയിൽ യാഥാർത്ഥ്യവത്കരിക്കപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ ഒരിക്കൽ സംസാരിച്ച ദൈവം തന്റെ പ്രിയപുത്രന്റെ മണവാട്ടിയോടു നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്നു. പരിശുദ്ധാരൂപിവഴി സുവിശേഷത്തിന്റെ സജീവസ്വരം സഭയിലും സഭവഴി ലോകത്തിലും പ്രതിധ്വനിക്കുകയും ആ അരൂപി വിശ്വാസികളെ എല്ലാ സത്യത്തിലേക്കും നയിക്കുകയും മിശിഹായുടെ വാക്കുകൾ അവരിൽ സമൃദ്ധമായി വസിക്കാൻ ഇടയാക്കുകയും ചെയ്യുന്നു (കൊളോ 3:16).

9 പാരമ്പര്യവും വിശുദ്ധ ലിഖിതവും തമ്മിലുള്ള ബന്ധം

അങ്ങനെ, വിശുദ്ധപാരമ്പര്യവും വിശുദ്ധ ലിഖിതങ്ങളും പരസ്പരം അവഗാഢം ബന്ധിതവും വിനിമയം ചെയ്യുന്നതുമായിരിക്കുന്നു. തീർച്ചയായും, രണ്ടും ഒരേ ദൈവികഉറവിടത്തിൽനിന്ന് ഒഴുകി ഒരുവിധത്തിൽ ഒന്നായിച്ചേർന്ന്, ഒരേ ലക്ഷ്യത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു. എന്തുകൊണ്ടെന്നാൽ, തിരുലിഖിതങ്ങൾ ദൈവാരൂപിയുടെ നിവേശത്താൽ ആലേഖനം ചെയ്യപ്പെട്ടവയെന്ന നിലയ്ക്ക് ദൈവത്തിന്റെ വചനങ്ങളാണ്. വിശുദ്ധ പാരമ്പര്യമാകട്ടെ, ഈശോമിശിഹായാലും പരിശുദ്ധാരൂപിയാലും ശ്ലീഹന്മാർക്കു ഭരമേല്പിക്കപ്പെട്ട്. അവരുടെ പിന്തുടർച്ചക്കാർക്ക് അഭംഗുരം കൈമാറപ്പെട്ട്, സത്യത്തിന്റെ ആത്മാവാൽ പ്രകാശിതമായി, പ്രഘോഷകന് വിശ്വസ്തതാപൂർവം സംരക്ഷിക്കാനും വിശദീകരിക്കാനും പ്രചരിപ്പിക്കാനും കഴിയുന്ന ദൈവവചനമാണ്. തന്മൂലം സഭ എല്ലാ ആവിഷ്കൃതസത്യങ്ങളെയും പറ്റി തനിക്കുള്ള സുനിശ്ചിതത്വം സമ്പാദിക്കുന്നത് തിരുലിഖിതങ്ങളിൽ നിന്നു മാത്രമല്ല. തന്നിമിത്തം ഇവ രണ്ടും തുല്യമായ ഭക്തിയോടും സ്നേഹത്തോടും ബഹുമാനത്തോടുംകൂടെ സ്വീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു.

10 പാരമ്പര്യത്തിനും വിശുദ്ധ ലിഖിതത്തിനും സഭയോടും സഭയുടെ പ്രബോധനാധികാരത്തോടുമുള്ള ബന്ധം

വിശുദ്ധപാരമ്പര്യവും തിരുലിഖിതങ്ങളും, സഭ ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഒരേയൊരു ദൈവവചനത്തിന്റെ വിശുദ്ധ ഭണ്ഡാഗാരമാണ്. ഇതിൽ ഉറച്ചുനിന്നുകൊണ്ട് വിശുദ്ധജനം മുഴുവൻ ഇടയന്മാരോടും ഒന്നായിച്ചേർന്നുകൊണ്ട് ശ്ലീഹന്മാരുടെ പ്രബോധനത്തിലും കൂട്ടായ്മയിലും അപ്പം മുറിക്കലിലും പ്രാർത്ഥനയിലും സദാ ഉത്സുകരായിരുന്നു (അപ്പ 2:42). ഇതുവഴി ഭരമേല്പിക്കപ്പെട്ട വിശ്വാസം സംരക്ഷിക്കുന്നതിലും നടപ്പിലാക്കുന്നതിലും പ്രഖ്യാപിക്കുന്നതിലും അനിതരസാധാരണമായ അഭിപ്രായൈക്യം മെത്രാന്മാരും വിശ്വാസികളും തമ്മിൽ നിലനിന്നിരുന്നു.

ഈ ദൈവവചനമാകട്ടെ, ലിഖിതമോ വാങ്മൂലമുളളതോ ആയാലും, ആധികാരികമായി വ്യാഖ്യാനിക്കാനുള്ള അവകാശം സഭയുടെ സജീവപ്രബോധനാധികാരത്തിനുമാത്രം ഭരമേല്പിക്കപ്പെട്ടിരിക്കുന്നു. അവളുടെ ഈ അധികാരം ഈശോമിശിഹായുടെ നാമത്തിലാണ് പ്രയോഗിക്കപ്പെടുന്നത്. ഈ പ്രബോധനാധികാരം ദൈവവചനത്തിന് ഉപരിയല്ല. പ്രത്യുത, അതിന് അധീനമാണ്. ദൈവകല്പനയാലും പരിശുദ്ധാരൂപിയുടെ സഹായത്താലും അതു ഭക്തിപുരസ്സരം ശ്രവിച്ച്, വിശുദ്ധമായി സംരക്ഷിച്ച്, വിശ്വസ്തതാപൂർവം വിശദീകരിച്ച് ഭരമേല്പിക്കപ്പെട്ടതുമാത്രം സഭ പഠിപ്പിക്കുന്നു. അവ മുഴുവൻ ഒരേയൊരു വിശ്വാസ ഭണ്ഡാഗാരത്തിൽനിന്നു കോരിയെടുത്ത് ദൈവം വെളിപ്പെടുത്തിയവയെന്ന നിലയിൽ വിശ്വസിക്കേണ്ടവയായി പ്രഖ്യാപിക്കുകയാണ്.

അതുകൊണ്ട്, വിശുദ്ധപാരമ്പര്യവും തിരുലിഖിതങ്ങളും സഭയുടെ പ്രബോധനാധികാരവും, ദൈവത്തിന്റെ അനന്തബുദ്ധിയുടെ തീരുമാനപ്രകാരം, ഒരുമിച്ച്, എന്നാൽ, ഓരോന്നും അതതിന്റെ രീതിയിൽ, പരിശുദ്ധാരൂപിയുടെ പ്രവർത്തനത്തിൻകീഴിൽ ആത്മാക്കളുടെ രക്ഷയ്ക്ക് ഫലപ്രദമായി ഉപകരിക്കത്തക്കവിധം ഒന്ന് ഒന്നിനോടു ബന്ധപ്പെട്ടും സംയുക്തമായും നിലകൊളളുന്നുവെന്നു വ്യക്തം.

ദൈവിക വെളിപാടിന്റെ സംപ്രേഷണം ശ്ലീഹന്മാരും അവരുടെ പിൻഗാമികളും സുവിശേഷപ്രഘോഷകർ അപ്പസ്തോലിക സംപ്രേഷണം പാരമ്പര്യവും വിശുദ്ധ ലിഖിതവും തമ്മിലുള്ള ബന്ധം പാരമ്പര്യത്തിനും വിശുദ്ധ ലിഖിതത്തിനും സഭയോടും സഭയുടെ പ്രബോധനാധികാരത്തോടുമുള്ള ബന്ധം രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message