We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 22-Jul-2022
വകുപ്പ് 2
സമയത്തിൻ്റെ തികവില്‍
മനുഷ്യനായവതരിച്ചു നമ്മുടെയിടയില്‍ വാസമുറപ്പിച്ച വചനത്തിലൂടെയാണു പ്രാര്‍ഥനയാകുന്ന നാടകം നമുക്കു പൂര്‍ണമായി വെളിപ്പെടുന്നത്. യേശുവിൻ്റെ സാക്ഷികള്‍ സുവിശേഷത്തില്‍ നമ്മോടു പ്രഘോഷിക്കുന്നവയിലൂടെ അവിടുത്തെ പ്രാര്‍ഥനയെ മനസ്സിലാക്കുവാന്‍ ശ്രമിക്കുന്നതിൻ്റെ അര്‍ഥം കത്തിയെരിയുന്ന മുള്‍പ്പടര്‍പ്പിനെയെന്നപോലെ നാം പരിശുദ്ധനും കര്‍ത്താവുമായ യേശുവിനെ സമീപിക്കുന്നു എന്നതാണ്: ആദ്യംതന്നെ പ്രാര്‍ഥനയില്‍ അവിടുത്തെ ധ്യാനവിഷയമാക്കുക, പിന്നീട് എങ്ങനെ പ്രാര്‍ഥിക്കണമെന്ന് അവിടുന്നു നമ്മെ പഠിപ്പിക്കുന്നതു ശ്രദ്ധിക്കുക, അവിടുന്നു നമ്മുടെ പ്രാര്‍ഥന എങ്ങനെ കേള്‍ക്കുന്നു എന്നു മനസ്സിലാക്കുന്നതിനുവേണ്ടിയാണത്.
യേശു പ്രാര്‍ഥിക്കുന്നു
കന്യാപുത്രനായിത്തീര്‍ന്ന ദൈവപുത്രന്‍ തൻ്റെ മനുഷ്യഹൃദയപ്രകാരം പ്രാര്‍ഥിക്കാന്‍ പഠിച്ചു. സര്‍വശക്തന്‍ ചെയ്ത എല്ലാ “വന്‍കാര്യങ്ങളും" സ്വഹൃദയത്തില്‍ കാത്തുസൂക്ഷിക്കുകയും അവയെപ്പറ്റി ധ്യാനിക്കുകയും ചെയ്ത തൻ്റെ അമ്മയില്‍ നിന്നാണ് യേശു പ്രാര്‍ഥനാ വചസ്സുകള്‍ പഠിച്ചത്." നസ്രത്തിലെ സിനഗോഗിലും (ജറുസലെമിലെ) ദൈവാലയത്തിലും തൻ്റെ ജനം ചൊല്ലിവന്ന പ്രാര്‍ഥനയുടെ വാക്കുകളും താളങ്ങളുമുപയോഗിച്ചു പ്രാര്‍ഥിക്കുവാന്‍ അവന്‍ അഭ്യസിച്ചു. “ഞാന്‍ എൻ്റെ പിതാവിൻ്റെ ഭവനത്തിലായിരിക്കണം” എന്നു പന്ത്രണ്ടാം വയസ്സില്‍ അവിടുന്നു വെളിപ്പെടുത്താന്‍ കനിഞ്ഞതുപോലെ അനൃഥാ നിഗൂഢമായ വേറൊരു ഉറവിടവും അവിടുത്തെ പ്രാര്‍ഥനയ്ക്കുണ്ടായിരുന്നു. ഇവിടെ സമയത്തിൻ്റെ പൂര്‍ണതയില്‍ പ്രാര്‍ഥനയുടെ പുതുമ വെളിപ്പെടുവാന്‍ ആരംഭിക്കുന്നു. പിതാവു സ്വന്തം മക്കളില്‍ നിന്നു പ്രതീക്ഷിക്കുന്ന പുത്രസഹജമായ പ്രാർഥന ഇപ്പോഴിതാ തൻ്റെ ഏകജാതന്‍ അവിടുത്തെ മനുഷ്യസ്വഭാവത്തില്‍ മനുഷ്യരോടൊപ്പവും മനുഷ്യര്‍ക്കുവേണ്ടിയും ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാക്കുന്നു.
ക്രിസ്തുവിൻ്റെ ശുശ്രൂഷയില്‍ പരിശുദ്ധാത്മാവിൻ്റെ പ്രവര്‍ത്തനവും പ്രാര്‍ഥനയുടെ അര്‍ഥവും വി. ലൂക്കായുടെ സുവിശേഷം ഊന്നിപ്പറയുന്നുണ്ട്. തൻ്റെ ധൗത്യ നിര്‍വഹണത്തിലെ നിര്‍ണായകമായ നിമിഷങ്ങള്‍ക്കുമുന്‍പ് യേശു പ്രാര്‍ഥിക്കുന്നു; ജ്ഞാനസ്നാനത്തിൻ്റെയും രൂപാന്തരീകരണത്തിൻ്റെയും അവസരത്തില്‍ സ്വപിതാവ് അവിടുത്തേക്കു നല്‍കിയ സാക്ഷ്യത്തിനു മുന്‍പും തൻ്റെ പീഡാനുഭവംവഴി പിതാവിൻ്റെ സ്നേഹപദ്ധതി പൂര്‍ത്തിയാക്കുന്നതിനുമുന്‍പും അപ്പസ്തോലന്‍മാരുടെ ധൗത്യവുമായി ബന്ധപ്പെട്ട നിര്‍ണായക നിമിഷങ്ങള്‍ക്കു മുന്‍പും അവിടുന്നു പ്രാര്‍ഥിക്കുന്നു. പന്ത്രണ്ടുപേരെ തിരഞ്ഞെടുക്കുകയും വിളിക്കുകയും ചെയ്തപ്പോഴും അവിടുന്നു “ദൈവത്തിൻ്റെ ക്രിസ്തു” ആണെന്നു പത്രോസ് ഏറ്റുപറയുന്നതിനു മുന്‍പും അപ്പസ്തോലപ്രമുഖൻ്റെ വിശ്വാസം പ്രലോഭനത്തില്‍പ്പെട്ടു പരാജയപ്പെടാതിരിക്കാന്‍ വേണ്ടിയും യേശു പ്രാര്‍ഥിക്കുന്നു.” പിതാവു തന്നോടു നിറവേറ്റാനായി ആവശ്യപ്പെട്ട രക്ഷാകരസംഭവങ്ങള്‍ക്കുമുന്‍പ് യേശു അര്‍പ്പിച്ച പ്രാര്‍ഥന, സ്നേഹസാന്ദ്രമായ പിതൃഹിതത്തിനുമുന്‍പില്‍ അവിടുത്തെ മാനുഷികഹിതത്തിൻ്റെ വിനീതവും വിശ്വാസപൂര്‍ണവുമായ സമര്‍പ്പണമാണ്.
'“അവന്‍ ഒരിടത്തു പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രാര്‍ഥിച്ചുകഴിഞ്ഞപ്പോള്‍ ശിഷ്യന്‍മാരിലൊരാള്‍ വന്നുപറഞ്ഞു: “കര്‍ത്താവേ, പ്രാര്‍ഥിക്കാന്‍ ഞങ്ങളെ പഠിപ്പിക്കുക. "ഗുരു പ്രാര്‍ഥിക്കുന്നതു ശ്രദ്ധിച്ചപ്പോഴല്ലേ ക്രിസ്തുവിൻ്റെ ശിഷ്യനും പ്രാര്‍ഥിക്കാന്‍ ആഗ്രഹമുണ്ടായത്! അപ്പോഴാണ് പ്രാര്‍ഥനയുടെ ഗുരുവില്‍നിന്ന് അതു പഠിക്കാന്‍ സാധിച്ചത്. പുത്രനെ ധ്യാനിക്കുകയും ശ്രവിക്കുകയും ചെയ്തുകൊണ്ട് പിതാവിനോടു പ്രാര്‍ത്ഥിക്കാന്‍ മക്കള്‍ പഠിക്കുന്നു.
യേശു പലപ്പോഴും, പ്രത്യേകിച്ചു രാത്രികാലങ്ങളില്‍, ഏകാന്തമായി പ്രാര്‍ഥിക്കാന്‍ വേണ്ടി മലമുകളിലേക്കു പോയിരുന്നു. മനുഷ്യാവതാരത്തില്‍ മാനവികതയെ സ്വാംശീകരിക്കുകവഴി അവിടുന്നു തൻ്റെ പ്രാര്‍ഥനയില്‍ എല്ലാ മനുഷ്യരെയും ഉൾപ്പെടുത്തുകയും, തന്നെത്തന്നെ പിതാവിനു സമര്‍പ്പിക്കുമ്പോള്‍ അവരെയും പിതാവിനു സമര്‍പ്പിക്കുകയും ചെയ്യുന്നു. മാംസം ധരിച്ച വചനമായ അവിടുന്ന് തൻ്റെ മാനുഷികപ്രാര്‍ഥനയിലൂടെ, ” അവിടുത്തെ സഹോദരങ്ങള്‍” ജീവിതത്തില്‍ അനുഭവിക്കുന്ന എല്ലാറ്റിലും പങ്കാളിയാകുന്നു. അവരെ മോചിപ്പിക്കാന്‍വേണ്ടി അവരുടെ ധൗര്‍ബല്യങ്ങളോട് അവിടുന്നു സഹാനുഭൂതി കാട്ടുന്നു." ഇതിനുവേണ്ടി ആയിരുന്നു പിതാവ് അവിടുത്തെ അയച്ചത്. യേശുവിൻ്റെ വാക്കുകളും പ്രവൃത്തികളും അവിടുത്തെ രഹസ്യ പ്രാര്‍ഥനയുടെ ദൃശ്യാവിഷ്കാരമാണ്.
പരസ്യജീവിതകാലത്ത് യേശു അര്‍പ്പിച്ച വ്യക്തമായ രണ്ടു പ്രാര്‍ഥനകള്‍ സുവിശേഷകന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവ ഓരോന്നും ആരംഭിക്കുന്നതു നന്ദിപ്രകടനത്തോടെയാണ്. ആദ്യത്തേതു സ്വര്‍ഗസ്ഥനായ പിതാവിനെ ഏറ്റുപറയുകയും അംഗീകരിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു. എന്തെന്നാല്‍, അവിടുന്നു ദൈവരാജ്യത്തിൻ്റെ രഹസ്യങ്ങള്‍ ബുദ്ധിമാന്‍മാരെന്നു സ്വയം വിചാരിച്ചവരില്‍നിന്നു മറച്ചു വയ്ക്കുകയും ശിശുക്കള്‍ക്കു (സുവിശേഷഭാഗ്യങ്ങളിലെ ദരിദ്രര്‍ക്ക്) വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്നു. “അതേ, പിതാവേ” എന്ന വാക്കുകള്‍ യേശുവിൻ്റെ ഹൃദയത്തിൻ്റെ ആഴവും പിതാവിൻ്റെ “സംപ്രീതി"യോടുള്ള വിധേയത്വവും അവിടുത്തെ ഗര്‍ഭംധരിച്ചു അവസരത്തില്‍ അവിടുത്തെ അമ്മ നടത്തിയ സമ്മതപ്രഖ്യാപനത്തിൻ്റെ മാറ്റൊലിയും ഗത്സമേൻ തോട്ടത്തിലെ യാതനാവേളയില്‍ യേശു പിതാവിനോടു പറയാനിരുന്നതെന്തോ അതിൻ്റെ പ്രതിരൂപവും ഇവിടെ പ്രകാശിതമാക്കുന്നു. പിതാവിൻ്റെ “തിരുമനസ്സിൻ്റെ രഹസ്യ"ത്തോട് യേശുവിൻ്റെ മാനുഷികഹൃദയം പുലര്‍ത്തിയ സ്നേഹസാന്ദ്രമായ ഒട്ടിച്ചേരലില്‍ അവിടുത്തെ പ്രാര്‍ഥന മുഴുവനും അടങ്ങിയിരിക്കുന്നു.
രണ്ടാമത്തെ പ്രാര്‍ഥന ലാസറിനെ ഉയിര്‍പ്പിക്കുന്നതിനു മുന്‍പ് വി. യോഹന്നാന്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. സംഭവം നടക്കുന്നതിനു മുന്‍പാണു നന്ദിപ്രകടനം: “പിതാവേ, അങ്ങ് എന്നെ ശ്രവിച്ചതിന് അങ്ങേക്ക് ഞാന്‍ നന്ദിപറയുന്നു.” പിതാവ് എപ്പോഴും അവിടുത്തെ യാചന കേള്‍ക്കുന്നു എന്നാണ് ഇതിനര്‍ഥം. യേശു ഉടന്‍ കൂട്ടിച്ചേര്‍ക്കുന്നു: “അങ്ങ് എപ്പോഴും എന്നെ ശ്രവിക്കുന്നു എന്ന് എനിക്കറിയാം” യേശു നിരന്തരം പ്രാർഥിച്ചിരുന്നു എന്നാണ് ഇതു സൂചിപ്പിക്കുന്നത്. യേശുവിൻ്റെ കൃതജ്ഞതാപ്രകാശന പ്രാര്‍ഥന, എങ്ങനെയാണു പ്രാര്‍ഥിക്കേണ്ടതെന്നു നമുക്കു വെളിപ്പടുത്തിത്തരുന്നു. ദാനത്തോടൊപ്പം തന്നെത്തന്നെ നല്‍കുന്ന ദാതാവായ പിതാവിന്, ദാനം ലഭിക്കുന്നതിനു മുൻപുതന്നെ യേശു തന്നെത്തന്നെ സമര്‍പ്പിക്കുന്നു. ദാതാവു ദാനത്തെക്കാള്‍ വിലയേറിയവനാണ്. അവിടുന്നാണു “നിധി”. അവിടുന്നിലാണു പുത്രൻ്റെ ഹൃദയം വസിക്കുന്നത്. അധികമായി ദാനം നല്‍കപ്പെടുകയും ചെയ്യുന്നു.
പിതാവിൻ്റെ സ്നേഹപദ്ധതി പൂര്‍ത്തീകരിക്കേണ്ട സമയം സമാഗതമായപ്പോള്‍ പുത്രസഹജമായ തൻ്റെ പ്രാര്‍ഥനയുടെ അപരിമേയമായ ആഴങ്ങളിലേക്ക് കണ്ണോടിക്കാന്‍ യേശു നമ്മെ അനുവദിക്കുന്നു. അവിടുന്നു സ്വയം ശത്രുക്കള്‍ക്കു കീഴടങ്ങുന്നതിനുമുന്‍പു മാത്രമല്ല (“പിതാവേ,... എൻ്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം”) കുരിശിൽ കിടന്നുകൊണ്ട് പ്രാർഥനയെയും ആത്മസമർപ്പണത്തെയും പരസ്പരം സമന്വയിപ്പിക്കുന്ന അന്തിമവചനങ്ങൾവരെ: “പിതാവേ അവരോടു ക്ഷമിക്കുക, അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല", “സത്യമായി ഞാൻ നിന്നോടുപറയുന്നു: ഇന്നു നീ എന്നോടൊപ്പം പറുദീസയിൽ ആയിരിക്കും"; “സ്ത്രീയേ, ഇതാ നിൻ്റെ മകൻ" - “ഇതാ നിൻ്റെ അമ്മ"; “എനിക്കു ദാഹിക്കുന്നു"; “എൻ്റെ ദൈവമേ, എൻ്റെ ദൈവമേ, എന്തുകൊണ്ടു നീ എന്നെ കൈവെടിഞ്ഞു?" “എല്ലാം പൂർത്തിയായിരിക്കുന്നു", “പിതാവേ അങ്ങയുടെ കരങ്ങളിലേക്ക് എൻ്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു;" ഒടുവിൽ തൻ്റെ ആത്മാവിനെ സമർപ്പിച്ചുകൊണ്ട് യേശു മരിക്കുമ്പോൾ "ഉച്ചത്തിൽ ഉള്ള നിലവിളി" വരെ.
പാപത്തിനും മരണത്തിനും അടിമപ്പെട്ട മനുഷ്യരാശി എക്കാലത്തും ഉയർത്തിയിട്ടുള്ള എല്ലാ നെടുവീർപ്പുകളും, രക്ഷാകരചരിത്രത്തിലെ എല്ലാ യാചനകളും എല്ലാ മാധ്യസ്ഥ്യപ്രാർഥനകളും അവതരിച്ച വചനത്തിൻ്റെ ഈ നിലവിളിയിൽ സംക്ഷേപിക്കപ്പെട്ടിരിക്കുന്നു. ഇതാ, പിതാവ് അവ സ്വീകരിക്കുകയും പുത്രനെ ഉയിർപ്പിച്ചുകൊണ്ട് എല്ലാ പ്രതീക്ഷകൾക്കുമതീതമായി അവയ്ക്കു പ്രത്യുത്തരം നൽകുകയും ചെയ്യുന്നു. അങ്ങനെ സൃഷ്ടിയുടെയും രക്ഷയുടെയും പദ്ധതിയിൽ പ്രാർഥനയാകുന്ന നാടകം സാക്ഷാത്കൃതമാവുകയും പൂർത്തീകരിക്കപ്പെടുകയും ചെയ്യുന്നു. സങ്കീർത്തനങ്ങൾ ഈ നാടകത്തിൻ്റെ താക്കോൽ ക്രിസ്തുവിൽ നമുക്കു നൽകുന്നു. ഉയിർത്തെഴുന്നേൽപ്പിൻ്റെ “ഇന്നിൽ" പിതാവുപറയുന്നു; “നീ എൻ്റെ പുത്രനാണ്; ഇന്നു ഞാൻ നിനക്കു ജൻമം നൽകി. എന്നോടു ചോദിച്ചുകൊള്ളുക; ഞാൻ നിനക്കു ജനതകളെ അവകാശമായിത്തരും. ഭൂമിയുടെ അതിരുകൾ നിനക്ക് അധീനമാകും.”
യേശു പ്രാർഥിക്കാൻ പഠിപ്പിക്കുന്നു
യേശു പ്രാർഥിക്കുമ്പോൾ അവിടുന്നു നമ്മെ പ്രാർഥിക്കാൻ പഠിപ്പിക്കുകയാണ്. പിതാവിനോടുള്ള യേശുവിൻ്റെ പ്രാർഥന ദൈവത്തോടുള്ള നമ്മുടെ പ്രാർഥനയുടെ ദൈവശാസ്ത്രപാതയാണ്. പ്രാർഥനയെപ്പറ്റിയുള്ള യേശുവിൻ്റെ സ്പഷ്ടമായ പ്രബോധനം സുവിശേഷം നമുക്കു നൽകുന്നുണ്ട്. ഒരു പരിശീലകനെപ്പോലെ നാം എവിടെയാണോ അവിടെ യേശു നമ്മെ കൈപിടിച്ചു നടത്തുകയും പടിപടിയായി പിതാവിൻപക്കലേക്ക് നയിക്കുകയും ചെയ്യുന്നു. തന്നെ അനുഗമിക്കുന്ന ജനാവലിയെ അഭിസംബോധന ചെയ്തുകൊണ്ട്, അവർ പ്രാർഥനയെപ്പറ്റിപഴയ ഉടമ്പടിയനുസരിച്ച് പഠിച്ചിട്ടുള്ളവയിൽ നിന്നാരംഭിച്ച്, വരാനിരിക്കുന്ന ദൈവരാജ്യത്തിൻ്റെ നൂതനത്വം അവർക്കു തുറന്നുകാണിക്കുന്നു. ഉപമകളിലൂടെ ഈ നൂതനത്വം അവിടുന്ന് അവർക്കു വെളിപ്പെടുത്തിക്കൊടുക്കുന്നു. ഒടുവിൽ, അവിടുന്നു പിൽക്കാലത്ത് തൻ്റെ സഭയിൽ പ്രാർഥനയുടെ പരിശീലകരാകാനുള്ള ശിഷ്യൻമാരോട് പിതാവിനെപ്പറ്റിയും പരിശുദ്ധാത്മാവിനെപ്പറ്റിയും തുറന്നു സംസാരിക്കുന്നു.
തൻ്റെ ഗിരിപ്രഭാഷണം മുതൽ യേശു ഹൃദയപരിവർത്തനത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറയുന്നു: അൾത്താരയിൽ ബലിയർപ്പണം നടത്തുന്നതിനുമുൻപു സഹോദരനുമായി രമൃതപ്പെടൽ, ശത്രുസ്നേഹം, മർദകർക്കുവേണ്ടിയുള്ളപ്രാർഥന, പിതാവിനോടു രഹസ്യത്തിൽ പ്രാർഥിക്കുന്നതിന്റെ ആവശ്യകത, അമിതദാഷണംവഴി ആവർത്തിക്കാതിരിക്കൽ, ഹൃദയത്തിൻ്റെ ആഴത്തിൽനിന്നുള്ള പ്രാർഥനാപുർവകമായ മാപ്പു നൽകൽ, ഹൃദയശുദ്ധി, ദൈവരാജ്യം അന്വേഷിക്കൽ എന്നിവയെപ്പറ്റി. ഈ മാനസാന്തരം മുഴുവനായും പിതാവിനെ ലക്ഷ്യമാക്കുന്നതാണ്, അത് പുത്രസഹജമാണ്.
മാനസാന്തരപ്പെടാൻ ഉറച്ചുകഴിഞ്ഞാൽ ഹൃദയം വിശ്വാസത്തിൽ പ്രാർഥിക്കാൻ പഠിക്കുന്നു. നമുക്ക് അനുഭവപ്പെടുകയും നാം മനസ്സിലാക്കുകയും ചെയ്യുന്നവയ്ക്കപ്പുറം ദൈവത്തോടുളള പുത്രസഹജമായ ഒട്ടിച്ചേരലാണു പ്രാർഥന. പ്രിയപുത്രൻ പിതാവിൻപക്കലേക്കുള്ള പാത തുറന്നു തരുന്നതുകൊണ്ടാണു നമുക്ക് അതു സാധ്യമാവുന്നത്. അവിടുന്നുതന്നെ വാതിലും മാർഗവും ആയതിനാൽ “അന്വേഷിക്കാനും” “മുട്ടാനും” നമ്മോടു പറയാൻ അവിടുത്തേക്കു കഴിയുന്നു.
യേശു പിതാവിനോടു പ്രാർഥിക്കുകയും ദാനങ്ങൾ സ്വീകരിക്കുന്നതിനുമുൻപു നന്ദിപറയുകയും ചെയ്യുന്നതുപോലെതന്നെ പുത്രസഹജമായ ധീരത അവിടുന്നു നമ്മെ പഠിപ്പിക്കുന്നു. “നിങ്ങൾ പ്രാർഥിക്കുകയും യാചിക്കുകയും ചെയ്യുന്നതെന്തും ലഭിക്കുമെന്നു വിശ്വസിക്കുവിൻ. നിങ്ങൾക്കതു ലഭിക്കുകതന്നെ ചെയ്യും.” സംശയരഹിതമായ പ്രാർഥനയ്ക്കും വിശ്വാസത്തിനും അത്രയേറെ ശക്തിയുണ്ട്. “വിശ്വസിക്കുന്നവന് എല്ലാ കാര്യങ്ങളും സാധ്യമാണ്." സ്വന്തം അയൽവാസികളുടെ വിശ്വാസരാഹിത്യംമൂലവും സ്വന്തം ശിഷ്യൻമാരുടെ “അൽപവിശ്വാസം” മൂലവും യേശു ദുഃഖിതനാകുന്നു. റോമൻ ശതാധിപൻ്റെയും കാനാൻകാരിയായ സ്ത്രീയുടെയും വലിയ വിശ്വാസംകണ്ട് അവിടുന്ന് അദ്ഭുതസ്തബ്ധനായി.
വിശ്വാസത്തിൻ്റെ പ്രാർഥന അടങ്ങിയിരിക്കുന്നത് കർത്താവേ, കർത്താവേ എന്നു വിളിക്കുന്നതിലല്ല, പിന്നെയോ പിതൃഹിതം നിർവഹിക്കാൻ ഹൃദയത്തെ സജ്ജമാക്കുന്നതിലത്രേ." ദൈവികപദ്ധതിയുമായി സഹകരിക്കുന്നതിനുള്ള ഈ ഔത്സുക്യം പ്രാർഥനയിൽ വളർത്തിയെടുക്കാൻ യേശു ശിഷ്യൻമാരെ ആഹ്വാനംചെയുന്നു."
യേശുവിൽ “ദൈവരാജ്യം സമീപസ്ഥമായിരിക്കുന്നു.” ശ്രോതാക്കളെ അവിടുന്നു മാനസാന്തരത്തിലേക്കും വിശ്വാസത്തിലേക്കും അതോടൊപ്പം ജാഗ്രതയിലേക്കും ക്ഷണിക്കുന്നു. ആയിരിക്കുന്നവനും വരാനിരിക്കുന്നവനുമായവനെ, ശരീരത്തിന്റെ വിനീതാവസ്ഥയിൽ അവിടുന്ന് ആദ്യം പ്രത്യക്ഷപ്പെട്ടതിനെ അനുസ്മരിച്ചുകൊണ്ടും, അവിടുന്നു മഹത്ത്വത്തോടെ രണ്ടാമതും വരുമെന്ന പ്രത്യാശയോടെ ധ്യാനിച്ചുകൊണ്ടും ശിഷ്യൻ പ്രാർഥനയിൽ ജാഗ്രത പുലർത്തുന്നു. തങ്ങളുടെ ഗൂരുവുമായുള്ള കൂട്ടായ്മയിൽ ശിഷ്യൻമാരുടെ പ്രാർഥന ഒരു പോരാട്ടമാണ്; പ്രാർഥനയിൽ ജാഗ്രത പുലർത്തുകവഴി പ്രലോഭനത്തിൽ ഉൾപ്പെടാതിരിക്കാൻ കഴിയും.
പിതാവിനോടുള്ള പ്രാർഥനയുടെ നിഗുഢരഹസ്യം യേശു തന്റെ ശിഷ്യൻമാർക്കു കൈമാറുമ്പോൾ, അവിടുന്നു മഹത്ത്വീകൃതമായ മനുഷ്യപ്രകൃതിയോടെ പിതാവിൻപക്കലേക്കു മടങ്ങിയതിനുശേഷം അവരുടെയും നമ്മുടെയും പ്രാർഥന എന്തായിരിക്കണമെന്ന് അവർക്കു വെളിപ്പെടുത്തിക്കൊടുക്കുന്നു. “അവന്റെ നാമത്തിൽ ചോദിക്കുക"- എന്നതിലാണു പുതുമ. അവനിലുള്ള വിശ്വാസം പിതാവിനെപ്പറ്റിയുള്ള അറിവിലേക്കു ശിഷ്യൻമാരെ നയിക്കുന്നു. എന്തെന്നാൽ, യേശുവാണു “വഴിയും സത്യവും ജീവനും". വിശ്വാസം അതിന്റെ ഫലം പുറപ്പെടുവിക്കുന്നതു സ്നേഹത്തിലാണ്. യേശുവിൻെറ വചനവും കൽപനകളും അനുസരിക്കുക. അവനോടൊപ്പം പിതാവിൽ വസിക്കുക. പിതാവ്, നമ്മോടൊപ്പം വസിക്കത്തക്കവിധം അവനിൽ, നമ്മെ സ്നേഹിക്കുന്നു. ഈ പുതിയ ഉടമ്പടിയിൽ നമ്മുടെ യാചനകൾ ശ്രവിക്കപ്പെടുമെന്ന ഉറപ്പിന്റെ അടിസ്ഥാനം യേശുവിന്റെ പ്രാർഥന തന്നെയാണ്.
നമ്മുടെ പ്രാർഥന യേശുവിന്റേതുമായി ഐക്യപ്പെടുമ്പോൾ “എന്നേക്കും നിങ്ങളോടു കൂടെയായിരിക്കാൻ മറ്റൊരു സഹായകനെ, സത്യാത്മാവിനെ" പിതാവു നമുക്കു സമ്മാനിക്കുന്നു. പ്രാർഥനയുടെയും അതിന്റെ സാഹചര്യങ്ങളുടെയും ഈ പുതിയ മാനം (യേശുവിന്റെ) വിടവാങ്ങൽ പ്രഭാഷണത്തിലുടനീളം പ്രകടമാകുന്നുണ്ട്. പരിശുദ്ധാത്മാവിൽ പിതാവുമായി ക്രിസ്തുവിലൂടെ മാത്രമല്ല, അവനിൽത്തന്നെയുമുള്ള സ്നേഹകുട്ടായ്മയാണു ക്രൈസ്തവ പ്രാർഥന. “ഇതുവരെ നിങ്ങൾ എന്റെ നാമത്തിൽ ഒന്നുംതന്നെ ചോദിച്ചിട്ടില്ല. ചോദിക്കുവിൻ നിങ്ങൾക്കു ലഭിക്കും. അതുമൂലം നിങ്ങളുടെ സന്തോഷം പൂർണമാവുകയും ചെയ്യും.”
യേശു പ്രാർഥന കേൾക്കുന്നു
യേശുവിനോടുള്ള പ്രാർഥനയ്ക്കു പരസൃശുശ്രൂഷയുടെ കാലത്തുതന്നെ അവിടുന്ന് തന്റെ മരണത്തിന്റെയും ഉത്ഥാനത്തിന്റെയും ശക്തിയെ മുൻകൂട്ടി സൂചിപ്പിക്കുന്ന അടയാളങ്ങളിലൂടെ മറുപടി നൽകി: വാക്കുകളിലൂടെയോ (കുഷ്ഠരോഗി, ജായിരൂസ്, കാനാൻകാരി സ്ത്രീ, നല്ല കളളൻ) നിശ്ശബ്ദതയിലുടെയോ (തളർവാതക്കാരനെ ചുമന്നവർ, യേശുവിന്റെ വസ്ത്രാഞ്ചലത്തിൽ സ്പർശിച്ച രക്തസ്രാവക്കാരി, കണ്ണീരും സുഗന്ധദ്രവൃവുമായി വന്ന പാപിനി) പ്രകടിപ്പിക്കുന്ന പ്രാർഥന യേശു ശ്രവിക്കുന്നു. "ദാവീദിന്റെ പുത്രാ, ഞങ്ങളുടെമേൽ കനിയണമേ” അല്ലെങ്കിൽ “യേശുവേ ദാവീദിന്റെ പുത്രാ എന്റെമേൽ കനിയണമേ” എന്നുള്ള അന്ധരുടെ തീക്ഷ്ണമായ നിലവിളി “ഈശോജപം” എന്നപേരിൽ അറിയപ്പെടുന്ന പരമ്പരാഗത പ്രാർഥനയിൽ ആവർത്തിക്കപ്പെടുന്നു; “കർത്താവായ യേശുവേ, ദൈവപുത്രാ, പാപിയായ എന്റെമേൽ കനിയണമേ.” രോഗങ്ങൾ സുഖപ്പെടുത്തുകയോ പാപങ്ങൾ മോചിക്കുകയോ ചെയ്തുകൊണ്ട് യേശു വിശ്വാസപ്രേരിതമായ പ്രാർഥനകേൾക്കുന്നു: “നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തിൽ പോവുക.”
കന്യകാമറിയത്തിന്റെ പ്രാർഥന
സമയത്തിന്റെ പൂർത്തീകരണത്തിന്റെ പ്രഭാതത്തിൽ മറിയത്തിന്റെ പ്രാർഥന നമുക്കു വെളിപ്പെടുത്തപ്പെടുന്നു. ദൈവപുത്രന്റെ മനുഷ്യാവതാരത്തിനും പരിശുദ്ധാത്മാവിന്റെ വർഷിക്കലിനുംമുൻപ് മംഗലവാർത്തയിൽ ക്രിസ്തുവിനെ ഗർഭംധരിക്കുന്നതിനും പന്തക്കുസ്താദിനം അവിടുത്തെ ശരീരമായ സഭയെ രൂപപ്പെടുത്തുന്നതിനുംവേണ്ടി പിതാവിന്റെ ദയാപദ്ധതിയോട് മറിയത്തിന്റെ പ്രാർഥന അതുല്യമാംവിധം സഹകരിച്ചു. ദൈവത്തിന്റെ ദാനത്തിന് അവിടുത്തെ വിനീത ദാസിയുടെ വിശ്വാസത്തിൽ അവിടുന്നു സമയത്തിന്റെ ആരംഭംമുതൽ കാത്തിരുന്ന സ്വീകരണം ലഭിച്ചു. സർവശക്തൻ “കൃപാവരപൂർണ"യാക്കിത്തീർത്ത അവൾ തന്റെ സംപൂർണ അസ്തിത്വവും ദൈവത്തിനു സമർപ്പിച്ചുകൊണ്ട് മറുപടി പറയുന്നു; “ഇതാ കർത്താവിന്റെ ദാസി, അവിടുത്തെ വാക്കനുസരിച്ച് എന്നിൽ ഭവിക്കട്ടെ.” “അതു ഭവിക്കട്ടെ" എന്നതാണു ക്രിസ്തീയപ്രാർഥന: പൂർണമായും ദൈവത്തിന്റേതായിരിക്കുക, എന്തെന്നാൽ, അവിടുന്നു പൂർണമായും നമ്മുടെതാണ്.
മറിയം എങ്ങനെ വിശ്വാസത്തിൽ പ്രാർഥിക്കുന്നുവെന്നും മാധ്യസ്ഥ്യം വഹിക്കുന്നുവെന്നും സുവിശേഷം നമുക്കു വെളിപ്പെടുത്തിത്തരുന്നു. കാനായിൽവച്ച് യേശുവിന്റെ അമ്മ ഒരു വിവാഹസദ്യയുടെ ആവശ്യങ്ങൾ സാധിച്ചുകൊടുക്കാൻ പുത്രനോടഭ്യർഥിക്കുന്നു; ഇത് വേറൊരു വിരുന്നിന്റെ അടയാളമാണ്. തന്റെ മണവാട്ടിയായ സഭയുടെ അഭ്യർഥനപ്രകാരം സ്വന്തം ശരീരരക്തങ്ങൾ ദാനംചെയ്യുന്ന കുഞ്ഞാടിന്റെ വിവാഹസദ്യയുടെ അടയാളം. കുരിശിൻചുവട്ടിൽ, പുതിയ ഉടമ്പടിയുടെ മണിക്കൂറിലാണു സ്ത്രീയായും പുതിയ ഹവ്വയായും “ജീവനുളളവരുടെ” യഥാർഥ "അമ്മ"യായും മറിയം ശ്രവിക്കപ്പെടുന്നത്.
അക്കാരണത്താലാണു മറിയത്തിന്റെ സ്തോത്രഗീതം ലത്തീൻ പാരമ്പര്യത്തിൽ “മാഗ്നിഫിക്കാത്ത്” എന്നപേരിലും ബൈസൻറയിൻ പാരമ്പര്യത്തിൽ “മെഗലിനാരിയോൺ” എന്ന പേരിലും ദൈവമാതാവിന്റെയും സഭയുടെയും ഗീതമായിത്തീർന്നിരിക്കുന്നത്, സീയോൻ പുത്രിയുടെയും പുതിയ ദൈവജനത്തിന്റെയും ഗീതം, രക്ഷാകരപദ്ധതിയിൽ ചൊരിയപ്പെടുന്ന കൃപാവരങ്ങളുടെ പൂർണിമയ്ക്കായുളള കൃതജ്ഞതാപ്രകടനഗീതം; നമ്മുടെ പൂർവികർക്ക്, “അബ്രാഹത്തിനും അവന്റെ സന്തതികൾക്കുമായി എന്നേക്കും”, നൽകപ്പെട്ടിട്ടുള്ള വാഗ്ദാനങ്ങളുടെ പൂർത്തീകരണത്താൽ കൈവരുന്ന പ്രത്യാശ എക്കാലവും പുലർത്തുന്ന “ദരിദ്രരുടെ” ഗീതം.
സംഗ്രഹം
യേശു പുത്രാസഹജമായ: പ്രാർഥന പുതിയനിയമത്തിലെ പ്രാർഥനയുടെ ഉത്തമമാതൃയാണ്. പലപ്പോഴും ഏകാന്തതയിലും രഹസ്യമായും അർപ്പിക്കപ്പെടുന്ന യേശുവിന്റെ പ്രാർഥന, പിതാവിന്റെ തിരുമനസിനോടുള്ള സ്നേഹനിർഭരവും കുരിശുമരണത്തോളമുള്ള വിധേയത്വവും, ശ്രവിക്കപ്പെടുമെന്ന സമ്പൂർണബോധ്യവും ഉൾകൊള്ളുന്നു.
തന്റെ പ്രബോധനത്തിൽ നിർമല ഹൃദയത്തോടും സജീവവും സുസ്ഥിരവുമായ വിശ്വാസത്തോടും പുത്രസ്സഹജമായ ധീരതയോടുംകൂടെ പ്രാർഥിക്കാൻ യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിക്കുന്നു. ജാഗ്രത പുലർത്താൻ അവരോടാവശ്യപ്പെടുന്നു, തന്റെ നാമത്തിൽ ദൈവസമക്ഷം അപേക്ഷകൾ സമർപ്പിക്കാൻ ആഹ്വാനം ചെയ്യുന്നു. തന്നോടുള്ള പ്രാർത്ഥനകൾക്ക് യേശുക്രിസ്തുതന്നെ പ്രത്യുത്തരം നൽകുന്നു.
“സംഭവിക്കട്ടെ” എന്ന പ്രഖ്യാപനത്തിലും സ്തോത്രഗീതാലാപത്തിലും പ്രത്യക്ഷപ്പെടുന്ന മറിയത്തിന്റെ പ്രാർഥനയുടെ സ്വഭാവം വിശ്വാസത്തിൽ തന്റെ അസ്തിത്വം മുഴുവനും ഔദാര്യപൂർവം ദൈവത്തിനു സമർപ്പിക്കുക എന്നതാകുന്നു.
സമയത്തിൻ്റെ തികവില്‍ യേശു പ്രാര്‍ഥിക്കുന്നു യേശു പ്രാർഥിക്കാൻ പഠിപ്പിക്കുന്നു യേശു പ്രാർഥന കേൾക്കുന്നു കന്യകാമറിയത്തിന്റെ പ്രാർഥന Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



