We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 24-Jun-2022
വകുപ്പ് 3
മനുഷ്യൻ്റെ സ്വാതന്ത്ര്യം
സ്വന്തം പ്രവൃത്തികൾ തുടങ്ങാനും നിയന്ത്രിക്കാനും കഴിവുള്ള ഒരു വ്യക്തിത്വത്തിൻ്റെ മാഹാത്മ്യം നൽകിക്കൊണ്ട് ബുദ്ധിശക്തിയുള്ളവനായി മനുഷ്യനെ ദൈവം സൃഷ്ടിച്ചു. “മനുഷ്യൻ “അവൻ്റെ തന്നെ ആലോചനാശക്തിയുടെ നിയന്ത്രണത്തിലായിരിക്കണമെന്നു ദൈവം നിശ്ചയിച്ചു. സ്വമേധയാ സ്വന്തം സ്രഷ്ടാവിനെ അന്വേഷിക്കാനും അവിടുത്തോടു ചേർന്നുനിന്നുകൊണ്ട് സംപൂർണവും സൗഭാഗ്യ പൂരിതവുമായ പൂർണതയിലേക്ക് സ്വതന്ത്രമായി എത്താനും വേണ്ടിയാണത്.
മനുഷ്യൻ ബുദ്ധിയുള്ളവനാണ്, അതുകൊണ്ട് അവൻ ദൈവത്തെപ്പോലെയാണ്; അവൻ സ്വതന്ത്രമനസ്സുള്ളവനായി സൃഷ്ടിക്കപ്പെട്ടവനും തൻ്റെ പ്രവൃത്തികളുടെ നിയന്താവുമാണ്.
I. സ്വാതന്ത്ര്യവും ഉത്തരവാദിത്വവും
പ്രവർത്തിക്കാനോ പ്രവർത്തിക്കാതിരിക്കാനോ, ഇതോ അതോ ചെയ്യാനോ, അങ്ങനെ സ്വന്തം ഉത്തരവാദിത്വത്തിൽ മന:പൂർവമായ പ്രവൃത്തികൾ ചെയ്യാനുള്ളതും ബുദ്ധിയിലും ഇച്ഛയിലും വേരൂന്നിയിട്ടുള്ളതുമായ ശക്തിയാണു സ്വാതന്ത്ര്യം. സ്വതന്ത്ര മനസ്സുകൊണ്ട് ഒരാൾ തൻ്റെ തന്നെ ജീവിതം രൂപപ്പെടുത്തുന്നു. സത്യത്തിലും നൻമയിലും വളരാനും പക്വത പ്രാപിക്കാനുംവേണ്ടി മനുഷ്യനിലുള്ള ഒരു ശക്തിയാണു സ്വാതന്ത്ര്യം. നമ്മുടെ സൗഭാഗ്യമായ ദൈവത്തിലേക്കു തിരിച്ചുവിടപ്പെടുമ്പോൾ സ്വാതന്ത്ര്യം അതിൻ്റെ പൂർണത പ്രാപിക്കുന്നു.
സ്വാതന്ത്ര്യം അതിൻ്റെ പരമനന്മയായ ദൈവത്തോടു നിർണായകമായി ബന്ധിക്കപ്പെട്ടിട്ടില്ലാത്തിടത്തോളം കാലം, നന്മയ്ക്കും തിന്മയ്ക്കുമിടയിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിനു സാധ്യതയുണ്ട്. അങ്ങനെ, പൂർണതയിലേക്കു വളരുന്നതിനോ പരാജയപ്പെട്ടു പാപം ചെയ്യുന്നതിനോ സാധ്യതയുണ്ട്. ഇത് യഥാർഥ മാനുഷികപ്രവൃത്തികളെ വ്യതിരിക്തമാക്കുന്നു. അതു സ്തുതിയുടെയോ കുറ്റപ്പെടുത്തലിൻ്റെയോ, യോഗ്യതയുടെയോ അയോഗ്യതയുടെയോ ഉറവിടമാണ്.
ഒരാൾ എത്ര കുടുതൽ നന്മചെയ്യുന്നുവോ അത്ര കൂടുതൽ സ്വതന്ത്രനായിത്തീരുന്നു. നന്മയുടെയും നീതിയുടെയും ശുശ്രൂഷയിലല്ലാതെ യഥാർഥ സ്വാതന്ത്ര്യമില്ല. അനുസരണക്കേടിന്റെയും തിന്മയുടെയും തിരഞ്ഞെടുപ്പു സ്വാതന്ത്ര്യത്തിൻ്റെ ദുരുപയോഗമാണ്; അതു “പാപത്തിൻ്റെ അടിമത്തത്തിലേക്കു നയിക്കുന്നു.
സ്വാതന്ത്ര്യം മനുഷ്യനെ അവൻ്റെ പ്രവൃത്തികളുടെ ഉത്തരവാദിയാക്കുന്നു. അവ എത്രമാത്രം സ്വമനസ്സാ ചെയ്യപ്പെട്ടവയാകുന്നു എന്നതിനെ ആശ്രയിച്ചായിരിക്കുമിത്. സുകൃതത്തിലുള്ള പുരോഗതി, നന്മയെപ്പററിയുള്ള അറിവ്, തപസ്സ് എന്നിവ മനസ്സിന് അതിൻ്റെ പ്രവൃത്തികളുടെമേലുള്ള അധീശത്വം വർധിപ്പിക്കുന്നു.
അജ്ഞത, അശ്രദ്ധ, ബലപ്രയോഗം, ഭയം, ശീലം, ക്രമരഹിതങ്ങളായ അടുപ്പങ്ങൾ എന്നിവയ്ക്കും മറ്റു മന:ശാസ്ത്രപരമോ സാമൂഹികമോ ആയ ഘടകങ്ങൾക്കും ഒരു പ്രവൃത്തിയുടെ ആരോപണ വിധേയത്വ സാധ്യതയെയും ഉത്തരവാദിത്വത്തെയും കുറയ്ക്കാനോ ഇല്ലാതാക്കാൻപോലുമോ കഴിയും.
നേരിട്ടുള്ള തീരുമാനത്തോടെ ചെയ്യപ്പെടുന്ന ഓരോ പ്രവൃത്തിക്കും അതിൻ്റെ കർത്താവ് ആരോപണ വിധേയനാണ്:
അങ്ങനെ, ഏദൻ തോട്ടത്തിലെ പാപത്തിനുശേഷം ഹവ്വയോടു കർത്താവ് ചോദിച്ചു: “നീ എന്താണീ ചെയ്തിരിക്കുന്നത് ? അവിടുന്നു കായേനോട് അതേ ചോദ്യം ചോദിച്ചു. ദാവീദ് ഊറിയയുടെ ഭാര്യയുമായി വ്യഭിചരിക്കുകയും ഊറിയയെ വധിക്കുകയും ചെയ്തപ്പോൾ നാഥാൻ പ്രവാചകൻ അയാളോട് ഇതേവിധത്തിൽ ചോദിച്ചു.
ഒരു പ്രവൃത്തി, ഒരാൾ അറിയേണ്ടിയിരുന്നതോ ചെയ്യേണ്ടിയിരുന്നതോ ആയ ഒരു സംഗതിയുടെ അവഗണനയുടെ ഫലമായി ഉണ്ടാകുമ്പോൾ അതു പരോക്ഷമായി മനസ്സറിവോടെയുള്ള പ്രവൃത്തിയാകും: ഉദാഹരണത്തിന്, ഗതാഗതനിയമങ്ങളുടെ അജ്ഞതയിൽ നിന്നുണ്ടാകുന്ന ഒരപകടം.
ഒരുവൻ ചെയ്യുന്ന പ്രവൃത്തിയുടെ ഫലം അവൻ ഉദ്ദേശിച്ചിട്ടില്ലെങ്കിൽത്തന്നെ അനുഭവിക്കാൻ സാധ്യതയുണ്ട്. ഉദാഹരണമായി, രോഗിയായ ശിശുവിനെ ശുശ്രൂഷിക്കുന്ന ഒരമ്മയ്ക്കുണ്ടാകുന്ന തളർച്ച. ഒരു ദുഷ്ടഫലം ഒരു പ്രവൃത്തിയുടെ ലക്ഷ്യമായോ ഉപാധിയായോ ഉദ്ദേശിച്ചിട്ടില്ലെങ്കിൽ, അതു ചെയ്യുന്ന വ്യക്തിയിൽ ആരോപിക്കപ്പെടുന്നില്ല. ഉദാ: അപകടത്തിൽപ്പെട്ട ഒരാളെ സഹായിക്കുമ്പോൾ ഒരു വ്യക്തിക്കുണ്ടാകുന്ന മരണം. ഒരു ദുഷ്ടഫലം ആരോപണക്ഷമമാകണമെങ്കിൽ, അതു മുൻകൂട്ടിക്കാണാവുന്നതായിരിക്കുകയും അത് ഒഴിവാക്കാൻ പ്രവൃത്തിചെയ്യുന്നവനു സാധ്യതയുണ്ടായിരിക്കുകയും വേണം. മദ്യപിച്ച ഒരു ഡ്രൈവർ നടത്തുന്ന മനുഷ്യക്കുരുതി ഇതിനുദാഹരണമാണ്.
സ്വാതന്ത്ര്യം മനുഷ്യജീവികൾ തമ്മിലുള്ള ബന്ധങ്ങളിൽ വിനിയോഗിക്കപ്പെടുന്നു. സ്വാതന്ത്ര്യവും ഉത്തരവാദിത്വവുമുള്ള ഒരു ജീവിയായി അംഗീകരിക്കപ്പെടാനുള്ള സ്വാഭാവികമായ അവകാശം, ദൈവഛായയിൽ സൃഷ്ടിക്കപ്പെട്ട ഓരോ മനുഷ്യ വ്യക്തിക്കുമുണ്ട്. ഇത് അംഗീകരിക്കാൻ എല്ലാവർക്കും കടമയുണ്ട്. സ്വാതന്ത്ര്യം വിനിയോഗിക്കാനുള്ള അവകാശം, പ്രത്യേകിച്ച് ധാർമികവും മതപരവുമായ കാര്യങ്ങളിൽ, മനുഷ്യവ്യക്തിയുടെ മാഹാത്മ്യത്തിൻ്റെ അവിഭാജ്യഘടകമാണ്. ഈ അവകാശം പൊതുനൻമയുടെയും ക്രമസമാധാനത്തിൻ്റെയും പരിധിക്കുള്ളിൽ രാഷ്ട്രാധികാരത്താൽ അംഗീകരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം.
II. മനുഷ്യസ്വാതന്ത്ര്യം രക്ഷാപദ്ധതിയിൽ
സ്വാത്രന്ത്ര്യവും പാപവും. മനുഷ്യൻ്റെ സ്വാതന്ത്ര്യം പരിമിതവും തെററുപററാവുന്നതുമാണ്. യഥാർഥത്തിൽ, മനുഷ്യൻ പരാജയപ്പെട്ടു. അവൻ സ്വതന്ത്രമായി പാപം ചെയ്തു. ദൈവത്തിന്റെ സ്നേഹപദ്ധതിയെ തള്ളിക്കളഞ്ഞുകൊണ്ട്, അവൻ തന്നെത്തന്നെ വഞ്ചിക്കുകയും പാപത്തിന് അടിമയായിത്തീരുകയും ചെയ്തു. ആദ്യത്തെ ഈ അന്യവത്കരണം മറ്റു അസംഖ്യം അന്യവത്കരണങ്ങൾക്ക് ഹേതുവായി. സ്വാതന്ത്ര്യം ദുരുപയോഗിച്ചതിൻ്റെ ഫലമായി മനുഷ്യഹൃദയത്തിൽനിന്നു പുറപ്പെടുന്ന ക്ലേശത്തിനും അടിച്ചമർത്തലിനും മനുഷ്യചരിത്രം അതിൻ്റെ ആരംഭംമുതൽ സാക്ഷ്യംവഹിക്കുന്നുണ്ട്.
സ്വാതന്ത്ര്യത്തിനെതിരെയുള്ള ഭീക്ഷണികൾ. സ്വാതന്ത്ര്യത്തിൻ്റെ വിനിയോഗം എല്ലാം പറയാനും എല്ലാം ചെയ്യാനുമുള്ള അവകാശം ഉൾക്കൊള്ളുന്നില്ല. “ഈ സ്വാതന്ത്ര്യത്തിന്റെ കർത്താവ് ”ആയ വ്യക്തി “സ്വയം പര്യാപ്തതയുള്ളവനാണെന്നും, ഭൗതിക നൻമകളുടെ ആസ്വാദനത്തിൽ സ്വന്തം താത്പര്യങ്ങളെ, പൂർത്തീകരിക്കുക എന്ന ലക്ഷ്യമാണുള്ളതെന്നും വിചാരിക്കുന്നത് തെറ്റാണ്. കൂടാതെ, സ്വാതന്ത്ര്യത്തിൻ്റെ നീതിയുക്തമായ വിനിയോഗത്തിന് ആവശ്യമായ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവും സാംസ്‌കാരികവുമായ വ്യവസ്ഥകൾ മിക്കപ്പോഴും അവഗണിക്കപ്പെടുകയും ലംഘിക്കപ്പെടുകയും ചെയ്യുന്നു. അന്ധതയുടെയും അനീതിയുടെയുമായ ഇത്തരം സാഹചര്യങ്ങൾ ധാർമിക ജീവിതത്തെ മുറിപ്പെടുത്തുകയും ശക്തരെയും ദുർബലരെയും സ്നേഹത്തിനെതിരേ പാപം ചെയ്യാൻ പ്രലോഭിപ്പിക്കുകയും ചെയ്യുന്നു. ധാർമിക നിയമത്തിൽനിന്നു തന്നെത്തന്നെ അകറ്റിക്കൊണ്ട് മനുഷ്യൻ തൻ്റെ തന്നെ സ്വാതന്ത്ര്യത്തിനു ക്ഷതമേൽപിക്കുന്നു, തന്നിൽത്തന്നെ ബന്ധനസ്ഥനാകുന്നു, സഹജീവികളോടുള്ള സാഹോദര്യം വിച്ഛേദിക്കുന്നു, ദൈവിക സത്യത്തിനെതിരേ പ്രതിഷേധിക്കുന്നു.
വിമോചനവും രക്ഷയും. ക്രിസ്തു തൻ്റെ മഹത്ത്വപൂർണമായ കുരിശുവഴി എല്ലാ മനുഷ്യരുടെയും രക്ഷ നേടി. അവരെ അടിമത്തത്തിൽ പിടിച്ചുനിറുത്തിയിരുന്ന പാപത്തിൽനിന്ന് അവിടുന്ന് വീണ്ടെടുത്തു. “ഈ സ്വാതന്ത്ര്യത്താൽ ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി." നമ്മെ സ്വതന്ത്രരാക്കുന്ന സത്യവുമായി അവിടുന്നിൽ നമുക്കു സംസർഗമുണ്ട്. പരിശുദ്ധാത്മാവ് നമുക്കു നൽകപ്പെട്ടിരിക്കുന്നു; അപ്പസ്‌തോലൻ പഠിപ്പിക്കുന്നതുപോലെ, “കർത്താവിൻ്റെ ആത്മാവ് എവിടെയുണ്ടോ അവിടെ സ്വാതന്ത്ര്യമുണ്ട്". ദൈവമക്കളുടെ സ്വാതന്ത്ര്യത്തിൽ നാം ഇപ്പോൾത്തന്നെ അഭിമാനം കൊള്ളുന്നു.
സ്വാത്രന്ത്ര്യവും കൃപാവരവും. ദൈവം മനുഷ്യഹൃദയത്തിൽ സ്ഥാപിച്ച സത്യവും നൻമയുമായതിനെ സംബന്ധിച്ച അവബോധത്തോട് ഈ സ്വാതന്ത്ര്യം പൊരുത്തപ്പെടുമ്പോൾ ക്രിസ്തുവിൻ്റെ കൃപാവരം നമ്മുടെ സ്വാതന്ത്ര്യത്തിന് ഒരുവിധത്തിലും എതിരാകുന്നില്ല. നേരേമറിച്ച്, ക്രൈസ്തവാനുഭവം, പ്രത്യേകിച്ച് പ്രാർഥനയിൽ, സാക്ഷ്യപ്പെടുത്തുന്നതുപോലെ ലോകത്തുനിന്നുള്ള ഞെരുക്കങ്ങളിലും നിയന്ത്രണങ്ങളിലും നേരിടുന്ന തരത്തിലുള്ള പരീക്ഷകളിൽ ഉൾപ്പെടുമ്പോൾ, കൃപാവരത്തിൻ്റെ പ്രചോദനങ്ങളോടു നാം എത്രകൂടുതൽ വിധേയരായിരിക്കുന്നുവോ അത്രകൂടുതൽ ആന്തരിക സ്വാതന്ത്ര്യത്തിലും ആത്മവിശ്വാസത്തിലും നാം വളരും. സഭയിലും ലോകത്തിലും തൻ്റെ പ്രവർത്തനത്തിൽ സ്വതന്ത്ര സഹപ്രവർത്തകരാകാൻ കൃപാവരത്തിൻ്റെ പ്രവർത്തനംവഴി പരിശുദ്ധാത്മാവു നമ്മെ ആധ്യാത്മിക സ്വാതന്ത്ര്യത്തിൽ പരിശീലിപ്പിക്കുന്നു:
സംഗ്രഹം
മനുഷ്യൻ അവൻ്റെ തന്നെ ആലോചനാശക്തിയുടെ കീഴിലായിരിക്കണമെന്ന് ദൈവം നിശ്ചയിച്ചു (cf. പ്രഭ 15:14); സ്വമേധയാ തൻ്റെ സ്രഷ്ടാവിനോട് ചേർന്ന് നിൽക്കാനും അങ്ങനെ പൂർണമായ സൗഭാഗ്യത്തിലെത്താനും വേണ്ടിയാണത് (GS 17 & 1).
പ്രവർത്തിക്കുകയോ പ്രവർത്തിക്കാതിരിക്കുകയോ ചെയ്യാനും അങ്ങനെ ബോധപൂർവ്വകമായ പ്രവർത്തികൾ ചെയ്യാനും ഉള്ള കഴിവാണു സ്വാതന്ത്ര്യം. പരമ നന്മയായ ദൈവത്തിലേക്കു തിരിച്ചുവിടപ്പെടുമ്പോൾ സ്വാതന്ത്ര്യം അതിൻ്റെ പ്രവൃത്തിയുടെ പൂർണത പ്രാപിക്കുന്നു.
സ്വാതന്ത്ര്യം യഥാർഥ മാനുഷിക പ്രവൃത്തികളെ വേർതിരിക്കുന്നു. അതു മനുഷ്യനെ അവൻ മനസ്സറിവോടെ ചെയ്യുന്ന പ്രവൃത്തികളുടെ ഉത്തരവാദിയാക്കുന്നു. അവൻ്റെ മനഃപൂർവ്വമായ പ്രവർത്തി അവൻ്റെതാണ്,അവനു സ്വന്തമാണ്.
അജ്ഞത, ബലപ്രയോഗം, ഭയം, എന്നിവയും മന:ശാസ്രതപരമോ സാമൂഹികമോ ആയ മററു ഘടകങ്ങളും മൂലം ഒരു പ്രവൃത്തിയുടെ ആരോപണ വിധേയത്വ സാധ്യതയോ ഉത്തരവാദിത്വമോ കുറയുകയോ ഇല്ലാതാകുകയോ ചെയ്യും.
സ്വാതന്ത്ര്യം വിനിയോഗിക്കാനുള്ള അവകാശം, പ്രത്യേകിച്ച് മതപരവും ധാർമികവുമായ കാര്യങ്ങളിൽ, മനുഷ്യമാഹാത്മ്യത്തിൻ്റെ അവിഭാജ്യ ഘടകമാണ്. എന്നാൽ സ്വാത്രന്ത്ര്യത്തിൻ്റെ വിനിയോഗത്തിൽ എല്ലാം പറയാനും എല്ലാം ചെയ്യാനുമുള്ള സാങ്കല്പിക അവകാശം ഉൾപ്പെടുന്നില്ല.
”ഈ സ്വാതന്ത്ര്യത്താൽ ക്രിസ്തു നമ്മെ സ്വാതന്ത്രരാക്കി". (ഗലാ 5:10).
മനുഷ്യൻ്റെ സ്വാതന്ത്ര്യം സ്വാതന്ത്ര്യവും ഉത്തരവാദിത്വവും മനുഷ്യസ്വാതന്ത്ര്യം രക്ഷാപദ്ധതിയിൽ സ്വാത്രന്ത്ര്യവും പാപവും സ്വാതന്ത്ര്യത്തിനെതിരെയുള്ള ഭീക്ഷണികൾ സ്വാത്രന്ത്ര്യവും കൃപാവരവും Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



