We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 12-Jul-2022
അധ്യായം ഒന്ന്
“നീ നിൻ്റെ ദൈവമായ കർത്താവിനെ നിൻ്റെ പൂർണ ഹൃദയത്തോടും നിൻ്റെ പൂർണാത്മാവോടും നിൻ്റെ പൂർണ മനസ്സോടുംകൂടെ സ്നേഹിക്കുക”
മനുഷ്യനു ദൈവത്തോടുള്ള കടമകളെ യേശു ഈ കൽപനയിൽ സംഗ്രഹിച്ചു: “നീ നിൻ്റെ ദൈവമായ കർത്താവിനെ നിൻ്റെ പൂർണ ഹൃദയത്തോടും നിൻ്റെ പൂർണാത്മാവോടും നിൻ്റെ പൂർണ മനസ്സോടുംകൂടെ സ്നേഹിക്കുക.” "ഇസ്രായേലേ, കേൾക്കുക: നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവാണ്” എന്ന ആഘോഷപൂർവകമായ ആഹ്വാനത്തെ ഈ പ്രസ്താവന പെട്ടെന്നു പ്രതിധ്വനിപ്പിക്കുന്നു.
ദൈവം ആദ്യം സ്നേഹിച്ചു. ഏകദൈവത്തിൻ്റെ സ്നേഹം “പത്തു വാക്കുകളിൽ" ആദ്യമായി സമാഹരിക്കപ്പെടുന്നു. പിന്നെ, മനുഷ്യൻ തൻ്റെ ദൈവത്തിനു നൽകാൻ വിളിക്കപ്പെട്ടിരിക്കുന്ന സ്നേഹത്തിൻ്റെ പ്രത്യുത്തരത്തെ കൽപനകൾ വ്യക്തമാക്കുന്നു.
വകുപ്പ് 1
ഒന്നാം കൽപന
അടിമത്തത്തിൻ്റെ ഭവനമായ ഈജിപ്തുദേശത്തുനിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ് നിൻ്റെ ദൈവമായ കർത്താവ്. ഞാനല്ലാതെ വേറെ ദൈവങ്ങൾ നിനക്കുണ്ടാകരുത്. മുകളിൽ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കു താഴെ ജലത്തിലോ ഉള്ള ഒന്നിൻ്റെയും പ്രതിമയോ രൂപമോ നീ നിർമിക്കരുത്; അവയ്ക്കു മുൻപിൽ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്.
ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു; “നീ നിൻ്റെ ദൈവമായ കർത്താവിനെ ആരാധിക്കണം. അവിടുത്തെ മാത്രമേ സേവിക്കാവു.”
I. “നീ നിൻ്റെ ദൈവമായ കർത്താവിനെ ആരാധിക്കണം; അവിടുത്തെ സേവിക്കണം”
“നിന്നെ ഈജിപ്തു ദേശത്തുനിന്ന്, അടിമത്തത്തിൻ്റെ ഭവനത്തിൽനിന്ന്, പുറത്തുകൊണ്ടുവന്ന ഞാൻ " എന്നുപറഞ്ഞുകൊണ്ട് ദൈവം താൻ അഭിസംബോധന ചെയ്യുന്നവന്റെ ചരിത്രത്തിലുണ്ടായ തൻ്റെ സർവശക്തവും, സ്നേഹപൂർണവും, വിമോചകവുമായ പ്രവൃത്തിയെ അനുസ്മരിപ്പിച്ചുകൊണ്ട് തന്നെത്തന്നെ വെളിപ്പെടുത്തുന്നു. ഒന്നാമത്തെ വാക്ക് നിയമത്തിലെ ഒന്നാമത്തെ കൽപന ഉൾക്കൊളളുന്നു; “നീ നിൻെറ ദൈവമായ കർത്താവിനെ ഭയപ്പെടണം, അവിടുത്തെ സേവിക്കണം... നീ മറ്റു ദൈവങ്ങളുടെ പിന്നാലെ പോകരുത്.” ദൈവത്തിൻ്റെ ഒന്നാമത്തെ ആഹ്വാനവും നീതിയുക്തമായ ആവശ്യവും മനുഷ്യൻ അവിടുത്തെ അംഗീകരിക്കുകയും ആരാധിക്കുകയും ചെയ്യണം എന്നതാണ്.
ഏക സത്യദൈവം ഇസ്രായേലിനു തൻ്റെ മഹത്ത്വം ആദ്യം വെളിപ്പെടുത്തുന്നു.” മനുഷ്യൻ്റെ വിളിയുടെയും സത്യത്തിന്റെയും വെളിപാടു ദൈവത്തിൻ്റെ വെളിപാടിനോടു ബന്ധിക്കപ്പെട്ടിരിക്കുന്നു. “ദൈവത്തിൻ്റെ ഛായയിലും സാദൃശ്യത്തിലുമുള്ള” തൻ്റെ സൃഷ്ടിക്കു ചേർന്നവിധം പ്രവർത്തിച്ചുകൊണ്ട് ദൈവത്തെ വെളിപ്പെടുത്തുക എന്നതാണ് മനുഷ്യനുള്ള വിളി.
പ്രഥമകൽപന വിശ്വാസം, ശരണം, സ്നേഹം എന്നിവ ഉൾക്കൊള്ളുന്നു. “ദൈവം” സുസ്ഥിരനും, അചഞ്ചലനും എന്നും ഒരാളായിരിക്കുന്നവനും, വിശ്വസ്തനും നീതിമാനുമാണെന്നു നാം പറയുമ്പോൾ നാം കുറ്റമറ്റവിധം ശരിയായി അവിടുത്തെ ഏറ്റുപറയുകയാണ്; അതിനാൽ നാം അവിടുത്തെ വാക്കുകൾ സ്വീകരിക്കുകയും അവിടുന്നിൽ പൂർണമായി വിശ്വസിക്കുകയും അവിടുത്തെ അധികാരത്തെ അംഗീകരിക്കുകയും ചെയ്യുക ആവശ്യമാണ്. അവിടുത്തെ സർവശക്തിയെയും, കാരുണ്യത്തെയും നന്മ ചെയ്യാനുള്ള അവിടുത്തെ കഴിവും ആഭിമുഖ്യവും കണക്കിലെടുക്കുന്ന ആർക്കാണ് അവിടുന്നിൽ പ്രത്യാശയർപ്പിക്കാതിരിക്കാൻ കഴിയുക? നമ്മുടെമേൽ അവിടുന്നു ചൊരിഞ്ഞ നൻമയുടെയും സ്നേഹത്തിന്റെയും സമ്പത്തിനെക്കുറിച്ചു ധ്യാനിക്കുമ്പോൾ ആർക്കാണ് അവിടുത്തെ സ്നേഹിക്കാതിരിക്കാൻ കഴിയുക? അതുകൊണ്ട് വിശുദ്ധ ലിഖിതത്തിൽ തന്റെ കൽപനകളുടെ ആരംഭത്തിലും അവസാനത്തിലും “ഞാനാണു കർത്താവ്" എന്ന വാക്യം ദൈവം ഉപയോഗിക്കുന്നു.“
വിശ്വാസം
നമ്മുടെ ധാർമിക ജീവിതം അതിന്റെ ഉറവിടം കണ്ടെത്തുന്നത് തന്റെ സ്നേഹം നമുക്കു വെളിപ്പെടുത്തുന്ന ദൈവത്തിലുള്ള വിശ്വാസത്തിലാണ്. വിശുദ്ധ പൗലോസ് വിശ്വാസത്തിന്റെ അനുസരണത്തെ നമ്മുടെ പ്രഥമ കടമയായി വിശേഷിപ്പിക്കുന്നു. “ദൈവത്തെപ്പറ്റിയുള്ള അജ്ഞത"യാണ് എല്ലാ അധർമങ്ങളുടെയും മൂലതത്ത്വവും വിശദീകരണവുമെന്ന് അദ്ദേഹം കാണിച്ചുതരുന്നു. ദൈവത്തോടുള്ള നമ്മുടെ കടമ അവിടുന്നിൽ വിശ്വസിക്കുകയും അവിടുത്തേക്കു സാക്ഷ്യംവഹിക്കുകയും ചെയ്യുക എന്നതാണ്.
വിവേകത്തോടും ജാഗ്രതയോടും കൂടെ നമ്മുടെ വിശ്വാസത്തെ പോഷിപ്പിക്കാനും സംരക്ഷിക്കാനും അതിനു വിരുദ്ധമായിട്ടുള്ള എന്തിനെയും പരിത്യജിക്കാനും പ്രഥമകൽപന നമ്മോട് ആവശ്യപ്പെടുന്നു. വിശ്വാസത്തിനെതിരായി പാപം ചെയ്യാൻ പല രീതികളുണ്ട്.
മന:പൂർവമായ സംശയം - വിശ്വാസത്തെ സംബന്ധിച്ച് ദൈവം വെളിപ്പെടുത്തിയതും വിശ്വസിക്കാൻ സഭ നിർദേശിക്കുന്നതുമായ കാര്യങ്ങളെ സത്യമായി പരിഗണിക്കാതിരിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നത്. മന:പൂർവ്വമല്ലാത്ത സംശയം, വിശ്വസിക്കുന്നതിലെ ശങ്കയെയോ, വിശ്വാസത്തെ സംബന്ധിച്ച എതിർവാദങ്ങളെ കീഴടക്കുന്നതിലുള്ള പ്രയാസത്തെയോ, അതിന്റെ അസ്പഷ്ടതയാൽ ഉണർത്തപ്പെടുന്ന ആകുലതയെയോ സൂചിപ്പിക്കുന്നു. സംശയത്തെ മന:പൂർവം വളർത്തിയാൽ അത് ആത്മീയമായ അന്ധതയിലേക്കു നയിക്കും.
സന്ദേഹം വെളിപ്പെടുത്തപ്പെട്ട സത്യത്തെ അവഗണിക്കുന്നതോ അതിനെ അംഗീകരിക്കാൻ മന:പൂർവം വിസമ്മതിക്കുന്നതോ ആണ്.
“ദൈവികവും കാതോലികവുമായ വിശ്വാസത്തോടെ വിശ്വസിക്കേണ്ട ഏതെങ്കിലും ഒരു സത്യത്തെ മാമ്മോദീസ സ്വീകരണത്തിനുശേഷം ദുർവാശിയോടെ നിഷേധിക്കുന്നതോ അതിനെ സംബന്ധിച്ചുള്ള ദുർവാശിയോടെ സംശയിക്കുന്നതോ ആണ് പാഷണ്ടഡത.
ക്രൈസ്തവ വിശ്വാസത്തെ സംപൂർണമായി ഉപേക്ഷിക്കുന്നതാണ് വിശ്വാസത്യാഗം.
മാർപാപ്പയോടുള്ള വിധേയത്വത്തിൽനിന്നോ അദ്ദേഹത്തിന്റെ കീഴിലുള്ള സഭയുടെ അംഗങ്ങളുമായുള്ള സംസർഗത്തിൽനിന്നോ പിൻമാറുന്നതാണ് ശീശ്മ.
പ്രത്യാശ
ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുകയും മനുഷ്യനെ വിളിക്കുകയും ചെയ്യുമ്പോൾ, മനുഷ്യനു സ്വന്തം ശക്തികൾകൊണ്ട് ദൈവിക സ്നേഹത്തോടു പൂർണമായി പ്രത്യുത്തരിക്കാൻ കഴിയുകയില്ല. ദൈവത്തിനു പ്രതിസ്നേഹം നൽകാനും സ്നേഹത്തിന്റെ കൽപനകൾ അനുസരിച്ചു പ്രവർത്തിക്കാനും വേണ്ട കഴിവു ദൈവം തനിക്കു നൽകുമെന്നു മനുഷ്യൻ പ്രത്യാശിക്കണം. ദൈവാനുഗ്രഹത്തിന്റെയും സൗഭാഗ്യപൂർണമായ ദൈവദർശനത്തിന്റെയും വിശ്വാസപൂർണമായ പ്രതീക്ഷയാണ് പ്രത്യാശ. ദൈവസ്നേഹത്തെ എതിർക്കുന്നതിനെയും ശിക്ഷയ്ക്കു കാരണമാക്കുന്നതിനെയും സംബന്ധിച്ച ഭയവുമാണ് അത്.
ഒന്നാമത്തെ കൽപന പ്രത്യാശയ്ക്ക് എതിരായുള്ള പാപങ്ങളെ അതായത് നിരാശ, ഔദ്ധത്യം എന്നിവയെ സംബന്ധിച്ചുള്ളതാണ്.
നിരാശവഴി മനുഷ്യനു ദൈവത്തിൽ നിന്നുള്ള തന്റെ വ്യക്തിപരമായ രക്ഷയോ, അതു നേടുന്നതിനുള്ള സഹായമോ, തന്റെ പാപങ്ങളുടെ മോചനമോ സംബന്ധിച്ച പ്രത്യാശ നഷ്ടമാകുന്നു. നിരാശ ദൈവത്തിന്റെ നൻമയ്ക്കും, അവിടുത്തെ നീതിക്കും - എന്തെന്നാൽ കർത്താവ് തന്റെ വാഗ്ദാനങ്ങളിൽ വിശ്വസ്തനാണ് - അവിടുത്തെ കാരുണ്യത്തിനും എതിരാണ്.
ഔദ്ധത്യം രണ്ടുതരം ഉണ്ട്. ഒന്നുകിൽ, മനുഷ്യൻ തന്റെ തന്നെ കഴിവുകളിൽ മൂഢമായി വിശ്വസിക്കുന്നു (ഉന്നതത്തിൽ നിന്നുള്ള സഹായമില്ലാതെ തന്നെത്തന്നെ രക്ഷിക്കാൻ കഴിയുമെന്നു വിശ്വസിച്ചുകൊണ്ട്); അല്ലെങ്കിൽ, ദൈവത്തിന്റെ സർവ്വശക്തിയിലോ അവിടുത്തെ കാരുണ്യത്തിലോ മൂഢമായി വിശ്വസിക്കുന്നു (മാനസാന്തരം കൂടാതെ തന്നെ അവിടുത്തെ മാപ്പുനേടാമെന്നും അർഹത കൂടാതെ മഹത്ത്വം നേടാമെന്നും പ്രതീക്ഷിച്ചുകൊണ്ട്).
സ്നേഹം
ദൈവത്തിന്റെ സ്നേഹത്തിലുള്ള വിശ്വാസം ദൈവിക സ്നേഹത്തോട് ആത്മാർഥമായ സ്നേഹത്തോടെ പ്രത്യുത്തരിക്കാനുള്ള വിളിയും കടമയും ഉൾക്കൊള്ളുന്നു. ദൈവത്തെ എല്ലാറ്റിലും ഉപരിയായി സ്‌നേഹിക്കാനും എല്ലാ സൃഷ്ടികളെയും അവിടുത്തേക്കു വേണ്ടിയും അവിടുത്തെ പ്രതിയും സ്നേഹിക്കാനും ഒന്നാമത്തെ കൽപന നമ്മെ കടപ്പെടുത്തുന്നു.
ദൈവസ്നേഹത്തിന് എതിരായി പലവിധത്തിൽ പാപംചെയ്യാൻ സാധിക്കും:
- നിസ്സംഗത ദൈവിക സ്നേഹത്തെപ്പറ്റിയുള്ള പരിചിന്തനം അവഗണിക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്നു. അത് അതിന്റെ മുൻപേ വരുന്ന ദൈവിക സ്നേഹത്തെ അവഗണിക്കുകയും അതിന്റെ ശക്തിയെ നിഷേധിക്കുകയും ചെയ്യുന്നു.
- നന്ദിഹീനത ദൈവിക സ്നേഹത്തെ അംഗീകരിക്കുന്നതിലും അവിടുത്തേക്കു സ്നേഹത്തിനുപകരം സ്നേഹം നൽകുന്നതിലും വീഴ്ച വരുത്തുന്നു, അല്ലെങ്കിൽ അതിനു വിസമ്മതിക്കുന്നു.
- മന്ദോഷ്ണത ദൈവിക സ്നേഹത്തോടു പ്രത്യുത്തരിക്കുന്നതിലുള്ള സന്ദേഹമോ അവഗണനയോ ആണ്; സ്നേഹത്തിന്റെ പ്രചോദനത്തിനു തന്നെത്തന്നെ വിട്ടു കൊടുക്കുവാനുള്ള വൈമനസ്യവും അത് അർഥമാക്കാം.
- മടി അഥവാ ആധ്യാത്മികമായ അലസത ദൈവത്തിൽനിന്നു വരുന്ന സന്തോഷത്തെ നിഷേധിക്കുകയോ, ദൈവിക നൻമയെ വെറുക്കുകയോ ചെയ്യുന്നിടത്തോളം എത്തുന്നു.
- ദൈവ വിദ്വേഷം അഹങ്കാരത്തിൽനിന്നു വരുന്നു. അതു ദൈവസ്നേഹത്തിനു വിരുദ്ധമാണ്, അവിടുത്തെ നൻമയെ നിഷേധിക്കുന്നു, പാപങ്ങളെ നിരോധിക്കുകയും ശിക്ഷ നൽകുകയും ചെയ്യുന്ന അവിടുത്തെ ശപിക്കാൻ ഉദ്ദേശിക്കുന്നു.
II. “അവിടുത്തെ മാത്രമേ നീ സേവിക്കാവു”
വിശ്വാസം, പ്രത്യാശ, സ്നേഹം എന്നീ ദൈവിക സുകൃതങ്ങൾ ധാർമിക സുകൃതങ്ങളെ രൂപപ്പെടുത്തുകയും അവയ്ക്കു ജീവൻ നൽകുകയും ചെയ്യുന്നു. അങ്ങനെ, നാം സൃഷ്ടികളെന്ന നിലയിൽ സർവനീതിയുമനുസരിച്ചു ദൈവത്തിനു നൽകാൻ കടപ്പെട്ടത് നൽകുന്നതിലേക്കു സ്നേഹം നമ്മെ നയിക്കുന്നു. ഈ മനോഭാവം നമുക്കുണ്ടാകാൻ മതാത്മകത എന്ന സുകൃതം നമ്മെ സജ്ജരാക്കുന്നു.
ആരാധന
ആരാധന മതാത്മകത എന്ന സുകൃതത്തിൻെറ പ്രഥമപ്രവൃത്തിയാണ്. ദൈവത്തെ ആരാധിക്കുക എന്നത്, അവിടുത്തെ ദൈവമായി, സ്രഷ്ടാവും രക്ഷകനുമായി, അസ്തിത്വമുള്ള സകലത്തിന്റെയും കർത്താവും അധിനാഥനുമായി അനന്തവും കരുണാർദ്രവവുമായ സ്‌നേഹമായി അംഗീകരിക്കുകയാണ്. “നിന്റെ കർത്താവിനെ നീ ആരാധിക്കണം, അവിടുത്തെ മാത്രമേ നീ സേവിക്കാവൂ" എന്ന് നിയമാവർത്തന പുസ്തകം ഉദ്ധരിച്ചുകൊണ്ട് യേശു പറയുന്നു.
ദൈവത്തെ ആരാധിക്കുക എന്നത്, ദൈവത്തിൽ നിന്നല്ലാതെ അസ്തിത്വമില്ല, “സൃഷ്ടിയുടെ ശൂന്യത"യെ ആദരവോടും പൂർണ വിധേയത്വത്തോടുംകൂടെ അംഗീകരിക്കുക എന്നതാണ്. ദൈവത്തെ ആരാധിക്കുക എന്നത്, മറിയം സ്തോത്രഗീതത്തിൽ ചെയ്തതുപോലെ, അവിടുന്നു വലിയ കാര്യങ്ങൾ ചെയ്തുവെന്നും അവിടുത്തെ നാമം വിശുദ്ധമാണെന്നും നന്ദിയോടെ ഏറ്റുപറഞ്ഞുകൊണ്ട് അവിടുത്തെ പുകഴ്ത്തുകയും മഹത്ത്വപ്പെടുത്തുകയും തന്നെത്തന്നെ വിനീതനാക്കുകയും ചെയ്യുക എന്നതാണ്". ഏക ദൈവത്തിനു നൽകുന്ന ആരാധന മനുഷ്യനെ സ്വയോൻമുഖനാക്കുന്നതിൽനിന്നും പാപത്തിന്റെ അടിമത്തത്തിൽനിന്നും ലോകത്തിന്റെ വിഗ്രഹാരാധനയിൽ നിന്നും സ്വതന്ത്രനാക്കുന്നു.
പ്രാർഥന
പ്രഥമകൽപന അനുശാസിക്കുന്ന വിശ്വാസത്തിന്റെയും പ്രത്യാശയുടെയും സ്‌നേഹത്തിന്റെയും പ്രകരണങ്ങൾ പ്രാർഥനയിൽ പൂർത്തിയാക്കപ്പെടുന്നു. ദൈവത്തിലേക്കു മനസ്സിനെ ഉയർത്തുകയെന്നതു നാം ദൈവത്തിനു നൽകുന്ന ആരാധനയുടെ ഒരു പ്രകാശനമാണ്: സ്തുതിയുടെയും കൃതജ്ഞതാപ്രകടനത്തിന്റെയും മധ്യസ്ഥതയുടെയും അപേക്ഷയുടെയും പ്രാർഥനയാണിത്. ദൈവത്തിന്റെ കൽപ്പനകൾ അനുസരിക്കാൻ കഴിയുന്നതിന് അനുപേക്ഷണീയമായ ഒരു വ്യവസ്ഥയാണു പ്രാർഥന. “എപ്പോഴും പ്രാർഥിക്കണം, ഭഗ്നാശരാകരുത്. "
ബലി
ആരാധനയുടെയും കൃതജ്ഞതയുടെയും, അപേക്ഷയുടെയും സംസർഗത്തിന്റെയും ഒരടയാളം എന്ന നിലയിൽ ദൈവത്തിനു ബലികൾ അർപ്പിക്കുന്നത് ഉചിതമാണ്. “വിശുദ്ധിയുടെ സംസർഗത്തിൽ ദൈവത്തോട് ചേരുന്നതും അങ്ങനെ സൗഭാഗ്യം പ്രാപിക്കുന്നതിനുംവേണ്ടി ചെയ്യപ്പെടുന്ന ഓരോ പ്രവൃത്തിയും യഥാർഥബലിയാണ്."
ബാഹ്യമായ ബലി യഥാർഥമായിരിക്കുന്നതിന് അത് ആധ്യാത്മിക ബലിയുടെ പ്രകടനമായിരിക്കണം. “ദൈവത്തിനു സ്വീകാര്യമായ ബലി ഉരുകിയ ഒരു മനസ്സാണ്..." ഹൃദയത്തിൽനിന്നു പുറപ്പെടാത്തതോ അയൽക്കാരനോടുള്ള സ്നേഹത്തിനു യോജിക്കാത്തതോ ആയ ബലികളെ പഴയ ഉടമ്പടിയുടെ പ്രവാചൻമാർ മിക്കപ്പോഴും കുറ്റപ്പെടുത്തിയിരുന്നു. ഹോസിയാ പ്രവാചകന്റെ വാക്കുകളെ യേശു അനുസ്മരിപ്പിക്കുന്നു: “ഞാൻ കരുണയാണ് ആഗ്രഹിക്കുന്നത്, ബലിയല്ല. പരിപൂർണമായ ഏകബലി. പിതാവിന്റെ സ്നേഹത്തോടുള്ള സംപൂർണമായ സമർപ്പണമായും നമ്മുടെ രക്ഷയ്ക്കുവേണ്ടിയും യേശു കുരിശിൽ അർപ്പിച്ച ബലിയാണ്. അവിടുത്തെ ബലിയോടു ചേർത്തുകൊണ്ട് നമ്മുടെ ജീവിതത്തെ ദൈവത്തിനുള്ള ബലിയാക്കിത്തീർക്കാൻ നമുക്കു കഴിയും.”
വാഗ്ദാനങ്ങളും വ്രതങ്ങളും
ദൈവത്തോടു വാഗ്ദാനങ്ങൾ നടത്താൻ ക്രൈസ്തവൻ പല സാഹചര്യങ്ങളിലും വിളിക്കപ്പെടുന്നു. മാമ്മോദീസ, സ്ഥൈര്യലേപനം, വിവാഹം, തിരുപ്പട്ടം എന്നിവ എപ്പോഴും വാഗ്ദാനങ്ങളെ ഉൾക്കൊള്ളുന്നു. കൂടാതെ വൃക്തിപരമായ ഭക്തിമൂലം ദൈവത്തോട് ഏതെങ്കിലും പ്രവൃത്തിയോ പ്രാർഥനയോ ധർമദാനമോ തീർഥാടനമോ മറ്റെന്തെങ്കിലുമോ ക്രൈസ്തവൻ വാഗ്ദാനം ചെയ്യും. ദൈവത്തോടു ചെയ്ത വാഗ്ദാനങ്ങളോടുള്ള വിശ്വസ്തത ദൈവിക മഹത്ത്വത്തിന് അർഹമായ ബഹുമാനത്തിന്റെയും, വിശ്വസ്തനായ ദൈവത്തോടുള്ള സ്നേഹത്തിന്റെയും അടയാളമാണ്.
വ്രതം സാധ്യവും കൂടുതൽ വിലപ്പെട്ടതുമായ ഒരു നൻമയെ സംബന്ധിച്ചു നടത്തുന്നതും മതാത്മകത എന്ന സുകൃതത്തിന്റെ ശക്തിയാൽ പൂർത്തിയാക്കേണ്ടതും ദൈവത്തോടു ചെയ്യുന്നതുമായ സുനിശ്ചിതവും സ്വതന്ത്രവുമായ ഒരു വാഗ്ദാനമാണ്. വ്രതം ഭക്തിയുടെ ഒരു പ്രവൃത്തിയാണ്. അതിൽ ക്രൈസ്തവൻ ദൈവത്തിനു തന്നെത്തന്നെ സമർപ്പിക്കുകയോ ഒരു സത്പ്രവർത്തി ചെയ്യാമെന്ന് അവിടുത്തേക്കു വാക്കുകൊടുക്കുകയോ ചെയ്യുന്നു. വ്രതങ്ങൾ നിറവേറ്റുന്നതുവഴി, ദൈവത്തിനു വാഗ്ദാനംചെയ്യപ്പെട്ടതും അവിടുത്തേക്കു സമർപ്പിക്കപ്പെട്ടതുമായത് അവൻ അവിടുത്തേക്കു നൽകുന്നു. താൻ എടുത്തിരുന്ന വ്രതങ്ങൾ നിറവേറ്റാൻ ബന്ധശ്രദ്ധനായിരുന്ന വിശുദ്ധ പൗലോസിനെ അപ്പസ്തോല പ്രവർത്തനങ്ങൾ നമുക്കു കാണിച്ചു തരുന്നു.
സുവിശേഷോപദേശങ്ങൾ അഭ്യസിക്കാനുള്ള വ്രതങ്ങളിൽ മാതൃകാപരമായ ഒരു മൂല്യമുണ്ടെന്നു സഭ അംഗീകരിക്കുന്നു.
ദൈവമക്കളുടെ സ്വാതന്ത്ര്യം ഉപയോഗിച്ചു ദാരിദ്ര്യം ഏറ്റെടുത്തുകൊണ്ടും സ്വന്തം ഹിതം ഉപേക്ഷിച്ചുകൊണ്ടും, രക്ഷകന്റെ സ്വയം ശൂന്യവത്കരണത്തെ കൂടുതൽ അടുത്ത് അനുഗമിക്കുകയും അതിനെ കൂടുതൽ വ്യക്തമായി പ്രകടമാക്കുകയും ചെയ്യുന്ന ധാരാളം സ്ത്രീപുരുഷൻമാർ തന്റെ മടിയിൽ ഉണ്ട് എന്നതിൽ സഭാമാതാവു സന്തോഷിക്കുന്നു. അവർ ദൈവത്തിനുവേണ്ടി തങ്ങളെത്തന്നെ മനുഷ്യർക്കു സമർപ്പിക്കുന്നു; അങ്ങനെ അനുസരണയുള്ളവനായ ക്രിസ്തുവിനോടു കൂടുതൽ പൂർണമായി അനുരൂപപ്പെടാൻവേണ്ടി, പരിപൂർണതയുടെ കാര്യത്തിൽ, കൽപനയ്ക്കുമപ്പുറം മുന്നേറുന്നു.
ചില സന്ദർഭങ്ങളിൽ തക്കതായ കാരണമുള്ളപ്പോൾ വ്രതങ്ങളിൽനിന്നും വാഗ്ദാനങ്ങളിൽനിന്നും ഒഴിവു നല്കാൻ സഭയ്ക്കു കഴിയും.
മതത്തിൻെറ സാമൂഹിക ധർമവും മതസ്വാതന്ത്ര്യത്തിനുള്ള അവകാശവും
“സത്യത്തെ പ്രത്യകിച്ച് ദൈവത്തെയും അവിടുത്തെ സഭയെയും സംബന്ധിച്ച കാര്യങ്ങളിൽ, അന്വേഷിക്കാനും അറിഞ്ഞുകഴിയുമ്പോൾ അതിനെ മുറുകെപ്പിടിക്കാനും എല്ലാ മനുഷ്യർക്കും കടമയുണ്ട്. "ഈ കടമ മനുഷ്യ സ്വഭാവത്തിൽ നിന്നുതന്നെ സംജാതമാകുന്നതാണ്". “എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന സത്യത്തിന്റെ ഒരു രശ്മിയെ പ്രതിഫലിപ്പിക്കുന്ന വിവിധ മതങ്ങളോട് “ആത്മാർഥമായ ആദരവ് പുലർത്തുന്നതിന് അത് എതിരല്ല. വിശ്വാസത്തെ സംബന്ധിച്ചിടത്തോളം തെറ്റിലോ അജ്ഞതയിലോ കഴിയുന്നവരോടു സ്നേഹത്തോടും വിവേകത്തോടും ക്ഷമയോടുംകൂടെ പെരുമാറാൻ” ക്രൈസ്തവരെ നിർബന്ധിക്കുന്ന സ്നേഹത്തിന്റെയും ആവശ്യത്തിനും അത് എതിരല്ല. ദൈവത്തിനു യഥാർഥ ആരാധന അർപ്പിക്കാനുള്ള കടമ മനുഷ്യനെ വൃക്തിപരമായും സാമൂഹികമായും ബാധിക്കുന്നു. “വ്യക്തികൾക്കും സമൂഹങ്ങൾക്കും സത്യ മതത്തോടും ക്രിസ്തുവിന്റെ ഏകസഭയോടുമുള്ള ധാർമികകടമയെ സംബന്ധിച്ച പരമ്പരാഗത കത്തോലിക്കാ പ്രബോധനം" ഇതാണ്. മനുഷ്യരെ നിരന്തരം സുവിശേഷവത്കരിച്ചുകൊണ്ട്, അവർ “ജീവിക്കുന്ന സമൂഹത്തിന്റെ മനോഭാവത്തെയും ആചാരങ്ങളെയും നിയമങ്ങളെയും ഘടനകളെയും രൂപപ്പെടുത്തുവാൻ അവരെ ശക്തരാക്കുന്നതിന് സഭ അദ്ധ്വാനിക്കുന്നു". ഓരോ മനുഷ്യനിലും സത്യത്തോടും നൻമയോടും ഉള്ള സ്നേഹം ഉണർത്തുകയും ആദരിക്കുകയും ചെയ്യുക എന്നതാണു ക്രൈസ്തവരുടെ സാമൂഹിക ധർമം. കാതോലികവും അപ്പസ്തോലികവുമായ സഭയിൽ നിലനിൽക്കുന്ന ഏകവും യഥാർഥവുമായ മതത്തിലെ ആരാധന പരസ്യമാക്കാൻ ആ ധർമം അവരോട് ആവശ്യപ്പെടുന്നു.” ക്രിസ്ത്യാനികൾ ലോകത്തിന്റെ പ്രകാശമായിരിക്കാൻ വിളിക്കപ്പെടുന്നു. അങ്ങനെ, സർവസൃഷ്ടികളുടെയും, പ്രത്യേകിച്ച് മനുഷ്യ സമൂഹങ്ങളുടെയും മേലുള്ള ക്രിസ്തുവിന്റെ രാജത്വം സഭ പ്രകാശിപ്പിക്കുന്നു.
“ഏതെങ്കിലും ഒരു രാഷ്ട്രത്തിൽ അവിടത്തെ പ്രത്യേക പരിത:സ്ഥിതികൾമൂലം ഏതെങ്കിലും ഒരു മതസമൂഹത്തിനു രാഷ്ട്രത്തിന്റെ ഭരണഘടനാപരമായ ക്രമത്തിൽ പൗരാവകാശപരമായ അംഗീകാരം നൽകുന്നുവെങ്കിൽ, എല്ലാ പൗരൻമാർക്കും മതസമൂഹങ്ങൾക്കും മതസ്വാതന്ത്രൃത്തിനുള്ള അവകാശം അംഗീകരിക്കുകയും ആദരിക്കുകയും കൂടി ചെയ്യണം. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം തെറ്റിനെ പുൽകാനുള്ള ഒരു ധാർമികാനുവാദമോ തെറ്റുചെയ്യാനുള്ള പരികൽപിതാവകാശമോ അല്ല. പിന്നെയോ, പൗര സ്വാതന്ത്ര്യത്തിനുള്ള മനുഷ്യവ്യക്തിയുടെ പ്രകൃത്യനുസൃതമായ അവകാശമാണ്. അതായത്, ന്യായമായ പരിധിക്കുള്ളിൽ, മതപരമായ കാര്യങ്ങളിൽ രാഷ്ട്രീയാധികാരത്തിന്റെ ബാഹ്യമായ സമ്മർദ്ദത്തിൽനിന്ന് സ്വതന്ത്രമായിരിക്കാനുള്ള അവകാശം. പ്രകൃത്യനുസൃതമായ ഈ അവകാശം ഒരു പൗരാവകാശമായിരിക്കത്തക്കവിധം സമൂഹത്തിന്റെ നൈയാമികക്രമത്തിൽ അംഗീകരിക്കപ്പെടണം.
III. “ഞാനല്ലാതെ വേറെ ദൈവങ്ങൾ നിനക്കുണ്ടാകരുത്"
തന്റെ ജനത്തിനു തന്നെത്തന്നെ വെളിപ്പെടുത്തിയ ഏക കർത്താവിനെയല്ലാതെ മറ്റു ദൈവങ്ങളെ ആരാധിക്കുന്നതിനെ ഒന്നാമത്തെ കൽപന വിലക്കുന്നു: അത് അന്ധവിശ്വാസത്തെയും മതനിന്ദയെയും നിരോധിക്കുന്നു. അന്ധവിശ്വാസം, ഒരർഥത്തിൽ മതത്തിന്റെ വഴിപിഴച്ച ആധിക്യത്തെയാണ് കാണിക്കുന്നത്. മതനിന്ദ, വികലതമൂലം, മതാത്മകതയെന്ന സുകൃതത്തിനു വിരുദ്ധമായ തിൻമയാണ്.
അന്ധവിശ്വാസം
അന്ധവിശ്വാസമെന്നത്, മതാവബോധത്തിന്റെയും അതു നിഷ്കർഷിക്കുന്ന ആചാരങ്ങളുടെയും അപഭ്രംശമാണ്. യഥാർഥ ദൈവത്തിനു നാം സമർപ്പിക്കുന്ന ആരാധനയെപ്പോലും അതു ബാധിക്കാവുന്നതാണ്. ഉദാഹരണമായി, മറ്റുവിധത്തിൽ നിയമപരമോ അത്യാവശ്യമോ ആയ ചില ആചാരങ്ങൾക്ക് ഒരാൾ ഏതാണ്ട് ഒരുതരം മാന്ത്രികമായ പ്രാധാന്യം ആരോപിക്കുന്നു. പ്രാർഥനകളുടെയോ കൗദാശിക അടയാളങ്ങളുടെയോ ഫലദായകത്വം, അവ ആവശ്യപ്പെടുന്ന ആന്തരികമനോഭാവങ്ങളെ അവഗണിച്ച്, കേവലം ബാഹ്യമായ അനുഷ്ഠാനത്തിൽ ആരോപിക്കുന്നത്, അന്ധവിശ്വാസത്തിൽ നിപതിക്കലാണ്.
വിഗ്രഹാരാധന
പ്രഥമകൽപന ബഹുദേവതാവാദത്തെ ശപിച്ചുതള്ളുന്നു. മനുഷ്യൻ ഏകദൈവത്തെയല്ലാതെ, മറ്റു ദൈവങ്ങളിൽ വിശ്വസിക്കുകയോ മറ്റു ദേവൻമാരെ ആരാധിക്കുകയോ ചെയ്യരുതെന്ന് അത് ആവശ്യപ്പെടുന്നു. “മനുഷ്യരുടെ കരവേലകളായ, സൃഷ്ടികളായ, വെള്ളിയോ സ്വർണമോ കൊണ്ടുള്ള വിഗ്രഹങ്ങളെ” തള്ളിക്കളയുന്നതിനെക്കുറിച്ചു വിശുദ്ധലിഖിതം സ്ഥിരം ഓർമിപ്പിക്കുന്നുണ്ട്. “അവയ്ക്ക് അധരങ്ങളുണ്ട്, പക്ഷേ, സംസാരിക്കുന്നില്ല. അവയ്ക്കു കണ്ണുകളുണ്ട്, പക്ഷേ കാണുന്നില്ല.” വ്യർഥമായ ഈ വിഗ്രഹങ്ങൾ മനുഷ്യനെ വ്യർഥനാക്കുന്നു. “അവയെ നിർമിക്കുന്നവരും അവയിൽ ആശ്രയിക്കുന്നവരും എല്ലാം അവരെപ്പോലെയാകും”. മറിച്ച്, ദൈവം ജീവിക്കുന്നവനും ചരിത്രത്തിൽ ഇടപെടുന്നവനുമായ “ജീവിക്കുന്ന ദൈവം ആണ്. വിഗ്രഹാരാധന അവിശ്വാസികളുടെ മിഥ്യയായ ആരാധനയെ മാത്രമല്ല സൂചിപ്പിക്കുന്നത്. അതു വിശ്വാസത്തിനെതിരായ ഒരു സ്ഥിരം പ്രലോഭനമായി നിലനില്ക്കുകയും ചെയ്യുന്നു. ദൈവമല്ലാത്തതിനെ ദൈവമാക്കുന്നതിലാണ് വിഗ്രഹാരാധന അടങ്ങിയിരിക്കുന്നത്. ദൈവത്തിന്റെ സ്ഥാനത്ത് ഒരു സൃഷ്ടിയെ - അത് ദേവൻമാരോ സാത്താൻമാരോ (ഉദാഹരണം സാത്താൻസേവ), ശക്തിയോ, സുഖമോ. വംശമോ, പൂർവികരോ, രാഷ്ട്രമോ, പണമോ അതുപോലുള്ള എന്തെങ്കിലുമോ ആകാം - ബഹുമാനിക്കുകയോ ആരാധിക്കുകയോ ചെയ്യുമ്പോഴെല്ലാം മനുഷ്യൻ വിഗ്രഹാരാധന നടത്തുകയാണ്. യേശു പറയുന്നു: “ദൈവത്തെയും മാമ്മോനെയും സേവിക്കാൻ നിങ്ങൾക്കു കഴിയുകയില്ല. പല രക്തസാക്ഷികളും മരിച്ചതു “മൃഗത്തെ” ആരാധിക്കുന്നതിന്, അങ്ങനെ ആരാധിക്കുന്നതായി നടിക്കുന്നതിനുപോലും, വിസമ്മതിച്ചതുകൊണ്ടാണ്. വിഗ്രഹാരാധന ദൈവത്തിന്റെ അനന്യമായ കർത്തൃത്വത്തെ തള്ളിപ്പറയുന്നു. തൻമൂലം അതു ദൈവത്തോടുള്ള ഐക്യവുമായി ഒത്തുപോകുന്നതല്ല.
മനുഷ്യജീവിതം ഏകദൈവത്തിന്റെ ആരാധനയിൽ ഐക്യപ്പെടുന്നു. കർത്താവിനെ മാത്രം ആരാധിക്കുക എന്ന കൽപന മനുഷ്യനെ അസങ്കീർണനാക്കുകയും അതിരറ്റ ശിഥിലീകരണത്തിൽനിന്ന് രക്ഷിക്കുകയും ചെയ്യുന്നു. മനുഷ്യനു ജൻമനാ ഉള്ള മതാവബോധത്തിന്റെ അപഭ്രംശമാണ് വിഗ്രഹാരാധന. “ദൈവത്തെപ്പറ്റിയുള്ള സുസ്ഥാപിതമായ ആശയത്തെ ദൈവമല്ലാത്ത മറ്റൊന്നിലേക്ക് ആരോപിക്കുന്നവനാണ് വിഗ്രഹാരാധകൻ."
ജ്യോതിഷവും ജാലവിദ്യയും
തന്റെ പ്രവാചകർക്കോ മറ്റു വിശുദ്ധർക്കോ ഭാവി വെളിപ്പെടുത്താൻ ദൈവത്തിനു കഴിയും. എന്നാലും, ഭാവിയെ സംബന്ധിച്ചു ഏതു കാര്യത്തെക്കുറിച്ചും ദൈവപരിപാലനയ്ക്കു തന്നെത്തന്നെ പ്രത്യാശാപൂർവം സമർപ്പിക്കുകയും, അതിനെ സംബന്ധിച്ച് അനാരോഗ്യകരമായ സകല ആകാംക്ഷയും ഉപേക്ഷിക്കുകയും ചെയ്യുകയാണു യഥാർഥമായ ക്രൈസ്തവശൈലി. മുൻകരുതലില്ലായ്മ ഉത്തരവാദിത്വരാഹിത്യം സൃഷ്ടിക്കും.
ജ്യോതിഷത്തിന്റെ എല്ലാ രൂപങ്ങളും ഉപേക്ഷിക്കേണ്ടതാണ്. സാത്താനെ അല്ലെങ്കിൽ പിശാചുക്കളെ ആശ്രയിക്കുന്നത്, മരിച്ചവരോടുള്ള മാന്ത്രികസംവേദനം അല്ലെങ്കിൽ, ഭാവി “വെളിപ്പെടുത്തു” മെന്ന മിഥ്യാസങ്കൽപത്തിൽ ചെയ്യപ്പെടുന്ന മറ്റു പ്രവൃത്തികൾ ജാതകം നോട്ടം, നക്ഷത്രഫലം, കൈനോട്ടം, ശകുനങ്ങളുടെയും കുറികളുടെയും വ്യാഖ്യാനം, അതീന്ദ്രിയ ദർശനം എന്ന പ്രതിഭാസം, മാധ്യമങ്ങളോടുള്ള ആലോചനതേടൽ എല്ലാം സമയത്തിന്റെയും ചരിത്രത്തിന്റെയും മേൽ, ആത്യന്തികമായ അപഗ്രഥനത്തിൽ, മറ്റു മനുഷ്യരുടെയും മേൽ ശക്തിയുണ്ടാവുക എന്ന ആഗ്രഹത്തെയും, അതുപോലെ നിഗൂഢശക്തികളെ പ്രസാദിപ്പിക്കാനുള്ള മോഹത്തെയും വെളിപ്പെടുത്തുന്നു. നമുക്കു ദൈവത്തോടു മാത്രമുണ്ടായിരിക്കേണ്ട ബഹുമാനം, ആദരവ്, സ്‌നേഹപൂർണമായ ഭയം എന്നിവയ്ക്ക് എതിരാണവ.
ജാലവിദ്യയുടെയോ ആഭിചാരത്തിന്റെയോ എല്ലാ പ്രവൃത്തികളും മതാത്മക സുകൃതത്തിനു ഗൗരവപൂർവകമായവിധം എതിരാണ്. അവ വഴി നിഗൂഡഃ ശക്തികളെ സ്വന്തം സേവനത്തിനായി കീഴടക്കാനും, മറ്റുള്ളവരുടെമേൽ പ്രകൃത്യതീതമായ ശക്തി സമ്പാദിക്കാനും ആഗ്രഹിക്കുന്നത് - അത് മറ്റുള്ളവരുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനുവേണ്ടിയാണെങ്കിൽപ്പോലും -മതാത്മകസുകൃതത്തിനു കടകവിരുദ്ധമാണ്. ഇത്തരം പ്രവൃത്തികൾ, ആരെയെങ്കിലും ദ്രോഹിക്കണമെന്ന ചിന്തയോടുകൂടിയോ പിശാചുക്കളുടെ ഇടപെടലിനെ ആശ്രയിച്ചോ ചെയ്യുമ്പോൾ കൂടുതൽ ശപിക്കപ്പെടേണ്ടതാണ്. ആഭിചാരവസ്തുക്കൾ ധരിക്കുന്നതും അപലപനീയമാണ്. അരൂപിസേവ (spiritism) പലപ്പോഴും ജ്യോതിഷത്തോടും ജാലവിദ്യയോടും ബന്ധപ്പെട്ടതാണ്. അതിൽനിന്ന് വിട്ടുനില്ക്കാൻ സഭ വിശ്വാസികൾക്കു മുന്നറിയിപ്പു നൽകുന്നുണ്ട്. പരമ്പരാഗതമെന്നു വിളിക്കപ്പെടുന്ന ചില ചികിത്സാരീതികളെ ആശ്രയിക്കുന്നത്, ദുഷ്ടശക്തികളോടുള്ള പ്രാർഥനയെയോ മറ്റുള്ളവരുടെ ദുർബലവിശ്വാസത്തെ ചൂഷണം ചെയ്യുന്നതിനെയോ നീതീകരിക്കുന്നില്ല.
മതനിന്ദ
ദൈവത്തിന്റെ പ്രഥമകൽപന മതനിന്ദാപരമായ പ്രധാന പാപങ്ങളെ ശപിച്ചു തള്ളുന്നു: വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും ദൈവത്തെ പരീക്ഷിക്കൽ, ദൈവദോഷം, വിശുദ്ധ വസ്തുക്കളുടെ ക്രയവിക്രയം.
ദൈവത്തെ പരീക്ഷിക്കൽ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ദൈവത്തിന്റെ നൻമയെയും അവിടുത്തെ അനന്ത ശക്തിയെയും പരീക്ഷണ വിധേയമാക്കുക എന്നതാണ്. അങ്ങനെ, ദൈവാലയത്തിന്റെ മുകളിൽനിന്നു ചാടാനും അങ്ങനെ, പ്രവർത്തിക്കുന്നതിനു ദൈവത്തെ നിർബന്ധിക്കാനും യേശുവിനെ പ്രേരിപ്പിക്കാൻ സാത്താന്‍ പരിശ്രമിച്ചു.
യേശു ദൈവവചനം കൊണ്ട് സാത്താനെ എതിര്‍ത്തു; “നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുത്. "ഇപ്രകാരം ദൈവത്തെ പരീക്ഷിക്കുന്നതില്‍ നമ്മുടെ സ്രഷ്ടാവും കര്‍ത്താവുമായവനോടു നമുക്കുണ്ടായിരിക്കേണ്ട ബഹുമാനത്തെയും ആശയത്തെയും മുറിപ്പെടുത്തുന്ന വെല്ലുവിളി അടങ്ങിയിട്ടുണ്ട്. അത് എപ്പോഴും അവിടുത്തെ സ്നേഹത്തെയും പരിപാലനയെയും ശക്തിയെയും സംബന്ധിച്ച സംശയം പുലര്‍ത്തുന്നു.
ദൈവദോഷം കൂദാശകളെയും ആരാധനാപരമായ മറ്റുപ്രവൃത്തികളെയും അതുപോലെ ദൈവത്തിനു പ്രതിഷ്ഠിക്കപ്പെട്ട വ്യക്തികളെയും വസതുക്കളെയും സ്ഥലങ്ങളെയും അശുദ്ധമാക്കുന്നതും അയോഗ്യമായി കൈകാര്യം ചെയ്യുന്നതുമാണ്. ദൈവദോഷം പ്രത്യേകിച്ച് ദിവ്യകാരുണ്യത്തിനെതിരേ ചെയ്യുമ്പോള്‍ ഗൗരവാഹമായ പാപമാണ്. കാരണം, ഈ കൂദാശയിൽ ക്രിസ്തുവിന്റെ യഥാര്‍ഥ ശരീരം നമുക്കുവേണ്ടി സത്താപരമായി സന്നിഹിതമാകുന്നു.
ആത്മീയ ക്രയവിക്രയം ആത്മീയവസ്തുക്കളുടെ വാങ്ങലോ വില്‍ക്കലോ എന്നു നിര്‍വചിക്കപ്പെടുന്നു. അപ്പസ്തോലന്‍മാരില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ട ആധ്യാത്മിക ശക്തി പണംകൊടുത്തു വാങ്ങിക്കാന്‍ ആഗ്രഹിച്ച മാന്ത്രികനായ ശിമയോനോടു വി.പത്രോസ് പ്രത്യുത്തരിച്ചു: “നിന്റെ വെള്ളിത്തുട്ടുകള്‍ നിന്നോടുകൂടെ നശിക്കട്ടെ. എന്തെന്നാല്‍ ദൈവത്തിന്റെ ദാനം പണം കൊടുത്തു വാങ്ങാമെന്നു നീ വ്യാമോഹിച്ചു". അങ്ങനെ പത്രോസ് യേശുവിന്റെ വാക്കുകളോടു വിശ്വസ്തത പുലര്‍ത്തി: “ദാനമായി നിങ്ങള്‍ സ്വീകരിച്ചു, ദാനമായി കൊടുക്കുവിൻ". ആധ്യാത്മിക നന്‍മകളെ സ്വകാര്യ സ്വത്താക്കാനും അവയുടെ ഉടമസ്ഥനോ അധിപതിയോ എന്ന നിലയില്‍ അവയോടു പെരുമാറാനും സാധ്യമല്ല. കാരണം, അവയുടെ ഉറവിടം ദൈവമാണ്. അവിടുന്നില്‍ നിന്ന് ദാനമായി മാത്രമേ അവ സ്വീകരിക്കാന്‍, കഴിയൂ.
നിരീശ്വരവാദം
“നമ്മുടെ സമകാലിനരില്‍ ധാരാളംപേര്‍... മനുഷ്യനു ദൈവത്തോടുള്ള ഗാഡവും ജീവാത്മകവുമായ ഈ ബന്ധത്തെ ഒട്ടുംതന്നെ ഗ്രഹിക്കാതിരിക്കുകയോ സ്പഷ്ടമായി പരിത്വജിക്കുകയോ ചെയ്യുന്നു. അതുകൊണ്ട് നിരീശ്വരവാദം നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും ഗൗരവാവഹമായ പ്രശ്നങ്ങളില്‍ ഒന്നായി എണ്ണപ്പെടണം. നിരീശ്വരവാദം എന്ന സംജ്ഞ വളരെ വ്യത്യസ്തങ്ങളായ അനേകം പ്രതിഭാസങ്ങളിലേക്കു വ്യാപിച്ചുകിടക്കുന്നു. പൊതുവായി കാണപ്പെടുന്ന ഒരു രൂപം പ്രായോഗിക ഭൗതികതാവാദമാണ്. അത് അതിന്റെ ആവശ്യങ്ങളെയും അഭിലാഷങ്ങളെയും സ്ഥലകാലങ്ങളില്‍ പരിമിതപ്പെടുത്തുന്നു. നിരീശ്വരപരമായ മാനുഷികതാവാദം മനുഷ്യന്‍ “അവനില്‍ത്തന്നെ ഒരു ലക്ഷ്യമാണെന്നും, സ്വന്തം ചരിത്രത്തിന്റെ ഏകവിധാതാവും നിയന്താവും ആണെന്നുമുള്ള മിഥ്യാബോധം പുലര്‍ത്തുന്നു. സമകാലീന നിരീശ്വരവാദത്തിന്റെ മറ്റൊരു രൂപം സാമ്പത്തികവും സാമൂഹികവുമായ വിമോചനത്തിലൂടെ മനുഷ്യന്റെ വിമോചനത്തെ അന്വേഷിക്കുന്നു. “ഭാവിജീവിതത്തെക്കുറിച്ചുള്ള മനുഷ്യന്റെ പ്രതീക്ഷയെ തട്ടിയുണര്‍ത്തി അവനെ വഞ്ചിച്ചുകൊണ്ടും, ഒരു ഭൗമിക നഗരം പണിതുയര്‍ത്തുന്നത് നിരുത്സാഹപ്പെടുത്തിക്കൊണ്ടും മതം പ്രകൃത്യാ അത്തരം വിമോചനത്തെ തടഞ്ഞു നിറുത്തുന്നു എന്ന് അതു വാദിക്കുന്നു.
നിരീശ്വരവാദം, ദൈവത്തിന്റെ അസ്തിത്വത്തെ തള്ളിക്കളയുകയോ നിഷേധിക്കുകയോ ചെയ്യുന്നതുകൊണ്ട്, മതാത്മകത എന്ന സുകൃതത്തിന് എതിരായുള്ള ഒരു പാപമാണ്. "ഈ കുറ്റത്തിന്റെ ഗൗരവം ഉദ്ദേശ്യങ്ങളും സാഹചര്യങ്ങളും കൊണ്ട് ശ്രദ്ധേയമായ തോതില്‍ കുറയ്ക്കാന്‍ സാധിക്കാം". “നിരീശ്വരവാദത്തിന്റെ ആവിര്‍ഭാവത്തിലും വ്യാപനത്തിലും വിശ്വാസികള്‍ക്ക് അനല്‍പമായ പങ്കുണ്ടാകാന്‍ സാധ്യതയുണ്ട്. വിശ്വാസം പരിശീലിപ്പിക്കുന്നതിലുള്ള അശ്രദ്ധയോ, അതിൻെറ പ്രബോധനത്തിന്റെ തെറ്റായ അവതരണമോ, തങ്ങളുടെ മതപരവും ധാര്‍മികവും സാമൂഹികവുമായ ജീവിതത്തിലെ പാളിച്ചകളോ ദൈവത്തിന്റെയും മതത്തിന്റെയും യഥാര്‍ഥ മുഖം വെളിപ്പെടുത്തുന്നതിനുപകരം മറയ്ക്കുകയാണു ചെയ്യുന്നതെന്നു പറയേണ്ടിയിരിക്കുന്നു."
നിരീശ്വരവാദം പലപ്പോഴും മനുഷ്യന്റെ സ്വയംഭരണാധികാരത്തെ സംബന്ധിച്ച തെറ്റായ ധാരണയില്‍ അധിഷ്ഠിതമാണ്. ഇത് ദൈവത്തിലുള്ള ആശ്രയം തിരസ്കരിക്കുന്ന വിധത്തിലുള്ളതാണ്. “എന്നാലും ദൈവത്തെ അംഗീകരിക്കുക എന്നത് മനുഷ്യമാഹാത്മ്യത്തിനു ഒരു വിധത്തിലും എതിരല്ല. കാരണം, അത്തരം മാഹാത്മ്യം ദൈവത്തില്‍ അടിയുറപ്പിക്കപ്പെട്ടതും പരിപൂര്‍ണമാക്കപ്പെടുന്നതുമാണ്...തന്റെ സന്ദേശം മനുഷ്യഹൃദയത്തിന്റെ ഏറ്റവും നിഗൂഡമായ ആഗ്രഹങ്ങള്‍ക്കു ചേരുന്നതാണെന്നു സഭയ്ക്കു നന്നായിട്ട് അറിയാം.
അജ്ഞേയതാവാദം
അജ്ഞേയതാവാദത്തിന് അനേകം രൂപങ്ങള്‍ ഉണ്ട്. ചില സാഹചര്യങ്ങളില്‍ അജ്ഞേയതാവാദി ദൈവത്തെ നിഷേധിക്കുന്നതില്‍നിന്ന് ഒഴിഞ്ഞുനില്ക്കുന്നു. പകരം, അവന്‍ സ്വയാവിഷ്കരണത്തിനു കഴിവില്ലാത്തതും അനിര്‍വചനീയവുമായ സര്‍വാതിശായിയായ ഒരു സത്തയുടെ അസ്തിത്വം അംഗീകരിക്കുന്നു. മറ്റു ചില സാഹചര്യങ്ങളില്‍ അജ്ഞേയതാവാദി ദൈവാസ്തിത്വത്തെപ്പറ്റി യാതൊന്നും വിധിക്കാതെ അതു തെളിയിക്കാനോ ഉറപ്പിച്ചുപറയാനോ നിഷേധിക്കാനോ സാധ്യമല്ലാത്തതാണെന്ന് പ്രസ്താവിക്കുന്നു. അജ്ഞേയതാവാദത്തില്‍ ചിലപ്പോള്‍ ദൈവത്തെക്കുറിച്ചുള്ള ഒരന്വേഷണമുണ്ടാകാം. പക്ഷേ, അതേ അളവില്‍ നിസ്സംഗതാവാദവും അതിലുണ്ടാകാം. അസ്തിത്വത്തെ സംബന്ധിച്ച ആത്യന്തികമായ ചോദ്യത്തില്‍നിന്നുള്ള ഒളിച്ചോട്ടവും ധാര്‍മിക മന:സാക്ഷിയുടെ മാന്ദ്യവും അതിലുണ്ടാകാം. അജ്ഞേയതാവാദം മിക്കപ്പോഴും പ്രായോഗിക നിരീശ്വരവാദത്തിനു തുല്യമാണ്.
IV. “നീ ഒന്നിന്റെയും പ്രതിമ നിര്‍മിക്കരുത്...”
ദൈവത്തെ ഏതെങ്കിലും തരത്തില്‍ മനുഷ്യകരമുപയോഗിച്ചു ചിത്രീകരിക്കുന്നതിനെ സംബന്ധിച്ച നിരോധനം ദൈവിക കല്‍പനയിലുണ്ട്. നിയമാവർത്തന പുസ്തകം വിശദീകരിക്കുന്നു; “ഹോറെബില്‍ വച്ച് അഗ്നിയുടെ മധ്യത്തില്‍നിന്നു കര്‍ത്താവു നിങ്ങളോടു സംസാരിച്ച ദിവസം നിങ്ങള്‍ ഒരു രൂപവും കണ്ടില്ല. അതിനാല്‍ എന്തിനെയെങ്കിലും സാദൃശ്യത്തില്‍ വിഗ്രഹമുണ്ടാക്കി നിങ്ങളെത്തന്നെ അശുദ്ധരാക്കാതിരിക്കാന്‍ നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുവിന്‍. പരമമായും സര്‍വാതിശായിയായ ദൈവമാണു തന്നെത്തന്നെ ഇസ്രായേലിന് വെളിപ്പെടുത്തിയത്. “അവിടുന്ന് എല്ലാമാണ്” എന്നാല്‍, അതേസമയം “അവിടുന്നു തൻെറ സകല സൃഷ്ടികളെക്കാളും വലിയവനുമാണ്. അവിടുന്നു “സകലത്തിന്റെയും കര്‍ത്താവാണ്”.
എങ്കിലും ദൈവം പഴയനിയമത്തില്‍ത്തന്നെ, മനുഷ്യാവതാരം ചെയ്ത വചനത്താലുള്ള രക്ഷയെ പ്രതികാത്മകമായി സൂചിപ്പിക്കുന്ന വിരൂപങ്ങള്‍ നിര്‍മിക്കാന്‍ കല്‍പിക്കുകയോ അനുവദിക്കുകയോ ചെയ്തു: അങ്ങനെയാണ് പിച്ചളസര്‍പ്പവും സാക്ഷ്യപേടകവും കെരൂബുകളും നിര്‍മിക്കപ്പെട്ടത്.”
ഏഴാം സാര്‍വത്രിക സൂനഹദോസ് നിഖ്യായില്‍ സമ്മേളിച്ചപ്പോള്‍ (787) മനുഷ്യാവതാരം ചെയ്ത വചനത്തിന്റെ രഹസ്യത്തെ അടിസ്ഥാനപ്പെടുത്തി പ്രതിമാഭഞ്ജകര്‍ക്ക് എതിരേ, സ്വരൂപങ്ങളുടെ - ക്രിസ്തുവിന്റെതു മാത്രമല്ല, ദൈവമാതാവിന്റെയും മാലാഖമാരുടെയും എല്ലാ വിശുദ്ധരുടെയും സ്വരൂപങ്ങളുടെ - വണക്കത്തെ ന്യായീകരിച്ചു. ദൈവപുത്രന്‍ മനുഷ്യനായിത്തീര്‍ന്നുകൊണ്ട് സ്വരൂപങ്ങളുടെ ഒരു പുതിയ “പദ്ധതിക്ക് തുടക്കം കുറിച്ചു.
സ്വരൂപങ്ങള്‍ക്കു നല്‍കുന്ന ക്രൈസ്തവവണക്കം വിഗ്രഹങ്ങളെ നിരോധിക്കുന്ന പ്രഥമ കല്‍പനയ്ക്കു വിരുദ്ധമല്ല. തീര്‍ച്ചയായും “ഒരു സ്വരൂപത്തിനു നല്‍കപ്പെടുന്ന വണക്കം അതിൻെറ ആദിരൂപത്തിലേക്കു കടന്നുചെല്ലുന്നു.” “ഒരു സ്വരൂപത്തെ വണങ്ങുന്നവര്‍ അതില്‍ ചിത്രീകരിക്കപ്പെട്ട വ്യക്തിയെ വണങ്ങുന്നു". തിരുസ്വരൂപങ്ങൾക്ക് നല്‍കുന്ന ബഹുമാനം ആദരവാര്‍ന്ന വണക്കം ആണ്, ദൈവത്തിനു മാത്രം അര്‍ഹമായ ആരാധനയല്ല:
സംഗ്രഹം
“നീ നിന്റെ ദൈവമായ കർത്താവിനെ പൂർണ ഹൃദയത്തോടും, പൂർണ ആത്മാവോടും, പൂർണ ശക്തിയോടും കൂടെ സ്‌നേഹിക്കണം" (നിയമ 6:5).
ദൈവത്തിൽ വിശ്വസിക്കാനും, അവിടുന്നിൽ പ്രത്യാശിക്കാനും, സർവ്വോപരി അവിടുത്തെ സ്‌നേഹിക്കാനും ഒന്നാമത്തെ കൽപന മനുഷ്യനെ ആഹ്വാനം ചെയ്യുന്നു.
“നീ നിന്റെ ദൈവമായ കർത്താവിനെ ആരാധിക്കണം" (മത്താ 4:10). ദൈവത്തെ ആരാധിക്കുക, അവിടുത്തോടു പ്രാർഥിക്കുക, അവിടുത്തേക്ക് നല്കേണ്ട ആരാധന സമർപ്പിക്കുക, അവിടുത്തോടു ചെയ്ത വാഗ്ദാനങ്ങളും വ്രതങ്ങളും നിറവേറ്റുക എന്നിവ ഒന്നാം കൽപനയോടുള്ള അനുസരണത്തിന്റെ കീഴിൽ വരുന്ന മതാത്മകതയെന്ന സുകൃതത്തിന്റെ പ്രവൃത്തികളാണ്.
ദൈവത്തിനു യഥാർഥമായ ആരാധന സമർപ്പിക്കുക എന്നത് ഒരു വ്യക്തി എന്ന നിലയിലും സമുഹജീവി എന്ന നിലയിലും മനുഷ്യ കടമയാണ്.
“തൻെറ മതം രഹസ്യമായും പരസ്യമായും സ്വതന്ത്രമായും ഏറ്റു പറയാൻ മനുഷ്യൻ സാധിക്കണം”
യഥാർഥ ദൈവത്തിനു നാം നൽകുന്ന ആരാധനയിതിനിന്നുള്ള വേർപിരിഞ്ഞു പോകലാണ് അന്ധവിശ്വാസം . അതു വിഗ്രഹാരാധനയിലും ഭാവിഫല പ്രവചനം, ജാലവിദ്യ എന്നിവയുടെ വിവിധ രൂപങ്ങളിലും പ്രകടമാകുന്നു.
വാക്കുകളിലും പ്രവർത്തികളിലും ദൈവത്തെ പരീക്ഷിക്കുന്നതും ദൈവദോഷവും വിശുദ്ധവസ്തുക്കളുടെ ക്രിയവിക്രിയവും പ്രഥമകൽപനയാൽ നിരോധിക്കപ്പെട മതനിന്ദയുടെ പാപങ്ങളാണ്.
നിരീശ്വരവാദം, ദൈവത്തിൻെറ അസ്തിത്വത്തെ തള്ളിക്കളയുകയോ നിഷേധിക്കുകയോ ചെയ്യുകയാൽ പ്രഥമ കൽപനയ്ക്കെതിരായ പാപമാണ്.
തിരുസ്വരുപങ്ങളുടെ വണക്കം ദൈവവചനത്തിൻെറ മനുഷ്യാവതാര രഹസ്യത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. അതു പ്രഥമകൽ്പനയ്ക്ക് എതിരല്ല.
ഒന്നാം കൽപന വിശ്വാസം പ്രത്യാശ സ്നേഹം ആരാധന പ്രാർഥന വാഗ്ദാനങ്ങളും വ്രതങ്ങളും മതത്തിൻെറ സാമൂഹിക ധർമവും മതസ്വാതന്ത്ര്യത്തിനുള്ള അവകാശവും “ഞാനല്ലാതെ വേറെ ദൈവങ്ങൾ നിനക്കുണ്ടാകരുത് Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



