x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ സഭയുടെ സാമൂഹിക പ്രബോധനങ്ങൾ

പെസഹാരഹസ്യം സഭയുടെ കൂദാശകളില്‍

Authored by : Congregation for Doctrine of Faith On 09-Jun-2022

വകുപ്പ്‌ 2

 പെസഹാരഹസ്യം സഭയുടെ കൂദാശകളില്‍

സഭയുടെ ആരാധനാജീവിതം മുഴുവനും കുര്‍ബാന, കൂദാശകള്‍ എന്നിവയ്ക്കു ചുററുമാണു ഭ്രമണം ചെയ്യുന്നത്‌. സഭയില്‍ ഏഴു കുദാശകളുണ്ട്‌: മാമ്മോദീസ, സ്ഥൈര്യലേപനം അഥവാ മൂറോനഭിഷേകം, കുര്‍ബാന, കുമ്പസാരം, രോഗീലേപനം,തിരുപ്പട്ടം, വിവാഹം. സഭയുടെ ഏഴു കുദാശകള്‍ക്കും സിദ്ധാന്തപരമായി പൊതുവായിട്ടുള്ള കാര്യങ്ങള്‍ ഈ വകുപ്പ്‌ ചര്‍ച്ചചെയ്യും. അവയുടെ ആഘോഷത്തെ സംബന്ധിച്ച്‌ പൊതുവായിട്ടുള്ള കാര്യങ്ങള്‍ രണ്ടാം അധ്യായത്തില്‍ അവതരിപ്പിക്കപ്പെടുന്നു. ഓരോന്നിനെയുംകുറിച്ചു പ്രത്യേകമായിട്ടുള്ള കാര്യങ്ങള്‍ രണ്ടാം ഖണ്‍ഡത്തില്‍ പ്രതിപാദിക്കുന്നതാണ്‌.

I ക്രിസ്തുവിന്‍റെ കൂദാശകള്‍

 “വിശുദ്ധലിഖിതങ്ങളുടെ പ്രബോധനത്തോടും അപ്പസ്തോലിക പാരമ്പര്യങ്ങളോടും സഭാപിതാക്കന്‍മാരുടെ പൊതുസമ്മതത്തോടും ചേര്‍ന്നുനിന്നുകൊണ്ട്‌,”“പുതിയനിയമത്തിലെ കൂദാശകളെല്ലാം... നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനാൽ  സ്ഥാപിക്കപ്പെട്ടവയാണെന്ന്‌ നാം ഏററുപറയുന്നു.

യേശുവിന്‍റെ വാക്കുകളും പ്രവൃത്തികളും - അവിടുത്തെ  രഹസ്യജിീവിതത്തിലും പരസൃശുശ്രൂഷയിലുമുള്ളവ - രക്ഷാകരങ്ങളായിരുന്നു. എന്തെന്നാല്‍, അവ അവിടുത്തെ പെസഹാരഹസ്യത്തിന്‍റെ ശക്തിയെ മുന്‍കൂട്ടി പ്രകടിപ്പിച്ചു. എല്ലാം പൂര്‍ത്തിയാക്കപ്പെടുമ്പോള്‍ സഭയ്ക്ക്‌ അവിടുന്നു നല്‍കുവാനിരുന്നത്‌ അവ അറിയിക്കുകയും തയ്യാറാക്കുകയും ചെയ്തു. ക്രിസ്തുവിന്‍റെ  ജീവിതത്തിലെ രഹസ്യങ്ങള്‍ തന്‍റെ സഭയുടെ ശുശ്രുഷകരിലൂടെ ക്രിസ്തു പിന്നീട്‌ കുദാശകളില്‍ പ്രദാനം ചെയ്യാനിരുന്നവയുടെ അടിസ്ഥാനങ്ങളാണ്‌. എന്തെന്നാല്‍, “നമ്മുടെ രക്ഷകനില്‍ ദൃശ്യമായിരുന്നത്‌ കൂദാശകളായി പരിണമിച്ചു."

എന്നെന്നും ജീവിക്കുന്നതും ജീവന്‍ നല്‍കുന്നതുമായ ക്രിസ്തുവിന്‍റെ ശരീരത്തില്‍നിന്നു “പ്രവഹിക്കുന്ന ശക്തികള്‍” ആണു കൂദാശകള്‍.സഭയാകുന്ന അവിടുത്തെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തികളാണവ. ശാശ്വതമായ പുതിയ ഉടമ്പടിയില്‍ “ദൈവത്തിന്‍റെ ഉത്കൃഷ്ടകര്‍മങ്ങള്‍” ആണ്‌ കൂദാശകള്‍.

II സഭയുടെ കൂദാശകൾ 

വിശുദ്ധലിഖിതങ്ങളുടെ, കാനോനെ സംബന്ധിച്ചും സഭയുടെ വിശ്വാസ സത്യത്തെ സംബന്ധിച്ചും ചെയ്തതുപോലെ, “സകലസത്യത്തിലേക്കും” തന്നെ നയിക്കുന്ന പരിശുദ്ധാതമാവിന്‍റെ ശക്തിയാല്‍ ദൈവത്തിന്‍റെ  രഹസ്യങ്ങളുടെ വിശ്വസ്ത വിചാരിപ്പുകാരി എന്ന നിലയില്‍ സഭ ക്രിസ്തുവില്‍നിന്നു സ്വീകരിച്ച ഈ നിക്ഷേപത്തെ ക്രമേണ അംഗീകരിക്കുകയും അതിന്‍റെ “പരികര്‍മം” നിശ്ചയിക്കുകയും ചെയ്തു.  അങ്ങനെ, ആരാധനാഘോഷങ്ങളില്‍, നിഷ്കൃഷ്ടമായ അര്‍ഥത്തില്‍ ഏഴെണ്ണം കര്‍ത്താവിനാല്‍ സ്ഥാപിക്കപ്പെട്ട കൂദാശകളാണെന്നു നൂറ്റാണ്ടുകളിലൂടെ സഭ വിവേചിച്ചറിഞ്ഞു. കൂദാശകള്‍ രണ്ടര്‍ഥത്തില്‍ സഭയുടേതാണ്‌; അവളിലൂടെയുള്ളവ, അവള്‍ക്കുവേണ്ടിയുള്ളവ. അവ “സഭയിലൂടെ” ഉള്ളവയാണ്‌. എന്തെന്നാല്‍, പരിശുദ്ധാത്മാവിന്‍റെ അയയ്ക്കലിലൂടെ അവളില്‍ പ്രവര്‍ത്തിക്കുന്ന ക്രിസ്തുവിന്‍റെ പ്രവൃത്തിയുടെ കൂദാശയാണവള്‍. അവ “സഭയ്ക്കുവേണ്ടി” ഉള്ളവയാണ്‌. കാരണം, “കൂദാശകള്‍ സഭയെ പണിതുയര്‍ത്തുന്നു.  ത്രിയേകനും സ്നേഹവുമായിരിക്കുന്ന ദൈവവുമായുള്ള സംസര്‍ഗത്തിന്‍റെ രഹസ്യത്തെ കൂദാശകള്‍, സര്‍വോപരി കുര്‍ബാന, മനുഷ്യര്‍ക്കു വെളിവാക്കുകയും പകര്‍ന്നുകൊടുക്കുകയും ചെയ്യുന്നു.

ശിരസ്സായ ക്രിസ്തുവുമായി “ഒരു മൗതികവ്യക്തി എന്നപോലെ” രൂപപ്പെട്ട സഭ “സജീവമായി സംഘടിപ്പിക്കപ്പെട്ട പുരോഹിതസമൂഹം എന്നപോലെ കൂദാശകളിൽ പ്രവര്‍ത്തിക്കുന്നു. മാമ്മോദീസ, സ്ഥൈര്യലേപനം എന്നിവയിലൂടെ പുരോഹിതജനം ആരാധനാഘോഷത്തിനു പ്രാപ്തരാക്കപ്പെടുന്നു. അതേസമയം “തിരുപ്പട്ടം സ്വീകരിച്ച വിശ്വാസികള്‍, ക്രിസ്തുവിന്‍റെ നാമത്തില്‍ വചനംകൊണ്ടും ദൈവകൃപ കൊണ്ടും സഭയെ പരിപോഷിപ്പിക്കാന്‍ നിയമിക്കപ്പെടുന്നു."

അഭിഷിക്തശുശ്രൂഷ അഥവാ, ശുശ്രൂഷാപൗരോഹിത്യം മാമ്മോദീസാപരമായ പൗരോഹിത്യത്തിന്‍റെ ശുശ്രൂഷയ്ക്കുള്ളതാണ്‌. സഭയ്ക്കുവേണ്ടി പരിശുദ്ധാത്മാവിലൂടെ കൂദാശകളില്‍ പ്രവര്‍ത്തിക്കുന്നതു യഥാര്‍ഥത്തില്‍ ക്രിസ്തുവാണെന്ന്‌ അഭിഷിക്തശുശ്രുഷ ഉറപ്പുനല്‍കുന്നു. മനുഷ്യാവതാരം ചെയ്ത തന്‍റെ പുത്രനു പിതാവു ഭരമേല്‍പിച്ച രക്ഷാകരദൗത്യം  അപ്പസ്തോലന്‍മാര്‍ക്കും അവരിലൂടെ അവരുടെ പിന്‍ഗാമികള്‍ക്കും ഏല്‍പിക്കപ്പെട്ടു: യേശുവിന്‍റെ നാമത്തിലും അവിടുത്തെ വ്യക്തിത്വത്തിലും പ്രവര്‍ത്തിക്കാന്‍ അവര്‍ അവിടുത്തെ ആത്മാവിനെ സ്വീകരിക്കുന്നു. അപ്പസ്തോലന്‍മാര്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്തവയോടും അവയിലൂടെ കൂദാശകളുടെ ഉറവിടവും അടിസ്ഥാനവുമായ ക്രിസ്തുവിന്‍റെ  വാക്കുകളോടും പ്രവൃത്തികളോടും ആരാധനാകര്‍മത്തെ സംയോജിപ്പിക്കുന്ന കൗദാശികബന്ധമാണ്‌ അഭിഷിക്തശുശ്രൂഷ.

മാമ്മോദീസ, സ്ഥൈര്യലേപനം, തിരുപ്പട്ടം എന്നീ മൂന്നു കൂദാശകള്‍ കൃപാവരത്തിനുപുറമേ, കൗദാശികമായ ഒരു “മുദ്ര” അഥവാ “അടയാളം” കൂടി നല്‍കുന്നു. അതുവഴി ക്രൈസ്തവന്‍ ക്രിസ്തുവിന്‍റെ പൗരോഹിത്യത്തിൽ  പങ്കുചേരുകയും വ്യത്യസ്ത അവസ്ഥകളും ധര്‍മങ്ങളുമനുസരിച്ചു സഭയുടെ ഭാഗമാക്കപ്പെടുകയും ചെയ്യുന്നു. പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനം വഴി ക്രിസ്തുവിനോടും സഭയോടുമുള്ള അനുരൂപപ്പെടല്‍ മായ്ക്കാനാവാത്തതാണ്‌; അത്‌ എന്നേക്കും കൃപാവരത്തിനായുള്ള ഭാവാത്മകമായ സ്വീകരണക്ഷമതയായും, ദൈവികസംരക്ഷണത്തിന്‍റെ വാഗ്ദാനവും അച്ചാരവുമായും ദൈവികാരാധനയ്ക്കും സഭാസേവനത്തിനുമുള്ള ഒരു വിളിയായും ക്രിസ്ത്യാനിയില്‍ നിലനില്‍ക്കുന്നു. തന്‍മൂലം ഈ കൂദാശകള്‍ ആവര്‍ത്തിക്കാവുന്നവയല്ല. 

III വിശ്വാസത്തിന്‍റെ കൂദാശകള്‍

“പാപമോചനത്തിനുള്ള അനുതാപം അവിടുത്തെ നാമത്തില്‍ എല്ലാ ജനതകളോടും പ്രഘോഷിക്കേണ്ടതിന്‌” യേശു തന്‍റെ  അപ്പസ്തോലന്‍മാരെ അയച്ചു. “എല്ലാജനതകളെയും പഠിപ്പിക്കുവിന്‍. പിതാവിന്‍റെയും പുത്രന്‍റെയും പരിശുദധാത്മാവിന്‍റെയും നാമത്തില്‍ അവരെ സ്നാനപ്പെടുത്തുവിന്‍. "മാമ്മോദീസ നല്‍കുവാനുള്ള ദൗത്യം, അങ്ങനെ കൗദാശികമായ ദൗത്യം, സുവിശേഷം പ്രസംഗിക്കുവാനുള്ള ദൗത്യത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. എന്തെന്നാല്‍ ദൈവവചനത്താലും ആ വചനത്തോടുള്ള സമ്മതമാകുന്ന  വിശ്വാസത്താലുമാണ് കുദാശയ്ക്കുവേണ്ടിയുള്ള ഒരുക്കം നടക്കുന്നത്‌.

ജീവിക്കുന്ന ദൈവത്തിന്‍റെ വചനത്താലാണു ദൈവജനം പ്രഥമതഃ ഒരുമിച്ചു കൂട്ടപ്പെടുന്നത്‌.. വചനപ്രഘോഷണം കൂദാശകളുടെ പരികര്‍മത്തിനുതന്നെ ആവശ്യമുള്ളതാണ്‌. കാരണം, കുദാശകള്‍ വിശ്വാസത്തിന്‍റെ  കുദാശകളാണ്‌; അവയുടെ ഉദ്ഭവവും പോഷണവും വചനത്തില്‍നിന്നാണ്‌.

“മനുഷ്യരെ വിശുദ്ധീകരിക്കുക, ക്രിസ്തുവിന്‍റെ മൗതിക ശരീരം പടുത്തുയർത്തുക, അവസാനമായി, ദൈവത്തിന്‌ ആരാധന സമര്‍പ്പിക്കുക എന്നിവയാണു കൂദാശകളുടെ ലക്ഷ്യം. അടയാളങ്ങളാകയാല്‍ അവ പ്രബോധനത്തിനും ഉപയുക്തമാണ്‌. വിശ്വാസം അവയ്ക്കു മുന്നുപാധി മാത്രമല്ല, അവ വാക്കുകള്‍കൊണ്ടും വസ്തുക്കള്‍ കൊണ്ടും അതിനെ പരിപോഷിപ്പിക്കുകയും ശക്തിപ്പെടുത്തുകയും പ്രകടമാക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ്‌ അവ “വിശ്വാസത്തിന്‍റെ  കൂദാശകള്‍” എന്നു പറയപ്പെടുന്നത്‌.

വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കാന്‍ ക്ഷണിക്കപ്പെടുന്ന വിശ്വാസിയുടെ  വിശ്വാസത്തിനു മുന്‍പേയുള്ളതാണു സഭയുടെ വിശ്വാസം. കൂദാശകള്‍ അനുഷ്ഠിക്കുമ്പോള്‍, അപ്പസ്തോലന്‍മാരില്‍നിന്നു സ്വീകരിച്ച വിശ്വാസത്തെ സഭ ഏററുപറയുന്നു - അങ്ങനെയാണു പുരാതനമായ ഈ ചൊല്ലുണ്ടായത്‌; പ്രാര്‍ഥനയുടെ നിയമം വിശ്വാസത്തിന്‍റെ നിയമം ( lex orandi credendi) (അഥവാ അക്വിത്തെനിലെ പ്രോസ്പറിന്‍റെ [ 5-ാം നൂറ്റാണ്ട്‌ ] അഭിപ്രായത്തില്‍ പ്രാര്‍ഥനയുടെ നിയമം വിശ്വാസത്തിന്‍റെ നിയമത്തെ സ്ഥാപിക്കുന്നു. [Legem credendi lex statuat supplicandi]). പ്രാത്ഥനയുടെ നിയമം വിശ്വാസത്തിന്‍റെ നിയമമാണ്‌; സഭ പ്രാര്‍ഥിക്കുന്നതുപോലെ വിശ്വസിക്കുന്നു. വിശുദ്ധവും സജീവവുമായ പാരമ്പര്യത്തിന്‍റെ അടിസ്ഥാനപരമായ ഒരു ഘടകമാണ്‌ ആരാധനക്രമം.

ഇക്കാരണത്താല്‍ കൂദാശപരമായ ഒരു അനുഷ്ഠാന്രകമവും ശുശ്രുഷകന്‍റെയോ സമൂഹത്തിന്‍റെയോ ഇഷ്ടമനുസരിച്ചു പരിഷ്കരിക്കാനോ വ്യത്യാസപ്പെടുത്താനോ പാടില്ല. സഭയിലെ പരമാധികാരിപോലും തന്നിഷ്ടംപോലെ ലിററര്‍ജിയെ വ്യത്യാസപ്പെടുത്താന്‍ പാടില്ല. പിന്നെയോ വിശ്വാസപൂര്‍വമായ അനുസരണത്തോടും ആരാധനാരഹസ്യത്തോടുള്ള മതാത്മകമായ ആദരവോടുംകൂടിയേ അങ്ങനെ ചെയ്യാവു.

അതുപോലെതന്നെ, കൂദാശകള്‍ സഭയില്‍ വിശ്വാസത്തിന്‍റെ ഐക്യത്തെ പ്രകാശിപ്പിക്കുകയും വിശദീകരിക്കുകയും ചെയ്യുന്നതുകൊണ്ട്‌, ക്രൈസ്തവരുടെ  ഐക്യം പുനഃസ്ഥാപിക്കുവാന്‍ ഉദ്ദേശിച്ചുള്ള സംവാദത്തിന്‍റെ അടിസ്ഥാനപരമായ മാനദണ്‍ഡങ്ങളില്‍ ഒന്നുമാണ്‌ പ്രാർഥനയുടെ നിയമം

IV രക്ഷയുടെ കുദാശകള്‍

കൂദാശകള്‍, വിശ്വാസത്തില്‍ യോഗ്യമായി ആഘോഷിക്കപ്പെടുമ്പോള്‍ അവ സൂചിപ്പിക്കുന്ന കൃപാവരം നല്‍കുന്നു." അവ ഫലദായകങ്ങളാണ്‌. കാരണം അവയില്‍ ക്രിസ്തുതന്നെ പ്രവര്‍ത്തിക്കുന്നു; അവിടുന്നാണു മാമ്മോദീസ നല്‍കുന്നത്‌. ഓരോ കൂദാശയും സൂചിപ്പിക്കുന്ന കൃപാവരം നല്‍കുന്നതിനുവേണ്ടി തന്‍റെ കൂദാശകളില്‍ പ്രവര്‍ത്തിക്കുന്നത്‌ അവിടുന്നാണ്‌. പിതാവു സദാ സ്വപുത്രന്‍റെ സഭയുടെ പ്രാര്‍ഥന ശ്രവിക്കുന്നു. സഭയാകട്ടെ, ഓരോ കൂദാശയുടെയും. റൂഹാക്ഷണപ്രാര്‍ഥനയില്‍ പരിശുദ്ധാത്മാവിന്‍റെ ശക്തിയിലുള്ള വിശ്വാസം പ്രകടിപ്പിക്കുന്നു. അഗ്നി അതുതൊടുന്നതിനെയെല്ലാം തന്നിലേക്കു രൂപാന്തരപ്പെടുത്തുന്നതുപോലെ പരിശുദ്ധാത്മാവ്‌ അവിടുത്തെ ശക്തിക്കു വിധേയമാക്കപ്പെടുന്ന എന്തിനെയും ദൈവികജീവനായി രൂപാന്തരപ്പെടുത്തുന്നു.

കൂദാശകള്‍ അനുഷ്ഠാനത്താല്‍ തന്നെ, (ex opere operato, അതായത്‌, “കര്‍മം അനുഷ്ഠിക്കപ്പെടുന്നു എന്ന വസ്തുതകൊണ്ടുതന്നെ") പ്രവര്‍ത്തിക്കുന്നു; അതായത്‌, എന്നന്നേക്കുമായി പൂര്‍ത്തിയാക്കപ്പെട്ട ക്രിസ്തുവിന്‍റെ രക്ഷാകര്‍മത്തിന്‍റെ ശക്തിയാല്‍ത്തന്നെ പ്രവര്‍ത്തിക്കുന്നു എന്നു സഭ പ്രഖ്യാപിക്കുന്നതിന്‍റെ അര്‍ഥമിതാണ്‌. “കൂദാശ കാര്‍മികന്‍റെയോ സ്വീകരിക്കുന്ന വ്യക്തിയുടെയോ നീതിയാലല്ല പിന്നെയോ ദൈവത്തിന്‍റെ ശക്തിയാലാണു പ്രവര്‍ത്തിക്കുന്നത്‌" എന്ന്‌ ഇതില്‍നിന്നു വ്യക്തമാണ്‌. ഒരു കൂദാശ സഭയുടെ നിയോഗമനുസരിച്ച്‌ ആഘോഷിക്കപ്പെടുന്ന നിമിഷം മുതല്‍ ക്രിസ്തുവിന്‍റെയും അവിടുത്തെ ആത്മാവിന്‍റെയും ശക്തി അതിലും അതിലൂടെയും കാര്‍മികന്‍റെ വ്യക്തിപരമായ വിശുദ്ധിയെ ആശ്രയിക്കാതെതന്നെ, പ്രവര്‍ത്തിക്കുന്നു. എന്നാലും കൂദാശകളുടെ ഫലങ്ങള്‍ അവ സ്വീകരിക്കുന്ന വ്യക്തിയുടെ മനോഭാവത്തെക്കൂടി ആശ്രയിച്ചിരിക്കുന്നു.

വിശ്വാസികള്‍ക്കു പുതിയ ഉടമ്പടിയുടെ കൂദാശകള്‍ രക്ഷയ്ക്ക്‌ അത്യന്താപേക്ഷിതമാണെന്നു സഭ ഉറപ്പിച്ചുപറയുന്നു. “കൗദാശിക കൃപാവരം” ക്രിസ്തുവിനാല്‍ നല്‍കപ്പെടുന്നതും ഓരോ കൂദാശയ്ക്കും സവിശേഷമായിട്ടുള്ളതുമായ പരിശുദ്ധാത്മാവിന്‍റെ കൃപാവരമാണ്‌. തന്നെ സ്വീകരിക്കുന്നവരെ പരിശുദ്ധാത്മാവ്‌ ദൈവപുത്രനോട്‌ അനുരൂപരായി രൂപാന്തരപ്പെടുത്തുകയും സുഖപ്പെടുത്തുകയും ചെയ്യുന്നു. പുത്രസ്വീകാരത്തിന്‍റെ ആത്മാവു വിശ്വാസികളെ രക്ഷകനായ ഏകജാതനോടുള്ള സജീവമായ ഐക്യത്തില്‍ ഒന്നിപ്പിച്ചുകൊണ്ടു ദൈവികതയില്‍ പങ്കുകാരാക്കുന്നു എന്നതാണ്‌ കൗദാശികജീവിതത്തിന്‍റെ ഫലം.

V നിത്യജീവന്‍റെ  കൂദാശകള്‍

സഭ തന്‍റെ നാഥന്‍റെ രഹസ്യം “അവിടുന്നു വരുന്നതുവരെ”, ദൈവം “എല്ലാവര്‍ക്കും എല്ലാം"  ആകുന്നതുവരെ ആഘോഷിക്കുന്നു. അപ്പസ്തോലന്‍മാരുടെ കാലം മുതല്‍, സഭയില്‍ പരിശുദ്ധാത്മാവിന്‍റെ നെടുവീര്‍പ്പോടെയുള്ള പ്രാർഥനയാല്‍ മാറാനാത്താ എന്ന ആരാധന അതിന്‍റെ ലക്ഷ്യത്തിലേക്കു നയിക്കപ്പെടുന്നു. അങ്ങനെ ആരാധന യേശുവിന്‍റെ ആഗ്രഹത്തില്‍ പങ്കുചേരുന്നു: “ദൈവരാജ്യത്തില്‍ ഇതു പൂര്‍ത്തിയാകുന്നതുവരെ... നിങ്ങളോടുകൂടെ ഈ പെസഹാ ഭക്ഷിക്കാന്‍ ഞാന്‍ അത്യധികം ആഗ്രഹിച്ചു." ക്രിസ്തുവിന്‍റെ കൂദാശകളില്‍ സഭ പൈതൃകാവകാശത്തിന്‍റെ ഉറപ്പുനേടുന്നു. ഇപ്പോള്‍ത്തന്നെ “നമ്മുടെ അനുഗൃഹീതമായ പ്രത്യാശയ്ക്കായി, നമ്മുടെ ഉന്നതനായ ദൈവവും രക്ഷകനുമായ യേശുക്രിസ്തുവിന്‍റെ  മഹത്ത്വത്തിലുള്ള പ്രത്യക്ഷപ്പെടലിനായി, കാത്തിരുന്നുകൊണ്ടു നിത്യജീവനില്‍ പങ്കുചേരുകയും ചെയ്യുന്നു. “ആത്മാവും മണവാട്ടിയും പറയുന്നു, “വന്നാലും... വന്നാലും, കര്‍ത്താവായ യേശുവേ”

വിശുദ്ധ തോമസ്  അക്വീനാസ്‌ കൗദാശികാടയാളങ്ങളുടെ വിവിധ വശങ്ങളെ ഇങ്ങനെ സംഗ്രഹിക്കുന്നു: “അതുകൊണ്ട്‌, കൂദാശ അതിനുമുന്‍പേ പോയതിനെ, അതായത്‌ ക്രിസ്തുവിന്‍റെ പീഡാസഹനത്തെ, അനുസ്മരിപ്പിക്കുകയും ക്രിസ്തുവിന്‍റെ പീഡാസഹനത്തിലൂടെ നമ്മില്‍ നിറവേററിയതിനെ, അതായത്‌ കൃപാവരത്തെ, ചൂണ്ടിക്കാണിക്കുകയും പീഡാസഹനം നമുക്കു വാഗ്ദാനം ചെയ്തതിനെ, അതായത്‌ ഭാവിമഹത്ത്വത്തെ, മുന്‍കൂട്ടി ചിത്രീകരിക്കുകയും ചെയ്യുന്ന ഒരു അടയാളമാണ്‌." 

സംഗ്രഹം

കുദാശകള്‍ കൃപാവരത്തിന്‍റെ ഫലദായകങ്ങളായ അടയാളങ്ങളാണ്. ക്രിസ്തു സ്ഥാപിച്ചവയും  സഭയെ ഏല്‍പിച്ചവയുമായ കൂദാശകൾ വഴി  ദൈവികജീവൻ നമുക്ക് നൽകപ്പെടുന്നു .കൂദാശകള്‍ ആഘോഷിക്കുന്നതിനുള്ള  ദൃശ്യമായ അനുഷ്ടാനക്രമങ്ങൾ , ഓരോ കൂദാശയ്ക്കും സ്വന്തമായുള്ള  കൃപാവരങ്ങളെ  സൂചിപ്പിക്കുകയും  സന്നഹിതമാക്കുകയും ചെയ്യുന്നു. ആവശ്യമായ മനോഭാവങ്ങളോടെ അവയെ സ്വീകരിക്കുന്നവരിൽ അവ ഫലം പുറപ്പെടുവിക്കുന്നു ..

മാമ്മോദീസ പൗരോഹിത്യത്താലും അഭിഷിക്തപൗരോഹിത്യത്താലും സുസംഘടിതമായിരിക്കുന്ന ഒരു പുരോഹിതസമുഹം എന്നനിലയില്‍ കൂദാശകള്‍ ആഘോഷിക്കുന്നു .

പരിശുദ്ധാത്മാവു വിശ്വാസികളെ കൂദാശകള്‍ സ്വീകരിക്കുന്നതിന് വേണ്ടി ദൈവവചനത്താലും ആ വചനത്തെ  നല്ലമനോഭാവമുള്ള ഹൃദയങ്ങളില്‍ സ്വാഗതം ചെയ്യുന്ന വിശ്വാസത്താലും ഒരുക്കുന്നു. അങ്ങനെ  കൂദാശകൾ വിശ്വാസത്തെ ശക്തിച്ചെടുത്തുകയും പ്രകാശിപ്പിക്കുകയും ചെയ്യുന്നു.

കൗദാശികജീവിതത്തിന്റെ  ഫലം ഒരേസമയത്തു വൈയക്തികവും, സഭാത്മകവുമാണ്. ഒരു വശത്തു വിശ്വാസികളിൽ ഓരോരുത്തനും ഈ ഫലം യേശുക്രിസ്തുവില്‍ ദൈവത്തിനുവേണ്ടിയുള്ള ജീവിതമാണ്‌. മറുവശത്ത്‌, സഭയെ സംബന്ധിച്ചിടത്തോളം, പരസ്നേഹത്തിലും സാക്ഷ്യത്തിലുള്ള അവളുടെ ദൗത്യത്തിലും  ഉണ്ടാകുന്ന വര്‍ധനവാണ്‌.

പെസഹാരഹസ്യം സഭയുടെ കൂദാശകളില്‍ ക്രിസ്തുവിന്‍റെ കൂദാശകള്‍ സഭയുടെ കൂദാശകൾ വിശ്വാസത്തിന്‍റെ കൂദാശകള്‍ നിത്യജീവന്‍റെ  കൂദാശകള്‍ Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message