We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 11-Jul-2022
പത്തുകൽപനകൾ
പുറപ്പാട് 20 : 2-17
അടിമത്തത്തിൻ്റെ ഭവനമായ ഈജിപ്തുദേശത്തുനിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണു നിൻ്റെ ദൈവമായ കര്‍ത്താവ്. ഞാനല്ലാതെ വേറെ ദേവന്‍മാര്‍ നിനക്കുണ്ടാകരുത്. മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയില്‍ ജലത്തിലോ ഉള്ള ഒന്നിൻ്റെയും പ്രതിമയോ രൂപമോ നീ നിര്‍മിക്കരുത്. അവയ്ക്കു മുന്‍പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യുരുത്. എന്തെന്നാല്‍ ഞാന്‍, നിൻ്റെ ദൈവമായ കര്‍ത്താവ്, അസഹിഷ്ണുവായ ദൈവമാണ്. എന്നെ വെറുക്കുന്ന പിതാക്കന്‍മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ഞാന്‍ ശിക്ഷിക്കും. എന്നാല്‍ എന്നെ സ്നേഹിക്കുകയും എൻ്റെ കല്‍പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട് ആയിരമായിരം തലമുറകള്‍വരെ ഞാന്‍ കരുണകാണിക്കും.
നിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ നാമം വ്യഥാ ഉപയോഗിക്കരുത്, എന്തെന്നാല്‍ തൻ്റെ നാമം വൃഥാ ഉപയോഗിക്കുന്നവനെ കര്‍ത്താവു ശിക്ഷിക്കാതെ വിടുകയില്ല.
സാബത്തു വിശുദ്ധ ദിനമായി ആചരിക്കണമെന്ന് ഓര്‍മിക്കുക. ആറു ദിവസം അദ്ധ്വാനിക്കുക, എല്ലാ ജോലികളും ചെയ്യുക. എന്നാല്‍ ഏഴാംദിവസം നിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ സാബത്താണ്. അന്നു നീയോ നിൻ്റെ മകനോ മകളോ ദാസനോ ദാസിയോ നിൻ്റെ മൃഗങ്ങളോ നിന്നോടൊത്തു വസിക്കുന്ന പരദേശിയോ ഒരു വേലയും ചെയ്യരുത്. എന്തെന്നാല്‍, കര്‍ത്താവ് ആറുദിവസംകൊണ്ട് അടിമത്തത്തിൻ്റെ ഭവനമായ ഈജിപ്തുദേശത്തുനിന്നു നിന്നെ മോചിപ്പിച്ചുകൊണ്ടുവന്ന നിൻ്റെ ദൈവമായ കര്‍ത്താവു ഞാനാണ്. ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും സ്യഷ്ടിക്കുകയും ഏഴാം ദിവസം വിശ്രമിക്കുകയും ചെയ്തു. അങ്ങനെ അവിടുന്നു സാബത്തു ദിനത്തെ അനുഗ്രഹിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്തു. നിൻ്റെ ദൈവമായ കർത്താവു തരുന്ന രാജ്യത്തു നീ ദീർഘകാലം ജീവിച്ചിരിക്കേണ്ടതിന് നിൻ്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക. നീ കൊല്ലരുത്. നീ വ്യഭിചാരം ചെയ്യുരുത്. നീ മോഷ്ടിക്കരുത്. നിൻ്റെ അയൽക്കാരനെതിരായി നീ വ്യാജസാക്ഷ്യം പറയരുത്. അയൽക്കാരൻ്റെ ഭവനം മോഹിക്കരുത്. അയൽക്കാരൻ്റെ ഭാര്യയെയോ ദാസനെയോ ദാസിയെയോ കാളയെയോ കഴുതയെയോ അവൻ്റെ മറെ്റന്തെങ്കിലുമോ മോഹിക്കരുത്. ഞാനല്ലാതെ വേറെ ദൈവങ്ങള്‍ നിനക്കുണ്ടാകരുത്.. നിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ നാമം വൃഥാ ഉപയോഗിക്കരുത്. സാബത്താചരിക്കുക - അതിനെ വിശുദ്ധീകരിക്കുക.
പരമ്പരാഗതമായ ഒരു മതബോധനരൂപം
ഖൺഡം രണ്ട്
പത്തുകൽപനകൾ
“ഗുരോ, ... ഞാൻ എന്തുചെയ്യുണം?”
“ഗുരോ, നിത്യജീവൻ സ്വന്തമാക്കാൻ ഞാൻ എന്തു ചെയ്യണം?” ഈ ചോദ്യം ചോദിച്ച യുവാവിനോട് യേശു ഉത്തരം പറയുന്നത് ഒന്നാമതായി ദൈവത്തെ ഏക നല്ലവൻ ആയി, പരമനൻമയും സകല നൻമകളുടെയും ഉറവിടവുമായി, അംഗീകരിക്കുക എന്നതിൻ്റെ അവശ്യാവശ്യകതയെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ്. എന്നിട്ട് യേശു അവനോടു പറയുന്നു; “ജീവനിൽ പ്രവേശിക്കാൻ നീ ആഗ്രഹിക്കുന്നുവെങ്കിൽ കൽപനകൾ അനുസരിക്കുക.” തന്നോടു ചോദ്യം ഉന്നയിച്ചവനുവേണ്ടി, അയൽക്കാരനോടുള്ള സ്നേഹത്തെ സംബന്ധിച്ച കൽപനകൾ അവിടുന്ന് ഉദ്ധരിക്കുന്നു: “നീ കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, വ്യാജസാക്ഷ്യം പറയരുത്, നിൻ്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക.” ഒടുവിൽ, യേശു ഈ കൽപനകളെ ഭാവാത്മകമായി സംഗ്രഹിച്ചു പറയുന്നു; “നിന്നെപ്പോലെ നിൻ്റെ അയൽക്കാരനെ സ്നേഹിക്കുക.” !
ഒന്നാമത്തെ ഈ ഉത്തരത്തോട് യേശു മറ്റൊരു ഉത്തരം കൂട്ടിച്ചേർക്കുന്നു: “നീ പൂർണനാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, പോയി നിനക്കുള്ളതു വിറ്റ് ദരിദ്രർക്കു നൽകുക, അപ്പോൾ നിനക്കു സ്വർഗത്തിൽ നിക്ഷേപമുണ്ടാകും; പിന്നെ വന്ന് എന്നെ അനുഗമിക്കുക.” ഇത് ആദ്യത്തേതിനെ അസാധുവാക്കുന്നില്ല: ക്രിസ്തുവിനെ അനുഗമിക്കുന്നത് കൽപനകളുടെ അനുസരണം ഉൾക്കൊള്ളുന്നു. നിയമം അസാധുവാക്കപ്പെടുന്നില്ല.” പിന്നെയോ അതിൻ്റെ പൂർണസാക്ഷാത്കാരമായ തൻ്റെ ഗുരുവിൽ അതു വീണ്ടും കണ്ടെത്താൻ മനുഷ്യൻ ക്ഷണിക്കപ്പെടുന്നു. മൂന്നു സമവീക്ഷണ സുവിശേഷങ്ങളിലും, ഒരു ശിഷ്യനെപ്പോലെ അനുസരിച്ചും കൽപനകൾ പാലിച്ചും തന്നെ അനുഗമിക്കാൻ സമ്പന്ന യുവാവിന് യേശു നൽകിയ വിളിയെ, ദാരിദ്രത്തിലേക്കും ശുദ്ധതയിലേക്കുമുള്ള വിളിയോടു യോജിപ്പിച്ചിരിക്കുന്നു. സുവിശേഷോപദേശങ്ങൾ കൽപനകളിൽനിന്നു വേർതിരിക്കാവുന്നതല്ല.
യേശു പത്തുകൽപനകളെ അംഗീകരിച്ചു; എന്നാൽ അവയുടെ അക്ഷരങ്ങളിൽ പ്രവർത്തനനിരതമായിരിക്കുന്ന പരിശുദ്ധാത്മാവിൻ്റെ ശക്തി അവിടുന്ന് കാണിക്കുകയും ചെയ്തു. “നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെയും” അതു പോലെതന്നെ വിജാതീയരുടെ നീതിയെയും അതിശയിക്കുന്ന ഒരു നീതിയെപ്പറ്റി അവിടുന്നു പ്രസംഗിച്ചു. കൽപനകളുടെ അനുശാസനങ്ങളെല്ലാം അവിടുന്നു വ്യക്തമാക്കി. “കൊല്ലരുത്... " എന്നു പൂർവികരോടു പറയപ്പെട്ടതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു; സഹോദരനോടു കോപിക്കുന്നവൻ ന്യായവിധിക്ക് അർഹനാകും."
“നിയമത്തിലെ ഏറ്റവും വലിയ കൽപന ഏതാണ് ?” എന്ന് ഒരാൾ ചോദിച്ചപ്പോൾ യേശു ഉത്തരം പറയുന്നു; “നീ നിൻ്റെ ദൈവമായ കർത്താവിനെ പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണമനസ്സോടുംകൂടെ സ്നേഹിക്കുക. ഇതാണ് ഏറ്റവും വലുതും ഒന്നാമത്തേതുമായ കൽപന. രണ്ടാമത്തേതും അതുപോലെതന്നെയുള്ളതാണ്; നിന്നെപ്പോലെ നിൻ്റെ അയൽക്കാരനെ സ്നേഹിക്കുക. ഈ രണ്ടു കൽപനകളിൽ സമസ്ത നിയമവും പ്രവാചകൻമാരും അടങ്ങിയിരിക്കുന്നു." പത്തു കൽപനകൾ ഒരേസമയം ദ്വയവും ഏകവുമായ ഈ സ്നേഹത്തിൻ്റെ കൽപനയുടെ - നിയമത്തിൻ്റെ പൂർണതയുടെ - വെളിച്ചത്തിൽ വ്യാഖ്യാനിക്കപ്പെടണം.
"വ്യഭിചാരം ചെയ്യരുത്, കൊല്ലരുത്, മോഷ്ടിക്കരുത്, മോഹിക്കരുത് ” എന്നിവയും മറ്റ് ഏതു കൽപനയും “നിന്നെപ്പോലെ നിൻ്റെ അയൽക്കാരനെ സ്നേഹിക്കണം” എന്ന വാക്യത്തിൽ സംഗ്രഹിച്ചിരിക്കുന്നു. സ്നേഹം അയൽക്കാരന് ഒരു ദ്രോഹവും ചെയ്യുന്നില്ല. അതുകൊണ്ട് സ്നേഹം നിയമത്തിന്റെ പുർത്തീകരണമാണ്.
പത്തു കൽപനകൾ വിശുദ്ധ ലിഖിതത്തിൽ
പത്തു കൽപനകൾ എന്നു വിവർത്തനം ചെയ്തിട്ടുളള “ദെക്കലോഗ്” എന്ന വാക്കിൻ്റെ വാച്യാർഥം “പത്തു വാക്കുകൾ" എന്നാണ്. ദൈവം വിശുദ്ധമലയിൽ വച്ച് തൻ്റെ ജനത്തിന് ഈ “പത്തു വാക്കുകൾ” വെളിപ്പെടുത്തി. അവിടുന്ന് തൻ്റെ വിരൽകൊണ്ട് എഴുതി. അവ മോശയാൽ എഴുതപ്പെട്ട മറ്റു കൽപനകൾ പോലെയായിരുന്നില്ല. അവ ഏറ്റവും ശ്രേഷ്ഠമായ വിധത്തിൽ ദൈവത്തിൻ്റെ വാക്കുകളാണ്. പുറപ്പാട്, നിയമാവർത്തനം, എന്നീ പുസ്തകങ്ങളിലൂടെ അവ നമുക്കു കൈമാറപ്പെട്ടിരിക്കുന്നു. പഴയനിയമം മുതൽ വിശുദ്ധ്രഗന്ഥങ്ങൾ “പത്തു വാക്കുകളെ പരാമർശിക്കുന്നുണ്ട്; എന്നാൽ അവയുടെ പൂർണമായ അർഥം വെളിവാക്കപ്പെടുന്നത് യേശുക്രിസ്തുവിലുള്ള പുതിയ ഉടമ്പടിയിലാണ്.
പത്തു കല്പനകൾ ഒന്നാമതായി മനസ്സിലാക്കേണ്ടത്, പഴയ ഉടമ്പടിയുടെ കേന്ദ്രമായി ദൈവം നടത്തുന്ന മഹത്തായ വിമോചന സംഭവമായ പുറപ്പാടിൻ്റെ പശ്ചാത്തലത്തിലാണ്. നിഷേധാത്മക കൽപനകൾ, നിരോധനങ്ങൾ ആയോ ഭാവാത്മക കൽപനകൾ (നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക) ആയോ ക്രോഡീകരിക്കപ്പെട്ടാലും, “പത്തു വാക്കുകൾ", പാപത്തിൻ്റെ അടിമത്തത്തിൽനിന്നു സ്വാതന്ത്രമാക്കപ്പെട്ട ജീവിതത്തിനുള്ള വ്യവസ്ഥകളെ ചൂണ്ടിക്കാണിക്കുന്നു. പത്തു കൽപനകൾ ഒരു ജീവിതപാതയാണ്.:
പത്തു കൽപനകളുടെ ഈ വിമോചകശക്തി, ഉദാഹരണമായി, വിദേശീയരെയും അടിമകളെയും കൂടി ഉദ്ദേശിച്ചുള്ള, സാബത്തു വിശ്രമത്തെ സംബന്ധിച്ച കൽപനയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
“പത്തു വാക്കുകൾ” ദൈവത്തിൻ്റെ നിയമത്തെ സംക്ഷേപിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്നു; “ഈ വചനങ്ങൾ കർത്താവു മലയിൽ അഗ്നിയുടെയും മേഘത്തിന്റെയും കനത്ത അന്ധകാരത്തിൻ്റെയും മധ്യേനിന്നുകൊണ്ട് അത്യുച്ചത്തിൽ നിങ്ങളുടെ സമൂഹം മുഴുവനോടുമായി അരുളിച്ചെയ്തു. അവിടുന്ന് ഇതിൽ കൂടുതലൊന്നും പറഞ്ഞില്ല. അവിടുന്നു രണ്ടു കൽപലകകളിൽ ഇവയെല്ലാം എഴുതി എന്നെ ഏൽപിച്ചു. ഇക്കാരണത്താൽ ഈ രണ്ടു കൽപലകകൾ “സാക്ഷ്യം” എന്നു വിളിക്കപ്പെടുന്നു. യഥാർഥത്തിൽ അവ ദൈവവും അവിടുത്തെ ജനവും തമ്മിൽ ചെയ്ത ഉടമ്പടിയുടെ വ്യവസ്ഥകൾ ഉൾക്കൊള്ളുന്നു. “സാക്ഷ്യത്തിന്റെ ഈ കൽപലകകൾ”, “പേടകത്തിൽ "വച്ചു സൂക്ഷിക്കാനുളളവയായിരുന്നു.
“പത്തു വാക്കുകൾ” പ്രഖ്യാപിക്കപ്പെട്ടത് ദൈവിക പ്രത്യക്ഷീകരണത്തിനിടയിലാണ്. (“കർത്താവു മലയിൽവച്ച് അഗ്നിയുടെ നടുവിൽ നിങ്ങളോടു മുഖാഭിമുഖം സംസാരിച്ചു.") ദൈവം തന്നെപ്പറ്റിത്തന്നെയും തന്റെ മഹത്ത്വത്തെപ്പറ്റിയും വെളിപ്പെടുത്തുന്നതിനെ സംബന്ധിച്ചുളളതാണവ. കൽപനകളാകുന്ന ദാനം ദൈവത്തിൻ്റെ തന്നെയും അവിടുത്തെ തിരുഹിതത്തിന്റെയും ദാനമാണ്. ദൈവം തൻ്റെ ഹിതം അറിയിക്കുന്നതിലൂടെ, തന്നെത്തന്നെ തൻ്റെ ജനത്തിനു വെളിപ്പെടുത്തുന്നു.
കൽപനകളുടെയും നിയമത്തിൻ്റെയും ദാനം ദൈവം തൻ്റെ ജനവുമായി മുദ്രവച്ച ഉടമ്പടിയുടെ ഭാഗമാണ്. പുറപ്പാടിൻ്റെ പുസ്തകത്തിൽ, ഉടമ്പടിയുടെ നിർദേശത്തിനും അതിന്റെ സമാപനത്തിനും ഇടയിൽ, കർത്താവു പറഞ്ഞതെല്ലാം ചെയ്യുന്നതിനും അത് അനുസരിക്കുന്നതിനും ജനം സ്വയം സമർപ്പിച്ചതിനുശേഷമാണ് “പത്തുവാക്കുകളുടെ” വെളിപ്പെടുത്തൽ നൽകപ്പെടുന്നത്. ആദ്യം ഉടമ്പടിയെപ്പറ്റി അനുസ്മരിപ്പിക്കാതെ ഒരിക്കലും പത്തുകൽപനകൾ കൈമാറ്റപ്പെടുന്നില്ല (“ഹോറെബിൽ വച്ചു നമ്മുടെ ദൈവമായ കർത്താവ് ഒരു ഉടമ്പടി ചെയ്തു.").
കൽപനകൾക്ക്, അവയുടെ പൂർണമായ അർഥം ലഭിക്കുന്നത് ഉടമ്പടിക്കുള്ളിലാണ്. വിശുദ്ധ ലിഖിതമനുസരിച്ചു മനുഷ്യൻ്റെ ധാർമികജീവിതത്തിന് അതിൻ്റെ മുഴുവൻ അർഥവും കൈവരുന്നത് ഉടമ്പടിയിലും ഉടമ്പടിയിലൂടെയുമാണ്. “പത്തു വാക്കുകളിൽ” ഒന്നാമത്തേത്, ദൈവത്തിനു തൻ്റെ ജനത്തോടുള്ള സ്നേഹത്തെ അനുസ്മരിപ്പിക്കുന്നു:
കൽപനകൾ നിഷ്കൃഷ്ടാർത്ഥത്തിൽ രണ്ടാംസ്ഥാനത്താണു വരുന്നത്; ദൈവത്തിന്റേതായിരിക്കാൻ വേണ്ടി ഉടമ്പടിയിലൂടെ സ്ഥാപിതമായ നിബന്ധനകളുടെ ആന്തരികാർഥങ്ങളെ അവ വെളിവാക്കുന്നു. ധാർമികമായ അസ്തിത്വം കർത്താവിന്റെ സ്‌നേഹപൂർണമായ മുൻകൈയെടുക്കലിനോടുള്ള പ്രത്യുത്തരമാണ്. ഇതു ദൈവത്തിനു നൽകപ്പെടുന്ന അംഗീകാരവും ആദരവും കൃതജ്ഞതയുടെ ആരാധനയുമാണ്. ദൈവം ചരിത്രത്തിൽ തുടരുന്ന പദ്ധതിയോടുള്ള സഹകരണമാണിത്.
ദൈവവും മനുഷ്യനും തമ്മിലുളള ഉടമ്പടിയെയും സംഭാഷണത്തെയും സാക്ഷ്യപ്പെടുത്തുന്ന ഒരു വസ്തുതയുണ്ട്. എല്ലാ കടമകളും പ്രഥമപുരുഷ പ്രതിസംജ്ഞയിൽ (“ഞാൻ കർത്താവാകുന്നു") പ്രസ്താവിക്കപ്പെടുകയും മറ്റൊരു വ്യക്തിയിലേക്കു (“നീ”) നയിക്കപ്പെടുകയും ചെയ്യുന്നു. ദൈവത്തിൻ്റെ എല്ലാ കൽപനകളിലും സ്വീകർത്താവിനെ ഏകവചന സർവനാമത്തിൽ നിർദേശിക്കുന്നു. ദൈവം തൻ്റെ ഹിതം ഓരോ വ്യക്തിയെയും പ്രത്യേകം പ്രത്യേകം എല്ലാവരെയും അറിയിക്കുന്നു;
പത്തു കൽപനകൾ സഭയുടെ പാരമ്പര്യത്തിൽ
വിശുദ്ധ ലിഖിതത്തോടുള്ള വിശ്വസ്തതയിലും യേശുവിൻ്റെ മാതൃകയ്ക്കനുസൃതമായും സഭയുടെ പാരമ്പര്യം, പത്തുകൽപനകളുടെ മൗലിക പ്രാധാന്യവും അർഥവും അംഗീകരിച്ചു.
ദൈവത്തോടും അയൽക്കാരനോടുമുള്ള സ്നേഹം നിർബന്ധമായി ആവശ്യപ്പെടുന്നവ പത്തുകൽപനകൾ പ്രഖ്യാപിക്കുന്നു. ആദ്യത്തേതു മൂന്നും ദൈവസ്നേഹത്തെയും മറ്റുളള ഏഴും അയൽക്കാരനോടുളള സ്നേഹത്തെയും സംബന്ധിക്കുന്നവയാണ്.
പത്തു കൽപനകൾ അനുസരിക്കാൻ ക്രൈസ്തവർക്കു കടമയുണ്ടെന്നും നീതീകരിക്കപ്പെട്ട മനുഷ്യനും അവ പാലിക്കാൻ ബാധ്യസ്ഥനാണെന്നും ത്രെന്തോസു സൂനഹദോസ് പഠിപ്പിക്കുന്നു. രണ്ടാംവത്തിക്കാൻ സൂനഹദോസ് അതു സ്ഥിരീകരിക്കുന്നു. “എല്ലാ മനുഷ്യരും വിശ്വാസം, മാമ്മോദീസ, കൽപനകളുടെ അനുസരണം എന്നിവയിലൂടെ രക്ഷ നേടേണ്ടതിന് എല്ലാ ജനതകളെയും പഠിപ്പിക്കാനും ഓരോ സൃഷ്ടിയോടും സുവിശേഷം പ്രസംഗിക്കാനും ഉള്ള ദൗത്യം അപ്പസ്തോലൻമാരുടെ പിൻഗാമികളായ മെത്രാൻമാർ കർത്താവിൽനിന്നു സ്വീകരിക്കുന്നു.
പത്തു കൽപനകളുടെ ഏകതാനത
പത്തുകലപനകൾ അവിഭാജ്യമായ ഒരു സാകല്യമാണ്. ഓരോ “വാക്കും” മറ്റുള്ള ഓരോന്നിനെയും അവ എല്ലാറ്റിനെയും പരാമർശിക്കുന്നു. അവ പരസ്പരം ഒന്നിനോടൊന്നു ബന്ധപ്പെട്ടു നില്ക്കുന്നു. രണ്ടു കൽപലകകൾ പരസ്പരം പ്രകാശം ചൊരിയുന്നു. അവ ഒരു ജൈവൈക്യമായി രൂപപ്പെടുന്നു. ഒരു കൽപനയുടെ ലംഘനം മറ്റുള്ള സകല കൽപനകളുടെയും ലംഘനത്തിനു തുല്യമാണ്." തൻ്റെ സ്രഷ്ടാവായ ദൈവത്തെ വാഴ്ത്താതെ ഒരുവനു മറ്റൊരു വ്യക്തിയെ ബഹുമാനിക്കാൻ കഴിയുകയില്ല. ദൈവത്തിൻ്റെ സൃഷ്ടികളായ എല്ലാ മനുഷ്യരെയും സ്നേഹിക്കാതെ ദൈവത്തെ ആരാധിക്കാൻ ഒരുവനു സാധ്യമല്ല. പത്തു കൽപനകൾ മനുഷ്യൻ്റെ ദൈവോൻമുഖവും സാമൂഹികവുമായ ജീവിതത്തെ സംയോജിപ്പിക്കുന്നു.
പത്തു കൽപനകളും പ്രകൃതിനിയമവും
പത്തു കൽപനകൾ ദൈവിക വെളിപാടിൻ്റെ ഭാഗമാണ്. അതേസമയം, അതു നമ്മെ മനുഷ്യൻ്റെ യഥാർഥ മാനുഷികതയെപ്പറ്റി പഠിപ്പിക്കുകയും ചെയ്യുന്നു. അവ മനുഷ്യവ്യക്തിയുടെ സത്താപരമായ കടമകളെയും അതിലൂടെ പരോക്ഷമായി, മനുഷ്യപ്രകൃതിയിൽ അന്തർലീനമായിരിക്കുന്ന മൗലികാവകാശങ്ങളെയും വെളിച്ചത്തു കൊണ്ടുവരുന്നു. സ്വാഭാവിക നിയമത്തിൻ്റെ, പ്രസ്പഷ്ടമായ ഒരു പ്രകാശനം പത്തു കൽപനകൾ ഉൾക്കൊള്ളുന്നു.
പത്തു കൽപനകളിലെ അനുശാസനങ്ങൾ, യുക്തിക്കുതന്നെ അഭിഗമ്യമാണെങ്കിലും, വെളിപ്പെടുത്തപ്പെട്ടവയാണ്. പ്രകൃതിനിയമത്തിൻ്റെ നിർബന്ധമായ നിബന്ധനകളെ സംബന്ധിച്ച പൂർണവും സുനിശ്ചിതവുമായ അറിവു നേടുവാൻ, പാപംനിറഞ്ഞ മനുഷ്യവർഗത്തിന് ഈ വെളിപാട് ആവശ്യമായിവരുന്നു.
പത്തു കൽപനകൾ ചുമത്തുന്ന കടമ
മനുഷ്യനു ദൈവത്തോടും അയൽക്കാരനോടുമുളള മൗലിക കടമകളെ വ്യക്തമാക്കുന്ന പത്തുകൽപനകൾ അവയുടെ ,മൗലികമായ ഉള്ളടക്കത്തിൽ, ഗൗരവവാഹമായ കടമകൾ വെളിപ്പെടുത്തുന്നു. അവ അടിസ്ഥാനപരമായി മാറ്റപ്പെടാനാവാത്തവയും എപ്പോഴും എല്ലായിടത്തും കടപ്പെടുത്തുന്നവയുമാണ്. ആരും അവയിൽ നിന്ന് ഒഴിവാക്കപ്പെടുന്നില്ല. പത്തുകൽപനകൾ മനുഷ്യഹൃദയത്തിൽ ദൈവത്താൽ എഴുതപ്പെട്ടിരിക്കുന്നു.
പ്രമാണങ്ങളോടുള്ള അനുസരണം പ്രകൃത്യാ ലഘുവായ കാര്യത്തിലുള്ള കടമകളെയും ഉൾക്കൊള്ളുന്നു. അങ്ങനെ, നിന്ദാപരമായ ഭാഷ അഞ്ചാം പ്രമാണത്താൽ നിരോധിക്കപ്പെട്ടിരിക്കുന്നു. എന്നാൽ അതു സാഹചര്യങ്ങളുടെയോ കുറ്റക്കാരൻ്റെ ഉദ്ദേശ്യത്തിൻ്റെയോ ഫലമായി മാത്രമേ ഗൗരവപൂർണമായ ലംഘനമായിത്തീരുകയുള്ളൂ.
“എന്നെക്കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ല.”
യേശുപറയുന്നു; “ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ ശാഖകളുമാണ്. ആര് എന്നിലും ഞാൻ അവനിലും വസിക്കുന്നുവോ അവൻ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെക്കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ല. "ഈ പ്രസ്താവനയിൽ പരാമർശിക്കുന്ന ഫലം ക്രിസ്തുവിനോടുള്ള ഐക്യത്തിലൂടെ സഫലമായിത്തീരുന്ന ജീവിതത്തിൻ്റെ വിശുദ്ധിയാണ്. നാം യേശുക്രിസ്തുവിൽ വിശ്വസിക്കുകയും, അവിടുത്തെ രഹസ്യങ്ങളിൽ പങ്കുകൊള്ളുകയും അവിടുത്തെ കൽപനകൾ പാലിക്കുകയും ചെയ്യുമ്പോൾ രക്ഷകനായ അവിടുന്നുതന്നെ, നമ്മിൽ, തൻ്റെ പിതാവിനെയും തൻ്റെ സഹോദരങ്ങളെയും, നമ്മുടെ പിതാവിനെയും നമ്മുടെ സഹോദരങ്ങളെയും, സ്നേഹിക്കാൻ അടുത്തുവരുന്നു അവിടുത്തെ വ്യക്തിത്വം പരിശുദ്ധാത്മാവിലൂടെ നമ്മുടെ പ്രവർത്തനത്തിന്റെ സജീവവും ആന്തരികവുമായ നിയമമായിത്തീരുന്നു. “ഇതാണ് എൻ്റെ കൽപന: ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം.
സംഗ്രഹം
“നിത്യജീവൻ സ്വന്തമാക്കാൻ ഞാൻ എന്തു നന്മയാണു ചെയ്യേണ്ടത്” “ജീവനിലേക്കു പ്രവേശിക്കാൻ നീ ആഗ്രഹിക്കുന്നെങ്കിൽ കൽപനകൾ പാലിക്കുക” (മത്താ 19:16-17).
യേശു തൻ്റെ ജീവിതവും പ്രഘോഷണവും വഴി പത്തു കൽപനകളുടെ ശാശ്വതത്വത്തിന് സാക്ഷ്യം നൽകി.
പത്തു കല്പനകളാകുന്ന ദാനം ദൈവം തൻ്റെ ജനത്തോടു ചെയ്ത ഉടമ്പടിയിലാണ് നൽകപ്പെട്ടത്. ദൈവത്തിൻ്റെ കല്പനകൾ അവയുടെ ശരിയായ അർഥം സ്വീകരിക്കുന്നത് ഈ ഉടമ്പടിയിലും ഈ ഉടമ്പടിയിലൂടെയുമാണ്.
വിശുദ്ധ ലിഖിതത്തോടുള്ള വിശ്വസ്തതയിലും യേശുവിൻ്റെ മാതൃകയനുസരിച്ചും സഭയുടെ പാരമ്പര്യം പത്തുകൽപനകളുടെ മൗലിക പ്രാധാന്യവും അർഥവും അംഗീകരിച്ചു.
പത്തു കൽപനകൾ ഒരു ജൈവൈക്യമായി തീർന്നു. അതിൽ ഓരോ “വാക്കും " അഥവാ “കൽപ്പന "യും മറ്റുള്ളവയെ ആകമാനം പരാമർശിക്കുന്നു. ഒരു കൽപന ലംഘിക്കുക എന്നതിൻ്റെ അർഥം മുഴുവൻ നിയമവും ലംഘിക്കുക എന്നാണ് (Cf . യാക്കോ 2 : 10-11).
പത്തു കൽപ്പനകൾ സ്വാഭാവികനിയമത്തിൻ്റെ പ്രസ്പഷ്ടമായ പ്രകാശനം ഉൾക്കൊള്ളുന്നു. ദൈവിക വെളിപാടുവഴിയും മാനുഷിക യുക്തിവഴിയും ആ കല്പനകൾ നമ്മെ അറിയിച്ചിരിക്കുന്നു.
പത്തു കൽപ്പനകൾ അവയുടെ മൗലികമായ ഉള്ളടക്കത്തിൽ കടമകൾ പ്രഖ്യാപിക്കുന്നു. എന്നാലും ഈ കല്പനകളുടെ അനുസരണം പ്രകൃത്യാ ലഘുവായ കാര്യത്തിലുള്ള കടമകളെയും ഉൾക്കൊള്ളുന്നു.
ദൈവം കൽപിക്കുന്നത് തൻ്റെ കൃപാവരത്താൽ സാധ്യമാക്കുന്നു.
പത്തുകൽപനകൾ പുറപ്പാട് 20 : 2-17 “ഗുരോ ... ഞാൻ എന്തുചെയ്യുണം?” പത്തു കൽപനകളുടെ ഏകതാനത പത്തു കൽപനകൾ ചുമത്തുന്ന കടമ “എന്നെക്കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ല.” Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



