We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Religious teaching of the Catholic Church On 05-May-2023
ഖണ്ഡിക 4.
സ്രഷ്ടാവ്
“ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു". ഈ സുപ്രധാന പ്രസ്താവനയോടെയാണ് വിശുദ്ധഗ്രന്ഥം സമാരംഭിക്കുന്നത്. സർവശക്തനും പിതാവുമായ ദൈവം “ആകാശത്തിന്റെയും ഭൂമിയുടെയും” (അപ്പസ്തോലന്‍മാരുടെ വിശ്വാസപ്രമാണം) “ദൃശ്യവും അദൃശ്യവുമായ സകലത്തിന്റെയും (നിഖ്യാവിശ്വാസപ്രമാണം) സ്രഷ്ടാവാണെന്നു വിശ്വാസപ്രഖ്യാപനത്തില്‍ ഏറ്റുപറയുമ്പോള്‍ നാം മേല്‍പറഞ്ഞ വാക്യം തന്നെ ഉദ്ധരിക്കുകയാണ്. നാം ആദ്യം സ്രഷ്ടാവിനെക്കുറിച്ചും പിന്നീട് സൃഷ്ടിയെക്കുറിച്ചും ഒടുവില്‍ പാപത്തിലേക്കുള്ള വീഴ്ചയെക്കുറിച്ചും ആണു പ്രതിപാദിക്കുന്നത്. പാപത്തില്‍നിന്നും നമ്മെ മോചിപ്പിക്കുന്നതിനാണ് ദൈവപുത്രനായ യേശുക്രിസ്തു ആഗതനായത്.
“ദൈവത്തിന്റെ രക്ഷാകരപ്രവർത്തനങ്ങളുടെ മുഴുവന്‍” അടിസ്ഥാനവും “ക്രിസ്തുവില്‍ മകുടമണിയുന്ന രക്ഷാചരിത്രത്തിന്റെ പ്രാരംഭവും” സൃഷ്ടികർമമാണ്. നേരേമറിച്ച്, ക്രിസ്തുരഹസ്യം സൃഷ്ടിരഹസ്യത്തിന്‍മേല്‍ നിർണായകമായ പ്രകാശം വീശുന്നു. “ആദിയില്‍ ദൈവം ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചതിന്റെ” ആത്യന്തികലക്ഷ്യം അതുവെളിപ്പെടുത്തുകയും ചെയ്യുന്നു: “ക്രിസ്തുവിലുള്ള നവീന സൃഷ്ടി" യുടെ മഹത്ത്വം, ആരംഭം മുതലേ വിഭാവനം ചെയ്തിരുന്നു.
I. സൃഷ്ടിയെക്കുറിച്ചുള്ള മതബോധനം
സൃഷ്ടിയെക്കുറിച്ചുള്ള മതബോധനം ഏറ്റവും പ്രാധാന്യമർഹിക്കുന്നതാണ്. ഇതിനോടാണ് മനുഷ്യജീവിതത്തിന്റെയും ക്രൈസ്തവജീവിതത്തിന്റെയും അടിസ്ഥാനങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നത്. മനുഷ്യന്‍ എക്കാലവും ഉന്നയിക്കുന്ന മൗലികപ്രശ്നങ്ങള്‍ക്കു ക്രിസ്തീയവിശ്വാസം നല്‍കുന്ന പ്രത്യുത്തരം വിശദമാക്കുന്നത് ഈ മതബോധനമാണ്. “നാം എവിടെനിന്നു വരുന്നു?” “നാം എങ്ങോട്ടു പോകുന്നു?” “നമ്മുടെ ഉദ്ഭവം എവിടെനിന്ന്?” “നമ്മുടെ അന്ത്യം എന്ത്?” “അസ്തിത്വമുള്ളവയെല്ലാം എവിടെനിന്നു വന്നു?” “എങ്ങോട്ടു പോകുന്നു?” ഉദ്ഭവത്തെയും അന്ത്യത്തെയുംകുറിച്ചുള്ള ഈ ചോദ്യങ്ങള്‍ രണ്ടും പരസ്പരം വേർതിരിക്കാവുന്നതല്ല. നമ്മുടെ ജീവിതത്തിന്റെയും പ്രവർത്തനരീതിയുടെയും അർഥത്തെയും ആഭിമുഖ്യത്തെയും സംബന്ധിച്ചിടത്തോളം ഈ ചോദ്യങ്ങള്‍ നിർണായകങ്ങളാണ്.
പ്രപഞ്ചത്തിന്റെയും മനുഷ്യരുടെയും ഉദ്ഭവത്തെക്കുറിച്ചുള്ള ചോദ്യം അനേകം ശാസ്ത്രീയ പഠനങ്ങള്‍ക്കു വിഷയമായിട്ടുണ്ട്. പ്രപഞ്ചത്തിന്റെ ആയുസ്സ്, അളവുകള്‍, ജീവരൂപങ്ങളുടെ വികാസം, മനുഷ്യന്റെ ആവിർഭാവം എന്നിവയെക്കുറിച്ചുള്ള നമ്മുടെ അറിവിനെ സ്തുത്യർഹമായി പുഷ്ടിപ്പെടുത്താന്‍ ഈ പഠനങ്ങള്‍ക്കു കഴിഞ്ഞു. സ്രഷ്ടാവിന്റെ മഹത്ത്വത്തെ ഉപര്യുപരി പുകഴ്ത്തുവാന്‍ നമ്മെ ക്ഷണിക്കുന്നവയാണു പ്രസ്തുത ശാസ്ത്രീയകണ്ടുപിടിത്തങ്ങള്‍; ദൈവത്തിന്റെ സമസ്ത സൃഷ്ടികളെപ്രതിയും പണ്‍ഡിതന്‍മാർക്കും ഗവേഷകർക്കും ദൈവം നല്‍കുന്ന അറിവിനെയും ജ്ഞാനത്തെയും പ്രതിയും അവിടുത്തേക്കു കൃതജ്ഞതയർപ്പിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നവയാണ് അവ. സോളമനോടൊത്ത് അവർക്കും പറയാന്‍ കഴിയും: “അസ്തിത്വമുളളവയെക്കുറിച്ചെല്ലാം തെറ്റുപറ്റാത്ത അറിവ് എനിക്കു നല്‍കിയത് അവനാണ്... പ്രപഞ്ചഘടനയും പഞ്ചഭൂതങ്ങളുടെ പ്രവർത്തനവും അറിയാന്‍... സകലതും രൂപപ്പെടുത്തുന്നവനായ ജ്ഞാനമാണ് എന്നെ പഠിപ്പിച്ചത്."
ഉദ്ഭവങ്ങളെ സംബന്ധിച്ച പ്രശ്നത്തിന് ഉത്തരം കണ്ടുപിടിക്കുവാന്‍ മനുഷ്യബുദ്ധിക്ക് ഏറെക്കുറെ കഴിവുണ്ട് എന്നത് തീർച്ചയാണ്. സ്രഷ്ടാവായ ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ച് അവിടുത്തെ സൃഷ്ടികളിലൂടെ മനുഷ്യബുദ്ധിയുടെ വെളിച്ചത്തില്‍ നിസ്സന്ദേഹമായ അറിവു ആർജിക്കുവാന്‍ കഴിയും. ദൈവത്തെക്കുറിച്ചുള്ള മനുഷ്യന്റെ ഈ അറിവു പലപ്പോഴും അസ്പഷ്ടവും അബദ്ധങ്ങളാല്‍ വികലവുമായേക്കാം. അതിനാലാണു യഥാതഥം സത്യം ഗ്രഹിക്കുവാന്‍ വിശ്വാസം മനുഷ്യബുദ്ധിക്കു, പ്രകാശവും ഉറപ്പും നല്‍കുന്നത്: “ദൈവത്തിന്റെ വചനത്താല്‍ ലോകം സൃഷ്ടിക്കപ്പെട്ടെന്നും, അങ്ങനെ കാണപ്പെടുന്നവ കാണപ്പെടാത്തവയില്‍ നിന്നുണ്ടായി എന്നും വിശ്വാസംമൂലം നാം അറിയുന്നു."
സൃഷ്ടിയെ സംബന്ധിക്കുന്ന സത്യം മനുഷ്യജീവിതത്തിനു മുഴുവന്‍ സുപ്രധാനമാകയാല്‍, ഇതു സംബന്ധിച്ച് അറിവു സമ്പാദിക്കാന്‍ സഹായകമായവയെല്ലാം തന്റെ ജനത്തിനു വെളിപ്പെടുത്തുവാന്‍ ദൈവം തന്റെ വാത്സല്യത്തില്‍ നിശ്ചയിച്ചു. ദൈവത്തെപ്പറ്റി എല്ലാ മനുഷ്യർക്കും പ്രകൃത്യാ അറിയാവുന്ന കാര്യങ്ങള്‍ക്കുപുറമേ, ദൈവം ഉപര്യുപരിയായി സൃഷ്ടിരഹസ്യം ഇസ്രായേലിനു വെളിപ്പെടുത്തി. പൂർവപിതാക്കന്‍മാരെ തിരഞ്ഞെടുത്തവനും ഇസ്രായേലിനെ ഈജിപ്തില്‍നിന്നു പുറത്തേക്കു കൊണ്ടുവന്നവനും തിരഞ്ഞെടുത്ത് അവനെ സൃഷ്ടിക്കുകയും രൂപപ്പെടുത്തുകയും ചെയ്തവനുമായ ദൈവം ഭൂമിയിലെ സർവജനങ്ങളുടെയും ഭൂമിയുടെതന്നെയും ഉടമയും ആകാശത്തിന്റെയും ഭൂമിയുടെയും ഏക സ്രഷ്ടാവുമായി സ്വയം വെളിപ്പെടുത്തി..
ഇങ്ങനെ സൃഷ്ടിയെപ്പറ്റിയുള്ള വെളിപാട്, ഏക ദൈവവും അവിടുത്തെ ജനതയും തമ്മിലുള്ള ഉടമ്പടിയുടെ വെളിപാടില്‍നിന്നും, അതിന്റെ സ്ഥാപനത്തില്‍ നിന്നും വേർപെടുത്താവുന്നതല്ല. ഈ ഉടമ്പടിയിലേക്കുള്ള പ്രഥമപടിയായും ദൈവത്തിന്റെ സർവശക്തമായ സ്നേഹത്തിന്റെ പ്രഥമവും സാർവജനീനവുമായ സാക്ഷ്യമായും സൃഷ്ടി നമ്മുടെ മുന്‍പില്‍ വെളിപ്പെടുത്തപ്പെടുന്നു. പ്രവാചകന്‍മാരുടെ സന്ദേശത്തിലും സങ്കീർത്തനങ്ങളിലെയും ആരാധനക്രമത്തിലെയും പ്രാർഥനകളിലും തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ 'വിജ്ഞാനമൊഴികളിലും' സൃഷ്ടിയെപ്പറ്റിയുള്ള സത്യം വർധിത വീര്യത്തോടെ പ്രകാശിതമാകുന്നു.
സൃഷ്ടിയെക്കുറിച്ചുള്ള വിശുദ്ധ ലിഖിതഭാഗങ്ങളില്‍ ഉത്പത്തിപ്പുസ്തകത്തിലെ ആദ്യത്തെ മൂന്ന് അധ്യായങ്ങള്‍ക്ക് അതുല്യമായ സ്ഥാനമുണ്ട്. സാഹിത്യരൂപസംബന്ധമായി പറഞ്ഞാല്‍, ഈ വിവരണങ്ങള്‍ക്കു വ്യത്യസ്തങ്ങളായ ഉറവിടങ്ങള്‍ ഉണ്ടായിരുന്നിരിക്കാം. ദൈവനിവേശിതരായ ഗ്രന്ഥകാരന്‍മാർ ഇവയെ വിശുദ്ധ ലിഖിതത്തിന്റെ ആരംഭത്തില്‍ത്തന്നെ ചേർത്തിരിക്കുന്നു. ഇത് പ്രപഞ്ചസൃഷ്ടിയെക്കുറിച്ചുള്ള സത്യങ്ങള്‍ ഉദാത്തമായ ഭാഷയില്‍ അവതരിപ്പിക്കാന്‍ വേണ്ടിയാണ്; സൃഷ്ടിക്ക് ദൈവത്തിലുള്ള ഉദ്ഭവവും അന്തവും അതിന്റെ ക്രമവും നന്‍മയും, മനുഷ്യന്റെ വിളിയും, ഒടുവില്‍ പാപത്തിന്റെ ദുരന്തവും രക്ഷയുടെ പ്രത്യാശയുമാണ് ദൈവനിവേശിതഗ്രന്ഥകാരന്‍മാർ അവതരിപ്പിക്കുന്ന സത്യങ്ങള്‍. ക്രിസ്തുവിന്റെ പ്രകാശത്തില്‍, വി. ഗ്രന്ഥത്തിന്റെ ഐക്യം കണക്കിലെടുത്തുകൊണ്ടു സഭയുടെ സജീവപാരമ്പര്യങ്ങള്‍ക്ക് അനുസൃതമായി വായിച്ചാല്‍ സൃഷ്ടിയെ സംബന്ധിക്കുന്ന ഈ വിവരണങ്ങള്‍ 'ആരംഭത്തിന്റെ’- സൃഷ്ടി, പാപം, രക്ഷാവാഗ്ദാനം എന്നിവയുടെ- രഹസ്യങ്ങളെക്കുറിച്ചുള്ള മതബോധനത്തിന്റെ മുഖ്യ ഉറവിടമായി നിലനില്ക്കും.
II. സൃഷ്ടി- പരിശുദ്ധ ത്രിത്വത്തിന്റെ പ്രവൃത്തി
“ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു." വിശുദ്ധഗ്രന്ഥത്തിലെ ഈ ആദ്യപദങ്ങള്‍ മൂന്നുകാര്യങ്ങളാണ് പ്രസ്താവിക്കുന്നത്. നിത്യനായ ദൈവം തനിക്കു പുറമേയുള്ള സർവവസ്തുക്കള്‍ക്കും ആരംഭം നല്‍കി; അവിടുന്നു മാത്രമാണു സ്രഷ്ടാവ്. (“സൃഷ്ടിക്കുക” എന്ന ക്രിയയുടെ ഹീബ്രൂ രൂപത്തിന്റെ- bara- കർത്താവ് എപ്പോഴും ദൈവമാണ്). അസ്തിത്വമുള്ള സകലതും (“ആകാശവും ഭൂമിയും" എന്നപ്രയോഗം ഇതാണു സൂചിപ്പിക്കുന്നത്) അവയുടെയെല്ലാം അസ്തിത്വദായകനായ ദൈവത്തെ ആശ്രയിച്ചാണു സ്ഥിതിചെയ്യുന്നത്.
“ആദിയില്‍ വചനം ഉണ്ടായിരുന്നു... വചനം ദൈവമായിരുന്നു.... സമസ്തവും അവനിലൂടെ ഉണ്ടായി. ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല. "ദൈവം തന്റെ പ്രിയപുത്രനായ നിത്യവചനംവഴി സർവതും സൃഷ്ടിച്ചുവെന്നു പുതിയനിയമം വെളിപ്പെടുത്തുന്നു. "അവനില്‍ സ്വർഗത്തിലും ഭൂമിയിലുമുള്ള എല്ലാം സൃഷ്ടിക്കപ്പെട്ടു... എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണു സൃഷ്ടിക്കപ്പെട്ടത്. അവനാണ് എല്ലാറ്റിനും മുന്‍പുള്ളവന്‍; അവനില്‍ സമസ്തവും സ്ഥിതിചെയ്യുന്നു". ”അതുപോലെതന്നെ സഭയുടെ വിശ്വാസം പരിശുദ്ധാത്മാവിന്റെ സൃഷ്ടിപ്രവർത്തനവും പ്രഖ്യാപിക്കുന്നുണ്ട്: അവിടുന്നാണ് “ജീവദാതാവ്”, “സ്രഷ്ടാവായ ആത്മാവ്” (“Veni Creator Spiritus) “നന്‍മകളുടെ ഉറവിടം” എന്നു നാം ഏറ്റുപറയുന്നു.
പിതാവിന്റെ സൃഷ്ടിപ്രവർത്തനത്തോട് അഭേദ്യമായി ബന്ധപ്പെട്ട പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും സൃഷ്ടി പ്രവർത്തനത്തെ പഴയനിയമം സൂചിപ്പിക്കുകയും പുതിയനിയമം വെളിപ്പെടുത്തുകയും ചെയ്യുന്നതായി സഭയുടെ വിശ്വാസപ്രകരണങ്ങളില്‍ വളരെ സ്പഷ്ടമായി പ്രഖ്യാപിക്കപ്പെടുന്നു: "ഒരേയൊരു ദൈവമേയുള്ളു... അവിടുന്നു പിതാവാണ്, ദൈവമാണ്, സ്രഷ്ടാവാണ്. വിധാതാവാണ്, ക്രമദായകനാണ്. അവിടുന്നു സ്വയമായിട്ടാണു സർവതും സൃഷ്ടിച്ചത്; അതായത്, തന്റെ വചനവും വിജ്ഞാനവും” വഴിയാണ്; “പുത്രനും പരിശുദ്ധാത്മാവും അവിടുത്തെ കരങ്ങളാണെന്നു പറയാം." സൃഷ്ടി പരിശുദ്ധത്രിത്വത്തിന്റെ പൊതുപ്രവൃത്തിയാണ്.
III. “ദൈവമഹത്വത്തിനായി വിശ്വം സൃഷ്ടിക്കപ്പെട്ടു".
“ലോകം ദൈവമഹത്വത്തിനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു" എന്ന മൗലികസത്യം വിശുദ്ധഗ്രന്ഥവും പാരമ്പര്യവും നിരന്തരം പ്രബോധിപ്പിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. ദൈവം സർവവും സൃഷ്ടിച്ചത്, “സ്വന്തം മഹത്ത്വം വർധിപ്പിക്കുവാനല്ല. പ്രത്യുത, അതു പ്രദർശിപ്പിക്കാനും പ്രദാനംചെയ്യാനുമാണ്” എന്നു വിശുദ്ധ ബൊനവെഞ്ചർ വിശദീകരിക്കുന്നു; സ്നേഹവും നന്‍മയുമല്ലാതെ മറ്റൊരുകാരണവും ലോകസൃഷടിയില്‍ ദൈവത്തിനില്ല; “സ്നേഹത്തിന്റെ താക്കോല്‍കൊണ്ട് അവിടുത്തെ കരം തുറന്നപ്പോള്‍ സൃഷ്ടികള്‍ക്ക് അസ്തിത്വം കൈവന്നു.” ഒന്നാം വത്തിക്കാന്‍ കൗണ്‍സില്‍ വിശദീകരിക്കുന്നു:
ലോകസൃഷടിക്കു പ്രേരകമായ ദൈവനന്‍മയുടെ ആവിഷ്കരണത്തിന്റെയും സംപ്രദാനത്തിന്റെയും സാക്ഷാത്കാരത്തിലാണു ദൈവമഹത്ത്വം അടങ്ങിയിരിക്കുന്നത്. "ദൈവത്തിന്റെ മഹത്വപൂർണമായ കൃപയുടെ സ്തുതിക്കുവേണ്ടി, അവിടുത്തെ തിരുവിഷ്ടത്തിന്റെ പദ്ധതിയനുസരിച്ച് യേശുക്രിസ്തുവിലൂടെ നാം ദത്തുപുത്രരാകുവാന്‍ ദൈവം മുന്‍കൂട്ടി നിശ്ചയിച്ചു". കാരണം "സജീവനായ മനുഷ്യനാണു ദൈവത്തിന്റെ മഹത്ത്വം; മനുഷ്യജീവിതമാകട്ടെ, ദൈവദർശനവും; സൃഷ്ടിവഴിയുള്ള ദൈവാവിഷ്കാരം ഭൂമുഖത്തുവസിക്കുന്ന സർവജീവജാലങ്ങള്‍ക്കും ജീവന്‍ നലകിയെങ്കില്‍, വചനത്തില്‍ക്കൂടിയുള്ള പിതാവിന്റെ ആവിഷ്കാരം ദൈവത്തെ ദർശിക്കുന്നവർക്ക് എത്രയധികം ജീവന്‍ നല്‍കാതിരിക്കയില്ല!” “സർവചരാചര സ്രഷ്ടാവായ ദൈവം അവസാനം 'എല്ലാറ്റിലും എല്ലാമായിത്തീരുക' അങ്ങനെ ദൈവമഹത്ത്വവും നമ്മുടെ സൗഭാഗ്യവും ഒരേസമയം സാക്ഷാത്കരിക്കുക എന്നതാണു സൃഷ്ടിയുടെ ആത്യന്തികലക്ഷ്യം”.
IV. സൃഷ്ടിയുടെ രഹസ്യം
ജ്ഞാനവും സ്നേഹവുംകൊണ്ട് ദൈവം സൃഷ്ടിക്കുന്നു.
തന്റെ ജ്ഞാനത്തിന് അനുസൃതമായി ദൈവം ലോകത്തെ സൃഷ്ടിച്ചുവെന്നു നാം വിശ്വസിക്കുന്നു. ലോകം ഏതെങ്കിലും തരത്തിലുള്ള നിർബന്ധത്താല്‍ സൃഷ്ടിക്കപ്പെട്ടതല്ല; യദൃച്ഛയാ ഭവിച്ചതുമല്ല, അന്ധമായ വിധിയുടെ ഫലവുമല്ല. ദൈവത്തിന്റെ സ്വതന്ത്രേച്ഛയില്‍നിന്ന് ഉദ്ഭവിക്കുന്നതാണ് ലോകമെന്നു നാം വിശ്വസിക്കുന്നു. തന്റെ സത്തയിലും ജ്ഞാനത്തിലും നന്‍മയിലും സൃഷ്ടികളെ ഭാഗഭാക്കുകളാക്കാന്‍ ദൈവം തിരുമനസ്സായി. “കാരണം, അങ്ങു സർവവും സൃഷ്ടിച്ചു. അങ്ങയുടെ ഹിതമനുസരിച്ച് അവയ്ക്ക് അസ്തിത്വം ലഭിക്കുകയും അവ സൃഷ്ടിക്കപ്പെടുകയും ചെയ്തു”. അതിനാല്‍ സങ്കീർത്തകന്‍ ഇങ്ങനെ ഉദ്ഘോഷിക്കുന്നു: “കർത്താവേ, അങ്ങയുടെ സൃഷ്ടികള്‍ എത്ര വൈവിധ്യപൂർണങ്ങളാണ്. ജ്ഞാനത്താല്‍ അങ്ങ് എല്ലാം സൃഷ്ടിച്ചു". “കർത്താവ് എല്ലാവർക്കും നല്ലവനാണ്; തന്റെ സർവ സൃഷ്ടികളുടെയുംമേല്‍ അവിടുന്നു കരുണചൊരിയുന്നു.”
“ദൈവം ശുന്യതയില്‍നിന്നു” സൃഷ്ടിക്കുന്നു
സൃഷ്ടി നടത്തുന്നതിന് നേരത്തെ ഉണ്ടായിരുന്ന ഏതെങ്കിലും വസ്തുവോ എന്തെങ്കിലും സഹായമോ ദൈവത്തിന് ആവശ്യമില്ലെന്നു നാം വിശ്വസിക്കുന്നു. ദൈവികസത്തയില്‍നിന്നുള്ള നിർബന്ധപൂർവകമായ നിർഗളിക്കലും (emanation) അല്ല സൃഷ്ടി. ദൈവം സ്വതന്ത്രമായി “ശൂന്യാവസ്ഥയില്‍നിന്നു” സൃഷ്ടിക്കുന്നു.
'ശുന്യതയില്‍നിന്നുള്ള' സൃഷ്ടിയെസംബന്ധിച്ച വിശ്വാസം വാഗ്ദാനത്തിന്റെയും പ്രത്യാശയുടെയും സത്യത്താല്‍ പൂരിതമായ ഒരു യാഥാർഥ്യമായി വിശുദ്ധഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു. ഏഴു പുത്രന്‍മാരുടെ അമ്മ അവരെ രക്തസാക്ഷിത്വത്തിനു ധൈര്യപ്പെടുത്തിക്കൊണ്ടു പറയുന്നതിങ്ങനെയാണ്:
ശൂന്യതയില്‍നിന്നു സൃഷ്ടിക്കാന്‍ ദൈവത്തിനു ശക്തിയുള്ളതിനാല്‍ “നിർമലമായ ഒരു ഹൃദയം അവനില്‍ സൃഷ്ടിച്ചുകൊണ്ട്" "പരിശുദ്ധാത്മാവുവഴി പാപികള്‍ക്ക് ആധ്യാതമികജീവന്‍ നല്‍കുവാനും, മരിച്ചവർക്കു പുനരുത്ഥാനം വഴി ശാരീരികജീവന്‍ നല്‍കുവാനും ദൈവത്തിനു കഴിയും. ദൈവം “മരിച്ചവർക്കു ജീവന്‍ നല്‍കുകയും അസ്തിത്വമില്ലാത്തവയ്ക്ക് അസ്തിത്വം നല്‍കുകയും ചെയ്യുന്നു.” തന്റെ വചനംവഴി അന്ധകാരത്തില്‍ പ്രകാശം ചൊരിയാന്‍ ദൈവത്തിനു കഴിഞ്ഞതിനാല്‍ തന്നെ അറിയാത്തവർക്കു വിശ്വാസവെളിച്ചം നല്‍കുവാനും അവിടുത്തക്കു കഴിയും.
ദൈവം ക്രമീകൃതവും നല്ലതുമായ ലോകത്തെ സൃഷ്ടിക്കുന്നു.
ദൈവം ജ്ഞാനംകൊണ്ടു സൃഷ്ടിക്കുന്നെങ്കില്‍, അവിടുത്തെ സൃഷ്ടി ക്രമീകൃതമാണ്. “അങ്ങു സർവവും അളന്ന് എണ്ണി, തൂക്കി ക്രമപ്പെടുത്തിയിരിക്കുന്നു." അദൃശ്യദൈവത്തിന്റെ പ്രതിച്ഛായയായ സനാതനവചനത്തിലും സനാതന വചനത്താലും സൃഷ്ടിക്കപ്പെട്ട വിശ്വം “ദൈവച്ഛായയില്‍” സൃഷ്ടിക്കപ്പെട്ടവനും, ദൈവവുമായി വ്യക്തിപരമായ ബന്ധത്തിനു വിളിക്കപ്പെട്ടവനുമായ മനുഷ്യനുവേണ്ടിയാണ്; അത് അവന് ഏല്‍പിക്കപ്പെട്ടിരിക്കുന്നു. ദൈവികബുദ്ധിയുടെ വെളിച്ചത്തില്‍ ഭാഗഭാക്കാകുന്ന നമ്മുടെ ബുദ്ധി സൃഷ്ടപ്രപഞ്ചത്തിലൂടെ ദൈവം നമ്മോടു പറയുന്ന കാര്യങ്ങള്‍ ഗ്രഹിക്കുവാന്‍ ശക്തമാണ്; പക്ഷേ, കഠിനാധ്വാനത്തിലൂടെയും സ്രഷ്ടാവിന്റെയും അവന്റെ സൃഷ്ടികളുടെയും മുന്‍പില്‍ വിനയബഹുമാന സമന്വിതം വർത്തിച്ചുകൊണ്ടും മാത്രമേ, ഇതു സാധ്യമാകൂ. സൃഷ്ടി ദൈവത്തിന്റെ നന്‍മയില്‍ നിന്ന് ഉദ്ഭവിക്കുന്നതിനാല്‍ അത് അവിടുത്തെ നന്‍മയില്‍ പങ്കുചേരുന്നു. “അത് നന്നായിരിക്കുന്നുവെന്നു...., വളരെ നന്നായിരിക്കുന്നുവെന്നു, ദൈവംകണ്ടു.” മനുഷ്യനുവേണ്ടിയുള്ള ഒരു സമ്മാനമായി, അവനുവേണ്ടിയുള്ളതും അവനെ ഭരമേല്‍പിച്ചിരിക്കുന്നതുമായ ഒരു പൈതൃകമായി, ദൈവം സൃഷ്ടിയെ നിശ്ചയിച്ചു. ഭൗതികപ്രപഞ്ചമുള്‍പ്പെടെയുള്ള സർവസൃഷ്ടികളുടെയും നന്‍മയെ ന്യായീകരിച്ചുറപ്പിക്കേണ്ട പല സന്ദർഭങ്ങളും സഭയിലുണ്ടായിട്ടുണ്ട്.
ദൈവം സൃഷ്ടിക്കതീതനും സൃഷ്ടിയില്‍ സന്നിഹിതനുമാണ്
തന്റെ സർവസൃഷ്ടികളെയുംകാള്‍ അനന്തശ്രേഷ്ഠതയുള്ളവനാണു ദൈവം. “അവിടുത്തെ മഹത്ത്വം ആകാശങ്ങള്‍ക്കുമേല്‍ അവിടുന്നു സ്ഥാപിച്ചു.” അവിടുത്തെ മഹത്ത്വം അന്വേഷണാതീതമാണ്. പരമോന്നതനും സ്വതന്ത്രനുമായ സ്രഷ്ടാവും അസ്തിത്വമുള്ളവയുടെയെല്ലാം പ്രഥമകാരണവുമെന്ന നിലയ്ക്ക്, തന്റെ സൃഷ്ടികളുടെയെല്ലാം ആന്തരികാഗാധങ്ങളില്‍ ദൈവം സന്നിഹിതനാണ്. “അവിടുന്നിലാണു നാം ജീവിക്കുന്നതും ചരിക്കുന്നതും ആയിരിക്കുന്നതും”. വിശുദ്ധ അഗസ്തീനോസിന്റെ വാക്കുകളില്‍: “ദൈവം എന്റെ അന്തസ്സത്തയെക്കാളെല്ലാം അന്ത:സ്ഥിതനും, എന്റെ ഔന്നത്യത്തെക്കാളെല്ലാം ഉന്നതനും ആകുന്നു.”
ദൈവം സർവസൃഷ്ടികളുടെയും സന്ധാരകനും പരിപാലകനും
സൃഷ്ടികർമംകഴിഞ്ഞു തന്റെ സൃഷ്ടികളെയെല്ലാം അവയുടെ വഴിക്കുതന്നെ ദൈവം കൈവിടുന്നില്ല; അവിടുന്ന് അവയ്ക്കെല്ലാം ഉണ്‍മയും അസ്തിത്വവും നല്‍കുക മാത്രമല്ല, ഓരോ നിമിഷവും അവയെ ഉണ്‍മയില്‍ നിലനിറുത്തുകയും പ്രവർത്തിക്കുന്നതിന് അവയെ ശക്തമാക്കുകയും അവയുടെ ആത്യന്തിക ലക്ഷ്യത്തിലേക്കു അവയെ നയിക്കുകയും ചെയ്യുന്നു. സൃഷ്ടികള്‍ക്കു സ്രഷ്ടാവിലുള്ള ഈ പരിപൂർണാശ്രയത്വം അംഗീകരിക്കുന്നതു ജ്ഞാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സന്തോഷത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഉറവിടമാകുന്നു:
V. ദൈവം തന്റെ പദ്ധതി നടപ്പാക്കുന്നു: ദൈവികപരിപാലന
സൃഷ്ടിക്ക് അതിന്റെതായ നന്മയും തനതായ പൂർണതയുമുണ്ട്. എന്നിരുന്നാലും, പരിപൂർണാവസ്ഥയിലല്ല സൃഷ്ടി സ്രഷ്ടാവിന്റെ കരങ്ങളില്‍നിന്നു പുറത്തുവരുന്നത്. ദൈവം നിയോഗിച്ചിട്ടുള്ളതും ഇനിയും പ്രാപിക്കേണ്ടതുമായ ഒരു ആത്യന്തിക പൂർണതയിലേക്ക് “സഞ്ചരിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയില്‍” (in statu viae) ആണു പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത്. ഈ പൂർണതയിലേക്ക് തന്റെ സൃഷ്ടിയെ നയിക്കുന്നതിന് ദൈവം കൈക്കൊള്ളുന്ന ക്രമവിധാനങ്ങളെ നാം “ദൈവികപരിപാലന”യെന്നു വിളിക്കുന്നു.
ദൈവപരിപാലനയുടെ ഔല്‍സുക്യം വസ്തുനിഷ്ഠവും നേരിട്ടുള്ളതും ആകുന്നു എന്നതിനു വി. ഗ്രന്ഥം മുഴുവനും ഐകകണ്‍ഠ്യേന സാക്ഷ്യംനല്‍കുന്നുണ്ട്: ഏറ്റവും നിസ്സാരകാര്യങ്ങള്‍ മുതല്‍, ലോകത്തിലെയും അതിന്റെ ചരിത്രത്തിലെയും മഹാസംഭവങ്ങള്‍വരെയുള്ള എല്ലാറ്റിലും ദൈവശ്രദ്ധ പതിയുന്നു. സംഭവഗതിയുടെമേല്‍ ദൈവത്തിനുള്ള പരിപൂർണ ആധിപത്യം വിശുദ്ധലിഖിതങ്ങള്‍ ശക്തിയുക്തം ഉദ്ഘോഷിക്കുന്നു: “നമ്മുടെ ദൈവം സ്വർഗത്തിലാണ്; തനിക്കിഷ്ടമുള്ളതെല്ലാം അവിടുന്നു ചെയ്യുന്നു”. ക്രിസ്തുവിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞിരിക്കുന്നു: “അവിടുന്നു തുറന്നുകൊടുത്താല്‍ പിന്നെ ആരും അടയ്ക്കുകയില്ല; അവിടുന്ന് അടച്ചാല്‍ ആരും തുറക്കുകയുമില്ല". സുഭാഷിതങ്ങളുടെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതുപോലെ: “മനുഷ്യഹൃദയത്തില്‍ ആലോചനകളേറെ; നടപ്പില്‍വരുന്നതു കർത്താവിന്റെ തിരുവിഷ്ടം.
തന്റെ മക്കളുടെ നിസ്സാരാവശ്യങ്ങളില്‍പോലും ശ്രദ്ധപതിക്കുന്ന സ്വർഗീയ പിതാവിന്റെ പരിപാലനയ്ക്കു ശിശുസഹജമായ ദൃഢവിശ്വാസത്തോടെ നാം നമ്മെത്തന്നെ വിട്ടുകൊടുക്കണമെന്നാണ് യേശു ആവശ്യപ്പെടുന്നത്: “അതിനാല്‍ എന്തു ഭക്ഷിക്കും, എന്തു പാനംചെയ്യും എന്നുവിചാരിച്ചു നിങ്ങള്‍ ആകുലരാകേണ്ടാ... നിങ്ങള്‍ക്കിവയെല്ലാം ആവശ്യമാണെന്നു നിങ്ങളുടെ സ്വർഗീയ പിതാവ് അറിയുന്നു. നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും."
ദൈവപരിപാലനയും ഉപഹേതുക്കളും
ദൈവമാണ് തന്റെ പദ്ധതിയുടെ പരമാധികാരി എന്നിരുന്നാലും അതുനടപ്പിലാക്കുന്നതിനു ദൈവം തന്റെ സൃഷ്ടികളുടെ സഹകരണവും സ്വീകരിക്കുന്നു. ഇതു ബലഹീനതയുടെ ഒരു ലക്ഷണമല്ല, പ്രത്യുത, സർവശക്തനായ ദൈവത്തിന്റെ മഹത്ത്വത്തിന്റെയും നന്‍മയുടെയും അടയാളമാണ്. സൃഷ്ടികള്‍ക്കു ദൈവം അവയുടെ അസ്തിത്വംമാത്രമല്ല നല്‍കിയിരിക്കുന്നത്; സ്വമേധയാ പ്രവർത്തിക്കുന്നതിനും, അന്യോന്യം കാരണങ്ങളും പ്രഭവങ്ങളുമായി വർത്തിക്കുന്നതിനും, അങ്ങനെ ദൈവികപദ്ധതിയുടെ നിർവഹണത്തില്‍ സഹകരിക്കുന്നതിനുമുള്ള അന്തസ്സും സൃഷ്ടികള്‍ക്ക് അവിടുന്നു നല്‍കിയിരിക്കുന്നു.
ഭൂമിയെ കീഴപ്പെടുത്തി, അതിന്റെമേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള ഉത്തരവാദിത്വം മനുഷ്യരെ ഏല്‍പിച്ചുകൊണ്ടു ദൈവികപരിപാലനയില്‍ സ്വതന്ത്രമായി പങ്കുചേരാന്‍ കഴിവു ദൈവം അവർക്കു നല്‍കുന്നു. സൃഷ്ടികർമത്തെ പൂർണതയിലെത്തിക്കുവാനും സൃഷ്ടിയുടെ താളക്രമം പൂർണമാക്കുവാനുമായി, ബുദ്ധിശക്തിയുള്ള സ്വതന്ത്രകാരണങ്ങളായി വർത്തിച്ചുകൊണ്ടു തങ്ങളുടെയും സമസൃഷ്ടങ്ങളുടെയും ശ്രേയസ്സിനായി പ്രവർത്തിക്കുവാന്‍ ദൈവം മനുഷ്യരെ പ്രാപ്തരാക്കുന്നു. ദൈവേഷ്ടനിർവഹണത്തിനു ബോധപൂർവമല്ലാതെതന്നെ പലപ്പോഴും സഹകാരികളാകുന്ന മനുഷ്യർക്കു തങ്ങളുടെ പ്രവർത്തനങ്ങള്‍, പ്രാർഥനകള്‍, സഹനങ്ങള്‍ എന്നിവയിലൂടെ ബോധപൂർവം ദൈവികപദ്ധതിയില്‍ പ്രവേശിക്കാനും കഴിയും. മനുഷ്യർ അങ്ങനെ പൂർണമായ അർഥത്തില്‍ “ദൈവത്തിന്റെയും അവിടുത്തെ രാജ്യത്തിന്റെയും കൂട്ടുവേലക്കാരായിത്തീരുന്നു.
തന്റെ സൃഷ്ടികളുടെ എല്ലാപ്രവർത്തനങ്ങളിലും ദൈവം പ്രവർത്തിക്കുന്നുവെന്ന സത്യം, സ്രഷ്ടാവായ ദൈവത്തിലുള്ള വിശ്വാസത്തില്‍നിന്നും അഭേദ്യമാണ്. ഉപഹേതുക്കളിലും ഉപഹേതുക്കളില്‍ക്കൂടിയും പ്രവർത്തിക്കുന്ന പ്രഥമഹേതുവാണു ദൈവം. “എന്തെന്നാല്‍, തന്റെ അഭീഷ്ടമനുസരിച്ച് ഇച്ഛിക്കുവാനും പ്രവർത്തിക്കുവാനും നിങ്ങളെ ഉത്തേജിപ്പിക്കുന്നതു ദൈവമാണ്.” ഈ സത്യം സൃഷ്ടികളുടെ മഹത്വത്തെ കുറയ്ക്കുന്നില്ല, പ്രത്യുത, അതിനെ ഉയർത്തുകയാണു ചെയ്യുന്നത്. ദൈവത്തിന്റെ ശക്തിയും ജ്ഞാനവും നന്‍മയും നിമിത്തം ശൂന്യാവസ്ഥയില്‍നിന്നു പുറത്തുവന്ന സൃഷ്ടി അതിന്റെ പ്രഭവത്തില്‍നിന്നു വിച്ഛേദിക്കപ്പെടുകയാണെങ്കില്‍ യാതൊന്നും ചെയ്യാന്‍ അതിനുസാധിക്കുകയില്ല. “സ്രഷ്ടാവിന്റെ അഭാവത്തില്‍ സൃഷ്ടി ശുന്യതയില്‍ മറയുന്നു.” അതിനെക്കാള്‍ അസാധ്യമാണു ദൈവകൃപയുടെ സഹായമില്ലാതെ ഒരു സൃഷ്ടിക്ക് അതിന്റെ പരമാന്ത്യം പ്രാപിക്കുക എന്നത്.
ദൈവപരിപാലനയും തിന്‍മ എന്ന വിഷമപ്രശ്നവും
ക്രമീകൃതവും നല്ലതുമായ ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ സർവശക്തനും പിതാവുമായ ദൈവം തന്റെ സൃഷ്ടികളെയെല്ലാം പരിപാലിക്കുന്നെങ്കില്‍ തിന്‍മ എങ്ങനെയുണ്ടാകുന്നു? അടിയന്തിര സ്വഭാവമുള്ളതും അനുപേക്ഷണീയവും വേദനാജനകവും നിഗൂഢവുമായ ഈ പ്രശ്നത്തിനു തിടുക്കത്തിലുള്ള ഒരുത്തരവും മതിയാവുകയില്ല. ക്രൈസ്തവവിശ്വാസത്തിന്റെ സമഗ്രദർശനത്തിലൂടെ മാത്രമേ ഈ പ്രശ്നത്തിനുത്തരം കാണാന്‍ കഴിയൂ: സൃഷ്ടിയുടെ നന്‍മ, പാപത്തിന്റെ ദുരന്തം, തന്റെ ഉടമ്പടികളില്‍ക്കൂടി മനുഷ്യനെ സന്ദർശിക്കുന്ന ദൈവത്തിന്റെ ക്ഷമാപൂർണമായ സ്നേഹം, തന്റെ പുത്രന്റെ രക്ഷാകരമായ മനുഷ്യാവതാരം, അവിടുത്തെ പരിശുദ്ധാത്മദാനം, അവിടുന്നു വിളിച്ചുകൂട്ടിയ സഭ, കൂദാശകളുടെ ശക്തി, സൗഭാഗ്യപൂർണമായ ഒരു ജീവിതത്തിലേക്കുള്ള അവിടുത്തെ വിളി- സ്വതന്ത്രരായ സൃഷ്ടികള്‍ ഈ വിളിക്കൂ സമ്മതമരുളാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. അതേസമയം ഒരു ഭീകരരഹസ്യത്താല്‍ അവയ്ക്ക് ഈ വിളിയെ മുന്‍കൂട്ടി നിരസിക്കുവാനും കഴിയും- തിന്‍മ എന്ന പ്രശ്‌നത്തിന് ഒരുപരിധിവരെയെങ്കിലും ഉത്തരം നല്‍കാത്തതായി ക്രൈസ്തവ സന്ദേശത്തിന്റെ യാതൊരു ഘടകവുമില്ല.
എന്നാല്‍ എന്തുകൊണ്ടാണ് യാതൊരു തിന്‍മയ്ക്കും നിലനില്‍ക്കാനാവാത്ത വിധം പരിപൂർണമായ ഒരു ലോകത്തെ ദെെവം സൃഷ്ടിക്കാതിരുന്നത്? അനന്തശക്തനായ ദെെവത്തിന് എപ്പോഴും കൂടുതല്‍ ശ്രേഷ്ഠമായതിനെ സൃഷ്ടിക്കുവാന്‍ കഴിയുമല്ലോ. എന്നാല്‍ ആത്യന്തികഗുണപൂർണതയിലേക്കു “ചരിച്ചുകൊണ്ടിരിക്കുന്ന ഒരവസഥയില്‍” ലോകത്തെ സൃഷ്ടിക്കുവാനാണു ദെെവം തന്റെ അനന്തജ്ഞാനത്തിലും നന്‍മയിലും സ്വതന്ത്രമായി തീരുമാനിച്ചത്. ദെെവിക പദ്ധതിയില്‍ ഈ പ്രക്രിയ ചില ചരാചരങ്ങളുടെ ആവിർഭാവത്തിനും മറ്റു ചിലവയുടെ തിരാേധാനത്തിനും ഹേതുവാകുന്നു; കൂടുതല്‍ ഗുണപൂർണത പ്രാപിച്ചവയാേടൊത്തു കുറച്ചുമാത്രം ഗുണപൂർണത പ്രാപിച്ചവയും ക്രിയാത്മകശക്തികള്‍ക്കോപ്പം നശീകരണ ശക്തീകളും നിലനില്‍ക്കുന്നു: സൃഷ്ടി ഗുണപൂർണതയിലെത്തുന്നതുവരെ ഭൗതികനന്‍മയോടൊത്തു ഭൗതികതിന്‍മയും നിലനില്‍ക്കുന്നു.
ബുദ്ധിശക്തിയും സ്വാതന്ത്ര്യവുമുള്ള സൃഷ്ടികള്‍ എന്ന നിലയ്ക്കു മനുഷ്യരും മാലാഖമാരും തങ്ങളുടെ സ്വതന്ത്രതീരുമാനത്താലും വിശിഷ്ടസ്നേഹത്താലും തങ്ങളുടെ പരമാന്ത്യത്തിലേക്കു യാത്ര ചെയ്യണം; അതിനാല്‍ അവർക്കു മാർഗഭ്രംശം സാധ്യമാണ്. അവർ വാസ്തവത്തില്‍ പാപത്തില്‍ വീഴുകയും ചെയ്തു. അങ്ങനെയാണു ഭൗതികതിന്‍മയെക്കാള്‍ അളവറ്റവിധം ദോഷകരമായ ധാർമികതിന്‍മ ലോകത്തില്‍ പ്രവേശിച്ചത്. ദെെവം പ്രത്യക്ഷമായോ പരോക്ഷമായോ ഒരുവിധത്തിലും ധാർമികതിന്‍മയുടെ ഹേതുവല്ല. എന്നാലും തന്റെ സൃഷ്ടികളുടെ സ്വാതന്ത്രത്തെ മാനിച്ചുകൊണ്ടു ദെെവം തിന്‍മ അനുവദിക്കുന്നു. അതേസമയം നിഗൂഢാത്മകമായി തിന്‍മയില്‍നിന്ന് എങ്ങനെ നന്‍മ പുറപ്പെടുവിക്കുവാനാകുമെന്ന് അവിടുന്നറിയുന്നു:
തന്റെ സൃഷ്ടികള്‍ ഉളവാക്കുന്ന തിന്‍മയുടെ, ധാർമികതിന്‍മയുടെപോലും, ഫലങ്ങളില്‍നിന്നു തന്റെ സർവശക്തനായ പരിപാനമൂലം നന്‍മ പുറപ്പെടുവിക്കുവാന്‍ ദെെവത്തിനു സാധിക്കുമെന്നു യഥാകാലം കാണാന്‍ നമുക്കു കഴിയും. ജോസഫ് തന്റെ സഹോദരന്‍മരോടു പറഞ്ഞു: “എന്നെ ഇങ്ങോട്ട് അയച്ചതു നിങ്ങളല്ല, പ്രത്യുത ദെെവമാണ്…. നിങ്ങള്‍ എനിക്കു തിന്‍മ ചെയ്തു. പക്ഷേ, ദെെവം അതു നന്‍മയാക്കി മാറ്റി. ഇന്നു കാണുന്നതുപോലെ അനേകംപേരുടെ ജീവന്‍ രക്ഷിക്കാന്‍വേണ്ടിയാണ് അവിടുന്ന് അതു ചെയ്തത്.” ഇന്നോളം ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും വലിയ ധാർമിക തിന്‍മയില്‍നിന്ന് - സർവമനുഷ്യരുടെയും പാപങ്ങളുടെ ഫലമായി ദെെവത്തിന്റെ ഏകജാതനെ തിരസകരിച്ചതും മരണത്തിന് ഏല്‍പിച്ചുകൊടുത്തതും - ദെെവം അവിടുത്തെ അതിസമൃദ്ധമായ കൃപാവരത്താല്‍ ഏറ്റവും മഹത്തായ നന്‍മ പുറപ്പെടുവിച്ചിരിക്കുന്നു: ക്രിസ്തുവിന്റെ മഹത്ത്വീകരണവും നമ്മുടെ രക്ഷയും. ഇതെല്ലാമാണെങ്കിലും തിന്‍മ ഒരിക്കലും ഒരു നന്മ ആയിത്തീരുന്നില്ല.
“തന്നെ സ്നേഹിക്കുന്നവർക്കു ദൈവം സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നു”. വിശുദ്ധരുടെ നിരന്തരസാക്ഷ്യം ഈ സത്യം ഉറപ്പിക്കുന്നു:
ദൈവം ലോകത്തിന്റെയും ചരിത്രത്തിന്റെയും നാഥനാണെന്നു നാം ഉറച്ചുവിശ്വസിക്കുന്നു; എങ്കിലും അവിടുത്തെ പരിപാലനയുടെ വഴികള്‍ നമുക്കു പലപ്പോഴും അജ്ഞാതങ്ങളാണ്. നമ്മുടെ ഭാഗികജ്ഞാനം ഇല്ലാതാകുന്ന അന്ത്യത്തില്‍ ദൈവത്തെ നമ്മള്‍ “മുഖാഭിമുഖം” ദർശിക്കുമ്പോള്‍ മാത്രമേ, നമ്മള്‍ ദൈവത്തിന്റെ വഴികള്‍ (തിന്‍മയുടെയും പാപത്തിന്റെയും രംഗപ്രവേശങ്ങളില്‍ക്കൂടിപ്പോലുമുള്ള വഴികള്‍) പൂർണമായി അറിയുകയുള്ളൂ. അവയിലൂടെയാണ് തിന്‍മയുടെയും പാപത്തിന്റെയും ദുരന്തത്തില്‍പോലും ദൈവം തന്റെ സൃഷ്ടിയെ അന്തിമ സാബത്തു വിശ്രമത്തിലേക്കു നയിച്ചത്. ആകാശവും ഭൂമിയും ദൈവം സൃഷ്ടിച്ചത് ഈ ലക്ഷ്യപ്രാപ്തിക്കുവേണ്ടിയായിരുന്നു.
സംഗ്രഹം
ലോകത്തിന്റെയും മനുഷ്യന്റെയും സൃഷ്ടിയില്‍ക്കൂടി ദൈവം തന്റെ ജ്ഞാനത്തിന്റെയും സർവശക്തസ്നേഹത്തിന്റെയും പ്രഥമവും സാർവത്രികവുമായ സാക്ഷ്യം നല്‍കിയിരിക്കുന്നു. ക്രിസ്തുവിലുള്ള പുതിയ സൃഷ്ടിയെ ലക്ഷ്യമാക്കിയുള്ള, “ദൈവത്തിന്റെ കൃപാകര പദ്ധതിയുടെ ” പ്രഥമ പ്രഘോഷണമാണിത്.
സൃഷ്ടികർമം പ്രത്യേകമായി പിതാവിന്റെ പ്രവൃത്തിയായി പരിഗണിക്കപ്പെടുന്നെങ്കിലും, അതുപോലെതന്നെ നമ്മുടെ വിശ്വാസസത്യമാണു പിതാവും പുത്രനും പരിശുദ്ധാത്മാവും സൃഷ്ടികർമത്തിന്റെ അവിഭാജ്യമായ ഏകപ്രഭവമാണെന്നത്.
സ്വതന്ത്രമായും നേരിട്ടും യാതൊരു സഹായം കൂടാതെയും ദൈവം തനിച്ചാണ് പ്രപഞ്ചം സൃഷ്ടിച്ചത്.
നിഷ്കൃഷ്ടാർഥത്തില്‍, “സൃഷ്ടികർമം” നിർവഹിക്കുവാന്‍ വേണ്ട അനന്തശക്തി യാതൊരു സൃഷ്ടിക്കുമില്ല.യാതൊരുവിധത്തിലും മുന്‍പില്ലാതിരുന്ന അസ്തിത്വം ഒരു വസ്തുവിനോ ജീവിക്കോ കൊടുക്കുക, അതായത് “ശുന്യാവസ്ഥയില്‍നിന്ന്” അതിനെ അസ്തിത്വത്തിലേക്കു വിളിക്കുക, എന്നതാണു സൃഷ്ടികർമം (cf. DS 3624).
തന്റെ മഹത്ത്വം, പ്രകടമാക്കാനും പകർന്നുകൊടുക്കാനുമാണു ദൈവം ലോകത്തെ സൃഷ്ടിച്ചത്. ദൈവത്തിന്റെ സത്യത്തിലും നന്‍മയിലും സൗന്ദര്യത്തിലും സൃഷ്ടികള്‍ പങ്കാളികളാകുന്നതിലാണ് സൃഷ്ടികർമത്തിന്റെ ലക്ഷ്യമായ ദൈവമഹത്ത്വം അടങ്ങിയിരിക്കുന്നത്.
പുത്രനായ വചനംമൂലവും തന്റെ ശക്തിയുടെ വചനത്താല്‍ എല്ലാറ്റിനെയും താങ്ങി നിറുത്തുന്ന സ്രഷ്ടാവും ജീവദാതാവുമായ പരിശുദ്ധാത്മാവുമൂലവും ദൈവം ലോകത്തെ സൃഷ്ടിക്കുകയും അതിനെ അസ്തിത്വത്തില്‍ നിലനിറുത്തുകയും ചെയ്യുന്നു.
ജ്ഞാനത്തോടും സ്നേഹത്തോടുംകൂടെ തന്റെ സൃഷ്ടികളെയെല്ലാം അവയുടെ പരമലക്ഷ്യത്തിലേക്കു നയിക്കുന്നതിനു ദൈവം സ്വീകരിക്കുന്ന സംവിധാനങ്ങളാണു ദൈവികപരിപാലന.
നമ്മുടെ സ്വർഗീയ പിതാവിന്റെ സ്നേഹപരിപാലനയിലേക്ക് പുത്രനിർവിശേഷമായ ആത്മസർപ്പണത്തിനു ക്രിസ്തു നമ്മെ ക്ഷണിക്കുന്നു (cf.മത്താ 6: 26-36). വിശുദ്ധ പത്രോസ് അപ്പസ്തോലനും ആവർത്തിച്ചുപറയുന്നുണ്ട്: “നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. എന്തെന്നാല്‍, അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ് " (പത്രോ 5:7; Cf. സങ്കീ 55:23).
സൃഷ്ടികളുടെ പ്രവർത്തനങ്ങളില്‍ക്കൂടിയും, ദൈവികപരിപാലന പ്രവർത്തിക്കുന്നു; ദൈവികപദ്ധതിയോടു സ്വതന്ത്രമായി സഹകരിക്കുവാനുളള കഴിവു മനുഷ്യർക്കു ദൈവം നല്‍കുന്നു.
ഭൗതികതിന്‍മമാത്രമല്ല, ധാർമികതിന്‍മപോലും ദൈവം അനുവദിക്കുന്നുവെന്ന വസ്തുത ഒരു ദിവ്യരഹസ്യമാണ്; തിന്‍മയുടെമേല്‍ വിജയം വരിക്കുവാനായി മരിച്ച് ഉയിർത്ത ദൈവപുത്രനായ യേശുക്രിസ്തുവിലൂടെ ദൈവം ഈ രഹസ്യം അനാവരണം ചെയ്യുന്നു. തിന്‍മയില്‍ നിന്ന് നന്‍മ ഉളവാക്കുവാന്‍ കഴിയുകയില്ലായിരുന്നെങ്കില്‍ ദൈവം ആ തിന്‍മ അനുവദിക്കുകയില്ലായിരുന്നുവെന്നു വിശ്വാസം നമുക്ക് ഉറപ്പുതരുന്നു. ഇതിനുള്ള മാർഗങ്ങള്‍ നിത്യജിവിതത്തില്‍ മാത്രമേ നാം പൂർണമായി അറിയുകയുളളൂ.
സ്രഷ്ടാവ് “ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു സൃഷ്ടിയെക്കുറിച്ചുള്ള മതബോധനം സൃഷ്ടി- പരിശുദ്ധ ത്രിത്വത്തിന്റെ പ്രവൃത്തി “ദൈവമഹത്വത്തിനായി വിശ്വം സൃഷ്ടിക്കപ്പെട്ടു സൃഷ്ടിയുടെ രഹസ്യം ജ്ഞാനവും സ്നേഹവുംകൊണ്ട് ദൈവം സൃഷ്ടിക്കുന്നു. “ദൈവം ശുന്യതയില്‍നിന്നു” സൃഷ്ടിക്കുന്നു ദൈവം ക്രമീകൃതവും നല്ലതുമായ ലോകത്തെ സൃഷ്ടിക്കുന്നു. ദൈവപരിപാലനയും ഉപഹേതുക്കളും ദൈവപരിപാലനയും തിന്‍മ എന്ന വിഷമപ്രശ്നവും Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



