We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 14-Jun-2022
അധ്യായം രണ്ട്
സുഖപ്പെടുത്തലിന്‍റെ കൂദാശകൾ
ക്രൈസ്തവ പ്രാരംഭത്തിന്‍റെ കൂദാശകളിലൂടെ മനുഷ്യന്‍ ക്രിസ്തുവിന്‍റെ പുതിയ ജീവന്‍ സ്വീകരിക്കുന്നു. ഇപ്പോള്‍ നാം ഈ ജീവനെ “മണ്‍പത്രങ്ങളിൽ" ആണു സംവഹിക്കുന്നത്. അതു “ക്രിസ്തുവിനോടു കൂടി ദൈവത്തില്‍ മറഞ്ഞിരിക്കുകയും ചെയ്യുന്നു. നാം ഇപ്പോഴും സഹനത്തിനും രോഗത്തിനും മരണത്തിനും വിധേയരായി നമ്മുടെ “ലൗകിക കൂടാരത്തി”ലാണ്.” ദൈവമക്കള്‍ എന്ന നിലയിലുള്ള ഈ നവജീവന്‍ ദുര്‍ബലമാക്കപ്പെടാന്‍, പാപംമൂലം നഷ്ടപ്പെടാന്‍പോലും, സാധ്യതയുണ്ട്.
തളര്‍വാതരോഗിയുടെ പാപങ്ങള്‍ ക്ഷമിക്കുകയും അയാള്‍ക്കു ശാരീരിക സൗഖ്യം നല്‍കുകയും ചെയ്തവനും നമ്മുടെ ആത്മാക്കളുടെയും ശരീരങ്ങളുടെയും ഭിഷഗ്വരനുമായ കര്‍ത്താവായ യേശുക്രിസ്തു, തന്‍റെ സുഖപ്പെടുത്തലിന്റെയും, രക്ഷയുടെയും പ്രവൃത്തി പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ സഭ തന്‍റെ അംഗങ്ങളുടെയിടയിലും തുടരണമെന്ന് ആഗ്രഹിച്ചു. സുഖപ്പെടുത്തലിന്‍റെ രണ്ടു കൂദാശകളായ അനുതാപകൂദാശയുടെയും രോഗീലേപനത്തിന്‍റെയും ലക്ഷ്യമിതാണ്.
വകുപ്പ് 4
അനുതാപത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും കൂദാശ
“അനുതാപ കൂദാശയ്ക്കണയുന്നവര്‍ ദൈവത്തിനെതിരായി ചെയ്ത പാപങ്ങള്‍ക്ക് അവിടുത്തെ കരുണയില്‍നിന്നു പൊറുതി പ്രാപിക്കുകയും പാപംവഴി തങ്ങള്‍ മുറിവേല്‍പ്പിച്ച സഭയുമായി രമ്യപ്പെടുകയും ചെയ്യുന്നു. സഭയാകട്ടെ, സ്നേഹവും മാതൃകയും പ്രാര്‍ഥനയുംവഴി അവരുടെ മാനസാന്തരത്തിനുവേണ്ടി അധ്വാനിക്കുന്നു."
1. ഈ കൂദാശ എങ്ങനെ വിളിക്കപ്പെടുന്നു ?
ഇതു മാനസാന്തരത്തിന്‍റെ കൂദാശ എന്നു വിളിക്കപ്പെടുന്നു; കാരണം, മാനസാന്തരത്തിനുള്ള യേശുവിന്‍റെ വിളിയെ കൗദാശികമായി യാഥാര്‍ത്ഥ്യമാക്കുന്നു. ഒരുവന്‍ പാപംവഴി ആരില്‍നിന്ന് അകുന്നുപോയോ ആ പിതാവിലേക്കു പിന്‍തിരിയുന്നതിനുള്ള പദ്ധതിയാണിത്.
ഇത് അനുതാപ കൂദാശ എന്നു വിളിക്കപ്പെടുന്നു; കാരണം, പാപിയായിത്തീര്‍ന്ന ക്രൈസ്തവന്‍റെ മാനസാന്തരത്തിന്‍റെയും പശ്ചാത്താപത്തിന്‍റെയും പരിഹാരം ചെയ്യലിന്‍റെയും വൈയക്തികവും സഭാത്മകവുമായ മാര്‍ഗത്തെ പവിത്രീകരിക്കുന്നു.
ഇത് ഏററുപറച്ചിലിന്‍റെ (കുമ്പസാരത്തിന്‍റെ) കൂദാശ എന്നു വിളിക്കപ്പെടുന്നു; കാരണം, ഒരു വൈദികനോടു പാപങ്ങള്‍ ഏററുപറയുക എന്നത് ഈ കൂദാശയുടെ സത്താപരമായ ഒരു ഘടകമാണ്. ആഴമുള്ള ഒരര്‍ഥത്തില്‍ ഇതു ദൈവത്തിന്‍റെ വിശുദ്ധിയുടെയും പാപിയായ മനുഷ്യനോടുള്ള അവിടുത്തെ കാരുണ്യത്തിന്റെയും ഒരു പ്രഖ്യാപനം” - അംഗീകാരവും സ്തുതിയും - കൂടിയാണ്.
ഇതു ക്ഷമിക്കലിന്‍റെ കൂദാശ എന്നു വിളിക്കപ്പെടുന്നു; കാരണം, വൈദികന്‍ നടത്തുന്ന കൗദാശികമായ പാപമോചനാശീര്‍വാദത്തിലൂടെ അനുതാപിക്കുമ്പോൾ ദൈവം “പൊറുതിയും സമാധാനവും” നല്‍കുന്നു.
ഇത് അനുരഞ്ജനത്തിന്‍റെ കുദാശ എന്നു വിളിക്കപ്പെടുന്നു. കാരണം, ഇത് അനുരഞ്ജിപ്പിക്കുന്ന ദൈവത്തിന്‍റെ ജീവന്‍ പാപിക്കു പ്രദാനം ചെയ്യുന്നു; “ദൈവത്തോടു രമ്യപ്പെടുക.” ദൈവത്തിന്റെ കരുണാപൂര്‍ണമായ സ്നേഹംകൊണ്ടു ജീവിക്കുന്ന വ്യക്തി, കര്‍ത്താവിന്റെ വിളിക്കു പ്രത്യുത്തരം നല്‍കാന്‍ സന്നദ്ധനാണ്: “ആദ്യം പോയി നിന്റെ സഹോദരനോടു രമ്യപ്പെടുക.”
2. മാമ്മോദീസയ്ക്കുശേഷം അനുരഞ്ജന കൂദാശ എന്തിന്?
“കർത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തിലും നമ്മുടെ ദൈവത്തിന്‍റെ ആത്മാവിലും നിങ്ങൾ കഴുകപ്പെട്ടു, വിശുദ്ധീകരിക്കപ്പെട്ടു, നീതീകരിക്കപ്പെട്ടു. "ക്രിസ്തുവിനെ ധരിച്ചവൻ "പാപത്തിൽ നിന്ന് എത്രമാത്രം ഒഴിവാക്കപ്പെട്ടുവെന്നു മനസ്സിലാക്കുന്നതിന്, ക്രൈസ്തവപ്രാരംഭത്തിന്റെ കുദാശകളിൽ ദൈവം നമുക്കു തന്ന ദാനത്തിന്റെ മാഹാത്മ്യത്തെകുറിച്ചു അവബോധം ഉണ്ടായിരിക്കണം. എന്നാൽ യോഹന്നാൻ അപ്പസ്തോലനും ഇങ്ങനെ പറയുന്നു; “നമുക്കു പാപമില്ലെന്നു നാം പറയുന്നെങ്കിൽ, നാം നമ്മെത്തന്നെ വഞ്ചിക്കുന്നു, നമ്മിൽ സത്യം ഇല്ല." കർത്താവു തന്നെ പ്രാർഥിക്കാൻ നമ്മെ പഠിപ്പിച്ചു: “ഞങ്ങളുടെ തെററുകൾ ഞങ്ങളോടും ക്ഷമിക്കണമേ." അങ്ങനെ ദൈവം നമുക്കു നൽകുന്ന പാപപ്പൊറുതിയെ നാം പരസ്പരം തെററുകൾ ക്ഷമിക്കുന്നതിനോട് അവിടുന്നു ബന്ധപ്പെടുത്തി.
ക്രിസ്തുവിലേക്കുള്ള മാനസാന്തരം, മാമ്മോദീസായിലുള്ള പുതിയ ജനനം, പരിശുദ്ധാത്മാവിന്‍റെ ദാനം, ഭക്ഷണമായി നാം സ്വീകരിച്ച ക്രിസ്തുവിന്റെ ശരീരവും രക്തവും എന്നിവ നമ്മെ “വിശുദ്ധരും കളങ്കരഹിതരും” ആക്കി. ക്രിസ്തുവിന്റെ മണവാട്ടിയായ സഭ “വിശുദ്ധയും കളങ്കരഹിതയും" ആയിരിക്കുന്നതുപോലെതന്നെ. എന്നാലും ക്രൈസ്തവപ്രാരംഭത്തിൽ സ്വീകരിച്ച നവജീവൻ മനുഷ്യപ്രകൃതിയുടെ ക്ഷണഭംഗുരതയെയോ ദുർബലതയെയോ ഇല്ലാതാക്കിയിട്ടില്ല; അതുപോലെ പാപാസക്തിയെന്നു പാരമ്പര്യം വിളിക്കുന്ന, പാപം ചെയ്യാനുള്ള പ്രവണതയെയും.. മാമ്മോദീസ മുങ്ങിയവരിലും അതു നിലനിൽക്കുന്നു; ക്രൈസ്തവ ജീവിതസമരത്തിൽ ക്രിസ്തുവിന്റെ കൃപാവരസഹായത്തോടെ, അവർ സ്വയം തെളിയിക്കേണ്ടതിനാണ് ഇത്. വിശുദ്ധിയിലേക്കും നിത്യജീവനിലേക്കുമുള്ള മനസാന്തരത്തിനായുള്ള സമരമാണിത്. അവയിലേക്കാണ് കർത്താവ് നമ്മെ നിരന്തരം വിളിച്ചുകൊണ്ടിരിക്കുന്നത്.
3. മാമ്മോദീസ സ്വീകരിച്ചവരുടെ മാനസാന്തരം
യേശു മാനസാന്തരത്തിലേക്കു വിളിക്കുന്നു. ഈ വിളി രാജ്യത്തെ സംബന്ധിച്ച പ്രഘോഷണത്തിന്‍റെ സത്താപരമായ ഒരു ഭാഗമാണ്: “സമയം പൂർത്തിയായി, ദൈവ രാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച്, സുവിശേഷത്തിൽ വിശ്വസിക്കുവിൻ.” സഭയുടെ പ്രഘോഷണത്തിൽ, ഈ വിളി ഒന്നാമതായി, ക്രിസ്തുവിനെയും അവിടുത്തെ സുവിശേഷത്തെയും ഇനിയും അറിയാത്തവരെ ഉദ്ദേശിച്ചുള്ളതാണ്. അങ്ങനെ, പ്രഥമവും മൗലികവുമായ മാനസാന്തരത്തിന്‍റെ പ്രധാനസ്ഥാനം മാമ്മോദീസയാണ്. സുവിശേഷത്തിലുള്ള വിശ്വാസത്താലും മാമ്മോദീസയാലുമാണ് ഒരാൾ, തിൻമയെ ഉപേക്ഷിക്കുകയും രക്ഷനേടുകയും ചെയ്യുന്നത്. അതായത്, എല്ലാ പാപങ്ങളുടെയും പൊറുതിയും നവജീവന്റെ ദാനവും നേടുന്നത്.
മാനസാന്തരത്തിലേക്കുള്ള ക്രിസ്തുവിന്‍റെ വിളി ക്രൈസ്തവരുടെ ജീവിതങ്ങളിൽ പ്രതിധ്വനിച്ചുകൊണ്ടിരിക്കുകയാണ്. ഈ ദ്വിതീയ മാനസാന്തരം സഭ മുഴുവന്റെയും അവിരാമമായ ഒരു ധർമമാണ്. “പാപികളെ തന്‍റെ മാറോടു ചേർക്കുന്ന സഭ ഒരേ സമയം വിശുദ്ധയും, എന്നാൽ എപ്പോഴും ശുദ്ധീകരിക്കപ്പെടേണ്ടവളുമാണ്. അവൾ നിരന്തരം പ്രായശ്ചിത്തത്തിന്റെയും നവീകരണത്തിന്റെയും പാതയിലൂടെ സഞ്ചരിക്കുകയും ചെയുന്നു." മാനസാന്തരത്തിനുള്ള ഈ പരിശ്രമം കേവലം മാനുഷിക പ്രവൃത്തിയല്ല. നമ്മെ ആദ്യം സ്‌നേഹിച്ച ദൈവത്തിന്റെ കരുണനിറഞ്ഞ സ്നേഹത്തോടു പ്രത്യുത്തരിക്കാൻ കൃപാവരത്താൽ ആകർഷിക്കപ്പെടുകയും ചലിപ്പിക്കപ്പെടുകയും ചെയ്യുന്ന “അനുതപിക്കുന്ന ഹൃദയത്തിന്റെ ചലനമാണിത്.
തന്‍റെ ഗുരുവിനെ മൂന്നു പ്രാവശ്യം നിഷേധിച്ചു പറഞ്ഞ വി.പത്രോസിനുണ്ടായ മാനസാന്തരം ഇതിനു സാക്ഷ്യം വഹിക്കുന്നു. യേശുവിന്‍റെ അനന്തമായ കാരുണ്യത്തിന്‍റെ കടാക്ഷം പത്രോസിൽനിന്ന് അനുതാപത്തിന്‍റെ കണ്ണുനീർ പ്രവഹിപ്പിച്ചു; കർത്താവിന്‍റെ ഉത്ഥാനത്തിനുശേഷം അവിടുത്തോടുള്ള സ്നേഹത്തിന്‍റെ മൂന്നു ദൃഢപ്രഖ്യപനങ്ങൾ അദ്ദേഹത്തിൽനിന്നു പുറപ്പെടുത്തുവാനും അതിനു കഴിഞ്ഞു. രണ്ടാമത്തെ മാനസാന്തരത്തിനു സാമുഹികമായ ഒരു മാനം കൂടി ഉണ്ട്. “അനുതപിക്കുവിൻ ”എന്ന സമസ്ത സഭയോടുമുള്ള കർത്താവിന്‍റെ ആഹ്വാനത്തിൽ അതു വ്യക്തമാണ്
വി. അംബ്രോസ് രണ്ടു മാനസാന്തരങ്ങളെപ്പററി പറയുന്നു: സഭയ്ക്കു “ജലവും കണ്ണുനീരും ഉണ്ട്: മാമ്മോദീസയുടെ ജലവും അനുതാപത്തിന്‍റെ കണ്ണുനീരും.
3. ആന്തരിക പ്രായശ്ചിത്തം
മാനസാന്തരത്തിലേക്കും പ്രായശ്ചിത്തത്തിലേക്കുമുള്ള യേശുവിന്‍റെ വിളി, അവിടുത്തേക്കു മുൻപുണ്ടായിരുന്ന പ്രവാചകൻമാരുടെ ആഹ്വാനംപോലെ ഒന്നാമതായി “ചാക്ക് ഉടുക്കലും ചാരംപൂശലും”, ഉപവാസവും, പരിത്യാഗവും പോലുള്ള ബാഹ്യ പ്രവൃത്തികളെയല്ല, പിന്നെയോ, ഹൃദയത്തിന്‍റെ മനസാന്തരത്തെ, ആന്തരിക അനുതാപത്തെയാണ് ലക്ഷ്യംവയ്ക്കുന്നത്. ഇതു കൂടാതെയുള്ള പ്രായശ്ചിത്ത പ്രവൃത്തികൾ ഫലരഹിതവും വ്യാജവുമായിരിക്കും. എന്നാലും, ആന്തരികമായ മാനസാന്തരം, ദൃശ്യമായ അടയാളങ്ങളിലൂടെ - ചേഷ്ടകളിലൂടെയും പ്രായശ്ചിത്ത പ്രവൃത്തികളിലൂടെയും - പ്രകടിപ്പിക്കപ്പെടേണ്ടതുണ്ട്.
ആന്തരികമായ പശ്ചാത്താപം നമ്മുടെ ജീവിതത്തിനു മുഴുവൻ മൗലികമായ ഒരു പുനരാഭിമുഖ്യം പ്രദാനം ചെയ്യുന്നു. അതൊരു തിരിച്ചുവരവാണ്; പൂർണഹൃദയത്തോടെ ദൈവത്തിലേക്കുള്ള മാനസാന്തരമാണ്; പാപത്തിൽനിന്നുള്ള പിന്തിരിയലാണ്; നാം ചെയ്തിട്ടുള്ള തിന്മപ്രവർത്തികളോടുള്ള വെറുപ്പും തിൻമയിൽനിന്നുള്ള അകൽച്ചയുമാണ്. അതേസമയം, ദൈവത്തിന്‍റെ കരുണയിലുള്ള പ്രത്യാശയോടും അവിടുത്തെ കൃപാവരത്തിലുള്ള ആശ്രയബോധത്തോടുംകൂടി ജീവിതത്തിൽ പരിവർത്തനം വരുത്തുവാനുള്ള ആഗ്രഹവും തീരുമാനവും അതുൾക്കൊള്ളുന്നു. ഈ മാനസാന്തരത്തോടുകൂടി, രക്ഷാകരമായ വേദനയും ദുഃഖവുമുണ്ടാകുന്നു. അതിനെ സഭാപിതാക്കൻമാർ, മനസ്സിന്റെ പീഡ, ഹൃദയത്തിന്‍റെ വ്യഥ എന്നിങ്ങനെ വിളിക്കുന്നു.
മനുഷ്യഹൃദയം ദുഃഖാർത്തവും കഠിനമാക്കപ്പെട്ടതുമാണ്. ദൈവം മനുഷ്യന് ഒരു പുതിയ ഹൃദയം നൽകേണ്ടതുണ്ട്. നമ്മുടെ ഹൃദയങ്ങൾ തന്നിലേക്കു തിരിയാൻ ഇടയാക്കുന്ന ദൈവത്തിന്റെ കൃപാവരത്തിന്‍റെ പ്രവൃത്തിയാണ് പ്രഥമത: മാനസ്സാന്തരം: "കർത്താവേ, ഞങ്ങൾ മടങ്ങിവരേണ്ടതിനു ഞങ്ങളെ അങ്ങിലേക്കു തിരിക്കണമേ.” പുതിയ തുടക്കത്തിനുള്ള ശക്തി ദൈവം നമുക്കു നൽകുന്നു. ദൈവസ്നേഹത്തിന്‍റെ വലിപ്പം കണ്ടെത്തുമ്പോൾ നമ്മുടെ ഹൃദയം പാപത്തിന്‍റെ ഭീതിയും ഭാരവുംകൊണ്ടു കുലുങ്ങുന്നു. പാപത്താൽ ദൈവത്തെ ദ്രോഹിക്കുന്നതിലും, അവിടുന്നിൽനിന്നു വേർപെട്ടു നിൽക്കുന്നതിലുമുളള ഭയം തുടങ്ങുന്നതും അപ്പോഴാണ്. നമ്മുടെ പാപങ്ങൾ കുത്തി മുറിവേൽപ്പിച്ചവനെ നോക്കുന്നതിലൂടെയാണ് മനുഷ്യഹൃദയം മാനസാന്തരപ്പെടുന്നത്."
നമുക്കു ക്രിസ്തുവിന്‍റെ രക്തത്തിൽ ദൃഷ്ടി ഉറപ്പിക്കാം. അത് അവിടുത്തെ പിതാവിനും, ദൈവത്തിനും എത്ര അമൂല്യമാണെന്നു മനസ്സിലാക്കുകയും ചെയ്യാം. എന്തെന്നാൽ, അതു നമ്മുടെ രക്ഷയ്ക്കുവേണ്ടി ചിന്തപ്പെട്ടപ്പോൾ, ലോകത്തിനു മുഴുവനും അനുതാപത്തിന്‍റെ കൃപാവരം കൊണ്ടുവന്നു.
കർത്താവിന്‍റെ ഉത്ഥാനം മുതൽ പരിശുദ്ധാത്മാവു ലോകത്തിന്‍റെ പാപത്തെക്കുറിച്ച് കുറ്റപ്പെടുത്തി. കാരണം, പിതാവ് അയച്ചവനിൽ അവർ വിശ്വസിച്ചില്ല. എന്നാൽ, പാപത്തെ വെളിച്ചത്തു കൊണ്ടുവരുന്ന ഇതേ പരിശുദ്ധാത്മാവ് മനുഷ്യ ഹൃദയത്തിനു പശ്ചാത്താപത്തിനും മാനസാന്തരത്തിനുമുള്ള കൃപാവരം നൽകുന്ന ആശ്വാസദായകൻകൂടിയാണ്.
4. ക്രൈസ്തവജിവിതത്തിൽ പ്രായശ്ചിത്തത്തിന്റെ വിവിധ രൂപങ്ങൾ
ക്രൈസ്തവന്‍റെ ആന്തരികമായ പശ്ചാത്താപം വളരെ വ്യത്യസ്തങ്ങളായ രീതികളിൽ പ്രകടിപ്പിക്കപ്പെടാം. വിശുദ്ധലിഖിതങ്ങളും സഭാപിതാക്കൻമാരും, സർവോപരി മൂന്നു മാർഗങ്ങൾ ഊന്നിപ്പറയുന്നു; ഉപവാസം, പ്രാർത്ഥന, ദാനധർമം. ഇവ തന്നോടുതന്നെയും ദൈവത്തോടും മററുള്ളവരോടുമുള്ള ബന്ധത്തിൽ മാനസാന്തരത്തെ വെളിവാക്കുന്നു. മാമ്മോദീസയോ രക്തസാക്ഷിത്വമോ നൽകുന്ന മൗലികമായ വിശുദ്ധീകരണത്തോടൊപ്പം പാപപ്പൊറുതിക്കുള്ള ഉപാധികളായി അവർ താഴെപ്പറയുന്നവയെക്കൂടി സൂചിപ്പിക്കുന്നു; അയൽക്കാരനുമായി രമൃതപ്പെടാനുള്ള പരിശ്രമം, അനുതാപത്തിന്റെ കണ്ണുനീർ, അയൽക്കാരന്റെ രക്ഷയിലുള്ള താല്പര്യം, വിശുദ്ധൻമാരുടെ മാധ്യസ്ഥ്യം, “എണ്ണമററ പാപങ്ങളെ മറയ്ക്കുന്ന” ഉപവിയുടെ പരിശീലനം.
അനുദിനജീവിതത്തിൽ അനുരഞ്ജനത്തിന്‍റെ പ്രകടനങ്ങൾ, ദരിദ്രരോടുള്ള താല്പര്യം, നീതിയുടെയും ന്യായത്തിന്‍റെയും പരിശീലനവും സംരക്ഷണവും, സഹോദരങ്ങളോടു ചെയ്ത തെറ്റുകളുടെ ഏറ്റുപറച്ചിൽ, സഹോദരസഹജമായ തെററുതിരുത്തൽ, ജീവിതത്തിന്റെ പുന:പരിശോധന, മന:സാക്ഷി പരിശോധന, ആധ്യാത്മികനിയന്ത്രണം, പീഡകളുടെ സ്വീകരണം, നീതിയെ പ്രതിയുള്ള പീഡാസഹനം എന്നിവയിലൂടെ മാനസാന്തരം നടക്കുന്നു. ഓരോ ദിവസവും സ്വന്തം കുരിശെടുത്തുകൊണ്ടു യേശുവിനെ അനുഗമിക്കുന്നത് ഏററവും പൂർണമായ ഒരു പ്രായശ്ചിത്തോപാധിയാണ്.
കുർബാനയും പ്രായശ്ചിത്തവും : അനുദിന മാനസാന്തരത്തിന്‍റെയും പ്രായശ്ചിത്തത്തിന്‍റെയും ഉറവിടവും പോഷണവുമാണു കുർബാന. കാരണം, ദൈവവുമായി നമ്മെ രഞ്ജിപ്പിച്ച ക്രിസ്തുവിന്‍റെ ബലി അതിൽ സന്നിഹിതമാക്കപ്പെടുന്നു. ക്രിസ്തുവിന്‍റെ ജീവനിലൂടെ ജീവിക്കുന്നവർ ദിവ്യകാരുണ്യത്താൽ പരിപോഷിപ്പിക്കപ്പെടുകയും ശക്തരാക്കപ്പെടുകയും ചെയ്യുന്നു. “നമ്മുടെ അനുദിന തെററുകളിൽനിന്നു നമ്മെ മോചിപ്പിക്കുന്നതിനും മാരകപാപങ്ങളിൽ വീഴാതെ കാക്കുന്നതിനുമുള്ള ഒരു പ്രതിവിധിയാണ് അത്.
വിശുദ്ധ്രഗ്രന്ഥപാരായണം, യാമപ്രാർഥനകളും സ്വർഗസ്ഥനായ പിതാവേ എന്ന ജപവും ചൊല്ലൽ തുടങ്ങി, ആരാധനയുടെയോ ഭക്തിയുടെയോ ആത്മാർഥമായ ഓരോ പ്രവൃത്തിയും നമ്മിൽ മാനസാന്തരത്തിന്റെയും പശ്ചാത്താപത്തിന്റെയും ചൈതന്യത്തെ പുനർജീവിപ്പിക്കുന്നു. നമ്മുടെ പാപങ്ങളുടെ പൊറുതിക്കു സഹായകമാവുകയും ചെയ്യുന്നു.
ആരാധനാവത്സരത്തിൽ വരുന്ന പ്രായശ്ചിത്തകാലങ്ങളും ദിവസങ്ങളും (വലിയ നോമ്പും കർത്താവിന്‍റെ മരണത്തെ അനുസ്മരിക്കുന്ന ഓരോ വെള്ളിയാഴ്ചയും) സഭയുടെ പ്രായശ്ചിത്ത പരിശീലനത്തിന്‍റെ മഹനീയ സന്ദർഭങ്ങളാണ്. ഈ സന്ദർഭങ്ങൾ, ആധ്യാത്മികാഭ്യാസങ്ങൾക്കും പ്രായശ്ചിത്തശുശ്രൂഷകൾക്കും പ്രായശ്ചിത്തത്തിന്റെ അടയാളങ്ങളെന്ന നിലയിലുള്ള തീർഥാടനങ്ങൾക്കും ഉപവാസം, ധർമദാനം, സാഹോദര്യപരവുമായ പങ്കുവയ്ക്കൽ (ജീവകാരുണ്യപരവും പ്രേഷിതവൃത്തിപരവുമായ പ്രവൃത്തികൾ) മുതലായ സ്വമേധയാ ഏറെറടുക്കുന്ന ആത്മപരിത്യാഗകർമങ്ങൾക്കും പ്രത്യേകമാംവിധം ചേർന്നവയാണ്.
മനസാന്തരത്തിന്‍റെയും അനുതാപത്തിന്‍റെയും പ്രക്രിയയെ ധൂർത്തപുത്രന്‍റെ ഉപമയിൽ യേശു വിവരിക്കുന്നുണ്ട്. കരുണയുള്ള പിതാവാണ് ഈ ഉപമയുടെ കേന്ദ്രസ്ഥാനത്തു നിൽക്കുന്നത്. പിതൃഗൃഹത്തെ പരിത്യജിച്ചു തന്‍റെ സമ്പത്തു ധൂർത്തടിച്ചു കഴിഞ്ഞപ്പോൾ ആ പുത്രൻ എത്തിച്ചേർന്ന പരമദുരിതാവസ്ഥ, പന്നികളെ മേയ്ക്കേണ്ടിവന്നതിൽ അവൻ അനുഭവിച്ച അഗാധമായ തരംതാഴ്ത്തപ്പെടൽ, പന്നികൾ തിന്നുന്ന തവിടു ഭക്ഷിക്കേണ്ടിവന്ന കഷ്ടകരമായ അവസ്ഥ, തനിക്കു നഷ്ടപ്പെട്ട എല്ലാത്തിനെയുംകുറിച്ചുള്ള പരിചിന്തനം, അവന്റെ അനുതാപവും തന്‍റെ പിതാവിന്‍റെ മുൻപിൽ തന്റെ അപരാധം ഏററു പറയാനുള്ള അവന്റെ തീരുമാനവും, അവന്‍റെ തിരിച്ചുപോക്ക്, പിതാവിന്‍റെ ഔദാര്യപൂർവകമായ സ്വാഗതം, പിതാവിന്‍റെ സന്തോഷം - ഇവയെല്ലാം മാനസാന്തര പ്രകിയയുടെ സവിശേഷതകളാണ്. മനോഹരമായ മേലങ്കിയും മോതിരവും അവിടെ നടത്തപ്പെട്ട ഉൽസവപരമായ വിരുന്നും പിതാവിലേക്കും സഭയാകുന്ന തന്‍റെ ഭവനത്തിലേക്കും തിരിച്ചുവരുന്ന ആരുടെയും വിശുദ്ധവും യോഗ്യവും സന്തോഷപ്രദവുമായ നവജീവിതത്തിന്റെ പ്രതീകങ്ങളാണ്. തന്‍റെ പിതാവിനുള്ള സ്നേഹത്തിന്‍റെ ആഴമെന്തെന്നറിയുന്ന ക്രിസ്തുവിന്‍റെ ഹൃദയത്തിനു മാത്രമേ അവിടുത്തെ കാരുണ്യത്തിന്‍റെ ആഴത്തെ ഇത്ര ലളിതവും മനോഹരവുമായ വിധത്തിൽ നമ്മോടു വെളിപ്പെടുത്താൻ കഴിയുകയുള്ളു.
5. അനുതാപത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും കൂദാശ
പാപം പ്രാഥമികമായി ദൈവത്തിന് എതിരേയുള്ള ഒരു ദ്രോഹമാണ്, അവിടുത്തോടുള്ള ബന്ധത്തിന്‍റെ ഭഞ്ജനമാണ്. അതേസമയം അതു സഭയുമായുള്ള സംസർഗത്തിനു ക്ഷതമേൽപിക്കുന്നു. ഇക്കാരണത്താൽ, മാനസാന്തരം ദൈവം നൽകുന്ന പൊറുതിയും സഭയുമായുള്ള അനുരഞ്ജനവും ആവശ്യകമാക്കുന്നു. അവ, അനുതാപത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും കൂദാശയാൽ ആരാധനക്രമപരമായി വെളിവാക്കപ്പെടുകയും യാഥാർത്ഥ്യമാക്കപ്പെടുകയും ചെയ്യുന്നു.
ദൈവം മാത്രമാണ് പാപം ക്ഷമിക്കുന്നത്.
ദൈവം മാത്രമാണ് പാപങ്ങൾ ക്ഷമിക്കുന്നത്. യേശു ദൈവപുത്രനാകയാൽ തന്നെപ്പററിത്തന്നെ അവിടുന്നു പറയുന്നു; “മനുഷ്യപുത്രനു ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കാൻ അധികാരമുണ്ട്.” അവിടുന്ന് ഈ ദൈവികാധികാരം പ്രയോഗിക്കുകയും ചെയ്യുന്നു; “നിന്‍റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു. കൂടാതെ, അവിടുന്നു, തന്‍റെ ദൈവികാധികാരത്തിന്‍റെ ശക്തിയാൽ, ഈ അധികാരം തന്റെ നാമത്തിൽ പ്രയോഗിക്കാനായി മനുഷ്യർക്കു നല്കുകയും ചെയ്യുന്നു
തന്‍റെ സഭമുഴുവനും അവളുടെ പ്രാർഥനയിലും ജീവിതത്തിലും പ്രവർത്തിയിലും തന്‍റെ, രക്തം വിലയായികൊടുത്തു താൻ നേടിയ പാപമോചനത്തിന്റെയും അനുരഞ്ജനത്തിന്‍റെയും അടയാളവും ഉപകരണവുമായിരിക്കണമെന്നു ക്രിസ്തു ആഗ്രഹിച്ചു. എന്നാൽ, പാപമോചനാധികാരത്തിന്റെ പ്രയോഗം അപ്പസ്തോലിക ശുശ്രൂഷയെയാണ് അവിടുന്നു ഭരമേൽപ്പിച്ചത്. അവർ അനുരജ്ഞന ശുശ്രൂഷ ഏറ്റെടുത്തു. അപ്പസ്തോലൻ ക്രിസ്തുവിന്റെ നാമത്തിൽ അയയ്ക്കപ്പെടുന്നു. “അവനിലൂടെ ദൈവം തന്നെ ആഹ്വാനം ചെയ്യുകയും” അഭ്യർഥിക്കുകയും ചെയ്യുന്നു; ദൈവത്തോടു രമ്യപ്പെടുവാൻ.
സഭയുമായുള്ള അനുരഞ്ജനം
യേശു തന്‍റെ പരസ്യജീവിതകാലത്തു പാപങ്ങൾ പൊറുക്കുക മാത്രമല്ല, ഈ പൊറുതിയുടെ ഫലം വ്യക്തമാക്കുകകൂടി ചെയ്തു; പാപികളെ അവിടുന്നു ദൈവജനത്തിന്‍റെ സമൂഹത്തിലേക്കു സ്വീകരിച്ചു. പാപംമൂലം ആ സമൂഹത്തിൽനിന്ന് അന്യവത്കരിക്കപ്പെട്ടും പുറന്തള്ളപ്പെട്ടും കഴിയുകയായിരുന്ന, പാപികൾക്ക് അവിടുന്നു പാപമോചനം നല്കുകയും അവരെ ദൈവജനത്തിന്റെ സമൂഹത്തിലേക്കു പുനഃപ്രവേശിപ്പിക്കുകയും ചെയ്തു. ഇതിന്‍റെ ശ്രദ്ധേയമായ ഒരു അടയാളമാണ്, യേശു തന്റെ ഭക്ഷണമേശയിൽ പാപികളെ സ്വീകരിച്ചതും അവരുടെ ഭക്ഷണമേശയിലിരുന്നതും. ദൈവത്തിന്റെ ക്ഷമിക്കലും ദൈവജനത്തിന്‍റെ മടിയിലേക്കുള്ള അവരുടെ തിരിച്ചുവരവും ഹൃദയസ്പർശിയായ രീതിയിൽ പ്രകടമാക്കുന്ന ഒരു പ്രവൃത്തിയാണത്.
കർത്താവ് പാപം പൊറുക്കാനുള്ള തന്‍റെ അധികാരത്തിൽ അപ്പസ്തോലൻമാർക്കു ഭാഗഭാഗിത്വം നൽകിക്കൊണ്ട്, പാപികളെ സഭയുമായി രമൃതപ്പെടുത്താനുള്ള അധികാരംകൂടി അവർക്കു നൽകുന്നു. അവരുടെ ദൗത്യത്തിന്റെ ഈ സഭാത്മക മാനം, ശിമയോൻ പത്രോസിനോടു യേശു പറഞ്ഞ ആധികാരിക വാക്കുകളിൽ ഏററവും ശ്രദ്ധേയമായവിധത്തിൽ പ്രകാശിപ്പിക്കപ്പെടുന്നു; “സ്വർഗരാജ്യത്തിന്റെ താക്കോലുകൾ നിനക്കു ഞാൻ തരും. നീ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗത്തിലും കെട്ടപ്പെട്ടിരിക്കും. നീ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗത്തിലും അഴിക്കപ്പെട്ടിരിക്കും. "പത്രോസിനു നൽകപ്പെട്ട കെട്ടാനും അഴിക്കാനുമുള്ള അധികാരം, സ്വന്തം തലവനോടു ചേർന്നിരിക്കുന്ന അപ്പസ്തോലസംഘത്തിനും നൽകപ്പെട്ടിരിക്കുന്നു.
കെട്ടുകയും അഴിക്കുകയും ചെയ്യുക എന്നതിന്‍റെ അർഥമിതാണ്; ഏതെങ്കിലും വ്യക്തിയെ നിന്‍റെ സംസർഗത്തിൽനിന്നു നീ ഒഴിവാക്കിയാൽ ആ വ്യക്തി ദൈവവുമായുള്ള സംസർഗത്തിൽനിന്നും ഒഴിവാക്കപ്പെടും; ഏതെങ്കിലും വ്യക്തിയെ നിന്‍റെ സംസർഗത്തിലേക്കു നീ പുതുതായി സ്വീകരിച്ചാൽ ദൈവം ആ വ്യക്തിയെ തന്‍റെ സംസർഗകത്തിലേക്കു വീണ്ടും സ്വാഗതം ചെയ്യും. സഭയുമായുള്ള അനുരഞ്ജനം ദൈവവുമായുള്ള അനുരഞ്ജനത്തിൽ നിന്നു വേർതിരിക്കാവുന്നതല്ല.
ക്ഷമിക്കലിന്‍റെ കൂദാശ
ക്രിസ്തു തന്‍റെ സഭയിലെ പാപികളായ എല്ലാ അംഗങ്ങൾക്കുംവേണ്ടി, സർവോപരി, മാമ്മോദീസയ്ക്കുശേഷം മാരകപാപത്തിൽ വീഴുകയും അങ്ങനെ മാമ്മോദീസയിലെ കൃപാവരം നഷ്ടപ്പെടുത്തുകയും സഭാത്മക സംസർഗത്തെ വ്രണപ്പെടുത്തുകയും ചെയ്തിട്ടുള്ള എല്ലാ അംഗങ്ങൾക്കുംവേണ്ടി, അനുതാപകൂദാശ സ്ഥാപിച്ചു. അനുതാപകുദാശ അവർക്ക് മാനസാന്തരപ്പെടാനും നീതീകരണത്തിന്‍റെ കൃപാവരം വീണ്ടും കണ്ടെത്താനും പുതിയ സാധൃത നൽകുന്നു. കൃപാവരനഷ്ടമെന്ന കപ്പൽ നാശത്തിനുശേഷമുള്ള രണ്ടാമത്തെ രക്ഷാസങ്കേതമാകുന്ന പലക എന്ന നിലയിലാണ്, ഈ കൂദാശയെ സഭാപിതാക്കൻമാർ അവതരിപ്പിക്കുന്നത്.
കർത്താവിൽനിന്നു സ്വീകരിച്ച ഈ അധികാരം സഭ വിനിയോഗിച്ചിരുന്നതിന്‍റെ വസ്തു നിഷ്ഠമായ രൂപം നുററാണ്ടുകളുടെ ഗതിയിൽ വളരെയേറെ മാറിയിട്ടുണ്ട്. ആദിമനൂററാണ്ടുകളിൽ മാമ്മോദീസയ്ക്കുശേഷം പ്രത്യേകമാംവിധത്തിൽ ഗൗരവമുള്ള പാപങ്ങൾ (ഉദാഹരണമായി, വിഗ്രഹാരാധന, കൊലപാതകം, വ്യഭിചാരം) ചെയ്തിട്ടുള്ള ക്രിസ്ത്യാനികളുടെ അനുരഞ്ജനം വളരെ കർശനമായ ശിക്ഷണത്തോടു ബന്ധപ്പെട്ടതായിരുന്നു. അതനുസരിച്ച് അനുതാപികൾ അനുരഞ്ജനം സ്വീകരിക്കുന്നതിനു മുൻപു തങ്ങളുടെ പാപങ്ങൾക്കു പരസ്യമായ പ്രായശ്ചിത്തം ചെയ്യേണ്ടിയിരുന്നു. പലപ്പോഴും അതു വർഷങ്ങളോളം ദീർഘിച്ചിരുന്നു. “അനുതാപികളുടെ ഈ നിരയിലേക്ക് (ചില ഗൗരവാവഹങ്ങളായ പാപങ്ങളെമാത്രം സംബന്ധിച്ചായിരുന്നു അത്) അപൂർവമായിട്ടേ ചില പ്രദേശങ്ങളിൽ ജീവിതത്തിൽ ഒരിക്കൽ മാത്രമേ, പ്രവേശനം നൽകിയിരുന്നുള്ളു. ഏഴാം നൂററാണ്ടിൽ, ഐർലണ്ടുകാരായ മിഷനറിമാർ, പൗരസ്ത്യ സന്ന്യാസ പാരമ്പര്യത്താൽ പ്രചോദിതരായി, പ്രായശ്ചിത്തത്തിന്റെ "സ്വകാര്യ" രീതി യൂറോപ്യൻ വൻകരയിലേക്ക് കൊണ്ടുവന്നു. സഭയുമായി രമ്യതപ്പെടുന്നതിനു മുൻപ് പ്രായശ്ചിത്ത പ്രവർത്തികളുടെ പരസ്യവും സുദീർഘവുമായ പൂർത്തീകരണം അത് ആവശ്യപ്പെടുന്നില്ല. അക്കാലം മുതൽ ഈ കൂദാശ അനുതാപിയും പുരോഹിതനും തമ്മിൽ രഹസ്യമായി പരികർമ്മം ചെയ്യപ്പെടുന്നു. ഈ പുതിയരീതി ആവർത്തനത്തിനു സാധ്യത നൽകി. അങ്ങനെ ഈ കൂദാശ ക്രമമായും കൂടെക്കൂടെയും സ്വീകരിക്കാനുള്ള വഴി തുറക്കപ്പട്ടു. മാരകപാപങ്ങളുടെയും ലഘുപാപങ്ങളുടെയും മോചനം ഒററ കൗദാശികാഘോഷത്തോടു യോജിപ്പിക്കാൻ അത് അനുവദിച്ചു. സഭ ഇന്നോളം നടത്തിക്കൊണ്ടിരിക്കുന്ന അനുതാപ കൂദാശയുടെ രൂപം, പ്രധാനകാര്യങ്ങളെ സംബന്ധിച്ചിടത്തോളം ഇതാണ്.
നുററാണ്ടുകളിലൂടെ ഈ കൂദാശയ്‌ക്കു ശിക്ഷണത്തിലും ആചരണരീതിയിലും സംഭവിച്ച വ്യതിയാനങ്ങളുടെ അടിയിൽ ഒരേ മൗലീകഘടന കണ്ടെത്താവുന്നതാണ്. ഇതിനു തുല്യപ്രാധാന്യമുള്ള, സത്താപരമായ, രണ്ടുഘടകങ്ങളുണ്ട്: ഒരു വശത്ത്, പരിശുദ്ധാത്മാവിന്‍റെ പ്രവർത്തനംവഴി മാനസാന്തരത്തിനു വിധേയനാകുന്ന മനുഷ്യന്റെ പ്രവൃത്തികൾ. അതായത്, മനസ്താപം, ഏററുപറച്ചിൽ, പരിഹാരം ചെയ്യൽ. മറുവശത്ത്, സഭയുടെ ഇടപെടലിലൂടെയുള്ള ദൈവത്തിന്റെ പ്രവൃത്തി. മെത്രാനും തന്‍റെ വൈദികരും വഴി യേശുവിന്‍റെ നാമത്തിൽ പാപങ്ങൾ പൊറുക്കുകയും പരിഹാര നിർവഹണത്തിന്‍റെ രീതി നിശ്ചയിക്കുകയും ചെയ്യുന്ന സഭ പാപിക്കുവേണ്ടി പ്രാർഥിക്കുകയും ആ വൃക്തിയോടൊപ്പം പ്രായശ്ചിത്തം നിർവഹിക്കുകയുംകൂടി ചെയ്യുന്നുണ്ട്. അങ്ങനെ പാപി സുഖമാക്കപ്പെടുകയും, സഭാത്മക സംസർഗത്തിൽ പുന;സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു.
ലത്തീൻസഭയിൽ ഉപയോഗിക്കുന്ന പാപമോചനവാക്യങ്ങൾ ഈ കുദാശയുടെ സത്താപരമായ ഘടകങ്ങളെ വെളിവാക്കുന്നുണ്ട്. കാരുണ്യത്തിന്‍റെ പിതാവാണ് എല്ലാ ക്ഷമിക്കലിന്‍റെയും ഉറവിടം. അവിടുന്നു തന്‍റെ പുത്രന്‍റെ പെസഹായിലൂടെയും പരിശുദ്ധാത്മാവിന്‍റെ ദാനത്തിലൂടെയും, സഭയുടെ പ്രാർഥനയും ശുശ്രൂഷയും വഴിയും പാപികളുടെ അനുരഞ്ജനം സാക്ഷാത്കരിക്കുന്നു.
കാരുണ്യവാനായ പിതാവായ ദൈവം തന്‍റെ പുത്രന്‍റെ മരണവും ഉത്ഥാനവുംവഴി ലോകത്തെ തന്നോടുതന്നെ രമൃതപ്പെടുത്തി. പാപങ്ങളുടെ പൊറുതിക്കായി പരിശുദ്ധാത്മാവിനെ നമ്മുടെയിടയിലേക്ക് അയയ്ക്കുകയും ചെയ്തു. സഭയുടെ ശുശ്രൂഷയിലൂടെ ദൈവം നിനക്കു പാപമോചനവും സമാധാനവും നൽകട്ടെ. പിതാവിന്‍റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിന്നെ നിന്‍റെ പാപങ്ങളിൽനിന്നു മോചിപ്പിക്കുന്നു.
6. അനുതാപിയുടെ പ്രവൃത്തികൾ
“പാപി എല്ലാ സംഗതികളും സൻമനസ്സോടെ സഹിക്കുകയും ഹൃദയത്തിൽ മനസ്താപമുണ്ടായിരിക്കുകയും അധരങ്ങൾകൊണ്ട് ഏററുപറയുകയും സംപൂർണമായ വിനയവും ഫലദായകമായ പരിഹാരപ്രവർത്തിയും അഭ്യസിക്കുകയും ചെയ്യണമെന്ന് ...അനുതാപകൂദാശ നിഷ്‌കർഷിക്കുന്നു.“
മനസ്താപം
അനുതാപിയുടെ പ്രവൃത്തികളിൽ, മനസ്താപത്തിനാണ് ഒന്നാം സ്ഥാനം. മന:സ്താപം എന്നത് ”ആത്മാവിന്റെ ദു:ഖവും ചെയ്ത പാപത്തോടുള്ള വെറുപ്പും വീണ്ടും പാപം ചെയ്യുകയില്ലെന്നുള്ള പ്രതിജ്ഞയുമാണ്".
മനസ്താപം, എല്ലാ വസ്തുക്കളെയുംകാൾ ദൈവത്തെ സ്നേഹിക്കുന്ന സ്നേഹത്തിൽനിന്ന് ഉത്ഭവിച്ചതാണെങ്കിൽ അതു “പൂർണ” മനസ്താപം (ഉപവിയുടെ മനസ്താപം) എന്നു വിളിക്കപ്പെടുന്നു. അത്തരം മനസ്താപം ലഘുപാപങ്ങളെ മോചിപ്പിക്കുന്നു. ആവുന്നത്ര നേരത്തെ കൂദാശപരമായ കുമ്പസാരത്തിനണയുമെന്ന ഉറച്ച തീരുമാനം പൂർണമനസ്താപത്തോടൊപ്പമുണ്ടെങ്കിൽ അതു മാരകംപാപങ്ങളുടെ മോചനവും സാധിക്കുന്നു.
അപൂർണമെന്നു വിശേഷിപ്പിക്കപ്പെടുന്ന മനസ്താപവും ദൈവത്തിന്‍റെ ഒരു ദാനമാണ്; പരിശുദ്ധാത്മാവിന്‍റെ ഒരു പ്രചോദനമാണ്. പാപത്തിന്‍റെ വൈകൃതത്തെപ്പററിയുള്ള ചിന്തയിൽനിന്നോ നിത്യശിക്ഷയെപ്പററിയുള്ള ഭയത്തിൽനിന്നോ പാപിയെ ഭീഷണിപ്പെടുത്തുന്ന മററു ശിക്ഷകളിൽനിന്നോ അത് (ഭീതിയുടെ മന:സ്താപം) ഉദ്ഭവിക്കുന്നു. ആന്തരികമായ ഒരു പ്രക്രിയയ്ക്കു തുടക്കമിടാൻ മന:സാക്ഷിയുടെ ഇത്തരം പ്രചോദനത്തിനു കഴിയും. ആ പ്രക്രിയ, കൃപാവരത്തിന്‍റെ പ്രചോദനത്താൽ കുദാശപരമായ പാപമോചനംവഴി പൂർണതയിലെത്തിക്കാനും കഴിയും. എന്നാലും, മാരകപാപങ്ങളിൽനിന്നു മോചനംനേടാൻ അപൂർണ മനസ്താപത്തിനു സ്വന്തം ശക്തികൊണ്ടു സാധിക്കുകയില്ല. പക്ഷേ, പ്രായശ്ചിത്ത കൂദാശയിൽ പാപപ്പൊറുതിക്കായി ഒരുവനെ സജ്ജമാക്കാൻ അതിനു സാധിക്കും.
ഈ കൂദാശ സ്വീകരിക്കുന്നതിന് ഒരുക്കമായി ദൈവവചനത്തിന്‍റെ വെളിച്ചത്തിൽ ഒരു ആത്മപരിശോധന നടത്തേണ്ടതുണ്ട്. ഇതിന് ഏററവും യോജിച്ച വി.ഗ്രന്ഥഭാഗങ്ങൾ പത്തു കല്പനകളിലും സുവിശേഷങ്ങളിലെയും അപ്പസ്തോലൻമാരുടെ ലേഖനങ്ങളിലെയും സൻമാർഗ പ്രബോധനങ്ങളിലും കാണാം. മലയിലെ പ്രസംഗം, അപ്പസ്തോലിക പ്രബോധനങ്ങൾ മുതലായവ ഇവയ്ക്കുദാഹരണങ്ങളാണ്.
പാപങ്ങളുടെ ഏററുപറച്ചിൽ
പാപങ്ങളുടെ ഏററുപറച്ചിൽ (കുറ്റപ്പെടുത്തൽ) കേവലം മാനുഷിക വീക്ഷണത്തിൽപോലും നമ്മെ സ്വതന്ത്രരാക്കുകയും മറ്റുള്ളവരോടു രമൃതപ്പെടുവാൻ എളുപ്പമുണ്ടാക്കുകയും ചെയ്യുന്നതായി കാണാം. അപ്രകാരമുള്ള സ്വയം അംഗീകരിക്കലിലൂടെ മനുഷ്യൻ തന്റെ അപരാധങ്ങൾ ആത്മാർഥമായി നോക്കിക്കാണുന്നു. അവയുടെ ഉത്തരവാദിത്വം ഏറെറടുക്കുന്നു.
വൈദികനോട് ഏററുപറയുക എന്നത്, അനുതാപകൂദാശയുടെ സത്താപരമായ ഒരു ഘടകമാണ്; “അനുതാപികൾ ഉത്സാഹപൂർവം നടത്തുന്ന ആത്മപരിശോധനയ്ക്കുശേഷം തങ്ങൾ ചെയ്തിട്ടുണ്ടെന്ന് അവർക്കു ബോധ്യം വരുന്ന എല്ലാ മാരക പാപങ്ങളും കുമ്പസാരത്തിൽ അവർ എണ്ണി പറയണം. ആ പാപങ്ങൾ ഏററവും രഹസ്യമായി ചെയ്തിട്ടുള്ളവയായാലും ദൈവകൽപനകളുടെ അവസാനത്തെ രണ്ടു കൽപനകളുടെ ലംഘനമായിട്ടുള്ളവയായാലും ഏററുപറയണം. ഇവ ചിലപ്പോൾ, ഗൗരവതരമായ വിധത്തിൽ ആത്മാവിനെ വ്രണപ്പെടുത്തും, അവ പരസ്യപാപങ്ങളെക്കാൾ കൂടുതൽ അപകടകാരികളാണുതാനും.
ക്രിസ്തീയ വിശ്വാസികൾ, തങ്ങൾക്ക് ഓർക്കാൻ കഴിയുന്ന സകലപാപങ്ങളും ഏററുപറയാൻ പരിശ്രമിക്കുമ്പോൾ, തീർച്ചയായും അവർ അവയെയെല്ലാം, മാപ്പിനുവേണ്ടി ദൈവിക കരുണയ്ക്കു മുൻപിൽ സമർപ്പിക്കുകയാണ്. എന്നാൽ അപ്രകാരം ചെയ്യുന്നതിൽ പരാജയപ്പെടുകയും ചില പാപങ്ങളെ മന:പൂർവം മറച്ചുവയ്ക്കുകയും ചെയ്യുന്നവർ, ദൈവികനൻമയുടെ മുൻപിൽ, വൈദികന്റെ മാധ്യസ്ഥ്യം വഴി, മാപ്പിനായി യാതൊന്നും സമർപ്പിക്കുന്നില്ല. “എന്തെന്നാൽ, രോഗി തന്‍റെ മുറിവു വൈദ്യനെ കാണിക്കാൻ പററാത്തവിധം ലജ്ജിച്ചാൽ, അറിയാത്തതിനെ മരുന്ന് സുഖപ്പെടുത്തുകയില്ല.
സഭയുടെ കൽപനയനുസരിച്ച്, “തിരിച്ചറിവിന്‍റെ പ്രായത്തിലെത്തിയ ഓരോ വിശ്വാസിയും വർഷത്തിലൊരിക്കലെങ്കിലും വിശ്വസ്തതാപൂർവം മാരകപാപങ്ങൾ ഏററുപറഞ്ഞു കുമ്പസാരിക്കാൻ കടപ്പെട്ടിരിക്കുന്നു. മാരകപാപം ചെയ്തിട്ടുള്ള ഒരു വ്യക്തിയും, ആദ്യമായി കൗദാശികമായ പാപപ്പൊറുതി നേടാതെ, അഗാധമായ മനസ്താപം തോന്നിയാൽപോലും, കുർബാന സ്വീകരിക്കരുത്. എന്നാൽ "കുമ്പസാരിക്കാൻ പോകാനുള്ള സാധ്യതയില്ലാതിരിക്കുകയും കുർബാന സ്വീകരിക്കുന്നതിനു ഗൗരവാവഹമായ കാരണമുണ്ടായിരിക്കുകയും ചെയ്താൽ ആ വ്യക്തിക്കു കുർബാന സ്വീകരിക്കാം." ആദ്യകുർബാന സ്വീകരണത്തിനു മുൻപായി കുട്ടികൾ അനുതാപ കൂദാശ സ്വീകരിക്കണം.
എന്നിരുന്നാലും വളരെ അത്യാവശ്യമില്ലെങ്കിലും അനുദിനജീവിതത്തിലെ തെറ്റുകൾ ലഘുപാപങ്ങൾ കൂടി ഏററുപറഞ്ഞു കുമ്പസാരിക്കുവാൻ സഭ താത്പര്യപൂർവം ഉപദേശിക്കുന്നു. ലഘുപാപങ്ങൾ ഏററുപറഞ്ഞു സ്ഥിരമായി കുമ്പസാരിക്കുന്നതു യഥാർഥത്തിൽ നമ്മുടെ മന:സാക്ഷിയെ രൂപപ്പെടുത്താൻ സഹായിക്കും. തിൻമ നിറഞ്ഞ പ്രവണതകളോടു പൊരുതാനും ക്രിസ്തു നമ്മെ സുഖപ്പെടുത്താൻ അനുവദിക്കാനും ആത്മീയജീവനിൽ പുരോഗതി പ്രാപിക്കാനും അതു സഹായകമാകും. ഈ കൂദാശയിലൂടെ, പിതാവിന്‍റെ കാരുണ്യത്തിന്റെ ദാനം കൂടെക്കൂടെ സ്വീകരിക്കുന്നത് വഴി അവിടുന്നു കാരുണ്യവാനായിരിക്കുന്നതുപോലെ കാരുണ്യമുള്ളവരായിരിക്കാൻ നാം നിർബന്ധിതരാകുന്നു.
തന്‍റെ പാപങ്ങൾ ഏററുപറഞ്ഞു കുമ്പസാരിക്കുന്ന ഏതു വ്യക്തിയും ദൈവത്തോടൊപ്പം പ്രവർത്തിച്ചു തുടങ്ങിക്കഴിഞ്ഞു. ദൈവം നിന്‍റെ പാപങ്ങളുടെമേൽ കുററംചുമത്തുന്നു. നീയും അവയുടെമേൽ കുററം ചുമത്തുകയാണെങ്കിൽ നീ ദൈവത്തോടുകൂടെ പ്രവർത്തിക്കുന്നു. മനുഷ്യനും പാപിയും, രണ്ടു യാഥാർഥ്യങ്ങളാണെന്നു പറയാം: “മനുഷ്യൻ” എന്നു കേൾക്കുമ്പോൾ അതു ദൈവം സൃഷ്ടിച്ചതാണെന്നു മനസ്സിലാക്കുക. “പാപി” എന്നു കേൾക്കുമ്പോൾ അതു മനുഷ്യൻ തന്നെ സൃഷ്ടിച്ചതാണെന്നു മനസ്സിലാക്കണം. ദൈവം സൃഷ്ടിച്ചതിനെ അവിടുന്നു രക്ഷിക്കുന്നതിനുവേണ്ടി നീ സൃഷ്ടിച്ചതിനെ നശിപ്പിക്കുക. നീ നിർമിച്ചതിനെ നീ വെറുക്കാൻ തുടങ്ങുമ്പോഴാണ് നിന്‍റെ സത്പ്രവൃത്തികൾ ആരംഭിക്കുന്നത്. കാരണം, നീ തന്നെ നിന്റെ തിൻമ പ്രവൃത്തികളെ കുററപ്പെടുത്തുകയാണ്. സത്പ്രവൃത്തികളുടെ തുടക്കം തിൻമപ്രവൃത്തികളുടെ ഏററുപറച്ചിലാണ്. നീ സത്യം പ്രവർത്തിക്കുക, പ്രകാശത്തിലേക്കു വരുക.
പരിഹാരം ചെയ്യൽ
പല പാപങ്ങളും നമ്മുടെ അയൽക്കാരനെ ദ്രോഹിക്കുന്നു. ആ ദ്രോഹം പരിഹരിക്കുന്നതിനു സാധ്യമായതെല്ലാം ചെയ്യണം (ഉദാ: മോഷ്ടിച്ചെടുത്ത വസ്തുക്കൾ തിരിച്ചുകൊടുക്കുക, അപകീർത്തിപറഞ്ഞു നശിപ്പിച്ച സത്പേരു പുന:സ്ഥാപിച്ചുകൊടുക്കുക, ദ്രോഹങ്ങൾക്കു നഷ്ടപരിഹാരം കൊടുക്കുക). ഇതൊക്കെ കേവലനീതി ആവശ്യപ്പെടുന്നതാണ്. പക്ഷേ, പാപം പാപിയെത്തന്നെയും ദൈവത്തോടും അയൽക്കാരനോടുമുള്ള ബന്ധങ്ങളെയും മുറിപ്പെടുത്തുകയും ദുർബലപ്പെടുത്തുകയും ചെയ്യുന്നു. പാപമോചനാശീർവാദം പാപത്തെ നീക്കംചെയ്യുന്നു. പക്ഷേ, പാപം ഉണ്ടാക്കിയിട്ടുള്ള എല്ലാ ക്രമരാഹിത്യങ്ങളെയും അതു പരിഹരിക്കുന്നില്ല. പാപത്തിൽ നിന്ന് ഉയർത്തപ്പെട്ടുവെങ്കിലും പാപി, തന്‍റെ ആധ്യാത്മികാരോഗ്യം പൂർണമായി വീണ്ടെടുക്കേണ്ടിയിരിക്കുന്നു. തന്‍റെ പാപത്തിനു പ്രതിവിധിയായി എന്തെങ്കിലും കൂടുതൽ ചെയ്തുകൊണ്ടാണ് അതു വീണ്ടെടുക്കേണ്ടത്. അവൻ തന്‍റെ പാപങ്ങൾക്കു “പരിഹാരം ചെയ്യണം", അല്ലെങ്കിൽ “പ്രായശ്ചിത്തം ചെയ്യണം”. ഈ പരിഹാര ക്രിയ “പ്രായശ്ചിത്തം” എന്നും വിളിക്കപ്പെടുന്നു.
കുമ്പസാരം കേൾക്കുന്ന വൈദികൻ കൽപിക്കുന്ന പ്രായശ്ചിത്തം അനുതാപിയുടെ വൈയക്തിക സാഹചര്യത്തെ കണക്കിലെടുത്തുകൊണ്ടും; അവന്‍റെ ആധ്യാത്മിക നൻമയെ ലക്ഷ്യംവച്ചുകൊണ്ടുമായിരിക്കണം. ചെയ്തുപോയ പാപങ്ങളുടെ ഗൗരവത്തിനും സ്വഭാവത്തിനും കഴിയുന്നത്ര ചേർന്നു പോകുന്നതാവണമത്. പ്രാർഥന, കാഴ്ചയർപ്പണം, ജീവകാരുണ്യപ്രവൃത്തികൾ, അയൽക്കാരനുവേണ്ടിയുള്ള സേവനം, സ്വമനസ്സാലെയുള്ള ആത്മപരിത്യാഗം, ത്യാഗപ്രവൃത്തികൾ, സർവോപരി, നാം വഹിക്കേണ്ട കുരിശിന്‍റെ ക്ഷമാപൂർവകമായ സ്വീകരണം എന്നിവ പ്രായശ്ചിത്ത പ്രവൃത്തിക്ക് ഉദാഹരണങ്ങളാണ്. അത്തരം പ്രായശ്ചിത്തപ്രവ്യത്തികൾ നമ്മെ ക്രിസ്തുവിനോട് അനുരൂപപ്പെടുത്താൻ സഹായകമാകും. അവിടുന്നു തനിയെ എന്നേക്കുമായി നമ്മുടെ പാപങ്ങൾക്കു പരിഹാരമനുഷ്ഠിച്ചു. “നാം അവിടുത്തോടൊപ്പം സഹിക്കുന്നുവെങ്കിൽ ഉത്ഥിതനായ ക്രിസ്തുവിനോടൊപ്പം കൂട്ടവകാശികളാകാൻ പ്രായശ്ചിത്ത പ്രവൃത്തികൾ നമ്മെ അനുവദിക്കുന്നു".
എന്നിരുന്നാലും നമ്മുടെ പാപങ്ങൾക്കു നാം ചെയ്യുന്ന പരിഹാരക്രിയ യേശുക്രിസ്തുവിലൂടെ ചെയ്യപ്പെട്ടതല്ലാത്തതുപോലെ അത്രമാത്രം നമ്മുടേതാണെന്നു പറയാനാവില്ല. നമ്മളാൽ മാത്രം എന്നപോലെ തനിയെ ഒന്നും ചെയ്യാൻ കഴിവില്ലാത്ത നമുക്ക് നമ്മെ “ശക്തിപ്പെടുത്തുന്നവന്റെ” സഹകരണംകൊണ്ട് എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിയും. അങ്ങനെ, മനുഷ്യന് അഭിമാനിച്ചു പറയാൻ ഒന്നുമില്ല. നമ്മുടെ എല്ലാ അഭിമാനവും ക്രിസ്തുവിലാണ്...അനുതാപത്തിനുചേർന്ന ഫലങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് ക്രിസ്തുവിലാണു നാം പരിഹാരം ചെയ്യുന്നത്. അവിടുന്നിൽ നിന്ന് അവയ്ക്കു ഫലദായകത്വമുണ്ടാകുന്നു. അവിടുന്നു വഴി അവ പിതാവിനു സമർപ്പിക്കപ്പെടുന്നു. അവിടുന്നിലൂടെ അവ പിതാവിനാൽ സ്വീകരിക്കപ്പെടുന്നു.
7. ഈ കൂദാശയുടെ കാർമികൻ
അനുരഞ്ജനത്തിന്‍റെ ശുശ്രൂഷ ക്രിസ്തു അപ്പസ്തോലൻമാരെ ഭരമേൽപിച്ചതുകൊണ്ട് അവരുടെ അനന്തരഗാമികളായ മ്രെതാൻമാരും, മ്രെതാൻമാരുടെ സഹപ്രവർത്തകരായ വൈദികരും ഈ ശുശ്രൂഷ തുടർന്നു നിർവഹിക്കുന്നു. യഥാർഥത്തിൽ മെത്രാൻമാർക്കും വൈദികർക്കും, തിരുപ്പട്ട കൂദാശയുടെ ശക്തിയാൽ, “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ” എല്ലാ പാപങ്ങളും മോചിക്കാൻ അധികാരമുണ്ട്.
പാപങ്ങളുടെ മോചനം, ദൈവത്തോടും സഭയോടുമുള്ള അനുരഞ്ജനമുളവാക്കുന്നു. പൗരാണികകാലം മുതൽ, ഒരു പ്രാദേശിക സഭയുടെ ദൃശ്യതലവനായ മെത്രാൻ, അനുരഞ്ജനത്തിന്‍റെ അധികാരവും ശുശ്രൂഷയും പ്രാഥമികമായി വിനിയോഗിക്കുന്ന വ്യക്തിയായി ഉപിതമായി പരിഗണിക്കപ്പെട്ടുവന്നു: അദ്ദേഹമാണ് പ്രായശ്ചിത്ത ശുശ്രൂഷാ നിർവഹണ്രകമത്തിന്‍റെ നിയന്താവ്. അദ്ദേഹത്തിന്‍റെ സഹപ്രവർത്തകരായ വൈദികർ, അവരുടെ മെത്രാനിൽ നിന്നോ അല്ലെങ്കിൽ സന്യാസ സഭ അധിപനിൽ നിന്നോ, മാർപാപ്പായിൽ നിന്നോ, സ്വീകരിച്ച നിയോഗമനുസരിച്ചു സഭയുടെ നിയമത്തിന് അനുസൃതമായി, അനുരഞ്ജനാധികാരവും ശുശ്രൂഷയും വിനിയോഗിക്കുന്നു.
പ്രത്യേകമായ വിധത്തിൽ ഗൗരവമുള്ള ചില പാപങ്ങൾ സഭാപരമായ ഏററവും കാഠിന്യമുള്ള ശിക്ഷയായ മഹറോൻ ശിക്ഷയ്ക്ക് അർഹമാണ്. അതു കൂദാശകളുടെ സ്വീകരണത്തെയും സഭാപരമായ ചില കർമാനുഷ്ഠാനങ്ങളെയും തടയുന്നു. തത്ഫലമായി, കാനൻ നിയമമനുസരിച്ച്, മാർപാപ്പയ്‌ക്കോ സ്ഥലത്തെ മെത്രാനോ അദ്ദേഹത്താൽ അധികാരം നൽകപ്പെട്ട വൈദികർക്കോ അല്ലാതെ ആർക്കും അവയിൽനിന്നു മോചനം നൽകാൻ അധികാരമില്ല. മരണകരമായ അപകടത്തിൽ ഏതു വൈദികനും, കുമ്പസാരം കേൾക്കാനുള്ള അനുവാദം നിഷേധിക്കപ്പെട്ട വൈദികനുപോലും, ഏതു പാപവും മോചിക്കാം.
അനുതാപകൂദാശയ്ക്ക് അണയുവാൻ വൈദികർ വിശ്വാസികളെ പ്രോത്സാഹിപ്പിക്കണം. ക്രിസ്ത്യാനികൾ ന്യായപൂർവം ആവശ്യപ്പെടുന്ന ഏതു സമയത്തും ഈ കൂദാശ ആഘോഷിക്കുവാൻ അവർ സന്നദ്ധരായിരിക്കുകയും വേണം.
വൈദികർ അനുതാപകൂദാശ ആഘോഷിക്കുമ്പോൾ, നഷ്ടപ്പെട്ട ആടിനെ അന്വേഷിക്കുന്ന നല്ല ഇടയന്‍റെയും മുറിവുകൾ വച്ചുകെട്ടുന്ന നല്ല സമറായന്‍റെയും, ധൂർത്തപുത്രന്‍റെയും തിരിച്ചുവരവു കാത്തിരിക്കുകയും അവന്‍റെ തിരിച്ചുവരവിൽ അവനു സ്വാഗതമരുളുകയും ചെയ്ത പിതാവിന്‍റെയും നീതിപുർവകവും കരുണാമസൃണവുമായ വിധിതീർപ്പു നടത്തുന്ന നീതിമാനും നിഷ്പക്ഷമതിയുമായ വിധിയാളന്റെയും ശുശ്രൂഷ നിർവഹിക്കുകയാണ്. ചുരുക്കത്തിൽ, ദൈവത്തിനു പാപിയോടുള്ള കരുണാമസൃണമായ സ്നേഹത്തിന്റെ അടയാളവും ഉപകരണവുമാണു പുരോഹിതൻ.
കുമ്പസാരിപ്പിക്കുന്ന വൈദികൻ ദൈവികമായ ക്ഷമിക്കലിന്‍റെ യജമാനനല്ല, പിന്നെയോ ശുശ്രുഷകനാണ്. ഈ കൂദാശയുടെ കാർമികൻ, ക്രിസ്തുവിന്‍റെ നിയോഗത്തോടും ഉപവിയോടും തന്നെത്തന്നെ ഐക്യപ്പെടുത്തണം. അദ്ദേഹത്തിനു ക്രൈസ്തവ പെരുമാററത്തിന്റെ ജീവിതബന്ധിയായ അറിവും മാനുഷിക വ്യാപരങ്ങളിലുള്ള അനുഭവവും തെറ്റിൽ വീണുപോയ വ്യക്തിയോടുള്ള ബഹുമാനവും വാത്സല്യവും ഉണ്ടായിരിക്കണം; അദ്ദേഹം സത്യത്തെ സ്നേഹിക്കണം, സഭയുടെ പ്രബോധനാധികാരത്തോടു വിശ്വസ്തത പുലർത്തണം, അനുതാപിയെ ക്ഷമാപൂർവം സൗഖ്യത്തിലേക്കും പൂർണമായ പക്വതയിലേക്കും നയിക്കണം. അദ്ദേഹം തന്‍റെ അനുതാപിയെ കർത്താവിന്‍റെ കരുണയ്ക്കു ഭരമേൽപിച്ചുകൊണ്ട്, അവനുവേണ്ടി പ്രാർഥിക്കുകയും പ്രായശ്ചിത്തമനുഷ്ഠിക്കുകയും ചെയ്യണം.
വളരെ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട മഹത്തായ ഒരു ശുശ്രൂഷയാണിത്; ഈ ശുശ്രൂഷയിൽ വ്യക്തികളോടു അവർക്കർഹമായ ആദരവു പുലർത്തുകയും വേണം. അതുകൊണ്ട്, കുമ്പസാരം കേൾക്കുന്ന ഓരോ പുരോഹിതനും അനുതാപികൾ തന്നോടു ഏററുപറഞ്ഞ പാപങ്ങൾ പരമരഹസ്യമായി സൂക്ഷിക്കണമെന്ന്, അതി കഠിനമായ ശിക്ഷകളുടെ കീഴിൽ സഭ പ്രഖ്യാപിക്കുന്നു. അനുതാപികളുടെ ജീവിതത്തെ സംബന്ധിച്ചു കുമ്പസാരത്തിലൂടെ ലഭിക്കുന്ന അറിവ് അദ്ദേഹത്തിന് ഉപയോഗിക്കാൻ പാടില്ല. യാതൊരു അപവാദവും അംഗീകരിക്കാത്ത ഈ രഹസ്യം “കൗദാശിക മുദ്ര" എന്നാണു വിളിക്കപ്പെടുന്നത്. കാരണം, അനുതാപി പുരോഹിതനോടു വെളിപ്പെടുത്തിയിട്ടുള്ളതു കൂദാശയാൽ “മുദ്രിതമായി” നിലനില്ക്കുന്നു.
ഈ കൂദാശയുടെ ഫലങ്ങൾ
"അനുതാപകുദാശയുടെ മുഴുവൻ ശക്തിയും നമ്മെ ദൈവത്തിന്‍റെ കൃപാവരത്തിലേക്കു തിരിച്ചുകൊണ്ടു പോകുന്നതിലും അവിടുത്തോടുള്ള ഉറ്റ സൗഹൃദത്തിൽ നമ്മെ ചേർക്കുന്നതിലും അടങ്ങിയിരിക്കുന്നു." അങ്ങനെ ദൈവത്തോടുള്ള അനുരഞ്ജനം ആണ് ഈ കുദാശയുടെ ലക്ഷ്യവും ഫലവും; പ്രായശ്ചിത്തകൂദാശ അനുതാപമുള്ള ഹൃദയത്തോടും ഭക്തിപൂർവകമായ മനോഭാവത്തോടും കൂടെ സ്വീകരിക്കുന്നവർക്ക് അനുരഞ്ജനത്തെത്തുടർന്നു “ദൃഢമായ ആധ്യാത്മികാശ്വാസത്തോടു കൂടിയുള്ള മന:സാക്ഷിയുടെ സ്വച്ഛതയും സമാധാനവും സംജാതമാകുന്നു. വാസ്തവത്തിൽ, ദൈവവുമായുള്ള അനുരഞ്ജനത്തിന്‍റെ കൂദാശ, യഥാർഥമായ ഒരു “ആധ്യാത്മിക പുനരുത്ഥാനം” അതായത്, ദൈവമക്കളുടെ ജീവിതത്തിന്‍റെ മഹത്ത്വത്തിന്‍റെയും അനുഗ്രഹങ്ങളുടെയും പുന.സ്ഥാപനം, സാധിച്ചുതരുന്നു. ഈ അനുഗ്രഹങ്ങളിൽ ഏററവും അമൂല്യമായതു ദൈവവുമായുള്ള സൗഹൃദമാണ്".
ഈ കൂദാശ നമ്മെ സഭയുമായി രഞ്ജിച്ഛിക്കുന്നു. പാപം സാഹോദര്യത്തിന്‍റെ സംസർഗത്തിനു കോട്ടംവരുത്തുന്നു, ചിലപ്പോൾ അതിനെ തകർക്കുകപോലും ചെയ്യുന്നു. പ്രായശ്ചിത്ത കൂദാശ അതു നന്നാക്കുകയോ പുന:സ്ഥാപിക്കുകയോ ചെയ്യുന്നു. ഈ അർഥത്തിൽ, സഭാസംസർഗത്തിൽ പുന:സ്ഥാപിക്കപ്പെട്ടവനെ സുഖപ്പെടുത്തുക മാത്രമല്ല അതു ചെയ്യുന്നത്. തന്‍റെ അവയവങ്ങളിൽ ഒന്നിന്‍റെ പാപം സഹിക്കേണ്ടി വന്ന സഭയുടെ ജീവനെ പുനർജീവിപ്പിക്കുക എന്ന ഒരു ഫലം കൂടി ഈ കൂദാശയ്ക്കുണ്ട്. "പാപി വിശുദ്ധരുടെ ഐക്യത്തിൽ പുന:സ്ഥാപിക്കപ്പെട്ട് അല്ലെങ്കിൽ ഉറപ്പിക്കപ്പെട്ടു ഭൗമിക തീർഥാടനത്തിലായിരിക്കുന്നവരും സ്വർഗീയ പിതൃദേശത്തു എത്തിച്ചേർന്നവരുമായ ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ സകലസജീവാംഗങ്ങളുടെയും ഇടയിലുള്ള ആധ്യാത്മിക നൻമകളുടെ വിനിമയം വഴി കൂടുതൽ ശക്തനാക്കപ്പെടുന്നു:"
ദൈവവുമായുള്ള ഈ അനുരഞ്ജനം, പാപമുളവാക്കിയ ഇതര ലംഘനങ്ങളെ പരിഹരിക്കുന്ന മറ്റ് അനുരഞ്ജനങ്ങളിലേക്കു നയിക്കുന്നു എന്ന് ഓർമിക്കേണ്ടതാണ്. പാപമോചിതനായ അനുതാപി, തന്നോടുതന്നെ, തന്‍റെ അസ്തിത്വത്തിന്‍റെ അഗാധതലത്തിൽ രമ്യപ്പെടുന്നു. അവിടെ അയാൾ തന്‍റെ ആന്തരികമായ സത്യം വീണ്ടെടുക്കുന്നു. ഏതെങ്കിലും തരത്തിൽ താൻ ദ്രോഹിക്കുകയും മുറിപ്പെടുത്തുകയും ചെയ്ത സഹോദരങ്ങളോടും അയാൾ രമൃതപ്പെടുന്നു, അയാൾ സഭയോടു രമ്യതപ്പെടുന്നു; അയാൾ സർവസൃഷ്ടികളോടും രമ്യതപ്പെടുന്നു.
ഈ കൂദാശയിൽ പാപി ദൈവത്തിന്‍റെ കരുണാമസൃണമായ വിധിക്കു തന്നെത്തന്നെ ഏല്പ്പിച്ചുകൊണ്ട് ഭൗതിക ജീവിതാവസാനത്തിൽ നേരിടാനിരിക്കുന്ന ന്യായവിധിയെ ഒരുതരത്തിൽ മുൻകൂട്ടി അനുഭവിക്കുന്നു. എന്തെന്നാൽ, ഇപ്പോൾ, ഈ ജീവിതത്തിൽ ആണ് ജീവനും മരണവും തമ്മിലുള്ള തിരഞ്ഞെടുപ്പിനു സാധ്യത നൽകപ്പെടുന്നത്. മാത്രമല്ല, മാരക പാപംവഴി നാം എവിടെനിന്ന് പുറന്തള്ളപ്പെടുന്നുവോ ആ ദൈവരാജ്യത്തിലേക്ക്, മാനസാന്തരത്തിന്‍റെ പാതയിലൂടെ മാത്രമേ നമുക്കു പ്രവേശിക്കാനാവു. പ്രായശ്ചിത്തവും വിശ്വാസവുംവഴി, ക്രിസ്തുവിലേക്കു മനസ്സു തിരിയുന്നതിലൂടെ പാപി മരണത്തിൽ നിന്നു ജീവനിലേക്കു കടക്കുന്നു, “ശിക്ഷാവിധിയിലേക്കു" പ്രവേശിക്കുന്നുമില്ല.
ദൺഡവിമോചപനങ്ങൾ
ദൺഡവിമോപനങ്ങളെ സംബന്ധിച്ചുള്ള സഭയുടെ വിശ്വാസപ്രബോധനവും അവയുടെ വിനിയോഗവും പ്രായശ്ചിത്തകൂദാശയുടെ ഫലങ്ങളോടു ഗാഢമായി ബന്ധപ്പെട്ടവയാണ്.
എന്താണു ദൺഡവിമോചനം?
“അപരാധവിമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയിൽനിന്നു ദൈവതിരുമുൻപാകെയുള്ള ഇളവു ചെയ്യലാണു ദൺഡവിമോചനം; നിർദിഷ്ടമായ ചില വ്യവസ്ഥകൾ പാലിച്ചുകൊണ്ടു തക്കമനോഭാവമുള്ള ക്രിസ്തീയ വിശ്വാസി അത് നേടിയെടുക്കുന്നു. വീണ്ടെടുപ്പിൻറ ശുശ്രൂഷിക എന്ന നിലയിൽ ക്രിസ്തുവിന്റെയും വിശുദ്ധരുടെയും പരിഹാരകർമങ്ങളുടെ നിക്ഷേപത്തെ അധികാരത്തോടെ വിതരണംചെയ്യുകയും വിനിയോഗിക്കുകയും ചെയ്യുന്ന സഭയുടെ പ്രവൃത്തിയിലൂടെയാണു വിശ്വാസി ദൺഡവിമോചനം പ്രാപിക്കുന്നത്."
“പാപംമൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂർണമായോ ഇളവ് ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂർണമോ ആകാം". ഏതു വിശ്വാസിക്കും തനിക്കു വേണ്ടിത്തന്നെയോ മരിച്ചവർക്കു വേണ്ടിയോ ദണ്ഡവിമോചനങ്ങൾ നേടാവുന്നതാണ്.
പാപത്തിനുള്ള ശിക്ഷകൾ
സഭയുടെ ഈ പ്രബോധനവും പ്രയോഗവും മനസ്സിലാക്കുന്നതിനു പാപത്തിനു രണ്ടു പരിണിത ഫലങ്ങളുണ്ടെന്നു ഗ്രഹിക്കുക അത്യാവശ്യമാണ്. മാരകപാപം ദൈവവുമായുള്ള നമ്മുടെ ഐക്യത്തെ ഇല്ലായ്മ ചെയ്യുന്നു. അതുകൊണ്ട് നമ്മെ അതു നിതൃജീവനു യോഗ്യതയില്ലാത്തവരാക്കി മാറ്റുന്നു. ഈ കുറവിനെ പാപത്തിന്റെ “നിതൃശിക്ഷ" എന്നാണു വിളിക്കുന്നത്. അതേസമയം, ഓരോ പാപവും - ലഘുവായിട്ടുള്ളതുപോലും - സൃഷ്ടികളോടുള്ള അനാരോഗ്യകരമായ ബന്ധം ഉൾക്കൊള്ളുന്നതാണ്. ഈ ലോകത്തിൽവച്ചോ മരണാനന്തരം ശുദ്ധീകരണസ്ഥലം എന്നു വിളിക്കപ്പെടുന്ന അവസ്ഥയിൽ വച്ചോ അതിൽനിന്നു ശുദ്ധീകരിക്കപ്പെടണം. ഈ ശുദ്ധീകരണം, പാപത്തിന്‍റെ “കാലിക ശിക്ഷ” എന്നു വിളിക്കപ്പെടുന്ന ശിക്ഷയിൽനിന്ന് ഒരുവനെ സ്വതന്ത്രനാക്കുന്നു. ഈ രണ്ടു ശിക്ഷകളും പാപത്തിനു പുറമേനിന്നു വരുന്ന ദൈവത്തിന്‍റെ ഒരുതരം പ്രതികാരമായി സങ്കൽപിക്കരുത്. പിന്നെയോ, പാപത്തിന്റെ സ്വഭാവത്തിൽ നിന്നുതന്നെ ഉണ്ടാകുന്നതായി മനസ്സിലാക്കണം. തീക്ഷ്ണമായ സ്നേഹത്തിൽനിന്നു പുറപ്പെടുന്ന മാനസാന്തരത്തിന് ഒരു ശിക്ഷയും അവശേഷിക്കാത്തവിധം പാപിയുടെ സംപൂർണമായ ശുദ്ധീകരണം നേടാൻ കഴിയും.
പാപത്തിന്‍റെ മോചനവും ദൈവവുമായുള്ള ഐകൃത്തിന്‍റെ പുന:സ്ഥാപനവും പാപത്തിന്‍റെ നിത്യശിക്ഷയുടെ ഇളവു ചെയ്യൽ ഉൾക്കൊള്ളുന്നതാണ്. പക്ഷേ, പാപത്തിന്‍റെ ഈ കാലിക ശിക്ഷ അവശേഷിക്കുന്നു. പാപത്തിന്‍റെ കാലികശിക്ഷയെ ഒരു അനുഗ്രഹമായി സ്വീകരിക്കുവാൻ ക്രൈസ്തവൻ യത്നിക്കണം. എല്ലാത്തരത്തിലുമുള്ള കഷ്ടതകളും പരീക്ഷകളും ക്ഷമാപൂർവം സഹിച്ചുകൊണ്ടും മരണത്തിന്‍റെ ദിവസം വരുമ്പോൾ അതിനെ ശാന്തതയോടെ നേരിട്ടുകൊണ്ടുമാവണം ഇത്. കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും പ്രവൃത്തികളിലൂടെയും പ്രാർഥന, വിവിധതരം പ്രായശ്ചിത്ത പ്രവൃത്തികളുടെ അഭ്യാസം എന്നിവയിലൂടെയും “പഴയമനുഷ്യനെ” പൂർണമായി ഉരിഞ്ഞു കളയുവാനും “പുതിയ മനുഷ്യനെ” ധരിക്കുവാനും അവൻ പരിശ്രമിക്കണം.
പുണ്യവാൻമാരുടെ ഐക്യത്തിൽ
തന്‍റെ പാപത്തിൽനിന്നു തന്നെത്തന്നെ ശുദ്ധീകരിക്കുവാനും ദൈവത്തിന്‍റെ കൃപാവര സഹായത്താൽ തന്നെത്തന്നെ വിശുദ്ധീകരിക്കുവാനും പരിശ്രമിക്കുന്ന ക്രിസ്ത്യാനി ഒററപ്പെട്ടവനായിരിക്കുകയില്ല. “ദൈവമക്കളിൽ ഓരോരുത്തന്‍റെയും ജീവിതം ക്രിസ്തുവിലും ക്രിസ്തുവിലൂടെയും വിസ്മയനീയമായ വിധത്തിൽ എല്ലാ ക്രൈസ്തവ സഹോദരങ്ങളുടെയും ജീവിതവുമായി, ക്രിസ്തുവിന്‍റെ മൗതിക ശരീരത്തിന്‍റെ പ്രകൃത്യതീതമായ ഐകൃത്തിൽ ഒററ മൗതിക വ്യക്തിയിലെന്നപോലെ, കൂടിച്ചേർന്നിരിക്കുന്നു.
പുണ്യവാൻമാരുടെ ഐക്യത്തിൽ, “സ്വർഗീയ ഭവനത്തിൽ എത്തിച്ചേർന്നവരും ശുദ്ധീകരണസ്ഥലത്തിൽ തങ്ങളുടെ പാപങ്ങളിൽ നിന്നു ശുദ്ധീകരണം നേടുന്നവരും, ഇപ്പോഴും ഭൂമിയിൽ തീർഥാടകരായി കഴിയുന്നവരുമായ വിശ്വാസികൾ തമ്മിൽ സ്നേഹത്തിന്‍റെ ശാശ്വതമായ ഒരു ബന്ധവും എല്ലാ നൻമകളുടെയും സമൃദ്ധമായ വിനിമയവും ഉണ്ട്. അദ്ഭുതാവഹമായ ഈ കൈമാറ്റ പ്രക്രിയയിൽ, ഒരാളുടെ വിശുദ്ധിയിൽനിന്നു മററുള്ളവർക്കു പ്രയോജനം കിട്ടുന്നു. ഒരാളുടെ പാപം മറ്റുള്ളവർക്കുണ്ടാക്കുന്ന ദ്രോഹത്തിനതീതമായി അതു ലഭിക്കുന്നു. അങ്ങനെ, പുണ്യവാൻമാരുടെ ഐകൃത്തെ ആശ്രയിക്കുന്നതിലൂടെ അനുതാപി, പാപത്തിനുള്ള ശിക്ഷകളിൽനിന്നു കൂടുതൽ വേഗത്തിലും ഫലപ്രദമായും ശുദ്ധീകരിക്കപ്പെടാൻ ഇടയാകുന്നു.
പുണ്യവാൻമാരുടെ ഐക്യത്തിന്‍റെ ഈ അധ്യാത്മിക നൻമകളെ നാം സഭയുടെ നിക്ഷേപം എന്നു വിളിക്കുന്നു. “നൂററാണ്ടുകളിലൂടെ സംഭരിച്ചിട്ടുള്ള ഭൗതിക നൻമകളുടെ ആകെത്തുകയല്ല, മറിച്ച്, ക്രിസ്തുവിന്റെ യോഗ്യതകൾക്കു ദൈവത്തിന്‍റെ മുൻപിലുള്ള അക്ഷയവും അനന്തവുമായ മൂല്യമാണ് അത്. മനുഷ്യവർഗം മുഴുവനും പാപത്തിൽ നിന്നു വിമോചിതമാകുന്നതിനും പിതാവുമായുള്ള ഐക്യം നേടുന്നതിനും വേണ്ടി അവ സമർപ്പിക്കപ്പെട്ടു. രക്ഷകനായ ക്രിസ്തുവിൽത്തന്നെ അവിടുത്തെ വീണ്ടെടുപ്പുകർമത്തിന്‍റെ പരിഹാര പ്രവ്യത്തികളും യോഗ്യതകളും നിലനില്ക്കുകയും ഫലമണിയുകയും ചെയ്യുന്നു.
ഈ നിക്ഷേപം, പരിശുദ്ധ കന്യാമറിയത്തിന്‍റെയും സകലവിശുദ്ധരുടെയും പ്രാർഥനകളും സത്കർമങ്ങളുംകൂടി ഉൾക്കൊള്ളുന്നു. അവയുടെ മൂല്യം യഥാർഥത്തിൽ അതിബൃഹത്തും അളവറ്റതും ദൈവത്തിന്‍റെ മുൻപിൽ നിത്യനൂതനവുമാണ്. കർത്താവായ ക്രിസ്തുവിന്‍റെ കാലടികളെ പിൻതുടർന്ന് അവിടുത്തെ കൃപയാൽ തങ്ങളുടെ ജീവിതങ്ങളെ പവിത്രീകരിക്കുകയും, പിതാവു തങ്ങളെ ഭരമേൽപിച്ച ദൗത്യം നിർവഹിക്കുകയും ചെയ്തവരാണവർ. ഈ വിധത്തിൽ അവർ തങ്ങളുടെ രക്ഷ നേടുകയും അതേസമയം മൗതിക ശരീരത്തിന്‍റെ ഐക്യത്തിൽ തങ്ങളുടെ സഹോദരങ്ങളെ രക്ഷിക്കുന്നതിൽ സഹകരിക്കുകയും ചെയ്തു.
ദൈവത്തിൽനിന്നു സഭയിലൂടെ ദൺഡവിമോചനം പ്രാപിക്കൽ
ദൺഡവിമോചനം സഭയിലൂടെയാണു പ്രാപിക്കുന്നത്. ബന്ധിക്കാനും അഴിക്കാനും യേശു ക്രിസ്തു നൽകിയ അധികാരത്തിന്‍റെ ശക്തികൊണ്ടു ക്രൈസ്തവ വ്യക്തികളുടെ പ്രയോജനത്തിനായി സഭ ഇടപെടുന്നു. അവരുടെ പാപങ്ങൾക്കുള്ള കാലിക ശിക്ഷകളുടെ ഇളവു കാരുണ്യവാനായ പിതാവിൽനിന്ന് അവർക്കു ലഭിക്കാനായി ക്രിസ്തുവിന്റെയും വിശുദ്ധരുടെയും യോഗ്യതകളുടെ നിക്ഷേപം തുറന്നുകൊടുക്കുന്നു. അങ്ങനെ സഭ ആ ക്രിസ്ത്യാനികളെ സഹായിക്കുന്നതിനുവേണ്ടി മാത്രം നിലകൊള്ളാനല്ല, അവരെ ഭക്തികൃത്യങ്ങളിലേക്കും പ്രായശ്ചിത്തത്തിലേക്കും പരസ്നേഹത്തിലേക്കും നയിക്കാനും ആഗ്രഹിക്കുന്നു.
മരണശേഷം ഇപ്പോൾ ശുദ്ധീകരിക്കപ്പെടുന്ന വിശ്വാസികളും പുണ്യവാൻമാരുടെ ഒരേ ഐക്യത്തിന്‍റെ അംഗങ്ങളാണ്. അതുകൊണ്ട്, അവരെ സഹായിക്കാനുള്ള ഒരു വഴി അവർക്കു വേണ്ടി ദൺഡവിമോചനങ്ങൾ നേടുകയെന്നതാണ്. അങ്ങനെ അവരുടെ പാപങ്ങൾക്കുള്ള കാലിക ശിക്ഷകൾ ഇളവുചെയ്യപ്പെടും.
XI . അനുതാപകുദാശയുടെ ആഘോഷം
മറെറല്ലാ കുദാശകളെയുംപോലെ അനുതാപകൂദാശയും ഒരു അരാധനക്രമാനുഷ്ഠാനമാണ്. സാധാരണയായി അതിന്‍റെ ആഘോഷ ഘടകങ്ങൾ ഇവയാണ്: പുരോഹിതൻ ചെയ്യുന്ന അഭിവാദനവും ആശീർവാദവും; മന:സാക്ഷിയെ പ്രകാശിപ്പിക്കാനും മനസ്താപത്തെ ഉണർത്താനും വേണ്ടി ദൈവവചനത്തിന്‍റെ വായന; അനുതാപത്തിലേക്കുള്ള ആഹ്വാനം; പാപങ്ങളെ അംഗീകരിക്കുകയും പുരോഹിതനെ അറിയിക്കുകയും ചെയ്യുന്ന ഏററുപറച്ചിൽ; പ്രായശ്ചിത്തം കൽപിക്കലും അതു സ്വീകരിക്കലും; പുരോഹിതൻ നൽകുന്ന പാപമോചനാശീർവാദം; കൃതജ്ഞതയുടെയും സ്തുതിയുടെയും ഒരു പ്രാർഥനയും പുരോഹിതന്‍റെ ആശീർവാദത്തോടെയുള്ള പറഞ്ഞയക്കലും.
ബൈസൻറയിൻ ആരാധനക്രമത്തിൽ പാപമോചനത്തിന്‍റെ നിരവധി ആശീർവാദരൂപങ്ങളുണ്ട്. പാപമോചന രഹസ്യത്തെ വിസ്മയനീയമാം വിധം വെളിവാക്കുന്ന പ്രാർഥനയുടെ രൂപത്തിലുള്ളവയാണവ: ദാവീദ് തന്‍റെ പാപങ്ങളേററു പറഞ്ഞപ്പോൾ നാഥൻ പ്രവാചകനിലൂടെ ദാവീദിനോടു ക്ഷമിച്ചവനും മനംനൊന്തു കരഞ്ഞ പത്രോസിനോടു ക്ഷമിച്ചവനും കണ്ണുനീരു കൊണ്ടു തന്റെ പാദങ്ങൾ കഴുകിയപ്പോൾ വേശ്യയോടു ക്ഷമിച്ചവനും ഫരിസേയനോടും ധൂർത്ത പുത്രനോടും ക്ഷമിച്ചവനുമായ അതേ ദൈവം പാപിയായ എന്നിലൂടെ ഈ ജീവിതത്തിലും വരാനുള്ള ജീവിതത്തിലും നിന്നോടു ക്ഷമിക്കട്ടെ. എന്നേക്കും വാഴ്ത്തപ്പെട്ടവനായ അവിടുത്തെ ഭീതി ജനകമായ ന്യായാസനത്തിനു മുൻപിൽ ശിക്ഷാവിധി കൂടാതെ പ്രത്യക്ഷപ്പെടുന്നതിനു നിന്നെ പ്രാപ്തനാക്കുകയും ചെയ്യട്ടെ. ആമ്മേൻ.”
ഒരു സാമൂഹികഘോഷത്തിന്‍റെ രൂപത്തിലും അനുതാപകൂദാശ അനുഷ്ഠിക്കാവുന്നതാണ്. അതിൽ അനുതാപികൾ ഒന്നിച്ചു കുമ്പസാരത്തിന് ഒരുങ്ങുകയും ലഭിക്കുന്ന പാപമോചനത്തെപ്രതി ഒന്നിച്ചു നന്ദിപറയുകയും ചെയ്യുന്നു. ഇവിടെ, പാപങ്ങളുടെ വ്യക്തിപരമായ ഏററുപറച്ചിലും വ്യക്തിപരമായ പാപമോചനാശീർവാദവും ഒരു ദൈവവചന ശുശ്രൂഷയിൽ ഉൾപ്പെടുത്തുകയാണ്. ദൈവവചന വായനകളും പ്രസംഗവും ആത്മപരിശോധനയും പൊതുവായി നടത്തപ്പെടുന്നു. സമൂഹം ഒന്നിച്ചു നടത്തുന്ന പാപപ്പൊറുതിക്കായുള്ള അപേക്ഷയും "സ്വർഗസ്ഥനായ പിതാവേ എന്ന പ്രാർഥനയും പൊതുവായ കൃതജ്ഞതാപ്രകടനവും ഈ സാമൂഹികാഘോഷത്തിലുണ്ട്. അനുതാപ കൂദാശയുടെ സഭാത്മകസ്വഭാവത്തെ ഈ സാമൂഹികാഘോഷം കൂടുതൽ വ്യക്തമായി പ്രകടിപ്പിക്കുന്നു. എന്നാലും അനുതാപ കൂദാശ, അതിന്റെ ആഘോഷം ഏതു തരത്തിലാണെന്നു പരിഗണിക്കാതെതന്നെ, എപ്പോഴും സ്വഭാവത്താലെ ആരാധനക്രമപരമായ ഒരു കർമമാണ്. അതിനാൽ, സഭാത്മകവും പരസ്യവുമായ ഒരു കർമവുമാണ്.
ഗൗരവമുള്ള അത്യാവശ്യമുണ്ടായിരിക്കെ, പൊതുവായ ഏററുപറച്ചിലിനോടും പൊതുവായ പാപമോചനാശിർവാദത്തോടും കൂടിയ അനുരഞ്ജനത്തിന്റെ സാമുഹികാഘോഷം നടത്താവുന്നതാണ്. മരണത്തിന്റെ അത്യാസന്നമായ അപകടമുള്ളപ്പോൾ, ഓരോ വ്യക്തിയുടെയും ഏററുപറച്ചിൽ ശ്രവിക്കാൻ വൈദികൻ അല്ലെങ്കിൽ വൈദികർക്കു വേണ്ടത്ര സമയമില്ലാതിരിക്കുമ്പോൾ, ഇത്തരം ഗൗരവമുള്ള അത്യാവശ്യമുണ്ടാകുന്നു. ചില സന്ദർഭങ്ങളിൽ അനുതാപികളുടെ സംഖ്യ പരിഗണിക്കുമ്പോൾ നിശ്ചിത സമയത്തിനുള്ളിൽ വ്യക്തികളുടെ ഏററുപറച്ചിൽ വേണ്ടവിധത്തിൽ ശ്രവിക്കാൻ ആവശ്യത്തിനുമാത്രം വൈദികർ ഇല്ലായെന്നു വന്നേക്കാം. അപ്പോൾ അനുതാപികൾക്ക് സ്വന്തം കുററത്താലല്ലാതെ, കൗദാശിക കൃപാവരമോ ദിവ്യകാരുണ്യമോ ദീർഘകാലത്തേക്കു നിധേഷിക്കപ്പെടുന്നു എന്നു വരും. ഇത്തരം സന്ദർഭങ്ങളെയും അനുരഞ്ജനത്തിന്‍റെ സാമുഹികാഘോഷത്തിന് അനുവദിക്കുന്ന ഗൗരവമുള്ള അത്യാവശ്യമുള്ളവയായി കണക്കാക്കാം. എന്നാൽ ഈ സന്ദർഭങ്ങളിൽ പാപമോചനകർമം സാധുവായിരിക്കുന്നതിന് നിശ്ചിത സമയത്തിനുള്ളിൽ തങ്ങളുടെ പാപങ്ങൾ വ്യക്തിപരമായി ഏററുപറയുമെന്ന നിയോഗം വിശ്വാസികൾക്കുണ്ടായിരിക്കണം." പൊതുവായ പാപമോചനദാനത്തിനു വേണ്ട വ്യവസ്ഥകളുണ്ടോ ഇല്ലയോ എന്നു വിധിക്കുന്നത് രൂപതയുടെ മ്രെതാനാണ്. പ്രധാന തിരുനാളുകളുടെയോ, തീർഥാടനങ്ങളുടെയോ സന്ദർഭങ്ങളിലുണ്ടാകുന്ന വിശ്വാസികളുടെ ബാഹുല്യം ഗൗരവാവഹമായ അത്യാവശ്യമുള്ള സന്ദർഭങ്ങൾ സൃഷ്ടിക്കുന്നില്ല.
“വ്യക്തിപരവും സമഗ്രവുമായ ഏറ്റുപറച്ചിലും പാപമോചനാശീർവാദവും ആണ് - അത്തരമൊരു ഏററുപറച്ചിൽ ശാരീരികമോ ധാർമികമോ ആയി സാധ്യമല്ലാതിരിക്കുമ്പോളൊഴിച്ച് - ദൈവത്തോടും സഭയോടും അനുരഞ്ജനപ്പെടാൻ വിശ്വാസികൾക്കുള്ള സാധാരണമായ ഏകമാർഗം.” വളരെ ഗൗരവമുള്ള കാരണങ്ങൾ ഇതിനുണ്ട്. കൂദാശകളിൽ ഓരോന്നിലും ക്രിസ്തു പ്രവർത്തനനിരതനായിരിക്കുന്നു. അവിടുന്നു വ്യക്തിപരമായി ഓരോ പാപിയോടും പറയുന്നു: “എന്‍റെ മകനേ, നിന്‍റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു". തന്നെ സുഖപ്പെടുത്താൻ അവിടുത്തോട് അഭ്യർത്ഥിക്കുന്നു. ഓരോ രോഗിയെയും പരിചരിക്കുന്ന വൈദ്യൻ അവിടുന്നാണ്. അവിടുന്ന് അവരെ ഉയർത്തുകയും, സാഹോദര്യത്തിന്‍റെ ഐകൃത്തിലേക്കു വീണ്ടും കൂട്ടിച്ചേർക്കുകയും ചെയ്യുന്നു. അങ്ങനെ, വ്യക്തിപരമായ കുമ്പസാരമാണു ദൈവത്തോടും സഭയോടുമുള്ള അനുരഞ്ജനത്തെ ഏറ്റവും നന്നായി പ്രകടമാക്കുന്ന രൂപം.
സംഗ്രഹം
ഉത്ഥാന ദിവസം വൈകുന്നേരം കർത്താവായ യേശു അപ്പസ്തോലന്മാർക്കു പ്രത്യക്ഷപ്പെട്ടു അവരോട് പറഞ്ഞു: “നിങ്ങൾ പരുശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ. നിങ്ങൾ ആരുടെ പാപങ്ങൾ ക്ഷമിക്കുന്നുവോ അവ അവരോടു ക്ഷമിക്കപ്പെട്ടിരിക്കും; നിങ്ങൾ ആരുടെ പാപങ്ങൾ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും"
മാമ്മോദീസയ്ക്കുശേഷം ചെയ്ത പാപങ്ങളുടെ മോചനം മനസാന്തരത്തിന്‍റെയും ഏറ്റുപറച്ചിലിന്‍റെയും അനുതാപത്തിന്‍റെയും അനുരഞ്ജനത്തിനത്തിന്‍റെയും കൂദാശ എന്നു വിളിക്കപ്പെടുന്ന ഒരു പ്രത്യേക കുദാശയാൽ നത്കപ്പെടുന്നു.
പാപം ചെയ്യുന്നവൻ ദൈവത്തിന്‍റെ ബഹുമാനത്തെയും സ്നേഹത്തെയും, ദൈവപുത്രനായിരിക്കാൻ വിളിക്കപ്പെട്ട മനുഷ്യനെന്ന നിലയിലുള്ള തന്‍റെ തന്നെ മാനുഷിക മഹത്ത്വത്തെയും ഓരാ ക്രൈസ്തവനും സജീവശിലയായിരിക്കേണ്ട സഭയുടെ ആധ്യാത്മിക ക്ഷേമത്തെയും മുറിപ്പെടുത്തുന്നു.
വിശ്വാസ്സത്തിന്‍റെ ദൃഷ്ടിയിൽ പാപത്തെക്കാൾ വലിയ തിന്മയില്ല. പാപികൾക്ക് തന്നെയും സഭയ്ക്കും ലോകത്തിനു മുഴുവനും അതിലേറെ മോശമായ അനന്തരഫലങ്ങൾ ഉളവാക്കുന്ന ഒന്നുമല്ല.
ദൈവത്തോടുള്ള ഐക്യം പാപംവഴി നഷ്ടപ്പെടുത്തിയതിനു ശേഷം, അതിലേക്കു തിരിച്ചുവരുക എന്നത് കരുണാസമ്പന്നനും മനുഷ്യരക്ഷയിൽ ഔത്സുക്യമുള്ളവനുമായ ദൈവത്തിന്‍റെ കൃപാവരത്തിൽ നിന്ന് ഉദ്ഭവിക്കുന്ന ഒരു പ്രകിയയാണ്. അമൂല്യമായ ഈ ദാനത്തിനായി ഒരാൾ തനിക്കുവേണ്ടിയും മററുള്ളവർക്കു വേണ്ടിയും യാചിക്കണം.
ദൈവത്തിലേക്കു തിരിയുന്ന മനസാന്തരമെന്നും അനുതാപമെന്നും വിളിക്കപ്പെടുന്ന ചലനത്തിൽ, പാപങ്ങളെപ്പററി ദു:ഖവും അവയോട് വെറുപ്പും ഭാവിയിൽ പാപം ചെയ്യുകയില്ലെന്ന ഉറച്ച നിശ്ചയവും ഉണ്ടായിരിക്കണം. മാനസാത്തരം കഴിഞ്ഞകാലത്തേയും ഭാവിയെയും സ്പർശിക്കുന്നു; ദൈവത്തിന്‍റെ കാരുണ്യയത്തിലുള്ള പ്രത്യാശയാൽ പരിപോഷിക്കപ്പെടുകയും ചെയ്യുന്നു.
അനുതാപകൂദാശ , അനുതാപി അനുഷ്ഥിക്കേണ്ട മുന്നു ധർമങ്ങളും വൈദികൻ നൽകുന്ന പാപമോചനവും ഉൾകൊള്ളുന്ന സമഗ്രമായ ഒന്നാണ്. അനുതാപിയുടെ പ്രവൃത്തികൾ, അനുതാപം, ഏററുപറച്ചിൽ അഥവാ വൈദികനോടു പാപങ്ങൾ വെളിപ്പെടുത്തൽ, പ്രായശ്ചിത്തം അനുഷ്ഠിക്കാനും പരിഹാരകർമങ്ങൾ ചെയ്യാനുള്ള നിയോഗം എന്നിവയാണ്.
അനുതാപം (മനസ്താപം എന്നു കൂടി ഇതു വിളിക്കപ്പെടുന്നു.) വിശ്വാസത്തിൽ നിന്ന് ഉത്ഭവിക്കുന്ന ലക്ഷ്യങ്ങളാൽ പ്രചോദിതമായിരിക്കണം. ദൈവത്തോടുള്ള സ്നേഹത്തിൽ നിന്നുണ്ടാകുന്ന അനുതാപമാണെങ്കിൽ അതു " പൂർണ മനസ്താപം"എന്നു വിളിക്കപ്പെടും; മറ്റ് കാരണങ്ങളിൽ നിന്നാണ് അതുണ്ടാകുന്നതെങ്കിൽ അതു “അപൂർണം "എന്നു വിളിക്കപ്പെടുന്നു.
ദൈവത്തോടും സഭയോടും രമ്യതപ്പെടാൻ ഒരുവൻ ആഗ്രഹിക്കുന്നുവെങ്കിൽ, അയാൾ, തന്‍റെ മനസാക്ഷി ശ്രദ്ധാപൂർവ്വം പരിശോധിച്ചിട്ട്, ഏറ്റുപറയാതെ അവശേഷിക്കുന്നതായി ഓർമിക്കുന്ന ഗൗരവമുള്ള പാപങ്ങൾ എല്ലാം ഒരുവൈദികനോട് കുമ്പസാരിക്കണം. ലഘുപാപങ്ങൾ ഏറ്റുപറയുക എന്നത് അതിൽ തന്നെ അത്യാവശ്യമുള്ളതല്ലെങ്കിലും അങ്ങനെ ചെയ്യണമെന്നു സഭ ശക്തിയുക്തം ഉപദേശിക്കുന്നു.
പാപം ഉളവാക്കിയ ദ്രോഹം പരിഹരിക്കുന്നതിനും ക്രിസ്തുശിഷ്യനു ചേർന്ന ശീലങ്ങൾ പുന:സ്ഥാപിക്കുന്നതിനും വേണ്ടി, അനുതാപി അനുഷ്ഠിക്കേണ്ടതായ "പരിഹാരം നിറവേറ്റണം.
സുഖപ്പെടുത്തലിന്‍റെ കൂദാശകൾ അനുതാപത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും കൂദാശ മാമ്മോദീസയ്ക്കുശേഷം അനുരഞ്ജന കൂദാശ എന്തിന് ക്രൈസ്തവജിവിതത്തിൽ പ്രായശ്ചിത്തത്തിന്റെ വിവിധ രൂപങ്ങൾ മനസ്താപം പരിഹാരം ചെയ്യൽ പാപത്തിനുള്ള ശിക്ഷകൾ ദൺഡവിമോചനം Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



