We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 14-Jul-2022
അധ്യായം രണ്ട്
“നിന്നെപ്പോലെ നിൻ്റെ അയല്‍ക്കാരനെ സ്നേഹിക്കുക”
പ്രഥമകല്‍പനയെപ്പറ്റിയുള്ള ചോദ്യത്തിന് ഉത്തരമായി യേശു പറയുന്നു: ഒന്നാമത്തേത് ഇതാണ്, ഇസ്രായേലേ കേള്‍ക്കുക: നമ്മുടെ ദൈവമായ കര്‍ത്താവാണ് ഏക കര്‍ത്താവ്; നീ നിൻ്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണമനസ്സോടും പൂര്‍ണശക്തിയോടുംകൂടെ സ്നേഹിക്കുക. രണ്ടാമത്തെ കല്‍പന ഇതാണ്: “നിന്നെപ്പോലെതന്നെ നിൻ്റെ അയല്‍ക്കാരനെ സ്നേഹിക്കുക.” ഇവയെക്കാള്‍ വലിയ കല്‍പനയൊന്നുമില്ല."
വിശുദ്ധ പൗലോസ് അപ്പസ്തോലന്‍ നമ്മെ അനുസ്മരിപ്പിക്കുന്നു; “അയല്‍ക്കാരനെ സ്നേഹിക്കുന്നവന്‍ നിയമം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. “വ്യഭിചാരം ചെയ്യരുത്, കൊല്ലരുത്, മോഷ്ടിക്കരുത്, മോഹിക്കരുത് എന്നീ കല്‍പനകളും മറ്റേതു കല്‍പനയും “നിന്നെപ്പോലെ നിൻ്റെ അയല്‍ക്കാരനെ സ്നേഹിക്കുക” എന്ന ഈ വാകൃത്തില്‍ സംഗ്രഹിച്ചിരിക്കുന്നു. സ്നേഹം അയല്‍ക്കാരന് ഒരു ദ്രോഹവും ചെയ്യുന്നില്ല. അതുകൊണ്ട് സ്നേഹം നിയമത്തിൻ്റെ പൂര്‍ത്തീകരണമാണ്.”
വകുപ്പ് 4
നാലാം കല്‍പന
നാലാം കല്‍പന പത്തു കല്‍പനകളുടെ രണ്ടാം പട്ടിക തുറക്കുന്നു. അതു പരസ്നേഹത്തിൻ്റെ ക്രമം നമുക്കു കാണിച്ചുതരുന്നു. ദൈവം കഴിഞ്ഞാല്‍ പിന്നെ നമ്മുടെ ജീവനു നാം കടപ്പെട്ടിരിക്കുന്നവരും നമുക്കു ദൈവത്തെക്കുറിച്ചുള്ള അറിവു കൈമാറിയവരുമായ നമ്മുടെ മാതാപിതാക്കളെ നാം ബഹുമാനിക്കണം എന്നു ദൈവം തിരുമനസ്സായി. ദൈവം തൻ്റെ അധികാരം നമ്മുടെ നന്‍മയ്ക്കുവേണ്ടി ആര്‍ക്കെല്ലാം നല്‍കിയിട്ടുണ്ടോ അവരെയെല്ലാം ആദരിക്കാനും ബഹുമാനിക്കാനും നാം കടപ്പെട്ടിരിക്കുന്നു.
ഈ കല്‍പന, നിറവേറ്റപ്പെടേണ്ട കടമകളുടെ ഭാവാത്മകരൂപത്തില്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ജീവന്‍, വിവാഹം, ഭൗതിക നന്മകള്‍, സംഭാഷണം എന്നിവയോടുള്ള സവിശേഷമായ ബഹുമാനത്തെ സംബന്ധിക്കുന്നതും തുടര്‍ന്നുവരുന്നതുമായ കല്പനകളെ ഇത് അവതരിപ്പിക്കുന്നു. സഭയുടെ സാമൂഹിക പ്രബോധനത്തിൻ്റെ അടിസ്ഥാനങ്ങളില്‍ ഒന്നിനെ ഇതു സ്ഥാപിക്കുന്നു.
നാലാം കല്‍പന മക്കള്‍ക്ക് മാതാപിതാക്കളോടുള്ള ബന്ധങ്ങളെ സുവ്യക്തമായി പ്രതിപാദിക്കുന്നു. കാരണം, ഈ ബന്ധം എത്രയും സാര്‍വത്രികമാണ്. അതു പോലെതന്നെ അത് കുട്ടുകുടുംബത്തിൻ്റെ അംഗങ്ങള്‍ തമ്മിലുള്ള ചാര്‍ച്ചാബന്ധങ്ങളെയും സംബന്ധിച്ചുളളവയാണ്. പൂര്‍വ്വികരോടും പ്രായമായവരോടും ആദരവും സ്നേഹവും നന്ദിയും ഉണ്ടായിരിക്കണമെന്ന് അത് ആവശ്യപ്പെടുന്നു. അവസാനമായി, വിദ്യാര്‍ഥികള്‍ക്ക് അധ്യാപകരോടും തൊഴിലാളികള്‍ക്കു തൊഴില്‍ദാതാക്കളോടും ഭരണീയര്‍ക്കു നേതാക്കളോടും പൗരന്‍മാര്‍ക്കു രാജ്യത്തോടും രാജ്യത്തെ സേവിക്കുകയും ഭരിക്കുകയും ചെയ്യുന്നവരോടും ഉള്ള കടമകളിലേക്കും അതു വ്യാപിക്കുന്നു.
മാതാപിതാക്കളുടെയും മാര്‍ഗനിര്‍ദേശകരുടെയും അധ്യാപകരുടെയും നേതാക്കളുടെയും നീതിപാലകരുടെയും ഭരിക്കുന്നവരുടെയും മറ്റുള്ളവരുടെമേലോ വ്യക്തികളുടെ കൂട്ടായ്മയുടെ മേലോ അധികാരം നടത്തുന്നവരുടെയും കടമകള്‍ ഈ കല്‍പനയില്‍ ഉള്‍ക്കൊള്ളുകയും ഉദ്ദേശിക്കുകയും ചെയ്യുന്നു.
നാലാം കല്‍പനയുടെ അനുസരണം അതിൻ്റെ പ്രതിസമ്മാനം ഉളവാക്കുന്നു: “നിൻ്റെ ദൈവമായ കര്‍ത്താവു തരുന്ന ദേശത്തു നീ ദീര്‍ഘകാലം ജീവിച്ചിരിക്കേണ്ടതിന് നിൻ്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക.” ഈ കൽപനയുടെ അനുസരണം, ആധ്യാത്മികഫലങ്ങളോടൊപ്പം, ഭൗതികഫലങ്ങളായ സമാധാനവും ഐശ്വര്യവും പ്രദാനം ചെയ്യുന്നു. മറിച്ച് ഇതിൻ്റെ ലംഘനം സമൂഹങ്ങള്‍ക്കും വ്യക്തികള്‍ക്കും വലിയ നാശം വരുത്തുന്നു.
I. കുടുംബം ദൈവത്തിൻ്റെ പദ്ധതിയില്‍
കുടുംബത്തിൻ്റെ സ്വഭാവം
ദാമ്പത്യ സമൂഹം, വധൂവരന്‍മാരുടെ സമ്മതത്തിന്‍മേലാണു സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. വിവാഹവും കുടുംബവും വധൂവരന്‍മാരുടെ നന്മ, സന്താനോത്പാദനം, സന്താനങ്ങളുടെ വിദ്യാഭ്യാസം എന്നിവയെ ലക്ഷ്യംവച്ചുള്ളതാണ്. ഭാര്യാഭര്‍ത്താക്കന്‍മാരുടെ സ്നേഹം, സന്താനോത്പാദനം എന്നിവ ഒരേ കുടുംബത്തിലെ അംഗങ്ങള്‍ തമ്മില്‍ വ്യക്ത്യാധിഷ്ഠിത ബന്ധങ്ങളും മൗലികമായ ഉത്തരവാദിത്വങ്ങളും സൃഷ്ടിക്കുന്നു.
വിവാഹത്തില്‍ ഒന്നിപ്പിക്കപ്പെട്ട പുരുഷനും സ്ത്രീയും അവരുടെ കുട്ടികളോടുകൂടെ, കുടുംബം സ്ഥാപിക്കുന്നു. ഈ സ്ഥാപനം പൊതു അധികാരിയുടെ ഏതൊരു അംഗീകാരത്തിനും മുന്‍പേ ഉള്ളതാണ്; അതിനെ അംഗീകരിക്കാന്‍ ആ അധികാരത്തിനു ബാധ്യതയുണ്ട്. കുടുംബബന്ധത്തിൻ്റെ വിവിധ രൂപങ്ങളെ വിലയിരുത്തുന്നതിനുള്ള സാധാരണ മാനദണ്ഡമായി അതിനെ പരിഗണിക്കണം.
പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ചുകൊണ്ട് ദൈവം മാനവകുടുംബം സ്ഥാപിക്കുകയും അതിനു മൗലികമായ ഒരു ഘടന നല്‍കുകയും ചെയ്തു. അതിൻ്റെ അംഗങ്ങള്‍ മാഹാത്മ്യത്തില്‍ തുല്യതയുള്ള വ്യക്തികളാണ്. കുടുംബം അതിൻ്റെ അംഗങ്ങളുടെയും സമൂഹത്തിൻ്റെയും പൊതുനന്മയെ പ്രതി, വൈവിധ്യമാര്‍ന്ന ഉത്തരവാദിത്വങ്ങളും അവകാശങ്ങളും കടമകളും ഉള്‍ക്കൊള്ളുന്നു.
ക്രൈസ്തവ കുടുംബം
“ക്രൈസ്തവ കുടുംബം സഭാത്മക കൂട്ടായ്മയുടെ സവിശേഷമായ ഒരു പ്രദര്‍ശനവും സാക്ഷാത്കാരവുമാണ്. ഇക്കാരണത്താല്‍ അത് ഗാര്‍ഹികസഭ” എന്നു വിളിക്കപ്പെടണം. അത് വിശ്വാസത്തിൻ്റെയും പ്രത്യാശയുടെയും സ്നേഹത്തിൻ്റെയും ഒരു സമൂഹമാണ്. പുതിയ നിയമത്തില്‍ വ്യക്തമായി കാണുന്നതുപോലെ അതിനുസഭയില്‍ അതുല്യമായ ഒരു സ്ഥാനം ഉണ്ട്.
ക്രൈസ്തവ കുടുംബം വ്യക്തികളുടെ ഒരു കൂട്ടായ്മയാണ്. പിതാവിലും പുത്രനിലും പരിശുദ്ധാത്മാവിലുള്ള ഐകൃത്തിൻ്റെ അടയാളവും പ്രതിരൂപവുമാണ്. അതിൻ്റെ സന്താനോത്പാദനപരവും വിദ്യാഭ്യാസപരവുമായ പ്രവൃത്തി പിതാവിൻ്റെ സൃഷ്ടികര്‍മത്തെ പ്രതിഫലിപ്പിക്കുന്നു. ക്രിസ്തുവിൻ്റെ പ്രാര്‍ഥനയിലും ബലിയിലും പങ്കെടുക്കാന്‍ അതു വിളിക്കപ്പെട്ടിരിക്കുന്നു. അനുദിനപ്രാര്‍ഥനയും ദൈവവചന വായനയും അതിനെ സ്നേഹത്തില്‍ ശക്തിപ്പെടുത്തുന്നു. ക്രൈസ്തവ കുടുംബം സുവിശേഷപ്രഘോഷകയും പ്രേഷിതയുമാണ്.
കുടുംബത്തിനുള്ളിലെ ബന്ധങ്ങള്‍, വികാരങ്ങളുടെയും സ്നേഹപ്രകടനങ്ങളുടെയും താത്പര്യങ്ങളുടെയും ഒരു ചാര്‍ച്ചയുണ്ടാക്കുന്നു. അത് സര്‍വോപരി, അംഗങ്ങളുടെ പരസ്പര ബഹുമാനത്തില്‍ നിന്നാണുണ്ടാകുന്നത്. “ഭാര്യാഭര്‍ത്താക്കന്‍മാരുടെ പൊതുവായ ആലോചനകളും, അതുപോലെതന്നെ മാതാപിതാക്കളെന്നനിലയില്‍ കുട്ടികളെ വളര്‍ത്തുന്നതിലുള്ള തീവ്രമായ സഹകരണവും" കൈവരിക്കാന്‍ വിളിക്കപ്പെട്ട സവിശേഷപ്രാധാന്യമുള്ള ഒരു സമൂഹമാണു കുടുംബം.
II. കുടുംബവും സമൂഹവും
കുടുംബം സാമൂഹിക ജീവിതത്തിനെ പ്രാഥമിക കോശമാണ്. അത് ഒരു സ്വാഭാവിക സമൂഹമാണ്. അതില്‍ ഭാര്യയും ഭര്‍ത്താവും സ്നേഹത്തിലും ജീവന്‍ നല്കലിലും സ്വയം സമര്‍പ്പിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. കുടുംബത്തിലുള്ള അധികാരം, സ്ഥിരത, പരസ്പരമുള്ള ജീവിതബന്ധങ്ങള്‍ എന്നിവ സമൂഹത്തിലുള്ള സ്വാതന്ത്രത്തിനും സുരക്ഷിതത്വത്തിനും സാഹോദര്യത്തിനും അടിത്തറ പാകുന്നു. ബാല്യം മൂതല്‍ ഒരു വ്യക്തിക്കു ധാര്‍മികമൂല്യങ്ങള്‍ പഠിക്കാനും ദൈവത്തെ ആരാധിക്കാന്‍ തുടങ്ങാനും സ്വാതന്ത്യം ശരിയായി വിനിയോഗിക്കാനുംകഴിയുന്ന സമൂഹമാണു കുടുംബം. കുടുംബത്തിലെ ജീവിതം സമൂഹത്തിലെ ജീവിതത്തിലേക്കുള്ള തുടക്കമാണ്.
കുടുംബാംഗങ്ങള്‍ ചെറുപ്പക്കാരെയും വൃദ്ധരെയും രോഗികളെയും വികലാംഗരെയും ദരിദ്രരെയും ശ്രദ്ധിക്കാനും അവരെ സംബന്ധിച്ച ഉത്തരവാദിത്വം ഏറ്റെടുക്കാനും പഠിക്കത്തക്കവിധത്തില്‍ കുടുംബം ജീവിക്കണം. ഈ സഹായം ചെയ്യാന്‍ ചിലപ്പോള്‍ ചില സാഹചര്യങ്ങളില്‍ കഴിയാത്ത ധാരാളം കുടുംബങ്ങളുണ്ട്. അപ്പോള്‍ അവ മറ്റു വ്യക്തികളെയും കുടുംബങ്ങളെയും, പരോക്ഷമായ രീതിയില്‍ സമൂഹത്തെയും, തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ആശ്രയിക്കുന്നു: “പിതാവായ ദൈവത്തിൻ്റെ മുന്‍പില്‍ പരിശുദ്ധവും നിഷ്കളങ്കവുമായ ഭക്തി ഇതാണ്. അനാഥരുടെയും വിധവകളുടെയും ഞെരുക്കങ്ങളില്‍ അവരുടെ സഹായത്തിനെത്തുക; ലോകത്തിനെ കളങ്കമേല്‍ക്കാതെ തന്നെത്തന്നെ കാത്തുസുക്ഷിക്കുകയും ചെയ്യുക.”
ഉചിതമായ സാമൂഹിക മാര്‍ഗങ്ങളുപയോഗിച്ചു കുടുംബത്തെ സഹായിക്കുകയും സംരക്ഷിക്കുകയും വേണം. സ്വന്തം ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാന്‍ കുടുബങ്ങൾക്ക് കഴിയാത്തിടത്ത് അവയെ സഹായിക്കാനും കുടുംബമെന്ന സ്ഥാപനത്തെ പിന്‍താങ്ങാനും മറ്റു സാമൂഹിക സംഘങ്ങള്‍ക്കു കടമയുണ്ട്. അധീനാവകാശ സംരക്ഷണതത്വം അനുസരിച്ചുകൊണ്ട്, കുടുംബത്തിൻ്റെ സവിശേഷാവകാശങ്ങളെ നശിപ്പിക്കുകയോ അതിൻ്റെ ജീവിതത്തില്‍ ഇടപെടുകയോ ചെയ്യാതിരിക്കാന്‍ കൂടുതല്‍ വലിയ സമൂഹങ്ങള്‍ ശ്രദ്ധിക്കണം.
സമൂഹത്തിൻ്റെ ജീവിതത്തിലും ക്ഷേമത്തിലും കുടുംബത്തിനു പ്രാധാന്യമുള്ളതിനാല്‍, വിവാഹത്തെയും കുടുംബത്തെയും പിന്‍താങ്ങാനും ശക്തിപ്പെടുത്താനും സമൂഹത്തിനു സവിശേഷമായ ഉത്തരവാദിത്വം ഉണ്ട്. “വിവാഹത്തിൻ്റെയും കുടുംബത്തിൻ്റെയും യഥാര്‍ഥ സ്വഭാവത്തെ അംഗീകരിക്കുക, അവയെ സംരക്ഷിക്കുകയും വളര്‍ത്തുകയും ചെയ്യുക, പൊതുധാര്‍മികത പരിരക്ഷിക്കുക, ഗാര്‍ഹികമായ ഐശ്വര്യം വളര്‍ത്തുക” എന്നിവ ഗൗരവപൂര്‍വകമായ ഒരു കടമയായി രാഷ്ട്രാധികാരികൾ കരുതണം.
രാഷ്ട്രീയ സമൂഹത്തിനു കുടുംബത്തെ ആദരിക്കാനും സഹായിക്കാനും പ്രത്യകിച്ചു താഴെപ്പറയുന്നവ ഉറപ്പുവരുത്താനും കടമയുണ്ട്:
- കുടുംബം സ്ഥാപിക്കാനും കുട്ടികളെ ജനിപ്പിക്കാനും കുടുംബത്തിൻ്റെ സ്വന്തം ധാര്‍മികവും മതപരവുമായ ബോധ്യങ്ങള്‍ക്കനുസരിച്ച് അവരെ വളര്‍ത്താനുമുള്ള സ്വാതന്ത്യം;
- വിവാഹബന്ധത്തിൻ്റെയും കുടുംബമെന്ന സ്ഥാപനത്തിൻ്റെയും സ്ഥിരതയുടെ സംരക്ഷണം;
- ഒരു വ്യക്തിക്കു തൻ്റെ വിശ്വാസം ഏറ്റുപറയാനും അതു കൈമാറാനും, സ്വന്തം കുട്ടികളെ അത്യാവശ്യമായ ഉപാധികളും സ്ഥാപനങ്ങളുംവഴി അതില്‍ വളര്‍ത്തിക്കൊണ്ടുവരാനുമുള്ള സ്വാതന്ത്ര്യം;
- സ്വകാര്യസ്വത്തുസമ്പാദനത്തിനും, സ്വതന്ത്ര സംരംഭത്തിനും, തൊഴിലിനും പാര്‍പ്പിടത്തിനും, കുടിയേറ്റത്തിനുമുള്ള അവകാശം;
- രാജ്യത്തിൻ്റെ സ്ഥാപനങ്ങള്‍ക്കു ചേര്‍ന്നവിധം ചികിത്സയും പ്രായാധികൃത്തിലെത്തിയവര്‍ക്കു സഹായവും കുടുംബപരമായ ആനുകൂല്യങ്ങളും കിട്ടാനുള്ള അവകാശം;
- സുരക്ഷിതത്വത്തിനും ആരോഗ്യത്തിനും, പ്രത്യകിച്ച് മയക്കുമരുന്ന്, അശ്ലീലകല, മദ്യാസക്തി മുതലായവയുടെ അപകടങ്ങളില്‍നിന്നും ഉള്ള സംരക്ഷണം.
- മറ്റു കുടുംബങ്ങളുമായി ചേര്‍ന്നു സംഘങ്ങള്‍ ഉണ്ടാക്കാനും അങ്ങനെ രാഷ്ട്രാധികാരികളുടെ മുന്‍പില്‍ പ്രാതിനിധ്യമുണ്ടാകാനുള്ള സ്വാതന്ത്ര്യം.
നാലാം കല്‍പന സമൂഹത്തിലെ മറ്റു ബന്ധങ്ങളെ പ്രകാശിപ്പിക്കുന്നു. നമ്മുടെ സഹോദരീസഹോദരന്‍മാരില്‍ നമ്മുടെ മാതാപിതാക്കളുടെ മക്കളെയും, നമ്മുടെ ചാര്‍ച്ചക്കാരായ സഹോദരങ്ങളില്‍ നമ്മുടെ പൂര്‍വികരുടെ പിന്‍ഗാമികളെയും നമ്മുടെ സഹപൗരന്‍മാരില്‍ നമ്മുടെ രാജ്യത്തിൻ്റെ മക്കളെയും, മാമ്മോദീസ മുങ്ങിയവരില്‍ സഭയാകുന്ന നമ്മുടെ അമ്മയുടെ സന്താനങ്ങളെയും നാം കാണുന്നു. ഓരോ മനുഷ്യ വ്യക്തിയിലും, “ഞങ്ങളുടെ പിതാവേ” എന്നു വിളിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവൻ്റെ ഒരു മകനെയോ മകളെയോ നാം കാണുന്നു. ഇപ്രകാരം നമ്മുടെ അയല്‍ക്കാരുമായിട്ടുള്ള നമ്മുടെ ബന്ധങ്ങള്‍ വൃക്തിനിഷ്ഠമായ സ്വഭാവമുള്ളതായി അംഗീകരിക്കപ്പെടുന്നു. അയല്‍ക്കാരന്‍ മനുഷ്യസമുച്ചയത്തിലെ ഒരു “ഏകകം” അല്ല, ”ഒരുവന്‍” ആണ്, വിശ്രുതമായ തൻ്റെ ഉത്പത്തികള്‍കൊണ്ട്, പ്രത്യേകമായ ശ്രദ്ധയും ബഹുമാനവും അര്‍ഹിക്കുന്ന ഒരാള്‍.
മനുഷ്യസമൂഹങ്ങള്‍ വ്യക്തികളാൽ രുപീകരിക്കപ്പെട്ടവയാണ്. അവയെ നന്നായി ഭരിക്കുക എന്നത്, അവകാശങ്ങള്‍ക്കും ഉടമ്പടികള്‍ പാലിക്കുക എന്നതുപോലുള്ള കടമകളുടെ നിര്‍വഹണത്തിനും ഉറപ്പുകൊടുക്കുക എന്നതില്‍ ഒതുങ്ങി നില്‍ക്കുന്നില്ല. തൊഴില്‍ ദായകരും തൊഴിലാളികളും തമ്മിലും, ഭരണകര്‍ത്താക്കളും പൗരന്‍മാരും തമ്മിലുമുള്ള ശരിയായ ബന്ധങ്ങള്‍ക്ക് നീതിയിലും സാഹോദര്യത്തിലും താത്പര്യമുള്ള മനുഷ്യവ്യക്തികളുടെ മാഹാത്മ്യത്തിനു ചേര്‍ന്ന, സ്വാഭാവികമായ പരോപകാര തത്പരത ഉണ്ടായിരിക്കുക എന്നത് ഒരു മുന്‍വ്യവസ്ഥയാണ്.
III. കുടുംബാംഗങ്ങളുടെ കടമകള്‍
മക്കളുടെ കടമകള്‍
ദൈവികപിതൃത്വമാണു മാനുഷിക പിതൃത്വത്തിൻ്റെ ഉറവിടം; മാതാപിതാക്കള്‍ക്ക് അവകാശപ്പെട്ട ബഹുമാനത്തിൻ്റെ അടിസ്ഥാനം അതാണ്. മക്കള്‍ക്ക്, അവര്‍ പ്രായപൂര്‍ത്തിവന്നവരായാലും, അല്ലെങ്കിലും അവരുടെ പിതാവിനോടും മാതാവിനോടുമുള്ള ബഹുമാനം അവരെ തമ്മില്‍ ഐക്യപ്പെടുത്തുന്ന ബന്ധത്തില്‍ നിന്നുണ്ടാകുന്ന സ്വാഭാവികമായ വാത്സല്യത്താല്‍ പരിപോഷിപ്പിക്കപ്പെടുന്നു. അതു ദൈവകല്‍പനയാല്‍ ആവശ്യപ്പെട്ടിടുള്ളതാണ്.
മാതാപിതാക്കമോടുള്ള ബഹുമാനം (മക്കൾക്കടുത്തഭക്തി) അവരോടുള്ള ക്യതജ്ഞതയില്‍ നിലനില്‍ക്കുന്നു. ജീവൻ്റെ ദാനം വഴി, തങ്ങളുടെ സ്നേഹവും അദ്ധ്വാനവുംവഴി തങ്ങളുടെ കുട്ടികളെ ലോകത്തിലേക്കു കൊണ്ടുവരുകയും ശരീരത്തിലും ജ്ഞാനത്തിലും കൃപാവരത്തിലും വളരുവാന്‍ അവരെ ശക്തരാക്കുകയും ചെയ്തവരോടുള്ള കൃതജ്ഞതയാണത്. “പൂര്‍ണഹൃദയത്തോടെ പിതാവിനെ ബഹുമാനിക്കുക. നൊന്തു പെറ്റ അമ്മയെ മറക്കരുത്. മാതാപിതാക്കന്‍മാരാണു നിനക്കു ജന്‍മം നല്‍കിയതെന്ന് ഓര്‍ക്കുക. അവര്‍ നിനക്കു തന്ന സമ്മാനത്തിനു തുല്യമായ എന്താണ് അവര്‍ക്കു കൊടുക്കാന്‍ നിനക്കു കഴിയുന്നത്?"
മക്കള്‍ക്കടുത്ത ബഹുമാനം യഥാര്‍ഥ ശിക്ഷണക്ഷമതയും അനുസരണവും വഴി പ്രദര്‍ശിപ്പിക്കപ്പെടുന്നു. “എൻ്റെ മകനേ, നിൻ്റെ പിതാവിൻ്റെ കല്‍പന കാത്തുകൊള്ളുക; നിൻ്റെ മാതാവിൻ്റെ ഉപദേശം നീ നിരസിക്കുകയുമരുത്... നീ നടക്കുമ്പോള്‍, അവ നിന്നെ നയിക്കും; കിടക്കുമ്പോള്‍, നിന്നെ കാത്തു സൂക്ഷിക്കും; ഉണരുമ്പോള്‍, നിന്നെ ഉപദേശിക്കും. “വിവേകമുള്ള മകന്‍ പിതാവിൻ്റെ ഉപദേശം കേള്‍ക്കുന്നു; എന്നാല്‍ പരിഹാസകന്‍ ശാസനം അവഗണിക്കുന്നു."
നാലാംകല്‍പന, പ്രായപൂര്‍ത്തിയായ മക്കള്‍ക്ക് മാതാപിതാക്കളോടുള്ള ഉത്തരവാദിത്വങ്ങളെ ഓർമ്മിപ്പിക്കുന്നു. വാര്‍ധക്യത്തിലും നീണ്ട രോഗാവസ്ഥയിലും ഏകാന്തതയിലും അസ്വസ്ഥതകളിലും അവര്‍ക്കു തങ്ങളാല്‍ സാധ്യമാംവിധം ഭൗതികവും ധാര്‍മികവുമായ സഹായം നല്‍കണം. കൃതജ്ഞതയുടെ ഈ കടമയെപ്പറ്റി യേശു ഓര്‍മിപ്പിക്കുന്നുണ്ട്.
മക്കള്‍ക്കടുത്ത ബഹുമാനം കുടുംബജീവിതത്തില്‍ മുഴുവനും ഐക്യം വളര്‍ത്തുന്നു; അതു സഹോദരീ സഹോദരൻമാർ തമ്മിലുള്ള ബന്ധത്തെയും സൂചിപ്പിക്കുന്നു. മാതാപിതാക്കളോടുള്ള ബഹുമാനം കുടുംബത്തെ പ്രകാശംകൊണ്ടും നിറയ്ക്കുന്നു. “പേരക്കുട്ടികള്‍ വാര്‍ധകൃത്തിലെത്തിയവരുടെ മകുടമാണ്. മക്കളുടെ അഭിമാനമാണ് പിതാക്കന്‍മാര്‍". “പൂര്‍ണമായ വിനയത്തോടും ശാന്തതയോടും ദീര്‍ഘക്ഷമയോടും കൂടെ നിങ്ങള്‍ സ്നേഹപൂര്‍വം അന്യോന്യം സഹായിക്കുവിന്‍."
ക്രിസ്ത്യാനികള്‍ വിശ്വാസത്തിൻ്റെ ദാനവും മാമ്മോദീസയുടെ കൃപാവരവും സഭയിലുള്ള ജീവിതവും ആരില്‍നിന്നു സ്വീകരിച്ചുവോ അവരോടു സവിശേഷമായ കൃതജ്ഞതയുള്ളവരായിരിക്കണം. മാതാപിതാക്കള്‍, പിതാമഹര്‍, കുടുംബത്തിലെ മറ്റ് അംഗങ്ങള്‍, അജപാലകര്‍, മതാധ്യാപകര്‍, മറ്റ് അധ്യാപകര്‍, കൂട്ടുകാര്‍ മുതലായവര്‍ ഇതില്‍ ഉള്‍പ്പെടും: “നിൻ്റെ നിര്‍വ്യാജമായ വിശ്വാസം ഞാന്‍ അനുസ്മരിക്കുന്നു. ആദ്യം നിൻ്റെ വലിയമ്മയായ ലോവീസിനും അമ്മയായ എവുനിക്കേയ്ക്കും ഉണ്ടായിരുന്ന വിശ്വാസം ഇപ്പോള്‍ നിനക്കും ഉണ്ടെന്ന് എനിക്കു ബോധ്യമുണ്ട്."
മാതാപിതാക്കളുടെ കടമകള്‍
ദാമ്പത്യസ്നേഹത്തിൻ്റെ ഫലപുഷ്ടി സന്താനോത്പാദനത്തില്‍മാത്രം പരിമിതപ്പെടുത്താന്‍ പാടില്ല, പിന്നെയോ, അത് അവരുടെ ധാര്‍മിക വിദ്യാഭ്യാസത്തിലേക്കും അവരുടെ ആധ്യാത്മികരൂപീകരണത്തിലേക്കും വ്യാപിപ്പിക്കണം. “വിദ്യാഭ്യാസത്തിൽ മാതാപിതാക്കൾക്കുള്ള ധര്‍മത്തിനു പകരം പര്യാപ്തമായ മറ്റൊന്നു കണ്ടെത്താന്‍ മിക്കവാറും അസാധ്യമാണ്; അത്രയധികം പ്രധാനപ്പെട്ടതാണ് ആ ധര്‍മം. "തങ്ങളുടെ കൂട്ടികളെ വിദ്യ അഭ്യസിപ്പിക്കാന്‍ മാതാപിതാക്കള്‍ക്കുള്ള അവകാശവും കടമയും പ്രഥമവും അന്യാധീനപ്പെടുത്താനാവാത്തതുമാണ്.
മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ ദൈവത്തിൻ്റെ മക്കളായി കരുതണം, മനുഷ്യ വ്യക്തികളെന്ന നിലയില്‍ അവരെ ബഹുമാനിക്കുകയും വേണം. സ്വര്‍ഗസ്ഥനായ പിതാവിൻ്റെ അഭീഷ്ടം അനുസരിച്ചുകൊണ്ട് അവര്‍ തങ്ങളുടെ കുട്ടികളെ ദൈവത്തിൻ്റെ നിയമം നിറവേറ്റാന്‍ പരിശീലിപ്പിക്കുന്നു.
തങ്ങളുടെ കുട്ടികളെ വിദ്യ അഭ്യസിപ്പിക്കാനുള്ള ഉത്തരവാദിത്വം ഒന്നാമതായി മാതാപിതാക്കള്‍ക്കാണ്. ആദ്യമായി, വാത്സല്യം, ക്ഷമാശീലം, ബഹുമാനം, വിശ്വസ്തത, നിസ്വാര്‍ത്ഥ സേവനം എന്നിവ പ്രമാണമായിട്ടുള്ള ഒരു ഭവനം സൃഷ്ടിച്ചു കൊണ്ട് അവര്‍ ഈ ഉത്തരവാദിത്വം തെളിയിക്കുന്നു. സുകൃതങ്ങളിലുള്ള ശിക്ഷണത്തിനു വളരെ യോജിച്ച സ്ഥാനമാണു ഭവനം. യഥാര്‍ത്ഥ സ്വാതന്ത്രത്തിൻ്റെ മുന്‍ വ്യവസ്ഥകളായ ആത്‌മപരിത്യാഗം, ശരിയായ വിധിത്തീര്‍പ്പ്, ആത്മനിയന്ത്രണം എന്നിവയിലുള്ള പ്രായോഗിക പരിശീലനം ഇതിനാവശ്യമാണ്. “ഭൗതികവും സ്വാഭാവികവുമായ മാനങ്ങളെ ആന്തരികവും ആധ്യാത്മികവുമായ മാനങ്ങള്‍ക്കു വിധേയമാക്കാന്‍ മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കണം. തങ്ങളുടെ കുട്ടികള്‍ക്കു നല്ല മാതൃക കാണിച്ചുകൊടുക്കാന്‍ മാതാപിതാക്കള്‍ക്കു ഗൗരവാവഹമായ കടമയുണ്ട്. സ്വന്തം പരാജയങ്ങള്‍ കുട്ടികളുടെ മുമ്പില്‍ വിശദീകരിക്കുന്നതുവഴി അവര്‍ക്കു മാര്‍ഗ നിര്‍ദേശം നല്‍കാനും അവരെ തിരുത്താനും അവര്‍ കൂടുതല്‍ പ്രാപ്തരാകും:
ഒരു മനുഷ്യവ്യക്തിയെ സഹാനുഭാവത്തിലേക്കും സാമൂഹികമായ ഉത്തരവാദിത്വങ്ങളിലേക്കും പ്രവേശിപ്പിക്കാനുള്ള സ്വാഭാവിക സാഹചര്യമാണു ഭവനം. മനുഷ്യ സമൂഹങ്ങളെ ഭീഷണിപ്പെടുത്തുന്ന നികൃഷ്ട സാഹചര്യങ്ങളില്‍നിന്നും അപകടങ്ങളില്‍നിന്നും രക്ഷപ്പെടാന്‍ മാതാപിതാക്കള്‍ കുട്ടികളെ പഠിപ്പിക്കണം.
തങ്ങളുടെ കുട്ടികളെ സുവിശേഷവത്കതിക്കാനുള്ള ഉത്തരവാദിത്വവും ആനുകൂല്യവും വിവാഹമെന്ന കൂദാശയുടെ കൃപാവരത്തിലൂടെ മാതാപിതാക്കള്‍ സ്വീകരിക്കുന്നു. തങ്ങളുടെ കുട്ടികള്‍ക്ക് വിശ്വാസരഹസ്യങ്ങളുടെ “പ്രഥമ മുന്നോടികളായ” മാതാപിതാക്കള്‍, അവരെ ആ രഹസ്യങ്ങളിലേക്ക് ചെറുപ്രായത്തില്‍ത്തന്നെ പ്രവേശിപ്പിക്കണം. അവര്‍ കുട്ടികളെ അവരുടെ ശൈശവത്തില്‍തന്നെ സഭയുടെ ജീവിതവുമായി ബന്ധിപ്പിക്കണം.” യഥാര്‍ത്ഥ വിശ്വാസ ജീവിതത്തിൻ്റെ പ്രാരംഭവും പശ്ചാത്തലവുമായി ജീവിതകാലം മുഴുവന്‍ നിലനില്ക്കുന്ന ആന്തരിക മനോഭാവങ്ങളെ പരിപോഷിപ്പിക്കാന്‍ ആരോഗ്യകരമായ കുടുംബജീവിതത്തിനു കഴിയും.
മാതാപിതാക്കളുടെ ഭാഗത്തുനിന്നുള്ള വിശ്വാസ പരിശീലനം ശൈശവത്തില്‍ത്തന്നെ ആരംഭിക്കണം. സുവിശേഷത്തിനു ചേര്‍ന്ന വിധത്തില്‍ ക്രൈസ്തവജീവിതത്തിൻ്റെ സാക്ഷ്യം നല്‍കുന്നതുവഴി വിശ്വാസത്തില്‍ വളരാന്‍ കുടുംബാംഗങ്ങള്‍ പരസ്പരം സഹായിക്കുമ്പോള്‍ ഇതു സംഭവിക്കുന്നു. കുടുംബത്തിലെ മതബോധനം വിശ്വാസശിക്ഷണത്തിൻ്റെ മറ്റു രൂപങ്ങള്‍ക്കു മുന്‍പേ പോകുകയും സഹഗമിക്കുകയും അവയെ സമ്പന്നമാക്കുകയും ചെയ്യുന്നു. പ്രാര്‍ഥിക്കാനും ദൈവമക്കള്‍ എന്ന നിലയിലുള്ള അവരുടെ ദൈവവിളി കണ്ടെത്താനും തങ്ങളുടെ കുട്ടികളെ പഠിപ്പിക്കുക എന്ന ദൗത്യം മാതാപിതാള്‍ക്കുണ്ട്. ഇടവകയാണു ദിവ്യകാരുണ്യ സമൂഹവും ക്രൈസ്തവകുടുംബങ്ങളുടെ ആരാധനാജീവിതത്തിൻ്റെ ഹൃദയവും. കുട്ടികളുടെയും മാതാപിതാക്കളുടെയും വിശ്വാസപരിശീലനത്തിന് വിശേഷാനുകൂല്യമുള്ള സ്ഥാനമാണത്.
കുട്ടികള്‍ അവരുടെ ഭാഗത്തുനിന്ന് തങ്ങളുടെ മാതാപിതാക്കളുടെ വിശുദ്ധിലുള്ള വളർച്ചയ്ക്കു സംഭാവന നല്‍കുന്നു. ദ്രോഹങ്ങളും വഴക്കുകളും അനീതികളും ഉപേക്ഷകളും പരസ്പരം ക്ഷമിക്കുന്നതില്‍ ഓരോ വ്യക്തിയും ഉദാരനും അക്ഷീണനുമായിരിക്കണം. പരസ്പരവാത്സല്യം ഇതിനു പ്രേരിപ്പിക്കുന്നു. ക്രിസ്തുവിൻ്റെ സ്നേഹം ഇതാവശ്യപ്പെടുന്നു.
തങ്ങളുടെ കൊച്ചുകുട്ടികളെ വളര്‍ത്തുന്നതിനും അവരുടെ ശാരീരികവും ആധ്യാത്മികവുമായ ആവശ്യങ്ങൾ സാധിച്ചുകൊടുക്കുന്നതിനും കാണിക്കുന്ന കരുതലും ശ്രദ്ധയുംവഴി മാതാപിതാക്കളുടെ ബഹുമാനവും വാത്സല്യവും പ്രകാശിതമാകുന്നു. കൂട്ടികള്‍ വളരുമ്പോള്‍, കുട്ടികളെ അവരുടെ യുക്തിയും സ്വാതന്ത്ര്യവും ശരിയായി വിനിയോഗിക്കുന്നതിന് പഠിപ്പിക്കുവാന്‍ അതേ ബഹുമാനവും വാത്സല്യവും മാതാപിതാക്കളെ പ്രേരിപ്പിക്കുന്നു.
തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തില്‍ പ്രഥമ ഉത്തരവാദികളെന്ന നിലയില്‍, തങ്ങളുടെ ബോധ്യങ്ങള്‍ക്കു ചേര്‍ന്ന ഒരു സ്കൂൾ അവർക്കായി തിരഞ്ഞെടുക്കാൻ മാതാപിതാക്കള്‍ക്ക് അവകാശമുണ്ട്. ഇത് ഒരു മൗലികാവകാശമാണ്. ക്രൈസ്തവ വിദ്യാദായകര്‍ എന്ന നിലയിലുള്ള തങ്ങളുടെ ദൗത്യത്തില്‍ ഏറ്റവും നന്നായി സഹായിക്കുന്ന സ്കൂളുകള്‍ ആവുന്നത്ര തിരഞ്ഞെടുക്കാനുള്ള കടമ മാതാപിതാക്കള്‍ക്കുണ്ട്. മാതാപിതാക്കളുടെ ഈ അവകാശം സംരക്ഷിക്കാനും അതു പ്രാവര്‍ത്തികമാക്കാന്‍ വേണ്ട യഥാര്‍ത്ഥ സാഹചര്യങ്ങള്‍ സൃഷ്ടിക്കാനും രാഷ്ട്രാധികാരികള്‍ക്കു കടമയുണ്ട്.
മക്കള്‍ക്കു പ്രായപൂര്‍ത്തിയാകുമ്പോള്‍ അവര്‍ക്കു തങ്ങളുടെ ജോലിയും ജിവിതാവസ്ഥയും തിരഞ്ഞെടുക്കാൻ അവകാശമുണ്ട്. അവര്‍ ഈ പുതിയ ഉത്തരവാദിത്വങ്ങള്‍, മാതാപിതാക്കളോടുള്ള വിശ്വാസപൂര്‍വകമായ ബന്ധത്തില്‍, അവരുടെ ഉപദേശവും ആലോചനയും സൻമനസ്സോടെ ചോദിച്ചും സ്വീകരിച്ചും ഏറ്റെടുക്കണം. ജോലിയോ ജീവിതപങ്കാളിയെയോ തിരഞ്ഞെടുക്കുന്നതില്‍ തങ്ങളുടെ മക്കളുടെമേല്‍ സമ്മര്‍ദം ചെലുത്താതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. അവര്‍ക്കു വിവേചനപരമായ ഉപദേശം നല്‍കുന്നതിനെ, പ്രത്യേകിച്ച് അവര്‍ ഒരു കുടുംബം തുടങ്ങാന്‍ പോകുമ്പോള്‍ ഈ നിയന്ത്രണം തടസ്സപ്പെടുത്തുന്നില്ല; നേരെമറിച്ച് അതിനു പ്രേരിപ്പിക്കുകയാണു ചെയ്യുന്നത്.
ചിലര്‍ തങ്ങളുടെ മാതാപിതാക്കളെയോ സഹോദരീസഹോദരന്‍മാരെയോ പരിപാലിക്കുന്നതിനുവേണ്ടിയോ, ഒരു തൊഴിലിനു തങ്ങളെത്തന്നെ പൂര്‍ണമായി സമര്‍പ്പിക്കുന്നതിനുവേണ്ടിയോ, മറ്റു ബഹുമാന്യമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടിയോ വിവാഹം വേണ്ടെന്നു വയ്ക്കാറുണ്ട്. മനുഷ്യകുടുംബത്തിൻ്റെ നന്മയ്ക്കു വലിയ സംഭാവനകള്‍ ചെയ്യാന്‍ അവര്‍ക്കു കഴിയും.
IV. കുടുംബവും ദൈവരാജ്യവും
കുടുംബബന്ധങ്ങള്‍ സുപ്രധാനങ്ങളാണ്, പക്ഷേ, അവ പരമമല്ല. ഒരു ശിശു പക്വതയിലേക്കും മാനുഷികവും ആധ്യാത്മികവുമായ സ്വാതന്ത്ര്യത്തിലേക്കും വളര്‍ന്നു വരുന്നതുപോലെതന്നെ ദൈവത്തില്‍ നിന്നുവരുന്ന അവൻ്റെ പ്രത്യേകവിളി കൂടുതല്‍ വൃക്തമായും ശക്തമായും ഉയര്‍ന്നുവരും. ഈ വിളിയെ മാതാപിതാക്കള്‍ ബഹുമാനിക്കുകയും ഇതു പിന്‍തുടരാന്‍ തങ്ങളുടെ മക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. യേശുവിനെ അനുഗമിക്കാനുള്ളതാണു ക്രൈസ്തവൻ്റെ പ്രഥമ വിളി എന്ന അവബോധം അവര്‍ക്കുണ്ടായിരിക്കണം: “എന്നെക്കാള്‍ കൂടുതല്‍ പിതാവിനെയോ മാതാവിനെയോ സ്നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല; എന്നെക്കാള്‍ കുടുതല്‍ മകനെയോ മകളെയോ സ്നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല."
യേശുവിൻ്റെ ഒരു ശിഷ്യനാവുക എന്നതിൻ്റെ അര്‍ഥം ദൈവകുടുംബത്തിലെ അംഗമാകുവാനുള്ള ക്ഷണം സ്വീകരിക്കുകയും അവിടുത്തെ ജീവിതരീതിക്കു ചേര്‍ന്ന വിധം ജീവിക്കുകയും ചെയ്യുക എന്നതാണ്. “എന്തെന്നാല്‍ സ്വര്‍ഗസ്ഥനായ എൻ്റെ പിതാവിൻ്റെ ഇഷ്ടം നിറവേറ്റുന്നവനാണ് എൻ്റെ സഹോദരനും സഹോദരിയും അമ്മയും.”
സമര്‍പ്പിത ജീവിതത്തിലോ വൈദികശുശ്രൂഷയിലോ ദൈവരാജ്യത്തിനുവേണ്ടി അവിവാഹിതാവസ്ഥയില്‍ കര്‍ത്താവിനെ അനുഗമിക്കാന്‍ തങ്ങളുടെ മക്കള്‍ക്ക് അവിടുത്തെ വിളിയുണ്ടാകുമ്പോള്‍ അതിനെ മാതാപിതാക്കള്‍ അംഗീകരിക്കുകയും സന്തോഷത്തോടും കൃതജഞതയോടുംകൂടി ബഹുമാനിക്കുകയും ചെയ്യണം.
V. രാഷ്ട്രസമൂഹത്തിലെ അധികാരികള്‍
നമ്മുടെ നന്മയ്ക്കായി ദൈവത്തില്‍ നിന്നു സമൂഹത്തിലെ അധികാരം സ്വീകരിച്ചിട്ടുള്ള എല്ലാവരെയും ബഹുമാനിക്കാനും നാലാം കല്‍പന നമ്മെ കടപ്പെടുത്തുന്നു. അധികാരം നടപ്പാക്കുന്നവരുടെയും അതിൻ്റെ ഗുണം ലഭിക്കുന്നവരുടെയും കടമകളെ അതു വ്യക്തമാക്കുന്നുണ്ട്.
രാഷ്ട്രാധികാരികളുടെ കടമകള്‍
ഏതെങ്കിലും അധികാരം വിനിയോഗിക്കുന്നവര്‍ അത് ഒരു ശുശ്രൂഷ എന്ന നിലയില്‍ വിനിയോഗിക്കണം. “നിങ്ങളില്‍ വലിയവന്‍ ആകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനാകണം.” അധികാരവിനിയോഗത്തെ ധാര്‍മികമായി അളക്കുന്നത് അതിൻ്റെ ദൈവികോത്പത്തി, അതിൻ്റെ യുക്തിസഹമായ പ്രകൃതി, അതിൻ്റെ പ്രത്യേകമായ വിഷയം എന്നിവയുടെ അടിസ്ഥാനത്തിലാണ്. വ്യക്തികളുടെ മാഹാത്മൃത്തിനും പ്രകൃതിനിയമത്തിനും എതിരായിട്ടുള്ളതു കല്‍പിക്കാനോ സ്ഥാപിക്കാനോ ആര്‍ക്കും സാധിക്കുകയില്ല.
മൂല്യങ്ങളുടെ നീതിപൂര്‍വകമായ ഒരു ശ്രേണിക്കു ബാഹ്യമായ പ്രകാശനം നല്‍കുവാനാണ് അധികാരവിനിയോഗം ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. എല്ലാവര്‍ക്കും സ്വാതന്ത്ര്യത്തിൻ്റെയും ഉത്തരവാദിത്വത്തിൻ്റെയും വിനിയോഗം എളുപ്പമാകുന്നതിനുവേണ്ടിയാണിത്. അധികാരികള്‍ ഓരോരുത്തൻ്റെയും അത്യാവശ്യങ്ങളും അദ്ധ്വാനങ്ങളും കണക്കിലെടുത്തും, ഐക്യവും സമാധാനവും ലക്ഷ്യംവച്ചും ആനുപാതിക നീതി വിവേകത്തോടെ നടപ്പിലാക്കണം. സമൂഹത്തിൻ്റെ താത്പര്യത്തിനു വിരുദ്ധമായി വ്യക്തിപരമായ താത്പര്യങ്ങള്‍ സ്ഥാപിക്കുന്നതുവഴി അവര്‍ സ്വീകരിക്കുന്ന നിയമങ്ങളും മാര്‍ഗങ്ങളും, പ്രലോഭനത്തിനുള്ള ഉറവിടമായിത്തീരാതിരിക്കാന്‍ അവര്‍ ശ്രദ്ധിക്കണം.
മനുഷ്യവ്യക്തിയുടെ മാലികാവകാശങ്ങളെ ആദരിക്കുവാന്‍ രാഷ്ട്രീയാധികാരികൾക്ക് കടമയുണ്ട്. ഓരോരുത്തൻ്റെയും, പ്രത്യേകിച്ച് കുടുംബങ്ങളുടെയും അവശതയനുഭവിക്കുന്നവരുടെയും അവകാശങ്ങളെ മാനിച്ചുകൊണ്ട്, അവര്‍ മാനുഷികമായി നീതി നടത്തണം.
പൗരത്വവുമായി ബന്ധപ്പെട്ട രാഷ്ട്രീയാവകാശങ്ങള്‍ പൊതുനന്മയുടെ ആവശ്യങ്ങള്‍ക്കനുസൃതമായി നല്‍കപ്പെടാനാവും, നല്‍കപ്പെടണം. നിയമാനുസൃതവും ആനുപാതികവുമായ കാരണങ്ങളില്ലാതെ അവയെ പൊതു അധികാരികള്‍ തടഞ്ഞുവയ്ക്കാന്‍ പാടില്ല. രാഷ്ട്രത്തിൻ്റെയും മാനവസമുഹത്തിൻ്റെയും പൊതുനന്മയ്ക്കുവേണ്ടി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളവയാണ് രാഷ്ട്രീയവകാശങ്ങള്‍.
പൗരന്‍മാരുടെ കടമകള്‍
അധികാരത്തിനു കീഴ്‌പ്പെട്ടവർ, അധികാരത്തിലുള്ളവരെ ദൈവത്തിൻ്റെ പ്രതിപുരുഷന്‍മാരായി, അവിടുത്തെ ദാനങ്ങളുടെ വിചാരിപ്പുകാരായി അവിടുന്നു നിശ്ചയിച്ചിട്ടുള്ളവരായി കരുതണം.... “ദൈവത്തെ ഓര്‍ത്ത് എല്ലാ മാനുഷിക അധികാരങ്ങള്‍ക്കും വിധേയരായിരിക്കുവിന്‍... നിങ്ങള്‍ സ്വതന്ത്രരായി ജീവിക്കുവിന്‍ എന്നാല്‍ സ്വാതന്ത്ര്യത്തെ തിന്‍മയുടെ ആവരണമാക്കരുത്. മറിച്ച്, ദൈവത്തിൻ്റെ ദാസന്‍മാരെപ്പോലെ ജീവിക്കുവിന്‍.” വ്യക്തികളുടെ മാഹാത്മൃത്തിനും സമൂഹത്തിൻ്റെ നന്മയ്ക്കും ദോഷകരമായി തോന്നുന്നവയെ സംബന്ധിച്ച തങ്ങളുടെ നീതിയുക്തമായ വിമര്‍ശനങ്ങള്‍ തുറന്നു പറയാനുള്ള അവകാശവും, ചിലപ്പോള്‍ കടമയും, അവരുടെ വിശ്വസ്തമായ സഹകരണത്തില്‍ ഉള്‍പ്പെടുന്നു.
രാഷ്ട്രാധികാരികളോടൊപ്പം സത്യത്തിൻ്റെയും നീതിയുടെയും സഹാനുഭാവത്തിൻ്റെയും സ്വാതന്ത്ര്യത്തിൻ്റെയും ചൈതന്യത്തില്‍ സമൂഹത്തിൻ്റെ നന്മയ്ക്ക് സംഭാവന ചെയ്യുക എന്നതു പൗരൻമാരുടെ കടമയാണ്. സ്വന്തം രാജ്യത്തെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുക എന്നത്, കൃതജ്ഞതയുടേതായ കടമയില്‍നിന്നും സ്നേഹത്തിൻ്റെ ക്രമത്തില്‍നിന്നും ഉദ്ഭവിക്കുന്നതാണ്. നിയമാനുസൃതമുള്ള അധികാരികളോടുള്ള വിധേയത്വവും പൊതുനന്മയ്ക്കുള്ള സേവനവും പൗരന്‍മാര്‍ രാഷ്ട്രീയ സമൂഹത്തിലുള്ള തങ്ങളുടെ ധര്‍മങ്ങള്‍ നിറവേറ്റണമെന്ന് ആവശ്യപ്പെടുന്നു.
അധികാരത്തോടുള്ള വിധേയത്വവും, പൊതുനന്‍മയ്ക്കായുള്ള കൂട്ടുത്തരവാദിത്വവും, നികുതികള്‍ കൊടുക്കുക, വോട്ടവകാശം വിനിയോഗിക്കുക, രാജ്യരക്ഷയ്ക്കായി പ്രവര്‍ത്തിക്കുക എന്നിവയെ ധാര്‍മികമായി കടപ്പെട്ട കാര്യങ്ങളാക്കിത്തീര്‍ക്കുന്നു;
ജന്‍മദേശത്തു സുരക്ഷിതത്വവും ജീവസന്ധാരണമാര്‍ഗങ്ങളും കണ്ടെത്താനാവാതെ അവ തേടിവരുന്ന വിദേശിയെ, തങ്ങള്‍ക്കു കഴിയുന്നിടത്തോളം, സ്വാഗതം ചെയ്യാന്‍ കൂടുതല്‍ സമ്പല്‍സമൃദ്ധിയുള്ള രാഷ്ട്രങ്ങള്‍ക്കു കടമയുണ്ട്. അതിഥിയെ, ആതിഥേയരുടെ സംരക്ഷണയിലാക്കുന്ന സ്വാഭാവിക അവകാശം ആദരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ രാഷ്ട്രാധികാരികള്‍ ശ്രദ്ധിക്കണം.
രാഷ്ട്രാധികാരികൾ, തങ്ങളുടെ ഉത്തരവാദിത്വത്തില്‍പ്പെട്ട പൊതുനന്മയ്ക്കുവേണ്ടി, കുടിയേറ്റാവകാശത്തിൻ്റെ വിനിയോഗം നിയമപരമായ വിവിധവ്യവസ്ഥകള്‍ക്കു വിധേയമാക്കിയെന്നുവരാം. കുടിയേറുന്നവര്‍ക്ക് ദത്തെടുക്കുന്ന രാജ്യത്തോടുള്ള കടമകളെ സംബന്ധിച്ച് ഇത് സവിശേഷമാംവിധം ശരിയാണ്. തങ്ങളെ സ്വീകരിക്കുന്ന രാജ്യത്തിൻ്റെ ഭൗതികവും ആധ്യാത്മികവുമായ പൈത്യകത്തെ നന്ദിയോടെ ആദരിക്കാനും അതിൻ്റെ നിയമങ്ങള്‍ അനുസരിക്കാനും അതിൻ്റെ ഭാരങ്ങള്‍ വഹിക്കുന്നതില്‍ സഹായിക്കാനും കുടിയേറുന്നവര്‍ക്കു കടമയുണ്ട്.
രാഷ്ട്രാധികാരികളുടെ നിര്‍ദേശങ്ങള്‍, അവ ധാര്‍മികക്രമത്തിൻ്റെ ആവശ്യങ്ങള്‍ക്കോ വ്യക്തികളുടെ മാലികാവകാശങ്ങള്‍ക്കോ സുവിശേഷ പ്രബോധനങ്ങള്‍ക്കോ വിരുദ്ധമായിരിക്കുമ്പോള്‍ അവ അനുസരിക്കാന്‍ പൗരന്‍മാര്‍ക്കു; മന:സാക്ഷി പ്രകാരം കടമയില്ല. രാഷ്ട്രാധികാരികളുടെ ആവശ്യങ്ങള്‍ സത്യസന്ധമായ മന:സാക്ഷിയുടെ ആവശ്യങ്ങള്‍ക്കു വിരുദ്ധമായിരിക്കുമ്പോള്‍, അവരെ അനുസരിക്കാതിരിക്കുന്നതിൻ്റെ ന്യായീകരണം, ദൈവത്തെ സേവിക്കുന്നതും രാഷ്ട്രീയ സമുഹത്തെ സേവിക്കുന്നതും തമ്മിലുള്ള വ്യത്യാസത്തിലാണ് അടങ്ങിയിരിക്കുന്നത്. “അതുകൊണ്ടു സീസറിനുള്ളതു സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക. "മനുഷ്യരെ എന്നതിനെക്കാള്‍ നാം ദൈവത്തെ അനുസരിക്കണം."
പൗരന്‍മാര്‍, അധികാരപരിധി ലംഘിക്കുന്ന പൊതു അധികാരത്തിൻ്റെ പീഡനത്തിനു വിധേയരായിരിക്കുമ്പോഴും, പൊതുനന്മയാല്‍ വസ്തുനിഷ്ഠമായി ആവശ്യപ്പെടുന്നവ നിരസിക്കരുത്. പക്ഷേ, തങ്ങളുടെയും സഹപൗരന്‍മാരുടെയും അവകാശങ്ങള്‍ അധികാര ദുര്‍വിനിയോഗത്തിനെതിരേ പ്രകൃതി നിയമത്തിൻ്റെയും സുവിശേഷനിയമത്തിൻ്റെയും പരിധികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സംരക്ഷിക്കുന്നത് ന്യായമാണ്.
രാഷ്ട്രീയാധികാരം നടത്തുന്ന പീഡനത്തെ ആയുധസന്നാഹത്തോടെ ചെറുത്തു നിൽക്കുക എന്നത് താഴെപ്പറയുന്ന എല്ലാ വ്യവസ്ഥകളും പാലിക്കപ്പെടാത്തപ്പോള്‍ നിയമാനുസൃതമല്ല:
1) മൗലികാവകാശങ്ങളുടെ സുനിശ്ചിതവും ഗൗരവാവഹവും സുദീര്‍ഘവുമായ ലംഘനം ഉണ്ടായിരിക്കുക.
2) പ്രശ്നപരിഹാരത്തിനുള്ള മറ്റെല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ചു കഴിഞ്ഞിരിക്കുക.
3) അത്തരം ചെറുത്തു നില്‍പു കൂടുതല്‍ വഷളായ ക്രമരാഹിത്യത്തെ വിളിച്ചുവരുത്താതിരിക്കുക.
4) വിജയത്തെ സംബന്ധിച്ച് അടിയുറച്ച പ്രത്യാശയുണ്ടായിരിക്കുക.
5) അതിനെക്കാള്‍ നല്ല ഒരു പരിഹാരമാര്‍ഗം മുന്‍കൂട്ടിക്കാണാന്‍ യുക്തിപരമായി അസാധ്യമായിരിക്കുക.
രാഷ്ട്രീയസമൂഹവും സഭയും
ഓരോ സ്ഥാപനവും പരോക്ഷമായിട്ടെങ്കിലും മനുഷ്യനെയും അവൻ്റെ ഭാഗധേയത്തെയും സംബന്ധിച്ച ഒരു ദര്‍ശനത്താല്‍ പ്രചോദിപ്പിക്കപ്പെട്ടതാണ്. ആ ദര്‍ശനത്തില്‍നിന്നാണ് അതിൻ്റെ വിധിത്തീര്‍പ്പിനും മൂല്യശ്രേണിക്കും പെരുമാറ്റരീതിക്കുമുള്ള മാനദണ്ഡം സ്വീകരിക്കുന്നത്. മനഷ്യനു വസ്തുക്കളുടെ മേലുള്ള ശ്രേഷ്ഠതയെ അംഗീകരിച്ചുകൊണ്ടാണ് മിക്ക സമൂഹങ്ങളും തങ്ങളുടെ സ്ഥാപനങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്. ദൈവികമായി വെളിപ്പെടുത്തപ്പെട്ട മതം മാത്രമേ മനുഷ്യൻ്റെ ഉത്പത്തിയും ഭാഗധേയവും സ്രഷ്ടാവും രക്ഷകനുമായ ദൈവത്തിലാണെന്ന് സുവ്യക്തമായി തിരിച്ചറിഞ്ഞിട്ടുള്ളു. ദൈവത്തെയും മനുഷ്യനെയും സംബന്ധിച്ച ഈ നിവേശിത സത്യത്തിൻ്റെ വെളിച്ചത്തില്‍ തങ്ങളുടെ വിധിത്തീര്‍പ്പുകളെയും തീരുമാനങ്ങളെയും അളക്കുവാന്‍ രാഷ്‌ട്രീയാധികാരികളെ സഭ ക്ഷണിക്കുന്നു.
ഈ ദര്‍ശനത്തെ അവഗണിക്കുകയോ ദൈവവുമായുള്ള ബന്ധത്തില്‍ തങ്ങള്‍ സ്വതന്ത്രരാണെന്ന പേരില്‍ അതിനെ തള്ളിക്കളയുകയോ ചെയ്യുന്ന സമൂഹങ്ങള്‍, തങ്ങളുടെ മാനദണ്‍ഡങ്ങളും ലക്ഷ്യവും തങ്ങളില്‍ത്തന്നെ അന്വേഷിക്കാനോ ഏതെങ്കിലും പ്രതൃയശാസ്ത്രത്തില്‍നിന്ന് സ്വീകരിക്കാനോ നിര്‍ബന്ധിതരായിത്തീരുന്നു. നന്മയെയും തിന്മയെയും സംബന്ധിച്ച വസ്തുനിഷ്ഠമായ ഒരു മാനദണ്‍ഡം ഉണ്ടെന്ന് അവര്‍ അംഗീകരിക്കാത്തതുകൊണ്ട്, ചരിത്രം വ്യക്തമാക്കുന്നതു പോലെ, മനുഷ്യൻ്റെയും അവൻ്റെ ഭാഗധേയത്തിൻ്റെയും മേല്‍ സ്വേച്ഛാധിപത്യപരമായ അധികാരം തങ്ങള്‍ക്കുണ്ടെന്ന്, പ്രത്യക്ഷമായോ പരോക്ഷമായോ അവര്‍ അവകാശപ്പെടുന്നു."
സഭയുടെ ദൗത്യവും അധികാരവും നിമിത്തം സഭയെയും രാഷ്ട്രീയ സമൂഹത്തെയും തമ്മില്‍ ഒരുവിധത്തിലും കൂട്ടിക്കുഴയ്ക്കാന്‍ പാടില്ല. അവള്‍ മനുഷ്യവ്യക്തിയുടെ സര്‍വാതീതമായ സ്വഭാവത്തിൻ്റെ അടയാളവും അതേസമയം അതിൻ്റെ പരിരക്ഷകയുമാണ്. “പൗരന്‍മാരുടെ രാഷ്ട്രീയസ്വാതന്ത്ര്യത്തെയും ഉത്തരവാദിത്വത്തെയും സഭ ബഹുമാനിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു."
“മനുഷ്യൻ്റെ മൗലികാവകാശങ്ങളോ ആത്മാക്കളുടെ രക്ഷയോ ആവശ്യപ്പെടുമ്പോഴെല്ലാം രാഷ്ട്രീയത്തോടു ബന്ധപ്പെട്ട കാര്യങ്ങളില്‍പ്പോലും, ധാര്‍മിക വിധിത്തീര്‍പ്പുകള്‍ നടത്തുക എന്നത്” സഭയുടെ ദൗത്യത്തിൻ്റെ ഭാഗമാണ്. “സുവിശേഷത്തിനും, കാലത്തിൻ്റെയും സാഹചര്യങ്ങളുടെയും വൈവിധ്യത്തിനനുസൃതമായ പൊതുക്ഷേമത്തിനും ചേര്‍ന്ന മാര്‍ഗങ്ങള്‍- അവമാത്രം, ആണ്-അവള്‍ അവലംബിക്കേണ്ടത്.”
സംഗ്രഹം
“നിൻ്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക" (Dt.5:16:Mk 7:10).
നാലാംകൽപ്പന പ്രകാരം, ദൈവം കഴിഞ്ഞാൽ നമ്മുടെ മാതാപിതാക്കളെയും നമ്മുടെ നന്മയ്ക്കായി അവിടുന്ന് അധികാരം നൽകിയിട്ടുള്ളവരെയും നാം ബഹുമാനിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നു.
ദാമ്പത്യസമൂഹം വധുവരൻമാരുടെ ഉടമ്പടി, സമ്മതം എന്നിവയുടെ അടിസ്ഥാനത്തിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ളതാണ്. വിവാഹവും കുടുംബവും വധുവരന്മാരുടെ നന്മയ്ക്കും സന്താനോത്പാദനത്തിനും സത്താനങ്ങളുടെ വിദ്യാഭ്യാസത്തിന്നും വേണ്ടി ക്രമീകരിച്ചിട്ടുള്ളതുമാണ്.
“വ്യക്തികളുടെയും മാനവ സമൂഹത്തിൻ്റെയും ക്രൈസ്തവസമൂഹത്തിൻ്റെയും ക്ഷേമം, ദാമ്പത്യ സമുഹത്തിൻ്റെയും കുടുംബസമുഹത്തിൻ്റെയും സുസ്ഥിതിയുമായി അവഗാഢം ബന്ധപ്പെട്ടിരിക്കുന്നു” (GS 47 $ 1).
മക്കൾ തങ്ങളുടെ മാതാപിതാക്കളോടു ബഹുമാനവും നന്ദിയും പ്രദർശിപ്പിക്കാനും അവരെ നീതിപൂർവകമായി അനുസരിക്കാനും സഹായിക്കാനും കടപ്പെട്ടിരിക്കുന്നു. മക്കൾക്കടുത്ത ബഹുമാനം കുടുംബജീവിതത്തിലാകെ മനോജ്ഞമായ ഐക്യം വളർത്തുന്നു .
വിശ്വാസത്തിലും, പ്രാര്‍ഥനകളിലും, സകലസുകൃതങ്ങളിലും തങ്ങളുടെ കുട്ടികളെ അഭ്യസിപ്പിക്കാനുള്ള ,പ്രഥമ ഉത്തരവാദിത്വം മാതാപിതാക്കൾക്കാണ്. തങ്ങളുടെ കുട്ടികളുടെ ശാരീരികവും ആദ്ധ്യാത്മികവുമായ ആവശ്യങ്ങൾ ആവുന്നത്ര സാധിച്ചു കൊടുക്കാൻ അവർക്ക് കടമയുണ്ട്.
മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുടെ ദൈവവിളിയെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. ക്രൈസ്തവനുള്ള പ്രഥമവിളി യേശുവിനെ അനുഗമിക്കുക എന്നുള്ളതാണെന്ന് അവർ ഓര്‍മിക്കുകയും പഠിപ്പിക്കുകയും ചെയ്യണം.
മനുഷ്യവ്യക്തിയുടെ മൗലികാവകാശങ്ങളെയും അവൻ്റെ സ്വാതന്ത്ര്യത്തിൻ്റെ നിയോഗത്തിനുള്ള വ്യവസ്ഥകളെയും ബഹുമാനിക്കാന്‍ പൊതു അധികാരിക്കു കടമയുണ്ട്.
സത്യം, നീതി, സഹാനുഭാവം, സ്വാതന്ത്ര്യം എന്നിവയുടെ ചൈതന്യത്തില്‍ സമൂഹത്തെ പടുത്തുയർത്തുന്നതിനു രാഷ്ട്രാധികാരികളോടൊപ്പം അദ്ധ്വാനിക്കുവാ൯ പൗരന്മാർക്ക് കടമയുണ്ട്.
രാഷ്ട്രാധികാരികളുടെ നിര്‍ദേശങ്ങള്‍, ധാര്‍മികനിയമങ്ങള്‍ക്കു വിരുദ്ധമായിരിക്കുമ്പോൾ, അവ അനനുസരിക്കാതിരിക്കാൻ പൗരന്മാരെ മന:സാക്ഷി കടപ്പെടുത്തുന്നു. “മനുഷ്യരേക്കാൾ ദൈവത്തെയാണ് അനുസരിക്കേണ്ടത്” (Acts 5:29)
ഓരോ സമുഹത്തിൻ്റെയും വിധിനിർണയങ്ങളും പെരുമാറ്റവും മനുഷ്യനെയും അവന്റെ ഭാഗധേയത്തെയും സംബന്ധിച്ച ഒരു ദർശനം ഉൾകൊള്ളുന്നു. ദൈവത്തെയും മനുഷ്യനെയും സംബന്ധിച്ച് സുവിശേഷം ചൊരിയുന്ന പ്രകാശത്തിനു പുറത്ത് സമുഹങ്ങൾ എളുപ്പത്തിൽ സ്വേച്ഛാധിപത്യപരമായിത്തീരും.
“നിന്നെപ്പോലെ നിൻ്റെ അയല്‍ക്കാരനെ സ്നേഹിക്കുക” നാലാം കല്‍പന കുടുംബം ദൈവത്തിൻ്റെ പദ്ധതിയില്‍ ക്രൈസ്തവ കുടുംബം കുടുംബവും സമൂഹവും മക്കളുടെ കടമകള്‍ കുടുംബവും ദൈവരാജ്യവും രാഷ്ട്രാധികാരികളുടെ കടമകള്‍ Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



