We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 21-Jul-2022
വകുപ്പ് 7
ഏഴാം കൽപ്പന
ഒരുവന്‍ തന്‍റെ അയല്‍ക്കാരന്‍റെ വസ്തുക്കള്‍ അന്യായമായി എടുക്കുകയോ പിടിച്ചുവയ്ക്കുകയോ ചെയ്യുന്നതും, അവന്‍റെ വസ്തുക്കള്‍ക്ക് എന്തെങ്കിലുംവിധത്തില്‍ ദ്രോഹംചെയ്യുന്നതും ഏഴാം കല്‍പന വിലക്കുന്നു. ഭൗമിക വസ്തുക്കളുടെയും മനുഷ്യരുടെ അദ്ധ്വാനഫലങ്ങളുടെയും സംരക്ഷണത്തില്‍ നീതിയും ഉപവിയും പുലര്‍ത്തണമെന്ന് ഇതു കല്‍പിക്കുന്നു. പൊതുനന്മയ്ക്കുവേണ്ടി, വസ്തുക്കളുടെ സാര്‍വത്രിക ലക്ഷ്യത്തെ ആദരിക്കാനും സ്വകാര്യസ്വത്തിനുള്ള അവകാശത്തെ മാനിക്കാനും ഇത് ആവശ്യപ്പെടുന്നു. ഈ ലോകത്തിലെ വസ്തുക്കളെ ദൈവത്തിലേക്കും സഹോദര സ്നേഹത്തിലേക്കും നയിക്കാന്‍ ക്രൈസ്തവജീവിതം പരിശ്രമിക്കുന്നു.
I. വസ്തുക്കളുടെ സാര്‍വത്രിക ലക്ഷ്യവും സ്വകാര്യസ്വത്തവകാശവും
ആരംഭത്തില്‍ ഭൂമിയെയും അതിന്‍റെ വിഭവങ്ങളെയും, അവയെ പരിരക്ഷിക്കാനും അദ്ധ്വാനംവഴി അവയുടെമേല്‍ ആധിപത്യം പൂലര്‍ത്താനും, അവയുടെ ഫലങ്ങള്‍ ആസ്വദിക്കാനുംവേണ്ടി മനുഷ്യവംശത്തിന്‍റെ പൊതുകാര്യസ്ഥതയ്ക്കു ദൈവം ഭരമേല്‍പിച്ചു. സൃഷ്ടവസ്തുക്കള്‍ മനുഷ്യകുലത്തിനു മുഴുവനുമായി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളവയാണ്. എന്നിരുന്നാലും, ഭൂമി മനുഷ്യരുടെയിടയില്‍ ദാരിദ്ര്യത്തിന്‍റെ അപകടത്തിനും അക്രമത്തിന്‍റെ ഭീഷണിക്കും ഇരയാക്കപ്പെട്ടവരുടെ ജീവിതങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുവേണ്ടി, ഭൂമി മനുഷ്യര്‍ക്കിടയില്‍ വിളിക്കപ്പെട്ടിരിക്കുന്നു. വ്യക്തികളുടെ സ്വാതന്ത്ര്യവും മാഹാത്മ്യവും ഉറപ്പുവരുത്തുന്നതിനും ഓരോരുത്തനെയും അവന്‍റെ മൗലികാവശ്യങ്ങളെയും അവന്‍റെ കീഴിലുള്ളവരുടെ ആവശ്യങ്ങളെയും നിറവേറ്റാന്‍ സഹായിക്കുന്നതിനും വസ്തുക്കള്‍ സ്വന്തമാക്കുന്നതു നിയമാനുസ്യതമാണ്. മനുഷ്യരുടെയിടയില്‍ ഒരു സ്വാഭാവിക സഹാനുഭാവം പ്രകടമാകുന്നതിന് അത് അനുവദിക്കണം.
ന്യായമായി നേടിയതോ സ്വീകരിച്ചുതോ ആയ സ്വകാര്യ സ്വത്തിനുളൂള അവകാശം, മനുഷ്യവംശത്തിനു മുഴുവനുമായുള്ള ഭൂമിയുടെ ആദിമദാനത്തെ ഇല്ലായ്മ ചെയ്യുന്നില്ല. പൊതുനന്‍മയുടെ വളര്‍ച്ചയ്ക്ക് സ്വകാര്യസ്വത്തവകാശത്തെയും അതിന്‍റെ വിനിയോഗത്തെയും മാനിക്കുക ആവശ്യമാണെങ്കിലും, വസ്തുക്കളുടെ സാർവത്രികലക്ഷ്യം ആദിമരൂപത്തില്‍ത്തന്നെ നിലനില്ക്കുന്നു.
വസ്തുക്കളുടെ ഉപയോഗത്തില്‍, മനുഷ്യന്‍ നിയമാനുസൃതമായി സ്വന്തമാക്കിയിട്ടുള്ള ബാഹ്യവസ്തുക്കളെ തന്‍റെതുമാത്രമായി കരുതാന്‍ പാടില്ല, പിന്നെയോ തനിക്കും മറ്റുള്ളവര്‍ക്കും അവയില്‍നിന്ന് ഉപകാരം ലഭിക്കണം എന്ന അര്‍ഥത്തില്‍ അവര്‍ക്കുകൂടി ഉളളവയായി കരുതണം. ഏതൊരു വസ്തുവിന്‍റെയും ഉടമസ്ഥത, അതിന്‍റെ ഉടമസ്ഥനെ ദൈവപരിപാലനയുടെ കാര്യസ്ഥനാക്കിത്തീര്‍ക്കുന്നു; അതു ഫലമണിയിക്കാനും അതിന്‍റെ ഉപനന്‍മകളെ, മറ്റുള്ളവര്‍ക്ക്, ആദ്യം തന്‍റെ സമീപസ്ഥര്‍ക്ക് കൈമാറാനുമുള്ള ദൗത്യത്തോടെയാണ് അത്.
സ്വത്തിനുള്ള അവകാശത്തിന്‍റെ നിയമാനുസൃതമായ വിനിയോഗത്തെ പൊതുനന്‍മയ്ക്കുവേണ്ടി നിയന്ത്രിക്കാന്‍ രാഷ്രട്രാധികാരത്തിന് അവകാശവും ചുമതലയുമുണ്ട്.
II. വ്യക്തികളോടും അവരുടെ വസ്തുക്കളോടുമുള്ള ആദരവ്
സാമ്പത്തിക കാര്യങ്ങളെ സംബന്ധിച്ചിടത്തോളം, ഈ ലോകത്തിന്‍റെ വസ്തുക്കളോടുള്ള പ്രതിപത്തി നിയന്ത്രിക്കുന്നതിന് സംയമനം എന്ന സുകൃതത്തിന്‍റെ അഭ്യസനം വേണമെന്നു മനുഷ്യമാഹാത്മ്യത്തോടുള്ള ആദരവ് ആവശ്യപ്പെടുന്നു; അയല്‍ക്കാരന്‍റെ അവകാശങ്ങളെ സംരക്ഷിക്കാനും അവനവന് അര്‍ഹതപ്പെട്ടതു നല്‍കാനും നീതി എന്ന സുകൃതത്തിന്‍റെ അഭ്യസനവും അത് ആവശ്യപ്പെടുന്നു. സുവര്‍ണ നിയമമനുസരിച്ചും, തന്‍റെ ദാരിദ്യത്താല്‍ നമ്മള്‍ സമ്പന്നരാകാന്‍വേണ്ടി, സമ്പന്നനായിരുന്നിട്ടും നമുക്കുവേണ്ടി ദരിദ്രനായിത്തീര്‍ന്ന കര്‍ത്താവിന്‍റെ ഔദാര്യത്തിനനുസൃതമായി സഹാനുഭാവം എന്ന സുകൃതത്തിന്‍റെ അഭ്യസനവും അത് ആവശ്യപ്പെടുന്നു.
അന്യരുടെ വസ്തുക്കളോടുള്ള ആദരവ്
ഏഴാം കല്‍പന മോഷണത്തെ, അതായത് ഒരു വസ്തു അതിന്‍റെ ഉടമയുടെ യുക്തിസഹമായ ഹിതത്തിനെതിരേ നിയമവിരുദ്ധമായി പിടിച്ചെടുക്കുക എന്ന പ്രവൃത്തിയെ, നിരോധിക്കുന്നു. ഉടമസ്ഥന്‍റെ സമ്മതമുണ്ടെന്ന് അനുമാനിക്കാമെങ്കില്‍, അല്ലെങ്കില്‍ അയാളുടെ നിഷേധം യുക്തിക്കും വസ്തുക്കളുടെ സാര്‍വത്രിക ലക്ഷ്യത്തിനും എതിരാണെങ്കില്‍ അത് മോഷണമാവുകയില്ല. അത്യന്താപേക്ഷിതമായ ആവശ്യങ്ങള്‍ (ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം) നിറവേറ്റാനുള്ള ഏക മാര്‍ഗമായി മറ്റുള്ളവരുടെ വസ്തു കൈവശപ്പെടുത്തി ഉപയോഗിക്കേണ്ടിവരുന്ന സുവ്യക്തവും അടിയന്തിരസ്വഭാവമുള്ളതുമായ സന്ദര്‍ഭങ്ങളിലാണ് ഇത്.
മറ്റുള്ളവരുടെ വസ്തു അന്യായമായി എടുക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നത്, രാഷ്ട്രനിയമത്തിന്‍റെ ചട്ടങ്ങള്‍ക്ക് എതിരല്ലെങ്കില്‍പ്പോലും, ഏഴാംപ്രമാണത്തിനു വിരുദ്ധമായ പ്രവൃത്തിയാണ്. അങ്ങനെ കടംവാങ്ങിയതോ കളഞ്ഞുകിട്ടിയതോ ആയ വസ്തുക്കളെ മന:പൂര്‍വം സൂക്ഷിക്കുന്നതും വ്യാപാരപരമായ വഞ്ചന നടത്തുന്നതും നീതിക്കു നിരക്കാത്ത കൂലികള്‍ കൊടുക്കുന്നതും അന്യന്റെ അജ്ഞതയോ ക്‌ളേശമോ മുതലെടുത്തുകൊണ്ട് വിലകൂട്ടുന്നതും ഏഴാം പ്രമാണത്തിനു വിരുദ്ധമാണ്."
വാഗ്ദാനങ്ങളും ഉടമ്പടികളും, അവയില്‍ അടങ്ങിയിരിക്കുന്ന പ്രതിജ്ഞാബദ്ധതകള്‍, ധാര്‍മികമായി നീതിയുക്തമായിരിക്കുന്നിടത്തോളം, കര്‍ശനമായി പാലിക്കപ്പെടണം. മനുഷ്യവ്യക്തികളോ ധാര്‍മ്മിക വ്യക്തികളോ തമ്മില്‍ നടത്തുന്ന ഉടമ്പടികളെ - ഉദാ: ക്രയവിക്രിയ സംബന്ധമായ വ്യാപാര ഉടമ്പടികള്‍ വാടകപരമോ തൊഴില്‍ പരമോ ആയ ഉടമ്പടികള്‍ - മാനിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. സാമ്പത്തികവും സാമൂഹികവുമായ ജീവിതത്തിന്‍റെ വലിയൊരു ഭാഗം എല്ലാ ഉടമ്പടികളും ഉത്തമവിശ്വാസത്തില്‍ നടത്തുകയും നിറവേറ്റുകയും വേണം.
വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അവകാശങ്ങളെ കര്‍ശനമായി ആദരിച്ചുകൊണ്ട് അവര്‍ തമ്മില്‍ നടത്തുന്ന വിനിമയങ്ങളെ നിയന്ത്രിക്കുന്ന ഉടമ്പടികള്‍ വിനിമയ നീതിക്കു വിധേയമാണ്. വിനിമയ നീതി കാര്‍ക്കശ്യമായ കടമകള്‍ ഉള്‍ക്കൊള്ളുന്നു. അതു വസ്തുസംബന്ധമായ അവകാശങ്ങളെ സംരക്ഷിക്കാനും കടങ്ങള്‍ വീട്ടാനും സ്വതന്ത്രമായി ചെയ്ത ഉടമ്പടികളുടെ കടമകളെ നിറവേറ്റാനും ആവശ്യപ്പെടുന്നു. വിനിമയനീതിയില്ലാതെ നീതിയുടെ മറ്റാെരു രൂപവും സാധ്യമല്ല.
ചെയ്ത അനീതിക്ക് വിനിമയ നീതിപ്രകാരം പരിഹാരം ചെയ്യണമെന്ന വസ്തുത മോഷ്ടിക്കപ്പെട്ട വസ്തുക്കളെ അവയുടെ ഉടമസ്ഥനു തിരിച്ചുകൊടുക്കാന്‍ നിഷ്കര്‍ഷിക്കുന്നു.
ഏതെങ്കിലും കാരണത്താൽ അന്ധമായ സ്വാർത്ഥ സ്നേഹപരമോ പ്രത്യയശാസ്ത്രപരമോ, വാണിജ്യപരമോ സ്വേഛാധിപത്യപരമോ ആയ ഏതെങ്കിലും കാരണത്താല്‍ - മനുഷ്യജിവികളെ അവരുടെ വ്യക്തിമാഹാത്മ്യത്തെ അവഗണിച്ച്, അടിമത്തത്തിലേക്കു നയിക്കുന്ന, അവരെ വാങ്ങുകയോ വില്‍ക്കുകയോ കൈമാറുകയോ ചെയ്യുന്ന പ്രവൃത്തികളെയും സംരംഭങ്ങളെയും ഏഴാം കല്‍പന നിരോധിക്കുന്നു. വ്യക്തികളെ ബലംപ്രയോഗിച്ചു തങ്ങളുടെ ഉത്പാദനപരമായ മൂല്യമാക്കി, അല്ലെങ്കില്‍ ഒരു ലാഭസ്രോതസ്സാക്കി ചുരുക്കുന്നത്, വ്യക്തികളുടെ മാഹാത്മ്യത്തിനും അവരുടെ മാലികാവകാശങ്ങള്‍ക്കും എതിരായ പാപമാണ്. വിശുദ്ധ പൗലോസ് ഒരു ക്രൈസ്തവ യജമാനനോട് അയാളുടെ ക്രൈസ്തവ അടിമയെ “ഇനി ഒരു ദാസനായിട്ടല്ല... ശരീരത്തിലും കര്‍ത്താവിലും ഒരു പ്രേഷ്ഠ സഹോദരനായി പരിഗണിച്ച് “അവനോടു പെരുമാറുവാന്‍ നിര്‍ദേശിക്കുന്നു."
സൃഷ്ടിയുടെ സമഗ്രതയോടുള്ള ആദരവ്
സൃഷ്ടിയുടെ സമഗ്രതയോട് ആദരവുണ്ടായിരിക്കണമെന്ന് ഏഴാം കല്‍പന ആവശ്യപ്പെടുന്നു. മൃഗങ്ങളും സസ്യങ്ങളും അചേതനവസ്തുക്കളും ഭൂതകാലത്തിലെയും വര്‍ത്തമാനകാലത്തിലെയും ഭാവികാലത്തിലെയും മനുഷ്യവര്‍ഗത്തിന്റെ പൊതു നന്‍മയ്ക്കുവേണ്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ളവയാണ്." പ്രപഞ്ചത്തിലെ ധാതുസസ്യ മൃഗസമ്പത്തുകളുടെ ഉപയോഗത്തില്‍ ധാര്‍മിക കല്‍പനകളോടുള്ള ആദരവ് ഒഴിവാക്കാനാവുകയില്ല. സ്രഷ്ടാവ് ചരാചരവസ്തുക്കളുടെമേല്‍ മനുഷ്യനു നല്‍കിയ ആധിപത്യം പരമമല്ല. വരുംതലമുറകള്‍ ഉള്‍പ്പെടെയുള്ള അയല്‍ക്കാരന്റെ ജീവിത മേന്‍മയോടുള്ള താത്പര്യം അതിനു പരിധി കല്പിക്കുന്നു; അത് സൃഷ്ടിയുടെ സമഗ്രതയോടു മതാത്മകമായ ആദരവ് ആവശ്യപ്പെടുന്നു.
മൃഗങ്ങള്‍ ദൈവത്തിന്റെ സൃഷ്ടികളാണ്. അവിടുന്ന് അവയെ തന്‍റെ പരിപാലനാപരമായ ശ്രദ്ധയാല്‍ സംരക്ഷിക്കുന്നു. അവ തങ്ങളുടെ അസ്തിത്വംകൊണ്ടു തന്നെ അവിടുത്തെ സ്തുതിക്കുകയും മഹത്ത്വപ്പെടുത്തുകയും ചെയ്യുന്നു. മനുഷ്യന്‍ അവയോടു കാരുണ്യംകാണിക്കാന്‍ കടപ്പെട്ടിരിക്കുന്നു. വിശുദ്ധ ഫ്രാന്‍സീസ് അസീസി, വിശുദ്ധ ഫിലിപ്പുനേരി മുതലായവര്‍ മൃഗങ്ങളോടു പെരുമാറുന്നതില്‍ കാണിച്ച പരിഗണന നാം അനുസ്മരിക്കണം.
ദൈവം തന്‍റെ ഛായയില്‍ സൃഷ്ടിച്ചവരുടെ കാര്യസ്ഥതയ്ക്കു മൃഗങ്ങളെ ഭരമേല്‍പിച്ചു. "തന്‍മൂലം മൃഗങ്ങളെ ഭക്ഷണത്തിനും വസ്ത്രത്തിനുമായി ഉപയോഗിക്കുന്നതു നിയമാനുസൃതമാണ്. മനുഷ്യന്‍ അദ്ധ്വാനത്തിലും വിശ്രമത്തിലും സഹായമാകുന്നതിനുവേണ്ടി അവയെ മെരുക്കിയെടുക്കാം. മൃഗങ്ങളുടെമേല്‍ നടത്തുന്ന ചികിത്സാപരവും ശാസ്ത്രീയവുമായ പരീക്ഷണങ്ങള്‍ അവ യുക്തിക്കുചേര്‍ന്ന പരിധികള്‍ സൂക്ഷിക്കുകയും മനുഷ്യജീവിതങ്ങളെ പരിപാലിക്കാനോ രക്ഷിക്കാനോ സംഭാവന നല്‍കുകയും ചെയ്യുന്നുവെങ്കില്‍, ധാര്‍മ്മികമായി സ്വീകാര്യമായ പ്രവൃത്തികളാണ്.
മൃഗങ്ങള്‍ക്ക് അനാവശ്യമായി സഹനമോ മരണമോ ഉണ്ടാക്കുന്നതു മനുഷ്യ മാഹാത്മൃത്തിനു വിരുദ്ധമായ പ്രവൃത്തിയാണ്. മാനുഷികദുരിതാശ്വാസത്തിനുവേണ്ടി ചെലവഴിക്കേണ്ട തുകകള്‍ മൃഗങ്ങള്‍ക്കുവേണ്ടി ചെലവഴിക്കുന്നതും അതുപോലെ തന്നെ അയോഗ്യമായ പ്രവൃത്തിയാണ്. മൃഗങ്ങളെ സ്‌നേഹിക്കാം. എന്നാല്‍, മനുഷ്യ വ്യക്തികള്‍ക്കുമാത്രം അവകാശപ്പെട്ട വാല്‍സല്യം അവരിലേക്കു തിരിക്കരുത്.
III. സഭയുടെ സാമുഹിക പ്രബോധനം
“ക്രൈസ്തവവെളിപാട്... സാമൂഹികജീവിതത്തിന്‍റെ നിയമങ്ങളുടെ കൂടുതല്‍ ശ്രേഷ്ഠമായ അറിവിലേക്കു നമ്മെ നയിക്കുന്നു." മനുഷ്യനെക്കുറിച്ചുള്ള സത്യത്തിന്‍റെ പൂര്‍ണമായ വെളിപാടു സഭ സുവിശേഷങ്ങളില്‍നിന്നു സ്വീകരിക്കുന്നു. സുവിശേഷം പ്രഘോഷിക്കാനുളള തന്‍റെ കടമ നിര്‍വഹിക്കുമ്പോള്‍ അവള്‍ ക്രിസ്തുവിന്‍റെ നാമത്തില്‍ മനുഷ്യനും അവന്‍റെ മാഹാത്മൃത്തിനും വ്യക്തികള്‍ തമ്മിലുള്ള സംസര്‍ഗത്തിലേക്കുള്ള അവന്‍റെ വിളിക്കും സാക്ഷ്യം നല്‍കുന്നു. ദൈവികജ്ഞാനത്തിനനുസൃതമായി നീതിയുടെയും സമാധാനത്തിന്‍റെയും ആവശ്യങ്ങള്‍ അവള്‍ അവനെ പഠിപ്പിക്കുന്നു.
“വ്യക്തിയുടെ മൗലികാവകാശങ്ങള്‍ക്കോ ആത്മാക്കളുടെ രക്ഷയ്ക്കോ ആവശ്യമായി വരുമ്പോള്‍ സഭ സാമ്പത്തികവും സാമൂഹികവുമായ കാര്യങ്ങളെ സംബന്ധിച്ചു ധാര്‍മിക വിധിനിര്‍ണയം നടത്തുന്നു. ധാര്‍മികക്രമത്തില്‍ രാഷ്ട്രീയാധികാരികളുടേതില്‍നിന്നു വ്യത്യസ്തമായ ഒരു ദൗത്യത്തോടെയാണ് സഭ പ്രവര്‍ത്തിക്കുന്നത്. പൊതുനന്‍മയുടെ കാലികവശങ്ങളില്‍ സഭയ്ക്കു താത്പര്യമുണ്ട്. കാരണം, അവ നമ്മുടെ ആത്യന്തികലക്ഷ്യമായ പരമനന്‍മയിലേക്കു നയിക്കുന്നവയാണ്. ഭൗതിക വസ്തുക്കളെ സംബന്ധിച്ചു, സാമൂഹിക-സാമ്പത്തിക ബന്ധങ്ങളിലും ശരിയായ മനോഭാവങ്ങള്‍ സൃഷ്ടിക്കുവാന്‍ അവള്‍ പരിശ്രമിക്കുന്നു.
സഭയുടെ സാമൂഹിക പ്രബോധനം പരിശുദ്ധാത്മാവിന്‍റെ സഹായത്തോടെ, യേശുക്രിസ്തുവിലൂടെയുള്ള വെളിപാടിന്‍റെ വെളിച്ചത്തില്‍, ചരിത്രഗതിയിലുള്ള സംഭവങ്ങളെ വ്യാഖ്യാനിച്ചുകൊണ്ടുള്ള സഭാപഠനങ്ങളുടെ സംഗതിയാണ്. ഈ പ്രബോധനം വിശ്വാസികളുടെ ജീവിതരീതിയെ എത്രയധികം സ്വാധീനിക്കുന്നുവോ അത്രയധികം അത് സന്‍മനസ്സുള്ള മനുഷ്യരാല്‍ അംഗീകരിക്കപ്പെടും. സഭയുടെ സാമൂഹിക പ്രബോധനം പരിചിന്തനത്തിനുള്ള തത്വങ്ങള്‍ നിര്‍ദേശിക്കുകയും വിധിത്തീര്‍പ്പിനുളള മാനദണ്‍ഡങ്ങള്‍ ആവിഷ്കരിക്കുകയും പ്രവര്‍ത്തനത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
IV. സാമ്പത്തിക പ്രവര്‍ത്തനവും സാമൂഹികനീതിയും
ഉത്പാദനത്തില്‍ സാമ്പത്തികപ്രവര്‍ത്തനത്തിന്‍റെ വികസനവും വളര്‍ച്ചയും മനുഷ്യജീവികളുടെ ആവശ്യങ്ങള്‍ നിറവേറ്റുക എന്ന ലക്ഷ്യംവച്ചുള്ളതാണ്. ഉത്പന്നങ്ങള്‍ വര്‍ധിപ്പിക്കാനോ, ലാഭമോ അധികാരമോ വിപുലമാക്കാനോ മാത്രം ഉദ്ദേശിച്ചുളളതല്ല സാമ്പത്തികജീവിതം. അത് പ്രധാനമായും വ്യക്തികളുടെയും സമ്പൂര്‍ണമനുഷ്യന്‍റെയും മനുഷ്യസമൂഹം മുഴുവന്ന്‍റെയും സേവനത്തിനുവേണ്ടിയുള്ളതാണ്. സാമ്പത്തികപ്രവര്‍ത്തനം അതിന്‍റെ ശരിയായ മാര്‍ഗങ്ങളനുസരിച്ചു ധാര്‍മിക ക്രമത്തിന്‍റെ പരിധിക്കുള്ളിലും മനുഷ്യനെ സംബന്ധിച്ചു ദൈവത്തിനുള്ള പദ്ധതിയോട് ഒത്തുപോകുംവിധം സാമൂഹികനീതിക്കനുസൃതമായും നിര്‍വഹിക്കപ്പെടണം.
ദൈവഛായയില്‍ സൃഷ്ടിക്കപ്പെട്ടവരും, ഭൂമിയെ കീഴടക്കി, പരസ്പരസഹകരണത്തോടെ, പരസ്പരോപകാരത്തിനായി, സൃഷ്ടികര്‍മം തുടരാന്‍ വിളിക്കപ്പെട്ടവരുമായ വ്യക്തികളില്‍നിന്നു മാനുഷികയത്നം നേരിട്ടു പുറപ്പെടുന്നു. അതുകൊണ്ട് തൊഴില്‍ ഒരു കടമയാണ്. “അധ്വാനിക്കാന്‍ മനസ്സില്ലാത്തവന്‍ ഭക്ഷിക്കാതിരിക്കട്ടെ. സ്രഷ്ടാവില്‍നിന്നു സ്വീകരിച്ച ദാനങ്ങളെയും കഴിവുകളെയും തൊഴില്‍ ആദരിക്കുന്നു. അത് രക്ഷാകരവുമാകാം. നസ്രത്തിലെ തച്ചനും കാല്‍വരിയില്‍ ക്രൂശിക്കപ്പെട്ടവനുമായ യേശുവിനോടുള്ള ഐകൃത്തില്‍, അദ്ധ്വാനത്തിന്‍റെ ക്ലേശം സഹിച്ചുകൊണ്ട്," മനുഷ്യന്‍ സവിശേഷരീതിയില്‍ ദൈവപുത്രനോടു രക്ഷാകരജോലിയില്‍ സഹകരിക്കുകയാണ്. താന്‍ ചെയ്യാന്‍ വിളിക്കപ്പെട്ടിട്ടുള്ള ജോലിയിൽ, അനുദിനം കുരിശുവഹിച്ചുകൊണ്ട് അവന്‍ ക്രിസ്തുവിന്‍റെ ശിഷ്യനാണെന്നു തെളിയിക്കുന്നു. വിശുദ്ധീകരണത്തിന്‍റെ ഒരു ഉപാധിയും ഭൗതികവസ്തുക്കളെ ക്രിസ്തുവിന്റെ ആത്മാവിനാല്‍ ചൈതന്യവത്കരിക്കുന്നതിനുള്ള ഒരു മാര്‍ഗവും ആയിത്തീരുവാന്‍ തൊഴിലിനു കഴിയും. വ്യക്തി തന്‍റെ പ്രകൃതിയില്‍ നിക്ഷിപ്തമായിരിക്കുന്ന കഴിവുകളുടെ ഒരു ഭാഗം തൊഴിലില്‍ വിനിയോഗിക്കുകയും പൂര്‍ത്തിയാക്കുകയും ചെയ്യുന്നു. തൊഴിലിന്‍റെ പ്രാഥമികമൂല്യം അതിന്റെ കര്‍ത്താവും ഗുണഭോക്താവുമായ മനുഷ്യനില്‍നിന്നു തന്നെ പുറപ്പെടുന്നു. തൊഴില്‍ മനുഷ്യനുവേണ്ടിയാണ്, മനുഷ്യന്‍ തൊഴിലിനുവേണ്ടിയല്ല. തനിക്കും തന്‍റെ കുടുംബത്തിനും ജീവിക്കാനും മനുഷ്യസമൂഹത്തെ സേവിക്കാനും വേണ്ടവ തൊഴിലില്‍നിന്ന് നേടുവാന്‍ ഓരോരുത്തനും സാധിക്കണം.
സാമ്പത്തിക സംരംഭത്തിനുള്ള അവകാശം ഓരോരുത്തനുമുണ്ട്. എല്ലാവര്‍ക്കും ഉപകാരം ലഭിക്കുന്ന സമൃദ്ധിക്കുവേണ്ടിയും തന്‍റെ അദ്ധ്വാനത്തിന്റെ നീതിയുക്തമായ ഫലങ്ങള്‍ ശേഖരിക്കുന്നതിനുവേണ്ടിയും ഓരോരുത്തനും തന്‍റെ കഴിവുകള്‍ നിയമാനുസൃതം ഉപയോഗിക്കണം. പൊതുനന്‍മയ്ക്കുവേണ്ടി നിയമാനുസൃതമായി അധികാരികള്‍ പുറപ്പെടുവിക്കുന്ന നിയമങ്ങള്‍ അനുസരിക്കാന്‍ അയാള്‍ ശ്രദ്ധിക്കണം.
സാമ്പത്തിക ജീവിതം വിവിധ താത്പര്യങ്ങളെ, പലപ്പോഴും പരസ്പര വിരുദ്ധമായവയെ, ഉണര്‍ത്തുന്നു. ഇവിടെ സ്വാഭാവികമായി സംഘട്ടനങ്ങള്‍ ഉണ്ടാകുന്നത് എന്തു കൊണ്ടാണെന്ന് ഇതു വ്യക്തമാക്കുന്നു. ഈ സംഘട്ടനങ്ങളെ കുറയ്ക്കുന്നതിന് ഓരോ സാമൂഹിക പങ്കാളിയുടെയും അവകാശങ്ങളെയും കടമകളെയും ആദരിക്കുന്ന കൂടിയാലോചനയിലൂടെ പരിശ്രമിക്കണം. വ്യാപാരപരമായ സംരംഭത്തിന് ഉത്തരവാദിത്വമുളളവര്‍, തൊഴിലാളികളുടെ പ്രതിനിധികള്‍ - ഉദാഹരണമായി, തൊഴില്‍ സംഘടനകള്‍ - ഉചിതസന്ദര്‍ഭങ്ങളില്‍ പൊതു അധികാരികള്‍ എന്നിവരാണ് മേല്‍പ്പറഞ്ഞ സാമൂഹികപങ്കാളികള്‍.
രാഷ്ട്രത്തിന്‍റെ ഉത്തരവാദിത്വം. “സാമ്പത്തിക പ്രവര്‍ത്തനം, പ്രത്യേകിച്ച് കമ്പോളാധിഷ്ഠിതമായ സാമ്പത്തിക വ്യവസ്ഥയുടെ പ്രവര്‍ത്തനം, സ്ഥാപനപരമോ രാഷ്ട്രപരമോ ആയ നിയമവ്യവസ്ഥകള്‍ ഇല്ലാതെ നടത്തുവാന്‍ സാധ്യമല്ല. പക്ഷേ, വ്യക്തിപരമായ സ്വാതന്ത്ര്യത്തിന്‍റെയും സ്വകാര്യസ്വത്തിന്‍റെയും സുനിശ്ചിതത്വവും ഉറപ്പുള്ള നാണ്യവ്യവസ്ഥയും കാര്യക്ഷമമായ പൊതു സേവനങ്ങളും മുന്‍വ്യവസ്ഥ എന്ന നിലയില്‍ ഉണ്ടായിരിക്കണം. അതുകൊണ്ട് അദ്ധ്വാനിക്കുന്നവര്‍ക്കും ഉത്പാദിപ്പിക്കുന്നവര്‍ക്കും തങ്ങളുടെ അദ്ധ്വാനഫലം ആസ്വദിക്കാനും അങ്ങനെ കാര്യക്ഷമമായും സത്യസന്ധമായും അദ്ധ്വാനിക്കാന്‍ പ്രോത്സാഹനം തോന്നാനുംവേണ്ടി ഈ സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നതാണു രാഷ്ട്രത്തിന്റെ സുപ്രധാന ദൗത്യം. രാഷ്ട്രത്തിന്‍റെ മറ്റാെരു ദൗത്യം സാമ്പത്തികമേഖലയിലെ മനുഷ്യാവകാശങ്ങളുടെ വിനിയോഗത്തെ പരിശോധിക്കുകയും നയിക്കുകയും ചെയ്യുക എന്നതാണ്. എന്നിരുന്നാലും, ഈ മേഖലയിലുള്ള പ്രാഥമികോത്തരവാദിത്വം രാഷ്ട്രത്തിന്റേതല്ല, പിന്നെയോ സമൂഹത്തെ രൂപപ്പെടുത്തുന്ന വ്യക്തികളുടെയും വിവിധ ഗ്രൂപ്പുകളുടെയും സംഘടനകളുടെയുമാണ്.
വ്യാവസായിക സംരംഭങ്ങളുടെ ഉത്തരവാദിത്വം വഹിക്കുന്നവർക്ക്, തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ സാമ്പത്തികവും പരിസ്ഥിതിപരവുമായ അനന്തരഫലങ്ങളെ സംബന്ധിച്ചു സമൂഹത്തോട് ഉത്തരവാദിത്വമുണ്ട്. ലാഭങ്ങളുടെ വര്‍ധനവില്‍ മാത്രമല്ല വ്യക്തികളുടെ നന്‍മയില്‍ക്കൂടി ശ്രദ്ധിക്കുവാന്‍ അവര്‍ക്കു കടമയുണ്ട്. എന്നാലും ലാഭങ്ങള്‍ ആവശ്യമാണ്. ഒരു സാമ്പത്തിക സംരംഭത്തിന്‍റെ ഭാവിയെ സുരക്ഷിതമാക്കുന്ന നിക്ഷേപങ്ങളുണ്ടാക്കാന്‍ അവ സാധ്യത നല്‍കുന്നു. അവ തൊഴില്‍ ഉറപ്പു വരുത്തുകയും ചെയ്യുന്നു.
തൊഴിലിനും ജീവിതവൃത്തിക്കുമുള്ള അവസരം, അന്യായമായ വിവേചനമില്ലാതെ എല്ലാവര്‍ക്കും ലഭിക്കണം: പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും, ആരോഗ്യമുഉളവര്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും, സ്വദേശിയര്‍ക്കും കൂടിയേറ്റക്കാര്‍ക്കും. പൗരന്മാർക്ക് തൊഴിലും ഉദ്യോഗവും കണ്ടെത്തുന്നതിനു സമൂഹം അതിന്‍റെ ഭാഗത്തു നിന്നു സാഹചര്യമനുസരിച്ചു സഹായിക്കണം.
നീതിയുക്തമായ കൂലി ജോലിയുടെ നിയമാനുസൃതമായ ഫലമാണ്. അതു നിഷേധിക്കുകയോ തടഞ്ഞുവയ്ക്കുകയോ ചെയ്യുന്നതു ഗൗരവാവഹമായ അനീതിയാകാം. ന്യായമായകൂലി നിശ്ചയിക്കുന്നതില്‍, ഓരോ വ്യക്തിയുടെയും ആവശ്യങ്ങളും സംഭാവനകളും പരിഗണിക്കണം. “തൊഴിലിനുള്ള പ്രതിഫലം, ഓരോരുത്തന്റെയും ധര്‍മവും ഉത്പാദനക്ഷമതയും, വ്യവസായത്തിന്‍റെ അവസ്ഥയും പൊതു നന്‍മയും പരിഗണിച്ച്, ഓരോ വ്യക്തിക്കും തന്‍റെയും തന്റെ കുടുംബത്തിന്‍റെയും ദൗതികവും സാമൂഹികവും സാംസ്കാരികവും ആധ്യാത്മികവുമായ തലങ്ങളിലുള്ള മാന്യമായ ജീവസന്ധാരണത്തിനു വേണ്ടവ ലഭിക്കുവാനുള്ള അവസരം ഉറപ്പു വരുത്തണം. "കക്ഷികള്‍ പരസ്പരം സമ്മതിക്കുന്നു എന്നതിന്‍റെ പേരില്‍ മാത്രം തൊഴിലിന്‍റെ വേതനത്തുക ധാര്‍മികമായി നീതീകരിക്കാന്‍ കഴിയുകയില്ല.
പണിമുടക്ക് ഒഴിവാക്കാനാവാത്തപ്പോള്‍, അല്ലെങ്കില്‍ ആനുപാതികമായ പ്രയോജനം ലഭിക്കാന്‍ അത്യാവശ്യമായിവരുമ്പോള്‍, അതു നടത്തുന്നതു ധാര്‍മികമായി നിയമാനുസൃതമാണ്. അത് അക്രമാസക്തമാകുമ്പോഴും, തൊഴിലവസ്ഥകളുമായി നേരിട്ടു ബന്ധമില്ലാത്തതോ പൊതുനന്‍മയ്ക്കു വിരുദ്ധമോ ആയ ലക്ഷ്യങ്ങള്‍ അതില്‍ ഉള്‍പ്പെട്ടിരിക്കുമ്പോഴും അതു ധാര്‍മികമായി സ്വീകാര്യമല്ല.
നിയമാനുസൃതാധികാരത്താല്‍ ആവശ്യപ്പെടുന്നതും സാമൂഹിക സുരക്ഷിതത്വത്തിനു വേണ്ടതുമായ സംഭാവനകൾ നല്‍കാതിരിക്കുന്നത് അനീതിയാണ്.തൊഴിലില്ലായ്മ മിക്കപ്പോഴും തൊഴില്‍ രഹിതന്‍റെ മാഹാത്മ്യത്തെ വ്രണപ്പെടുത്തുകയും ജീവിതത്തിന്‍റെ സന്തുലിതാവസ്ഥയെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. അത് അവന്‍ വ്യക്തിപരമായ ദ്രോഹമുണ്ടാക്കുന്നതിനു പുറമേ അവന്‍റെ കുടുംബത്തിന് അനേകം അപകടസാധ്യതകള്‍ വരുത്തിവയ്ക്കുകയും ചെയ്യുന്നു.
V. രാഷ്ട്രങ്ങളുടെ ഇടയിലുള്ള നീതിയും സഹാനുഭാവവും
രാഷ്ട്രങ്ങൾ തമ്മില്‍ ഒരു യഥാര്‍ഥ “വിടവു” സൃഷ്ടിക്കത്തക്കതാണ്, അന്താരാഷ്ട്ര തലത്തിലുള്ള വിദവങ്ങളുടെയും സാമ്പത്തിക സാധ്യതകളുടെയും അസമത്വം. ഒരുവശത്ത് വളര്‍ച്ചയുടെ മാര്‍ഗങ്ങള്‍ കൈവശമുണ്ടായിരിക്കുകയും അവയെ വികസിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന രാഷ്ട്രങ്ങള്‍, മറുവശത്താകട്ടെ, കടം വര്‍ധിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രങ്ങളും.
മതപരവും രാഷ്ട്രപരവും ധനതത്ത്വശാസ്ത്രപരവും സാമ്പത്തികവുമായ സ്വഭാവമുള്ള വിവിധ കാരണങ്ങള്‍ ഇന്ന് “സാമൂഹികപ്രശ്നത്തിന് ആഗോള വ്യാപകമായി നല്‍കിയിരിക്കുന്നു. രാഷ്ട്രീയമായി പരസ്പരാശ്രിതങ്ങളായിക്കഴിയുന്ന രാഷ്ട്രങ്ങള്‍ തമ്മില്‍ സഹാനുഭാവമുണ്ടായിരിക്കണം. കുറച്ചുമാത്രം പുരോഗതി നേടിയ രാജ്യങ്ങളുടെ വികസനത്തെ തടയുന്ന “വികലമായ സംവിധാനങ്ങളെ” തകര്‍ക്കേണ്ട പ്രശ്നം വരുമ്പോള്‍ അതു കുടുതല്‍ കാതലായ ആവശ്യമായിത്തീരുന്നു. അന്യായപ്പലിശയോടുകുടിയതല്ലെങ്കിൽപ്പോലും ദുരുപയോഗപരമായ സാമ്പത്തിക സമ്പ്രദായങ്ങളുടെയും, രാഷ്ട്രങ്ങള്‍ക്കിടയിലുള്ള തിന്‍മനിറഞ്ഞ വ്യാപാരബന്ധങ്ങളുടെയും ആയുധമത്സരത്തിന്റെയും സ്ഥാനത്ത്, “മൂല്യശ്രേണികളും മുന്‍ഗണനാക്രമങ്ങളും പുനര്‍നിര്‍വചിച്ചുകൊണ്ട്” ധാര്‍മികവും സാംസ്‌കാരികവും സാമ്പത്തികവുമായ വികസനത്തിന്റെ ലക്ഷ്യങ്ങള്‍ക്കായി വിഭവങ്ങളെ തിരിച്ചുവിടാനുള്ള പൊതുവായ പരിശ്രമം ഉണ്ടാകണം.
സ്വന്തം വികസനത്തിനുള്ള ഉപാധികള്‍ സ്വയം ഉറപ്പുവരുത്താന്‍ കഴിയാത്തവയോ, അങ്ങനെ ചെയ്യുന്നതില്‍നിന്നു ദുരന്തപരമായ ചരിത്രസംഭവങ്ങളാല്‍ തടയപ്പെട്ടവയോ ആയ രാഷ്ട്രങ്ങളോട് സമാധാനരാഷ്ട്രങ്ങൾക്ക് ഗൗരവാവഹമായ ധാര്‍മിക ഉത്തരവാദിത്വമുണ്ട്. അത് സഹാനുഭാവത്തിലും ഉപവിയിലുമുള്ള ഒരു കടമയാണ്; സമ്പന്നരാഷ്ട്രങ്ങളുടെ സമ്പത്സമൃദ്ധി, തക്കവിലകൊടുക്കാതെ ലഭിച്ച വിഭവങ്ങളില്‍നിന്നാണ് ഉണ്ടായിട്ടുള്ളതെങ്കില്‍ അതു നീതിയിലധിഷ്ഠിതമായ ഒരു കടമകൂടിയായിത്തീരും.
പ്രകൃതിക്ഷോഭങ്ങള്‍, പകര്‍ച്ചവ്യാധികള്‍ മുതലായവയാല്‍ ഉണ്ടാകുന്ന പെട്ടെന്നുള്ളതും അസാധാരണവുമായ ആവശ്യങ്ങളോടുള്ള സമുചിതമായ പ്രതികരണമാണു നേരിട്ടുള്ള സഹായം. എന്നാല്‍ പരമദാരിദ്ര്യത്തില്‍ നിന്നുണ്ടാകുന്ന ഗൗരവപൂര്‍ണമായ നാശത്തിനു പ്രതിക്രിയ ചെയ്യാനോ ഒരു രാജ്യത്തിന്‍റെ ആവശ്യങ്ങള്‍ക്കു സ്ഥായിയായ പരിഹാരമുണ്ടാക്കാനോ അതു മതിയാവുകയില്ല. പുരോഗതി കുറഞ്ഞ രാഷ്ടങ്ങളുമായുള്ള സമത്വപരമായ ബന്ധങ്ങളെ കൂടുതല്‍ നന്നായി വളര്‍ത്തുന്നതിനും" അന്താരാഷ്ട്രതലത്തിലുള്ള ധനതത്വശാസ്ത്രപരവും സാമ്പത്തികവുമായ സ്ഥാപനങ്ങളെ നവീകരിക്കുക ആവശ്യകമാണ്. വളര്‍ച്ചയ്ക്കും വിമോചനത്തിനും വേണ്ടി അദ്ധ്വാനിക്കുന്ന ദരിദ്രരാഷ്ട്രങ്ങളുടെ പരിശ്രമങ്ങളെ പിന്താങ്ങണം. ഈ പ്രബോധനം കാര്‍ഷികതൊഴിലിന്‍റെ മേഖലയില്‍ പ്രത്യേകമാംവിധം പ്രയോഗത്തിലാക്കണം. കര്‍ഷകരാണ് ദരിദ്രരിലെ ബഹുഭൂരിപക്ഷവും, പ്രത്യേകിച്ച് മൂന്നാം ലോകത്തില്‍. മനുഷ്യസമൂഹത്തിന്‍റെ സമഗ്രവികസനത്തിനു ദൈവത്തെക്കുറിച്ചുള്ള ബോധത്തിന്‍റെയും മനുഷ്യന്‍റെ ആത്മാവബോധത്തിന്‍റെയും വളര്‍ച്ച അടിസ്ഥാനപരമാണ്. ഈ വികസനം, ഭൗതികവസ്തുക്കളെ വര്‍ധിപ്പിക്കും. അവയെ വ്യക്തിയുടെയും അവന്‍റെ സ്വാതന്ത്ര്യത്തിന്‍റെയും സേവനത്തിനു സമര്‍പ്പിക്കുകയും ചെയ്യും. അതു കൊടിയ ദാരിദ്ര്യത്തെയും സാമ്പത്തിക ദുരുപയോഗത്തെയും കുറയ്ക്കുന്നു. സാംസ്‌കാരിക തനിമകളോടുള്ള ആദരവും സര്‍വാതിശായിയായതിനോടുള്ള തുറവിയും വളര്‍ത്താന്‍ അതു സഹായകമാകും.
രാഷ്ട്രീയസംവിധാന നിര്‍മിതിയിലും സാമൂഹ്യ ജീവിതത്തിന്‍റെ ക്രമീകരണത്തിലും നേരിട്ട് ഇടപെടുക എന്നതു സഭയുടെ അജപാലകന്‍മാരുടെ ചുമതലയല്ല. സഹപൗരന്‍മാരോടൊത്തു സ്വന്തം മുന്‍കൈയെടുക്കലിലൂടെ പ്രവര്‍ത്തിക്കുന്ന അല്മായ വിശ്വാസികളുടെ വിളിയുടെ ഭാഗമാണ് ഈ ദൗത്യം. സാമൂഹികപ്രവര്‍ത്തനത്തിനു വസ്തുനിഷ്ഠമായ വിവിധ മാര്‍ഗങ്ങള്‍ ഉണ്ടാകാം. പൊതുനന്‍മയായിരിക്കണം എപ്പോഴും അതിന്‍റെ ലക്ഷ്യം. സുവിശേഷ സന്ദേശത്തോടും സഭാപ്രബോധനത്തോടും അത് അനുരൂപപ്പെട്ടിരിക്കുകയുംവേണം. “ക്രൈസ്തവസമര്‍പ്പണംവഴി ഭൗതിക യാഥാര്‍ഥ്യങ്ങളെ ചൈതന്യവത്താക്കുകയും അതുവഴി തങ്ങള്‍ സമാധാനത്തിന്‍റെയും നീതിയുടെയും സാക്ഷികളും പ്രവര്‍ത്തകരുമാണെന്ന് കാണിച്ചുകൊടുക്കുകയുമാണ് "അല്മായരുടെ ധര്‍മം"
VI. ദരിദ്രരോടുള്ള സ്നേഹം
ദരിദ്രരെ സഹായിക്കുന്നവരെ ദൈവം അനുഗ്രഹിക്കുകയും അവരില്‍നിന്നു പുറംതിരിയുന്നവരെ കുറ്റപ്പെടുത്തുകയും ചെയ്യും: “നിന്നോടു യാചിക്കുന്നവനു നല്‍കുക, നിന്നില്‍നിന്നു കടംവാങ്ങാന്‍ ആഗ്രഹിക്കുന്നവനില്‍നിന്ന് ഒഴിഞ്ഞുമാറരുത്. “ദാനമായി നിങ്ങള്‍ക്കുകിട്ടി; ദാനമായിത്തന്നെകൊടുക്കുവിന്‍. "യേശുക്രിസ്തു തന്‍റെ തിരഞ്ഞെടുക്കപ്പെട്ടവരെ തിരിച്ചറിയുന്നത് അവര്‍ ദരിദ്രര്‍ക്കുവേണ്ടി എന്തു ചെയ്തു എന്നതിന്‍റെ അടിസ്ഥാനത്തിലാണ്. “ദരിദ്രരോടു സുവിശേഷം പ്രസംഗിക്കപ്പെടുമ്പോള്‍” അതുക്രിസ്തുവിന്‍റെ സാന്നിധ്യത്തിന്‍റെ ഒരു അടയാളമാണ്. സഭയ്ക്കു ദരിദ്രരോടുള്ള താത്പര്യം അവളുടെ നിരന്തരമായ പാരമ്പര്യത്തിന്‍റെ ഒരു ഭാഗമാണ്”. സുവിശേഷഭാഗ്യങ്ങളുടെയും, യേശുവിന്‍റെ ദാരിദ്ര്യത്തിന്‍റെയും ദരിദ്രരോട് അവിടുത്തേക്കുള്ള താത്പര്യത്തിന്‍റെയും സുവിശേഷത്താല്‍ പ്രചോദിതമാണ് ഈ സ്നേഹം. ദരിദ്രരോടുള്ള താത്പര്യം അദ്ധ്വാനിക്കാനുള്ള കടമയുടെ ലക്ഷ്യങ്ങളില്‍ ഒന്നാണ്. ആവശ്യത്തിൽ പെട്ടവർക്ക് സഹായം നല്‍കാന്‍ വേണ്ടിയാണ് അത്. ഇതു ഭൗതികദാരിദ്ര്യത്തിലേക്കു മാത്രമല്ല, സാംസ്‌കാരികവും മതാത്മകവുമായ ദാരിദ്ര്യത്തിന്‍റെ വിവിധരൂപങ്ങളിലേക്കുകൂടി വ്യാപിക്കുന്നു.
വിശുദ്ധ യോഹന്നാന്‍ ക്രിസോസ്തോം ശക്തമായി ഇത് അനുസ്മരിപ്പിക്കുന്നു; നമ്മുടെ വസ്തുക്കളില്‍ പങ്കുപറ്റാന്‍ ദരിദ്രരെ കഴിവുളളവരാക്കാതിരിക്കുന്നത് അവരില്‍നിന്നു മോഷ്ടിക്കുന്നതിനും അവരുടെ ജീവന്‍ നശിപ്പിക്കുന്നതിനും തുല്യമാണ്. നാം കൈവശം വച്ചിരിക്കുന്ന വസ്തുക്കള്‍ നമ്മുടെതല്ല, പിന്നെയോ അവരുടെതാണ്. ഒന്നാമതായി നീതിയുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തണം. നീതിപ്രകാരം കൊടുക്കാന്‍ കടപ്പെട്ടിരിക്കുന്നത് ഉപവിയുടെ ദാനമായിട്ടല്ല കൊടുക്കേണ്ടത്
കാരുണ്യപ്രവർത്തികൾ എന്നത് നാം നമ്മുടെ അയൽക്കാരനെ അവന്‍റെ ആദ്ധ്യാത്മികവും ശാരീരികവുമായ ആവശ്യങ്ങളിൽ സഹായിക്കാൻ ചെയ്യുന്ന പരസ്നേഹ പ്രവൃത്തികളാണ്. പഠിപ്പിക്കുക, ഉപദേശിക്കുക, ആശ്വസിപ്പിക്കുക, സാന്ത്വനപ്പെടുത്തുക എന്നിവ ആധ്യാത്മികമായ കാരുണ്യപ്രവൃത്തികളാണ്. അതുപോലെതന്നെയാണു ക്ഷമിക്കുന്നതും ദ്രോഹങ്ങളെ ക്ഷമയോടെ സഹിക്കുന്നതും. ശാരീരികമായ കാരുണ്യപ്രവ്യത്തികള്‍ സവിശേഷമായി, വിശക്കുന്നവര്‍ക്കു ഭക്ഷണം കൊടുക്കുന്നതും പാര്‍പ്പിടമില്ലാത്തവര്‍ക്കു പാര്‍പ്പിടം നല്‍കുന്നതും വസ്ത്രമില്ലാത്തവര്‍ക്കു വസ്ത്രം നല്‍കുന്നതും രോഗികളും കാരാഗൃഹവാസികളുമായവരെ സന്ദര്‍ശിക്കുന്നതും മൃതരെ അടക്കുന്നതും ഉള്‍ക്കൊള്ളുന്നു.” ഈ പ്രവൃത്തികളില്‍ ദരിദ്രര്‍ക്കു ഭിക്ഷ നല്‍കുന്നതു സഹോദര സ്നേഹത്തിന്‍റെ സുപ്രധാനമായ ഒരു സാക്ഷ്യമാണ്; അതു ദൈവത്തിനു പ്രീതികരമായ നീതിയുടെ പ്രവൃത്തിയുമാണ്.
മാനുഷീകദുരിതം അതിന്‍റെ വ്യത്യസ്ത രൂപങ്ങളിൽ - ഭൗതികവസ്തുക്കളുടെ അഭാവം, അന്യായമായ പീഡനം, ശാരീരികവും മന:ശാസ്ത്രപരവുമായ രോഗങ്ങള്‍, മരണം - ആദിപാപത്തിന്‍റെ അനന്തരഫലമായി മനുഷ്യന്‍ അനുഭവിക്കുന്നതും പൈതൃകമായി കിട്ടിയതുമായ ദൗര്‍ബല്യത്തിന്‍റെ അവസ്ഥയുടെയും രക്ഷയുടെ ആവശ്യത്തിന്‍റെയും സുവ്യക്തമായ അടയാളമാണ്. ഈ ദുരിതം രക്ഷകനായ ക്രിസ്തുവിന്‍റെ സഹാനുഭൂതിയെ ഉണര്‍ത്തുകയും അവിടുന്ന് അത് സ്വമനസാ ഏറ്റെടുക്കുകയും, തന്‍റെ സഹോദരരില്‍ ഏറ്റവും എളിയവനോടു സ്വയം താദാത്മ്യപ്പെടുകയും ചെയ്തു. അതുകൊണ്ട് ദാരിദ്ര്യത്താല്‍ ഞെരുക്കപ്പെടുന്നവര്‍ സഭയുടെ മുൻഗണനാപരമായ സ്നേഹത്തിന്റെ വിഷയമാണ്. സഭ ആരംഭംമുതല്‍, അവളുടെ അനേകം അംഗങ്ങളുടെ ഭാഗത്തുനിന്ന് പരാജയങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, അവരുടെ ആശ്വാസത്തിനും സംരക്ഷണത്തിനും വിമോചനത്തിനുംവേണ്ടി പ്രവര്‍ത്തിക്കുന്നതില്‍നിന്നു വിരമിച്ചിട്ടില്ല. അസംഖ്യമായ ഈ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ എപ്പോഴും എല്ലായിടത്തും അനുപേക്ഷണീയങ്ങളായി നിലകൊളളുന്നു.
നീ വസിക്കുന്ന ദേശത്ത് ദരിദ്രര്‍ ഉണ്ടാകാതിരിക്കുകയില്ല; ആകയാല്‍ നിന്റെ നാട്ടില്‍ വസിക്കുന്ന അഗതിയും ദരിദ്രനുമായ നിന്റെ സഹോദരനുവേണ്ടി കൈയയച്ചു കൊടുക്കുക എന്ന നിയമാവർത്തന പുസ്തകത്തിലെ ആഹ്വാനത്തിനു പഴയ നിയമകാലം തുടങ്ങി, എല്ലാത്തരത്തിലുമുള്ള നൈയാമിക നടപടികളിലൂടെ (കടങ്ങള്‍ ഇളച്ചുകൊടുക്കുന്ന ജൂബിലിവര്‍ഷം, പലിശയ്ക്കു കടംകൊടുക്കരുതെന്ന നിരോധനം, പാര്‍ച്ചക്കാരെ സംരക്ഷിക്കല്‍, ദശാംശം കൊടുക്കാനുള്ള കടമ, കൂലിക്കാരനു ദിവസവും കൂലികൊടുക്കല്‍, മുന്തിരിത്തോട്ടങ്ങളിലും വയലുകളിലുംനിന്നു കാലാപെറുക്കാനുള്ള അവകാശം) പ്രത്യുത്തരം നല്‍കുന്നുണ്ട്. ഈ വാക്കുകള്‍ യേശു തന്റെതാക്കുന്നുണ്ട്. ദരിദ്രര്‍ നിങ്ങളോടുകുടി എന്നുമുണ്ടായിരിക്കും; എന്നാല്‍ ഞാന്‍ നിങ്ങളോടുകൂടി എപ്പോഴും ഉണ്ടായിരിക്കുകയില്ല. അങ്ങനെ പറയുമ്പോള്‍ അവിടുന്ന്, “ദരിദ്രരെ വെള്ളിക്കും നിരാലംബരെ ഒരു ജോഡി ചെരിപ്പിനും വാങ്ങിക്കുന്നതിന്” എതിരേയുള്ള പ്രവചനത്തിന്റെ ശക്തി കുറിയ്ക്കുന്നില്ല. പിന്നെയോ, അവിടുത്തെ സഹോദരങ്ങള്‍തന്നെയായ ദരിദ്രരില്‍ അവിടുത്തെ സാന്നിധ്യം തിരിച്ചറിയാന്‍ നമ്മെ അവിടുന്നു ക്ഷണിക്കുകയാണ്;
ദരിദ്രരെയും രോഗികളെയും തന്‍റെ വീട്ടില്‍കൊണ്ടുവന്നു ശുശ്രൂഷിക്കുന്നതിനെക്കുറിച്ചു തന്‍റെ അമ്മ ശകാരിച്ചപ്പോള്‍ ലീമായിലെ വിശുദ്ധ റോസ, അവളോട് ഇങ്ങനെ പറഞ്ഞു: “രോഗികളെ ശുശ്രൂഷിക്കുമ്പോള്‍ നമ്മള്‍ ക്രിസ്തുവിന്‍റെ പരിമളമാകുന്നു.
സംഗ്രഹം
മോഷ്ടിക്കരുത്” (Ex 20:15; Dt 5:19). “കള്ളന്മാരോ അത്യാഗ്രഹികളോ.. പിടിച്ചുപറിക്കാരോ സ്വർഗരാജ്യം അവകാശപ്പെടുത്തുകയില്ല”(1 Cor 6:10)
ഭൗദ്ധിക വസ്തുക്കളുടെയും മനുഷ്യപ്രയത്നത്തിന്‍റെ ഫലങ്ങളുടെയും വിനിയോഗത്തിൽ നീതിയും സ്‌നേഹവും പ്രാവർത്തികമാകണമെന്ന് ഏഴാം കൽപ്പന നിര്‍ദ്ദേശിക്കുന്നു.
സൃഷ്ടവസ്തുക്കള്‍ മനുഷ്യവർഗത്തിനു മുഴുവനും വേണ്ടിയുള്ളവയാണ്. സ്വകാര്യസ്വത്തിനുള്ള അവകാശം വസ്തുക്കളുടെ സാർവത്രികലക്ഷ്യത്തെ ഇല്ലായ്മചെയ്യുന്നില്ല.
ഏഴാം കൽപ്പന മോഷണത്തെ നിരോധിക്കുന്നു. മറ്റാെരാളുടെ വസ്തുക്കളെ ഉടമസ്ഥത യുക്തിസഹചമായ ഫലത്തിനെതിരേ പിടിച്ചെടുക്കുന്നതാണ് മോഷണം. എടുക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നതിന്‍റെ ഏതുരീതികളും ഏഴാം കൽപ്പനയ്ക്ക് എതിരാണ്.
ചെയ്യപ്പെടുന്ന അനീതി നഷ്ടപരിഹാരം ആവശ്യപ്പെടുന്നു. മോഷ്ടിക്കപ്പെട്ട വസ്തുക്കള്‍ തിരിച്ചു കൊടുക്കണമെന്നു വിനിമയ നീതി ആവശ്യപ്പെടുന്നു.
വാണിജ്യപരമോ, സ്വേഛാധിപത്യപരമോ ആയ ലക്ഷ്യങ്ങൾക്കായി മനുഷ്യജിവികളെ അടിമകളാക്കുന്നതിലേക്കോ വ്യവസ്സായ വസ്തുക്കൽ പോലെ വാങ്ങിക്കുന്നതിലേക്കോ വിൽക്കുന്നതിലേക്കോ കൈമാറ്റം ചെയ്യുന്നതിലേക്കോ നയിക്കുന്ന പ്രവൃത്തികളെ ധാർമികനിയമം നിരോധിക്കുന്നു
പ്രപഞ്ചത്തിലെ ധാതു സസ്യ മൃഗ വിഭവങ്ങളുടെമേൽ സൃഷ്ടാവിനാൽ നൽകപ്പെട്ട ആധിപത്യത്തെ ഭാവിതലമുറകളെ സംബന്ധിച്ചവ ഉൾപ്പെടെയുള്ള ധർമികകടമകളോടുള്ള ആദരവിൽനിന്നു വേർപെടുത്താനാവുകയില്ല.
മൃഗങ്ങള്‍ മനുഷ്യരുടെ കാര്യസ്ഥതയ്ക്കു ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്നു ; അവന്‍ അവയോടു കാരുണ്യം കാണിക്കണം. മനുഷ്യന്റെ ആവശ്യങ്ങളുടെ നീതിപൂർവ്വമായ തൃപ്തിപ്പെടുത്തലിന് അവയെ ഉപയോഗിക്കാം.
വ്യക്തിയുടെ മൗലികാവകാശങ്ങളോ ആത്മാക്കളുടെ രക്ഷയോ ആവശ്യപെടുമ്പോൾ സാമ്പത്തികവും സാമുഹികവുമായ കാര്യങ്ങളെപ്പറ്റി സഭ വിധിതീര്‍പ്പു നടത്തുന്നു. മനുഷ്യരുടെ പൊതുനന്മയുടെ ഭൗതികവശങ്ങളില്‍ അവർക്കു താത്പര്യമുണ്ട്. എന്തെന്നാല്‍, അവ അവയുടെ ആത്യന്തികലക്ഷ്യമായ പരമനന്മയിലേക്കു നിയുക്തമായിരിക്കുന്നു.
സാമ്പത്തികവും സമൂഹികവുമായ ജീവിതത്തിൽ മുഴുവന്‍ കര്‍ത്താവും കേന്ദ്രവും ലക്ഷ്യവും മനുഷ്യൻതന്നെയാണ്. എല്ലാവർക്കുമായി ദൈവം സൃഷ്ടിച്ച വസ്തുക്കൾ ഓരോരുത്തരിലും നീതിക്കനുസൃതമായും ഉപവിയുടെ സഹായത്തോടെയും യഥാര്‍ഥത്തില്‍ ചെന്നു ചേരണമെന്നതാണു സാമുഹിക പ്രശ്നത്തിന്റെ നിർണ്ണായകമായ തത്വം.
തൊഴിലിന്‍റെ പ്രഥമിക മൂല്യം അതിന്‍റെ കർത്താവും ഉപഭോക്താവുമായ മനുഷ്യനിൽ നിന്നുതന്നെയാണു പുറപ്പെടുന്നത്. മനുഷ്യൻ തന്റെ തൊഴിൽവഴി സൃഷ്ടികർമ്മത്തിൽ പങ്കുപറ്റുന്നു. ക്രിസ്തുവിനോടുള്ള ഐക്യത്തിൽ ചെയ്യപ്പെടുന്ന തൊഴിൽ രക്ഷാകരമായി തീരാം.
യഥാര്‍ഥ വികസനം മനുഷ്യന്‍റെ സമ്രഗവും സമ്പൂർണ്ണവുമായ വികസനമാണ്. തന്റെ വിളിയോട്, അങ്ങനെ വിളിക്കുന്ന ദൈവത്തോട്, പ്രത്യുത്തരിക്കാനുള്ള ഓരോ വ്യക്തിയുടെയും കഴിവിനെ വർധിപ്പിക്കുന്നതിനോടു ബന്ധപ്പെട്ട ഒന്നാണത്. പാവപെട്ടവർക്കുള്ള ധർമദാനം ക്രൈസ്തവ ഉപവിക്കുള്ള സാക്ഷ്യമാണ്. അതു ദൈവത്തിനു പ്രീതികരമായ നീതിയുടെ പ്രവൃത്തികൂടിയാണ്.
ഭക്ഷണവും വീടും സ്ഥലവുമില്ലാത്ത അസംഖ്യം മനുഷ്യ ജീവികളില്‍ ഉപമയിലെ വിശന്നു വലയുന്ന ഭിക്ഷുവായ ലാസറിനെ എങ്ങനെ തിരിച്ചറിയാതിരിക്കും? “എനിക്കുതന്നെയാണു ചെയ്യാതിരുന്നത് "(Mt.25:45) എന്നുപറയുന്ന യേശുവിനെ എങ്ങനെ കേൾക്കാതിരിക്കും?
ഏഴാം കൽപ്പന മോഷ്ടിക്കരുത് വ്യക്തികളോടും അവരുടെ വസ്തുക്കളോടുമുള്ള ആദരവ് അന്യരുടെ വസ്തുക്കളോടുള്ള ആദരവ് സൃഷ്ടിയുടെ സമഗ്രതയോടുള്ള ആദരവ് സഭയുടെ സാമുഹിക പ്രബോധനം സാമ്പത്തിക പ്രവര്‍ത്തനവും സാമൂഹികനീതിയും രാഷ്ട്രങ്ങളുടെ ഇടയിലുള്ള നീതിയും സഹാനുഭാവവും ദരിദ്രരോടുള്ള സ്നേഹം Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



