We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 15-Jul-2022
വകുപ്പ് 5
അഞ്ചാം കൽപന
“മനുഷ്യജിവൻ അതിൻെറ ആരംഭം മുതൽ ദൈവത്തിന്റെ സൃഷ്ടിപരമായ പ്രവർത്തനം ഉൾക്കൊള്ളുന്നതുകൊണ്ടും അതിന്റെ ഏക ലക്ഷ്യമായ സ്രഷ്ടാവുമായുള്ള സവിശേഷബന്ധത്തിൽ എന്നും നിലനിൽക്കുന്നതുകൊണ്ടും പാവനമാണ്. ദൈവം മാത്രമാണു ജീവന്റെ ആരംഭം മുതൽ അവസാനംവരെ അതിന്റെ ഉടയവൻ: നിരപരാധിയായ ഒരു മനുഷ്യജീവിയെ നേരിട്ട് നശിപ്പിക്കാൻ ആർക്കും യാതൊരു സാഹചര്യത്തിലും അവകാശപ്പെടാൻ സാധിക്കില്ല."
I. മനുഷ്യജീവനോടുള്ള ആദരവ്
രക്ഷാകരചരിത്രത്തിന്റെ സാക്ഷ്യം
ഉദ്ഭവപാപത്തിന്റെ ഭവിഷ്യത്തുകളായ കോപവും അസൂയയും മനുഷ്യചരിത്രത്തിന്റെ ആരംഭംമുതൽ മനുഷ്യനിലുണ്ടെന്ന് കായേൻ തന്റെ സഹോദരനായ ആബേലിനെ വധിക്കുന്നതിന്റെ വിവരണത്തിലൂടെ" വി. ഗ്രന്ഥം വെളിവാക്കുന്നു. മനുഷ്യൻ സഹമനുഷ്യനു ശത്രുവായിത്തീർന്നു. ദൈവം ഈ ഭ്രാതൃഹത്യയുടെ തിൻമയെ വ്യക്തമാക്കുന്നുണ്ട്; “നീ എന്താണു ചെയ്തത്? നിന്റെ സഹോദരന്റെ രക്തം മണ്ണിൽനിന്ന് എന്നെ വിളിച്ചു കരയുന്നു. നിന്റെ കൈയിൽനിന്ന് നിന്റെ സഹോദരനന്റെ രക്തം കുടിക്കാൻ വായ് പിളർന്ന ഭൂമിയിൽ നീ ശപിക്കപ്പെട്ടവനായിരിക്കും".
ദൈവദാനമായ മനുഷ്യജീവനെക്കുറിച്ചും മനുഷ്യന്റെ ഹിംസാത്മകമായ അക്രമത്തെക്കുറിച്ചുമുള്ള ഓർമപ്പെടുത്തലുകൾ ദൈവവും മനുഷ്യനും തമ്മിലുള്ള ഉടമ്പടിയിൽ നെയ്തു ചേർക്കപ്പെട്ടിരിക്കുന്നു:
പഴയനിയമം രക്തത്തെ ജീവന്റെ പാവനമായ അടയാളമായി എപ്പോഴും കണ്ടിരുന്നു. ഈ പ്രബോധനം എക്കാലത്തേക്കും അവശ്യാവശ്യകമായി നിലനിൽക്കുന്നു.
വി.ഗ്രന്ഥം അഞ്ചാം കൽപനയിൽ അടങ്ങിയിരിക്കുന്ന നിരോധനം വ്യക്തമാക്കുന്നുണ്ട്: “നിരപരാധിയെയും നീതിമാനെയും വധിക്കരുത്." നിരപരാധിയായ ഒരു വ്യക്തിയെ മന:പൂർവം വധിക്കുന്നത് മനുഷ്യന്റെ മഹാതമ്യത്തിനും സുവർണനിയമത്തിനും സ്രഷ്ടാവിന്റെ പരിശുദ്ധിക്കും കടകവിരുദ്ധമാണ്. അതു വിലക്കിക്കൊണ്ടുള്ള നിയമത്തിനു സാർവത്രിക സാധുതയുണ്ട്: അത് എല്ലാവരെയും, ഓരോരുത്തരെയും എപ്പോഴും എല്ലായിടത്തും കടപ്പെടുത്തുന്നു.
“നീ കൊല്ലരുത്” എന്ന കൽപന കർത്താവു മലയിലെ പ്രസംഗത്തിൽ ആവർത്തിക്കുകയും, അതോടുകുടെ കോപം, വിദ്വേഷം, പ്രതികാരം എന്നിവയ്ക്കു വിലക്കു കൽപിക്കുകയും ചെയ്യുന്നു. അതിലുപരിയായി, ക്രിസ്തു തന്റെ ശിഷ്യൻമാരോടു മറ്റേ കരണം കാണിക്കുവാനും തങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുവാനും ആവശ്യപ്പെടുന്നു." അവിടുന്നു സ്വയം രക്ഷിക്കാതെ പത്രോസിനോടു വാൾ അതിന്റെ ഉറയിലിടാൻ ആവശ്യപ്പെട്ടു.
നിയമാനുസൃതമായ പ്രതിരോധം
നിരപരാധിയെ മന:പൂർവം കൊല്ലുന്നതിനെതിരെയുള്ള വിലക്കിന് ഒരു അപവാദമല്ല വ്യക്തികളുടെയും സമൂഹങ്ങളുടെയും നിയമാനുസൃതമായ പ്രതിരോധം. “സ്വയ രക്ഷക്കുള്ള പ്രവൃത്തിക്ക് രണ്ടു ഫലങ്ങൾ ഉണ്ടാകാം: സന്തംജീവനെ സംരക്ഷിക്കുന്നതും അക്രമിയെ കൊല്ലുന്നതും. ആദ്യത്തേത് ഉദ്ദേശിക്കപ്പെട്ടതാണ്, രണ്ടാമത്തേത് അങ്ങനെയല്ല."
തന്നോടുതന്നെയുള്ള സ്നേഹം ധാർമികതയുടെ ഒരു അടിസ്ഥാന തത്ത്വമാണ്. അതിനാൽ, തന്റെതന്നെ ജീവനുവേണ്ടിയുള്ള അവകാശം മാനിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുക ന്യായമാണ്. സ്വന്തം ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്ന ഒരാൾ അക്രമിക്കു മാരകമായ ഒരു പ്രഹരമേൽപ്പിക്കാൻ നിർബന്ധിതനായാലും കൊലപാതകിയാകുന്നില്ല:
മറ്റുള്ളവരുടെ ജീവൻ, സംരക്ഷിയ്ക്കാൻ ഉത്തരവാദിത്വമുള്ളവരുടെ നിയമാനുസൃതമായ പ്രതിരോധം ഒരവകാശം മാത്രമല്ല, ഗൗരവപൂർണമായ ഒരു കടമയുമാകാം. പൊതുനൻമയെ സംരക്ഷിക്കുന്നതിന് അന്യായ അക്രമിയെ നിർവീര്യനാക്കേണ്ടത് ആവശ്യമാണ്. ഇത്തരം സാഹചര്യത്തിൽ ന്യായമായ അധികാരമുള്ളവർക്ക് തങ്ങളുടെ ഉത്തരവാദിത്വത്തിന് ഏൽപിക്കപ്പെട്ടിരിക്കുന്ന സമൂഹത്തെ ആക്രമിക്കുന്നവരെ ആയുധങ്ങളുപയോഗിച്ചു തുരത്താൻ അവകാശമുണ്ട്.
പൊതുനൻമ സംരക്ഷിക്കാനാവശ്യമായ നടപടികൾ മനുഷ്യന്റെ അവകാശങ്ങളെയും പൗരൻമാരുടെ പരസ്പര ബന്ധങ്ങളെയും സംബന്ധിക്കുന്ന അടിസ്ഥാന തത്വങ്ങൾ അടങ്ങുന്ന പെരുമാറ്റ രീതികൾ നിർബന്ധപൂർവം പ്രചരിപ്പിക്കാനുള്ള രാഷ്ട്രത്തിന്റെ കടമയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ, കുറ്റവാളികൾക്ക് അവരുടെ കുറ്റകൃത്യത്തിന്റെ ഗൗരവത്തിനാനുപാതികമായ ശിക്ഷകൾ നൽകുന്നതിനു നിയമാനുസൃതമായ പൊതു അധികാരിക്കുള്ള അവകാശവും കടമയും സാരവത്തായതാന്നെന്നു സഭയുടെ പരമ്പരാഗതമായ പ്രബോധനം അംഗീകരിച്ചിട്ടുണ്ട്.
ശിക്ഷയുടെ പ്രഥമലക്ഷ്യം കുറ്റംമുലമുണ്ടായ ക്രമഭംഗം പരിഹരിക്കുകയെന്നതാണ്. കുറ്റവാളി സ്വമനസ്സാലേ ശിക്ഷ സ്വീകരിക്കുമ്പോൾ അതിനു പ്രായശ്ചിത്തത്തിന്റെ മൂല്യം കൈവരുന്നു. സമൂഹത്തിന്റെ ക്രമസമാധാന സംരക്ഷണത്തിനും വ്യക്തികളുടെ സുരക്ഷിതത്വത്തിനും പുറമേ ശിക്ഷയ്ക്ക് ഔഷധീയമായ ഒരു മൂല്യവുമുണ്ട്; സാധിക്കുന്നിടത്തോളം അതു കുറ്റവാളിയെ തിരുത്തുന്നതിന് ഉപകരിക്കണം.
കുറ്റവാളിയുടെ അനന്യതയും ഉത്തരവാദിത്വവും പൂർണമായി നിർണയിച്ചുകഴിഞ്ഞാൽ മനുഷ്യജീവിതങ്ങളെ അന്യായ അക്രമിയിൽനിന്നു ഫലപ്രദമായി സംരക്ഷിക്കുന്നതിനുള്ള ഏകമാർഗമാണ് വധശിക്ഷയെങ്കിൽ അതു നടപ്പിലാക്കുന്നത് സഭയുടെ പരമ്പരാഗതപഠനം തടയുന്നില്ല.
അക്രമിയിൽനിന്നു മനുഷ്യജീവനെ രക്ഷിക്കുന്നതിനും സമൂഹത്തിന്റെ ക്രമസമാധാനവും വ്യക്തികളുടെ സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനും രക്തരഹിതമായ മാർഗങ്ങൾ മതിയാകുമെങ്കിൽ അധികാരി അവ മാത്രമേ ഉപയോഗിക്കാവു; കാരണം, പൊതുനൻമയുടെ പ്രായോഗിക നിബന്ധനകളോടും മനുഷ്യവ്യക്തിയുടെ മാഹാത്മൃത്തോടും കൂടുതൽ യോജിച്ചുപോകുന്നത് അവയാണ്.
നമ്മുടെ ഈ കാലഘട്ടത്തിൽ അക്രമം ഫലപ്രദമായി തടയുന്നതിന് സാധ്യതകൾ രാഷ്ട്രത്തിന് ഉള്ളതിനാൽ, കുറ്റംചെയുന്നവൻ സ്വയം രക്ഷപെടാനുള്ള സാധ്യത പൂർണമായി നീക്കംചെയ്തുകൊണ്ട് അവനെ നിർവീര്യനാക്കാൻ സാധിക്കും. അതിനാൽ “സംഭവിക്കുമെങ്കിൽ തന്നെ വളരെ വിരളമായി മാത്രം സംഭവിക്കുന്നതു പോലെ" വളരെ അത്യാവശ്യമായ സന്ദർഭത്തിൽ മാത്രമേ കുറ്റവാളി നിഗ്രഹിക്കപ്പെടാവൂ.
സോദ്ദേശ്യമായ നരഹത്യ
നേരിട്ടുള്ളതും മന:പുർവവുമായ കൊലപാതകത്തെ അഞ്ചാം പ്രമാണം ഹീനവും ഗൗരവാവഹവുമായ പാപമായിക്കണ്ടു വിലക്കുന്നു. പ്രതികാരത്തിനായി സ്വർഗത്തിലേക്കു നോക്കി നിലവിളിക്കുന്ന ഒരു പാപമാണു കൊലയാളിയും കൊലയിൽ മനഃപൂർവം സഹകരിക്കുന്നവരും ചെയ്യുന്നത്.
ശിശുഹത്യ, ഭ്രാതൃഹത്യ, മാതൃപിതൃഹത്യ, ഭാര്യാഭർത്തൃഹത്യ എന്നിവ സ്വാഭാവിക ബന്ധങ്ങളെ ഭഞ്ജിക്കുന്നതുകൊണ്ട്, പ്രത്യേകവിധത്തിൽ ഗൗരവപൂർണമായ കുറ്റങ്ങളാണ്. പാരമ്പരൃോത്കർഷത്തിനോ പൊതുജനാരോഗ്യത്തിനോ വേണ്ടിയുള്ള താൽപര്യത്തെപ്രതി അധികാരി കൽപിച്ചാൽപോലും യാതൊരുവിധ കൊലപാതകത്തെയും നീതീകരിക്കാനാവില്ല.
പരോക്ഷമായമിട്ട് ഒരു വ്യക്തിയുടെ മരണം ഉളവാക്കുകയെന്ന ഉദ്ദേശ്യത്തോടെ എന്തെങ്കിലും ചെയ്യുന്നതിനെ അഞ്ചാം പ്രമാണം നിരോധിക്കുന്നു. ഗൗരവപൂർണമായ കാരണം കൂടാതെ ഒരാൾ മരണാപകടത്തിലേക്കു നീങ്ങുന്നതും അപകടത്തിൽപ്പെട്ടവനു സഹായം നിഷേധിക്കുന്നതും ധാർമികനിയമം വിലക്കുന്നു.
മാരകമായ പട്ടിണി പരിഹരിക്കുന്നതിനുള്ള പരിശ്രമങ്ങൾ നടത്താതെ മനുഷ്യസമൂഹം അതിനെ അംഗീകരിക്കുന്നത് ഉതപ്പുനിറഞ്ഞ അനീതിയും ഗൗരവാവഹമായ കുറവുമാണ്. അമിതലാഭേച്ഛയും അത്യാഗ്രഹവും നിറഞ്ഞ വ്യാപാരത്തിലൂടെ മനുഷ്യകുടുംബത്തിലെ തങ്ങളുടെ സഹോദരരുടെ വിശപ്പിനും മരണത്തിനും വഴിയൊരുക്കുന്ന വൻകിട വ്യാപാരികൾ പരോക്ഷമായി കൊലപാതകം ചെയ്യുന്നു. അതിനവർ ഉത്തരവാദികളുമാണ്.
ഉദ്ദേശ്യത്തോടെയല്ലാത്ത നരഹത്യയ്ക്കു ധാർമികോത്തരവാദിത്മില്ല. പക്ഷേ, ഉദ്ദേശ്യത്തോടെയല്ലെങ്കിലും, ആനുപാതികമായ കാരണങ്ങൾ കൂടാതെ, മറ്റൊരുവന്റെ മരണം ഉളവാക്കുന്ന വിധത്തിൽ പ്രവർത്തിക്കുന്നവൻ ഗുരുതരമായ കുറ്റത്തിൽനിന്നു വിമുക്തനല്ല.
ഗർഭച്ഛിദ്രം
മനുഷ്യജീവൻ ഗർഭധാരണത്തിന്റെ നിമിഷം മുതൽ ആരദരിക്കപ്പെടുകയും നിരുപാധികമായി സംരക്ഷിക്കപ്പെടുകയും വേണം. അസ്തിത്വത്തിന്റെ ആദ്യനിമിഷം മുതൽ മനുഷ്യജീവി ഒരു വ്യക്തിയുടെ അവകാശങ്ങൾ ഉള്ളവനായി അംഗീകരിക്കപ്പെടണം. നിരപരാധിയായ ഒരുവനു ജീവിക്കാനുള്ള അലംഘനീയമായ അവകാശം അവയിൽപ്പെട്ടതാണ്.
മനഃപൂർവം നടത്തുന്ന ഗർഭച്ഛിദ്രം ധാർമികതിൻമയാണെന്ന് സഭ ആദ്യ നൂറ്റാണ്ടു മുതൽ ഉറപ്പിച്ചു പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഈ പ്രബോധനത്തിനു മാറ്റം വന്നിട്ടില്ല; മാറ്റമില്ലാത്തതായി നിലനിൽക്കുകയും ചെയ്യുന്നു. പ്രത്യക്ഷമായ ഗർഭച്‌ഛിദ്രം, അതായത് ലക്ഷ്യമായോ മാർഗമായോ തീരുമാനിക്കപ്പെടുന്ന ഗർഭച്ഛിദ്രം, ഗൗരവപൂർണമാംവിധം ധാർമിക നിയമത്തിനെതിരാണ്.
ഗർഭച്ഛിദ്രത്തിന് മന:പൂർവം സഹായിക്കുന്നതു ഗൗരവപൂർണമായ കുറ്റമാണ്. മനുഷ്യജീവനെതിരെയുള്ള ഈ അപരാധത്തിനു സഭ കാനോനികമായ 'മഹറോൻ' ശിക്ഷ കൽപിച്ചിരിക്കുന്നു. “പൂർണമായ ഗർഭച്ഛിദ്രം മന:പൂർവം നടത്തുന്ന വ്യക്തി അതിനാൽത്തന്നെ" അതായത്, പ്രവൃത്തി ചെയ്യുന്നതുകൊണ്ടുതന്നെ" കാനൻനിയമത്തിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾക്കു വിധേയമായ “മഹറോനു വിധേയനാകുന്നു.” ഇതിലൂടെ കാരുണ്യത്തിന്റെ പരിധി ചുരുക്കുവാനല്ല സഭ ഉദ്ദേശിക്കുന്നത്, പിന്നെയോ, ചെയ്ത തിൻമയുടെയും, കൊല്ലപ്പെട്ട നിരപരാധിയോടും അവൻെറ മാതാപിതാക്കളോടും സമൂഹം മുഴുവനോടും ചെയ്ത പരിഹരിക്കാനാവാത്ത ദ്രോഹത്തിന്റെയും ഗൗരവം വ്യക്തമാക്കാനാണ്.
നിരപരാധിയായ ഓരോ മനുഷ്യന്റെയും ജീവനുവേണ്ടിയുള്ള അന്യാധീനപ്പെടുത്താനാവാത്ത അവകാശം രാഷ്ട്രസമുഹത്തിന്റെയും അതിന്റെ നിയമനിർമാണത്തിന്റെയും അടിസ്ഥാനഘടകമാണ്.
രാഷ്ട്രസമൂഹവും പൊതു അധികാരികളും മനുഷ്യവ്യക്തിയുടെ അന്യാധീനപ്പെടുത്താനാവാത്ത അവകാശങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യണം. ഈ അവകാശങ്ങൾ ഓരോരോ വ്യക്തികളെയോ മാതാപിതാക്കളെയോ ആശ്രയിച്ചു നിൽക്കുന്നവയല്ല; സമൂഹമോ രാഷ്ട്രമോ നൽകുന്ന സൗജന്യവുമല്ല; അവ മനുഷ്യപ്രകൃതിയുടെ ഭാഗമാണ്, വ്യക്തിക്കു ജൻമം നൽകുന്ന സൃഷ്ടി കർമത്തിന്റെ ശക്തിയാൽത്തന്നെ അവ അവനു സഹജമാണ്. അങ്ങനെയുളള മൗലികാവകാശങ്ങളിൽ ഓരോ മനുഷ്യനും ഗർഭധാരണ നിമിഷം മുതൽ മരണംവരെ ജീവനും ശാരീരിക സമഗ്രതയ്ക്കുമുള്ള അവകാശം എടുത്തു പറയേണ്ടതാണ്."
ഗർഭധാരണം മുതൽ ഒരു വ്യക്തിയായി പരിഗണിക്കപ്പെടേണ്ടതിനാൽ, ഭ്രൂണം മറ്റേതൊരു മനുഷ്യനെപ്പോലെയും അതിന്റെ സമഗ്രതയിൽ സംരക്ഷിക്കപ്പെടുകയും പരിചരിക്കപ്പെടുകയും സാധിക്കുന്നിടത്തോളം രോഗവിമുക്തമാക്കപ്പെടുകയും വേണം.
ദയാവധം
ജീവിതത്തിൽ ബലക്ഷയവും രോഗങ്ങളുമുള്ളവർ പ്രത്യേക ബഹുമാനം അർഹിക്കുന്നു. കഴിയുന്നിടത്തോളം സാധാരണജീവിതം നയിക്കുവാൻ രോഗികളെയും വൈകല്യമുള്ളവരെയും സഹായിക്കേണ്ടതാണ്.
ലക്ഷ്യങ്ങളും മാർഗങ്ങളും എന്തായാലും വൈകല്യമുള്ളവരുടെയും രോഗികളുടെയും അല്ലെങ്കിൽ മരണാസന്നരുടെയും ജീവിതം അവസാനിപ്പിക്കുന്നതാണു പ്രത്യക്ഷമായ ദയാവധം. അത് ധാർമികമായി സ്വീകാര്യമല്ല.
ആത്മഹത്യ
തനിക്കു ജീവൻ നൽകിയ ദൈവത്തോട് ഓരോരുത്തനും അതിന് ഉത്തരവാദിയാണ്. അവിടുന്നാണു ജീവന്റെ പരമാധികാരി. അവിടുത്തെ മഹത്ത്വത്തിനും നമ്മുടെ ആത്മാക്കളുടെ രക്ഷയ്ക്കുമായി ജീവനെ നന്ദിയോടെ സ്വീകരിച്ചു സംരക്ഷിക്കുവാൻ നാം കടപ്പെട്ടിരിക്കുന്നു. ദൈവം നമ്മെ ഏൽപിച്ചിരിക്കുന്ന ജീവന്റെ സൂക്ഷിപ്പുകാരാണു നാം, ഉടമസ്ഥരല്ല. അത് കൈവിടാൻ പാടില്ല.
തന്റെ ജീവൻ സംരക്ഷിക്കുന്നതിനും തുടരുന്നതിനുമുള്ള മനുഷ്യന്റെ സ്വാഭാവിക പ്രവണതയ്ക്കെതിരാണ് ആത്മഹത്യ. ന്യായമായ സ്വയംസ്നേഹത്തിനു തികച്ചും വിരുദ്ധമാണത്. അതുപോലെതന്നെ, അത് അയൽക്കാരനോടുള്ള സ്നേഹത്തെയും വ്രണപ്പെടുത്തുന്നു; കാരണം, നമുക്കു തുടർന്നും കടപ്പാടുകളുള്ള കുടുംബം, രാഷ്ട്രം, അപരമനുഷ്യസമൂഹങ്ങൾ എന്നിവയോടുള്ള ദൃഢൈക്യത്തിൻ്റെ ബന്ധങ്ങളെ അത് അന്യായമായി വിച്ഛേദിക്കുന്നു. ജീവിക്കുന്ന ദൈവത്തോടുള്ള സ്നേഹത്തിനും എതിരാണ് ആത്മഹത്യ.
മറ്റുള്ളവർക്ക്, പ്രത്യേകിച്ച് യുവാക്കൾക്ക്, ഒരു മാതൃക നൽകുകയെന്ന ഉദ്ദേശ്യത്തോടെ ആത്മഹത്യ ചെയ്താൽ അതിന് ഉതപ്പിന്റെ ഗൗരവവുംകൂടി കൈവരും. ആത്മഹത്യയോടു മന:പൂർവം സഹകരിക്കുന്നതും ധാർമിക നിയമത്തിനെതിരാണ്.
ഗൗരവാവഹമായ മാനസികാസ്വസ്ഥതകൾ, പരീക്ഷണങ്ങളെക്കുറിച്ചുള്ള ആശങ്ക അല്ലെങ്കിൽ കലശലായ ഭയം, സഹനം അഥവാ പീഡനം എന്നിവ ആത്മഹത്യ ചെയ്യുന്നയാളിന്റെ ഉത്തരവാദിത്വത്തെ ലഘൂകരിക്കാം.
സ്വയം ജീവനനൊടുക്കിയ വ്യക്തികളുടെ നിത്യരക്ഷയെക്കുറിച്ചു നാം നിരാശപ്പെടരുത്. തന്റെ നിഗൂഡമായ വഴികളിലൂടെ അവർക്കു രക്ഷാകരമായ പശ്ചാത്താപത്തിന്റെ അവസരം നൽകാൻ ദൈവത്തിനു കഴിയും. ആത്മഹത്യ ചെയ്തവർക്കു വേണ്ടി സഭ പ്രാർഥിക്കുന്നുണ്ട്.
II. വ്യക്തികളുടെ മഹാത്മ്യത്തോടുള്ള ആദരവ്
അപരന്റെ ആത്മാവിനോടുള്ള ബഹുമാനം: ഉതപ്പ്
അപരനെ തിൻമയിലേക്കു നയിക്കുന്ന മനോഭാവമോ പ്രവൃത്തിയോ ആണ് ഉതപ്പ്. ഉതപ്പു നൽകുന്ന വ്യക്തി അപരന്റെ പ്രലോഭകനാകുന്നു; അയാൾ സുകൃതത്തെയും സമഗ്രതയെയും ക്ഷതപ്പെടുത്തുന്നു; അവൻ തന്റെ സഹോദരനെ ആത്മീയ മരണത്തിലേക്കു വലിച്ചിഴയ്ക്കുകയും ചെയ്യാം. പ്രവൃത്തിയാലോ ഉപേക്ഷയാലോ അപരനെ ഗൗരവപൂർണമായ തെറ്റിലേക്ക് മന:പൂർവം നയിച്ചാൽ ഉതപ്പ് ഗൗരവാവഹമായ ഒരു കുറ്റമാണ്.
ഇടർച്ചയ്ക്കു കാരണമാകുന്നവരുടെ പ്രാമുഖ്യംകൊണ്ടും അല്ലെങ്കിൽ ഇടർച്ചയ്ക്കു വിധേയരാകുന്നവരുടെ ബലഹീനതകൊണ്ടും ഉതപ്പിനു പ്രത്യേകമായ ഗൗരവം കൈവരുന്നു. അതുകൊണ്ടാണു നമ്മുടെ കർത്താവ് ഇപ്രകാരം ശപിച്ചത്. “എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുവന് ഇടർച്ചയ്ക്കു കാരണമാകുന്നവനാരോ അവന്റെ കഴുത്തിൽ ഒരു വലിയ തിരികല്ലുകെട്ടി ആഴിയുടെ ആഴത്തിലേക്കു താഴ്ത്തപ്പെടുന്നതായിരിക്കും അവനു നല്ലത്." സ്വാഭാവികമായോ ഔദ്യോഗികമായോ മറ്റുള്ളവരെ പഠിപ്പിക്കാനും നയിക്കാനും കടപ്പെട്ടവർ ഉതപ്പു നൽകുമ്പോൾ അതു ഗുരുതരമാകുന്നു. ഇക്കാരണത്താൽ യേശു നിയമജ്ഞരെയും ഫരിസേയരെയും കുറ്റപ്പെടുത്തുന്നു, അവരെ കുഞ്ഞാടിന്റെ വേഷത്തിലുള്ള ചെന്നായ്ക്കളോട് ഉപമിക്കുന്നു.
നിയമം, ആചാരങ്ങൾ, ശൈലി, അഭിപ്രായം എന്നിവ ഉതപ്പിനു ഹേതുവാകാം.
മറ്റുള്ളവരെ തെറ്റിലേക്കു നയിക്കത്തക്കവണ്ണം തന്റെ അധികാരം ഉപയോഗിക്കുന്ന ഏതൊരാളും ഉതപ്പിനു കുറ്റക്കാരനാകുകയും, പ്രത്യക്ഷമായോ പരോക്ഷമായോ താൻ പ്രോത്സാഹിപ്പിച്ച തിൻമയ്ക്ക് ഉത്തരവാദിയാകുകയും ചെയ്യൂന്നു. ദുഷ്‌പ്രേരണകൾ ഉണ്ടാകാതിരിക്കുക അസാധ്യം; എന്നാൽ ആരുമൂലം അവ ഉണ്ടാകുന്നുവോ അവനു ദുരിതം!"
ആരോഗ്യത്തോടുളള ആദരവ്
ദൈവം നമ്മെ ഏൽപിച്ചിരിക്കുന്ന വിലപ്പെട്ട ദാനങ്ങളാണു ജീവനും ശാരീരികാരോഗ്യവും. മറ്റുള്ളവരുടെ ആവശ്യങ്ങളും പൊതുനൻമയും കണക്കിലെടുത്തു കൊണ്ട്, നാം പ്രസ്തുത ദാനങ്ങളെ യുക്തമായി പരിരക്ഷിക്കേണ്ടിയിരിക്കുന്നു.
പൗരന്മാരുടെ ആരോഗ്യസംരക്ഷണത്തിന് അവരുടെ വളർച്ചയ്ക്കും പക്വത പ്രാപിക്കലിനും ആവശ്യമായ ആഹാരം, വസ്ത്രം, പാർപ്പിടം, ആരോഗ്യപരിപാലനം, അടിസ്ഥാന വിദ്യാഭ്യാസം, തൊഴിൽ, സാമുഹ്യസഹായം എന്നീ ജീവിതാവശ്യങ്ങൾ ലഭ്യമാക്കുന്ന സമൂഹത്തിന്റെ സഹായം ആവശ്യമുണ്ട്.
ധാർമികസിദ്ധാന്തം ശാരീരിക ജീവനോടുള്ള ആദരവ് ആവശ്യപ്പെടുന്നെങ്കിലും, അതിന് ഒരു പരമമൂല്യം നൽകുന്നില്ല. “ശരിരാരാധനയെ പ്രോത്സാഹിപ്പിക്കുകയും അതിനുവേണ്ടി എല്ലാം ബലികഴിക്കുകയും കായികപൂർണതയെയും കായിക വിനോദ വിജയങ്ങളെയും പൂജിക്കുകയും ചെയ്യുന്ന നവീന പേഗനിസത്തെ അതു തിരസ്‌കരിക്കുന്നു. ഈ കാഴ്ചപ്പാട് ബലഹീനൻമാരെക്കാൾ ബലവാൻമാർക്കു വിവേചനപരമായ മുൻഗണന നൽകുന്നതിലൂടെ മനുഷ്യബന്ധങ്ങളുടെ ശിഥിലീകരണത്തിനു വഴിതെളിക്കാൻ സാധ്യതയുണ്ട്.
സംയമനം എന്ന സുകൃതം എല്ലാവിധ അമിതത്വത്തെയും - ഭക്ഷണത്തിന്റെയോ മദ്യത്തിന്റെയോ പുകയിലയുടെയോ മരുന്നിന്റെയോ ദുരുപയോഗം -പതിവർജിക്കുവാൻ നമ്മെ സഹായിക്കുന്നു. മദ്യപാനത്താലോ അമിതവേഗത്താലോ റോഡിലോ വെള്ളത്തിലൊ ആകാശത്തിലോ തങ്ങളുടെതന്നെയൊ മറ്റുള്ളവരുടെയോ സുരക്ഷ അപകടത്തിലാക്കുന്നവർ ഗൗരവമുള്ള കുറ്റത്തിന് ഉത്തരവാദികളാകുന്നു.
മയക്കു മരുന്നുകളുടെ ഉപയോഗം മനുഷ്യന്റെ ആരോഗ്യത്തിനും ജീവനും വളരെ ഗൗരവമുള്ള നാശമുണ്ടാക്കുന്നു. അത്യാവശ്യമായ ചികിത്സകൾക്കല്ലാതെ, അവയുടെ ഉപയോഗം ഗൗരവപൂർണമായ തെറ്റാണ്. മയക്കുമരുന്നുകളുടെ രഹസ്യമായ ഉത്പാദനവും ക്രയവിക്രയവും ഉതപ്പുനൽകുന്ന പ്രവൃത്തികളാണ്. അവ തിൻമയ്ക്കുളള പ്രത്യക്ഷമായ സഹകരണവുമാണ്; കാരണം, തികച്ചും ധാർമിക നിയമത്തിനെതിരായ പ്രവൃത്തികൾ ചെയ്യാൻ അവ ആളുകളെ പ്രേരിപ്പിക്കുന്നു.
വ്യക്തിയോടുള്ള ആദരവും ശാസ്ത്രീയ ഗവേഷണവും
വ്യക്തികളിലോ, മാനവഗണങ്ങളിലോ നടത്തുന്ന വൈദ്യശാസ്ത്രപരമോ മനഃശാസ്ത്രപരമോ ആയ ശാസ്ത്രീയ പരീക്ഷണങ്ങൾ രോഗികളെ സുഖപ്പെടുത്തുന്നതിനും പൊതുജനാരോഗ്യം വളർത്തുന്നതിനും സഹായകരമാകാം.
പ്രകൃത്യാതന്നെ മനുഷ്യവ്യക്തികളുടെ മഹാത്മൃത്തിനും ധാർമിക നിയമത്തിനുമെതിരായ പ്രവൃത്തികളെ മനുഷ്യന്റെമേലുള്ള ഗവേഷണത്തിന്റെയും പരീക്ഷണത്തിന്റെയും പേരിൽ നീതീകരിക്കാനാവില്ല. അത്തരം പ്രവൃത്തികൾക്കു വിധേയരാകുന്നവരുടെ സമ്മതത്തോടെയാണെങ്കിലും അവ നീതീകരിക്കപ്പെടുന്നില്ല. മനുഷ്യരുടെ ജീവനോ, ശാരീരിക മാനസിക സമഗ്രതയ്ക്കോ അനുപാതാതീതമോ അല്ലെങ്കിൽ ഒഴിവാക്കാവുന്നതോ ആയ അപകടസാധ്യതകൾ ഉളവാക്കുന്ന പരീക്ഷണങ്ങൾ മനുഷ്യരുടെമേൽ നടത്തുന്നത് അധാർമികമാണ്. അവയ്ക്കു വിധേയനാകുന്നവന്റെ അല്ലെങ്കിൽ അവന്റെമേൽ ഉത്തരവാദിത്വമുള്ളവരുടെ സമ്മതംകൂടാതെ അവന്റെമേൽ നടത്തപ്പെടുന്ന പരീക്ഷണങ്ങളും വൃക്തിയുടെ മഹാത്മൃത്തിനു ചേർന്നവയല്ല.
ശാരീരികസമഗ്രതയെ ആദരിക്കുക
ആളുകളെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോകുന്നതും ബന്ഥികളാക്കുന്നതും ഭീകരവാഴ്ച സൃഷ്ടിക്കുകയും അവയ്ക്കിരയാകുന്നവരെ ദുസ്സഹമായ സമ്മർദങ്ങൾക്കു വിധേയരാക്കുകയും ചെയ്യുന്നു. അവ ധാർമികമായി തെറ്റാണ്. വിവേചനമില്ലാതെ ഭീഷണിപ്പെടുത്തുകയും മുറിപ്പെടുത്തുകയും കൊല്ലുകയും ചെയ്യുന്ന ഭീകര പ്രവർത്തനം' നീതിക്കും ഉപവിക്കും തീർത്തും എതിരാണ്. കുറ്റങ്ങൾ ഏറ്റുപറയിക്കുന്നതിനും കുറ്റവാളികളെ ശിക്ഷിക്കുന്നതിനും എതിരാളികളെ ഭീഷണിപ്പെടുത്തുന്നതിനും പകവീട്ടുന്നതിനും കായികമോ ധാർമികമോ ആയ മർദനമുപയോഗിക്കുന്ന പീഡനമുറ വ്യക്തിയോടും മനുഷ്യമാഹാത്മ്യത്തോടും ഉണ്ടായിരിക്കേണ്ട ആദരവിനു വിരുദ്ധമാണ്. ഒഴിവാക്കാൻ പാടില്ലാത്ത ചികിത്സാപരമായ കാരണങ്ങൾക്കല്ലാതെ, നിരപരാധികളെ അംഗവിച്ഛേദത്തിനും അംഗക്ഷതത്തിനും വന്ധ്യംകരണത്തിനും നേരിട്ട് വിധേയരാക്കുന്നത് ധാർമിക നിയമത്തിന് വിരുദ്ധമാണ്.
നിയമവും ക്രമസമാധാനവും സംരക്ഷിക്കാൻ വേണ്ടി നിയമാനുസൃതമായ ഭരണകൂടങ്ങൾ കഴിഞ്ഞ കാലങ്ങളിൽ പൊതുവേ ക്രൂരമായ രീതികൾ പ്രയോഗിച്ചിരുന്നു. പീഡനമുറയെക്കുറിച്ചുള്ള റോമൻ നിയമത്തിന്റെ ആജ്ഞകളെ തങ്ങളുടെതന്നെ ന്യായാസനങ്ങളിൽ സ്വീകരിച്ചിരുന്ന സഭയിലെ അജപാലകരും അവയ്ക്കെതിരേ ശബ്ദമുയർത്തിയിരുന്നില്ല. ഈ വസ്തുതകൾ ഖേദകരം തന്നെ; എങ്കിലും സഭ എപ്പോഴും കാരുണ്യത്തിന്റെയും ദയയുടെയും കടമയെക്കുറിച്ചു പഠിപ്പിച്ചിരുന്നു. രക്തച്ചൊരിച്ചിൽ അരുതെന്ന് അവൾ പുരോഹിതരോടു കൽപിച്ചിരുന്നു. അപ്രകാരമുള്ള ക്രൂരമാർഗങ്ങൾ സമൂഹത്തിന്റെ ക്രമസമാധാനം നിലനിർത്താൻ ആവശ്യമില്ലായിരുന്നെന്നും അവ മനുഷ്യവ്യക്തിയുടെ ന്യായമായ അവകാശങ്ങൾക്കു യോജ്യമല്ലായിരുന്നെന്നും ഇന്നു വ്യക്തമായിട്ടുണ്ട്. നേരേമറിച്ച് ആ രിതികൾ കൂടുതൽ മോശമായവയിലേക്ക് നയിക്കുകയാണു ചെയ്യുന്നത്. അവയെ ഇല്ലാതാക്കുന്നതിന് പരിശ്രമിക്കേണ്ടതാണ്. പീഡിതർക്കും പീഡകർക്കും വേണ്ടി പ്രാർത്ഥിക്കേണ്ടതാണ്.
മരിച്ചവരോടുള്ള ആദരവ്
തങ്ങളുടെ അന്ത്യനിമിഷങ്ങൾ മാന്യമായും സമാധാനപൂർവമായും ചെലവഴിക്കാൻ സഹായകമാംവിധം മരണാസന്നരായവർക്കു ശ്രദ്ധയും പരിചരണവും നൽകേണ്ടതാണ്. ബന്ധുക്കളുടെ പ്രാർഥനയും അവർക്കു സഹായകരമാകും. ജീവിക്കുന്ന ദൈവത്തെ ദർശിക്കുന്നതിനു രോഗികളെ ഒരുക്കുന്ന കുദാശകൾ യഥാസമയം അവർ സ്വീകരിക്കുന്നതിനുള്ള ക്രമീകരണവും ബന്ധുക്കൾ നടത്തേണ്ടതാണ്.
മൃതശരീരങ്ങളെ സ്നേഹാദരവുകളോടെ, ഉയിർപ്പിലുള്ള വിശ്വാസത്തിലും പ്രതീക്ഷയിലും, കൈകാര്യം ചെയ്യേണ്ടതാണ്. മൃതസംസ്കാരം ശരീരത്തിനടുത്ത ഒരു കാരുണ്യപ്രവൃത്തിയാണ്; പരിശുദ്ധാത്മാവിന്റെ ആലയങ്ങളായ ദൈവമക്കളോടുള്ള ആദരവാണത്.
III. സമാധാന സംരക്ഷണം
സമാധാനം
“കൊല്ലരുത്” എന്ന കൽപന അനുസ്മരിപ്പിച്ചുകൊണ്ട് നമ്മുടെ കർത്താവു ഹൃദയസമാധാനത്തിന് ആഹ്വാനംചെയ്യുകയും മാരകമായ കോപവും വിദ്വേഷവും അധാർമികമെന്നു വ്യക്തമാക്കുകയും ചെയ്തു.
കോപം പ്രതികാരേച്ഛയാണ്. “ശിക്ഷയർഹിക്കുന്ന ഒരാൾക്കെതിരേ തിൻമ ചെയ്യാൻ വെമ്പുന്ന പ്രതികാരേച്ഛ തെറ്റാണ്.” എന്നാൽ “ദൂർഗുണങ്ങളെ പരിഹരിക്കുന്നതിനും നീതി നടപ്പാക്കുന്നതിനും" “വേണ്ടി പരിഹാരപ്രവ്യത്തികൾ കൽപിക്കുന്നതു പ്രശംസാർഹമാണ്. അയൽക്കാരനെ കൊല്ലണമെന്നോ സാരമായി മുറിപ്പെടുത്തണമെന്നോ ഉള്ള മനഃപൂർവമായ ആഗ്രഹത്തിലെത്തുന്ന കോപം ഉപവിയുടെ ഗൗരവമുള്ള ലംഘനമാണ്, അതു മാരകപാപമാണ്. “സഹോദരനോടു കോപിക്കുന്ന ഏതൊരുവനും ന്യായവിധിക്കു വിധേയനാകുമെന്നു” കർത്താവു പറയുന്നു.
മനഃപൂർവമുള്ള വിദ്വേഷം സ്നേഹത്തിനെതിരാണ്. മനഃപൂർവം അയൽക്കാരനു തിൻമ കാംക്ഷിക്കുമ്പോൾ വിദ്വേഷം പാപമായിത്തീരുന്നു. ഒരാൾ മനഃപൂർവം അയൽക്കാരനു സാരമായ തിൻമ കാംക്ഷിക്കുമ്പോൾ അതു ഗൗരവമുള്ള പാപം ആകുന്നു. “എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്നേഹിക്കുവിൻ; നിങ്ങളെ പീഡിപ്പിക്കുന്നവർക്കു വേണ്ടി പ്രാർഥിക്കുവിൻ. അങ്ങനെ നിങ്ങൾ നിങ്ങളുടെ സ്വർഗസ്ഥനായ പിതാവിന്റെ മക്കളായിത്തീരും.”
മനുഷ്യജീവനോടുള്ള ആദരവും അതിന്റെ വികാസവും സമാധാനം ആവശ്യപ്പെടുന്നു. വെറും യുദ്ധമില്ലായ്മയല്ല സമാധാനം; പ്രതിയോഗികൾ തമ്മിലുള്ള ശക്തി തുല്യത നിലനിർത്തുന്നതുമല്ല അത്. വ്യക്തികളുടെ നൻമയുടെ പരിരക്ഷ, മനുഷ്യർ തമ്മിലുള്ള സ്വതന്ത്രമായ ആശയവിനിമയം, വ്യക്തികളുടെയും ജനതകളുടെയും മഹാത്മ്യത്തോടുള്ള ആദരവ്, സാഹോദര്യത്തിന്റെ ഉത്സാഹപൂർവകമായ അഭ്യാസം എന്നിവ കൂടാതെ ഭൂമിയിൽ സമാധാനം സ്ഥാപിക്കുക സാധ്യമല്ല. “വ്യവസ്ഥിതിയൂടെ പ്രശാന്തത”യാണു സമാധാനം. നീതിയുടെ പ്രവൃത്തിയും ഉപവിയുടെ ഫലവുമാണ് അത്.
മെസ്സയാനിക “സമാധാന രാജാവായ” ക്രിസ്തുവിന്റെ സമാധാനത്തിന്റെ പ്രതിച്ഛായയും ഫലവുമാണു ഭൂമിയിലെ സമാധാനം. അവന്റെ കുരിശിലെ രക്തത്താൽ “തന്നിൽ തന്നെ അവൻ ശത്രുതയെ നിഹനിക്കുകയും" മനുഷ്യരെ ദൈവവുമായി രമൃതപ്പെടുത്തുകയും തന്റെ സഭയെ മനുഷ്യവർഗത്തിന്റെ ഒരുമയുടെയും ദൈവവുമായുള്ള ഐകൃത്തിന്റെയും കുദാശയായി സ്ഥാപിക്കുകയും ചെയ്തു. “അവനാണു നമ്മുടെ സമാധാനം. സമാധാനസ്ഥാപകർ അനുഗൃഹീതരാകുന്നു", അവിടുന്നു പ്രഖ്യാപിക്കുന്നു.
അക്രമവും രക്തച്ചൊരിച്ചിലും പരിത്യജിക്കുകയും, മനുഷ്യാവകാശങ്ങളുടെ സംരക്ഷണത്തിനായി, മറ്റുവ്യക്തികളുടെയും സമൂഹങ്ങളുടെയും അവകാശങ്ങളെയും കടമകളെയും ഹനിക്കാതെ, ഏറ്റം ബലഹീനരായവർക്കു ലഭ്യമായ പ്രതിരോധമാർഗങ്ങൾ ഉപയോഗിക്കുന്നവർ സുവിശേഷാത്മകമായ ഉപവിക്കു സാക്ഷ്യം വഹിക്കുന്നവരാണ്. അക്രമത്തിലേക്കു തിരിഞ്ഞാൽ, നാശനഷ്ടങ്ങളും ജീവഹാനിയുമുൾപ്പെടെ, ഉണ്ടാകാവുന്ന ഭൗതികവും ധാർമികവുമായ അപകടസാദ്ധ്യതകളുടെ ഗൗരവത്തെക്കുറിച്ചും അവർ ശരിയായ സാക്ഷ്യം നൽകുന്നു.
യുദ്ധം ഒഴിവാക്കുക
മനഃപൂർവം മനുഷ്യജീവനെ നശിപ്പിക്കുന്നത് അഞ്ചാംപ്രമാണം നിരോധിക്കുന്നു. യുദ്ധം മുലമുണ്ടാകുന്ന തിൻമകളും അനീതികളും മുലം, അതിന്റെ പരമ്പരാഗതമായ അടിമത്തത്തിൽനിന്നു നല്ലവനായ ദൈവം നമ്മെ വിമുക്തരാക്കുന്നതിനായി, പ്രാർഥിക്കുന്നതിനും പ്രവർത്തിക്കുന്നതിനും സഭ നിർബന്ധബുദ്ധിയോടെ ഓരോരുത്തരെയും ആഹ്വാനം ചെയ്യുന്നു.
യുദ്ധം ഒഴിവാക്കുന്നതിന് എല്ലാ പൗരൻമാരും ഭരണകർത്താക്കളും കടപ്പെട്ടിരിക്കുന്നു.
എങ്കിലും, “യുദ്ധമെന്ന വിപത്തു നിലനിൽക്കുകയും, ആവശ്യമായ അധികാരവും ശക്തിയുമുള്ള അന്താരാഷ്ട്ര അധികാരി ഇല്ലാതിരിക്കുകയും ചെയുന്നിടത്തോളം കാലം, സമാധാനത്തിനുള്ള എല്ലാ പരിശ്രമങ്ങളും പരാജയപ്പെട്ടാൽ, ന്യായമായ പ്രതിരോധത്തിനു ഭരണകൂടങ്ങൾക്കുള്ള അവകാശം നിഷേധിക്കാനാവില്ല.
സൈനികശക്തി ഉപയോഗിച്ച് നിയമാനുസൃതമായ പ്രതിരോധം നടത്തുന്നതിനാവശ്യമായ വ്യവസ്ഥകൾ സൂക്ഷമപരിഗണന അർഹിക്കുന്നു. അങ്ങനെയുള്ള ഒരു തീരുമാനത്തിന്റെ ഗൗരവംതന്നെ അതിനെ ധാർമികനീതീകരണത്തിനാവശ്യമായ കർക്കശ വ്യവസ്ഥകൾക്കു വിധേയമാക്കുന്നു. താഴെപ്പറയുന്നവ ഒരേസമയം ഉണ്ടായിരിക്കണം:
- അക്രമി ഒരു രാഷ്ട്രത്തിന്റെയോ, രാഷ്ട്രങ്ങളടങ്ങുന്ന സമൂഹത്തിന്റെയോ മേൽ അടിച്ചേൽപിക്കുന്ന നാശം നീണ്ടുനിൽക്കുന്നതും ഗൗരവമുള്ളതും തീർച്ചയുള്ളതുമായിരിക്കുക.
- അതിനു വിരാമമിടാൻ മറ്റു മാർഗങ്ങൾ അപ്രായോഗികവും നിഷ്ഫലവുമാണെന്ന് വ്യക്തമായിരിക്കുക.
- വിജയത്തിനാവശ്യമായ ഗൗരവാവഹമായ സാഹചര്യങ്ങൾ ഒത്തുവരുക.
- ദുരീകരിക്കാനുദ്ദേശിക്കുന്ന തിൻമയെക്കാൾ കൂടുതൽ തിൻമകളും കുഴപ്പങ്ങളും ആയുധപ്രയോഗംമൂലം ഉളവാക്കരുത്. ഈ വ്യവസ്ഥ വിലയിരുത്തുമ്പോൾ ആധുനികായുധങ്ങളുടെ ഭാരിച്ച നശീകരണ ശക്തി പ്രത്യേകം പരിഗണിക്കേണ്ടിയിരിക്കുന്നു.
“ന്യായമായ യുദ്ധം” എന്നറിയപ്പെട്ടിരുന്ന തത്വത്തിന്റെ പരമ്പരാഗതമായ വ്യവസ്ഥകളാണിവ.
ധാർമിക നീതീകരണത്തിനാവശ്യമായ ഈ വ്യവസ്ഥകളുടെ വിലയിരുത്തൽ പൊതു നൻമയ്ക്ക് ഉത്തരവാദിത്വമുള്ളവർ വിവേകപൂർവം നടത്തേണ്ടതാണ്.
പൊതു അധികാരികൾക്ക് ഇങ്ങനെയുള്ള അവസരത്തിൽ ദേശിയ പ്രതിരോധത്തിനാവശ്യമായ കടമകൾ പൗരൻമാരുടെമേൽ ചുമത്തുന്നതിന് അധികാരവും കടമയുമുണ്ട്.
സൈന്യത്തിൽചേർന്നു രാജ്യത്തെ സേവിക്കുന്നവർ രാജ്യത്തിന്റെ സുരക്ഷിതത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സേവകരാണ്. അവർ തങ്ങളുടെ കടമ ശരിയായി നിറവേറ്റുമ്പോൾ പൊതുനൻമയ്ക്കും സമാധാനപാലനത്തിനും തീർച്ചയായും സംഭാവന നൽകുന്നു.
മനഃസാക്ഷിപരമായ കാരണങ്ങളാൽ ആയുധങ്ങൾ ഉപയോഗിക്കുന്നതിനു വിസമ്മതിക്കുന്നവരെ പൊതു അധികാരികൾ അനുഭാവപൂർവം പരിഗണിക്കേണ്ടതാണ്; എന്നാൽ, മറ്റേതെങ്കിലും വിധത്തിൽ മാനവസമൂഹത്തെ സേവിക്കാൻ ഇവർക്കു കടമയുണ്ട്.
യുദ്ധാവസരത്തിലും ധാർമികനിയമത്തിനുള്ള ശാശ്വത പ്രസക്തിയെക്കുറിച്ചു സഭയും മനുഷ്യയുക്തിയും ഒരുപോലെ ഊന്നിപ്പറയുന്നുണ്ട്. “നിർഭാഗ്യവശാൽ യുദ്ധം പൊട്ടിപുറപ്പെട്ടുവെന്നതുകൊണ്ട് ഇരുകക്ഷികളും തമ്മിൽ ചെയ്യുന്നതെല്ലാം നിയമാനുസൃതമാകണമെന്നില്ല."
അസൈനികർ, മുറിവേറ്റ പട്ടാളക്കാർ, തടവുകാർ എന്നിവരോട് ആദരവു കാട്ടുകയും മനുഷ്യോചിതമായി പെരുമാറുകയും വേണം.
രാഷ്ട്രങ്ങളുടെ നിയമത്തിനും അവയുടെ സാർവത്രിക തത്വങ്ങൾക്കും വിരുദ്ധമായി മനഃപൂർവം ചെയ്യുന്ന പ്രവൃത്തികളും അവ ചെയ്യാനുള്ള കല്പനകളും കുറ്റ കൃത്യങ്ങളാണ്. അന്ധമായ അനുസരണം അപ്രകാരമുള്ള കൽപനകൾ നിറവേറ്റുന്നവരെ കുറ്റവിമുക്തരാക്കാൻ പ്രാപ്തമല്ല. അതിനാൽ ഒരു ജനതയെയോ രാഷ്ട്രത്തെയോ ന്യൂനപക്ഷവർഗത്തെയോ ഉൻമൂലനാശം ചെയ്യുന്നതു മാരകപാപമായി അപലപിക്കേണ്ടിയിരിക്കുന്നു. വർഗനശീകരണത്തിനായി നൽകപ്പെടുന്ന കൽപനകളെ ചെറുക്കാനുള്ള ധാർമിക കടമയുണ്ട്.
“നഗരങ്ങളെയും വിസ്തൃത ഭൂപ്രദേശങ്ങളെയും അവയിലെ നിവാസികളോടൊപ്പം വിവേചനയില്ലാതെ ഒന്നടങ്കം നശിപ്പിക്കുന്നതിനുവേണ്ടിയുള്ള യുദ്ധം ദൈവത്തിനും മനുഷ്യനുമെതിരായ അപരാധമാണ്, അതു സംശയമെന്യേ ശക്തമായി അപലപിക്കപ്പെടേണ്ടതാണ്. "ആധുനിക ശാസ്ത്രീയായുധങ്ങൾ, പ്രത്യേകിച്ച് ആണവ-ജൈവ- രാസായുധങ്ങൾ, ഉള്ളവർക്ക് അപ്രകാരമുള്ള ക്രൂരകൃത്യങ്ങൾ ചെയ്യുന്നതിന് അവസരം ലഭിക്കുന്നുവെന്നതാണ് ഇന്നത്തെ യുദ്ധരീതിയുടെ വിപത്ത്.
ആയുധശേഖരണം എതിരാളികളെ യുദ്ധത്തിൽനിന്നുപിന്തിരിപ്പിക്കാൻ പറ്റിയ ഉപാധിയായി പലരും കാണുന്നു. അവർ അതിനെ അന്താരാഷ്ട്രസമാധാനം ഉറപ്പു വരുത്താൻ ഏറ്റം ഫലപ്രദമായ മാർഗമായി കാണുന്നു. ഈ വിധമുള്ള യുദ്ധം തടയൽ ഗൗരവപൂർണമായ ധാർമിക അപവാദങ്ങൾക്ക് ഇടനൽകുന്നു. ആയുധ മത്സരം സമാധാനം ഉറപ്പുവരുത്തുന്നില്ല. യുദ്ധകാരണങ്ങൾ തുടച്ചുനീക്കുന്നതിനുപകരം, അത് അവയെ കൂടുതൽ വഷളാക്കാനാണു സാധ്യത. എപ്പോഴും പുതിയതരം ആയുധങ്ങൾ ഉത്പാദിപ്പിക്കുവാൻ ഭീമമായ തുകകൾ ചെലവാക്കുന്നതു പാവപ്പെട്ട ജനങ്ങളെ സഹായിക്കാനുള്ള പരിശ്രമങ്ങളെ തടസ്സപ്പെടുത്തുകയും അവരുടെ വികാസത്തിനു വിലങ്ങിടുകയും ചെയ്യുന്നു. അമിതമായ ആയുധസംഭരണം ഏറ്റുമുട്ടലിനുള്ള കാരണങ്ങളെ ബഹുലീകരിക്കുകയും ആയുധങ്ങളുടെ വ്യാപനത്തിന്റെ അപകടം വർധിപ്പിക്കുകയും ചെയ്യുന്നു.
ആയുധ നിർമ്മാണവും വിൽപനയും രാജ്യങ്ങളുടെയും അന്താരാഷ്ട്രസമൂഹത്തിന്റെയും പൊതുനൻമയെ ബാധിക്കുന്നതാണ്. അതിനാൽ, പൊതു അധികാരികൾക്ക് അവയെ നിയന്ത്രിക്കുന്നതിന് അധികാരവും ചുമതലയുമുണ്ട്. സ്വകാര്യമോ പൊതുവോ ആയ താത്പര്യങ്ങളുടെ ഹ്രസ്വകാലനേട്ടത്തിനു വേണ്ടി രാജ്യങ്ങളുടെയിടയിൽ അക്രമവും ഏറ്റുമുട്ടലും പ്രോത്സാഹിപ്പിക്കുന്നതും അന്താരാഷ്ര നീതിന്യായ വ്യവസ്ഥിതിയെ പ്രതിസന്ധിയിലാക്കുന്നതും നിയമാനുസൃതമല്ല.
മനുഷ്യരുടെയും രാഷ്ട്രങ്ങളുടെയുമിടയിൽ പ്രബലമായിരിക്കുന്ന അനീതി, സാമ്പത്തിക സാമൂഹ്യ അസമത്വങ്ങൾ, അസൂയ, പരസ്പരവിശ്വാസമില്ലായ്മ, അഹങ്കാരം എന്നിവ നിരന്തരം സമാധാനത്തിനു ഭീഷണിയും യുദ്ധങ്ങൾക്കു കാരണവുമാണ്. ഈ ക്രമക്കേടുകൾ പരിഹരിക്കാൻ ചെയ്യുന്നതെന്തും സമാധാനം സ്ഥാപിക്കുന്നതിനും യുദ്ധം ഇല്ലാതാക്കുന്നതിനുമുള്ള സംഭാവനയാണ്.
മനുഷ്യർ പാപികളായിരിക്കുന്നിടത്തോളം, യുദ്ധഭീഷണി അവരുടെ മുമ്പിലുണ്ട്; ക്രിസ്തുവിന്റെ രണ്ടാമത്തെ ആഗമനംവരെ അതങ്ങനെ തുടരുകയും ചെയ്യും; എങ്കിലും അവർക്കു സ്നേഹത്തിൽ ഒന്നിച്ചുകൂടി പാപത്തെ കീഴ്പ്പെടുത്തുവാൻ സാധിക്കുന്നിടത്തോളം അക്രമംതന്നെയും കീഴ്പ്പെടുത്തപ്പെടും. അങ്ങനെ “അവരുടെ വാൾ കൊഴുവും അവരുടെ കുന്തം വാക്കത്തിയും ആയി അടിച്ചു രൂപപ്പെടുത്തും; രാജ്യം രാജ്യത്തിനെതിരെ വാളുയർത്തുകയില്ല. അവർ ഇനിമേൽ യുദ്ധപരിശീലനം നടത്തുകയില്ല" എന്ന വാക്കുകൾ സാക്ഷാത്കരിക്കപ്പെടും.
സംഗ്രഹം
"സകലജീവജാലങ്ങളുടെയും പ്രാണനും മാനവരാശിയുടെ ജീവശ്വാസവും ദൈവത്തിന്റെ കരങ്ങളിലാണ് ” (Job 12 : 10).
ഗർഭധാരണനിമിഷം മുതൽ മരണംവരെ ഓരേ മനുഷ്യജീവനും പാവനമാണ്; കാരണം, ജീവിക്കുന്നവനും പരിശുദ്ധനുമായ ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും, മനുഷ്യവ്യക്തി അവനു വേണ്ടിത്തന്നെ നിശ്ചയിക്കപ്പെട്ടിരിക്കുന്നു.
മനുഷ്യജീവിയെ കൊല്ലുന്നത് വ്യക്തിയുടെ മഹാത്മ്യത്തിനും സ്രഷ്ടാവിന്റെ പരിശുദ്ധിക്കും എതിരായ ഗൗരവമുള്ള തിന്മയാണ്.
കൊലപാതകത്തിനെതിരെയുള്ള വിലക്ക് അന്യായ അക്രമിയെ നിർവീര്യനാക്കാനുള്ള അവകാശത്തെ ഇല്ലാതാക്കുന്നില്ല, മറ്റുള്ളവരുടെ ജീവനും പൊതുനന്മക്കും സംരക്ഷണം നൽകുകയെന്നത് അതിന് ഉത്തരവാദിത്വമുള്ളവരുടെ ഗൗരവപുർണമായ ചുമതലയാണ്.
ഗർഭധാരണം മുതൽ, ശിശുവിനു ജീവിക്കാൻ അവകാശമുണ്ട്. നേരിട്ടുള്ള ഗർഭച്ഛിദ്രം, അതായത് ലക്ഷ്യമായോ മാർഗമായോ തീരുമാനിക്കാപ്പെടുന്ന ഗർഭച്ഛിദ്രം, ധാർമിക നിയമത്തിനു വിരുദ്ധമായ ഗൗരവമുള്ള കുറ്റകൃത്യമാണ്. മനുഷ്യ ജീവനെതിരായ ഈ കുറ്റത്തിനു കാനൻ നിയമം മഹറോൻ ശിക്ഷ കൽപ്പിച്ചിരിക്കുന്നു.
ഗർഭധാരണം മുതൽ ഭ്രുണം ഒരു വ്യക്തിയായി പരിഗണിക്കപ്പെടേണ്ടതുകൊണ്ട്, മറ്റേതൊരു മനുഷ്യജീവിയെയും പോലെ ഭ്രുണം അതിന്റെ സമഗ്രതയിൽ സംരക്ഷിക്കപ്പെടുകയും പരിചരിക്കപ്പെടുകയും രോഗവിമുക്തമാക്കപ്പെടുകയും വേണം.
മനഃപൂർവമായ ദയാവധം, അതിന്റെ രീതികളും ഉദ്ദേശ്യങ്ങളും എന്തായാലും, കൊലപാതകമാണ്. അതു മനുഷ്യവ്യക്തിയുടെ മഹാത്മ്യത്തിനും അവന്റെ സൃഷ്ടാവായ ജീവിക്കുന്ന ദൈവത്തോടുമുള്ള ആദരവിനും ഗൗരവമാംവിധം എതിരാണ്.
ആത്മഹത്യ നീതിക്കും പ്രത്യാശയ്ക്കും സ്നേഹത്തിനുമെതിരായ ഗൗരവമുള്ള തെറ്റാണ്. അഞ്ചാം പ്രമാണം അതു വിലക്കുന്നു.
പ്രവൃത്തിയാലോ ഉപേക്ഷയാലോ മറ്റുള്ളവരെ മനഃപൂർവം ഗൗരവമുള്ള പാപത്തിലേക്കു നയിക്കുമ്പോൾ ഉതപ്പു ഗൗരവമുള്ള തെറ്റാകുന്നു.
എല്ലാ യുദ്ധവും ഉൾകൊള്ളുന്ന തിന്മകളും അനീതികളുംമുലം, യുദ്ധം ഒഴിവാക്കാൻ യുക്തമായി സാധിക്കുന്നതെല്ലാം നാം ചെയ്യണം. “പട്ടിണി, പകർച്ചവ്യാധി, യുദ്ധം എന്നിവയിൽനിന്നു ഞങ്ങളെ കാക്കണേ, കരിത്താവേ, എന്ന് സഭ പ്രാർഥിക്കുന്നു.
യുദ്ധാവസരത്തിലും ധാർമിക നിയമത്തിനുള്ള ശാശ്വത പ്രസക്തി സഭയും മനുഷ്യയുക്തിയും ഊന്നിപ്പറയുന്നു. അന്താരാഷ്ട്ര നിയമത്തിനും അതിന്റെ സാർവത്രിക തത്വങ്ങൾക്കുമെതിരേ കരുതിക്കുട്ടിയുള്ള പ്രവൃത്തികൾ കുറ്റകൃത്യങ്ങളാണ്.
“ആയുധമത്സരം മനുഷ്യകുലത്തിന്മേലുള്ള ഏറ്റം വലിയ ശാപങ്ങളിലൊന്നാണ്. അതു സാധുക്കളുടെ മേൽ ദുസ്സഹമായ ഭാരം ചുമത്തുന്നു." (GS 81 § 3).
“സമാധാന സ്ഥാപകർ ഭാഗ്യവാന്മാരാകുന്നു, എന്തെന്നാൽ അവർ ദൈവമക്കളെന്നു വിളിക്കപ്പെടും.” (Mt 5:9).
മനുഷ്യജീവനോടുള്ള ആദരവ് സോദ്ദേശ്യമായ നരഹത്യ. ഗർഭച്ഛിദ്രം ദയാവധം ആത്മഹത്യ ആരോഗ്യത്തോടുളള ആദരവ് മരിച്ചവരോടുള്ള ആദരവ് സമാധാനം യുദ്ധം ഒഴിവാക്കുക Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



