x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ സഭയുടെ സാമൂഹിക പ്രബോധനങ്ങൾ

പത്താം കല്‍പന

Authored by : Congregation for Doctrine of Faith On 22-Jul-2022

വകുപ്പ്‌ 10

പത്താം കല്‍പന

നിന്റെ അയല്‍ക്കാരന്റെതായ യാതൊന്നും മോഹിക്കരുത്‌... നിന്റെ അയല്‍കാരന്റെ ഭവനത്തെയോ വയലിനെയോ ദാസനെയോ ദാസിയെയോ കാളയെയോ കഴുതയെയോ നിൻ്റെ അയല്‍ക്കാരന്റെതായ യാതൊന്നുമോ മോഹിക്കരുത്‌. 
"നിന്റെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിന്റെ ഹൃദയവും"

പത്താം കല്‍പന ജഡികാസക്തിയെ സംബന്ധിച്ച ഒമ്പതാം കല്‍പനയെ വ്യക്തമാക്കിക്കാണിക്കുകയും പൂര്‍ത്തിയാക്കുകയും ചെയ്യുന്നു. ഏഴാംകല്‍പന വിലക്കുന്ന മോഷണം, പിടിച്ചുപറി, വഞ്ചന എന്നിവയുടെ മൂലമെന്ന നിലയില്‍, മറ്റൊരാളുടെ വസ്തുക്കളെ മോഹിക്കുന്നതിനെ പത്താംകല്‍പന നിരോധിക്കുന്നു. അഞ്ചാം കല്‍പന നിരോധിക്കുന്ന അക്രമത്തിലേക്കും അനീതിയിലേക്കും നയിക്കുന്നതാണു “കണ്ണുകളുടെ ആസക്തി.” അവിഹിതവേഴ്ച എന്നപോലെ അത്യാഗ്രഹം, നിയമത്തിലെ ആദ്യത്തെ മൂന്നുകല്‍പനകളാല്‍ നിരോധിക്കപ്പെട്ടിട്ടുള്ള വിഗ്രഹാരാധനയില്‍ നിന്നുദ്ഭവിക്കുന്നു. പത്താം കല്‍പന ഹൃദയത്തിന്റെ ഉദ്ദേശ്യങ്ങളെ സംബന്ധിക്കുന്നതാണ്‌. ഒമ്പതാം കല്‍പനയോടുകൂടെ അത്‌ നിയമത്തിലെ സകല കല്‍പനകളെയും സംഗ്രഹിക്കുന്നു.

I. അതിമോഹങ്ങളിലെ ക്രമരാഹിത്യം

ഐന്ദ്രികവാഞഛ നമുക്ക്‌ ഇല്ലാത്ത സന്തോഷപ്രദമായ കാര്യങ്ങള്‍ ആഗ്രഹിക്കാന്‍ - ഉദാഹരണമായി, നമുക്കു വിശക്കുമ്പോള്‍ തിന്നുന്നതിനും, തണുപ്പുതോന്നുമ്പോള്‍ ചൂടുപിടിപ്പിക്കുന്നതിനും ആഗ്രഹിക്കാന്‍ - നമ്മെ പ്രേരിപ്പിക്കുന്നു. ഈ ആഗ്രഹങ്ങള്‍ അവയില്‍ത്തന്നെ നല്ലവയാണ്‌. പക്ഷേ,പലപ്പോഴും അവ യുക്തിയുടെ അതിരുകളെ ലംഘിക്കുകയും, നമ്മുടേതല്ലാത്തതിനെ, അന്യന്റെ അല്ലെങ്കില്‍ അന്യന്‍ അവകാശപ്പെട്ടതിനെ, നീതിരഹിതമായി മോഹിക്കുന്നതിലേക്കു നയിക്കുകയും ചെയ്യും.

അത്യാഗ്രഹത്തെയും ഭൗതികവസ്തുക്കള്‍ അതിരില്ലാതെ കൂമ്പാരം കൂട്ടുന്നതിനുള്ള ആഗ്രഹത്തെയും പത്താം കല്‍പന വിലക്കുന്നു. സമ്പത്തിനും അതോടൊപ്പമുള്ള അധികാരത്തിനുംവേണ്ടിയുള്ള ആസക്തിയില്‍നിന്നുണ്ടാകുന്ന ദുരാഗ്രഹത്തെ അതു നിരോധിക്കുന്നു. ഭൗതികവസ്തുക്കളുടെ കാര്യത്തില്‍ അയല്‍ക്കാരന് ദ്രോഹം ചെയ്തുകൊണ്ട്‌ അനീതി പ്രവര്‍ത്തിക്കാനുള്ള ആഗ്രഹത്തെയും അതു നിരോധിക്കുന്നു;

മോഹിക്കരുത്‌” എന്നു നിയമം പറയുമ്പോള്‍ ഈ വാക്കുകളുടെ അര്‍ഥം നമ്മുടേതല്ലാത്ത എല്ലാറ്റിനോടുമുള്ള ആഗ്രഹങ്ങളെ നാം നിഷ്‌കാസനം ചെയ്യണമെന്നാണ്‌. മറ്റുള്ളവരുടെ വസ്തുക്കള്‍ക്കുവേണ്ടിയുള്ള നമ്മുടെ തൃഷ്ണ അളവറ്റതും അനന്തവും ഒരിക്കലും ശമിപ്പിക്കപ്പെടാത്തതുമാണ്‌. അതുകൊണ്ട്‌ ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു; “അത്യാഗ്രഹിക്ക്‌ ഒരിക്കലും പണം മതിയാവുകയില്ല."

തന്റെ അയല്‍ക്കാരന്റെ വസ്തുക്കളെ ലഭിക്കണമെന്ന ഒരുവന്റെ ആഗ്രഹം നീതിപൂര്‍വകമായ മാര്‍ഗത്തിലൂടെയാണ്‌ സഫലമാക്കാനുദ്ദേശിക്കുന്നതെങ്കില്‍, അത്‌ ഈ കല്‍പനയുടെ ലംഘനമാകുകയില്ല. “തങ്ങളുടെ കുറ്റകരമായ ആഗ്രഹങ്ങള്‍ക്കു വേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്നവരും” തന്‍മൂലം, “ഈ കല്‍പന അനുസരിക്കാന്‍ കൂടുതല്‍ നിര്‍ബന്ധിക്കപ്പെടേണ്ടവരും” ആയവരെപ്പറ്റി പരമ്പരാഗത മതബോധനം യാഥാര്‍ഥൃബോധത്തോടെ സൂചിപ്പിക്കുന്നുണ്ട്‌:

ദൗര്‍ലഭ്യവും വിലക്കയറ്റവും ആഗ്രഹിക്കുന്ന കച്ചവടക്കാര്‍ - വിലവര്‍ധിപ്പിച്ചു വില്‍ക്കാനും വിലകുറച്ചു വാങ്ങിക്കാനും സാധിക്കുന്നതിനു തങ്ങള്‍ മാത്രമേ വാങ്ങിക്കുകയും വില്‍ക്കുകയും ചെയ്യുന്നവരായിട്ടുള്ളു എന്ന അവസ്ഥ ഉണ്ടാകാതിരിക്കുന്നതു സഹിക്കാന്‍ കഴിയാത്ത കച്ചവടക്കാര്‍; തങ്ങളുടെ പ്രതിയോഗികള്‍ക്കു വിറ്റോ അവരില്‍നിന്നു വാങ്ങിച്ചോ ലാഭമുണ്ടാക്കാന്‍ വേണ്ടി അവര്‍ ദരിദ്രരാകണമെന്ന്‌ ആഗ്രഹിക്കുന്ന കച്ചവടക്കാര്‍; രോഗം വ്യാപിക്കണമെന്ന്‌ ആഗ്രഹിക്കുന്ന ഭിഷഗ്വരന്‍മാര്‍; സുപ്രധാനങ്ങളായ ധാരാളം കേസുകളും വിചാരണകളും ഉണ്ടാകാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വക്കീലന്‍മാര്‍. 

മനുഷ്യഹൃദയത്തില്‍നിന്ന്‌ അസൂയയെ നിഷ്‌കാസനം ചെയ്യുണമെന്നു പത്താം കല്‍പന ആവശ്യപ്പെടുന്നു. നാഥാന്‍ പ്രവാചകന്‍ ദാവീദുരാജാവിനെ അനുതാപത്തിലേക്കു പ്രചോദിപ്പിക്കാന്‍ ആഗ്രഹിച്ചപ്പോള്‍ ഒരു കഥ പറഞ്ഞു. സ്വന്തം മകളെപ്പോലെ കരുതിയിരുന്ന ഒരു പെണ്ണാടു മാത്രമുണ്ടായിരുന്ന ഒരു ദരിദ്രന്റെയും, തനിക്കു ധാരാളം ആടുകള്‍ ഉണ്ടായിരിക്കേ ദരിദ്രനോട്‌ അസുയതോന്നുകയും ഒടുവില്‍ അവന്റെ ആടിനെ മോഷ്ടിക്കുകയും ചെയ്ത സമ്പന്നനായ ഒരു മനുഷ്യന്റെയും കഥ. ഏറ്റവും നീചമായ കുറ്റകൃത്യങ്ങളിലേക്കു നയിക്കാന്‍ അസൂയയ്ക്കു കഴിയും. “സാത്താന്റെ അസൂയയിലൂടെ മരണം ലോകത്തില്‍ പ്രവേശിച്ചു.” 

നാം പരസ്പരം യുദ്ധംചെയ്യുന്നു, അസൂയ ഒരാളെ മറ്റൊരാള്‍ക്കെതിരായി, ആയുധമണിയിക്കുന്നു... ക്രിസ്തുവിന്റെ ശരീരത്തെ ഇളക്കുവാന്‍ ഓരോരുത്തനും പരിശ്രമിച്ചാല്‍ എന്തായിരിക്കും അന്ത്യം? ക്രിസ്തുവിന്റെ ശരീരത്തെ നാം നിര്‍ജീവമാക്കുന്നു. അതിലെ അംഗങ്ങളാണു നമ്മളെന്നു നാം പ്രഖ്യാപിക്കുന്നു. എന്നിട്ടും വന്യമൃഗങ്ങളെപ്പോലെ നാം പരസ്പരം കലഹിക്കുന്നു. 

അസൂയ ഒരു മൗലികപാപമാണ്‌. അന്യന്റെ വസ്തുക്കള്‍ കാണുമ്പോഴുണ്ടാകുന്ന ദുഃഖത്തെയും അന്യായമായിട്ടുപോലും അവനേടാനുള്ള ക്രമരഹിതമായ ആഗ്രഹത്തെയും അതു സൂചിപ്പിക്കുന്നു. ഗൗരവപൂര്‍ണമായ ഒരു ദ്രോഹം അയല്‍ക്കാരനുണ്ടാകണമെന്നാഗ്രഹിക്കുമ്പോള്‍ അതൊരു മാരകപാപമായിത്തീരുന്നു;

വിശുദ്ധ ആഗസ്തീനോസ്‌ അസൂയയെ “പൈശാചികപാപം” എന്ന നിലയില്‍ കണ്ടു. “വിദ്വേഷം, അപകീര്‍ത്തിപ്പെടുത്തല്‍, ഏഷണി, അയല്‍ക്കാരന്റെ ദൗർഭാഗ്യത്തിലുണ്ടാകുന്ന സന്തോഷം, അയാളുടെ ഐശ്വര്യത്തിലുണ്ടാകുന്ന ദുഃഖം എന്നിവ അസൂയയില്‍നിന്നു ജനിക്കുന്നു."

അസൂയ ദുഃഖത്തിന്റെ ഒരു രൂപവും തന്‍മൂലം സ്നേഹത്തിന്റെ നിഷേധവുമാണ്‌. മാമ്മോദീസ സ്വീകരിച്ച വ്യക്തി പരോപകാരതത്പരത അഭ്യസിച്ചുകൊണ്ട്‌ ഇതിനെതിരേ സമരംചെയ്യണം. അസൂയ മിക്കപ്പോഴും അഹങ്കാരത്തില്‍നിന്നു വരുന്നു; മാമ്മോദീസ മുങ്ങിയ വ്യക്തി വിനയത്തില്‍ ജീവിക്കാന്‍ തന്നെത്തന്നെ പരിശീലിപ്പിക്കണം.

നീ വഴി ദൈവം വാഴ്ത്തപ്പെട്ടവനായിക്കാണാന്‍ ആഗ്രഹിക്കുന്നുവോ എങ്കില്‍ നിന്റെ സഹോദരന്റെ പുരോഗതിയില്‍ സന്തോഷിക്കുക, അപ്പോള്‍ത്തന്നെ നിന്നിലൂടെ ദൈവം മഹത്ത്വീകൃതനാകും. അന്യരുടെ നേട്ടങ്ങളില്‍ സന്തോഷിച്ചു കൊണ്ട്‌, അസൂയയെ കിഴടക്കിയ ഇത്തരം ദാസന്‍മാരുള്ള ദൈവം വാഴ്ത്തപ്പെട്ടവനാകട്ടെ എന്ന്‌ എല്ലാവരും പറയും. 

II. ആത്മാവിൻ്റെ ആഗ്രഹങ്ങള്‍

നിയമത്തിൻ്റെയും കൃപാവരത്തിൻ്റെയും പദ്ധതി മനുഷ്യരുടെ ഹൃദയങ്ങളെ ദുരാഗ്രഹത്തില്‍നിന്നും അസൂയയില്‍നിന്നും അകറ്റുന്നു. പരമനന്മയെ ആഗ്രഹിക്കാനുള്ള പ്രാരംഭപരിശീലനം അതു നല്‍കുന്നു. മനുഷ്യഹൃദയത്തെ തൃപ്തിപ്പെടുത്തുന്ന പരിശുദ്ധാത്മാവിൻ്റെ ആഗ്രഹങ്ങളെ സംബന്ധിച്ച്‌ അത്‌ അവര്‍ക്ക്‌ ഉദ്ബോധനം നല്‍കുന്നു.

“ഭക്ഷിക്കാന്‍ നല്ലതും, കണ്ണുകള്‍ക്ക്‌ ആനന്ദകരവും, ജഞാനിയാക്കുന്നതിന് ആഗ്രഹിക്കത്തക്കതുമായി" ആരംഭം മുതല്‍ തോന്നിയതിൻ്റെ വശീകരണത്തിനെതിരേ വാഗ്ദാനങ്ങളുടെ ദൈവം മനുഷ്യന്‌ എപ്പോഴും മുന്നറിയിപ്പു നല്‍കി.

ഇസ്രായേലിനു നല്‍കപ്പെട്ട നിയമം, അതിനു വിധേയരായിരുന്നവരെ നീതികരിക്കാന്‍ ഒരിക്കലും മതിയായിരുന്നില്ല. അത്‌ “മോഹപാപത്തിനുള്ള” ഉപകരണമാവുകപോലും ചെയ്തു. “എൻ്റെ മനസ്സിൻ്റെ നിയമ”മാകുന്ന ദൈവത്തിൻ്റെ നിയമവും “എൻ്റെ അവയവങ്ങളില്‍ വസിക്കുന്ന പാപത്തിൻ്റെ നിയമത്തിന്‌ എന്നെ അടിമയാക്കുന്ന" മുറ്റൊരു നിയമവും തമ്മിലുളള സംഘര്‍ഷത്തിലേക്ക്‌ വിരല്‍ ചൂണ്ടുന്നതാണ്‌, ആഗ്രഹത്തിനും പ്രവര്‍ത്തിക്കും ഇടയിലുള്ള വിടവ്‌.

“നിയമവും പ്രവാചകന്‍മാരും സാക്ഷ്യപ്പെടുത്തിയിട്ടുള്ള ദൈവനീതി, നിയമത്തിലൂടെയല്ലാതെ ഇപ്പോള്‍ വെളിവാക്കപ്പെട്ടിരിക്കുന്നു; വിശ്വസിക്കുന്ന എല്ലാവര്‍ക്കും യേശുക്രിസ്തുവിലുളള വിശ്വാസത്തിലൂടെയുള്ള ദൈവനീതിതന്നെ. ഇപ്പോള്‍ മുതല്‍ ക്രിസ്തു വിശ്വാസികള്‍ “ശരീരത്തെ അതിൻ്റെ ദുര്‍ഗുണങ്ങളോടും ആസക്തികളോടും കൂടെ ക്രൂശിച്ചിരിക്കുന്നു”; അവര്‍ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നു, പരിശുദ്ധാത്മാവിൻ്റെ ആഗ്രഹങ്ങളെ പിന്‍ചെല്ലുകയും ചെയ്യുന്നു."

III. ഹൃദയത്തിൻ്റെ ദാരിദ്ര്യം 

എല്ലാറ്റിനെയുംകാളും എല്ലാവരെക്കാളും കൂടുതലായി തന്നെ സ്നേഹിക്കുവാന്‍ യേശു തൻ്റെ ശിഷ്യന്‍മാരോടു കല്‍പിച്ചു. തനിക്കുവേണ്ടിയും തൻ്റെ സുവിശേഷത്തിനുവേണ്ടിയും അവര്‍ക്കുള്ളത്‌ “എല്ലാം ഉപേക്ഷിക്കാന്‍” ആവശ്യപ്പെടുകയും ചെയ്യുന്നു. ദരിദ്രയായിരുന്നിട്ടും, ജീവിക്കാന്‍ തനിക്കുണ്ടായിരുന്നതെല്ലാം നല്‍കിയ ജറുസലെംകാരിയായ ഒരു ദരിദ്രവിധവയുടെ മാതൃക അവിടുന്നു തൻ്റെ പീഡാസഹനത്തിനു തൊട്ടുമുന്‍പ്‌ അവര്‍ക്കു കാണിച്ചുകൊടുത്തു. സമ്പത്തില്‍നിന്നു ഹൃദയം സ്വതന്ത്രമായിരിക്കണമെന്ന കല്‍പനയുടെ അനുസരണം സ്വര്‍ഗരാജ്യത്തിലേക്കു പ്രവേശിക്കുവാന്‍ അനുപേക്ഷണീയമാണ്‌.

സകല ക്രിസ്തുവിശ്വാസികളും “തങ്ങളുടെ ആസക്തികളെ ശരിയായി നയിക്കണം. ഭൗതീകവസ്തുക്കളുടെ ഉപയോഗത്തിലൂടെയും സുവിശേഷപരമായ ദാരിദ്ര്യാരൂപിക്കു വിരുദ്ധമായിട്ടുള്ള സമ്പത്തിനോടുള്ള ഒട്ടിച്ചേരലിലൂടെയും പരിപൂര്‍ണ സ്നേഹത്തിനുവേണ്ടിയുളള അവരുടെ പരിശ്രമം തടയപ്പെടാതിരിക്കുന്നതിനുവേണ്ടിയാണത്‌."

“ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്‍മാര്‍.” സുവിശേഷഭാഗ്യങ്ങള്‍, സന്തോഷത്തിൻ്റെയും കൃപാവരത്തിൻ്റെയും സൗന്ദരൃത്തിൻ്റെയും സമാധാനത്തിൻ്റെയും ഒരു ക്രമം വെളിപ്പെടുത്തുന്നുണ്ട്‌. സ്വര്‍ഗരാജ്യം ഇപ്പോഴേ കൈവശമായിട്ടുള്ളവരായ ദരിദ്രരുടെ സന്തോഷത്തെ യേശു പ്രശംസിക്കുന്നു 

സ്വമനസ്സാലെയുള്ള വിനയമാണ്‌ “ആത്മാവിലുള്ള ദാരിദ്യം”എന്ന്‌ വചനം പറയുന്നതായി എനിക്കു തോന്നുന്നു. അതിനുദാഹരണമായി അപ്പസ്തോലന്‍ ദൈവത്തിൻ്റെ ദാരിദ്ര്യത്തെ ഒരു മാതൃകയായി നമുക്കു നല്കുന്നു: സമ്പന്നനായിരുന്നിട്ടും അവന്‍ നമുക്കുവേണ്ടി ദരിദ്രനായി.  

കര്‍ത്താവു സമ്പന്നരെ ഓര്‍ത്തു വിലപിക്കുന്നു. എന്തെന്നാല്‍ അവര്‍ തങ്ങളുടെ ആശ്വാസം വസ്തുവകകളുടെ സമൃദ്ധിയില്‍ കണ്ടെത്തുന്നു. “അഹങ്കാരികള്‍ ലൗകികരാജ്യങ്ങളെ അന്വേഷിക്കുകയും സ്നേഹിക്കുകയും ചെയ്തുകൊള്ളട്ടെ, എന്നാല്‍ ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്‍മാരാണ്‌. എന്തെന്നാല്‍ സ്വര്‍ഗരാജ്യം അവരുടേതാണ്‌.” സ്വര്‍ഗസ്ഥനായ പിതാവിൻ്റെ പരിപാലനയ്ക്കു സ്വയം സമര്‍പ്പിക്കുന്നതു നാളെയെക്കുറിച്ചുള്ള ആകുലതയില്‍നിന്ന്‌ അവനെ സ്വതന്ത്രനാക്കും. ദൈവത്തിലുള്ള ആശ്രയബോധം ദരിദ്രരെ അനുഗൃഹീതാവസ്ഥയ്ക്ക്‌ സജ്ജമാക്കും. അവര്‍ ദൈവത്തെ കാണും.

IV. “ദൈവത്തെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു”

യഥാര്‍ഥ സൗഭാഗ്യത്തിനുവേണ്ടിയുള്ള ആഗ്രഹം ഈ ലോകത്തിലെ വസ്തുക്കളോടുള്ള ക്രമരഹിതമായ ഒട്ടിച്ചേരലില്‍നിന്നു മനുഷ്യനെ അകറ്റുന്നു. അങ്ങനെ ദൈവത്തിൻ്റെ ദര്‍ശനത്തിലും സൗഭാഗ്യത്തിലും അവന്‍ സാക്ഷാത്കാരം നേടും. “ദൈവത്തെ കാണാം എന്ന വാഗ്ദാനം എല്ലാ സൗഭാഗ്യങ്ങളെയും അതിശയിക്കുന്നു... വിശുദ്ധലിഖിതത്തില്‍, കാണുക എന്നതു കൈവശമാക്കുക എന്നതുതന്നെയാണ്‌... ദൈവത്തെ കാണുന്നവന്‍, അവനു സങ്കല്‍പിക്കാന്‍ കഴിയുന്ന സകല വസ്തുക്കളും നേടിക്കഴിഞ്ഞു." 

ദൈവം വാഗ്ദാനം ചെയ്യുന്ന നല്ല വസ്തുക്കള്‍ നേടുന്നതിന്‌, ഉന്നതത്തില്‍നിന്നുള്ള കൃപാവരത്തിൻ്റെ സഹായത്തോടെ വിശുദ്ധജനം പോരാടേണ്ടിയിരിക്കുന്നു. ദൈവത്തെ സ്വന്തമാക്കുന്നതിനും അവിടുത്തെപ്പറ്റി ധ്യാനനിര്‍ലീനരാകുന്നതിനും വേണ്ടി ക്രിസ്തുവിശ്വാസികള്‍ തങ്ങളുടെ വാഞ്ഛകളെ അടക്കുന്നു. ദൈവത്തിൻ്റെ കൃപകൊണ്ട്‌ സുഖത്തിനും അധികാരത്തിനുമുള്ള വശീകരണങ്ങളെ അവര്‍ കീഴടക്കുന്നു.

പൂര്‍ണതയുടെ ഈ വഴിയില്‍, പരിശുദ്ധാത്മാവും മണവാട്ടിയും, അവരെ കേള്‍ക്കുന്നവരെയെല്ലാം ദൈവത്തോടുള്ള സംപൂര്‍ണമായ സംസര്‍ഗത്തിനായി ആഹ്വാനം ചെയ്യുന്നു;

ഒരുവനും അബദ്ധവശാലോ മുഖസ്തുതിയാലോ പ്രശംസിക്കപ്പെടാത്തിടത്ത്‌, യോഗ്യതയുള്ളവര്‍ക്കു യഥാര്‍ഥമായ ബഹുമതി നിഷേധിക്കപ്പെടുകയോ, യോഗ്യരല്ലാത്തവര്‍ക്ക്‌ അത്‌ നല്‍കപ്പെടുയോ ചെയ്യാത്തിടത്ത്‌, യോഗ്യതയില്ലാത്ത ഒരുവനും യോഗ്യതയുള്ളവനായി നടിക്കാത്തിടത്ത്‌, യോഗ്യരായവര്‍ മാത്രം പ്രവേശിപ്പിക്കപ്പെടുന്നിടത്ത്‌, യഥാര്‍ഥമായ മഹത്ത്വം ഉണ്ടായിരിക്കും. തന്നില്‍നിന്നുതന്നെയോ മറ്റുള്ളവരില്‍നിന്നോ ഒരുവനും എതിര്‍പ്പ്‌ അനുഭവിക്കാത്തിടത്തു യഥാര്‍ഥ സമാധാനം ഭരണം നടത്തും. ദൈവം തന്നെയായിരിക്കും സുകൃതത്തിനുള്ള പ്രതിഫലം; അവിടുന്നു സുകൃതം നല്‍കുന്നു. ഉണ്ടാകാവുന്നതില്‍ ഏറ്റവും നല്ലതും ഏറ്റവും മഹത്തുമായ പ്രതിഫലമെന്ന നിലയില്‍ തന്നെത്തന്നെ നല്‍കാമെന്ന്‌ അവിടുന്നു വാഗ്ദാനം നടത്തുകയും ചെയ്തു... “ഞാന്‍ അവരുടെ ദൈവവും അവര്‍ എൻ്റെ ജനവും ആയിരിക്കും...” “അങ്ങനെ ദൈവം എല്ലാവരിലും എല്ലാമായിരിക്കും” എന്ന അപ്പസ്‌തോലൻ്റെ വാക്കുകളുടെ അര്‍ഥവും ഇതാണ്‌. ദൈവം തന്നെയായിരിക്കും നമ്മുടെ ആഗ്രഹങ്ങളുടെ ലക്ഷ്യം: നാം അവിടുത്തെ അനന്തമായി ദര്‍ശിക്കും, മടുപ്പുകൂടാതെ അവിടുത്തെ സ്നേഹിക്കും, ക്ഷീണംകൂടാതെ അവിടുത്തെ പുകഴ്ത്തും. ഈ ദാനം, ഈ അവസ്ഥ, ഈ പ്രവൃത്തി നിതൃജീവന്‍ എന്ന പോലെ തന്നെ തീര്‍ച്ചയായും എല്ലാവര്‍ക്കും പൊതുവായിട്ടുള്ളതായിരിക്കും.

സംഗ്രഹം 

“നിൻ്റെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിൻ്റെ ഹൃദയവും" (മത്താ 6:21).

സമ്പത്തിനും അതിൻ മേലുള്ള അധികാരത്തിനും വേണ്ടിയുള്ള ആസക്തിയിൽ നിന്നുദ്ഭവിക്കുന്ന ദുരാഗ്രഹത്തെ പത്താം കൽപ്പന വിലക്കുന്നു.

അസൂയ എന്നതു മറ്റുള്ളവരുടെ വസ്തുക്കള്‍ കാണുമ്പോഴുണ്ടാകുന്ന ദുഃഖവും അവയെ സ്വന്തമാക്കാനുള്ള ക്രമരഹിതമായ ആഗ്രഹവുമാണ്‌. അത്‌ ഒരു മൗലികപാപമാണ്‌.

മാമ്മോദീസ സ്വീകരിച്ച വ്യക്തി പരോപകാരതത്പരത, വിനയം, ദൈവപരിപാലനയ്ക്കു തന്നെത്തന്നെ സമർപ്പിക്കൽ എന്നിവയിലൂടെ അസൂയയോടു യുദ്ധം ചെയ്യുന്നു.

ക്രിസ്തുവിശ്വാസികൾ “തങ്ങളുടെ ശരീരത്തെ അതിൻ്റെ ദുർഗുണങ്ങളോടും മോഹങ്ങളോടുംകുടെ ക്രൂശിച്ചിരിക്കുന്നു” (ഗലാ 5 :24); അവർ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നു; അവിടുത്തെ ആഗ്രഹങ്ങളെ അനുഗമിക്കുകയും ചെയ്യുന്നു.

സമ്പത്തില്‍നിന്നുളള വിമുക്തി സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിന്‌ അത്യന്താപേക്ഷിതമാണ്‌. “ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്‍മാര്‍”.

“ദൈവത്തെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു” എന്നതു മനുഷ്യൻ്റെ യഥാര്‍ഥമായ അഭിലാഷമാണ്‌. ദൈവത്തിനുവേണ്ടിയുള്ള ദാഹം നിത്യജീവൻ്റെ ജലത്താല്‍ ശമിപ്പിക്കപ്പെടുന്നു (cf. യോഹ 4:14).

പത്താം കല്‍പന ആത്മാവിൻ്റെ ആഗ്രഹങ്ങള്‍ ഹൃദയത്തിൻ്റെ ദാരിദ്ര്യം  Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message